Showing posts with label സംഗീതം. Show all posts
Showing posts with label സംഗീതം. Show all posts

Saturday, September 26, 2020

സ്നേഹഗായകന് വിട

 തീർത്തും അനവസരത്തിലാണ് അതുല്യ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടുപിരിഞ്ഞത്. വിവിധ ഭാഷകളിൽ ആ നാട്ടിൽ പിറന്നുവളർന്ന ആളെപ്പോലെ അനായാസമായി പാടാനുള്ള വിസ്മയകരമായ ശേഷി എസ് പി ബിയുടെ സവിശേഷതയായിരുന്നു. അഭിനേതാവ്, സംഗീത സംവിധായകൻ, ഡബ്ബിങ് കലാകാരൻ എന്നീനിലകളിലും അദ്ദേഹം കഴിവ്  തെളിയിച്ചു.

അർധശാസ്ത്രീയ സംഗീതഗാനങ്ങൾക്ക് പ്രാധാന്യമുള്ള "ശങ്കരാഭരണം' എന്ന ചലച്ചിത്രം വളരെ പ്രസിദ്ധം. തെലുങ്കിൽ നിർമിച്ചു, മലയാളം ഉൾപ്പെടെ ഒട്ടേറെ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട പ്രസ്തുത ചലച്ചിത്രം കൈവരിച്ച ബഹുജനപ്രീതി അത്ഭുതകരമായിരുന്നു. കെ വി മഹാദേവന്റെ സംഗീത സംവിധാനത്തിന് കീഴിൽ ഒമ്പത് ആലാപനമാണ്  (സ്വരാലാപനം ഉൾപ്പെടെ )എസ് പി ബിക്ക്‌ "ശങ്കരാഭരണത്തിൽ' ലഭിച്ചത്. പാരമ്പര്യ സമ്പ്രദായപ്രകാരം ശാസ്ത്രീയസംഗീതം പഠിച്ച ഡോ. ബാലമുരളീകൃഷ്ണ, ഡോ. കെ ജെ യേശുദാസ് തുടങ്ങിയവർ തിളങ്ങിനിൽക്കുമ്പോൾ അവരല്ലേ നല്ലത്, തന്നെ ഒഴിവാക്കിക്കൂടെ എന്ന് എസ് പി ബി വാദിച്ചുനോക്കാതിരുന്നില്ല. എന്നാൽ, കെ വി മഹാദേവൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ശാസ്ത്രീയസംഗീതം കാര്യമായി പഠിച്ചിട്ടില്ലാത്ത എസ് പി ബി ഒട്ടൊക്കെ സാഹസികമായി, സംഗീത സംവിധായകൻ കെ വി മഹാദേവൻ പകർന്നുകൊടുത്ത ധൈര്യത്തിൽ ഒമ്പത് ആലാപനവും ഒടുവിൽ നിർവഹിച്ചു.

ബാക്കി ചരിത്രമാണ്. അസാധാരണമായ സ്വീകരണമാണ് ആ ആലാപനമികവിന് സംഗീതാസ്വാദകരിൽനിന്ന്‌ ലഭിച്ചത്.

വ്യക്തി എന്ന നിലയിൽ താരതമ്യം ഇല്ലാത്ത വിനയവും മനുഷ്യസ്നേഹവും എസ് പി ബി യുടെ പ്രത്യേകതയാണ്. കെ ജെ യേശുദാസ് എന്ന ദാസേട്ടൻ "സ്വരലയയും' "കൈരളിയും' ചേർന്ന് സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കുവച്ച അനുഭവം അവിസ്മരണീയമാണ്. പാരീസിൽ നടന്ന ഒരു സംഗീതപരിപാടി കഴിഞ്ഞ്‌ രണ്ടാളും വൈകി താമസസ്ഥലത്ത്‌ എത്തിയപ്പോൾ അത്താഴത്തിനുള്ള ക്രമീകരണത്തിൽ പിഴവുണ്ടായിരുന്നു. സാരമില്ല, ഇനി പുലരാൻ അധികസമയം ഇല്ലാത്തതിനാൽ പ്രഭാതഭക്ഷണം മതി എന്നുപറഞ്ഞ്‌ ദാസേട്ടൻ കിടക്കാൻ തീരുമാനിച്ചു. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ നല്ല തൈര് സാദവും അച്ചാറുമായി എസ് പി ബി ഹാജരായി. ദാസേട്ടനെ ഊട്ടി. ഇതുപോലുള്ള അഗാധമായ സഹോദരസ്നേഹമാണ് അവർ തമ്മിൽ എന്നുമുണ്ടായിരുന്നത്.

"ശങ്കരാഭരണ'ത്തിൽ പാടിയതിനുശേഷം എസ് പി ബി ഗൗരവമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന കാര്യം അറിയാമായിരുന്നതിനാൽ, പഠനം പൂർത്തിയാകുമ്പോൾ ആദ്യ കച്ചേരി സ്വരലയയുടെ വേദിയിൽ ആകണം എന്ന് തമ്മിൽ കണ്ടപ്പോൾ അദ്ദേഹത്തോട് സൂചിപ്പിച്ചു. അതാലോചിക്കാം എന്നദ്ദേഹം സസന്തോഷം സമ്മതിച്ചു. എന്നാൽ, എന്റെ അത്യുത്സാഹം ഒരപകടമുണ്ടാക്കി. അകമ്പടിക്കാരായി എം എസ് ഗോപാലകൃഷ്ണൻ (വയലിൻ), ഉമയാൾപുരം ശിവരാമൻ (മൃദംഗം ) തുടങ്ങിയവരെ നോക്കാമെന്ന്‌ ആവേശപൂർവം പറഞ്ഞു. അദ്ദേഹത്തിന്റെ നർമബോധമാണോ വിനയമാണോ രണ്ടും ചേർന്നിട്ടാണോ എന്നറിയില്ല; ആദ്യം പ്രകടിപ്പിച്ച സമ്മതം അദ്ദേഹം നിഷ്കരുണം പിൻവലിച്ചു. അവരെപ്പോലുള്ള മഹാജ്ഞാനികൾ പക്കവാദ്യം വായിക്കാൻ വന്നാൽ, അവർക്കിടയിലിരുന്ന്‌ പാടാൻ തനിക്ക് ധൈര്യം വരില്ല എന്നായി എസ് പി ബി! എന്തായാലും അദ്ദേഹത്തിന്റെ കച്ചേരി സഫലമാകാത്ത ഒരു സ്വപ്നമായി എക്കാലവും തുടരും.

എം എ ബേബി 

കടൽ മുഴക്കംപോൽ ആ സ്വരധാര

 വിനയത്തിന്റെ കിരീടം

പ്രായത്തിൽ ഇളയവനായ എം ഡി രാമനാഥന്റെ പാദങ്ങളിൽ ശെമ്മാങ്കുടി സാഷ്ടാംഗം പ്രണമിച്ചിട്ടുണ്ട്. രീതിഗൗള രാഗാലാപനത്തിനു മുമ്പിലായിരുന്നു ആ നമസ്കാരം. എം ഡി ആറിന്റെ രീതിഗൗളയുള്ളിടത്ത് തന്റേതിന്  സാംഗത്യമില്ലെന്നു പറഞ്ഞ് ശെമ്മാങ്കുടി ആ രാഗത്തിലെ  ആലാപനംനിർത്തി എന്നുമുണ്ട് കേൾവി. സമാനമായ സാഷ്ടാംഗപ്രണാമത്തിന് സാക്ഷിയാവാൻ എനിക്ക് ഇടവന്നു. കടപ്പാക്കട സ്വരലയ ഓഡിറ്റോറിയത്തിൽ ദേവരാജപുരസ്കാരം എസ് പി ബാലസുബ്രഹ്മണ്യത്തിന് യേശുദാസ് നൽകുന്ന സന്ദർഭം. എസ് പി ബിയെ ആദരിക്കാനുള്ളതായിരുന്നു ചടങ്ങെങ്കിലും ബഹുമാനം  മുഴുവൻ യേശുദാസിനായി. അതും എസ് പി ബിയുടെ വക. അതിനൊടുവിലാണ് വേദിയിൽ യേശുദാസിനുമുമ്പിൽ അദ്ദേഹം നമസ്കരിച്ചത്. വെറും നമസ്കാരമല്ല; സാഷ്ടാംഗ പ്രണാമം! പ്രായത്തിൽ ഇളയവനായ എം ഡി ആറിനെ നമസ്കരിച്ച ശെമ്മാങ്കുടിയുടെ ശിഷ്യനാണ് യേശുദാസ്. ഇവിടെ എസ് പി ബിയാണ് ഇളയവൻ. ഇളയ ആൾ മൂത്തയാളുടെ മുമ്പിൽ നമസ്കരിക്കുന്നതിൽ അപാകമില്ല. 

അങ്ങനെ നമസ്കരിക്കണമെങ്കിൽ വലിയ മനസ്സുവേണം. ആ മനസ്സുകൊണ്ടുകൂടി അനുഗൃഹീതനാണ് എസ് പി ബാലസുബ്രഹ്മണ്യം. വേദിയിൽനിന്ന്് "നാദശരീരാപരാ' എന്നു പാടുമ്പോൾ അദ്ദേഹം, സദസ്സിന്റെ മുൻനിരയിലിരുന്ന യേശുദാസാണ് ആ നാദശരീരൻ എന്ന് കൂപ്പുകൈയാൽ വ്യക്തമാക്കി.എസ് പി ബി ഇന്ത്യയിലെ ഒന്നാംനിര ഗായകരിലൊരാളാണ്. വിനയത്തിന്റെ ശൈലിയിൽ പെരുമാറിയാലേ നിലനിൽക്കാനും അതിജീവിക്കാനും കഴിയൂ എന്നില്ല. എന്നിട്ടും അർഹതയ്ക്കും യോഗ്യതയ്ക്കും മുമ്പിൽ വിനീതനായി. അത് അദ്ദേഹത്തെ താഴ്ത്തുകയല്ല, ജനമനസ്സുകളിൽ ഉയർത്തുകയായിരുന്നു. വിനയം കിരീടമാവുന്നത് അങ്ങനെ."യേശുദാസ്, വഴിമാറൂ' എന്ന് മനസ്സുകൊണ്ടെങ്കിലും പറഞ്ഞ, പറയുന്ന ഒരുപിടി ഗായകർ കേരളത്തിലുണ്ട്. ചിലർ സ്വകാര്യസംഭാഷണത്തിൽ സൂചിപ്പിക്കും. വഴിമാറിത്തരൂ എന്നുപറയുന്നത് കഴിവില്ലായ്മയുടെ വിളംബരമാണ്. കഴിവുണ്ടെങ്കിൽ അപേക്ഷിക്കുകയല്ല, ആ കഴിവുകൊണ്ട് തട്ടിമാറ്റി മുമ്പോട്ടുപോവുകയാണ് വേണ്ടത്.  മൂന്നാംനിര ഗായകർക്ക് അവസരമുണ്ടാക്കാൻ ഒന്നാംനിര പാട്ട് നിർത്തണമെന്ന് പറയാൻ സംഗീതത്തെ സ്നേഹിക്കുന്ന ആർക്കും കഴിയില്ല.

"എത്രകാലം തപസ്സുചെയ്താലാ‐

ണെത്തിടുന്നതൊരിക്കലീശബ്ദം

ഉത്തമ കവേ നന്നായറിവു

ഹൃത്തിലായതിൻ ദിവ്യമഹത്വം'

എന്ന് ചങ്ങമ്പുഴയെ ഉദ്ധരിച്ച് നന്ദിയോടെ പ്രണമിക്കേണ്ടതാണ് ആ ശബ്ദമാധുര്യത്തിനും ഭാവഗരിമയ്ക്കും മുമ്പിൽ. എളിയ നിലയിൽനിന്ന് ഒരുപാട് തടസ്സങ്ങൾ  മറികടന്ന് ഉയർന്നുവന്ന ഗായകനാണ് അദ്ദേഹം. അങ്ങനെയൊരാൾ നമുക്കിടയിൽ  ചലച്ചിത്രഗാനാലാപന കലയുടെ ശീർഷകമായി മാറിയല്ലോ എന്നോർത്ത് അഭിമാനിക്കുകയാണ് വേണ്ടത്. ഈ ഘട്ടത്തിലാണ് മലയാളിയല്ലാത്ത ഉന്നതനായ കലാകാരൻ പൊതുവേദിയിൽ യേശുദാസിനുമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചത്. അത് അേദ്ദഹത്തിനുള്ള ആദരം മാത്രമല്ല, മലയാളിയുടെ കലുഷ മനസ്സിനുമുമ്പിൽ തുറന്നുവച്ച വിനയത്തിന്റെ പാഠം കൂടിയാണ്.കഴിവില്ലാത്തവൻ കഴിവുള്ളവനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ അണിയുന്ന മുഖപടമാണ് അഹങ്കാരം. കഴിവുള്ളവന് അതാവശ്യമില്ല,വിനയമാണ് അലങ്കാരം. അത് യേശുദാസിന്റെ മനസ്സിനെ കൂടുതൽ ദീപ്തമാക്കി. അതാണ്, ഒരേ അമ്മയുടെ ഗർഭപാത്രത്തിലല്ലെങ്കിലും ഒരേ ഭൂമിയുടെ ഗർഭപാത്രത്തിലാണ് താനും എസ് പി ബിയും ജനിച്ചതെന്ന ആ വാക്കുകളിൽ തെളിഞ്ഞത്.

പ്രഭാവർമ്മ 

കടൽ മുഴക്കംപോൽ ആ സ്വരധാര

ഒരു വെറും ശിശു ആയിരിക്കുന്ന കാലംമുതൽ മനസ്സിൽ പതിഞ്ഞ ആകാശവലിപ്പമുള്ള ആൾരൂപം. കടൽ മുഴക്കമുള്ള സ്വരസാന്നിധ്യം. എസ് പി ബി എന്ന ബാലസുബ്രഹ്മണ്യവുമായി ഇടപെടുക എന്നുള്ളതിന് ഒരു സാധ്യതയുമില്ലായിരുന്നു. അക്ഷരം തിരിയുന്നതിനുമുമ്പേ ചുണ്ടുകൾ പാടിപ്പഠിച്ച ഒരു ഗാനമുണ്ട്, “ഈ കടലും മറുകടലും ഭൂമിയും മാനവും കടന്ന് .. ’അത് പ്രായത്തോടൊപ്പം വളർന്നു. ആ ഗാനം കേൾക്കുമ്പോഴെല്ലാം ഒരു കടൽപ്പാലത്തിന്റെ തെറ്റത്ത് ചെന്നുനിന്ന് മഹാസാഗരത്തെ അനുഭവിക്കുന്ന പ്രതീതി, ഇന്നും.

ലാളിത്യത്തിന്റെ, വിനയത്തിന്റെ നിറകുടമായിരുന്നു എസ്‌ പി ബി. എത്രയോ വലിയ കലാകാരന്മാർ നമുക്കുണ്ട്. തന്നിലെ മനുഷ്യത്വവും കലാകാരൻ എന്ന അസ്തിത്വവും ഒരേ വലിപ്പത്തിലായിരിക്കുന്നവർ അത്യപൂർവം.

തൊണ്ണൂറുകളിൽ അമ്പിളിക്കുട്ടൻ എന്ന സംഗീതജ്ഞനുവേണ്ടി ഞാനെഴുതിയ ‘ആദ്യമഴ’ എന്ന ആൽബത്തിലെ ഒരു ഗാനം പാടിയത് എസ്‌ പി ബി ആയിരുന്നു. തിരയടങ്ങിയ കടലിന്റെ ഉൾമുഴക്കമുള്ള ആ ശബ്ദത്തിൽ എന്റെ പരിമിത വിഭവമായ ഒരു പാട്ട് അദ്ദേഹം ആലപിച്ചു. പക്ഷേ, അപ്പോൾ അദ്ദേഹത്തെ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിരുന്നില്ല.

വർഷങ്ങൾക്കുശേഷം ഒരു സന്ധ്യക്ക് ആ ശബ്ദം ഫോണിലൂടെ എന്നെ വിളിച്ചു. അതീവ വിനയത്തോടെ, കുലീനതയോടെ. ഒരു സഹായം ചെയ്യാൻ കഴിയുമോ എന്ന എളിമ നിറഞ്ഞ അഭ്യർഥന. ‘അങ്ങേയ്‌ക്ക് ആജ്ഞാപിക്കാമല്ലോ’ എന്നു ഞാൻ മറുപടി കൊടുത്തു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം അടച്ചുപൂട്ടിയപ്പോൾ അദ്ദേഹം വെറുതെ ഇരുന്നില്ല. വീട്ടിലിരുന്ന്‌ ലോകത്തോട് സംസാരിച്ചു. സാന്ത്വനിപ്പിച്ചു. പാട്ടുപാടിക്കൊടുത്തു. പല ഭാഷങ്ങളിൽ അത് പടർന്നുപടർന്നു പോയി. അക്കൂട്ടത്തിൽ മലയാളത്തിലൊരു പാട്ടുവേണം എന്നായിരുന്നു ആവശ്യം. അതു ചെയ്തുകൊടുത്തു.

‘ഒരുമിച്ചു നിൽക്കേണ്ട സമയം’ എന്ന ഗാനം യാതൊരുവിധ അനുസാരികളുമില്ലാതെ സ്വരമാധുര്യം കൊണ്ടുമാത്രംതന്നെ ആകർഷണീയമായിരുന്നു. പ്രായംകൊണ്ട് പാകമാകുകയും മാധുര്യമേറുകയുംചെയ്ത ശബ്ദം. തുടർന്ന്, ആരോഗ്യ പ്രവർത്തകരെ മാനിച്ചുകൊണ്ട് ഒരു ഗാനംകൂടി എഴുതി. ഹൃദയം തുളുമ്പുന്ന വാക്കുകളോടെ അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യ കണ്ട മഹാഗായകരിൽ ഒരാളായി കാലം എന്നെന്നേക്കും അടയാളപ്പെടുത്തിയ ആ മഹാപ്രതിഭയുമായി തീർത്തും അവിചാരിതമായി ഒരുമിക്കുവാനായി. അത് മഹാമാരിയുടെ ദുർഘടസമയമാണ് എന്നിരുന്നാലും.

ആ സ്വരം നിലയ്ക്കുകയില്ല. അത് നമ്മെ തൊട്ടുകൊണ്ടേയിരിക്കും. എന്തെന്നാൽ അതു വരുന്നത് കണ്ഠത്തിൽ നിന്നല്ല, ഹൃദയത്തിൽനിന്നാണ്.

റഫീക്‌ അഹമ്മദ്

ദേവഗായകന് കണ്ണീർ പ്രണാമം- ഒരു ഓർമ്മക്കുറിപ്പ്

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആയിരുന്നു എന്റെ ആദ്യ തെലുഗു സിനിമയുടെ പാട്ടിന്റെ  റെക്കോഡിങ്..എന്റെ ഒരു ഭാഗ്യം എന്ന് പറയാം..ആ സിനിമയിൽ ഞാൻ സംഗീതം ചെയ്ത ഒരു പാട്ട് SPB സർ നെ കൊണ്ട് പാടിക്കാൻ ഫിലിം പ്രൊഡ്യൂസർ തീരുമാനിച്ചു.. .


SPB sir ന്റെ സൗകര്യം  കണക്കിലെടുത്ത് ചെന്നൈയിലെ studio ൽ ആണ് ആ ഗാനം record ചെയ്തത്..

നമ്മൾ എല്ലാവരും ഒരുപാട് ആരാധിക്കുന്ന SPB sir ആണ് ആ പാട്ട് പാടുന്നത് എന്നുള്ളത് കൊണ്ട് തന്നെ സന്തോഷവും, പേടിയും ഒക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തെ studio ൽ കാത്തു നിന്നു..

ഞാൻ കണ്ടത്   ബഹുമാനത്തോടെ കൈകൂപ്പി ചിരിച്ചു കൊണ്ട് വന്ന SPB sir നെയാണ്.. നല്ല പരിചയമുള്ള ഒരാളോടെന്ന പോലെ അദ്ദേഹം എന്നോട് സംസാരിച്ചു..

വളരെ simple ആയ ഒരു വ്യക്തി..അഹങ്കാരത്തിന്റെ മേലങ്കി അണിയാത്ത ദൈവതുല്യനായ വ്യക്തി..അറിവ് കൂടുന്തോറും ലാളിത്യവും കൂടും എന്ന് നമ്മെ മനസ്സിലാക്കി തന്ന ഭാവഗായകൻ.

സംഗീതം ചെയ്ത ഗാനം ഏതു രാഗത്തിൽ ആണ് എന്ന്  എന്നോട് ചോദിച്ചു..മിയാൻ കി മൽഹാർ രാഗത്തിൽ ആണ് എന്ന് ഞാൻ പറഞ്ഞു..

'ആ രാഗത്തെ കുറിച്ചു കൂടുതലൊന്നും അറിയില്ല..എങ്കിലും പാടാം..പഠിപ്പിച്ചു തരൂ മലയാളിയായ ഒരു  lady music director  ടെ പാട്ട് ആദ്യമായാണ്  പാടുന്നത്'..എന്നും  sir  പറഞ്ഞു.. ..tension ഓടെ ആണെങ്കിലും sir ന്റെ മുമ്പിൽ ഇരുന്ന് ഞാൻ ആ പാട്ട് പാടി.. പാടികൊടുത്തതിനേക്കാൾ 100 ഇരട്ടി നന്നായി അദ്ദേഹം  ആ പാട്ടു  പാടി..

ആ ഗാനം ഒരു duet ആയത് കൊണ്ട്  SPB sir പോയതിനു ശേഷം എന്റെ ഭാഗം പാടാം എന്നു തീരുമാനിച്ചിരി ക്കുകയായിരുന്നു...

പക്ഷെ sir എന്നോട് duet portion  പാടാൻ പറഞ്ഞു..SPB sir  ന്റെ മുമ്പിൽ ഒരു പാട്ട് take എടുക്കൽ അത് ആലോചിക്കാൻ പോലും വയ്യ.... പാടാൻ tension ആണ് എന്നു പറഞ്ഞു രക്ഷപ്പെടാൻ നോക്കി..

'സംഗീത ഒട്ടുംതന്നെ tension ആവണ്ട..ഞാൻ പാട്ടു പറഞ്ഞു തരാം..എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട്  music director  ടെ seat ൽ ഇരുന്ന് telugu lyrics pronunciation ഒക്കെ  ശരിയാക്കി എന്നെ പാടിച്ചു..

അങ്ങനെ SPB sir ന്റെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദം കൂടി studio ലെ സ്പീക്കറിൽ നിന്നും ഒഴുകി എത്തി...

അന്ന് വരെ ഞാൻ പഠിച്ച സംഗീതത്തിന് ഒരർത്ഥം ഉണ്ടായത് പോലെ തോന്നി..

പിന്നീട് ഒരു തവണ കൂടി sir നെ കണ്ടു..മറ്റൊരു പാട്ടിന്റെ പണിപ്പുരയിൽ മറ്റൊരു studio ൽ വച്ച്..

sir ന് എന്നെ ഓർമയു ണ്ടാകുമോ എന്ന സംശയത്തിൽ നിന്ന എന്നോട്  ഒരുപാട് പരിചയമുള്ള ഒരാളെ പോലെ സംസാരിച്ചു..അന്ന് പാടിയ ആ പാട്ടിനെ കുറിച്ചും പറഞ്ഞു..ഇനിയും സംഗീതം ചെയ്യണം  ഉയരങ്ങളിൽ എത്തണം എന്ന അനുഗ്രഹവും തന്നു..

എത്രയോ ഗാനങ്ങൾ പാടി അനശ്വരങ്ങളാക്കിയ പ്ര ഗത്ഭനായ വ്യക്തി ..ഒരു തുടക്കക്കാരിയായ എന്നോട് കാണിച്ച ബഹുമാനം, സ്‌നേഹം..അതാണ് SPB sir ന്റെ മഹത്വം..

ജീവിതത്തിൽ  എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം..

കർമ്മങ്ങൾ ആണ് ഒരാളെ ദൈവസന്നിധിയിൽ എത്തിക്കുന്നത് എന്നു പറയും..അങ്ങനെ എങ്കിൽ sir എത്തിയിരിക്കുന്നത് അവിടേക്കാണ്..

മധുര ഗാനങ്ങളിലൂടെ  മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകൻ ..പാടാൻ ഇനിയും ബാക്കി വെച്ചു മറഞ്ഞുപോയി..

മഹാനായ SPB sir ന് എന്റെ കണ്ണീർ പ്രണാമം

സംഗീത വർമ്മ

(സംഗീത സംവിധായകയാണ് ലേഖിക. കൊച്ചി എഫ്എമ്മിലും ജോലി ചെയ്യുന്നു)

മലരേ മൗനമാ ... ഇനിയില്ല മണ്ണിൽ ഇന്ത കാതൽ

 നാദത്തിന്റെ മാന്ത്രിക താക്കോൽ കൊണ്ട്‌ ഹൃദയത്തിന്റെ ആരും തുറക്കാത്ത അറകൾ നിരന്തരം തുറന്നിട്ട  ഗായകാ വിട! പോയ്‌ മറഞ്ഞാലും നിങ്ങൾ പാടി തീരുന്നില്ലല്ലോ പ്രിയ എസ്‌പിബി; പാടി തോരുന്നുമില്ല. ആസ്വാദക മനസ്സുകളിൽ എണ്ണിയാലൊടുങ്ങാത്ത പാട്ടുകൾ ബാക്കിയാക്കി എസ്‌ പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ  വെള്ളിയാഴ്‌ച പകൽ 1.04ന്‌ ഹൃദയാഘാതത്തെ തുടർന്നാണ്‌‌ അന്ത്യം‌. 74 വയസ്സായിരുന്നു. മൃതദേഹം വെള്ളിയാഴ്‌ച വൈകിട്ട്‌ നുങ്കംപാക്കം കാംപ്‌ത നഗറിലെ വീട്ടിൽ പൊതുദർശനത്തിനുവച്ചു. പിന്നീട്‌ താമരപ്പാക്കത്തെ ഫാം ഹൗസിലേക്ക്‌ കൊണ്ടുപോയി. സംസ്കാരം ശനിയാഴ്‌ച.

കോവിഡ്‌ ബാധിച്ച്‌ ആഗസ്‌ത്‌ അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോവിഡ്‌ ഭേദമായെങ്കിലും ശ്വസനസംബന്ധമായ അസുഖത്തെ തുടർന്ന്‌ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌.  ആഗസ്ത്‌ 14നാണ്‌‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയത്‌. ആരോഗ്യം മെച്ചപ്പെട്ടുവെന്ന്‌ 19ന്‌ മകൻ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ അഞ്ചിന്‌ വിവാഹവാർഷികം ആശുപത്രിയിൽ ആഘോഷിച്ചു. വ്യാഴാഴ്‌ച വൈകിട്ടാണ്‌‌ സ്ഥിതി വഷളായത്‌. രാത്രിയിൽ കമൽഹാസനും  വെള്ളിയാഴ്‌ച രാവിലെ അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തി.

16 ഭാഷ; 40,000 പാട്ട്‌

പതിനാറ്‌ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടി. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരാൾ ലോകത്തുണ്ടായിട്ടില്ല. ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂൺ നാലിന്‌‌‌ ജനനം. മുഴുവൻ പേര്‌ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം. എൻജിനിയറാകാൻ ആഗ്രഹിച്ച ബാലസുബ്രഹ്‌മണ്യം യാദൃച്ഛികമായാണ് സംഗീതലോകത്തെത്തിയത്. എൻജിനിയറിങ്‌ പഠനകാലത്ത്‌ പാട്ടു മത്സരത്തിൽ എസ്‌ ജാനകിയുടെ ശ്രദ്ധയിൽപ്പെട്ടത്‌‌ സിനിമയിലേക്ക്‌ വഴിതുറന്നു‌.

1966 ഡിസംബർ 15ന്‌‌ പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ' തെലുഗു സിനിമയിൽ ‘ഹരിഹരനാരായണോ’, ‘ഏമിയേ വിന്ത മോഹം’ എന്നീ ഗാനങ്ങൾ പാടി. ‘കടൽപ്പാലം’ എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ ‘ഈ കടലും മറുകടലും' എന്ന പാട്ടിലൂടെ മലയാളത്തിൽ അരങ്ങേറി.

1979ൽ പുറത്തിറങ്ങിയ കെ വിശ്വനാഥിന്റെ തെലുങ്കുചിത്രം ശങ്കരാഭരണത്തിലെ ഗാനങ്ങൾക്ക്‌ ആദ്യ ദേശീയ പുരസ്കാരം. നാലുഭാഷകളിലായി ആറു തവണ ദേശീയ പുരസ്‌കാരം. മികച്ച നടനായും ഡബ്ബിങ്‌ ആർടിസ്റ്റായും തിളങ്ങി. 72 സിനിമയിൽ വേഷമിട്ടു. മികച്ച സഹനടനുള്ള കർണാടക സർക്കാർ അവാർഡും നേടി. 46 സിനിമയ്‌ക്ക് സംഗീതം നിർവഹിച്ചു.  

ഭാര്യ: സാവിത്രി. മക്കൾ: പല്ലവി, എസ്‌ പി ബി ചരൺ(ഗായകൻ).

കണ്ണീരിലാഴ്‌ത്തി മടക്കം

ഒന്നരമാസം പിന്നിട്ട ആശുപത്രിവാസത്തിൽനിന്ന്‌ പ്രിയ ഗായകന്റെ തിരിച്ചുവരവിനായി കാത്തിരുന്നവരെ കണ്ണീരിലാഴ്‌ത്തി എസ്‌ പി ബിയുടെ മടക്കം‌. എസ്‌ പി ബിയിൽനിന്ന്‌ പിറക്കുന്ന ഗാനങ്ങൾ ഇനിയും ആസ്വദിക്കാമെന്ന ആഗ്രഹങ്ങൾക്ക്‌ ഇടംനൽകാതെ  മരണമെത്തി. പ്രിയ ഗായകനെ അവസാനമായി ഒന്ന്‌ കാണാൻ ആരാധകരും സഹപ്രവർത്തകരും ചെന്നൈ നുങ്കമ്പാക്കം കാംപ്ത നഗറിലെ എസ്‌ പി ബിയുടെ വീട്ടിലേക്ക്‌ ഒഴുകിയെത്തി.

ആഗസ്ത്‌ അഞ്ചിന്‌ കോവിഡ്‌ ബാധിച്ച ഗായകന്‌ വീട്ടിൽത്തന്നെ കഴിഞ്ഞാൽ മതിയെന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം. എന്നാൽ, വീട്ടിലുള്ളവർക്ക്‌ രോഗം പടരേണ്ട എന്ന്‌ കരുതിയാണ്‌ ആശുപത്രിയിലേക്ക്‌ പോയത്‌. വേഗം രോഗമോചിതനായി തിരിച്ചെത്താം എന്നായിരുന്നു പ്രതീക്ഷ. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച്  എസ്‌ പി ബി ആശുപത്രിയിൽനിന്നുള്ള വീഡിയോ സന്ദേശത്തിലൂടെ പങ്കുവച്ചിരുന്നു. കോവിഡ്‌ മോചിതനായെങ്കിലും ന്യുമോണിയ ബാധിച്ചതാണ്‌ സ്ഥിതി ഗുരുതരമാക്കിയത്‌.

നാദശരീരാ പരാ... 

1990കളുടെ ആദ്യപാദം. ഗാനാഗ്രഹിയായി ചെന്നൈ സ്‌റ്റുഡിയോകളിൽ അലഞ്ഞ സമയം. ശ്രദ്ധേയമായ പത്തിലധികം സിനിമാ ഗാനങ്ങളും ഒരു സംസ്ഥാന അവാർഡും കരിയർ ലിസ്‌റ്റിൽ ഇടം പിടിച്ച കാലം. ജോൺസേട്ടന്റ  ഒരു ഗാന റെക്കോഡിങ്‌ കഴിഞ്ഞ്‌  പ്രസാദ് സ്‌റ്റുഡിയോയിൽ നിന്നിറങ്ങി മുന്നിലെ കടയിൽനിന്ന്‌  ചായ കുടിക്കുമ്പോൾ ഇടതു വശത്തെ ഡബ്ബിങ്‌ സ്‌റ്റുഡിയോയിൽനിന്ന്‌ നല്ല തടിയും വലിപ്പവുമുള്ള ഒരാൾ വരുന്നു.  സുപരിചിതമായ ശരീരം. അതേക്കാളേറെ ഹൃദയത്തിലാഴ്‌ന്നിറങ്ങിയ ശാരീരം; എസ് പി ബി അഥവാ എസ് പി ബാലസുബ്രഹ്‌മണ്യം. ഇടതു കൈയിൽ ഐസ് ക്യൂബ് നിറഞ്ഞ ചഷകം. മറു കൈയിൽ എരിയുന്ന സിഗരറ്റ്. ചാറ്റൽമഴ ആസ്വദിച്ച് സിഗരറ്റ് വലിക്കുകയാണ്‌.  " നീ വാ. പരിചയപ്പെടുത്താം’  എന്നുപറഞ്ഞ് ജോൺസേട്ടൻ കൊണ്ടുപോയി. ‘" ജോൺസൺ എന്നാ സമാചാരം. നല്ല പുതുസ് പാട്ടെല്ലാം നീ പൺട്രെ . എനക്ക് മലയാളത്തിലെ ഒന്നും സരിയാവില്ലയാ (നീ മലയാളത്തിൽ നല്ല പാട്ടുകൾ ചെയ്യുന്നുണ്ടല്ലോ. അതിൽ എനിക്ക് പറ്റിയതൊന്നുമില്ലേ) എസ് പി ബി കുശലം ചോദിച്ചു.  ‘ഇതു വേണുഗോപാൽ, പുതിയ ഗായകൻ’  ജോൺസൺ പരിചയപ്പെടുത്തി. എസ് പി ബി എന്നെ നോക്കി. അൽപ്പം അസ്വസ്ഥതയോടെ കൈയിലെ സിഗരറ്റ് വലിച്ചെറിഞ്ഞ്‌ പറഞ്ഞു: ‘ മോനെ, ഒരു ഗായകനാണെങ്കിൽ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്’. 

അവിടുത്തെ ഡബ്ബിങ്‌ സ്റ്റുഡിയോയിൽ പോയി ‘ഇന്ദിരൻ ചന്ദിരൻ’  സിനിമയുടെ തെലുങ്ക് പതിപ്പിൽ  കമൽഹാസന്റെ  മേയർ കഥാപാത്രത്തിന് ബാലസുബ്രഹ്‌മണ്യം അമാനുഷമായ ശബ്ദമികവ്‌ പകരുന്നത്‌  ആരാധനയോടെ കേട്ടു. പത്ത് കഥാപാത്രങ്ങളിൽ ഒരു സ്‌ത്രീയുടേതുൾപ്പെടെ എട്ട് ശബ്ദമാണ് കമലിന്റെതന്നെ ദശാവതാരത്തിന് സംഭാവന ചെയ്തത്; ഡബ്ബിങ്‌  മികവിലൂടെ. ജനപ്രിയ സിനിമകളിലും സംഗീതത്തിലും എസ്‌പിബി സ്ഥാപിച്ച റെക്കോഡുകൾ ഉടനെയെങ്ങും ഭേദിക്കപ്പെടാനിടയില്ല. 16 ഭാഷകളിലായി പരന്നുകിടക്കുന്ന 40,000 ത്തിലേറെ ഗാനങ്ങൾ. ഒരേ സമയം അഭിനയവും കംപോസിങ്ങും .  മറ്റ് അഭിനേതാക്കൾക്ക് ഒന്നിലധികം ഭാഷകളിൽ ശബ്ദം നൽകൽ‐അത്തരത്തിൽ മറ്റൊരു പ്രതിഭയെ കണ്ടെത്താനാകുമോയെന്ന് സംശയം. 1983 ൽ കന്നട സംഗീത സംവിധായകൻ ഉപേന്ദ്രകുമാറിനുവേണ്ടി ഒരു ദിവസം 21 പാട്ടുകൾ റെക്കോഡ്‌  ചെയ്ത് ഗിന്നസ് നേട്ടവും കൈപ്പിടിയിലൊതുക്കി.

ഹരികഥാ കലാകാരൻ അച്ഛൻ സാംബമൂർത്തിയിൽ നിന്നായിരിക്കണം  സംഗീതവും അഭിനയവും  വൈകാരിക മുഹൂർത്തങ്ങളെ രചനകളിലൂടെ സംഗീതാവിഷ്‌കരിക്കാനുള്ള സിദ്ധിയും ബാലു സ്വായത്തമാക്കിയത്. കോളേജ് കാലത്ത് എസ് പി ബി യുടെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന സംഗീതട്രൂപ്പ് തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളെപ്പോലും ഇളക്കിമറിച്ചിരുന്നു. ഇളയരാജ (ഗിറ്റാർ), അനിരുദ്ധൻ (ഹാർമോണിയം), ഗംഗൈ അമരൻ (ഇലക്ടിക് ഗിറ്റാർ) , ഭാസ്‌കർ(ഉപകരണസംഗീതം), എസ് പിബി (ഗായകൻ) എന്നിവരായിരുന്നു അനിതരസാധാരണമായ സംഗീത പാടവത്തിലൂടെ ശ്രദ്ധേയരായവർ. അത്തരം പാഠങ്ങളാണ് തന്നെ രൂപപ്പെടുത്തിയതെന്ന്‌ എസ് പി ബി  പറയാറുണ്ടായിരുന്നു.  സംഗീതത്തിനുവേണ്ടി ഊണും ഉറക്കവും പോലുമില്ലാതെയുള്ള അലച്ചിൽ, ഗ്രാമവഴികളിൽ കെട്ടിയ ചെറിയ സ്‌റ്റേജിൽ, കോളാമ്പി സ്‌പീക്കറുകളിൽ, സിംഗിൾ മൈക്രോ ഫോണുകളിൽ‐ പാടിയ ഗാനങ്ങളിൽ പങ്കിട്ടെടുത്ത ധന്യമായ സംഗീത നിമിഷങ്ങൾ.

ഒന്നും എസ്‌പിബി മറന്നില്ല. തന്നെ ആദ്യമായി സംഗീത മത്സരത്തിൽ വിജയിയായി പ്രഖ്യാപിച്ച, തന്റെ ആദ്യ സിനിമാ ഗാനത്തിന്റെ സംഗീത സംവിധായകൻ എസ് പി കോദണ്ഡപാണിയായിരുന്നു അദ്ദേഹത്തിന്റെ കൺകണ്ട ദൈവം. കോദണ്ഡയുടെ സ്മാരകമായി പിൽക്കാലത്ത് ചെന്നൈ വലസരവാക്കത്ത് എസ് പി ബി റെക്കോഡിങ്‌ സ്‌റ്റുഡിയോ സ്ഥാപിച്ചു. 1980 മുതൽ 90കൾവരെ അദ്ദേഹത്തിന്റെ   ജൈത്രയാത്രയായിരുന്നു. നാല്‌ തെന്നിന്ത്യൻ  ഭാഷകളിലൂടെ ബോളിവുഡ് വരെ വളർന്നു. 1980 ൽ റിലീസായ ശങ്കരാഭരണത്തിലൂടെ അന്തർദേശീയ ഗായകനായി അവരോധിക്കപ്പെട്ടു. ആദ്യ ദേശീയ അവാർഡും അതിലെ ഗാനങ്ങൾക്കായിരുന്നു.  ദേശീയ അവാർഡ്‌ ആറ് തവണയും ആന്ധ്രാ സംസ്ഥാന അവാർഡ്‌ 25 പ്രാവശ്യവും നിരവധി ഫിലിം ഫെയർ അവാർഡുകളും മറ്റു ഒട്ടേറെ പുരസ്‌കാരങ്ങളും എസ് പി ബി യെ തേടിയെത്തി.

1981 ൽ ‘ഏക് ദുജേ കേ ലിയെ’യിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച എസ്‌പിബി  1989 ആകുമ്പോഴേക്കും അവിടെ  മിന്നും താരമായി. ഒരു കാലത്ത് രാജേഷ്  ഖന്നയ്ക്ക് കിഷോർ കുമാർ എന്നപോലെ  സൽമാൻ ഖാന്റെ സ്വന്തം ശബ്ദമായും അറിയപ്പെട്ടു. ‘മേനേ പ്യാർ കിയാ’ യിൽ  തുടങ്ങിയ ആ  ശബ്ദ ബന്ധം ‘ഹം ആപ്‌ കേ ഹേ കോൻ’ ആയപ്പോഴേക്കും കൊമേഴ്സ്യൽ ഹിറ്റ്‌ ഗായകനായി എസ്‌പിബി മാറുകയായിരുന്നു.  വയലാറിന്റെ വിഖ്യാതമായ ‘അശ്വമേധം’ കവിതയിലെ ആദ്യ വരികൾ അക്കാലത്ത് അദ്ദേഹം  അന്വർഥമാക്കുന്നതു പോലെ തോന്നിയിട്ടുണ്ട്‌.

‘‘ആരൊരാളെൻ

കുതിരയെ കെട്ടുവാൻ

ആരൊരാളെൻ മാർഗം

മുടക്കുവാൻ’’

1990 കളിൽ നിഗൂഢമായ കാരണങ്ങളാൽ തെന്നിന്ത്യയിൽ മാത്രമായി തളയ്ക്കപ്പെട്ട എസ് പി ബിക്ക്‌ നവ ഊർജം പകർന്നത്‌ കീരവാണി, വിദ്യാസാഗർ, ഹംസ ലേഖ എന്നിവരും പുതുതായി സിനിമാ സംഗീതത്തിലേക്ക് കാലൂന്നിയ എ ആർ റഹ്‌മാനും.  ഒന്നര പതിറ്റാണ്ട്‌  ബോളിവുഡിന് പുറത്തുനിന്ന അദ്ദേഹം 2013 ൽ വിശാൽ ശേഖറിന്റെ ‘ചെന്നൈ എക്സ്പ്രസി’ ൽ ഷാരൂഖ് ഖാന് ശബ്ദം നൽകിയാണ്‌ വീണ്ടുമെത്തിയത്‌.  പക്ഷേ, അപ്പോഴേക്കും പുതിയ ശബ്ദങ്ങളും സംഗീത ഭാവുകത്വങ്ങളുമായി പിന്നണി ഗാനരംഗ രസതന്ത്രമാകെ  മാറിയിരുന്നു.

എസ് പി ബി യിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞത്‌ കെ ബാലചന്ദറാണ്‌.  അദ്ദേഹത്തിന്റെ  അവിസ്മരണീയ നടന മുഹൂർത്തങ്ങളെല്ലാം തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു. സിസ്റ്റർ നന്ദിനിയിലെ സംഗീതഭ്രാന്തനായ ഡോക്ടർ, പ്രേമയിലെ മദ്യപനായ മധ്യവയസ്‌കൻ, ഒ പാപ്പാ ലാലിയിലെ വിഭാര്യൻ അങ്ങനെ പ്രതിഭ വിളിച്ചോതിയ ഒട്ടേറെ വേഷങ്ങൾ. 72 സിനിമകളിൽ   വേഷമിട്ട എസ്‌പിബി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളും സംസാരിക്കുമായിരുന്നു.  46  തെലുങ്ക്‌, തമിഴ്, കന്നഡ, ഹിന്ദി സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉയർച്ചതാഴ്‌ചകളിൽ തീർച്ചയായും  ഏറ്റവും കഠിനപരീക്ഷണമായിരുന്നു  അവസാന ദിനങ്ങളിലേത്.

ജി വേണുഗോപാൽ