Showing posts with label എമര്‍ജിങ് കേരള. Show all posts
Showing posts with label എമര്‍ജിങ് കേരള. Show all posts

Sunday, May 11, 2014

എമര്‍ജിങ് കേരള പൊടിച്ചത് 24 കോടി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രഖ്യാപനത്തട്ടിപ്പിന്റെ മകുടോദാഹരണമാണ് കൊച്ചിയില്‍ നടത്തിയ എമര്‍ജിങ് കേരളസംഗമം. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ച "ജിം" എന്ന ആഗോള നിക്ഷേപകസംഗമത്തിന്റെ മറ്റൊരു പതിപ്പായ എമര്‍ജിങ് കേരളയെ തുടര്‍ന്ന് നടത്തിയ പദ്ധതി പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങി. ക്ഷേമപെന്‍ഷനടക്കം പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കേണ്ട കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചത് മിച്ചം.

സംഗമത്തെതുടര്‍ന്ന് വിവിധ വകുപ്പിലായി 177 പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചെന്നാണ് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും അവകാശപ്പെട്ടത്. വ്യവസായവകുപ്പിന്റെ കീഴില്‍ 19 പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 12,000 കോടി രൂപയുടെ നിക്ഷേപം വരുന്നുവെന്ന് പറഞ്ഞ ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറിയുടെ വികസനമായിരുന്നു ഒരു പ്രഖ്യാപനം. 2013 ജനുവരിയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയതല്ലാതെ വലിയ പുരോഗതിയൊന്നുമില്ല. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കൊട്ടിഘോഷിച്ച സീ പ്ലെയിന്‍ പദ്ധതിയും സീ പ്ലെയിന്‍ കമ്പനിയും ഉദ്ഘാടനം നടത്തി സര്‍ക്കാര്‍ വലിയ മാധ്യമശ്രദ്ധ നേടി. അവശേഷിച്ചത് വിവാദം മാത്രം. പെട്രോ കെമിക്കല്‍ സംയുക്തസംരംഭം, പെട്രോ കെമിക്കല്‍ പാര്‍ക്ക് തുടങ്ങിയവയും പ്രഖ്യാപനത്തിലുണ്ട്. സ്ഥലമെടുപ്പ് നടപടി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വാദം. ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സ്, ഓട്ടോമോട്ടീവ് ടെക്നോളജിയില്‍ വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങിയവയും പദ്ധതികളുടെ ഭാഗമായി. ഡിഎം ഹെല്‍ത്ത് കെയറിന്റെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി പദ്ധതിയായിരുന്നു മറ്റൊന്ന്. ഈ ബിസിനസ് ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ച പദ്ധതിയും സംഗമത്തിന്റെ ഭാഗമാക്കി. തിരുവനന്തപുരത്ത് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ഭാഗമായി ബയോടെക് ഇന്‍ക്യുബേറ്ററായിരുന്നു മറ്റൊന്ന്. ഭക്ഷ്യസംസ്കരണം, ബയോ ഉപകരണങ്ങളടെ നിര്‍മാണം, ടൂറിസം ടൗണ്‍ഷിപ്പുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, തിരുവനന്തപുരത്ത് കിഡ്സ് ലാബ്, കോട്ടയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സ്, തിരുവനന്തപുരത്ത് റിസര്‍ച്ച് പാര്‍ക്ക്, ഹെര്‍ബല്‍ മെഡിസിനല്‍ കിറ്റുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികളുടെ പേരുകേട്ട് കേരളം തരിച്ചിരുന്നു. ഈ പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതിയെന്തെന്ന് സര്‍ക്കാരിനും തിട്ടമില്ല.

24 കോടിയില്‍പ്പരം രൂപയാണ് സംഗമത്തിന് ചെലവിട്ടത്. 2003ല്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുകോടിയിലേറെ രൂപ ധൂര്‍ത്തടിച്ച് നടത്തിയ ജിമ്മിനുശേഷം 11,000 കോടി രൂപയുടെ 96 പദ്ധതി പ്രഖ്യാപിച്ചു. 339 കോടി അടങ്കല്‍ വരുന്ന 19 പദ്ധതി നടപ്പായെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കൊച്ചി റിഫൈനറിയുടെ വികസനത്തിന് അന്നും 2600 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ 1850 കോടി മുതല്‍മുടക്കില്‍ കൊല്ലത്ത് മിനറല്‍ പ്രോസസിങ് യൂണിറ്റും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് കൊച്ചിയില്‍ ടെക്നോളജി പാര്‍ക്കും സ്ഥാപിക്കും എന്നൊക്കെയായിരുന്നു അവകാശവാദം. വീരവാദമല്ലാതെ മറ്റൊന്നും പിന്നീടുണ്ടായില്ല.

deshabhimani

Friday, March 15, 2013

എമര്‍ജിങ് കേരള: ഒറ്റ പദ്ധതിപോലും നടപ്പായെന്ന് പറയാനാകാതെ മന്ത്രി

എമര്‍ജിങ് കേരളയ്ക്ക് ശേഷം സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷം വമ്പിച്ച മുന്നേറ്റം കൈവരിച്ചുവെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. എന്നാല്‍, എമര്‍ജിങ് കേരളയ്ക്ക് ശേഷം കഴിഞ്ഞ ആറ് മാസത്തിനിടയില്‍, എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ഒരു പദ്ധതിയുടെ പേരുപോലും പറയാന്‍ മന്ത്രിക്കായില്ല. എത്ര കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞുവെന്ന ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല.

എമര്‍ജിങ് കേരളയുടെ ഭാഗമായി വ്യവസായ വകുപ്പിനു കീഴില്‍ എട്ട് പദ്ധതികളെക്കുറിച്ചു മാത്രമാണ് മന്ത്രിക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍, ഇതിലൊന്നുപോലും പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല. 6,000 കോടി രൂപയുടെ പെട്രോ കെമിക്കല്‍ പദ്ധതിയാണ് പ്രധാനമായും മന്ത്രി പറഞ്ഞത്. എന്നാല്‍, ഈ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചതല്ലാതെ പ്രോജക്ട് റിപ്പോര്‍ട്ട് പോലും ആയില്ല. 100 കോടി രൂപയുടെ പോളി സോബ്യൂട്ടീഷന്‍ പദ്ധതിക്ക് ഭൂമി കണ്ടെത്തിയെന്നത് മാത്രമാണ് മറ്റൊരു "നേട്ടം". ടൂറിസം മേഖലയില്‍ ആറ് പദ്ധതിയാണ് അവകാശപ്പെടുന്നതെങ്കിലും അതിലും ഒന്നുപോലും പ്രാഥമിക ഘട്ടം കടന്നിട്ടില്ല. ഐടി മേഖലയില്‍ നേരത്തെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികളല്ലാതെ പുതുതായി ഒന്നും പറയാനില്ല. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും മിണ്ടിയില്ല.

deshabhimani

Monday, March 4, 2013

എമര്‍ജിംഗ് കേരളയ്ക്കും പഴയ ജിമ്മിന്റെ പര്യവസാനം


സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കാനായി വ്യവസായ വകുപ്പ് മുന്‍കൈയെടുത്ത് സംഘടിപ്പിച്ച എമര്‍ജിംഗ് കേരളയ്ക്കും പഴയ ജിമ്മിന്റെ പര്യവസാനം. എമര്‍ജിംഗ് കേരള സംഘടിപ്പിക്കാനായി ചെലവഴിച്ച കോടികള്‍ പാഴ്‌ചെലവായെന്നത് അവസാനഫലം. എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളോട് സഹകരിക്കാന്‍ ഒരു വകുപ്പും തയ്യാറായിട്ടില്ല. ഇക്കാര്യം ചുണ്ടികാട്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇന്‍വെസ്റ്റ്‌മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് മുഖ്യമന്ത്രി അധ്യക്ഷനായ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി. 500 ഓളം പദ്ധതികളാണ് ഇതോടെ അനശ്ചിതത്തിലായത്. സംസ്ഥാനത്തിന്റെ ഭൂമിയും വെള്ളവും ചൂഷണം ചെയ്യുന്നതായിരുന്നു ഇതില്‍ പല പദ്ധതികളും. അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രാധാന്യം നല്‍കി അപകടത്തില്‍ ചാടേണ്ടതില്ലെന്ന നിലപാടിലാണ് മിക്ക മന്ത്രിമാരും.

ആകെ നാല് വകുപ്പുകളിലാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്ക് തുടര്‍ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ കീഴിലുള്ള വ്യവസായ, ഐ ടി വകുപ്പുകള്‍, ലീഗുകാരനായ അബ്ദ്ദുറബ്ബിന്റെ വിദ്യാഭ്യാസ വകുപ്പ്, കോണ്‍ഗ്രസുകാരനായ എ പി അനില്‍കുമാറിന്റെ ടൂറിസം വകുപ്പ് എന്നിവ മാത്രമാണ് എമര്‍ജിംഗ് കേരളയ്ക്ക് തുടര്‍ച്ച നല്‍കുന്നത്. വിവാദങ്ങള്‍ ഏറെയും ഈ വകുപ്പുകളുടെ പദ്ധതികളെ ചൊല്ലിയായിരുന്നുവെന്നത് വേറെ കാര്യം.

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പൊതുമരാമത്ത് വകുപ്പുപോലും എമര്‍ജിംഗ് കേരളയുമായി സഹകരിക്കുന്നില്ല. സ്വന്തമായ മറ്റ് പദ്ധതികളുമായി മുന്നോട്ടുപോകാനാണ് പൊതുമരാമത്ത് വകുപ്പിന് താത്പര്യം. സ്ഥലം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്ക് തുടര്‍ച്ച നല്‍കാതിരിക്കാന്‍ കാരണമായി പൊതുമരാമത്ത് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യം, ഊര്‍ജം, തുറമുഖം, കൃഷി എന്നീ വകുപ്പുകളും പദ്ധതികളോട് താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയില്‍ വ്യവസായ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടുകയും തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമര്‍ജിംഗ് കേരളയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ വകുപ്പുകള്‍ക്കും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ നിര്‍ദ്ദേശത്തിനും കാര്യമായ പരിഗണന നല്‍കാന്‍ ആരും തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയിലായ സമയത്ത് തിടുക്കപ്പെട്ട് നീങ്ങിയാല്‍ അതിന്റെ മറവില്‍ നാളെ നടന്നേക്കാവുന്ന അഴിമതിക്ക് തങ്ങള്‍ സമാധാനം പറയേണ്ടിവരുമെന്ന ഭയമാണ് പല മന്ത്രിമാരും മുഖ്യമന്ത്രിയോട് പ്രകടിപ്പിച്ചത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ കണക്കുകള്‍ പ്രകാരം ഊര്‍ജ വകുപ്പാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നില്‍. സംസ്ഥാനത്ത് ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി നിരവധി കമ്പനികള്‍ മുന്നോട്ടുവന്നിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സോളാര്‍ പദ്ധതികള്‍ക്കും കാര്യമായ മുന്നേറ്റമില്ല. പദ്ധതികളുമായി മുന്നോട്ടുപോകുന്നു എന്ന് ഊര്‍ജ വകുപ്പ് ആവകാശപ്പെടുന്നതല്ലാതെ ഇതുസംബന്ധിച്ച യാതൊരു വിവരവും സമിതിക്ക് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൃഷിവകുപ്പാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉദാസീനത കാണിക്കുന്ന രണ്ടാമത്തെ വകുപ്പ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് നിരവധി സംരംഭകര്‍ എമര്‍ജിംഗ് കേരളയിലെത്തിയില്ലെങ്കിലും കൃഷിവകുപ്പ് അനുകൂലമായി പ്രതികരിച്ചില്ല. കോക്കനട്ട് ബയോ പാര്‍ക്കിന് സ്ഥലം വിട്ടുനല്‍കണമെന്ന വ്യവസായ വകുപ്പിന്റെ സുപ്രധാന ആവശ്യം കാര്‍ഷിക സര്‍വകലാശാല തള്ളുകയും ചെയ്തു.

നൂതന ചികില്‍സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ പദ്ധതി നിര്‍ദേശമാണ് ആരോഗ്യ വകുപ്പിന് എമര്‍ജിംഗ് കേരളയില്‍ ലഭിച്ചത്. എന്നാല്‍ ഒരു പദ്ധതിക്ക് പോലും അനുകൂലമായ നിലപാട് വകുപ്പില്‍ നിന്നും ഉണ്ടായില്ല. തുറമുഖ വകുപ്പാണ് വിമര്‍ശനമേറ്റു വാങ്ങുന്ന മറ്റൊരു വകുപ്പ്. ചെറുകിട തുറമുഖങ്ങള്‍ക്കായും, തുറമുഖ വികസനത്തിനുമായും പത്തോളം പദ്ധതി നിര്‍ദേശങ്ങള്‍ ലഭിച്ചെങ്കിലും വകുപ്പിന്റെ ഭാഗത്തുനിന്നും തുടര്‍ നടപടികളുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

janayugom

Tuesday, December 18, 2012

എമര്‍ജിംഗ് കേരളയില്‍ വ്യവസായം ആരംഭിക്കാന്‍ ധാരണയായത് ഒരു കമ്പനിയുമായി മാത്രം


കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച എമര്‍ജിംഗ് കേരളയില്‍ കേരളത്തില്‍ വ്യവസായം ആരംഭിക്കാന്‍ ധാരണയായത് ഒരു കമ്പനിയുമായി മാത്രം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി പി സി എല്ലുമാത്രമേ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുള്ളൂ. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് ആരംഭിക്കുന്നതിനുള്ളതാണിതെന്ന് നിയമസഭയില്‍ വി ശശിയുടെ ചോദ്യത്തിന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

കൊച്ചിയില്‍ നടന്ന എമര്‍ജിംഗ് കേരളയില്‍ 4,162 പ്രതിനിധികളാണ് പങ്കെടുത്തത്. എമര്‍ജിംഗ് കേരളയിലൂടെ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് യു എസ് എ, യു കെ, യു എ ഇ, ആസ്ട്രലിയ, ബഹറിന്‍, കാനഡ, ചൈന, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, കുവൈറ്റ്, മലേഷ്യ, നെതര്‍ലാന്‍ഡ്, ഖത്തര്‍, സൗദി അറേബ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ വിദേശ സംരംഭകരടക്കം നിരവധി പേര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവര്‍ സര്‍പ്പിച്ച പദ്ധതികള്‍ വിശദ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിനെ കുറിച്ചുളള വിശദാംശങ്ങള്‍ പഠിപ്പിച്ചതിനു ശേഷം സ്വീകാര്യമായ പദ്ധതികള്‍ തെരഞ്ഞെടുക്കും. അതിനുശേഷം മാത്രമേ നിക്ഷേപത്തെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.

janayugom 181212

Wednesday, October 3, 2012

കൊറിയന്‍ കമ്പനി കോടികള്‍ കൊള്ളയടിക്കും


സംസ്ഥാനത്ത് 330 മെഗാവാട്ടിന്റെ സൗരോര്‍ജപദ്ധതി സ്ഥാപിക്കാന്‍ ദക്ഷിണകൊറിയന്‍ കമ്പനിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി. കോടികള്‍ കൊള്ളയടിക്കാന്‍ കൊറിയന്‍ കമ്പനിക്ക് ഇത് അവസരമൊരുക്കും. കൊറിയന്‍ കമ്പനിയായ ഹാന്‍ജോങ് എനര്‍ജി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് യൂണിറ്റിന് 3.35 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, കേന്ദ്ര റഗുലേറ്ററി കമീഷന്റെ നിബന്ധനയനുസരിച്ച്, ഈ സൗരോര്‍ജ വൈദ്യുതി വാങ്ങുമ്പോള്‍ യൂണിറ്റിന് 15.75 രൂപ കേരളം മുടക്കേണ്ടിവരും. ഇതു മറച്ചുവച്ചാണ് ധാരണാപത്രം ഒപ്പിടാനുള്ള തിരക്കിട്ട നീക്കം.

കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷന്‍ സൗരോര്‍ജ വൈദ്യുതിക്ക് നിശ്ചയിച്ചിരുന്ന വില 9.35 രൂപയാണ്. ഇതിന്റെ പകുതിയില്‍ താഴെ നിരക്കില്‍ കേരളവുമായി കമ്പനി ധാരണപത്രമുണ്ടാക്കിയതാണ് പദ്ധതിയുടെ സുതാര്യതയില്‍ സംശയമുണര്‍ത്തിയത്. റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ്(ആര്‍ഇസി) കച്ചവടംമാത്രം ലക്ഷ്യമിട്ടാണ് കേരളവുമായി കമ്പനിയുണ്ടാക്കുന്ന കരാറെന്ന് അറിയുന്നു. സംസ്ഥാനങ്ങള്‍ പാരമ്പര്യ ഊര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ്. നടപ്പു സാമ്പത്തികവര്‍ഷംമുതല്‍ എല്ലാ സംസ്ഥാനവും നിശ്ചിത അളവ് സൗരോര്‍ജം ഉപയോഗിക്കണമെന്ന് കേന്ദ്ര റഗുലേറ്ററി കമീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനു കഴിയാത്ത സംസ്ഥാനങ്ങള്‍ പിഴയായി ആര്‍ഇസി ഹാജരാക്കണം. ആര്‍ഇസി നല്‍കാനുള്ള അവകാശം നേടിയെടുക്കാന്‍ ശ്രമിക്കുന്ന കമ്പനിയാണ് ഹാന്‍ജോങ്. സൗരോര്‍ജ ആര്‍ഇസി വാങ്ങുന്നവര്‍ യൂണിറ്റിന് 12.50 രൂപ എന്ന കണക്കില്‍ കമ്പനിക്ക് നല്‍കണം. കേന്ദ്ര റഗുലേറ്ററി കമീഷന്‍ നിശ്ചയിച്ച വിലയ്ക്കല്ല ഹാന്‍ജോങ്ങുമായി കേരളം കരാറുണ്ടാക്കിയത്. അതിനാല്‍ കമീഷന്‍ ഇത് അംഗീകരിക്കില്ല. ഈ സാഹചര്യത്തില്‍, കേരളവും ആര്‍ഇസി വാങ്ങേണ്ടിവരും. അപ്പോള്‍, കേരളവുമായി നിശ്ചയിച്ചിട്ടുള്ള നിരക്കടക്കം യൂണിറ്റിന് 15.75 രൂപ കമ്പനിക്ക് ലഭിക്കും.

ജൂലൈ 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഹാന്‍ജോങ്ങുമായി ധാരണപത്രം ഒപ്പിടാന്‍ തീരുമാനിച്ചത്. ആറു മാസത്തിനകം 30 മെഗാവാട്ട് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, പദ്ധതി എവിടെ സ്ഥാപിക്കുമെന്നതുപോലും അജ്ഞാതം. കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങേണ്ട കെഎസ്ഇബിയുമായി ചര്‍ച്ചപോലുമില്ലാതെയാണ് ധാരണാപത്രം ഒപ്പിടുന്നത്. 3500 കോടി രൂപയുടെ നിക്ഷേപം ആവശ്യമായ പദ്ധതിക്ക് 2000 ഏക്കര്‍ ഭൂമിയെങ്കിലും വേണമെന്നും കണക്കാക്കുന്നു. എന്നിട്ടും ധനവകുപ്പിന്റെ അനുമതി തേടിയില്ല. ഊര്‍ജവകുപ്പിനുപോലും പദ്ധതിയെക്കുറിച്ച് അറിവില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
(ആര്‍ സാംബന്‍)

deshabhimani 041012

Sunday, September 30, 2012

സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ നീക്കം


എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായി പൊതുമേഖലാ വ്യവസായശാലകളുടെ ഭൂമിയില്‍ കയ്യേറ്റം നടത്താനുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കുന്നു. ഇപ്പോള്‍ തന്നെ പ്രതിസന്ധികളെ നേരിടുന്ന പൊതുമേഖലയെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് തള്ളിവിടാന്‍ ഈ നീക്കം വഴിയൊരുക്കും.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുമെന്ന ഉമ്മാക്കിയുടെ മറപിടിച്ചാണ് സര്‍ക്കാര്‍ പൊതുമേഖലയെ ഉന്നമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് സര്‍ക്കാരിന് ഉത്തമ ബോദ്ധ്യമുണ്ട്. ഭരണമുന്നണിയിലെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ തന്നെ ഇതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ വിനിയോഗിക്കാതെ തരിശിട്ടിരിക്കുന്ന പാട്ടഭൂമിയും പൊതുമേഖല വ്യവസായസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയും ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കും എന്ന് ഒരുമിച്ചൊരു പ്രഖ്യാപനം നടത്തിയാല്‍ ആദ്യത്തേത് നടന്നില്ലെങ്കിലും ആ പേരില്‍ പൊതുമേഖലയെ പിഴിയാനാവും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
സ്വകാര്യ കുത്തക കമ്പനികളുമായുണ്ടാക്കിയ ധാരണപ്രകാരം എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭൂമി കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഇത്രയധികം ഭുമി എവിടെനിന്ന് എന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്.

റവന്യു പുറമ്പോക്കുകള്‍, പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഭൂമി, ഗവ. ആശുപത്രികളോട് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ഇവയുടെയൊക്കെ കണക്കെടുത്താലും പ്രശ്‌നത്തിന് പരിഹാരമാവില്ല. ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി നിക്ഷേപ സംരംഭകര്‍ക്ക് കൈമാറണമെങ്കില്‍ പണത്തിനായി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുകയേ നിര്‍വ്വാഹമുള്ളു. ആ ഇനത്തില്‍ പലിശതന്നെ ഭീമമായ തുകവരും. ആ നിലയ്ക്ക് കൈ നനയാതെ മീന്‍പിടിക്കാനുള്ള എളുപ്പവഴി പൊതുമേഖലയില്‍ കടന്നുകയറ്റം നടത്തുകതന്നെയാണ്. ഇതിനായി ആദ്യമേതന്നെ ഉദ്യോഗമണ്ഡലിലെ എഫ്എസിടിയുടെയും കളമശ്ശേരിയിലെ എച്ച് എം ടിയുടെയും ഭൂമികള്‍ ലിസ്റ്റില്‍പ്പെടുത്തിക്കഴിഞ്ഞു.

ആലുവയിലെ എഫ്‌ഐടിയുടെ ഒമ്പതര ഏക്കറില്‍ നേരത്തെതന്നെ നോട്ടമുണ്ട്. എഫ്‌ഐടിയുടെ സ്ഥലത്ത് ആരുടെയും കടന്നുകയറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ ഫാക്ടറിയിലെ യൂണിയന്‍ നേതാവായ കെ പി സി സി അംഗത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് സ്ഥാപനം ഭൂമി പാഴാക്കി കളയുന്നു എന്ന അര്‍ത്ഥത്തിലാണ്. ഫാക്ടറിയുടെ വികസനത്തിനായി പദ്ധതികളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി.

പൊതുമേഖലയെ ബാധിക്കുന്ന, പരിഹാരം കാണാത്ത പലപ്രശ്‌നങ്ങളുണ്ട്. ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിനെ (ടിസിസി) ഉദാഹരണമായെടുക്കാം. റിലയന്‍സ് ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന ടിസിസിയുടെ 20 ഏക്കര്‍ ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. ഈ നിലപാടിനെതിരെ അവിടെ തൊഴിലാളികള്‍ സമരരംഗത്താണ്. സംസ്ഥാന സര്‍ക്കാരിന്റേത് അല്ലെങ്കിലും എഫ് എ സി ടിയും എച്ച് എം ടിയിലും പ്രശ്‌നങ്ങളുണ്ട്.

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ബോദ്ധ്യമുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസ്ഥാനത്തിന്റെ കണ്ണായതെല്ലാം വിദേശകുത്തകകള്‍ക്ക് തീറെഴുതാന്‍ നടത്തുന്ന കുതന്ത്രങ്ങളുടെ ഭാഗമായിത്തന്നെയാണ്, പൊതുമേഖലയ്‌ക്കെതിരായ നീക്കത്തെയും തൊഴിലാളികളും നാട്ടുകാരും കാണുന്നത്.
(ബേബി ആലുവ)

janayugom 300912

Saturday, September 29, 2012

കിറ്റെക്സ്: വ്യവസായികളെ കെട്ടിയിടാനാകില്ല: കുഞ്ഞാലിക്കുട്ടി


കേരളത്തിനു പുറത്ത് പോകുന്ന വ്യവസായികളെ ഇവിടെ കെട്ടിയിടാനാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലയാളികള്‍ക്ക് കേരളത്തിനുപുറത്തും വ്യവസായം നടത്താം. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപത്തിന് ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലം കിറ്റെക്സ് ഗ്രൂപ്പ് എറണാകുളത്തുനിന്ന് ശ്രീലങ്കയിലേക്ക് വ്യവസായ സംരംഭം മാറ്റുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം സംസ്ഥാനത്തിനകത്തേയ്ക്ക് വരിക മാത്രമല്ല, പുറത്തേയ്ക്ക് പോകുകയുംചെയ്യും. പുറത്താണ് സാധ്യതയെങ്കില്‍ ആരെയും തടയേണ്ടതില്ല. കിറ്റെക്സ് മാനേജ്മെന്റ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തനിക്ക് അറിയില്ല. പ്രശ്നം പ്രാദേശികമാണ്. ഗ്രാമ പഞ്ചായത്തുമായാണ് തര്‍ക്കം. മലിനീകരണ വിഷയവുമുണ്ട്. പ്രശ്നം സര്‍ക്കാരിനുമുന്നില്‍ വന്നാല്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്സ് കേരളം വിടുന്നത് നിക്ഷേപാന്തരീക്ഷം മോശമായതിനാല്‍: ഐസക്

കണ്ണൂര്‍: പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് കേരളം വിടുന്നത് നിക്ഷേപാന്തരീക്ഷത്തിന്റെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വന്‍കിട വ്യവസായങ്ങള്‍ തുടങ്ങാന്‍ കാണിക്കുന്ന താല്‍പര്യം നിലവിലുള്ളവ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനില്ല. വന്‍കിട ഭൂമി ഇടപാടുകള്‍ക്കുള്ള താല്‍പര്യമാണ് ഇതിനുപിന്നിലെന്ന് സംശയിക്കണം. പുതിയ വ്യവസായം ആരംഭിക്കുന്നതിനേക്കാള്‍ എളുപ്പമാണ് നിലവിലുള്ളവ സംരക്ഷിക്കാനെന്നും ഐസക് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജിങ് കേരള പോലുള്ള കൊട്ടിഘോഷിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനിടെയാണ് കിറ്റെക്സിന്റെ പിന്മാറ്റം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പത്ത് പൊതുമേഖലാ വ്യവസായങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടി. സംസ്ഥാനത്തെ വ്യവസായങ്ങളുടെ അവസ്ഥയെക്കുറിച്ച് സംരംഭകരുമായി പ്രതിപക്ഷം കൂടിയാലോചന നടത്തും. ബഹുജനങ്ങളുമായും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തും. ജനശ്രീക്ക് സര്‍ക്കാര്‍ സഹായം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹസന്റെ ഓഹരി സംബന്ധിച്ചു വിശദീകരിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്- ഐസക് പറഞ്ഞു.

"മറ്റുള്ളവരും കിറ്റെക്സിന്റെ വഴി തേടും"

കൊച്ചി: സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പീഡനം സഹിക്കാനാകാതെ പ്രമുഖ വ്യവസായസ്ഥാപനമായ കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടുന്നെന്ന വാര്‍ത്ത വ്യവസായമേഖലയിലെങ്ങും ഞെട്ടലുളവാക്കി. വ്യവസായമേഖലയ്ക്കാകെ ദോഷകരമാകുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്സ് മേധാവികളെയും ഇവര്‍ സമീപിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്ന് വ്യവസായസംരംഭകരുടെ ആഗോള സംഘടനയായ "ടൈ"യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് കിറ്റെക്സ്. ഇവരുന്നയിച്ച വിഷയം നിസ്സാരമായി കാണാനാവില്ല. ഇത് ടൈ ഏറ്റെടുക്കും. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായസ്ഥാപനം പൂട്ടിപ്പോകേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപകസൗഹാര്‍ദമാണെന്ന് സര്‍ക്കാരും വാണിജ്യ-വ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്സിനുണ്ടായ അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റ് ഇ എസ് ജോസ് പറഞ്ഞു. പീഡനം ഏറിയാല്‍ സംരംഭകര്‍ സ്വസ്ഥതയുള്ള സ്ഥലത്തേക്ക് പോകും. ഇത്തരം നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കിറ്റെക്സ് ഇപ്പോള്‍ ചിന്തിച്ചതുപോലെ ഇതര സ്ഥാപനങ്ങളും ചിന്തിക്കും. പ്രശ്നപരിഹാരത്തിന് ചേംബര്‍ അടിയന്തര ശ്രദ്ധ ചെലുത്തുമെന്നും ജോസ് വ്യക്തമാക്കി. കിറ്റെക്സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജ് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ ഇവിടെനിന്നുള്ള സ്ഥാപനം വിദേശത്തേക്ക് പറിച്ചുനടപ്പെടുന്നത് നിക്ഷേപകരുടെ മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വ്യവസായമേഖല പൊതുവേ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കിറ്റെക്സ് അധികൃതരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഓള്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വികെസി ഗ്രൂപ്പ് ഉടമയുമായ വി കെ സി മമ്മദ്കോയ പറഞ്ഞു. പഞ്ചായത്ത്അംഗം വിചാരിച്ചാല്‍പ്പോലും വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍നിന്നുള്ള ഒരു വ്യവസായസ്ഥാപനം ഇവിടെ നിലനില്‍ക്കാനാവാതെ വിദേശത്തേക്ക് കൂടുമാറ്റുന്നത് ഖേദകരമാണെന്ന് സിഐഐ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക് പറഞ്ഞു.


കേരളം വിടാനുള്ള കിറ്റക്സ് തീരുമാനം തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു

കോലഞ്ചേരി: സര്‍ക്കാര്‍പീഡനത്തെ തുടര്‍ന്ന് കേരളംവിടാനുള്ള കിറ്റക്സ് കമ്പനി മാനേജ്മെന്റ് തീരുമാനം തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. കമ്പനിയുടെ വിവിധ യൂണിറ്റുകളിലായി എണ്ണായിരത്തോളം ജീവനക്കാരാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും യുഡിഎഫ് ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെയും നിരന്തര പീഡനങ്ങളില്‍ മനംനൊന്ത് വ്യവസായം ശ്രീലങ്കയിലേക്ക് പറിച്ചുനടാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

1995ല്‍ ആരംഭിച്ച കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ എട്ടാംക്ലാസ്മുതല്‍ ഡിഗ്രിവരെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് ജോലിചെയ്യുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഏറിയപങ്കും. തീര്‍ത്തും ദരിദ്രമായ ജീവിത പശ്ചാത്തലത്തില്‍നിന്ന് എത്തുന്നവരാണ് ഇവിടത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും. എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി തൊഴിലെടുക്കുന്ന ഇവരെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ തീരുമാനം തിരിച്ചടിയായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം കടക്കെണിയിലായ കുടുംബങ്ങളില്‍നിന്നുള്ളവരും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങളില്‍നിന്നുള്ളവരും ഇവിടെ ഉപജീവനം തേടുന്നു. സര്‍ക്കാര്‍നിലപാടിനെ തുടര്‍ന്നുള്ള കമ്പനിയുടെ കേരളത്തില്‍നിന്നുള്ള പിന്മാറ്റം ജീവനക്കാരുടെ പ്രതീക്ഷകളെയാണ് തകിടം മറിക്കുന്നത്. ഗൃഹനിര്‍മാണത്തിന് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്ക് വായ്പയെടുത്ത് ബാധ്യതകളുള്ളവരാണ് ജീവനക്കാരില്‍ ഏറെയും. ഇവരുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം.

അതേസമയം മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി കത്ത് സമര്‍പ്പിക്കുന്നതുപ്രകാരം പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി പറഞ്ഞു.



deshabhimani 290912

Sunday, September 23, 2012

വാഗമണ്ണിലെ നൂറിലധികം ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഭൂമാഫിയകളിലേക്ക്


 ഭരണത്തിന്റെ മറവില്‍ വാഗമണ്ണിലെ നൂറിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഭൂമാഫിയയുടെ കൈകളിലേക്ക്. റവന്യൂവകുപ്പിന്റെ ഒത്താശയോടെ വമ്പിച്ച കൈയേറ്റത്തിനൊപ്പം എമര്‍ജിങ് കേരള പദ്ധതിയില്‍പ്പെടുത്തി കണ്ണായ ഭൂമി നല്‍കുകയാണ് ലക്ഷ്യം. ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുമതിയില്ലാത്ത വ്യാജ പട്ടയങ്ങള്‍ വഴിയാണ് വാഗമണ്ണിലും കോട്ടയം ജില്ലയോട് ചേര്‍ന്ന പ്രദേശങ്ങളിലും ഭൂമാഫിയയ്ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയത്.

യുഡിഎഫ് ഭരിച്ച 2001-2002ല്‍ പീരുമേട് തഹസില്‍ദാരായിരുന്ന ശ്രീധരന്‍ വാഗമണ്‍ വില്ലേജിലെ ഓഫീസറുടെയും ചില ജീവനക്കാരുടെയും സഹായത്തോടെ കോലാഹലമേട് ഭാഗത്തെ സര്‍ക്കാര്‍ തരിശുഭൂമി അനധികൃത കൈയേറ്റ ലോബികള്‍ക്ക് നിയമലംഘനത്തിലൂടെ പതിച്ചു നല്‍കുകയായിരുന്നു. ഇടുക്കിക്ക് പുറത്തുള്ള വന്‍കിടക്കാര്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയാണ് ഭൂരേഖകളും വ്യാജപട്ടയവും നേടിയത്. ഇങ്ങനെ ഭൂമി ലഭിച്ചിട്ടുള്ള പലരും ഈ മേഖലയിലെ സ്ഥിരതാമസക്കാരല്ല. ഇവരുടെ ഭൂരേഖകള്‍ സംബന്ധിച്ച് അവ്യക്തതയാണുള്ളത്. ഭൂമി കൈയേറ്റക്കാരുടെ പക്കല്‍ നിന്നും വിവിധ ഘട്ടങ്ങളില്‍ ദൗത്യസംഘം പിടിച്ചെടുത്ത 740 ഏക്കര്‍ ഭൂമി അളന്ന് തിരിച്ച് സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച് സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്താനായിരുന്നു ലക്ഷ്യം. അതിനു മുമ്പെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ സമഗ്ര സര്‍വേയ്ക്ക് നടപടി സ്വീകരിച്ചിരുന്നു. കോട്ടയം-ഇടുക്കി ജില്ലകളിലായി സ്വകാര്യവ്യക്തികള്‍ കൈയേറി വ്യാജരേഖയുണ്ടാക്കിയ നൂറുകണക്കിന് ഏക്കര്‍ഭൂമിയാണ് ഇക്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്. പുതുതായി ലാന്‍ഡ്ബാങ്കില്‍ നിക്ഷേപിച്ച ശ്രീധരന്‍ പട്ടയം ഉള്‍പ്പെടെയുള്ള 740 ഏക്കറില്‍ 125 ഏക്കറാണ് ഭൂമാഫിയ കൈയേറിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകളും അപ്രത്യക്ഷമായി. വര്‍ഷങ്ങളായി നടക്കുന്ന അനധികൃത ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് നിരവധി കേസുകളും എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വാഗമണ്‍ വില്ലേജിലെ ഭൂരേഖകള്‍ മിക്കതും വിജിലന്‍സിന്റെ പക്കലാണ്. കോടതി നടപടികളിലിരിക്കുന്ന കൈയേറ്റ ഭൂമിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വാഗമണ്ണില്‍ ശ്രീധരന്‍പട്ടയം നൂറില്‍പ്പരം കൈയേറ്റക്കാരുടെ കൈകളിലുണ്ട്. മന്ത്രി ബന്ധുക്കളും അടുപ്പക്കാരുമായ അമേരിക്കന്‍ മലയാളികളാണ് സര്‍വേനമ്പര്‍ 185/1 ല്‍പ്പെട്ടതും കോലഹലമേട് എല്ല് ഫാക്ടറിക്ക് സമീപമുള്ളതുമായ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലമാണ് അളന്നുതിരിച്ച് സര്‍വെക്കല്ലിട്ട് നല്‍കിയിരിക്കുന്നത്. മാത്യു ടി ചാക്കോ കിഴക്കേക്കൂറ്റ്, വെട്ടിക്കുഴി പുതുവല്‍, കോലഹലമേട് എന്ന പേരില്‍ 1.18 ഹെക്ടര്‍ സ്ഥലമാണ് പട്ടയം നല്‍കിയിരിക്കുന്നത്. ഷൈബു മാത്യു കിഴക്കേക്കൂറ്റിന്റെ പേരില്‍ 2.85 ഏക്കര്‍ ഭൂമിയും മോളി ജോസഫ് കൈതക്കതൊട്ടിയില്‍ എന്ന പേരില്‍ 1.15ഹെക്ടര്‍ സ്ഥലവും മേരി ഫിലിപ്പ് കടുക്കാച്ചിയില്‍ എന്ന പേരില്‍ 2.79 ഏക്കര്‍ സ്ഥലം പതിച്ച് നല്‍കിയിരിക്കുന്നു. ഇതില്‍ ഷൈബി മാത്യു 40വര്‍ഷമായി അമേരിക്കയില്‍ വ്യവസായം നടത്തുന്നയാളാണ്. മോളിയും അമേരിക്കയിലാണ്. എന്നാല്‍ വാഗമണ്‍ കോലഹലമേട്ടില്‍ സ്ഥിരതാമസക്കാരെന്ന് കാട്ടിയാണ് പട്ടയം നല്‍കിയിട്ടുള്ളത്. പട്ടയം ലഭിച്ചിട്ടുള്ള മറ്റുള്ളവരും വാഗമണ്‍ പ്രദേശവുമായി ബന്ധമില്ലാത്ത പാലാ, രാമപുരം സ്വദേശികളാണ്.

കൃഷിയാവശ്യത്തിന് പട്ടയം പതിച്ച് നല്‍കിയിട്ടുള്ളതെങ്കിലും ഇവിടെ 12 ഏക്കറോളം മൊട്ടക്കുന്നുകളാണ്്്. ഇതിനഭിമുഖമായി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ വന്നുപോകുന്ന വാഗമണ്‍ പൈന്‍കാട് സ്ഥിതിചെയ്യുന്നു. 1983 ല്‍ കെഎല്‍ഡി ബോര്‍ഡ് വനം വകുപ്പിന് കൈമാറുകയും വനം വകുപ്പ് ഇവിടെ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൈയേറിയ ഭൂമിയിലെ മരങ്ങളെല്ലാം നശിപ്പിച്ചിരിക്കുകയാണ്. സമീപ മേഖലയിലാണ് എമര്‍ജിങ് കേരളയിലെ വിവിധ പദ്ധതികള്‍ വരുന്നത്. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര് പങ്കിടുന്ന ഏറെ ജൈവ വൈവിധ്യ പ്രാധാന്യമുള്ള വാഗമണ്‍ മൊട്ടക്കുന്ന്, ചോലവനം, ആത്മഹത്യാമുനമ്പ്, പൈന്‍കാട്, ഉളുപ്പൂണി എന്നിവിടങ്ങളിലെ കണ്ണായ ഭൂമിയെ ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യമനുസരിച്ച് എമര്‍ജിങ് കേരളയില്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
(കെ ടി രാജീവ്)

deshabhimani 230912

Friday, September 21, 2012

വയനാട് പാക്കേജ് കടലാസിലൊതുങ്ങി


കല്‍പ്പറ്റ: വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യയും രൂക്ഷമായ വയനാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വെളിച്ചം കണ്ടില്ല. കുട്ടനാട് പാക്കേജിന്റെ മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ധനസഹായം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. സെപ്തംബര്‍ ആദ്യവാരം കേന്ദ്രമന്ത്രി ശരദ്പവാറും സംഘവും ജില്ലയിലെത്തി സ്ഥിതിഗതികള്‍ പഠിച്ച ശേഷം വയനാട് പാക്കേജ് നടപ്പാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, ഇതുവരെ പദ്ധതിക്ക് അന്തിമ രൂപമായില്ല. കേന്ദ്രഭരണം പ്രതിസന്ധിയിലായതോടെ പവാറിന്റ സന്ദര്‍ശനവും അനിശ്ചിതത്വത്തിലായി.

വയനാട് പാക്കേജിന്റെ ഭാഗമായി ജില്ലാ പ്ലാനിങ് ഓഫീസ് വിവിധ വകുപ്പുകളുമായി ആലോചിച്ച് 2154.49 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ഇത് മുഖ്യമന്ത്രി കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രസംഘം വയനാട് സന്ദര്‍ശിച്ച് സംസ്ഥാനം സമര്‍പ്പിച്ച പദ്ധതിക്ക് പണം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, എമര്‍ജിങ് കേരളയുടെ തിരക്കില്‍ വയനാട് പാക്കേജ് സര്‍ക്കാര്‍ വിസ്മരിച്ചു. പദ്ധതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ വകുപ്പ് തലവന്മാരും കൈമലര്‍ത്തുകയാണ്. പദ്ധതി സംബന്ധിച്ച് വകുപ്പുകള്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 25 കോടി രൂപ വയനാട് പാക്കേജിന് നീക്കിവച്ചിരുന്നു. കൃഷി, മൃഗസംരക്ഷണ, ക്ഷീരവകുപ്പുകള്‍ മുഖേന പദ്ധതി നടപ്പാക്കുന്നതായി അധികൃതര്‍ പറയുമ്പോഴും കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നിര്‍ദേശങ്ങളൊന്നും പദ്ധതിയിലില്ല. ഏതാനും കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ നേട്ടത്തിനുതകുന്ന പച്ചക്കറിക്കൃഷി, വന്‍കിടക്കാര്‍ക്ക് സഹായകരമായ സൂക്ഷ്മ കൃഷി എന്നിവയാണ് പദ്ധതിയിലുള്ളത്.

എമര്‍ജിങ് കേരളയിലും വയനാടിന്റെ കാര്‍ഷിക പ്രതിസന്ധി പരിഹാരിക്കാവുന്ന ഒരു പദ്ധതിയും ഉണ്ടായിരുന്നില്ല. പകരം ഭൂമാഫിയയെ സഹായിക്കാന്‍ കാരാപ്പുഴ പദ്ധതി പ്രദേശത്ത് റിസോര്‍ട്ട് നിര്‍മിക്കാനാണ് നിര്‍ദേശിച്ചത്. ഇഞ്ചി സംസ്കരിക്കാനുള്ള യൂണിറ്റ് ജില്ലയില്‍ തുടങ്ങുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പായില്ല. വയനാട് പാക്കേജിന്റെ പേരില്‍ ചിലര്‍ക്ക് സബ്സിഡി നല്‍കി താല്‍ക്കാലിക നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. യുഡിഎഫ് അധികാരമേറ്റ ശേഷം വയനാട്ടില്‍ മാത്രം 30 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിലക്കയറ്റത്തിലും വരള്‍ച്ചയിലും തകര്‍ച്ചയിലായ വയനാട്ടിലെ സ്ഥിതി സര്‍ക്കാരിന്റെ അനാസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും.
(പി ഒ ഷീജ)

deshabhimani 210912

Thursday, September 20, 2012

എമര്‍ജിങ് പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ കേരളം കൃഷിയില്ലാ നാടാകും


എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ കേരളം നെല്‍കൃഷിയോട് വിടപറയേണ്ടി വരും. ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്താനാണ് സര്‍ക്കാര്‍നീക്കം. ഇതിനായി നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ഭേദഗതിചെയ്യാനുള്ള ഒരുക്കത്തിലുമാണ്. നിലവില്‍ പ്രതിവര്‍ഷം സംസ്ഥാനത്തിനാവശ്യമായ അരി 42 ലക്ഷം ടണ്ണാണ്. ഉല്‍പ്പാദനമാകട്ടെ ആറുലക്ഷം ടണ്ണും. നാലു പതിറ്റാണ്ടുകൊണ്ട് സംസ്ഥാനത്ത് ഇല്ലാതായത് 75 ശതമാനം നെല്‍വയലാണ്. ശേഷിക്കുന്നത് കേവലം 2.4 ലക്ഷം ഹെക്ടറും. ഇതും ഇല്ലാതാക്കുന്ന പദ്ധതികളാണ് സര്‍ക്കാരിന്റേത്. കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ ലക്ഷ്യമിട്ടതുപോലെ കേരളം നെല്‍കൃഷിരഹിത സംസ്ഥാനമാകും.
കെഎസ്ഐഡിസിയുടെയും കിന്‍ഫ്രയുടെയും പദ്ധതികള്‍ക്കായി ഏറ്റെടുക്കേണ്ടിവരുന്നത് 34,000 ഏക്കറിലേറെയാണ്. ഇതില്‍ 40 ശതമാനമെങ്കിലും നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരും. ഇതിനുപുറമെ, ആയിരക്കണക്കിന് ഏക്കര്‍ ആവശ്യമുള്ള അതിവേഗ റെയില്‍പാതയ്ക്കായി പ്രാരംഭ പ്രവര്‍ത്തനവും ആരംഭിച്ചു. ഇതും നെല്‍വയലുകളെ ഇല്ലാതാക്കും. എറണാകുളത്ത് ലക്ഷ്യമിടുന്ന കെമിക്കല്‍ ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി സോണിനായി ഏറ്റെടുക്കേണ്ട 10,000ല്‍ 2000 ഏക്കറും നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൊച്ചി-കോയമ്പത്തൂര് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) പദ്ധതിക്കുവേണ്ട 13,000ല്‍ 4200 ഏക്കറോളം ഇത്തരത്തിലുള്ളതാണ്. വിവിധ സ്ഥലങ്ങളിലായി ആരംഭിക്കുന്ന ചെറുതും വലുതുമായ പല പദ്ധതികളും നെല്‍വയലില്‍ കണ്ണുനട്ടുള്ളതാണ്.

പദ്ധതിപ്രകാരമുള്ള ലക്ഷക്കണക്കിന് ചതുരശ്ര അടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍, കരിങ്കല്ല് തുടങ്ങിയ വിഭവങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നതിലും അധികൃതര്‍ക്ക് വ്യക്തതയില്ല. പുഴയും മലയും അമിതമായി ചൂഷണംചെയ്യുന്ന സാഹചര്യത്തിലേക്കാകും ഇതു നയിക്കുക. പദ്ധതിയുടെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങളും നിറയും. ഇത് കേരളത്തിന്റെ പ്രകൃതിഭംഗി ഇല്ലാതാക്കുകയും പരിസ്ഥിതി ദുരന്തത്തിന് കാരണമാകുകയും ചെയ്യും. സംസ്ഥാനത്തിന്റെ ടൂറിസം ഭാവിയും ഇരുളടയും. എമര്‍ജിങ് കേരളയിലൂടെ സര്‍ക്കാര്‍ അവകാശപ്പെടുന്ന തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ലെന്നും ഉള്ളത് ഇല്ലാതാകുമെന്നും മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. നിക്ഷേപകരെ മാത്രം സഹായിക്കുന്ന പദ്ധതികളെ യോജിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
(ഷഫീഖ് അമരാവതി)

deshabhimani 200912

Wednesday, September 19, 2012

എമര്‍ജിങ് കേരളയുടെ പേരില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു

എമര്‍ജിങ് കേരളയുടെ പേരില്‍ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി നിയമമന്ത്രി കെ എം മാണി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കമ്മിറ്റി ഫോര്‍ പോളിസി ഇനിഷ്യേറ്റീവ് ആന്‍ഡ് ലീഗല്‍ ചെയ്ഞ്ചസ് എന്ന പേരിലാണ് സമിതി. നിയമ-ധന വകുപ്പ് ഉദ്യോഗസ്ഥരെയും പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പു പ്രതിനിധികളെയും കമ്മിറ്റിയിലേക്ക് വിളിക്കും. ഭൂപരിഷ്കരണ നിയമവും തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണനിയമമടക്കം ഭേദഗതിചെയ്യാന്‍ നീക്കം നടക്കുന്നതിന്റെ പിന്നാലെയാണ് സമിതി രൂപീകരണം. കൂടാതെ രണ്ടു സമിതികളെക്കൂടി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായി ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ കൗണ്‍സിലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡും രൂപീകരിക്കും.

അപേക്ഷകള്‍ ലഭിച്ച് മൂന്നു മാസത്തിനകം പദ്ധതിക്ക് ക്ലിയറന്‍സ് കൊടുക്കാനാണ് തീരുമാനമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചു. നിക്ഷേപകരുടെ ആശങ്ക പരിഗണിച്ചാണ് നിയമഭേദഗതി. ഒരോ പദ്ധതിയുടെയും അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനം. എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ കാര്യത്തില്‍ അതത് വകുപ്പുമന്ത്രിമാര്‍ക്കായിരിക്കും ചുമതല. കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ കേരളയ്ക്കും മന്ത്രിസഭ അംഗീകാരംനല്‍കി. വ്യവസായങ്ങള്‍ക്ക് നല്‍കിയവയില്‍ വിനിയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കും. കേന്ദ്രാനുമതി വാങ്ങി അടുത്ത വര്‍ഷം ജനുവരിമുതല്‍ സീ പ്ലെയ്ന്‍ സര്‍വീസ് തുടങ്ങും. ഫാക്ട് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ വെറുതെ കിടക്കുന്ന ഏക്കര്‍ കണക്കിനു ഭൂമി തിരിച്ചെടുക്കും.

deshabhimani 190912

Sunday, September 16, 2012

പദ്ധതികളേറെയും വയല്‍ നികത്താന്‍ ലക്ഷ്യമിട്ട്


എമര്‍ജിങ് കേരളയിലെ പദ്ധതികളുടെ മറവില്‍ കേരളത്തിലെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയലുകള്‍ അപ്രത്യക്ഷമാകും. പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതാണ്. വയലുകളെ വര്‍ഷങ്ങളായി ചതുപ്പിട്ട ഭൂമിയെന്ന വിഭാഗത്തില്‍പ്പെടുത്തി നികത്താന്‍ അനുമതി നല്‍കാനാണ് നീക്കം. ഇതിനുമുന്നോടിയായാണ് കേരളത്തിന് നെല്‍ക്കൃഷി ആവശ്യമില്ലെന്ന് കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ എമര്‍ജിങ് കേരള വേദിയില്‍ പ്രസ്താവിച്ചതും. നെല്‍വയല്‍ നികത്തില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും ചതുപ്പിന്റെ കാര്യത്തില്‍ ഈ നിലപാട് കൈക്കൊള്ളാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം റോഡ്, റെയില്‍പ്പാളം എന്നിവയ്ക്കായി നികത്തല്‍ വേണ്ടിവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

എറണാകുളത്ത് ലക്ഷ്യമിടുന്ന കെമിക്കല്‍ ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി സോണിനുവേണ്ടി ഏറ്റെടുക്കേണ്ട 10,000 ഏക്കര്‍ ഭൂമിയില്‍ 2000 ഏക്കര്‍ ഭൂമിയെങ്കിലും നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊച്ചി-കോയമ്പത്തൂര്‍&ാറമവെ; നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ (നിംസ്) എന്ന പദ്ധതിക്ക് വേണ്ടിവരുന്ന 13,000 ഏക്കറില്‍ 4200 ഏക്കറോളം ഭൂമിയുടെ സ്ഥിതിയും ഇതുതന്നെ. കിന്‍ഫ്രയുടെതായി വന്നിട്ടുള്ള അഞ്ചു പദ്ധതികള്‍ ലക്ഷ്യമിടുന്ന ഭൂമിയിലും നെല്‍വയല്‍ നീര്‍ത്തട ഭൂമി ഏറെയാണ്. വിവിധ സ്ഥലങ്ങളിലായി ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ പാര്‍ക്കുകളും ലക്ഷ്യമിടുന്നത് ഇത്തരം ഭൂമിയില്‍തന്നെയാണെന്ന് വ്യവസായവകുപ്പിലെ ഉന്നതര്‍തന്നെ സമ്മതിക്കുന്നു.

കഴിഞ്ഞ ജൂണ്‍ 12ലെ യോഗത്തില്‍ത്തന്നെ നെല്‍വയല്‍ നികത്തുന്നതിന് ഇളവു നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍, ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ വന്‍വിമര്‍ശമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും കൂട്ടരും മൗനം പാലിച്ചു. നിക്ഷേപക സംഗമത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതികള്‍ വിശദമാക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും മറ്റും തയ്യാറാകാതിരുന്നതും പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു.പദ്ധതികള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ വേഗത്തില്‍ അനുമതി നല്‍കാനാണ് നീക്കം. വിവാദമില്ലാത്ത പദ്ധതികള്‍ക്ക് 90 ദിവസത്തിനകം അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പലകുറി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തിന്റെ അവശേഷിക്കുന്ന നെല്‍വയലും ഇല്ലാതാവുകയാവും ഫലം.

വയല്‍ നികത്താന്‍ വ്യവസായ വകുപ്പിന് അധികാരം നല്‍കുന്നു

എമര്‍ജിങ് കേരളയുടെ മറവില്‍ നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ നിയമം ഭേഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി വ്യവസായവകുപ്പ് തയ്യാറാക്കിയ നിര്‍ദേശം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവരും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കിയ കേരള നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ ഭേദഗതി നിയമത്തില്‍ മണ്ണിടാനാണ് നീക്കം. ഇതിലൂടെ സംസ്ഥാനത്തെ ഏത് തരം ഭൂമിയും വ്യവസായവകുപ്പിന് ഏറ്റെടുത്ത് നികത്താം. കെഎസ്ഐഡിസിയും കിന്‍ഫ്രയും നല്‍കിയ നിര്‍ദേശം വ്യവസായവകുപ്പ് അംഗീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യവസായവകുപ്പ് തയ്യാറാക്കിയ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ കെഎസ്ഐഡിസിക്ക് നാല് പദ്ധതിക്ക് 17,704 ഏക്കറും കിന്‍ഫ്രയ്ക്ക് 14 പദ്ധതിക്ക് 16,634 ഏക്കര്‍ ഭൂമിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം-പാലക്കാട് ദേശീയനിക്ഷേപ ഉല്‍പ്പാദനമേഖലയ്ക്ക് 13,000 ഏക്കറും എറണാകുളത്ത് പെട്രോളിയം, കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍ റീജണിന് 4000 ഏക്കറുമാണ് കെഎസ്ഐഡിസി ആവശ്യപ്പെട്ടത്. വയനാട് ഫുഡ് പാര്‍ക്ക്, മട്ടന്നൂര്‍, കഞ്ചിക്കോട്, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെയുള്ള വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ പദ്ധതികളുടെ പേരിലാണ് കിന്‍ഫ്ര വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നത്.

നീര്‍ത്തടസംരക്ഷണ നിയമത്തിലെ രണ്ടും മൂന്നും വകുപ്പുകളില്‍ കൂട്ടിച്ചേര്‍ക്കല്‍ വേണമെന്നാണ് ആവശ്യം. വ്യാവസായികഭൂമി പ്രഖ്യാപിക്കാനുള്ള അവകാശം വ്യവസായവകുപ്പിന് നല്‍കുന്നതാണ് മറ്റൊരു നിര്‍ദേശം. 13 വിഭാഗത്തില്‍പ്പെട്ട വ്യവസായസ്ഥാപനങ്ങള്‍ക്കും മറ്റ് സേവനമേഖലകള്‍ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അവകാശമാണ് വ്യവസായവകുപ്പ് ആവശ്യപ്പെടുന്നത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഭൂപരിപാലനവും ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഉപവകുപ്പ് വ്യവസായവകുപ്പിന് ബാധകമല്ലെന്നതാണ് മറ്റൊരു ഭേദഗതി നിര്‍ദേശം. നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമത്തിലെ 10 (2) വകുപ്പും ഭേദഗതി ചെയ്യും. ഇതുപ്രകാരം ഭൂപരിപാലനവും ഏറ്റെടുക്കലും അംഗീകരിക്കേണ്ട പ്രാദേശികസമിതികള്‍ ഇല്ലാതാകും. സംസ്ഥാനതല സമിതി വിഷയം പരിഗണിച്ചാല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ഭൂമി ഏറ്റെടുക്കുന്നതിന് ഇളവ് ആവശ്യപ്പെടുന്ന വകുപ്പിന്റെ സെക്രട്ടറിയോ സംസ്ഥാനതല സമിതിയില്‍ അംഗമായി ക്ഷണിക്കപ്പെടണമെന്നുമാണ് നിര്‍ദേശം. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നവര്‍ക്കെതിരെ കുറഞ്ഞത് ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപമുതല്‍ ഒരുലക്ഷം രൂപവരെ പിഴയും ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം. കൈയേറ്റക്കാരില്‍നിന്ന് പാരിസ്ഥിതികമേഖലകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നിയമം കൊണ്ടുവന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 160912

വീതംവയ്പിന്റെ പേരില്‍ യുഡിഎഫില്‍ അങ്കം തുടങ്ങി


എമര്‍ജിങ് കേരളയുടെ സമാപനവേദിയില്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വന്‍കിട നിക്ഷേപമെത്തി എന്നുപറഞ്ഞ് നിമിഷങ്ങള്‍ക്കകം സ്വയം തിരുത്തി ധനമന്ത്രി കെ എം മാണി. മുഖ്യമന്ത്രിയെ ശാസനയുടെ രൂപത്തില്‍ പരസ്യമായി തിരുത്തിയും അവഗണിച്ചും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി. തുടക്കംമുതലേ വിവാദത്തിലായ എമര്‍ജിങ് കേരള മാമാങ്കത്തിന്റെ അവസാന അങ്കം യുഡിഎഫില്‍ ഉടലെടുത്തുകഴിഞ്ഞ കൂട്ടക്കുഴപ്പം പുറത്തുചാടിയ വേദികൂടിയായി.

എമര്‍ജിങ് കേരളയുടെ മറവില്‍ നടന്ന പിന്നാമ്പുറ കച്ചവടങ്ങളുടെയെല്ലാം ആദായം സ്വന്തം കീശയിലാക്കാന്‍ ഉമ്മന്‍ചാണ്ടിയും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും മത്സരിക്കുന്ന കാഴ്ചയാണ് സമാപനദിവസം കണ്ടത്. സമാപനവേദിയില്‍ രാത്രി ഏഴിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതേചൊല്ലി വാഗ്വാദവും നടന്നു. നിക്ഷേപതാല്‍പ്പര്യത്തോടെ വന്ന പദ്ധതികള്‍ വെളിപ്പെടുത്തണമെന്നായിരുന്നു യുഡിഎഫില്‍ നേരത്തെയുണ്ടായ ധാരണ. എന്നാല്‍, അവസാനിമിഷം കുഞ്ഞാലിക്കുട്ടി മലക്കംമറിഞ്ഞു. ഭൂമിദാനം ഉള്‍പ്പെടെ സൗജന്യങ്ങള്‍ വാഗ്ദാനംചെയ്ത വിവാദ പദ്ധതികള്‍ വ്യവസായവകുപ്പിന്റെ മാത്രം അറിവോടെ രഹസ്യധാരണയിലെത്തിയതാണ് കാരണം. വാഗമണിലെ മസാജ് പാര്‍ലര്‍, നിശാടനകേന്ദ്രം എന്നിവ ഒരു പ്രമുഖ ദല്ലാളുടെ ഇടനിലയില്‍ ചിലര്‍ക്ക് തീറെഴുതിയതായാണ് സൂചന. കൊച്ചിയിലെയും മലപ്പുറത്തെയും ചില സ്വകാര്യസംരംഭങ്ങള്‍ക്കും ഇത്തരത്തില്‍ കച്ചവടം ഉറപ്പിച്ചു. പരിപാടിയില്‍ ധാരണപത്രം ഒപ്പിടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ കാര്‍മികത്വത്തില്‍ അതും നടന്നു. എമര്‍ജിങ് കേരളയുടെ സംഘാടനം വ്യവസായവകുപ്പിന്റെ നേതൃത്വത്തിലായിരുന്നതിനാല്‍ എല്ലാകാര്യത്തിലും കുഞ്ഞാലിക്കുട്ടിക്കായിരുന്നു മേല്‍ക്കൈ. ഈ ഇടപാടുകളുടെ പേരില്‍ കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയും മാണിയും സമാപനദിവസം ശ്രമിച്ചത്.

14ന് ഉച്ചയ്ക്കു നടന്ന പ്ലീനറി സമ്മേളനത്തിനുശേഷം എമര്‍ജിങ് കേരളയിലൂടെ 2.80 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ വന്നതായി കെ എം മാണി മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചു. ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയിയുമായി സംസാരിച്ചതനുസരിച്ചാണ് ഈ കണക്കെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വൈകിട്ട് നാലിനു നടന്ന സമാപന സമ്മേളനത്തില്‍ അധ്യക്ഷനായ ഉമ്മന്‍ചാണ്ടി 45 പദ്ധതികളിലൂടെ 40,000 കോടിയുടെ ഉറപ്പുള്ള നിക്ഷേപവാഗ്ദാനം കിട്ടിയതായാണ് വെളിപ്പെടുത്തിയത്. വാഗ്ദാനം ലഭിച്ച നിക്ഷേപപദ്ധതികളുടെ ലിസ്റ്റ് പിന്നീട് പിആര്‍ഡി പുറത്തിറക്കി. ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും മാത്രം അറിവോടെയാണ് ഈ ലിസ്റ്റ് ഇറങ്ങിയതെന്ന് ഒടുവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ തെളിഞ്ഞു. തൊട്ടുമുമ്പുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ വാഗ്വാദങ്ങള്‍ക്കൊടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദത്തില്‍ പദ്ധതികള്‍ വെളിപ്പെടുത്തേണ്ടെന്നും മൊത്തം എത്ര നിക്ഷേപം എന്നു പറയേണ്ടെന്നും ധാരണയായിരുന്നു.

എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയ മുഖ്യമന്ത്രിയെ കുഞ്ഞാലിക്കുട്ടി പലവട്ടം വിലക്കി. നിക്ഷേപകരുടെ ലിസ്റ്റിനെക്കുറിച്ചു വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ലിസ്റ്റ് അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ് കുഞ്ഞാലിക്കുട്ടി ശബ്ദമുയര്‍ത്തി. പരസ്യ ഏജന്‍സി തയ്യാറാക്കിയ ലിസ്റ്റാണെന്നും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും പറഞ്ഞു. ഇതോടെയാണ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രിയും മാണിയും വേദി വിട്ടത്.

deshabhimani 160912

കേരളത്തില്‍ യൂണിറ്റ് തുടങ്ങുന്നത് ഫോക്സ് വാഗണ്‍ അറിഞ്ഞില്ല !


എമര്‍ജിങ് കേരള വേദിയില്‍ കോടികളുടെ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ തട്ടിപ്പ് വെളിവാക്കി ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ കമ്പനിയുടെ നിഷേധം. ഫോക്സ് വാഗന്‍ കമ്പനി കേരളത്തില്‍ 2000 കോടി രൂപ മുതല്‍മുടക്കി എന്‍ജിന്‍ അസംബ്ലി യൂണിറ്റ് ആരംഭിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ്, തൊട്ടുപിന്നാലെ കമ്പനി അധികൃതര്‍ നിഷേധിച്ചത്. കേരളത്തില്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിട്ടില്ലെന്ന് കമ്പനി വക്താവ് അലക്സാണ്ടര്‍ ഷിബിത്ത് വ്യക്തമാക്കി.

എമര്‍ജിങ് കേരളയുടെ സമാപനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, കമ്പനിയോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് ഷിബിത്ത് വ്യക്തമാക്കി. മഹാരാഷ്ട്രയ്ക്ക് പുറത്ത് ഇത്തരമൊരു യൂണിറ്റ് കമ്പനി ആലോചിക്കുന്നുണ്ട്. എന്നാല്‍, ഗുജറാത്തിലാണ് ഇതിന് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൊത്തം 40,000 കോടിയോളം രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി എമര്‍ജിങ് കേരള വേദിയില്‍ പ്രഖ്യാപിച്ചത്. അതില്‍ പ്രധാനമായാണ് ഫോക്സ്വാഗന്‍ കമ്പനിയുടെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. കള്ളക്കളി പൊളിഞ്ഞതോടെ, എമര്‍ജിങ് കേരളയില്‍ ഫോക്സ്വാഗന്‍ പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ ശനിയാഴ്ച വാര്‍ത്താക്കുറിപ്പ് ഇറക്കി.

കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് കൊടുമുടി, വിദേശവിഭാഗം മേധാവി പങ്കജ് ഗുപ്ത എന്നിവര്‍ 11ന് കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും 12ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയതായി കുറിപ്പില്‍ പറയുന്നു. എന്‍ജിന്‍ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാന്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ ഭൂമിയുടെ സാധ്യത ആരാഞ്ഞതായും സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍, അനൗപചാരികമായി നടന്ന ഈ ചര്‍ച്ചയെയും കേവലം സാധ്യത ആരായലിനെയുമാണ് 2000 കോടിയുടെ ബൃഹദ്പദ്ധതിയായി മുഖ്യമന്ത്രിയും കൂട്ടരും അവതരിപ്പിച്ചത്.

deshabhimani 160912

Saturday, September 15, 2012

ടി പി വധത്തിന്റെ മറവില്‍ യുഡിഎഫ് കേരളത്തെ വില്‍ക്കുന്നു: പന്ന്യന്‍


ടി പി വധത്തിന്റെ മറവില്‍ എമര്‍ജിങ് കേരളയിലൂടെ കേരളത്തെ വില്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ടി പി വധമുണ്ടായപ്പോള്‍ രക്തസാക്ഷിയെ വിറ്റ് കാശാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ആദ്യം വിറ്റ് കാശാക്കിയത് നെയ്യാറ്റിന്‍കരയാണ്. ഇപ്പോള്‍ എമര്‍ജിങ് കേരളയിലൂടെ വീണ്ടും ഇതേ ഇടപെടല്‍ നടത്തുകയാണ്. അതിനായാണ് ഡല്‍ഹിയില്‍നിന്ന് ഒരാള്‍ വന്നത്; അലുവാലിയ. നെല്‍കതിരിന് പകരം കോണ്‍ക്രീറ്റ് കതിരുണ്ടാക്കാനാണ് അദ്ദേഹം പറഞ്ഞത്. യുഡിഎഫ് സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ നടത്തുന്ന പരിപാടിയാണ് എമര്‍ജിങ് കേരള. എമര്‍ജിങ് കേരളയിലൂടെ ആറന്മുള വില്‍ക്കാന്‍ പോകുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയിലൂടെ ഒരു കാര്യം ഉറപ്പാണ്. പണമുള്ളവന്‍ പിടിച്ചാല്‍ ഏത് മന്ത്രാലയവും തിരിയും. വിമാനത്താവളത്തിനായി മൂന്ന് പ്രമാണിമാരാണ് വന്നത്. ഒരാള്‍ അദൃശ്യനാണ്; ത്രിവേണി പോലെ. ത്രിവേണി എന്നത് മൂന്ന് പുഴയാണ്. ഒന്ന് ഭൂമിക്കടിയിലൂടെയാണ് ഒഴുകുന്നത്. അടിയിലുള്ള കമ്പനിയാണ് ഇവിടെ വന്നവരില്‍ പ്രമുഖന്‍. അത് റിലയന്‍സാണെന്നും അവര്‍ക്കുവേണ്ടിയാണിതെന്നും പന്ന്യന്‍ സൂചിപ്പിച്ചു.

കേന്ദ്രം എണ്ണക്കമ്പനികളെ സഹായിക്കുകയാണ്. ഡീസല്‍ വില കൂട്ടിയപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസുകാര്‍. അര ഡസന്‍ കേന്ദ്രമന്ത്രിമാരാണ് കേരളത്തില്‍ നിന്നുള്ളത്. ഇതില്‍ ക്യാബിനറ്റിലെ ഒരാള്‍ രണ്ടാമനും മറ്റേയാള്‍ എട്ടാമനുമാണ്. നാല് സഹമന്ത്രിമാരുമുണ്ട്. നാല് ഹാഫ്, രണ്ട് ഫുള്‍ എന്ന നിലയ്ക്കാണ് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍. എന്നിട്ട് കിട്ടിയതെന്താ? ഐഐടി. അതും പ്രധാനമന്ത്രി പരിഗണിക്കാം എന്നാ പറഞ്ഞത്. പറഞ്ഞത് ഇനിയും കിട്ടിയിട്ടില്ലെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. സംഘാടകസമിതി ചെയര്‍മാന്‍ വിലങ്ങുപാറ സുകുമാരന്‍ അധ്യക്ഷനായി.

deshabhimani 150912

Friday, September 14, 2012

നേട്ടങ്ങളില്ലാതെ എമര്‍ജിങ് കേരള: നിക്ഷേപം വ്യക്തമാക്കാനാതെ സര്‍ക്കാര്‍


നേട്ടങ്ങളില്ലാതെ എമര്‍ജിങ്ങ് കേരള സമാപിച്ചു

കൊട്ടിഘോഷിച്ച നേട്ടങ്ങളൊന്നുമില്ലാതെ എമര്‍ജിങ്ങ് കേരള സമാപിച്ചു. 40000 കോടിയുടെ പദ്ധതികള്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സമാപനയോഗത്തില്‍ പ്രസംഗിച്ചതല്ലാതെ വ്യക്തമായ പദ്ധതികളൊന്നുമായില്ല. ഇതു സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി. 200 കമ്പനുകള്‍ വിവിധ പദ്ധതികള്‍ക്കായി കരാറിനു തയ്യാറാണെന്നും അവര്‍ അറിയിച്ചു. പരസ്യകമ്പനി തയ്യാറാക്കിയ ലിസ്റ്റാണിതെന്നും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്‍വികസനപദ്ധതികള്‍ക്ക് ഉറപ്പു കിട്ടിയതായി പറയുന്നതല്ലാതെ വിശദമായ പദ്ധതി റിപ്പോര്‍ട്ടവതരിപ്പിച്ചില്ല.

നിക്ഷേപം വ്യക്തമാക്കാനാതെ സര്‍ക്കാര്‍

മൂന്നുദിവസത്തെ എമര്‍ജിങ് കേരള മാമാങ്കത്തിന്റെ സമാപന ദിവസവും നേട്ടമൊന്നും എടുത്തുപറയാനില്ലാതെ സംസ്ഥാന സര്‍ക്കാര്‍. നിക്ഷേപകസംഗമത്തിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തികനേട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. എമര്‍ജിങ് കേരളയുടെ സമാപനസമ്മേളനത്തില്‍, പരിപാടിയിലൂടെ 40,000 കോടിയുടെ നിക്ഷേപമുണ്ടായെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗം ചേര്‍ന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ അവകാശവാദം മുഖ്യമന്ത്രി നിഷേധിച്ചു. സമാപനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശാനുസരണം പിആര്‍ഡി എമര്‍ജിങ് കേരളയിലൂടെ നിക്ഷേപം നടത്തിയ നിക്ഷേപകരുടെ പട്ടിക മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നു. കോടികളുടെ നിക്ഷേപം ഉണ്ടായെന്നു കാണിക്കുന്ന ഈ പട്ടിക മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ തള്ളി. ഇത് നിക്ഷേപകരുടെ പട്ടികയല്ലെന്നും പരസ്യക്കമ്പനി ഇറക്കിയതാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എത്ര നിക്ഷേപമുണ്ടായെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അത്തരം പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിമുടി ദുരൂഹത ബാക്കിയാക്കിയാണ് മൂന്നുദിവസത്തെ മാമാങ്കം സമാപിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും ആദ്യവസാനം തമ്പടിച്ച എമര്‍ജിങ് കേരളയുടെ പരിസമാപ്തി ദയനീയമായി.

ആദ്യം മാധ്യമങ്ങള്‍ക്കു നല്‍കിയ പട്ടികയിലും കാര്‍ഷിക-പരമ്പരാഗത വ്യവസായമേഖലയില്‍ പേരിനുപോലും ഒരു പദ്ധതിയുമില്ല. 52 രാജ്യങ്ങളില്‍നിന്ന് വിദേശപ്രതിനിധികള്‍ പങ്കെടുത്തതായി അവകാശപ്പെടുമ്പോഴും 42 രാജ്യങ്ങളുടെ ഒരു പദ്ധതിനിര്‍ദേശംപോലും ഉണ്ടായിട്ടില്ല. 10 രാജ്യങ്ങള്‍ മാത്രമാണ് ചില പദ്ധതികളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയെങ്കിലും ചെയ്തത്. ഉല്‍പ്പാദനമേഖലയില്‍ എമര്‍ജിങ് കേരളയുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന വന്‍കിട പദ്ധതികള്‍ പലതും നേരത്തെ പ്രഖ്യാപിച്ചതോ പ്രവര്‍ത്തനം ആരംഭിച്ചതോ ആണ്. 413 പദ്ധതി നിര്‍ദേശങ്ങള്‍ എത്തിയതില്‍ 142 എണ്ണത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും 45 പദ്ധതികള്‍ പ്രതീക്ഷയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി സമാപന സമ്മേളനത്തില്‍ പറഞ്ഞത്. ഇതിലൂടെ 40,000 കോടി രൂപയുടെ നിക്ഷേപം വരും. ഈ 40,000 കോടിയില്‍ 20,000 കോടിയുടെ പദ്ധതി ബിപിസിഎലിന് പെട്രോ കെമിക്കല്‍ വ്യവസായത്തിനാണ്. ഒരുവര്‍ഷംമുമ്പ് ബിപിസിഎല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഏലൂരില്‍ എഫ്സിഐ സ്ഥാപിക്കുന്ന 100 കോടിയുടെ വെയര്‍ഹൗസ് പദ്ധതിയും നേരത്തെ ധാരണയായതാണ്. അമ്പലമുകളില്‍ ഫാക്ട് ആരംഭിച്ച 20 കോടിയുടെ ജിപ്സം ബോര്‍ഡ് പദ്ധതി, ബിപിസിഎലിന്റെ 50 കോടി രൂപയുടെ മോഡിഫൈഡ് ബിറ്റുമിന്‍ പ്ലാന്റ്, ഡിഎം ഹെല്‍ത്ത് കെയറിന്റെ 2000 കോടി രൂപയുടെ ഹോസ്പിറ്റല്‍ പദ്ധതി, ബോള്‍ഗാട്ടിയിലെ 115 കോടി രൂപയുടെ കണ്‍വന്‍ഷന്‍ സെന്റര്‍, നെസ്റ്റ് ഗ്രൂപ്പിന്റെ 500 കോടി രൂപയുടെ അക്കാദമിക് സിറ്റി എന്നിവയും മാസങ്ങള്‍ക്കുമുമ്പേ പ്രഖ്യാപിച്ചതാണ്.

കോടികള്‍ നിക്ഷേപം വരുമെന്നുപറഞ്ഞ ഉല്‍പ്പാദനമേഖലയിലെ ഏഴു പദ്ധതികള്‍ സ്ഥാപിക്കുന്നത് എവിടെയാണെന്നുപോലും സംഘാടകര്‍ നല്‍കിയ പട്ടികയിലില്ല. അമേരിക്കയില്‍നിന്ന് 116 പ്രതിനിധികളാണ് എമര്‍ജിങ് കേരളയില്‍ എത്തിയത്. ഐടി ഉള്‍പ്പെടെ അഞ്ചോളം മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകമാത്രമാണ് അവര്‍ ചെയ്തത്. 44 പ്രതിനിധികള്‍ പങ്കെടുത്ത കനഡയില്‍നിന്ന് ഇതുപോലെ അന്വേഷണം മാത്രമാണ് ഉണ്ടായത്. പല രാജ്യങ്ങളും അവരുടെ രാജ്യത്തെ നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കാനാണ് എമര്‍ജിങ് കേരളയുടെ വേദി പ്രയോജനപ്പെടുത്തിയത്. കോടികള്‍ ധൂര്‍ത്തടിച്ച എമര്‍ജിങ് കേരളയുടെ ആകെ ചെലവ് വെളിപ്പെടുത്താനും മുഖ്യമന്ത്രി തയ്യാറായില്ല.
(എം എസ് അശോകന്‍)

ബിപിസിഎല്ലിന്റെ പഴയ പദ്ധതിക്ക് എമര്‍ജിങ്ങിന്റെ പുതിയ ലേബല്‍

പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച 14,225 കോടി രൂപയുടെ കൊച്ചി റിഫൈനറി പദ്ധതിക്ക് എമര്‍ജിങ് കേരളയുടെ പുതിയ ലേബല്‍. എമര്‍ജിങ് കേരള നിക്ഷേപസംഗമത്തിന്റെ സമാപന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിപിസിഎല്‍ ചെയര്‍മാന്‍ ആര്‍ കെ സിങ്ങും ഒപ്പുവച്ച ബിപിസിഎല്‍-കൊച്ചി റിഫൈനറിയുടെ സംയോജിത വിപുലീകരണ പദ്ധതി ബിപിസിഎല്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബിപിസിഎല്‍ ബോര്‍ഡ് അംഗീകരിച്ച വിപുലീകരണമാണ് എമര്‍ജിങ് കേരളയില്‍ ഒപ്പുവച്ച ഏറ്റവും വലിയ പദ്ധതിയായി സര്‍ക്കാര്‍ അവകാശപ്പെട്ടിരിക്കുന്നത്.

ഈ നിക്ഷേപം കേരളത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒന്നാണെന്ന് ബിപിസിഎല്‍ ചെയര്‍മാന്‍ ആര്‍ കെ സിങ് വാര്‍ത്താലേഖകരോടു പറഞ്ഞു. പദ്ധതിക്കുള്ള പരിസ്ഥിതിമന്ത്രാലത്തിന്റെ അനുമതി 25നുശേഷം ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊച്ചി എണ്ണശുദ്ധീകരണശാലയുടെ പ്രതിവര്‍ഷ ശേഷി നിലവിലുള്ള 9.5 ദശലക്ഷം മെട്രിക് ടണ്ണില്‍ (എംഎംടിപി) നിന്ന് 15.5 എംഎംടിപി ആക്കി ഉയര്‍ത്തുകയാണ് വിപുലീകരണ പദ്ധതിയുടെ ലക്ഷ്യം. യൂറോ 4, 5 മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിന് എണ്ണശുദ്ധീകരണശാല ആധുനീകരിക്കുക, അവശിഷ്ടങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, പെട്രോകെമിക്കല്‍ ഉല്‍പ്പാദനത്തിന് ആവശ്യമായ പ്രൊപിലീന്‍ ഉല്‍പ്പാദിപ്പിച്ച് കൂടുതല്‍ ഉല്‍പ്പാദനം ആകര്‍ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി വിഭാവനംചെയ്യുന്നത്. 2015ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതികള്‍ക്കു മാത്രമായി 14,225 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കൂടാതെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളായ അക്രിലേറ്റ്സ്, സൂപ്പര്‍ അബ്സോര്‍ബന്റ് പോളിമര്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കാനുള്ള 6000 കോടി രൂപയോളം വരുന്ന പദ്ധതിക്ക് ദക്ഷിണ കൊറിയയിലെ എല്‍ജികെം എന്ന കമ്പനിയുമായി സംയുക്തസംരംഭത്തിനുള്ള ധാരണപത്രവും ബിപിസിഎല്‍ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ഈ പദ്ധതിവഴി വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാനാവുമെന്ന് ബിപിസിഎല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
(എന്‍ എസ് സജിത്)

കോണ്‍ഗ്രസില്‍ എമര്‍ജിങ് കേരള കത്തിപ്പടരും

എമര്‍ജിങ് കേരളയുടെ തീയും പുകയും ഇനി കോണ്‍ഗ്രസില്‍ ആളിക്കത്തും. 50 കോടിയിലധികം രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവഴിച്ചു നടത്തിയ മാമാങ്കത്തിന്റെ ഫലത്തെച്ചൊല്ലിയുള്ള വിവാദത്തിനാണ് കോണ്‍ഗ്രസില്‍ അരങ്ങുണരുക. നിക്ഷേപ സംഗമം ഫലത്തില്‍ വിനോദസഞ്ചാരമേളയാക്കി മാറ്റിയത് ഗൃഹപാഠമില്ലാതെ പരിപാടി സംഘടിപ്പിച്ചതുകൊണ്ടാണെന്ന വിമര്‍ശം ശക്തമാണ്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി മുഖ്യമന്ത്രിപദവിയുടെ അന്തസ്സ് ഉമ്മന്‍ചാണ്ടി കെടുത്തുന്നുവെന്ന പരാതി വിശാല ഐ ഗ്രൂപ്പിനുണ്ട്. എന്നാല്‍, എമര്‍ജിങ് കേരളയെ വാഴ്ത്താനും ഉയര്‍ത്താനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുന്നോട്ടുവരാത്തതിലുള്ള അമര്‍ഷത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂടെയുള്ളവരും. രണ്ട് പ്രബല ഗ്രൂപ്പുകള്‍ തമ്മിലുള്ള ശീതസമരം മൂര്‍ച്ഛിക്കാന്‍ നിക്ഷേപ സംഗമം ഇടവരുത്തിയിരിക്കയാണ്. കെപിസിസി-ഡിസിസി പുനഃസംഘടനാ ചര്‍ച്ച അടുത്തയാഴ്ച തുടങ്ങാനിരിക്കെ അഭിപ്രായഭിന്നത രൂക്ഷമാകും.

വിവാദം എമര്‍ജിങ് കേരളയ്ക്ക് ദോഷമായെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി എ കെ ആന്റണി പറഞ്ഞത് ഭരണനേതൃത്വത്തിനുള്ള കൊട്ടാണ്. കൊച്ചിയിലെ മാമാങ്കം എന്തെന്ന് തനിക്കറിയില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചന്‍ തുറന്നുപറഞ്ഞത് ചെന്നിത്തലയുടെയും മനസ്സറിഞ്ഞാണ്. സംഘടനാ നേതൃത്വത്തെ നോക്കുകുത്തിയാക്കി ഭരണനേതൃത്വം ഏകപക്ഷീയമായി പോകുന്നുവെന്ന വികാരത്തിലാണ് എ ഇതര ഗ്രൂപ്പുകള്‍. കൊച്ചി മേളയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്മാരുടെ യോഗം ഇതിന്റെ പ്രതിഫലനമായിരുന്നു.

മേളയില്‍ ഉള്‍പ്പെടുത്തിയ ടൂറിസം പദ്ധതികള്‍ക്ക് എതിരെ കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് രംഗത്തുവന്നു. വിജയന്‍ തോമസ്, ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍, ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ ചെറിയാന്‍ കല്‍പ്പകവാടി തുടങ്ങിയവരെല്ലാം ഈ യോഗത്തില്‍ പങ്കെടുത്തു. ചെയര്‍മാന്മാരുടെ പ്രതിമാസ ഹോണറേറിയം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. ഒപ്പം എല്ലാ മേഖലയിലും ഉദ്യോഗസ്ഥഭരണമാണെന്ന പരാതിയും ഉയര്‍ത്തി. എമര്‍ജിങ് കേരളയെപ്പറ്റി മുന്‍കൂര്‍ ചര്‍ച്ച ഉണ്ടാകാത്തതിലുള്ള പ്രതിഷേധവും ബോര്‍ഡ്-കോര്‍പറേഷന്‍ ഭാരവാഹികള്‍ ഉയര്‍ത്തി.

വി എം സുധീരനും ഒരുവിഭാഗം യുഡിഎഫ് എംഎല്‍എമാരും കെട്ടഴിച്ചുവിട്ട വിവാദങ്ങള്‍ എമര്‍ജിങ് കേരളവിരുദ്ധ കലാപമായി പടര്‍ന്നപ്പോള്‍, തീയണയ്ക്കാന്‍ ചെന്നിത്തല താല്‍പ്പര്യം കാട്ടിയില്ലെന്ന പരാതി എ വിഭാഗത്തിനുണ്ട്. അതേസമയം, വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചവരുടെ നിലപാടിനെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് കൊച്ചിയില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളം നെല്‍കൃഷി ഉപേക്ഷിച്ച് നിലം നികത്തണമെന്ന കേന്ദ്ര ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ ഉപദേശം എമര്‍ജിങ് കേരളയുടെ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് മേളയ്ക്ക് മധ്യേതന്നെ ഇതിനോട് സുധീരനും വി ഡി സതീശനും ടി എന്‍ പ്രതാപനും പരസ്യമായി വിയോജിച്ചത്.

deshabhimani 150912

സ്മാര്‍ട്ട്സിറ്റി ടൗണ്‍ഷിപ്പാകും; ലക്ഷ്യം റിയല്‍ എസ്റ്റേറ്റ്


കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതി പ്രദേശം സമ്പൂര്‍ണ ടൗണ്‍ഷിപ്പായിരിക്കുമെന്ന് ടീകോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. എമര്‍ജിങ് കേരളയോടനുബന്ധിച്ച് നടന്ന ഐടി, ഐടി അനുബന്ധ സെമിനാറിലാണ് ടികോം സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ അടുത്തയാഴ്ച തയ്യാറാവും. തുടര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും വൈകാതെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നും അല്‍ മുല്ല അറിയിച്ചു. ലോകോത്തര ഐടി സംരംഭം എന്ന നിലയില്‍ ഇതുവരെ ഉയര്‍ത്തിക്കാണിച്ച സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍, ടീകോമിനുള്ള റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യമാണ് ഇതോടെ പുറത്തായത്.

സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ 70ശതമാനം ഐടി പദ്ധതിക്ക് മാത്രമായി വിനിയോഗിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടീകോമിന് മുഖ്യം റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്ന വിമര്‍ശനത്തെ ശരിവച്ചിരിക്കയാണ് സിഇഒയുടെ പ്രതികരണം. ""സ്മാര്‍ട്ട്സിറ്റി ഒരു സമ്പൂര്‍ണ ടൗണ്‍ഷിപ്പ് ആയാണ് വിഭാവന ചെയ്യുന്നത്. പ്രൊഫഷണലുകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍പോകുകയല്ല ചെയ്യുക. അവര്‍ക്ക് നാലു ക്ലസ്റ്ററുകളായുള്ള പദ്ധതിയില്‍ മറ്റെല്ലാ സൗകര്യവുമുണ്ടായിരിക്കും."" കേരളത്തിലുള്ളവര്‍ക്ക് വിലപേശലിലാണ് വൈദഗ്ധ്യമെന്നും ഇവിടെനിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ടീകോം കേരളത്തില്‍ കൂടുതല്‍ പദ്ധതികളില്‍ മുതല്‍മുടക്കുമെന്ന സൂചനകളോട് അല്‍മുല്ല പ്രതികരിച്ചില്ല.

deshabhimani 150912

പരമ്പരാഗത മേഖലയ്ക്ക് ഭ്രഷ്ട്; കൊക്കകോളയ്ക്ക് പരവതാനി


എമര്‍ജിങ് കേരള ഇന്ന് സമാപിക്കും: എല്ലാവര്‍ക്കും താല്‍പര്യം ഭൂമിയില്‍ മാത്രം

എമര്‍ജിങ് കേരള നിക്ഷേപക സംഗമം രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ നിക്ഷേപകരില്‍  ബഹുഭൂരിപക്ഷവും ഭൂമി പാട്ടത്തിനെടുക്കുന്ന പദ്ധതികളുമായാണ് മുന്നോട്ടുവരുന്നത്. വ്യവസായ ആവശ്യങ്ങള്‍ക്ക് പാട്ടത്തിന് നല്‍കുന്ന ഭൂമിയുടെ പാട്ടക്കാലാവധി 30 വര്‍ഷമെന്നത് മാറ്റി 99 വര്‍ഷമാക്കണമെന്ന ആവശ്യം ശക്തമായി മുഖ്യമന്ത്രിക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍പ്പെടുന്ന വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കുറഞ്ഞവിലയില്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ബി ടു ബി മീറ്റിന് നേതൃത്വംനല്‍കുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

     മസാജ്പാര്‍ലറും നിശാക്ലബും തുടങ്ങണമെന്ന ആവശ്യവുമായി വിവിധ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഈ ഗ്രൂപ്പുകളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടക്കും. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി നിരക്ക് ഗണ്യമായി കുറയ്ക്കണമെന്ന സമ്മര്‍ദവും വ്യവസായികളില്‍ ഉന്നയിച്ചു.അതേസമയം അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളായ വൈദ്യുതി ഉല്‍പ്പാദനം, മാലിന്യസംസ്‌കരണം എന്നിവയ്ക്കുവേണ്ടിയുള്ള പദ്ധതികളിലൊന്നും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.        എമര്‍ജിങ് കേരള രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ എന്താണ് ഇതുവരെയുണ്ടായ നേട്ടമെന്ന ചോദ്യത്തിന്, ഇതുവരെയുള്ളവയെക്കുറിച്ച് പറയാനായിട്ടില്ലെന്നും എല്ലാം നാളെ പറയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. പാട്ടക്കാലാവധി 30 വര്‍ഷമാക്കി ചുരുക്കുമെന്ന സര്‍ക്കാര്‍ നേരത്തെ നടത്തിയ പ്രഖ്യാപനത്തെ രോഷത്തോടെയാണ് വ്യവസായികള്‍ കാണുന്നത്.

     ഇത്രയും ചുരുങ്ങിയ കാലയളവിലേക്കാണ് ഭൂമി പാട്ടത്തിന് ലഭിക്കുന്നതെങ്കില്‍ മുതല്‍മുടക്ക് തിരിച്ചു കിട്ടില്ലെന്ന് വ്യവസായികള്‍ പരസ്യമായി സര്‍ക്കാര്‍ പ്രതിനിധികളോട് പറഞ്ഞു.  എന്നാല്‍ നിക്ഷേപം കൊണ്ട് സംസ്ഥാനത്തിനുള്ള ഗുണം പരിഗണിച്ചാണ് പാട്ടക്കാലാവധി നിശ്ചയിക്കുകയെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
അടിസ്ഥാന സൗകര്യവികസനം, നഗരദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം തീവ്രമാക്കുമെന്ന പ്രഖ്യാപനവും വ്യാഴാഴ്ചയുണ്ടായി. കേന്ദ്ര ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി കുമാരി സെല്‍ജയാണ് ഈ പ്രഖ്യാപനം നടത്തിയത്.

     പിപിപി പദ്ധതികളല്ലാതെ കേരളത്തിനു മറ്റു മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ മലേഷ്യന്‍ പ്രത്യേക പ്രതിനിധി സ്വാമിവേലുവും ആരോഗ്യമേഖലയില്‍ അടക്കം പിപിപി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു.  അഞ്ച് ബൈപാസുകളും 14 പുതിയ റോഡുകളും സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നെങ്കിലും റോഡ്‌നിര്‍മാണം സംബന്ധിച്ച് മുന്‍കാലയളവിലെ അനുഭവങ്ങള്‍ അത്ര നല്ലതല്ലെന്ന് മലേഷ്യന്‍ സംഘം വെളിവാക്കി. കെഎസ്ടിപി റോഡ്‌നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ കോണ്‍ട്രാക്ടര്‍മാരുടെ ആത്മഹത്യയെ പരാമര്‍ശിച്ചായിരുന്നു ഇത്.

പരമ്പരാഗത മേഖലയ്ക്ക് ഭ്രഷ്ട്; കൊക്കകോളയ്ക്ക് പരവതാനി

കേരളത്തിന്റെ ജീവജലം ഊറ്റിക്കുടിച്ച കൊക്കകോള ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് എമജിങ് കേരളയില്‍ സര്‍ക്കാര്‍ പരവതാനി വിരിക്കുമ്പോള്‍ പരമ്പരാഗതമേഖലയ്ക്ക് ഭ്രഷ്ട്. ലോകത്തെ വന്‍ കുത്തകഭീമന്മാരുടെ സംഗമവേദിയായി ഇതിനകം എമര്‍ജിങ് കേരള മാറിക്കഴിഞ്ഞു. ലക്ഷക്കണക്കിന് സാധാരണക്കാര്‍ ഉപജീവനത്തിനായി തൊഴിലെടുക്കുന്ന പരമ്പരാഗത തൊഴില്‍മേഖലയെ ആട്ടിയോടിച്ചാണ് എമര്‍ജിങ് കേരളയില്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ വില്‍പ്പനചരക്കാക്കിയിട്ടുള്ളത്. കച്ചവടക്കണ്ണുമായെത്തിയിട്ടുള്ള ലോകഭീമന്മാര്‍ക്കുമുന്നില്‍ കേരളത്തെ വിലപേശുന്ന കാഴ്ചയാണ് എമര്‍ജിങ് കേരളയിലെ സമ്മേളനങ്ങളിലും സംവാദങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത്. പവലിയനുകളിലാകട്ടെ കേരളത്തെ ഒരു ഉത്പന്നമായി ലേലംവിളിക്കുന്ന കാഴ്ചയുമാണ് കാണുന്നത്. വിദേശപ്രതിനിധികളില്‍ മുന്നില്‍ അമേരിക്കയാണുള്ളത്. കേരളത്തെ വിലപേശാനായി അമേരിക്കയില്‍നിന്നുള്ള നയതന്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളുടെയും സജീവസാന്നിധ്യമാണ് വേദികളിലുള്ളത്.

116 പ്രതിനിധികളാണ് അമേരിക്കന്‍സംഘത്തിലുള്ളത്. കോര്‍പ്പറേറ്റ് ഭീമന്മാരായ നിരവധി അമേരിക്കന്‍ കമ്പനികളും രംഗത്ത് ശക്തമായിത്തന്നെയുണ്ട്. ഇതില്‍ ഇന്ത്യയിലെ ആദ്യകാല അമേരിക്കന്‍ നിക്ഷേപകരായ കൊക്കകോളയാണ്  യുഎസ് സംഘത്തിലെ വില്ലന്‍. സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന റഫ്രിജറേറ്ററുകളുടെ യൂണിറ്റുകള്‍ ചെറുകിടമേഖലയില്‍ തുടങ്ങാനും ആധുനിക കാര്‍ഷികോപകരണങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കമ്പനികള്‍ തുടങ്ങാനുമാണ് കൊക്കകോള എമര്‍ജിങ് കേരളയിലെത്തിയിട്ടുള്ളത്.ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ് എക്‌സ്, ഡയറക്ട് സെല്ലിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്‌രംഗത്ത് ഭീമനായ ആംവേ, പ്രമുഖ കമ്പനികളായ അന്‍പകം മെറ്റല്‍സ്, മീഡിയ ആല്‍ബ്രിട്ടന്‍ തുടങ്ങിയ കുത്തകഭീമന്മാരാണ് സംഗമത്തില്‍ പ്രധാനമായുള്ളത്.  കേരളത്തിലെ ചെറുകിട-വന്‍കിട മേഖലകളെ കാര്‍ന്നുതിന്നാനാണ് അമേരിക്കന്‍ കമ്പനി എമര്‍ജിങ് കേരളയില്‍ എത്തിയതെന്നാണ് ആക്ഷേപം.  ഈ മേഖലയില്‍ തങ്ങളുടെ പങ്കാളിത്തം എമര്‍ജിങ് കേരളയിലൂടെ ഉറപ്പാക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് എംബസി വക്താവ് പീറ്റര്‍ വോര്‍മെന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിനുപുറമെ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലേക്കുള്ള കടന്നുവരവെന്ന് വിശേഷിപ്പിക്കാവുന്നതരത്തില്‍ അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, ഗ്രാന്റ്‌വാലി സര്‍വകലാശാല, ഇല്ലിനോയിഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വക്താക്കളും എമര്‍ജിങ് കേരളയില്‍ എത്തിയിട്ടുണ്ട്. അമേരിക്കയ്ക്കുപുറമെ 44 പ്രതിനിധികളുമായി  കാനഡയും രണ്ടാംസ്ഥാനത്തുണ്ട്. ചൈനയില്‍നിന്ന് 23 അംഗങ്ങളുമുണ്ട്. ജപ്പാന്‍, സൊമാലിയ, ഇറാഖ്, അല്‍ജീരിയ, യുഎഇ, കുവൈറ്റ്, ബഹറിന്‍, മൗറീഷ്യ, ഫ്രാന്‍സ്, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ 51 വിദേശരാജ്യങ്ങളില്‍നിന്ന് 1893 പ്രതിനിധികള്‍ എമര്‍ജിങ് കേരളയില്‍ സംഗമിക്കുന്നുണ്ട്. സമാപനദിവസമായ ഇന്നും വിദേശ പ്രതിനിധികളുടെ ഒഴുക്കുണ്ടാകുമെന്നാണ് സംഘാടക പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വിദേശ പ്രതിനിധികളെ സ്വാഗതംചെയ്യുന്ന സര്‍ക്കാര്‍ കേരളത്തിന്റെ പരമ്പരാഗത മേഖലയെ എമര്‍ജിങ് കേരളയില്‍ അപമാനിച്ചെന്നാണ് പൊതുസമൂഹം ആരോപിക്കുന്നത്.

കയര്‍, കൈത്തറി, കശുവണ്ടി, മത്‌സ്യമേഖല, നിര്‍മാണമേഖല തുടങ്ങി നിരവധി കൈത്തൊഴിലുകളുള്‍പ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത തൊഴില്‍മേഖലയെ എമര്‍ജിങ് കേരളയില്‍ സര്‍ക്കാര്‍ ഭ്രഷ്ട്കല്‍പിച്ചെന്നും ആക്ഷേപമുണ്ട്.
 (പി ആര്‍ സുമേരന്‍)

എമര്‍ജിംഗ് കേരള നീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ സര്‍ക്കാര്‍ അനുമതി

എമര്‍ജിംഗ് കേരളയുടെ ഭാഗമായി വരുന്ന വന്‍കിട വ്യവസായങ്ങള്‍ക്ക് നീര്‍ത്തടങ്ങളും നെല്‍വയലുകളും ഉള്‍പ്പെടെയുള്ളവ നികത്തുന്നതിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിന്  മന്ത്രിസഭ നിയമിച്ച ഉന്നതതല ഉദ്യോഗസ്ഥ സമിതി നാളെ യോഗം ചേരും. വന്‍കിട വ്യവസായികള്‍ക്ക് അനുകൂലമായി നിയമത്തില്‍ മാറ്റം വരുത്തുകയാണ് ഈ കമ്മിറ്റിയുടെ മുഖ്യചുമതല. കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായതും ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ  ചുമതലപ്പെടുത്തിയതും.

വ്യവസായ വകുപ്പാണ് എമര്‍ജിംഗ് കേരളയിലൂടെ വരുന്ന പദ്ധതികള്‍ക്ക് നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ യോഗഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി ഈ നിര്‍ദ്ദേശം വീണ്ടും മുന്നോട്ടുവയ്ക്കുകയായിരുന്നു. എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്ത് വരുന്ന ഓരോപദ്ധതിക്കും എത്രത്തോളം ഭൂമി ഇങ്ങനെ നികത്തേണ്ടിവരുമെന്നതിന്റെ പട്ടികയും ഈ യോഗത്തില്‍ വ്യവസായ വകുപ്പ് സമര്‍പ്പിച്ചിരുന്നു. തൊട്ടടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ നിയമ ഭേദഗതി സംബന്ധിച്ച പ്രസന്റേഷന്‍ വ്യവസായ വകുപ്പ് സെക്രട്ടറി അവതരിപ്പിക്കുകയും ചെയ്തു. നീര്‍ത്തടങ്ങള്‍ നികത്തരുത് എന്നതടക്കമുള്ള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തണമെന്നും വ്യവസായ വകുപ്പ് തീരുമാനിക്കുന്ന ഏതു സ്ഥലവും എമര്‍ജിംഗ് കേരളയിലെ നിരവധി പദ്ധതികള്‍ക്കായി നികത്താന്‍ അവര്‍ക്ക് പൂര്‍ണാവകാശം നല്‍കണമെന്നും അടക്കമുള്ള ഗൗരവകരമായ മാറ്റങ്ങള്‍ ആണ് നിയമ ഭേദഗതിയായി വ്യവസായ വകുപ്പ് നിര്‍ദ്ദേശിച്ചത്.

നിയമത്തിലെ വകുപ്പ് മൂന്നിലും 11 ലും പറയുന്ന നികത്തലിനുള്ള നിരോധനം വ്യവസായ  വകുപ്പ് സെക്രട്ടറി അപ്പപ്പോള്‍ വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങള്‍ക്ക് ബാധകമാക്കരുത്. ടൗണ്‍ പ്ലാനിംഗ് നിയമപ്രകാരം ടൗണ്‍ ആയി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും ഈ നിരോധനം ബാധകമാക്കരുത്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തന്നെ ഏത് പ്രദേശവും വ്യവസായ മേഖലയായി പ്രഖ്യാപിക്കാന്‍ വ്യവസായവകുപ്പിന് അധികാരമുണ്ടാകണം എന്നീ നിര്‍ദ്ദേശങ്ങളും വ്യവസായ വകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.

സെക്ഷന്‍ 10 (2) പ്രകാരം നിലവില്‍ ഒരു പദ്ധതിക്ക് നിലം നികത്താന്‍ അനുമതി ലഭിക്കണമെങ്കില്‍ കൃഷി ഓഫീസറും വില്ലേജ് ഓഫീസറും കൃഷിക്കാരും അടങ്ങിയ പ്രാദേശിക സമിതി ശുപാര്‍ശ ചെയ്യുകയും ഈ പദ്ധതിക്ക് വേറെ ഭൂമി ലഭ്യമല്ലെന്ന് സംസ്ഥാന സമിതി ശുപാര്‍ശ ചെയ്യുകയും വേണം. അപ്രകാരമുള്ള നികത്തല്‍ ആ പ്രദേശത്തെ പരിസ്ഥിതിയെയും ബാക്കിയുള്ള കൃഷിയെയും ദോഷകരമായി ബാധിക്കില്ല എന്ന് ഉറപ്പു ലഭിച്ചാലേ സര്‍ക്കാരിന് നികത്തല്‍ അനുവദിക്കാനാകൂ. എന്നാല്‍ ഈ വ്യവസ്ഥകള്‍ എല്ലാം എടുത്തു കളയാനും സംസ്ഥാന സമിതി ശുപാര്‍ശ ചെയ്യുന്ന ഏത് പൊതു താല്‍പര്യ പദ്ധതിയും സര്‍ക്കാരിന് അംഗീകരിക്കാമെന്നും അതൊന്നുമില്ലെങ്കിലും ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി മാത്രം ശുപാര്‍ശ ചെയ്താലും സര്‍ക്കാരിന് നികത്തല്‍ അംഗീകരിക്കാമെന്നും വ്യവസായ വകുപ്പ് നല്‍കിയ ഭേദഗതി ശുപാര്‍ശയില്‍ പറയുന്നു.

ഇതുകൂടാതെ രണ്ട് പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശയുണ്ട്. സെക്ഷന്‍ 2 (19) പ്രകാരം കേരളത്തിലെ ഏത് പ്രദേശവും വ്യവസായ മേഖലയായി പ്രഖ്യാപിക്കാനും വ്യവസായ പാര്‍ക്ക്, വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ വികസന പ്രദേശം, വ്യവസായ വികസന പ്ലോട്ടുകള്‍, ചെറുകിട വ്യവസായ എസ്‌റ്റേറ്റുകള്‍, വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഐ ടി പാര്‍ക്കുകള്‍, ടൂറിസം, ആരോഗ്യ മേഖലയിലെ വ്യവസായങ്ങള്‍, ഗതാഗത വ്യവസായങ്ങള്‍, മറ്റു സേവന മേഖലാ വ്യവസായങ്ങള്‍  മുതലായവ എന്നിവയ്ക്ക് നെല്‍ വയലും നീര്‍ത്തടവും നികത്താനും അധികാരം നല്‍കണം എന്നുമാണ് നിര്‍ദ്ദേശം.

പൊതു ആവശ്യത്തിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമികള്‍ക്ക് നിയമം ബാധകമാക്കരുത് എന്നും അവിടെ നികത്തല്‍ അനുവദിക്കണമെന്നും ഇതിനായി 3 (3) പുതിയ വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസായ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം റവന്യൂ, കൃഷി വകുപ്പുകള്‍ ഈ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടുവരുന്നതിലും നല്ലത് നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം എടുത്തുകളയലാണെന്നായിരുന്നു ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ആ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യവസായ സെക്രട്ടറിയെ പിന്തുണയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ ഭേദഗതികള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താനായി ഉന്നതതല ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചത്.
(എസ് സന്തോഷ്)

അരങ്ങ് വാഴുന്നത് ഭൂപ്രമാണിമാര്‍

എമര്‍ജിംഗ് കേരളയുടെ വെബ്‌സൈറ്റിലൂടെ ഭൂമി കച്ചവടത്തിന് വ്യവസായ വകുപ്പ് അവസരമൊരുക്കി കൊടുത്തവരുടെ തിരക്കായിരുന്നു ഇന്നലെ കൊച്ചിയില്‍.
ഭൂമി വില്‍ക്കാനും വാങ്ങാനും താല്പര്യമുള്ളവരും മലപ്പുറത്തെ പാണക്കാട് വില്ലേജിലെ പദ്ധതികളുടെ കാര്യത്തില്‍ ആവേശം കൊള്ളുന്നവരും ഒക്കെ 'എമര്‍ജിംഗ് കേരള' അരങ്ങേറിയതിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ ഭൂമി കച്ചവടത്തിന് അവസരമുണ്ടായതിലുള്ള സന്തോഷം അവരില്‍ പലരും തുറന്നു പ്രകടിപ്പിച്ചു. വ്യവസായ വികസനവകുപ്പ് വെബ്‌സൈറ്റില്‍ ലാന്‍ഡ് ബാങ്ക് എന്ന പ്രത്യേക ഇനം തന്നെ ഇതിനായി ഒരുക്കിയിരുന്നു. ഒരേക്കറിന് മുകളില്‍ ഭൂമിയുള്ളവര്‍ക്കായിരുന്നു അവസരം. ലാന്‍ഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഭൂവുടമകളുടെയും ഭൂമിയുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. വ്യവസായ സംരംഭങ്ങള്‍ക്ക് വിലയ്ക്കായാലും പാട്ടത്തിനായാലും ഭൂമി നല്‍കാന്‍ തയ്യാറുള്ളവരെയാണ് ലാന്‍ഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യിച്ചത് എന്നൊക്കെ വ്യവസായ വികസന കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥലം വില്പന മാത്രം ലക്ഷ്യമാക്കിയവരായിരുന്നു രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും. പല ഭൂമിക്കും കോടികള്‍ വില മതിക്കും.

മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കാതുകൂര്‍പ്പിച്ചിരുന്നു ശ്രദ്ധിച്ചിട്ടും കേരളത്തിനായി പുതിയ പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കാതെ പോയതായിരുന്നു ഇന്നലെ നിക്ഷേപക സംഗമ സ്ഥലത്തെ അനൗദ്യോഗിക ചര്‍ച്ച. പ്രധാനമന്ത്രി ആകെ പറഞ്ഞത് ഐ ഐ ടി പരിഗണിക്കുമെന്ന പുതിയതല്ലാത്ത കാര്യം മാത്രം.

ജനങ്ങളെ പറ്റിക്കുന്ന വാദങ്ങള്‍

എമര്‍ജിംഗ് കേരളയുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞുനടക്കുന്ന വാദങ്ങള്‍ ജനത്തെ പറ്റിക്കല്‍. എമര്‍ജിംഗ് കേരളയുടെ മറവില്‍വരുന്ന വ്യവസായങ്ങളെക്കുറിച്ചും അവയ്ക്ക് നല്‍കേണ്ടിവരുന്ന സൗജന്യങ്ങളെക്കുറിച്ചും മുന്‍കൂര്‍ തീരുമാനമെടുത്ത ശേഷമാണ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുന്നതെന്ന് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു.

എമര്‍ജിംഗ് കേരളയില്‍ നടക്കുന്നത് വികസന ചര്‍ച്ച മാത്രമാണെന്നാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പരസ്യമായി അവകാശപ്പെടുന്നത്. അതേസമയം വന്‍ തോതില്‍ സ്ഥലം ഏറ്റെടുക്കലിനും നൂറു കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തലിനും വേണ്ട നീക്കങ്ങള്‍ ഇതിനകംതന്നെ ബഹുദൂരം പിന്നിട്ടു കഴിഞ്ഞു.

നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഈ വിവരം പുറത്തുവിടാതെ സര്‍ക്കാര്‍ സൂക്ഷിച്ചെങ്കിലും ജൂലൈയില്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇത് വിവാദമായപ്പോള്‍ മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയില്‍ നിരവധി പരാതികള്‍ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം ഉദ്ദേശിക്കുന്നത് എന്നുമായിരുന്നു ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ തയ്യാറാവുന്ന പൊളിച്ചെഴുത്തില്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കാനുള്ള വ്യവസ്ഥകളില്ല. വ്യവസായ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ മാത്രമാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിന്റെ ആനുകൂല്യം ലഭിക്കുക വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ്. ആറന്മുള വിമാനത്താവളത്തിനും സര്‍ക്കാരിന്റെ ഈ തീരുമാനം സഹായകമാണ്.

ഇത് സംബന്ധിച്ച് ജൂണില്‍ തീരുമാനമെടുത്ത ശേഷമാണ് പാവപ്പെട്ട കര്‍ഷകര്‍ക്കായാണ് നിയമഭേദഗതിയെന്ന വാദം ജൂലൈയില്‍ ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ചതെന്നതും ശ്രദ്ധേയമാണ്. എല്ലാ കാര്യങ്ങളിലും അണിയറയില്‍ തീരുമാനമെടുത്തശേഷം അവ സുതാര്യമാക്കാനുള്ള നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഇതോടെ വ്യക്തമാകുന്നു. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന വയലുകളും നീര്‍ത്തടങ്ങളും ഏറ്റെടുത്ത് നികത്താനായി അനുവദിക്കണമെന്ന വ്യവസായ വകുപ്പിന്റെ ആവശ്യത്തിനാണ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടുള്ളത്. വര്‍ഷങ്ങളായി തരിശുകിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏത് നെല്‍വയലും നീര്‍ത്തടവും ഏറ്റെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.

എമര്‍ജിങ് കേരള: മുഖ്യമന്ത്രിയെ ലീഗ് വരുതിയിലാക്കി

അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ പുറത്തെടുത്ത ഭീഷണിയുടെ സ്വരം എമര്‍ജിംഗ് കേരളയിലും മുഖ്യമന്ത്രിയെ വരുതിയില്‍ നിര്‍ത്താന്‍ മുസ്ലീംലീഗ് ആയുധമാക്കി. വെബ്‌സൈറ്റില്‍ നിന്നും നീക്കിയ പദ്ധതികളെല്ലാം നിക്ഷേപക സംഗമത്തില്‍ തിരിച്ചെത്തിയത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വ്യക്തമായി. വിവാദം ഭയന്ന് ഒരു പദ്ധതിയും മാറ്റിവെയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുഞ്ഞാലിക്കുട്ടി.

വിവാദമുയര്‍ന്ന പദ്ധതികളൊന്നും എമര്‍ജിംഗ് കേരളയില്‍ വെക്കില്ലെന്ന അഭിപ്രായക്കാരനായിരുന്നു മുഖ്യമന്ത്രി. കാബിനറ്റിലും അദ്ദേഹം ഈ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഭയമുണ്ടെങ്കില്‍ എമര്‍ജിംഗ് കേരള തന്നെ വേണ്ടെന്ന് വെക്കാമെന്നാണ് മുഖ്യമന്ത്രിയെ നോക്കി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ കാബിനറ്റിനുശേഷം ലീഗിന്റെ നിലപാട് ഔദ്യോഗികമെന്ന നിലയില്‍ പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനാവുകയായിരുന്നു.

എമര്‍ജിംഗ് കേരള സംഗമത്തിലേക്ക് ഓരോ വകുപ്പും സമര്‍പ്പിച്ച പദ്ധതികള്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും പദ്ധതിയോട് താല്‍പ്പര്യമുള്ളവരുണ്ടെങ്കില്‍ മുന്നോട്ട് പോകുവാനുമാണ് തീരുമാനം. എമര്‍ജിംഗ് കേരള ഭൂമികച്ചവടമാണെന്ന കള്ളി വെളിച്ചത്താകുമെന്ന ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സ്വീകരിച്ച തന്ത്രം മാത്രമായിരുന്നു പദ്ധതികള്‍ പിന്‍വലിച്ചുകൊണ്ടുള്ള നാടകം. നെല്ലിയാമ്പതി, വാഗമണ്‍ പദ്ധതികള്‍ ഉള്‍പ്പെടെ വിവാദപരമായ പദ്ധതികളെല്ലാം അവതരിപ്പിക്കുമെന്നും പിന്നീടുള്ള കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നുമാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 നിക്ഷേപ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍ വിശ്വാസ്യതയും പ്രായോഗികതയും പരിഗണിച്ചുകൊണ്ടുള്ളതാണെന്നും വിവാദ പദ്ധതികള്‍ ഒഴിവാക്കിയത് വിശദാംശങ്ങള്‍ ലഭിക്കാത്തതിനാലാണെന്നും ഇനി ലഭിക്കുന്ന മുറയ്ക്ക് എല്ലാ പദ്ധതിയും ഉള്‍പ്പെടുത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ നിക്ഷേപസംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു പദ്ധതിയും പിന്‍വലിക്കില്ലെന്നും വെബ്‌സൈറ്റില്‍ നിന്ന് മാറ്റിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും വ്യക്തമായിരിക്കുകയാണ്.
നിക്ഷേപക സംഗമം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതികള്‍ പിന്‍വലിക്കാന്‍ തുടങ്ങിയാല്‍ എമര്‍ജിംഗ് കേരളയുടെ വിശ്വാസ്യത നിക്ഷേപകര്‍ക്ക് നഷ്ടമാകുമെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്.

ഇതിനിടയില്‍ എമര്‍ജിംഗ് കേരളയിലേക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയും കൊണ്ടുവന്നിരിക്കുന്നതും വിവാദമായിട്ടുണ്ട്. കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡ് (കാംകോ) അറിയാതെയാണ് കാംകോയുടെ പദ്ധതി എമര്‍ജിംഗ് കേരള വെബ്‌സൈറ്റില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം കോര്‍പറേഷന്‍ അറിഞ്ഞിട്ടില്ലെന് ചെയര്‍മാന്‍ ചാരുപാറ രവിയുടെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. തന്നോടോ മാനേജ്‌മെന്റിലെ മറ്റാരോടെങ്കിലുമോ കമ്പനിയുടെ ഷെയര്‍ വില്‍പ്പന സംബന്ധിച്ച് ആരും സംസാരിച്ചിട്ടില്ലെന്നും എമര്‍ജിംഗ് കേരളയിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ 'ജനയുഗ'ത്തോട് വ്യക്തമാക്കി.

കൃഷിവകുപ്പിന്റെ കീഴിലുള്ള കാംകോ 1984 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. പവര്‍ ടില്ലര്‍ യൂണിറ്റ് സ്ഥാപിച്ച് കമ്പനിയുടെ മൂല്യവര്‍ദ്ധന നടത്താനാണ് നിക്ഷേപം തേടിയിരിക്കുന്നത്. കാംകോയുടെ 50 ഏക്കറില്‍പരം വരുന്ന ഭൂമി ലക്ഷ്യമാക്കിയുള്ള നീക്കമാണ് എമര്‍ജിംഗ് കേരളയിലൂടെയെന്നാണ് വിമര്‍ശനം. കമ്പനി സ്ഥലങ്ങള്‍ വിദേശ പ്രതിനിധികള്‍ ഉടന്‍ സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.

janayugom 140912

കണ്ണ് ഭൂമിയില്‍; പാട്ടക്കാലാവധി കൂട്ടാന്‍ സമ്മര്‍ദം


എമര്‍ജിങ് കേരള നിക്ഷേപകസംഗമം രണ്ടുനാള്‍ പിന്നിടുമ്പോള്‍ വ്യവസായികള്‍ കണ്ണുവയ്ക്കുന്നത് ഭൂമിയില്‍ തന്നെയെന്ന് കൂടുതല്‍ വ്യക്തമാവുന്നു. വ്യവസായാവശ്യങ്ങള്‍ക്ക് പാട്ടത്തിനു നല്‍കുന്ന ഭൂമിയുടെ പാട്ടക്കാലാവധി 99 വര്‍ഷമാക്കണമെന്ന സമ്മര്‍ദത്തിനുള്ള വേദിയായും നിക്ഷേപകസംഗമം മാറി. പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളില്‍പ്പെടുന്ന വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ചുളുവിലയ്ക്ക് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി വ്യവസായികള്‍ ചരടുവലി തുടങ്ങി. സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവകാശപ്പെട്ട വിവാദപദ്ധതികളായ നിശാക്ലബ്ബിനും മസാജ് പാര്‍ലറിനും ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി വിവിധ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ബംഗളൂരു കേന്ദ്രമായ സിനര്‍ജി ഇമേജസ് എന്ന കമ്പനിയാണ് വാഗമണിലെയും നെല്ലിയാമ്പതിയിലെയും ഭൂമി ലക്ഷ്യംവച്ചുള്ള പദ്ധതികളുമായി രംഗത്തുള്ളത്. വാഗമണില്‍ ഗോള്‍ഫ് കോഴ്സ്, മസാജ് കേന്ദ്രം, ഹോട്ടല്‍, നെല്ലിയാമ്പതിയില്‍ ഹോളിസ്റ്റിക് ആരോഗ്യകേന്ദ്രം, കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ വന്‍കിട ഹോട്ടല്‍ എന്നിവ തുടങ്ങുകയാണ് ഇവരുടെ ലക്ഷ്യം. വെള്ളിയാഴ്ച സര്‍ക്കാര്‍ പ്രതിനിധികളുമായി ഈ ഗ്രൂപ്പിന്റെ പ്രതിനിധി രേണു മല്‍ഹോത്ര ചര്‍ച്ച നടത്തും.

അതേസമയം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളായ വൈദ്യുതി ഉല്‍പ്പാദനം, മാലിന്യസംസ്കരണം എന്നിവയ്ക്കുവേണ്ടിയുള്ള പദ്ധതികളിലൊന്നും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എമര്‍ജിങ് കേരള രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ എന്താണ് ഇതുവരെയുണ്ടായ നേട്ടമെന്ന ചോദ്യത്തിന്, ഇതുവരെയുള്ളവയെക്കുറിച്ച് പറയാനായിട്ടില്ലെന്നും എല്ലാം നാളെ പറയാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും കൂടിയ പങ്കാളിത്തവും വിജയവുമാണ് ഇതുവരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ അവലോകനത്തിന് വ്യാഴാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗം ലെ മെറിഡിയനില്‍ ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനിമിഷം മാറ്റി.
പാട്ടക്കാലാവധി 30 വര്‍ഷമാക്കി ചുരുക്കുമെന്ന സര്‍ക്കാര്‍ നേരത്തെ നടത്തിയ പ്രഖ്യാപനത്തെ രോഷത്തോടെയാണ് വ്യവസായികള്‍ കാണുന്നത്. ഇത്രയും ചുരുങ്ങിയ കാലയളവിലേക്കാണ് ഭൂമി പാട്ടത്തിനു ലഭിക്കുന്നതെങ്കില്‍ മുതല്‍മുടക്ക് തിരിച്ചുകിട്ടില്ലെന്ന് വ്യവസായികള്‍ പരസ്യമായി സര്‍ക്കാര്‍ പ്രതിനിധികളോടു പറഞ്ഞു. പാട്ടക്കാലാവധി 99 വര്‍ഷമാക്കണമെന്ന ആവശ്യമാണ് വിവിധ സെഷനുകളില്‍ വ്യവസായികള്‍ ഉന്നയിച്ചത്. എന്നാല്‍ നിക്ഷേപംകൊണ്ട് സംസ്ഥാനത്തിനുള്ള ഗുണം പരിഗണിച്ചാണ് പാട്ടക്കാലാവധി നിശ്ചയിക്കുകയെന്ന് മന്ത്രി അടൂര്‍ പ്രകാശ് പ്രതികരിച്ചു. അടിസ്ഥാനസൗകര്യവികസനം, നഗരദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മേഖലകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തം തീവ്രമാക്കുമെന്ന പ്രഖ്യാപനവും വ്യാഴാഴ്ചയുണ്ടായി. കേന്ദ്ര ദാരിദ്ര്യനിര്‍മാര്‍ജനമന്ത്രി കുമാരി സെല്‍ജയാണ് ഈ പ്രഖ്യാപനം നടത്തിയത്. പിപിപി പദ്ധതികളല്ലാതെ കേരളത്തിന് മറ്റു മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ മലേഷ്യന്‍ പ്രത്യേക പ്രതിനിധി സ്വാമിവേലുവും ആരോഗ്യമേഖലയിലടക്കം പിപിപി പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു.

നഗര ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം തീവ്രമാക്കും

കൊച്ചി: രാജ്യത്തെ നഗര ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം തീവ്രമാക്കുമെന്ന് കേന്ദ്ര ഭവന-ദാരിദ്ര്യനിര്‍മാര്‍ജന മന്ത്രി കുമാരി സെല്‍ജ പറഞ്ഞു. നഗരങ്ങളിലെ ദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നഗര ഉപജീവന ദൗത്യ(നാഷണല്‍ ലൈവ്ലിഹുഡ് മിഷന്‍)ത്തിന് രൂപംനല്‍കാനും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ആകര്‍ഷകമായ ഭവനപദ്ധതികള്‍ തുടങ്ങാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്- എമര്‍ജിങ് കേരള നിക്ഷേപകസംഗമത്തിന്റെ രണ്ടാംദിനത്തില്‍ വളര്‍ച്ചയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

13-ാം പഞ്ചവത്സരപദ്ധതിയില്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളത്തില്‍ പിപിപി പങ്കാളിത്തം 50 ശതമാനമായി വര്‍ധിപ്പിക്കും. ഇപ്പോള്‍ 30 ശതമാനമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഏക പോംവഴി. വിവിധ സംസ്ഥാനങ്ങളിലെ 350ലേറെ പിപിപി പദ്ധതികള്‍ വഴി 1,56,000 കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കാനായിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ ഗുണഭോക്താക്കളായ ജനങ്ങളെയും ഉള്‍പ്പെടുത്തണം- അവര്‍ പറഞ്ഞു. ആരോഗ്യ-വിനോദസഞ്ചാര മേഖലകളില്‍ കേരളം പിപിപി പദ്ധതികള്‍ നടപ്പാക്കണമെന്ന് മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എസ് സ്വാമി വേലു പറഞ്ഞു. പിപിപി പദ്ധതികള്‍ പലിശരഹിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബൈപാസ് പദ്ധതിക്ക് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സെഷനില്‍ സ്വാഗതം പറഞ്ഞ പൊതുമരാമത്ത്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.

എമര്‍ജിങ് കേരളയുടെ മുഖ്യസംഘാടകന്‍ കേരളം വിടുന്നു

കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറും പരിപാടിയുടെ മുഖ്യസംഘാടകരിലൊരാളുമായ അല്‍കേഷ്കുമാര്‍ ശര്‍മ കേരളം വിടുന്നു. കേന്ദ്രസര്‍വീസില്‍ പ്രവേശിക്കാനായി എമര്‍ജിങ് കേരള സമാപിച്ചതിന്റെ പിറ്റേന്നുതന്നെ അദ്ദേഹം ഡല്‍ഹിക്കു പോകും. എമര്‍ജിങ് കേരളയുടെ സംഘാടനവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിദേശങ്ങളില്‍ നിന്നുള്ള നിക്ഷേപകരുമായി ബന്ധപ്പെട്ടതും അവരെ കൊച്ചയില്‍ എത്തിക്കുന്നതിന് മുഖ്യപങ്കു വഹിച്ചതും അല്‍കേഷ്കുമാര്‍ ശര്‍മയാണ്. എമര്‍ജിങ് കേരളയില്‍ പങ്കെടുത്ത് കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ള വിദേശ കമ്പനികളുമായി തുടര്‍ന്നും ബന്ധപ്പെടാനുള്ള അവസരം ശര്‍മയുടെ സ്ഥലംമാറ്റത്തോടെ നഷ്ടമാവും. അദ്ദേഹത്തിനുപകരം വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സോമസുന്ദരത്തിന് താല്‍ക്കാലിക ചുമതല നല്‍കും.

deshabhimani 140912

അലുവാലിയയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം


കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധമുയരുന്നു. നെല്‍വയലുകള്‍ റിയല്‍ എസ്റ്റേറ്റ് ലോബിക്ക് കാഴ്ചവയ്ക്കാനുള്ള നടപടിക്ക് ഔദ്യോഗികപരിവേഷം നല്‍കുകയാണ് അലുവാലിയ തന്റെ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസനസമിതി ചെയര്‍മാന്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. നെല്‍വയലിന്റെ മൂല്യം കേവലം പണംകൊണ്ട് അളക്കാവുന്നതല്ല. അവ നിലനില്‍ക്കുന്നതുകൊണ്ടാണ് ഭൂഗര്‍ഭജലം നിലനിര്‍ത്താന്‍ സാധിക്കുന്നത്. പാരിസ്ഥിതികസന്തുലനത്തിന് നെല്‍വയല്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കേരളത്തില്‍ 10 ലക്ഷം ഹെക്ടറുണ്ടായിരുന്ന നെല്‍ക്കൃഷി ഇപ്പോള്‍ ഒന്നേകാല്‍ലക്ഷം ഹെക്ടര്‍ മാത്രമാണ്. ബാക്കിയുള്ളവ തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

കേരളത്തിലെ നെല്‍വയലുകള്‍ ഭക്ഷണം മാത്രമല്ല തരുന്നതെന്നും പരിസ്ഥിതി സന്തുലനത്തില്‍ അതിലും വളരെ വലിയ പങ്ക് അവ വഹിക്കുന്നുണ്ടെന്നും മുന്‍ കൃഷി ഡയറക്ടര്‍ ഡോ. ആര്‍ ഹേലി പറഞ്ഞു. അത് കണക്കിലെടുക്കാതെയാണ് അലുവാലിയയെപ്പോലുള്ളവര്‍ അഭിപ്രായം പറയുന്നത്. സംസ്ഥാനത്ത് കുറഞ്ഞത് അഞ്ചുലക്ഷം ഹെക്ടര്‍ സ്ഥലത്തെങ്കിലും നെല്‍ക്കൃഷി വേണം. അല്ലെങ്കില്‍ കേരളത്തില്‍ ഉണ്ടാവുക ഭക്ഷ്യക്ഷാമമായിരിക്കില്ല; കുടിവെള്ളക്ഷാമമായിരിക്കും. വെള്ളം മറ്റു സ്ഥലങ്ങളില്‍നിന്ന് വാങ്ങേണ്ട സ്ഥിതിയിലെത്തും നമ്മള്‍. കേരളം രൂപീകരിച്ച സമയംമുതല്‍ ആസൂത്രണകമീഷന്‍ കൃഷിയുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. കേരളം ഭക്ഷ്യവിളകളില്‍ ശ്രദ്ധിക്കേണ്ട, നാണ്യവിളകളുടെ ഉല്‍പ്പാദനം കൂട്ടാന്‍ ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു ആസൂത്രണകമീഷന്‍ നിലപാട്. സബ്സിഡി ഉപേക്ഷിക്കണമെന്ന അലുവാലിയയുടെ അഭിപ്രായം നടപ്പിലായാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിച്ചുപോവുന്ന അവസ്ഥയുണ്ടാകും. ഇത്തരം അഭിപ്രായങ്ങള്‍ ആസൂത്രണം എന്ന് പറയാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.

കൃഷിഭൂമി ഒട്ടാകെ വ്യാവസായികഭൂമിയാക്കുക എന്ന നയമാണ് മൊണ്ടേക്സിങ് അലുവാലിയയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. ഇതിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണ്. അലുവാലിയക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒന്നും മിണ്ടാത്തത് ഇതിനു തെളിവാണ്. കേരളത്തില്‍ കൂലി കൂടുതലാണെന്നും അതിനാല്‍ ഭക്ഷ്യസാധനങ്ങള്‍ പുറത്തുനിന്ന് വാങ്ങാനാവുമെന്ന വാദവും അംഗീകരിക്കാനാവില്ല. കേരളത്തിലുള്ളവര്‍ അവരുടെ പണം ഉപയോഗിച്ച് ഇവിടെയുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ തദ്ദേശീയസമ്പദ്ഘടനയെയാണ് ശക്തിപ്പെടുത്തുന്നത്. ഇത്ര ലളിതമായ വസ്തുതപോലും ആസൂത്രണകമീഷന്‍ മേധാവിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.


വന്‍ ഗൂഢാലോചന: വി എസ്

കേരളത്തില്‍ നെല്‍കൃഷി വേണ്ടെന്നും ആ ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുമുള്ള ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയയുടെ പ്രസ്താവനയ്ക്കുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആഗോളനിക്ഷേപകരുടെ സംഗമം വിളിച്ചുകൂട്ടി കേരളത്തിലെ നെല്‍വയലുകള്‍ വ്യവസായങ്ങളുടെപേരില്‍ നികത്തണമെന്ന് ഇന്ത്യയുടെ ആസൂത്രണത്തിന്റെ ചുക്കാന്‍പിടിക്കുന്നവര്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സാക്ഷിയാക്കി പ്രഖ്യാപിക്കുകയാണ്. സംസ്ഥാനം ഏകകണ്ഠമായി പാസാക്കിയ നിയമത്തിന് വിരുദ്ധമായാണ് ഈ പ്രഖ്യാപനം. സംഗമത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതികളുടെ കൂട്ടത്തില്‍നിന്ന് ഇത് നീക്കംചെയ്യാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. അന്ന് ഇത് നിഷേധിച്ച മുഖ്യമന്ത്രി അലുവാലിയയുടെ പ്രസ്താവന തിരുത്താന്‍ തയ്യാറാകാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.50 വര്‍ഷംമുമ്പ് ഒമ്പതുലക്ഷം ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 2,30,000 ഏക്കര്‍ നെല്‍വയല്‍ മാത്രമാണ്. ഇതേദിവസം ആറന്മുള എയര്‍പോര്‍ട്ടിന്റെപേരില്‍ നിയമം മറികടന്ന് വയല്‍ നികത്താനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. 2005നുമുമ്പ് നികത്താമെന്ന് ഉമ്മന്‍ചാണ്ടിയും 2012ലും നികത്താം എന്ന് മന്‍മോഹന്‍സിങ്ങും പറയുന്നതോടെ കേരളത്തിലെ നെല്‍വയലുകള്‍ അപ്രത്യക്ഷമാകും. കുടിവെള്ളവും ഇല്ലാതാകും. ആറന്മുളയില്‍ നെല്‍വയല്‍ നികത്താനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കും. ലോകബാങ്കിന്റെ തീട്ടൂരവും വാങ്ങി ഇത്തരം വികലമായ ആസൂത്രണസങ്കല്‍പ്പവുമായി പറന്നിറങ്ങുന്നവര്‍ പറയുന്നതുകേട്ട് കേരളത്തിന്റെ മണ്ണും പ്രകൃതിസമ്പത്തും കൊള്ളയടിക്കാമെന്ന് ആരും കരുതേണ്ട. ഇതിനെതിരായ പോരാട്ടത്തിന് എല്ലാവരും അണിനിരക്കണം-വി എസ് ആവശ്യപ്പെട്ടു.


തലതിരിഞ്ഞ ഉപദേശം: കര്‍ഷകസംഘം

കേരളത്തില്‍ നെല്‍ക്കൃഷി വേണ്ടെന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ പ്രഖ്യാപനം കേരളീയരോടാകെയുള്ള വെല്ലുവിളിയാണെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനും സെക്രട്ടറി കെ വി രാമകൃഷ്ണനും പ്രസ്താവനയില്‍ പറഞ്ഞു.

അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ഭൂമി വിറ്റുതുലയ്ക്കാനുള്ള "എമര്‍ജിങ് കേരള"യുടെ സംഘാടകര്‍ക്കുവേണ്ടിയുള്ള ഉപദേശമാണ് അലുവാലിയ നല്‍കിയത്. കേരളത്തിന്റെ പച്ചപ്പിന്റെ അന്ത്യകൂദാശയാണ് യുഡിഎഫ് സര്‍ക്കാര്‍ അലുവാലിയയെക്കൊണ്ട് നടത്തിക്കുന്നത്. നാല്‍പ്പതുകൊല്ലംകൊണ്ട് 6,60,000 ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ നികത്തപ്പെട്ട നാടാണ് കേരളം. ഏതുവിധേനയും നെല്‍കൃഷിയും തണ്ണീര്‍ത്തടങ്ങളും അതിലൂടെ നമ്മുടെ പ്രകൃതി സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നശീകരണം നടത്തുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. കേരളത്തിലെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരെ രംഗത്തുവരണം."എമര്‍ജിങ് കേരള"യുടെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രണംചെയ്ത വന്‍ ഭൂമിക്കച്ചവടത്തില്‍ വലിയൊരു ഭാഗം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമാണ്. അതിന് സാധുത നല്‍കാനുള്ളതാണ് ആസൂത്രണകമീഷന്റെ തലതിരിഞ്ഞ ഉപദേശം. നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ വാശിക്ക് ചൂട്ടുപിടിച്ചുകൊടുക്കുകയാണ് അലുവാലിയ. അരിഭക്ഷണം കഴിക്കുന്ന ഒരാള്‍ക്കും ഈ നീക്കം അംഗീകരിക്കാനാവില്ല. കര്‍ഷകര്‍ക്കനുകൂലമായി ചിന്തിക്കുന്നതിന് പകരം കൃഷിതന്നെ അവസാനിപ്പിക്കാനുള്ള ഉപദേശമാണിത്- ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്കു വേണ്ടി: സുധീരന്‍

തിരു: ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളുമായി രംഗത്തുവന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ കേരളീയരെ അപമാനിച്ചിരിക്കയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്ന അലുവാലിയയുടെ പ്രസ്താവന സംസ്ഥാനതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഭക്ഷ്യസുരക്ഷ. കേരളത്തില്‍ അനുദിനം നെല്‍വയല്‍ വിസ്തൃതിയും നെല്ലുല്‍പ്പാദനവും കുറയുകയാണ്. ഈ അവസരത്തില്‍ അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്ക് കരുത്തു പകരും. അതുകൊണ്ടുതന്നെ അലുവാലിയയുടെ പ്രസ്താവന ധിക്കാരത്തിന്റെ ശബ്ദമാണ്. കേരളത്തിന് ഭക്ഷ്യ സുരക്ഷ ആവശ്യമില്ലെന്ന പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം-സുധീരന്‍ പറഞ്ഞു.

കേരളത്തോടുള്ള വെല്ലുവിളി: കെഎസ്കെടിയു

കേരളത്തിന്റെ മുന്‍ഗണനയില്‍നിന്ന് നെല്‍ക്കൃഷിയെ മാറ്റണമെന്ന ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ ആവശ്യം കേരളജനതയോടുള്ള വെല്ലുവിളിയാണെന്ന് കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അരി മുഖ്യആഹാരമായ കേരളത്തില്‍ ആവശ്യമായതിന്റെ പത്തിലൊന്നുപോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉള്ള നെല്‍ക്കൃഷിയും ഉപേക്ഷിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്ന് അരി ഇറക്കുമതിചെയ്യാന്‍ നിര്‍ദേശിക്കുന്ന ആസൂത്രണ പാടവം മനസ്സിലാകുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുമായി കൂട്ടിവായിക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളികളോടും ഇടത്തരം കര്‍ഷകരോടുമുള്ള നയമാണ് ഈ അഭിപ്രായത്തിലൂടെ വ്യക്തമാകുന്നത്. നെല്‍വയലുകള്‍ നികത്തപ്പെടുന്നതുമൂലം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുകയും കാലാവസ്ഥ മാറുകയും ചെയ്യുന്നു. നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ച്് കേരളത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനു പകരം നാടിനെ എമര്‍ജിങ്ങിന്റെ പേരില്‍ ഭൂമാഫിയകള്‍ക്ക് വിറ്റുതുലയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ കേരളത്തില്‍ അത് നടപ്പാക്കാന്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അനുവദിക്കില്ല. കേരളത്തിന്റെ പ്രകൃതി സന്തുലിതാവസ്ഥ തകിടംമറിക്കുന്ന, ഭക്ഷ്യോല്‍പ്പാദനം തകര്‍ക്കുന്ന തീരുമാനം എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ട് വരുമെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവനും ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.


അലുവാലിയയുടെ വിവാദപരാമര്‍ശം കേട്ടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: എമര്‍ജിങ് കേരള വേദിയില്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ നടത്തിയ വിവാദ പരാമര്‍ശം താന്‍ കേട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ കാര്‍ഷികമേഖല ആധുനീകരിക്കണമെന്നാണ് അലുവാലിയ പറഞ്ഞതെന്നും വിവാദ പരാമര്‍ശമൊന്നും അദ്ദേഹം നടത്തിയിട്ടില്ലെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ 16 ഇന ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയ കാര്യം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും ഇതു പറഞ്ഞത്. സംസ്ഥാനത്ത് ഐഐടി സ്ഥാപിക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സഹായം അനുവദിക്കുക, വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നതില്‍ ബാങ്കുകളുടെ അനധികൃത നടപടി അവസാനിപ്പിക്കുക, എയര്‍ കേരള സ്ഥാപിക്കുന്നതിലെ തടസ്സം നീക്കുക, മലയാളത്തിന് ക്ലാസിക്കല്‍പദവി അനുവദിക്കുക തുടങ്ങി 13 ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുഭാവത്തോടെ പ്രതികരിച്ചു. അഞ്ച് ബൈപാസുകള്‍ ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യവും എസ്സി-എസ്ടി മെഡിക്കല്‍ കോളേജ് സ്ഥാപിക്കലും ഫ്ളൈ ഓവറുകളുടെ നിര്‍മാണവും സംബന്ധിച്ച് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ എം മാണി, കെ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അലുവാലിയയുടെ പ്രസ്താവന കേരളത്തിന്റെ വീര്യം കെടുത്തുന്നത്: പി സി തോമസ്

കൊച്ചി: കേരളത്തില്‍ നെല്‍ക്കൃഷി വേണ്ടെന്ന ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയുടെ പ്രസ്താവന കേരളജനതയുടെ വീര്യംകെടുത്തുന്നതാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് പറഞ്ഞു. കേരളത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് നിരുത്തരവാദപരമായ പ്രസ്താവന. കേരളത്തിലെ കര്‍ഷകരോടും കാര്‍ഷികമേഖലയോടുമുള്ള തികഞ്ഞ അവഗണനയാണിത്. സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന നിലപാട് കര്‍ഷകര്‍ക്കോ കാര്‍ഷികമേഖലയ്ക്കോ ഗുണകരമല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് പി സി തോമസ് പറഞ്ഞു.


deshabhimani 140912