Monday, April 20, 2015

മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം: യെച്ചൂരി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > മുതലാളിത്തത്തിന്റെ ചൂഷണങ്ങളില്‍നിന്ന് മനുഷ്യന് സ്വയം മോചിതനാകാനുള്ള ഏകവഴി സോഷ്യലിസമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയില്‍ കൂപ്പുകുത്തുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ജനങ്ങള്‍ക്കുമേലുള്ള ചൂഷണം ശക്തമാക്കുകയാണ്. അതിനെ മറികടക്കാനുള്ള ഏകവഴി സോഷ്യലിസത്തിന്റേതാണെന്ന് പാര്‍ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ പ്രസംഗത്തില്‍ യെച്ചൂരി പറഞ്ഞു.

വര്‍ഗീയശക്തികളാല്‍ നയിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ അതിതീവ്രമായാണ് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നത്. നവലിബറല്‍ നയങ്ങള്‍, വര്‍ഗീയത, ജനാധിപത്യസംവിധാനങ്ങളെയും പാര്‍ലമെന്ററി സംവിധാനത്തെയും തകര്‍ക്കുന്ന ശക്തികള്‍ എന്നീ ത്രിമൂര്‍ത്തികള്‍ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഈ ത്രിമൂര്‍ത്തികളുടെ ഭീഷണി ഇന്ത്യയുടെ എല്ലാ മേഖലയെയും തകര്‍ക്കാനൊരുങ്ങുകയാണ്. ചരിത്രത്തെ ഐതിഹ്യംകൊണ്ടും തത്വചിന്തയെക്കൊണ്ടും പകരംവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് ചെറുക്കാന്‍ നമ്മള്‍ സ്വയം സജ്ജമാകണം. അതിനായി ജനങ്ങളെ സമരസജ്ജരാക്കണം.

പാര്‍ടിയിലെ ഐക്യവും സമരത്തിലെ ഐക്യവും ഊട്ടിയുറപ്പിക്കണം. മോഡി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ ഒരു ത്രിശൂലമായി ഇന്ത്യയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുംമുമ്പ് അതിനെ തടയണം. വെല്ലുവിളികള്‍ നേരിടാനുള്ള ദൗത്യമാണ് ഈ പാര്‍ടി കോണ്‍ഗ്രസ് ഏറ്റെടുത്തത്. പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയ എല്ലാ രേഖകളിലും ദേശീയവും അന്തര്‍ദേശീയവുമായ വെല്ലുവിളികള്‍ ഏതെല്ലാമെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. നമ്മുടെ രാഷ്ട്രീയവും സംഘടനാപരവുമായ ശേഷി വര്‍ധിപ്പിക്കണം.

അതിന്റെ തുടര്‍ച്ചയായി ഇടതുപക്ഷപാര്‍ടികളുടെ ഐക്യവും ശക്തമാക്കണം. വര്‍ഗബന്ധങ്ങളില്‍ മാറ്റം വരുത്തുംവിധം ജനകീയമുന്നേറ്റം ശക്തമാക്കുകയും വര്‍ഗസമരത്തെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്താലെ ജനകീയ ജനാധിപത്യവിപ്ലവമെന്ന ലക്ഷ്യത്തിലെത്താനാകൂ. സാമ്പത്തികചൂഷണത്തിനും സാമൂഹിക അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം ഒരുമിച്ചുനടത്തണം- യെച്ചൂരി പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-458979.html#sthash.tpekkUQW.dpuf

വര്‍ഗീയതയെ പിടിച്ചുകെട്ടും: യെച്ചൂരി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > വര്‍ഗീയശക്തികള്‍ അഴിച്ചുവിട്ട ചൂഷണത്തിന്റെ യാഗാശ്വത്തെ ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരും പിടിച്ചുകെട്ടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്നാണ് നരേന്ദ്രമോഡിയുടെ അവകാശവാദം. എന്നാല്‍, സാമ്പത്തികചൂഷണത്തിനും സാമൂഹിക അടിച്ചമര്‍ത്തലിനും ഒരുപോലെ വിധേയമാകുന്ന ഇന്ത്യന്‍ ജനത സര്‍ക്കാരിനെ പിടിച്ചുകെട്ടും- സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് സമാപനംകുറിച്ച് വിശാഖപട്ടണത്തെ ബസവപുന്നയ്യ നഗറി (ആര്‍കെ ബീച്ച്)ല്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു യെച്ചൂരി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വംശഹത്യക്ക് കൂട്ടുനിന്നതിന്റെ പേരില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നരേന്ദ്രമോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയായതോടെ വിദേശരാജ്യങ്ങള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്ന മോഡി വല്ലപ്പോഴും മാത്രമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. മന്‍മോഹന്‍സിങ്ങിനെ മൗനമോഹന്‍സിങ് എന്ന് ആക്ഷേപിച്ച മോഡി ഇന്ന് വിദേശത്തുനിന്ന് രാഷ്ട്രീയപ്രസംഗംപോലും നടത്തുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. പാവങ്ങള്‍ക്കുമേല്‍ നികുതികൊണ്ട് കടന്നാക്രമണം നടത്തുന്ന നരേന്ദ്രമോഡി കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ഇളവുകള്‍ നല്‍കുകയാണ്.

ഇന്ത്യയിലെ വ്യവസായങ്ങള്‍ പൂട്ടിയാലും കുഴപ്പമില്ല, ഫ്രാന്‍സിലെ റഫേല്‍ എന്ന കമ്പനിക്ക് 8000 കോടിയുടെ ഓര്‍ഡര്‍ നല്‍കുമെന്ന വാശിയിലാണ് മോഡി. ദരിദ്രര്‍ക്കുമേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്താനും ഒരുങ്ങുകയാണ് ബിജെപി സര്‍ക്കാര്‍- യെച്ചൂരി പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-459018.html#sthash.264IpTYs.dpuf

അനീതികളോട് പടപൊരുതി നേതൃനിരയിലേക്ക്

സമര്‍ മുഖര്‍ജി നഗര്‍ > നിസ്വവര്‍ഗത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഉന്നമനത്തിനായി പോരാടിയ ഈ നേതാക്കള്‍ ഇനി സിപിഐ എമ്മിന്റെ കേന്ദ്ര നേതൃനിരയിലേക്ക്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ എ കെ ബാലനും എളമരം കരീമും അനീതികളോട് പടപൊരുതിയാണ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്. ഇരുവരുടെയും സംഘടനാപാടവത്തിനുള്ള അംഗീകാരമാണ് കേന്ദ്രകമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് എ കെ ബാലന്‍ പൊതുരംഗത്തേക്ക് വന്നത്. ദരിദ്ര തൊഴിലാളികുടുംബത്തില്‍ പിറന്ന് കണ്ണീരുനിറഞ്ഞ വഴികളിലൂടെയാണ് തൊഴിലാളിവര്‍ഗ പാര്‍ടിയുടെ നേതാവായത്. 1951 ആഗസ്ത് മൂന്നിന് നാദാപുരം തൂണേരിയില്‍ കേളപ്പന്‍-കുഞ്ഞി ദമ്പതികളുടെ മകനായി ജനിച്ചു. കൂലിപ്പണി ചെയ്താണ് പഠനം നടത്തിയത്. കല്ലാച്ചി ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ലീഡറായി.

പിന്നീട് തലശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി. 1976-77 കാലത്ത് കലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിനിധിയായി ജയിച്ചു. കോഴിക്കോട് ലോ കോളേജില്‍നിന്ന് എല്‍എല്‍ബി പാസായ ബാലന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി നിയമനം ലഭിച്ചെങ്കിലും സംഘടനാരംഗത്ത് നില്‍ക്കാന്‍ തീരുമാനിച്ചു. 1968ല്‍ തലശേരിയില്‍ നടന്ന വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്തതിന് കടുത്ത പൊലീസ് മര്‍ദനത്തിനിരയായി. തൊട്ടില്‍പ്പാലം തോട്ടാട് മിച്ചഭൂമിസമരത്തില്‍ പങ്കെടുത്തതിന് ഒരുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു. മൂന്നുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാലന്‍ ഒരുതവണ ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു.

1997ല്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയിലേക്കും 2005ല്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്കും തെരഞ്ഞെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ ചെയര്‍മാനുമായിരുന്നു. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജമീലബാലനാണ് ഭാര്യ. മക്കള്‍: നവീന്‍ ബാലന്‍, നിഖില്‍ ബാലന്‍.തൊഴിലാളിപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച് പൊതുരംഗത്ത് സജീവമായ എളമരം കരീം സിഐടിയുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണിപ്പോള്‍. ബേപ്പൂരില്‍നിന്ന് തുടര്‍ച്ചയായി രണ്ടാംതവണയും നിയമസഭാംഗമായ കരീം ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വ്യവസായമന്ത്രി എന്ന നിലയില്‍ നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം കരുത്തനായ ഭരണാധികാരിയെന്നും തെളിയിച്ചു. 62 വയസ്സുകാരനായ കരീം 1974ലാണ് പാര്‍ടി അംഗമായത്.

കെഎസ്എഫ്, കെഎസ്വൈഎഫ് എന്നിവയിലും പ്രവര്‍ത്തിച്ചു. സിപിഐ എം മാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2005 മുതല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 2012ല്‍ തിരുവനന്തപുരം സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം.മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ കരാര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായത്. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കരീം 1996ല്‍ കോഴിക്കോട് രണ്ടില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം, റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മികച്ച പ്രഭാഷകനും വാഗ്മിയുമാണ്.വാഴക്കാട് പഞ്ചായത്തിലെ എളമരം സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്. മക്കള്‍: പി കെ സുമി, നിമ്മി. മരുമകന്‍: അബ്ദുള്‍റൗഫ്.

 http://deshabhimani.com/news-national-all-latest_news-458995.html#sthash.9571QZjZ.dpuf

മുരളീധരനും വിജൂ കൃഷ്ണനും സ്ഥിരം ക്ഷണിതാക്കള്‍

സമര്‍ മുഖര്‍ജി നഗര്‍ > കേന്ദ്രകമ്മിറ്റി സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്ത മുരളീധരന്‍ ആലത്തൂര്‍ കാട്ടുശേരി സി വിശ്വനാഥന്റെയും മീനാക്ഷിക്കുട്ടിയുടെയും മകനാണ്. ബംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. അഹമ്മദാബാദില്‍ എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായി പാര്‍ടിയിലേക്ക്. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കവെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലേക്ക്. 1988 മുതല്‍ സിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി രൂപീകരിച്ച നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദി റൈറ്റ് ഓഫ് ഡിസേബിള്‍ഡ് എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയാണ്. ഭാര്യ സുജാതയും സിസി ഓഫീസി ല്‍ പ്രവര്‍ത്തിക്കുന്നു.

മകള്‍ മൃദുല 12-ാംക്ലാസ് വിദ്യാര്‍ഥിനി. കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ് കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്ത വിജൂ കൃഷ്ണന്‍. 1974ല്‍ കരിവെള്ളൂരില്‍ പി കൃഷ്ണന്റെയും ശ്യാമളയുടെയും മകനായി ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് സോയില്‍ കണ്‍സര്‍വേഷന്‍ തെക്കന്‍ മേഖലാ ഡയറക്ടറായിരുന്നു. ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളേജിലും ഡല്‍ഹി ജെഎന്‍യുവിലുമായി വിദ്യാഭ്യാസം. സെന്റ് ജോസഫ്സ് കോളേജില്‍തന്നെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുമേധാവിയായി. പിന്നീട് ജോലി രാജിവച്ച് പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകന്‍. ഭാര്യ: സമത. മകള്‍: റിയ.

 http://deshabhimani.com/news-national-all-latest_news-458992.html#sthash.xsXGQwTd.dpuf

സമരപഥങ്ങളിലെ നിറസാന്നിധ്യം

സമര്‍ മുഖര്‍ജി നഗര്‍ > അമ്പതുവര്‍ഷത്തിലേറെ നീളുന്ന ഹനന്‍ മൊള്ളയുടെ രാഷ്ട്രീയജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ ബംഗാളിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ചരിത്രംതന്നെയാണ് ചുരുള്‍ നിവരുക. മദ്രസയിലെ വിദ്യാഭ്യാസകാലത്തുതന്നെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായ ഹനന്‍, അറുപതുകളിലും എഴുപതുകളിലും ബംഗാളില്‍ ജനാധിപത്യസംരക്ഷണത്തിനായി സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമരപ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ബംഗാളില്‍ ഹൗറ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമമായ ബൗരിയയില്‍ 1946 ജനുവരി മൂന്നിന് അബ്ദുള്‍ലത്തീഫ് മൊള്ളയുടെയും ജമീല ഖാതൂണിന്റെയും മകനായി ജനം. ഹന് 11 മാസമുള്ളപ്പോള്‍ അമ്മ മരിച്ചു. അടുത്തബന്ധുവായ മുഹമ്മദ് ഇദ്രിസാണ് ഹന് പഠനസൗകര്യങ്ങളും മറ്റും ഒരുക്കിയത്. ബംഗാളിനെ ഇളക്കിമറിച്ച 1959ലെ ഭക്ഷ്യസമരവേളയില്‍ പതിനാലുകാരനായ ഹനും സജീവപങ്കാളിയായി. കൊല്‍ക്കത്തയിലായിരുന്നു കോളേജ് വിദ്യാഭ്യാസം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം. 1968ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി. തുടര്‍ന്ന് യുവജനപ്രസ്ഥാനത്തിലേക്ക്. 1980ല്‍ ഉലുബെരിയ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് ജയിച്ചു. തുടര്‍ന്നുള്ള എട്ട് തെരഞ്ഞെടുപ്പുകളില്‍ ഉലുബെരിയയുടെ പ്രതിനിധിയായി. 1980 നവംബറില്‍ ഡിവൈഎഫ്ഐ രൂപീകൃതമായപ്പോള്‍ ആദ്യ സെക്രട്ടറിയായി. 2013ലാണ് കിസാന്‍സഭാ ജനറല്‍ സെക്രട്ടറിയാകുന്നത്. 1986ല്‍ 12-ാം പാര്‍ടി കോണ്‍ഗ്രസിലാണ് കേന്ദ്രകമ്മിറ്റിയില്‍ എത്തുന്നത്. ഭാര്യ മൈമുനയും സംഘടനാപ്രവര്‍ത്തനത്തില്‍ ഹനനൊപ്പമുണ്ട്. ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗമാണ് മൈമുന. മകള്‍ ഉസ്മയും മകന്‍ നസീഫും എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകരായിരുന്നു.
 http://deshabhimani.com/news-national-all-latest_news-458988.html#sthash.N74SwXhw.dpuf

ധീരയായ അമ്മയുടെ മകള്‍

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ഡൂണ്‍ സ്കൂളിലും അമേരിക്കയിലും പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി കാണ്‍പുരിലെ കൊടുംചൂടില്‍ വ്യവസായത്തൊഴിലാളികള്‍ക്കൊപ്പം ചെങ്കൊടിയും പിടിച്ച് വിയര്‍ത്തൊലിച്ച് നടന്നപ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്. ഇന്ത്യയിലെയോ വിദേശത്തെയോ യൂണിവേഴ്സിറ്റികളില്‍ പ്രൊഫസറായോ മറ്റേതെങ്കിലും നല്ല ജോലിയോ നേടി കനത്ത ശമ്പളം വാങ്ങി ജീവിക്കേണ്ട ഈ പെണ്‍കുട്ടി ചേരികളിലും കോളനികളിലും ഓടിനടന്ന് ജനങ്ങളെ സംഘടിപ്പിക്കുന്നത് കണ്ട് പരിഹസിച്ചവരുണ്ട്. എന്നാല്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ രാജസിംഹാസനത്തിനുനേരെപ്പോലും നിറയൊഴിക്കാന്‍ സ്വയം സജ്ജമായ ഒരമ്മയുടെ മകള്‍ക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള വീറുണ്ടായിരുന്നു അന്നും ഇന്നും.

സുഭാഷിണി അലി. പാലക്കാട് ജില്ലയിലെ ആനക്കര വടക്കത്ത് തറവാട്ടില്‍നിന്ന് കോളനിവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവപ്രസ്ഥാനത്തിന്റെ പരമോന്നത സമിതിയില്‍. ""1969ല്‍ കാണ്‍പുര്‍ സന്ദര്‍ശിച്ച ഇ എം എസ് ഒരിക്കല്‍ തന്റെ വീട്ടിലാണ് താമസിച്ചത്. ഐഎന്‍എയെ നയിച്ച നേതാജിയോടുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ സമീപനത്തിന്റെ പേരില്‍ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും കടുത്ത എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഇ എം എസ് അന്ന് എന്നെ വിളിച്ച് കുറെ സംസാരിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു. അദ്ദേഹംതന്നെയാണ് എനിക്ക് അംഗത്വഫോറം പൂരിപ്പിച്ചുതന്നത്.'' കാണ്‍പുരില്‍ കുറെക്കാലം പ്രവര്‍ത്തിച്ചു. സിനിമാസംവിധായകന്‍ മുസഫര്‍ അലിയുമായുള്ള വിവാഹത്തിനുശേഷം മുംബൈയില്‍ എത്തിയപ്പോഴാണ് മഹിളാ പ്രവര്‍ത്തനത്തില്‍ സജീവമായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അന്ന് രൂപീകരിച്ചിട്ടില്ല.

അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ കേന്ദ്ര കമ്മിറ്റി അംഗമായി. പിന്നെ വീണ്ടും കാണ്‍പുരില്‍. 1989ല്‍ കാണ്‍പുരില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ സംഘടനയെ പ്രാപ്തമാക്കുന്നതിന് വൃന്ദ കാരാട്ട് അടക്കമുള്ള സഖാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ പിബി അംഗമായി തെരഞ്ഞെടുത്തപ്പോള്‍ അത്ഭുതമാണ് തോന്നിയതെന്ന് സുഭാഷിണി പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്തമാണിത്. അത് നിര്‍വഹിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്- അവര്‍ പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-458985.html#sthash.7B3lymKi.dpuf

വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക്

സമര്‍ മുഖര്‍ജി നഗര്‍ > കൊല്‍ക്കത്തയില്‍ ദരിദ്ര മുസ്ലിം കുടുംബത്തില്‍ ജനിച്ച മുഹമ്മദ് സലിം എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കൊല്‍ക്കത്തയിലെ തുറമുഖ തൊഴിലാളിയായിരുന്ന അസീസുള്‍ ഹഖിന്റെയും ലാഡ്ലി ഹഖിന്റെയും മകനായി 1957 ജൂണ്‍ അഞ്ചിന് ജനം. സെന്റ് ബര്‍ണബാസ് ഹൈസ്കൂള്‍, കൊല്‍ക്കത്ത മൗലാനാ ആസാദ് കോളേജ്, ജാദവ്പുര്‍ സര്‍വകലാശാല, കൊല്‍ക്കത്ത യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മൗലാനാ ആസാദ് കോളേജ് വിദ്യാര്‍ഥിയായിരിക്കെ കോളേജ്യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയില്‍. തുടര്‍ന്ന് ഡിവൈഎഫ്ഐയില്‍ സജീവമായി. 1991ല്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

1990ല്‍ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. 2001 വരെ രാജ്യസഭാംഗം. പിന്നീട് 2004 വരെ ബംഗാള്‍ നിയമസഭാംഗം. സംസ്ഥാന മന്ത്രിയായും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഒട്ടനവധി വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു. സ്വയംസഹായസംഘങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായി. 2004ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. 2014ല്‍ റായ്ഗഞ്ച് മണ്ഡലത്തില്‍നിന്ന് വീണ്ടും ലോക്സഭയിലേക്ക്. നിലവില്‍ സിപിഐ എം ലോക്സഭാ ഉപനേതാവാണ്. മികച്ച വാഗ്മിയായ സലിം ഉറുദു, ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി ഭാഷകള്‍ അനായാസമായി സംസാരിക്കും. ഡോ. റോസിന ഖാതൂനാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

 http://deshabhimani.com/news-national-all-latest_news-458983.html#sthash.Cgu3ioc0.dpuf

ഭാവിപോരാട്ടങ്ങളുടെ പ്രകാശം

സമര്‍ മുഖര്‍ജി നഗര്‍ > പ്രകാശ് കാരാട്ട് സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന ഒരു ദശകക്കാലം പാര്‍ടി നേരിട്ട വെല്ലുവിളികളെ അതിജീവിച്ച കാലഘട്ടമായിരുന്നു. ഇടതുപക്ഷത്തിന്റെ നിര്‍ണായക പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ സെക്രട്ടറിസ്ഥാനമേറ്റ പ്രകാശിന് മന്‍മോഹന്‍ സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങളെയും സാമ്രാജ്യത്വവിധേയ നിലപാടുകളെയും ചെറുക്കുകയെന്ന ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വന്നു. സ്വാഭാവികമായും വലത്- സാമ്രാജ്യത്വ ശക്തികളുടെ രൂക്ഷമായ ആക്രമണത്തിന് പാര്‍ടി വിധേയമായി. തീവ്ര ഇടതുശക്തികള്‍മുതല്‍ തീവ്ര വലതുശക്തികള്‍വരെ പാര്‍ടിക്കെതിരെ കൈകോര്‍ത്തു. ബംഗാളിലെ തിരിച്ചടികള്‍ പാര്‍ലമെന്ററിരംഗത്ത് പാര്‍ടിയെ ദുര്‍ബലപ്പെടുത്തിയെങ്കിലും പ്രത്യയശാസ്ത്രനിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭാവിപോരാട്ടങ്ങള്‍ക്ക് സിപിഐ എമ്മിനെ സജ്ജമാക്കിയാണ് കാരാട്ട് ജനറല്‍ സെക്രട്ടറിസ്ഥാനം കൈമാറുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന 18-ാം പാര്‍ടി കോണ്‍ഗ്രസിലാണ് സുര്‍ജിത്തിന്റെ പിന്‍ഗാമിയായി കാരാട്ട് ജനറല്‍ സെക്രട്ടറിസ്ഥാനമേല്‍ക്കുന്നത്. നേര്‍ത്ത ചിരിനിറഞ്ഞ മുഖവുമായി ദേശീയരാഷ്ട്രീയത്തില്‍ പ്രകാശം ചൊരിയുന്ന കാരാട്ട് വളരെ ചുരുങ്ങിയ കാലയളവില്‍തന്നെ ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായി. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ ജനകീയ ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങള്‍ക്ക് കാരാട്ട് നായകത്വം വഹിച്ചു.

വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ശബ്ദമായി കാരാട്ട് മാറി. പലവിധമായ കപടപ്രചാരണങ്ങളിലൂടെ തീവ്ര വലതുശക്തികള്‍ ദേശീയരാഷ്ട്രീയത്തില്‍ സമീപകാലത്ത് മുന്‍കൈ നേടിയെങ്കിലും മതേതരത്വത്തിന്റെ ആശയാടിത്തറ ഇളക്കമില്ലാതെ നിലനിര്‍ത്താന്‍ കാരാട്ടിന്റെ നേതൃത്വത്തിനായി. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കാരാട്ട് ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇ എം എസിന്റെയും എ കെ ജിയുടെയും ശിഷ്യനാണ് അറുപത്തേഴുകാരനായ ഈ പാലക്കാട്ടുകാരന്‍. 1970ല്‍ പാര്‍ടി അംഗം.

1992ലെ ചെന്നൈ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി. 1972ല്‍ എസ്എഫ്ഐ അംഗമായ കാരാട്ട് 1974ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ എസ്എഫ്ഐയെ നയിച്ചു. അഞ്ചുവര്‍ഷം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. 1982 മുതല്‍ 1985 വരെ പാര്‍ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1985ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്. പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് ഭാര്യ. മക്കളില്ല. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയാണ് സ്വദേശം. ഒറ്റപ്പാലത്തെ ചുണ്ടുള്ളി പത്മനാഭന്‍നായരുടെയും എലപ്പുള്ളിയിലെ രാധാനായരുടെയും മകന്‍. ജനിച്ചത് ബര്‍മയില്‍. മദിരാശിയിലും ഡല്‍ഹിയിലും ബ്രിട്ടനിലുമായിരുന്നു പഠനം.

അച്ഛന്‍ സി പി നായര്‍ബര്‍മയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. പ്രകാശിന് ആറുമാസമായപ്പോള്‍ അമ്മ നാട്ടില്‍ കൊണ്ടുവന്നു. അഞ്ചുവയസ്സുവരെ പാലക്കാട്ട്. പിന്നീട് ബര്‍മയില്‍. ഒമ്പതാംവയസ്സില്‍ മദിരാശിയില്‍. മദ്രാസ് ക്രിസ്ത്യന്‍ കോളേജ് സ്കൂളിലും ക്രിസ്ത്യന്‍ കോളേജിലും പഠനം. ക്രിസ്ത്യന്‍ കോളേജില്‍ ബിഎയ്ക്ക് ധനതത്വശാസ്ത്രം പാസായശേഷം ഇംഗ്ലണ്ടിലെ എഡിന്‍ബറോയില്‍ സ്കോളര്‍ഷിപ്പോടെ ബിരുദാനന്തരബിരുദ പഠനത്തിന് തിരിച്ചു. രാഷ്ട്രമീമാംസയായിരുന്നു വിഷയം. തീസിസ് "ഇന്ത്യന്‍ ഭാഷകളും രാഷ്ട്രീയവും'. ഇംഗ്ലണ്ടില്‍ പഠിക്കുന്ന കാലത്ത് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചതിന് നല്ലനടപ്പിന് ശിക്ഷിച്ചു. പഠനം കഴിഞ്ഞ് മദിരാശിയില്‍ തിരിച്ചെത്തി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തമിഴ്നാട്ടില്‍ സിപിഐ എമ്മിന്റെ പ്രമുഖ നേതാവായിരുന്ന വി പി ചിണ്ടനാണ് ലോക്സഭയിലെ സിപിഐ എം നേതാവായ എ കെ ജിയെ സഹായിക്കാന്‍ ഡല്‍ഹിയിലേക്ക് നിയോഗിക്കുന്നത്.

 http://deshabhimani.com/news-national-all-latest_news-458996.html#sthash.5hcegGNr.dpuf

കോര്‍പറേറ്റുവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരെ പ്രക്ഷോഭം: കാരാട്ട്

ബസവപുന്നയ്യ നഗര്‍ (വിശാഖപട്ടണം) > കോര്‍പറേറ്റുവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സിപിഐ എം പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നത് പിന്തിരിപ്പന്‍ വലതുപക്ഷ വര്‍ഗീയശക്തികളാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സര്‍വമേഖലയെയും തകര്‍ച്ചയിലേക്ക് നയിച്ചു. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാ ജനവിഭാഗവും നവലിബറല്‍ സാമ്പത്തികനയത്തിന്റെ ദുരിതം അനുഭവിക്കുകയാണ്.

തൊഴിലാളികളുടെ അവകാശങ്ങള്‍ പാടെ കവര്‍ന്നെടുക്കുന്നതാണ് പുതിയ തൊഴില്‍നിയമം. കാര്‍ഷികമേഖല തകര്‍ച്ച നേരിടുന്നു. കര്‍ഷക ആത്മഹത്യകള്‍ പെരുകി. ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പെടെ കര്‍ഷകര്‍ സ്വയം ജീവനൊടുക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. പാവപ്പെട്ടവന്റെ ഭൂമി കവര്‍ന്നെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തിന്റെ ഐക്യം, മതേതരത്വം, ജനാധിപത്യം എന്നിവയ്ക്കുനേരെ വ്യാപക കടന്നാക്രമണമാണ് ഉണ്ടാകുന്നത്. മതേതരത്വവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന് സിപിഐ എം ശക്തിപ്പെടണം. പാര്‍ടിയുടെ അടിത്തറ ശക്തിപ്പെടുത്തി ഇടത് ഐക്യം വിപുലപ്പെടുത്തണം.

ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ യഥാര്‍ഥ ബദലായി മാറാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ടി കോണ്‍ഗ്രസിനുമുമ്പ് പ്രചരിപ്പിച്ചിരുന്നത്. അതിനുള്ള മറുപടിയാണ് ജനലക്ഷങ്ങള്‍ അണിനിരന്ന മഹാറാലി. പാര്‍ടി കോണ്‍ഗ്രസ് നടന്ന വിശാഖപട്ടണത്തിന്റെ നട്ടെല്ല് പൊതുമേഖലാ സ്ഥാപനങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നത് സിപിഐ എമ്മാണ്. തുടര്‍ച്ചയായ പ്രക്ഷോഭത്തിലൂടെ ആദിവാസിമേഖലയെ ഖനിമാഫിയകളില്‍നിന്ന് രക്ഷിക്കുന്നതും സിപിഐ എമ്മാണെന്ന് കാരാട്ട് പറഞ്ഞു.

 http://deshabhimani.com/news-national-all-latest_news-459015.html#sthash.Ils8UMKI.dpuf

ജയില്‍വാസം, ഒളിവുജീവിതം ഇവര്‍ കനല്‍വഴി താണ്ടിയവര്‍

സമര്‍ മുഖര്‍ജി നഗര്‍ > പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത 749 പ്രതിനിധികളില്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധി കേരളത്തില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരനായ എം എ മുഹമ്മദ് ഫസല്‍. ഏറ്റവും പ്രായം കൂടിയ പ്രതിനിധി വി എസ് അച്യുതാനന്ദന്‍. നിരീക്ഷകരില്‍ ഏറ്റവും ചെറുപ്പം അസമില്‍നിന്നുള്ള ഇരുപത്തഞ്ചുകാരനായ നിരങ്കുഷ് നാഥ്. വി എസ് കഴിഞ്ഞാല്‍ സുബോദ്ഭായ് മെഹ്ത (88), മുഹമ്മദ് അമീന്‍ (87) എന്നിവരാണ് പ്രായത്തില്‍ മുതിര്‍ന്നവര്‍. എം എ മുഹമ്മദ് ഫസല്‍ എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സിപിഐ എം ശ്രീമൂലനഗരം സൗത്ത് ബ്രാഞ്ച് അംഗവുമാണ്. ബിബിഎ വിദ്യാര്‍ഥിയാണ്.

ആകെ 749 പ്രതിനിധികളെയും 73 നിരീക്ഷകരെയുമാണ് പാര്‍ടി കോണ്‍ഗ്രസിലേക്ക് നിര്‍ദേശം ചെയ്തത്. ഇവരില്‍ 741 പ്രതിനിധികളും 71 നിരീക്ഷകരും പങ്കെടുത്തു. ബുദ്ധദേബ് ഭട്ടാചാര്യയും നിരുപം സെന്നുമടക്കം നാല് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അസുഖം കാരണം എത്തിയില്ല. ആകെ പ്രതിനിധികളില്‍ നൂറുപേരും നിരീക്ഷകരില്‍ എട്ടുപേരും വനിതകളാണ്. പ്രതിനിധികളില്‍ വനിതാ പ്രാതിനിധ്യം 13.5 ശതമാനം. പ്രതിനിധികളില്‍ ആറുപേര്‍ മുപ്പത് വയസ്സിനുതാഴെയും 22 പേര്‍ 30-40 വയസ്സിന് ഇടയിലുള്ളവരുമാണ്.

96 പേര്‍ 40-50 പ്രായപരിധിയിലും 258 പേര്‍ 50-60 പ്രായപരിധിയിലും 272 പേര്‍ 60-70 പ്രായപരിധിയിലുമാണ്. 87 പേര്‍ക്ക് എഴുപതിനുമുകളിലാണ് പ്രായം. 130 പേര്‍ തൊഴിലാളിവര്‍ഗത്തില്‍നിന്നുള്ളവര്‍. 41 പേര്‍ കര്‍ഷകത്തൊഴിലാളി വിഭാഗത്തില്‍നിന്നാണ്. 114 പേര്‍ ദരിദ്രകര്‍ഷകരും 187 പേര്‍ ഇടത്തരം കര്‍ഷകരും 27 പേര്‍ സമ്പന്ന കര്‍ഷകരും. ഭൂ ഉടമകളായി 13 പേരുണ്ട്. ബൂര്‍ഷ്വാ വിഭാഗത്തില്‍നിന്ന് 14 പേരും മധ്യവര്‍ഗത്തില്‍നിന്ന് 209 പേരും പെറ്റിബൂര്‍ഷ്വാ വിഭാഗത്തില്‍നിന്ന് ആറുപേരും പ്രതിനിധികളില്‍ ഉള്‍പ്പെടും. പ്രതിനിധികളില്‍ അഞ്ചുപേര്‍ പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ചവരാണ്.

എട്ടാംക്ലാസ് വരെ പഠനമുള്ള 26 പേരും പത്താംക്ലാസ് വരെ വിദ്യാഭ്യാസമുള്ള 64 പേരും. 154 പേര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിച്ചവര്‍. 285 പേര്‍ ബിരുദധാരികളും 207 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. മൂന്നുപേര്‍ 1947നുമുമ്പ് പാര്‍ടിയില്‍ അംഗമായവരാണ്. 34 പേര്‍ '47നും '63നും ഇടയില്‍ പാര്‍ടി അംഗത്വമെടുത്തു. '64നും '77നും ഇടയില്‍ പാര്‍ടി അംഗത്വമെടുത്ത 332 പേരും '78നും '90നും ഇടയില്‍ അംഗത്വമെടുത്ത 291 പേരും പാര്‍ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായി. '90നുശേഷം പാര്‍ടി അംഗമായവരില്‍ 80 പേര്‍ പ്രതിനിധികളായെത്തി. പ്രതിനിധികളില്‍ ഏഴുപേര്‍ പ്രതിമാസം ആയിരം രൂപയില്‍ താഴെമാത്രം വരുമാനമുള്ളവര്‍.

19 പേര്‍ രണ്ടായിരം രൂപവരെ വരുമാനക്കാരും 53 പേര്‍ മൂവായിരം രൂപവരെ വരുമാനക്കാരുമാണ്. 52 പേര്‍ നാലായിരം രൂപവരെ വരുമാനക്കാരും 88 പേര്‍ അയ്യായിരം രൂപവരെ വരുമാനമുള്ളവരുമാണ്. അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ് 198 പേരുടെ വരുമാനം. 273 പേര്‍ പതിനായിരത്തിനുമേല്‍ വരുമാനക്കാരാണ്. 51 പേര്‍ വരുമാനം അറിയിച്ചിട്ടില്ല. പ്രതിനിധികളില്‍ മൂന്നുപേര്‍ അഞ്ചുവര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചവരാണ്. രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ തടവനുഭവിച്ചവര്‍ 21 പേര്‍. 26 പേര്‍ ഒന്നുമുതല്‍ രണ്ടുവര്‍ഷംവരെ തടവ് അനുഭവിച്ചു.

ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ തടവ് അനുഭവിച്ച 26 പേരുണ്ട്. 74 പേര്‍ രണ്ടുമുതല്‍ ആറുമാസംവരെ തടവ് അനുഭവിച്ചവരാണ്. രണ്ടുമാസംവരെ തടവ് അനുഭവിച്ച 249 പേരുണ്ട്. അഞ്ചുവര്‍ഷത്തിലേറെ ഒളിവില്‍ കഴിഞ്ഞ അഞ്ചുപേരുണ്ട്. 22 പേര്‍ രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ ഒളിവിലായിരുന്നു. ഒന്നുമുതല്‍ രണ്ടുവര്‍ഷംവരെ ഒളിവില്‍ കഴിഞ്ഞ 39 പേരും ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ ഒളിവില്‍ കഴിഞ്ഞ 27 പേരും രണ്ടുമുതല്‍ ആറുമാസംവരെ ഒളിവില്‍ കഴിഞ്ഞ 41 പേരുമുണ്ട്. 46 പേര്‍ രണ്ടുമാസത്തില്‍ കുറഞ്ഞ കാലയളവില്‍ ഒളിവില്‍ കഴിഞ്ഞവരാണ്. വനിതകളുടെ പ്രാതിനിധ്യത്തില്‍ കഴിഞ്ഞ കോണ്‍ഗ്രസിനേക്കാള്‍ വര്‍ധന വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കുറവാണെന്ന നിരീക്ഷണം ക്രെഡന്‍ഷ്യല്‍ കമ്മിറ്റി നടത്തി. യുവാക്കളുടെ പ്രാതിനിധ്യം കുറവാണെന്ന നിരീക്ഷണവുമുണ്ട്. സുധ സുന്ദരരാമന്‍, മൃദുല്‍ ദേ, കെ കെ ശൈലജ, ടികെന്ദര്‍ പന്‍വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എം പ്രശാന്ത്
 http://deshabhimani.com/news-national-all-latest_news-458973.html#sthash.HriJJVpS.dpuf

Sunday, April 19, 2015

യെച്ചൂരി സെക്രട്ടറി; 16 അംഗ പിബി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. 91 അംഗ കേന്ദ്രക്കമ്മിറ്റിയെയും പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. 16 അംഗങ്ങളാണ് പുതിയ പൊളിറ്റ് ബ്യൂറോയില്‍. പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി. പ്രകാശ് കാരാട്ടാണ് യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചത്. എസ് രാമചന്ദ്രന്‍പിള്ള പിന്താങ്ങി.

പിബിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സുഭാഷിണി അലി, മുഹമ്മദ് സലിം, ഹന്നന്‍ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. പുതിയ കേന്ദ്രക്കമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് പുതുതായി എ കെ ബാലന്‍, എളമരം കരിം എന്നിവരുണ്ട്. കേരളത്തില്‍ നിന്നുള്ളവരില്‍ പാലൊളി മുഹമ്മദുകുട്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ ഒഴിവായി. വി എസ് പ്രത്യേക ക്ഷണിതാവായി തുടരും. ബുദ്ധദേബ് ഭട്ടാചാര്യ, നിരുപം സെന്‍, മല്ലുസ്വരാജ്യം, മുഹമ്മദ് അമീന്‍ എന്നിവരാണ് മറ്റ് പ്രത്യേകം ക്ഷണിതാക്കള്‍. ഇവര്‍ക്കുപുറമെ ഡല്‍ഹിയില്‍ പാര്‍ട്ടി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ മുരളീധരന്‍, വിനു കൃഷ്ണന്‍ എന്നിവരും പുതിയ സിസിയില്‍ സ്ഥിരം ക്ഷണിതാക്കളായുണ്ട്. രാജേന്ദ്ര മെഗി, സഞ്ജയ് പരാട്ടെ, അരുണ്‍കുമാര്‍, എന്നിവരാണ് മറ്റ് സ്ഥിരം ക്ഷണിതാക്കള്‍.

കേന്ദ്രക്കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. എ കെ ബാലന്‍, എളമരം കരിം , ശ്രീപദ് ഭട്ടാചാര്യ, രാമചന്ദ്ര ഡോം, മിനതി ഘോഷ്, അഞ്ജു കര്‍, ഗൗതം ദാസ്, അവധേഷ് കുമാര്‍, അലി കിഷോര്‍ പട്നായ്ക്ക്, സീതാരാമുലു, സുരേന്ദര്‍ സിങ്ങ്, ഓംകാര്‍ ഷാദ്, വിജയ് മിശ്ര, എസ് ദേബ്റോയ്, ജഗ്മതി സംഗ്വാന്‍, മഹേന്ദ്ര സിങ്ങ്, ഹിരാലാല്‍ യാദവ് എന്നിവരാണ് പുതുമുഖങ്ങള്‍.ഇവരില്‍ മൂന്നു പേര്‍ വനിതകളാണ്.

ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, ബിമന്‍ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എം എ ബേബി, എ കെ പത്മനാഭന്‍, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങള്‍. ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, കെ വരദരാജന്‍ എന്നിവര്‍ പുതിയ പിബിയിലില്ല. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയില്‍ 89 അംഗങ്ങളാണുണ്ടായിരുന്നത്.

http://deshabhimani.com/news-national-all-latest_news-458758.html#sthash.znsqTzFb.dpuf

അരക്ഷിതം, ഭീതിദം ഈ മരുഭൂമി

സമര്‍ മുഖര്‍ജി നഗര്‍ > നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നടപ്പാക്കുന്ന കോര്‍പറേറ്റ് അനുകൂല സാമ്പത്തികനയങ്ങളുടെ പതിന്മടങ്ങാണ് രാജസ്ഥാനില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വാസുദേവ് പറഞ്ഞു. ഇതോടൊപ്പം വര്‍ഗീയ ധ്രുവീകരണവും ശക്തം. ഭില്‍വാഡ, ചിത്തോര്‍ഗഡ്, ഉദയ്പുര്‍, അജ്മീര്‍, ജയ്പുര്‍ എന്നിവിടങ്ങളിലെല്ലാം വര്‍ഗീയകലാപങ്ങള്‍ അരങ്ങേറി. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലും ഭീതിയിലുമാണ്. കര്‍ഷകര്‍ക്ക് ഒട്ടനവധി ആനുകൂല്യങ്ങള്‍, 12 ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങളോടെയാണ് വസുന്ധര സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നുമാത്രമല്ല, കടുത്ത ജനദ്രോഹനടപടികളിലേക്ക് നീങ്ങുകയും ചെയ്തു.

തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്ത് തൊഴില്‍സുരക്ഷ ഇല്ലാതാക്കി. തൊഴിലാളികളെയും ജീവനക്കാരെയുമൊക്കെ ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. വിദ്യാഭ്യാസ- ആരോഗ്യ മേഖല പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. സംസ്ഥാനത്തെ പതിനേഴായിരം സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ അടച്ചുപൂട്ടി. ആയിരക്കണക്കിന് അധ്യാപകരാണ് വഴിയാധാരമായത്. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനേക്കാള്‍ കര്‍ഷകവിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് വസുന്ധര സര്‍ക്കാര്‍ പാസാക്കിയത്. ഭൂമി ഏറ്റെടുക്കലിനെ എതിര്‍ക്കുന്നവര്‍ക്ക് മൂന്നുമുതല്‍ ആറുമാസംവരെ തടവും പതിനായിരംമുതല്‍ മൂന്നുലക്ഷം രൂപവരെ പിഴയും നിയമം വ്യവസ്ഥചെയ്യുന്നു. സംസ്ഥാനത്ത് ക്രമസമാധാനം അങ്ങേയറ്റം അലങ്കോലമായി. സ്ത്രീകള്‍ക്കെതിരായ അതിക്രമം അനുദിനം വര്‍ധിച്ചു. രാജസ്ഥാനില്‍നിന്നുള്ള മോഡി സര്‍ക്കാരിലെ ഒരു മന്ത്രിതന്നെ ബലാത്സംഗക്കേസില്‍ പ്രതിയാണ്. അഞ്ചോളം ഐഎഎസ് ഉദ്യോഗസ്ഥരും വിവിധ ലൈംഗികപീഡനക്കേസില്‍ പ്രതിസ്ഥാനത്താണ്.

സംസ്ഥാനത്ത് പൊതുവിതരണസംവിധാനം നിലച്ച നിലയിലാണ്. വൈദ്യുതിനിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ഇത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കി. ഇതിനെല്ലാം പുറമെയാണ് വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണം. ജനുവരിയില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യം നേടിയത് വര്‍ഗീയകലാപങ്ങളിലൂടെ സൃഷ്ടിച്ച ധ്രുവീകരണം മുതലെടുത്താണ്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുനിലയില്‍ പത്ത് ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു. സര്‍ക്കാര്‍നയങ്ങളോട് ജനങ്ങള്‍ക്കുള്ള അതൃപ്തി സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ടി ശക്തമായി തിരിച്ചുവന്നു. സിക്കര്‍, ഹനുമാന്‍ഗഡ്, അനൂപ്ഗഡ്, ഗംഗാനഗര്‍, ഗഡ്സാന തുടങ്ങി പാര്‍ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ മുന്നേറ്റം കാഴ്ചവയ്ക്കാനായി. ഗഡ്സാനയില്‍ മൂന്നു ജില്ലാ പരിഷത്ത് സീറ്റുകളില്‍ ജയിച്ചു. സിക്കറില്‍ നാലും ഹനുമാന്‍ഗഡില്‍ ഒരു സീറ്റും ലഭിച്ചു. 38 പഞ്ചായത്തുസമിതി സീറ്റുകളിലും വിജയം കണ്ടു. ദോഡ് പഞ്ചായത്തുസമിതിയില്‍ 11 സീറ്റോടെ പാര്‍ടി മുന്നില്‍ വന്നെങ്കിലും ഇവിടെ ബിജെപിയും കോണ്‍ഗ്രസും ഭരണം കിട്ടാന്‍ കൈകോര്‍ത്തു. ഹനുമാന്‍ഗഡില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ട് നേടി. മൂന്നു നിയമസഭാ സീറ്റുകളിലെങ്കിലും വോട്ടുനിലയില്‍ സിപിഐ എം മുന്നിലാണ്.

http://deshabhimani.com/news-national-all-latest_news-458757.html#sthash.gJUiYGyF.dpuf

സ്ത്രീകളെപ്പോലും വേട്ടയാടുന്ന പൊലീസ് ക്രൂരത

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > തൊഴില്‍ സംരക്ഷിക്കാന്‍ സമരം നടത്തുന്ന സ്ത്രീകളെപ്പോലും വേട്ടയാടിയ ആന്ധ്രപ്രദേശ് പൊലീസ് 20 തൊഴിലാളികളെ വെടിവച്ചുകൊന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ എസ് പുണ്യവതി പറഞ്ഞു. ശേഷാചലത്ത് രക്തചന്ദന കൊള്ളക്കാരെന്ന് മുദ്രകുത്തി തമിഴ്നാട്ടുകാരായ തൊഴിലാളികളെ കൊന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പുണ്യവതി. ഭരിക്കുന്നത് കോണ്‍ഗ്രസായാലും തെലുങ്കുദേശമായാലും പൊലീസിനെ മര്‍ദനോപാധിയാക്കുന്ന രീതിയില്‍ മാറ്റമൊന്നുമില്ല. ശേഷാചലത്ത് കൊല്ലപ്പെട്ടത് ജീവിക്കാന്‍വേണ്ടി അതിര്‍ത്തി കടന്നെത്തിയവരാണ്. അവര്‍ക്ക് കള്ളക്കടത്തിനെക്കുറിച്ചോ മുറിക്കുന്ന മരം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നോ ഒരുപക്ഷേ അറിഞ്ഞിരിക്കണമെന്നില്ല.ഇനി കള്ളക്കടത്തുകാരാണെന്ന പൊലീസ് വാദം അംഗീകരിച്ചാല്‍പ്പോലും നിയമപരമായ നടപടി എടുക്കാനല്ലാതെ കൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തത്.

ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കുന്നതില്‍ ആന്ധ്രയിലെ പൊലീസിന്റെ ചരിത്രം കുപ്രസിദ്ധമാണെന്ന് 20 വര്‍ഷംമുമ്പ് വിജയനഗരം ജില്ലയിലെ തോട്ടപ്പള്ളിയില്‍ നാഗാവലി നദിയില്‍ റിസര്‍വോയര്‍ പണിയുന്നതിനെതിരെ സമരം നടത്തിയതിന് കൊലക്കുറ്റം ചുമത്തപ്പെട്ട പുണ്യവതി പറഞ്ഞു. അന്ന് ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയതിന് താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ചെങ്കൊടിയല്ലാതെ മറ്റൊരായുധവും കൈയിലില്ലാത്ത തങ്ങള്‍ സായുധരായ പൊലീസ് ഓഫീസര്‍മാരെയും വനിതാ പൊലീസുകാരെയും കൊല്ലാന്‍ ശ്രമിച്ചെന്ന കള്ളക്കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല.

ചന്ദ്രബാബുനായിഡു സര്‍ക്കാരിന്റെ കാലത്താണ് വൈദ്യുതിനിരക്ക് വര്‍ധനയ്ക്കെതിരെ സമരം നടത്തിയപ്പോള്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ ഹൈദരാബാദില്‍ വെടിവച്ചുകൊന്നത്. കോണ്‍ഗ്രസ് നേതാവ് കിരണ്‍റെഡ്ഡി ഭരിക്കുമ്പോള്‍ വേതനവര്‍ധനയ്ക്കായി സമരം നടത്തിയ അങ്കണവാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും കൈകാര്യം ചെയ്തത് അതിക്രൂരമായ രീതിയിലായിരുന്നു. ഭരണം മാറിയശേഷം വീണ്ടും അങ്കണവാടി ജീവനക്കാരും ഹെല്‍പ്പര്‍മാരും സമരം നടത്തി. അന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ജീവനക്കാരെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും വച്ച് അറസ്റ്റുചെയ്ത് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു. എല്ലാ ഗ്രാമങ്ങളിലും വീടുകളില്‍ കയറി ഭര്‍ത്താക്കന്മാരെയും സഹോദരങ്ങളെയും അമ്മമാരെയും മക്കളെപ്പോലും കസ്റ്റഡിയിലെടുത്തു. എന്നിട്ടും സമരം തടയാന്‍ കഴിഞ്ഞില്ല. ആന്ധ്രപ്രദേശില്‍ പുതിയ തലസ്ഥാനം ഉണ്ടാക്കുന്നതിന്റെ പേരില്‍ വിദേശനിക്ഷേപകര്‍ക്ക് നാടിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്ന നായിഡു സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളുടെ അര്‍ഹമായ വേതനം തടഞ്ഞുവയ്ക്കുകയാണ്- പുണ്യവതി പറഞ്ഞു.

http://deshabhimani.com/news-national-all-latest_news-458756.html#sthash.4Ch18VZw.dpuf

ഒന്നുമില്ലായ്മയില്‍നിന്നുള്ള മഹാപ്രയാണം

സമര്‍ മുഖര്‍ജി നഗര്‍ > അറുപതുകളുടെ അവസാനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകേട്ട വസന്തത്തിന്റെ ഇടിമുഴക്കം തെലുങ്കുനാട്ടില്‍ സിപിഐ എമ്മിന് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ജില്ലാ കമ്മിറ്റികള്‍ പലതും കൂട്ടമായി അതിവിപ്ലവത്തിന്റെ തീവ്രാവേശത്തില്‍ അണിചേര്‍ന്നു. വിശാഖപട്ടണം നഗരത്തില്‍ പാര്‍ടിക്ക് പൂര്‍ണസമയ പ്രവര്‍ത്തകരായി ഒരാള്‍പോലുമില്ലാത്ത അവസ്ഥ. എല്ലാം ഒന്നില്‍നിന്ന് തുടങ്ങേണ്ട സ്ഥിതി. തീവ്രാവേശത്തിന്റെ വഴിതെറ്റിലേക്ക് വീഴാതെ പാര്‍ടിക്കൊപ്പം നിലയുറപ്പിച്ച ചുരുക്കം സഖാക്കള്‍ ആത്മവിശ്വാസത്തോടെതന്നെ പാര്‍ടിയുടെ പുനഃസംഘാടനമെന്ന മഹാദൗത്യം ഏറ്റെടുത്തു. പൂര്‍ണസമയ പ്രവര്‍ത്തകനായി ഒരാള്‍പോലുമില്ലാതിരുന്ന വിശാഖപട്ടണം നഗരമാണ് ഇന്നിപ്പോള്‍ പാര്‍ടിയുടെ സമുന്നത സമ്മേളനത്തിന് വേദിയാകുന്നത്.

ഇടത് ഐക്യത്തിന് കരുത്തുപകരുകയെന്ന പാര്‍ടി കോണ്‍ഗ്രസ് തീരുമാനം ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയും സമ്മേളനത്തിന്റെ മുഖ്യസംഘാടകനുമായ പി മധു ദേശാഭിമാനിയോട് പറഞ്ഞു. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഐ എമ്മും ഇടതുപാര്‍ടികളുമാണ്. നാലുമാസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും പ്രതിഷേധമുയര്‍ത്തി സിപിഐ എമ്മുണ്ട്. മിക്കപ്പോഴും മുഖ്യമന്ത്രി എത്തുന്നതിന് തലേന്നുതന്നെ മുന്‍കരുതല്‍ നടപടി എന്നനിലയില്‍ പാര്‍ടിപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നതിനിടയില്‍ വിശാഖപട്ടണത്തുപോലും പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കര്‍ഷക ആത്മഹത്യ, ആദിവാസിപ്രശ്നങ്ങള്‍ തുടങ്ങിയ ജനകീയവിഷയങ്ങള്‍ ഉയര്‍ത്തി അടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് പാര്‍ടി. ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തനങ്ങള്‍ സജീവമായി.

സംസ്ഥാനം വിഭജിച്ചതോടെ പാര്‍ടി കമ്മിറ്റികള്‍ രണ്ടായി. ആന്ധ്രയില്‍ പാര്‍ടിക്കും പോഷകസംഘടനകള്‍ക്കും സംസ്ഥാനതലത്തില്‍ ഓഫീസുകളായിട്ടില്ല. ഈ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചാണ് പാര്‍ടി കോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പ്. വിജയവാഡ ഉള്‍പ്പെടെയുള്ള വടക്കന്‍ ആന്ധ്രയിലെ ജില്ലകള്‍ ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളാണ്. ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന് അരക്കോടിയോളം രൂപ സമ്മേളന നടത്തിപ്പുഫണ്ടിലേക്ക് സമാഹരിക്കാനായി. ശ്രീകാകുളം, വിജയവാഡ, വിജയനഗരം, കിഴക്ക്-വടക്ക് ഗോദാവരി ജില്ലകള്‍ തുടങ്ങി ആദിവാസികള്‍ കൂടുതലായുള്ള മേഖലകളില്‍ പാര്‍ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെട്ടിട്ടുണ്ട്. ആദിവാസിപ്രശ്നങ്ങള്‍ ഉയര്‍ത്തി അടുത്തയിടെ പ്രത്യേക ജാഥ പാര്‍ടി സംഘടിപ്പിച്ചു. ആദിവാസിമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കുകയാണ്. ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി പാര്‍ടിയോട് അടുപ്പിക്കുകയാണ് ലക്ഷ്യം. ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗമാണ് അവര്‍. ഇപ്പോള്‍ പാര്‍ടി മുന്‍കൈയെടുത്ത് ആദിവാസികള്‍ പണിയെടുക്കുന്ന തൊഴില്‍മേഖലകളില്‍ യൂണിയനുകളും മറ്റും രൂപീകരിച്ചുതുടങ്ങി. അര്‍ഹതപ്പെട്ട കൂലി ചോദിച്ചുവാങ്ങിക്കാന്‍ ഇതുവഴി ആദിവാസികളെ പ്രാപ്തരാക്കുന്നു. സാംസ്കാരികമേഖലയിലും ഇടപെടല്‍ സജീവമായിട്ടുണ്ട്. സംഘപരിവാറിന്റെ തീവ്രഹൈന്ദവ ആശയങ്ങള്‍ക്കെതിരായ പ്രചാരണങ്ങളാണ് മുഖ്യം. പ്രജാനാട്യമണ്ഡല്‍ ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു. നാടന്‍കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാടന്‍ കലാകാരന്മാര്‍ വലിയ ദുരിതത്തില്‍ കഴിയുന്നവരാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സിപിഐ എം മാത്രമാണ് അവര്‍ക്കൊപ്പമുള്ളത്. അരലക്ഷത്തോളം നാടന്‍ കലാകാരന്മാര്‍ വടക്കന്‍ ആന്ധ്രയില്‍മാത്രം പാര്‍ടിയുമായി സഹകരിക്കുന്നുണ്ട്. പാര്‍ടി സമ്മേളനവേദിയിലും അവര്‍ സജീവമാണ്- മധു പറഞ്ഞു.

http://deshabhimani.com/news-national-all-latest_news-458754.html#sthash.VeFFLlJz.dpuf

ഇതാ ഷിംല, നഗരഭരണത്തിന്റെ ജനകീയമുഖം

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എമ്മിന് അധികാരം ലഭിച്ചാല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഭരണതലത്തിലെ അഴിമതി തടയാനാകുമെന്നും ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഷിംല നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കഴിയുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ടികെന്ദര്‍ സിങ് പന്‍വര്‍ പറഞ്ഞു. രണ്ടുലക്ഷം മാത്രം ജനസംഖ്യയുള്ള ഷിംലയിലെ മുനിസിപ്പല്‍ ഭരണത്തെ ഞെക്കിക്കൊല്ലാനാണ് മുമ്പത്തെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതേനയമാണ് നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും തുടരുന്നത്. മാലിന്യനിര്‍മാര്‍ജനം, ജലവിതരണം, പൊതുജനാരോഗ്യം എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെ മികച്ച നഗരസഭയ്ക്കുള്ള മൂന്നു പുരസ്കാരത്തിന് ഈ നഗരത്തെ അര്‍ഹമാക്കിയ സിപിഐ എമ്മില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ ഇനി എതിരാളികള്‍ക്കാകില്ല. ഷിംല നഗരസഭാ കൗണ്‍സിലിലെ സിപിഐ എം ഭരണം ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞു- സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായെത്തിയ ടികെന്ദര്‍ പറഞ്ഞു.

ഇരുപത്തഞ്ച് അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നേരിട്ടാണ് 2012 ജൂണില്‍ തെരഞ്ഞെടുപ്പ് നടന്നത്. മേയറായി സിപിഐ എം നേതാവ് സഞ്ജയ് ചൗഹാനും ഡെപ്യൂട്ടി മേയറായി ടികെന്ദറും വിജയിച്ചു. ഈ രണ്ട് സ്ഥാനത്തേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍നിരാശയാണ് സമ്മാനിച്ചത്. 12 സീറ്റ് കിട്ടിയിട്ടും അവര്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. കോണ്‍ഗ്രസിന് കിട്ടിയത് 11 സീറ്റ്. ചുമതലയേറ്റതുമുതല്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗികതലത്തിലുള്ള അഴിമതി തടയാനുള്ള ശ്രമങ്ങള്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാതെ ബുദ്ധിമുട്ടിച്ചിട്ടും അധികാരവികേന്ദ്രീകരണത്തിന്റെ ചുവടുപിടിച്ച് വാര്‍ഡുതല സമിതികള്‍ക്ക് കൂടുതല്‍ സാമ്പത്തികാധികാരം നല്‍കാന്‍ കഴിഞ്ഞു. നികുതിവരുമാനത്തിന്റെ പത്ത് ശതമാനം വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഇന്ത്യയില്‍ ഒരു നഗരസഭയും ഇങ്ങനെ ചെയ്യുന്നില്ല.

അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളും പാലങ്ങളും പണിതു. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. കുന്നിന്‍പ്രദേശമായതിനാല്‍ 20 ശതമാനം വീടുകളിലേക്കുമാത്രമേ റോഡുകളുള്ളൂ. റോഡുനിര്‍മാണത്തില്‍ ലക്ഷ്യംകാണാനുള്ള തീവ്രശ്രമത്തിലാണ്. ജനകീയപങ്കാളിത്തത്തോടെയുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ വന്‍ വിജയമായി. "സീറോ ഗാര്‍ബേജ് സിറ്റി' എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഷിംല. വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ മാലിന്യം ശേഖരിക്കും. ജലവിതരണം കാര്യക്ഷമമാക്കാനും ജലക്ഷാമം പരിഹരിക്കാനും ഒരളവുവരെ കഴിഞ്ഞു. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് ഗ്രീന്‍ ടാക്സ് എന്ന പേരില്‍ നികുതി പിരിച്ചാണ് ടൂറിസ്റ്റ് കേന്ദ്രമായ ഷിംലയുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പണം കണ്ടെത്തുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന് വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെതന്നെ പ്രതികരിക്കും. ഭരണകാര്യങ്ങളുടെ തിരക്കിലായതിനാല്‍ മേയര്‍ സഞ്ജയ് ചൗഹാന് സമ്മേളനത്തിന് വരാന്‍ പറ്റിയിട്ടില്ല- ടികെന്ദര്‍ പറഞ്ഞു.

http://deshabhimani.com/news-national-all-latest_news-458753.html#sthash.z4hkBMEw.dpuf

Friday, April 17, 2015

മറക്കില്ല ചോരയില്‍ മുങ്ങിയ മാര്‍ച്ച് 18

ഹിമാചലില്‍ വിദ്യാര്‍ഥിസമരത്തിന് നേതൃത്വം നല്‍കുന്ന വിക്രംസിങ്, ഫാല്‍മ ചൗഹാന്‍ എന്നിവര്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനൊപ്പം

സമര്‍ മുഖര്‍ജി നഗര്‍ > ഹിമാചല്‍പ്രദേശിലെ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ദീര്‍ഘനാളത്തെ പോരാട്ടചരിത്രത്തില്‍ ഏറ്റവും രക്തപങ്കിലമായ ദിനം- മാര്‍ച്ച് 18. വീരഭദ്രസിങ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളാകെ തെരുവിലിറങ്ങിയ ദിവസം. തൂവെള്ളക്കൊടി കൈയിലേന്തി വിപ്ലവമുദ്രാവാക്യങ്ങളുയര്‍ത്തി ഷിംലയിലെ നിയമസഭാമന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്ത നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അധികാരകേന്ദ്രങ്ങളെ വിറകൊള്ളിച്ചു.

വിദ്യാര്‍ഥിമുന്നേറ്റത്തില്‍ അസ്വസ്ഥനായ വീരഭദ്രസിങ് ഏതുവിധേനയും സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മുമ്പെങ്ങുമില്ലാത്തവിധം ക്രൂരമായ വിദ്യാര്‍ഥിവേട്ടയ്ക്ക് ഷിംല നഗരം വേദിയായി. പൊലീസ് മര്‍ദനത്തിന്റെ അടയാളമുദ്രകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ അടുത്തദിവസം ദേശീയ മാധ്യമങ്ങളില്‍പ്പോലും നിറഞ്ഞു. മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി.

ഉജ്വലമായ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ കഴിഞ്ഞ ഒരുമാസമായി ഇരുമ്പഴിക്കുള്ളിലാണ്. പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായി സമര്‍ മുഖര്‍ജി നഗറിലുണ്ട്. വിദ്യാര്‍ഥിസമരത്തിന് എല്ലാ സഹായവും ഒരുക്കിയ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാല്‍മ ചൗഹാനും വിദ്യാര്‍ഥിനേതാവ് വിക്രംസിങ്ങും ശിവദാസനൊപ്പം സമരാനുഭവങ്ങള്‍ പങ്കുവച്ചു. മാര്‍ച്ച് 18ലെ വിദ്യാര്‍ഥിമുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് സ്വീകരിച്ച മനുഷ്യത്വരഹിതമായ മര്‍ദനമുറകള്‍ വിശദീകരിക്കുമ്പോള്‍ ഫാല്‍മയ്ക്ക് പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു.

വിദ്യാര്‍ഥികള്‍ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. ഒന്ന്, ഉന്നതവിദ്യാഭ്യാസരംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന റൂസ സംവിധാനം പിന്‍വലിക്കുക. രണ്ട്, അന്യായമായ ഫീസ് വര്‍ധന അവസാനിപ്പിക്കുക. മൂന്ന്, കലാലയങ്ങളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക. റൂസ നടപ്പായതിലൂടെ നിലവില്‍വന്ന പ്രധാന പരിഷ്കാരം സെമസ്റ്റര്‍ സമ്പ്രദായമാണ്.

എന്നാല്‍, ഒരു ഗൃഹപാഠവുമില്ലാതെ സെമസ്റ്റര്‍ സംവിധാനം നടപ്പാക്കുകവഴി ഉന്നതവിദ്യാഭ്യാസമാകെ അലങ്കോലപ്പെട്ടു. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ സെമസ്റ്ററുകള്‍ പലപ്പോഴും നീണ്ടു. കൃത്യസമയത്ത് പരീക്ഷ നടക്കില്ല. പരീക്ഷകള്‍ നടന്നാല്‍തന്നെ ഫലം വരുന്നത് മാസങ്ങള്‍ക്കുശേഷം. മൂന്നുവര്‍ഷംകൊണ്ട് തീരേണ്ട ബിരുദകോഴ്സുകള്‍ അഞ്ചുവര്‍ഷംവരെ നീണ്ടു. യുജിസിവഴി എത്തിയിരുന്ന കേന്ദ്രഫണ്ടുകള്‍ റൂസയിലേക്ക് മാറിയതോടെ ഉന്നതരുടെ പോക്കറ്റുകളിലേക്ക് പോയിത്തുടങ്ങി.

ഒരുവര്‍ഷംമുമ്പ് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാതരത്തിലുള്ള ഫീസുകളും പലമടങ്ങ് വര്‍ധിപ്പിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിലക്കി. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എസ്എഫ്ഐ ജയിക്കുന്നതാണ് കോണ്‍ഗ്രസിന് പ്രകോപനമായത്. എന്‍എസ്യുവും എബിവിപിയും സഖ്യത്തില്‍ മത്സരിച്ചിട്ടും വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിച്ചത് എസ്എഫ്ഐയില്‍.

നിയമസഭാമാര്‍ച്ചില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനംചെയ്തത് ശിവദാസന്‍. ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചുടുകട്ടകള്‍കൊണ്ട് എറിഞ്ഞുവീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. സിപിഐ എം ഓഫീസില്‍ അതിക്രമിച്ചുകയറിയാണ് ശിവദാസന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തതും ലോക്കപ്പിലടച്ച് ക്രൂരമായി മര്‍ദിച്ചതും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പുനിത് ഝണ്ഡ, സെക്രട്ടറി സുരേഷ് സര്‍വാള്‍ എന്നിവരടക്കം ആറുപേര്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്- ഫാല്‍മ പറഞ്ഞു.

ഹിമാചലിലെ വിദ്യാര്‍ഥിപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ് ശിവദാസന് പറയാനുണ്ടായിരുന്നത്. 30 വര്‍ഷംവരെ അകത്തുകിടക്കാന്‍ വഴിയൊരുക്കുംവിധം വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന പൊലീസിന്റെ ഭീഷണിക്കുമുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പതറിയില്ല. രക്തം തരും ജീവന്‍ തരും ഇല്ലാ ഞങ്ങള്‍ പിന്നോട്ട് എന്ന ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കുമുന്നില്‍ പൊലീസ് പത്തിതാഴ്ത്തിയെന്ന് ശിവദാസന്‍ പറഞ്ഞു. സമരം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ പരീക്ഷക്കാലമാണ്. അതിനുശേഷം കൂടുതല്‍ ഊര്‍ജിതമായി പ്രക്ഷോഭങ്ങള്‍ തുടരും- ഫാല്‍മ വ്യക്തമാക്കി.

എം പ്രശാന്ത്

ലളിതം മനോഹരം ആര്‍ട്ട് ബൈ രമണ

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ലളിതസുന്ദരമായ കലാരൂപങ്ങളാല്‍ അണിയിച്ചൊരുക്കിയ പാര്‍ടി കോണ്‍ഗ്രസിന്റെ കവാടവും വേദിയും മുഖ്യ ആകര്‍ഷണമാണ്. മനോഹരമായ കവാടം തയ്യാറാക്കിയത്&ാറമവെ; ശേഖര്‍ കപൂര്‍ അടക്കമുള്ള അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പി എം വി രമണ. 20 വര്‍ഷംമുമ്പുവരെ ഈ പട്ടണത്തില്‍ സമരവും ജാഥയും നടത്തിയ പഴയ എസ്എഫ്ഐക്കാരന്‍ ഇന്ന് ബോളിവുഡിലെയും ഹോളിവുഡിലെയും തിരക്കേറിയ അനിമേറ്ററാണ്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് തന്റെ പാര്‍ടിക്കുവേണ്ടി ഇതെല്ലാം സജ്ജീകരിച്ചത്.

‘വിശാഖപട്ടണത്ത് പഠിക്കുമ്പോള്‍ ഞാന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. അന്ന് സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയുമൊക്കെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സംഘാടകസമിതിയുടെ ഭാഗമായി ഞാനും സഖാക്കളുമൊക്കെയാണ് വേദി തയ്യാറാക്കിയതും പ്രചാരണപ്രവര്‍ത്തനം നടത്തിയിരുന്നതും. ഓട്ടോറിക്ഷയില്‍ ചായവും ബ്രഷുമൊക്കെയായി ഒരു കറക്കമാണ്. സഹായിക്കാന്‍ ഒന്നോ രണ്ടോ സഖാക്കളും. നഗരത്തിലെ പ്രചാരണവും വേദിയുടെയും കവാടത്തിന്റെയും നിര്‍മാണവുമൊക്കെ എന്റെ ചുമതലയാണ്.‘

1996ല്‍ സിന്‍ക്രിയേറ്റീവ് ആര്‍ട്ട് എന്ന മുംബൈയിലെ സ്ഥാപനത്തില്‍ അനിമേഷന്‍ പഠിച്ച രമണയിലെ കലാകാരനെ കണ്ടെത്തിയത് ശേഖര്‍ കപൂറാണ്. എലിസബത്ത് എന്ന സിനിമയ്ക്കുവേണ്ടി ചെയ്ത പ്രീവിഷ്വലൈസേഷന്‍ ശേഖര്‍ജിക്ക് നന്നേ ബോധിച്ചു. പിന്നെ ശേഖര്‍ കപൂറിന്റെ എല്ലാ സിനിമയിലും പ്രീവിഷ്വലൈസേഷന്റെ ചുമതല രമണയ്ക്കാണ്. എ ആര്‍ റഹ്മാനൊപ്പവും സഹകരിക്കാറുണ്ട്. ദേശീയ അവാര്‍ഡ് കിട്ടിയ മലയാളി സംവിധായകന്‍ രാജേഷ് ടച്ച്റിവര്‍ മലയാളമടക്കമുള്ള വിവിധ ഭാഷകളില്‍ സംവിധാനംചെയ്യുന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലാണ് രാജേഷിന്റെ സഹപാഠികൂടിയായ രമണ.

പാര്‍ടി കോണ്‍ഗ്രസിന്റെ വേദി ഒരുക്കിയതില്‍ അഭിമാനമുണ്ടെന്ന് രമണ പറഞ്ഞു. രാഘവുലു ആവശ്യപ്പെട്ടപ്പോള്‍ പിന്നെ മുംബൈയില്‍ നില്‍ക്കാന്‍ തോന്നിയില്ല. 500 സഖാക്കളുടെ സഹായത്തോടെ മൂന്നു ദിവസംകൊണ്ടാണ് ഇത്രയും ചെയ്തത്. ചുവപ്പിന്റെ ഭിന്നരാശികള്‍ ഉപയോഗിച്ചാണ് ഇവിടെ വര്‍ക്ക് ചെയ്തത്. കവാടത്തിന് മണ്ണിന്റെ ചുവപ്പ്. കൊടിമരം നാട്ടിയത് ചുരുട്ടിയ മുഷ്ടിയില്‍ അവസാനിക്കുന്ന തിരമാലകളുടെ ഇന്‍സ്റ്റലേഷനുമേല്‍. വേദിയില്‍ വിശാഖപട്ടണത്തെ നല്ല മലയില്‍ ചുവന്ന സൂര്യനുദിക്കുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയത്. ഇതിനെല്ലാം എത്ര പണം ചെലവായെന്ന് ചോദിച്ചാല്‍ രമണ പറയും ഒന്നും ചെലവായില്ലെന്ന്. പഴയ തുണിയും കടലാസും വയ്ക്കോലും പഴയ കാളവണ്ടിച്ചക്രങ്ങളും റാന്തലും മറ്റു പാഴ്വസ്തുക്കളും മാത്രം. കേരളത്തിലെ പാര്‍ടി സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ആഗ്രഹമുണ്ട്. വിളിച്ചാല്‍ മതി പറന്നെത്തും- രമണ പറഞ്ഞു.

Wednesday, April 15, 2015

പുതിയ ഇന്ത്യ, പുതിയ കേരളം

വിശാഖപട്ടണം അക്ഷരാര്‍ഥത്തില്‍ വിപ്ലവനഗരിയായി. പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്, സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ രാവിലെ എത്തുമ്പോള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ ചെറുസംഘങ്ങള്‍ അഭിവാദ്യമേകിയത് ആവേശകരമായ അനുഭവമായി. പോര്‍ട്ട് തൊഴിലാളികള്‍ അവരുടെ പണിശാലവേഷത്തിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വള്ളവും വലയുമായി നിന്നു. അങ്കണവാടിക്കാരും വിദ്യാര്‍ഥികളും മഹിളകളും കര്‍ഷകരുമെല്ലാം ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി അഭിവാദ്യമേകി.

എസ്എഫ്ഐയുടെ നേതാവായിരിക്കെ ഞാന്‍ ആന്ധ്രയിലും വിശാഖപട്ടണത്തും വന്നിട്ടുണ്ട്. നിസാമിന്റെ വാഴ്ചയ്ക്കെതിരായ ധീരോദാത്തപോരാട്ടം, ഭൂമി അധികാരത്തിനുവേണ്ടിയുള്ള തെലങ്കാനസമരം- അതിന്റെയെല്ലാം ചുടുനിണം വീണ മണ്ണിലാണ് ഇപ്പോള്‍ പാര്‍ടി കോണ്‍ഗ്രസ്്. പി സുന്ദരയ്യ, എം ബസവപുന്നയ്യ എന്നീ സമുന്നതനേതാക്കളുടെ സ്മരണതുടിക്കുന്നു. 749 പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ മൂന്നു നിരീക്ഷകരും 175 പ്രതിനിധികളുമാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്. രാജ്യത്തെ എല്ലാ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഒരേവേദിയില്‍ അണിനിരത്തുകയെന്ന വിശാലമായ കാഴ്ചപ്പാടാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനസമ്മേളനം അവതരിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഒരു പാര്‍ടി കോണ്‍ഗ്രസ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഒരു പതിവ് നടപടിക്രമമായി പരിമിതപ്പെടുന്നതല്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പാര്‍ടിയാകെ പങ്കെടുക്കുന്ന ഗൗരവമായ ഈ സമ്മേളനം രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ സുപ്രധാന പങ്കുവഹിക്കുന്നതാണ്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വാഴ്ച ഇന്ത്യയെ വര്‍ഗീയതയുടെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ആപല്‍ക്കരമായ ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. ഈ വിപത്ത് തടയാന്‍ ജനവിശ്വാസം നഷ്ടപ്പെടുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്ത കോണ്‍ഗ്രസിനെക്കൊണ്ട് കഴിയില്ല. കോണ്‍ഗ്രസിന്റെ അഴിമതിവാഴ്ചയും അതിന്റെ ഭരണനയവും തുറന്നുകാട്ടണം. ബിജെപി- ആര്‍എസ്എസ് ഭരണവിപത്തിനെ തടയുകയും വേണം. ഇതിന് ഇടതുപക്ഷഐക്യം മുമ്പൊരുകാലത്തും ഉണ്ടാകാത്തവിധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ മതനിരപേക്ഷപ്രസ്ഥാനങ്ങളെ ഈ ചേരിയില്‍ അണിനിരത്തേണ്ടതുമുണ്ട്. ഈ കടമ നിറവേറ്റുന്നതിനുള്ള അതീവഗൗരവമായ ചര്‍ച്ചയും തീരുമാനങ്ങളുമാണ് അഞ്ചു ദിവസങ്ങളിലായി നടക്കുക.

നാലു കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. 1. രാഷ്ട്രീയ അടവുനയത്തിന്റെ അവലോകനം 2. പുതിയ രാഷ്ട്രീയ അടവുനയം 3. ഉദാരവല്‍ക്കരണനയം ആരംഭിച്ചത് മുതലിങ്ങോട്ട് വിവിധ വര്‍ഗങ്ങളിലും സമൂഹത്തിലുമുണ്ടായ പ്രത്യാഘാതവും അതിനോടുള്ള സിപിഐ എം നിലപാടുകളും സംബന്ധിച്ച അവലോകനം 4. പാര്‍ടിയുടെയും ബഹുജനമുന്നണിയുടെയും പ്രവര്‍ത്തനം. ഇതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡ. എന്നാല്‍, ഇത് മറച്ചുവച്ച് പാര്‍ടി സമ്മേളനമെന്നാല്‍ ജനറല്‍ സെക്രട്ടറി ആര് എന്നതിനെ കേന്ദ്രീകരിച്ചാണ് മാധ്യമങ്ങളില്‍ ഒരുപങ്ക് പ്രചാരണം നടത്തുന്നത്. ഇത് അസംബന്ധമാണ്. ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്ന മുദ്രാവാക്യം പാര്‍ടി കോണ്‍ഗ്രസ് ഉയര്‍ത്തുമ്പോള്‍, ഇതുമായി ബന്ധപ്പെടുത്തി കേരള ആര്‍എസ്പിയെ വെള്ളപൂശുന്ന ശൈലി ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍നിന്ന് ആര്‍എസ്പി പൊടുന്നനവെ പിന്മാറി യുഡിഎഫ്പാളയത്തിലെത്തിയത് വഞ്ചനാപരമാണ്. ആര്‍എസ്പിയുടെ പിന്മാറ്റം എല്‍ഡിഎഫ് വിജയത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അതിനപ്പുറമുള്ള വിലയിരുത്തലൊന്നും ഈ കാര്യത്തിലുണ്ടായിരുന്നില്ല.

ഇടതുപക്ഷഐക്യത്തിന്റെ പ്രാധാന്യമാണ് ആര്‍എസ്പിയുടെ സമുന്നതനേതാവ് അബനി റോയി പാര്‍ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഊന്നിയത്. അബനി റോയിയുടെ നിലപാട് അംഗീകരിച്ച്, അഴിമതിയില്‍ മുങ്ങിത്താഴ്ന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് പുറത്തുവരാന്‍ കേരള ആര്‍എസ്പി തയ്യാറാകുമോ എന്നതാണ് നാട് നോക്കുന്നത്. പക്ഷേ എംപി, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രി തുടങ്ങിയ സ്ഥാനങ്ങളുടെ വാലില്‍ തൂങ്ങി പ്രബുദ്ധരാഷ്ട്രീയം വിഴുങ്ങുകയാണ് അസീസിന്റെ നേതൃത്വത്തിലുള്ള കേരള ആര്‍എസ്പി. തങ്ങള്‍ എല്‍ഡിഎഫിലുണ്ടായിരുന്ന കാലത്ത് കെ എം മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് സിപിഐ എം തീരുമാനം എടുത്തിരുന്നുവെന്ന് അസീസ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞിരുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ അഭിപ്രായം ഇതിനിടെ മാധ്യമങ്ങളില്‍ വന്നതായി കാണുന്നു. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ഒരു തീരുമാനവും ഈ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സിപിഐ എമ്മിന്റെ ഒരു ഘടകവും കൈക്കൊണ്ടിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെ അസീസിനെ ഉദ്ധരിച്ച് തങ്കച്ചന്‍ നടത്തിയ അഭിപ്രായം അസത്യമാണ്. നവഉദാരവല്‍ക്കരണത്തെയുംമുതലാളിത്തത്തെയും ഹിന്ദുത്വഭരണ വര്‍ഗീയതയെയും തോല്‍പ്പിച്ച് രാജ്യത്തെ രക്ഷിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ ബദലിനേ കഴിയൂ. ഈ സന്ദേശം അടിവരയിടുന്ന 21-ാം പാര്‍ടി കോണ്‍ഗ്രസ് പുതിയ ഇന്ത്യക്കും പുതിയ കേരളത്തിനും വഴിയൊരുക്കുന്നതാണ്

കോടിയേരി ബാലകൃഷ്ണന്‍

ആദിവാസികളും ന്യൂനപക്ഷങ്ങളും അരക്ഷിതര്‍: കവിത കൃഷ്ണന്‍

സമര്‍ മുഖര്‍ജി നഗര്‍ > രാജ്യത്ത് ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗം അരക്ഷിതരാണെന്ന് സിപിഐ എംഎല്‍ പൊളിറ്റ്ബ്യൂറോ അംഗം കവിത കൃഷ്ണന്‍ പറഞ്ഞു.

ഭരണകൂടത്തിന് ഈ വിഭാഗങ്ങളോടുള്ള സമീപനമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. ആന്ധ്രയില്‍ ആദിവാസികളായ 20 പേരെ പൊലീസ് വെടിവച്ചുകൊന്നതും തെലങ്കാനയില്‍ വിചാരണത്തടവുകാരായ അഞ്ചുപേരെ കൊലപ്പെടുത്തിയതും നാടിനാകെ നാണക്കേടായി. കൊല ചെയ്യുകമാത്രമല്ല അതിനെ ന്യായീകരിക്കുകയുമാണ് സര്‍ക്കാരുകള്‍. മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലാണ് ഇപ്പോള്‍ രാജ്യവ്യാപകമാകുന്നത്. നല്ല നാളുകള്‍ വരുന്നുവെന്ന മോഡിയുടെ വാക്കുകള്‍ കോര്‍പറേറ്റുകളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ബോധ്യമായി. കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരുടെ ഭൂമി വന്‍തോതില്‍ കവര്‍ന്നെടുക്കാന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്്.

തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തി രാജ്യത്തെ ഇടതുപക്ഷത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇടതുപക്ഷം തകര്‍ന്നുവെന്നും തിരിച്ചുവരില്ലെന്നും പറഞ്ഞു. എന്നാല്‍, അതിന്റേതായ രീതിയില്‍ ഇടതുപക്ഷത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു

ദളിത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ട് സമ്മേളനം ചേരണം

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ഡോ. ബി ആര്‍ അംബേദ്കറുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ രാജ്യത്തെ പട്ടികവിഭാഗ സമൂഹങ്ങളുടെ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൊട്ടകൂടായ്മയും പട്ടികവിഭാഗ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളും തുടരുമ്പോഴും ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പട്ടിക വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന നിയമം ശക്തിപ്പെടുത്തുകയും പൂര്‍ണ്ണമായി നടപ്പാക്കുകയും വേണം. ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമീണ ദളിതരും ഭൂരഹിത തൊഴിലാളികളാണ്. അവര്‍ക്ക് ഒരു സ്വത്തുമില്ല. സംവരണ വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ കാലങ്ങളായി കുറവുവരുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നിഷേധിക്കപ്പെടുന്നു.അവര്‍ക്ക് ആനുകൂല്ല്യങ്ങള്‍ കിട്ടുന്നില്ല.ഈ വിഷയങ്ങളൊക്കെ പാര്‍ലമെണ്ട് പ്രത്യേകം ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കേണ്ടതുണ്ട്. പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിച്ച് രാജ്യത്തിന്റെയാകെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണം. ജന്മത്തിന്റെയും പിന്തുടര്‍ച്ചയുടെയും പേരില്‍ നിലനില്‍ക്കുന്ന നാണംകെട്ട ഈ വിപത്തിലേക്കും അത് ഇല്ലാതാക്കാനായി അടിയന്തരമായി സമഗ്രവും ശക്തവുമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ജനശ്രദ്ധ കൊണ്ടുവരാന്‍ കഴിയണം.

വര്‍ഗ്ഗസമരത്തിനൊപ്പം സാമൂഹ്യ-ജാതിവിവേചനങ്ങള്‍ക്കെതിരെയും ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാക്കാനും മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും പാര്‍ട്ടി ഒന്നടങ്കം പോരാടണം. ജനാധിപത്യ മുന്നേറ്റങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും ദളിതരെ അകറ്റാനുള്ള നീക്കങ്ങള്‍ ചെറുക്കുകയും വേണം- പ്രമേയത്തില്‍ പറയുന്നു.

ഇടത് ജനാധിപത്യബദല്‍ അനിവാര്യം: കാരാട്ട്

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എമ്മിനെ ശക്തിപ്പെടുത്തി വിശാല ഇടതുപക്ഷഐക്യം കെട്ടിപ്പടുക്കാനും അതുവഴി ഇടതുപക്ഷ- ജനാധിപത്യ ബദലിനുവേണ്ടി പൊരുതാനും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനംചെയ്തു. വലതുപക്ഷ കടന്നാക്രമണം ചെറുക്കാന്‍ ഇടതുപക്ഷഐക്യം വിപുലമാക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് വിശാഖപട്ടണത്തെ സമര്‍ മുഖര്‍ജി നഗറില്‍ (പോര്‍ട്ട് കലാവാണി ഓഡിറ്റോറിയം) സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്ത് കാരാട്ട് പറഞ്ഞു.

എല്ലാ ഇടതുപക്ഷപാര്‍ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഇടതുപക്ഷവേദിയില്‍ അണിനിരത്തണം. ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിന് നടപടിയുണ്ടാകണം. ശക്തമായ ഇടതുപക്ഷഐക്യം സാധ്യമായാലേ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കാനുതകുംവിധം മറ്റു ജനാധിപത്യപാര്‍ടികളെ അണിനിരത്താനാകൂ. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി എന്നിവയ്ക്കുവേണ്ടിയും ഇടതുപക്ഷ- ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും ജനങ്ങളെ അണിനിരത്താന്‍ സജ്ജമാക്കുംവിധം സിപിഐ എമ്മിന് ഒരു പുതിയ ദിശ നല്‍കുന്നതില്‍ 21-ാം പാര്‍ടി കോണ്‍ഗ്രസ് നാഴികക്കല്ലാകുമെന്ന് കാരാട്ട് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും സ്വതന്ത്രമായി ശക്തിപ്പെടേണ്ടതും ഐക്യം വിപുലമാക്കേണ്ടതും അങ്ങേയറ്റം നിര്‍ണായകമായ കാര്യമാണ്.വലതുപക്ഷ കടന്നാക്രമണം ചെറുക്കാനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും നിരന്തരസമരങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണമെന്നതിലായിരിക്കും പാര്‍ടി കോണ്‍ഗ്രസ് പ്രധാനമായും ഊന്നുക. പ്രാദേശികസമരങ്ങള്‍ ഏറ്റെടുത്ത് നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള വിശാലസമരങ്ങളുമായി കണ്ണിചേര്‍ക്കണം. സാമൂഹികപ്രശ്നങ്ങളില്‍ പാര്‍ടി സജീവമായി ഇടപെടുകയും സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുകയും ചെയ്യും.

ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ ഭരണത്തില്‍ രൂക്ഷമായ വലതുപക്ഷ കടന്നാക്രമണത്തിനാണ് രാജ്യത്തെ സാമ്പത്തിക- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലകളാകെ സാക്ഷ്യംവഹിക്കുന്നത്. വന്‍കിട ബൂര്‍ഷ്വാസികളുടെയും കോര്‍പറേറ്റുകളുടെയും ഹിന്ദുത്വശക്തികളുടെയും പിന്തുണയോടെയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സംയുക്തസംരംഭമായ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുമ്പത്തെ ഒരു സര്‍ക്കാരും ചെയ്യാത്തതരത്തിലാണ് രാജ്യത്തിന്റെ വിഭവസമ്പത്ത് വന്‍കിട കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ഈ സര്‍ക്കാര്‍ കൈമാറുന്നത്. ധാതു-കല്‍ക്കരി സമ്പത്തും ഇന്‍ഷുറന്‍സ്, റെയില്‍വേ മേഖലകളും രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്ക് തുറന്നുകൊടുത്തു. കോര്‍പറേറ്റ് നികുതി അഞ്ചുശതമാനം കുറച്ച കേന്ദ്ര ബജറ്റ് സ്വത്തുനികുതിയും എടുത്തുകളഞ്ഞു. ഗൗതം അദാനിയുടെ സ്വത്ത് 2013നും 2014നുമിടയ്ക്ക് 25,000 കോടി രൂപയാണ്് വര്‍ധിച്ചത്. മോഡിയുടെ "നല്ല നാളുകള്‍' ആര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.

വന്‍കിട ബിസിനസുകാര്‍ക്കും ധനാഢ്യന്മാര്‍ക്കും അനുകൂലമായ നയങ്ങള്‍ തുടരുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. കര്‍ഷകര്‍ രാജ്യത്തെങ്ങും വിളകള്‍ക്ക് വില കിട്ടാത്തതുമൂലം പ്രതിസന്ധിയിലാണ്. കൃഷിക്കും ജലസേചനത്തിനുമുള്ള പൊതുനിക്ഷേപം കുറയ്ക്കുമ്പോള്‍ കൃഷിച്ചെലവ് വര്‍ധിക്കുന്നു. അസമയത്ത് പെയ്ത കാലവര്‍ഷം ദുരിതം ഇരട്ടിയാക്കി. ഇത് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമങ്ങളിലെ ദരിദ്രര്‍ക്കുമുള്ള തൊഴിലവസരങ്ങള്‍ കുറഞ്ഞു. കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാര്‍ക്ക് ഒരു ആശ്വാസവും ലഭിക്കുന്നില്ല. തൊഴില്‍നിയമങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതികളിലൂടെ തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുകയാണ്. പുതിയ ഖന, ധാതു നിയമത്തിന്റെപേരില്‍ ആദിവാസികളെ കുടിയിറക്കുകയാണ് സര്‍ക്കാര്‍. ഇത്തരം കടന്നാക്രമണങ്ങളെ ഇടതുപക്ഷ- ജനാധിപത്യശക്തികള്‍ കൂട്ടായി ചെറുക്കേണ്ടതുണ്ട്.

ഉപജീവനവും അവകാശവും കവരുന്നതിനെതിരെ വിവിധ വിഭാഗം തൊഴിലാളികള്‍ സമരരംഗത്താണ്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയര്‍ന്നു. തൊഴില്‍ നിയമഭേദഗതിയെ എല്ലാ ട്രേഡ് യൂണിയനുകളും ഒരുമിച്ചെതിര്‍ക്കുന്നു. കല്‍ക്കരിബില്ലിനെതിരെ ഖനിത്തൊഴിലാളികള്‍ രണ്ടുദിവസം പണിമുടക്കി. എഫ്ഡിഐ വര്‍ധനയ്ക്കെതിരെ ഇന്‍ഷുറന്‍സ് തൊഴിലാളികളും പണിമുടക്കി. ആശ, അങ്കണവാടി തുടങ്ങിയ പദ്ധതികളിലെ തൊഴിലാളികളും സമരരംഗത്താണ്. വരുംനാളുകളില്‍ അതിശക്തമായ സമരങ്ങളാണ് വരാനിരിക്കുന്നത്- കാരാട്ട് പറഞ്ഞു.

എന്‍ എസ് സജിത് on 14-April-2015

അമേരിക്കയ്ക്ക് കീഴടങ്ങിയ ഭരണം: കാരാട്ട്

ബംഗാളിന് ഐക്യദാര്‍ഢ്യം

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങളെ ധീരമായി ചെറുക്കുന്ന പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെയും 21-ാം പാര്‍ടി കോണ്‍ഗ്രസ് അഭിവാദ്യംചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബംഗാളിലെ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 99 സിപിഐ എം പ്രവര്‍ത്തകരാണ് രക്തസാക്ഷികളായതെന്ന് കാരാട്ട് പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ അവിടെ തിരിച്ചുവരാനാകുമെന്ന് ഉറപ്പുണ്ട്. കൊല്‍ക്കത്ത കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് കാരണം പല പ്രതിനിധികള്‍ക്കും വരാനായിട്ടില്ല. പകരക്കാരായ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന നേതാക്കളായ സുഭാഷ് മുഖോപാധ്യായ, മാനസ് മുഖര്‍ജി എന്നിവരെ പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇവര്‍ ആശുപത്രിയിലാണ്.

അംബേദ്കറിന് ആദരം

സമര്‍ മുഖര്‍ജി നഗര്‍ > ഭരണഘടനാ ശില്‍പ്പി എന്നനിലയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങള്‍ ഏതുവിധേനയും അട്ടിമറിക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിശാഖപട്ടണത്തെ ദാബാഗാര്‍ഡനില്‍ അംബേദ്കര്‍പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിബി അംഗങ്ങളും മറ്റ് നേതാക്കളും അംബേദ്കര്‍പ്രതിമയില്‍ മാലചാര്‍ത്തി. അംബേദ്കറിന്റെ ജന്മവാര്‍ഷികദിനം മുന്‍നിര്‍ത്തിയായിരുന്നു ആദരവ്. രാജ്യത്തെ ദളിതര്‍ക്കും അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കര്‍. അവരുടെ അവകാശങ്ങള്‍ക്കും ജീവിതപുരോഗതിക്കുമായി അദ്ദേഹം ശബ്ദമുയര്‍ത്തി. സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങളെ അടിത്തറയാക്കിയുള്ള ഭരണഘടനയാണ് അംബേദ്കര്‍ വിഭാവനംചെയ്തത്. എന്നാല്‍, അംബേദ്കര്‍ എന്തിനെല്ലാംവേണ്ടി നിലകൊണ്ടോ അതെല്ലാം അട്ടിമറിക്കാനാണ് മോഡിസര്‍ക്കാരിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ മതേതരസംരക്ഷണമെന്ന ദൗത്യത്തിന് പ്രസക്തിയേറുകയാണ്- കാരാട്ട് പറഞ്ഞു.

അമേരിക്കയ്ക്ക് കീഴടങ്ങിയ ഭരണം: കാരാട്ട്

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > രാജ്യത്ത് വര്‍ഗീയശക്തികള്‍ക്ക് മേല്‍ക്കൈ നേടാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചാരണത്തിനും മോഡിസര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബീഫ് നിരോധനംപോലുള്ള നടപടികളിലൂടെ ന്യൂനപക്ഷങ്ങളുടെ ഭക്ഷണാവകാശങ്ങളും സാംസ്കാരികാവകാശങ്ങളും ലംഘിക്കുകയാണ്. പുനര്‍മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ പള്ളികളടക്കമുള്ള ദേവാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണവും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളാണ്്. വിദ്യാഭ്യാസ സംവിധാനത്തിലും ഗവേഷണ, സാംസ്കാരിക സ്ഥാപനങ്ങളിലും ആര്‍എസ്എസിന്റെ അജന്‍ഡയാണ് നടപ്പാക്കുന്നത്. ഹിന്ദുത്വത്തിന്റെ പിന്തിരിപ്പന്‍ പുരുഷാധിപത്യമൂല്യങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. മോഡിസര്‍ക്കാരിന്റെ വിദേശനയത്തിലും വലതുപക്ഷ അജന്‍ഡ വ്യക്തമാണ്.

ഏഷ്യയിലെ ലക്ഷ്യങ്ങള്‍ നേടാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കാണ് ഇന്ത്യ അരുനില്‍ക്കുന്നത്. വിദേശമൂലധനത്തിന് ഇന്ത്യന്‍ സമ്പദ്ഘടന തുറന്നിടാനും പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശങ്ങളില്‍ വെള്ളം ചേര്‍ക്കാനുമുള്ള അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് മോഡിസര്‍ക്കാര്‍ വഴങ്ങിയിരിക്കുന്നു. ഡോ. ബി ആര്‍ അംബേദ്കറിന്റെ 125-ാം ജന്മവാര്‍ഷികദിനത്തില്‍ ആരംഭിച്ച പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയെ കാരാട്ട് അനുസ്മരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെയാണ് ബിജെപിയും ആര്‍എസ്എസും തകര്‍ക്കുന്നത്. ഗാന്ധിഘാതകന്‍ ഗോഡ്സെയെയാണവര്‍ പ്രകീര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സുകളും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പക്ഷത്തുള്ള ബുദ്ധിജീവികള്‍ക്കെതിരെയുള്ള അസഹിഷ്ണുതയും ഏകാധിപത്യ ഭരണസംവിധാനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.

ലോകമുതലാളിത്തത്തിന് 2008ലെ സാമ്പത്തികപ്രതിസന്ധികളില്‍നിന്ന് പൂര്‍ണമായി തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് തിരിച്ചടിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ വേതനം വെട്ടിക്കുറയ്ക്കുന്ന നയങ്ങള്‍ക്കെതിരെ ഗ്രീസ് ജനത തിരിച്ചടി നല്‍കി. അവിടെ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ ഒരു ബദല്‍പാത വാഗ്ദാനംചെയ്തിട്ടുണ്ട്. നവലിബറല്‍ നയങ്ങള്‍ക്കും ചെലവുചുരുക്കലിനുമെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ഇത് പുതിയ രാഷ്ട്രീയദിശ നല്‍കിയിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വത്തെ നിരാകരിച്ച് വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുകയാണ് ഇടതുപക്ഷസര്‍ക്കാരുകള്‍. അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷശക്തികള്‍ക്കെതിരെ പൊരുതുന്ന വെനസ്വേലയിലെ സര്‍ക്കാരിന് സിപിഐ എം അഭിവാദ്യമര്‍പ്പിക്കുന്നു. ക്യൂബയുമായി നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിട്ടും സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. അമേരിക്കന്‍ അടിച്ചമര്‍ത്തലിനും മതമൗലികവാദികള്‍ക്കും ഇടയില്‍പ്പെട്ട പലസ്തീനിലെയും പശ്ചിമേഷ്യയിലെയും ജനങ്ങള്‍ക്കും ക്യൂബന്‍ ജനതയ്ക്കും അഭിവാദ്യം അര്‍പ്പിക്കുന്നു. നേപ്പാളിലും ശ്രീലങ്കയിലും പാകിസ്ഥാനിലും ജനാധിപത്യത്തിനുവേണ്ടി പൊരുതുന്ന ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ക്കും ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ക്കെതിരെ രൂക്ഷസമരത്തിലേര്‍പ്പെട്ട ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതായി കാരാട്ട് പറഞ്ഞു.

ആശയ അടിത്തറ ശക്തമാക്കും: എസ് ആര്‍ പി

സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > എല്ലാ വിഭാഗം ജനങ്ങളുടെയും അതിശക്തമായ സമരങ്ങള്‍ക്ക് രൂപംനല്‍കുന്നതിന് സിപിഐ എമ്മിനെ കൂടുതല്‍ ചടുലവും തീക്ഷ്ണവുമാക്കുന്നതോടൊപ്പം പാര്‍ടിയുടെ ആശയപരമായ അടിത്തറ ശക്തമാക്കണമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായിരിക്കണം പരമമായ പ്രാധാന്യമെന്ന് 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തില്‍ എസ് ആര്‍ പി പറഞ്ഞു.

രാഷ്ട്രീയ അടവുനയത്തിന്റെ അവലോകനം, പുതിയ രാഷ്ട്രീയ അടവുനയം, ആഗോളവല്‍ക്കരണം ആരംഭിച്ചശേഷം വിവിധ വര്‍ഗങ്ങളിലും വിവിധ വിഭാഗം ജനങ്ങളിലുമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം, പാര്‍ടി സംഘടനയുടെയും ബഹുജനമുന്നണിയുടെയും പ്രവര്‍ത്തനങ്ങളുടെ അവലോകനം എന്നീ ദൗത്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസിനുള്ളത്. സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യങ്ങള്‍ നിശ്ചയിക്കാന്‍ ഇത് സഹായിക്കും. പാര്‍ടി കോണ്‍ഗ്രസ് ഇതിനുള്ള സുപ്രധാന നാഴികക്കല്ലാകും.

ഇടതുപക്ഷപാര്‍ടികളുടെ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മധ്യവര്‍ഗത്തെയും കൈവേലക്കാരെയും സമരോത്സുകമാക്കുന്നതില്‍ സിപിഐ എം മുന്നണിയിലുണ്ട്. സാമൂഹികമായ അടിച്ചമര്‍ത്തലിന് ഇരയാകുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള സമരത്തിലും പാര്‍ടി മുന്നിലുണ്ട്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാനും സിപിഐ എം നിരന്തര സമരത്തിലാണ്. തൊഴിലാളിസംഘടനകളുടെ ഐക്യസമരവേദി വളര്‍ത്തിയെടുത്ത് വിജയകരമായ സമരങ്ങള്‍ നടത്തിയതും ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഭൂമി ഏറ്റെടുക്കല്‍പോലുള്ള പ്രശ്നങ്ങളില്‍ ഇതിനുസമാനമായി കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഏകീകൃത സമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മുന്‍കൈയെടുക്കണമെന്നും എസ് ആര്‍ പി പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷത്തിനാകും: സുധാകര്‍റെഡ്ഡി

സമര്‍ മുഖര്‍ജി നഗര്‍ > രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷം കൂടുതല്‍ കരുത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി പറഞ്ഞു. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള സമരങ്ങളിലൂടെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. ഇടതുപാര്‍ടികള്‍ അവരുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തണം. വിശാല ഇടത് ജനാധിപത്യഐക്യത്തിനുള്ള മുന്നുപാധിയാണ് ഇടത് ഐക്യം. ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും സുധാകര്‍റെഡ്ഡി പറഞ്ഞു.

സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.നമ്മുടെ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, മത- ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷംമാത്രമേ ഉള്ളൂ. അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഇടതുപക്ഷത്തെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കണം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികളെ ജനം എഴുതിത്തള്ളിയിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ മനംമടുത്ത ജനം ഏക ബദല്‍ എന്ന നിലയിലാണ് ബിജെപിയെ തെരഞ്ഞെടുത്തത്. എന്നാല്‍, രാജ്യത്തിന്റെ മതേതരത്വത്തിനും പരമാധികാരത്തിനും വെല്ലുവിളി നേരിട്ടുതുടങ്ങിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ജനങ്ങളുടെ അമര്‍ഷമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ജനങ്ങളുടെ വിശ്വാസം നേടിയെടുത്താല്‍ ബിജെപിയെയും വലതുപക്ഷ രാഷ്ട്രീയത്തെയും തടഞ്ഞുനിര്‍ത്താനും തോല്‍പ്പിക്കാനും കഴിയുമെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇതില്‍നിന്ന് ഇടതുപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്ന് സുധാകര്‍റെഡ്ഡി പറഞ്ഞു.

പോരാട്ടത്തിന് കരുത്തേകും: ദേബബ്രത

സമര്‍ മുഖര്‍ജി നഗര്‍ > വര്‍ഗീയ- മൂലധന ശക്തികള്‍ക്കെതിരായ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന് പുതിയ ഊര്‍ജവും കരുത്തും പകരാന്‍ സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് കഴിയുമെന്ന് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിമാത്രം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെന്ന് പറയാന്‍ കഴിയില്ല. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരവര്‍ഗം എങ്ങനെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതെന്ന് നാം കണ്ടതാണ്. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ചൂഷണത്തിന് വിധേയരാകുന്ന സാധാരണക്കാര്‍ ബദല്‍ തേടുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കുകയും വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കുകയുമാണ് ചെയ്യുന്നത്. നവലിബറല്‍ സാമ്പത്തികനയം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരായ മുന്നേറ്റത്തിന് ഇടതുപക്ഷഐക്യം കൂടുതല്‍ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.