Showing posts with label തദ്ദേശ തെരഞ്ഞെടുപ്പ്. Show all posts
Showing posts with label തദ്ദേശ തെരഞ്ഞെടുപ്പ്. Show all posts

Friday, January 8, 2021

മാറിയ കേരള രാഷ്ട്രീയം

തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് മാറുന്ന കേരള രാഷ്ട്രീയത്തെപ്പറ്റി എഴുതിയ പരമ്പരയിൽ മൂന്നു കാര്യം സൂചിപ്പിച്ചിരുന്നു. കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന്റെ മുന്നണി മാറ്റം എൽഡിഎഫിനെ ശക്തിപ്പെടുത്തുകയും യുഡിഎഫിനെ ദുർബലമാക്കുകയും ചെയ്തിരിക്കുന്നു. ഇതിൽനിന്ന്‌ രക്ഷപ്പെടുന്നതിനായി ഒരു വശത്ത് ബിജെപിയുമായി പരോക്ഷമായും മറുവശത്ത് ലീഗ് വഴി വെൽഫെയർ പാർടിയും എസ്ഡിപിഐയുമായി പ്രത്യക്ഷമായും ഉണ്ടാക്കുന്ന ധാരണ യുഡിഎഫിനെ ജനങ്ങളിൽനിന്ന്‌ കൂടുതൽ ഒറ്റപ്പെടുത്തും. യുഡിഎഫിന്റെ നേതൃത്വം മുസ്ലിംലീഗ് ഏറ്റെടുക്കുക വഴി ലീ കോ ബി സഖ്യമായി മാറിയത് ആ മുന്നണിയെ തീവ്രവാദ മുന്നണിയാക്കി മാറ്റിയിരിക്കുന്നു.  ഈ മൂന്നു കാര്യത്തിന്റെ അടിസ്ഥാനത്തിൽ കേരള രാഷ്ട്രീയം മതനിരപേക്ഷ മുന്നണിയും തീവ്രവാദ മുന്നണിയും എന്ന രീതിയിലേക്ക് ധ്രുവീകരിക്കപ്പെട്ടിരിക്കുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി.

ഈ വിഭജനത്തിൽ കേരളം ഏതുമുന്നണിക്ക് ഒപ്പം നിലകൊള്ളുമെന്നതായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. നവോത്ഥാന പാരമ്പര്യം മുറുകെ പിടിച്ച് കേരളജനത മതനിരപേക്ഷ മുന്നണിക്ക് ചരിത്രവിജയമാണ് നൽകിയത്. യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന മതനിരപേക്ഷ വാദികൾ ആ മുന്നണിയെ കൈയൊഴിഞ്ഞു. മുസ്ലിം ജനവിഭാഗങ്ങളിൽ മഹാഭൂരിപക്ഷവും മത രാഷ്ട്രവാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ്. ഇസ്ലാമിക രാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ജനപിന്തുണയിൽ ദുർബലമായി തുടരുന്നത് ഇതിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗ് നേതൃത്വവും ഇവരുമായി ധാരണയുണ്ടാക്കാൻ ഇതിനുമുമ്പ് ധൈര്യം കാണിച്ചിരുന്നില്ല.

എന്നാൽ, ഏതുവിധേനയും കേരളത്തിൽ അധികാരത്തിൽ വരികയെന്ന ഒറ്റ അജൻഡ മാത്രമുള്ള മുസ്ലിംലീഗ് നേതൃത്വം വെൽഫെയർ പാർടിയുമായി ധാരണയുണ്ടാക്കി. കോൺഗ്രസ് നേതൃത്വം അതിനു വഴങ്ങിക്കൊടുത്തു. നേരത്തേ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷ നിലപാടുകളുള്ള മുസ്ലിം ജനവിഭാഗം ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിൽ ശക്തമായ താക്കീതാണ് നൽകിയത്. അത് ബിജെപിയുമായുണ്ടാക്കിയ രഹസ്യധാരണയ്‌ക്കുകൂടി എതിരായ ജനവികാരത്തിന്റെ പ്രതിഫലനമായിരുന്നു.

ഇത് തിരിച്ചറിഞ്ഞ പ്രതികരണങ്ങളാണ് കെപിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കളിൽനിന്നുണ്ടായത്. എന്നാൽ, ഈ അനുഭവത്തിൽനിന്ന്‌ പാഠം ഉൾക്കൊള്ളാൻ യുഡിഎഫ് തയ്യാറല്ലെന്നതാണ് തുടർന്നുള്ള പ്രസ്താവനകൾ വ്യക്തമാക്കിയത്. വെൽഫെയർ പാർടി ബന്ധത്തിനെതിരെ ദുർബലമായെങ്കിലും എതിർപ്പ് പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന നിലപാട് ലീഗ് സ്വീകരിച്ചു. ഇനിയും 'വെൽഫെയർ പാർടിയുമായ ബന്ധം തുടരുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും ഇവരുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുകയും ചെയ്തു.

ഇത്രയും പ്രകടമായ ലീഗ് വിധേയത്വം കോൺഗ്രസ് പ്രകടിപ്പിക്കുന്നതിനോട്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതോടെ മതനിരപേക്ഷ സമൂഹത്തിനു മുമ്പിൽ കോൺഗ്രസ് ഒന്നുകൂടി തുറന്നുകാട്ടപ്പെട്ടു. അതിന്റെ പരിഭ്രാന്തിയാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരുടെ ഹാലിളക്കത്തിൽ പ്രതിഫലിച്ചത്. മുസ്ലിംലീഗിനെ വിമർശിക്കുന്നത് മുസ്ലിം സമുദായത്തിനെതിരാണെന്നു വരുത്തിത്തീർക്കാനുള്ള വൃഥാ ശ്രമത്തിനാണ് ഇക്കൂട്ടർ തുനിഞ്ഞത്. ബിജെപിക്കെതിരെ പ്രതികരിക്കുന്നത് ഹിന്ദുക്കൾക്കും ഇന്ത്യക്കും എതിരാണെന്ന ആർഎസ്എസ് വാദത്തിന്റെ മറുപതിപ്പാണിത്.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും  എൽഡിഎഫിന്റെയും ധീരമായ ബിജെപിവിരുദ്ധ നിലപാടിന് ചെന്നിത്തലയുടെയും ലീഗിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കാൻ ധൈര്യം കാണിച്ചത് കേരളമാണ്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്നും ഡിറ്റെൻഷൻ സെന്ററുകൾ തുറക്കില്ലെന്നും പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാക്കിലും പ്രവൃത്തിയിലും മതനിരപേക്ഷ പ്രതിബദ്ധത മുറുകെ പിടിക്കുന്ന ഈ സർക്കാരിനെയാണ് ഓരോ പ്രതിസന്ധി ഘട്ടത്തിലും മതനിരപേക്ഷ  ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്നത്.

ബാബ്‌റി മസ്ജിദ് തകർക്കുന്നതിന് അധികാരത്തിലിരുന്ന് നിശ്ശബ്ദതയിലൂടെ പിന്തുണ നൽകിയ കോൺഗ്രസിനെ വിശ്വസിക്കാൻ ദശകങ്ങൾ കഴിഞ്ഞിട്ടും ഉത്തരേന്ത്യയിലെ ജനങ്ങൾ തയ്യാറായിട്ടില്ല.

എന്നാൽ, കോൺഗ്രസിന്റെ ചരിത്രവും വർത്തമാനവും വർഗീയവിധേയത്വത്തിന്റെതാണ്.  ബാബ്‌റി മസ്ജിദ് തകർക്കാൻ അദ്വാനി നടത്തിയ രഥയാത്രയെ തടഞ്ഞ വി പി സിങ്ങിനെ ബിജെപിയോടൊപ്പം ചേർന്ന് വോട്ട് ചെയ്ത് പുറത്താക്കിയ കോൺഗ്രസിനെ ചരിത്രം തുറന്നുകാണിക്കുന്നു. ബാബ്‌റി മസ്ജിദ് തകർക്കുന്നതിന് അധികാരത്തിലിരുന്ന് നിശ്ശബ്ദതയിലൂടെ പിന്തുണ നൽകിയ കോൺഗ്രസിനെ വിശ്വസിക്കാൻ ദശകങ്ങൾ കഴിഞ്ഞിട്ടും ഉത്തരേന്ത്യയിലെ ജനങ്ങൾ തയ്യാറായിട്ടില്ല. അന്ന്, അധികാരത്തിനു വേണ്ടിമാത്രം കോൺഗ്രസ് മുന്നണിയിൽ തുടർന്ന ലീഗിന്റെ സാമുദായികസ്നേഹം എത്ര കപടമാണെന്നതും നാട് കണ്ടതാണ്. 

ലീഗിന്റെയും കോൺഗ്രസിന്റെയും നിലപാട് മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് എതിരും ബിജെപിക്ക് അനുകൂലവുമാണെന്ന് അനുഭവം വ്യക്തമാക്കിയതാണ്. ഇസ്ലാമിക രാഷ്ട്രവാദം ഉയർത്തുന്നവരാൽ നിയന്ത്രിക്കുന്ന മുന്നണിക്ക് ബിജെപിയെ എതിർക്കാൻ കഴിയില്ല. ഹിന്ദുത്വശക്തികൾക്കൊപ്പം വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരാണ് ഇക്കൂട്ടരും.

ഈ അവിശുദ്ധ കൂട്ടുകെട്ട് എത്രമാത്രം പരിതാപകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കൊടുങ്ങല്ലൂർ നഗരസഭ. ദേശീയ മുസ്ലിം എന്ന് അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി അധ്യക്ഷനുമായിരുന്ന അബ്ദുൾ റഹ്മാൻ സാഹിബിന്റെ ജന്മസ്ഥലമാണ് കൊടുങ്ങല്ലൂർ. അന്നത്തെ മുസ്ലിംലീഗിന്റെ വിഭജനവാദത്തെ എതിർത്ത് കേരളത്തിലെ മുസ്ലിം ജനവിഭാഗത്തെ ദേശീയധാരയിൽ നിലനിർത്താൻ ശ്രമിച്ച പ്രധാനിയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരിൽ ബിജെപി ഒരു സീറ്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ യുഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നൂറംഗ കൗൺസിലിൽ കേവലം പത്ത് സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത് എന്നതും ചേർത്തുവായിക്കാം.  കോൺഗ്രസിന്റെ തകർച്ചയുടെ ആഴം വർധിപ്പിക്കാൻ മാത്രമേ ലീഗിന്റെ നേതൃത്വം സ്വീകരിക്കുകവഴി കഴിയുകയുള്ളൂ.

മത രാഷ്ട്രവാദക്കാരുമായ ധാരണ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാൻ എംപി സ്ഥാനം രാജിവയ്ക്കുന്നത്. നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്‌ നേതൃത്വം നൽകാനാണ് ജമാഅത്തെ ഇസ്ലാമികൂടി ചേർന്ന് കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയച്ചത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്രിമിനൽ നിയമമായ മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാതെ വിട്ടുനിന്ന്‌ വിധേയത്വം കാട്ടിയ ആളാണ് കുഞ്ഞാലിക്കുട്ടി, പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിശാല പ്രതിരോധത്തെ തകർക്കാൻ സമുദായ പ്രതിഷേധം മതിയെന്നു നിശ്ചയിച്ച ജമാഅത്തെ ഇസ്ലാമിക്ക് ഒപ്പം ലീഗിനെ കൂട്ടിക്കെട്ടിയതും  കുഞ്ഞാലിക്കുട്ടിതന്നെ. തുർക്കിയിലെ  ഹാദിയ സോഫിയ ദേവാലയത്തെ മുസ്ലിം പള്ളിയാക്കിയ നടപടിയെ പിന്തുണച്ച ലീഗിന്റെ നിലപാടിനെ നിശ്ശബ്ദം കോൺഗ്രസ് പിന്തുണച്ചതും പ്രസക്തം.  ദേശീയതലത്തിൽ മോഡി സർക്കാരിനെതിരെ പോരാട്ടം ശക്തിപ്പെടുമ്പോൾ നടത്തുന്ന ഈ ഒളിച്ചോട്ടം ആരെ സഹായിക്കാനാണെന്ന് എടുത്തുപറയേണ്ടതില്ല.

ഇസ്ലാമിക രാഷ്ട്രവാദികളുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ധാരണയുമുണ്ടാക്കില്ലെന്ന് പ്രഖ്യാപിക്കാൻ തയ്യാറുണ്ടോ എന്ന ചോദ്യം മാറിയ കേരള രാഷ്ട്രീയത്തിൽ സവിശേഷ പ്രാധാന്യമുള്ളതാണ്. ഇവരുടെ പിന്തുണയോടെ ജയിച്ച സ്ഥാനങ്ങൾ രാജിവയ്ക്കാൻ തയ്യാറാണോ എന്നതും അനുബന്ധ ചോദ്യമാണ്. തങ്ങൾക്ക് ബന്ധമില്ലെന്നും ലീഗ് ധാരണയുണ്ടാക്കുന്നതാണെന്നും തൊടുന്യായം പറയുന്ന കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനുനേരെ പ്രസക്തമായ മറ്റൊരു ചോദ്യമുയരും. ഇസ്ലാമിക രാഷ്ട്രവാദികളുമായി കൈകോർക്കുന്നത്  മുസ്ലിംലീഗ് തുടർന്നാൽ അവരുമായ  സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസ് ധൈര്യം കാണിക്കുമോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് കോൺഗ്രസിന്റെ ഭാവി നിർണയിക്കുക. ഇരു വർഗീയതയുമായി കൈകോർക്കുന്ന നയം പിന്തുടരുകയാണെങ്കിൽ കോൺഗ്രസിൽ തുടരാൻ മതനിരപേക്ഷ വാദികൾക്ക് കഴിയാതെ വരും. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്ന് ഒഴുക്ക് ബിജെപിയിലേക്കായിരുന്നു.  കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നല്ലൊരു വിഭാഗം  ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.  ഇപ്പോൾ അണികളാണെങ്കിൽ നാളെയത് നേതാക്കളുമാകാം. മതനിരപേക്ഷ ചിന്താഗതിക്കാരായ മുസ്ലിം ലീഗിന്റെ അണികളും ഇതേ പാത പിന്തുടരും. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മാറിയ കേരളരാഷ്ട്രീയം മതനിരപേക്ഷ മുന്നണിയെ കൂടുതൽ വിപുലപ്പെടുത്തും. അത് വർധിത ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടർച്ചയിലേക്ക് നയിക്കും.

പി രാജീവ്‌

Monday, December 28, 2020

തദ്ദേശ തെരഞ്ഞെടുപ്പു വിചാരങ്ങള്‍ - സി എസ്‌ ചന്ദ്രിക എഴുതുന്നു

കേരളത്തിന്റെ തദ്ദേശഭരണ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതനിരപേക്ഷ, ഇടതുപക്ഷ വിശ്വാസികളും പ്രവർത്തകരുമായ ജനങ്ങൾ ദീർഘമായി ശ്വാസമെടുത്ത് ശാന്തമാകുന്ന സമയമാണിത്. എന്നാൽ, ഈ ശാന്തതയും സമാധാനവും നീണ്ടുനിൽക്കേണ്ടതുണ്ട്. എത്രയധികം അപായകരമാണ് ബിജെപി മുന്നണിക്ക് കേരളത്തിൽനിന്ന് കിട്ടുന്ന ഓരോ വോട്ടും എന്ന ഓർമ ഇടതുപക്ഷക്കാർക്ക് മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യസമൂഹത്തിനായി ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ടാകണം.

പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിനു മുകളിൽ  ബിജെപി പ്രവർത്തകർ സംഘപരിവാർ നിർമിത ശ്രീരാമനെയും കൂടെ ശിവജിയെയും സ്ഥാപിക്കാൻ ശ്രമിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളും അത്യന്തം അപകടകരമായ മുന്നറിയിപ്പായി മനസ്സിലാക്കണം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിക്ക് വോട്ടു ചെയ്തവർ മാത്രമല്ല, കഥയറിയാതെ ബിജെപിയുടെ ആട്ടം കാണുന്ന കേരളത്തിലെ എല്ലായിടത്തുമുള്ള വോട്ടർമാരും ബിജെപിയുടെ ദുഷ്ടലാക്കുകളെ അടുത്തുനിന്ന് മനസ്സിലാക്കാനുള്ള അവസരമായി ഇതിനെ കാണുന്നുണ്ടായിരിക്കും.

അതെ. ഇപ്പോഴുള്ളതുപോലെ ഉണ്ണാൻ ഭക്ഷണവും കിടക്കാൻ കിടപ്പാടവും കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും രോഗം വരുമ്പോൾ സൗജന്യ ചികിത്സയുമൊക്കെയാണോ വേണ്ടത് അതോ മതസ്പർധയ്ക്കുള്ള ആയുധമായി ബിജെപി നിർമിത രാമനെയും അയ്യപ്പനെയുമൊക്കെയാണോ വേണ്ടത് എന്ന ആലോചന ഈ സന്ദർഭത്തിൽ അത്യാവശ്യമാണ്. പൂർവികർ കഥകളായി പറഞ്ഞു പറഞ്ഞു കൈമാറിത്തന്നും നമ്മൾ തന്നെയും വായിച്ചും നമുക്ക് ചിരപരിചയമുള്ള  ഇതിഹാസ കഥാപാത്രങ്ങളായ രാമനും കൃഷ്ണനും അയ്യപ്പനുമൊന്നുമല്ല ബിജെപി പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി ഏവർക്കും ഉണ്ടാകട്ടെ.

ക്ഷേത്രങ്ങൾ വിശ്വാസികൾക്കുള്ളതാണ്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, വർഗ ജാതി ഭേദമില്ലാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ട പൊതുസ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. അവിടെ ബിജെപി എന്ന  രാഷ്ട്രീയ പാർടിക്ക് എന്താണ് പ്രത്യേക അവകാശമെന്ന് ഓരോ വിശ്വാസിയും തുറന്നുചോദിക്കാൻ തുടങ്ങണം. വിശ്വാസിയുടെ ഭക്തിയെ ഹിന്ദുത്വരാഷ്ട്രീയ വർഗീയ കച്ചവടത്തിനുള്ള വിഭവമായി ദുരുപയോഗം ചെയ്യുന്ന ബിജെപി സംഘപരിവാറിനെ കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്നും  ക്ഷേത്രപരിസരങ്ങളിൽനിന്നുപോലും നിർമാർജനം ചെയ്യുന്നതു കൂടിയാകണം കേരളത്തിൽ ഉണർന്നുവരുന്ന പുതിയ നവോത്ഥാന മുന്നേറ്റം. പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും  ഭാവനകൾകൊണ്ട് നാമോരോരുത്തരും  സ്വന്തമാക്കിയ ഇഷ്ടദൈവങ്ങളെ സ്നേഹിക്കാനും ആരാധിക്കാനും പ്രാർഥിക്കാനുമുണ്ടായിരുന്ന ശാന്തമായ ഇടങ്ങൾ അക്രമത്തിനും സ്വാർഥ രാഷ്ട്രീയത്തിനുംവേണ്ടി  ഇനി വിട്ടുകൊടുക്കുകയില്ല എന്ന് ബിജെപിയെ കേരളത്തിലെ ജനങ്ങൾക്ക്  പഠിപ്പിക്കാനാകുക ഇനി വരാൻപോകുന്ന തെരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ്. അതുകൊണ്ട്, ഏതാനും മാസങ്ങൾ കഴിഞ്ഞ് വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്  ജനങ്ങളുടെ ഇനിയും കൂടുതൽ ഉയർന്ന വിവേകത്തിന്റെ പ്രതിഫലനമായി മാറട്ടെ.

ഇന്ത്യയിലെ ബിജെപി ഭരണകേന്ദ്ര ഭീകരത, ഭരണഘടനാ ഭേദഗതിയിലൂടെ കശ്മീരിനെയും പൗരത്വ നിയമത്തിലൂടെ മുസ്ലിം ജനതയെയും കാർഷികനിയമത്തിലൂടെ കർഷകരെയും കൃഷിഭൂമിയെയും പ്രകൃതിവിഭവങ്ങളെയും മാത്രമല്ല, എൻഐഎ, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തെയും മുഴുവനായി വിഴുങ്ങാൻ  ആഗ്രഹിച്ചുകൊണ്ട് വാ പിളർന്ന് നിൽക്കുന്ന കാഴ്ച അത്രയധികം ഭയാനകമാണ്.

കേരളത്തിലെ കോൺഗ്രസ് പാർടി ഈ വിപത്തുകൾ കാണാൻ കണ്ണില്ലാത്തവരായിപ്പോയി. അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലും അവർ നേരിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ കോൺഗ്രസ് മുന്നണിക്ക് കൊടുത്ത വലിയ വിജയം അവസാനത്തെ അവസരമായിരുന്നു എന്നാണ് എന്റെ വിലയിരുത്തൽ.  ബിജെപിക്കെതിരായി കോൺഗ്രസിന്റെ  മതനിരപേക്ഷ മുന്നണി ഇന്ത്യയിൽ  ഭരണത്തിൽ വരണമെന്ന കേരളത്തിന്റെ ആപേക്ഷിക വിവേചനബോധംകൊണ്ടു സംഭവിച്ച വിജയമാണത്.

ഇന്നത്തെ ഇന്ത്യയിൽ  കോൺഗ്രസിന്റെ ശത്രു ഇടതുപക്ഷമല്ല, ബിജെപിയാണ് എന്ന് കേരളത്തിലെ കോൺഗ്രസിന്‌  തിരിച്ചറിവുണ്ടാകാത്തിടത്തോളം കേരളത്തിൽ ബിജെപിയെ വളർത്തുന്നതിലുള്ള മുഖ്യ പങ്ക്  ഇന്ത്യൻ നാഷണൽ കോൺഗ്രസിനും നിർഭാഗ്യവശാൽ  ആ മുന്നണിയിലുള്ള മുസ്ലിം ലീഗിനുമാണ് വന്നുചേരുന്നത്. അതുകൊണ്ട്, കേരളത്തിലെ കോൺഗ്രസും ഘടകകക്ഷികളും ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും കാക്കാൻ നിർണായകമായ ഈ അഞ്ചു വർഷം എന്തു ചെയ്തു എന്നതായിരിക്കും വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഉന്നയിക്കാൻ പോകുന്ന  പ്രധാന ചോദ്യം. ഒപ്പം, സർവവിധത്തിലും പ്രളയമായും കോവിഡായും ദുരിതക്കയത്തിലകപ്പെട്ടുപോയ കേരളത്തെ, അതിന്റെ ജനങ്ങളെ സേവിക്കുന്നതിൽ കോൺഗ്രസ് മുന്നണി എന്തു ചെയ്തു എന്ന അതിനിശിതമായ ചോദ്യവും.

ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പു ഫലത്തിൽ ഇടതുപക്ഷത്തിനും കേരളത്തിനാകെയും പൊതുവേ ഉണ്ടായിട്ടുള്ള ആശ്വാസത്തിന് വലിയ മൂല്യവും മാനങ്ങളുമുണ്ട്. ഒന്നാമതായി, പ്രകൃതിദുരന്തങ്ങളും മഹാവ്യാധികളുംപോലുള്ള ആപത്തുകളുടെ ആക്രമണം ഉണ്ടാകുമ്പോൾ കേരളത്തെ, അതിന്റെ ജനങ്ങളെ സമാനതകളില്ലാത്ത വിധം രക്ഷിക്കാൻ  സർക്കാരിന് കഴിയുന്നു. ഓഖി ചുഴലിക്കാറ്റ്, 2018ലെ പ്രളയം, 2019ലെ അതിവർഷം, ഉരുൾപൊട്ടൽ, നിപാ, കോവിഡ് എന്നീ അനുഭവങ്ങൾ ജനങ്ങൾ എളുപ്പം മറക്കില്ല. നിരന്തരമായ വികസന, ക്ഷേമപ്രവർത്തനങ്ങളിലൂടെ,  കേരളത്തിലെ ജനങ്ങളെ സാമൂഹ്യ മറവി എന്ന ആപൽക്കരമായ രോഗം ബാധിക്കാതിരിക്കാൻ  സർക്കാർ  സജീവമായി ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്യുന്നു.

രണ്ടാമതായി, തുടക്കത്തിൽ അന്താരാഷ്ട്രതലത്തിൽത്തന്നെ പ്രശംസിക്കപ്പെട്ട കോവിഡ് പ്രതിരോധത്തിലും തുടർന്ന്  ഫലപ്രദമായ കോവിഡ് ചികിത്സാ സംവിധാനങ്ങളിലും ഭക്ഷ്യസുരക്ഷാ ക്രമീകരണങ്ങളിലും കേരള സംസ്ഥാനം സ്വീകരിച്ച് നടപ്പാക്കുന്ന  പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരും സമാധാനമുള്ളവരുമാണ്. കോവിഡ് കാലത്ത് കേരളത്തിൽ ജീവിക്കാനാകുന്നത് ഭാഗ്യമാണെന്ന സുരക്ഷിതത്വബോധം പൊതുവേ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

മൂന്നാമതായി, ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂൻ കരഞ്ഞുകണ്ടാൽ മതി  എന്ന ഒരു ഉപമയ്‌ക്ക് സമാനമായി  (ഉപമയിലെ സ്ത്രീവിരുദ്ധതലം മാറ്റിവച്ച് വായിക്കണമെന്നപേക്ഷ) കോവിഡിൽ കേരളം മുഴുവനായും ചത്താലും വേണ്ടില്ല, സ്വർണക്കടത്തു കേസിലോ ലൈഫ് മിഷൻ  പ്രശ്നത്തിലോ കുരുങ്ങി ഇടതുസർക്കാർ ഒന്നു വീണുകിട്ടിയാൽ മതി എന്ന വാശിയോടെ സർക്കാരിനെതിരെ  നടന്ന പ്രതിപക്ഷസമരങ്ങൾ  ജനങ്ങളെ തീർത്തും ആശങ്കയിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. ആപൽഘട്ടത്തിൽ സവിശേഷമായി പ്രകടിപ്പിക്കേണ്ടതായ രാഷ്ട്രീയപക്വതയോ തന്ത്രങ്ങളോ ഒന്നുംതന്നെ പ്രതിപക്ഷത്തിന്റെ കൈയിലുണ്ടായില്ല.

നാലാമതായി,  മുഖ്യമായും ബിജെപിക്ക് വളക്കൂറുള്ള അന്തരീക്ഷമുണ്ടാക്കാൻ ആഞ്ഞു ശ്രമിച്ച ചില മുഖ്യധാരാ മാധ്യമങ്ങളിൽ വിശേഷിച്ച് ടെലിവിഷൻ ചാനലുകളിൽ നടന്ന ചർച്ചയെന്നപേരിലുള്ള അട്ടഹാസങ്ങൾ ജനങ്ങൾ അപ്പാടെ ബഹിഷ്കരിച്ചു. സത്യസന്ധവും നീതിപൂർവകവുമല്ലാത്ത, നിക്ഷിപ്തതാൽപ്പര്യംമാത്രം തീർത്തും പ്രകടമാകുന്ന മാധ്യമപ്രവർത്തനത്തിന്റെ ദുർഗന്ധം സ്വന്തം സ്വീകരണമുറികളിൽ നിറയാൻ സമ്മതിക്കാത്ത വലിയൊരു ജനവിഭാഗം കേരളത്തിലുണ്ടായി. എങ്ങനെയായിരിക്കരുത് മാധ്യമപ്രവർത്തനം എന്ന ബോധം മുമ്പെന്നത്തേക്കാളും കൂടുതൽ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നു.

ഇനി ഞാൻ പങ്കുവയ്‌ക്കാൻ ശ്രമിക്കുന്നത് മറ്റൊരു ആശങ്കയാണ്. അത് ഈ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ വളർച്ചയാണ്. കേരളംപോലൊരു സംസ്ഥാനത്ത് കിഴക്കമ്പലം പഞ്ചായത്ത് ഭരണം എങ്ങനെ ട്വന്റി 20 പോലുള്ള കച്ചവടക്കാരുടെ നിയന്ത്രണാധികാരത്തിൽ വന്നു എന്നത് ഇടതുപക്ഷവും കോൺഗ്രസ് പക്ഷവും സ്വയം വിമർശനാത്മകമായി ചിന്തിക്കേണ്ടതായ കാര്യമാണ്. ട്വന്റി 20യ്ക്ക് മൂന്നു പഞ്ചായത്തിൽ ഭരണാധികാരം ലഭിക്കുമ്പോൾ ആ പഞ്ചായത്തുകളിലെ ജനങ്ങൾക്ക്  കൂടുതലായി എന്താണ് നേട്ടമുണ്ടാകുന്നത്, അല്ലെങ്കിൽ കൂടുതലായി എന്താണ് നഷ്ടപ്പെടുന്നത്, അപകടത്തിലാകുന്നത് എന്നത് കേരളത്തിൽ നിശിതമായി ചർച്ച ചെയ്യപ്പെടണം. ആ പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ തുല്യമായ ജനാധിപത്യപരമായ അവകാശങ്ങളും രാഷ്ട്രീയ ചർച്ചകളും പ്രവർത്തനങ്ങളും സംഭവിക്കുന്നതിൽ വിലക്കുകൾ സംഭവിക്കുന്നുണ്ട് എന്ന് പുറത്തുവരുന്ന വാർത്തകൾ  അസ്വസ്ഥജനകമാണ്.  കിറ്റെക്സ് കമ്പനി മുതലാളിയുടെ സിഎസ്ആർ ഫണ്ടിന്റെ തിളക്കമാണ് അവിടത്തെ  വികസനമെങ്കിൽ  നാളെ അദാനിയുടെ സിഎസ്ആർ ഫണ്ടിന്റെ പ്രച്ഛന്നവേഷങ്ങൾക്ക്  ജനങ്ങളുടെ വോട്ട് നേടിയെടുക്കാൻ സാധിക്കുകയില്ല എന്ന് കരുതാനാകുമോ? ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത്  സർക്കാർ തനത്ഫണ്ട് വിനിയോഗത്തിൽ വരുത്തുന്ന വീഴ്ചകൾക്ക് എന്ത് ന്യായീകരണമാണ് നൽകുന്നത്?  ട്വന്റി 20 പഞ്ചായത്തുകളിലെ ജനങ്ങളെ ജനാധിപത്യരാഷ്ട്രീയത്തിന്റെ വികസന പ്രക്രിയകളിലേക്ക്  സജീവമായി കൊണ്ടുവരികയും പങ്കെടുപ്പിക്കുകയും ചെയ്യാനുള്ള സാധ്യതകൾ ഇപ്പോൾ എന്തുകൊണ്ട് തടയപ്പെടുന്നു?  അക്കാദമിക്, സാമൂഹ്യ പ്രവർത്തന, വികസന രംഗത്തുള്ളവരുടെ നേതൃത്വത്തിൽ  ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടുകൂടി വിശദമായ സോഷ്യൽ ഓഡിറ്റിങ്‌ നടക്കേണ്ടതുണ്ട്.  ആ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകുകയും വേണ്ടതുണ്ട്.

സി എസ്‌ ചന്ദ്രിക

ഇവർ കുട്ടികളല്ല; നാടിൻ നായികമാർ ; തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ സിപിഐ എം നിയോഗിച്ച മിടുക്കികൾ

ഇവർ കുട്ടികളല്ല; നാടിൻ നായികമാർ ; തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ സിപിഐ എം നിയോഗിച്ച മിടുക്കികൾ; നാടിന്റെ മിടിപ്പറിയുന്ന അഭിമാന താരങ്ങൾ

തലസ്ഥാന കോർപറേഷനിലടക്കം തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ഇക്കുറി സിപിഐ എം നിയോഗിച്ച ചെറുപ്പക്കാരികൾ നാടിന്റെ അഭിമാന താരങ്ങൾ. അഞ്ചിടത്ത്‌ 25 വയസ്സിന്‌ താഴെയുള്ള മിടുക്കികളാണ്‌ നാടിന്റെ അമരക്കാരാകുന്നത്‌‌.

ആര്യ രാജേന്ദ്രൻ

(തിരുവനന്തപുരം)

തിരുവനന്തപുരം കോർപറേഷൻ മേയറാകുന്ന ആര്യ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന കീർത്തി കൂടി സ്വന്തമാക്കുകയാണ്‌. 21 കാരിയായ ആര്യ മുടവൻമുഗൾ വാർഡിലെ കൗൺസിലറാണ്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം കേശവദേവ്‌ റോഡ്‌ ബ്രാഞ്ചംഗം എന്നീ നിലകളിൽ തിളങ്ങിയ ആര്യ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയാണ്‌.

രേഷ്‌മ മറിയം റോയി‌

(അരുവാപ്പുലം, പത്തനംതിട്ട)

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റാകുകയാണ്‌ അരുവാപ്പുലത്തുനിന്ന്‌ രേഷ്‌മ മറിയം റോയി‌. ഊട്ടുപാറ വാർഡിലാണ്‌ ജയിച്ചത്‌. 15 വർഷമായി യുഡിഎഫ്‌ ഭരണമായിരുന്ന അരുവാപ്പുലത്ത്‌, ഇനി രേഷ്‌മ നയിക്കുന്ന നാളുകൾ. സിപിഐ എം ഊട്ടുപാറ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്. ഊട്ടുപാറ തുണ്ടിയാംകുളത്ത്‌ റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകൾ.

രാധിക മാധവൻ

(മലമ്പുഴ, പാലക്കാട്‌)

മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല‌്‌, കൊല്ലംകുന്ന്‌ കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്‌. പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽനിന്ന്‌ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആനക്കല്ല‌്‌ ട്രൈബൽ സ്‌കൂളിൽ ഗസ്‌റ്റ്‌ അധ്യാപികയായിരുന്നു.

അനസ്‌ റോസ്‌ന സ്‌റ്റെഫി

(പൊഴുതന, വയനാട്‌)

ഇരുപത്തിമൂന്നുകാരി അനസ്‌ റോസ്‌ന സ്‌റ്റെഫി വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാകും. ഇഗ്‌നോയിൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റിൽ പിജി ചെയ്യുന്നതിനിടയിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായത്‌. ജനറൽ സീറ്റിൽ മത്സരിച്ചാണ്‌‌ അനസ്‌ റോസ്‌ന വിജയിച്ചത്‌.  പൊഴുതന സുഗന്ധഗിരി ചടച്ചിക്കുഴിയിൽ സുനിലിന്റെയും -സുജയുടെയും മകളാണ്‌.



ശാരുതി

(ഒളവണ്ണ, കോഴിക്കോട്‌)

കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി 22കാരി ശാരുതി സ്ഥാനമേൽക്കും. പൊതുപ്രവർത്തന രംഗത്ത്‌ സജീവമായ ശാരിതി ബുള്ളറ്റിൽ സഞ്ചരിച്ച്‌ ശ്രദ്ധ നേടി. അവസാനവർഷ നിയമ വിദ്യാർഥിയാണ്‌. -ഇരിങ്ങല്ലൂരിലെ റേഷൻ കടക്കാരന് കോവിഡ് ബാധിച്ചപ്പോൾ കടയുടെ പ്രവർത്തനം ഏറ്റെടുത്തത്‌ ഏറെ പ്രശംസ നേടി. ഒന്നാം വാർഡിൽനിന്നാണ്‌ ജയിച്ചത്‌. സിപിഐ എം ഇരിങ്ങല്ലൂർ ബ്രാഞ്ചംഗം. അച്ഛൻ പറശേരി മനോഹരൻ, അമ്മ എം റജീന.

രേഷ്‌മയ്‌ക്കും റെക്കോഡ്‌

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റെന്ന റെക്കോഡ് അരുവാപ്പുലത്തിന്റെ രേഷ്‌മയ്‌ക്ക്‌. ഇരുപത്തൊന്ന്‌ വയസ്സും രണ്ടു മാസവുംമാത്രം പ്രായമുള്ള രേഷ്‌മ മറിയം റോയി‌യെ പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എം നിയോഗിച്ചു. നവംബറിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന്റെ‌ തലേന്നാണ്‌ 21 വയസ്സ്‌ തികഞ്ഞത്‌. ഊട്ടുപാറ വാർഡിൽ ജയിച്ചപ്പോൾ രേഷ്‌മ നടന്നുകയറിയത്‌ ചരിത്രത്തിലേക്ക്‌ കൂടിയാണ്‌.

Sunday, December 27, 2020

ആര്യാ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും; തിരുവനന്തപുരത്തിന്‌ അപൂർവ നേട്ടം

 ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയാകും.

മുടവൻമുഗൾ വാർഡിൽ നിന്നുമാണ്‌ ആര്യ വിജയിച്ചത്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർഥിനിയാണ്‌ ആര്യ.  549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.

മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും. തിങ്കളാഴ്‌ചയാണ്‌ മേയർ തെരഞ്ഞെടുപ്പ്‌. 52 വാർഡുകളിൽ വിജയിച്ച്‌ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ്‌ കോർപറേഷനിൽ എൽഡിഎഫ്‌ അധികാരം നിലനിർത്തിയത്‌. ഒരു സ്വതന്ത്രയുടെ പിന്തുണയുമുണ്ട്‌. എൻഡിഎ 35, യുഡിഎഫ്‌ പത്ത്‌, സ്വതന്ത്രർ മൂന്ന്‌ എന്നിങ്ങനെയാണ്‌ നില.

പാർട്ടി ഏൽപ്പിക്കുന്ന ഏത്‌ ദൗത്യവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യ പ്രതികരിച്ചു.  ഉത്തരവാദിത്വത്തിനൊപ്പം പഠനവും കൂടി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് കരുതുന്നത്. വിദ്യാർത്ഥിനികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ കാഴ്‌ചപ്പാടാണെന്നും ആര്യ വ്യക്തമാക്കി.

ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. മകളിൽ പ്രതീക്ഷയെന്ന് പിതാവ് രാജേന്ദ്രൻ പ്രതികരിച്ചു. തീരുമാനങ്ങൾ എപ്പോഴും ആര്യയ്ക്ക് വിട്ടു കൊടുക്കാറാണ് പതിവ്. മേയർ ആകും എന്നറിയുന്നതിൽ  സന്തോഷം എന്നും രാജേന്ദ്രൻ പ്രതികരിച്ചു.

നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് വി കെ പ്രശാന്ത് 2015 ൽ നഗരത്തിന്റെ 44–മത് മേയറായി എത്തിയതെങ്കിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സവിശേഷതയാണ് ആര്യയെ കാത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ മേയർ എന്ന പ്രത്യേകത കൂടി ഇതോടെ ആര്യയ്ക്കുണ്ടാകും. 2000–2005 കോർപ്പറേഷൻ മേയറായ പ്രഫ. ജെ ചന്ദ്രയും 2010–2015 കാലയളവിൽ മേയറായ അഡ്വ. കെ ചന്ദ്രികയുമാണ് വനിതാ മേയർമാരിലെ മുൻഗാമികൾ. മൂവരും സിപിഐ എം പ്രതിനിധികളാണെന്ന പ്രത്യേകതയുമുണ്ട്.

യുവത്വത്തിന്റെ ചിറകിലേറി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന നേട്ടത്തിന്‌ അരികിലാണ്  ആര്യ രാജേന്ദ്രൻ. മേയർ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം  അറിഞ്ഞതോടെ അഭിനന്ദന പ്രവാഹമാണ്‌. ആശംസകൾക്കുള്ള മറുപടിയിൽ തെളിയുന്നത് അഭിമാനവും ആത്മവിശ്വാസവും. പ്രൊഫ. ജെ ചന്ദ്ര, കെ ചന്ദ്രിക എന്നിവർക്ക്‌ ശേഷം തലസ്ഥാനത്തിന്റെ  മൂന്നാമത്തെ വനിതാ മേയറാണ്‌. 

വി കെ പ്രശാന്തിന്‌ ശേഷം ലഭിക്കുന്ന പ്രായം കുറഞ്ഞ മേയറും. കാർമൽ, കോട്ടൺഹിൽ സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാഭ്യാസം. നിലവിൽ ഓൾ സെയ്‌ന്റ്‌സ്‌ കോളേജിൽ രണ്ടാം വർഷ ബിരുദവിദ്യാർഥിനി. ആര്യയുടെ വാക്കുകളിലേക്ക്.

വലിയ ഉത്തരവാദിത്തം

വലിയ ഉത്തരവാദിത്തമാണ്‌ ഏൽപിച്ചിരിക്കുന്നത്‌. നല്ലരീതിയിൽ അത്‌ നിർവഹിക്കാനാകുമെന്ന്‌ വിശ്വാസമുണ്ട്‌. കക്ഷി രാഷ്ട്രീയത്തിനും ജാതി, മത വ്യത്യാസങ്ങൾക്കും അതീതമായും പ്രവർത്തിക്കും. എല്ലാവരെയും ഒത്തിണക്കി കൊണ്ടു പോകും. സ്‌ത്രീകൾക്കും യുവജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേകം പ്രവർത്തിക്കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരുകയെന്നതും ലക്ഷ്യമാണ്‌.

പക്വത നിശ്ചയിക്കുന്നത്‌ പ്രായമല്ല

പ്രായം കൊണ്ട്‌ പക്വത നിശ്ചയിക്കാനാവില്ല. സംഘടനാ രംഗത്ത്‌ സജീവമാണ്‌. നല്ലരീതിയിൽ പ്രവർത്തിക്കാനാവശ്യമായ അറിവും സഹായവും പാർടി നൽകിയിരുന്നു. പ്രവർത്തനം കണ്ടാണ്‌ പാർടി സ്ഥാനാർഥിയാക്കിയതും.

ഇടതുപക്ഷമാണ്‌ ശരി

ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷമാണ്‌ ശരിയെന്ന്‌ ബോധ്യപ്പെട്ടിരുന്നു. ആ ബോധ്യമാണ്‌ ബാലസംഘത്തിലും എസ്‌എഫ്‌ഐയിലും പാർടിയിലും എത്തിച്ചത്‌. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ബാലസംഘത്തിന്റെ സജീവ പ്രവർത്തകയായി. അച്ഛനുൾപ്പെടെയുള്ളവർ പാർടി അംഗമാണ്‌. ഓർമവച്ച നാൾ മുതൽ പാർടിയെ കണ്ടാണ്‌ വളർന്നത്‌.

അറിയാം സാധാരണക്കാരന്റെ മനസ്‌

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കണം. എല്ലാവാർഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരുക്കണം. യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാനും  പദ്ധതികൾ തയ്യാറാക്കണം. വിദ്യാർഥികളെ കൂടുതൽ മിടുക്കരാക്കാനുള്ള പരിപാടികളും ആവിഷ്‌കരിക്കണം.

പഠനവും മുന്നോട്ട്‌

പഠനവും ജനപ്രതിനിധിയെന്ന ഉത്തരവാദിത്തവും ഒരുമിച്ച്‌ കൊണ്ടു പോകും. വിദ്യാഭ്യാസത്തിന്‌ തടസം നേരിടുമെന്ന്‌ കരുതുന്നില്ല. പഠിക്കുന്നത്‌ ജനപ്രതിനിധിയെന്ന നിലയിൽ കൂടുതൽ ഗുണം ചെയ്യും.

മുഖ്യമന്ത്രി മാതൃക

ഒരോരുത്തരും ഒരോനിലയിൽ മാതൃകയാണ്‌. പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യുന്നുവെന്നാണ്‌ പ്രധാനമായും നോക്കുന്നത്‌. അങ്ങനെ നോക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഏറ്റവും വലിയ മാതൃക.

തിരുവനന്തപുരത്തിന്‌ സമരയൗവനം; അഡ്വ. ഡി സുരേഷ്‌കുമാർ എൽഡിഎഫ്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥി

തിരുവനന്തപുരം > സമഗ്രവും സർഗാത്മകവുമായ വികസനപദ്ധതികളിലൂടെ ദേശീയ അംഗീകാരം നേടിയ തലസ്ഥാനത്തെ ജില്ലാപഞ്ചായത്തിനെ നയിക്കാനും എൽഡിഎഫ്‌ നിയോഗിക്കുന്നത്‌ സമരോത്സുകതയുടെ ഊർജമുൾക്കൊള്ളുന്ന യൗവനത്തെ. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ എൽഡിഎഫ്‌ പ്രതിനിധി ഡി സുരേഷ്‌കുമാർ തലസ്ഥാനത്തെ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.


 [ഡി സുരേഷ്‌കുമാർ]

യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റായ മലയിൻകീഴിൽനിന്ന്‌ അയ്യായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സുരേഷ്‌കുമാർ വിജയിച്ചത്‌. നാൽപ്പത്തിരണ്ടുകാരനായ സുരേഷ് കുമാർ സിപിഐ എം നേമം ഏരിയ കമ്മിറ്റിയംഗവും പട്ടിക ജാതി ക്ഷേമസമിതി ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌.

ജില്ലാപഞ്ചായത്തംഗമായും ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷനായും ജനപ്രതിനിധിയായും കഴിവ്‌ തെളിയിച്ചു. 2005ൽ ബാലരാമപുരം ഡിവിഷനിൽനിന്ന്‌ റെക്കോഡ്‌ ഭൂരിപക്ഷത്തിൽ ജില്ലാപഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും മികച്ച പ്രകടനം കാഴ്‌ചവച്ചു. റസൽപുരം പാറക്കുഴി സ്വദേശിയായ സുരേഷ് കുമാർ എസ്എഫ്ഐയിലൂടെയാണ്‌ സംഘടനാരംഗത്ത്‌ സജീവമായത്‌. ജില്ലയിൽ വിദ്യാർഥി, യുവജന സമരങ്ങൾക്ക്‌ നേതൃത്വം നൽകി അഞ്ചു തവണ ജയിൽവാസം അനുഭവിച്ചു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽനിന്ന്‌ ബിരുദവും യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും ലോ അക്കാദമിയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. നെയ്യാറ്റിൻകര, പാറശാല, വഞ്ചിയൂർ കോടതികളിൽ അഭിഭാഷകനാണ്‌. ഭാര്യ ഗ്രീഷ്‌മ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്‌. സ്കൂൾ വിദ്യാർഥികളായ അദ്വൈത് ജി സുരേഷ്, അനിരുദ്ധ് ജി സുരേഷ് എന്നിവർ മക്കൾ.

ഏറെ പ്രശംസനീയമായ പ്രവർത്തനത്തിലൂടെ ഗിന്നസ്‌ റെക്കോഡ്‌ ഉൾപ്പെടെ നേടിയ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ മികവാർന്ന പ്രകടനത്തിന്റെ തുടർച്ചയാകും വരുന്ന അഞ്ചുവർഷങ്ങളിലെന്ന്‌ ഡി സുരേഷ്‌കുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. 

വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ എ ഷൈലജ ബീഗം കഴിഞ്ഞ ഭരണസമിതിയിലും വൈസ്‌ പ്രസിഡന്റായിരുന്നു. കിഴുവിലം ജില്ലാ ഡിവിഷനിൽനിന്ന്‌ വിജയിച്ച അവർ സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. 30ന് പകൽ 11ന്‌ ചേരുന്ന ജില്ലാപഞ്ചായത്ത്‌ ഭരണസമിതിയിലാണ്‌ തെരഞ്ഞെടുപ്പ്‌. 26 ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ 20 സീറ്റോടെയാണ്‌ എൽഡിഎഫ്‌ ഭരണം നിലനിർത്തിയത്‌.

Friday, December 25, 2020

തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കും ട്വന്റി 20 മാതൃക; കെട്ടുകഥകളിൽ പൊങ്ങിയ കിഴക്കമ്പലം

 കൊച്ചി > എല്ലാത്തിനുമുണ്ട്‌ ഒരു ട്വന്റി -20 മാതൃക. റേഷൻകാർഡ്‌ ഉണ്ടെങ്കിലും കിഴക്കമ്പലത്തുകാർക്ക്‌ പഞ്ചായത്തിൽനിന്ന്‌ സർക്കാർ ആനുകൂല്യങ്ങൾ കിട്ടണോ, ട്വന്റി 20യുടെ കാർഡ്‌ വേണം. പഞ്ചായത്തംഗങ്ങൾക്ക്‌ സർക്കാർ നിശ്‌ചയിച്ച ഓണറേറിയമുണ്ടെങ്കിലും മുതലാളിയുടെ ശമ്പളം പറ്റണം. അതുപോലെ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുമുണ്ട്‌ ട്വന്റി 20യുടെ സ്വന്തം മാതൃക. അതാണ്‌ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച്‌ വിജയിച്ചത്‌. ട്വന്റി -20 ഭരണം മറ്റു നാലു പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിച്ചതുപോലെ ഈ മാതൃകയും അവിടങ്ങളിലേക്ക്‌ എത്തും. കൊട്ടിഘോഷിച്ച ട്വന്റി 20 തെരഞ്ഞെടുപ്പ്‌ വിജയങ്ങൾക്കൊന്നും മങ്ങലേൽക്കേണ്ട എന്നു കരുതിയാകണം മുഖ്യധാരാ മാധ്യമങ്ങളൊന്നും തെരഞ്ഞെടുപ്പ്‌ അട്ടിമറിയിലെ അപൂർവ മാതൃക കാണാതെപോയത്‌.

തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തെ ഒമ്പതു വാർഡിൽ ഇതരസംസ്ഥാനക്കാരുൾപ്പെടെ നാലായിരത്തോളം കിറ്റക്‌സ്‌ തൊഴിലാളികൾ പുതുതായി വോട്ടുചെയ്‌തു. കമ്പനി പ്രവർത്തിക്കുന്ന ചേലക്കുളം ആറാം വാർഡിൽ ഉൾപ്പെടെയായിരുന്നു ഇവരുടെ വോട്ട്‌. മലിനീകരണ പ്രശ്‌നത്തിന്റെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ട്വന്റി 20ക്ക്‌ നഷ്‌ടമായ വാർഡ്‌. ഇത്‌ പിടിച്ചെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. കിഴക്കമ്പലത്തെ താൽക്കാലിക മേൽവിലാസത്തിൽ തൊഴിലാളികളുടെ മുഴുവൻ വോട്ട്‌ ചേർത്തുകഴിഞ്ഞപ്പോഴാണ്‌ വോട്ട്‌ ചെയ്യാൻ തിരിച്ചറിയൽ കാർഡ്‌ വേണമല്ലോ എന്ന പ്രശ്‌നമുദിച്ചത്‌.   ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പു കമീഷന്റെ വോട്ടർപട്ടിക തിരിച്ചറിയൽ കാർഡാക്കാനുള്ള ഐഡിയ പഞ്ചായത്ത്‌ സെക്രട്ടറിയുടേതായിരുന്നു. വോട്ടർപട്ടിക എൻലാർജ്‌ ചെയ്‌ത്‌ ലാമിനേറ്റ്‌ ചെയ്‌ത കാർഡുകൾ പഞ്ചായത്തിന്റെയും സെക്രട്ടറിയുടെയും സീലോടെ തയ്യാറാക്കി. ട്വന്റി 20 വളന്റിയർമാരും സ്ഥാനാർഥികളും ചേർന്ന്‌ ഇതു വിതരണം ചെയ്‌തു. ഇതിനിടെ കുമ്മനോട്‌ വാർഡിൽ വിതരണത്തിന്‌ കൊണ്ടുവന്ന നൂറോളം കാർഡുകൾ മറ്റു രാഷ്‌ട്രീയ പാർടികളുടെ പ്രവർത്തകർ പിടിച്ചെടുത്തു. അതിനു പകരം കാർഡുകൾ മണിക്കൂറുകൾക്കകം കമ്പനി ഓഫീസിൽ തയ്യാറാക്കി. സെക്രട്ടറിയുടെ സീൽ കമ്പനി ഓഫീസിലേക്ക്‌ വരുത്തിയാണ്‌ കാർഡ്‌ തയ്യാറാക്കിയത്‌. ഈ കാർഡുകളുമായി എത്തിയവരെ വിവിധ ബൂത്തുകളിൽ പ്രിസൈഡിങ് ഓഫീസർവരെ ചലഞ്ച്‌ ചെയ്‌തപ്പോൾ മുതലാളിതന്നെ നേരിട്ടെത്തി‌ വെല്ലുവിളിച്ചു. ഇത്തരത്തിൽ കുമ്മനോട്‌ വാർഡിൽ ചലഞ്ച്‌ ചെയ്‌ത സംഭവമാണ്‌ പിന്നീട്‌ ട്വന്റി 20യുടെ വോട്ടറെ കൈയേറ്റം ചെയ്‌തെന്ന മട്ടിൽ വ്യാഖ്യാനിക്കപ്പെട്ടത്‌.

2017ൽ ട്വന്റി -20 രാഷ്‌ട്രീയ പാർടിയായി രജിസ്‌റ്റർ ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധകമായില്ല. പ്രഷർ കുക്കറും അപ്പച്ചട്ടിയുംമുതൽ കൊതുകുബാറ്റുവരെ വോട്ടർമാർക്ക്‌ പാരിതോഷികമായി നൽകി. സൗജന്യ ഭക്ഷ്യക്കിറ്റ്‌ പരക്കെ വാഗ്‌ദാനം ചെയ്‌തു. ട്വന്റി -20 സ്ഥാനാർഥി ജയിച്ചാൽ മാത്രം മാറിയെടുക്കാവുന്ന സമ്മാനക്കൂപ്പണുകളും വീടുകളിലെത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാറള്ളൂർ വാർഡിൽ ജയിച്ചാൽ മുഴുവൻ വീടുകളിലും ലാപ്‌ടോപ്‌ നൽകുമെന്നായിരുന്നു വാഗ്‌ദാനം. വാർഡ്‌ ജയിച്ചെങ്കിലും ലാപ്‌ടോപ് വന്നില്ല. ഇക്കുറി അതുംകൂടി ചേർത്തുള്ള വമ്പൻ സമ്മാനം വാഗ്‌ദാനം നൽകിയാണ്‌ വാർഡ്‌ നിലനിർത്തിയത്‌. ആദ്യഘട്ട വോട്ടിങ് പൂർത്തിയായ ജില്ലകളിൽനിന്ന്‌ തൊഴിലാളികളെ പ്രത്യേക വാഹനത്തിൽ കിഴക്കമ്പലത്തേക്ക്‌ കൊണ്ടുവന്നു. കിഴക്കമ്പലത്തും ഇവരുടെ വോട്ട്‌ ചേർത്തിരുന്നു. കമ്പനി ഗേറ്റിൽ കോവിഡ്‌ ടെസ്‌റ്റ്‌ നടത്തി അകത്തുകടത്തിയ ഇവരെ വോട്ടെടുപ്പ്‌ ദിവസമാണ്‌ പുറത്തിറക്കിയത്‌. കമ്പനിയുടെ വാഹനങ്ങൾ വോട്ടെടുപ്പുദിവസം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പഞ്ചായത്തിലുടനീളം ഓടി.

കെട്ടുകഥകളിൽ പൊങ്ങിയ കിഴക്കമ്പലം

കൃഷിക്കും ചെറുകിട വ്യവസായങ്ങൾക്കും പ്രാധാന്യമുള്ള പഞ്ചായത്താണ്‌ കിഴക്കമ്പലം. അഞ്ചുവർഷത്തെ ട്വന്റി 20 ഭരണം അവസാനിച്ചപ്പോൾ ഒരു ചെറുകിട വ്യവസായ യൂണിറ്റ്‌ പോലും പുതുതായി കിഴക്കമ്പലത്ത്‌ വന്നില്ല. ഒരുതുണ്ട്‌ തരിശുഭൂമിയിൽപ്പോലും പുതുതായി കൃഷിയിറങ്ങിയില്ല. പുതിയ തൊഴിലവസരവുമുണ്ടായില്ല.  നവീകരിച്ച റോഡുകളേക്കാൾ ഇരട്ടിയിലേറെ പൊട്ടിപ്പൊളിഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു.

ഇങ്ങനെയൊക്കെയായിട്ടും നാലു പഞ്ചായത്തുകളിൽക്കൂടി ട്വന്റി 20ക്ക്‌ അധികാരം പിടിക്കാനായത്‌ പറഞ്ഞുപരത്തിയ കെട്ടുകഥകളുടെ ബലത്തിലാണ്‌. കിഴക്കമ്പലത്തെ ട്വന്റി 20 അപദാനങ്ങൾ പ്രചരിപ്പിക്കാൻ ഉയർന്ന ശമ്പളത്തിൽ ഒരുപറ്റം ടെക്കികൾ പ്രവർത്തിക്കുന്നു. ട്വന്റി 20 മെമ്പർഷിപ്പിനൊപ്പം അംഗമാകുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ ഊതിവീർപ്പിച്ച കഥകൾ പ്രവഹിച്ചുകൊണ്ടിരിക്കും. ഇതിനു പുറമെയാണ്‌ മുഖ്യധാരാ മാധ്യങ്ങളെ വിലയ്‌ക്കെടുത്ത്‌ എഴുതിക്കുന്ന വാർത്തകൾ. പുതുതായി അധികാരം പിടിച്ച പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പിന്‌ ഏതാനും മാസങ്ങൾ മുമ്പു മാത്രമാണ്‌ ട്വന്റി 20 പ്രവർത്തകർ എത്തിയത്‌. കൊതുകുബാറ്റും സാനിറ്റൈസറും കൈപ്പറ്റിയാണ്‌ ഇവിടുത്തെ വോട്ടർമാർ അധികാരം ട്വന്റി 20ക്ക്‌ കൈമാറിയത്‌.

എം എസ‌് അശോകൻ  deshabhimani

Monday, December 21, 2020

ജനവിധി സർക്കാരിനുള്ള പൂച്ചെണ്ട് - കെ ജെ തോമസ്‌ എഴുതുന്നു

 പ്രതിപക്ഷവും ബിജെപിയും ഒരുസംഘം മാധ്യമങ്ങളും മാസങ്ങളായി തുടർന്നുവന്ന അപവാദ പ്രചാരണ ആഘോഷങ്ങൾക്ക്‌  തെരഞ്ഞെടുപ്പുഫലം വന്നതോടെ അൽപ്പം ശമനം. ഒരുപക്ഷേ വോട്ടുകണക്ക്‌ കൂട്ടിക്കിഴിക്കൽ തിരക്കുകൊണ്ടാകാം. എന്തായാലും കഥയും തിരക്കഥയും കെട്ടുകഥകളുംകൊണ്ട്‌ നാടിനെയും ജനതയെയും എക്കാലവും തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹങ്ങളുടെ ഫലം എന്തെന്ന്‌  വോട്ടർമാർ തന്നെ മറുപടി നൽകി. എല്ലാം ഈ നാട്ടിലെ ജനത കാണുന്നുണ്ടായിരുന്നു, സർക്കാർ ഭരണനേട്ടം നേരിട്ട്‌ അനുഭവിക്കുന്നുണ്ടായിരുന്നു, കാര്യങ്ങളെല്ലാം സ്വയം വിലയിരുത്തുന്നുണ്ടായിരുന്നു. ഒടുവിൽ വിവേകപൂർവം സമ്മതിദാനാവകാശം വിനിയോഗിച്ച്‌ കേരളജനത ജനാധിപത്യത്തിനും രാജ്യത്തിനാകെയും മാതൃകയായി. 

‘എൽഡിഎഫ്‌ വിജയത്തേരിൽ, ഇടതുപക്ഷം, മറുപടി, ഇടതു തരംഗം തുടങ്ങിയവയായിരുന്നു ജനവിധി വന്നതിനെത്തുടർന്ന്‌ മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ട്‌. കണ്ട സത്യങ്ങളെ  എക്കാലവും  മറച്ചുനിർത്താനാകുകയില്ല. ഒട്ടേറെ പാഠം തങ്കലിപികളിൽ ചരിത്രത്തിൽ എഴുതി ച്ചേർക്കപ്പെട്ട ജനവിധി കാണാത്തവരുണ്ടെങ്കിൽ അവരെ ഒരുകാലവും ഉണർത്താനാകില്ല. അന്ധമായ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ചവരാണ്‌ അവർ. നിരവധി കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാണ്‌. നാടിനെ ശിഥിലമാക്കുന്ന വർഗീയ ശക്തികൾക്ക്‌ ഇവിടെ സ്ഥാനമില്ലെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. കൂടാതെ ദുരിതകാലത്തെ സംരക്ഷണം, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനം, വ്യക്തമായ വികസന കാഴ്‌ചപ്പാടും പ്രവൃത്തിയും ആത്മാർഥമായ സുതാര്യ ചുവടുവയ്‌പുകൾ, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കൽ തുടങ്ങി സർവതല സ്‌പർശിയായ ഇടപെടലുകളും സാന്ത്വനവും രാജ്യത്ത്‌ പിണറായി സർക്കാരിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതാണെന്ന്‌ തെരഞ്ഞെടുപ്പുഫലമെന്ന്‌ മറയില്ലാതെ വ്യക്തമാക്കപ്പെട്ടു. അതിനുപരി ഭരണത്തുടർച്ചയ്‌ക്കുള്ള കേളികൊട്ടും.

തകർന്നടിഞ്ഞ്‌ വിവാദവ്യവസായം

സ്വർണക്കടത്ത്‌ സമഗ്രമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌ മുഖ്യമന്ത്രി. ആർക്കുവേണ്ടി ആര്‌ സ്വർണം കടത്തുന്നുവെന്ന മർമം അന്വേഷിക്കാതെ അന്വേഷണസംഘങ്ങൾ കെട്ടുകഥകൾക്കുള്ള വഴിതുറന്നു. രാവിലെ ബിജെപി നേതാവിന്റെ വാർത്താസമ്മേളനം. ഇതിനെ ചുവടുപിടിച്ച്‌ ഉച്ചയ്‌ക്ക്‌ പ്രതിപക്ഷ നേതാവിന്റെ വക. പിടിക്കപ്പെടേണ്ട പ്രതികളുടെ പേരുപറഞ്ഞ്‌ വൈകിട്ട്‌ മാധ്യമവിചാരണ. ഇക്കാര്യങ്ങളിൽ വട്ടമിട്ടും ചുവടുപിടിച്ചും സിബിഐ, കസ്റ്റംസ്‌, ഇഡി തുടങ്ങി കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം കെട്ടുകഥകളുടെ പുകമറ സൃഷ്ടിച്ചു. ഇവിടെ ബിജെപിയുടെ ബി ടീം ആകുകയായിരുന്നു കോൺഗ്രസ്‌. ബിജെപി പറയുന്നത്‌ പ്രതിപക്ഷം ഏറ്റെടുത്തു. അന്വേഷണ ഏജൻസികളും ആ വഴിക്കു നീങ്ങി. ഒരേ ദിശയിലുള്ള നീക്കം. എന്നാൽ, കള്ളക്കടത്ത്‌ ശൃംഖലയുടെ തലയും വാലും  കണ്ടുപിടിക്കാനാകാത്തത്‌ കോടതിപോലും ചൂണ്ടിക്കാട്ടി. എവിടെ പ്രതികളെന്നും പലതവണ ചോദിച്ചു.

രാജ്യത്ത്‌ ആകെയുള്ള ഇടതുപക്ഷ സർക്കാരിനെയാണ്‌ ഇവരെല്ലാം നോട്ടമിടുന്നത്‌. വിമോചന സമരകാലത്തെ കമ്യൂണിസ്റ്റ്‌ വിരുദ്ധതയും അസഹിഷ്‌ണുതയും ചിലർ ഇപ്പോഴും വച്ചുപുലർത്തുന്നു. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും അഭിമാന പദ്ധതികളിലും അന്വേഷണ ഏജൻസികൾ ഭരണഘടനാവിരുദ്ധമായി കൈവച്ചതും ജനം തിരിച്ചറിഞ്ഞു. അധികാരപരിധി വിട്ട്‌ ‌ ഇവർ നടത്തുന്ന നീക്കങ്ങൾക്കെതിരായ വിധിയെഴുത്തുകൂടിയാണ്‌ ഇത്‌. അവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. കോൺഗ്രസിന്റെ വർഗീയ –-തീവ്രവാദ ബന്ധം വോട്ടർമാർ തിരിച്ചറിഞ്ഞെന്ന്‌ മാത്രമല്ല, അവരുടെ പ്രസക്തിയെയും വിലയിരുത്തപ്പെടുന്നു‌. ബിജെപിയെ ശക്തിപ്പെടുത്തുന്ന കോൺഗ്രസ്‌ നയം ജനങ്ങൾക്ക്‌ ബോധ്യമുണ്ട്‌. നിരവധി എംപിമാരും എംഎൽഎമാരും മറ്റു ഭാരവാഹികളുമാണ്‌  ബിജെപിയിലേക്ക്‌ ചേക്കേറിയത്‌.

വൻവിലയ്‌ക്കാണ്‌ പലരെയും എടുത്തത്‌. അതുകൊണ്ട്‌ മതനിരപേക്ഷ ശക്തികൾക്ക്‌ കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. കേന്ദ്ര ബിജെപി സർക്കാരിന്റെ അതിവിനാശ, ജനവിരുദ്ധ നയങ്ങൾക്കെതിരെ നാവടക്കി നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ്‌, ജനകീയ സർക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടും സാധാരണക്കാർ വിലയിരുത്തി. തീവെട്ടിക്കൊള്ളക്കാരെ വെള്ളപൂശുകയും ജനസേവകർക്കെതിരെ പുലഭ്യവർഷം നടത്തുകയും ചെയ്യുന്ന കോൺഗ്രസ്‌ ശൈലിയും വിചാരണ ചെയ്യപ്പെട്ടു.

വികസനത്തിന്‌ പച്ചക്കൊടി

രാജ്യത്തിനാകെ മാതൃകയായി ബദൽ വികസന വിപ്ലവവുമായാണ്‌ കേരളം മുന്നേറുന്നത്‌. അപവാദങ്ങളും വിവാദങ്ങളും നുണക്കഥകളും ഒരുവിഭാഗം നടത്തുമ്പോൾ അതിലൊന്നും പതറാതെ ജനക്ഷേമ ജനോപകാരപ്രദമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട്‌ പോകുന്നുവെന്ന യാഥാർഥ്യം ജനം മനസ്സിലാക്കിയിട്ടുണ്ട്‌. കോവിഡ്‌ പ്രതിസന്ധിയിൽ പ്രതിമാസം 89 ലക്ഷം  ഭക്ഷ്യക്കിറ്റ്‌ തുടർച്ചയായി വീടുകളിൽ എത്തിച്ചത്‌ ഒരു ഉദാഹരണം.

കിടപ്പാടം ഇല്ലാത്തവർക്ക്‌ അടച്ചുറപ്പുള്ള വീട്‌, ഹൈടെക്‌ വിദ്യാലയങ്ങൾ, അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രികൾ, നാടിന്റെ പച്ചപ്പ്‌ വീണ്ടെടുക്കാൻ തരിശുനിലക്കൃഷിയും ഹരിത വിപ്ലവവും തുടങ്ങിയവയെല്ലാം നാടും ജനതയും തൊട്ടറിഞ്ഞിട്ടുണ്ട്‌. ഒരുവിഭാഗം കൊണ്ടുപിടിച്ചു നടത്തുന്ന ഭരണവിരുദ്ധ പ്രചാരണങ്ങൾ ഏശുന്നില്ലെന്നത്‌ രാഷ്‌ട്രീയത്തിലെ ഗുണപരമായ നേട്ടംകൂടിയാണ്‌. കേരളത്തിനും ജനതയ്‌ക്കും എന്തുവേണം, എങ്ങനെയായിരിക്കണം വികസനമെന്ന കഴ്‌ചപ്പാടിന്റെ തുടർനടപടികളുമായാണ്‌ എൽഡിഎഫ്‌ മുന്നോട്ടുപോകുന്നത്‌. പതിറ്റാണ്ടുകളിലൂടെ ആർജിച്ച നന്മയും പുരോഗതിയും ഹരിതാഭയുമെല്ലാം കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും പുതിയ പന്ഥാവിലൂടെ മുന്നേറാനും കഴിയുന്നത്‌ എൽഡിഎഫിനു മാത്രമാണെന്ന തിരിച്ചറിവ്‌ ജനങ്ങൾക്കുണ്ട്‌. ഈ വിശ്വാസ്യതയ്‌ക്കനുസരിച്ചുള്ള കുതിപ്പാണ്‌ ഇനിയും  ഇടതുപക്ഷത്തിന്റെ കരുത്തും. അതെ ഈ ജനവിധി പിണറായി സർക്കാരിനുള്ള പൂച്ചെണ്ടാണ്.

കെ ജെ തോമസ്‌

കൈപ്പത്തി ചിഹ്നത്തിന്‌ പത്തനംതിട്ട ഡിസിസി പ്രസിഡന്റ്‌ 60 ലക്ഷം വാങ്ങി മുക്കിയെന്ന്‌ നേതാക്കളുടെ പരാതി

പത്തനംതിട്ട > തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിൽ സ്ഥാനാർഥികളിൽനിന്ന്‌ ചിഹ്നത്തിന്‌‌ കെപിസിസി ഫണ്ടെന്ന‌ പേരിൽ‌ വാങ്ങിയ തുകയിൽ ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ്‌ 60 ലക്ഷം രൂപ മുക്കിയതായി പരാതി. ഇതു സംബന്ധിച്ച്‌ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സജി ചാക്കോ കെപിസിസിക്ക്‌ നൽകിയ പരാതിയെ തുടർന്ന്‌  അന്വേഷണം ആരംഭിച്ചു. 

ചിഹ്നം അനുവദിക്കാൻ  കോൺഗ്രസ്‌ സ്ഥാനാർഥികളിൽനിന്ന്‌  വൻ തോതിൽ പണം പിരിച്ചതായാണ്‌ പരാതി.  ഗ്രാമ പഞ്ചായത്തിൽ സ്ഥാനാർഥിക്ക്‌ 7000 രൂപ വീതവും ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളിൽ 10,000 രൂപ വീതവുമാണ്‌ ഡിസിസി പിരിച്ചത്‌. 1200–-ൽ അധികം സ്ഥാനാർഥികൾക്ക്‌ ചിഹ്നം കൊടുത്ത്‌ 70 ലക്ഷം രൂപ ശേഖരിച്ചു. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി സംഗമത്തിനായി പത്തനംതിട്ടയിൽ എത്തിയപ്പോൾ കെപിസിസിക്ക്‌ അഞ്ച്‌ ലക്ഷവും വീക്ഷണം പത്രത്തിന്റെ വരിസംഖ്യയായി അഞ്ചു ലക്ഷവും മാത്രമാണ്‌ കൈമാറിയത്‌.

കെപിസിസിക്ക്‌ 40 ലക്ഷം രൂപ കൊടുക്കാനുള്ളപ്പോൾ അഞ്ച്‌ ലക്ഷം മാത്രം കൊടുത്തതിൽ ക്ഷുഭിതനായാണ്‌ മുല്ലപ്പള്ളി അന്ന്‌ മടങ്ങിയത്‌.‌ സ്ഥാനാർഥികളിൽനിന്ന്‌ വാങ്ങിയ 70 ലക്ഷം രൂപയിൽ പത്ത്‌ ലക്ഷം കഴിച്ചുള്ള 60 ലക്ഷവും ഡിസിസി പ്രസിഡന്റ്‌ മുക്കിയെന്നാണ്‌ പരാതിയിൽ പറയുന്നത്‌. ഈ  പരാതിയിലാണ്‌ കെപിസിസി അന്വേഷണം നടത്തുന്നത്‌. ഇത്രയും വലിയ തുക പിരിച്ചിട്ടും പട്ടികജാതിക്കാരും ദുർബലരുമായ സ്ഥാനാർഥികൾക്ക്‌ സാമ്പത്തിക സഹായം നൽകിയില്ലെന്ന്‌ പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതിയിൽ പറഞ്ഞിരുന്നു.

ഇതിനിടെ ബാബു ജോർജിനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്ന്‌   ഒരുകൂട്ടം നേതാക്കൾ കഴിഞ്ഞ ദിവസമാണ്‌ കെപിസിസിക്ക്‌ പരാതി നൽകിയത്‌. ഈ സംഘം 27ന്‌ എഐസിസി നേതാവ്‌ താരിഖ്‌ അൻവർ കേരളത്തിലെത്തുമ്പോൾ  നേരിൽകണ്ട്‌ പരാതി നൽകുമെന്ന്‌ അറിയുന്നു. രാഷ്ട്രീയ കാര്യസമിതി, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവരുടെ യോഗം അന്ന്‌ ചേരുന്നുണ്ട്‌. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ചില ഡിസിസികളോടൊപ്പം പത്തനംതിട്ടയിലും പുനഃസംഘടന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സംഘം.

deshabhimani

യുഡിഎഫിനെ തോൽപ്പിച്ചത് കോൺഗ്രസെന്ന് മുസ്ലിംലീഗ്

തൊടുപുഴ: കോൺഗ്രസിലെ അനൈക്യം മൂലമാണ്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് പരാജയം നേരിട്ടതെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി. തോൽവി ഗൗരവപൂർവം പരിശോധിക്കണമെന്നും യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലുണ്ടായ അനൈക്യവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും ഏകോപനത്തിലും ഉണ്ടായ ഗുരുതരവീഴ്ചകളും ചിലരുടെ വല്യേട്ടന്‍ മനോഭാവവുമാണ് യുഡിഎഫിന് പ്രതീക്ഷിച്ച വിജയം നഷ്ടമാക്കിയത്. ജോസഫ് വിഭാഗത്തിനെതിരെയും നിശിതവിമർശനം ഉയർന്നു. 

തെരഞ്ഞെടുപ്പില്‍ ആവശ്യമായ മുന്നൊരുക്കങ്ങളോ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണനയോ ഉണ്ടായില്ല. സീറ്റ് ധാരണകളും സ്ഥാനാര്‍ഥി നിര്‍ണയവും വൈകിപ്പിച്ചത് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ലീഗിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ മാന്യമായ പരിഗണന ലഭിച്ചില്ല. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സീറ്റുകള്‍ വീതിച്ചെടുത്തുവെന്നും യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി.

 എപ്പോഴും യുഡിഎഫ് വോട്ട് ബാങ്കായി ലീഗ് അണികള്‍ നില്‍ക്കുമെന്ന മനോഭാവമാണ് കോണ്‍ഗ്രസ് നേതാക്കൾക്കുള്ളത്. അവഗണന തുടർന്നാൽ കടുത്ത തീരുമാനം എടുക്കാൻ ലീഗ് മടിക്കരുതെന്ന് ചില നേതാക്കൾ നിർദേശിച്ചു. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലങ്കില്‍ യുഡിഎഫിന് സുരക്ഷിതമായി മുന്നോട്ടുപോകാനാകില്ലെന്ന് യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. തൊടുപുഴ നഗരസഭയിലടക്കം ലീഗിന്റെ സ്വാധീനമേഖലകളില്‍ യുഡിഎഫ് പിന്നോട്ടുപോയില്ലെന്ന് ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. 

ലീഗ് കേന്ദ്രങ്ങളിൽ തിളക്കമാര്‍ന്ന വിജയം നേടാന്‍ മുസ്ലിംലീഗിന് കഴിഞ്ഞു. കോണ്‍ഗ്രസും ജോസഫ് വിഭാഗവും കാര്യമായ പിന്തുണ നല്‍കാത്തിടത്താണ് പാര്‍ടിക്ക് പരാജയമുണ്ടായതെന്ന് യോഗം വിലയിരുത്തി. ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി എം സലിം, ജില്ലാ ജനറൽ സെക്രട്ടറി പി എം അബ്ബാസ്, ട്രഷറര്‍ കെ എസ് സിയാദ് തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസ്‌, -ബിജെപി, വെൽഫെയർ ഭായി–-ഭായി

കണക്കുകൂട്ടിയപോലെ വിജയിച്ചില്ലെങ്കിലും എൽഡിഎഫ്‌ തോൽവി ലക്ഷ്യമിട്ട്‌ പരസ്‌പരസഹായ സംഘമായി ജില്ലയിൽ കോൺഗ്രസ്‌–-ബിജെപി –-വെൽഫെയർ വോട്ടുകച്ചവടം നടന്നതായി വോട്ട്‌ കണക്കുകൾ വ്യക്തമാക്കുന്നു.

പറവൂരിൽ എംഎൽഎ ടീം ലീഡർ‌

പറവൂർ നഗരസഭയിലെ ഏഴു വാർഡുകളിലാണ്‌ കോൺ-ഗ്രസ്‌–-ബിജെപി വോട്ടുകച്ചവടം പരസ്യമായി നടന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌‌ ലക്ഷ്യമിട്ട്‌ വി ഡി സതീശൻ എംഎൽഎയുടെ അറിവോടെയായിരുന്നു ഈ അവിശുദ്ധ കൂട്ടുകെട്ട്.

എൽഡിഎഫ് പരാജയം ഉറപ്പാക്കാൻ വെടിമറ വാർഡിൽ എസ്ഡിപിഐ വോട്ട് യുഡിഎഫിനു നൽകി. വെൽഫെയർ പാർടി നേതാക്കളുമായി എംഎൽഎ -ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു വോട്ട് മറിക്കൽ.

ഫയർ സ്റ്റേഷൻ, കണ്ണൻചിറ, കെടാമംഗലം പപ്പുക്കുട്ടി വാർഡുകളിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. കണ്ണൻചിറയിൽ യുഡിഎഫിന് വോട്ട്‌ മറിച്ചുനൽകി വിജയം ഉറപ്പാക്കി. ഫയർ സ്റ്റേഷൻ, കെടാമംഗലം പപ്പുക്കുട്ടി വാർഡുകളിൽ കോൺഗ്രസിന് ബിജെപി വോട്ട് ചെയ്തെങ്കിലും കടുത്ത മത്സരത്തിലൂടെ എൽഡിഎഫ് വിജയിച്ചു. ബിജെപി, -വെൽഫെയർ പാർടി വോട്ടുകൾ നൽകി നന്തികുളങ്ങരയിൽ കോൺഗ്രസിനെ വിജയിപ്പിച്ചു. പ്രത്യുപകാരമായി വാണിയക്കാട്, കിഴക്കേപ്രം, കേസരി വാർഡുകളിൽ കോൺഗ്രസ്‌ വോട്ട് ബിജെപിക്കു നൽകി. മൂന്നിടത്തും ബിജെപി വിജയിച്ചു. 

വെൽഫെയർ പാർടി സ്ഥാനാർഥി കോൺഗ്രസ്‌ പാനലിൽ

കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കര വാർഡിൽ വെൽഫെയർ പാർടി സംസ്ഥാന നിർവാഹകസമിതി അംഗം പി ഐ സമദാണ് കോൺഗ്രസ്‌ പാനലിൽ മത്സരിച്ചത്. എന്നാൽ,  എൽഡിഎഫ് സ്ഥാനാർഥി വി എസ് വർഗീസിനായിരുന്നു‌ വിജയം‌. പി ഐ സമദ് 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമ്പാശേരിയിൽ വെൽഫെയർ പാർടി സ്ഥാനാർഥിയായിരുന്നു.

പെരുമ്പാവൂർ നഗരസഭ അഞ്ച്‌, ആറ്‌ വാർഡുകളിൽ കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ട്‌ മറിച്ചുകൊടുത്തു. രണ്ടിടത്തും ബിജെപി വിജയിച്ചു. കോൺഗ്രസ്‌ മൂന്നാം സ്ഥാനത്താണ്‌.

കീഴ്‌മാട്‌ പഞ്ചായത്തിൽ തോട്ടുമുഖം, കീരംകുന്ന്‌ വാർഡുകളിൽ വെൽഫെയർ പാർടി കോൺഗ്രസുമായി രഹസ്യധാരണയുണ്ടാക്കി. കോൺഗ്രസ്‌ ദുർബല സ്ഥാനാർഥികളെ നിർത്തി വെൽഫെയർ പാർടി സ്ഥാനാർഥികളുടെ വിജയം ഉറപ്പിച്ചു.

വെൽഫെയർ പാർടിക്ക്‌ കെപിസിസി പിന്തുണ

കളമശേരി നഗരസഭാ നോർത്ത്‌ കളമശേരി ഡിവിഷനിൽ വെൽഫെയർ പാർടി സ്ഥാനാർഥി ഷിറിൻ സിയാദിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തത്‌ കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടനായിരുന്നു‌. യുഡിഎഫ്‌ സ്വതന്ത്രയായി മത്സരിച്ച ഷിറിനെ പക്ഷേ, എൽഡിഎഫ്‌ സ്ഥാനാർഥി ഹാജറ ഉസ്‌മാൻ 210 വോട്ടിന്‌ തോൽപ്പിച്ചു.

സ്ഥാനാർഥിയില്ല കേട്ടോ, ജയിച്ചുവരൂ

ജില്ലാ പഞ്ചായത്ത്‌ ഉദയംപേരൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. 2015ൽ ബിജെപി ഇവിടെ 8000 വോട്ട്‌ നേടിയിരുന്നു. പക്ഷേ, എൽഡിഎഫിന്റെ അനിത ടീച്ചർ ഇവിടെ വിജയിച്ചു. സ്ഥാനാർഥിയെ നിർത്താത്തതിനെതിരെ ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പത്രിക കൊടുത്തശേഷം പിന്‍വലിച്ചു. ഇവിടെ ലീഗ് 202 വോട്ടിന്‌ ജയിച്ചു.

കരുമാല്ലൂർ പഞ്ചായത്ത്‌ മാട്ടുപ്പുറം വാർഡിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എ എം അലി മത്സരിച്ചപ്പോൾ ബിജെപിയും വെൽഫെയർ പാർടിയും സ്ഥാനാർഥികളെ നിർത്തിയില്ല. 35 വോട്ടിനാണ്‌ അലി ജയിച്ചത്‌.

താമര കൈയിലല്ലോ വോട്ടെല്ലാം ; ബിജെപിക്ക്‌ കോൺഗ്രസിന്റെ കൈയയച്ച സഹായം‌

 വോട്ടുവിഹിതത്തിൽ കുറവ്‌ വന്നെങ്കിലും ബിജെപിക്കുണ്ടായ നാമമാത്രമായ സീറ്റ്‌ വർധനയിൽ തെളിയുന്നത്‌ കോൺഗ്രസിന്റെ കൈയയച്ച സഹായം‌. ബിജെപി ജയിച്ച വാർഡിലെല്ലാം, 2015ൽ കോൺഗ്രസിന്‌ ലഭിച്ച വോട്ടിന്റെ നാലിലൊന്ന്‌ പോലുമില്ല.

തിരുവനന്തപുരം

കോർപറേഷനിൽ 35 വാർഡാണ്‌ ബിജെപിക്ക്‌ ലഭിച്ചത്‌. ഇതിൽ 15 വാർഡിലും യുഡിഎഫ്‌ പരസ്യമായി ബിജെപിക്ക്‌ വോട്ടുമറിച്ചു. ഇവിടങ്ങളിൽ യുഡിഎഫിന്‌ ലഭിച്ചത്‌ ആയിരത്തിൽ താഴെമാത്രം വോട്ട്‌. നാലിടത്ത്‌ അഞ്ഞൂറിൽ താഴെയും.

നെടുങ്കാട്‌ വാർഡിൽ കഴിഞ്ഞ തവണ യുഡിഎഫ്‌ പിടിച്ചത്‌ 1169 വോട്ട്‌. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ സിപിഐ എമ്മിനെ തോൽപിക്കാൻ യുഡിഎഫും ബിജെപിയും കൈകോർത്തു. ആയിരത്തിലധികം വോട്ടുണ്ടായിരുന്ന യുഡിഎഫിന്‌ കിട്ടിയത്‌ വെറും 74.

ചെല്ലമംഗലത്ത്‌ കഴിഞ്ഞതവണ 1341 വോട്ട്‌ പിടിച്ച യുഡിഎഫിന്‌ ഇക്കുറി 965 വോട്ടു‌മാത്രം. പുന്നക്കാമുഗൾ, ശാസ്‌തമംഗലം വാർഡുകളിൽ  സമാനമായ അവസ്ഥയായി.

തുരുത്തുംമൂല, നെട്ടയം, വലിയവിള, മേലാംകോട്‌, വെള്ളാർ, ജഗതി, പാപ്പനംകോട്, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, പിടിപി നഗർ, തിരുമല, ചാല, കരിക്കകം വാർഡുകളിലെല്ലാം യുഡിഎഫ്‌ വോട്ട്‌ വളരെ കുറഞ്ഞു. ഇവിടെയെല്ലാം ബിജെപി ജയം യുഡിഎഫ്‌ വകയായിരുന്നു.

കണ്ണൂർ

തലശേരി നഗരസഭയിലെ 51 വാർഡിലെ യുഡിഎഫിന്റെ ആകെ വോട്ട്‌ 13696. ബിജെപിക്ക്‌ 12,650. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ 15,331 ഉം ബിജെപിക്ക്‌ 10,392 ഉം ആയിരുന്നു. യുഡിഎഫിന് 1635 വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് 1718 വോട്ട് വർധിച്ചു. 2015ൽ യുഡിഎഫിന് ഒമ്പത്‌ കൗൺസിലർമാർ ഉണ്ടായത്‌ ഇക്കുറി ഏഴായി ചുരുങ്ങി. ബിജെപിക്ക്‌ അഞ്ചിൽനിന്ന് എട്ടായി.

ഗോപാലപ്പേട്ട വാർഡിൽ 2015ൽ 190 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ കേവലം ഒമ്പത്‌ വോട്ടാണ് കിട്ടിയത്. കൊമ്മൽ വാർഡിൽ ബിജെപി 35 വോട്ടിന് ജയിച്ചപ്പോൾ കോൺഗ്രസിന് 44 വോട്ടുമാത്രം. 2015ൽ ഇവിടെ കോൺഗ്രസിന് 115 വോട്ട് ഉണ്ടായിരുന്നു. ചേറ്റംകുന്ന് വാർഡിൽ 2015ൽ യുഡിഎഫിന് 363 വോട്ട് കിട്ടി. ഇത്തവണ 286 മാത്രം. ബിജെപിക്ക്‌ 340ൽനിന്ന് 392 ആയി. ബാലത്തിൽ വാർഡിൽ 184 വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 86 മാത്രമായി. യുഡിഎഫിന് 366ൽനിന്ന്‌ 467 ആയി.

അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഏഴാം വാർഡായ എക്കാലിൽ 306 വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ലഭിച്ചത് 170 വോട്ടുമാത്രം. ബിജെപിക്ക് ഇക്കുറി 247 വോട്ട്‌ ലഭിച്ചു.

തൃശൂർ

കൊടുങ്ങല്ലൂർ നഗരസഭയിൽ കോൺഗ്രസിന്‌ ലഭിച്ചത്‌ ഒരു സീറ്റ്‌. കോൺഗ്രസ്‌ വോട്ടുമറിച്ചതോടെ ബിജെപിക്ക്‌ നേടാനായത്‌‌ 21 സീറ്റ്‌.44 വാർഡിൽ 15 എണ്ണത്തിൽ യുഡിഎഫിന്‌ ലഭിച്ചത്‌‌ നൂറിൽ താഴെ വോട്ടുമാത്രം. ഇതിൽ 13 വാർഡിലും കോൺഗ്രസാണ്‌ മത്സരിച്ചത്‌. കോൺഗ്രസിന്‌ നൂറിൽ താഴെ വോട്ട്‌ ലഭിച്ച്‌ പത്തു വാർഡിൽ ബിജെപി  ജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന്‌ നാലുസീറ്റും ബിജെപിക്ക്‌ 16 സീറ്റും എൽഡിഎഫിന്‌ 24 സീറ്റുമായിരുന്നു‌. എൽഡിഎഫ്‌ 22, ബിജെപി 21, കോൺഗ്രസ്‌ 1 എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില.  2015നെ അപേക്ഷിച്ച്‌ കോൺഗ്രസിന്‌ 1708 വോട്ട്‌ കുറഞ്ഞു.വിവിധ വാർഡുകളിൽ കോൺഗ്രസിന്‌ ലഭിച്ച വോട്ട്‌: കണിയത്ത്‌:‌ 90, പവർ ഹൗസ്: 56, നാലുകണ്ടം: 89, എൽത്തുരുത്ത്‌: 70, ചാലക്കുളം: 35, കണ്ടംകുളം: 60, പടന്ന: 98, പെരുന്തോട്: 89, പറമ്പിക്കുളങ്ങര:‌ 99, കേരളേശ്വരപുരം: 91, കാത്തോളിപ്പറമ്പ്:‌ 54, കാരൂർ: 85, ഒ കെ വാർഡ്‌: 48, പാലിയുതുരുത്ത്‌: 43, ജെടിഎസ്‌: 50 വോട്ടുമാണ്‌‌ ലഭിച്ചത്‌. മുൻകാലങ്ങളിൽ കോൺഗ്രസ്‌ ജയിച്ച വാർഡുകളും ഇതിലുണ്ട്‌.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറയിൽ  കഴിഞ്ഞ കൗൺസിലിൽ പ്രതിപക്ഷനേതാവായിരുന്ന ബിജെപി നേതാവ്‌ വി ആർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ‘വി ഫോർ’ എന്ന ഗ്രൂപ്പുണ്ടാക്കിയായിരുന്നു മത്സരിച്ചത്‌. എന്നിട്ടും   ബിജെപി നേട്ടമുണ്ടാക്കി.

കോൺഗ്രസാകട്ടെ 12ൽനിന്ന് ‌എട്ട്‌ വാർഡിലേക്ക്‌ ഒതുങ്ങി. ബിജെപിയുടെ സീറ്റ്‌ 13ൽനിന്ന്‌ 15 ആക്കി. 36 --ാംവാർഡിൽ 45 വോട്ടുമാത്രമാണ് യുഡിഎഫ്  സ്ഥാനാർഥിക്ക് ലഭിച്ചത്. 47, 33, 34, 31, 30, 35 വാർഡുകളിലും യുഡിഎഫ് വോട്ട്‌ ചോർന്നു.  

ഇവിടെയെല്ലാം യുഡിഎഫ്‌ മൂന്നാംസ്ഥാനത്തുമാണ്‌.  കോൺഗ്രസ്‌–-ബിജെപി സഖ്യത്തെ തോൽപ്പിച്ച്‌ 25 വാർഡുകളിലെ വിജയവുമായി എൽഡിഎഫ്‌ വീണ്ടും ഭരണമേൽക്കുകയാണ്‌.

താമരയ്‌ക്ക്‌ കുത്തിയത്‌ 9 വോട്ട്; ബാക്കിയെല്ലാം നിങ്ങൾക്ക്‌...

തദ്ദേശതെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിലെ യുഡിഎഫ്‌–-ബിജെപി ധാരണ സ്ഥിരീകരിച്ച്‌ മുസ്ലിംലീഗ്‌–- -ബിജെപി പ്രവർത്തകരുടെ മൊബൈൽഫോൺ സംഭാഷണം‌. ഗോപാലപ്പേട്ട വാർഡിലെ മുസ്ലിംലീഗ്‌ പ്രവർത്തകൻ തെസ്‌നീറും ബിജെപി പ്രവർത്തകൻ സി പി സന്ദീപും തമ്മിലുള്ള 17 മിനിറ്റ്‌ സംഭാഷണമാണ്‌ പുറത്ത്‌വന്നത്‌‌.

‘‘ഇങ്ങനെ തോൽക്കുമെന്ന്‌ സ്വപ്‌നത്തിൽ കരുതിയതല്ല. ക്രിസ്‌ത്യാനികളും മുസ്ലിങ്ങളുമാണ്‌ പറ്റിച്ചത്‌. ജയിച്ചെന്ന്‌ ഉറപ്പിച്ചതാണ്‌. മുഖത്ത്‌ അടിയേറ്റതുപോലെയായി. വോട്ടു‌ചെയ്‌തവർക്കേ ഇനി കിറ്റും സഹായങ്ങളും നൽകൂ. പറഞ്ഞുപറ്റിക്കുകയാണ്‌ ചെയ്‌തത്‌. ബിജെപി പിന്തുണയോടെയാണ്‌ മത്സരമെന്ന്‌ അവസാനനിമിഷം സഖാക്കൾ മനസിലാക്കിക്കളഞ്ഞു. ക്രിസ്‌ത്യൻ, -മുസ്ലിം വീടുകളിൽ ഇക്കാര്യം പ്രചരിപ്പിച്ചാണ്‌‌ വോട്ട്‌ പിടിച്ചത്‌’–- തെസ്‌നീർ പറയുന്നു.

‘‘ഒമ്പത്‌ വോട്ടാണ്‌ താമര ചിഹ്നത്തിൽ ലഭിച്ചത്‌. ബാക്കിയെല്ലാം നിങ്ങൾക്കാണ്‌ തന്നത്‌. രണ്ട്‌ വോട്ടും ചേർത്താൽ ജയിക്കേണ്ടതാണ്‌. തോറ്റാലും അമ്പത്‌ വോട്ടിനാവുമെന്ന്‌‌ കരുതി‌. ഇതിപ്പോൾ 260 വോട്ടിന്റെ ഭൂരിപക്ഷമായി. രണ്ട്‌ ദിവസമായി റെയിൽവേ സ്‌റ്റേഷനിലാണ്‌ താമസം’’–- റെയിൽവേയിൽ ജോലിചെയ്യുന്ന സന്ദീപിന്റെ മറുപടി.ഗോപാലപ്പേട്ടയിൽ സിപിഐ എമ്മിനെ തോൽപ്പിക്കാൻ ബിജെപിയും -യുഡിഎഫും വോട്ടുകച്ചവടം നടത്തിയിരുന്നു. പേരിന്‌ നിർത്തിയ ബിജെപി സ്ഥാനാർഥിക്ക്‌ ഒമ്പത്‌ വോട്ടു‌മാത്രം ചെയ്‌ത്‌ ബാക്കിയെല്ലാം യുഡിഎഫിന്‌ വിറ്റു. ഫലംവന്നപ്പോൾ -യുഡിഎഫിന്‌ 497 വോട്ട്‌. സിപിഐ എമ്മിലെ ജിഷ ജയചന്ദ്രൻ 757 വോട്ടുനേടി ജയിച്ചു.

കോണ്‍ഗ്രസ്-ബിജെപി സംയുക്തസ്ഥാനാര്‍ഥികള്‍ക്കും തോല്‍വി; പൂക്കോട്ടുകാവിലെ അവിശുദ്ധ കൂട്ടുകെട്ട് ജനംതള്ളി

ശ്രീകൃഷ്ണപുരം > തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ജനങ്ങള്‍ തള്ളിക്കളഞ്ഞു. എല്‍ഡിഎഫ് 13ല്‍ 8 വാര്‍ഡുകളും നേടി. കോണ്‍ഗ്രസിന് 4 വാര്‍ഡും ഒരു വാര്‍ഡില്‍  സ്വതന്ത്രയും ജയിച്ചു.

പഞ്ചായത്തിലെ 1, 2, 6, 13 വാര്‍ഡുകളിലാണ് ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി സ്വതന്ത്രരെയാണ് മത്സരിപ്പിച്ചത്. ഒന്നാം വാര്‍ഡ് പകരാവൂരില്‍ 128 വോട്ടും, ആറാം വാര്‍ഡ് കാട്ടുകുളത്ത് 149 വോട്ടും, 13 ആം വാര്‍ഡ് കല്ലുവഴി സൗത്തില്‍ 223 വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ബിജെപി കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയത്. ബിജെപി കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടാം വാര്‍ഡ് കിണാശേരിയില്‍ സ്വതന്ത്രയായി വിജയിച്ച സതീദേവിക്ക് 6 വോട്ടാണ് ഭൂരിപക്ഷം കിട്ടിയത്.

ആകെയുള്ള 13 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിച്ചത്. 4 വാര്‍ഡുകളില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ സ്ഥാനാര്‍ഥികളില്‍ മൂന്ന് പേരും പരാജയപ്പെട്ടു.

Sunday, December 20, 2020

യുഡിഎഫിൽ അടിപൊട്ടി; മുല്ലപ്പള്ളിയെ മാറ്റണമെന്ന്‌ മുസ്ലിം ലീഗ്‌

തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയിൽ ഉലഞ്ഞ യുഡിഎഫിൽ കോൺഗ്രസിനെ നിർത്തിപ്പൊരിച്ച്‌ ഘടകകക്ഷികൾ. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ മുസ്ലിംലീഗും ആർഎസ്‌പിയും ആവശ്യപ്പെട്ടു.

ശനിയാഴ്‌ച ചേർന്ന യുഡിഎഫ്‌ യോഗത്തിനു മുന്നോടിയായി കോൺഗ്രസ്‌ നേതാക്കളെ കണ്ടാണ്‌ ലീഗും ആർഎസ്‌പിയും ഇക്കാര്യം  ഉന്നയിച്ചത്‌. ആദ്യം ഹൈക്കമാൻഡിന്‌ കത്തയക്കാനും ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാനുമാണ്‌ ലീഗ്‌ നീക്കം. നിലവിലെ സ്ഥിതിയിൽ ശക്തമായ അമർഷമുണ്ടെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും ആർഎസ്‌പി നേതാവ്‌ ഷിബു ബേബിജോൺ പരസ്യമായി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

നേതൃത്വത്തിന്റെ അനൈക്യമാണ്‌ സമ്പൂർണ തോൽവിയിലേക്ക്‌ നയിച്ചത്‌. ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. തോൽവി അംഗീകരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. പരാജയം വിലയിരുത്താൻ ചേർന്ന യുഡിഎഫ്‌ നേതൃയോഗത്തിൽ എല്ലാ ഘടകകക്ഷികളും തുറന്നടിച്ചു.

ന്യൂനപക്ഷങ്ങളുടെ  വിശ്വാസം തിരിച്ചുപിടിക്കാൻ നടപടി വേണം.

ബിജെപിക്കെതിരെ ശക്തമായ നിലപാട്‌ എടുക്കാത്തത്‌ വിനയായി. മലബാറിൽ മാത്രം ഒതുങ്ങിയ യുഡിഎഫ്‌ ജമാഅത്തെ ഇസ്ലാമി  സഖ്യം സംസ്ഥാനത്താകെ ചർച്ചയാക്കിയത്‌ കോൺഗ്രസ്‌ നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ്‌–- പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഘടകകക്ഷികൾക്ക്‌ സീറ്റ്‌ നൽകിയശേഷം കോൺഗ്രസുകാർ റിബലായി മത്സരിക്കുന്ന രീതിക്കെതിരെയും വിമർശനമുയർന്നു.

കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം മാത്രമാണ്‌ കോൺഗ്രസിനെ യോഗത്തിൽ കടന്നാക്രമിക്കാതിരുന്നത്‌. ജോസ്‌ കെ മാണി മുന്നണി വിട്ടത്‌‌ ദോഷമുണ്ടാക്കിയിട്ടില്ലെന്ന്‌ വാദിച്ച മോൻസ്‌ ജോസഫ്‌ തങ്ങളുടെ സീറ്റുകൾ നിലനിർത്തിയെന്നും വാദിച്ചു.

യുഡിഎഫ്‌ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലും ലീഗിന്റെ അധീശത്വം പ്രകടമായി. യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനോ മുല്ലപ്പള്ളിയോ ഉമ്മൻചാണ്ടിയോ ഒരക്ഷരം മിണ്ടിയില്ല. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആമുഖത്തിനുശേഷം ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞത്‌ കുഞ്ഞാലിക്കുട്ടിയാണ്‌. പാളിച്ച സംഭവിച്ചതായി സമ്മതിക്കുന്നുവെന്നും തിരുത്തൽ വരുത്തുമെന്നും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ്‌ ഫലമുണ്ടാക്കിയ തിരിച്ചടിയിൽ കോൺഗ്രസ്‌ വിറങ്ങലിച്ചു നിൽക്കുകയാണ്‌. കെ മുരളീധരനെയും കെ സുധാകരനെയും നേതൃത്വത്തിലേക്ക്‌ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യാപകമായി പോസ്‌റ്റുകളുയർന്നു.

കൊല്ലത്ത്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയെ ബിജെപി ഏജന്റാണെന്ന്‌ വിളിച്ചും പോസ്‌റ്റർ വന്നു. മുല്ലപ്പള്ളി ഒഴിയുന്നതാണ്‌ നല്ലതെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ ചാനലുകളിൽ പറഞ്ഞു. ദിവസം മൂന്നുനേരം വാർത്താസമ്മേളനം നടത്തിയാൽ മാത്രം രക്ഷപ്പെടില്ലെന്ന്‌ യൂത്തുകോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പെയ്‌തു.

വിജേഷ്‌ ചൂടൽ

വെല്‍ഫെയറുമായി ഭരണം പങ്കിടുമോ? ഉത്തരമില്ലാതെ യുഡിഎഫ് നേതാക്കള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി അധികാരം പങ്കിടുമോ എന്ന് വ്യക്തമാക്കാതെ യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

മതമൗലികവാദ സംഘടനകളുടെ പിന്തുണ വാങ്ങി യുഡിഎഫ് അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ഒരുനേതാക്കളും ഉത്തരം നല്‍കിയില്ല. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി യോജിച്ച് പോകാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി വെല്‍ഫെയറിനെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. 

21ന് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9ന് ഏകോപന സമിതി യോഗം ചേരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.

Saturday, December 19, 2020

ചരിത്രവിധിയുടെ മാനങ്ങൾ - പി രാജീവ്‌ എഴുതുന്നു

 തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം പല തലങ്ങളിലും സവിശേഷതയാർന്നതാണ്. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ അധികാരത്തുടർച്ചയ്‌ക്കായുള്ള രാഷ്ട്രീയപ്പോരാട്ടത്തിന്റെ നിർണായക ഘട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. ഭരണത്തിലിരിക്കുന്ന മുന്നണികൾക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികളുണ്ടാകുന്നതാണ് സമകാലിക കേരള അനുഭവം. എന്നാൽ, അതിൽനിന്ന്‌ തീർത്തും വ്യത്യസ്തമായി, പ്രതിപക്ഷത്തുണ്ടായിരുന്ന സമയത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയമാണ് ഇപ്പോഴുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം  വിലയിരുത്തിയ സന്ദർഭത്തിൽ പരാജയം താൽക്കാലികമാണെന്നും  ഭരണവിരുദ്ധ വികാരമില്ലെന്നും വ്യക്തമാക്കിയിരുന്നു. അതുശരിവയ്‌ക്കുന്നതായിരുന്നു പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. അത് അടിവരയിട്ടുറപ്പിക്കുക മാത്രമല്ല, ഭരണാനുകൂല വികാരമാണ് നാട്ടിലുള്ളതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.  പല മാധ്യമങ്ങളും വിശേഷിപ്പിച്ചതുപോലെ വടക്കേയറ്റംമുതൽ തെക്കേയറ്റംവരെ കേരളം ഒരേപോലെ എൽഡിഎഫിനൊപ്പം നിന്നു. കേരള രാഷ്ട്രീയചരിത്രത്തിൽ അസാധാരണമായ അനുഭവമാണിത്. അതേപോലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങൾ ഒരേ നിലപാട് സ്വീകരിച്ചു. ഇതിന്റെയെല്ലാം പ്രതിഫലനം യുഡിഎഫിന്റെ കോട്ടകളെന്നു വിശേഷിപ്പിക്കപ്പെട്ട പലയിടങ്ങളിലെയും ഇടതുപക്ഷ വിജയത്തിൽ തെളിഞ്ഞുകാണാം.

ഇടതുപക്ഷവിരുദ്ധ ശക്തികളാകെ ചേർന്ന അവിശുദ്ധ  മഴവിൽമുന്നണിയാണ് എൽഡിഎഫിനെ നേരിട്ടത്. നേരത്തേ വ്യക്തമാക്കിയതുപോലെ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയും വെൽഫെയർ പാർടിയുമായി പരസ്യ ധാരണയുണ്ടാക്കിയുമാണ് യുഡിഎഫ് മത്സരിച്ചത്. മത രാഷ്ട്രവാദക്കാരുമായി  ഉണ്ടാക്കിയ കൂട്ടുകെട്ട് കോൺഗ്രസിനെ ദുർബലപ്പെടുത്തുകയും മുസ്ലിംലീഗ് നയിക്കുന്ന മുന്നണിയായി യുഡിഎഫിനെ മാറ്റുകയും ചെയ്യുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് എഴുതിയ ലേഖനങ്ങളിൽ വ്യക്തമാക്കിയിരുന്നു. നിയമസഭയിൽ കോൺഗ്രസിനേക്കാൾ മൂന്ന്‌ സീറ്റിന്റെ കുറവു മാത്രമാണ് ഇപ്പോൾ മുസ്ലിംലീഗിനുള്ളത്. ഇരുകൂട്ടരും നേരിടുന്ന തകർച്ചയിൽ കോൺഗ്രസിന്റെ ആഴം വർധിപ്പിക്കാൻ തന്നെയാണ് വെൽഫെയർ ബന്ധം  സഹായിക്കുകയെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് മുസ്ലിംലീഗ് നേതൃത്വത്തിന്റെ പ്രതികരണത്തിലും പ്രതിഫലിച്ചു. ലീഗ് നയിക്കുന്ന മത തീവ്രവാദ മുന്നണിയായി യുഡിഎഫിനെ മാറ്റിത്തീർത്തതിന്റെ പ്രതിഷേധവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് കോൺഗ്രസിനെയും യുഡിഎഫിനെയും കൂടുതൽ തകർച്ചയിലേക്കാണ് നയിക്കാൻ പോകുന്നത്. മതനിരപേക്ഷ വാദികൾക്ക് തുടരാൻ പറ്റാത്ത മുന്നണിയായി യുഡിഎഫ് മാറി.

ഈ വികാരത്തെ ശക്തിപ്പെടുത്തുന്നതാണ് തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ ബിജെപിക്ക് വോട്ട് മറിച്ചുകൊടുത്ത കോൺഗ്രസ്‌ നടപടി. ദയനീയപരാജയം സ്വയം ഏറ്റുവാങ്ങി ബിജെപിയെ വിജയിപ്പിക്കുന്ന ഈ പ്രവണത മറ്റു സംസ്ഥാനങ്ങളിലെ തനിയാവർത്തനത്തിലേക്ക് ഇവിടെയും കോൺഗ്രസ് പോകുന്നുവെന്ന അപകടസൂചന നൽകുന്നു. തൃപ്പൂണിത്തുറ ഉൾപ്പെടെ പല നഗരസഭകളിലും ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് ഉയർത്തി കോൺഗ്രസ് അപമാനകരമാകുംവിധം മൂന്നാം സ്ഥാനത്തേക്ക് വഴിമാറിയിരിക്കുന്നു. ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും തകർത്ത് ഏകാധിപത്യ മത രാഷ്ട്രത്തിലേക്ക് നയിക്കുന്ന ബിജെപിയുമായി ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യധാരണ ജനങ്ങൾ തിരിച്ചറിഞ്ഞ് തക്കതായ ശിക്ഷ നൽകിയിരിക്കുന്നു.

അത് കോൺഗ്രസുമായി ചേർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തി ബിജെപി നടത്തിയ അട്ടിമറി നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുംവരെ തള്ളിപ്പറഞ്ഞാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയെ പുൽകി ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ വാഴ്‌ത്തിയത്. ഫലത്തിൽ കേരള സംസ്ഥാന കോൺഗ്രസ് എന്ന നിലയിലേക്ക് മുല്ലപ്പള്ളി നയിക്കുന്ന കോൺഗ്രസ് അധഃപതിച്ചു. ഇതിലെല്ലാം പ്രതിഷേധമുള്ള യുഡിഎഫ് അണികൾ ആവേശപൂർവം എൽഡിഎഫിന് വോട്ട്‌ ചെയ്തു. അനുയായികൾ വോട്ടിലൂടെ പ്രകടിപ്പിച്ച നിലപാടിനോട് യോജിപ്പുള്ള നേതാക്കൾ കോൺഗ്രസിനെ കൈയൊഴിഞ്ഞ് പുറത്തേക്ക് വരും. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയൊപ്പം അടിയുറച്ച് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിന്റെ ഭാഗമാകും. 

യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരമായ വർഗീയ ഐക്യപ്പെടൽ നേരത്തേ തിരിച്ചറിഞ്ഞ്  കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനത്തെയും അത് ഉൾക്കൊണ്ട എൽഡിഎഫ് നിലപാടിനെയും ജനങ്ങൾ അകമഴിഞ്ഞ് സ്വീകരിച്ചുവെന്നത് പ്രത്യേകം കാണേണ്ടതുണ്ട്. ലോകത്ത് ശക്തിപ്പെടുന്ന ഇസ്ലാമിക ഭീകരവാദത്തിന് പായ വിരിച്ചുകൊടുക്കുകയും മറുവശത്ത് ഹിന്ദുത്വ ശക്തികളുമായി  ഐക്യപ്പെടുകയും ചെയ്യുന്ന യുഡിഎഫ്സമീപനം മതനിരപേക്ഷ വാദികളിലും ന്യൂനപക്ഷ ജനവിഭാഗങ്ങളിലും ആശങ്കയുളവാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് അനിവാര്യമായ കടമയെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിന്റെകൂടി പ്രതിഫലനമായ വിധിയെഴുത്ത് ഭാവിയിൽ കൂടുതൽ ശക്തിപ്പെടുന്ന മതനിരപേക്ഷ ഐക്യപ്പെടലിന്റെ വഴിതുറക്കൽ കൂടിയാണ്. മധ്യകേരളത്തിന്റെ വിധിയെഴുത്ത് അതിനെ കുറെക്കൂടി ശരിവയ്ക്കുന്നുണ്ട്.

എൽഡിഎഫിനെതിരായ അവിശുദ്ധ സഖ്യം എല്ലാ രാഷ്‌ട്രീയ ധാർമികതയെയും സാമാന്യ മര്യാദയെയും വെല്ലുവിളിക്കുന്ന തരത്തിൽ മാധ്യമസഹായത്തോടെ നടത്തിയ അപവാദ പ്രചാരവേലയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ആയുധം. പ്രതിപക്ഷനേതാവും ബിജെപി പ്രസിഡന്റും ഒരേ സ്വരത്തിൽ പറയുന്ന നുണകൾ അമിത പ്രാധാന്യത്തോടെ ഭൂരിപക്ഷം മാധ്യമങ്ങളും ആഘോഷിച്ചു. അവർ നുണ പറയാത്ത ദിവസങ്ങളിൽ മാധ്യമങ്ങൾതന്നെ നുണ ഫാക്ടറികളായി മാറി. മാധ്യമനുണകൾക്ക് ജനവിധിയെ സ്വാധീനിക്കാൻ കഴിയില്ലെന്ന പാഠവും ഈ തെരഞ്ഞെടുപ്പ് നൽകുന്നുണ്ട്. ദൃശ്യ മാധ്യമ ചർച്ചകൾ സീരിയലുകളെപ്പോലെ വിനോദോപാധിയായി കാണുന്ന രീതിയിലേക്ക് സ്വയം മാറി. മാധ്യമ വിശ്വാസ്യത തകരുന്നുവെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്വയം അപഹാസ്യമായ അനുഭവത്തെ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താൻ മാധ്യമങ്ങളും തയ്യാറാകേണ്ടതാണ്.

കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും യുഡിഎഫ്–-ബിജെപി കൂട്ടുകെട്ടും വികസനപദ്ധതികൾക്ക് എതിരെ തിരിഞ്ഞത് ഫലത്തിൽ അവയെല്ലാം ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയും പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ചും സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചു. വികസനം തകർക്കാൻ ശ്രമിക്കുക വഴി കേരളവിരുദ്ധ മുന്നണിയായി മാറിയ മഴവിൽസഖ്യത്തെ ജനങ്ങൾ ബാലറ്റിലൂടെ പരാജയപ്പെടുത്തി.

യഥാർഥത്തിൽ ബദൽ നയങ്ങൾക്കും പ്രയോഗത്തിനുമുള്ള അംഗീകാരമാണ് ജനവിധി. രാജ്യത്ത് ആധിപത്യം നേടിയ ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ബദൽരാഷ്ട്രീയം തന്നെയാണ് കേരളത്തെ നയിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിച്ചു. മത രാഷ്ട്രവാദികളുമായി കൈകോർക്കുന്ന യുഡിഎഫിന് മറുപടി നൽകാനും അവർ ഈ അവസരം ഉപയോഗിച്ചു, എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ബദൽ പ്രയോഗത്തിലൂടെ വികസനത്തെ അർഥവത്താക്കിയ എൽഡിഎഫ് സർക്കാരിന്റെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നെന്നും വിധിയെഴുത്ത് വ്യക്തമാക്കി.

പ്രകൃതിക്ഷോഭങ്ങളിലും മഹാമാരിയിലും ആത്മവിശ്വാസം നൽകി ജനങ്ങളെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചവർക്ക് ജനം നൽകിയ തക്കതായ  മറുപടി കൂടിയാണ്‌ ഈ വിജയം. ഈ  ജനവിധി യുഡിഎഫിനെയും ബിജെപിയെയും കൂടുതൽ തകർച്ചയിലേക്ക് നയിക്കും. മറുവശത്ത് ജനം നൽകിയ അംഗീകാരം കൂടുതൽ വിനയാന്വിതരാക്കുന്ന ഇടതു മുന്നണിക്ക് ബദൽ രാഷ്ട്രീയവും വികസനവും ഉയർത്തിപ്പിടിച്ച് മുന്നേറാൻ അസാധാരണ ഊർജവും നൽകും. അതോടെ പല കാരണങ്ങളാൽ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ഭാഗമായി അവശേഷിക്കുന്നവരും ശരിയായ നിലപാടിലേക്ക് വരും. കേരള രാഷ്ട്രീയത്തിന്റെ ഗുണപരമായ മാറ്റത്തിന്റെ ഗതിവേഗം വർധിപ്പിക്കുന്ന വിധിയെഴുത്തായി ഈ ഫലത്തെ ചരിത്രം വിലയിരുത്തും.

പി രാജീവ് 

ജില്ലാ ഡിവിഷനുകളിൽ മൂന്നിൽ രണ്ടും ബ്ലോക്കിൽ 61 ശതമാനവും എൽഡിഎഫിനൊപ്പം

നാടാകെ ചുവപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡ്‌ അടിസ്ഥാനത്തിലുള്ള കണക്കിലും എൽഡിഎഫിന്റെ മുന്നേറ്റം. ജില്ലാ ഡിവിഷനുകളിൽ മൂന്നിൽ രണ്ടും ബ്ലോക്ക്‌ ഡിവിഷനുകളിൽ 61 ശതമാനവും എൽഡിഎഫിനൊപ്പം‌. 190 ബ്ലോക്ക്‌ ഡിവിഷനും 35 ജില്ലാഡിവിഷനും യുഡിഎഫിന്‌ നഷ്ടമായപ്പോൾ എൽഡിഎഫ്‌ യഥാക്രമം 179ഉം 42ഉം സീറ്റുകൾ വർധിപ്പിച്ചു.


ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്‌ 432 സീറ്റ്‌ കുറഞ്ഞു.15,962 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിൽ 7263 എണ്ണവും എൽഡിഎഫിനാണ്‌. സ്വതന്ത്ര ചിഹ്നത്തിൽ വിജയിച്ചവരുംകൂടി ചേരുമ്പോൾ നേട്ടം അമ്പത്‌ ശതമാനത്തിന്‌ മുകളിലെത്തും. 2015ൽ നേടിയ സീറ്റുകൾ എൽഡിഎഫ്‌ നിലനിർത്തിയപ്പോൾ യുഡിഎഫ്‌ പിന്നോട്ടുപോയി, 6324 സിറ്റിങ്‌ സീറ്റുകളിൽ കൈയിലുള്ളത്‌ 5892 മാത്രം. 551 പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണം വരുമ്പോൾ യുഡിഎഫ്‌ 315ലേക്ക്‌ ചുരുങ്ങി. അമ്പതോളം പഞ്ചായത്തിന്റെ കുറവ്‌.

രാഷ്‌ട്രീയ വോട്ടിങ്‌ കൂടുതൽ പ്രകടമായ ജില്ല–-ബ്ലോക്ക്‌ ഡിവിഷനുകളിൽ അഭൂതപൂർവമായ മുന്നേറ്റമാണ്‌ എൽഡിഎഫ്‌ നടത്തിയത്‌. 331 ജില്ലാഡിവിഷനിൽ എൽഡിഎഫിന്റെ സീറ്റ്‌ 170ൽനിന്ന്‌ 212ലെത്തി. യുഡിഎഫ്‌ 110ലേക്ക്‌ ഒതുങ്ങി. ബ്ലോക്ക്‌ ഡിവിഷനുകൾ 1088ൽനിന്ന്‌ 1267 ആയി  ഉയർത്തിയപ്പോൾ യുഡിഎഫ്‌ 917ൽനിന്ന്‌ 727ലേക്ക്‌ കൂപ്പുകുത്തി.

ആറ്‌ കോർപറേഷനുകളിലെ 414 വാർഡിൽ 207 ഉം എൽഡിഎഫിനാണ്‌. 11 സീറ്റിന്റെ വർധന. അതേസമയം, 143 സീറ്റുണ്ടായിരുന്ന യുഡിഎഫ്‌ ഇത്തവണ 120ൽ‌ ഒതുങ്ങി. യുഡിഎഫിന്‌ വൻ തിരിച്ചടിയാണ് നഗരസഭകളും നൽകിയത്‌‌. 3078 വാർഡിൽ 1172 സീറ്റ്‌ യുഡിഎഫിനും 1167 എണ്ണം എൽഡിഎഫിനും. പതിറ്റാണ്ടുകൾക്കുശേഷം പിടിച്ചെടുത്ത മുനിസിപ്പാലിറ്റികളിൽ ഉൾപ്പെടെ ഒട്ടേറെ സീറ്റിൽ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥികളാണ്‌ വിജയിച്ചത്‌.

ഇതുംകൂടിയാകുമ്പോൾ എൽഡിഎഫ്‌ ഏറെ മുന്നിലെത്തും. വോട്ടുശതമാനത്തിലും എൽഡിഎഫ്‌ അഭൂതപൂർവമായ മുന്നേറ്റമാണ്‌ നടത്തിയത്‌. എൽഡിഎഫ്‌–-41.55, യുഡിഎഫ്‌–-31.5, എൻഡിഎ–-14.52. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകൂട്ടൽ പ്രകാരം നൂറോളം സീറ്റുകളിൽ മേൽക്കൈയുണ്ട്‌. അമ്പതിൽ താഴെ സീറ്റിൽ മാത്രമാണ്‌ യുഡിഎഫിന്‌ മുൻതൂക്കം നിലനിർത്താനായത്‌.

വിജേഷ്‌ ചൂടൽ