Saturday, March 31, 2012

ലക്ഷ്യം ഇടത്- ജനാധിപത്യ ബദല്‍


ജനങ്ങള്‍ക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനെയും വര്‍ഗീയ അജന്‍ഡയുമായി നീങ്ങുന്ന ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ ബദല്‍ എന്ന നയം സിപിഐ എം കരട് രാഷ്ട്രീയപ്രമേയം മുന്നോട്ടുവയ്ക്കുന്നു. ഇങ്ങനെയൊരു ബദല്‍ കെട്ടിപ്പടുക്കുന്നത് എളുപ്പമല്ലെന്ന് പാര്‍ടി കാണുന്നു. സമരങ്ങളിലൂടെയും ജനകീയപ്രസ്ഥാനങ്ങളിലൂടെയും ബദല്‍ ഉയര്‍ന്നുവരണം. ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ സഖ്യവും അതിനാവശ്യമാണ്. ജനാധിപത്യം, ദേശീയ പരമാധികാരം, മതനിരപേക്ഷത, ഫെഡറലിസം, ജനങ്ങളുടെ ജീവിതാവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പാര്‍ടികള്‍ക്ക് പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് പാര്‍ടിയുടെ കാഴ്ചപ്പാട്. ഇത്തരം പാര്‍ടികളുമായി യോജിച്ചുള്ള സമരങ്ങള്‍ക്ക് സിപിഐ എം തയാറാകും. പാര്‍ലമെന്റിലും സഹകരണമുണ്ടാകും. ആവശ്യമെങ്കില്‍ കോണ്‍ഗ്രസ്സിതര മതനിരപേക്ഷ പാര്‍ടികളുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. അതോടൊപ്പം പാര്‍ടിയുടെ സ്വതന്ത്ര രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങളെ ആസ്പദമാക്കി ജനങ്ങളെ അണിനിരത്തുന്നതിന് സ്വന്തം നിലയില്‍ പാര്‍ടി മുന്നോട്ട് പോകും. ദളിത്, മതന്യൂനപക്ഷങ്ങള്‍, ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ ആവശ്യങ്ങള്‍ പാര്‍ടി ഏറ്റെടുക്കും. ദേശീയവും സാര്‍വദേശീയവുമായ വിവിധ പ്രശ്നങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചുകൊണ്ടാണ് സിപിഐ എം രാഷ്ട്രീയ പ്രമേയം തയാറാക്കിയത്. വര്‍ഗീയത, വിദേശനയം, കാര്‍ഷിക രംഗം, ഭൂമി ഏറ്റെടുക്കല്‍, തീവ്രവാദ ഭീഷണി, സ്വത്വരാഷ്ട്രീയം, ദളിത് പ്രശ്നങ്ങള്‍, സംസ്കാരം, മാധ്യമം തുടങ്ങിയ വിഷയങ്ങളും പ്രശ്നങ്ങളും രാഷ്ട്രീയപ്രമേയം ചര്‍ച്ച ചെയ്യുന്നു. മേല്‍ത്തട്ടിലുള്ളവരെ മാറ്റിനിര്‍ത്തി മുസ്ലിങ്ങള്‍ക്ക് പത്തു ശതമാനം ജോലി സംവരണം നല്‍കണമെന്ന രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെ പാര്‍ടി പിന്തുണയ്ക്കുന്നു. പട്ടികജാതിക്കാര്‍ക്ക് ഇന്ന് ലഭിക്കുന്ന സംവരണാനുകൂല്യം ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളിലെ ദളിതര്‍ക്കും അനുവദിക്കണം. ഓപ്പണ്‍ ക്വാട്ടയില്‍ നിന്ന് വേണം അധികമായുള്ള സംവരണം നല്‍കാന്‍. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍, ഭരണഘടന ഭേദഗതിചെയ്ത് ശുപാര്‍ശ നടപ്പാക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നു.

രാജ്യത്തുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പേരില്‍ മുസ്ലിങ്ങളെ ഗവണ്‍മെന്റുകള്‍ പീഡിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു. മുസ്ലിങ്ങള്‍ക്കെതിരായ ഇത്തരം പക്ഷപാതവും മനുഷ്യാവകാശ ലംഘനങ്ങളും അവസാനപ്പിക്കണമെന്ന് പാര്‍ടി ആവശ്യപ്പെടുന്നു. ഇന്ത്യയും യുഎസും ആണവകരാര്‍ ഒപ്പിട്ടശേഷമുള്ള സ്ഥിതി, കരാറിന് പിന്നിലെ അപകടവും അനീതിയും സംബന്ധിച്ച് സിപിഐ എം പറയുന്നത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കയാണെന്ന് പ്രമേയം പറയുന്നു. കരാര്‍വഴി സിവില്‍ ആണവ സഹകരണം പൂര്‍ണമായും ഉറപ്പാകുമെന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ അവകാശവാദവും പൊളിഞ്ഞു. കോയമ്പത്തൂരിലെ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോഴാണ് അമേരിക്കയുമായുള്ള ആണവകരാര്‍ പ്രശ്നത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഐ എം പിന്‍വലിച്ചത്. ആ തീരുമാനം രാജ്യതാല്‍പ്പര്യമായിരുന്നുവെന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു. ഇന്ത്യയില്‍ രണ്ടു ദശാബ്ദത്തെ ഉദാരവല്‍ക്കരണ നയങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് സിപിഐ എം എത്തിയ നിഗമനം ഇതാണ്: ""സമ്പന്ന വിഭാഗങ്ങള്‍ക്ക് അഭിവൃദ്ധി, ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്നവര്‍ക്ക് ഉള്ളതും നഷ്ടപ്പെടുന്ന അവസ്ഥ- ഇതാണ് നവ ഉദാരവല്‍ക്കരണത്തിന്റെ മുഖമുദ്ര"".
(പി പി അബൂബക്കര്‍)

deshabhimani 310312

തീവ്രവാദി സംഘത്തിന്റെ പരിശീലനം: ഗവ. കോളേജില്‍


എംഎസ്എഫ് അക്രമം പഠനം താറുമാറാക്കുന്നു

കാസര്‍കോട്: ഗവ. കോളേജില്‍ എംഎസ്്എഫ് ക്രിമിനല്‍ സംഘം തുടര്‍ച്ചയായി നടത്തുന്ന അക്രമം പഠന ത്തെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുന്നതായി കോളേജ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പുറമേനിന്നെത്തുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘമാണ് പരിശീലനം നല്‍കുന്നത്. കോളേജ് ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചാണ് അനധികൃതമായി താമസിക്കുന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദി സംഘം പരിശീലനം നല്‍കുന്നത്. ഹോസ്റ്റലില്‍ കഞ്ചാവും ലഹരിവസ്തുക്കളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. കോളേജ് അധികൃതര്‍ എംഎസ്എഫ്-ലീഗ് നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി കോളേജ് യൂണിയന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ യൂണിയന്‍ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കാനോ സാധിക്കാത്ത അവസ്ഥയാണ് കോളേജില്‍ നിലനില്‍ക്കുന്നത്. യൂണിയന്‍ നേതൃത്വത്തില്‍ 29 ന് നടത്താനിരുന്ന കോളേജ് ഡേ നടത്താന്‍ അനുവദിച്ചില്ല. ലീഗ് നേതാക്കളുടെ നിര്‍ദേശത്താല്‍ കോളേജ് അടച്ചിട്ടിരിക്കുകയാണ്. യൂണിയന്‍ നേതാക്കളെയും എസ്എഫ്ഐ പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് മര്‍ദിക്കുന്നു. ചോദ്യം ചെയ്യുന്ന അധ്യാപകരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സമീപനമാണ് എംഎസ്എഫ് സ്വീകരിക്കുന്നത്. ക്യാമ്പസിലെത്തുന്ന വിദ്യാര്‍ഥികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് വര്‍ഗീയത വളര്‍ത്താനും എംഎസ്എഫ് ശ്രമിക്കുന്നു.

യൂണിയന്‍ ഉദ്ഘാടനത്തിനെത്താമെന്ന് പറഞ്ഞ സിനിമാ താരം കലാഭവന്‍ മണിയെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തി. ക്ലാസില്‍ കയറാത്ത എംഎസ്എഫ് നേതാവിന് ഹാജര്‍ നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപികയെ ഭീഷണിപ്പെടുത്തി. അധ്യാപിക ക്ലാസില്‍ തലകറങ്ങിവീണ സംഭവവും കോളേജിലുണ്ടായി. അക്രമികള്‍ക്കെതിരെ നടപടിയെടുത്ത് ക്യാമ്പസിനകത്ത് സമാധാനം ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ സി രാജേഷ്, പി കൃപേഷ്, ജിന്‍സണ്‍ ജോസഫ്, കെ സുഹൈല, എം ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

deshabhimani 310312

കോണ്‍ഗ്രസിലെ മതേതരവാദികള്‍ ഇടതുപക്ഷത്തിനൊപ്പം വരണം: കോടിയേരി

വര്‍ഗീയതയ്ക്കെതിരെ വിശാല ഐക്യം അനിവാര്യം

കോഴിക്കോട്: ഇടതുപക്ഷത്തിന് സ്വാധീനവും ജനസമ്മതിയും കുറഞ്ഞ പ്രദേശങ്ങളില്‍ വര്‍ഗീയ- തീവ്രവാദശക്തികള്‍ മേല്‍ക്കൈ നേടുന്നതായി സെമിനാര്‍. മതനിരപേക്ഷത ശക്തമാക്കാന്‍ ഇടതുപക്ഷ- പുരോഗമന പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ -മതേതരവിശ്വാസികളുടെയും യോജിപ്പും കൂട്ടായ്മയും വിപുലമാക്കണമെന്നും വര്‍ഗീയവിരുദ്ധ സെമിനാര്‍ ആഹ്വാനം ചെയ്തു. മൂലധനശക്തികളും ഭരണാധികാരികളും വര്‍ഗീയശക്തികളെ ആയുധമാക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യ- പുരോഗമനധാര വിശാലമാക്കാനുള്ള ഇടപെടലുകള്‍ രാഷ്ട്രീയത്തിനകത്തും പുറത്തുനിന്നുമായി വളര്‍ന്നുവരണമെന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധസെമിനാര്‍ കേരളത്തിലും മറ്റുസംസ്ഥാനങ്ങളിലും വര്‍ഗീയ പ്രവണതകള്‍ അപകടകരമാംവിധം ഫാസിസ്റ്റ്- തീവ്രവാദസ്വഭാവം കൈവരിക്കുന്നതിലേക്ക് ശ്രദ്ധക്ഷണിച്ചു. ഹിന്ദുത്വഫാസിസത്തിന്റെ ഇന്ത്യന്‍ മേധാവിയായ നരേന്ദ്രമോഡിയുടെ വംശഹത്യക്കെതിരായ പ്രതിരോധത്തിനും പ്രതിഷേധത്തിനും നേതൃത്വം നല്‍കുന്ന വിഖ്യാതകലാകാരി മല്ലികാസാരാഭായിയുടെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിന്റെയും സാന്നിധ്യത്താല്‍ സെമിനാര്‍ ശ്രദ്ധേയമായി. രാജ്യത്തിനാകെ ഭീഷണിയാകുംവിധമാണ് വര്‍ഗീയ- തീവ്രവാദശക്തികളുടെ വളര്‍ച്ചയെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷതയും മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ ജീവത്യാഗംചെയ്ത പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. കേരളത്തിലെ ക്രിസ്ത്യന്‍- മുസ്ലിം സമുദായത്തിലെ ചെറുധനികവിഭാഗത്തെ ചൂണ്ടിക്കാട്ടി മറ്റുസമുദായങ്ങള്‍ തകര്‍ന്നു എന്ന പ്രചാരണം ആര്‍എസ്എസ് നടത്തുന്നു. ഇത് തികച്ചും അസംബന്ധമാണ്. കേരളത്തിന്റെ സാമുദായിക യാഥാര്‍ഥ്യംകാണാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പൊതുസമൂഹത്തില്‍ വിപല്‍ക്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും കോടിയേരി പറഞ്ഞു.

ഗുജറാത്തിനെ ഹിന്ദുത്വഫാസിസം പരീക്ഷണശാലയാക്കിമാറ്റിയത്് മുപ്പതാണ്ടായി തുടരുന്ന പ്രവര്‍ത്തനത്തിലൂടെയാണെന്ന് മല്ലികാസാരാഭായി പറഞ്ഞു. ബിജെപി ഗുജറാത്തിനെ വര്‍ഗീയവംശീയഭീതിയില്‍ മുക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനത്തിന്റെ ഗുഹയിലൊളിച്ചിരിക്കുകയായിരുന്നെന്ന് ആര്‍ ബി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. സമുദായിക ജാതീയശക്തികളുടെ കോണ്‍ഫെഡറേഷനാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് അധ്യക്ഷനായിരുന്ന സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ രാംപുനിയാനി രചിച്ച് ചിന്ത പ്രസിദ്ധീകരിച്ച "വര്‍ഗീയരാഷ്ട്രീയം" പുസ്തകം മല്ലികാസാരാഭായി ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. സിപിഐ എം കോട്ടപ്പള്ളി ലോക്കല്‍കമ്മിറ്റി നിര്‍മിച്ച ഡോക്യുമെന്ററി സിനിമ "കനല്‍വഴികളില്‍ നിന്നും" സിഡി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. പി സതീദേവിക്ക് നല്‍കി പ്രകാശനം ചെയ്തു. ഡിവൈഎഫ്ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ വീഡിയോ ആല്‍ബം "നാടുണരുന്നു" ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി പി എ മുഹമ്മദ് റിയാസിന് നല്‍കി കോടിയേരി പുറത്തിറക്കി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.
(പി വി ജീജോ)

കോണ്‍ഗ്രസിലെ മതേതരവാദികള്‍ ഇടതുപക്ഷത്തിനൊപ്പം വരണം: കോടിയേരി

മത- സാമുദായിക ശക്തികള്‍ക്ക് പൂര്‍ണമായും കീഴടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയം കേരളത്തെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയും സര്‍ക്കാര്‍ സംവിധാനങ്ങളും മത- സാമുദായിക ശക്തികളുടെ നിയന്ത്രണത്തില്‍ അമര്‍ന്നു. ഇതിനെതിരായ ചെറുത്തുനില്‍പ്പില്‍ കോണ്‍ഗ്രസിലെ മതേതരവാദികള്‍ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന് കോടിയേരി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി.

സര്‍ക്കാരിന്റെ പ്രീണന നയത്തില്‍ ജാതി- മത ശക്തികളുടെ വിലപേശല്‍ വര്‍ധിക്കുകയാണ്. ഭരണത്തില്‍ സ്വാധീനം ചെലുത്തി കാര്യം നേടാനാകുമെന്നു കണ്ട് പുതിയ സംഘടനകള്‍ വരുന്നു. അധികാരം നിലനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഇവരുടെ സമ്മര്‍ദത്തിന് കീഴടങ്ങുന്നു. ഭരണത്തില്‍ വര്‍ഗീയ- സാമുദായിക ശക്തികളുടെ സ്വാധീനം വര്‍ധിക്കുന്നതോടെ കേരളം ഗുജറാത്തിന്റെ മറ്റൊരു പതിപ്പായി മാറും. ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങള്‍ ആര്‍എസ്എസ് കൈയടക്കിയതാണ് ഗുജറാത്തിലെ ദുരന്തത്തിന് വഴിയൊരുക്കിയത്. കേരളത്തിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ അഞ്ചാംമന്ത്രിയെക്കുറിച്ചാണ്. 140 എംഎല്‍എമാര്‍ക്ക് 19 മന്ത്രിമാരുണ്ട്. ഇനി പിറവത്ത് ജയിച്ചയാള്‍ മന്ത്രിയായാല്‍ ഇത് ഇരുപതാകും. അഞ്ചാംമന്ത്രികൂടി വരുമ്പോള്‍ 21 മന്ത്രിയും മന്ത്രിപദവിയുള്ള ചീഫ് വിപ്പും ആയി. മന്ത്രിസഭയുടെ ഘടന സാമൂഹ്യയാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാണോയെന്ന് മതേതരപാര്‍ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ചിന്തിക്കണം.

കോണ്‍ഗ്രസില്‍ ആര് മന്ത്രിയാകണമെന്ന് സാമുദായികസംഘടനകളാണ് നിശ്ചയിച്ചത്. കലക്ടര്‍മാരെയും ജില്ലാ പൊലീസ് സൂപ്രണ്ടുമാരെയും ഡിവൈഎസ്പിമാരെയുമൊക്കെ തീരുമാനിക്കുന്നതും ജാതി- മത സംഘടനാ നേതൃത്വങ്ങളാണ്. പൊലീസ് സ്റ്റേഷനുകളുടെ നിയന്ത്രണംവരെ ചില സംഘടനകള്‍ കൈയടക്കി. പൊലീസിലും വര്‍ഗീയശക്തികള്‍ കടന്നെത്തിയെന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. വര്‍ഗീയാടിസ്ഥാനത്തില്‍ പൊലീസുകാരെ സംഘടിപ്പിക്കുന്നത് പൊലീസിന്റെ പാരമ്പര്യം ഇല്ലാതാക്കും. ന്യൂനപക്ഷവര്‍ഗീയത ആപല്‍ക്കരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമായി കേരളം മാറി. മുസ്ലിംലീഗുമായി മാത്രമല്ല, തീവ്രവാദസംഘടനയായ എന്‍ഡിഎഫുമായിപ്പോലും കോണ്‍ഗ്രസ് അവിശുദ്ധബന്ധം സ്ഥാപിച്ചതാണ് മതേതരത്വം നേരിടുന്ന പ്രധാന വെല്ലുവിളി.

ന്യൂനപക്ഷസംരക്ഷണം എന്ന മുദ്രാവാക്യം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് അവരെ പ്രീണിപ്പിക്കാനല്ല, മറിച്ച് മതനിരപേക്ഷത നിലനിര്‍ത്താനാണ്. മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചെറിയ വിഭാഗം സമ്പന്നവര്‍ഗമായി മാറി. ഈ വിഭാഗമാണ് അധികാരത്തില്‍ സ്വാധീനം ചെലുത്തി വിലപേശുന്നത്. ഇവരെ ചൂണ്ടിക്കാട്ടി ഹിന്ദുക്കള്‍ പാടേതകര്‍ന്നതായി ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. എന്നാല്‍, എല്ലാ മതവിഭാഗങ്ങളിലും ബഹുഭൂരിപക്ഷവും ദരിദ്രരാണ്. അവരെ ഭിന്നിപ്പിക്കാനാണ് വര്‍ഗീയതയും സാമുദായികതയും പ്രചരിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മതേതരത്വം സംരക്ഷിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണമെന്ന് കോടിയേരി അഭ്യര്‍ഥിച്ചു.

deshabhimani 310312

മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം: സുപ്രീംകോടതി നീക്കം വിവാദമാകുന്നു


കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്താനുള്ള സുപ്രീംകോടതിയുടെ നീക്കം വിവാദമാവുന്നു. മാധ്യമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയാന്‍ സുപ്രീംകോടതിക്ക് അവകാശമില്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു.

കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രത്യേകനിയമം നിലവിലില്ലാത്തതിനാല്‍ മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബുധനാഴ്ചയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ആരാഞ്ഞത്. മാര്‍ഗനിര്‍ദേശം നടപ്പാക്കിയാല്‍ ഓരോ വാര്‍ത്തയുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതി കയറേണ്ട സ്ഥിതിയുണ്ടാകുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ അറിയിച്ചു. വിചാരണക്കോടതികളില്‍നിന്ന് സുപ്രീംകോടതിയിലേക്ക് പരാതിപ്രവാഹമുണ്ടാകും. ടെലിവിഷന്‍ ചാനലുകള്‍ക്ക് ബാധകമായ സ്വയംനിയന്ത്രണ സംവിധാനത്തിനു കീഴില്‍ എല്ലാ മാധ്യമങ്ങളെയും കൊണ്ടുവരണമെന്ന ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ നിര്‍ദേശവും അംഗീകരിക്കാനാകില്ല. ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്ക് വ്യത്യസ്ത പ്രവര്‍ത്തനസ്വഭാവമാണെന്നുംഅദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ സജീവപരിഗണനയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സഹാറ ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് മാര്‍ഗനിര്‍ദേശം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആരാഞ്ഞത്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരം നല്‍കുംവിധം കോടതിയലക്ഷ്യനിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പറഞ്ഞു. ജഡ്ജിമാരെയും സാക്ഷികളെയും മാധ്യമ ആക്രമണത്തില്‍നിന്ന് രക്ഷിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും നിയന്ത്രണം ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്. മാര്‍ഗനിര്‍ദേശത്തിലൂടെ മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാണോ കോടതിയുടെ നീക്കമെന്ന് രാജീവ് ധവാന്‍ ചോദിച്ചു.

കോടതി അലക്ഷ്യനിയമം ഇപ്പോള്‍ നിലവിലുണ്ടെന്നിരിക്കെ പ്രത്യേക നിയന്ത്രണത്തിന്റെ ആവശ്യമില്ല. സവിശേഷ സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കോടതിക്ക് കഴിയും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം നിഷേധിക്കപ്പെടാന്‍ മാര്‍ഗനിര്‍ദേശം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോടതിക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

deshabhimani 310312

സ്ഥാനാര്‍ഥിയുടെ സഹോദരന്റെ കാറില്‍നിന്ന് രണ്ടേകാല്‍ കോടി പിടിച്ചു


ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എമാരെ വിലക്കെടുക്കാന്‍ കൊണ്ടുപോയ രണ്ടേകാല്‍ കോടി രൂപ ആദായനികുതി അധികൃതര്‍ പിടിച്ചെടുത്തു. സ്വതന്ത്രസ്ഥാനാര്‍ഥി ആര്‍ കെ അഗര്‍വാളിന്റെ ഇളയസഹോദരന്‍ സുരേഷ് അഗര്‍വാളിന്റെ കാറില്‍നിന്നാണ് റാഞ്ചിയില്‍വച്ച് പണം പിടിച്ചത്. ജാര്‍ഖണ്ഡിലെ ജനാധിപത്യക്കുരുതി പാര്‍ലമെന്റിലടക്കം ഒച്ചപ്പാടുണ്ടാക്കിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടെണ്ണല്‍ മാറ്റിവച്ചു.

തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ടി തീരുമാനം ലംഘിച്ച് ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതോടെയാണ് സംഭവത്തില്‍ കുതിരക്കച്ചവടം വെളിച്ചതായത്. 18 എംഎല്‍എമാര്‍ വീതമുള്ള ബിജെപി- ജാര്‍ഖണ്ഡ്- മുക്തിമോര്‍ച്ച സഖ്യമാണ് ജാര്‍ഖണ്ഡില്‍ ഭരണം നടത്തുന്നത്. ജെഎംഎമ്മുമായുള്ള ഭിന്നതയെത്തുടര്‍ന്ന് വോട്ടിങ് ബഹിഷ്കരിക്കാനായിരുന്നു ബിജെപി തീരുമാനം. അതിനിടെ, തങ്ങളുടെ എംഎല്‍എമാര്‍ ജെഎംഎം സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തതെന്ന വാദവുമായി ബിജെപി കേന്ദ്രനേതൃത്വം രംഗത്തെത്തി. അഗര്‍വാളിന്റെ ബന്ധുവായ പ്രകാശ് ഖേമാനിയുടെ ജാംഷഡ്പൂരിലെ കേന്ദ്രത്തില്‍നിന്നാണ് വെള്ളിയാഴ്ച രാവിലെ റാഞ്ചിയിലേക്ക് പണമെത്തിച്ചത്. വാഹനത്തില്‍നിന്ന് ചില നിയമസഭാംഗങ്ങളുടെ പേരുവിവരം കണ്ടെടുത്തതായി സംസ്ഥാന ആദായനികുതി ഡയറക്ടര്‍ അജയ്കുമാര്‍ അറിയിച്ചു.

സംസ്ഥാനത്തെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ജെഎംഎമ്മിന്റെ സഞ്ജീവ്കുമാര്‍, കോണ്‍ഗ്രസിന്റെ പ്രദീപ്കുമാര്‍ ബല്‍മാച്ചു, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(പ്രജാതാന്ത്രിക്)യുടെ പ്രവീണ്‍സിങ്, സ്വതന്ത്രസ്ഥാനാര്‍ഥികളായ ആര്‍ കെ അഗര്‍വാള്‍, പവന്‍കുമാര്‍ ധൂട്ട് എന്നിവരായിരുന്നു മത്സരരംഗത്ത്. ലണ്ടന്‍ കേന്ദ്രമാക്കിയ കോടീശ്വരന്‍ അന്‍ഷുമാന്‍ മിശ്രയെ രാജ്യസഭയില്‍ എത്തിക്കാനുള്ള ബിജെപിയുടെ നീക്കം നേരത്തേ വിവാദമായിരുന്നു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ച് സിപിഐ എം എംപി തപന്‍സെന്‍ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചു. ജാര്‍ഖണ്ഡില്‍ നടന്നത് കുതിരക്കച്ചവടമാണെന്ന് സിപിഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.

deshabhimani 310312

ലീഗ് നേതൃത്വം യുവാക്കളെ വഞ്ചിക്കുന്നു: കെ ടി ജലീല്‍


തീവ്രവാദത്തിനെതിരെ ഒറ്റമനസ്സായി

തളിപ്പറമ്പ്: ജില്ലയിലെ സാംസ്കാരിക സംഘടനകള്‍ ചേര്‍ന്ന് തീവ്രവാദത്തിനെതിരെ തളിപ്പറമ്പില്‍ നടത്തിയ ഇരകളുടെ കൂട്ടായ്മ അപൂര്‍വ സംഗമത്തിന് വേദിയായി. അക്രമികളുടെ ക്രൂരതകളില്‍ ഉറ്റവരുള്‍പ്പെടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ജില്ലയിലെ അഞ്ഞൂറോളം കുടുംബങ്ങളാണ് ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തത്. മുസ്ലിംലീഗിലെ തീവ്രവാദികള്‍ നടത്തുന്ന അതിക്രൂരമായ അക്രമങ്ങള്‍ അവരുടെ അണികള്‍തന്നെ തിരിച്ചറിയുന്നുവെന്ന കാര്യവും വെളിപ്പെടുത്തുന്നതായി കൂട്ടായ്മ. ലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് 39 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവഛവമായി കഴിയുന്ന അരിയിലെ വി മോഹനന്റെ ഉറ്റവര്‍, ഇവിടെത്തന്നെ ഇരുകാലുകളും തകര്‍ന്ന് ശയ്യാവലംബിയായ മുതലപ്പാറയിലെ രാജന്റെ സഹോദരങ്ങള്‍, മുസ്ലിംലീഗുകാര്‍ കൊലപ്പെടുത്തിയ പന്നിയൂരിലെ കൃഷ്ണന്റെ കുടുംബാംഗങ്ങള്‍, ലീഗുകാര്‍ കാല്‍ വെട്ടിമാറ്റിയ കുപ്പത്തെ കല്ലിങ്കീല്‍ ദിനേശന്‍, ജില്ലയുടെ വിവിധ ഭാഗങ്ങളിലെ രക്തസാക്ഷികളുടെയും അക്രമത്തിനിരയായവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം കൂട്ടായ്മക്കെത്തി.

തളിപ്പറമ്പിലെ കരുണ ചാരിറ്റബിള്‍ സൊസൈറ്റി, തലശേരി ഒ വി അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റ്റ്, കണ്ണൂരിലെ എന്‍ അബ്ദുള്ള മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍, പാനൂരിലെ പ്രഫ. എ പി അബ്ദുള്‍ഖാദര്‍ കള്‍ച്ചറല്‍ സെന്റര്‍, കൂത്തുപറമ്പിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കള്‍ച്ചറല്‍ സെന്റര്‍, മട്ടന്നൂരിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകട്രസ്റ്റ്, പെരളശേരിയിലെ വൈക്കം മുഹമ്മദ് ബഷീര്‍ ട്രസ്റ്റ്, പിണറായിയിലെ അബുമാസ്റ്റര്‍ ട്രസ്റ്റ്, പാപ്പിനിശേരിയിലെ അബ്ദുറഹിമാന്‍ സ്മാരകട്രസ്റ്റ്, ചക്കരക്കല്ലിലെ വൈക്കം മുഹമ്മദ് ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍, പഴയങ്ങാടിയിലെ മുഹമ്മദ് അബ്ദുള്‍റഹിമാന്‍ സാഹിബ് കള്‍ച്ചറല്‍ സെന്റര്‍, പെരിങ്ങോത്തെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഇരിട്ടി പി വി കുഞ്ഞൂട്ടിയാലി സ്മാരകട്രസ്റ്റ്, പയ്യന്നൂരിലെ കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക കള്‍ച്ചറല്‍ട്രസ്റ്റ്, ശ്രീകണ്ഠപുരം പള്ളിക്കുട്ടി സ്മാരക ട്രസ്റ്റ് എന്നിവ സംയുക്തമായണ് പരിപാടി സംഘടിപ്പിച്ചത്. തീവ്രവാദികള്‍ക്ക് പിന്തുണയേകുന്ന നയത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് വിട്ട പിലാക്കണ്ടി മുഹമ്മദലി, മനോളി മുഹമ്മദ് എന്നിവര്‍ പരിപാടിയല്‍ പങ്കെടുത്തു.

തലശേരി നഗരസഭാ ചെയര്‍മാന്‍ ആമിന മാളിയേക്കലിന്റെ നേതൃത്വത്തില്‍ അഡ്വ. ഒ വി അബ്ദുള്ള മെമ്മോറിയല്‍ ട്രസ്റ്റ് ഗായകസംഘം അവതരിപ്പിച്ച മതസൗഹാര്‍ദ ഗാനമേള അരങ്ങേറി. കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സി അബ്ദുള്‍കരീം അധ്യക്ഷനായി. എ എന്‍ ഷംസീര്‍ സ്വാഗതവും പ്രൊഫ. സി എച്ച് മേമി നന്ദിയും പറഞ്ഞു. എം വി ജയരാജന്‍, കെ കെ ശൈലജ, കെ കെ രാഗേഷ്, എംഎല്‍എമാരായ ജെയിംസ്മാത്യു, ടി വി രാജേഷ് എന്നിവരും പങ്കെടുത്തു. ജില്ലയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ ഭാരവാഹികളായ ജില്ലാപഞ്ചായത്തംഗം ഹമീദ് കരിയാട്, കെ ഇ കുഞ്ഞബ്ദുള്ള, എം അബ്ദു, പി അബ്ദുള്‍റഷീദ്, കാത്താണ്ടി റസാഖ്, കെ അബ്ദുള്‍റഷീദ്, എല്‍ വി മുഹമ്മദ്, തളിപ്പറമ്പ് നഗരസഭാ ചെയര്‍മന്‍ റംല പക്കര്‍, ഗായികമാരായ നജ്മ ഹാഷിം, സൈറ മുഹമ്മദ് എന്നിവരും സന്നിഹിതരായി.

ലീഗ് നേതൃത്വം യുവാക്കളെ വഞ്ചിക്കുന്നു: കെ ടി ജലീല്‍

തളിപ്പറമ്പ്: കമ്യൂണിസ്റ്റുകാര്‍ക്കെതിരായ കടന്നാക്രമണം സ്വര്‍ഗപ്രാപ്തിക്ക് അര്‍ഹത നേടിക്കൊടുക്കുന്ന ജിഹാദാണെന്ന മുസ്ലിംലീഗിന്റെ പ്രചാരണത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ സാംസ്കാരിക സംഘടനകള്‍ തീവ്രവാദത്തിനെതിരെ തളിപ്പറമ്പില്‍ നടത്തിയ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് നേതൃത്വം യുവാക്കളെ വഞ്ചിക്കുകയാണ്. എപ്പോഴാണ് മുസ്ലിംലീഗിന് കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളും ദൈവവിശ്വാസമില്ലാത്തവരുമായത്്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇ അഹമ്മദിന് അഞ്ചുവര്‍ഷം മന്ത്രിയാകാന്‍ കമ്യൂണിസ്റ്റുകാരുടെ പിന്തുണ ആവശ്യമായിരുന്നു. മാപ്പിള ലഹളയെന്ന് വിളിച്ചാക്ഷേപിച്ച മലബാര്‍ കലാപം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് ഇ എം എസാണ്. ഇതിന്റെ പേരില്‍ അന്ന് ഇ എം എസിനെ ജയിലിലേക്കോ ഭ്രാന്താശുപത്രിയിലേക്കോ അയക്കാന്‍ ആവശ്യപ്പെട്ടവരാണ് കോണ്‍ഗ്രസ് നേതൃത്വവും മാതൃഭൂമിയും. മുസ്ലിംദ്രോഹനിയമമായ മാപ്പിള ഔട്ട്റേജസ് ആക്ട് പിന്‍വലിച്ചതും എംഎസ്പിയില്‍ മുസ്ലിംയുവാക്കള്‍ക്കുണ്ടായിരുന്ന നിയമനിരോധനം പിന്‍വലിച്ചതും സര്‍ക്കാര്‍ജോലിക്ക് അവസരം നല്‍കിയതും ഇ എം എസ് സര്‍ക്കാരാണെന്നത് ലീഗുകാര്‍ മറക്കരുത്. കമ്യൂണിസ്റ്റുകാരന്റെ ചങ്കുറപ്പാണ് മലപ്പുറം ജില്ല രൂപീകരണമെന്നതും 20 എംഎല്‍എമാരുണ്ടായിട്ടും അഞ്ചാംമന്ത്രിയെ കിട്ടാത്ത ലീഗുകാര്‍ ഓര്‍ക്കണം. ഒരിക്കലും പാവപ്പെട്ട മുസല്‍മാനെ ലീഗ് സഹായിച്ചിട്ടില്ല. സിപിഐ എം ഗുജറാത്തിലെ നിരാലംബരായ മുസ്ലീങ്ങളെ സഹായിക്കാന്‍ 40ലക്ഷം രൂപ പിരിച്ചുകൊടുത്തു. ഭരണകക്ഷിയായ ലീഗ് 30ലക്ഷം മാത്രമാണ് സ്വരൂപിച്ചത്. അത് കൊടുത്തതുമില്ല. അക്കാര്യം ചോദിച്ചതിനാണ് എന്നെ ലീഗ് പുറത്താക്കിയത്- ജലീല്‍ പറഞ്ഞു.

deshabhimani 310312

സിപിഐയുടെ അമരത്ത് തെലുങ്കാനയുടെ സമരവീര്യം


എസ് സുധാകര റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി

പട്ന: സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകര റെഡ്ഡിയെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. 138 അംഗ നാഷണല്‍ കൗണ്‍സിലിനെയും 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും 9 അംഗ കേന്ദ്ര സെക്രട്ടറിയേറ്റിനെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായി. കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മയില്‍, സി ദിവാകരന്‍, ആനി രാജ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി. ബിനോയ് വിശ്വവും ചിഞ്ചുറാണിയുമാണ് ദേശീയ കൗണ്‍സിലിലെത്തിയ കേരളത്തില്‍ നിന്നുള്ള പുതിയ അംഗങ്ങള്‍.

വി എസ് സുനില്‍ കുമാറിന് പകരം കെ രാജന്‍ കാന്റിഡേറ്റ് അംഗമാകും. വെളിയം ഭാര്‍ഗവന്‍ ദേശീയ കൗണ്‍സിലില്‍ തുടരും. നാലുതവണ സെക്രട്ടറിയായ എ ബി ബര്‍ദന്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ തുടരും.

സിപിഐയുടെ അമരത്ത് തെലുങ്കാനയുടെ സമരവീര്യം

പട്ന: തെലുങ്കാനയുടെ സമരപാരമ്പര്യവുമായാണ് എസ് സുധാകര റെഡ്ഡി സിപിഐയെ നയിക്കാനെത്തുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ തെലുങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ആന്ധ്ര മഹാസഭയില്‍ അംഗമായിരുന്ന രാമറെഡ്ഡിയുടെ മൂത്ത സഹോദരന്‍ പ്രതാപ റെഡ്ഡിയും സ്വാതന്ത്ര സമര പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രവിനാരായണയുമായുള്ള അടുപ്പം വെങ്കിട് രാമറെഡ്ഡിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാളിയാക്കി.

കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും അധികമുള്ള ജില്ലയാണ് പാരമുരു എന്ന പേരുള്ള മെഹബൂബ് നഗര്‍. അവിടെ ആലംപൂര്‍ താലൂക്കില്‍ കുഞ്ച്പോട് ഗ്രാമത്തിലാണ് എസ് സുധാകര്‍ റെഡ്ഡി ജനിച്ചത്. സമീപ ജില്ലയായ കുര്‍ണൂലിലായിരുന്നു വിദ്യാഭ്യാസം. വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സുധാകര്‍ റെഡ്ഡി സജീവമായിരുന്നു. വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ മുന്നണി പോരാളിയായിതന്നെ സുധാകര്‍ നിലയുറപ്പിച്ചു. ബി എ ഹിസ്റ്ററിക്ക് ശേഷം ഓസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. കോളജിലെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സുധാകര്‍ റെഡ്ഡിയുടെ സഹപാഠിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി.
വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റ് സ്ഥാപനത്തിനുവേണ്ടി സമരം ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു സുധാകര്‍ റെഡ്ഡി. എല്‍ എല്‍ എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ അദ്ദേഹം പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയാക്കി. എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി രണ്ട് പ്രാവശ്യം സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അദ്ധ്യക്ഷനായി ഒരുവട്ടവും. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. ഡല്‍ഹിയില്‍നിന്നും 70കളുടെ മദ്ധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്ത് വീണ്ടും സജീവമായി.

തുടര്‍ന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടു. പന്ത്രണ്ടാം ലോക്സഭയിലും പതിനാലാം ലോക്സഭയിലും സുധാകര്‍ റെഡ്ഡി അംഗമായിരുന്നു. എഐടിയുസി വര്‍ക്കിങ്് വുമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ കോ-കണ്‍വീനറുമായ ബി വി വിജയലക്ഷ്മിയാണു ഭാര്യ. മക്കളായ നിഖിലും കപിലും വിവാഹിതരാണ്.

deshabhimani

ബംഗാളില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥ: സിപിഐ


പട്ന: പശ്ചിമബംഗാളില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐ 21-ാം പാര്‍ടി കോണ്‍ഗ്രസ്. ബംഗാള്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നടപടികളെ ചെറുക്കാന്‍ രംഗത്തിറങ്ങാന്‍ സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

എട്ട് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഉള്‍പ്പെടുന്ന പട്ടികയില്‍ നിന്നുവേണം സര്‍ക്കാരാഫീസുകളിലും സര്‍ക്കാര്‍ സഹായമുള്ള ഗ്രന്ഥശാലകളിലും ആനുകാലികങ്ങള്‍ വരുത്തേണ്ടതെന്ന് മാര്‍ച്ച് 28ന് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സിപിഐയുടെ പ്രസിദ്ധീകരണമായ "കാലാന്തറി"നും സിപിഐ എം മുഖപത്രമായ "ഗണശക്തി"ക്കും ഇംഗ്ലീഷ് പത്രങ്ങള്‍ക്കും എല്ലായിടത്തും നിരോധനം ഏര്‍പ്പെടുത്തി. കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളുമെല്ലാം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തി. അടിയന്തരാവസ്ഥയ്ക്ക് സമാനമാണിതെന്ന് എല്ലാവരും പ്രതികരിച്ചു. പരിവര്‍ത്തനം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മമതാ സര്‍ക്കാര്‍ ഇടതുപാര്‍ടികളുടെ ഓഫീസുകള്‍ ആക്രമിക്കുകയും പിടിച്ചടക്കുകയുമാണ്. പത്തുമാസത്തെ ഭരണത്തിനിടയില്‍ 39 കര്‍ഷകര്‍ ആത്മഹത്യചെയ്തു. പഞ്ചായത്തിരാജ് സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളെ അപ്രസക്തരാക്കി ഉദ്യോഗസ്ഥഭരണം നടപ്പാക്കി. ജില്ലാ പരിഷത്തുകള്‍, സ്കൂള്‍, കോളേജ് ഭരണസമിതികള്‍ എന്നിവയെല്ലാം തൃണമൂലിന്റെ ഇഷ്ടാനുസരണം പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നു. ഇഷ്ടമില്ലാത്ത കോളേജ് പ്രിന്‍സിപ്പാള്‍മാരെ ആക്രമിക്കുകയും ചുമതലയില്‍നിന്ന് നീക്കുകയുംചെയ്യുന്നു. വിദ്യാഭ്യാസമേഖല അരാജകത്വത്തിന്റെ നിഴലിലാണ്. ബംഗാള്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടികളെ സമ്മേളനം ശക്തമായ ഭാഷയില്‍ അപലപിച്ചു.

deshabhimani 310312

കൊച്ചി-മുസിരിസ് ബിനാലെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ധൂര്‍ത്തടിച്ചിട്ടില്ല


കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച തുക ധൂര്‍ത്തടിച്ചെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പദ്ധതിയുടെ ക്യുറേറ്ററും പ്രശസ്ത ചിത്രകാരനുമായ റിയാസ്കോമു പറഞ്ഞു. നാണപ്പ ആര്‍ട്ട് ഗ്യാലറി സംഘടിപ്പിച്ച "കൊച്ചി-മുസിരിസ് ബിനാലേ എവിടെ, എപ്പോള്‍, എങ്ങനെ, ആര്‍ക്കുവേണ്ടി" എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തികച്ചും സുതാര്യമായിട്ടാണ് തുക ചെലവിട്ടത്. മൂന്നരക്കോടിയോളം ചെലവിട്ട് ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ലളിതകലാ അക്കാദമിയുടെ ഏറ്റവും മികച്ച ഗ്യാലറിയാണ് ദര്‍ബാര്‍ഹാള്‍. ബിനാലെയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി ചെലവായിട്ടുണ്ട്. ഇതിന്റെ കണക്ക് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് എല്ലായിടത്തും ബിനാലെകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ബിനാലെയെ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ ശക്തമായതിനാലാണ് തുടര്‍ഫണ്ട് അനുവദിക്കാന്‍ നിലവിലെ സര്‍ക്കാര്‍ മടിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും തെറ്റിദ്ധാരണകള്‍ മാറ്റി പദ്ധതിയുമായി മുന്നോട്ടുനീങ്ങും. 2012 ഡിസംബര്‍ 12 മുതല്‍ കൊച്ചിയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ കൊച്ചി-മുസിരിസ് ബിനാലെ തുടങ്ങും. ബിനാലെയില്‍ കച്ചവടം നടത്താന്‍ ഉദ്ദേശിച്ചിട്ടില്ല. ലോകത്തെ പല സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന വേദിയായാണ് കൊച്ചി-മുസിരിസ് ബിനാലെ വിഭാവനംചെയ്തിട്ടുള്ളത്. പദ്ധതിയുടെ ചര്‍ച്ച ആദ്യമായി നടന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍വച്ചാണ്. സാംസ്കാരികമന്ത്രിയായിരുന്ന എം എ ബേബിയും കേന്ദ്രമന്ത്രി കെ വി തോമസും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

deshabhimani 310312

ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ ഈസ്റ്റര്‍ ദിനത്തില്‍ സത്യഗ്രഹം


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ വിശ്വാസവഞ്ചനയില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി പയ്യപ്പാടി പുതുവയല്‍ നിവാസികളായ നൂറോളം കുടുംബങ്ങള്‍ ഈസ്റ്റര്‍ ദിനത്തില്‍ സത്യഗ്രഹം ഇരിക്കുമെന്ന് സമരസമിതി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടിവെള്ളത്തിനും റോഡിനുമായാണ് സമരം. പതിറ്റാണ്ടുകളായി എംഎല്‍എയായ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ പുതുവയലിലെത്തി കുടിവെള്ളമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പുതുപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡായ പുതുവയലില്‍ കുടിവെള്ളമെത്തിക്കാന്‍ ഹൗസ് കണക്ഷനുവേണ്ടിയെന്ന് പറഞ്ഞ് 2000 രൂപ വീതം 65 കുടുംബങ്ങളില്‍നിന്നായി മൊത്തം 1,30,000 രൂപ പിരിച്ചെടുത്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. തുക പിരിവിന് മുന്നിട്ടിറങ്ങിയ അന്നത്തെ ജില്ലാ പഞ്ചായത്തംഗമായ ജെസിമോള്‍ മനോജാണ് ഇപ്പോള്‍ പ്രഞ്ചായത്ത് പ്രസിഡന്റ്. ഗുണഭോക്തൃസമിതിയോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടി കുടിവെള്ള പദ്ധതിക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. വികസനം യാഥാര്‍ഥ്യമായില്ലെന്ന് മാത്രമല്ല നിര്‍ധനരായ നാട്ടുകാരെ അവഹേളിക്കുകയുമാണ് കോണ്‍ഗ്രസുകാരായ ജനപ്രതിനിധികള്‍ ചെയ്തതെന്ന് സമരസമിതി കുറ്റപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് രേഖകളില്‍ തങ്ങള്‍ തെരഞ്ഞെടുത്ത കണ്‍വീനറുടെ പേരില്ലെന്നും മറ്റൊരു കരാറുകാരന്റെ പേരാണുള്ളതെന്നും അവര്‍ പറഞ്ഞു. കുടിവെള്ളത്തിന് പണം പിരിച്ച മെമ്പര്‍ ജെസിമോള്‍ മനോജ് തന്റെ കുടുംബവക ഭൂമിയില്‍ ഒരു കുടിവെള്ളടാങ്ക് ഭാഗികമായി നിര്‍മിച്ചു. അതുവഴി റോഡ് നിര്‍മിക്കുകയായിരുന്നത്രേ അവരുടെ ലക്ഷ്യം. വോള്‍ട്ടേജ് ക്ഷാമമാണ് മറ്റൊരു ഗുരുതരപ്രശ്നം. ഇത് പരിഹരിക്കാന്‍ നടത്തിയ സമരത്തേയും ജനപ്രതിനിധികള്‍ പരിഹസിച്ചെന്ന് സമിതി പറഞ്ഞു. ഇതിനിടെ സമ്പന്നര്‍ അധിവസിക്കുന്ന പ്രദേശത്തെ റോഡ് നിര്‍മാണത്തിന് മുഖ്യമന്ത്രി എംഎല്‍എ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ അനുവദിച്ചു. തെരഞ്ഞെടുപ്പുവേളയില്‍ "നക്കാപ്പിച്ച" നല്‍കി ആശ്രിതരെ കൂടെ നിര്‍ത്തുന്ന എംഎല്‍എയുടെ ശൈലി ഇനി നടക്കില്ലെന്നും തങ്ങള്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ദുഃഖശനിയാഴ്ചയും ഈസ്റ്റര്‍ നാളിലും മുഖ്യമന്ത്രിയുടെ വീടിന് സമീപം നടത്തുന്ന നിരാഹാരസത്യഗ്രഹത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുക്കുമെന്നും സമരസമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി പ്രതിനിധികളായ ടി ആര്‍ അശോകന്‍, മോളി കുരുവിള, അമ്മിണി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

deshabhimani 310312

ഇനിയൊരു മകനും ഈ അനുഭവമുണ്ടാകരുത്


പാനൂരിനടുത്ത കൂറ്റേരിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ അരീക്കല്‍ അശോകനെ കൊലപ്പെടുത്തിയ സംഭവം അപൂര്‍വമെന്ന് കോടതി. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് അഡീഷനല്‍ ജില്ല സെഷന്‍സ് (അതിവേഗം-2) കോടതിയുടെ 63 പേജുള്ള വിധിന്യായത്തിലാണ് മകന്റെ കണ്‍മുന്നില്‍ നടത്തിയ അപൂര്‍വമായ കൃത്യമെന്ന് കൊലപാതകത്തെ വിശേഷിപ്പിച്ചത്. അപൂര്‍വത്തില്‍ അപൂര്‍വമല്ലാത്തതിനാലാണ് പരമാവധി ശിക്ഷയില്‍ നിന്ന് പ്രതികളെ ഒഴിവാക്കുന്നത്. കോടതി മുമ്പാകെ പ്രതികളെ തിരിച്ചറിഞ്ഞതും ദൃക്സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്താണ് ശിക്ഷ വിധിക്കുന്നതെന്നും ജഡ്ജി ഇ ബൈജു വിധിന്യായത്തില്‍ സൂചിപ്പിച്ചു.

മകന്റെ കണ്‍മുന്നില്‍, ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വീടാക്രമിച്ചു നടത്തിയ കൊലപാതകമായിരുന്നു അരീക്കല്‍ അശോകന്റേത്. കൊലപാതകം ഉള്‍പ്പെടെ നിരവധി അക്രമസംഭവങ്ങളില്‍ പ്രതികളായ കൊടുംകുറ്റവാളികളാണ് ശിക്ഷിക്കപ്പെട്ടവര്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരവായ ഇവരില്‍ പലരും അക്രമം മാത്രം തൊഴിലാക്കിയവരാണ്. എത്രയോ നിരപരാധികളുടെ ജീവനുംജീവിതം തകര്‍ത്തവരെയാണ് ഒടുവില്‍ കോടതി തുറുങ്കിലടക്കുന്നത്.

മൂന്ന് കൊലപാതകം ഉള്‍പ്പെടെ 32 കേസില്‍ പ്രതിയാണ് കൊലക്കേസിലെ ഒന്നാംപ്രതി കാക്കഷാജി. എലാങ്കോട്ടെ കനകരാജ് കൊലക്കേസില്‍ ഷാജിയെ നേരത്തെ തലശേരി കോടതി വധശിക്ഷക്ക് വിധിച്ചതാണെങ്കിലും മേല്‍കോടതി ഒഴിവാക്കി. കൂറ്റേരി കെസി മുക്കിലെ കുഞ്ഞിക്കണ്ണന്‍, സുന്ദരന്‍മാസ്റ്റര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. നാലാംപ്രതി മൂടേന്റവിട റിജേഷാകട്ടെ പത്ത് കേസിലെ പ്രതിയാണ്. മറ്റുപ്രതികളുടെ ചരിത്രവും വ്യത്യസ്തമല്ല. വിധികേള്‍ക്കാന്‍ കോടതിയിലെത്തിയ പ്രതികളുടെ സുഹൃത്തുക്കളും നാട്ടുകാരുമായ ആര്‍എസ്എസ്-ബിജെപിക്കാര്‍ കൈരളിചാനല്‍ ക്യാമറമാനെയും കേസില്‍ പ്രോസിക്യുഷന് വേണ്ടി ഹാജരായ അഡീഷനല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ വിപി മോഹനനെയും ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ദൃശ്യം ചിത്രീകരിക്കുമ്പോഴാണ് കൈരളിക്യാമറമാനെ ഭീഷണിപ്പെടുത്തിയത്. വൈകിട്ട് കോടതി വിധി പറഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് കോടതിയില്‍ നിന്ന് അഡ്വ പി ശശിക്കൊപ്പം പുറത്തേക്ക് പോകുമ്പോഴാണ് വിപി മോഹനനെതിരായ ഭീഷണി.

ഇനിയൊരു മകനും ഈ അനുഭവമുണ്ടാകരുത്

പാനൂര്‍: ഇനിയൊരു മകനും ഈ അനുഭവമുണ്ടാകരുത്. നെഞ്ചില്‍ കെട്ടിപ്പിടിച്ച് കിടക്കുമ്പോഴാണ് എന്നെ പിടിച്ചുമാറ്റി അച്ഛനെ അവര്‍...ശിക്ഷയെക്കുറിച്ചറിഞ്ഞപ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ അച്ഛന്റെ ഓര്‍മയില്‍ ഒരു നിമിഷം അക്ഷയ് വിതുമ്പി. വാതില്‍ ചവിട്ടിപ്പൊളിച്ച് എന്റെ കണ്‍മുന്നിലിട്ടാണ് അച്ഛനെ അവര്‍ വെട്ടിപ്പിളര്‍ന്നത്. അരുതേയെന്ന് പലവട്ടം പറഞ്ഞിട്ടും കേട്ടില്ല. ഇപ്പോഴും മനസില്‍നിന്ന് ആ ചിത്രം മാഞ്ഞുപോയിട്ടില്ല. പ്രാണന് വേണ്ടിയുള്ള അച്ഛന്റെ പിടച്ചില്‍ ഇന്നും കണ്‍മുന്നിലുണ്ട്. പ്രതികളില്‍ നാലുപേരെയെങ്കിലും ശിക്ഷിച്ചത് നിയമവ്യവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്ന അഭിപ്രായമാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം.

അരീക്കല്‍ അശോകന്‍ കേസില്‍ കുറ്റക്കാരായ നാലുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുമ്പോള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മനസില്‍ 2000 ഡിസംബര്‍ അഞ്ചിന്റെ ആ പ്രഭാതം മാത്രമാണ്. നാലുവയസുമാത്രമുണ്ടായിരുന്ന മകന്‍ അക്ഷയിന്റെ മുന്നിലിട്ടായിരുന്നു അശോകനെ കൊന്നത്. കുടുംബനാഥന്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇന്നും ഈ വീട്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അരീക്കല്‍ അശോകനെന്ന പൊതുപ്രവര്‍ത്തകന്റെ ഓര്‍മയിലാണ് പാനൂര്‍ കൂറ്റേരിഗ്രാമവും ജനങ്ങളും. നാട്ടുകാര്‍ക്കാകെ പ്രിയങ്കരനായ സാമൂഹ്യസേവകനെയാണ് അരീക്കല്‍ അശോകനെ കൊലചെയ്തതിലൂടെ നഷ്ടമായത്. വര്‍ഷങ്ങള്‍ക്കുശേഷമാണെങ്കിലും നാലുപേരെയെങ്കിലും ശിക്ഷിക്കപ്പെട്ടല്ലോ എന്നാണ് കോടതിവിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ ലീല പ്രതികരിച്ചത്. മകന്‍ അക്ഷയ് എസ്എസ്എല്‍സി വിദ്യാര്‍ഥിയും മകള്‍ ആഷ്ലി ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമാണ്

deshabhimani 310312

വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം


കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് ഉജ്വല വിജയം. ആകെയുള്ള ഒമ്പത് മേജര്‍ സീറ്റും എസ്എഫ്ഐ നേടി. യുഡിഎഫ് സ്ഥാനാര്‍ഥികളേക്കാള്‍ 350 വോട്ടിന്റെ ഭൂരിപക്ഷം എസ്എഫ്ഐ നേടി. നിര്‍മല്‍മാധവ് എന്ന വിദ്യാര്‍ഥിക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനധികൃത പ്രവേശനത്തിനെതിരെ ശക്തമായ സമരമാണ് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ നടത്തിയത്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അതി മൃഗീയമായ രീതിയിലാണ് പൊലീസ് നേരിട്ടത്. അനധികൃത പ്രവേശനത്തിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണയാണ് ഈ വിജയം. എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി ടി പി ബിനീഷ്, പ്രസിഡന്റ് വി കെ കിരണ്‍രാജ്, സാഗിന്‍ ടിന്റു, യൂണിയന്‍ ചെയര്‍മാന്‍ വി സി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: വി സി ജയചന്ദ്രന്‍ (ചെയര്‍മാന്‍), ജെ ഷില്‍ന (വൈസ് ചെയര്‍മാന്‍), ആര്‍ രാകേഷ് (ജനറല്‍ സെക്രട്ടറി), അളക (ജോ. സെക്രട്ടറി), വിവേക് ഗംഗാധരന്‍ (യുയുസി), എം വി സനൂജ് (യുയുസി), വി ആര്‍ സചേതന്‍ (എഡിറ്റര്‍), സുനിത് ഫ്രാന്‍സിസ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), ഡി ഇഗ്നേഷ്യസ് (ജനറല്‍ ക്യാപ്റ്റന്‍).

deshabhimani 310312

മഹാരാജാസ് യൂണിയന്‍ ചെയര്‍മാന്‍ രാജിവച്ചു


കെഎസ്യു ജില്ലാ നേതാക്കളുടെ മര്‍ദനമേറ്റ എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എ എ അജ്മല്‍ രാജിവച്ചു. കെഎസ്യുവിലെ വി ഡി സതീശന്‍ വിഭാഗം നേതാവായ അജ്മലിനെ വ്യാഴാഴ്ച വൈകിട്ടാണ് ഹൈബി ഈഡന്‍ അനുകൂലികളായ വിശാല ഐ വിഭാഗം മര്‍ദിച്ചത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മഹാരാജാസ് കോളേജില്‍നിന്ന് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ ഹൈബി ഈഡന്‍ എംഎല്‍എ 50,000 രൂപ നല്‍കിയിരുന്നെന്നും ഇതില്‍ 10,000 രൂപ മാത്രമാണ് അജ്മല്‍ കോളേജില്‍ എല്‍പ്പിച്ചതെന്നും ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ആരോപണം കളവാണെന്നും ജില്ലാ നേതൃത്വത്തിന്റെ മര്‍ദനത്തിലും മാനസികപീഡനത്തിലും മനംനൊന്താണ് രാജിയെന്ന് അജ്മല്‍ പറഞ്ഞു. വെള്ളിയാഴ്ച കോളേജ് ദിനാഘോഷത്തില്‍ അധ്യക്ഷപ്രസംഗത്തിനിടെയാണ് അജ്മല്‍ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് വേദിയില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ വി ആശലതയ്ക്കു കൈമാറി. ചെയര്‍മാന്റെ രാജിയോടെ മഹാരാജാസ് കോളേജില്‍ കെഎസ്യുവിന്റെ യൂണിയന്‍ ഭാരവാഹികളുടെ എണ്ണം രണ്ടായി ചുരുങ്ങി.

സഹിക്കാവുന്നതിലുമപ്പുറം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ കെഎസ്യു ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുഭവിച്ചുകഴിഞ്ഞെന്ന് അജ്മല്‍ ദേശാഭിമാനിയോട് പറഞ്ഞു. ഹൈബി ഈഡന്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം കെഎസ്യുവില്‍ മതിയെന്ന നിലപാടാണ് ജില്ലാ പ്രസിഡന്റിനുള്ളത്. ഹൈബിയോ, കെഎസ്യു ജില്ലാ നേതൃത്വമോ കലോത്സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ പണം തന്നിട്ടില്ല. ഉണ്ടെങ്കില്‍ തെളിയിക്കട്ടെ-അജ്മല്‍ പറഞ്ഞു. എന്നാല്‍ കലോത്സവഫണ്ടിലേക്ക് ഹൈബി ഈഡന്റെ സംഭാവനയാണെന്നു പറഞ്ഞ് 10,000 രൂപ അജ്മല്‍ നല്‍കിയിരുന്നതായി സ്റ്റാഫ് അഡൈ്വസര്‍ എം എസ് മുരളി പറഞ്ഞു.

deshabhimani 310312

കര്‍ണാടകവും ഗുജറാത്തിന്റെ വഴിയില്‍: മല്ലിക സാരാഭായി


 ബിജെപി ഭരിക്കുന്ന കര്‍ണാടകവും നരേന്ദ്രമോഡിയുടെ ഗുജറാത്തിന്റെ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി അഭിപ്രായപ്പെട്ടു. നാളത്തെ ഗുജറാത്താകാവുന്നവിധമാണ് കര്‍ണാടകയിലെ സംഭവവികാസങ്ങള്‍. നാളെ കര്‍ണാടകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളും സമീപഭാവിയില്‍ ഇതേദിശയിലാകും. വര്‍ഗീയവല്‍ക്കരണം അത്രമാത്രം തീവ്രമായി മുന്നേറുന്നുണ്ട്. ഇത് മതേതരവിശ്വാസികളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണെന്നും മല്ലിക പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നരേന്ദ്രമോഡിയുടെ വംശഹത്യയെയും ഹിന്ദുത്വഫാസിസ്റ്റ് നീക്കങ്ങളെയും എതിര്‍ക്കുന്നവരെ ഗുജറാത്തുവിരുദ്ധരായാണ് ചിത്രീകരിക്കുന്നത്. ജനാധിപത്യമെന്നത് അവിടെയില്ല. സമ്പൂര്‍ണ ഏകാധിപത്യഭരണമാണ്. പൊലീസ്, ഭരണനിര്‍വഹണം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു. അക്ബറെ അധിക്ഷേപിക്കുന്നതും ഹിറ്റ്ലറെ രക്ഷകനായി വാഴ്ത്തുന്നതുമായ പാഠ്യപദ്ധതിയാണ് മോഡി നടപ്പാക്കിയത്. വികസനത്തിന്റെയല്ല, വംശഹത്യയുടെ സിഇഒയാണ് മോഡിയെന്നുംഅവര്‍ പറഞ്ഞു. മുസ്ലിങ്ങളെ വംശഹത്യക്കിരയാക്കി ശവക്കൂനയ്ക്കുമേലാണ് ഗുജറാത്തില്‍ നരേന്ദ്രമോഡി വികസനം നടപ്പാക്കിയതെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. 2002ലെ വംശഹത്യയെതുടര്‍ന്ന് ഒരു ശതമാനം ആഭ്യന്തരവളര്‍ച്ച നേടിയതായാണ് അവകാശവാദം. അപ്പോള്‍ ഉയര്‍ന്ന വളര്‍ച്ചയ്ക്കായി ഇനിയും കൊലയും കലാപവും വേണമെന്ന സന്ദേശമാണിവര്‍ നല്‍കുന്നത്. വികസനമാതൃകയെന്നാല്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തണമെന്നാണ് മോഡി പ്രചരിപ്പിക്കുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.

deshabhimani 310312

നീതിതേടാനുറച്ച് ബന്ധുക്കള്‍


കണ്ണൂര്‍: ""അവനൊരിക്കലും ആത്മഹത്യചെയ്യില്ല. അത് കൊലപാതകമാണ്. ഉപരിപഠനംതേടിപ്പോകുന്ന മറ്റൊരു കുട്ടിക്കും അജ്മലിന്റെ ഗതിവരരുത്. അതിനാല്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ ഏതറ്റം വരെയും പോകും""- ബംഗളൂരൂ ചിക്കബല്ലാപ്പൂരിലെ ശാഷിബ് എന്‍ജിനിയറിങ് കോളേജില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ് മരിച്ച കാപ്പാടെ അജ്മലിന്റെ പിതാവ് ഹാരിസ് മകന്‍ നഷ്ടപ്പെട്ട വേദനക്കിടയിലും വിരല്‍ചൂണ്ടിയത് അന്യസംസ്ഥാനത്ത് പഠിക്കുന്നവരുടെ ദുരിതങ്ങള്‍ക്കുനേരെ. ഏകമകന്റെ ദുരന്തവാര്‍ത്തയറിഞ്ഞാണ് അബുദാബിയില്‍നിന്ന് ഹാരിസ് ബംഗളൂരുവിലെത്തിയത്. വ്യാഴാഴ്ച പകല്‍ വരെ പ്രതീക്ഷയിലായിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ അജ്മല്‍ സംസാരിച്ചു. അപകടനില തരണംചെയ്തു ജീവിതം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നില വീണ്ടും വഷളായത്. ഹാരിസ് ആകെ തളര്‍ന്നു. ഉമ്മ സൗദയുടെ കാര്യം പറയാനുമില്ല. അജ്മലിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള നീക്കം ബംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ കാപ്പാട്, മബറൂഖ് ഹൗസിലെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ക്ഷുഭിതരായി.

""അജ്മലിന്റെ കാര്യത്തില്‍ നടന്നത് റാഗിങ്ങല്ല. ജൂനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് പണം കൊള്ളയടിക്കാനുള്ള ഏതാനും പേരുടെ പ്രാകൃതമനോഭാവമാണ്. ക്യാമ്പസിലെ നിരവധി ഒന്നാംവര്‍ഷ കുട്ടികള്‍ ഇതനുഭവിക്കുകയാണ്. കോളേജധികൃതര്‍ക്കടക്കം അന്വേഷണത്തിന് താല്‍പര്യമില്ലെന്നാണ് മനസിലാക്കുന്നത്" -അജ്മലിന്റെ ഉമ്മയുടെ സഹോദരിയുടെ മകന്‍ പറഞ്ഞു. അജ്മല്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപാഠി മൊബൈല്‍ഫോണിലൂടെ സംഭവത്തെക്കുറിച്ചു വിവരിക്കുന്നത് ഫോണില്‍ റെക്കോഡ് ചെയ്തത് അദ്ദേഹം കേള്‍പ്പിച്ചു. ആരൊക്കെ ചേര്‍ന്നാണ് അജ്മലിനെ പീഡിപ്പിച്ചതെന്ന് അവന്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. അജ്മല്‍ കുളിമുറിയില്‍ കയറിയപ്പോള്‍ പുറത്തുനിന്ന് തിന്നര്‍ ഒഴിച്ചു തീയിടുകയായിരുന്നുവെന്നാണ് അവന്റെ വിശദീകരണം.

ബംഗളൂരുവില്‍ പഠിക്കണമെന്നത് അജ്മലിന്റെ ആഗ്രഹമായിരുന്നു. ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് അവിടെ പഠിച്ചാല്‍ കൂടുതല്‍ സാധ്യതയുണ്ടന്ന് പറയുമായിരുന്നുവെന്ന് ഉപ്പയുടെ സഹോദരന്‍ അബ്ദുള്ള പറഞ്ഞു. നാലുലക്ഷംരൂപ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍നിന്ന്് പഠനവായ്പയെടുത്താണ് കോളേജില്‍ ചേര്‍ന്നത്. ചേര്‍ന്നിട്ട് എട്ടു മാസമായിട്ടേയുള്ളൂ. സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെക്കുറിച്ച് അവധിക്ക് വന്നപ്പോള്‍ ഉമ്മയോടു സൂചിപ്പിച്ചിരുന്നു. പുതുവത്സരാഘോഷത്തിനുള്ള പണം കൊണ്ടുവരണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉമ്മയുടെ നാലരപവന്‍ സ്വര്‍ണമാല അവരറിയാതെ എടുത്തുകൊണ്ടുപോയിക്കൊടുത്തു. ഫെബ്രുവരിയില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് നാട്ടില്‍ വന്നപ്പോള്‍ മടങ്ങിപ്പോകാനുള്ള പ്രയാസം അജ്മല്‍ ചില സുഹൃത്തുക്കളെ അറിയിച്ചിരുന്നു. കോളേജ് മാറണമെന്നു പറഞ്ഞിരുന്നതായി ബന്ധുവായ ഫുവാദ് പറഞ്ഞു.

deshabhimani 310312

സിപിഐ എം പ്രകടനത്തിനുനേരെ പയ്യോളിയില്‍ ആര്‍എസ്എസ് അക്രമം


സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച് പയ്യോളിയില്‍ നിര്‍മിച്ച സ്വാഗതസംഘം ഓഫീസ് നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം പയ്യോളി ഏരിയാ കമ്മിറ്റി നടത്തിയ പ്രകടനത്തിന് നേരെ ആര്‍എസ്എസ് അക്രമം. ഏരിയാ കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആയുധങ്ങളും അലൂമിനിയം ബക്കറ്റുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചോടെ പാര്‍ടി ഏരിയാ കമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് പുറപ്പെട്ട പ്രകടനം ബീച്ച് റോഡില്‍നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുമ്പോഴാണ് 20ഓളം വരുന്ന സംഘം ആക്രമിച്ചത്. പ്രകടനത്തിലെ മുന്‍നിരയിലെ നേതാക്കള്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഏരിയാ കമ്മിറ്റി അംഗം കൂടയില്‍ ശ്രീധരന്‍, മേലടി സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ മമ്മദ് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി ചന്തു, ലോക്കല്‍ സെക്രട്ടറി പി വി രാമചന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം പി ഗോപാലന്‍, ദേശാഭിമാനി ഏരിയാ ലേഖകന്‍ എം പി മുകുന്ദന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു.

മിന്നലാക്രമണം നടത്തി പ്രകടനത്തെ പിന്തിരിപ്പിക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ പ്രവര്‍ത്തകര്‍ ധീരമായി പ്രതിരോധിച്ചു. ഒടുവില്‍ സംഘാംഗങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. പ്രകടനം പിന്നീട് തുടര്‍ന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പയ്യോളി പൊലീസ്സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി. സംഭവസ്ഥലത്ത് എത്താന്‍ വൈകിയ പൊലീസ്, പരിക്കേറ്റ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ്ചെയ്യാനാണ് ശ്രമിച്ചത്. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് നടപടിയില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയത്.

അക്രമം പൊലീസ് ഒത്താശയോടെ: സിപിഐ എം

പയ്യോളി: പയ്യോളിയില്‍ ആര്‍എസ്എസ് അക്രമം പൊലീസിന്റെ ഒത്താശയോടെയെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംഘാടക ഓഫീസ് നശിപ്പിച്ചതിനെതിരെ സമാധാനപരമായി നടത്തിയ പ്രകടനത്തെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ടൗണില്‍ പൊലീസ് ഉണ്ടായിരുന്നില്ല. പയ്യോളിയില്‍ സമാധാനം നിലനിര്‍ത്താന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ ഒന്നര മാസം മുമ്പ് നടന്ന സംഭവത്തിന്റെ പേരില്‍ പയ്യോളിയില്‍ പാര്‍ടി പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന ആര്‍എസ്എസ് - ബിജെപി നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. പാര്‍ടി പ്രവര്‍ത്തകര്‍ ക്ഷമയോടെ നില്‍ക്കുന്നത് ഭീരുത്വമാണെന്ന് കരുതണ്ട. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ ചെങ്കൊടിപ്രസ്ഥാനത്തിന് ആരുടെയും സഹായം വേണ്ട. അക്രമികളെ പൊലീസ് പിടികൂടുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പയ്യോളിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

പയ്യോളി: സിപിഐ എം പ്രകടനത്തിന് നേരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പയ്യോളിയില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. അക്രമികളെ പൊലീസ് അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് പകല്‍ മൂന്നിന് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഏരിയാ സെക്രട്ടറി ടി ചന്തു അറിയിച്ചു. മൂടാടി, തിക്കോടി, പയ്യോളി, തുറയൂര്‍ പഞ്ചായത്തുകളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

deshabhimani 310312

ടട്ര ട്രക്ക് ഇടപാട്: അന്വേഷണം രാജീവ്ഗാന്ധി വരെ നീളും


ടട്ര ട്രക്ക് ഇടപാടിനു പിന്നില്‍ വന്‍അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിട്ടും പ്രതിരോധമന്ത്രി എ കെ ആന്റണി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യം ദുരൂഹമായി തുടരുന്നു. ഒന്നരവര്‍ഷം മുമ്പ് കരസേനാ മേധാവി നേരിട്ടുപറഞ്ഞതിനു പുറമെ 2011 ജൂലൈയില്‍ ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇംഗ്ലീഷ് ദിനപത്രങ്ങളും "ദേശാഭിമാനി" ഉള്‍പ്പെടെ മറ്റു ചില ഭാഷാപത്രങ്ങളും വാര്‍ത്ത വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടട്ര ട്രക്ക് ഇടപാടിനെ കുറിച്ച് അന്വേഷിച്ചാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വീണ്ടുമൊരു അഴിമതി ഇടപാടില്‍ കുടുങ്ങുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭയമാണ് അന്വേഷണത്തിന് തടസ്സമായതെന്നാണ് സൂചന. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ പല നേതാക്കളും അസ്വസ്ഥരാണ്. കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബത്തെയാണ് ആന്റണി പ്രതിസന്ധിയിലാക്കിയതെന്ന് പാര്‍ടി നേതാക്കള്‍ ആരോപിക്കുന്നു.

1986ല്‍ രാജീവ്ഗാന്ധി പ്രതിരോധവകുപ്പ് കൈയാളിയ സമയത്താണ് വിവാദ ടട്ര ട്രക്ക് ഇടപാടില്‍ ഒപ്പുവച്ചത്. സിബിഐയുടെ അന്വേഷണം നേരായ ദിശയില്‍ നീങ്ങിയാല്‍ രാജീവ്ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്തേക്ക് വരും. എന്നാല്‍, രാജീവിന്റെ പേര് ഉയര്‍ന്നുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 1987 മുതല്‍ 2010 വരെയാണ് പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ വഴി കരസേനയ്ക്ക് ടട്ര ട്രക്കുകള്‍ ഇറക്കുമതി ചെയ്തത്. ഇതുവരെ ഏഴായിരത്തോളം ട്രക്കാണ് ഇറക്കുമതി ചെയ്തത്. ഏതാണ്ട് 5,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 750 കോടിയോളം കോഴപ്പണമായി ഉന്നതര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ട്രക്ക് ഇറക്കുമതി കരാറിനൊപ്പം സാങ്കേതികവിദ്യ കൈമാറാമെന്ന കരാറുമുണ്ടായിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. ബിഇഎംഎല്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യവും എടുത്തിട്ടില്ല.

ചെക്ക് കമ്പനിയായ ടട്രയില്‍ നിന്നാണ് തുടക്കത്തില്‍ ട്രക്കുകള്‍ ഇറക്കുമതി ചെയ്തിരുന്നതെങ്കിലും 1997ല്‍ കമ്പനി മാറി. ബ്രിട്ടന്‍ കേന്ദ്രമായ ടട്ര- സൈപോക്സ് എന്ന കമ്പനിയാണ് തുടര്‍ന്നുള്ള ഇറക്കുമതി നടത്തിയത്. ടട്ര കമ്പനിയിലെ പ്രധാന ഓഹരി ഉടമയായി അവരുടെ മാര്‍ക്കറ്റിങ് വിഭാഗമായ സൈപോക്സ് മാറിയെന്നും അതുകൊണ്ട് ഈ കമ്പനി മുഖാന്തരമാണ് തുടര്‍ന്നുള്ള ഇറക്കുമതിയെന്നുമാണ് ബിഇഎംഎല്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. സൈപോക്സ് കമ്പനി ടട്രയുടെ മാര്‍ക്കറ്റിങ് വിഭാഗമല്ലെന്ന് ആക്ഷേപമുണ്ട്. ടട്രയില്‍ നിന്ന് ട്രക്ക് ഭാഗങ്ങള്‍ വാങ്ങി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഇടനിലക്കാര്‍ മാത്രമാണ് സൈപോക്സ്. ഇടനിലക്കാര്‍ വഴി ഇറക്കുമതി നടത്തുന്നതിന്റെ പേരില്‍ ചെക്ക് റിപ്പബ്ലിക്കില്‍ ടട്രയ്ക്കെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2010 വരെ റോക്കറ്റുകള്‍ ഉള്‍പ്പെടെ ഭാരമേറിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും നീക്കത്തിന് പൂര്‍ണമായും ടട്രയെയാണ് കരസേന ആശ്രയിച്ചിരുന്നത്. എന്നാല്‍, 2010ല്‍ വാങ്ങേണ്ട ട്രക്കുകളുടെ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വന്നു. ഇതോടെ മറ്റു കമ്പനികള്‍ക്കും ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുക്കാമെന്നായി. ഈ ഘട്ടത്തിലാണ് തുടര്‍ന്നും ടട്രയെ ആശ്രയിക്കണമെന്ന ആവശ്യവുമായി കരസേനാ മേധാവിക്ക് മുന്നില്‍ കോഴ വാഗ്ദാനമെത്തിയത്.

deshabhimani 310312

മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല


അനാഥയായ പിഞ്ചുകുഞ്ഞ് വെള്ളംനിറച്ച ബക്കറ്റില്‍ വീണ് മരിക്കാനിടയായ സംഭവം ശിശുക്ഷേമസമിതിയിലെ മൂന്ന് ആയമാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം മറവിയില്‍ കുഴിച്ചുമൂടാന്‍ കഴിയുന്ന കുറ്റമല്ല. ദൗര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ച് തേച്ചുമാച്ചു കളയാനും കഴിയില്ല. യാദൃച്ഛിക സംഭവമായി കണ്ട് അവഗണിച്ച് തള്ളേണ്ടതുമല്ല പ്രശ്നം. അനാഥശിശുവായതുകൊണ്ട് പരാതിപ്പെടാന്‍ ആളില്ലെന്ന് വന്നേക്കാം. അക്ഷരാര്‍ഥത്തില്‍ ഇത് പൈശാചികമായ ശിശുഹത്യയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.
ശിശുക്ഷേമസമിതി നാഥനില്ലാക്കളരിയായി മാറ്റിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. ശിശുക്ഷേമസമിതിയുടെ ഭരണം കാര്യക്ഷമമായി നടത്തിയിരുന്നത് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്. തികഞ്ഞ ശുഷ്കാന്തിയോടെയാണ് അതിന്റെ ഭരണം നടന്നത്. യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ എല്ലാം അത്യാര്‍ത്തിയോടെ വാരിപ്പിടിക്കാനും കൈയിലൊതുക്കാനും ഏത് വഴിവിട്ട രീതിയും അവലംബിക്കാമെന്നായി. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ ഓരോന്നും നിയമവിരുദ്ധമായി പിരിച്ചുവിട്ടു. സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ പിരിച്ചുവിട്ടു. സങ്കുചിത രാഷ്ട്രീയവീക്ഷണവും സ്വാര്‍ഥലാഭവും അഴിമതി നടത്താനുള്ള താല്‍പ്പര്യവുമൊക്കെ കൂടിച്ചേര്‍ന്നാണ് ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. ശിശുക്ഷേമസമിതി പിരിച്ചുവിട്ടതിനെതിരെ ഭരണസമിതിയുടെ ഉത്തരവാദപ്പെട്ട ആളുകള്‍ നീതിന്യായകോടതിയെ സമീപിച്ചു. അനുകൂലവിധിയുണ്ടാകുകയുംചെയ്തു. പിരിച്ചുവിടുന്നതിനുമുമ്പുണ്ടായിരുന്ന ഭാരവാഹികളെ ചുമതല തിരിച്ചേല്‍പ്പിക്കണമെന്ന് കോടതി വിധിച്ചിട്ടും വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിതന്നെ വിസമ്മതിച്ചു.

ഇപ്പോള്‍ സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെയാണ് മരണം സംഭവിച്ചത്. 56 ശിശുക്കളാണവിടെയുണ്ടായത്. കുട്ടികളെ നോക്കാന്‍ മുപ്പത്തഞ്ചോളം ആയമാരുണ്ടെന്നാണറിയുന്നത്. എന്നാല്‍ അവരുടെ ചുമതല നിശ്ചയിക്കാനോ, ജീവനക്കാരെ നിയന്ത്രിക്കാനോ ചുമതലയുള്ള ആരുമില്ല. ആവശ്യമായ ഫണ്ടനുവദിക്കാതെ സ്ഥാപനത്തെ വരിഞ്ഞുമുറുക്കുന്നു. ഒന്നരവയസ്സുകാരി അന്യയാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ നാലാംനിലയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാരിമാറിയപ്പോഴാണ് കുട്ടി വെള്ളത്തില്‍ വീഴാനിടയായതെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ജീവനക്കാരി തിരിച്ചുവരുമ്പോള്‍ കുട്ടി ബക്കറ്റില്‍ വീണുകിടക്കുന്നതാണ് കാണുന്നത്. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ഉണ്ടായില്ല. ശിശുക്ഷേമസമിതിയില്‍ വാഹനമുണ്ടെന്ന് പറയുന്നു. അതിനെന്ത് സംഭവിച്ചു എന്നറിയില്ല. ഇപ്പോഴും ചില കുഞ്ഞുങ്ങള്‍ക്ക് രോഗമുണ്ട്. സാധാരണ ഡോക്ടര്‍മാര്‍ വരാറുണ്ട്. ആ പതിവ് നിലച്ചു. ഭരണപരമായ വീഴ്ചകാരണമാണ് എല്ലാം കുത്തഴിഞ്ഞുകിടക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തമുള്ള സംസ്ഥാനമുഖ്യമന്ത്രിക്ക് ഇതെല്ലാം ശ്രദ്ധിക്കാന്‍ കഴിയുമോ എന്ന് ശുദ്ധാത്മാക്കളായ ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ എന്തിനീ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു? ഭരണസമിതി പിരിച്ചുവിട്ടതെന്തിനാണ്? അവിടെ ഭരണപരമായ വീഴ്ച സംഭവിച്ചില്ലല്ലോ.

സങ്കുചിത താല്‍പ്പര്യം മുന്‍നിര്‍ത്തി എല്ലാം കൈപ്പിടിയിലൊതുക്കാനും സ്വന്തം പാര്‍ടിക്കാര്‍ക്ക് പുതിയ ലാവണം കണ്ടെത്താനും അവരെ തൃപ്തിപ്പെടുത്താനും സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും ഉത്തമ താല്‍പ്പര്യം ബലികഴിച്ച് പ്രവര്‍ത്തിച്ചാല്‍ ഭവിഷ്യത്തുകള്‍ പലതും സംഭവിക്കും. കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തലയൂരാന്‍ കഴിയുന്നതല്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യംകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. വെള്ളംനിറച്ച ബക്കറ്റില്‍ വീണും ജലാശയങ്ങളില്‍ വീണും പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വടകരയിലെ ഒരു പത്രലേഖകന്റെ കുഞ്ഞ് വെള്ളംനിറച്ച ബക്കറ്റില്‍വീണ് മരിക്കാനിടയായത് എല്ലാവരെയും ഞെട്ടിച്ചതാണ്. പിന്നീടെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കളും മറ്റുത്തരവാദപ്പെട്ടവരും ശ്രദ്ധാലുക്കളാകും എന്ന് കരുതിയിരുന്നു. എന്നാല്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ശിശുക്ഷേമസമിതിയില്‍ ഒന്നരവയസായ കുഞ്ഞ് മരിക്കാനിടയായ സംഭവത്തെപ്പറ്റി നിഷ്പക്ഷവും ഫലപ്രദവുമായ അന്വേഷണം നടക്കണം. ഉത്തരവാദികള്‍ എത്ര വലിയവരായാലും ഏത് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരായാലും ശിക്ഷിക്കപ്പെടണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ.

deshabhimani editorial 310312

ഗുജറാത്തില്‍ മഹാദുരിതം


""നിങ്ങള്‍ കേട്ടതൊന്നും ഗുജറാത്തല്ല. വികസനത്തെക്കുറിച്ച് വായിച്ചതും അറിഞ്ഞതും എല്ലാം നിറംപിടിപ്പിച്ച കഥകള്‍. ഗാന്ധിജിയുടെ നാടിന്ന് കൊടുംനാശത്തിന്റെ പടിവാതില്‍ക്കലാണ്."" ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് "തിളങ്ങുന്" ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാണിക്കുന്നു.

മുഖം മിനുക്കിയും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും കെട്ടുകാഴ്ചയാക്കി നിര്‍ത്തിയ ഗുജറാത്തെന്ന ശരീരം ദുഷിച്ചുകഴിഞ്ഞു. ഒരു മഹാദുരന്തത്തിന്റെ വക്കത്തുനിന്നാണ് ഇത് പറയുന്നത്. പത്രങ്ങളും ചാനലുകളും പൊലിപ്പിക്കുന്നതല്ല നരേന്ദ്രമോഡിയുടെ ഗുജറാത്ത്. മിനുമിനുത്ത ഹൈവേ കണ്ട് നാട് ജര്‍മനിയും പാരീസുമൊക്കെയായെന്ന് തെറ്റിദ്ധരിക്കരുത്. അവിടത്തെ ഗ്രാമങ്ങളില്‍ പട്ടിണിയും അരക്ഷിതാവസ്ഥയുമാണ്. പുല്ലുതിന്ന് ജീവിക്കുന്ന കുട്ടികളുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ആത്മഹത്യകള്‍ പെരുകി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു. റോഡുകളും ഗതാഗതമേഖലയും വിദ്യാഭ്യാസരംഗവും എല്ലാം സ്വകാര്യവല്‍ക്കരിച്ചു. പണമുള്ളവര്‍ കൂടുതല്‍ പണക്കാരായി. ദരിദ്രന്‍ കൂടുതല്‍ ദരിദ്രനും. വ്യവസായികളുടെ പറുദീസയെന്ന് കൊട്ടിഘോഷിക്കുന്ന നാട്ടില്‍ ഇരുമ്പ് തിന്ന് ജനങ്ങള്‍ക്ക് ജീവിക്കാനാകുമോ?

എവിടെയാണ് ഗുജറാത്ത് തിളങ്ങുന്നത്, എവിടെയാണ് മോഡി തിളങ്ങുന്നത്. മോഡി ഏകാധിപതിയായി മാറി. ദുര്‍ഭരണവും അഴിമതിയും ഗുജറാത്തിനെ വിഴുങ്ങി. പൊലീസും ഭരണവ്യവസ്ഥയും നിയമവുമെല്ലാം മോഡിയാണ്. എംഎല്‍എമാരും മന്ത്രിമാരുമടക്കം മോഡിയുടെ ആജ്ഞാനുവര്‍ത്തികള്‍മാത്രം. നിയമസഭപോലും മോഡിയുടെ കൈയിലാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടിമപ്പണിചെയ്യുന്നു. മോഡി അറിയാതെ ഗുജറാത്തില്‍ ഒന്നും നടക്കില്ല. എതിരഭിപ്രായം പറയുന്നവരെ ഗുജറാത്തുവിരോധിയെന്ന് മുദ്രകുത്തും. വികസനവിരോധിയെന്നും രാജ്യദ്രോഹിയെന്നും ആക്ഷേപിച്ച് നശിപ്പിക്കും, വേണ്ടിവന്നാല്‍ തലയും വെട്ടും. എതിര്‍ത്ത് പറയാന്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ത്രാണിയില്ല. പടലപിണക്കവും ഗ്രൂപ്പുപോരും കോണ്‍ഗ്രസിന്റെ നട്ടെല്ല് തകര്‍ത്തു. മോഡി നടത്തിയ വംശഹത്യയുടെ നടുക്കം ഇന്നും ഗുജറാത്തിനെ വിട്ടൊഴിഞ്ഞിട്ടില്ല. 2002ലെ കൂട്ടക്കൊല ആരും മറന്നിട്ടില്ല, ഒരിക്കലും മറക്കാനുമാകില്ല. ഇരകളാക്കപ്പെട്ടവരുടെ കണ്ണീര്‍ ഇനിയും മാഞ്ഞിട്ടില്ല. അവര്‍ക്കൊപ്പം നിന്ന് മോഡിക്കെതിരായ പോരാട്ടം തുടരുകതന്നെചെയ്യും.

ഗുജറാത്ത് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഇപ്പോള്‍ ചില ഗുജറാത്തി പത്രങ്ങള്‍ മോഡിയെ ചോദ്യംചെയ്തുതുടങ്ങി. ചില ഇംഗ്ലീഷ് പത്രങ്ങള്‍ക്കും അനക്കമുണ്ട്. പക്ഷേ, ദേശീയ മാധ്യമങ്ങളും ചാനലുകളും പരസ്യത്തിന്റെ കനത്തില്‍ മഞ്ഞളിച്ചുനില്‍ക്കുകയാണ്. മാധ്യമങ്ങള്‍ക്ക് അവിടെ ഒരുപാട് ചെയ്യാനാകും. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കലയ്ക്ക് പ്രധാന പങ്കുവഹിക്കാന്‍ സാധിക്കും. പാട്ടും നൃത്തവും സംഗീതവുമെല്ലാം പ്രതിരോധത്തിനുള്ള നല്ല ആയുധങ്ങളാണ്. ഒരു സന്ദേശം ജനങ്ങളിലെത്തിക്കാനും ഏറ്റവും ഫലപ്രദം കലാരൂപങ്ങളാണ്. മോഡിക്കെതിരായ പോരാട്ടത്തില്‍ അതെല്ലാം ശക്തമായി ഉപയോഗിക്കുന്നതായി, പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ അതിപ്രശസ്തയായ മകള്‍ പറഞ്ഞു. ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും പെണ്‍കുട്ടികളോട് ഉണരാന്‍ സമയമായെന്നാണ് മല്ലികയ്ക്ക് പറയാനുള്ളത്. ജീവിതത്തില്‍ പോരാടുന്ന സ്ത്രീകള്‍ക്ക് കേരളത്തിലെങ്കിലും സമൂഹത്തിന്റെ പിന്തുണ കിട്ടുന്നുണ്ടോ- മല്ലിക ചോദിക്കുന്നു.
(ആര്‍ രഞ്ജിത്)

deshabhimani 310312

കോണ്‍. മുന്‍ എംപിയുടെ കത്തും ആന്റണി മുക്കി


പ്രതിരോധമന്ത്രാലയത്തിലെ വന്‍ അഴിമതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മന്ത്രി എ കെ ആന്റണി നടപടിയെടുക്കാതിരുന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഡി ഹനുമന്തപ്പ 2009ല്‍ത്തന്നെ ടട്ര ട്രക്ക് അഴിമതി ചൂണ്ടിക്കാട്ടി ആന്റണിക്ക് കത്തയച്ചെങ്കിലും നടപടി എടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ക്കും ഹനുമന്തപ്പ കത്തയച്ചെങ്കിലും പേരിനൊരു വകുപ്പുതല അന്വേഷണത്തില്‍ നടപടി ഒതുങ്ങി. അന്വേഷണമാകട്ടെ എവിടെയും എത്താതെ അവസാനിപ്പിച്ചു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഈ വിഷയത്തില്‍ ആന്റണി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്നും തെളിഞ്ഞു. ട്രക്ക് അഴിമതിയെ കുറിച്ച് കരസേനാമേധാവി ജനറല്‍ വി കെ സിങ് 2010ല്‍ വെളിപ്പെടുത്തുമ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും ഇതറിഞ്ഞ് ഞെട്ടി കൈ തലയ്ക്ക് വച്ചിരുന്നുപോയെന്നുമാണ് ആന്റണി "വികാരവിവശനായി" രാജ്യസഭയില്‍ പറഞ്ഞത്. അഴിമതിയെ കുറിച്ച് നേരത്തെ വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത ആന്റണി രാജിവയ്ക്കണമെന്ന് രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ബിജെപി ആവശ്യപ്പെട്ടു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല.

എന്നാല്‍, മന്ത്രിയെ സംരക്ഷിക്കാന്‍ പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഹനുമന്തപ്പയുടെ കത്ത് ലഭിച്ചിരുന്നെന്ന് സ്ഥിരീകരിച്ച പ്രതിരോധമന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിരുന്നെന്നും അവകാശപ്പെട്ടു. എന്നാല്‍, അന്വേഷണം എവിടെ എത്തിയെന്ന് വിശദീകരണമില്ല. മന്ത്രാലയത്തിന്റെ പ്രസ്താവന ഇങ്ങനെ: സോണിയക്ക് ഹനുമന്തപ്പ അയച്ച കത്ത് ഗുലാംനബി ആസാദ് വഴി 2009 ഒക്ടോബര്‍ അഞ്ചിന് ആന്റണിക്ക് ലഭിച്ചു. ഇതേ കുറിച്ച് പരിശോധിക്കാന്‍ ആന്റണി പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിന്റെ വിജിലന്‍സും ബിഇഎംഎല്ലും (ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ്) ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബിഇഎംഎല്ലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പ്രതിരോധമന്ത്രി ഫെബ്രുവരി 21ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ട്രക്ക് അഴിമതി ഇടപാടില്‍ സിബിഐ വെള്ളിയാഴ്ച ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടട്ര കമ്പനിയിലെ മുഖ്യപങ്കാളിയായ വെക്ട്ര ഗ്രൂപ്പ് അധ്യക്ഷന്‍ രവി റിഷിയെ ഡല്‍ഹിയില്‍ ചോദ്യംചെയ്തു. ബ്രിട്ടീഷ് പൗരനായ റിഷി ഡല്‍ഹിയിലെ പ്രതിരോധപ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തിയത്. ഡല്‍ഹി, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലായി നാല് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കരസേനാമേധാവിയുടെ പരാതി ലഭിച്ചശേഷം കേസെടുക്കാനിരുന്ന സിബിഐ പ്രത്യേകിച്ച് പരാതി ഇല്ലാതെതന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഴിമതി ഇടപാടിനെ കുറിച്ചും 14 കോടിയുടെ കോഴവാഗ്ദാനത്തെ കുറിച്ചും രണ്ട് കേസെടുക്കുമെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധമന്ത്രാലയം, കരസേന, ബിഇഎംഎല്‍, വെക്ട്ര എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സ്വന്തം ഭാഗം ന്യായീകരിച്ച് ബിഇഎംഎല്‍ ചെയര്‍മാന്‍ വി ആര്‍ എസ് നടരാജന്‍ രംഗത്തെത്തി. പ്രതിരോധമന്ത്രിക്കും തനിക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് ജനറല്‍ വി കെ സിങ് പ്രസ്താവനയില്‍ പറഞ്ഞു.
(എം പ്രശാന്ത്)

ആന്റണിക്ക് തുടരാന്‍ അര്‍ഹതയില്ല: വി എസ്

രാജ്യരക്ഷാകാര്യങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുകയും കഴിവുകേട് തെളിയിക്കുകയുംചെയ്ത എ കെ ആന്റണിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചസാര ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം കേട്ടയുടന്‍ രാജിവച്ചയാളാണ് താനെന്ന് പറയുന്നത് ഇപ്പോള്‍ സ്ഥാനത്ത് തുടരുന്നതിനുള്ള ന്യായീകരണമല്ല. കേരളത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് ഹെലികോപ്റ്റര്‍ വരെ ഉപയോഗിച്ച് പ്രചാരണം നടത്താന്‍ ഒഴുക്കിയ കോടികള്‍ പ്രതിരോധ ഇടപാടിലൂടെ കോണ്‍ഗ്രസ് ഫണ്ടിലെത്തിയ തുകയില്‍നിന്നാണെന്ന് സംശയിക്കണം. നിലവാരം കുറഞ്ഞ ടട്രോ ട്രക്കുകള്‍ വാങ്ങിയാല്‍ 14 കോടി കോഴ നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായതായി ജനറല്‍ വി കെ സിങ് ഒരുവര്‍ഷം മുമ്പ് ആന്റണിയെ പരാതി ബോധിപ്പിച്ചു. പരാതി എഴുതിക്കൊടുക്കാത്തതിനാല്‍ അന്വേഷിച്ചില്ലെന്നാണ് ആന്റണി പറയുന്നത്. ആന്റണിയുടെ നടപടി നിരുത്തരവാദിത്തം മാത്രമല്ല, രാജ്യദ്രോഹം തന്നെയാണ്. പ്രതിരോധവകുപ്പില്‍ അരാജകത്വമെന്നുതോന്നിക്കുന്ന നടപടികള്‍ക്ക് കാരണക്കാരനായ ആന്റണിക്ക് തുടരാന്‍ അര്‍ഹതയില്ല.

ബോഫോഴ്സ് കുംഭകോണത്തിലെ മുഖ്യപ്രതിയായ ക്വട്റോച്ചിയെ വെറുതെവിടാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപടികള്‍ നീക്കുമ്പോഴും ആന്റണി മൂകസാക്ഷിയായി നിന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവും ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ്. ഫ്രാന്‍സില്‍നിന്ന് 52,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറും അഴിമതിയാരോപണങ്ങള്‍ക്ക് ഇടയാക്കി. ഇസ്രയേലില്‍നിന്ന് 14,000 കോടിയുടെ മിസൈല്‍ വാങ്ങുന്നതിന് ഒപ്പുവച്ച കരാറിലും 600 കോടിയുടെ കോഴയിടപാട് നടന്നു. അതില്‍ മുഖ്യപങ്കും പോയത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു ഫണ്ടിലേക്കാണ്. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫണ്ടുണ്ടാക്കാന്‍ പ്രതിരോധ ഇടപാടുകളിലെ അഴിമതിക്ക് ആന്റണി കൂട്ടുനിന്നു.

യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച കുംഭകോണങ്ങളുടെ ഘോഷയാത്രയിലും അഴിമതിയുടെ റെക്കോഡിലും ആന്റണിയുടെ വകുപ്പും വലിയ സംഭാവന ചെയ്തു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നല്‍കിയ ഫണ്ടിന്റെ സ്രോതസ്സ് അറിയാവുന്നതുകൊണ്ടാകും കോണ്‍ഗ്രസ് നേതാക്കള്‍ ആന്റണിയെ ന്യായീകരിക്കുന്നതെന്ന് വി എസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതിനുള്ള ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ക്യാപ്റ്റനെതിരെ കേസെടുക്കാതെയും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെയും കപ്പല്‍ വിട്ടുകൊടുക്കുന്നത് കേസിനെ ബാധിക്കുമെന്ന് വി എസ് പറഞ്ഞു.

deshabhimani 310312

മോഡിയെ മാതൃകയാക്കി മമത


ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നരേന്ദ്രമോഡി ഭരണം നടത്തിയ ക്രൂരതകള്‍ പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ മാതൃകയാക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ഗുജറാത്തില്‍ വര്‍ഗീയ ഫാസിസമാണെങ്കില്‍ ബംഗാളില്‍ ഭരണകൂട ഭീകരതയാണ്. ഹിന്ദുവര്‍ഗീയത ആളിക്കത്തിച്ച് മുസ്ലിംകൂട്ടക്കുരുതികള്‍ക്ക് നേതൃത്വം നല്‍കിയ മോഡി പത്രങ്ങളെയും ഭീഷണിപ്പെടുത്തി. ഇതോടെ പ്രാദേശിക പത്രങ്ങള്‍ വരുതിയിലായി. വശംവദരാകാത്ത ദേശീയ പത്രങ്ങള്‍ക്കെതിരെ കടുത്ത നിലപാടെടുത്തു. ഇതു തന്നെയാണ് ബംഗാളില്‍ ഇപ്പോള്‍ മമതആരംഭിച്ചത്. കമ്യൂണിസ്റ്റുകാരെ കൊലപ്പെടുത്തുന്നത് വാര്‍ത്തയാക്കുമ്പോള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. ഗ്രന്ഥാലയങ്ങള്‍ക്ക് പത്രങ്ങള്‍ നല്‍കുന്നത് നിരോധിച്ചു. ഭരണയന്ത്രം ഉപയോഗിച്ച് നടത്തുന്ന കൂട്ടക്കുരുതികള്‍ പുറംലോകം അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിത്. വര്‍ഗീയത വളര്‍ത്തിയ വിഷപുരുഷനാണ് മോഡിയെങ്കില്‍ കമ്യൂണിസ്റ്റ്വിരുദ്ധ വിഷം നല്‍കി ഇടതുപക്ഷവിരുദ്ധര്‍ വളര്‍ത്തിയ വിഷകന്യകയാണ് മമത. മമതയ്ക്ക് ബംഗാളിന്റെ മണ്ണില്‍ അധികകാലം വിഷംചീറ്റാന്‍ കഴിയില്ല. അവിടെ ഇടതുപക്ഷം പരിപാലിച്ച സമ്പന്നമായ സാംസ്കാരിക അന്തരീക്ഷമുണ്ട്.

അഴിമതി വര്‍ഗീയതയ്ക്ക് സഹായകമാകുമെന്നാണ് ഗുജറാത്ത് പാഠം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ മോഡി ഭരണത്തിന്റെ കുഴലൂത്തുകാരായി. അവരെ എന്തു വൃത്തികെട്ട മാര്‍ഗങ്ങള്‍ക്കും മോഡിക്ക് ഉപയോഗിക്കാനായി. അതിെന്‍റ ഭാഗമായാണ് വര്‍ഗീയത ആളിക്കത്തിക്കുന്ന മോഡി സര്‍ക്കാരിന്റെ ദുഷ്ചെയ്തികളോട് ഉദ്യോഗസ്ഥര്‍ മൗനംപാലിച്ചത്. അഴിമതിയോടുള്ള കോണ്‍ഗ്രസിന്റെ സമീപനവും വലിയ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കും. സഹസ്രകോടികളുടെ അഴിമതികേട്ട് അത്ഭുതപ്പെടുന്ന ജനങ്ങളെ മതങ്ങളും ഒറ്റയാള്‍ പ്രസ്ഥാനങ്ങളും ചൊല്‍പ്പടിയിലാക്കും. ആഗോളവല്‍ക്കരണ നയങ്ങളും മതഭീകരത വളര്‍ത്തി ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിക്കാന്‍ ശ്രമിക്കുന്നു. സവര്‍ണ ദൈവങ്ങളുടെ മഹത്കഥകള്‍ ടെലിസീരിയലുകളാക്കി വര്‍ഗീയതയെ കുത്തകകള്‍ പ്രോത്സാഹിപ്പിക്കുന്നത് അതുകൊണ്ടാണ്. ആര്‍എസ്എസ് പ്രചാരകന്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കുമെന്ന് ഗുജറാത്ത് നമുക്ക് കാണിച്ചുതന്നു.

രാജ്യത്ത് ഹിന്ദുത്വവര്‍ഗീയതയുടെ നിശബ്ദ വേരോട്ടം നടക്കുന്നുണ്ട്. സമ്പത്ത് സ്വരൂപിച്ച് ന്യൂനപക്ഷവര്‍ഗീയതയും വളരുന്നു. നമ്മുടെ സാംസ്കാരിക പൈതൃകങ്ങളും ചിഹ്നങ്ങളും മതങ്ങള്‍ക്ക് വിട്ടുകൊടുത്ത് നിശബ്ദരായിരിക്കരുത്. അവയെ മതേതരമായി നിലനിര്‍ത്താന്‍ കഴിയണം. രാജ്യത്തിന്റെ ഈ മഹത്തായ പാരമ്പര്യം സംരക്ഷിക്കാന്‍ മതേതര പാര്‍ടികളുടെ യോജിപ്പ് അനിവാര്യമാണ്. അതിന് സിപിഐ എം മുന്‍കൈയെടുക്കണം. ആ കൂട്ടായ്മയില്‍ വര്‍ഗീയവാദികളല്ലാത്ത വിശ്വാസികളെയും അണിനിരത്താന്‍ കഴിയണം- ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്കു പിന്നിലെ മോഡിയുടെ പങ്കിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തുകയും കുറ്റവാളികളെയെല്ലാം നിയമത്തിനു മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ് ശ്രീകുമാര്‍.
(എം വി പ്രദീപ്)

deshabhimani 310312

Friday, March 30, 2012

അരാജക സംഘമാകുന്ന മുസ്ലിംലീഗ്


മുമ്പ് പാണക്കാട്നിന്നും ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ ചോദ്യം ചെയ്യാന്‍ മുസ്ലിംലീഗില്‍ ആരും ധൈര്യപ്പെടില്ലായിരുന്നു. ഇപ്പോള്‍ പാണക്കാട്ടെ തീരുമാനമാണെന്ന് പ്രഖ്യാപിച്ചാല്‍ നേതാക്കളെ കൈയേറ്റം ചെയ്യുന്നു. കാസര്‍കോട്ട് ജില്ലാഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന നേതാവായിരുന്നു റിട്ടേണിങ് ഓഫീസര്‍. നിരീക്ഷകരുമുണ്ടായി. ലീഗിലും കോണ്‍ഗ്രസിലെപ്പോലെ ജനാധിപത്യമുണ്ടായിരുന്നില്ല. ഭാരവാഹികളെ പാണക്കാട്നിന്നും നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ഇതുവരെ സ്വീകരിച്ചത്. സിപിഐ എം സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നപ്പോഴാണ് ലീഗ് നേതൃത്വം സമ്മേളനത്തെക്കുറിച്ചും പാര്‍ടിക്കകത്തെ ജനാധിപത്യത്തെ കുറിച്ചും ചര്‍ച്ചപോലും നടത്തിയത്. അതുപക്ഷെ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടക്കുഴപ്പമാണ്. സംഘടന പോലുമില്ലാത്ത ഒരുതരം അരാജക- അരാഷ്ട്രീയ സംഘമായി ലീഗ് അധഃപതിച്ചു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ കൂട്ടത്തല്ലുണ്ടായത്. കുറച്ചുമുമ്പ് കോഴിക്കോട്ടും മലപ്പുറത്തും തിരുവനന്തപുരത്തും ആലപ്പുഴയിലും കൊല്ലത്തും സമാനരീതിയില്‍ തമ്മിലടിയുണ്ടായി. കാസര്‍കോട് 2012 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം സി ഖമറുദ്ദീനേക്കാള്‍ മൂന്ന് വോട്ട് അധികം ലഭിച്ചതിനാല്‍ ജില്ലാ സെക്രട്ടറിയായി എ അബ്ദുറഹിമാന്‍ തെരഞ്ഞെടുക്കപ്പെട്ടതാണ്. വിജയികളെ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച സംസ്ഥാന നേതാക്കള്‍ക്ക് അന്നു കഴിഞ്ഞില്ല. നേതാക്കളെ പരാജയപ്പെട്ട വിഭാഗം കൈയേറ്റംചെയ്തു. ജയിച്ചവരും തോറ്റവരും ചേരിതിരിഞ്ഞ് അക്രമം നടത്തി. ഒടുവില്‍ ഫലപ്രഖ്യാപനം മാറ്റി നേതാക്കള്‍ തടിതപ്പി. പിന്നീട് 2012 മാര്‍ച്ച് 17ന് ഫലം പ്രഖ്യാപിക്കാന്‍ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും എത്തി. പാണക്കാട് നിന്നുള്ള തീരുമാനം അണികളെ അറിയിക്കാന്‍ എത്തിയവര്‍ക്ക് കിട്ടിയ മറുപടി കൈയേറ്റമാണ്.

കണ്ണൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ കൗണ്‍സില്‍ യോഗം മാര്‍ച്ച് 24നായിരുന്നു. പി കെ കെ ബാവയും ടി പി എം സാഹിറും തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാനെത്തി. അടച്ചിട്ട ഓഡിറ്റോറിയത്തില്‍ യോഗ നടപടികള്‍ ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അസഭ്യവര്‍ഷത്തോടെ അണികള്‍ ഗെയിറ്റില്‍ തടഞ്ഞു. അവിടെയും കൂട്ടത്തല്ല്. ഓഡിറ്റോറിയത്തിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. കൂട്ടത്തല്ലിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗുകാര്‍ പാഞ്ഞടുത്തു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികളിലിരിക്കുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുക്കുന്നതിനെയാണ് ഒരു വിഭാഗം ചോദ്യം ചെയ്തത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലമാണ് അഴീക്കോട്. തെരഞ്ഞെടുപ്പ് ദിവസം കൂട്ടത്തല്ലായിരുന്നു. പലരും പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നു. പിന്നീട് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ജില്ലാ ഭാരവാഹിസ്ഥാനത്തേക്ക് വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയും വി വി വമ്പനും മത്സരിക്കുന്നതാവട്ടെ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലത്തിലെ കൗണ്‍സിലര്‍മാരായാണ്. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. കൗണ്‍സില്‍ അംഗമാകാതെ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ ലീഗിന്റെ ഭരണഘടന അനുവദിക്കുന്നില്ല. ആ പ്രശ്നം വന്നപ്പോള്‍, പാണക്കാട്നിന്നാണ് ഭരണഘടന തയ്യാറാക്കിയതെങ്കില്‍ അത് മാറ്റാനും അധികാരമുണ്ടെന്ന നിലപാടിലാണ് നേതൃത്വം.

ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളില്‍ സ്വന്തം അണികളെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത "ജനാധിപത്യ"മാണ് നിലനില്‍ക്കുന്നത്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ കൃത്രിമവും തമ്മില്‍ തല്ലുമാണ് നടന്നത്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രമല്ല. എല്ലായിടത്തും ഒരേ രീതി. കോണ്‍ഗ്രസില്‍ നിന്നാണോ ലീഗ് ഇത്തരം "ജനാധിപത്യം" പഠിച്ചതെന്ന കാര്യമാണ് ഇനി വ്യക്തമാക്കാനുള്ളത്. അഞ്ചാം മന്ത്രിസ്ഥാനത്തിന് ആവശ്യമുന്നയിച്ച് കോണ്‍ഗ്രസിന് ലീഗ് തലവേദനയാണെങ്കിലും ലീഗ് തീവ്രവാദത്തിന്റെ സംരക്ഷകരായി രംഗത്തുള്ളത് കോണ്‍ഗ്രസ് തന്നെയാണ്. രണ്ടിനും അടിസ്ഥാനം മാര്‍ക്സിസ്റ്റ് വിരോധം തന്നെ.

പാര്‍ടിക്കകത്ത് ജനാധിപത്യം നടപ്പാക്കണമെന്ന ആവശ്യം അച്ചടക്ക രാഹിത്യമോ സാമൂഹ്യവിരുദ്ധമോ തീവ്രവാദ ചിന്തയോ അല്ല. എന്നാല്‍ പാര്‍ടിക്കകത്തെ പ്രതിയോഗികളെ ആക്രമിക്കുകയും വകവരുത്തുകയും ചെയ്യുന്നു എന്നത് തീവ്രവാദവും സാമൂഹ്യവിരുദ്ധവുമാണ്. ഈ ശീലമാണ് പട്ടുവം വേട്ടയിലും ലീഗ് തീവ്രവാദികള്‍ പ്രകടിപ്പിച്ചത്. മറ്റു പാര്‍ടികള്‍ക്ക് ലീഗ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. പട്ടുവത്ത് കോണ്‍ഗ്രസ് പതാക പോലും ലീഗ് തീവ്രവാദികള്‍ അനുവദിച്ചില്ല. ഇതറിഞ്ഞ് മുന്‍ ഡിസിസി പ്രസിഡന്റുതന്നെ പതാക ഉയര്‍ത്തി. ആ പതാകയും നശിപ്പിച്ചു. പട്ടുവം പഞ്ചായത്തിലെ ചെറിയ പ്രദേശമാണ് അരിയില്‍. ഏകദേശം 1400 പേര്‍ അവിടെ ജീവിക്കുന്നു. മറ്റുപാര്‍ടിക്കാര്‍ വീടും സ്ഥലവും വിറ്റ് നാടുവിടണമെന്ന സംഘപരിവാര്‍ മോഡല്‍ ഫാസിസമാണ് അവിടെ അരങ്ങേറിയത്. ഫെബ്രുവരി 19ന് ഏകപക്ഷീയമായ നാല് അക്രമസംഭവങ്ങള്‍ ലീഗ് തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്നു. അതില്‍ ഒരു വീടും കടയും തകര്‍ത്തു. ഒരാളെ മാരകമായി ആക്രമിച്ചു. ലീഗ് ജില്ലാ പ്രസിഡന്റുമായി ഫോണിലൂടെ ഇക്കാര്യങ്ങള്‍ സിപിഐ എം ജില്ലാ സെക്രട്ടറി സംസാരിച്ചു. എന്നാല്‍, ആ ദിവസം സിപിഐ എം ജില്ലാ സെക്രട്ടറിയും എംഎല്‍എയും സഞ്ചരിച്ച വാഹനം തകര്‍ത്തു. വധശ്രമത്തില്‍നിന്നും നേതാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഫെബ്രുവരി 23ന് സമാധാന സമ്മേളനം നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ടികളും ലീഗിന്റെ ഏകപക്ഷീയമായ അക്രമണങ്ങളെ, വിശേഷിച്ച് നേതാക്കളുടെ നേരെയുണ്ടായ വധശ്രമത്തെ അപലപിച്ചു. സമാധാനമുണ്ടാക്കാനുള്ള തീരുമാനമെടുത്തു. അതിനുശേഷവും മയ്യില്‍ പഞ്ചായത്തില്‍ നടത്തിയ ആക്രമണ പരമ്പരകളിലൂടെ ലീഗ് തീവ്രവാദികള്‍ സമാധാന തീരുമാനം കാറ്റില്‍ പറത്തി. തളിപ്പറമ്പ്, പരിയാരം പൊലീസ് സ്റ്റേഷനുകളിലായി നൂറിലധികം കേസുകള്‍ ലീഗുകാര്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്തതില്‍ 35 കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്തില്ല. സിപിഐ എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ ഈ സ്റ്റേഷനുകളില്‍ നാമമാത്രമാണ്. അരിയില്‍, തളിപ്പറമ്പ്, മന്ന, ഇരിക്കൂര്‍, കമ്പില്‍, ചെക്കിക്കുളം, മുണ്ടേരിമൊട്ട എന്നിങ്ങനെ ലീഗ് കേന്ദ്രങ്ങളിലാണ് ഒരു ഡസനിലേറെ വീടുകളും കടകളും ബസ്സുകളും പ്രസ്സും വായനശാലകളും പാര്‍ടി ഓഫീസും ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനങ്ങളില്‍ എത്തി ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ആക്രമണം നടത്തുന്നത് തീവ്രവാദികളുടെ രീതിയാണ്.

പട്ടുവം സംഘര്‍ഷത്തിനിടയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ മരിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണത്. എന്നാല്‍ ഇതിനുമുമ്പ് നടന്ന കൊലപാതകങ്ങളും വധശ്രമങ്ങളും കണ്ടില്ലെന്ന് നടിക്കാമോ? ഓട്ടോറിക്ഷാത്തൊഴിലാളി കൃഷ്ണനെ കൊലപ്പെടുത്തിയത് ലീഗുകാരാണ്. ഒരു സംഘര്‍ഷവും ഇല്ലാതിരുന്ന ഘട്ടത്തിലായിരുന്നു അത്. പത്രവിതരണക്കാരനായ രാജനും തൊഴിലാളിയായ മോഹനും മാരകമായി ആക്രമിക്കപ്പെട്ടു. ഇപ്പോഴും മോഹന് സ്വബോധം തിരിച്ചുകിട്ടിയിട്ടില്ല. നാട് മുഴുവന്‍ ലീഗ് തീവ്രവാദികള്‍ക്കെതിരായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് "പാര്‍ടി കോടതി" യെന്ന പ്രയോഗത്തിലൂടെ പ്രചാരണം വഴി തിരിച്ചുവിടാന്‍ ബോധപൂര്‍വമായ പരിശ്രമം ആരംഭിച്ചത്. സിപിഐ എമ്മിന് ഒരു കോടതിയുമില്ല. 1960കളുടെ അവസാനവും പിന്നീട് വിവിധഘട്ടങ്ങളിലും കേരളത്തില്‍ അരങ്ങേറിയ ജനകീയ വിചാരണ പോലുള്ള നടപടികളെ ശക്തമായി എതിര്‍ത്ത പാര്‍ടിയാണ് സിപിഐ എം. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാക്കി മാറ്റാന്‍ കഴിയുമെന്ന ഗീബല്‍സിയന്‍ സിദ്ധാന്തമാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ലീഗും കോണ്‍ഗ്രസും നടത്തുന്നത്. ഷുക്കൂര്‍ വധം സംബന്ധിച്ച് പൊലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആ മൊഴിയിലൊന്നും "പാര്‍ടി കോടതി"യെപ്പറ്റി പറയുന്നില്ല.

ഫേസ്ബുക്കിലും ഫ്ളക്സ് ബോര്‍ഡിലുമായി ലീഗ് കമ്മിറ്റിയുടെ പേരിലും ലീഗ് പ്രവര്‍ത്തകരുടെ പേരിലും സിപിഎ എം നേതാക്കള്‍ക്കെതിരെ കൊലവിളി നടത്തുന്നു. മൂന്നാംകുന്ന് ശാഖാ മുസ്ലിംലീഗ് കമ്മിറ്റിയുടെ പേരില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലും സമാന സ്വഭാവത്തില്‍ ഫേസ് ബുക്കിലും ഇപ്രകാരം പറയുന്നു. ""മാപ്പിള മക്കളുടെ രക്തം കൊണ്ടുള്ള കളി നിര്‍ത്തിയില്ലെങ്കില്‍ ജയരാജാ നിന്റെ തല തന്നെ അതിനു വിലയായി നീ കൊടുക്കേണ്ടിവരും. മാപ്പുതരില്ല നിങ്ങള്‍ക്ക് ഞങ്ങള്‍... ജയരാജാ നിന്റെ ജീവന്‍ ഞങ്ങള്‍ക്കുള്ളതാണ്.... നിന്റെ കാലന്‍ ഞങ്ങളാണ്."" ഇത്തരം ചെയ്തികള്‍ സാധാരണ മനുഷ്യരുടെ ബോധമനസ്സില്‍ നിന്നും വരുന്നതല്ല. തീവ്രവാദികളും ഭീകരവാദികളും സഞ്ചരിക്കുന്ന പാതകളാണിത്. ലീഗില്‍ ഒരുവിഭാഗം തീവ്രവാദികളുടെ കൈയിലാണെന്നതിന് തെളിവുകള്‍ വേറെ വേണോ? ഇത്തരം ചെയ്തികള്‍ക്ക് ഒരു പ്രത്യേക കോടതി ലീഗിനുണ്ടോ?

മാറാട് പള്ളി തീവ്രവാദികളുടെ താവളമാക്കി മാറ്റിയത് ലീഗ് നേതാക്കളാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയതാണ്. ആ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കൈയില്‍ കിട്ടിയപ്പോള്‍ അന്വേഷകസംഘത്തെ പിരിച്ചുവിട്ടു. ഇപ്പോള്‍ ലീഗിനും പോഷക സംഘടനകള്‍ക്കും പണം പിരിക്കാനും രാഷ്ട്രീയ പ്രചാരണത്തിനുമുള്ള കേന്ദ്രമായി ആരാധനാലയങ്ങളെ മാറ്റുകയാണ്. ക്ഷേത്ര പരിസരം ആയുധ പരിശീലന കേന്ദ്രമാക്കുന്നതുപോലെ ആപല്‍ക്കരമാണ് പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിനും ആയുധം സൂക്ഷിക്കാനും പണം പിരിക്കാനുമുള്ള കേന്ദ്രമാക്കി മാറ്റുന്നതും. ശിക്ഷാര്‍ഹമായ കുറ്റമാണിത്. മതങ്ങളെയും മതസ്ഥാപനങ്ങളെയും ദുരുപയോഗിക്കാന്‍ അനുവദിച്ചുകൂടാ. ആരാധനാലയങ്ങള്‍ മതവിശ്വാസിക്ക് പൂര്‍ണമായി വിട്ടുകൊടുക്കണം.

എല്ലാ മുസ്ലിങ്ങളും ലീഗിലാണെന്ന പഴയ കാലം മാറി. അത് തിരിച്ചറിയുന്ന കാലം തുടങ്ങിക്കഴിഞ്ഞു. അതാണിപ്പോള്‍ സിപിഐ എമ്മിനോടൊപ്പം അണിചേരുന്ന പുതിയ വിഭാഗം മത ന്യൂനപക്ഷങ്ങള്‍ തെളിയിക്കുന്നത്. മതനിരപേക്ഷതയും മതവിശ്വാസവും തീവ്രവാദികളിലോ വര്‍ഗീയവാദികളിലോ സുരക്ഷിതമല്ല. സിപിഐ എം ന്യൂനപക്ഷ വിരുദ്ധ പാര്‍ടിയാണെന്ന് വരുത്താനുള്ള ഹീനനീക്കത്തെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

എം വി ജയരാജന്‍ deshabhimani 300312

പ്രതിരോധത്തിലെ പുഴുക്കുത്തുകള്‍


യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സദാ യുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ഒരു ചൊല്ലുണ്ട്. യുദ്ധസജ്ജതയില്‍ വീഴ്ച വന്നാലോ? യുദ്ധമുണ്ടാവാം എന്നു മാത്രമല്ല അപായകരമായ ഫലങ്ങളുണ്ടാവുകയുംചെയ്യും. ഇതിപ്പോള്‍ എടുത്തുപറയേണ്ടിവന്നത് ഇന്ത്യയുടെ യുദ്ധസജ്ജതയെക്കുറിച്ച് കരസേനാധിപന്‍തന്നെ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ്. പൊതുവേദിയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല ഇത്. എങ്കിലും ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയും പിടിപ്പുകേടുംകൊണ്ട് ഇതിന്ന് പൊതുവേദിയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. നിര്‍ഭാഗ്യകരമാണിത്.

കരസേനാധിപന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനയച്ച കത്തിലാണ് രാജ്യരക്ഷാകാര്യങ്ങളിലെ വീഴ്ചകളും പോരായ്മകളും അക്കമിട്ടുനിരത്തിയിട്ടുള്ളത്. ആ കത്ത് ചോര്‍ന്നുവെന്നത് ആശങ്കാജകമാണ്. അന്വേഷിക്കേണ്ടതുമാണ്. എന്നാല്‍, അന്വേഷണം അതില്‍മാത്രമായി പരിമിതപ്പെട്ടുകൂടാ. ഇന്ത്യയുടെ പ്രതിരോധസജ്ജതയുടെ അവസ്ഥയെക്കുറിച്ച് അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം; പോരായ്മകള്‍ നികത്തണം. എന്നാല്‍, കത്ത് ചോര്‍ന്നത് വിവാദമാക്കി പ്രതിരോധസജ്ജതയുടെ കാര്യത്തില്‍ വന്ന വീഴ്ചകള്‍ മൂടിവയ്ക്കാനാണിന്ന് നീക്കം. ഇത് അപകടകരമാണ്.

കരസേനാധിപന്‍തന്നെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാവാം എന്നാണ് ഉന്നത ഭരണവൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രതിരോധരഹസ്യങ്ങളടങ്ങുന്ന കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ രാജ്യദ്രോഹക്കുറ്റത്തിനുവരെയുള്ള നടപടികളുണ്ടാവാം. അക്കാര്യം അറിയാത്തയാളല്ല കരസേനാധിപന്‍. അതുകൊണ്ടുതന്നെ അദ്ദേഹം അപകടകരമായ അത്തരമൊരു കളിക്ക് നില്‍ക്കുമോ? വിശ്വസിക്കാന്‍ പ്രയാസമാണ്. ടെട്രാ ട്രക്ക് കുംഭകോണം മുന്‍ നിര്‍ത്തി കരസേനാധിപന്‍ യുപിഎ സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കി എന്നത് സത്യമാണ്. അതിന്റെ പക ഉള്ളില്‍വച്ച് കരസേനാധിപനെ വിഷമത്തിലാക്കാന്‍ ആരോ നടത്തിയ രാഷ്ട്രീയക്കളിയാണോ ഈ കത്തുചോര്‍ച്ച? അതും അന്വേഷിക്കേണ്ടതുണ്ട്.

വാര്‍ഷിക പൊതുബജറ്റിലൂടെ അതിഭീമമായ തുകയാണ് പ്രതിരോധകാര്യത്തി്ന് നീക്കിവയ്ക്കുന്നത്. അങ്ങനെ ചെയ്യേണ്ടതുമാണ്. 1,93,407 കോടി രൂപയാണ് ഇക്കൊല്ലം ബജറ്റില്‍ പ്രതിരോധത്തി് നീക്കിവച്ചത്. എന്നാല്‍, ഇങ്ങനെ നീക്കിവയ്ക്കുന്ന തുക പ്രതിരോധസജ്ജതയ്ക്കായി വിനിയോഗിക്കപ്പെടുന്നില്ല എന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്. ബജറ്റ് വിഹിതത്തിന്റെ വലിയൊരു ഭാഗം മറ്റെവിടേക്കൊക്കെയോ വഴിതിരിഞ്ഞുപോവുന്നുണ്ടോ? ഇത് പരിശോധിക്കാന്‍ ഫലപ്രദമായ ഒരു സംവിധാവുമില്ലാത്തത് പ്രതിരോധ ബജറ്റിനെ തെരഞ്ഞെടുപ്പ് പ്രചാരണച്ചെലവിനുള്ള കറവപ്പശുവാക്കി മാറ്റാന്‍ കേന്ദ്ര ഭരണകക്ഷിക്ക് അവസരമൊരുക്കുന്നു. ആയുധദല്ലാളന്മാര്‍ക്ക് കീശവീര്‍പ്പിക്കാന്‍ സന്ദര്‍ഭമൊരുക്കുന്നു.

പ്രതിരോധമന്ത്രിയെ മറികടന്ന് പ്രതിരോധസജ്ജതയിലെ പോരായ്മകള്‍ കരസേനാധിപന്‍ പ്രധാമന്ത്രിയെ നേരിട്ട് കത്തിലൂടെ ധരിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ പറയുന്നത്. പ്രധാമന്ത്രിയാണ് ഭരണസംവിധാത്തിന്റെ അധിപന്‍. ആ നിലയ്ക്ക് അതില്‍ അനൌചിത്യമുണ്ടെന്ന് പറയാനാവില്ല; പ്രത്യേകിച്ചും പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത് പ്രതിരോധമന്ത്രിയുടെ പോരായ്മകളും കാര്യക്ഷമതയില്ലായ്മയുംകൊണ്ട് പ്രതിരോധരംഗത്തുണ്ടാവുന്ന അര്‍ഥങ്ങളാണെന്നിരിക്കെ.

അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ പലകുറി ശ്രദ്ധയില്‍പെടുത്തിയിട്ടും അനങ്ങാപ്പാറയെപ്പോലെ ഇരിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്തത് എന്നാണ് കത്തി ല്‍ നിന്ന് വ്യക്തമാവുന്നത്. ടാങ്കുകള്‍ ആയുധങ്ങളില്ലാത്ത നിലയിലായിരിക്കുന്നു. വ്യോമപ്രതിരോധം കാലാനുസൃതമായി നവീകരിക്കപ്പെടാതായിരിക്കുന്നു. കാലാള്‍പ്പടയ്ക്ക് സുപ്രധാന ആയുധങ്ങള്‍ ലഭിക്കാതായിരിക്കുന്നു. ആയുധ സംഭരണ സംവിധാനമാകെ അഴിമതിഗ്രസ്തമായിരിക്കുന്നു. രാത്രിയുദ്ധത്തിനാവശ്യമായ സംവിധാനങ്ങളില്ല. അത്യന്താപേക്ഷിതമായ ആയുധങ്ങളില്ല. ഇത്ര ഗുരുതരമായ സാഹചര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രതിരോധമന്ത്രി അനങ്ങുന്നില്ലെങ്കില്‍, പ്രശ്നപരിഹാരത്തിന് ഒരു നടപടിയും എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്തബോധമുള്ള കരസേനാധിപന്  ""എല്ലാം സര്‍ക്കാര്‍ മുറയില്‍ നടക്കട്ടെ' എന്ന് കരുതി കൈയുംകെട്ടി ഇരിക്കാന്‍ പറ്റുമോ? അങ്ങനെ പോര്‍മുഖങ്ങളിലേക്ക് യുദ്ധസജ്ജമല്ലാത്ത സൈന്യത്തെ അയക്കാന്‍ മനസ്സുവരുമോ?

ഈ പശ്ചാത്തലത്തിലാണ് കരസേനാധിപന്‍ പ്രധാമന്ത്രിക്കയച്ച കത്തിനെ കാണേണ്ടത്. എന്നുമാത്രമല്ല, മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്ന ഘട്ടത്തില്‍ സൈന്യാധിപന്മാര്‍ സൈന്യത്തിന്റെ നിലയെക്കുറിച്ച് പ്രധാമന്ത്രിയെ രേഖാമൂലം ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടുതാനും. ഈ സാഹചര്യത്തിലാണ് നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനമെടുക്കാനോ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഉചിതമായ നടപടികളെടുക്കാനോ ശ്രദ്ധയില്‍പെട്ട അഴിമതിപോലും ഒഴിവാക്കാനോ ഇടപെടാത്ത പ്രതിരോധമന്ത്രിക്കുകീഴില്‍ കുത്തഴിഞ്ഞുപോവുന്ന പ്രതിരോധരംഗത്തെക്കുറിച്ച് ജനറല്‍ വി കെ സിങ് പ്രധാമന്ത്രിക്ക് കത്തയച്ചത് എന്നത് കാണേണ്ടതുണ്ട്. ഇന്നേവരെ ഒരു പ്രതിരോധമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത പിടിപ്പുകേടെന്ന ആക്ഷേപം ഇന്ത്യന്‍ കരസേനാധിപനില്‍ നിന്ന് പരോക്ഷമായെങ്കിലും കേള്‍ക്കേണ്ടിവരുന്ന സാഹചര്യം വരുത്തിവച്ചതിലെ തന്റെ പങ്ക് എന്ത് എന്ന് ഒരു നിമിഷം എ കെ ആന്റണി ആലോചിക്കേണ്ടതുമുണ്ട്. ഈ പ്രശ്ത്തെക്കുറിച്ചൊക്കെ വിശദീകരിക്കാന്‍ പ്രതിരോധമന്ത്രിയായി എ കെ ആന്റണി ഇരിക്കെത്തന്നെ സഹമന്ത്രി പള്ളം രാജുവിനെ കോണ്‍ഗ്രസിന് നിയോഗിക്കേണ്ടിവന്നുവെന്നതും എ കെ ആന്റണിയുടെ മികവിനുള്ള അംഗീകാരമാവില്ലല്ലോ.

പ്രതിരോധസംബന്ധമായ കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ കഴിയുന്നതല്ല എന്ന് ഇപ്പോള്‍ എ കെ ആന്റണി പറയുന്നുണ്ട്. എന്നാല്‍, ഇതേ ആന്റണിതന്നെയാണ് മാസങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ വാര്‍ത്താസമ്മേളത്തില്‍ നാവികസേനാരംഗത്തെ നമ്മുടെ രാജ്യത്തിന്റെ പോരായ്മകള്‍ പരസ്യമായി വിളിച്ചുപറഞ്ഞത്. ശത്രുവിന്റെ ആക്രമണം നേരിടാന്‍ നമ്മുടെ കരസേന സജ്ജമാണെങ്കിലും കടലിലൂടെ വരുന്ന ശത്രുക്കളെ നേരിടാന്‍ നമുക്ക് ഫലപ്രദമായ ഒരു സംവിധാനവും ഇപ്പോഴില്ല എന്നാണ് ആന്റണി അന്ന് പറഞ്ഞത്. ഇത് സത്യമാവാം. എന്നാല്‍, ഇത്തരം സത്യങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്നത് ഉചിതമാണോ; അതും പ്രതിരോധമന്ത്രിസ്ഥാനത്തുള്ള ഒരാള്‍? ആന്റണിയുടെ ഈ പ്രസ്താവന ഇന്ത്യയിലെയും പുറത്തെയും പത്രങ്ങള്‍ കാര്യമായി പ്രസിദ്ധീകരിച്ചു. അത് കഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞപ്പോഴാണ് കടലിലൂടെ മുംബൈ തീരത്തേക്ക് കസബും കൂട്ടരും വന്ന് താജ്ഹോട്ടലിലും നഗരങ്ങളുടെ പല ഭാഗങ്ങളിലും കൂട്ടക്കൊല നടത്തി രാജ്യത്തെ വിറപ്പിച്ചത്.

ഒരു സ്ഥാനത്തെത്തിയാല്‍ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തിനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയണം. അപകടങ്ങള്‍ വരുത്തിവച്ചിട്ട് താന്‍ ശുദ്ധനാണെന്ന് ദീനമായി വിലപിച്ചാല്‍ പോരാ. ഉത്തരവാദപൂര്‍വം പെരുമാറാന്‍ കഴിവില്ല എന്നാണെങ്കില്‍ അത്തരം സ്ഥാനങ്ങള്‍ ഏറ്റെടുക്കാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാട്ടണം. ശുദ്ധതയുടെ കുട്ടിക്കളിക്ക് വിട്ടുകൊടുക്കാനുള്ളതല്ല ഈ രാജ്യത്തിന്റെ സുരക്ഷയും ദശലക്ഷക്കണക്കായ സൈനികരുടെ ജീവനും. മുംബൈ കൂട്ടക്കൊലയ്ക്കുപിന്നാലെ ആദര്‍ശത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടൊന്നുമല്ലെങ്കിലും ശിവരാജ്പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന പ്രതിച്ഛായ എടുത്തണിയാന്‍ എന്നും നിഷ്കര്‍ഷ കാട്ടിപ്പോരുന്ന എ കെ ആന്റണി ആ ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തി കടന്നുവന്നവരായിട്ടും അവരെ തടയുന്നതില്‍ പരാജയം സംഭവിച്ചുവെന്നറിഞ്ഞിട്ടും ധാര്‍മികമായെങ്കിലും തന്റെ വീഴ്ച ഏറ്റുപറയാന്‍ തയ്യാറായോ? ആദര്‍ശം അധികാരത്തിന് കീഴിലേ വരുന്നുള്ളൂ.

ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളാകെ തെളിയിക്കുന്നത് പ്രതിരോധമന്ത്രി എന്ന നിലയില്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആന്റണിയുടെ കാര്യക്ഷമതയില്ലായ്മയാണ്; പ്രതിരോധരംഗത്ത് നടക്കുന്ന കൊടിയ അഴിമതികളാണ്; അത് തടയാന്‍ ചെറുവിരല്‍പോലും അനക്കാന്‍ കഴിയാത്ത ആന്റണിയുടെ ദയീയാവസ്ഥയാണ്. കരസേനാധിപന്‍ കത്തയച്ചതിന്റെ ഔചിത്യവും അനൌചിത്യവും ചര്‍ച്ചചെയ്യുമ്പോള്‍തന്നെ, പ്രതിരോധരംഗത്തിന്റെ ഇന്നത്തെ അവസ്ഥയും അതിലേക്ക് നയിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടും കാണാതെ പോവരുത്.

deshabhimani editorial 300312

പത്രവിതരണത്തിനിടെ കെ.എസ്.യുക്കാര്‍ തെരുവില്‍ ഏറ്റുമുട്ടി

ദേശാഭിമാനി 300312

നേഴ്ദുമാരുടെ സമരത്തോട് സര്‍ക്കാരിന് നിഷേധാത്മക നിലപാട്

ദേശാഭിമാനി 300312

പത്ര ഏജന്റുമാരുടെ സമരം ശക്തമാക്കും


ജനാധിപത്യത്തില്‍ രാഷ്ട്രീയവും നയവും


ആന്റണി രാജിവയ്ക്കണമെന്ന് ബിജെപി


പ്രതിരോധ വകുപ്പിലെ അഴിമതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന പ്രതിരോധ മന്ത്രി എ കെ ആന്റണി രാജിവയ്ക്കണമെന്ന് ബിജെപി. ബിജെപി എം പി പ്രകാശ് ജാവദേക്കറാണ് രാജ്യസഭയില്‍ ആന്റണിയുടെ രാജി ആവശ്യപ്പെട്ടത്. 2009മുതല്‍ അഴിമതി ശ്രദ്ധയില്‍ പെട്ടിട്ടും പ്രതിരോധ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരസേനാ മേധാവി വി കെ സിങ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാതെ അദ്ദേഹത്തെ തേജോവധം ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വി കെ സിങ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതിരോധ മന്ത്രി തൃപ്തകരമായ മറുപടി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം കരസേനയിലെ വാഹനങ്ങള്‍ക്കായുള്ള കരാര്‍ ലഭിക്കാന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവിയുടെ ആരോപണത്തില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന നിര്‍മ്മാതാക്കളായ ടാട്രാ-വെക്ട്രയിലെ പ്രധാന ഓഹരി ഉടമകളായ വെക്ട്ര ഗ്രൂപ്പിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വെക്ട്ര ഗ്രൂപ്പ് ഉടമ ഋഷിയോട് ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. 1500 ടാട്രാ ട്രക്കുകള്‍ക്കായുള്ള കരാര്‍ സ്വന്തമാക്കാന്‍ 14 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തെന്നാണ് വി കെ സിങ് കഴിഞ്ഞ ദിവസം പറഞ്ഞത്.

സേനയില്‍ നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ താന്‍ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവിയുടെ ആരേപാണത്തിനെതിരെ കരസേനാ മുന്‍ ഉദേദ്യാഗസ്ഥനായിരുന്ന തേജീന്ദര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. സൈനിക മേധാവിയെക്കൂടാതെ മറ്റ് നാല് സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് തേജീന്ദര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

deshabhimani 300312

തളിപ്പറമ്പില്‍ സംഭവിക്കുന്നത് ലീഗ് തീവ്രവാദികളുടെ തീക്കളി


മുസ്ലിം ലീഗിലെ തീവ്രവാദികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ അജണ്ടയുടെ പരീക്ഷണ ശാലയാണ് തളിപ്പറമ്പ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതിന് മതം മറയാക്കി വര്‍ഗീയ സംഘര്‍ഷമാക്കുകയും ഇത് പ്രോത്സാഹിപ്പിക്കുകയുമെന്ന അപകടകരമായ നീക്കമാണ് തളിപ്പറമ്പില്‍ കണ്ടത്. ഇത് നാളെ എവിടെയും സംഭവിക്കാം. ഈ ആപത്തിനെ ശരിയായ അര്‍ഥത്തില്‍ തിരിച്ചറിയാന്‍ മുസ്ലിം സമുദായത്തിലെ മതനിരപേക്ഷ-ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ തീക്കളി നമ്മുടെ നാടിന് തന്നെ ആപത്തായി മാറും. ഈ ഭീഷണിക്കെതിരെ രാഷ്ട്രീയം മറന്ന് നാടാകെ ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. ലീഗിലെ തീവ്രവാദികള്‍ തളിപ്പറമ്പില്‍ വാളോങ്ങുന്നത് സി പി ഐ (എം) നും നേതാക്കള്‍ക്കും മാത്രം നേരെയല്ല. നമ്മുടെ നാടിന്റെ സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

കേരളത്തിലെ മറ്റേത് പ്രദേശത്തെയും പോലെ ജനങ്ങള്‍ ഐക്യത്തോടെ ജീവിച്ച പ്രദേശമായിരുന്നു തളിപ്പറമ്പും. ലീഗിലെ ഒരു വിഭാഗം മത തീവ്രവാദ നിലപാടിലേക്ക് മാറിയപ്പോഴാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും അസ്വസ്ഥത പടരാന്‍ തുടങ്ങിയത്. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള തീവ്രവാദ-ഭീകരവാദ സംഘടനകളിലേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്ക് തടയാന്‍ ലീഗിലെ ഒരു വിഭാഗം ആവിഷ്കരിച്ച തീവ്രവാദ നിലപാടാണ് ഇതിനിടയാക്കിയത്. കാസര്‍കോട്ടും നാദാപുരത്തുമെല്ലാം കണ്ട ലീഗ് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണിത്. ഭരണത്തിന്റെ തണലും ആവശ്യത്തിന് പണവും ആയുധവും കൈയില്‍ വന്നതോടെ എന്തുമാകാമെന്ന ഹുങ്കിലാണ് ലീഗ്തീവ്രവാദികള്‍ നീങ്ങുന്നത്. ഏത് അക്രമത്തില്‍ ഉള്‍പ്പെടുന്നവരെയും രക്ഷിക്കാന്‍ ലീഗ് നേതാക്കള്‍ ഉള്ളപ്പോള്‍ എന്തിന് ഭയക്കണമെന്നാണ് അവരുടെ ചോദ്യം. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് ഭീകരവാദികള്‍ ചെയ്യുന്നതെങ്കില്‍ , ഇവിടെ നാട്ടുകാര്‍ക്കെതിരെയാണ് ലീഗ് തീവ്രവാദികള്‍ ആയുധമെടുക്കുന്നത്. തീവ്രവാദപ്രവര്‍ത്തനത്തിന്റെ രണ്ട് രൂപങ്ങളാണിത്. കൗമാരംകഴിയാത്ത, ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍ക്ക് പണവും ആയുധവും നല്‍കി കളത്തിലിറക്കുന്നതാണ് തളിപ്പറമ്പില്‍ കണ്ടത്. വിവേകത്തിന്റെ തരിപോലുമില്ലാത്ത ഈ അക്രമിക്കൂട്ടത്തിന് അയല്‍ക്കാരെവരെ കൊത്തിയരിയാന്‍ ഒരു മടിയുമുണ്ടായില്ല. സിപിഐ (എം) അനുഭാവികളും പ്രവര്‍ത്തകരുമായി എന്ന ഒറ്റക്കാരണത്താലാണ് പട്ടുവം, അരിയില്‍ പ്രദേശങ്ങളില്‍ കുടുംബങ്ങളെ കൊല്ലാക്കൊലചെയ്തത്. പരിയാരം, ഏഴോം തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണിപ്പോള്‍ ഇവിടെയും നാം കണ്ടത്. സിപി ഐ (എം) ജില്ലാ സമ്മേളനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന വനിതാ വളണ്ടിയര്‍മാരെ ഉള്‍പ്പെടെ തളിപ്പറമ്പ് മന്നയില്‍ വച്ച് ആക്രമിച്ചതും ഇതേ തീവ്രവാദി സംഘം തന്നെയായിരുന്നു.

ഇത് സിപിഐ എമ്മിനു മാത്രമുള്ള അനുഭവമല്ല. അരിയില്‍ ടൗണില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക രണ്ടുതവണ ലീഗ് തീവ്രവാദികള്‍ പരസ്യമായി നശിപ്പിച്ചതിനെ തുടര്‍ന്ന് മൂന്നാംതവണ പതാക ഉയര്‍ത്താന്‍ വന്നത് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനായിരുന്നു. അദ്ദേഹം പതാക ഉയര്‍ത്തി നിമിഷങ്ങള്‍ക്കകം പട്ടാപ്പകല്‍ പതാക പരസ്യമായി നശിപ്പിച്ചതും ഇതേ സംഘമായിരുന്നു. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എന്നാല്‍ അരിയില്‍ എന്ന ലീഗ് തീവ്രവാദകേന്ദ്രത്തില്‍ ജീവിക്കുന്ന സിപിഐ (എം) അനുഭാവികളോടും പ്രവര്‍ത്തകരോടും വീടും സ്ഥലവും വിറ്റ് ഓടിപ്പോകാനാണ് കല്‍പന. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോഡി നടപ്പാക്കിയതിന്റെ മറ്റൊരു പതിപ്പ്. ചരിത്രത്തില്‍ പലസ്തീന്‍ ജനത അനുഭവിക്കേണ്ടിവന്ന കഷ്ടതകളുമായി ഈ തുരത്തിയോടിക്കലിന് സാമ്യമുണ്ട്. തളിപ്പറമ്പില്‍ സംഭവിച്ചത് യുദ്ധം കഴിഞ്ഞ പ്രദേശം പോലെയാണിന്ന് തളിപ്പറമ്പ് പട്ടുവം-അരിയില്‍ മേഖല. മുസ്ലിംലീഗിന്റെ അക്രമിസംഘം അഴിഞ്ഞാടിയ വീടുകളില്‍ ഇപ്പോഴും ഭീതിവിട്ടൊഴിഞ്ഞിട്ടില്ല. പാത്രങ്ങളടക്കം സകലതും തല്ലിത്തകര്‍ത്ത വീടുകള്‍ . ഇവരുടെ മനസില്‍ ഇപ്പോഴും കൊലവിളിയുമായി അലറിയെത്തുന്ന സായുധസംഘത്തിന്റെ മുഖംമാത്രം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നെഞ്ചിലിപ്പോഴും തീയാണ്. സമാധാനപ്രിയരും സാധുക്കളുമായ ജനതയെയാണ് സിപിഐ (എം) അനുഭാവികളും പ്രവര്‍ത്തകരുമായതിനാല്‍ മുസ്ലിംലീഗ് തീവ്രവാദിസംഘം വേട്ടയാടിയത്.

സിപിഐ (എം) അരിയില്‍ ലോക്കലിലെ മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ ഒരു പ്രകോപനവുമില്ലാതെ ഫെബ്രുവരി 19ന് രാവിലെ അഞ്ചരയ്ക്ക് ആക്രമിച്ചുകൊണ്ടാണ് ലീഗ്തീവ്രവാദികള്‍ അക്രമവാഴ്ച ആരംഭിച്ചത്. ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നതിനിടയിലായിരുന്നു നിഷ്ഠൂരമായ ആക്രമണം. രണ്ട് കാലും അടിച്ചു തകര്‍ത്തു. മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രാജന്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് ലത ഉള്‍പ്പെടെയുള്ള സഖാക്കള്‍ വൈകിട്ട് നടത്തിയ പ്രകടനവും ആക്രമിക്കപ്പെട്ടു. കല്ലേറില്‍ കെ സരിത്തിന് പരിക്കേറ്റു. വി ഉമേഷിന്റെ വീടും അച്ഛന്‍ ഗോപാലന്റെ ചായക്കടയും തകര്‍ത്തു. ആസൂത്രിതമായ അക്രമമായിരുന്നു ഇതെല്ലാം. ഒറ്റ ദിവസം ലീഗ് തീവ്രവാദികളുടെ ഏകപക്ഷീയമായ 4 ആക്രമണങ്ങള്‍!

ലീഗ് തീവ്രവാദികള്‍ തകര്‍ത്ത വീടും പ്രദേശവും സന്ദര്‍ശിക്കാനും ജനങ്ങളെ ആശ്വസിപ്പിക്കാനുമായി എത്തിയ സിപിഐ (എം) ജില്ലാ സെക്രട്ടറി സഞ്ചരിച്ച വാഹനം ഫെബ്രുവരി 20ന് ആക്രമിക്കപ്പെട്ടു. സിപിഐ (എം) ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഐ (എം) ഏരിയാ കമ്മിറ്റി അംഗം കെ ബാലകൃഷ്ണന്‍ , ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി എ രാജേഷ്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ എം രാജീവന്‍ എന്നിവര്‍ക്കും കൈരളി വാഹനത്തിനും നേരെ അക്രമമുണ്ടായി. കൈരളിറിപ്പോര്‍ട്ടര്‍ ഷിജിത്ത് വായന്നൂര്‍ , ക്യാമറമാന്‍ ബാബുരാജ് മൊറാഴ, ഡ്രൈവര്‍ ജയന്‍ കല്യാശേരി, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പി ദിലീപ്കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. എന്നെ അക്രമിക്കാനായിരുന്നു അവരുടെ ഉന്നം. എന്റെ പേര് പറഞ്ഞായിരുന്നു കൊലവിളി. ഞങ്ങള്‍ അരിയില്‍ എത്തുമ്പോള്‍ നൂറോളം ലീഗ് തീവ്രവാദികള്‍ ആയുധങ്ങളുമായി സംഘടിച്ച് നില്‍ക്കുകയായിരുന്നു. ഒരു പൊലീസുകാരനും അവിടെയുണ്ടായിരുന്നില്ല. മാരകായുധങ്ങളുമായി ഞങ്ങളെ അപായപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. അക്രമമുണ്ടായ ഉടന്‍ വാഹനം അതിവേഗത്തില്‍ മുന്നോട്ടെടുത്തതിന്റെ ഫലമായാണ് ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയും പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അരിയില്‍ പ്രദേശത്തെ ലീഗ് അക്രമത്തെക്കുറിച്ച് 19ന് രാത്രി തന്നെ ജില്ലാ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില് പെടുത്തിയിരുന്നു. എന്നാല്‍ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു മുന്‍കരുതലും പൊലീസ് സ്വീകരിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് നേതാക്കളടക്കം ആക്രമിക്കപ്പെടുന്നതിന് ഇടയാക്കിയത്. ഡിജിപി പോലും ഇക്കാര്യത്തില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

നടുക്കുന്ന അക്രമങ്ങളുടെ രാപ്പകലുകളിലേക്കാണ് പിന്നീട് അരിയില്‍ , പട്ടുവം പ്രദേശങ്ങള്‍ എടുത്തെറിയപ്പെട്ടത്. എന്നും കാണുന്നവര്‍ കൊലക്കത്തിയുമായി വീടുകളിലെത്തി. അരിയിലെ പല്ലിയേരി മോഹനനെ വീട്ടില്‍ കയറി തലയ്ക്കും കൈക്കും വെട്ടിപ്പരിക്കേല്‍പിച്ചു. ഭാര്യ രാധയ്ക്കും വൃദ്ധ മാതാവിനും മകനും പരിക്കേറ്റു. ഇപ്പോഴും ബോധം തിരിച്ച് കിട്ടാത്ത നിലയില്‍ മോഹനന്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നു. ആറു വീടുകള്‍ ആക്രമിച്ചുതകര്‍ത്തു. എടയന്നൂരിലും കമ്പില്‍ ടൗണിലും പ്രകടനത്തിന് നെരെ ആക്രമണമുണ്ടായി. ജില്ലയില്‍ വ്യാപകമായി ലൈബ്രറികള്‍ തീവെച്ചു. പുസ്തകങ്ങള്‍ ചുട്ടെരിച്ചു. സിപിഐ (എം) ഓഫീസുകള്‍ , കള്ള്ഷാപ്പുകള്‍ , കമ്പില്‍ ടൗണിലെ സ്ത്രീകള്‍ മാത്രം നടത്തുന്ന പുലരി ഹോട്ടല്‍ , ബേങ്കുകള്‍ , അംഗന്‍വാടി, തളിപ്പറമ്പിലെ മക്തബ് പ്രിന്റിങ്ങ് പ്രസ്, മര മില്ല്, കടകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ തീയിട്ടും ആക്രമിച്ചും നശിപ്പിച്ചു. പല കുടുംബങ്ങളുടെയും ജീവനോപാധികള്‍ അഗ്നിയില്‍ ചാമ്പലായി. അക്രമം തടയാനെത്തിയ പൊലീസിനെയടക്കം ആക്രമിച്ചു. വയനാട്ടില്‍നിന്ന് പ്രത്യേക ഡ്യൂട്ടിക്കെത്തിയ പോലീസ്കാരന്‍ സിദ്ധിഖിനും മാട്ടൂലില്‍ വച്ച് ലീഗ് തീവ്രവാദി അക്രമത്തില്‍ പരിക്കേറ്റു.

നാടിനെ ചുടലക്കളമാക്കിയ അക്രമപരമ്പരക്കിടയില്‍ കണ്ണപുരം കീഴറയില്‍ ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. ലീഗ് തീവ്രവാദികള്‍ നടത്തിയ അക്രമപരമ്പരയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നതടക്കമുള്ള സംഭവങ്ങള്‍ക്കിടയാക്കിയത്. അക്രമികള്‍ക്ക് ആയുധം നല്‍കി കയറൂരിവിട്ട ലീഗ്തീവ്രവാദിനേതൃത്വമാണ് ഇതിന് ഉത്തരവാദി. അവിടെയും കാര്യങ്ങള്‍ അവസാനിച്ചില്ല. സമാധാനയോഗത്തിന് ശേഷവും ആയുധം താഴെവെക്കാന്‍ ലീഗ്തീവ്രവാദികള്‍ തയാറായില്ല. സിപിഐ (എം) മാട്ടൂല്‍ ബ്രാഞ്ച് സെക്രട്ടറി രാജേഷ്, പി പവിത്രന്‍ എന്നിവരുടെ വീട് ആക്രമിച്ചു. മോഹനന്‍ മാസ്റ്ററുടെ കാര്‍ അടിച്ച് തകര്‍ത്തു. കാവിലെപറമ്പില്‍ പ്രേമന്റെ ചായക്കട കത്തിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. സി എച്ച് മേമിയുടെ വീടിന് ബോംബെറിഞ്ഞു. ചപ്പാരപ്പടവ് പഞ്ചായത്തിലെ സിപിഐ (എം) ബദരിയ നഗര്‍ ബ്രാഞ്ച് സെക്രട്ടറി മൊയ്തുവിന്റെ ഉപ്പ അബ്ദുള്ള ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. ജില്ലയില്‍ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപകമായി ബസ്സുകള്‍ ആക്രമിക്കപ്പെടുന്ന നില തുടര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഒരു ദിവസം ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.

തളിപ്പറമ്പ് അക്രമത്തില്‍ പിടിയിലായ 2 ലീഗ് തീവ്രവാദികളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അരിയില്‍ സംഭവത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ വര്‍ഗീയകലാപമാക്കി മാറ്റാനും പരക്കെ കൊള്ള നടത്താനുമുള്ള ആസൂത്രണമുണ്ടായി. ഇതിനായി മുസ്ലീം നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനം കത്തിക്കാനും ലീഗ് തീവ്രവാദി സംഘം ഗൂഢാലോചന നടത്തി. ഈ തീവെപ്പിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ ചുമലിലിട്ട് മുസ്ലീം വിരുദ്ധ പാര്‍ടിയാണ് സിപിഐ (എം) എന്ന് പ്രചാരവേല നടത്താനുള്ള ആസൂത്രണമാണ് ഇവിടെ നടന്നത്.

എന്തുവിലകൊടുത്തും നാടിന്റെ സമാധാനവും മതമൈത്രിയും സംരക്ഷിക്കാനുള്ള സിപിഐ (എം) ന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് തളിപ്പറമ്പിനെ കലാപകേന്ദ്രമാക്കാനുള്ള ലീഗ്തീവ്രവാദി ഗൂഢാലോചന പൊളിച്ചത്. അരിയില്‍ സിപിഐ (എം) പ്രവര്‍ത്തകര്‍ക്കുനേരെ ഏകപക്ഷീയമായ ഒരു ഡസനോളം അക്രമമുണ്ടായിട്ടും പാര്‍ടി ശക്തികേന്ദ്രങ്ങളിലടക്കം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിറം പിടിപ്പിച്ച നുണകളുമായി ലീഗ് മുസ്ലിം ലീഗിന്റെ സമ്മേളനങ്ങളും യോഗങ്ങളുമെല്ലാം പലപ്പോഴും വന്‍കലാപങ്ങളായി മാറുന്നതാണ് സമീപകാല ചരിത്രം. കാസര്‍കോട് കലാപം മറക്കാറായിട്ടില്ല. മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് ലീഗ് തീവ്രവാദികള്‍ കാസര്‍കോട്ട്ഭഭീകരമായ അക്രമം അഴിച്ചുവിട്ടത്. പ്രതികള്‍ പിടിയിലാവുമെന്ന ഘട്ടത്തില്‍ കാസര്‍കോട് കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമീഷനെ തന്നെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ലീഗ്തീവ്രവാദികള്‍ വന്‍തോതില്‍ ബോംബ്നിര്‍മാണവും ആയുധസംഭരണവും നടത്തുന്നുവെന്നതിന്റെ തെളിവായിരുന്നു നാദാപുരം ബോംബ്സ്ഫോടനം. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടയില്‍ അഞ്ച് ലീഗ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ക്ക് ശേഷം അരിയിലെത്തിയ ലീഗ് നേതാക്കളില്‍ മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരനെന്ന് ക്രൈംബ്രാഞ്ച് പോലീസ് സംഘം കണ്ടെത്തിയ മായിന്‍ ഹാജി ഉള്‍പ്പെട്ടിരുന്നു എന്നത് നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ഓരോ സംഭവം കഴിയുമ്പോഴും പെരുംനുണകളുമായി സാമുദായിക വികാരം ഇളക്കാന്‍ മുസ്ലിംലീഗ് പരിശ്രമിച്ചിട്ടുണ്ട്. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുസ്ലിം സ്ത്രീയെ സിപിഐ എമ്മുകാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തെന്ന കള്ളക്കഥ കേരളമാകെ പ്രചരിപ്പിച്ചത് ഓര്‍ക്കുക. ഒടുവില്‍ ആ സ്ത്രീ തന്നെ സത്യം വിശദീകരിക്കുമ്പോഴേക്കും വര്‍ഷം ഏറെ കഴിഞ്ഞിരുന്നു. തളിപ്പറമ്പിലും അതാണ് സംഭവിക്കുന്നത്. മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ നിറംപിടിപ്പിച്ച നുണക്കഥകള്‍ , സാമുദായിക വികാരം ഇളക്കിവിടുമാറ് അവതരിപ്പിക്കുന്നു. പള്ളികളില്‍ ഇക്കാര്യം പ്രചരിപ്പിക്കുന്നു. എന്നെ വര്‍ഗീയവാദിയെന്ന് ആക്ഷേപിക്കാനടക്കം ലീഗ് തീവ്രവാദികള്‍ക്ക് മടിയുണ്ടായില്ല.

മത സൗഹോദര്യം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കിയ പ്രസ്ഥാനമാണ് സിപിഐ (എം). ന്യൂനപക്ഷ സംരക്ഷണത്തിനായി എന്നും മുന്നില്‍ നിന്ന് പടപൊരുതിയ പാര്‍ടി. തലശേരി കലാപകാലത്ത് മെരുവമ്പായിയില്‍ പള്ളി സംരക്ഷിക്കാന്‍ കാവല്‍ നിന്നതിന് ആര്‍എസ്എസുകാര്‍ അരുംകൊലചെയ്ത യു കെ കുഞ്ഞിരാമന്റെ പാരമ്പര്യമുള്ള പ്രസ്ഥാനമാണിത്. അണികളെ പിടിച്ചുനിര്‍ത്താന്‍ മതവികാരവും സംഘര്‍ഷവും വളര്‍ത്തിയാലേ മാര്‍ഗമുള്ളൂ എന്ന ഗതികേടില്‍നിന്നാണ് ലീഗ് നേതൃത്വം സിപിഐ എമ്മിനെതിരെ തിരിയുന്നത്. സമുദായവികാരം ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനാവുമോ എന്നാണ് അവര്‍ ചിന്തിക്കുന്നത്. ചരിത്രപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ച ദേശീയ ബോധമുള്ള മുസ്ലിങ്ങളെയും ഇടതുപക്ഷ അനുഭാവമുള്ളവരെയും മതവികാരം ആളിക്കത്തിച്ച് തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ആസൂത്രിത നീക്കം ഇതിന്റെയെല്ലാം പിന്നിലുണ്ട്. ഇതിനായി നട്ടാല്‍ മുളയ്ക്കാത്ത പെരുംനുണകള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. പഴയ ഗീബല്‍സിയന്‍ തന്ത്രം തന്നെ.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം എന്നതിലുപരി മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധയാക്കി പ്രശ്നത്തെ വളര്‍ത്താനാണ് ലീഗ്തീവ്രവാദികള്‍ ശ്രമിച്ചത്. അക്രമത്തിനും തീവ്രവാദികളെ സഹായിക്കാനും മതവിശ്വാസത്തെയും ആരാധനാലയങ്ങളെയും മറയാക്കി വ്യാപകമായി ഫണ്ട് ശേഖരിക്കുന്നു. രാഷ്ട്രീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫണ്ട് പിരിക്കുന്നത് അസാധാരണമല്ലെങ്കിലും ആരാധനാലയം കേന്ദ്രീകരിച്ച് ഫണ്ട് ശേഖരിക്കുന്നത് ദുരുദ്ദേശ്യത്തോടെയുള്ളതാണ്. മാത്രവുമല്ല, ഇത് ആരാധനാലയങ്ങളുടെ ദുരുപയോഗം തടയുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ലംഘനവുമാണ്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുനേരെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് കണ്ണടയ്ക്കുകയാണ്. എന്നാല്‍ ആരാധനാലയത്തെ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നതിനും ഫണ്ട് പിരിവിനുമെതിരെ വിശ്വാസികള്‍ തന്നെ പല സ്ഥലത്തും മുന്നോട്ട്വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. സമാധാനവും മതേതരത്വവും പുലരണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര് മുസ്ലിം ലീഗിലുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ പാര്‍ടിയില്‍ തീവ്രവാദികള്‍ക്കാണ് മേധാവിത്വം. കണ്ണൂര്‍ നഗരസഭയിലെ ചെയര്‍മാന്‍ പദവിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവിന്റെ വീടും കാറും മാരകായുധങ്ങളുമായി എത്തിയ ലീഗ് തീവ്രവാദികള്‍ തല്ലിത്തകര്‍ത്തത് ആരും മറന്നിട്ടില്ല. ലീഗിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന നിരവധിപേര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതര പാര്‍ടികളിലുണ്ട്. എന്നാല്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയായ സുധാകരനെ പോലുള്ളവര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

തളിപ്പറമ്പില്‍ ശാശ്വത സമാധാനം പുലരണമെന്നാണ് സിപിഐ (എം) ആഗ്രഹിക്കുന്നത്. സമാധാന യോഗത്തിന് ശേഷവും ലീഗ്തീവ്രവാദികള്‍ ഏകപക്ഷീയമായ ആക്രമണം തുടരെ നടത്തിയിട്ടും തികഞ്ഞ ആത്മസംയമനമാണ് പാര്‍ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഏതുപാര്‍ടിയിലും മതത്തിലും പെട്ടവരായാലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണം. ലീഗ് തീവ്രവാദികളെ ഒറ്റപ്പെടുത്താനും നാടിന്റെ മതനിരപേക്ഷപാരമ്പര്യവും സമാധാനവും സംരക്ഷിക്കാനും എല്ലാ വിഭാഗമാളുകളുടെയും സഹകരണമുണ്ടാവണം.

പി ജയരാജന്‍ chintha weekly

Thursday, March 29, 2012

ബംഗാളില്‍ പ്രമുഖ പത്രങ്ങള്‍ നിരോധിച്ചു


സംസ്ഥാന ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വായനശാലകളില്‍ വന്‍ പ്രചാരമുള്ള ഭാഷാപത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും നിരോധിച്ചു. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അഞ്ച് ബംഗാളി പത്രങ്ങളും ഒരു ഹിന്ദിപത്രവും രണ്ട് ഉറുദു പത്രങ്ങളും മാത്രമേ ഇനി വായനശാലകളില്‍ ലഭ്യമാകുകയുള്ളൂ. ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആനന്ദബസാര്‍ പത്രിക, ബംഗാളിലെ പ്രമുഖ പത്രമായ ബര്‍ദമാന്‍ തുടങ്ങി മമതയെ അധികാരത്തിലേറ്റാന്‍ തുനിഞ്ഞിറങ്ങിയ പത്രങ്ങള്‍ വരെ നിരോധിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിര്‍ക്കുന്നതാണ് കാരണം. പേരിനു മാത്രമുള്ളവയാണ് നിരോധനമില്ലാത്ത പത്രങ്ങള്‍ ഒട്ടുമിക്കതും.

വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് ലൈബ്രറി കാര്യമന്ത്രി അബ്ദുള്‍ കരീം ചൗധരി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. സിപിഐ എം മുഖപത്രമായ ഗണശക്തി മാത്രമാണ് ഈ ഉത്തരവ് പ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം. സര്‍ക്കാര്‍ ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങള്‍ എന്ത് വായിക്കണമെന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടതെന്നും ജനങ്ങളുടെ വായനാ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നും ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ പ്രതികരിച്ചു.

deshabhimani 290312

പബ്ലിക് ലൈബ്രറിക്ക് ജനസേവനത്തിനുള്ള അംഗീകാരം


കാഞ്ഞങ്ങാട്: ജനസേവനത്തിന് അംഗീകാരമായി മടിക്കൈ പബ്ലിക്ക് റീഡിങ്റൂം ആന്‍ഡ് ലൈബ്രറിക്ക് ഡിസി പുരസ്കാരം. പതിനഞ്ചായിരത്തില്‍പരം പുസ്തകങ്ങള്‍, രണ്ടായിരത്തിലധികം അംഗങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമജീവിതത്തില്‍ സജീവമായി ഇടപെട്ട് അരനൂറ്റാണ്ടായി മടിക്കൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലക്കാണ് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവ് അള്ളങ്കേടന്‍ ചന്തു പ്രസിഡന്റും ടി കുഞ്ഞാമന്‍ സെക്രട്ടറിയുമായി 1963 ജൂലൈ 14നാണ് വായനശാല വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ബാല- വനിത- യുവജന- സീനിയര്‍സിറ്റിസണ്‍ വിഭാഗങ്ങളിലായി സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ബന്ധപ്പെടുത്തിയുള്ളതാണ് ജില്ലാമോഡല്‍ വില്ലേജ് ലൈബ്രറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനം. വനിതകള്‍ക്കായി വീടുകളില്‍ പുസ്തക വിതരണവും നടത്തുന്നുണ്ട്. സെമിനാറുകള്‍, കരിയര്‍ ഗൈഡന്‍സ്, ഇക്കോ ഹെല്‍ത്ത്ക്ലബ്, ഫിലിംക്ലബ് എന്നിവ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തും ആരോഗ്യവകുപ്പുമായി സഹകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളും ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജനകീയ ആരോഗ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിക്കുന്നവയായിരുന്നു. "രക്തദാനം മഹാദാനം" എന്ന സന്ദേശമുയര്‍ത്തി ലൈബ്രറി രൂപീകരിച്ച രക്തദാനസേന അടിയന്തര ഘട്ടങ്ങളില്‍ നിരവധി രോഗികള്‍ക്ക് ആശ്രയമാകുന്നുണ്ട്.

15 സെന്റ് സ്ഥലവും സ്വന്തം കെട്ടിടവുമുള്ള ലൈബ്രറിയില്‍ ഏഴുലക്ഷം രൂപയുടെ പുസ്തകങ്ങളുണ്ട്. പഞ്ചായത്തിലെ മൂന്ന് ഹൈസ്കൂളികളിലായി എസ്എസ്എല്‍സി പരീക്ഷയെഴുതിയ നൂറിലധികം വിദ്യാര്‍ഥികളെ ബന്ധപ്പെടുത്തി നടപ്പാക്കിയ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഏറെ ശ്രദ്ധേയമായി. പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സഹായങ്ങള്‍, പരീക്ഷാപ്പേടി മാറ്റാനുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ മാതൃകാ പ്രവര്‍ത്തനങ്ങളായിരുന്നു. ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറിയും റിട്ട. അധ്യാപകനും ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ ടി വി കുഞ്ഞാമനാണ് ഇപ്പോഴും സെക്രട്ടറി. സ്ഥാപക പ്രസിഡന്റ് അള്ളങ്കേട് ചന്തുവിന്റെ മകനും റിട്ട. അധ്യാപകനുമായ കെ നാരായണനാണ് പ്രസിഡന്റ്. 36 വര്‍ഷമായി ഇവര്‍ രണ്ടുപേരാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രന്ഥാലയത്തില്‍ നിത്യവും വിദ്യാര്‍ഥികളടക്കം വലിയൊരു വായനസദസ് സജീവമാണ്. 44,444 രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവുമാണ് അവാര്‍ഡ്.
(ടി കെ നാരായണന്‍)

deshabhimani 290312

ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മാത്രം ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രി


ഫൈവ്സ്റ്റാര്‍ പദവിയുള്ള ഹോട്ടലിനു മാത്രമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മദ്യനിരോധനസമിതിയുടെ പ്രൊഹിബിഷന്‍ മാസികയുടെ പുനഃപ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ത്രീസ്റ്റാറുകളില്‍ ബാര്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ പല ഹോട്ടലും ഫോര്‍സ്റ്റാര്‍ പദവിക്കുവേണ്ടി ശ്രമിക്കുകയാണ്. കേന്ദ്ര ടൂറിസം വകുപ്പാണ് ഫോര്‍സ്റ്റാര്‍ പദവി നല്‍കേണ്ടത്. ബാറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് കേന്ദ്ര ടൂറിസം വകുപ്പിനു വിയോജിപ്പാണ്. ടൂറിസം വികസനത്തിന്റെ ആവശ്യകതയാണ് കേന്ദ്ര ടൂറിസം വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നത്. മദ്യലഭ്യത കുറയ്ക്കാനുള്ള എല്ലാ നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിക്കും. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന്റെ യഥാര്‍ഥവരുമാനമായി കാണുന്നില്ല. ഈ വരുമാനം മുഴുവന്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്. സംസ്ഥാനത്ത് പുതിയ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അനുവദിക്കില്ലെന്നും കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്ന് നിര്‍ത്തലാക്കി മാത്രമേ മറ്റൊന്ന് അനുവദിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബി ശ്രമിക്കുന്നതായി വി എം സുധീരന്‍ പറഞ്ഞു. ഹോട്ടലുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു. സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ അധ്യക്ഷനായി. കേരള മദ്യനിരോധനസമിതി പ്രസിഡന്റ് ഫാദര്‍ തോമസ് തൈത്തോട്ടം, തമ്പാനൂര്‍ ഇമാം ജനാബ് ഹംസ മൗലവി ഫാറൂഖി, പി എന്‍ ശാന്തകുമാരി, ഒ ജെ ചിന്നമ്മ, അശോക്കുമാര്‍, ജി സദാനന്ദന്‍, പ്രൊഹിബിഷന്‍ മാസിക എഡിറ്റര്‍ ടി പി ആര്‍ നാഥ് എന്നിവര്‍ സംസാരിച്ചു.

deshabhimani 290312

തൊഴിലുറപ്പില്‍ നെല്‍കൃഷിയും ഉള്‍പ്പെടുത്തണം: പിണറായി


തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ നെല്‍കൃഷിയെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികള്‍ക്കുമാത്രമല്ല, കൃഷിക്കാര്‍ക്കും ഇത് സഹായകരമാകും. തൊഴിലവസരങ്ങളും വര്‍ധിക്കും. നെല്ല് ഉല്‍പ്പാദനം വര്‍ധിക്കുന്നതിലൂടെ സമൂഹത്തിനാകെ ഇത് ഗുണകരമാകും. ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതി പുനസ്ഥാപിച്ച് കാര്യക്ഷമമായി നടപ്പാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വര്‍ഷം 200 തൊഴില്‍ ദിനങ്ങളെങ്കിലും ഉറപ്പാക്കുക, തോട്ടം-കാര്‍ഷിക മേഖലയിലെ തൊഴില്‍ പൂര്‍ണമായും തൊഴിലുറപ്പില്‍ഉള്‍പ്പെടുത്തുക, കാര്‍ഷിക, ക്ഷീര, കയര്‍ മേഖലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കൂലി 200 രൂപയാക്കുക, തൊഴിലെടുത്താല്‍ 14 ദിവസത്തിനകം കൂലി നല്‍കുക, തൊഴിലിടങ്ങില്‍ നിയമാനുസൃത സൗകര്യങ്ങള്‍ നല്‍കുക, അപകടം, അസുഖം എന്നിവയ്ക്ക് മതിയായ ചികിത്സയും ആനുകൂല്യങ്ങളും ലഭ്യമാക്കുക, അപേക്ഷിക്കുന്ന എല്ലാ കുടുംബത്തിനും യഥാസമയം തൊഴില്‍ കാര്‍ഡ് ലഭ്യമാക്കുക, ക്ഷേമ പദ്ധതിയും ഇന്‍ഷൂറന്‍സും പരിരക്ഷയും ഉറപ്പാക്കുക, തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിമാസം 30 കിലോ അരി ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും ജില്ലകളില്‍ കലക്ട്രേറ്റിലേക്കുമായിരുന്നു മാര്‍ച്ച്. തിരുവനന്തപുരത്ത് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ സി കെ ഹരീന്ദ്രന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി അജയകുമാര്‍ സ്വാഗതം പറഞ്ഞു. മാര്‍ച്ചിനുശേഷം യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം കെ മുനീര്‍, കെ സി ജോസഫ് എന്നിവര്‍ക്ക് നിവേദനം നല്‍കി.

deshabhimani 290312

ഇറ്റാലിയന്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുക്കാത്തതെന്തെന്ന് ഹൈക്കോടതി


കടലിലെ വെടിവെയ്പ്പുകേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ "എന്‍റിക്ക ലെക്സി" കസ്റ്റഡിയിലെടുക്കാതെ തടഞ്ഞുവയ്ക്കുക മാത്രമാണ് പൊലീസ് ചെയ്തിട്ടുള്ളതെന്നും ഇതിന്റെ കാരണം വ്യക്തമാക്കണമെന്നും ഹൈക്കോടതി. എന്തു വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കപ്പല്‍ കൊച്ചിതീരത്ത് പിടിച്ചിട്ടിരിക്കുന്നതെന്ന് പൊലീസ് വിശദീകരിക്കണമെന്നും ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായും കപ്പല്‍ കൊച്ചിതീരം വിടാന്‍ അനുവദിക്കുന്നതിന് തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഫോറന്‍സിക് ലാബില്‍നിന്ന് റിപ്പോര്‍ട്ട് ലഭിക്കുംവരെ കേസിന്റെ വാദം നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുംവരെ കപ്പലിലുള്ള 24 ജീവനക്കാരെ എന്തിനാണ് തടഞ്ഞുവച്ചിരിക്കുന്നത്- കോടതി ചോദിച്ചു. കപ്പല്‍ തീരംവിടാന്‍ അനുവദിച്ചാലും ക്യാപ്റ്റനെ വിട്ടയക്കരുതെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി അനീഷ് എം ദാസിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ക്യാപ്റ്റനെ പോകാന്‍ അനുവദിച്ചാല്‍ കേസ് ഇല്ലതാകുമെന്നും മുഖ്യപ്രതി ക്യാപ്റ്റനാണെന്നും ബന്ധുക്കള്‍ കോടതിയില്‍ ആരോപിച്ചു. ആദ്യം കപ്പല്‍ജീവനക്കാര്‍ സഹകരിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നും സംഭവമുണ്ടായി 10 ദിവസം കഴിഞ്ഞാണ് കപ്പലില്‍ പ്രവേശിക്കാന്‍ അനുവദിച്ചതെന്നും പൊലീസ് വിശദീകരിച്ചു. കപ്പല്‍ കൊച്ചിതീരം വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയില്‍ കൂടുതല്‍ വാദം വ്യാഴാഴ്ച നടക്കും.

deshabhimani 290312

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ആഹ്വാനം


ഇടതുപക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് രാജ്യത്ത് വിശാലമായ ജനാധിപത്യ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സിപിഐ ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ നേതാക്കളുടെ ആഹ്വാനം. നവഉദാര നയങ്ങള്‍ക്കും ഫെഡറലിസത്തെ തകര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കുമെതിരെ പോരാട്ടത്തിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ എല്ലാ ഇടതുപക്ഷ ശക്തികളെയും ഉള്‍പ്പെടുത്തി സംയുക്തവേദി രൂപീകരിക്കാന്‍ കഴിയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സമ്മേളനത്തില്‍ ആശംസാപ്രസംഗം നടത്തുകയായിരുന്നു കാരാട്ട്.

തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റെങ്കിലും വിവിധ വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളില്‍ ജനങ്ങളെ അണിനിരത്താനും പ്രക്ഷോഭം സംഘടിപ്പിക്കാനുമുള്ള ഇടതുപക്ഷ പാര്‍ടികളുടെ കഴിവിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ബര്‍ദന്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല. ചില പ്രാദേശിക പാര്‍ടികളാണ് നേട്ടമുണ്ടാക്കിയത്. വരുംനാളുകളില്‍ പ്രാദേശിക പാര്‍ടികളെയും അവയുടെ പങ്കിനെയും കുറിച്ച് പുനര്‍ചിന്തനം നടത്തണം. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം തകര്‍ക്കാനും അധികാര കേന്ദ്രീകരണത്തിനുമായി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. കോര്‍പറേറ്റ് പ്രമാണികളെ ഇടയ്ക്കിടെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരുടെയോ തൊഴിലാളികളുടെയോ പ്രതിനിധികളെ നേരില്‍ കാണാന്‍ സമയമില്ലെന്നും ബര്‍ദന്‍ പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വിധേയത്വം തുടരാനും നവഉദാര നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുകയെന്നത് ഭരണവര്‍ഗം പ്രധാന ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണെന്ന് കാരാട്ട് ആശംസാപ്രസംഗത്തില്‍ പറഞ്ഞു. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കണം. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തമാക്കണം. ഇതിന് സിപിഐ എമ്മും സിപിഐയും അടുത്ത് സഹകരിക്കണം. ബൂര്‍ഷ്വ-ഭഭൂപ്രഭു സംവിധാനത്തിന് ബദലാകാന്‍ കഴിയുന്ന ഇടതുപക്ഷ ജനാധിപത്യ സഖ്യം രൂപീകരിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കണം. നവ ഉദാരവല്‍ക്കരണം സാമ്പത്തികമേഖലയില്‍മാത്രം ഒതുങ്ങുന്നതല്ല. രാഷ്ട്രീയ, സാമൂഹ്യ മേഖലകളെയും അത് ആക്രമിക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപിക്കുന്ന വന്‍ അഴിമതി ഇത് സൃഷ്ടിച്ച കോര്‍പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടിന്റെ ഫലമാണ്. അഴിമതിക്കെതിരായ സമരം നവ ഉദാരവല്‍ക്കരണത്തിനും അഴിമതിക്കാരുടെ കൂട്ടുകെട്ടിനുമെതിരായ സമരംകൂടിയാണ്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണ്. രണ്ട് പാര്‍ടികളും നവഉദാര നയങ്ങള്‍ നടപ്പാക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരുമാണ്-കാരാട്ട് പറഞ്ഞു. ഇടതുപക്ഷം പൊതു പരിപാടി തയ്യാറാക്കി പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവബ്രത ബിശ്വാസ് പറഞ്ഞു.

deshabhimani 290312