Showing posts with label പോലീസ്. Show all posts
Showing posts with label പോലീസ്. Show all posts

Saturday, February 27, 2021

സിപിഒ നിയമനം: യുഡിഎഫ്‌– 41.3; എൽഡിഎഫ്‌– 56.44 ശതമാനം

സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ യുഡിഎഫ്‌ സർക്കാർ‌ നിയമനം നൽകിയത്‌ റാങ്ക്‌ലിസ്‌റ്റിലുൾപ്പെട്ടവരിൽ 41.3ശതമാനത്തിനുമാത്രം‌. എന്നാൽ, എൽഡിഎഫ്‌ അധികാരത്തിലെത്തിയശേഷം രണ്ട്‌ ലിസ്‌റ്റുകളിൽനിന്നുള്ള ശരാശരി 56.44 ശതമാനംപേരെ നിയമിച്ചു. നിയമസാധുതയില്ലാത്ത ആവശ്യങ്ങളുമുന്നയിച്ച്‌ മുൻ സിപിഒ റാങ്ക്‌ലിസ്‌റ്റിലെ അംഗങ്ങൾ നടത്തുന്ന സമരത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിന്റെ കാപട്യം ഈ കണക്ക്‌ തുറന്നുകാട്ടുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2014ൽ നിലവിൽവന്ന റാങ്ക്‌ലിസ്‌റ്റിൽ 11,611 പേരാണുൾപ്പെട്ടത്‌. നിയമനശുപാർശ ലഭിച്ചത്‌ 4796പേർക്ക്‌ മാത്രം. എന്നാൽ, 2016ലെ റാങ്ക്‌ലിസ്‌റ്റിൽ 9041ൽ 5667പേർക്കും നിയമന ശുപാർശനൽകി (62.7 ശതമാനം).

സമരകാരണമായ റാങ്ക്‌ലിസ്‌റ്റ്‌ 2019ലേതാണ്‌. ഇതിലെ 10,937ൽ 5609 പേർക്കും നിയമനംനൽകി (51.2 ശതമാനം). ഈ റാങ്ക്‌ലിസ്‌റ്റ്‌ 2020 ജൂൺ 20ന്‌ കാലാവധി അവസാനിച്ചു‌. ഇടുക്കി, എറണാകുളം ജില്ലകളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ഉത്തരവ്‌ പ്രകാരം യഥാക്രമം 600, 523 പേരെയും ഇതിൽനിന്ന്‌ നിയമനശുപാർശചെയ്‌തു. 1200 ട്രെയിനി തസ്തികയും കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിലേക്ക്‌ അഡ്വൈസ്‌ അയച്ച്‌ സർക്കാർ നിയമപ്രാബല്യവും നൽകി.

കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടൽ നിയമസാധുതയില്ലാത്തതാണ്‌. പിഎസ്‌സിയോ സർക്കാരോ വിചാരിച്ചാൽ ഇക്കാര്യത്തിൽ നടപടിയെടുക്കാനാകില്ല. റാങ്ക്‌ലിസ്‌റ്റ്‌ നിലനിൽക്കുന്ന സാഹചര്യത്തിൽമാത്രമേ പിഎസ്‌സി നടപടി ചട്ടത്തിലെ 13(5) വകുപ്പുപ്രകാരം നീട്ടാനാകൂ.

ചില ഘട്ടങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക്‌ലിസ്‌റ്റുകളെല്ലാം ഒരുപോലെയാണ്‌ നിശ്ചിതകാലത്തേക്ക്‌ നീട്ടുന്നത്‌. ഏതെങ്കിലും ഒരു ലിസ്‌റ്റ്‌ മാത്രം തെരഞ്ഞെുപിടിച്ച്‌ നീട്ടാൻ പിഎസ്‌സി ചട്ടം അനുവദിക്കുന്നില്ല. കോടതി ഇടപെടൽ മാത്രമാണ്‌ ഏകമാർഗമെന്ന്‌ വ്യക്തമായിരുന്നിട്ടും ചില കേന്ദ്രങ്ങളുടെ വ്യാജപ്രചാരണത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ്‌ സമരം.

അതേസമയം, കാലാവധി കഴിഞ്ഞ റാങ്ക്‌ലിസ്‌റ്റ്‌ നീട്ടുന്നത്‌ ഹൈക്കോടതിയും സുപ്രീംകോടതിയും പലവട്ടം തടഞ്ഞിട്ടുണ്ട്‌. 2019ലെ സിപിഒ റാങ്ക്‌ലിസ്‌റ്റ്‌ നിലവിൽവന്നപ്പോൾ അറുനൂറോളം ഒഴിവുകൾ പഴയ ലിസ്‌റ്റിൽനിന്ന്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. അന്ന്‌ അതിനെതിരായ നിലപാടാണ്‌ പുതിയ ലിസ്‌റ്റിലെ ഉദ്യോഗാർഥികളും പിഎസ്‌സിയും സർക്കാരും കോടതിയിൽ സ്വീകരിച്ചത്‌. അതേ ലിസ്‌റ്റിൽപ്പെട്ട ചിലരാണ്‌ ഇപ്പോൾ സമരത്തിനിറങ്ങിയതും.

Thursday, February 11, 2021

സിപിഒ റാങ്ക്‌ പട്ടിക : താൽക്കാലിക തസ്‌തികയുടെ 
പേരിൽ പ്രചരിപ്പിക്കുന്നത്‌ കള്ളം

താൽക്കാലിക ട്രെയിനിങ്‌‌ തസ്‌തികയിൽ നിയമനം നടത്തിയില്ലെന്ന കാലാവധി കഴിഞ്ഞ സിവിൽ പൊലീസ്‌ ഓഫീസർ (സിപിഒ)റാങ്ക്‌ പട്ടികയിലുള്ളവരുടെ പ്രചാരണം കള്ളം. പ്രതീക്ഷിത ഒഴിവിലേക്ക്‌ നിയമനം നടത്തുന്നതിനാണ്‌ താൽക്കാലിക  ട്രെയിനിങ്‌‌ ‌ തസ്‌തിക സൃഷ്‌ടിക്കുന്നത്‌. പ്രതീക്ഷിത ഒഴിവും താൽക്കാലിക ട്രെയിനിങ്‌‌ ‌ തസ്‌തികയും രണ്ടല്ല. സർവീസിലുള്ളവർ ഒരു വർഷം കൊണ്ട്‌ വിരമിക്കുകയോ സ്ഥാനക്കയറ്റം നേടുകയോ ചെയ്യുമെന്ന്‌ കണക്കാക്കിയാണ്‌ അതേ തസ്‌തികയിൽ മുൻകൂട്ടി നിയമനം. ഇവർക്ക്‌ അടിസ്ഥാന ശമ്പളം സ്‌റ്റൈപെൻഡായി ലഭിക്കാൻ ധനവകുപ്പ്‌ അനുമതി നൽകണമെങ്കിൽ ഒരു തസ്‌തിക വേണം. ഇതിനാണ്‌ താൽക്കാലിക തസ്‌തിക സൃഷ്‌ടിക്കുന്നത്‌. ഒരു വർഷത്തേക്ക്‌ മാത്രമാകും ഈ തസ്‌തിക.

കഴിഞ്ഞ ജൂൺ 30ന്‌ കാലാവധി കഴിഞ്ഞ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയിൽനിന്ന്‌ നിയമിച്ച 5609 പേരിൽ 1054 പേർ 2021 ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള പ്രതീക്ഷിത ഒഴിവിലേക്ക്‌ നിയമിക്കപ്പെട്ടവരാണ്‌.  1200 പ്രതീക്ഷിത ഒഴിവാണ്‌ കണക്കാക്കിയത്‌. ഇതിൽ 146 എണ്ണം ഐആർ ബറ്റാലിയനുള്ളതായിരുന്നു.  ബാക്കി ഒഴിവിലേക്കാണ്‌ മുൻകൂർ നിയമനം നടത്തിയത്‌.  ഇതിനാണ്‌ 1200 താൽക്കാലിക തസ്‌തിക സൃഷ്‌ടിച്ചത്‌.

എന്നാൽ ഇത്‌ വേറെയാണെന്ന്‌ തെറ്റായി ചിത്രീകരിച്ച്‌ ആ ഒഴിവിലേക്ക്‌ നിയമനം നടത്തിയില്ലെന്നാണ്‌ പുതിയ പ്രചാരണം. ജൂൺ 30ന്‌ കാലാവധി അവസാനിച്ച റാങ്ക്‌ പട്ടികയിൽനിന്ന്‌  എല്ലാ ഒഴിവിലേക്കും  നിയമനം നടത്തിയിട്ടുണ്ട്‌.  റാങ്ക്‌ പട്ടിക കാലാവധിയിൽ വിവിധ ബറ്റാലിയനിലെ ഒഴിവ്  2141  എണ്ണമാണ്‌‌. സ്ഥാനക്കയറ്റം വഴി ജില്ലയിലെ സിവിൽ പൊലീസ്‌ ഓഫീസർ തസ്‌തികയിൽ ഇന്റർ യൂണിറ്റ്‌ സ്ഥലംമാറ്റം വഴി നികത്തുന്നതിനാലുണ്ടാകുന്ന ഒഴിവ്‌ 2123 എണ്ണവും, പ്രതീക്ഷിത ഒഴിവ്‌ 1200 എണ്ണവും ഡെപ്യൂട്ടേഷൻ വഴിയുണ്ടായ പുതിയ ഒഴിവ്‌ 278 എണ്ണവും ആയിരുന്നു. ആകെ ഒഴിവ്‌ 5588. ഇതോടൊപ്പം എൻജെഡി  (നോൺ ജോയിനിങ്‌‌ ഡ്യൂട്ടി) ഉൾപ്പെടുത്തിയാണ്‌  5609 പേർക്ക്‌ നിയമനം നൽകിയത്‌.

Sunday, January 17, 2021

പട്ടികവർഗ വിഭാഗങ്ങളിലെ 125 പേർ പൊലീസ് സേനയിലേക്ക് ; ശുപാർശ വിതരണം ചെയ്‌തു

വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ വസിക്കുന്ന 125 പട്ടികവർഗ യുവതീ–-യുവാക്കൾക്ക് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനശുപാർശ വിതരണം ചെയ്തു. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനാന്തരങ്ങളിൽ താമസിക്കുന്ന പ്രാക്തന ഗോത്ര വിഭാഗങ്ങളിലുള്ളവർക്കാണ് പ്രത്യേക തെരഞ്ഞെടുപ്പിലൂടെ നിയമനം നൽകിയത്‌. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെയാണ്‌ ഇവർക്ക്‌ നിയമനം നൽകിയത്‌.

പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ച്, കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ്‌ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്‌. എഴുത്തുപരീക്ഷ ഒഴിവാക്കിയായിരുന്നു തെരഞ്ഞെടുപ്പ്‌. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇതോടെ സാക്ഷാൽക്കരിക്കപ്പെട്ടത്. കോവിഡ് പ്രതിസന്ധിക്കിടയിലും വിജ്ഞാപനം ചെയ്ത് എട്ടുമാസത്തിനുള്ളിലാണ് നടപടിക്രമങ്ങൾ പൂർത്തിയായത്. വയനാട് ജില്ലയിൽ നിന്നുളള 85 പേരിൽ 65 പുരുഷ കോൺസ്റ്റബിൾമാരും 20 വനിതാ  കോൺസ്റ്റബിൾമാരും  മലപ്പുറം ജില്ലയിൽ നിന്ന് എട്ട്‌ പുരുഷ കോൺസ്റ്റബിൾമാരും ഏഴ്‌ വനിതാ  കോൺസ്റ്റബിൾമാരും പാലക്കാട് ജില്ലയിൽ നിന്ന് 17  പുരുഷ കോൺസ്റ്റബിൾമാരെയും എട്ട്‌ വനിതാ കോൺസ്റ്റബിൾമാരെയും തെരഞ്ഞെടുത്തു.

2020 മെയ് മാസത്തിലെ വിജ്ഞാപനപ്രകാരമാണ് തസ്തികയുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. 2017 ൽ ഈ രീതിയിൽ പ്രത്യേക തെരഞ്ഞെടുപ്പിലൂടെ 65 പേർക്ക്‌ നിയമനശുപാർശ ചെയ്തിരുന്നു. ഇവ കൂടാതെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ 5601 പുരുഷ കോൺസ്റ്റബിൾമാർക്കും 495 വനിതാ പൊലീസ് കോൺസ്റ്റബിൾമാർക്കും നിയമനം നൽകി.

Tuesday, November 24, 2020

പൊലീസ് ആക്ട് ഭേദഗതി പിന്‍വലിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

 കേരള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2020ലെ കേരള പൊലീസ് (ഭേദഗതി) പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് എന്ന പേരിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും വിദ്വേഷകരവുമായ ഉള്ളടക്കവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം വലിയ തോതില്‍ വര്‍ധിക്കുകയും സമൂഹത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതി. എന്നാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഇതു കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സമൂഹത്തില്‍ നിന്ന് ഉയരുന്ന അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന രീതി ഇക്കാര്യത്തിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമഭേദഗതി പിന്‍വലിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇതനുസരിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

ഇക്കാര്യത്തില്‍ ഇനി ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Monday, November 23, 2020

പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ല; നിയമസഭയില്‍ ചര്‍ച്ച ചെയ്യും: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍  നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍  തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം :

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍  സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്‌പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍  ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍  നിന്ന് വിമര്‍ശനവും പരാതിയും നിലനി ല്‍ ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍  ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി  വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍  നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും ആശങ്ക പ്രകടപ്പിച്ചു. ഈ സാഹചര്യത്തില്‍  നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍  നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍  തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍  ഏര്‍പ്പെടുന്നവര്‍ അതില്‍  നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍  ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Sunday, November 22, 2020

പൊലീസ് നിയമഭേദഗതിയില്‍ ആശങ്കവേണ്ട; പൗരസ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍ക്കാരിന് ചുമതലയുണ്ട്: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളില്‍ നിന്ന് എത്ര ശക്തമായ വിമര്‍ശനം  നടത്താനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അര്‍ത്ഥത്തില്‍ എടുത്താല്‍ ആര്‍ക്കും ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്‌കൃത ജനസമൂഹം അനുവദിക്കുന്നതുമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അസത്യം മുതല്‍ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകര്‍ക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ  താല്‍പര്യങ്ങള്‍,  എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര  നിര്‍വഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബര്‍ ആക്രമണങ്ങള്‍ പലയിടത്തും ദാരുണമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്‌കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സര്‍ക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിന്‍ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കല്‍പമുണ്ടല്ലോ. കൈവീശാം, എന്നാല്‍ അത് അപരന്റെ മൂക്കിന്‍ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാല്‍ ഇതു തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്തി പോവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തില്‍ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേര്‍ന്നുപോകുന്ന നിയന്ത്രണങ്ങളേ പൊലീസ് നിയമഭേദഗതിയില്‍ ഉള്ളൂ.

വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്‌കൃത സമൂഹത്തില്‍ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സാമ്പ്രദായിക മാധ്യമങ്ങള്‍ പൊതുവില്‍ ഭരണഘടന കല്പിക്കുന്ന ഈ അതിരുകള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കാറ്. എന്നാല്‍, ചില വ്യക്തിഗത ചാനലുകള്‍ ആ ഭരണഘടനാ നിഷ്‌കര്‍ഷകളെ  പുച്ഛത്തോടെ കാറ്റില്‍പറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് സാമൂഹിക ക്രമത്തെ തന്നെ അട്ടിമറിക്കും, അതുണ്ടായിക്കൂടാ.

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്താല്‍ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാന്‍ സര്‍ക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്,  സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയില്‍ മാധ്യമങ്ങള്‍ക്കുംപൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകള്‍ക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Sunday, October 25, 2020

ചരിത്രത്തിലാദ്യം; ഫയർ ആൻഡ്‌ റെസ്‌ക്യൂ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി

 ചരിത്രത്തിലാദ്യമായി ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.

അഗ്നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ നിലവിൽ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന്‌ നിയോഗിച്ചു വരുന്നുണ്ട്‌. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Friday, October 23, 2020

പൊലീസ്‌ ആക്‌ട്‌ ഭേദഗതി പൗന്മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാൻ; ചെന്നിത്തലയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധം: എ കെ ബാലൻ

 കേരള പൊലീസ് ആക്‌ടില്‍ ഭേദഗതി വരുത്തിയ നടപടി മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന്‌ മന്ത്രി എ കെ ബാലൻ. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല, പൗന്മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ്  2011  ലെ കേരള പോലീസ് ആക്ടില്‍  പതിനെട്ട് അ  വകുപ്പ്   കൂട്ടിച്ചേര്‍ത്ത്  ഭേദഗതി ചെയ്തത്.

സോഷ്യല്‍ മീഡിയ അടക്കമുള്ള കമ്പ്യൂട്ടര്‍  സംവിധാനങ്ങള്‍ വഴി ആരെയും എങ്ങനെയും ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും വലിയ ശ്രമങ്ങള്‍ നടക്കുകയാണ്. അത്തരം നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. സ്ത്രീകള്‍ക്ക് കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന രീതിയിലും കുടുംബത്തിനുള്ളില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ കഴിയാത്ത  രൂപത്തിലും  സമൂഹമാധ്യമത്തിലൂടെ ആക്ഷേപങ്ങള്‍ ചൊരിയുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു.  കുറ്റക്കാര്‍ക്കെതിരെ  ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ നിലവിലുള്ള നിയമത്തിലെ അപര്യാപ്തത മൂലം കഴിയുന്നില്ല. ഇത് നിയമം കയ്യിലെടുക്കാന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. സമീപകാല സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയില്ലാതെ വരികയും അത് മൂലം നിയമം കയ്യിലെടുക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും. ഒരു സര്‍ക്കാരിന് ഇത്തരമൊരു സാഹചര്യത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ല. പ്രതിപക്ഷ നേതാവ് ഇക്കാര്യം മനസിലാക്കേണ്ടതായിരുന്നു.

അശ്ലീലഭാഷ ഉപയോഗിച്ച്  അസത്യപ്രചാരണവും ആക്ഷേപവും നടത്താന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നാണ് പലരും കരുതുന്നത്. അത്തരം സംഭവങ്ങളില്‍ ശിക്ഷ ഉറപ്പാക്കാനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് പോലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. നിലവിലുള്ള നിയമങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമാണെന്ന പ്രതിപക്ഷനേതാവിന്‍റെ ധാരണ തെറ്റാണ്. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുമെന്നത് പ്രതിപക്ഷനേതാവിന്‍റെ ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇത് ഊഹിക്കാവുന്നതേയുള്ളു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2000 ലെ ഐ ടി ആക്ടിലെ 66  എ വകുപ്പ് പ്രകാരം കംപ്യൂട്ടര്‍ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളില്‍ മൂന്ന് വര്‍ഷം വരെ  തടവുശിക്ഷയും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 66 എ വകുപ്പിന് സമാനമായി  കേരള പൊലീസ് ആക്ടില്‍ 118(റ) വകുപ്പ് ഉണ്ടായിരുന്നു. 2015 ല്‍ ശ്രേയ സിംഗാള്‍ ്െ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118 (റ) വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്  എതിരാണെന്ന കണ്ടെത്തലിലാണ് വകുപ്പ് റദ്ദാക്കിയത്. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥ സംജാതമായി. അശ്ളീല ഭാഷ ഉപയോഗിച്ച്  സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. ഇത് നമ്മുടെ സംസ്കാരത്തിനും സമാധാനത്തിനുമെതിരായ വെല്ലുവിളിയായി മാറുകയാണ്. ഇതിന്  കടിഞ്ഞാണിടേണ്ടത് ആവശ്യമാണ്. പോലീസ് ആക്ടിലെ 118  എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനു പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

118 എ താഴെ പറയും പ്രകാരമാണ്. ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യം നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ ഏതെങ്കിലും വിനിമയോപാധിയിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവോ  10000  രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയാണ് ഭേദഗതി. ഇത് മാധ്യമങ്ങള്‍ക്കെതിരെയുള്ള ആക്രമണമാകുന്നതെങ്ങനെ? ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ വേണ്ടെന്നാണോ പ്രതിപക്ഷനേതാവ് ആഗ്രഹിക്കുന്നത്?  മതിയായ ഭേദഗതി വരുത്തി ഈ സമൂഹവിരുദ്ധ പ്രവൃത്തി നിയന്ത്രിക്കുക എന്ന സദുദ്ദേശ്യമാണ്  സര്‍ക്കാരിനുള്ളത് ‐ എ കെ ബാലൻ.

Sunday, September 20, 2020

അൽ ഖായ്ദ ഭീകരരുടെ അറസ്റ്റ്‌: എൻഐഎയ്‌‌ക്കൊപ്പം പൊലീസും എടിഎസും

 കൊച്ചി > എൻഐഎയും സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്‌) വെള്ളിയാഴ്‌ച രാത്രി പന്ത്രണ്ടിന്‌ ആരംഭിച്ച ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്‌ ശനിയാഴ്‌ച പുലർച്ചെ അഞ്ചോടെ. മുർഷിദിനെയും മുസറഫിനെയും  യാക്കൂബിനെയും കസ്‌റ്റഡിയിലെടുക്കാൻ എൻഐഎ കൊച്ചി യൂണിറ്റിന്‌ ഡൽഹിയിലെ ആസ്ഥാനത്തുനിന്ന്‌ നിർദേശം ലഭിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ ഇവരെ പിടികൂടാൻ സഹായിച്ചത്‌ എറണാകുളം റൂറൽ, സിറ്റി പൊലീസിന്റെ പഴുതടച്ച നീക്കം.

ഡൽഹിയിൽ സെപ്‌തംബർ 11നാണ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. അന്വേഷണ വിവരങ്ങൾ എൻഐഎ സംസ്ഥാന ഡിജിപിയെയും ധരിപ്പിച്ചു. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പ്രതികളെ നിരീക്ഷിക്കുകയായിരുന്നു.  വെള്ളിയാഴ്‌ച ഡൽഹിയിൽനിന്ന്‌ എത്തിയ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘവും കേരള പൊലീസിന്റെയും എടിഎസിന്റെയും ഉദ്യോഗസ്ഥരും കൂടിയാലോചിച്ച്‌ അർധരാത്രിയോടെ റെയ്‌ഡ്‌ നടത്താൻ തീരുമാനിച്ചു. 

ശനിയാഴ്ച പുലർച്ചെ ഒരേസമയം ഇവരുടെ താമസസ്ഥലം വളഞ്ഞു. ഒമ്പതംഗ സംഘം മുസാറഫ് ഹുസൈനെ മുടിക്കലിലെ വീട്ടിൽനിന്ന്‌ പിടികൂടി. യാക്കൂബ് ബിശ്വാസ് കണ്ടന്തറയിലുണ്ടെന്നായിരുന്നു ആദ്യ നിഗമനം.   പക്ഷെ അവിടെ കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ സുഹൃത്തിന്റെ സഹായത്തോടെ പെരുമ്പാവൂരിലെത്തന്നെ മറ്റൊരു സ്ഥലത്തുനിന്നാണ്‌ പിടിച്ചത്‌.  പാതാളത്ത്‌ റെയ്‌ഡ്‌ നടത്തി മുർഷിദിനെയും കസ്‌റ്റഡിയിലെടുത്തു.

പിടിയിലായവർ സ്ലീപ്പർ സെല്ലിന്റെ ഭാഗം; നിരീക്ഷണത്തിലുണ്ടെന്ന് പൊലീസ് കേന്ദ്രഇന്റലിജൻസിനെ നേരത്തേ അറിയിച്ചു

കൊച്ചി > കൊച്ചിയിൽ പിടിയിലായ അൽ ഖായ്ദ പ്രവർത്തകർ കേരളത്തിൽ കഴിഞ്ഞത് സ്ലീപ്പർ സെല്ലായി. ഇത്തരം സെല്ലുകൾ സംസ്ഥാന പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇക്കാര്യം കേരള പൊലീസ് കേന്ദ്ര ഇന്റലിജൻസിനെയും അറിയിച്ചിരുന്നു. എൻഐഎയുടെ ഓപ്പറേഷന് കേരള പൊലീസിന് ആവശ്യമായ സഹായം ചെയ്യാനായത് ഈ ജാഗ്രത കാരണമാണ്.

അൽ ഖായ്ദ പ്രവർത്തകർക്കുവേണ്ടിയുള്ള  അന്താരാഷ്ട്ര പരിശോധനയുടെ ഭാഗമാണ് കേരളത്തിലുണ്ടായത്. തീവ്രവാദ സംഘടനകളിൽപെട്ടവർ അക്രമത്തിനുശേഷം മാറിനിൽക്കുന്നതിനാണ് സ്ലീപ്പർ സെൽ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങളുണ്ട്. വിവിധ ജോലിക്കാർ എന്ന നിലയിലാകും അവർ താമസിക്കുക.

ഭീകരർ തങ്ങിയത്‌ നിർമ്മാണ തൊഴിലാളികളായി; മുർഷിദ്‌ ഹസ്സൻ എത്തിയത്‌ 2 മാസം മുന്നേ

കൊച്ചി> ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ എറണാകുളത്തു നിന്നു അറസ്റ്റ് ചെയ്ത 3 അൽ ഖ്വയ്‌ദ  ഭീകരർ കേരളത്തിൽ താമസിച്ചിരുന്നത്‌ നിർമ്മാണ തൊഴിലാളികളായി. പെരുമ്പാവൂരിലും  പാതാളത്തുമായി നിരവധി വീടുകളിൽ  ഇവർ മാറിമാറി താമസിച്ചിട്ടുണ്ട്‌. കുറച്ചുനാളുകളായി ഇവർ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു.

ബംഗാൾ സ്വദേശികളായ മുർഷിദ്‌ ഹസൻ, യാക്കൂബ്‌ ബിശ്വാസ്‌, മുസാറഫ്‌ ഹുസൈൻ എന്നിവരാണ്‌ പിടിയിലായത്‌. യാക്കൂബ്‌ ബിശ്വാസ്‌ അടിമാലിയിലെ ചപ്പാത്തിക്കടയിലും ജോലി ചെയ്‌തതായി പറയുന്നു. മുർഷിദ്‌ ഹസ്സനെ പാതാളത്തുനിന്നാണ്‌ പിടികൂടിയത്‌. ഇയാൾ രണ്ട്‌മാസം മുന്നേയാണ്‌ പാതാളത്തെത്തിയത്‌. ഇവരെ അറസ്‌റ്റ്‌ ചെയ്‌ത വിവരം എൻഐഎയും ആലുവ റൂറൽ എസ്‌ പിയും സ്‌ഥിരീകരിച്ചു.

രാജ്യത്ത്‌ 11 ഇടങ്ങളിലായി നടത്തിയ റെയ്‌ഡിന്റെ ഭാഗമായാണ്‌ പെരുമ്പാവുരിലും പാതാളത്തും റെയ്‌ഡ്‌ നടത്തിയത്‌. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ഇവർ ആക്രമണത്തിന്‌ പദ്ധതിയിട്ടതായി പറയുന്നു. ഇവരിൽനിന്ന്‌ ആയുധങ്ങളും മറ്റ്‌ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്‌.

ഭീകരരുടെ അറസ്റ്റ്‌; അമ്പരപ്പ്‌ മാറാതെ നാട്ടുകാരും സഹപ്രവർത്തകരും

കൊച്ചി > ഇന്നലെവരെ തങ്ങൾക്കൊപ്പമുണ്ടായിരുന്നയാൾ ഭീകര സംഘടനയിൽപ്പെട്ടയാളാണെന്നു വാർത്തവന്നതിന്റെ ഞെട്ടലിൽനിന്ന്‌ ഇനിയും മുക്തമായില്ല ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തെ തുണിക്കട ഉടമയും തൊഴിലാളികളും. പത്ത്‌ വർഷത്തിലേറെയായി മുസാറഫ് ഹുസൈൻ പെരുമ്പാവൂരിലെത്തിയിട്ട്‌. പുതിയ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡ്‌ പരിസരത്തെ തുണിക്കടയിൽ ഏഴുവർഷമായി ജോലി ചെയ്യുകയാണ്‌. സമീപത്തെ വ്യാപാരികൾക്കും ഏറെ പരിചിതമായ മുഖം. മലയാളം നല്ലപോലെ സംസാരിക്കും. സ്ഥാപന ഉടമയ്‌ക്കോ സമീപത്തെ വ്യാപാരികൾക്കോ ഒരു സംശയത്തിനും ഇടനൽകാതെയുള്ള പെരുമാറ്റം. രാവിലെ കൃത്യസമയത്തെത്തി കട തുറക്കുന്നതും രാത്രി എട്ടോടെ കട അടയ്‌ക്കുന്നതുമെല്ലാം ഇയാളാണ്‌.

കുടുംബസമേതം പള്ളിക്കവലയിൽ താമസിച്ചിരുന്ന മുസാറഫ് രണ്ടുമാസം മുമ്പാണ്‌ മുടിക്കൽ പ്രദേശത്തേക്ക് താമസം മാറിയത്. കൃത്യമായി വാടക നൽകുകയും നല്ല പെരുമാറ്റവുമായിരുന്നെന്നും വീട്ടുടമ പറയുന്നു. വാടക കരാറും തിരിച്ചറിയൽ രേഖകളും പരിശോധിച്ചശേഷമാണ് ജോലി നൽകിയതെന്ന്‌ കടയുടമയും പറഞ്ഞു.

രണ്ടുമാസം മുമ്പാണ് യാക്കൂബ് പെരുമ്പാവൂരിലെത്തിയത്. കണ്ടന്തറയിലെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായി. അവിടെ അടുത്തുതന്നെ മറ്റ്‌ അതിഥിത്തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം. എന്നാൽ, അവർക്കാർക്കും ഇയാളെക്കുറിച്ച്‌ കൂടുതൽ അറിയില്ല.  ഇവിടെ വരുംമുമ്പ്‌ അടിമാലിയിൽ നിർമാണത്തൊഴിലാളിയായിരുന്നു എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇയാളെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്‌ പൊലീസ് വ്യക്തമാക്കി.

രണ്ടുമാസം മുമ്പ്‌ ഏലൂർ പാതാളത്ത്‌ താമസിക്കാനെത്തിയ മുർഷിദ് ഹസ്സൻ മറ്റുള്ളവരിൽനിന്ന്‌ എപ്പോഴും അകലം പാലിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന്‌ നാട്ടുകാർ. ഏറെ സമയം ഫോണിൽ സംസാരിച്ചിരുന്നു. ബംഗാൾ സ്വദേശികളുടെ കടയിൽ മാത്രമാണ് ഭക്ഷണം കഴിക്കാൻ കയറിയിരുന്നത്‌. പാതാളം കാഞ്ഞിരത്തിങ്കൽ നാസറിന്റെ കെട്ടിടത്തിലാണ്‌ താമസിച്ചിരുന്നത്‌. പത്തു വർഷത്തിലേറെയായി എടയാറിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളിയാണ് ഇയാളെ നാസറിന് പരിചയപ്പെടുത്തിയത്. ആധാർ കാർഡിന്റെ പകർപ്പ്‌ വാങ്ങിയാണ്‌ താമസിക്കാൻ അനുവദിച്ചത്‌. ഇതേവീട്ടിൽ നാസറിന്റെ കടയിലെ ജീവനക്കാരനുൾപ്പെടെ മൂന്നുപേർ വേറെയും താമസമുണ്ട്‌.

എൻഐഎയിലെയും ലോക്കൽ പൊലീസിലെയും എടിഎസിലെയും ഉയർന്ന ഉദ്യോഗസ്ഥരടക്കം വൻ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. എൻഐഎ ഡൽഹി യൂണിറ്റ്‌ എസ്‌പി ശങ്കർ റായ്‌മെദിയുടെ നേതൃത്വത്തിലാണ്‌ എൻഐഎ സംഘമെത്തിയത്‌.

സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌  ഡിഐജി അനൂപ്‌ കുരുവിള ജോണിന്റെയും റൂറൽ എസ്‌പി കെ കാർത്തികിന്റെയും നിർദേശപ്രകാരം രണ്ടു വിഭാഗത്തിലെയും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘം എൻഐഎ സംഘത്തിനൊപ്പം ചേർന്നു.

ഡിവൈഎസ്‌പി ബിജുമോൻ, പെരുമ്പാവൂർ എസ്‌ഐ ജയകുമാർ എന്നിവരും 35 സിവിൽ പൊലീസ്‌ ഓഫീസർമാരും ഉൾപ്പെട്ട സംഘം പെരുമ്പാവൂരിലെ റെയ്‌ഡിൽ പങ്കെടുത്തു. ഏലൂർ എസ്‌ഐ സാബു കെ പീറ്ററും ചേരാനല്ലൂർ എസ്‌ഐ രൂപേഷും  പാതാളത്ത്‌ റെയ്‌ഡിന്‌ നേതൃത്വം നൽകി. ഡിവൈഎസ്‌പി വി കെ അബ്‌ദുൾഖാദറുടെ നേതൃത്വത്തിലായിരുന്നു എടിഎസ്‌ സംഘം.


Saturday, August 1, 2020

അന്ന്‌ റാങ്ക്‌ലിസ്‌റ്റുപോലുമില്ല; പകരം നിയമനത്തട്ടിപ്പ്‌

‘പൊലീസ്‌ സേനയിൽ നിയമനം നൽകാമെന്ന്‌ പറഞ്ഞ്‌ ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്‌ത 32 കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുകയാണ്‌. നാൽപ്പത്തഞ്ചോളം പേരിൽനിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയതായി ഇതുവരെയുള്ള അന്വേഷണത്തിൽ വെളിവായിട്ടുണ്ട്‌’–- 2015 ഡിസംബർ ഏഴിന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിയമസഭയിൽ അംഗങ്ങളുടെ  ചോദ്യത്തിന്‌ നൽകിയ മറുപടിയാണിത്‌.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2011 മുതൽ 2014 വരെ സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ റാങ്ക്‌ലിസ്‌റ്റുപോലും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത്‌ ഉന്നതരുടെ പിന്തുണയോടെ നിയമനത്തട്ടിപ്പ്‌ നടത്തിയവരാണ്‌ ഇപ്പോൾ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.

തട്ടിപ്പിന്‌ സഹായംചെയ്‌തത്‌ ചെന്നിത്തലയുടെ ഓഫീസ്‌

പിൻവാതിൽ വഴി പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത്‌ നിരവധിപേരിൽനിന്ന്‌ ലക്ഷങ്ങളാണ്‌ യുഡിഎഫ്‌ ഭരണത്തിൽ തട്ടിയെടുത്തത്‌. സർക്കാരിന്റെയും പൊലീസിന്റെയും മുദ്രകളുള്ള വ്യാജ ഫയൽ നിർമിച്ചായിരുന്നു തട്ടിപ്പ്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരിൽനിന്ന്‌ തട്ടിപ്പിന്‌ സഹായം ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തൽ വൻവിവാദമായി. തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ പ്രദീപ്‌ അറസ്‌റ്റിലായി. എന്നാൽ, ഉന്നതങ്ങളിലേക്കുള്ള അന്വേഷണം തടഞ്ഞു.

ശരണ്യയുടെ രഹസ്യമൊഴി

പൊലീസുകാർ ഉൾപ്പെടെ നിരവധി ഉന്നതർക്ക് തട്ടിപ്പിൽ ബന്ധമുണ്ട്‌ എന്നായിരുന്നു കേസിലെ മുഖ്യപ്രതി ശരണ്യ ഹരിപ്പാട് കോടതിയിൽ നൽകിയ രഹസ്യമൊഴി. എസ്‌ഐ നിരവധിതവണ ശാരീരികമായി പീഡിപ്പിച്ചെന്നും കായംകുളം ഡിവൈഎസ്‌പി മൊഴിമാറ്റി പറയാൻ മർദിച്ചെന്നും ശരണ്യ മൊഴി നൽകി. ശരണ്യയുമായി 1150 തവണ പൊലീസ്‌ ഉദ്യോഗസ്ഥൻ മൊബൈൽഫോണിൽ സംസാരിച്ചിരുന്നതായും കോളുകൾ മണിക്കൂറുകളോളം നീണ്ടതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. നിയമനത്തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയനിഴലിലായതോടെ പൊലീസ്‌ അന്വേഷണം തൃപ്തികരമല്ലെന്ന്‌ ആക്ഷേപം ഉയർന്നതോടെയാണ്‌ കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

കേസിൽ പിടിയിലായ ശരണ്യയുടെ സഹായിയായ യൂത്ത്കോൺഗ്രസ്‌ പ്രവർത്തകൻ നൈസലിന്റെ ഉന്നത കോൺഗ്രസ് ബന്ധം പുറത്തുവന്നത്‌ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. ശരണ്യയെ ആഭ്യന്തരമന്ത്രിയുടെ അടുത്തെത്തിച്ചതും പൊലീസിന്റെ സീൽ ശരണ്യയുടെ പക്കൽ എത്തിച്ചതും ഇയാളായിരുന്നുവെന്നും വാർത്തകൾ വന്നു. എന്നാൽ, ഈവഴിക്കുള്ള അന്വേഷണം ഉന്നതതലത്തിൽ തടഞ്ഞു.

ഇപ്പോൾ ഇരട്ടിയിലേറെ നിയമനം

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന്‌ റാങ്ക്‌ ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാൽ വ്യക്തം. യുഡിഎഫ്‌ നൽകിയതിന്റെ ഇരട്ടിയിലേറെ നിയമനം എൽഡിഎഫ്‌ സർക്കാർ നൽകി.

യുഡിഎഫ്‌ 4796 പേർക്ക്‌ നിയമനശുപാർശ അയച്ചപ്പോൾ എൽഡിഎഫ്‌ 11,268 പേർക്ക്‌ നിയമനം നൽകി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സിവിൽ പൊലീസ്‌ തസ്തികയിലേക്ക്‌ നിലവിലുണ്ടായിരുന്നത്‌ ഒരു റാങ്ക്‌ ലിസ്റ്റാണ്‌ (കാറ്റഗറി നമ്പർ: 250/2011). 2014 സെപ്‌തംബർ രണ്ടിന്‌ ആറ്‌ ബറ്റാലിയന്റെയും സെപ്‌തംബർ 11ന്‌ കെഎപി 3 (പത്തനംതിട്ട) ബറ്റാലിയന്റെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏഴ്‌ ബറ്റാലിയനിലുമായി  പിഎസ്‌സി നിയമനശുപാർശ അയച്ചത്‌ 4796 പേർക്ക്‌.

എൽഡിഎഫ്‌ അധികാരത്തിൽവന്നശേഷം രണ്ട്‌ റാങ്ക്‌ലിസ്റ്റ്‌ നിലവിൽവന്നു. ഒന്നിന്റെ റാങ്ക്‌ ലിസ്റ്റ് 2016 ജൂൺ 21നും  657/2017ന്റെ ലിസ്റ്റ് 2019 ജൂലൈ ഒന്നിനും പ്രസിദ്ധീകരിച്ചു. ഈ രണ്ട്‌ റാങ്ക്‌ ലിസ്റ്റുകളിൽനിന്നും യഥാക്രമം 5667 പേർക്കും 5601 പേർക്ക്‌ നിയമനം നൽകി. മറ്റൊരു പരീക്ഷയ്‌ക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്‌.

ഓരോ പൊലീസ്‌ ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ നിലവിലുള്ള ബറ്റാലിയൻ മുഖേനയാണ്‌ നികത്തുന്നത്‌. ഓരോ മാസവും കുറച്ചുപേർ ഇത്തരത്തിൽ അവരവരുടെ ജില്ലയിലേക്ക്‌ പോകും. അതനുസരിച്ച് ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട്‌ ചെയ്യും. 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്‌തികയ്‌ക്ക്‌ സർക്കാർ തുടർച്ചാനുമതി നൽകി. ഇതനുസരിച്ച്‌ ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക് നീക്കിവച്ച 154 എണ്ണമൊഴികെ 1046 ഒഴിവും റിപ്പോർട്ട്‌ചെയ്‌തു. ഇതുൾപ്പെടെ 1947 അഡ്വൈസ്‌ പിഎസ്‌സി അയച്ചു. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ജൂൺ 30ന് ശേഷമാണ്‌ ഇതിൽ 1445 അഡ്വൈസും അയച്ചത്‌.

കൂടുതൽ താൽക്കാലികക്കാരും എക്‌സ്‌ചേഞ്ച്‌ മുഖേന

സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന പ്രതിപക്ഷ  പ്രചാരണം അടിസ്ഥാനരഹിതമെന്ന്‌ രേഖകൾ. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികകളിലേക്ക്‌ കഴിഞ്ഞ നാലുവർഷത്തിനിടെ നടത്തിയ നിയമനങ്ങളിൽ മഹാഭൂരിപക്ഷവും എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചുകൾ വഴി‌. പതിനായിരങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌.

നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസ്‌ വഴി 43,842 പേർക്ക്‌ ജോലി നൽകിയതായി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.‌  ഐടിഐകൾ നടത്തിയ തൊഴിൽമേളയിലൂടെ 14,420 പേർക്കും പ്ലേസ്‌മെന്റ്‌ സെൽവഴി 8598 ഐടിഐ ട്രെയിനികൾക്കും തൊഴിൽ നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തേതിന്റെ മൂന്നിലൊന്ന്‌ താൽക്കാലിക ജീവനക്കാർ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ 2011–-12ൽ  31,899 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്നു. 2020–-21ൽ ഇത്‌ 11,674 മാത്രമാണ്.

കോവിഡ്‌ കാലത്ത്‌ പതിനായിരത്തിലേറെ നിയമനം

നിയമനനിരോധനമെന്നതടക്കം അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി പ്രതിപക്ഷം കോലാഹലം സൃഷ്ടിക്കുമ്പോൾ കോവിഡ്‌ ലോക്‌ഡൗൺ കാലത്ത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടന്ന്‌ പിഎസ്‌സി നിയമനശുപാർശ അയച്ചത്‌ പതിനായിരത്തിലേറെ പേർക്ക്‌.

ലോക്‌ഡൗൺ കാലത്ത്‌ 70ഓളം റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ 10,054 പേർക്ക്‌ അഡ്വൈസ്‌ അയച്ചു‌

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ അവസാന നിമിഷം അഡ്വൈസ്‌ അയച്ചത്‌ 1895 പേർക്ക്‌

55 റാങ്ക്‌ലിസ്‌റ്റും  പ്രസിദ്ധീകരിച്ചു

കഴിഞ്ഞ 21ന്‌ 35 തസ്തികയിലേക്ക്‌ വിജ്ഞാപനമിറക്കി

തപാലോ യാത്രാസൗകര്യമോ ഇല്ലാത്ത ഘട്ടത്തിൽ ഇ–-മെയിൽ, ഇ–-വേക്കൻസി രീതിയിലൂടെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തു
ഡിസംബർ 31 വരെ ഒഴിവുകൾ സ്വീകരിക്കാനും അറിയിക്കാനും തപാൽ, ഇ–-മെയിൽ/ഇ–-വേക്കൻസി രീതി തുടരും

നിർത്തിവച്ച അഭിമുഖങ്ങൾ പ്രോട്ടോകോൾ പ്രകാരം പുനരാരംഭിച്ചു

തിരുകിക്കയറ്റിയത്‌ 13,000 സ്വന്തക്കാരെ

ഉമ്മൻചാണ്ടി ഭരണത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റിയത്‌ പതിമൂന്നായിരത്തിലധികം സ്വന്തക്കാരെ. പ്രധാന പദവികളിൽ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെയും അനുയായികളെയും ഘടകകക്ഷികളുടെ നോമിനികളെയുമാണ്‌ നിയമിച്ചത്‌. പല നിയമനങ്ങളും യോഗ്യതാമനദണ്ഡങ്ങൾ പാലിക്കാതെയും അർഹരെ തഴഞ്ഞുമായിരുന്നു.

● ബന്ധുനിയമനം ഇങ്ങനെ

ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി കോ–- ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ്‌ ചെയർമാനും കെ എം മാണിയുടെ മരുമകൻ ജോസഫ്‌ മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകനുമായിരുന്നു. മന്ത്രിയായിരുന്ന അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറും സഹോദരി അമ്പിളി ജേക്കബ് ഐടി ഇൻഫ്രാസ്‌ട്രക്ചർ മാർക്കറ്റിങ്‌ മാനേജരുമായി. സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയായിരുന്നു സർവവിഞ്ജാന കോശം ഡയറക്ടർ.

വെയർഹൗസിങ് കോർപറേഷനിൽ എഴുത്തുപരീക്ഷയിൽ ഉയർന്നമാർക്ക് നേടിയവരെ ഒഴിവാക്കി എംഎൽഎയായിരുന്ന ആർ സെൽവരാജിന്റെ മകൾ ഉൾപ്പെടെ നിരവധി യുഡിഎഫ്‌ നേതാക്കളുടെ മക്കൾക്ക് പിൻവാതിൽ നിയമനവും നടത്തി. 

● കോഴയും വ്യാജനിയമനവും

കലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ്, പ്യൂൺ തസ്തികയിലേക്ക്‌ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയവരിൽനിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങി ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകി. കെഎസ്‌ആർടിസിയിൽ വ്യാജ ഉത്തരവു വഴി ജൂനിയർ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ വ്യാജനിയമനം നടത്തി. സെക്രട്ടറിയറ്റിൽ ചട്ടങ്ങൾ ലംഘിച്ച് 20 താൽക്കാലിക ജീവനക്കാരെ ഹൗസ്‌കീപ്പിങ് വിഭാഗത്തിൽ നിയമിച്ചു. ഈ നിയമനങ്ങൾക്ക്‌ കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന പല പ്രമുഖരും അന്വേഷണം നേരിടുന്നുണ്ട്‌.

● കാലാവധി നീട്ടി; നിയമനങ്ങളില്ല

യുഡിഎഫ്‌ സർക്കാർ 12 തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. എന്നാൽ, നിയമനങ്ങൾ നടന്നില്ല. പുതിയ ഉദ്യോഗാർഥികൾക്ക്‌ അവസരം നിഷേധിച്ചു. പിൻവാതിൽ നിയമനം തകൃതിയായി നടക്കുമ്പോൾ നൂറോളം റാങ്ക് ലിസ്റ്റാണ് കാര്യമായ നിയമനമില്ലാതെ കാലാവധി കഴിഞ്ഞത്.
 
*
വിജേഷ്‌ ചൂടൽ

Tuesday, May 27, 2014

2 എംഎല്‍എമാരടക്കം 114 പ്രതികള്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞെന്ന കേസില്‍ രണ്ട് എംഎല്‍എമാരുള്‍പ്പെടെ 114 എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതി-1ല്‍ തിങ്കളാഴ്ച പകല്‍ രണ്ടിനാണ് അന്വേഷകസംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശനന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍കൂടിയായ പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ ഒന്നാംപ്രതിയും എടക്കാട് എംഎല്‍എ കെ കെ നാരായണന്‍ രണ്ടാം പ്രതിയുമാണ്. ജനതാദള്‍ ദേശീയസമിതി അംഗം അഡ്വ. നിസാര്‍ അഹമ്മദ്, സംസ്ഥാന സമിതിയംഗം വി രാജേഷ്പ്രേം, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഇരിണാവ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, ജില്ലാ പഞ്ചായത്തംഗം എം വി രാജീവന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

അന്യായമായി സംഘംചേര്‍ന്ന് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എമാര്‍ക്കെതിരെ വധശ്രമക്കേസില്ല. അന്യായമായി സംഘം ചേര്‍ന്നു, പൊലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോയില്ല, ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചു പേര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 307-ാം വകുപ്പുപ്രകാരമുള്ള വധശ്രമക്കുറ്റം. ഏഴുപേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരവും മറ്റുള്ളവര്‍ക്കെതിരെ അന്യായമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുമാണ് കേസ്.

2013 ഒക്ടോബര്‍ 27ന് വൈകിട്ട് മുഖ്യമന്ത്രിയുടെ കാറിനുനേരെ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞ സംഭവത്തിന്റെപേരിലാണ് എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയത്. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ സോളാര്‍ തട്ടിപ്പിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരും ഒരുപറ്റം കോണ്‍ഗ്രസ് ക്രിമിനലുകളും മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് നിസ്സാര പരിക്കേറ്റു. മൊത്തം 1013 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ 114 പേരെ മാത്രമേ തിരിച്ചറിയാനായുള്ളൂവെന്ന് ഡിവൈഎസ്പി സുദര്‍ശനന്‍ പറഞ്ഞു. നേതാക്കളടക്കം നൂറുപേരെ അറസ്റ്റുചെയ്തു. എംഎല്‍എല്‍മാരെ ഓഫീസില്‍ വളിച്ചുവരുത്തി മൊഴിയെടുത്തു.

deshabhimani

Thursday, May 22, 2014

ആര്‍എസ്എസ് ഭീഷണി: പൊയിലൂരില്‍ 2 കുടുംബം വീടൊഴിഞ്ഞു

പാനൂര്‍: പൊയിലൂരില്‍ ആര്‍എസ്എസ് ഭീഷണി ഭയന്ന് രണ്ട് കുടുംബം വീട് ഒഴിഞ്ഞു. കച്ചേരിപ്പറമ്പിലെ ഏച്ചിലാട്ട് ചാലില്‍ ഇസ്മയിലിന്റെയും അബ്ദുള്‍റഹ്മാന്റെയും കുടുംബമാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ നിരന്തര ഭീഷണി കാരണം വീട്വിട്ടുപോയത്. 45 വര്‍ഷമായി ഇവിടെ താമസിച്ച കുടുംബങ്ങളിലെ പത്ത് അംഗങ്ങളാണ് കണ്ണീരോടെ ബന്ധുവീടുകളില്‍ അഭയം തേടിയത്. കൊളവല്ലൂര്‍ പൊലീസിന്റെ കാവലിലാണ് വീട്ടുസാധനങ്ങള്‍ മാറ്റിയത്.

ഇസ്മയിലിന്റെ മകന്‍ പതിനെട്ടുവയസ്സുള്ള അബ്ദുള്ള സിപിഐ എമ്മിനോട് അനുഭാവം പ്രകടിപ്പിച്ചതോടെയാണ് ഭീഷണി തുടങ്ങിയത്. രണ്ടു വര്‍ഷമായി നിരന്തരം ശല്യംചെയ്യുകയായിരുന്നു. അബ്ദുള്ളയെ കൊലപ്പെടുത്തുമെന്ന് ആയുധവുമായി എത്തി ഭീഷണി മുഴക്കുക പതിവാണ്. രണ്ടാഴ്ചമുമ്പ് വധശ്രമത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുള്ളയുടെ അമ്മാവന്‍ ബഷീറിനെയും കൊല്ലുമെന്ന് ഭീഷണിയുണ്ട്. ആര്‍എസ്എസ് സംഘം താവളമടിക്കുന്ന ഈ പ്രദേശത്ത് കുടുംബം തടസ്സമാകുമെന്ന കാരണത്താലാണ് തുരത്താന്‍ ശ്രമം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വീട്ടുമുറ്റത്ത് മലമൂത്ര വിസര്‍ജനം നടത്തലായിരുന്നു. ഒരുതവണ വിറക് കൂട കത്തിച്ചു. രാത്രിയില്‍ വാളും മാരകായുധങ്ങളും ജനലിലൂടെ കാട്ടി ഭീഷണിപ്പെടുത്തലായി. മുസ്ലീങ്ങളെല്ലാം പാകിസ്ഥാനില്‍ പോകണമെന്നാണ് ഭീഷണി. ഇതിനെതിരെയെല്ലാം പൊലീസില്‍ നിരവധി തവണ പരാതി നല്‍കി. അക്രമികളെകുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല.

കര്‍ഷകസംഘം നേതാവ് ഒ കെ വാസുവിനെതിരെ നിരവധിതവണ അക്രമത്തിന് ശ്രമിക്കുകയുണ്ടായി. ഒ കെ വാസുവിനോടൊപ്പം സിപിഐ എമ്മിലെത്തിയവര്‍ക്കെല്ലാം നിരന്തരം ഭീഷണിയാണ്. കെ പി ചന്ദ്രന്റെ വീട്ടില്‍ പലതവണ അക്രമം നടന്നു. വി പി രവീന്ദ്രനെതിരെയും ഭീഷണിയുണ്ട്. സിപിഐ എം പ്രവര്‍ത്തകന്‍ തയ്യുള്ളതില്‍ കനകന്റെ വീട്ടിലെ ഇലക്ട്രിക് ബള്‍ബ് തകര്‍ത്ത് ഭാര്യ പ്രീതയെ കല്ലെറിയുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് അക്രമം. ടിപ്പര്‍ ലോറികളിലാണ് അക്രമികള്‍ പ്രകടനം നടത്തിയത്. എസ്കോര്‍ട്ടായി പാനൂര്‍ സിഐ ബെന്നിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും അനുഗമിച്ചിരുന്നു. അപ്പോള്‍തന്നെ അക്രമ വിവരം പ്രീത സിഐ ബെന്നിയോട് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ പരാതിപ്പെട്ട വീട്ടമ്മയെ അപമാനിക്കാനും അക്രമം കെട്ടുകഥയാണെന്ന് പറഞ്ഞ് അവഹേളിക്കാനുമാണ് സിഐ ശ്രമിച്ചത്. ഭര്‍ത്താവ് കനകനെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സമയപരിധി കഴിഞ്ഞിട്ടും ആഹ്ലാദ പ്രകടനം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും വീടുകളില്‍ റെയ്ഡ് നടത്താനുമാണ് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ആവേശം കാണിക്കുന്നത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ക്രിമിനലിന്റെ വീട്ടില്‍ സ്ഫോടനം നടന്നതും സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം.

deshabhimani

Tuesday, May 13, 2014

ഓപ്പറേഷന്‍ കുബേര: വന്‍കിടക്കാരെ തൊട്ടില്ല

ബോംബ് കണ്ണനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

പേരൂര്‍ക്കട: അറസ്റ്റിലായ ബ്ലേഡ് മാഫിയാ സംഘത്തലവന്‍ ബോംബ് കണ്ണനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ എംഎല്‍എവരെയുള്ള ഉന്നതരുമായി അടുത്തബന്ധമാണ് കണ്ണനുള്ളത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് കണ്ണന്‍ ബ്ലേഡ് രംഗത്തെത്തിയത്. നഗരത്തിലെ വന്‍കിട പലിശക്കാരുടെ പണം പലിശയ്ക്ക് നല്‍കിയിരുന്നത് കണ്ണന്‍ ഇടനിലക്കാരനായാണ്. കോണ്‍ഗ്രസിന്റെ മണ്ണന്തല, കിഴക്കേമുക്കോല ഭാഗങ്ങളിലെ പ്രാദേശികനേതാവും ജില്ലയിലെ പ്രുമുഖ എംഎല്‍എയും ഒരു കെപിസിസി ഭാരവാഹിയുമാണ് ഇയാളെ സഹായിക്കുന്നത്. കണ്ണന്റെ വാഹനമാണ് ഈ നേതാക്കള്‍ പല സ്വകാര്യസന്ദര്‍ശനത്തിനും ഉപയോഗിച്ചിരുന്നത്. പണം അമിതപലിശയ്ക്ക് നല്‍കുന്ന നഗരത്തിലെ ചില സംഘങ്ങളില്‍നിന്ന് പണം കുറഞ്ഞ പലിശനിരക്കില്‍ വാങ്ങിയശേഷം പലിശനിരക്ക് കൂട്ടി മറ്റുള്ളവര്‍ക്ക് നല്‍കുകയാണ് കണ്ണന്‍ ചെയ്യുന്നത്. മൂന്നുരൂപയ്ക്കും അഞ്ചുരൂപയ്ക്കും ഇത്തരക്കാരില്‍നിന്ന് പണം വാങ്ങിയശേഷം ആവശ്യക്കാര്‍ക്ക് 15, 20, 25 രൂപ പലിശയ്ക്കാണ് മറിച്ച് നല്‍കുന്നത്. നഗരത്തിലെ ബ്ലേഡ് സംഘങ്ങളില്‍നിന്ന് പണം വാങ്ങി മറിച്ചുനല്‍കുന്നതിന് പുറമെ ചില പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നും പണം വാങ്ങി മറുപലിശയ്ക്ക് നല്‍കിയിരുന്നതും കണ്ണനാണ്. എസ്പി റാങ്കിലുള്ള ചില ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങി നല്‍കിയിട്ടുണ്ട്.

കിഴക്കേമുക്കോലയിലെ അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് കണ്ണനെ അറസ്റ്റ്ചെയ്തപ്പോള്‍ മുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇയാള്‍ക്ക് വേണ്ട സഹായവുമായി രംഗത്തെത്തി. കണ്ണനെതിരെയുള്ള മറ്റ് അടിപിടിക്കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഒഴിവാക്കാനും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് തടയിടാനുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. മണ്ണന്തല സ്വദേശിയായ പ്രാദേശികനേതാവാണ് ഇപ്പോള്‍ കണ്ണനെ സംരക്ഷിക്കാന്‍ സജീവമായി രംഗത്തുള്ളത്. മാത്രമല്ല, കണ്ണന്റെ സാമ്പത്തികസ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണം മുടക്കാനും കണ്ണന്റെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകാതിരിക്കാനുമാണ് പ്രാദേശികനേതാവിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. കണ്ണന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പ്രാദേശികനേതാവ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ണന്തലയിലും സമീപപ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയാണ് കണ്ണന്‍ ബ്ലേഡ് പലിശ രംഗത്തേക്ക് എത്തിയത്. വസ്തുക്കള്‍ക്ക് അഡ്വാന്‍സ് നല്‍കിയശേഷം കൂടിയവിലയ്ക്ക് മറിച്ചുവിറ്റും വസ്തുക്കള്‍ വാങ്ങാന്‍ വരുന്നവരെ വിരട്ടി കമീഷന്‍ വാങ്ങിയും നിലംനികത്താനാവശ്യമായ മണ്ണ് സംഘടിപ്പിച്ച് കൊടുത്തുമാണ് ബ്ലേഡ് രംഗത്ത് കണ്ണന്‍ ചുവടുറപ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനൊപ്പവും പ്രവര്‍ത്തിച്ചു.

ഓപ്പറേഷന്‍ കുബേര: വന്‍കിടക്കാരെ തൊട്ടില്ല

കൊച്ചി: തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധന പ്രഹസനമായി. ആയിരക്കണക്കിന് വന്‍കിട വട്ടിപ്പലിശക്കാരുള്ള ജില്ലയില്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി 44 ചെറുകിടക്കാരെ മാത്രമാണ് അറസ്റ്റ്ചെയ്തത്. കാടിളക്കിയുള്ള പരിശോധനയില്‍ കുടുങ്ങിയവരില്‍ ഏറെയും ദിവസ, ആഴ്ച തവണവ്യവസ്ഥയില്‍ 1000 മുതല്‍ 10,000 വരെ രൂപ കടംകൊടുക്കുന്നവരാണ്. ലക്ഷക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്‍കുന്നവരെ തൊടാന്‍ പൊലീസ് തയ്യാറായില്ല. മുന്‍കൂട്ടി വിവരം ലഭിച്ച പല കൊള്ളപ്പലിശക്കാരും രേഖകളും പണവും മാറ്റിയശേഷമാണ് പൊലീസ് റെയ്ഡിനെത്തിയത്. ജില്ലയില്‍ ഏറ്റവുമധികം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുള്ള കോതമംഗലത്ത് ഒരാളെയാണ് അറസ്റ്റ്ചെയ്തത്. പിറവത്താകട്ടെ രണ്ടുദിവസം പരിശ്രമിച്ചിട്ടും ഒരാളെപ്പോലും പിടികൂടാനായില്ല. പൊലീസില്‍നിന്നു തന്നെ റെയ്ഡ്വിവരം ചോരുന്നുവെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പല സ്ഥലങ്ങളിലെയും നടപടി.

സിറ്റി പൊലീസ് രണ്ടുദിവസങ്ങളിലായി 21 കേസ് രജിസ്റ്റര്‍ ചെയ്തു. അറുപതോളം സ്ഥലങ്ങളില്‍ സിറ്റി പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പരിശോധന നടത്തി. 5,58,740 രൂപയും നിരവധി ചെക്കുകളും രേഖകളും പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 17 കേസെടുത്തു. ഒമ്പതുപേരെ അറസ്റ്റ്ചെയ്തു. 14 ലക്ഷത്തില്‍പ്പരം രൂപയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍ എന്നിവയും പിടികൂടി. പാലാരിവട്ടം സ്റ്റേഷനില്‍ ഒരു കേസെടുത്തു. വെണ്ണല തുരുത്തേല്‍ വീട്ടില്‍ വിജയനെ (47) രേഖകളും 1,34,430 രൂപയും സഹിതമാണ് അറസ്റ്റ്ചെയ്തത്. ചേരാനല്ലൂര്‍ പൊലീസ് എടുത്ത കേസില്‍ വിഷ്ണുപുരം വാരിയത്ത് വീട്ടില്‍ ക്ലീറ്റസി (65)നെ അറസ്റ്റ്ചെയ്തു. തൃക്കാക്കര പൊലീസ് എടുത്ത കേസില്‍ അത്താണി കീരേലിമല ചുള്ളിക്കല്‍ വീട്ടില്‍ ഗോപു (53)വിനെ അറസ്റ്റ്ചെയ്തു. സൗത്ത് പൊലീസ് എടുത്ത ഒരു കേസില്‍ കടവന്ത്ര ചിറമേല്‍ സി വി ജോര്‍ജ് (58), പള്ളിപ്പറമ്പില്‍ വീട്ടില്‍ മണി (52) എന്നിവരെ അറസ്റ്റ്ചെയ്തു. ആലുവ തോട്ടുംമുഖം മുണ്ടയ്ക്കപ്പറമ്പ് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ സുധീറിനെ ആലുവ സിഐ ബി ഹരികുമാര്‍ അറസ്റ്റ്ചെയ്തു. ഈടായി വാങ്ങിയ ബ്ലാങ്ക് ചെക്കും മുദ്രപത്രങ്ങളും 27,200 രൂപയും പിടിച്ചെടുത്തു. അങ്കമാലി പീച്ചാനിക്കാട് പാറത്തോട്ട് ജോയിയെ എസ്ഐ അനൂപും സംഘവും അറസ്റ്റ്ചെയ്തു. അഞ്ച് ചെക്കുകളും മൂന്ന് ആധാരങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴയില്‍ എറവറസ്റ്റ് കവല കുന്നുമ്മേല്‍കുടിയില്‍ ഇബ്രാഹിം കരീമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 22 ലക്ഷം രൂപ എഴുതിയ ഒപ്പിട്ട ആറു ചെക്കുകള്‍ പിടിച്ചെടുത്തു. അഞ്ചു മുദ്രപത്രങ്ങളും രണ്ട് ആധാരങ്ങളും പിടിച്ചു. ഷാഡോ എസ്ഐ വിനോയ് വി പൗലോസ്, മൂവാറ്റുപുഴ എഎസ്ഐ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോലഞ്ചേരി മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയില്‍. കുന്നത്തനാട് പോലീസ് നടത്തിയ റെയ്ഡില്‍ ഐരാപുരം വാലയില്‍ വര്‍ഗീസ്(55) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 10 ആധാരവും 27 ബ്ലാങ്ക് ചെക്കും 11 ആര്‍സി ബുക്കും 11 മുദ്രപത്രങ്ങളും പോലീസ് പിടിച്ചെടുത്തു. 20 വര്‍ഷമായി സ്വകാര്യ പണമിടപാട് നടത്തിവരികയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയത്ു. പുത്തന്‍കുരിശ് പോലീസ് നടത്തിയ റെയ്ഡില്‍ പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ട് ജിനുവിന്റെ വീട്ടില്‍ നിന്നും 18,000 രൂപയും നാല് മുദ്രപത്രവും ഒരു ആര്‍സി ബുക്കും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ഐജി എം ആര്‍ അജിത്കുമാര്‍, സിറ്റി പൊലിസ് കമീഷണര്‍ കെ ജി ജെയിംസ്, ഡെപ്യൂട്ടി പൊലിസ് കമീഷണര്‍ ആര്‍ നിശാന്തിനി, റൂറല്‍ എസ്പി സതീഷ് ബിനോ എന്നിവര്‍ അറിയിച്ചു.

സംഘത്തില്‍ പൊലീസുകാരും കോണ്‍ഗ്രസ് നേതാക്കളും

തൃശൂര്‍: ബ്ലേഡ് മാഫിയയില്‍ പൊലീസുകാര്‍മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍വരെ. മാഫിയയെക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ ഇതെല്ലാമുണ്ട്. എന്നാല്‍, ഇതേക്കുറിച്ചൊന്നും അന്വേഷണമുണ്ടായില്ല. കേസന്വേഷണമെല്ലാം പൊലീസ് മുക്കി. ഗ്രൂപ്പിസത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ മധു ഈച്ചരത്തിനും ലാല്‍ ജി കൊള്ളന്നൂരിനും അനധികൃത പണമിടപാടുകള്‍ ഉണ്ടായിരുന്നതായും കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള പണമിടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. റിയല്‍എസ്റ്റേറ്റ് മുതല്‍ പലിശ ബിസിനസ് വരെ ഇവര്‍ക്ക് ഉണ്ടായിരുന്നതായും കോണ്‍ഗ്രസ് നേതാക്കളുടെ ഉള്‍പ്പെടെ പണം ബിസിനസില്‍ ഇവര്‍ ഇറക്കിയതായും ആക്ഷേപമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതിലേക്കൊന്നും എത്താതെ പൊലീസ് അന്വേഷണം മുക്കി. കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ദുര്‍ഗാപ്രസാദ് പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കൊള്ളപ്പലിശ ബിസിനസ് നടത്തിയിരുന്നത്. പല ഉദ്യോഗസ്ഥരുടെയും പണം പലിശ ബിസിനസില്‍ ദുര്‍ഗാപ്രസാദ് ഇറക്കിയിരുന്നു. മുമ്പ് സ്പെഷ്യല്‍ബ്രാഞ്ചിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പലിശക്ക് പണം കൊടുത്തതിന് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഗുണ്ടാസംഘം പലിശക്ക് പണം കൊടുത്തിരുന്ന കച്ചവടക്കാരനെ മര്‍ദിച്ചതാണ് പലിശ ബിസിനസ് പുറത്തുവരാനിടയാക്കിയത്.

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 12 ആധാരം പിടിച്ചെടുത്തു

എടപ്പാള്‍: ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 12 ആധാരം പിടിച്ചെടുത്തു. എടപ്പാളിനടുത്ത് കാലടിത്തറ റൈസ് മില്ലിന് സമീപം താമസിക്കുന്ന കീഴേക്കാട്ട് തറയില്‍ നടരാജന്റെ വീട്ടില്‍ നിന്നാണ് പൊന്നാനി സിഐ എം കെ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആധാരങ്ങള്‍ പിടിച്ചെടുത്തത്. തിങ്കളാഴ്ച പകല്‍ 11.30ന് സംസ്ഥാന പാതയില്‍ പുതുതായി വാങ്ങിയ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീടിന് സമീപമുള്ള കോണ്‍ക്രീറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലും പഴയ വീട്ടിലും പരിശോധന നടത്തി. ചെക്ക്ലീഫ്, സ്വര്‍ണാഭരണം, ആധാരങ്ങള്‍ എന്നിവ സ്വീകരിച്ച് പണം പലിശക്ക് കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. കാലടിത്തറയിലെ തേറയില്‍ പ്രേമചന്ദ്രികയുടെയും മകന്‍ പ്രജിത്തിന്റെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

പൊലീസ് റെയ്ഡ് തുടരുന്നു; പിടികൊടുക്കാതെ \"കുബേരന്മാര്‍\" വിലസുന്നു

കല്‍പ്പറ്റ: പൊലീസ് റെയ്ഡ് തുടരുമ്പോഴും പിടികൊടുക്കാതെ "കുബേരന്‍മാര്‍" വിലസുന്നു. കൊള്ളപ്പലിശക്കാരെയും ബ്ലേഡുകാരെയും പിടികൂടാനുള്ള "ഓപറേഷന്‍ കുബേര്‍" പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പലയിടത്തും റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരക്കുന്നത്. പൊലീസിന്റെ റെയ്ഡിന്റെ വാര്‍ത്തകള്‍ വ്യാപകമായതോടെ രേഖകളെല്ലാം "സുരക്ഷിത" കേന്ദ്രങ്ങളില്‍ ബ്ലേഡുകാര്‍ എത്തിച്ചുകഴിഞ്ഞു.

കണിയമ്പറ്റയില്‍ അങ്ങാടിശേരി ശ്രീധരനെതിരെ തിങ്കളാഴ്ച പൊലീസ് കേസെടുത്തു. ഇയാളുടെ വീട്ടില്‍നിന്നും 18,500 രൂപ, ഒപ്പിട്ട ഒമ്പതു കാലി ചെക്കുകള്‍, നൂറു രൂപയുടെ മുദ്രപേപ്പര്‍ എന്നിവ പിടിച്ചെടുത്തു. ഞായറാഴ്ച വൈത്തിരി ഇടനിലം പുത്തന്‍ വീട്ടില്‍ വാമദേവനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ പക്കലില്‍നിന്ന് ചെക്കുകളും മറ്റുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വാമവേനെ കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസ്. കല്‍പ്പറ്റ മേഖലയില്‍ ഇരുപതു സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡുകള്‍ തുടരുന്നുമുണ്ട്. പ്രതീക്ഷിച്ച ഫലം പൊലീസിന് കിട്ടുന്നില്ല. ഓപറേഷന്‍ കുബേറിന് പൊലീസില്‍ പ്രത്യേക സ്കോഡില്ലാത്തത് പ്രതികളെ പിടികൂടുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. പൊലീസില്‍ പിടിപാടുള്ള ബ്ലേഡുകാര്‍ക്ക് പൊലീസ് തന്നെ റെയ്ഡു വിവരം ചോര്‍ത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചിലര്‍ മുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ ബ്ലേഡുകാര്‍ പിടിമുറുക്കിയിട്ടണ്ട് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കൊള്ളപ്പലിശക്കാര്‍ സജീവമാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവാണ് ഇവര്‍ സജിവമാകാന്‍ കാരണം. നൂറുകണക്കിന് കര്‍ഷകരുടെ ഭൂമിയും പണവും ബ്ലേഡുകാര്‍ കൈക്കലാക്കിയിരുന്നു. നേരത്തെ തമിഴ്നാട്ടില്‍നിന്നുള്ള സംഘം വ്യാപകമായി ജില്ലയില്‍ പലിശയ്ക്ക് പണം കൊടുത്തിരുന്നു ഇപ്പോള്‍ അതുകുറഞ്ഞിട്ടുണ്ട്. പനമരത്ത് ബ്ലേഡുകാരുടെ കുരുക്കില്‍ നിരവധി പേര്‍ കുടുങ്ങിയിരുന്നു. അതിന്റെ ഭാഗമായി വാടകവീട്ടില്‍ കഴിയുന്നവരും ഉണ്ട്. ഇവിടെ പലരുടെയും ഭൂമി ബ്ലേഡുകാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്്. വടകര മേഖലയിലുള്ളവരും ഈ പ്രദേശത്ത് പലിശയ്ക്ക് പണം കൊടുത്തിട്ടുണ്ടെന്നറിയുന്നു.

പൊതുമേഖലാ ബാങ്കുകളുടെ നിഷേധം; തഴയ്ക്കുന്നത് ബ്ലേഡ് മാഫിയ

അടിമാലി: പൊതുമേഖല ബാങ്കുകളുടെ നിഷേധ നിലപാട് ബ്ലേഡ് മാഫിയകള്‍ ഹൈറേഞ്ചില്‍ തഴയ്ക്കാന്‍ കാരണമായി. തോട്ടം മേഖലകളും ആദിവാസി കുടികളും കാര്‍ഷിക പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പെട്ടിക്കടക്കാര്‍ വരെ ഇവരുടെ കെണിയില്‍ പെടുകയാണ്. പ്രമുഖ ദേശസാത്കൃത ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് പ്രധാനമായും വന്‍കിട വ്യാപാരികള്‍ക്കായതിനാല്‍ പാവങ്ങള്‍ക്കാശ്രയം ബ്ലേഡുകര്‍തന്നെ. കൂടാതെ ബാങ്കുകളുടെ നൂലമാലകളും ചെറുകിടക്കാര്‍ക്ക് വിനയാകുന്നു.

സ്വര്‍ണം പണയം വച്ചും സ്വകാര്യ ധനകാര്യ സ്ഥപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്താണ് പല ടൗണുകളിലും ചെറുകിട വ്യാപരികള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു വിപണിയിലെ വിലക്കയറ്റം ഇവരെ പലപ്പോഴും ബ്ലേഡ് പലിശക്കാരെ ആശ്രയിക്കുന്നതില്‍ എത്തിക്കുന്നു. വാങ്ങിയതിനെക്കാളും ഇരട്ടിയിലധികം തുകയാണ് തിരികെ കൊടുക്കേണ്ടിവരുന്നത്. രാവിലെ 900 രൂപ കൊടുത്ത് വൈകിട്ട് 1000 രൂപവരെ വാങ്ങിക്കുന്നവരില്‍ തുടങ്ങുന്നതാണ് പലിശക്കാരുടെ വിളയാട്ടം. വന്‍തുക കൊടുക്കുമ്പോള്‍ ചെക്കും പ്രോമിസറിനോട്ടും ഭൂമി വരെ തീറാധാരം എഴുതി വാങ്ങും. തോട്ടം മേഖലകളിലും ആദിവാസി കുടികളിലും മറ്റും തമിഴ്നാട്ടില്‍ നിന്നെത്തുന്നവരാണ് കൂടുതലായും വട്ടിപലിശയ്ക്ക് പണം കൊടുക്കുന്നത്. തോട്ടം മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും പണം കടം വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ദിവസേനയും ആഴ്ചയിലും പിരിക്കാനെത്തുന്നവരുമുണ്ട്. സ്ത്രീകള്‍ക്കാണ് ഇവര്‍ കൂടുതലായും പണം കൊടുക്കുന്നത്. ഒരു തവണ മുടക്കം വന്നാല്‍ പിന്നെ ഭീഷണി തുടങ്ങുന്നു. ചിലസംഘങ്ങള്‍ മാനസികമായും പീഡിപ്പിക്കപ്പെടുന്നു. പല ഭാഗങ്ങളിലായി വാടകയ്ക്ക് വീടുകള്‍ എടുത്താണ് ഇവര്‍ താമസിക്കുന്നത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇവര്‍ക്കുണ്ട്. പിരിവ് നടത്തുന്നകാര്യം ഉദ്യോഗസ്ഥര്‍ക്കും അറിയാം. ഇവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചിട്ടി സ്ഥാപനങ്ങള്‍ കൂണുപോലെയാണ് ആരംഭിച്ചത്. ആപ്പിള്‍ ട്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നൂറുകണക്കിന് ഇടപാടുകാരെ കബളിപ്പിച്ച് പൂട്ടിപോയി. ഇവിടെ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ് തെരുവിലായത്. ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡും പ്രഹസനമായി. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ജനരോഷം ഭയന്നുള്ള ഒരു നടപടി മാത്രമാണ് ഇത്. ചെറുകിട പലിശക്കാരെ മാത്രമാണ് പരിശോധിച്ചത്. വന്‍കിടക്കാര്‍ ഇപ്പോഴും പരിധിക്ക് പുറത്താണ്. 40 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് 78 വയസുകാരനായ പണിക്കന്‍കുടി സ്വദേശി അമ്പാരപള്ളില്‍ തങ്കപ്പനെ മാത്രമാണ് ഞായറാഴ്ച അടിമാലിയില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പിടിച്ചെടുത്തതാകട്ടെ 3950 രൂപയും. പരിശോധന തുടരുമെന്ന് അറിയിച്ചെങ്കിലും തുടര്‍ നടിപടികളുണ്ടായില്ല. ഇതിനിടെ ചെറുകിട കച്ചവടക്കരെയും സ്വയം തൊഴില്‍ അന്വേഷകരെയും അവഗണിക്കുന്ന ദേശസാത്കൃത ബാങ്കുകള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

deshabhimani

പൊലീസിന് ബ്ലേഡ് മാഫിയ ബന്ധമെന്ന് ആഭ്യന്തരമന്ത്രിയും

പൊലീസിലെ ഉന്നതര്‍ക്കടക്കം ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വമ്പന്‍ സ്രാവുകളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ അറിയിക്കണം. ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമോ ശുപാര്‍ശയോ അംഗീകരിക്കില്ല. വായ്പാ നയം ഉദാരമാക്കുന്നത് സംബന്ധച്ച് ബുധനാഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ബേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട് സംസ്ഥാനത്ത് നിരവധി പേരാണ് ആത്മഹത്യ ചെയ്തത് . മാഫിയക്കെതിരെ നടപടിയെടുക്കാത്തത് പൊലീസിലെ ഉന്നതര്‍ അവരില്‍ നിന്ന് മാസപ്പടി വാങ്ങുന്നവരായതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇത് ശരി വെക്കുന്നതാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 12 ആധാരം പിടിച്ചെടുത്തു

എടപ്പാള്‍: ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 12 ആധാരം പിടിച്ചെടുത്തു. എടപ്പാളിനടുത്ത് കാലടിത്തറ റൈസ് മില്ലിന് സമീപം താമസിക്കുന്ന കീഴേക്കാട്ട് തറയില്‍ നടരാജന്റെ വീട്ടില്‍ നിന്നാണ് പൊന്നാനി സിഐ എം കെ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആധാരങ്ങള്‍ പിടിച്ചെടുത്തത്. തിങ്കളാഴ്ച പകല്‍ 11.30ന് സംസ്ഥാന പാതയില്‍ പുതുതായി വാങ്ങിയ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീടിന് സമീപമുള്ള കോണ്‍ക്രീറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലും പഴയ വീട്ടിലും പരിശോധന നടത്തി. ചെക്ക്ലീഫ്, സ്വര്‍ണാഭരണം, ആധാരങ്ങള്‍ എന്നിവ സ്വീകരിച്ച് പണം പലിശക്ക് കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. കാലടിത്തറയിലെ തേറയില്‍ പ്രേമചന്ദ്രികയുടെയും മകന്‍ പ്രജിത്തിന്റെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

deshabhimani

Saturday, May 10, 2014

പൊലീസില്‍ സ്ഥലംമാറ്റത്തിന് ലക്ഷങ്ങളുടെ ലേലംവിളി

വോട്ടെണ്ണല്‍ കഴിയുന്ന മുറയ്ക്ക് പൊലീസ് സേനയില്‍ ഡിവൈഎസ്പി, സിഐ തലങ്ങളില്‍ നടത്തുന്ന സ്ഥലംമാറ്റം മുതലാക്കാന്‍ ലേലംവിളി തുടങ്ങി. തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശപ്രകാരം സ്വന്തം ജില്ലയില്‍നിന്നും മറ്റും മാറ്റിയിട്ടുള്ള 56 ഡിവൈഎസ്പിമാര്‍ക്കും ഇരുനൂറോളം സിഐമാര്‍ക്കുമാണ് വീണ്ടും മാറ്റം വരുന്നത്. ഒന്നുകില്‍ ഇവരെ പഴയ സ്ഥലങ്ങളിലേക്കോ അല്ലെങ്കില്‍ പുതിയ സ്ഥലങ്ങളിലോ നിയമിക്കേണ്ടിവരും. ഈ പഴുത് പരമാവധി മുതലാക്കാനാണ് ഇടനിലക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മാസപ്പടിയും കൈക്കൂലിയും ആവോളം ലഭിക്കുന്ന ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിയമനത്തിന് വന്‍ ലേലംവിളിയാണ് നടക്കുന്നത്.

സിഐയ്ക്ക് രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ചുവരെയാണ് നിരക്ക്. ഡിവൈഎസ്പിക്ക് അഞ്ച് മുതല്‍ 10 ലക്ഷം വരെയുണ്ട്. ചെക്ക്പോസ്റ്റുകളും മറ്റും ഉള്‍പ്പെടുന്ന അതിര്‍ത്തിപ്രദേശങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മണല്‍, ക്വാറി പ്രദേശങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയമനത്തിന് വന്‍തുകയാണ് ചോദിക്കുന്നത്. ഇത്തരം സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയ ഷോര്‍ട്ട് ലിസ്റ്റ് തന്നെയുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, ഫോര്‍ട്ട്, വര്‍ക്കല, നെടുമങ്ങാട്, കൊല്ലത്തെ കരുനാഗപ്പള്ളി, പുനലൂര്‍, കായംകുളം, ആലപ്പുഴ, കുമരകം, ആലുവ, അങ്കമാലി, മൂന്നാര്‍, ഗുരുവായൂര്‍, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിയമനം തരപ്പെടുത്താനാണ് ഉന്തുംതള്ളും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളിലും നിയമനം കിട്ടിയാല്‍ മുടക്ക് മുതല്‍ ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ പോക്കറ്റില്‍ വീഴും. മണല്‍, ക്വാറി കേന്ദ്രങ്ങള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവയും കൊയ്ത്ത് കേന്ദ്രങ്ങളാണ്.

ബാര്‍ അടച്ചിട്ടതോടെ സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കാണ്. മെയ്യനങ്ങാതെ ലക്ഷങ്ങള്‍ കൊയ്യാന്‍ ഇതെല്ലാം വഴിയൊരുക്കുമെന്നതാണ് ഈ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലിന് കാരണം. ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴിയാണ് നേരത്തെ പൊലീസ് സ്ഥലം മാറ്റങ്ങള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മന്ത്രിക്ക് നേരിട്ടാണ് ശുപാര്‍ശക്കത്ത് നല്‍കുന്നത്. പ്രൈവറ്റ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശുപാര്‍ശ പറയാന്‍ മടിയാണ്. അതിനാല്‍ മന്ത്രി വഴി സെക്രട്ടറിയോട് പറഞ്ഞ് കാര്യം സാധിക്കുകയാണ് രീതി. ചില എംഎല്‍എമാര്‍ക്കുപോലും ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അപ്രാപ്യനാണ്. ഇതുമൂലം മന്ത്രിയുടെ അടുത്തേക്ക് ശുപാര്‍ശകളുടെ പ്രവാഹമാണ്. സ്വന്തം ജില്ലയില്‍ മൂന്നുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയും ക്രമസമാധാനപാലന രംഗത്തുള്ളവരെയും മാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്ക് പുറമെ വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളിലുള്ള സ്വന്തം ജില്ലക്കാരെയും മാറ്റിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് മാറ്റിയവരെ തിരികെ അതേ സ്ഥലത്ത് നിയമിക്കില്ലെന്ന് ഉറപ്പാണ്. ഇത് പരിഗണിച്ചാണ് വോട്ടെടുപ്പിന് മുമ്പുതന്നെ ഇഷ്ടകേന്ദ്രങ്ങളില്‍ നിയമനം ഉറപ്പാക്കാന്‍ ഇറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ നിയമനം തരപ്പെടുത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ കുഴപ്പമില്ലാതെ തുടരാമെന്നതും ലക്ഷങ്ങള്‍ നല്‍കാന്‍ പ്രേരണയാകുന്നു.

കെ ശ്രീകണ്ഠന്‍ deshabhimani

Tuesday, April 29, 2014

ചങ്ങരംകുളം കസ്റ്റഡി മരണങ്ങള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ ശുപാര്‍ശ

എടപ്പാള്‍: ചങ്ങരംകുളം സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതും ഗൃഹനാഥനെ മര്‍ദിച്ചുകൊന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് പരാതിപരിഹാരസമിതി ശുപാര്‍ശചെയ്തു. സമിതി അംഗം പി മുരളീധരന്‍ സര്‍ക്കാരിനും ഡിജിപിക്കും ഇത്സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഹനീഷ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് സമിതി സ്റ്റേഷനില്‍ തെളിവെടുത്തത്. യുവതിയെ രാത്രി സ്റ്റേഷനില്‍ പാര്‍പ്പിച്ചതിലും അറസ്റ്റ്, കസ്റ്റഡി എന്നിവയുടെ രേഖകളില്ലാത്തതും ഗുരുതര വീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പൊന്നാനി സിഐ എം കെ മനോജ് കബീര്‍, ചങ്ങരംകുളം എസ്ഐ വി ഹരിദാസ് എന്നിവരുടേതടക്കം ആറ് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാത്രി 7.15ന് ശേഷമാണ് യുവതിയെ സ്റ്റേഷനില്‍ എത്തിച്ചതെന്ന പൊലീസുകാരുടെ മൊഴി കളവാണ്. സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ചട്ടം പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
 
രാത്രി വനിതാ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന യുവതിയെ തറയില്‍ കടലാസ് വിരിച്ച് ഇരുത്തി. പുസ്തകം വായിച്ച് വനിതാ പൊലീസ് കാവലിരുന്നു. പുലര്‍ച്ചെ വനിതാ പൊലീസ് ബാത്ത്റൂമിലേക്കുപോയപ്പോള്‍ യുവതി ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു- ഇങ്ങനെയാണ് പൊലീസുകാരുടെ മൊഴി. പിടികൂടുന്നവരെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു യുവതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്.

ആത്മഹത്യ ചെയ്തതാണെങ്കില്‍ തന്നെ ആരും ശ്രദ്ധിക്കാനില്ലാത്ത സാഹചര്യമാണ് മരണത്തിനിടയാക്കിയത്. അത്തരമൊരു സാഹചര്യമുണ്ടായത് പൊലീസിന്റെ കടുത്ത അലംഭാവംമൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാത്രി യുവതി എന്തുചെയ്യുകയായിരുന്നുവെന്നതിന് വ്യക്തതയില്ല. യുവതിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായ സംഭവം എന്തെങ്കിലും ഉണ്ടായോ എന്നതിനെക്കുറിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് പി മുരളീധരന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എടപ്പാള്‍ കുറ്റിപ്പാല സ്വദേശി ആമ്പ്രവളപ്പില്‍ മോഹനന്‍ ജനുവരി 28നാണ് മരിച്ചത്.

കുടുംബവഴക്കിന് മധ്യസ്ഥം പറയാനെത്തിയ മോഹനനെ ഗ്രേഡ് എസ്ഐ എം പി ചന്ദ്രശേഖരനും സംഘവും പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മര്‍ദനത്തില്‍ തലക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. ഇതിന് കാരണക്കാരായവരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കണ്ടെത്തി നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തകരാണ് ഈ സംഭവം തെളിവെടുപ്പിനെത്തിയ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

deshabhimani

Friday, April 25, 2014

പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനുള്ളില്‍ മരിച്ച നിലയില്‍

എടപ്പാള്‍: മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാളിനടുത്ത് മാണൂര്‍ ചേകനൂര്‍ റോഡ് പള്ളിക്ക് സമീപം പരേതനായ കോട്ടുകാട്ടില്‍ സൈനുദ്ദീന്റെ മകള്‍ ഹനീഷയെ (23) ആണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സ്ത്രീകളുടെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മൂന്ന് പൊലീസുകാര്‍ ഡ്യൂട്ടിയിലിരിക്കെ യുവതി മരിച്ചത് വന്‍ വിവാദമായി. എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് കുളിമുറിയില്‍ കയറിയപ്പോള്‍ സ്ത്രീകളുടെ വിശ്രമമുറിയിലെത്തിയ യുവതി മേശക്ക് മുകളില്‍ക്കയറി ഫാനില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി തൂങ്ങിയെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച രാവിലെ 6.10നാണത്രെ സംഭവം. കുളിമുറിയില്‍നിന്നിറങ്ങിയ വനിതാ പൊലീസാണ് യുവതി തൂങ്ങിക്കിടക്കുന്നത് കണ്ടത്. പൊലീസ് ജീപ്പിലാണ് യുവതിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. രോഷാകുലരായ ജനക്കൂട്ടം സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇതില്‍ മിക്കവരും മൃതദേഹം സ്റ്റേഷനില്‍ നിന്ന് മാറ്റിയത് അറിഞ്ഞിരുന്നില്ല. മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. കോഴിക്കോട്-തൃശൂര്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്തുനിന്ന് സായുധ പൊലീസ് അടക്കം എത്തി. മൃതദേഹം നേരത്തെ തന്നെ മാറ്റിയെന്ന് അറിഞ്ഞതോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്. തുടര്‍ന്ന്, ആശുപത്രിയിലേക്ക് ജനപ്രവാഹമായി. ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടംചെയ്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുബൈദയാണ് ഹനീഷയുടെ ഉമ്മ. അനീഷ്, റമീഷ് എന്നിവര്‍ സഹോദരങ്ങളാണ്. എസ്ഐ വി ഹരിദാസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ തിലകന്‍, വനിതാ കോണ്‍സ്റ്റബിള്‍ ലതിക എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചപറ്റിയതായി അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡിവൈഎസ്പി കെ അസൈനാര്‍ പറഞ്ഞു. യുവതികളെ കസ്റ്റഡിയില്‍ സൂക്ഷിക്കുമ്പോള്‍ രണ്ട് വനിതാ പൊലീസ് വേണമെന്ന ചട്ടം നിലനില്‍ക്കെയാണ് ദുരൂഹ മരണം. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് യുവതിയെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെഒരാള്‍, കേസില്‍ അകപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും വിരളം. ഡ്യൂട്ടിയിലുള്ള മൂന്നുപൊലീസുകാരും അറിയാതെയാണ് യുവതി തൂങ്ങിയതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇതേ സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം വിവാദമായിരുന്നു.

deshabhimani

Friday, April 11, 2014

സിപിഐ എം നേതാക്കളുടെ പൊലീസ്സുരക്ഷ പിന്‍വലിച്ചു

കണ്ണൂര്‍: സിപിഐ എം നേതാക്കളുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാരെ പിന്‍വലിച്ചു. ആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നാല് ഗാര്‍ഡ് ഡ്യൂട്ടിക്കാര്‍, മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ രണ്ട് ഗണ്‍മാന്മാര്‍ എന്നിവരെയാണ് പിന്‍വലിക്കുന്നത്. കോടിയേരിയുടെ ഗാര്‍ഡുമാരെ ചൊവ്വാഴ്ച വൈകിട്ട് പിന്‍വലിച്ചു. പി ജയരാജന്റെ ഗണ്‍മാന്മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കണ്ണൂര്‍ എആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസുകാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് പിന്‍വലിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കെ സുധാകരന്‍, ബലാത്സംഗക്കേസില്‍ മുങ്ങി നടക്കുന്ന എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ, മന്ത്രി കെ പി മോഹനന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവരുടെ സുരക്ഷാ ഗാര്‍ഡുമാരെയോ, ഗണ്‍മാന്മാരെയോ പിന്‍വലിച്ചിട്ടില്ല.

ആര്‍എസ്എസ്സുകാരുടെ വധശ്രമത്തില്‍ മാരകമായി പരിക്കേറ്റ പി ജയരാജന് വര്‍ഗീയവാദികളുടെയും മറ്റും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പി ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ശ്രീകണ്ഠപുരം പടിയൂരിലെ റസാക്കെന്ന ലീഗുകാരനാണ് സന്ദേശം പോസ്റ്റുചെയ്തത്. ഈ സംഭവത്തില്‍ സൈബര്‍സെല്ലിന്റെ അന്വേഷണം നടക്കുന്നതിനിടെ സുരക്ഷാഭടന്മാരെ പിന്‍വലിച്ചത് ദുരൂഹമാണ്. ബലാത്സംഗക്കേസില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷ ശക്തമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രണ്ട് ഗണ്‍മാന്മാരുള്ള അബ്ദുള്ളക്കുട്ടിയുടെ ഗാര്‍ഡ് ഡ്യൂട്ടിക്ക് രണ്ട് പൊലീസുകാരെക്കൂടി വിട്ടുകൊടുത്തു. തികച്ചും രാഷ്ട്രീയപ്രേരിതമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസുകാരുടെ ആശ്രിതരായി അധഃപതിച്ച കണ്ണൂര്‍ പൊലീസ് സ്വീകരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയെ കളിപ്പാവയാക്കി മാറ്റുന്ന സായുധസേനാ വിഭാഗത്തിലെ ഒരു ഓഫീസറും കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാക്കളുമാണ് ഇതിനായി ഇടപെടല്‍ നടത്തുന്നത്.

കണ്ണൂര്‍ പൊലീസില്‍ നടക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരം ലഭിച്ച ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെയും എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനെയും ഫോണില്‍ ശാസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കാന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വനിതാസെല്ലില്‍ കോണ്‍ഗ്രസ് അനുകൂല പൊലീസുകാരുടെ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഇത്തരം യോഗങ്ങളുടെ വിവരം മാധ്യമങ്ങള്‍ക്ക് ചോരുന്നതിന്റെ പേരില്‍ ചില പൊലീസുകാര്‍ക്കെതിരെ നടപടിക്കും നീക്കമുണ്ട്. ദൃശ്യമാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായ എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് ആഭ്യന്തരവകുപ്പിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതെന്ന് വിവരമുണ്ട്. ഇയാളുടെ ഭാര്യ പ്രവര്‍ത്തിക്കുന്ന ചാനലാണ് പൊലീസ്കാര്യങ്ങള്‍ സ്ഥിരമായി പുറത്തുവിടുന്നത്.

deshabhimani

Tuesday, March 18, 2014

അത്ഭുതകരം: പിണറായി; പൊലീസ് മെഡലും നല്‍കിയേക്കും: വി എസ്

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ പൊലീസുകാരുടെ ക്രിമിനല്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അത്ഭുതകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് സലീംരാജിന് പൊലീസ് മെഡല്‍ ലഭിച്ചുവെന്ന വാര്‍ത്തയും കേള്‍ക്കേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ക്രിമിനല്‍കേസ് പ്രതിയായിട്ടും ആഭ്യന്തരവകുപ്പ് പുറത്തിറിക്കിയ പൊലീസുകാരുടെ പ്രതിപട്ടികയില്‍ സലീം രാജ് ഉള്‍പ്പെടാതിരുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളായ ഡിവൈഎസ്പിമാരേയും പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക വന്നത് അത്ഭുതകരമാണ്. ഇത്തരം കുറ്റവാളികള്‍ വാഴുന്ന ഭരണമാണ് ഉമ്മന്‍ചാണ്ടി നയിക്കുന്നത്.പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ പോലും ഉള്‍പ്പെടുത്തിയ ലിസ്റ്റില്‍ നിന്ന് സലിം രാജിനെ ഒഴിവാക്കിയത്തിന്റെ ന്യായീകരണം ആഭ്യന്തരവകുപ്പ് പറഞ്ഞേ തീരൂവെന്നും പിണറായി പ്രതികരിച്ചു.

എന്നാല്‍ സലീം രാജിനെ എങ്ങിനെയാണ് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

deshabhimani

സലിംരാജിനെ ക്രിമിനല്‍കേസ് പ്രതിപട്ടികയില്‍ നിന്നൊഴിവാക്കി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പൊലീസ് സേനയിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയില്‍നിന്നാണ് ക്രിമിനല്‍ കേസ് പ്രതിയായ സലിംരാജിന്റെ പേര് ഒഴിവാക്കിയിട്ടുള്ളത്. കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ പേര്‍ വിവരപട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്. കെ സുധാകരന്‍ എംപിയുടെ മുന്‍ ഗണ്‍മാനെയും പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ പോലും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളപ്പോഴാണ് സലിം രാജിനെ ഒഴിവാക്കിയിരിക്കുന്നത്. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളായ രണ്ട് ഡിവൈഎസ്പിമാരെയുംപട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ സലീം രാജിനെ എങ്ങിനെയാണ് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഭൂമിതട്ടിപ്പുകേസിലും നടുറോഡില്‍ യുവതിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതിനും സലീംരാജിനെതിരെ പൊലീസ് കേസുകളുണ്ട്. യുവതിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട്വെച്ച് നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചതാണ് സലീം രാജിനെ. കൂടാതെ സോളാര്‍ തട്ടിപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം സലീംരാജിനും പങ്കുണ്ടെന്ന് ആരോപണമുണ്ട്.

കടകംപളളിയില്‍ തണ്ടപേര് തിരുത്തി ഭൂമി തട്ടിപ്പ് നടത്തിയതിനും ഇടപള്ളിയിലും സമാനമായ രീതിയില്‍ ഭൂമിതട്ടിപ്പ് നടത്തിയതിനും ഹൈക്കോടതിയില്‍ സലീംരാജിനെതിരെ കേസുകള്‍ നിലവിലുണ്ട്.

പൊലീസ് ക്രിമിനല്‍ പട്ടിക: സലിംരാജിനെ ഒഴിവാക്കി

തിരു: പൊലീസ് സേനയിലെ ക്രിമിനല്‍ക്കേസ് പ്രതികളുടെ പട്ടികയില്‍നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി. പെരുമ്പാവൂര്‍ ബസ്സ്റ്റാന്‍ഡില്‍ യുവാവിനെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതിയും കെ സുധാകരന്‍ എംപിയുടെ ഗണ്‍മാനുമായ സതീഷ്, ആനയറയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ത്ത കേസിലെ എഎസ്ഐ വിജയദാസ്, മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഡിവൈഎസ്പിമാരായ സന്തോഷ്നായര്‍, അബ്ദുള്‍റഹീം എന്നിവരെയും ക്രിമിനല്‍പ്പട്ടികയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായശേഷം തയ്യാറാക്കിയ പട്ടികയില്‍നിന്ന് രാഷ്ട്രീയസ്വാധീനമുള്ളവരെ പൂര്‍ണമായും ഒഴിവാക്കി. പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുദ്യോഗസ്ഥരെപ്പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനിലായ സലിംരാജിനെ ഒഴിവാക്കിയത്. ആഭ്യന്തരവകുപ്പ് നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നവരെയും പുതുക്കിയ പട്ടികയില്‍നിന്ന് വെട്ടിമാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

ക്രിമിനല്‍ക്കേസില്‍പ്പെട്ടവരെയും സ്വഭാവദൂഷ്യത്തിന് നടപടിക്ക് വിധേയവരായവരെയും തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഈമാസം മൂന്നിന് അംഗീകരിച്ച പട്ടിക തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് സലിംരാജ് ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ പട്ടികയില്‍നിന്ന് മാറ്റിയത്. ദക്ഷിണമേഖലാ എഡിജിപി കെ പത്മകുമാര്‍, ക്രൈം ബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോള്‍ എന്നിവരാണ് പട്ടിക തയ്യാറാക്കിയത്. വിജിലന്‍സ് ഡയറക്ടര്‍ക്കും ഇന്റലിജന്‍സിനും ഇതിന്റെ പകര്‍പ്പ് നല്‍കി.

കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 10ന് സലിംരാജും മറ്റൊരു കേസില്‍ പ്രതിയായ റിജോ ഓച്ചിറയും സംഘവും ചേര്‍ന്ന് കോഴിക്കോട്ട് കരിക്കംകുളത്തുവച്ച് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് കേസ്. നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ച സലിംരാജിനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സലിംരാജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രന്‍ സലിംരാജിനെ സസ്പെന്‍ഡ് ചെയ്തു. 2012, 13, 14 വര്‍ഷങ്ങളിലെ ക്രിമിനല്‍ക്കേസ് പ്രതികള്‍, സസ്പെന്‍ഷനിലായവര്‍ തുടങ്ങിയവരുടെ പട്ടിക ആഭ്യന്തരവകുപ്പ് തയ്യാറാക്കിയപ്പോഴാണ് സലിംരാജിനെ ഒഴിവാക്കിയത്. ആഭ്യന്തരമന്ത്രി ഇടപെട്ടാണ് സലിംരാജ് അടക്കം അഞ്ചുപേരെ മാറ്റിയത്. സലിംരാജിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഏതാനും നാള്‍ മുമ്പ് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് വിവാദമായതോടെ ഉടനടി ഉത്തരവ് റദ്ദാക്കി തലയൂരി.

deshabhimani