Thursday, December 31, 2009

2009ല്‍ കേരളം

ജനക്ഷേമത്തിന്റെ വര്‍ഷം ജനകീയപ്രതിരോധത്തിന്റെയും

ഇരുപത്തഞ്ചു ലക്ഷത്തിലേറെ കുടുംബത്തിന് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കിയും നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്കു ലഭ്യമാക്കിയും കേരളം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വര്‍ഷമാണ് 2009. രാജ്യമാകെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ കുരുങ്ങിയ ഘട്ടത്തിലാണ് 60 ശതമാനംവരെ വിലകുറച്ച് നിത്യോപയോഗസാധനങ്ങള്‍ നല്‍കി കേരളം രാജ്യത്തിനു മാതൃകയായത്. പാവങ്ങള്‍ക്ക് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ തുകകൊണ്ട് ആ മാസത്തേക്കുള്ള അരി വാങ്ങാവുന്ന സാഹചര്യം സൃഷ്ടിച്ച് പട്ടിണി അകറ്റി നിര്‍ത്തി. ഭക്ഷ്യോല്‍പ്പാദനവര്‍നയാണ് സംസ്ഥാനം കൈവരിച്ച പ്രധാനനേട്ടങ്ങളിലൊന്ന്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് അഭിമാനം പകരുന്നു. നിയമനനിരോധനത്തിന്റെ ഇരുണ്ട നാളുകളില്‍നിന്ന് കേരളത്തെ മോചിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ പിഎസ്സി മുഖേന 41,000 പേര്‍ക്ക് ജോലി നല്‍കി. 10,000 തസ്തിക സൃഷ്ടിച്ചു. മാന്ദ്യകാലത്തും കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ 18 ശതമാനം ഉല്‍പ്പാദനവര്‍ധന നേടിയത് അഭിമാനമായി. പൊതുമേഖലയുടെ ലാഭം വര്‍ധിച്ചു. ആഗോളസാമ്പത്തികമാന്ദ്യം അവസരമാക്കാന്‍ ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തിക്ക് അംഗീകാരം നല്‍കി കേരളം ലോകശ്രദ്ധനേടി. ഇതില്‍ 5000 കോടിയുടെ പ്രവൃത്തി അടിസ്ഥാനസൌകര്യവികസനരംഗത്താണ്. 5000 കോടി ഭവനനിര്‍മാണമേഖലയിലും. പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ച് ആരോഗ്യവിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും നിലവാരം ഉയര്‍ത്താനുള്ള വിപ്ളവാത്മകനടപടിയും കേരളത്തെ ദേശീയശ്രദ്ധാകേന്ദ്രമാക്കി. 18 വയസ്സുവരെയുള്ളവര്‍ക്ക് സൌജന്യചികിത്സാ പദ്ധതി പുതുവര്‍ഷദിനത്തില്‍ നിലവില്‍ വരും. അവിവാഹിതരായ ആദിവാസി-പട്ടികജാതി അമ്മമാര്‍ക്കും മാറാരോഗം ബാധിച്ചവരെ പരിചരിക്കുന്ന ഒരു ബന്ധുവിനും പ്രതിമാസം 250 രൂപ വീതം നല്‍കുന്ന പദ്ധതിയും ജനുവരി ഒന്നിന് യാഥാര്‍ഥ്യമാകും.

ക്രമസമാധാനപാലനത്തില്‍ കേരളത്തെ മികച്ച സംസ്ഥാനമായി ഇന്ത്യാ ടുഡെ സര്‍വേയില്‍ തെരഞ്ഞെടുത്തത് 2008ല്‍ വിവാദസ്രഷ്ടാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. യുഡിഎഫ് ഭരണം തേച്ചുമായ്ക്കാന്‍ നോക്കിയ തീവ്രവാദകേസുകളില്‍ പ്രതികളെ പിടികൂടിയതും കടന്നുപോകുന്ന വര്‍ഷത്തെ ശ്രദ്ധേയമാക്കുന്നു. ക്ഷേമ-വികസന രംഗത്തും ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൌകര്യ വികസനം, കുടിവെള്ള വിതരണം എന്നിവയില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി സിഎന്‍എന്‍-ഐബിഎന്‍ സര്‍വേയില്‍ തെരഞ്ഞെടുത്തതും ഈ വര്‍ഷമാണ്. ഊര്‍ജമേഖലയിലെ മികവിനും കേരളം ദേശീയതലത്തില്‍ മുമ്പന്തിയിലെത്തി.

ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും സാമ്പത്തികമാന്ദ്യത്തിന്റെ മുഖ്യ ഇരകളായ പാവങ്ങള്‍ക്ക് കിടപ്പാടവും ഭക്ഷണവും ഉറപ്പുവരുത്തിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിനു രക്ഷാകവചമായി. കര്‍ഷക കടാശ്വാസനിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിനു കൃഷിക്കാര്‍ക്ക് ആനുകൂല്യം ലഭിച്ച 2009ല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും ആശ്വാസത്തിന്റെ തെളിനീരുറവയെത്തി. മത്സ്യത്തൊഴിലാളികടാശ്വാസകമീഷന്‍ ശുപാര്‍ശ പ്രകാരം 121 കോടി രൂപയുടെ കടം ആദ്യഘട്ടത്തില്‍ എഴുതിത്തള്ളാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. പട്ടികജാതി-വര്‍ഗക്കാരും പരിവര്‍ത്തിത ക്രൈസ്തവരും എടുത്ത വായ്പ എഴുതിത്തള്ളിയതും ഈ വര്‍ഷംതന്നെ.

കര്‍ഷക ആത്മഹത്യകളുടെ ഞെട്ടിക്കുന്ന കണക്കുകളില്‍നിന്ന് മോചിതമായിക്കൊണ്ടിരിക്കെ ആസിയന്‍ കരാറില്‍ ഒപ്പുവച്ച് ജനതയെ ദുരിതക്കടലിലാഴ്ത്തുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സൃഷ്ടിച്ച മനുഷ്യച്ചങ്ങല കടന്നുപോകുന്ന വര്‍ഷത്തെ ഐതിഹാസിക ജനമുന്നേറ്റമായി. ജനക്ഷേമത്തിന്റെയും ജനകീയപ്രതിരോധത്തിന്റെയും അവിസ്മരണീയമായ ഓര്‍മക്കുറിപ്പുമായാണ് കേരളം 2010നെ വരവേല്‍ക്കുന്നത്. എല്ലാവര്‍ക്കും വീടും ഭക്ഷണവും കുടിവെള്ളവും വെളിച്ചവും ഉറപ്പുവരുത്താനുള്ള കര്‍മപദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയ വര്‍ഷമാണ് 2009. ഇ എം എസ് ഭവനപദ്ധതി പ്രവൃത്തിപഥത്തിലാണ്.

ക്ഷേമപെന്‍ഷനുകള്‍ 250 രൂപയായി ഉയര്‍ത്തി. ഒരുവിധ ക്ഷേമപെന്‍ഷനും ലഭിക്കാത്ത നിരാലംബവൃദ്ധര്‍ക്ക് മാസം 100 രൂപ സഹായം, അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍, പ്രവാസി പുനരധിവാസപദ്ധതിയും ക്ഷേമനിധിയും നിലവില്‍ വന്നു, കൃഷിക്കാര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ നല്‍കുന്ന കിസാന്‍ അഭിമാന്‍ പദ്ധതിയും വിള ഇന്‍ഷുറന്‍സും. നെല്ലിന് സംഭരണവില 12 രൂപയാക്കി. കൃഷി പ്രോത്സാഹനനടപടി ഫലം കണ്ടു. അമ്പതിനായിരത്തോളം ഹെക്ടറില്‍ പുതുതായി കൃഷിയിറിക്കി. വനാന്തരങ്ങളിലുള്‍പ്പെടെ കഴിയുന്ന ആദിവാസികള്‍ക്ക് വീടും കൃഷിയിടവും. അങ്കണവാടി കുട്ടികള്‍ക്കും അമ്മമാര്‍ക്കും ക്രിസ്മസിന് അഞ്ചു കിലോ അരി. ഹെല്‍ത്ത് യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമായി. കേരള സോപ്സും ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലും ഉള്‍പ്പെടെ അടച്ചിട്ട വ്യവസായശാലകള്‍ തുറന്നു. പുതിയ ഐടി പാര്‍ക്കുകളുടെ തുടക്കവും ഐടി പാര്‍ക്കുകളുടെ വിപുലീകരണവും തൊഴില്‍മേഖലയില്‍ പ്രതീക്ഷ പകരുന്നു.
(കെ എം മോഹന്‍ദാസ്)

കുറ്റാന്വേഷണമികവ് ദേശീയശ്രദ്ധയില്‍

കുറ്റാന്വേഷണ മികവില്‍ കേരള പൊലീസ് രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായ വര്‍ഷമാണ് 2009. ശാസ്ത്രീയ കുറ്റാന്വേഷണ സംവിധാനം പ്രായോഗികമായതോടെ കൊലപാതകം ഉള്‍പ്പെടെയുള്ള ഗൌരവമേറിയ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും കഴിഞ്ഞു. 1971ല്‍ 2.13 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. ആ വര്‍ഷം ഇവിടെ നടന്നത് 431 കൊലപാതകം. ജനസംഖ്യ വര്‍ധനയ്ക്ക് ആനുപാതികമായി കൊലപാതകങ്ങളുടെ എണ്ണവും കൂടുകയാണ് പതിവ്. ഇതില്‍നിന്നു കേരളം മാറിനടക്കാന്‍ തുടങ്ങിയെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജനസംഖ്യ 3.18 കോടിയായിരുന്ന 2001ല്‍ 463 കൊലപാതകമാണ് നടന്നത്. പക്ഷേ, 2009ല്‍ ജനസംഖ്യ 3.42 കോടിയായി ഉയര്‍ന്നിട്ടും കൊലപാതകങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നവംബര്‍ വരെയുള്ള കണക്കുപ്രകാരം ആകെ കൊലപാതകങ്ങളുടെ എണ്ണം 304. സാമ്പത്തികനേട്ടത്തിനുള്ള കൊലപാതകവും രാഷ്ട്രീയ കൊലപാതകവും കുറഞ്ഞ വര്‍ഷമാണ് 2009. 2008ല്‍ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിടത്ത് ഈ വര്‍ഷം നവംബര്‍വരെ അത് ഏഴെണ്ണം മാത്രമാണ്. സാമ്പത്തികനേട്ടത്തിനു വേണ്ടിയുള്ള കൊലപാതകങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23ല്‍ നിന്ന് എട്ടായി. ഭവനഭേദനക്കേസ് 2008ല്‍ 3349 ആയിരുന്നത് 2009 ഒക്ടോബര്‍ വരെ 2537 ആയി ചുരുങ്ങി.

തീവ്രവാദശക്തികള്‍ രാജ്യത്താകെ ഭീതി പരത്തിയപ്പോള്‍ അതിന്റെ വേരുകള്‍ തേടിയുള്ള ഇവിടത്തെ പൊലീസ് സംഘത്തിന്റെ അന്വേഷണം സഫലമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്. തടിയന്റവിട നസീറിനെ കണ്ടെത്താന്‍ വഴി തെളിച്ചത് കേരള പൊലീസാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കോഴിക്കോട് ഇരട്ട സ്ഫോടനം, കളമശേരി ബസ് കത്തിക്കല്‍ കേസുകളിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിക്കുപോലും പിന്‍ബലമാകുന്നത് കേരള പൊലീസിന്റെ കണ്ടെത്തലുകളാണ്.

ക്രമസമാധാനത്തകര്‍ച്ച എന്നത് പ്രതിപക്ഷത്തിന്റെ പതിവ് മുറവിളയാണ്. പക്ഷേ, കഴിഞ്ഞ വര്‍ഷം ഈ 'വിലാപം' പോലും അപൂര്‍വമായിരുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയപ്പോള്‍ അന്വേഷണം സിബിഐക്ക് വിടണമെന്നായി ആവശ്യം. എന്നാല്‍, ഹൈക്കോടതിപോലും ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. വിവാദങ്ങള്‍ കുത്തിപ്പൊക്കി കേരളത്തെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കേരള പൊലീസ് ശ്രദ്ധാപൂര്‍വം മുന്നേറി. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച കടലോര ജാഗ്രതാസമിതി രാജ്യത്ത് ആദ്യത്തേതായിരുന്നു. ജലപാത പൊലീസിങ്ങിനായി അമ്പതില്‍പ്പരം ബോട്ട് വാങ്ങാന്‍ തീരുമാനിച്ചു. നീണ്ടകരയില്‍ തീരദേശ പൊലീസ് സ്റേഷന്‍ ആരംഭിച്ചു. ഫോറന്‍സിക് ലാബ് വിപുലീകരിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യാന്‍ സൈബര്‍ പൊലീസ് സ്റേഷന്‍ ആരംഭിക്കാനും കഴിഞ്ഞു. ആരാധനാലയങ്ങളുടെ പ്രത്യേക സുരക്ഷയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തി. ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൌജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കി. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. വനിതാ ഹെല്‍പ് ലൈന്‍, സബ് ഇന്‍സ്പെക്ടര്‍മാരായി വനിതകള്‍ക്ക് നേരിട്ട് നിയമനം, ജനമൈത്രി യുവകേന്ദ്രം, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, ഹോം ഗാര്‍ഡ്സ്... 2009ലെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.

കേസന്വേഷണത്തില്‍ മികവ് കാട്ടുന്ന കോസ്റബിള്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ള സേനാംഗങ്ങള്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ ഡിറ്റക്ടീവ് എക്സലന്‍സ് നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. അലവന്‍സുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതുവഴി സേനാംഗങ്ങളുടെ ആത്മവിശ്വാസം കൂടി. പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോകുന്നവര്‍ക്ക് പിസ്റള്‍ നല്‍കാനുള്ള തീരുമാനം പരിഷ്കൃത കാഴ്ചപ്പാടിനു വഴിതുറന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതിയെപ്പറ്റി പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ട്രാഫിക് സുരക്ഷയ്ക്ക് നല്ല പ്രാധാന്യം നല്‍കിയത് വാഹനാപകട നിരക്ക് വന്‍തോതില്‍ കുറച്ചു. സ്കൂളുകളില്‍ ട്രാഫിക് സേഫ്റ്റി ക്ളബ്ബും കൊച്ചിയുടെ പ്രത്യേക സുരക്ഷയ്ക്കായി കൊച്ചി സിറ്റി ആക്ഷന്‍ ഫോറവും രൂപീകരിച്ചു. കൊച്ചിയില്‍ പൊലീസ് കോംപ്ളക്സിനും അംഗീകാരം നല്‍കി.

1960ലെ പൊലീസ് ആക്ട് നവീകരിച്ച് കേരള പൊലീസ് ബില്‍- 2009 സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് 23 സ്റേഷനില്‍കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ജനമൈത്രി പദ്ധതി നടപ്പാക്കിയ സ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ വളരെയധികം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീ ബാങ്കിന്റെ പെരിയ ശാഖയില്‍നിന്ന് 33 കിലോ സ്വര്‍ണവും ഏഴു ലക്ഷം രൂപയും കവര്‍ന്ന കേസ് തെളിയിച്ചത് കേരള പൊലീസിന്റെ കുറ്റാന്വേഷണ വൈദഗ്ധ്യത്തിന് മികച്ച ഉദാഹരണമാണ്. തിരുവനന്തപുരം പേട്ടയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയവരെ ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയതും അന്വേഷണ മികവിന് ഉദാഹരണമാണ്.

പച്ചപ്പ് വീണ്ടെടുത്ത് കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയ്ക്ക് പച്ചപ്പ് വീണ്ടുകിട്ടിയ വര്‍ഷമാണ് 2009. നിരവധി കര്‍ഷക ക്ഷേമപദ്ധതികള്‍ക്ക് തുടക്കമിട്ട ഇക്കൊല്ലം നെല്ലുല്‍പാദനവും നെല്‍വയല്‍ വിസ്തൃതിയും വര്‍ധിച്ചു. കേരളത്തെ പിടിച്ചുലച്ച കര്‍ഷക ആത്മഹത്യകളുടെ കഥകള്‍ പത്രത്താളുകളില്‍ നിന്ന് മറഞ്ഞ വര്‍ഷംകൂടിയാണിത്. കുട്ടനാട്ടിലെയും പാലക്കാട്ടെയും നെല്ലറകളില്‍ ആയിരക്കണക്കിനു ഹെക്ടര്‍ തരിശുനിലം പച്ചയണിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത് നിര്‍ണായകമായി. സംസ്ഥാനത്തെ നെല്ലുല്‍പാദനം മുന്‍വഷത്തേക്കാള്‍ 12 ശതമാനം വര്‍ധിച്ചു. നെല്‍പ്പാടങ്ങളുടെ വിസ്തൃതിയും വര്‍ധിച്ചു. മൂന്നും നാലും പതിറ്റാണ്ടുകളായി തരിശുകിടന്ന പാടങ്ങളില്‍ ഇന്ന് കനകം വിളയുന്നു. 15,000 ഹെക്ടര്‍ തരിശുഭൂമി ഇന്ന് കൃഷിയോഗ്യമായി. 20,000 ഹെക്ടര്‍ തരിശ് കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. നെല്ലിന് ഉയര്‍ന്ന സംഭരണവില നല്‍കിയ സര്‍ക്കാറിന്റെ പ്രോത്സാഹനമാണ് ഈ നേട്ടത്തിനു പ്രധാനകാരണം. 12 രൂപ സംഭരണവില രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇത് 7.50 രൂപയായിരുന്നു.

നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കിയതും പാടങ്ങളിലേക്ക് സമൃദ്ധി മടക്കിക്കൊണ്ടു വരുന്നതില്‍ നിര്‍ണായകമായി. രാജ്യത്താദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍-ക്ഷേമപദ്ധതിയും കൊണ്ടുവന്നു. 60 വയസിനു മേല്‍ പ്രായമുള്ള നെല്‍കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതാണ് കഴിഞ്ഞ ചിങ്ങപ്പുലരിയില്‍ തുടക്കം കുറിച്ച കിസാന്‍ അഭിമാന്‍ പെന്‍ഷന്‍ പദ്ധതി. പതിനാലായിരത്തോളം കര്‍ഷകര്‍ക്കാണ് ജീവിത സായാഹ്നത്തില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് എത്തുന്നത്. പെന്‍ഷനു പുറമേ, മകളുടെ വിവാഹത്തിന് 25,000 രൂപയുടെ സഹായവും കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് ഈ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നടപ്പാക്കിയ കര്‍ഷക കടാശ്വാസ പദ്ധതിയാണ് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്. പ്രകൃതിക്ഷോഭത്തില്‍ വിള നശിക്കുമ്പോള്‍ നെഞ്ചുപൊട്ടുന്ന കര്‍ഷകരുടെ രോദനങ്ങളും സര്‍ക്കാര്‍ കേട്ടു. നൂറു രൂപ അടച്ച് ഒരു ഹെക്ടര്‍ കൃഷി ഇന്ന് ഇന്‍ഷുര്‍ ചെയ്യാം. പ്രകൃതിക്ഷോഭത്തിലോ കീടബാധയിലോ രോഗങ്ങള്‍മൂലമോ കൃഷി നശിച്ചാല്‍ 12,000 രൂപ വരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതും 2009ലാണ്.

ദേശാഭിമാനി 31122009

കോണ്‍ഗ്രസിന്റെ മുഖം

രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു.

സംസ്ഥാനം തെലങ്കാന വിഷയത്തില്‍ കത്തിയെരിയുമ്പോഴും നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്ന(കാമകേളികളില്‍ ഏര്‍പ്പെടുന്ന) തിവാരിയെ ലോകം മുഴുവന്‍ വീക്ഷിച്ചു. സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസ് എംപിമാരും തിവാരി രാജ്ഭവനില്‍ പാര്‍പ്പിച്ച യുവതികളുടെ അടുത്ത് എത്താറുണ്ടായിരുന്നത്രെ. തിവാരി ഗവര്‍ണര്‍സ്ഥാനം രാജിവച്ചതോടെ എല്ലാ പ്രശ്നവും തീര്‍ന്നെന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. തിവാരി സ്വയം രാജിവച്ച് ഒഴിഞ്ഞതിലൂടെ പൊതുജീവിതത്തിന്റെ ഉയര്‍ന്ന മാതൃകയാണ് തിവാരി കാട്ടിയതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പ്രതികരണം. രാജിവച്ചതോടെ ഈ കേസ് അവസാനിപ്പിക്കാമെന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍, കോണ്‍ഗ്രസിന് ഈ കറ തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ല. കാരണം കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍നിന്നുള്ള തിവാരി.

അലഹബാദ് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ തിവാരി 1952ല്‍ തന്നെ പ്രജാ സമാജ്വാദി പാര്‍ടിയുടെ ടിക്കറ്റില്‍ യുണൈറ്റഡ് പ്രോവിന്‍സ്(യുപി) നിയമസഭയിലെത്തി. 1963 ലാണ് നെഹ്റുവിന്റെ പ്രേരണയാല്‍ തിവാരി കോണ്‍ഗ്രസിലെത്തുന്നത്. 1965 ല്‍ കാശിപുര്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച തിവാരി സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സഹമന്ത്രിയായി. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച അപൂര്‍വ വ്യക്തികൂടിയാണ് തിവാരി. 1976 ലാണ് തിവാരി ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 1984ലും 1988ലും വീണ്ടും മുഖ്യമന്ത്രിയായി. 2000ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ അവിടത്തെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. രാജിവ്ഗാന്ധി മന്ത്രിസഭയില്‍ വിദേശമന്ത്രിയായ തിവാരി, ചൌധരി ചരസിങ് സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യംചെയ്തു. നാലു തവണ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയ വേളയില്‍ ആ സ്ഥാനം മോഹിച്ച തിവാരി 1994ല്‍ കോണ്‍ഗ്രസ് വിട്ട് ഓള്‍ ഇന്ത്യ ഇന്ദിരാ കോണ്‍ഗ്രസിന് രൂപംകൊടുത്തു. 1997ല്‍ കോണ്‍ഗ്രസ് പാര്‍ടിയിലേക്ക് തിരിച്ചുവന്നു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു. കോണ്‍ഗ്രസിലെ ഇന്നുള്ള നേതാക്കളില്‍ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന നേതാവാണ് തിവാരി എന്നര്‍ഥം.

അത്തരമൊരു നേതാവ് രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിച്ചപ്പോള്‍ ആ കേസ് രാജിയില്‍മാത്രമായി ഒതുക്കപ്പെടരുത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരമൊരാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിന്റെ അര്‍ഥം ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വന്ദ്യവയോധിക കക്ഷി കണ്ണടയ്ക്കുന്നുവെന്നാണ്.

തിവാരിക്കെതിരെ ഇത് ആദ്യമായൊന്നുമല്ല ഇത്തരമൊരു ആരോപണം. എന്‍ ഡി തിവാരി ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പിതൃത്വകേസ് നേരിട്ടുവരികയാണ്. അഭിഭാഷകനായ രോഹിത് ശേഖറാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പിതൃത്വം അംഗീകരിച്ചുകിട്ടണമെന്നാണ് ഈ ഇരുപത്താറുകാരന്റെ ആവശ്യം. പരാതി സിംഗിള്‍ ബെഞ്ച് തള്ളിയപ്പോള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കയാണ് രോഹിത് ശേഖര്‍. തന്നെയും അമ്മ ഉജ്വലശര്‍മയെയും അംഗീകരിക്കാന്‍ എന്‍ ഡി തിവാരി തയ്യാറാവാത്ത സാഹചര്യത്തിലാണ് രോഹിത് കോടതിയെ സമീപിച്ചത്. നേരത്തെ തന്റെ പിറന്നാള്‍ ആഘോഷത്തിലും മറ്റും തിവാരി കൃത്യമായി പങ്കെടുക്കാറുണ്ടെന്നും രോഹിത് ശേഖര്‍ ഓര്‍ക്കുന്നു. തിവാരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് ഒരു സ്ത്രീയെ തിവാരിയുടെ ഭാര്യ സുശീല തന്‍വല്‍(1990 ല്‍ മരിച്ചു) ലഖ്നൌവിലെ മഹാനഗറില്‍വച്ച് പരസ്യമായി തലമുടിപിടിച്ച് വലിച്ച് അസഭ്യം പറഞ്ഞത് അങ്ങാടിപ്പാട്ടാണ്. പശ്ചിമ യുപിയിലെ ഗജ്റോളയിലെ ഒരു ഗസ്റ്ഹൌസില്‍വച്ച് മറ്റൊരു സ്ത്രീയുടെ കൂടെ തിവാരി പിടിക്കപ്പെട്ടു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ വഴിമധ്യേ തിവാരിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തിവാരിയെ ഗസ്റ്ഹൌസില്‍വച്ച് കൈയോടെ പിടികൂടിയത്. 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ നേപ്പാളി വനിതയായ ഇരുപത്തിമൂന്നുകാരി സരിക പ്രധാനെ സഹമന്ത്രിപദവി നല്‍കി ഉയര്‍ത്തിയത് കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഇതേ തിവാരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെയാണ് പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ റവന്യൂമന്ത്രി ഹരക്ക് സിങ് റാവത്തിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. തിവാരിയുടെ ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡിലെങ്ങും പ്രസിദ്ധമാണ്. നരേന്ദ്രസിങ് നേഗിയെന്ന നാടോടിപ്പാട്ടുകാരന്‍ 'നൌച്ചാമി നാരായ' എന്ന പേരില്‍ ഒരു പ്രത്യേക വിസിഡിപോലും ഇറക്കി. ഇത്തരമൊരാളെയാണ് ഭരണഘടനാപദവിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തിയത്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തിവാരിമാരും ഉണ്ണിത്താന്മാരും നിരവധിയാണ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവായിരുന്ന സുശീല്‍ ശര്‍മ കാമുകിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നൈന സാഹ്നിയെ വെട്ടിക്കൊന്ന് തന്തൂരി അടുപ്പില്‍ ചുട്ടെരിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസാണ്. ശര്‍മയ്ക്കും നൈനക്കുമുണ്ടായിരുന്ന അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് പുറത്തുവരികയുണ്ടായി. നാഗ്പുരില്‍ എന്‍എസ്യുഐ സമ്മേളനം നടന്നപ്പോള്‍ നഗരത്തിലെ യുവതികളെ അപമാനിച്ച വിദ്യാര്‍ഥിനേതാക്കളെ നാട്ടുകാര്‍ക്ക് സംഘടിതമായി ചെറുക്കേണ്ടിവന്നു. വേശ്യാലയങ്ങള്‍ തേടിപ്പോയ വിദ്യാര്‍ഥിനേതാക്കളെ കൈയോടെ പിടികൂടിയതും ചരിത്രം. മഹാരാഷ്ട്രയിലെ സമുന്നത കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന രാമറാവു അദിക് 1980 ല്‍ ജര്‍മനിയിലേക്ക് വിമാനത്തില്‍ യാത്രചെയ്യവെ മദ്യപിച്ച് എയര്‍ഹോസ്റസിനെ കയറിപ്പിടിച്ചത് വന്‍ വിവാദമായി. സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനുപകരം സംഭവത്തെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് മന്ത്രി ഗുലാം മുഹമ്മദ് മീറും ലൈംഗിക അപവാദക്കേസില്‍ പിടിക്കപ്പെട്ട് അഞ്ചു മാസം ജയിലില്‍ കിടന്നു. ഒപ്പം പിസിസി അധ്യക്ഷന്‍ പീര്‍ സാദാ സയിദിനെതിരെയും ആരോപണമുയരുകയുണ്ടായി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാവേളയില്‍ പിസിസി അധ്യക്ഷനായിരുന്ന ഭരത് സോളങ്കിക്കെതിരെ തെളിവുസഹിതം ലൈംഗിക ആരോപണമുയര്‍ന്നു. സോളങ്കിയുടെ ലൈംഗികവേഴ്ച ചിത്രീകരിച്ച ഏഴ് മിനിറ്റ് വരുന്ന സിഡി അന്ന് പ്രതിപക്ഷം പുറത്തിറക്കി. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള മുന്‍ വിദേശമന്ത്രി മാധവ്സിങ് സോളങ്കിയുടെ മകനായ ഭരത് സോളങ്കി ഇപ്പോള്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയാണ്. കേന്ദ്ര മന്ത്രിയായ ഗുലാംനബി ആസാദിനെതിരെയും വര്‍ഷങ്ങള്‍ക്കുമുമ്പ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാഗ്പുര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുവേളയില്‍ വനിതാസംവരണ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ യോഗ്യത കോണ്‍ഗ്രസ് നേതാക്കളുടെ ലൈംഗിക ആവശ്യത്തിന് വഴങ്ങലാണെന്ന് നഗരത്തിലെ വനിതാ കോണ്‍ഗ്രസ് നേതാവ് കല്‍പ്പന ഫുല്‍ബാന്തെ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു.

125-ാം വര്‍ഷം ആഘോഷിക്കുന്ന കോണ്‍ഗ്രസിന്റെ മുഖമാണ് ഇതൊക്കെ.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 31122009

Wednesday, December 30, 2009

നാണംകെട്ട ഹര്‍ത്താല്‍

സ്വന്തം പാര്‍ടിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൌഹാന് കേരളത്തില്‍ ഉല്ലാസയാത്ര(വാര്‍ത്ത താഴെ)

രാജ്യത്താകെ അവശ്യസാധന വില കുതിച്ചുയരുന്നതു കാരണം സാധാരണ ജനജീവിതം വിഷമകരമാണ്. അവശ്യവസ്തുക്കള്‍ ദരിദ്രര്‍ക്ക് അപ്രാപ്യമാകുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മൊത്തവില സൂചിക സംബന്ധിച്ച കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എല്ലാ ചരക്കുകളുടെയും വില ഉയര്‍ന്നിരിക്കുന്നു എന്നാണ്. പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍, പാല്‍ തുടങ്ങിയവയുടെ വില കുത്തനെ ഉയര്‍ന്നു. വിലക്കയറ്റം പരിഹരിക്കുന്നതില്‍ തികഞ്ഞ അലംഭാവം കാണിച്ച യുപിഎ സര്‍ക്കാരാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദി. അതേസമയം ഇതിനുമുമ്പത്തെ എന്‍ഡിഎ സര്‍ക്കാരിന് നേതൃത്വം നല്‍കിയ ബിജെപി പിന്തുടര്‍ന്നതും ഇതേ നയങ്ങളാണ്. അവര്‍ക്ക് വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒരക്ഷരം പറയാന്‍ അവകാശമില്ല. വിലക്കയറ്റം തടയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള കഴിവിനെ അട്ടിമറിച്ച നടപടികള്‍ പലതും എന്‍ഡിഎ സര്‍ക്കാരിന്റേതാണ്. വിലക്കയറ്റം തടയുന്നതിനും വിലക്കയറ്റത്തിലേക്ക് നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തിരുത്തിക്കുറിക്കുന്നതിനും യുപിഎ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇന്നത്തെ ദുഃസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ കാരണം.

1955 ലെ അവശ്യസാധനനിയമം തകര്‍ത്തതിന് ഉത്തരവാദി ബിജെപിയാണ്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണത്. അവശ്യസാധനങ്ങളുടെ പട്ടികയില്‍ 1989ല്‍ 70 ഇനം ഉണ്ടായിരുന്നു. എ ബി വാജ്പേയി നയിച്ച സര്‍ക്കാര്‍ സ്വതന്ത്രവ്യാപാരവും വാണിജ്യവും സാധ്യമാക്കുന്നതിന്റെ പേരുപറഞ്ഞ് അവശ്യസാധനങ്ങളുടെ എണ്ണം 15 ആക്കി വെട്ടിക്കുറച്ചു. അവശ്യസാധനങ്ങളുടെ വ്യാപാരത്തില്‍ നിര്‍ദാക്ഷിണ്യം കൊള്ളലാഭം ഉണ്ടാക്കുന്ന പ്രവണതയെ തടയുന്നതിന് കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്ന അധികാരമാണ് ഇതിലൂടെ അട്ടിമറിക്കപ്പെട്ടത്. അവശ്യസാധനനിയമത്തിന്‍ കീഴില്‍ വരുന്ന സാധനങ്ങള്‍ സ്റ്റോക്ക്ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ലൈസന്‍സും നിയന്ത്രണങ്ങളും 2002 ലെ ഒരു ഉത്തരവിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഗോതമ്പ്, പരുക്കന്‍ ധാന്യങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍, ഭക്ഷ്യഎണ്ണക്കുരുക്കള്‍ തുടങ്ങിയവ ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ ഇഷ്ടംപോലെ കച്ചവടക്കാര്‍ക്ക് വാങ്ങാനും സ്റ്റോക്ക് ചെയ്യാനും വില്‍ക്കാനും അനുവാദം നല്‍കി. പയര്‍വര്‍ഗങ്ങള്‍, നെയ്യ്, മൈദ, ആട്ട, വനസ്പതി തുടങ്ങിയ സാധനങ്ങളുടെമേലുണ്ടായ നിയന്ത്രണവും എന്‍ഡിഎ സര്‍ക്കാര്‍ 2003ലെ മറ്റൊരു ഉത്തരവിലൂടെ എടുത്തുകളഞ്ഞു. വില നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കഴിയാതെ വന്നതിനുള്ള ഒരു കാരണം ഇതാണ്.

അവശ്യസാധനങ്ങളുടെ വിലയുടെയും സ്റ്റോക്കിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും അനുവാദം നല്‍കിയ എന്‍ഡിഎ സര്‍ക്കാരിന്റെ അത്തരം നടപടികളെല്ലാം റദ്ദാക്കണമെന്നാണ് മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐ എം നിരന്തരം ആവശ്യപ്പെട്ടത്. അവശ്യസാധനങ്ങളുടെ വിതരണത്തിന് തടസ്സമായിനില്‍ക്കുന്ന വ്യക്തികളെ തടഞ്ഞുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അധികാരം നല്‍കുന്ന 1980ലെ കരിഞ്ചന്ത തടയല്‍- അവശ്യ സാധനങ്ങളുടെ വിതരണം സുഗമമാക്കല്‍ നിയമത്തിലെ വകുപ്പുകള്‍ പൂഴ്ത്തിവയ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരായി കര്‍ശനമായി ഉപയോഗിക്കണമെന്നും പാര്‍ടി ആവശ്യപ്പെട്ടു.

എന്നാല്‍, അത്തരം ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയും പൊതുവിതരണ സമ്പ്രദായത്തെ ബോധപൂര്‍വം ക്ഷീണിപ്പിച്ചും വിലക്കയറ്റം രൂക്ഷമായി തുടരാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ വിപുലവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിച്ച കേരളംപോലുള്ള സംസ്ഥാനങ്ങളെ പരമാവധി ദ്രോഹിക്കാനുള്ള നടപടികളാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. റേഷനരി വിഹിതം അടിക്കടി വെട്ടിക്കുറച്ചതടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍ എടുത്തുപറയാനാകും. അവശ്യസാധനങ്ങളുടെ അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കപ്പെട്ടത് സ്ഥിതി വീണ്ടും വഷളാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് കര്‍ണാടകം. കേരളം പോലെയല്ല, ഒട്ടുമിക്ക അവശ്യസാധനങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണത്. എന്നാല്‍, കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവില്‍ അവശ്യസാധനങ്ങളുടെ വില തിരുവനന്തപുരം, കൊച്ചി തുടങ്ങിയ കേരള നഗരങ്ങളിലേതിനേക്കാള്‍ വളരെ ഉര്‍ന്ന തോതിലാണ് കാണാനാകുന്നത്. കര്‍ണാടകത്തില്‍ പാവപ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് ആശ്രയമല്ല. കാരണം പൊതുവിതരണ സമ്പ്രദായം കൊള്ളക്കാരുടെ പിടിയിലാണ്. മറിച്ചുവില്‍പ്പന മാത്രമാണവിടെ നടക്കുന്നത്. ഈ വസ്തുതകളാകെ പരിശോധിക്കുമ്പോള്‍, രാജ്യത്ത് ഏറ്റവും മികച്ച നിലയില്‍ വിലക്കയറ്റം നിയന്ത്രിക്കുകയും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിനെതിരെ ഒരക്ഷരമുരിയാടാനുള്ള അവകാശം കോണ്‍ഗ്രസിനോ ബിജെപിക്കോ ഇല്ലെന്നാണ് വ്യക്തമാവുക. കോണ്‍ഗ്രസ് നടത്തുന്ന വിലക്കയറ്റവിരുദ്ധ സമരത്തിന്റെ മുന ചെന്നുതറയ്ക്കേണ്ടത് യുപിഎ സര്‍ക്കാരിന്റെ; കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെഞ്ചത്താണ്. ബിഎംഎസും ബിജെപിയും വിലക്കയറ്റത്തെക്കുറിച്ച് പറയുമ്പോള്‍ കൃത്യമായി ഓര്‍മിക്കേണ്ടത് നാട്ടിലെ ഇന്നത്തെ വിലക്കയറ്റം സൃഷ്ടിക്കാന്‍ ഇടയാക്കിയ സ്വന്തം പിടിപ്പുകേടാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ബിഎംഎസ് ആഹ്വാനംചെയ്ത് ബിജെപി പിന്തുണച്ചു നടത്തിയ ഹര്‍ത്താല്‍ തികച്ചും നാണംകെട്ട ഒന്നാണ്.
(ദേശാഭിമാനി മുഖപ്രസംഗം 301209)

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി മുഖ്യമന്ത്രിക്ക് ഉല്ലാസയാത്ര

ആലപ്പുഴ: സ്വന്തം പാര്‍ടിക്കാര്‍ വാഹനങ്ങള്‍ തടഞ്ഞും തകര്‍ത്തും ഹര്‍ത്താല്‍ നടത്തുമ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൌഹാന് കേരളത്തില്‍ ഉല്ലാസയാത്ര. ബിഎംഎസ്-ബിജെപി ഹര്‍ത്താല്‍ ദിവസം ചൌഹാന്‍ കുടുംബസമേതമാണ് ഉല്ലാസയാത്രക്ക് ആലപ്പുഴയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ ഭാര്യ സാധ്ന സിങ്ങും രണ്ടുമക്കളുമൊത്ത് കാറില്‍ എത്തിയ ചൌഹാനെ കലക്ടര്‍ പി വേണുഗോപാല്‍ സ്വീകരിച്ചു. പകല്‍ രണ്ടോടെ ചൌഹാനും കുടുംബവും പുന്നമടയിലെത്തി ഹൌസ് ബോട്ടില്‍ കായല്‍യാത്ര നടത്തി. കനത്ത സുരക്ഷാസന്നാഹത്തോടെ ചൌഹാനും കുടുംബാംഗങ്ങളും ഉല്ലാസയാത്ര നടത്തുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം എറിഞ്ഞു തകര്‍ത്ത് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പരാക്രമത്തിലായിരുന്നു അണികള്‍.

Tuesday, December 29, 2009

ക്യൂബയെപ്പറ്റി മിണ്ടിപ്പോകരുത്..

ക്യൂബ എല്ലാ കുട്ടികള്‍ക്കും പോഷകാഹാരമുള്ള രാജ്യം

ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കാത്ത ഏകരാജ്യമായി ക്യൂബയെ യൂണിസെഫ് പ്രഖ്യാപിച്ചു. ക്യൂബന്‍ സര്‍ക്കാരിന്റെ നടപടികളാണ് ഇതിനു കാരണമായതെന്ന് യൂണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും പോഷകാഹാരരംഗത്ത് ലാറ്റിനമേരിക്കയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായി ക്യൂബയെ അംഗീകരിച്ചു. അതേസമയം, ലോകത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള 15 കോടി കുട്ടികള്‍ കടുത്തതോതില്‍ പോഷകാഹാരക്കുറവ് നേരിടുന്നു. ഇതില്‍ 28 ശതമാനം സബ്-സഹാറന്‍ ആഫ്രിക്കയിലും 17 ശതമാനം മധ്യ-ഉത്തര ആഫ്രിക്കയിലും 15 ശതമാനം കിഴക്കനേഷ്യയിലുമാണ്. മറ്റു വികസ്വരരാജ്യങ്ങളില്‍ 27 ശതമാനം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. മധ്യ-കിഴക്കന്‍ യൂറോപ്പില്‍ ഇത് അഞ്ചു ശതമാനം വരും. അന്‍പത് വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധത്തില്‍ കഴിയുന്ന ക്യൂബ ഇതുമൂലമുള്ള ക്ളേശങ്ങള്‍ സഹിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

Cuba: Zero Percent of Severe Child Malnutrition, points out the UN

ബിജെപി: 'തലമുറമാറ്റം' തീവ്രഹിന്ദുത്വ നിലപാടിന് ആക്കം കൂട്ടും

അധികാര രാഷ്ട്രീയത്തിന് താല്‍ക്കാലിക അവധി നല്‍കി, തീവ്രഹിന്ദുത്വ നിലപാട് ശക്തമാക്കാനുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയ അജന്‍ഡയ്ക്ക്, പുതിയ നേതൃമാറ്റത്തോടെ ബിജെപി അംഗീകാരം നല്‍കി. മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍പോലും ഏറെ സ്വാധീനം ചെലുത്താനാകാത്ത ഒരു ഗ്രൂപ്പിന്റെ കയ്യാളായ നിതിന്‍ ഗഡ്കരിയെ ആര്‍എസ്എസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അധ്യക്ഷനാക്കിയത്. ചുരുങ്ങിയ കാലംകൊണ്ട് ബിസിനസ് സാമ്രാജ്യത്വത്തിന്റെ അധിപനായ ഈ അമ്പത്തിരണ്ടുകാരന്‍ ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജനിച്ചു വളര്‍ന്ന ഗഡ്കരി, സംഘചാലക് വലയത്തിനുള്ളില്‍ തന്നെയാണ് രാഷ്ട്രീയത്തില്‍ പിച്ചവെച്ചത്.

അടുത്ത അഞ്ചുവര്‍ഷത്തേക്കെങ്കിലും അധികാരം സ്വപ്നം കാണാനാവാത്ത സാഹചര്യത്തില്‍ കൈവിട്ടുപോയ രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാന്‍ ആര്‍എസ്എസ് കണ്ടെത്തുന്ന മാര്‍ഗം തീവ്രഹിന്ദുത്വ മുഖം തന്നെയാണ്. ആര്‍എസ്എസിന്റെ ഉല്‍ഭവശേഷം അതിന്റെ രാഷ്ട്രീയ മുഖം ജനസംഘം ആയിരുന്നു. പിന്നീട് ജനതാപാര്‍ടി രൂപീകരിച്ചത് സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും കോണ്‍ഗ്രസിലെ സിണ്ടിക്കേറ്റ് വിഭാഗവും ജയപ്രകാശ് നാരായണനെ അനുകൂലിക്കുന്നവരും ഒക്കെ ചേര്‍ന്നായിരുന്നു. ജനതാപാര്‍ടി പിളര്‍ന്നപ്പോള്‍ ബിജെപി യെ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമാക്കി മാറ്റി. ആ സ്വാധീനവലയത്തിനുള്ളില്‍ തന്നെയാണ് ബിജെപി. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതിനെ എന്‍ഡിഎ ഘടകകക്ഷികളില്‍ മാത്രമല്ല, ബിജെപിയില്‍ ഉള്ളവര്‍പോലും എതിര്‍ക്കുമെന്ന് ആര്‍എസ്എസ് നേതൃത്വത്തിനറിയാത്തതല്ല. എന്നാല്‍ തൊണ്ണൂറുകളില്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വീകരിച്ച തീവ്രഹിന്ദുത്വ പരിപാടികളും രഥയാത്ര പോലുള്ള രാഷ്ട്രീയ ക്യാമ്പയിനുകളുമാണ് പല സംസ്ഥാനങ്ങളിലും അധികാരത്തിന്റെ വഴിതുറന്നതെന്നവര്‍ വിശ്വസിക്കുന്നു. ഇനിയും ആര്‍എസ്എസ് നിശ്ചയിക്കുന്നതായിരിക്കും ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡ! നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തായിരിക്കും ഗഡ്കരിയെ നിയന്ത്രിക്കുക!!

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത സുഷമാസ്വരാജ് താന്‍ ഒരു തീവ്രഹിന്ദുത്വവാദിയാണെന്ന് പലവുരു തെളിയിച്ചിട്ടുണ്ട്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ ഉമാഭാരതി മിനാരങ്ങള്‍ക്കരികില്‍ ഉറഞ്ഞുതുള്ളിയെങ്കില്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോള്‍ ആടിതിമിര്‍ത്തവരില്‍ മുന്നിലായിരുന്നു സുഷമ. പാര്‍ടി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുപോലെ ഒത്തുപോകുന്ന ചേരിയിലാണെങ്കിലും ഒരു രണ്ടാംനിര നേതൃത്വത്തിന്റെ മികവുപോലും ബിജെപിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ആര്‍എസ്എസ് ഉല്‍ഭവിച്ചശേഷം ജനസംഘമായിരുന്നു അതിന്റെ രാഷ്ട്രീയമുഖം. പിന്നീട് രൂപീകരിച്ച ബിജെപിയെ, ആര്‍എസ്എസ് അതിന്റെ രാഷ്ട്രീയ വിഭാഗമാക്കി. കടിഞ്ഞാണ്‍ നഷ്ടപ്പെടുന്നതിനെ അവര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ആര്‍എസ്എസിന്റെ തീവ്രഹിന്ദുത്വ നിലപാടിനപ്പുറമുള്ള മേഖലയിലേക്ക് വാജ്പേയി കടന്നപ്പോള്‍, ബിജെപി നേതൃത്വത്തിലുണ്ടായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഏറെക്കാലം നീറിനിന്നു. 'യൂണിഫോറം ധരിച്ചു ട്രെയിനിങ്ങിനു പോകുന്ന ആര്‍എസ്എസുകാരനാണ് താനെ'ന്ന് അഭിമാനത്തോടെ മൊഴിഞ്ഞ വാജ്പേയിക്ക് തന്റെ മിതവാദ നിലപാട് ഉപേക്ഷിക്കേണ്ടിവന്നു. അക്കാലത്ത് അദ്വാനിക്കും കൂട്ടര്‍ക്കും ശക്തി പകര്‍ന്നത് ആര്‍എസ്എസ് ആണ്. ബിജെപിയിലുണ്ടായിരുന്ന പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകാര്‍പോലും വാജ്പേയിയുടെ രക്ഷയ്ക്കെത്തിയില്ല.

ഗഡ്കരിയുടെയും സുഷമയുടെയും നേതൃസ്ഥാനത്തെ സ്ഥാനാരോഹണത്തോടെ പൂര്‍ണ്ണമായ ഒരു 'തലമുറ മാറ്റം' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ രാജ്നാഥ് സിങ്, വിവാദങ്ങള്‍ക്കിടം കൊടുക്കാതെ അധ്യക്ഷപദവി ഒഴിഞ്ഞപ്പോള്‍ ഗഡ്കരിയുടെ അവരോധനം പൂര്‍ണ്ണമായി. ബിജെപിയുടെ രണ്ടാംനിര നേതൃത്വത്തിലെ മറ്റാരെങ്കിലും അധ്യക്ഷനാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ആര്‍എസ്എസ് താല്‍പര്യം കണക്കിലെടുത്ത് മുതിര്‍ന്ന നേതാക്കള്‍പോലും പിന്മാറി! ആര്‍എസ്എസ് ആവശ്യപ്പെട്ട പ്രകാരമാണോ അധ്യക്ഷനായതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആദ്യം അദ്വാനിയും പിന്നീട് രാജ്നാഥ് സിങ്ങും തന്നോട് സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് ഗഡ്കരി പറഞ്ഞത്.

മഹാരാഷ്ട്രയില്‍ ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണമായി പറയുന്നത് ഗോപിനാഥ് മുണ്ടെ - ഗഡ്കരി ഗ്രൂപ്പു വഴക്കാണെന്നാണ്. 1995-99ല്‍ മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായി ഗഡ്കരി വന്നത്, ഏറെ എതിര്‍പ്പോടെയായിരുന്നു. ശിവസേന - ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഹൈവേ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതാണ് ഗഡ്കരിയുടെ മികവായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പിവിസി പൈപ്പ് നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയില്‍നിന്ന് വന്‍ ബിസിനസ് സാമ്രാജ്യത്വത്തിനുടമയായ അദ്ദേഹം ആര്‍എസ്എസിന്റെയും ബിജെപിയുടെയും മുഖ്യ സാമ്പത്തിക സ്രോതസ്സ് ആണ്. രാഷ്ട്രീയത്തില്‍ സജീവമായതുതന്നെ തന്റെ ബിസിനസ് താല്‍പര്യവുമായിരുന്നു. ഗഡ്കരിയുടെ ഉയര്‍ച്ചയുടെ പടവുകള്‍ ആരെയും അതിശയിപ്പിക്കും.

വ്യവസായികളെയും വ്യാപാര - വാണിജ്യരംഗത്തെ പ്രമുഖരെയും ലക്ഷ്യംവെച്ചാണ് ബിജെപിയുടെ രാഷ്ട്രീയ - സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നത്. ജമീന്ദാര്‍മാരുടെ പാത ഉപേക്ഷിക്കാതെ തന്നെ മുതലാളിത്ത വികസനത്തിന്റെ ഫലം കൊയ്യാന്‍ അവര്‍ക്ക് കഴിയുന്നുമുണ്ട്. ദേശീയ നേതൃത്വത്തിലേക്കുയര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ശേഷി ഗഡ്കരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തിനു ബോധ്യമുള്ളപ്പോള്‍ തന്നെ, ബിസിനസ് സാമ്രാജ്യത്വത്തിന്റെ പ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തെ ആവശ്യമുണ്ട്. വാജ്പേയിയെ അനുകൂലിക്കുന്നവര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്വാനിയുടെയും രാജ്നാഥ് സിങ്ങിന്റെയും ഇടപെടലോടെ അത് കെട്ടടങ്ങി. ബിജെപിക്ക് ഗുണം ചെയ്യുന്ന നേതാവാണ് ഗഡ്കരിയെന്ന് വാജ്പേയ് പിന്നീട് ഏറ്റുപറയുകയുമുണ്ടായി.

ഗഡ്കരി ഒരിക്കലും സംഘചാലകിന്റെ വലയം ഭേദിച്ചൊരു ചാട്ടത്തിന് മുതിര്‍ന്നിട്ടില്ല. ആ വിശ്വാസ്യതയാണ് മറ്റു താല്‍പര്യങ്ങളെ മറികടക്കുന്നത്. പിന്നോക്ക വിഭാഗക്കാരനായ ഗോപിനാഥ്മുണ്ടെയെ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നേതൃനിരയിലേയ്ക്കുയര്‍ത്തിക്കൊണ്ടു വന്നത് പ്രമോദ് മഹാജനായിരുന്നു. എന്നാല്‍ സംഘടനയുടെ താക്കോല്‍ ബ്രാഹ്മണസമുദായത്തില്‍നിന്നുള്ള ഗഡ്കരിയുടെ കൈയിലായിരുന്നു. താക്കറെയും ശിവസേനയും മറാഠാ വികാരം ഉണര്‍ത്തി തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോഴും ബിജെപിയുടെ സ്വാധീനം കാക്കാന്‍ ഗഡ്കരി സംസ്ഥാന അധ്യക്ഷപദവി പ്രയോജനപ്പെടുത്തി എന്നാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്.

ഗഡ്കരി നേതൃപദവിയിലെത്തിയതുകൊണ്ട് ബിജെപിക്ക് പ്രത്യേക 'തിളക്കം' ഉണ്ടാകണമെന്നില്ല. പക്ഷേ, പിവിസി പൈപ്പ് കമ്പനിയായ പോളിഡാക്ക് വ്യവസായ സൊസൈറ്റിയുടെ സ്ഥാപക ചെയര്‍മാനായ ഗഡ്കരി വ്യവസായത്തില്‍ തിളങ്ങുകയാണ്! ഈ സ്ഥാപനത്തിന്റെ വാര്‍ഷിക വരുമാനം മുപ്പതുകോടിയിലേറെ രൂപയാണ്. നാഗ്പൂരില്‍ തന്നെ സോഫ്ട്വെയര്‍ ടെക്നോളജി പാര്‍ക്കില്‍, സോഫ്ട് ലിങ്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയും ഗഡ്കരി തന്നെ.

ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ സുഷമ സ്വരാജിന് ഗഡ്കരിയേക്കാള്‍ അഞ്ചുവയസ്സിന്റെ മൂപ്പുണ്ട്. സുഷമയെ അല്ലാതെ മറ്റാരെയും പിന്‍ഗാമിയാക്കാന്‍ അനുവദിക്കില്ലെന്ന അദ്വാനിയുടെ കടുംപിടുത്തമാണ് മുരളി മനോഹര്‍ ജോഷിയെ പിന്തിരിപ്പിച്ചത്. ഗുരുതുല്യനായ എല്‍ കെ അദ്വാനിയുടെ പിന്തുണ എപ്പോഴും സുഷമയ്ക്കുണ്ടായിട്ടുണ്ട്. മുരളി മനോഹര്‍ ജോഷി രംഗത്തിറങ്ങിയത് വെറുതെയല്ല. ജസ്വന്ത്സിങ്, യശ്വന്ത് സിന്‍ഹ, സ്ഥാനമൊഴിഞ്ഞ ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിങ് എന്നിവരുടെ പിന്തുണ അദ്ദേഹത്തിന് ആദ്യമേ ഉണ്ടായിരുന്നു. അവര്‍ക്കുമുന്നില്‍ അര്‍ഥശങ്കക്കിടയില്ലാതെ, അദ്വാനി തന്റെ പിന്‍ഗാമിയായി സുഷമയുടെ പേര് ഉയര്‍ത്തിപ്പിടിച്ചു.

ബിജെപിയിലെ പുതിയ അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും തെരഞ്ഞെടുപ്പോടെ മാധ്യമങ്ങളും, ചില രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്ന 'തലമുറ മാറ്റം' ഉണ്ടെങ്കിലും ഏറ്റുമുട്ടലിന്റെ പാരമ്പര്യം നിലനില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇടിയുന്നതിന്റെ ആഘാതം കുറച്ചൊന്നുമല്ല സംഘടനയെ ഉലയ്ക്കുന്നത്. എന്നാലും 'അധികാര രാഷ്ട്രീയം'എന്ന മുഖമുദ്രയുള്ള ബിജെപിക്ക് ഏറ്റുമുട്ടലിന്റെ വഴി സംഘടനയ്ക്കുള്ളിലും നീറിനില്‍ക്കും. 'തലമുറ മാറ്റം' അതിന് തടസ്സമല്ല; തീവ്രതയോടെ തുടരാനാണ് സാധ്യത.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക 010110

Monday, December 28, 2009

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തിന്റെ ഭീഷണി രാജ്യത്തിനുമുന്നിലെ വലിയ വെല്ലുവിളിയാണിന്ന്. രാജ്യത്തിന്റെ കെട്ടുറപ്പ് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതാണത്. ഏതെങ്കിലും വിഭാഗീയമോ ഒറ്റപ്പെട്ടതോ പക്ഷപാതപരമോ ആയ നടപടികള്‍ തീവ്രവാദത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. കളമശേരി ബസ് കത്തിക്കല്‍ കേസും കശ്മീരിലേക്ക് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏകപക്ഷീയമായ ഉത്തരവ് അത്തരമൊരു നീക്കമാണെന്ന് പറയാതെവയ്യ. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളെ അറിയിച്ചുമാത്രമേ കേസുകള്‍ ഏറ്റെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ മന്ത്രാലയംതന്നെ കാറ്റില്‍ പറത്തിയിരിക്കുന്നു. കേസ് ഏറ്റെടുത്ത കാര്യം ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിപോലും വിവരം അറിഞ്ഞത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അതൃപ്തി സംസ്ഥാന ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. തിങ്കളാഴ്ച രണ്ടു കേസ് കൂടി എന്‍ഐഎ ഏറ്റെടുത്തതും സംസ്ഥാനത്തെ അറിയിക്കാതെയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ മാത്രമല്ല, സാമാന്യമര്യാദയുടെകൂടി ലംഘനമാണ് ഈ നടപടികളില്‍ കാണാനാകുന്നത്.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും കടന്നുവന്നിരിക്കുന്നു എന്ന ആശങ്കാജനകമായ യാഥാര്‍ഥ്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് ചില കേസുകളുടെ അന്വേഷണം പരിണാമഗുപ്തിയിലെത്തുന്നത്. ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളുള്ള കേസുകള്‍ ഏത് സംസ്ഥാനത്തെയായാലും ദേശീയ അന്വേഷണ ഏജന്‍സിക്ക് അന്വേഷിക്കാവുന്നതാണ്. എന്‍ഐഎ കേസുകള്‍ അന്വേഷിക്കുന്നതിനെ കേരള സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നുമാത്രമല്ല കോഴിക്കോട് ഇരട്ട സ്ഫോടനക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതുതന്നെ സംസ്ഥാന സര്‍ക്കാരാണ്. എന്‍ഐഎയുടെ അന്വേഷണങ്ങള്‍ക്കെല്ലാം പൂര്‍ണ സഹകരണമാണ് സംസ്ഥാന പൊലീസ് നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഒരു ജനാധിപത്യ ഭരണക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഏജന്‍സിയും ഭരണഘടനയെയും ജനാധിപത്യ നടപടിക്രമങ്ങളെയും മാനിക്കേണ്ടതുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അവ സംസ്ഥാന ഗവമെന്റുമായി പങ്കുവയ്ക്കുകയും പരസ്പരധാരണയില്‍ കേസുകള്‍ ഏറ്റെടുക്കുകയുമാണ് വേണ്ടത്. 2009നുശേഷമുള്ള കേസുകള്‍ എന്‍ഐഎയ്ക്ക് നേരിട്ട് ഏറ്റെടുക്കാം. എന്നാല്‍, അതിനുമുമ്പുള്ളവ സംസ്ഥാനവുമായി ആലോചിച്ച് മാത്രമേ ഏറ്റെടുക്കാവൂ എന്നാണ് ധാരണ. ഈ ധാരണയും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. എന്‍ഐഎ കേസേറ്റെടുത്ത വിവരം സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്ന് അറിയേണ്ടിവരുന്നു എന്ന സ്ഥിതിവിശേഷം അപകടകരമാണ്. ജനാധിപത്യരാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ഏകാധിപത്യത്തിന്റെ ശീലങ്ങള്‍ ഭൂഷണമല്ല.

2008ല്‍ എന്‍ഐഎ ആക്ട് പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കുമ്പോള്‍ത്തന്നെ ഇത് ഫെഡറലിസത്തിനുമേലുള്ള ഇടപെടലാണോ എന്ന സംശയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയത്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര ഏജന്‍സികളോ കോടതിയോ ഒന്നും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നുമാത്രമല്ല ദുര്‍ബലമായ സൂചനകളില്‍നിന്നുപോലും കൃത്യമായ നിഗമനങ്ങളില്‍ എത്താനും തീവ്രവാദശക്തികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഏറ്റവും ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തിയത് കേരള പൊലീസാണെന്ന് അടുത്തകാലത്ത് ശ്രദ്ധയില്‍ വന്ന പല കേസുകളും തെളിയിക്കുന്നു. ഒരു വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്നാണ് കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കേരള പൊലീസ് കണ്ടെത്തിയത്. തടിയന്റവിട നസീര്‍ എന്ന ലഷ്കര്‍ നേതാവ് ബംഗ്ളാദേശിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരം അയാള്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പര്‍ അടക്കം കേന്ദ്ര ഏജന്‍സികളെ അറിയിച്ചതും കേരള ഇന്റലിജന്‍സാണ്. ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്ന രണ്ട് കേസുകളും കേരള പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവയാണ്. തടിയന്റവിട നസീറും സര്‍ഫ്രാസ് നവാസും ആസൂത്രണം ചെയ്തതായി വെളിപ്പെടുന്ന ബംഗളൂരു സ്ഫോടനക്കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ ഇതുവരെ തയ്യാറായിട്ടില്ല. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജയ്പുര്‍, സൂറത്ത് തുടങ്ങി വന്‍ സ്ഫോടന കേസുകളും അവര്‍ ഏറ്റെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കേസുകളോട് കാണിക്കുന്ന അമിതമായ താല്‍പ്പര്യം സംശയത്തിന്റെ നിഴലിലാകുന്നത്.

കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആരംഭം ഒരുപക്ഷേ, മാറാട് കലാപമായിരിക്കും. ഈ കാലാപത്തിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംഭവം സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുതവണ ആവശ്യപ്പെട്ടിട്ടും ഈ കേസ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.

ദേശാഭിമാനി മുഖപ്രസംഗം 291209

എന്‍ഐഎ അന്വേഷണം കുറ്റപത്രം നല്‍കിയ കേസുകളില്‍

കോടതിയില്‍ കുറ്റപത്രം നല്‍കിയ തീവ്രവാദക്കേസുകള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അമിത താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിനു പിന്നില്‍ ദുരൂഹത. കളമശേരി ബസ് കത്തിക്കല്‍, തീവ്രവാദ റിക്രൂട്ട്മെന്റ് എന്നീ കേസുകള്‍ കുറ്റപത്രം നല്‍കിയവയാണ്. വാഗമ-പാനായിക്കുളം സിമി ക്യാമ്പുകള്‍ സംബന്ധിച്ച കേസുകള്‍ അന്തിമഘട്ടത്തിലുമാണ്. രാജ്യാന്തരതലത്തില്‍ ഗൂഢാലോചന നടന്നെന്നും വിദേശത്തുനിന്ന് പണം എത്തിയെന്നും ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയ മാറാട് കേസില്‍ സിബിഐ അന്വേഷണ ആവശ്യം ചെവിക്കൊള്ളാത്ത കേന്ദ്ര ആഭ്യന്തരവകുപ്പാണ് ഇവയില്‍ തിടുക്കം കാട്ടുന്നത്. ബസ് കത്തിക്കല്‍, ബംഗളൂരു സ്ഫോടന പരമ്പര എന്നിവയില്‍ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ അടുത്ത ബന്ധു പ്രതിയാണ്. ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനിരിക്കെയാണ് പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാനെന്ന പേരില്‍ എന്‍ഐഎയുടെ രംഗപ്രവേശം. എന്‍ഐഎ അന്വേഷണവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത്ത കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിലപാടും ദുരൂഹമാണ്. പ്രശ്നം വിവാദമാക്കി സംസ്ഥാനത്തിനെതിരെ പുകമറ സൃഷ്ടിക്കാനും തങ്ങളുടെ വീഴ്ച മറയ്ക്കാനുമാണ് കേന്ദ്രനീക്കം.

കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് കണ്ടെത്തിയത് കേരള പൊലീസാണ്. 2008 ഒക്ടോബര്‍ നാല്, പത്ത് തീയതികളില്‍ അതിര്‍ത്തിയില്‍ നാലുപേര്‍ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി കശ്മീരിലെത്തി മരിച്ചത് മലയാളികളാണെന്ന് തിരിച്ചറിയുകയായിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പോള്‍ത്തന്നെ കേന്ദ്ര ആഭ്യന്തരവകുപ്പിനും രഹസ്യന്വേഷണ ഏജന്‍സിക്കും കൈമാറി. തീവ്രവാദ റിക്രൂട്ട്മെന്റിന് കണ്ണൂരില്‍ കേസ് രജിസ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മുഖ്യകണ്ണി തടിയന്റവിട നസീറിനെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയത്. നസീര്‍ ബംഗ്ളാദേശിലേക്കു കടന്ന വിവരം 2009 ഏപ്രില്‍ 17ന് സംസ്ഥാന ഇന്റലിജന്‍സ് മേധാവി റോയെ അറിയിച്ചു. റിക്രൂട്ട്മെന്റ് കേസില്‍ 23 പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇ അഹമ്മദിന്റെ ബന്ധുവിന് പങ്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് കത്തിക്കല്‍ കേസ് ദുര്‍ബലപ്പെടുത്താനാണ് 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പുനരന്വേഷണത്തില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതിയായി. ഇയാളില്‍നിന്നാണ് അഹമ്മദിന്റെ ബന്ധുവിന് ബംഗളൂരു സ്ഫോടന പരമ്പരയിലും പങ്കുള്ളതായി തെളിഞ്ഞത്. ബസ് കത്തിക്കല്‍ കേസിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വാഗമ, പാനായിക്കുളം സിമി ക്യാമ്പുകള്‍ സംബന്ധിച്ചും ആദ്യം കണ്ടെത്തിയത് കേരള പൊലീസാണ്. കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും കേരള പൊലീസിന് കിട്ടിയതില്‍ കൂടുതല്‍ തെളിവോ മറ്റോ കിട്ടിയതായി സൂചനയില്ല. കേരള പൊലീസ് കണ്ടെത്തിയവ ക്രോഡീകരിച്ച് തങ്ങളുടെ അക്കൌണ്ടിലാക്കാനാണ് എന്‍ഐഎയുടെ നീക്കം.

ദേശാഭിമാനി 291209

കേരളത്തെ കുവൈറ്റാക്കാന്‍ ഒരു എളുപ്പവഴി

പുഴകളെ വിറ്റാല്‍ കേരളം കുവൈത്താകും: വികസനകാര്യത്തില്‍ കോണ്‍ഗ്രസിന്‌ പിന്തിരിപ്പന്‍ ഇടതുചായ്‌വ്: അബ്‌ദുള്ളക്കുട്ടി

തിരുവനന്തപുരം: കേരളത്തിന്റെ വികസന കാര്യത്തില്‍ കോണ്‍ഗ്രസിന്‌ പിന്തിരിപ്പന്‍ ഇടതുചായ്‌വുണ്ടെന്നും ആഗോള നിക്ഷേപ സംഗമത്തില്‍ പുഴ വില്‍ക്കുന്ന കാര്യം കേട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെയും എ.കെ.ആന്റണിയുടെയും മുട്ടിടിച്ചെന്നും എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ. സൂര്യമേളയോടനുബന്ധിച്ചുള്ള പ്രസംഗമേളയില്‍പങ്കെടുക്കവേയാണ്‌ അബ്‌ദുള്ളക്കുട്ടി കോണ്‍ഗ്രസിനും നേതാക്കള്‍ക്കുമെതിരേ ആഞ്ഞടിച്ചത്‌.

സംസ്‌ഥാനത്തെ പുഴകളെ വിറ്റാല്‍ വികസനത്തിന്റെ കാര്യത്തില്‍ കേരളം കുവൈത്താകുമെന്നും യഥാര്‍ത്ഥ വികസനം സാധ്യമാകണമെങ്കില്‍ പുഴകളെ വില്‍ക്കാന്‍ തയാറാകണമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

പെരിയാറിലെ വെള്ളം നല്‍കിയാല്‍ കൊച്ചി കോര്‍പറേഷന്‌ ആവശ്യമായ കുടിവെള്ളം തരാമെന്ന പദ്ധതിയുമായി ആഗോള നിക്ഷേപ സംഗമത്തില്‍ നിക്ഷേപകര്‍ എത്തിയിരുന്നു.വെള്ളം വില്‍ക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്നത്തെ യു.ഡി.എഫ്‌ സര്‍ക്കാരിനുപോലും ഇത്‌ അംഗീകരിക്കാനായില്ല. ഇടതുപക്ഷവും എതിര്‍ത്തു. ഇടതുപക്ഷത്തിന്റെ വികസന കാഴ്‌ചപ്പാട്‌ കേരളത്തെ മുരടിപ്പിക്കുന്നതാണ്‌. കേരളത്തിലെ മുഴുവന്‍ വികസനത്തിനും പിന്നില്‍ കമ്മ്യൂണിസ്‌റ്റുകാരാണെന്ന വാദം അംഗീകരിക്കാനാവില്ല.

വികസനത്തിന്റെ കാര്യത്തില്‍ നെഹ്രുവിനെപ്പോലെ കരുത്തനും ബുദ്ധിമാനുമാണ്‌ ഡോ.മന്‍മോഹന്‍സിംഗ്‌. അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ്‌ തന്നെ
കുഴപ്പത്തിലാക്കിയത്‌-അബ്‌ദുള്ളക്കുട്ടി പറഞ്ഞു.

വാര്‍ത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം 281209

ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരം

ഞങ്ങള്‍ ഒരുചുവടുകൂടി പിന്നിടുന്നു. ദേശാഭിമാനിയുടെ കേരളത്തിനു പുറത്തുള്ള രണ്ടാമത്തെ എഡിഷന്‍ ഇന്ന് ബംഗളൂരുവില്‍ യാഥാര്‍ഥ്യമാകുന്നു. ഇതോടെ, ദേശാഭിമാനി എട്ട് കേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങുന്ന മലയാള പത്രമാവുകയാണ്. അടുത്തമാസം മലപ്പുറം എഡിഷന്‍ ആരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, ബഹ്റൈന്‍ -ഇപ്പോള്‍ ബംഗളൂരു, ഇനി മലപ്പുറവും. ഒന്നാമത്തെ മലയാള ദിനപത്രമാവുക എന്ന ദേശാഭിമാനിയുടെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമാണ് ഈ വളര്‍ച്ച. കര്‍ണാടകത്തിലെ ലക്ഷക്കണക്കിന് മലയാളികളുടെ ചിരകാലാഭിലാഷമായ ബംഗളൂരു എഡിഷന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

ബംഗളൂരുവിലും പരിസരങ്ങളിലുമായി 14 ലക്ഷം മലയാളികള്‍ തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. തെരുവു കച്ചവടം മുതല്‍ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയില്‍ വരെ മലയാളികളുടെ നിറസാന്നിധ്യം കാണാം. നാട്ടില്‍നിന്നും വീട്ടില്‍നിന്നും അകന്നുകഴിയുന്ന അവര്‍ക്ക് കേരളത്തിന്റെ വര്‍ത്തമാനം എത്തിക്കുക എന്നതുമാത്രമല്ല, അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ സത്യസന്ധതയോടെ വാര്‍ത്തകളും വീക്ഷണങ്ങളും ലഭിക്കുന്നത് ഉറപ്പാക്കുകയുമാണ് ദേശാഭിമാനി.

ദേശാഭിമാനി സിപിഐ എം മുഖപത്രമാണെന്നതിനൊപ്പം സമ്പൂര്‍ണ ദിനപത്രവുമാണ്. 1942ല്‍ ദേശാഭിമാനി വാരികയായി കോഴിക്കോട്ടുനിന്ന് ആരംഭിച്ചു. ഇ എം എസ് തന്റെ തറവാട്ടുസ്വത്ത് വിറ്റുകിട്ടിയ പണം ദേശാഭിമാനിക്ക് നല്‍കി. തുടക്കംമുതല്‍ അന്ത്യശ്വാസംവരെ ദേശാഭിമാനിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ഇ എം എസിന്റേത്. പാര്‍ടിപത്രവും ഒപ്പം സമ്പൂര്‍ണ ദിനപത്രവുമാകണം എന്ന് ശഠിച്ചത് ഇ എം എസ് ആണ്. എ കെ ജി ശ്രീലങ്കയിലും സിംഗപ്പൂരിലും പോയി ദേശാഭിമാനിക്ക് സംഭാവന പിരിച്ചു. പി കൃഷ്ണപിള്ള, അഴീക്കോടന്‍, സി എച്ച് കണാരന്‍, നായനാര്‍ തുടങ്ങി നിരവധി സഖാക്കള്‍ ദേശാഭിമാനിയുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും അമൂല്യ സംഭാവനയാണ് നല്‍കിയത്. പാലോറ മാത എന്ന കര്‍ഷകത്തൊഴിലാളി ഉള്‍പ്പെടെ കേരളത്തിലെ സാധാരണ ജനങ്ങള്‍ ചെറുതും വലുതുമായി ദേശാഭിമാനിക്ക് നല്‍കിയ സംഭാവനകളും വിലപ്പെട്ടതാണ്. വാരിക 1946ല്‍ ദിനപത്രമായി. ഏഴാമത്തെ എഡിഷനാണ് ഗള്‍ഫ് രാജ്യമായ ബഹ്റൈനില്‍നിന്ന് ആരംഭിച്ചത്. സൌദി അറേബ്യയിലാണ് പ്രധാനമായും വിതരണം. ഗള്‍ഫ് നാടുകളിലെ രണ്ടാമത്തെ പത്രമാണ് ഇന്ന് ദേശാഭിമാനി.

കേരളത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനമാണ് ദേശാഭിമാനിക്ക്. വായനക്കാരുടെ വര്‍ധനയില്‍ ഒന്നാംസ്ഥാനത്താണ് ദേശാഭിമാനി എന്നത് അഭിമാനകരമാണ്. ഇടതുപക്ഷ മാധ്യമം എങ്ങനെയായിരിക്കണം എന്ന് ഇ എം എസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, വിലക്കയറ്റം തുടങ്ങി സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സംഘടന ശക്തിപ്പെടുത്തുകയും പ്രക്ഷോഭ സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുക എന്നത് ഇടതുപക്ഷ പത്രത്തിന്റെ കടമയാണ്. ഈ കടമ നന്നായി നിര്‍വഹിക്കുന്ന പത്രമാണ് ദേശാഭിമാനി.

വര്‍ഗ ബഹുജന സംഘടനകളെയും പ്രക്ഷോഭ സമരങ്ങളെയും ദുര്‍ബലപ്പെടുത്താനാണ് വലതുപക്ഷ മാധ്യമങ്ങള്‍ നിരന്തരം ശ്രമിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തെ കരിതേച്ചുകാണിക്കാനും പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ വെള്ളപൂശാനും നിരന്തര മാധ്യമശ്രമം നടക്കുന്നു. വലതുപക്ഷമാധ്യമങ്ങളുടെ വെല്ലുവിളിയെ നേരിട്ടുകൊണ്ടേ ഇടതുപക്ഷ പ്രസ്ഥാനത്തിന് വളരാനാവൂ. പശ്ചിമ ബംഗാളിലും കേരളത്തിലുമുള്ള ഇടതുപക്ഷ സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണ് മാധ്യമങ്ങള്‍ സംഘടിതവും ആസൂത്രിതവുമായി ശ്രമിക്കുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകനായ സായിനാഥ് ചൂണ്ടിക്കാണിച്ചതുപോലെ സമ്പന്നരില്‍നിന്ന് വന്‍തുക കൈക്കലാക്കി തെരഞ്ഞെടുപ്പില്‍ പിന്തിരിപ്പന്‍ ശക്തികളെ ജയിപ്പിക്കാനുള്ള പ്രചാരവേല സംഘടിപ്പിക്കാന്‍പോലും വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് പണം വാങ്ങുക എന്ന ഹീനമായ മാര്‍ഗം മാധ്യമങ്ങള്‍ സ്വീകരിക്കുന്നു. എഡിറ്റേഴ്സ് ഗില്‍ഡ് തന്നെ ഈ പ്രവണതയെ അപലപിക്കാന്‍ തയ്യാറായിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ മാധ്യമത്തിന്റെ അനിവാര്യത കൂടുതല്‍ ബോധ്യപ്പെടേണ്ടത്. പിന്തിരിപ്പന്‍ ശക്തികളുടെ നുണകളെ ഫലപ്രദമായി നേരിടാന്‍ ദേശാഭിമാനി വളരണം. ഈ വസ്തുത തിരിച്ചറിഞ്ഞ് ബംഗളൂരുവില്‍ എഡിഷന്‍ ആരംഭിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ബംഗളൂരു എഡിഷന്‍ ദേശാഭിമാനി പ്രവര്‍ത്തകര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പ്പിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 281209

ദേശാഭിമാനി ബംഗളൂരു എഡിഷന്‍ ഉദ്ഘാടനം ഇന്ന്

പൂന്തോട്ടനഗരിയിലെ മലയാളികളുടെ പ്രഭാതങ്ങള്‍ക്ക് നവോന്മേഷമായി 'ദേശാഭിമാനി' എത്തുന്നു. ദേശാഭിമാനിയുടെ എട്ടാമത് എഡിഷന്‍ ബംഗളൂരുവില്‍ തിങ്കളാഴ്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് ഇന്ദിരാനഗറിലെ ഈസ്റ് കള്‍ച്ചറല്‍ (ഇസിഎ) അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം കര്‍ണാടക സംസ്ഥാന സെക്രട്ടറി വി ജെ കെ നായര്‍ അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേകപതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രകാശനംചെയ്യും. ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതം ആശംസിക്കും.


പ്രവാസികളുടെ സ്നേഹവായ്പില്‍ ഉദ്യാനനഗരിയിലേക്ക് ദേശാഭിമാനി

ദേശാഭിമാനിയുടെ എട്ടാമത് എഡിഷന്‍ യാഥാര്‍ഥ്യമാക്കാന്‍ ബംഗളൂരുവിലെ മലയാളികള്‍ നടത്തിയത് മാതൃകാപ്രവര്‍ത്തനം. ദേശാഭിമാനിയുടെ ഉദ്യാനനഗരിയിലേക്കുള്ള ചുവടുകളില്‍ പ്രവാസി മലയാളികളുടെ ഹൃദയസ്പന്ദനമുണ്ട്. പ്രസിദ്ധീകരണം തുടങ്ങാനുള്ള സാമ്പത്തികബാധ്യത ദേശാഭിമാനി റീഡേഴ്സ് ഫോറം പ്രവര്‍ത്തകര്‍ സ്വയം ഏറ്റെടുത്തും പുതിയ വരിക്കാരെ ചേര്‍ത്തുമാണ് നിര്‍വഹിച്ചത്. തൊഴില്‍ തേടി മറുനാട്ടിലെത്തുന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ് ബംഗളൂരുവില്‍നിന്ന് പത്രം പ്രസിദ്ധീകരിക്കാന്‍ മാനേജ്മെന്റിന് പ്രേരണയായത്.

മല്ലേശ്വരത്ത് 1995ല്‍ ബ്യൂറോ തുടങ്ങി. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി ദേശാഭിമാനി റീഡേഴ്സ് ഫോറം രൂപീകരിച്ചു. ഇന്ന് റീഡേഴ്സ് ഫോറത്തിന് 18 മേഖലാ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ദേശാഭിമാനി മുന്‍ ജനറല്‍ മാനേജര്‍മാരായ പി കരുണാകരന്‍ എംപി, പി ജയരാജന്‍ എംഎല്‍എ, കര്‍ണാടക മുന്‍മന്ത്രി ജെ അലക്സാണ്ടര്‍, ബംഗളൂരു പ്രസ്ക്ളബ് സെക്രട്ടറി സദാശിവ ഷേണായി, ഉദയവാണി എഡിറ്റര്‍ ഡോ. ആര്‍ പൂര്‍ണിമ, ജനശക്തി എഡിറ്റര്‍ എസ് വൈ ഗുരുശാന്ത്, സിപിഐ എം ബംഗളൂരു ജില്ലാ സെക്രട്ടറി കെ പ്രകാശ്, മാതൃഭൂമി ബംഗളൂരു ബ്രാഞ്ച് മാനേജര്‍ പി രമേഷ്, മാധ്യമം പത്രം പ്രതിനിധി മുഹമ്മദ് റഫീഖ് എന്നിവര്‍ ആശംസ അര്‍പ്പിക്കും. റീഡേഴ്സ് ഫോറം ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നന്ദി പറയും. വളര്‍ച്ചയിലേക്ക് കുതിക്കുന്ന ദേശാഭിമാനി പത്രത്തിന്റെ ഒമ്പതാമത് എഡിഷന്‍ ജനുവരി 17ന് മലപ്പുറത്തുനിന്ന് ആരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലും ഗള്‍ഫില്‍ ബഹ്റൈനിലുമാണ് മറ്റ് എഡിഷന്‍.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

Sunday, December 27, 2009

2009 കടന്നു പോകുമ്പോള്‍ - വിദേശകാര്യം

ചുവന്ന ചൈന തിളങ്ങി

കഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും പ്രധാനവാര്‍ത്തയായി പാശ്ചാത്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയചൈനയുടെ വളര്‍ച്ചയാണ്. പീപ്പീള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ അറുപതാം വാര്‍ഷികാഘോഷം 2009ലെ അവിസ്മരണീയസംഭവങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ചൈനയുടെ സൈനികശക്തിയും സാംസ്കാരികവൈവിധ്യവും ജനതയുടെ ഉത്സാഹവും പ്രതിഫലിച്ച പകിട്ടാര്‍ന്ന ചടങ്ങായിരുന്നു വാര്‍ഷികാഘോഷം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ പ്രഖ്യാപിച്ചു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു.

ക്രയശേഷിയുടെ കാര്യത്തില്‍ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയാണ് ചൈന. ആഭ്യന്തര മൊത്ത ഉല്‍പ്പാദനം വിനിമയനിരക്കിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ചൈന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയാണ്. വിമോചനകാലത്ത് വ്യവസായമേഖലയിലും മറ്റു പല രംഗത്തും ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന ചൈന നേടിയ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ശ്രദ്ധേയമായ ഈ വികസനത്തിന് അടിത്തറ പാകിയത് ജന്മിത്വം അവസാനിപ്പിക്കുകയും പുരോഗമനപരമായ ഭൂപരിഷ്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്ത് സിപിസി നടപ്പാക്കിയ പരിപാടിയിലൂടെയാണ്; വന്‍കിട വ്യവസായങ്ങള്‍ അടിത്തറ ഇടുകയും ജനങ്ങള്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസവും ആരോഗ്യ-സാമൂഹ്യ സേവനങ്ങളും നല്‍കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ജനാധിപത്യവിപ്ളവത്തിനുള്ള ചൈനീസ് പാത-കര്‍ഷകജനതയെ മോചിപ്പിക്കുകയും സ്വാശ്രയമാര്‍ഗങ്ങളിലൂടെ സമ്പദ്ഘടന കെട്ടിപ്പടുക്കുകയും ചെയ്ത്-കോളനിവാഴ്ചയില്‍നിന്ന് സ്വാതന്ത്ര്യം നേടിയ മൂന്നാംലോകരാജ്യങ്ങളെ വന്‍തോതില്‍ ആകര്‍ഷിച്ചു.

ചൈനയുടെ ഇന്നത്തെ വികസനത്തിന് പ്രചോദനം നല്‍കുന്നത് മുതലാളിത്തമാണെന്ന ചാപല്യം വിളമ്പുന്നവര്‍ ഈ വികസനത്തിന്റെ അടിത്തറയെക്കുറിച്ച് ഒന്നും ഉരിയാടുന്നില്ല. ഭൂപരിഷ്കരണത്തിലും ഭരണകൂട നിയന്ത്രിത വ്യവസായവല്‍ക്കരണത്തിലും പൊതുപണം മുടക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിഷ്കാരങ്ങള്‍ക്ക് ശേഷിയുള്ള സാമൂഹ്യമേഖലയിലുമാണ് ചൈന കെട്ടിപ്പടുത്തത്. പരിഷ്കരിച്ച ഭരണസംവിധാനവും കൂട്ടുടമാസംരംഭങ്ങളും വളര്‍ന്നുവരുന്ന സ്വകാര്യമേഖലയ്ക്ക് ഒപ്പം ചേര്‍ന്നാണ് ചൈനയില്‍ പ്രകടമാകുന്ന ചടുലമായ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്. കഴിഞ്ഞവര്‍ഷം പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തികപ്രതിസന്ധിയോടെ ലോകസമ്പദ്ഘടനയില്‍ ചൈനയ്ക്കുള്ള നിര്‍ണായകസ്ഥാനം വ്യക്തമായി. ചൈന അവരുടെ സമ്പദ്ഘടനയ്ക്കുവേണ്ടി 58,500 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജനപദ്ധതി പ്രഖ്യാപിച്ചു. സാമ്പത്തികവളര്‍ച്ചയ്ക്ക് കരുത്ത് പകരാന്‍ ഇത് ഫലപ്രദമായെന്ന് തെളിഞ്ഞു. 2009ല്‍ ആഗോള സാമ്പത്തികവളര്‍ച്ച പൂജ്യത്തിന് താഴെ മൂന്ന് ആകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ചൈന 7.7 ശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കുമെന്ന് കരുതുന്നു.

ഒബാമയുടെ കിരീടവും കൊഴിയുന്ന തൂവലുകളും

ബറാക് ഒബാമയാണ് 2009ല്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച വ്യക്തികളില്‍ ഒന്നാംസ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാരോഹണവും നോബല്‍പുരസ്കാരലബ്ധിയും അദ്ദേഹത്തെ വെള്ളിവെളിച്ചത്തില്‍ നിലനിര്‍ത്തി. അതേസമയം സാമ്പത്തികമാന്ദ്യവും ആരോഗ്യപരിരക്ഷാ പദ്ധതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആഭ്യന്തരമായി നേരിടുന്ന എതിര്‍പ്പും ഇറാഖ്-അഫ്ഗാന്‍-പാക് മേഖലയിലെ സ്ഥിതിഗതി രൂക്ഷമായതും ഒബാമയെ അലട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയ ആദ്യ ആഫ്രിക്കന്‍വംശജന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയ ഒബാമ നയതന്ത്രജ്ഞതയിലും വാക്സാമര്‍ഥ്യത്തിലും കേമനാണ്. ജോര്‍ജ് ബുഷിന്റെ അഹന്ത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ കേട്ട് വിറങ്ങലിച്ച ലോകത്തിന് ഒബാമ സ്വീകാര്യനായത് അതുകൊണ്ടാണ്. പ്രവൃത്തിയെക്കാളുപരി ഒബാമയുടെ പ്രതീക്ഷാനിര്‍ഭരമായ വാക്കുകളാണ് നോബല്‍സമ്മാനത്തിന് അര്‍ഹനാക്കിയത്. ഒബാമയ്ക്ക് നോബല്‍സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ക്യൂബന്‍ വിപ്ളവനായകന്‍ ഫിദെല്‍ കാസ്ട്രോ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ഒബാമയ്ക്ക് ലഭിച്ച സ്വീകാര്യത അമേരിക്കയിലെ മുന്‍ഭരണാധികാരികള്‍ക്കുള്ള തിരസ്കാരമാണെന്നാണ് കാസ്ട്രോ അഭിപ്രായപ്പെട്ടത്.

കടുത്ത വംശവിവേചനം നില്‍നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയം തീര്‍ച്ചയായും ആശാവഹമായ സംഭവവികാസമായി. രാജ്യത്തെ തീവ്രവലതുപക്ഷക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒബാമയുടെ വരവ് തീരെ ദഹിച്ചില്ല. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ 'ഒബാമയുടെ തൊലിയുടെ നിറം' വിഷയമാക്കാന്‍ ശ്രമിച്ചു. കറുത്ത വംശജനായ കേംബ്രിഡ്ജ് പണ്ഡിതനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റുചെയ്ത നടപടിയെ പ്രസിഡന്റ് കടുത്ത ഭാഷയില്‍ അപലപിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കി. എന്നാല്‍, ഒബായുടെ നയചാതുര്യം പ്രശ്നം എളുപ്പത്തില്‍ പരിഹരിച്ചു. എന്നാല്‍, പശ്ചിമേഷ്യന്‍ പ്രശ്നം സംബന്ധിച്ച് ഒബാമ നടത്തിയ പ്രസ്താവനയില്‍ പലസ്തീന്‍ രാജ്യം എന്ന വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം വ്യക്തമായ നടപടിയൊന്നും സ്വീകരിച്ചില്ല. അധിനിവേശഭൂമിയിലെ അനധികൃത ജൂതകുടിയേറ്റങ്ങള്‍, പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് അവരുടെ സ്വന്തം മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം, കിഴക്കന്‍ ജെറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കല്‍ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ല. എന്നും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനിന്ന പാകിസ്ഥാന്റെ കാര്യത്തില്‍ ഒബാമഭരണകൂടം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖായിദയും താലിബാനും പാകിസ്ഥാനില്‍ ഭീകരാക്രമണം പതിവായി നടത്തുന്നു. അഴിമതിയില്‍ മുങ്ങിയ പാക്‍ഭരണനേതൃത്വം ഒരേസമയം സൈന്യത്തില്‍നിന്നും ഭീകരരില്‍നിന്നും അട്ടിമറിഭീഷണി നേരിടുന്നു. ഭീകരവിരുദ്ധപോരാട്ടം നടത്താന്‍ പാകിസ്ഥാന് അമേരിക്ക വര്‍ധിപ്പിച്ചതോതില്‍ സഹായം നല്‍കിയിട്ടും ഫലമില്ല.

ആരോഗ്യപരിരക്ഷാസംവിധാനത്തിന്റെ പരിധിയില്‍ വരാത്ത അഞ്ചുകോടി അമേരിക്കക്കാര്‍ക്ക് ഇത് ലഭ്യമാക്കാന്‍ രാജ്യത്തിന്റെ പ്രസിഡന്റ് നന്നേ വിയര്‍ക്കുന്നു. ഇതിനുവേണ്ടിയുള്ള പോരാട്ടം തീക്ഷ്ണമായി മാറുകയാണെന്ന് തനിക്ക് അനുഭവപ്പെടുന്നതായി ഒബാമയ്ക്ക് പറയേണ്ടിവന്നിടത്തോളം ആശയക്കുഴപ്പം വളര്‍ന്നു. ഓരോ തവണയും ആരോഗ്യപരിരക്ഷാസംവിധാന പരിഷ്കരണം യാഥാര്‍ഥ്യമായി മാറുന്ന ഘട്ടത്തിലേക്ക് വരുമ്പോള്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കുപ്രചാരണം നടത്തുകയും അവരുടെ രാഷ്ട്രീയമിത്രങ്ങളെ ഉപയോഗിച്ച് അമേരിക്കന്‍ജനതയെ കബളിപ്പിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. തുടര്‍ന്നുള്ള അനുഭവങ്ങള്‍ ഒബാമയുടെ ആശങ്ക ശരിയാണെന്ന് തെളിയിച്ചു. രണ്ട് പ്രധാന സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍സ്ഥാനം ഡമോക്രാറ്റിക് പാര്‍ടിക്ക് നഷ്ടപ്പെട്ടു. ചുരുക്കത്തില്‍ ഒബാമ ഞാണിന്മേല്‍ കളി നടത്തുകയാണ്. തന്റെ ആഗ്രഹങ്ങളും പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ വളക്കൂറില്ലാത്ത മണ്ണില്‍.
(സാജന്‍ എവുജിന്‍)

നെഞ്ചൂക്കോടെ നെജാദ്

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ച രാഷ്ട്രത്തലവനെന്ന തലയെടുപ്പോടെയാണ് 2009ന്റെ കലണ്ടറില്‍ മഹമൂദ് അഹ്മദിനെജാദ് തെളിഞ്ഞുനില്‍ക്കുന്നത്. അമേരിക്കയുടെയും കൂട്ടാളികളുടെയും പ്രലോഭനങ്ങളിലും ഭീഷണികളിലും പതറാതെ നെജാദിന്റെ ഇറാന്‍ മുന്നേറുന്നു. യാഥാസ്ഥിതികനെന്നു മുദ്രകുത്തി എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കിടയിലും രാജ്യത്തോടുള്ള പ്രതിബദ്ധതയും അഴിമതിരഹിത ഭരണവും നെജാദിനെ വേറിട്ടുനിര്‍ത്തുന്നു. അമേരിക്കയുടെ ഭീഷണിക്ക് അതിലേറെ ഉച്ചത്തില്‍ മറുപടി നല്‍കുന്ന നെജാദിന്റെ സാമ്രാജ്യത്വവിരുദ്ധതയാണ് അഭിപ്രായവ്യത്യാസമുള്ളവര്‍ക്കുപോലും അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവട്ടവും അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന് കരുത്തേകി. 63 ശതമാനം വോട്ട് നല്‍കിയാണ് അഹ്മദിനെജാദിനെ ഇറാന്‍ജനത വീണ്ടും അധികാരത്തിലേറ്റിയത്. വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയി നിയോഗിച്ച അന്വേഷണ സമിതി തള്ളി.

കിട്ടുന്ന അവസരങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയാണ് നെജാദ് വിരുദ്ധര്‍. പാശ്ചാത്യശക്തികളുടെ പരോക്ഷ പിന്തുണ ഈ നീക്കങ്ങള്‍ക്കുണ്ട്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നെന്നും ഇത് ലോകത്തിന് ഭീഷണിയാണെന്നുമാണ് അമേരിക്കയും സംഘവും നിലവിളിക്കുന്നത്. ആണവനിലയങ്ങള്‍ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണെന്നും ഒരു രഹസ്യവുമില്ലെന്നും നെജാദ് പലവട്ടം വ്യക്തമാക്കിയിട്ടും യുഎന്നിനെ അടക്കം കരുവാക്കി അമേരിക്ക കളിതുടരുകയാണ്. ഇറാന്റെ പക്കലുള്ള യുറേനിയം കൂടുതല്‍ സമ്പുഷ്ടീകരണത്തിനായി റഷ്യയിലേക്കും ഫ്രാന്‍സിലേക്കും കയറ്റി അയക്കണമെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്നോട്ടുവച്ച നിര്‍ദേശം. സമ്പുഷ്ടീകരിച്ച യുറേനിയം ഊര്‍ജദണ്ഡുകളാക്കി മടക്കിനല്‍കാമെന്നാണ് നിര്‍ദേശം. ഊര്‍ജദണ്ഡുകളില്‍നിന്ന് ആണവായുധം നിര്‍മിക്കാനാകില്ല. ഐഎഇഎ നിര്‍ദേശത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇറാന്‍ നേതാക്കള്‍ പലവട്ടം തങ്ങളുടെ വിയോജിപ്പ് വെളിപ്പെടുത്തി. ഇറാന്റെ ആണവപരമാധികാരം ആര്‍ക്കു മുന്നിലും അടിയറവയ്ക്കില്ലെന്ന് അഹ്മദിനെജാദ് ഒബാമയുടെ നിര്‍ദേശത്തോട് പ്രതികരിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖത്തേറ്റ അടിയായി.

ദുരിതം തീരാതെ പലസ്തീന്‍

ഗാസയിലെ പലസ്തീന്‍ മണ്ണില്‍ ചോരപ്പുഴയൊഴുക്കിയ ഇസ്രയേലി ക്രൂരതയില്‍ നടുങ്ങിയാണ് 2009 പിറന്നത്. വര്‍ഷം വിടപറയുമ്പോഴും സയണിസ്റ്റുകളുടെ തോക്കിനുമുന്നില്‍ ആറ് പലസ്തീന്‍കാര്‍ പിടഞ്ഞുവീണു. താരതമ്യേന ശാന്തമായ വെസ്റ്ബാങ്കില്‍ പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ ഫത്താ പാര്‍ടിയുടെ മൂന്നു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇസ്രയേലി സൈന്യം വീണ്ടുമൊരു കടന്നാക്രമണത്തിന് അവസരമൊരുക്കുകയാണ്. തീവ്രനിലപാടുള്ള ഹമാസിനെതിരെ അബ്ബാസിന്റെ ഫത്താ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ കരുനീക്കുന്നത്. വെസ്റ്ബാങ്കില്‍ വീടുകള്‍ ആക്രമിച്ച് ഫത്താപ്രവര്‍ത്തകരെ വെടിവച്ചുകൊന്നത് ഈ ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടാക്കുമെന്നുറപ്പ്. കഴിഞ്ഞ ഡിസംബര്‍ 27 മുതല്‍ ജനുവരി 18ന് പുലര്‍ച്ചെവരെ ഇസ്രയേലി സൈന്യം ഗാസയില്‍ നടത്തിയ നിഷ്ഠുരമായ കടന്നാക്രമണത്തില്‍ 1500ലേറെ പേരാണ് മരിച്ചുവീണത്. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഗാസയില്‍ കൂട്ടക്കൊല അവസാനിപ്പിച്ചശേഷവും പലപ്പോഴായി നിരവധി പലസ്തീന്‍കാര്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രശ്നപരിഹാരത്തിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെല്ലാം മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും പരാജയപ്പെട്ടു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥപിക്കാന്‍ പ്രത്യേകദൂതനെ നിയോഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ നീക്കങ്ങളും എങ്ങുമെത്തിയില്ല. ഇതിനിടെ, സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനാല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പലസ്തീന്‍ അതോറിറ്റി ശ്രമം നടത്തി. യുഎന്നില്‍ ഈ നീക്കത്തിന് പിന്തുണ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിച്ചെങ്കിലും അവരത് നിരസിച്ചു. വെസ്റ്ബാങ്കിലെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനവും ആഴ്ചകള്‍ക്കം അദ്ദേഹംതന്നെ പിന്‍വലിച്ചു. സ്വതന്ത്ര പലസ്തീന്റെ തലസ്ഥാനമെന്നു കരുതപ്പെടുന്ന കിഴക്കന്‍ ജറുസലേമിലെ നിര്‍മാണം നിര്‍ത്താത്തതും ഗാസയിലെ ഉപരോധത്തിന് അയവുനല്‍കാന്‍പോലും തയ്യറാകാത്തതും ഇസ്രയേലിന്റെ തനിനിറം ഒരിക്കല്‍ക്കൂടി വെളിവാക്കി.

പുലികളൊടുങ്ങിയിട്ടും ലങ്ക പുകയുന്നു

കൊഴിഞ്ഞുപോകുന്ന വര്‍ഷം നിര്‍ണായക സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച രാഷ്ട്രമാണ് ശ്രീലങ്ക. പതിറ്റാണ്ടുകള്‍ പൊരുതിയ തമിഴ്പുലികള്‍ അവസാനശ്വാസംവരെ പിടിച്ചുനിന്ന് വേരറ്റുപോയ വര്‍ഷം. ആഭ്യന്തരസംഘര്‍ഷം ചോരപ്പുഴ ഒഴുക്കിയ ലങ്ക പുതിയ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നത്. വംശീയപ്രശ്നം പരിഹരിക്കുന്നതിന് വിലങ്ങുതടിയെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്ന എല്‍ടിടിഇ നാമാവശേഷമായ ശേഷവും തമിഴരുടെ ദുരിതം പരിഹാരമില്ലാതെ തുടരുന്നത് സിംഹള ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. പുലികളെ ഒതുക്കാന്‍ ഒരുമിച്ച് നിന്നവര്‍ തന്നെ പരസ്പരം കൊമ്പുകോര്‍ക്കുകയുമാണ്. 'ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം' എന്ന എല്‍ടിടിഇയെ 2008 ഡിസംബര്‍ 31നകം തുടച്ചുനീക്കുമെന്നായിരുന്നു ലങ്കന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പറഞ്ഞതിലും രണ്ടുദിവസംകൂടി പിന്നിട്ടപ്പോള്‍ പുലികളുടെ തലസ്ഥാനമായ കിള്ളിനോച്ചി പിടിച്ചെടുത്ത് ഫൊന്‍സേകയുടെ സൈന്യം രജപക്സെയുടെ വാക്കുപാലിച്ചു. രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയ സൈന്യത്തോട് നേര്‍ക്കുനേര്‍ പേരാടിയ പുലികളുടെ ശക്തിചോര്‍ന്നുതുടങ്ങിയെന്നും 2009 എല്‍ടിടിഇയുടെ അവസാനവര്‍ഷമാകുമെന്നുമുള്ള വിലയിരുത്തല്‍ ശരിവയ്ക്കുന്ന മുന്നേറ്റമാണ് പിന്നീട് ലങ്കന്‍ സൈന്യം നടത്തിയത്. സൈനികകേന്ദ്രമായ മുല്ലത്തീവും സൈന്യം വളഞ്ഞതോടെ എല്‍ടിടിഇയുടെ പതനം ഉറപ്പായി.

2008ല്‍ വടക്കന്‍ ശ്രീലങ്കയെ യുദ്ധക്കളമാക്കിയ ആഭ്യന്തരയുദ്ധം 2009ല്‍ ഏകപക്ഷീയമായ ആക്രമണമായി. മാളങ്ങള്‍ ഉപേക്ഷിച്ച് പിന്തിരിഞ്ഞോടിയ പുലികളെ സിംഹളസേന പിന്തുടര്‍ന്ന് വെടിവച്ചുവീഴ്ത്തി. ഒരിക്കല്‍ രാജ്യത്തിന്റെ മൂന്നിലൊന്നു പ്രദേശവും അടക്കിവാണ എല്‍ടിടിഇ വടക്കന്‍ ശ്രീലങ്കയുടെ കിഴക്കന്‍തീരത്തെ ചില തുരുത്തുകളിലേക്ക് ഒതുങ്ങി. കരയ്ക്കൊപ്പം കടലും സൈന്യം വളഞ്ഞതോടെ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞു. ഒടുവില്‍ 2009 മെയ് 18ന് വടക്കന്‍ ലങ്കയിലെ മുല്ലിയവയ്ക്കലില്‍ നന്ദിക്കടലിനു സമീപം ഒരു നീര്‍ച്ചാലിന്റെ ഓരത്ത് എല്‍ടിടിഇയുടെ പോരാട്ടവീര്യം അസ്തമിച്ചു. വേലുപ്പിള്ള പ്രഭാകരനെന്ന അമ്പത്തിനാലുകാരന്റെ തലതകര്‍ന്ന, കണ്ണുതുറന്നുപിടിച്ച മൃതദേഹം അതിന് തെളിവായി. രണ്ടര ദശാബ്ദത്തിലേറെ ലോകജനതയെ നിരന്തരം ഞെട്ടിച്ച ഗറില്ലാനായകന്‍ മരണത്തിലും അതാവര്‍ത്തിച്ചു. എന്നാല്‍, എല്‍ടിടിഇക്കെതിരായ അന്തിമയുദ്ധത്തിന് കുന്തമുന പേറിയ 'രാജാവും സേനാനായകനും' പരസ്പരം വാളോങ്ങുന്ന കാഴ്ചയാണ് വര്‍ഷാന്ത്യത്തില്‍ ലോകം കാണുന്നത്. പ്രസിഡന്റ് മഹിന്ദ രജപക്സെയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കുകയാണ് മുന്‍ സേനാമേധാവി ശരത് ഫൊന്‍സേക. ഏറെ കൊട്ടിഘോഷിച്ച യുദ്ധവിജയത്തിന്റെ അവകാശത്തെ ചൊല്ലിപ്പോലും തരംതാണ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയരുന്നത്. കിള്ളിനോച്ചി പിടിച്ചെടുത്തശേഷവും അവിടേക്ക് പോകാന്‍ ഫൊന്‍സേകയ്ക്ക് ഭയമായിരുന്നെന്നാണ് രജപക്സെ അനുകൂലികള്‍ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കീഴടങ്ങിയ പുലിനേതാക്കളെ വധിക്കാന്‍ താനറിയാതെ പ്രസിഡന്റ് നിര്‍ദേശം നല്‍കിയെന്ന ഫൊന്‍സേകയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ അദ്ദേഹത്തിനുതന്നെ പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തിന് അപമാനകരമായ പരാമര്‍ശം നടത്തിയ ഫൊന്‍സേകക്കെതിരെ നിയമനടപടിക്കും സര്‍ക്കാര്‍ വട്ടംകൂട്ടുകയാണ്.

പുലികളുടെ ഭീഷണിക്കും സര്‍ക്കാരിന്റെ സമ്മര്‍ദത്തിനുമിടയില്‍ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നത് തമിഴ് വംശജരുടെ ജീവിതമാണ്. രണ്ടര പതിറ്റാണ്ടിനിടെ എണ്‍പതിനായിരത്തോളംപേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. രണ്ടുലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് അനൌദ്യോഗിക കണക്കുകള്‍. സൈനികനടപടി അഭയാര്‍ഥികളാക്കിയത് മൂന്നുലക്ഷത്തോളം തമിഴ്വംശജരെയാണ്. ജാഫ്നയിലും മുല്ലത്തീവിലും വാവുനിയയിലുമെല്ലാം അഭയാര്‍ഥി ക്യാമ്പുകളില്‍ സ്ത്രീകളും കുട്ടികളും നരകിക്കുന്നു. പുലികള്‍ക്കെതിരെ നേടിയ വിജയം സമ്മാനിച്ച ഉത്തരവാദിത്തം ശ്രീലങ്കന്‍ സര്‍ക്കാര്‍ എത്രത്തോളം ഏറ്റെടുത്തെന്ന വിലയിരുത്തല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഏപ്രിലില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വടക്കന്‍ മേഖലയ്ക്ക് പാര്‍ലമെന്റിലേക്ക് ഏതാനും സീറ്റ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍പോലുമാകാതെ ജനം തെരുവില്‍ അലയുമ്പോള്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ജലരേഖകളാകുന്നു. ആഭ്യന്തരയുദ്ധം കടപുഴക്കിയെറിഞ്ഞ തമിഴരുടെ ദുരിതജീവിതത്തിന് അറുതിവരുത്താന്‍ ഭഗീരഥപ്രയത്നം തന്നെ വേണ്ടിവരും. സ്വന്തം ജീവിതത്തിന്റെ വഴി പോലും അറിയാത്ത അവരെങ്ങനെ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.
(വിജേഷ് ചൂടല്‍)

കോപ്പന്‍ഹേഗന്‍ ദുരന്തം

കടന്നുപോകുന്ന വര്‍ഷത്തെ ഏറ്റവും നിരാശാജനകമായ സംഭവം കോപ്പന്‍ഹേഗന്‍ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയുടെ ദയനീയ പരാജയമാണ്. മാനവരാശിയുടെ ഭാവിയെ നിര്‍ണയിക്കുന്ന പ്രശ്നത്തില്‍ നിയമപരമായ കരാറിലെത്താന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞില്ല. കോളനിവാഴ്ചയും ചൂഷണവും വഴി മൂന്നാംലോകജനതയുടെ സമ്പത്ത് കൊള്ളയടിച്ച പാശ്ചാത്യരാജ്യങ്ങള്‍ നിര്‍ദയ സമീപനം ആവര്‍ത്തിക്കുന്നതാണ് ഉച്ചകോടിയിലും പ്രകടമായത്. ആഗോളതാപനിലയുടെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ വികസിതരാജ്യങ്ങള്‍ സമ്മതിച്ചതാണ് ഉച്ചകോടി പകര്‍ന്ന ഏക പ്രത്യാശ.

കോപ്പന്‍ഹേഗനില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തുടക്കംമുതലേ ശ്രമിച്ചു. ക്യോട്ടോ ഉടമ്പടി നിയമപരമായ കരാറാക്കി മാറ്റുകയെന്നതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. എന്നാല്‍, ക്യോട്ടോ ഉടമ്പടിയിലെ പ്രധാന നടപടി കാര്‍ബവാതകങ്ങളുടെ പുറന്തള്ളല്‍ വെട്ടിച്ചുരുക്കുകയെന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ വികസിതരാജ്യങ്ങള്‍ തയ്യാറായില്ല. എന്നാല്‍, രാഷ്ട്രത്തലവന്മാരും കൂടിയാലോചകരും ചേര്‍ന്ന് ഒടുവില്‍ രൂപംനല്‍കിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ തീരെ പര്യാപ്തമല്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും എണ്ണ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും കാലാവസ്ഥാഉച്ചകോടിയുടെ പരാജയകാരണങ്ങളായി. കാലാവസ്ഥാവ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ദരിദ്രരാജ്യങ്ങളെയും കൂടുതല്‍ ഭീഷണിയുള്ള ചെറുരാജ്യങ്ങളെയും സഹായിക്കാന്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് അടിയന്തരസഹായമായി 3000 കോടി ഡോളര്‍ നല്‍കുമെന്നും 2020 ആകുമ്പോള്‍ പതിനായിരംകോടി ഡോളറിന്റെ സഹായനിധി രൂപീകരിക്കുമെന്നും പറയുന്നു. ഈ തുക എങ്ങനെ സമാഹരിക്കുമെന്നതില്‍ വ്യക്തതയില്ല. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കോപ്പന്‍ഹേഗന്‍ ധാരണയോട് ശക്തമായി വിയോജിച്ചു. കാലാവസ്ഥാവിഷയത്തിന്റെ ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട രേഖ എന്നാണ്, ദരിദ്രരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77നു നേതൃത്വം നല്‍കുന്ന സുഡാന്‍ വിമര്‍ശിച്ചത്. ഉച്ചകോടി പരാജയപ്പെട്ടതില്‍ പരിസ്ഥിതിവാദികളും ഗ്രീന്‍പീസ് അടക്കമുള്ള സംഘടനകളും കടുത്ത നിരാശ പ്രകടിപ്പിച്ചു.

മൊറാലിസ് വീണ്ടും ആവേശം

ബൊളീവിയയില്‍ ഇടതുപക്ഷനായകന്‍ ഇവോ മൊറാലിസ് തകര്‍പ്പന്‍ ജയത്തോടെ പ്രസിഡന്റ്പദത്തില്‍ രണ്ടാമൂഴത്തിലേക്ക് കടന്നതാണ് ലാറ്റിനമേരിക്കയില്‍നിന്ന് ആവേശം പകര്‍ന്ന വാര്‍ത്ത. ഡിസംബര്‍ ആറിനു നടന്ന തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ട് നല്‍കിയാണ് മൊറാലിസിനെ ബൊളീവിയന്‍ ജനത വീണ്ടും ഭരണസാരഥ്യല്‍േപ്പിച്ചത്. മുഖ്യ എതിരാളി മധ്യ-വലതുപക്ഷ നേതാവ് മന്‍ഫ്രെഡ് റെയസിന് 27 ശതമാനം വോട്ടാണ് കിട്ടിയത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും വന്‍ ഭൂരിപക്ഷത്തോടെ മൊറാലിസിന്റെ 'മൂവ്മെന്റ് ടുവേര്‍ഡ് സോഷ്യലിസം' വിജയിച്ചു. ഭരണഘടനാപരിഷ്കാരത്തിന് കഴിഞ്ഞ ജനുവരി 25ന് ജനഹിതം തേടിയപ്പോഴും മൊറാലിസ് വന്‍ വിജയം നേടി. കുത്തകകളുടെ കൈവശമുള്ള കൃഷിഭൂമി കര്‍ഷകന് വിതരണം ചെയ്യാനും രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനുമുള്ള ശ്രമത്തിന് ബൊളീവിയന്‍ ജനത നല്‍കിയ അംഗീകാരമാണ് മൊറാലിസിന്റെ രണ്ടാം തെരഞ്ഞെടുപ്പു വിജയം. ബൊളീവിയയുടെ ആദ്യ തദ്ദേശീയ പ്രസിഡന്റായ മൊറാലിസ് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ക്യൂബയ്ക്കും വെനസ്വേലയ്ക്കുമൊപ്പം ബൊളീവിയയെ ലാറ്റിനമേരിക്കന്‍ പോരാട്ടഭൂവില്‍ അണിനിരത്തി.

കണ്ണീര്‍മഴയായി ജാക്സന്‍

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ അകാലവിയോഗം പിന്നിടുന്ന വര്‍ഷം ലോകമെമ്പാടുമുള്ള ആരാധകവൃന്ദത്തിന് കടുത്ത ആഘാതമായി. പ്രതിഭയുടെയും പ്രശസ്തിയുടെയും ഉയരങ്ങളില്‍ വിരാജിച്ച കലാകാരന്റെ അന്ത്യം ദയനീയമായിരുന്നു. രോഗങ്ങളും ഏകാന്തതയും അലട്ടിയപ്പോള്‍ ലഹരിയില്‍ അഭയം തേടാന്‍ ശ്രമിച്ചു. സംഗീതലോകത്തേക്കുള്ള തിരിച്ചുവരവിനായി നടത്തിയ കഠിനപരിശീലനം താങ്ങാനുള്ള ശേഷി രോഗാതുരമായ ശരീരത്തിന് ഉണ്ടായിരുന്നില്ല. വേദനയും ക്ഷീണവും അകറ്റാന്‍ മയക്കുമരുന്ന് അളവറ്റതോതില്‍ കുത്തിവച്ചതാണ് ജാക്സനെ നിശ്ചലനാക്കിയത്. സംഗീതവേദികളില്‍ വിസ്മയലോകം സൃഷ്ടിച്ചിരുന്ന ജാക്സന് സ്വകാര്യജീവിതത്തിലെ പാളിച്ചകളാണ് വീഴ്ചകള്‍ സമ്മാനിച്ചത്. കോടിക്കണക്കിന് ജനങ്ങളുടെ ആരാധനാപാത്രമായിരുന്ന ജാക്സന്‍ വ്യക്തിപരമായി സമാധാനം അനുഭവിച്ചിരുന്നില്ല. സ്വന്തം രൂപത്തെക്കുറിച്ചുള്ള വികലധാരണകളും അസ്വസ്ഥതകള്‍ പകര്‍ന്നു.

ദേശാഭിമാനി 271209

കുഴഞ്ഞുമറിഞ്ഞ ആഭ്യന്തരസുരക്ഷ

ഭീകരഭീഷണിയടക്കം ആഭ്യന്തരസുരക്ഷയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളുടെ വിലയിരുത്തല്‍ ആഭ്യന്തരമന്ത്രിക്കസേരയില്‍ പി ചിദംബരത്തിന്റെ ഒരുവര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തല്‍ കൂടിയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിഭജനം, നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) രൂപീകരണം, ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍സിടിസി) സ്ഥാപിക്കല്‍ തുടങ്ങി തികച്ചും അമേരിക്കന്‍ മോഡല്‍ ആഭ്യന്തരസുരക്ഷയിലേക്ക് രാജ്യത്തെ അതിവേഗം നയിക്കുകയാണ് ചിദംബരം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് 2008 ഡിസംബര്‍ ഒന്നിനാണ് ചിദംബരം ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. പോട്ടയ്ക്ക് സമാനമായ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം കൊണ്ടുവരികയാണ് ആദ്യം ചെയ്തത്. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) രൂപംനല്‍കി. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ വിധത്തിലാണ് എന്‍ഐഎ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിച്ചതെങ്കിലും സംസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാര്‍ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പല മാറ്റവും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ചുമതലയേറ്റശേഷം രാജ്യത്ത് ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ചിദംബരം നേട്ടമായി അവകാശപ്പെടുന്നു. എന്നാല്‍,ഭീകരഭീഷണിയുടെ കരിനിഴലില്‍ത്തന്നെയാണ് രാജ്യം. ഭീകരവാദത്തിന്റെ സ്പോണ്‍സര്‍മാര്‍ ആരെന്ന ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെയും തഹാവൂര്‍ റാണയുടെയുമൊക്കെ യഥാര്‍ഥ കഥകള്‍ പുറത്തുവന്നുതുടങ്ങിയതോടെ ഭീകരതയ്ക്ക് പിന്നിലും അമേരിക്കന്‍കരങ്ങളുണ്ടോയെന്ന സംശയങ്ങള്‍ ദൃഢപ്പെടുന്നു. ഹെഡ്ലിയും റാണയും പലവട്ടം ഇന്ത്യയില്‍ വന്നുപോയിട്ടും അധികൃതര്‍ അറിഞ്ഞില്ലെന്നത് സുരക്ഷാസംവിധാനങ്ങളുടെ വീഴ്ച വിളിച്ചറിയിക്കുന്നു.

ഇന്റലിജന്‍സ് കാര്യങ്ങളില്‍ അമേരിക്ക പറയുന്നത് കേള്‍ക്കുകമാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സ്വീകാര്യം. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സ് കേന്ദ്രം ഡല്‍ഹിക്ക് പുറമെ മറ്റ് നാലിടങ്ങളില്‍ കൂടി തുറന്നിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും 250 എന്‍എസ്ജി കമാന്‍ഡോകളാണുള്ളത്. സേനാംഗങ്ങള്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കണമെന്നും രാത്രികാലങ്ങളിലും കാഴ്ച സാധ്യമാക്കുന്ന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നുമൊക്കെ ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍, എല്ലാം കടലാസിലൊതുങ്ങി. ഭാരക്കുറവുള്ള ആധുനിക ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ അര്‍ദ്ധസേനാവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യംപോലും ആഭ്യന്തരമന്ത്രാലയത്തിലെ ഫയലിലുറങ്ങുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും വേഗത്തില്‍ പങ്കുവയ്ക്കുന്നതിന് മള്‍ട്ടിഏജന്‍സി കേന്ദ്രത്തിന് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍, ഏജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇന്റലിജന്‍സ് ശക്തിപ്പെടുത്താന്‍ പുതിയ റിക്രൂട്ട്മെന്റുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അംഗബലം ഇപ്പോഴും പരിമിതമാണ്.

കടല്‍മാര്‍ഗം മറ്റൊരു അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ മുംബൈ ദുരന്തം ആവര്‍ത്തിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. തീരസംരക്ഷണസേനയുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ആവശ്യത്തിന് യാനങ്ങളോ ആയുധങ്ങളോ സേനയ്ക്ക് ലഭ്യമായിട്ടില്ല. പട്രോളിങ്ങിന് ബോട്ടുകളും കുറവ്. തീരദേശത്ത് കൂടുതല്‍ പൊലീസ് സ്റ്റേഷന്‍ എന്ന ആശയവും ഫലപ്രദമായി നടപ്പായിട്ടില്ല. വിവരശേഖരണത്തില്‍ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിക്കാനുള്ള കേന്ദ്രനിര്‍ദേശം കേരളംപോലെ ചുരുക്കം സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രായോഗികമാക്കിയത്.

നക്സല്‍ ഭീഷണിയും ശക്തമാകുന്നു. ഏറ്റവും കൂടുതല്‍ നക്സല്‍ ആക്രമണങ്ങളുണ്ടായതും കൂടുതല്‍ ആളുകള്‍ മരിച്ചതും 2009 ലാണ്. നവംബര്‍ വരെയുള്ള കണക്കുപ്രകാരം 818 പേര്‍ 2009 ല്‍ നക്സല്‍ ആക്രമണങ്ങളില്‍ മരിച്ചു. ഇതില്‍ 514 സിവിലിയന്മാരും 304 സുരക്ഷാസൈനികരുമാണ്. 2008 ല്‍ നക്സല്‍ ആക്രമണങ്ങളില്‍ മരിച്ചത് 661 പേരായിരുന്നു. 2016 നക്സല്‍ ആക്രമണങ്ങളാണ് നവംബര്‍ വരെയുള്ള കണക്കുപ്രകാരം 2009 ല്‍ രാജ്യത്തുണ്ടായത്. മുന്‍വര്‍ഷം അക്രമസംഭവങ്ങളുടെ എണ്ണം 1452 മാത്രമായിരുന്നു. മുതിര്‍ന്ന നേതാവ് കൊബാഡ് ഘാണ്ടിയെ പിടിക്കാന്‍ കഴിഞ്ഞത് മാത്രമാണ് ഏകനേട്ടം. ഇതാകട്ടെ ചികിത്സയ്ക്കായി അറിഞ്ഞുകൊണ്ടുള്ള കീഴടങ്ങലായിരുന്നെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. ബംഗാള്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ മറ്റൊരു മുതിര്‍ന്ന നേതാവ് ഛത്രധര്‍ മഹാതോയെ കീഴടക്കാനായി. ചിദംബരത്തിന്റെ കാലത്ത് നക്സല്‍ ആക്രമണം ബംഗാളിലേക്ക് കൂടി വ്യാപിച്ചു. ജാര്‍ഖണ്ഡ് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നക്സലുകളാണ് ബംഗാളില്‍ കുഴപ്പമുണ്ടാക്കുന്നതെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രത്തിന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നക്സലുകളെ പരസ്യമായി പിന്തുണയ്ക്കുന്ന മമത ബാനര്‍ജിയെ പോലുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രത്തിന്റെ നക്സല്‍വിരുദ്ധ നീക്കമെന്ന വൈരുധ്യവുമുണ്ട്. ജാര്‍ഖണ്ഡിലേക്കും ഛത്തീസ്ഗഢിലേക്കും കൂടുതല്‍ അര്‍ധസൈനികരെ അയച്ച് നക്സലുകളെ അടിച്ചമര്‍ത്താന്‍ ചിദംബരം തന്ത്രം മെനയുന്നുണ്ട്. എന്നാല്‍, ഇത് ആ സംസ്ഥാനങ്ങളിലെ ആദിവാസി ജനവിഭാഗങ്ങളെ കൂടുതല്‍ ദ്രോഹിക്കാന്‍ മാത്രമേ ഇടയാക്കൂ എന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
(എം പ്രശാന്ത് )

ദേശാഭിമാനി 271209

യു.പി.എ 2009ല്‍

ജനദ്രോഹം മറയില്ലാതെ

രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലൂടെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധതയുടെ മുഖം പൂര്‍ണമായും വെളിപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അതെല്ലാം മറന്ന് ജനവിരുദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കിയിരിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാര്‍ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും താല്‍പ്പര്യങ്ങളും പ്രതിഫലിച്ചു. എന്നാല്‍, രണ്ടാം യുപിഎ സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലെത്തിയതോടെ ആരെയും കൂസാതെ, എല്ലാ ജനദ്രോഹനടപടികളും കോണ്‍ഗ്രസ് പുറത്തെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയതയുടെയും നയങ്ങളുടെയും ഫലമാണ് അവശ്യസാധനവില കുതിച്ചുയരുന്നത്. സാമ്പത്തികമാന്ദ്യത്തില്‍, പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു താങ്ങായിനിന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചതും കോണ്‍ഗ്രസിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനവിരുദ്ധതയുടെ ഉദാഹരണമാണ്.

പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭക്ഷ്യ വിലക്കയറ്റത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ മാത്രം നാണയപ്പെരുപ്പം ഏകദേശം 20 ശതമാനമാണ്. ഉരുളക്കിഴങ്ങ് അടക്കമുള്ള പച്ചക്കറികള്‍ക്ക് 150 ശതമാനംവരെ വില ഉയര്‍ന്നു. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഇരട്ടിയോളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. വില പിടിച്ചുനിര്‍ത്താനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നു പറഞ്ഞ് കൈകഴുകുകയാണ് യുപിഎ സര്‍ക്കാര്‍. എഫ്സിഐ മുഖേന നടന്നിരുന്ന ഭക്ഷ്യധാന്യ സംഭരണത്തില്‍ സ്വകാര്യമേഖല ആധിപത്യം ചെലുത്താന്‍ തുടങ്ങിയതോടെതന്നെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അപകടത്തിലായി. ഭക്ഷ്യധാന്യശേഖരം പൊതുവിതരണ സംവിധാനത്തിലൂടെ ന്യായവിലയ്ക്ക് നല്‍കി ജനങ്ങളെ സഹായിക്കുന്നതിനുപകരം പൊതുവിപണിയിലേക്കാണ് നല്‍കുന്നത്. കരിമ്പ് കര്‍ഷകരെ ദ്രോഹിക്കുന്ന വിലനയംമൂലം കര്‍ഷകര്‍ കരിമ്പ് കത്തിക്കുകയും ഇനി കരിമ്പുകൃഷി നടത്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. പഞ്ചസാരവില ഒരുവര്‍ഷംകൊണ്ട് ഇരട്ടിയായി. സവാളക്കൃഷിയും ഉല്‍പ്പാദനവും കുറയുകയും വില കുതിച്ചുകയറുകയും ചെയ്യുമ്പോഴും അതിന്റെ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നത് വിചിത്രമാണ്. അവധിവ്യാപാരവും കരിഞ്ചന്തയും പൂഴ്ത്തിവയ്പും അഭംഗുരം തുടരുന്നു. 300 ജില്ലകളെ വരള്‍ച്ച സാരമായി ബാധിച്ചു. ഭക്ഷ്യധാന്യമടക്കം പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് വരും. ഇത് പരിഹരിക്കാനോ കര്‍ഷകസമൂഹത്തെ സഹായിക്കാനോ പരിപാടികളില്ല.

വരള്‍ച്ചയും വെള്ളപ്പൊക്കവുംമൂലം ഒരുഭാഗത്ത് ഉല്‍പ്പാദനം കുറയുമ്പോഴും ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാത്തതിനാല്‍ വിറ്റഴിക്കാന്‍പറ്റാതെ നശിപ്പിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ന്യായവിലയ്ക്കുള്ള സംഭരണം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ സംഭരിച്ച് സൂക്ഷിക്കാനുള്ള കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സൌകര്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. പൊതുമേഖലയിലെ നവരത്ന അടക്കമുള്ള പ്രധാന സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ദൃഢനിശ്ചയവുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോകബാങ്കില്‍നിന്ന് പൊതുമേഖലയുടെ നവീകരണത്തിനെന്നപേരില്‍ 200 കോടി ഡോളര്‍ കടമെടുത്ത യുപിഎ സര്‍ക്കാര്‍ ലോകബാങ്ക് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കുകയാണ്. പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുകയെന്നതാണ് ലോകബാങ്കിന്റെ പ്രധാന നിബന്ധന. എന്‍ടിപിസി പോലുള്ള സുപ്രധാന പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഊര്‍ജസ്വയംപര്യാപ്തതയെന്ന രാജ്യത്തിന്റെ സ്വപ്നത്തെ സാരമായി ബാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവല്‍ക്കരണപാതയിലാണ്. അസോസിയറ്റ് ബാങ്കുകളെ ഒന്നൊന്നായി ലയിപ്പിച്ച് എസ്ബിഐയെ അങ്ങനെതന്നെ വിറ്റഴിക്കുകയാണ് ലക്ഷ്യം.

പ്രത്യക്ഷനികുതി പരിഷ്കാരം കോര്‍പറേറ്റ് ഭീമന്മാരെ സഹായിക്കാനാണ്. നികുതിവരുമാനത്തില്‍ വന്‍ കുറവിനിടയാക്കുന്ന ഈ പരിഷ്കാരത്തില്‍ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ആയി കുറയും. സ്വത്തുനികുതിയും കുറയ്ക്കുകയാണ്. ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം, ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദേശ പങ്കാളിത്തം എന്നിവയും സാമ്പത്തിക, വിദ്യാഭ്യാസമേഖലകളില്‍ വലിയ ദോഷമുണ്ടാക്കുന്നതാണ്. ആരും ചോദ്യംചെയ്യാനില്ലെന്നും എന്ത് ദ്രോഹനയവും നടപ്പാക്കാമെന്നുമുള്ള അഹങ്കാരമാണ് യുപിഎ സര്‍ക്കാരിനെ നയിക്കുന്നത്. ഈ ദ്രോഹനയങ്ങളെ ഇടതുപക്ഷം മാത്രമാണ് ശക്തമായിഎതിര്‍ക്കുന്നത്. ബിജെപിയടക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങളോട് വിയോജിപ്പില്ല എന്നത് ദ്രോഹനടപടികള്‍ക്ക് ധൈര്യം നല്‍കുന്നു. എന്നാല്‍, കര്‍ഷകരും തൊഴിലാളികളും സാമാന്യജനങ്ങളും തങ്ങളുടെ ദുരിതത്തിന് കാരണക്കാരായ യുപിഎ സര്‍ക്കാരിനെതിരെ രാഷ്ട്രീയത്തിനതീതമായി ഒന്നിക്കുന്ന കാഴ്ചയാണ് രാജ്യത്താകെ കാണുന്നത്.
(വി ജയിന്‍)

അമേരിക്കന്‍ പാളയത്തിലേക്ക് അതിവേഗം

രണ്ടാം യുപിഎ സര്‍ക്കാരിന്റെ വിദേശനയം വിലയിരുത്താനുള്ള സമയമായില്ലെങ്കിലും ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഈ സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിക്കാം. ഇന്ത്യയുടെ പരമ്പരാഗത വിദേശനയത്തിന്റെ അടിസ്ഥാനനയങ്ങളില്‍നിന്ന് യുപിഎ സര്‍ക്കാര്‍ തെന്നിമാറുകയാണെന്ന് പറയാവുന്ന സംഭവങ്ങളാണ് ഏഴുമാസമായി നടന്നുവരുന്നത്. ചേരിചേരാ നയം, വികസ്വരരാഷ്ട്രങ്ങളോട് പ്രത്യേകിച്ചും ആഫ്രോ-എഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടുള്ള ചങ്ങാത്തം എന്നിവയില്‍നിന്ന് അകന്നുമാറി അമേരിക്കന്‍ കേന്ദ്രീകൃത വിദേശനയമാണ് ഇപ്പോള്‍ പിന്തുടരുന്നത്. മുംബൈ ഭീകരാക്രമണവും അതിനുശേഷമുള്ള സുരക്ഷാ സംവിധാനങ്ങളും മാത്രം പരിശോധിച്ചാല്‍ അമേരിക്കന്‍ സ്വാധീനം വ്യക്തമാകും. ആഭ്യന്തര സുരക്ഷാനടപടികളും അതിനായി ഒരുക്കുന്ന സംവിധാനങ്ങളും അമേരിക്കന്‍മോഡലിലാണ്. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന അമേരിക്കന്‍ ഭീകരനെ സംബന്ധിച്ചുള്ള വാര്‍ത്തകളും അന്വേഷണവും അമേരിക്ക ഇന്ത്യന്‍നയത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ മറ്റൊരു മുഖമാണ്. മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏക പ്രതി കസബിനെ ചോദ്യം ചെയ്ത എഫ്ബിഐ ഹെഡ്ലിയെ ചോദ്യംചെയ്യാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. ആഭ്യന്തര കാര്യങ്ങളില്‍ പോലും അമേരിക്കയെ പിന്തുടരുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിദേശനയത്തിലും ഇതേ നയമാണ് തുടരുന്നത്. അമേരിക്കയുടെ ശത്രു ഇന്ത്യയുടെയും ശത്രു, അമേരിക്കയുടെ മിത്രം ഇന്ത്യയുടെയും മിത്രം എന്നതാണ് രീതി.

രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടതോടെയാണ് ഇന്ത്യന്‍ വിദേശനയം അതിവേഗം അമേരിക്കന്‍ പാളയത്തിലേക്കു നീങ്ങിയത്. ഇടതുപക്ഷ പിന്തുണയില്ലാത്ത ഭരണമെന്ന നിലയിലാണ് വിദേശനയത്തില്‍ ഈ മാറ്റമുണ്ടായത്. ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇന്ത്യ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറായതാണ് ഈ വര്‍ഷത്തെ പ്രധാന നയംമാറ്റം. എട്ടു വര്‍ഷമായി ചര്‍ച്ച തടസ്സപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയാണ് പെട്ടെന്ന് അമേരിക്കക്ക് ഒപ്പം നീങ്ങിയത്. കാലാവസ്ഥ വ്യതിയാന വിഷയത്തിലും ഉരുണ്ടുകളിച്ചു. അമേരിക്കയും മറ്റും ആഗ്രഹിച്ചതുപോലെ സ്വമേധയാ ഹരിതഗൃഹവാതക നിര്‍ഗമനത്തില്‍ കുറവുവരുത്തിയ ഇന്ത്യ പിന്നീട് പാര്‍ലമെന്റിന് നല്‍കിയ വാഗ്ദാനത്തിനു കടകവിരുദ്ധമായി ഈ കുറവുവരുത്തല്‍ നടപടി അന്താരാഷ്ട്ര നിരീക്ഷണത്തിനു വിധേയമാക്കി. ജി-77 കൂട്ടായ്മ അപ്രസക്തമാക്കുന്ന നടപടിയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. വിദേശനയത്തിന്റെ അമേരിക്കന്‍ ചായ്വിന് ഉപകരണമായി തീര്‍ന്ന സിവില്‍ ആണവക്കരാര്‍ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുംവിധം ഏറെ മുന്നോട്ടുപോയതും ഈവര്‍ഷം തന്നെ. അമേരിക്ക നല്‍കുന്ന ആയുധങ്ങളും ഉപകരണങ്ങളും മറ്റും ഇന്ത്യ അത് നിര്‍ദിഷ്ട ആവശ്യത്തിനു തന്നെയാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ക്ക് അനുമതി നല്‍കുന്ന എന്‍ഡ് യൂസര്‍ മോണിറ്ററിങ് എഗ്രിമെന്റില്‍ ഇന്ത്യ ഒപ്പിട്ടു. അമേരിക്കന്‍ കമ്പനികള്‍ വില്‍ക്കുന്ന ആണവ റിയാക്ടര്‍ അപകടത്തില്‍പ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കമ്പനികളെ രക്ഷപ്പെടുത്തുന്ന ആണവബാധ്യതാ നിയമം പാസാക്കാന്‍ അമേരിക്ക കേന്ദ്രസര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ്. അപകടത്തിന്റെ ബാധ്യത മുഴുവന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ കെട്ടിയേല്‍പ്പിക്കുന്നതാണ് ഈ നിയമം. എന്നിട്ടും ഇത് അടുത്തുതന്നെ പാസാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

അമേരിക്കയും ഇസ്രയേലുമായി ആയുധവ്യാപാരം അടിക്കടി വര്‍ധിക്കുകയുമാണ്. കരിമ്പട്ടികയിലുള്ള ഇസ്രയേല്‍ കമ്പനികളുമായി പോലും ആയുധക്കരാറില്‍ ഒപ്പുവച്ചു. കോടികള്‍ കോഴകൊടുത്താണ് അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍നിന്ന് കരാര്‍ നേടുന്നതെന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി മീര ശങ്കര്‍ തന്നെ ആരോപിക്കുകയും ചെയ്തു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ മൂന്നാമതും വോട്ടുചെയ്ത് ഇന്ത്യ അമേരിക്കന്‍ പക്ഷപാതിത്വം ആവര്‍ത്തിച്ചുവ്യക്തമാക്കി. ഇസ്രലിനെ യുദ്ധക്കുറ്റവാളിയായി ശിക്ഷിക്കണമെന്ന റിച്ചാര്‍ഡ് ഗോള്‍ഡ്സ്റ്റണ്‍ റിപ്പോര്‍ട്ടിന് അനുകൂലമായി പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.

(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 271209

Saturday, December 26, 2009

ഭീകരതയ്ക്കെതിരായ പോരാട്ടം

ഭീകരതയ്ക്കെതിരായ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്, മതവല്‍ക്കരിക്കരുത്

ആഭ്യന്തരസുരക്ഷയെക്കുറിച്ച് 2009 ഡിസംബര്‍ 2ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സി.പി.എം നേതാവ് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപം.

ഭീകരവാദത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്നത് ജാലിയന്‍‌വാലാഭാഗ് കൂട്ടക്കൊലക്ക് ശേഷം തന്റെ സര്‍ സ്ഥാനം തിരികെ നല്‍കിക്കൊണ്ട് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞ വാക്കുകളാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഭീകരവാദമെന്ന ഭീഷണിയോട് നമുക്കെല്ലാം തോന്നുന്ന രോഷത്തെയും അസ്വസ്ഥതയെയും ശക്തമായി പ്രകടിപ്പിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു “എനിക്ക് ഇടിമുഴക്കത്തിന്റെ ശബ്ദം തരിക, ഞാനതിനെ ഈ സ്വവര്‍ഗഭോജിക്ക് നേരെ പ്രയോഗിക്കട്ടെ, അവന്റെ ഭീതിയുണര്‍ത്തുന്ന വിശപ്പ് അമ്മയെയും കുഞ്ഞിനെയും പോലും വെറുതെ വിടാത്തതാണല്ലോ”(Give me a voice of thunder, That I may hurl implications upon this cannibal, Whose gruesome hunger, Spares neither the mother nor the child) രാഷ്‌ട്രവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഭീകരവാദം എന്ന ഭീഷണിയാണ് അമ്മയെയും കുഞ്ഞിനെയും പോലും വെറുതെ വിടാത്തത്. ഇതിനോട് ഏറ്റവും കുറഞ്ഞത് എന്റെ പാര്‍ട്ടിക്കും എനിക്കുമെങ്കിലും ഒരു തരിമ്പുപോലും അനുഭാവമില്ല. അതുകൊണ്ട് തന്നെ ഭീകരതക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു മാത്രമല്ല അതിന്റെ പേരിൽ എന്തെങ്കിലും വിലപേശൽ അനുവദിക്കാവുന്നതുമല്ല..ഇതു പറയുമ്പോഴും ഭീകരവാദത്തെ ഏതെങ്കിലുമൊരു കള്ളിയില്‍ മാത്രമായി പെടുത്താനാവില്ല എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കണം. അത് ഏതെങ്കിലും വിധത്തിലുള്ള അതിരുകളില്‍ തളച്ചിടപ്പെട്ടതോ ഏതെങ്കിലും മതത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങുന്നതോ അല്ല. ഒരു മതഭ്രാന്തന്റെ വെടിയുണ്ടയില്‍ മഹാത്മാഗാന്ധിയെ നമുക്ക് നഷ്ടപ്പെട്ടു, ഒരു സിഖ് ഭ്രാന്തനാല്‍ ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടു, എല്‍.ടി.ടി കൊലയാളികളുടെ വെടിയുണ്ടകളില്‍ അന്നത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടിരുന്ന ഒരു മുന്‍ പ്രധാനമന്ത്രിയെ നമുക്ക് നഷ്ടപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലകളില്‍ സക്രിയരായ വിവിധ വിധ്വംസകവാദികളാല്‍ ഇന്നും ഓരോ ദിവസവും നൂറുകണക്കിനു മനുഷ്യജീവനുകൾ നഷ്ടപ്പെടുകയാണ്. വിവിധ മതങ്ങളുടെ നിറം പങ്കിടുന്ന മൌലികവാദികളുടെ ഭീകരതക്കെതിരെ പോരാടേണ്ടുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ രാജ്യത്ത് ഉണ്ടായിരിക്കുകയാണ്. ഹിന്ദുത്വഭീകരതയേയും കൂടി ചെറുക്കേണ്ട അവസ്ഥയാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.

ഇത്തരമൊരു സ്ഥിതിവിശേഷം നമ്മുടെ രാജ്യത്തുള്ളത് കൊണ്ടു തന്നെ, ഭീകരവാദത്തെ ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ, പ്രദേശത്തിന്റെയോ, സംഘടനയുടെയോ ലേബലില്‍ തളച്ചിടാനാവില്ല. ഭീകരതക്കെതിരായ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കാനോ മതവല്‍ക്കരിക്കാനോ ഉള്ള ഏത് ശ്രമവും ഈയൊരു ഭീഷണിയില്‍ നിന്ന് മുക്തി നേടാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ദുർബലമാക്കുകയേ ഉള്ളൂ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഭീകരതയെ പ്രതിരോധിക്കുമ്പോള്‍ തന്നെ ഭീകരതക്ക് കാരണമാകുന്ന ആഭ്യന്തിരമായ ഘടകങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നുമാത്രമല്ല ഭീകരതയുടെ വളർച്ചയ്ക്ക് വളം വച്ചുകൊടുക്കുന്ന എല്ലാ സാഹചര്യങ്ങളെയും ഇല്ലാതാക്കേണ്ടതുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസ്റ്റ് ആക്രമണങ്ങളാണെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുകയുണ്ടായി. ഇത് ശരിയാണെങ്കിൽ‍, അതിനെ ആത്മാർത്ഥമായും പ്രതിരോധിക്കേണ്ടതുണ്ടെങ്കില്‍, നാം ഒറ്റക്കെട്ടായി സ്വീകരിക്കേണ്ട രണ്ട് അടിസ്ഥാന നിലപാടുകളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒന്നാമതായി, ഭീകരതയെ വളരാന്‍ അനുവദിക്കാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സിഖ് വിരുദ്ധ കലാപകാലത്തേതുപോലുള്ള ഒരു സാഹചര്യം ഉണ്ടായിക്കൂടാ, മുസ്ലീം വിരുദ്ധ വംശഹത്യയുടെ (പോഗ്രോമിന്റെ) കാലത്തുള്ളതുപോലുള്ള സാഹചര്യം ഉണ്ടായിക്കൂടാ, ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെതുപോലുള്ള സാ‍ഹചര്യം ഉണ്ടായിക്കൂടാ. ഇത്തരം സാഹചര്യങ്ങള്‍ എത്രയധികം ഉണ്ടാകുന്നുവോ അത്രയധികം നാം ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ വളര്‍ത്തുകയായിരിക്കും. ഭീകരതക്കെതിരായ പോരാട്ടത്തെ നാം ഗൌരവപൂര്‍ണ്ണമായി കാ‍ണുന്നുവെങ്കില്‍ തീർച്ചായായും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുവൻ നമ്മൾ അനുവദിച്ചുകൂടാ. അങ്ങനെ അല്ലായെങ്കില്‍ ഇത്രയധികം വൈവിധ്യപൂര്‍ണ്ണമായ നമ്മുടെ രാജ്യത്തു നിന്ന് ഭീകരതയെ തുടച്ചുനീക്കുക അസാദ്ധ്യമായിരിക്കും.

ഭീകരതക്ക് വളരാന്‍ പറ്റിയ മണ്ണ്

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്. അതെ, അത് ഭീകരതക്ക് വളരാന്‍ പറ്റിയ മണ്ണാണ്. ഇന്ന് രണ്ട് തരത്തിലുള്ള ഇന്ത്യ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വശത്ത് സഹസ്രകോടിപതികളുടെ എണ്ണത്തില്‍ നാം ഏഷ്യയില്‍ ഏറ്റവും മുന്നിലാണ്. താമസിക്കാനുള്ള വീടിനായി 4000 കോടി രൂപ ചിലവഴിക്കാന്‍ കഴിവുള്ളവരാണിവര്‍. മറുവശത്താകട്ടെ 77 ശതമാനം ഇന്ത്യക്കാരും ഒരു ദിവസം 20 രൂപയില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, നാം നമുക്ക് താ‍ങ്ങാനാവാത്ത ഭീകരവാ‍ദം പോലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് തഴച്ചുവളരാനുള്ള വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ച എന്നത് ഭീകരവാദത്തിനെതിരെ പോരാടുന്നതിന് ആവശ്യം വേണ്ട ഒന്നാണ്. ആയതിനാല്‍ മതത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരില്‍ ജനങ്ങളെ വിഭജിക്കാതിരിക്കുകയും എല്ലാവര്‍ക്കും വികസനപ്രക്രിയയില്‍ സ്ഥാനം ലഭിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഭീകരതക്കെതിരെ പോരാടുവാനും, അതിനെതിരെ പോരാടുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുവാനും ഈ രണ്ടു സഹചര്യങ്ങളാണ് നാം സൃഷ്‌ടിക്കേണ്ടത്.

ഇതിന്റെ കൂട്ടത്തില്‍ മൂന്നാമതൊരു ഘടകം കൂടി ചേര്‍ക്കേണ്ടതുണ്ട്. ഭരണകൂടവിവേചനം ജനങ്ങളെ ഭീകരരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന അവസ്ഥ സൃഷ്ടിക്കാതിരിക്കാൻ ഭരണകൂടങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണം. വിവിധ തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ (encounter deaths)നാം മുന്‍പ് കണ്ടിട്ടുണ്ട്. സൊഹ്രാബുദീന്‍ സംഭവം നാം കണ്ടിട്ടുണ്ട്, ഇഷ്രത് ജഹാന്‍ കേസ് നമുക്ക് മുന്നിലുണ്ട്. നിരാശയുടെ പുറത്ത് (out of frustration)ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ചില ആളുകളെ തള്ളിവിടുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇതും അനുവദിക്കാനാവില്ല.

അതുകൊണ്ട്‍, നമ്മുടെ ജനതയെ വര്‍ഗീയമായോ, മതപരമായോ, ജാതിയടിസ്ഥാനത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ വിഭജിക്കാത്ത ഒരു നയം സ്വീകരിക്കുക, എല്ലാവര്‍ക്കും വികസനപ്രക്രിയയില്‍ പങ്കാളിത്തം ലഭിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനരീതി സ്വീകരിക്കുക, വിവേചപരമായ നടപടികളിലൂടെ ജനങ്ങളെ ഭീകരതയുടെ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് ഒഴിവാക്കാന്‍ ഭരണകൂടം ആവശ്യമായ കരുതൽ നടപടികള്‍ സ്വീകരിക്കുക എന്നീ മൂന്ന് കാര്യങ്ങളും അടിവരയിട്ടു പറയേണ്ടതുണ്ട്. ഈ വസ്‌തുത അംഗീകരിച്ചു കഴിഞ്ഞാൽ നമുക്ക് രാജ്യത്തിലങ്ങോളം ഇങ്ങോളം അരങ്ങേറുന്ന ഭീകരപ്രവർത്തനങ്ങളെ എങ്ങനെ ചെറുക്കാൻ കഴിയും എന്ന് ചിന്തിക്കാം. ഇക്കഴിഞ്ഞ ദിവസം 26/11 ആക്രമണങ്ങളുടെ വാർഷികത്തിൽ ഇത്തരം ആക്രമണങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയുണ്ടായി. 26/11നു ശേഷം ഇതേ സഭയില്‍ തന്നെ നാം രണ്ടു നിയമങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. ഈ നിയമങ്ങളാകട്ടെ ഭീകരാക്രമണം നടന്നതിനു ശേഷം ഭീകരരെ കൈകാര്യം ചെയ്യുന്നതിനുള്ള ഭരണകൂടത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായുള്ളവയുമാണ്. ആ നിയമങ്ങൾ പാസ്സാക്കുന്ന സമയത്ത് തന്നെ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും ഫെഡറല്‍ സംവിധാനത്തെയും ഈ നിയമങ്ങൾ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് വീണ്ടും പരിശോധിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അത് ഇനിയും നടന്നിട്ടില്ല. സര്‍ക്കാര്‍ അതിന്റെ വാഗ്ദാനം പാലിക്കുമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഞാന്‍ കരുതുന്നു.

ഈ നിയമങ്ങള്‍ കൊണ്ടു വന്നത് ഭീകരാക്രമണത്തിനു ശേഷം ഭീകരരെ കൈകാര്യം ചെയ്യാനായാണ് എന്നതാണ് ഞാന്‍ ഇവിടെ ചൂണ്ടിക്കാട്ടാനുദ്ദേശ്യിക്കുന്ന കാര്യം. ഭീകരാക്രമണം നടക്കുന്നതിനു മുന്‍പേ തന്നെ അത് തടയുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കാതെ നോക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം താല്പര്യമുള്ള വിഷയം. ഇതിനെക്കുറിച്ചൊക്കെ വളരെയധികം ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. 26/11 നു ശേഷം സര്‍ക്കാരിന്റെ വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ് ? നമുക്ക് കേന്ദ്ര ഇന്റലിജന്‍സ് ഉണ്ട്, സംസ്ഥാന ഇന്റലിജന്‍സ് ഉണ്ട്, മിലിറ്ററി ഇന്റലിജന്‍സ് ഉണ്ട്. ഇവയൊക്കെ തമ്മിലുള്ള യോജിച്ച പ്രവത്തനത്തിന്റെ അവസ്ഥ എന്താണ് ? നമുക്ക് വിവിധങ്ങളായ റോന്ത് ചുറ്റല്‍ സംഘങ്ങളുണ്ട്. തീരദേശ സംഘത്തെപ്പറ്റിയും(coastal patrol) അതിന്റെ പോരായ്‌മകളെപ്പറ്റിയും നാം കുറെയധികം ചര്‍ച്ച ചെയ്തതാണ്. എടുത്ത് പറയാവുന്ന എന്തെങ്കിലും നടന്നിട്ടില്ലാത്തെ ഒരു മേഖലയാണിത്. തികച്ചും ഭീതിദമായ സാഹചര്യമാണുള്ളത്. ഞാന്‍ ഭീതിദം എന്ന വാക്കുപയോഗിക്കുന്നത് പോലീസ് ഇന്നും പ്രവര്‍ത്തിക്കുന്നത് കാലഹരണപ്പെട്ട 1861ലെ പോലീസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ നിയമമാകട്ടെ ബ്രിട്ടീഷുകാര്‍ ‘തദ്ദേശീയര്‍’ ('natives')എന്നു വിളിച്ചിരുന്നവരെ കൈകാര്യം ചെയ്യുന്നതിനായി കൊണ്ടുവന്നതും. ആധുനികമായ ഒരു നിയമവും നമുക്കില്ല.

ഓരോ ഒരു ലക്ഷം പേര്‍ക്കും 222 പോലീസുകാര്‍ വേണം എന്നാണ് ഐക്യരാഷ്‌ട്ര സഭ നിര്‍ദ്ദേശിക്കുന്നത് . നമ്മുടെ രാജ്യത്തെ അനുവദിച്ചിട്ടുള്ള എണ്ണം (sanctioned strength) ഒരു ലക്ഷം പേര്‍ക്ക് 145 പോലീസുകാര്‍ എന്നതാണ്. ശരിക്കും ഉള്ളതാകട്ടെ ഒരു ലക്ഷം പേര്‍ക്ക് 117 പോലീസുകാരും. ഈ മേഖലകളിലെല്ലാം നടപടികളെടുക്കാതെ ഭീകരവാദത്തിനെതിരായ ദൃഢനിശ്ചയം നടപ്പിലാക്കാനാവുകയില്ല.

മാവോയിസ്റ്റ് അക്രമങ്ങൾ

വര്‍ദ്ധിച്ചുവരുന്ന മാവോയിസ്റ്റ് അക്രമങ്ങളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഈ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ നടന്ന ആഭ്യന്തിരസുരക്ഷയെക്കുറിച്ചുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്നും ചില വാചകങ്ങള്‍ ഉദ്ധരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം പറഞ്ഞു: “ഇടതുതീവ്രവാദം ഗൌരവതരമായൊരു വെല്ലുവിളിയാണ്. ആ പ്രശ്നത്തിന്റെ വര്‍ദ്ധിച്ചുവരുന്ന തീവ്രതയെപ്പറ്റി ഊന്നിപ്പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈയടുത്ത കാലത്ത് നക്സല്‍ ഗ്രൂപ്പുകളാല്‍ വളരെയധികം സുരക്ഷാ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. കൂടുതല്‍ ആക്രാമകമായ പ്രവർത്തനങ്ങള്‍ ഈ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്നതിനു സൂചനകളുണ്ട്. ഇടതു തീവ്രവാദത്തിന്റെ പ്രശ്നം തീര്‍ച്ചയായും സങ്കീര്‍ണ്ണമാണ്. ഇതിനെ നേരിടുവാന്‍ വിശദാംശങ്ങളില്‍പ്പോലും ശ്രദ്ധ ഊന്നുന്നതും സന്തുലിതവുമായ ഒരു തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. അതുപോലെത്തന്നെ ഭരണകൂടം അതിന്റെ കടമകളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുകയും നക്സലൈറ്റുകള്‍ ആധിപത്യം ചെലുത്തുന്ന മേഖകളില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ സമയം തന്നെ, ജനങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടുന്നതിനും നക്സലിസം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഉള്ള കാ‍രണങ്ങളെ ഇല്ലാതാക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്.” പ്രധാനമന്ത്രി ഒരു ദ്വിമുഖസമീപനത്തിന്റെ പ്രാഥമിക പദ്ധതി നല്‍കിയിരിക്കുന്നു. ക്രമസമാധാനത്തിന്റെ പ്രശ്‌നവും നക്സലിസം പോലുള്ളയുടെ ആവിര്‍ഭാവത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ ഇല്ലാതാക്കലും. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ചില സ്ഥിതിവിവരക്കണക്കുകളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 2009 കലണ്ടര്‍ വര്‍ഷത്തില്‍, നവംബര്‍ വരെയുള്ള കാലയളവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ആക്രമണങ്ങളുടെ ഫലമായി 1979 ജീവനുകള്‍ പൊലിഞ്ഞതില്‍ 873 എണ്ണം മാവോയിസ്റ്റ് ആക്രമണങ്ങളുടെ ഫലയായാണെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചിരിക്കുന്നത്.

ഇതിന്റെ അര്‍ത്ഥം മഹാഭൂരിപക്ഷത്തിനും ജീവന്‍ നഷ്ടപ്പെട്ടത് മാവോയിസ്റ്റ് ആക്രമണങ്ങളിലാണെന്നാണ്. യഥാര്‍ഥത്തില്‍ അദ്ദേഹം നല്‍കിയ ഡാറ്റയും അതിലെ വിവിധ ഘടകങ്ങളും പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ ആഭ്യന്തിര സുരക്ഷക്കുള്ള ഏറ്റവും വലിയ ഒറ്റ ഭീഷണി മാവോയിസ്റ്റുകളിൽ നിന്നാണ്. പ്രധാനമന്ത്രി പറഞ്ഞത് അംഗീകരിച്ചാല്‍, ഈ ഭീഷണിയെ ഒറ്റക്കെട്ടായി നേരിടുക എന്നതിലായിരിക്കണം രാജ്യത്തിന്റെ ശ്രദ്ധ. അതിനു പകരം നിങ്ങള്‍ ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെങ്കില്‍, മറ്റേതൊരു ഭീകരാക്രമണത്തെയും നിങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതു പോലെ ഇതിനെയും രാഷ്ട്രീയവല്‍ക്കരിക്കുകയാണെങ്കിൽ, നാം ചെയ്യുന്നത് ഇരിക്കുന്ന കമ്പ് മുറിക്കുകയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

സി.പി.ഐ(എം) ഉം മാവോയിസ്റ്റുകളും ബന്ധുക്കളാണെന്നും (cousins) വൈകിയാണ് സി.പി.എം മാവോയിസ്റ്റ് ആക്രമണത്തിനെതിരെ ഉണര്‍ന്നിട്ടുള്ളതെന്നും പലപ്പോഴും ആരോപണങ്ങള്‍ ഉയർത്താറുണ്ട്. എനിക്ക് പറയാനുള്ളത് ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ ചരിത്രം ഓര്‍മ്മിക്കണം എന്നാണ്.

1967ല്‍ ബംഗാളിലെ നക്സല്‍ബാരി എന്ന ഗ്രാമവുമായി ബന്ധപ്പെട്ടാണ് നക്സലൈറ്റ് എന്ന പദം ഉയര്‍ന്നു വന്നത്; ആ ഗ്രാമം ഇപ്പോഴും അവിടെ ഉണ്ട്. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് പോകുകയും പിന്നീറ്റ് സി.പി.ഐ.(എം.എല്‍) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തവരുടെ നേതൃത്വത്തില്‍ 1967ല്‍ നക്സല്‍ബാരിയിൽ ഒരു സായുധകലാപം ഉണ്ടായി. അവര്‍ ഞങ്ങളെ വിട്ടുപോവുകയും, ബൂര്‍ഷ്വാ ജനാധിപത്യത്തിനു ഞങ്ങള്‍ സാധുത നല്‍കുന്നു എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് വ്യത്യസ്തമായൊരു നിലപാട് സ്വീകരിക്കുകയും ചെയ്തു. ഞങ്ങള്‍ എല്ലാ ഇടതുപക്ഷവിശ്വാസികളേയും ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നപ്പോള്‍, ഇടതുപക്ഷത്തെ ജനാധിപത്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തിക്കുവാന്‍ ശ്രമിച്ചവര്‍ ആക്രമത്തിന്റെയും അരാജകത്വത്തിന്റെയും ചതിക്കുഴികളിലേക്ക് വീഴുകയായിരുന്നു. ഞങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ അവര്‍ അതിനെ തടസ്സപ്പെടുത്തുകയായിരുന്നു. ഞങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യത്തിനു ‘സാധുത’ നല്‍കുന്നവരായിരുന്നതു കൊണ്ട് അന്നു മുതല്‍ തന്നെ നക്സലൈറ്റുകളുടെ പ്രധാന ലക്ഷ്യം ഞങ്ങളായിരുന്നു. അവരുടെ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് ആയിരക്കണക്കിന് സഖാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആക്രമണത്തില്‍ ഞങ്ങളേക്കാള്‍ അധികമായി പ്രവര്‍ത്തകരെ നഷ്ടപ്പെട്ട മറ്റൊരു പാര്‍ട്ടിയും ഇല്ല; ഇത് ബംഗാളിലെ മാത്രം കാര്യമല്ല രാജ്യത്തൊട്ടാകെയുള്ള കാര്യമാണ്. ആന്ധ്രയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ മൂന്നായി പിളരുകയായിരുന്നു. അതുകൊണ്ട് തന്നെ നക്സലൈറ്റുകളുമായോ ഇന്ന് മാവോയിസ്റ്റുകള്‍ എന്നറിയപ്പെടുന്നവരുമായോ ഉള്ള ഞങ്ങളുടെ ആശയപരമായ എതിര്‍പ്പ് 1960കളിലെ ‍, അവരുടെ രൂപീകരണം മുതലുള്ളതാണ് . തെറ്റായ പ്രത്യയശാസ്ത്രധാരണയുടെ അടിസ്ഥാനത്തിലാണ് ആ പാർട്ടി രൂപീകരിക്കപ്പെട്ടത് എന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രത്യയശാസ്ത്രപരമായ പോരാട്ടം ഇനിയും തുടരുകയും ചെയ്യും. ഞങ്ങള്‍ വളരെയധികം ദുരിതങ്ങള്‍ സഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഞങ്ങളെ അവരുടെ നേരം വൈകി ഉണര്‍ന്ന ബന്ധുക്കളായി മുദ്രകുത്തുന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തുന്നതാണ്, സത്യത്തെ കൊഞ്ഞനം കുത്തുന്നതാണ്.

ബംഗാളിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു

അപ്പോള്‍, ഇന്ന് നാം മനസ്സിലാക്കേണ്ട പ്രധാനകാര്യം എങ്ങിനെ 32 വര്‍ഷങ്ങള്‍ക്കു ശേഷം നക്സലുകള്‍ ബംഗാളിലേക്ക് പുനഃപ്രവേശനം നടത്തി എന്നതാണ്. എന്റെ സുഹൃത്ത് ശ്രീ കേശവ റാവു ഭൂമിയെ സംബന്ധിച്ച യഥാര്‍ത്ഥ പ്രശ്നങ്ങളെന്ത് എന്നതിനെക്കുറിച്ചും ജനങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അദ്ദേഹം കുറ്റസമ്മതം നടത്തുകയും ഉണ്ടായി. ഭൂപരിഷ്കരണ സംബന്ധിയായ മുദ്രാവാക്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നുവെങ്കിലും, അവര്‍ അവയൊന്നും ഒരിക്കലും നടപ്പിലാക്കിയില്ലെന്നും അതാണ് നക്സലിസം വളരാനുള്ള കാരണമെന്നുമുള്ള അദ്ദേഹത്തിന്റെ കുറ്റസമ്മതത്തിനു അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ അക്കാര്യം പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. അക്കാര്യത്തിനും അദ്ദേഹത്തോട് നന്ദിയുണ്ട്. ഈ രാജ്യത്ത് നടപ്പിലാക്കാവുന്നതിന്റെ അങ്ങേയറ്റം ഭൂപരിഷ്കരണം നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. അതാണ് ശ്രദ്ധിക്കേണ്ട പ്രധാന വസ്‌തുതയും. നക്സലുകള്‍ ബംഗാളിലെ വസ്‌തുനിഷ്ഠസാഹചര്യങ്ങള്‍ കാരണം അവിടേക്ക് വരികയല്ല ഉണ്ടായത്. അവരെ അവിടേക്ക് കൊണ്ടുവരികയും ഇറക്കുമതി ചെയ്യുകയും ആണ് ഉണ്ടായത്. അതെങ്ങിനെയാണെന്ന് ഞാന്‍ വിവരിക്കാം.

അവര്‍ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടത് നിങ്ങളുടെ (കേന്ദ്ര) സര്‍ക്കാരിലെ ഒരു സഖ്യകക്ഷി മുഖേനയാണ്. അതാണ് യാഥാര്‍ത്ഥ്യം. മാവോയിസ്റ്റുകളുടെ നന്ദിഗ്രാം മേഖലാ കണ്‍‌വീനറുടെ ഒരു പ്രസ്താവന ഇതാണ്. “സോനാചുരയിലെ ഒരു റാലിയില്‍ വെച്ച് നിങ്ങള്‍ പറയുകയുണ്ടായി ഞങ്ങളെ 2007ല്‍ ബംഗാളിലേക്ക് കൊണ്ടുവന്നതും സുരക്ഷിതമായ രക്ഷപ്പെടലിനു അവസരമൊരുക്കിയതും സി.പി.ഐ(എം) ആണെന്ന്. അതൊരു പച്ചക്കള്ളമാണ്.” ഇത് പറഞ്ഞത് മാവോയിസ്റ്റുകളുടെ നന്ദിഗ്രാം മേഖലാ കണ്‍‌വീനര്‍ ആണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പാര്‍ലിമെന്റ് അംഗങ്ങള്‍ എങ്ങിനെ മാവോയിസ്റ്റുകളോടൊപ്പം ആ പ്രത്യേക മേഖലയിലെ യോഗങ്ങളില്‍ പങ്കെടുത്തുവെന്നതിനെക്കുറിച്ചും ജനങ്ങളോട് സംസാരിച്ചുവെന്നതിനെക്കുറിച്ചും പിന്നീടദ്ദേഹം വിശദമായി പറയുന്നുണ്ട്. അടിസ്ഥാനപരമായ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം ഞാന്‍ മറ്റു വിഷയങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ഒന്നിലേറെ തവണ പറഞ്ഞുകഴിഞ്ഞും രാജ്യത്തിന്റെ ആഭ്യന്തിര സുരക്ഷക്കുള്ള ഏറ്റവും വലിയ ഒറ്റ ഭീഷണി മാവോയിസ്റ്റുകളിൽ നിന്നാണ് എന്ന്. അതിനാൽ തന്നെ ഈ ഭീഷണിയെ രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ടതുണ്ട്.

നാം സൃഷ്‌ടിച്ച നമ്മുടെ ഫ്രാങ്കെൻസ്റ്റെയിൻ‌മാർ* പലപ്പോഴും നമ്മുടെ നേതാക്കളെ വിഴുങ്ങിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ഈ മഹത്തായ സഭയും രാജ്യവും ഒരു കാര്യം ഓർമ്മിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. രാജ്യത്തിന് , വിശേഷിച്ചും കോൺഗ്രസ്സ് പാർട്ടിക്ക്, ധാരാളം ദു:ഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് ദൾ ഖൽ‌സ യുണ്ടായിരുന്നു, ഭിന്ദ്രൻ വാലയുണ്ടായിരുന്നു. ശ്രീമതി ഗാന്ധി കൊല്ലപ്പെട്ടു. നിങ്ങൾക്ക് ഐ പി കെ എഫ് ഉണ്ടായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ട്. ദയവായി ഫ്രാങ്കെൻസ്റ്റെയിൻ‌മാരെ സൃഷ്‌ടിക്കാതിരിക്കുക. ഭരണത്തിൽ തുടരാനായി ദയവായി മാവോയിസ്റ്റുകൾക്ക് എല്ലാ പ്രോത്‌സാഹനവും നൽകുന്നവരെ പിന്തുണ നൽകാതിരിക്കുക.

അതുകൊണ്ട് ഞാന്‍ ഈ സര്‍ക്കാരിനോട് ഒരു കാര്യം മാത്രമേ അഭ്യര്‍ത്ഥിക്കുന്നുള്ളൂ. നമ്മുടെ പൂര്‍വകാലാനുഭവത്തിന്റെ വെളിച്ചത്തി, നമുക്ക് പുതിയ ഫ്രാങ്കെന്‍സ്റ്റീനുമാരെ സൃഷ്ടിക്കാതിരിക്കാം. അഞ്ചുവര്‍ഷം ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭരണത്തില്‍ തുടരാനായി ഇത്തരം ഫ്രാങ്കെന്‍സ്റ്റീനുകളെ സൃഷ്ടിക്കുവാനാഗ്രഹിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും നിങ്ങള്‍ക്കില്ല. നിങ്ങള്‍ക്ക് ഭരിക്കാനുള്ള അവകാശം ലഭിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളെന്തിനാണ് മാവോയിസ്റ്റുകള്‍ക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്നതരത്തില്‍, അവരെ പോറ്റുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സഖ്യകക്ഷിയെ കൊണ്ടു നടക്കുന്നത്? അവസാനമായി, എല്ലാ രാഷ്ട്രീയകക്ഷികളോടും, ഇവിടെ കൂടിയിരിക്കുന്ന എല്ലാവരോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഈ വിഷയത്തില്‍ നമുക്ക് പക്ഷപാതികളാകാതിരിക്കാം എന്നാണ്; ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യാതിരിക്കാം. ഞാന്‍ പറയുന്നത് നമുക്കിതിനെതിരെ ഒരുമിച്ച് പോരാടാം എന്നാണ്. ഞാന്‍ അഭ്യന്തിര മന്ത്രിയോട് ആവശ്യപ്പെടുന്നത്, അദ്ദേഹം തന്റെ മറുപടിയില്‍, രാജ്യത്തിന്റെ ഒറ്റ മനസ്സ് പ്രതിഫലിപ്പിക്കണമെന്നും ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നുമാണ്.

നന്ദി.

* Frankenstein : Creator of something that causes ruin or destruction, or brings about a personal downfall. {The monster created by Frankenstein in a gothic novel by Mary Wollstonecraft Shelley (the creator's name is commonly used to refer to his creation).}

ആംഗലേയ രൂപം : 'Neither Communalise nor Politicise the Fight against Terror'

Friday, December 25, 2009

കാക്കനാടന്‍ പറയുന്നത് ആശയവാദം

തലേക്കുന്നില്‍ ബഷീര്‍ രചിച്ച "കെ ദാമോദരന്‍ മുതല്‍ കുഞ്ഞനന്തന്‍നായര്‍ വരെ'' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ വിഖ്യാത നോവലിസ്റ്റ് കാക്കനാടന്‍ പറഞ്ഞതായി ഒരു വാചകം മാതൃഭൂമി (ഡിസംബര്‍ 12, തിരു.) റിപ്പോര്‍ട്ട് ചെയ്തിരുന്നു. "ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ പാര്‍ടിയുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുകയില്ലായിരുന്നു'' എന്ന് കാക്കനാടന്‍ പറഞ്ഞതായാണ് വാര്‍ത്ത.

ആ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഭൂപരിഷ്കാരം, വിദ്യാഭ്യാസ പരിഷ്കാരം, തൊഴില്‍ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്ത്, പിന്നോക്ക വിഭാഗങ്ങളോട് നീതി, നിരവധി വികസന പദ്ധതികള്‍ തയ്യാറാക്കല്‍ മുതലായവ നടപ്പാവുകയില്ലായിരുന്നു. തൊഴിലെടുത്തു ജീവിക്കുന്നവരോട് മറ്റ് സംസ്ഥാനങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ സമീപനം കേരളത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയത് അക്കാലത്തായിരുന്നു.

ഭരണത്തിനു ഒരു ബദല്‍ മാതൃക ഉണ്ടെന്നും അതിനുകീഴില്‍ ചൂഷിത - പീഡിത ജനവിഭാഗങ്ങള്‍ക്ക് മുമ്പ് ലഭിക്കാത്ത നീതി ലഭിക്കുമെന്നും ഇന്ത്യയില്‍ ആദ്യം തെളിയിച്ചത് സ്വാതന്ത്ര്യം ലഭിച്ച് 10 വര്‍ഷത്തിനുശേഷം നിലവില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റായിരുന്നു. കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല, മറ്റ് പുരോഗമന ചിന്താഗതിക്കാരും - ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ - അംഗീകരിച്ച വസ്തുതയാണത്.

മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഭരണത്തില്‍ വന്നാല്‍ മുതലാളിത്ത ചിന്താഗതിയും ശൈലിയും മറ്റും പാര്‍ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഭരണത്തില്‍ വന്നില്ലെങ്കിലും ഈ സ്വാധീനം ചെലുത്താന്‍ ശ്രമം നടക്കും. ഈ സാധ്യത ഉണ്ടെന്നുവെച്ച് കമ്യൂണിസ്റ്റുകാര്‍ മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളില്‍ ജനങ്ങളെ സംഘടിപ്പിക്കാനും സമരം നടത്താനും ശ്രമിക്കാതിരിക്കയില്ല. പാര്‍ടിയെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ആദ്യം ശ്രമിക്കുക. അത് നടക്കാതെ വരുമ്പോഴാണ് നക്കിക്കൊല്ലാനുള്ള നീക്കം നടക്കുക. മുതലാളിത്തവുമായി ബന്ധപ്പെട്ടാല്‍ മൂല്യശോഷണം വരുമെന്നു കരുതി അതിനുകീഴില്‍ പ്രവര്‍ത്തിക്കാതിരിക്കുകയല്ല പാര്‍ടി ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ സ്വാധീനത്തിനു പാര്‍ടിയിലെ ചിലര്‍ വശംവദരായേക്കാം. അങ്ങനെ സംഭവിച്ചാല്‍ ആ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുക, മുതലാളിത്ത വ്യവസ്ഥയിന്‍കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന പാര്‍ടികള്‍ മേല്‍പറഞ്ഞ വിപത്തിനെ നേരിടാന്‍ സദാജാഗ്രത പാലിക്കുക - ഇതാണ് ലെനിന്‍ പഠിപ്പിച്ച കമ്യൂണിസ്റ്റ് സംഘടനാ രീതി. അതാണ് ഇവിടെയും കമ്യൂണിസ്റ്റ് പാര്‍ടി പിന്തുടരുന്നത്.

പാര്‍ടി വളരുക, തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തില്‍ വരിക എന്നിവ ഉണ്ടായാല്‍ പാര്‍ടിയുടെ മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുമെന്ന വാദം കമ്യൂണിസത്തെ ആശയവാദപരമായി സമീപിക്കുന്നവരില്‍നിന്ന് ഉയരുന്നതാണ്. അവരില്‍ നിറഞ്ഞുനില്‍ക്കുന്നത് ഭീരുത്വമാണ്. വെല്ലുവിളികളെയും അപകടങ്ങളെയും നേരിടാനുള്ള നെഞ്ഞൂക്കല്ല.

ഇതേ യോഗത്തില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മൊഴിയുകയുണ്ടായി, മാര്‍ക്സ് പറഞ്ഞ കമ്യൂണിസമല്ല റഷ്യയിലും ചൈനയിലും പ്രചരിച്ചത് എന്ന്. പാവം തരൂരിന്റെ ധാരണ മാര്‍ക്സിസം എന്നാല്‍ യേശുക്രിസ്തുവോ മുഹമ്മദ്നബിയോ പ്രചരിപ്പിച്ചതുപോലുള്ള ആശയസംഹിതയാണ് എന്നത്രെ. അതൊരു ശാസ്ത്രമാണെന്നും ഓരോ കാലത്തെയും പാര്‍ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സംഭാവനകളിലൂടെ അത് വളരുകയാണെന്നും അദ്ദേഹം മനസ്സിലാക്കിയ മട്ടില്ല.

ഇവരെയൊക്കെ എങ്ങനെ വസ്തുതകള്‍ പറഞ്ഞു മനസ്സിലാക്കാനാണ്? "മ''പത്രങ്ങള്‍ക്കാണെങ്കില്‍ ഇവരൊക്കെ അവതരിപ്പിക്കുന്ന വിഡ്ഢിത്തം വിളമ്പുന്നതിലാണ് കൂടുതല്‍ താല്‍പര്യം. രണ്ടു കൂട്ടരും ഇതൊക്കെ ചെയ്യുന്നത് ജനം കഴുതയാണെന്ന വിശ്വാസത്തിലും.

സി.പി. ചിന്ത വാരിക 251209

Thursday, December 24, 2009

ആന്ധ്രയിലെ കലാപം കോണ്‍ഗ്രസിന്റെ സൃഷ്ടി

ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ പടി ഇറങ്ങിയത് ഒരര്‍ദ്ധ രാത്രിയില്‍. പക്ഷേ, അത് ഒരു നൂറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണാധികാരികള്‍ രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതും സംഘര്‍ഷാത്മക സാഹചര്യം സൃഷ്ടിച്ചതുമായ പല തീരുമാനങ്ങളും കൈക്കൊണ്ടതും പലപ്പോഴും അര്‍ദ്ധരാത്രികളില്‍. 1975ല്‍ ഒരര്‍ദ്ധരാത്രിയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ചുകൊണ്ട് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2008ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെ പണയപ്പെടുത്തുന്ന വിധത്തിലുള്ള ഇന്ത്യ - അമേരിക്ക ആണവക്കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടതും മറ്റൊരര്‍ദ്ധ രാത്രിയില്‍. ഇപ്പോള്‍ ഇതാ രാജ്യത്തിന്റെ ശിഥിലീകരണത്തിന്റെ വിത്തു പാകുന്ന വിധത്തില്‍ തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച തീരുമാനവും കൈക്കൊണ്ടത് ഡിസംബര്‍ 9ന് ഏതാണ്ട് അര്‍ദ്ധരാത്രി നേരത്തുതന്നെ.

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് തെലങ്കാന രാജ്യസമിതി (ടിആര്‍എസ്) നേതാവ് ചന്ദ്രശേഖര റാവു നടത്തി വന്ന 'മരണം വരെ ഉപവാസ സമരം' അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് കഴിഞ്ഞെങ്കിലും അത് ആന്ധ്രാ സംസ്ഥാനത്തെയാകെ ഇളക്കി മറിക്കുന്ന കലാപങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും ഇടവരുത്തുകയാണുണ്ടായത്. മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഘടനവാദപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിച്ചിരുന്ന സമസ്ത ശിഥിലീകരണ ശക്തികള്‍ക്കും ഈ തീരുമാനം ഊര്‍ജ്ജം പകരുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച തീരുമാനം. ഒരു കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. കോണ്‍ഗ്രസിന്റെ തന്നെ ആന്ധ്രാ സംസ്ഥാന ഘടകത്തിന്റെയോ ആന്ധ്രാ സംസ്ഥാന മന്ത്രിസഭയുടെയോപോലും അഭിപ്രായം ആരായാതെയോ അഥവാ അതിന് ചെവി കൊടുക്കാതെയോ ആണ് കേന്ദ്ര നേതൃത്വം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് അനുകൂലമായ തീരുമാനമെടുത്തത്. ഇത്തരം സുപ്രധാനമായ തീരുമാനം കേന്ദ്ര ഭരണകക്ഷി കൈക്കൊള്ളുന്നതിനു മുമ്പ് സ്വീകരിക്കേണ്ട അവധാനതയോ രാഷ്ട്രീയ മര്യാദയോ ഒന്നും കോണ്‍ഗ്രസ് പുലര്‍ത്തിയതുമില്ല. സ്വാഭാവികമായും ഇത്തരം ഒരു തീരുമാനം ആന്ധ്രയില്‍ തന്നെ എതിര്‍പ്പും എതിര്‍ പ്രക്ഷോഭവും ക്ഷണിച്ചുവരുത്തുമെന്നിരിക്കെ, എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുന്നതിനുപകരം ഏകപക്ഷീയമായ തീരുമാനത്തില്‍ എടുത്തു ചാടി കലാപവും രാഷ്ട്രീയ അനിശ്ചിതത്വവും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചു വരുത്തുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ആന്ധ്രയിലെ കോണ്‍ഗ്രസുകാരെപ്പോലും ബോധ്യപ്പെടുത്താനാകാത്ത ഈ തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞോടാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നിര്‍ബന്ധിതവുമായി.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതം രാജ്യത്താകെ ഉണ്ടാകുമെന്ന് കണ്ടറിയാനുള്ള രാഷ്ട്രീയ വിവേകവും പക്വതയും കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചില്ല. പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്റിനുവേണ്ടിയും ഉത്തര്‍പ്രദേശിനെ മൂന്നായി മുറിക്കാനും - പൂര്‍വാഞ്ചല്‍, ഹരിതപ്രദേശ്, ഉത്തരാഖണ്ഡ് - സജീവമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നവര്‍ക്ക് ഈ തീരുമാനം ഊര്‍ജ്ജവും ഉശിരും പകര്‍ന്നിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലും മധ്യപ്രദേശിലുമെല്ലാം സമാനമായ വിവിധ വിഭാഗങ്ങള്‍ പ്രത്യേക സംസ്ഥാന വാദങ്ങള്‍ ഉയര്‍ത്താനും അതിനായി പ്രക്ഷോഭങ്ങളും സമ്മര്‍ദ്ദതന്ത്രങ്ങളും ആരംഭിക്കാനും കോണ്‍ഗ്രസിന്റെ ഈ തീരുമാനം ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്തതും രാജ്യതാല്‍പര്യം കണക്കിലെടുക്കാത്തതുമായ തീരുമാനം കുടത്തില്‍ അടയ്ക്കപ്പെട്ടിരുന്ന ഭൂതത്തെ തുറന്നുവിടുകയാണുണ്ടായത്.

കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പ്രസ്താവന ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യയെക്കാള്‍ ജനസംഖ്യ വളരെ കുറഞ്ഞ അമേരിക്കയില്‍ 50 സംസ്ഥാനങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ അപാകതയില്ലെന്നത്രെ ചിദംബരത്തിന്റെ വാദം. പക്ഷേ, 110 കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയുടെ ഭൂവിസ്തൃതി 32,87,263 ചതുരശ്ര കിലോമീറ്റര്‍. 30 കോടി ജനങ്ങള്‍ അധിവസിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ഭൂവിസ്തൃതി 96,29,081 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും ഭരണപരമായ സൌകര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്, ഭാഷയുടെയോ വംശീയതയുടെയോ ദേശീയതയുടെയോ ആയ സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല അമേരിക്കന്‍ സംസ്ഥാന വിഭജനം. ഭാഷാ സംസ്ഥാനങ്ങള്‍ എന്ന അടിസ്ഥാന കാഴ്ചപ്പാട് നിലവിലുള്ള ഇന്ത്യയില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. ഉണ്ടിരുന്ന ആള്‍ക്ക് ഒരുള്‍വിളി എന്നപോലെ തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനത്തിന് ന്യായീകരണമായി അമേരിക്കന്‍ വാദം ചിദംബരത്തെപ്പോലെ ഒരു സാമ്രാജ്യത്വപക്ഷപാതി പറയുമ്പോള്‍ ഏറെ സൂക്ഷിക്കേണ്ടതാണ്. രാജ്യങ്ങളെ തന്നെ ചെറുതുണ്ടുകളായി വിഭജിക്കുന്നതാണ് ആഗോളവല്‍ക്കരണ കാലത്തെ സാമ്രാജ്യത്വ നയം. ബാള്‍ക്കനൈസേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രവണതയുടെ മറ്റൊരു വകഭേദമായി ചെറിയ സംസ്ഥാനങ്ങള്‍ എന്ന ആവശ്യത്തെ കാണാവുന്നതാണ്. ചിദംബരത്തെപ്പോലെ തന്നെ ഇപ്പോള്‍ ഈ ആവശ്യത്തെ ന്യായീകരിക്കുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സംഘടനകളായ ഫിക്കിയും അസോചെമും ആണെന്നതും ശ്രദ്ധേയമാണ്. യുപിയെയും ബീഹാറിനെയും മധ്യപ്രദേശിനെയും വിഭജിച്ചുകൊണ്ട് ഈ വാദത്തിന് പ്രായോഗിക രൂപം നല്‍കിയ ബിജെപിയും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയില്‍ 1956ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന നടപ്പാക്കിയതിന് ആധാരമായ ജനകീയ പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. ഭാഷാ സംസ്ഥാന രൂപീകരണത്തിനു നിദാനമായി പോറ്റി ശ്രീരാമുലുവിന്റെ രക്തസാക്ഷിത്വവും പരിഗണിക്കപ്പെടുന്നു. അന്നും കോണ്‍ഗ്രസിന്റെ സമീപനം ഭാഷാ സംസ്ഥാന രൂപീകരണത്തിന് അനുകൂലമായിരുന്നില്ല. മുന്‍ നാട്ടുരാജ്യങ്ങളെ അങ്ങനെ തന്നെ സംസ്ഥാനങ്ങളായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യമെടുത്തത്. ജനകീയ പ്രക്ഷോഭവും സമ്മര്‍ദ്ദവുമാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിന് അവരെ നിര്‍ബന്ധിതരാക്കിയത്. 1956ലെ സംസ്ഥാന പുനഃസംഘടനയുടെ ഘട്ടത്തില്‍പോലും ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപീകരിക്കാനോ പഞ്ചാബും ഹരിയാനയും രൂപീകരിക്കാനോ തയ്യാറാകാതിരുന്നതുതന്നെ ഈ വൈമനസ്യത്തിന്റെ പ്രകടനമായിരുന്നു. ഈ സംസ്ഥാന രൂപീകരണങ്ങള്‍ക്കുവേണ്ടിയും വീണ്ടും കോണ്‍ഗ്രസ് പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയാണുണ്ടായത്.

ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. തെലങ്കാന എന്നറിയപ്പെടുന്ന ഭൂപ്രദേശം നൈസാമിന്റെ ഭരണത്തിലായിരുന്ന ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമാണ്. ആന്ധ്രയുടെ തീരദേശമേഖലയും റായലസീമ എന്നറിയപ്പെടുന്ന തെക്കന്‍ ജില്ലകളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ കൂടുതല്‍ വികസിതവും നൈസാമിന്റെ ഭരണത്തിലായിരുന്ന തെലങ്കാന മേഖല അവികസിതവുമായിരുന്നു. എന്നാല്‍ ഈ പ്രദേശം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവുമാണ്. നിരവധി കല്‍ക്കരി ഖനികള്‍ ഈ മേഖലയിലുണ്ട്. കൃഷ്ണ, ഗോദാവരി എന്നീ രണ്ട് പ്രധാന നദികളുടെയും പ്രയാണത്തില്‍ 75 ശതമാനവും തെലങ്കാന മേഖലയിലൂടെയാണ്. എന്നാല്‍ ഇതിന്റെയൊന്നും ഗുണങ്ങള്‍ ആ പ്രദേശത്തിനോ അവിടത്തെ ജനങ്ങള്‍ക്കോ ലഭിക്കുന്നില്ല എന്നതാണ് അവിടത്തുകാരുടെ അസംതൃപ്തിയുടെ പ്രധാന കാരണം. ആന്ധ്രാപ്രദേശിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 42 ശതമാനവും ജനസംഖ്യയുടെ 40 ശതമാനവും വരുന്ന മേഖലയാണ് തെലങ്കാന. എന്നാല്‍ മൊത്തം വിഭവങ്ങളുടെ വീതംവയ്ക്കലില്‍ തെലങ്കാനമേഖലയെ അവഗണിക്കുന്നുവെന്ന പരാതിയുമുണ്ട്. 1953ല്‍ സംസ്ഥാന പുനഃസംഘടനാ സമിതിയുടെ മുന്നില്‍ തന്നെ പ്രത്യേക തെലങ്കാന സംസ്ഥാനം വേണം എന്ന വാദം ഉന്നയിക്കപ്പെട്ടിരുന്നു. സമിതി അത് അംഗീകരിച്ചെങ്കിലും ഭാഷാ സംസ്ഥാനം എന്ന വാദത്തിന് പ്രാമുഖ്യവും പൊതുസ്വീകാര്യതയും ലഭിച്ചതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തെലങ്കാന വാദത്തെ നിരാകരിക്കുകയാണുണ്ടായത്. അതേസമയം തെലങ്കാന മേഖലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് 1956 ഫെബ്രുവരിയില്‍ 14 ഇനങ്ങള്‍ അടങ്ങിയ ജന്റില്‍മെന്‍സ് എഗ്രിമെന്റ് എന്ന പേരിലുള്ള ഒരു കരാര്‍ അംഗീകരിക്കുകയുണ്ടായി. തൊഴില്‍, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലെല്ലാം തെലങ്കാനയ്ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും എന്നതായിരുന്നു കരാറിന്റെ അന്തഃസത്ത. കൂടാതെ തെലങ്കാന റീജിയണല്‍ കൌണ്‍സില്‍ എന്ന സ്വയംഭരണ സംവിധാനത്തിനും വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഈ കരാറിനെ കേവലം ഏട്ടിലെ പശുവായി മാത്രമാണ് കണ്ടത്. തെലങ്കാന മേഖലാ സമിതി രൂപീകരിച്ചെങ്കിലും അതിന് അധികാരമോ ആവശ്യത്തിന് ഫണ്ടോ നല്‍കാതെ ചാപിള്ളയാക്കി മാറ്റുകയായിരുന്നു. ഇത് 1960കളുടെ മധ്യത്തോടെ തെലങ്കാന മേഖലയില്‍ അസംതൃപ്തി വ്യാപകമാകുന്നതിന് ഇടയാക്കി. 1969ലെ ജയ് തെലങ്കാന പ്രസ്ഥാനം അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണമായിരുന്നു. പ്രത്യേക സംസ്ഥാനമായിരുന്നില്ല ഈ പ്രസ്ഥാനത്തിന്റെ ആവശ്യം; മറിച്ച് 1956ല്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നതായിരുന്നു. 1969ലെ പ്രസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനിഷ്ഠുരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 370 ചെറുപ്പക്കാരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 1971ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം കോണ്‍ഗ്രസ് അനുഭവിച്ചു. തെലങ്കാന മേഖലയിലെ 14 ലോക്സഭാ സീറ്റില്‍ 11 എണ്ണത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പുതുതായി രൂപീകൃതമായ തെലങ്കാന പ്രജാസമിതിയുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പ്രജാസമിതിക്ക് നേതൃത്വം നല്‍കിയവരെല്ലാം കോണ്‍ഗ്രസില്‍നിന്ന് ഭിന്നിച്ചുവന്നവരായതുകൊണ്ട് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന് അവരെ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് കാലു മാറ്റിക്കാന്‍ അനായാസം കഴിഞ്ഞു. അതിനുപകരമായി ഇന്ദിരാഗാന്ധി തെലങ്കാനയ്ക്കുവേണ്ടി ഒരാറിന പാക്കേജ് പ്രഖ്യാപിച്ചു. ഏറ്റവും രസകരമായ വസ്തുത 1956ലെ കരാറിലെ രണ്ട് വകുപ്പുകള്‍ റദ്ദു ചെയ്യും എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ പാക്കേജിലെ ആറാമത്തെ ഇനം. അതായത്, തെലങ്കാന റീജിയണല്‍ കൌണ്‍സിലും മുല്‍ക്കി നിയമവും ആണ് ഈ ഇനം. പുതിയ പാക്കേജില്‍ ഈ ആറാമത്തെ ഇനമൊഴികെ മറ്റൊന്നും നടപ്പാക്കപ്പെട്ടില്ല. തെലങ്കാനക്കാര്‍ക്ക് ജോലി സംവരണം എന്ന വ്യവസ്ഥ നടപ്പാക്കാന്‍ 1975ല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നെങ്കിലും ഭാഗികമായെങ്കിലും നടപ്പാക്കാന്‍ വീണ്ടും പത്തുവര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. മാത്രമല്ല, അതിനും പ്രക്ഷോഭം വേണ്ടിവന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന വാദം സജീവമായി ഉയര്‍ന്നുവന്നത്.

ഈ പശ്ചാത്തലത്തിലാണ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് തെലങ്കാന രാജ്യസമിതി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 2004ലെ തെരഞ്ഞെടുപ്പില്‍ തെലങ്കാന മേഖലയിലെ ഭൂരിപക്ഷം ലോക്സഭാ സീറ്റുകളും നേടിയ ടിആര്‍എസ് യുപിഎയില്‍ ചേരുകയും ചന്ദ്രശേഖര റാവു കേന്ദ്ര കാബിനറ്റ് അംഗമാവുകയും ചെയ്തു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് ടിആര്‍എസിന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും, പ്രണബ്മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയമിക്കുന്നതിനപ്പുറം സംസ്ഥാന രൂപീകരണത്തിന് നടപടിയൊന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് റാവു മന്ത്രിസഭ വിടുകയും ടിആര്‍എസിന്റെ എംപിമാരും എംഎല്‍എമാരുമെല്ലാം തല്‍സ്ഥാനങ്ങള്‍ രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പുഫലം ടിആര്‍എസിന് കനത്ത തിരിച്ചടി ആയിരുന്നു. 2009ലെ തെരഞ്ഞെടുപ്പിലാകട്ടെ തെലങ്കാന മേഖലയിലെ 17 ലോക്സഭാ സീറ്റില്‍ 2 എണ്ണവും 119 നിയമസഭാ സീറ്റില്‍ 10 എണ്ണവും മാത്രമാണ് ടിആര്‍എസിന് ലഭിച്ചത്. നവംബറില്‍ നടന്ന ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍പോലും തയ്യാറാകാതെ ടിആര്‍എസും റാവുവും ഒളിച്ചോടുകയാണുണ്ടായത്. ഇങ്ങനെ ദുര്‍ബലാവസ്ഥയില്‍, സ്വയം കെട്ടടങ്ങി വന്ന സന്ദര്‍ഭത്തിലാണ് ചന്ദ്രശേഖര റാവു നിരാഹാരസമരം ആരംഭിച്ചത്. എങ്കിലും മുന്‍കാലത്തെപ്പോലെ ഒരു ജനകീയ മുന്നേറ്റമാകുകയോ ടിആര്‍എസിന് വേണ്ട ജനപിന്തുണ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. ഈ അവസ്ഥയിലാണ് കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുന്നതുപോലെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത്.

ടിആര്‍എസ് സമരം ആരംഭിച്ചതും കോണ്‍ഗ്രസ് സംസ്ഥാന രൂപീകരണത്തിന് തീരുമാനം കൈക്കൊണ്ടതും ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ആഭ്യന്തരക്കുഴപ്പംമൂലം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്ന ഘട്ടത്തിലാണ്. അന്തരിച്ച രാജശേഖരറെഡ്ഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരുന്ന മകന്‍ ജഗന്‍ മോഹനറെഡ്ഡിയെ മുഖ്യമന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ പ്രതിഷേധം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബിസിനസ് പങ്കാളികളും കര്‍ണാടകത്തിലെ ബിജെപി മന്ത്രിമാരുമായ ബെല്ലാരി സഹോദരന്മാര്‍ ആന്ധ്രയില്‍ തങ്ങളുടെ ഖനികളോടടുത്തുള്ള ഭൂമി കയ്യേറി നിയമവിരുദ്ധമായി ഖനനം നടത്തുന്നതിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ ഘട്ടവുമായിരുന്നു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ ആന്ധ്രാപ്രദേശ് രാഷ്ട്രീയ സ്തംഭനാവസ്ഥയിലുമായിരുന്നു. സാധാരണഗതിയില്‍ നിയമസഭ ചേരുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ ഇരുവിഭാഗത്തിനും ഗുണകരമാവുകയുമില്ല. ഈ രാഷ്ട്രീയ വൈതരണിയില്‍നിന്ന് കരകയറാനും തെലങ്കാന മേഖലയില്‍ പിടിമുറുക്കാനുമുള്ള കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുതലെടുപ്പ് രാഷ്ട്രീയമാണ് ആന്ധ്രയില്‍ ഇപ്പോള്‍ കലാപത്തിന് വഴിവെച്ചത്. മുമ്പും ആന്ധ്രയിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമായപ്പോഴെല്ലാമാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭം സജീവമായി ഉയര്‍ന്നുവന്നിട്ടുള്ളത്.

തെലങ്കാന മേഖലയുടെ വികസനത്തിന് പ്രത്യേക സംസ്ഥാന രൂപീകരണം വഴിവെയ്ക്കുമെന്ന വാദം തന്നെ സമീപകാല ചരിത്രം നിരാകരിക്കുന്നതാണ്. യുപിയെ വിഭജിച്ച് ഉത്തരാഖണ്ഡും ബീഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡും മധ്യപ്രദേശില്‍നിന്ന് ഛത്തീസ്ഗഢും രൂപീകരിക്കപ്പെട്ടെങ്കിലും ഈ സംസ്ഥാനങ്ങളിലൊന്നും ജനജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടായില്ല എന്നതാണ് അനുഭവം. അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും വര്‍ദ്ധിക്കുകയും രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്തുവെന്നതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരം ഇന്ത്യ തുടര്‍ന്നുവരുന്ന മുതലാളിത്ത വികസനപാതയുടെ അനിവാര്യമായ ദുരന്തങ്ങളില്‍ ഒന്നാണ് അസമമായ വളര്‍ച്ച. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതുപോലെ തന്നെ വികസിത, അവികസിത മേഖലകള്‍ തമ്മിലുള്ള അന്തരവും വര്‍ദ്ധിക്കുകയാണ്. ഇതുമൂലം സ്വാഭാവികമായും ജനങ്ങളില്‍ വളര്‍ന്നുവരുന്ന അസംതൃപ്തി മുതലെടുത്താണ് ശിഥിലീകരണശക്തികള്‍ വളര്‍ന്നുവരുന്നത്. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ തന്നെ അവിഭാജ്യമായ ഭാഗമാണ് ഈ ശിഥിലീകരണ വിഘടനവാദവും. ആന്ധ്രാപ്രദേശിലെ ജനങ്ങളെ തെലങ്കാനക്കാരും തെലങ്കാന ഇതരരുമായി വേര്‍തിരിച്ച് കലാപത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെയാണ്. മറ്റെല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും അതില്‍ അണിചേരുകയുമാണ്. ഇവിടെ അപകടപ്പെടുന്നത് ജനങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തിന്റെ താല്‍പര്യമാണ്.

ബൂര്‍ഷ്വാ-പെറ്റീ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുടെ അവസരവാദപരവും വിഭാഗീയവുമായ നിലപാടുകളില്‍നിന്നും വിഭിന്നമായി തത്വാധിഷ്ടിതവും രാജ്യത്തിന്റെ വിശാല താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ നിലപാട് സ്വീകരിക്കുന്നത് സിപിഐ എം മാത്രമാണെന്ന് ആന്ധ്രയിലെ സംഭവവികാസങ്ങള്‍ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു.

ജി വിജയകുമാര്‍ ചിന്ത വാരിക