Showing posts with label ഗ്രന്ഥശാലാ പ്രസ്ഥാനം. Show all posts
Showing posts with label ഗ്രന്ഥശാലാ പ്രസ്ഥാനം. Show all posts

Tuesday, January 21, 2014

നിയമസഭ: പെട്രോള്‍വില 18 തവണയും ഡീസല്‍വില 16 തവണയും വര്‍ധിപ്പിച്ചു

തിരു: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 തവണ പെട്രോളിനും 16 തവണ ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധിപ്പിച്ചെന്ന് ധനമന്ത്രി കെ എം മാണി. കഴിഞ്ഞ രണ്ടരവര്‍ഷത്തെ കണക്കാണിത്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനമായി കോടികള്‍ ലഭിച്ചതായി മന്ത്രിസഭയില്‍വച്ച രേഖകളില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംമാത്രം ഡീസലിന് 11ഉം പെട്രോളിന് പത്തുതവണയും വില വര്‍ധിപ്പിച്ചു. ഡീസലിന് 39 ശതമാനവും പെട്രോളിന് 12 ശതമാനവും പാചകവാതകത്തിന് 21 ശതമാനവും വിലവര്‍ധനയാണ് കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെയുണ്ടായത്. ഏറ്റവും ഒടുവില്‍ ജനുവരി മൂന്നിന് പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധന വരുത്തി. ഈ കാലയളവില്‍ പാചകവാതകത്തിന് 35,406.46 ലക്ഷവും പെട്രോളിന് 44,8481.89 ലക്ഷവും ഡീസലിന് 50,7492.66 ലക്ഷവും മണ്ണെണ്ണയ്ക്ക് 59,01.07 ലക്ഷവും നികുതി ഇനത്തില്‍ സര്‍ക്കാരിന് വരുമാനം ലഭിച്ചു. പെട്രോളിന് ലിറ്ററിന് 26.21 ശതമാനവും ഡീസലിന് 19.80 ശതമാനവും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും അഞ്ചു ശതമാനംവീതവും നികുതിവരുമാനമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം എട്ടുമുതല്‍ പത്തു ശതമാനംവരെ നികുതിവരുമാനത്തില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായും എം എ ബേബി, ജയിംസ് മാത്യു, സാജു പോള്‍, കെ അജിത് എന്നിവരെ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ലോട്ടറി മാഫിയ ശക്തം: ധനമന്ത്രി

തിരു: സംസ്ഥാനത്തിപ്പോള്‍ അന്തര്‍ സംസ്ഥാന ലോട്ടറി മാഫിയ വീണ്ടും ശക്തമായതായി ധനമന്ത്രി കെ എം മാണി നിയമസഭയെ അറിയിച്ചു. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. അനധികൃത ലോട്ടറി വില്‍പ്പനയും ഇടപാടുകളും നടത്തിയതിന് 63 കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ലോട്ടറി സമ്മാനത്തുക കള്ളപ്പണക്കാര്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എ പ്രദീപ്കുമാറിന് മറുപടി ലഭിച്ചു.

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ഗ്രാന്റ് നല്‍കില്ലെന്ന് മന്ത്രി

തിരു: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് ബജറ്റില്‍ വകകൊള്ളിച്ച ഗ്രാന്റ് താല്‍ക്കാലം നല്‍കില്ലെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. തെറ്റായ നടപടി തിരുത്തി സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാലേ ഈ വര്‍ഷത്തെ ഗ്രാന്റ് അനുവദിക്കൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ട വിശദീകരണം ലൈബ്രറി കൗണ്‍സില്‍ നല്‍കുന്നില്ല. സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചാല്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം മാറ്റിവച്ച് ലൈബ്രറികള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ ഗ്രാന്റ് ഉടന്‍ നല്‍കണമെന്ന് കോടിയേരി പറഞ്ഞു. കൗണ്‍സിലുമായി തര്‍ക്കമുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഗ്രാന്റ് നിഷേധിച്ചതുകൊണ്ട് ലൈബ്രേറിയന്‍മാര്‍ക്ക് വേതനം നല്‍കാനാവുന്നില്ല. ഭൂരഭിമാനം വെടിഞ്ഞ് ഗ്രാന്റ് വിതരണം പുനഃസ്ഥാപിക്കണം- കോടിയേരി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരു: മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ ബില്‍ ഭേദഗതി ഫിഷറീസ് മന്ത്രി കെ ബാബു സഭയില്‍ അവതരിപ്പിച്ചു. കമീഷന്‍ സിറ്റിങ്ങിന് ക്വാറത്തില്‍ കുറവുവരുത്തുന്ന വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്. 2008ലെ കടാശ്വാസ കമീഷന്‍ നിയമത്തിലെ കമീഷന്‍ സിറ്റിങ്ങിനുള്ള ക്വാറം മൂന്നാണ്. കമീഷന് ഉചിതമെന്നു തോന്നിയാല്‍ മൂന്നോ അതിലധികമോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബെഞ്ച് രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്താനും അധികാരം നല്‍കിയിട്ടുണ്ട്. ഇതേ നിയമം കമീഷന്റെ അംഗസംഖ്യ അഞ്ചായി പരിമിതപ്പെടുത്തുന്നു. ഇതുമൂലം ബെഞ്ച് രൂപീകരിച്ച് ജില്ലകളില്‍ സിറ്റിങ് നടത്തുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി കെ ബാബു പറഞ്ഞു. കഴിഞ്ഞവര്‍ഷം മെയ് 17ന് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പകരമായി അവതരിപ്പിച്ച ബില്‍ ചര്‍ച്ചകള്‍ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചര്‍ച്ചയില്‍ എസ് ശര്‍മ, സാജുപോള്‍, സി കെ നാണു, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ പങ്കെടുത്തു.

യുവജന കമീഷന്‍ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരു: സംസ്ഥാന യുവജന കമീഷന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. യുവജനങ്ങളെ വിദ്യാസമ്പന്നരാക്കാനും ശാക്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കും അവകാശ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി കമീഷന്‍ രൂപീകരിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. 2012 ആഗസ്ത് 18ന് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. 2012 ഡിസംബര്‍ 21ന് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ചെയര്‍പേഴ്സണും 10ല്‍ കവിയാത്ത അംഗങ്ങളും ഉള്‍പ്പെടുന്നതാകും കമീഷന്‍. ചെയര്‍പേഴ്സണെയും അംഗങ്ങളെയും സര്‍ക്കാര്‍ നിയമിക്കും. കാലാവധി മൂന്നുവര്‍ഷമാണ്. 18 മുതല്‍ 40 വയസ്സുവരെയുള്ളവരെ തെരഞ്ഞെടുക്കാം. 40 വയസ്സ് പൂര്‍ത്തിയായാല്‍ കമീഷന്‍ സ്ഥാനം നഷ്ടപ്പെടും. രണ്ടില്‍ കൂടുതല്‍ തവണ സ്ഥാനത്തിന് അര്‍ഹതയില്ല. അഡീഷണല്‍ സെക്രട്ടറി പദവിയുള്ളയാളായിരിക്കും കമീഷന്‍ സെക്രട്ടറി. തിരുവനന്തപുരമാണ് ആസ്ഥാനം. യുവജനങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുക, തൊഴില്‍ അന്തസ്സിനെപ്പറ്റി യുവാക്കളില്‍ അറിവുണ്ടാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യസത്തിനും തൊഴിലവസരങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുക, ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ഗോത്രവര്‍ഗ വിഭാഗങ്ങളിലടക്കം യുവജനങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് നടപടി സ്വീകരിക്കുക, അസംഘടിതമേഖലയിലെ തൊഴില്‍ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയവയാണ് കമീഷന്റെ അധികാരങ്ങള്‍. പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സാഹിത്യ-സാംസ്കാരിക-കായിക മേഖലയില്‍ യുവജനങ്ങള്‍ക്കായി എന്റോവ്മെന്റ് ഏര്‍പ്പെടുത്താനും കമീഷന് അധികാരമുണ്ട്. മന്ത്രി മന്ത്രി പി കെ ജയലക്ഷ്മി ബില്‍ അവതരിപ്പിച്ചു. പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, ഷാഫി പറമ്പില്‍, എന്‍ ഷംസുദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനെ കടലാസ് കമീഷനാക്കി: എസ് ശര്‍മ

തിരു: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷനെ കടലാസ് കമീഷനാക്കി അധഃപതിപ്പിച്ചതായി എസ് ശര്‍മ നിയമസഭയില്‍ പറഞ്ഞു. കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്താന്‍ സര്‍ക്കാരിനാകുന്നില്ല. കമീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഔദാര്യം വേണ്ട. മത്സ്യത്തൊഴിലാളികള്‍ നേടിത്തരുന്ന സമ്പത്തിന്റെ ചെറിയ ഭാഗംമാത്രം വിനിയോഗിച്ചാല്‍ മതിയാകുമെന്നും കമീഷന്‍ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയില്‍ ശര്‍മ പറഞ്ഞു. സര്‍ക്കാര്‍ തൊഴിലാളികളെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. കടത്തിന്റെ മുതലിലേക്ക് വകയിരുത്താനായി കമീഷന്‍ ശുപാര്‍ശചെയ്ത തുക പലിശയും പിഴപ്പലിശയുമായി സംഘങ്ങള്‍ വകയിരുത്തുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ സഹകരണവകുപ്പ് നല്‍കിയ സര്‍ക്കുലറാണിതിന് കാരണം. കമീഷന്‍ ശുപാര്‍ശചെയ്ത അപേക്ഷകളില്‍ കൂടുതല്‍ അന്വേഷണത്തിനെന്ന പേരില്‍ ബാങ്ക് കാലതാമസം വരുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് മതിയായ തുക അനുവദിച്ചിരുന്നു. ഈ തുകപോലും വിനിയോഗിക്കാന്‍ ഇപ്പോഴാകുന്നില്ല. കടാശ്വാസം കടലാസ് പദ്ധതിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. ഈ വിശ്വാസം ഇപ്പോള്‍ നഷ്ടമായതായും ശര്‍മ പറഞ്ഞു.

പേഴ്സണല്‍ സ്റ്റാഫില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരു: സോളാര്‍കേസില്‍ പ്രതികളായ സരിത എസ്}നായരെയും ബിജു രാധാകൃഷ്ണനെയും ബന്ധപ്പെട്ടതിന്റെ പേരില്‍ ആരെയും പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം. മുഖ്യമന്ത്രിയുടെ നിഴലായി നടന്ന ടെന്നിജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് തുടങ്ങിയവരെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കിയത് അവരുടെ ആവശ്യപ്രകാരമാണെന്നും ഉമ്മന്‍ചാണ്ടി. നിയമസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിചിത്രനിലപാട്. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സുനില്‍കുമാര്‍, സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കോള്‍ സെന്റര്‍ ജീവനക്കാരന്‍ ഗിരീഷ് കുമാര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്ന് ബാബു എം പാലിശേരിയെ മുഖ്യമന്ത്രി അറിയിച്ചു.

വ്യക്തിപരമായി ആവശ്യപ്പെട്ടതിനാലാണ് ഇവരെ ഒഴിവാക്കിയത്. പേഴ്സണല്‍ സ്റ്റാഫിലുള്ള ആരുടെയെല്ലാം ഫോണില്‍നിന്ന് സരിതയുടെയും ബിജുവിന്റെയും ഫോണിലേക്ക് വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരെ ഒഴിവാക്കിയതതെന്നായിരുന്നു ഉമ്മന്‍ചാണ്ടി മുമ്പെടുത്ത നിലപാട്.

കേന്ദ്രത്തിന് നല്‍കിയ നിവേദനങ്ങളെക്കുറിച്ച് സര്‍ക്കാരിന് ഉത്തരമില്ല

തിരു: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും സമര്‍പ്പിച്ച നിവേദനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരമില്ല. അവയുടെ തുടര്‍നടപടികളെക്കുറിച്ച് വ്യക്തതയില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി കെ സദാശിവന് നല്‍കിയ മറുപടിയില്‍ പറയുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ എത്രതവണ ഡല്‍ഹിക്ക് പോയി എന്ന ചോദ്യത്തിന് വിവരം ശേഖരിച്ചുവരുന്നു എന്നായിരുന്നു മറുപടി. നിവേദനങ്ങളില്‍ പരിഗണിക്കപ്പെടാത്തതും കേന്ദ്രമന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നടപ്പാക്കാത്തത് ഏതൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടിയുണ്ടായില്ല.

deshabhimani

Thursday, January 16, 2014

വിപ്ലവപാതയില്‍ അടിയുറച്ച തമ്പുരാന്‍

കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനായി സ്ഥാനമേറ്റ ചിറക്കല്‍ കോവിലകത്തെ രാമവര്‍മതമ്പുരാന്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ ഉജ്വലപങ്കുവഹിച്ച വിപ്ലവകാരി. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പൊലീസ് രാമവര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. സഖാക്കളെ സഹായിച്ചയാളെന്ന നിലയിലായിരുന്നു അറസ്റ്റ്. എറണാകുളം റേഡിയോ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം. ലോര്‍ഡ് എന്ന പേരിലായിരുന്നു പാര്‍ടിക്കാര്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും രാമവര്‍മ അറിയപ്പെട്ടിരുന്നത്.

ചിറക്കല്‍ കോവിലകത്തെ തമ്പുരാട്ടിമാരുടെയും തമ്പുരാക്കന്മാരുടെയും പോരാട്ട ചരിത്രത്തില്‍ കണ്ണിയായിരുന്നു രാമവര്‍മ തമ്പുരാന്‍. പാലിയം സത്യഗ്രഹസമരത്തില്‍ മിടുക്കന്‍ രാജ, രമ തമ്പുരാട്ടി, ഇന്ദിര തമ്പുരാട്ടി തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍ ഇവര്‍ക്ക് സഹായിയായി പ്രവര്‍ത്തിച്ചത് രാമവര്‍മയാണ്. കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇ ഗോപാലകൃഷ്ണമേനോന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി.

1970ല്‍ സിപിഐ എം തൃശൂര്‍ പടിഞ്ഞാറേക്കോട്ട ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിന്നീട് സ്വകാര്യ കമ്പനി മാനേജരായി. പൂങ്കുന്നം ജ്ഞാനോദയം വായനശാലയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് രാമവര്‍മ. ചിറയ്ക്കല്‍ കോവിലകത്തെത്തിയ എ കെ ജിക്ക് തമ്പുരാട്ടിമാര്‍ സ്വര്‍ണത്തില്‍ തീര്‍ത്ത അരിവാള്‍ ചുറ്റിക നല്‍കിയ യോഗത്തിന്റെ സംഘാടനത്തിലും രാമവര്‍മ സജീവമായിരുന്നു.

deshabhimani

Thursday, December 19, 2013

ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ഉജ്വല സെക്രട്ടറിയറ്റ് മാര്‍ച്ച്

ലൈബ്രറി കൗണ്‍സിലുകളെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ സെക്രട്ടറിയറ്റിലേക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ഉജ്വല മാര്‍ച്ച്. ആശാന്‍ സ്ക്വയറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 14 ജില്ലകളില്‍നിന്നായി നൂറുകണക്കിന് അക്ഷര സ്നേഹികള്‍ പങ്കെടുത്തു. സെക്രട്ടറിയറ്റിനുമുന്നില്‍ ധര്‍ണ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഹരികുമാര്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ടി സി വിജയന്‍, മത്തച്ചന്‍ പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍ എസ് വിനോദ് നന്ദിയും പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ നാള്‍മുതല്‍ ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുംവിധം സങ്കുചിതതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്കെതിരായ പ്രതിഷേധം മാര്‍ച്ചില്‍ അലയടിച്ചു. ലൈബ്രറി കൗണ്‍സിലിനുള്ള ഗ്രാന്റ് തടഞ്ഞും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലുകള്‍ക്ക് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയും ആസ്ഥാന മന്ദിരനിര്‍മാണം തടസ്സപ്പെടുത്തിയും അതിന്റെ സ്വയംഭരണാധികാരത്തെ നിഷേധിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത അറിവിനെയും അക്ഷരങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും സ്നേഹിക്കുന്നവര്‍ ആവശ്യപ്പെട്ടു.

deshabhimani

Wednesday, December 11, 2013

ഗ്രന്ഥശാലാപ്രസ്ഥാനത്തെ തകര്‍ക്കുന്നവര്‍ അക്ഷരവിരോധികള്‍: വൈക്കം വിശ്വന്‍

ജനങ്ങള്‍ക്ക് അക്ഷരജ്ഞാനമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഗ്രന്ഥശാലാപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ലൈബ്രറി കൗണ്‍സിലിനെ പിരിച്ചുവിടാന്‍ തുനിയുന്നതിനും ഗ്രന്ഥശാലകളുടെ ഗ്രാന്റ് തടഞ്ഞു വച്ചതിനുമെതിരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ സംഘടിപ്പിക്കുന്ന ഗ്രന്ഥശാലാസംഘം സംരക്ഷണ സാംസ്കാരിക ജാഥ നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്കാരികകേരളത്തിന് ജന്മം നല്‍കിയത് ഗ്രന്ഥശാലകളാണ്. ഓരോ ഗ്രന്ഥശാലയും ഓരോ സര്‍വകലാശാലയാണ്. അക്ഷരജ്ഞാനമുണ്ടായാല്‍ നാടിനെ അറിയും. വായനയിലൂടെയാണ് ആളുകള്‍ക്ക് പുതിയ അവബോധവും കാഴ്ചപ്പാടുമുണ്ടാകുക. ഇത് സഹിക്കാനാകാത്തവരാണ് ഗ്രന്ഥശാലാ സംഘത്തെ തകര്‍ക്കാന്‍ നോക്കുന്നത്. ഈ പ്രസ്ഥാനത്തില്‍ വ്യത്യസ്ത രാഷ്ട്രീയചിന്താഗതിക്കാരുണ്ട്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായിരുന്ന തായാട്ട് ശങ്കരനും വൈക്കം മുഹമ്മദ്ബഷീറും വരെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥശാലകള്‍ക്ക് ആസ്ഥാനമുണ്ടാകുന്നത് നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യാര്‍ഥമാണ്. ഒരു ഓഫീസുണ്ടാകുന്നതില്‍ എന്തിനാണ് വിവാദമെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല സ്ഥിതിചെയ്യുന്ന വസ്തുവിന്റെ വില കണക്കാക്കുന്ന റിയല്‍ എസ്റ്റേറ്റുകാരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. ഇഷ്ടമില്ലാത്തവര്‍ക്ക് ഭിക്ഷകൊടുക്കുന്ന രീതിയിലാണ് ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റ് കൊടുക്കുന്നത്. ലൈബ്രറി കൗണ്‍സിലിനെ പിരിച്ചുവിടാനുളള നീക്കത്തിനും ലൈബ്രറികളുടെ ഗ്രാന്റ് തടഞ്ഞുവച്ചതിനുമെതിരെ അക്ഷരസ്നേഹികളാകെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani

Saturday, November 30, 2013

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കണം: എം മുകുന്ദന്‍

ലൈബ്രറി കൗണ്‍സിലുകള്‍ പിരിച്ചുവിടരുത്

ഹരിപ്പാട്: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന- ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സറ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ കാര്‍ത്തികപ്പള്ളി താലൂക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. മണ്ണാറശാല യുപി സ്കൂളില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി ജെ ജയലാല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി സുകുമാരന്‍ അധ്യക്ഷനായി. പി ഗോപാലന്‍, ജയകുമാര്‍, എല്‍ ആനന്ദാമ്മ, പി വിജയമ്മ, കെ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ടി അമ്പിളികല, ആര്‍ കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കണം: എം മുകുന്ദന്‍

ബാലുശേരി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിനെ തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്പിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ബാലുശേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഗിരീഷ് പുത്തഞ്ചേരി നഗറില്‍ ഭഗത്സിങ് കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന യൂത്ത് എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗണ്‍സില്‍ തകരുന്നതിലൂടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് മുടങ്ങും. ഗ്രാന്റ് മുടങ്ങിയാല്‍ ഗ്രാമങ്ങളിലെ വായന സംസ്കാരം തകരും. വായനയും സംസ്കാരവും ഉള്ള ജനതക്കേ തിരിച്ചറിവുണ്ടാകൂ. ഇ എം എസ് ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ വായനയെയും സംസ്കാരത്തെയും സമ്പന്നമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിപണിസംസ്കാരമാണ് എഴൂത്തുകാരെപ്പോലും ഇന്ന് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani

Tuesday, October 8, 2013

ഗ്രന്ഥശാലാ പ്രസ്ഥാനം പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണം

കല്‍പ്പറ്റ: കേരളത്തിലെ നവോത്ഥാന പ്രക്രിയയുടേയും ദേശീയ പ്രസ്ഥാനത്തിന്റേയും സംസ്ഥാന രൂപീകരണത്തിന്റേയും ചാലകശക്തിയായി പ്രവര്‍ത്തിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 1994 ല്‍ രൂപീകൃതമായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജനാധിപത്യ ഭരണത്തിലൂടെ പ്രവര്‍ത്തിച്ചു വരികയാണ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്ന പ്രദേശത്തിന്റെ സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ മേഖലയുടെ വികാസത്തിനും വേണ്ടി സംസ്ഥാനത്തിലുടനീളം നടപ്പിലാക്കിയിട്ടുള്ള ഒട്ടേറെ വികസന പദ്ധതികള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1977 ലെ ഗവണ്‍മെന്റ് നടപടികളെ അനുസ്മരിപ്പിക്കുന്നതരത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിട്ട് ഗ്രന്ഥശാലകളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി സുരേഷ് ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍ കെ ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി എസ് രാമചന്ദ്രന്‍, കെ ജി പുരുഷോത്തമന്‍, ഇ ഐ ജോര്‍ജ്ജ്, എ കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.

ഗ്രന്ഥശാല: ജില്ലകളില്‍ പ്രതിഷേധക്കൂട്ടായ്മ

ഗ്രാന്റ് നിഷേധിച്ചും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭരണസമിതി പിരിച്ചുവിട്ടും ഗ്രന്ഥശാല പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ സെക്രട്ടറിയറ്റിനുമുന്നിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധക്കൂട്ടായ്മ നടത്തി. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ കൂട്ടായ്മ ഉദ്ഘാടനംചെയ്തു. തൃശൂരില്‍ സി പി നാരായണന്‍ എംപിയും ആലപ്പുഴയില്‍ ജി സുധാകരന്‍ എംഎല്‍എയും പാലക്കാട്ട് പി ബിജു എംപിയും എറണാകുളത്ത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഹരികുമാറും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രനും കോഴിക്കോട്ട് യു എ ഖാദറും മലപ്പുറത്ത് മണമ്പൂര്‍ രാജന്‍ ബാബുവും പത്തനംതിട്ടയില്‍ ചുനക്കര ജനാര്‍ദനന്‍നായരും വയനാട്ടില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ സുധീറും പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്തു.

ഭരണാധികാരികളുടേത് ചരിത്രവും പാരമ്പര്യവും നിഷേധിക്കുന്ന നിലപാട്: ഡോ. ബി ഇക്ബാല്‍

കണ്ണൂര്‍: കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും നിഷേധിക്കുന്ന നിലപാടാണ് കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ ഭരണാധികാരികള്‍ കൈക്കൊള്ളുന്നതെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ഗ്രന്ഥശാലാസംഘത്തെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയിലും ദേശീയ സെമിനാര്‍ സംഘാടക സമിതി രൂപീകരണയോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ധേഹം. നവോത്ഥാന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമത്തെയും കൂട്ടായ എതിര്‍പ്പിലൂടെ മറികടക്കാന്‍ സാധിക്കണം. ഈ പ്രസ്ഥാനത്തെ പിരിച്ചുവിടുന്നത് കേരളത്തിന്റെ മൊത്തം പ്രശ്നമായി കാണണമെന്നും ഡോ. ഇക്ബാല്‍ പറഞ്ഞു.

കൂട്ടായ്മ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ കെ രവി, പി കെ ബൈജു എന്നിവര്‍ സംസാരിച്ചു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. ഇ പി ആര്‍ വേശാല സ്വാഗതവും എം മോഹനന്‍ നന്ദിയും പറഞ്ഞു. വായന, സംസ്കാരം-മാറുന്ന ലോകം എന്നീ വിഷയത്തില്‍ നവംബര്‍ അവസാനവാരമാണ് സെമിനാര്‍. ഭാരവാഹികള്‍: കെ എ സരള(ചെയര്‍മാന്‍), ടി കൃഷ്ണന്‍, രോഷ്നി ഖാലിദ്, അഡ്വ ടി ഒ മോഹനന്‍, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി മനോഹരന്‍, കെ സി ഹരികൃഷ്ണന്‍, കെ കെ രവി, പൊന്ന്യം ചന്ദ്രന്‍, കവിയൂര്‍ രാജഗോപാലന്‍(വൈസ് ചെയര്‍മാന്‍), പി കെ ബൈജു(ജനറല്‍ കണ്‍വീനര്‍), കെ എം ബാലചന്ദ്രന്‍, കെ ജയരാജന്‍, വൈക്കത്ത് നാരായണന്‍, ഇ ചന്ദ്രന്‍, സി സോമന്‍( കണ്‍വീനര്‍).

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടുന്നതിനെതിരെ കലക്ടറേറ്റ് മാര്‍ച്ച്

കാസര്‍കോട്: ദുര്‍ബല കാരണങ്ങള്‍ കണ്ടെത്തി ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കം ജനാധിപത്യ വിരുദ്ധവും ദുരുപദിഷ്ടവുമാണെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കെ അഹമ്മദ് ഹുസൈന്‍ അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, എ കെ നാരായണന്‍, എസ് നാരായണഭട്ട്, വാസു ചോറോട്, യു ശ്യാംഭട്ട് എന്നിവര്‍ സംസാരിച്ചു. പി വി കെ പനയാല്‍ സ്വാഗതവും രാഘവന്‍ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.

deshabhimani

Friday, September 20, 2013

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക

കൊച്ചി: ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്ന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പിരിച്ചുവിടുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഫണ്ട് വെട്ടിക്കുറച്ചു. 2012-13ല്‍ നിരവധി ഇടപെടലുകള്‍ ഉണ്ടായശേഷമാണ് ഫണ്ട് അനുവദിച്ചത്. ഈ വര്‍ഷത്തേക്ക് അനുവദിച്ച ഫണ്ട് മാര്‍ച്ച് അവസാന ദിവസം ലഭിച്ചതുകൊണ്ട് വിനിയോഗിക്കാനാവാതെ നഷ്ടപ്പെട്ടു. 2013-14 വര്‍ഷത്തേക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നാലു ഗഡുവായി നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതുവരെ ഒരുരൂപപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് നല്‍കാതെ ഭാരതത്തിലെ ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ ശൃംഖലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഫലമായി 6000 ത്തോളം അംഗീകൃത ലൈബ്രറികള്‍ അടച്ചുപൂട്ടും. നിയമവിരുദ്ധമായി നിയമനം നടത്തിയെന്നാരോപിച്ചാണ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കിയത്. ഇതിനു മു ന്നോടിയായി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയശേഷമാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുത്ത കൗണ്‍സിലിന്റെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു. ചെറിയ തുക ഗ്രാന്റായി വാങ്ങി സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രേറിയന്‍മാരെയും ഇത് പ്രതിസന്ധിയിലാക്കും.

ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ എസ് രമേശന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, സി കെ രാജപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Thursday, September 12, 2013

14ന് എല്ലാ ഗ്രന്ഥശാലകളിലും പ്രതിഷേധദീപം തെളിക്കും

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറി കൗണ്‍സിലുകളെ സ്വേച്ഛാധിപത്യപരമായും നിയമവിരുദ്ധമായും പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗ്രന്ഥശാലാ ദിനമായ ശനിയാഴ്ച എല്ലാ ഗ്രന്ഥശാലകളിലും പ്രതിഷേധദീപം തെളിച്ച് അക്ഷരസംരക്ഷണ ദിനമായി ആചരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി കെ മധുവും സെക്രട്ടറി പി കെ രാജ്മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൗണ്‍സിലുകളെ പിരിച്ചുവിടുന്നതിന് ആധാരമായി സര്‍ക്കാര്‍ പറയുന്നത് 2005ലും 2006ലുമായി നിയമിച്ച 44 ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിച്ചില്ലെന്നാണ്. ഇതിനെതിരെ ജീവനക്കാര്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയ സാഹചര്യത്തിലും നിയമപ്രകാരമാണ് ഇവരുടെ നിയമനമെന്നതിനാലും ഇതു സാധിക്കില്ല. ആസ്ഥാനമന്ദിരം പണിയുന്നതിന് അനധികൃതമായി കെട്ടിടം പൊളിച്ചുവെന്നതും ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് തൃപ്തികരമായി മറുപടി നല്‍കിയില്ലെന്നതും വസ്തുതാവിരുദ്ധമാണ്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ നല്‍കിയിട്ടുള്ള വിശദീകരണങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. മുസ്ലിംലീഗിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്നതാണ് ഗ്രന്ഥശാലപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് കാരണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സമയബന്ധിതമായി ഇതുവരെ ഗ്രാന്റുകള്‍ നല്‍കിയിട്ടില്ല. 2013-14 വര്‍ഷത്തെ ഗ്രാന്റിനത്തില്‍ രണ്ടു ഗഡു അനുവദിക്കേണ്ട ഘട്ടം കഴിഞ്ഞിട്ടും ഒരു രൂപപോലും അനുവദിക്കാതെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തടഞ്ഞുവച്ചിരിക്കുകയാണ്.

2009ല്‍ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണം ഇതുവരെ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ല. ധനവകുപ്പ് അംഗീകരിച്ചിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ടു തടഞ്ഞു. ആ ഫയലില്‍തന്നെ കൗണ്‍സിലുകളെ പിരിച്ചുവിടാന്‍ തക്കവണ്ണം രേഖകള്‍ ഉണ്ടാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ടിയും ചേര്‍ന്ന് ഗ്രന്ഥശാലകളെ തകര്‍ക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇരുവരും പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ എസ് വിനോദ്, സ്റ്റേറ്റ് എക്സിക്യൂട്ടീവംഗം പി ഗിരിജാഭായി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേരളത്തെ സംസ്കാരദരിദ്രമാക്കാനുള്ള നീക്കം അനുവദിക്കരുത്: എം എ ബേബി

ലൈബ്രറി കൗണ്‍സിലിനെ തകര്‍ത്ത് കേരളത്തെ വിദ്യാഭ്യാസ വിമുക്തവും സംസ്കാര ദരിദ്രവുമാക്കാനുള്ള സര്‍ക്കാര്‍നീക്കം അനുവദിക്കരുതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ലൈബ്രറി കൗണ്‍സിലുകളുടെ ജനാധിപത്യം തകര്‍ക്കാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമത്തിന്റെ ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കൗണ്‍സിലിന് സഹായങ്ങള്‍ നിഷേധിച്ച് ഞെരിച്ചുകൊല്ലാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന് അധികാരമില്ലാത്ത കാര്യമാണ് ചെയ്യുന്നത്. പ്രക്ഷോഭം നടത്തുന്നവരുടെ മര്‍മസ്ഥാനങ്ങളില്‍ പ്രഹരിക്കാന്‍ നിര്‍ദേശംകൊടുത്ത് യുവാവിനെ ജീവച്ഛവമാക്കിയതുപോലെയാണ് ലൈബ്രറി കൗണ്‍സിലിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ശ്രമവും. സാമ്പത്തിക സഹായം നിഷേധിച്ചുകൊണ്ടാണ് ലൈബ്രറികളുടെ മര്‍മസ്ഥാനത്ത് പ്രഹരമേല്‍പ്പിക്കുന്നത്. ദൂരവ്യാപകവും നിഷേധാത്മകവുമായ ഫലം ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണിത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനമായ ജനകീയ വിദ്യാഭ്യാസത്തിനും സാംസ്കാരിക നവോത്ഥാനത്തിനും കരുത്തുപകര്‍ന്ന ജനകീയ ലൈബ്രറിപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കരുത്. സാംസ്കാരിക സമൂഹമാകെ ഒറ്റസ്വരത്തില്‍ ഈ കിരാതനീക്കത്തിനെതിരെ രംഗത്തുവരണം- എം എ ബേബി പറഞ്ഞു.

കെ ശ്രീകുമാര്‍ അധ്യക്ഷനായി. പിരപ്പന്‍കോട് മുരളി, പ്രൊഫ. വി എന്‍ മുരളി, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, വി കെ മധു, ഐ സാജു, പി ഗിരിജാഭായ്, പി കെ രാജ്മോഹന്‍, എന്‍ എസ് വിനോദ് എന്നിവര്‍ സംസാരിച്ചു. ഇ ശ്രീകണ്ഠന്‍ സ്വാഗതം പറഞ്ഞു.

deshabhimani

Thursday, April 11, 2013

പഞ്ചായത്ത് ലൈബ്രറികള്‍ക്ക് തിരിച്ചടി


പഞ്ചായത്തും നഗരസഭകളും ബുക്ക്മാര്‍ക്കില്‍ നിന്ന് മാത്രം പുസ്തകം വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള ലൈബ്രറികള്‍ക്ക് തിരിച്ചടിയായി. ലൈബ്രറികള്‍ക്ക് ആവശ്യമുള്ള പല പുസ്തകങ്ങളും ബുക്ക്മാര്‍ക്കില്‍ ലഭ്യമല്ലാത്തതിനാല്‍ വായനപ്രേമികളെ നിരാശപ്പെടുത്തേണ്ട ഗതികേടിലാണ് ലൈബ്രറികള്‍. നോവല്‍, കഥകള്‍, കവിത, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങിയ പുസ്തകങ്ങളാണ് വായനക്കാര്‍ ഏറെയും ആവശ്യപ്പെടുന്നത്. ഇത്തരം പുസ്തകങ്ങളുടെ ലിസ്റ്റുമായി ബുക്ക്മാര്‍ക്ക് സ്റ്റാളുകളില്‍ എത്തിയവര്‍ക്ക് മിക്കതും കിട്ടുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ, രമേശ്ചെന്നിത്തലയുടെ നിയമസഭാപ്രസംഗങ്ങള്‍, ബുക്ക്മാര്‍ക്ക് സെക്രട്ടറിബാബു കുഴിമറ്റത്തിന്റെ കൃതികള്‍ തുടങ്ങിയ പുസ്തകങ്ങളാണ് ബുക്ക്മാര്‍ക്ക് സ്റ്റാളുകളില്‍ അധികവും. അറിയപ്പെടാത്ത എഴുത്തുകാരുടെ നിരവധി കൃതികളും പൈങ്കിളി നോവലുകളും കിട്ടാനുണ്ട്. അതേസമയം ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എസ് കെ പൊറ്റക്കാടിന്റെ യാത്രാവിവരണം, തകഴി, എംടി, വയലാര്‍, സാറാ ജോസഫ്, ഒഎന്‍വി, സുഗതകുമാരി തുടങ്ങിയവരുടെ കൃതികള്‍, ക്ലാസിക് ഗ്രന്ഥമായ മഹാഭാരതം എന്നീ പുസ്തകങ്ങളൊന്നും ലഭ്യവുമല്ല.

പുസ്തകങ്ങള്‍ക്ക് അനുവദിച്ച ഗ്രാന്റ് ചെലവഴിക്കേണ്ടതിനാല്‍ ബുക്ക്മാര്‍ക്കിലെ ചവര്‍ കൃതികളാണ് ലൈബ്രറികളില്‍ കുത്തിനിറയ്ക്കേണ്ടത്. ലൈബ്രറികളുടെ ജനാധിപത്യഅവകാശം ഇല്ലാതാക്കുന്നതാണ് ഈ ഉത്തരവെന്ന് കുമരകം പഞ്ചായത്ത് ലൈബ്രറി സെക്രട്ടറി കെ കെ തങ്കച്ചന്‍ പറഞ്ഞു. 75,000 രൂപയുടെ ഗ്രാന്റായിരുന്നു കുമരകം ലൈബ്രറിക്ക്. ആവശ്യപ്പെട്ടത് കിട്ടാത്തതിനാല്‍ 40,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി ഇവര്‍ മടങ്ങി. ഇന്ത്യയിലും വിദേശത്തുമുള്ള ഏത് പ്രസാധകന്റെ പുസ്തകവും ലഭ്യമാക്കുമെന്നായിരുന്നു ബുക്ക്മാര്‍ക്ക് സെക്രട്ടറി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും അയച്ച കത്തിലുള്ളത്. സര്‍ക്കാരിന്റെ തന്നെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെ തഴഞ്ഞ് ബുക്ക്മാര്‍ക്കിനെ വഴിവിട്ട് സഹായിക്കാനുള്ള നീക്കമാണ് ഉത്തരവിനു പിന്നിലെന്നും ലൈബ്രറി ഭാരവാഹികള്‍ പറയുന്നു.

deshabhimani 110413

Saturday, January 19, 2013

കേന്ദ്രം പ്രഖ്യാപിച്ച 1000 കോടി പ്രഖ്യാപനത്തിലൊതുങ്ങി

രാജ്യത്തെ ഒമ്പതിനായിരം ലൈബ്രറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം കോടി രൂപ പ്രഖ്യാപനത്തിലൊതുങ്ങുന്നു. നാഷണല്‍നോളജ് മിഷന്റെ ശുപാര്‍ശ പ്രകാരം രണ്ടുവര്‍ഷം മുമ്പാണ് ആയിരം കോടി രൂപയുടെ വികസന പദ്ധതി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചത്. 2011 മുതല്‍ മൂന്ന് വര്‍ഷംകൊണ്ട് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നായിരുന്നു പറഞ്ഞത്. ഇതിനായി കല്‍പനാദാസ് ഗുപ്ത ചെയര്‍മാനായ കമ്മിറ്റി നിര്‍ദേശങ്ങളും നല്‍കി. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന 90 കോടി ഇന്ത്യന്‍ യുവതയെ രാജ്യത്തിന്റ വികസനത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. വിവര വിജ്ഞാന സമ്പാദനത്തിനും കൈമാറ്റത്തിനും ഫലപ്രദം ലൈബ്രറികളാണെന്ന തിരിച്ചറിവിലാണ് ഗ്രന്ഥശാലകളുടെ മുഖംമാറ്റത്തിന് ആയിരം കോടി പ്രഖ്യാപിച്ചത്. ലൈബ്രറികളുടെ ആധുനികവല്‍ക്കരണം, ജീവനക്കാരെ നിയമിക്കല്‍, പുസ്തകം ഡിജിറ്റല്‍ ചെയ്യല്‍, ലൈബ്രറികളുടെ നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കല്‍, കേന്ദ്രഫണ്ട് ലഭ്യമാക്കുക, വിവിധ വിഷയങ്ങള്‍ ഗ്രാമീണ ജനതയില്‍ എത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കല്‍പനാദാസ് ഗുപ്ത കമ്മിറ്റി സമര്‍പ്പിച്ചത്. 2012 മാര്‍ച്ചില്‍ നാഷണല്‍ മിഷന്‍ ഓഫ് ലൈബ്രറിയും പ്രൊഫ. ദീപക് പെന്റല്‍ ചെയര്‍മാനായി പത്തംഗ ഉപദേശക സമിതിയും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഗ്രന്ഥശാലകളുടെ വികസനത്തിനാവശ്യമായ ഫണ്ട് കൈമാറ്റം നടന്നില്ല. മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലൈബ്രറികള്‍ക്ക് നല്‍കുന്നതിലും അമാന്തം കാട്ടുകയാണ്.

deshabhimani 190113

Friday, September 14, 2012

ഇന്ന് ഗ്രന്ഥശാലാദിനം: വായനയുടെ പ്രസ്ഥാനത്തിന് 67 വയസ്സ്


കണ്ണൂര്‍: "സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരാന്‍ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങള്‍ മാറ്റണം. അതിന് ഗ്രാമങ്ങള്‍ തോറും വായനശാല തുടങ്ങണം"- 1936ല്‍ കെപിസിസി സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ ആഹ്വാനം. ഈ വാക്കുകളുടെ പ്രചോദനത്തില്‍ പുസ്തകങ്ങള്‍ വഴി മലയാളത്തിന്റെ ആര്‍ജവം വീണ്ടെടുക്കാന്‍ പ്രയത്നിച്ച ഗ്രന്ഥശാലാസംഘത്തിന് ഇന്ന് 67 വയസ് പൂര്‍ത്തിയാകുന്നു.

1945 സെപ്തംബര്‍ 14ന് അമ്പലപ്പുഴയില്‍ പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് ഗ്രന്ഥശാലകള്‍ക്ക് സമ്മേളനത്തിന്റെ ക്ഷണക്കത്തയച്ചിരുന്നുവെങ്കിലും 47 ഗ്രന്ഥശാലകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഈ സമ്മേളനത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാം വര്‍ഷവും സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നത്. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് മലബാറില്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റി തുടങ്ങി. പട്ടിണിയിലാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നു നിന്ന് ചോദ്യം ചോദിക്കാനുള്ള ആയുധമാകാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കുകയായിരുന്നു ആദ്യകാലത്ത് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍.

1829ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച പബ്ലിക് ലൈബ്രറിയാണ് തിരുവിതാംകൂറിലെ ആദ്യ ലൈബ്രറി. 1948ല്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥാലോകം മാസിക ആരംഭിച്ചു. "56ല്‍ സംസ്ഥാന രൂപീകരണത്തോടെ ഗ്രന്ഥശാലാ സംഘം രൂപീകൃതമായി. 1989ല്‍ കേരള പബ്ലിക് ലൈബ്രറീസ് ആക്ട് നിയമസഭ പാസാക്കിയെങ്കിലും 1991ലാണ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നത്. ദീര്‍ഘകാല നടപടികള്‍ പൂര്‍ത്തിയായി ഒന്നാം ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വരാന്‍ വീണ്ടും മൂന്നുവര്‍ഷമെടുത്തു. ലൈബ്രറി കൗണ്‍സില്‍ നിയമമായി വരുന്നതിന് വേണ്ടി നിരവധി പ്രക്ഷോഭംനടന്നിട്ടുണ്ട്. മികച്ച നിലയിലുള്ള സാക്ഷരതാ പ്രവര്‍ത്തനത്തിന് 1975ല്‍ യുനസ്കോയുടെ ക്രുപ്സ്കായ പുരസ്കാരം സംഘത്തിന് ലഭിച്ചു. 7500 ലധികം ലൈബ്രറികള്‍ ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. എ മുതല്‍ എഫ് വരെ ഗ്രേഡ് തിരിച്ചുള്ള ലൈബ്രറികള്‍ക്ക് 7500 മുതല്‍ 20,000 രൂപ വരെ വര്‍ഷത്തില്‍ ഗ്രാന്റ് നല്‍കുന്നു. ലൈബ്രേറിയന്മാര്‍ക്ക് 850 മുതല്‍ 1100 വരെ മാസത്തില്‍ അലവന്‍സും നല്‍കുന്നു. വനിതാ പുസ്തകവിതരണ പദ്ധതി, വനിതാവേദി, ബാലവേദി, വയോജനവേദി, യുവജനവേദി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴില്‍ പരിശീലന കേന്ദ്രം, നീന്തല്‍ പരിശീലന പരിപാടി എന്നിവയും ഗ്രന്ഥശാലകളുടെ നേതൃത്വത്തിലുണ്ട്. ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ ഓണ്‍ലൈന്‍ വായനക്കും ഡിജിറ്റല്‍ വായനക്കുമുള്ള സൗകര്യം ലഭ്യമാകും.

deshabhimani 140912

Thursday, March 29, 2012

പബ്ലിക് ലൈബ്രറിക്ക് ജനസേവനത്തിനുള്ള അംഗീകാരം


കാഞ്ഞങ്ങാട്: ജനസേവനത്തിന് അംഗീകാരമായി മടിക്കൈ പബ്ലിക്ക് റീഡിങ്റൂം ആന്‍ഡ് ലൈബ്രറിക്ക് ഡിസി പുരസ്കാരം. പതിനഞ്ചായിരത്തില്‍പരം പുസ്തകങ്ങള്‍, രണ്ടായിരത്തിലധികം അംഗങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമജീവിതത്തില്‍ സജീവമായി ഇടപെട്ട് അരനൂറ്റാണ്ടായി മടിക്കൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലക്കാണ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവ് അള്ളങ്കേടന്‍ ചന്തു പ്രസിഡന്റും ടി കുഞ്ഞാമന്‍ സെക്രട്ടറിയുമായി 1963 ജൂലൈ 14നാണ് വായനശാല വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ബാല- വനിത- യുവജന- സീനിയര്‍സിറ്റിസണ്‍ വിഭാഗങ്ങളിലായി സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ബന്ധപ്പെടുത്തിയുള്ളതാണ് ജില്ലാമോഡല്‍ വില്ലേജ് ലൈബ്രറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം. വനിതകള്‍ക്കായി വീടുകളില്‍ പുസ്തക വിതരണവും നടത്തുന്നുണ്ട്. സെമിനാറുകള്‍, കരിയര്‍ ഗൈഡന്‍സ്, ഇക്കോ ഹെല്‍ത്ത്ക്ലബ്, ഫിലിംക്ലബ് എന്നിവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജനകീയ ആരോഗ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിക്കുന്നവയായിരുന്നു. "രക്തദാനം മഹാദാനം" എന്ന സന്ദേശമുയര്‍ത്തി ലൈബ്രറി രൂപീകരിച്ച രക്തദാനസേന അടിയന്തര ഘട്ടങ്ങളില്‍ നിരവധി രോഗികള്‍ക്ക് ആശ്രയമാകുന്നുണ്ട്.

15 സെന്റ് സ്ഥലവും സ്വന്തം കെട്ടിടവുമുള്ള ലൈബ്രറിയില്‍ ഏഴുലക്ഷം രൂപയുടെ പുസ്തകങ്ങളുണ്ട്. പഞ്ചായത്തിലെ മൂന്ന് ഹൈസ്കൂളികളിലായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ നൂറിലധികം വിദ്യാര്‍ഥികളെ ബന്ധപ്പെടുത്തി നടപ്പാക്കിയ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സഹായങ്ങള്‍, പരീക്ഷാപ്പേടി മാറ്റാനുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ മാതൃകാ പ്രവര്‍ത്തനങ്ങളായിരുന്നു. ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറിയും റിട്ട. അധ്യാപകനും ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ ടി വി കുഞ്ഞാമനാണ് ഇപ്പോഴും സെക്രട്ടറി. സ്ഥാപക പ്രസിഡന്റ് അള്ളങ്കേട് ചന്തുവിന്റെ മകനും റിട്ട. അധ്യാപകനുമായ കെ നാരായണനാണ് പ്രസിഡന്റ്. 36 വര്‍ഷമായി ഇവര്‍ രണ്ടുപേരാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രന്ഥാലയത്തില്‍ നിത്യവും വിദ്യാര്‍ഥികളടക്കം വലിയൊരു വായനസദസ് സജീവമാണ്. 44,444 രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവുമാണ് അവാര്‍ഡ്.
(ടി കെ നാരായണന്‍)

deshabhimani 290312

അവാര്‍ഡ് പെരുമയില്‍ നവോദയ ഗ്രന്ഥാലയം


തൃക്കരിപ്പൂര്‍: വായിച്ചാല്‍ തീരാത്ത പുസ്തകം പ്രകൃതിയാണെന്ന് തിരിച്ചറിഞ്ഞ് വായനയുടെ വിശാല ലോകത്തേക്ക് കുട്ടികളെ ആനയിച്ച ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് സംസ്ഥാനതല അംഗീകാരം. സംസ്ഥാനത്തെ ലൈബ്രറികളില്‍ ഏറ്റവും മികച്ച ബാലവേദിക്കുള്ള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പി രവീന്ദ്രന്‍ സ്മാരക പുരസ്കാരമാണ് നവോദയക്ക് ലഭിച്ചത്. ഗ്രന്ഥാലയത്തിന്റെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാന അവാര്‍ഡാണിത്. ജനുവരിയില്‍ വനം- വന്യജീവി വകുപ്പ് ഏര്‍പ്പെടുത്തിയ "വനമിത്ര" പുരസ്കാരവും ഈ ഗ്രന്ഥാലയത്തിനാണ് ലഭിച്ചത്.

2001ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാലവേദിയില്‍ 129 അംഗങ്ങളുണ്ട്. ഇടയിലെക്കാട് കാവിലെ വാനരര്‍ക്ക് തുടര്‍ച്ചയായി നാലുവര്‍ഷം അവിട്ടം നാളില്‍ നടത്തിയ വാനരസദ്യ, അടുക്കളക്ക് ഭീഷണിയായ പ്ലാസ്റ്റിക് മാലിന്യം മാസംതോറും ശേഖരിച്ച് ബോധവല്‍ക്കരണം, അത്യപൂര്‍വമായ ഓരിലത്താമരയുടെ രണ്ട് സ്പീഷീസുകളെ വംശനാശത്തില്‍നിന്ന് സംരക്ഷിച്ചത്, വെള്ളവയറന്‍ കടല്‍പരുന്ത്, പൂമ്പാറ്റകള്‍ എന്നിവയെ നിരീക്ഷിച്ചതും വേറിട്ട പ്രവര്‍ത്തനങ്ങളാണ്. കവ്വായി കായലില്‍ ബാലവേദി നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പുകളിലെ അംഗങ്ങള്‍ നൂറുകണക്കിന് കണ്ടലുകളാണ് വച്ചുപിടിപ്പിച്ചത്. ഇടയിലെക്കാട് കാവും കവ്വായിക്കായലും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ക്കൊപ്പം ബാലവേദി അംഗങ്ങളും പ്രകൃതി ക്ലാസുകള്‍ നല്‍കുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്.

കാവിലെ മരങ്ങള്‍ക്ക് ശാസ്ത്രീയ നാമമുള്‍പ്പെടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. കാവിലെ അമ്പതോളം വാനരെ നിത്യവും ചോറൂട്ടുന്ന ചാലില്‍ മാണിക്കത്തെ ആദരിച്ചു. കാവിലെ മുഴുവന്‍ സസ്യങ്ങളെയും തിരിച്ചറിഞ്ഞ് വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന ജൈവ വൈവിധ്യ സെന്‍സസ്, 250 ജൈവ വൈവിധ്യ പഠനക്ലാസുകള്‍, തലമുറകളുടെ ഹരിത സംഗമം, വായനയെ പ്രോത്സാഹിപ്പിക്കാന്‍ മൂന്നുവര്‍ഷം നീണ്ട കുട്ടി ക്വിസ് പദ്ധതി തുടങ്ങിയവ നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ബാലവേദിയുടെ സഹകരണത്തോടെ ഗ്രന്ഥാലയം തയ്യാറാക്കിയ "ദൈ്വപായനം" പ്രാദേശിക ചരിത്ര ഗ്രന്ഥം നിരവധി പേരെ ആകര്‍ഷിച്ചു. ഒരു പതിറ്റാണ്ടിലേറെ പ്രകൃതിയോടൊപ്പം സഞ്ചരിച്ചും സംരക്ഷിച്ചും ബാലവേദി പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനത്തിന് ലഭിച്ച സംസ്ഥാന അംഗീകാരത്തില്‍ ഗ്രാമമാകെ ആഘോഷത്തിമിര്‍പ്പിലാണ്. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
(പി മഷൂദ്)

deshabhimani 280312

Sunday, March 18, 2012

രാമന്തളി ഗാന്ധിസ്മാരക വായനശാല കത്തിച്ചു

പയ്യന്നൂര്‍ : രാമന്തളി കല്ലേറ്റുംകടവിലെ ഗാന്ധിസ്മാരക വായനശാലയ്ക്ക് സാമൂഹ്യദ്രോഹികള്‍ തീയിട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിരവധി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കത്തിച്ചാമ്പലായി. വായനശാല കെട്ടിടത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ കണ്ണന്‍ നായര്‍ സ്മാരകഹാളിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു. തീ പടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് തീയണച്ചത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

ജില്ലയില്‍ വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കുംനേരെ അക്രമം തുടര്‍ക്കഥയാവുകയാണ്്. സമാധാനം നിലനിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള സാമൂഹ്യദ്രോഹികളുടെ നീക്കം തിരിച്ചറിയണമെന്ന് സിപിഐ എം ലോക്കല്‍ സെക്രട്ടറി ഒ കെ ശശി ആവശ്യപ്പെട്ടു. സാംസ്ക്കാരിക സ്ഥാപനങ്ങള്‍ അക്രമിക്കുന്ന തീവ്രവാദ പ്രവണതകള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അക്രമികളെ പിടികൂടണമെന്നും ശശി ആവശ്യപ്പെട്ടു. ആക്രമത്തില്‍ വായനശാല കമ്മിറ്റി പ്രതിഷേധിച്ചു. പച്ചകൃഷ്ണന്‍ അധ്യക്ഷനായി. കെ ശശീന്ദ്രന്‍ , പി വി വിജയന്‍ , ടി വി രാഘവന്‍ , പി സുഗുണന്‍ എന്നിവര്‍ സംസാരിച്ചു.

നീതി തേടി ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ മാര്‍ച്ച്

കണ്ണൂര്‍ : ഗ്രന്ഥശാലകള്‍ ചുട്ടെരിക്കുന്ന ഫാസിസത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മറയാക്കി വായനശാലകള്‍ ആക്രമിക്കുകയും പുസ്തകങ്ങളും ഉപകരണങ്ങളും നശിപ്പിക്കുയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍ച്ച്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ 32 ഗ്രന്ഥാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് അധികാരികള്‍ തയ്യാറാകണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ജില്ലയില്‍ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച മുതിര്‍ന്ന തലമുറയുടെ പങ്കാളിത്തം മാര്‍ച്ചിനെ ശ്രദ്ധേയമാക്കി്. മാര്‍ച്ച് കെ കെ നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രന്‍ , മുന്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പി ആര്‍ വേശാല, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു. എം മോഹനന്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു സ്വാഗതം പറഞ്ഞു.

deshabhimani 180312

Tuesday, February 14, 2012

നേഴ്സിങ് സമരത്തില്‍ വെളിപ്പെടുന്നത് ക്രൂരമായ വിവേചനം: കോടിയേരി

ശ്രീകണ്ഠപുരം: തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെയും പീഡനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് നേഴ്സിങ് സമരത്തിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെങ്ങളായി എടത്തുംതറ ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ കെട്ടിടം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 11 ലക്ഷം നേഴ്സുമാരില്‍ 9 ലക്ഷവും കടക്കെണിയില്‍പ്പെട്ടിരിക്കയാണ്. പഠനത്തിനെടുത്ത ബാങ്ക്വായ്പ തിരച്ചടക്കാനാവുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 8000 രൂപ മിനിമം വേതനം നല്‍കുന്നത് 24 ആശുപത്രികള്‍ മാത്രം. ഈ ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. പൊതുവായ നിരക്കിന്റെ മുന്നിരട്ടിയിലേറെയാണ് സ്ത്രീകളുടെ തൊഴിലില്ലായ്മ. സത്രീ തൊഴിലാളികള്‍ക്ക് മിനിമം വേതനമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ല. പുരുഷന്മാരോടൊപ്പമുള്ള തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് തുല്യവേതനവും ലഭിക്കാറില്ല. ഇത്തരം വിവേചനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ വേദി കൂടിയായി വായനശാലകള്‍ മാറണമെന്ന് കോടിയേരി പറഞ്ഞു.

ജെയിംസ് മാത്യു എംഎല്‍ എ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍ ലൈബ്രറി ഉല്‍ഘാടനം ചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ് ഇഎംഎസിന്റെ ചിത്രം അനാഛാദനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് കെ വി സുമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ മിനേഷ്, എം വേലായുധന്‍ , വി പി മോഹനന്‍ , എ ജനാര്‍ദ്ദനന്‍ , കെ പി സരിത എന്നിവര്‍ സംസാരിച്ചു. പി വി രാജന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. വി ശ്രീനിവാസന്‍ സ്വാഗതവും എം വി വിനോദ് നന്ദിയും പറഞ്ഞു.

deshabhimani 140212

Saturday, February 11, 2012

മുഖംമാറി വായനശാലകള്‍ ...

കോഴിക്കോട്: ചരിത്രമാറ്റങ്ങളുടെ അടയാളങ്ങളായ വായനശാലകള്‍ പുതിയ പാതകളിലൂടെ സജീവം. കേവലം വായനപ്പുരകള്‍ എന്നതിനപ്പുറം മാറുന്ന കാലത്തിന്റെ പരിച്ഛേദനങ്ങളാവുകയാണ് അറിവിന്റെ ഈ ആലയങ്ങള്‍ . പത്ര-പുസ്തകപാരായണം മാത്രമല്ല വികസനം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവയെല്ലാം ലൈബ്രറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി. കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമാകുമ്പോള്‍ വായന മരിക്കുമെന്നും ലൈബ്രറികള്‍ ഇല്ലാതാകുമെന്നുമുള്ള ആശങ്ക അസ്ഥാനത്തായി. ഗ്രാമങ്ങളിലും നഗരങ്ങളിലും വായനക്കാരുടെയും വായനശാലകളുടെയും എണ്ണം വര്‍ധിച്ചു. അറിവും വായനയും കലയും കൃഷിയുമൊക്കെ പോഷിപ്പിക്കുന്നതിന് വിവിധ പദ്ധതികളാണ് ലൈബ്രറി കൗണ്‍സില്‍ വായനശാലകള്‍വഴി നടപ്പാക്കുന്നത്. ജനകീയ സാഹിത്യഅരങ്ങ്, കര്‍ഷകസായാഹ്നം, കരിയര്‍ ഗൈഡന്‍സ്, ബോധവല്‍ക്കരണം, കാര്‍ഷിക വിദ്യഭ്യാസ സെമിനാറുകള്‍ തുടങ്ങിയവ സ്കൂളുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടത്തുന്നു. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി വായനാമത്സരം ഉള്‍പ്പെടെ വിവിധപദ്ധതികളാണ് നടപ്പാക്കുന്നത്. വര്‍ഷത്തിലുള്ള "പെര്‍ഫോമന്‍സ് ഡെ" വായനശാലകളുടെ മികവ് വിളിച്ചോതുന്നതാണ്.

സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു കീഴില്‍ ജില്ലയില്‍ 476 വായനശാലകള്‍ പ്രവര്‍ത്തിക്കുന്നു. ലൈബ്രറി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറുകയാണ്. പുതിയ പാഠ്യരീതി ലൈബ്രറികളുടെ സഹായമില്ലാതെ കൊണ്ടുപോകാനാവില്ല. വികസനം വായനശാലകളെയും ഹൈടെക്കാക്കി. പുസ്തകങ്ങളെക്കുറിച്ചുള്ള വിവരം ഓണ്‍ലൈനായി ലഭിക്കും. പുസ്തകങ്ങള്‍ സിഡികളുടെ രൂപത്തിലായി. ജില്ലയിലെ 25 ശതമാനം ലൈബ്രറികള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതാണ്. ലൈബ്രറികൗണ്‍സിലിന്റെ സാമ്പത്തികസഹായം വര്‍ധിപ്പിച്ചാല്‍ മുഴുവന്‍ ലൈബ്രറികള്‍ക്കും ഈ നേട്ടം കൈവരിക്കാനാവും. ജീവിതവേഗവും സമയക്കുറവും ചെറുതായെങ്കിലും ആളുകളെ ലൈബ്രറികളില്‍നിന്നും അകറ്റുന്നുണ്ട്. പുതിയ സാങ്കേതികത ഉപയോഗിച്ച് ഇവരെ ലൈബ്രറിയിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന് എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രം സെക്രട്ടറി പി എം വി പണിക്കര്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായാണ് കേരളത്തില്‍ ഗ്രന്ഥശാലകള്‍ തുടങ്ങിയത്. സാമൂഹികമാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇടതുപക്ഷവിപ്ലവപ്രസ്ഥാനങ്ങള്‍ക്കൊപ്പം വായനശാലകളും നിര്‍ണായകമായ പങ്ക് വഹിച്ചൂ. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ചപ്പോള്‍ യുവജനസംഘങ്ങള്‍ ഗ്രന്ഥശാല, നാടകപ്രസ്ഥാനങ്ങളിലൂടെയായിരുന്നു ആശയപ്രചാരണവും നടത്തിയത്. ഒട്ടേറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒപ്പം നാടകപ്രവര്‍ത്തനങ്ങളള്‍ക്കും ഗ്രന്ഥശാലകള്‍ വേദിയായി. 1937ല്‍ സ്ഥാപിച്ച കുതിരവട്ടത്തെ ദേശപോഷിണി വായനശാല ഇതിന് ഉത്തമ ഉദാഹരണമാണ്. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും കലാകാരന്മാരുടെയും കേന്ദ്രമായിരുന്നു എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദേശപോഷിണി. കാലത്തിന്റെ മാറ്റങ്ങളെ രേഖപ്പെടുത്തിയ ഇത്തരം ഗ്രന്ഥശാലകള്‍ ചരിത്ര പുനര്‍സൃഷ്ടിയുടെ പാതയിലാണിപ്പോള്‍ .

deshabhimani 110212

Wednesday, January 25, 2012

ഗ്രന്ഥശാലാപ്രസ്ഥാനത്തെ രക്ഷിക്കാന്‍ അണിനിരക്കുക

ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തിന്റെ നവോഥാന ചരിത്രത്തിന്റെ തന്നെ ഭാഗമാണ് സാമൂഹികനീതിയുടേയും മനുഷ്യമഹത്വത്തിന്റേയും ആശയങ്ങള്‍ കേരളീയജീവിതത്തിന്റെ ഭാഗമായി മാറിയതില്‍ ഗ്രന്ഥശാലകള്‍ മഹത്തായ പങ്കുവഹിച്ചു. അക്ഷരത്തിന്റെ ശക്തിയും സൗന്ദര്യവും തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടാണ് അവ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വേരൂന്നിയത്. ലോകത്തെമ്പാടും നടന്ന മാനവിക മുന്നേറ്റങ്ങളെക്കുറിച്ച് ഈ നാടിനെ പഠിപ്പിച്ച മഹത്തായ വിജ്ഞാനകേന്ദ്രങ്ങളാണ് അവ. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പുരോഗതിയുടെയും കാവല്‍പുരകളെപ്പോലെ അവ എന്നും നിലകൊണ്ടു.

'പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം' എന്ന് ഉദ്‌ബോധിപ്പിച്ച ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പുളകോദ്ഗമനകാരിയായ മുദ്രകള്‍ മലയാളത്തിന്റെ മനസില്‍ പതിഞ്ഞത് ഗ്രന്ഥശാലകളില്‍ കൂടിയാണ്. സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളുടേയും തൊഴിലാളി-കര്‍ഷകസമരങ്ങളുടേയും ഭാഗമായിത്തന്നെയാണ് ഇവിടെ ഗ്രന്ഥശാലാ പ്രസ്ഥാനം ശക്തിപ്രാപിച്ചത്. തൊഴിലാളി കലാകേന്ദ്രങ്ങളായും നിശാപാഠശാലകളായും ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിച്ച ചരിത്രവും കേരളത്തിനുണ്ട്. അതിന്റെയെല്ലാം സദ്പാരമ്പര്യമാണ് സത്യത്തില്‍ കേരള ഗ്രന്ഥശാലാ സംഘത്തിന് കരുത്തുപകര്‍ന്നത്. പി ടി ഭാസ്‌കരപ്പണിക്കരെപ്പോലെയും പി എന്‍ പണിക്കരെപ്പോലെയും ഉള്ള നിഷ്‌കാമ കര്‍മികളായ എത്രയോ മനുഷ്യരുടെ സ്വപ്നവും വിയര്‍പ്പും അതിന്റെ വഴിത്താരകളില്‍ വീണുകിടപ്പുണ്ട്.

ഗ്രന്ഥശാലാ പ്രസ്ഥാനം വിജ്ഞാനപ്രദാനത്തിന്റെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായി മാറിയ അനുഭവമാണ് കേരളത്തിലുള്ളത്. മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ അതിനോടു കൈക്കൊണ്ട നയസമീപനങ്ങളില്‍ അത് പ്രതിഫലിച്ചു. സര്‍ക്കാരിന്റെ പിന്തുണയും സാമ്പത്തികസഹായവും കേരള ലൈബ്രറി കൗണ്‍സിലിനു ലഭ്യമായത് അക്കാരണത്താലാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ പിന്തുടര്‍ച്ചാവകാശമുള്ള ലൈബ്രറികൗണ്‍സില്‍ എല്ലാ തരത്തിലുമുള്ള പിന്തുണയും പ്രോത്സാഹനവും ഇന്നു കൂടുതലായി അര്‍ഹിക്കുന്നുണ്ട്.

എന്നാല്‍ അതിനെ തകര്‍ക്കാനുള്ള കരുനീക്കമാണ് ഇന്നു നടക്കുന്നത്. ഏതു ഭാഗത്തു നിന്ന് അതുണ്ടായാലും പ്രബുദ്ധകേരളം പൊറുക്കില്ല. ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്റ് തടഞ്ഞുവയ്ക്കാന്‍ യു ഡി എഫ് ഗവണ്‍മെന്റിനെ ഉപദേശിച്ച അക്ഷരവൈരികളാരാണെന്നറിയില്ല. അത്തരം ദുര്‍ബുദ്ധികള്‍ക്കു വഴങ്ങിയ നിമിഷത്തെക്കുറിച്ച് തീര്‍ച്ചയായും ഗവണ്‍മെന്റിനു സ്വയം പരിതപിക്കേണ്ടിവരും. ആറായിരത്തിലേറെ വരുന്ന ഗ്രന്ഥശാലകളില്‍ ഗ്രാമങ്ങളിലെ വായനശാലകളാണ് ഗണ്യമായ ഒരു ഭാഗം. അവയ്ക്കുള്ള ഗ്രാന്റ് തടഞ്ഞുവയ്ക്കുന്നത് ഈ വിജ്ഞാനകേന്ദ്രങ്ങളുടെ കഴുത്തിനു ഞെക്കിപ്പിടിക്കുന്നതു പോലെയായിരിക്കും. അവ ശ്വാസംമുട്ടി മരിച്ചുപോയാല്‍ നാടിന്റെ സാംസ്‌കാരികജീവിതത്തില്‍ ഉളവാകുന്ന മഹാശൂന്യതയെപ്പറ്റി ഗവണ്‍മെന്റ് ചിന്തിക്കുന്നില്ല.

ഗ്രന്ഥശാലകളെ സാമ്പത്തികമായി ബന്ദികളാക്കിയാല്‍ ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയിലാകുമെന്നാണ് ഭരണകക്ഷിയുടെ 'സാംസ്‌കാരികനായകന്മാര്‍' കണക്കുകൂട്ടുന്നത്. ആ പ്രതിസന്ധി മുതലെടുത്ത് ലൈബ്രറി കൗണ്‍സിലില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അടിച്ചേല്‍പ്പിക്കാനാവുമെന്നും അവര്‍ കണക്കുകൂട്ടുന്നു. സ്വന്തം വരുതിക്കു അടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റര്‍ വന്നാല്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താനായി ഭരണ ഉപശാലകളില്‍ ആര്‍ക്കെല്ലാമോ തിടുക്കമുണ്ടത്രെ. അത്തരക്കാരുടെ കൈയിലെ കളിപ്പാട്ടമായി ലൈബ്രറി കൗണ്‍സില്‍ മാറിക്കൂടാ. അങ്ങനെ സംഭവിച്ചാല്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുണ്ടാകുന്ന ദുരന്തമായിരിക്കും അത്.

അക്ഷരങ്ങളുടേയും അറിവിന്റേയും മഹത്വത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ പ്രേരിതനീക്കത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്തിരിയണം. തടഞ്ഞുവയ്ക്കപ്പെട്ട ഗ്രാന്റ് ഗ്രന്ഥശാലകള്‍ക്ക് എത്രയും വേഗം എത്തിക്കുമെന്ന് ഉറപ്പാക്കണം. അതിനുള്ള സാമാന്യമര്യാദയും ജനാധിപത്യ തത്വദീക്ഷയും ഗവണ്‍മെന്റ് കാട്ടുന്നില്ലെങ്കില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെല്ലാം അതിന്റെ രക്ഷയ്ക്കുവേണ്ടി ഒന്നിച്ചണി നിരക്കുക തന്നെ ചെയ്യും. ആ സംഘടിത പ്രസ്ഥാനത്തിനു മുന്നില്‍ ഗവണ്‍മെന്റിന് മുട്ടുമടക്കേണ്ടി വരും.

janayugom editorial 250112