Showing posts with label എ.കെ.ജി. Show all posts
Showing posts with label എ.കെ.ജി. Show all posts

Sunday, June 6, 2021

അമരാവതി സമരത്തിന്‌ 60...ഐ ബി സതീഷ്‌ എഴുതുന്നു

ഐക്യ കേരള ചരിത്രത്തിൽ ശ്രദ്ധേയമായ അമരാവതി സമരത്തിന്‌ ജൂൺ ആറിന്‌ ആറുപതിറ്റാണ്ട്‌ പൂർത്തിയാകുന്നു. കേരളത്തിന്റെ പടത്തലവനായ എകെജിയുടെ നേതൃത്വമാണ്‌ ആ കർഷകസമരത്തെ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാക്കി മാറ്റിയത്‌. 1961 ജൂൺ ആറിനാണ്‌ എകെജി നിരാഹാര സമരം ആരംഭിച്ചത്‌.  പ്രശ്‌നം പരിഹരിക്കുന്നതു വരെ താൻ സമരം നിർത്തില്ലെന്ന്‌ എകെജി പ്രഖ്യാപിച്ചു. കർഷകരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാണ് 12 ദിവസം നീണ്ട സമരം എ കെ ജി അവസാനിപ്പിച്ചത്.

എവിടെ ജനങ്ങൾ കഷ്‌ടത അനുഭവിക്കുന്നുവോ അവിടെ ഞാനും എന്റെ പാർടിയും ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച ജനനായകനായിരുന്നു എകെജി. ഇന്ത്യയിൽ എവിടെയും കർഷകരും തൊഴിലാളികളും പീഡനങ്ങൾ നേരിടുന്നുവോ അവിടെയെല്ലാം അദ്ദേഹം ഓടിയെത്തി. ഉത്തരേന്ത്യയില്‍ കര്‍ഷകസംഘം പരിപാടിക്കിടെയാണ്‌  ഇടുക്കിയിലെ ബലംപ്രയോഗിച്ചുള്ള കുടിയിറക്കും ജനങ്ങളുടെ നരകയാതനയും എ കെ ജി  അറിഞ്ഞത്‌. ഉടൻ പരിപാടി അവസാനിപ്പിച്ച് അദ്ദേഹം കേരളത്തില്‍ എത്തി. ജൂണ്‍ ഒന്നിന് കുമളിയില്‍ കുടിയിറക്കപ്പെട്ട ജനങ്ങളെ സന്ദര്‍ശിച്ചു. ജൂണ്‍ അഞ്ചിന് മുമ്പ് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ആറ് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് കോട്ടയത്ത്‌ പൊതുയോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു. ജൂൺ ആറിന് ഇഎംഎസുമൊത്ത് കുമളിയിലെത്തി  നിരാഹാരം ആരംഭിക്കുകയായിരുന്നു.  ജൂൺ 14ന് എ കെ ജിയെ അറസ്റ്റ് ചെയ്ത് കോട്ടയം ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം അവിടേയും നിരാഹാരം തുടർന്നു. ലോക് സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെജി നിരാഹാരമാരംഭിച്ചതോടെ അമരാവതി പ്രശ്നം ദേശീയ ശ്രദ്ധയുമാകർഷിച്ചു. അതോടെ സർക്കാർ മുട്ടുമടക്കി . ആഭ്യന്തരമന്ത്രി പി ടി ചാക്കോ കോട്ടയത്തു എത്തി ചർച്ചയാരംഭിച്ചു. രണ്ടു ദിവസം നീണ്ട കൂടിയാലോചനയ്ക്ക് ശേഷം ഗവൺമെന്റിന് വേണ്ടി ആഭ്യന്തരമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിൻമേൽ ജൂൺ 17ന്  എ കെ ജി നിരാഹാരം പിൻവലിച്ചു.

സമരം തുടങ്ങുന്ന വാര്‍ത്ത‍ ദേശാഭിമാനിയില്‍

 മെയ് മാസത്തിലാണ് പട്ടംതാണു പിള്ളയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മനുഷ്യത്വരഹിതമായി 1700 കുടുംബങ്ങളെ അയ്യപ്പന്‍കോവില്‍ പ്രദേശത്ത് നിന്ന് ബലമായി കുടിയിറക്കിയത്. മെയ് 2 ന് കർഷകരുടെ വീടുകൾ തീവച്ച് നശിപ്പിച്ചു. രണ്ടായിരത്തോളം കുടുംബങ്ങളെ ബലം പ്രയോഗിച്ച് 40 മൈൽ അകലെയുള്ള അമരാവതിയിൽ ഇറക്കിവിട്ടു. പട്ടിണിയും പേമാരിയും ജനങ്ങളെ ദുരിതത്തിലാക്കി. പലരും മരിച്ചുവെങ്കിലും സർക്കാർ തിരിഞ്ഞു നോക്കിയില്ല. പതിറ്റാണ്ടുകള്‍അധ്വാനിച്ച് കര്‍ഷകര്‍ രക്തംവിയര്‍പ്പാക്കി വിളയിച്ചെടുത്ത നെല്ല്, മരച്ചീനി, കുരുമുളക് എന്നിവയെല്ലാം വെട്ടി തീയിട്ടു. എതിര്‍ത്തവരെ പട്ടത്തിന്റെ പൊലീസ് മൃഗീയമായ മര്‍ദിച്ചു.

പ്രദേശത്തെ കോണ്‍ഗ്രസ്‌ അനുഭാവികൾ കരുതിയത്‌ തങ്ങളെ സര്‍ക്കാര്‍ ഒരിക്കലും കുടിയിറക്കില്ലെന്നായിരുന്നു.  എന്നാല്‍ അതെല്ലാം ചവിട്ടി അരച്ചാണ് സര്‍ക്കാര്‍ കുടിയിറക്ക് പൂര്‍ത്തിയാക്കിയത്. ഇടുക്കി ഡാം നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ബലമായി കുടിയിറക്കൽ. ജലസേചന പദ്ധതി പ്രദേശങ്ങളിൽ നിന്ന് പദ്ധതിയുടെ ആവശ്യാർത്ഥം ഭൂമി ഒ ഴിപ്പിച്ചെടുക്കേണ്ടി വരുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന കർഷകകുടുംബങ്ങൾക്ക് ഓരോ ഏക്കർ ഭൂമി വീതം പകരം നല്കുന്നതിന് ആദ്യ കേരള മന്ത്രിസഭാകാലത്ത് ചുരുളി- ചീനാർ പ്രദേശത്ത് ആവശ്യമായ സ്ഥലം കരുതിയിരുന്നെങ്കിലും അതു നൽകാതെയാണ് അമരാവതിയിലേക്ക് എത്തിച്ചത് .  പക്ഷേ ചെളിയും വെള്ളവും നിറഞ്ഞ ജീവിക്കാൻ കഴിയാത്ത സ്ഥലത്തായിരുന്നു കർഷകരെ പാർപിച്ചത്‌. അതിനെത്തുടർന്ന് കർഷകർ സമരം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ കൈവശസ്ഥലമോ വിറ്റുകിട്ടിയ തുകയുമായി ഇടുക്കിയിലേക്ക് കുടിയേറിയ കർഷകർ അയ്യപ്പൻ കോവിലടക്കമുള്ള പ്രദേശങ്ങളിൽ കൈവശക്കാരിൽ നിന്നുമാണ്‌ ഭൂമി സ്വന്തമാക്കിയത്. കർഷകർ കഷ്ടപ്പാടുകൾ സഹിച്ച് കെട്ടിയുയർത്തിയ കുടിലുകൾ കത്തിക്കുകയും രക്തം വിയർപ്പാക്കി അവർ നട്ടുവളർത്തിയ കാർഷിക വിളകൾ നശിപ്പിക്കുകയും തല ചായ്ക്കാൻ ഇടമില്ലാതെ അനാഥരാക്കപ്പെടുകയും ചെയ്ത അവസ്ഥകണ്ട് എകെജി രോഷാകുലനായി. അവരെ തിരിഞ്ഞു നോക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ അദ്ദേഹം അതിശക്‌തമായ പ്രതിഷേധം അറിയിച്ചു. 1961 ജൂണ്‍ അഞ്ചിന് കോട്ടയത്ത് നടന്ന വമ്പിച്ച കര്‍ഷക സമ്മേളനത്തിലാണ് കുടിയിറക്കിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം കുമളി അമരാവതിയില്‍ കര്‍ഷകരോടൊപ്പം നിരാഹാരം തുടങ്ങിയത് രാജ്യത്താകെ ചര്‍ച്ചയായി.

കോണ്‍ഗ്രസ് സര്‍ക്കാര്‍  അയ്യപ്പന്‍കോവിലില്‍ നിന്ന് കുടിയിറക്കി കുമളിയിലെ ആനക്കാട്ടില്‍ തള്ളിയ ആ കര്‍ഷകരുടെ പിൻമുറക്കാരുടെ മനസിൽ ഇന്നും എകെജിക്ക്‌ ഒരിടമുണ്ട്‌.  അമരാവതി എ കെ ജിയെ ഇന്നും ആദരവോടെയാണ് സ്മരിക്കുന്നത്. എ കെ ജിക്കൊപ്പം സമരത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഇപ്പോഴും അമരാവതിയിലുണ്ട്. അന്ന് കൊച്ചുകുട്ടികളായിരിക്കെ മാതാപിതാക്കളോടൊപ്പം സമരത്തില്‍ പങ്കെടുത്തതിന്റെ  ഓര്‍മകളുമായി ജീവിക്കുന്ന നിരവധിപേരും എകെജിയിലെ മനുഷ്യ സ്നേഹിയെ ആദരവോടെയാണ് കാണുന്നത്. എല്ലാം നഷ്ടപ്പെട്ട്് രോഗവും പട്ടിണിയും മൂലം ചെളിക്കുണ്ടില്‍ മരിക്കുമെന്ന് വിശ്വസിച്ച ആയിരങ്ങള്‍ക്ക് സമരപാത വെട്ടിത്തുറന്ന് നല്‍കിയത് എകെജിയായിരുന്നു. ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം നേടിയെടുത്തു. തങ്ങളുടെ രക്ഷയ്ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയേ ഉള്ളെന്ന തിരിച്ചറിവ് കര്‍ഷകരില്‍ സൃഷ്ടിക്കാനും എകെജിയുടെ സമരത്തിന് കഴിഞ്ഞു. എ കെ ജിയും പാര്‍ടിയും നയിച്ച ആ സമരത്തിന് കത്തോലിക്കാ സഭയുടെയും ഫാ. വടക്കന്റേയും   സഹായവും ലഭിച്ചു.  

എണ്ണമറ്റ സമരങ്ങള്‍ക്ക് എ കെ ജി നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയേറെ ക്ലേശവും ബുദ്ധിമുട്ടും സഹിച്ച സമരം മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് എകെജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാൻ  മണ്ണുതേടി മലനാട്ടിലെത്തി പ്രതികൂല സാഹചര്യങ്ങളെ കീഴടക്കി ജീവിതം മെല്ലെ പുഷ്ടിപ്പെടുത്തുമ്പോഴായിരുന്നു കര്‍ഷകരെ നിരാലംബരാക്കി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ഒരു ഘട്ടത്തില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ കര്‍ഷകജനതയുടെ അന്തകരായി മാറി. ഭൂമിയില്ലാത്തവരും തൊഴില്‍രഹിതരുമായ പാവങ്ങളെയാണ് ഹൈറേഞ്ചില്‍ സര്‍ക്കാര്‍ കുടിയിരുത്തിയത്. കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും ഭൂരഹിതര്‍ക്ക് എവിടെയെങ്കിലും ഭൂമി നല്‍കുമെന്നും 1957ലെ ഇ എം എസ് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള പരിരക്ഷയും ആ മന്ത്രിസഭയുടെ അവസാന നാളുകള്‍വരെ കര്‍ഷകര്‍ക്ക് നല്‍കി.

എന്നാല്‍ ആ ജനകീയ സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ തകര്‍ത്തെറിഞ്ഞ രാഷ്ട്രീയ ശക്തികളും പിന്നീട് അധികാരത്തില്‍വന്ന മുക്കൂട്ട് മുന്നണി മന്ത്രിസഭയും കുടിയേറ്റ കര്‍ഷകരോട് കൊടുംപാതകം ചെയ്യുകയായിരുന്നു. ഈ കര്‍ഷക വിരുദ്ധ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നത് കേരളം പലതവണ കണ്ടെങ്കിലും കര്‍ഷകര്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ നയം പലതവണ പരീക്ഷിക്കപ്പെട്ടു. വേണ്ടിവന്നാല്‍ രക്തരൂക്ഷിതമായ ബലപ്രോയോഗത്തിലൂടെ കര്‍ഷക ജനതയെ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയും ഉപമുഖ്യമന്ത്രി ആര്‍ ശങ്കറും പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കര്‍ഷകരുടെ പ്രതിഷേധശബ്ദം അടയ്ക്കാന്‍ പട്ടാളത്തെയും ഇറക്കി.

നാട്ടിലെവിടെയും കര്‍ഷകദ്രോഹ നടപടിയുണ്ടായെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന എ കെ ജി സ്വന്തം ജീവന്‍പോലും അവഗണിച്ചാണ് അമരാവതി സമരഭൂമിയിലെത്തിയത്.

സമരകേന്ദ്രത്തിലെത്തിയ എകെജിയെയും ഇഎംഎസിനെയും മറ്റ് നേതാക്കളെയും സ്ത്രീകളും കുട്ടികളും അഭയാര്‍ഥികളും അടങ്ങുന്ന വന്‍ജനാവലി സ്നേഹപൂര്‍വം വരവേറ്റു. ഞങ്ങള്‍ രാവിലെ മുതല്‍ മഴ നനഞ്ഞ് നില്‍ക്കുകയാണെന്നും ഇനിയും എത്രനേരം വേണമെങ്കിലും കാത്തുനില്‍ക്കാന്‍ തയ്യാറാണെന്നും ജനാവലി അറിയിച്ചതോടെ എകെജി അനാരോഗ്യം മറന്ന് സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിച്ചു. സമരപ്പന്തലിലേക്ക് നാനാതുറകളിലുള്ളവരുടെ വന്‍ പ്രവാഹം തന്നെയുണ്ടായി. ക്രിസ്ത്യാനി സ്ത്രീകള്‍ ബൈബിളുമായി എകെജിയുടെ സമീപം നിന്ന് ജീവനുവേണ്ടി പ്രാര്‍ഥിച്ചു. പിന്നീട് സര്‍വമത പ്രാര്‍ഥനയും നാടാടെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും അലയടിച്ചു.   ഏത് എ കെ ജി, എന്ത് സമരം എന്ന് പുഛിച്ച് തള്ളിയ പട്ടംതാണുപിള്ളതന്നെ പാവങ്ങളുടെ പടത്തലവന് മുമ്പില്‍ കീഴ്പ്പെടുന്ന ചരിത്രം കുറിക്കപ്പെട്ടു. ഈ സമരം പിന്നീട് മറ്റ് സമരങ്ങള്‍ക്ക് ആവേശവും ഉന്‍മേഷവും പകരുന്നതായി.

1965 ജൂണ്‍ ഒന്നുമുതല്‍ തുടരെ 105 ദിവസം നടന്ന കേസ് കര്‍ഷകര്‍ക്ക് അനുകൂലമായി വിധിയെഴുതി.  അന്നത്തെ ഗവര്‍ണര്‍ ഭരണം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ കേസ് പിന്നെയും നീണ്ടു. 1967ല്‍ ഇ എം എസ്  വീണ്ടും അധികാരത്തില്‍വന്നു.  ഹൈക്കോടതിയില്‍നിന്നും കേസ് പിന്‍വലിച്ചു. കര്‍ഷകര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു. ചുരുളി കീരിത്തോട്ടില്‍നിന്നും കുടിയിറക്കിയ മുഴുവന്‍ കര്‍ഷകര്‍ക്കും അതേ ഭൂമിതന്നെ നല്‍കി ചരിത്രം തിരുത്തി.

*

ഐ ബി സതീഷ് 

(കാട്ടാക്കടയില്‍ നിന്നുള്ള എംഎല്‍എയാണ് ലേഖകന്‍)

Saturday, March 23, 2013

എ.കെ.ജി പ്രക്ഷോഭകരുടെ പാഠപുസ്തകം: പ്രകാശ് കാരാട്ട്

ദേശാഭിമാനി 230313

എ കെ ജി: പ്രക്ഷോഭകരുടെ പാഠപുസ്തകം

പ്രകാശ് കാരാട്ട്

ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എ കെ ജിക്ക് പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി, കര്‍ഷകപ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചയാളാണ് എ കെ ജി. മറ്റു നേതാക്കളില്‍നിന്ന് എ കെ ജിയെ വ്യത്യസ്തനാക്കുന്നത് ജനകീയപ്രക്ഷോഭങ്ങളിലെ സജീവ പങ്കാളിത്തമാണ്.

അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശസമരങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച് അവരെ ആവേശഭരിതരാക്കിയ നേതാവണദ്ദേഹം. പട്ടിണിജാഥ, ക്ഷേത്രപ്രവേശനത്തിനായുള്ള സമരങ്ങള്‍, തൊഴിലാളി- കര്‍ഷക സമരങ്ങളിലുള്ള നേതൃത്വം എന്നിവ കാരണം എ കെ ജി ജനങ്ങളുടെ പ്രിയങ്കരനായ നേതാവായി ഉയര്‍ന്നു.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് 1952ലാണ് എ കെ ജി ആദ്യമായി പാര്‍ലമെന്റില്‍ അംഗമാകുന്നത്. പാര്‍ലമെന്റിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവെന്ന നിലയിലുള്ള പുതിയ കടമയും അദ്ദേഹത്തിനുണ്ടായിരുന്നു. എ കെ ജിയുടെ പ്രവര്‍ത്തനം എങ്ങനെയാണ് പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ് നേതാവ് പ്രവര്‍ത്തിക്കേണ്ടതെന്നതിന് മാതൃകയായി.

ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് എ കെ ജി നിലകൊണ്ടത്. ഒരിക്കലും ബൂര്‍ഷ്വാരീതികളോട് സന്ധിചെയ്യാന്‍ തയ്യാറായില്ല. സമരംചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ ഫലപ്രദമായി പാര്‍ലമെന്ററി വേദികളില്‍ ഉന്നയിച്ചു. കര്‍ഷകരും തൊഴിലാളികളും സമരംചെയ്യുന്നത് എവിടെയായാലും അവിടെയെത്താന്‍ എ കെ ജി ശ്രദ്ധിച്ചു. പൊലീസിന്റെ അടിച്ചമര്‍ത്തലുകള്‍ തടയാന്‍ ഇടപെട്ടു. 25 വര്‍ഷം എ കെ ജി പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. എന്നാല്‍, ബൂര്‍ഷ്വാമൂല്യങ്ങളോ ഭരണവിഭാഗങ്ങള്‍ സൃഷ്ടിച്ച മിഥ്യാബോധങ്ങളോ എ കെ ജിയെ ഒരിക്കലും സ്വാധീനിച്ചില്ല. ഇന്ത്യയില്‍ ശക്തമായ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ കെ ജിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ദീര്‍ഘകാലം കിസാന്‍സഭാ പ്രസിഡന്റായി പ്രവര്‍ത്തിച്ച എ കെ ജിയുടെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകപ്രസ്ഥാനം രൂപപ്പെട്ടത്.

ഞാന്‍ ആദ്യമായി എ കെ ജിയെ കാണുന്നത് 1970ലാണ്. അദ്ദേഹത്തിന്റെ സഹായിയായി മൂന്നുവര്‍ഷം (1971-73) പ്രവര്‍ത്തിച്ചു. എ കെ ജിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കാണാനും എനിക്ക് അവസരം ലഭിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍ക്ക് പിന്തുണയുമായി എ കെ ജി വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അതിനെ എതിര്‍ത്ത് എ കെ ജി പാര്‍ലമെന്റില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഏകാധിപതിയാണെന്നു വിശേഷിപ്പിച്ചത്. ഭാഷയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് സാധാരണ ജനങ്ങളുമായി എ കെ ജി ആശയവിനിമയം നടത്തുന്നതിനും ഞാന്‍ സാക്ഷിയായിരുന്നു. പാര്‍ടിയിലെ കേഡര്‍മാരെ എന്നും എ കെ ജി ശ്രദ്ധിച്ചിരുന്നു. അവരോട് സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. എ കെ ജിയുടെ ജീവിതത്തില്‍നിന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍നിന്നും ഏറെ പഠിക്കാനുണ്ട്. ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പ്രതിബദ്ധതയോടെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം എ കെ ജിയെ സ്മരിക്കേണ്ടത്. തയ്യാറാക്കിയത്: വി ബി പരമേശ്വരന്‍

Friday, March 22, 2013

സിബിഐയെ നാലാംകിട ഏജന്‍സിയാക്കി: പിണറായി


രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ സിബിഐയെ നാലാംതരം ഏജന്‍സിയായി അധഃപതിപ്പിച്ചിരിക്കയാണ് മന്‍മോഹന്‍സിങ് സര്‍ക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ എ കെ ജി അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ വീട്ടില്‍ നടന്ന സിബിഐ റെയ്ഡ് മറ്റുകക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണ്. ഡിഎംകെ പിന്തുണ പിന്‍വലിച്ച് 24 മണിക്കൂറിനകമാണ് സിബിഐ ഉദ്യോഗസ്ഥര്‍ സ്റ്റാലിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയത്. പിന്തുണ പിന്‍വലിച്ചാല്‍ സിബിഐയെ ഉപയോഗിക്കുമെന്ന വ്യക്തമായ സൂചനയും സന്ദേശവുമാണിത്. ഡിഎംകെ പോയാലും സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന ചില കക്ഷികളുണ്ട്. അവരില്‍ പലതിന്റെയും നേതാക്കള്‍ സിബിഐ അന്വേഷണം നേരിടുന്നവരാണ്. സിപിഐ എമ്മിന്റെ സമുന്നത നേതാവായിരിക്കെ ബഹുജനങ്ങളും രാജ്യവുമാകെ അംഗീകരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ കെ ജി. രാഷ്ട്രീയമായി സിപിഐ എമ്മിനെ എതിര്‍ത്തവര്‍പോലും എ കെ ജിയെ ആദരവോടെയാണ് കണ്ടിരുന്നതെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.

അതേസമയം, ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ ഹിന്ദു നേതാവായി കണ്ട് എ കെ ജിയെ ആദരിക്കുന്നത് തികഞ്ഞ നെറികേടാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ കെ ജി പങ്കെടുത്തത് ഹിന്ദു നേതാവായിട്ടല്ല. നാട്ടില്‍ അന്ന് നിലനിന്നിരുന്ന ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ ക്ഷേത്രപ്രവേശന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു. പയ്യന്നൂര്‍ കണ്ടോത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വഴിനടക്കാനായി ജാഥ നടത്തി ഭീകര മര്‍ദനം ഏറ്റുവാങ്ങിയതും ഹിന്ദുനേതാവായല്ല. നാടിന്റെ സാമൂഹ്യാന്തരീക്ഷം മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. തലശേരിയില്‍ ആര്‍എസ്എസ് കലാപം അഴിച്ചുവിട്ടപ്പോള്‍ എ കെ ജി ഓടിയെത്തിയതും ഹിന്ദുനേതാവായല്ല. പീഡനമനുഭവിക്കുന്ന മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനായിട്ടാണ്. അധ്വാനിക്കുന്ന, കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ കണ്ണീരൊപ്പാന്‍ ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ മഹാനായ മനുഷ്യസ്നേഹിയെ അംഗീകരിക്കുന്നത് അഭിമാനമായി കാണുന്നു. എന്നാല്‍, ആര്‍എസ്എസും വിഎച്ച്പിയും അംഗീകരിക്കുകയല്ല, അപമാനിക്കുകയാണ്- പിണറായി പറഞ്ഞു. അനുസ്മരണ യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

deshabhimani 230313

എ.കെ.ജി - ആളെ കൂട്ടുന്ന ഇന്ദ്രജാലം

ദേശാഭിമാനി 220313

മനസില്‍ തെളിയുന്നു കാലം നമിക്കുന്ന എ.കെ.ജി


മനസ്സില്‍ തെളിയുന്നു കാലം നമിക്കുന്ന എ കെ ജി

പി സുരേശന്‍

പെരളശേരി: ഈ 83ാം വയസ്സിലും കെ വി കൃഷ്ണന്റെ മനസ്സില്‍ എ കെ ജിയെകുറിച്ചുള്ള സ്മരണകള്‍ തിളങ്ങുകയാണ്. മറവിയുടെ മാറാല കെട്ടാത്ത സ്മരണകളില്‍ ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ തെളിഞ്ഞുവരുമ്പോള്‍ ചരിത്രമാണ് പുനര്‍ജനിക്കുന്നത്. സമരമുഖത്തെ സൂര്യതേജസ്സും സംഘര്‍ഷഭൂമിയിലെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപവുമായിരുന്ന എ കെ ജിക്കെതിരെ കോണ്‍ഗ്രസുകാര്‍ പതിച്ച പോസ്റ്ററും നാടാകെ തൂക്കിയിട്ട ചെരുപ്പുമാലയും കൃഷ്ണന്റെ ഓര്‍മയിലുണ്ട്.

1952ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കീഴറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല കൃഷ്ണനായിരുന്നു. പെരളശേരി സ്കൂളിനുസമീപം എ കെ ജിക്ക് സ്വീകരണം നല്‍കുന്നുണ്ടെന്നറിഞ്ഞാണ് കോണ്‍ഗ്രസുകാര്‍ "എ കെ ഗോപാലന്‍ ഗോ ബാക്ക്" എന്നെഴുതിയ പോസ്റ്റര്‍ പതിക്കുകയും ചെരുപ്പുമാല തൂക്കിയിടുകയും ചെയ്തത്. ഇതിനെ നേരിടാന്‍ എ കെ ജി കാണിച്ച ചങ്കൂറ്റം കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പകര്‍ന്ന ആവേശം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. കാടാച്ചിറയില്‍നിന്ന് എ കെ ജിയെ പൊതുയോഗം നടക്കുന്ന പെരളശേരിയിലേക്ക് സ്വീകരിച്ച് ആനയിക്കുകയായിരുന്നു. ""ഞാന്‍ ഈ നാട്ടുകാരനാണ്. എവിടെ പോകണമെന്നാണ് നിങ്ങള്‍ പറയുന്നത്. അതുകൂടി എഴുതിവയ്ക്കൂ""-എ കെ ജിയുടെ പ്രസംഗത്തിലെ ഈ വാക്കുകള്‍ കോണ്‍ഗ്രസിന്റെ അധമ സംസ്കാരത്തിനുനേരെയുള്ള പ്രതികരണമായിരുന്നു. ചെരുപ്പുമാല അറുത്തുകളഞ്ഞ എന്‍കെബിടി ബസ് കണ്ടക്ടറായിരുന്ന കുഞ്ഞിക്കണ്ണന്‍ നാടിന്റെ മാനം കാത്തുവെന്നും എ കെ ജി പ്രസംഗത്തില്‍ പറഞ്ഞു.

സഹോദരന്‍ എ കെ രാഘവന്‍മാസ്റ്ററുടെ വീട്ടില്‍ പഴയകാല പാര്‍ടി പ്രവര്‍ത്തകരെയടക്കം പങ്കെടുപ്പിച്ച് നടക്കുന്ന ജനറല്‍ബോഡിയുടെ മുഖ്യ സംഘാടകന്‍, ജനാധിപത്യം ധ്വംസിക്കപ്പെട്ട അടിയന്തരാവസ്ഥയില്‍ അസുഖം വകവയ്ക്കാതെ പെരളശേരിയില്‍ ഓടിയെത്തി പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുന്ന ജനനായകന്‍...കൃഷ്ണന്റെ സ്മരണകളില്‍ എ കെ ജി നിറഞ്ഞുനില്‍ക്കുന്നു. സിപിഐ എം കീഴറ എ ബ്രാഞ്ച് അംഗമായ കൃഷ്ണന്‍ പൊതുരംഗത്ത് സജീവമാണ്. ബോള്‍ഷെവിക് എന്നറിയപ്പെടുന്ന പുതിയാണ്ടി കുഞ്ഞിരാമന് എ കെ ജി ഇന്നും ത്രസിപ്പിക്കുന്ന അനുഭവമാണ്. അടിയന്തരാവസ്ഥയില്‍ പെരളശേരിയിലെ കടകള്‍ അടപ്പിച്ച് ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ എ കെ ജി രോഗം മറന്നു. കടകളെല്ലാം തുറപ്പിക്കാനും ജനങ്ങളോട് വീട്ടില്‍നിന്ന് പുറത്തിറങ്ങാനും ആഹ്വാനംചെയ്ത എ കെ ജി യെക്കുറിച്ച് പറയുമ്പോള്‍ മൂന്നുപെരിയ ബി ബ്രാഞ്ചംഗം ബോള്‍ഷെവിക് കുഞ്ഞിരാമന് പഴയ ആവേശം തിരിച്ചുകിട്ടി. 1964-ല്‍ സിപിഐ എം പെരളശേരി ലോക്കല്‍ സെക്രട്ടറിയായിരുന്ന കുഞ്ഞിരാമനോട് ബാലസംഘത്തിന്റെയും കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എ കെ ജി ആവര്‍ത്തിക്കുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി അനന്തന്‍, സഹോദരന്‍ രാഘവന്‍മാസ്റ്റര്‍ എന്നിവരുടെ വീടുകളില്‍ നടക്കുന്ന പാര്‍ടി ജനറല്‍ബോഡികളിലെ എ കെ ജിയുടെ സാന്നിധ്യം കുഞ്ഞിരാമന്റെ മനസ്സില്‍ പച്ച പിടിച്ചുനില്‍ക്കുന്നു.

എംപിമാരെ അരങ്ങിലെത്തിച്ച എ കെ ജി


കേരളത്തില്‍നിന്നുള്ള തലമുതിര്‍ന്ന എംപിമാര്‍ എ കെ ജിയുടെ പ്രേരണയില്‍ ഡല്‍ഹിയില്‍ നാടകനടന്‍മാരായി വേഷപ്പകര്‍ച്ച നടത്തിയ സംഭവം നാടകാചാര്യന്‍ ഓംചേരി ഓര്‍ക്കുന്നു. 1952ല്‍ ആലപ്പുഴയില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കയര്‍ത്തൊഴിലാളി സമരത്തെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബങ്ങള്‍ക്കായി പണം സ്വരൂപിക്കുകയായിരുന്നു നാടകത്തിന്റെ ലക്ഷ്യം അക്കാലത്ത് ഡല്‍ഹി മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെട്ടിരുന്നത് കൊണാട്ട് പ്ലേസിലെ "കേരളക്ലബ്"ആണ്. എന്നാല്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും മറ്റും ഒതുങ്ങുന്ന ഒരു കൂട്ടായ്മ മാത്രമായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ തങ്ങളുടേതായ ഒരു സര്‍ഗാത്മകവേദി  കണ്ടെത്താന്‍മറ്റുള്ള മലയാളികള്‍ ശ്രമം തുടങ്ങി. അങ്ങനെയാണ് മലയാളി തൊഴിലാളി സംഘടനയുടെ പിറവി. ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച ഡല്‍ഹി മലയാളി അസോസിയേഷന്റെ ആദ്യരൂപം ഈ തൊഴിലാളി സംഘടനയാണ്.

എ കെ ജി ലോക്സഭ പ്രതിപക്ഷനേതാവായി എത്തിയതോടെ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ താമസ സ്ഥലമായിരുന്ന "വിന്‍ഡ്സര്‍ പ്ലേസ്-നാല്" തങ്ങളുടെയും കേന്ദ്രമാക്കി. ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന ഓംചേരിക്ക് ഇവരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നു. എ കെ ജിയെ ഓംചേരിയും മിക്കവാറും സന്ദര്‍ശിച്ചു തുടങ്ങി. ഒരുദിവസം എ കെ ജി ഓംചേരിയെ ആളെവിട്ട് വിളിപ്പിച്ചു. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികള്‍ സമരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. "തൊഴിലാളി കുടംബങ്ങള്‍ പട്ടിണിയിലാണ്. അവരെ സഹായിക്കാന്‍ ഡല്‍ഹിയില്‍നിന്ന് കുറച്ച് പണം കണ്ടെത്തണം. അതിന് തലസ്ഥാനത്ത് ഒരു നാടകം അവതരിപ്പിക്കണം"- ഇതായിരുന്നു എ കെ ജിയുടെ നിര്‍ദേശം. തിരുവനന്തപുരത്ത് നിയമവിദ്യാര്‍ഥിയായിരിക്കെ ജാതിക്കോമരങ്ങളെ വിമര്‍ശിച്ച് ഓംചേരി എഴുതിയ നാടകം വിജെടി ഹാളില്‍ അവതരിപ്പിച്ചിരുന്നു. എംപിയായ വി പി നായര്‍ ഇക്കാര്യം എ കെ ജിയെ ധരിപ്പിച്ചിരുന്നു. "പുതിയ നാടകത്തില്‍ ഫലിതം വേണ്ട, ഗൗരവത്തിലാകട്ടെ അവതരണം"- എന്ന് എ കെ ജി നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം നാടകം എഴുതി എ കെ ജിയെ ഏല്‍പ്പിച്ചു. "ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു" എന്ന നാടകത്തിന്റെ പിറവി അങ്ങനെയാണ്. ക്രിസ്തുവിനെ കൈയൊഴിയുന്ന പള്ളിവിട്ട്, തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വികാരിയുടെ കഥയാണ് നാടകം പറഞ്ഞത്.

നാല് ദിവസം കഴിഞ്ഞപ്പോള്‍ എ കെ ജി വീണ്ടും ഓംചേരിയെ വിളിപ്പിച്ചു. നാടകം ഇഷ്ടമായിട്ടുണ്ടാവില്ലേ എന്ന പരിഭ്രമത്തോടെയാണ് ചെന്നത്. വിന്‍ഡ്സര്‍ പ്ലേസില്‍ എ കെ ജിയും കെ സി ജോര്‍ജ്, പി ടി പുന്നൂസ്, ഇമ്പിച്ചിബാവ, വി പി നായര്‍ എന്നീ എംപിമാരും ഉണ്ടായിരുന്നു. "ഇവരാണ് നിങ്ങളുടെ നാല് കഥാപാത്രങ്ങള്‍. അവര്‍ അഭിനയിക്കേണ്ടത് ഏതൊക്കെ വേഷങ്ങളാണെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കണം. മറ്റ് അഭിനേതാക്കളെയും കണ്ടെത്തി ഉടന്‍ തന്നെ നാടക പരിശീലനം തുടങ്ങണം"- ഓംചേരിയെ കണ്ട ഉടന്‍ എ കെ ജി നിര്‍ദേശിച്ചു. എംപിമാര്‍ ചിട്ടയായി റിഹേഴ്സലിനെത്തി. ഓംചേരിയുടെ സഹപ്രവര്‍ത്തകനും നാടക നടനുമായ റോസ്കോട്ട് കൃഷ്ണപിള്ളയും ഉണ്ടായിരുന്നു. എംപിമാരുടെ കൂട്ടത്തില്‍ വി പി നായര്‍ക്ക് മാത്രമായിരുന്നു അരങ്ങുമായി നേരത്തേ പരിചയമുണ്ടായിരുന്നത്. പ്രോത്സാഹനവുമായി എ കെ ജി റിഹേഴ്സല്‍ വേദിയില്‍ എത്തുമായിരുന്നു. ഡല്‍ഹി മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ആദ്യ നാടകം അങ്ങനെ എന്‍ഡിഎംസി ഹാളിലെ അരങ്ങിലെത്തി. നാടകം കാണാന്‍ എ കെ ജിക്കൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള കമ്മ്യൂണിസ്റ്റ് എംപിമാരുമെത്തി. വിഖ്യാത കവി ഹരീന്ദ്രനാഥ് ചതോപാധ്യായയും വേദിയിലുണ്ടായിരുന്നു.

deshabhimani 210313

Thursday, March 21, 2013

തുളുനാട് മറക്കില്ല,എ കെ ജിയുടെ എടനീര്‍ മഠം മാര്‍ച്ച്


കാസര്‍കോടന്‍ ജനതയെ ഭൂമിയുടെ അവകാശിയാക്കിയ പോരാട്ടത്തിന്റെ ആവേശത്തിലാണ് ഇരിയണ്ണിയിലെ വി നാരായണന്‍ ഇപ്പോഴും. പാവങ്ങളുടെ പടത്തലവന്‍ എ കെ ജി നേതൃത്വം നല്‍കിയ ഈ സമരത്തിന്റെ ജ്വലിക്കുന്ന സ്മരണകളാണ് ഈ പോരാളിയുടെ മനസ്സുനിറയെ. കര്‍ഷകസംഘത്തിന്റെ ജന്മിത്തവിരുദ്ധ പോരാട്ടത്തില്‍ ആകൃഷ്ടനായി കൗമാരപ്രായത്തില്‍ കര്‍ഷകസംഘം പ്രവര്‍ത്തകനായ നാരായണന്റെ ജീവിതത്തില്‍ ഏറ്റവും പ്രചോദനമേകിയ നേതാവും എ കെ ജിയാണ്.

1962-ല്‍ എടനീര്‍ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നില്ലെങ്കില്‍ കാസര്‍കോട് താലൂക്കിലെ കര്‍ഷകര്‍ക്ക് ഇന്നുള്ളതുപോലെ സ്വന്തമായി ഭൂമി കിട്ടുമായിരുന്നില്ലെന്ന് സമരത്തില്‍ പങ്കെടുത്ത നാരായണന്‍ പറഞ്ഞു. ഇരുനൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗമായ വി നാരായണന്‍. എ കെ ജിയുടെ ആജ്ഞാശക്തിക്കുമുന്നില്‍ ജന്മിമാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പാട്ടക്കുടിയാന് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും പാട്ട ഭൂമിക്ക് രശീതി ലഭിക്കാനും ഇടയാക്കിയത് എ കെ ജി യുടെ നേതൃത്വത്തില്‍ എടനീര്‍ മഠത്തിലേക്ക് നടത്തിയ മാര്‍ച്ചാണ്. തുടര്‍ന്ന് മറ്റു ജന്മിമാരുടെ വീട്ടിലേക്കും കര്‍ഷകര്‍ മാര്‍ച്ച് നടത്തി അവകാശം പിടിച്ചുവാങ്ങുകയായിരുന്നു. എടനീര്‍ മഠവും വോര്‍ക്കാടി അടുക്കളകട്ടയിലെ രാമയ്യനായ്ക്കുമായിരുന്നു താലൂക്കിലെ പ്രധാന ജന്മിമാര്‍. മറ്റു ചില ചെറുകിട ജന്മിമാരുമുണ്ടായിരുന്നു. ഇവരാരും പാട്ടത്തിന് കൊടുത്ത ഭൂമിക്ക് രശീതി നല്‍കിയിരുന്നില്ല. ഏത് സമയവും പാട്ടഭൂമി മറിച്ച് കൊടുക്കാമെന്ന അവസ്ഥ. ഇതിന് പരിഹാരമായാണ് കര്‍ഷകര്‍ രശീതി ആവശ്യപ്പെട്ടത്.

1952 മുതല്‍ പാര്‍ലമെന്റില്‍ കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന എ കെ ജിയെ കര്‍ഷകരുടെ ഈ ദയനീയാവസ്ഥ ഏറെ വേദനിപ്പിച്ചു. ചെറുതും വലുതുമായ സമരങ്ങള്‍ക്ക് പാവങ്ങളുടെ പടത്തലവന്‍ നേതൃത്വം നല്‍കി. ഒടുവില്‍ ജന്മിമാരുടെ വീട്ടിലേക്ക് കര്‍ഷകര്‍ സംഘടിച്ച് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. കൂടുതല്‍ ഭൂമി കൈവശം വച്ച എടനീര്‍ മഠത്തിലേക്ക് ആദ്യ മാര്‍ച്ചിന് രൂപം നല്‍കി. ഇരിയണ്ണിയില്‍നിന്നും കൊളത്തൂരില്‍നിന്നും പെരുമ്പള ഭാഗത്തുനിന്നും കര്‍ഷകസംഘം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരക്കണമെന്നായിരുന്നു തീരുമാനം. മാര്‍ച്ച് ഉദ്ഘാനംചെയ്തതും എ കെ ജിയായിരുന്നു. മാര്‍ച്ച് തടയാന്‍ മഠത്തിന് മുന്നില്‍ മുള്ളുവേലികെട്ടി ഗൂര്‍ഖമാരെ കാവല്‍നിര്‍ത്തിയിരുന്നു. മാര്‍ച്ച് എത്തിയ ഉടനെ ജന്മി നാലുപേരെ ചര്‍ച്ചക്കായി വിളിച്ചു. ചര്‍ച്ച കഴിഞ്ഞിറങ്ങിയ എ കെ ജി തീരുമാനം കാസര്‍കോട് നഗരത്തില്‍ പ്രഖ്യാപിക്കുമെന്നറിയിച്ചു. തുടര്‍ന്ന് പ്രകടനം നഗരത്തിലെ മല്ലികാര്‍ജുന ക്ഷേത്രപരിസരത്തേക്ക് നീങ്ങി. ഇവിടെയാണ് പാട്ട രശീതി ജന്മിമാര്‍ തരുമെന്ന് സമ്മതിച്ച കാര്യം എ കെ ജി പ്രഖ്യാപിച്ചത്. പ്രധാന ജന്മിമാര്‍ കൂടിയാലോചിച്ചാണ് ഈ ആവശ്യം അംഗീകരിച്ചത്. ഈ രശീതി പിന്നീട് ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശത്തിന്റെ രേഖയായി സര്‍ക്കാര്‍ പരിഗണിച്ചു.

(എം ഒ വര്‍ഗീസ്)

deshabhimani

Wednesday, March 13, 2013

ഇ എം എസ്- എ കെ ജി സ്മരണ വക്രീകരിക്കാന്‍ മനോരമ


ഇ എം എസിന്റെയും എ കെ ജിയുടെയും ഓര്‍മപുതുക്കുന്ന പരിപാടിയെപോലും വക്രീകരിച്ച് മനോരമ പത്രം മനോസുഖം തേടുന്നു. യുഡിഎഫ് മൊത്തമായും ചില്ലറയായും അടിപിടിയിലും പരസ്പര ആക്ഷേപത്തിലും ഉലയുമ്പോള്‍ അത് മറച്ചുവച്ച് സിപിഐ എമ്മിനെതിരെ ഇല്ലാക്കഥ മെനയുന്നതിലാണ് യുഡിഎഫ് പത്രത്തിന് താല്‍പ്പര്യം. പാര്‍ടി അച്ചടക്കവും സംഘടനാസംവിധാനവും പരമപ്രധാനമായി കരുതുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ടുതന്നെ അതിന് കോട്ടംവരുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേപ്പറ്റി വിവിധ നിലവാരത്തിലുള്ള കമ്മിറ്റികള്‍ ചര്‍ച്ച നടത്തുകയും കൂട്ടായ തീരുമാനങ്ങളില്‍ ഉചിതമായ സമയത്ത് എത്തുകയും ചെയ്യുക എന്ന സംഘടനാരീതി ഇ എം എസിന്റെയും എ കെ ജിയുടെയും കാലത്ത് എന്നപോലെ ഇന്നുമുണ്ട്. എ കെ ജി-ഇ എം എസ് ദിനപരിപാടികള്‍ ഒരാഴ്ചത്തെ പരിപാടിയായി നടത്തുകയാണ് പതിവെന്നും അതിന് മാറ്റം വരുത്തി രണ്ടാഴ്ചത്തെ പരിപാടിയാക്കിയത് വി എസ് പാര്‍ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിനില്‍ക്കുന്നതുകൊണ്ടാണെന്നുമുള്ള കണ്ടുപിടിത്തത്തിലാണ് മനോരമ.

പാര്‍ടിയുടെ രണ്ട് സമുന്നതനേതാക്കളുടെ സ്മരണ പുതുക്കുന്നത് വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് 2012 ആഗസ്ത് 25, 26 തീയതികളില്‍ ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗമാണ്. ലോക്കല്‍ തലത്തില്‍ ബഹുജന വിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കാന്‍ ഒരുമാസത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തത്. എസ്എല്‍എല്‍സി പരീക്ഷ കാരണം മാര്‍ച്ചില്‍ പര്യവസാനിപ്പിക്കേണ്ടത് ഏപ്രില്‍ ആദ്യവാരം വരെയാക്കിയെന്ന് മാത്രം. ഇത്തവണ ഇ എം എസ്-എ കെ ജി ഓര്‍മ പുതുക്കുന്നത് നല്ല ഉണര്‍വോടെയാണ്. ജനകീയ ബദല്‍രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ സിപിഐ എം ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയജാഥ സംസ്ഥാനത്ത് ചലനം സൃഷ്ടിച്ചു കടന്നുപോയി. നാലു ജാഥകള്‍ ഡല്‍ഹിയില്‍ സംഗമിച്ച് ജനവിരുദ്ധനയങ്ങള്‍ക്ക് താക്കീതേകുന്ന 19ലെ ഡല്‍ഹി മാര്‍ച്ച് വിജയമാക്കാന്‍ ആയിരത്തോളം പ്രവര്‍ത്തകര്‍ സംസ്ഥാനത്തുനിന്ന് പോകുന്നുണ്ട്. അതിനായുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സമീപസമയത്തെ 48 മണിക്കൂര്‍ ദേശീയ പണിമുടക്കും സംസ്ഥാനത്തെ ഭൂസംരക്ഷണസമരവും പങ്കാളിത്തപെന്‍ഷനുവേണ്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രക്ഷോഭവും ചരിത്രത്തെ മുന്നോട്ടുനയിക്കുന്നവയാണ്. ത്രിപുരയില്‍ ഏഴാംവട്ടവും ഇടതുപക്ഷമുന്നണി വിജയം നേടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബഹുജനങ്ങളില്‍നിന്ന് അനുദിനം ഒറ്റപ്പെടുകയാണ്.

ഈ പശ്ചാത്തലത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്ന ബഹുജന വിദ്യാഭ്യാസ പരിപാടി വിജയകരമായി നടന്നുവരുകയാണ്. അനുഭാവികളും പാര്‍ടി അംഗങ്ങളും പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ 1900ത്തോളം ലോക്കലുകളില്‍ ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകും. കേരളം എങ്ങനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായെന്നും മാറ്റത്തിന് പിന്നിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്കെന്തെന്നതും വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ എന്താണെന്നും വിശദമാക്കുന്നവയാണ് സമ്മേളനങ്ങള്‍. പലേടങ്ങളിലും സാംസ്കാരിക പരിപാടികളും ഉണ്ടാകും. രാഷ്ട്രീയവും സംഘടനാപരവുമായ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കപ്പെട്ടിരിക്കുകയാണ്. അതിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ സംഘടനാമികവ് എല്‍ഡിഎഫ് രാഷ്ട്രീയത്തിന് കരുത്തുപകരുന്നതും യുഡിഎഫ് രാഷ്ട്രീയത്തെ ക്ഷീണിപ്പിക്കുന്നതുമാണ്. ഇത് മനോരമയ്ക്ക് സഹിക്കുന്നില്ല. ആശയപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചാമനോഭാവം കാട്ടാത്ത രണ്ട് സമുന്നതനേതാക്കളായിരുന്നു ഇ എം എസും എ കെ ജിയും. കണ്ണിലെ കൃഷ്ണമണിയെക്കാള്‍ സൂക്ഷ്മതയോടെ പാര്‍ടിയെ കാത്തുസൂക്ഷിക്കാന്‍ സദാ ജാഗ്രതപ്പെടുത്തിയ നേതാക്കളായിരുന്നു അവര്‍. അവരുടെ സ്മരണ പുതുക്കുന്നത് പാര്‍ടിയിലെ ഏതെങ്കിലും സഖാവിനോ നേതാവിനോ എതിരായിട്ടാണെന്ന ചിത്രീകരണം തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്.

deshabhimani 130313

Sunday, December 30, 2012

മിച്ചഭൂമിസമരം: എ കെ ജിയുടെ ഓര്‍മകളുമായി സാംബശിവന്‍


ആധുനിക കേരളത്തിന്റെ സാമൂഹ്യജീവിതം പുതുക്കിപ്പണിത എഴുപതുകളിലെ മിച്ചഭൂമി സമരത്തില്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജിക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ തുടിക്കുന്ന ഓര്‍മകളില്‍ ജീവിക്കുകയാണ് ഇന്നും സാംബശിവന്‍. എ കെ ജിക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം സാംബശിവനിലെ പോരാളിക്ക് ഇപ്പോഴും നിലയ്ക്കാത്ത ഊര്‍ജപ്രവാഹം. എ കെ ജിക്കൊപ്പമുള്ള അനുഭവം ദേശാഭിമാനിയുമായി പങ്കുവയ്ക്കുമ്പോള്‍ ഈ അറുപത്തിയൊമ്പതുകാരനില്‍ വര്‍ധിതാവേശം.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു ചേര്‍ന്ന വമ്പിച്ച സമരപ്രഖ്യാപന സമ്മേളനമാണ് മുടവന്‍മുഗള്‍ കൊട്ടാരവളപ്പിലെ 700 ഏക്കറോളം വരുന്ന മിച്ചഭൂമിയില്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്ന് സാംബശിവന്‍ അനുസ്മരിച്ചു. മുടവന്‍മുഗള്‍ കൊട്ടാരത്തിനു സമീപത്തെ മാടക്കടയില്‍ നിന്ന് സംഘടിപ്പിച്ച സ്റ്റൂളിന്റെ സഹായത്താല്‍ അന്നു രാത്രി സാംബശിവന്‍ കൊട്ടാരമതില്‍ ചാടിക്കടന്നു. പിറ്റേദിവസം എ കെ ജി ചാടിക്കടക്കേണ്ട ഭാഗമാണിത്. അവിടെയെല്ലാം കുപ്പിച്ചില്ലു വിതറിയിരുന്നു. സാവകാശം അതെല്ലാം പെറുക്കി മാറ്റി. രാഷ്ട്രീയകേരളം ചുവന്ന ലിപികളില്‍ കൊത്തിയ സമരാനുഭവത്തിന്റെ നാന്ദി കുറിക്കലായി ആ ചാട്ടം. പിറ്റേന്നു മുടവന്‍മുഗള്‍ കൊട്ടാരത്തിലേക്കു പ്രകടനം. പതിനായിരങ്ങളാണ് ജാഥയില്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ എ കെ ജിയും തെരഞ്ഞെടുക്കപ്പെട്ട 25 സമരഭടന്മാരും തലേദിവസം ഒരുക്കിയ ഭാഗത്തെത്തി. ആദ്യം എ കെ ജിയെയും പിന്നാലെ മറ്റുള്ളവരെയും സാംബശിവന്‍ കൊട്ടാരവളപ്പിലാക്കി. ഉജ്വലമായ മുദ്രാവാക്യം വിളികളുയര്‍ന്നപ്പോള്‍ മാത്രമാണ് സമരഭടന്മാര്‍ അകത്തുകയറിയ വിവരം പൊലീസ് അറിഞ്ഞത്. "അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ സി സുബ്രഹ്മണ്യം എ കെ ജിയെ തടഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. വൈകിട്ട് അഞ്ചോടെ കമീഷണര്‍ വീണ്ടുമെത്തി. അറസ്റ്റിനു വഴങ്ങാന്‍ നിര്‍ബന്ധിച്ചു. എ കെ ജി വഴങ്ങിയില്ല. ഒടുവില്‍ സമരഭടന്മാരെ അറസ്റ്റു ചെയ്തുനീക്കി. പിന്നീട് എ കെ ജിയെയും.

തിരുവനന്തപുരം സിജെഎം കോടതിയില്‍ വര്‍ക്കല രാധാകൃഷ്ണന്‍, പിരപ്പന്‍കോട് ശ്രീധരന്‍നായര്‍, കല്ലട സുകുമാരന്‍ തുടങ്ങിയവര്‍ കേസ് വാദിക്കാനെത്തി. എന്നാല്‍, എ കെ ജി സ്വയം വാദിച്ചു. എല്ലാവരെയും 15 ദിവസത്തേക്കു റിമാന്‍ഡുചെയ്തു. പിന്നീട് 15 ദിവസത്തേക്കുകൂടി റിമാന്‍ഡു നീട്ടി. ഇതിനിടെ കേസില്‍ വാദം നടന്നു. എ കെ ജി തന്നെ വാദിച്ചു. 29-ാം ദിവസം കോടതി എല്ലാവരെയും വെറുതെവിട്ടു"- സാംബശിവന്‍ ഓര്‍ക്കുന്നു. തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ എ കെ ജി ചികിത്സയിലിരിക്കെ സഹായിയായി പാര്‍ടി നിയോഗിച്ചത് സാംബശിവനെയാണ്. പൂജപ്പുര ചിറ്റൂര്‍കോണത്തു പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി പണിക്കരുടെയും സരസമ്മയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് സാംബശിവന്‍. കൊല്ലത്തു സ്ഥിരതാമസമായിട്ട് 25 വര്‍ഷമായി. ഭാര്യ ശാരദയ്ക്കും മകന്‍ ജ്യോതിദേവ്, മരുമകള്‍ പ്രീതി, രണ്ടു കൊച്ചുമക്കള്‍ എന്നിവര്‍ക്കൊപ്പം കിളികൊല്ലൂര്‍ കല്ലുംതാഴത്ത് വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.
(എം സുരേന്ദ്രന്‍)

deshabhimani 311212

Thursday, December 6, 2012

എ കെ ജിക്ക് ബംഗ്ലാദേശിന്റെ ആദരം


ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമര നായകരില്‍ പ്രമുഖനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്ന എ കെ ജിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ ആദരിക്കുന്നു. സിപിഐ എം സമുന്നത നേതാവായിരുന്ന എ കെ ജി ബംഗ്ലാദേശ് വിമോചനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് "വിമോചന പുരസ്കാരം" നല്‍കി ആദരിക്കുന്നത്. 15ന് ധാക്കയിലെ ബംഗബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് സില്ലുര്‍ റഹ്മാനും പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും.

എ കെ ജിയുടെ ജാമാതാവും സിപിഐ എം ലോക്സഭാ ഉപനേതാവുമായ പി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങും. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവനിലേക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അയച്ച സന്ദേശത്തിലാണ് എ കെ ജിയെ ആദരിക്കുന്ന വിവരം അറിയിച്ചത്. സിപിഐ എം നേതാവ് ജ്യോതിബസുവിനെയും സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയെയും ബംഗ്ലാദേശിലെ അവാമിലീഗ് സര്‍ക്കാര്‍ മുന്‍പ് വിമോചനപുരസ്കാരം നല്‍കി ആദരിച്ചിരുന്നു. നാലാം ഘട്ടത്തിലാണ് ദീര്‍ഘകാലം ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ കെ ജിയെ ആദരിക്കുന്നത്.

1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് സിപിഐ എം നേതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ പരിഗണിച്ചാണ് രാജ്യത്തെ ഉന്നത പുരസ്കാരം നല്‍കുന്നത്. ബംഗ്ലാദേശ് വിമോചനത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ധാക്ക സര്‍ക്കാര്‍ പുരസ്കാരം നല്‍കുന്നത്. ബംഗബന്ധു ഷേഖ് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തിലാണ് കിഴക്കന്‍ പാകിസ്ഥാനെന്ന് വിളിക്കപ്പെട്ടിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍നിന്ന് വിമോചിതമായത്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഉണ്ടായ വിമോചന പോരാട്ടങ്ങളെയും അചഞ്ചലമായി പിന്തുണച്ച നേതാവായിരുന്നു എ കെ ജി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ പി കരുണാകരന്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ 13ന് ധാക്കയിലെത്തും. ബംഗ്ലാദേശ് സര്‍ക്കാരിന്റെ അതിഥിയായാണ് അദ്ദേഹം പോകുന്നത്.

deshabhimani 061212

Wednesday, May 9, 2012

പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരും പിണറായി


ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് പശ്ചാത്തപിക്കേണ്ടിവരുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ചെണ്ടയാട് എകെജി മന്ദിരം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വട്ടേഷന്‍ സംഘത്തെ നയിക്കുന്നവരല്ല സിപിഐ എം. ഇ പി ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ കണ്ണൂരില്‍ തന്നെയുണ്ട്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനെതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ല. വധത്തെക്കുറിച്ച് പൊലീസ് നിഷ്പക്ഷമായ അന്വേഷിക്കട്ടെ. അവര്‍ പ്രതികളെ നിയമത്തിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് പശ്ചാത്തപിക്കേണ്ടി വരും. പാര്‍ട്ടിക്ക് ഒരു ആശങ്കയും ഇക്കാര്യത്തിലില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആളുകള്‍ക്ക് സിപിഐഎമ്മുമായി നേരിയ ബന്ധമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഏതെല്ലാം ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമായിരുന്നു. ചില മാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തലയുള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെടുന്നതെന്തിനാണ്. അവര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസില്‍ വിശ്വാസമില്ലാതായിരിക്കുന്നു. ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടാണ് കേരളത്തില്‍ സിപിഐഎം വളര്‍ന്നത്. ഇത്തരം ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ട്ടിയെ തകര്‍ക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. യുഡിഎഫിന് അവരുടേതായ രാഷ്ട്രീയമുണ്ട്. കൊലപാതകം വെച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്്. അതിനോടൊപ്പം വ്യംഗമായി പാര്‍ട്ടിയെ ആക്രമിക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ചിലരുടെ ശ്രമം തിരിച്ചറിയാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ട്. വലിയ അക്രമമാണ് ഒഞ്ചിയത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും ചേര്‍ന്ന് വീടുകളും കടകളും തകര്‍ത്തിട്ടുണ്ട്. അതില്‍ ചന്ദ്രശേഖരന്റെ സുഹൃത്തുക്കളും ഉണ്ട്. ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്നറിയുമ്പോള്‍ അവര്‍ക്ക് ദു:ഖിക്കേണ്ടി വരും.

ടി പി ചന്ദ്രശേഖരന്റെ വീട് ഇടതുപക്ഷ എംഎല്‍എമാര്‍ സന്ദര്‍ശിക്കാതിരുന്നത് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ്. അങ്ങോട്ടു വന്നാല്‍ തടയുമെന്ന് പറഞ്ഞ് ചിലര്‍ വീടിനു കാവല്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടുപോകേണ്ട കാര്യമില്ല. അവര്‍ക്ക് പിന്നീട് തിരുത്തേണ്ടി വരും.

ശത്രുക്കളുടെ കൈയ്യില്‍ കളിച്ച് പാര്‍ട്ടിക്കെതിരായി നീങ്ങുന്നവരെ പാര്‍ട്ടി തിരിച്ചറിയും. അവരെ കൈയ്യോടെ പിടിക്കും. ഷൊര്‍ണ്ണൂരിലും ഒഞ്ചിയത്തും അതാണുണ്ടായത്. ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ കുലംകുത്തികളെന്നു തന്നെ വിളിക്കണം. ദ്രോഹിക്കാന്‍ നില്‍ക്കുന്നവരോട് നല്ലവാക്കു പറഞ്ഞതുകൊണ്ട് ഫലമില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്തായാല്‍ പാര്‍ട്ടി ശത്രുവായി എന്നല്ല അര്‍ഥം. അവരെ കായികമായി നേരിടുന്ന പതിവ് പാര്‍ട്ടിക്കില്ല. കേരളത്തില്‍ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നയിക്കേണ്ട സാഹചര്യമാണ് ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

Friday, March 23, 2012

ആഗോളവല്‍ക്കരണത്തിന്റെ "നേട്ടം" കര്‍ഷക ആത്മഹത്യ: വരദരാജന്‍

പെരളശേരി: രാജ്യത്ത് പ്രതിദിനം 50 കര്‍ഷകര്‍ ജീവനൊടുക്കുന്നതാണ് ആഗോളവല്‍ക്കരണത്തിന്റെ "നേട്ട"മെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ പറഞ്ഞു. മണിക്കൂറില്‍ രണ്ട് വീതം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. 1990 മുതല്‍ നടപ്പാക്കിയ നവഉദാരവല്‍ക്കരണത്തിന്റെ ഫലമായി രാജ്യത്ത് 2,87,000 കര്‍ഷകരാണ് ജീവനൊടുക്കിയത്. പെരളശേരിയില്‍ എ കെ ജി- ഇ എം എസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവല്‍ക്കരണനയം ഇന്ത്യക്ക് അപകടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് 90ല്‍ തന്നെ മന്‍മോഹന്‍ സിങ്ങിനെ കത്തിലൂടെ ഓര്‍മപ്പെടുത്തിയിരുന്നു. അനുഭവത്തിലൂടെ രാജ്യത്തിന് ഇത് ബോധ്യപ്പെട്ടു. പാപ്പരായിക്കൊണ്ടിരിക്കുന്ന അമേരിക്കയെ മാതൃകയാക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ അവിടെയുള്ള 99 ശതമാനം ജീവിക്കാനായി സമരത്തിലാണ്. അമേരിക്ക ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയായിക്കൊണ്ടിരിക്കയാണ്. പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ മമതയുടെ മറുപടിവരട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിശ്ചയിച്ച സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിലെ കാര്യങ്ങള്‍ സത്യമാണോയെന്ന് പരിശോധിക്കാന്‍ 15 കമീഷനെ നിയോഗിച്ച സര്‍ക്കാരാണ് യുപിഎ. ഈ സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് നീതി പ്രതീക്ഷിക്കാനാവില്ല. യുപിഎക്കും എന്‍ഡിഎക്കും രാജ്യത്തെ രക്ഷിക്കാനാവില്ല. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനോട് മത്സരിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ ബിജെപി ഭരണം ഇതിന്റെ തെളിവാണെന്നും വരദരാജന്‍ പറഞ്ഞു.

deshabhimani 230312

ഭരണവിരുദ്ധ വികാരത്തിന് തടയിട്ടത് നെറികേടുകളിലൂടെ: പിണറായി

കണ്ണൂര്‍ : തെരഞ്ഞെടുപ്പില്‍ പാടില്ലാത്തതെല്ലാം നല്ലപോലെ ഉപയോഗിച്ചാണ് യുഡിഎഫ് പിറവത്ത് വിജയിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . എ കെ ജി സ്മൃതിമണ്ഡപത്തില്‍ പുഷ്ചാര്‍ച്ചന നടത്തിയശേഷം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിനെതിരെ ഉയര്‍ന്ന വികാരം നെറികേടുകളിലൂടെയാണ് തടഞ്ഞുനിര്‍ത്തിയത്. എല്ലാ പൊതുപ്രവര്‍ത്തന മൂല്യങ്ങളും ഇല്ലാതാക്കി. ഗവണ്‍മെന്റിനെതിരായ ജനവികാരം അതേരീതിയില്‍ പ്രതികരിക്കാതിരിക്കാന്‍ വഴിവിട്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ജാതി-മത ശക്തികള്‍ക്ക് വേണ്ടത് നല്‍കി ഒന്നിച്ചുനിര്‍ത്തി. മതപ്രീണനത്തിന് ഒരു പരിധിയുമുണ്ടായില്ല. പണത്തിന്റെ കുത്തൊഴുക്ക് തന്നെയായിരുന്നു. ആളുകളെ ബോധമില്ലാത്ത അവസ്ഥയിലാക്കുന്നതിന് വേണ്ടതെല്ലാം നല്‍കി. ആളുകള്‍ കൂടുന്നിടത്ത് ഇതിനെല്ലാം സൗകര്യമൊരുക്കിയെന്ന് മാത്രമല്ല, ആവശ്യമുള്ളവര്‍ക്ക് പോകുമ്പോള്‍ കൈയില്‍ കൊണ്ടുപോകാനും കഴിയുമായിരുന്നു. ഇതൊക്കെയായിട്ടും പിറവത്ത് എല്‍ഡിഎഫിന്റെയും സിപിഐ എമ്മിന്റെയും ബഹുജനാടിത്തറയ്ക്ക് പോറലേറ്റില്ല. കഴിഞ്ഞ തവണത്തെക്കാള്‍ എല്‍ഡിഎഫിന് നാലായിരത്തിലേറെ വോട്ട് കൂടുതല്‍ ലഭിച്ചു. എല്‍ഡിഎഫ് മണ്ഡലമല്ല പിറവം. വിരളമായേ അവിടെ എല്‍ഡിഎഫ് ജയിച്ചിട്ടുള്ളൂ. അതും യുഡിഎഫിനകത്ത് കാര്യമായ ഭിന്നത നിലനിന്നപ്പോള്‍ .

എ കെ ജിയുടെ ജീവിതകാലത്തെന്നപോലെ ഇപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ കടുത്ത ആക്രമണം നടത്തുന്നു. എല്ലാ ഘട്ടങ്ങളിലും ജനങ്ങളെ അണിനിരത്തിയാണ് എ കെ ജി ആക്രമണങ്ങളെ നേരിട്ടത്. പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ കിരാതമായ ആക്രമണമാണ് നടക്കുന്നത്. ഭരണമാറ്റത്തിനു ശേഷം നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇത് ഒറ്റപ്പെട്ട നീക്കമല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ സിപിഐ എമ്മിനെതിരെ നീങ്ങുന്നു. കേരളത്തില്‍ ജാതി- മത ശക്തികളുടെ വ്യൂഹം തീര്‍ത്താണ് സിപിഐ എമ്മിനെതിരെ യുഡിഎഫ് നീങ്ങുന്നത്. ഇതിനെയെല്ലാം മറികടക്കാന്‍ എ കെ ജി കാണിച്ചുതന്ന മാതൃക സ്വീകരിക്കേണ്ടതുണ്ടെന്ന് പിണറായി പറഞ്ഞു.

deshabhimani 230312

Tuesday, March 20, 2012

എ കെ ജി ദിനം സമുചിതമായി ആചരിക്കുക: സിപിഐ എം

നിസ്വവര്‍ഗത്തിന്റെ അവകാശപോരാട്ടങ്ങളില്‍ ആവേശമായി പടര്‍ന്ന എ കെ ജിയുടെ 35-ാമത് ചരമദിനം 22ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന എ കെ ജി 1952 മുതല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തിളങ്ങുന്ന സംഭവങ്ങളാണ്. നവോത്ഥാനപ്രസ്ഥാനത്തിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലും എ കെ ജി നേതൃനിരയില്‍ ഉണ്ടായിരുന്നു. പ്രക്ഷോഭങ്ങളെ ജീവിതമായി സ്വീകരിച്ച എ കെ ജി നടത്തിയ സമരങ്ങള്‍ , കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആവേശകരമായ നിരവധി അധ്യായങ്ങളാണ് സംഭാവനചെയ്തത്. കിസാന്‍സഭയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചു. ഇടതുപക്ഷ തീവ്രവാദത്തിനും വലതുപക്ഷ വ്യതിയാനത്തിനുമെതിരായ സമരത്തിലും എ കെ ജി സജീവമായി പങ്കുകൊണ്ടു.
ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന ഘട്ടത്തിലാണ് ഇക്കുറി എ കെ ജിയുടെ ചരമദിനം ആചരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് കോര്‍പറേറ്റ് മേഖലയ്ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുനല്‍കുമ്പോള്‍ , പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന ആഗോളവല്‍ക്കരണ നയസമീപനം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് 30,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു. പശ്ചാത്തലസൗകര്യമേഖല ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നയം ഇതിന്റെ ഭാഗമാണ്. തൊഴിലാളികളുടെ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്തത് അടിസ്ഥാന ജനവിഭാഗത്തോടുള്ള സര്‍ക്കാരിന്റെ സമീപനവും വ്യക്തമാക്കുന്നു. ഇതിനെതിരായ പോരാട്ടങ്ങള്‍ക്ക് പാര്‍ലമെന്ററി സംവിധാനത്തെയും ബഹുജനങ്ങളെയും കണ്ണിചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് എ കെ ജിയുടെ പ്രവര്‍ത്തനപാത നമുക്ക് കരുത്തുപകരും. പാവങ്ങള്‍ക്കുവേണ്ടി എന്നും പോരാടിയ സഖാവിന്റെ അനുസ്മരണപരിപാടികള്‍ സമുചിതമായി സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് എല്ലാ പാര്‍ടിഘടകങ്ങളോടും അഭ്യര്‍ഥിച്ചു.

deshabhimani 200312

Sunday, January 8, 2012

ജയിലിനുള്ളിലും പടത്തലവന് നിത്യസ്മാരകം

ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപ്ലവസ്മരണകളിരമ്പുന്ന ഒരു മുറിയുണ്ട്. എട്ടാം ബ്ലോക്കിലെ ഏറ്റവും അറ്റത്തുള്ള 23-ാം നമ്പര്‍ മുറി. ഒരു പ്രിയപ്പെട്ട തടവുകാരനെകുറിച്ചുള്ള ഓര്‍മ കെടാതെ സൂക്ഷിക്കുന്ന ഇടമാണിത്. എ കെ ജി എന്ന വലിയ തടവുകാരന്‍ പാര്‍ത്ത ഈ ചെറിയ മുറി ഇന്ന് ജയില്‍വളപ്പിലെ പവിത്രസ്ഥാനമാണ്. സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമോ ഉദ്യോഗസ്ഥരുടെ നിര്‍ദേശമോ കൂടാതെ പാവങ്ങളുടെ പടത്തലവന് ജയിലിനുള്ളില്‍ ഉയര്‍ന്ന സ്മാരകം. എ കെ ജി പാര്‍ത്ത മുറി തടവുകാര്‍ ഇപ്പോഴും പൊന്നുപോലെയാണ് പരിപാലിക്കുന്നത്. പത്തിരുപത് വര്‍ഷമായി ഇവിടെ മറ്റു തടവുകാരെ പാര്‍പ്പിക്കാറില്ല. തടവുകാരും ഉദ്യോഗസ്ഥരും ഈ മുറിക്ക് മുമ്പിലെത്തിയാല്‍ ഒരു നിമിഷം എ കെ ജി സ്മരണകളില്‍ മുഴുകും. എ കെ ജിയുടെ ചരമദിനത്തില്‍ മുറിക്ക് മുമ്പില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ച് ആ ധീരസ്മരണയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നവരും ഏറെയാണ്.

എ കെ ജിക്ക് കിടക്കാനായി പണിത സിമന്റ് തിട്ട ഇപ്പോഴും അതേപടിയുണ്ട്. പണ്ട് ജയിലില്‍ കട്ടില്‍ നല്‍കാന്‍ നിയമം അനുവദിച്ചില്ല. കടുത്ത നടുവേദനയുള്ളതിനാല്‍ എ കെ ജിക്ക് നിലത്ത് കിടക്കാനും ബുദ്ധിമുട്ട്. ഇതറിഞ്ഞ ജയില്‍ ഉദ്യോഗസ്ഥര്‍ പൊക്കത്തില്‍ സിമന്റ് തിട്ട പണിയാന്‍ അനുവാദം നല്‍കുകയായിരുന്നു. അന്നത്തെ തടവുകാര്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.

1970ല്‍ മുടവന്‍മുഗള്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തെതുടര്‍ന്നാണ് എ കെ ജിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1970 മെയ് 25ന് രാത്രി പതിനൊന്നുമണിക്കാണ് എ കെ ജിയെ ജയിലില്‍ എത്തിച്ചത്. രാത്രി സെന്‍ട്രല്‍ ജയിലില്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ പിറ്റേന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. ഇതിനിടെ ജയിലിലെ ജലക്ഷാമത്തിനെതിരെ എ കെ ജി ജയിലില്‍ സമരം നയിച്ചു. ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം, മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം ജയില്‍മുറിയില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത് മറ്റു തടവുകാര്‍ ഏറ്റുവിളിച്ചു. ജൂണ്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജയിലില്‍ വെള്ളമില്ലെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചു. ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മജിസ്ട്രേട്ട് നിര്‍ദേശിച്ചു.

എ കെ ജി സ്മാരകമായി അടച്ചിട്ടിരിക്കുന്ന മുറിയില്‍ എ കെ ജിക്ക് മുമ്പ് ഇ എം എസ്, പട്ടം താണുപിള്ള, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരെയും പാര്‍പ്പിച്ചിട്ടുണ്ട്. എ കെ ജിക്കും ഇ എം എസിനും പുറമെ വി എസ് അച്യുതാനന്ദന്‍ , കോടിയേരി ബാലകൃഷ്ണന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ഇവിടെ രാഷ്ട്രീയത്തടവുകാരായി കഴിഞ്ഞിട്ടുണ്ട്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായ വൈക്കം മുഹമ്മദ് ബഷീര്‍ തടവുകാരിയായ നാരായണിയുമായി അപ്പുറത്തും ഇപ്പുറത്തും നിന്ന് ഹൃദയം പങ്കിട്ട ജയിലിലെ മതില്‍ "ബഷീര്‍ മതില്‍" എന്നാണ് അറിയപ്പെടുന്നത്. എ കെ ജിയെ പാര്‍പ്പിച്ച മുറിക്ക് പുറത്ത് "എ കെ ജി കിടന്ന മുറി" എന്ന് ഏതോ തടവുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് ഇപ്പോഴും മാഞ്ഞിട്ടില്ല.
(കെ ശ്രീകണ്ഠന്‍)

deshabhimani 080112

Friday, December 30, 2011

ഇ എം എസിന് അറസ്റ്റ്; എ കെ ജിക്ക് ജയില്‍

 ചരിത്രത്തിന് ഇന്ധനമായ സാമൂഹ്യ പ്രവണതകള്‍ അടിവരയിട്ടതിന് ഇ എം എസിന് അറസ്റ്റ് വാറണ്ടും എകെജിക്ക് ജയില്‍ ശിക്ഷയും. 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള തുറന്ന കാഴ്ചകളാണ് ഇരുവര്‍ക്കും വിലങ്ങു തീര്‍ത്തത്. സാമ്രാജ്യത്വവും സ്വതന്ത്ര ഇന്ത്യന്‍ ഭരണാധികാരികളും ഒരേ ഭാഷയില്‍ സംസാരിച്ചതിനും അത് തെളിവു നല്‍കി. ആഹ്വാനവും താക്കീതും എന്ന കമ്യൂണിസ്റ്റ് പാര്‍ടി ലഘുലേഖയുടെ പേരിലായിരുന്നു ഇഎംഎസിന് ഭീഷണിയെങ്കില്‍ പെരിന്തല്‍മണ്ണയിലെ പ്രസംഗം മുന്‍നിര്‍ത്തിയായിരുന്നു എ കെ ജിയെ ജയിലിലടച്ചത്.

ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ചൂഷണത്തിനെതിരെ തെക്കെ മലബാറിലെ മാപ്പിള കര്‍ഷകര്‍ നടത്തിയ കലാപത്തെ അനുകൂലിച്ചും എതിര്‍ത്തും പലവിധ വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച കമ്യൂണിസ്റ്റ്പാര്‍ടിയുടെ സമീപനത്തിന് ലഭിച്ച സ്വീകാര്യത മറ്റൊന്നിനും കിട്ടിയിട്ടില്ല. ബ്രിട്ടീഷ് ചരിത്രകാരന്മാരും അവരെ പിന്തുണയ്ക്കുന്നവരും മാപ്പിള ലഹള എന്ന് ആക്ഷേപിച്ചപ്പോള്‍ കലാപം മൗലികമായി ജന്മിത്വ-സാമ്രാജ്യവിരുദ്ധമാണെന്ന് ഉറപ്പിച്ച് പറയാന്‍ ധൈര്യം കാണിച്ചത് കമ്യൂണിസ്റ്റുകാര്‍ മാത്രം. പ്രത്യേക ഘട്ടത്തില്‍ വര്‍ഗീയകലാപത്തിലേക്ക് മാറിയെങ്കിലും അതിന്റെ അന്തര്‍ധാര മതപരമായിരുന്നില്ലെന്നും വര്‍ഗപരമായ ചൂഷണംതന്നെയാണ് കലാപത്തിലേക്ക് നയിച്ചതെന്നുമുള്ള നിലപാടാണ് പാര്‍ടി ഉയര്‍ത്തിപ്പിടിച്ചത്. കമ്യൂണിസ്റ്റുകാര്‍ നടത്തിയ പ്രചാരണത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്താന്‍ നോക്കിയപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പാര്‍ടി.
മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ 1946 ആഗസ്ത് 20-ന് കമ്യൂണിസ്റ്റ്പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ "ആഹ്വാനവും താക്കീതും" ബ്രിട്ടീഷുകാരെ വിറളിപിടിപ്പിച്ചു. മാപ്പിളലഹളയെ അനുസ്മരിച്ച് ദേശാഭിമാനി വഴി പ്രചാരണംനടത്തി ലഹളക്ക് വഴിവെച്ചുവെന്നാരോപിച്ച് ഇഎംഎസ്സിനെ അറസ്റ്റുചെയ്തു. ലഘുലേഖ പ്രസിദ്ധീകരിച്ചതിന്റെ അഞ്ചാംദിവസം പെരിന്തല്‍മണ്ണയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എ കെ ജിയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എകെജിയുടെ അറസ്റ്റിനും ജയില്‍വാസത്തിനും ഇടയാക്കിയ പ്രസംഗത്തിന്റെ തുടക്കം ഇതായിരുന്നു:

"ഇരുപത്തഞ്ചു വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് സാധാരണ മുസ്ലിമായ ആലി മുസലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാസമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിങ്ങള്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം നേരിട്ടു. ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക?"

സമരത്തെ ഒരു ഘട്ടത്തില്‍ കൈയൊഴിഞ്ഞ കോണ്‍ഗ്രസിനെ എകെജി പ്രസംഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. രണ്ടു താലൂക്കുകളില്‍ രണ്ടു മാസം ഭരണം നടത്തിയ സമരനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ എ കെ ജി പ്രകീര്‍ത്തിച്ചു. പ്രസംഗത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട എ കെ ജിക്കെതിരായ കേസ് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടും പിന്‍വലിച്ചില്ല. എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടിട്ടും അദ്ദേഹത്തെ മോചിപ്പിച്ചില്ല. കേസ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ എകെജി ഇങ്ങനെ പറഞ്ഞു:
"1921-ല്‍ ഖിലാഫത്ത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി ആയുധമെടുത്ത് സമരംചെയ്തു. അവരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണ്. മലബാര്‍ ലഹളയുടെ നല്ല വശങ്ങളെ സ്വീകരിക്കാനാഹ്വാനം നല്‍കുകയും അതിന്റെ ചീത്തവശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുകയും ചെയ്തത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്".
കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ലഘുചരിത്രം എന്ന പുസ്തകത്തില്‍ ഇഎംഎസ് പറഞ്ഞതിങ്ങനെ: "1921-ലെ അഞ്ചു മാസം നീണ്ട തെക്കേ മലബാറിലെ കലാപത്തില്‍ കലാശിച്ച വമ്പിച്ച ബഹുജനമുന്നേറ്റത്തിന് ജന്മം നല്‍കിയത് മലബാറിലെ കൃഷിക്കാരുടെ ജന്മിവിരുദ്ധ സമരമായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല".

കലാപത്തെക്കുറിച്ച് പഠിച്ച ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരുടെ നിരീക്ഷണങ്ങള്‍ ഈ വാദഗതിയെ ശരിവെക്കുന്നു."എഗന്‍സ്റ്റ് ലോഡ് ആന്റ് സ്റ്റേറ്റ്: റിലിജിയന്‍ ആന്റ് പെസന്റ് അപ്റൈസിങ് ഇന്‍ മലബാര്‍" എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: "കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് പറയുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരായ ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഇതാകട്ടെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭത്തില്‍ തുടങ്ങിയ പ്രക്രിയയാണ്."
(എന്‍ എസ് സജിത്)

deshabhimani 301211

Thursday, August 11, 2011

വൈദ്യരുടെ ഓര്‍മകളില്‍ ഇന്നും എ കെ ജി

അഖിലേന്ത്യാ കിസാന്‍സഭ 75 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നടന്നുകഴിഞ്ഞു. വയനാടിന്റെ കാര്‍ഷിക ഭൂപടത്തില്‍ കര്‍ഷക സമരങ്ങള്‍ക്കുള്ള പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. കുടിയേറ്റ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ; ജീവിക്കാനായുള്ള അവരുടെ പോരാട്ടങ്ങള്‍ .... കാലം മായ്ക്കാത്ത സമരങ്ങളില്‍ മുന്നണിപ്പോരാളികളായിരുന്നവരേറെയുണ്ട്. അവരില്‍ ചിലരുടെ ഓര്‍മകളിലൂടെ...

കല്‍പ്പറ്റ:

എ കെ ജി 1951ല്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം. മലബാറില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് സ്വീകരണം. സ്വീകരണയോഗം കഴിഞ്ഞതും ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് വെളുത്തുമെലിഞ്ഞ പയ്യനെ എ കെ ജി കൈചൂണ്ടിവിളിച്ചു. "മൂവാറ്റുപുഴക്കാരനല്ലേ, എന്താണിവിടെ?" എ കെ ജി മുഖത്തു നോക്കി ചോദിച്ചപ്പോള്‍ കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാനായില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് മൂവാറ്റുപുഴയില്‍ പൊതുയോഗത്തില്‍ ഹാരാര്‍പ്പണംചെയ്ത പയ്യനെ എ കെ ജിയെന്ന വലിയമനുഷ്യന്‍ ഓര്‍ത്തിരിക്കുക. പ്രായം ഓര്‍മകളെ മായ്ക്കാന്‍ ശ്രമിക്കുമ്പോഴും വര്‍ഗീസ് വൈദ്യരുടെ ഓര്‍മയില്‍ ഇന്നും തിളങ്ങി നില്‍ക്കുകയാണ് ഈ രംഗം. പിന്നീട് എ കെ ജി വര്‍ഗീസ് വൈദ്യരെ ഇ എം സിനെ പരിചയപ്പെടുത്തുകയും പുരോഗമന പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും പ്രവര്‍ത്തനം വയനാട്ടില്‍ വ്യാപിപ്പിക്കുകയുമായിരുന്നു.

കിസാന്‍സഭ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പഴയ കാലപ്രവര്‍ത്തനങ്ങളെക്കുറിച്ച് 89ാം വയസ്സിലും ചെറുപ്പക്കാരന്റെ ആവേശത്തോടെ വര്‍ഗീസ് വൈദ്യര്‍ വാചാലനായി. ജന്മിമാരുടെയും ഗവണ്‍മെന്റിന്റേയും ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ എണ്ണമറ്റ പോരാട്ടങ്ങളാണ് വര്‍ഗീസ് വൈദ്യരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടന്നത്. കിസാന്‍സഭയുടെ മെമ്പര്‍ഷിപ്പ് പുസ്തകങ്ങള്‍ എ കെ ജിയില്‍നിന്ന് നേരിട്ട് വാങ്ങിയാണ് വൈദ്യര്‍ ജില്ലയില്‍ കര്‍ഷകരെ സംഘടിപ്പിച്ചുതുടങ്ങിയത്. മലബാര്‍ കിസാന്‍സഭ ജില്ലാക്കമ്മിറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യപ്പെട്ട വര്‍ഗീസ്വൈദ്യര്‍ മീനങ്ങാടിയില്‍നിന്ന് ഒറ്റക്കാളയെ കെട്ടിയ വില്ലുവണ്ടിയില്‍ അമ്പലവയല്‍ , ബത്തേരി, കല്‍പ്പറ്റ പ്രദേശങ്ങളില്‍ പോയി കുടിയേറ്റ കൃഷിക്കാരെ കണ്ട് സംസാരിച്ച് കൃഷിക്കാര്‍ ഒറ്റകെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവാന്മാരാക്കി. കുടിയേറ്റ കൃഷിക്കാരില്‍ മഹാഭൂരിപക്ഷവും അന്ന് ദരിദ്രാവസ്ഥയിലായിരുന്നു. വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ സര്‍ക്കാറിന്റെയും നാടന്‍ ജന്മിമാരുടെയും ചൂഷണത്തിന് വിധേയരായിരുന്നു.

1952ല്‍ എ കെ ജിയും സി എച്ച് കണാരനും വയനാട്ടില്‍ വന്ന് സംഘം പ്രവര്‍ത്തനം ശക്തമാക്കാനുള്ള പ്രവര്‍ത്തനം നടത്തി. വയനാട് താലൂക്ക് ലാന്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചു. മീനങ്ങാടിയിലെ അബൂബക്കര്‍ മുതലാളി പ്രസിഡന്റും വര്‍ഗീസ് വൈദ്യര്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചത്. റവന്യു ഭൂമിയിലടക്കം കൃഷി കൈവശംവെച്ചിട്ടുള്ള മുഴുവന്‍ കൃഷിക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചീങ്ങേരി, കണിയാമ്പറ്റ, മുട്ടില്‍ , നൂല്‍ലപ്പുഴ, വാഴവറ്റ തുടങ്ങിയ കുടിയിരിപ്പു കേന്ദ്രങ്ങളിലെല്ലാം കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങി. ഇതേത്തുടര്‍ന്ന് അന്നത്തെ മദ്രാസ് മുഖ്യമന്ത്രി കാമരാജ് നാടാര്‍കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് മദിരാശി ഗവണ്‍മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസുകാരായിരുന്നു. ഇവരാകട്ടെ കര്‍ഷകരുടെ ഭാഗത്ത് നില്‍ക്കുന്നതിന് പകരം ജന്മിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ശ്രമിച്ചത്. 1934ല്‍ മാഹാത്മാഗാന്ധിയെ കല്‍പ്പറ്റയില്‍ കൊണ്ടു വരുന്നതിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം ജന്മിമാരുടെ പ്രയത്നവും ഉണ്ടായിരുന്നതായി വൈദ്യര്‍ ഓര്‍മിക്കുന്നു.
(കെ സി രമേശന്‍)

ദേശാഭിമാനി 110811

Saturday, August 6, 2011

എ കെ ജി പറഞ്ഞു- "നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി"

കണ്ണൂര്‍ :

"നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി"-പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ വക്താവായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെക്കുറിച്ച് എ കെ ജിയുടെ പ്രതികരണം. ഇത് പറഞ്ഞുനടന്നത് മറ്റാരുമല്ല; സാക്ഷാല്‍ ബെര്‍ലിന്‍ തന്നെ. 1964-ല്‍ കമ്പില്‍ യുവജന വായനശാല ഗ്രന്ഥാലയമാക്കാന്‍ സഹായം തേടി വീട്ടിലെത്തിയ സിപിഐ എം നാറാത്ത് ലോക്കല്‍ സെക്രട്ടറി സി കുഞ്ഞമ്പു ഉള്‍പ്പെടെയുള്ളവരോടാണ് ബെര്‍ലിന്‍ എ കെ ജിയുടെ പ്രതികരണത്തിന്റെപേരില്‍ പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ സിപിഐ എമ്മിനെ "നന്നാക്കാന്‍" നടക്കുന്ന കുഞ്ഞനന്തന്‍നായരുടെ നിലപാട് അന്ന് സി കുഞ്ഞമ്പുവിന്റെകൂടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കമ്പിലെ ഏട്ട ഗോവിന്ദന്റെ മനസ്സില്‍ മായാതെയുണ്ട്. "കുഞ്ഞനന്തന്‍ ചത്തെന്നുപറഞ്ഞ എ കെ ജിയുടെ പാര്‍ടിക്കാര്‍ക്ക് തല്‍ക്കാലം ഒന്നും നല്‍കാനാവില്ലെന്നും അടുത്ത തവണ വന്നാല്‍ പരിഗണിക്കാമെന്നു"മായിരുന്നു ക്ഷോഭത്തോടെയുള്ള പ്രതികരണം. നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന എ കെ ജിയുടെയും മറ്റും നിലപാട് ശരിയല്ലെന്നും ബെര്‍ലിന്‍ പറഞ്ഞു. എ കെ ജിയും ഇ എം എസും ശരിയായ നിലപാടല്ല സ്വീകരിച്ചതെന്നു പറഞ്ഞതും ഗോവിന്ദന്റെ ഓര്‍മയിലുണ്ട്. പാര്‍ടിയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് "നമ്മളറിയുന്ന കുഞ്ഞനന്തന്‍ ചത്തുപോയി" എന്ന് എ കെ ജി പറഞ്ഞത്.

ബാലസംഘം പ്രവര്‍ത്തകനായ മൈക്ക് കുഞ്ഞനന്തനെ (മൈക്ക് ഓപ്പറേറ്റായിരുന്നു അന്ന് ബെര്‍ലിന്‍) ഡല്‍ഹിലേക്ക് കൊണ്ടുപോയതും ആവശ്യമായ സഹായങ്ങള്‍ ചെയ്തതും എ കെ ജിയാണ്. ഒടുവില്‍ , വലതുപക്ഷത്തിന്റെ വക്താവായപ്പോഴാണ് എ കെ ജി രൂക്ഷമായി പ്രതികരിച്ചത്. സിപിഐ ക്യാമ്പിലായിരുന്നു ബെര്‍ലിന്‍ എന്നതിന് മറ്റൊരു ഓര്‍മകൂടി ഏട്ട ഗോവിന്ദന്‍ അയവിറക്കുന്നു.

1964-ല്‍ വായനശാലയുടെ ഫണ്ട്-പുസ്തക ശേഖരണത്തിന് ബെര്‍ലിന്റെ വീട്ടില്‍ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളില്‍നിന്നാണ് സിപിഐ ചായ്വ് വ്യക്തമായത്. കുഞ്ഞനന്തന്‍ ഡല്‍ഹിയില്‍നിന്ന് കാശ് അയച്ചിട്ടുണ്ടെന്നും ചടയന്‍ ഗോവിന്ദന് കൊടുക്കേണ്ടെന്ന് പ്രത്യേകം എഴുതിയിട്ടുണ്ടെന്നുമായിരുന്നു അമ്മയുടെ വാക്കുകള്‍ . ഏട്ട ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഗതി പിടികിട്ടി. ചടയന്‍ സിപിഐ എം ആയതിനാലാണ് കാശ് കൊടുക്കരുതെന്ന് നിര്‍ദേശിച്ചത്. ഇതേ ബെര്‍ലിന്‍ 1977-ല്‍ ചടയനുമായി അടുത്തതും ഏട്ട ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലേക്ക് മത്സരിക്കുന്ന ചടയനുവേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. അപ്പുറത്ത് (സിപിഐയില്‍) നിന്നാല്‍ വലിയ കാര്യമില്ലെന്ന് അനുഭവത്തില്‍നിന്ന് മനസ്സിലായതായി ബെര്‍ലിന്‍ പറഞ്ഞിരുന്നു.

അടിയന്തരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ച വ്യക്തിയാണ് ബെര്‍ലിന്‍ . എന്നാല്‍ "പൊളിച്ചെഴുത്ത്" എന്ന പുസ്തകത്തില്‍ അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാഗാന്ധിയെ ജര്‍മനിയില്‍വച്ച് നേരിട്ട് ശകാരിച്ചുവെന്ന് പറയുന്നുണ്ട്. ഇത് ശുദ്ധ അസംബന്ധമാണെന്ന് ഗോവിന്ദന്‍ പറയുന്നു. കുഞ്ഞനന്തന്‍നായര്‍ക്ക് പാര്‍ടിവിരുദ്ധന്‍ എന്നതിനേക്കാള്‍ പാര്‍ടിയെ പിളര്‍ക്കാന്‍ നടക്കുന്ന ചാട്ടുളിയെന്ന പ്രയോഗമാണ് കൂടുതല്‍ ചേരുക. "പൊളിച്ചെഴുത്തി"ലെ അവസാനത്തെ മൂന്ന് അധ്യായം സിപിഐ എമ്മിനെ പിളര്‍ക്കാനുള്ള ആഹ്വാനമാണ്. കമ്യൂണിസ്റ്റുകാരല്ല കെ സുധാകരന്‍ , എ പി അബ്ദുള്ളക്കുട്ടി എന്നീ പിന്തിരിപ്പന്മാരാണ് ഇപ്പോഴത്തെ സഹയാത്രികരെന്നും ഗോവിന്ദന്‍ പറഞ്ഞു. ആദ്യകാല കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തകനായ ഏട്ട ഗോവിന്ദന്‍ സിപിഐ എം നാറാത്ത് ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്വൈഎഫ് കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ്, കമ്പില്‍ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

deshabhimani 060811

Thursday, July 21, 2011

എ കെ ജിയുടെ കുടുംബവീട് പൊളിച്ചു

കണ്ണൂര്‍ : എ കെ ജിയുടെ കുടുംബവീടായ പെരളശേരിയിലെ "ഗോപാലവിലാസം" പൊളിച്ചുനീക്കി. പുതിയ വീട് നിര്‍മിക്കുന്നതിനാണ് ഉടമ സദാശിവന്‍ പഴയ വീട് പൊളിച്ചത്. സ്വത്ത് ഭാഗംവച്ചപ്പോള്‍ എ കെ ജിയുടെ സഹോദരി ലക്ഷ്മിക്കുട്ടിക്കായിരുന്നു വീട്. അവരുടെ മകനാണ് ഇപ്പോഴത്തെ അവകാശി. എ കെ ജി സ്മൃതിമണ്ഡപത്തിന് സമീപമുള്ള ഈ തറവാടുവീട് അദ്ദേഹത്തിന്റെ ബാല്യകാലത്ത് നിര്‍മിച്ചതാണ്. രാഷ്ട്രീയത്തില്‍ സജീവമായതിനുശേഷം നാട്ടിലെത്തുമ്പോള്‍ അനുജന്‍ എ കെ രാഘവന്‍നമ്പ്യാരുടെ മൂന്നുപെരിയയിലുള്ള വീട്ടിലാണ് എ കെ ജി താമസിച്ചിരുന്നത്.

ഗോപാലവിലാസം സര്‍ക്കാര്‍ ഏറ്റെടുത്ത് എ കെ ജിയുടെ സ്മാരകമാക്കി സംരക്ഷിക്കണമെന്ന് സിപിഐ എമ്മും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം വീട് പൊളിക്കാന്‍ തീരുമാനിച്ചഘട്ടത്തില്‍ ഈ ആവശ്യം ശക്തമായി. ജനപ്രതിനിധികളും സിപിഐ എം നേതാക്കളും എ കെ ജിയെ സ്നേഹിക്കുന്നവരുംവീട് പൊളിക്കരുതെന്ന അഭ്യര്‍ഥനയുമായി ഉടമയെ സമീപിച്ചു. വീട് സംരക്ഷിക്കന്‍ നടപടി സ്വീകരിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. സാംസ്കാരിക മന്ത്രി എം എ ബേബി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ , വീട് വിട്ടുനല്‍കാന്‍ ഉടമ വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഏറ്റെടുക്കല്‍ നടപടി മുന്നോട്ടുകൊണ്ടുപോകാനായില്ല. വീട് ഏറ്റെടുക്കുന്നതിനെതിരെ ഉടമ നിയമനടപടികളും സ്വീകരിച്ചു. സ്ഥലം കൈയേറിയെന്ന് ആരോപിച്ച് അന്നത്തെ പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് പി വി ഭാസ്കരന്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കെതിരെ കേസ് കൊടുത്തു. എ കെ ജിയുടെ പിന്മുറക്കാരുടെ സമ്മതത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്നായിരുന്നു സിപിഐ എം നിലപാട്.

deshabhimani 210711