Showing posts with label ഗവർണ്ണർ. Show all posts
Showing posts with label ഗവർണ്ണർ. Show all posts

Saturday, January 9, 2021

ഫെഡറൽ ഘടന തകർക്കരുത്‌; ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽ : ഗവർണർ

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെ വിവിധ കോണുകളിൽനിന്ന്‌‌ വെല്ലുവിളി നേരിടുകയാണെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ  പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽനിന്നിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാനും അവതരിപ്പിക്കാനും സർക്കാർ എന്നും ശ്രമിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നതും കേരളമായിരുന്നു. യോജിച്ചുള്ള വികസനപ്രക്രിയയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തുല്യപങ്കാളിയാകണമെന്ന ഫെഡറൽ തത്വ കാഴ്‌ചപ്പാടിൽ കേരളം വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല.

കോവിഡിൽ ചേർത്തുപിടിച്ചു

അധികാരമേറ്റതുമുതൽ വ്യത്യസ്‌തങ്ങളായ വെല്ലുവിളികൾ നേരിട്ടാണ്‌ സർക്കാർ മുന്നോട്ടുപോയതെന്ന്‌ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ഇപ്പോൾ കോവിഡ്‌ പ്രതിസന്ധിയും കേരളത്തെ വരിഞ്ഞുമുറുക്കി.  സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കനത്ത ആഘാതമാണ്‌‌ കോവിഡ്‌ സൃഷ്ടിച്ചത്‌. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 12ശതമാനവും വിദേശ നിക്ഷേപമാണ്‌. ആറുലക്ഷത്തോളം പ്രവാസികളുടെ തിരിച്ചുവരവ്‌ വലിയ ആഘാതമാണ്‌ സൃഷ്ടിച്ചത്‌. 80,000 കോടി രൂപയുടെ നഷ്ടമാണ്‌‌ ഇതുവഴി കണക്കാക്കുന്നത്‌.

ആർക്കും വിശന്നില്ല

ആരും വിശന്നിരിക്കരുത്‌ എന്ന്‌ ഉറച്ച നിലപാട്‌ എടുത്ത സംസ്ഥാനമാണ്‌ കേരളം. സമൂഹ അടുക്കളകൾ ഒരുക്കി. അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷണവും നൽകി. കോവിഡിന്‌ സൗജന്യ ചികിത്സ നൽകുന്നതിനൊപ്പം മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യധാന്യക്കിറ്റ്‌ തുടരുന്നുമുണ്ട്‌.

അടച്ചിടൽ പ്രഖ്യാപിച്ച ഉടൻ 20,000കോടിരൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. ക്ഷേമപെൻഷുകൾ കൃത്യമായി വിതരണംചെയ്യുന്നതിന്‌ പുറമെ അത്‌ ലഭിക്കാത്ത ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക്‌ ആയിരം രൂപ വീതം നൽകി. 15ലക്ഷം കുടുംബങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌. 

2020 സെപ്‌തംബർ ഒന്നിന്‌ 100ദിന കർമപരിപാടി പ്രഖ്യാപിച്ചു. 50,000 തൊഴിലവസരം പ്രഖ്യാപിച്ചു. അതിന്‌ പുറമെ 1,16,440 തൊഴിലവസരം കൂടി സൃഷ്ടിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ 100ദിന പരിപാടിയും പ്രഖ്യാപിച്ചിട്ടുണ്ട്‌.

കേന്ദ്ര ഏജൻസികൾ വികസനം തടയുന്നു

ചില കേന്ദ്രസർക്കാർ ഏജൻസികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിക്കുകയും അത്‌ സംസ്ഥാനത്തിന്റെ വികസനത്തെ തന്നെ തടസ്സപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. സത്യസന്ധരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കാനും ഇതുവഴി കേന്ദ്രഏജൻസികൾ ശ്രമിച്ചു.

അടിസ്ഥാന സൗകര്യ വികസനം, സമഗ്രമായ  സാമ്പത്തികവളർച്ച എന്നിവയ്‌ക്ക്‌ ഊന്നൽ നൽകിയാണ്‌ സർക്കാർ ഇതുവരെ പ്രവർത്തിച്ചത്‌. കിഫ്‌ബിവഴി 56,000കോടിരൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു‌.  2016ൽ 600 രൂപയുണ്ടായിരുന്ന ക്ഷേമപെൻഷൻ 1500രൂപയാക്കി ഉയർത്താനും സർക്കാരിന്‌ സാധിച്ചു. ലൈഫിന്‌ കീഴിൽ രണ്ടരലക്ഷം കുടുംബത്തിന്‌ സുരക്ഷിത ഭവനമൊരുക്കി.  സംസ്ഥാനത്ത്‌ നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനും അതുവഴി ഒട്ടേറെ നിക്ഷേപങ്ങൾ  കൊണ്ടുവരാൻ കഴിഞ്ഞതായും ഗവർണർ പറഞ്ഞു.

എന്നും മുന്നിൽ

നിതി അയോഗിന്റെ സുസ്ഥിരവികസന പട്ടികയിൽ ഹാട്രിക്‌ നേട്ടവുമായി കേരളം മുന്നിലാണെന്ന്‌ ഗവർണർ  പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും ഒന്നാമതായിരുന്നു. രാജ്യത്ത്‌‌ മികച്ച ഭരണം നടത്തുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്‌ പബ്ലിക്‌ അഫയർ സെന്ററിന്റെ പബ്ലിക്‌ അഫയേഴ്‌സ്‌ ഇൻഡക്സിൽനിന്നാണ്‌.

ആരോഗ്യമേഖല നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടി. വികസിത രാജ്യങ്ങൾക്ക്‌ തുല്യമായി കുറഞ്ഞ  ശിശുമരണനിരക്കുള്ള ഏക സംസ്ഥാനം, 2019ലെ പ്രധാനമന്ത്രി സുരക്ഷിത്‌ മാതൃത്വ അഭിയാൻ അവാർഡ്‌, രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രം, 55 കുടുംബാരോഗ്യകേന്ദ്രത്തിന്‌ എൻക്യുഎസ്‌ അക്രഡിറ്റേഷൻ എന്നിവ നേടി.

2019ലെ എംപവർമെന്റ്‌ ഓഫ്‌ ദി ഡിഫറന്റലി ഏബിൾഡ്‌ ദേശീയ അവാർഡ്‌, ഉത്തരവാദിത്ത ടൂറിസത്തിനും ടൂറിസം മിഷനും വേൾഡ്‌ ട്രാവൽ മാർക്കറ്റ്‌, ഏഷ്യാ പസഫിക്‌ ട്രാവൽ അസോസിയേഷൻ അവാർഡ്‌, മികച്ച അർബൻ ബസ്‌ സർവീസിനുള്ള കേന്ദ്രമന്ത്രാലയ പുരസ്‌കാരം കൊച്ചി സ്‌മാർട്ട്‌ ബസ്‌ സർവീസിനും ലഭിച്ചു. നിതി അയോഗിന്റെ നാഷണൽ സ്‌കൂൾ എഡ്യുക്കേഷൻ ഇൻഡക്‌സിൽ പ്രഥമസ്ഥാനവും കേരളത്തിനാണെന്നും ഗവർണർ പറഞ്ഞു.

മഹാമാരിക്കാലത്തും നമ്മൾ ഉദാത്ത മാതൃക

ലോകം മുഴുവൻ വിറങ്ങലിച്ച്‌ നിന്നപ്പോഴും കോവിഡിന്‌ മുന്നിൽ അടിപതറാതെ പോരാടിയ നാടാണ്‌ കേരളമെന്ന്‌ ഗവർണർ പറഞ്ഞു.  പ്രതിരോധത്തിനും കരുതലിനും ലോകമാകമാനമുള്ള പ്രശംസ നേടാൻ കേരളത്തിനായി. രോഗം ബാധിച്ചവരിലെ മരണനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌, പ്രതിദിന റിപ്പോർട്ട്‌ ചെയ്യുന്ന കേസുകൾ എന്നിവ കുറച്ചുകൊണ്ടുവരാനും ഊർജിതശ്രമം തുടരുന്നു.

2020 ജനുവരിമുതൽ സംസ്ഥാനത്ത്‌ കോവിഡ്‌ കൺട്രോൾ റൂം, കോവിഡ്‌ വാർറൂമുകളും ഒരുക്കി.  കോവിഡ്‌ പ്രതിരോധ ബോധവൽക്കരണത്തിന്‌ മാത്രമായി ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനും ഇൻഫർമേഷൻ, എഡ്യുക്കേഷൻ കമ്യൂണിക്കേഷൻ, (ഐഇസി) പ്രചാരണപരിപാടിയും  ആരംഭിച്ച ഏക സംസ്ഥാനമാണ്‌ കേരളം.  വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച്‌ ബോധവൽക്കരണവും പ്രതിരോധവും നിർവഹിച്ചു.

പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ സുസ്ഥാപിത ഭരണസംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ കോർകമ്മിറ്റി, ചീഫ്‌സെക്രട്ടറി അധ്യക്ഷനായ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌, ആരോഗ്യകുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ ഗ്രൂപ്പ്‌ എന്നിവ ഇക്കാര്യത്തിൽ ഇടപെട്ടു. വാർഡ്‌ തലങ്ങളിൽ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമുകളും സജ്ജീകരിച്ചു. 

പരിശോധിക്കുക, ഐസൊലേറ്റ്‌ ചെയ്യുക, നിരീക്ഷിക്കുക എന്ന ഐസിഎംആർ പ്രോട്ടോകോളാണ്‌ കേരളം നടപ്പാക്കിയത്‌. ദിശ ഹെൽപ്‌ലൈൻ സംശയങ്ങൾക്ക്‌ മറുപടി നൽകി. ആവശ്യമുള്ളിടങ്ങളിലെല്ലാം പരിശോധന കിയോസ്‌കുകൾ ഒരുക്കി. രോഗികൾക്ക്‌ ഉന്നതനിലവാരത്തിലുള്ള ചികിത്സ സൗജന്യമായി നൽകി. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണമുൾപ്പെടെ എന്താവശ്യങ്ങളും നിർവഹിച്ചു നൽകി. കോവിഡ്‌ മുക്തർക്കായി പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകൾ ഒരുക്കി. 

20,000കോടിരൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. ക്ഷേമപെൻഷനുകൾ വർധിപ്പിച്ച്‌ നൽകിയും കുടിശ്ശിക തീർത്തുനൽകിയും ജനങ്ങൾക്കൊപ്പം സർക്കാർ നിന്നു. വിവിധ ക്ഷേമനിധി ബോർഡുകൾക്ക്‌ കീഴിൽ 31.68ലക്ഷം ഗുണഭോക്താക്കൾക്ക്‌ 355.59കോടിരൂപയുടെ സഹായം നൽകി. എല്ലാ കുടുംബങ്ങൾക്കും 300 കോടിരൂപയുടെ സൗജന്യ റേഷൻ വിതരണംചെയ്‌തു. സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളും നൽകുന്നു.

പ്രവാസികൾക്ക്‌ ക്വാറന്റൈൻ സെന്ററുകളിലേക്ക്‌ പോകാൻ സൗജന്യയാത്രയുമായി കെഎസ്‌ആർടിസിയും ചേർന്നു. കുടുംബശ്രീ 4000കോടിയുടെ പാക്കേജുകൾ ഏറ്റെടുത്തു. അയൽക്കൂട്ടങ്ങൾക്ക്‌ സഹായഹസ്‌തം പദ്ധതിയിലൂടെ 2000കോടി നൽകുന്നു.

കർഷകസമരം മഹത്തായ ചെറുത്തുനിൽ‌പ്പെന്ന്‌ ഗവർണർ

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമം ഇടനിലക്കാർക്കും കോർപറേറ്റുകൾക്കും മാത്രമേ ഗുണകരമാകൂവെന്ന്‌ ‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഈ നിയമം നിയന്ത്രിത വിപണികളെ ഇല്ലാതാക്കും.  ഫലത്തിൽ മിനിമം താങ്ങുവില ഇല്ലാതാക്കുകയും  കോർപറേറ്റ്‌ ഇടനിലക്കാർക്ക്‌ അനുകൂലമായി വിലപേശൽ അധികാരം നൽകുകയും ചെയ്യും. ഈ  നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും.

കർഷകസമരം മഹത്തായ ചെറുത്തുനിൽപ്പാണ്. നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. വിലപേശൽശേഷി ഇല്ലാതാകും. പൂഴ്‌‌ത്തിവയ്‌പിന് കളമൊരുങ്ങുന്നതുമാണ് നിയമമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അവകാശം ഹനിക്കുന്ന നിയമനിർമാണങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്‌. അടിക്കടിയുള്ള ഇന്ധനവിലവർധന വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

‘നിങ്ങൾ ഒരുപാട്‌ മുദ്രാവാക്യം വിളിച്ചില്ലേ. നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇനി എന്നെ ശല്യപ്പെടുത്തരുത്‌’ : ക്ഷുഭിതനായി ഗവർണർ

നയപ്രഖ്യാപന പ്രസംഗം തുടർച്ചയായി തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തോട്‌ ക്ഷുഭിതനായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഗവർണർ എത്തിയതുമുതൽ നടുത്തളത്തിൽ ഇറങ്ങി സഭാനടപടികൾ അലങ്കോലപ്പെടുത്താനായിരുന്നു പ്രതിപക്ഷശ്രമം.

‘ഭരണഘടനാപരമായ കടമയാണ്‌ നിർവഹിക്കുന്നതെന്നും തടസ്സപ്പെടുത്തരുതെന്നും’ മൂന്നുതവണ പ്രസംഗം നിർത്തി പറഞ്ഞിട്ടും പ്രതിപക്ഷം  വകവയ്‌ക്കാതിരുന്നതാണ്‌ ഗവർണറെ പ്രകോപിപ്പിച്ചത്‌.

‘നിങ്ങൾ ഒരുപാട്‌ മുദ്രാവാക്യം വിളിച്ചില്ലേ. നിങ്ങളുടെ പ്രതിഷേധം  രേഖപ്പെടുത്തുകയും ചെയ്തു. ഇനി എന്നെ ശല്യപ്പെടുത്തരുത്‌’–- ഗവർണർ തന്റെ നീരസം പ്രകടമാക്കി. വീണ്ടും മുദ്രാവാക്യം വിളി തുടർന്ന പ്രതിപക്ഷം സഭ വിട്ടശേഷവും‌ ഗവർണർ പ്രസംഗം തുടർന്നു.

ബഹളംവച്ച്‌‌ പ്രതിപക്ഷം ഇറങ്ങിപ്പോയി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌ പ്രതിപക്ഷം.  സമ്മേളനം ആരംഭിച്ചതുമുതൽ മുദ്രാവാക്യം വിളിയുമായി നടപടികൾ അലങ്കോലപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം.

ഗവർണർ എത്തിയിട്ടും ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. ‘സ്പീക്കർ രാജിവയ്‌ക്കുക’, ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയുക’ എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധം വകവയ്‌ക്കാതെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടർന്നു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി നടപടി തടയാൻ ശ്രമിച്ചു. പത്തുമിനിട്ടോളം ഇത്‌ നീണ്ടു.  തുടർന്ന്‌, പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നു. പ്രസംഗം പൂർത്തിയാക്കി ഗവർണർ മടങ്ങിയപ്പോഴും അവർ പ്രതിഷേധം തുടർന്നു.

പി സി ജോർജ്‌ ഇറങ്ങിപ്പോയി; രാജഗോപാൽ തുടർന്നു

പ്രതിപക്ഷത്തിന്‌ പിറകേ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌ പി സി ജോർജ്‌ എംഎൽഎയും. പ്രതിപക്ഷം ഇറങ്ങിപ്പോയി കുറച്ചുസമയംകൂടി സഭയിൽ തുടർന്ന പി സി, പിന്നീട്‌ ഒറ്റയ്‌ക്ക്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ബിജെപിക്കാരനായ ഗവർണർ എൽഡിഎഫിന്റെ രാഷ്ട്രീയനിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് ജോർജ് പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം, ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാൽ അവസാനംവരെ സഭയിൽ തുടർന്നു.

കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതിനെതിരായ പരാമർശവും കേന്ദ്ര കാർഷിക നയങ്ങൾക്കെതിരായ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാടും ഗവർണർ വായിച്ചപ്പോഴും രാജഗോപാൽ കേട്ടിരുന്നു.

പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷനിരയിൽ ബാക്കിയുണ്ടായിരുന്ന  രാജഗോപാലിനോടും മറ്റ്‌ ഭരണപക്ഷ എംഎൽഎമാരോടും കൈകൂപ്പി വിടചോദിച്ചാണ്‌ ഗവർണർ മടങ്ങിയത്‌.

പുതിയ കേരളത്തിനായി നയരേഖ

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ ആരംഭദിവസത്തിൽ ഗവർണർ ആരീഫ്‌ മൊഹമ്മദ്‌ഖാൻ നടത്തിയ നയപ്രഖ്യാപനം പുതിയ കേരളത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നയരേഖ. ജനപക്ഷ രാഷ്ട്രീയത്തിൽനിന്ന്‌ അണുവിട വ്യതിചലിക്കാതെ സർക്കാർ ഏത്‌ മഹാമാരിയിലും ജനക്ഷേമത്തിൽനിന്ന്‌ പിന്നോക്കം പോകില്ലെന്ന്‌ നയരേഖ വ്യക്തമാക്കി.

സർക്കാരിന്റെ ഈ നയം ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ രാഷ്ട്രീയഭേദമെന്യേ സ്വീകരിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴാണ്‌ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിച്ചത്‌. ഭരണഘടനാ ചുമതല ഓർമിപ്പിച്ച്‌ ഗവർണർ മുന്നറിയിപ്പ്‌ നൽകിയപ്പോൾ തന്നെ കേരളത്തിന്റെ സുസ്ഥിര വികസനമുന്നേറ്റത്തിനുള്ള മാഗ്‌നാകാർട്ടയ്‌ക്കെതിരെ പ്രതിഷേധം തുടർന്നാൽ ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെടുമെന്നുള്ള മുന്നറിയിപ്പ്‌ കൂടിയാണ്‌ ഗവർണർ നൽകിയത്‌.

നിൽക്കക്കള്ളിയില്ലാതായ പ്രതിപക്ഷത്തിന്‌ സഭവിടുകയല്ലാതെ മാർഗമില്ലെന്നായി. കേരളത്തിന്റെ ജനക്ഷേമ പദ്ധതികളെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ തകർക്കാൻ ശ്രമിക്കുന്നുവെന്ന്‌ ഗവർണർതന്നെ പറഞ്ഞുവച്ചപ്പോൾ ജനക്ഷേമ സർക്കാരിനെ തകർക്കാനുള്ള കേന്ദ്രഏജൻസികളുടെ തീവ്രശ്രമങ്ങൾക്ക്‌ കുടപിടിച്ച പ്രതിപക്ഷം ക്ഷീണിച്ചു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെ ക്ഷേമവും നാടിന്റെ സമഗ്ര വികസനവും ഉറപ്പുവരുത്തി രാജ്യത്തിന് ഉത്തമ മാതൃകയാണ് കേരളമെന്നാണ്‌ ഗവർണർ വ്യക്തമാക്കിയത്‌. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ കാലയളവിൽ ഒരാളെയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്നും അത് ലോകത്തോട് പറയുന്നതിൽ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞതോടെ ബഹളമുണ്ടാക്കുകയോ സഭ വിടുകയോ അല്ലാതെ മാർഗമില്ലെന്ന ഗതികേടിൽ പ്രതിപക്ഷവും എത്തി.

എം വി പ്രദീപ്‌

കോവിഡ്‌ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരെന്ന്‌ ഗവർണർ ; പ്രതിപക്ഷത്തിന്‌ വിമർശനം

തിരുവനന്തപുരം >  14ാം നിയമസഭയുടെ 22ാം  സമ്മേളനത്തിന്‌ തുടക്കമായി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച  പ്രതിപക്ഷത്തെ ഗവർണർആരിഫ്‌ മുഹമ്മദ്‌ ഖാൻ രൂക്ഷമായി വിമർശിച്ചു.  ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു.

കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള പാതയും ദുർഘടമാണ്‌.  അതിനെയും  മറികടക്കാൻ കഴിയും .  കോവിഡ്‌ രോഗം സാധാരണ ജനജീവിതത്തെ  സാരമായി ബാധിച്ചു.   കോവിഡ്‌ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം.  കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്‌.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്‌ കോവിഡിനെ നേരിട്ടു. 

തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.

സർക്കാരിന്റെ   അഭിമാന പദ്ധതികൾ മുന്നോട്ട്‌ കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു  .കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്

തദ്ദേശ തെരഞ്ഞെടുപ്പ്‌ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം   ഊട്ടി ഉറപ്പിക്കുന്നതാണ്‌. 2 ലക്ഷത്തിലേറെ  പേർക്ക്‌ അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത്‌ സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണ്‌. 

പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്.

കാർഷിക നിയമം കേരളത്തിന്‌ തിരിച്ചടിയാണ്‌. താങ്ങുവില ഇല്ലാതാക്കുന്നത്‌ അപലപനീയം .കുത്തകകളെ സഹായിക്കുന്നതാണ്‌ കാർഷിക നിയമത്തിലെ വ്യവസ്‌ഥകളെന്നും  നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

രാവിലെ 9ന്‌ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു.സഭാ കവാടത്തിൽ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌.

സർക്കാർ നേട്ടങ്ങൾ നിരത്തി ഗവർണർ; കാർഷിക , പൗരത്വ നിയമങ്ങളിൽ കേന്ദ്രത്തിന്‌ വിമർശനം

 തിരുവനന്തപുരം> സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മുതല്‍ പൗരത്വഭേദഗതി നിയമത്തില്‍ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു.

‘കൊവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ട സര്‍ക്കാരാണിത്. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഭക്ഷ്യ കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.’ ഗവര്‍ണര്‍ പറഞ്ഞു.

പ്രകടന പത്രിക നടപ്പിലാക്കിയ സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ച് വാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1500 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിന് എതിരായ ഭാഗവും സര്‍ക്കാര്‍നയപ്രഖ്യാപനത്തില്‍ വായിച്ചു. കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാവുന്ന നിയമമാണ്. കാര്‍ഷിക നിയമം ഉപഭേക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും. കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാവും, പൂഴ്ത്തിവെപ്പിന് കളമൊരുങ്ങുന്നതാണ് നിയമം, കാര്‍ഷിക സ്വയം പര്യാപ്തതക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിവിധ വിഭാഗങ്ങൾക്കായി സമാശ്വാസത്തിനായി 25000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. ഇത് പല തരത്തിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. എക്സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കി.

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഗെയില്‍ അഭിമാനകരമായ പദ്ധതി, ഈ സാമ്പത്തിക വര്‍ഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടി രൂപ ചെലവഴിച്ചുവെന്നും പറഞ്ഞു

പൗരത്വ ഭേദഗതി നിയമം പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഫെഡറലിസത്തിനായി വിട്ടുവീഴ്ച്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തെ ഫെഡറല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കണം.

ഡാറ്റാ സെന്‍ററുകളുടെ നവീകരണം 2021-ഓടെ ലക്ഷ്യമിടുന്നു.കെ ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും. കെ ഫോൺ വഴി പാവപെട്ടവർക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമാക്കും. സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതി കാത്തിരിക്കുന്നു. വിശദമായ പദ്ധതിരൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.ഗവർണർ പറഞ്ഞു.

Friday, December 25, 2020

വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല

 സംസ്ഥാന മന്ത്രിസഭ ചേർന്നു തീരുമാനിച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഈ പ്രശ്നത്തെ ഗവർണറും ഗവൺമെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമായി കാണരുത്. ആ ബന്ധത്തെ വിവാദത്തിലാക്കുന്നതിന്  ഗവൺമെന്റിന്  താൽപ്പര്യമില്ല. ഇന്ത്യയിലെ ഒരു ഗവർണറും ഇതുവരെ ചെയ്യാൻ മുതിരാത്ത ഒരു തെറ്റായ കീഴ്വഴക്കത്തിന്  ആരംഭം കുറിച്ചു. ഇത് നിർഭാഗ്യകരമാണ്. 

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയ ഘട്ടത്തിലും ഗവർണർ അതിനെതിരെ നിലപാടെടുത്തു. ആ സന്ദർഭത്തിൽ സമചിത്തതയോടെയും മാതൃകാപരവുമായാണ് സംസ്ഥാന സർക്കാർ നയം സ്വീകരിച്ചത്‌.  എന്നാൽ, പ്രതിപക്ഷം സഭയിൽ  സ്വീകരിച്ച സമീപനം ഗവർണർ ഓർക്കുമല്ലോ. കേന്ദ്രത്തിനെതിരായി പാസാക്കുന്ന പ്രമേയം താൻ കാണണമെന്ന സന്ദേശമാണ് അന്ന്  ഗവർണർ നൽകിയത്. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ല.

ഗവർണറുടെ അധികാരപരിധിയിലെ വിഷയമല്ല

ഇപ്പോൾ ഗവർണറുടെ വിവേചനാധികാരത്തിന്റെ പേരിലാണ്  ഗവൺമെന്റിന്റെ തീരുമാനം അവഗണിച്ചത്. വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല. ഗവർണർക്ക് വിവേചനാധികാരമുണ്ട്. അത് ഭരണഘടനാപരമായി നൽകിയ അധികാരപരിധിക്കുള്ളിലാണ്; അതിനതീതമല്ല. ഗവർണറുടെ വിവേചനാധികാരത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല ഇവിടെ ഗവർണർ ചെയ്തത്.  ഭരണഘടനയിലെ ആർട്ടിക്കിൾ 163 പ്രകാരം  ഗവർണറുടെ ചുമതല നിർവഹിക്കുന്നതിൽ അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനുമാണ്  മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭ. ഇതൊരു മാൻഡേറ്ററി പ്രൊവിഷനാണ്. സഭ വിളിച്ചുചേർക്കുന്നതും സഭ പിരിയുന്നതും ഗവൺമെന്റ് തീരുമാനിക്കുന്നതനുസരിച്ചാണ്.  ഇതിൽ ഗവർണറുടെ വിവേചനാധികാരത്തിന്റെ പ്രശ്നം വരുന്നില്ല.

പാസാക്കേണ്ട  പ്രമേയത്തിന്റെ ഉള്ളടക്കവും അനിവാര്യതയും തീരുമാനിക്കുന്നത് ഗവർണറല്ല, ഗവൺമെന്റാണ്. അവതരിപ്പിക്കുന്ന പ്രമേയം ഭരണഘടനയ്‌ക്കും സഭാചട്ടത്തിനും അനുസൃതമാണോ എന്ന് തീരുമാനിക്കുന്നത് സ്പീക്കറുടെ അധികാരപരിധിയിൽ വരുന്നതാണ്; ഗവർണറുടെ അധികാര പരിധിയിൽ വരുന്നതല്ല. ഇവിടെ ഗവൺമെന്റിന്റെയും സ്പീക്കറുടെയും അധികാരത്തിലേക്കുള്ള കടന്നുകയറ്റം ഗവർണർ നടത്തിയത് വ്യക്തിഗത സംതൃപ്തിയുടെ ഭാഗമാണോ? ഈ സംതൃപ്തി ഗവർണറുടെ വിവേചനാധികാരത്തിൽ വരുമോ? ഇല്ല. അതാണ് കോടതിവിധികൾ ഇതിനകം വ്യക്തമാക്കിയത്.

ഇനി, പ്രമേയത്തിന്റെ അടിയന്തര സ്വഭാവമാണ് ഗവർണർ കണക്കിലെടുക്കുന്നതെങ്കിൽ ഗവൺമെന്റ് ഒരു കാര്യം ഓർമപ്പെടുത്തട്ടെ. ഇന്ത്യാരാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷകരുടെ ജീവിതപ്രയാസത്തെ കണക്കിലെടുക്കാതെ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന നിയമത്തിനെതിരായി കൊടും തണുപ്പിനെ വെല്ലുവിളിച്ച് കഴിഞ്ഞ 28  ദിവസമായി നടത്തുന്ന  സമരത്തിനിടയിൽ 31 കർഷകർ മരണപ്പെട്ടത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. വേണമെങ്കിൽ ഇത് കേരളത്തിന്റെ പ്രശ്നമല്ലല്ലോ എന്ന് പറയാം. പക്ഷേ, ലക്ഷക്കണക്കിന് കൃഷിക്കാർ നടത്തുന്ന സമരം കേരളത്തെയും പല വിധത്തിലും ബാധിക്കുമെന്നതാണ്‌ വസ്‌തുത. പാർലമെന്റിൽ വിഷയം കൊണ്ടുവരുമ്പോഴുള്ള സ്ഥിതിയാണോ ഇന്ന് നാട്ടിലുള്ളത്? വിവാദ നിയമങ്ങളിൽ  പ്രതിഷേധിച്ച് ഒരു കേന്ദ്ര മന്ത്രി രാജിവച്ചു. എണ്ണപ്പെട്ട പ്രതിഭകൾ അവർക്കു ലഭിച്ച  ദേശീയ പുരസ്കാരങ്ങൾ തിരികെ ഏൽപ്പിച്ചു. മൂന്ന്  സംസ്ഥാനം ഗവർണറുടെ സഹായത്തോടെ കേന്ദ്ര നിയമത്തിനെതിരായി പ്രമേയം പാസാക്കി.

ചുമതല നിർവഹിക്കാൻ ബാധ്യസ്ഥൻ

ആർട്ടിക്കിൾ 174 (1) പ്രകാരം നിയമസഭ വിളിച്ചുചേർക്കേണ്ടത്  ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയല്ലേ? ഇത് ചെയ്യേണ്ടത് ക്യാബിനറ്റിന്റെ സഹായത്താലും നിർദേശാനുസരണവുമല്ലേ? ഗവർണർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ ബാധ്യത നിർവഹിക്കാൻ ഗവർണർ  ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്ന ഷംസീർ സിങ്‌ സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിലെ 1975 ലെ  സുപ്രീംകോടതിയുടെ വിധി,  നിയമസഭ ചേരാനുള്ള ക്യാബിനറ്റിന്റെ തീരുമാനം ഗവർണർ നടപ്പാക്കിയേ പറ്റൂ എന്ന്  വ്യക്തമാക്കുന്ന  രാമേശ്വരപ്രസാദ് യൂണിയൻ ഓഫ് ഇന്ത്യ എന്ന   കേസിൽ സുപ്രീംകോടതിയുടെ വിധി, എൻസിടി ഓഫ് ഡൽഹി യൂണിയൻ ഓഫ് ഇന്ത്യ(2017) കേസിൽ സുപ്രീംകോടതിയുടെ വിധി തുടങ്ങിയവ ഗവർണറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച  സർക്കാരിയാ കമീഷൻ റിപ്പോർട്ട് ഇതിനെ സാധൂകരിക്കുന്ന കാര്യവും ഗവർണറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഇതെല്ലാം വ്യക്തമാക്കുന്നത്, ഭരണഘടന ആർട്ടിക്കിൾ 163  പ്രകാരം ക്യാബിനറ്റിന്റെ തീരുമാനപ്രകാരം എടുക്കുന്ന നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള ശുപാർശ സ്വീകരിക്കാൻ ഭരണഘടനാപരമായി ഗവർണർ ബാധ്യസ്ഥനാണ് എന്നതാണ്. ഇതിന്റെ വെളിച്ചത്തിലാണ് 2020  ഡിസംബർ 23ന്  അടിയന്തരമായി ഏകദിന സമ്മേളനം വിളിച്ചുചേർക്കാൻ 2020  ഡിസംബർ 21ന്  ചേർന്ന  മന്ത്രിസഭാ യോഗം  തീരുമാനിച്ച്  ഗവർണറെ അറിയിച്ചത്. ഭരണഘടന ആർട്ടിക്കിൾ 208  പ്രകാരം രൂപംകൊടുത്ത നിയമസഭാ ചട്ടങ്ങൾ അനുസരിച്ച്   പ്രമേയം ചർച്ചയ്‌ക്കെടുക്കാൻ അടിയന്തര ഘട്ടത്തിൽ നിയമസഭയ്‌ക്ക്   ബാധ്യതയുണ്ട്. ഇതിന്  15 ദിവസത്തെ നോട്ടീസ് ആവശ്യമില്ല എന്ന്  ചട്ടത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും 15  ദിവസത്തെ നോട്ടീസ് വേണമെന്ന് ഗവർണർ പറയുന്നത് മനസ്സിലാകുന്നില്ല.

ചുരുക്കത്തിൽ നിയമസഭയുടെയും സ്പീക്കറുടെയും ഗവൺമെന്റിന്റെയും അവകാശത്തെ വ്യക്തിപരമായ സംതൃപ്തിക്കായി  വിവേചനാധികാരമെന്ന വ്യാജേന   ഹനിക്കുന്നത്  ഭരണഘടനാ ലംഘനമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഗവർണർ പറയുന്നത് അടുത്ത ദിവസം ബിജെപി നേതാക്കൾ ഏറ്റുപിടിക്കുന്നത് രാജ്ഭവന്റെ  പ്രതിച്ഛായയെയാണ് ബാധിക്കുക എന്ന കാര്യവും വിനയത്തോടെ ഓർമപ്പെടുത്തുന്നു.

എ കെ ബാലൻ