Tuesday, October 20, 2020
Sunday, October 18, 2020
കേരളത്തിന്റെ ചുവപ്പും വലതുപക്ഷത്തിന്റെ പിന്നോട്ടടിയും
നൂറുവർഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വപ്‌നങ്ങള്‍ വലിയൊരളവോളം യാഥാര്‍ഥ്യമാക്കുന്നതാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കിയും മാധ്യമങ്ങളില്‍ നല്ലൊരു പങ്കിനെ കൂട്ടിയും നുണക്കോട്ടകള്‍ കെട്ടിപ്പൊക്കുകയും കള്ളക്കേസുകള്‍ ചുമത്താന്‍ ഉത്സാഹിക്കുകയും ചെയ്യുന്നു. ഇത്തരം ഹീനരാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് 39 വര്‍ഷത്തെ യുഡിഎഫ് സഹവാസം അവസാനിപ്പിച്ച് ഇടതുപക്ഷ ചേരിയിലേക്ക് വരാനുള്ള ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനം. ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടും. കേരളാ കോണ്‍ഗ്രസ് എമ്മിനെ ആകര്‍ഷിക്കാന്‍ ചതുരുപായങ്ങളും പ്രലോഭനങ്ങളും നിർലോഭം നല്‍കിയ ബിജെപിയും നിരാശയിലാണ്. ഇടതുപക്ഷമാണ് ശരി എന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രഖ്യാപനം വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ നേര് തിരിച്ചറിയലാണ്
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ നൂറാം വർഷ ആഘോഷം ഒരാണ്ടിലെ പരിപാടികളോടെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചതിന്റെ സമാപനമാണ് ഇപ്പോൾ. അർഥപൂർണമായ ഈ ആഘോഷം കേരള രാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തു പകർന്നിരിക്കുകയാണ്. എൽഡിഎഫിന്റെ ശക്തി വർധിപ്പിക്കുകയും യുഡിഎഫിന്റെ തകർച്ചയ്‌ക്ക് വേഗം കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയസംഭവവികാസങ്ങൾ ഇതിന്റെ ഭാഗമായി വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുരോഗതിക്കും കേരളീയരുടെ ജീവിതനിലവാരവും സാമൂഹ്യബോധവും വളർത്തുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പങ്കാണ് വഹിച്ചത്.
കമ്യൂണിസ്റ്റ് പാർടി നാടിന് എന്തുചെയ്‌തെന്ന ചോദ്യം ശത്രുക്കൾ ഉന്നയിക്കുമ്പോൾ അതിനുള്ള മറുപടിയാണ് ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ പൗരന്മാരിൽനിന്ന് വ്യത്യസ്‌തമായി കേരളീയർക്ക് ആയുർദൈർഘ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ. കോവിഡ്–-19 മഹാമാരിയുടെ മുന്നിൽ ലോകം പകച്ചുനിൽക്കുകയും ലോകത്ത് വ്യാപനത്തിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ എത്തുകയും ചെയ്‌തിരിക്കുന്ന അവസ്ഥയിലും കോവിഡ് മരണങ്ങൾ കുറയ്‌ക്കാനും രോഗത്തെ പിടിച്ചുകെട്ടുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താനും കേരളത്തിന് കഴിയുന്നു. 1957ലെ ഒന്നാം ഇ എം എസ് സർക്കാർമുതൽ പിണറായി വിജയൻ സർക്കാർവരെയുള്ള കമ്യൂണിസ്റ്റ് നേതൃഭരണങ്ങൾ ആരോഗ്യം ഉൾപ്പെടെയുള്ള രംഗങ്ങളിൽ നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാനയങ്ങൾ കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പ്രധാന ഘടകമായി.
റഷ്യയിലെ താഷ്‌കെന്റിൽ 100 വർഷംമുമ്പാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരിച്ചത്. എം എൻ റോയി വിളിച്ചുചേർത്ത യോഗമായിരുന്നു അത്. മുഹമ്മദ് ഷെഫീഖിനെ പാർടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കാര്യപരിപാടി തയ്യാറാക്കി നടപ്പാക്കാനായിരുന്നു ആ യോഗം തീരുമാനിച്ചിരുന്നത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ അതിനെ തകർക്കാൻ ഗൂഢാലോചനക്കേസുകളുടെ പരമ്പരയും മർദനവാഴ്ചയും ബ്രിട്ടീഷ് ഭരണവും നാട്ടുഭരണങ്ങളും സൃഷ്ടിച്ചു. പാർടിയെ നിരോധിച്ചതിനെത്തുടർന്ന് രണ്ട് ദശകത്തിലേറെ ഒളിവുപ്രവർത്തനം അടക്കം നടത്തേണ്ടിവന്നു.
കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ ഔദ്യോഗികമായി നിലവിൽവരുംമുമ്പുതന്നെ കമ്യൂണിസ്റ്റ് സ്വാധീനവും മാർക്‌സിസ്റ്റ് തത്വശാസ്‌ത്രത്തിന്റെ ഇടപെടലും സാമൂഹ്യ– -രാഷ്ട്രീയ ജീവിതത്തിലുണ്ടായി. 1912ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാൾ മാർക്‌സിന്റെ ജീവചരിത്രം ‘സമഷ്ടിവാദം' എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. 1932ൽ ഇടപ്പള്ളി കരുണാകര മേനോൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘സമഷ്ടിവാദ വിജ്ഞാപനം' എന്ന ശീർഷകത്തിൽ മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. റഷ്യൻ വിപ്ലവത്തിൽ ആവേശംകൊള്ളുന്ന അത്തരം ആശയപ്രചാരണങ്ങളെ തടയാൻ ബ്രിട്ടീഷ് ഭരണവും നാട്ടുരാജാക്കന്മാരും കേരളത്തിലും ഇടപെട്ടിരുന്നു.
ഇന്ത്യയിൽ ബോൾഷെവിസം പ്രചരിപ്പിക്കുന്നത് ഖിലാഫത്ത് പ്രസ്ഥാനം വഴിയാണെന്ന് ബ്രിട്ടീഷ് ഭരണകൂടം നിഗമനത്തിലെത്തി. അതുപ്രകാരം ലഘുലേഖകൾ പിടികൂടാൻ കൊച്ചി രാജ്യത്തടക്കം പ്രത്യേക പൊലീസ് സേനയെ നിയോഗിച്ചിരുന്നു. മദ്രാസ് പ്രവിശ്യയിലാകട്ടെ അവിടെയെത്തുന്ന എല്ലാ അന്യനാട്ടുകാരെയും നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മലബാർ. ഇത്തരം ഭരണകൂട ഇടപെടലുകളെയെല്ലാം മറികടന്നുകൊണ്ടാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവികസിച്ചത്.
കേരളത്തിൽ 34,854 ബ്രാഞ്ചും 5,06,058 അംഗങ്ങളും സിപിഐ എമ്മിനുണ്ട്. 1937ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകത്തിന് തുടക്കമായപ്പോൾ അംഗങ്ങൾ വിരലിൽ എണ്ണാവുന്നവർമാത്രമായിരുന്നു. പാർടി പ്രതിനിധിയായി എസ് വി ഘാട്ടെ രഹസ്യമായി കോഴിക്കോട്ടെത്തി പാർടിയുടെ രഹസ്യ സംഘടന രൂപീകരിക്കുകയായിരുന്നു. പി കൃഷ്‌ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ, കെ ദാമോദരൻ എന്നിവരടങ്ങിയ ഘടകമാണ് അന്ന് രൂപീകരിച്ചത്. 1939ന് ഒടുവിൽ പിണറായിയിലെ പാറപ്പുറത്ത് ചേർന്ന സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയാകെ കമ്യൂണിസ്റ്റ് പാർടിയായി. അതോടെ കമ്യൂണിസ്റ്റ് പാർടി നാട്ടിൽ സജീവമായി.
1940ൽ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യ പങ്കാളിയായി എന്ന് ലണ്ടനിലെ ഇന്ത്യ സെക്രട്ടറി അമറി സായിപ്പ് ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഈ പ്രഖ്യാപനത്തിലും തുടർന്നുണ്ടായ കടുത്ത മർദനങ്ങളിലും പ്രതിഷേധിക്കാൻ 1940 സെപ്‌തംബർ 15 മർദന പ്രതിഷേധ ദിനമായി ആചരിക്കാൻ കോൺഗ്രസിന്റെ ആഹ്വാനം. പക്ഷേ, ദിനാചരണത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ചത് കമ്യൂണിസ്റ്റുകാരാണ്. ഇതിനെ നിരോധിച്ച് സർക്കാർ കൽപ്പന വന്നു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ച് തലശേരി, മട്ടന്നൂർ, മൊറാഴ എന്നിവിടങ്ങളിൽ വെടിവയ്‌പ് നടന്നു. ജനങ്ങൾ സംഘടിതമായി തിരിച്ചടിച്ചു. മൊറാഴയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തലശേരിയിലെ പൊലീസ് വെടിവയ്‌പിൽ അബു, ചാത്തുക്കുട്ടി എന്നീ സഖാക്കൾ രക്തസാക്ഷികളായി.
മൊറാഴയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ എടുത്ത കേസിൽ കെ പി ആർ ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചു. തുടർന്ന് കെ പി ആറിനെ രക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർടി നടത്തിയ ബഹുജന പ്രക്ഷോഭം ഇന്ത്യയിൽ മാത്രമല്ല, ബ്രിട്ടനിൽപ്പോലും അലകളുയർത്തി. ലണ്ടൻ തെരുവിൽപ്പോലും പ്രകടനം നടന്നു. അങ്ങനെ കെ പി ആറിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കൊലമരച്ചുവട്ടിൽനിന്നുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ തിരിച്ചുവരവ്. കയ്യൂർ സമരപോരാളികളായ മഠത്തിൽ അപ്പു, ചിരുകണ്ഠൻ, കുഞ്ഞമ്പു നായർ, അബൂബക്കർ എന്നിവരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. കൊലമരംകൊണ്ട് കമ്യൂണിസത്തെ തച്ചുടയ്‌ക്കാമെന്ന ശത്രുപക്ഷത്തിന്റെ മോഹം നടക്കില്ലെന്ന് പിൽക്കാല ചുവപ്പുകേരളം തെളിയിച്ചു.
ദേശീയമായി നാവികസേനാ കലാപവും റെയിൽവേ തൊഴിലാളികളുടെയും പോസ്റ്റൽ തൊഴിലാളികളുടെയും പണിമുടക്കുമുണ്ടായി. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ ആയിരങ്ങൾ രക്തസാക്ഷികളായി. കുറെയേറെപ്പേരെ കാണാതായി. തിരുവിതാംകൂർ പ്രത്യേകരാജ്യമായി നിലനിൽക്കുന്നതിനുള്ള ദിവാന്റെയും രാജാവിന്റെയും കുടിലതന്ത്രത്തെ പൊളിച്ചത് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ പുന്നപ്രയിലും വയലാറിലും നടന്ന സമരമായിരുന്നു. ഈ സമരങ്ങളൊന്നും സ്വാതന്ത്ര്യസമരമല്ല എന്നാണ് മോഡി സർക്കാരിന്റെ ചരിത്രഗവേഷണ കൗൺസിലിന്റെ വിലയിരുത്തൽ. ഇത്തരം അസംബന്ധങ്ങൾകൊണ്ടൊന്നും ജനങ്ങൾ ചോരചിന്തി രചിച്ച ചരിത്രത്തെ തമസ്‌കരിക്കാനാകില്ല.
1948–-51 കാലത്ത് കേരളത്തിലെ പാർടി അതിസങ്കീർണമായ ഭരണകൂട ഭീകരതയാണ് നേരിട്ടത്. ശൂരനാട് കലാപമടക്കമുള്ള നിണമണിഞ്ഞ സംഭവങ്ങൾ ഈ കാലഘട്ടത്തിലുണ്ടായി. കമ്യൂണിസ്റ്റുകാരെ കണ്ടാൽ കെട്ടിയിട്ട് വെടിവച്ച് കൊല്ലുക എന്ന രീതിപോലും ഉണ്ടായി. തില്ലങ്കേരിയിൽ അനന്തനെ ഈന്തുമരത്തിൽ കെട്ടിയിട്ട് വെടിവച്ച് കൊല്ലുകയായിരുന്നു. ജയിലിൽ കിടന്ന സഖാക്കളെ ജാമ്യത്തിലിറക്കുന്നുവെന്നു പറഞ്ഞ് ജയിലിൽനിന്ന് പുറത്തുകൊണ്ടുവന്ന് പാടിക്കുന്നിൽ വെടിവച്ചുകൊന്നു. കാവുമ്പായി, പായം, പാടിക്കുന്ന്, മുനയൻകുന്ന്, ഒഞ്ചിയം ഇങ്ങനെ വിപ്ലവകാരികളുടെ സിരകളെ തീപിടിപ്പിക്കുന്ന എത്രയെത്ര സ്ഥലനാമങ്ങൾ.
ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർടി, സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി. 1957 ഏപ്രിൽ അഞ്ചിന് അധികാരത്തിലെത്തിയ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ 1959 ജൂലൈ 31ന് കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. അത്തരം നടപടികൊണ്ട് കമ്യൂണിസ്റ്റുകാർ സംസ്ഥാനത്ത് അധികാരത്തിലേ വരില്ല എന്ന ശത്രുവർഗത്തിന്റെ മോഹം തകർന്നടിഞ്ഞു. ഇതിനകം ഇടതുപക്ഷ നേതൃത്വത്തിൽ ഏഴ് സർക്കാരുകൾ വന്നു. 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് സിപിഐ എം രൂപീകൃതമായപ്പോൾ ആ പ്രസ്ഥാനത്തെ വളർത്താനും സംരക്ഷിക്കാനും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ തയ്യാറായി. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചു. ഈ പ്രസ്ഥാനത്തെ കാത്തുരക്ഷിക്കുന്നതിനുവേണ്ടി പോരാടി രക്തസാക്ഷിയാകുന്നവരുടെ സംഖ്യ ചെറുതല്ല.
മൂന്ന് ഭാഗമായിരുന്ന കേരളത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് വലിയ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാർടി സംഘടിപ്പിച്ചു. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടുവച്ച സർ സിപിക്കെതിരെ ഐക്യകേരളം സിന്ദാബാദ്, സ്വതന്ത്ര തിരുവിതാംകൂർ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി പുന്നപ്ര–- വയലാർ സമരത്തിന് നേതൃത്വം കൊടുത്തത് കമ്യൂണിസ്റ്റുകാരായിരുന്നു. ഐക്യകേരളത്തിന് ഇ എം എസ് എഴുതിയ ഒന്നരക്കോടി മലയാളികൾ, കേരളം മലയാളികളുടെ മാതൃഭൂമി തുടങ്ങിയ പുസ്‌തകങ്ങൾ ഐക്യകേരള പ്രസ്ഥാനത്തിന് ആശയ അടിത്തറ ഉറപ്പിച്ചു. ഇതിനൊപ്പം ഐക്യകേരളത്തിനായി സംസ്ഥാനത്തെമ്പാടും കലാസമിതികൾ രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്‌തു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് ആർഎസ്എസും മറ്റും എതിരായിരുന്നു. അത്തരം എതിർപ്പുകളെ അവഗണിച്ച് കേരളീയരെ ഒരു മാലയിൽ കോർത്ത മുത്തുകളെപ്പോലെ അണിനിരത്തി ഐക്യകേരളം യാഥാർഥ്യമാക്കിയതിൽ കമ്യൂണിസ്റ്റുകാരോളം പങ്ക് മറ്റൊരു പ്രസ്ഥാനത്തിനും ഇല്ല.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം യാഥാർഥ്യമാകുമെന്ന് വന്നപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ കാണിച്ച ചാഞ്ചാട്ടവും മറക്കാവുന്നതല്ല. രാജാധിപത്യവും സാമ്രാജ്യത്വ താൽപ്പര്യവും സംരക്ഷിച്ചുകൊണ്ടുള്ള ഐക്യകേരളമെന്ന കാഴ്‌ചപ്പാട് കൊച്ചി രാജാവ് മുന്നോട്ടുവച്ചപ്പോൾ അതിനെ കോൺഗ്രസിലെ നേതാക്കൾ അനുകൂലിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ, രാജാധിപത്യവും സാമ്രാജ്യത്വ താൽപ്പര്യവുമില്ലാത്ത, ഫ്യൂഡൽ മേധാവിത്വത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള കേരളം എന്ന കാഴ്‌ചപ്പാടാണ് കമ്യൂണിസ്റ്റ് പാർടി മുറുകെപ്പിടിച്ചത്.
കേരള വികസനത്തിന് ഒരു രേഖ ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ചിരുന്നു. ജന്മിത്തവും രാജാധിപത്യവും സാമ്രാജ്യത്വ താൽപ്പര്യവുമില്ലാത്ത നാട് എന്നതായിരുന്നു കാഴ്‌ചപ്പാട്. അധികാരത്തിൽ ഉള്ളപ്പോൾ ഭരണത്തിലൂടെയും പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രക്ഷോഭങ്ങളിലൂടെയും ഈ നയം നടപ്പാക്കാനാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെയാണ് കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്താൻ കഴിയുന്നത്. ആധുനിക കേരളത്തിന്റെ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതും കമ്യൂണിസ്റ്റുകാരാണ്. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സാക്ഷരതാപ്രസ്ഥാനം, സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇതെല്ലാം ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ നടപ്പാക്കി. കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന ഭൂരിപക്ഷ–- ന്യൂനപക്ഷ വർഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിൽ സന്ധിയില്ലാത്ത പോരാട്ടമാണ് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. ഇതിനെ ചെറുക്കാൻ കോ–-ലീ–-ബി സഖ്യവുമായി ഇറങ്ങിയിരിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയശക്തികൾ.
നൂറുവർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വപ്‌നങ്ങൾ വലിയൊരളവോളം യാഥാർഥ്യമാക്കുന്നതാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. ഇതിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കിയും മാധ്യമങ്ങളിൽ നല്ലൊരു പങ്കിനെ കൂട്ടിയും നുണക്കോട്ടകൾ കെട്ടിപ്പൊക്കുകയും കള്ളക്കേസുകൾ ചുമത്താൻ ഉത്സാഹിക്കുകയും ചെയ്യുന്നു. ഇത്തരം ഹീനരാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് 39 വർഷത്തെ യുഡിഎഫ് സഹവാസം അവസാനിപ്പിച്ച് ഇടതുപക്ഷ ചേരിയിലേക്ക് വരാനുള്ള ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനം. ഇത് യുഡിഎഫിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടും. കേരള കോൺഗ്രസ് എമ്മിനെ ആകർഷിക്കാൻ ചതുരുപായങ്ങളും പ്രലോഭനങ്ങളും നിർലോഭം നൽകിയ ബിജെപിയും നിരാശയിലാണ്. ഇടതുപക്ഷമാണ് ശരി എന്ന കേരള കോൺഗ്രസ് എമ്മിന്റെ പ്രഖ്യാപനം വർത്തമാനകാല രാഷ്ട്രീയത്തിലെ നേര് തിരിച്ചറിയലാണ്. കമ്പോളവ്യവസ്ഥയെ തിരസ്‌കരിച്ച് സമത്വത്തിന്റെ ആശയത്തിനായി ചാക്രികലേഖനം പ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളോട് ഇത് കൂറ് പുലർത്തുകയും ചെയ്യുന്നു.
കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വളർത്തുന്നതിനൊപ്പം ഇടതുപക്ഷജനാധിപത്യ മുന്നണി രാഷ്ട്രീയത്തെ പ്രബലപ്പെടുത്തുന്നതിനും ഉപയോഗിക്കണമെന്നാണ് കഴിഞ്ഞ വർഷം പാർടി ആഹ്വാനം ചെയ്‌തത്. അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം കൂടുതലായി ഉണ്ടാകുന്നുവെന്നാണ് വർത്തമാനകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനം അനിവാര്യമാണ്. ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ നമുക്കാകണം.
കോടിയേരി ബാലകൃഷ്‌ണന്‍
താഷ്‌കെന്റ് യോഗം അവസാനിച്ചത് ‘ഇന്റർനാഷണലോ’ടെ
അന്ന് ആദ്യമായി ഏഴ് ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ കണ്ഠങ്ങളിൽനിന്ന് ‘എഴുന്നേൽപ്പിൻ നിങ്ങൾ തനി പട്ടിണിത്തടവുകാരേ’ എന്ന് ആഹ്വാനം ചെയ്യുന്ന ‘ഇന്റർനാഷണൽ’ ഗാനം ഉയർന്നു. താഷ്‌കെന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ച 1920 ഒക്‌ടോബർ 17 ന്റെ യോഗം അവസാനിച്ചത് ‘ഇന്റർനാഷണൽ’ ആലപിച്ചായിരുന്നു.
അംഗത്വ നടപടിക്രമങ്ങൾ, പാർടി പരിപാടി തയ്യാറാക്കേണ്ടതിന്റെയും കോമിന്റേണിൽ അഫിലിയേറ്റ് ചെയ്യേണ്ടതിന്റെയും ആവശ്യകത എന്നിവയെപ്പറ്റിയുള്ള പ്രാഥമിക ചർച്ച യോഗത്തിൽ നടന്നു. ‘പാർടി രൂപീകരണം സംബന്ധിച്ച വിവരം, പാർടി പരിപാടി തയ്യാറാക്കിക്കഴിഞ്ഞ ഉടൻ മൂന്നാം ഇന്റർനാഷണലിനു സമർപ്പിക്കും’ എന്നാണ് മിനിറ്റ്‌സിൽ പറയുന്നത്. എന്നാൽ പാർടി പരിപാടി അന്ന് എഴുതിയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 1921 ജനുവരി രണ്ടിനു മാത്രമെ അബനി മുഖർജി എഴുതിയുണ്ടാക്കിയ കരട് ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ യോഗത്തിൽ ചർച്ചചെയ്യാൻ കഴിഞ്ഞുള്ളൂ. അതാകട്ടെ റോയിയുടെ നിർബന്ധമനുസരിച്ച് തിരസ്‌കരിക്കപ്പെട്ടു.
ഒന്നാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വ വിരുദ്ധ രാഷ്‌ട്രീയത്തിൽ പ്രചോദിതരായി അഫ്‌ഗാനിസ്ഥാനിലേക്കും അവിടെനിന്ന് റഷ്യൻ മേഖലയിലേക്കും പോയ മുഹാജിറുകളിൽ പലരും പ്രത്യയശാസ്‌ത്രപരമായ മാറ്റത്തിനു വിധേയരായി. അങ്ങനെ ‘ബോൾഷെവിക്കാ’യി മാറിയ മുഹമ്മദ് ഷെഫീക്കായിരുന്നു താഷ്‌കെന്റിൽ സ്ഥാപിതമായ പാർടിയുടെ സെക്രട്ടറി.
1920ൽ താഷ്‌കെന്റിൽ രൂപീകൃതമായ പാർടിക്ക് വേഗത്തിൽ ഇന്റർനാഷണലിൽ അഫിലിയേഷൻ കിട്ടിയെന്നും അത് ‘വാൻഗാർഡ്’ എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചെന്നും എസ് എ ഡാങ്കെ തന്റെ ഗ്രന്ഥത്തിൽ പറയുന്നു. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഭാഗമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായാണ് ഈ പ്രസിദ്ധീകരണത്തെ വിശേഷിപ്പിച്ചത്.
പാർടി സ്ഥാപിച്ച ഒക്‌ടോബറിൽ തന്നെ അവിടെ ഇന്ത്യൻ മിലിട്ടറി സ്‌കൂൾ സ്ഥാപിക്കുകയും സഖാക്കൾക്ക് പരിശീലനം നൽകുകയും ചെയ്‌തു. 1921 മെയ്‌വരെ ഇത് തുടർന്നു. പരിശീലനത്തിനുള്ള സാമഗ്രികൾ ഒരുക്കിയതും പരിശീലകരെ ഏർപ്പാടാക്കിയതും കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യപഥികരിൽ പ്രമുഖനായ എം എൻ റോയിയായിരുന്നു. 1921 ഏപ്രിൽ 21ന് കമ്യൂണിസ്റ്റ് സർവകലാശാലയായ ടോയ്‌ലേഴ്‌സ് ഓഫ് ഈസ്റ്റ് സ്ഥാപിതമായി. കമ്യൂണിസ്റ്റുകാരായി മാറിയ മുൻ മുഹാജിറുകൾ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കാൻ 1921 മുതൽ രാജ്യത്തിന്റെ വടക്കേ അതിർത്തിവഴി തിരിച്ചുവരാൻ തുടങ്ങി. ഇതിനെതിരെ ബ്രിട്ടീഷ് സർക്കാർ നടത്തിയ അടിച്ചമർത്തലിന്റെ ഫലമായിരുന്നു ഗൂഢാലോചനക്കേസുകൾ കെട്ടിച്ചമച്ചത്. മുഹാജിറുകളായിരുന്ന ഷൗക്കത്ത് ഉസ്‌മാനി, റഫീക്ക് അഹമ്മദ് എന്നിവർ മിലിട്ടറി സ്‌കൂളിൽനിന്ന് പൗരസ്‌ത്യ തൊഴിലാളികളുടെ സർവകലാശാലയിലേക്ക് മാറിയവരാണ്. ഇങ്ങനെ മിലിട്ടറി സ്‌കൂളിൽനിന്ന് പൗരസ്‌ത്യ തൊഴിലാളികളുടെ സ്‌കൂളിലേക്കു പോയ 21 പേരെപ്പറ്റി പെഷാവർ ഗൂഢാലോചനക്കേസിന്റെ രേഖകളിൽനിന്നു മനസ്സിലാക്കാം. അവരിൽ പത്തു പേരെ ഇന്ത്യയിലേക്കു മടങ്ങുംവഴി അറസ്റ്റുചെയ്‌തു. അവരെ പെഷാവർ ഗൂഢാലോചനക്കേസിൽ വിചാരണ ചെയ്‌ത് പല കാലത്തേക്ക് കഠിനതടവിന് ശിക്ഷിച്ചു. ഇവരിൽ മീർ അബ്ദുൾ മജീദും ഷൗക്കത്ത് ഉസ്‌മാനിയും 1929ൽ മീററ്റ് ഗൂഢാലോചനക്കേസിലും ശിക്ഷിക്കപ്പെട്ടു. കമ്യൂണിസ്റ്റ് നേതാവ് മുസഫർ അഹമ്മദ് 1970ൽ പ്രസിദ്ധീകരിച്ച ‘ ഞാനും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയും’ എന്ന ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത് മുഹാജിറുകളായ എം എ മജീദിനും ഫിറോസുദ്ദീൻ മൻസൂറിനുമാണ്.
ആദ്യത്തെ ഒത്തുചേരൽ കാൺപുരിൽ
ബ്രി ട്ടീഷ് ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും ആശയഗതിക്കാരും സമ്മേളിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് ഒത്തുചേരലായിരുന്നു കാൺപുർ സമ്മേളനം. 1925 ഡിസംബർ 26 മുതൽ 28 വരെ ആയിരുന്നു ഇത്. താഷ്‌ക്കന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ടായി. ഇതെല്ലാംകൂടി കാൺപുർ സമ്മേളനത്തിലാണ് കൂടിച്ചേരുന്നത്. അഞ്ഞൂറ് പേർ പങ്കെടുത്തു. തമിഴ്‌നാട്ടിൽനിന്നുള്ള ട്രേഡ് യൂണിയൻ നേതാവ് ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു അധ്യക്ഷൻ. വിഖ്യാത പണ്ഡിതനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഹസ്രത്ത് മൊഹാനി ആയിരുന്നു സ്വാഗതസംഘം ചെയർമാൻ. അദ്ദേഹമാണ് കാൺപുർ സമ്മേളനത്തിന് സ്വാഗതം പറഞ്ഞത്.
ഗൂഢാലോചനക്കേസുകളിൽ തളരാതെ
മീററ്റ് സഖാക്കൾ
കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രചാരം ബ്രിട്ടീഷ് സർക്കാരിനെ പരിഭ്രാന്തരാക്കി. അതിനെ തുടർന്ന് അവർ കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ എന്ന പേരിൽ പുസ്‌തകങ്ങൾ കണ്ടുകെട്ടുകയും നിരവധിയാളുകളെ വേട്ടയാടുകയും ചെയ്തു. ഇത്തരം വേട്ടയാടലുകൾക്കുവേണ്ടി നിരവധി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്‌തു.
പെഷാവർ ഗൂഢാലോചനക്കേസ് (1922–-24)
കെട്ടിച്ചമയ്‌ക്കപ്പെട്ട ഗൂഢാലോചനക്കേസുകളിൽ ആദ്യത്തേതായിരുന്നു. വ്യത്യസ്‌ത വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒന്നിലധികം കേസുകൾ ചേർന്നാണ് പൊതുവിൽ പെഷാവർ ഗൂഢാലോചനക്കേസ് എന്നറിയപ്പെടുന്നത്. ഒന്നാമത്തെ പെഷാവർ കേസ് 1922 മെയ് 31ന് വിധി പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. രണ്ട് സഖാക്കൾ അതിൽ രണ്ടു വർഷവും ഒരു വർഷവുമായി കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. രണ്ടാം പെഷാവർ കേസിൽ ഒരു സഖാവിനെ ഏഴുവർഷത്തേക്കും മറ്റ് രണ്ട് സഖാക്കളെ അഞ്ച് വർഷത്തേക്കും കഠിന തടവിന് ശിക്ഷിച്ചു. മൂന്നാം പെഷാവർ ഗൂഢാലോചനക്കേസിൽ എട്ട് പ്രതികൾ. നാലാം പെഷാവർ ഗൂഢാലോചനക്കേസ് മുഹമ്മദ് ഷെഫീഖിനെതിരായിരുന്നു. 1924 ഏപ്രിൽ 24ന് അദ്ദേഹത്തെ മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. അഞ്ചാമത്തെ പെഷാവർ ഗൂഢാലോചനക്കേസ് 1927-ൽ ഫസലുൽ ഇലാഹി ഗുർബാനെതിരായാണ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തെ 3 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. പെഷാവർ ഗൂഢാലോചനക്കേസുകളിലെ അറസ്റ്റും വിചാരണയും ജനശ്രദ്ധയിൽ കൊണ്ടുവരാതിരിക്കുന്നതിന് ബ്രിട്ടിഷ് സർക്കാർ നടത്തിയ നീക്കം ആ ഘട്ടത്തിൽ വിജയിക്കുകയുണ്ടായി. സർക്കാർ നിർദേശപ്രകാരം പത്രങ്ങളിൽ പലതും ക്രിമിനലുകൾ, നുഴഞ്ഞു കയറ്റക്കാർ എന്നിങ്ങനെയാണ് അവരെക്കുറിച്ച് എഴുതിയിരുന്നത്. മുസഫർ അഹമ്മദിന്റെയും മറ്റും ശ്രമഫലമായി 1926-നു ശേഷമാണ് പെഷാവർ ഗൂഢാലോചനക്കേസ് ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങുന്നത്.
കാൺപുർ ഗൂഢാലോചനക്കേസ്
‘ചക്രവർത്തി തിരുമനസ്സിന്റെ ഇന്ത്യയിലെ പരമാധികാരം തകർക്കാൻ ശ്രമിച്ചു’ എന്നതായിരുന്നു കേസിൽ ഉൾപ്പെട്ട കമ്യൂണിസ്റ്റുകാർക്കെതിരായ കുറ്റപത്രത്തിലുള്ളത്. 1923ലും 1924ലുമായി നാല് സഖാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. 1924 ഫെബ്രുവരി 17ന് ഗവർണർ ജനറലിന്റെ അംഗീകാരത്തോടെ കേസ് ആരംഭിച്ചു. കേസിൽ പ്രതികളാക്കപ്പെട്ടവരെ നാല് മാസത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. പെഷാവർ കേസിൽനിന്നും വ്യത്യസ്‌തമായി കാൺപുർ കേസ് ജനശ്രദ്ധയിൽ കൊണ്ടുവരുന്നത് തടയുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചില്ല. ജയിലിലടയ്‌ക്കപ്പെട്ട നേതാക്കളെ സഹായിക്കുന്നതിന് പലരും രംഗത്തുവന്നു.
മീററ്റ് ഗൂഢാലോചനക്കേസ്
കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനും പാർടിയെ പൂർണമായും ഉന്മൂലനം ചെയ്യാനുമായി കെട്ടിച്ചമച്ച കേസ്. 1929 മാർച്ച് 20-ന് അക്കാലത്തെ അതിപ്രമുഖരായ 31 കമ്യൂണിസ്റ്റ് നേതാക്കളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്്‌തു. 121എ വകുപ്പ് തന്നെയാണ് അവർക്കെതിരെയും ചുമത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട സഖാക്കൾ വിചാരണവേളയെ രാഷ്ട്രീയ പ്രചാരണത്തിനുള്ള അവസരമാക്കി. ഡാങ്കെ ഒഴികെയുള്ള സഖാക്കൾ കോടതിയിൽ നടത്തിയ പ്രഖ്യാപനം കമ്യൂണിസ്റ്റ് പാർടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നത് വ്യക്തമാക്കുന്ന രേഖയായിരുന്നു. കേസ് വിചാരണ ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറുകയായിരുന്നു.
1930-ൽ മീററ്റ് സഖാക്കൾ ജയിലിൽക്കിടക്കവെ കമ്യൂണിസ്റ്റ് പാർടി ഒരു കർമപരിപാടി മുന്നോട്ടുവച്ചു. മീററ്റ് ഗൂഢാലോചനക്കേസിനോടുള്ള ധീരമായ സമീപനം ബഹുജനങ്ങളെ ആകർഷിക്കുകയുണ്ടായി. 1931 മാർച്ച് 23 ഭഗത് സിങ്ങും സഖാക്കളും തൂക്കിലേറ്റപ്പെടുമ്പോൾ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സ്വാധീനം അവരിലും കാണാനായി. മീററ്റ് സഖാക്കളുടെ പൊതുപ്രസ്‌താവന ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ എങ്ങനെയാണ് ഇന്ത്യൻ സാഹചര്യത്തെ നോക്കിക്കാണുന്നത് എന്നതിന്റെ വിശദീകരണമായിരുന്നു. അത് മാർക്്‌സിസ്റ്റ് പ്രത്യയശാസ്‌ത്രത്തിലേക്ക് വിവിധ വിപ്ലവ സംഘടനകളിലെ അംഗങ്ങളെ കമ്യൂണിസ്റ്റുകാരുമായി ബന്ധംവയ്‌ക്കാൻ പ്രേരിപ്പിച്ചു.
പിന്തുണച്ചവരിൽ ഐൻസ്റ്റീനും
മീററ്റ് ഗൂഢാലോചനയെ എതിർത്ത് എച്ച് ജി വെൽസ് 1929 ഡിസംബർ എട്ടിന് ‘ മാഞ്ചസ്റ്റർ ഗാർഡിയൻ’ പത്രത്തിന് എഴുതിയ കത്ത്
‘സാമ്രാജ്യത്വ നുകം ഭേദിക്കാനായി ലോകമെങ്ങും പൊരുതിക്കൊണ്ടിരിക്കുന്ന, ആയിരക്കണക്കിന് ഇരകളുടെ ജീവിക്കുന്ന പ്രതീകങ്ങളാണ് ഞങ്ങൾക്ക് ഇവർ. ഈ ഇരകളൊക്കെയും വിജയം കൈവരിക്കുന്നു. കാരണം തങ്ങളെ ഞെക്കിഞെക്കിക്കൊണ്ടിരിക്കുന്ന അസമത്വത്തിന് അവർ സാക്ഷികളാണ്’–- നൊബേൽ ജേതാവായ റൊമയ്‌ൻ റൊളാങ് മീററ്റ് ഗൂഢാലോചനക്കേസിലെ പ്രതികളെ അഭിവാദ്യം ചെയ്‌ത് ഇങ്ങനെ കുറിച്ചു.
തങ്ങൾക്ക് ഭീഷണിയായ കമ്യൂണിസ്റ്റുകാരെ ദേശീയ പ്രസ്ഥാനത്തിൽനിന്ന് ഒറ്റപ്പെടുത്താനും ‘ബോൾഷെവിക് ഭീതി’പരത്താനും ബ്രിട്ടീഷുകാർ തയ്യാറാക്കിയ മീററ്റ് ഗൂഢാലോചനക്കേസിനെ ശാസ്‌ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ പരസ്യമായി എതിർത്തു.
അമേരിക്കയിലെ മൗണ്ടി വിചാരണ, സാക്കോ –- വാൻസെറ്റി വിചാരണ, ഫ്രാൻസിലെ ഡ്രേഫസ് വിചാരണ, ജർമനിയിലെ റീഷ്‌സ്റ്റാഗ് തീവയ്‌പ് വിചാരണ എന്നിവയെപ്പോലെ പ്രസിദ്ധ കേസുകളുടെ ഗണത്തിൽപ്പെടുന്നതാണ് മീററ്റ് വിചാരണയെന്ന് വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഹാരോൾഡ് ലാസ്‌കി അഭിപ്രായപ്പെട്ടു. ‘ബ്രിട്ടീഷ് സർക്കാർ പേടിയോടെ പ്രവർത്തിക്കുന്നു, ഭീകരതയോടെ നടപടികളെടുക്കുന്നു, നീതിയുക്തമായി അധികാരം പ്രയോഗിക്കാനുള്ള മഹാമനസ്‌കത അവർക്കില്ല’ –- ലെച്ചർ ഹച്ചിൻസൺ എഴുതിയ മീററ്റിലെ ഗൂഢാലോചന എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ ലാസ്‌കി എഴുതി. തടവുകാരോട് സഹതാപം പ്രകടിപ്പിച്ചവരിൽ നാടകക്കാരൻ ബർണാർഡ് ഷായും അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റും ഉണ്ടായിരുന്നു. മീററ്റ് കേസിൽ രോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എഴുത്തുകാരനായ എച്ച് ജി വെൽസ് 1929 ഡിസംബർ എട്ടിന് ‘മാഞ്ചസ്റ്റർ ഗാർഡിയൻ’ പത്രത്തിന് കത്തെഴുതി.
നെഹ്‌റുവിന്റെ അറസ്റ്റിനും ശ്രമം
മീററ്റ് കേസ് ഇംഗ്ലണ്ടിൽ ശ്രദ്ധയാകർഷിച്ചതോടെ മാഞ്ചസ്റ്റർ സ്‌ട്രീറ്റിലെ ‘റെഡ് മെഗഫോൺസ്’ നാടകസംഘം ‘മീററ്റ്’ എന്ന നാടകം അവതരിപ്പിച്ചു. റെജിനാഡ് ബ്രിഡ്‌ജ്‌മാനെ സെക്രട്ടറിയാക്കി ബ്രിട്ടനിലെ തൊഴിലാളികൾ മീററ്റ് തടവുകാർക്കായി ഡിഫൻസ് കമ്മിറ്റിയുണ്ടാക്കി. കമ്യൂണിസ്റ്റുകാർക്കു പുറമെ, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ് ലേബർ പാർടിപോലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളും ഭരണകക്ഷിയായ ലേബർ പാർടിയിലെ ഒരു വിഭാഗംപോലും മർദന നടപടികളെ എതിർത്തു.
മീററ്റ് ഗൂഢാലോചനക്കേസിൽ ജവാഹർലാൽ നെഹ്‌റുവിനെ അറസ്റ്റു ചെയ്യാനും ശ്രമമുണ്ടായി. ദേശീയവാദിയായ നെഹ്‌റു കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിൽ ചിലതിനോടൊക്കെ ആഭിമുഖ്യം പുലർത്തിയിരുന്നു. മീററ്റ് കേസ് ബ്രിട്ടീഷ് കോടതിയിൽ പ്രതിരോധിക്കാൻ രൂപീകരിച്ച ഡിഫൻസ് കമ്മിറ്റിയുടെ സെക്രട്ടറി ജവാഹർലാൽ നെഹ്‌റുവും പ്രസിഡന്റ് അച്ഛൻ മോത്തിലാൽ നെഹ്‌റുവുമായിരുന്നു. ഈ കമ്മിറ്റി പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാകാൻ അഭിഭാഷകരെ ഏർപ്പാടാക്കി. കോൺഗ്രസ് 1500 രൂപ കേസ് നടത്താൻ നൽകി. നെഹ്‌റു സാമ്പത്തിക സഹായം വിദേശങ്ങളിൽനിന്ന് സംഘടിപ്പിച്ചു. അദ്ദേഹത്തെ കേസിൽ അറസ്റ്റു ചെയ്യുമെന്ന് മാസങ്ങളോളം ജനങ്ങൾക്കിടയിൽ വാർത്ത പ്രചരിച്ചു.
ലീഗ് എഗൻസ്റ്റ് ഇംപീരിയലിസം എന്ന സംഘടനയാണ് കമ്യൂണിസ്റ്റുകാരെ ഏറെ സ്വാധീനിച്ചതെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. വീരേന്ദ്രനാഥ് ചതോപാധ്യായയും മറ്റുമായുള്ള നെഹ്റുവിന്റെ കത്തിടപാടുകളും മറ്റും പ്രോസിക്യൂഷൻ നിരന്തരം ഉദ്ധരിച്ചു. എം എൻ റോയിയുടെ പേരിലുള്ള ഒരു വ്യാജ കത്തിന് ഇന്റലിജൻസ് ബ്യൂറോയും ആഭ്യന്തര വകുപ്പും വലിയ പ്രാധാന്യം നൽകി. ‘മോസ്‌കോയും ഇന്ത്യയുമായുള്ള ലെയ്‌സൺ ഏജന്റ് എന്ന് നെഹ്‌റുവിനെ കത്തിൽ വിശേഷിപ്പിച്ചു. എന്നാൽ സൂക്ഷ്‌മ പരിശോധനയിൽ പ്രോസിക്യൂഷൻ ഇതിൽ തെളിവുകളുടെ അഭാവമുണ്ടെന്ന നിഗമനത്തിലെത്തി. വിദേശത്തുനിന്ന് നെഹ്റുവിന് വന്ന ഒട്ടേറെ കത്തുകൾ ഉദ്ധരിക്കപ്പെട്ടെങ്കിലും നെഹ്‌റു എഴുതിയ ഒരു കത്തുപോലും കണ്ടെത്താനായില്ലെന്ന് ഡോ. എസ് രാധാകൃഷ്‌ണന്റെ മകനും ചരിത്രകാരനുമായ സർവേപ്പള്ളി ഗോപാൽ മൂന്നു വോള്യങ്ങളായി എഴുതിയ നെഹ്‌റുവിന്റെ ജീവചരിത്രത്തിൽ പറയുന്നു. സോവിയറ്റ് റഷ്യയെപ്പറ്റി നെഹ്‌റു എഴുതിയ ഗ്രന്ഥം ഹാജരാക്കിയെങ്കിലും അതുകൊണ്ടുമാത്രം കുറ്റം നിലനിൽക്കില്ലെന്നു വ്യക്തമായി. ചില വ്യക്തികളിൽനിന്ന് വിദേശത്തുനിന്ന് ലഭിച്ച എല്ലാ കത്തുകളും ഹാജരാക്കാൻ വിചാരണ നടത്തിയ മജിസ്‌ട്രേട്ട് നെഹ്‌റുവിനോട് ആവശ്യപ്പെട്ടു. തനിക്ക് വ്യക്തിപരമായി കിട്ടിയ കത്തുകൾ വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന നിലയിൽ ലഭിച്ച കത്തുകൾ ഔദ്യോഗിക ഫയലിൽ ഉണ്ടെന്നും എന്നാൽ പാർടിയുടെ അനുവാദമില്ലാതെ തരാനാകില്ലെന്നും നെഹ്‌റു മറുപടി പറഞ്ഞു.
രേഖകൾക്കുവേണ്ടി കോൺഗ്രസ് ഓഫീസ് റെയ്‌ഡ് ചെയ്യുമെന്നും നെഹ്‌റു ജയിലിൽ അടയ്‌ക്കപ്പെടുമെന്നും മോത്തിലാൽ നെഹ്‌റു ഭയപ്പെട്ടു. എന്നാൽ തന്റെ കൈവശം കത്തുകളൊന്നുമില്ലെന്ന സത്യവാങ്‌മൂലം നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. നെഹ്‌റുവിനെ സാക്ഷിയായി വിസ്‌തരിക്കാൻ ആലോചിച്ചെങ്കിലും കേസിന് അനാവശ്യമായ താമസമുണ്ടാക്കുമെന്നു കണ്ട് ഒഴിവാക്കി.
തെളിവുകളുടെ അഭാവവും കമ്യൂണിസ്റ്റുകാരെ പൊതു ദേശീയ പ്രസ്ഥാനത്തിൽനിന്ന് അകറ്റിനിർത്തുക എന്ന ബ്രിട്ടീഷുകാരുടെ ലക്ഷ്യവുമാണ് നെഹ്‌റുവിന് തുണയായത് എന്നാണ് കരുതപ്പെടുന്നത്. മോത്തിലാൽ നെഹ്‌റുവിന് അധികൃതരിലുള്ള സ്വാധീനമാണ് കാരണമെന്നും അഭിപ്രായമുണ്ട്.
തേഭാഗ ഒരു സമരപാഠം
ബംഗാളിന്റെ സാമൂഹ്യജീവിതത്തിൽ ഇന്നും വലിയ തേഭാഗ പ്രക്ഷോഭത്തിന് വലിയ സ്വാധീനമുണ്ട്. യുദ്ധാനന്തര കാലത്ത്, 1946 ഒടുവിൽ ബർഗദാർമാർ(പങ്കുപാട്ടക്കാർ)-ക്ക്- വിളവിന്റെ മൂന്നിൽ രണ്ട് ഭാഗം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കണമെന്ന് ബംഗാൾ പ്രവിശ്യ കിസാൻസഭ തീരുമാനിച്ചു. കൃഷിക്കാർ ഭൂഉടമകളുടെ വിഹിതം കുറയ്‌ക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. മൊത്തം ഉൽപാദനത്തിന്റെ മൂന്നിലൊന്ന് ഉടമയ്‌ക്കും മൂന്നിൽ രണ്ടു ഭാഗം ബർഗദാർമാർക്കും സ്വന്തമായി എടുക്കാമെന്നുള്ളതാണ് തേഭാഗ എന്നതിനർഥം. കൃഷി ചെയ്യുന്നവർക്ക് ലഭിക്കേണ്ട വിഹിതം പോലും ഭൂഉടമകൾ മറ്റു പല ന്യായങ്ങൾ പറഞ്ഞ് വെട്ടിക്കുറച്ചിരുന്നു ബർഗദാർ മുൻകൂട്ടി വാങ്ങിയിരുന്ന വിള വായ്പക്കുമേൽ ചുമത്തിയിരുന്ന കൊള്ളപ്പലിശ, വിതയ്‌ക്കൽ കാലത്തും പിന്നീടും പഞ്ഞമാസങ്ങളിൽ ഭക്ഷണത്തിനായി വാങ്ങുന്ന വിളകൾക്ക് ചുമത്തിയ പലിശ എന്നിങ്ങനെ പല പേരുകളിൽ. അങ്ങനെ വിളവെടുപ്പിനുശേഷം പോലും ജോത്തേദാരുടെ ദയാദാക്ഷിണ്യത്തിൽ പങ്കുപാട്ടക്കാർ കഴിയേണ്ടി വന്നു.
തേഭാഗ എന്ന ആവശ്യമുയർത്തിയുള്ള പ്രക്ഷോഭമാരംഭിക്കാനുള്ള കിസാൻ സഭയുടെ ആവശ്യം കുറഞ്ഞ കാലത്തിനുള്ളിൽ ബംഗാളിലെ ദശലക്ഷക്കണക്കായ ബർഗദാർമാരെ ആകർഷിച്ചു. ബംഗാളിലെ 28 ജില്ലകളിൽ 15ലും പ്രക്ഷോഭം വ്യാപിച്ചു. പരമദരിദ്രരും ഏറ്റവും കടുത്ത ചൂഷണം നേരിട്ടിരുന്നവരുമായ ചുരുങ്ങിയത് 50 ലക്ഷം കൃഷിക്കാരെങ്കിലും ജോത്തേദാർമാർക്കും അവരുടെ ഗുണ്ടകൾക്കും പൊലീസിനുമെതിരെ ഔദ്യോഗികവും അനൗദ്യോഗികവുമായ എതിർ പ്രചരണങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ധീരോദാത്തമായി പൊരുതി
1946 നവംബർ മുതൽ 1947 ഫെബ്രുവരി വരെയുള്ള വിളവെടുപ്പിന്റെ കാലഘട്ടത്തിലുടനീളം പ്രക്ഷോഭം നീണ്ടു നിന്നു. ചില പ്രദേശങ്ങളിൽ അത് 1947 മാർച്ച് വരെ നീണ്ടു. ഈ പ്രക്ഷോഭത്തിൽ 70 കൃഷിക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. അവരിൽ മിക്കവാറും മരണങ്ങൾ പൊലീസ് വെടിവെയ്‌പ്പിലായിരുന്നു. നാലു പേർ മരിച്ചത് ജയിലിനുള്ളിൽ കൊല്ലപ്പെട്ടു.
ചോരപ്പൂക്കൾ വിരിഞ്ഞ പുന്നപ്രയും വയലാറും
ബ്രിട്ടീഷുകാരും നാട്ടുരാജ്യ ഭരണാധികാരികളും പലയിടത്തും കോൺഗ്രസുകാരും കൈകോർത്ത് കമ്യൂണിസ്റ്റ് വേട്ട നടത്തുമ്പോഴും രാജ്യസ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചും പോരാടിയ ചരിത്രമാണ് കമ്യൂണിസ്റ്റുകാർക്കുള്ളത്. കേരളത്തിലെ പുന്നപ്ര വയലാർ, കരിവെള്ളൂർ, കാവുമ്പായി, കയ്യൂർ തുടങ്ങിയ ചുവപ്പൻ ഏടുകൾ പറയുന്നത് ആ ചരിത്രം. സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ മോഹത്തെ തച്ചുടച്ചത് പുന്നപ്രയും വയലാറുമാണ്. ദിവാൻ ഭരണത്തിനും അമേരിക്കൻ മോ-ഡലിനുമെതിരെ പ്രായപൂർത്തി വോട്ടവകാശമാവശ്യപ്പെട്ടും നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ തൊഴിലാളികൾ നടത്തിയ പോരാട്ടത്തിനാണ് 74 വർഷംമുമ്പ് പുന്നപ്രയും വയലാറും മേനാശേരിയും സാക്ഷിയായത്.
കൊല്ലവർഷം 1122 തുലാം മാസം ഏഴുമുതൽ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു കേരളത്തെ ചുവപ്പിച്ച ഐതിഹാസികസമരം. കയർത്തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, എണ്ണയാട്ടുതൊഴിലാളികൾ, ചെത്തുതൊഴിലാളികൾ തുടങ്ങിയവരൊക്കെ അണിചേർന്നു. കയർത്തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികൾ ന്യായമായ ആവശ്യങ്ങളുയർത്തിയാൽ ജന്മിമാരുടെ ഗുണ്ടകളും പൊലീസും അവർക്കെതിരെ ക്രൂരമായ മർദനങ്ങൾ അഴിച്ചുവിടുന്ന കാലം. ജന്മിത്തത്തിനുമുന്നിൽ ജീവിതം തകർന്നുപോയ തൊഴിലാളികൾക്ക് കൂലിക്കുവേണ്ടി കൂട്ടായി വിലപേശാൻ കമ്യൂണിസ്റ്റ്പാർടി കരുത്തുനൽകി. കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം തുടങ്ങിയതോടെ നിരവധി തൊഴിലാളി യൂണിയനുകൾ നിലവിൽവന്നു. കൂലിവർധന ചോദിക്കുന്നവരെ ജന്മിമാർ കിടപ്പാടത്തിൽനിന്ന് ഇറക്കിവിട്ടു, മുതലാളിമാർ ജോലിയിൽനിന്ന‌് പിരിച്ചുവിട്ടു. സൈന്യവും പൊലീസും ക്രൂരമർദന അഴിച്ചുവിട്ടു. യൂണിയൻ ഓഫീസുകൾ തകർത്തു.
സാമ്പത്തികാവശ്യങ്ങളോടൊപ്പം ഉത്തരവാദഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയവ അടക്കമുള്ള 27 ഇന ആവശ്യ അന്ന‌് തൊഴിലാളികൾ സർക്കാരിനുമുന്നിൽ വച്ചു. തൊഴിലാളികളുടെ സമരത്തെ നേരിടാൻ സർ സി പി പട്ടാളഭരണം ഏർപ്പെടുത്തി. സായുധ പൊലീസിന്റെ നിയന്ത്രണം സി പി നേരിട്ട് ഏറ്റെടുത്തു. യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങൾ ഉപയോഗിച്ചാണ് തൊഴിലാളികൾ നേരിട്ടത്. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി ആയിരക്കണക്കിന‌്സമര വളന്റിയർമാർ കൊല്ലപ്പെട്ടു.
നാവിക കലാപം
സ്വാതന്ത്ര്യത്തിന് മുമ്പ് 1945-46 കാലം. നാടെങ്ങും ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാർ ആ ചൂട് ഏറ്റുവാങ്ങി. അവർ കലാപം നടത്തി. ബോംബെയിൽ ഇന്ത്യൻ നേവിയിലെ 5000 സൈനികരും അതിൽ ചേർന്നു. കപ്പലിന്റെ കൊടിമരത്തിൽനിന്ന് യൂണിയൻ ജാക്ക് നീക്കം ചെയ്തു. അതിന്റെ സ്ഥാനത്ത് ചെങ്കൊടികളും കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടികളും ഉയർത്തി. മേലുദ്യോഗസ്ഥരെ തടവിലാക്കി.
രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുമായി ചേർന്ന്, പ്രത്യേകിച്ചും സോവിയറ്റ് യൂണിയനിലെ ചെമ്പടയ്‌ക്കൊപ്പമാണ് ബ്രിട്ടീഷ് നാവിക സേനയിലെ ഇന്ത്യക്കാർ യുദ്ധം ചെയ്‌തത്. ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളും സ്വാതന്ത്ര്യവാഞ്‌ഛയും അവരുടെ മനസ്സിൽ വേരുറപ്പിക്കാൻ ഈ സമ്പർക്കം കാരണമായി. സോഷ്യലിസ്റ്റ് ആശയങ്ങളും അവരെ സ്വാധീനിച്ചു.
ദേശീയപ്രസ്ഥാനത്തിൽനിന്നും ഐഎൻഎയിൽനിന്നും ആവേശം ഉൾക്കൊണ്ട, ഒരു വിഭാഗം ഇന്ത്യൻ നാവികസേനാംഗങ്ങൾ രഹസ്യസംഘടനയ്‌ക്ക് രൂപം നൽകി–- ആസാദ് ഹിന്ദ്. ഈ സംഘടന നാവികസേനയിൽ കലാപമുണ്ടാക്കുന്നതിൽ മുന്നിൽനിന്നു. റോയൽ ഇന്ത്യൻ നേവി(ആർഐഎൻ)യിലെ നാവികർ പണിമുടക്കിയപ്പോൾ ബോംബെയിൽ സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി.
നാവികസേനാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളെ കമ്യൂണിസ്റ്റ് പാർടി പിന്തുണച്ചു. പണിമുടക്കിന് പിന്തുണ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ലഘുലേഖ 1946 ഫെബ്രുവരി 19ന് പാർട്ടി വിതരണം ചെയ്തു. തുടർന്ന് ഫെബ്രുവരി 22ന് പൊതുപണിമുടക്കിനും ആഹ്വാനം ചെയ്തു. നാവികസേനാ കപ്പലുകളെയും അവയ്ക്കകത്തുള്ള ഇന്ത്യയുടെ നാവികരെയും തകർക്കുമെന്ന റിയർ അഡ്മിറൽ ഗോഡ്ഫ്രെയുടെ ധിക്കാരം നിറഞ്ഞ ഭീഷണിക്കുള്ള മറുപടി ആയിരുന്നു അത്.
വര്‍ളി വിമോചന പ്രക്ഷോഭം
ഭൂപ്രഭുക്കളുടെ കീഴിൽ അടിമസമാനമായ ജീവിതം നയിച്ച മഹാരാഷ്‌ട്രയിലെ വർളി ഗോത്രജനവിഭാഗത്തിന്റെ വിമോചനപ്രക്ഷോഭം 1945 മേയിലാണ് ആരംഭിച്ചത്. ഗോദാവരി പരുലേക്കറും ഭർത്താവ് ശ്യാംറാവു പരുലേക്കറുമായിരുന്നു സമരത്തിന്റെ മുന്നണിയിൽ.
ഗോദാവരി പരുലേക്കർ വർളി പ്രക്ഷോഭകരെ അഭിസംബോധനചെയ്യുന്നു
കർഷകരായിരുന്ന വർളി ആദിവാസികളിൽനിന്ന് ഭൂപ്രഭുക്കളും പലിശക്കാരും തുച്ഛമായ തുകയ്‌ക്ക് ഭൂമി തട്ടിയെടുത്തിരുന്നു. താനെ ജില്ലയിലെ തിത്ത്വാല ഗ്രാമത്തിൽ 1945ൽ ചേർന്ന മഹാരാഷ്ട്ര കിസാൻസഭയുടെ ആദ്യസമ്മേളനം ജില്ലയിലെ എല്ലാ താലൂക്കിൽനിന്നുമുള്ള പ്രവർത്തകരെ അണിനിരത്താൻ പദ്ധതിയിട്ടു.
അതോടെ മർദകരെ നേരിടാൻ അവർക്ക് ധൈര്യം ലഭിച്ചു. അടിമപ്പണിയെടുക്കാനുള്ള ഭൂപ്രഭുക്കളുടെ ആവശ്യത്തെ ചെറുക്കാനും അതു നിർത്തലാക്കാനും കിസാൻസഭാ നേതാക്കൾ വർളികളെ പ്രചോദിപ്പിച്ചു. കിസാൻസഭാ സമ്മേളനത്തിന്റെ സന്ദേശവും മുദ്രാവാക്യവും മുക്കിലും മൂലയിലുംവരെ എത്തി. ഈ വിജയത്തോടെ, അടിയാള സമ്പ്രദായം ഇല്ലാതാക്കാനുള്ള പ്രവർത്തനവുമായി വർളികൾ മുന്നേറി. ഭൂപ്രഭുക്കൾ മുട്ടുമടക്കി. അടിയാള സമ്പ്രദായം ഇല്ലാതായി. ദഹാനുവിലും ശക്തമായ ഒരു ബഹുജന മുന്നേറ്റം തുടങ്ങി. അടിമകളുടെ വിമോചനപ്രസ്ഥാനം അടിമകളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു.
ഗോദാവരി പരുലേക്കർ പ്രസംഗിക്കുന്ന യോഗം പൊളിക്കാൻ ഗുണ്ടകളെ കൊണ്ടുവന്നിട്ടുള്ളതായി ഭൂപ്രഭുക്കൾ കിംവദന്തി പരത്തി. അങ്ങനെയൊരു യോഗം നടത്താൻ തീരുമാനിച്ചിരുന്നതേയില്ല. ഭൂപ്രഭുക്കളുടെ ചതി മനസ്സിലാക്കാതെ ആയിരക്കണക്കിനു വർളികൾ തടിച്ചുകൂടി. ഒക്‌ടോബർ 10നു പാതിരാത്രിയോടെ പൊലീസ് വെടിവയ്‌പ് തുടങ്ങി. 11ന് പകൽ മൂന്നുവരെ ഇത് തുടർന്നു. അഞ്ച് വർളികൾ കൊല്ലപ്പെട്ടു; അസംഖ്യം പേർക്ക് പരിക്കേറ്റു. 15 മണിക്കൂറും അവർ ചെങ്കൊടി ഉയരത്തിൽ പാറിച്ചു.
ആദിവാസി കർഷകർക്കിടയിൽ കമ്യൂണിസ്റ്റ് പാർടിക്ക് സ്വാധീനം വളർന്നുവരുന്നത് പ്രവിശ്യയിലെ കോൺഗ്രസ് ഭരണാധികാരികളെയും പരിഭ്രാന്തരാക്കി. ഭൂപ്രഭുക്കളുടെ പക്ഷം ചേർന്ന കോൺഗ്രസ്, ഭീകരത അഴിച്ചുവിട്ട് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചു. നിർഭയരായ വർളികൾ മുന്നോട്ടു നീങ്ങി. കിസാൻസഭ പണിമുടക്കിന് ആഹ്വാനംചെയ്‌തു. ഈ പണിമുടക്ക് 200 ഗ്രാമത്തിൽ പടർന്നുപിടിച്ചു.
ഒരു മാസമായിട്ടും പണിമുടക്ക് തകർക്കാനായില്ല. ഭൂപ്രഭുക്കൾ പണിമുടക്ക് ഒത്തുതീർപ്പാക്കിയാൽ മതിയെന്ന അവസ്ഥയിലെത്തി. ആവശ്യങ്ങൾ അംഗീകരിച്ചു. 1946 നവംബർ 10നു പണിമുടക്ക് അവസാനിച്ചു.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ കാവലാളുകൾ
കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരണത്തിന് ഇന്ന് 100 വർഷം തികയുന്നു.1920 ഒക്‌ടോബർ 17ന് താഷ്‌കെന്റിൽവച്ചാണ് പാർടി രൂപീകരിക്കപ്പെട്ടത്.കൊളോണിയൽ ആധിപത്യത്തിനെതിരെ ലോകമെങ്ങുമുള്ള വിപ്ലവപ്രസ്ഥാനങ്ങൾ പോരാടുന്ന കാലത്ത് അതിസാഹസികമായി താഷ്‌കെന്റിൽ എത്തിയ എം എൻ റോയി അടക്കം ഏഴുപേരാണ് രൂപീകരണ യോഗത്തിൽ പങ്കെടുത്തത്. മുഹമ്മദ് ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയൊരു ലോകം സ്വപ്‌നം കണ്ട് പൊരുതിയ മനുഷ്യരുടെ വിയർപ്പിലുമാണ് മറ്റെല്ലാ രാജ്യങ്ങളിലുമെന്ന പോലെ ഇന്ത്യയിലും തൊഴിലാളി വർഗത്തിന്റെ രാഷ്‌ട്രീയാടിത്തറ വികസിച്ചത്. രൂപീകരണം തൊട്ടുള്ള ഒരു നൂറ്റാണ്ട് മഹത്തായ സമരങ്ങളുടെയും മഹത്തായ സംഭാവനകളുടെയും കാലമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി വിപ്ലവകാരികളെ കമ്യൂണിസ്റ്റ് പാർടി സംഭാവന ചെയ്‌തു. ത്യാഗോജ്വല പോരാട്ടങ്ങളിൽ ജീവിതം ഹോമിച്ച് രക്തസാക്ഷികളായവരും ഏറെ. മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കാനായി ഇന്ന് രാജ്യത്തെ കമ്യൂണിസ്റ്റുകാർ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്
1920ൽ മോസ്‌കോയിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം ലോക കോൺഗ്രസിൽ പങ്കെടുത്ത എം എൻ റോയ് (മധ്യത്തിൽ) റഷ്യൻ വിപ്ലവനായകൻ വി ഐ ലെനിനും (ഇടത്തേയറ്റം) സഖാക്കൾക്കുമൊപ്പം
1920 ഒക്‌ടോബർ 17ന് കമ്യൂണിസ്റ്റ് പാർടി ഒാഫ് ഇന്ത്യ രൂപീകരിച്ചത്. രൂപീകരണത്തിന്റെ -നൂറാം വാർഷികാചരണം പരിസമാപ്‌തിയിലേക്ക് കടക്കുകയാണ്. കോവിഡ് മഹാമാരിയുടെയും ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെയും സാമൂഹ്യ അകലത്തിന്റെയും സാഹചര്യത്തിൽ ഒരുവർഷം നീണ്ട ശതാബ്‌ദി ആഘോഷം സമുചിതമാക്കുന്നതിന് പ്രതിബന്ധങ്ങളേറെ. ഈ പരിമിതികൾക്കിടയിലും കമ്യൂണിസ്റ്റുകാർ ഒരു നൂറ്റാണ്ടിൽ രാജ്യത്തിനു നൽകിയ സംഭാവനകൾ സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ സങ്കേതങ്ങളും പ്രയോജനപ്പെടുത്തി ജനങ്ങളിൽ എത്തിക്കാനായി.
സ്വാതന്ത്ര്യസമരലക്ഷ്യ പ്രഖ്യാപനം
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി വിപ്ലവകാരികളെ കമ്യൂണിസ്റ്റ് പാർടി സംഭാവന ചെയ്‌തിട്ടുണ്ട്. ത്യാഗോജ്വല പോരാട്ടങ്ങളിൽ ജീവിതം ഹോമിച്ച് രക്തസാക്ഷികളായവരും ഏറെ. ജനാഭിലാഷം ദേശീയതലത്തിൽ പ്രതിഫലിപ്പിക്കുന്നതിനും സാക്ഷാൽക്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പാർടി നൽകിയ സംഭാവനയും വലുതാണ്.
രാജ്യത്തിലെ ഭാഷാ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനും തുല്യപരിഗണന ഉറപ്പാക്കുന്നതിനും കമ്യൂണിസ്റ്റ് പാർടി പോരാടി. ഭൂപരിഷ്‌കാരങ്ങൾക്കായുള്ള ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വം നൽകിയതും കമ്യൂണിസ്റ്റുകാരാണ്. ദേശീയബോധം ഉണർത്താനും ദേശീയതയുടെ പേരിലുള്ള വിഭാഗീയത തടയാനുമുള്ള പോരാട്ടങ്ങളിലും പാർടി സജീവമായിരുന്നു.
കാഴ്‌ചപ്പാടുകളുടെ സംഘട്ടനം
സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള കാഴ്‌ചപ്പാട് ഉരുത്തിരിഞ്ഞത് സ്വാതന്ത്ര്യസമരത്തിൽ അണിനിരന്ന വിവിധ ചിന്താഗതിക്കാരുടെ ആശയസംഘട്ടനത്തിലൂടെയാണ്. സ്വതന്ത്ര ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക് ആയിരിക്കണമെന്നായിരുന്നു കോൺഗ്രസ് നിലപാട്. മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെ കമ്യൂണിസ്റ്റ് പാർടി പൂർണമായി പിന്താങ്ങിയെങ്കിലും മുതലാളിത്ത വ്യവസ്ഥയിൽ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പ് അസ്ഥിരമായിരിക്കുമെന്ന് പാർടി വിലയിരുത്തി. പോരാട്ടങ്ങളിലൂടെ നേടിയെടുക്കുന്ന രാഷ്‌ട്രീയ സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നത് ഓരോ ഇന്ത്യക്കാരനും സാമൂഹ്യ, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുമ്പോൾ മാത്രമാണെന്നും അത് സോഷ്യലിസത്തിലൂടെയേ നടപ്പാകൂ എന്നുമായിരുന്നു കമ്യൂണിസ്റ്റ് പാർടി നിലപാട്.
രാജ്യത്തെ ജനങ്ങളുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്വതന്ത്ര ഇന്ത്യയുടെ ഭാവി നിർണയിക്കേണ്ടതെന്ന ചിന്താഗതിക്കാരും സജീവമായിരുന്നു. മുസ്ലിംലീഗ് ഇസ്ലാമിക് രാജ്യത്തിനായും ആർഎസ്‌എസ് ഹിന്ദുരാഷ്‌ട്രത്തിനായും നിലകൊണ്ടു. ബ്രിട്ടീഷ് കുതന്ത്രങ്ങളുടെ ഫലമായി രാജ്യത്തിന് ഉണങ്ങാത്ത മുറിവേൽപ്പിച്ച് വിഭജനം യാഥാർഥ്യമായതോടെ ഇസ്ലാമിക രാഷ്‌ട്രം നിലവിൽ വന്നു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സ്വതന്ത്ര ഇന്ത്യ പിറവിയെടുത്തപ്പോൾ പരാജിതരായ വർഗീയവാദികൾ ഫാസിസ്റ്റ് ഹിന്ദുരാഷ്‌ട്രത്തിനായുള്ള പദ്ധതികൾക്ക് അന്നുമുതൽ തുടക്കമിട്ടു. സ്വാതന്ത്ര്യ സമരകാലത്തെ ചിന്താധാരകളുടെ ആശയസംഘട്ടനത്തിന്റെ തുടർച്ചയാണ് രാജ്യത്തെ ഇന്നത്തെയും രാഷ്‌ട്രീയ പ്രത്യശാസ്‌ത്ര പോരാട്ടങ്ങൾ.
മതനിരപേക്ഷ ജനാധിപത്യം
കമ്യൂണിസ്റ്റ് കാഴ്‌ചപ്പാടിൽ മതനിരപേക്ഷതയും ജനാധിപത്യവും വിഭിന്നമല്ല. ഇന്ത്യൻ സാഹചര്യത്തിൽ അവ അവിഭാജ്യഘടകങ്ങളാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കടക്കം എല്ലാവർക്കും സമത്വം ഉറപ്പാക്കേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അതുപോലെ ജനാധിപത്യത്തിലല്ലാതെ പൗരാവകാശങ്ങൾക്കും മതേതരത്വത്തിനും നിലനിൽപ്പുമില്ല. ഭരണഘടന ഉറപ്പുനൽകുന്ന സാമ്പത്തിക, സാമൂഹിക രാഷ്‌ട്രീയ സമത്വം ജനാധിപത്യ സംവിധാനത്തിൽ മാത്രമേ നിലനിൽക്കൂ. ഇന്ത്യയുടെ മതേതര ജനാധിപത്യ സംരക്ഷണത്തിനാണ് കമ്യൂണിസ്റ്റുകാർ എക്കാലവും നിലകൊണ്ടത്.
എല്ലാ ജനവിഭാഗങ്ങളിലുംപെട്ട തൊഴിലാളികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിലൂടെയേ ഇന്ത്യയിലെ സാമുദായിക ലഹളകൾക്ക് അവസാനമുണ്ടാകൂ എന്ന് കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തെ തുടർന്ന് 1920ൽ തന്നെ എം എൻ റോയി എഴുതിയിട്ടുണ്ട്. അധ്വാനവർഗത്തിന്റെ ഐക്യം ശക്തമാക്കാനാണ് ഒരു നൂറ്റാണ്ടായി കമ്യൂണിസ്റ്റ് പാർടി ഇന്ത്യയിൽ പോരാടുന്നത്.
കമ്യൂണിസ്റ്റ് പാർടി 1920ൽ രൂപീകരിച്ചശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ വാർഷിക സമ്മേളനത്തിലും ദേശീയ പ്രസ്ഥാനം ഏറ്റെടുക്കേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ച് സിപിഐ പ്രകടനപത്രികകൾ അവതരിപ്പിച്ചിരുന്നു(അഹമ്മദാബാദ് –- 1921, ഗയ –-1922 തുടങ്ങിയവ).1926ലെ ഗുവാഹത്തി കോൺഗ്രസ് സമ്മേളനത്തിൽ ഇന്ത്യയിൽ വർധിച്ചുവരുന്ന സാമുദായിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തൊഴിലാളി ഐക്യം ശക്തമാക്കണമെന്ന് കമ്യൂണിസ്റ്റ് പാർടി ആവശ്യപ്പെട്ടു. ‘കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തുണ്ടായ സമുദായ സംഘർഷങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഈ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാർടി നിർദേശിക്കുന്ന പരിഹാരം: മുന്നോക്കവിഭാഗങ്ങൾ പോരാടുന്നത് അവരുടെ പദവിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനാണ്. ഇരുവിഭാഗങ്ങളിലെയും സാധാരണ ജനവിഭാഗം നേരിടുന്നത് കൊടിയ ചൂഷണമാണ്. ഹൈന്ദവനായ തൊഴിലാളിയും മുസ്ലിമായ തൊഴിലാളിയും ഫാക്ടറിയിലും പാടത്തും വിയർപ്പൊഴുക്കിയാണ് ജീവിതം നയിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളിലുംപെട്ട തൊഴിലാളികൾ ഭൂഉടമകളുടെയും വട്ടിപ്പലിശക്കാരുടെയും സാമ്രാജ്യത്വത്തിന്റെ പിണിയാളുകളുടെയും ചൂഷണത്തിന്റെ ഇരകളാണ്. മുസ്ലിം മതത്തിൽപ്പെട്ട തൊഴിലാളിക്ക് അതേ മതത്തിൽപ്പെട്ട തൊഴിൽഉടമയിൽനിന്ന് മെച്ചപ്പെട്ട കൂലി ലഭിക്കാറില്ല. ഹിന്ദു ഭൂഉടമ ഹിന്ദുവായ കുടിയാനിൽനിന്ന് കുറഞ്ഞ പാട്ടം ഈടാക്കാറുമില്ല. ഭൂഉടമ ഹിന്ദു കുടിയാനിൽനിന്നും മുസ്ലിം കുടിയാനിൽനിന്നും ഒരേ നിരക്കിലായിരുന്നു പാട്ടം പിരിച്ചിരുന്നത്.
ഇതേ രീതിയിലാണ് ഇടത്തരക്കാരും (താഴെത്തട്ടിലുള്ള ജീവനക്കാരും ചെറുകിട വ്യാപാരികളും കരകൗശലത്തൊഴിലാളികളും) ചൂഷണത്തിന് ഇരയായിരുന്നത്. ജനങ്ങളിൽ 98 ശതമാനവും ചൂഷണത്തിന് ഇരയാകുന്ന അവസ്ഥയിൽ അവർക്ക് സാമുദായിക സംഘർഷങ്ങളിൽപ്പെടേണ്ട കാര്യമില്ല. പണിയെടുത്ത് ജീവിതം നയിക്കുന്ന ഭൂരിപക്ഷം ജനങ്ങൾക്കും തിരിച്ചറിവുണ്ടാക്കാനുള്ള ബോധവൽക്കരണം നടത്തിയും ചൂഷകർക്കെതിരെയും രാജ്യത്തിന്റെ പൊതുശത്രുവിനെതിരെയും പോരാടാനുള്ള ധൈര്യം പകർന്നും സമുദായ മൈത്രി കാത്തുസൂക്ഷിക്കാം. ഇത് ഉടനെ നടപ്പാക്കാനാകുന്ന ഒരു പദ്ധതിയല്ലെന്നത് ശരിയാണ്. പക്ഷേ, ദേശീയപ്രസ്ഥാനത്തെ കാർന്നുതിന്നുന്ന അർബുദമായ വർഗീയതയ്‌ക്കും വിഭാഗീയതയ്‌ക്കും മറ്റ് മറുമരുന്നുകളൊന്നുമില്ല.’
മതനിരപേക്ഷത
മതനിരപേക്ഷത എന്നതുകൊണ്ട് കമ്യൂണിസ്റ്റുകൾ അർഥമാക്കുന്നത് രാഷ്‌ട്രീയത്തിൽനിന്ന് മതത്തെ വേർതിരിക്കുക എന്നാണ്. ഏതു മതത്തിലും വിശ്വസിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം ഗവൺമെന്റ് സംരക്ഷിക്കണം. സ്വതന്ത്ര ഇന്ത്യയിൽ ഏതെങ്കിലുമൊരു മതത്തിന് പ്രത്യേക പദവിയും പ്രാമുഖ്യവുമില്ല. എല്ലാ മതത്തിനും തുല്യപരിഗണന. രാജ്യത്തെ ഭൂരിപക്ഷ മതത്തോടുള്ള പക്ഷപാതിത്വമാണ് മതമൗലികവാദികളെ ഇന്നത്തെ നിലയിൽ വളർത്തിയത്.
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് മതേതര ജനാധിപത്യമെന്നത് ദേശീയതയുടെ മാത്രമല്ല, ഭരണഘടനയുടെയും സംരക്ഷണത്തിന് അനിവാര്യമാണ്. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന തുല്യത ഉറപ്പാക്കാൻ ചൂഷിതരുടെ വർഗസഹകരണം വളർത്തി സോഷ്യലിസം സാക്ഷാൽക്കരിക്കണം. വർഗീയ സാമുദായിക ചേരിതിരിവാണ് ഇന്ത്യയുടെ പുരോഗതിക്ക് എന്നും തടസ്സമായിട്ടുള്ളത്.
മതനിരപേക്ഷതയ്‌ക്കുവേണ്ടിയുള്ള പോരാട്ടം
മതേതര ജനാധിപത്യത്തിന് ആർഎസ്‌എസും ബിജെപിയും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് 2000ൽ സിപിഐ എം പാർടി പരിപാടി വിലയിരുത്തി: ‘ആർ എസ്‌എസ് നേതൃത്വം നൽകുന്ന ഭരണം കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഇളകി. ഭരണരംഗവും വിദ്യാഭ്യാസമേഖലയും മാധ്യമങ്ങളും കാവിവൽക്കരിച്ചു (5–-7 ഖണ്ഡിക). മതവർഗീയതയിലൂന്നിയുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും പാർടി പരിപാടിയിൽ വിലയിരുത്തി (5–-8).
ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന അപകടത്തെക്കുറിച്ചും പാർടി വിലയിരുത്തി: ‘തീവ്രവർഗീയതയിൽ പടുത്തുയർത്തിയ പാർടിയാണ് ബിജെപി. കപട ദേശീയതയും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയുമാണ് ബിജെപിയുടെ മുഖമുദ്ര. ബിജെപി വെറുമൊരു ബൂർഷ്വാ പാർടി മാത്രമല്ല, ആർഎസ്‌എസിന്റെ ഫാസിസ്റ്റ് സ്വഭാവം അത്രയും ബിജെപിയിലുമുണ്ട്. ബിജെപി ഭരണത്തിലെത്തുമ്പോൾ ഭരണയന്ത്രത്തിന്റെ നിയന്ത്രണം ആർഎസ്‌എസിന്റെ കൈയിലാണ്. ഇന്ത്യയുടെ ബഹുസ്വരമായ സാംസ്‌കാരിക പൈതൃകത്തെ നിരാകരിക്കുന്ന ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കുകയാണ്’ (7–-14 ഖണ്ഡിക).
വർഗീയത‐ കോർപ്പറേറ്റ് ചങ്ങാത്തം
2019ലെ പൊതുതെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റി, ഇന്ത്യൻ ഭരണവർഗം വൻകിട മൂലധന ശക്തികളും വർഗീയതയുമായുള്ള ചങ്ങാത്തം ഊട്ടിയുറപ്പിച്ചെന്നും സാമ്രാജ്യത്വ ശക്തികൾക്ക് കീഴ്‌പെട്ടെന്നും വിലയിരുത്തി. ഈ കണ്ടെത്തലിന്റെ ന്യായീകരണങ്ങളാണ് സമകാലിക സംഭവങ്ങളും അതേക്കുറിച്ചുള്ള പാർടി പ്രമേയങ്ങളും.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്‌ഡൗൺ കാലത്ത് മോഡി സർക്കാർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പലതും ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ വൻകിട കമ്പനികൾക്ക് അവസരം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ നവഉദാരവൽക്കരണ –-സ്വകാര്യവൽക്കരണ നടപടികൾ. കാർഷിക ബില്ലിലൂടെ കർഷകരുടെയും തൊഴിലാളികളുടെയും അവകാശം കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വർഗീയ, സാമുദായിക ധ്രുവീകരണത്തിന് ആക്കംകൂട്ടുകയാണ്. രാജ്യതാൽപ്പര്യങ്ങൾക്കും ദേശീയതയ്‌ക്കും ഭീഷണിയാണെന്ന് പ്രചരിപ്പിച്ച് കരിനിയമങ്ങൾ പ്രയോഗിച്ച് എതിരഭിപ്രായങ്ങൾ അടിച്ചമർത്തുകയാണ്. മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും മോഡി ഭരണം ചവിട്ടിമെതിക്കുകയാണ്. സർക്കാരിന്റെ ഈ കടന്നാക്രമണങ്ങൾ തടയാൻ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്.
മോഡി ഗവൺമെണ്ട് ഇന്ത്യയെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൈയിലെ കളിപ്പാവയാക്കുകയാണ്. വർഗീയശക്തികൾക്കും നവഉദാരവൽക്കരണ സാമ്പത്തിക പരിഷ്‌കർത്താക്കൾക്കുമെതിരെ യോജിച്ച പോരാട്ടം ശക്തമാക്കുന്നതിലൂടെയേ രാജ്യതാൽപ്പര്യവും പണിയെടുത്ത് ജീവിക്കുന്ന രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും താൽപ്പര്യവും സംരക്ഷിക്കാനാകൂ. ഭരണഘടനയെ സംരക്ഷിക്കാൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ സജീവമാക്കണം. രാജ്യതാൽപ്പര്യവും തെഴിലാളിവർഗ താൽപ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന്റെ ശതാബ്ദി ആചരണവേളയിൽ പ്രതിജ്ഞ ചെയ്യാം.
സീതാറാം യെച്ചൂരി
ചുവന്നുതുടുത്ത് മാനംമുട്ടെ
പൊരുതുന്ന ജനതയുടെ വിമോചനപോരാട്ടങ്ങൾക്ക് പ്രത്യയശാസ്‌ത്ര ഉൾക്കരുത്ത് പകർന്ന ഇന്ത്യൻ കമ്യൂണിസ്‌റ്റ് പ്രസ്ഥാനപ്പിറവിയുടെ നൂറാം വാർഷികദിനം നാടിന്റെ ആവേശമായി. മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും കൊടിയുയർത്തിയും മുദ്രാവാക്യം മുഴക്കിയും സാർവലൗകികതയുടെ മഹാസന്ദേശമുയർത്തിയ പാർടിയുടെ ശതാബ്ദിദിനം ആഘോഷിച്ചു. പുതിയ കാലം ഏൽപ്പിക്കുന്ന കടമകൾ സധൈര്യം ഏറ്റെടുക്കുമെന്ന് ദശലക്ഷങ്ങൾ പ്രതിജ്ഞ ചെയ്‌തു. സംസ്ഥാനത്ത് സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബ്രാഞ്ചുകളിൽ പതാക ഉയർത്തി പാർടി അംഗങ്ങളും പ്രവർത്തകരും മുദ്രാവാക്യം മുഴക്കി.
അഞ്ചുപേർ പങ്കെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു എല്ലായിടത്തും പരിപാടി. മിക്ക ബ്രാഞ്ചുകളിലും ഒന്നിലേറെ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പലയിടത്തും ഓൺലൈനിൽ പ്രഭാഷണങ്ങളും ലഘുലേഖ വിതരണവും നടന്നു. സമൂഹമാധ്യമങ്ങളിലൂടെയും വിപുലമായ ക്യാമ്പയിനാണ് സംഘടിപ്പിച്ചത്. കമ്യൂണിസ്‌റ്റ് പാർടിയുമായുള്ള വൈകാരികമായ അടുപ്പവും ഓർമകളും നിരവധിപേർ പങ്കുവച്ചു. ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനംചെയ്‌തു.
1920 ഒക്‌ടോബർ 17ന് കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിനുശേഷം ദേശീയ പ്രസ്ഥാനത്തിലും സ്വതന്ത്ര ഇന്ത്യയുടെ ആശയരൂപീകരണത്തിലും കമ്യൂണിസ്‌റ്റ് പാർടി വഹിച്ച പങ്ക് അദ്ദേഹം സമഗ്രമായി വിവരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റികളുടെയും പഠന ഗവേഷണകേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ തുടർപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട് ; പോരാട്ടമാണ് കടമ: യെച്ചൂരി
ഭൂതകാലത്തിന്റെ ഇരുളിലേക്ക് നയിക്കുന്ന ശക്തികളിൽനിന്ന് ഭാവിയുടെ പ്രകാശത്തിലേക്ക് ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. അതുവഴിയാണ് ശതാബ്ദി ആഘോഷം അർഥവത്താകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്‌റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു യെച്ചൂരി.
യുദ്ധരംഗം വ്യക്തമാണ്. അതിൽ കമ്യൂണിസ്‌റ്റ് പാർടി വഹിക്കേണ്ട പങ്കും വ്യക്തമാണ്. എതിരാളികൾ പ്രധാനമായും ലക്ഷ്യമിടുന്നത് കമ്യൂണിസ്‌റ്റുകാരെ തന്നെയാകും. എങ്കിലും പുതിയ കാലം ഏൽപ്പിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്തേ മതിയാകൂ. ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കമ്യൂണിസ്‌റ്റ് പാർടി സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ സ്വാതന്ത്ര്യം എന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കൂടി നയിച്ചില്ലെങ്കിൽ അർഥവത്താകില്ലെന്ന് തുടർച്ചയായി പറഞ്ഞു. ഇപ്പോൾ രാഷ്‌ട്രീയ സ്വാതന്ത്ര്യംകൂടി നിഷ്‌ഠുരമായി നിഷേധിക്കപ്പെടുകയാണ്. മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ അട്ടിമറിക്കപ്പെടുകയാണ്.
വേർതിരിച്ചുള്ള വിശകലനത്തിനപ്പുറം വിവിധ വിഷയങ്ങളിൽ കമ്യൂണിസ്‌റ്റ് പാർടി നടത്തിയ ഇടപെടലുകളെയാണ് ശതാബ്ദിവർഷത്തിൽ ചർച്ചചെയ്യേണ്ടത്. പാർടി ഏറ്റെടുത്ത പോരാട്ടങ്ങളും അത് സൃഷ്ടിച്ച സാമൂഹ്യമാറ്റങ്ങളുമാണ് പ്രധാനം. വിഭജനത്തെ തുടർന്ന് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായപ്പോൾ ഹിന്ദുത്വരാഷ്‌ട്രവാദം തീർന്നുവെന്ന് തെറ്റിദ്ധരിക്കരുതെന്നും പാർടി മുന്നറിയിപ്പ് നൽകിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. ആർഎസ്‌എസിന്റെ ഫാസിസ്‌റ്റ് കാഴ്‌ചപ്പാടിന് ഭരണഘടന അട്ടിമറിക്കൽ അനിവാര്യമാണ്. രാഷ്‌ട്രീയത്തിലും ഭരണസംവിധാനത്തിലും മതത്തെ മാറ്റിനിർത്തണമെന്നും എന്നാൽ, ജനങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നുമാണ് മതനിരപേക്ഷതയെ കമ്യൂണിസ്‌റ്റ് പാർടി വ്യാഖ്യാനിച്ചത്.
ഭൂരിപക്ഷ മതത്തിന്റെ പേരിൽ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നത്. രാജ്യത്തെ കർഷകരിൽ ബഹുഭൂരിപക്ഷവും ദളിത് വിഭാഗത്തിൽനിന്നുള്ളവരാണ്. അവരാണ് രാജ്യത്ത് ഏറ്റവും പീഡനം അനുഭവിക്കുന്നത്. ചൂഷണരഹിതമായ സമൂഹസൃഷ്ടിക്കായി പോരാട്ടം ശക്തിപ്പെടുത്തണം. രാജ്യത്തെ കമ്യൂണിസ്‌റ്റ് പാർടിയുടെ വളർച്ചയ്‌ക്കും ശാക്തീകരണത്തിനും കേരളം നൽകുന്ന സംഭാവന വളരെ വലുതാണെന്നും യെച്ചൂരി പറഞ്ഞു.
പുതിയ കേരളം സൃഷ്‌ടിക്കുക: കോടിയേരി ബാലകൃഷ്ണൻ
കേരളത്തിന്റെ നേട്ടങ്ങൾ ഉറപ്പിച്ചുനിർത്തി പുതിയ പോരാട്ടത്തിന് സജ്ജമാകേണ്ട സമയമാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ കേരളത്തെ സൃഷ്‌ടിക്കാൻ നിർണായക ഇടപെടലുകൾ നടത്തിയത് കമ്യൂണിസ്റ്റ് പാർടിയാണ്. അധികാരത്തിൽ എത്തിയപ്പോഴാെക്കെ സർക്കാരുകളെ എങ്ങനെ സാമൂഹ്യമാറ്റത്തിന് ഉപയോഗിക്കാമെന്ന് തെളിയിച്ചു. അവസരം കിട്ടുമ്പോഴൊക്കെ കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് എല്ലാ വലതുപക്ഷ ശക്തികളും ഒത്തുചേരുന്നുണ്ട്. ധനമൂലധനശക്തികൾ ഇതിന് പിന്തുണയും നൽകുന്നു.
അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള കടമയാണ് കേരളം ഏറ്റെടുക്കുന്നതെന്ന് കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ കോടിയേരി പറഞ്ഞു.
കേരള മോഡൽ വികസനകാഴ്‌ചപ്പാട് രൂപപ്പെടുത്തുന്നതിലും തൊഴിലാളികൾക്ക് അവകാശബോധം നൽകുന്നതിലും നിസ്തുലമായ പങ്ക് വഹിച്ചു. മൂന്ന് ഭാഗങ്ങളായി കിടന്ന കേരളത്തെ ഭാഷാടിസ്ഥാത്തിലുള്ള സംസ്ഥാനമാക്കി ഐക്യകേരളം രൂപീകരിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർടി പ്രധാന പങ്ക് വഹിച്ചു. സ്വതന്ത്രതിരുവിതാംകൂർ അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തിയ പുന്നപ്ര വയലാർ സമരം ലോക ശ്രദ്ധ നേടി. സാമ്രാജ്യത്വവിരുദ്ധ മനോഭാവവും ഫ്യൂഡൽവാഴ്‌ചയ്‌ക്കെതിരായ പോരാട്ടവും വളർത്തിയെടുത്തതും മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി വർഗീയശക്തികൾക്കെതിരായി കേരളത്തെ സജ്ജമാക്കിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ജനാധിപത്യത്തിന്റെ കൊടിക്കൂറ ബൂർഷ്വാസികൾ വലിച്ചെറിയുമ്പോഴെല്ലാം അത് ഉയർത്തിപ്പിടിച്ചത് കമ്യൂണിസ്റ്റുകാരാണ്.
കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ പ്രചരിക്കുന്നത് തടയാൻ ബ്രിട്ടീഷുകാരും ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിച്ചാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർന്നത്. ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുവർഷംകൊണ്ട് കേരളമാകെ പ്രവർത്തനം വ്യാപിച്ചു. ദേശീയ പ്രസ്ഥാനത്തിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വം പ്രധാനമായിരുന്നുവെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
Saturday, October 17, 2020
കമ്യുണിസ്റ്റ് പാർട്ടി ഒരു നൂറ്റാണ്ടു കൊണ്ട് ഇന്ത്യക്ക് നൽകിയ സംഭാവന എന്താണ്?
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി താഷ്ക്കെൻ്റിൽ വെച്ച് രൂപീകൃതമായി ഇന്ന് നൂറു വർഷം തികയുന്നു. കമ്യുണിസ്റ്റ് പാർട്ടി ഒരു നൂറ്റാണ്ടു കൊണ്ട് ഇന്ത്യക്ക് നൽകിയ സംഭാവന എന്താണ്? അറിയാൻ ഗൗരവബുദ്ധിയോടെ താൽപര്യപ്പെടുന്നവരുമുണ്ടാകും. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കുമിടയിൽ .അങ്ങിനെയുള്ള ഗൗരവബുദ്ധിയോടെ ചോദ്യം ഉന്നയിക്കുന്നവരെ മാത്രം അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്ന കുറിപ്പാണിത്. കഴിയുന്നത്ര ചുരുക്കിപ്പറയാനാണ് ശ്രമം.
1. പൂർണ്ണ സ്വാതന്ത്ര്യം
പൂർണ്ണ സ്വാതന്ത്ര്യം,ആധുനിക ഇന്ത്യ അഥവാ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് രാഷ്ട്രം എന്നീ ആശയങ്ങൾ കമ്യുണിസ്റ്റുകാരുടെ മൗലിക സംഭാവനയാണ് എന്ന് നിസ്സംശയം പറയാം. അവ യാഥാർത്ഥ്യമാക്കാൻ സമാനതകളില്ലാത്ത സഹനവും ത്യാഗവും കമ്യൂണിസ്റ്റുകാർ അനുഭവിച്ചു.
1920ൽ ഉണ്ടായ കമ്യുണിസ്റ്റ് പാർട്ടിയാണ് ഇന്ത്യയിൽ പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയത്. അതിൻ്റെ അടിസ്ഥാനത്തിൽ1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ രണ്ട് കമ്യുണിസ്റ്റുകാർ - ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് ഡൊമിനിയൻ പദവി മാത്രം ആവശ്യപ്പെടുന്ന കാലം. പൂർണ്ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തെ എതിർത്തതോ ഗാന്ധിജി നേരിട്ടും! ഒടുവിൽ കമ്യുണിസ്റ്റുകാരുയർത്തിയ മുദ്രാവാക്യം കോൺഗ്രസ് അംഗീകരിച്ചത് ഏകദേശം ഒരു പതിറ്റാണ്ടു കഴിഞ്ഞ് 1930ൽ.
കൂട്ടത്തിൽ പറയട്ടെ കവിയായ ഹസ്രത്ത് മൊഹാനിയാണ് വിഖ്യാതമായ "ചുപ് കേ ചുപ് കേ" എന്ന ഗസലിൻ്റെ രചയിതാവ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യവും അദ്ദേഹത്തിൻ്റെ സൃഷ്ടിയാണ്.
2. അടിച്ചമർത്തൽ:
വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭു, കമ്യുണിസ്റ്റ് പ്രവർത്തനങ്ങൾ വ്യാപിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നതായി 1929ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രഖ്യാപിച്ചു. ഇൻറലിജൻസ് ബ്യുറോ കമ്യുണിസ്റ്റ് പ്രവർത്തനം നേരിടാൻ നിലവിലുള്ള നിയമങ്ങൾ പോരെന്ന രഹസ്യ റിപ്പോർട്ട് നൽകി.( ചിത്രം 1 കമ്യൂണിസ്റ്റുകാർക്കെതിരായ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പാർട്ടുകളാണ്.) 1929ൽ ഇതിനായി പബ്ലിക് സേഫ്റ്റി ബിൽ കൊണ്ടുവന്നു.പെഷവാർ, മീററ്റ്, കാൺപുർ ഗൂഡാലോചനക്കേസുകൾ ചുമത്തി കമ്യുണിസ്റ്റുകാരെ വേട്ടയാടി. ബ്രിട്ടീഷ് ഭരണത്തെ വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തി എന്നായിരുന്നു കേസ്. ഇന്ന് യെച്ചുരിക്കും ബൃന്ദ കാരാട്ടിനുമെതിരെ മോദി സർക്കാർ ഗൂഡാലോചന ആരോപിക്കുന്നു!
3.മീററ്റ് കേസ്:
അടിച്ചമർത്തലുകളിൽ പ്രധാനപ്പെട്ടതാണിത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാക്കളായിരുന്ന മുസാഫർ അഹമ്മദ്, എസ്.എ. ഡാങ്കേ, പി.സി.ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരടക്കം 31 പേർ ജയിലിലടക്കപ്പെട്ടു. ഗാന്ധിജി നേതാക്കളെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഡ്യം അറിയിച്ചു. മോടി ലാൽ നെഹ്റു പ്രസിഡൻറും ജവഹർലാൽ നെഹ്റു സെക്രട്ടറിയുമായി കേസ് നടത്തിപ്പിന് ഡിഫൻസ് കമ്മിറ്റി ഉണ്ടാക്കി. ആൽബർട്ട് ഐൻസ്റ്റീൻ, റൊമാങ് റോളാങ്ങ്, ഹരോൾഡ് ലാസ്കി തുടങ്ങി ലോകത്തിലെ മഹാപ്രതിഭകൾ പലരും കള്ളക്കേസിനെതിരെ തടവുകാരെ പിന്തുണച്ചു രംഗത്തുവന്നു. 1931 ൽ 27 പേരെ ശിക്ഷിച്ചു. വിചാരണയേയും കോടതിയേയും കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചു.. കോടതിയിലെ പ്രസ്താവന സ്വന്തം ലക്ഷ്യം അവതരിപ്പിക്കുന്നതായി. സാമൂഹിക നീതി, സ്ത്രീവിമോചനവും തുല്യനീതിയും ന്യുനപക്ഷ സംരക്ഷണം എന്നീ നിലപാടുകൾ പ്രസ്താവനയിൽ മുന്നോട്ടുവെച്ചു.
4.നിരോധനം:
വേട്ടയാടൽ ശക്തിപ്പെട്ടു.124-A( രാജ്യദ്രോഹം ),153- Aഎന്നീ വകുപ്പുകളും പാസ്പോർട്ട് ആക്ടും വ്യാപകമായി ദുരുപയോഗിക്കപ്പെട്ടു. 1934 ജൂലൈ 23 ന് പാർട്ടി നിരോധിക്കപ്പെട്ടു. ഒരു ചെറിയ ഇടവേള മാറ്റിനിർത്തിയാൽ 1940 ൽ വീണ്ടും നിരോധിക്കപ്പെട്ടു.6456 പാർട്ടി കാഡർമാർ ശിക്ഷിക്കപ്പെട്ടു. അനേകായിരങ്ങൾ വിചാരണയില്ലാതെ തടവിലായി.പാർട്ടി മുഖപത്രം നാഷണൽ ഫ്രണ്ടും നിരോധിക്കപ്പെട്ടു.
5.ക്വിറ്റിന്ത്യ സമരം:
കമ്യൂണിസ്റ്റുകാർ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തില്ല എന്ന് ചിലർ ആരോപിക്കാറുണ്ട്. അവർക്കുള്ള മറുപടിസ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ പറഞ്ഞിട്ടുണ്ട്. 1992 ൽ ക്വിറ്റിന്ത്യാ സമരത്തിൻ്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള പാർലിമെൻ്റിൻ്റെ പ്രത്യേക സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി പറഞ്ഞു -
"വൻ തോതിലുള്ള പണിമുടക്കുകളുടെ പശ്ചാത്തലത്തിൽ 1942 സെപ്റ്റംബർ 5ന് ദില്ലിയിൽ നിന്ന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കമ്യുണിസ്റ്റുകാരെക്കുറിച്ച് ഒരു റിപ്പോർട്ട് അയക്കുകയുണ്ടായി. കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികൾ നിറഞ്ഞ പ്രസ്ഥാനമാണെന്ന കാര്യം തെളിയിക്കുന്നതാണ് അവരുടെ എല്ലായ്പ്പോഴുമെന്ന പോലെ ഇപ്പോഴത്തേയും പ്രവർത്തനം ". ശങ്കർ ദയാൽ ശർമ്മയേക്കാൾ ഇതു സാക്ഷ്യപ്പെടുത്താൻ യോഗ്യനായ ആരുണ്ട്?
6.വർഗ്ഗീയതക്കെതിരെ:
1937 ലെ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ വെച്ച് സവർക്കർ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിച്ചു.1941ൽ ജിന്നയും ദ്വിരാഷ്ട്ര വാദം ഉയർത്തി. വർഗ്ഗീയ ചേരിതിരിവ് രൂക്ഷമായി.ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റുള്ളവരുമായ തൊഴിലാളികളേയും കൃഷിക്കാരേയും വർഗ്ഗാടിസ്ഥാനത്തിൽ അണിനിരത്തി വർഗ്ഗീയ ചേരിതിരിവിനെ നേരിടാൻ കമ്യുണിസ്റ്റുകാർ ശ്രമിച്ചു.കൽക്കത്തയിലും നവഖാലിയിലുമെല്ലാം വർഗ്ഗീയ കലാപത്തിനെതിരെ ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം പാർട്ടി സമാധാന ജാഥകളും മറ്റും നടത്തി.നവഖാലിയിൽ നിന്ന് ത്രിപുരയിലേക്ക് കടക്കാൻ ശ്രമിച്ചവർഗ്ഗീയ കലാപകാരികളെ ലാത്തിയേന്തിയ പതിനായിരത്തോളം കമ്യുണിസ്റ്റ് വളണ്ടിയർമാർ തുരത്തിയോടിച്ച സംഭവവും ഉണ്ടായി. കലാപം പടരാതിരിക്കാൻ ട്രേഡ് യൂണിയനുകളും കിസാൻ സഭയും കഠിന പരിശ്രമം നടത്തി.ആ മതനിരപേക്ഷ പൈതൃകമാണ് കമ്യുണിസ്റ്റുകാർ ഇന്നും അചഞ്ചലമായി ഉയർത്തിപ്പിടിക്കുന്നത്.
ഇന്ത്യ:
ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ആദ്യരൂപം 1931 ലെ കറാച്ചി കോൺഗ്രസ് അംഗീകരിച്ചപ്പോൾ അത് കമ്യുണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് എം.എൻ.റോയി തയ്യാറാക്കിയ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. ബ്രിട്ടീഷ് രഹസ്യരേഖകളിൽ ഇതു പറയുന്നുണ്ട്.
ഐക്യ കേരളം, വിശാലാന്ധ്ര, സംയുക്ത മഹാരാഷ്ട്ര തുടങ്ങിയ സമരങ്ങളിലൂടെ കമ്യുണിസ്റ്റുകാർ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനും ആധുനിക ഫെഡറൽ രാഷ്ട്ര ഘടനക്കും സുപ്രധാന സംഭാവന നൽകി. ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സ്വഭാവവും ഫെഡറൽ ഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇന്നും കമ്യൂണിസ്റ്റുകാർ മുന്നിൽ നിൽക്കുന്നു. പൗരത്വം, കർഷക നിയമം, ജി.എസ്.ടി. കുടിശ്ശിക, തുടങ്ങി എത്ര സമീപകാല ഉദാഹരണങ്ങൾ. വർഗ്ഗ ചൂഷണത്തിനെതിരെ തൊഴിലാളികൾ, കർഷകർ മറ്റ് ജനവിഭാഗങ്ങൾ എന്നിവരുടെ ആയുധവും കമ്യുണിസ്റ്റ് പാർട്ടി തന്നെ.
ഇന്ത്യയിൽ ഒരിക്കലും അധികാരത്തിൽ വന്നിട്ടില്ലാത്ത കമ്മ്യുണിസ്റ്റുകാർ ആധുനിക ഇന്ത്യ എന്ന ആശയം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അധികാര രാഷ്ട്രീയത്തിനുമപ്പുറമാണത്.
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് 100 വയസ്
ഒന്നുമില്ലാത്തവനെ ജീവിയ്ക്കാൻ പ്രേരിപ്പിച്ചതും,
ഈ ലോകം നിസ്വരുടേതു കൂടിയാണെന്ന് പഠിപ്പിച്ചതും
ഈ ചുവന്ന പതാകയാണ് ..
ചൂഷണവും അടിച്ചമർത്തലുകളും ജീവിതം നരക തുല്യമാക്കിത്തീർത്ത പട്ടിണിപ്പാവങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നത്
ഈ ചുവന്ന പതാകയാണ് ...
അനീതിയ്ക്കെതിരെ പൊരുതാനും അന്യായങ്ങൾക്കെതിരെ നിരന്തരം കലഹിയ്ക്കാനും ജനകോടികൾക്ക് ഊർജ്ജമേകിയത്
ഈ ചുവന്ന പതാകയാണ് ...
ആകാശത്തോളം ഉയർന്നു നിൽക്കുന്ന അധികാര ശക്തിയുടെ മുന്നിൽ
നിവർന്നു നിൽക്കാനും ശബ്ദമുയർത്താനും സകല മനുഷ്യർക്കും കരുത്തു പകർന്നത്
ഈ ചുവന്ന പതാകയാണ് ..
അപരൻ്റെ വാക്കുകൾ സംഗീതമായി മാറുന്നതും ,
മറ്റുള്ളവരുടെ വേദനകളൊക്കെയും സ്വന്തം ദു:ഖമായി ഭവിയ്ക്കുന്നതും എങ്ങിനെയെന്ന് പഠിപ്പിച്ചത്
ഈ ചുവന്ന പതാകയാണ് .....
നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രമുള്ള മനുഷ്യർക്ക് നേടിയെടുക്കാനൊരു ലോകമുണ്ടെന്ന് ഓർമപ്പെടുത്തിയത്
ഈ ചുവന്ന പതാകയാണ്...
ചൂഷിതരും നിന്ദിതരും പീഡിതരുമായ മനുഷ്യരെ അവകാശബോധത്തിൻ്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്
ഈ ചുവന്ന പതാകയാണ് ...
പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാനും വിജയം വരെ പൊരുതുവാനുമുള്ള ആത്മവിശ്വാസം പതിതർക്കു പകർന്നു നൽകിയത്
ഈ ചുവന്ന പതാകയാണ്.
അതെ ,
പുതിയ ലോകം പിറക്കും വരെ
ചൂഷണം മരിയ്ക്കും വരെ
മർദ്ദകർ തോറ്റു മടങ്ങും വരെ
പോരാട്ടം നിലയ്ക്കില്ല ...
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ജന്മശതാബ്ദി ദിനത്തിൽ നമുക്ക് പ്രതിജ്ഞ പുതുക്കാം .
മുന്നേറാന്‍ ഇനിയുമേറെ, പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ട് കരുത്തായി മാറണം: പിണറായി
പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ആഗോളവല്‍കൃത ലോകത്തും ജനക്ഷേമത്തിന്റേയും അടിസ്ഥാന വര്‍ഗ വിമോചനത്തിന്റെ ബദല്‍ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണ്. മുന്‍ഗാമികള്‍ പകര്‍ന്ന വെളിച്ചം നമുക്ക് വഴി കാട്ടിയാകണമെന്നും തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിര്‍മ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പിണറായി വിജയന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചുവടെ
പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നത്.
ഇന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് രാജിന്റേയും വര്‍ഗീയ രാഷ്ട്രീയത്തിന്റേയും ജനദ്രോഹങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള ദരിദ്ര ജനകോടികളുടെ അതിജീവന പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണുള്ളത്. ഫാസിസ്റ്റ് ശക്തികളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദം മുഴക്കുന്നതും ഈ പാര്‍ട്ടിയാണ്. കമ്പോള മുതലാളിത്തത്തിനായി തീറെഴുതിക്കൊടുത്ത ആഗോളവല്‍കൃത ലോകത്തും ജനക്ഷേമത്തിന്റേയും അടിസ്ഥാന വര്‍ഗ വിമോചനത്തിന്റെ ബദല്‍ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണ്.
തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിര്‍മ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. ആ പോരാട്ട വീഥികളില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ നമുക്ക് കരുത്തായി മാറണം. നമ്മുടെ മുന്‍ഗാമികള്‍ പകര്‍ന്ന വെളിച്ചം നമുക്ക് വഴി കാട്ടണം. ധീര രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ഓര്‍മ്മകള്‍ നമുക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പകരണം.
കമ്യൂണിസ്റ്റ് പാർടിക്ക് നൂറ്റാണ്ട്
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി പിറവിയെടുത്തിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാകുകയാണ്. പുതിയ ലോകം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മഹത്തായ റഷ്യൻ വിപ്ലവം ആഴത്തിൽ സ്വാധീനിച്ച പ്രവാസികളായ ചില ഇന്ത്യൻ വിപ്ലവകാരികൾ താഷ്‌കന്റിൽ ‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ’ രൂപീകരിക്കുന്നതിന് മുന്നിട്ടിറങ്ങുകയും 1920 ഒക്ടോബർ 17ന് യോഗം ചേരുകയുമുണ്ടായി. കുറച്ചു പതിറ്റാണ്ടുകളായി ആഗോളവൽക്കരണ‐ ഉദാരവൽക്കരണ നയങ്ങളും ‘ഘടനാപരമായ’ പരിഷ്‌കാരങ്ങളും തീർത്ത ഭയാനകമായ അസമത്വത്തിനും ജർമനിയെയും ഇറ്റലിയെയും ഓർമിപ്പിക്കുംവിധം ഹിന്ദുത്വ ഫാസിസം തീർക്കുന്ന ഹിംസാത്മകതയ്‌ക്കുമെതിരായ വിവിധതരം പ്രക്ഷോഭങ്ങൾക്ക് പുതിയ മാനം കൈവരുന്ന അവസ്ഥയിലാണ് പാർടി രൂപീകരണ ശതാബ്ദിവർഷം മുന്നിലെത്തിയിരിക്കുന്നത്.
മുതലാളിത്ത വ്യവസ്ഥ ചെന്നകപ്പെട്ട സർവതലസ്‌പർശിയായ പ്രതിസന്ധിക്കും കൊറോണ വൈറസ് സൃഷ്ടിച്ച അനിയന്ത്രിതമായ അരക്ഷിതാവസ്ഥയ്‌ക്കും മുന്നിൽ ഒരിക്കലും കുലുങ്ങില്ലെന്ന് വീമ്പിളക്കിയ വൻകിട മുതലാളിത്ത ഭരണകൂടങ്ങൾപോലും നിലതെറ്റി അന്ധാളിച്ചുനിൽക്കുകയാണ്. ഈ സാമ്പത്തിക‐സാമൂഹ്യ‐ആരോഗ്യ പ്രതിസന്ധിയും പുതിയ ചൂഷണങ്ങൾക്കും കൊള്ളയ്‌ക്കും കുത്തകകൾക്ക് പാദസേവ ചെയ്യാനുമുള്ള മികച്ച അവസരമാക്കുകയാണ് മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. ഭരണഘടനയുടെ അന്തഃസത്തയെയും നിയമവ്യവസ്ഥയെയും ഔപചാരിക പാർലമെന്ററി സംവിധാനത്തെപ്പോലും നിർവീര്യമാക്കി ജനകോടികളെ ദയാരഹിതമായി ചതച്ചരയ്‌ക്കുകയാണ്.
തൊഴിലാളി‐ കർഷക ദ്രോഹനയങ്ങളും ന്യൂനപക്ഷ‐ദളിത്‐ സ്ത്രീ‐ ബുദ്ധിജീവി വേട്ടകളും എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു. ജനലക്ഷങ്ങൾ ജീവത്യാഗംചെയ്‌ത് പൊരുതിനേടിയ സ്വാതന്ത്ര്യവും പരമാധികാരവും സ്വാശ്രയത്വവും സ്വദേശി സങ്കൽപ്പവും തകർത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. ഈ പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ കമ്യൂണിസത്തിന്റെ ദീർഘവും സാഹസികവും തീക്ഷ്‌ണവും രണോത്സുകവുമായ നൂറ്റാണ്ട് മുൻനിർത്തി ആലോചിക്കേണ്ടത്. പ്രസ്ഥാനത്തിന്റെ പിറവി, കുതിപ്പുകളും കിതപ്പുകളും ഏറ്റെടുക്കേണ്ട പുതിയ ദൗത്യങ്ങൾ, സ്വയംനവീകരണങ്ങൾ തുടങ്ങിയവയെല്ലാം മുൻവിധികളില്ലാതെ പാർടി പരിശോധിക്കുമെന്നുറപ്പ്.
ജനാധിപത്യം, പാർലമെന്ററി സംവിധാനം, അടിസ്ഥാനവർഗങ്ങളുടെ പരിതാപകരമായ സ്ഥിതി, കാർഷികരംഗം തുടങ്ങിയ മേഖലകളിൽ ഭൂരിപക്ഷത്തിന്റെ താൽപ്പര്യവും ശാസ്‌ത്രീയ പരിപ്രേക്ഷ്യവും പ്രായോഗിക കർമപദ്ധതിയും ആദ്യമായി മുന്നോട്ടുവച്ച് ദേശീയ പ്രസ്ഥാനത്തിന് അതുവരെ അപരിചിതമായ ബഹുജനാടിത്തറയും പുതിയ ദിശാബോധവും നൽകിയത് കമ്യൂണിസ്റ്റ് പാർടിയാണ്. അതിലൂടെ മിതവാദ സമീപനങ്ങൾക്കു പകരം പ്രക്ഷോഭം ഊർജസ്വലമാക്കാനുമുള്ള സംഭാവനകളാണ് പാർടി നൽകിയതും. ഈയർഥത്തിൽ 1921 ഡിസംബർ 27ന് ചേർന്ന അഹമ്മദാബാദ് എഐസിസി സമ്മേളനം എടുത്തുപറയേണ്ടതാണ്. എം എൻ റോയിയും അബനി മുഖർജിയും പ്രതിനിധികൾക്കിടയിൽ ഒരു നയരേഖ വിതരണം ചെയ്തു. തുറന്ന കത്ത് എന്ന നിലയിലായിരുന്നു അത്. ട്രേഡ് യൂണിയനുകളും കിസാൻസഭയും ഉന്നയിക്കുന്ന അടിയന്തരമായ ജീവൽപ്രശ്‌നങ്ങളും ആവശ്യങ്ങളും സ്വന്തം മുദ്രാവാക്യമായി കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
തുടർച്ചയെന്നോണം കമ്യൂണിസ്‌റ്റ് പാർടിയംഗവും പ്രശസ്‌ത കവിയുമായ ഹസ്റത് മൊഹാനി പൂർണ സ്വാതന്ത്ര്യ പ്രമേയവും അവതരിപ്പിച്ചു. പരമാധികാര സ്വതന്ത്ര രാജ്യം എന്ന സങ്കൽപ്പവും അതിനായുള്ള ചെറുത്തുനിൽപ്പും ദേശീയ നേതൃത്വത്തിൽ ചർച്ചയാകുന്നത് അതേത്തുടർന്നാണ്. മറ്റൊരു പ്രസ്ഥാനവും ആവശ്യപ്പെടുംമുമ്പ് കമ്യൂണിസ്റ്റ് പാർടി അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അതുകൊണ്ടുതന്നെ പാർടിയുടെ ഉദയത്തിന്റെയും മുന്നേറ്റത്തിന്റെയും ആവേശകരമായ ചരിത്രം സ്വാതന്ത്ര്യസമരത്തിന്റെ അഭേദ്യഭാഗവുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക‐ തൊഴിലാളി സംഘടനകൾ വ്യത്യസ്‌തമായ വീക്ഷണങ്ങളുടെ കരുത്തോടെ മുന്നേറി. ഭൂപരിഷ്‌കരണവും ന്യായമായ കൂലിയും അങ്ങനെയാണ് അടിയന്തരാവശ്യമായി മാറിയതും. ബാലഗംഗാധര തിലകനെ അറസ്‌റ്റ് ചെയ്‌തപ്പോൾ ബോംബെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിയപ്പോൾ ലെനിൻ റഷ്യയിലിരുന്ന് ആവേശത്തോടെ ആരാധനാപൂർവം എഴുതിയത് ‘ഇന്ത്യൻ തൊഴിലാളിവർഗത്തിന് പ്രായപൂർത്തിയായിരിക്കുന്നു’വെന്നാണെന്നത് മറക്കാനാകാത്തതാണ്.
സ്വാതന്ത്ര്യമുന്നേറ്റത്തെ ആധുനിക ജനാധിപത്യ‐ മതനിരപേക്ഷ റിപ്പബ്ലിക്കിനായുള്ള സമരമാക്കി മാറ്റിയ കമ്യൂണിസ്റ്റ് പാർടി, ഫെഡറൽ പ്രശ്‌നം, ബഹുഭാഷാ പ്രസക്തി, ഭാഷാ സ്വത്വം, സാമൂഹ്യനീതി, ജാതി ഉച്ചനീചത്വം തുടങ്ങിയ കാര്യങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ അജൻഡയിലെത്തിച്ചു. ബ്രിട്ടീഷുകാർ അടിച്ചേൽപ്പിക്കുന്ന ഇന്ത്യാ ആക്ടിനു പകരം ഭരണഘടനാ അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യവും ഉന്നയിക്കുകയുണ്ടായി. ഇന്ത്യാ ആക്ട് തള്ളിക്കളയാനും സ്വതന്ത്രമായ ഭരണഘടനാ നിർമാണ അസംബ്ലിക്കുവേണ്ടി വാദിക്കാനും കോൺഗ്രസിന് പ്രേരണയായതും കമ്യൂണിസ്‌റ്റ് പാർടി നിലപാടാണ്. സ്വതന്ത്ര പരമാധികാര സിവിൽ സമൂഹം എന്ന കാഴ്‌ചപ്പാട് പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങി. എന്നാൽ, ദീപ്‌തമായ ഇത്തരം ചരിത്ര വസ്‌തുതകൾ തമസ്‌കരിക്കുകയാണ് സംഘപരിവാരവും മറ്റു വലതുപക്ഷ ശക്തികളും ബുദ്ധിജീവികളും മാധ്യമ വൃന്ദങ്ങളും. കമ്യൂണിസ്‌റ്റ് പാർടിക്ക് ഇന്ത്യയിൽ എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന്, കമ്യൂണിസ്‌റ്റ് പാർടിയില്ലാത്ത ഇന്ത്യയുടെ പ്രസക്തിയെന്താണെന്നാണ് ഉത്തരം. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അഭിമുഖീകരിച്ചാണ് പ്രസ്ഥാനം ഒരു നൂറ്റാണ്ടിലെത്തിയിരിക്കുന്നത്. അതിനാൽ മാർക്‌സിസവും കമ്യൂണിസ്‌റ്റ് പാർടിയും വിജയങ്ങളിൽനിന്നു മാത്രമല്ല, പരാജയങ്ങളിൽനിന്നും ഊർജം സംഭരിച്ച് മുന്നേറുമെന്നുറപ്പ്.
deshabhimani editorial 171020
മതത്തെ രാഷ്‌ട്രീയത്തിൽനിന്ന് വേർതിരിക്കണം ; ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയണം : യെച്ചൂരി
മതനിരപേക്ഷതയെക്കുറിച്ച് കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന് രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തെ രാഷ്ട്രീയത്തിൽനിന്നും രാഷ്ട്രത്തിൽനിന്നും വേർതിരിച്ച് നിർത്തണമെന്നതാണ് കമ്യൂണിസ്റ്റ് ധാരണ. അതേസമയം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച് ജീവിക്കാനും കഴിയണം. മതത്തില്‍ വിശ്വസിക്കാത്തവർക്ക് അതിനുള്ള സാഹചര്യവും ലഭിക്കണം. എന്റെ ദൈവമാണ് നിന്റെ ദൈവത്തേക്കാൾ വലുത് എന്ന് ആരും പറയരുത്. ഭരണഘടനയിൽ ഇക്കാര്യം ഉറപ്പ് നൽകുന്നുണ്ട്.
എന്നാൽ, ദേശീയപ്രസ്ഥാനത്തിലും പ്രത്യേകിച്ച് സ്വതന്ത്രഇന്ത്യയിലും എല്ലാ മതങ്ങൾക്കും തുല്യത എന്ന നിലയിലാണ് മതനിരപേക്ഷതയെ നിർവചിച്ചത്. ഇതോടെ ഭൂരിപക്ഷമതത്തിന് ദേശീയ മേൽക്കൈ ലഭിച്ചു. ആർഎസ്‌എസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നതോടെ ഭരണഘടനാപരമായ മതനിരപേക്ഷത ഭീഷണി നേരിടുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ജനാധിപത്യത്തിന് മതനിരപേക്ഷതയിൽനിന്ന് വേറിട്ട് നിലനിൽപ്പില്ലെന്നും -യെച്ചൂരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഹമ്മദ് സലിം, നീലോൽപൽ ബസു എന്നിവരും സംസാരിച്ചു.
സഹനത്തിന്റെയും സമരത്തിന്റെയും കമ്യൂണിസ്‌റ്റ് ചരിത്രം - പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗം
ചരിത്രദിവസമാണിന്ന്. നൂറുവർഷംമുമ്പ് ഒക്ടോബർ 17നാണ് മുൻ സോവിയറ്റ് യൂണിയനിലെ താഷ്‌കന്റിൽവച്ച് കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യ രൂപംകൊണ്ടത്. സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്നുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടി ജന്മം കൊണ്ടതും വളർന്നു പന്തലിച്ചതും. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളിലുള്ള നല്ലവരും കരുത്തരുമായ പോരാളികളാണ് കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നത്. പാർടിയുടെ വിട്ടുവീഴ്‌ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധതയായിരുന്നു ഇതിന് കാരണം. കടുത്ത അടിച്ചമർത്തലിന് പാർടി വിധേയമായി. ആയിരക്കണക്കിന് പേർ വിവിധ ജയിലുകളിൽ അടയ്‌ക്കപ്പെട്ടു. നിരവധിപേർ ഫ്യൂഡൽവിരുദ്ധ സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായി. പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രണ്ട് വർഷത്തിൽ. (1945–-47).
കമ്യൂണിസ്റ്റ് പാർടി നേരിട്ട അടിച്ചമർത്തലിന്റെയും സഹനത്തിന്റെയും ആഴം എത്രയുണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ ഈയൊരു കണക്കുമാത്രം മതി. 1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ ആദ്യ കോൺഗ്രസിൽ പങ്കെടുത്ത 138 പ്രതിനിധികൾ മൊത്തം 414 വർഷമാണ് ജയിലറകളിൽ കഴിഞ്ഞത്. പൂർണസ്വരാജ് അർഥവത്താകണമെങ്കിൽ തൊഴിലാളികളും കർഷകരും സാമ്പത്തികമായും സാമൂഹ്യമായും വിമോചിതരാകണമെന്ന് കമ്യൂണിസ്‌റ്റുകാർ വിശ്വസിച്ചു. ട്രേഡ് യൂണിയനുകളിലൂടെ തൊഴിലാളികളെയും കിസാൻസഭകളിലൂടെ കർഷകരെയും സംഘടിപ്പിക്കുന്നതിലും അവരെ ദേശീയ പ്രസ്ഥാനത്തിലേക്ക് നയിക്കുന്നതിലും കമ്യൂണിസ്റ്റ് പാർടി പ്രധാനപങ്ക് വഹിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം പുതിയ ഭരണവർഗം–-ബൂർഷ്വാ–-ഭൂപ്രഭു സഖ്യം –-ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുന്നതിൽനിന്ന് മുഖംതിരിഞ്ഞു നിന്നു. വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വ–-ഭൂപ്രഭു സഖ്യം രാഷ്ട്രീയാധികാരം ഉപയോഗിച്ച് മുതലാളിത്ത വികസനപാതയ്‌ക്ക് തുടക്കം കുറിച്ചുവെങ്കിലും ഭൂപ്രഭുത്വവുമായി സന്ധിചെയ്തതിനാൽ ഫ്യൂഡൽ ഭൂബന്ധങ്ങളിൽനിന്ന് കർഷകജനതയെ വിമോചിപ്പിക്കാതെ മുതലാളിത്ത ചൂഷണം അവർക്കുമേൽ അടിച്ചേൽപ്പിച്ചു. വൻകിട കുത്തകകൾക്കും ഗ്രാമീണ സമ്പന്നർക്കും അനുകൂലമായ നയങ്ങളാണ് നടപ്പാക്കിവന്നത്.
കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം ഉയർത്തി ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള സമരങ്ങൾ നയിച്ചുകൊണ്ട് കാർഷികബന്ധങ്ങളെ ജനാധിപത്യവൽക്കരിക്കാൻ കമ്യൂണിസ്റ്റ് പാർടി ശ്രമിച്ചു. ഈ സമരങ്ങളുടെ ഫലമായി കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറി (1957ൽ). തുടർന്ന്, പശ്‌ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ സർക്കാരുകൾ രൂപംകൊള്ളുകയും അവിടങ്ങളിലൊക്കെ ഭൂപരിഷ്‌കരണം നടപ്പാക്കുകയും ചെയ്‌തു. സ്വാതന്ത്ര്യം കിട്ടിയ ആദ്യ പതിറ്റാണ്ടുകളിൽ ഭൂപരിഷ്‌കരണം എന്ന മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമാക്കി മാറ്റിയത് കമ്യൂണിസ്റ്റ് പാർടിയായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുവേണ്ടിയുള്ള സമരത്തിന്റെ മുൻപന്തിയിലും കമ്യൂണിസ്റ്റ് പാർടി നിലയുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഇത്തരമൊരു ആശയം കമ്യൂണിസ്റ്റ് പാർടി മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തിരുന്നു.
ഇന്ത്യൻ രാഷ്ട്രീയസംവിധാനത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പൊരുതിയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിതന്നെ. എല്ലാ മതങ്ങൾക്കും തുല്യത എന്ന ആശയമാണ് മതനിരപേക്ഷത എന്നതുകൊണ്ട് കോൺഗ്രസും മറ്റ് ബൂഷ്വാ പാർടികളും ഉയർത്തിപ്പിടിച്ചതെങ്കിൽ രാഷ്ട്രം, രാഷ്ട്രീയം എന്നിവയിൽനിന്ന് മതത്തെ വേർതിരിക്കുക എന്ന സിദ്ധാന്തമാണ് കമ്യൂണിസ്‌റ്റുകാർ മുന്നോട്ടുവച്ചത്. കേരളത്തിലെയും പശ്‌ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സർക്കാരുകൾ വിവിധ ഘട്ടങ്ങളിൽ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. ഹിന്ദുത്വശക്തികൾ 1990കളിൽ ഉയർന്നുവന്നപ്പോൾ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർടികളുമാണ് അതിനെതിരെ സന്ധിയില്ലാതെ പോരാടിയത്.
രാജ്യത്ത് ജനാധിപത്യം ആഴത്തിൽ വേരോടുന്നതിനായി നിലകൊണ്ടതും കമ്യൂണിസ്‌റ്റ് പ്രസ്ഥാനമായിരുന്നു. ഭരണവർഗം എപ്പോഴും ജനാധിപത്യത്തെയും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെയും പരിമിതപ്പെടുത്താനാണ് ശ്രമിച്ചത്. മുൻകരുതൽ അറസ്‌റ്റിനെ എതിർത്ത കമ്യൂണിസ്റ്റ് പാർടികൾ എന്നും ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാനാണ് നിലകൊണ്ടത്. അടിയന്തരാവസ്ഥയെ എതിർത്ത സിപിഐ എമ്മിന്റെ നിരവധി നേതാക്കൾ ജയിലിലടയ്‌ക്കപ്പെട്ടു.
മൂന്ന് ദശാബ്‌ദംമുമ്പ് ഭരണവർഗം നവ ഉദാരവൽക്കരണനയങ്ങൾ സ്വീകരിച്ചതോടെ മുതലാളിത്ത വികസനമാതൃകയിൽ വൻ മാറ്റങ്ങൾ ദൃശ്യമായി. കോൺഗ്രസും ബിജെപിയും മറ്റ് ബൂർഷ്വാ പാർടികളും നവഉദാരവൽക്കരണനയത്തെ പുണർന്നു. എന്നാൽ, ഈ നയത്തെയും അതിന്റെ ഭാഗമായുണ്ടായ സാമ്രാജ്യത്വ അനുകൂലചായ്‌വിനെയും കമ്യൂണിസ്റ്റുകാർ വിട്ടുവീഴ്‌ചയില്ലാതെ എതിർത്തു. ഈ നവ ഉദാരവൽക്കരണ ആക്രമണത്തിനെതിരെ തൊഴിലാളിവർഗ ഐക്യം കെട്ടിപ്പടുക്കുന്നതിനും കമ്യൂണിസ്റ്റുകാർ തന്നെയാണ് മുൻനിന്ന് പ്രവർത്തിച്ചത്. നവ ഉദാരവൽക്കരണത്തിന്റെ വിവിധ വശങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം 19 പണിമുടക്ക് നടത്തുകയുണ്ടായി. 20–-ാമത്തെ പണിമുടക്കാണ് നവംബർ 26ന് നടക്കാൻ പോകുന്നത്.
ഭരണവർഗത്തിന് കമ്യൂണിസ്റ്റുകാരോടും ഇടതുപക്ഷത്തോടും ഒടുങ്ങാത്ത കലിയാണുള്ളത്. 1970കളിൽ പശ്‌ചിമബംഗാളിലെ അർധ ഫാസിസ്‌റ്റ് വാഴ്‌ചതന്നെ ഉദാഹരണം. തുടർന്ന്, ത്രിപുരയിലും ഇതാവർത്തിക്കപ്പെട്ടു. രണ്ട് സംസ്ഥാനത്തും ഇപ്പോൾ വീണ്ടും കമ്യൂണിസ്റ്റ്‌വിരുദ്ധ ഭീകരത നടമാടുകയാണ്. കേരളത്തിലാകട്ടെ സിപിഐ എമ്മിന്റെ നൂറുകണക്കിന് കേഡർമാരെയാണ് ആർഎസ്‌എസ് ഉൾപ്പെടെ ഭരണവർഗം കൊന്നുതള്ളിയത്.
വനിതാ വിമോചനം സംബന്ധിച്ച് സമഗ്രമായ ഒരു കാഴ്‌ചപ്പാട് മുന്നോട്ടുവച്ചതും കമ്യൂണിസ്‌റ്റ് പ്രസ്ഥാനമായിരുന്നു. എല്ലാ മേഖലയിലും സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്‌തു. പുരുഷാധിപത്യവും സാമൂഹ്യമായ അടിച്ചമർത്തലും അവസാനിപ്പിച്ചാലേ വനിതാവിമോചനം യാഥാർഥ്യമാകൂ. 1931ൽത്തന്നെ കമ്യൂണിസ്റ്റ് ഡ്രാഫ്‌റ്റ് പ്ലാറ്റ്‌ഫോം ഓഫ് ആക്‌ഷൻ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനും തൊട്ടുകൂടാത്തവരുടെ വിമോചനത്തിനുമായി വാദിച്ചിരുന്നു. കമ്യൂണിസ്‌റ്റുകാർ എപ്പോഴും വർഗസമരത്തെ സാമൂഹ്യ അടിച്ചമർത്തലിനെതിരായ പോരാട്ടവുമായി കണ്ണിചേർക്കുമായിരുന്നു.
നവ ഉദാരവൽക്കരണവും ഹിന്ദുത്വവും ശക്തിപ്രാപിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വർഗങ്ങളുടെ ഘടനയിലും മറ്റും നിയോലിബറൽ മുതലാളിത്തം വരുത്തിയ മാറ്റങ്ങൾ തൊഴിലാളിവർഗ, കർഷകപ്രസ്ഥാനങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക് ബദൽ നയങ്ങൾ നടപ്പാക്കുന്നതിൽ പല പരിമിതികളും ഇത് സൃഷ്ടിക്കുന്നുണ്ട്. സിപിഐ എമ്മും ഇടതുപക്ഷ ശക്തികളും ഈ സാഹചര്യം മുറിച്ചുകടക്കാനുതകുന്ന അടവുപരമായ സമീപനങ്ങളും മുദ്രാവാക്യങ്ങളും രൂപപ്പെടുത്തുകയാണ്.
കഴിഞ്ഞ ആറുവർഷമായി കേന്ദ്രാധികാരം കൈയാളുന്നത് ഹിന്ദുത്വ ആശയപദ്ധതി അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർടിയാണ്. അവരെ നിയന്ത്രിക്കുന്നതാകട്ടെ ഫാസിസ്റ്റ് സംഘടനയായ ആർഎസ്‌എസും. മതനിരപേക്ഷത, ജനാധിപത്യം, തൊഴിലാളിവർഗ ക്ഷേമം എന്നിവയ്‌ക്കെല്ലാം കടുത്ത ആഘാതമാണ് ഈ ഭരണം സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത അതിന്റെ സത്തയായ സാമ്രാജ്യത്വവിരുദ്ധത പങ്കുവയ്‌ക്കാത്ത ഈ രാഷ്ട്രീയശക്തി ഭരണഘടനയെ അട്ടിമറിക്കാനും സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. സങ്കുചിതവും പിന്തിരിപ്പനുമായ ദേശീയവാദത്തിന്റെ പേരിലാണ് ഈ ശ്രമം.
വ്യാജ ദേശീയതയെന്ന ഈ വെല്ലുവിളിയെ സാമ്രാജ്യത്വവിരുദ്ധതയും മതനിരപേക്ഷതയും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയുംകൊണ്ട് നേരിടണം. സ്വാതന്ത്ര്യത്തിനായുള്ള സാമ്രാജ്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റുകാർക്കാണ് അത് ചെയ്യാൻ കഴിയുക. എല്ലാ ജനാധിപത്യ–-മതനിരപേക്ഷ ശക്തികളെയും അണിനിരത്താൻ കമ്യൂണിസ്റ്റ്, ഇടതുപക്ഷ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്‌ത്ര അടിത്തറ മാർക്‌സിസം–-ലെനിനിസമാണ്. റിവിഷനിസത്തിനെതിരെ നടന്ന ദീർഘസമരത്തിന്റെ ഭാഗമായാണ് 1964ൽ സിപിഐ എം രൂപംകൊണ്ടത്. ഉടൻതന്നെ ഇടതുപക്ഷ സാഹസികതയ്‌ക്കെതിരെയും സിപിഐ എമ്മിന് പൊരുതേണ്ടി വന്നു. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വസ്‌തുനിഷ്‌ഠസാഹചര്യത്തിൽ മാർക്‌സിസം –-ലെനിനിസം പ്രയോഗിച്ചതിന്റെ ഫലമായി ഉണ്ടായ സിപിഐ എം പരിപാടി ജനകീയ ജനാധിപത്യവും അതുവഴി സോഷ്യലിസവുമാണ് ലക്ഷ്യംവയ്‌ക്കുന്നത്. ഈ ശാസ്‌ത്രീയ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനം വർഗചൂഷണമില്ലാത്ത സാമൂഹ്യ അടിച്ചമർത്തലില്ലാത്ത ഒരു സമൂഹത്തിലേക്കാണ് മുന്നേറാൻ ശ്രമിക്കുന്നത്.
ബഹുജന സംഘടനകളുടെ ആരംഭം
സാമൂഹ്യ പരിവർത്തനത്തിനായി നാനാജനവിഭാഗങ്ങളെയാകെ അണിനിരത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാർ വിവിധ വർഗ ബഹുജനസംഘടനകൾക്ക് രൂപംനൽകുന്നതിന് മുൻകൈെയടുത്തു. 1936ൽ തന്നെ മൂന്ന് അഖിലേന്ത്യാ സംഘടനകൾ–- ആൾ ഇന്ത്യ കിസാൻ സഭ (എഐകെഎസ്), ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ (പിഡബ്ല്യുഎ)–- രൂപീകരിക്കപ്പെട്ടു. കോൺഗ്രസിലെ ഇടതുപക്ഷ പുരോഗമന വിഭാഗങ്ങളുമായി ചേർന്ന് കമ്യൂണിസ്റ്റുകാരാണ് അവയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത്.
കിസാൻസഭ
കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ വിശിഷ്യ, ആൾ ഇന്ത്യ വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർടിയിലൂടെയും മീറത്ത് ഗൂഢാലോചന കേസിലെ കുറ്റാരോപിതരുടെ പൊതുപ്രസ്താവനയിലൂടെയും വിശദീകരിക്കപ്പെട്ട ആശയങ്ങൾ ഇടതുപക്ഷത്തിന്റെ വ്യാപനത്തിന് വലിയ സംഭാവന നൽകി; കൃഷിക്കാർക്കിടയിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തി. തങ്ങളുടേതായ ഒരു സ്വതന്ത്ര വർഗ സംഘടന രൂപപ്പെടുത്തുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവർ പ്രവർത്തിക്കാൻ ആരംഭിച്ചു. കിസാൻസഭയ്ക്കു കീഴിൽ കർഷകജനസാമാന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന്റെ മുൻനിരയിൽ കമ്യൂണിസ്റ്റുകാരായിരുന്നു.
ഈ കാലഘട്ടത്തിൽ നിലനിന്നിരുന്ന മർദനപരമായ നികുതി സംവിധാനത്തിനും ചൂഷണത്തിനുമെതിരെ പടുകൂറ്റൻ സമരങ്ങൾ നടന്നു. നിർബന്ധിതമായി പണിയെടുപ്പിക്കലിനും (അടിമവേല) മറ്റു രൂപങ്ങളിലുള്ള ചൂഷണത്തിനുമെതിരെയുള്ള പ്രക്ഷോഭങ്ങളായിരുന്നു അവ. 1930കളിലെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി കർഷകജനതയുടെ ബാധ്യതകൾ പിന്നെയും വർധിപ്പിച്ചു. 1936ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കുന്നതിനുമുമ്പ് അടിയന്തരാശ്വാസത്തിനായി മാത്രമല്ല, മറിച്ച് ഭൂപ്രഭുവ്യവസ്ഥയ്ക്കെതിരെയും വ്യക്തമായ ദിശാബോധത്തോടെയുമുള്ള സുവ്യക്തമായ പരിപാടിയോടുകൂടി വിവിധ സംസ്ഥാനതല സംഘടനകൾ രൂപീകൃതമായി. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും അവരെ സമരങ്ങളിലേക്ക് നയിക്കുന്നതിനും കമ്യൂണിസ്റ്റ് നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റുകളുമായി കൈകോർത്തു.
കിസാൻസഭയുടെ സ്ഥാപക സമ്മേളനം (1930) ലഖ്നൗവിൽ ചേർന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു. വർഗസംഘടനയെന്ന നിലയിൽ പ്രത്യേക അസ്തിത്വം സൂക്ഷിക്കുന്നതിനൊപ്പം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കിസാൻ സഭയെ ഉയർത്തിക്കാണിക്കുകയെന്നതായിരുന്നു ആശയം. ഇ എം എസ് നമ്പൂതിരിപ്പാടിനെയും ഹർകിഷൻ സിങ് സുർജിത്തിനെയുംപോലെയുള്ള പിൽക്കാല തലമുറയിലെ പല കമ്യൂണിസ്റ്റ് നേതാക്കളും ഈ സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്തു.
വിദ്യാർഥി ഫെഡറേഷൻ
റഷ്യൻ വിപ്ലവം സംബന്ധിച്ച കൃതികൾ, സോഷ്യലിസമുണ്ടാക്കിയ നേട്ടങ്ങൾ, ഭഗത്സിങ്ങിനെപ്പോലെയുള്ള ഇന്ത്യൻ വിപ്ലവകാരികളുടെ പ്രവർത്തനങ്ങൾ എന്നിവ യുവജനങ്ങൾക്കിടയിൽ അതിഗംഭീരമായ സ്വാധീനം ചെലുത്തിയിരുന്നു. കമ്യൂണിസ്റ്റുകാരുടെ സ്വാധീനം മനസ്സില്ലാമനസ്സോടെ കോൺഗ്രസ് അംഗീകരിച്ചിരുന്ന ഒരു വസ്തുതയാണ്; ബ്രിട്ടീഷുകാരെ ഈ വസ്തുത വളരെയേറെ ആശങ്കപ്പെടുത്തുകയുമുണ്ടായി.
ഭഗത്സിങ്ങും സഹപ്രവർത്തകരും സ്ഥാപിച്ച നവ്ജവാൻ ഭാരത്‌സഭ പഞ്ചാബ് പ്രദേശത്തെ വലിയൊരു വിഭാഗം യുവജനങ്ങളെയും വിദ്യാർഥികളെയും ആകർഷിച്ചു. ബോംബെ പ്രദേശ് യൂത്ത്‌ലീഗും ആൾ ബംഗാൾ സ്റ്റുഡന്റ്സ് അസോസിയേഷനും (പിന്നീട് ഇത് പിളർന്ന് ബംഗാൾ പ്രദേശ് സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു) ഈ കാലത്ത് രൂപീകരിച്ച സമാനമായ മറ്റു ചില സംഘടനകളാണ്. ഈ സംഘടനകളുടെ സമ്മേളനങ്ങൾ പാസാക്കിയ പ്രമേയങ്ങൾ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു; ഏറെ പ്രധാനപ്പെട്ട കാര്യം വർഗീയതയ്ക്കെതിരായും അവ പ്രമേയം പാസാക്കിയെന്നതാണ്.
മീററ്റ് ഗൂഢാലോചനക്കേസും ലാഹോർ ഗൂഢാലോചനക്കേസും (ഇതിലാണ് ഭഗത്‌സിങ്ങിനെയും സഖാക്കളെയും ഉൾപ്പെടുത്തിയിരുന്നത്) വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മീററ്റ്, പഞ്ചാബ്, ബോംബെ എന്നിവിടങ്ങളിൽ വിദ്യാർഥി സംഘടനകൾ ഈ വിചാരണകളെ അപലപിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കുകയും ഡിഫൻസ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. മീററ്റ് കോളേജിലെ വിദ്യാർഥികൾ ഈ ആവശ്യത്തിനായി മീററ്റ് കമ്യൂണിസ്റ്റ്സ് സേവാ സംഘ് രൂപീകരിച്ചു. ഈ കാലഘട്ടത്തിൽത്തന്നെ, ചന്ദ്രരാജേശ്വര റാവുവിനെപ്പോലെയുള്ള നേതാക്കൾ തന്റെ സഹപ്രവർത്തകർക്കൊപ്പം 1931ൽ ബനാറസ് സർവകലാശാലയിൽ യങ് കമ്യൂണിസ്റ്റ് രൂപീകരിച്ചു.
മദ്രാസ് പ്രസിഡൻസിയിൽ സമ്പൂർണ സ്വാതന്ത്ര്യം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 1935ൽ പുരോഗമന യുവസമ്മേളനം ചേർന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പ്രവിശ്യാ വിദ്യാർഥി സംഘടനകളെയെല്ലാം ഏകോപിപ്പിക്കുന്നതിനും അഖിലേന്ത്യാ സംഘടന രൂപീകരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ നടന്നത്. ഈ പരിശ്രമങ്ങൾ 1936ൽ സഫലമായി; യുണൈറ്റഡ് പ്രൊവിൻസിലെ (ഉത്തർപ്രദേശ്) വിദ്യാർഥികളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് 1936ൽ സമ്മേളനം സംഘടിപ്പിച്ചത്. പുരോഗമന സാഹിത്യസംഘടന (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ)
1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനവേളയിൽ ലഖ്നൗവിൽ ആയിരുന്നു പുരോഗമന സാഹിത്യസംഘടനയുടെ (പിഡബ്ല്യുഎ) സ്ഥാപക സമ്മേളനം ചേർന്നത്. അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് മാക്സിം ഗോർക്കിയുടെയും യൂറോപ്പിലെ പുരോഗമനവാദികളായ മറ്റ് എഴുത്തുകാരുടെയും നേതൃത്വത്തിൽ രൂപംകൊണ്ട ഫാസിസ്റ്റു വിരുദ്ധരായ എഴുത്തുകാരുടെ സംഘടനയാണ്. കമ്യൂണിസ്റ്റുകാർ മുൻകൈയെടുത്ത് രൂപീകരിച്ച സംഘടനയ്ക്ക് രവീന്ദ്രനാഥ ടാഗോറിന്റെയും സരോജിനി നായിഡുവിന്റെയും മുൻഷി പ്രേംചന്ദിന്റെയും മുൽക് രാജ് ആനന്ദിന്റെയും രാജ്യത്തെ മറ്റ് ഒന്നാംകിട എഴുത്തുകാരുടെയും അനുഗ്രഹാശംസകൾ ഉണ്ടായിരുന്നു.
(കടപ്പാട്: പീപ്പിൾസ് ഡെമോക്രസി)
പാർടിക്ക് അഖിലേന്ത്യാ കേന്ദ്രം
കമ്യൂണിസ്റ്റ് പാർടി 1920ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ഒരു ദശകക്കാലത്തുടനീളം സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വമില്ലാതെ പ്രവർത്തനം നടത്തേണ്ടതായി വന്നു. കമ്യൂണിസ്റ്റ് പാർടി ഉണ്ടായിരുന്നുവെന്നതും ഓരോ പാർടി അംഗവും രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നതും ശരിയാണ്. എന്നാൽ, അവരുടെ മുഖ്യപ്രവർത്തനമണ്ഡലം, പ്രത്യേകിച്ചും 1920കളുടെ രണ്ടാം പകുതിയിൽ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടി ആയിരുന്നു. ഒരു ബഹുജന വിപ്ലവ പാർടി കെട്ടിപ്പടുക്കുന്നതിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്; അതിൽ കമ്യൂണിസ്റ്റ് ഇതരർക്കുപോലും പങ്കുവഹിക്കാനുണ്ടായിരുന്നു.
പരസ്യമായി കേന്ദ്രീകൃതമായ ഒരു കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിനുള്ള ശ്രമം നടക്കവേയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കുമേൽ മീററ്റ് കേസ് അടിച്ചേൽപ്പിക്കപ്പെട്ടത്. 1928 ഡിസംബർ 27 മുതൽ 29 വരെ കൽക്കത്തയിൽ ചേർന്ന സിപിഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രഹസ്യയോഗത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, എന്തെങ്കിലുമൊരു നടപടി കൈക്കൊള്ളുന്നതിനുമുമ്പ്, ഇതുസംബന്ധിച്ച് മൂർത്തമായ തീരുമാനത്തിൽ എത്തിച്ചേരുന്നതിനു മുമ്പുതന്നെ മിക്കവാറും എല്ലാ പ്രമുഖ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു; ഇത് എല്ലാ പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തനകേന്ദ്രങ്ങളിലും സംഘടനാപരമായ വിടവിന് ഇടയാക്കി.
ഒറ്റപ്പെട്ട കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തനം നടത്തിയിരുന്നെങ്കിലും പ്രത്യയശാസ്ത്രപരമോ സംഘടനാപരമായിപ്പോലുമോ ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശേഷിയുള്ള കേന്ദ്ര സംഘടനയും ഉണ്ടായിരുന്നില്ല. വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പരസ്പരം ബന്ധപ്പെടാതെ വേറിട്ട് നിൽക്കുകയായിരുന്നു. അതേസമയത്ത്, 1933 ആദ്യം ജാമ്യം നേടി ജയിലിനുപുറത്തുവന്ന ഡോ. ജി അധികാരി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന വിവിധ മാർക്സിസ്റ്റ്–- ഇടതുപക്ഷ ഗ്രൂപ്പുകളെ ചലിപ്പിക്കുന്നതിലും ഏകീകൃതമായ ഒരു പാർടി വീണ്ടും രൂപപ്പെടുത്തുന്നതിലും പ്രമുഖമായ പങ്കുവഹിക്കുകയുണ്ടായി.
മീററ്റ് തടവുകാരുടെ മോചനത്തോടുകൂടി, അവർ തടവിലാക്കപ്പെട്ടതോടെ അറ്റുപോയ പഴയബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നുമാത്രമല്ല, നിരവധി പുതിയ വ്യക്തികളും ഗ്രൂപ്പുകളും പാർടിയിലേക്ക് ആകൃഷ്ടരാകുകയുമുണ്ടായി. ജയിൽ മോചിതരായ വിപ്ലവകാരികളായ ദേശീയവാദികളിൽ ഗണ്യമായ വിഭാഗത്തിനും ഗാന്ധിയൻ സമരശൈലിയുടെ പാപ്പരത്തത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുകയുണ്ടായി. സോഷ്യലിസ്റ്റ്–- കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് വളരാൻ അനുയോജ്യമായ ഇത്തരമൊരന്തരീക്ഷത്തിലാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വത്തോടുകൂടി ഉയർന്നുവന്നത്.
1933 ഡിസംബറിൽ ബംഗാളിലെ കമ്യൂണിസ്റ്റുകാർ കൽക്കത്തയിൽ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർത്തു. ഡോ. ജി അധികാരി, അബ്ദുൾ ഹാലിം, സോമനാഥ് ലാഹിരി, ഡോ. രണേൻസെൻ (ബംഗാൾ), പി സി ജോഷി (കാൺപുർ), എസ് ജി പടാക്ക, ഗുർദീപ്‌സിങ് (പഞ്ചാബ്) എന്നിവർ ഇതുസംബന്ധിച്ച കൂടിയാലോചനകളിൽ പങ്കെടുത്തു. മൂന്ന് വിധത്തിൽ ആ യോഗം പ്രാധാന്യമർഹിക്കുന്നതായിരുന്നു: (1) സിപിഐയുടെ താൽക്കാലിക കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. (2) താൽക്കാലികമായി കരട് നിയമാവലി അംഗീകരിക്കപ്പെട്ടു. (3) കരട് രാഷ്ട്രീയ തീസിസ് അംഗീകരിക്കപ്പെട്ടു. ഡോ. അധികാരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു; പ്രൊവിൻഷ്യൽ (പ്രവിശ്യാ)കമ്മിറ്റികൾ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും തീരുമാനിച്ചു.
കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും രൂപീകരിക്കപ്പെട്ടത്, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രേഖകൾ കമ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷക്കാർക്കും ലഭ്യമാക്കൽ, ഇന്ത്യൻ രാഷ്ട്രീയസാഹചര്യം, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കൽ എന്നിത്യാദി കാര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാടും നയങ്ങളും വിശദീകരിക്കുന്ന രേഖകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെട്ടു.
സിപിഐയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ തീസിസ്, കേന്ദ്രീകൃതവും അച്ചടക്കമുള്ളതും ഏകീകരിക്കപ്പെട്ടതും ബഹുജന സ്വഭാവമുള്ളതും ഒളിവിൽ പ്രവർത്തിക്കുന്നതുമായ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കലാണ് അടിസ്ഥാനപരവും മുഖ്യവുമായ കടമയെന്ന് തറപ്പിച്ചുപറയുകയുണ്ടായി. കരട് തീസിസ് അംഗീകരിച്ച സിപിഐ കോമിന്റേണുമായി ഔപചാരികമായി അഫിലിയേറ്റ് ചെയ്തു. ഇതോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പുതിയൊരു ഗതിക്രമത്തിലേക്ക് കടന്നു.
കൽക്കത്ത യോഗത്തിന്റെ നേതൃത്വത്തെയും തീരുമാനങ്ങളെയും കോമിന്റേൺ അംഗീകരിച്ചു; 1934ൽ കോമിന്റേൺ മുഖപത്രമായ ഇംപ്രെക്കോറിൽ രണ്ട് പ്രധാന രേഖ പ്രസിദ്ധീകരിച്ചു–-താൽക്കാലിക കരട് നിയമാവലിയും കരട് രാഷ്ട്രീയ തീസിസും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതൃത്വം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നിർദേശിച്ച ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റങ്ങൾ വിലയിരുത്തിക്കൊണ്ട് പ്രവർത്തനമാരംഭിച്ചു. ദേശീയവും സാർവദേശീയവുമായ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരുന്നതിനാൽ ഇത് എളുപ്പമുള്ള കടമയായിരുന്നില്ല.
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രനേതൃത്വം (വ്യക്തികളുടെ മാറ്റത്തോടുകൂടി) 1964ൽ പാർടി പിളർന്നതുവരെ തുടർന്നു. മുമ്പ് നടത്തിയ നിഷ്ഫലമായ ശ്രമങ്ങൾക്കുപരി 1933–-34 കാലത്താണ് പാർടി സെന്ററിന്റെ വിജയകരമായ രൂപീകരണം സാധ്യമായത് എന്ന് ഒറ്റവാക്യത്തിൽ പറയാൻ കഴിയും. 1934ഓടുകൂടി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ഒരു ദശകത്തിലേറെക്കാലത്തെ മർദന നടപടികളെയെല്ലാം അതിജീവിച്ചുകൊണ്ട് സജീവമായി പ്രവർത്തനമാരംഭിച്ചു.
(കടപ്പാട്: പീപ്പിൾസ് ഡെമോക്രസി)
ദേശീയവികാരം ജ്വലിപ്പിച്ച നാവികകലാപം
ഇന്ത്യയിൽ 1945–-46ലെ ശീതകാലമായപ്പോൾ ബ്രിട്ടീഷുകാർക്കെതിരായ ദേശീയവികാരം ശക്തമായി അലയടിക്കാൻ തുടങ്ങി. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന യുവ സൈനികരെയും യുവ ഓഫീസർമാരെയും ജനകീയ പ്രതിഷേധങ്ങൾ വലിയതോതിൽ സ്വാധീനിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുമായി ഒന്നിച്ചാണ്, പ്രത്യേകിച്ചും സോവിയറ്റ് യൂണിയനിലെ ചെമ്പടയുമായി ചേർന്നാണ് അവർ യുദ്ധം ചെയ്തത്. ഈ ഇടപെടലും ഒന്നിച്ചുള്ള പ്രവർത്തനവും അവരിൽ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങളും ശക്തമായ സ്വാധീനം ചെലുത്തി.
നാവികകലാപത്തിന്റെ സ്‌മരണക്കായി മുംബൈയിൽ സ്ഥാപിച്ച ശിൽപ്പം
ദേശീയപ്രസ്ഥാനത്തിന്റെയും ഐഎൻഎയുടെയും ആവേശം ഉൾക്കൊണ്ട, നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു വിഭാഗം ഇന്ത്യൻ നാവികസേനാംഗങ്ങൾ ഒരു രഹസ്യസംഘടനയ്ക്ക് രൂപം നൽകാൻ തുടങ്ങി–- ആസാദ് ഹിന്ദ്. ഈ സംഘടന നാവികസേനയിൽ കലാപമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. റോയൽ ഇന്ത്യൻ നേവിയിലെ (ആർഐഎൻ) നാവികർ പണിമുടക്കിയപ്പോൾ ബോംബെയിൽ സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി.
1946 ഫെബ്രുവരി 18ന് എച്ച്എംഐഎസ് തൽവാറിലെ 1100 നാവികസേനാംഗങ്ങൾ പണിമുടക്കി; തങ്ങൾ നേരിട്ടിരുന്ന മോശപ്പെട്ട പെരുമാറ്റത്തിൽ പ്രതിഷേധിക്കാനായി ബോംബെയിൽ നിയോഗിക്കപ്പെട്ടിരുന്ന ഇന്ത്യൻ നേവിയിലെ 5000 സൈനികരും ചേർന്നു. കപ്പലിന്റെ കൊടിമരത്തിൽനിന്ന് യൂണിയൻ ജാക്ക് നീക്കം ചെയ്തു; അതിന്റെ സ്ഥാനത്ത് കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടികളും ചെങ്കൊടികളും ഉയർത്തി. അവർ ആയുധമെടുക്കുകയും മേലുദ്യോഗസ്ഥരെ തടവിലാക്കുകയും ചെയ്തു. അടുത്ത ദിവസം കാസിൽ ഫോർട്ട് ബാരക്കുകളിൽനിന്നുള്ള നാവികസേനാംഗങ്ങളും പണിമുടക്കിൽ പങ്കെടുത്തു. പടയാളികളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ടായിരുന്നു; എല്ലാ പ്രവിശ്യകളിൽനിന്നുള്ളവരും എല്ലാ ഭാഷ സംസാരിക്കുന്നവരുമുണ്ടായിരുന്നു.
സർക്കാർ സർവീസിലെ ഏതു വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരായാലും ഇന്ത്യക്കാർ കടുത്ത വംശീയവിവേചനം നേരിട്ടിരുന്നു. അവർക്ക് ശമ്പളം തീരെ കുറവായിരുന്നു; പലപ്പോഴും ഭക്ഷിക്കാൻ കൊള്ളാത്തത്ര മോശപ്പെട്ട ഭക്ഷണമായിരുന്നു നൽകിയിരുന്നത്. നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു; പലരും ഒളിച്ചോടിയിരുന്നു; അവർക്ക് ലഭിച്ചിരുന്ന വളരെ മോശപ്പെട്ട പെരുമാറ്റമായിരുന്നു ഇതിനെല്ലാം കാരണം. ‘‘ക്വിറ്റ്ഇന്ത്യ'', ‘‘സാമ്രാജ്യത്വം തുലയട്ടെ'' എന്നെല്ലാം എച്ച്എംഐഎസ് തൽവാറിൽ കുത്തിക്കുറിച്ചിട്ടതിന് നാവികസേനാംഗമായ ബി സി ദത്തയെ അറസ്റ്റുചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
ബോംബെയ്ക്കുപുറമെ കറാച്ചി ആയിരുന്നു നാവികസേനാംഗങ്ങളുടെ മറ്റൊരു പ്രമുഖ കലാപകേന്ദ്രം. ഫെബ്രുവരി 19നാണ് കറാച്ചിയിൽ വാർത്തയെത്തിയത്; ബോംബെ സംഭവങ്ങളുടെ വിവരങ്ങൾ അറിഞ്ഞ ഉടൻതന്നെ എച്ച്എംഐഎസ് ഹിന്ദുസ്ഥാനിലെയും (പിന്നീട് ഇതിലുള്ളവർ സായുധകലാപത്തിലും പങ്കുചേർന്നു) മറ്റൊരു കപ്പലിലെയും തീരത്തുള്ള മൂന്ന് സ്ഥാപനത്തിലെയും നാവികസേനാംഗങ്ങൾ മിന്നൽ പണിമുടക്ക് നടത്തി. ഇന്ത്യൻ നാവികസേനയുടെ എല്ലാ കപ്പലുകളെയും പൊട്ടിച്ച് തുണ്ടുതുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി, ബ്രിട്ടീഷ് സർവ സൈന്യാധിപൻ അഡ്മിറൽ ഗോഡ്ഫ്രെ അന്ത്യശാസനം പുറപ്പെടുവിച്ചപ്പോൾ ഈ രണ്ട് കേന്ദ്രത്തിലുള്ളവർക്കു പുറമെ, മദ്രാസ്, വിശാഖപട്ടണം, കൽക്കത്ത, ഡൽഹി, കൊച്ചി, ജാംനഗർ, ആൻഡമാൻ, ബഹ്റിൻ, ഏദൻ എന്നിവിടങ്ങളിൽനിന്നുള്ള നാവികസേനാംഗങ്ങളും പണിമുടക്കിയവർക്ക് പിന്തുണയുമായി രംഗത്തുവന്നു.
20,000 നാവികസേനാംഗങ്ങൾ ഉൾപ്പെടുന്ന 78 കപ്പലിനെയും തീരത്തെ 28 സ്ഥാപനത്തെയും ഈ പണിമുടക്ക് ബാധിച്ചു. ബോംബെയിലെ മറൈൻ ഡ്രൈവിലെയും അന്ധേരിയിലെയും ഷിയോണി പ്രദേശങ്ങളിലെയും പൂനെയിലെയും കൽക്കത്തയിലെയും ജെസോറിലെയും അംബാലയിലെയും റോയൽ എയർഫോഴ്സ് (ആർഎഎഫ്) സൈനികരും ഐക്യദാർഢ്യ പണിമുടക്കിലേർപ്പെട്ടു.
കമ്യൂണിസ്റ്റ് പാർടിയുടെ പങ്ക്
നാവികസേനാംഗങ്ങൾക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും കമ്യൂണിസ്റ്റ് പാർടി ഉടൻതന്നെ പിന്തുണ നൽകി. പണിമുടക്കിന് പിന്തുണ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു ലഘുലേഖ ഫെബ്രുവരി 19ന് പാർടി വിതരണം ചെയ്തു; തുടർന്ന് പാർടി പത്രത്തിലൂടെ, ഫെബ്രുവരി 22ന് ഒരു പൊതുപണിമുടക്കിൽ പങ്കെടുക്കാനും ആഹ്വാനം ചെയ്തു; നാവികസേനാ കപ്പലുകളെയും അവയ്ക്കകത്തുള്ള ഇന്ത്യയുടെ നാവികരെയും തകർക്കുമെന്ന റിയർ അഡ്മിറൽ ഗോഡ്ഫ്രെയുടെ ധിക്കാരം നിറഞ്ഞ ഭീഷണിക്കുള്ള മറുപടി ആയിരുന്നു അത്. രാജ്യത്തുടനീളം നാവികസേനാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഔദ്യോഗിക ഭാഗത്തുനിന്നുള്ള അടിച്ചമർത്തലുകളെ അപലപിക്കുന്നതിനുമായി വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു; ഹർത്താലുകളും പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതുവായ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന നിലയിൽ രാജ്യത്തുള്ളവരെല്ലാം കലാപത്തിന് പിന്തുണ നൽകി.
തങ്ങൾക്കിടയിലുള്ള എല്ലാ അഭിപ്രായഭിന്നതകളും കുഴിച്ചുമൂടാനും നാവികസേനാംഗങ്ങളുടെ ഡിമാൻഡുകൾക്ക് പിന്തുണ നൽകാനും എല്ലാ രാഷ്ട്രീയപാർടികളോടും കമ്യൂണിസ്റ്റ് പാർടി ആഹ്വാനം ചെയ്തു. പൊതുപണിമുടക്കിനുള്ള കമ്യൂണിസ്റ്റുകാരുടെ ആഹ്വാനം ലക്ഷക്കണക്കിനു തൊഴിലാളികളെ ഫാക്ടറികൾ വിട്ട് തെരുവുകളിലെത്തിച്ചു. കടയുടമകളും കച്ചവടക്കാരും ഹോട്ടലുടമകളും നടത്തിയ ഹർത്താലും വിദ്യാർഥികളുടെ പഠിപ്പുമുടക്കും വ്യവസായങ്ങളിലെയും പൊതുഗതാഗത സർവീസുകളിലെയും തൊഴിലാളികളുടെ പണിമുടക്കും ബോംബെയെ നിശ്ചലമാക്കി.
കവചിത വാഹനങ്ങളിൽ തെരുവുകളിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ പരേഡ് ചെയ്യിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭരണാധികാരികൾ ഇതിനു മറുപടി നൽകിയത്. ലഘുവായ ഒരു മുന്നറിയിപ്പുപോലും നൽകാതെയാണ് അവർ ജനക്കൂട്ടങ്ങൾക്കുനേരെ, പ്രത്യേകിച്ചും അസംഖ്യം ജനങ്ങൾ ഒന്നിച്ചുകൂടിയിട്ടുള്ളതായി കണ്ട സ്ഥലങ്ങളിലെല്ലാം, അവർ വിവേചനരഹിതമായും പ്രതികാരബുദ്ധിയോടെയും വെടിവച്ചത്. അങ്ങനെ അവർ നിരപരാധികളായ നിരവധി തൊഴിലാളികളെ, സ്ത്രീകളെയും പുരുഷന്മാരെയും കൊലപ്പെടുത്തി; അവരിൽ ഒരാളായിരുന്നു പരേൽ മഹിളാസംഘം നേതാവും കമ്യൂണിസ്റ്റുകാരിയുമായ കമല ഡോംണ്ടെ. ഔദ്യോഗിക കണക്കുപ്രകാരം മൂന്നു ദിവസംകൊണ്ട് (ഫെബ്രുവരി 21–-23) 250 ആളുകളാണ് കൊല്ലപ്പെട്ടത്.
സർക്കാരിന്റെ അടിച്ചമർത്തലിനോടുള്ള എതിർപ്പ് രേഖപ്പെടുത്തുകയും അടിച്ചമർത്തൽ ഉടൻ അവസാനിപ്പിക്കണമെന്നും പണിമുടക്കുന്നവരുടെ ന്യായമായ ആവശ്യങ്ങൾ അനുവദിക്കണമെന്നും അതിനായി സമ്പൂർണ ഹർത്താൽ ആചരിക്കണമെന്നും കമ്യൂണിസ്റ്റ് പാർടി എല്ലാ പാർടികളോടും ജനങ്ങളോടും അഭ്യർഥിച്ചു.
മുറിവേറ്റവർക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരിതാശ്വാസം എത്തിക്കുന്നതിന് സിറ്റിസൺസ് പീസ് ആൻഡ് റിലീഫ് കമ്മിറ്റി രൂപീകരിക്കുന്നതിനും പാർടി ആഹ്വാനം ചെയ്തു. പണിമുടക്കിയ നാവികസേനയിലെ ആയിരക്കണക്കിന് പടയാളികളുടെ പ്രശ്നം ഏറ്റെടുക്കണമെന്ന് കമ്യൂണിസ്റ്റ് പാർടി കോൺഗ്രസിനോട് അഭ്യർഥിച്ചു; ആ പ്രശ്നം ‘‘ആസാദ് ഹിന്ദ് ഫൗജിന്റെ പ്രശ്നം എന്നപോലെതന്നെ പ്രാധാന്യമുള്ളതായി'' മാറിയിരിക്കുകയാണെന്നും ‘‘വിവേചനരഹിതമായും നീതി''യുടെ അടിസ്ഥാനത്തിലും അതിനു പരിഹാരം കാണുമെന്ന് ഉറപ്പാക്കണമെന്നും പാർടി ആവശ്യപ്പെട്ടു.
അന്വേഷണ കമീഷൻ രൂപീകരിക്കണമെന്നും പണിമുടക്കിയവർ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്നും കമ്യൂണിസ്റ്റ് പാർടി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, നാവികരുടെ കലാപത്തെ സംബന്ധിച്ചിടത്തോളം അന്വേഷണ കമീഷൻ രൂപീകരിച്ചതേയില്ല; അനീതിയുടെയും വിവേചനത്തിന്റെയും ക്രൂരതയുടെയും മറ്റും ഭീകരമായ കഥകൾ ഒരിക്കലും വെളിച്ചം കണ്ടില്ല. പാർടിയുടെ പെട്ടെന്നുള്ള നടപടികൾമൂലംമാത്രമാണ് രാജകീയ നാവികസേന (ആർഐഎൻ)യെയും അതിലെ സൈനികരെയും തകർക്കുന്നത് തടയാൻ കഴിഞ്ഞത്; ക്രമേണ ഒരു കരാറിലെത്തിക്കാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. ഒരു പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന് വാഗ്ദാനം നൽകിയശേഷം പണിമുടക്കിന് നേതൃത്വംകൊടുത്ത പല നേതാക്കളെയും സർക്കാർ അറസ്റ്റുചെയ്യുകയും പ്രതികാരനടപടികളെടുക്കുകയും ചെയ്തപ്പോൾ, അങ്ങനെ കരാർ ലംഘിക്കപ്പെട്ടപ്പോൾ സർക്കാരിന്റെ നടപടികളെ പാർടി അപലപിച്ചു.
മുന്നേറ്റം എന്തുകൊണ്ട് പരാജയപ്പെട്ടു
ഇന്ത്യൻ ദേശീയ മുന്നണിയിൽ ചില ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നതവർഗ നേതൃത്വം ജനകീയ മുന്നേറ്റങ്ങളെ ഭയപ്പെട്ടു; അഖിലേന്ത്യാടിസ്ഥാനത്തിലും മറ്റു സായുധ സേനാവിഭാഗങ്ങളിലും കരവ്യോമസേനകളിൽ ഈ കലാപം പടർന്നുപിടിക്കാൻ അവർ ആഗ്രഹിച്ചില്ല. ജനകീയ പൊതുപണിമുടക്കിനെയും ഹർത്താലിനെയും അവർ ഔദ്യോഗികമായി എതിർത്തു; എന്നാൽ, അവരുടെ എതിർപ്പുണ്ടായിട്ടും പൊതുപണിമുടക്കിനും ഹർത്താലിനും സാർവത്രിക ജനപിന്തുണ ലഭിച്ചിരുന്നു.
സാമ്രാജ്യത്വ ഭരണാധികാരികളുടെ അക്രമത്തെ അപലപിക്കാൻ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ തയ്യാറായില്ല. സർക്കാർ നൂറുകണക്കിനാളുകളെ വെടിവച്ച് കൊന്നിട്ടും അതിനെ അപലപിക്കാത്ത കോൺഗ്രസ് ലീഗ് നേതാക്കൾ വെടിവയ്‌പിൽ കൊല്ലപ്പെട്ട നിരായുധരായ ജനങ്ങളെ വിമർശിക്കുകയാണുണ്ടായത്. കോൺഗ്രസ് നേതാവ് വല്ലഭ്ഭായ് പട്ടേലിന്റെ ഉപദേശത്തെയും തുടർന്ന് ജിന്നയിൽനിന്നുള്ള സന്ദേശത്തെയും അംഗീകരിച്ചാണ് കേന്ദ്ര നാവികപണിമുടക്ക് കമ്മിറ്റി ഒടുവിൽ ഫെബ്രുവരി 23ന് കീഴടങ്ങാൻ തയ്യാറായത്; ‘‘ഞങ്ങൾ ഇന്ത്യക്കു മുന്നിൽ കീഴടങ്ങുന്നു; ബ്രിട്ടനു മുന്നിലല്ല'' എന്ന പ്രഖ്യാപനമാണ് അവർ നടത്തിയത്.
(കടപ്പാട്: പീപ്പിൾസ് ഡെമോക്രസി)

















