Showing posts with label നബാര്‍ഡ്. Show all posts
Showing posts with label നബാര്‍ഡ്. Show all posts

Sunday, September 22, 2013

നബാര്‍ഡിന്റെ വിവാദ ഉത്തരവ്: ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രം

പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ പ്രദേശത്തെ കേന്ദ്ര സഹകരണ സംഘത്തിന്റെ ബിസിനസ് ഏജന്റ് എന്ന നിലയില്‍മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നബാര്‍ഡിന്റെ വിവാദ ഉത്തരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. വിവാദ സര്‍ക്കുലര്‍ ഗ്രാമീണമേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ എംപി രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യാ കിസാന്‍സഭയും നബാര്‍ഡിന്റെ കര്‍ഷകവിരുദ്ധ- ജനവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുന്ന കാര്യം കെ എന്‍ ബാലഗോപാലിനെ കത്തുമുഖേന അറിയിച്ചത്. നബാര്‍ഡിന്റെ ഉത്തരവ് സഹകരണമേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയമാണ് നിര്‍ണായക തീരുമാനമെടുക്കേണ്ടതെന്നും ശരദ് പവാര്‍ കത്തില്‍ പറഞ്ഞു. ധനമന്ത്രാലയത്തോട് ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാല്‍ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കാമെന്ന് ധനമന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് പവാര്‍ കത്തില്‍ അറിയിച്ചു.

ജൂലൈ 22നാണ് നബാര്‍ഡ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രാഥമിക കാര്‍ഷിക സഹകരണബാങ്കുകളെ കേന്ദ്ര സഹകരണ സംഘത്തിന്റെ ബിസിനസ് ഏജന്റ് എന്ന നിലയിലാക്കി മാറ്റാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു നബാര്‍ഡ്. ഇത് നടപ്പാക്കിയാല്‍ പ്രാഥമിക സഹകരണ-കാര്‍ഷിക ബാങ്കുകളുടെ സ്വതന്ത്ര പദവി ഇല്ലാതാകും. ഈ ബാങ്കുകളുടെ സ്വത്തുക്കള്‍ കേന്ദ്ര സഹകരണബാങ്കിലോ സംസ്ഥാന ബാങ്കിലോ ലയിപ്പിക്കണം. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ സ്വരൂപിച്ച നിക്ഷേപങ്ങളെല്ലാം മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലേക്ക് മാറ്റണം. വായ്പ നല്‍കാനുള്ള അധികാരവും ഇല്ലാതാകും. കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍, വിശേഷിച്ച് ഗ്രാമീണമേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്ന സഹകരണസ്ഥാപനങ്ങളെ ഇല്ലാതാക്കി ജനങ്ങളെ വീണ്ടും കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിന് വിട്ടുകൊടുക്കുന്നതാണ് പുതിയ സര്‍ക്കുലറെന്ന് ബാലഗോപാല്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു.

deshabhimani

Saturday, September 21, 2013

നബാര്‍ഡിന്റെ നിലപാടില്‍ അയവ്

പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ ബാങ്കിങ് സേവനം അവസാനിപ്പിക്കണമെന്ന കടുത്ത നിലപാടില്‍ നിന്നും ദേശീയ കാര്‍ഷികവികസന ബാങ്ക്(നാബാര്‍ഡ്) പിന്‍മാറുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദേശം കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നും സംസ്ഥാന, ജില്ലാ ബാങ്കുകള്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ മാത്രം പ്രാഥമിക സഹകരണ സംഘങ്ങളെ ബിസിനസ് കറസ്പോണ്ടന്റായി ഉപയോഗിക്കാമെന്നുമാണ് പുതിയ നിലപാട്. സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നബാര്‍ഡ് പിന്നോക്കം പോയത്.

അതേസമയം, സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രകാശ് ബക്ഷി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് നിലവിലുള്ള രീതിയില്‍ തുടരാമെന്നും സഹകരണ സംഘങ്ങളുടെ നിയമങ്ങളും ബൈലോയും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും നബാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിസര്‍വ് ബാങ്ക്നിര്‍ദേശം നിര്‍ബന്ധിതമായി നടപ്പിലാക്കേണ്ടതില്ല. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍മാത്രം നടപ്പാക്കിയാല്‍ മതി. ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് എന്നിവയുടെ ഇടപാടുകളിലും ഉത്തരവാദിത്തം പങ്കുവയ്ക്കലിലും മാത്രമേ മാറ്റമുണ്ടാവുകയുള്ളുവെന്നാണ് പുതുക്കിയ നിലപാട്്.

എന്നാല്‍, ധനസഹായം ഒഴികെ കര്‍ഷകര്‍ക്കു നല്‍കുന്ന മറ്റ് സഹായങ്ങള്‍ തുടരാമെന്ന് നിര്‍ദേശമുണ്ട്. ഇതില്‍നിന്നുതന്നെ കാര്‍ഷികവായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്. പ്രാഥമിക സഹകരണബാങ്കുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് മാത്രമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തിനെതിരെ സംസ്ഥാനത്തെ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങാനിരിക്കെയാണ് നബാര്‍ഡ് നിലപാടില്‍ അയവു വരുത്തിയത്. നബാര്‍ഡിന്റെ തീരുമാനത്തിനെതിരെ മണ്ണാര്‍ക്കാട് താലൂക്കിലെ ഒമ്പത് സഹകരണ ബാങ്കുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സ്റ്റേയും നല്‍കി. നബാര്‍ഡിന്റെ സര്‍ക്കുലര്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചേക്കും. ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെയും പ്രാഥമികസഹകരണ സംഘങ്ങളുടേതാണ്.

deshabhimani

Thursday, June 13, 2013

കൃഷിക്കാരെ മറന്ന് നബാര്‍ഡ് പ്രവര്‍ത്തിക്കരുത്: പിണറായി

രാജ്യത്തെ കാര്‍ഷികമേഖലയില്‍ വായ്പയെത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയായ നബാര്‍ഡ് അതിന്റെ ധര്‍മം വെടിയരുതെന്നും കൃഷിക്കാരെ മറന്ന് പ്രവര്‍ത്തിക്കരുതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രൈമറി കോ- ഓപ്പറേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തില്‍ നബാര്‍ഡ് റീജണല്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ തുക എത്തിക്കുകയാണ് നബാര്‍ഡിന്റെ ധര്‍മം. ഇഷ്ടംപോലെ പണമുണ്ടായിട്ടും നബാര്‍ഡ് കാര്‍ഷിക മേഖലയില്‍ ഒരുഭാഗം പോലും വിനിയോഗിക്കുന്നില്ല. റോഡും പാലവും ഉണ്ടാക്കാന്‍ ഇഷ്ടംപോലെ പണം കൊടുക്കുന്ന നബാര്‍ഡ് കര്‍ഷകരെ അവഗണിക്കുകയാണ്. പ്രൈമറി ബാങ്കുകള്‍ ഏറ്റവും കൂടുതല്‍ ശക്തിയാര്‍ജിച്ചത് കേരളത്തിലാണ്. ഗ്രാമങ്ങളില്‍ പൂര്‍ണ ബാങ്കിങ് നടപ്പാക്കിയത് പ്രാഥമിക സഹകരണ സംഘങ്ങളാണ്. ജനങ്ങളെല്ലാം പ്രാഥമിക സംഘങ്ങളില്‍ അക്കൗണ്ട് എടുത്ത് ബാങ്ക് വഴി ഇടപാട് നടത്തുന്നു. ഈ പ്രാഥമിക സംഘങ്ങളാണ് ജനങ്ങളുമായി സംവദിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നേട്ടമാണിത്.

കേരളത്തെ തകര്‍ക്കാന്‍ ഇവിടുത്തെ സഹകരണമേഖലയെ തകര്‍ക്കണമെന്ന ഗൂഢാലോചനയുടെ ഭാഗമാണ് വായ്പാ നിഷേധം. ജില്ലാ ബാങ്കുകള്‍ മുഖേനയെ വായ്പ നല്‍കൂ എന്നും പ്രാഥമിക സംഘങ്ങള്‍ വെറും ഏജന്‍സി മാത്രമാകുമെന്നുമാണ് നബാര്‍ഡ് പറയുന്നത്്. എന്നാല്‍, ഇവിടെ ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും വളര്‍ന്നത് പ്രാഥമിക സഹകരണ സംഘങ്ങളുടെ കരുത്തിലാണെന്ന് ഓര്‍ക്കണം. പ്രാഥമിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന പേര് വയ്ക്കണമെങ്കില്‍ തങ്ങളുടെ അംഗീകാരം വേണമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞപ്പോള്‍ സംസ്ഥാനം ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. പ്രൈമറി സംഘങ്ങള്‍ ഭംഗിക്കുവേണ്ടിയല്ല "സഹകരണ ബാങ്ക്"എന്ന പേര് വച്ചത്. വന്‍തോതില്‍ നിക്ഷേപവും ഇടപാടുകളും നടത്തി അവ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. അവയെ നിയന്ത്രിക്കാന്‍ സഹകരണവകുപ്പും സര്‍ക്കാരുമുണ്ട്. ഇതൊന്നും റിസര്‍വ് ബാങ്കും നബാര്‍ഡും മനസ്സിലാക്കുന്നില്ല.

സഹകാരികളും സര്‍ക്കാരും ഒന്നിച്ചുനിന്നാണ് റിസര്‍വ് ബാങ്കിന്റെ ജനവിരുദ്ധനിലപാട് എതിര്‍ത്തത്. വായ്പാ നിഷേധത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സഹകാരികള്‍ക്കൊപ്പം സര്‍ക്കാരും രംഗത്തുവരണം. വായ്പ നിഷേധിച്ചുകൊണ്ട് പ്രാഥമിക സംഘങ്ങളുടെ കഴുത്തില്‍ കുരുക്ക് വീണുകഴിഞ്ഞു. സഹകരണമേഖല തകരാന്‍ ഈ കുരുക്ക് ഇടയാക്കും. അതിനുമുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.

ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച മാര്‍ച്ച് സ്പെന്‍സര്‍ ജങ്്ഷനില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. നബാര്‍ഡിന്റെ മുന്നിലെത്താതെ പിന്തിരിയില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ പൊലീസ് ബാരിക്കേഡ് നീക്കി. കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് സഹകാരികള്‍ അണിനിരന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍, എറണാകുളം ജില്ലാബാങ്ക് വൈസ് പ്രസിഡന്റ് സേതു, എസ് എസ് രാജലാല്‍, രാജശേഖരന്‍നായര്‍, ജി ബാബു എന്നിവര്‍ സംസാരിച്ചു. അഡ്വ. വി ജോയി സ്വാഗതവും പ്രതാപചന്ദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani

Monday, December 17, 2012

നബാര്‍ഡിന് ലക്ഷ്യം പിഴയ്ക്കുന്നു


ഗ്രാമീണ കാര്‍ഷികമേഖലയുടെ വികസനത്തിനു രൂപീകരിച്ച നബാര്‍ഡിന്റെ പ്രവര്‍ത്തനം ലക്ഷ്യംതെറ്റുന്നു. വിപണിയില്‍നിന്ന് കടമെടുക്കുന്നതുമൂലം വന്‍ പലിശയാണ് നബാര്‍ഡ് വായ്പകള്‍ക്ക് ഈടാക്കുന്നത്. ഒപ്പം, സ്ഥാപനത്തിലെ ജനാധിപത്യം ഇല്ലാതായതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. സഹകരണസ്ഥാപനം, റീജണല്‍ റൂറല്‍ ബാങ്ക്, പൊതുമേഖലാ ബാങ്ക്, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷികാവശ്യത്തിനും ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിനും കുറഞ്ഞനിരക്കില്‍ പുനര്‍വായ്പ ലഭ്യമാക്കുക എന്നതാണ് നബാര്‍ഡിന്റെ മുഖ്യകടമ. എന്നാല്‍, നിലവില്‍ അവര്‍ നല്‍കുന്ന വായ്പയുടെ പലിശ 10 ശതമാനം അധികമാണ്. ഇടത്തരം കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വായ്പക്കാര്‍ക്ക് ഇത് താങ്ങാനാകില്ല.

നബാര്‍ഡിന്റെ നാഷണല്‍ റൂറല്‍ ക്രെഡിറ്റ് ഫണ്ടിലേക്ക് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും പണം നല്‍കാത്തതിനാലാണ് പൊതു സാമ്പത്തികവിപണിയെ ആശ്രയിക്കാന്‍ നബാര്‍ഡ് നിര്‍ബന്ധിതമാകുന്നത്. നിലവില്‍ നബാര്‍ഡ് ചെയര്‍മാനിലും മാനേജിങ് ഡയറക്ടറിലുമാണ് ബാങ്കിന്റെ അധികാരം മുഴുവന്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി എംപിമാര്‍ ധനമന്ത്രി പി ചിദംബരത്തിന് കത്ത് നല്‍കിയിരുന്നു. രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം. ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍മാര്‍ക്ക് വിഭജിച്ചുനല്‍കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്. ഇതു നടപ്പായില്ല. മാനേജിങ് ഡയറക്ടറുടെയും എക്സിക്യൂട്ടീവ് ഡയറക്ടറുടെയും തസ്തിക ഒരുവര്‍ഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. റിസര്‍വ് ബാങ്കും നബാര്‍ഡും തങ്ങളുടെ ചുമതലകളില്‍ പരസ്പരം കടന്നുകയറുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വികസന ബാങ്കിങ്, നിയന്ത്രണം, മേല്‍നോട്ടം തുടങ്ങിയ കാര്യങ്ങളിലെല്ലാം തര്‍ക്കം ഉടലെടുക്കുന്നു. ഇതൊഴിവാക്കാനും പരസ്പരമുള്ള ബന്ധം മെച്ചപ്പെടുത്താനുമായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ നബാര്‍ഡ് ചെയര്‍മാനാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതിനിടയിലാണ് കേരളത്തിലെ നാലെണ്ണം ഉള്‍പ്പെടെ 17 ജില്ലാ വികസന ഓഫീസുകള്‍ അടച്ചുപൂട്ടിയത്. ഇവ തുറക്കണമെന്ന ആവശ്യത്തിലും തീരുമാനമില്ല.

deshabhimani 171212

Wednesday, May 9, 2012

നബാര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം


ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം. ഇത് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇപ്പോള്‍ തന്നെ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നത് നബാര്‍ഡാണ്. 143 ഫാര്‍മേഴ്സ് ക്ലബുകളാണ് നബാര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലയിലുള്ളത്. ജില്ലാ ഓഫീസ് അടച്ചുപൂട്ടുന്നതോടെ ഇവയുടെ പ്രവര്‍ത്തനവും അവതാളത്തിലാകും.

നൂതന കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും നബാര്‍ഡാണ്. ഗ്രാമീണ പശ്ചാത്തല മേഖലയുടെ വികസനത്തിനായി റോഡുകളും പാലങ്ങളും ജലസേചന പദ്ധതികളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും നബാര്‍ഡ് നടപ്പിലാക്കിവരുന്നുണ്ട്. നബാര്‍ഡിന്റെ ഗ്രാമീണ പശ്ചാത്തലവികസന ഫണ്ടില്‍നിന്നുള്ള ധനസഹായത്തോടെ 27 പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ ഇനത്തില്‍ 62 കോടി 34 ലക്ഷം രൂപ അനുവദിച്ചതില്‍ സംസ്ഥാന വായ്പ 49 കോടി 84 ലക്ഷം രൂപയാണ്. ജില്ലയില്‍ പണി പൂര്‍ത്തിയാക്കിയ വള്ളംകുളം പാലത്തിന് മൂന്ന് കോടി 45 ലക്ഷം രൂപ അനുവദിച്ചതില്‍ രണ്ട് കോടി 76 ലക്ഷം രൂപയും മുറിഞ്ഞകല്‍-അതിരുങ്കല്‍-കല്ലേലി-എലിക്കുളം ഗ്രാമീണ റോഡിന് 10 കോടി 93 ലക്ഷം രൂപ അനുവദിച്ചതില്‍ എട്ട് കോടി 74 ലക്ഷം രൂപയും നബാര്‍ഡ് സംസ്ഥാനത്തിന് ലോണ്‍ നല്‍കിയതാണ്.  പന്തളം വില്ലേജ് ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് 13 കോടി 72 ലക്ഷം രൂപ അനുവദിച്ചതില്‍ 10 കോടി 17 ലക്ഷം രൂപയും കോന്നി-താഴം ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് 11 കോടി 23 ലക്ഷം രൂപ അനുവദിച്ചതില്‍ എട്ട് കോടി 49 ലക്ഷം രൂപയും പനച്ചിമൂട്ടില്‍ പാലത്തിന് നാല് കോടി 89 ലക്ഷം രൂപ അനുവദിച്ചതില്‍ മൂന്ന് കോടി 99 ലക്ഷം രൂപയും സംസ്ഥാനത്തിന് ലോണ്‍ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നബാര്‍ഡ് ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ജില്ലയുടെ കാര്‍ഷിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന നബാര്‍ഡിന്റെ ജില്ലാ ഓഫീസ് അടച്ചുപൂട്ടുന്നത് മൂലം കര്‍ഷകര്‍ക്ക് സബ്സിഡികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തിരുവനന്തപുരത്തുള്ള നബാര്‍ഡ് റീജണല്‍ ഓഫീസിനെ ആശ്രയിക്കേണ്ടിവരും. റിസര്‍വ് ബാങ്കും സര്‍ക്കാരും കാര്‍ഷികരംഗത്തെ വികസനത്തിനായി പ്രഖ്യാപിക്കുന്ന നയപരിപാടികള്‍ നടപ്പിലാക്കി കിട്ടുന്നതിന് ജില്ലയിലെ സാധാരണക്കാരായ കര്‍ഷകര്‍ നബാര്‍ഡിന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നത് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും സമയനഷ്ടവും ധനഷ്ടവും ഉണ്ടാക്കുന്നതാണ്. നൂറ് കിലോമീറ്റര്‍ ദൂരത്തിലധികം യാത്രചെയ്ത് വേണം കര്‍ഷകര്‍ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ എത്തിച്ചേരേണ്ടത്. ഇന്ത്യയിലെ പതിനഞ്ച് ഓഫീസുകള്‍ നീര്‍ത്തലാക്കുന്നതില്‍ നാലെണ്ണവും കേരളത്തിലാണ്. കോഴിക്കോട്, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലാ ഓഫീസുകളാണ് സംസ്ഥാനത്ത് നിര്‍ത്തലാക്കുന്നത്. വികസിത ജില്ലകളും കോര്‍പ്പറേഷനുകളുമായി കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവയെ പരിഗണിക്കാമെങ്കിലും പത്തനംതിട്ട തികച്ചും കാര്‍ഷിക ജില്ലതന്നെയാണ്.

deshabhimani 090512

Saturday, April 21, 2012

നാല് ജില്ലാ വികസന ഓഫീസുകള്‍ നബാര്‍ഡ് അടച്ചുപൂട്ടുന്നു

കേരളത്തിലെ നാല് ജില്ലാ വികസന ഓഫീസടക്കം പതിനഞ്ചോളം ജില്ലാ വികസന ഓഫീസുകള്‍ നബാര്‍ഡ് അടച്ചുപൂട്ടുന്നു. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ ഓഫീസുകളാണ് കേരളത്തില്‍ പൂട്ടുന്നത്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഈ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായസംഘങ്ങള്‍ക്കും ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കും ഇനിമുതല്‍ തിരുവനന്തപുരം റീജണല്‍ ഓഫീസുമായി ബന്ധപ്പെട്ട് മാത്രമേ കാര്യങ്ങള്‍ നടത്താനാകൂ. തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ രണ്ട്, കര്‍ണാടക, ഗുജറാത്ത്, ഹരിയാന, ഒറീസ, ബിഹാര്‍, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒരോ ഓഫീസുകളും പൂട്ടും.

പിന്നോക്ക ജില്ലകളില്‍ പുതിയ ഓഫീസുകള്‍ തുറക്കാനാണ് ഈ ഓഫീസുകള്‍ നിര്‍ത്തലാക്കുന്നതെന്നാണ് നബാര്‍ഡിന്റെ വാദം. ജില്ലകളിലെ ഗ്രാമീണ, കാര്‍ഷികമേഖലകളുടെ വികസനം ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും വേണ്ടി 1990ലാണ് ജില്ലാ വികസന ഓഫീസുകള്‍ ആരംഭിച്ചത്. ഓഫീസുകള്‍ നിര്‍ത്തലാക്കുന്നത് അതത് ജില്ലയുടെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയെ ദോഷമായി ബാധിക്കും.

നബാര്‍ഡിന്റെ തീരുമാനത്തിനെതിരെ ഓള്‍ ഇന്ത്യ നബാര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (എഐഎന്‍ബിഇഎ) പ്രതിഷേധിച്ചു.

deshabhimani 210412

Sunday, December 25, 2011

നബാര്‍ഡില്‍ 166 നിയമനം റദ്ദാക്കി

ഗ്രാമീണ കാര്‍ഷികവികസനത്തിനു വേണ്ടി രൂപീകരിച്ച നബാര്‍ഡില്‍ (നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്റ്) നിയമന നിരോധനം. ഇതിന്റെ ഭാഗമായി നബാര്‍ഡില്‍ 166 ഡെവലപ്പ്മെന്റ് അസിസ്റ്റുമാരെ നിയമിക്കാനുള്ള തീരുമാനം നബാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കി. തസ്തികയിലേക്ക് മത്സരപരീക്ഷ നടത്തിയ ശേഷമാണ് നിയമനതീരുമാനം റദ്ദാക്കിയത്. നിയമനത്തിന് അപേക്ഷിച്ചവര്‍ , ആവശ്യപ്പെട്ടാല്‍ പരീക്ഷാഫീസ് തിരികെ നല്‍കുമെന്ന് നബാര്‍ഡ് വെബ്സൈറ്റിലും ദേശീയ ദിനപത്രങ്ങളിലും പരസ്യം നല്‍കി. നബാര്‍ഡിന്റെ പുനഃക്രമീകരണത്തിന് നിയമിച്ച ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ (ബിസിജി) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമന നിരോധനം നടപ്പാക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 22നാണ് ഡെവലപ്പ്മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. 20,000 പേര്‍ അപേക്ഷിച്ചു. സംസ്ഥാന തലസ്ഥാനങ്ങളില്‍ നടന്ന പരീക്ഷയില്‍ 15,000ത്തിലേറെ പേര്‍ പങ്കെടുത്തു. കേരളത്തിലും നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതി. തലസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ രക്ഷകര്‍ത്താക്കളോടൊപ്പം തലേദിവസം എത്തി ഏറെ ബുദ്ധിമുട്ട് സഹിച്ച് പരീക്ഷയെഴുതിയവര്‍ ഫലം കാത്തിരിക്കുമ്പോഴാണ് നിയമനം തന്നെ റദ്ദാക്കിയത്.

നബാര്‍ഡിലെ ജീവനക്കാരുടെ എണ്ണം നിലവിലുള്ളതിന്റെ പകുതിയാക്കണമെന്നാണ് ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ ശുപാര്‍ശ. ഇപ്പോള്‍ നബാര്‍ഡില്‍ 4700 ജീവനക്കാരാണുള്ളത്. അത് 2500 ആക്കാനാണ് തീരുമാനം. അതിനാല്‍ മാനേജര്‍മാര്‍ക്ക് താഴെയുള്ള തസ്തികകളില്‍ പുതിയ നിയമനം വേണ്ടെന്ന് നബാര്‍ഡ് തീരുമാനിച്ചു. അതേസമയം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ , ചീഫ് ജനറല്‍ മാനേജര്‍ , ജനറല്‍ മാനേജര്‍ എന്നീ തസ്തികകള്‍ കൂടുതലായും സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുകൊണ്ട് നബാര്‍ഡിന്റെ ചെലവ് കുറയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഒരു പക്ഷേ കൂടാനും ഇടയുണ്ട്. താഴ്ന്ന തസ്തികകളിലെ എണ്ണം കുറയ്ക്കുന്നതു ഗ്രാമീണ ദരിദ്രരുടെ ഉന്നമനത്തിന് സഹായമെത്തിക്കുകയെന്ന നബാര്‍ഡിന്റെ രൂപീകരണ ലക്ഷ്യം തന്നെ അട്ടിമറിക്കുമെന്ന് നബാര്‍ഡിലെ ജീവനക്കാരുടെ യൂണിയനുകള്‍ പറയുന്നു. ഗ്രാമീണ കര്‍ഷകരും മറ്റ് ജനവിഭാഗങ്ങളും സ്വയംസഹായ സംഘങ്ങള്‍ എന്നിവയുമായി ദിവസേന ഇടപെടുന്നത് താഴെ തട്ടിലുള്ള ജീവനക്കാരാണ്.

ബോസ്റ്റന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ നബാര്‍ഡിനെ ഗ്രാമീണ വികസനമെന്ന അടിസ്ഥാന ലക്ഷ്യം വിട്ട് വാണിജ്യബാങ്കിന്റെ തലത്തിലേക്ക് എത്തിക്കുമെന്ന് ഓള്‍ ഇന്‍ഡ്യ നബാര്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍ വ്യക്തമാക്കി. നബാര്‍ഡിലെ വ്യവസായ അന്തരീക്ഷം മോശമാക്കുന്ന നിയമനം റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം ആവശ്യപ്പെട്ടു. നബാര്‍ഡിന്റെ പുനക്രമീകരണം നിര്‍ത്തിവയ്ക്കണമെന്നും നിയമനം റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം ലോകസഭാ കക്ഷിനേതാവ് ബസുദേവ് ആചാര്യ, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുലായം സിങ് യാദവ് എന്നിവരടക്കമുള്ള 35 എംപിമാര്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
(ഡി ദിലീപ്)

deshabhimani 251211

Monday, October 31, 2011

നബാര്‍ഡ് വായ്പകള്‍ നിര്‍ത്തലാക്കി; ഗ്രാമീണ സമ്പദ്ഘടന പ്രതിസന്ധിയില്‍

നബാര്‍ഡ് നല്‍കിവന്ന കാര്‍ഷികവായ്പകള്‍ നിര്‍ത്തലാക്കിയത് സഹകരണബാങ്കുകളെയും കൃഷിക്കാരെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്‍ഷിക വായ്പയിനത്തില്‍ ഒരു രൂപപോലും നബാര്‍ഡ് കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതുമൂലം സഹകരണബാങ്കുകള്‍ കൃഷിക്കാര്‍ക്ക് ആറ് ശതമാനത്തിന് നല്‍കിയിരുന്ന കാര്‍ഷികവായ്പ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നില്ല. നബാര്‍ഡ് സംസ്ഥാന സഹകരണബാങ്കിനും അതുവഴി ജില്ലാബാങ്കിനും ജില്ലാബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ സഹകരണസംഘങ്ങള്‍ക്കും വായ്പക്കുള്ള തുക അനുവദിച്ചാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കിയിരുന്നത്. ഇത് നിലച്ചിട്ട് മൂന്നുവര്‍ഷം തികയുന്നു. 18 ശതമാനംവരെ പലിശയുള്ള സാധാരണ വായ്പകള്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍വഴി വിതരണം ചെയ്യുന്നത്. ബാങ്കുകളുടെ സ്ഥിരംനിക്ഷേപങ്ങളും ഹ്രസ്വാകാല നിക്ഷേപങ്ങളും ചേര്‍ത്താണ് ഒഎല്‍ ലോണുകള്‍ നല്‍കിവരുന്നത്. ഇതിനാകട്ടെ ഉയര്‍ന്ന പലിശയാണ് ചുമത്തുന്നത്.

കേന്ദ്രഗവണ്‍മെന്റ് പിന്തുടരുന്ന സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ചാണ് നബാര്‍ഡ് സഹകരണരംഗത്ത് പിടിമുറുക്കുന്നത്. 2000ല്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനം വിലയിരുത്താനും പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി വൈദ്യനാഥന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമീഷന്റെ ശുപാര്‍ശയനുസരിച്ച് കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന സഹകരണരംഗത്തെ ത്രിതല സംവിധാനം (സംസ്ഥാന-ജില്ലാ-പ്രാഥമിക ബാങ്കുകള്‍) നിര്‍ത്തലാക്കണമെന്നും നബാര്‍ഡ് കൃഷിക്കാര്‍ക്ക് നേരിട്ട് വായ്പ നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. സഹകരണബാങ്കുകള്‍ , ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും സഹകരണബാങ്കുകള്‍ ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ അടച്ചുതീര്‍ത്ത ഓഹരി മൂലധനമുള്ള സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാമെങ്കിലും സഹകരണബാങ്കുകളെ ബാങ്കിങ് റഗുലേഷന്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ബന്ധ ശുപാര്‍ശയും ഉണ്ടായിരുന്നു. സഹകരണബാങ്കുകള്‍ നീതി മെഡിക്കല്‍ സ്റ്റോറോ മറ്റ് സ്ഥാപനങ്ങളോ തുടങ്ങാനോ നിലവിലുള്ളത് തുടരാനോ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു.

പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള പരവതാനി വിരിക്കുകയാണ് കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യംവയ്ക്കുന്നത്. വൈദ്യനാഥന്‍ കമീഷന്റെ ശുപാര്‍ശകള്‍ അപ്പാടെ അംഗീകരിച്ച് കേന്ദ്രഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പുവച്ചാല്‍മാത്രമെ നബാര്‍ഡ് വഴിയുള്ള കൃഷിവായ്പകള്‍ കേരളത്തിന് നല്‍കൂ എന്നാണ് കേന്ദ്രനിലപാട്. കമീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെമാത്രമെ അംഗീകരിക്കാന്‍ കഴിയൂ എന്നും സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നതുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരണന്റെ നിലപാട്.

അതേസമയം കേന്ദ്രനിര്‍ദേശം അംഗീകരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു .നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കേന്ദ്രവുമായി എംഒയു ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലായ സഹകരണമേഖലയെ തകര്‍ക്കും. ഇഎംഎസ് ഭവനനിര്‍മാണ പദ്ധതിക്ക് 500 കോടി വായ്പ നല്‍കി കേരളത്തിന്റെ വികസനത്തിന് കുതിപ്പേകിയത് സഹകരണബാങ്കുകളാണ്. യുഡിഎഫ് തുരുമാനം നടപ്പാക്കുന്നതിലൂടെ സഹകരണബാങ്കുകള്‍ക്ക് പകരം വെറും സൊസൈറ്റികള്‍ മാത്രമാണുണ്ടാവുക.

deshabhimani 311011

Friday, March 18, 2011

വായ്പാ-നിക്ഷേപ അനുപാതത്തില്‍ വര്‍ധന; പ്രവാസി നിക്ഷേപം കുറഞ്ഞു

സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ നേരിയ വര്‍ധനവുണ്ടായതായി സംസ്ഥാനതല ബാങ്കിങ് അവലോകന സമിതിയോഗം വിലയിരുത്തി. 2010 ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ വായ്പാ- നിക്ഷേപ അനുപാതം 72.29 ശതമാനമായാണ് വര്‍ധിച്ചത്. 2010 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ചു 4.66 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 മാര്‍ച്ചില്‍ ഇതു 67..63 ശതമാനമായിരുന്നു. 2010 ജൂണ്‍ ആയപ്പോള്‍ ഇതു 67.78 ശതമാനമായി. സെപ്തംബറില്‍ എത്തിയപ്പോള്‍ വായ്പാ- നിക്ഷേപ അനുപാതം വര്‍ധിച്ചു 70.82 ശതമാനമായെന്നും യോഗം വിലയിരുത്തി. സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ വായ്പാ-നിക്ഷേപ അനുപാതം 72.10 ശതമാനവും ദേശസാല്‍കൃത ബാങ്കുകളില്‍ 81.25 ശതമാനവും പ്രാദേശിക ബാങ്കുകളിലേത് 121.59 ശതമാനവും സ്വകാര്യ ബാങ്കുകളിലേതു 61.05 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്റ്റേറ്റ് ബാങ്ക്, ദേശസാല്‍കൃത ബാങ്ക്, പ്രാദേശിക ബാങ്ക് എന്നിവയുടെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ സ്വകാര്യബാങ്കുകളുടെ അനുപാതത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ വായ്പാനിക്ഷേപം 71.14 ശതമാനവും നഗര പ്രദേശത്തേത് 87.03 ശതമാനവുമാണ്.

2010 ഡിസംബറില്‍ അവസാനിച്ച വര്‍ഷം സംസ്ഥാനത്തെ ആകെ നിക്ഷേപം 1,58,306 കോടി രൂപയായി വര്‍ധിച്ചു. 2010 മാര്‍ച്ചില്‍ ആകെ നിക്ഷേപം 1,43,404 കോടിയായിരുന്നു. 2010-11 സാമ്പത്തികവര്‍ഷത്തിലെ ആദ്യ മൂന്നു പാദം പരിശോധിക്കുമ്പോള്‍ 14,902 കോടി രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ പ്രവാസി നിക്ഷേപത്തില്‍ 347 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തി. 2009 ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 37,412 കോടിയായിരുന്ന നിക്ഷേപം 2010 ഡിസംബര്‍ ആയപ്പോഴേയ്ക്കും 37,065 കോടിയായി കുറഞ്ഞു. അതേസമയം 2010 മാര്‍ച്ചിനുശേഷം പ്രവാസി നിക്ഷേപത്തില്‍ നേരിയ വര്‍ധനവുണ്ടായതായും ബാങ്കിങ് സമിതി വിലയിരുത്തി. 2010 മാര്‍ച്ചിലെ പ്രവാസി നിക്ഷേപം 36,886 കോടിയായിരുന്നു. 2010 മാര്‍ച്ചില്‍ 74.28 ശതമാനമായിരുന്ന ആഭ്യന്തര നിക്ഷേപം 2010 ഡിസംബര്‍ ആയപ്പോഴേയ്ക്കും 76.59 ശതമാനമായി ഉയര്‍ന്നതായും ബാങ്കിങ് അവലോകന യോഗം വിലയിരുത്തി.

സംസ്ഥാനത്തെ വാണിജ്യബാങ്കുകള്‍ മുന്‍ഗണനാ മേഖലയില്‍ 42,558 കോടി രൂപ വിനിയോഗിച്ചു. ഇതില്‍ 20,492 കോടി രൂപ കാര്‍ഷിക മേഖലയിലും 2112 കോടി രൂപ സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയിലും 19,954 കോടി രൂപാ മറ്റു മുന്‍ഗണനാ മേഖലകളിലുമാണ് വിനിയോഗിച്ചത്.

കാര്‍ഷികമേഖലയുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഫാര്‍മേഴ്‌സ് ക്ലബ് പദ്ധതി ഏറെ ശ്രദ്ധേയമായതായി യോഗം വിലയിരുത്തി. എസ് ബി ടി, എസ് ബി ഐ എന്നിവയുടെ സഹായത്തോടെ നടപ്പാക്കിയ പാഡി ഇന്‍ഷ്വറന്‍സ് പദ്ധതി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പ്രീമിയം സമാഹരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് നബാര്‍ഡിന്റെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങളായ നാളികേരം, കുരുമുളക്, ഏലം, റബ്ബര്‍ എന്നിവയെ ദേശീയ കാര്‍ഷിക ഇന്‍ഷ്വറന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. കൃഷി ആവശ്യത്തിനായി ഭൂമി പാട്ടത്തിനെടുക്കാന്‍ കര്‍ഷകര്‍ക്ക്  ഉദാര വ്യവസ്ഥയില്‍ വായ്പകള്‍ ലഭ്യമാക്കും. ഇതിനായി നിലവിലുള്ള നിയമങ്ങലും ചട്ടങ്ങളും ലഘൂകരിക്കും. ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ദാരിദ്ര്യം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം രാജ്യത്ത് കൂടുതലാകുമെന്ന് യോഗത്തില്‍ പങ്കെടുന്ന വിവിധ ബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി. ഇതിന്റെ  ഫലമായി അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വില ഉയരാനും സാധ്യതയുണ്ട്. ഇത് പരിഹരിക്കാനായി കാര്‍ഷിക മേഖലയിലെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ ധാരണയായി. കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് എസ് ഉപേന്ദ്ര കമ്മത്ത്, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ നിവേദിത പി ഹരന്‍, കെ ജയകുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍ എന്നിവര്‍ പങ്കെടുത്തു.

janayugom 180311

Wednesday, January 26, 2011

നബാര്‍ഡ് നിലപാട് ലക്ഷ്യത്തിനെതിര്

കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് പണം അനുവദിക്കില്ലെന്ന നിലപാട് നബാര്‍ഡിന്റെ സൃഷ്ടിപരമായ ലക്ഷ്യത്തിനെതിരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപത്തിന് നികുതിചുമത്താനുള്ള കേന്ദ്രനീക്കവും കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കും. ഈ നയം കേന്ദ്രം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയിസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ടി കെ രാമകൃഷ്ണന്‍ നഗറില്‍(എറണാകുളം രാജേന്ദ്ര മൈതാനി) ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ ശക്തമാക്കാനും കാര്‍ഷികമേഖലയില്‍ ഇടപെടാനുമാണ് നബാര്‍ഡ് രൂപീകരിച്ചതുതന്നെ. എന്നിട്ടും കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് നബാര്‍ഡിന്റെ ഒരു പൈസപോലും സഹായം കിട്ടുന്നില്ല. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പണം കിട്ടാവുന്ന രീതിയില്‍ നബാര്‍ഡ് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തണം. കേരളത്തില്‍ സഹകരണപ്രസ്ഥാനം ശക്തമാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേന്ദ്രം ഒരു നയം രൂപീകരിക്കുമ്പോള്‍ കേരളത്തിന്റെ സവിശേഷതകളും മനസ്സിലാക്കണം. അതിനനുസരിച്ചുവേണം നയം തീരുമാനിക്കാന്‍. സംസ്ഥാന സഹകരണബാങ്കും സംസ്ഥാന കാര്‍ഷികവികസന ബാങ്കും അതിന്റെ ചില പ്രവര്‍ത്തനപോരായ്മകള്‍ മനസ്സിലാക്കി തിരുത്തണം. അച്ചടക്കം ലംഘിച്ച് ബാങ്കിങ് നടക്കില്ല. സഹകരണ മേഖലയിലെ കുഴപ്പങ്ങളും പോരായ്മകളും ആരും കാണരുത് എന്നു ശഠിക്കുന്നത് ശരിയല്ല. സഹകരണമേഖലയില്‍ നിയന്ത്രണം പാടില്ലെന്ന വാദം സഹകാരികള്‍തന്നെ നേരത്തെ തള്ളിയതാണ്.

സഹകരണമേഖലയുടെ വളര്‍ച്ചയ്ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ സഹകരണ മേഖല ഇന്ന് സഹകരണവകുപ്പില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നല്ല. വ്യവസായം, കയര്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലയില്‍ സഹകരണമേഖല വളരുകയാണ്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളി. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ അനുവദിച്ചു. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ അനുവദിച്ചു. ഇതിന്റെയൊക്കെ ഫലമായി കര്‍ഷകആത്മഹത്യ കേരളത്തില്‍ ഇല്ലാതാക്കി. എന്നാല്‍ അത് മറ്റു സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഇതടക്കം സാമൂഹികമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നേട്ടങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരിക്കാനാണ് യുഡിഎഫ് കള്ളപ്രചാരണം അഴിച്ചുവിടുന്നത്. അതിനെ ചില മാധ്യമങ്ങള്‍ വഴിവിട്ട് സഹായിക്കുന്നു. എല്‍ഡിഎഫിനെ ഇല്ലാക്കഥ മെനഞ്ഞ് ഇകഴ്ത്തിയും യുഡിഎഫിനെ സഹായിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നാശത്തില്‍നിന്ന് കേരളത്തെ എല്‍ഡിഎഫ് രക്ഷിച്ച ചിത്രം ജനങ്ങളുടെ മുന്നില്‍ വരാതിരിക്കാനാണ് ഇവര്‍ പ്രത്യേക രീതിയില്‍ വാര്‍ത്തകള്‍ വിന്യസിക്കുന്നതെന്നും പിണറായി പറഞ്ഞു. കെസിഇയു സംസ്ഥാന പ്രസിഡന്റ് കെ ജനാര്‍ദനന്‍ അധ്യക്ഷനായി.

നബാര്‍ഡ് പിരിച്ചുവിടണം: മന്ത്രി ജി സുധാകരന്‍

കൊച്ചി: സംസ്ഥാനത്തെ സഹകരണമേഖലയോടു പുറംതിരിഞ്ഞുനില്‍ക്കുന്ന നബാര്‍ഡ് പിരിച്ചുവിടണമെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു. സഹകരണമേഖലയെ തകര്‍ക്കാന്‍ സംഘടിതമായ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സഹകരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ ഗ്രാമവികസന ബാങ്കായ നബാര്‍ഡ് ആ ജോലി നിര്‍ത്തി. സഹകരണ മേഖലയെ സംബന്ധിച്ചിടത്തോളം നബാര്‍ഡ് 100 ശതമാനം പരാജയമാണ്. നാലുവര്‍ഷംമുമ്പുവരെ നബാര്‍ഡ് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്തേക്ക് തിരിച്ചുപോകാത്തപക്ഷം മെഡിക്കല്‍ കൌണ്‍സില്‍പോലെ നബാര്‍ഡും പിരിച്ചുവിടുകയാണ് വേണ്ടത്. ജഡായുവിന്റെ ചിറകുകള്‍ അരിഞ്ഞതുപോലെ സഹകരണ മേഖലയെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് കേന്ദ്രം നടത്തുന്നത്. സഹകരണബാങ്കില്‍നിന്ന് സേവനനികുതി പിരിക്കാനുള്ള ശ്രമവും സഹകരണചന്തകള്‍ നടത്താതെ ഇതര ബാങ്കുകള്‍ക്ക് തുല്യം പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും മറ്റും ഇതിന്റെ ഭാഗമാണ്. കേന്ദ്രത്തിന്റെ തെറ്റായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രതിപക്ഷവും തയ്യാറാകണം. ചില കുടുംബശ്രീ സംഘങ്ങള്‍ സഹകരണബാങ്കില്‍നിന്നു വായ്പകള്‍ സ്വീകരിക്കുമ്പോഴും നിക്ഷേപത്തിന് ഇതര ബാങ്കുകളാണ് തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തിനു ദോഷകരമായ ഇത്തരം സമീപനത്തിനു പിന്നില്‍ കുടുംബശ്രീക്കകത്തെ സഹകരണവിരുദ്ധരാണ്.

പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തില്‍ ഫെബ്രുവരി 15നു മുമ്പ് നടപടിയെടുക്കും. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് തടസ്സം. വിലക്കയറ്റം തടയാന്‍ പഞ്ചായത്തുകളുടെ സഹായം തേടുമെന്ന കേന്ദ്രസഹമന്ത്രി കെ വി തോമസിന്റെ പ്രസ്താവന വിഡ്ഢിത്തമാണ്. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് ഒന്നും ചെയ്യാനാവില്ല. അതേസമയം, സഹകരണപ്രസ്ഥാനങ്ങളുടെ സഹായം തേടുമെന്നു പറയാനാണ് അദ്ദേഹം തയ്യാറാകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

എറണാകുളം ടൌണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെസിഇയു സംസ്ഥാന പ്രസിഡന്റ് വി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായി. അഡ്വ. എം എം മോനായി എംഎല്‍എ, മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ എം ടി ജയന്‍, കെസിഇഎഫ് ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി, കെസിഇസി ജനറല്‍ സെക്രട്ടറി സി ചന്ദ്രബാബു, പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് സംസ്ഥാന പ്രസിഡന്റ് കെ സുദര്‍ശനകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെസിഇയു സംസ്ഥാന സെക്രട്ടറിമാരായ കെ ജനാര്‍ദനന്‍ സ്വാഗതവും വി ജി വിജയകുമാര്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 25/26 ജനുവരി 2011

Saturday, December 25, 2010

സഹകരണ മേഖലയ്ക്ക് തിരിച്ചടി

സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് കാര്‍ഷിക പുനര്‍വായ്പ നല്‍കാനാകില്ലെന്ന് വീണ്ടും നബാര്‍ഡ്. സംസ്ഥാന സഹകരണബാങ്കിന് നല്‍കിയ കത്തിലാണ് പുനര്‍വായ്പ തരാനാകില്ലെന്ന് അറിയിച്ചത്. നബാര്‍ഡിന്റെ ഈ നടപടി സംസ്ഥാനത്തെ കാര്‍ഷികമേഖലയ്ക്ക് വന്‍തിരിച്ചടിയായി. കൂടിയ പലിശയുള്ള നിക്ഷേപത്തുകയില്‍നിന്ന് കാര്‍ഷികവായ്പ നല്‍കുന്ന സഹകരണസ്ഥാപനങ്ങളെ നബാര്‍ഡിന്റെ നിലപാട് പ്രതിസന്ധിയിലേക്ക് തള്ളുകയാണ്. വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിക്കാത്തതിലുള്ള പ്രതികാരമാണ് നബാര്‍ഡിന്റെ നടപടിയെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു.

സഹകരണമേഖല കാര്‍ഷികവായ്പയായി വിതരണംചെയ്തിട്ടുള്ള തുകയ്ക്ക് ആനുപാതികമായാണ് നബാര്‍ഡ് പിറ്റേവര്‍ഷം പുനര്‍വായ്പ അനുവദിക്കുന്നത്. നാല് ശതമാനം പലിശമാത്രം ഈടാക്കി നല്‍കുന്ന കാര്‍ഷികവായ്പയ്ക്ക് പുനര്‍വായ്പ ലഭിക്കാത്തത് സഹകരണസ്ഥാപനങ്ങളുടെ സാമ്പത്തികക്രമീകരണം അവതാളത്തിലാക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 703.75 കോടി പുനര്‍വായ്പ ആവശ്യപ്പെട്ടെങ്കിലും നയാപൈസ അനുവദിച്ചില്ല. നടപ്പ് സാമ്പത്തികവര്‍ഷം ആയിരം കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. 2007-08 സാമ്പത്തികവര്‍ഷം 405.60 കോടി രൂപയാണ് പുനര്‍വായ്പയായി സഹകരണമേഖലയ്ക്ക് അനുവദിച്ചത്. പിറ്റേവര്‍ഷം 503.86 കോടിക്ക് അപേക്ഷ നല്‍കിയെങ്കിലും അനുവദിക്കാന്‍ നബാര്‍ഡ് തയ്യാറായില്ല. സംസ്ഥാന സഹകരണബാങ്കിന് നിഷ്ക്രിയ ആസ്തി കൂടുതലാണെന്നതാണ് കാരണമായി പറഞ്ഞത്. ഒടുവില്‍ 140 കോടിയുടെ സെക്യൂരിറ്റി നല്‍കിയെങ്കിലും അതനുസരിച്ചുള്ള തുകപോലും അനുവദിച്ചില്ല. 113.60 കോടി രൂപമാത്രമാണ് ആ വര്‍ഷം നബാര്‍ഡ് അനുവദിച്ചത്.

പുനര്‍വായ്പയുടെ തിരിച്ചടവ് സംസ്ഥാനം പൂര്‍ണമായി നടത്തിയിട്ടും വായ്പ നിഷേധിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്ന് സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ പറഞ്ഞു. നിഷ്ക്രിയ ആസ്തിയുടെ പേരില്‍ മറ്റൊരു സംസ്ഥാനത്തിനും പുനര്‍വായ്പ നിഷേധിക്കുന്നില്ല. പുനര്‍വായ്പയായി നബാര്‍ഡില്‍നിന്നു കിട്ടുന്ന തുക 4.25 ശതമാനം പലിശയ്ക്ക് ജില്ലാബാങ്കുകള്‍ക്കും 7.75 ശതമാനത്തിന് പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും എത്തുന്നു. ഏഴ് ശതമാനം പലിശയ്ക്കാണ് സഹകരണബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത്. 11 ശതമാനംവരെ പലിശ നല്‍കി സ്വീകരിക്കുന്ന നിക്ഷേപങ്ങളില്‍നിന്ന് വായ്പസംഖ്യ കണ്ടെത്തുന്ന സഹകരണമേഖലയ്ക്ക് സാമ്പത്തികക്രമീകരണം നടത്താന്‍ സഹായിച്ചിരുന്നത് നബാര്‍ഡിന്റെ പുനര്‍വായ്പയാണ്. നബാര്‍ഡിന്റെ സഹായമില്ലാതെതന്നെ സഹകരണമേഖലയിലെ കാര്‍ഷികവായ്പകള്‍ റെക്കോഡിലെത്തുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം ആദ്യ ആറുമാസത്തെ കണക്കുപ്രകാരം 1400 കോടിയുടെ കാര്‍ഷികവായ്പ നല്‍കി. 2400 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം വിതരണംചെയ്തത്- മന്ത്രി പറഞ്ഞു. ആദായനികുതിയിനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 25 കോടി രൂപയാണ് കേരളത്തിലെ സഹകരണമേഖല കേന്ദ്രസര്‍ക്കാരിന് നല്‍കിയത്.
(ആര്‍ സാംബന്‍)

ദേശാ‍ഭിമാനി 251210