Showing posts with label ഇടതു സര്‍ക്കാര്‍. Show all posts
Showing posts with label ഇടതു സര്‍ക്കാര്‍. Show all posts

Sunday, May 30, 2021

കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്‌ ; ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌ കേരളബാങ്ക് രൂപീകരണം

സംസ്ഥാന–-- ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന്‌ കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്. കേരളബാങ്ക് രൂപീകരണമാണ് രാജ്യത്തിനാകെ ബാധകമായ ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌. സംസ്ഥാന–- ജില്ലാ സഹകരണ ബാങ്ക്‌ ലയനത്തിന്‌ ഈ മാർഗനിർദേശം ബാധകമാകും. ബാങ്കിങ്‌ നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം. ലയനത്തിനായി കൂടുതൽ സംസ്ഥാനങ്ങൾ സമീപിക്കുന്നതിനാലാണ്‌‌ ആർബിഐ നടപടി.

ലയനത്തിന്‌ മുമ്പ്‌ വിശദ പഠനം ആവശ്യപ്പെടുന്നതാണ്‌‌‌‌ പ്രധാന നിർദേശം. കേരള ബാങ്ക് രൂപീകരണത്തിന്‌ പഠനം നടത്തിയത്‌ പ്രൊഫ. എം എസ്‌ ശ്രീറാം അധ്യക്ഷനായ സമിതിയാണ്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തുടർനടപടിക്കായി വി ആർ രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ കർമസമിതിയുണ്ടാക്കി. ജില്ലാ–-സംസ്ഥാന ബാങ്കുകളുടെ വായ്‌പ ഏകീകരിച്ചു. വിവിധ ഓഡിറ്റും ആസ്‌തി ബാധ്യതാ കണക്കെടുപ്പും പൂർത്തീകരിച്ചു. പുതിയ സഹകരണ സംഘങ്ങളുടെ പേരിന്‌ ബാങ്ക്‌ പദം‌ വിലക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ ഏകീകരിക്കാൻ കമീഷനെ നിയമിച്ചു.

ലയന അപേക്ഷ നബാർഡ്‌ അംഗീകരിച്ചശേഷമേ റിസർവ്‌ ബാങ്ക്‌ പരിഗണിക്കേണ്ടതുള്ളുവെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. ലയന അനുമതി രണ്ടു ഘട്ടമായിരിക്കും. കേരള ബാങ്ക്‌ അപേക്ഷയ്‌ക്കടക്കം‌ നബാർഡ്‌ അനുമതി ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആർബിഐയുടെ തത്വത്തിലുള്ള അനുമതിയാണ്‌ ലഭിച്ചത്‌. ഐടി സംവിധാന സംയോജനമാണ്‌ മറ്റൊരു വ്യവസ്ഥ. കേരളത്തിൽ എകീകൃത സോഫ്‌റ്റുവെയർ നടപ്പാക്കൽ ചുമതല കേരള ബാങ്കിനാണ്‌‌. 769 ശാഖയും 1600 പ്രാഥമിക സംഘവും ശാഖകളുമടക്കം 5300 ഇടപാട്‌ കേന്ദ്രം ഏകീകൃത കംപ്യൂട്ടർ ശൃംഖലയിലാകും. ഇതടക്കമുള്ള പ്രധാന നിർദേശങ്ങൾക്കെല്ലാം കേരളം മാതൃകയായി.

ജി രാജേഷ്‌ കുമാർ 

Friday, September 25, 2020

ഡിഎംആർസിയെ പണികൾ ഏൽപ്പിച്ചത്‌ മുൻ എൽഡിഎഫ്‌ സർക്കാർ

 പാലാരിവട്ടം പാലം പുനർനിർമാണത്തിന്‌ ചെലവഴിക്കാമെന്ന്‌ ഇ ശ്രീധരൻ വാഗ്‌ദാനം ചെയ്‌ത പണം മിച്ചംപിടിച്ച നാല്‌ നിർമാണങ്ങളും ഡിഎംആർസിയെ ഏൽപ്പിച്ചത്‌ മുൻ എൽഡിഎഫ്‌ സർക്കാർ. രണ്ടാം യുപിഎ സർക്കാർ കൊച്ചി മെട്രോക്കുള്ള കേന്ദ്രാനുമതി അനിശ്‌ചിതമായി വൈകിച്ചപ്പോഴാണ്‌ നാല്‌ അനുബന്ധ നിർമാണങ്ങളുടെ ചുമതല സംസ്ഥാനസർക്കാർ ഡിഎംആർസിയെ ഏൽപ്പിച്ചത്‌. വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ ഇതിനായി 50 കോടി രൂപ വകയിരുത്തുകയും ചെയ്‌തു. പിന്നീട്‌ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി സർക്കാർ മെട്രോ നിർമാണത്തിൽനിന്നുപോലും ഡിഎംആർസിയെ ഒഴിവാക്കാനാണ്‌ ശ്രമിച്ചത്‌.

കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ എ എൽ ജേക്കബ്‌ പാലം, നോർത്ത്‌ റെയിൽവേ മേൽപ്പാലം, പച്ചാളം പാലം, ഇടപ്പള്ളി മേൽപ്പാലം എന്നിവയുടെ നിർമാണമാണ്‌ 2011ൽ എൽഡിഎഫ്‌ സർക്കാർ ഡിഎംആർസിയെ ഏൽപ്പിച്ചത്‌. മെട്രോ വരുന്നതിന്‌ മുന്നോടിയായുള്ള റോഡ്‌ വികസനത്തിനായിരുന്നു അനുബന്ധ പദ്ധതികൾ. 2008ൽ സമർപ്പിച്ച കൊച്ചി മെട്രോ പദ്ധതിക്ക്‌ അപ്പോഴും കേന്ദ്രാനുമതിയായിട്ടില്ല.  2009 മുതൽ ഡിഎംആർസിയുടെ ഓഫീസ്‌ കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

നോർത്ത്‌ പാലത്തിന്റെ പുനർനിർമാണമാണ്‌ ആദ്യം ആരംഭിച്ചത്‌. 2011ൽ നിർമാണമാരംഭിച്ച്‌ 2013ൽ പൂർത്തിയാക്കി. 50 കോടി രൂപയായിരുന്നു നാലുവരിപ്പാലത്തിന്റെ നിർമാണച്ചെലവ്‌. ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കാനിരുന്ന എ എൽ ജേക്കബ് പാലം രണ്ടുമാസം നേരത്തെ ഡിഎംആർസി പൂർത്തിയാക്കി. 2016 ജനുവരിയിൽ ഗതാഗതത്തിന്‌ തുറന്നു. 38 കോടി ചെലവായി. 2014ൽ നിർമാണം തുടങ്ങിയ പച്ചാളം പാലം പൂർത്തിയായപ്പോൾ 13 കോടിരൂപ ഡിഎംആർസി മിച്ചംപിടിച്ചു. 52.70 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ചെലവായത്‌ 39. 50 കോടിയും. ഇടപ്പള്ളി മേൽപ്പാലം നിർമാണത്തിന്‌ വകയിരുത്തിയതിലും 30 കോടി രൂപ കുറച്ചാണ്‌ ഡിഎംആർസി നിർമാണം പൂർത്തിയാക്കിയത്‌. 480 മീറ്റർ നീളമുള്ള നാലുവരിപ്പാലത്തിന്‌ 108 കോടിയാണ്‌ വകയിരുത്തിയത്‌. ചെലവായത്‌ 78 കോടിയും.

അടുത്തടുത്ത നാളുകളിലാണ്‌ ഡിഎംആർസി നിർമിച്ച ഇടപ്പള്ളി മേൽപ്പാലവും യുഡിഎഫ്‌ സർക്കാർ നിയോഗിച്ച കരാറുകാരൻ പൂർത്തിയാക്കിയ പാലാരിവട്ടം പാലവും ഗതാഗതത്തിന്‌ തുറന്നത്‌. 2016 സെപ്‌തംബറിൽ ഇടപ്പള്ളിയും ഒക്‌ടോബറിൽ പാലാരിവട്ടവും തുറന്നു. മാസങ്ങൾക്കുള്ളിൽ തകർന്ന പാലാരിവട്ടം പാലം രണ്ടുവർഷത്തിനുള്ളിൽ പൂർണമായി അടച്ചു.

നോർത്ത്‌ പാലത്തിന്റെ നിർമാണം നടക്കുമ്പോൾ മറ്റു മൂന്ന്‌ നിർമാണവും ഏറ്റെടുക്കാതെ കേരളം വിടാൻ ഡിഎംആർസി തീരുമാനിച്ചതാണ്‌. മെട്രോ നിർമാണത്തിൽനിന്ന്‌ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അത്‌. കൊച്ചിയിലെ ഓഫീസ്‌ പ്രവർത്തനം നാമമാത്രമാക്കിയിരുന്നു. ബഹുജനരോഷം ഭയന്നാണ്‌ പിന്നീട്‌ ഉമ്മൻചാണ്ടി സർക്കാർ മെട്രോ നിർമാണം ഡിഎംആർസിയെ ഏൽപ്പിച്ചത്‌.

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി നടത്തിയ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്  എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ് എസ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കളമശേരിയിലെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച്

Sunday, September 13, 2020

ഇടതുപക്ഷം അതിജീവിക്കുകയെന്നാൽ മതനിരപേക്ഷ ഇന്ത്യ നില നിൽക്കുക എന്നുകൂടിയാണ് അർത്ഥം

 പ്രിയ സുഹൃത്തുക്കളെ,

സ്കൂളിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തുടങ്ങി  മൂന്നു പതിറ്റാണ്ടിലേറെക്കാലം ഇടതുപക്ഷത്തുനിന്ന് പ്രവർത്തിച്ച അനുഭവങ്ങളെ മുൻനിർത്തിയാണ് ഇപ്പോൾ ഈ കുറിപ്പ്. ഇതിനേക്കാൾ സംക്ഷിപ്തമാക്കാനാവാത്തതു കൊണ്ട് ഒരല്പം ദൈർഘ്യമുണ്ട്. ക്ഷമിക്കുക.ഇത് അഭിസംബോധന ചെയ്യുന്നത് ജനാധിപത്യ ബോധവും സംവാദ മര്യാദകളുമുളളവരെ മാത്രമാണ്. അല്ലാത്തവരെ ആരേയും ഇത് വായിക്കാൻ ക്ഷണിക്കുന്നുമില്ല.

ഒരു AII out attack -.ഇടതുപക്ഷത്തിനെതിരായി ഇന്ത്യയിൽ ഇപ്പോൾ ആസൂത്രിതമായി നടക്കുന്നത് അതാണ്.ലക്ഷ്യം ഇടതുപക്ഷത്തെ ഒരു പ്രസ്ഥാനമെന്ന നിലയിൽ മാത്രമല്ല, ആശയമെന്ന നിലയിൽ പോലും  കുഴിച്ചുമൂടുക എന്നതാണ്. മുഖ്യ ഇടതുപക്ഷ പാർട്ടി എന്ന നിലയിൽ ആ ആക്രമണത്തിൻ്റെ കുന്തമുന സി.പി.ഐ.(എം) നു നേരെയാണ്. പാർട്ടിയുടെ ജനറൽ സെക്രട്ടറി മുതൽ ഇന്ത്യയിലെ ഏക ഇടതു പക്ഷ സർക്കാർ വരെ ഭീകരാക്രമണ സമാനമായി വേട്ടയാടപ്പെടുന്നത് അതിൻ്റെ ഭാഗമാണ്. സംഘപരിവാർ നയിക്കുന്ന, മത രാഷ്ട്ര ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യൻ ഭരണ കുടമാണ് അതിന് നേതൃത്വം നൽകുന്നത്. കാരണം മത രാഷ്ട്ര ലക്ഷ്യത്തിൻ്റെ മുന്ന് ആന്തരിക ഭീഷണികളിലൊന്നായി അവർ പണ്ടേ നിശ്ചയിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ.മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ് മറ്റുള്ളവർ. (വിചാരധാര അദ്ധ്യായം 19, 20, 21 പേജ് 217-242) ഡൽഹി കലാപം ഒരു ' ആന്തരിക ഭീഷണി'യെ ഉന്നമിട്ടായിരുന്നു. പൗരത്വ നിയമവും പട്ടികയും എല്ലാം അങ്ങിനെ തന്നെ.അതിനെല്ലാമുള്ള എതിർപ്പിൻ്റെ ആശയ സ്രോതസ്സും മുൻനിര പോരാളികളുമായി ഇടതു പക്ഷമുണ്ട്. ഇടതുപക്ഷം ഒരു ചെറിയ ശക്തിയാണ് ഇന്ത്യയിൽ. പക്ഷേ എത്ര ചെറുതെങ്കിലും മത രാഷ്ട്രവാദികൾക്കും ചൂഷകർക്കും നിരന്തരം അലോസരം സൃഷ്ടിക്കുന്ന, അവർക്ക് പൊറുപ്പിക്കാനാവാത്ത പ്രത്യയശാസ്ത്രമാണത്.

ലോകത്തും ഇടതുപക്ഷം ഇന്ന് ഒരു വലിയ ശക്തിയല്ല. പക്ഷേ മാർക്സ് ശരിയായിരുന്നു എന്ന് ഇടതുപക്ഷക്കാരല്ലാത്തവർ പോലും പറയുന്ന ലോകം കൂടിയാണിത്.മുതലാളിത്തം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ മുനമ്പിലാണ്.മഹാമാരി മുതലാളിത്തത്തിൻ്റെ മനുഷ്യ വിരുദ്ധതയും മാർക്സിസത്തിൻ്റെ സാധുതയും ആവർത്തിച്ച് തെളിയിച്ചു. മാർക്സിസം എന്ന ആശയം ഇപ്പോൾ ചാരം മൂടിയ കനലാണ്.അത് മുതലാളിത്ത വിരുദ്ധ ജന രോഷത്തിൻ്റെ കാറ്റിൽ ആളിപ്പടരാതിരിക്കാൻ അടിച്ചമർത്തൽ ശക്തിപ്പെടും. ലോകത്ത് ഒരു തുരുത്തിലും അതിനെ വെച്ചുപൊറുപ്പിക്കാതിരിക്കാൻ വലതുപക്ഷ ഭരണ കുടങ്ങളും കോർപ്പറേറ്റ് മൂലധനവും എന്തും ചെയ്യും.

കേരളം അങ്ങനൊരു തുരുത്താണ്. എക്കാലത്തും.57 ൽ ഏഷ്യയിലാദ്യം, ലോകത്ത് രണ്ടാമത് തെരഞ്ഞെടുപ്പിലൂടെ കമ്യുണിസ്റ്റുകാരെ അധികാരത്തിലേറ്റിയ ഇടം. വെച്ചുപൊറുപ്പിച്ചില്ല. വിമോചന സമരത്തിലുടെ വലതുപക്ഷം ഒറ്റക്കെട്ടായി തിരിച്ചടിച്ചു. തീക്ഷണ പോരാട്ടം അന്നു മുതൽ പതിറ്റാണ്ടുകളായി തുടരുന്നു. ഇന്നും ഇന്ത്യയിലെ ഏക ഇടതുപക്ഷ ഗവൺമെൻ്റ് ഇവിടെ ഉണ്ട്. ആ നിലയിൽ കേരളവും ഇവിടുത്തെ ഇടതുപക്ഷവും അതിജീവനത്തിൻ്റെ വിസ്മയമാണ്. ഈ ഗവൺമെൻ്റാകട്ടെ നിന്നു തിരിയാനിടമില്ലാത്ത ചട്ടക്കുടിൻ്റെ പരിമിതികൾക്കുള്ളിലും വിസ്മയിപ്പിക്കുന്ന വഴക്കത്തോടെ ബദലുകൾ തീർക്കാൻ ശ്രമിച്ചു.അതിൽ പലതും ലോക ശ്രദ്ധയിൽ വന്നു. മഹാമാരിക്കു മുമ്പിൽ ദൃഢനിശ്ചയത്തോടെ നിന്ന ആ ബദൽ ലോകത്തിൻ്റെ നെറുകയിൽ തിളങ്ങി. 

പക്ഷേ സഹിക്കാനാവാത്ത മുറുമുറുപ്പുമായി അവസരം പാർത്ത് പമ്മിയിരുന്നവരുണ്ട്. പാവപ്പെട്ടവൻ്റെ മക്കൾ പഠിക്കുന്ന സ്കൂളുകൾ ലോക നിലവാരത്തിലെത്തുകയും കുട്ടികൾ അവിടേക്ക് ഒഴുകുകയും ചെയ്യുമ്പോൾ ഇടിയുന്ന ലാഭമോർത്ത്  അരിശപ്പെടുന്ന വിദ്യാഭ്യാസ വണിക്കുകൾ, സർക്കാർ ആശുപത്രികൾ അമ്പരപ്പിക്കുന്ന വിധം വികസിക്കുമ്പോൾ കൊള്ളക്കുള്ള അവസരങ്ങൾ നഷ്ടമാകുന്ന ചികിത്സാ വ്യവസായികൾ, ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് മുടങ്ങാതെ അടിക്കടി വർദ്ധിച്ച പെൻഷൻ വീട്ടിലെത്തിക്കുന്നത് പാഴ്ച്ചെലവെന്ന് കുശുകുശുക്കുന്ന പ്രമാണി വർഗ്ഗം, കേന്ദ്രത്തേപ്പോലെ പൂട്ടാതെയും വിൽക്കാതെയും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുമ്പോൾ അവ ചുളുവിൽ സ്വന്തമാക്കാൻ കഴിയാത്തതിൻ്റെ  ചൊരുക്കിൽ കഴിയുന്ന മുതലാളിമാർ, കൊളളയുടെ ആകാശങ്ങൾ തുറന്നു കിട്ടാൻ ഈ സർക്കാർ തടസ്സമാണെന്നു കരുതുന്ന അദാനിമാർ, കെ ഫോൺ വന്നാൽ കേരളത്തിലെ കുത്തക നടക്കില്ലെന്ന് ആശങ്കയുള്ള അംബാനിമാർ, വൈദ്യുത മേഖല മുഴുവൻ വാങ്ങി ജനങ്ങളെ പിഴിഞ്ഞ് ലാഭമുണ്ടാക്കാനുള്ള ദുര പെരുത്ത കോർപ്പറേറ്റുകൾ അവരെല്ലാം അവസരം പാർത്തിരിക്കുന്നവരാണ്. അവർക്കൊപ്പം  വെറുപ്പിൻ്റെയും കലാപത്തിൻ്റേയും നാശത്തീ പടർത്താൻ കഴിയാത്ത നിരാശയിൽ വർഗ്ഗീയ ശക്തികളുണ്ട്.   അവരുടെയെല്ലാം  അരിശവും പകയും മുഴുവൻ ജനങ്ങളിലേക്ക് 24x7 പ്രസരിപ്പിക്കാൻ മനോരമ- മാതൃഭമി നേതൃത്വത്തിൽ മാദ്ധ്യമപ്പടയുണ്ട്. 

ഇത് പഴയ കുറുവടിപ്പടയല്ല. അത്യാധുനിക സന്നാഹങ്ങളുള്ള സേനയാണ്. അതിന് പിന്നിൽ കോൺഗ്രസ്- ബി.ജെ.പി- ലീഗ്- ജമാഅത്ത്- എസ്.ഡി.പി.ഐ. മഴവിൽ സഖ്യമുണ്ട്.ഇവരിൽ പലർക്കും പല താൽപര്യങ്ങളാണ്. ചിലർക്ക് കൊള്ളലാഭം.ചിലർക്ക് അധികാരം. മറ്റു ചിലർക്ക് മതഭ്രാന്തും സവർണ്ണ ധാർഷ്ട്യവും.ഈ ഭിന്ന താൽപര്യങ്ങൾ നിറവേറ്റാൻ എല്ലാവരേയും ഒന്നിപ്പിക്കുന്നത് ഒരൊറ്റ പൊതുതാൽപ്പര്യം. ഈ സർക്കാരിനെ തകർക്കുക.അതിൽ മാത്രം ഒതുങ്ങുന്നില്ല. ശേഷം ഇടതു പക്ഷത്തെ തന്നെ  കുഴിച്ചുമൂടുക. അതിനുള്ള രണ്ടും കല്പിച്ച, ഒരു നെറിയുമില്ലാത്ത അധാർമിക യുദ്ധമാണിവർ ആരംഭിച്ചിരിക്കുന്നത്. തെരുവുയുദ്ധങ്ങളുടെ ലക്ഷ്യം അത് മാത്രമാണ്. അതിനിയും കനക്കും. ഒരു മര്യാദയും ജനാധിപത്യ ബോധവും അവരിൽ നിന്ന് പ്രതീക്ഷിക്കരുത് .

ജനറൽ സെക്രട്ടറി വർഗ്ഗീയ കലാപത്തിന് പ്രേരണ നൽകി എന്നതു മുതൽ മുഖ്യമന്ത്രിയും കൂട്ടരും സ്വർണ്ണക്കടത്ത് നടത്തി എന്നതു വരെയുള്ള എന്തു നുണയും കെട്ടിച്ചമക്കും. കൂസലില്ലാതെ ആവർത്തിക്കും. മാദ്ധ്യമങ്ങൾ അവ അലറി വിളിക്കും.കാരണം അവർക്ക് വേണ്ടത് ഇടതുപക്ഷത്തിൻ്റെ രക്തമാണ്.

എങ്ങിനെയാണിതിനെ നേരിടേണ്ടത് ? അങ്ങേയറ്റത്തെ ക്ഷമയോടെ.അചഞ്ചലമായ പ്രത്യയശാസ്ത്ര ദാർ ഡ്യത്തോടെ. അസാധാരണമായ രാഷ്ട്രീയ ആരുറപ്പോടെ. എതിരാളികളുടെ അതേ നാണയത്തിലല്ല. മാദ്ധ്യമ-പ്രതിപക്ഷ സഖ്യം  തുറന്ന യുദ്ധമാണ് അഴിച്ചു വിട്ടിരിക്കുന്നത്.. തീർച്ചയായും ക്ഷമ പരീക്ഷിക്കപ്പെടുന്ന പ്രകോപനങ്ങൾ ധാരാളമുണ്ട്. സമചിത്തതയോടെ മാത്രം നേരിടുക. തെറി വിളിയും വ്യക്തി അധിക്ഷേപങ്ങളും നുണകളും വലതുപക്ഷത്തിൻ്റെ സർവത്ര ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളാണ്. അവ ഇടതുപക്ഷ നൈതികതക്ക് നിരക്കുന്നതല്ല തന്നെ.അതേ നാണയത്തിലുള്ള തിരിച്ചടികൾ ഇടതുപക്ഷത്തിൻ്റെ നേരിനായുള്ള പോരാട്ടത്തെ ദുർബലമാക്കുക മാത്രമേയുള്ളു എന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടതുപക്ഷ വക്താക്കൾ മനസ്സിലാക്കണം. നമുക്കെതിരായി ഉറഞ്ഞു തുള്ളുന്ന മാദ്ധ്യമപ്രവർത്തകരും അവതാരകരും എതിരാളികളുടെ സാധാരണ പ്രവർത്തകരുമൊന്നുമല്ല യഥാർത്ഥ എതിരാളികൾ എന്ന് തിരിച്ചറിയണം.. അവരെല്ലാം ഉപജീവനത്തിനായി ശമ്പളം പറ്റി ജോലി ചെയ്യുന്ന വെറും കാലാളുകളോ കരുക്കളോ മാത്രം. അവർക്കെല്ലാം എത്രയോ ഉയരത്തിൽ അദൃശ്യരായിരിക്കുന്ന ശക്തികളാണ്- ഭൂലധനത്തിൻ്റെയും സംഘപരിവാറിൻ്റേയും- നേതൃത്വമാണ് ഈ യുദ്ധം നയിക്കുന്നത്.

ഇടതുപക്ഷമെന്നാൽ ഒരിക്കലും തെറ്റുപറ്റാത്ത അമാനുഷരുടെ പ്രസ്ഥാനമെന്നല്ല, തെറ്റുകൾക്കെതിരെ ജാഗ്രത പുലർത്തുന്ന, തിരുത്തുന്ന, നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നവരുടെ പ്രസ്ഥാനം എന്നാണ്. ആ ഇടതുപക്ഷ മൂല്യബോധത്തേയും നൈതികതയേയും തന്നെ ഉപയോഗിച്ചാണ് വലതുപക്ഷം ആക്രമിക്കുന്നത്. "ഞങ്ങൾക്ക് എന്തും ചെയ്യാം. ഞങ്ങൾ എന്തും ചെയ്യുന്നവരുമാണ്. ഇടതുപക്ഷം അങ്ങിനെയല്ലല്ലോ. "  ലജ്ജയില്ലാത്ത ഈ വലതുപക്ഷ വാദം തന്നെ ഇടതുപക്ഷത്തിൻ്റെ വ്യത്യസ്ത തക്കുള്ള അംഗീകാരമാണ്. ഇടതുപക്ഷത്തിനുള്ള ധാർമ്മിക ബലത്തിന് കളങ്കമുണ്ടാക്കുന്ന എന്തെങ്കിലും ഇടതുപക്ഷ പ്രവർത്തകർ എന്നല്ല ആ മേൽവിലാസത്തിൽ കഴിയുന്ന ഏതെങ്കിലുമൊരാൾ നടത്തിയാൽ പോലും മറുപടി പറയേണ്ടി വരുന്നത് മറ്റാർക്കുമില്ലാത്ത വിശ്വാസ്യതയും ഉത്തരവാദിത്തവും ഇടതുപക്ഷത്തിനുള്ളതുകൊണ്ടാണ്. എല്ലാവരും കണക്കാണെന്ന് വരുത്താനുള്ള ശ്രമം ഏറെക്കാലമായി തുടങ്ങിയിട്ട്.ഓമനക്കുട്ടൻ മുതൽ മുകളിലോട്ട് അതിൻ്റെ ഇരകൾ അനേകമാണ്. എന്നാൽ ജനലക്ഷങ്ങൾ അണിനിരന്ന പ്രസ്ഥാനത്തിൽ ചിലരുടെ  ഒറ്റപ്പെട്ട  അപചയങ്ങൾ സാമാന്യവൽക്കരിച്ചു കൊണ്ട് ഇടതും വലതും ഒന്നാണെന്ന് സ്ഥാപിക്കാനാവില്ല. ആത്യന്തികമായി നിസ്വാർത്ഥരായ ഓമനക്കുട്ടൻമാരുടെ പ്രസ്ഥാനമാണിത്.

ആ ധാർമ്മിക ബലവും പ്രത്യയശാസ്ത്ര സ്ഥൈര്യവുമാണ് ഈ നിർണായക യുദ്ധത്തിൽ ഇടതുപക്ഷത്തിൻ്റെ ആയുധപ്പുര .കേരളം ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ ഉയർന്നു നിൽക്കുന്ന ശിരസ്സാണ്. മൂർദ്ധാവിൽ അടിച്ചു തകർക്കാനാണ് ശ്രമം. അതോടെ ഇന്ത്യൻ ഇടതുപക്ഷത്തെ കുഴിച്ചുമൂടാമെന്നാണ് പദ്ധതി. ഒപ്പം ഇന്ത്യയെ മത രാഷ്ട്രമാക്കാമെന്നും .ഇടതുപക്ഷം അതിജീവിക്കുകയെന്നാൽ മതനിരപേക്ഷ ഇന്ത്യ നില നിൽക്കുക എന്നുകൂടിയാണ് അർത്ഥം. കേരളം ജീവിക്കാൻ കൊള്ളാവുന്ന ഒരിടമായി അവശേഷിക്കുക എന്നും.

*

എം.ബി.രാജേഷ്

Monday, August 10, 2020

ആരോഗ്യമേഖലയിൽ റെക്കോഡ്‌ നിയമനം

 ആരോഗ്യമേഖലയിൽ റെക്കോഡ്‌ നിയമനം ; എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചത് 4300ലധികം തസ്‌തികകൾ

ആരോഗ്യമേഖലയിൽ എൽഡിഎഫ്‌ സർക്കാർ നടത്തിയത്‌ റെക്കോർഡ്‌ നിയമനം. സ്‌റ്റാഫ്‌ നേഴ്‌സ്‌, അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്കുള്ള കഴിഞ്ഞ രണ്ട്‌ പിഎസ്‌സി റാങ്ക്‌ലിസ്‌റ്റുകൾ ഇക്കാര്യം വ്യക്തമാക്കുന്നു. സ്‌റ്റാഫ്‌ നേഴ്‌സായി 1992പേർക്ക്‌ യുഡിഎഫ്‌ സർക്കാർ നിയമന ശുപാർശ അയച്ചപ്പോൾ എൽഡിഎഫ്‌ നൽകിയത്‌ 5807 നിയമനം. അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്ക്‌ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ 2435പേർക്ക്‌ അഡ്വൈസ്‌ നൽകിയപ്പോൾ എൽഡിഎഫ്‌ 3324 പേർക്ക്‌ നൽകി.

സ്‌റ്റാഫ്‌ നേഴ്‌സ്‌ ജില്ലാടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്‌റ്റ്‌ (കാറ്റഗറി നമ്പർ 201/2010) 2013ലാണ്‌ നിലവിൽവന്നത്‌. യുഡിഎഫ്‌ സർക്കാർ‌ രണ്ടര വർഷത്തിനിടെ നൽകിയത്‌ 1068 നിയമന ശുപാർശ. എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ ഏഴ്‌ മാസത്തിനുള്ളിൽ 1169 പേർക്ക്‌ നിയമനത്തിന്‌ അവസരമൊരുക്കി. മറ്റൊരു പരീക്ഷ നടത്തി റാങ്ക്‌ലിസ്‌റ്റ് (454/2014)‌ പ്രസിദ്ധീകരിച്ച്‌ 2438പേർക്ക്‌ നിയമനം നൽകി.

മെഡിക്കൽ വിദ്യാഭ്യാസമേഖലയിൽ സ്‌റ്റാഫ്‌ നേഴ്‌സ്‌ തസ്‌തികയിൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള റാങ്ക്‌ലിസ്‌റ്റുകളിൽനിന്ന്‌ എൽഡിഎഫ്‌ ഭരണകാലത്ത്‌ 2200പേർക്ക്‌ നിയമനം നൽകിയപ്പോൾ യുഡിഎഫ്‌ നൽകിയത്‌ 924. കാറ്റഗറി നമ്പർ 68/2013 റാങ്ക്‌ലിസ്‌റ്റ്‌ 2015 ജൂൺ 29നാണ്‌ നിലവിൽവന്നത്‌. ഈ ലിസ്‌റ്റിൽനിന്ന്‌ യുഡിഎഫ്‌ 924 പേർക്കും എൽഡിഎഫ്‌ 1152 പേർക്കും നിയമന ശുപാർശ നൽകി. 2018 ജൂൺ 28ന്‌ കാലാവധി അവസാനിച്ചതിന്‌ തൊട്ടുപിന്നാലെ ഒക്‌ടോബർ 31ന്‌ അടുത്ത ലിസ്‌റ്റ്‌ (249/2017) പ്രസിദ്ധീകരിച്ചു. മൂന്നുവർഷ കാലാവധിയുള്ള ഈ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ ഇതിനകം 1048 പേർക്ക്‌ അഡ്വൈസ്‌ അയച്ചു. ഹെൽത്ത്‌ സർവീസിൽ അസിസ്‌റ്റന്റ്‌ സർജൻ തസ്‌തികയിലേക്കുള്ള 567/2012 റാങ്ക്‌ലിസ്‌റ്റ്‌ 2013 മാർച്ച്‌ 25ന്‌ നിലവിൽവന്നു. മൂന്നുവർഷത്തിനുള്ളിൽ യുഡിഎഫ്‌ ഭരണത്തിൽ 2435 പേർക്ക്‌ അഡ്വൈസ്‌ അയച്ചപ്പോൾ 2016ൽ എൽഡിഎഫ് സർക്കാർ‌ വന്ന്‌ ഏഴ്‌ മാസത്തിനുള്ളിൽ‌ 1558 പേർക്ക്‌ നിയമനം നൽകി. 

ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലായി 4300ലധികം തസ്‌തിക എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചു‌. 1960ലെ സ്റ്റാഫ് പാറ്റേൺ മാറ്റി അഞ്ച്‌  മെഡിക്കൽ കോളേജിലേക്ക് ഒറ്റഘട്ടമായി 721 നേഴ്‌സുമാരുടെ തസ്‌തിക സൃഷ്ടിച്ചത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആദ്യമാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ 1564 അധ്യാപക, അനധ്യാപക തസ്‌തികയും ആരോഗ്യ സർവകലാശാലയിൽ 175 തസ്‌തികയും സൃഷ്‌ടിച്ചു.

പിഎസ്‌സി റാങ്ക് ലിസ്റ്റ്‌ കാലാവധി കൂട്ടാൻ വിധിയും തടസ്സം

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കൂട്ടിക്കൂടെ എന്ന്‌ മുറവിളികൂട്ടുന്നവർ അറിയാൻ. ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനുള്ള പ്രധാന തടസ്സം സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളും പിഎസ്‌സിയുടെ ചട്ടങ്ങളുമാണ്‌.

ലിസ്റ്റ്‌ നീട്ടിയാൽ അത്‌ പുതിയ അപേക്ഷകരോട്‌ കാട്ടുന്ന അനീതിയാകും എന്നാണ്‌ 2007ൽ സുപ്രീംകോടതി വിധിച്ചത്‌. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത്‌ നിയമനത്തിനുള്ള അവകാശമല്ല. സർക്കാർ ജോലി ലഭിക്കാൻ  ഉദ്യോഗാർഥികൾക്കെല്ലാം ഒരുപോലെ അവകാശമുണ്ടെന്നും ഈ വിധിയിൽ പറയുന്നു. മൂന്ന് വർഷത്തിൽ കൂടുതൽ ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പിഎസ്‌സി ചട്ടങ്ങളുടെ ലംഘനമാണന്നുള്ള1991ലെ ഹൈക്കോടതി വിധിയും നിലനിൽക്കുന്നു. കൂടാതെ പിഎസ്‌സി ചട്ടത്തിലെ 13–--ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്‌ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം എന്നാണ്‌. പുതിയ റാങ്ക് ലിസ്റ്റ് ഉണ്ടാകുന്നില്ലെങ്കിൽ കാലാവധി മൂന്ന് വർഷംവരെ നീട്ടാം.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് സർക്കാർ പ്രത്യേക നിരോധനം ഏർപ്പെടുത്തിയാലോ അസാധാരണമായ സംഭവങ്ങൾ ഉണ്ടായാലോ മാത്രമേ പിന്നെയും ഒന്നര വർഷംകൂടി നീട്ടാൻ വ്യവസ്ഥയുള്ളു.സാധാരണ മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളുടെ മൂന്നിരട്ടി ഉദ്യോഗാർഥികളെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. സപ്ലിമെന്ററി ലിസ്റ്റിൽ അഞ്ചിരട്ടിയും. അതുകൊണ്ടാണ്‌ ലിസ്റ്റിൽ താഴെയാകുന്നവർക്ക് പലപ്പോഴും നിയമനം ലഭിക്കാതെ പോകുന്നത്‌. ഇക്കാര്യവും കോടതികൾ വിവിധ കേസുകളിൽ പരിഗണിച്ചിട്ടുണ്ട്.

വിജേഷ്‌ ചൂടൽ 

Saturday, August 8, 2020

കണ്‍സള്‍ട്ടന്‍സി വിരോധമെന്തിന്‌?

 കേരളത്തിൽ "കൺസൾട്ടൻസി രാജ്' ആണെന്നും "കരാർ നിയമനങ്ങൾ' വ്യാപകമാണെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആക്ഷേപം ഉന്നയിച്ചു. ആരോപണങ്ങൾക്ക് വസ്തുതകളുടെ പിൻബലമുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ലാത്ത ആളാണ് അദ്ദേഹം. പത്രവാർത്തകളെയും കേട്ടുകേൾവികളെയും അടിസ്ഥാനമാക്കി, സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് എത്രയോതവണ അദ്ദേഹം പരിഹാസ്യനായിട്ടുണ്ട്.


ഒരു പ്രത്യേക മേഖലയിൽ, വിദഗ്ധ ഉപദേശം ലഭിക്കാൻ വൈദഗ്ധ്യമുള്ള സ്ഥാപനത്തെയോ വ്യക്തികളെയോ നിയോഗിക്കുന്നതാണ് കൺസൾട്ടൻസി. ലോകത്ത് അനുദിനം അറിവിന്റെയും ശാസ്ത്രത്തിന്റെയും ചക്രവാളം വികസിക്കുന്നുണ്ട്. വിജ്ഞാനത്തിൻമേൽ സ്വകാര്യ കുത്തകഅവകാശം സ്ഥാപിച്ച്, ചൂഷണ ഉപാധിയാക്കുന്ന മുതലാളിത്ത വ്യവസ്ഥയെ എതിർക്കുമ്പോഴും നാടിന്റെ വികസനത്തിനായി പുത്തൻ അറിവുകൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കാനാകാത്തതാണ്. ഇത്തരത്തിലുള്ള ഒരു ഉദ്യമമാണ് 1987ലെ നായനാർ സർക്കാർ തുടങ്ങിവച്ച്, പിന്നീട് യാഥാർഥ്യമായ കേരളത്തിന്റെ അഭിമാനമായ ടെക്നോപാർക്ക്.

1957 മുതൽ കമ്യൂണിസ്റ്റ് പാർടിക്ക് നേതൃത്വമുള്ള സർക്കാരുകൾ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള നയങ്ങളാണ് സ്വീകരിച്ചത്. പൊതുമേഖല സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുകയും സാവകാശത്തിൽ ആധുനികവൽക്കരിക്കുകയും ചെയ്യുക, വിദ്യാഭ്യാസം–-ആരോഗ്യം–-സാമൂഹ്യക്ഷേമം–-പൊതുവിതരണം–-അധികാരവികേന്ദ്രീകരണം എന്നീ കാര്യങ്ങളിൽ സമഗ്രവികസനം എന്ന ലക്ഷ്യത്തോടെയാണ്  പ്രവർത്തിച്ചത്. 1956ലെ കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ കേരള വികസനത്തിന് മാർഗദർശനം നൽകുന്ന നിർദേശങ്ങൾ അടങ്ങിയിട്ടുണ്ട്. 1957ൽ ഇ എം എസ് ഭരണത്തിൽ വന്നപ്പോൾ മാവൂരിൽ ബിർളയുടെ കമ്പനി കൊണ്ടുവരാൻ മുൻകൈ എടുത്തത് ഈ കാഴ്ചപ്പാടോടെയായിരുന്നു. പുതിയ തൊഴിലവസരങ്ങളും സാമ്പത്തികവളർച്ചയും നേടാൻ കഴിയാതെ ജനങ്ങൾ നിരാശരാകുകയും കമ്യൂണിസ്റ്റ് പാർടിയുടെ ഭരണം പരാജയമാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുക എന്ന ദുഷ്ടലാക്കാണ് എക്കാലത്തും കോൺഗ്രസിന് ഉണ്ടായിരുന്നത്.

പുത്തൻ സാങ്കേതികവിദ്യയും സിപിഐ എം  നിലപാടും

സിപിഐ എം പാർടി പരിപാടി വിദേശനിക്ഷേപത്തെയും പുത്തൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെക്കുറിച്ചും വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. "ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുംവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കും. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപ്പര്യത്തിനുവേണ്ടി ഫിനാൻസ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും' (പാർടി പരിപാടി 6.6).

പതിനെട്ടാം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത് ഇപ്രകാരമാണ്. ""കേന്ദ്രത്തിൽ പുത്തൻ ഉദാരവൽക്കരണ നയങ്ങളെ നേരിടേണ്ടിവന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവൺമെന്റുകൾക്ക് ജനങ്ങൾക്ക് അനുകൂലവും സന്തുലിതവുമായ വികസനം ഉറപ്പുവരുത്തുന്ന നയങ്ങൾ പിന്തുടരുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടിവരും. സ്വകാര്യ നിക്ഷേപത്തിന് പ്രോത്സാഹനം നൽകുന്ന അവസരത്തിൽത്തന്നെ നിർണായക മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നു. സാമൂഹ്യമേഖലയിലെ പൊതുനിക്ഷേപത്തെ സംരക്ഷിക്കുകയും കഴിയുമെങ്കിൽ വർധിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ അനുവർത്തിച്ചുവരുന്ന നയങ്ങൾമൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദരിദ്രവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി നയങ്ങൾ ഉയർത്തിക്കാണിക്കുന്നു''. ഈ കാഴ്ചപ്പാടുകളുടെകൂടി അടിസ്ഥാനത്തിലാണ് 2016ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക എൽഡിഎഫ് തയ്യാറാക്കിയത്.

അതനുസരിച്ച് സംസ്ഥാനത്തിനനുയോജ്യമായ വികസന പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു. മുടങ്ങിയതും ഒരിക്കലും സാധ്യമാകുമെന്ന് കരുതാത്തതുമായ നാഷണൽ ഹൈവേ വികസനം  നടപ്പാക്കിവരുന്നു. സ്ഥലമേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായി. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാകാറായി. വ്യവസായങ്ങൾക്കുള്ള ചെലവുകുറഞ്ഞ ഊർജസ്രോതസ്സാണിത്. വൈദ്യുതി പ്രസരണം ആധുനികവൽകരിക്കാനും സോളാർ പവർ ഉൽപ്പാദനം വർധിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ടെക്നോപാർക്കിൽ ഈ സർക്കാർ വന്നശേഷം 52.44 ലക്ഷം സ്ക്വയർഫീറ്റ് ഐടി സ്പേസ് വർധനയുണ്ടായി. 29,510 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. 292 പുതിയ കമ്പനി വന്നു. പ്രവാസികൾ അയക്കുന്ന പണം  കമ്പോളം വികസിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നു. റിയൽ എസ്റ്റേറ്റ് വികസന സാധ്യതകളെ ഇത് ത്വരിതപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാഭ്യാസ രംഗത്തും പുതിയ സാധ്യതകൾ തുറക്കുന്നു.

അന്തർദേശീയ നിലവാരമുള്ള സാങ്കേതികവിദ്യയും സംരംഭങ്ങളും കേരളത്തിലെത്തിക്കാൻ പരമ്പരാഗത രീതിയിലൂടെതന്നെ സഞ്ചരിച്ചാൽ മതിയോ? നമുക്കനുയോജ്യമായ പദ്ധതികൾക്കായി അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ? പ്രസ്തുത ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് പിണറായി സർക്കാർ ചെയ്തത്. എല്ലാ കാര്യത്തിലും നാം സർവജ്ഞരല്ല. നമുക്ക് അറിയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. അവയിൽ നമുക്ക് അനുയോജ്യമായത് തേടിപ്പിടിച്ച്, സംസ്ഥാന സർക്കാരിനെ ഉപദേശിക്കാൻ, പദ്ധതികൾ തയ്യാറാക്കാൻ, ഓരോ രംഗത്തും അറിവും അനുഭവവും പ്രവർത്തന മികവുമുള്ള കൺസൾട്ടൻസികളെ നിയോഗിക്കേണ്ടിവരും. ഒരു പ്രത്യേക മേഖലയിൽ വിദഗ്ധ ഉപദേശം നൽകുന്ന പ്രൊഫഷണൽ ഏജൻസികളാണ് കൺസൾട്ടൻസികൾ. കേന്ദ്ര സർക്കാരും മുമ്പത്തെ യുപിഎ സർക്കാരും മിക്ക സംസ്ഥാന സർക്കാരുകളും നൂതന പദ്ധതികൾക്കായി കൺസൾട്ടൻസികളെ നിയോഗിക്കാറുണ്ട്. ഇതിനുമുമ്പുള്ള സർക്കാരുകളും നിയോഗിച്ചിട്ടുണ്ട്.

ഇലക്ട്രിക് ബസ് നിർമാണം,  കെ ഫോൺ, ഐടി  നൂതന പദ്ധതികൾ തുടങ്ങിയവയ്ക്കാണ്  സർക്കാർ കൺസൾട്ടൻസികളെ നിയോഗിച്ചത്. ഇത്തരം പദ്ധതികളിൽ ലോകോത്തര സാങ്കേതികവിദ്യക്കുപകരം  19–-ാം നൂറ്റാണ്ടിലേതുമായി പോയാൽ മതിയോ?  പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ, കൺസൾട്ടൻസിയെ നിയോഗിച്ചാൽ നിശ്ചിത കാലത്തേക്ക് അവർക്ക് പ്രവർത്തിക്കേണ്ടിവരും. അനുയോജ്യരായ വിദഗ്ധരെ അവർക്ക് നിയമിക്കേണ്ടിവരും. അതെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് ശഠിക്കാൻ പറ്റുമോ? സർക്കാർ സർവീസിൽ ഒരു സ്ഥിരം തസ്തിക സൃഷ്ടിച്ച ശേഷമല്ലേ പിഎസ്‌സി വഴി നിയമനം നടത്താൻ പറ്റൂ.

തുടർച്ചയായ പ്രകൃതിദുരന്തങ്ങളും ജിഎസ്ടി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ ഇടിവുണ്ടാക്കി. ലക്ഷ്യംവച്ച വളർച്ച കൈവരിക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാർ, റവന്യു വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം മാറ്റിവച്ചും കമ്പോളത്തിൽനിന്ന് വായ്പയെടുത്തും  "കിഫ്ബി' എന്ന സംവിധാനമുണ്ടാക്കി.  കിഫ്ബിയെ ഏതെല്ലാം വിധത്തിലാണ് പ്രതിപക്ഷം ആക്ഷേപിച്ചത്?

എൽഡിഎഫ് സർക്കാരിൽ കൺസൾട്ടൻസി രാജാണ് എന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷനേതാവിന്റെ മുന്നണിഭരണത്തിൽ കൺസൾട്ടൻസിയെ നിയോഗിച്ചിരുന്നു എന്ന സത്യം അവർ മറച്ചുവയ്‌ക്കുന്നു. യാഥാർഥ്യം എന്താണെന്നു നോക്കൂ.

1) 2014ൽ നോളജ് സിറ്റിയുടെ കൺസൾട്ടന്റായി  അക്‌സൻചർ സർവീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം. ഫീസ് 25 ലക്ഷം രൂപ. 24.4.2014ലെ ജിഒ (എംഎസ്) നമ്പർ 2019/2014.

2)പൊലീസ് ക്രൈം ആൻഡ്‌ ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റം. ടാറ്റ കൺസൾട്ടൻസി സർവീസ് 40.38 കോടി രൂപ ചെലവ്. 30.1.2012ലെ സർക്കാർ ഉത്തരവ് നമ്പർ 10/2012/ആഭ്യന്തരം.

3)28.03.2015ൽ 279–-ാം നമ്പർ ചോദ്യത്തിന് നിയമസഭയിൽ സാമൂഹ്യനീതി മന്ത്രി എം കെ മുനീർ പറഞ്ഞത്–- ജൻഡർ പാർക്കിന്റെ കൺസൾട്ടന്റായി സ്പേസ് ആർട്ട് എന്ന സ്ഥാപനത്തെ നിയമിച്ചു.

4)01.12.2014ന് 19–-ാം നമ്പർ ചോദ്യത്തിന് തുറമുഖമന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞത്–-തീരദേശ കപ്പൽ ഗതാഗത പദ്ധതി "ഡിലോയിറ്റ്' എന്ന കൺസൾട്ടൻസിയെ നിയമിച്ചു.

5)30.11.2015ന് 30–-ാം നമ്പർ ചോദ്യത്തിന് മന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞത്–- കണ്ണൂർ വിമാനത്താവളത്തിന്റെ കൺസൾട്ടന്റായി "എയ്കോം ഏഷ്യ കമ്പനി'യെ നിയമിച്ചു.

6)30.11.2015ൽ 25–-ാം നമ്പർ ചോദ്യത്തിന് ഉമ്മൻചാണ്ടി നിയമസഭയിൽ നൽകി മറുപടി. എയർ കേരള പദ്ധതിയുടെ കൺസൾട്ടന്റായി "ഏണസ്റ്റ് ആൻഡ്‌ യങ്' എന്ന കമ്പനിയെ നിയോഗിച്ചു.

7)വൈദ്യുതിബോർഡ് 2014–-2015ലെ വരുമാന അനുമാനത്തിനായി പിഡബ്ല്യുസിയെ കൺസൾട്ടന്റായി നിയമിച്ചു. 21.01.2014ലെ 1063 നമ്പർ ഉത്തരവ്.ഈ കൂട്ടരാണ്, എൽഡിഎഫ് സർക്കാർ കൺസൾട്ടൻസിയെ നിയമിച്ചതിനാക്ഷേപിക്കുന്നത്.

മുമ്പുള്ള എൽഡിഎഫ്‌ സർക്കാരും ചില പ്രൊജക്‌ടുകൾക്കായി കൺസൾട്ടൻസിയെ നിയോഗിച്ചിട്ടുണ്ട്‌.

1)കെൽട്രോൺ–- വിഷ്വൽ പ്ലാൻ –-2009 ഏണസ്റ്റ് ആൻഡ്‌ യങ്.

2)മോഡണൈസേഷൻ ഓഫ് പിഎസ്യുസ് –- 1998 എഎഫ് ഫർഗൂസൻ ആൻഡ്‌ കമ്പനി.

3)കേരള ഇൻഡസ്ട്രിയൽ റിവൈറ്റലൈസേഷൻ ഫണ്ട് ബോർഡ് (കെഐആർഎഫ്ബി) 1998 എസ്ബി ബില്ലിമോറിയ.

4)ഹൈസ്പീഡ് റെയിൽ പദ്ധതി 2010 ഡിഎംആർസി

5)കൊച്ചിൻ–-കോയമ്പത്തൂർ ഇൻഡസ്ട്രിയൽ കോറിഡോർ (ഇൻകൽ)–- മഹീന്ദ്ര കൺസൾട്ടന്റ്സ്.

6)കോഴിക്കോട്–-കിനാലൂർ റോഡ് പദ്ധതി–-വിൽബർസ്മിത്ത്.

7)ഇസ്ലാമിക് ബാങ്ക് –-ഏണസ്റ്റ് ആൻഡ്‌ യങ്.

പൊതുമേഖലാ സംരക്ഷണം

പുതിയ തലമുറ വ്യവസായ പദ്ധതികൾക്കായി ശ്രമിക്കുമ്പോൾ  പരമ്പരാഗത–-ചെറുകിട വ്യവസായങ്ങളെയും പൊതുമേഖലാ വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കയർ പുനഃസംഘടനാ പദ്ധതി നടപ്പാക്കി. സ്കൂൾ യൂണിഫോം തുണി ഉൽപ്പാദനം കൈത്തറി മേഖലയെ ഏൽപ്പിച്ചത് കൈത്തറിക്ക് പുത്തൻ ഉണർവേകി. തോട്ടം മേഖലയെ സംരക്ഷിക്കാൻ ജസ്റ്റിസ് കൃഷ്ണൻനായർ കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി. കെഎസ്ആർടിസിയെ പൊതുമേഖലയിൽ സംരക്ഷിച്ച് നിലനിർത്തുന്നു. പൊതുമേഖലാ വ്യവസായങ്ങൾ ലാഭകരമാക്കി. കേന്ദ്രം വിറ്റഴിക്കാൻ ശ്രമിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ്‌ സംസ്ഥാനം.

കോട്ടയം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, പാലക്കാട് ഇൻസ്ട്രുമെന്റേഷൻ എന്നിവ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. കാസർകോട് കെൽ ടെൽ സംയുക്തസംരംഭത്തിൽനിന്ന് ഭെൽ പിൻമാറിയപ്പോൾ അവരുടെ ഷെയർ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ബിപിസിഎല്ലിന്റെ കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാൻ ലൈഫ് കെയർ കമ്പനികളും സ്വകാര്യവൽക്കരണം അനുവദിക്കില്ലെന്ന ശക്തമായ നിലപാട് സർക്കാർ കൈക്കൊണ്ടു.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്ക് ജനപക്ഷ ബദൽ ഉയർത്തുന്ന ഏക സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഈ സർക്കാരിനെ തകർക്കാൻ വലതുപക്ഷ രാഷ്ട്രീയകക്ഷികൾ ഒന്നിക്കുന്നത്, അവരുടെ വർഗനിലപാട് വ്യക്തമാക്കുന്നു.

*

എളമരം കരീം

Tuesday, August 4, 2020

ലക്ഷ്യം മഴവിൽസഖ്യം

ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വിശാല മഴവിൽ സഖ്യമുണ്ടാക്കുന്നതിനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിൽ അധികാര തുടർച്ചയുണ്ടാകുന്നത് ഏതുവിധേനയും തടയുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഒരു വശത്ത് മുസ്ലിംലീഗ് വഴി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെടെയുള്ള മതമൗലികവാദ, ഭീകരവാദ സംഘടനകളുമായി  തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നു. മറുവശത്ത് കോൺഗ്രസിൽ രമേശ് ചെന്നിത്തല മുൻകൈയെടുത്ത് ബിജെപിയുമായി രഹസ്യധാരണയും ഉണ്ടാക്കുന്നു. അങ്ങനെ ഭൂരിപക്ഷ വർഗീയതയ്‌ക്കും ഇസ്ലാമിന്റെ പേരിലുള്ള ഭീകരവാദ സംഘടനകൾക്കും ഇടയിലുള്ള പാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറിയിരിക്കുന്നു. ഇതിന്‌ അനുസൃതമായ നിലപാടുകളാണ് ഇരു പാർടിയും കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാരിന്റെ വർഗീയവൽക്കരണ പ്രക്രിയക്ക് എതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്നതിന് കോൺഗ്രസ് തയ്യാറാകുന്നില്ല. രാജ്യത്ത് കോൺഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകൾ പലപ്പോഴും ബിജെപിയെപ്പോലും പിന്നിലാക്കുന്ന തീവ്ര സ്വഭാവത്തിലാകുന്നു. ഏറ്റവും ഒടുവിലത്തെ രണ്ടു സംഭവം ഇത് വ്യക്തമാക്കുന്നതാണ്. ഒന്ന് രാമക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായി അയോധ്യയിൽ നടത്തുന്ന ഭൂമിപൂജയോടുള്ള നിലപാടാണ്. നിയമപരവും ചരിത്രപരവുമായ പല ചോദ്യങ്ങളും ഉന്നയിച്ച വിധിയാണെന്ന അഭിപ്രായമുള്ളവരും പ്രശ്നം പരിഹരിച്ചുപോകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, വിശ്വാസത്തെ വീണ്ടും രാഷ്ട്രീയാധികാര താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അതിൽ ബിജെപിയേക്കാൾ മുമ്പിൽ തങ്ങളാണെന്ന് സ്ഥാപിക്കുന്നതിന് കോൺഗ്രസും ശ്രമിക്കുന്നു. രാമനാപം ജപിക്കലും ഭജന നടത്തലുമൊക്കെ വിശ്വാസികളുടെ വിശ്വാസപരമായ അവകാശങ്ങളാണ്. അതിന് അവർക്ക് അവകാശവുമുണ്ട്. എന്നാൽ, കോൺഗ്രസ് തന്നെ യുപിയിൽ ഭജനയ്‌ക്ക് നേതൃത്വം നൽകുന്നു. മധ്യപ്രദേശിൽ ഹനുമാൻ ചാലീസ സംഘടിപ്പിക്കുന്നതിന് കോൺഗ്രസ് നേതാവ് കമൽനാഥ് നേതൃത്വം നൽകുന്നു. രാമക്ഷേത്ര നിർമാണത്തിലൂടെ രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന് മുതിർന്ന നേതാവ് ദിഗ് വിജയ്സിങ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്യാതെ മുസ്ലിംലീഗ് നേതൃത്വവും നിശ്ശബ്ദത പാലിക്കുന്നു.

സമാനമായ രീതി തന്നെയാണ് തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിം പള്ളിയാക്കി മാറ്റിയ തെറ്റായ നടപടിയെ ന്യായീകരിച്ച മുസ്ലിംലീഗിന്റെ നിലപാടിനോട് കോൺഗ്രസ് നേതൃത്വവും സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര നിലപാടിനെ പരസ്യമായി പിന്തുണയ്‌ക്കുകയാണ് ലീഗ് ചെയ്യുന്നത്. ഞങ്ങൾ രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ ആഘോഷമാക്കുമ്പോൾ നിങ്ങൾ ഹാഗിയ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി മാറ്റുന്നതിനെയും രാഷ്ട്രീയമായി കൊണ്ടാടിക്കോളൂ എന്നതാണ് കോൺഗ്രസ് നിലപാട്. ഒരേ വശത്ത് ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും പിന്തുണച്ച് സങ്കുചിത രാഷ്ട്രീയനേട്ടം കൊയ്യാൻ കഴിയുമോയെന്ന ശ്രമമാണിത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന കുറ്റകരമായ മൗനമാണ് മറ്റൊരു കാര്യം. ഫെഡറലിസം പരിമിതപ്പെടുത്തുന്നതോടൊപ്പം ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്ന ഗൗരവമായ മാനങ്ങളുള്ള പ്രശ്നത്തിൽ യുഡിഎഫ് മൗനം പാലിക്കുകയാണ്. ബിജെപി നയങ്ങൾ തുറന്നുകാണിക്കുന്നതിനും ശക്തമായി എതിർക്കുന്നതിനും കോൺഗ്രസ് തയ്യാറാകാതിരിക്കുന്നത് അവർ തമ്മിലുണ്ടാക്കിയ ധാരണയ്‌ക്ക് അനുസരിച്ചാണെന്ന് വ്യക്തം.

മധ്യപ്രദേശിലും കർണാടകത്തിലും കോൺഗ്രസ് ഭരണത്തെ അട്ടിമറിച്ച, ബിജെപിയുടെ  ജനാധിപത്യവിരുദ്ധനീക്കത്തെ തുറന്നുകാണിക്കാൻപോലും കേരളത്തിൽ കോൺഗ്രസ് തയ്യാറാകാതിരിക്കുന്നതും യാദൃച്ഛികമല്ല. രാജസ്ഥാനിലെ ഇപ്പോഴത്തെ പ്രശ്നങ്ങളും അറിയാതെപോലും പരാമർശിക്കാതിരിക്കുന്നതിന് രമേശ് ചെന്നിത്തലയും മറ്റും അതീവ ജാഗ്രതയാണ് കാണിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാതെ അഞ്ചുവർഷത്തിൽ കൂടുതൽ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാൻ പറ്റാത്ത അവസ്ഥയുള്ള പാർടിയാണ് ഇന്നത്തെ കോൺഗ്രസ്.  മാറിമാറി ഭരണമെന്ന മോഹത്തിന്റെ പുറകിലാണ് ഇതുവരേയും പിടിച്ചുനിന്നത്. എന്നാൽ, ഭരണതുടർച്ചയെ സംബന്ധിച്ച പൊതുബോധം കോൺഗ്രസ് നേതൃത്വത്തെ നിൽക്കക്കള്ളിയില്ലാതാക്കി. ഏതുവിധേനയും നിയമസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരികയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഈ ഹ്രസ്വകാല ലക്ഷ്യത്തിനായി ഒരു വശത്ത് മതമൗലികവാദ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കി ഒരു തീവ്രവാദ മുന്നണിയായി മാറി. ഈ തീവ്രവാദമുന്നണി മറുവശത്ത് ബിജെപിയുമായും കൂട്ടുകെട്ടുണ്ടാക്കുന്നു.  

കേരളത്തിൽ കോൺഗ്രസിനെ എതിർക്കുന്നതിന് ബിജെപി ഒരിക്കൽപ്പോലും തയ്യാറാകാത്തത് ഈ ധാരണയുടെ ഭാഗമാണ്. ഒരേ അടുക്കളയിൽ ചുട്ടെടുക്കുന്ന നുണകളാണ് പ്രതിപക്ഷനേതാവും ബിജെപി പ്രസിഡന്റും ഓരോ ദിവസവും മാധ്യമങ്ങളിൽ വിളമ്പുന്നത്. കേരളത്തിൽ രാഷ്ട്രീയാധികാരമെന്നത് ബിജെപിക്ക് സ്വപ്നംപോലും കാണാൻ കഴിയാത്തതാണ്. അതുകൊണ്ട് ദീർഘകാലത്തെ പരിപാടിയാണ് ബിജെപി നേതൃത്വം ആസൂത്രണം ചെയ്യുന്നത്. അതിന്റെ ആദ്യഭാഗം ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്നതാണ്. ത്രിപുരയിൽ, ബിജെപി വിജയിച്ചുവെന്നതിനേക്കാളും ഇടതുപക്ഷം പരാജയപ്പെടുന്നുവെന്നതാണ്  തങ്ങൾക്ക് കൂടുതൽ സംതൃപ്തി നൽകിയതെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനം ഇത്തരുണത്തിൽ പ്രസക്തം. പ്രത്യയശാസ്ത്ര വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി വിജയത്തെ വിശേഷിപ്പിച്ചത്. ത്രിപുരയിൽ അവർ സ്വീകരിച്ച രീതിയുടെ ആദ്യഘട്ടം എന്നത് കോൺഗ്രസ് എംഎൽഎമാരെ മൊത്തത്തിൽ ബിജെപിയാക്കി മാറ്റുകയെന്നതായിരുന്നു. ഒറ്റ എംഎൽഎപോലും ഇല്ലാതിരുന്ന ബിജെപി നിയമസഭയിൽ പ്രധാനപ്രതിപക്ഷമായത് അങ്ങനെയാണ്.  അതിന്റെ തുടർച്ചയിലാണ് പിന്നീട് നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നത്.

കോൺഗ്രസിൽനിന്ന്‌ ആരും വരാൻ തയ്യാറാകാത്തതുകൊണ്ടല്ല കേരളത്തിൽ  ത്രിപുര മോഡൽ ബിജെപി പ്രതീക്ഷിക്കാത്തത്. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയഘടന ഉടൻ അധികാരമെന്ന മോഹത്തിന്‌ പറ്റുന്നതല്ലെന്ന ബിജെപി തിരിച്ചറിവാണ് മധ്യപ്രദേശ് മോഡലിന്‌ പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക, കോൺഗ്രസിനെ അധികാരത്തിലേറ്റുക, ഒപ്പം കോൺഗ്രസിന്റെകൂടി സഹായത്തോടെ ബിജെപിയുടെ അംഗബലം വർധിപ്പിക്കുക എന്ന മൂന്ന്‌ അടിയന്തരലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതിനുശേഷം കോൺഗ്രസിനെത്തന്നെ ബിജെപിയാക്കി മാറ്റുക എന്ന ദീർഘകാല ലക്ഷ്യവും. ബിജെപിയുടെകൂടി ഭാഗമായി നേതാക്കളുള്ള കേരളത്തിലെ കോൺഗ്രസിനെ എളുപ്പത്തിൽ വിഴുങ്ങാൻ തങ്ങൾക്ക് അധികസമയം ആവശ്യമില്ലെന്ന് ബിജെപിക്കറിയാം.

കോൺഗ്രസിനും മുസ്ലിംലീഗിനും ബിജെപിക്കും ഇത് പുതിയ രീതിയല്ല. വടകരയും ബേപ്പൂരും കോലീബി പരീക്ഷണം നടത്തിയതാണ്. എന്നാൽ, രണ്ടിടത്തും അത് പരാജയപ്പെട്ടു. ന്യൂനപക്ഷ ജനവിഭാഗവും മതനിരപേക്ഷ ശക്തികളും എടുത്ത ശരിയായ നിലപാടാണ് അതിനു കാരണം. അതുകൂടി കണക്കിലെടുത്താണ് മുസ്ലിംലീഗിനെ മുമ്പിൽ നിർത്തി വെൽഫെയർ പാർടിയും മറ്റും ചേർന്ന് ധാരണയുണ്ടാക്കി ന്യൂനപക്ഷ  ജനവിഭാഗങ്ങളെ ഒപ്പം നിർത്താൻ കഴിയുമോയെന്ന്‌ ശ്രമിക്കുന്നത്. ഇങ്ങനെയൊരു കൂട്ടുകെട്ടിനെ നയിക്കാൻ ബിജെപിക്കുകൂടി സ്വീകാര്യനായ നേതാവ് എന്ന നിലയിലാണ് ചെന്നിത്തലയെ ഉയർത്തിക്കാണിക്കുന്നത്. ആഭ്യന്തരമന്ത്രിയായിരിക്കുന്ന സന്ദർഭത്തിൽ നടത്തിയ പൊലീസ് തലപ്പത്തെ നിയമനങ്ങളും കേസ് എഴുതിത്തള്ളലുകളും  രാഷ്ട്രീയമായി എപ്പോഴും സ്വീകരിക്കുന്ന സംഘപരിവാര നിലപാടുകളും ചെന്നിത്തലയെ ബിജെപികൂടി അംഗീകരിക്കുന്ന നേതാവാക്കി മാറ്റിയിട്ടുണ്ട്. മുസ്ലിംലീഗ് നേതൃത്വത്തിന് എങ്ങനെയും അധികാരത്തിൽ വരുന്നതിനപ്പുറത്ത് മറ്റൊരു താൽപ്പര്യങ്ങളുമില്ല. മുസ്ലിം ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളെയല്ല ഇന്നത്തെ ലീഗ് നേതൃത്വം പ്രതിനിധാനം ചെയ്യുന്നത്. അതിസമ്പന്നരുടെ സാമ്പത്തിക താൽപ്പര്യ സംരക്ഷണത്തിനായി സമുദായത്തിന്റെ പേര് ഉപയോഗിച്ച് അധികാരത്തിൽ എത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. നിർണായക നിയമനിർമാണ സന്ദർഭങ്ങളിൽ പാർലമെന്റിൽ എത്താതിരുന്ന മുസ്ലിംലീഗ് എംപിമാർ ബിജെപിക്കും പ്രിയങ്കരാണ്.

ഈ അവിശുദ്ധ മുന്നണിയിൽ മാധ്യമങ്ങളിൽ ഒരു വിഭാഗവും കൈകോർക്കുന്നുണ്ട്. എക്കാലത്തും കമ്യൂണിസ്റ്റ് വിരുദ്ധ, കോൺഗ്രസ് അനുകൂല രാഷ്ട്രീയം സ്വീകരിച്ചിട്ടുള്ള ചില മാധ്യമങ്ങൾ ഇപ്പോൾ ബിജെപിയുടെകൂടി നാവാണ്. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ തൽക്കാലത്തേക്ക് കോൺഗ്രസും എന്ന രീതിയാണ് ഇവരും പിന്തുടരുന്നത്. അതിന്റെ ഭാഗമായി യുഡിഎഫും വെൽഫെയർ പാർടിയും എസ്ഡിപിഐയും ചേരുന്ന തീവ്രവാദ മുന്നണിയും ബിജെപിയും മാധ്യമങ്ങളിൽ ഒരു വിഭാഗവും ചേരുന്ന അവിശുദ്ധ മഴവിൽ സഖ്യമാണ് ഇപ്പോൾ രൂപം കൊണ്ടിട്ടുള്ളത്. വ്യാജവാർത്തകളിലൂടെ സർക്കാരിന്റെ ജനസമ്മതി തകർക്കാൻ കഴിയുമോയെന്ന വൃഥാശ്രമമാണ് ഇവർ നടത്തുന്നത്.

താൽക്കാലിക നേട്ടങ്ങൾക്കായി കൈകോർക്കുന്ന ഈ കൂട്ടുകെട്ട് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെ തകർക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. മതാടിസ്ഥാനത്തിലുള്ള വിഭജനം ജനാധിപത്യമൂല്യങ്ങളെ തകർക്കുന്നതിലേക്ക് നയിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇതു തിരിച്ചറിയേണ്ട സവിശേഷ ഘട്ടത്തിലാണ് കേരളത്തിലെ ഓരോ രാഷ്ട്രീയ പാർടിയും. ഒരു വശത്ത് ബിജെപിയുമായും മറുവശത്ത് മതമൗലികവാദികളുമായി സഖ്യമുണ്ടാക്കുന്ന കോൺഗ്രസിന്റെ ഈ സമീപനത്തിനൊപ്പം നിൽക്കാൻ ആ പാർടിക്കു പിന്നിൽ അണിനിരന്നിട്ടുള്ള മതനിരപേക്ഷ വാദികൾക്ക് കഴിയുമോ? കോൺഗ്രസിനെത്തന്നെ ബിജെപിയാക്കി മാറ്റാനുള്ള ഈ ആസൂത്രിതനീക്കം ഇവർ തിരിച്ചറിയുകതന്നെ ചെയ്യും. ഇതിന്‌ ചുക്കാൻ പിടിക്കുന്ന മുസ്ലിംലീഗ് നേതൃത്വത്തിനൊപ്പം നിൽക്കാൻ ആ പാർടിക്ക് ഒപ്പം നിൽക്കുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കഴിയുമോ? ന്യൂനപക്ഷ സമുദായ സംഘടനകൾ പലതും സ്വീകരിച്ച വ്യത്യസ്ത നിലപാട് ശ്രദ്ധേയമാണ്. യുഡിഎഫിനകത്തു നിൽക്കുന്ന പാർടികളും നേതാക്കളും മറ്റ്‌ പാർടികളും ഇത്തരം പ്രശ്നങ്ങളിൽ എന്തുനിലപാട് എടുക്കുന്നുവെന്നത് പ്രധാനമാണ്.

ഈ സവിശേഷമായ സാഹചര്യത്തെ നേരിടേണ്ടത് കേരളീയസമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്തേണ്ടത് എൽഡിഎഫിന്റെ മാത്രമല്ല, ആധുനിക കേരളത്തിന്റെ പൊതുവായ ആവശ്യമായും ഇന്ന് മാറിയിരിക്കുന്നു. പല  കാരണങ്ങളാൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചവരും വിശാലമായ കാഴ്ചപ്പാടോടെ നിലപാട് സ്വീകരിക്കേണ്ട സവിശേഷ സന്ദർഭമാണിത്. അതുവഴി ഈ അവിശുദ്ധ മഴവിൽസഖ്യത്തെ തുറന്നുകാണിക്കാനും പരാജയപ്പെടുത്താനും കഴിയണം.

*
പി രാജീവ്‌

Saturday, August 1, 2020

അന്ന്‌ റാങ്ക്‌ലിസ്‌റ്റുപോലുമില്ല; പകരം നിയമനത്തട്ടിപ്പ്‌

‘പൊലീസ്‌ സേനയിൽ നിയമനം നൽകാമെന്ന്‌ പറഞ്ഞ്‌ ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്‌ത 32 കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുകയാണ്‌. നാൽപ്പത്തഞ്ചോളം പേരിൽനിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ വാങ്ങിയതായി ഇതുവരെയുള്ള അന്വേഷണത്തിൽ വെളിവായിട്ടുണ്ട്‌’–- 2015 ഡിസംബർ ഏഴിന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിയമസഭയിൽ അംഗങ്ങളുടെ  ചോദ്യത്തിന്‌ നൽകിയ മറുപടിയാണിത്‌.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 2011 മുതൽ 2014 വരെ സിവിൽ പൊലീസ്‌ ഓഫീസർ തസ്തികയിലേക്ക്‌ റാങ്ക്‌ലിസ്‌റ്റുപോലും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത്‌ ഉന്നതരുടെ പിന്തുണയോടെ നിയമനത്തട്ടിപ്പ്‌ നടത്തിയവരാണ്‌ ഇപ്പോൾ കള്ളക്കഥ പ്രചരിപ്പിക്കുന്നത്‌.

തട്ടിപ്പിന്‌ സഹായംചെയ്‌തത്‌ ചെന്നിത്തലയുടെ ഓഫീസ്‌

പിൻവാതിൽ വഴി പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത്‌ നിരവധിപേരിൽനിന്ന്‌ ലക്ഷങ്ങളാണ്‌ യുഡിഎഫ്‌ ഭരണത്തിൽ തട്ടിയെടുത്തത്‌. സർക്കാരിന്റെയും പൊലീസിന്റെയും മുദ്രകളുള്ള വ്യാജ ഫയൽ നിർമിച്ചായിരുന്നു തട്ടിപ്പ്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരിൽനിന്ന്‌ തട്ടിപ്പിന്‌ സഹായം ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തൽ വൻവിവാദമായി. തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ പ്രദീപ്‌ അറസ്‌റ്റിലായി. എന്നാൽ, ഉന്നതങ്ങളിലേക്കുള്ള അന്വേഷണം തടഞ്ഞു.

ശരണ്യയുടെ രഹസ്യമൊഴി

പൊലീസുകാർ ഉൾപ്പെടെ നിരവധി ഉന്നതർക്ക് തട്ടിപ്പിൽ ബന്ധമുണ്ട്‌ എന്നായിരുന്നു കേസിലെ മുഖ്യപ്രതി ശരണ്യ ഹരിപ്പാട് കോടതിയിൽ നൽകിയ രഹസ്യമൊഴി. എസ്‌ഐ നിരവധിതവണ ശാരീരികമായി പീഡിപ്പിച്ചെന്നും കായംകുളം ഡിവൈഎസ്‌പി മൊഴിമാറ്റി പറയാൻ മർദിച്ചെന്നും ശരണ്യ മൊഴി നൽകി. ശരണ്യയുമായി 1150 തവണ പൊലീസ്‌ ഉദ്യോഗസ്ഥൻ മൊബൈൽഫോണിൽ സംസാരിച്ചിരുന്നതായും കോളുകൾ മണിക്കൂറുകളോളം നീണ്ടതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. നിയമനത്തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥരടക്കം സംശയനിഴലിലായതോടെ പൊലീസ്‌ അന്വേഷണം തൃപ്തികരമല്ലെന്ന്‌ ആക്ഷേപം ഉയർന്നതോടെയാണ്‌ കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയത്.

കേസിൽ പിടിയിലായ ശരണ്യയുടെ സഹായിയായ യൂത്ത്കോൺഗ്രസ്‌ പ്രവർത്തകൻ നൈസലിന്റെ ഉന്നത കോൺഗ്രസ് ബന്ധം പുറത്തുവന്നത്‌ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. ശരണ്യയെ ആഭ്യന്തരമന്ത്രിയുടെ അടുത്തെത്തിച്ചതും പൊലീസിന്റെ സീൽ ശരണ്യയുടെ പക്കൽ എത്തിച്ചതും ഇയാളായിരുന്നുവെന്നും വാർത്തകൾ വന്നു. എന്നാൽ, ഈവഴിക്കുള്ള അന്വേഷണം ഉന്നതതലത്തിൽ തടഞ്ഞു.

ഇപ്പോൾ ഇരട്ടിയിലേറെ നിയമനം

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന്‌ റാങ്ക്‌ ലിസ്റ്റുകളുടെ അവസ്ഥ പരിശോധിച്ചാൽ വ്യക്തം. യുഡിഎഫ്‌ നൽകിയതിന്റെ ഇരട്ടിയിലേറെ നിയമനം എൽഡിഎഫ്‌ സർക്കാർ നൽകി.

യുഡിഎഫ്‌ 4796 പേർക്ക്‌ നിയമനശുപാർശ അയച്ചപ്പോൾ എൽഡിഎഫ്‌ 11,268 പേർക്ക്‌ നിയമനം നൽകി. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ സിവിൽ പൊലീസ്‌ തസ്തികയിലേക്ക്‌ നിലവിലുണ്ടായിരുന്നത്‌ ഒരു റാങ്ക്‌ ലിസ്റ്റാണ്‌ (കാറ്റഗറി നമ്പർ: 250/2011). 2014 സെപ്‌തംബർ രണ്ടിന്‌ ആറ്‌ ബറ്റാലിയന്റെയും സെപ്‌തംബർ 11ന്‌ കെഎപി 3 (പത്തനംതിട്ട) ബറ്റാലിയന്റെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏഴ്‌ ബറ്റാലിയനിലുമായി  പിഎസ്‌സി നിയമനശുപാർശ അയച്ചത്‌ 4796 പേർക്ക്‌.

എൽഡിഎഫ്‌ അധികാരത്തിൽവന്നശേഷം രണ്ട്‌ റാങ്ക്‌ലിസ്റ്റ്‌ നിലവിൽവന്നു. ഒന്നിന്റെ റാങ്ക്‌ ലിസ്റ്റ് 2016 ജൂൺ 21നും  657/2017ന്റെ ലിസ്റ്റ് 2019 ജൂലൈ ഒന്നിനും പ്രസിദ്ധീകരിച്ചു. ഈ രണ്ട്‌ റാങ്ക്‌ ലിസ്റ്റുകളിൽനിന്നും യഥാക്രമം 5667 പേർക്കും 5601 പേർക്ക്‌ നിയമനം നൽകി. മറ്റൊരു പരീക്ഷയ്‌ക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്‌.

ഓരോ പൊലീസ്‌ ജില്ലയിലും ഉണ്ടാകുന്ന ഒഴിവുകൾ നിലവിലുള്ള ബറ്റാലിയൻ മുഖേനയാണ്‌ നികത്തുന്നത്‌. ഓരോ മാസവും കുറച്ചുപേർ ഇത്തരത്തിൽ അവരവരുടെ ജില്ലയിലേക്ക്‌ പോകും. അതനുസരിച്ച് ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട്‌ ചെയ്യും. 2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവ്‌ മുൻകൂട്ടി കണക്കാക്കി 1200 താൽക്കാലിക തസ്‌തികയ്‌ക്ക്‌ സർക്കാർ തുടർച്ചാനുമതി നൽകി. ഇതനുസരിച്ച്‌ ഇന്ത്യൻ റിസർവ്‌ ബറ്റാലിയനിലേക്ക് നീക്കിവച്ച 154 എണ്ണമൊഴികെ 1046 ഒഴിവും റിപ്പോർട്ട്‌ചെയ്‌തു. ഇതുൾപ്പെടെ 1947 അഡ്വൈസ്‌ പിഎസ്‌സി അയച്ചു. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ജൂൺ 30ന് ശേഷമാണ്‌ ഇതിൽ 1445 അഡ്വൈസും അയച്ചത്‌.

കൂടുതൽ താൽക്കാലികക്കാരും എക്‌സ്‌ചേഞ്ച്‌ മുഖേന

സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന പ്രതിപക്ഷ  പ്രചാരണം അടിസ്ഥാനരഹിതമെന്ന്‌ രേഖകൾ. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികകളിലേക്ക്‌ കഴിഞ്ഞ നാലുവർഷത്തിനിടെ നടത്തിയ നിയമനങ്ങളിൽ മഹാഭൂരിപക്ഷവും എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചുകൾ വഴി‌. പതിനായിരങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌.

നാഷണൽ എംപ്ലോയ്‌മെന്റ്‌ സർവീസ്‌ വഴി 43,842 പേർക്ക്‌ ജോലി നൽകിയതായി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.‌  ഐടിഐകൾ നടത്തിയ തൊഴിൽമേളയിലൂടെ 14,420 പേർക്കും പ്ലേസ്‌മെന്റ്‌ സെൽവഴി 8598 ഐടിഐ ട്രെയിനികൾക്കും തൊഴിൽ നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തേതിന്റെ മൂന്നിലൊന്ന്‌ താൽക്കാലിക ജീവനക്കാർ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ 2011–-12ൽ  31,899 താൽക്കാലിക ജീവനക്കാർ ഉണ്ടായിരുന്നു. 2020–-21ൽ ഇത്‌ 11,674 മാത്രമാണ്.

കോവിഡ്‌ കാലത്ത്‌ പതിനായിരത്തിലേറെ നിയമനം

നിയമനനിരോധനമെന്നതടക്കം അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി പ്രതിപക്ഷം കോലാഹലം സൃഷ്ടിക്കുമ്പോൾ കോവിഡ്‌ ലോക്‌ഡൗൺ കാലത്ത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടന്ന്‌ പിഎസ്‌സി നിയമനശുപാർശ അയച്ചത്‌ പതിനായിരത്തിലേറെ പേർക്ക്‌.

ലോക്‌ഡൗൺ കാലത്ത്‌ 70ഓളം റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ 10,054 പേർക്ക്‌ അഡ്വൈസ്‌ അയച്ചു‌

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ അവസാന നിമിഷം അഡ്വൈസ്‌ അയച്ചത്‌ 1895 പേർക്ക്‌

55 റാങ്ക്‌ലിസ്‌റ്റും  പ്രസിദ്ധീകരിച്ചു

കഴിഞ്ഞ 21ന്‌ 35 തസ്തികയിലേക്ക്‌ വിജ്ഞാപനമിറക്കി

തപാലോ യാത്രാസൗകര്യമോ ഇല്ലാത്ത ഘട്ടത്തിൽ ഇ–-മെയിൽ, ഇ–-വേക്കൻസി രീതിയിലൂടെ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തു
ഡിസംബർ 31 വരെ ഒഴിവുകൾ സ്വീകരിക്കാനും അറിയിക്കാനും തപാൽ, ഇ–-മെയിൽ/ഇ–-വേക്കൻസി രീതി തുടരും

നിർത്തിവച്ച അഭിമുഖങ്ങൾ പ്രോട്ടോകോൾ പ്രകാരം പുനരാരംഭിച്ചു

തിരുകിക്കയറ്റിയത്‌ 13,000 സ്വന്തക്കാരെ

ഉമ്മൻചാണ്ടി ഭരണത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റിയത്‌ പതിമൂന്നായിരത്തിലധികം സ്വന്തക്കാരെ. പ്രധാന പദവികളിൽ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെയും അനുയായികളെയും ഘടകകക്ഷികളുടെ നോമിനികളെയുമാണ്‌ നിയമിച്ചത്‌. പല നിയമനങ്ങളും യോഗ്യതാമനദണ്ഡങ്ങൾ പാലിക്കാതെയും അർഹരെ തഴഞ്ഞുമായിരുന്നു.

● ബന്ധുനിയമനം ഇങ്ങനെ

ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി കോ–- ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ്‌ ചെയർമാനും കെ എം മാണിയുടെ മരുമകൻ ജോസഫ്‌ മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകനുമായിരുന്നു. മന്ത്രിയായിരുന്ന അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ്‌ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറും സഹോദരി അമ്പിളി ജേക്കബ് ഐടി ഇൻഫ്രാസ്‌ട്രക്ചർ മാർക്കറ്റിങ്‌ മാനേജരുമായി. സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയായിരുന്നു സർവവിഞ്ജാന കോശം ഡയറക്ടർ.

വെയർഹൗസിങ് കോർപറേഷനിൽ എഴുത്തുപരീക്ഷയിൽ ഉയർന്നമാർക്ക് നേടിയവരെ ഒഴിവാക്കി എംഎൽഎയായിരുന്ന ആർ സെൽവരാജിന്റെ മകൾ ഉൾപ്പെടെ നിരവധി യുഡിഎഫ്‌ നേതാക്കളുടെ മക്കൾക്ക് പിൻവാതിൽ നിയമനവും നടത്തി. 

● കോഴയും വ്യാജനിയമനവും

കലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ്, പ്യൂൺ തസ്തികയിലേക്ക്‌ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് നേടിയവരിൽനിന്ന്‌ ലക്ഷങ്ങൾ കോഴവാങ്ങി ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകി. കെഎസ്‌ആർടിസിയിൽ വ്യാജ ഉത്തരവു വഴി ജൂനിയർ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ വ്യാജനിയമനം നടത്തി. സെക്രട്ടറിയറ്റിൽ ചട്ടങ്ങൾ ലംഘിച്ച് 20 താൽക്കാലിക ജീവനക്കാരെ ഹൗസ്‌കീപ്പിങ് വിഭാഗത്തിൽ നിയമിച്ചു. ഈ നിയമനങ്ങൾക്ക്‌ കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന പല പ്രമുഖരും അന്വേഷണം നേരിടുന്നുണ്ട്‌.

● കാലാവധി നീട്ടി; നിയമനങ്ങളില്ല

യുഡിഎഫ്‌ സർക്കാർ 12 തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. എന്നാൽ, നിയമനങ്ങൾ നടന്നില്ല. പുതിയ ഉദ്യോഗാർഥികൾക്ക്‌ അവസരം നിഷേധിച്ചു. പിൻവാതിൽ നിയമനം തകൃതിയായി നടക്കുമ്പോൾ നൂറോളം റാങ്ക് ലിസ്റ്റാണ് കാര്യമായ നിയമനമില്ലാതെ കാലാവധി കഴിഞ്ഞത്.
 
*
വിജേഷ്‌ ചൂടൽ

Tuesday, July 14, 2020

വിവാദവ്യവസായത്തിന്റെ രാഷ്ട്രീയം

യുഎഇ കോൺസുലേറ്റിലേക്ക്‌ നയതന്ത്ര ബാഗേജിന്റെ മറവിൽ സർണക്കള്ളക്കടത്ത് നടത്തിയ സംഭവം സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള അധികാരമില്ലാത്ത മേഖലയിൽ നടന്ന കാര്യമാണ്. എന്നാൽ, മഹാഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും ചേർന്ന് മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും തെറ്റായ രീതിയിൽ ചിത്രീകരിക്കാനായി നുണനിർമാണങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇതിനായി മാധ്യമങ്ങളിൽ ഒരുവിഭാഗം വിശ്രമരഹിതമായി നുണനിർമാണം നടത്തുന്നുണ്ട്. വ്യാജവാർത്തകളും ചിത്രങ്ങളും സ്വയം നിർമിച്ച് കോൺഗ്രസും ബിജെപിയും സങ്കുചിത രാഷ്ട്രീയതാൽപ്പര്യത്തിനായി കൈകോർത്ത് രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് പ്രതികളുമായി ബന്ധമുണ്ടെന്ന വാർത്തയാണ് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ഈ കേസുമായി കൂട്ടിച്ചേർക്കാനുള്ള ചരടായി ഇവർ ഉപയോഗിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന സന്ദർഭത്തിൽത്തന്നെ അദ്ദേഹത്തെ ആ ചുമതലയിൽനിന്ന്‌ ഒഴിവാക്കി. കുറ്റംചെയ്ത ഒരാളെയും സംരക്ഷിക്കുന്ന രീതി ഈ സർക്കാരിനില്ലെന്നും ഉപ്പ്‌ തിന്നവർ വെള്ളം കുടിക്കട്ടെയെന്നും അർഥശങ്കയ്‌ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കള്ളക്കടത്ത് സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിനായി ഉചിതമായ കേന്ദ്രഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. അതോടൊപ്പം ഐടിവകുപ്പിന്റെ കീഴിലുള്ള സ്‌പെയ്‌സ് പാർക്കിന്റെ മാർക്കറ്റിങ്ങിനായി ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയുടെ  ജീവനക്കാരെ സപ്ലൈ ചെയ്യാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്റെ ഭാഗമായ ആറുമാസത്തേക്കുള്ള താൽക്കാലിക ജോലിക്കാരിയായിരുന്നു പ്രതികളിലൊരാൾ. അതിനായി അവർ ഉപയോഗിച്ച യോഗ്യതാ സർട്ടിഫിക്കറ്റുതന്നെ വ്യാജമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നു. അത് അന്വേഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഏത് അന്വേഷണത്തിലും ആര്‌ കുറ്റക്കാരാണെന്നു കണ്ടെത്തിയാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും സംസ്ഥാന സർക്കാരിനില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. കേന്ദ്രസർവീസിലെ ഈ ഉദ്യോഗസ്ഥൻ തെറ്റായ എന്തെങ്കിലും ചെയ്തെന്നു കണ്ടെത്തിയാൽ കടുത്ത നടപടി എടുക്കാനും സംസ്ഥാന സർക്കാർ മടിക്കില്ല.

ഈ കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസും എൻഐഎയും അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾക്ക് ബിജെപി ബന്ധമാണുള്ളത്. ഒടുവിൽ അറസ്റ്റ് ചെയ്തത് മുസ്ലിംലീഗിന്റെ പ്രമുഖനായ നേതാവിന്റെ അടുത്ത ബന്ധുവിനെയാണ്. ഈ കേസുമായി ഇടതുപക്ഷവുമായി ബന്ധമുള്ള ഒരാളുടെ പേരിലും ആരോപണം ഉയർന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണവിധേയനായ വ്യക്തി ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നിട്ടും എന്തെല്ലാം നുണകളാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്. പ്രതികളിലൊരാൾ  സിപിഐ എം അംഗമാണ് എന്ന വാർത്ത കൃത്രിമമായി സൃഷ്ടിച്ചു. ഏഷ്യാനെറ്റിന്റെ എഡിറ്റർ അത് തെറ്റാണെന്നു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചെങ്കിലും ചില മാധ്യമങ്ങൾ അതിനുപോലും തയ്യാറായില്ല. പ്രതികൾക്കുവേണ്ടി സ്വർണം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിൽ ബന്ധപ്പെട്ട യൂണിയൻ നേതാവിന്റെയും രാജ്യദ്രോഹകുറ്റമെന്ന് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി വാദിച്ച അഭിഭാഷകന്റെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വെറുതെ നോക്കിയാൽപ്പോലും ആർക്കും പിടികിട്ടുന്ന രാഷ്ട്രീയബന്ധം ഈ മാധ്യമങ്ങൾ കണ്ടതായിപ്പോലും നടിച്ചില്ല.

പ്രതികളെ പിടികൂടുന്നതിൽ കേരള പൊലീസ് പരാജയപ്പെട്ടെന്നും ആറുദിവസംകൊണ്ട് കേരള പൊലീസിന് കഴിയാത്തത് 24 മണിക്കൂർകൊണ്ട് എൻഐഎക്ക് കഴിഞ്ഞെന്നുവരെ തലക്കെട്ട് നൽകിയ മാധ്യമങ്ങളുണ്ട്. സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തെക്കുറിച്ച് മുഖപ്രസംഗത്തിൽ സൂചിപ്പിച്ചവരുമുണ്ട്. കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ കസ്റ്റംസിന്റെ സൂപ്രണ്ടായിരുന്ന വ്യക്തി ഇതുസംബന്ധിച്ച് വ്യക്തത വരുത്തുകയുണ്ടായി. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്ന കേസിൽ അവർ ആവശ്യപ്പെടാതെ സംസ്ഥാന പൊലീസിന് ആർക്കെങ്കിലും എതിരെ എഫ്ഐആർ ഇടുന്നതിനോ അറസ്റ്റ്  രേഖപ്പെടുത്തുന്നതിനോ കഴിയില്ലെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണെങ്കിലും പ്രചാരവേലയാൽ അന്ധരാക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് ഈ വിശദീകരണത്താൽ വ്യക്തത വരുത്താവുന്നതാണ്. പൊലീസിന്റെ ഉൾപ്പെടെ സഹായം തേടുന്നതിന് കസ്റ്റംസ് നിയമം കസ്റ്റംസിന് അവകാശം നൽകുന്നുണ്ട്. എന്നാൽ, അതനുസരിച്ച് കസ്റ്റംസ് പൊലീസിന്റെ സഹായം അഭ്യർഥിച്ചത് ജൂലൈ 11ന്‌ ഉച്ചകഴിഞ്ഞുമാത്രമാണ്. ഉടൻതന്നെ സംസ്ഥാന പൊലീസ് വിപുലമായ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഇനി എൻഐഎ നിയമം നോക്കുകയാണെങ്കിൽ അതിന്റെ ആറാമത്തെ വകുപ്പിന്റെ ആറാം ഉപവകുപ്പ് പ്രകാരം സംസ്ഥാന പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ് എൻഐഎക്ക് വിട്ടുകൊടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽത്തന്നെ സംസ്ഥാനസർക്കാരും പൊലീസും അടിയന്തരമായി അന്വേഷണം അവസാനിപ്പിച്ച് എല്ലാ രേഖകളും എൻഐഎക്ക് ഉടൻ കൈമാറണം. അങ്ങനെ ഒരു നിയമം നിലനിൽക്കുന്ന രാജ്യത്താണ് എൻഐഎയും അതിനുമുമ്പ് കസ്റ്റംസും അന്വേഷിക്കുന്ന കേസിൽ തങ്ങളുടെ അധികാരപരിധിയിൽ വരാത്ത കേസിൽ സംസ്ഥാന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പ്രചാരവേല നടത്തുന്നത്. ഇതിന്റെ തുടർച്ചയിലായിരുന്നു പ്രതികളെ കർണാടകത്തിലേക്ക് രക്ഷപ്പെടുന്നതിനായി സംസ്ഥാന പൊലീസ് സഹായിച്ചെന്ന അടുത്ത പ്രചാരവേല. ട്രിപ്പിൾ ലോക്‌ഡൗണിൽ എങ്ങനെ തലസ്ഥാനത്തുനിന്ന്‌ രക്ഷപ്പെട്ടെന്ന ചോദ്യം ഒന്നാംപേജിൽ ചോദിച്ച മനോരമ പത്രംതന്നെ അവരുടെ വെബ് എഡിഷനിൽ ട്രിപ്പിൾ ലോക്‌ഡൗണിന്‌ രണ്ടു ദിവസംമുമ്പുതന്നെ തലസ്ഥാനത്തുനിന്ന്‌ രക്ഷപ്പെട്ടെന്ന വാർത്തയും നൽകി. സംസ്ഥാനത്തുനിന്ന്‌ പുറത്തേക്ക് സഞ്ചരിക്കുന്നതിന് പുറപ്പെടുന്ന സംസ്ഥാനത്തിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഈ യാത്രയെന്നത് ഇവരാരും കണ്ടതായി നടിക്കുന്നില്ല. കർണാടക സർക്കാരിന്റെ സേവാ സിന്ധു  ആപ്പിൽ രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ് ഔട്ട് കാണിച്ചാൽമാത്രമേ അവർക്ക് ആ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്നുമാത്രമല്ല, ബംഗളൂരു നഗരത്തിൽമാത്രം 168 കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയ ദിവസംതന്നെയാണ് ഈ പ്രതികൾ ആ നഗരത്തിൽ എത്തിയത്. ഏത്‌ രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം വ്യക്തമായിട്ടുള്ള ഒരു പ്രതി കർണാടകത്തിലേക്ക് എങ്ങനെ പ്രവേശിച്ചെന്ന് അന്വേഷിക്കാതിരിക്കുന്നവർ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്. മാതൃഭൂമിയിലെതന്നെ മറ്റൊരു വാർത്തകൂടി ചേർത്തുവായിക്കുന്നത് കൗതുകകരമായിരിക്കും. സ്വപ്നയുടെ ജോലിക്ക് ക്ലീൻചിറ്റ് കർണാടകത്തിൽനിന്നാണെന്നാണ് ആ വാർത്ത. അപ്പോൾ ഈ കർണാടക ബന്ധത്തിന് മറുപടി പറയേണ്ടത് ആരായിരിക്കും.

യഥാർഥത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നായി മാറിയ സ്വർണക്കടത്തിൽ അടിസ്ഥാന പ്രശ്നത്തിൽനിന്ന്‌ വഴിതിരിച്ചുവിടാനുള്ള ശ്രമം എന്തിനുവേണ്ടിയാണ്? ഒന്നാമതായി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. രണ്ട് സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിനും അധികാരമോഹത്തിനുമായി ഏതറ്റവുംവരെ പോകുന്നതിനുള്ള അടങ്ങാത്ത ത്വര. ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്തിന്റെ രണ്ടു ശതമാനംമാത്രമേ പിടികൂടുന്നുള്ളൂവെന്നാണ് പഠനങ്ങൾ  വ്യക്തമാക്കുന്നത്. ഗൂഗിളിൽ റത്ഗുന ത്രിവേദി എന്ന പേര് തിരയുകയാണെങ്കിൽ 1300 കോടി രൂപയുടെ മൂല്യംവരുന്ന നാലു ടൺ സ്വർണം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളംവഴി കടത്തിക്കൊണ്ടു വന്ന കേസിൽ പിടിയിലായത്‌ കാണാം.  ഈ സ്വർണം എന്തിനാണെന്നും ആർക്കാണെന്നും എന്ന കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നു.

നയതന്ത്രവഴിയിലൂടെ ആദ്യ കള്ളക്കടത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മനോരമ ഓൺലൈനിൽത്തന്നെ ഒരു വാർത്ത കാണാൻ കഴിയും. 2013ൽ സിംഗപ്പുരിൽനിന്ന്‌ ഡൽഹിയിൽവന്ന യുഎഇയുടെ ഡിപ്ലോമാറ്റിൽനിന്ന്‌ 37 കിലോ സ്വർണം പിടിച്ചെന്നാണ് വാർത്ത. ഗൾഫ് രാജ്യങ്ങളിൽനിന്ന്‌ വരുന്ന കള്ളക്കടത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രം പല കോടതികളിലായി കസ്റ്റംസ് കൊടുത്ത സത്യവാങ്മൂലങ്ങളിൽനിന്ന്‌ വായിച്ചെടുക്കാൻ കഴിയും. തിരുവനന്തപുരം വിമാനത്താവളത്തിൽത്തന്നെ കസ്റ്റംസിന്റെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നിലധികം കേന്ദ്രഏജൻസിയാണ് അന്വേഷിക്കുന്നത്. കള്ളക്കടത്തുമായി ബന്ധമുള്ളതായി ഈ കേസിൽമാത്രമല്ല മറ്റു കേസുകളിലും കണ്ടെത്തിയവരുടെ രാഷ്ട്രീയബന്ധങ്ങൾ പലപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്.

രണ്ടാമത്തേത്‌ ഇടതുപക്ഷ വേട്ടയ്‌ക്ക് ഇതുവഴി കഴിയുമോ എന്ന വൃഥാശ്രമമാണ്. തെരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും നടപ്പാക്കി ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന്‌ പൊതുസമൂഹത്തിൽ നല്ല അംഗീകാരമാണുള്ളത്. പ്രകൃതിക്ഷോഭ സന്ദർഭങ്ങളിലും കോവിഡ് കാലത്തും പിണറായി നയിക്കുന്ന സർക്കാരിന്റെ അനിതരസാധാരണമായ നേതൃമികവ് ലോകത്തിന്റെതന്നെ അംഗീകാരം നേടി. ഭരണത്തുടർച്ച എന്ന് ചില മാധ്യമങ്ങൾതന്നെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. ഇതെല്ലാം കണ്ട് ഹാലിളകിയ പ്രതിപക്ഷം മഹാമാരിയുടെ സമൂഹവ്യാപനത്തിനായി നേരിട്ട് രംഗത്തിറങ്ങി. എന്നാൽ, ജനം അതെല്ലാം തള്ളിക്കളഞ്ഞു. അപ്പോഴാണ് സംസ്ഥാനത്തിന്‌ ഒരു ബന്ധവുമില്ലെങ്കിലും വീണുകിട്ടിയ ഒരു കേസിനെ വഴിതിരിച്ചുവിട്ട് യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും സങ്കുചിത രാഷ്ട്രീയതാൽപ്പര്യത്തിനുമായി യുഡിഎഫ്–- ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായ വനിത ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ പൊതുബോധത്തോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത പാപ്പരത്തമാണ് ഈ അധമവേലയ്‌ക്ക് പ്രേരിപ്പിക്കുന്നത്.

കേരളത്തിൽ സിപിഐ എം വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ അക്ഷീണം ശ്രമിക്കുന്ന ബിജെപിക്ക് കോൺഗ്രസ് വന്നാലും കുഴപ്പമില്ലെന്ന ചിന്തയാണ്. ഗോവയും മണിപ്പുരും തുടങ്ങി മധ്യപ്രദേശിൽവരെ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിന് ബിജെപിക്കാരായി മാറുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയിൽ സച്ചിൻപൈലറ്റും പോകുമെന്ന വാർത്തകൾ വരുമ്പോൾ മനസ്സുകൊണ്ട് ഇപ്പോൾത്തന്നെ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിയായതറിയുന്നവരുടെ കണക്കൂകൂട്ടലുകൾ അറിയാൻ ഗണിക്കേണ്ടതില്ല. ഈ കേസിൽ ഇടതുപക്ഷത്തിന് ഒന്നും മറച്ചുവയ്ക്കാനില്ല. മെക്ക മസ്ജിദ് കേസുപോലുള്ള ചിലതിൽ വിമർശം ക്ഷണിച്ചുവരുത്തിയ ഏജൻസിയാണെങ്കിലും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ചാണെങ്കിൽ എൻഐഎപോലുള്ള ഒരു ഏജൻസിക്കായിരിക്കും ഫലപ്രദമായി ഈ കേസ് അന്വേഷിക്കാൻ കഴിയുക എന്നത് വസ്തുതയാണ്. നിഷ്പക്ഷമായി അന്വേഷണം നടത്തി ഈ കേസിലെ ശരിയായ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞാൽ, ഇപ്പോൾ അഹോരാത്രം നുണക്കഥകൾ നിർമിക്കുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും തനിനിറം ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.

പി രാജീവ്‌

Friday, April 24, 2020

പ്രതിപക്ഷ ആരോപണങ്ങൾ തെറ്റെന്ന്‌ തെളിയുന്ന കോടതി ഉത്തരവ്‌; പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട്‌ പോകും - മുഖ്യമന്ത്രി

തിരുവനന്തപുരം > സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തരുതെന്നടക്കമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ തെറ്റാണെന്ന്‌ കോടതി ഉത്തരവിലൂടെ പറഞ്ഞിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉത്തരവ്‌ സാധാരണ ഗതിയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം തെറ്റാണെന്ന്‌ പറയുന്ന വിധിയാണ്‌. പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ ഒന്നും കോടതി സ്വീകരിച്ചില്ല. ഇപ്പോഴത്തെ പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോകാനാണ്‌ കോടതി പറഞ്ഞത്‌. സർക്കാർ അങ്ങനെതന്നെ മുന്നോട്ട്‌ പോകും. ഡാറ്റാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. ഇടക്കാല ഉത്തരവ്‌ കയ്യിൽ കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം കരാര്‍ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. ഇത് രണ്ടും കോടതി അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന കാര്യമാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്പ്രിങ്ക്‌ളർ കരാര്‍ മൂലം വിഷമമുണ്ടായി എന്ന വാദത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡാറ്റ വിശകലനമാണോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മള്‍ ഇപ്പോഴും കടുത്ത ഭീഷണിയിലാണെന്നും അത്തരമൊരു ഭീഷണി ഉയര്‍ന്നുവന്നാല്‍ രോഗ ബാധിതരുടെ എണ്ണം ദശലക്ഷങ്ങളാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കണിച്ചു. രോഗബാധിതര്‍ എവിടെ എന്ന് കണ്ടെത്താന്‍, അവരെ ചികിത്സിക്കുന്നതിന് കൃത്യമായ ഡേറ്റാ വിശകലനം ആവശ്യമാണെന്നും അത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ പ്രതിരോധത്തെ സഹായിക്കുന്നതിനാണ് സ്പ്രിംക്ലര്‍. അക്കാര്യത്തില്‍ സ്പ്രിംക്ലര്‍ പോലെ ഒരു കമ്പനി നമ്മളെ സഹായിക്കുന്നത് നാട്ടില്‍ ആര്‍ക്കും വിഷമമുള്ള കാര്യമല്ല. എന്നാല്‍ വിവരങ്ങള്‍ ചോരുമോ എന്ന് ചിലര്‍ക്ക് ഉത്കണ്ഠയുണ്ട്. അത് സ്വാഭാവികമാണ്. അത് ചോരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Monday, April 20, 2020

ജനങ്ങളുണ്ടെങ്കിലേ പ്രതിപക്ഷവുമുള്ളൂ

രാജ്യത്ത്‌ കോവിഡ്‌–-19 രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്‌ത സംസ്ഥാനമാണ്‌ കേരളം. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളും കേരളത്തിലായിരുന്നു. അതേസമയം, ലോകമെമ്പാടും പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും ഈ മഹാമാരി കൊടുങ്കാറ്റുപോലെ പടർന്നുപിടിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ മലയാളികൾ ഏറെയുണ്ട്‌. അവർ നാട്ടിലേക്ക്‌  മടങ്ങിവരാനുള്ള സാധ്യതയുമുണ്ട്‌. മാത്രമല്ല, ജനസാന്ദ്രത ഏറെയുള്ള സംസ്ഥാനംകൂടിയാണ്‌ കേരളം. അതുകൊണ്ടുതന്നെ രോഗവ്യാപനസാധ്യത വളരെ കൂടുതലായിരുന്നു.  അമേരിക്കയിലെ ജോൺ ഹോപ്‌കിൻ സർവകലാശാല നൽകിയ മുന്നറിയിപ്പ്‌ സംസ്ഥാനത്തെ 40 ശതമാനത്തിന്‌ രോഗബാധയുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പ്‌ 80 ലക്ഷം പേർക്ക്‌ ഇൻഫ്‌ളുവൻസ വരാമെന്നാണ്‌. അതിൽ 10 ശതമാനം പേരെയെങ്കിലും  ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്ന സാധ്യതയും അവർ ചൂണ്ടിക്കാട്ടി.  രോഗത്തിനാണെങ്കിൽ മരുന്ന്‌ കണ്ടെത്തിയിട്ടുമില്ല. തീർത്തും അസാധാരണ സാഹചര്യമാണ്‌ മുന്നിലുണ്ടായിരുന്നത്‌. അപ്പോൾ ജനങ്ങളുടെ ജീവനിലും സുരക്ഷയിലും ആകാംക്ഷയുള്ള സർക്കാർ ചെയ്യേണ്ടത്‌ എന്താണ്‌? എന്തുവിലകൊടുത്തും മഹാമാരിയിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കുക. മനുഷ്യത്വത്തിലും മാനവമോചനത്തിലും വിശ്വാസമർപ്പിച്ച ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനും ഗവൺമെന്റിനും സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ മാത്രമേ മുൻഗണന നൽകാൻ കഴിയുമായിരുന്നുള്ളൂ. അതാണ്‌ പിണറായി വിജയൻ സർക്കാരും ചെയ്‌തത്‌.

ഒരുനൂറ്റാണ്ടുമുമ്പുള്ള സ്‌പാനിഷ്‌ ഫ്‌ളൂവിനുശേഷം ആദ്യമായാണ്‌ ഒരു മഹാമാരിയെ നാം നേരിടുന്നത്‌.  അസാധാരണമായ സാഹചര്യമാണിത്‌. അത്‌ നേരിടാൻ അസാധാരണമായി പ്രതികരിക്കേണ്ടിവരും. അടച്ചൂപൂട്ടൽതന്നെ അതിനുള്ള ഉദാഹരണമാണ്‌. പൗരന്റെ എല്ലാ മൗലികാവകാശങ്ങളും നിരാകരിക്കുന്നതല്ലേ ലോകരാജ്യങ്ങളും ഇന്ത്യയും  സ്വീകരിച്ച അടച്ചുപൂട്ടൽ. കൃഷിചെയ്യാൻ പാടില്ലെന്ന്‌ പറഞ്ഞു. വ്യവസായങ്ങൾ അടച്ചുപൂട്ടി. വിദ്യാഭ്യാസം മുടങ്ങി. ചരിത്രത്തിലാദ്യമായി റെയിൽവേഗതാഗതം നിശ്‌ചലമായി. ആകാശയാത്രയും മുടങ്ങി. പലരുടെയും ജീവിതം തകർത്തെറിഞ്ഞ നടപടിയാണിതെങ്കിലും ജനങ്ങൾ പൊതുവെ അതുമായി സഹകരിച്ചത്‌ മഹാമാരി മറികടക്കുന്നതിനായിരുന്നു.

കോവിഡിനെ നേരിടണമെങ്കിൽ വിപുലമായ വിവരശേഖരണവും അതിന്റെ വിശകലനവും ആവശ്യമായിരുന്നു. സംസ്ഥാനങ്ങളിലേക്ക്‌ കരമാർഗവും ആകാശമാർഗവും വന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമായിരുന്നു. അതിൽത്തന്നെ വിദേശയാത്ര നടത്തിയവർ, ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, രോഗം കൂടുതൽ മോശമായി ബാധിക്കുന്ന പ്രായമായവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കുകയും അവ വിശകലനംചെയ്‌ത്‌‌ അവർക്കാവശ്യമായ മരുന്നും ഭക്ഷണവും മറ്റും എത്തിക്കണമായിരുന്നു. നേരത്തേ പറഞ്ഞതുപോലെ രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക്‌ ഉയരുന്നപക്ഷം അവ കൈകാര്യം ചെയ്യുന്നതിന്‌ പ്രൊഫഷണലായ ഐടി സംവിധാനം അനിവാര്യമാണ്‌. വിപുലമായ വിവരങ്ങൾ അഥവാ  ബിഗ്‌ഡാറ്റയാണ്‌ കൈകാര്യം ചെയ്യേണ്ടത്‌. അതിന്‌ തയ്യാറായി സൗജന്യസേവനം വാഗ്‌ദാനംചെയ്‌ത്‌ ഒരു മലയാളി രംഗപ്രവേശം ചെയ്‌തപ്പോൾ ഐടി വകുപ്പ്‌ അത്‌ സ്വീകരിച്ചു. ഈ രംഗത്ത്‌ പരിചയമില്ലാത്ത കമ്പനിയെയല്ല, മറിച്ച്‌ ആരോഗ്യരംഗത്ത്‌ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന സ്‌പ്രിങ്ക്‌ളർ എന്ന കമ്പനിയെയാണ്‌ തെരഞ്ഞെടുത്തത്‌. മാത്രമല്ല, പ്രതിപക്ഷം സംശയം ഉന്നയിച്ച ഘട്ടത്തിൽത്തന്നെ കരാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിട്ടു. വിവരച്ചോർച്ച ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌ നൽകി. ഡാറ്റകൾ സർക്കാർ നിയന്ത്രിത സെർവറിലേക്ക്‌ മാറ്റുകയും ചെയ്‌തു. എന്തെങ്കിലും ഒളിപ്പിക്കാനുണ്ടെങ്കിൽ സർക്കാർ രേഖകൾ പുറത്തുവിടാൻ തയ്യാറാകുമായിരുന്നോ? സുതാര്യമായാണ്‌ സർക്കാർ കരാറിൽ ഏർപ്പെട്ടത്‌ എന്നതിന്റെ വിളംബരമാണ്‌ രേഖകൾ പുറത്തുവിട്ട നടപടി.

എല്ലാ അർഥത്തിലും മികച്ച പ്രവർത്തനമാണ്‌ പിണറായി വിജയൻ സർക്കാർ നടത്തിയത്‌. ലോകധ്രുവനായകനായ അമേരിക്കപോലും മഹാമാരിയെ എങ്ങനെ തടയണമെന്നറിയാതെ‌ പകച്ചുനിൽക്കുമ്പോൾ കേരളമെന്ന കൊച്ചുസംസ്ഥാനം രോഗവ്യാപനത്തെ തടയുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. ഇതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കേരളത്തിലേക്കായി. ഇവർക്ക്‌ ഇതെങ്ങനെ സാധിക്കുന്നുവെന്ന്‌ അവർ താൽപ്പര്യത്തോടെ ചോദിക്കാനാരംഭിച്ചു. ഇതോടെ കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഉറക്കം നഷ്ടമായി. തുടക്കംമുതൽ സംസ്ഥാനത്തിന്റെ പ്രതിരോധത്തെ ദുർബലമാക്കാൻ അവർ രംഗത്തിറങ്ങിയിരുന്നു. ശാസ്‌ത്രത്തെ വകവയ്‌ക്കാത്ത തീവ്രവലതുപക്ഷ നേതാക്കളായ ട്രംപിന്റെയും ബൊൾസൊനാരോയുടെയും ഭാഷയിൽ ഇത്‌ വെറും പനിയാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തുടക്കത്തിൽ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കാനും സ്വീകരിക്കേണ്ട  പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്താനും ആരോഗ്യമന്ത്രി വാർത്താസമ്മേളനം നടത്തിയപ്പോൾ അവർക്ക്‌ മീഡിയാമാനിയ എന്ന്‌ ആക്ഷേപിച്ച്‌  പ്രതിപക്ഷനേതാവ്‌ രംഗത്തെത്തി. നിയമസഭയിൽ പ്രതിപക്ഷനേതാവ്‌ സർക്കാരിനെ ഉപദേശിച്ചത്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്നാണ്‌. അതേ പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പ്‌ അമേരിക്കൻ രീതിയിൽ രോഗത്തെ നേരിടണമെന്നായിരുന്നു.

കോർപറേറ്റുകളുടെ ലാഭത്തിൽമാത്രം കണ്ണുനട്ട്‌ അടച്ചുപൂട്ടലിന്‌ തയ്യാറാകാതെ ഒരു പ്രതിരോധപ്രവർത്തനവും നടത്താതെ ഈയാംപാറ്റകളെപ്പോലെ ജനങ്ങളെ മരണത്തിന്‌ വിട്ടുകൊടുത്ത അമേരിക്കൻ മാതൃകയാണ്‌ സ്വീകരിച്ചതെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു?  പതിനായിരങ്ങളല്ലേ മരിച്ചുവീഴുക. അപ്പോൾ പിണറായി സർക്കാരിനെ കുരിശിലേറ്റുകയുമാകാം. മകൻ മരിച്ചാലും പ്രശ്‌നമില്ല മരുമകളുടെ കണ്ണീര്‌ കണ്ടാൽമതിയെന്ന പ്രതിപക്ഷസ്വപ്‌നമാണ്‌ നടക്കാതെപോയത്‌. അതിലുള്ള വിഷമവും കുശുമ്പുമാണ്‌ ഇപ്പോഴത്തെ വിവാദത്തിന്‌ അടിസ്ഥാനം. ഈ നാട്ടിൽ മനുഷ്യരുണ്ടെങ്കിലേ പ്രതിപക്ഷനേതാവും നിയമസഭാ സാമാജികരും ഉള്ളൂവെന്ന കാര്യം ആരും മറന്നുപോകരുത്‌. എന്തുവിലകൊടുത്തും ജീവൻ രക്ഷിക്കാനുള്ള വിശ്രമരഹിതമായ പ്രവർത്തനമാണ്‌ സർക്കാരും അവരുടെ സംവിധാനങ്ങളും കാഴ്‌ചവച്ചത്‌. അതുകൊണ്ടുതന്നെ ഈ വിവാദത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുകതന്നെ ചെയ്യും.

deshabhimani editorial 20.04.2020

Sunday, March 10, 2019

കിഫ‌്ബി വഴി 533 പ്രവൃത്തി; 42,363 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം > എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ കിഫ‌്ബിവഴി മാത്രം 42,363 കോടി രൂപയുടെ വികസനപദ്ധതികൾക്ക് അംഗീകാരം. വിവിധ വകുപ്പുകൾക്കു കീഴിൽ 533 സ്വപ‌്നപദ്ധതിയാണ‌് പ്രവർത്തിപഥത്തിലെത്തിയത‌്.  അഞ്ചുവർഷത്തിൽ 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കലാണ് ലക്ഷ്യമിട്ടത്. എന്നാൽ 1000 ദിനങ്ങളിലേക്കെത്തുമ്പോൾ തന്നെ ലക്ഷ്യത്തിനടുത്തെത്തി. കിഫ്ബി എന്നത‌് മലർപ്പൊടിക്കാരന്റെ സ്വപ‌്നമെന്നാണ‌് പലരും ആക്ഷേപിച്ചത‌്‌. ഇതിനകം പൂർത്തിയായതും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ ഈ വിമർശങ്ങൾക്കുള്ള  മറുപടിയാണ്.

സ‌്കൂളുകളിൽ ഹൈടെക് ക്ലാസ്റൂം ആദ്യഘട്ടം പൂർത്തീകരിച്ചു. താലൂക്ക് ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റിന്റെയും ജില്ലാ ആശുപത്രികളിലെ കാത്ത് ലാബിന്റെയും  ആദ്യഘട്ടവും വനംവകുപ്പിന്റെ സോളാർ ഫെൻസിങ‌് മൂന്ന് ഘട്ടവും പൂർത്തീകരിച്ചു. മലയോര, തീരദേശ വിശാലപാതകളുടെ നിർമാണം ആരംഭിച്ചു. കിഫ‌്ബി റോഡുകൾ പ്രാവർത്തികമാവുന്നു. 25 വർഷം മുൻകൂട്ടി കണ്ടാണ‌്പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങുന്നത‌്. എല്ലാ മണ്ഡലങ്ങളെയും സ്പർശിച്ചാണ‌് പദ്ധതികൾ.

സംസ്ഥാന ഹൈവേകൾ, പ്രധാന റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ അടിസ്ഥാനസൗകര്യം, ജലഗതാഗതം, ഐടി വികസനം, വൈദ്യുതി, സാംസ‌്കാരികകേന്ദ്രങ്ങൾ, മൃഗസംരക്ഷണകേന്ദ്രങ്ങൾ, ഊർജോൽപ്പാദനം, കുടിവെള്ള വിതരണം തുടങ്ങി എല്ലാ  മേഖലകളിലും സമഗ്രവികസന പദ്ധതികളാണ‌് മുന്നേറുന്നത‌്.  ഊർജമേഖലയിൽമാത്രം 5200 കോടിയുടെ പദ്ധതികൾക്ക‌് അംഗീകാരമായി. ട്രാൻസ‌്‌ഗ്രിഡ‌് 2.0 ൽ മൊത്തം 6375 കോടിയുടെ പ്രവൃത്തികളുണ്ട‌്. ഐടിമേഖലയിൽ 1174.13 കോടിയുടെ നിക്ഷേപം ഉറപ്പായി. ഇവയിലൂടെ ഏതാണ്ട‌് 6431 കോടിയുടെ വരുമാനമെത്തും. ഇതിൽ അഞ്ച‌് സാംസ‌്കാരിക കേന്ദ്രങ്ങളും ഉൾപ്പെടുന്നു.

വ്യവസായമേഖലയിൽ 14275.17 കോടിയുടെ നിക്ഷേപം ഉറപ്പായി. രണ്ട‌് വ്യവസായപാർക്കിന‌് 1565.17 കോടി  നീക്കിവച്ചു. ഭൂമി ഏറ്റെടുക്കാൻ 12,710 കോടി വിനിയോഗിക്കുന്നു. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുടെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നുണ്ട‌്.  തീരദേശസ‌്കൂളുകളും ആശുപത്രികളും നവീകരിക്കാൻ 900 കോടി വകയിരുത്തി. പൊതുമരാമത്ത‌ുമേഖലയിൽ 11,000 കോടിയുടെ നിക്ഷേപം വരുന്നു. രണ്ട‌് വർഷം ബജറ്റ‌് വകയിരുത്തലടക്കം 5388  കോടി നീക്കിവച്ചതിന‌ു പുറമെയാണിത‌്. സൈക്കിൾട്രാക്കോടുകൂടിയ തീരദേശ ഹൈവേയുടെ അടങ്കൽ 6000 കോടിയാണ‌്. 2016–-2017ലെ ബജറ്റിൽ പ്രഖ്യാപിച്ച കിഫ‌്ബി പദ്ധതികളിൽ 68 ശതമാനവും 2017–-18ലെ പദ്ധതികളിൽ 78 ശതമാനവും അനുമതിയായവയിൽപ്പെടുന്നു. പകുതിയും ടെൻഡർ കഴിഞ്ഞു. 82 ശതമാനത്തോളം കരാർവച്ച‌് നിർമാണം തുടങ്ങി

ജി രാജേഷ‌് കുമാർ

പറന്നുയർന്നു പൊതുമേഖല; വ്യവസായ വിപ്ലവം

കേരളത്തിന്റെ വ്യവസായരംഗത്താകെ പുത്തനുണർവ് പ്രകടമാണ്. വികസനപ്രവർത്തനങ്ങളുടെയും ക്രിയാത്മക ഇടപെടലുകളുടെയും ഫലമാണിത്.  നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതമായതോടെ വ്യവസായം തുടങ്ങാൻ അങ്ങേയറ്റം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതൽ സംരംഭകർ ആകർഷിക്കപ്പെട്ടു. കൂടുതൽ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ലാഭപ്പട്ടികയിൽ കടന്നു. പരമ്പരാഗത വ്യവസായങ്ങൾ പ്രതിസന്ധിയിൽനിന്ന് കരകയറിത്തുടങ്ങി. ചെറുകിട വ്യവസായങ്ങൾ വിപണിയിൽ മത്സരിക്കാൻ ശേഷി കൈവരിച്ചു. എല്ലാ അർത്ഥത്തിലും വ്യവസായസൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി.

പറന്നുയർന്നു പൊതുമേഖല

• എൽ.ഡി.എഫ് സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപ. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. 2017‐18 ൽ 106.91 കോടി ലാഭത്തിൽ എത്തിച്ചു.
• കഴിഞ്ഞ സർക്കാരിന്റെ അവസാനവർഷം 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം ലാഭത്തിൽ. ഈ സർക്കാർ 2016‐17 കാലയളവിൽ 13 സ്ഥാപനങ്ങളെ ലാഭത്തിൽ എത്തിച്ചു. 2017‐18 കാലയളവിൽ 14 സ്ഥാപനങ്ങൾ ലാഭത്തിൽ. 2018‐19 സാമ്പത്തിക വർഷം ഡിസംബർ 31 വരെ 7 സ്ഥാപനങ്ങൾ ലാഭത്തിലും 12 സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലുമാണ്.
• ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടിസിസി) വർഷങ്ങൾക്കുശേഷം ലാഭവിഹിതം വിതരണം ചെയ്‌തു. ഈ സർക്കാർ വരുമ്പോൾ ടിസിസി 7.37 കോടി രൂപ നഷ്ടത്തിലായിരുന്നു. ആദ്യ വർഷം തന്നെ 6.33 കോടി രൂപ ലാഭത്തിൽ എത്തിച്ചു. 2017‐18 ൽ റെക്കോർഡ് ഉൽപ്പാദനം കൈവരിച്ചതോടെ ചരിത്രത്തിലെ ഉയർന്ന ലാഭമായ 35.04 കോടി രൂപയും വിറ്റുവരവായ 243.10 കോടി രൂപയും നേടി.
• ട്രാവൻകൂർ ടൈറ്റാനിയം യുഡിഎഫ് ഭരണത്തിനൊടുവിൽ 4.47 കോടി രൂപ നഷ്ടത്തിലായിരുന്നു. എൽഡിഎഫ് സർക്കാർ വന്ന ആദ്യവർഷം തന്നെ 8.53 കോടി രൂപ ലാഭത്തിലായി. 2017‐18 ൽ ലാഭം 18.83 കോടി. 2018‐19 ൽ ഒമ്പതു മാസത്തെ കണക്കുപ്രകാരം ലാഭം 17.77 കോടി.
• കേരളാ മിനറൽസ് ആന്റ് മെറ്റൽസിന്റെ (കെഎംഎംഎൽ) ലാഭം 2015‐16 ൽ 3.24 കോടിയായിരുന്നു ലാഭം. 2016‐17 ൽ 40.37 കോടിയായി. 2017‐18 ൽ 195.78 കോടി ലാഭം.
• അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എൽഡിഎഫ് സർക്കാർ വന്ന ശേഷം 81 ലക്ഷം രൂപയുടെ പ്രവർത്തന ലാഭമുണ്ടാക്കി. 2018‐19 സാമ്പത്തികവർഷം 9 മാസം പിന്നിടുമ്പോൾ 21 കോടിരൂപ വിറ്റുവരവ് നേടി.
• നേരിയ ലാഭത്തിലായിരുന്ന കെൽട്രോൺ 2017‐18 സാമ്പത്തികവർഷം 3.51 കോടി ലാഭം നേടി.
• കേരള സോപ്പ്സിന്റെ ഉൽപ്പാദനം വർദ്ധിപ്പിച്ചു. കൂടുതൽ വിപണി കണ്ടെത്തി.
•കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് (കെഎസ്ഡിപി)യ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ബീറ്റാലാക്റ്റം പ്ലാന്റും നോൺ ബീറ്റാലാക്റ്റം പ്ലാന്റും പ്രവർത്തനം തുടങ്ങി.
•.കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും സംയുക്ത സംരംഭമായ കാസർഗോഡുള്ള ബിഎച്ച്ഇഎൽ‐ഇഎംഎല്ലിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ബിഎച്ച്ഇഎല്ലിന്റെ 51 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാർ വാങ്ങാനും തീരുമാനിച്ചു.

വ്യവസായ വിപ്ലവം

■ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കാൻ നിലവിലുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ ആക്ട് 2018 പാസാക്കി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി നിയമഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിച്ചു.
■ വ്യവസായം തുടങ്ങുന്നതിന് ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആന്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് (കെ‐സ്വിഫ്റ്റ്) എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം കൊണ്ടുവന്നു. വ്യവസായം തുടങ്ങാൻ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിക്ക് ഒരു ഏകീകൃത അപേക്ഷാ ഫോറം കെസ്വിഫ്റ്റിന്റെ ഭാഗമാണ്. 14 വകുപ്പുകളിലൂടെയുള്ള 29 സേവനങ്ങൾ കെ സ്വിഫ്റ്റിലൂടെ ലഭ്യമാക്കും. 30 ദിവസത്തിനകം അപേക്ഷകളിൽ തീരുമാനം ഉണ്ടാകും. ഇല്ലെങ്കിൽ കൽപ്പിത അനുമതി ലഭിച്ചതായി കണക്കാക്കി അപേക്ഷകന് വ്യവസായം തുടങ്ങാം.
■ വ്യവസായ ലൈസൻസുകളുടെ കാലാവധി ഒരു വർഷം മുതൽ മൂന്ന് വർഷം വരെ എന്നത് 5 വർഷമാക്കി വർദ്ധിപ്പിച്ചു. ലൈസൻസ് പുതുക്കൽ ഓട്ടോ റിന്യൂവൽ സിസ്റ്റം വഴി നടപ്പാക്കാൻ ഓൺലൈൻ സംവിധാനം തയ്യാറാകുന്നു.
■ വിപണന പ്രോത്സാഹനത്തിന് കേരള വാണിജ്യമിഷൻ രൂപീകരിച്ചു.
■ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയിൽ 50 ശതമാനം ഇളവും അനുവദിച്ചു.
■ അംഗീകൃത വ്യവസായപാർക്കുകളിലെ സ്ഥാപനങ്ങളിൽ 2017 മാർച്ച് 31 നു ശേഷം ചേർന്ന ജീവനക്കാരുടെ ഇ.എസ്.ഐ, പി.എഫ് എന്നിവയിൽ തൊഴിലുടമയുടെ വിഹിതത്തിന്റെ 75 ശതമാനം അടുത്ത 3 വർഷത്തേയ്ക്ക് സർക്കാർ നൽകും.
■ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിൽ വിദേശ മലയാളികൾക്ക് 5 ശതമാനം സംവരണം ഏർപ്പെടുത്തി.

കരകയറുന്നു പരമ്പരാഗതമേഖല

■ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി. 2017 ൽ 2689 സ്കൂളുകളിലെ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. 2018‐19 മുതൽ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകി. 2018‐19 ൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ എയ്ഡഡ് സ്കൂളിലെ കുട്ടികൾക്ക് ഉൾപ്പെടെ സൗജന്യമായി യൂണിഫോം വിതരണം ചെയ്യാൻ നടപടി പൂർത്തിയായി.  നെയ്ത്ത് തൊഴിലാളികൾക്ക് 87 കോടി കൂലിയിനത്തിൽ നൽകി.
■ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനു കീഴിൽ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മിൽ, ഉദുമ സ്പിന്നിങ്ങ് മിൽ, പിണറായി ഹൈടെക് വീവിങ് മിൽ എന്നിവ പ്രവർത്തനമാരംഭിച്ചു.
■ ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ, കണ്ണൂർ സഹകരണ സ്പിന്നിങ്് മിൽ എന്നിവ  നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
■ പതിനായിരം കരകൗശലതൊഴിലാളികൾക്ക് പതിനായിരം രൂപയുടെ ടൂൾ കിറ്റ് സൗജന്യമായി നൽകുന്നു. ആദ്യഘട്ടം 1300 തൊഴിലാളികൾക്ക് വിതരണം ചെയ്തു.
■ പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ കാര്യമായി ഇടപെട്ടു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ മേഖലയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

സ്വാഗതം വ്യവസായ പാർക്കിലേക്ക്‌

■ നിക്ഷേപ പ്രോത്സാഹനത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന ബൃഹത്പദ്ധതികളായ ലൈഫ് സയൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക്, ലൈറ്റ് എഞ്ചിനീയറിങ്ങ് ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക്സ് ഹാർഡ്വെയർ പാർക്ക് തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുന്നു.
■ വ്യവസായ പാർക്കുകൾക്കായി 6700 ഏക്കർ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. റബ്ബറിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കായി സിയാൽ മോഡലിൽ കമ്പനി ആരംഭിക്കും.
■ വയനാട് ജില്ലയിൽ കാർബൺ ന്യൂട്രൽ കോഫി വില്ലേജ് സ്ഥാപിക്കുന്നു. വൈത്തിരി  താലൂക്കിലെ വാര്യാട് ലോകോത്തര ഗുണമേന്മയുള്ള ഒന്നരലക്ഷം കാപ്പിത്തൈ വെച്ചുപിടിപ്പിച്ച് കേരള ബ്രാൻഡ് കാപ്പിപ്പൊടി നിർമ്മാണ കേന്ദ്രം സ്ഥാപിക്കും.
■  നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ പാലക്കാടും തൃശൂരും റൈസ് പാർക്ക് നിർമ്മാണനടപടികൾ തുടങ്ങി. നെല്ലിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ അടക്കം ഇവിടെ ഉൽപ്പാദിപ്പിക്കും.
■  സ്വകാര്യ വ്യവസായപാർക്കുകൾക്ക്‌ അനുമതി നൽകി. നഗരപ്രദേശങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കിനു അപേക്ഷിക്കാം.

പടർന്നു പന്തലിച്ച് എംഎസ്എംഇ

■ ഈ സർക്കാർ വന്ന ശേഷം ഏകദേശം 36000 ത്തിലധികം ഇടത്തരം‐ചെറുകിട‐സൂക്ഷ്മ സംരംഭങ്ങൾ (എം.എസ്.എം.ഇ) പ്രവർത്തനം ആരംഭിച്ചു. ഈ രംഗത്ത് 3250 കോടി നിക്ഷേപവും 1.3 ലക്ഷത്തിൽ അധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
■പ്രളയത്തിൽ നശിച്ച വ്യവസായ യൂണിറ്റുകൾക്ക് സാമ്പത്തികസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഉദാരവ്യവസ്ഥയിൽ വായ്പാപദ്ധതികളും നടപ്പാക്കുന്നു. പ്രളയബാധിത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് കെഎസ്ഐഡിസി പുനർജ്ജനി വായ്പാ പദ്ധതി നടപ്പാക്കി. 9 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ നൽകി. വൻകിടസംരംഭങ്ങൾക്കു മാത്രം കിട്ടിയിരുന്ന വായ്പകൾ ചെറുകിട സംരംഭങ്ങൾക്കും വ്യക്തികൾ നടത്തുന്ന സംരംഭങ്ങൾക്കും ലഭ്യമാക്കി. ഹ്രസ്വകാല വായ്പാ തിരിച്ചടവ് കാലയളവ് ഒരു വർഷത്തിൽനിന്ന് മൂന്നു വർഷമാക്കി.

Saturday, January 12, 2019

വിശ്വാസവും കമ്യൂണിസ്റ്റ് പാർടിയും

മൂവാറ്റുപുഴ മണ്ഡലം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ചെല്ലുമ്പോൾ വേദിയിൽ തന്നെ രണ്ടു പുരോഹിതൻമാരെ കണ്ടു. അതിഥികളായി വന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അവർ രണ്ടുപേരും ജാഥയിലെ സ്ഥിരം അംഗങ്ങളാണെന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞു. ഫാദർ പോൾ തോമസ് പീച്ചിയിലും ഫാദർ ബിജു തോമസ് ചക്രവേലിലും. കൂത്താട്ടുകുളം ഏരിയയിലെ പാലക്കുഴ ലോക്കലിലെ പാർടി അംഗങ്ങളാണ്. പുരോഹിതൻമാർ പാർടി അംഗങ്ങളാണെന്നത് പലർക്കും അത്ഭുതമായിരുന്നു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ പാർടി സ്വീകരിക്കുന്ന അയവേറിയ സമീപനമാകാമിതെന്ന് ചിലർ സൂചിപ്പിക്കുന്നത് കേട്ടു. എന്നാൽ, പാലക്കുഴക്ക് അടുത്തുള്ള കോലഞ്ചേരി ഏരിയയിലെ വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സനൽകുമാർ, ആ ചുമതല ഏറ്റെടുത്ത് മുഴുവൻ സമയപ്രവർത്തകനാകുന്നതുവരെ തൊഴിലെടുത്തിരുന്നത് പൂജാരിയായാണ്. സംസ‌്കൃത കോളേജിൽ എംഎ സംസ‌്കൃതം പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമായിരുന്ന സനൽ അന്നും പൂജ നടത്തിയാണ് കുടുംബത്തിനും തനിക്കും ആവശ്യമായ വരുമാനം കണ്ടെത്തിയിരുന്നത്.

പുരോഹിതനും പൂജാരിക്കും പാർടി അംഗമാകാമോ എന്ന ചോദ്യം വളരെ പഴക്കമുള്ള ചോദ്യമാണ്. ഇ എം എസ് ചിന്തയിലെ ചോദ്യോത്തരം പംക്തിയിൽ പല തവണ ഇതിനു മറുപടിയും നൽകിയിട്ടുണ്ട്.  ‘the attitude of workers party to religion’  എന്ന ലേഖനത്തിൽ ലെനിൻ ഇതേ ചോദ്യത്തെ തന്നെ അഭിസംബോധന ചെയ്യുന്നുണ്ട്. ഒരു പുരോഹിതൻ പൊതുവായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ബോധപൂർവം പാർടി ചുമതലകൾ നിർവഹിക്കുകയും പാർടി പരിപാടി അംഗീകരിക്കുകയും ചെയ‌്താൽ ഏതു പുരോഹിതനും പാർടി അംഗമാകാമെന്ന് ലെനിൻ ഉത്തരം നൽകി.( ലെനിൻ സമാഹൃതകൃതികൾ വോള്യം 15)  മതത്തെ സമരം ചെയ‌്ത‌് ഇല്ലാതാക്കാൻ കഴിയില്ലെന്നും അതിന്റെ വേരുകളെ കാണാതെ സമീപിക്കുകയും മതനിരാസ നിലപാടും നിരീശ്വരവാദവും മുദ്രാവാക്യമായി സ്വീകരിക്കുന്നതുമായ രീതി തൊഴിലാളി വർഗപാർടിക്കില്ലെന്ന നിലപാടും ലെനിൻ വ്യക്തമാക്കുകയുണ്ടായി. മതം നശിക്കട്ടെ, നിരീശ്വരവാദം നീണാൾ വാഴട്ടെ എന്നത് ഉപരിപ്ലവകരമായ നിലപാടാണെന്നും ലെനിൻ വ്യക്തമാക്കുകയുണ്ടായി.

മതം മനുഷ്യനെ അന്യവൽക്കരിക്കുന്നതും ഒരു വർഗത്തിനു മറ്റൊന്നിനെ ചൂഷണം ചെയ്യുന്നതിന് ന്യായീകരിക്കുന്ന സംവിധാനവുമാണെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായി അത് ശരിയാണ്. ചില ഘട്ടങ്ങളിൽ മതം രാഷ്ട്രീയ ആധിപത്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായിരുന്നു

വർഗസമരത്തിന്റെ കലയും ശാ‌സ‌്ത്രവും

മതത്തെ കുറിച്ചുള്ള സമീപനം വ്യക്തമാക്കുന്ന രേഖ 1980 ഒക്ടോബറിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടി പ്രസിദ്ധപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർടി  മതത്തെ സംബന്ധിച്ച് ഒരു രേഖ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. അതിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടി ഇപ്രകാരം വ്യക്തമാക്കി. ‘‘ മതം മനുഷ്യനെ അന്യവൽക്കരിക്കുന്നതും ഒരു വർഗത്തിനു മറ്റൊന്നിനെ ചൂഷണം ചെയ്യുന്നതിന് ന്യായീകരിക്കുന്ന സംവിധാനവുമാണെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായി അത് ശരിയാണ്. ചില ഘട്ടങ്ങളിൽ മതം രാഷ്ട്രീയ ആധിപത്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായിരുന്നു. ഇന്ന്, ഞങ്ങളുടെ അനുഭവം വിശ്വാസിക്ക് അവരുടെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ചരിത്രത്തിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് വിപ്ലവകാരികളാകാമെന്നതാണ്. ഞങ്ങളുടെ അനുഭവത്തിൽ ഒരാൾക്ക് ഒരേ സമയം വിശ്വാസിയും വിപ്ലവകാരിയുമാകാമെന്നാണ്.’’ ഈ രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫ്രെൽ ബെറ്റോയുടെ ചോദ്യത്തിനു ഫിദൽ, വിശ്വാസിക്ക് കമ്യൂണിസ്റ്റാകാമെന്നും രണ്ടു കൂട്ടരും ചേർന്ന് ലോകത്തെ ചൂഷണത്തിൽനിന്ന‌് മോചിപ്പിക്കാൻ കഴിയുമെന്നും  വ്യക്തമാക്കി ( പേജ് 237 fidel on religion). ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിനു വരുന്നവരെ സംബന്ധിച്ച്  വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം അപ്രസക്തമാണെന്നും ഫിദൽ വ്യക്തമാക്കി.

ലെനിനും ഫിദലും മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ, മതത്തെ കുറിച്ചുള്ള മാർക‌്സിന്റെ നിരീക്ഷണങ്ങളെ മതം മനുഷ്യന്റെ കറുപ്പാണെന്ന ഒരു വാചകത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് മതവിരുദ്ധമെന്ന മട്ടിലാണ് പൊതുവെ അവതരിപ്പിക്കാറുള്ളത്. മാർക‌്സിന്റെ മതനിരീക്ഷണങ്ങൾ നിഷേധാത്മകമായി മാത്രമാണ് പലരും സമീപിക്കുന്നതെന്നും അതിൽ വ്യക്തമായ ഗുണപരമായ വശങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഹരോൾഡ് സിൻ വ്യക്തമാക്കുന്നുണ്ട്. മതമല്ല മനുഷ്യനെ സൃഷ്ടിച്ചതെന്നും മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചതെന്നും ഹെഗലിയൻ ദർശനത്തിന്റെ വിമർശനത്തിൽ സൂചിപ്പിക്കുന്ന മാർക‌്സ‌് മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും മർദിതന്റെ നെടുവീർപ്പുമാണെന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയിലാണ് മതം മനുഷ്യന്റെ കറുപ്പാണ് എന്ന് കൂട്ടിച്ചേർക്കുന്നത്. opium of the people എന്ന പ്രയോഗം നടത്തുന്നത്. മതം വേദനസംഹാരിയായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് മാർക‌്സ‌് വിശദീകരിക്കുന്നത്. മതം താൽക്കാലികമായ ആശ്വാസമാണ് നൽകുന്നത്. ജീവിത യാഥാർഥ്യങ്ങൾ മുഖത്തുവന്നടിക്കുമ്പോൾ ആശ്വാസം അപ്രത്യക്ഷമാകും. മതത്തെ സൃഷ്ടിക്കുന്നത് നിലനിൽക്കുന്ന സാഹചര്യങ്ങളാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. നിലവിലുള്ളതെല്ലാം വിധിയാണെന്ന ബോധം സൃഷ്ടിക്കുന്ന മതം സൃഷ്ടിക്കുന്ന പൊതുബോധത്തെ വിമർശിക്കുമ്പോൾ തന്നെ മതവിശ്വാസത്തിലേക്ക് തിരിയാൻ മനുഷ്യൻ നിർബന്ധിതമാകുന്ന സാഹചര്യം പ്രധാനമാണെന്നും ഈ വേരിനെ പരിഗണിക്കാതെയുള്ള ഏതു മതവിമർശവും ശാസ്ത്രീയമല്ലെന്നും മാർക‌്സ‌് പല ഘട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

മാർക‌്സിസം യാന്ത്രിക ഭൗതികവാദമോ യുക്തിവാദമോ അല്ല. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമെന്നു കാണുമ്പോൾ തന്നെ ആശയത്തിനെ അംഗീകരിക്കുകയും അതിനു ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ആശയം ജനങ്ങൾ ഏറ്റെടുത്താൽ അത് ഭൗതികശക്തിയായി മാറുമെന്നും മാർക‌്സ‌് വ്യക്തമാക്കി. മാർക‌്സിസവും ഒരു ആശയമാണ്. മതം നിലവിലുള്ളതിനെ സംരക്ഷിക്കാനുള്ള ഉപകരണമായി മാറുന്നതിനെയാണ് ശക്തമായ വിമർശനത്തിന‌് മാർക‌്സ‌് വിധേയമാക്കുന്നത്. എന്നാൽ, മതവിശ്വാസികളായ ജനങ്ങൾ വിശ്വാസങ്ങളിൽ ആശ്വാസം തേടുന്നതിന്റെ യാഥാർഥ്യം തിരിച്ചറിയുന്ന മാർക്സിസം മത നിരാസമല്ല. മാർക്സിസം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരത്തിന്റേയും ഏറ്റുമുട്ടലിന്റേയും ദർശനമല്ല. അത് വർഗസമരത്തിന്റെ കലയും ശാസ്ത്രവുമാണ്. ദുരിതം അനുഭവിക്കുന്ന ചൂഷിത വർഗത്തിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.

വർഗീയതയ‌്ക്ക‌് എതിരായ പോരാട്ടം

ഇന്ത്യയിൽ ഏതൊരു പൗരനും അവരവർക്ക് ഇഷ്ടപ്പെട്ട വിശ്വാസം പിന്തുടരുന്നതിന‌് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിനൊപ്പമാണ് സിപിഐ എം നിൽക്കുന്നത്. സിപിഐ എം ജനകീയ ജനാധിപത്യ വിപ്ലവത്തിനായി പ്രവർത്തിക്കുന്ന പാർടിയാണ്. സിപിഐ എം പരിപാടിയിൽ ജനകീയ ജനാധിപത്യ ഗവൺമെന്റിന്റെ പരിപാടിയിൽ മതവിശ്വാസത്തിനും ആരാധനക്കുമുള്ള അവകാശം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഏതൊരു പൗരനും അവനോ അവൾക്കോ ഇഷ്ടമുള്ള മതവിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നവരാണ് കമ്യൂണിസ്റ്റുകാർ. എന്നാൽ, വിശ്വാസവും വർഗീയതയും രണ്ടാണ്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. മതത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് വർഗീയത. ഹിന്ദുവിന്റെ മതവിശ്വാസത്തെ വർഗീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത‌്. ഭാരതീയ സംസ്കൃതിയുടെ ഭാഗമായുള്ള സങ്കൽപ്പമല്ല ഹിന്ദുത്വമെന്നത്. അത് സവർക്കറിന്റെ സംഭാവനയാണ്. ഹിന്ദു വിശ്വാസം എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ്. പൗരാണിക ദർശനത്തിൽ നിരീശ്വരവാദം പോലും ശക്തമായ ധാരയായിരുന്നു. എന്നാൽ, ഹിന്ദുത്വം ക്രിസ്ത്യാനിയെയും മുസ്ലിമിനെയും കമ്യൂണിസ്റ്റുകാരനെയും ശത്രുവായി പ്രഖ്യാപിക്കുന്നതാണ്. മഹാത്മാഗാന്ധിയെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുതയുടേതാണ് ഹിന്ദുത്വം. യഥാർഥത്തിൽ ഹിന്ദുത്വത്തെ എതിർത്തുപരാജയപ്പെടുത്തേണ്ടത് ശരിയായ വിശ്വാസിയുടെ കൂടി കടമയാണ്. വിശ്വാസിയുടെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും വർഗീയവാദിയിൽനിന്ന‌് മോചിപ്പിക്കുകയെന്നത് മതനിരപേക്ഷ സമരമാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.

എന്നാൽ, തങ്ങളുടെ വർഗീയ നിലപാടുകൾ വിശ്വാസമാണെന്ന മട്ടിലാണ‌് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തി കമ്യൂണിസ്റ്റുകാർ അധികാരത്തിൽവന്നാൽ ആരാധന സ്വാതന്ത്ര്യമില്ലാതാക്കുമെന്ന് പ്രചാരവേലയും ശക്തം. ലോകത്ത് പൊതുവെ കമ്യൂണിസ്റ്റ് പാർടികൾക്കെതിരെ ശത്രുക്കൾ നടത്തുന്ന പ്രചാരവേലയാണിത്‌. സംഘപരിവാരത്തിന്റെ നാവായി മാറിയ സെൻകുമാർ ചൈനയിൽ പള്ളികളുടെ അവസ്ഥയെ തെറ്റായി ചർച്ചകളിൽ പരാമർശിച്ചതും ഇതിന്റെ ഭാഗമാണ്. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരിയുമൊന്നിച്ച് ചൈനയിൽ പോയപ്പോൾ സിയാനിലെ ഗ്രേറ്റ് മോസ‌്ക‌് സന്ദർശിക്കുകയുണ്ടായി. എത്രമാത്രം പ്രാധാന്യത്തോടെയാണ് അവർ പൗരാണികമായ മോസ‌്ക‌് സംരക്ഷിച്ചിരിക്കുന്നതെന്ന് നേരിൽ മനസ്സിലാക്കുകയുണ്ടായി. നമസ‌്കാരത്തിനായി എത്തുന്നവരുമായി ഞങ്ങൾ സംസാരിക്കുകയും ചെയ‌്തിരുന്നു.

1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ ഇ എം എസ് നയിച്ച സർക്കാർ അധികാരത്തിൽവന്ന അന്നുമുതൽ നിരീശ്വരവാദം വളർത്തുന്നുവെന്നും ആരാധനാലയങ്ങൾ നശിപ്പിക്കുമെന്നും ശക്തമായി പ്രചരിപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആറാമത്തെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരുകൾ ഒന്നും തന്നെ മതവിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരുകളുടെ കാലത്തെ ദേവസ്വം ബോർഡുകളും വഖഫ് ബോർഡുകളും അതാതു വിശ്വാസ സമൂഹത്തിന്റെ ശരിയായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രൂപത്തിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. തകർച്ചയിലായിരുന്ന മലബാർ മേഖലയിലെ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിനു കീഴിലാക്കി അവയെ മെച്ചപ്പെടുത്തുകയും പൂജാരി മുതലുള്ള എല്ലാ ക്ഷേത്ര ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തുകയും ചെയ‌്തത‌് ഇടതുപക്ഷ സർക്കാരാണ്. മണ്ഡലകാലത്ത‌് സൗകര്യങ്ങൾ വിലയിരുത്താനായി കമ്യൂണിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചതും അവിടെ അപ്പോൾ നിലനിന്നിരുന്ന ആചാരങ്ങൾക്ക് അനുസരിച്ചു തന്നെയാണ്.

വിശ്വാസത്തിന്റെ പ്രശ്നത്തെ കേവലം യുക്തിയുടെയും സാങ്കേതികത്വത്തിന്റെയും പേരിൽ സമീപിക്കുന്നതിനും ഈ സർക്കാരുകൾ ശ്രമിച്ചിട്ടില്ല. ശബരിമല കേസിൽ സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ ഈ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാട് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ വിശ്വാസത്തിന്റെ പ്രശ്നമായതുകൊണ്ട് അത്തരം കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവർ അംഗങ്ങളായ സംവിധാനത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. ഈ സമീപനത്തിന്റെ തുടർച്ച തന്നെയാണ് സിപിഐ എം സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും.

വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങൾ ഭരണഘടനയ‌്ക്ക് വിധേയമാണെന്ന ശബരിമല കേസിലെ വിധി നടപ്പിലാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നു. ദൈവത്തിനില്ലാത്ത വിവേചനം മനുഷ്യന്റെ സൃഷ്ടിയാണെന്നും മനുഷ്യനെ തുല്യതയോടെ കാണാത്ത എല്ലാ ആചാരങ്ങളും നിർമിതമാണെന്നും സുപ്രീംകോടതി വിധി ആധികാരികമായി പ്രഖ്യാപിക്കുന്നു. എല്ലാ കാലത്തും തെറ്റായ വ്യാഖ്യാനങ്ങൾ വഴി പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീയുടെ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും സുപ്രീംകോടതി പറയുന്നു.

സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ടുചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്നതും. വർഗീയതക്ക് എതിരായ പോരാട്ടത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്ന വിശ്വാസ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത്. ഭരണഘടനയെയും നിയമവ്യവസ്ഥയെയും സംരക്ഷിക്കേണ്ടത് ഏതു മതവിഭാഗത്തിൽപ്പെട്ടവരുടേയും വിശ്വാസം സംരക്ഷിക്കുന്നതിന‌് അനിവാര്യമാണ്.

മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വീകാര്യമായ കാര്യമാണ് മതവിശ്വാസമെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് തെരഞ്ഞെടുപ്പ് നിയമങ്ങളെ സംബന്ധിച്ച കേസിൽ വ്യക്തമാക്കുകയുണ്ടായി. മതവിശ്വാസം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് സ്റ്റേറ്റ് പരിഗണിക്കണമെന്നും സുപ്രീംകോടതി ഈ കേസിൽ വ്യക്തമാക്കുകയുണ്ടായി. വിശ്വാസവും അതിന്റെ ഭാഗമായ ആശ്വാസവും വൈയക്തികമായ കാര്യമാണ്. ഇതൊന്നും വായിക്കാത്തവരാണ് മല കയറിയവർ വിശ്വാസിയാണോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന മട്ടിൽ  ആധികാരികമായി ചോദിച്ചുകൊണ്ടിരിക്കുന്നത്. മതവിശ്വാസത്തെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നവർ നടത്തുന്ന നുണ പ്രചാരവേലകളെ തുറന്നുകാണിക്കേണ്ടത് വിശ്വാസ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അതുവഴി മാത്രമേ എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ കഴിയുകയുള്ളു.

പി രാജീവ്‌ 

Saturday, November 10, 2018

നിലപാടിന്റെ ദാർഢ്യം


"എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത്  ഒന്നുമാത്രം. അത് കേരളത്തെ പുരോഗമനസ്വഭാവത്തിൽ നിലനിർത്തുക എന്നതാണ്’

ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി സ്വന്തം നിലപാടുകൾ തള്ളിക്കളയുകയും വീൺവാക്കുകളിലാറാടുകയും ചെയ്യുന്ന രാഷ്ട്രീയ പാർടികൾക്കും അവയുടെ നേതാക്കൾക്കും ഒരിക്കലും പറയാൻ   സാധിക്കാത്ത വാക്കുകളാണിവ; എടുക്കാൻ കഴിയാത്ത നിലപാടാണ് ഇത്. ശബരിമലയിലെ സ്ത്രീപ്രവേശത്തിന്മേൽ സുപ്രീംകോടതി വിധി വന്നപ്പോൾ സ്വന്തം നിലപാട് പലകുറി മാറ്റിയ സംഘപരിവാറിനെയും കോൺഗ്രസിനെയും നിസ്സംഗമായി കണ്ടുനിൽക്കുന്നവരിൽ   ഈ  വാക്കുകൾ ഞെട്ടലുണ്ടാക്കും. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ക്രിമിനലുകളെ റിക്രൂട്ട് ചെയ‌്ത‌് ശബരിമലയിലെത്തിച്ച‌് നിയമസമാധാനത്തിന‌് വെല്ലുവിളി മുഴക്കുകയും അക്രമപ്പേക്കൂത്തിന‌് മുതിരുകയും ചെയ്ത സംഘപരിവാറിന് ഈ വാക്കുകൾ നൈരാശ്യമുണ്ടാക്കും. അക്രമസമരത്തിന്റെ പിതൃത്വം "വിശ്വാസികൾക്കാണ്" എന്ന് വ്യാജ പ്രചാരണം നടത്തിയവർക്കും അത് വോട്ടാക്കി മാറ്റാൻ കൊതിച്ചവർക്കും ഈ വാക്കുകൾ മോഹഭംഗമുണ്ടാക്കും. കാരണം, ശരിയായ നിലപാട് എടുക്കുകയും ഏതു കൊടുങ്കാറ്റുവന്നാലും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തോടാണ് കേരള ജനതയുടെ മനസ്സ്. ആ രാഷ്ട്രീയ ആർജവത്തോടാണ് മഹാഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസം.

"എത്ര വോട്ടു കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ല. പരിഗണനയിൽ വരുന്നത്  ഒന്നുമാത്രം. അത് കേരളത്തെ പുരോഗമനസ്വഭാവത്തിൽ നിലനിർത്തുക എന്നതാണ്’-

സിപിഐ എം എന്ന പാർടിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരും ശബരിമല വിഷയത്തിൽ ഒരു നിലപാടേ എടുത്തിട്ടുള്ളൂ. മനുഷ്യരെ മനുഷ്യരായി കാണുന്നതും അവർക്കിടയിൽ ഒരുവിധ വേർതിരിവും കൽപ്പിക്കാത്തതുമായ ആധുനികകേരളത്തെ  ബലികൊടുക്കാനാകില്ല എന്ന നിലപാടാണത്. യുവധാരയുടെ യുവ സാഹിത്യപുരസ്‌കാരങ്ങൾ സമർപ്പിക്കുന്ന ചടങ്ങിൽ  പങ്കെടുത്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത് ആ നിലപാടാണ്.

എല്ലാ വെളിച്ചവും തല്ലിക്കെടുത്തി ഇരുട്ടിനെ പ്രത്യാനയിക്കാനും ആ പുനരുജ്ജീവന ശ്രമങ്ങളെ നവോത്ഥാനത്തിന്റെ ഊർജംകൊണ്ടു നേരിടാനുമുള്ള ശ്രമങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന  ഘട്ടത്തിൽ,  കാലത്തെ പിന്നിലേക്കുവലിച്ച് ഇരുട്ടിലാഴ്ത്താൻ ശ്രമിക്കുന്നവർക്കൊപ്പമല്ല,   കാലത്തെ മുമ്പോട്ടുനയിച്ച് കൂടുതൽ വെളിച്ചത്തിലേക്കെത്തിക്കാൻ ശ്രമിക്കുന്നവർക്കൊപ്പമാണ് നിലകൊള്ളേണ്ടത്  എന്ന ആഹ്വാനമാണ് മുഖ്യമന്ത്രി മുഴക്കിയത്. അത് ഏറ്റെടുക്കാനും പ്രാവർത്തികമാക്കാനുമുള്ള സന്നദ്ധത സാഹിത്യകാരന്മാർക്കും സമൂഹത്തിനാകെയും വേണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്. വികാരത്തള്ളിച്ചയ്ക്കുമുന്നിൽ വിവേകം നഷ്ടപ്പെട്ട്, മതനിരപേക്ഷതയുടെയും മുൻ നിലപാടുകളുടെയും ശവക്കുഴി തോണ്ടുന്നവർക്കൊപ്പം ചേരുന്ന കോൺഗ്രസിനു ചിന്തിക്കാനും തിരുത്താനുമുള്ള സന്ദർഭമാണിത് എന്ന ഓർമപ്പെടുത്തൽകൂടിയുണ്ട് ഈ വാക്കുകളിൽ. ഇനി തങ്ങളും ഭരിക്കുന്ന കക്ഷികളും  മാത്രം അവശേഷിക്കും എന്നായിരുന്നു   കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ചത്. അതിനെതിരെ കോൺഗ്രസിൽനിന്നല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയിൽനിന്നാണ് പ്രതികരണമുണ്ടായത്. മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസുകാരെ പിണറായിയാണ് അഭിസംബോധന ചെയ്തത്.

ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതിനിരപേക്ഷവും മതനിരപേക്ഷവുമായ മനസ്സുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണം എന്ന് ഓർമിപ്പിച്ചാണ്  ഇടതുപക്ഷം ഇന്നത്തെ കോലാഹലങ്ങൾ നേരിടുന്നത്. അതിനു ലഭിക്കുന്ന സ്വീകാര്യതയാണ് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രചാരണ യോഗങ്ങളിലേക്കു കുതിച്ചെത്തുന്ന ജനസഞ്ചയം. റിക്രൂട്ട് ചെയ്തു കൂലികൊടുത്ത‌്‌ കൂട്ടിക്കൊണ്ടുപോയി വിശ്വാസിവേഷത്തിൽ അണിനിരത്തിയ അക്രമികളും അവരെ നിയന്ത്രിച്ച സംഘപരിവാറും ഉയർത്തിയ ബഹളത്തിൽ കോൺഗ്രസിന് മുട്ട് വിറച്ചിട്ടുണ്ടാകും.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുക എന്ന ഏക പോംവഴി മാത്രം മുന്നിലുള്ള സംസ്ഥാന സർക്കാരിനെയും അതിന്റെ നേതൃത്വത്തെയും കുപ്രചാരണത്തിന്റെ മുൾമുനയിൽ നിർത്താനായിരുന്നു ശ്രമം. സർക്കാരിനെ  വിശ്വാസികൾക്കെതിരായ പക്ഷത്തു സ്ഥാപിക്കാൻ ശ്രമിച്ചവരെ കോൺഗ്രസ‌് അനുകൂലിക്കുകയാണുണ്ടായത്. അത്തരക്കാർക്കൊക്കെ ഉള്ള മറുപടിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.- ഈ നിലപാട് അങ്ങനെ മാറുന്നതല്ല. എത്രതന്നെ കുപ്രചാരണപ്രളയം വന്നാലും അതിന‌് ഇളക്കമില്ല.- കാരണം അത് നാടിനെ രക്ഷിക്കാനുള്ളതാണ് എന്ന ഉറച്ച വാക്കുകൾ. ആ ആർജവത്തിനും സത്യസന്ധതയ്ക്കുമാണ് കേരളത്തിന്റെ ബിഗ് സല്യൂട്ട്.

സ്ത്രീകൾക്കൊരു കൂട്

നഗരങ്ങളിൽ എത്തിച്ചേരുന്ന വനിതകൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ‘എന്റെ കൂടി" പദ്ധതി സംസ്ഥാനവ്യാപകമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രശംസാർഹമാണ്.  ഇതിനകം  കോഴിക്കോട്ടും  തിരുവനന്തപുരത്തും  സ്ത്രീകൾക്ക് രാത്രികാലം സുരക്ഷിതമായി തങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.   നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ  സാമൂഹ്യനീതി വകുപ്പാണ്    ‘എന്റെ കൂട്’ പദ്ധതി നടപ്പാക്കുന്നത്.   ഇന്റർവ്യൂവിനും മറ്റാവശ്യങ്ങൾക്കുമായെത്തുന്ന വനിതകൾക്ക് നഗരത്തിൽ സുരക്ഷിതമായി താമസിക്കാൻ പലപ്പോഴും കഴിയാതെവരാറുണ്ട്.    നിർധന  വനിതകൾക്കും കൂടെയുള്ള 12 വയസ്സുവരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മണി മുതൽ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നൽകുന്നതാണ്  പദ്ധതി. 50 പേർക്കു  ഒരേസമയം   താമസിക്കാൻ കഴിയുന്ന സൗകര്യമാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച തുറന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കടന്നാക്രമണങ്ങൾ നിരന്തരം നടക്കുന്ന സമകാലിക സാഹചര്യത്തിൽ അനിവാര്യമായ ഇടപെടലാണിത്. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശമനമുണ്ടാകാൻ പൊലീസിന്റെ ജാഗ്രതമാത്രം പോരാ, ഇത്തരം സൗകര്യങ്ങളും വേണ്ടതുണ്ട് എന്ന ശരിയായ കാഴ്ചപ്പാടാണ് ഈ മാതൃകാപരമായ സംരംഭത്തിന് പിന്നിൽ കാണാനാവുക. എൽഡിഎഫ് സർക്കാരിന്റെ ഈ വഴിയിലുള്ള അനേകം ഇടപെടലുകളിൽ ഒന്നായ "എന്റെ കൂടി"ന‌് വിജയാശംസകൾ.

deshabhimani editorial 091118

Tuesday, February 21, 2017

'1850 കുറ്റവാളികളെ സര്‍ക്കാര്‍ വിട്ടയക്കുന്നു'; പ്രചാരണത്തിനപ്പുറം വസ്തുത ഇതാണ്



കൊടും കുറ്റവാളികളെ കൂട്ടത്തോടെ വിട്ടയക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. നിശ്ചിത കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച് ഇളവ് അനുവദിക്കാമെന്ന രാജ്യത്ത് നിലവിലുള്ള കീഴ്വഴക്കമാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ കുറ്റവാളികളെ തുറന്നു വിടുന്നു എന്ന വ്യാജ വാര്‍ത്തയായി മാറിയത്. ഈ പട്ടിയ തയാറാക്കിയതാവട്ടെ മുന്‍ സര്‍ക്കാരിന്റെ കാലത്തും.

ഇപ്പോള്‍ നടന്നത്, ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ട ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ  മാനദണ്ഡം കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു എന്നതാണ്. പതിവിനു വിപരീതമായി രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ റിലീസ്”അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. എന്നാല്‍, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ ഇളവ് നല്‍കുക എന്ന നടപടിക്രമം മാത്രമാണ് ഇപ്പോള്‍ നടന്നത്. ഇതാണ് വസ്തുത എന്നിരിക്കെ, വ്യാജ പ്രചാരണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കുന്നു.

ഈ വാര്‍ത്ത കണ്ടു ഞെട്ടി.

തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നു, കുറ്റവാളികള്‍ക്ക് പിണറായി സര്‍ക്കാര്‍ മോചനം നല്‍കുന്നു എന്ന പ്രചാരണം ആരംഭിച്ചത് ഗവര്‍ണ്ണറുടെ ഓഫിസില്‍ നിന്ന് ഒരു പത്രക്കുറിപ്പ് വന്നതോടെയാണ്. സിപിഐ എം തടവുകാരെയാണ് വിടയുന്നതു എന്ന് ചിലര്‍. കൊടും കുറ്റവാളികളെ എന്ന് വേറെ ചിലര്‍. ചന്ദ്രബോസിനെ കൊന്ന  നിസാമിനെയും വിടുമെന്ന് മറ്റു ചിലര്‍.

ചുരുക്കത്തില്‍ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ ഗുണ്ടകളെയും ക്രിമിനലുകളെയും മനുഷ്യ മൃഗങ്ങളെയുമാണ് സംരക്ഷിക്കുന്നത് എന്ന് സംഘ ഗാനം.
സാധാരണ സ്വാതന്ത്ര്യ ദിനത്തിനും മറ്റും തടവുകാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ശിക്ഷയില്‍ ഇളവ് നല്‍കാറുണ്ട്. അതാവും, അത് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ അല്പം ഉദാരമാക്കിയതാകും എന്നാണു കരുതിയത്. അത്ര വലിയ ഗൗരവവും തോന്നിയില്ല. അങ്ങനെയിരിക്കുമ്പോഴാണ്, 'വിട്ടയക്കാന്‍' ശുപാര്‍ശ ചെയ്യുന്നവരുടെ പട്ടികയില്‍ ഈയടുത്ത് ശിക്ഷിക്കപ്പെട്ടവരും പെടുന്നു എന്ന വാര്‍ത്ത വന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമം ഇത്തരം അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നത് മനസ്സിലാക്കാം. ഒരുമ്പെട്ടിറങ്ങിയാല്‍ ഇതിലേറെയും സംഭവിക്കും. എന്നാല്‍ ചില ചാനലുകളും പത്രങ്ങളും ഇതേറ്റെടുത്തു. വി മുരളീധരന്റെ പ്രസ്താവന: മാനഭംഗ കേസിലേതുള്‍പ്പെടെയുള്ള 1,850 കൊടുംകുറ്റവാളികളെ വിട്ടയക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍  ജനങ്ങളുടെ കൂടെയല്ല, കുറ്റവാളികള്‍ക്കൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.

ചന്ദ്രിക മുഖപ്രസംഗം; കുറ്റവാളികളെ കൂട്ടത്തോടെ കൂടുതുറന്നു വിടരുത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം. ഇത്രയുമായപ്പോഴാണ്, സംഭവം എന്താണ് എന്നു അന്വേഷിച്ചത്.

1 . 2015 ലേ സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കാനുള്ള 2300 തടവുകാരുടെ പട്ടികയാണ് അയച്ചിരുന്നത് .

2 . ആ പട്ടിക തയാറാക്കി അയക്കുമ്പോള്‍ കേരളം ഭരിച്ചത് യു ഡി എഫ് ആണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

3  . ആ പട്ടിക നിശ്ചിത സമയം കഴിഞ്ഞു, ഓരോ കേസും മന്ത്രിസഭാ പരിശോധിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം തിരിച്ചയച്ചു.

4. എല്‍ ഡി എഫ് സര്‍ക്കാറിനു മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ പരിശോധനയ്ക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് അഡി . സെക്രട്ടറിയും ജയില്‍ ഡി ഐ ജിയും ലോ സെക്രട്ടറിയും അടങ്ങുന്ന ആ കമ്മിറ്റി ഓരോ കേസും പരിശോധിച്ച്. പട്ടികയില്‍  നേരത്തെ 2300 പേരാണെങ്കില്‍, ഈ പരിശോധനയ്ക്കു ശേഷം അത്  1850 ആയി ചുരുക്കി. ഐക്യ കേരള വജ്ര  ജൂബിലിയുടെ ഭാഗമായി നവംബര്‍ ഒന്നിന് നടപ്പാക്കാന്‍ അത് പരിഗണിക്കാം എന്ന് ഗവര്‍മെന്റ് തീരുമാനിച്ചു.

5 . ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ ഗവര്‍ണര്‍ക്കു നല്‍കിയ 1850 തടവുകാരുടെ പട്ടികയില്‍  ചട്ടങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി ഒരു പേര് പോലും ഇല്ല.

6 ഉദ്യോഗസ്ഥ തല സമിതി പുനഃപരിശോധിച്ചു അന്തിമ രൂപം നല്‍കിയ  ലിസ്റ്റിന്മേല്‍ തീരുമാനം എടുക്കേണ്ടിയിരുന്ന ഗവര്‍ണ്ണറുടെ ഓഫിസ്, സുപ്രിം കോടതിയുടെ പുതിയ  മാനദണ്ഡം  കൂടി നോക്കി വീണ്ടും പരിശോധിക്കാനായി തിരിച്ചയച്ചു. അത് സാധാരണ ഔദ്യോഗിക ആശയ വിനിമയമാണ്. പക്ഷെ ഇവിടെ രാജ്ഭവനില്‍ നിന്ന് പ്രത്യേക പത്രക്കുറിപ്പ് ഇറങ്ങി. അതിലാകട്ടെ, 'റിലീസ്' അഥവാ വിട്ടയയ്ക്കല്‍ എന്ന പദമാണ് ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ വിട്ടയയ്ക്കല്‍ അല്ല, നിശ്ചിത  കാലം ശിക്ഷ അനുഭവിച്ചവര്‍ക്കു(മൂന്നു മാസ തടവുകാര്‍ക്ക് 15 ദിവസം. പതിമൂന്നു കൊല്ലം ജീവപര്യന്ത തടവ് പൂര്‍ത്തിയായവര്‍ക്കു  ഒരു വര്‍ഷംഇങ്ങനെ) ഇളവ് നല്‍കലാണ്.  ഒരു പ്രത്യേക ദിവസം (നവംബര്‍ ഒന്നിന്) കൂട്ടത്തോടെ 1850 പേര് ജയില്‍ മോചിതര്‍ ആക്കല്‍ അല്ല, ഓരോരുത്തരും അവരുടെ ശിക്ഷാ കാലാവധിയുടെ  നിശ്ചിത ഭാഗം പൂര്‍ത്തിയാക്കുമ്പോള്‍  അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ  ഇളവ് ലഭ്യമാക്കി  മോചിക്കപ്പെടലാണ്.  ഒരാള്‍ക്ക് മൂന്നിലൊന്നു ശിക്ഷാ കാലമാണ് പരമാവധി നല്കാനാകുന്ന ഇളവ്.

7 . ഈ പട്ടികയ്ക്ക് രൂപം നല്‍കിയത് ജയില്‍ വകുപ്പാണ്. ഓരോ ജയിലില്‍ നിന്നും സൂപ്രണ്ടുമാരാണ് ശുപാര്‍ശ നല്‍കുന്നത്. അന്തിമ രുപം നല്‍കിയത് ജയില്‍ ഡി ജി പി. ഓരോ ജയിലില്‍ നിന്നുമുള്ള പരിശോധനയുടെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.

ഇത്രയും വിവരങ്ങള്‍ ഇവിടെ എഴുതേണ്ടി വരുന്നത്, നമ്മെ തെറ്റിദ്ധരിപ്പിക്കാനും ഇടതു പക്ഷം ഭീകര ഭരണം നടത്തുന്നുണ്ട് എന്ന് സ്ഥാപിക്കാനും കൊടും നുണകള്‍ തുടര്‍ച്ചായി പ്രചരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ്. ഈ വിവരങ്ങള്‍ പൂര്‍ണ്ണമല്ല. ഫയല്‍ നമ്പറുകള്‍, തീയതികള്‍ഇങ്ങനെ കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. അത് വഴിയെ.

പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കുറ്റവാളികളുടെ തോഴന്‍ ആക്കാന്‍ ശ്രമിക്കുന്നവരോട് ഒരു വാക്കു കൂടിഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 2300 പേരുകള്‍  ആണെങ്കില്‍ ഇപ്പോള്‍ അത് കുറഞ്ഞു 1850 ആയിട്ടുണ്ട്.

Friday, February 10, 2017

മുന്നണിയും ഭരണവും

എല്‍ഡിഎഫ് ഭരണം ഏറ്റെടുത്തപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ വലിയ ആശയോടും ചെറുന്യൂനപക്ഷം ആശങ്കയോടുമാണ് വീക്ഷിച്ചത്. കഴിഞ്ഞ എട്ടുമാസത്തെ അനുഭവങ്ങള്‍ ബഹുഭൂരിപക്ഷം പുലര്‍ത്തിയ ആശകളെ ശക്തിപ്പെടുത്തുന്നതും ചിലരുടെ ആശങ്കകളെ നിരാകരിക്കുന്നതുമാണ്. നല്ല കാര്യങ്ങള്‍ ജനതാല്‍പ്പര്യത്തിന് അനുസൃതമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫിനെ മാറ്റി ഭരണം ഏറ്റെടുത്ത എല്‍ഡിഎഫ് സോഷ്യലിസത്തോട് കൂറുള്ളവരുടേതാണെങ്കിലും ഇന്നത്തെ ഭരണഘടനയ്ക്കുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് അത് നടപ്പാക്കാനാകില്ല. പല കഷ്ടപ്പാടുകളും വികസന മുരടിപ്പും നേരിടുന്ന ജനങ്ങള്‍ക്ക് നല്ല നാളെ പ്രദാനംചെയ്യുന്നതിനുള്ള ഉദ്യമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

കേരളീയര്‍ ആറുപതിറ്റാണ്ടായി കണ്ട സ്വപ്നങ്ങളില്‍ പലതും യാഥാര്‍ഥ്യമാക്കാനുള്ള വിപുലമായ സാധ്യതകളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. നവകേരളമിഷന്‍ അതിനുള്ള നല്ല ചുവടുവയ്പാണ്. നാലുവരിപ്പാത, പ്രകൃതിവാതക പൈപ്പ്ലൈന്‍ തുടങ്ങിയ പശ്ചാത്തലസൌകര്യ വികസനത്തിനും ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതെല്ലാം നിഷ്പ്രയാസം നേടിയെടുക്കാന്‍ കഴിയുന്നതല്ല. മുന്നിലുള്ള തടസ്സങ്ങള്‍ മാറ്റാന്‍ കേരളം ഒത്തൊരുമയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിന് ഫലപ്രദമായി ഇടപെടാനുള്ള ചുമതല സര്‍ക്കാരിനു മാത്രമല്ല എല്‍ഡിഎഫിനും വിവിധ തലങ്ങളിലെ പ്രാദേശിക ഭരണസമിതികള്‍ക്കും ഭരണപ്രതിപക്ഷ ഭേദമെന്യേ അതിലെ ഓരോ ഘടകകക്ഷികള്‍ക്കുമുണ്ട്.

തിരുവനന്തപുരം ലോ അക്കാദമിയിലെ 29 ദിവസം നീണ്ട സമരം പിന്‍വലിച്ചെങ്കിലും സമര പശ്ചാത്തലത്തില്‍ എല്‍ഡിഎഫില്‍ വിള്ളല്‍വീണുവെന്നും ഭരണനിലനില്‍പ്പിനെ ബാധിക്കുംവിധം സിപിഐ- സിപിഐ എം ബന്ധം വഷളായെന്നും ചില മാധ്യമങ്ങള്‍ നിരീക്ഷണം നടത്തിയിരുന്നു. സിപിഐ എം, സിപിഐ എന്നീ പാര്‍ടികള്‍ സ്വതന്ത്രവ്യക്തിത്വമുള്ള കക്ഷികളാണെങ്കിലും എല്‍ഡിഎഫ് എന്ന രാഷ്ട്രീയമുന്നണിയില്‍ ഘടകകക്ഷികളായത് മാര്‍ക്സിസം ലെനിനിസത്തിന്റെയും വര്‍ഗസമരത്തിന്റെയും കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്. മാര്‍ക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണംതന്നെ വര്‍ഗസമരമാണ്. അത് ഓരോ രാജ്യത്തും ഓരോതരത്തില്‍ പ്രത്യക്ഷപ്പെടാം. സാമ്രാജ്യത്വവുമായി സഹകരിക്കുന്നതും ഫ്യൂഡലിസവുമായി സന്ധിചെയ്യുന്നതുമായ കുത്തകമുതലാളിവര്‍ഗം ഒരു ഭാഗത്തും തൊഴിലാളികളും ഗ്രാമീണ ദരിദ്രരടക്കമുള്ള അധ്വാനിക്കുന്ന ബഹുജനങ്ങള്‍ മറുവശത്തുമായുള്ള ഏറ്റുമുട്ടലാണ് വര്‍ഗസമരത്തിന്റെ ഇന്നത്തെ രൂപം. കേന്ദ്രത്തിലെയും നല്ലൊരുപങ്ക് സംസ്ഥാനങ്ങളിലെയും ഭരണം കൈയാളുന്ന ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെന്ന ഭരണവര്‍ഗപാര്‍ടി ബൂര്‍ഷ്വാപാര്‍ടി മാത്രമല്ല ഭൂരിപക്ഷവര്‍ഗീയത വളര്‍ത്തുന്ന അപകടകരമായ വര്‍ഗീയ പ്രസ്ഥാനമാണെന്നും വിലയിരുത്തുന്നു. കമ്യൂണിസ്റ്റുകാര്‍ക്കും മറ്റ് ഇടതുപക്ഷക്കാര്‍ക്കും മാത്രമല്ല ജനാധിപത്യപ്രസ്ഥാനത്തിനാകെയും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന  ഭരണസംവിധാനമായി ബിജെപി ഭരണവും പ്രധാനമന്ത്രി നരേന്ദ്രമോഡിയും മാറിയിരിക്കുകയാണ്. സംഘപരിവാറും കേന്ദ്രഭരണവും ഉയര്‍ത്തുന്ന വിപത്തിനെ ഫലപ്രദമായി തടയണം. അതിന് ജനവിരുദ്ധ രാഷ്ട്രീയനയവും വര്‍ഗീയതയോട് സന്ധിയും പതിവാക്കിയ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചതുകൊണ്ട് ഫലമുണ്ടാകില്ല. ഈ രാഷ്ട്രീയ കാഴ്ചപ്പാടാണ് സിപിഐ എമ്മും സിപിഐയും മുന്നോട്ടുവയ്ക്കുന്നത്.

ഇരുകമ്യൂണിസ്റ്റുപാര്‍ടികളുടെയും യോജിപ്പ് കേരളത്തില്‍ മാത്രമല്ല ദേശീയമായും ശക്തിപ്പെട്ടുവരികയാണ്. ആഗോളീകരണ സാമ്പത്തികനയത്തെയും വര്‍ഗീയരാഷ്ട്രീയത്തെയും ചെറുക്കാനുള്ള ഈ ദേശീയനയത്തെ ശക്തിപ്പെടുത്തുന്നതാണ് കേരളത്തിലെ എല്‍ഡിഎഫും അതിന്റെ സര്‍ക്കാരും. കേരളരാഷ്ട്രീയത്തെ പുരോഗമനപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തുപകരുകയാണ് വേണ്ടത്. ഈ വേളയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ഒരുഭാഗത്ത് ബിജെപിയും മറുഭാഗത്ത് യുഡിഎഫും പരസ്പരധാരണയോടെ നിലയുറപ്പിച്ച് പരിശ്രമിക്കുകയാണ്. അതിനുള്ള അവസരവും വേദിയുമായി ലോ അക്കാദമി പ്രശ്നത്തെ മാറ്റിയിരുന്നു. ലോ അക്കാദമിയുടെ മറവില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയത് അന്യായമായ സമരാഭാസമായിരുന്നു. വിദ്യാര്‍ഥിസമരത്തെ ആദ്യംതന്നെ ബിജെപിയും ആര്‍എസ്എസും തകിടംമറിച്ചു. അതിന്റെ പ്രകടമായ തെളിവാണ് ബിജെപി നേതാവ് വി മുരളീധരന്റെ നിരാഹാരം. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും അത് പിന്തുടര്‍ന്നു.

അവിടെക്കണ്ട കാഴ്ചയാകട്ടെ വിചിത്രമാണ്. ബിജെപിയോടും ആര്‍എസ്എസിനോടും എത്രമാത്രം മൃദുത്വമാണ് കോണ്‍ഗ്രസ്-മുസ്ളിംലീഗ് കക്ഷികളും അവരുടെ നേതാക്കളും കാണിക്കുന്നതെന്ന് പേരൂര്‍ക്കടയിലെ സമരസ്ഥലത്തെ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ വ്യക്തമാക്കി. എ കെ ആന്റണിയും മുസ്ളിംലീഗ് നേതാവ് ഹൈദരാലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ബിജെപിയെ ആശിര്‍വദിക്കാനെത്തി. മോഡി സര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ വിസമ്മതിച്ച വി എം സുധീരനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുസ്ളിംലീഗിനും ബിജെപിയുമായി കൂട്ടുകൂടി സമരം നടത്തുന്നതിന് ഒരു മടിയുമുണ്ടായില്ല. ലോ അക്കാദമി സമരത്തെ ഇക്കൂട്ടര്‍ സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയസമരമാക്കി മാറ്റിയിരുന്നു. യഥാര്‍ഥത്തില്‍ ബിജെപി സ്പോണ്‍സര്‍ചെയ്ത സമരത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നു. ഇത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ എല്‍ഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന അഭ്യര്‍ഥനയാണ് ഞങ്ങള്‍ നടത്തിയത്.

ലോ അക്കാദമി വിഷയത്തില്‍ ബിജെപി - കോണ്‍ഗ്രസ് നേതൃസംഘങ്ങള്‍ ഓരോ സമയത്തും ഓരോരോ ആവശ്യങ്ങളുന്നയിച്ച് പ്രശ്നം വഷളാക്കുകയായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെ ആസ്പദമാക്കിയായിരുന്നു പ്രക്ഷോഭം. വിവാദത്തിന് പാത്രമായ പ്രിന്‍സിപ്പല്‍ അഞ്ചുവര്‍ഷം പ്രിന്‍സിപ്പലായോ അധ്യാപികയായോ കോളേജില്‍ എത്തില്ലെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യവസ്ഥയുണ്ടാക്കാമെന്നും ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ അംഗീകരിച്ചപ്പോഴാണ് എസ്എഫ്ഐ പ്രക്ഷോഭം അവസാനിപ്പിച്ചത്. ഈ ഒത്തുതീര്‍പ്പില്‍ വിശ്വാസമില്ലെന്നും മിനിറ്റ്സ് കാണിക്കണമെന്നും സമരരംഗത്ത് ശേഷിച്ചവര്‍ ആവശ്യപ്പെട്ടപ്പോള്‍  എഡിഎമ്മിന് മുമ്പാകെ മിനിറ്റ്സ് മാനേജ്മെന്റ് ഹാജരാക്കി. ചര്‍ച്ച എഡിഎം നടത്തിയാല്‍ പോര വിദ്യാഭ്യാസമന്ത്രി നടത്തണമെന്ന് ശഠിച്ചപ്പോള്‍ അതിനും വഴങ്ങി. ഫെബ്രുവരി നാലിന് രണ്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ച വിദ്യാഭ്യാസമന്ത്രി നടത്തി.

എന്നിട്ടും അന്ന് പ്രശ്നം ഒത്തുതീര്‍ക്കുകയും സമരം പിന്‍വലിക്കുകയും ചെയ്യാന്‍ കഴിയാതിരുന്നതുവഴി ബിജെപി ഒരുക്കിയ രാഷ്ട്രീയകെണിയില്‍ മറ്റുള്ളവര്‍ വീഴുകയായിരുന്നു. ഈ സമരത്തിന്റെ മറവില്‍ മുഖ്യമന്ത്രിയെ താറടിക്കാന്‍ നടന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. സമരത്തെ ഭൂപ്രശ്നമാക്കി മാറ്റാന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ച് ഇല്ലാത്ത അര്‍ഥം കല്‍പ്പിക്കാനുള്ള ശ്രമവും നടന്നു. പട്ടം താണുപിള്ളയുടെയും പനമ്പള്ളി ഗോവിന്ദമേനോന്റെയും മന്ത്രിസഭാംഗമായിരുന്ന പി എസ് നടരാജപിള്ളയുടെ അച്ഛന്റെ പേരിലുള്ള ഭൂമി സര്‍ സി പിയുടെ ദിവാന്‍ വാഴ്ചയില്‍ രാജഭരണം ഏറ്റെടുത്തതാണ്. ആ ഭൂമി ലോ അക്കാദമിയുടെ ട്രസ്റ്റിന് പതിച്ചുകൊടുത്തത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്. ഭൂമി പതിച്ചുകൊടുത്ത അച്ഛന്റെ നടപടിക്കെതിരെയാണ് മകന്‍ സമരം നടത്തിയതെന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ആറുപതിറ്റാണ്ട് പിന്നിട്ട യുഡിഎഫ് രാഷ്ട്രീയം തകര്‍ച്ചയിലാണ്. ബൂര്‍ഷ്വ- ഫ്യൂഡല്‍ വര്‍ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ കെട്ടുപൊട്ടിയിരിക്കുകയാണ്. ഇതില്‍നിന്നു നേട്ടമുണ്ടാക്കാന്‍ ബിജെപി നോക്കുകയാണ്. ഇത് മനസ്സിലാക്കി ബിജെപിയുടെ കളിയെ തുറന്നുകാട്ടാനാകാതെ ആര്‍എസ്എസ് തീര്‍ത്ത കെണിയില്‍ കോണ്‍ഗ്രസും യുഡിഎഫും വീഴുകയായിരുന്നു. എല്‍ഡിഎഫിനെ രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലാക്കാമെന്ന ഉദ്ദേശത്തോടെ ബിജെപിയും യുഡിഎഫും അവരുടെ സമരാഭാസം തുടര്‍ന്നു. പക്ഷേ, ഇക്കൂട്ടരുടെ രാഷ്ട്രീയമോഹം പൂവണിയാന്‍ പോകുന്നില്ലെന്ന് സിപിഐ എം നേതൃത്വം അന്നും ഓര്‍മപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് മുന്നണിയില്‍ സിപിഐ എമ്മിനെയും സിപിഐയെയും യോജിപ്പിക്കുന്ന രാഷ്ട്രീയത്തെ അസ്ഥിരമാക്കാന്‍ ലോ അക്കാദമി വിഷയത്തിന് കഴിയില്ല എന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. അതിപ്പോള്‍ ഞങ്ങളുടെ രാഷ്ട്രീയശത്രുക്കള്‍ക്കും ബോധ്യമായിട്ടുണ്ടെന്ന് കരുതുന്നു. ലോ അക്കാദമി സമരം ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍ക്കാന്‍ സമരത്തില്‍ ശേഷിച്ചവര്‍ നിശ്ചയിച്ചത് വിവേകപൂര്‍ണമായ നടപടിയാണ്. എസ്എഫ്ഐയുമായി മാനേജ്മെന്റ് നേരത്തേയുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പൊതുവില്‍ അംഗീകരിച്ചാണ് ഇപ്പോള്‍ കൂട്ടായി ഒത്തുതീര്‍പ്പുണ്ടായത്. എന്തായാലും വിവേകം വൈകി ഉദിച്ചാലും നല്ലതുതന്നെ.

എല്‍ഡിഎഫ് രൂപംകൊണ്ടതും നിലനില്‍ക്കുന്നതും ഉന്നതമായ രാഷ്ട്രീയവും ജനതാല്‍പ്പര്യവും അടിസ്ഥാനമാക്കിയാണെന്നത് ഞങ്ങള്‍ മാധ്യമശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. 1967 മുതല്‍ 1969വരെ കേരളത്തിലെ ഭരണത്തില്‍ രണ്ട് പാര്‍ടികളും പങ്കാളികളായിരുന്നു. പിന്നീട് രണ്ട് പാര്‍ടികളും അകന്നുപോകുകയും രണ്ടു ചേരിയിലാകുകയും ചെയ്തു. 1969 മുതല്‍ 1979 വരെ ഏതാണ്ട് പത്തുവര്‍ഷം, അതില്‍ അടിയന്തരാവസ്ഥക്കാലമടക്കം ഈ നില തുടര്‍ന്നു. ദേശീയതലത്തിലും കേരളത്തിലും മാറിവന്ന രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരുകമ്യൂണിസ്റ്റുപാര്‍ടികളെയും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതിന് അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ യോജിപ്പ് ഇന്ത്യന്‍ രാഷ്ട്രടീയത്തെയും കേരള രാഷ്ട്രീയത്തെയും ഉത്തേജിപ്പിക്കുന്നതാണ്. ഇതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പൊതുധാരണ ശക്തിപ്പെടുത്തേണ്ടതുണ്ട്.

ലോ അക്കാദമി സമരവും അനുബന്ധ സംഭവങ്ങളും ജാഗ്രതപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം എല്‍ഡിഎഫിനെ ഒറ്റപ്പെടുത്താനും മുന്നണിയുടെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താനും കോ-ലീ-ബി കൂട്ടുകെട്ട് ഏത് ഘട്ടത്തിലും പ്രത്യക്ഷപ്പെടാമെന്നതാണ്. ആര്‍എസ്്എസിനോടും ബിജെപിയോടുമുള്ള യുഡിഎഫിന്റെ എതിര്‍പ്പ് തൊലിപ്പുറമേയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ലോ അക്കാദമി സമരം. ബിജെപിയും കോണ്‍ഗ്രസും മുസ്ളിംലീഗുമെല്ലാം കൈകോര്‍ത്തുപിടിച്ച് മഹാസഖ്യമുണ്ടാക്കിയാലും എല്‍ഡിഎഫിനെ തോല്‍പപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനും കഴിയില്ലെന്ന് പ്രബുദ്ധകേരളം ആവര്‍ത്തിച്ച് തെളിയിക്കുകയാണ്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യക്ക് മാതൃകയാണ്. അതിന് ഇടിച്ചില്‍വരുന്ന ഒന്നും മുന്നണിക്കകത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായെന്നതാണ് സിപിഐ എം നിലപാട്. രാഷ്ട്രീയവും നയപരവുമായ നിലപാട് എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് രൂപപ്പെടുത്തുകയും അത് പ്രകാരമുള്ള ഭരണനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളതാണ് എല്‍ഡിഎഫ് ശൈലി. ഇതുകൊണ്ടാണ് എല്‍ഡിഎഫ് ഭരണകാലത്ത് ഒരിക്കലും വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാകാത്തത്. യുഡിഎഫ് ഭരണത്തില്‍ ഓരോ മന്ത്രിയും ഓരോ സാമ്രാജ്യമോ ചിലരെല്ലാം മുഖ്യമന്ത്രിമാരോ ആയിട്ടുണ്ട്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ ഒരു റവന്യൂമന്ത്രിയും ഒരു വിദ്യാഭ്യാസമന്ത്രിയും ഒരു ധനമന്ത്രിയും ഒരു ഗതാഗതമന്ത്രിയും മാത്രമേ ഉണ്ടാകൂ.

അതുപോലെ ഭരണത്തെ നയിക്കാന്‍ ഒറ്റ മുഖ്യമന്ത്രിയും. രാഷ്ട്രീയവും നയപരവും സംഘടനാപരവുമായി കെട്ടുറപ്പുള്ള മുന്നണിയായി എല്‍ഡിഎഫ് മുന്നോട്ടുപോകും. ലോ അക്കാദമിയെ സിപിഐ എം കൈക്കലാക്കാന്‍ പോകുന്നുവെന്ന പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ല. ലോ അക്കാദമിയിലെ ഏതെങ്കിലും അധ്യാപകരുടെയോ അക്കാദമി മാനേജ്മെന്റിന്റെയോ പിഴവുകള്‍ക്കോ കുറ്റങ്ങള്‍ക്കോ ഏറാന്‍മൂളാന്‍ സിപിഐ എമ്മിനെയോ എല്‍ഡിഎഫ് സര്‍ക്കാരിനെയോ കിട്ടില്ല. പക്ഷേ, ബിജെപി-ആര്‍എസ്എസ് യുഡിഎഫ് സമരാഭാസക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ആരെയെങ്കിലും അനാവശ്യമായി ക്രൂശിക്കാനും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല. ലോ അക്കാദമി സമരം തീര്‍ന്ന ഘട്ടത്തിലും ഈ നിലപാട് ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്

*
കോടിയേരി ബാലകൃഷ്ണന്‍
Friday Feb 10, 2017
(http://www.deshabhimani.com/articles/news-articles-10-02-2017/622739)