Showing posts with label പെന്‍ഷന്‍. Show all posts
Showing posts with label പെന്‍ഷന്‍. Show all posts

Tuesday, April 22, 2014

ഇപിഎഫ് പെന്‍ഷന്‍ വര്‍ധന: കാത്തിരിപ്പ് നീളും

ന്യൂഡല്‍ഹി: ഇപിഎഫ് പദ്ധതിയിലെ കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തിലാകല്‍ ഒരുവര്‍ഷംവരെ വൈകിയേക്കും. സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാലാണിത്. ഏപ്രില്‍ ഒന്നിന് പദ്ധതി നിലവില്‍വരുമെന്നായിരുന്നു പ്രഖ്യാപനം. ഇപിഎഫ് അംഗമാകാനുള്ള ശമ്പളപരിധി 6500ല്‍ നിന്ന് 15000 ആക്കിയതും അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 28നാണ് മന്ത്രിസഭ തീരുമാനമെടുത്തതെങ്കിലും രണ്ടു മാസമായിട്ടും തൊഴില്‍മന്ത്രാലയം വിജ്ഞാപനം ഇറങ്ങിയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപനങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍, പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചിട്ടും നടപടികള്‍ ഉണ്ടായില്ല. പുതിയ പെന്‍ഷനും ഇപിഎഫ് ശമ്പളപരിധി ഉയര്‍ത്തലും നടപ്പാക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഇപിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരോട് രണ്ടാം യുപിഎ സര്‍ക്കാര്‍ തുടരുന്ന വഞ്ചനയ്ക്ക് മറ്റൊരു തെളിവാണിത്. വീണ്ടും അധികാരം ലഭിച്ചാല്‍ ഇടത്തരക്കാരില്‍ താഴെയുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെടുന്നുണ്ട്.

എന്നാല്‍, നിലവില്‍ സര്‍ക്കാരിന് എളുപ്പത്തില്‍ ചെയ്യാനാകുന്ന കാര്യംപോലും അട്ടിമറിക്കുകയാണ് എന്നതാണ് സത്യം. ട്രേഡ് യൂണിയനുകള്‍ അഞ്ചുവര്‍ഷമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പിലെങ്കിലും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കിയത്. 2009നു ശേഷമുള്ള എല്ലാ പ്രക്ഷോഭങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന ഇപിഎഫ് ട്രസ്റ്റ് യോഗത്തില്‍ ഈ ആവശ്യത്തോട് തൊഴില്‍മന്ത്രി യോജിച്ചു. തുടര്‍ന്ന് മന്ത്രിസഭയും അനുമതി നല്‍കി. കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കുന്നതിന്റെ പ്രയോജനം 27 ലക്ഷം പേര്‍ക്കാണ് കിട്ടേണ്ടത്. ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്തിയുള്ള തീരുമാനം നടപ്പാക്കാതിരുന്നാല്‍ ഓരോ തൊഴിലാളിക്കും പ്രതിമാസം ആയിരം രൂപ വീതമാണ് നഷ്ടപ്പെടുക.

ഇതിന്റെ നേട്ടം തൊഴിലുടമകള്‍ക്കാണ്. അതേസമയം, കോര്‍പറേറ്റുകള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രമന്ത്രിമാര്‍ ഭരണത്തിന്റെ അവസാനാളുകളിലും കഠിനാധ്വാനത്തിലായിരുന്നു. പുതിയ ബാങ്കിങ് ലൈസന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു സമയത്തും തീരുമാനമെടുത്തു.

deshabhimani

Sunday, April 6, 2014

പിഎഫ് വിഹിതത്തിന് അടിസ്ഥാന ശമ്പളം മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കേന്ദ്രം

ജീവനക്കാരുടെ പിഎഫ് വിഹിതം നിശ്ചയിക്കാന്‍ അടിസ്ഥാന ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ചേര്‍ത്ത് കണക്കാക്കണമെന്ന നിര്‍ദേശം നടപ്പാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നിര്‍ദേശം തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് തൊഴില്‍ മന്ത്രാലയം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടന(ഇപിഎഫ്ഒ)യോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെയും ജീവനക്കാരുടെയും കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കാത്തതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാര്‍ സ്വകാര്യ തൊഴിലുടമകളെ പ്രീണിപ്പിക്കുന്ന നടപടിക്ക് മുതിര്‍ന്നത്. ഇതോടെ ജീവനക്കാരുടെ പിഎഫ് വിഹിതത്തിലേക്ക് കൂടുതല്‍ തുക അടയ്ക്കേണ്ട ബാധ്യതയില്‍നിന്ന് തൊഴിലുടമകള്‍ ഒഴിവാകും. ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പിഎഫ് സമ്പാദ്യത്തിലേക്ക് കൂടുതല്‍ പണം അടയ്ക്കാനുള്ള അവസരവും നഷ്ടമാവും.

പിഎഫ് വിഹിതം കണക്കാക്കാന്‍ അടിസ്ഥാനശമ്പളത്തോടൊപ്പം ജീവനക്കാരുടെ മറ്റെല്ലാ ആനുകൂല്യങ്ങളും ചേര്‍ക്കണമെന്ന് 2012 നവംബര്‍ മുപ്പതിന് ഇപിഎഫ്ഒ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പല തൊഴില്‍സ്ഥാപനങ്ങളും ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കുറച്ചുകാണിച്ച് കൂടുതല്‍ പണം വിവിധ ആനുകൂല്യങ്ങളായി നല്‍കുന്നത് പരിഗണിച്ചായിരുന്നു ഈ നിര്‍ദേശം. എന്നാല്‍, തൊഴിലുടമകള്‍ ഇതിനെതിരെ രംഗത്തുവന്നു. ഇതോടെ പ്രശ്നം പരിശോധിക്കുന്നതിനായി ഇപിഎഫ്ഒ ഉപസമിതിയെ നിയോഗിച്ചു. അടിസ്ഥാന ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും കണക്കാക്കി പിഎഫ് വിഹിതം നിശ്ചയിക്കണമെന്നാണ് ഉപസമിതിയും നിര്‍ദേശിച്ചത്. തൊഴില്‍മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചെങ്കിലും ഈ ശുപാര്‍ശയാണ് ഇപ്പോള്‍ മരവിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടത്.

പിഎഫ് വിഹിതത്തിലേക്ക് ശമ്പളത്തിന്റെ 12 ശതമാനം തുക വീതമാണ് ജീവനക്കാരും തൊഴിലുടമയും അടയ്ക്കുന്നത്. അടിസ്ഥാനശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും കൂടി ചേര്‍ക്കുന്നതോടെ തൊഴിലുടമകള്‍ കൂടുതല്‍ വിഹിതം നല്‍കേണ്ടി വരും. എന്നാല്‍,ഈ നിര്‍ദേശം നടപ്പാക്കാതിരിക്കാന്‍ വിചിത്രമായ ന്യായമാണ് തൊഴില്‍മന്ത്രാലയം ഉന്നയിക്കുന്നത്. അടിസ്ഥാനശമ്പളത്തോടൊപ്പം ആനുകൂല്യങ്ങളും ചേര്‍ത്ത് പിഎഫ് വിഹിതം നിശ്ചയിച്ചാല്‍ ജീവനക്കാര്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളത്തുക കുറയുമെന്ന വാദമാണ് തൊഴില്‍മന്ത്രാലയത്തിന്്. കുറഞ്ഞ പിഎഫ് പെന്‍ഷന്‍ ആയിരം രൂപയാക്കാനും പിഎഫ് ശമ്പളപരിധി 6500ല്‍ നിന്ന് 15000 രൂപയാക്കാനും ഫെബ്രുവരിയില്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഗുണകരമായ തീരുമാനം ഇതുവരെ തൊഴില്‍ മന്ത്രാലയം നടപ്പാക്കിയിട്ടില്ല. അതേസമയം തൊഴിലുടമകള്‍ ആവശ്യം ഉടനടി നടപ്പാക്കുകയായിരുന്നു.

സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ തീരുമാനം ശക്തമായി എതിര്‍ക്കുമെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര തൊഴില്‍മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസും മത്സരരംഗത്തുള്ള സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഇതിന് മറുപടി പറയണം. ജീവനക്കാരും തൊഴിലാളികളും ബാലറ്റിലൂടെ കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

Saturday, March 22, 2014

മിനിമം പെന്‍ഷന്‍ വര്‍ധന വിജ്ഞാപനം ഇറക്കാത്തതില്‍ പ്രതിഷേധിക്കുക: സിഐടിയു

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍ 1,000 രൂപയായി വര്‍ധിപ്പിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തുന്നതിനും പദ്ധതി വിപുലീകരിക്കുന്നതിനും ശുപാര്‍ശചെയ്ത് ഇപിഎഫ് കേന്ദ്രബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇപിഎഫ് പദ്ധതിക്ക് കീഴിലുള്ള മിനിമം പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളിവര്‍ഗം അഞ്ചു വര്‍ഷത്തിലേറെയായി പ്രക്ഷോഭത്തിലാണ്. 2009 മുതല്‍ കേന്ദ്ര തൊഴിലാളിസംഘടനകളും ദേശീയ ഫെഡറേഷനുകളും നടത്തിവരുന്ന സമരങ്ങള്‍ക്ക് ആധാരമായ 10 ആവശ്യങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിസംഘടനകള്‍ക്ക് കഴിഞ്ഞ മേയില്‍ ഉറപ്പ് നല്‍കിയിരുന്നു. മിനിമം പെന്‍ഷന്‍ 1,000 രൂപയായും പെന്‍ഷന് അര്‍ഹമാകുന്നതിനുള്ള വരുമാന പരിധി 15,000 രൂപയായും ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, തുടര്‍നടപടികള്‍ സ്വകരിക്കാതിരുന്നതിനു പിന്നില്‍ കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനമാണ് പ്രകടമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani

Sunday, March 16, 2014

പദ്ധതി നടപ്പാക്കാതെ യുപിഎ സര്‍ക്കാര്‍

ഇപിഎഫ് പദ്ധതിപ്രകാരമുള്ള കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാതെ യുപിഎ സര്‍ക്കാര്‍ തൊഴിലാളികളെയും ആശ്രിതരെയും വഞ്ചിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള 27 ലക്ഷം പേര്‍ക്ക് പ്രയോജനമാകേണ്ട തീരുമാനം ഏപ്രില്‍ ഒന്നിനാണ് നിലവില്‍വരേണ്ടത്. മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്താനും അംഗത്വത്തിനുള്ള ശമ്പളപരിധി വര്‍ധിപ്പിക്കാനും ഫെബ്രുവരി അഞ്ചിനുചേര്‍ന്ന ഇപിഎഫ് കേന്ദ്രട്രസ്റ്റ് ബോര്‍ഡ് ഏകകണ്ഠമായി ശുപാര്‍ശചെയ്തിരുന്നു. കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തോതില്‍ പ്രചാരണവും നടത്തി. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.

ട്രേഡ്യൂണിയനുകള്‍ അഞ്ചുവര്‍ഷമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പെങ്കിലും കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചത്. 2009നുശേഷം നടത്തിയ എല്ലാ പ്രക്ഷോഭങ്ങളിലും ഈ ആവശ്യം ഉന്നയിച്ചു. കുറഞ്ഞ പെന്‍ഷന്‍ വര്‍ധിപ്പിക്കാനും പിഎഫ് അംഗമാകാനുള്ള ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്താനും തുടര്‍ന്ന് മന്ത്രിസഭ അനുമതി നല്‍കി. എന്നാല്‍, ഇത് നടപ്പാക്കാനുള്ള വിജ്ഞാപനം ഇറക്കാന്‍ തൊഴില്‍മന്ത്രാലയവും ഇപിഎഫും തുടര്‍നടപടിയൊന്നും എടുക്കുന്നില്ല. ചെറുകിട വ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം, പുതിയ ബാങ്കിങ് ലൈസന്‍സ്, പ്രകൃതിവാതകവില വര്‍ധിപ്പിക്കല്‍ തുടങ്ങി കോര്‍പറേറ്റുകള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഭരണത്തിന്റെ അവസാനാളുകളിലും കഠിനാധ്വാനം ചെയ്യുകയാണ്. എന്നാല്‍, ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിക്കായി ആരും മുന്‍കൈയെടുക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെ സിഐടിയു അപലപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ തീരുമാനം എടുത്ത ഈ വിഷയത്തില്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍സെന്നും അഭ്യര്‍ഥിച്ചു.

deshabhimani

Wednesday, February 5, 2014

പെന്‍ഷന്‍ഫണ്ട് രൂപീകരണ നിര്‍ദേശം തള്ളിക്കളയണം: എന്‍ജിഒ യൂണിയന്‍

നിലവിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് ജീവനക്കാരില്‍നിന്ന് നിശ്ചിത തുക ഈടാക്കി പെന്‍ഷന്‍ഫണ്ട് രൂപീകരിക്കണമെന്ന സംസ്ഥാന ധന എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാനകില്ലെന്ന് കേരള എന്‍ജിഒ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2013 ഏപ്രില്‍ 1 മുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയപ്പോള്‍ത്തന്നെ നിലവിലുള്ള ജീവനക്കാര്‍ക്കും ഭഭാവിയില്‍ ഇത് ബാധകമാകുമെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കം നടത്തിയത്. പണിമുടക്കില്‍ ജീവനക്കാരുന്നയിച്ച ആശങ്ക ശരിയായിരുന്നെന്ന് എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിലൂടെ വ്യക്തമായി. നിലവിലുള്ള ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ഫണ്ട് രൂപീകരിക്കാനുള്ള നിര്‍ദേശം തള്ളിക്കളയണമെന്ന് എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. പ്രതിലോമകരമായ നിര്‍ദേശം തള്ളിക്കളഞ്ഞില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Friday, January 10, 2014

നിയമസാധുതയുള്ള കൊള്ളയടി: സുകോമള്‍ സെന്‍

കൊച്ചി: തൊഴിലാളികളുടെയും ജീവനക്കാരുടെയും പണം നിയമപ്രാബല്യത്തോടെ കൊള്ളയടിക്കുന്നതിനുള്ള അവസരമാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ മുതലാളിത്വത്തിനും കുത്തകകള്‍ക്കും ഒരുക്കുന്നതെന്ന് അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ദേശീയ ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സുകോമള്‍ സെന്‍ പറഞ്ഞു. 31ന് നാഗ്പുരില്‍ ചേരുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും ദേശീയ സമ്മേളനം ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് രൂപംനല്‍കും. എഫ്എസ്ഇടിഒ എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ സംരക്ഷണ സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ "നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ ഭരണഘടനാപരമായ അവകാശം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പെട്ടിക്കട തുടങ്ങാന്‍പോലും ആയിരങ്ങള്‍ മുടക്കേണ്ടപ്പോള്‍ ഒരു മൂലധനവും ഇല്ലാതെ തൊഴിലാളികളുടെയടക്കംപോക്കറ്റില്‍ കൈയിടാനുള്ള അവസരമാണ് പുതിയ പെന്‍ഷന്‍ സമ്പ്രദായം. ജീവനക്കാരുടെ പണം ഓഹരിവിപണിയിലും ഇതര മൂലധനത്തിലും അവരറിയാതെ ഉപയോഗിക്കപ്പെടും. എത്ര തുക പെന്‍ഷന്‍ ലഭിക്കുമെന്ന ഉറപ്പുപോലുമില്ല. ഭാവിയില്‍ പെന്‍ഷന്‍പോലും ഇല്ലാത്ത സ്ഥിതി ഉണ്ടാകും. തുല്യജോലിക്ക് തുല്യവേതനമെന്ന ഭരണഘടനാ തത്വമാണ് ഇതുവഴി അട്ടിമറിക്കപ്പെടുന്നത്. സര്‍ക്കാര്‍ പെന്‍ഷന്‍ പണം നിക്ഷേപിക്കുന്ന ബാങ്കോ ഓഹരിവിപണിയോ തകര്‍ന്നാല്‍ ആരാണ് പണം തിരികെ നല്‍കുക. ഈ ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്.

എളമരം കരീം 

എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് "പെന്‍ഷന്‍ സംരക്ഷണം പ്രക്ഷോഭത്തിന്റെ അനിവാര്യത" എന്ന വിഷയത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് വര്‍ഷത്തില്‍ 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ നല്‍കുമ്പോഴാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ കവരുന്നത്. രാജ്യത്തെ 50 കോടിയോളം തൊഴിലാളികളില്‍ 45 കോടി പേര്‍ക്കും ആനുകൂല്യവും ജോലിസുരക്ഷിതത്വവും ജോലിസ്ഥിരതയുമൊന്നും ഇല്ലാത്ത സ്ഥിതിയാണ്. ഇന്ത്യയില്‍ ആനുകൂല്യം അനുഭവിക്കുന്ന തൊഴിലാളികള്‍പോലും ആഴ്ചയില്‍ 48 മണിക്കൂര്‍ പണിചെയ്യേണ്ടി വരുമ്പോള്‍ വികസിത രാജ്യങ്ങളില്‍ 35 മണിക്കൂര്‍ ജോലിചെയ്താല്‍ മതി. മാധ്യമങ്ങള്‍ ജനകീയസമരങ്ങളെ കണ്ടില്ലെന്നു നടിച്ച് അരാജകസമരങ്ങളെ ബോധപൂര്‍വം വാഴ്ത്തുകയാണ്. ലോകശ്രദ്ധ ആകര്‍ഷിച്ച ദ്വിദിന പണിമുടക്കിനു പിന്നാലെ ഡിസംബറില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഭൂരിപക്ഷം മാധ്യമങ്ങളും തമസ്കരിച്ചത് സമരം ഉദാരവല്‍ക്കരണ നയത്തിന് എതിരായതിനാലാണ്. അതേസമയം ഹസാരെയുടെയും രാംദേവിന്റെയുമൊക്കെ പെട്ടെന്ന് പൊട്ടിമുളയ്ക്കുന്ന സമരത്തിന് ഇവര്‍ അമിത പ്രാധാന്യം നല്‍കുന്നു. ചെങ്ങറസമരത്തെ പിന്തുണയ്ക്കുന്നവര്‍ വയനാട്ടിലെ ആദിവാസി ക്ഷേമസമിതിയുടെ ഭൂസമരത്തെ കണ്ടില്ലെന്നു നടിക്കുന്നു.

deshabhimani

Wednesday, October 23, 2013

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സിവില്‍ സര്‍വീസിന്റെ അന്ത്യംകുറിക്കും: പി കെ ഗുരുദാസന്‍

കൊല്ലം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുന്നതോടെ സിവില്‍ സര്‍വീസിന്റെ ഭാവി ഇല്ലാതാകുമെന്ന് പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. എഫ്എസ്ഇടിഒ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാകുമ്പോഴും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും ക്രിമിനലുകളുടെ താവളമാക്കി സ്വന്തം ഓഫീസുകള്‍ മാറ്റി രാഷ്ട്രീയജീര്‍ണതയുടെ പര്യായമായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി അലോഷ്യസ് (എന്‍ജിഒ യൂണിയന്‍), ടി എന്‍ ബാബുരാജ് (കെഎസ്ടിഎ), ബിന്ദു (കെജിഒഎ), മുരുകന്‍ (കെഎംസിഎസ്യു), രാജേന്ദ്രപ്രസാദ് (പിഎസ്സിഇയു) എന്നിവര്‍ സംസാരിച്ചു.

പ്രായാനുസൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം: കോടിയേരി

കൊല്ലം: പ്രായം കൂടിയവര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ എന്ന കേന്ദ്രതീരുമാനം സംസ്ഥാന സര്‍ക്കാരും നടപ്പാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ജില്ലാ നേതൃശില്‍പ്പശാല കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

ആറാം ശമ്പളകമീഷന്റെ ശുപാര്‍ശ പ്രകാരം എണ്‍പതില്‍ കൂടുതല്‍ പ്രായമുള്ള കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനില്‍ ആനുപാതിക വര്‍ധന നല്‍കുന്നു. നൂറു വയസ്സു കഴിഞ്ഞവര്‍ക്ക് നൂറു ശതമാനം അധിക പെന്‍ഷനാണ് നല്‍കുന്നത്. സംസ്ഥാനത്ത് നൂറുവയസ്സു കവിഞ്ഞ 619 പെന്‍കന്‍കാരുണ്ടെന്നാണ് കണക്ക്. വൃദ്ധരോട് അല്‍പ്പമെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ മറ്റെല്ലാ സംസ്ഥാനവും അംഗീകരിച്ച കേന്ദ്രതീരുമാനം സംസ്ഥാനത്തു നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണം. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ സമസ്ത ജനവിഭാഗങ്ങളും കടുത്ത ജീവിതപ്രതിസന്ധി നേരിടുന്ന കാലമാണിതെന്നും കോടിയേരി പറഞ്ഞു.

അവശ്യസാധനവില നിത്യേന വര്‍ധിക്കുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും തീവിലയായി. ബസ്, ട്രെയിന്‍ യാത്രക്കൂലി കൂട്ടി. മരുന്നുവില ഉയരുന്നത് വൃദ്ധജനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. ഇപ്പോള്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പെന്‍ഷന്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയാണെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള പെന്‍ഷന്‍ ഫണ്ട് 50,000 കോടിയില്‍ 12,000 കോടി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു. പങ്കാളിത്ത പെന്‍ഷനുവേണ്ടി പെന്‍ഷന്‍കാരില്‍നിന്നു പിടിച്ച വിഹിതം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ട്രഷറിയില്‍ നിക്ഷേപിച്ചിട്ടില്ല. ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. പാവപ്പെട്ട പെന്‍ഷന്‍കാരുടെ പണം കോര്‍പറേറ്റുകള്‍ക്ക് ചൂതാടാന്‍ നല്‍കുകയാണ് സര്‍ക്കാര്‍. അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലര വര്‍ഷമാക്കിയത് യുവതലമുറയോടുള്ള വഞ്ചനയാണെന്നും കോടിയേരി പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന മറ്റൊരു വലിയ പ്രശ്നം. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നു. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ കൊടിയ ചൂഷണത്തിനാണ് ഇരയാകുന്നതെന്നും കോടിയേരി പറഞ്ഞു.

പങ്കാളിത്ത പെന്‍ഷന്‍: പോരാട്ടം ശക്തിപ്പെടുത്തുക

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ എഫ്എസ്ഇടിഒ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവല്‍ക്കരണം അവസാനിപ്പിക്കുക, 1-4-2013ന് ശേഷം സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യമുയര്‍ത്തി നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കാനും കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. 28, 29, 30 തീയതികളില്‍ മേഖലാ കണ്‍വന്‍ഷനുകളും നവംബര്‍ 26മുതല്‍ 29 വരെ പഞ്ചായത്ത് കണ്‍വന്‍ഷനുകളും നടത്താനും തീരുമാനിച്ചു.

മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി കെ എ ഷാഫി അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ എ കെ ഉണ്ണികൃഷ്ണന്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എം അബ്രഹാം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ശിവദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികള്‍: ടി കെ എ ഷാഫി (പ്രസിഡന്റ്), കെ അനില്‍ബാബു, കെ മധുസൂദനന്‍, എം എസ് അജിത്ത് (വൈസ് പ്രസിഡന്റ് ), വി ശിവദാസ് (സെക്രട്ടറി), കെ വിശ്വനാഥന്‍, എന്‍ പ്രദീപ് ഡോ. ടി കെ ശ്രീധരന്‍ (ജോയിന്റ് സെക്രട്ടറി) കുഞ്ഞിമമ്മു പറവത്ത് (ട്രഷറര്‍).

തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക: എഫ്എസ്ഇടിഒ

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കാന്‍ എഫ്എസ്ഇടിഒ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തിനായുള്ള പിഎഫ്ആമര്‍ഡിഎ നിയമം, രൂക്ഷമായ വിലക്കയറ്റം എന്നിവക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കണ്‍വന്‍ഷന്‍ മുഴുവന്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടു.

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കെ ശശീന്ദ്രന്‍, കെഎസ്ടിഎ സംസ്ഥാന എക്സി. അംഗം അലി അക്ബര്‍, കെഎംസിഎസ്യു സംസ്ഥാന ട്രഷറര്‍ വി സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി പി സന്തോഷ് (എന്‍ജിഒ യൂണിയന്‍), കെ സുരേഷ്കുമാര്‍ (കെഎസ്ടിഎ), ടി പി ശ്രീധരന്‍ (കെജിഒഎ), എന്‍ പി മുസ്തഫ (കെഎംസിഎസ്യു), പി കെ പത്മാവതി (കെജിഎന്‍എ), എസ് സുജിത്ത് (പിഎസ്സിഇയു) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ കെ രഘുനാഥ് അധ്യക്ഷനായി.

deshabhimani

Thursday, October 3, 2013

പങ്കാളിത്ത പെന്‍ഷന്‍വിഹിതം പിരിക്കുന്നില്ല; പുതിയ ജീവനക്കാരുടെ പെന്‍ഷന്‍ ആശങ്കയില്‍

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കി ആറുമാസം കഴിഞ്ഞിട്ടും പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ കയറിയവരില്‍നിന്ന് പെന്‍ഷന്‍ വിഹിതം പിരിക്കുന്നില്ല. പിഎഫ്ആര്‍ഡിഎയുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാത്തതാണ് ജീവനക്കാരില്‍നിന്ന് വിഹിതം പിരിക്കുന്നതിന് തടസമായത്. ഇതോടെ പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഒരുവിധ പെന്‍ഷനും ലഭിക്കില്ലെന്ന സ്ഥിതിയായി.

കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ഇതിനുശേഷം മൂവായിരത്തോളം പേര്‍ വിവിധ വകുപ്പുകളിലായി സര്‍വീസില്‍ പ്രവേശിച്ചതായാണ് വിവരം. ഇവരെയെല്ലാം പുതിയ പെന്‍ഷന്റെ പരിധിയിലേ പരിഗണിക്കൂ. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10 ശതമാനം വരുന്ന തുകയാണ് മാസംതോറും പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കേണ്ടത്. എന്നാല്‍ പദ്ധതി നിലവില്‍വന്ന് ആറുമാസം കഴിഞ്ഞിട്ടും പെന്‍ഷന്‍ വിഹിതം പിരിക്കാതെ പൂര്‍ണതോതിലുള്ള ശമ്പളമാണ് നല്‍കുന്നത്്. ഇപ്പോള്‍ സര്‍വീസില്‍ കയറുന്ന ഒരു എല്‍ഡി ക്ലര്‍ക്ക് 1550 രൂപയോളം പ്രതിമാസം പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. ഇതനുസരിച്ച് പതിനായിരത്തോളം രൂപ ഇപ്പോള്‍തന്നെ ഓരോ ജീവനക്കാരനും കുടിശികയുണ്ട്. ഇതിനുതുല്യമായ തുക സര്‍ക്കാരും നല്‍കണം. കുടിശികതുക എന്നായാലും ജീവനക്കാര്‍ നല്‍കേണ്ടിവരും.

ഈ തുക ഒരുമിച്ച് അടയ്ക്കേണ്ടിവരുന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കും. ട്രഷറി ഓഫീസര്‍മാരോ വകുപ്പ് മേധാവികളോ മറ്റ് ചുമതലപ്പെട്ട ഉദ്യോഗസ്ഥരോ ആണ് ഈ തുക ശമ്പളത്തില്‍നിന്ന് പിടിക്കേണ്ടത്. ഇതിനു തുല്യമായ തുക സംസ്ഥാന സര്‍ക്കാരും ജീവനക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണം. എന്നാല്‍ ഇതിനായി ജീവനക്കാരന്റെ പേരില്‍ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ജോലിക്കു ചേര്‍ന്നപ്പോള്‍തന്നെ ഇതിനുള്ള അപേക്ഷാഫോറം മേലുദ്യോഗസ്ഥര്‍ ജീവനക്കാരില്‍നിന്ന് പൂരിപ്പിച്ച് വാങ്ങിയിരുന്നു. എന്നാല്‍ ആര്‍ക്കും അക്കൗണ്ട് നമ്പര്‍ അനുവദിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ വികസന അതോറിറ്റിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പെന്‍ഷന്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുക. ഇതിനായി പിഎഫ്ആര്‍ഡിഎയുമായി സംസ്ഥാന സര്‍ക്കാര്‍ കരാരില്‍ ഏര്‍പ്പെടണം. എന്നാല്‍ ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാറിന് മന്ത്രിസഭ ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ഇതിനുണ്ടായ കാലതാമസമാണ് തുടര്‍നടപടി വൈകുന്നതിന് കാരണം. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച വ്യവസ്ഥകളും രൂപീകരിച്ചിട്ടില്ല. 2004 മുതല്‍ മുന്‍കാല പ്രാബല്യമുള്ളതായി ഇതുസംബന്ധിച്ച ബില്ലില്‍ പറയുന്നതിനാല്‍ നിലവിലുള്ള ജീവനക്കാരും പ്രതിസന്ധിയിലാണ്.

നിലവിലുള്ള ജീവനക്കാര്‍ക്കും പുതുതായി സര്‍വീസില്‍ കയറിയ വര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നകാര്യം കണ്ടറിയേണ്ട സ്ഥിതിയാണ്. ക്ഷേമ പദ്ധതികളുടെ ഭാഗമായി രൂപീകരിച്ച പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിച്ചതോടെ സര്‍ക്കാര്‍ സര്‍വീസ് മേഖലയുടെ ആകര്‍ഷണീയത കുറയുകയാണ്.

ജി അനില്‍കുമാര്‍ deshabhimani

Thursday, September 26, 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; കരാറുകള്‍ക്ക് മന്ത്രിസഭാ അനുമതി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ഫണ്ട് ഓഹരികമ്പോളത്തിലേക്ക് പോകുമെന്ന് ഉറപ്പായി. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൂര്‍ണമായും പിഎഫ്ആര്‍ഡിഎ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പെന്‍ഷന്‍ ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പും ജലരേഖയായി. ഇത്തരത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു. അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയ ഇടങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

നാഷണല്‍ പെന്‍ഷന്‍ സ്കീം ട്രസ്റ്റുമായി കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് മന്ത്രിസഭ അംഗീകരിച്ചത്. നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡുമായും (എന്‍എസ്ഡിഎല്‍) എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സ്കീം) ട്രസ്റ്റുമായും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവയ്ക്കും. എന്‍പിഎസ് ട്രസ്റ്റുമായി പുതുക്കിയ കരാറിലാണ് ഒപ്പുവയ്ക്കുക. പിഎഫ്ആര്‍ഡിഎ നിയമത്തിന് പൂര്‍ണമായി വിധേയമാകുന്നതിനാണ് കരാര്‍ പുതുക്കുന്നത്. സംസ്ഥാന സര്‍ക്കാരും എന്‍എസ്ഡിഎല്ലുമായി ഏര്‍പ്പെടേണ്ട കരാറുകളുടെ കരട് പിഎഫ്ആര്‍ഡിഎ ലഭ്യമാക്കിയ മാതൃകാ കരാറിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. നിയമവകുപ്പ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഈ കരട് കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി. പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിച്ചത്.

deshabhimani 260913

Friday, September 6, 2013

പെന്‍ഷന്‍ ഇനി അവകാശമല്ല

പെന്‍ഷന്‍ എന്ന ക്ഷേമരാഷ്ട്ര ആനുകൂല്യം നിയമവിരുദ്ധമാക്കിയെന്നതാണ് യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി വികസന അതോറിറ്റി നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2004 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ബില്ലോടെ നിയമാനുസൃത പെന്‍ഷന്‍ ഇല്ലാതായി. സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത പെന്‍ഷന്‍ മറ്റ് മേഖലകളിലും അവകാശപ്പെടാനാവില്ല എന്ന ഇരട്ടനേട്ടമാണ് ഗവണ്‍മെന്റും മുതലാളിത്ത ശക്തികളും ചേര്‍ന്ന് പങ്കിടുന്നത്.

പണിയെടുക്കുന്നവന്റെ അവകാശനിഷേധത്തിനുള്ള നിയമമാണിത്. ഇപ്പോള്‍ നിയമാനുസൃത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പണിയെടുക്കുന്നവരുടെ അധ്വാനത്തിന്റെ ഫലം ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിന് വിടുന്നതിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതു കൂടിയാണ് ബില്‍. ആരോഗ്യമുള്ള കാലത്ത് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലമായി വാര്‍ധക്യകാലത്ത് ലഭിക്കുന്ന സുരക്ഷയായിരുന്നു പെന്‍ഷന്‍. ആ ക്ഷേമസങ്കല്‍പ്പം വിപണിയുടെ വാഴ്ചയ്ക്ക് വഴിമാറുകയാണ്. പെന്‍ഷന്‍ ഫണ്ടില്‍ സൂക്ഷിക്കുന്ന തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് ചൂതാടാം. അതില്‍ ജയിച്ചാല്‍ മെച്ചം, ഇല്ലെങ്കില്‍ നഷ്ടം എന്നതാണ് പുതിയ സങ്കല്‍പ്പം. പെന്‍ഷന്‍ഫണ്ടില്‍ സൂക്ഷിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനു പകരം ആഗോള മൂലധനശക്തികള്‍ക്ക് ചൂതാടാനായി നല്‍കുന്നുവെന്നതാണ് പുതിയ മാറ്റം.

2003 മാര്‍ച്ചിലാണ് ആദ്യം ബില്ല് അവതരിപ്പിച്ചത്. പിന്നീട് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ചെറുത്തതിനാല്‍ ബില്ലുമായി മുന്നോട്ടുപോയില്ല. പിന്‍വാങ്ങിയ യുപിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ 2011ല്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. 2004നുശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നില്ല. ഇവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം സംഭാവനചെയ്യാം. വിരമിക്കുമ്പോള്‍ ഈ തുക പെന്‍ഷനായി ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന ഈ പദ്ധതിയില്‍ ആര്‍ക്കും ചേരാം. അവരുടെ പെന്‍ഷന്‍ ഫണ്ട് ഏത് കോര്‍പറേറ്റ് കമ്പനിക്ക് ചൂതാട്ടത്തിന് കൊടുക്കണമെന്ന് ഗുണഭോക്താവിനു തന്നെ തീരുമാനിക്കാമെന്നത് വലിയ ആനുകൂല്യമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ഫണ്ട് മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപത്തിന് നിയമം അനുമതി നല്‍കുന്നു. 52,83,212 ഗുണഭോക്താക്കളും 34,965 കോടി രൂപയുടെ ഫണ്ടുമുള്ളതാണ് ഇന്ത്യയിലെ പെന്‍ഷന്‍ മേഖല. ഈ ഫണ്ട് ആര്‍ക്കൊക്കെ വിട്ടുകൊടുക്കണമെന്ന് നിശ്ചയിക്കാനാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി. എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ ഒന്നുമാത്രമാണ് പൊതുമേഖലയില്‍നിന്നുള്ളത്.
(വി ജയിന്‍)

നയങ്ങള്‍ ജനം തിരുത്തിക്കും: പി കരുണാകരന്‍

സാമ്പത്തികപ്രതിസന്ധി മറികടക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ മാത്രമല്ല, കോടിക്കണക്കിനു ആളുകള്‍രാജ്യമൊട്ടുക്ക് രാഷ്ട്രീയഭേദമില്ലാതെ പ്രതിഷേധിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വീണ്ടും വീണ്ടും ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. നയം തിരുത്താന്‍ തയ്യാറാകാത്ത യുപിഎ സര്‍ക്കാരിന് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലോക്സഭയില്‍ ഉപധനാഭ്യര്‍ഥനാ ബില്ലിന്റെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രിക്കുതന്നെ പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടിവന്നു. പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രധാനമന്ത്രിയുടെ ശുഭപ്രതീക്ഷയോട് വിരോധമില്ല. എന്നാല്‍, സമ്പദ്ഘടന ശോഷിക്കാന്‍ കാരണം പ്രതിപക്ഷ പാര്‍ടികളാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. രോഗാതുരമായ ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്നത് പലതരം പ്രശ്നങ്ങളാണ്. കുറയുന്ന സാമ്പത്തികവളര്‍ച്ച, വ്യാപാരക്കമ്മിയുടെ വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച, വര്‍ധിച്ച പണപ്പെരുപ്പം, ധനക്കമ്മിയുടെ വര്‍ധന, തൊഴിലവസരങ്ങളുടെ അഭാവം എന്നിവ അവയില്‍ ചിലതുമാത്രം.

2008നുശേഷം ആദ്യമായാണ് വളര്‍ച്ചനിരക്ക് 4.4 ശതമാനമായി കുറയുന്നത്. ഇന്‍ഷുറന്‍സ്, ബിസിനസ് സേവനരംഗത്ത് വളര്‍ച്ച കുറഞ്ഞു. നിര്‍മാണ, ഖനിമേഖലകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച കുറവാണ്. വൈദ്യുതി, ഗ്യാസ്, ജലവിതരണം എന്നീ രംഗങ്ങളില്‍ മുന്‍വര്‍ഷം 6.2 ശതമാനമായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോഴത് 3.7 ശതമാനമായി. രാജ്യത്തിന്റെ 53 ശതമാനം ആസ്തിയും നിയന്ത്രിക്കുന്നത് പത്തുശതമാനം അതിധനികരാണ്. 2004ല്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതായിരുന്നത് 2012-13ല്‍ 62 ആയി വര്‍ധിച്ചു. അതേസമയം, 73 ശതമാനം ജനങ്ങള്‍ ഒരു ദിവസം ജീവിക്കുന്നത് വെറും 20 രൂപ വരുമാനംകൊണ്ടാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറയുന്നതോടൊപ്പം വിലക്കയറ്റവും കുത്തനെ കൂടുകയാണ്. പെട്രോളിനും ഡീസലിനും ഓരോ മാസവും വില കൂടുകയാണ്. ഇന്ത്യയില്‍ പെട്രോളിന് 76 രൂപയുള്ളപ്പോള്‍ പാകിസ്ഥാനില്‍ 26ഉം ബംഗ്ലാദേശില്‍ 22ഉം ക്യൂബയില്‍ 19ഉം ഇറ്റലിയില്‍ 14ഉം നേപ്പാളില്‍ 34ഉം അഫ്ഗാനിസ്ഥാനില്‍ 36ഉം ശ്രീലങ്കയില്‍ 34ഉം ആണ് വില-കരുണാകരന്‍ പറഞ്ഞു.

deshabhimani

Wednesday, September 4, 2013

പെന്‍ഷന്‍ഫണ്ടും ചൂതാട്ടത്തിന്

സ്വാതന്ത്ര്യപൂര്‍വകാലംമുതല്‍ രാജ്യത്തെ ജീവനക്കാര്‍ അനുഭവിച്ചുവന്ന പെന്‍ഷന്‍ അവകാശങ്ങള്‍ പൂര്‍ണമായും തട്ടിയെടുക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്ക് നിയമസാധുത നല്‍കുന്ന പിഎഫ്ആര്‍ഡിഎ ബില്‍ 2011ന് ലോക്സഭയുടെ അംഗീകാരം. ജീവനക്കാരുടെ പെന്‍ഷന്‍തുകയത്രയും ഓഹരിക്കമ്പോളത്തിന്റെ ചൂതാട്ടത്തിന് എറിഞ്ഞുകൊടുക്കുന്ന ബില്ലിന് സിപിഐ എം കക്ഷിനേതാവ് ബസുദേവ് ആചാര്യ അടക്കമുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിങ്ങിലൂടെയും ശബ്ദവോട്ടോടെയും സഭ തള്ളി. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് പ്രധാനപ്രതിപക്ഷമായ ബിജെപിയുടെകൂടി പിന്തുണയോടെയാണ് ലോക്സഭ പാസാക്കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തപ്പോള്‍ ബസുദേവ് ആചാര്യ അവതരിപ്പിച്ച ഒരു ഭേദഗതിക്ക് ബിജെപിയിലെ ഒരംഗത്തിന്റെ പിന്തുണയും ലഭിച്ചു. പെന്‍ഷന്‍പദ്ധതി ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കുമ്പോള്‍ ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപ പരിധി പെന്‍ഷന് ബാധകമാക്കരുതെന്ന ബിജെഡി അംഗം ഭര്‍തൃഹരി മഹ്താബിന്റെ ഭേദഗതിയും വോട്ടിനിട്ട് തള്ളി. രാജ്യസഭകൂടി പാസാക്കുന്നതോടെ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരമാകും. ജീവനക്കാര്‍ വിരമിക്കുമ്പോഴുള്ള ശമ്പളത്തിന്റെ പകുതി തുക പെന്‍ഷനായി ലഭിക്കുന്നതും പെന്‍ഷനര്‍ മരിച്ചാല്‍ കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കുന്നതും അടക്കമുള്ള സാമൂഹ്യ സുരക്ഷാമാര്‍ഗങ്ങള്‍ ഇല്ലാതാക്കാനുള്ള പത്തുവര്‍ഷമായുള്ള നീക്കങ്ങള്‍ക്കാണ് ഇതോടെ നിയമപരമായ അംഗീകാരമായത്. 2003ല്‍ എന്‍ഡിഎ സര്‍ക്കാരാണ് പുതിയ പെന്‍ഷന്‍പദ്ധതി ആവിഷ്കരിച്ചത്. ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച കാലം മുതല്‍ ഈ ബില്ലിനെ ഇടതുപക്ഷം ചെറുത്തുവരികയായിരുന്നു.

deshabhimani

Saturday, June 15, 2013

ദേശീയ പെന്‍ഷന്‍പദ്ധതി ഫണ്ട് സ്വകാര്യ ബാങ്കിന്

പൊതുമേഖലാ ബാങ്കുകളെ അവഗണിച്ച് ദേശീയ പെന്‍ഷന്‍പദ്ധതിയുടെ (എന്‍പിഎസ്) പുതിയ ട്രസ്റ്റി ബാങ്കായി സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിനെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വമ്പന്‍ തുക കൈകാര്യംചെയ്യുന്നതിനും അതുവഴി വന്‍ ലാഭം നേടുന്നതിനുമുള്ള അവസരമാണ് ആക്സിസ് ബാങ്കിനു കൈവരുന്നത്. ട്രസ്റ്റി പാനലില്‍ അംഗമായിരുന്ന പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഒഴിവാക്കിയാണ് ഏക ട്രസ്റ്റി ബാങ്ക് എന്ന പദവി ആക്സിസ് ബാങ്കിനു കൈമാറിയത്. നേരത്തെ സിവില്‍ ഏവിയേഷന്റെ മുഴുവന്‍ അക്കൗണ്ടും സ്വകാര്യ ബാങ്കായ ഐസിഐസിഐക്കു കൈമാറിയതിനു പിന്നാലെയാണ് ഇപ്പോള്‍ ആക്സിസ് ബാങ്കിനും വഴിവിട്ട സഹായം. ജൂലൈ ഒന്നുമുതല്‍ ആക്സിസ് ബാങ്കിന് എന്‍പിഎസ് ട്രസ്റ്റി ബാങ്കാകും. അന്നുമുതല്‍ പദ്ധതിയിലേക്കുള്ള മുഴുവന്‍ വിഹിതവും ബാങ്കിന്റെ നിര്‍ദിഷ്ട അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങളും പണമടയ്ക്കുന്നതിനുള്ള കോഡുകളും പിഎഫ്ആര്‍ഡിഎ ചീഫ് ജനറല്‍ മാനേജര്‍ സുബ്രതോ ദാസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മുഴുവന്‍ കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഇതിനു പുറമെ പിഎഫ്ആര്‍ഡിഎയുടെ വെബ്സൈറ്റിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവനക്കാര്‍ക്കായുള്ള പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അടിച്ചേല്‍പിക്കുകവഴി പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്‍വാങ്ങിയതിനു പുറമെയാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പണം സ്വകാര്യ ബാങ്കുകളുടെ ചൂതാട്ടത്തിനും വിട്ടുകൊടുത്തത്. സ്വാവലംബന്‍ പെന്‍ഷന്‍പദ്ധതി എന്ന പേരില്‍ പൊതുജനങ്ങള്‍ക്കായും പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചതിനെത്തുടര്‍ന്ന് ഈ വഴിക്കും വലിയ തുക ബാങ്കുകളില്‍ എത്തും. ജീവനക്കാരില്‍നിന്നു വിഭിന്നമായി പൊതുജനങ്ങളുടെ പ്രീമിയം അടവ് മുടങ്ങാനുള്ള സാധ്യത ഏറെയായതിനാല്‍ ഈ വഴിക്കുള്ള നേട്ടവും ഏറെ. 2009-ല്‍ ആവിഷ്കരിച്ച സ്വാവലംബന്‍ പദ്ധതിയിലേക്ക് വേണ്ടത്ര ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് ലക്ഷ്യം നിശ്ചയിച്ചാണ് ജനങ്ങളെ പദ്ധതിയിലേക്ക് ആട്ടിത്തെളിച്ചത്. ബാങ്കിന്റെ പ്രധാന ഉത്തരവാദിത്വ മേഖലയിലാണ് പദ്ധതി നിശ്ചയിച്ചത്. ഇതുകൊണ്ടുതന്നെ ലക്ഷ്യം പൂര്‍ത്തിയാകാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ മത്സരബുദ്ധിയോടെയാണ് ജനങ്ങളെ പദ്ധതിയില്‍ ചേര്‍ത്തത്. മുഖ്യ ഉത്തരവാദിത്ത മേഖലയിലെ മികച്ച പ്രകടനത്തിനുള്ള പോയിന്റുകള്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമാണെന്നതിനാലാണിത്. പദ്ധതിയുടെ ദോഷവശങ്ങള്‍ മറച്ചുവയ്ക്കാനും ഇവര്‍ തയ്യാറായി. ഇതേത്തുടര്‍ന്ന് നിലവില്‍ ഒട്ടേറെ പേരാണ് പദ്ധതിയില്‍ അംഗങ്ങളായത്. എന്നാല്‍ പദ്ധതിയുടെ വ്യാപനത്തിനായി പൊതുമേഖലാ ബാങ്കുകളെ ഉപയോഗിച്ച അധികൃതര്‍ ട്രസ്റ്റി ബാങ്ക് സ്ഥാനത്തേക്ക് ഇവയെ തഴയുകയായിരുന്നു. ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി സ്വകാര്യബാങ്കുകള്‍ക്ക് വന്‍ സഹായം ഒരുക്കുന്ന കേന്ദ്രഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആക്സിസ് ബാങ്കിന്റെ നിയമനം. രാജ്യത്തെ അങ്കണവാടി ജീവനക്കാരുടെ അക്കൗണ്ടും സ്വകാര്യ ബാങ്കിലേക്കാണു മാറ്റിയത്.
(ഷഫീഖ് അമരാവതി)

deshabhimani

Tuesday, April 2, 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏറ്റവും വലിയ തൊഴിലാളി വഞ്ചന:ആനത്തലവട്ടം


ആലപ്പുഴ: യുഡിഎഫ് സര്‍ക്കാര്‍ വിഢിദിനത്തില്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേരളം കണ്ടതില്‍ ഏറ്റവും വലിയ തൊഴിലാളി വഞ്ചനയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സമ്മേളനനഗറില്‍ ഉയര്‍ത്താനുള്ള പതാകജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വീസില്‍ കയറുന്ന ജീവനക്കാരില്‍ നിന്ന് 200 രൂപയിലേറെ പെന്‍ഷന്‍ പദ്ധതിയിലേക്ക് പിടിക്കും. എല്ലാ ജീവനക്കാരില്‍ നിന്നും ഈടാക്കുമ്പോള്‍ രൂപപ്പെടുന്ന വന്‍തുക കോര്‍പറേറ്റുകളുടെ വളര്‍ച്ചയ്ക്കായാണ് നല്‍കുക. തൊഴിലാളികളില്‍ നിന്ന് പിടിച്ചെടുക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് പറയുന്നില്ലെന്നൂം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

രാജ്യത്തിന്റെ നിലനില്‍പ്പിനെയും ജനങ്ങളുടെ ജീവിതത്തെയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കുപരിയായി തൊഴിലാളികളുടെ ഐക്യം രൂപപ്പെട്ട കാലഘട്ടമാണിത്. രാജ്യവ്യാപകമായി തൊഴിലാളികള്‍ രണ്ടുനാള്‍ പണിമുടക്കിയ ഐതിഹാസിക സമരത്തില്‍ ഐഎന്‍ടിയുസിയുടെ നിലപാട് നിര്‍ണായകമായിരുന്നു. വിവിധ സംഘടനകളില്‍പ്പെട്ട തൊഴിലാളികള്‍ ഒരേ ആവശ്യവുമായി ഒരുമിച്ച് പണിമുടക്കിയ ആദ്യപ്രക്ഷോഭമായിരുന്നു 48 മണിക്കൂര്‍ പണിമുടക്ക്. ആ പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നുപോലും, പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പ്രധാന വക്താക്കളില്‍ ഒരാളായ ചിദംബരം വിട്ടുനില്‍ക്കുകയാണുണ്ടായത്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന നയങ്ങള്‍ നടപ്പാക്കുന്ന യുപിഎ സര്‍ക്കാര്‍ നിലവില്‍ തൊഴിലുള്ളവരെപോലും തൊഴില്‍ രഹിതരാക്കുകയാണ്. കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രതിഷേധത്തിലാണ്. വിലക്കയറ്റം രൂക്ഷമാക്കുന്ന ഊര്‍ജ ഉല്‍പ്പന്നവിലക്കയറ്റം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സൃഷ്ടിക്കുകയാണ്. അതിശക്തവും കൂടുതല്‍ നാള്‍ നീളുന്നതുമായ പ്രക്ഷോഭങ്ങള്‍ വരുംനാളുകളില്‍ നടത്തേണ്ടി വരും. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ-രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ അഖിലേന്ത്യാ സമ്മേളനം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 020413

Sunday, March 31, 2013

ആശങ്ക രൂക്ഷമാക്കി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നാളെ മുതല്‍


ആശങ്കയും അനിശ്ചിതത്വവും രൂക്ഷമാക്കി സര്‍ക്കാര്‍ സര്‍വീസില്‍ തിങ്കളാഴ്ച മുതല്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നിലവില്‍ വരും. തൊഴിലന്വേഷകര്‍ക്കൊപ്പം നിലവിലുള്ള ജീവനക്കാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നതാണ് പദ്ധതി. ഏപ്രില്‍ ഒന്നിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരെയെല്ലാം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മിനിമം പെന്‍ഷന്‍ പോലും ഉറപ്പില്ലാത്ത പദ്ധതിയിലേക്ക് നിലവിലുള്ള ജീവനക്കാരെയും ഭാവിയില്‍ കൊണ്ടുവരാന്‍ കഴിയും. പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റി കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സര്‍വീസില്‍ പുതുതായി പ്രവേശിക്കുന്നവര്‍ ഇനിമുതല്‍ അടിസ്ഥാനശമ്പളവും ഡിഎയും ചേരുന്ന തുകയുടെ 10 ശതമാനം പെന്‍ഷന്‍ഫണ്ടില്‍ നിക്ഷേപിക്കേണ്ടിവരും. 10 ശതമാനം തുക സര്‍ക്കാരും അടയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തുക അടച്ചിട്ടേയില്ല. കേന്ദ്ര സര്‍വീസിലുള്ളവരുടെ 2004 മുതലുള്ള വിഹിതം കേരളവും ഇതുവരെയും അടച്ചില്ല. ജീവനക്കാര്‍ അടയ്ക്കുന്ന തുക ഓഹരി കമ്പോളത്തില്‍ ചൂതാട്ടത്തിനായി നല്‍കുന്നതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല. പെന്‍ഷന്‍ തുക പിന്‍വലിക്കാനുള്ള അവകാശവും ഇല്ലാതാകും. മിനിമം പെന്‍ഷന്‍ ഇല്ല എന്നുമാത്രമല്ല, മാസം ആദ്യം ലഭിച്ച പെന്‍ഷന്‍ തുകയായിരിക്കും തുടര്‍ന്നും കിട്ടുക. പെന്‍ഷന്‍തുകയില്‍ വര്‍ധനയുമുണ്ടാകില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കുടുംബപെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പിഎഫ് എന്നിവയടക്കമുള്ള ആനുകൂല്യങ്ങളില്ല. മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കാനാകില്ലെന്നും പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തിലേക്ക് തന്നെയാണെന്നും പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചശേഷം പിഎസ്സി വഴിയുള്ള നിയമനം വന്‍തോതില്‍ കുറഞ്ഞിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഏപ്രില്‍ ഒന്നിന് ശേഷം മതിയെന്ന സര്‍ക്കാരിന്റെ രഹസ്യനിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളും മരവിപ്പിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കിയില്ല. വിവിധ ജില്ലകളില്‍ പുതുതായി അനുവദിച്ച ഹയസെക്കന്‍ഡറി ബാച്ചുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനവും മരവിപ്പിച്ചു. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്കെതിരെ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല പണിമുടക്കിനെതുടര്‍ന്നുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അട്ടിമറിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
(ദിലീപ് മലയാലപ്പുഴ)

deshabhimani 310313

Wednesday, March 20, 2013

പങ്കാളിത്ത പെന്‍ഷനുമുമ്പ് നിയമനം നല്‍കാന്‍ വന്‍ പിരിവ്


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ വിവിധ വകുപ്പുകളിലെ നിയമനങ്ങള്‍ തടഞ്ഞുവച്ച് ഭരണാനുകൂല സര്‍വീസ് സംഘടനകള്‍ വന്‍ പണപ്പിരിവ് നടത്തുന്നു. പങ്കാളിത്ത പെന്‍ഷന്‍ പ്രാബല്യത്തിലാകുന്ന ഏപ്രില്‍ ഒന്നിനുമുമ്പ് നിയമനം നല്‍കാനാണ് വിലപേശല്‍. തങ്ങളുടെ സംഘടനകളില്‍ അംഗത്വമെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു. സാമ്പത്തികവര്‍ഷം അവസാനം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പിഎസ്സിയുടെ അഡൈ്വസ് മെമ്മോ കൈപ്പറ്റി നിയമനം കാത്തിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുംമുമ്പ് സര്‍വീസില്‍ പ്രവേശിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം വന്നശേഷം പിഎസ്സി നല്‍കുന്ന അഡൈ്വസ് മെമ്മോയുടെ വിവരം ഭരണാനുകൂല സംഘടനകള്‍ ശേഖരിച്ചുവരികയായിരുന്നു. മെമ്മോ ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള പേരുവിവരം അതത് ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവര്‍ ജനുവരിമുതല്‍ നിയമനം ലഭിക്കേണ്ടവരെ സമീപിച്ച് തങ്ങളുടെ ആവശ്യം അറിയിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു മുമ്പ് നിയമനം കിട്ടണമെങ്കില്‍ തങ്ങളുടെ സംഘടനയില്‍ അംഗത്വം എടുക്കണമെന്നാണ് നേതാക്കളുടെ ഒരാവശ്യം. അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നിനുമുമ്പ് നിയമനത്തിന് അര്‍ഹതയുണ്ടെങ്കിലും തടയുമെന്നാണ് ഭീഷണി. എറണാകുളം ജില്ലയില്‍ പത്തോളം നിയമനങ്ങള്‍ ഇത്തരത്തില്‍ തടഞ്ഞു.

പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അപകടം അറിയുന്നവര്‍ ഭരണാനുകൂല സംഘടനയില്‍ അംഗത്വമെടുത്തിട്ടായാലും നിയമനം നേടുകയാണ്. ഇങ്ങനെ നിയമനം നേടുന്നവരില്‍നിന്ന് ഇടനിലക്കാര്‍ മുഖേനയാണ് സംഘടനാനേതാക്കളുടെ പണപ്പിരിവ്. എല്ലാ ജില്ലയിലും ഇത്തരം അനധികൃത ഇടപാട് നടക്കുന്നുണ്ട്. ഓരോ വകുപ്പിലും നിയമനാധികാരമുള്ള ജില്ലാമേധാവിയെ സ്വാധീനിച്ചാണ് ഭരണാനുകൂല സംഘടനകള്‍ അനധികൃത ഇടപാട് നടത്തുന്നത്. അഡൈ്വസ് മെമ്മോ അയച്ചാല്‍ നിശ്ചിത ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പില്‍ നിയമനത്തിന് ഹാജരാകണമെന്നാണ് ചട്ടം. ഏതു ദിവസം നിയമനം നടത്തണമെന്ന് തീരുമാനിക്കേണ്ടത് വകുപ്പുകളുടെ ജില്ലാ മേധാവികളാണ്. ഭരണാനുകൂല സംഘടനകളോട് അനുഭാവമുള്ളവരാണ് നിലവില്‍ ഈ സ്ഥാനങ്ങളിലുള്ളത്. അവരെ സ്വാധീനിച്ച് നിയമന തീയതി ഇഷ്ടാനുസരണം അട്ടിമറിക്കുകയാണ് ഭരണാനുകൂല സംഘടനകള്‍. ജീവനക്കാര്‍ ഒന്നടങ്കം ആക്ഷേപം ഉന്നയിച്ചപ്പോഴും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെ അനുകൂലിച്ച് രംഗത്തുവന്നവരാണ് എന്‍ജിഒ അസോസിയേഷനും മറ്റും. അതേ പദ്ധതിയോട് ജീവനക്കാര്‍ക്കുള്ള എതിര്‍പ്പ് ഇപ്പോള്‍ വഴിവിട്ട പണപ്പിരിവിന് പ്രയോജനപ്പെടുത്തുകയാണ്.

deshabhimani 200313

Tuesday, March 5, 2013

പെട്രോള്‍-ഡീസല്‍ വില: ഇരുസഭയും സ്തംഭിച്ചു


അടിക്കടി പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ലോക്സഭ മൂന്നു തവണയും രാജ്യസഭ നാലു തവണയും തടസ്സപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്ന മറുപടി അംഗങ്ങളെ ചൊടിപ്പിച്ചു. പകല്‍ 11ന് ഇരുസഭയും സമ്മേളിച്ചപ്പോള്‍ ഇടതുപക്ഷ അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. ചോദ്യോത്തരവേള നിര്‍ത്തി വിഷയം ചര്‍ച്ചചെയ്യണമെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവച്ചു.

വീണ്ടും സഭ സമ്മേളിച്ചപ്പോഴും അംഗങ്ങളുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും അംഗങ്ങളുടെ പ്രതിഷേധംമൂലം അത് നടന്നില്ല. സമാജ്വാദി പാര്‍ടി അംഗങ്ങളും എന്‍ഡിഎ അംഗങ്ങളും പ്രതിഷേധമുയര്‍ത്തി. എന്നാല്‍, അവര്‍ നടുത്തളത്തിലിറങ്ങിയില്ല. രണ്ടു മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ ചൊവ്വാഴ്ച ചേരാനായി പിരിഞ്ഞു.

രാജ്യസഭയിലും ഇടതുപക്ഷ, തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇത് ചോദ്യോത്തരവേളയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ മറുപടി. അംഗങ്ങളുടെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പത്ത് മിനിറ്റ് നേരത്തേക്ക് സഭ നിര്‍ത്തി. രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല പെട്രോള്‍ വിലവര്‍ധനയുടെ കാര്യത്തില്‍ എണ്ണക്കമ്പനികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവിച്ചു. ഇത് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. കുതിച്ചുയരുന്ന വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന നടപടിയാണ് പെട്രോള്‍ വിലവര്‍ധനയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. മൂന്നു മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പെട്രോള്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന് അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. വിലവര്‍ധന പിന്‍വലിക്കുകയാണ് വേണ്ടതെന്ന് അംഗങ്ങള്‍ പറഞ്ഞു. സഭാ നടപടി നടത്തിക്കൊണ്ടുപോകാനാവാതെ ചൊവ്വാഴ്ച ചേരാനായി നിര്‍ത്തിവച്ചു.
(വി ജയിന്‍)

കുറഞ്ഞ ഇപിഎഫ് പെന്‍ഷന്‍ 1000 രൂപയാക്കല്‍ പരിഗണിക്കും

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍നിന്നുള്ള കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയായി നിശ്ചയിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പി കരുണാകരനെ ലോക്സഭയില്‍ തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ഇപിഎഫ് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമൊന്നും പരിഗണനയിലില്ലെന്നും മന്ത്രി അറിയിച്ചു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് രാജീവ്ഗാന്ധി പഞ്ചായത്ത് സശാക്തീകരണ്‍ അഭിയാന്‍ എന്ന പേരില്‍ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുമെന്ന് പി കരുണാകരനെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി കിഷോര്‍ചന്ദ്ര ദേവ് അറിയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പശ്ചാത്തലസൗകര്യങ്ങള്‍, മനുഷ്യവിഭവശേഷി, ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും പരിശീലന പരിപാടികള്‍ക്ക് സഹായം എന്നിവ നല്‍കും. ചില കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പുതിയ പദ്ധതിയില്‍ ലയിപ്പിക്കും- അദ്ദേഹം അറിയിച്ചു.

ദേശീയപാത വികസനത്തിന് 304.68 കോടി രൂപയുടെ 40 നിര്‍ദേശങ്ങള്‍ കേരളത്തില്‍നിന്ന് ലഭിച്ചെന്നും ഇതില്‍ 13 പദ്ധതിക്കായി 114.54 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എ സമ്പത്തിനെ ഉപരിതല ഗതാഗത സഹമന്ത്രി എസ് സത്യനാരായണ അറിയിച്ചു. 48 രാജ്യങ്ങളുമായുള്ള വിദേശവ്യാപാരത്തില്‍ ഇന്ത്യ വ്യാപാരക്കമ്മി നേരിടുകയാണെന്ന് എം ബി രാജേഷിനെ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ അറിയിച്ചു. ചൈനയും എണ്ണ ഉല്‍പ്പാദകരാജ്യങ്ങളും ഇതിലുള്‍പ്പെടും. അമേരിക്കയുള്‍പ്പെടെ 105 രാജ്യങ്ങളുമായുള്ള വിദേശവ്യാപാരത്തില്‍ മെച്ചപ്പെട്ട നിലയാണ് ഇന്ത്യക്കുള്ളതെന്നും മന്ത്രി അറിയിച്ചു. വ്യവസായവികസനം മെച്ചപ്പെടുത്താനും 12 വര്‍ഷത്തിനിടയില്‍ 10 കോടി പുതിയ തൊഴിലവസരം സൃഷ്ടിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പി കെ ബിജുവിനെ ആനന്ദ് ശര്‍മ അറിയിച്ചു.

deshabhimani 050313

Saturday, March 2, 2013

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പുനഃപരിശോധിക്കും: കോടിയേരി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സമരം പരാജയപ്പെട്ടെന്ന് പ്രചരിപ്പിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ചരിത്രം മറക്കരുത്. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 55-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സര്‍ക്കാര്‍ ജീവനക്കാരുടെ പല സമരങ്ങളും തീരുമാനമാകാതെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ രാഷ്ട്രീയമാറ്റത്തിലൂടെ യാഥാര്‍ഥ്യമായ അനുഭവമാണ് കേരളത്തിനുള്ളത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണമെന്ന ആവശ്യമുയര്‍ത്തി 1973ല്‍ നടത്തിയ 54 ദിവസത്തെ പണിമുടക്ക് കരിനിയമങ്ങള്‍ ഉപയോഗിച്ച് അന്നത്തെ വലതുപക്ഷ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. നിരവധിപേരെ ജയിലില്‍ അടയ്ക്കുകയും സ്ഥലംമാറ്റുകയും ചെയ്തു. ഒടുവില്‍ സമരം നിരുപാധികം പിന്‍വലിച്ചു. അമര്‍ന്നു കത്തുന്ന തീ തുടരുമെന്നാണ് അന്ന് എന്‍ജിഒ യൂണിയന്‍ നേതാവായിരുന്ന ഇ പത്മനാഭന്‍ പറഞ്ഞത്. 1980ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ ആവശ്യം അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത ആവശ്യപ്പെട്ട് 1967 ജനുവരി അഞ്ചുമുതല്‍ നടത്തിയ സമരം അവസാനിപ്പിച്ചത് ക്ഷാമബത്തയെക്കുറിച്ച് പഠിക്കാന്‍ ജഡ്ജിയെ നിയമിക്കാമെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥയിലാണ്. അന്നും സമരത്തെ പലരും ആക്ഷേപിച്ചു. എന്നാല്‍, 1967ലെ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷാമബത്താ കമ്മിറ്റി പരിച്ചുവിട്ട് ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചു.

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജീവനക്കാരെയും അധ്യാപകരെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. നിരവധിപേര്‍ സസ്പെന്‍ഷനില്‍ തുടരുന്നു. ഒട്ടേറെപ്പേരെ വിദൂരത്തേക്ക് സ്ഥലംമാറ്റി. സമരം പരാജയപ്പെട്ടെന്ന് ഗവര്‍ണറെ കൊണ്ട് നയപ്രഖ്യാപനത്തില്‍ പ്രസംഗിപ്പിക്കാന്‍ പോലും തയ്യാറായ സര്‍ക്കാര്‍ ചരിത്രം മറക്കരുത്. ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെ തന്നെ മാറ്റുകയാണു വേണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരുദിവസം മുമ്പേ ഈ സര്‍ക്കാരിനെ അവസാനിപ്പിച്ചു തരാമോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. വെന്റിലേറ്ററില്‍ കിടക്കുന്ന സര്‍ക്കാരാണ് ഇതെന്ന് യുഡിഎഫുകാര്‍ പോലും പറഞ്ഞുതുടങ്ങി. മുന്നണി ബന്ധം ശാശ്വതമല്ലെന്ന് യുഡിഎഫിനൊപ്പം ഏറ്റവും കൂടുതല്‍ കാലം നിലകൊണ്ട കെ എം മാണിക്കു പോലും പറയേണ്ടിവന്നിരിക്കുന്നു. സംഘടനാ പരമായും രാഷ്ട്രീയമായും ഭരണപരമായും വന്‍ പ്രതിസന്ധിയിലാണ് യുഡിഎഫ് സര്‍ക്കാര്‍. കേന്ദ്ര അവഗണനയ്ക്കെതിരെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പൊരുതാന്‍ തയ്യാറാണോയെന്ന് കെ എം മാണി വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

deshabhiman 020313

Monday, January 28, 2013

പെന്‍ഷന്‍ മുടങ്ങി; കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി


പാലക്കാട്: സാമ്പത്തിക കുടിശിക മുലം കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. തേങ്കുറിശി കൊരങ്ങാട് തുളസിത്തറ വീട്ടില്‍ എന്‍ മണി(61) ആണ് മരിച്ചത്. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നിന് സഹോദരന്റെ ഭാര്യയാണ് മൃതദേഹം ആദ്യമായി കണ്ടത്.

പെന്‍ഷനായിരുന്നൂ കുടുംബത്തിന്റെ ഏക വരുമാനം. രണ്ടുമാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദിവസേനെയുള്ള കാര്യങ്ങള്‍ നടത്തുന്നതിനുപോലും ബുദ്ധിമുട്ടായിരുന്നു. നവംബറിലെ പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോള്‍ പോക്കടിച്ച് നഷ്ടപ്പെട്ടു. ഡിസംബറില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടിയെങ്കിയും കെഎസ്ആര്‍ടിസിക്കാര്‍ക്ക് കിട്ടിയില്ല. രണ്ടുമാസമായതോടെ സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു.

ഭാര്യ : സരസ്വതി. മക്കള്‍: സുനില്‍, സുമന്‍

deshabhimani