Showing posts with label ഖനി മാഫിയ. Show all posts
Showing posts with label ഖനി മാഫിയ. Show all posts

Tuesday, May 22, 2012

നഷ്ടം 1.8 ലക്ഷം കോടി


സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് കല്‍ക്കരിഖനത്തിന് അനുമതി നല്‍കിയതിലൂടെ ഖജനാവിന് 1.8 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട്. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച പൊതുമേഖലാ കമ്പനികളെ ഒഴിവാക്കിയുള്ള കണക്കാണിത്. പൊതു-സ്വകാര്യ മേഖലകളിലെ കമ്പനികള്‍ക്ക് 2004 മുതല്‍ 2009 വരെ ലേലം നടത്താതെ ഖനത്തിന് അനുമതി നല്‍കിയതിലൂടെ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വകാര്യമേഖലയ്ക്ക് ഖനാനുമതി നല്‍കിയതുവഴിയുണ്ടായ നഷ്ടത്തിന്റെ കണക്കാണ് അന്തിമ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ സ്പെക്ട്രം ഇടപാടിനെ മറികടന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമായി കല്‍ക്കരിഖനി അഴിമതി മാറുകയാണ്. സ്പെക്ട്രം കുംഭകോണത്തില്‍ 1.76 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കല്‍ക്കരി കുംഭകോണം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കല്‍ക്കരിഖനി അഴിമതി പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. ഇരുസഭയിലും ചോദ്യോത്തരവേള തടസ്സപ്പെട്ടു. യുപിഎ ഭരണകാലത്തെ അഴിമതികള്‍ ഒന്നൊഴിയാതെ പുറത്തുവരികയാണെന്ന് ലോക്സഭയില്‍ സിപിഐ എം നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. ഖനി ഇടപാട് സംയുക്ത പാര്‍ലമെന്ററിസമിതി അന്വേഷിക്കണമെന്ന ആവശ്യവും സിപിഐ എം മുന്നോട്ടുവച്ചു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. മെയ് 11ന് സിഎജി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസവും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചില്ല. കല്‍ക്കരിമന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പൊതുമേഖലാ കമ്പനികളെ ഒഴിവാക്കി സിഎജി നഷ്ടക്കണക്ക് പരിശോധിച്ചത്. പൊതുമേഖലാ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിലൂടെ സംഭവിച്ച നഷ്ടം പ്രത്യേകം പരിശോധിക്കണമെന്ന ആവശ്യം മന്ത്രാലയം മുന്നോട്ടുവച്ചു. എന്നാല്‍, പൊതുമേഖലയെ ഒഴിവാക്കിയശേഷവും ടുജി സ്പെക്ട്രത്തെക്കാള്‍ വലിയ അഴിമതിയാണിതെന്ന് വ്യക്തമായിരിക്കയാണ്.

2004 മുതല്‍ 2009 വരെ പൊതു-സ്വകാര്യ മേഖലകളിലെ 155 കമ്പനികള്‍ക്കാണ് ലേലം നടത്താതെ ഖനാനുമതി നല്‍കിയത്.പൊതു-സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിലൂടെ 10.67 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നെന്ന സിഎജി പ്രാഥമികറിപ്പോര്‍ട്ട് കഴിഞ്ഞ മാര്‍ച്ച് 22നാണ് പുറത്തായത്. 2ജി അഴിമതിയിലെന്ന പോലെ കേന്ദ്രമന്ത്രിമാര്‍ സിഎജിക്ക് എതിരെ രംഗത്തെത്തി. റിപ്പോര്‍ട്ട് പിഴവുള്ളതാണെന്ന് മന്ത്രിമാര്‍ വാദിച്ചു. നിലപാട് വിശദീകരിച്ച് സിഎജി വിനോദ് റായ് പ്രധാനമന്ത്രിക്ക് കത്ത് എഴുതി. അന്തിമ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്ന കത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ കാര്യാലയത്തിന്റെ ശ്രമം. എന്നാല്‍, അന്തിമ റിപ്പോര്‍ട്ട് വന്നതോടെ പ്രധാനമന്ത്രി കാര്യാലയവും പ്രതിക്കൂട്ടിലായി.

സിഎജിക്കെതിരെ മന്ത്രിമാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ മാര്‍ച്ച് 27ന് വിനോദ് റായ് രംഗത്തെത്തിയിരുന്നു. ആഗോളമായി അംഗീകരിക്കപ്പെട്ട ഓഡിറ്റര്‍മാരാണ് സിഎജിയുടെ കണക്ക്തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള കല്‍ക്കരിയുടെ വില അടിസ്ഥാനമാക്കിയാണ് സിഎജി സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കിയത്. കോള്‍ ഇന്ത്യ ലിമിറ്റഡ് ഖനികളിലെ ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തി കല്‍ക്കരി ഉല്‍പ്പാദനത്തിന് സ്വകാര്യകമ്പനികള്‍ക്ക് ചെലവാകുന്ന തുക കണക്കാക്കുകയാണ് സിഎജി ചെയ്തത്. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓരോ ഖനിയില്‍നിന്നുമുള്ള കല്‍ക്കരിയുടെ വിപണിവിലയില്‍ നിന്ന് ഉല്‍പ്പാദനച്ചെലവ് കുറച്ച് കല്‍ക്കരിവില്‍പ്പനയിലൂടെ കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭവും കണക്കാക്കി.

deshabhimani 230512

Saturday, April 7, 2012

ധാതുസമ്പത്ത് കൊള്ള അവസാനിപ്പിക്കണം


 രാജ്യത്തെ അമൂല്യമായ ധാതുസമ്പത്ത് സ്വകാര്യ കുത്തകകള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധാതുഖനം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാകണം. ഖനത്തിന് പ്രദേശത്തെ ഗ്രാമസഭകളുടെയും അവിടത്തെ ജനങ്ങളുടെയും അനുമതി ഉണ്ടായിരിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. ധാതുഖനത്തിന്റെ മറവില്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാനും ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രക്ഷോഭത്തിന് രൂപംനല്‍കാനും ആഹ്വാനംചെയ്തു. ആദിവാസികള്‍ക്ക് ഭൂമിയിലും വിഭവങ്ങളുടെ ഉപയോഗത്തിനുമുള്ള അവകാശം നിയമപ്രകാരം ഉറപ്പുവരുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മക്കായി ധാതുസമ്പത്ത് പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനുപകരം വിദേശകുത്തകകള്‍ അടക്കമുള്ള സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നു. തുഛമായ പ്രതിഫലത്തുക നിശ്ചയിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഖനഭൂമി പാട്ടത്തിന് നല്‍കുന്നത്. കമ്പനികള്‍ ഭീമമായ ലാഭമുണ്ടാക്കുന്നു. ഇരുമ്പയിര്‍ ഖനംചെയ്യുന്ന കമ്പനികള്‍ കുഴിച്ചെടുത്ത ഇരുമ്പയിരിന്റെ മൂല്യത്തിന്റെ പത്തു ശതമാനം മാത്രമേ സര്‍ക്കാരിന് കൊടുക്കേണ്ടതുള്ളൂ. എന്നാല്‍ ആസ്ത്രേലിയയില്‍ ഇത് 30 ശതമാനമാണ്. ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളിലും വനഭൂമിയിലും ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുന്ന പ്രദേശങ്ങളിലുമാണ് ധാതുസമ്പത്തിന്റെ മുഖ്യഭാഗവും. ഇന്ത്യയില്‍ ആദിവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല അവരെ ആട്ടിയോടിക്കുകയുമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലൂടെ ആദിവാസികളെ താമസസ്ഥലങ്ങളില്‍നിന്ന് തുരത്തുന്നു. ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പോലും അവഗണിക്കുകയാണ്. വനാവകാശനിയമം അടക്കമുള്ള നിയമങ്ങളും നഗ്നമായി ലംഘിക്കുന്നു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലും ഒഡീഷയിലെ കലഹന്ദിയിലും ബോക്സൈറ്റ് നിക്ഷേപമുള്ള ആദിവാസിപ്രദേശങ്ങള്‍ ബലപ്രയോഗത്തിലൂടെ ഏറ്റെടുത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഖനം നടത്തുന്ന കമ്പനികളുടെ വരുമാനത്തില്‍നിന്ന് നിശ്ചിതവിഹിതം ജില്ലാ ധാതു ഫൗണ്ടേഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നിര്‍ബന്ധിതമാക്കി ഖനികളും ധാതുക്കളും(വികസനവും നിയന്ത്രണവും) സംബന്ധിച്ച നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി നിര്‍ദേശിച്ചിരിക്കയാണ്. ആദിവാസിക്ഷേമത്തിനായാണ് ഈ തുക. കല്‍ക്കരി കമ്പനികള്‍ ലാഭത്തിന്റെ 26 ശതമാനം നല്‍കണമെന്നാണ് നിര്‍ദേശം. മറ്റ് ധാതുക്കള്‍ ഖനംചെയ്യുന്ന കമ്പനികളാകട്ടെ വാര്‍ഷിക പാട്ടത്തുകക്ക് തുല്യമായ തുക നല്‍കിയാല്‍ മതി. ധാതുഖനത്തിന്റെ നേട്ടം പങ്കുവയ്ക്കുകയെന്നതിന്റെ മറവില്‍ ആദിവാസിമേഖലകളില്‍ കടന്നുകയറി ധാതുസമ്പത്താകെ കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിതുറക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശം ആദിവാസികളുടെ അവകാശം സംബന്ധിച്ച അടിസ്ഥാനപ്രശ്നത്തിന് പരിഹാരമല്ലെന്ന് പാര്‍ടി കോണ്‍ഗ്രസ് വ്യക്തമാക്കി. വൃന്ദ കാരാട്ട് പ്രമേയം അവതരിപ്പിച്ചു. ഡോ. ബാബു റാവു പിന്താങ്ങി.

deshabhimani 070412

Monday, October 11, 2010

കോടികള്‍ ഒഴുകുന്ന റിസോര്‍ട്ട് രാഷ്ട്രീയം

കര്‍ണാടകം: ഒഴുകിയത് 500 കോടി

ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ചുദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒഴുകിയത് കോടികള്‍. റിസോര്‍ട്ടുകളിലെ താമസം, മാറിമാറിയുള്ള വിമാനയാത്ര, എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ നല്‍കിയതായി പറയുന്ന തുക എന്നിവയെല്ലാം ചേരുമ്പോള്‍ ഏതാണ്ട് 500 കോടിയിലധികമാകുമെന്നാണ് കണക്ക്. ചാഞ്ചാടിനില്‍ക്കുന്ന എംഎല്‍എമാരെ കൂടെനിര്‍ത്താന്‍മാത്രം 380 കോടിയോളം ഒഴുകിയെന്നാണ് സൂചന.

ഇതിനുപുറമെ നേതാക്കള്‍ ചാര്‍ട്ടര്‍ചെയ്ത വിമാനങ്ങളിലാണ് യാത്രചെയ്തത്. ചെന്നൈ, മുംബൈ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലാണ് വിമത എംഎല്‍എമാര്‍ കഴിഞ്ഞദിവസങ്ങളില്‍ തങ്ങിയത്. വിമാനങ്ങളിലായിരുന്നു യാത്ര. ബിജെപി എംഎല്‍എമാരാകട്ടെ ബംഗളൂരു നഗരപ്രാന്തത്തിലുള്ള ഗോള്‍ഡന്‍പാം ഹോട്ടലിലാണ് തങ്ങിയത്. ഇവിടെ ഒരു മുറിക്ക് പ്രതിദിനം 31,000 രൂപയിലേറെയാണ് നിരക്ക്. ഇതുപ്രകാരം അറുപതോളം എംഎല്‍എമാരാണ് ഇവിടെ തങ്ങിയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുണെയിലെ അംബിവാലി വില്ലേജിലാണ് താമസസൌകര്യം ഒരുക്കിയത്. .

deshabhimani 111010

കര്‍ണാടകത്തിലെ അധഃപതനം

അധികാരം വെട്ടിപ്പിടിക്കാനും നിലനിര്‍ത്താനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും ഒരുതരത്തിലുള്ള മര്യാദയും കാണിക്കാത്തത് ബൂര്‍ഷ്വാ പാര്‍ടികളുടെ പൊതുസ്വഭാവമാണ്. ഇന്ന് രാജ്യം ഭരിക്കുന്ന മന്‍മോഹന്‍സിങ് ഗവമെന്റിന് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും ഭൂരിപക്ഷം കിട്ടിയില്ല. നിരവധി പാര്‍ടികളുടെ പിന്തുണ അവര്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റില്‍ നടപടികള്‍ നടത്തിക്കൊണ്ടുപോകുന്നതിന് യുപിഎയ്ക്കു പുറത്തുള്ള പാര്‍ടികളുടെ പിന്തുണ ആവശ്യമാണെന്ന് കോണ്‍ഗ്രസ് കണ്ടിരിക്കുന്നു. പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ പിന്തുണയ്ക്കായി എസ്പി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ എസ് എന്നീ പാര്‍ടികളെ സമീപിക്കേണ്ടിവന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകാതെ വരികയും അമേരിക്കയുടെയും മറ്റു വിദേശ മൂലധനശക്തികളുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിനെ വേട്ടയാടിയത് ലോക്സഭയില്‍ വളരെ നേരിയ മുന്‍കൈ മാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യമാണ്. കുതികാല്‍വെട്ടുകളിലൂടെയും കൊടുക്കല്‍വാങ്ങല്‍ കരാറുകളിലൂടെയും ചില കോണ്‍ഗ്രസിതര പാര്‍ടികളെ സ്വന്തം പക്ഷത്താക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും കെട്ട കുതിരക്കച്ചവടങ്ങള്‍ നടന്നത് നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും കാലത്താണ്. പണം കൊടുത്തും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും എംപിമാരെ പാട്ടിലാക്കിയാണ് ഇരുവരും ജനവിധിയെ മറികടന്നത്.

ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനാധിപത്യം എന്നത് അവര്‍ക്ക് അധികാരം നേടാനുള്ള കാപട്യപൂര്‍ണമായ പ്രയോഗം മാത്രമാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയം ബിജെപിയെയും സംഘപരിവാര്‍ ശക്തികളെയാകെയും കടുത്ത അനിശ്ചിതത്വത്തിലാണ് വീഴ്ത്തിയത്. അവര്‍ക്ക് സഖ്യശക്തികളെ ബലപ്പെടുത്തി നിലനിര്‍ത്താനാകുന്നില്ല. ആസാമിലെ എജിപി ബിജെപിയില്‍നിന്ന് അകന്നുനില്‍ക്കുന്നു. മറ്റൊരു സഖ്യശക്തിയായ ജനതാദള്‍ യു വുമായുള്ള സഖ്യത്തില്‍ വിള്ളല്‍ വീണിരിക്കുന്നു. കര്‍ണാടകത്തില്‍ ബിജെപിയുടെ പരമ്പരാഗത അടിത്തറതന്നെ ഇളക്കുംവിധം ആ പാര്‍ടിക്കകത്ത് ഭിന്നത വളര്‍ന്നിരിക്കയാണ്. മുഖ്യമന്ത്രി യെദ്യൂരപ്പയെ താഴെയിറക്കുന്നതിന് വിമത എംഎല്‍എമാര്‍ സംഘംചേര്‍ന്നിരിക്കുന്നു. അവരെ അനുനയിപ്പിക്കാന്‍ അനേക കോടികള്‍ വാരിയെറിയുന്നു. വിമതഭാഗത്തുനില്‍ക്കുന്ന എംഎല്‍എമാര്‍ക്ക് ബിജെപി 140 കോടിയോളം രൂപ വാഗ്ദാനം ചെയ്തെന്നാണ് മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ബാലചന്ദ്ര ജാര്‍ക്കോളി വെളിപ്പെടുത്തിയത്. പണം വാങ്ങുന്നത് പിടിക്കപ്പെട്ട് ദേശീയ പ്രസിഡന്റ് നാണംകെട്ട് പുറത്തുപോയ അനുഭവമുള്ള പാര്‍ടിയാണ് ബിജെപി. ആ പാര്‍ടി രാഷ്ട്രീയത്തില്‍ എത്രതന്നെ താരംതാഴാനും മടിക്കില്ല.

കര്‍ണാടകത്തിലെ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്താന്‍ ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി സര്‍വവിധ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയതിലും വിമതരെ പണംകൊണ്ട് മൂടുന്നതിലും അത്ഭുതത്തിനവകാശമില്ല. നാടകീയമായാണ് കാര്യങ്ങള്‍ മുന്നേറുന്നത്. അപ്രതീക്ഷിതമായ കൂടുമാറ്റങ്ങള്‍. ആട്ടിന്‍പറ്റത്തെപ്പോലെ എംഎല്‍എമാരെ രഹസ്യകേന്ദ്രങ്ങളിലേക്ക് തെളിച്ചുകൊണ്ടുപോകുന്നതും ഒളിച്ചുപാര്‍പ്പിക്കുന്നതും മോശം കാര്യമായി ആര്‍ക്കും തോന്നുന്നില്ല. കഴിഞ്ഞദിവസം വിമത എംഎല്‍എമാരിലെ പ്രമുഖര്‍ ഔദ്യോഗികപക്ഷത്തേക്കും ഔദ്യോഗികപക്ഷത്തെ രണ്ടുപേര്‍ വിമതപക്ഷത്തേക്കും കൂറുമാറി. 13 എംഎല്‍എമാര്‍ ജെഡിഎസ് നേതാവ് സമീര്‍ അഹമ്മദിനൊപ്പം ഗോവയില്‍നിന്ന് രഹസ്യകേന്ദ്രത്തിലേക്കു മുങ്ങി.

കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ യെദ്യൂരപ്പയുടെ രാജിയാണ് ഉചിതമെന്ന് ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിച്ചതായി വാര്‍ത്തവന്നു. കോണ്‍ഗ്രസിലെ 13 എംഎല്‍എമാര്‍ പുണെയിലെ ഒളിത്താവളത്തിലാണ്. ഔദ്യോഗികപക്ഷ ബിജെപി എംഎല്‍എമാര്‍ ബംഗളൂരുവിലെ റിസോര്‍ട്ടില്‍.

തിങ്കളാഴ്ച നിയമസഭയില്‍ വോട്ടെടുപ്പ് നടക്കും. അതിനിടെ എന്തുസംഭവിച്ചാലും വോട്ടെടുപ്പില്‍ ആരുതന്നെ ജയിച്ചാലും കര്‍ണാടകത്തില്‍നിന്നുള്ളത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും പരിഹാസ്യമായ അവസ്ഥയുടെ സൂചനകളാണ്. വന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം കടുപ്പപ്പെടുന്നതിന്റെ തെളിവാണത്. ഐപിഎല്‍, ടെലികോം അഴിമതി എന്നിവയില്‍ കോണ്‍ഗ്രസിന്റെ വികൃതമുഖമാണ് തെളിഞ്ഞതെങ്കില്‍ കര്‍ണാടകത്തില്‍ ബെല്ലാരി സഹോദരന്മാരില്‍ കണ്ടതുപോലുള്ള ബിസിനസ്-രാഷ്ട്രീയ മാഫിയാ ബന്ധം ബിജെപിയുടെ പൊയ്മുഖമാണ് വലിച്ചുകീറുന്നത്. വന്‍കിട പണക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ വര്‍ധിച്ചുവരുന്ന സ്വാധീനവും ഗവമെന്റിന്റെ ഉന്നതതലത്തിലുള്ളവരിലും ഭരണവര്‍ഗ പാര്‍ടികളിലും തഴച്ചുവളരുന്ന അഴിമതിയുമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.

കര്‍ണാടകത്തിലേത് ഒറ്റപ്പെട്ട സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ജീര്‍ണമായ ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അനിവാര്യമായ പതനമാണ്. കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ രണ്ടുപാര്‍ടികളും പ്രകടമായ ഭീകരബന്ധമുള്ള ശക്തികളും ഐക്യപ്പെടുന്നതും ഇതിന്റെ മറ്റൊരു തലമാണ്. ഇവര്‍ക്ക് താഴാന്‍ പരിധിയില്ല. പാതാളവും കടന്ന് താഴേക്ക് പതിച്ചാലും ലജജയുമില്ല-എല്ലാറ്റിനെയും അതിജീവിക്കുന്നതാണ് പണവും പദവിയുമെന്ന് അവര്‍ കരുതുന്നു.

ദേശാഭിമാനി മുഖപ്രസംഗം 111010

Thursday, October 7, 2010

അഴിമതിയില്‍ ആറാടി പതനത്തിലേക്ക്

ബംഗളൂരു: കര്‍ണാടക ബിജെപി മന്ത്രിസഭാപ്രതിസന്ധിക്കുപിന്നില്‍ അഴിമതിയും കച്ചവടക്കണ്ണും. അധികാരസ്ഥാനം ദുരുപയോഗംചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് യെദ്യൂരപ്പ മന്ത്രിസഭയുടെ ഭാവി അവതാളത്തിലാക്കിയത്. ഭരണം നിലനിര്‍ത്താന്‍ എംഎല്‍എമാര്‍ക്ക് കോടികളാണ് വില പറയുന്നത്. സ്വതന്ത്ര എംഎല്‍എമാരെ പണംകൊടുത്തും മന്ത്രിസ്ഥാനം നല്‍കിയും പാട്ടിലാക്കിയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും അഴിമതി മുഖ്യ പ്രചാരണ വിഷയമാക്കി അധികാരത്തിലേറിയ ബിജെപി മന്ത്രിസഭയുടെ പ്രതിസന്ധിയും അഴിമതിയില്‍ ആറാടിക്കൊണ്ടുതന്നെയാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയെന്ന അഹന്തയോടെയാണ് യെദ്യൂരപ്പ മന്ത്രിസഭ 28 മാസംമുമ്പ് കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

അധികാരമേറ്റ നാള്‍മുതല്‍ ഒന്നിനു പിറകെ ഒന്നായി അഴിമതിയുടെ നാറുന്ന കഥകളാണ് പുറത്തുവന്നത്. വന്‍ വ്യവസായികളുള്‍പ്പെടെ സാമ്പത്തികസ്രോതസ്സുകള്‍ക്ക് പഞ്ഞമില്ലാത്ത ബംഗളൂരു നഗരത്തില്‍ അധികാരസ്ഥാപനങ്ങളിലൂടെ കോടികളുടെ ഇടപാടാണ് നടന്നുവരുന്നത്. ബംഗളൂരു നഗരത്തിലെ ബിജെപി എംഎല്‍എമാര്‍ നേരിട്ടും അല്ലാതെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ഭൂമി മറിച്ചുവില്‍ക്കുന്ന ഇവര്‍ കോടികളാണ് കൈക്കലാക്കുന്നത്. ഭൂമി രജിസ്ട്രേഷന്‍, ഇരുമ്പയിര് കയറ്റുമതി, സ്ഥലംമാറ്റങ്ങള്‍, നിയമനങ്ങള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട സകലമേഖലയും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യെദ്യൂരപ്പതന്നെ അര്‍ക്കാവതി ഭൂമി ഇടപാടില്‍ നേരിട്ട് ഉള്‍പ്പെട്ടു. തങ്ങളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപെടുന്നത് തങ്ങള്‍ക്കു ലഭിക്കേണ്ട നേട്ടങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി പലമന്ത്രിമാരും രഹസ്യമായും പരസ്യമായും പറയുന്നുണ്ട്. തങ്ങളുടെ അധികാരം കവര്‍ന്ന് മുഖ്യമന്ത്രി നേട്ടങ്ങള്‍ കൊയ്യുന്നതില്‍ ചൊടിച്ചാണ് അര്‍ക്കാവതി ലേഔട്ടിലെ കോടികളുടെ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെയും മകന്റെയും പങ്ക് പത്രങ്ങള്‍ക്കും പ്രതിപക്ഷകക്ഷികള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതോടുകൂടി മുഖ്യമന്ത്രിയുടെ അനുയായികള്‍ മറ്റുമന്ത്രിമാരുടെ അഴിമതികളും പുറംലോകത്തെ അറിയിച്ചു.

കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായ സ്വതന്ത്രരുള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് സര്‍ക്കാരിനെതിരെ ആക്രമണം തുടങ്ങിയതും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കിയാണ്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനേക്കാള്‍ വേവലാതിയാണ് സ്വതന്ത്രര്‍ക്ക് സ്ഥാനചലനത്തിലൂടെ ഉണ്ടായ വ്യാപാര ഇടപാടുകളുടെ നഷ്ടം. ജനാധിപത്യത്തെ വിലയ്ക്കെടുത്ത് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ഇതിനു മുടക്കിയത് കോടികളാണ്. ഖനി ലോബി, റിയല്‍ എസ്റ്റേറ്റ്, മദ്യമാഫിയ എന്നിവയുടെ സമ്പത്തുപയോഗിച്ചാണ് എംഎല്‍എമാരെ ബിജെപി സര്‍ക്കാര്‍ വിലയ്ക്കെടുത്തത്.

കര്‍ണാടകം: യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം നഷ്ടമായി

ബംഗളൂരു: 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്ന് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ആറ് മന്ത്രിമാരുള്‍പ്പെടെയുള്ള എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. മന്ത്രിസഭയിലെ നാല് സ്വതന്ത്രരെ പുറത്താക്കാന്‍ മുഖ്യമന്ത്രി നീക്കം നടത്തുന്നതിനിടെയാണ് പിന്തുണ പിന്‍വലിക്കല്‍. ഒക്ടോബര്‍ 12നകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് ജെഡിഎസും കോണ്‍ഗ്രസും സ്പീക്കര്‍ക്ക് കത്ത് നല്‍കി. പിന്തുണ പിന്‍വലിച്ചവരില്‍ രണ്ടുപേര്‍ ബിജെപി മന്ത്രിമാരാണ്. 14 ബിജെപി എംഎല്‍എമാരും അഞ്ച് സ്വതന്ത്ര എംഎല്‍എമാരുമാണ് മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്‍കിയത്. പിന്തുണ പിന്‍വലിച്ച് ഒപ്പിട്ടുനല്‍കിയ ദൊണ്ഡന ഗൌഡപാട്ടീല്‍ ബുധനാഴ്ച വൈകിട്ടോടെ മറുകണ്ടം ചാടി. ദൊണ്ഡന ഗൌഡപാട്ടീലിനൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ച മുഖ്യമന്ത്രി 11ന് വിശ്വാസം തെളിയിക്കുമെന്ന് അറിയിച്ചു.

മന്ത്രി രേണുകാചാര്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമതര്‍ കലാപക്കൊടി ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി ഏഴ് മന്ത്രിമാരുടെ പിന്തുണയോടെ ചെന്നൈയില്‍ തമ്പടിക്കുന്ന വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. ബല്ലാരിയിലെ ഖനിമാഫിയ തലവനും മുഖ്യമന്ത്രിയുടെ എതിരാളിയുമായ മന്ത്രി ജനാര്‍ദന റെഡ്ഡി പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി വിമതരുമായി ചര്‍ച്ച നടത്തി. ഇതിനിടെ, ചെന്നൈയില്‍നിന്ന് അഞ്ച് മന്ത്രിമാരടക്കമുള്ള 15 എംഎല്‍മാര്‍ ബുധനാഴ്ച രാത്രി ഏട്ടോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തി. ഇവര്‍ രാത്രി 10.30ന് മുംബൈക്ക് പോയി. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ അണിയറയില്‍ കുതിരക്കച്ചവടം നടക്കുന്നുണ്ട്.

പിന്തുണ പിന്‍വലിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്ക് ജെഡിഎസ് 20 മുതല്‍ 30 കോടിരൂപവരെ വാഗ്ദാനം ചെയ്തെന്ന് യെദ്യൂരപ്പ ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ആര്‍ വി ദേശ്പാണ്ഡെ പറഞ്ഞു. ഓരോ എംഎല്‍എമാര്‍ക്കും 30 കോടിവരെ ബിജെപി വാഗ്ദാനം ചെയ്തെന്നാണ് പാണ്ഡെയുടെ ആരോപണം. ഇതിനിടെ, കൂറുമാറ്റം തടയാന്‍ 60 കോണ്‍ഗ്രസ് എംഎല്‍എമാരെ പുണെയിലേക്ക് മാറ്റാനുള്ള സംസ്ഥാനനേതൃത്വത്തിന്റെ നീക്കം ഹൈക്കമാന്‍ഡ് തടഞ്ഞു. ഇവരെ കര്‍ണാടകത്തിലെതന്നെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

224 അംഗ കര്‍ണാടക നിയമസഭയില്‍ മന്ത്രിസഭയ്ക്ക് 113 പേരുടെ കേവലഭൂരിപക്ഷംവേണം. ആറ് സ്വതന്ത്രരുള്‍പ്പെടെ 122 പേരുടെ പിന്തുണയോടെയാണ് ബിജെപി അധികാരമേറ്റത്. കോണ്‍ഗ്രസിന് 73ഉം ജെഡിഎസിന് 28 സീറ്റുമുണ്ട്. പത്തു പേരുടെമാത്രം ഭൂരിപക്ഷമുള്ള ബിജെപി സര്‍ക്കാരില്‍നിന്ന് 19 പേര്‍ കാലുമാറിയതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇതിനെ അതിജീവിക്കാന്‍ വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വീണ്ടും പുനഃസംഘടിപ്പിക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തിയെങ്കിലും ഗവര്‍ണറുടെ പ്രതികരണം തിരിച്ചടിയായി. പ്രതിസന്ധിക്കിടെ യെദ്യൂരപ്പ വ്യാഴാഴ്ച കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രദര്‍ശനത്തിനെത്തും.
(ബി ഗിരീഷ്കുമാര്‍)

deshabhimani 07102010

Thursday, July 15, 2010

അഴിമതി: ബിജെപി സര്‍ക്കാര്‍ കുടുക്കില്‍

ഖനനവിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി മൂന്നാം ദിവസവും നിയമസഭാനടപടികള്‍ തടസ്സപ്പെടുത്തിയതോടെ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ കുഴപ്പത്തിലായി. അനധികൃത ഖനനത്തിലൂടെ അഴിമതി നടത്തിയ മന്ത്രിമാര്‍ക്കെതിരെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ടു നല്‍കിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് മടങ്ങിയില്ല. സ്പീക്കര്‍ സഭ നിര്‍ത്തിവച്ചിട്ടും പിരിഞ്ഞുപോകാത്ത പ്രതിപക്ഷ അംഗങ്ങളുടെ 'ഉണ്ടുറങ്ങി' സമരം നാലാംദിവസത്തിലേക്ക് കടന്നു. ഗവര്‍ണറെ എതിര്‍ത്ത് ബിജെപിയും അനുകൂലിച്ച് കോണ്‍ഗ്രസും ഡല്‍ഹിയില്‍ രംഗത്തെത്തി. അനധികൃത ഖനനത്തിനെതിരെ നിയമസഭയില്‍ രാപ്പകല്‍ ധര്‍ണ നടത്തുന്ന കോണ്‍ഗ്രസ്- ജനതാദള്‍ എംഎല്‍എമാരെ അഭിവാദ്യംചെയ്യാന്‍ ഒന്നരപ്പതിറ്റാണ്ടിനുശേഷം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ വിധാന്‍സൌധയിലെത്തി. ഖനനവിവാദത്തില്‍ സഭയ്ക്കുള്ളിലും പുറത്തും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സമരംചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഖനനവിവാദം ലോകായുക്തയുടെ പരിഗണനയിലുള്ളതിനാല്‍ സിബിഐ അന്വേഷിക്കേണ്ടെന്ന കടുംപിടിത്തത്തിലാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 45 എം എല്‍എമാര്‍ തിങ്കളാഴ്ചമുതല്‍ നിയമസഭയില്‍ ധര്‍ണ തുടരുകയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സഭ വിട്ടുപോകില്ലെന്നാണ് ഇവരുടെ നിലപാട്. സമരംചെയ്യുന്ന എംഎല്‍എമാര്‍ രണ്ടുദിവസമായി കമ്പിളിയും കിടപ്പുവസ്ത്രങ്ങളുമായി സഭാതലത്തിലാണ് ഉറക്കം. പുറത്തുനിന്ന് ഭക്ഷണവും ഇവര്‍ക്കായി സഭയിലെത്തി. രാത്രി പാട്ടും മുദ്രാവാക്യം വിളിയുമുണ്ടായി. ചിലര്‍ സഭയില്‍ പ്രഭാതസവാരി നടത്തി.

ബല്ലാരിയിലെ ഖനന അഴിമതിയില്‍ ടൂറിസംമന്ത്രി ജി ജനാര്‍ദനറെഡ്ഡി, സഹോദരനും റവന്യൂമന്ത്രിയുമായ ജി കരുണാകരറെഡ്ഡി എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് കൈമാറിയേക്കും. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിഭവനിലെത്തിയ ഗവര്‍ണര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ ധരിപ്പിച്ചിരുന്നു. മന്ത്രിമാരുടെ പേരെടുത്തു പറയാതെ ബിജെപി സര്‍ക്കാരിനോടുള്ള അതൃപ്തി ഗവര്‍ണര്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. ഗവര്‍ണര്‍ കോഗ്രസിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ജനാര്‍ദനറെഡ്ഡി പ്രതികരിച്ചു. ഡ്രാക്കുളയെ രക്തബാങ്കിന്റെ ചുമതല ഏല്‍പ്പിച്ചതുപോലെയാണ് ബിജെപി കര്‍ണാടകം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്്വി പറഞ്ഞു.
(ബി ഗിരീഷ്കുമാര്‍)

ഗുജറാത്ത് ആഭ്യന്തരമന്ത്രി ഉടന്‍ അറസ്റ്റിലാകും

സൊഹ്റാബുദീന്‍ ഷേഖിനെയും ഭാര്യ കൌസര്‍ബിയെയും വ്യാജ ഏറ്റുമുട്ടല്‍ വഴി കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈ ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ അറസ്റ്റിലാകും. കേസിലെ ഏക സാക്ഷി തുളസിറാം പ്രജാപതിയെ കൊലപ്പെടുത്തിയതിലും ഷായുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ കേസന്വേഷിക്കുന്ന സിബിഐക്ക് ലഭിച്ചു. പുരി രഥയാത്ര കഴിഞ്ഞാലുടന്‍ അമിത് ഷായെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയുംഅറസ്റുചെയ്തേക്കും.

കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 12ന് സുപ്രീംകോടതിയാണ് സൊഹ്റാബുദീന്‍ വധക്കേസ് സിബിഐയെ ഏല്‍പ്പിച്ചത്. കേസില്‍ പ്രതികളായ 14 പൊലീസുകാര്‍ ജയിലിലാണ്. കേസ് ആദ്യം അന്വേഷിച്ച സിഐഡി സംഘം ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ഡി ജി ബന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, രാജസ്ഥാന്‍ എസ്പി എം എന്‍ ദിനേഷ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. സൊഹ്റാബുദീന്‍ ഷേഖ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതാണെന്ന ഗുജറാത്ത് പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദം തെറ്റാണെന്ന് സുപ്രീംകോടതിയില്‍ സിഐഡി അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സൊഹ്റാബുദീന്റെ ഭാര്യ കൌസര്‍ബിയെ പൊലീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും തെളിഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ ആസൂത്രണത്തില്‍ പങ്കുവഹിച്ച അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മേധാവി അഭയ് ചുദാസമയെ സിബിഐ അറസ്റ്റുചെയ്തതുമുതല്‍ മോഡിസര്‍ക്കാര്‍ പരിഭ്രാന്തിയിലായിരുന്നു. അന്വേഷണം അമിത് ഷായിലേക്ക് എത്തുന്നത് തടയാന്‍ പലതരത്തിലും മോഡിസര്‍ക്കാര്‍ ഇടപെട്ടു. ചുദാസമയ്ക്കെതിരായ കുറ്റപത്രം 26ന് സമര്‍പ്പിക്കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു കാരണവശാലും മന്ത്രിയുടെ പേര് പറയരുതെന്ന് സാക്ഷിയെ ചുദാസമ താക്കീത് ചെയ്യുന്നത് സിബിഐ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 15072010

Thursday, May 13, 2010

ഖനിമാഫിയ കോണ്‍ഗ്രസിന്റെ അക്ഷയഖനി

സിപിഐ എമ്മിനെതിരെ മനോരമ ഏറ്റവും ഒടുവില്‍ കോടികള്‍ കോടികള്‍ പിന്നാലെ എന്ന പരമ്പരയിലൂടെയാണ് ആഞ്ഞടിച്ചത്. ആ പരമ്പര തുടങ്ങിയ ദിവസം, 'ദി ഹിന്ദു' പത്രത്തില്‍ ആറാംപേജില്‍ 'ഖനി സംഭരണശാല ലോകായുക്ത റെയ്ഡുചെയ്തു' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് പോയാലാണ് ബഹുകോടീശ്വരന്മാരായി മാറിയ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്ന മാഫിയപ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചംവീശുന്ന പരിശോധന സുപ്രീംകോടതിയടക്കം നടത്തി തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ രക്ഷകരായ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയ വര്‍ഷംകൊണ്ട് കോടികളുടെ ഉടമസ്ഥരാകുന്നത് മനോരമയുടെ താളുകളില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയില്ല.

ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയ്ക്കുതന്നെ ഖനനമേഖലയിലെ മാഫിയകള്‍ വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിന്റെ ഭാഗമായി കോണ്‍ഗ്രസിനെയും ബിജെപിയെയുംപോലുള്ള രാഷ്ട്രീയപാര്‍ടികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവര്‍ വിലയ്ക്കെടുക്കുന്നു. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ മാഫിയസംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ ആഗോള കമ്പോളശക്തികളാണ്. ധാതുവസ്തുക്കളുടെ ആഗോള വിലവര്‍ധന ധാതു ഖനനമേഖലയില്‍ പിടിമുറുക്കുന്നതിന് ഖനനമാഫിയകള്‍ക്കുള്ള പ്രധാന പ്രചോദനമാണ്. ഇതിന്റെ ഭാഗമായി സംഘടിതമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതൊന്നും മാധ്യമങ്ങളില്‍ വെളിച്ചം കാണാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇവര്‍ എടുക്കുന്നുണ്ട്. ജാര്‍ഖണ്ഡ്, കര്‍ണാടകം, ഒറീസ, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലുള്ള ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോബികള്‍ നിയമങ്ങളും ചട്ടങ്ങളുമെല്ലാം മറികടന്ന് ആയിരക്കണക്കിന് കോടിരൂപ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. തുച്ഛമായ റോയല്‍റ്റി നല്‍കിയാണ് ഈ കൊള്ള. ഇതിന്റെ പങ്ക് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കാണ് പ്രധാനമായും ലഭിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഭരണത്തിന്റെ നാനാമേഖലയിലും ഖനിമാഫിയകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. തങ്ങള്‍ക്ക് വിധേയരല്ലാത്ത ഉദ്യോഗസ്ഥരെ മാറ്റുകയോ സ്ഥാനനഷ്ടം വരുത്തുകയോ ചെയ്യാനുള്ള രാഷ്ട്രീയസ്വാധീനവും ഈ ഖനിമാഫിയകള്‍ക്കുണ്ട്. ഏപ്രില്‍ 29നുതന്നെ സുപ്രീംകോടതിയും ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന റെഡ്ഡി സഹോദരങ്ങളുടെ നിഗൂഢ- നിയമവിരുദ്ധ ഖനനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഖനിമാഫിയ പണം കൊടുത്ത് രാഷ്ട്രീയക്കാരെ വിലയ്ക്കുവാങ്ങി. ആന്ധ്രയിലെ അനന്തപുറിലെയും കര്‍ണാടകത്തിലെ ബെല്ലാരിയിലെയും കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതും ഈ സഹോദരങ്ങളാണ്.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ഒരു താല്‍ക്കാലിക ജീവനക്കാരന്റെ മകനായി പിറന്ന റെഡ്ഡി തൊണ്ണൂറുകളില്‍ ഇന്നോബള്‍ ഇന്ത്യ സേവിങ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്ന പേരില്‍ ഒരു ധനകാര്യസ്ഥാപനം ആരംഭിച്ചു. ഇത് പിന്നീട് റിസര്‍വ് ബാങ്ക് നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒബുലപുരം മൈനിങ് കമ്പനിയുടെ (ഒഎംസി) ഡയറക്ടറായി. 2002ല്‍ ഈ കമ്പനി ഇയാള്‍ സ്വന്തമാക്കി. തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും കമ്പനി ഖനനപാട്ടങ്ങള്‍ കൈക്കലാക്കി. ഇതെല്ലാം ഖനി-ധാതു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടായിരുന്നു. കമ്പനിയുടെ കുത്തനെയുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. 2003-04ല്‍ മൊത്തം വിറ്റുവരവ് 35 കോടി 52 ലക്ഷം; ലാഭം ഒരുകോടി അഞ്ചുലക്ഷം രൂപ. 2009ല്‍ അത് 3000 കോടിയുടെ വിറ്റുവരവും ലാഭം 700 കോടിയുമായി. 2001-02ല്‍ പത്തുലക്ഷം രൂപയുടെ പ്രാരംഭമൂലധനവുമായി ആരംഭിച്ച കമ്പനിയാണ് പത്തുവര്‍ഷത്തിനകം ഈവിധം വളര്‍ന്നത്. ഇത് ഇങ്ങനെയൊരു കോര്‍പറേറ്റ് സംരംഭമായി വളര്‍ന്നുവന്നത് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയുടെ പങ്കാളിത്തത്തോടുകൂടിയാണ്. അനുവദിക്കാത്ത ഭൂമിയില്‍ നിയമവിരുദ്ധമായ ഖനനം നടത്തുന്നതിന് എല്ലാവിധത്തിലും പ്രോത്സാഹനം കൊടുത്തിരുന്നു ഈ കോണ്‍ഗ്രസ് നേതാവ്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 25.78 ഹെക്ടര്‍ സ്ഥലത്തുനിന്ന് ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിരാണ് ഈ കമ്പനി ഖനനംചെയ്തത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് ആറ് ഹെക്ടറില്‍നിന്ന് പ്രതിവര്‍ഷം 7.5 ലക്ഷം ടണ്‍ അയിര് ഖനനംചെയ്യാന്‍ മാത്രമാണ് അനുവദിച്ചിട്ടുണ്ടായിരുന്നത്. 2007 ജൂലെ 24ന് മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡി നല്‍കിയ മറുപടി ആ വര്‍ഷം 20 ലക്ഷം ടണ്‍ അയിര് ഖനനംചെയ്തു എന്നാണ്. യഥാര്‍ഥത്തില്‍ ഇത്രയുമായിരുന്നില്ല ഖനനം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കമ്പനി ഒരുകോടി ടണ്‍ ഇരുമ്പയിര് ഖനനംചെയ്തു. ഒരു ടണ്ണിന് കമ്പോളവില 3000 രൂപ. മൊത്തം 3000 കോടി രൂപ.

1984ല്‍ പുതുക്കിയ ലീസ് കാലാവധി 20 വര്‍ഷം കണക്കാക്കി 2004ല്‍ അവസാനിക്കയെന്നിരിക്കെ, വൈ എസ് ആറിന്റെ സര്‍ക്കാര്‍ ഇത് 1997 എന്ന തീയതി അടിസ്ഥാനമാക്കി 2017 ആക്കി നീട്ടിക്കൊടുത്തു. 2007ലാണ് കേന്ദ്ര വനം- പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. എന്നാല്‍, ഇതിനുമുമ്പുതന്നെ ഖനനം ആരംഭിച്ചിരുന്നു. വനംവകുപ്പിന്റെ അനുമതിക്ക് മുന്‍കാലപ്രാബല്യം നല്‍കുകയുംചെയ്തു. കമ്പനി (ഒഎംസി)ക്ക് അനുവദിച്ച 25.98 ഹെക്ടര്‍ ഭൂമിക്കുപുറമെ മറ്റുള്ള കമ്പനികളുടെ പാട്ടഭൂമി കൈയേറിയും ഖനനം നടത്തിയിരുന്നു. എതിര്‍പ്പ് രേഖപ്പെടുത്തിയവരെ നിഷ്ഠുരമായി നേരിട്ടു.

2009ല്‍ കേന്ദ്ര വനം- പരിസ്ഥിതിമന്ത്രാലയം ഖനനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സംരക്ഷണയോടെ ഖനനം തുടര്‍ന്നു. പാട്ടഭൂമിയുടെ അതിര് നിശ്ചയിക്കാന്‍ വന്ന കേന്ദ്ര സര്‍വേസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം കൊടുക്കാന്‍പോലും ആന്ധ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് ആറാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം നല്‍കിയത്. സര്‍വേ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കാരണം സംസ്ഥാന സര്‍ക്കാരിന്റെ നിഷേധനിലപാടുതന്നെ.

കൌതുകകരമായ മറ്റൊരു വസ്തുത, ഖനനത്തിനുള്ള ഈ പാട്ടഭൂമി രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിപ്രദേശമാണ്. നേരത്തെ ഇവര്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ എസ് ആറിന്റെ സംരക്ഷണയിലായിരുന്നെങ്കില്‍, ഇടക്കാലത്ത് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നതോടെ അവരായി പുതിയ സംരക്ഷകര്‍. ഇതിനെതിരായി മുഖ്യമന്ത്രി യെദ്യൂരപ്പ നടത്തിയ നീക്കം ഡല്‍ഹിയില്‍ ചെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിനുമുന്നില്‍ കണ്ണീരൊഴുക്കി അവസാനിപ്പിക്കേണ്ടിവന്നു.

ഇത്തരുണത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി, ആന്ധ്ര സര്‍ക്കാരിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാണ്.

"ഒരു സംസ്ഥാന സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ഉദ്ദേശ്യശുദ്ധി, സുതാര്യത, നിഷ്പക്ഷത എന്നിവയെല്ലാം ഞെട്ടിപ്പിക്കുംവിധം നഷ്ടപ്പെടുത്തി വിശ്വാസ്യത ഇല്ലാതാക്കി. ഇവരുടെ ഈ പ്രവര്‍ത്തനം അനുവദനീയമല്ലാത്ത വനഭൂമിയില്‍ നടത്തുന്ന നിയമവിരുദ്ധമായ ഖനനത്തിന് സംരക്ഷണം നല്‍കുന്നതിനാണ്.''

ഖനനം നടത്തുന്നതിന് ബെല്ലാരിയിലെ സുഗലമ്മ ക്ഷേത്രം സ്ഫോടനത്തിലൂടെ തകര്‍ത്ത് നാമാവശേഷമാക്കി. സംഘപരിവാറില്‍പ്പെട്ട ആരും പ്രതിഷേധമൊന്നുംതന്നെ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടില്ല.

അനന്തപുര്‍ ജില്ലയില്‍ 2004ല്‍ ഇരുമ്പയിര് ഖനനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍, 25 അപേക്ഷകര്‍ മുന്നോട്ടുവന്നു. മറ്റെല്ലാവരെയും അയോഗ്യരാക്കി പ്രഖ്യാപിച്ച്, ഒരു സ്റ്റീല്‍പ്ളാന്റ് തുടങ്ങുമെന്ന വാഗ്ദാനം തന്നിട്ടുണ്ടെന്ന ഒറ്റക്കാരണത്താല്‍ ഒഎംസിയെ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വൈ എസ് ആര്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തു. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ 2007ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്റ്റീല്‍പ്ളാന്റിന്റെ ശിലാസ്ഥാപനമാമാങ്കം നടത്തുകയുംചെയ്തു. ഇപ്പോഴും സ്റ്റീല്‍പ്ളാന്റ് കടലാസില്‍തന്നെ.

ഖനനാനുമതിയുടെ മറവില്‍ ആന്ധ്രയിലെയും കര്‍ണാടകത്തിലെയും വനഭൂമി കൈയേറി ഇരുമ്പയിര് ഖനനം ചെയ്യുന്നതായി അനന്തപുര്‍ ഡിഎഫ്ഒ സാക്ഷ്യപ്പെടുത്തുന്നു. ഒഎംസിയുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ അജ്ഞാതമാണ്. സര്‍വേ ചെയ്തിട്ടുള്ള 827 ഹെക്ടറില്‍ 180 ഹെക്ടറാണ് ഒഎംസിക്ക് ഖനനത്തിനായി ലഭിച്ചിട്ടുള്ളത്. എന്നാല്‍, അവര്‍ 647 ഹെക്ടറില്‍ അനധികൃതമായി മൈനിങ് തുടരുന്നു.

ഗലി ജനാര്‍ദനറെഡ്ഡി കോണ്‍ഗ്രസ് മുഖ്യമന്ത്രിയോടും കുടുംബത്തോടും എങ്ങനെ നന്ദി പ്രകടിപ്പിച്ചു എന്നുകാണാം. ഒഎംസിയും റെഡ്ഗോള്‍ഡ് എന്റര്‍പ്രൈസസും തമ്മിലുള്ള കരാര്‍ ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. റെഡ്ഗോള്‍ഡ് വൈ എസ് ആറിന്റെ മകന്‍ ജഗമോഹന്‍റെഡ്ഡിയുടെ ബിനാമി ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥാപനത്തിന് 50 ശതമാനം ലാഭവിഹിതം ലഭിക്കും. അത് പ്രതിവര്‍ഷം 400 കോടി രൂപയാണ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയനേതൃത്വം നല്‍കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമാണ്. ഈ തുകകൊണ്ട് വൈ എസ് രാജശേഖരറെഡ്ഡി ആന്ധ്രയിലെ കോണ്‍ഗ്രസിനെയാകെ വിലയ്ക്കെടുത്തു. അദ്ദേഹത്തിന്റെ മരണശേഷം ജഗമോഹന്‍റെഡ്ഡിയായി ഈ സാമ്രാജ്യത്തിന്റെ അധിപന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രകൃതിസമ്പത്തിന്റെ നഗ്നമായ ഈ കൊള്ള മൂടിവയ്ക്കുകയായിരുന്നു. 2004നുമുമ്പ് ഗലിയും വൈ എസ് രാജശേഖരറെഡ്ഡിയും ആദായനികുതി ഫയല്‍ചെയ്യുമ്പോള്‍ ലക്ഷങ്ങളുടെ നികുതിബാധ്യതയാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ ശതകോടികളുടെ മുന്‍കൂര്‍നികുതിയാണ് അടച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം കണ്ട കൊടിയ ഈ കോണ്‍ഗ്രസ് അഴിമതിയെ മനോരമ കണ്ടില്ലെന്നുണ്ടോ? ആരുടെ കണ്ണിലാണ് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ മണ്ണിടുന്നത്? അറബിക്കഥപോലെ സഹസ്രകോടീശ്വരന്മാരാകുന്നത് സിപിഐ എം നേതാക്കളോ? കോണ്‍ഗ്രസ് നേതാക്കളോ?

പി ജയരാജന്‍ ദേശാഭിമാനി