Showing posts with label ഇ.എം.എസ്. Show all posts
Showing posts with label ഇ.എം.എസ്. Show all posts

Sunday, August 15, 2021

സ്‌മരണകളിരമ്പുന്ന പാളയം രക്തസാക്ഷി മണ്ഡപം; ഒരുക്കിയത്‌ 1957 ലെ കമ്യൂണിസ്‌റ്റ്‌ സർക്കാർ

തിരുവനന്തപുരം > 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേരുടെയും സ്‌മരണയുമായി ഉയർന്നുനിൽക്കുകയാണ്‌ പാളയം രക്തസാക്ഷി മണ്ഡപം. കേരളത്തിലെ പ്രധാന സ്വാതന്ത്ര്യസമര സ്‌മാരകമായ പാളയം രക്തസാക്ഷിമണ്ഡപം പണികഴിപ്പിച്ചത്‌ 1957 ലെ കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ കാലത്താണ്‌. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്‌ദി ആഘോഷിക്കാൻ ഇഎംസിന്റെ നേതൃത്വത്തിലുള്ള ആദ്യകമ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ലോകത്തിൽ ആദ്യമായി ബാലറ്റ്‌ പേപ്പറിലൂടെ കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിലേറി മൂന്ന്‌ മാസത്തിനുശേഷമാണ്‌ പാളയം രക്തസാക്ഷി മണ്ഡപം ഉദ്‌ഘാടനംചെയ്‌ത്‌. മണ്ഡപം രാജ്യത്തിന്‌ സമർപ്പിച്ചതാകട്ടെ അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദും. 1957 ആഗസ്‌ത്‌ 14നായിരുന്നു ഉദ്‌ഘാടനം. ചടങ്ങിനായി രാഷ്‌ട്രപതി എത്തിയപ്പോൾ സ്വീകരിച്ചത്‌ ‘ബലികുടീരങ്ങളെ’ എന്ന്‌ തുടങ്ങുന്ന വിപ്ലവഗാനവും.


ഒന്നാം സ്വാതന്ത്രസമര രക്തസാക്ഷികളുടെ ഓർമ്മയ്‌ക്കാണ്‌ പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ഒന്നാം സ്വാതന്ത്രസമരത്തിന്റെ 100ാം വാർഷിക ചടങ്ങിൽ രക്തസാക്ഷികളുടെ സ്‌മ‌രണയ്‌ക്കായി “ബലികുടീരങ്ങളേ” ഒരുക്കിയത്‌ വയലാറും ദവരാജനും ചേർന്നാണ്‌. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേര്‍ക്കുമുള്ള സ്‌മാരകത്തിന്റെ ഉദ്ഘാടന വേളയില്‍ ആവേശം പകരുന്ന ഗാനം തന്നെ ഒരുക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമായിരുന്നു. രചന വയലാറും സംഗീതം ജി ദേവരാജനും ആകണമെന്ന് നിര്‍ദേശിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു.

രക്തസാക്ഷി മണ്ഡപം തുറന്നുകൊടുത്തശേഷം വിജെടി ഹാളില്‍ 50 ഗായകര്‍ ചേര്‍ന്നാണ്‌ 'ബലികുടീരങ്ങളേ' ആദ്യമായി ആലപിച്ചത്. ഗായകരില്‍ കെ എസ് ജോര്‍ജ്, പിന്നീട് നടനായി മാറിയ ജോസ് പ്രകാശ്, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, കെപിഎസി സുലോചന എന്നിവരുമുണ്ടായിരുന്നു. ഗാനം രചിക്കാന്‍ അന്ന് മറ്റു പല രചയിതാക്കളുടെയും പേര് നിര്‍ദേശിച്ചെങ്കിലും വിപ്ലവത്തിന്റെ തീയുള്ള മനസ്സില്‍ നിന്നാവണം വരികളെന്ന തീരുമാനമാണ് വയലാറില്‍ എത്തിയത്.

Tuesday, May 18, 2021

അന്ന് ഇഎംഎസ് ചോദിച്ചു; മന്ത്രിയാകാന്‍ എന്തിനു മുന്‍പരിചയം

കൂടുതല്‍ പുതുമുഖങ്ങളുമായി വരുന്ന പുതിയ മന്ത്രിസഭയുടെ പ്രവര്‍ത്തന പരിചയത്തെക്കുറിച്ച്  ചിലര്‍ ആശങ്കപ്പെടുമ്പോള്‍, കാല്‍ നൂറ്റാണ്ടു മുമ്പ് ഇഎംഎസ് പറഞ്ഞ വാക്കുകള്‍ പ്രസക്തമാകുന്നു.

ഇപ്പോള്‍ വീണ്ടും മന്ത്രിയാവുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ 1996 ലാണ് ആദ്യം മന്ത്രിയായത്. അന്ന് കന്നി എംഎല്‍എയുമായിരുന്നു അദ്ദേഹം. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സഖാവിന്   ഇ എം എസിനെ കാണണം. തിരുവനന്തപുരത്ത് അന്നത്തെ ദേശാഭിമാനി ഓഫീസിനടുത്ത് ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ വാടക വീട്ടിലാണ് ഇഎംഎസ് താമസം.

ഇഎംഎസിന്റെ വീട്ടിലെത്തി രാധാകൃഷ്ണന്‍ പരിചയപ്പെടുത്തി. 'മന്ത്രിയായി അല്ലേ' -ഇഎമ്മിന്റെ ചോദ്യം.

മറ്റ് കുശലാന്വേഷണങ്ങള്‍ക്കിടെ രാധാകൃഷ്ണന്‍ ആദ്യമായി മന്ത്രിയാകുന്നതിന്റെ പ്രയാസം പറഞ്ഞു, ''ഭരണമൊന്നും പരിചയമില്ല.അതിന്റെ ആശങ്കയുണ്ട്''.

പെട്ടെന്ന് ഇഎംഎസ് രാധാകൃഷ്ണനെ സൂക്ഷിച്ചു നോക്കി. അല്പം ഗൗരവത്തില്‍ ഒരു ചോദ്യം: ''സഖാവ് ഏത് രംഗത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ?''

''കര്‍ഷകത്തൊഴിലാളി മേഖലയിലാണ്''-രാധാകൃഷ്ണന്റെ മറുപടി.

ഇഎം വീണ്ടും ചിരിച്ചു. ''മതി. മന്ത്രിയാകാന്‍ ആ പ്രവര്‍ത്തന പരിചയം മതി. ജനങ്ങള്‍ക്കിടയിലല്ലേ പ്രവര്‍ത്തിച്ചത്. 57 ല്‍  മുഖ്യമന്ത്രിയും മന്ത്രിയും ആകുമ്പോള്‍ ഞങ്ങള്‍ക്കും ആ പരിചയമൊക്കെയേ  ഉണ്ടായിരുന്നുള്ളൂ ''

പിന്നെ പഴയൊരു അനുഭവവും ഇഎംഎസ് പങ്കുവെച്ചു. ''മുഖ്യമന്ത്രിയായി ആദ്യം ദില്ലിയിലെത്തുമ്പോള്‍ ജി.ബി പന്തായിരുന്നു ആഭ്യന്തരമന്ത്രി. അദ്ദേഹത്തോട് ഞാന്‍ മുന്‍ പരിചയമില്ലെന്ന കാര്യം പറഞ്ഞു. അതില്‍ കാര്യമൊന്നുമില്ല.നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലേ ഇതുവരെ ചെയ്തതൊക്കെ തുടര്‍ന്നും ചെയ്താല്‍ മതി'' എന്നായിരുന്നു പന്തിന്റെ മറുപടി. സഖാവിനും അത് ബാധകമാണ് ''-

ഇഎംഎസ് ആ ചിരിയോടെ തന്നെ രാധാകൃഷ്ണനെ യാത്രയാക്കി .

Monday, August 31, 2020

ഇഎംഎസും‌ ഉറച്ചുനിന്നു; മാപ്പ്‌ പറയാതെ

 കോട്ടയം>കോടതിയലക്ഷ്യക്കേസിൽ  മാപ്പു പറയാതെ തന്റെ ബോധ്യത്തിൽ  ഇഎംഎസ്‌ ഉറച്ചുനിന്ന കേസ്‌ അരനൂറ്റാണ്ടു മുമ്പ്‌ കോളിളക്കം സൃഷ്ടിച്ചതാണ്‌. ‌ മാർക്സിസവും ലെനിനിസവും  സുപ്രിം കോടതിയിൽ വരെ തലനാരിഴകീറി   പരിശോധിച്ച കേസ്‌ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാന്യമർഹിക്കുന്നു.

1967  നവംബർ 9ന്‌  തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി  ഇഎംഎസ് നടത്തിയ ‌ പത്രസമ്മേളനമാണ്‌ വിവാദത്തിനു തിരികൊളുത്തിയത്‌. മാർക്സിനെയും എംഗൽസിനെയും ഉദ്ധരിച്ച്‌ ഇഎംഎസ്‌ പറഞ്ഞു:  ‘‘കോടതി മർദ്ദനോപകരണമാണ്. ‌ ജഡ്‌ജിമാർ വർഗ്ഗവിദ്വേഷത്താലും വർഗ്ഗ താൽപ്പര്യത്താലും  വർഗ്ഗ മുൻവിധികളാലും നയിക്കപ്പെടുന്നവരാണ്‌. നന്നായി വസ്‌ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്‌ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകൾ ഒരുപോലെ  ബാധകമാണെങ്കിൽ കോടതി  സഹജമായും  പണക്കാരന്‌ അനുകൂലമായി നിൽക്കും. ’’ ഭരണവർഗ്ഗത്തിന്റെ ഭാഗമായി നിൽക്കുന്ന കോടതി തൊഴിലാളികൾക്കും കർഷകർക്കും എതിരെ പ്രവർത്തിക്കുന്നുവെന്നും  നിയമവും നീതിന്യായ സംവിധാനവും  ചൂഷകവർഗ്ഗത്തെ സേവിക്കുന്നുവെന്നും കൂടി അദ്ദേഹം പറഞ്ഞു.

ഇത്‌ പല പത്രങ്ങളിലും അച്ചടിച്ചുവന്നു. ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച്‌ കോടതിയലക്ഷ്യ നടപടികർ ഏറ്റെടുത്തപ്പോൾ  ഇഎംഎസ്‌ സത്യവാങ്‌മൂലം സമർപ്പിച്ചു.  താൻ പുതിയ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സിപിഐ എമ്മിന്റെ പാർട്ടി പരിപാടിയിലെ അഞ്ചാം അധ്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.  ഇഎംഎസ്‌ മാപ്പ്‌ പറയാൻ തയ്യാറായില്ല.

കേസിൽ ഇഎംസിനെ ആയിരം രൂപ പിഴയടയ്‌ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. ജസ്‌റ്റിസ്‌ രാമൻ നായർ, ജസ്‌റ്റിസ്‌ കൃഷ്ണമൂർത്തി അയ്യർ എന്നിവരുടെ ഭൂരിപക്ഷവിധിയായിരുന്നു. ജസ്‌റ്റിസ്‌ കെ കെ  മാത്യു വിയോജനക്കുറിപ്പ്‌ എഴുതി.

സുപ്രിം കോടതിയിൽ ഇഎംഎസിനു വേണ്ടി ഹാജരായത്‌   മുൻ പ്രതിരോധമന്ത്രി കൂടിയായ വി കെ കൃഷ്ണമേനോനായിരുന്നു.  കോടതിയലക്ഷ്യ നിയമം ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വതന്ത്ര്യത്തിൽ കടന്നുകയറ്റം നടത്താതെ പരിശോധിക്കണമെന്ന്‌ അദ്ദേഹം വാദിച്ചു.

ജസ്‌റ്റിസ്‌ എം ഹിദായത്തുള്ളയുടെ ബെഞ്ച്‌   ശിക്ഷയിൽ ഇളവുവരുത്തി.   50 രൂപയായി കുറച്ചു. അല്ലാത്തപക്ഷം ഒരാഴ്‌ച തടവ്‌.

ഇഎംഎസിനെ ശിക്ഷിക്കരുതായിരുന്നു എന്നാണ്‌ തന്റെ അഭിപ്രായമെന്ന്‌ ഒരിക്കൽ മുൻ സുപ്രിം കോടതി ജഡ്‌ജി കെ ടി തോമസ്‌ അഭിപ്രായപ്പെട്ടു. ഇഎംഎസ്‌ ഒരു ജഡ്‌ജിയെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കോടതിയുടെ സമ്പ്രദായം മാറ്റണമെന്നു മാത്രമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു മുമ്പ്‌ ഒരു സാക്ഷിയെ വിസ്‌തരിക്കാൻ കൊണ്ടുവന്നാൽ അവസാനം ചോദിച്ചിരുന്ന ചോദ്യം നിങ്ങൾ എത്ര ഭൂനികുതി കൊടുക്കുന്നുണ്ടെന്നായിരുന്നു. ഇഎംഎസിന്റെ ആരോപണം പരമാർഥമാണെന്ന്‌ പറയുന്നത്‌ അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ലെനി ജോസഫ്‌

അന്ന്‌ കൃഷ്ണയ്യർ പറഞ്ഞു: ‘ യേശുക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നു’ മത്തായി മാഞ്ഞൂരാൻ പിഴയടയ്‌ക്കാതെ ജയിലിൽ പോയി

വി ആര്‍ കൃഷ്ണയ്യര്‍, മത്തായി മാഞ്ഞൂരാന്‍,പാലോളി മുഹമ്മദ്‌ കുട്ടി,എം വി ജയരാജൻ

കോടതിയെ ശക്തമായ വാക്കുകൾ കൊണ്ട്‌ പ്രഹരിക്കുന്നത്‌ മുൻ സുപ്രിം കോടതി ജഡ്ജി തന്നെ ആയാലോ?  അത്തരമൊരു സംഭവമായിരുന്നു 1981 ഒക്ടോബര്‍ 31ന് ഹൈക്കോടതിയുടെ മുറ്റത്തു നടന്നത്‌. വേദി ഹൈക്കോടതിയുടെ രജതജൂബിലിച്ചടങ്ങായതിനാൽ ഗൗരവംകൂടി.

 സുപ്രീംകോടതി മുന്‍ ജഡ്ജിയും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രിയുമായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ക്കെതിരെ കേസ്‌ വന്നത്‌ അങ്ങനെയാണ്‌.

"ഡല്‍ഹി കഴ്സണ്‍ റോഡിലെ ഉത്തുംഗമായ ചെങ്കല്‍സൗധം (സുപ്രീംകോടതി) ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാലം വരും. ഇവിടെ യേശുക്രിസ്തു ഇന്നും ക്രൂശിക്കപ്പെടുന്നു. ജഡ്ജിമാര്‍ ബറാബസിനെ വെറുതെവിടുന്നു. സോഷ്യലിസത്തിലും മതനിരപേക്ഷയിലും വിശ്വാസമില്ലാത്ത ജഡ്ജിമാര്‍ രാജിവച്ച് സ്ഥലംവിടുകയാണു വേണ്ടത്. നീതിന്യായപീഠത്തില്‍ ചടഞ്ഞുകൂടരുത്..’ എന്നിങ്ങനെയായിരുന്നു രണ്ടുമണിക്കൂര്‍ പ്രസംഗം.

പബ്ലിക് ഇന്ററസ്റ്റ് ലോ എന്ന സംഘടനയുടെ സെക്രട്ടറി അഡ്വ. വിന്‍സന്റ് പാനികുളങ്ങര കൃഷ്ണയ്യര്‍ക്കെതിരെ ഹൈക്കോടതിയിലെത്തി. കേസ് ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് സുബ്രഹ്മണ്യന്‍പോറ്റിയും ജസ്റ്റിസ് പരിപൂര്‍ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം ഇങ്ങനെ: പ്രമുഖ ന്യായാധിപനും ലോ കമീഷന്‍ അംഗവുമായ നിയമപണ്ഡിതനായ കൃഷ്ണയ്യരുടെ അഭിപ്രായങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് ആലോചിക്കാനാവില്ല. ജനങ്ങളെ നിയമസംവിധാനം സംബന്ധിച്ച് ജാഗരൂകരാക്കാനാകും അദ്ദേഹം ശ്രമിച്ചത്. ബന്ധപ്പെട്ട കക്ഷി (ജസ്റ്റിസ് കൃഷ്ണയ്യര്‍) പരിചയമുള്ളയാളാകുമ്പോള്‍ കേസ് കേള്‍ക്കാതിരിക്കുന്നതാണ് ഉചിതം. എന്നാല്‍ , അദ്ദേഹം എല്ലാവര്‍ക്കും സുപരിചിതനായതിനാല്‍ അഡ്വക്കറ്റ് ജനറലിന്റെയും ഹര്‍ജിക്കാരന്റെയും സാന്നിധ്യത്തില്‍ കേസ് കേള്‍ക്കുകമാത്രമാണ് കോടതി ചെയ്തത്.

1959 ലെ മത്തായി മാഞ്ഞൂരാന്‍ കേസ്  ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തായിരുന്നു.  തൃശൂര്‍ വരന്തരപ്പിള്ളിയിൽ  അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കെ എസ്‌പി നേതാവ്‌  മത്തായി മാഞ്ഞൂരാന്റെ  ‘കേരളപ്രകാശം' ദിനപത്രത്തില്‍ വന്ന വാർത്തയാണ്‌ ഹൈക്കോടതിയുടെ  കോടതിയലക്ഷ്യ കേസിന്‌ കാരണമായത്‌.   കോടതിയിലെത്തിയ മാഞ്ഞൂരാൻ താൻ തെറ്റൊന്നും ചെയ്‌തില്ലെന്ന്‌ പറഞ്ഞു. മാപ്പ്‌ പറയാൻ കൂട്ടാക്കാത്ത അദ്ദേഹത്തെ 100 രൂപ പിഴയടയ്‌ക്കാനും അല്ലാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിഴയടയ്‌ക്കാൻ അദ്ദേഹം തയ്യാറായില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ  ശിക്ഷ അനുഭവിച്ചു.

വരന്തരപ്പള്ളി  കേസിൽ അഭിപ്രായം പറഞ്ഞതിന്  മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുത്തു. പിന്നീട്‌ അദ്ദേഹത്തെ വെറുതെ വിട്ടു.

കോടതി മടിശീലയുടെ കനവും നോട്ടുകെട്ടുകളും നോക്കിയാണ്‌ വിധി പ്രസ്‌താവിക്കുന്നത്‌ എന്ന പരാമർശത്തിന്റെ പേരിൽ 2007 ൽ മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിക്കെതിരെയും കോടതിയലക്ഷ്യത്തിന്‌ കേസെടുത്തു.

പാതയോരത്ത്‌ യോഗം ചേരുന്നതിനെതിരെ വിധി പറഞ്ഞ ജഡ്‌ജിയെ ശുംഭൻ എന്ന്‌ പരാമർശിച്ചതിന്റെ പേരിലാണ്‌ ഹൈക്കോടതി എം വി ജയരാജനെതിരെ കേസെടുത്തത്‌. മാപ്പ്‌ പറയാൻ തയ്യാറാകാതിരുന്ന അദ്ദേഹത്തെ ആറു മാസം തടവിന്‌ ശിക്ഷിച്ചു. സുപ്രിം കോടതിയിലും അദ്ദേഹം മാപ്പ്‌ പറഞ്ഞില്ല. സുപ്രിം കോടതി ശിക്ഷ നാലാഴ്‌ചയായി കുറച്ചു.

1982ല്‍ കോട്ടയത്തു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വയലാര്‍ രവിക്കെതിരെ നവാബ് രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതികള്‍ പ്രതിപക്ഷപാര്‍ടികളെപ്പോലെ സര്‍ക്കാരിനോട് പെരുമാറരുതെന്നായിരുന്നു പ്രസംഗം. എന്നാല്‍ , പരാമര്‍ശം കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍വരില്ലെന്ന തീര്‍പ്പോടെ ഹൈക്കോടതി ഹര്‍ജി തള്ളി.

ലെനി ജോസഫ്‌

Monday, August 24, 2020

കോര്‍ട്ടലക്ഷ്യ കേസിലെ വിധിയ്ക്ക് ഇഎംഎസ് എഴുതിയ മറുപടിയുടെ പൂര്‍ണ്ണരൂപം

 (മാര്‍ക്സിസം ലെനിനിസം മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പരാജയപ്പെട്ടതുകൊണ്ടാണ് ഇഎംഎസില്‍ നിന്ന് കോടതിയലക്ഷ്യത്തിനിടയാക്കിയ വാക്കുകള്‍ ഉണ്ടായതെന്ന വിധിയിലെ പരാമര്‍ശങ്ങള്‍ക്കായിരുന്നു ഇഎംഎസിന്റെ ഈ മറുപടി.വിധി അച്ചടിച്ചു വന്ന കേരള ലോ ടൈംസി (കെഎല്‍ടി)ന് അയച്ച കത്തിലായിരുന്നു  പ്രതികരണം.എന്നാല്‍ കത്ത് പ്രസിദ്ധീകരിച്ച കെഎല്‍ടി പത്രാധിപര്‍  വിധിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പലതും ഒഴിവാക്കി. ഇതില്‍ പ്രതിഷേധമറിയിച്ച ഇഎംഎസ് മറുപടി  ദേശാഭിമാനിക്ക് നല്‍കി. 1971 ജനുവരി 28 ന്റെ പത്രം അത് പൂര്‍ണ്ണരൂപത്തില്‍ അച്ചടിച്ചു.)

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിനും ശിക്ഷയ്ക്കുമെതിരായി ഞാൻ കൊടുത്ത അപ്പീലുകൾ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി താങ്കളുടെ മാസികയുടെ 1970 ഏപ്രിൽ 24 ലാം തീയതിയിലെ ലക്കത്തിൽ (കേരള ലോ ടൈംസ് 588) പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ഹൈക്കോടതി ശിക്ഷ സുപ്രീം കോടതി ശരിവച്ചതിനെ ക്കുറിച്ചോ എന്റെ പിഴ 1000 ഉറുപ്പികയിൽ നിന്ന് 50 ഉറുപ്പികയാക്കി സുപ്രീം കോടതി ഇളവു ചെയ്തതിനെ കുറിച്ചോ ഞാൻ ഒന്നും പറയുവാൻ ഉദ്ദേശിക്കുന്നില്ല. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനത്തെക്കുറിച്ചുള്ള എന്റെ 'ധാരണാ പിശകു'കൾ തുറന്നു കാണിക്കാൻ സുപ്രീം കോടതി വിധിന്യായത്തിൽ നടത്തിയിട്ടുള്ള ശ്രമത്തെക്കുറിച്ച് ഒരു വിശദീകരണം എന്ന നിലയ്ക്കാണ് ഞാനീ എഴുതുന്നത്. മാർക്‌സിന്റെയും ഏംഗൽസിന്റെയും താത്വിക വിശകലനങ്ങൾ പഠിക്കുവാനും ഉൾക്കൊള്ളാനും വേണ്ടി എന്റെ ജീവിതത്തിലെ 35 വർഷങ്ങൾ ചെലവാക്കിയിട്ടുണ്ടെങ്കിലും ആ താത്വിക ആചാര്യന്മാരുടെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ ഞാൻ തയ്യാറല്ല. മാർക്‌സും ഏംഗൽസും എഴുതിയതെല്ലാം തങ്ങൾ വായിച്ചിട്ടുണ്ടെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർ എന്റെ 'ധാരണാ പിശകു'കൾ 'തുറന്നു കാട്ടു'ന്നത് എന്ന കാണുന്നതിനാലാണ് ഇക്കാര്യത്തെ ഞാൻ ഇവിടെ സ്പർശിക്കുന്നത്.മാർക്‌സിന്റെയും  ഏംഗൽസിന്റെയും ഒരു ഗ്രന്ഥവും ജുഡീഷ്യറിയെ, ജനരോഷത്തിന് പാത്രമായ ഒരു സ്ഥാപനമെന്ന നിലയിൽ, നേരിട്ട് വിമർശിച്ചിട്ടില്ല എന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. മാർക്‌സിന്റെയും  ഏംഗൽസിന്റെയും എല്ലാ കൃതികളും വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാൻ മാത്രം ചങ്കൂറ്റമുള്ളവരുടെ ധീരതയ്ക്കു മുമ്പിൽ തലകുനിക്കാൻ മാത്രമേ എനിക്ക് കഴിയൂ. അതോടൊപ്പം മാർക്‌സിസത്തിന്റെ ഉപജ്ഞാതാക്കളുടെ മുഴുവൻ കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാണിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ജർമ്മൻ ഭാഷയിൽ ഇവരുടെയെല്ലാ മൂല കൃതികളും വായിച്ചിട്ടുണ്ടെന്നാണോ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും അവകാശപ്പെടുന്നത്? എന്തായാലും ഏംഗൽസ് 1844 ൽ എഴുതിയ ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ചില വരികൾ ഇവിടെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ബൂർഷ്വാ നീതിന്യായം

''തോൽപ്പിക്കപ്പെടേണ്ട ഒരു ശത്രുവാണ് തൊഴിലാളിവർഗ്ഗമെന്ന ആശയമാണ് എല്ലാ നിയമങ്ങളുടെയും അടിയിലുള്ളത്. ജഡ്ജിമാർ നിയമപാലനം നടത്തുന്ന രീതിയിൽ നിന്നും ഇത് വ്യക്തമാകും. ജസ്റ്റിസസ് ഓഫ് പീസ് എന്ന് പറയപ്പെടുന്നവരെ -ഇവർ ഇടത്തരക്കാരിൽ നിന്നും വ്യത്യസ്തരാണ്- സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്. ഇവരുമായിട്ടാണ്  തൊഴിലാളി വർഗ്ഗത്തിന് പലപ്പോഴും ഇടപഴകേണ്ടി വരുന്നത്. തൊഴിലാളിവർഗ്ഗത്തെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായി നിയമപാലനത്തെ ഉപയോഗപ്പെടുത്താൻ അവർക്ക് യാതൊരു മടിയുമില്ല. സാമ്പത്തികമായി ഭേദപ്പെട്ട ഇടത്തരക്കാരില്‍ നിന്ന് ആരെയെങ്കിലും കോടതി മുമ്പാകെ ഹാജരാകാൻ സമൻസ് -അല്ലെങ്കിൽ ആദര പുരസരം ക്ഷണം- അയക്കുന്നു എന്ന് കരുതുക. അയാളെ ഇങ്ങനെ ബുദ്ധിമുട്ടിച്ചതിന് കോടതി ആദ്യമേ ഖേദപ്രകടനം നടത്തും. ഇടത്തരക്കാരനായ പ്രതിയുടെ പാത സുഗമമാക്കി തീർക്കാൻ മജിസ്‌ട്രേറ്റ് തനിക്ക് കഴിവുള്ളതെന്തും ചെയ്യും. കേസിൽ ധനികനായ പ്രതി കുറ്റക്കാരനാണെന്ന് അസന്നിഗ്ധമായി തെളിഞ്ഞാൽ നിർലോഭമായ  ക്ഷമാപണത്തോടു കൂടി ഒരു നിസാര ശിക്ഷവിധിക്കുക മാത്രമാണ് മജിസ്‌ട്രേറ്റ് ചെയ്യുക. അവജ്ഞയോടു കൂടി പണം മേശപ്പുറത്ത് വലിച്ചെറിഞ്ഞിട്ട് ആ ധനികൻ ഇറങ്ങി പുറത്തു പോകും. അതേ സമയം ഭാഗ്യഹീനനായ ഒരു പാവപ്പെട്ട തൊഴിലാളിയാണ് മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാകേണ്ടി വരുന്നതെങ്കിൽ അത് മറ്റൊരു കഥയാണ്. മിക്കവാറും അതിന് തലേദിവസം രാത്രി മുതൽ മറ്റു തടവുകാരോടൊപ്പം ലോക്കപ്പിൽ കഴിയേണ്ടിവരും. കോടിതിയിൽ വച്ച് മജിസ്‌ട്രേറ്റ് അവന്റെ നേരെ തട്ടിക്കയറും. ആദ്യം മുതലേ അവൻ കുറ്റക്കാരനാണെന്ന ധാരണയോടെയാണ് മജിസ്‌ട്രേറ്റ് പെരുമാറുക. തന്റെ ഭാഗം ന്യായീകരിക്കാൻ അവൻ എന്തെങ്കിലും ശ്രമം നടത്തിയാലുടനെ മജിസ്‌ട്രേറ്റ്  അവജ്ഞയോടെ പറയും 'ഇമ്മാതരി കഥകൾ ഞാൻ മുമ്പും കേട്ടിട്ടുണ്ട്'. അതിന് ശേഷം അവനു പിഴ ശിക്ഷ വിധിക്കപ്പെടുന്നു. കൈയിൽ മതിയായ പണം ഇല്ലാത്തതുകൊണ്ട അവന് ഒരു മാസമോ ജയിൽ ശിക്ഷയോ കഠിനതടവോ അനുഭവിക്കേണ്ടി വരും. മറിച്ച് കുറ്റം വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെണ്ടിയും കള്ളനും ആണെന്നോ (ഒരേ സമയം രണ്ടുമായിരിക്കും) കാരണം പറഞ്ഞ് അവന് ഒരു മാസമോ കൂടുതലോ കഠിനതടവ് വിധിക്കാൻ കോടതിക്ക് കഴിയും. ഗ്രാമ പ്രദേശങ്ങളിലെ അധ്വാനിക്കുന്ന വർഗ്ഗത്തിന് എതിരെയുള്ള ജസ്റ്റിസസ് ഓഫ് പീസിന്റെ വിവേചനം വിവരണാതീതമാണ്. ഈ സ്ഥിതി വിശേഷത്തെ പൊതുജനം സാധാരണ അംഗീകരിക്കുകയാണ് പതിവ്. അങ്ങേയറ്റം ആക്ഷേപാർഹമായ ചില കേസുകൾ മാത്രമേ പത്രത്തിൽ പരാമർശിക്കപ്പെടാറുള്ളൂ. സാധാരണ ഗതിയിൽ അഭിപ്രായ പ്രകടനം ഒന്നും കൂടാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് പതിവ്. അവരിൽ നിന്നും ഇത്രയേ പ്രതീക്ഷിക്കുന്നുള്ളൂതാനും. ഈ പട്ടിക്കായകൾ (Dogberries)* നിയമത്തെ എപ്പോഴും ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. ഈ ന്യായാധിപൻമാർ ബൂർഷ്വാ വർഗ്ഗത്തിൽ നിന്നും വരുന്നവരാണ്. ക്രമസമാധാനത്തിന്റെ ആണിക്കല്ല് തങ്ങളുടെ വർഗ്ഗ താൽപര്യ സംരക്ഷണമാണെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു''. (കുറിപ്പ് : *ഇതൊരു ഗ്രാമ്യ പ്രയോഗമാണ് Dogberries എന്നതിന് Websters Third International Dictionaryയിൽ അർഥം കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്: A Foolish Constable in Shakespeare's Much Ado about Nothing. A Blundering Official often a policeman/constable.അതായത് അബദ്ധം മാത്രം പ്രവർത്തിക്കുന്ന വങ്കൻ പൊലീസുകാരൻ അഥവാ ഉദ്യോഗസ്ഥൻ എന്നർത്ഥം.)

സുപ്രീംകോടതിയുടെ വിധിയിൽ ഏംഗൽസ് ഇപ്രകാരം പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഞാൻ സാദരം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.

"കേന്ദ്രീകൃത ഭരണകൂടവും അതിന്റെ സർവ്വവ്യാപിയായ സ്ഥിരം പട്ടാളം പൊലീസ് ഉദ്യോഗസ്ഥ ശ്രേണി പുരോഹിതൻമാർ ജുഡീഷ്യ സ്ഥാപനങ്ങൾ എന്നിവയും പരമ്പരാഗതമായി വ്യവസ്ഥാപിതമായ തൊഴിൽ വിഭജനത്തിന് വേണ്ടി രൂപം കൊണ്ടതാണ്. ഫ്യൂഡലിസത്തിനെതിരായ സമരത്തിന്റെ ശക്തമായ ഉപകരണങ്ങളെന്ന നിലക്ക് പുതിയതായി രൂപംകൊണ്ടു വന്ന മധ്യവർഗ്ഗ വിഭാഗത്തെ  സേവിക്കുന്ന ഈ ഏർപ്പാട് രാജ്യവാഴ്ചക്കാലത്താണ് ആരംഭിച്ചത്.''

പട്ടാളം, പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വം പുരോഹിതന്മാർ ജൂഡീഷ്യറി തുടങ്ങിയ കേന്ദ്രീകൃത ഭരണകൂട വിഭാഗങ്ങൾ തമ്മിൽ യാതൊരു വിവേചനവും ഏംഗൽസ് കൽപ്പിച്ചിട്ടില്ലെന്നതിന് ഇത് മതിയായ തെളിവ് നൽകുന്നു.''

കോടതികളുടെ ചുമതല

രാഷ്ട്രീയ തത്വസംഹിതകളെ കുറിച്ച് - ഇതിൽ മാർക്‌സിന്റെയും ഏഗൽസിന്റെയും സിദ്ധാന്തങ്ങൾ പ്രധാനമാണ് - ഒരു പ്രതിക്കുള്ള അഭിപ്രായങ്ങളിലെ തെറ്റുകൾ തുറന്നു കാണിക്കുക എന്നത് കോടതിയുടെ ചുമതലയിൽപ്പെട്ടതാണോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എന്റെ അഭിപ്രായത്തിൽ നിയമത്തെ വ്യാഖാനിക്കുകയും നടപ്പാക്കുകയുമാണ് കോടതിയുടെ കർത്തവ്യം കേസിലെ പ്രതികൾ വിശ്വാസം അർപ്പിച്ചിട്ടുള്ള രാഷ്ട്രീയ സംഹിതകളെക്കുറിച്ച് വിലകൽപ്പിക്കുകയല്ല അതിന്റെ ജോലി. രാഷ്ട്രീയ പ്രമാണങ്ങളുടെ വ്യാഖ്യാതാക്കളായി ജഡ്ജിമാർ മാറുകയാണെങ്കിൽ അതൊരു അസാധാരണ സ്ഥിതിവിശേഷമായിരിക്കും. തന്റെ പ്രഖ്യാപിത തത്വങ്ങളോട് ഒരാൾ കൂറു പുലർത്തുന്നുണ്ടോ എന്ന് പ്രശ്‌നമാക്കാതെ അയാൾ ചെയ്ത കൃത്യം നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കുകയാണ് കോടതിയുടെ കടമയെന്ന് ഞാൻ കരുതുന്നു. ഈ കേസിനെ സംബന്ധിച്ചിടത്തോലം എന്റെ പ്രസംഗങ്ങളും പ്രസ്താവനകളും നിയമത്തിന് എതിരായിരുന്നോ  എന്ന് പരിശോധിക്കുവാനും ഈ പ്രത്യേക നിയമപ്രശ്നത്തെക്കുറിച്ച് വിധി നൽകാനോ കോടതിക്ക് തീർച്ചയായും കടമയുണ്ട്. പക്ഷേ  മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ വിശ്വസ്തതയോടെ പിന്തുടരുന്നുണ്ടെന്ന എന്റെ അവകാശ വാദം ശരിയോ തെറ്റോ എന്ന പ്രശ്‌നം ജഡ്ജിമാർ പരിശോധിക്കണമായിരുന്നോ എന്ന കാര്യം എനിക്ക് സംശയമാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളെ സംബന്ധിച്ച എന്റെ അവകാശ വാദങ്ങൾ എന്തു തന്നെയായിരുന്നാലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന തരത്തിൽ നിയമത്തിനെതിരായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നേരെ മറിച്ച് എന്റെ അവകാശ വാദം തെറ്റാണെങ്കിൽ പോലും ജഡ്ജിമാർ വ്യാഖ്യാനിക്കുന്ന നിയമത്തെ ലംഘിച്ചിട്ടില്ലെങ്കിൽ ഞാൻ ശിക്ഷ അർഹിക്കുന്നില്ല.

തെറ്റുപറ്റിയത് എനിക്കല്ല

എങ്കിലും മാർക്‌സിന്റെയും ഏംഗൽസിന്റെയും  ശരിയായ വിശകലനങ്ങൾ ഏതെല്ലാമായിരുന്നുന്വെന്ന് പരിശോധിക്കാനും  അവയെ സംബന്ധിച്ച എന്റെ തെറ്റുകൾ തുറന്നു കാട്ടാനും ഈ രാജ്യത്തെ പരമോന്നത നീതി പീഠം മുതിർന്നിട്ടുള്ള നിലയ്ക്ക് മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ സിദ്ധാന്തങ്ങളെക്കുറിച്ച് എനിക്കല്ല തെറ്റുപറ്റിയതെന്ന് താങ്കളുടെ പംക്തികളിലൂടെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മേൽപ്പറഞ്ഞ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാനും എന്റെ തെറ്റുകൾ 'തുറന്നുകാട്ടാനും' വേണ്ടിയാണ്  സുപ്രീം കോടതി വിധിയിലെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടുള്ളത്. ബഹുമാനപ്പെട്ട കോടതിയുടെ പാണ്ഡിത്യ വിവേക അധികാരങ്ങളോടുള്ള എല്ലാ ആദരവും വച്ചുപുലർത്തിക്കൊണ്ടു തന്നെ ഈ പ്രശ്‌നം സംബന്ധിച്ച് കോടതിയുടെ ധാരണ ശരിയല്ലെന്ന് പറയാൻ ഞാൻ അഗ്രഹിക്കുകയാണ്.

ഭരണകൂടത്തെ സംബന്ധിച്ചും ഒരു ഘട്ടത്തിൽ അവ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചള്ള മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സമീപനത്തെപറ്റി ജഡ്ജിമാർ പറയുന്നത് ഇങ്ങനെയാണ്:

""മാർക്‌സും ഏംഗൽസും ലെനിനും ഭരണകൂടം കൊഴിഞ്ഞു പോകുക എന്ന അടിസ്ഥാനത്തിലാണ് ചിന്തിച്ചിരുന്നത്. ഏംഗൽസിന്റെ സിദ്ധാന്തങ്ങൾ, മാർക്‌സിസത്തിൽ വെള്ളം ചേർത്തതാണെന്ന ലെനിന്റെ ധാരണ തെറ്റായിരുന്നു. മാർക്‌സ് തന്നെ ഇതിൽ വിശ്വസിച്ചിരുന്നു. 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന തന്റെ ഗ്രന്ഥത്തിൽ മാർക്‌സ് എഴുതുന്നു: "വളർച്ചയുടെ ഗതിക്രമത്തിൽ പഴയ ബൂർഷ്വാ സമുദായത്തിന്റെ സ്ഥാനത്ത് തൊഴിലാളി വർഗ്ഗം പുതിയ സാമൂഹ്യവ്യവസ്ഥ സ്ഥാപിക്കും. വർഗ്ഗങ്ങളും വർഗ്ഗ ശത്രുക്കളും ഇല്ലാത്ത ഒരു സമൂഹമായിരിക്കും അത്. തന്മൂലം ബൂർഷ്വാ സമുദായത്തിലെ വർഗ്ഗ ശത്രുതതയുടെ ഔദ്യോഗികമായ രൂപം മാത്രമായ രാഷ്ട്രീയ അധികാരം ഇന്നത്തെ അർത്ഥത്തിൽ അപ്രത്യക്ഷമാകും.''

തൊഴിലാളി വർഗ്ഗം ഭരണാധികാരിവർഗമായി സംഘടിക്കുന്നതാണ് യഥാർത്ഥ ഭരണകൂടം എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും പറഞ്ഞിട്ടുണ്ട്. തൊഴിലാളി വർഗത്തിന് ഭരണകൂടം ആവശ്യമുണ്ടെന്നുള്ള  കൌട്സ്ക്കിയുടെയും കൂട്ടരുടെയും വാദം മാർക്‌സിസത്തെ തെറ്റായി ധരിച്ചതിൽ നിന്നുണ്ടായതാണ്. മാർക്‌സിന്റെ അഭിപ്രായപ്രകാരം തൊഴിലാളി വർഗ്ഗത്തിന് ഭരണകൂടം ആവശ്യമുണ്ട്. ക്രമേണ ആ ഭരണകൂടം കൊഴിഞ്ഞു പോകുകയും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്യും."

മാർക്‌സിന്റെ ഉദ്ധരണിയും  കൌട്സ്ക്കി മാർക്‌സിന്റെ ആശയങ്ങളെ തെറ്റായി ധരിച്ചുവെന്ന പരാമർശവും ഒഴിച്ചാൽ ഈ പ്രസ്താവം മുഴുവൻ തെറ്റാണെന്ന് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് അടിസ്ഥാന ഗ്രന്ഥവുമായി ഇടപഴകിയിട്ടുള്ള ആർക്കും വ്യക്തമാകും. ഈ പോയിന്റ് സംബന്ധിച്ച് തന്നെ മാർക്‌സിന്റെ വിശകലനത്തെയും  കൌട്സ്ക്കിയുടെ തെറ്റിദ്ധാരണകളെയും കുറിച്ചുള്ള കോടതിയുടെ ധാരണകൾ ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

ഒന്ന്

ശാശ്വതമായ ഒരു ഏർപ്പാടായി ഭരണകൂടത്തെ മാർക്‌സും ഏംഗൽസും ലെനിനും പരിഗണിച്ചിരുന്നില്ല. മനുഷ്യ ചരിത്രത്തിൽ ഭരണകൂടം ഇല്ലായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നെന്ന് അവർ വിദഗ്ധമായി തെളിയിച്ചിട്ടുണ്ട്. അതുപോലെ ഭാവിയിലും ഭരണകൂടമില്ലാത്തൊരു ഘട്ടം ഉണ്ടാകും. ഈ രണ്ട് ഘട്ടങ്ങൾക്ക് ഇടക്ക് ശാശ്വത സ്വഭാവം ഇല്ലാത്തതും അടിസ്ഥാന സ്വഭാവം മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു ഭരണകൂടം നിലനിൽക്കുന്നു. മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ലെനിൻ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതുപോലെ സാമാന്യമായ ഒരു ഭരണകൂടവുമില്ല. ഏത് വർഗ്ഗത്തിന്റെ സന്തതിയും രക്ഷിതാവുമാണോ ഭരണകൂടം ആ വർഗത്തിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റമനുസരിച്ച് ഭരണകൂടവും സ്വാഭാവികമായി മാറുന്നു. അടിമ, നാടുവാഴി ബൂർഷ്വാ സമുദായങ്ങൾക്ക് അവരവരുടേതായ വർഗ്ഗ ഭരണകൂടങ്ങളുണ്ട്. ഭൂരിപക്ഷത്തെ അടിമകളാക്കി നിർത്തി ചൂഷണം ചെയ്യുന്നതിന് വേണ്ടി അടിമ നാടുവാഴി ബൂർഷ്വാ ചൂഷക വർഗ്ഗങ്ങൾ തട്ടിപ്പടച്ചിട്ടുള്ള ഭരണകൂടമാണ് ഓരോ ഭരണകൂടവും. നാടുവാഴി ബൂർഷ്വാ ചൂഷക ന്യൂനപക്ഷങ്ങൾ ആധിപത്യം ചെലുത്തുന്ന നമ്മുടേത് പോലുള്ള വർഗ്ഗ സമുദായങ്ങളിൽ ഈ ചൂഷക വർഗ്ഗങ്ങളുടെ മർദ്ദന യന്ത്രമാണ് ഭരണകൂടം.

രണ്ട്

മാർക്‌സിന്റെയും ഏംഗൽസിന്റെയും ഈ വിശകലനത്തെയാണ് കാള്‍ കൗട്സ്‌കി തെറ്റിദ്ധരിക്കുകയും മുതലാളിത്ത ഭരണത്തെ വലിച്ചെറിഞ്ഞ് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ തൊഴിലാളി വർഗത്തിന് ബൂർഷ്വാ ഭരണകൂടത്തെ ഉപയോഗപ്പെടുത്താമെന്ന സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും ചെയ്തത്. ഈ പ്രശ്‌നത്തിൽ കൗട്സ്ക്കിക്കുള്ള തെറ്റിദ്ധാരണകളെ സംബന്ധിച്ച് ഏംഗൽസിന് അദ്ദേഹത്തിന്റെ അവസാന കാലത്ത് നേരിയ ബോധം ഉണ്ടായിരുന്നു. പക്ഷേ  കൌട്സ്ക്കിയുടെ ഈ മാർക്‌സിസ്റ്റ് വിരുദ്ധ സിദ്ധാന്തത്തെ തകർത്തെറിയുന്നതിനുള്ള കടമ ലെനിനിലാണ് അർപ്പിതമായത്. ബൂർഷ്വാ ഭരണകൂടത്തിന്റെ വർഗ്ഗ സ്വഭാവം മനസ്സിലാക്കാതിരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി ധരിക്കുകയും ചെയ്തതാണ്  കൌട്സ്ക്കിയുടെ അടിസ്ഥാനപരമായ പിശക് എന്ന് ലെനിൻ ചൂണ്ടിക്കാട്ടി. മാർക്‌സും ഏംഗൽസും തങ്ങളുടെ ജീവിതകാലം മുഴുവൻ പോരാടിയത് ഈ ആശയത്തിന് എതിരായിട്ടായിരുന്നു.

മൂന്ന്

ചൂഷിത ഭൂരിപക്ഷത്തിന് എതിരായി ചൂഷക ന്യൂനപക്ഷം ഉപയോഗിക്കുന്ന മർദ്ദന ഉപാധികളെന്ന നിലയിൽ വർഗ്ഗ ഭരണകൂടത്തിന്റെ അവസാന രൂപമാണ് ബൂർഷ്വാ സ്റ്റേറ്റെന്ന് മാർക്‌സും ഏംഗൽസും അഭിപ്രായപ്പെട്ടിട്ടുണ്ട്. കർഷകരുടെയും ചെറുകിട ഉടമകളുടെയും സഹായത്തോടെ മുതലാളിത്ത വ്യവസ്ഥ തകർത്തെറിയുന്ന തൊഴിലാളി വർഗ്ഗം ബൂർഷ്വാ ഭരണസംവിധാനത്തെ തുടച്ചു നീക്കുകയും സ്വന്തം ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നു. ഈ ഭരണകൂടത്തെക്കുറിച്ച്  രണ്ടുകാര്യങ്ങള്‍ പറയേണ്ടതുണ്ട്:

തൊഴിലാളി വർഗ്ഗ ഭരണകൂടം

ഒന്നാമത്, നേരത്തെ ചൂഷണം ചെയ്യപ്പെട്ടിരുന്ന ഭൂരീപക്ഷക്കാരുടെ അധീനതയിലായതുകൊണ്ട് ചൂഷിത ഭൂരിപക്ഷത്തിനെതിരായ  ചൂഷക ന്യൂനപക്ഷത്തിന്റെ ഭരണകൂടമായിരിക്കില്ല അത്. വര്‍ഗ സമുദായങ്ങളുടെ ഉല്‍ഭവത്തിന് ശേഷം ആദ്യമായി  ഭൂരിപക്ഷം ചൂഷണം ചെയ്യപ്പെടാത്ത വ്യവസ്ഥിതിയായിരിക്കും അത്.

രണ്ടാമത്, ഒരു  ഭരണകൂടത്തിന്റെ  സ്വഭാവങ്ങള്‍ അതിനും ഉണ്ടായിരിക്കും. അതായത്, ആ ഭരണകൂടവും ഒരു മര്‍ദ്ദനോപകരണമായിരിക്കും.കാരണം വീണ്ടും അധികാരത്തില്‍  തിരിച്ചുവരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ മാത്രം ശക്തമായിരിക്കും പുറത്താക്കപ്പെട്ട ചൂഷക ന്യൂനപക്ഷം. അത്തരം ശ്രമങ്ങളെ അടിച്ചമര്‍ത്താന്‍ ആവശ്യമായ മര്‍ദ്ദനോപാധികള്‍ തൊഴിലാളി ഭരണകൂടത്തിന് ഉപയോഗിക്കേണ്ടി വരുന്നു. ഇതിനെയാണ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന് പറയുന്നത്. ആകാവുന്നത്ര വിപുലമായ ജനാധിപത്യമാണ്  കര്‍ഷകരുടേയും ഇടത്തരം ഉടമകളുടേയും സഹായത്തോടെ തൊഴിലാളിവര്‍ഗ ഭരണകൂടം നടപ്പിലാക്കുന്നത് . അതോടൊപ്പം വര്‍ഗഭരണത്തിന്റെ പുനരാവിര്‍ഭാവം തടയുന്നതിനു വേണ്ടി മുന്‍ ചൂഷക ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്ക്  നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരികയും ചെയ്യും.

നാല്

എല്ലാ ഉല്‍പാദനോപകരണങ്ങളും പൊതു ഉടമയിലാക്കുകയും ബുദ്ധിപരവും കായികവുമായ അധ്വാനങ്ങള്‍ തമ്മിലും നഗര ഗ്രാമ ജീവിതങ്ങള്‍ തമ്മിലും സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയും, അങ്ങിനെ  വര്‍ഗവിവേചനത്തിന്റെ എല്ലാ അവശിഷ്ടങ്ങളും തുടച്ചുനീക്കുകയും ചെയ്യുന്ന  മനുഷ്യചരിത്രത്തിലെ  പരിവര്‍ത്തനോന്‍മുഖമായ ഘട്ടത്തിന് ശേഷമാണ് ഭരണകൂടം 'അപ്രത്യക്ഷമാകു'ന്നത്

അവർ മനസ്സിലാക്കാത്തൊരു കാര്യം

മാർക്‌സിന്റെയും ഏംഗൽസിന്റെയും ശരിയായ വിശകലനങ്ങളെക്കുറിച്ചുള്ള എന്റെ 'ധാരണപിശകു'കൾ തുറന്നുകാട്ടാൻ ശ്രമിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാർ മനസ്സിലാക്കാത്തൊരു കാര്യമുണ്ട്. മർദ്ദനോപകരണം  കൈകാര്യം ചെയ്യുന്ന വർഗ്ഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ഭരണകൂടത്തെ പറ്റി സാമാന്യമായി ചർച്ച ചെയ്യുന്നത് മാർക്‌സിന്റെയും ഏംഗൽസിന്റെയും വിശകലനങ്ങൾക്ക് യോജിച്ചതല്ല എന്നുള്ളതാണത്. കൌട്സ്ക്കിക്ക്  പിണഞ്ഞ അതേ അബദ്ധമാണിത്. ബഹുമാനപ്പെട്ട ജഡ്ജിമാർക്കും ഈ അബദ്ധം പിണഞ്ഞുവെന്നാണ് എന്റെ വിനീത അഭിപ്രായം. ഭരണകൂടം കൊഴിഞ്ഞു പോകുന്നത് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്ക് നയിക്കുമെന്നാണ് മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തമെന്ന തികച്ചും തെറ്റായ പരാമർശം വിധിന്യായത്തിൽ കാണുന്നത് അതുകൊണ്ടാണ്.

എൻ പ്രഭോ!

പകൽ പോലെ വ്യക്തമായ ഇത്തരം തെറ്റായ പരാമർശം ഏതെങ്കിലും ദിനപത്രത്തിലെ ഒരു സാധാരണ എഴുത്തുകാരനോ വിവരമില്ലാത്ത രാഷ്ട്രീയക്കാരനോ ആണ് നടത്തിയതെങ്കിൽ അത് അവഗണിച്ച് തള്ളാമായിരുന്നു. ഏതെങ്കിലും ജഡ്ജി തന്നെ കോടതിക്ക് പുറത്തുവച്ച് ഇങ്ങനെ പറയുന്ന പക്ഷം അതിനെയും ഇപ്രകാരം തന്നെ  കാണാമായിരുന്നു. പക്ഷേ ഇത് ഇന്ത്യയുടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായമാണ്. മാർക്‌സിസ്റ്റ് വിശകലനത്തെ സംബന്ധിച്ച് എന്റെ 'ധാരണപിശകു'കൾ തിരുത്താൻ ആവശ്യപ്പെടുന്ന ഒരു വിധിന്യായം!

ഇങ്ങനെ വിളിച്ചു പറയുവാൻ എന്നെ അനുവദിക്കുമാറാകണം.

എന്റെ പ്രഭോ!

സാധ്യമല്ല.

അവിടുത്തെ കണ്ണുകളിൽ കൂടി

മാർക്‌സിന്റെയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ

വായിക്കുന്നതിനേക്കാൾ

എന്റെ തെറ്റിൽ ഉറച്ചു നിൽക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുക.

Wednesday, October 2, 2013

ഓര്‍മയിലിന്നും സ്നേഹദൂതന്റെ സാന്ത്വന സ്വരം

തലശേരി: ഇ എം എസിന്റെ ആശ്വാസവാക്കുകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും സി പി ആബൂട്ടിയുടെ മനസില്‍നിന്ന് മാഞ്ഞിട്ടില്ല. ആ നാളുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ശാന്തിദൂതനെപോലെ പടികടന്നെത്തിയ ആരാധ്യനായ ജനനേതാവിനെയാണ്. ലഹള തുടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ എം എസ് വന്നതെന്ന് എണ്‍പത്തഞ്ചിന്റെ പടിവാതിലിലും ആബൂട്ടി വ്യക്തമായി ഓര്‍ത്തെടുക്കുന്നു. പൊതുയോഗങ്ങളിലും പത്രങ്ങളിലും മാത്രം കണ്ടിരുന്ന ഇ എം എസ് വീട്ടിലേക്ക് കയറിവരുമ്പോള്‍ വിശ്വസിക്കാനായില്ല. പുറത്തുതട്ടി അദ്ദേഹം ആശ്വസിപ്പിച്ചു. കൈപിടിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. കലാപത്തിന്റെ മുറിവുണങ്ങാത്ത മണ്ണില്‍ ഇ എം എസ് നടത്തിയ യാത്രയ്ക്കിടയിലാണ് കലാപത്തിനിരയായ ആബൂട്ടിയുടെ വീട്ടിലും എത്തിയത്. ഇന്ത്യാ-പാക് വിഭജന നാളില്‍ കലാപംകത്തിയ നവ്ഖാലിയില്‍ ഗാന്ധിജി നടത്തിയ സന്ദര്‍ശനത്തിന് സമാനമായിരുന്നതാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. കലാപത്തിനിരയായ ഓരോ ആളെയും ഇ എം എസ് കണ്ടു. മട്ടാമ്പ്രം പള്ളിയടക്കം ആക്രമിക്കപ്പെട്ട ആരാധനാലയങ്ങളിലെല്ലാം അദ്ദേഹമെത്തി. സന്ദര്‍ശനം നാട്ടില്‍ സൃഷ്ടിച്ച ചലനം വലുതായിരുന്നു.

1971 ഡിസംബര്‍ 28ന് രാത്രി വൈകിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കിംവദന്തികളും ഊഹാപോഹങ്ങളുമായിരുന്നു പിന്നെ. മതവികാരം വളര്‍ത്തുന്ന വാര്‍ത്തകളും കാട്ടുതീപോലെ പ്രചരിച്ചു. സാമൂഹ്യവിരുദ്ധരും കിട്ടിയ അവസരം മുതലെടുത്തു. "വീടിന് മുന്നിലുള്ള കാര്‍ത്യായനിയമ്മയുടെ വീട്ടിലാണ് ആദ്യദിവസം പകല്‍ കഴിഞ്ഞ"തെന്ന് സി പി ആബൂട്ടി പറഞ്ഞു. "ആദ്യനാളില്‍ കുട്ടിമാക്കൂലിലുള്ളവരായിരുന്നു വീടിന് കാവല്‍നിന്നത്. കലാപം ശക്തിപ്പെട്ടതോടെയാണ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറിയത്"- സി പി ആബൂട്ടി പറഞ്ഞു.

മേലൂട്ട് മടപ്പുരയിലെ കലശഘോഷയാത്രക്ക് ചെരിപ്പെറിഞ്ഞെന്ന കെട്ടുകഥയായിരുന്നു തലശേരി കലാപത്തിന്റെ തീപ്പൊരി. നിമിഷങ്ങള്‍ക്കകം അക്രമം തുടങ്ങി. വീടുകളും കടകളും കൊള്ളയടിച്ചു. നിരാലംബരുടെ കണ്ണീര്‍ വീണ് തലശേരിയുടെ മണ്ണ് കുതിര്‍ന്നു. നാടാകെ വിറങ്ങലിച്ചുനിന്ന ദിവസങ്ങളായിരുന്നു അത്. മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ മനുഷ്യര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണമെന്നാണ് ലഹളയുടെ ഇരയായ ആബൂട്ടി അന്നും ഇന്നും പറയുന്നത്. മാനവസ്നേഹത്തിന്റെ തുരുത്തായി കേരളം മാറണം. അതിനുള്ള ശ്രമമായി കണ്ണൂരില്‍ നടക്കുന്ന "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും" സെമിനാര്‍ മാറുമെന്ന് ആബൂട്ടി പ്രത്യാശിക്കുന്നു.

deshabhimani

Friday, September 20, 2013

150 വയസ്സിന്റെ ഓര്‍മപ്പെടുത്തലുമായി സ്മരണിക

"കേരളാസ്റ്റെയിറ്റിലെ ഒന്നാമത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ ചരിത്രപ്രധാനമായ കണ്ണൂര് നഗരം സന്ദര്‍ശിക്കുന്ന ഈ ശുഭവേളയില്‍, കണ്ണൂരിലെ പൗരാവലിയുടെ പ്രതിനിധികളെന്ന നിലയില്‍ ഞങ്ങള്‍ താങ്കളെ ഹൃദയംഗമായി സ്വാഗതം ചെയ്യുകയും ഈ സ്റ്റെയിറ്റിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായുള്ള പുരോഗതിയെ ലാക്കാക്കികൊണ്ടുള്ള താങ്കളുടെ അക്ഷീണ പരിശ്രമത്തിനു സര്‍വ്വമംഗളങ്ങളും നേരുകയും ചെയ്യുന്നു". കേരളത്തിലെ പ്രഥമ മുഖ്യമന്ത്രി ഇ എം എസിന് കണ്ണൂര്‍ പൗരാവലി 1957 മെയ് രണ്ടിന് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ നല്‍കിയ മംഗള പത്രത്തിലെ വാക്കുകള്‍.

കണ്ണൂര്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ആദ്യ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കിയത്. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (മുനിസിപ്പല്‍ സ്കൂള്‍) നൂറ്റമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണികയിലാണ് ഈ ചരിത്രത്താള്‍ സ്ഥാനം പിടിച്ചത്. നഗരത്തില്‍ ശുദ്ധജലപദ്ധതിയും കാംമ്പജാറില്‍ അഴുക്ക്ചാല്‍ പദ്ധതിയും നടപ്പാക്കുന്നതിന് 90,000 രൂപ അനുവദിച്ചു തരണമെന്ന് 1930ല്‍ തന്നെ മദ്രാസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പകുതി തുകയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു തരണമെന്നും മംഗളപത്രത്തില്‍ ആവശ്യപ്പെട്ടിരുന്നു.

1957 ജനുവരി ഒന്നിന് ജില്ലാ രൂപീകരണ പ്രഖ്യാപനത്തിന്റെ അപൂര്‍വ ഫോട്ടോ ഉള്‍പ്പെടെ നിരവധി ചരിത്ര സ്മരണകളാണ് സ്മരണികയില്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തൊട്ട് പി ടി ഉഷ വരെയുള്ള ഉജ്വല പ്രതിഭകളുടെ അരങ്ങായിരുന്നു ഈ വിദ്യാലയം. ഒളിമ്പ്യന്‍ സി കെ ലക്ഷ്മണന്‍, ദേവദാസ്, ബോബി അലോഷ്യസ് എന്നിവരും കേന്ദ്ര മന്ത്രി ഇ അഹമ്മദ്, എംഎല്‍എമാരായിരുന്ന പോത്തേരി മാധവന്‍, പാമ്പന്‍ മാധവന്‍, എന്‍ കെ കുമാരന്‍, പോത്തേരി കുഞ്ഞമ്പു വക്കീല്‍, മാണിക്കോത്ത് കുമാരന്‍, പി ഭാസ്കരന്‍, എ കെ ശശീന്ദ്രന്‍, സുപ്രീകോടതി ജഡ്ജിയായിരുന്ന വി ഖാലിദ് എന്നിവരും ഇവിടെ വിദ്യാര്‍ഥികളായിരുന്നു.

deshabhimani

Saturday, June 15, 2013

കര്‍ഷക അനുകൂല ബദല്‍നയം ആവിഷ്കരിക്കണം: എസ് ആര്‍ പി

തൃശൂര്‍: കര്‍ഷക സമൂഹത്തിന്റെ സാമൂഹ്യ പുരോഗതിക്കും നിലനില്‍പ്പിനും സഹായകരമാകുന്ന ബദല്‍ വികസന നയങ്ങള്‍ ആവിഷ്കരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എന്നാലേ രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനങ്ങളും പ്രത്യേക നയം രൂപീകരിക്കണം. ഇ എം എസ് സ്മൃതിയില്‍ "കൃഷി, ഭൂമി, പരിസ്ഥിതി" സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എസ് ആര്‍ പി.

ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കാര്‍ഷികമേഖലയുടെ സംഭാവന 14 ശതമാനമായും കുറഞ്ഞു. ഈ അവസ്ഥക്ക് പരിഹാരം കാണുന്ന ബദല്‍ നയങ്ങളാണ് ആവിഷ്കരിക്കേണ്ടത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമാണ് ഒരുപരിധിവരെ ഭൂപരിഷ്കരണം നടപ്പാക്കിയത്. രാജ്യത്ത് 2.10 കോടി ഏക്കര്‍ മിച്ചഭൂമിയുണ്ടെന്നാണ് റിപ്പോര്‍ട്ട്്. ഇതില്‍ 27 ലക്ഷം ഏക്കറാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. 19 ലക്ഷം ഏക്കര്‍ മാത്രമാണ് വിതരണം ചെയ്തത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സ്വന്തമായി ഭൂമിയും കിടപ്പാടവും നല്‍കാനുള്ള നടപടി പൂര്‍ത്തിയാക്കണം. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ രണ്ട് ദശകത്തിനിടയില്‍ 21 ശതമാനത്തില്‍നിന്നും 41 ശതമാനമായി. കടക്കെണിയിലായ കര്‍ഷകര്‍ ഇന്ന് വന്‍തോതില്‍ ഭൂമി വിറ്റഴിക്കുകയാണ്. കൃഷി അനാദായകരമായതിനാല്‍ തരിശുകൃഷിയിടങ്ങളും ഏറുന്നു. ഇതിനിടയില്‍ വിദേശ കോര്‍പറേറ്റുകള്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാനും ബാങ്കുകള്‍ തുടങ്ങാനുംവരെ കേന്ദ്രം അനുമതി നല്‍കി. ഉല്‍പ്പാദനക്ഷമമായ ഭൂമിയെ കച്ചവടച്ചരക്കാക്കി ഊഹക്കമ്പോളത്തിന് വിട്ടുകൊടുത്തിരിക്കയാണ്. സബ്സിഡികള്‍ നിര്‍ത്തിയും ഇന്ധനവില വര്‍ധിപ്പിച്ചും കാര്‍ഷിക ഇറക്കുമതിച്ചുങ്കം കുറച്ചും കര്‍ഷകരെ ദ്രോഹിക്കുന്ന മറ്റു സമീപനങ്ങളും ഇതോടൊപ്പം തുടരുന്നു. കൃഷി ഭൂമി വികസന ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണം. ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയും വികസനനേട്ടങ്ങള്‍ അവര്‍ക്കുകൂടി പ്രയോജനപ്പെടുകയും വേണം- എസ് ആര്‍പി പറഞ്ഞു.

deshabhimaani

Friday, June 14, 2013

മോഡി മാതൃക കോര്‍പറേറ്റ് അടിയറവ്- പ്രഭാത് പട്നായിക്

തൃശൂര്‍/നിലമ്പൂര്‍: നരേന്ദ്രമോഡി മോഡല്‍ വികസനമെന്നാല്‍ രാജ്യത്തെ കോര്‍പറേറ്റ് ശക്തികള്‍ക്ക് അടിയറവയ്ക്കലാണെന്ന് ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ഇ എം എസ് സ്മൃതിയുടെ ഭാഗമായി തൃശൂരിലും നിലമ്പൂരിലും നടന്ന സെമിനാറുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസാധാരണമാംവിധം താഴ്ന്ന മാനവ വികസന സൂചികയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. എന്നിട്ടും ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നവര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുതാല്‍പ്പര്യങ്ങള്‍ മുതലാളിത്തത്തിന് പണയം വയ്ക്കുകയാണ് ചെയ്യുന്നത്. രാജ്യം തുടരുന്ന സാമ്പത്തിക നയങ്ങള്‍ സൂചിപ്പിക്കുന്നത് പുരോഗതി അത്ര എളുപ്പമല്ലെന്നാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ആഭ്യന്തര ഉല്‍പ്പാദനം നേടിയതായാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. രാജ്യം സാമ്പത്തിക പരമാധികാരം കൈവരിക്കുന്നതിന്റെ സൂചനയായി ഇതിനെയാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കൊടുംപട്ടിണിക്കാരുടെ എണ്ണവും രാജ്യത്ത് വല്ലാതെ കൂടി. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ പ്രതിദിനം ഭക്ഷണത്തില്‍നിന്ന് 2,100 കലോറി ഊര്‍ജം ലഭ്യമാക്കാന്‍ കഴിയാത്തവരെയും ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 2,200 കലോറി ഊര്‍ജം ലഭ്യമാക്കാന്‍ കഴിയാത്തവരെയുമാണ് ദരിദ്രനായി കണക്കാക്കുന്നത്. 1993-ല്‍ നഗരവാസികളിലെ ദരിദ്രരുടെ എണ്ണം 57 ശതമാനമായിരുന്നെങ്കില്‍ 2009-2010ല്‍ അത് 73 ശതമാനമായി. ഗ്രാമവാസികളില്‍ 59ല്‍നിന്ന് 76 ശതമാനമായും വര്‍ധിച്ചു. കടുത്ത പട്ടിണിക്കാരുടെ എണ്ണം 20 വര്‍ഷംകൊണ്ട് എട്ട് ശതമാനമാണ് കൂടിയത്. രാജ്യത്തെ ചെറുകിട കാര്‍ഷിക ഉല്‍പ്പാദകരുടെ സ്ഥാനം രാജ്യാന്തര കോര്‍പറേറ്റുകളും കുത്തകമുതലാളിത്ത ശക്തികളും കൈയേറി. ഭൂമിയുടെ ഉപയോഗത്തിലും ഈ മാറ്റം പ്രകടമാണ്. ഭക്ഷ്യധാന്യോല്‍പ്പാദനം നടത്തിയ ഏതാണ്ട് 80 ലക്ഷം ഹെക്ടറോളം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റി. പ്രതിശീര്‍ഷ ഭക്ഷ്യധാന്യോല്‍പ്പാദനവും കുറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ സോഷ്യലിസത്തിലേക്ക് മാര്‍ച്ച് ചെയ്യണം. നവ ഉദാരവല്‍ക്കരണ നയത്തില്‍ രാജ്യത്തെ സാധാരണ ജനജീവിതം അനുദിനം വഷളാവുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാവപ്പെട്ടവനുമേല്‍ കൂടുതല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ കുത്തകകളെ കൈയയച്ച് സഹായിക്കുന്നു. സബ്സിഡി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സഹായവും നിലച്ചതോടെ കാര്‍ഷിക മേഖലയില്‍നിന്ന് ജനങ്ങള്‍ പൂര്‍ണമായും പിന്‍വാങ്ങി. ഇത് രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിരോധങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണം. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും പട്നായിക് പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാവുന്നു: പി രാജീവ്

നിലമ്പൂര്‍: ആഗോളവല്‍ക്കരണ നയങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കിയതായി പി രാജീവ് എംപി പറഞ്ഞു. ഇ എം എസിന്റെ ലോകം ദേശീയ സെമിനാറില്‍ "അഴിമതി-പാര്‍ലമെന്റ്, ഭരണനേതൃത്വം, ഭരണഘടനാസ്ഥാപനങ്ങള്‍" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ഭീമാകാരമായി. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വഭാവത്തില്‍ത്തന്നെ മാറ്റം സംഭവിച്ചു. പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്താതെയാണ് രാജ്യത്ത് പല നയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യുഐഡി നിയമം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നെങ്കിലും പാസാക്കിയില്ല. എന്നിട്ടും ആധാര്‍ കാര്‍ഡുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. കോര്‍പറേറ്റുകള്‍ക്ക് ചുളുവിലയ്ക്ക് ഭൂമി നല്‍കുന്ന ഇടനിലക്കാരായി സര്‍ക്കാര്‍ മാറി. നരേന്ദ്രമോഡി താരമായി മാറുന്നതും കോര്‍പറേറ്റ് താല്‍പ്പര്യംകൊണ്ടാണ്. പാര്‍ലമെന്റ് അംഗങ്ങളില്‍ 306 പേര്‍ കോടിപതികളാണ്. തെരഞ്ഞെടുപ്പ് വിജയങ്ങളെയും പണം സ്വാധീനിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

മോഡിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്: എസ് ആര്‍ പി

നിലമ്പൂര്‍: നരേന്ദ്രമോഡിയെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ വികലനയങ്ങളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറില്‍ "അധികാരം, അഴിമതി, ജാഗ്രത" സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് മോഡിക്ക് ഊര്‍ജം പകര്‍ന്നത്. ജാതി-മത സംഘടനകളെ പ്രോത്സാഹിപ്പിക്കുക വഴി കോണ്‍ഗ്രസിന് ഉടുതുണി ഉപേക്ഷിക്കേണ്ട അവസ്ഥയായി. മതനിരപേക്ഷതയുടെ കാര്യത്തില്‍ ഇനിയും ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ വില നല്‍കേണ്ടിവരും. മോഡിയുടെ കടന്നുവരവിലൂടെ ന്യൂനപക്ഷ വോട്ട് നേടാനാവുമെന്ന കോണ്‍ഗ്രസിന്റെ ചിന്ത മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഫെഡറല്‍ മുന്നണി, മൂന്നാം മുന്നണി എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ ചെറുകക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, നവ ഉദാരവല്‍ക്കരണ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിനാണ് ഇടതുപക്ഷം പ്രാമുഖ്യം നല്‍കുന്നത്. അതിനുള്ള ഐക്യനിര കെട്ടിപ്പടുക്കാനാണ് ശ്രമം. ഉറച്ച മതനിരപേക്ഷ നിലപാടുള്ള, നവ ഉദാരവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന പാര്‍ടികളുടെ ഐക്യനിര ഭാവിയില്‍ രൂപപ്പെടാം. അപ്പോള്‍ ഇടതുപക്ഷം അനുയോജ്യമായ നയങ്ങള്‍ക്ക് രൂപംനല്‍കും.

കുത്തകകള്‍ക്ക് അനുകൂലമായ ബഹുജന അഭിപ്രായമാണ് രാജ്യത്ത് രൂപപ്പെടുന്നത്. കുത്തകകളെ സഹായിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണ്. മാധ്യമങ്ങള്‍ ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. നയരൂപീകരണത്തില്‍ അവര്‍ വലിയ പങ്കു വഹിക്കുന്നു. മന്ത്രിമാരെപ്പോലും തീരുമാനിക്കുന്നു. സാമ്പത്തിക നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തെ ജാതി-മത ചിന്തകള്‍ ഉയര്‍ത്തി വഴിതിരിച്ചുവിടുന്നു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചും ആള്‍ദൈവങ്ങളെ വളര്‍ത്തിയും വര്‍ഗീയ-ജാതീയ വികാരങ്ങള്‍ ഇളക്കിവിട്ടുമാണ് ഇത് സാധ്യമാക്കുന്നത്. സമൂഹത്തിന്റെ ഇടപെടല്‍ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ജാതി-മത ചിന്തകള്‍ക്കെതിരെ വര്‍ഗനിലപാട് ഉയര്‍ത്തിപ്പിടിച്ച് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പോരാടാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും എസ്ആര്‍പി പറഞ്ഞു.

ഇ എം എസ് സ്മരണകളില്‍ നിറഞ്ഞ് നിലമ്പൂര്‍

നിലമ്പൂര്‍: ഇ എം എസിന്റെ സ്മരണ തുടിച്ച വേദിയില്‍ ആശയ സംവാദങ്ങള്‍ക്ക് തുടക്കം. പതിനാറാമത് "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറിന് നിലമ്പൂരില്‍ ആരംഭമായി. മാറുന്ന കാലത്തിനൊപ്പം അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പഠിക്കാനും ഏറ്റെടുക്കാനും രണ്ടുദിവസത്തെ സെമിനാര്‍ ഇടമൊരുക്കുന്നു. ഇ എം എസിന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഇപ്പോള്‍ എന്നത്തെക്കാളും പ്രസക്തിയുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. ഇ എം എസിന്റെ സാംസ്കാരിക ചിന്തകള്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് അവതരിപ്പിച്ചു. ഇ എം എസിന്റെ മകള്‍ ഇ എം രാധ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. പി കെ സൈനബ സ്വാഗതവും എന്‍ വേലുക്കുട്ടി നന്ദിയും പറഞ്ഞു. 

"അധികാരം, അഴിമതി, ജനജാഗ്രത" സെമിനാര്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അവതരിപ്പിച്ചു. കുത്തക മൂലധനത്തിന്റെ നീരാളിക്കൈകളെക്കുറിച്ച് പ്രൊഫ. പ്രഭാത് പട്നായിക് സംസാരിച്ചു. "അധികാരം, വര്‍ഗീയത ഇന്ത്യന്‍ പശ്ചാത്തലത്തില്‍" എന്ന വിഷയം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ അവതരിപ്പിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിലെ അഴിമതിയെക്കുറിച്ച് പി രാജീവ് എംപിയും സംസാരിച്ചു. "സാമ്പത്തിക വളര്‍ച്ച, വിഭവദാരിദ്ര്യം, കള്ളപ്പണം" എന്ന വിഷയം ഡോ. സി പി ചന്ദ്രശേഖരന്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷനായി. ജോര്‍ജ് കെ ആന്റണി സ്വാഗതവും യു കുഞ്ഞീതു നന്ദിയും പറഞ്ഞു. എം ജി ശശി സംവിധാനംചെയ്ത "തൊഴില്‍കേന്ദ്രത്തിലേക്ക്" ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ പി വി അബ്ദുല്‍വഹാബ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ് എന്നിവര്‍ സംബന്ധിച്ചു.

deshabhimani

വര്‍ഗീയത ചെറുക്കാന്‍ കോണ്‍ഗ്രസിനാവില്ല: പിണറായി

മലപ്പുറം: വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തെളിയിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയുമായി സമരസപ്പെടുകയാണ്് കോണ്‍ഗ്രസ്. വര്‍ഗീയതയോട് വിട്ടുവീഴ്ചപാടില്ലെന്ന ഇ എം എസിന്റെ നിലപാടുകള്‍ക്ക് പ്രസക്തിയേറിയെന്നും പിണറായി പറഞ്ഞു. നിലമ്പൂരില്‍ "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഗീയനിലപാടുകളെയും സംഘര്‍ഷങ്ങളെയും കോണ്‍ഗ്രസ് ഒരുകാലത്തും എതിര്‍ത്തിട്ടില്ല. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാട് രാജ്യം കണ്ടതാണ്. അടുത്തകാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി ആര്‍എസ്എസിനെ ഭീകരസംഘടനയെന്ന് വിളിച്ചപ്പോള്‍ മാപ്പ് പറയാനാണ് കോണ്‍ഗ്രസ് നേതൃത്വം മന്ത്രിയോട് നിര്‍ദേശിച്ചത്. നരേന്ദ്രമോഡിയുടെ വരവ് വര്‍ഗീയത പുതിയമാനത്തിലേക്ക് വളരുന്നതിന്റെ തെളിവാണ്. ആര്‍എസ്്എസ് നിര്‍ദേശമനുസരിച്ചാണ് മോഡിയെ ബിജെപി അവതരിപ്പിച്ചത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വംനല്‍കിയ മോഡിയെ അരിയിട്ടുവാഴിക്കാനുള്ള നീക്കം വര്‍ഗീയസംഘര്‍ഷത്തിനിടയാക്കും. വര്‍ഗീയനിലപാടുകളെയും സംഘര്‍ഷങ്ങളെയും കോണ്‍ഗ്രസ് ഒരുകാലത്തും എതിര്‍ത്തിട്ടില്ല. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാട് രാജ്യം കണ്ടതാണ്. അടുത്തകാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി ആര്‍എസ്എസിനെ ഭീകരസംഘടനയെന്ന് വിളിച്ചപ്പോള്‍ മാപ്പ് പറയാനാണ് കോണ്‍ഗ്രസ് നേതൃത്വം മന്ത്രിയോട് നിര്‍ദേശിച്ചത്.

നരേന്ദ്രമോഡിയുടെ വരവ് വര്‍ഗീയത പുതിയമാനത്തിലേക്ക് വളരുന്നതിന്റെ തെളിവാണ്. ആര്‍എസ്്എസ് നിര്‍ദേശമനുസരിച്ചാണ് മോഡിയെ ബിജെപി അവതരിപ്പിച്ചത്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വംനല്‍കിയ മോഡിയെ അരിയിട്ടുവാഴിക്കാനുള്ള നീക്കം വര്‍ഗീയസംഘര്‍ഷത്തിനിടയാക്കും. ആധുനിക കേരളം പടുത്തുയര്‍ത്തുന്നതില്‍ ഇ എം എസും അദ്ദേഹത്തിന്റെ സര്‍ക്കാരുകളും വഹിച്ച പങ്ക് നിര്‍ണായകമാണ്. 1957-ലെ സര്‍ക്കാരിന്റെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കാരങ്ങളും പുരോഗതിക്ക് അടിത്തറപാകി. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനും അധികാരവികേന്ദ്രീകരണത്തിനും തുടക്കമിട്ടു. രാഷ്ട്രീയത്തിന് അതീതമായി വികസനംവേണമെന്ന ഇഎംഎസിന്റെ നിലപാട് കേരളം അംഗീകരിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിനായി. ഇ എം എസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ ചൂണ്ടിക്കാണിക്കാം. ദുരഭിമാനമില്ലാതെ അംഗീകരിക്കും. എക്കാലത്തും അദ്ദേഹം പാര്‍ടി തീരുമാനത്തിന് കീഴ്പ്പെട്ടു. വിയോജിപ്പുണ്ടെങ്കില്‍പോലും പാര്‍ടി തീരുമാനം നടപ്പാക്കാന്‍ മുന്‍പന്തിയിലുണ്ടാകും. പാര്‍ടിക്ക് അതീതനാവാതെ ജീവിച്ച ഉത്തമ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ രാഷ്ട്രീയവും നന്നായി കൈകാര്യംചെയ്തു. കുത്തകപത്രം തന്നെപ്പറ്റി നല്ലത് പറഞ്ഞാല്‍ തനിക്കെന്തോ തെറ്റുപറ്റിയെന്ന് ആലോചിക്കുമെന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഇ എം എസിനുശേഷമുള്ള കാലത്തും വലതുപക്ഷ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പാര്‍ടിയെ കരിവാരിത്തേക്കാന്‍ വസ്തുതയുമായി പുലബന്ധമില്ലാത്ത വാര്‍ത്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ നിറയുന്നു. പാര്‍ടിക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ നെഞ്ചൂക്കോടെ നേരിടാന്‍ ഇ എം എസ് മുന്നിലുണ്ടായിരുന്നെന്നും പിണറായി പറഞ്ഞു.

deshabhimani

Wednesday, June 12, 2013

ഇ എം എസ് ദേശീയ സെമിനാറിന് നാളെ നിലമ്പൂരില്‍ തുടക്കം

"ഇ എം എസിന്റെ ലോകം" ദേശീയ സെമിനാറിന് വ്യാഴാഴ്ച നിലമ്പൂരില്‍ തുടക്കം. സെമിനാറിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. രണ്ട് ദിവസത്തെ സെമിനാര്‍ വ്യാഴാഴ്ച രാവിലെ പത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനാവും. ഡോ. വി സുകുമാരന്‍ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തും.

പകല്‍ രണ്ടിന് "അധികാരം, അഴിമതി, ജനജാഗ്രത" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും. പി പി വാസുദേവന്‍ അധ്യക്ഷനാവും. "കോര്‍പറേറ്റ് മുലധനത്തിന്റെ നീരാളിക്കൈകള്‍" എന്ന വിഷയത്തില്‍ പ്രൊഫ. പ്രഭാത് പട്നായിക്, "അധികാരം വര്‍ഗീയത ഇന്ത്യന്‍ പശ്ചാത്തലത്തില്‍" എന്ന വിഷയത്തില്‍ എ വിജയരാഘവന്‍, "അഴിമതി, പാര്‍ലമെന്റ്, ഭരണനേതൃത്വം, ഭരണഘടനാസ്ഥാപനങ്ങള്‍ എന്ന വിഷയത്തില്‍ പി രാജീവ് എംപി എന്നിവര്‍ ക്ലാസെടുക്കും. വൈകിട്ട് എം ജി ശശി സംവിധാനംചെയ്ത "തൊഴില്‍കേന്ദ്രത്തിലേക്ക്" ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 9.30ന് "പ്രതിരോധത്തിന്റെ ഭിന്നമുഖങ്ങള്‍" എന്ന വിഷയത്തിലുള്ള സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. ടി കെ ഹംസ അധ്യക്ഷനാവും. സാമ്പത്തിക വളര്‍ച്ച, വിഭവദാരിദ്ര്യം, കള്ളപ്പണം" എന്ന വിഷയത്തില്‍ ഡോ. സി പി ചന്ദ്രശേഖരനും "അസന്തുലിത വികസനം ജനപക്ഷ ചിന്തകള്‍" എന്ന വിഷയത്തില്‍ ഡോ. ബി ഇക്ബാലും "പ്രതിരോധത്തിന്റെ അരാഷ്ട്രീയ രൂപങ്ങള്‍" എന്ന വിഷയത്തില്‍ എം ബി രാജേഷ് എംപിയും പ്രഭാഷണം നടത്തും.

പകല്‍ രണ്ടിന് "സംസ്കാരം, മാധ്യമം, ലിംഗനീതി, പരിസ്ഥിതി" എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. "ജാതി-മത രാഷ്ട്രീയ പ്രീണനവും പ്രതിരോധവും" എന്ന വിഷയത്തില്‍ പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍, "ലിംഗനീതി-പൊളിച്ചെഴുത്തും പോരാട്ടവും" എന്ന വിഷയത്തില്‍ എന്‍ സുകന്യ, "സംസ്കാരം മാറുന്ന സങ്കല്പവും ചോരുന്ന മൂല്യങ്ങളും" എന്ന വിഷയത്തില്‍ ഡോ. കെ ഇ എന്‍ കുഞ്ഞഹമ്മദ്, "മാധ്യമധര്‍മം - അനുഭവത്തിലെ നാനാര്‍ഥങ്ങള്‍" എന്ന വിഷയത്തില്‍ ഡോ. കെ പി മോഹനന്‍, "മതേതരത്വം, വര്‍ഗീയത ഇടതുപക്ഷം" എന്ന വിഷയത്തില്‍ പ്രൊഫ. എം എം നാരായണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

deshabhimani

Saturday, March 23, 2013

സ്നേഹസാമീപ്യമായിരുന്ന അച്ഛന്‍


കോഴിക്കോട് ചാലപ്പുറത്തെ തെങ്ങിന്‍തോപ്പിനിടയിലെ ചെറിയ വീട് രാത്രി പൊലീസ് വളഞ്ഞു. നിലാവുള്ള ആ രാത്രി മാലതി പുറത്തേക്കു നോക്കുമ്പോള്‍ ഓരോ തെങ്ങിന്‍ ചുവട്ടിലും ഒരുപാട് പേര്‍. അത് തന്റെ അച്ഛനായ ഇ എം എസിനെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസ് പടയാണെന്നൊന്നും ആ എട്ടുവയസ്സുകാരിക്ക് മനസിലായില്ല. അടുത്തടുത്തായി താമസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായ കൃഷ്ണപിള്ളയെയും ഇ എം എസിനെയും പി നാരായണന്‍നായരെയുമെല്ലാം കാണാന്‍ ഒരുപാട് സഖാക്കള്‍ വരുമായിരുന്നതുകൊണ്ട് മാലതി അത് കാര്യമാക്കിയുമില്ല. അവരുടെകൂടെ അച്ഛന്‍ പോകുന്നതും കണ്ടു. പൂര്‍ണഗര്‍ഭിണിയായ അമ്മ ആര്യ അന്തര്‍ജനം പനിപിടിച്ച് കിടപ്പിലാണ്. എപ്പോഴോ മാലതി ഉറങ്ങിപ്പോയി. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വീട്ടില്‍ ആരെയും കാണാനില്ല. അച്ഛനെയും അമ്മയെയും ചിറ്റശ്ശിയമ്മയെയും (ഇ എം എസിന്റെ സഹോദരി) മാറിമാറി വിളിച്ചിട്ടും ആരും വരുന്നില്ല. മാലതിയുടെ നിലവിളികേട്ട് കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയും മറ്റുള്ളവരും ഓടി വന്ന് ആശ്വസിപ്പിച്ചു. "അമ്മ ആശുപത്രിയിലാണ് മാലതിക്ക് അനിയന്‍ പിറന്നിരിക്കുന്നു". അവര്‍ മാലതിയെയും കൂട്ടി ആശുപത്രിയില്‍ പോയി. അമ്മയുടെ അടുത്തുകിടക്കുന്ന കുഞ്ഞുവാവയെ കാണിച്ച് ഇതാ മോളുടെ അനിയന്‍ എന്നുപറഞ്ഞപ്പോള്‍ ആ വാക്ക് സന്തോഷംകൊണ്ട് മാലതി ഉറക്കെ ആവര്‍ത്തിച്ചു "അനിയന്‍". ആ വിളി പിന്നെ കേരളം ഏറ്റെടുക്കുകയായിരുന്നു. ഇ എം എസിന്റെ മൂത്ത മകനും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ഇ എം ശ്രീധരനെ കുടുംബാംഗങ്ങളും കേരളമാകെയും അനിയന്‍ എന്നു വിളിച്ചുതുടങ്ങിയത് ഈ വിളിയില്‍നിന്നാണെന്ന് ഡോ. മാലതി ഓര്‍ക്കുന്നു. ശാസ്തമംഗലം മംഗലം ലെയ്നിലെ വീട്ടിലിരുന്നു മാലതി ഇത്രയും പറഞ്ഞത് യുഗപ്രഭാവനായ അച്ഛനെക്കുറിച്ച് തന്റെ മനസ്സില്‍പതിഞ്ഞുകിടക്കുന്ന ആദ്യ ചിത്രം വെളിപ്പെടുത്താനായിരുന്നു.

1940 കളുടെ ഒടുവില്‍ കോഴിക്കോട്ട് ഇ എം എസ്, കൃഷ്ണപിള്ള, പി നാരായണന്‍നായര്‍ എന്നിവര്‍ അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ആ ജീവിതകാലമാണ് ഇപ്പോള്‍ സപ്തതി പിന്നിട്ട മൂത്ത മകള്‍ ഡോ. മാലതിയുടെ മനസ്സില്‍ ആദ്യത്തെ ഓര്‍മച്ചിത്രമായി നില്‍ക്കുന്നത്. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മയെ ചേച്ചി എന്നാണ് മാലതിയും മറ്റുള്ളവരും വിളിച്ചിരുന്നത്. പി നാരായണന്‍നായരുടെ മക്കളായിരുന്നു അന്ന് മാലതിയുടെ കളിക്കൂട്ടുകാര്‍. മൂന്നുവീട്ടുകാരും ഒരു കുടുംബംപോലെ കഴിഞ്ഞുവന്നു. ഇ എം എസും കൃഷ്ണപിള്ളയും മണിക്കൂറുകളോളം സംസാരിച്ചിരിക്കുമായിരുന്നു. ഒന്നിലും ഉപദേശിക്കാറില്ലായിരുന്നെങ്കിലും വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങളില്‍ അച്ഛന്റെ അഭിപ്രായങ്ങള്‍ കേട്ടിട്ടുള്ളതായി മാലതി ഓര്‍ക്കുന്നു. ഇഷ്ടമുള്ള വിഷയത്തില്‍ പഠിക്കാന്‍ കഴിയുന്നിടത്തോളം പഠിക്കണം; ജോലിചെയ്യണം. സ്ത്രീയും പുരുഷനും ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇഷ്ടമല്ലെങ്കില്‍ വിവാഹമോചനത്തിനും അവകാശമുണ്ട്. മാലതിയുടെ മകള്‍ വരനെ കണ്ടെത്തിയത് പശ്ചിമ ബംഗാളില്‍നിന്നാണെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും മുത്തച്ഛനായിരുന്നു. വെല്ലൂരില്‍ എംബിബിഎസിനു പഠിക്കുന്ന മകളെ കാണാന്‍ എത്തിയ അച്ഛന്റെ വാക്കുകള്‍ കേട്ട് സഹപാഠികള്‍ അത്ഭുതപ്പെട്ടതും മാലതിക്ക് മറക്കാനാകില്ല. മെഡിക്കല്‍കോളേജില്‍ ഇ എം എസ് എത്തുന്നതറിഞ്ഞ് വിദ്യാര്‍ഥികള്‍ സ്വീകരണമൊരുക്കി. ആ യോഗത്തില്‍ ഇ എംഎസ് പറഞ്ഞു. "വെല്ലൂരില്‍ ഞാന്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. സ്വതന്ത്രനായി വരുന്നത് ആദ്യവും. മുമ്പ് രണ്ടു പ്രാവശ്യവും വന്നത് ജയിലില്‍ കഴിയാനായിരുന്നു" ജയിലില്‍ കിടന്നയാളാണ് കേരള മുഖ്യമന്ത്രി എന്നറിഞ്ഞപ്പോള്‍ സമ്പന്നതയില്‍നിന്നു വന്ന സഹപാഠികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു.

ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരനുമായുള്ള മാലതിയുടെ വിവാഹശേഷം മുംബൈയില്‍ താമസിക്കുമ്പോള്‍ മകളുടെയും മരുമകന്റെയും കൂടെ താമസിക്കാന്‍ ഇ എം എസ് എത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താമസസൗകര്യം നിരസിച്ചായിരുന്നു അത്. രണ്ടുമുറി വീട്ടിലാണ് അന്ന് കേരള മുഖ്യമന്ത്രി താമസിക്കാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഞെട്ടി. വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പൊലീസുകാര്‍ക്ക് കിടക്കാന്‍ ആ വീട്ടില്‍ ഇടമുണ്ടായിരുന്നില്ല. അവര്‍ രാത്രി എപ്പോഴോ വരാന്തയിലിരുന്ന് ഉറങ്ങി. പുലര്‍ച്ചെ ഫ്ളൈറ്റിന് കേരളത്തിലേക്കു പോരുന്ന മുഖ്യമന്ത്രി നാലുമണിക്ക് പുറത്തിറങ്ങുമ്പോള്‍ പൊലീസുകാര്‍ ഉറക്കത്തിലായിരുന്നു. വിളിച്ചുണര്‍ത്തി വിഷമിപ്പിക്കേണ്ട എന്നു പറഞ്ഞ് ഇ എം എസ് കാറില്‍ പോയി. നേരംവെളുത്തിട്ടും കാവല്‍ തുടര്‍ന്ന പൊലീസുകാര്‍ക്ക് അച്ഛന്‍ പുലര്‍ച്ചെ പോയെന്ന് പറഞ്ഞിട്ട് വിശ്വസിക്കാനാകുന്നില്ല. "കുഴപ്പമൊന്നുമുണ്ടാകില്ല നിങ്ങള്‍ പൊയ്ക്കോ" എന്നുപറഞ്ഞിട്ടും ജോലി പോയെന്ന് ഉറച്ചുതന്നെയാണ് ആ പൊലീസുകാര്‍ മടങ്ങിയത്.

പിന്നീട് ഹൈദരാബാദില്‍ താമസം ആരംഭിച്ചപ്പോള്‍ അച്ഛനൊപ്പം സുന്ദരയ്യയും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ വരുമായിരുന്നു. അച്ഛന്റെ സഹപ്രവര്‍ത്തകരായ നേതാക്കളെയെല്ലാം പരിചയമുണ്ടെങ്കിലും മാലതിക്ക് ഏറ്റവും അടുപ്പം ഗൗരിയമ്മയോടും സുശീലാ ഗോപാലനോടും ആയിരുന്നു. അവധിക്കാലങ്ങളില്‍ ഗൗരിയമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോകുമായിരുന്നു. സുശീലാ ഗോപാലന്‍ മകള്‍ ലൈലയുടെ ചികിത്സയ്ക്ക് വെല്ലൂരില്‍ വരുമ്പോഴെല്ലാം മാലതിക്കൊപ്പമാണ് താമസിച്ചത്. അവസാനനിമിഷംവരെ ഇ എം എസിനൊപ്പമുണ്ടായിരുന്ന ഈ മകള്‍ ലോകം അറിയുന്ന അച്ഛനുവേണ്ടി എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരുകാര്യമുണ്ട്. അച്ഛന് പേരുദോഷം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും മകള്‍ എന്ന നിലയില്‍ ഉണ്ടാകരുത്.
(എം വി പ്രദീപ്)

deshabhimani

Tuesday, March 19, 2013

തെറിപ്പാട്ടുകള്‍ സര്‍ക്കാരിന്റെ അഴിമതിക്ക് മറയിടാന്‍


സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും മൂടിവയ്ക്കാനുള്ള തെറിപ്പാട്ടുകളാണ് യുഡിഎഫില്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഇഎംഎസ് അക്കാദമിയില്‍ ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുസമൂഹത്തെയും സാംസ്കാരിക സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ പരസ്പരം അച്ഛന് വിളിച്ച് നടക്കുകയാണ് യുഡിഎഫ് നേതാക്കള്‍. കോടതി കേസെടുത്താന്‍ കോടതിയെപ്പോലും തെറിവിളിക്കുന്നത് നാം കാണുന്നു. കേരളത്തില്‍ മനുഷ്യനൊഴികെ മറ്റെല്ലാറ്റിനും വില കുതിച്ചുകയറിക്കൊണ്ടിരിക്കെയാണ് ഈ തെറിപ്പാട്ടെന്നോര്‍ക്കണം.

പുരുഷന്മാരെ മാത്രം മനുഷ്യരായി കണ്ടിരുന്ന സമുദായത്തില്‍ ജനിച്ച ഇഎംഎസ് എല്ലാവരുടെയും പൗരാവകാശങ്ങള്‍ക്കായി നിലകൊണ്ടു. ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ സ്ത്രീ സമത്വത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടി യത്നിച്ച കേരളത്തിലാണ് ഇന്ന് സ്ത്രീകളെ ആക്രമിക്കുന്നതും ഭരണമായി കരുതുന്ന മന്ത്രിമാര്‍ വാഴുന്നത്. ഉത്തരം മുട്ടിയാല്‍ വസ്ത്രം പൊക്കിക്കാണിക്കുന്ന സമീപനമാണ് യുഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും. വിദേശികള്‍ക്ക് നമ്മളെ വെടിവച്ചുകൊല്ലാനുള്ള അവകാശമുണ്ടെന്ന തരത്തിലാണ് നമ്മുടെ ഭരണാധികാരികള്‍ സംസാരിക്കുന്നത്. പരമ്പരാഗത തൊഴില്‍മേഖലകളും കാര്‍ഷിക മേഖലയും പാടെ തകര്‍ന്നിട്ടും സര്‍ക്കാരിന് കുലുക്കമൊന്നുമില്ല. കേന്ദ്ര വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല.

ലോകത്തിലെ ഏറ്റവും നല്ല തുറമുഖമാണെന്ന് വ്യക്തമായിട്ടും വിഴിഞ്ഞം പദ്ധതിയെ അവഗണിക്കുകയാണ്. വെള്ളവും വെളിച്ചവും ഇല്ലാത്ത സംസ്ഥാനമാക്കി രണ്ടുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ കേരളത്തെ മാറ്റിത്തീര്‍ത്തു. പൊതുഗതാഗതമേഖല നിശ്ചലമാകുമെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും സമ്മതിച്ചുകഴിഞ്ഞു. ജനങ്ങളുടെ യാത്രാവകാശവും സര്‍ക്കാര്‍ നരകതുല്യമാക്കി മാറ്റി- വൈക്കം വിശ്വന്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.

deshabhimani

Monday, March 18, 2013

യുഗപ്രഭാവന്റെ ഓര്‍മകളില്‍ ഏലംകുളം


കുന്തിപ്പുഴയുടെ തീരത്ത് നാലുകെട്ടും നടുമുറ്റവും കൂറ്റന്‍ പത്തായപ്പുരകളും ഊട്ടുപുരകളുമായി പ്രൗഢി മങ്ങാതെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഏലംകുളം മന. വെളിച്ചം കടക്കാത്ത ഈ മനയുടെ വാതിലുകള്‍ തള്ളിത്തുറന്നാണ് ചുവപ്പന്‍ പ്രഭാതത്തിന്റെ സ്വപ്നവും നെഞ്ചേറ്റി ഇ എം എസ് എന്ന യുഗപ്രഭാവന്‍ ഇറങ്ങിവന്നത്. കാലത്തേയും ചരിത്രത്തേയും ഒപ്പം നടത്തിയ ആ മനീഷിയുടെ ഓര്‍മത്തുടിപ്പില്‍ ഇപ്പോഴും ഈ നാടും മനയും സുരഭിലമാണ്.

ദൈവങ്ങളുടെയും വിശ്വാസങ്ങളുടെയും നിഴലുകള്‍ വീണ ഈ നാലുകെട്ടില്‍ 1909 ജൂണ്‍ 13നാണ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്തയുടെയും മകനായി ഇ എം എസ് പിറന്നത്. സമ്പല്‍സമൃദ്ധിയിലായിരുന്നു ബാല്യകാലം. അമ്പതിനായിരം പറ നെല്ല് മനയില്‍ വര്‍ഷത്തില്‍ പാട്ടം ലഭിച്ചിരുന്നു. വള്ളുവക്കോനാതിരിയെ അരിയിട്ട് വാഴിക്കുന്നതിന് സാക്ഷിയാകാന്‍ അധികാരമുണ്ടായിരുന്ന തറവാട്. ചേലാമല തൊട്ട് വഴിക്കടവ് വരെയും പാലക്കാട്, തൃശൂര്‍ ജില്ലകളിലും വ്യാപിച്ച ഭൂവിസ്തൃതി. അരയില്‍ സ്വര്‍ണനൂലും പുലിനഖമോതിരവും വാഴയില വാട്ടിയെടുത്ത കോണകവും പാവുമുണ്ടുമുടുത്ത് ഭസ്മവും കൊച്ചുകുടുമയുമായി "നാലാമ്പ്രാ"നായി ജീവിതം. സംസ്കൃതം പഠിപ്പിച്ച് കടവല്ലൂര്‍ അന്യോന്യത്തിനിരുത്താന്‍ വീട്ടുകാര്‍ മോഹിച്ച ബാലനെ കാലം ഏല്‍പ്പിച്ചത് മറ്റൊരു നിയോഗം. ഐതിഹ്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാലുകെട്ടിനുള്ളില്‍ ജീവിതം തളച്ചിടാന്‍ വിസമ്മതിച്ച "കുഞ്ചു" സ്കൂളില്‍പ്പോയി പഠിക്കണമെന്ന് വാശിപിടിച്ചു. അന്യജാതിക്കാര്‍ക്കൊപ്പം പഠിക്കുന്നത് തീണ്ടലായി കാണുന്ന കാലം. പെരിന്തല്‍മണ്ണ ഹൈസ്കൂളില്‍ മൂന്നാം ഫോറത്തില്‍ ചേര്‍ന്നു. എം പി ഗോവിന്ദമേനോനെപ്പോലുള്ള ഗുരുനാഥര്‍ പ്രിയശിഷ്യനില്‍ ദേശീയബോധം വളര്‍ത്താന്‍ സഹായിച്ചു.

യോഗക്ഷേമ സഭയിലൂടെയായിരുന്നു പൊതുപ്രവര്‍ത്തനത്തിന് തുടക്കം. വള്ളുവനാട് ഉപസഭാ സെക്രട്ടറിയായതോടെ പ്രസംഗത്തിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ എഐസിസി പ്രതിനിധിയായി. താമസിയാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്തെത്തി. അപ്പോഴേക്കും ഏലംകുളവുമായുള്ള നിത്യബന്ധവും അവസാനിച്ചിരുന്നു. വരവും പോക്കും വല്ലപ്പോഴും മാത്രമായി. അത്ഭുതത്തോടും ആദരവോടെയുമാണ് ഏലംകുളത്തുകാര്‍ ഇ എം എസിനെ എന്നും കണ്ടത്. ചരിത്രംകുറിച്ച ജനവിധിയിലൂടെ ഇ എം എസ് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഈ നാട്ടുകാരായിരുന്നു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും പോരാടിയതിന് സ്വന്തക്കാരില്‍നിന്നും ഇ എം എസ് നേരിട്ട എതിര്‍പ്പിന് കണക്കില്ല. അമ്മയുടെ സംസ്കാര ചടങ്ങുകള്‍ക്കുപോലും പങ്കെടുപ്പിക്കാതിരുന്നിട്ടും അദ്ദേഹം ആരോടും പകയും വിദ്വേഷവും മനസ്സില്‍ സൂക്ഷിച്ചില്ല. 1997-ലാണ് അവസാനമായി അദ്ദേഹം മനയില്‍ വന്നത്. ജ്യേഷ്ഠ സഹോദരന്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഉണ്ണികാളി അന്തര്‍ജനത്തെ കാണാനായിരുന്നു വരവ്. ഇനിയൊരു കാഴ്ചയുണ്ടാകില്ലെന്ന വാക്ക് അന്വര്‍ത്ഥമാക്കി അദ്ദേഹം വിടപറഞ്ഞു. രാമന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും മക്കളുമാണ് ഇപ്പോള്‍ ഇവിടെ താമസം. ഇവരുടെ അനുജന്‍ നാരായണന്‍ നമ്പൂതിരിയും കുടുംബവും മനയോട് ചേര്‍ന്നുള്ള പുതിയ വീട്ടിലാണ് താമസം.

deshabhimani 180313

Wednesday, March 13, 2013

ഇ എം എസ്- എ കെ ജി സ്മരണ വക്രീകരിക്കാന്‍ മനോരമ


ഇ എം എസിന്റെയും എ കെ ജിയുടെയും ഓര്‍മപുതുക്കുന്ന പരിപാടിയെപോലും വക്രീകരിച്ച് മനോരമ പത്രം മനോസുഖം തേടുന്നു. യുഡിഎഫ് മൊത്തമായും ചില്ലറയായും അടിപിടിയിലും പരസ്പര ആക്ഷേപത്തിലും ഉലയുമ്പോള്‍ അത് മറച്ചുവച്ച് സിപിഐ എമ്മിനെതിരെ ഇല്ലാക്കഥ മെനയുന്നതിലാണ് യുഡിഎഫ് പത്രത്തിന് താല്‍പ്പര്യം. പാര്‍ടി അച്ചടക്കവും സംഘടനാസംവിധാനവും പരമപ്രധാനമായി കരുതുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ടുതന്നെ അതിന് കോട്ടംവരുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേപ്പറ്റി വിവിധ നിലവാരത്തിലുള്ള കമ്മിറ്റികള്‍ ചര്‍ച്ച നടത്തുകയും കൂട്ടായ തീരുമാനങ്ങളില്‍ ഉചിതമായ സമയത്ത് എത്തുകയും ചെയ്യുക എന്ന സംഘടനാരീതി ഇ എം എസിന്റെയും എ കെ ജിയുടെയും കാലത്ത് എന്നപോലെ ഇന്നുമുണ്ട്. എ കെ ജി-ഇ എം എസ് ദിനപരിപാടികള്‍ ഒരാഴ്ചത്തെ പരിപാടിയായി നടത്തുകയാണ് പതിവെന്നും അതിന് മാറ്റം വരുത്തി രണ്ടാഴ്ചത്തെ പരിപാടിയാക്കിയത് വി എസ് പാര്‍ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിനില്‍ക്കുന്നതുകൊണ്ടാണെന്നുമുള്ള കണ്ടുപിടിത്തത്തിലാണ് മനോരമ.

പാര്‍ടിയുടെ രണ്ട് സമുന്നതനേതാക്കളുടെ സ്മരണ പുതുക്കുന്നത് വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് 2012 ആഗസ്ത് 25, 26 തീയതികളില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗമാണ്. ലോക്കല്‍ തലത്തില്‍ ബഹുജന വിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കാന്‍ ഒരുമാസത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തത്. എസ്എല്‍എല്‍സി പരീക്ഷ കാരണം മാര്‍ച്ചില്‍ പര്യവസാനിപ്പിക്കേണ്ടത് ഏപ്രില്‍ ആദ്യവാരം വരെയാക്കിയെന്ന് മാത്രം. ഇത്തവണ ഇ എം എസ്-എ കെ ജി ഓര്‍മ പുതുക്കുന്നത് നല്ല ഉണര്‍വോടെയാണ്. ജനകീയ ബദല്‍രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ സിപിഐ എം ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയജാഥ സംസ്ഥാനത്ത് ചലനം സൃഷ്ടിച്ചു കടന്നുപോയി. നാലു ജാഥകള്‍ ഡല്‍ഹിയില്‍ സംഗമിച്ച് ജനവിരുദ്ധനയങ്ങള്‍ക്ക് താക്കീതേകുന്ന 19ലെ ഡല്‍ഹി മാര്‍ച്ച് വിജയമാക്കാന്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ സംസ്ഥാനത്തുനിന്ന് പോകുന്നുണ്ട്. അതിനായുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സമീപസമയത്തെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കും സംസ്ഥാനത്തെ ഭൂസംരക്ഷണസമരവും പങ്കാളിത്തപെന്‍ഷനുവേണ്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രക്ഷോഭവും ചരിത്രത്തെ മുന്നോട്ടുനയിക്കുന്നവയാണ്. ത്രിപുരയില്‍ ഏഴാംവട്ടവും ഇടതുപക്ഷമുന്നണി വിജയം നേടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബഹുജനങ്ങളില്‍നിന്ന് അനുദിനം ഒറ്റപ്പെടുകയാണ്.

ഈ പശ്ചാത്തലത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്ന ബഹുജന വിദ്യാഭ്യാസ പരിപാടി വിജയകരമായി നടന്നുവരുകയാണ്. അനുഭാവികളും പാര്‍ടി അംഗങ്ങളും പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ 1900ത്തോളം ലോക്കലുകളില്‍ ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകും. കേരളം എങ്ങനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായെന്നും മാറ്റത്തിന് പിന്നിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്കെന്തെന്നതും വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ എന്താണെന്നും വിശദമാക്കുന്നവയാണ് സമ്മേളനങ്ങള്‍. പലേടങ്ങളിലും സാംസ്കാരിക പരിപാടികളും ഉണ്ടാകും. രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കപ്പെട്ടിരിക്കുകയാണ്. അതിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ സംഘടനാമികവ് എല്‍ഡിഎഫ് രാഷ്ട്രീയത്തിന് കരുത്തുപകരുന്നതും യുഡിഎഫ് രാഷ്ട്രീയത്തെ ക്ഷീണിപ്പിക്കുന്നതുമാണ്. ഇത് മനോരമയ്ക്ക് സഹിക്കുന്നില്ല. ആശയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചാമനോഭാവം കാട്ടാത്ത രണ്ട് സമുന്നതനേതാക്കളായിരുന്നു ഇ എം എസും എ കെ ജിയും. കണ്ണിലെ കൃഷ്ണമണിയെക്കാള്‍ സൂക്ഷ്മതയോടെ പാര്‍ടിയെ കാത്തുസൂക്ഷിക്കാന്‍ സദാ ജാഗ്രതപ്പെടുത്തിയ നേതാക്കളായിരുന്നു അവര്‍. അവരുടെ സ്മരണ പുതുക്കുന്നത് പാര്‍ടിയിലെ ഏതെങ്കിലും സഖാവിനോ നേതാവിനോ എതിരായിട്ടാണെന്ന ചിത്രീകരണം തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.

deshabhimani 130313

Thursday, May 10, 2012

അച്ഛന്റെ ഒളിവിലെ ഓര്‍മകളുമായി മകളെത്തി


കുന്നമംഗലം: അച്ഛന്റെ ഒളിവിലെ ഓര്‍മകള്‍ കുടികൊള്ളുന്ന അഭയകേന്ദ്രം തേടി മകളെത്തി. മനസ്സില്‍ പിന്നെയും പിന്നെയും മുളപൊട്ടിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളുടെയും അനുഭൂതികളുടെയും സ്പന്ദനം നിലയ്ക്കാത്ത സാന്നിധ്യമായി ആ സ്മരണകള്‍ മാറി. 1942-43 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഇ എംഎസ് നമ്പൂതിരിപ്പാടിന് ഒളിവില്‍ അഭയം നല്‍കിയ പരേതനായ മാട്ടാട്ടില്‍ കിട്ടയുടെ ചെറുകുളത്തൂരിലെ വീട്ടിലേക്കാണ് ഇ എം എസിന്റെ മകള്‍ ഇ എം രാധ എത്തിയത്. 38 ദിവസമാണ് ഇ എം എസ് ഈ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. കിട്ടയുടെ മകള്‍ സുഗുണയും മകന്റെ ഭാര്യ നയനയും വീട്ടുകാരും ചേര്‍ന്ന് ഇ എം രാധയെ സ്വീകരിച്ചു. അക്കാലത്തെ ഓര്‍മകള്‍ അന്ന് പന്ത്രണ്ടുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന മേലെപുത്തലത്ത് കേളുക്കുട്ടി ഓര്‍മിച്ചെടുത്തു. നടപ്പുദീനം കൊടികുത്തി വാണ കാലത്തായിരുന്നു ഇ എം എസ് ഇവിടെ താമസിച്ചത്. 47ല്‍ കോഴിക്കോട്ടുവച്ചാണ് ഇ എം എസിനെ പൊലീസ് പിടികൂടുന്നത്. അപ്പോള്‍ ചിക്കന്‍പോക്സ് പിടിപെട്ട നിലയിലായിരുന്നു അദ്ദേഹം. കട്ടിലോടുകൂടിയാണ് അന്ന് ഇ എം എസിനെ അറസ്റ്റ് ചെയ്തതെന്ന് ഇ എം രാധ കേളുക്കുട്ടിയോട് പറഞ്ഞു. അന്നുതന്നെയാണ് ഇ എം ശ്രീധരനെ അമ്മ പ്രസവിച്ചതെന്നും രാധ ഓര്‍മിച്ചു.

ഇ എം എസിന്റെ ഓര്‍മകള്‍ ചികഞ്ഞെടുത്തപ്പോള്‍ കേളുക്കുട്ടി വാചാലനായി. ഇ എംഎസിന്റെ ഉറക്കവും ഉണരലും അതില്‍ കൃത്യസമയം പാലിച്ചിരുന്നതും ഇ എം ശ്രീധരനെ തിരുവനന്തപുരത്തുവച്ച് കണ്ടുമുട്ടിയതും സംസാരിച്ചതും മറ്റുമെല്ലാം. ഹിറ്റ്ലറുടെ സേന സോവിയറ്റ് യൂണിയനിലേക്ക് കുതിച്ചുകയറിയപ്പോള്‍ എല്ലാം തകരില്ലേ എന്ന ചോദ്യത്തിന് ശക്തി സംഭരിക്കാന്‍ സേന പിന്നോട്ടുമാറിയതാണെന്ന ഇ എംഎസിന്റെ മറുപടിയും മറ്റും അദ്ദേഹം രാധയോട് പറഞ്ഞു. 38 ദിവസത്തെ ഒളിവുജീവിതത്തിനിടയില്‍ ഇ എം എസിന് വായിക്കാനായി ഇംഗ്ലീഷ് പത്രങ്ങള്‍ എത്തിക്കാറുണ്ടായിരുന്നു. ഇത് ആര്‍ക്കാണെന്ന സംശയം ചില ആളുകള്‍ക്ക് ബലപ്പെട്ടതോടെയാണ് ഇ എം എസ് ചെട്ടിക്കടവ് പുഴ കടന്ന് മറ്റൊരു അഭയകേന്ദ്രത്തിലേക്ക് പോയത്. പിറ്റേന്നുതന്നെ പൊലീസെത്തി അന്വേഷണം നടത്തി. മാട്ടാട്ടില്‍ ഇ എം രാധ എത്തിയതറിഞ്ഞ് ചെറുകുളത്തൂരിലെ നിരവധി സ്ത്രീകള്‍ അവരെ നേരിട്ട് കാണാനെത്തി. അവിടെനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് രാധ പോയത്. ചെറുകുളത്തൂര്‍ നേത്രദാനഗ്രാമത്തില്‍ കെ പി ഗോവിന്ദന്‍കുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച ഇ എം എസ് അനുസ്മരണത്തില്‍ പങ്കെടുക്കാനാണ് രാധ എത്തിയത്.

deshabhimani 100512

Sunday, April 8, 2012

കാലത്തെ പിന്നിലാക്കിയ ശബ്ദം മക്കളുടെ കണ്ണ് നനച്ചു


 പ്രദര്‍ശനഹാളിന്റെ നിശബ്ദതയില്‍ ഇ എം എസിന്റെ മുഴക്കമുള്ള ശബ്ദം ഉയര്‍ന്നപ്പോള്‍ ശശിയുടെയും ഗിരിജയുടെയും മുഖത്ത് നിഴല്‍പടര്‍ന്നു. മനസ്സില്‍ ഓര്‍മകളുടെ ഇരമ്പിക്കയറ്റം ഇരുവരുടെയും കണ്ണ് നച്ചു. അച്ഛന്‍ അന്നും ഇന്നും ജനങ്ങളുടെ സ്വത്തായി മാറുന്നതിന്റെ ഒട്ടേറെ അഭിമാനമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായാണ് ഇ എം എസിന്റെ ഇളയമകന്‍ ശശിയും ഭാര്യ ഗിരിജയും ചരിത്രപ്രദര്‍ശനം കണ്ടിറങ്ങിയത്.

പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായ "സോഷ്യലിസമാണ് ഭാവി" പ്രദര്‍ശന നഗറില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്റെ അതുല്യജീവിതം പുനരാവിഷ്കരിച്ചിരിക്കുന്ന ഇ എം എസ് കോര്‍ണറില്‍ മകനും മരുമകളും എത്തിയത് ഏറെ ആവേശത്തോടെയായിരുന്നു. ഇ എം എസ് വ്യായാമത്തിന് ഉപയോഗിച്ച സൈക്കിളും അന്ത്യസമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടും കൈലിയും പ്രദര്‍ശന നഗരിയിലേക്ക് നല്‍കിയത് ശശിയാണ്. പൊതുസ്ഥലത്ത് ഇവ ആദ്യമായി പ്രദര്‍ശിപ്പിച്ചത് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായാണ്.

കഞ്ഞി വീണ് പടര്‍ന്നതിന്റെ പാടുകളുള്ള ഷര്‍ട്ട് കണ്ടപ്പോള്‍ അച്ഛന്റെ അവസാന നാളിനെക്കുറിച്ച് ശശിയും ഗിരിജയും ഓര്‍മകള്‍ പങ്കുവച്ചു. ""രാവിലെ ദേശാഭിമാനിക്കുള്ള ലേഖനം പൂര്‍ത്തിയാക്കി. പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകാനായി വസ്ത്രം മാറ്റി. കഞ്ഞികഴിക്കുമ്പോള്‍ കൈവിറച്ച് ഷര്‍ട്ടില്‍ വീണു. ഷര്‍ട്ട് മാറാന്‍ പറഞ്ഞെങ്കിലും തുടച്ചുകളഞ്ഞാല്‍ മതിയെന്നായി അച്ഛന്‍. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗം മൂര്‍ച്ഛിച്ചത്"". മരണശേഷം അതേപടി സൂക്ഷിച്ച ഷര്‍ട്ടില്‍ കഞ്ഞിവീണ ഭാഗത്ത് പിന്നീടാണ് നിറംമാറ്റമുണ്ടായതെന്ന് ഗിരിജ പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ വീട്ടില്‍നിന്നിറങ്ങിയതും അച്ഛന്റെ തലയ്ക്ക് വിലപറഞ്ഞുള്ള ലുക്കൗട്ട് നോട്ടീസും കുടുംബഫോട്ടോകളുമെല്ലാം ഇരുവരും ഏറെ നേരം നോക്കിനിന്നു. പാര്‍ടി കോണ്‍ഗ്രസ് നഗറിലെത്തി പ്രകാശ് കാരാട്ട്, വൃന്ദ, യെച്ചൂരി തുടങ്ങി ഒട്ടേറെ സഖാക്കളുമായി ഡല്‍ഹി ജീവിതത്തിന്റെയും മറ്റും ഓര്‍മകള്‍ പുതുക്കിയാണ് ശശിയും ഗിരിജയും മടങ്ങിയത്.

deshabhimani 080412

Friday, March 23, 2012

ആഗോളവല്‍ക്കരണത്തിന്റെ "നേട്ടം" കര്‍ഷക ആത്മഹത്യ: വരദരാജന്‍

പെരളശേരി: രാജ്യത്ത് പ്രതിദിനം 50 കര്‍ഷകര്‍ ജീവനൊടുക്കുന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ "നേട്ട"മെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ പറഞ്ഞു. മണിക്കൂറില്‍ രണ്ട് വീതം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. 1990 മുതല്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണത്തിന്റെ ഫലമായി രാജ്യത്ത് 2,87,000 കര്‍ഷകരാണ് ജീവനൊടുക്കിയത്. പെരളശേരിയില്‍ എ കെ ജി- ഇ എം എസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണനയം ഇന്ത്യക്ക് അപകടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് 90ല്‍ തന്നെ മന്‍മോഹന്‍ സിങ്ങിനെ കത്തിലൂടെ ഓര്‍മപ്പെടുത്തിയിരുന്നു. അനുഭവത്തിലൂടെ രാജ്യത്തിന് ഇത് ബോധ്യപ്പെട്ടു. പാപ്പരായിക്കൊണ്ടിരിക്കുന്ന അമേരിക്കയെ മാതൃകയാക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അവിടെയുള്ള 99 ശതമാനം ജീവിക്കാനായി സമരത്തിലാണ്. അമേരിക്ക ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയായിക്കൊണ്ടിരിക്കയാണ്. പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ മമതയുടെ മറുപടിവരട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിശ്ചയിച്ച സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിലെ കാര്യങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാന്‍ 15 കമീഷനെ നിയോഗിച്ച സര്‍ക്കാരാണ് യുപിഎ. ഈ സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് നീതി പ്രതീക്ഷിക്കാനാവില്ല. യുപിഎക്കും എന്‍ഡിഎക്കും രാജ്യത്തെ രക്ഷിക്കാനാവില്ല. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനോട് മത്സരിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ ബിജെപി ഭരണം ഇതിന്റെ തെളിവാണെന്നും വരദരാജന്‍ പറഞ്ഞു.

deshabhimani 230312

Tuesday, March 20, 2012

ഇ എം എസ് കമ്യൂണിസ്റ്റുകാര്‍ക്ക് ഉദാത്ത മാതൃക: വി എസ്


തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഇ എം എസ്, കമ്യൂണിസ്റ്റുകാര്‍ക്ക് ഉദാത്ത മാതൃകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി നിയമസഭയ്ക്കു മുന്നിലെ ഇ എം എസ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ സമസ്ത മേഖലയിലും ക്ലേശം അനുഭവിക്കുന്ന വരെയെല്ലാം മുന്‍നിര്‍ത്തി ഇന്ത്യക്ക് മാതൃകയായ സാമൂഹ്യാവസ്ഥ കെട്ടിപ്പടുക്കാനുള്ള മുന്നേറ്റത്തില്‍ ഇ എം എസിന്റെ ജീവിതം പ്രചോദനമാകും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണം മുതല്‍ നേതൃനിരയിലുണ്ടായിരുന്ന ഇ എം എസ് ദേശീയ- അന്തര്‍ദേശീയ നേതാവെന്ന നിലയിലേക്ക് വളര്‍ന്നു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളം നല്‍കിയ സംഭാവനയാണ് ഇ എം എസ് എന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും വിലമതിക്കുന്നതാണ്. ബഹുജന വിപ്ലവ പാര്‍ടിയെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ സംഭാവനയാണ് ഇ എം എസ് നല്‍കിയതെന്നും കോടിയേരി അനുസ്മരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാന്‍ ഇ എം എസ് സ്മരണ സഹായകമാകുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു.

deshabhimani 200312

Monday, March 19, 2012

മുസ്ലീം ലീഗ് അക്രമി സംഘമായി മാറി: പിണറായി

മുസ്ലീം ലീഗ് അക്രമി സംഘമായി മാറിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാപാര്‍ക്കില്‍ സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് അക്രമികള്‍ സ്വന്തം പാര്‍ട്ടി നേതാക്കളെ തന്നെ ആക്രമിക്കുകയാണ്. കാസര്‍കോട് ലീഗ് സമ്മേളനത്തില്‍ അക്രമികളുടെ അഴിഞ്ഞാട്ടം ജനം കണ്ടതാണ്. നേതാക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് തന്നെ വലയം തീര്‍ക്കേണ്ട അവസ്ഥയാണ് ലീഗിനുള്ളത്. തന്റെ വീട്ടിലേക്കല്ല പാണക്കാട് തങ്ങളുടെ വീട്ടിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തേണ്ടതെന്ന് കോഴിക്കോട് ലീഗ് നേതാവ് പി കെ കെ ബാവയ്ക്ക് പറയേണ്ടിവന്നു.

ഭരണമുണ്ടെങ്കില്‍ ലീഗ് എന്തും കാട്ടുന്ന അവസ്ഥയുണ്ടാക്കുന്നു. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീട് കയറി അക്രമണം നടത്തുന്നു. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഒന്നുരണ്ടു മാധ്യമങ്ങളെ മുന്‍നിര്‍ത്തി സിപിഐ എമ്മിനെതിരായി കഥകള്‍ കെട്ടിച്ചമച്ചു. സിപിഐ എം ജനങ്ങളുടെ വിശ്വാസത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി കോടതിയല്ല. അക്രമികള്‍ എന്നും സുരക്ഷിതരായിരിക്കും എന്ന തോന്നല്‍ ലീഗിന് വേണ്ട. അതിനെ നേരിടുന്നതിനുള്ള ശേഷി സിപിഐ എമ്മിനുണ്ട്. കാസര്‍കോടും കണ്ണൂരും മുസ്ലീം ലീഗിന്റെ അഹന്തയാണ് വെളിപ്പെടുന്നതെന്നും ഇതിനെ അംഗീകരിക്കുകയാണ് ഭരണക്കാരെന്നും പിണറായി പറഞ്ഞു.

നവകേരള ശില്‍പ്പി ഇഎംഎസിന്റെ അനുസ്മരണം നാടെങ്ങും അരങ്ങേറി. നിയമസഭ പാര്‍ക്കിലെ ഇഎംഎസ് പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , എംഎല്‍എമാരായ ടി എം തോമസ് ഐസക്ക്, എ കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ , പി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് അനുസ്മരണ യോഗം നടന്നു.

deshabhimani news