Showing posts with label വലതു സര്‍ക്കാര്‍. Show all posts
Showing posts with label വലതു സര്‍ക്കാര്‍. Show all posts

Thursday, May 29, 2014

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് റേഷന്‍ പുനഃസ്ഥാപിക്കണം: ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിരുന്ന റേഷന്‍വിഹിതം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി സ്റ്റേചെയ്തു. വെട്ടിക്കുറച്ച അരിയും ഗോതമ്പും പുനഃസ്ഥാപിക്കാനും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. റേഷന്‍വിഹിതം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി അഡ്വ. സത്യപ്രിയ ഈശ്വരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കോടതി ഉത്തരവുപ്രകാരം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച അമിക്കസ്ക്യൂറി ആശുപത്രിസൂപ്രണ്ട് ഡോ. രവികുമാര്‍, ഡയറ്റീഷ്യന്‍ എസ് പി ഷാനിദ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

മാസംതോറും 7,550 കിലോഗ്രാം വീതമുണ്ടായിരുന്ന അരി മൂവായിരവും 2500 വീതമുണ്ടായിരുന്ന ഗോതമ്പ് 1000 കിലോയുമാക്കി വെട്ടിക്കുറച്ചതായി കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസറുടെ കത്ത് അമിക്കസ്ക്യൂറി കോടതിയില്‍ ഹാജരാക്കി. ഓരോരുത്തര്‍ക്കും അരി, ഗോതമ്പ് എന്നിവ യഥാക്രമം 3.5, 1.5 കിലോഗ്രാംവീതം നല്‍കിയാല്‍മതിയെന്ന് ചൂണ്ടിക്കാട്ടി അന്തേവാസികളുടെ എണ്ണം കണക്കാക്കിയാണ് വിഹിതം വെട്ടിക്കുറച്ചത്. അതേസമയം 476 പേര്‍ക്കുമാത്രം സൗകര്യമുള്ള ആശുപത്രിയില്‍ 617 പേര്‍ കഴിയുന്നതായും ഓരോരുത്തര്‍ക്കും 14 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും മാസംതോറും ഭക്ഷണത്തിനായി ആവശ്യമുണ്ടെന്നും ഡയറ്റീഷ്യന്‍ അറിയിച്ചു. മുമ്പ് കിട്ടിക്കൊണ്ടിരുന്നതുതന്നെ മതിയാകാത്ത സാഹചര്യത്തിലാണ് ഉള്ളത് മൂന്നിലൊന്നാക്കിയത്. ഇപ്പോള്‍ രണ്ടുനേരംപോലും ഭക്ഷണം നല്‍കാനാവാത്ത അവസ്ഥയാണ്. ഭരണഘടനാപരമായും മനുഷ്യാവകാശപരമായും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയുംവേഗം വിഹിതം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു.

deshabhimani

പുതിയ മെഡിക്കല്‍ കോളേജുകളെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു

സംസ്ഥാനത്ത് പത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍കൂടി തുടങ്ങുമെന്ന പ്രഖ്യാപനം സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍തന്നെ അട്ടിമറിക്കുന്നു. വേണ്ടസൗകര്യം ഒരുക്കാതെ വിദഗ്ധ സംഘത്തെക്കൊണ്ട് ഇവ പരിശോധിപ്പിക്കുന്നത് കോളേജ് തുടങ്ങുന്നതിനെതിരായ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് അറിഞ്ഞുതന്നെയെന്ന് വ്യക്തം. ഇടുക്കിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സംഘം സജ്ജീകരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. അവിടെ കോളേജ് തുടങ്ങാന്‍ സജ്ജമായിട്ടില്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. പ്രാഥമിക സംവിധാനം പോലും ഏര്‍പ്പെടുത്താതെ എംസിഐ സംഘത്തെ ക്ഷണിച്ച സര്‍ക്കാര്‍ തന്നെയാണ് ഇതിന് ഉത്തരവാദി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘത്തെ വിളിച്ചുവരുത്തിയതും എതിര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണം. മറ്റു കോളേജുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതും അനിശ്ചിതത്വത്തിലാണ്. സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാരിന്റെ ഈ ഒത്തുകളി.

ഇടുക്കി ചെറുതോണിയില്‍ പഴയ ഡിഎംഒ ഓഫീസിന്റെ നാലു മുറികളാണ് എംസിഐ സംഘത്തിന് മെഡിക്കല്‍ കോളേജിന്റെ ആസ്ഥാനമായി കാണിച്ചത്. പ്രിന്‍സിപ്പിലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം എ രവീന്ദ്രനെ അടിയന്തരമായി ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മുറിയും പ്രിന്‍സിപ്പലും നാലു ക്ലര്‍ക്കുമാരുമായുള്ള "മെഡിക്കല്‍ കോളേജ്" സംവിധാനത്തെ എംസിഐ സംഘം പരിഹാസ്യത്തോടെയാണ് കണ്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ഡെന്റല്‍ കോളേജ് തുടങ്ങാത്തതും സ്വാശ്രയ ലോബിക്കുവേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ടു സ്വകാര്യ ഡെന്റല്‍ കോളേജുകളുള്ള തൃശൂരിനെ ഒഴിവാക്കി ആലപ്പുഴയിലാണ് ഡെന്റല്‍ കോളേജ് അനുവദിച്ചത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും മുമ്പാണ് വിദഗ്ധ സംഘത്തെ ക്ഷണിച്ച് പരിശോധന നടത്തിയതും. അതേസമയം അനുമതിക്കായി സംസ്ഥാനത്ത് ആറു സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി വരികയാണ്. ഇതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നുമുണ്ട്. സ്വാശ്രയ മേഖലയില്‍ കോളേജുകള്‍ തുടങ്ങുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആരോഗ്യ സര്‍വകലാശാല കര്‍ക്കശമാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത സര്‍ക്കാര്‍, ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സര്‍വകലാശാലാ ഡീന്‍ ഡോ. കെ പ്രവീണ്‍ലാലിനെ കൊച്ചി സഹകരണ കോളേജ് പ്രിന്‍സിപ്പലായി മാറ്റുകയും ചെയ്തു.

വി എം രാധാകൃഷ്ണന്‍ deshabhimani

സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി കായികനയം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ കായികനയമെന്ന് ആക്ഷേപം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് അടക്കം കായികമേഖലയിലെ പ്രമുഖര്‍ പുതിയ കായികനയത്തെ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. കരടുനയം തയ്യാറാക്കി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ അതിനെയൊക്കെ പ്രഹസനമാക്കി കായികനയംനടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായി 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കായികനയം അട്ടിമറിച്ച് ഉദ്യോഗസ്ഥകേന്ദ്രീകൃതമായ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിലൂടെ ജനാധിപത്യസ്ഥാപനമായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അവകാശ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവുമുണ്ടാകും. ഇതിനെതിരെ സ്പോര്‍ടസ് കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തലസ്ഥാനത്തു ചേര്‍ന്ന സ്പോര്‍ട്സ് പോളിസി റിവ്യൂ മീറ്റിങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റടക്കം പുതിയ നയത്തിനെതിരെ രംഗത്തെത്തിയത്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇന്നുള്ള അധികാരങ്ങളൊന്നും എടുത്തുമാറ്റാന്‍ പാടില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയിട്ടുള്ളതെന്നും റിവ്യു മീറ്റിങ് ഉദ്ഘാടനംചെയ്ത് പത്മിനി തോമസ് പറഞ്ഞു. കരടുനയം തയ്യാറാക്കിയ സമയത്ത് കായികരംഗത്തുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികളും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും ചൂണ്ടിക്കാട്ടി. കരടുനയം സെമിനാറിലൂടെയും മറ്റും ചര്‍ച്ചയ്ക്കു വിധേയമാക്കിയെങ്കിലും ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങളൊന്നുപോലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളം ആതിഥേയത്വം വഹിക്കാന്‍പോകുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്റ്റേഡിയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥകേന്ദ്രിതമായ പുതിയൊരു ഏജന്‍സി രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കായികരംഗത്ത് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന് ഇതോടെ പ്രസക്തി നഷ്ടപ്പെടും. എല്‍ഡിഎഫ് സര്‍ക്കാരാണ് ദേശീയ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ കായികരംഗത്ത് അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ദേശീയ ഗെയിംസ് വഴി കൂടുതല്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പുതിയ നയം നടപ്പാക്കിയാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം സ്വകാര്യ ഏജന്‍സിക്കുവരെ നല്‍കാന്‍ ഇടയുണ്ടെന്നും ലാഭംമാത്രമായിരിക്കും പിന്നീട് ലക്ഷ്യം വയ്ക്കുകയെന്നും റിവ്യൂമീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു.

വി ഡി ശ്യാംകുമാര്‍ deshabhimani

Tuesday, May 27, 2014

2 എംഎല്‍എമാരടക്കം 114 പ്രതികള്‍

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞെന്ന കേസില്‍ രണ്ട് എംഎല്‍എമാരുള്‍പ്പെടെ 114 എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതി-1ല്‍ തിങ്കളാഴ്ച പകല്‍ രണ്ടിനാണ് അന്വേഷകസംഘത്തലവന്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ എസ് സുദര്‍ശനന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍കൂടിയായ പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ ഒന്നാംപ്രതിയും എടക്കാട് എംഎല്‍എ കെ കെ നാരായണന്‍ രണ്ടാം പ്രതിയുമാണ്. ജനതാദള്‍ ദേശീയസമിതി അംഗം അഡ്വ. നിസാര്‍ അഹമ്മദ്, സംസ്ഥാന സമിതിയംഗം വി രാജേഷ്പ്രേം, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ഇരിണാവ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, പ്രസിഡന്റ് ബിജു കണ്ടക്കൈ, ജില്ലാ പഞ്ചായത്തംഗം എം വി രാജീവന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

അന്യായമായി സംഘംചേര്‍ന്ന് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എംഎല്‍എമാര്‍ക്കെതിരെ വധശ്രമക്കേസില്ല. അന്യായമായി സംഘം ചേര്‍ന്നു, പൊലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോയില്ല, ഗതാഗതം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ചു പേര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 307-ാം വകുപ്പുപ്രകാരമുള്ള വധശ്രമക്കുറ്റം. ഏഴുപേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരവും മറ്റുള്ളവര്‍ക്കെതിരെ അന്യായമായി സംഘംചേരല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുമാണ് കേസ്.

2013 ഒക്ടോബര്‍ 27ന് വൈകിട്ട് മുഖ്യമന്ത്രിയുടെ കാറിനുനേരെ സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞ സംഭവത്തിന്റെപേരിലാണ് എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയത്. കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ സോളാര്‍ തട്ടിപ്പിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് സമാധാനപരമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരും ഒരുപറ്റം കോണ്‍ഗ്രസ് ക്രിമിനലുകളും മുഖ്യമന്ത്രിയുടെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് നിസ്സാര പരിക്കേറ്റു. മൊത്തം 1013 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ 114 പേരെ മാത്രമേ തിരിച്ചറിയാനായുള്ളൂവെന്ന് ഡിവൈഎസ്പി സുദര്‍ശനന്‍ പറഞ്ഞു. നേതാക്കളടക്കം നൂറുപേരെ അറസ്റ്റുചെയ്തു. എംഎല്‍എല്‍മാരെ ഓഫീസില്‍ വളിച്ചുവരുത്തി മൊഴിയെടുത്തു.

deshabhimani

Monday, May 26, 2014

വായ്പ 3200 കോടിയായി; നിത്യചെലവിന് പോലും കടം

സംസ്ഥാനത്തിന്റെ തനതുവരുമാനം ഇടിഞ്ഞതോടെ ട്രഷറി കാലിയായി. ദൈനംദിനചെലവുകള്‍ വായ്പ എടുത്തുമാത്രം നിര്‍വഹിക്കേണ്ട സ്ഥിതിയാണ്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ 3200 കോടി രൂപ പൊതുവിപണിയില്‍നിന്ന് വായ്പ എടുക്കേണ്ടിവന്നത് സംസ്ഥാനത്തിന്റെ ദയനീയസ്ഥിതി വ്യക്തമാക്കുന്നു. ബജറ്റിലൂടെ കടുത്ത അധികനികുതി അടിച്ചേല്‍പ്പിച്ചിട്ടും വരുമാനത്തില്‍ വര്‍ധനയില്ല. കുടിശ്ശിക നല്‍കാത്തതിനാല്‍ കരാറുകാര്‍ ടെന്‍ഡര്‍ ബഹിഷ്കരിക്കുന്നു. പൊതുമരാമത്തുരംഗം പൂര്‍ണമായും സ്തംഭിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ചൊവ്വാഴ്ച 1200 കോടി രൂപകൂടി പൊതുവിപണിയില്‍നിന്ന് വായ്പ എടുക്കും. ഏപ്രില്‍ ഒമ്പതിനും 22നും കടപ്പത്രമിറക്കി ആയിരം കോടി രൂപവീതം സമാഹരിച്ചു. ആസൂത്രണ കമീഷനുമായുള്ള ആദ്യവട്ടചര്‍ച്ചയില്‍ കേരളത്തിന്റെ ഈ വര്‍ഷത്തെ പൊതുവിപണിയില്‍നിന്നുള്ള കടമെടുപ്പുപരിധി 13,500 കോടി രൂപയായിരിക്കുമെന്ന ധാരണയുണ്ട്. വികസന ആവശ്യത്തിനല്ലാതെ ഒരു രൂപപോലും വായ്പ എടുക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രഖ്യാപിച്ചു.

എന്നാല്‍, വായ്പ എടുത്ത 3200 കോടിയില്‍ ഒരു രൂപപോലും പദ്ധതിനിര്‍വഹണത്തിന് ഉപയോഗിച്ചില്ല. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി അടങ്കല്‍ 4674.81 കോടി രൂപയായി സംസ്ഥാന ധനകമീഷന്‍ നിശ്ചയിച്ചു. പത്തുമാസമായി തവണയായി നല്‍കണം. ആദ്യതവണ 333.76 കോടി രൂപ മെയ് ഒന്നുമുതല്‍ അനുവദിച്ചതായി ഉത്തരവിറക്കി. ഇതും ട്രഷറിയില്‍നിന്ന് ചെലവായിട്ടില്ല. കഴിഞ്ഞദിവസം ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണത്തിന്റെ സംസ്ഥാനതല ഏകോപനസമിതി യോഗം വാര്‍ഷികപദ്ധതിയില്‍ ഒരു പുരോഗതിയുമില്ലെന്ന് വിലയിരുത്തി.

പെന്‍ഷന്‍കാരുടെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക ജൂണില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, ജീവനക്കാരുടെയും അധ്യാപകരുടെയും ജനുവരിമുതലുള്ള ക്ഷാമബത്ത കുടിശ്ശിക ഇനിയും നല്‍കിയിട്ടില്ല. ജൂലൈയില്‍ ക്ഷാമബത്ത നല്‍കുമെന്ന് ഭരണകക്ഷി അനുകൂല ജീവനക്കാരുടെ സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. തനതുവരുമാനം ഇടിഞ്ഞതോടെ ഇതും അനിശ്ചിതത്വത്തിലായി. ക്ഷാമബത്ത ഇനത്തില്‍ 2000 കോടിയോളം രൂപയുടെ അധികബാധ്യത ഈ വര്‍ഷം സര്‍ക്കാരിനുണ്ട്. കരാറുകാരുടെ കുടിശ്ശികയില്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യനടപടി നേരിടുകയാണ്. കരാറുകാര്‍ നിര്‍മാണജോലികള്‍ ഏറ്റെടുക്കുന്നില്ല.

കഴിഞ്ഞവര്‍ഷം ജൂലൈമുതലുള്ള 2700 കോടിയോളം രൂപ കുടിശ്ശികയുണ്ട്. ടെന്‍ഡര്‍ നടപടിയും ബഹിഷ്കരിക്കാനുള്ള ഭരണപക്ഷാനുകൂല കരാറുകാരുടെ തീരുമാനം സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. ഒരു രൂപപോലും നീക്കിവയ്ക്കാതെ ബജറ്റില്‍ പ്രഖ്യാപിച്ച 10,000 കോടിയുടെ പദ്ധതികളും അനിശ്ചിതത്വത്തിലാണ്. ഇതിനിടയിലാണ് മിഷന്‍ 676 എന്ന പേരില്‍ മുഖ്യമന്ത്രിയും സകല മന്ത്രിമാരും എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ആയിരത്തി അഞ്ഞൂറുകോടി രൂപയുടെ അധികനികുതി ഈ വര്‍ഷം ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും നികുതിവരുമാനം ഒരു ശതമാനംപോലും വര്‍ധിപ്പിക്കാനായിട്ടില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറയുകയാണ്്. ഇതിനിടയില്‍ പുതിയ പ്ലസ്ടു സ്കൂളുകള്‍ അനുവദിക്കാനുള്ള നീക്കത്തിലൂടെ പ്രതിവര്‍ഷം 800 കോടി രൂപയുടെ ബാധ്യതകൂടി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു.

നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന പ്ലസ്ടു സീറ്റുകളുടെ പുനഃക്രമീകരണത്തിനും സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നുമില്ല. നിയുക്ത കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. ഇതില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാനവിഹിതം കണ്ടെത്തണം. ഇതില്‍ പരാജയപ്പെട്ടാല്‍ കേന്ദ്രാവിഷ്കൃതപദ്ധതികളും നഷ്ടപ്പെടും.

ജി രാജേഷ്കുമാര്‍ ദേശാഭിമാനി

Friday, May 23, 2014

ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പണി തീരാത്ത ബസ് ടെര്‍മിനല്‍ കാണാന്‍ മന്ത്രി

പണി പാതിപോലും ആകുംമുമ്പേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താന്‍ ഉദ്ഘാടനംചെയ്ത തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് കാണാന്‍ വ്യാഴാഴ്ച മന്ത്രി വീണ്ടുമെത്തി. മാധ്യമങ്ങളെയെല്ലാം പിആര്‍ഡി മുഖേന മുന്‍കൂട്ടി ക്ഷണിച്ചുവരുത്തിയശേഷം ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ടെര്‍മിനല്‍ സന്ദര്‍ശനം പ്രഹസനമായി. നിര്‍മാണം പൂര്‍ത്തിയാക്കാതെ ധൃതിപിടിച്ച് ബസ് ടെര്‍മിനല്‍ ഉദ്ഘാടനംചെയ്തതിന്റെ കഷ്ടതകള്‍ കെഎസ്ആര്‍ടിസി ഡിപ്പോ അധികാരികളും പണി പൂര്‍ത്തിയായിട്ടുണ്ടെന്ന കരാറുകാരുടെ അവകാശവാദവും സ്റ്റാന്‍ഡിലെ യാത്രക്കാരുടെ ദുരിതവും കണ്ട മന്ത്രി പണിയെന്ന് തീരുമെന്ന് വ്യക്തമാക്കാതെ സ്ഥലംവിട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെയും കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെയും സഹകരണത്തോടെ ബിഒടി അടിസ്ഥാനത്തിലുള്ള ടെര്‍മിനലിന്റെ നിര്‍മാണം ഹാരിസണ്‍ മലയാളം ലിമിറ്റഡാണ് ഏറ്റെടുത്തത്. നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കവെയാണ് 2011ല്‍ ഭരണമാറ്റമുണ്ടായത്. യുഡിഎഫ് അധികാരത്തില്‍വന്നതോടെ നിര്‍മാണം ഇഴഞ്ഞു നീങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മറ്റൊരു വികസനവും തലസ്ഥാനത്ത് ചൂണ്ടാക്കാണിക്കാനില്ലാത്ത സര്‍ക്കാര്‍ ബസ് ടെര്‍മിനലിന്റെ പിതൃത്വം ഏറ്റെടുത്തു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മാത്രം കഴിഞ്ഞപ്പോള്‍ നിര്‍മാണം കഴിഞ്ഞെന്ന് പ്രചരിപ്പിച്ച് ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ചടങ്ങിനെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അധ്യക്ഷനായ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന പ്രഖ്യാപനം നടത്തി. 30 ദിവസം പിന്നിട്ടിട്ടും പണിതീരാതെ വന്നപ്പോള്‍ മാര്‍ച്ച് 30 പുതിയ തീയതി പ്രഖ്യാപിച്ചു. പിന്നെ വിഷുവിനുമുമ്പ് എന്നായി. എന്നാല്‍, ബസ് ടെര്‍മിനലിനകത്തും പുറത്തും പണി പാതിവഴിയില്‍തന്നെ നിന്നു. അകത്തെ ടൈല്‍സിന്റെ പണിപോലും പൂര്‍ത്തിയായിട്ടില്ല. ടെര്‍മിനലിന്റെ ഒരു ഭാഗം തുറന്നുകൊടുത്തെങ്കിലും പണി തീരാത്ത കെട്ടിടത്തിനുള്ളില്‍ യാത്രക്കാരും കെഎസ്ആര്‍ടിസി ഡിപ്പോ അധികാരികളും ദുരിതം തിന്നുകയാണ്. കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണസാമഗ്രികളും പൊളിച്ചിട്ടിരിക്കുന്ന വഴികളും അപകടക്കെണികളായി. പണി തീരുംമുമ്പേ തുറന്നതാണ് പിന്നീടുള്ള പ്രവൃത്തികള്‍ക്ക് തടസ്സമായതെന്നാണ് കരാറുകാരുടെ വാദം. പണി കാര്യക്ഷമമല്ലെന്നും കരാറുകാര്‍ ഉഴപ്പുകയാണെന്നും കെടിഡിഎഫ്സി അധികാരികളും പറഞ്ഞു.

ടെര്‍മിനലിന് മുന്‍വശം ഹൈവേയോട് ചേര്‍ന്ന് രണ്ടുമീറ്റര്‍ വീതിയില്‍ നിര്‍മാണം നടത്തേണ്ടത് റോഡ് ഫണ്ട് ബോര്‍ഡാണെന്ന് കരാറുകാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി- കെടിഡിഎഫ്സി- കരാറുകാര്‍- സര്‍ക്കാര്‍ ഏകോപനമില്ലാതെ ഒരിക്കലും ടെര്‍മിനല്‍ പണി പൂര്‍ത്തിയാകില്ലെന്ന് ഉദ്യോഗസ്ഥര്‍ തുറന്നടിച്ചു. "എന്നാല്‍ ഒരു കാര്യം ചെയ്യാം. ഒരു യോഗവുംകൂടി വിളിക്കാം. മുഖ്യമന്ത്രിക്ക് കത്ത് കൊടുത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ യോഗം ചേരാം" എന്നുമാത്രം പറഞ്ഞശേഷം മന്ത്രി സ്ഥലംവിട്ടു. എന്നു പണി തീരുമെന്ന ചോദ്യത്തിന് എന്നും ഒരു തീയതി പ്രഖ്യാപിക്കാറുള്ള മന്ത്രി തിരുവഞ്ചൂര്‍ ഇനി ഒരു തീയതി പ്രഖ്യാപിച്ചാല്‍ അതും "പണി" ആകുമെന്ന തിരിച്ചറിവില്‍ "എത്രയും വേഗം"എന്നു മാത്രം പറഞ്ഞ് സ്ഥലം കാലിയാക്കി. മന്ത്രി എത്തുംമുമ്പ് സ്ഥലത്തെത്തിയ ഗതാഗത സെക്രട്ടറി ഡോ. വി എന്‍ ഗോപാലമേനോന്‍ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും കെഎസ്ആര്‍ടിസി, കെടിഡിഎഫ്സി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

deshabhimani

Thursday, May 22, 2014

കച്ചവടം കൊഴുപ്പിക്കാന്‍ സ്വയംഭരണവും

സ്വാശ്രയ കോളേജുകള്‍ സൃഷ്ടിച്ച പൊല്ലാപ്പിനിടയില്‍ സ്വയംഭരണ (ഓട്ടോണമസ്) കോളേജുകളും സംസ്ഥാനത്ത് അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 13 കോളേജുകള്‍ക്കാണ് സ്വയംഭരണാവകാശം നല്‍കുന്നത്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്, മാര്‍ ഇവാനിയോസ്, എറണാകുളം മഹാരാജാസ്, തേവരയിലെ സേക്രഡ്ഹാര്‍ട്ട് തുടങ്ങിയ പ്രുമഖ കോളേജുകളെല്ലാം ഈ പട്ടികയിലുണ്ട്. ഇവയ്ക്ക് സ്വയംഭരണം നല്‍കിയാലുള്ള ഗുണദോഷങ്ങള്‍ ഇപ്പോള്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളെ ആദ്യം ഓട്ടോണമസാക്കും. പിന്നീട് ഘട്ടംഘട്ടമായി സ്വാശ്രയ കോളേജിലേക്ക് മാറ്റുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച് പരാജയപ്പെട്ട സംരംഭമാണ് ഓട്ടോണമസ് കോളേജുകള്‍. 35 വര്‍ഷം മുമ്പ് ആരംഭിച്ച പല സ്വയംഭരണ കോളേജുകളും ഉച്ചവരെ എയ്ഡഡും ഉച്ചകഴിഞ്ഞ് അണ്‍എയ്ഡഡും ആയി പ്രവര്‍ത്തിക്കുകയാണ്.

യുജിസിയും സര്‍ക്കാരും നല്‍കിയ ആസ്തികൊണ്ട് പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. പേറ്റന്റിയോ പ്രസിദ്ധീകരണത്തിന്റെയോ കാര്യത്തില്‍ മികച്ച പ്രകടനങ്ങളൊന്നും ഈ സ്ഥാപനങ്ങള്‍ നടത്തിയിട്ടില്ല. ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടുമില്ല. എന്നിട്ടും കേരളത്തില്‍ ഓട്ടോണമസ് കോളേജുകള്‍ വേണമെന്ന തീരുമാനമെടുക്കുന്നത് കച്ചവടം കൊഴുപ്പിക്കാനെന്ന് വ്യക്തം. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍മാത്രമേ സ്വയംഭരണാവകാശം നല്‍കൂ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഭരണപരവും സാമ്പത്തികവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം കൈമാറില്ലെന്ന് ചുരുക്കം. എന്നാല്‍, ഓട്ടോണമസ് ആയി മാറുന്ന സ്ഥാപനങ്ങള്‍ പുതിയ കോഴ്സുകള്‍ തുടങ്ങിയാല്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കുന്നു. അക്കാദമിക് സ്വയംഭരണം നടപ്പാക്കുന്നതോടെ നിലവിലുള്ള കോളേജുകള്‍ സ്വാശ്രയ കോളേജുകളായി മാറാന്‍ ഇത് ഇടയാക്കും. വിദ്യാര്‍ഥി പ്രവേശനത്തിലെ മെറിറ്റ്-സംവരണ തത്വങ്ങളും അധ്യപകരുടെ സേവന വേതന വ്യവസ്ഥകളും അട്ടിമറിക്കപ്പെടുന്നതോടെ ഓട്ടോണമസ് കോളേജുകള്‍ തനി കച്ചവട സ്ഥാപനങ്ങളായി മാറുകയുംചെയ്യും. ഫീസ് നിശ്ചയിക്കാനും വിദ്യാര്‍ഥി പ്രവേശനത്തിലെ രീതികള്‍ മാറ്റാനും പരീക്ഷകള്‍ നടത്തി ഫലം സ്വന്തമായി പ്രഖ്യാപിക്കാനുമെല്ലാം അവകാശങ്ങള്‍ ഒന്നിച്ചു കിട്ടുമ്പോള്‍ മാനേജ്മെന്റിന് കാര്യങ്ങള്‍ കുശാല്‍. അഫിലിയേറ്റഡ് സര്‍വകലാശാലകള്‍ ഇപ്പോള്‍ കടുത്ത ഞെരുക്കത്തിലാണ്. മികവു തെളിയിച്ച കോളേജുകളെയെങ്കിലും സ്വതന്ത്രമാക്കുന്നതോടെ സര്‍വകലാശാലകള്‍ക്ക് ആശ്വാസമാകും എന്നാണ് സര്‍ക്കാരിന്റെ വാദം. 1947ല്‍ രാജ്യത്ത് ആകെയുണ്ടായിരുന്നത് 20 സര്‍വകലാശാലകളും അവയ്ക്ക് കീഴിലായി 636 കോളേജുകളും ഇവയിലെല്ലാം കൂടി 2.38 ലക്ഷം വിദ്യാര്‍ഥികളും ആയിരുന്നു. ഇപ്പോഴാകട്ടെ, സര്‍വകലാശാലകളുടെ എണ്ണം 634 ആയി. കോളേജുകളുടെ എണ്ണം 33023ലും എത്തി. സര്‍വകലാശാലകള്‍ ഇന്ന് നേരിടുന്ന ഞെരുക്കത്തെപ്പറ്റി ആസൂത്രണ കമീഷന്‍ പുറത്തിറക്കിയ രേഖയും ഇപ്പോള്‍ പുറത്തുവന്ന രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്റെ(റൂസ) രേഖയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ നിയമിക്കപ്പെട്ട പ്രൊഫ. ജെ കെ തരീന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പ്രതിപാദിക്കുന്നുണ്ട്. കോത്താരി കമീഷന്റെ ശുപാര്‍ശ, 1986ലെ ദേശീയ വിദ്യാഭ്യാസ നയം, യുജിസിയുടെ സര്‍ക്കുലറുകള്‍ തുടങ്ങി തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ വന്നിട്ടും ഓട്ടോണമസ് ആകാന്‍ വളരെക്കുറച്ച് കോളേജുകള്‍മാത്രമേ തയ്യാറായുള്ളൂ. രാജ്യത്ത് ആകെയുള്ള 33023 കോളേജുകളില്‍ 441 മാത്രമാണ് ഓട്ടോണമസ്. ഇവ 21 സംസ്ഥാനങ്ങളിലെ 84 സര്‍വകലാശാലകള്‍ക്ക് കീഴിലാണ്. എന്നാല്‍, സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി പുതിയ രീതിയിലുള്ള മാര്‍ഗരേഖകള്‍ വന്നപ്പോഴാണ് കച്ചവടം മുന്നില്‍ക്കണ്ട് സ്വയംഭരണത്തിനു വേണ്ടി മാനേജ്മെന്റുകള്‍ ഇറങ്ങിയിരിക്കുന്നത്. നാളെ: കാശും ജാതിയുമുണ്ടോവിസിയുമാകാം

ആര്‍ സാംബന്‍

കോഴയെല്ലാം ലീഗ് വിഴുങ്ങുമെന്ന് ഭയം

പുതിയ പ്ലസ് ടു സ്കൂളുകള്‍ വേണ്ടെന്നും അധികബാച്ചുകള്‍ മതിയെന്നുമുള്ള യുഡിഎഫ് തീരുമാനത്തിനു പിന്നില്‍ കോഴ ആര്‍ക്കെന്ന അവ്യക്തതമൂലം. ലഭിക്കുന്ന കോഴപ്പണം മുഴുവന്‍ വിദ്യാഭ്യാസ വകുപ്പ് കൈയാളുന്ന മുസ്ലിംലീഗ് ഒറ്റയ്ക്കടിച്ചുമാറ്റുമെന്ന കോണ്‍ഗ്രസിന്റെയും മറ്റു ഘടക കക്ഷികളുടെയും നിഗമനമാണ് ഇക്കൊല്ലം പുതിയ സ്കൂളുകള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്.

2013 മാര്‍ച്ചിലാണ് നിലവില്‍ പ്ലസ്ടു ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ പ്ലസ്ടു അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 148 പഞ്ചായത്തുകള്‍ കൂടാതെ എറണാകുളം മുതല്‍ വടക്കോട്ടുള്ള എട്ടു ജില്ലകളില്‍ ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ഹൈസ്കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്താനുമായിരുന്നു വിജ്ഞാപനം. ഇതിനെതിരെ തെക്കന്‍ കേരളത്തിലെ സ്കൂള്‍ മാനേജര്‍മാരില്‍ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ആദ്യം സര്‍ക്കാര്‍ നിലപാടിനെതിരെ കോടതി വിധി വന്നു. പുതിയതായി സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ കെഇആര്‍ നിയമപ്രകാരം സമിതിയെ നിയോഗിച്ച് വേണമെന്ന് സിംഗിള്‍ ബെഞ്ച് വിധി വന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയും പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതില്‍ അനുകൂല വിധി നേടുകയുംചെയ്തു. ഈ വിധിയില്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ ആവശ്യകത അനുസരിച്ച് എവിടെ വേണമെങ്കിലും സ്കൂളുകള്‍ അനുവദിക്കാമെന്നും പറഞ്ഞിരുന്നു. വിധി അനുകൂലമായതോടെ ആഹ്ലാദിച്ച വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പരക്കെ കച്ചവടം ഉറപ്പിച്ചു

deshabhimani

Monday, May 19, 2014

25 ശതമാനത്തിലേറെ വൈദ്യുതിനിരക്കും കൂട്ടും

വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചുള്ള തീരുമാനം ആഗസ്തില്‍. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കടക്കം വന്‍വര്‍ധനയ്ക്കുള്ള അനുമതി തേടി വൈദ്യുതി റെഗുലേറ്ററി കമീഷന് കെഎസ്ഇബി അപേക്ഷ നല്‍കി. 25 ശതമാനത്തിനു മുകളില്‍ വര്‍ധനയ്ക്കുള്ള ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്. 3000 കോടിയുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി വന്‍നിരക്കുവര്‍ധന ലക്ഷ്യമിടുന്നത്. നഷ്ടത്തില്‍ പകുതിയിലധികവും ഉപയോക്താക്കളില്‍നിന്ന് ഈടാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കടക്കം വര്‍ധന ഇരുട്ടടിയാകും.

നിലവിലുള്ള സ്ലാബ് സമ്പ്രദായം പൊളിച്ചെഴുതി ഉപയോക്താക്കളെ കൊള്ളയടിക്കാനുള്ള നീക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിന്റെ അപേക്ഷയില്‍ റഗുലേറ്ററി കമീഷന്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരായും. ഇതിനുശേഷം വര്‍ധനയ്ക്ക് കമീഷന്‍ അനുമതി നല്‍കും. സിറ്റിങ് തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യത്തോടെയാകും വര്‍ധനയെന്നും സൂചനയുണ്ട്. നിരക്കുവര്‍ധന ശുപാര്‍ശ നല്‍കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പായതിനാല്‍ ബോര്‍ഡ് വൈകിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ ഇത് വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ബോര്‍ഡും എത്തിച്ചേര്‍ന്നു. പ്രസരണനഷ്ടത്തിനുസരിച്ച് വൈദ്യുതിനിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുതവണ വൈദ്യുതിനിരക്ക് കൂട്ടി. ഒരുതവണ സര്‍ചാര്‍ജും ചുമത്തി. പുതിയ വൈദ്യുതി കണക്ഷനുള്ള നിരക്ക് കുത്തനെ കൂട്ടി ഉത്തരവിറക്കിയതും അടുത്തിടെയാണ്. ഗാര്‍ഹിക കണക്ഷന് 300 മുതല്‍ 10,000 രൂപവരെയാണ് കൂട്ടിയത്. വന്‍കിട ഉപയോക്താക്കള്‍ക്കുള്ള നിരക്ക് കുത്തനെ കുറയ്ക്കുകയും ചെയ്തു.

deshabhimani

ജീവിതസമരത്തില്‍ ബാബുരാജിന് ഇത് "ലാസ്റ്റ് ചാന്‍സ് "

പത്തനംതിട്ട: ജീവിതസമരത്തില്‍ നേടിയതെല്ലാം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ബാബുരാജ് എന്ന വികലാംഗന്‍. പരസഹായത്തിന് കൈനീട്ടാന്‍ മനസില്ലാത്ത ഈ മനുഷ്യന് ഇതുവരെ ജീവിതം ഒന്നും നല്‍കിയിട്ടില്ല. അടുത്ത ദിവസം നടക്കുന്ന പിഎസ്സി അഭിമുഖത്തില്‍ പ്രതീക്ഷ വയ്ക്കുകയാണ് -അവസാന അവസരമെന്ന നിലയില്‍. പള്ളിക്കൂടത്തിന്റെ പടിപോലും കാണാതെ വീട്ടിലിരുന്ന് പഠിച്ച് എസ്എസ്എല്‍സിക്ക് ഫസ്റ്റ് ക്ലാസില്‍ വിജയിച്ച ബാബുരാജ് ഇന്ന് മൊബൈല്‍ ഫോണിന്റെ അറ്റകുറ്റപ്പണി ചെയ്താണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷ പോലും തഴയപ്പെട്ടു. നാല് തവണ പിഎസ്സി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ബാബുരാജിന് കിട്ടേണ്ടത് അനര്‍ഹര്‍ തട്ടിയെടുത്തു. പലപ്പോഴും ഫീല്‍ഡില്‍ സൈക്കിളില്‍ സഞ്ചരിച്ച് ചെയ്യേണ്ട ജോലികള്‍ക്കാണ് രണ്ടു കാലും തളര്‍ന്ന ഇയാളെ പിഎസ്സി ക്ഷണിച്ചത്. വികലാംഗര്‍ക്ക് പ്രത്യേകമായി ലഭിക്കുന്ന നാലു അവസരവും ഇത്തരത്തില്‍ നഷ്ടമായി.

ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്ന തണ്ണിത്തോട് കൊഴുപ്പോണ്‍ വീട്ടില്‍ കെ കെ ബാബുരാജ് എന്ന 49കാരന്റെ ജീവിതം എന്നും വെല്ലുവിളികള്‍ക്കെതിരെയുള്ള തുഴച്ചിലായിരുന്നു. അക്ഷരങ്ങളോട് അടങ്ങാത്ത അഭിനിവേശം മൊട്ടിട്ടപ്പോഴാണ് 15-ാം വയസില്‍ അധ്യാപകനായ അച്ഛന്‍ കുട്ടന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ പഠനം തുടങ്ങിയത്. 23-ാം വയസ്സില്‍ പത്താം ക്ലാസില്‍ മികച്ച വിജയം നേടുമ്പോള്‍ വൈകല്യങ്ങളോട് പൊരുതാനുള്ള കരുത്തുള്ള മനസ്സിനുടമയായി. തണ്ണിത്തോട്ടിലെ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠനം തുടങ്ങി. പിന്നീട് 29 കിലോമീറ്റര്‍ അകലെ പത്തനംതിട്ട നഗരത്തില്‍ ബികോമിന് ചേര്‍ന്നു. ഇവിടെ ബാബുരാജിന്റെ കാലും മനസും എല്ലാമായിരുന്നത് അടുത്ത സുഹൃത്തുക്കള്‍. ഇവരുടെ വീടുകളിലും കൂട്ടുകാര്‍ ഒരുക്കി കൊടുത്ത ചെറിയ മുറിയിലുമായി താമസവും പഠനവും. എംകോം പഠനം തുടരാന്‍ കഴിയാതെ വന്നപ്പോള്‍ കൂട്ടുകാര്‍ സംഘടിപ്പിച്ചുകൊടുത്ത ഒരു മുറിയില്‍ എസ്ടിഡി ബൂത്ത് തുടങ്ങി. ഇവിടെവച്ചാണ് ഫോണ്‍ നന്നാക്കാന്‍ പഠിച്ചത്. ഇക്കാലത്ത് യഥാര്‍ഥ വികലാംഗര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗം നാമമാത്ര വികലാംഗര്‍ തട്ടിയെടുക്കുന്നതിനെതിരെയും വികലാംഗരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും സംഘടന രൂപീകരിച്ച് രംഗത്തുവന്നു. മൂന്നു ദിവസം കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തി. ഇതേതുടര്‍ന്ന് കുറച്ചു പേര്‍ക്ക് ജോലി ലഭിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായതോടെ ബൂത്ത് പൂട്ടി. വാടക കൊടുക്കാനില്ലാതെ പിന്നീട് ചിറ്റാറില്‍ ഒരു മുറി സംഘടിപ്പിച്ച് അവിടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ നന്നാക്കികൊടുക്കുന്ന ഒരു കട തുടങ്ങി. വന്‍ തുക സെക്യൂരിറ്റി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇതും ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്കുകളില്‍നിന്നെടുത്ത പണം പകുതിയടച്ചിട്ടും പലിശ വാനോളം പെരുകി. ഇപ്പോള്‍ ഭാര്യയും പത്താം ക്ലാസ് പാസായ മകളും ഒമ്പതില്‍ പഠിക്കുന്ന മകനുമൊത്ത് താമസം.

എബ്രഹാം തടിയൂര്‍ deshabhimani

മാനസപത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യത്തിന് മൂന്നിരട്ടി തുക നല്‍കി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനുകൂലവാര്‍ത്ത നല്‍കുന്നതിന് പ്രതിഫലമായി മനോരമയ്ക്കും മാതൃഭൂമിക്കും മുന്‍കൂറായി പരസ്യനിരക്കിന്റെ മൂന്നിരട്ടിയിലധികം അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനം പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ചുള്ള പരസ്യത്തിന്റെ മറവിലാണ് പെയ്ഡ് ന്യൂസിന് സമാനമായി സര്‍ക്കാര്‍ നേരിട്ട് രണ്ട് പത്രങ്ങള്‍ക്കും പിആര്‍ഡി നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലേറെ കണക്കാക്കി ലക്ഷങ്ങള്‍ വഴിവിട്ട് അനുവദിച്ചത്. ഫെബ്രുവരി 11നും മാര്‍ച്ച് രണ്ടിനും രണ്ട് ദിവസങ്ങളായാണ് നേരിട്ട് പിആര്‍ഡി മുഖേന എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി മുഴുപേജ് കളര്‍ പരസ്യങ്ങള്‍ നല്‍കിയത്. സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്ന മറ്റ് മലയാളപത്രങ്ങള്‍ക്കും ഇംഗ്ലീഷ്പത്രങ്ങള്‍ക്കും ഉള്‍പ്പെടെ പിആര്‍ഡി നിരക്ക് കണക്കാക്കി പരസ്യം നല്‍കിയപ്പോഴാണ് മാതൃഭൂമിയോടും മനോരമയോടും ഉപകാരസ്മരണ കാട്ടിയത്.

പിആര്‍ഡിയുടെ ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായാണ് പരസ്യത്തില്‍പ്പോലും അധികാരദുരുപയോഗം കാട്ടുന്നത്. മനോരമയുടെ പിആര്‍ഡി പരസ്യനിരക്ക് സംസ്ഥാനതലത്തില്‍ കോളം സെന്റീമീറ്ററിന് 1,425 രൂപയാണ്. ഇത് കളര്‍ ആകുമ്പോള്‍ 2,850 രൂപയാകും. ഒരു മുഴുപേജായ 400 സെന്റീമീറ്റര്‍ കോളത്തിന് ഇത് 11,40,000 രൂപയാകും. ഈ തുക നല്‍കുന്നതിനുപകരം മനോരമയുടെ വാണിജ്യനിരക്ക് കണക്കാക്കി അതിന്റെ മുപ്പത് ശതമാനം കുറച്ച് 37,69,920 രൂപ അനുവദിച്ചു. 26,29,920 രൂപ അധികം. യഥാര്‍ഥ നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലും കൂടുതലാണിത്. ഇങ്ങിനെ രണ്ട് പരസ്യം നല്‍കി അരക്കോടിയിലേറെ രൂപയാണ് മനോരമയ്ക്ക് സര്‍ക്കാര്‍ "കോഴ" നല്‍കിയത്. ഇതേപോലെ മാതൃഭൂമിക്ക് രണ്ട് പരസ്യങ്ങളുടെ പേരില്‍ നല്‍കിയ കോഴ 35 ലക്ഷം രൂപയോളമാണ്. മാതൃഭൂമിയുടെ കോളം സെന്റീമീറ്റര്‍ പിആര്‍ഡി പരസ്യനിരക്ക് 1,035 രൂപയാണ്. കളറിന് 2,070 രൂപയും ഒരു മുഴുപേജ് കളറിന് 8,28,000 രൂപയുമാകും.

എന്നാല്‍, മനോരമയ്ക്കെന്നപോലെ വാണിജ്യനിരക്കിന്റെ 30 ശതമാനം കുറച്ച് കണക്കാക്കി 25,40,323 രൂപ നല്‍കി. 17,12,323 രൂപ കൂടുതല്‍. രണ്ട് പരസ്യത്തിനായി ഇത് 34,24,646 രൂപയായി. ഇതും പിആര്‍ഡി നിരക്കിനേക്കാള്‍ മൂന്നിരട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ രണ്ട് പരസ്യങ്ങളും നല്‍കിയത്. ഈ പത്രങ്ങളുടെ പരസ്യവിഭാഗവുമായി നടത്തിയ കൂടിയാലോചനയുടെ ഭാഗമായാണ് നിരക്ക് നിശ്ചയിച്ചതെന്ന് പിആര്‍ഡി സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ എസ് സുധീര്‍ വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അറിയിച്ചു. പിആര്‍ഡി നിരക്ക് പ്രകാരമല്ല ഈ പത്രങ്ങള്‍ക്ക് പരസ്യം നല്‍കിയതെന്ന് മറുപടിയില്‍ സമ്മതിച്ചു. പത്രങ്ങളുമായി നടത്തിയ കൂടിയാലോചനയിലൂടെ വാണിജ്യനിരക്കിന്റെ 30ശതമാനം കുറച്ചാണ് പരസ്യം നല്‍കിയത്. ഇത് ആരുടെ നിര്‍ദേശപ്രകാരമെന്നും എന്ത് മാനദണ്ഡമനുസരിച്ചാണെന്നും വ്യക്തമാക്കാന്‍ പറ്റില്ല. വിവരാവകാശത്തിന്റെ പരിധിയില്‍ വരാത്തതുകൊണ്ടാണിതെന്നും മറുപടിയില്‍ പറഞ്ഞു.

deshabhimani

Friday, May 16, 2014

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സൗജന്യകണക്ഷന്‍; റിലയന്‍സിന്റെ പരിധി വ്യാപിപ്പിക്കാന്‍

ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും സ്കൂളുകളിലും സൗജന്യകണക്ഷന്‍ നല്‍കുന്നതിന് പിന്നില്‍ റിലയന്‍സിന് പ്രവര്‍ത്തനപരിധി വര്‍ധിപ്പിക്കാനുള്ള ഗൂഢതന്ത്രം. പുതിയ 4-ജി സംവിധാനം ഒരു ആന്റിന ഉപയോഗിച്ച് ചുരുങ്ങിയ ചുറ്റളവില്‍ മാത്രമേ കണക്ഷന്‍ നല്‍കാനാകൂ. രണ്ട്-ജി, മൂന്നു-ജി സംവിധാനത്തിനുള്ള വലിയ ടവറും വലിയ ആന്റിനകളും ഉപയോഗിക്കാനാകില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കാന്‍ കൂടുതല്‍ ആന്റിന സ്ഥാപിക്കേണ്ടിവരും. വീടുകളുടെ മുകളിലും സ്വകാര്യസ്ഥാപനങ്ങളുടെ മുകളിലും ഈ ആന്റിന സ്ഥാപിക്കാന്‍ കൂടുതല്‍ തുക വാടക നല്‍കേണ്ടിവരും. എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍പ്രകാരം നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് 100 എംബിപിഎസ് ബാന്‍ഡ്വിഡ്ത്തും ജില്ലാകേന്ദ്രത്തിലെ പൊതുഓഫീസുകള്‍ക്ക് 50 എംബിപിഎസും താലൂക്ക്- ബ്ലോക്ക്തല ഓഫീസുകള്‍ക്ക് 10 എംബിപിഎസും ഇന്റര്‍നെറ്റ് കണക്ഷനാണ് നല്‍കുന്നത്. ഇതിനായി ആന്റിനകള്‍ സ്ഥാപിക്കേണ്ടിവരും. ഈ ആന്റിന ഉപയോഗിച്ച് തന്നെ കൂടുതല്‍പേര്‍ക്ക് റിലയന്‍സിന്റെ കണക്ഷനും നല്‍കാനാകും. ഫലത്തില്‍ സര്‍ക്കാര്‍ഓഫീസുകള്‍ റിലയന്‍സിന്റെ കണക്ഷന്‍ സെന്ററായി മാറും.

ബിഎസ്എന്‍എല്ലിനെ തകര്‍ത്ത് റിലയന്‍സിന്റെ വ്യാപാരം കുത്തനെ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ യുഡിഎഫ് സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. സ്കൂളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐടി അറ്റ് സ്കൂള്‍, പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേരള വൈഡ് ഏരിയ നെറ്റ്വര്‍ക്കിങ് സംവിധാനം എന്നിവയും റിലയന്‍സിന്റെ കൈപ്പിടിയിലാകും. ഇത് ബിഎസ്എന്‍എല്ലിന് വര്‍ഷം മൂന്നുകോടിയുടെ ബിസിനസ് നഷട്മാക്കുമെന്ന് അധികൃതര്‍ കണക്ക് കൂട്ടുന്നു. കേരളത്തില്‍ 11 ജില്ലകളിലായി 1400 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് സ്ഥാപിക്കുന്നത്. ഇതുവഴി മൂവായിരം ചതുരശ്ര കിലോമീറ്ററില്‍ റിലയന്‍സിന്റെ സേവനം വ്യാപിപ്പിക്കാനാകും. മൂന്നുവര്‍ഷത്തിനകം കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനരംഗത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം 50 ശതമാനം കുറയ്ക്കാന്‍ ഇത് ഇടയാക്കുമെന്നും അത് പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരുടെ നിലനില്‍പിന് ഭീഷണിയാകുമെന്നും കരുതുന്നു.

deshabhimani

Thursday, May 15, 2014

സര്‍ക്കാര്‍ ഓഫീസുകളിലും റിലയന്‍സ് ഇന്റര്‍നെറ്റ്

ഗ്രാമപഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലുമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ റിലയന്‍സിന്റെ കൈപ്പിടിയിലാക്കാന്‍ സര്‍ക്കാര്‍- റിലയന്‍സ് ഗൂഢധാരണ. കേരളത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിന് പകരമായി കേബിള്‍ ഇടുന്നതിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സൗജന്യകണക്ഷന്‍ ലഭ്യമാക്കാമെന്നാണ് റിലയന്‍സ് വാഗ്ദാനം. ഇതിന് സര്‍ക്കാര്‍ ധാരണയായിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്ന് തോന്നുന്ന വ്യവസ്ഥയ്ക്ക് പിന്നില്‍ റിലയന്‍സിനെ സഹായിക്കാനുള്ള ഗൂഢനിബന്ധനകളാണുള്ളത്.

പുതിയ നീക്കം സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നിലവില്‍ കണക്ഷനുള്ള ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനിടയാക്കുമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ പറഞ്ഞു. 2013 ജൂണിലും ഒക്ടോബറിലുമായി വിവരസാങ്കേതിക വകുപ്പിന്റെ രണ്ട് ഉത്തരവാണ് പുറത്തിറങ്ങിയത്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ഒഴികെയുള്ള 11 ജില്ലകളിലായി 1428.42 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ റിലയന്‍സിന് അനുമതി നല്‍കിയിട്ടുള്ളത്. നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് 100 എംബിപിഎസ് ബാന്‍ഡ്വിഡ്ത്തും ജില്ലാകേന്ദ്രത്തിലെ പൊതുഓഫീസുകള്‍ക്ക് 50 എംബിപിഎസും താലൂക്ക്- ബ്ലോക്ക്തല ഓഫീസുകള്‍ക്ക് 10 എംബിപിഎസും ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കണമെന്നാണ് ഒരു വ്യവസ്ഥ. കേബിള്‍ കടന്നുപോകുന്ന മേഖലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ക്കും കണക്ഷന്‍ നല്‍കണം. എല്ലാ മേഖലയിലും ഒരേതരം വിവര-വിനിമയ കിയോസ്കുകള്‍ സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളും കരാറിലുണ്ട്. കണക്ഷന്‍ മാത്രമാണ് സൗജന്യം. സേവനത്തിന് പക്ഷേ പണം നല്‍കേണ്ടിവരും.

സൗജന്യമായി കണക്ഷന്‍ നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ റിലയന്‍സ് ഏജന്റുമാര്‍ ഓഫീസര്‍മാരില്‍ സമ്മര്‍ദം ചെലുത്തി കണക്ഷന്‍ സ്ഥാപിക്കും. നാലു-ജി നെറ്റ്വര്‍ക്ക് സൗകര്യമുള്ളതിനാല്‍ ഓഫീസുകള്‍ പതുക്കെ റിലയന്‍സിലേക്ക് ഉപയോഗം മാറ്റും. പഞ്ചായത്ത് ഓഫീസുകള്‍ തമ്മിലുള്ള കേരള വൈഡ് ഏരിയ നെറ്റ്വര്‍ക്കിങ് സംവിധാനം, സ്കൂളുകളിലെ ഐടി അറ്റ്സ്കൂള്‍ തുടങ്ങിയ പദ്ധതികളും റിലയന്‍സിന്റെ കൈപ്പിടിയിലാകും. പൊതുമേഖലയിലെ ബിഎസ്എന്‍എല്ലിന്റെ ആധിപത്യം ഇല്ലാതാകുന്നതോടെ സേവനത്തിന് വില നിശ്ചയിക്കുക റിലയന്‍സാകും. ഇത്തരത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി എസ്ബിഐയില്‍ നുഴഞ്ഞുകയറുകയും സേവനരംഗം കൈപ്പിടിയിലാക്കുകയും ചെയ്തത് നേരത്തെ ദേശാഭിമാനി തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേരീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അടക്കം നിയന്ത്രിക്കാനുള്ള റിലയന്‍സിന്റെ ഗൂഢനീക്കത്തിന്റെ ആദ്യപടിയാണ് ഈ സൗജന്യ കണക്ഷനെന്ന് കരുതുന്നു. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

ഡി ദിലീപ് deshabhim

Tuesday, May 13, 2014

ഓപ്പറേഷന്‍ കുബേര: വന്‍കിടക്കാരെ തൊട്ടില്ല

ബോംബ് കണ്ണനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

പേരൂര്‍ക്കട: അറസ്റ്റിലായ ബ്ലേഡ് മാഫിയാ സംഘത്തലവന്‍ ബോംബ് കണ്ണനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ എംഎല്‍എവരെയുള്ള ഉന്നതരുമായി അടുത്തബന്ധമാണ് കണ്ണനുള്ളത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് കണ്ണന്‍ ബ്ലേഡ് രംഗത്തെത്തിയത്. നഗരത്തിലെ വന്‍കിട പലിശക്കാരുടെ പണം പലിശയ്ക്ക് നല്‍കിയിരുന്നത് കണ്ണന്‍ ഇടനിലക്കാരനായാണ്. കോണ്‍ഗ്രസിന്റെ മണ്ണന്തല, കിഴക്കേമുക്കോല ഭാഗങ്ങളിലെ പ്രാദേശികനേതാവും ജില്ലയിലെ പ്രുമുഖ എംഎല്‍എയും ഒരു കെപിസിസി ഭാരവാഹിയുമാണ് ഇയാളെ സഹായിക്കുന്നത്. കണ്ണന്റെ വാഹനമാണ് ഈ നേതാക്കള്‍ പല സ്വകാര്യസന്ദര്‍ശനത്തിനും ഉപയോഗിച്ചിരുന്നത്. പണം അമിതപലിശയ്ക്ക് നല്‍കുന്ന നഗരത്തിലെ ചില സംഘങ്ങളില്‍നിന്ന് പണം കുറഞ്ഞ പലിശനിരക്കില്‍ വാങ്ങിയശേഷം പലിശനിരക്ക് കൂട്ടി മറ്റുള്ളവര്‍ക്ക് നല്‍കുകയാണ് കണ്ണന്‍ ചെയ്യുന്നത്. മൂന്നുരൂപയ്ക്കും അഞ്ചുരൂപയ്ക്കും ഇത്തരക്കാരില്‍നിന്ന് പണം വാങ്ങിയശേഷം ആവശ്യക്കാര്‍ക്ക് 15, 20, 25 രൂപ പലിശയ്ക്കാണ് മറിച്ച് നല്‍കുന്നത്. നഗരത്തിലെ ബ്ലേഡ് സംഘങ്ങളില്‍നിന്ന് പണം വാങ്ങി മറിച്ചുനല്‍കുന്നതിന് പുറമെ ചില പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നും പണം വാങ്ങി മറുപലിശയ്ക്ക് നല്‍കിയിരുന്നതും കണ്ണനാണ്. എസ്പി റാങ്കിലുള്ള ചില ഉദ്യോഗസ്ഥരില്‍നിന്ന് പണം വാങ്ങി നല്‍കിയിട്ടുണ്ട്.

കിഴക്കേമുക്കോലയിലെ അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യയെത്തുടര്‍ന്ന് കണ്ണനെ അറസ്റ്റ്ചെയ്തപ്പോള്‍ മുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇയാള്‍ക്ക് വേണ്ട സഹായവുമായി രംഗത്തെത്തി. കണ്ണനെതിരെയുള്ള മറ്റ് അടിപിടിക്കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഒഴിവാക്കാനും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് തടയിടാനുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. മണ്ണന്തല സ്വദേശിയായ പ്രാദേശികനേതാവാണ് ഇപ്പോള്‍ കണ്ണനെ സംരക്ഷിക്കാന്‍ സജീവമായി രംഗത്തുള്ളത്. മാത്രമല്ല, കണ്ണന്റെ സാമ്പത്തികസ്രോതസ്സുകളെ കുറിച്ചുള്ള അന്വേഷണം മുടക്കാനും കണ്ണന്റെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകാതിരിക്കാനുമാണ് പ്രാദേശികനേതാവിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. കണ്ണന്റെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണ്ടെന്നാണ് പ്രാദേശികനേതാവ് നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ണന്തലയിലും സമീപപ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയാണ് കണ്ണന്‍ ബ്ലേഡ് പലിശ രംഗത്തേക്ക് എത്തിയത്. വസ്തുക്കള്‍ക്ക് അഡ്വാന്‍സ് നല്‍കിയശേഷം കൂടിയവിലയ്ക്ക് മറിച്ചുവിറ്റും വസ്തുക്കള്‍ വാങ്ങാന്‍ വരുന്നവരെ വിരട്ടി കമീഷന്‍ വാങ്ങിയും നിലംനികത്താനാവശ്യമായ മണ്ണ് സംഘടിപ്പിച്ച് കൊടുത്തുമാണ് ബ്ലേഡ് രംഗത്ത് കണ്ണന്‍ ചുവടുറപ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനൊപ്പവും പ്രവര്‍ത്തിച്ചു.

ഓപ്പറേഷന്‍ കുബേര: വന്‍കിടക്കാരെ തൊട്ടില്ല

കൊച്ചി: തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധന പ്രഹസനമായി. ആയിരക്കണക്കിന് വന്‍കിട വട്ടിപ്പലിശക്കാരുള്ള ജില്ലയില്‍ സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി 44 ചെറുകിടക്കാരെ മാത്രമാണ് അറസ്റ്റ്ചെയ്തത്. കാടിളക്കിയുള്ള പരിശോധനയില്‍ കുടുങ്ങിയവരില്‍ ഏറെയും ദിവസ, ആഴ്ച തവണവ്യവസ്ഥയില്‍ 1000 മുതല്‍ 10,000 വരെ രൂപ കടംകൊടുക്കുന്നവരാണ്. ലക്ഷക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്‍കുന്നവരെ തൊടാന്‍ പൊലീസ് തയ്യാറായില്ല. മുന്‍കൂട്ടി വിവരം ലഭിച്ച പല കൊള്ളപ്പലിശക്കാരും രേഖകളും പണവും മാറ്റിയശേഷമാണ് പൊലീസ് റെയ്ഡിനെത്തിയത്. ജില്ലയില്‍ ഏറ്റവുമധികം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുള്ള കോതമംഗലത്ത് ഒരാളെയാണ് അറസ്റ്റ്ചെയ്തത്. പിറവത്താകട്ടെ രണ്ടുദിവസം പരിശ്രമിച്ചിട്ടും ഒരാളെപ്പോലും പിടികൂടാനായില്ല. പൊലീസില്‍നിന്നു തന്നെ റെയ്ഡ്വിവരം ചോരുന്നുവെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പല സ്ഥലങ്ങളിലെയും നടപടി.

സിറ്റി പൊലീസ് രണ്ടുദിവസങ്ങളിലായി 21 കേസ് രജിസ്റ്റര്‍ ചെയ്തു. അറുപതോളം സ്ഥലങ്ങളില്‍ സിറ്റി പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പരിശോധന നടത്തി. 5,58,740 രൂപയും നിരവധി ചെക്കുകളും രേഖകളും പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 17 കേസെടുത്തു. ഒമ്പതുപേരെ അറസ്റ്റ്ചെയ്തു. 14 ലക്ഷത്തില്‍പ്പരം രൂപയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, മുദ്രപത്രങ്ങള്‍ എന്നിവയും പിടികൂടി. പാലാരിവട്ടം സ്റ്റേഷനില്‍ ഒരു കേസെടുത്തു. വെണ്ണല തുരുത്തേല്‍ വീട്ടില്‍ വിജയനെ (47) രേഖകളും 1,34,430 രൂപയും സഹിതമാണ് അറസ്റ്റ്ചെയ്തത്. ചേരാനല്ലൂര്‍ പൊലീസ് എടുത്ത കേസില്‍ വിഷ്ണുപുരം വാരിയത്ത് വീട്ടില്‍ ക്ലീറ്റസി (65)നെ അറസ്റ്റ്ചെയ്തു. തൃക്കാക്കര പൊലീസ് എടുത്ത കേസില്‍ അത്താണി കീരേലിമല ചുള്ളിക്കല്‍ വീട്ടില്‍ ഗോപു (53)വിനെ അറസ്റ്റ്ചെയ്തു. സൗത്ത് പൊലീസ് എടുത്ത ഒരു കേസില്‍ കടവന്ത്ര ചിറമേല്‍ സി വി ജോര്‍ജ് (58), പള്ളിപ്പറമ്പില്‍ വീട്ടില്‍ മണി (52) എന്നിവരെ അറസ്റ്റ്ചെയ്തു. ആലുവ തോട്ടുംമുഖം മുണ്ടയ്ക്കപ്പറമ്പ് വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ സുധീറിനെ ആലുവ സിഐ ബി ഹരികുമാര്‍ അറസ്റ്റ്ചെയ്തു. ഈടായി വാങ്ങിയ ബ്ലാങ്ക് ചെക്കും മുദ്രപത്രങ്ങളും 27,200 രൂപയും പിടിച്ചെടുത്തു. അങ്കമാലി പീച്ചാനിക്കാട് പാറത്തോട്ട് ജോയിയെ എസ്ഐ അനൂപും സംഘവും അറസ്റ്റ്ചെയ്തു. അഞ്ച് ചെക്കുകളും മൂന്ന് ആധാരങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴയില്‍ എറവറസ്റ്റ് കവല കുന്നുമ്മേല്‍കുടിയില്‍ ഇബ്രാഹിം കരീമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 22 ലക്ഷം രൂപ എഴുതിയ ഒപ്പിട്ട ആറു ചെക്കുകള്‍ പിടിച്ചെടുത്തു. അഞ്ചു മുദ്രപത്രങ്ങളും രണ്ട് ആധാരങ്ങളും പിടിച്ചു. ഷാഡോ എസ്ഐ വിനോയ് വി പൗലോസ്, മൂവാറ്റുപുഴ എഎസ്ഐ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോലഞ്ചേരി മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയില്‍. കുന്നത്തനാട് പോലീസ് നടത്തിയ റെയ്ഡില്‍ ഐരാപുരം വാലയില്‍ വര്‍ഗീസ്(55) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 10 ആധാരവും 27 ബ്ലാങ്ക് ചെക്കും 11 ആര്‍സി ബുക്കും 11 മുദ്രപത്രങ്ങളും പോലീസ് പിടിച്ചെടുത്തു. 20 വര്‍ഷമായി സ്വകാര്യ പണമിടപാട് നടത്തിവരികയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയത്ു. പുത്തന്‍കുരിശ് പോലീസ് നടത്തിയ റെയ്ഡില്‍ പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ട് ജിനുവിന്റെ വീട്ടില്‍ നിന്നും 18,000 രൂപയും നാല് മുദ്രപത്രവും ഒരു ആര്‍സി ബുക്കും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ഐജി എം ആര്‍ അജിത്കുമാര്‍, സിറ്റി പൊലിസ് കമീഷണര്‍ കെ ജി ജെയിംസ്, ഡെപ്യൂട്ടി പൊലിസ് കമീഷണര്‍ ആര്‍ നിശാന്തിനി, റൂറല്‍ എസ്പി സതീഷ് ബിനോ എന്നിവര്‍ അറിയിച്ചു.

സംഘത്തില്‍ പൊലീസുകാരും കോണ്‍ഗ്രസ് നേതാക്കളും

തൃശൂര്‍: ബ്ലേഡ് മാഫിയയില്‍ പൊലീസുകാര്‍മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍വരെ. മാഫിയയെക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ ഇതെല്ലാമുണ്ട്. എന്നാല്‍, ഇതേക്കുറിച്ചൊന്നും അന്വേഷണമുണ്ടായില്ല. കേസന്വേഷണമെല്ലാം പൊലീസ് മുക്കി. ഗ്രൂപ്പിസത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ മധു ഈച്ചരത്തിനും ലാല്‍ ജി കൊള്ളന്നൂരിനും അനധികൃത പണമിടപാടുകള്‍ ഉണ്ടായിരുന്നതായും കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള പണമിടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. റിയല്‍എസ്റ്റേറ്റ് മുതല്‍ പലിശ ബിസിനസ് വരെ ഇവര്‍ക്ക് ഉണ്ടായിരുന്നതായും കോണ്‍ഗ്രസ് നേതാക്കളുടെ ഉള്‍പ്പെടെ പണം ബിസിനസില്‍ ഇവര്‍ ഇറക്കിയതായും ആക്ഷേപമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇതിലേക്കൊന്നും എത്താതെ പൊലീസ് അന്വേഷണം മുക്കി. കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ദുര്‍ഗാപ്രസാദ് പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് കൊള്ളപ്പലിശ ബിസിനസ് നടത്തിയിരുന്നത്. പല ഉദ്യോഗസ്ഥരുടെയും പണം പലിശ ബിസിനസില്‍ ദുര്‍ഗാപ്രസാദ് ഇറക്കിയിരുന്നു. മുമ്പ് സ്പെഷ്യല്‍ബ്രാഞ്ചിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പലിശക്ക് പണം കൊടുത്തതിന് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഗുണ്ടാസംഘം പലിശക്ക് പണം കൊടുത്തിരുന്ന കച്ചവടക്കാരനെ മര്‍ദിച്ചതാണ് പലിശ ബിസിനസ് പുറത്തുവരാനിടയാക്കിയത്.

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 12 ആധാരം പിടിച്ചെടുത്തു

എടപ്പാള്‍: ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 12 ആധാരം പിടിച്ചെടുത്തു. എടപ്പാളിനടുത്ത് കാലടിത്തറ റൈസ് മില്ലിന് സമീപം താമസിക്കുന്ന കീഴേക്കാട്ട് തറയില്‍ നടരാജന്റെ വീട്ടില്‍ നിന്നാണ് പൊന്നാനി സിഐ എം കെ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആധാരങ്ങള്‍ പിടിച്ചെടുത്തത്. തിങ്കളാഴ്ച പകല്‍ 11.30ന് സംസ്ഥാന പാതയില്‍ പുതുതായി വാങ്ങിയ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീടിന് സമീപമുള്ള കോണ്‍ക്രീറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലും പഴയ വീട്ടിലും പരിശോധന നടത്തി. ചെക്ക്ലീഫ്, സ്വര്‍ണാഭരണം, ആധാരങ്ങള്‍ എന്നിവ സ്വീകരിച്ച് പണം പലിശക്ക് കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. കാലടിത്തറയിലെ തേറയില്‍ പ്രേമചന്ദ്രികയുടെയും മകന്‍ പ്രജിത്തിന്റെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

പൊലീസ് റെയ്ഡ് തുടരുന്നു; പിടികൊടുക്കാതെ \"കുബേരന്മാര്‍\" വിലസുന്നു

കല്‍പ്പറ്റ: പൊലീസ് റെയ്ഡ് തുടരുമ്പോഴും പിടികൊടുക്കാതെ "കുബേരന്‍മാര്‍" വിലസുന്നു. കൊള്ളപ്പലിശക്കാരെയും ബ്ലേഡുകാരെയും പിടികൂടാനുള്ള "ഓപറേഷന്‍ കുബേര്‍" പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പലയിടത്തും റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിരക്കുന്നത്. പൊലീസിന്റെ റെയ്ഡിന്റെ വാര്‍ത്തകള്‍ വ്യാപകമായതോടെ രേഖകളെല്ലാം "സുരക്ഷിത" കേന്ദ്രങ്ങളില്‍ ബ്ലേഡുകാര്‍ എത്തിച്ചുകഴിഞ്ഞു.

കണിയമ്പറ്റയില്‍ അങ്ങാടിശേരി ശ്രീധരനെതിരെ തിങ്കളാഴ്ച പൊലീസ് കേസെടുത്തു. ഇയാളുടെ വീട്ടില്‍നിന്നും 18,500 രൂപ, ഒപ്പിട്ട ഒമ്പതു കാലി ചെക്കുകള്‍, നൂറു രൂപയുടെ മുദ്രപേപ്പര്‍ എന്നിവ പിടിച്ചെടുത്തു. ഞായറാഴ്ച വൈത്തിരി ഇടനിലം പുത്തന്‍ വീട്ടില്‍ വാമദേവനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ പക്കലില്‍നിന്ന് ചെക്കുകളും മറ്റുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വാമവേനെ കോടതി റിമാന്റ് ചെയ്തു. ഇവര്‍ക്കെതിരെ മണി ലെന്റേഴ്സ് ആക്ട് പ്രകാരമാണ് കേസ്. കല്‍പ്പറ്റ മേഖലയില്‍ ഇരുപതു സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡുകള്‍ തുടരുന്നുമുണ്ട്. പ്രതീക്ഷിച്ച ഫലം പൊലീസിന് കിട്ടുന്നില്ല. ഓപറേഷന്‍ കുബേറിന് പൊലീസില്‍ പ്രത്യേക സ്കോഡില്ലാത്തത് പ്രതികളെ പിടികൂടുന്നതിന് പ്രയാസമുണ്ടാക്കുന്നുണ്ട്. പൊലീസില്‍ പിടിപാടുള്ള ബ്ലേഡുകാര്‍ക്ക് പൊലീസ് തന്നെ റെയ്ഡു വിവരം ചോര്‍ത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചിലര്‍ മുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയില്‍ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ ബ്ലേഡുകാര്‍ പിടിമുറുക്കിയിട്ടണ്ട് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി കൊള്ളപ്പലിശക്കാര്‍ സജീവമാണ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവാണ് ഇവര്‍ സജിവമാകാന്‍ കാരണം. നൂറുകണക്കിന് കര്‍ഷകരുടെ ഭൂമിയും പണവും ബ്ലേഡുകാര്‍ കൈക്കലാക്കിയിരുന്നു. നേരത്തെ തമിഴ്നാട്ടില്‍നിന്നുള്ള സംഘം വ്യാപകമായി ജില്ലയില്‍ പലിശയ്ക്ക് പണം കൊടുത്തിരുന്നു ഇപ്പോള്‍ അതുകുറഞ്ഞിട്ടുണ്ട്. പനമരത്ത് ബ്ലേഡുകാരുടെ കുരുക്കില്‍ നിരവധി പേര്‍ കുടുങ്ങിയിരുന്നു. അതിന്റെ ഭാഗമായി വാടകവീട്ടില്‍ കഴിയുന്നവരും ഉണ്ട്. ഇവിടെ പലരുടെയും ഭൂമി ബ്ലേഡുകാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്്. വടകര മേഖലയിലുള്ളവരും ഈ പ്രദേശത്ത് പലിശയ്ക്ക് പണം കൊടുത്തിട്ടുണ്ടെന്നറിയുന്നു.

പൊതുമേഖലാ ബാങ്കുകളുടെ നിഷേധം; തഴയ്ക്കുന്നത് ബ്ലേഡ് മാഫിയ

അടിമാലി: പൊതുമേഖല ബാങ്കുകളുടെ നിഷേധ നിലപാട് ബ്ലേഡ് മാഫിയകള്‍ ഹൈറേഞ്ചില്‍ തഴയ്ക്കാന്‍ കാരണമായി. തോട്ടം മേഖലകളും ആദിവാസി കുടികളും കാര്‍ഷിക പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പെട്ടിക്കടക്കാര്‍ വരെ ഇവരുടെ കെണിയില്‍ പെടുകയാണ്. പ്രമുഖ ദേശസാത്കൃത ബാങ്കുകള്‍ വായ്പ കൊടുക്കുന്നത് പ്രധാനമായും വന്‍കിട വ്യാപാരികള്‍ക്കായതിനാല്‍ പാവങ്ങള്‍ക്കാശ്രയം ബ്ലേഡുകര്‍തന്നെ. കൂടാതെ ബാങ്കുകളുടെ നൂലമാലകളും ചെറുകിടക്കാര്‍ക്ക് വിനയാകുന്നു.

സ്വര്‍ണം പണയം വച്ചും സ്വകാര്യ ധനകാര്യ സ്ഥപനങ്ങളില്‍നിന്നും മറ്റും വായ്പയെടുത്താണ് പല ടൗണുകളിലും ചെറുകിട വ്യാപരികള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു വിപണിയിലെ വിലക്കയറ്റം ഇവരെ പലപ്പോഴും ബ്ലേഡ് പലിശക്കാരെ ആശ്രയിക്കുന്നതില്‍ എത്തിക്കുന്നു. വാങ്ങിയതിനെക്കാളും ഇരട്ടിയിലധികം തുകയാണ് തിരികെ കൊടുക്കേണ്ടിവരുന്നത്. രാവിലെ 900 രൂപ കൊടുത്ത് വൈകിട്ട് 1000 രൂപവരെ വാങ്ങിക്കുന്നവരില്‍ തുടങ്ങുന്നതാണ് പലിശക്കാരുടെ വിളയാട്ടം. വന്‍തുക കൊടുക്കുമ്പോള്‍ ചെക്കും പ്രോമിസറിനോട്ടും ഭൂമി വരെ തീറാധാരം എഴുതി വാങ്ങും. തോട്ടം മേഖലകളിലും ആദിവാസി കുടികളിലും മറ്റും തമിഴ്നാട്ടില്‍ നിന്നെത്തുന്നവരാണ് കൂടുതലായും വട്ടിപലിശയ്ക്ക് പണം കൊടുക്കുന്നത്. തോട്ടം മേഖലയിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും പണം കടം വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ദിവസേനയും ആഴ്ചയിലും പിരിക്കാനെത്തുന്നവരുമുണ്ട്. സ്ത്രീകള്‍ക്കാണ് ഇവര്‍ കൂടുതലായും പണം കൊടുക്കുന്നത്. ഒരു തവണ മുടക്കം വന്നാല്‍ പിന്നെ ഭീഷണി തുടങ്ങുന്നു. ചിലസംഘങ്ങള്‍ മാനസികമായും പീഡിപ്പിക്കപ്പെടുന്നു. പല ഭാഗങ്ങളിലായി വാടകയ്ക്ക് വീടുകള്‍ എടുത്താണ് ഇവര്‍ താമസിക്കുന്നത്. ഉദ്യോഗസ്ഥരുടെ മൗനാനുവാദവും ഇവര്‍ക്കുണ്ട്. പിരിവ് നടത്തുന്നകാര്യം ഉദ്യോഗസ്ഥര്‍ക്കും അറിയാം. ഇവരെ നിയന്ത്രിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചിട്ടി സ്ഥാപനങ്ങള്‍ കൂണുപോലെയാണ് ആരംഭിച്ചത്. ആപ്പിള്‍ ട്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നൂറുകണക്കിന് ഇടപാടുകാരെ കബളിപ്പിച്ച് പൂട്ടിപോയി. ഇവിടെ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ് തെരുവിലായത്. ഓപ്പറേഷന്‍ കുബേര എന്ന പേരില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡും പ്രഹസനമായി. ദുരന്തമുണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ജനരോഷം ഭയന്നുള്ള ഒരു നടപടി മാത്രമാണ് ഇത്. ചെറുകിട പലിശക്കാരെ മാത്രമാണ് പരിശോധിച്ചത്. വന്‍കിടക്കാര്‍ ഇപ്പോഴും പരിധിക്ക് പുറത്താണ്. 40 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് 78 വയസുകാരനായ പണിക്കന്‍കുടി സ്വദേശി അമ്പാരപള്ളില്‍ തങ്കപ്പനെ മാത്രമാണ് ഞായറാഴ്ച അടിമാലിയില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പിടിച്ചെടുത്തതാകട്ടെ 3950 രൂപയും. പരിശോധന തുടരുമെന്ന് അറിയിച്ചെങ്കിലും തുടര്‍ നടിപടികളുണ്ടായില്ല. ഇതിനിടെ ചെറുകിട കച്ചവടക്കരെയും സ്വയം തൊഴില്‍ അന്വേഷകരെയും അവഗണിക്കുന്ന ദേശസാത്കൃത ബാങ്കുകള്‍ക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

deshabhimani

അതിജീവനത്തിന്റെ സമരപ്രഖ്യാപനം

അരപ്പറ്റ: സമരഭൂമിയെ പുളകംകൊള്ളിച്ച് അതിജീവനത്തിന്റെ സമരപ്രഖ്യാപനം. ഒരുതുണ്ട് ഭൂമിക്കായി ത്യാഗത്തിന്റെ ഏതറ്റവും വരെ പോകാന്‍ ഒരുക്കമാണെന്ന അരപ്പറ്റയിലെ സമരക്കാരുടെ പ്രഖ്യാപനം ഭൂസമരചരിത്രത്തില്‍ പുത്തന്‍ ആവേശമായി. കാര്‍ഷിക-തോട്ടം മേഖല വര്‍ധിതവീര്യത്തോടെയാണ് ഈ പോരാട്ട പ്രഖ്യാപനത്തെ കാതോര്‍ത്തത്. കുടിയിറക്കാനെത്തിയ പൊലീസിനെയും അധികൃതരെയും തോല്‍പ്പിച്ച സമരവീര്യം ഒട്ടും പിന്നോട്ടുപോയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു തിങ്കളാഴ്ച വൈകിട്ട് അരപ്പറ്റയില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍.

ഉച്ചയോടെ തന്നെ കര്‍ഷകസംഘം, കെഎസ്കെടിയു, എകെഎസ്, പികെഎസ് സംഘടനകളുടെ സംസ്ഥാന നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, അഡ്വ. സോമപ്രസാദ്, ബി രാഘവന്‍, കെ സി കുഞ്ഞിരാമന്‍, വേലായുധന്‍ വള്ളിക്കുന്ന്, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ അരപ്പറ്റയിലെത്തിയിരുന്നു. സമരക്കാര്‍ക്ക് പിന്തുണയുമായി നൂറുകണക്കിനാളുകളും സമരകേന്ദ്രത്തില്‍ തടിച്ചുകൂടി. നേതാക്കള്‍ ഏറെ നേരം സമരക്കാരുമായി സംസാരിക്കുകയും പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഇതിനകം സമരക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവക്ക് പരിഹാരം നിര്‍ദേശിക്കാനും നേതാക്കള്‍ തയ്യാറായി. ഇതിനായി പ്രാദേശിക-ജില്ലാ നേതാക്കള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കി. ഒരുതരത്തിലും കുടിയൊഴിപ്പിക്കലിന് കീഴടങ്ങരുതെന്നും എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാവുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. ഇതിനിടെ പെയ്ത മഴക്കും സമരക്കാരുടെ ആവേശത്തെ തണുപ്പിക്കാനായില്ല. ഏതാനും കുടിലുകളിലും നേതാക്കള്‍ സന്ദര്‍ശിച്ചു.

തുടര്‍ന്നാണ് പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളോടെ അരപ്പറ്റ ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ സമരപ്രഖ്യാപന വേദിയിലേക്ക് പ്രകടനമായി നീങ്ങിയത്. കേരളത്തിലെ സമരപോരാളികളായ നേതക്കള്‍ക്ക് പിന്നില്‍ അരപ്പറ്റയലെ സമരക്കാര്‍ ആവേശത്തോടെയാണ് നടന്നുനീങ്ങിയത്. താഴെ അരപ്പറ്റ അടുത്തിടെ ദര്‍ശിച്ച ഏറ്റവും ഉജ്വലമായ പ്രകടനമായിരുന്നു. തങ്ങളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ താക്കിതുമായാണ് പ്രകടനം നീങ്ങിയത്. കണ്‍വന്‍ഷനെ അഭിവാദ്യം ചെയ്ത നേതാക്കളെല്ലാം സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

അനധികൃതമായി എച്ച്എംഎല്‍ കൈവശംവെക്കുന്ന ഭൂമിയില്‍ സമരം ചെയ്യുന്നവരെ ഇറക്കി വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ് പറഞ്ഞു. ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അത് സര്‍ക്കാര്‍ മനസിലാക്കണം. അതുകൊണ്ടുതന്നെ ഇറക്കിവിടുന്ന നടപടിയില്‍ നിന്നും മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എച്ച്എംഎല്ലിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്ല കള്ളക്കളിയാണ് നടത്തുന്നതെന്ന് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ പറഞ്ഞു. ഏഴ് ജില്ലകളിലായി 60,000 ഏക്കര്‍ ഭൂമിയാണ് എച്ച്എംഎല്‍ അനധികൃതമായി കൈവശം വെക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണിത്. സര്‍ക്കാരില്‍ നിക്ഷിപ്തമാവേണ്ടതാണ് ഈ ഭൂമി. ഇവിടെയാണ് ഭൂരഹിതര്‍ സമരം നടത്തുന്നത്. സര്‍ക്കാരിന് അവകാശപ്പെട്ട മിച്ചഭൂമി ചൂണ്ടിക്കാണിക്കുകകൂടിയാണ് സമരക്കാര്‍ ചെയ്യുന്നത്. ആ അര്‍ത്ഥത്തില്‍ സമരക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബി രാഘവന്‍ പറഞ്ഞു.

കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി വേലായുധന്‍ വള്ളിക്കുന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ എന്നിവരും കണ്‍വന്‍ഷനെ അഭിവാദ്യം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം വേലായുധന്‍ അധ്യക്ഷനായി. കെഎസ്കെടിയു ജില്ലാ സെക്രട്ടറി സുരേഷ്താളൂര്‍ സ്വാഗതവും അരപ്പറ്റ ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ വി പി ഹരിദാസ് നന്ദിയും പറഞ്ഞു. സി കെ സഹദേവന്‍, പി എസ് ജനാര്‍ദനന്‍, പി വാസുദേവന്‍, സീതാബാലന്‍, എം സി ചന്ദ്രന്‍, വി പി ശങ്കരന്‍നമ്പ്യാര്‍, കെ സുഗതന്‍, എം മുഹമ്മദ്കുട്ടി, യു കരുണന്‍ എന്നിവരും പങ്കെടുത്തു.

ചെങ്കൊടിക്കീഴില്‍ പോരാട്ടം തുടരും

കല്‍പ്പറ്റ: "കേസ് എത്രവേണമെങ്കിലും എടുത്തോട്ടെ എന്നാലും ഞാന്‍ ഇറങ്ങില്ല." കുടിയിറക്കിനെ ജീവന്‍കൊടുത്തും നേരിടാന്‍ മുതിര്‍ന്ന മേരി വീര്യം ഒട്ടും വെടിയാതെ നേതാക്കളുടെ മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മരിക്കുനെങ്കില്‍ ഇവിടെ കിടന്നുതന്നെയെന്ന് മേരി തൊഴിലാളി, കര്‍ഷക നേതാക്കള്‍ മുമ്പില്‍ ആവര്‍ത്തിച്ചു.

അരപ്പറ്റയിലെ മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന ഭൂരഹിതരെ കാണാനെത്തിയ നേതാക്കള്‍ക്ക് വന്‍വരവേല്‍പ്പാണ് സമരഭൂമിയില്‍ ലഭിച്ചത്. നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ബി രാഘവന്‍, അഡ്വ. സോമപ്രസാദ്, കെ സി കുഞ്ഞിരാമന്‍, വേലായുധന്‍ വള്ളിക്കുന്ന്, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ തുടങ്ങിയവരാണ് ഭൂസമരസംരക്ഷണ പ്രഖ്യാപനത്തിന് മുമ്പ് സമരഭൂമിയിലെത്തിയത്. യുദ്ധസന്നാഹത്തോടെ പൊലീസ് കുടിയിറക്കാനെത്തിയപ്പോള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതിക്ക് ശ്രമിച്ച പനയംകടം മേരിയുടെ കുടിലിലാണ് നേതാക്കള്‍ ആദ്യമെത്തിയത്. ആത്മഹത്യാശ്രമത്തിന് തനിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്ന് മേരി നേതാക്കളോട് പറഞ്ഞു. കേസ് എടുത്ത് പിന്തിരിപ്പിക്കാനാകില്ലെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ചുറ്റും നിന്ന മറ്റു സ്ത്രികള്‍ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. സമരത്തിന് മുഴുവന്‍ പിന്തുണയും നേതാക്കള്‍ ഉറപ്പുനല്‍കി. ഇവര്‍ക്ക് നല്‍കനായി മേരി സമരഭൂമിയില്‍ വിളയിച്ച കപ്പ പുഴുങ്ങി വെച്ചിരുന്നു. ഇതും രുചിച്ചാണ് നേതാക്കള്‍ മടങ്ങിയത്. കപ്പയും ചേമ്പും വാഴയും വിളയുന്ന തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് നേതാക്കള്‍ കുടിലുകളിലെത്തിയത്.

എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ സമരക്കാര്‍ക്ക് പട്ടയം നല്‍കും: എം വി ഗോവിന്ദന്‍

അരപ്പറ്റ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എച്ച്എംഎല്‍ ഭൂമിയില്‍ സമരം ചെയ്യുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നൂറുകണക്കിനാളുകള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയതും ഇത്തരം ഭൂസമരങ്ങളുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭൂരഹിതരായുണ്ട്. ഇവരാണ് സമരത്തിലുള്ളത്. സമരം നടക്കുന്നത് സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയിലാണ്. അല്ലാതെ എച്ച്എല്‍എല്ലിന്റെ ഭൂമിയിലല്ല. 60,000 ഏക്കര്‍ ഭൂമിയാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ വിദേശകമ്പനി അനധികൃതമായി കൈവശംവെക്കുന്നത്. ഒരു നിയമസാധ്യതയും എച്ച്എല്ലിന് ഇല്ല. എന്നിട്ടും ഈ പാവപ്പെട്ടവരെ എച്ച്എംഎല്ലിനുവേണ്ടി ഇറക്കി വിടാം എന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇവിടെ നിന്നും ഇറങ്ങാന്‍ മനസില്ലാ എന്നാണ് സമരം ചെയ്യുന്നവര്‍ പറഞ്ഞത്. ഒടുവില്‍ സമരക്കാര്‍ പറഞ്ഞുതന്നെയാണ് സംഭവിച്ചത്. ഒഴിപ്പിക്കാന്‍ വന്നവര്‍ മടങ്ങിപ്പോയി. അതേ നടക്കു. ഇവരെ സംരക്ഷിക്കാന്‍ ആളുണ്ട്. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുണ്ട്.

എച്ച്എംഎല്ലിനുവേണ്ടി പൊലീസിനെയും മറ്റും സമരക്കാര്‍ക്ക് നേരെ അഴിച്ചുവിടുന്നവര്‍ വയനാട്ടില്‍ തന്നെ നടന്ന ആദിവാസി ഭൂസമരം ഓര്‍ക്കണം. ആദിവാസികളെ ജയിലിലടച്ചുവെങ്കിലും ഒടുവില്‍ കോടതിക്ക് ജയിലില്‍ വന്ന് നീരുപാധികം അവരെ വിട്ടയക്കേണ്ട അവസ്ഥയാണുണ്ടായത്. അവര്‍ക്കെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവും നല്‍കി. ആ പാതയില്‍ തന്നെയാണ് എച്ച്എംഎല്‍ സമരവും. എല്ലാ തട്ടിപ്പുകാര്‍ക്കും വേണ്ടിയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സരിതയും എച്ച്എംഎല്ലുമെല്ലാം അതിന്റെ ഭാഗമാണ്. അത് സമരക്കാര്‍ക്ക് നേരെ പ്രയോഗിച്ചാല്‍ നാണംകെട്ട് തിരിച്ചുപോകേണ്ടിവരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മറ്റ് ചില പാര്‍ടിക്കാര്‍ ഒമ്പതോളം കുടുംബങ്ങളെ ഇവിടെ കുടില്‍കെട്ടി പാര്‍പ്പിച്ചെങ്കിലും ഇപ്പോള്‍ സംരക്ഷിക്കുന്നില്ല. ഈ സമരക്കാരെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചിട്ടും ആ പാര്‍ടികള്‍ പ്രതികരിച്ചില്ല. ഈ കുടുംബങ്ങളെ ഞങ്ങള്‍ സഹായിക്കും. അവര്‍ തയ്യാറായാല്‍ പുനരധിവസിപ്പിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

ബാര്‍പൂട്ടല്‍ പ്രശ്നം സര്‍ക്കാരിന്റെ വികലനയം മൂലം: സിപിഐ എം

തിരു:സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ വികലമായ നയത്തിന്റെ സൃഷ്ടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ദുഷ്ടലാക്കോടെ കൈക്കൊണ്ട നടപടികളാണ് പ്രശ്നം സൃഷ്ടിച്ചത്. മദ്യനിരോധനവാദക്കാരെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കല്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. അതോടൊപ്പം, ബാറുടമകളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി സാമ്പത്തിക നേട്ടമുണ്ടാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടു. 418 ബാറുകളുടെ ലൈസന്‍സ് ഏപ്രില്‍ 1 മുതല്‍ പുതുക്കി നല്‍കാതിരുന്ന സര്‍ക്കാര്‍, 315 സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കി.

മദ്യവര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിലപ്പുറം, വി.എം.സുധീരനെപ്പോലുള്ളവര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തമായ നയമില്ല. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളിലെ ഗ്രൂപ്പുവഴക്കിന് ബാര്‍ ലൈസന്‍സ് പ്രശ്നം ഒരായുധമാക്കല്‍ മാത്രമാണ് ഇവരുടെയെല്ലാം ലക്ഷ്യം. ഏപ്രില്‍ 1-നുശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പന കുറഞ്ഞു എന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

ഫൈവ് സ്റ്റാര്‍ ബാറുകളിലും ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലും മദ്യവില്‍പ്പന തകൃതിയായി നടക്കുകയാണ്. ഇതിനു പുറമെ, വ്യാജമദ്യം യഥേഷ്ടം ഒഴുകുന്നു. ഇത് തടയാന്‍ എക്സൈസ് വകുപ്പ് യാതൊരു നടപടിയും കൈക്കൊള്ളുന്നുമില്ല. ഇതെല്ലാം സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയുടെ തെളിവാണ്. സര്‍ക്കാര്‍ ലൈസന്‍സോടെ പ്രവര്‍ത്തിച്ചുവരുന്ന ബാറുകളില്‍ 418 എണ്ണം ഒരു സുപ്രഭാതത്തില്‍ നിലച്ചതോടെ, ഇരുപതിനായിരത്തോളം തൊഴിലാളികള്‍ വഴിയാധാരമായി. ബാറുകളില്‍ മദ്യവിതരണം ചെയ്യുന്നവര്‍ മാത്രമല്ല, ബാര്‍ ഹോട്ടലുകളിലെ മറ്റ് തൊഴിലാളികളും കഷ്ടത്തിലായി. ഈ തൊഴിലാളികളെ പുനരധിവസിപ്പിക്കാനോ, അവരെ സഹായിക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വ്യക്തമായ ഒരു നയം ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതുതന്നെ കള്ളക്കളിയാണ്.

ഓരോ വര്‍ഷവും മാര്‍ച്ച് 31-നു മുമ്പായി സര്‍ക്കാര്‍ അബ്കാരി നയം പ്രഖ്യാപിക്കാറുണ്ട്. അതനുസരിച്ചാണ് കള്ളുഷാപ്പുകളും ബാറുകളും പ്രവര്‍ത്തിക്കാറുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി യു.ഡി.എഫ് സര്‍ക്കാര്‍ അബ്കാരി നയം പ്രഖ്യാപിക്കാതിരുന്നതുതന്നെ അഴിമതി ലക്ഷ്യം വച്ചാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് 62 പുതിയ ബാറുകള്‍ക്കും 47 ബിയര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് നല്‍കുകയുണ്ടായി. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയശേഷമാണ് പുതിയ ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും അനുമതി നല്‍കിയത്.

ഇതിനു പുറമെ, ഇപ്പോള്‍ ബാര്‍ ലൈസന്‍സിനുള്ള പുതിയ 21 അപേക്ഷകള്‍, എക്സൈസ് വകുപ്പ് പരിശോധിച്ചുവരികയാണ്. ഫോര്‍ സ്റ്റാര്‍ പദവിയുള്ളവയ്ക്കേ ലൈസന്‍സ് നല്‍കൂ എന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, പുതുതായി അനുവദിച്ച 39 എണ്ണവും ത്രീസ്റ്റാര്‍ പദവിയുള്ളവയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 669 ബാറുകളാണുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ 62 ബാറുകള്‍ കൂടി അനുവദിച്ചതോടെ എണ്ണം 731 ആയി. ഇതില്‍ ലൈസന്‍സ് പുതുക്കാത്തത് 418 എണ്ണമാണ്.

ബാക്കിയുള്ളവ യഥേഷ്ടം പ്രവര്‍ത്തിച്ചുവരുന്നു. ഇതിനെല്ലാം കൂട്ടുനിന്ന യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്തുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യ ഉപയോഗത്തിനും അത് സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കുമെതിരെ ചിന്തിക്കുന്ന ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍-പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

പൊലീസിന് ബ്ലേഡ് മാഫിയ ബന്ധമെന്ന് ആഭ്യന്തരമന്ത്രിയും

പൊലീസിലെ ഉന്നതര്‍ക്കടക്കം ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വമ്പന്‍ സ്രാവുകളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ അറിയിക്കണം. ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമോ ശുപാര്‍ശയോ അംഗീകരിക്കില്ല. വായ്പാ നയം ഉദാരമാക്കുന്നത് സംബന്ധച്ച് ബുധനാഴ്ച ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ബേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട് സംസ്ഥാനത്ത് നിരവധി പേരാണ് ആത്മഹത്യ ചെയ്തത് . മാഫിയക്കെതിരെ നടപടിയെടുക്കാത്തത് പൊലീസിലെ ഉന്നതര്‍ അവരില്‍ നിന്ന് മാസപ്പടി വാങ്ങുന്നവരായതുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഇത് ശരി വെക്കുന്നതാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍നിന്ന് 12 ആധാരം പിടിച്ചെടുത്തു

എടപ്പാള്‍: ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 12 ആധാരം പിടിച്ചെടുത്തു. എടപ്പാളിനടുത്ത് കാലടിത്തറ റൈസ് മില്ലിന് സമീപം താമസിക്കുന്ന കീഴേക്കാട്ട് തറയില്‍ നടരാജന്റെ വീട്ടില്‍ നിന്നാണ് പൊന്നാനി സിഐ എം കെ മനോജ് കബീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആധാരങ്ങള്‍ പിടിച്ചെടുത്തത്. തിങ്കളാഴ്ച പകല്‍ 11.30ന് സംസ്ഥാന പാതയില്‍ പുതുതായി വാങ്ങിയ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീടിന് സമീപമുള്ള കോണ്‍ക്രീറ്റ് സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലും പഴയ വീട്ടിലും പരിശോധന നടത്തി. ചെക്ക്ലീഫ്, സ്വര്‍ണാഭരണം, ആധാരങ്ങള്‍ എന്നിവ സ്വീകരിച്ച് പണം പലിശക്ക് കൊടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. കാലടിത്തറയിലെ തേറയില്‍ പ്രേമചന്ദ്രികയുടെയും മകന്‍ പ്രജിത്തിന്റെയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി.

deshabhimani

ബ്ലേഡ് മാഫിയ വേട്ട ചെറുകിടക്കാരില്‍ ഒതുങ്ങി

തിരു: "ഓപ്പറേഷന്‍ കുബേര" എന്ന പേരിട്ട് പൊലീസ് രണ്ടു ദിവസം നടത്തിയ ബ്ലേഡ് മാഫിയ വേട്ടയില്‍ കുരുക്കിയത് ചെറുകിടക്കാരെമാത്രം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എംഎല്‍എമാരും കണ്ണികളായ കൊള്ളപ്പലിശസംഘത്തിലെ ഒരാളെപ്പോലും തൊടാന്‍ പൊലീസ് തയ്യാറായില്ല. ലക്ഷങ്ങള്‍ പലിശ വാങ്ങുന്നവരില്‍ ആരെയും പിടികൂടിയിട്ടില്ല. ഇവരുടെ വീട്ടിലോ ഓഫീസിലോ കടന്നുചെല്ലാനും പൊലീസ് ധൈര്യം കാണിച്ചില്ല. തിരുവനന്തപുരത്ത് പിടികൂടിയ ബോംബ് കണ്ണനുപിന്നിലെ ഉന്നതരെക്കുറിച്ച് ഒരു അന്വേഷണവുമില്ല. പൊലീസ് കോണ്‍സ്റ്റബിള്‍മുതല്‍ ഭരണകക്ഷി എംഎല്‍എവരെ ഇയാളുടെ ബിസിനസ് സാമ്രാജ്യത്തിലുണ്ടെന്ന് വ്യക്തമായി. ബ്ലേഡ് പലിശ വഴിയുള്ള സമ്പാദ്യം റിയല്‍ എസ്റ്റേറ്റ് ബിസിനസിലാണ് ബോംബ് കണ്ണന്‍ മുടക്കിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ് എംഎല്‍എയുടെയും കോടികള്‍ ഇയാളുടെ ബിസിനസില്‍ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായെങ്കിലും ഇതുസംബന്ധിച്ച രേഖകള്‍ പിടിച്ചെടുക്കാന്‍ തയ്യാറായില്ല.

ചെറുകിടകച്ചവടക്കാര്‍ക്ക് നിസ്സാര പലിശയ്ക്ക് പണം കടം നല്‍കി ഉപജീവനം നടത്തിവരുന്നവരുടെ വീടുകളിലും മറ്റും കടന്നുകയറിയാണ് പൊലീസ് റെയ്ഡ് ഏറെയും നടത്തിയത്. എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരടക്കം ഉദ്ദേശം 140 പൊലീസ് ഉദ്യോഗസ്ഥര്‍ ബ്ലേഡ് പലിശസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സിന് കിട്ടിയ വിവരം. ജ്വല്ലറിക്കാര്‍ക്കും മറ്റും കോടികള്‍ കടം നല്‍കി ലക്ഷങ്ങള്‍ പ്രതിദിനം പലിശ പിരിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ബ്ലേഡ് പലിശയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍പ്പോലും പരിശോധന നടത്തിയില്ല. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച 669 റെയ്ഡ് നടത്തിയതായി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു. 28 പേര്‍ പിടിയിലായി. 48 കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപ്പത്രം, ആര്‍സി ബുക്കുകള്‍ തുടങ്ങിയവ അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തി. വിവിധ സ്ഥലങ്ങളില്‍നിന്നായി 27 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡുകളുടെ എണ്ണം 1700 കവിഞ്ഞു. അമിതപലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാട് സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അതത് ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിമാരെ അറിയിക്കണമെന്ന് ഡിജിപി പറഞ്ഞു. ഫോണ്‍ നമ്പര്‍: ആലപ്പുഴ- 9497990039. ഇടുക്കി- 9497990056. കോട്ടയം- 9497990049. കൊച്ചി സിറ്റി- 9497990064, റൂറല്‍- 9497990075.

deshabhimani

ബ്ലേഡ് മാഫിയയെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: പിണറായി

ബ്ലേഡ് മാഫിയയെ നേരിടുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവമാധ്യമരംഗത്തെ ഇടതുപക്ഷകൂട്ടായ്മയായ സൈബര്‍കമ്യൂണ്‍ ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരം "ദേശാഭിമാനി" അസോസിയറ്റ് എഡിറ്റര്‍ പി എം മനോജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

ബ്ലേഡ് മാഫിയകളുടെ ഭീഷണിയില്‍ തലസ്ഥാനത്ത് ഒരു മഹാദുരന്തമാണുണ്ടായത്. ബ്ലേഡ് മാഫിയകള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള നഗരമായി തലസ്ഥാനത്തെ മാറ്റി. ഇതിന്റെ ഭാഗമായാണ് ഒരു കുടുംബമാകെ ഇല്ലാതായത്. ഇത് അവസാനത്തേതാണെന്ന് പറയാനാകില്ല. ബ്ലേഡുകാര്‍ നിയമം കൈയിലെടുക്കുന്നു. പൊലീസിനെ നിയന്ത്രിക്കുന്നു. പൊലീസുകാര്‍ക്ക് മാസപ്പടി കൊടുക്കുന്നു. പൊലീസുകാരില്‍ ചിലര്‍ ബ്ലേഡുകാരെ സഹായിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്നു. സമൂഹത്തില്‍വന്ന ചിന്താഗതിയുടെ മാറ്റംകാരണം പലരും ബ്ലേഡ് കെണിയില്‍പെടുന്നു.

സാധാരണക്കാരനെ രക്ഷിക്കേണ്ട സര്‍ക്കാര്‍ അക്രമികളെ സഹായിക്കുകയാണ്. അന്വേഷണത്തിന്റെയും റെയ്ഡിന്റെയുംപേരില്‍ ഇപ്പോള്‍ നടത്തുന്ന പ്രഹസനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് പിണറായി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചില ഉന്നതരുമായുള്ള മാഫിയാസംഘങ്ങളുടെ ബന്ധം പ്രകടമാണ്. സര്‍ക്കാരിന്റെയും ഭരണകക്ഷിയില്‍പെട്ടവരുടെയും അനുമതിയോടെയും അറിവോടെയുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മാഫിയാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

Monday, May 12, 2014

വീണ്ടും 1000 കോടി കടംവാങ്ങും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവെ സംസ്ഥാനം വീണ്ടും 1000 കോടി രൂപ കടമെടുക്കുന്നു. ഈ മാസം അവസാന ആഴ്ചയില്‍ 1000 കോടിയുടെ കടപ്പത്രംകൂടി ഇറക്കാനാണ് തീരുമാനം. 27ന് റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം വരും.

സാമ്പത്തികവര്‍ഷത്തിലെ രണ്ടുമാസം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കടമെടുപ്പ് 3000 കോടിയാകുന്ന അസാധാരണ നടപടിക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്്. ഏപ്രില്‍ ഒമ്പതിന് 1000 കോടിയുടെ കടപ്പത്രമിറക്കിയിരുന്നു. 2000 കോടിയുടെ അനുമതിയാണ് തേടിയത്. റിസര്‍വ് ബാങ്ക് 1000 കോടിയേ അംഗീകരിച്ചുള്ളൂ. തുടര്‍ന്ന് 22ന് വീണ്ടും 1000 കോടിയുടെ കടപ്പത്രമിറക്കി. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി 13,500 കോടിയാണ്.

അതിനിടെ, സംസ്ഥാനത്തെ കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പും അവതാളത്തിലായി. കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിന് ആവശ്യമായ സംസ്ഥാനവിഹിതം അനുവദിക്കാത്തതാണ് കാരണം. ഇതുമൂലം കേന്ദ്രപദ്ധതികളിലെ അടുത്ത വിഹിതം സംസ്ഥാനത്തിന് ലഭിക്കാന്‍ സാധ്യതയില്ല.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതത്തിന് ബജറ്റില്‍ വകയിരുത്തലുണ്ട്. സാമ്പത്തികപ്രതിസന്ധിമൂലം ഈ തുക അനുവദിക്കുന്നില്ല. 600 കോടിയില്‍പ്പരം രൂപ ഇപ്പോള്‍ സംസ്ഥാനം നീക്കിവച്ചാലേ കേന്ദ്രത്തില്‍നിന്നുള്ള അടുത്ത വിഹിതം ലഭിക്കൂ. വര്‍ഷാദ്യംതന്നെ കേന്ദ്രപദ്ധതികളുടെ ആദ്യവിഹിതം കിട്ടേണ്ടതാണ്. ഈ വര്‍ഷം ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ ആദ്യഗഡുമാത്രമാണ് ലഭിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ (എന്‍എച്ച്ആര്‍എം), സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്്എ), രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ), ഉച്ചഭക്ഷണ വിതരണപദ്ധതി, കുട്ടനാട്-ഇടുക്കി പാക്കേജുകള്‍ തുടങ്ങി സംസ്ഥാനവിഹിതം ആവശ്യമായ എല്ലാ പദ്ധതികളും അവതാളത്തിലാകും.

സംസ്ഥാനം നീക്കിവയ്ക്കുന്ന വിഹിതത്തിന് ആനുപാതികമായി കേന്ദ്രസഹായം ലഭ്യമാകുന്നതാണ് ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികള്‍. സംസ്ഥാനത്തിന്റെ വികസനച്ചെലവ് പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ഏപ്രിലില്‍ പദ്ധതിവിഹിതത്തില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്ന് സാമ്പത്തിക- ആസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരാറുകാരുടെ കുടിശ്ശിക 2500 കോടി കവിഞ്ഞു. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് കരാറുകാര്‍. നികുതിവരുമാനം അടക്കമുള്ള വരുമാന സ്ത്രോതസ്സുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ചെയര്‍മാനായി സമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. എന്നിട്ടും കാര്യങ്ങളില്‍ വലിയ മാറ്റമില്ലെന്ന് കണക്ക് വ്യക്തമാക്കുന്നു.

ജി രാജേഷ്കുമാര്‍ deshabhimani

Sunday, May 11, 2014

തകര്‍ന്ന പാളത്തിലൂടെ വാചകമടിയുടെ അതിവേഗവണ്ടി

കേരളത്തിന്റെ റെയില്‍വേ വികസനത്തിന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മിഷന്‍ 676 പദ്ധതിപ്രകാരമുള്ള റെയില്‍വേ പദ്ധതിപ്രഖ്യാപനങ്ങള്‍. പാതിവഴിയില്‍ കിടക്കുന്ന പാതയിരട്ടിപ്പിക്കല്‍, ഇഴഞ്ഞുനീങ്ങുന്ന വൈദ്യുതീകരണം, ഫണ്ടില്ലാതെ നിര്‍മാണം നിലച്ച പാതകളുടെ ഗേജ്മാറ്റം, ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങിയ പുതിയ പാതകളുടെ നിര്‍മാണം, പുതിയ പാതകളുടെ സര്‍വേ...

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. മുന്‍ സംസ്ഥാനബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രഖ്യാപനമായി അവശേഷിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വീണ്ടും എത്തിയത്. മുന്‍ പ്രഖ്യാപനമായ തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി എന്ന ബൃഹദ്പദ്ധതിയെക്കുറിച്ച് മിഷന്‍ 676ല്‍ പരാമര്‍ശമേയില്ല. 45,000 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് 2012-13 ബജറ്റില്‍ 50 കോടി രൂപ നീക്കിവച്ചിരുന്നു. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ കോര്‍പറേഷന്‍ എംഡിയായി ടി ബാലകൃഷ്ണനെ നിയമിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടന്നുമില്ല.

ഇത്തവണ മിഷന്‍ 676 പദ്ധതിയില്‍ സബര്‍ബന്‍ റെയില്‍പദ്ധതിയും തിരുവനന്തപുരം- കോഴിക്കോട് മോണോറെയിലുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ രണ്ടു പദ്ധതികളും മുന്‍ ബജറ്റുകളിലും ഉണ്ടായിരുന്നു. എന്നാല്‍, പദ്ധതിനടത്തിപ്പ് പ്രഖ്യാപനത്തിലൊതുങ്ങി. 20 കോടി രൂപമാത്രമാണ്് ഇരുപദ്ധതികള്‍ക്കുമായി നീക്കിവച്ചത്. പദ്ധതി നടപ്പാക്കുന്നതിനുള്ള ആഗോള ടെന്‍ഡറിന്റെ കാലാവധി മെയ് 31ന് അവസാനിക്കും. നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. തിരുവനന്തപുരംമുതല്‍ ചെങ്ങന്നൂര്‍വരെയാണ് നിര്‍ദിഷ്ട സബര്‍ബന്‍ പദ്ധതി. മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ പദ്ധതിയുടെ പ്രാരംഭറിപ്പോര്‍ട്ട് നല്‍കിയതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. 3370 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയിരട്ടിപ്പിക്കലും വൈദ്യുതീകരണവുംപോലും പാതിവഴിയില്‍ കിടക്കുമ്പോഴാണ് സബര്‍ബന്‍ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം. പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാക്കാതെ കേരളത്തിന്റെ റെയില്‍വേ വികസനം സാധ്യമാകില്ല.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ ബജറ്റുവിഹിതം ഓരോവര്‍ഷവും റെയില്‍വേ വെട്ടിക്കുറയ്ക്കുകയാണ്. സംസ്ഥാനത്തെ റെയില്‍വേ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ പകുതി പണം സംസ്ഥാനം മുടക്കണമെന്നാണ് ഇപ്പോള്‍ റെയില്‍വേയുടെ നിലപാട്. എറണാകുളം- കുമ്പളം പാതയിരട്ടിപ്പിക്കലിനും ശബരി പാത നിര്‍മാണത്തിനും പകുതി പണം സംസ്ഥാനം ചെലവഴിക്കണമെന്നു കാണിച്ച് റെയില്‍വേ നല്‍കിയ കത്തിന് പണം നല്‍കാനാകില്ലെന്നു കാട്ടി കേരളം മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ജോലികള്‍ പാതിവഴിയില്‍ നിലച്ചു. എറണാകുളം സൗത്ത്മുതല്‍ (ആലപ്പുഴ വഴി) കായംകുളംവരെയുള്ള 100.67 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍മാത്രമേ പാത ഇരട്ടിപ്പിച്ചിട്ടുള്ളൂ. എറണാകുളംമുതല്‍ ഹരിപ്പാടുവരെയും മുളന്തുരുത്തിമുതല്‍ ചെങ്ങന്നൂര്‍വരെയും പാത ഇരട്ടിപ്പിച്ചിട്ടില്ല. തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടിലും പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല.

സുമേഷ് കെ ബാലന്‍ deshabhimani