Showing posts with label ഇ-മെയില്‍ ചോര്‍ത്തല്‍. Show all posts
Showing posts with label ഇ-മെയില്‍ ചോര്‍ത്തല്‍. Show all posts

Thursday, March 6, 2014

ഇ-മെയില്‍ കേസ്: എസ്ഐ ബിജു സലിമിനെ പിരിച്ചുവിടുന്നു

വിവാദമായ ഇ-മെയില്‍ വിലാസം ചോര്‍ത്തല്‍ കേസിലെ മുഖ്യപ്രതി എസ്ഐ ബിജു സലിമിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നു. പിരിച്ച് വിടാതിരിക്കുന്നതിനുള്ള കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ബിജു സലിമിന് നോട്ടീസ് നല്‍കി.

സര്‍ക്കാരിന്റെ രഹസ്യരേഖകളിലെ 268 ഇമെയില്‍ വിലാസങ്ങളുടെ പട്ടിക ചോര്‍ത്തി വ്യാജരേഖയുണ്ടാക്കിയെന്ന കേസിലെ പ്രധാന പ്രതിയാണ് ബിജു സലിം. കേസില്‍ കഴിഞ്ഞ ദിവസം െ്രകെംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

2011-ല്‍ ഇ-മെയില്‍ വിലാസങ്ങള്‍ ബിജു മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. പിന്നീട് ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന് ഒരു വാരികയില്‍ വാര്‍ത്ത പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്കു ചുടുപിടിച്ചത്. ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേസ് കോടതിയില്‍ നടന്നുവരികയാണ്.

deshabhimani

Thursday, May 3, 2012

സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും നിയമജ്ഞര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്


ഇ-മെയില്‍ കേസില്‍, ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും നിയമജ്ഞര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ വിജു വി നായര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും നിയമജ്ഞരുടെയും മറ്റു പ്രമുഖരുടെയും പേര് വെളിപ്പെടുത്താനാകില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. കേസ് ഡയറിയില്‍ ഉന്നതരുടെ പങ്കിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബി രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യാജവാര്‍ത്ത പുറത്തുവിടുക വഴി മുസ്ലിം മതവികാരം ഇളക്കിവിട്ട് വര്‍ഗീയകലാപത്തിന് വിജു വി നായര്‍ വഴിതെളിക്കുകയായിരുന്നുവെന്നാണ് ആരോപണം. വിജു വി നായരും കഴിഞ്ഞദിവസം റിമാന്‍ഡിലായ മൂന്നാംപ്രതി അഡ്വ. കുറ്റിച്ചല്‍ ഷാനവാസും ബിജു സലീമിനെ പ്രേരിപ്പിച്ച് ഇ-മെയില്‍ ലിസ്റ്റ് ചോര്‍ത്തിയെടുക്കുകയും ആഭ്യന്തരസുരക്ഷ വിഭാഗം എസ്പിയുടെ പേരില്‍ വ്യാജരേഖ തയ്യാറാക്കുകയും ചെയ്തു. ഇങ്ങനെ ലഭിച്ച ഇ-മെയില്‍ ലിസ്റ്റും വ്യാജരേഖയുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ഷാനവാസ് നിരോധിതസംഘടനയുടെ ഭാരവാഹികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടന്ന ഗൂഢാലോചനയിലും ഷാനവാസ് പങ്കെടുത്തു. ഷാനവാസിന്റെ ഓഫീസില്‍നിന്ന് ഭീകരസംഘടനകളെക്കുറിച്ചുള്ള ലഘുപുസ്തകങ്ങള്‍, നിരവധി രേഖകള്‍, രണ്ട് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, ലാപ്ടോപ് എന്നിവ കണ്ടെടുത്തു. ഷാനവാസിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. ഷാനവാസിനെ വ്യാഴാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാംപ്രതിയായ ഡോ. ദസ്തക്കിര്‍ ഒളിവിലാണ്. ബിജു സലീമിന് ഗൂഢാലോചനയില്‍ പങ്കാളിയാകാന്‍ സഹായിക്കുന്ന തരത്തില്‍ അവധി ലഭിക്കുന്നതിനാവശ്യമായ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ഡോ. ദസ്തക്കിറിനെതിരെയുള്ള ആരോപണം.

ജനുവരി 16നു പുറത്തിറങ്ങിയ "മാധ്യമം" വാരികയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇരുനൂറ്റമ്പതോളം മുസ്ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നതായി വാര്‍ത്തവന്നത്.

deshabhimani 030512

Wednesday, January 25, 2012

ഹൈടെക് സെല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു

പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇ-മെയില്‍ ചോര്‍ത്തിയതുസംബന്ധിച്ച വിവരം നല്‍കിയെന്ന് ആരോപിച്ച് ഹൈടെക് സെല്ലിലെ എസ്ഐ എസ് ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. മുസ്ലിംലീഗ് നേതാക്കളുള്‍പ്പെടെ 268 പേരുടെ ഇ-മെയില്‍ പൊലീസ് രഹസ്യാന്വേഷണവിഭാഗം ചോര്‍ത്തിയത് വിവാദമായിരുന്നു. രഹസ്യരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൃത്രിമമായി ചമച്ചുനല്‍കിയെന്നാണ് ബിജുവിനെതിരെ ചുമത്തിയ കുറ്റം.

നിരോധിതസംഘടനയായ സിമിയുമായി ബന്ധമുള്ളവരെന്നു പറഞ്ഞാണ് 268 പേരുടെ ഇ-മെയില്‍ ഐഡി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണവിഭാഗം നവംബര്‍ മൂന്നിന് ഹൈടെക് സെല്ലിന് കത്ത് നല്‍കിയത്. ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി ആരംഭിച്ചിരിക്കുന്നത്. ഇ-മെയില്‍ ചോര്‍ത്താന്‍ നല്‍കിയ പട്ടികയിലെ 268ല്‍ 258 പേരും വിവിധ മേഖലകളിലുള്ള മുസ്ലിങ്ങളായിരുന്നു. മുന്‍ എംപി പി വി അബ്ദുള്‍വഹാബ് ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാര്‍ രണ്ടുതട്ടില്‍ നില്‍ക്കെയാണ് എസ്ഐക്കെതിരെ നടപടി.

deshabhimani 250112

Monday, January 23, 2012

ഇ-മെയില്‍ വിശദാംശങ്ങള്‍ സര്‍ക്കാരിനു കിട്ടിയിരുന്നു

സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഗൂഗിള്‍ , യാഹൂ തുടങ്ങിയ 23 ഇ-മെയില്‍ സേവനദാദാക്കള്‍ തീവ്രവാദബന്ധം ആരോപിക്കപ്പെട്ട 268 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ സര്‍ക്കാരിനു കൈമാറിയിരുന്നു. പട്ടികയില്‍പ്പെട്ടവരുടെ ഇ-മെയില്‍ ആശയവിനിമയങ്ങളടങ്ങിയ സിഡി ഈ മാസം ആദ്യം പൊലീസിന്റെ കൈയിലെത്തിയതായും വിവരം പുറത്തുവന്നു. ഇതോടെ ഇ-മെയില്‍ വിവാദത്തില്‍നിന്ന് തലയൂരാന്‍ നെട്ടോട്ടമോടുന്ന യുഡിഎഫ് സര്‍ക്കാര്‍കൂടുതല്‍ പ്രതിസന്ധിയിലേക്കു വീണു. ഒരാളുടെ ഇ-മെയിലും ചോര്‍ത്തിയിട്ടില്ലെന്ന് ആണയിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീര്‍ത്തും വെട്ടിലായി.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തിലാണ് ഇ-മെയില്‍ ചോര്‍ത്തിയതിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നത്. പട്ടികയില്‍പ്പെട്ടവരുടെ ആശയവിനിമയങ്ങളുടെ പകര്‍പ്പുകള്‍ അടക്കം സേവനദാദാക്കള്‍ ഇ-മെയില്‍ കൈമാറി. ഇവരില്‍നിന്നു ലഭിച്ച ഏഴു ജിഗാബൈറ്റ് (7 ജിബി) വരുന്ന ഉള്ളടക്കമുള്ള സിഡികള്‍ ഹൈടെക്സെല്ലിന്റെ പരിശോധനയിലാണ്. ഇ-മെയില്‍ വിലാസം ഒത്തുനോക്കുക മാത്രമാണ് ചെയ്തതെന്ന സര്‍ക്കാരിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു. കേവലം ഇ-മെയില്‍ വിലാസം മാത്രമാണെങ്കില്‍ അത് ഏഴു ജിഗാബൈറ്റ് സൈസ് ഉണ്ടാകില്ല. സിഡിയില്‍ വലിയ ഫയലുകള്‍ ഉള്ളതിനാലാണ് ഇത്രയേറെ സൈസ്. വിവാദ പട്ടികയിലുള്ളവരുടെ ഇ-മെയില്‍ പാസ്വേഡ് അടക്കമുള്ള വിവരങ്ങള്‍ ലഭിക്കാനായി ഹൈടെക്സെല്‍ കഴിഞ്ഞ നവംബറിലാണ് ഇ-മെയില്‍ സേവനദാദാക്കളെ സമീപിച്ചത്. അഡീഷണല്‍ ഡിജിപി ഹേമചന്ദ്രനുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ സൂപ്രണ്ട് കെ കെ ജയമോഹന്‍ നവംബര്‍ മൂന്നിനാണ് 268 പേരുടെ ഇ-മെയില്‍ വിനിമയവിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈടെക്സെല്ലിനോട് ആവശ്യപ്പെട്ടത്. ചെറുകിട ഇ-മെയില്‍ സേവനദാദാക്കള്‍ മൂന്നാഴ്ചയ്ക്കകം വിവരങ്ങള്‍ കൈമാറി. എന്നാല്‍ , കേന്ദ്ര ഇന്റലിജന്‍സ് ആവശ്യപ്പെട്ടാലെ വിവരങ്ങള്‍ കൈമാറൂ എന്നായിരുന്നു ഗൂഗിള്‍ , യാഹൂ തുടങ്ങിയ വന്‍കിട സേവനദാദാക്കളുടെ നിലപാട്. എന്നാല്‍ , ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരുടെ പട്ടികയാണ് ഇതെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്ന് അവരും നിലപാട് മാറ്റി. ഡിസംബര്‍ ഏഴുമുതല്‍ അവരും വിവരങ്ങള്‍ നല്‍കിത്തുടങ്ങിയെന്ന് മാധ്യമം വാരിക വെളിപ്പെടുത്തുന്നു.

ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്തതായി തെളിയിച്ചാല്‍ പ്രായശ്ചിത്തം ചെയ്യുമെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയതിനാല്‍ ഇങ്ങനെ ചെയ്യേണ്ടി വരുമെന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന. ഇ-മെയില്‍ വിവാദം യുഡിഎഫില്‍ സൃഷ്ടിച്ച പ്രതിസന്ധി ആര്യാടന്റെ പ്രസ്താവനയോടെ കൂടുതല്‍ രൂക്ഷമായതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ കേസ് എടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന മന്ത്രി ആര്യാടനെ ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുന്നുമുണ്ട്. "മാധ്യമം" സ്വയം തിരുത്തുമെന്നു പറഞ്ഞ് തടിതപ്പാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതിനിടെയാണ് പുതിയ വഴിത്തിരിവുകള്‍ .

deshabhimani 230112

മാറാട്: പൊലീസ് തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍ - പിണറായി


മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും അന്വേഷിച്ച പൊലീസ് സംഘത്തിന്റെ തലവനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥന്റെ കീഴിലാണ്. രണ്ടന്വേഷണവും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് സ്ഥലംമാറ്റം. കലാപത്തില്‍ പങ്കുവഹിച്ചവരെയും സഹായിച്ചവരെയും സംരക്ഷിക്കുന്ന നിലപാടിന് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും. സഖ്യകക്ഷിയായ ലീഗിന്റെ സമ്മര്‍ദത്തിനും ഇടപെടലിനും വഴങ്ങിയാണ് ഈ നടപടി. ഇത് സര്‍ക്കാര്‍ ഉടന്‍ തിരുത്തണം- പിണറായി വാര്‍ത്താലേഖകരോടു പറഞ്ഞു.

മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ സംശയങ്ങളും ആശങ്കയും ഉയരുകയുണ്ടായി. ഇതേപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ വിദേശ-സാമ്പത്തിക ഇടപാടും തീവ്രവാദ ബന്ധവുമെല്ലാം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ , രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഇതംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അത്തരമൊരു സംഘത്തെ ഇല്ലാതാക്കി അന്വേഷണം തകര്‍ക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. ഒരു സമുദായത്തെ പ്രതിചേര്‍ക്കുംവിധം ഇ-മെയില്‍ ചോര്‍ത്താനുണ്ടായ ശ്രമത്തെപ്പറ്റി തുറന്നുപറയേണ്ടത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ അറിവും അനുമതിയുമില്ലാതെ ഒരുയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഇത്തരമൊരു നടപടി സ്വീകരിക്കില്ല. തീവ്രവാദപ്രവര്‍ത്തനം ലാഘവത്തോടെ കാണേണ്ടതല്ല. എന്തെങ്കിലും കേട്ടയുടന്‍ ഇ-മെയില്‍ പരിശോധിച്ചത് ശരിയല്ല. ഇതിന് പൊലീസിന് അനുമതി നല്‍കിയിരുന്നോ എന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കേണ്ടത്.

ഒരു പ്രത്യേക സമുദായത്തെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നത് വാര്‍ത്തയാക്കിയാല്‍ അത് മതസ്പര്‍ധയാകുമെന്ന ലീഗിന്റെ അഭിപ്രായം ശരിയല്ല. മതസ്പര്‍ധയുണ്ടാക്കുംവിധം കാര്യങ്ങള്‍ കൊണ്ടെത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് പ്രകടിപ്പിക്കേണ്ടത്. തീവ്രവാദപ്രവര്‍ത്തനം ഏതുവിഭാഗത്തിന്റെതായാലും അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണ്. സംസ്ഥാനത്ത് ഇത്തരം ശക്തികളുടെ പ്രവര്‍ത്തനം തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജാഗ്രതയോടെ, മാതൃകാപരമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ , തീവ്രവാദത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. മലേഗാവ്, സംഝോത, മക്കാമസ്ജിദ് സ്ഫോടനങ്ങള്‍ ഹിന്ദുത്വശക്തികള്‍ സംഘടിപ്പിച്ചതാണ്. സംഘപരിവാറിനും ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ജമാഅത്തെ ഇസ്ലാമിയുമായി സിപിഐ എമ്മിന് അടിസ്ഥാനപരമായി ഭിന്നതയുണ്ടെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം: മുല്ലപ്പള്ളി

കോഴിക്കോട്: മാറാട് കലാപത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . കലാപത്തിനുപിന്നിലെ നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടാം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ ഏത് സാഹചര്യത്തിലാണ് മാറ്റിയത് എന്നറിയില്ല. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പുമാണെന്നും മുല്ലപ്പള്ളി വാര്‍ത്താലേഖകരോടു പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോള്‍ തീവ്രവാദികളുടെ റിക്രൂട്ടിങ് നടക്കുന്നില്ലെന്ന,് കേരളത്തില്‍ തീവ്രവാദികളുടെ റിക്രൂട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് മുല്ലപ്പള്ളി പ്രതികരിച്ചു. ഇ-മെയില്‍ പരിശോധനാ വിഷയത്തില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. സംശയാസ്പദമായ കാര്യങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധനക്ക് വിധേയമാക്കുന്നത് സ്വാഭാവികമാണ്. മാറാട് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നതെന്ന് ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.

മാറാട് കലാപത്തില്‍ സംശയത്തിന്റെ നിഴലിലുള്ള മുസ്ലിംലീഗ് ഭരണ സ്വാധീനം ഉപയോഗിച്ച് അന്വേഷണം വഴിതെറ്റിക്കുന്നുവെന്ന സംശയം വ്യാപകമാണ്. മാറാട് കൂട്ടക്കൊല സംബന്ധിച്ച് ലീഗ് നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നതായി ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന യുഡിഎഫ് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. അന്വേഷണ സംഘത്തെ മാറ്റിയതടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടി വരും. മുഖം രക്ഷിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയോ പ്രത്യേക അന്വേഷണ സംഘത്തെ മാറ്റിയ നടപടി പിന്‍വലിക്കുകയോ ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ ലീഗുമായുളള ബന്ധം വഷളാകും.

കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ പുനഃസ്ഥാപിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് പ്രത്യേകസംഘത്തിന്റെ തലവന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ നീക്കിയതിന് കാരണം വ്യക്തമാക്കണമെന്നും ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണവിധേയരായവരുടെ സ്വാധീനത്തിനു വഴങ്ങിയാണ് സ്ഥലംമാറ്റമെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. തീവ്രവാദ-വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനമേകുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും മാറാടടക്കമുള്ള വിഷയങ്ങളുടെ ഗൗരവാവസ്ഥ കണക്കിലെടുത്ത് സ്ഥലംമാറ്റം ഉടന്‍ സര്‍ക്കാര്‍ റദ്ദാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, മാറാട് കലാപത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് പൊതുആവശ്യം ഉയര്‍ന്നാല്‍ ലീഗ് എതിര്‍ക്കില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഞായറാഴ്ച കാസര്‍കോട്ട് പറഞ്ഞു. വിവാദങ്ങളുണ്ടാക്കി സമൂഹത്തിലാകെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

deshabhimani 230112

Sunday, January 22, 2012

ലീഗ് നീക്കത്തില്‍ ദൂരൂഹത

ഇ മെയില്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാതെ മാധ്യമങ്ങളെ പഴിക്കുന്ന ലീഗ് നീക്കത്തില്‍ ദൂരൂഹത. ലീഗ് നേതാക്കളടക്കമുള്ളവര്‍ക്ക് സിമി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പൊലീസ് ഇ മെയില്‍ ചോര്‍ത്താന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ലീഗ് ഉരുണ്ടുകളിക്കുന്നതില്‍ അണികള്‍ അമര്‍ഷത്തിലാണ്.
ഇന്നലെ പാണക്കാട്ട് ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന നേതാക്കളുടെ അടിയന്ത രയോഗത്തില്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി.
സമുദായത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ലീഗ് ഭരണത്തിലിരിക്കുമ്പോള്‍ മുസ്ലീംങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് പൊലീസ് വേട്ടായുടുന്ന സംഭവത്തില്‍ നേതൃത്വം പ്രതികരിക്കാത്തതിന്റെ അനൗചിത്വം പലനേതാക്കളും ചൂണ്ടിക്കാട്ടി.

ഈ വിഷയം സമുദായത്തിലെ മറ്റു ചില പാര്‍ട്ടികളും സംഘടനകളും മുതലെടുക്കയാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മാധ്യമം പുറത്തുവിട്ട വാര്‍ത്തക്ക് കാര്യമായ പ്രചരണം നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ പാര്‍ട്ടി ലീഡര്‍ പി കെ  കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഭരണം എന്തുവിലകൊടുത്തും മുന്നോട്ടുകൊണ്ടുപോകണം. വിവാദങ്ങള്‍ നന്നല്ല.
മാധ്യമം വാരിക പുറത്തുവിട്ടപോലുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വേണ്ടാത്ത കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് കൂടുതല്‍ വാര്‍ത്ത ഉണ്ടാക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു. മാധ്യമത്തിനെതിരെ കേസെടുക്കുന്നത് ഇത്തരം പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കുകയേ ഉള്ളൂ. അതുകൊണ്ടാണ് മാധ്യമത്തിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പര്യമൊന്നും പാര്‍ട്ടിയെടുക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ജമാഅത്തെ ഇസ്ലാമിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു വരുന്ന കുഞ്ഞാലിക്കുട്ടി അവര്‍ക്കെതിരെ  ഫലപ്രദമായി ഉപയോഗിക്കാനുള്ള ആയുധം ലഭിച്ചിട്ടും മലക്കംമറിയുന്നത് കൂടുതല്‍ അന്വേഷണം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്നു മനസിലാക്കിയാണ്. മാധ്യമത്തിനെതിരെ കേസെടുക്കരുതെന്ന നിര്‍ബന്ധബുദ്ധിയാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അതുകൊണ്ടുതന്നെ മാധ്യമത്തിനെതിരെ കാര്യമായ ഒരു പ്രതികരണത്തിനും കുഞ്ഞാലിക്കുട്ടി തയ്യാറായിട്ടില്ല.

സാമുദായിക ഐക്യത്തിനും സൗഹാര്‍ദ്ദത്തിനും പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രചാരണമാണ് മാധ്യമം നടത്തിയതെന്ന് യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച പാണക്കാട് തങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചു.
(സുരേഷ് എടപ്പാള്‍)

janayugom 220112

ഇ-മെയില്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ രണ്ടുതട്ടില്‍

തീവ്രവാദബന്ധം ആരോപിച്ച് 268 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് നടത്തിയ നീക്കം യുഡിഎഫ് സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോടെ മന്ത്രിസഭയിലെ ചേരിതിരിവ് പ്രകടമായി. വിവാദത്തില്‍ നിന്നു തലയൂരാന്‍ മുഖ്യമന്ത്രി നടത്തുന്ന ബോധപൂര്‍വമായ നീക്കങ്ങളില്‍ മന്ത്രിമാരും ഘടകകക്ഷികളും അമര്‍ഷത്തിലാണ്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത മുസ്ലിംലീഗ് യോഗത്തിലും സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നു.

ആരുടെയും ഇ-മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്തതായി തെളിയിച്ചാല്‍ ആവശ്യമായ പ്രായശ്ചിത്തം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ , ഇ-മെയില്‍ ചോര്‍ത്തുന്നതില്‍ തെറ്റില്ലെന്നും കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറിയതിനാല്‍ ഇത്തരത്തില്‍ ചെയ്യേണ്ടിവരുമെന്നും ആര്യാടന്‍ പ്രതികരിച്ചു. വാര്‍ത്ത പുറത്തുവിട്ട "മാധ്യമ"ത്തിനെതിരെ കേസെടുക്കാനുള്ള കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കണമെന്നാണ് ആര്യാടന്റെ നിലപാട്. കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ ചില മന്ത്രിമാര്‍ ആര്യാടന് രഹസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, മാധ്യമം സ്വയം തിരുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ്.

മുസ്ലിംലീഗ് നേതാക്കള്‍ പരസ്യമായി എതിരഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും ലീഗിനുള്ളില്‍ കടുത്ത പ്രതിഷേധമുണ്ട്. ചോര്‍ത്താനായി രഹസ്യാന്വേഷണവിഭാഗം ഹൈടെക് സെല്ലിനു കൈമാറിയ 268 ഇ- മെയിലുകളില്‍ 258ഉം വിവിധ മേഖലയിലുള്ള മുസ്ലിം സമുദായക്കാരുടേതാണ്. മുന്‍ എംപി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ഇക്കൂട്ടത്തിലുണ്ട്. ആഭ്യന്തരവകുപ്പിന്റെ നടപടി അന്വേഷിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ്ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ചര്‍ച്ചചെയ്യാന്‍ മലപ്പുറത്ത് ശനിയാഴ്ച ലീഗ് അടിയന്തര ഉന്നതതലയോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്തവര്‍ ആഭ്യന്തരവകുപ്പിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ചു. എന്നാല്‍ , നേതൃയോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവന മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. ധര്‍മം മറക്കരുതെന്ന് മാധ്യമങ്ങളെ ഉപദേശിച്ച പ്രസ്താവനയില്‍ ചില മാധ്യമങ്ങള്‍ സാമുദായിക ഐക്യത്തിന് പോറലേല്‍പ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.

സിമി ബന്ധം ആരോപിച്ചാണ് 268 പേരുടെ ലിസ്റ്റ് ഹൈടെക് സെല്ലിന് കൈമാറിയത്. ഏഴ് ഇ- മെയില്‍ സേവനദാതാക്കളായ കമ്പനികളില്‍ നിന്നുള്ള "ലോഗിന്‍" വിശദാംശം ശേഖരിക്കണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചത്. ഇതു ലഭിച്ചശേഷം പാസ്വേര്‍ഡ് മനസ്സിലാക്കി ഇ- മെയില്‍ ചോര്‍ത്താനായിരുന്നു പരിപാടി. ഇ-മെയില്‍ കമ്പനികളില്‍ ചിലതിന്റെ ആസ്ഥാനം വിദേശത്തായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് വിവരം പുറത്തായത്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള മലയാളിയില്‍ നിന്നാണ് ഇ- മെയില്‍ വിലാസങ്ങള്‍ പൊലീസിനു കിട്ടിയത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള ഇയാള്‍ ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണവലയത്തിനു പുറത്താണത്രേ. ഇ- മെയില്‍ വിശദാംശങ്ങളടങ്ങിയ സിഡികളാണ് ഇയാളില്‍നിന്നു കിട്ടിയത്.

ഇ- മെയില്‍ ചോര്‍ത്തല്‍ വിവരം പുറത്തുവിട്ടതാണ് സര്‍ക്കാര്‍ ഇപ്പോള്‍ വലിയ കുറ്റമായി വ്യാഖ്യാനിക്കുന്നത്. ചോര്‍ത്തലിനു പിന്നിലെ പൗരാവകാശധ്വംസനത്തെ കുറിച്ച് മിണ്ടുന്നില്ല. ഒരാളുടെ ഇ- മെയിലില്‍ കടന്നുകയറുന്നത് ഐടി നിയമപ്രകാരം കുറ്റമാണ്. ആഭ്യന്തരവകുപ്പിന്റെ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ലെന്നും അതുകൊണ്ടു തന്നെ ഇ-മെയില്‍ ചോര്‍ത്തലിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുക്തിസഹമായി വെളിപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ വിശദാംശത്തിന് കത്തയച്ചത് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് ലാഘവബുദ്ധിയോടെ പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു.

സംസ്ഥാനത്ത് മുസ്ലിംവേട്ട നടക്കുന്നില്ല: ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തില്‍ മുസ്ലിം വേട്ടയുണ്ടെന്ന് ആരും കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് അഭിപ്രായപ്പെട്ടു. പാണക്കാട് ചേര്‍ന്ന അടിയന്തര മുസ്ലിം ലീഗ് നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. സാമുദായിക ഐക്യത്തിന് ചില മാധ്യമങ്ങള്‍ പോറലേല്‍പ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള നീക്കം അപലപനീയമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിരപരാധികളെ വേട്ടയാടില്ലെന്ന് ലീഗ് ഉറപ്പുവരുത്തും. യോഗത്തില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ പി എ മജീദ് എന്നിവരും പങ്കെടുത്തു. ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ രണ്ടഭിപ്രായം രൂപപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടിയത്. ഇ മെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും സംഘവും ഇതിനെ എതിര്‍ക്കുന്നു.

അരക്ഷിതബോധം സൃഷ്ടിക്കാന്‍ ശ്രമമെന്ന്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന് പ്രചരിപ്പിച്ച് സമുദായത്തില്‍ അരക്ഷിതബോധം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഈ പ്രവണത ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായ സ്പര്‍ദയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇതു വിലപ്പോവില്ല. ചില ഛിദ്രശക്തികളാണ് നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. മാധ്യമങ്ങള്‍ നാടിന്റെ നന്മയും പുരോഗതിയുമാണ് കാംക്ഷിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

deshabhimani 220112

Saturday, January 21, 2012

ഇ-മെയില്‍ : മുഖ്യമന്ത്രി യുക്തിസഹമായ മറുപടി നല്‍കണം- പിണറായി

ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം പൗരന്മാരുടെ ഇ-മെയില്‍ കേരള പൊലീസ് ചോര്‍ത്താന്‍ ശ്രമിച്ചതിനെപ്പറ്റി യുക്തിസഹമായ വെളിപ്പെടുത്തല്‍ നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് സിപ.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാന്‍ പൊലീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമതി നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കാന്‍ വൈകിക്കൂടാ. തീവ്രവാദബന്ധമുള്ള കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നതിന് ആരും തടസ്സം നില്‍ക്കാന്‍ പാടില്ല. എന്നാല്‍ , അന്വേഷണത്തിന്റെ പേരില്‍ , രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്ത പൗരന്മാരുടെ പൗരാവകാശം ഹനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. തീവ്രവാദ ബന്ധമുള്ള കേസിന്റെ മറവില്‍ 268 പേരുടെ ഇ-മെയില്‍ പരിശോധനയ്ക്കാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇത്രയധികംപേരുടെ ഇ-മെയില്‍ പരിശോധിക്കാന്‍ പൊലീസിന് ആഭ്യന്തരവകുപ്പിന്റെ നിയമപരമായ സമ്മതം വേണം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നടപടി ഉണ്ടാകില്ല.

പൊലീസ് നിരീക്ഷണത്തിന് തയ്യാറാക്കിയ 268 പേരില്‍ 10 പേര്‍ ഒഴികെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരാണ്. അവരില്‍ മുസ്ലിംലീഗിന്റെ അറിയപ്പെടുന്ന നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. ഈ വ്യക്തികളെ കണ്ടെത്താനും അവരുടെ "ലോഗിന്‍" വിശദാംശങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് ഉത്തരവുണ്ടായത്. ഇതിനര്‍ഥം, ഈ വ്യക്തികളുടെ ഇ-മെയിലിലേക്ക് അവരറിയാതെ അവരുടെ "പാസ്വേര്‍ഡ്" ഉപയോഗിച്ച് പൊലീസിന് കടന്നുകയറാമെന്നാണ്. ഭരണഘടന നല്‍കുന്ന പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഗുരുതരമായ തീവ്രവാദകേസ് എന്തെന്നും സംശയിക്കപ്പെടുന്ന വ്യക്തികള്‍ രാജ്യദ്രോഹികളാണോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവം പുറത്തുകൊണ്ടുവന്ന "മാധ്യമ"ത്തിനെതിരെ ക്രിമിനല്‍കേസ് എടുക്കാനുള്ള മന്ത്രിസഭാ തീരുമാനം അവിവേകമാണ്. പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ്. ഉടനടി കേസ് എടുക്കണമെന്ന് ഒരു മന്ത്രി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. "മാധ്യമ"ത്തിനെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

Friday, January 20, 2012

ഇമെയില്‍ വിവാദം: മന്ത്രിസഭയിലും യു ഡി എഫിലും ഭിന്നത

ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം വാരികക്കെതിരെ  നടപടി എടുക്കുന്ന കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍ കേസിനല്ല മുന്‍ഗണന നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട്.

മുഖ്യമന്ത്രിയും മന്ത്രിസഭയിലെ പ്രമുഖനായ അംഗവും സ്വീകരിച്ചിട്ടുള്ള പരസ്പരവിരുദ്ധമായ നിലപാടുകള്‍ പ്രശ്‌നം സംബന്ധിച്ച് കോണ്‍ഗ്രസ് (ഐ) യിലും യു ഡി എഫിലും ഉരുത്തിരിഞ്ഞിട്ടുള്ള ഭിന്നതകളുടെ പ്രതിഫലനമാണ്. കോണ്‍ഗ്രസ് (ഐ) ക്കുള്ളില്‍ ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മുസ്ലീംലീഗ് വിരുദ്ധചേരി കര്‍ക്കശമായ നിലപാടിനുവേണ്ടി വാദിക്കുകയാണ്. ലീഗിനെ യാതൊരുതരത്തിലും വിധത്തിലും പ്രകോപിപ്പിക്കാതെ ഭരണം നിലനിര്‍ത്തണമെന്ന് വാദിക്കുന്നവരാണ് മറുപക്ഷത്ത്. പുറമെ ഒന്നുംതന്നെ പറഞ്ഞിട്ടില്ലെങ്കിലും സംഭവഗതികളില്‍ മുസ്ലീംലീഗിന് കടുത്ത അതൃപ്തിയുണ്ട്.  ഇമെയില്‍ വിവാദത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണക്കുന്നവരും അര്‍ഥഗര്‍ഭമായ മൗനംപാലിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

മന്ത്രിസഭയിലും യു ഡി എഫിലും കോണ്‍ഗ്രസിലും ഭിന്നത. എന്തുവന്നാലും മാധ്യമത്തിനെതിരെ കേസെടുക്കണമെന്ന നിലാപാടാണ് കടുത്ത ജമാഅത്തെ വിരോധിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മന്ത്രി ആര്യാടന്‍  മുഹമ്മദിന്റേത്. കേസെടുക്കുന്നതിന്റെ  പേരില്‍ മന്ത്രിസഭ പോയാലും പ്രശ്‌നമില്ലെന്നാണ്  മമ്പാട് എം  ഇ എസ് കോളേജിലെ ചടങ്ങില്‍ ആര്യാടന്‍ അഭിപ്രായപ്പെട്ടത്.   മന്ത്രിസഭ താഴെവീണാലും മാധ്യമത്തിനെതിരെ നടപടിയുമായി മുന്നോട്ടു പോകണമെന്നാണ് തന്റെ അഭിപ്രായം. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ചചെയ്ത ശേഷം ഈ അഭിപ്രായം മന്ത്രിസഭാ യോഗത്തിലും ഉന്നയിച്ചിരുന്നു. ഒരു സമുദായത്തെ തിരഞ്ഞുപിടിച്ചാണ് സര്‍വെ നടത്തിയതെന്ന വാര്‍ത്ത ശരിയല്ല. വിഘടനവാദം ആരുടെ ഭാഗത്തുനിന്നായാലും അത് അപകടകരമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് പൊലീസാണ്. അതു മാത്രമാണ് അവര്‍ ചെയ്യുന്നത്. സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണയേകാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ നീക്കങ്ങളെ സര്‍ക്കാര്‍ നേരിടുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അതേസമയം  കേസെടുക്കുന്നതിനല്ല  മുന്‍ഗണനയെന്നും വാര്‍ത്ത കൊടുത്തവര്‍ സ്വയം തെറ്റു തിരുത്തണമെന്നതാണ് തന്റെ നിലപാടെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.   ആര്യാടന്റെ പ്രസംഗത്തിനു ശേഷം മമ്പാട്ടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി  ആര്യാടന്റെ പ്രസ്താവനയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാധ്യമത്തിനെതിരെ കേസെടുക്കില്ലെന്ന സൂചന നല്‍കിയത്.  തെറ്റായ പ്രചാരണങ്ങള്‍ നടത്തിയ മാധ്യമം വാരികക്കെതിരെ കേസെടുക്കുമെന്നാണ് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുസ്‌ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഈ മലക്കം മറിച്ചിലെന്ന് അറിയുന്നു.

അതേസമയം മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ചിലരുടെ പേരു വിവരങ്ങള്‍ മറച്ചു വെച്ച്  ഇ- മെയില്‍ ലിസ്റ്റ് പുറത്തുവിട്ട മാധ്യമത്തിനെതിരെ നടപടിയെടുക്കാത്ത പക്ഷം അത് സര്‍ക്കാര്‍ മുസ്‌ലിംലീഗിന് കീഴ്‌പ്പെടുന്നു  എന്ന പ്രചാരണം ഉണ്ടാകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കിയതായും  അറിയുന്നു.

janayugom 210112

ഇ-മെയില്‍ വിവാദത്തില്‍ പൂഴ്ത്തിവയ്ക്കുന്നതെന്ത്

ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ട ചോദ്യങ്ങള്‍ പിന്നെയും ശേഷിക്കുകയാണ്. ചില മുസ്ലിംലീഗ് നേതാക്കള്‍ അടക്കമുള്ളവരുടെ മെയില്‍ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന നിഗമനം എന്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ്? ഇവര്‍ക്ക് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സൂചിപ്പിക്കുന്ന എന്തെങ്കിലും ഇന്റലിജന്‍സ് വിവരം സ്റ്റേറ്റ് പൊലീസ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍നിന്നോ, കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്നോ കിട്ടിയിരുന്നോ? ഇക്കാര്യം മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണം. അങ്ങനെ ഒരു റിപ്പോര്‍ട്ടും ഇല്ലെങ്കില്‍ ഇ-മെയില്‍ ചോര്‍ത്തലിന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോര്‍ത്തേണ്ട 268 ഇ-മെയില്‍ വിലാസക്കാരില്‍ 258 പേരും ഒരേ സമുദായത്തില്‍പ്പെട്ടവരായത് എങ്ങനെയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. വര്‍ഗീയസ്വഭാവമേ ഇല്ലാത്ത ഏതെങ്കിലും കുറ്റകൃത്യം മുന്‍നിര്‍ത്തിയാണ് അന്വേഷണമെങ്കില്‍ സംശയത്തിന്റെ സൂചിമുന ഒരേ സമുദായത്തില്‍പ്പെട്ടവരിലേക്ക് ഇത്ര ശക്തമായി തിരിച്ചതെന്തിന് എന്നത് വ്യക്തമാകേണ്ടതുണ്ട്.

മുഖ്യമന്ത്രി മുസ്ലിംലീഗിന്റെ ദയാദാക്ഷിണ്യത്തില്‍ അധികാരത്തില്‍ തുടരുന്നയാളാണ്. അധികാരത്തില്‍ തുടരണമെങ്കില്‍ ലീഗ് അനുവദിക്കുന്ന പരിധിവരെയുള്ള അന്വേഷണമേ സാധ്യമാകൂ. ആ പരിധിയില്‍ മുഖ്യമന്ത്രി എത്തിനില്‍ക്കുകയാണിപ്പോള്‍ ; ഇനി ആകെയുള്ളത് പിന്‍വാങ്ങല്‍മാത്രമാണ്. അതിനുള്ള അരങ്ങാണ് വിശദീകരണങ്ങളിലൂടെ ഇപ്പോള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. വര്‍ഗീയശക്തികളുടെ തടവില്‍കിടക്കുന്ന ഭരണാധികാരിയുടെ നിസ്സഹായത ഒരിക്കല്‍ക്കൂടി കേരളത്തിന് ബോധ്യമാവുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ തോന്നുക, ഇ-മെയില്‍ ചോര്‍ത്തലിന് കാര്യമായ അടിസ്ഥാനമൊന്നുമില്ലായിരുന്നുവെന്നാണ്. എങ്കില്‍പ്പിന്നെ ഇത്രയേറെ പൗരജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയത് എന്തിനായിരുന്നു? മുസ്ലിങ്ങളെല്ലാം സംശയിക്കപ്പെടേണ്ടവരാണെന്ന വിപല്‍ക്കരമായ സന്ദേശം നല്‍കുന്ന വിധത്തിലായിരുന്നില്ലേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇടപെടല്‍ . അപ്പോള്‍പ്പിന്നെ ഗുജറാത്തില്‍ നരേന്ദ്രമോഡി ചെയ്തുപോരുന്ന കാര്യങ്ങളും ഉമ്മന്‍ചാണ്ടി ചെയ്യുന്ന കാര്യങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ഒരു സമുദായമാകെ സംശയിക്കപ്പെടേണ്ടവരാണെന്ന പ്രതീതി പരത്തുന്ന ഏതു പ്രവൃത്തിയും രാജ്യദ്രോഹമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ ഇടപട്ടതിന് ഞങ്ങളുടെ സഹജീവിയായ മാധ്യമമല്ല, മറിച്ച് 268 പേരുടെ ലിസ്റ്റില്‍ 258 മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ് പ്രതിക്കൂട്ടിലാകേണ്ടത് എന്നുവരും; പ്രത്യേകിച്ചും ഇ-മെയില്‍ ചോര്‍ത്തലിന്റെ അടിസ്ഥാനം വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ . എഡിജിപിക്കുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റിന് അയച്ച ലിസ്റ്റിനൊപ്പം വച്ചിട്ടുള്ള കത്തില്‍ പറയുന്നത്, സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ-മെയില്‍ ഐഡി ലിസ്റ്റിന്റെ പകര്‍പ്പാണിത് എന്നാണ്. ആ വ്യക്തികളെ കണ്ടെത്തണമെന്നും ലോഗ്-ഇന്‍ വിശദാംശങ്ങള്‍ ശേഖരിക്കണമെന്നുമാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് "സിമി" എന്നത് അബദ്ധത്തില്‍ കടന്നുകൂടിയതാണെന്നതാണ്. മുഖ്യമന്ത്രി പറയുന്നതുപോലെ "സിമി" എന്ന വാക്ക് ആ കത്തില്‍ ഇല്ലെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍പ്പിന്നെ പ്രസക്തമാകുന്ന മറ്റൊരു ചോദ്യമുണ്ട്: എങ്കില്‍പ്പിന്നെ എന്തിന് ഇവരുടെ ഇ-മെയിലുകളിലേക്ക് കടന്നുകയറുന്നു? അതിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മെയില്‍ ചോര്‍ത്തല്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. ആരുടെയോ കൈയില്‍നിന്ന് ലഭിച്ച ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതൊക്കെയാണെന്ന് നോക്കുകയായിരുന്നുവത്രേ പൊലീസ്. അതിന് ഈ ദുര്‍ഘടംപിടിച്ച വഴികളിലൂടെ പോകണോ? ആരുടെ കൈയില്‍നിന്നാണോ വിലാസങ്ങള്‍ ലഭിച്ചത്, അയാളോടുതന്നെ ചോദിച്ചാല്‍പോരേ? ഇത്തരം ചോദ്യങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരും ചോദിക്കും എന്നറിയാതെ കോമാളിവേഷം കെട്ടുകയാണ് മുഖ്യമന്ത്രി; നായകവേഷമാണിതെന്ന് ജനങ്ങള്‍ ധരിച്ചുകൊള്ളുമെന്ന വിചാരത്തോടെ. മുഖ്യമന്ത്രി എന്തൊക്കെയോ വിവരങ്ങള്‍ പുഴ്ത്തിവയ്ക്കുന്നു എന്നതാണ് സത്യം. ഇതാകട്ടെ, ഭരണം നിലനിര്‍ത്താനുള്ള വ്യഗ്രതമൂലമാണന്നു വ്യക്തം. ഭരണം നിലനില്‍ക്കുക എന്നതിനേക്കാള്‍ പ്രധാനം കേരളവും ഇന്ത്യയും നിലനില്‍ക്കുക എന്നതാണെന്ന് ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. ഇവിടെ, പത്രപ്രവര്‍ത്തകരുടെവരെ ഇ-മെയില്‍ ചോര്‍ത്തുന്ന സ്ഥിതിയായിരിക്കുന്നു. അടിയന്തരാവസ്ഥയെയും സെന്‍സര്‍ഷിപ്പിനെയുമൊക്കെ ഓര്‍മിപ്പിക്കുന്ന നടപടിയാണിത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഞെരിച്ചുകൊല്ലാനുള്ള ഇത്തരം നീക്കങ്ങള്‍ ജനാധിപത്യസമൂഹത്തില്‍ വച്ചുപൊറുപ്പിക്കാനാകില്ല.

പത്രപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഭരണകക്ഷി അംഗങ്ങള്‍ ശിക്ഷിക്കപ്പെട്ട് രണ്ടാഴ്ച തികയുംമുമ്പ് ഭരണംതന്നെ പത്രപ്രവര്‍ത്തനത്തിനുനേര്‍ക്ക് കടന്നുകയറ്റം നടത്തുന്നു. രാജീവ്ഗാന്ധിയുടെ വസതിക്കുമേല്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയെന്നു പറഞ്ഞ് ഒരു കേന്ദമന്ത്രിസഭയെ- ചന്ദ്രശേഖര്‍ സര്‍ക്കാര്‍ - തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇന്ന് ഇ-മെയില്‍ ചോര്‍ത്തലിലൂടെ സ്വതന്ത്ര പത്രപ്രവര്‍ത്തനം അസാധ്യമാക്കുന്നത്! വര്‍ഗീയത ആളിപ്പടര്‍ത്തുന്ന പ്രസംഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയ തൊഗാഡിയമുതല്‍ ബാല്‍താക്കറെവരെയുള്ളവര്‍ക്കെതിരായ കേസുകള്‍ കോണ്‍ഗ്രസ് ഭരണം ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കിക്കൊടുക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഒരുവശത്ത് പത്രങ്ങളില്‍ വന്നുനിറയുന്നു. മറുവശത്താകട്ടെ, ഇവിടെ ഇ-മെയില്‍ ചോര്‍ത്തുകയും കേസെടുത്ത് പത്രത്തിന്റെ വായമൂടിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കപ്പെടേണ്ടതാണ് ഈ വൈരുധ്യം. ഏറെ വിചിത്രമായ കാര്യം ഇങ്ങനെയൊരു സംഭവമുണ്ടായിട്ടും മുസ്ലിംലീഗിന് മിണ്ടാട്ടമില്ല എന്നതാണ്. അവര്‍ക്ക് ഒരു പ്രതിഷേധവുമില്ല. മന്ത്രിക്കസേരയ്ക്കപ്പുറത്ത് ഒന്നും പ്രശ്നമല്ലാത്ത ഒരു പാര്‍ടി!

deshabhimani editorial 200112

Wednesday, January 18, 2012

വെട്ടിലായത് ലീഗ്

മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും ഉള്‍പ്പെടെയുള്ളവരുടെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയ സര്‍ക്കാര്‍ നടപടി പുറത്തായതോടെ ലീഗ് നേതൃത്വം ഊരാക്കുടുക്കില്‍ . സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന്റെ നടപടിയെ ന്യായീകരിക്കാനും തള്ളിപ്പറയാനുമാകാത്ത അവസ്ഥയിലാണ് ലീഗ് നേതൃത്വം. ആഭ്യന്തരവകുപ്പിന്റെ ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നതും ലീഗിനെ കുഴക്കുന്നു. സുപ്രധാന മേഖലകളിലുള്ള കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങളും മറ്റുമാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ലീഗ് എംഎല്‍എ അബ്ദുസമദ് സമദാനി, മുന്‍ എംപി പി വി അബ്ദുള്‍വഹാബ് എന്നിവരുടെയും ലീഗിന്റെ വിവിധതലങ്ങളിലുള്ള നിരവധി നേതാക്കളുടെയും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.

വിഷയത്തില്‍ എടുത്തുചാടി പ്രതികരിക്കേണ്ടതില്ലെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ മുതിര്‍ന്നുമില്ല. "കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കേണ്ടതില്ലെന്ന്" മുന്‍ എംപി അബ്ദുള്‍ വഹാബ് പറഞ്ഞു. ഒരു പത്രത്തില്‍ വന്ന വിവരം മാത്രമാണിത്. ആധികാരികമായിരിക്കണമെന്നില്ല. റിപ്പോര്‍ട്ട് വന്നശേഷം പ്രതികരിക്കാം. കാള പെറ്റിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. ദുബായിയിലുള്ള വഹാബ് ബുധനാഴ്ചയേ മടങ്ങിയെത്തൂ. അതേസമയം ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരിക്കാന്‍ അബ്ദുള്‍ സമദ് സമദാനി എല്‍എല്‍എ തയ്യാറായില്ല. ഇ മെയില്‍ ചോര്‍ത്തല്‍ പട്ടികയിലുള്ള അല്ലാമ ഇക്ബാല്‍ ഫൗണ്ടേഷനുമായി ബന്ധമില്ലെന്നാണ് എംഎല്‍എയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മറ്റ് മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത് ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ നടക്കുന്ന മുസ്ലിംവേട്ടയുടെ ഭാഗമാണ് ഇത്തരം നടപടികളെന്നാണ് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചത്. വിഷയം ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും പോലുള്ള സംഘടനകള്‍ മുതലെടുക്കുമെന്നും ലീഗ് ഭയക്കുന്നു. പാര്‍ടി നേതൃത്വത്തിന്റെ മൗനം രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്ന വിമര്‍ശവും പാര്‍ടിയിലെ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. വിഷയത്തില്‍ പോട്ടെ, വരട്ടെ എന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി കെ എം ഷാജിയുടെ പ്രതികരണം ലീഗ് നേതൃത്വത്തെയാണ് ഉന്നംവയ്ക്കുന്നത്.

deshabhimani 180112

ഇ-മെയില്‍ ചോര്‍ത്തലിന് സ്ഥിരീകരണം

മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും അടക്കമുള്ള 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ ശേഖരിച്ചതായി ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചു. പൊലീസിന്റെ അന്വേഷണത്തിനു വിധേയനായ ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ വിശദാംശങ്ങളാണ് സുരക്ഷാനടപടിയുടെ ഭാഗമായി ശേഖരിച്ചതെന്ന് ഡിജിപി ജേക്കബ് പുന്നൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ , ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല. ഈ വ്യക്തിയില്‍നിന്ന് 258 ഇ-മെയില്‍ വിലാസങ്ങള്‍(ഇ മെയില്‍ ഐഡി) ലഭിച്ചിരുന്നെന്നും ഈ ഇ-മെയിലുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ് ചെയ്തതെന്നും ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇ-മെയില്‍ വിലാസങ്ങളില്‍നിന്ന് ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഹൈടെക് സെല്ലിന് വിവരം ശേഖരിക്കാന്‍ കത്തെഴുതിയതെന്ന് ഡിജിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നവംബര്‍ മൂന്നിനാണ് രഹസ്യാന്വേഷണവിഭാഗം ഹൈടെക് സെല്ലിന് കത്ത് നല്‍കിയത്. മുസ്ലിംലീഗ് എംഎല്‍എ അബ്ദുസമദ് സമദാനി, മുന്‍ എംപി പി വി അബ്ദുള്‍ വഹാബ് എന്നിവരുള്‍പ്പെടെ സുപ്രധാന മേഖലകളിലുള്ള 258 കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി. ലീഗിന്റെ വിവിധ തട്ടിലുള്ള നിരവധി നേതാക്കളുടെ ഇ-മെയില്‍ വിവരം പൊലീസ് ശേഖരിച്ചു. ഒരു വാരിക ഇക്കാര്യം പുറത്തുവിട്ടതോടെയാണ് വന്‍ വിവാദമായത്. അതേസമയം, തീവ്രവാദസംഘടനകളുമായി ബന്ധമുള്ള ഒരാളെ ചോദ്യംചെയ്തപ്പോഴാണ് പൊലീസിന് ഈ ഇ-മെയില്‍ വിലാസങ്ങള്‍ ലഭിച്ചതെന്ന് വ്യക്തമായി. ഇപ്പോഴും അന്വേഷണപരിധിയിലുള്ള ഇയാളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കുനല്‍കിയ റിപ്പോര്‍ട്ടിലും ഇയാളെ കുറിച്ച് സൂചനയില്ല. ഇയാള്‍ക്ക് ഇത്രയുംപേരുടെ ഇ-മെയില്‍ ഐഡി എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്.

258 മുസ്ലിങ്ങളുടെ ഇ-മെയില്‍ ചോര്‍ത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതിനിടെയാണ് ഇ-മെയിലുകള്‍ പരിശോധിച്ചെന്ന് സ്ഥിരീകരിച്ച് ഡിജിപിയുടെ വാര്‍ത്താകുറിപ്പ്. ആരുടെപേരില്‍ ഏതു വിലാസത്തിലാണ് ഇ-മെയില്‍ ഐഡി ഉണ്ടാക്കിയിരിക്കുന്നത് എന്നറിയണം എന്നല്ലാതെ പാസ്വേഡോ, ഉള്ളടക്കമോ അറിയിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടില്ലെന്നും ഡിജിപി അറിയിച്ചു. ഇ-മെയില്‍ ഐഡി ആരുടേതാണെന്നുപോലും അറിയാതെയാണ് കത്തയച്ചത്. ആളാരാണെന്ന് അറിയുക മാത്രമായിരുന്നു ലക്ഷ്യം. മെയിലുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല. ആരുടെയും സ്വകാര്യതയില്‍ കടന്നുകയറിയിട്ടുമില്ല. അന്വേഷണവിധേയനായ ആളിന്റെ പക്കല്‍നിന്നു ലഭിച്ച മുഴുവന്‍ ഇ-മെയില്‍ ഐഡികളുടെയും വിശദാംശം ശേഖരിക്കാന്‍ നിര്‍ദേശിച്ചു. ആരെയും ഒഴിവാക്കിയിട്ടില്ല. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെയും പേരുകള്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 180112

Tuesday, January 17, 2012

ഇ മെയില്‍ ചോര്‍ത്തലും ഒട്ടകപക്ഷിയും

പൗരന്റെ സ്വകാര്യത എന്നത് ഏതൊരു സമൂഹത്തിന്റെയും ആത്മാഭിമാനത്തിന്റെ അടയാളമാണ്. പരിഷ്‌കൃത ലോകം അതിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായി ഇതിനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഭരണാധികാരം അതിന്റെ രഹസ്യകണ്ണുകളുമായി പൗരന്മാരുടെ നിത്യജീവിതത്തിന്റെ ഓരോ ചലനങ്ങളിലേയ്ക്കും ഒളിഞ്ഞുനോക്കുന്ന സ്ഥിതിവിശേഷം അപരിഷ്‌കൃതമാണ്. അത് അരോചകവും അനീതിയുമാണ്. പൗരജീവിതത്തെ അരക്ഷിതബോധത്തിലേയ്ക്ക് തള്ളിവിടുന്ന 'സര്‍ക്കാര്‍ ഒളിഞ്ഞുനോട്ടം' ജനാധിപത്യ സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ്.

ദേശീയസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എന്തെങ്കിലും വിട്ടുവീഴ്ച വേണമെന്നല്ല, ഇവിടെ വിവക്ഷ. അത്തരം കാര്യങ്ങളില്‍ ദേശവിരുദ്ധ ശക്തികളോടും അവരുടെ കൈയില്‍ കളിക്കുന്നവരോടും യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് രാജ്യത്തിന്റെ അഖണ്ഡതയെ മാനിക്കുന്ന എല്ലാവരുടെയും നിലപാട്. സമൂഹത്തില്‍ അന്തഃച്ഛിദ്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരും തീവ്രവാദത്തിന്റെ വിഷവിത്തു പാകാന്‍ ശ്രമിക്കുന്നവരും നിയമത്തിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ ഇടയാകരുതെന്നും ദേശസ്‌നേഹമുള്ള ജനാധിപത്യവാദികള്‍ പറയും. ഇത്തരം കാര്യങ്ങളില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താന്‍ ഉതകുന്നതാകണം.

സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് ജ3 2444/2011 എസ് ബി എന്ന നമ്പരില്‍ ഇറങ്ങിയ രഹസ്യസന്ദേശം പല തരത്തില്‍ ചര്‍ച്ചാവിഷയമായിരിക്കയാണ്. മുസ്ലീംലീഗിന്റെ ഒരു എം എല്‍ എ, ലീഗിന്റെതന്നെ ഒരു മുന്‍ എം പി തുടങ്ങി 268 പേരുടെ ഇമെയില്‍ റജിസ്‌ട്രേഷനും ലോഗ് ഇന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട സര്‍വീസ് ദാതാക്കളില്‍നിന്ന് ശേഖരിക്കണമെന്നാണ് പ്രസ്തുത സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ 268 പേരില്‍ മുസ്ലീംലീഗിന്റെ പ്രമുഖ നേതാക്കള്‍ക്കുപുറമെ മാതൃഭൂമി, ചന്ദ്രിക, മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അവരില്‍ 258 പേരും മുസ്ലീങ്ങളാണെന്നുള്ളതും മാധ്യമങ്ങള്‍ എടുത്തുപറയുന്നു.

പതിവുപോലെ ഒരന്വേഷണ ഉത്തരവ് നല്‍കിക്കൊണ്ട് തന്റെ ചുമതല പൂര്‍ത്തിയാക്കിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭാവിക്കുന്നത്. എന്നാല്‍ നിസാരമല്ലാത്ത ചില വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നകാര്യം ഗവണ്‍മെന്റ് അറിയാതിരിക്കരുത്. ലീഗിന്റെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവരുടെ ഇമെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്നതാണ് അതില്‍ പ്രധാനം. ദേശദ്രോഹശക്തികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇവരില്‍ ആരെങ്കിലും പുലര്‍ത്തുന്നതായി ഗവണ്‍മെന്റിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടോ? ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് കൈമലര്‍ത്തി നില്‍ക്കാന്‍ കഴിയില്ലല്ലോ. അങ്ങനെയെങ്കില്‍ അതുതടയുന്നതിന് നിയമാനുസൃതം ഗവണ്‍മെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ എന്തുകൊണ്ടു ചെയ്തില്ലെന്ന ചോദ്യം ഉയര്‍ന്നുവരുന്നു.

അല്ലാത്തപക്ഷം മുസ്ലീങ്ങള്‍ക്കെതിരായ യുദ്ധത്തിന്റെ ശൈലി യു ഡി എഫ് ഗവണ്‍മെന്റ് സ്വീകരിക്കയാണോ എന്ന് ചിന്തിക്കേണ്ടിവരും. ആ ശൈലിയുടെ ആഗോള നായകത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിനാണ്. ഇന്ത്യയില്‍ അതിന്റെ നേരവകാശി നരേന്ദ്ര മോഡിയാണ്. അവര്‍ കെട്ടഴിച്ചുവിടുന്ന മുസ്ലീം വിരോധത്തിലൂന്നിയ മനശ്ശാസ്ത്ര യുദ്ധത്തിന് കേരളത്തിലും അരങ്ങൊരുക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ അത് മാപ്പില്ലാത്ത കുറ്റമായിരിക്കും.

നിയമവാഴ്ച നിലവിലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവണ്‍മെന്റിന്റെ പങ്ക് നിര്‍ണായകമാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നിരക്കാത്ത ഏതു പ്രവൃത്തിയെയും തടയേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണ്. അതിന് നിയമം അനുശാസിക്കുന്ന വ്യവസ്ഥാപിതമായ വഴികളുണ്ട്. രഹസ്യ പൊലീസിനെ കയറൂരിവിട്ട് ഏതൊരു പൗരന്റെയും സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കലല്ല, ആ വഴി അതു മനസിലാക്കാനുള്ള വകതിരിവും ജനാധിപത്യബോധവും ഗവണ്‍മെന്റിനുണ്ടാകേണ്ടതാണ്.

അത്തരം പ്രാഥമിക മര്യാദകള്‍പോലും മറന്ന് മുസ്‌ലിം വിരുദ്ധ പ്രചാരവേലയ്ക്കു തക്കംപാര്‍ത്തിരിക്കുന്നവരെ സന്തോഷിപ്പിക്കുംവിധം ഗവണ്‍മെന്റ് പെരുമാറുന്നത് ഒട്ടും ആശാസ്യമല്ല. കേരള സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി മാറിയ ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ മുസ്ലീംലീഗന്റെ നിലപാട് എന്താണെന്നു ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അന്വേഷണ ഫലത്തിനായി അവര്‍ കാത്തിരിക്കയാണത്രെ. അതേ പൂഴിമണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപക്ഷിയെപ്പോലെ കോണ്‍ഗ്രസും മുഖ്യമന്ത്രിയും പെരുമാറുന്നു. കേരളത്തിനാവശ്യം ഒട്ടകപക്ഷികളെയല്ല, നേരും നെറിയുമുള്ള ഭരണാധികാരികളെയാണെന്ന് ജനങ്ങള്‍ വീണ്ടും മനസിലാക്കുകയാണ്.

janayugom editorial 170112

ലീഗ് എംഎല്‍എയടക്കമുള്ള മുസ്ലിങ്ങളുടെ ഇ-മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തി

മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും ഉള്‍പ്പെടെ സുപ്രധാന മേഖലകളിലുള്ള കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങളും മറ്റും സര്‍ക്കാര്‍ ചോര്‍ത്തി. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗം 2011 നവംബര്‍ മൂന്നിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈടെക് കുറ്റാന്വേഷണവിഭാഗമാണ് ചോര്‍ത്തല്‍ നടത്തിയത്. വിവരം പുറത്തായതിനെതുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണവിഭാഗത്തിനുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച നിര്‍ദേശം നല്‍കി.

മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയുമായ അബ്ദുസമദ് സമദാനി, മുന്‍ എംപി പി വി അബ്ദുള്‍വഹാബ് എന്നിവരുടെയും ലീഗിന്റെ വിവിധതലങ്ങളിലുള്ള നിരവധി നേതാക്കളുടെയും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്കുപുറമെ മുസ്ലിങ്ങളായ എഴുത്തുകാര്‍ , പത്രപ്രവര്‍ത്തകര്‍ , സാമൂഹ്യസംഘടനാ നേതാക്കള്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയും വിവരങ്ങള്‍ ചോര്‍ത്തി. മുസ്ലിംലീഗ് നേതാക്കള്‍ ഇ-മെയില്‍ മുഖേന നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശം ശേഖരിച്ചിട്ടുണ്ട്. ഇ-മെയില്‍ വിലാസങ്ങള്‍ യഥാര്‍ഥമാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയില്‍പ്പെടുത്തി. ആഭ്യന്തരവകുപ്പിന്റെ ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എസ്പി കെ കെ ജയമോഹനാണ് ഹൈടെക് സെല്ലിന് നമ്പര്‍ പി മൂന്ന്. 2444/2011 എന്ന നമ്പരിലുള്ള കത്ത് നല്‍കിയത്. സംസ്ഥാനത്ത് തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് ചോര്‍ത്തല്‍ നടത്തിയതെന്നാണ് സൂചന.

ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇ-മെയില്‍ വിലാസം ശരിയാണോയെന്ന് പരിശോധിച്ചതായി ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ സമ്മതിച്ചു. ലീഗിലും മറ്റു ചില സാമൂഹ്യസംഘടനകളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായുള്ള സൂചനയെതുടര്‍ന്നാണ് ഇ-മെയിലും മറ്റും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. കേരള മുസ്ലിങ്ങളുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത "മാധ്യമം" വാരികയാണ് പുറത്തുവിട്ടത്. സര്‍ക്കാരിന്റെ രഹസ്യനീക്കത്തെക്കുറിച്ച് "മാധ്യമം" പത്രത്തിലും വാര്‍ത്ത വന്നിരുന്നു. അങ്ങനെയാണ് ഇന്റലിജന്‍സ് വിഭാഗം ഹൈടെക് സെല്ലിന് നല്‍കിയ നിര്‍ദേശം പുറത്തായത്. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.

ടെലിഫോണ്‍ ചോര്‍ത്തലിനേക്കാള്‍ ഗൗരവമുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. തീവ്രവാദപ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ ലീഗ് നേതാക്കളുടെയും അവരെ അനുകൂലിക്കുന്ന സംഘടനകളുടെയും ഇ- മെയിലും മറ്റും നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇ- മെയില്‍ സേവനദാതാക്കളായ 23 കമ്പനികളുടെ ഉപയോക്താക്കളായവരുടെ സ്വകാര്യ മെയില്‍ സന്ദേശങ്ങള്‍ രഹസ്യമായി തുറന്ന് പരിശോധിച്ചു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കമ്പനികള്‍ ഇവരുടെ പാസ്വേഡ് കൈമാറിയിരുന്നു. നവംബര്‍ രണ്ടാംവാരംമുതലാണ് കമ്പനികള്‍ പാസ്വേഡ് നല്‍കിയത്. ഇ- മെയില്‍ ചോര്‍ത്തലിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

deshabhimani 170112