Showing posts with label കായികം. Show all posts
Showing posts with label കായികം. Show all posts

Thursday, July 1, 2021

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.

ശാസ്‌ത്രത്തിലും 
വിസ്‌മയക്കുതിപ്പ്‌

ശാസ്‌ത്ര, സാങ്കേതികവിദ്യാ രംഗങ്ങളിൽ ചൈനയുടെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ശാസ്‌ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ കുതിപ്പ്‌ അനിവാര്യമാണെന്ന ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ മേഖലയിലെ ഗവേഷണത്തിനും പഠനങ്ങൾക്കും നൽകുന്ന ഊന്നലും പ്രോത്സാഹനവും വലിയ കുതിപ്പിന്‌ കരുത്തായി. തൊണ്ണൂറുകൾക്കുശേഷം അതിശയകരമായ വളർച്ചയാണ്‌ ഈ രംഗത്തുണ്ടായത്‌. ശാസ്‌ത്ര–-സാങ്കേതിക രംഗത്ത്‌ വൻനിക്ഷേപം ഇക്കാലത്തുണ്ടായി. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരുടെ എണ്ണവും നാലിരട്ടിയിലേറെ വർധിച്ചു. 1956ൽ ശാസ്‌ത്ര ആസൂത്രണ കമീഷന്റെ രൂപീകരണമാണ്‌ ചൈനയുടെ ആധുനിക ശാസ്‌ത്രസാങ്കേതിക മേഖലയ്‌ക്ക്‌ വഴിത്തിരിവായത്‌. 56–-67 കാലത്തേക്കായി ദീർഘകാല പദ്ധതി തന്നെ തയ്യാറാക്കി നടപ്പാക്കി, വലിയ തുടക്കമിട്ടു.

പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലടക്കം വൻ പുരോഗതി നേടാൻ ഇത്‌ മൂലമായി. ഇലക്‌ട്രോണിക്, എൻജിനിയറിങ്‌ മേഖലകളിലും ചൈന ഇന്ന്‌ ലോകശക്തിയാണ്‌. പേറ്റന്റുകളുടെ കാര്യത്തിൽ അമേരിക്കയെയും പിന്തള്ളി. ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും കുതിച്ചുയർന്നു. പടുകൂറ്റൻ നിർമിതികൾ, അതിവേഗ യാത്രായാനങ്ങൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നിർമിതബുദ്ധി തുടങ്ങിയവയിലും ചൈന മുൻനിരയിലാണ്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഈ രംഗത്തേക്ക്‌ കൂടുതൽ യുവാക്കളെയും വനിതകളെയും ആകർഷിക്കാനുള്ള പദ്ധതികളും ഏറെ ഗുണകരമായി. കാർഷികമേഖലയിലും ശാസ്‌ത്രനേട്ടങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.  ബഹിരാകാശ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ചൈനയുടെ മുന്നേറ്റം അത്ഭുതകരമാണ്‌. ഏറ്റവുമൊടുവിൽ സ്വന്തമായ ബഹിരാകാശനിലയം നിർമിച്ച്‌ അവിടെ ആളുകളെയും എത്തിച്ചു അവർ. ടിയാൻഗോങ് എന്ന ആകാശനിലയത്തിൽ മൂന്നു യാത്രികരെ എത്തിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. 

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയ പദ്ധതിയിൽ ചൈനയെ സഹകരിപ്പിക്കാത്തതിനുള്ള മധുരപ്രതികാരംകൂടിയാണ്‌ ഇത്‌. തങ്ങളുടെ പദ്ധതിയുമായി മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കുമെന്ന്‌ ചൈന പ്രഖ്യാപിച്ചു. റഷ്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അടുത്ത 11 ദൗത്യങ്ങളിലൂടെ  നിലയം പൂർത്തീകരിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. ഇതിനായി 18 യാത്രികരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ചൊവ്വയിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാനും ദീർഘകാലം താമസിക്കാനുമുള്ള ദൗത്യങ്ങളിലേക്കും ചൈന ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാ പര്യവേക്ഷണവും ആരംഭിച്ചു. ആദ്യ ശ്രമത്തിൽത്തന്നെ ലാൻഡറും റോവറും ചൊവ്വയിൽ ഇറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചൊവ്വാ പഥത്തിൽ എത്തിയ ടിയാവെൻ–-1 പേടകത്തിൽനിന്ന്‌ കൃത്യതയോടെ ചൊവ്വയുടെ ‘ഉട്ടോപ്യ’യിലാണ്‌ ഇവ ഇറങ്ങിയത്‌. 2029 ചൊവ്വയിൽനിന്ന്‌ സാമ്പിളുമായി മടങ്ങുന്ന മറ്റൊരു ദൗത്യത്തിനും രൂപംനൽകിയിട്ടുണ്ട്‌.

1964ലാണ്‌ ചൈന ബഹിരാകാശ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന്‌ ഒട്ടേറെ ദൗത്യം. 2003ൽ ആദ്യ ചൈനാക്കാരൻ ബഹിരാകാശത്ത്‌ എത്തി. 21 മണിക്കൂർ ചെലവഴിച്ചു. 2007 ആദ്യ ഓർബിറ്റർ ചന്ദ്രനെ ചുറ്റി. 2012 ആദ്യ ചൈനക്കാരിയെ ബഹിരാകാശത്ത്‌ എത്തിച്ചു. കഴിഞ്ഞവർഷം ചാങ്‌–-3 ചന്ദ്രനിൽ ഇറങ്ങി, ആറരയടി കുഴിച്ച്‌ രണ്ട്‌ കിലോ സാമ്പിൾ ശേഖരിച്ചു. അതുമായി ഡിസംബർ 17ന്‌ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ചന്ദ്രന്റെ മറുപുറത്തെപ്പറ്റി പഠിക്കുന്ന മറ്റൊരു ദൗത്യവും മുന്നേറുകയാണ്‌. ഭൂമിയുടെ സമീപം കടന്നുപോകുന്ന ഉൽക്കകളെപ്പറ്റി പഠിക്കാനുള്ള ഉപഗ്രഹം ചൈന വിക്ഷേപിച്ചത്‌ കഴിഞ്ഞ മാസമാണ്‌.

ദിലീപ്‌ മലയാലപ്പുഴ 

ഏഷ്യയുടെ 
കായികവിളക്ക്‌

‘ചാമ്പ്യന്മാർ പിറക്കുന്നത്‌ ജിംനേഷ്യങ്ങളിലല്ല. അവരവരുടെ സ്വപ്‌നങ്ങളിലൂടെ, അതിയായ ആഗ്രഹങ്ങളിലൂടെ, ഭാവനാപരമായ ഉൾക്കാഴ്‌ചകളിലൂടെ..’

മുഹമ്മദലി (ബോക്‌സിങ് ഇതിഹാസം)

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദലി പറഞ്ഞത്‌ ചൈനയെ ഉദ്ദേശിച്ചല്ല. പക്ഷേ, ലോക കായികശക്തിയായി ചൈന വളർന്നതിന്‌ പിന്നിൽ ഇവയെല്ലാമുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ജർമനിയും കൊടികുത്തി വാണിരുന്ന  സ്‌പോർട്‌സിൽ, അതിന്റെ  ആഗോള പ്രശസ്‌തി വൈകിയാണ്‌ ചൈന തിരിച്ചറിഞ്ഞത്‌. പക്ഷേ ആ തിരിച്ചറിവ്‌ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഏഷ്യയിൽ ഒതുങ്ങിനിന്നിരുന്ന കായിക മികവുകൾ തേച്ചുമിനുക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. 2008ൽ ഒളിമ്പിക്‌സിന്‌ ആതിഥേയരായതോടെ ചൈനയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു.

Image Credit: Olympics.com

തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ആ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ചൈന ഓവറോൾ ചാമ്പ്യൻപട്ടമണിഞ്ഞു. 51 സ്വർണവും 21 വെള്ളിയും 28 വെങ്കലുമടക്കം 100 മെഡൽ. ലോകം അത്ഭുതത്തോടെയാണ്‌ ഈ നേട്ടത്തെ നോക്കിക്കണ്ടത്‌.  സംഘാടന മികവിലും പ്രകടനമികവിലും  അമേരിക്കയെ പിന്തള്ളിയ ഒളിമ്പിക്‌സ്‌. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പ്‌.

ആ നേട്ടം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. അതിൽ മുഹമ്മദലി പറഞ്ഞ സ്വപ്‌നമുണ്ടായിരുന്നു. ഭാവനാപൂർണമായ പദ്ധതിയും ആസൂത്രണ മികവുമുണ്ടായിരുന്നു. കേന്ദ്രീകൃതവും സുസംഘടിതവുമായ മുന്നേറ്റം. 1988ലെ ഒളിമ്പിക്‌സിൽ അഞ്ച്‌ സ്വർണമടക്കം നേടി പതിനൊന്നാം സ്ഥാനത്തായിരുന്നു. 20 വർഷത്തെ അധ്വാനത്തിനൊടുവിൽ ചൈന ലോക കായിക ഭൂപടം മാറ്റിവരച്ചു.

വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ 1995ലെ കായിക നിയമമാണ്‌. സ്‌പോർട്‌സ്‌ പൂർണമായും സർക്കാരിന്‌ കീഴിലാക്കിയതാണ്‌ നിയമത്തിന്റെ കാതൽ. താരങ്ങൾ രാജ്യസ്‌നേഹവും കൂട്ടായ്‌മയും സോഷ്യലിസവും പാലിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സർക്കാർ നിയന്ത്രണത്തിലെ ഏകീകൃത കായിക സംവിധാനം പുതിയ മുന്നേറ്റത്തിന്‌ അടിത്തറയായി. 

സർക്കാർ നേരിട്ട്‌ പദ്ധതികൾക്ക്‌ നേതൃത്വം നൽകി. സ്‌പോർട്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പാഠ്യപദ്ധതികൾ തയ്യാറാക്കി. കുട്ടികളെ ചെറുപ്രായത്തിൽ കളികളിലേക്ക്‌ കൊണ്ടുവന്നു. എല്ലാ കുട്ടികൾക്കും തുടക്കത്തിൽ വ്യായാമത്തിന്റെ പാഠങ്ങൾ പകർന്ന്‌ കായികവിനോദങ്ങളിലേക്ക്‌ ആകർഷിച്ചു. കൃത്യവും ചിട്ടയുമായ പരിശീലനം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടായി. സ്‌പോർട്‌സിനായി ബജറ്റിൽ വൻ തുകമാറ്റിവച്ചു. മൂവായിരത്തോളം ആധുനിക സ്‌പോർട്‌സ്‌ സ്‌കൂളുകളിലായി നാല്‌ ലക്ഷത്തിലേറെ കായികതാരങ്ങൾ സദാസജ്ജരായി.

2008 ഒളിമ്പിക്‌സ്‌ വേദി എട്ടുവർഷം മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഒളിമ്പിക്‌സിനായി കണ്ണുവച്ചു. കായികരംഗത്ത്‌ സോവിയറ്റ്‌ യൂണിയൻ പിന്തുടർന്ന നല്ല മാതൃകകൾ ചൈന സ്വീകരിച്ചു. നാടിനായി ഒരു കായികസംസ്‌കാരമുണ്ടായി. സ്‌പോർട്‌സിലെ നേട്ടം രാജ്യത്തിന്റെയാകെ നേട്ടമായി അവതരിപ്പിച്ചു. എല്ലാം സർക്കാർ നേരിട്ട്‌ നിയന്ത്രിച്ചു. ഏത്‌ ഇനത്തിലും മികച്ചവർ എന്ന ഒറ്റമാനദണ്ഡം പാലിച്ചു. പണവും പരിശീലനവും ഉറപ്പാക്കി. കളിക്കളങ്ങളും ആധുനിക പരിശീലന കേന്ദ്രങ്ങളും നിറഞ്ഞു. മികവുകാട്ടാറുള്ള പരമ്പരാഗത ഇനങ്ങളിൽ മെഡൽ ഉറപ്പാക്കുന്ന പരിശീലനം. അതിനൊപ്പം മറ്റ്‌ ഇനങ്ങളിലും പരീക്ഷണം. ബാഡ്‌മിന്റൺ, ടേബിൾടെന്നീസ്‌, ജിംനാസ്‌റ്റിക്‌സ്‌, ഡൈവിങ്, ഭാരോദ്വഹനം, അമ്പെയ്‌ത്ത്‌ തുടങ്ങിയ  ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. പരമ്പരാഗത ഇനങ്ങളിൽ ആർക്കും മേധാവിത്വം വിട്ടുകൊടുക്കാതിരിക്കുന്നതാണ്‌ രീതി. അതോടൊപ്പം പുതിയ ഇനങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധയും. ആ കരുതലിന്റെ ഫലമായിരുന്നു 2008ലെ ബീജിങ് ഒളിമ്പിക്‌സ്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറയിൽ ചൈന വികസന പുരോഗതിയിലേക്ക്‌ ചുവടുവച്ചപ്പോൾ സ്‌പോർട്‌സും മാറിനിന്നില്ല. ആ അടിത്തറയിൽതന്നെ കളികളും കളിക്കാരും ലോകം വെട്ടിപ്പിടിച്ചു.

ഏഷ്യാ ഭൂഖണ്ഡം ലോക കായികഭൂപടത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ട്രാക്കിൽ ആഫ്രിക്കയും ഫീൽഡ്‌ ഇനങ്ങളിൽ യൂറോപ്പും മേധാവിത്വം പുലർത്തിയകാലം. അതിനിടെയാണ്‌ ഏഷ്യൻ കായികശക്തിയായി ചൈനയുടെ വളർച്ച. ഏഷ്യയെ കായികശക്തിയായി ലോകം അംഗീകരിച്ചത്‌ ചൈനയുടെ കുതിപ്പിലൂടെയാണ്‌. ആ അർഥത്തിൽ ചൈനയാണ്‌ ഏഷ്യയുടെ വഴികാട്ടി, ഭൂഖണ്ഡത്തിന്റെ കായിക വിളക്ക്‌.

ഇന്നിപ്പോൾ കായികരംഗത്ത്‌ ചൈന കൈവയ്‌ക്കാത്ത മേഖലകളില്ല.  പുതിയ നൂറ്റാണ്ടിൽ  അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാരുമില്ല. എല്ലാ കായിക പദ്ധതികളിലും ചൈന കായികതാരങ്ങളോട്‌ പറയുന്നത്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ കുതിക്കാനാണ്‌. ആ ഓർമപ്പെടുത്തലാണ്‌ വിജയത്തിന്റെ അടിസ്ഥാനം, ഇന്ന്‌ മാത്രമല്ല നാളേയും.

ആർ രഞ്‌ജിത്‌ 

അതിവേഗം പായുന്നു, 
ദെങ്ങിന്റെ സ്വപ്നം

ചെെനയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കി പരിഷ്കാരങ്ങളുടെ സൂത്രധാരൻ ദെങ് സിയാഒപിങ് കണ്ട സ്വപ്നമാണ് ചെെനയിലെ അതിവേഗ റെയിൽ. ജപ്പാൻ സന്ദർശനത്തിനിടെ ഷിങ്കാൻസൺ കണ്ടപ്പോഴാണ് ചെെനയിലും അതിവേഗം പായുന്ന തീവണ്ടിയെന്ന ആഗ്രഹം ഉടലെടുത്തത്. ആ സ്വപ്നമാണ് നാലു പതിറ്റാണ്ട് അപ്പുറം ചെെനയെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നവയിൽ ഒന്നായി മാറിയത്. വികസനത്തിന്റെ സോഷ്യലിസ്റ്റ്‌ മാതൃക തീർക്കുന്ന ചൈനയിലെ‌ അതിവേഗ റെയിൽ ഗതാഗതം ഇന്ന്‌ ലോകത്തിലെ ഏറ്റവും വലുതാണ്‌. ലോക അതിവേഗ റെയിൽ ഗതാഗതത്തിന്റെ 60 ശതമാനവും ചൈനയിലാണ്‌.

കുറഞ്ഞ ചെലവിൽ വേഗയാത്ര

ഈ തീവണ്ടികളുടെ വരവോടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം സുഖകരമായ യാത്രയെന്ന നേട്ടത്തിൽ ചെെനയെത്തി. ബീജിങ്ങിൽനിന്ന്‌ ഷാങ്ഹായിലേക്കുള്ള യാത്രസമയം 37 മണിക്കൂറിൽനിന്ന്‌ നാലായാണ് കുറഞ്ഞത്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ചെെനയാണ്. 480 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഒരു നാണയം വിജയകരമായി തുലനം ചെയ്യാൻ കഴിയുന്നത്ര സുഖകരമായി യാത്ര ചെയ്യാൻ കഴിയും. 2008ൽ ആദ്യ അതിവേഗ റെയിൽ ആരംഭിച്ച ചെെനയിൽ നിലവിൽ 43,000 കിലോമീറ്റർ വ്യാപിച്ച ശൃംഖലയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്നതാണിത്‌. 2035ഓടെ 70,000 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതുള്ള സ്പെയിനിൽ അതിവേഗ റെയിൽ ശൃംഖല 3200 കിലോമീറ്ററോളം മാത്രമാണ്.

നൂറോളം രാജ്യത്തിന്‌ സഹായം

അതിവേഗ റെയിൽ പദ്ധതി തുടങ്ങിയപ്പോൾ വിദേശ സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചെെനയുടെ റെയിൽ മാതൃകയോട് പൂർണമായും ഇണങ്ങാത്തവ ആയിരുന്നു അവ. തുടർന്ന് ചെെനീസ് എൻജിനിയർമാർ അതിനെ പുനർനിർമിക്കുകയായിരുന്നു. നിലവിൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ചെെനയുടെ റെയിൽ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും നൂറോളം രാജ്യത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾ ചെെനയുടെ അതിവേഗ റെയിൽ നിർമാണമാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കെ എ നിധിൻനാഥ് 

Saturday, June 5, 2021

കളിക്കളങ്ങൾ കൈവിട്ട്‌ റെയിൽവേ ; സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും 
സ്റ്റേഡിയങ്ങളും 
വാണിജ്യകേന്ദ്രങ്ങളാക്കും

ഇന്ത്യൻ കായിക ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള റെയിൽവേ സ്വന്തം ഉടമസ്ഥതയിലുള്ള കളിക്കളങ്ങൾ ഉപേക്ഷിക്കുന്നു. റെയിൽവേയുടെ കീഴിലുള്ള 15 സ്‌പോർട്‌സ്‌ കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും സ്വകാര്യവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ലക്ഷ്യമിട്ടാണിത്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലെ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ബംഗളൂരു യെലഹങ്കയിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയം, റാഞ്ചിയിലെ ഹോക്കി സ്‌റ്റേഡിയം  എന്നിവ ഇതിൽപെടും. കളിക്കളങ്ങൾ വാണിജ്യവൽക്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയെ(ആർഎൽഡിഎ) ഏൽപ്പിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. മെയ്‌ 18നാണ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്‌. എല്ലാ സോണൽ മേധാവികളും ഇതുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകൾ അതോറിറ്റിക്ക്‌ കൈമാറണമെന്നും നിർദേശിച്ചു.

ബ്രിട്ടീഷ്‌ കാലത്ത്‌ നിർമിച്ച പ്രധാന കളിക്കളങ്ങളാണ്‌ ഇനി ഓർമയാവുക. പ്രധാന റെയിൽവേ കേന്ദ്രങ്ങളിൽ സജീവമായിരുന്ന സ്‌പോർട്‌സ്‌ കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും  ഒട്ടേറെ ഒളിമ്പ്യന്മാരെ  സംഭാവന ചെയ്‌തു. റെയിൽവേയുടെ ഫുട്‌ബോൾ, ഹോക്കി, ക്രിക്കറ്റ്‌ താരങ്ങളെല്ലാം പരിശീലിച്ച സ്‌റ്റേഡിയങ്ങളാണ്‌ ഇനി വാണിജ്യകേന്ദ്രങ്ങളാവുന്നത്‌.   സ്‌പോർട്സ് കോംപ്ലക്‌സുകൾ അടക്കം സ്വകാര്യവൽക്കരിക്കുന്നത്‌ കായിക രംഗത്തുള്ള റെയിൽവേയുടെ പങ്ക്‌ ഇല്ലാതാക്കും.  

സ്വകാര്യവൽക്കരണത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ്‌ റെയിൽവേയുടെ കളിക്കളങ്ങൾക്കും പൂട്ട്‌ വീഴുന്നത്‌. റെയിൽവേ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ റെയിൽവേ തൊഴിലാളികളും കായികപ്രേമികളും ശബ്ദമുയർത്തണമെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ(ഡിആർഇയു) കേന്ദ്ര കമ്മിറ്റി അഭ്യർഥിച്ചു.

വാണിജ്യവൽക്കരിക്കുന്ന 
സ്‌റ്റേഡിയങ്ങളും കോംപ്ലക്‌സുകളും

 സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ബിഎൽഡബ്ല്യു, വാരണാസി

ഇൻഡോർ സ്‌റ്റേഡിയം ആൻഡ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ട്‌, പറേൽ, മുംബൈ

സ്‌റ്റേഡിയം, ഭുവനേശ്വർ

ഇൻഡോർ സ്‌റ്റേഡിയം, പട്‌ന

സ്‌റ്റേഡിയം, ബെഹല, കൊൽക്കത്ത

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, ചെന്നൈ

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, റായ്‌ബറേലി

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, മലിഗവോൺ, ഗുവാഹത്തി

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, കപുർത്തല

ക്രിക്കറ്റ്‌ സ്‌റ്റേഡിയം, യെലഹങ്ക, ബംഗളൂരു

സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌, സെക്കന്തരാബാദ്‌

സ്‌റ്റേഡിയം, മഹാലക്ഷ്‌മി, മുംബൈ

ഹോക്കി സ്‌റ്റേഡിയം, റാഞ്ചി

ക്രിക്കറ്റ്‌ സ്‌റ്റേഡിയം, ലക്‌നോ

ഗോരഖ്‌പുർ സ്‌റ്റേഡിയം, ഗോരഖ്‌പുർ

പി വിജയൻ 

Sunday, January 17, 2021

വിക്ടോറിയ സർവകലാശായുമായി ചേര്‍ന്ന് കായിക കോഴ്‌സ്‌; ആദ്യ ഘട്ടത്തിൽ 20 പേർ

കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പ്‌ ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയുമായി സഹകരിക്കും. പരിശീലകർക്കും കായിക എൻജിനിയർമാർക്കുമുള്ള കോഴ്സാണ് ആദ്യഘട്ടം.

ജനുവരിയിൽ പൂർത്തിയാകുന്ന ആദ്യ ഘട്ടത്തിൽ 20 പേർക്കാണ് ഓൺലൈൻ കോഴ്സ്‌. സ്പോട്സ് കൗൺസിലിലെയും ജി വി രാജ സ്പോട്സ് സ്‌കൂൾ, കണ്ണൂർ സ്പോട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ പരിശീലകരാണ്‌ പങ്കെടുക്കുന്നത്‌. കായിക എൻജിനിയറിങ് വിഭാഗത്തിലുള്ളവർക്കും കോഴ്സ്‌ നടക്കുകയാണ്. 1.3 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്.

സ്പോർട്സ് എക്സെലൻസ് ത്രൂ ഇന്റർനാഷണൽ പാർട്‌ണർഷിപ് പദ്ധതിയുടെ ഭാഗമായാണ് വിക്ടോറിയ സർവകലാശാലയ്‌ക്ക് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് എക്സർസൈസ് ആൻഡ്‌ ആക്ടീവ് ലിവിങ്ങുമായി (ഐഎസ്ഇഎഎൽ) കായിക ഡയറക്ടറേറ്റ് കൈകോർത്തത്. പദ്ധതിയുടെ ഭാഗമായി സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് കോച്ചിങ്‌, ഇവന്റ് ഓർഗനൈസേഷൻ, കായികസൗകര്യങ്ങളുടെ പ്രവർത്തനം, സ്പോർട്സ് മാർക്കറ്റിങ്‌, കായിക ഇടപെടൽ എന്നീ വിഷയങ്ങളിലാണ് മാസ്റ്റർ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നത്. അടുത്ത ഘട്ടത്തിൽ ആറു മാസംമുതൽ ഒരു വർഷംവരെ നീളുന്ന കോഴ്സ്‌ നടത്താനാണ് തീരുമാനം. കായികതാരങ്ങൾക്കുള്ള കോഴ്സുകളും ആരംഭിക്കും.

Friday, November 27, 2020

മഞ്ചലൊരുങ്ങി മൈതാനം ഉറങ്ങി

 ‘അവരിൽ അഗ്‌നി കൊളുത്തൂ,

അപമാനത്തിന്റെ ആ ദേശത്തെ ചുട്ടെരിക്കൂ’

1984ൽ നേപ്പിൾസിൽ കാലുകുത്തുമ്പോൾ ദ്യേഗോ മാറഡോണയുടെ ചെവിയിൽ ആദ്യം വീണ വാക്കുകൾ അതായിരുന്നു. സാൻപോളോയിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിൽ ശാപവാക്കുകൾ ഓരോന്നായി പടർന്നുകയറി. അതൊരു സംഘശബ്‌ദമായി മുഴങ്ങി. ഇറ്റലിയിലെ തെക്കുഭാഗത്തെ തുറമുഖ നഗരം യുവന്റസുകാർക്കും മിലാൻകാർക്കും ദാരിദ്ര്യത്തിന്റെ രൂപമായിരുന്നു. നേപ്പിൾസുകാരിൽ അവർ വെറുപ്പ്‌ തുപ്പി. ബാഴ്‌സലോണയിലെ രാജകിരീടം വച്ചൊഴിഞ്ഞ്‌ നേപ്പിൾസിനെ തൊട്ടപ്പോൾ മാറഡോണ പറഞ്ഞു.

‘ബാഴ്‌സയിൽ എനിക്കൊന്നും നേടാനായില്ല, എന്റെ കൈയിൽ ചില്ലിക്കാശുപോലുമില്ല. ഞാൻ ഇപ്പോൾ നേപ്പിൾസിനെ സ്‌നേഹിക്കുന്നു’

മാറഡോണ വന്നിറങ്ങിയത്‌ നേപ്പിൾസുകാരുടെ ഹൃദയത്തിലേക്കായിരുന്നു. ലോക ഫുട്‌ബോളിന്റെ പെരുമയുടെ പേരുകളിലൊന്നിലും പെടാത്തതായിരുന്നു നാപോളി. കടംമൂടി തകർന്നുപോയവർ. യുവന്റസും മിലാൻ ടീമുകളുമൊക്കെ വിരാജിച്ചുനിന്ന ഇറ്റാലിയൻ ലീഗിൽ കടുത്ത ദാരിദ്ര്യം പുതച്ചുറങ്ങുന്ന സംഘമായിരുന്നു നാപോളി. ആ ദാരിദ്ര്യ കൂടാരത്തിലേക്കായിരുന്നു കൈയുംവീശി മാറഡോണ നടന്നെത്തിയത്‌. അയാൾ അവർക്ക്‌ ജീവിതം നൽകി. തെരുവുകളിൽ ആഘോഷം നൽകി. 1987ലും 1990ലും നാപോളിയെ ഇറ്റാലിയൻ ചാമ്പ്യൻമാരാക്കി. യൂറോപ്യൻ ഫുട്‌ബോൾ കിരീടം നൽകി. പക്ഷേ, മാറഡോണ നേപ്പിൾസിൽനിന്ന്‌ തിരിച്ചുവാങ്ങിയത്‌ ലഹരി മാത്രമായിരുന്നു. ആ ലഹരിയിൽ അയാൾ കെട്ടടങ്ങി. പൂർണതയ്‌ക്കും ഇപ്പുറം എവിടെയോ സ്വയം അവസാനിപ്പിച്ചു. ജീവിതവും ലഹരിയും അവിടെയായിരുന്നു. സാൻപോളോയിലെ പുൽത്തലപ്പുകളെ തഴുകിയ പാദങ്ങൾ, പിന്നെ ലഹരിയുടെ ഉൻമാദത്തിൽ നിലയുറപ്പിക്കാനാകാതെ ഉലഞ്ഞുനീങ്ങി.  

വില്ല ഫിയോറിട്ടോയിലെ ചേറുപുരണ്ട വഴികളിൽ പന്തു തട്ടി നടന്ന ബാല്യം. പതിനൊന്നാം വയസ്സിൽ പന്തുമായി കളത്തിലേക്കിറങ്ങി. അച്ഛനും അമ്മയ്‌ക്കും നാല്‌ ചേച്ചിമാർക്കുംകൂടി ഒരു വീട്‌. അടച്ചുറപ്പുള്ള, ഭംഗിയുള്ള ഒരു കൂടാരം. അതായിരുന്നു സ്വപ്‌നം. പതിനഞ്ചാം വയസ്സിൽ ആദ്യമായി പ്രൊഫഷണൽ മത്സരത്തിന്‌ ഇറങ്ങി. ഫിയോറിട്ടോയിലെ ആ തുകൽപ്പന്ത്‌ മാറഡോണയെക്കൊണ്ട്‌ കാലങ്ങൾ സഞ്ചരിപ്പിച്ചു. ദേശങ്ങൾ കാണിച്ചു. പിന്നെ മാറഡോണയ്‌ക്ക്‌ ഒറ്റ ലോകമേ ഉണ്ടായിരുന്നുള്ളു–- ഫുട്‌ബോൾ. പിന്നീട്‌ ജീവിതത്തിൽ ഒരിക്കൽപ്പോലും മാറഡോണ ഫിയോറിട്ടോയിലേക്ക്‌ തിരിച്ചുപോയില്ല.

‘എന്റെ മുക്തിയാണ്‌ ഫുട്‌ബോൾ. കളത്തിലിറങ്ങുമ്പോൾ ഞാൻ ജീവിതം കാണാറില്ല, വേദനകൾ അറിയാറില്ല. ഒഴുകിയൊഴുകി നീങ്ങും’–- മാറഡോണ പറഞ്ഞു.

ചില ദേശങ്ങളിൽ അയാൾ കലാപകാരിയായി. ചിലർക്ക്‌ ചതിയനായി. നിഷേധിയും നായകനും വീരനുമായി.

കളത്തിൽ എതിരാളികളുടെ ഫൗളുകളിൽ വീണ്‌ തിരിച്ചെത്തി ഗോൾ തൊടുക്കുമ്പോഴും ജീവിതത്തിൽ സ്വയം സൃഷ്ടിച്ച പിഴവുകളിൽ വീണുകൊണ്ടിരിക്കുകയായിരുന്നു. ഉൻമാദം നിറഞ്ഞപ്പോൾ കളത്തിൽ തന്റെ ചലനങ്ങൾ തെറ്റിയതുപോലും അറിഞ്ഞില്ല. വിലക്കും അറസ്‌റ്റും പുറത്താക്കലുമൊക്കെയായി ആ ഫുട്‌ബോൾ ജീവിതം അപൂർണമായി അവസാനിച്ചു. അപ്പോഴേക്കും ഏത്‌ കാലത്തേക്കുമുള്ള സുന്ദര നീക്കങ്ങളും നിമിഷങ്ങളും എഴുതിച്ചേർത്തിരുന്നു. ആ നിമിഷങ്ങളിലെ അമരത്വത്തിൽ മാറഡോണ തെളിഞ്ഞുനിൽക്കുന്നു.

എറണാകുളം കറുകപ്പള്ളി കുഡോസ് ക്ലബിന്റെ നേതൃത്വത്തിൽ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ

പൂത്തുലഞ്ഞു നിൽക്കുന്ന സമയത്തും നിഷേധിയുടെ മനസ്സ്‌ വിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ കൃത്യമായി രാഷ്‌ട്രീയം തെളിഞ്ഞു. അത് പോരാളികൾക്കൊപ്പമായിരുന്നു. ബൊക്ക ജൂനിയേഴ്‌സും ബാഴ്‌സലോണയും നാപ്പോളിയുമൊക്കെ തെരഞ്ഞെടുപ്പുകളിൽ വന്നത്‌ അങ്ങനെയാണ്‌.

1985 നവംബർ മൂന്നിന്‌ സാൻപോളോയിൽ യുവന്റസുമായുള്ള കളി. സ്‌റ്റേഡിയത്തിൽ ബാനറുകളിൽ നാപോളിയെ വംശീയമായി അധിക്ഷേപിക്കുന്ന ബാനറുകൾ തെളിഞ്ഞു. നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾ. മാറഡോണയ്‌ക്കു നേരെ പരിഹാസങ്ങളെറിഞ്ഞു. അയാളുടെ ഉള്ളിലെ കലാപകാരിയിൽ കനലാളി. പന്തിൽ തൊട്ടപ്പോൾ അത്‌ ആഞ്ഞു കത്താൻ തുടങ്ങി. ഒടുവിൽ വളഞ്ഞിറങ്ങിയ ഫ്രീകിക്കിൽ യുവന്റസ്‌ വല ചിതറി. മത്സരം കഴിഞ്ഞപ്പോൾ നേപ്പിൾസ്‌ ഇളകി.

പുറത്ത്‌ കാത്തുനിന്ന പത്രക്കാർ മാറഡോണയെ പൊതിഞ്ഞു.

‘ ആ ഗോളിന്റെ നിറമെന്തായിരുന്നു’

മാറഡോണ ചിരിച്ചു–- നീല, നേപ്പിൾസിന്റെ നിറം. ഈ ജനതയുടെ നിറം’

അന്ന്‌ കളി കണ്ട ചിലർ മോഹാല്യസപ്പെട്ട്‌ വീണു.

തെരുവുകളിൽ നീലനിറം പടർന്നു. അവർ ജീവിതം തിരിച്ചുപിടിച്ചു.

1986ലെ മെക്‌സികോ ലോകകപ്പ്‌ സമയം. ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനലിന്‌ തലേദിവസം. മാറഡോണ പുറത്തേക്കിറങ്ങി. ഫാക്‌ലാൻഡ്‌സ്‌ യുദ്ധം കഴിഞ്ഞ്‌ നാല്‌ വർഷം. ബ്രിട്ടീഷുകാരോടുള്ള പ്രതികാരമായിരുന്നു മാറഡോണയുടെ മനസ്സു നിറയെ.

‘അവർ ഞങ്ങളെ അന്ന്‌ തോൽപ്പിച്ചത്‌ 20–-0നാണ്‌. ആ മുറിവ്‌ ഉണങ്ങുന്നില്ല. ഇവിടെ മറ്റൊരു യുദ്ധമാണ്‌. ഞങ്ങൾ ജയിക്കും’–- മാറഡോണ പറഞ്ഞു.

അസ്‌റ്റെകയിലെ പുൽപ്പരപ്പിൽ മാറഡോണ വിരിഞ്ഞു. കളിയുടെ 51–-ാം മിനിറ്റിൽ മാറഡോണയുടെ തലയ്‌ക്ക്‌ മുകളിൽ കൈയും ഉയർന്നു. ഇംഗ്ലണ്ട്‌ ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ വാദിച്ചുകൊണ്ടിരിക്കെ റഫറി ഗോൾ അനുവദിച്ചു. മാറഡോണ അതിനെ ദൈവത്തിന്റെ ഗോൾ എന്ന്‌ വിളിച്ചു.

‘എന്റെ കൈ തട്ടിയതാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതെന്റെ ഉദ്ദേശ്യമായിരുന്നില്ല. പക്ഷേ, സംഭവിച്ചുപോയി.

നാല്‌ മിനിറ്റിനിടെ മറ്റൊരു അത്ഭുതം സംഭവിച്ചു.

ഇംഗ്ലീഷ്‌ കളിക്കാരെ മുഴുവൻ കീഴടക്കി 60 മീറ്റർ ഓടി മാറഡോണ വല തകർത്തു.ഫൈനലിൽ പശ്‌ചിമ ജർമനിയെയും കീഴടക്കി അർജന്റീന ലോക ചാമ്പ്യൻമാരായി.

1990ൽ മാറഡോണയുടെ കാലിൽ അർജന്റീന ഫൈനൽവരെ മുന്നേറി. സെമിയിൽ ഇറ്റലിയായിരുന്നു എതിരാളികൾ. സാൻപോളോയിലായിരുന്നു അർജന്റീന–-ഇറ്റലി മത്സരം. സാൻപോളോയിൽ തനിക്കുവേണ്ടി ആർത്തലച്ച കാണികൾ ഇപ്പോൾ രക്തത്തിനായി ആക്രോശിക്കുന്നത്‌ മാറഡോണ കണ്ടു. ഷൂട്ടൗട്ടിൽ നിർണായകമായ പെനൽറ്റി കിക്ക്‌ മാറഡോണ വലയിലേക്കെത്തിക്കുമ്പോൾ ഇറ്റാലിയൻ ജനത അയാൾക്കായി മരക്കുരിശ്‌ പണിയുകയായിരുന്നു. ഇറ്റലിയുമായുള്ള ബന്ധം അതോടെ അവസാനിച്ചു. നികുതി വെട്ടിപ്പും മയക്കുമരുന്നു കേസുമൊക്കെ പിന്നാലെ. ഇതിനിടെ നേപ്പിൾസിൽ കാമുകിയിൽ ജനിച്ച കുഞ്ഞിനെ മാറഡോണ തള്ളിപ്പറഞ്ഞു. മയക്കുമരുന്നു കേസിൽ ഒരു വർഷത്തേക്ക്‌ വിലക്കപ്പെട്ടു. വിതുമ്പലോടെ മാറഡോണ നേപ്പിൾസിൽനിന്ന്‌ പടിയിറങ്ങി. ‘ഞാൻ ഇവിടെ ഇറങ്ങുമ്പോൾ 85,000 പേരായിരുന്നു ദ്യേഗോ വിളിയുമായി വരവേറ്റത്‌. തിരിച്ചിറങ്ങുമ്പോൾ എനിക്കാരുമില്ല’

1994 ലോകകപ്പിൽ മരുന്നടിക്ക്‌ പിടിയിലായി മടങ്ങിയതോടെ മാറഡോണ എന്ന ചിത്രം എന്നേക്കുമായി മങ്ങി. അവശേഷിപ്പിച്ചുപോയ സുന്ദര നിമിഷങ്ങളുടെ തണലിൽ അൽപ്പകാലംകൂടി നീങ്ങി. ഒരുകാലത്ത്‌ മൈതാനങ്ങളെ ആവേശിപ്പിച്ച കാലുകളും ശരീരവും അനാരോഗ്യത്തിൽ തളർന്നുനീങ്ങി. അപ്പോഴും അന്ന് സൃഷ്‌ടിച്ച മുഹൂർത്തങ്ങളിൽ മാറഡോണ അമരത്വം നേടിയിരുന്നു.

‘കുറ്റകരമായ അനാസ്ഥ’

മാറഡോണയ്‌ക്ക്‌ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന്‌ അഭിഭാഷകൻ മത്യാസ്‌ മോർല വ്യക്തമാക്കി. മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണം. ഹൃദയാഘാതം ഉണ്ടായി 12 മണിക്കൂറിനുശേഷമാണ്‌ വൈദ്യസഹായം കിട്ടിയത്‌. അപ്പോഴേക്കും വൈകി. ആംബുലൻസ്‌ എത്തിയത്‌  അരമണിക്കൂർ കഴിഞ്ഞാണ്‌. ഇവയെല്ലാം സംശയാസ്‌പദമാണെന്ന്‌ മോർല പറഞ്ഞു.

പ്രദീപ്‌ ഗോപാൽ 

അനശ്വരനായ മഹാപ്രതിഭ

 ദ്യോഗോ അർമാൻഡോ മാറഡോണ –- പ്രതിഭയുടെ മഹാവിസ്‌ഫോടനത്താൽ ഫുട്‌ബോൾ ലോകത്തെ വിസ്‌മയിപ്പിച്ച ഇതിഹാസം. അപൂർവ സുന്ദരമായ പ്രകടനത്തിലൂടെ കോടിക്കണക്കിന്‌ ആളുകളെ അമ്പരപ്പിക്കുകയും ആരാധകരെ  ആനന്ദത്തിലാറാടിക്കുകയും ചെയ്‌ത കളിക്കാരൻ, കളിക്കളത്തിലും പുറത്തും വേറിട്ട നീക്കങ്ങളിലൂടെ ലോകത്തെ നടുക്കിയ വിവാദങ്ങളുടെ കൂട്ടുകാരൻ. വ്യക്തിജീവിതത്തിൽ തന്റേതായ ശരികളും രാഷ്‌ട്രീയ നിലപാടുകളും പുലർത്തിയ മനുഷ്യസ്‌നേഹി.

ഫുട്‌ബോളിനെ കലയും സൗന്ദര്യവുമായി വികസിപ്പിച്ച സമ്പൂർണനായ പ്രതിഭയാണ്‌ മാറഡോണ. പല നാദങ്ങൾ കോർത്തിണക്കി സിംഫണി തീർക്കുന്ന സംഗീതജ്ഞനെപ്പോലെ, ശരീര ചലനങ്ങളും സർഗശേഷിയും കൈമുതലാക്കി മൈതാനങ്ങളിൽ പന്തുകൊണ്ട്‌ പുതിയ സൗന്ദര്യലോകം സൃഷ്ടിച്ചു അദ്ദേഹം. മുമ്പ്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആ മനോധർമ പ്രകടനത്തിന്റെ മനോഹാരിതയിൽ ആരാധകർ സ്വയം മറന്നു. ഫുട്‌ബോൾ കണ്ടിട്ടില്ലാത്തവർ പോലും കളിയുടെ ഇഷ്ടക്കാരായി. ആധുനിക ഫുട്‌ബോളിനെ ജനപ്രിയതയുടെ പുതിയ തലങ്ങളിലേക്ക്‌ മാറഡോണ നയിച്ചു. ലോകമെങ്ങും ഫുട്‌ബോളിന്റെ മറുവാക്കായി അദ്ദേഹം ആരാധിക്കപ്പെട്ടു. ആ മഹാപ്രകടനത്തിന്റെ ചിറകിൽ ആരാധകരുടെ ഇഷ്ട ടീമായി അർജന്റീന മാറി. മാറഡോണയുടെ അകാല വിയോഗം ഫുട്‌ബോൾ ലോകത്തിന്‌ തീരാനഷ്ടമാകുന്നതിന്‌ കാരണങ്ങൾ എത്രയെങ്കിലും പറയാനാകും.

എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരനെന്ന് മാറഡോണയെ വിലയിരുത്തുന്നവരുണ്ട്‌. ഫുട്‌ബോൾ രാജാവ്‌ പെലെയുടെ പിൻഗാമിയാണോ താങ്കൾ എന്ന ചോദ്യത്തിന്‌, എനിക്ക്‌ ഞാനായിരിക്കാനാണ്‌ ‌താൽപ്പര്യമെന്ന്‌ മാറഡോണ നൽകിയ മറുപടി സ്വന്തം കഴിവുകളിലുള്ള ആത്മവിശ്വാസമാണ്‌.  നൈസർഗികമായ പ്രതിഭയും പാടവവുമാണ്‌ ഈ കളിക്കാരന്റെ അടിത്തറ. ബ്യൂണസ്‌ അയേഴ്‌സിലെ ചേരിപ്രദേശത്ത്‌ ദാരിദ്ര്യത്തോട്‌ പൊരുതിവളർന്ന ബാല്യം മൈതാനത്തെ വെല്ലുവിളികൾ സുധീരം നേരിടാനുള്ള കരുത്തുനൽകിയിരുന്നു. പന്തടക്കവും വേഗവും മെയ്‌വഴക്കവും ഞൊടിയിടയിൽ തീരുമാനമെടുക്കാനുള്ള കഴിവുമെല്ലാം ഒത്തിണങ്ങിയ കളിക്കാരൻ. അവയവമെന്നപോലെ പന്ത്‌ ആ ശരീരത്തിൽ ചേർന്നുനിന്നു. പന്തടക്കം അത്രയ്ക്കുണ്ടായിരുന്നു. എതിരാളികൾ കൂട്ടത്തോടെ പ്രതിരോധിക്കുമ്പോഴും ഒറ്റ വെട്ടിത്തിരിയലോ ചലനമോ കൊണ്ട്‌ ഗോളിലേക്ക്‌ വഴിതുറന്ന എണ്ണമറ്റ സന്ദർഭങ്ങൾ. അഞ്ചടി അഞ്ചിഞ്ച്‌ മാത്രം ഉയരമുള്ള ഈ മനുഷ്യനെ തടയാൻ ഫുട്‌ബോളിലെ പഴകിത്തേഞ്ഞ ആയുധങ്ങൾ മതിയായിരുന്നില്ല.

ടീം  ഗെയിമായ ഫുട്‌ബോളിനെ വ്യക്തിപരമായ മികവുകൊണ്ട്‌ പുതുക്കിപ്പണിതു മാറഡോണ. സ്വന്തം സാന്നിധ്യത്താൽ സഹ കളിക്കാരെ പ്രചോദിപ്പിക്കാനും മികവിലേക്ക്‌ ഉയർത്താനും അദ്ദേഹത്തിന്‌ അസാമാന്യസിദ്ധിയുണ്ട്‌. ബാല്യംമുതൽ കളിച്ച ടീമുകളെല്ലാം ആ സാന്നിധ്യത്താൽ പ്രചോദനമാർജിച്ചു. 1986ൽ ലോക കപ്പ്‌ നേടിയ അർജന്റീന ടീം ഇതിന്റെ മികച്ച ഉദാഹരണം‌. മാറഡോണയും ബുരുഷാഗയും പോലെ ഏതാനും പേരൊഴിച്ചാൽ ലോകോത്തര കളിക്കാരുടെ സംഘമൊന്നുമായിരുന്നില്ല അർജന്റീന. എന്നാൽ, മാറഡോണ പ്രഭ ചൊരിഞ്ഞപ്പോൾ ടീമെന്ന നിലയിൽ അർജന്റീന ഓരോ മത്സരത്തിലും മികവിലേക്കുയർന്നു. മാറഡോണ നേടിയ, വിവാദവും വിസ്‌മയവും സൃഷ്ടിച്ച വ്യത്യസ്‌തമായ രണ്ട്‌ ‌ഗോളിലൂടെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയതോടെ 1986ലെ ലോക കപ്പിൽ അർജന്റീന‌ അജയ്യ ടീമായി മാറി. ആ മത്സരത്തിലെ മാറഡോണയുടെ പ്രകടനം ലോകം ഒരിക്കലും അനുഭവിക്കാത്ത പ്രതിഭാസ്‌പർശവും പൂർണതയുമുള്ളതായിരുന്നു. ശരാശരി ടീമായിരുന്ന അർജന്റീന 1990ൽ ലോക കപ്പ്‌ ഫൈനലിൽ എത്തിയതും‌ ആ സാന്നിധ്യംകൊണ്ടു മാത്രം.

കളിയിലും ജീവിതത്തിലും മാറഡോണയുടെ തീരുമാനങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഭാഗമായിരിക്കുമ്പോഴും കളിയുടെ കച്ചവട താൽപ്പര്യങ്ങളോട്‌ അദ്ദേഹം കലഹിച്ചു.  റെക്കോഡ്‌ തുകയ്‌ക്ക്‌ സ്പാനിഷ്‌ ക്ലബ്ബായ ബാഴ്‌സലോണയിൽ എത്തിയെങ്കിലും അവിടത്തെ രീതികളിൽ അസംതൃപ്‌തനായിരുന്നു. താരതമ്യേന ദരിദ്രമായ നേപ്പിൾസിലെ നാപ്പോളി ക്ലബ്ബിലൂടെ ഇറ്റാലിയൻ ലീഗിലേക്ക്‌ മാറഡോണ മാറിയത്‌ ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്‌‌തു. ഇറ്റാലിയൻ ലീഗിൽ തരംതാഴ്‌ത്തൽ ഭീഷണിയിലായിരുന്ന നാപ്പോളി രണ്ടു തവണ ചാമ്പ്യന്മാരും യുവേഫ ജേതാക്കളുമായത്‌ മാറഡോണയുടെ മികവിലാണ്‌.

ലാറ്റിനമേരിക്കയുടെ സാമൂഹ്യ–-രാഷ്‌ട്രീയ യാഥാർഥ്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്‌ മാറഡോണ. സ്വന്തം രാഷ്‌ട്രീയ നിലപാട്‌ ഉറക്കെ പറയാൻ പ്രശസ്‌തിയോ പണമോ തടസ്സമായില്ല. അമേരിക്കൻ സാമ്രാജ്യത്വത്തെ പരസ്യമായി വിമർശിക്കാനും മടിച്ചില്ല. അമേരിക്ക വിസ നിഷേധിക്കുന്നതിനുവരെ ഇത്‌ ഇടയാക്കി. ചെ ഗുവേരയെ ആരാധിക്കുകയും ഷാവേസുമായി സൗഹൃദം സൂക്ഷിക്കുകയും ഫിദെൽ കാസ്‌ട്രോയെ പിതൃതുല്യനായി ബഹുമാനിക്കുകയും ചെയ്‌ത മാറഡോണ ക്യൂബയുടെ ഉറച്ച അഭ്യുദയകാംക്ഷിയായിരുന്നു. മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽപ്പെട്ട മാറഡോണയെ ക്യൂബയിൽ എത്തിച്ച്‌ ചികിത്സിക്കാൻ മുൻകൈയെടുത്തത്‌ കാസ്ട്രോയാണ്‌. അർജന്റീന തള്ളിക്കളഞ്ഞപ്പോൾ ക്യൂബ ചേർത്തുപിടിച്ചെന്ന്‌ പിന്നീട്‌ അദ്ദേഹം പ്രതികരിച്ചു. ലാറ്റിനമേരിക്കയുടെ സാമൂഹ്യ മനഃസാക്ഷിക്കായി ശബ്ദമുയർത്താനും ജനപക്ഷ രാഷ്‌ട്രീയത്തിനൊപ്പം നിലയുറപ്പിക്കാനും അസാധാരണമായ സന്നദ്ധതയാണ്‌ മാറഡോണ പ്രകടിപ്പിച്ചത്‌. ഒരർഥത്തിൽ ആധുനിക പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഇരയാണ്‌ ഈ മനുഷ്യൻ. സമ്പന്നതയുടെയും പ്രശസ്‌തിയുടെയും മലവെള്ളപ്പാച്ചിലിൽപ്പെട്ട നിഷ്‌കളങ്കനായ സാധാരണക്കാരൻ. മാനസിക സംഘർഷത്തിലും മയക്കുമരുന്ന്‌ ഉപയോഗത്തിലും അച്ചടക്കമില്ലാത്ത ജീവിതത്തിലും മുങ്ങിപ്പോയെങ്കിലും ആരുടെ മുന്നിലും തലകുനിക്കാത്തയാൾ.

ലോക ഫുട്ബോൾ പ്രതിരോധാത്മകമായ കാലത്താണ്‌‌ പുത്തൻ ആക്രമണശൈലിയുമായി മാറഡോണ കടന്നുവന്നത്‌. ശാരീരിക പരിമിതികളെ മറികടക്കുന്ന മികവും പാടവവുമാണ്‌ ഈ കളിക്കാരനെ വ്യത്യസ്‌തനാക്കിയത്‌. ഒറ്റയ്‌ക്ക്‌ ടൂർണമെന്റുകൾ ജയിക്കാൻ ശേഷിയുണ്ടായിരുന്ന കളിക്കാരൻ.  മാറഡോണ എന്ന ഫുട്‌ബോൾ ഇതിഹാസത്തെ ലോകം ഒരിക്കലും മറക്കില്ല. ‘‘ഫുട്‌ബോൾ എനിക്ക്‌ മഹത്തായ ആനന്ദവും മഹത്തായ സ്വാതന്ത്ര്യവുമാണ്‌. കൈകൾ കൊണ്ട്‌ ആകാശത്തെ തൊടുന്നതുപോലെ’’ എന്ന മാറഡോണയുടെ വാക്കുകൾ മഹാനായ ആ കളിക്കാരന്റെ ഹൃദയപ്രകാശനമാണ്‌‌.

ദേശാഭിമാനി മുഖപ്രസംഗം 271120

ഫുട്‌ബോൾ ജീനിയസിന്റെ ജനപക്ഷ രാഷ്‌ട്രീയം

കളിഭ്രാന്തന്മാരുടെ കാണപ്പെട്ട ദൈവമാണ്‌ ദ്യോഗോ അർമാൻഡോ മാറഡോണ. എന്നാൽ, വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളും കാൽപ്പന്തുകളിയിലെ സർവകാല വിസ്‌മയം മുറുകെ പിടിച്ചിരുന്നു. ജനകോടികളെ പട്ടിണിയിലേക്ക്‌ വലിച്ചെറിയുന്ന സാമ്പത്തിക നയങ്ങൾക്കും വടക്കേ അമേരിക്കയുടെ സാമ്രാജ്യത്വ മേധാവിത്വത്തിനും എതിരായി മാറഡോണ പരസ്യമായി രംഗത്തുവന്നു. അതുകൊണ്ടുതന്നെ ക്യൂബയുടെ വിമോചന നായകൻ ഫിദൽ കാസ്‌ട്രോയും സ്വന്തം നാട്ടുകാരനായ വിപ്ലവ രക്തസാക്ഷി ഏണസ്‌റ്റോ ചെ ഗുവേരയും മാറഡോണയുടെ ജീവന്റെ അംശമായിരുന്നു. ‘‘നിങ്ങൾ എനിക്ക്‌ കിറുക്കാണെന്ന്‌ ആക്ഷേപിച്ചോളൂ. പക്ഷേ,  ഞാൻ പറയുന്നു. ഫിദൽ ഫിദൽ ഓലേ ഓലേ ഓലേ. ഞാൻ താങ്കൾക്കുവേണ്ടി മരിക്കാനും തയ്യാർ’’

തന്റെ പിതാവിന്റെ സ്ഥാനമാണ്‌ ഫിദലിന്‌ എന്നും മാറഡോണ പറഞ്ഞിട്ടുണ്ട്‌. ജീവിതത്തിലെ നിഗൂഢമായ യാദൃച്ഛികതകളിൽ ഒന്നാകാം  ഫിദൽ കാസ്‌ട്രോ  മരിച്ച നവംബർ 25നു തന്നെയാണ്‌ മാറഡോണയും വിടപറഞ്ഞത്‌. ഒരുപക്ഷേ, വയലാർ പോരാട്ടവാർഷികദിനത്തിൽ അനശ്വര കവി വയലാർ രാമവർമ മരണമടഞ്ഞതുപോലെ.

മാറഡോണയെപ്പോലെ പ്രശസ്‌തിയുള്ള ഒരു വ്യക്തി ജനപക്ഷത്തുനിന്നുകൊണ്ട്‌ ഒരു പരസ്യപ്രസ്‌താവന നടത്തുന്നതു തന്നെ അതിന്റേതായ സ്വാധീനം സമൂഹത്തിൽ ഉണ്ടാക്കുമെന്നത്‌ എടുത്തുപറയേണ്ടതില്ല. എന്നാൽ, ചെയുടെ നാട്ടുകാരൻ പ്രത്യക്ഷസമര പങ്കാളിത്തത്തിനു നിസങ്കോചം ധൈര്യപ്പെട്ടിട്ടുണ്ട്‌.

2005 നവംബർ ആദ്യവാരം യുഎസ്‌എയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ രാഷ്‌ട്ര ഉച്ചകോടി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ്‌ ഐറിസിനു സമീപത്തുള്ള കടലോര വിശ്രമകേന്ദ്രമായ മാർ ഡൽ പ്ലാറ്റയിൽ സമ്മേളിക്കുകയായിരുന്നു. സോഷ്യലിസ്റ്റ്‌ ക്യൂബയെ ഒഴിവാക്കി ക്യാനഡ മുതൽ ചിലി വരെയുള്ള മറ്റെല്ലാ രാജ്യങ്ങളെയും ഒപ്പം നിർത്തുകയെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു അത്‌. എന്നാൽ, നഗരം അത്യസാധാരണമായ പ്രതിഷേധ പ്രകടനങ്ങൾക്ക്‌ സാക്ഷ്യംവഹിച്ചു. നേതൃത്വം കൊടുത്തതാകട്ടെ ദ്യോഗോ മാറഡോണയും വെനസ്വേലൻ നേതാവ്‌ ഹ്യൂഗോ ഷാവേസും. അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്‌ ബുഷിന്റെ ചിത്രത്തിനു മുകളിലും താഴെയും യുദ്ധക്കുറ്റവാളിയെന്ന വിശേഷണം ചേർത്ത കറുത്ത ടീഷർട്ട്‌ അണിഞ്ഞ്‌ മാറഡോണ, ഉച്ചകോടിക്ക്‌ രാഷ്‌‌ട്രത്തലവന്മാർ ഒത്തുചേർന്ന ഷെറാട്ടൺ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ അമ്പതിനായിരത്തോളം  പ്രതിഷേധ പോരാളികൾക്ക്‌ നേതൃത്വം നൽകി. തൊട്ടടുത്ത ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ചേർന്ന സമാന്തരമായ ജനകീയ ഉച്ചകോടി സ്വതന്ത്ര വ്യാപാരമേഖലയെന്ന തട്ടിപ്പ്‌ തങ്ങൾ തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു.

ഇതിന്റെ അല ഔപചാരിക ഉച്ചകോടിയിലും പ്രതിധ്വനിച്ചു. ഷാവേസിന്റെ വെനസ്വേലയ്‌ക്കൊപ്പം അർജന്റീന, ബ്രസീൽ, ഉറുഗ്വേ, പരാഗ്വേ എന്നീ ലാറ്റിൻ അമേരിക്കൻ രാഷ്‌ട്രങ്ങളുടെ പ്രതിനിധികളും ഉച്ചകോടി സമ്മേളനത്തിൽ സ്വതന്ത്ര വ്യാപാരമേഖലയോടുള്ള എതിർപ്പ്‌ വ്യക്തമാക്കി. ലോക കപ്പ്‌ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെയും ജർമനിയെയും ബൽജിയത്തെയും മറ്റും തോൽപ്പിക്കുമ്പോൾ അനുഭവിക്കുന്ന ആവേശത്തോടെയാകണം യുഎസ്‌എയുടെ നവ കൊളോണിയൽ ആധിപത്യ തന്ത്രങ്ങൾക്കെതിരെയും മാറഡോണ പോരാട്ടതന്ത്രങ്ങൾ മെനയുന്നത്‌.

വ്യക്തിപരമായ രണ്ട്‌ മാറഡോണ സ്‌മരണ

1992ൽ സഖാവ്‌ സുർജിത്തിനൊപ്പം ഹവാനയിൽ  ഫിദൽ കാസ്‌ട്രോയെ സന്ദർശിച്ച വേളയിൽ ഗബ്രിയേൽ ഗാർഷ്യ മാർക്വേസും മാറഡോണയും ചർച്ചയിൽ വന്നിരുന്നു. കൽക്കത്ത സന്ദർശിച്ച മാറഡോണയെ കാണാൻ ജ്യോതിബസുവിന്റെ വീട്ടിൽ പ്രതീക്ഷാപൂർവം കാത്തിരുന്ന നിമിഷങ്ങൾ. ഒടുവിൽ സ്വപ്‌ന സമാനമായ പത്തു മിനിറ്റ്‌, മാറഡോണയ്‌ക്കും ജ്യോതിബസുവിനുമൊപ്പം. ഫിദൽ കാസ്‌ട്രോയും ജ്യോതി ബസുവുമൊപ്പമുള്ള ഫോട്ടോ കാട്ടിയപ്പോൾ ‘‘ഫിദൽ യുവർ ഫ്രണ്ട്‌. മൈ ഫ്രണ്ട്‌... വീ ഫ്രണ്ട്‌സ്‌’’. ഫിദൽ നിങ്ങളുടെയും എന്റെയും സുഹൃത്തായതുകൊണ്ട്‌ നമ്മളിരുവരും സുഹൃത്തുക്കളാണെന്ന്‌ ചുരുക്കം. ക്യൂബയിലെ ഐക്യദാർഢ്യ കമ്മിറ്റിയുടെ നേതാവ്‌ സർഗി കോറിയേറി കൈയിൽ കെട്ടിത്തന്ന ചെ ഗുവേരയുടെ മുഖചിത്രമുള്ള റിസ്റ്റ്‌ വാച്ച്‌ ഞാൻ കാട്ടിക്കൊടുത്തു. പൊടുന്നനേ ചെ ഗുവേര... ചെ ഗുവേര എന്ന്‌ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആവേശത്തിൽ ഉച്ചത്തിൽ പറഞ്ഞു. എന്തായാലും സ്വന്തം ശരീരത്തിൽ ചെ യുടെയും ഫിദലിന്റെയും പച്ചകുത്തിയിട്ടുള്ളത്‌ പ്രദർശിപ്പിച്ച്‌ എന്നെ പരാജയപ്പെടുത്തുമോ എന്ന്‌ ഞാൻ ശങ്കിക്കാതിരുന്നില്ല. തക്ക പ്രതിയോഗിയല്ലെന്നു കണ്ടിട്ട്‌ ബേബിയല്ലേ എന്ന്‌ പരിഗണിച്ചോ, എന്റെ പൂതിയൊന്നും നടന്നില്ല.

ആരോടാണ്‌ മാറഡോണയെ താരതമ്യപ്പെടുത്താനാകുക. കളിക്കളത്തിൽ ആരും ഭാവന ചെയ്യാൻ ധൈര്യപ്പെടാത്ത അവിശ്വസനീയ സംഗീതശിൽപ്പങ്ങൾക്ക്‌ ആവിഷ്‌കാരം നൽകിയ വോൽഫ്‌ഗാങ് എമെദ്വീസ്‌ മൊസാർട്ട്‌ അല്ലേ ദ്യോഗോ അർമാൻഡോ മാറഡോണ. ‘ദൈവത്തി’ന്റെ മാ‌ന്ത്രിക സ്‌പർശത്തോടൊപ്പം അതിന്റെ വിപരീതത്തിന്റെ നിഴൽപ്പാടുകളും വെളിപ്പെടുന്ന അപൂർവ വിസ്‌മയങ്ങൾ.

എം എ ബേബി

ഒരു മനുഷ്യൻ പന്തിലെഴുതിയ ഇതിഹാസം

അറുപതാം പിറന്നാൾ ആഘോഷിച്ച്‌ ഒരുമാസം പിന്നിടും മുമ്പേ ജീവിതത്തിൽ നിന്നു വിടപറയുക. അന്താരാഷ്‌ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ അനുശോചന സന്ദേശത്തിലെ വാക്കുകൾ പോലെ ലോകത്തിന്‌ ഇത്‌ അവിശ്വസനീയമായ ദുഃഖമാണ്‌.  1986ലെ മെക്‌സിക്കോ ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്‌ക്ക്‌ കിരീടത്തിലേക്ക്‌ നയിക്കുകയും ഒടുവിൽ പ്രതിഭയുടെ ധൂർത്തും പ്രശസ്‌തിയുടെ ദുരന്തവുമായി മാറുകയും ചെയ്‌ത ദ്യോഗോ അർമാൻഡോ മാറഡോണയുടെ ഇടംകാലിൽ പിറന്ന അപൂർവ സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ മനസ്സുകളിൽ മായാമുദ്രിതമാക്കിക്കൊണ്ടാണ്‌ ഇതിഹാസം മറയുന്നത്‌. കാൽപ്പന്ത്‌ കളിയെ അപൂർവ സുന്ദരമായ ഒരു ഭാവഗീതത്തിന്റെ ഉദാത്ത തലത്തിലേക്ക്‌ കൈപിടിച്ചുയർത്തിയ ചില  കളിക്കാരുണ്ട്‌. ആ നിരയിൽ പെലെയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കേണ്ട പേരാണ്‌ മാറഡോണയുടേതാണ്‌.  

വിരുന്നിനെത്തിയവർ നൂറ്റാണ്ടുകളോളം അധികാരം കൈവശം വെയ്‌ക്കുകയും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും അടിമകളെ പൊലെ കഴിയേണ്ടിവരുകയും ചെയ്‌ത ഒരു രാജ്യത്തിന്റെയും ജനതയുടെയും കഥകളാണ്‌ തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അർജന്റീനയ്‌ക്ക്‌ പറയാനുള്ളത്‌. എന്നാൽ അന്നത്തെയും ഇന്നത്തെയും പോലെ വിഹ്വലമായ എല്ലാ കാലഘട്ടത്തിലും അർജന്റൈൻ ജനതയെ ഒന്നിച്ചുനിർത്തുന്നത്‌ ലാറ്റിനമേരിക്കയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന കാൽപ്പന്ത്‌ കളി തന്നെയാണ്‌. ഫുട്‌ബോൾ അവർക്ക്‌ അപ്പവും വീഞ്ഞുമാണ്‌. അങ്ങനെയുള്ള അർജന്റീന എന്ന രാജ്യത്തെ ഫുട്‌ബോൾ ഭൂപടത്തിലെ ശുക്രനക്ഷത്രമാക്കിയത്‌, വ്യക്തി വിശുദ്ധിയുടെ വിസിൽ മുഴക്കങ്ങൾക്ക്‌ പിടികൊടുക്കാതെ കുതറിത്തെറിക്കുകയും ജീവിതത്തിന്റെയും മരണത്തിന്റെയും നേർത്ത നൂൽപ്പാലത്തിലൂടെ ഉഴറിനടക്കുകയും ചെയ്‌ത മാറഡോണ വല്ലാത്തൊരു വിലക്ഷണ പ്രതിഭാസമാണ്‌.

പെലെയെപൊലെ ഫുട്‌ബോൾ എന്ന ജനപ്രിയ കായികവിനോദത്തിന്‌ സ്വന്തം ജീവിതംകൊണ്ട്‌ അടിക്കുറിപ്പെഴുതിയവനാണ്‌ ദ്യോഗോ മാറഡോണ എന്ന ഈ കുറിയ മനുഷ്യനും. അതിപ്രശസ്‌തിയിൽ നിൽക്കുമ്പോഴും ഉന്മാദത്തിന്റെ പെനൽറ്റി ബോക്‌സിൽ പന്തടിച്ചുതിമിർത്ത ഒരു മഹാപ്രതിഭയുടെ ജീവിതമാണ്‌ മാറഡോണയുടേത്‌. അതുകൊണ്ടാണ്‌ മാറഡോണ എന്ന ഫുട്‌ബോൾ താരത്തിന്റെ ജീവിതം യഥാർഥ ജീവിതത്തിന്റെ നേർപ്പതിപ്പാകുന്നത്‌.

അർജന്റീനയെ ആരാധിക്കുന്നവർക്കും വെറുക്കുന്നവർക്കും മറക്കാനാവില്ല മാറഡോണയെ. ദൈവത്തിന്റെ കൈയ്യാലെന്ന വിശേഷണത്തോടെ മാറഡോണ ഇംഗ്ലണ്ടിന്റെ വലയിലേക്ക്‌ തള്ളിക്കൊടുത്ത ആ ഗോളുണ്ടല്ലോ. മഹാന്മാരായ കളിക്കാർക്ക്‌ എങ്ങനെയും ഗോളടിക്കാമെന്ന്‌ മാറഡോണ തെളിയിച്ചതായിരുന്നു 1986ലെ മെക്‌സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ആ ‘ദൈവസഹായ ഗോൾ’. ഉയർത്തിപ്പിടിച്ച കൈയ്യിൽ തട്ടി വലയിൽ കയറിയ പന്ത്‌, റഫറി കാണാതിരുന്ന ആംഗിളിൽ ഗോളായി.

എന്നാൽ നാല്‌ മിനിറ്റിനുശേഷം ‘ദൈവത്തിന്റെ കൈ’കൊണ്ടു നേടിയ വിവാദ ഗോളിന്റെ പാപക്കറ അത്രയും കഴുകിക്കളഞ്ഞ്‌ ആ കാലുകളിൽ പിറന്നത്‌ നൂറ്റാണ്ടിന്റെ അത്ഭുതഗോളാണ്‌. മധ്യവൃത്തത്തിൽ നിന്ന്‌ പന്ത്‌ സ്വീകരിച്ച്‌ ഒന്നിനു പിറകെ ഒന്നായി നാല്‌ പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്‌തു കയറി. ഒടുവിൽ വിഖ്യാതനായ കാവൽക്കാരൻ പീറ്റർ ഷിൽട്ടനെ മറ്റൊരു മിന്നൽ ഡ്രിബിളിൽ മറികടന്നപ്പോൾ മാറഡോണയ്‌ക്ക്‌ മുന്നിൽ ഗോളിലെ വിശാലമായ ശാദ്വലഭൂമി മാത്രം. പ്രതിഭാശാലി നിലവിലുള്ള നിയമങ്ങൾ തകർക്കുന്നവനാണ്‌. കൊട്ടിയടക്കുന്ന വാതിലുകൾ താനെ തുറക്കുന്ന ഈ പ്രതിഭാസ്‌പർശം ശാസ്‌ത്രീയതയ്‌ക്കും ഗണിതസൂത്രങ്ങൾക്കും അപ്പുറമാണെന്ന്‌ മാറഡോണ കാട്ടിത്തന്നു.

ഇംഗ്ലണ്ടിനെതിരെ മാറഡോണ നേടിയ രണ്ട്‌ ഗോളുകൾ വിരുദ്ധമായ കാരണങ്ങളാൽ ലോകം ഏറ്റവുമധികം ചർച്ച ചെയ്‌തു. ഏറ്റവും അവിസ്‌മരണീയമായ ഗോളുകൾക്കുള്ള മത്സരത്തിൽ പരസ്‌പരം മത്സരിക്കാൻ പോന്ന രണ്ടെണ്ണം. ആദ്യത്തേത്‌ വിവാദാത്മകതകൊണ്ടും രണ്ടാമത്തേത്‌ അതിന്റെ ഉദാത്തമായ പ്രതിഭാവിലാസത്തിന്റെ പൂർണതകൊണ്ടും. മാറഡോണയ്‌ക്ക്‌ മാത്രം സാധ്യമായ ഗോളായിരുന്നു അത്‌. അത്രയും മഹോനരമായ ഒരു ഗോൾ അതിനുമുമ്പോ പിമ്പോ ലോകകപ്പിൽ സ്‌കോർ ചെയ്‌തിട്ടില്ല. കുപ്രസിദ്ധിയും സുപ്രസിദ്ധിയും ഇടകലർന്ന തന്റെ പിൽക്കാല ജീവിതഭാവങ്ങളുടെ ആദ്യത്തെ സ്‌ഫുലിംഗമായിരിക്കാം ഒരുപക്ഷേ മെക്‌സിക്കോയിലെ ആസ്‌റ്റെക്ക്‌ സ്‌റ്റേഡിയത്തിൽ കണ്ടത്‌.

മാറഡോണയുടെ അമ്പരപ്പിക്കുന്ന ജനപ്രീതിക്ക്‌ പിന്നിൽ കളിക്ക്‌ അപ്പുറത്തുള്ള കാരണങ്ങളുണ്ട്‌. മൂന്നാം ലോക ഇടതുപക്ഷ രാഷ്‌ട്രീയവുമായി അത്‌ ബന്ധപ്പെട്ടുനിൽക്കുന്നു. വിരമിച്ച്‌ പതിനഞ്ച്‌ വർഷത്തിനുശേഷം കേരളത്തിൽ സന്ദർശനം നടത്തിയപ്പോഴും മാറഡോണ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രതിഭാസമായി മാറിയത്‌ നാം കണ്ടതല്ലേ. മാറഡോണ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിനെ ഒരു പോലെ ആവേശഭരിതമാക്കുകയും കുത്തിനോവിക്കുകയും ചെയ്‌തു.

ബ്യൂനസ്‌ അയേഴ്‌സിന്റെ ചേരിത്തെരുവുകളിൽ കടലാസ്‌ ചുരുട്ടിയുണ്ടാക്കിയ പന്ത്‌ തട്ടിക്കളിച്ച്‌ ഫുട്‌ബോളിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ച മാറഡോണയ്‌ക്ക്‌ ദുരിതപൂർണമായ ഒരു ബാല്യമുണ്ടായിരുന്നു. സാധാരണക്കാരുടെ ജീവിതമെന്തെന്ന്‌, അവരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെന്തെന്ന്‌ ആ മനുഷ്യനെ ആരും പറഞ്ഞു പഠിപ്പിച്ചതല്ല.

മാറഡോണയുടെ മതം ഫുട്‌ബോളിൽ മാത്രം ഒതുങ്ങുന്നതല്ല. തന്റെ കളിയിലൂടെ, തുറന്ന്‌ പറച്ചിലിലൂടെ, ധീരമായ നിലപാടുകളിലൂടെ സമൂഹത്തിന്റെ ആശയും അഭിലാഷവും പ്രതീകവൽക്കരിക്കുന്ന ഐതിഹാസിക നേതാക്കളുടെ തലത്തിലേക്കുയർന്ന മാറഡോണ, സാധാരണക്കാരുടെ ഹൃദയത്തിലേക്ക്‌ ഡ്രിബിൾ ചെയ്‌തു കയറി പുതിയൊരു മതം സ്ഥാപിച്ചു. മാറഡോണയ്‌ക്ക്‌ മുമ്പോ പിമ്പോ മറ്റൊരു കളിക്കാരനും സാധിച്ചിട്ടില്ലാത്ത മഹാദൗത്യമാണിത്‌.

കളിയരങ്ങിലെ ആരവങ്ങൾക്കപ്പുറം മയക്കുമരുന്നിന്റെ വിഷവലയത്തിൽപ്പെട്ട്‌ വിഭ്രാന്തമായ ലോകത്തിലൂടെ നടന്ന ഒരു കാലം മാറഡോണയ്‌ക്കുണ്ടായിരുന്നു. മരണവുമായി മുഖാമുഖം കണ്ട ആ കാലയളവിൽ സർവരുടെയും അവഗണനയും അവജ്ഞയും ഏറ്റുവാങ്ങേണ്ടിവന്നു. അങ്ങനെ നാടകീയതകൾ സംഭവിച്ച ആ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ക്യൂബയിൽ ചെലവിട്ട നാളുകളും ഫിദൽകാസ്‌ട്രോയും മുൻ വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസുമായുള്ള ഗാഢമായ സൗഹൃദവും മാറഡോണയെ പുതിയൊരു മനുഷ്യനാക്കിയതാണ്‌ പിന്നെ ലോകം കണ്ടത്‌.

അങ്ങനെയാണ്‌ മുതലാളിത്തത്തിന്റെ ഭൗതികവും ആശയപരവും ധാർമികവുമായ വീഴ്‌ചകൾക്കെതിരെ അതിന്റെ പ്രതീകങ്ങളായ അമേരിക്കയെയും ഇംഗ്ലണ്ടിനെയും എതിർത്തവരുടെ മുൻനിരയിൽ മാറഡോണ എത്തിപ്പെട്ടത്‌. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും മൂന്നാം ലോകരാജ്യങ്ങൾ ഈ സാമ്രാജ്യത്വ ചൂഷണത്തിന്റെ വിളനിലമായിരുന്നു. ഫുട്‌ബോൾ ഒരു വെറും കളിയല്ല വിപ്ലവമാർഗത്തിലെ ഒരു ആയുധമാണെന്ന ചെഗുവേരയുടെ നിരീക്ഷണത്തെ ഒരളവോളം പ്രതിഫലിപ്പിക്കുന്നതാണ്‌ ഈ ഇതിഹാസതാരത്തിന്റെ കളിയും ജീവിതവും എന്നു കാണണം. അതുല്യമായ പ്രതിഭാശാലിത്വത്തിനൊപ്പം അചഞ്ചലമായ സാമ്രാജ്യത്വ വിരുദ്ധതയുമാണ്‌ പെലെയെയും വെല്ലുന്ന താരപദവിയിലേക്ക്‌ മാറഡോണയെ ഉയർത്തിയത്‌. കാലയവനികയിലേക്ക്‌ മറയുമ്പോഴും ഈ പച്ചയായ മനുഷ്യൻ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ എന്നും നട്ടെല്ലു നിവർത്തി തന്നെ നിൽക്കും. സമാനതകളില്ല; മറ്റൊരു കളിക്കാരനും മാറഡോണയല്ല.

എ എൻ രവീന്ദ്രദാസ്‌ 

Thursday, May 29, 2014

സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി കായികനയം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ കായികനയമെന്ന് ആക്ഷേപം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് അടക്കം കായികമേഖലയിലെ പ്രമുഖര്‍ പുതിയ കായികനയത്തെ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. കരടുനയം തയ്യാറാക്കി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ അതിനെയൊക്കെ പ്രഹസനമാക്കി കായികനയംനടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായി 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കായികനയം അട്ടിമറിച്ച് ഉദ്യോഗസ്ഥകേന്ദ്രീകൃതമായ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിലൂടെ ജനാധിപത്യസ്ഥാപനമായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അവകാശ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവുമുണ്ടാകും. ഇതിനെതിരെ സ്പോര്‍ടസ് കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തലസ്ഥാനത്തു ചേര്‍ന്ന സ്പോര്‍ട്സ് പോളിസി റിവ്യൂ മീറ്റിങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റടക്കം പുതിയ നയത്തിനെതിരെ രംഗത്തെത്തിയത്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇന്നുള്ള അധികാരങ്ങളൊന്നും എടുത്തുമാറ്റാന്‍ പാടില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയിട്ടുള്ളതെന്നും റിവ്യു മീറ്റിങ് ഉദ്ഘാടനംചെയ്ത് പത്മിനി തോമസ് പറഞ്ഞു. കരടുനയം തയ്യാറാക്കിയ സമയത്ത് കായികരംഗത്തുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികളും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും ചൂണ്ടിക്കാട്ടി. കരടുനയം സെമിനാറിലൂടെയും മറ്റും ചര്‍ച്ചയ്ക്കു വിധേയമാക്കിയെങ്കിലും ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങളൊന്നുപോലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളം ആതിഥേയത്വം വഹിക്കാന്‍പോകുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്റ്റേഡിയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥകേന്ദ്രിതമായ പുതിയൊരു ഏജന്‍സി രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കായികരംഗത്ത് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന് ഇതോടെ പ്രസക്തി നഷ്ടപ്പെടും. എല്‍ഡിഎഫ് സര്‍ക്കാരാണ് ദേശീയ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ കായികരംഗത്ത് അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ദേശീയ ഗെയിംസ് വഴി കൂടുതല്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പുതിയ നയം നടപ്പാക്കിയാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം സ്വകാര്യ ഏജന്‍സിക്കുവരെ നല്‍കാന്‍ ഇടയുണ്ടെന്നും ലാഭംമാത്രമായിരിക്കും പിന്നീട് ലക്ഷ്യം വയ്ക്കുകയെന്നും റിവ്യൂമീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു.

വി ഡി ശ്യാംകുമാര്‍ deshabhimani

Sunday, May 18, 2014

ബ്രസീലില്‍ പ്രതിഷേധം പടരുന്നു

റിയോ ഡി ജനിറോ: ലോകകപ്പ് ഫുട്ബോളിന് മൂന്നാഴ്ച ശേഷിക്കെ ബ്രസീലില്‍ പ്രതിഷേധവും വ്യാപിക്കുന്നു. കഴിഞ്ഞദിവസം 12 നഗരങ്ങളില്‍ ലോകകപ്പിനെതിരെ പ്രകടനം നടന്നു. റിയോ, സാവോപോളോ, ബെലെ ഹൊറിസോണ്ടെ, റെസിഫെ എന്നീ നഗരങ്ങളിലും പ്രതിഷേധം ഉണ്ടായി. റെസിഫെയില്‍ അക്രമവും നടന്നു. ലോകകപ്പ് വേദിയാണ, റെസിഫെ. ഇതിനോടൊപ്പം മിലിറ്ററി പൊലീസിന്റെ പണിമുടക്കും ഉണ്ടായി.

ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് സര്‍ക്കാരിന് തലവേദനയായി. 1950ല്‍ ലോകഫുട്ബോളിന് വേദിയായപ്പോള്‍ ഉണ്ടായതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതി. അന്ന് രാജ്യമാകെ ആഹ്ലാദത്തിലായിരുന്നെങ്കില്‍ ഇന്ന് ആശങ്കകളും അസ്വസ്ഥതകളും തലപൊക്കുന്നു. റിയോയിലെ പ്രകടനത്തില്‍ ആയിരത്തോളം പേരുണ്ടായിരുന്നു. പ്രതിഷേധക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവായിരുന്നെങ്കിലും അന്തരീക്ഷം സംഘര്‍ഷാത്മകമാണ്. ലോകകപ്പിനു കിട്ടുന്ന രാജ്യാന്തര ശ്രദ്ധയ്ക്കൊപ്പം പ്രതിഷേധവും ചര്‍ച്ചാവിഷയമാക്കാനാണ് പ്രതിഷേധകരുടെ ശ്രമം.

""ലോകം ഞങ്ങളെ നോക്കുമ്പോള്‍ ലോകകപ്പ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ലോകത്തെ അറിയിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്""- പ്രക്ഷോഭകര്‍ പറയുന്നു. ""ഫുട്ബോള്‍ ഞങ്ങള്‍ക്കിഷ്ടമാണ്. ഞങ്ങളുടെ ടീം ജയിക്കണമെന്ന് ആഗ്രഹവുമുണ്ട്. അതിന്റെ പേരില്‍ നടക്കുന്ന എല്ലാ അനീതികളെയും പിന്തുണയ്ക്കാനാവില്ല. കുടിയൊഴിപ്പിക്കലും സമരംചെയ്യാനുള്ള അവകാശം നിയന്ത്രിക്കലും അനുവദിക്കില്ല""- അവര്‍ പറഞ്ഞു. സാവോപോളോയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.ബെലോ ഹൊറിസോണ്ടെയില്‍ 2000 പേരാണ് തെരുവിലിറങ്ങിയത്.

"കപ്പിനോട് പ്രതിഷേധം" എന്ന ബാനറും ഇവര്‍ പിടിച്ചിരുന്നു. മാരക്കാന സ്റ്റേഡിയം പുതുക്കിപ്പണിയുന്ന പണംകൊണ്ട് 200 സ്കൂളുകള്‍ തീര്‍ക്കാമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബ്രസീലില്‍ വിവിധ മേഖലകളില്‍ പണിമുടക്കു നടക്കുന്നു. വേതനവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും ആവശ്യപ്പെട്ട് റിയോയിലെ അധ്യാപകര്‍ പണിമുടക്കി. ബസ് ഡ്രൈവര്‍മാര്‍ രണ്ടുദിവസം പണിമുടക്കി. റെസിഫെയില്‍ മിലിറ്ററി പൊലീസിന്റെ പണിമുടക്ക് തുടരുന്നതാണ് സര്‍ക്കാരിനെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ബ്രസീലിലെ അക്രമാസക്തമായ നഗരങ്ങളിലൊന്നാണ് ഇത്. പൊലീസ് പണിമുടക്കിലായതോടെ അവിടെ അക്രമം കൂടുന്നു.

ക്രമസമാധാനം പാലിക്കാന്‍ പട്ടാളം ഇറങ്ങി. പട്ടാള ടാങ്കുകള്‍ നഗരത്തില്‍ റോന്തുചുറ്റുന്നു. 1950ല്‍ ബ്രസീലിലെ ഓരോ തെരുവും ആവേശഭരിതമായിരുന്നു. ഒരു കാര്‍ണിവല്‍പോലെയായിരുന്ന!ു അവര്‍ക്കത്. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. തെരുവുകള്‍ക്ക് ബ്രസീലിയന്‍ പതാകയുടെ മഞ്ഞയും പച്ചയുമടിച്ചു. ഇപ്പോഴും അതുണ്ടെങ്കിലും ആറുപതിറ്റാണ്ടിനപ്പുറം നടന്നതിന്റെ നൂറിലൊന്ന് ഉത്സാഹംപോലുമില്ല. ധൂര്‍ത്ത്, അഴിമതി എന്നിവയ്ക്കെതിരെയാണ് ഇപ്പോള്‍ പൊതുവികാരം.

ബ്രസീല്‍ ഇമ്മാതിരി മാറിപ്പോയതിനെക്കുറിച്ച് മുന്‍ ലോകതാരങ്ങളായ സീക്കോയും കാര്‍ലോസ് ആല്‍ബെര്‍ട്ടോയും നിരാശരാണ്. ലോകകപ്പ് വിരുദ്ധവികാരം നിലനില്‍ക്കുന്നതിനാലാവാം ഇതെന്ന് അവര്‍ പറഞ്ഞു. എങ്കിലും മത്സരം അടുക്കുന്നതോടെ ഇതെല്ലാം മാറുമെന്നും ബ്രസീല്‍ അതിന്റെ തനതു വികാരം പ്രകടിപ്പിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

deshabhimani

Saturday, May 10, 2014

ദേശീയ ഗെയിംസ് ഫണ്ടും വകമാറ്റി

കേരളം ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ദേശീയ ഗെയിംസിന് കേരള ടീമിനെ ഒരുക്കാന്‍ വകയിരുത്തിയ തുകയും സര്‍ക്കാര്‍ വകമാറ്റി. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച മിഷന്‍ 676ല്‍ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയ "ദേശീയ ഗെയിംസില്‍ കേരളത്തെ സജ്ജമാക്കല്‍" വാഗ്ദാനവും പൊള്ളയാണെന്ന് തെളിഞ്ഞു. കോളേജ് ഗെയിംസ് നടത്താനാണ് ദേശീയ ഗെയിംസിനായി നീക്കിവച്ച 50 ലക്ഷം രൂപ ഒറ്റയടിക്ക് വകമാറ്റിയത്. കോളേജ് ഗെയിംസ് നടത്താന്‍ ഒരു രൂപയുടെ സ്പോണ്‍സര്‍ഷിപ്പിനുപോലും ശ്രമിക്കാതെയാണ് ദേശീയ ഗെയിംസില്‍ കേരള ടീമിന്റെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്ന നടപടി ഉണ്ടായത്.

ടീം തയ്യാറെടുപ്പിനെ ബാധിക്കുന്ന ഫണ്ട് വകമാറ്റലിനു പുറമെ ഗെയിംസിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ അലംഭാവമാണ് കാട്ടുന്നത്. സ്റ്റേഡിയങ്ങളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ജനുവരിയോടെ ദെശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ കേരളം സജ്ജമാക്കുമെന്നാണ് മിഷന്‍ 676ന്റെ പ്രഖ്യാപനത്തിലൊന്ന്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ പോയാല്‍ 2016 ജനുവരിയായാലും പ്രധാനസ്റ്റേഡിയങ്ങളുടേതടക്കം നിര്‍മാണം പൂര്‍ത്തിയാവില്ല. 80 ശതമാനംവരെ നിര്‍മാണം പൂര്‍ത്തിയായെന്നു പറയുന്ന കാര്യവട്ടത്തെ ഉദ്ഘാടന-സമാപന വേദിയുടെ നിര്‍മാണം 25 ശതമാനംപോലും പൂര്‍ത്തിയായിട്ടില്ല. കോളേജ് ഗെയിംസ് നടത്താന്‍ വലിയ കമ്പനികളുടേതടക്കം സ്പോണ്‍സര്‍ഷിപ് കിട്ടുമെന്നിരിക്കെയാണ് അതിനു മെനക്കെടാന്‍ തയ്യാറാവാതെ ദേശീയ ഗെയിംസ് ഫണ്ട് വകമാറ്റിയത്. സ്പോണ്‍സര്‍ഷിപ്പിന് ശ്രമിക്കാതെ സംഘാടകര്‍ എളുപ്പവഴിയില്‍ തുക കണ്ടെത്തുകയായിരുന്നു. പണം കൈകാര്യംചെയ്യുന്ന ബാങ്കിന്റെപോലും സ്പോണ്‍സര്‍ഷിപ് വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല

വി ഡി ശ്യാംകുമാര്‍ deshabhimani

Monday, January 13, 2014

മഞ്ഞില്‍വിരിഞ്ഞ കേരളം

റാഞ്ചി: അടുത്തെങ്ങും ആരുമില്ല, അജയ്യം, ആധികാരികം. 59-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. റാഞ്ചിയിലെ തണുത്തുറഞ്ഞ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ ഓടിയും ചാടിയും കേരളം തീപ്പൊരി പാറിച്ചപ്പോള്‍ എതിരാളികള്‍ വിരണ്ടുപോയി. പുണെയ്ക്കുശേഷം സ്വര്‍ണനേട്ടത്തില്‍ വന്‍ കുതിപ്പ്. ഹരിയാനയും മഹാരാഷ്ട്രയും സ്വര്‍ണനേട്ടത്തില്‍ കേരളത്തിന്റെ എങ്ങുമെത്തിയില്ല. ആകെ ഇനങ്ങളില്‍ പകുതിയോളം മെഡലുകള്‍ കേരളത്തിനുമാത്രം.

കഴിഞ്ഞവര്‍ഷം ഇറ്റാവയിലും തൊട്ടുമുമ്പ് ലുധിയാനയിലും സംഭവിച്ച പിഴവുകള്‍ മറയ്ക്കുന്ന പ്രകടനമായി ഇത്. അവസാനദിവസം കേരളം നേടിയത് 13 സ്വര്‍ണം, 11 വെള്ളി, നാലു വെങ്കലം. ഇതില്‍ റിലേയില്‍ നാലു സ്വര്‍ണവും ഒരു വെള്ളിയും. ജൂനിയര്‍ പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ റെക്കോഡും പിറന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പിറ്റില്‍ മിന്നുന്ന പ്രകടനമായിരുന്നു കേരളത്തിന്. ലോങ്ജമ്പില്‍ മൂന്നു വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയപ്പോള്‍ ട്രിപ്പിള്‍ജമ്പിലും ഹാട്രിക് നേട്ടം കുറിച്ചു. ഹൈജമ്പില്‍ മൂന്നു റെക്കോഡ് സ്വര്‍ണം. സ്പ്രിന്റിലും റിലേയിലും ദീര്‍ഘദൂരത്തിലും മികച്ച നേട്ടം. ആകെ പിഴച്ചത് ത്രോ ഇനങ്ങളില്‍ മാത്രം. അഞ്ചാംദിനം രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വി വി ജിഷ സ്വര്‍ണം സ്വന്തമാക്കി. ഒരു മിനിറ്റ് 4.32 സെക്കന്‍ഡിലായിരുന്നു ജിഷയുടെ നേട്ടം. ഇതോടെ പാലക്കാട് പറളി സ്കൂളിലെ പന്ത്രണ്ടാം ക്ലാസുകാരിക്ക് മീറ്റില്‍ മൂന്നു വ്യക്തിഗത സ്വര്‍ണമായി.

പിന്നാലെ 200 മീറ്റിലും ജിഷ 25.07 സെക്കന്‍ഡില്‍ സ്വര്‍ണം കുറിച്ചു. നേരത്തെ, 400 മീറ്ററിലും ഈ മിടുക്കി പൊന്നണിഞ്ഞിരുന്നു. സ്വര്‍ണം നേടിയ 4-400 റിലേ ടീമില്‍ അവസാനലാപ്പ് പൂര്‍ത്തിയാക്കിയതും ജിഷ തന്നെയായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജലി ജോസ് വെങ്കലം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളം ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. ജെസി ജോസഫ് (2:11.19) സ്വര്‍ണവും തെരേസ ജോസഫ് വെള്ളിയും (2:12.82) വെള്ളിയും കുറിച്ചു. ആണ്‍കുട്ടികളില്‍ ട്വിങ്കിള്‍ ടോമി (1:56.04) രണ്ടാമതെത്തി. ബിഹാറിന്റെ പ്രേം കുഞ്ചിനായിരുന്നു (1:54.94) സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളില്‍ സി ബബിത (2:14.03) സ്വര്‍ണവും സി ബി അര്‍ച്ചന (2:20.79) വെങ്കലവും നേടി. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ നീനു മരിയം ജയിംസ് (1:43.82) വെള്ളിയണിഞ്ഞു. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 3.20 മീറ്ററില്‍ ഷാനി ഷാജി സ്വര്‍ണവും മൂന്നു മീറ്ററില്‍ ഗോപിക നാരായണന്‍ വെള്ളിയും കേരളത്തിനു നല്‍കി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ രുഗ്മ ഉദയനിലൂടെ (11.85 മീറ്റര്‍) കേരളം പിറ്റിലെ മറ്റൊരു സ്വര്‍ണം കുറിച്ചു. സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു 9.65 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടി. 200ല്‍ ഉഷ സ്കൂളിലെ ജിസ്ന മാത്യുവും ഷഹര്‍ബാന സിദ്ദിഖും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. ജിസ്ന 25.09 സെക്കന്‍ഡിലും ഷഹര്‍ബാന 25.55 സെക്കന്‍ഡിലും ദൂരം പൂര്‍ത്തിയാക്കി. ജിസ്ന 400ലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 100ല്‍ വെങ്കലവും നേടി. ആണ്‍കുട്ടികളില്‍ ടി കെ സുഫൈദിലൂടെ(22.69) കേരളം വെള്ളി നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പിലും സ്വര്‍ണം കുറിച്ച് പി വി സുഹൈല്‍ മീറ്റിലെ രണ്ടാം സ്വര്‍ണം നേടി. 14.88 മീറ്ററായിരുന്നു ചാട്ടം. 14.69 മീറ്റര്‍ ചാടി ബി എബിന്‍ രണ്ടാമതെത്തി.സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീ. ഹര്‍ഡില്‍സില്‍ ഇ ബി അനസ് ബാബു വെള്ളിയും ഷിബിന്‍ ജോയ് വെങ്കലവും നേടി. നേരത്തെ, ക്രോസ് കണ്‍ട്രിയില്‍ പി യു ചിത്ര സ്വര്‍ണം നേടി. ആണ്‍കുട്ടികളില്‍ ജെ സതീഷ് വെള്ളിയും. ക്രോസ് കണ്‍ട്രിയിലെ മെഡല്‍ വ്യക്തിഗത ഇനത്തില്‍ കൂട്ടില്ല, പോയിന്റിലും.
(പ്രദീപ് ഗോപാല്‍)

deshabhimani

Monday, January 6, 2014

യുസേബിയോയ്ക്ക് ആദരാഞ്ജലി

ലിസ്ബണ്‍: വിശ്വ ഫുട്ബോള്‍ ഇതിഹാസമായി ആദരിക്കുന്ന പോര്‍ച്ചുഗലിന്റെ യുസേബിയോ (71) നിര്യാതനായി. പോര്‍ച്ചുഗല്‍ ലോകത്തിന് സംഭാവനചെയ്ത ഏറ്റവും മികച്ച താരമായ യുസേബിയോ ഡാ സില്‍വ ഫെറീറ ഹൃദയാഘാതംമൂലമാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവില്‍ ജനിച്ച് ലോകഫുട്ബോളിന്റെ നെറുകയില്‍ രാജാവായി വാണ യുസേബിയോയെ ചരിത്രത്തിലെ മികച്ച 10 താരങ്ങളില്‍ ഒരാളായാണ് വാഴ്ത്തുന്നത്. അപാരമായ വേഗവും കൃത്യതയുമുള്ള ഈ മുന്നേറ്റക്കാരന്‍ "കരിമ്പുലി" എന്നാണ് അറിയപ്പെട്ടത്. കറുത്തമുത്ത്, ചക്രവര്‍ത്തി എന്നീ വിളിപ്പേരുകളുമുണ്ട്. പോര്‍ച്ചുഗലിന്റെ അധീനതയിലുള്ള മൊസാംബിക്കില്‍ വെളുത്ത വര്‍ഗക്കാരനായ അച്ഛനും കറുത്ത വര്‍ഗക്കാരിയായ അമ്മയ്ക്കും ജനിച്ച യുസേബിയോയുടെ താല്‍പ്പര്യം ബാല്യംമുതല്‍ ഫുട്ബോളായിരുന്നു. എട്ടാംവയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലായി കുടുംബം. വിദ്യാഭ്യാസം നേടി കരപറ്റണം എന്ന ചിന്തയൊന്നും മനസ്സിലില്ലാതിരുന്ന ഈ ബാലന്‍ സ്കൂളില്‍നിന്നു മുങ്ങി കടലാസ് നിറച്ച തുണിപ്പന്തുമായി മൈതാനങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്നു.

അമ്പതുകളിലെ ബ്രസീല്‍ ടീമിനോടുള്ള പ്രണയത്താല്‍ ബാലനായ യുസേബിയോ കൂട്ടുകാരുമായി ചേര്‍ന്ന് ഒസ് ബ്രസീലിയോറസ് (ബ്രസീല്‍) ടീം രൂപീകരിച്ചു. തുണിപ്പന്തില്‍ ഈ കുഞ്ഞു ബ്രസീലുകാര്‍ ഇന്ദ്രജാലംകാട്ടി. കൂട്ടത്തില്‍ ഏറ്റവും മിടുക്കനായ യുസേബിയോയെ 15-ാംവയസ്സില്‍ സ്പോര്‍ട്ടിങ് ഡി ലൗറെന്‍കോ മാര്‍ക്വസ് എന്ന ക്ലബ് റാഞ്ചി. മൂന്നുവര്‍ഷത്തിനുശേഷം ബെനഫിക്കയില്‍ എത്തിയതോടെ കരിമ്പുലി ജൈത്രയാത്ര തുടങ്ങി. പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ സുവര്‍ണകാലമായ അറുപതുകളില്‍ യുസേബിയോ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. 1966ലെ ലോകകപ്പില്‍ പറങ്കികള്‍ മൂന്നാംസ്ഥാനം നേടിയപ്പോള്‍ ഈ മുന്നേറ്റക്കാരന്‍ ഒമ്പത് ഗോളുമായി ടോപ് സ്കോററുമായി. വടക്കന്‍ കൊറിയക്കെതിരായ കളിയില്‍ ടീം 3-0ന് പിന്നില്‍നില്‍ക്കുമ്പോള്‍ നാല് ഗോളടിച്ച യുസേബിയോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ 5-3ന് സെമിയില്‍ എത്തിയത്. ബെനഫിക്കയ്ക്കുവേണ്ടി 301 മത്സരത്തില്‍ 307 ഗോളടിച്ച അദ്ദേഹം 11 തവണ ക്ലബ്ബിനെ ലീഗ് ചാമ്പ്യന്‍മാരുമാക്കി. ഒരുതവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരും.

1962ലെ ഇതിഹാസ ഫൈനലില്‍ റയല്‍ മാഡ്രിഡായിരുന്നു എതിരാളികള്‍. ഫ്രാങ്ക് പുസ്കാസിന്റെ ഹാട്രിക്ക് മികവില്‍ റയല്‍ കിരീടത്തിലേക്ക് കുതിക്കവെ ബെനഫിക്ക ശക്തമായി തിരിച്ചുവന്നു. ഒടുവില്‍ പോര്‍ച്ചുഗല്‍ ടീം 5-3ന് ജയിച്ചപ്പോള്‍ അവസാന രണ്ടുഗോള്‍ സ്വന്തം പേരില്‍ക്കുറിച്ച് യുസേബിയോ ഹീറോയായി. ദേശീയ ടീമിനുവേണ്ടി 1961-73 കാലത്തിനിടെ 64 മത്സരം കളിച്ചു. 41 ഗോള്‍. ദേശീയ ടീമില്‍നിന്ന് 1973ല്‍ വിരമിച്ചെങ്കിലും രണ്ടുവര്‍ഷംകൂടി അദ്ദേഹം ബെനഫിക്കയില്‍ തുടര്‍ന്നു. അഞ്ചുതവണ ശസ്ത്രക്രിയക്കു വിധേയനായിട്ടും മുട്ടിലെ പരിക്ക് വിടാതെ വേട്ടയാടിയപ്പോള്‍ അദ്ദേഹം സജീവ ഫുട്ബോള്‍ മതിയാക്കി. തുടര്‍ന്ന് അമേരിക്കയിലെ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചു. പിന്നീട് ബെനഫിക്കയുടെ സഹപരിശീലകനായ അദ്ദേഹം പോര്‍ച്ചുഗല്‍ ടീമിന്റെ മത്സരങ്ങളില്‍ സ്ഥിര സാന്നിധ്യമായി.

deshabhimani

Saturday, November 23, 2013

കരുനീക്കത്തിലെ ഇന്ദ്രജാലം

സ്വന്‍ മാഗ്നസ് ഒന്‍ കാള്‍സണ്‍ എന്ന നാമത്തിന് അത്ഭുതം എന്നും പര്യായമുണ്ട്. അഞ്ചാം വയസ്സില്‍ മനസ്സില്ലാ മനസ്സോടെ, അച്ഛന്റെ താല്‍പ്പര്യപ്രകാരം ചെസ് കളി തുടങ്ങിയതുമുതല്‍ ചെന്നൈയില്‍ ലോകകിരീടം നേടിയതുവരെയുള്ള മാഗ്നസ് കാള്‍സന്റെ ജീവിതത്തെ അത്ഭുതം എന്നല്ലാതെ മറ്റെന്താണ് പറയുക. അത്ഭുതം, ഇന്ദ്രജാലം എന്നീ വാക്കുകള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെടുത്തിയാണ് പറയുക. കാള്‍സന്റെ കരിയറും, കേളീശൈലിയും തമ്മിലും ഇതേ ബന്ധമുണ്ട്. ചരിത്രത്തിലെ മൂന്നാമത്തെ പ്രായംകുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍. എക്കാലത്തെയും മികച്ച റേറ്റിങ് ഉള്ളതാരം, പ്രായംകുറഞ്ഞ ലോക ഒന്നാം നമ്പര്‍, ഒടുവിലിതാ ആദ്യശ്രമത്തില്‍, 22-ാം വയസ്സില്‍ ലോകചാമ്പ്യനും- ഇതിനെ അത്ഭുതം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക, അല്ലെങ്കില്‍ മഹേന്ദ്രജാലം എന്നോ?.
എന്‍ജിനിയര്‍ ദമ്പതികളുടെ മകനായി ജനിച്ച കാള്‍സണ്‍ വെറും രണ്ടാം വയസ്സില്‍ 50 കഷണങ്ങളുള്ള ജിഗ്സോ പസില്‍ അനായാസം കൂട്ടിയോജിപ്പിക്കുമായിരുന്നത്രെ!. ബുദ്ധിവൈഭവത്തെക്കുറിച്ചുള്ള ആദ്യ തെളിവും ഇതുതന്നെ. അഞ്ചാം വയസ്സിലാണ് 64 കളത്തിലെ കളി തുടങ്ങുന്നത്. അച്ഛന്‍ ഹെന്‍റിക്ക് കാള്‍സണാണ് കളി പഠിപ്പിച്ചത്. എന്നാല്‍ ഭാവി ലോകചാമ്പ്യന് ഈ കളിയില്‍ അത്ര താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ചെസ്കളത്തിലെ അഴിയാക്കുരുക്കുകള്‍ ഈ ബാലനെ ആകര്‍ഷിച്ചു. മണിക്കൂറുകളോളം മുറിയില്‍ അടച്ചിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു പതിവ്. പുതിയ രീതികള്‍, നീക്കങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമം. അച്ഛനും ഇക്കാര്യത്തില്‍ സഹായിച്ചു. 1999ലെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു ആദ്യ പ്രധാനപ്പെട്ട മത്സരം. എട്ടാം വയസ്സില്‍ കളിച്ച ഈ ടൂര്‍ണമെന്റില്‍ ആറര പോയിന്റായിരുന്നു സമ്പാദ്യം. തുടക്കം ഒട്ടും മോശമായില്ലെന്നര്‍ഥം. തൊട്ടടുത്തവര്‍ഷം ഇന്റര്‍നഷണല്‍ മാസ്റ്റര്‍ ടോര്‍ജന്‍ റിങ്ദാല്‍ ഹാന്‍സനുമൊത്ത് കാള്‍സണ്‍ പരിശീലനം തുടങ്ങി. ഇത് ചെസ് ജീവിതത്തിലെ വഴിത്തിരിവുമായി. ഒരുവര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ഈ ബാലന്‍ നോര്‍വീജിയന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖരെ അടിയറവു പറയിപ്പിക്കുകയും ചെയ്തു. നാലരമണിക്കൂര്‍ പഠനത്തിന്, പിന്നെ ഫുട്ബോളും സ്കീയിങ്ങും, ഒപ്പം പ്രശസ്തമായ ഡൊണാള്‍ഡ് ഡക്ക് കോമിക്സ് വായനയും. ഇതിനിടയില്‍ ചെസും- ഈ കുട്ടിയുടെ അന്നത്തെ ജീവിതം ഇങ്ങനെയായിരുന്നു.

വിക് ആന്‍സീയില്‍ 2004ല്‍ നടന്ന കോറസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പില്‍ ജേതാവാകുന്നതോടെയാണ് ഈ ഭാവിതാരത്തെ ലോകം ശ്രദ്ധിക്കുന്നത്. ഇതേവര്‍ഷം ഏപ്രിലില്‍ 13-ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. അന്ന് ഈ ബഹുമതി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായിരുന്നു. സി ഗ്രൂപ്പിലെ ജയം അടുത്തവര്‍ഷം ബി ഗ്രൂപ്പില്‍ കളിക്കാനുള്ള യോഗ്യത നല്‍കി. അതേവര്‍ഷംതന്നെ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രശസ്ത ചെസ് എഴുത്തുകാരന്‍ ലുബോമിര്‍ കവാലക്ക് കാള്‍സണെക്കുറിച്ച് എഴുതി. "ചതുരംഗക്കളത്തിലെ മൊസാര്‍ട്ട്" എന്നാണ് കവാലക്ക് നോര്‍വെതാരത്തെ വിശേഷിപ്പിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ജൈത്രയാത്രയുടേതായിരുന്നു. 2010ല്‍19-ാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ പദവി- ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഒന്നാം റാങ്കുകാരന്‍. ഈ വര്‍ഷം ജനുവരിയില്‍ 2861 എലോ റേറ്റിങ്. ഫിഡെ റാങ്കിങ്ങിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകചാമ്പ്യനെ വെല്ലുവിളിക്കാനുള്ള താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനു യോഗ്യത. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ജയിച്ച് വിശ്വനാഥന്‍ ആനന്ദുമായുള്ള ലോകചാമ്പ്യന്‍ഷിപ് പോരാട്ടത്തിന് യോഗ്യത. ഒടുവില്‍ ലോകകിരീടവും.

deshabhimani

Sunday, October 20, 2013

മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ടൂത്ത് ബ്രഷ് ചുഴറ്റുന്ന ലാഘവത്തോടെ ബാറ്റ് നാലുവശത്തേക്കും വീശി അത്ഭുതം സൃഷ്ടിക്കുന്നവന്‍ എന്ന് വിളിച്ചത് ഓസ്ട്രേലിയന്‍ ബൗളര്‍ ബ്രെറ്റ് ലീയാണ്. കനമേറിയ ബാറ്റ് സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറിന്റെ കൈയിലെത്തിയാല്‍ അനായാസവേഗമാര്‍ജിച്ച് വിക്കറ്റിനു ചുറ്റും കൊടുങ്കാറ്റ് സൃഷ്ടിക്കും. ആവേശവും ആഘോഷവുമില്ല. കര്‍മം ചെയ്യുക; കര്‍മ ഫലം വാങ്ങുക- പുഞ്ചിരിയോടെ വീട്ടിലേക്ക് പോവുക. പുറത്തിറങ്ങിയാല്‍ ആരാധകശല്യം. അതുകൊണ്ട് പ്രച്ഛന്നവേഷത്തില്‍ സഞ്ചാരം.

അസ്വാഭാവിക വിഗ്ഗ് വച്ച് മുംബൈയുടെ രാത്രികളില്‍ അലയുന്ന സച്ചിനെ പലരും കണ്ടിട്ടുണ്ട്. വിവാദങ്ങള്‍ക്കും വാതുവയ്പുകള്‍ക്കും വഴി വേറെയാണ്. ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള മണ്ഡലം ബാങ്കുകളുടേതും ഉപ്പുമാങ്ങയുടേതുമാണെന്ന പതിവുരീതി തെറ്റിച്ചാണ് സച്ചിന്‍ മുംബൈ വിക്ടോറിയക്ക് വിളിപ്പാടകലെയുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നോമിനേഷന്‍ കൊടുത്തത്. അവിടെ ജാതിയും ശരീരഭാഷയും പറഞ്ഞ് ആരും തോല്‍പ്പിക്കാനെത്തിയില്ല. മാന്യത വിലകൊടുത്ത് വാങ്ങാനാകില്ല. ക്രിക്കറ്റിെന്‍ മാന്യന്മാരുടെ കളി എന്ന് വിളിച്ച കാലമുണ്ടായിരുന്നു.

ചിയര്‍ഗേളും ചതിയും ഒത്തുകളിയും വാതുവയ്പും വിയര്‍പ്പോഹരിയും ഇല്ലാത്ത കാലം. അക്കാലത്താണ് ഒന്നര മാന്യനായി സച്ചിന്‍ വളര്‍ന്നുയര്‍ന്നത്. കൂട്ടുകാരന്‍ വിനോദ് കാംബ്ലി പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ സച്ചിന്‍ ലിഫ്റ്റിലാണ് കുതിച്ചത് എന്നത് പറഞ്ഞുപഴകിയ തമാശ. പതിനാലാം വയസ്സില്‍ ഗവാസ്കറില്‍നിന്ന് പാഡുകള്‍ സമ്മാനമായി നേടിയതും പതിനഞ്ചില്‍ ബോംബെ ടീമിനുവേണ്ടി സെഞ്ചുറി നേടിയതും ക്രിക്കറ്റിലെ അത്ഭുതങ്ങള്‍ക്ക് തുടക്കം. ആ അത്ഭുതത്തിന്റെ പാഡുകളാണ് സച്ചിന്‍ അഴിച്ചുവയ്ക്കുന്നത്. സമ്പൂര്‍ണതാരത്തിന് ഇനി കീഴടക്കാന്‍ ഉയരങ്ങളില്ല. സമ്പാദിച്ചുകൂട്ടിയ റണ്ണിന്റെയും സെഞ്ചുറിയുടെയും റെക്കോഡുകളുടെയും കണക്കുപുസ്തകം എളുപ്പം വായിച്ചുതീര്‍ക്കാവുന്നതുമല്ല. കളിച്ചു തോല്‍പ്പിക്കാന്‍ ഇനിയൊരുതാരം ജനിക്കേണ്ടിയിരിക്കുന്നു.

വിടവാങ്ങല്‍ ദുഃഖകരമാണ്. സച്ചിന് ബാറ്റേന്തി കളത്തില്‍ ഇനിയും നിറഞ്ഞുനില്‍ക്കാം- തന്നെ വേണ്ടാതാകുന്നതുവരെ. ആ സാഹസത്തിന്റെ ഉല്‍പ്പന്നം അസ്പൃശ്യതയാണെന്ന തിരിച്ചറിവില്‍നിന്നാണ് ഔചിത്യപൂര്‍ണമായ തീരുമാനം ജനിച്ചത് എന്നുകരുതാം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നു. ശാന്തമായ പുഞ്ചിരിയില്‍ ഒളിച്ചുവച്ച ചടുലതയും ലക്ഷ്യബോധവും കാഴ്ചപ്പുറത്തുനിന്ന് നഷ്ടമാകുന്നതിന്റെ വിഷമത്തിലും ക്രിക്കറ്റ് പ്രേമിക്ക് എന്നും ഓര്‍ത്ത് പുളകംകൊള്ളാന്‍ ഏറെ അനുഭവങ്ങള്‍ അവശേഷിപ്പിച്ചാണ് സച്ചിന്‍ കളിക്കളം വിടുന്നത്. സച്ചിനെ ദൈവമാക്കിയവരുണ്ട്. ക്രിക്കറ്റ് എന്റെ മതമാണ്; സച്ചിന്‍ എന്റെ ദൈവവും എന്ന് പാടി നടക്കുന്ന ആരാധകവൃന്ദം. ഫാന്‍സ് അസോസിയേഷനുവേണ്ടി ഗോഷ്ടി കാട്ടാനും ആര്‍പ്പുവിളികളില്‍ സായുജ്യമടഞ്ഞ് കളി മറക്കാനും നിന്നില്ല എന്നതാണ് സച്ചിന്റെ മഹത്വം.

ക്രിക്കറ്റിലെ പ്രശസ്തി പലപല വരുമാന സ്രോതസ്സുകള്‍ തുറക്കുമ്പോള്‍, ഇരുനൂറ് നിര്‍ധനകുഞ്ഞുങ്ങള്‍ക്ക് അത്താണിയാകാനും സച്ചിന്‍ സമയം കണ്ടെത്തുന്നു. സാമൂഹ്യസേവനം മഹത്വത്തിന്റെ ഉപാധിയായി ഉദ്ഘോഷിക്കുന്നില്ല. അതുകണ്ടാകണം, ഏറ്റവും മികച്ചതിലും കുറ്റം കണ്ടെത്തുന്നവരാണ് സച്ചിന്റെ വിമര്‍ശകര്‍ എന്ന് കപില്‍ദേവ് പറഞ്ഞത്. കണ്ടു പഠിക്കാന്‍ ഏറെ കാര്യങ്ങള്‍ അവശേഷിപ്പിച്ചാണ് സച്ചിന്‍ ജീവിതത്തിന്റെ പവലിയനിലേക്ക് മടങ്ങുന്നത്. അത് കണ്ണുതുറന്ന് കാണണം- എല്ലാ കളിക്കാരും.

കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങളും കളത്തിനു പുറത്തെ താരമൂല്യവും സമ്പന്നതയുടെ ഉത്തുംഗത്തിലേക്ക് സച്ചിനെയും നയിച്ചിട്ടുണ്ട്. മുംബൈയിലെ നക്ഷത്ര ഭക്ഷണശാലകളടക്കമുള്ള അനേകം കച്ചവടസ്ഥാപനങ്ങളുടെ ഉടമയായിട്ടാകും നാളത്തെ സച്ചിനെ നാമറിയുക. ഫാന്‍സ് അസോസിയേഷനുകള്‍ക്കു പുറകെ പോകാത്ത; പന്തില്‍ കൃത്രിമത്വം കാണിച്ചു എന്ന ആരോപണത്തെ മനസ്സാന്നിധ്യത്തോടെ നേരിട്ട് തന്റെ സത്യസന്ധത ലോകത്തിനുമുന്നില്‍ തെളിയിച്ച മാന്യനായ ക്രിക്കറ്റ് താരം പക്ഷേ ചരിത്രത്തില്‍ തിളങ്ങിത്തന്നെ തുടരും. ആള്‍ക്കൂട്ടവും ആരവങ്ങളുമല്ല ആത്മാര്‍ഥതയും അര്‍പ്പണവും അധ്വാനവുമാണ് മഹത്വം എന്ന പാഠത്തെ സച്ചിന്‍ എന്ന പേര് പ്രതീകവല്‍ക്കരിക്കുന്നു.

സൂക്ഷ്മന്‍ deshabhimani varanthapathipp

Friday, October 11, 2013

"സച്ചിന്‍ ഡിക്ലയേഡ് ഇന്നിങ്സ് "

ഒടുവില്‍ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. ഇരുന്നൂറാം ടെസ്റ്റ് എന്ന അനുപമ നേട്ടം കൂടി കൈവരിച്ച ശേഷമാകും ലോക കായികചരിത്രത്തിലെ ഈ അതികായന്‍ ക്രീസ് വിടുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ബിസിസിഐക്ക് നല്‍കിയ കത്തില്‍ സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിന് നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് അവസാനമാകുക. ഏകദിന ക്രിക്കറ്റില്‍നിന്ന് കഴിഞ്ഞ ഡിസംബറില്‍ സച്ചിന്‍ വിരമിച്ചു.

ഈയിടെ സമാപിച്ച ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റോടെ ട്വന്റി-20യെന്ന കുട്ടിക്രിക്കറ്റിനോടും വിടചൊല്ലി. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാനെതിരെ അരങ്ങേറിയ സച്ചിന്‍ ക്രിക്കറ്റിലെ അത്ഭുതമായി പിന്നീടു മാറി. 198 ടെസ്റ്റ്, 463 ഏകദിനം, ഒരു ട്വന്റി-20. റെക്കോഡുകളുടെ റെക്കോഡുമായാണ് മടക്കം. ടെസ്റ്റില്‍ 15,837 റണ്ണും ഏകദിനത്തില്‍ 18,426 റണ്ണും അടിച്ചുകൂട്ടി. 53.86 ബാറ്റിങ് ശരാശരിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ് വീശിയ ഈ മുംബൈക്കാരന്‍ 51 സെഞ്ചുറിയും 67 അരസെഞ്ചുറിയും സ്വന്തംപേരില്‍ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറിയെന്ന അനുപമ നേട്ടവും ഈ നാല്‍പ്പതുകാരന് സ്വന്തം. വികാരനിര്‍ഭരമായിരുന്നു വിരമിക്കല്‍ കത്ത്. ക്രിക്കറ്റില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലെന്ന് സച്ചിന്‍ എഴുതി. ഇന്ത്യക്കുവേണ്ടി കളിക്കുകയെന്ന സ്വപ്നത്തിലായിരുന്നു ഇത്രയുംകാലം. തന്നെ പിന്തുണച്ച ആരാധകര്‍ക്കും കുടുംബത്തിനും ബിസിസിഐക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്. 200-ാം ടെസ്റ്റോടെ മറ്റൊരു ബഹുമതിയുമായാണ് ലിറ്റില്‍ മാസ്റ്റര്‍ അരങ്ങൊഴിയുന്നത്. ഈ നേട്ടം കൈവരിച്ച മറ്റാരുമില്ല. 200 ടെസ്റ്റ് കളിക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു താരം ഉയര്‍ന്നുവരാനുള്ള സാധ്യതയും വിരളം.

deshabhimani

Saturday, September 28, 2013

വ്യാജ ടിടി അക്കാദമി: മുന്‍മന്ത്രി ഗണേശിനും പങ്ക്

തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ തട്ടിക്കൂട്ടിയ വ്യാജ ടേബിള്‍ ടെന്നീസ് അക്കാദമിക്ക് സര്‍ക്കാരിന്റെ 10 ലക്ഷം രൂപ നല്‍കിയതിന് പിന്നില്‍ മുന്‍മന്ത്രി കെ ബി ഗണേശ്കുമാറും. ഗണേശ് കായികമന്ത്രിയായിരിക്കെ മന്ത്രി ചെയര്‍മാനും സ്പോര്‍ട്സ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല സമിതിയാണ് പണം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനായി അസോസിയേഷന്‍ വ്യാജപദ്ധതി തയ്യാറാക്കുകയായിരുന്നു. ചാല ഗവ. ബോയ്സ് ഹൈസ്കൂളിലും ഗേള്‍സ് ഹൈസ്കൂളിലും ടേബിള്‍ ടെന്നീസ് അക്കാദമി സ്ഥാപിക്കാനെന്ന പേരിലാണ് വ്യാജപദ്ധതി തയ്യാറാക്കി സമിതിക്ക് നല്‍കിയത്. ഇതോടെ കണ്ണുമടച്ച് പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

സംസ്ഥാനത്ത് വിവിധോദ്ദേശ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനും സ്കൂളുകള്‍ക്ക് കായികോപകരണങ്ങളും പുതിയ സംവിധാനങ്ങളും നല്‍കുന്നതിനുമായി തയ്യാറാക്കിയ പദ്ധതിയുടെ ഫണ്ടാണ് അക്കാദമിക്ക് വകമാറ്റി മറിച്ചുനല്‍കിയത്. ജനുവരി 25ന് ചേര്‍ന്ന യോഗമാണ് അപേക്ഷ പരിഗണിച്ചത്. വ്യാജ അക്കാദമിക്കുള്ള 10 ലക്ഷം ഉള്‍പ്പെടെ 85,50,600 രൂപയാണ് ഉന്നതതല സമിതി അനുമതി നല്‍കിയ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. മറ്റ് പദ്ധതികളെക്കുറിച്ചും ഇതോടെ സംശയമുണര്‍ന്നിരിക്കുകയാണ്.

സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമവകുപ്പും ട്രിവാന്‍ഡ്രം ഡിസ്ട്രിക്ട് ടേബിള്‍ ടെന്നീസ് അസോസിയേഷനും സംയുക്തമായി തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.എന്നാല്‍, ഗണേശ്കുമാര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ജില്ലാ ടെബിള്‍ ടെന്നീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുത്തത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി അബ്ദുള്‍ റസാഖ്, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ഗണേശന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അംബിക രാധിക, സെക്രട്ടറി ആര്‍ രാജേഷ്, ട്രഷറര്‍ മുരളി ശങ്കര്‍, യുവജനക്ഷേമവകുപ്പ് ഡയറക്ടര്‍ അമിത് മാലിക് എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ പത്മിനി തോമസും അബ്ദുള്‍റസാഖും അമിത് മാലിക്കും ഗണേശ്കുമാറിനൊപ്പം ഉന്നതതല സമിതിയിലും അംഗങ്ങളായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമവകുപ്പും ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷനും ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍, ടേബിള്‍ ടെന്നീസ് അക്കാദമി ഇതുവരെ രൂപീകരിച്ചിട്ടില്ല. പദ്ധതി ആരംഭിക്കാന്‍ സ്കൂളില്‍നിന്ന് അനുമതിപോലും വാങ്ങിയില്ല. പണം അനുവദിക്കുന്നതിനുമുമ്പ് ടേബിള്‍ ടെന്നീസ് അക്കാദമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിച്ചില്ല. ഇങ്ങനെയൊരു അക്കാദമിയേപ്പറ്റി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനോടുപോലും കൂടിയാലോചന നടത്തിയില്ല.
(വി ഡി ശ്യാംകുമാര്‍)

deshabhimani

Friday, September 6, 2013

അതിവേഗം ബഹുദൂരം" ദേശീയ ഗെയിംസിനെ പടിക്കുപുറത്താക്കുമോ?

കേരള കായികചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവെന്നു വാഴ്ത്തപ്പെടുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ സംഘാടനത്തിലും മുന്നൊരുക്കത്തിലും കേരളം എത്രത്തോളം മുന്നോട്ടുപോകുന്നു? സര്‍ക്കാരിന്റെ "അതിവേഗം ബഹുദൂരം" എന്ന മുദ്രാവാക്യം ദേശീയ ഗെയിംസ് സംഘാടനത്തിന്റെ എല്ലാതലത്തിലും അതിവേഗം ബഹുദൂരം പിന്നില്‍ത്തന്നെ. തിരുവനന്തപുരംമുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ പല വേദികളിലായി 2014 ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ച ദേശീയ ഗെയിംസിന് കഷ്ടിച്ച് അഞ്ചുമാസംപോലും ബാക്കിയില്ലെന്നിരിക്കെ ഒരു വേദിയും പൂര്‍ണമായ നിലയില്‍ സജ്ജമാക്കിയെന്ന് മുന്‍ ഡിജിപികൂടിയായ ജേക്കബ് പുന്നൂസ് അധ്യക്ഷനായ സംഘാടക സമിതിക്ക് അവകാശപ്പെടാനാകില്ല.
 
ദേശീയ ഗെയിംസ് നടത്തുന്നത് ഫെബ്രുവരിയിലാണെന്ന് കേരളം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അനുമതി ആയിട്ടില്ലെന്ന ന്യായമാണ് സംഘാടകര്‍ക്കുള്ളത്. അതേസമയം, അഴിമതിക്കാരെത്തന്നെ കസേരയിലിരുത്തി മുന്നോട്ടുപോകാന്‍ ഭരണഘടനാ ദേഭഗതിചെയ്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലിന്റെ തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. അങ്ങനെ ഐഒഎയുടെ അനുമതി വൈകുമെന്നതിനാല്‍ ഗെയിംസ് തീയതി ഇനിയും നീട്ടിവയ്ക്കാമെന്ന കണക്കുകൂട്ടലോടെ ബന്ധപ്പെട്ടവര്‍ തങ്ങളുടെ സംഘാടന ദൗര്‍ബല്യങ്ങളും പിടിപ്പുകേടും മറയ്ക്കാനുള്ള ശ്രമത്തിലാണ്. 2008ലാണ് കേരളത്തില്‍ ദേശീയ ഗെയിംസ് നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്. 2010 മേയില്‍ ഗെയിംസ് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ 2007ല്‍ നടക്കേണ്ട റാഞ്ചി ഗെയിംസ് നീണ്ടുപോയി 2011ലാണ് യാഥാര്‍ഥ്യമായത്.

അതോടെ കേരളത്തിന്റെ ഊഴം 2012ലായി. അത് പിന്നെയും നീട്ടിയാണ് 2014 ഫെബ്രുവരിയില്‍ എത്തിനില്‍ക്കുന്നത്. 2008ല്‍ ചെലവു കണക്കാക്കിയത് 220 കോടി രൂപയാണ്. എന്നാല്‍ പുതിയ കണക്കുകൂട്ടല്‍ അനുസരിച്ച് 637 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 23 സ്റ്റേഡിയങ്ങള്‍ പുനരുദ്ധരിക്കാന്‍ 292 കോടി രൂപ, പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ 250 കോടി, ഗെയിംസ് നടത്തിപ്പിനായി 45 കോടി, മാനംകുളത്ത് നിര്‍മിക്കുന്ന ഇളക്കിമാറ്റാന്‍ കഴിയുന്ന ഗെയിംസ് വില്ലേജിനായി 50 കോടി രൂപ എന്നിങ്ങനെയാണ് ചെലവു കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 336 കോടി രൂപയാണ് സംസ്ഥാനം വഹിക്കുന്നത്. പല വേദികളിലെയും സ്റ്റേഡിയങ്ങളുടെ നിര്‍മാണ നവീകരണ ടെന്‍ഡറില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ റീടെന്‍ഡര്‍ വിളിച്ച് നാളുകള്‍ ഏറെയായിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.

കണ്ണൂര്‍ ടൗണില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ മുണ്ടയാടില്‍ 7500ലേറെ ചതുരശ്രമീറ്റര്‍ വലുപ്പത്തില്‍ ജൂലൈ ആദ്യവാരം പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി കാല്‍ഭാഗംപോലും ആയിട്ടില്ല. ദേശീയ ഗെയിംസിനെത്തുന്ന കായികതാരങ്ങള്‍ക്ക് താമസിക്കാനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മാണം തുടങ്ങിയിട്ടില്ല. എന്നാല്‍ അതിനു മുമ്പേ ടെന്‍ഡറുകള്‍ സംബന്ധിച്ച വിവാദം ചൂടുപിടിക്കുന്നു.
 
നിര്‍മാണത്തിനു മുന്നോട്ടുവന്ന മൂന്നു കമ്പനികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട്ചെയ്ത റിനാക് ഇന്ത്യ, സര്‍ക്കാരിനുവേണ്ടിയുള്ള നിര്‍മാണമായതിനാല്‍ സേവനനികുതി ബാധകമല്ലെന്ന വ്യവസ്ഥ മുന്നോട്ടുവച്ചതാണ് പ്രശ്നമായത്. പുരുഷന്മാരുടെ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കേണ്ട കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. കേരളത്തിന് ഏറ്റവുമധികം മെഡല്‍നേട്ടമുള്ള കാനോയിങ്, കയാക്കിങ്, വേവിങ് മത്സരങ്ങള്‍ക്കുള്ള വേദി പുന്നമടക്കായലിനു പകരം മറ്റൊരു ഭാഗത്തേക്ക് മാറ്റാനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടാണെന്നാരോപിച്ച് ഈ രംഗത്തെ താരങ്ങള്‍തന്നെ മുഖ്യമന്ത്രിക്കും ജേക്കബ് പുന്നൂസിനും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനും പരാതി നല്‍കുന്നിടത്തുവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

അങ്ങനെ മറ്റു മിക്ക വേദികളിലെയും നിര്‍മാണപ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ കൈവശമുള്ള സ്പോര്‍ട്സ് വകുപ്പിന്റെയും ഗെയിംസ് സെക്രട്ടറിയറ്റിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയുമൊക്കെ ഒത്തൊരുമയില്ലായ്മകൊണ്ടും പിടിപ്പുകേടുകൊണ്ടും അനിശ്ചിതത്വത്തിലാണ്. അതായത്, നാലുകൊല്ലം വൈകിയെത്തുന്ന ദേശീയ ഗെയിംസ് സംഘാടനം ഒന്നാംതരം കോമഡിഷോയായി മുന്നേറുകയാണ്. ഫണ്ട് ധാരാളമുണ്ടെന്നു കരുതി തട്ടിപ്പുകാര്‍ സംഘാടകസമിതിയില്‍ പിടിമുറുക്കിയിട്ടുണ്ട്.

എ എന്‍ രവീന്ദ്രദാസ് deshabhimani

Thursday, June 6, 2013

"മോക്ക" നിലനില്‍ക്കാനിടയില്ല

ഐപിഎല്‍ വാതുവയ്പ് കേസില്‍ പിടിയിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ "മോക്ക" നിയമവ്യവസ്ഥകള്‍ കോടതിയില്‍ നിലനില്‍ക്കാനിടയില്ല. നേരത്തെ ചുമത്തിയ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ക്ക് പോലും വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ കഴിയാതിരിക്കെയാണ് മോക്ക ചുമത്തിയത്. വാതുവയ്പുകാര്‍ക്ക് അധോലോക ബന്ധമുണ്ടെന്ന പൊലീസ് വാദം സ്ഥാപിക്കാന്‍ കാര്യമായൊന്നുമില്ല. മാത്രവുമല്ല, തീവ്രവാദ കേസുകളില്‍ ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ കോടതി തള്ളുന്നതും പതിവുകാര്യം.

വാതുവയ്പുകാരുടെ അധോലോകബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പിടിച്ചെടുത്തെന്നാണ് പൊലീസ് വാദം. എന്നാല്‍, ശ്രീശാന്ത് വാതുവയ്പുകാരുമായി ബന്ധപ്പെട്ടതിന് തെളിവില്ല. വാതുവയ്പുകാരും അധോലോക വമ്പന്മാരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന വാദം മുഖവിലയ്ക്കെടുത്താല്‍ തന്നെ ഇതൊരു മുഖ്യതെളിവല്ല. അധോലോകബന്ധം സാധൂകരിക്കാന്‍ പണമിടപാടിനും മറ്റും തെളിവുവേണം. എന്നാല്‍, പിടിച്ചെടുത്ത പണം അധോലോകം വഴിയുള്ളതാണെന്നതിനും തെളിവില്ല. ശ്രീശാന്തിന് ഒത്തുകളിയില്‍ 10 ലക്ഷം ലഭിച്ചതായി പൊലീസ് പറയുന്നു. ഇതില്‍ അഞ്ചു ലക്ഷം ചെലവിട്ടതിന് രേഖ കണ്ടെത്തിയെന്നും പറയുന്നു. എന്നാല്‍, ശ്രീശാന്ത് ചെലവഴിച്ചത് വാതുവയ്പില്‍ ലഭിച്ച തുകയാണെന്നതിന് തെളിവില്ല. മുംബൈയിലെ ക്രിമിനല്‍-ഗുണ്ടാ പ്രവര്‍ത്തനത്തിന് അറുതിവരുത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മോക്ക കൊണ്ടുവന്നത്. വാതുവയ്പ് കേസില്‍ അക്രമം നടന്നതായി സ്ഥാപിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ചുമത്തേണ്ട വകുപ്പുകളെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ അവ്യക്തതയുണ്ടായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഇതുസംബന്ധിച്ച വ്യവസ്ഥ ഇല്ലാത്തതായിരുന്നു പ്രശ്നം. പണം തട്ടിക്കല്‍ പോലുള്ള വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ വഞ്ചന നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമവൃത്തങ്ങളില്‍ ഭിന്നാഭിപ്രായമുണ്ട്.

ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ഫോണ്‍ സംഭാഷണത്തിന്റെ പോലും പിന്‍ബലമില്ല. തുടര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് ശ്രീശാന്ത് അടക്കമുള്ളവര്‍ കുറ്റകരമായ വിശ്വാസലംഘനം നടത്തിയെന്നു കാട്ടി പൊലീസിന് പരാതി നല്‍കിയത്. ബിസിസിഐ, ഐപിഎല്‍, കളിക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ത്രികക്ഷി കരാറിനു വിരുദ്ധമായി ശ്രീശാന്തും മറ്റും പ്രവര്‍ത്തിച്ചെന്നായിരുന്നു പരാതി. എന്നാല്‍, വിഷയത്തില്‍ ബിസിസിഐ പരാതി നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയം. കുറ്റകരമായ വിശ്വാസവഞ്ചന എന്നത് നിലനില്‍പ്പുള്ള വാദമാണോ എന്നത് കണ്ടറിയണം. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു വാതുവയ്പുകാരുമായി ബന്ധപ്പെട്ടതായി പൊലീസ് പറയുന്നു. ജിജു ശ്രീശാന്തിന്റെ സന്തത സഹചാരി ആണെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇതും കോടതിയില്‍ നിലനില്‍ക്കില്ല. ഏതെങ്കിലും വ്യക്തിയുമായുള്ള ബന്ധം അയാളുടെ ദുരൂഹബന്ധങ്ങളിലുള്ള പങ്കാളിത്തമാണെന്ന് വാദിക്കാന്‍ പൊലീസിനാകില്ല. ഇക്കാര്യത്തില്‍ നേരത്തെ കേസ് പരിഗണിച്ച മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി പൊലീസിനെ വിമര്‍ശിച്ചിരുന്നു.

deshabhimani

Saturday, May 18, 2013

കള്ളക്കളി


2008ല്‍ തുടങ്ങിയ ഐപിഎല്‍ മേള ഒരിക്കല്‍പ്പോലും വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞില്ല. ഓരോ വര്‍ഷവും ഓരോ വിവാദങ്ങള്‍. കള്ളപ്പണം, മയക്കുമരുന്ന്, പീഡനം തുടങ്ങി അപമാനകരമായ വിഷയങ്ങള്‍ ഈ ചൂതാട്ടമേളയുടെ ഓരോ ലക്കങ്ങളിലും നിറഞ്ഞുനിന്നു. ഐപിഎല്‍ വിവാദങ്ങളിലൂടെ.

കളി 2008

കിങ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജന്‍ സിങ് കരണത്തടിച്ചു. തുടര്‍ന്ന് ഹര്‍ഭജന് സീസണിലെ ശേഷിച്ച 11 മത്സരങ്ങളില്‍നിന്ന് വിലക്കി. ആറാം സീസണിനിടെ ശ്രീശാന്ത് ട്വിറ്ററിലൂടെ വീണ്ടും ഈ വിവാദം കുത്തിപ്പൊക്കാന്‍ ശ്രമിച്ചു. ഹര്‍ഭജനെ പിന്നില്‍നിന്നു കുത്തുന്നവന്‍ എന്നായിരുന്നു ശ്രീശാന്ത് വിശേഷിപ്പിച്ചത്.

കളി 2010

ഐപിഎല്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ലളിത് മോഡിയെ ബിസിസിഐ പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലായിരുന്നു പുറത്താക്കല്‍. കൂടാതെ ഐപിഎലില്‍ പുതുതായി വരുന്ന രണ്ടു ടീമുകളുടെ രഹസ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്താക്കുകയും ചെയ്തു. വിയര്‍പ്പ് ഓഹരിയുടെ പേരില്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ പുറത്തായി.

കളി 2011

കേരളത്തിന്റെ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയെ ബിസിസിഐ പുറത്താക്കി. ബാങ്ക് ഗ്യാരന്റി തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിലായിരുന്നു നടപടി. ഗബ്രിയേല പാസ്ക്വുലറ്റോ എന്ന ഐപിഎല്‍ ചിയര്‍ഗേള്‍ കളത്തിനു പുറത്തെ ചില കാര്യങ്ങള്‍ തന്റെ ബ്ലോഗിലെഴുതിയത് വന്‍ കോലാഹലമുണ്ടാക്കി. മത്സരങ്ങള്‍ കഴിഞ്ഞ് ചില കളിക്കാര്‍ സുഖലോലുപതയ്ക്കുവേണ്ടി സമീപിക്കാറുണ്ടെന്ന് ഈ ദക്ഷിണാഫ്രിക്കക്കാരി ബ്ലോഗിലെഴുതി. വിവാദമായതോടെ അവര്‍ തന്റെ കുറിപ്പ് ബ്ലോഗില്‍നിന്നു നീക്കംചെയ്തു. ജൂഹുവില്‍ നടന്ന രാപാര്‍ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ഇന്ത്യന്‍ സ്പിന്നര്‍ രോഹിത് ശര്‍മയെയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍ണലിനെയും പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.

കളി 2012

ഐപിഎല്‍ മത്സരങ്ങളില്‍ ഭൂരിഭാഗവും ഒത്തുകളി സംശയമുള്ളതായി ഒരു സ്വകാര്യ ടിവി ചാനല്‍ റിപ്പോര്‍ട്ട്. ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് അഞ്ചു കളിക്കാര്‍. തുടര്‍ന്ന് ടി പി സുധീന്ദ്ര, മൊഹ്നിഷ് ശര്‍മ, അമിത് യാദവ്, അഭിനവ് ബാലി, ശലഭ് ശ്രീവാസ്തവ എന്നീ ആഭ്യന്തരതാരങ്ങളെ ബിസിസിഐ പുറത്താക്കി. പല ടീമുകളുടെയും ഉടമകള്‍ നികുതിവെട്ടിപ്പു നടത്താറുണ്ടെന്നും ചാനല്‍ വെളിപ്പെടുത്തി. ഇതിനെക്കുറിച്ച് പിന്നീട് അന്വേഷണം ഉണ്ടായില്ല. റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ താരം ലൂക്ക് പോമര്‍ബാഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസിന്റെ പിടിയിലായത് കഴിഞ്ഞവര്‍ഷം. സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തിനു പോയ ഈ ഓസ്ട്രേലിയക്കാരന്‍ അയാളെ മര്‍ദിക്കുകയും കാമുകിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുംബൈ ക്രിക്കറ്റ് അസോസിയേഷനും ഷാരൂഖ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടല്‍. മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ കൊല്‍ക്കത്ത ടീം ഉടമയായ ഷാരൂഖ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരോട് കൈയാങ്കളിയിലെത്തുകയായിരുന്നു. അഞ്ചുവര്‍ഷത്തെ വിലക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ബോളിവുഡ് താരത്തിന് ഏര്‍പ്പെടുത്തിയത്.

സ്പോട്ട് ഫിക്സിങ്  ആദ്യം പാകിസ്ഥാന്‍

ഒരു മത്സരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കുക എന്നതാണ് സ്പോട്ട് ഫിക്സിങ്. അത് ഒരു ഓവറായിരിക്കാം, ഒരു പന്തായിരിക്കാം. ഇതിനായി നേരത്തെ തന്നെ വാതുവയ്പുകാരനും കളിക്കാരനും തമ്മില്‍ ധാരണയിലെത്തും. മത്സരത്തില്‍ വാതുവയ്പുകാരന്‍ പറയുന്ന രീതിയില്‍ കളിക്കാരന്‍ പ്രവര്‍ത്തിക്കും. ഇതനുസരിച്ച് പ്രകടനം നടത്തിയാല്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കുകയുംചെയ്യും. മാച്ച് ഫിക്സിങ്ങിനെപ്പോലെ മത്സരത്തിന്റെ ഫലത്തെ സ്വാധീനിക്കാന്‍ സ്പോട്ട് ഫിക്സിങ്ങിന് കഴിയണമെന്നില്ല. ബെറ്റിങ് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും സ്പോര്‍ട്ട് ഫിക്സിങ്. ട്വന്റി-20 ക്രിക്കറ്റ് പോലുള്ള ഇനങ്ങളില്‍ സ്പോട്ട് ഫിക്സിങ് കണ്ടുപിടിക്കുക പ്രയാസമായിരിക്കും.

ക്രിക്കറ്റിനെകൂടാതെ, ഫുട്ബോള്‍, റഗ്ബി എന്നിവയിലും സ്പോട്ട് ഫിക്സിങ് വ്യാപകമായി നടക്കുന്നുണ്ട്. ക്രിക്കറ്റില്‍ 2010ലാണ് സ്പോട്ട് ഫിക്സിങ് ആദ്യമായി കടന്നുവരുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ പണംവാങ്ങി ഒത്തുകളിച്ചതായി കണ്ടെത്തി. ഇടനിലക്കാരന്‍ മസ്ഹര്‍ മജീദിന്റെ നേതൃത്വത്തിലായിരുന്നു ഈ വാതുവയ്പ്. തുടര്‍ച്ചയായി നോബോള്‍ എറിയാന്‍ കളിക്കാര്‍ക്ക് ലക്ഷങ്ങളായിരുന്നു പ്രതിഫലം നല്‍കിയത്. കുറ്റം തെളിഞ്ഞതോടെ മൂന്നു പാക്താരങ്ങളും ജയിലിലായി.

മൂന്നു മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഒത്തുകളി. മെയ് അഞ്ചിന് നടന്ന പുണെ വാരിയേഴ്സ്, മെയ് ഒമ്പതിന് നടന്ന കിങ്സ് ഇലവന്‍ പഞ്ചാബ്, മെയ് 15ന് നടന്ന മുംബൈ ഇന്ത്യന്‍സ് എന്നിവയാണ് മത്സരങ്ങള്‍. പുണെ വാരിയേഴ്സിനെതിരെ സ്പിന്നര്‍ അജിത് ചന്ദിലയായിരുന്നു ഒത്തുകളിക്ക് നേതൃത്വം നല്‍കിയത്. രാജസ്ഥാന്റെ ആദ്യ ഓവറില്‍ ഈ സ്പിന്നര്‍ നല്‍കിയത് ഒമ്പതു റണ്‍. ടീമിന്റെ മൂന്നാമത്തെയും തന്റെ രണ്ടാമത്തെയും ഓവര്‍ എറിയാന്‍ ചന്ദില വീണ്ടുമെത്തി. ഈ ഓവറില്‍ 14 റണ്ണാണ് വാതുവയ്പുകാരനുമായി ചന്ദില പറഞ്ഞുറപ്പിച്ചിരുന്നത്. ഇതില്‍ 14 റണ്‍ വിട്ടുകൊടുത്തെങ്കിലും രഹസ്യകോഡ് കാണിക്കാന്‍ മറന്നതിനാല്‍ വാതുവയ്പ് നടന്നില്ല. 20 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. വാതുവയ്പ് നടക്കാത്തതിനാല്‍ പണം കിട്ടിയില്ല.

ചന്ദിലയുടെ രണ്ടാമത്തെ ഓവര്‍
2.1 ആരോണ്‍ ഫിഞ്ച് സിംഗിള്‍ ഓടിയെടുത്തു.
2.2 റോബിന്‍ ഉത്തപ്പയ്ക്കെതിരെ ലെഗ് സൈഡില്‍ പന്തെറിഞ്ഞു. ബൗണ്ടറി.
2.3 അടുത്ത പന്ത് ഓഫ് സൈഡിലേക്ക് ഉത്തപ്പ ബൗണ്ടറി കടത്തി.
2.4 റണ്ണില്ല. 2.5 ഉത്തപ്പ സിംഗിള്‍ ഓടിയെടുത്തു.
2.6 ഫിഞ്ചിനെതിരെ സാധാരണ പന്ത്, ബൗണ്ടറി. ആകെ പിറന്നത് 14 റണ്‍.

കിങ്സ് ഇലവനുമായുള്ള മത്സരം. ഒത്തുകളിച്ചത് ശ്രീശാന്ത്. 40 ലക്ഷം രൂപ കിട്ടി. ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് അഞ്ച് റണ്‍. രണ്ടാമത്തെ ഓവര്‍. വെളുത്ത ടൗവല്‍ അരയില്‍ തിരുകുന്നു. ഇത് വാതുവയ്പുകാര്‍ക്കുള്ള സൂചനയായിരുന്നു.

ശ്രീശാന്തിന്റെ രണ്ടാമത്തെ ഓവര്‍
2.1 ഷോണ്‍ മാര്‍ഷിനെതിരെ. ഷോര്‍ട്ട് പിച്ച് പന്ത്. നേരെ ഫീല്‍ഡറുടെ കൈകളിലേക്ക്.
2.2 മാര്‍ഷിന്റെ ബൗണ്ടറി അനായാസം.
2.3 അടുത്തതും ഷോര്‍ട്ട് ബോള്‍. ഇക്കുറി ഫീല്‍ഡറുടെ കൈകളിലേക്ക്.
2.4 വീണ്ടും ഷോര്‍ട്ട് ബോള്‍. മാര്‍ഷിന്റെ ടൈമിങ് തെറ്റി. ബൗണ്ടറിക്കു പകരം ഒരു റണ്‍ മാത്രം.
2.5 ആദം ഗില്‍ക്രിസ്റ്റിനെതിരെ. ബൗണ്ടറി. ഇതും ബാറ്റ്സ്മാന് അനുകൂലമായുള്ള ഷോര്‍ട്ട് പിച്ച് പന്തായിരുന്നു.
2.6 വീണ്ടും ബൗണ്ടറി. മോശം പന്തായിരുന്നു അത്. ആകെ പിറന്നത് 13 റണ്‍. പിന്നെ ശ്രീശാന്ത് ഓവര്‍ ചെയ്തില്ല. മുംബൈയുമായുള്ള മത്സരം. ഒത്തുകളിച്ചത് അങ്കീത് ചവാനെന്ന ഇടങ്കയ്യന്‍ സ്പിന്നര്‍. മുംബൈ ഓപ്പണര്‍ ഗ്ലെന്‍ മാക്സ്വെലിനെ ആദ്യ ഓവറില്‍ അങ്കീത് കുരുക്കി. രണ്ടു റണ്ണായിരുന്നു ആ ഓവറില്‍ കിട്ടിയത്. അങ്കീതിന്റെ രണ്ടാമത്തെ ഓവര്‍. വാച്ച് തിരിച്ച് വാതുവയ്പുകാര്‍ക്ക് അടയാളം കാട്ടുന്നു. 14 റണ്ണിനായിരുന്നു വാതുവയ്പ്.

അങ്കീതിന്റെ രണ്ടാമത്തെ ഓവര്‍

2.1 മാക്സ്വെല്ലിനെതിരെ വേഗംകുറഞ്ഞ ഷോര്‍ട്ട് ബോള്‍. മിഡ്വിക്കറ്റിലൂടെ സിക്സര്‍.
2.2 സമാന പന്ത്. ഇക്കുറി മാക്സ്വെല്‍ ഉയര്‍ത്തിയടിച്ചെങ്കിലും രണ്ടു റണ്ണിലൊതുങ്ങി.
2.3 അടുത്ത പന്തും സിക്സര്‍. മൂന്നു പന്തില്‍ 14 റണ്‍ പിറന്നു.
2.4 റണ്ണില്ല.
2.5 മികച്ച പന്ത്, മാക്സ്വെല്‍ സിംഗിള്‍ ഓടിയെടുത്തു.
2.6 ആദിത്യ താരെ റണ്ണെടുത്തില്ല.

അങ്കീത് ചവാന്‍
മുംബൈക്കാരനായ ഈ ഇരുപത്തേഴുകാരന്‍ ഈ സീസണിലെ രഞ്ജിട്രോഫി ക്രിക്കറ്റിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മികച്ചൊരു താരമായി അങ്കീത് മാറി. മുംബൈ രഞ്ജിട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നറും ഈ സീസണില്‍ അങ്കീതായിരുന്നു. മധ്യനിര ബാറ്റ്സ്മാനായിട്ടായിരുന്നു തുടക്കം. ഐപിഎല്‍ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് കളിച്ച അങ്കീത് 2011ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി. ഈ സീസണില്‍ കളിച്ചത് മൂന്നു മത്സരങ്ങള്‍.

അജിത് ചന്ദില
കഴിഞ്ഞ സീസണില്‍ പുണെ വാരിയേഴ്സിനെതിരെ നേടിയ ഹാട്രിക് വിക്കറ്റ് പ്രകടനമാണ് ഈ ഇരുപത്തൊമ്പതുകാരനെ വെള്ളിവെളിച്ചെത്തിലേക്കെത്തിക്കുന്നത്. അന്ന് നാല് ഓവറില്‍ 13 റണ്‍ വഴങ്ങി നാലു വിക്കറ്റും ഈ ഹരിയാനക്കാരന്‍ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ വി വി എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, എം എസ് ധോണി, സുരേഷ് റെയ്ന എന്നിവരെ ചന്ദില പുറത്താക്കിയിട്ടുണ്ട്. ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

ശ്രീശാന്തിനെ വെട്ടിലാക്കി ഫോണ്‍ സംഭാഷണം പുറത്ത്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ശ്രീശാന്ത് ഒത്തുകളിച്ചെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി പൊലീസ് പറയുന്ന ജിജു ജനാര്‍ദ്ദനനും വാതുവെപ്പുകാരന്‍ ചാന്ദും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചില ചാനലുകള്‍ പുറത്തുവിട്ടത്. രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള മല്‍സരത്തിന് മുന്‍പായിരുന്നു ഫോണ്‍ സംഭാഷണം. ഈ കളിയിലാണ് ശ്രീശാന്ത് ഒത്തുകളിച്ചതായി ആക്ഷേപമുള്ളത്.

അടയാളം എന്താണെന്ന് താന്‍ ശ്രീശാന്തിനോട് പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ ഓവര്‍ എറിയുന്നതിന് മുന്‍പ് ശ്രീശാന്ത് ടൗവ്വല്‍ പാന്‍സിന്റെ മുന്‍പില്‍ തിരുകുമെന്നും ജിജു ചാന്ദിനോട് പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേരത്തെ സൂചന ലഭിക്കണമെന്നും അതിന് ശേഷമേ ഇടപാടു നടത്താന്‍ കഴിയൂ എന്നും ചാന്ദ് വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെ ഓവറിന് മുന്‍പ് ശ്രീശാന്ത് കൂടുതല്‍ സമയം വാംഅപ്പ് ചെയ്തത് വാതുവെപ്പുകാര്‍ക്ക് നേരത്തെ സൂചന നല്‍കാനായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

അതിനിടെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്‍ കുറ്റം സമ്മതിച്ചതായി ഡല്‍ഹി പൊലീസ്. താന്‍ കുറ്റം ചെയ്തെന്നും തനിക്ക് തെറ്റുപറ്റിപ്പോയെന്നും അങ്കിത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.

ശ്രീശാന്ത് നിരപരാധി അഭിഭാഷകന്‍

ന്യൂഡല്‍ഹി: ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ്ചെയ്തത് തെറ്റിദ്ധരിച്ചോ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു. ശ്രീശാന്ത് നിരപരാധിയാണ്. ആവശ്യമായ തെളിവ് ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ശ്രീശാന്ത് തെറ്റു സമ്മതിച്ചതായുള്ള പൊലീസിന്റെ അവകാശവാദം തെറ്റാണെന്ന് ദീപക് പ്രകാശ് പറഞ്ഞു. കസ്റ്റഡിയിലുള്ള ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാല എന്നിവര്‍ കുറ്റം സമ്മതിച്ചെന്നായിരുന്നു പൊലീസ്വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. പൊലീസ് നടത്തുന്ന പ്രചാരണത്തില്‍ കഴമ്പില്ല. കോടതിക്ക് മുന്നില്‍ നടത്തുന്ന കുറ്റസമ്മതത്തിനു മാത്രമാണ് പ്രസക്തിയുള്ളത്. ശ്രീശാന്തിനെതിരെ പൊലീസ് അവതരിപ്പിക്കുന്ന തെളിവ് ടവല്‍ ധരിച്ച് വാതുവയ്പുകാര്‍ക്ക് അടയാളം കൈമാറി എന്നാണ്. നല്ല ചൂടുള്ള കാലാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ മത്സരം നടന്നത്. നാലുമണിക്കായിരുന്നു ഇത്. 90 ശതമാനും കളിക്കാരും ഇത്തരം വേളകളില്‍ ടവല്‍ ഉപയോഗിക്കാറുണ്ട്. സ്വാഭാവികമാണിത്. എന്തായാലും ശ്രീശാന്ത് കുറ്റംസമ്മതിക്കാന്‍ പോകുന്നില്ല. ആരോപണത്തില്‍നിന്ന് പുറത്തുവരാന്‍ ശ്രമം തുടരും. അന്വേഷണവുമായി ശ്രീശാന്ത് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ശ്രീശാന്തിനൊപ്പം മുംബൈയിലെ ഹോട്ടലില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അഭിഭാഷകന്‍ തള്ളി. ഇത് തെറ്റായ പ്രചാരണമാണ്. സ്ത്രീകളെ കണ്ടെത്തിയെങ്കില്‍ അവരെ എന്തുകൊണ്ട് കോടതിയില്‍ ഹാജരാക്കിയില്ലെന്ന് അഭിഭാഷകന്‍ ചോദിച്ചു. ശ്രീശാന്തിന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദീപ്ക് പ്രകാശ് പറഞ്ഞു.

ശ്രീശാന്ത് തെറ്റുചെയ്തിട്ടില്ലെന്ന് സഹോദരന്‍ ദീപു ശാന്തന്‍ പറഞ്ഞു. തന്റെ സഹോദരന്‍ നിരപരാധിയാണ്. നിയമനടപടിയുമായി മുന്നോട്ടുപോവും. ഉടന്‍തന്നെ മോചിതനാവുമെന്നാണ് പ്രതീക്ഷ. തെറ്റുചെയ്യാത്തതിനാല്‍തന്നെ ശ്രീശാന്ത് അബദ്ധത്തില്‍ പെട്ടതാണെന്ന വാദത്തോടു യോജിപ്പില്ല. ആരെങ്കിലും ശ്രീശാന്തിനെ കുരുക്കിയതാണോ എന്നറിയില്ല. ശ്രീശാന്തിനെ മലയാളികള്‍ പിന്തുണയ്ക്കണമെന്നും ദീപു അഭ്യര്‍ഥിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തുമായി ദീപു ശാന്തന്‍ കൂടിക്കാഴ്ച നടത്തി.

വാതുവെപ്പിനുള്ള പണം എത്തിച്ചത് സുനില്‍ അഭിചന്ദാനി

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ വാതുവെപ്പിനുള്ള പണം എത്തിച്ചത് സുനില്‍ ദുബായ് എന്നറിയപ്പെടുന്ന സുനില്‍ അഭിചന്ദാനിയാണെന്ന് പൊലീസ്. അന്താരാഷ്ട്ര വാതുവെപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് സുനിലിനെതിരെ മുന്‍പ് കേസെടുത്തിട്ടുണ്ട്. ഹവാല പണമാണ് വാതുവെപ്പിനായി സുനില്‍ എത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.

ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം സുനില്‍ അഭിചന്ദാനി പുലര്‍ത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അറസ്റ്റിലായ മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് കളിക്കാരെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍ മത്സരം കഴിഞ്ഞയുടനെ മുംബൈയിലായിരുന്നു കളിക്കാരെ അറസ്റ്റ് ചെയ്തത്. അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍.

ഒരു പ്രത്യേക ഓവറില്‍ നിശ്ചിത റണ്‍ വിട്ടുകൊടുക്കണമെന്ന(സ്പോട്ട് ഫിക്സിങ്) വാതുവയ്പുകാരുടെ ആവശ്യത്തിന് വഴങ്ങിയായിരുന്നു ഒത്തുകളി. രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് കളിക്കാര്‍ വാതുവയ്പുകാരുമായി ആശയവിനിമയം നടത്തിയത്. റിസ്റ്റ് വാച്ച്, റിസ്റ്റ് ബാന്‍ഡുകള്‍, കഴുത്തിലണിയുന്ന ചെയിന്‍, ടവ്വല്‍ എന്നിവ ഇതിനായി ഉപയോഗിച്ചു.

കാര്‍ട്ടര്‍ റോഡിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ശ്രീശാന്തിനെ പിടികൂടിയത്. ചന്ദിലയെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍നിന്നും ചവാനെ ട്രൈഡന്റ് ഹോട്ടലില്‍ വച്ചും അറസ്റ്റ് ചെയ്തു. കേസില്‍ 55 മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു.

ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍ നിന്നൊഴിവാക്കും

തിരു: ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍ നിന്നൊഴിവാക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. കാരുണ്യലോട്ടറിയുടെ ശ്രീശാന്തുമായുള്ള പരസ്യ കരാര്‍ റദ്ദാക്കും. ഒത്തുകളി വിവാദത്തില്‍പ്പെട്ട സഹാചര്യത്തിലാണ് ശ്രീശാന്തിനെ സര്‍ക്കാര്‍ പരസ്യത്തില്‍ നിന്നും നീക്കുന്നത്.

അറസ്റ്റിലായവരില്‍ രാജസ്ഥാന്റെ മുന്‍താരവും

മുംബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരവും. 2009-2012 സീസണുകളില്‍ രാജസ്ഥാനുവേണ്ടി കളത്തിലിറങ്ങിയ മീഡിയം പേസര്‍ അമിത് സിങ്ങും പൊലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 11 വാതുവെപ്പുകാരുടെ കൂട്ടത്തില്‍ അമിത് സിങ്ങും ഉള്‍പ്പെട്ടിരുന്നു.

അതേസമയം വാതുവെപ്പുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും ടീം സഹകരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആത്മാഭിമാനമില്ലാത്തവരാണ് ടീമിനെ ഒറ്റുകൊടുക്കുന്നതെന്നും ടീം അധികൃതര്‍ പറഞ്ഞു.

ഒത്തുകളി: കൂടുതല്‍ മത്സരങ്ങളും കളിക്കാരും നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഐപിഎലിലെ കൂടുതല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായി സൂചന. രാജസ്ഥാന്‍ റോയല്‍സിന്റെ ചില മത്സരങ്ങള്‍ കൂടി നിരീക്ഷണത്തിലാണ്. കൂടുതല്‍ കളിക്കാര്‍ വാതുവെപ്പിലുണ്ടെന്ന് സംശയിക്കുന്നതായി മുംബൈയിലെ ജോയിന്റ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഐപിഎല്‍ അഞ്ചാം സീസണിലും ഒത്തുകളി നടന്നതായി സംശയമുണ്ട്. വാതുവെപ്പില്‍ വിദേശ കൈകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്വേഷണം തുടരുകയാണ്. ചെന്നൈയിലും ഹൈദരാബാദിലും പരിശോധന നടന്നു. ഇതുവരെ മൂന്നു മത്സരങ്ങളില്‍ ഒത്തുകളി നടന്നുവെന്നതിന് മാത്രമെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളൂ. മറ്റു മത്സരങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. രണ്ട് രാജസ്ഥാന്‍ താരങ്ങളെക്കൂടി ഇടനിലക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഈ സീസണിലെ രാജസ്ഥാന്റെ പല മത്സരങ്ങളും നിരീക്ഷണത്തിലാണ്. ഏപ്രില്‍ എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, 11ന് പുണെ വാരിയേഴ്സ്, 14ന് കിങ്സ് ഇലവന്‍ പഞ്ചാബ്, 17ന് മുംബൈ ഇന്ത്യന്‍സ്, 20ന് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍, 22ന് ചെന്നൈ സൂപ്പര്‍ കിങ്സ്, 27ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ മത്സരങ്ങളാണ് സംശയത്തില്‍.

ഈ മാസം മൂന്നിന് കൊല്‍ക്കത്തയുമായി നടന്ന മത്സരവും ഒത്തുകളി നിഴലിലാണ്. ഡല്‍ഹി പൊലീസ് വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കൊല്‍ക്കത്തയുമായി നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഓസ്ട്രേലിയക്കാരന്‍ ബ്രാഡ് ഹോഡ്്ജ്, അങ്കീത് ചവാന്‍ എന്നീ രണ്ടു സ്പിന്‍ ബൗളര്‍മാരെ മാത്രമേ രാജസ്ഥാന്‍ കളിപ്പിച്ചുള്ളൂ. ഐപിഎല്‍ അഞ്ചാംപതിപ്പിലും ചന്ദില ഒത്തുകളിച്ചുവെന്ന് സൂചനയും പൊലീസ് വൃത്തങ്ങളില്‍ നിന്ന് തെളിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി നടന്ന മത്സരവും രാജസ്ഥാന്റെ ഉറക്കംകെടുത്തുമെന്നാണ് സൂചന. ഡല്‍ഹി ഫിറോസ് ഷാ കോട്ലാ മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറിന് 152 റണ്ണാണെടുത്തത്. രാജസ്ഥാന് മൂന്നിന് 151ലെത്താനേ കഴിഞ്ഞുള്ളൂ. ഒരു റണ്‍ തോല്‍വി. എട്ടു വിക്കറ്റും 12 പന്തും ശേഷിക്കെ 15 റണ്ണായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ 19-ാമത്തെ ഓവറില്‍ മൂന്നു റണ്ണെടുക്കന്നതിനിടെ 22 റണ്ണെടുത്ത ബ്രാഡ്ഹോഡ്ജിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. അവസാന ഓവറില്‍ 12 റണ്‍ വേണ്ടിയിരിക്കെ ഒരു റണ്‍ അകലെ രാജസ്ഥാന്‍ കളിയവസാനിപ്പിച്ചു. അജിന്‍ക്യ രഹാനെ 84 റണ്ണുമായി പുറത്താകാതെ നിന്നു. ഈ മത്സരം ഒത്തുകളി മണക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥിരീകരണമില്ല.

"ഞാന്‍ അടയാളം കാണിക്കാം, ആദ്യ ഓവര്‍ കഴിയട്ടെ"

അഞ്ചിന് രാജസ്ഥാന്‍ റോയല്‍സും പൂണെ വാരിയേഴ്സും തമ്മില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ആദ്യ സംഭാഷണം. രാജസ്ഥാന്‍ റോയല്‍സ് കളിക്കാരന്‍ അജിത് ചന്ദിലയും വാതുവയ്പുസംഘത്തിലെ അമിത് ഗുപ്തയും തമ്മില്‍.

ചന്ദില: യേസ്, പറയൂ ഭഭായ്... ഞാന്‍ പോകട്ടെ... ഞാന്‍ അടയാളം കാണിക്കാം. ആദ്യ ഓവര്‍ കഴിയട്ടെ... കാണാം.. അമിത്: ആദ്യ ഓവര്‍ ആത്മവിശ്വാസത്തോടെയാവണം. അതേ ആത്മവിശ്വാസം രണ്ടാം ഓവറിലും വേണം...ഞങ്ങള്‍ക്കുവേണ്ടി.( ഈ ഓവറിലാണ് കരാര്‍ അനുസരിച്ച് അജിത് റണ്‍ വിട്ടുകൊടുക്കേണ്ടത്) ചന്ദില: ഓകെ.. ഓകെ... ഞാന്‍ ചെയ്യും.... അമിത്: എന്തായിരിക്കും അടയാളം? ചന്ദില: ഓവര്‍ തുടങ്ങുംമുമ്പ് ഞാന്‍ എന്റെ ടീഷര്‍ട്ട് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യും. വാഗ്ദാനംചെയ്ത അടയാളം പക്ഷേ ചന്ദില മറന്നു. അതിനാല്‍ മുന്‍കൂറായി വാങ്ങിയ 20 ലക്ഷം രൂപ വാതുവയ്പുകാര്‍ക്ക് തിരിച്ചുനല്‍കേണ്ടി വന്നു. ഇത് സംഭവിച്ചിരുന്നില്ലെങ്കില്‍ കരാര്‍പ്രകാരം മറ്റൊരു 20 ലക്ഷം കൂടി ചന്ദിലയ്ക്ക് വാതുവയ്പുകാര്‍ നല്‍കുമായിരുന്നു.

ശ്രീശാന്തിന്റെ സുഹൃത്തും വാതുവയ്പിലെ ഇടനിലക്കാരനുമായ ജിജു ജനാര്‍ദന്‍, വാതുവയ്പ് സംഘാംഗം ചന്ദ് എന്നിവര്‍ തമ്മിലാണ്&ാറമവെ; രണ്ടാമത്തെ സംഭാഷണം. ഒമ്പതിന് മൊഹാലിയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് മുമ്പായിരുന്നു ഇത്. സ്പെല്ലിലെ രണ്ടാമത്തെ ഓവറില്‍ ശ്രീശാന്ത് 14 റണ്‍സ് വിട്ടുകൊടുക്കണം എന്നതായിരുന്നു വാതുവയ്പുകാരുടെ ആവശ്യം. ചന്ദ്: എന്തായിരിക്കും അടയാളം? ജിജു: ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അസാധാരണമായ അടയാളമൊന്നും കാണിക്കില്ല. രണ്ടാം ഓവര്‍ തുടങ്ങുംമുമ്പ് ഒരു ടവല്‍ തിരുകും. ചന്ദ്: ഭഭായ്, ഓവര്‍ തുടങ്ങുംമുമ്പ് വാതുവയ്പ് ആരംഭിക്കാന്‍&ാറമവെ; ഞങ്ങള്‍ക്ക് കുറച്ചുസമയം നല്‍കണമെന്ന് അവനോട് ദയവായി ഒന്നു ആവശ്യപ്പെടൂ...

രാജസ്ഥാന്‍ റോയല്‍സും മുംബൈ വാരിയേഴ്സും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിനുമുമ്പാണ് മൂന്നാം സംഭാഷണം. അജിത് ചന്ദിലയാണ് വാതുവയപിന് അങ്കിത് ചവാനെ പ്രേരിപ്പിക്കുന്നത്. ചവാന്‍: ഞാന്‍ പുറത്താണ്. ചന്ദില: ഓകെ...അംഗീകരിച്ചെന്ന് ഞാന്‍ പറയട്ടെ? ചവാന്‍: ശരി....പക്ഷേ എത്ര? (എത്ര റണ്‍ വഴങ്ങണമെന്ന് ചോദ്യം) ചന്ദില: 12 ആണ് അവര്‍ പറയുന്നത്. ചവാന്‍: പറ്റില്ല. അത് നടക്കുമെന്ന് തോന്നുന്നില്ല. അത് വളരെ കൂടുതലാണ്. ചന്ദില: ഞാന്‍ അവര്‍ക്ക് ഉറപ്പുകൊടുത്തുകഴിഞ്ഞു. അത് നടക്കും. അംഗീകരിച്ചെന്ന് പറയട്ടെ? ചവാന്‍: ഓകെ... ശരി ശരി.. ചന്ദില: ഞാന്‍ ഒരു ഓവറിന് അറുപതാണ് (60 ലക്ഷം) അവരോട് പറഞ്ഞിരിക്കുന്നത്. ചവാന്‍: അടയാളമായി ഞാന്‍ എന്റെ റിസ്റ്റ്വാച്ച് തിരിക്കാം. രണ്ടാം ഓവറില്‍ 14 റണ്ണോ അതില്‍ കൂടുതലോ ചവാന്‍ വിട്ടുകൊടുക്കാന്‍ പിന്നീടുള്ള ഫോണ്‍ സംഭാഷണത്തില്‍ തീരുമാനമായി. ബാക്കി കാര്യങ്ങള്‍ ബ്ലാക്ബെറി സന്ദേശങ്ങളിലൂടെ പങ്കുവയ്ക്കാമെന്നും ഇവരില്‍ ഒരാള്‍ പറയുന്നു. (പൊലീസ് കമീഷണര്‍ നീരജ്കുമാര്‍ വെളിപ്പെടുത്തിയത്)

എന്റെ മകനെ കൂട്ടുകാര്‍ ചതിച്ചു

കൊച്ചി: ശ്രീശാന്തിനെ മനഃപൂര്‍വം ചതിയില്‍ പെടുത്തിയതാണെന്ന് അമ്മ സാവിത്രീ ദേവി. ശ്രീശാന്തിനെ കൂട്ടുകാര്‍തന്നെയാണ് ചതിച്ചത്. ജിജു എന്നയാളാണ് ശ്രീശാന്തിനെ ചതിച്ചത്. ഇയാള്‍ ഞങ്ങളുടെ ബന്ധുവല്ല. ശ്രീയുടെ സുഹൃത്തു മാത്രമാണ്. കേസ് വിശദമായി പഠിച്ചശേഷം നിയമനടപടികളുമായി മുന്നോട്ടുപോകും-സാവിത്രീ ദേവി പറഞ്ഞു. ശ്രീശാന്തിനെ കുടുക്കിയത് ക്യാപ്റ്റന്‍ ധോണിയും ഹര്‍ഭജന്‍ സിങ്ങുമാണെന്ന് അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ പറഞ്ഞത് അറസ്റ്റ് വാര്‍ത്ത അറിഞ്ഞ വിഷമത്തിലാണ്. ധോണിയും ഹര്‍ഭജനും ശ്രീശാന്തിന്റെ നല്ല സുഹൃത്തുക്കളാണെന്നും സാവിത്രീ ദേവി പറഞ്ഞു. ടെലിവിഷന്‍ ചാനലുകളിലൂടെ ഉന്നയിച്ച ഈ ആരോപണത്തിന് ശാന്തകുമാരന്‍നായര്‍ പിന്നീട് മാപ്പുപറഞ്ഞു. ശ്രീശാന്തിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞശേഷം അച്ഛന്‍ ശാന്തകുമാരന്‍നായര്‍ തളര്‍ന്നുപോയെന്നും ചികിത്സതേടിയിട്ടുണ്ടെന്നും സാവിത്രീ ദേവി പറഞ്ഞു. അറസ്റ്റ്വാര്‍ത്ത അറിഞ്ഞശേഷം ശ്രീശാന്തിന്റെ അച്ഛനും അമ്മയും വാടകയ്ക്കു താമസിക്കുന്ന ഇടപ്പള്ളി അല്‍-അമീന്‍ സ്കൂളിന് എതിര്‍വശത്തുള്ള സ്കൈലൈനിന്റെ വില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആരും സ്ഥലത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് ഫോണിലൂടെയാണ് സാവിത്രീ ദേവി പ്രതികരിച്ചത്.

ബിസിസിഐയുടെ നിര്‍ണായക യോഗം നാളെ

ന്യൂഡല്‍ഹി: ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തില്‍ ബിസിസിഐ ഞായറാഴ്ച നിര്‍ണായക യോഗം ചേരും. പൊലീസ് കസ്റ്റഡിയിലുള്ള എസ് ശ്രീശാന്ത്, അങ്കീത് ചവാന്‍, അജിത് ചന്ദില, അമിത് സിങ് എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചുള്ള തീരുമാനവും ബിസിസിഐയുടെ പ്രവര്‍ത്തന കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും. ചെന്നൈയിലാണ് യോഗം. താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കിനാണ് സാധ്യത. ഈയടുത്ത് രൂപീകരിച്ച അഴിമതിവിരുദ്ധ സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വന്തം നിലയ്ക്കും ഒത്തുകളിയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അച്ചടക്ക സമിതിയുമായി ചേര്‍ന്നാകും അന്വേഷണം.

deshabhimani