Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Sunday, August 15, 2021

ഇന്ത്യ സംഭവങ്ങളുടെ ഭൂപടം: കലാപങ്ങളും യുദ്ധങ്ങളും അടയാളപ്പെടുത്തിയ 74 വർഷങ്ങൾ

കലാപങ്ങളും യുദ്ധങ്ങളും അടയാളപ്പെടുത്തിയ 74 വർഷങ്ങൾ. ഭരണഘടനാമൂല്യങ്ങൾക്ക്‌ വർഷങ്ങൾ കൊണ്ട്‌ ഏറ്റ അപരിഹാര്യമായ പരിക്കുകൾക്കും ഈ  വർഷങ്ങൾ സാക്ഷിയായി. കലാപങ്ങളിൽ നഷ്ടപ്പെട്ടത്‌ ആയിരക്കണക്കിന്‌  ജീവനും ജീവിതങ്ങളും. രാഷ്‌ട്രീയ ലാഭത്തിനായി ജനങ്ങളെ വിഭജിച്ച കോൺഗ്രസ്‌–- ബിജെപി സർക്കാരുകൾ.  ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നത്‌ കോർപറേറ്റ്‌ സേവയ്‌ക്കുകൂടി വേണ്ടിയാണെന്ന്‌ ബോധ്യപ്പെട്ട വർഷങ്ങൾ.   ധനാഢ്യർക്കുവേണ്ടി മാത്രം ഭരിക്കുന്ന സർക്കാർ. ദരിദ്രരുടെയും മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെയും  തൊഴിലാളികളുടെയും   ദീനരോദനം   കേൾക്കാൻ  തയ്യാറാകാത്ത സർക്കാരുകൾ ജനാധിപത്യത്തെ ദുർബലമാക്കിയിരിക്കുന്നു. ഈ 74 വർഷത്തെ സുപ്രധാന ചരിത്ര സംഭവങ്ങൾ...

കശ്‌മീർ ഇന്ത്യയിൽ (1947)

ഇന്ത്യ–-പാക്‌ വിഭജനത്തിന്‌ പിന്നാലെ, സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന കശ്‌മീർ പിടിച്ചെടുക്കാൻ പാകിസ്ഥാൻ ശ്രമം. പാക്‌ സൈന്യം പ്രാദേശിക ഗോത്രവർഗക്കാരുടെ സഹായത്തോടെ ശ്രീനഗറിലേക്ക്‌.  ഓപ്പറേഷൻ ഗുൽമാർഗ് എന്ന പാക്‌ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ കശ്‌മീരിലെ രാജാവ്‌  ഹരിസിങ്‌ അഭ്യർഥിച്ചു. ഇന്ത്യൻ പട്ടാളം കശ്‌മീരിൽ. ഈ എറ്റമുട്ടലാണ്‌ ഒന്നാം ഇന്ത്യ–- പാക്‌ യുദ്ധം. ഹരിസിങ് ഇന്ത്യയോട് സഹായം അഭ്യർഥിച്ചതിനൊപ്പം തന്നെ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള ലയനരേഖ  ഒപ്പുവച്ചു. കശ്‌മീരിനെ ഇന്ത്യയോട്‌ ചേർക്കുകയാണെന്ന്‌ 1947 ഒക്‌ടോബർ 26ന്‌ രാജാവ്‌ പ്രഖ്യാപിച്ചു. പ്രത്യേകപദവിയും പരമാവധി സ്വയംഭരണവും നൽകുമെന്ന്‌ ഇന്ത്യ വാഗ്‌ദാനം നൽകി. ഇതിനായി 370 അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തി. കശ്‌മീരിന്റെ ഒരു ഭാഗം അന്ന്‌ പാക്‌ നിയന്ത്രണത്തിലായി. അതാണ്‌ പാക്‌ അധിനിവേശ കശ്‌മീർ.

ഗാന്ധി വധം (1948)

1948 ജനുവരി 30ന്‌ രാഷ്ട്രപിതാവ്‌ മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ഹിന്ദുമഹാസഭാ–- ആർഎസ്‌എസ്‌ നേതാവായ നാഥുറാം വിനായക് ഗോഡ്‌സേ കൊലപ്പെടുത്തി. ഡൽഹി ബിർളാ ഹൗസിന്റെ മുറ്റത്ത്‌ പ്രാർഥനാ യോഗത്തിന്‌ എത്തിയപ്പോൾ  വെടിവച്ച്‌ കൊല്ലുകയായിരുന്നു. പ്രാർഥനാവേദിയിലേക്ക്‌  ഗാന്ധിജി നടന്നുപോകവേ, ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന തോക്ക്‌ ഇരുകൈകളിലാക്കി ഗാന്ധിജിയെ വന്ദിച്ചു. ഇടതുകൈകൊണ്ട് ഗാന്ധിജിയുടെ സഹായി മനുവിനെ തള്ളിമാറ്റി. മറുകൈയിലെ തോക്കുകൊണ്ട്  മൂന്ന് തവണ വെടിയുതിർത്തു. മൂന്ന് വെടിയുണ്ടയും ഗാന്ധിജിയുടെ നെഞ്ചിൽ തുളച്ചുകയറി. "ഹേ റാം, ഹേ റാം" എന്ന് പറഞ്ഞ്‌  കൈകൂപ്പി  നിലത്ത് വീണു. മതനിരപേക്ഷ ഇന്ത്യയുടെ നെഞ്ച്‌ പിളർത്തുകയായിരുന്നു ഹിന്ദുത്വ തീവ്രവാദികൾ.

ഇന്ത്യ–-ചൈന യുദ്ധം (1962)

അയൽരാജ്യങ്ങൾക്കിടയിലെ ദീർഘസൗഹൃദത്തിന്‌ 1950കളിൽ രൂപപ്പെട്ട  അതിർത്തി തർക്കത്തോടെ പരിക്കേറ്റു. 1959 മാർച്ചിൽ ടിബറ്റിൽനിന്ന്‌ പലായനം ചെയ്‌ത ദലൈലാമയ്‌ക്ക്‌  ഇന്ത്യ അഭയം നൽകിയത്‌ ചൈനയെ പ്രകോപിപ്പിച്ചു. 1960 ഏപ്രിലിൽ ഇന്ത്യ–- ചൈന ഉച്ചകോടിയിലെ ചർച്ച 20 മണിക്കൂറിലേറെ തുടർന്നെങ്കിലും  അതിർത്തി തർക്കത്തിൽ സമവായവുണ്ടായില്ല. 1962 സെപ്‌തംബർ 10ന്‌ ഇരുരാജ്യങ്ങളിലെയും സേനകൾ തമ്മിൽ ഉരസലുണ്ടായി. ഒക്‌ടോബർ 20ന്‌ യുദ്ധം ആരംഭിച്ചു.  കിഴക്ക്‌, പടിഞ്ഞാറ്‌ സെക്‌ടറുകളിൽ നിന്ന്‌ ഒരേസമയം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിന്‌ പിടിച്ചു നിൽക്കാനായില്ല. തവാങ്ങും അരുണാചൽ പ്രദേശിന്റെ ഒരു ഭാഗവും പിടിച്ചെടുത്തു. ഇന്ത്യയെ നിഷ്‌പ്രയാസം തോൽപ്പിച്ച ചൈന നവംബർ 21ന്‌ മുന്നേറ്റം നിർത്തിവയ്‌ക്കുകയായിരുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ചൈന പിൻമാറി. ഏറ്റുമുട്ടലിന്റെ അലയൊലി ഇപ്പോഴും തുടരുന്നു. കഴിഞ്ഞ വർഷം  ലഡാക്ക്‌ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലും ഇതിന്റെ തുടർച്ച.

ഇന്ത്യ–-പാക്‌ യുദ്ധം (1965)

ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യ നേരിട്ട തിരിച്ചടിയാണ്‌ പാകിസ്ഥാനെ യുദ്ധത്തിന്‌ പ്രേരിപ്പിച്ചത്‌. 1965ൽ കശ്‌മീർ പിടിച്ചെടുക്കാൻ ‘ഓപ്പറേഷൻ ജിബ്രാൾട്ടർ’ എന്ന നുഴഞ്ഞുകയറ്റ പദ്ധതി പാകിസ്ഥാൻ രൂപംനൽകി. ഇതിന്‌ തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണം ഇരു രാജ്യവും തമ്മിൽ നടത്തിയ ഏറ്റവും വലിയ സേനാമുന്നേറ്റത്തിന്‌ വഴിതുറന്നു. പാക്‌ നീക്കം ചെറുത്ത ഇന്ത്യൻ സൈന്യം പാകിസ്ഥാനിലേക്ക്‌ പ്രവേശിച്ചു. യുദ്ധത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടു. 1965 സെപ്‌തംബർ 22ന്‌ യുഎൻ സുരക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കി. തുടർന്ന്‌ സോവിയറ്റ്‌ യൂണിയൻ മുൻകൈയെടുത്ത്‌ 1966 ജനുവരി 10ന്‌ ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്‌ത്രിയും പാക്‌ പട്ടാളഭരണാധികാരി അയൂബ്‌ ഖാനും താഷ്‌ക്കെന്റ് കരാറിൽ ഒപ്പിട്ടതോടെയാണ്‌ യുദ്ധം അവസാനിച്ചത്. അടുത്തദിവസം താഷ്‌ക്കെന്റിൽ ലാൽബഹാദൂർ ശാസ്‌ത്രി മരിച്ചു.

മൂന്നാം ഇന്ത്യ–-പാക്‌ യുദ്ധം; ബംഗ്ലാദേശിന്റെ പിറവി (1971)

1971 ഡിസംബർ മൂന്നി-ന് ഇന്ത്യൻ വ്യോമതാവളങ്ങളെ പാകിസ്ഥാൻ ആക്രമിച്ചതോടെയാണ്‌ യുദ്ധാരംഭം.  ഇന്ത്യയുടെ കിഴക്ക്‌, പടിഞ്ഞാറ്‌ അതിർത്തിയിലാണ്‌ 13 ദിവസം ഏറ്റുമുട്ടലുണ്ടായത്‌. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്ന്‌ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായി വേറിട്ടുനിൽക്കുന്ന കിഴക്കൻ പാകിസ്ഥാന്റെ സ്വാതന്ത്ര്യസ്വപ്‌നം യുദ്ധത്തിലൂടെ ഇന്ത്യ സാധ്യമാക്കി. ബംഗാളിന്റെ മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്ഥാന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ, ഭരണകേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരമെന്നത് കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളിൽ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചു. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്തയിലേക്ക്‌ എത്തുകയായിരുന്നു. 1971 ഡിസംബർ 16ന് ഇന്ത്യ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ തൊണ്ണൂറ്റിമുവായിരത്തോളം പാക്‌  സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി.

അടിയന്തരാവസ്ഥ (1975–-1977)

പൗരന്മാർക്ക്‌ മൗലികാവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ നേരെയുണ്ടായ മിന്നലാക്രമണമായിരുന്നു 1975 ജൂൺ 26ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. ഇന്ത്യാ ചരിത്രത്തിലെ കറുത്ത എടുകളിൽ ഒന്ന്‌. പൗരാവകാശങ്ങൾ നിഷേധിച്ച്- പ്രധാനമന്ത്രി ഇന്ദിരഗാന്ധി പെൺ ഹിറ്റ്‌ലറായി.  രാഷ്ട്രീയ എതിരാളികളെ വേട്ടയാടി. കേന്ദ്രഭരണത്തിനെതിരെ അലയടിച്ച പ്രതിഷേധത്തിന്റെയും ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ്- റദ്ദാക്കിയ അലഹബാദ്- ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിലായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനം. "ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്ന മുദ്രാവാക്യം ഉയർത്തി പ്രധാനമന്ത്രിയായി തുടരുന്നതിന്‌ അന്നോളം കാണാത്ത ജനാധിപത്യവിരുദ്ധ നടപടികൾ കൂട്ടത്തോടെ നടപ്പാക്കി. പ്രതിപക്ഷ പാർടി നേതാക്കളും പ്രവർത്തകരും മാത്രമല്ല അടിയന്തരാവസ്ഥയെ വിമർശിച്ച സാംസ്-കാരിക പ്രവർത്തകരുമെല്ലാം ആഭ്യന്തര സുരക്ഷാ നിയമപ്രകാരം തുറുങ്കിലടയ്-ക്കപ്പെട്ടു. പ്രസ്‌- സെൻസർഷിപ്‌- നിലവിൽ വന്നു. പൗരസ്വാതന്ത്ര്യം ഹനിച്ചു. പാർലമെന്റും എക്-സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര സന്തുലനത്തിൽ മാറ്റം വരുത്തി 42–-ാം ഭരണഘടനാ ഭേദഗതി പാസാക്കി. പാർലമെന്റ്- പാസാക്കിയ ഭരണഘടനാ ഭേദഗതികൾ പുനഃപരിശോധിക്കാൻ ജുഡീഷ്യറിക്ക്- അധികാരമില്ലെന്നതാണ് ഭരണഘടനയിൽ വരുത്തിയ  പ്രധാന മാറ്റം. വൈകാതെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തോറ്റു. 1977 മാർച്ച്‌ 21 ന്‌ അടിയന്തരാവസ്ഥ പിൻവലിച്ചു. അമിതാധികാര വാഴ്-ചയിലേക്ക്- ഇന്ദിരാ സർക്കാർ നീങ്ങുന്നുവെന്ന് 1972ൽ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർടി കോൺഗ്രസ്- മുന്നറിയിപ്പ്- നൽകിയിരുന്നു. അതിനെ വേണ്ടത്ര ഗൗരവത്തിൽ കാണാൻ മറ്റുള്ളവർ തയ്യാറായില്ല. 1974ൽ റെയിൽവേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനെ പൊലീസിനെയും അർധസൈന്യത്തെയും ഉപയോഗിച്ച്- അതിഭീകരമായി അടിച്ചമർത്തി-. പശ്ചിമബംഗാളിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അർധഫാസിസ്റ്റ്- ഭീകരത കെട്ടഴിച്ചുവിട്ടു. അടിയന്തരാവസ്ഥയ്-ക്കെതിരെ ശക്തിയുള്ളയിടങ്ങളിലെല്ലാം സിപിഐ എം വലിയ പ്രതിഷേധം സംഘടിപ്പിച്ചു-. എന്നാൽ, ആർഎസ്-എസ് പ്രതിഷേധം പരിമിതമായിരുന്നു. അന്ന് സർസംഘ്- ചാലക്- ആയിരുന്ന ബാലാസാഹിബ്- ദേവറസ്‌- ഇന്ദിരയ്‌ക്ക്- നൽകിയ കത്ത്- മാപ്പ്- അപേക്ഷയായിരുന്നു.

കോൺഗ്രസ്‌ ഇതര സർക്കാർ (1977)

അടിയന്തരാവസ്ഥയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെതിരെ ജനരോഷം പ്രതിഫലിച്ചു. പ്രതിപക്ഷ പാർടികളുടെ സഖ്യമുന്നണിയായ ജനതാ സഖ്യം അധികാരം പിടിച്ചെടുത്തു. ജയപ്രകാശ് നാരായണന്റെ പിന്തുണയിൽ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 81–-ാം വയസ്സിൽ അധികാരത്തിൽ എത്തിയ ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാണ്‌.

പ്രതിപക്ഷകക്ഷികളായ സോഷ്യലിസ്റ്റ്‌ പാർടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (സംഘടന), ഭാരതീയ ലോക്ദൾ, ഭാരതീയ ജനസംഘം എന്നീ കക്ഷികൾ ഒന്നിച്ച്‌ ജനതാ പാർടിയായാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. അടിയന്തരാവസ്ഥക്കാലത്തെ പല നടപടികളും റദ്ദാക്കിയ ജനതാ സർക്കാർ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെപ്പറ്റി അന്വേഷിക്കാൻ കമീഷനെവച്ചു. പല തരം പ്രശ്‌നങ്ങളും നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നതകളും കാരണം 1979 ജൂലൈയിൽ മൊറാർജി രാജിവച്ചു.  ചരൺസിങ്‌ പ്രധാനമന്ത്രിയായെങ്കിലും ആറ്‌ മാസത്തിനകം ഭൂരിപക്ഷം നഷ്‌ടമായി രാജിവച്ചു. അങ്ങിനെ കോൺഗ്രസിതര മന്ത്രിസഭയ്‌ക്ക്‌ കാലാവധി തികയ്‌ക്കാനായില്ല. 

ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984)

പ്രത്യേക സിഖ്‌ രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഖാലിസ്ഥാൻ ഭീകരരെ അമർച്ച ചെയ്യാൻ നടത്തിയ സൈനിക നടപടി. ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ സുവർണക്ഷേത്രത്തിൽ തമ്പടിച്ച സംഘത്തെ പിടികൂടാൻ 1984 ജൂൺ മൂന്നിന്‌ സൈന്യം പ്രദേശം വളഞ്ഞു. അഞ്ചിന്‌ ക്ഷേത്രത്തിൽ പ്രവേശിച്ച്‌ ഏറ്റുമുട്ടലിൽ ഭിന്ദ്രൻവാലയെയും സംഘത്തെയും വധിച്ചു. തീർഥാടകരായി എത്തിയ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾക്ക്‌ ജീവൻ നഷ്‌ടമായി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നു ഈ നടപടി.  

ഇന്ദിര ഗാന്ധി വധം (1984) 

സുവർണ ക്ഷേത്രത്തിലെ സൈനിക നടപടി സിഖ്‌ സമൂഹത്തിൽ ഇന്ദിര ഗാന്ധിയോടുള്ള വിരോധത്തിന്‌ കാരണമായി. 1984 ഒക്ടോബർ 31-ന്‌ അംഗരക്ഷകരായ സത്‌വന്ത് സിങ്‌, ബിയാന്ത് സിങ്‌ എന്നിവർ ഇന്ദിര ഗാന്ധിയെ വീട്ടുമുറ്റത്ത്‌ വെടിവച്ച്‌ വീഴ്‌ത്തി. ബിയാന്ത് സിങ്‌ ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൗണ്ട് വെടിവച്ചു. സത്‌വന്ത് സിങ്‌ ശരീരത്തിലേക്ക് മുപ്പത് റൗണ്ടും വെടിയുതിർത്തു. ഡൽഹിയിലെ സഫ്‌ദർജങ്‌ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആക്രമണത്തിനിടെ ബിയാന്ത് സിങ്ങിനെ മറ്റ് അംഗരക്ഷകർ വധിച്ചു. സത്‌വന്ത് സിങ്ങിനെ അറസ്റ്റുചെയ്തു.

സിഖ്‌ വിരുദ്ധ കലാപം (1984)

ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെ ഡൽഹിയിലും പരിസരങ്ങളിലും സിഖുകാർക്കെതിരെ കോൺഗ്രസുകാർ വ്യാപകമായ കലാപം അഴിച്ചുവിട്ടു. സിഖുകാരുടെ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കൊള്ളയടിച്ചു, തീയിട്ടു. ഡൽഹിയിലും സമീപത്തുമായി 3100 ഓളം സിഖുകാർ കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌ എങ്കിലും യഥാർഥ മരണസംഖ്യ  എത്രയോ ഇരട്ടിയാണ്‌. ആയിരക്കണക്കിനാളുകൾ പാലായനം ചെയ്‌തു. വിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ. വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങൾ കുലുങ്ങുമെന്ന രാജീവ് ഗാന്ധിയുടെ പ്രസ്‌താവന, കലാപം അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെയാണ്‌ നടന്നതെന്നതിന്‌ തെളിവായാണ്‌ വിലയിരുത്തപ്പെടുന്നത്‌. കലാപം നടത്തിയവരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരാൻ പോലും സർക്കാർ താൽപ്പര്യം കാണിച്ചില്ല. ഇത്‌ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും വഴിയൊരുക്കി.  കൂട്ടക്കൊല നടത്തിയ കോൺഗ്രസുകാർക്ക്‌ തങ്ങളുടെ ശക്തമായ  പിന്തുണയുണ്ടായിരുന്നുവെന്ന്‌ ആർഎസ്‌എസ്‌ നേതാക്കൾ പിന്നീട്‌ വെളിപ്പെടുത്തി.

രാജസ്ഥാനിൽ സതി (1987)

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കവേ 1829ൽ നിരോധിച്ച സതി വീണ്ടും അനുഷ്‌ഠിച്ചു. കോൺഗ്രസ്‌ അധികാരത്തിലിരിക്കെ രാജസ്ഥാനിലെ ദേവ്‌രാല ഗ്രാമത്തിൽ പതിനെട്ടുകാരിയായ രജപുത്ര യുവതി രൂപ് കൻവാർ 1987 സെപ്‌തംബർ നാലിനാണ്‌ ദുരാചാരത്തിന്‌ ഇരയായത്‌. ഭർത്താവ്‌ മാൻസിങ്ങിന്റെ മരണത്തെത്തുടർന്ന്‌ വിധവയായ രൂപയോട്‌ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സതി അനുഷ്‌ഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി ആളുകൾ സാക്ഷ്യംവഹിച്ച സംഭവത്തിൽ 45 പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. എന്നാൽ, പ്രതികളെയെല്ലാം വിചാരണയ്‌ക്കുശേഷം വെറുതെവിട്ടു. സതിയെ ന്യായീകരിക്കുകയും  അനുഭാവം പ്രകടിപ്പിക്കുകയുംചെയ്‌ത രാഷ്ട്രീയനേതാക്കന്മാർ ഉൾപ്പെടെ 11 പേരെയും ജയ്‌പുർ കോടതി കുറ്റവിമുക്തരാക്കി.

മണ്ഡൽ കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കൽ (1990)

 ഇന്ത്യയിൽ സാമൂഹ്യനീതി ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം. പട്ടികവിഭാഗക്കാർക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും സംവരണം നൽകേണ്ടതുണ്ടെന്ന്‌ സ്വാതന്ത്ര്യസമരക്കാലത്തുതന്നെ തിരിച്ചറി ഞ്ഞിരുന്നു. ഭരണഘടനയിൽ ഇതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി. എന്നാൽ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഉൾപ്പെടുന്ന മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക്‌ സാമൂഹ്യനീതി ലഭിച്ചിരുന്നില്ല. ഇതുറപ്പാക്കാനാണ്‌ 1990 ആഗസ്‌ത്‌ ഏഴിന് മണ്ഡൽ കമീഷൻ ശുപാർശകൾ  പ്രധാനമന്ത്രി വി പി സിങ്‌  അംഗീകരിച്ചത്‌.  നിർദിഷ്‌ട ജോലികൾ ഏറ്റെടുക്കാൻ പൂർവികരാൽ നിർബന്ധിതരായ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക്‌ ഉന്നത പഠനത്തിനും സർക്കാർ ജോലി ലഭിക്കാനും  മണ്ഡൽ കമീഷൻ ശുപാർശകൾ  അവസരമൊരുക്കി. 1980ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒബിസി വിഭാഗത്തിന്‌ 27 ശതമാനം സംവരണമാണ്‌ ശുപാർശ ചെയ്‌തത്‌. ഇത്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ രാജ്യവ്യാപകമായി മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെ നേതൃത്വത്തിൽ സംവരണ വിരുദ്ധ കലാപം ശക്തിപ്പെട്ടു. സംഘപരിവാർ ആയിരുന്നു പ്രക്ഷോഭത്തിന്‌ പിന്നിൽ.

രാജീവ്‌ ഗാന്ധി വധം (1991)

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മെയ് 21ന്‌ ലോക്‌‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ എൽടിടിഇ ഭീകരർ വധിച്ചു. തനു എന്നും തേന്മൊഴി രാജരത്നം എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നം നടത്തിയ ചാവേർ സ്‌ഫോടനത്തിലാണ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിൽ രാജീവ്‌ കൊല്ലപ്പെട്ടത്‌. 14 പേർക്ക്‌ ജീവൻ നഷ്ടമായി. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു കൊലപാതകം.

ഉദാരവൽക്കരണം (1991)

1991 മെയിൽ അധികാരത്തിൽ വന്ന പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാർ  ഉദാരവൽക്കരണത്തിന്‌ തുടക്കമിട്ടു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ആസൂത്രണത്തിലും സ്വാശ്രയത്വത്തിലും ഊന്നിയുള്ള സമ്മിശ്രസമ്പദ്‌വ്യവസ്ഥയെന്ന അടിസ്ഥാന കാഴ്‌ചപ്പാട്‌ തിരുത്തിയാണ്‌ 1991 ജൂലൈ 24ന്  ധനമന്ത്രി മൻ‌മോഹൻ സിങ്‌  കേന്ദ്ര ബജറ്റിലൂടെ നിയന്ത്രണങ്ങളില്ലാത്ത സ്വകാര്യവൽക്കരണത്തിന്‌ തുടക്കമിട്ടത്‌.  സമ്പദ്‌വ്യവസ്ഥ തുറന്നിട്ടുകൊണ്ട്‌ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്  വഴിയൊരുക്കി. എല്ലാ മേഖലയിലും സർക്കാർ പിന്മാറ്റം,  സ്വകാര്യമേഖലയ്‌ക്ക്‌ പ്രവേശം. ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ സമന്വയിപ്പിച്ച്‌ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന്‌ അവകാശപ്പെടുമ്പോൾ നേട്ടം ലഭിച്ചത്‌ ആഭ്യന്തര വിദേശ കോർപറേറ്റുകൾക്കു മാത്രം.  മൂന്ന്‌ പതിറ്റാണ്ടിനിടെ ശതകോടീശ്വരന്മാരുടെ എണ്ണത്തോടൊപ്പം പട്ടിണിക്കാരുടെ എണ്ണവും കൂടി. അടുത്തിടെ പുറത്തുവന്ന കണക്കുപ്രകാരം 34.5 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചതും വൻ അഴിമതി നടത്തിയതുമാണ്‌ നവ ഉദാരവൽക്കരണത്തിന്റെ നേട്ടം. ഗാട്ട്‌, ഡബ്ല്യുടിഒ, ആസിയാൻ തുടങ്ങി നിരവധി അന്താരാഷ്ട്ര വ്യാപാര ഉടമ്പകളിൽ ഒപ്പിട്ടതോടെ രാജ്യത്തിന്റെ കാർഷിക, ചെറുകിട മേഖലയും പാപ്പരായി. ഉദാരവൽക്കരണത്തോടൊപ്പം ഇന്ത്യ അതിന്റെ ചേരിചേരാ നയം ഉപേക്ഷിച്ച്‌ അമേരിക്കയുടെ ആശ്രിതരാജ്യമായി മാറിക്കൊണ്ട്‌ പശ്‌ചാത്യചേരിയിൽ ഉറച്ചുനിന്നു.

ബാബ്‌റി മസ്‌ജിദ്‌ തകർക്കൽ (1992)

മതനിരപേക്ഷ ഇന്ത്യ തലകുനിച്ച ദിനമാണ് 1992 ഡിസംബർ ആറ്‌. ബാബ്‌റി മസ്‌ജിദിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്‌. എൽ കെ അദ്വാനി രഥയാത്ര സംഘടിപ്പിച്ചതോടെയാണ്‌ വർഗീയവാദികൾ മസ്‌ജിദ്‌ ആക്രമണപദ്ധതിക്ക്‌ തുടക്കമിട്ടത്‌. ആർ‌എസ്‌എസും അനുബന്ധ സംഘടനകളും ഒന്നരലക്ഷം കർസേവകരെ ഉൾപ്പെടുത്തി റാലി സംഘടിപ്പിച്ചു. ഇതിൽ ബിജെപി നേതാക്കളായ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ പ്രസംഗങ്ങളുമുണ്ടായിരുന്നു. റാലിയുടെ ആദ്യ മണിക്കൂറുകളിൽത്തന്നെ, ജനക്കൂട്ടം കൂടുതൽ അക്രമാസക്തരായി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എണ്ണത്തിൽ കുറവായിരുന്ന പൊലീസ് പ്രത്യാക്രമണത്തിന് തയ്യാറാകാതെ ഓടിപ്പോയി. ആൾക്കൂട്ടം മഴു, ചുറ്റിക തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ മസ്‌ജിദിന്റെ മിനാരം പൂർണമായും പൊളിച്ചു.

കാർഗിൽ യുദ്ധം (1999)

1999 മെയ് മൂന്നുമുതൽ ജൂലൈ 26 വരെയാണ് യുദ്ധം നടന്നത്‌. കശ്‌മീരിൽ ഇരുരാജ്യവും തത്വത്തിൽ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാക്‌  പട്ടാളവും ഭീകരരും നുഴഞ്ഞുകയറിയതാണ് യുദ്ധ കാരണം. ഇന്ത്യൻ വ്യോമസേനയുടെ സഹായതോടെ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദവും നിയന്ത്രണരേഖയ്‌ക്ക്‌ പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ നിർബന്ധിതമാക്കി. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയർന്ന മേഖലയിലാണ് യുദ്ധം നടന്നത്. ഇരുരാജ്യവും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. യുദ്ധം അവസാനിച്ച ജൂലൈ 26 ഇന്ത്യ കാർഗിൽ വിജയദിനമായാണ്‌ ആഘോഷിക്കുന്നത്‌.

ഗുജറാത്ത്‌ വംശഹത്യ (2002)

2002 ഫെബ്രുവരി 27 മുതൽ ആഴ്‌ചകൾ  നീണ്ട വംശഹത്യകളിൽ രണ്ടായിരത്തിലേറെ മുസ്ലിങ്ങൾ ഗുജറാത്തിന്റെ വിവിധ ഭാഗത്തായി കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. സ്‌ത്രീകളും കുട്ടികളുമാണ്‌ വ്യാപകമായി ഇരയാക്കപ്പെട്ടത്‌. ഒട്ടേറെ സ്‌ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പ്രധാന കലാപങ്ങൾ അഞ്ചുദിവസമാണ് നടന്നതെങ്കിലും സംസ്ഥാനത്തിന്റെ ചില ഭാഗത്ത്‌ മൂന്നു മാസംവരെ അക്രമം തുടർന്നു. അഹമ്മദാബാദിൽ ആരംഭിച്ച കലാപം ഗുജറാത്തിൽ മുഴുവൻ പടരുകയായിരുന്നു. ഗുജറാത്തിലെ ഗോധ്‌ര റെയിൽവേ സ്റ്റേഷനിൽ സബർമതി എക്‌സ്‌പ്രസിന്റെ എസ്- 6 കോച്ചിന് തീ പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സംഘപരിവാറിന് നേതൃത്വം നൽകുന്ന ആർഎസ്എസും പോഷക സംഘടനകളായ വിഎച്ച്പിയും ബജ്‌രംഗദളുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ കലാപങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയും മറ്റു മുതിർന്ന ബിജെപി നേതാക്കളും വംശഹത്യക്ക് മൗനാനുവാദം നൽകി. കലാപകാരികളോട് മൃദുസമീപനം സ്വീകരിക്കാൻ മോഡി ആവശ്യപ്പെട്ടതായി ആക്ഷേപമുയർന്നു. ഗുജറാത്ത്‌ കലാപമാണ്‌ നരേന്ദ്ര മോഡിയെ സംഘപരിവാറിന്റെ നേതൃത്വത്തിലേക്ക്‌ ഉയരാൻ വഴിയൊരുക്കിയത്‌.

മുംബൈ ഭീകരാക്രമണം (2008)

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ലഷ്‌കർ ഇ തോയ്‌ബ ഭീകരർ 2008 നവംബർ 26-ന്‌ ആക്രമണം നടത്തി. മുംബൈ നഗരത്തെയും രാജ്യത്തെയും നടുക്കിയ ഭീകരാക്രമണമായിരുന്നു ഇത്‌. കടൽ കടന്നെത്തിയ 10 ഭീകരർ നടത്തിയ ആക്രമണത്തിൽ 164 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. സിഎസ്ടി റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമാ ആശുപത്രി, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിങ്ങനെ പത്തിടത്ത്‌ ആക്രമണം നടത്തി. ഏതാണ്ട് 60 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഒമ്പത്‌ ഭീകരരെ വധിച്ചു. പിടികൂടിയ ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ വിചാരണയ്‌ക്കൊടുവിൽ 2012 നവംബർ 21-നു തൂക്കിലേറ്റി. 26/11 എന്നറിയപ്പെടുന്ന ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെ, ഉയർന്ന പോലീസ്‌ ഉദ്യോഗസ്ഥരായ വിജയ് സാലസ്‌കർ, അശോക് കാംതെ എന്നിവർ കൊല്ലപ്പെട്ടു. താജ് ഹോട്ടലിൽനിന്ന്‌ ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്‌ണനും വീരമൃത്യു അടഞ്ഞു.

കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി (2019)

ജമ്മു കശ്‌മീരിന്‌ ഭരണഘടനയുടെ 370–-ാം അനുച്ഛേദപ്രകാരം നൽകിയ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി. ഭരണഘടനയിലെ 35എ അനുച്ഛേദവും അസാധുവാക്കി. ആഗസ്‌ത്‌ അഞ്ചിന്‌ പാർലമെന്റിൽ ഇതുസംബന്ധിച്ച്‌ നിയമം കൊണ്ടുവന്നു. പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലാക്കി താഴ്‌വരെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു കശ്‌മീരിന്റെ സ്വത്വം ഇല്ലാതെയാക്കിയ നടപടി. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ  മിന്നലാക്രമണമായാണ്‌ റദ്ദാക്കൽ വിലയിരുത്തപ്പെട്ടത്‌. സംസ്ഥാനത്തെ വിഭജിച്ച്‌ ജമ്മു കശ്‌മീർ, ലഡാക്ക്‌ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി.

പൗരത്വ ഭേദഗതി നിയമം (2019)

1955-ലെ പൗരത്വനിയമം ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുമ്പ്‌ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്‌തുമതവിഭാഗങ്ങളിൽപ്പെട്ടവർക്ക്‌ പൗരത്വാവകാശം നൽകും. മുമ്പ്‌ കുറഞ്ഞത്‌ 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. പുതിയ നിയമം കലാവധി ആറു വർഷമായി ചുരുക്കി. മുസ്ലിങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമാണ്‌ നിയമം. 2019 ഡിസംബർ ഒമ്പതിന്‌ ലോക്‌സഭയും 11ന്‌ രാജ്യസഭയും ബിൽ പാസാക്കിയതോടെ നിയമം നിലവിൽ വന്നു. മുസ്ലിം അഭയാർഥികളെ സിഎഎയിൽനിന്ന് ഒഴിവാക്കി, ദേശീയ പൗരത്വ റജിസ്റ്ററി (എൻആർസി)ൽ മുസ്ലിം കുടിയേറ്റക്കാരൊഴികെ എല്ലാവരെയും ഉൾപ്പെടുത്തുകയും ചെയ്‌തു. മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ബിജെപിയുടെ നീക്കമായാണ്‌ നിയമത്തെ വിലയിരുത്തുന്നത്‌. സിഎഎക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭം ആലയടിച്ചു. ഷഹീൻബാഗിൽ നടന്ന സമരം അന്തർദേശീയ ശ്രദ്ധ നേടി.

കർഷക പ്രക്ഷോഭം (2020)

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ 2020 ആഗസ്‌ത്‌ ഒമ്പതിന്‌ ആരംഭിച്ച പ്രക്ഷോഭം ഒരു വർഷം പിന്നിട്ടു. നിയമങ്ങൾ നിലവിൽ വന്നയുടൻ കർഷക സംഘടനകൾ പ്രാദേശിക പ്രതിഷേധം ആരംഭിച്ചു. പിന്നീട്‌ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി ചലോ സംഘടിപ്പിച്ചു. എന്നാൽ, ഡൽഹി അതിർത്തിയിൽ പ്രക്ഷോഭകരെ തടഞ്ഞു. തുടർന്ന്‌ തലസ്ഥാന നഗര അതിർത്തിയിൽ പ്രക്ഷോഭകർ തമ്പടിച്ച്‌ സമരം തുടരുകയാണ്‌. നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പൂർണമായി പിൻവലിക്കാതെ നഗരാതിർത്തികൾ ഒഴിയില്ലെന്ന നിലപാടിലാണ് സംഘടനകൾ. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക മുന്നേറ്റമായി മാറിക്കഴിഞ്ഞു. ബിജെപി സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താൻ നിരവധി തവണ ശ്രമമുണ്ടായി. സമരത്തെ നേരിടുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പ്‌ സുപ്രീംകോടതി വാക്കാൽ രേഖപ്പെടുത്തിയിട്ടുണ്ട്‌

Saturday, October 17, 2020

ചരിത്രത്തെ ചുവപ്പിച്ച ഒക്‌ടോബർ ഇതിഹാസം

 മഹത്തായ ഒക്‌ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിന്റെ ഇതിഹാസകാരൻ ജോൺ റീഡിന്റെ ഓർമയ്‌ക്ക്‌ നൂറ്റാണ്ടുതികയുന്നു. 1887 ഒക്ടോബർ 22ന് അമേരിക്കയിലെ പോർട്ട്‌ലണ്ടിൽ ജനിച്ച്‌ 1920 ഒക്‌ടോബർ 17ന്‌ റഷ്യയിലെ ക്രെംലിനിൽ അന്തരിച്ച ജോൺ റീഡിനെ അനശ്വരനാക്കിയത്‌, ഒക്‌ടോബർ വിപ്ലവത്തിന്റെ ജീവൻതുടിക്കുന്ന ചരിത്രരേഖയായ  ‘ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ’. മുപ്പത്തിമൂന്ന്‌ വയസ്സ്‌ മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തെ സാർത്ഥകമാക്കി ആ ഒരൊറ്റ കൃതി. ഒരു നൂറ്റാണ്ടായി ലോകത്തിന്റെ മോചനസ്വപ്നങ്ങൾക്ക്‌ പ്രചോദനവും ചലച്ചിത്രമുൾപ്പെടെയുള്ള കലാവിഷ്‌കാരങ്ങൾക്ക്‌ പ്രമേയവുമായി നിലനിന്ന അത്‌ ഇന്നും ലോകവിപ്ലവസാഹിത്യത്തിലെ ക്ലാസിക്ക്‌.

അമേരിക്കൻ പത്രപ്രവർത്തകനായ ജോൺ റീഡ്‌ ആ തൊഴിലിന്റെ വിശാലമായ മാനമെന്തെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ വിപ്ലവകാരികൂടിയായിരുന്നു. ചാൾസ് ജറോം റീഡിന്റെയും മാർഗരറ്റ് ഗ്രീൻ റീഡിന്റെയും മകൻ. പിറന്നത്‌ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ. ‘ജാക്ക്' എന്നായിരുന്നു വിളിപ്പേര്. ന്യൂജർസിയിലെ സ്കൂൾ പഠനശേഷം പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ ജേർണലിസം വിദ്യാർഥി. കവിതയും നാടകവും ഫുട്‌ബോളുമെല്ലാം വലിയ കമ്പം. യാഥാസ്ഥിതിക മുതലാളിത്തത്തിന്റെ മുഖമുള്ള ക്യാമ്പസിൽ സോഷ്യലിസ്റ്റ് ക്ലബ്ബ്‌ ആരംഭിച്ച്‌ അധികൃതരുടെ നോട്ടപ്പുള്ളിയായി. ബിരുദ പഠനശേഷം സുരക്ഷിതമായ  ജീവിത സാഹചര്യങ്ങളുപേക്ഷിച്ച്‌ പത്രപ്രവർത്തനരംഗത്തെത്തിയ റീഡ്‌  അമേരിക്കയിലെ പീറ്റേഴ്‌സണിൽ തുണിമിൽത്തൊഴിലാളി പണിമുടക്കും കൊളൊറാഡോയിൽ അടിമകളുടെ കലാപവും റിപ്പോർട്ടുചെയ്‌തത്‌ അവരിലൊരാളായി നിന്നുകൊണ്ട്‌. മെക്‌സിക്കോയിലെ ദരിദ്ര ജനവിഭാഗങ്ങളുടെ കലാപ വാർത്തകൾ ‘മെട്രോപ്പോളീറ്റൻ’ എന്ന ആനുകാലികത്തിലൂടെയും ‘വിപ്ലവ മെക്‌സിക്കോ’ എന്ന പുസ്‌തകത്തിലൂടെയും ലോകത്തെ അറിയിച്ചു. സാമ്രാജ്യത്വ യുദ്ധം തുടങ്ങിയതോടെ ഫ്രാൻസ്‌, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം സ്വാതന്ത്ര്യ പോരാട്ടം നടത്തുന്ന ജനങ്ങൾക്കൊപ്പം  ചേർന്ന്‌ യുദ്ധഭ്രാന്തിനെതിരെ സന്ദേശമുയർത്തി.

വൃക്ക തകരാറിനെ തുടർന്നുണ്ടായ അനാരോഗ്യം വകവെക്കാതെയായിരുന്നു ആ സഞ്ചാരങ്ങൾ. യുദ്ധത്തിനും ചൂഷണത്തിനുമെതിരെ തൊഴിലാളികളും മറ്റ്‌ ചൂഷിത വിഭാഗങ്ങളും നടത്തുന്ന പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഗതിമാറ്റുമെന്നതിന്റെ നേർക്കാഴ്‌ച തേടിയായിരുന്നു ആ യാത്രകളെല്ലാം. ഒരു യുഗപിറവിയെക്കുറിച്ചുള്ള തിരിച്ചറിവാണ്‌ 1917ലെ ഗ്രീഷ്‌മകാലത്ത്‌ തിരക്കിട്ട്‌ റഷ്യയിലെത്താൻ റീഡിനെ പ്രേരിപ്പിച്ചതും.  ഭാര്യ ലൂയി ബ്രിയാണ്ടിയുമൊത്തായിരുന്നു യാത്ര. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ റഷ്യയിലുണ്ടായ കലാപങ്ങളിൽ ആസന്നമായ വലിയൊരു വർഗസംഘട്ടനത്തിന്റെ ലക്ഷണങ്ങൾ ക്രാന്തദർശിയായ ആ പത്രപ്രവർത്തകൻ മണത്തു. ചരിത്രം ചുവന്നുതുടുത്ത നാളുകളിൽ പെട്രോഗ്രാഡിലെത്തിയ അദ്ദേഹം ‌അതിന്റെ സമസ്തഭാവങ്ങളും ഒപ്പിയെടുക്കാൻ അവിശ്രാന്തം കണ്ണുതുറന്നു പ്രവർത്തിച്ചു.

1917 നവംബർ ഏഴിന് രാത്രി 11ന് ബോൾഷെവിക്കുകൾ കെരൻസ്കി സർക്കാറിന്റെ ആസ്ഥാനമായ "വിന്റർ പാലസ്സ്' പിടിച്ചെടുക്കുന്നതിന് സാക്ഷിയായതിന്റെ ആവേശവുമായാണ് റീഡ് 18 ഏപ്രിലിൽ അമേരിക്കയിൽ തിരിച്ചെത്തിയത്. റഷ്യൻ വിപ്ലവത്തിന്റെ സന്ദേശം ലോകമെങ്ങുമുള്ള തൊഴിലാളികളിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്രപ്രവർത്തനത്തിലും സംഘാടനങ്ങളിലും മുഴുകി. ഇതിനെതിരെ അമേരിക്കൻ സർക്കാരിന്റെ ദ്രോഹങ്ങളെ ചെറുത്താണ് 1919ൽ വിപ്ലവ ചരിത്രത്തിലെ ക്ലാസിക്കായി മാറിയ ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിനങ്ങൾ പൂർത്തിയാക്കിയത്. പ്രസിദ്ധീകരിച്ചത്‌ ന്യൂയോർക്കിലെ ബോണി ആന്റ് ലൈവ്റൈറ്റ് പുസ്തക കമ്പനി.  റഷ്യൻ വിപ്ലവത്തിന്റെ വെറുമൊരു ദൃഷ്സാക്ഷി വിവരണമെന്നതിലുപരി അതിൽ ആമഗ്നനായ ഒരു വിപ്ലവകാരിയുടെ ഹൃദയവികാരങ്ങൾ ചാലിച്ച രചന അതിവേഗം ജനപ്രീതിനേടി.

ആ കൃതി റീഡിന്‌ എന്തുമാത്രം പ്രധാനമായിരുന്നുവെന്ന്‌ തന്റെ പത്രാധിപ സുഹൃത്ത്‌ മാക്സ് ഈസ്റ്റ്മാന്‌ 1919ൽ എഴുതിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്‌.  ‘"മാക്സ്, ഞാൻ എവിടെയാണെന്ന് ദയവ് ചെയ്ത് ആരോടും പറയരുത്. റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകമെഴുതുകയാണ്. രാവും പകലും… കഴിഞ്ഞ മുപ്പത്തിയാറ് മണിക്കൂറിൽ ഒരുപോള കണ്ണടയ്ക്കാതെ... രണ്ടാഴ്ചക്കകം ഞാൻ എഴുതി തീർക്കും. എനിക്ക് ഒരു കപ്പ് കാപ്പി വേണം. ദൈവത്തെയോർത്ത് ഞാൻ എവിടെയാണെന്ന് ആരോടും പറയരുത്…’’  1919ലാണ് ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ വിപ്ലവസാഹിത്യത്തിലെ അവിസ്മരണീയ രചനയായി പിറവികൊണ്ടത്. അത്‌ വെറും ചരിത്രമായിരുന്നില്ല, ഒക്ടോബർ വിപ്ലവത്തിന്റെ ദൃക്സാക്ഷി വിവരണം കൂടിയാണ്. ഒരു തുണ്ട് ചരിത്രമാണ് തന്റെ പുസ്തകമെന്ന് റീഡ് പറയുന്നത് അത്രയേറെ വാസ്തവം. നവംബർ ആദ്യദിനങ്ങളിലെ ഉരുകിത്തിളച്ച മോസ്കോയിലെയും പരിസരങ്ങളിലെയും ഓരോ ചലനവും ഒപ്പിയെടുത്തതിന്റെ സത്യസന്ധമായ രേഖയാണത്. ലോകചരിത്രത്തിലെ ആദ്യ സോഷ്യലിസ്റ്റ് വിപ്ലവ ശിശുവിന്റെ പിറവിയിലെ സംഘർഷ നിമിഷങ്ങളെ അതിൽ കാണാനാവും. വിപ്ലവത്തിന്റെ നാൾവഴി വിവരണമെന്നതിലുപരി ജീവൻതുടിക്കുന്ന ചിത്രങ്ങളായി അതിലെ താളുകൾ മാറുന്നതും അതുകൊണ്ട്‌.

ലെനിനും ട്രോട്സ്കിയും ഉൾപ്പെടെ കമ്യൂണിസ്റ്റ് നേതാക്കളുമായുള്ള ബന്ധം റീഡിനെ വീണ്ടും റഷ്യയിലെത്തിച്ചു. 1920 ആദ്യം അമേരിക്കയിലേക്കുള്ള മടക്കയാത്രക്കിടയിൽ ഹെൽസിംഗിയിൽവച്ച് റീഡിന് അറസ്റ്റും മർദനവും നേരിടേണ്ടിവന്നു. ആരോഗ്യം ക്ഷയിച്ച അദ്ദേഹം മോസ്കോവിലേക്ക് തന്നെ പോയി. സെപ്റ്റംബർ അവസാനത്തോടെ രോഗം മൂർച്ഛിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 17ന്  അന്ത്യശ്വാസം വലിച്ചു. പൂർണ ഔദ്യോഗിക ബഹുമതിയോടെ ജോൺ റീഡിന്റെ ഭൗതിക ശരീരം ക്രെംലിനിൽ അടക്കം ചെയ്‌തു.

ഗ്രന്ഥത്തെപ്പറ്റി ലെനിൻ പറഞ്ഞു: ‘‘ലോകത്തിലെ മുഴുവൻ ഭാഷകളിലേക്കും ഈ പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുന്നതും ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിക്കപ്പെടുന്നതും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ജോൺ റീഡിന്റെ "ലോകത്തെ പിടിച്ചുകുലുക്കിയ പത്ത് ദിവസങ്ങൾ'വലിയ താൽപര്യത്തോടെയും പതറാത്ത ശ്രദ്ധയോടെയുമാണ് ഞാൻ വായിച്ചത്... മഹത്തായ തൊഴിലാളിവർഗ വിപ്ലവവും അധികാരപ്രാപ്തിയും എങ്ങനെയെന്നതിന് സത്യസന്ധവും വൈവിധ്യമാർന്നതുമായ വിവരണമാണ് അത് നൽകുന്നത്. വിപ്ലത്തിന്റെ ആശയം ആർക്കും സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെങ്കിലും അതിലടങ്ങിയ സങ്കീർണതകളെ ഒരാൾ മനസ്സിലാക്കിയിരിക്കണം. ലോകതൊഴിലാളിവർഗം അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ വിശദീകരണമാണ് റീഡിന്റെ കൃതി.’’

1927ൽ സോവിയറ്റ് യൂണിയനിലും 1932ൽ അമേരിക്കയിലും ജോൺ റീഡിന്റെ ജീവിതകഥ സിനിമയായി.

1981ൽ ‘റെഡ്സ്' എന്ന പേരിൽ വാറൺ ബെറ്റി നിർമിച്ച റീഡിനെക്കുറിച്ചുള്ള ചിത്രം കൂടുതൽ ശ്രദ്ധേയം. നിഷ്‌പക്ഷതയുടെ പേരിൽ വെറും കാഴ്‌ചക്കാരനായി നിന്ന്‌ ജീവൽ പ്രശ്‌നങ്ങളോട്‌ നിസ്സംഗമാവുകയും ക്രമേണ സകല അനീതിയോടും സമരസപ്പെടുകയും ചെയ്യുന്ന സമകാലിക മാധ്യമ പ്രവർത്തനത്തിന്റെ എതിർദിശയിൽ സഞ്ചരിച്ച വിപ്ലവകാരിയായ പത്രപ്രവർത്തകനായിരുന്നു ജോൺ റീഡ്‌. മുതലാളിത്ത ചൂഷണത്തിനും യുദ്ധക്കെടുതികൾക്കുമെതിരെ ചൂഷിതർക്കൊപ്പം നിന്ന്‌  ലോകത്തോട്‌ സത്യം വിളിച്ചുപറയുന്നതാണ്‌ മാധ്യമ ധർമമെന്ന്‌ വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്‌തു. 1999ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഇരുപതാം നൂറ്റാണ്ടിലെ ലോക പത്രപ്രവർത്തനരംഗത്തെ മികച്ച സൃഷ്ടികളിൽ ഏഴാമതായി തിരഞ്ഞെടുത്തത് റീഡിന്റെ "ലോകത്തെ പിടിച്ചു കുലുക്കിയ പത്ത് ദിവസങ്ങൾ.’ അത്‌ ഭൂതകാലത്തിന്റെ ചരിത്രരേഖ മാത്രമല്ല വർത്തമാനത്തിന്റെയും ഭാവിയുടെയും സ്വപ്‌ന പദ്ധതി കൂടിയായിരുന്നു.

എ സുരേഷ്‌

സഹനത്തിന്റെയും സമരത്തിന്റെയും കമ്യൂണിസ്‌റ്റ്‌ ചരിത്രം - പീപ്പിൾസ്‌‌ ഡെമോക്രസിയുടെ മുഖപ്രസംഗം

ചരിത്രദിവസമാണിന്ന്‌. നൂറു‌വർഷംമുമ്പ്‌ ഒക്ടോബർ 17നാണ്‌ മുൻ സോവിയറ്റ്‌ യൂണിയനിലെ താഷ്‌കന്റിൽവച്ച്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപംകൊണ്ടത്‌. സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്നുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ പാർടി ജന്മം കൊണ്ടതും വളർന്നു പന്തലിച്ചതും. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ധാരകളിലുള്ള നല്ലവരും കരുത്തരുമായ പോരാളികളാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയിൽ ചേർന്നത്‌. പാർടിയുടെ വിട്ടുവീഴ്‌ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധതയായിരുന്നു ഇതിന്‌ കാരണം. കടുത്ത അടിച്ചമർത്തലിന്‌ പാർടി വിധേയമായി. ആയിരക്കണക്കിന് പേർ വിവിധ ജയിലുകളിൽ അടയ്‌ക്കപ്പെട്ടു. നിരവധിപേർ ഫ്യൂഡൽവിരുദ്ധ സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ  പങ്കെടുത്ത്‌ രക്തസാക്ഷികളായി.  പ്രത്യേകിച്ചും രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രണ്ട്‌ വർഷത്തിൽ. (1945–-47).

കമ്യൂണിസ്റ്റ്‌ പാർടി നേരിട്ട അടിച്ചമർത്തലിന്റെയും സഹനത്തിന്റെയും ആഴം എത്രയുണ്ടെന്ന്‌ മനസ്സിലാക്കണമെങ്കിൽ ഈയൊരു കണക്കുമാത്രം മതി. 1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യ കോൺഗ്രസിൽ പങ്കെടുത്ത 138 പ്രതിനിധികൾ മൊത്തം 414 വർഷമാണ്‌ ജയിലറകളിൽ കഴിഞ്ഞത്‌. പൂർണസ്വരാജ്‌ അർഥവത്താകണമെങ്കിൽ തൊഴിലാളികളും കർഷകരും സാമ്പത്തികമായും സാമൂഹ്യമായും വിമോചിതരാകണമെന്ന്‌ കമ്യൂണിസ്‌റ്റുകാർ വിശ്വസിച്ചു. ട്രേഡ്‌ യൂണിയനുകളിലൂടെ തൊഴിലാളികളെയും കിസാൻസഭകളിലൂടെ കർഷകരെയും സംഘടിപ്പിക്കുന്നതിലും അവരെ ദേശീയ പ്രസ്ഥാനത്തിലേക്ക്‌ നയിക്കുന്നതിലും കമ്യൂണിസ്റ്റ്‌ പാർടി പ്രധാനപങ്ക്‌ വഹിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം പുതിയ ഭരണവർഗം–-ബൂർഷ്വാ–-ഭൂപ്രഭു സഖ്യം –-ജനാധിപത്യവിപ്ലവം പൂർത്തീകരിക്കുന്നതിൽനിന്ന്‌ മുഖംതിരിഞ്ഞു നിന്നു. വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വ–-ഭൂപ്രഭു സഖ്യം രാഷ്ട്രീയാധികാരം ഉപയോഗിച്ച്‌ മുതലാളിത്ത വികസനപാതയ്‌ക്ക്‌ തുടക്കം കുറിച്ചുവെങ്കിലും ഭൂപ്രഭുത്വവുമായി സന്ധിചെയ്തതിനാൽ ഫ്യൂഡൽ ഭൂബന്ധങ്ങളിൽനിന്ന്‌ കർഷകജനതയെ വിമോചിപ്പിക്കാതെ മുതലാളിത്ത ചൂഷണം അവർക്കുമേൽ അടിച്ചേൽപ്പിച്ചു. വൻകിട കുത്തകകൾക്കും ഗ്രാമീണ സമ്പന്നർക്കും അനുകൂലമായ നയങ്ങളാണ്‌ നടപ്പാക്കിവന്നത്‌.

കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം ഉയർത്തി ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള സമരങ്ങൾ നയിച്ചുകൊണ്ട്‌  കാർഷികബന്ധങ്ങളെ ജനാധിപത്യവൽക്കരിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി  ശ്രമിച്ചു. ഈ സമരങ്ങളുടെ ഫലമായി കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാർ അധികാരമേറി (1957ൽ). തുടർന്ന്‌, പശ്‌ചിമ ബംഗാളിലും ത്രിപുരയിലും  ഇടതുപക്ഷ സർക്കാരുകൾ  രൂപംകൊള്ളുകയും അവിടങ്ങളിലൊക്കെ ഭൂപരിഷ്‌കരണം നടപ്പാക്കുകയും ചെയ്‌തു. സ്വാതന്ത്ര്യം കിട്ടിയ ആദ്യ പതിറ്റാണ്ടുകളിൽ ഭൂപരിഷ്‌കരണം എന്ന  മുദ്രാവാക്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്ര വിഷയമാക്കി മാറ്റിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയായിരുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുവേണ്ടിയുള്ള സമരത്തിന്റെ മുൻപന്തിയിലും കമ്യൂണിസ്റ്റ്‌ പാർടി നിലയുറപ്പിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്‌ മുമ്പുതന്നെ ഇത്തരമൊരു ആശയം കമ്യൂണിസ്റ്റ്‌ പാർടി മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ രാഷ്ട്രീയസംവിധാനത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാതെ പൊരുതിയ പ്രസ്ഥാനവും കമ്യൂണിസ്റ്റ്‌ പാർടിതന്നെ. എല്ലാ മതങ്ങൾക്കും തുല്യത എന്ന ആശയമാണ്‌ മതനിരപേക്ഷത എന്നതുകൊണ്ട്‌ കോൺഗ്രസും മറ്റ്‌ ബൂഷ്വാ പാർടികളും ഉയർത്തിപ്പിടിച്ചതെങ്കിൽ രാഷ്ട്രം, രാഷ്ട്രീയം എന്നിവയിൽനിന്ന്‌ മതത്തെ വേർതിരിക്കുക എന്ന ‌ സിദ്ധാന്തമാണ്‌ കമ്യൂണിസ്‌റ്റുകാർ മുന്നോട്ടുവച്ചത്‌. കേരളത്തിലെയും പശ്‌ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സർക്കാരുകൾ വിവിധ ഘട്ടങ്ങളിൽ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്‌. ഹിന്ദുത്വശക്തികൾ 1990കളിൽ ഉയർന്നുവന്നപ്പോൾ ഇടതുപക്ഷവും കമ്യൂണിസ്റ്റ്‌ പാർടികളുമാണ്‌ അതിനെതിരെ സന്ധിയില്ലാതെ പോരാടിയത്‌.

രാജ്യത്ത് ജനാധിപത്യം ആഴത്തിൽ വേരോടുന്നതിനായി നിലകൊണ്ടതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. ഭരണവർഗം എപ്പോഴും ജനാധിപത്യത്തെയും പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെയും പരിമിതപ്പെടുത്താനാണ്‌ ശ്രമിച്ചത്‌. മുൻകരുതൽ അറസ്‌റ്റിനെ എതിർത്ത കമ്യൂണിസ്റ്റ്‌ പാർടികൾ എന്നും ജനാധിപത്യ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാനാണ്‌ നിലകൊണ്ടത്‌. അടിയന്തരാവസ്ഥയെ എതിർത്ത സിപിഐ എമ്മിന്റെ നിരവധി നേതാക്കൾ ജയിലിലടയ്‌ക്കപ്പെട്ടു.

മൂന്ന്‌ ദശാബ്‌ദംമുമ്പ്‌ ഭരണവർഗം നവ ഉദാരവൽക്കരണനയങ്ങൾ സ്വീകരിച്ചതോടെ മുതലാളിത്ത വികസനമാതൃകയിൽ വൻ മാറ്റങ്ങൾ ദൃശ്യമായി. കോൺഗ്രസും ബിജെപിയും മറ്റ്‌ ബൂർഷ്വാ പാർടികളും നവഉദാരവൽക്കരണനയത്തെ പുണർന്നു. എന്നാൽ, ഈ നയത്തെയും അതിന്റെ ഭാഗമായുണ്ടായ സാമ്രാജ്യത്വ അനുകൂലചായ്‌വിനെയും കമ്യൂണിസ്റ്റുകാർ വിട്ടുവീഴ്‌ചയില്ലാതെ എതിർത്തു. ഈ നവ ഉദാരവൽക്കരണ ആക്രമണത്തിനെതിരെ തൊഴിലാളിവർഗ ഐക്യം കെട്ടിപ്പടുക്കുന്നതിനും കമ്യൂണിസ്റ്റുകാർ തന്നെയാണ്‌ മുൻനിന്ന്‌ പ്രവർത്തിച്ചത്‌. നവ ഉദാരവൽക്കരണത്തിന്റെ വിവിധ വശങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം 19 പണിമുടക്ക്‌ നടത്തുകയുണ്ടായി. 20–-ാമത്തെ പണിമുടക്കാണ്‌ നവംബർ 26ന്‌ നടക്കാൻ പോകുന്നത്‌.

ഭരണവർഗത്തിന്‌ കമ്യൂണിസ്റ്റുകാരോടും ഇടതുപക്ഷത്തോടും ഒടുങ്ങാത്ത കലിയാണുള്ളത്‌. 1970കളിൽ പശ്‌ചിമബംഗാളിലെ അർധ ഫാസിസ്‌റ്റ്‌ വാഴ്‌ചതന്നെ ഉദാഹരണം. തുടർന്ന്‌, ത്രിപുരയിലും ഇതാവർത്തിക്കപ്പെട്ടു. രണ്ട്‌ സംസ്ഥാനത്തും ഇപ്പോൾ വീണ്ടും കമ്യൂണിസ്റ്റ്‌വിരുദ്ധ ഭീകരത നടമാടുകയാണ്‌. കേരളത്തിലാകട്ടെ സിപിഐ എമ്മിന്റെ നൂറുകണക്കിന്‌ കേഡർമാരെയാണ്‌ ആർഎസ്‌എസ്‌ ഉൾപ്പെടെ ഭരണവർഗം കൊന്നുതള്ളിയത്‌.

വനിതാ വിമോചനം സംബന്ധിച്ച്‌ സമഗ്രമായ ഒരു കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചതും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമായിരുന്നു. എല്ലാ മേഖലയിലും സ്‌ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും ചെയ്‌തു. പുരുഷാധിപത്യവും സാമൂഹ്യമായ അടിച്ചമർത്തലും അവസാനിപ്പിച്ചാലേ വനിതാവിമോചനം യാഥാർഥ്യമാകൂ. 1931ൽത്തന്നെ കമ്യൂണിസ്റ്റ്‌ ഡ്രാഫ്‌റ്റ്‌ പ്ലാറ്റ്‌‌ഫോം ഓഫ്‌ ആക്‌ഷൻ ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനും തൊട്ടുകൂടാത്തവരുടെ വിമോചനത്തിനുമായി വാദിച്ചിരുന്നു. കമ്യൂണിസ്‌റ്റുകാർ എപ്പോഴും വർഗസമരത്തെ സാമൂഹ്യ അടിച്ചമർത്തലിനെതിരായ  പോരാട്ടവുമായി കണ്ണിചേർക്കുമായിരുന്നു.

നവ ഉദാരവൽക്കരണവും ഹിന്ദുത്വവും ശക്തിപ്രാപിക്കുന്നത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. വർഗങ്ങളുടെ ഘടനയിലും മറ്റും നിയോലിബറൽ മുതലാളിത്തം വരുത്തിയ മാറ്റങ്ങൾ തൊഴിലാളിവർഗ, കർഷകപ്രസ്ഥാനങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾക്ക്‌‌ ബദൽ നയങ്ങൾ നടപ്പാക്കുന്നതിൽ പല പരിമിതികളും ഇത്‌ സൃഷ്ടിക്കുന്നുണ്ട്‌. സിപിഐ എമ്മും ഇടതുപക്ഷ ശക്തികളും ഈ സാഹചര്യം മുറിച്ചുകടക്കാനുതകുന്ന  അടവുപരമായ സമീപനങ്ങളും മുദ്രാവാക്യങ്ങളും ‌രൂപപ്പെടുത്തുകയാണ്‌.

കഴിഞ്ഞ ആറുവർഷമായി കേന്ദ്രാധികാരം കൈയാളുന്നത്‌ ഹിന്ദുത്വ ആശയപദ്ധതി അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർടിയാണ്‌. അവരെ നിയന്ത്രിക്കുന്നതാകട്ടെ ഫാസിസ്റ്റ്‌ സംഘടനയായ ആർഎസ്‌എസും. മതനിരപേക്ഷത, ജനാധിപത്യം, തൊഴിലാളിവർഗ ക്ഷേമം എന്നിവയ്‌ക്കെല്ലാം കടുത്ത ആഘാതമാണ്‌ ഈ ഭരണം സൃഷ്ടിക്കുന്നത്‌. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത  അതിന്റെ സത്തയായ സാമ്രാജ്യത്വവിരുദ്ധത പങ്കുവയ്‌ക്കാത്ത ഈ രാഷ്ട്രീയശക്തി ഭരണഘടനയെ അട്ടിമറിക്കാനും സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. സങ്കുചിതവും പിന്തിരിപ്പനുമായ ദേശീയവാദത്തിന്റെ പേരിലാണ്‌ ഈ ശ്രമം.

വ്യാജ ദേശീയതയെന്ന ഈ വെല്ലുവിളിയെ സാമ്രാജ്യത്വവിരുദ്ധതയും മതനിരപേക്ഷതയും എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയുംകൊണ്ട്‌ നേരിടണം. സ്വാതന്ത്ര്യത്തിനായുള്ള സാമ്രാജ്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റുകാർക്കാണ്‌ അത്‌ ചെയ്യാൻ കഴിയുക. എല്ലാ ജനാധിപത്യ–-മതനിരപേക്ഷ ശക്തികളെയും അണിനിരത്താൻ കമ്യൂണിസ്റ്റ്‌,‌ ഇടതുപക്ഷ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കേണ്ടത്‌ അനിവാര്യമാണ്‌. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ  പ്രത്യയശാസ്‌ത്ര അടിത്തറ മാർക്‌സിസം–-ലെനിനിസമാണ്‌. റിവിഷനിസത്തിനെതിരെ നടന്ന ദീർഘസമരത്തിന്റെ ഭാഗമായാണ്‌ 1964ൽ സിപിഐ എം രൂപംകൊണ്ടത്‌. ഉടൻതന്നെ ഇടതുപക്ഷ സാഹസികതയ്‌ക്കെതിരെയും സിപിഐ എമ്മിന്‌ പൊരുതേണ്ടി വന്നു. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന വസ്‌തുനിഷ്‌ഠസാഹചര്യത്തിൽ മാർക്‌സിസം –-ലെനിനിസം പ്രയോഗിച്ചതിന്റെ ഫലമായി ഉണ്ടായ സിപിഐ എം പരിപാടി ജനകീയ ജനാധിപത്യവും അതുവഴി സോഷ്യലിസവുമാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. ഈ ശാസ്‌ത്രീയ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനം വർഗചൂഷണമില്ലാത്ത സാമൂഹ്യ അടിച്ചമർത്തലില്ലാത്ത ഒരു സമൂഹത്തിലേക്കാണ്‌ മുന്നേറാൻ ശ്രമിക്കുന്നത്‌.

ബഹുജന സംഘടനകളുടെ ആരംഭം

 സാമൂഹ്യ പരിവർത്തനത്തിനായി നാനാജനവിഭാഗങ്ങളെയാകെ അണിനിരത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാർ വിവിധ വർഗ ബഹുജനസംഘടനകൾക്ക് രൂപംനൽകുന്നതിന് മുൻകൈെയടുത്തു. 1936ൽ തന്നെ മൂന്ന് അഖിലേന്ത്യാ സംഘടനകൾ–- ആൾ ഇന്ത്യ കിസാൻ സഭ (എഐകെഎസ്), ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്), പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ (പിഡബ്ല്യുഎ)–- രൂപീകരിക്കപ്പെട്ടു. കോൺഗ്രസിലെ ഇടതുപക്ഷ പുരോഗമന വിഭാഗങ്ങളുമായി ചേർന്ന് കമ്യൂണിസ്റ്റുകാരാണ് അവയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചത്.

കിസാൻസഭ

കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ വിശിഷ്യ, ആൾ ഇന്ത്യ വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർടിയിലൂടെയും മീറത്ത്‌ ഗൂഢാലോചന കേസിലെ കുറ്റാരോപിതരുടെ പൊതുപ്രസ്താവനയിലൂടെയും വിശദീകരിക്കപ്പെട്ട ആശയങ്ങൾ  ഇടതുപക്ഷത്തിന്റെ വ്യാപനത്തിന് വലിയ സംഭാവന നൽകി; കൃഷിക്കാർക്കിടയിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തി. തങ്ങളുടേതായ ഒരു സ്വതന്ത്ര വർഗ സംഘടന രൂപപ്പെടുത്തുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവർ പ്രവർത്തിക്കാൻ ആരംഭിച്ചു. കിസാൻസഭയ്ക്കു കീഴിൽ കർഷകജനസാമാന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന്റെ മുൻനിരയിൽ കമ്യൂണിസ്റ്റുകാരായിരുന്നു.

ഈ കാലഘട്ടത്തിൽ നിലനിന്നിരുന്ന മർദനപരമായ നികുതി സംവിധാനത്തിനും ചൂഷണത്തിനുമെതിരെ പടുകൂറ്റൻ സമരങ്ങൾ നടന്നു. നിർബന്ധിതമായി പണിയെടുപ്പിക്കലിനും (അടിമവേല) മറ്റു രൂപങ്ങളിലുള്ള ചൂഷണത്തിനുമെതിരെയുള്ള പ്രക്ഷോഭങ്ങളായിരുന്നു അവ. 1930കളിലെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി കർഷകജനതയുടെ ബാധ്യതകൾ പിന്നെയും വർധിപ്പിച്ചു. 1936ൽ അഖിലേന്ത്യാ കിസാൻ സഭ രൂപീകരിക്കുന്നതിനുമുമ്പ്‌ അടിയന്തരാശ്വാസത്തിനായി മാത്രമല്ല,  മറിച്ച് ഭൂപ്രഭുവ്യവസ്ഥയ്ക്കെതിരെയും വ്യക്തമായ ദിശാബോധത്തോടെയുമുള്ള സുവ്യക്തമായ പരിപാടിയോടുകൂടി വിവിധ സംസ്ഥാനതല സംഘടനകൾ രൂപീകൃതമായി. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിനും അവരെ സമരങ്ങളിലേക്ക് നയിക്കുന്നതിനും കമ്യൂണിസ്റ്റ് നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റുകളുമായി കൈകോർത്തു.

കിസാൻസഭയുടെ സ്ഥാപക സമ്മേളനം (1930) ലഖ്നൗവിൽ ചേർന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തോട്‌ അനുബന്ധിച്ചായിരുന്നു. വർഗസംഘടനയെന്ന നിലയിൽ പ്രത്യേക അസ്തിത്വം സൂക്ഷിക്കുന്നതിനൊപ്പം ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കിസാൻ സഭയെ ഉയർത്തിക്കാണിക്കുകയെന്നതായിരുന്നു ആശയം. ഇ എം എസ് നമ്പൂതിരിപ്പാടിനെയും ഹർകിഷൻ സിങ് സുർജിത്തിനെയുംപോലെയുള്ള പിൽക്കാല തലമുറയിലെ പല കമ്യൂണിസ്റ്റ് നേതാക്കളും ഈ സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്തു.

വിദ്യാർഥി ഫെഡറേഷൻ

റഷ്യൻ വിപ്ലവം സംബന്ധിച്ച കൃതികൾ, സോഷ്യലിസമുണ്ടാക്കിയ നേട്ടങ്ങൾ, ഭഗത്സിങ്ങിനെപ്പോലെയുള്ള ഇന്ത്യൻ വിപ്ലവകാരികളുടെ പ്രവർത്തനങ്ങൾ എന്നിവ യുവജനങ്ങൾക്കിടയിൽ അതിഗംഭീരമായ സ്വാധീനം ചെലുത്തിയിരുന്നു. കമ്യൂണിസ്റ്റുകാരുടെ സ്വാധീനം മനസ്സില്ലാമനസ്സോടെ കോൺഗ്രസ് അംഗീകരിച്ചിരുന്ന ഒരു വസ്തുതയാണ്; ബ്രിട്ടീഷുകാരെ ഈ വസ്തുത വളരെയേറെ ആശങ്കപ്പെടുത്തുകയുമുണ്ടായി.

ഭഗത്സിങ്ങും സഹപ്രവർത്തകരും സ്ഥാപിച്ച നവ്ജവാൻ ഭാരത്‌സഭ പഞ്ചാബ് പ്രദേശത്തെ വലിയൊരു വിഭാഗം യുവജനങ്ങളെയും വിദ്യാർഥികളെയും ആകർഷിച്ചു. ബോംബെ പ്രദേശ് യൂത്ത്‌ലീഗും ആൾ ബംഗാൾ സ്റ്റുഡന്റ്സ് അസോസിയേഷനും (പിന്നീട് ഇത് പിളർന്ന് ബംഗാൾ പ്രദേശ് സ്റ്റുഡന്റ്സ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു) ഈ കാലത്ത് രൂപീകരിച്ച സമാനമായ മറ്റു ചില സംഘടനകളാണ്. ഈ സംഘടനകളുടെ സമ്മേളനങ്ങൾ പാസാക്കിയ പ്രമേയങ്ങൾ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു; ഏറെ പ്രധാനപ്പെട്ട കാര്യം വർഗീയതയ്ക്കെതിരായും അവ പ്രമേയം പാസാക്കിയെന്നതാണ്.

മീററ്റ്‌ ഗൂഢാലോചനക്കേസും ലാഹോർ ഗൂഢാലോചനക്കേസും (ഇതിലാണ് ഭഗത്‌സിങ്ങിനെയും സഖാക്കളെയും ഉൾപ്പെടുത്തിയിരുന്നത്) വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മീററ്റ്, പഞ്ചാബ്, ബോംബെ എന്നിവിടങ്ങളിൽ വിദ്യാർഥി സംഘടനകൾ ഈ വിചാരണകളെ അപലപിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കുകയും ഡിഫൻസ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. മീററ്റ് കോളേജിലെ വിദ്യാർഥികൾ ഈ ആവശ്യത്തിനായി മീററ്റ് കമ്യൂണിസ്റ്റ്സ് സേവാ സംഘ് രൂപീകരിച്ചു. ഈ കാലഘട്ടത്തിൽത്തന്നെ, ചന്ദ്രരാജേശ്വര റാവുവിനെപ്പോലെയുള്ള നേതാക്കൾ തന്റെ സഹപ്രവർത്തകർക്കൊപ്പം 1931ൽ ബനാറസ് സർവകലാശാലയിൽ യങ് കമ്യൂണിസ്റ്റ് രൂപീകരിച്ചു.

മദ്രാസ് പ്രസിഡൻസിയിൽ സമ്പൂർണ സ്വാതന്ത്ര്യം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 1935ൽ പുരോഗമന യുവസമ്മേളനം ചേർന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പ്രവിശ്യാ വിദ്യാർഥി സംഘടനകളെയെല്ലാം ഏകോപിപ്പിക്കുന്നതിനും അഖിലേന്ത്യാ സംഘടന രൂപീകരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ നടന്നത്. ഈ പരിശ്രമങ്ങൾ 1936ൽ സഫലമായി; യുണൈറ്റഡ് പ്രൊവിൻസിലെ (ഉത്തർപ്രദേശ്) വിദ്യാർഥികളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് 1936ൽ സമ്മേളനം സംഘടിപ്പിച്ചത്. പുരോഗമന സാഹിത്യസംഘടന (പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ)

1936ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനവേളയിൽ ലഖ്നൗവിൽ ആയിരുന്നു പുരോഗമന സാഹിത്യസംഘടനയുടെ (പിഡബ്ല്യുഎ) സ്ഥാപക സമ്മേളനം ചേർന്നത്. അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് മാക്സിം ഗോർക്കിയുടെയും യൂറോപ്പിലെ പുരോഗമനവാദികളായ മറ്റ് എഴുത്തുകാരുടെയും നേതൃത്വത്തിൽ രൂപംകൊണ്ട ഫാസിസ്റ്റു വിരുദ്ധരായ എഴുത്തുകാരുടെ സംഘടനയാണ്. കമ്യൂണിസ്റ്റുകാർ മുൻകൈയെടുത്ത് രൂപീകരിച്ച സംഘടനയ്ക്ക് രവീന്ദ്രനാഥ ടാഗോറിന്റെയും സരോജിനി നായിഡുവിന്റെയും മുൻഷി പ്രേംചന്ദിന്റെയും മുൽക്‌ രാജ്‌ ആനന്ദിന്റെയും രാജ്യത്തെ മറ്റ് ഒന്നാംകിട എഴുത്തുകാരുടെയും അനുഗ്രഹാശംസകൾ ഉണ്ടായിരുന്നു.

(കടപ്പാട്: പീപ്പിൾസ് ഡെമോക്രസി)

പാർടിക്ക്‌ അഖിലേന്ത്യാ കേന്ദ്രം

കമ്യൂണിസ്റ്റ് പാർടി 1920ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ആദ്യത്തെ ഒരു ദശകക്കാലത്തുടനീളം സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വമില്ലാതെ പ്രവർത്തനം നടത്തേണ്ടതായി വന്നു. കമ്യൂണിസ്റ്റ് പാർടി ഉണ്ടായിരുന്നുവെന്നതും ഓരോ പാർടി അംഗവും രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നതും ശരിയാണ്. എന്നാൽ, അവരുടെ മുഖ്യപ്രവർത്തനമണ്ഡലം, പ്രത്യേകിച്ചും 1920കളുടെ രണ്ടാം പകുതിയിൽ പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടി ആയിരുന്നു. ഒരു ബഹുജന വിപ്ലവ പാർടി കെട്ടിപ്പടുക്കുന്നതിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്; അതിൽ കമ്യൂണിസ്റ്റ് ഇതരർക്കുപോലും പങ്കുവഹിക്കാനുണ്ടായിരുന്നു.

പരസ്യമായി കേന്ദ്രീകൃതമായ ഒരു കമ്യൂണിസ്റ്റ് പാർടി രൂപീകരിക്കുന്നതിനുള്ള ശ്രമം നടക്കവേയാണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കുമേൽ മീററ്റ് കേസ് അടിച്ചേൽപ്പിക്കപ്പെട്ടത്. 1928 ഡിസംബർ 27 മുതൽ 29 വരെ കൽക്കത്തയിൽ ചേർന്ന സിപിഐയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രഹസ്യയോഗത്തിൽ ഇത് ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, എന്തെങ്കിലുമൊരു നടപടി കൈക്കൊള്ളുന്നതിനുമുമ്പ്‌, ഇതുസംബന്ധിച്ച് മൂർത്തമായ തീരുമാനത്തിൽ എത്തിച്ചേരുന്നതിനു മുമ്പുതന്നെ മിക്കവാറും എല്ലാ പ്രമുഖ നേതാക്കളും അറസ്റ്റ്‌ ചെയ്യപ്പെട്ടു; ഇത് എല്ലാ പ്രമുഖ കമ്യൂണിസ്റ്റ് പ്രവർത്തനകേന്ദ്രങ്ങളിലും സംഘടനാപരമായ വിടവിന് ഇടയാക്കി.

ഒറ്റപ്പെട്ട കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തനം നടത്തിയിരുന്നെങ്കിലും പ്രത്യയശാസ്ത്രപരമോ സംഘടനാപരമായിപ്പോലുമോ ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശേഷിയുള്ള കേന്ദ്ര സംഘടനയും ഉണ്ടായിരുന്നില്ല. വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പരസ്പരം ബന്ധപ്പെടാതെ വേറിട്ട് നിൽക്കുകയായിരുന്നു. അതേസമയത്ത്, 1933 ആദ്യം ജാമ്യം നേടി ജയിലിനുപുറത്തുവന്ന ഡോ. ജി അധികാരി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന വിവിധ മാർക്സിസ്റ്റ്–- ഇടതുപക്ഷ ഗ്രൂപ്പുകളെ ചലിപ്പിക്കുന്നതിലും ഏകീകൃതമായ ഒരു പാർടി വീണ്ടും രൂപപ്പെടുത്തുന്നതിലും പ്രമുഖമായ പങ്കുവഹിക്കുകയുണ്ടായി.

മീററ്റ് തടവുകാരുടെ മോചനത്തോടുകൂടി, അവർ തടവിലാക്കപ്പെട്ടതോടെ അറ്റുപോയ പഴയബന്ധം പുനഃസ്ഥാപിക്കപ്പെട്ടുവെന്നുമാത്രമല്ല, നിരവധി പുതിയ വ്യക്തികളും ഗ്രൂപ്പുകളും പാർടിയിലേക്ക് ആകൃഷ്ടരാകുകയുമുണ്ടായി. ജയിൽ മോചിതരായ വിപ്ലവകാരികളായ  ദേശീയവാദികളിൽ ഗണ്യമായ വിഭാഗത്തിനും ഗാന്ധിയൻ സമരശൈലിയുടെ പാപ്പരത്തത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെ സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുകയുണ്ടായി. സോഷ്യലിസ്റ്റ്–- കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് വളരാൻ അനുയോജ്യമായ ഇത്തരമൊരന്തരീക്ഷത്തിലാണ് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ സ്ഥിരമായി പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വത്തോടുകൂടി ഉയർന്നുവന്നത്.

1933 ഡിസംബറിൽ ബംഗാളിലെ കമ്യൂണിസ്റ്റുകാർ കൽക്കത്തയിൽ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർത്തു. ഡോ. ജി അധികാരി, അബ്ദുൾ ഹാലിം, സോമനാഥ് ലാഹിരി, ഡോ. രണേൻസെൻ (ബംഗാൾ), പി സി ജോഷി (കാൺപുർ), എസ് ജി പടാക്ക, ഗുർദീപ്‌സിങ് (പഞ്ചാബ്) എന്നിവർ ഇതുസംബന്ധിച്ച കൂടിയാലോചനകളിൽ പങ്കെടുത്തു. മൂന്ന് വിധത്തിൽ ആ യോഗം പ്രാധാന്യമർഹിക്കുന്നതായിരുന്നു: (1) സിപിഐയുടെ താൽക്കാലിക കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. (2) താൽക്കാലികമായി കരട് നിയമാവലി അംഗീകരിക്കപ്പെട്ടു. (3) കരട് രാഷ്ട്രീയ തീസിസ് അംഗീകരിക്കപ്പെട്ടു. ഡോ. അധികാരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു; പ്രൊവിൻഷ്യൽ (പ്രവിശ്യാ)കമ്മിറ്റികൾ എത്രയും വേഗം പുനഃസംഘടിപ്പിക്കണമെന്നും തീരുമാനിച്ചു.

കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും രൂപീകരിക്കപ്പെട്ടത്, കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രേഖകൾ കമ്യൂണിസ്റ്റുകാർക്കും ഇടതുപക്ഷക്കാർക്കും ലഭ്യമാക്കൽ, ഇന്ത്യൻ രാഷ്ട്രീയസാഹചര്യം, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കൽ എന്നിത്യാദി കാര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ കാഴ്ചപ്പാടും നയങ്ങളും വിശദീകരിക്കുന്ന രേഖകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾകൊണ്ട് അടയാളപ്പെടുത്തപ്പെട്ടു.

സിപിഐയുടെ താൽക്കാലിക കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ തീസിസ്, കേന്ദ്രീകൃതവും അച്ചടക്കമുള്ളതും ഏകീകരിക്കപ്പെട്ടതും ബഹുജന സ്വഭാവമുള്ളതും ഒളിവിൽ പ്രവർത്തിക്കുന്നതുമായ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കലാണ് അടിസ്ഥാനപരവും മുഖ്യവുമായ കടമയെന്ന് തറപ്പിച്ചുപറയുകയുണ്ടായി. കരട് തീസിസ് അംഗീകരിച്ച സിപിഐ കോമിന്റേണുമായി ഔപചാരികമായി അഫിലിയേറ്റ് ചെയ്തു. ഇതോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പുതിയൊരു ഗതിക്രമത്തിലേക്ക് കടന്നു.

കൽക്കത്ത യോഗത്തിന്റെ നേതൃത്വത്തെയും  തീരുമാനങ്ങളെയും കോമിന്റേൺ അംഗീകരിച്ചു; 1934ൽ കോമിന്റേൺ മുഖപത്രമായ ഇംപ്രെക്കോറിൽ രണ്ട് പ്രധാന രേഖ പ്രസിദ്ധീകരിച്ചു–-താൽക്കാലിക കരട് നിയമാവലിയും കരട് രാഷ്ട്രീയ തീസിസും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര നേതൃത്വം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ നിർദേശിച്ച ചട്ടക്കൂടിനുള്ളിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ മാറ്റങ്ങൾ വിലയിരുത്തിക്കൊണ്ട് പ്രവർത്തനമാരംഭിച്ചു. ദേശീയവും സാർവദേശീയവുമായ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരുന്നതിനാൽ ഇത് എളുപ്പമുള്ള കടമയായിരുന്നില്ല.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രനേതൃത്വം (വ്യക്തികളുടെ മാറ്റത്തോടുകൂടി) 1964ൽ പാർടി പിളർന്നതുവരെ തുടർന്നു. മുമ്പ്‌ നടത്തിയ നിഷ്ഫലമായ ശ്രമങ്ങൾക്കുപരി 1933–-34 കാലത്താണ് പാർടി സെന്ററിന്റെ വിജയകരമായ രൂപീകരണം സാധ്യമായത് എന്ന് ഒറ്റവാക്യത്തിൽ പറയാൻ കഴിയും. 1934ഓടുകൂടി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ഒരു ദശകത്തിലേറെക്കാലത്തെ മർദന നടപടികളെയെല്ലാം അതിജീവിച്ചുകൊണ്ട് സജീവമായി പ്രവർത്തനമാരംഭിച്ചു.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

ആദ്യ പാർടി കോൺഗ്രസ്‌ ബോംബെയിൽ

 കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ (സിപിഐ) ഒന്നാം കോൺഗ്രസ് 1943ൽ ബോംബെയിൽ ചേർന്നു. മെയ് 23 മുതൽ ജൂൺ ഒന്നുവരെ എട്ട്‌ ദിവസമായാണ് സമ്മേളനം നടന്നത്. 15563 മെമ്പർഷിപ്പിനെ പ്രതിനിധാനംചെയ്‌ത്‌ 139 പേർ പങ്കെടുത്തു.  പാർടിയുടെയും ട്രേഡ് യൂണിയനുകളുടെയും കിസാൻ സഭയുടെയും മറ്റ് ബഹുജന സംഘടനകളുടെയും മെമ്പർഷിപ്പിൽ  വർധനയുണ്ടായ പശ്ചാത്തലത്തിലാണ് പാർടി കോൺഗ്രസ് ചേർന്നത്.

സർവോപരി, രാജ്യത്ത് നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളാകെ ഒരൊറ്റ ശക്തമായ കമ്യൂണിസ്റ്റ് പാർടിയായി വിളക്കിച്ചേർക്കപ്പെട്ടു. 1941ൽ  ഘാദ്രി കീർത്തി ഗ്രൂപ്പ് പാർടിയിൽ ലയിക്കുകയും ബാബ സോഹൻസിങ് ഭാക്നയെപ്പോലുള്ള അതിന്റെ നേതാക്കൾ പ്രതിനിധികളായി ഒന്നാം കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തു.

1933 അവസാനം 150 ആയിരുന്ന പാർടി മെമ്പർഷിപ്പ് 1942ൽ 4400 ആയും 1943ലെ മെയ് ദിനത്തോടെ അത് 15,563 ആയും വളർന്നുവെന്ന് കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.  2637 മുഴുവൻസമയ പ്രവർത്തകരുമുണ്ടായിരുന്നു.  32,166 വളന്റിയർമാരും കിഷോർ ബാഹിനിയിൽ (യുവജന സംഘടന) 9,000 അംഗങ്ങളും വനിതാ സംഘടനയിൽ 41,100 അംഗങ്ങളും (ഇതിൽ 700 പേർ പാർടി അംഗങ്ങളായിരുന്നു; അംഗങ്ങളിൽ അഞ്ച്‌ ശതമാനം വനിതകളുള്ള ഏക പാർടിയായിരുന്നു അന്ന് കമ്യൂണിസ്റ്റ് പാർടി) വിദ്യാർഥി സംഘടനയിൽ 39,155 അംഗങ്ങളും കിസാൻ സഭയിൽ 3,85,370 അംഗങ്ങളും (ഇതിൽ 5500 പേരും പാർടി അംഗങ്ങളായിരുന്നു) ട്രേഡ് യൂണിയനുകളിൽ 3,01,400 അംഗങ്ങളും (4000 പാർടി അംഗങ്ങളായിരുന്നു) ഉണ്ടായിരുന്നു. എസ് എ  ഡാങ്കെയും ബങ്കിം മുഖർജിയും യഥാക്രമം ട്രേഡ് യൂണിയന്റെയും കിസാൻ സഭയുടെയും പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.

ക്രെഡൻഷ്യൽ റിപ്പോർട്ട് പ്രകാരം 139 പ്രതിനിധികളിൽ 22 തൊഴിലാളികളും 25 കർഷകരും 86 ബുദ്ധിജീവികളും  മൊത്തം പ്രതിനിധികളിൽ 13 സ്ത്രീകളും മൂന്നു ദളിതരും 13 മുസ്ലിങ്ങളും എട്ട്‌ സിഖുകാരും രണ്ട് പാഴ്സികളും ഒരു ജൈനനും ഉണ്ടായിരുന്നു. പാർടിക്കുമേലുണ്ടായിരുന്ന നിരോധനം പിൻവലിച്ചെങ്കിൽപ്പോലും ഒന്നാം കോൺഗ്രസ് നടന്ന സമയത്തും 695 പാർടി അംഗങ്ങൾ ജയിലുകളിൽ നരകയാതന അനുഭവിക്കുകയായിരുന്നു. അവരിൽ 105 പേർ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു; പ്രതിനിധികളിൽ 70 ശതമാനം പേരും ഒന്നോ അതിലധികമോ തവണ ജയിലിൽ കഴിഞ്ഞവരായിരുന്നു.  എല്ലാ പ്രതിനിധികളുടെയും ജയിൽവാസ കാലാവധി കൂട്ടിയാൽ അത് 411 വർഷം വരും. പാർടി നേതാക്കളുടെ രാഷ്ട്രീയ ജീവിതത്തിലെ പകുതിയോളം കാലം ജയിലുകൾക്കുള്ളിലായിരുന്നു ചെലവഴിക്കപ്പെട്ടിരുന്നത്. അവരിൽ രണ്ടു പേർ സ്ത്രീകളായിരുന്നു.കൽപ്പന ദത്തും കമല ചാറ്റർജിയും; ഇവർ ഇരുവരും ഏഴരവർഷംവീതം ജയിലിൽ കഴിഞ്ഞിരുന്നു.

പാർടിയിലുള്ളവരുടെ പ്രായഘടനയും പ്രതിനിധിസംഘം പ്രതിഫലിപ്പിക്കുന്നുണ്ട്‌. 68 ശതമാനം പേർ 35 വയസ്സിൽ താഴെയും പ്രായമുള്ളവരാണ്; എന്നാൽ, എട്ട്‌ പ്രതിനിധികൾ ആദ്യ പഥികരാണ്; അവർ 1929നു മുമ്പുതന്നെ പാർടിയിൽ ചേർന്നവരാണ്. പ്രതിനിധികളിൽ ഒരാൾപോലും നിരക്ഷരനല്ല എന്ന പ്രത്യേകതയുമുണ്ട്.

പൊതുയോഗത്തോടുകൂടിയാണ് കോൺഗ്രസ് ആരംഭിച്ചത്; ഏകദേശം 25,000 ആളുകൾ ആ പങ്കെടുത്തിരുന്നു. സഖാക്കൾ മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, പഴയൊരു തൊഴിലാളിയും ബോംബെ പ്രവിശ്യയുടെ സെക്രട്ടറിയുമായിരുന്ന ഭയ്യാജി കുൽക്കർണി, കേരളത്തിൽ നിന്നുള്ള പി കൃഷ്ണപിള്ള, കൽക്കത്തയിൽ നിന്നുള്ള മഹിളാ നേതാവ് മണികുന്തള  സെൻ, റെയിൽവേ തൊഴിലാളിയും ബോംബെ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്ന ഡി എസ് വൈദ്യ, വിദ്യാർഥി നേതാവായിരുന്ന നർഗീസ് ബാട്‌ലിവാല എന്നിവരായിരുന്നു പ്രസീഡിയത്തിൽ ഉണ്ടായിരുന്നത്.  ബങ്കിം  മുഖർജി പതാക ഉയർത്തി; ബാബ സോഹൻ സിങ്‌ ഭക്ന രക്തസാക്ഷിപ്രമേയം അവതരിപ്പിച്ചു.

പാർടി ജനറൽ സെക്രട്ടറി പി സി ജോഷി ഒമ്പത്‌ മണിക്കൂർ എടുത്താണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. "തൊഴിലാളിവർഗത്തിന്റെ  കടമകളും ദേശീയ പ്രതിരോധവും' സംബന്ധിച്ച റിപ്പോർട്ട് ബി ടി രണദിവെ അവതരിപ്പിച്ചു. ഗ്രൂപ്പുകൾക്കിടയിലെ റിപ്പോർട്ടുകൾ കേൾക്കുന്നതിനും ചർച്ചകൾക്കും ചർച്ചകളുടെ  റിപ്പോർട്ടിങ്ങിനുമായാണ് ഏറെ സമയവും ചെലവിട്ടത്.  ആറു സഹോദര പാർടികൾ ബ്രിട്ടൻ,  ദക്ഷിണാഫ്രിക്ക, അമേരിക്ക, ചിലി, ക്യൂബ, ക്യാനഡ എന്നിവർ കോൺഗ്രസിന് ആശംസ അർപ്പിച്ച്‌ സന്ദേശങ്ങൾ അയച്ചപ്പോൾ ശ്രീലങ്കയിൽനിന്നും ബർമയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

ചിറ്റഗോങ്ങിൽ നിന്നുള്ളവരെപ്പോലെ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവൻ ത്യജിച്ചവരുടെ ധീരരായ അമ്മമാരും രോഗാവസ്ഥയിലുള്ള പാർടി നേതാക്കളും പാർടി കോൺഗ്രസിന് അഭിവാദ്യമർപ്പിച്ച് സന്ദേശങ്ങൾ അയച്ചിരുന്നു.

പി സി ജോഷി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ സാർവദേശീയ, ദേശീയ പശ്ചാത്തലവും കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ച അടവും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെയും സമഗ്രമായ ജനകീയ ഐക്യം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകതയും അതിന്റെ കാരണങ്ങളുമെല്ലാം വിശദീകരിച്ചു. ഇതിനെത്തുടർന്ന് വിവിധ പ്രവിശ്യാ സെക്രട്ടറിമാർ പ്രവർത്തനങ്ങളും  അനുഭവങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.  ഭക്ഷ്യഉൽപ്പാദനം വർധിപ്പിക്കേണ്ടതിന്റെ  ആവശ്യകതയെ സംബന്ധിച്ച് ഇ എം എസും വിദ്യാർഥികളെക്കുറിച്ച് അരുണും ബാലസംഘത്തെക്കുറിച്ച് കുഞ്ഞനന്തനും കനകും യശോദയും അന്നപൂർണയും പൂരൺ മേത്തയും വനിതകളെ സംബന്ധിച്ചും സംസാരിച്ചു. ജി അധികാരി പുതിയ നിയമാവലി അവതരിപ്പിച്ചു.

കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം പ്രസ്താവിച്ചത് ഇപ്പോഴത്തെ മുഖ്യ കടമ "ദേശീയ ഗവൺമെന്റ് നേടിയെടുക്കുന്നതിന് ദേശീയ പ്രതിരോധത്തിനായി ദേശീയ ഐക്യം' ആണെന്നാണ്. "എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കുക', "ഭക്ഷ്യപ്രശ്നത്തിൽ ഇടപെടൽ', "പൂഴ്ത്തി വയ്പിനെതിരെയും ഭക്ഷ്യ കലാപങ്ങൾ തടയുന്നത് ഉറപ്പുവരുത്തുന്നതിനായും' "അഞ്ചാം പത്തികളെ ഒറ്റപ്പെടുത്തുന്നതിനു'വേണ്ടിയും എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കൊപ്പം ഈ  കടമകൾ നിറവേറ്റുന്നതിനായുള്ള ക്യാമ്പയിനുകൾക്കായി പാർടി ഒന്നടങ്കം രംഗത്തിറങ്ങണമെന്നും  പ്രമേയം ആഹ്വാനം ചെയ്തു.

ഫാസിസത്തിന്റെ പരാജയം ഉറപ്പുവരുത്താനും വ്യാവസായിക ഉൽപ്പാദനവും ഭക്ഷ്യ ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാനും ഒന്നിച്ചുനിൽക്കാനും കോൺഗ്രസ് തൊഴിലാളികളെയും കർഷകരെയും ആഹ്വാനംചെയ്തു. അവർ ഈ ലക്ഷ്യത്തിനായി ഒന്നിച്ചു നീങ്ങുന്നില്ലെങ്കിൽ അവർക്ക് തങ്ങളുടെ സംഘടന ശക്തിപ്പെടുത്താനോ "ആവശ്യമായ നിലയിൽ ക്ഷാമബത്ത, കൂലി വർധന,  ബോണസ്, യൂണിയനുകളുടെ അംഗീകാരം, തരിശുഭൂമി വിതരണം, ജലസേചന സൗകര്യം, വിത്ത്, പാട്ടവും പലിശയും ഇളവ് നൽകലോ  ആശ്വാസം നൽകലോ' തുടങ്ങിയവപോലുള്ള ആവശ്യങ്ങൾ നേടിയെടുക്കാനോ കഴിയില്ലെന്ന കാര്യവും പ്രമേയം അവരോട് വ്യക്തമാക്കി. വിദ്യാർഥികളുടെ ഐക്യത്തിനായും ആഹ്വാനം ചെയ്തു.

"ഒരു ബഹുജന രാഷ്ട്രീയശക്തിയിൽനിന്ന്‌ ഒരു ബഹുജന രാഷ്ട്രീയസംഘടന'യായി പാർടിയെ പരിവർത്തനപ്പെടുത്താനും "അധ്വാനിക്കുന്ന ജനലക്ഷങ്ങൾക്കുമപ്പുറം ഇന്ത്യയിലെ മൊത്തം ജനങ്ങൾക്കുമേൽക്കൂടി' പാർടിയുടെ രാഷ്ട്രീയസ്വാധീനം ഉറപ്പാക്കാനും പാർടി കോൺഗ്രസ് തീരുമാനിച്ചു. പാർടി അംഗങ്ങളുടെയും മുഴുവൻസമയ പ്രവർത്തകരുടെയും വളന്റിയർമാരുടെയും എണ്ണവും ഫണ്ടും അതിനൊപ്പം ട്രേഡ് യൂണിയനുകളുടെയും കിസാൻസഭയുടെയും വിദ്യാർഥി സംഘടനകളുടെയും മഹിളാ സംഘടനയുടെയും കുട്ടികളുടെ സംഘടനയുടെയും മെമ്പർഷിപ്പും  വർധിപ്പിക്കുന്നതിനും പാർടി കോൺഗ്രസ് തീരുമാനിച്ചു.

രാഷ്ട്രീയ സാഹചര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിലും അടവുകൾ നിശ്ചയിക്കുന്നതിലും എന്തെല്ലാം പരിമിതികളുണ്ടെങ്കിലും എല്ലാ പ്രമേയങ്ങളും റിപ്പോർട്ടുകളും അംഗീകരിച്ചത് ഏകകണ്ഠമായിട്ടായിരുന്നു.  സെൻട്രൽ കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. സ്വയം വിമർശനപരമായ ചർച്ചകളിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിച്ചുവെന്ന് ഏകകണ്ഠമായി ചിന്തിച്ചു എന്നാണ് കോൺഗ്രസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യവെ പി സി ജോഷി പ്രസ്താവിച്ചത്. പാർടിയുടെ സ്ഥാപകാംഗമായ മുസഫർ അഹമ്മദ് സമാപനപ്രസംഗം നടത്തി.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

മുസഫർ അഹമ്മദ്‌ ധീരനായ കമ്യൂണിസ്‌റ്റ്‌

 ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ മുന്നിൽ നയിച്ചവരിൽ പ്രമുഖ സ്ഥാനമായിരുന്നു മുസഫർ അഹമ്മദിന്‌. ബംഗ്ലാദേശിലെ നവഖാലി ജില്ലയിലെ സാൻ ഡ്വിപ്പിൽ 1889 ആഗസ്ത് അഞ്ചിനാണ്‌ സഖാവ് മുസഫർ അഹമ്മദ് ജനിച്ചത്‌. 1913ൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ അദ്ദേഹം കൽക്കത്തയിലേക്ക് പോയി ഹുഗ്ലി മൊഹ്സിൻ കോളേജിൽ ചേർന്നു.  1910കളുടെ ഒടുവിലും 1920കളുടെ തുടക്കത്തിലും നഗരത്തിലെ ദരിദ്രരുമായി നടത്തിയ ആശയവിനിമയമായിരുന്നു മുസഫർ അഹമ്മദിന്റെ രാഷ്ട്രീയപരിവർത്തനത്തിൽ പ്രധാന പങ്കുവഹിച്ചത്. കൽക്കത്ത നഗരത്തിന്റെ വിശാലമായ പശ്ചാത്തലവും അദ്ദേഹത്തിന്റേതായ സങ്കടങ്ങളും ഒരു രാഷ്ട്രീയപ്രക്ഷോഭകാരിയാക്കി മാറ്റി.  1918ലാണ്‌ പാർടിയുടെ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറിയത്‌. 1973 ഡിസംബർ 18ന് അന്തരിക്കുന്നതുവരെ, അവസാനശ്വാസംവരെ ആ നില തുടർന്നു. പഠനശേഷം  ശ്രദ്ധ തൊഴിലാളികളുടെ പ്രശ്നങ്ങളിലേക്ക് തിരിഞ്ഞു; അതോടൊപ്പംതന്നെ മാർക്സിസ്റ്റ് സാഹിത്യത്തിലും ആകൃഷ്ടനായി. ഇന്ത്യയിലെ അധ്വാനിക്കുന്നവരുടെ ജീവിതത്തെക്കുറിച്ച്  നിരവധി ലേഖനങ്ങളെഴുതി; പ്രത്യേകിച്ചും നാവികരുടെ ജീവിതത്തെക്കുറിച്ചും തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആവശ്യങ്ങളെ സംബന്ധിച്ചുമാണ് എഴുതിയത്.

മുസഫർ അഹമ്മദ് ഇന്ത്യയുടെ കൊളോണിയൽ ഫ്യൂഡൽ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർടി സംഘടിപ്പിക്കുന്നതിൽ ഏർപ്പെട്ടു. അപകടങ്ങൾ മുസഫർ അഹമ്മദിന്റെ സന്തത സഹചാരിയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായി മൊത്തം 20 വർഷത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞു; കടുത്ത കഷ്ടപ്പാടുകൾ സഹിച്ച് എട്ട്‌ വർഷം ഒളിവിൽ കഴിഞ്ഞു. ആദ്യം തടവറയിൽ അടയ്ക്കപ്പെട്ടത് 1818ലെ മൂന്നാം റെഗുലേഷൻ നിയമപ്രകാരമായിരുന്നു; അതിന്റെ തുടർച്ചയായി കാൺപുർ ഗൂഢാലോചന കേസിലും ജയിൽവാസം അനുഭവിച്ചു. കടുത്ത രോഗബാധയെത്തുടർന്ന് ജയിലിൽനിന്ന് മോചനം ലഭിച്ച ഉടൻതന്നെ  കാൺപുർ കമ്യൂണിസ്റ്റ് സമ്മേളനത്തിൽ പങ്കെടുത്തു; കാൺപുരിൽനിന്ന്‌ മടങ്ങുമ്പോൾ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുകയെന്ന ഉത്തരവാദിത്തം മുസഫർ അഹമ്മദ് ഏറ്റെടുത്തു. ലാംഗലിന്റെ പത്രാധിപർ എന്ന ഉത്തരവാദിത്തവും ഏറ്റെടുത്തു (പിന്നീട് ലാംഗൽ എന്ന പ്രസിദ്ധീകരണം ഗണവാണി എന്നു പേര് മാറ്റി); മാർക്സിസ്റ്റ് തത്വശാസ്ത്രം, സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം, വിപ്ലവ തൊഴിലാളിവർഗപ്രസ്ഥാനം എന്നിവയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും  പ്രാമുഖ്യം നൽകി.

1927 മേയിൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റുകാരുടെ യോഗത്തിൽ മുസഫർ അഹമ്മദ് പങ്കെടുത്തു; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1927 മാർച്ചിൽ കാൺപുരിൽ ചേർന്ന അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) സമ്മേളനത്തിലും  പങ്കെടുത്തു. എഐടിയുസിയുടെ തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായിരുന്നു. ബംഗാൾ വർക്കേഴ്സ് ആൻഡ്‌ പെസന്റ്സ് പാർടിയുടെ മൂന്നാമത് സമ്മേളനം (1928) അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1929 ജനുവരിയിൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിന്റെ പ്രമേയങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് കൽക്കത്തയിൽ കമ്യൂണിസ്റ്റുകാരുടെ രഹസ്യയോഗം ചേർന്നു. ഈ യോഗത്തിന്‌ മുൻകൈയെടുത്തവരിൽ ഒരാൾ മുസഫർ അഹമ്മദായിരുന്നു.

മീററ്റ് ഗൂഢാലോചനകേസിലെ പ്രധാന കുറ്റാരോപിതരിൽ ഒരാൾ മുസഫർ അഹമ്മദായിരുന്നു. യുപിയിലെ നൈനി സെൻട്രൽ ജയിലിലായിരുന്നു അദ്ദേഹം ജയിൽവാസം അനുഭവിച്ചത്; പിന്നീട്  ഡാർജിലിങ്ങിലെയും ബർദ്വാനിലെയും ഫരീദ്പുരിലെയും ജയിലുകളിൽ ഏകാന്ത തടവിലടച്ചു. ജയിൽമോചനത്തിനുശേഷം കിസാൻസഭ കെട്ടിപ്പടുക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തി. അഖിലേന്ത്യാ കിസാൻസഭ (എഐകെഎസ്) കെട്ടിപ്പടുക്കുന്നതിന്  മുൻകൈയടുത്തു. എഐകെഎസിന്റെ ആദ്യ സമ്മേളനത്തിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.1937ൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനും ആന്തമാനിൽ തടവിലടയ്‌ക്കപ്പെട്ടിരുന്ന ദേശീയവിപ്ലവകാരികളെ മടക്കിക്കൊണ്ടുവരുന്നതിനുമുള്ള പ്രസ്ഥാനത്തിൽ മുസഫർ പങ്കെടുത്തു. 1937 മുതൽ 1943 വരെ രാജ്യത്തുടനീളം പാർടി കെട്ടിപ്പടുക്കുന്ന പ്രവർത്തനത്തിൽ  മുഴുകി.

സ്വാതന്ത്ര്യാനന്തരം 1948ൽ കമ്യൂണിസ്റ്റ്‌ പാർടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു; ഡിഫെൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം മുസഫർ അഹമ്മദിനെ അറസ്റ്റ് ചെയ്തു. ആറുമാസത്തിനുശേഷം മോചിപ്പിച്ചു. ജയിലിൽനിന്ന് മോചിപ്പിച്ചതിനു തൊട്ടുപിന്നാലെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. അലിപ്പുർ ജയിലിൽനിന്ന് മോചിപ്പിച്ചതിനെത്തുടർന്ന്  കൽക്കത്തയിൽനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കി. പിന്നീട്  നവദ്വീപിലെ പട്ടണത്തിൽ താമസമാക്കുകയും അവിടെനിന്ന് ഒളിവിൽ പോകുകയും ചെയ്തു. 1940ൽ, പാർടിയുടെ ഒളിവിലുള്ള ഓഫീസിൽ പ്രവർത്തിക്കവെയാണ് തന്റെ മരുമക്കളെന്ന് വിളിക്കാറുണ്ടായിരുന്ന സഖാക്കൾ അദ്ദേഹത്തെ കാക്കാ ബാബു എന്ന് വിളിക്കാനാരംഭിച്ചത്. പാർടി വൃത്തങ്ങളിലും പുറത്തും  സ്നേഹാദരങ്ങളോടെ കാക്കാ ബാബുവെന്നാണ് വിളിച്ചിരുന്നത്.ജയിലിലായിരുന്നതിനാൽ 1964ലെ കൽക്കത്ത കോൺഗ്രസിലും രോഗം ബാധിച്ചതിനാൽ മധുര കോൺഗ്രസിലും (1972) ഒഴികെ തുടക്കം മുതലുള്ള എല്ലാ പാർടി കോൺഗ്രസുകളിലും മുസഫർ അഹമ്മദ് പങ്കെടുത്തിരുന്നു. മീററ്റ് ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നപ്പോഴും 1933ൽ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. തുടർന്നുള്ള എല്ലാ പാർടി കോൺഗ്രസുകളിലും 1948ലേതൊഴികെ,  കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. മരണംവരെ കേന്ദ്ര കമ്മിറ്റി അംഗമായി തുടർന്നു.

പാർടി പത്രങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മാർഗനിർദേശം നൽകുന്നതിൽ മുസഫർ അഹമ്മദ് പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വന്തം ഔദ്യോഗിക ജിഹ്വയില്ലാതെ കമ്യൂണിസ്റ്റ് പാർടിക്ക് വളരാനാകില്ല എന്നദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു. ഗണശക്തി പ്രസ് കെട്ടിപ്പടുക്കുന്നതിന് മുഖ്യമായും വഴികാട്ടിയായും പ്രചോദനമായും നിന്നു. നാഷണൽ ബുക്ക്‌ ഏജൻസിയുടെ സംഘാടകരിൽ ഒരാളുമായിരുന്നു. ജനയുദ്ധ, സ്വാധീനത ദിനപ്പത്രം, ഗണശക്തി സായാഹ്നപത്രം, ദേശ്ഹിതൈഷി വാരിക, നന്ദൻ മാസിക, ഏക് സാരഥി (വനിതാസംഘടനയുടെ പ്രസിദ്ധീകരണം) എന്നിങ്ങനെയുള്ള വിവിധ പാർടി പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പിനുവേണ്ട ഉപദേശവും മാർഗനിർദേശങ്ങളും നൽകിയിരുന്നു.

വായനയുടെ കാര്യത്തിൽ അത്യാവേശമുള്ളയാളായിരുന്നു മുസഫർ അഹമ്മദ്; എല്ലാവരെയും കൂടുതൽ കൂടുതൽ വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. തിരക്കേറിയ ദിനചര്യകൾക്കിടയിലും ഓരോ സഖാവിന്റെയും വ്യക്തിഗതമായ പ്രശ്നങ്ങൾ കേൾക്കാൻ  അസാമാന്യമായ ക്ഷമ പ്രകടിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിലുടനീളം മാർക്സിസം ലെനിനിസത്തോട് മുസഫർ അഹമ്മദ് തികഞ്ഞ വിശ്വസ്തതയും വിധേയത്വവും പുലർത്തിയിരുന്നു. അദ്ദേഹം വിനയാന്വിതനായിരുന്നു; പക്ഷേ അതോടൊപ്പംതന്നെ, വലതുപക്ഷ അവസരവാദത്തിനും ഇടതുപക്ഷ സെക്റ്റേറിയനിസത്തിനും എതിരായ പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരനായിരുന്നു.

ഇന്നും ജ്വലിക്കുന്ന വീരതെലങ്കാന

 നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും അത്യുജ്വലമായ അധ്യായങ്ങളിലൊന്നാണ് തെലങ്കാനയിലെ ജനകീയ സായുധസമരം. 1946ൽ മുമ്പത്തെ ഹൈദരാബാദ് സംസ്ഥാനത്ത് നിലനിന്നിരുന്ന നൈസാം ഭരണത്തിന്റെ ഫ്യൂഡൽ ചൂഷണത്തിനെതിരായി ആരംഭിച്ച സമരം 1951 വരെ തുടർന്നു. ജനങ്ങളുടെ, പ്രത്യേകിച്ച് തെലങ്കാനയിലെ ജനങ്ങളുടെ, സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ ആധിപത്യം വഹിച്ചിരുന്ന അടിസ്ഥാന ഘടകം അനിയന്ത്രിതമായ ഫ്യൂഡൽ ചൂഷണമായിരുന്നു. സംസ്ഥാനത്തെ ഭൂമിയുടെ 60 ശതമാനത്തോളവും സർക്കാർ ഭൂമിയായിരുന്നു; 10 ശതമാനത്തോളം നൈസാമിന്റെ സ്വന്തം എസ്റ്റേറ്റുമായിരുന്നു. പലവിധത്തിലുള്ള നിയമവിരുദ്ധ നിർബന്ധ പിരിവുകളും നിർബന്ധിതമായുള്ള ജോലിയെടുപ്പിക്കലും സർവസാധാരണമായിരുന്നു.

ജാഗിർദാർമാർക്കു പുറമെ, ദേശ്‌മുഖ്‌മാരും ദേശ്പാണ്ഡെകളുമുണ്ടായിരുന്നു; ആദ്യകാലത്ത് അവരായിരുന്നു സർക്കാരിനുവേണ്ടി നികുതി പിരിച്ചിരുന്നത്. പിന്നീട് അവർ കള്ളക്കളികളിലൂടെ ഏറ്റവും ഫലഭൂയിഷ്‌ഠമായ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി തട്ടിയെടുത്ത് ഭൂപ്രഭുക്കളായി മാറി. ഈ ഭൂമിയിൽ കൃഷിചെയ്തിരുന്ന കർഷകർ കുടിയാന്മാരുടെ നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടു. 

തെലങ്കാനയിൽ പരക്കെയുണ്ടായിരുന്ന സാമൂഹ്യ പ്രതിഭാസമായിരുന്നു വെറ്റി സമ്പ്രദായം. ഓരോ ദളിത് കുടുംബവും കുടുംബത്തിൽനിന്ന് ഒരു ആണിനെ വെറ്റി ചെയ്യുന്നതിന് അയക്കണമായിരുന്നു. ഭൂപ്രഭുവിന്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യുന്നതും സന്ദേശവാഹകരായി പ്രവർത്തിക്കുന്നതും ഇവരുടെ ജോലിയായിരുന്നു. ചെരുപ്പ് തുന്നുകയോ കാർഷികജോലികൾക്കായുള്ള തുകൽ ഉപകരണങ്ങൾ തയ്യാറാക്കുകയോ ചെയ്തിരുന്ന ദളിതർ ഇവ ഭൂപ്രഭുക്കൾക്ക് വില വാങ്ങാതെ നൽകാൻ നിർബന്ധിതരായിരുന്നു. കർഷകരെയും വെറ്റിയിൽനിന്ന്‌ ഒഴിവാക്കിയിരുന്നില്ല. ഭൂപ്രഭുക്കളുടെ പാടത്ത് വെള്ളം നനച്ചുകഴിയുന്നതുവരെ കർഷകർക്ക് സ്വന്തം പാടം നനയ്ക്കാൻ പറ്റുമായിരുന്നില്ല. കർഷകത്തൊഴിലാളികൾ കൂലിയൊന്നും കൂടാതെ ഭൂപ്രഭുക്കളുടെ പാടത്ത് പണിയെടുക്കണമായിരുന്നു.

ഈ ഫ്യൂഡൽ തട്ടിയെടുക്കലുകളിൽ ഏറ്റവും വഷളായത് പെൺകുട്ടികളെ ‘അടിമ'കളാക്കി വയ്ക്കലാണ്. ഭൂപ്രഭുക്കൾ തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ച്‌ കൊടുക്കുമ്പോൾ ഈ അടിമ പെൺകുട്ടികളെ സമ്മാനമായി നൽകുന്നു. ഭൂപ്രഭുക്കൾ ഈ പെൺകുട്ടികളെ തങ്ങളുടെ വെപ്പാട്ടികളായും ഉപയോഗിക്കുന്നു. ഈ പ്രശ്നമുന്നയിച്ചാണ് 1940കളുടെ തുടക്കത്തിൽ കർഷകജനത ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടിയത്. ആ കാലമായപ്പോൾ കമ്യൂണിസ്റ്റ്‌ പാർടി സംഘടിത ശക്തിയായി കഴിഞ്ഞിരുന്നു. നൈസാമിന്റെ ഭരണം സ്വേച്ഛാധിപത്യഭരണമായിരുന്നു. ഇത്തരത്തിലുള്ള ഒരു ഭരണ സംവിധാനത്തിനെതിരെ ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ വികാസത്താൽ സ്വാധീനിക്കപ്പെട്ട് അസംഖ്യം ലിബറൽ ചിന്താഗതിക്കാർ ആന്ധ്ര മഹാസഭ എന്നപേരിൽ സംഘടിതരായി. മഹാരാഷ്ട്ര പരിഷത്തും കന്നട പരിഷത്തുമായി മറ്റു രണ്ടുമേഖലയിലെ ലിബറലുകളും സംഘടിച്ചു.

തുടക്കത്തിൽ ആന്ധ്ര മഹാസഭയുടെ പ്രവർത്തനം ഭരണസംവിധാനത്തിൽ പരിഷ്കരണം, പൗര സ്വാതന്ത്ര്യങ്ങൾ, കൂടുതൽ സ്കൂളുകൾ, ഭൂസ്വത്തുള്ള പ്രമാണിവർഗത്തിനുള്ള സൗജന്യങ്ങൾ തുടങ്ങിയവ ആവശ്യപ്പെടുന്ന പ്രമേയങ്ങൾ പാസാക്കുന്നതിൽ പരിമിതപ്പെട്ടിരുന്നു. ആന്ധ്ര മഹാസഭയെ ജനങ്ങളിലേക്കെത്തിക്കാൻ കമ്യൂണിസ്റ്റ്‌ പാർടി വിസ്മയകരവും ബൃഹത്തുമായ പ്രവർത്തനമാണ് നടത്തിയത്. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം വെറ്റി സമ്പ്രദായം നിർത്തലാക്കൽ, കൊള്ളപ്പാട്ടം ചുമത്തൽ, കുടിയാന്മാരെ ഒഴിപ്പിക്കൽ എന്നിവ നിരോധിക്കലും ഭൂമിയിൽ ഉടമസ്ഥാവകാശം നൽകലും, നികുതിയും പാട്ടവും കുത്തനെ വെട്ടിക്കുറയ്ക്കൽ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ഈ ആവശ്യങ്ങൾക്കു പിന്നിൽ ജനങ്ങളെ അണിനിരത്തുകയും ചെയ്തു.

1944ന്റെ തുടക്കംമുതൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ ആന്ധ്ര മഹാസഭ സെമിന്ദാർമാർക്കും ദേശ്‌മുഖ്‌കൾക്കുമെതിരെ നിരവധി സമരം നടത്തി. വെറ്റി നടപ്പാക്കുന്നതും അവസാനിപ്പിച്ചു. 1946 ജൂലൈയിൽ ഒരു പ്രകടനം സംഘടിപ്പിക്കുകയുണ്ടായി; ഇതിനുനേരെ ഭൂപ്രഭുക്കൾ വെടിവച്ചു; ഇത് ദൊദ്ദി കൊമരയ്യ എന്ന ഗ്രാമീണ സംഘം നേതാവിന്റെ മരണത്തിന് ഇടയാക്കി. കൊമരയ്യയുടെ രക്തസാക്ഷിത്വം കർഷകജനതയുടെ അണകെട്ടി നിന്നിരുന്ന രോഷം കത്തിജ്വലിപ്പിച്ചു. നൽഗോണ്ടയിലെ എല്ലാ താലൂക്കിലുമുള്ള ജനങ്ങൾ കൂട്ടത്തോടെ ഉണർന്നെണീറ്റു. ഒരു ഗ്രാമത്തിലെ ആളുകൾ ലാത്തികളും കവണകളുമെല്ലാമായി അയൽ ഗ്രാമങ്ങളിലേക്ക് മാർച്ചുചെയ്ത് അവരെയും അണിനിരത്തി. ഏതാനും ആഴ്ചകൾക്കുള്ളിൽ, നൽഗോണ്ടയിലെയും അയൽ ജില്ലകളിലെയും ഏകദേശം 300–-400 ഗ്രാമത്തിൽ പ്രസ്ഥാനം വ്യാപിച്ചു. ഭൂമിയുടെയും ഒഴിപ്പിക്കലിന്റെയും വെറ്റിയുടെയും നിർബന്ധിത ധാന്യ ലെവികളുടെയും പ്രശ്നം സെമിന്ദാരി സമ്പ്രദായം ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി ബന്ധപ്പെടുത്തപ്പെട്ടു. 

കമ്യൂണിസ്റ്റ്പാർടി ജനകീയവളന്റിയർ സേനയ്ക്കുള്ള പരിശീലനം ആരംഭിച്ചു;  ഈ വളന്റിയർമാരാണ് 1945ലും 1946ലും ഭൂപ്രഭുക്കളുടെ ഗുണ്ടാ ആക്രമണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിച്ചത്. തെലങ്കാനയിലെ ജനങ്ങളുടെ അസംതൃപ്തിയും മുന്നേറ്റവും അത്യഗാധമായിരുന്നു. അതുകൊണ്ടുതന്നെയാണ് അവർ വെറ്റിക്ക് അറുതിവരുത്തിയത്. ജനങ്ങൾ ഭൂപ്രഭുക്കളുടെ സായുധ ആക്രമണങ്ങളെ ചെറുക്കാൻ തുടങ്ങി.  കർഷകരുടെ മുന്നേറ്റം നൈസാം ഭരണത്തിന്റെ അടിത്തറയെത്തന്നെ പിടിച്ചുലച്ചു.

ഇന്ത്യ സർക്കാർ നൈസാം സർക്കാരിന് ആയുധങ്ങളും പടക്കോപ്പുകളും നൽകുകയും ചെയ്തു. നൈസാം ‘റസാക്കർമാർ' എന്നറിയപ്പെടുന്ന സായുധ കൊലയാളിസംഘത്തെ സംഘടിപ്പിച്ചു; ഇവർ സർക്കാരിന്റെ പിന്തുണയോടെ ഗ്രാമീണർക്കുമേൽ ആക്രമണമഴിച്ചുവിട്ടു. ചരിത്രത്തിൽ ആദ്യമായി ‘‘കൃഷിഭൂമി കർഷകന്'' എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടു. 

പാർടി പതിനായിരത്തോളം അംഗങ്ങളുള്ള വില്ലേജ് സ്ക്വാഡുകളും  രണ്ടായിരത്തിലധികം അംഗങ്ങളുള്ള സ്ഥിരം ഗറില്ലാ സ്ക്വാഡുകളും രൂപീകരിച്ചു. സമരത്തിൽ രണ്ടായിരത്തോളം പോരാളികളും നേതാക്കളും ജീവൻ ബലിയർപ്പിച്ചു. വെറ്റി, നിയമവിരുദ്ധമായ പിടിച്ചുപറിക്കലുകൾ, ഭൂമിയിൽനിന്ന് ഒഴിപ്പിക്കൽ, കൊള്ളപ്പലിശയ്ക്കുള്ള വായ്പകൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനങ്ങൾ, ഗ്രാമങ്ങളിലെ മർദനങ്ങൾ എന്നിവയ്ക്കെല്ലാം അറുതിവരുത്തി. 

1948 സെപ്തംബർ 13ന് കേന്ദ്ര സർക്കാർ ‘‘പൊലീസ് നടപടി'' ആരംഭിച്ചു. ഇന്ത്യൻ സൈന്യം തെലങ്കാനയിലേക്ക് കടന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആക്രമണം ആരംഭിച്ചു. എല്ലാ ഗറില്ലാ സ്ക്വാഡുകളെയും പാർടിയെയും നശിപ്പിക്കാൻ തീരുമാനിച്ചുറച്ച ആക്രമണമാണുണ്ടായത്. ഓടിപ്പോയിരുന്ന ദേശ്‌മുഖ്‌മാരും ഭൂപ്രഭുക്കളും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിവരികയും തങ്ങളുടെ ഭൂമിയും ധാന്യങ്ങളും തിരിച്ചുപിടിക്കാൻ അധികൃതരുമായി കൈകോർക്കുകയും ചെയ്തു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഔപചാരികമായി രാജപ്രമുഖൻ എന്ന നിലയിൽ നൈസാമിനെയാണ് പ്രഖ്യാപിച്ചത്.

തെലങ്കാന സമരത്തിലെ പോരാളികളെ വ്യാജ വിചാരണകൾക്ക് വിധേയരാക്കുകയും അവരിൽ ചിലർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. പുതിയ ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വരുന്നതിനുമുമ്പുതന്നെ തെലങ്കാന പോരാളികളുടെ വധശിക്ഷ രഹസ്യമായി തിരക്കിട്ട് നടപ്പാക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇന്ത്യ സർക്കാർ.

ഒരു വിഭാഗം സഖാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ സായുധ ആക്രമണങ്ങൾക്കെതിരായ സായുധ ചെറുത്തുനിൽപ്പ് ഉപേക്ഷിക്കണമെന്നും പരസ്യമായതും നിയമവിധേയമായതുമായ സമരരൂപങ്ങൾ സ്വീകരിക്കണമെന്നും വാദിക്കുകയുണ്ടായി. നിലവിൽ തെലങ്കാന സായുധ ചെറുത്തുനിൽപ്പ് തുടരാൻ കഴിയില്ലെന്നും സമരം പിൻവലിക്കാനുള്ള സമയമായിക്കഴിഞ്ഞെന്നും തീരുമാനിക്കപ്പെട്ടു. സായുധസമരം തുടരുകയാണെങ്കിൽ, അത് വ്യക്തിഗത ഭീകരപ്രവർത്തനമായി അധഃപതിക്കുകയെന്ന വിപത്ത് വ്യക്തമായിരുന്നു. 

അതുപോലെതന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ തെലങ്കാന സമരത്തെ സംരക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട ഐക്യദാർഢ്യ പ്രക്ഷോഭവും ക്യാമ്പയിനുമൊന്നും ഉണ്ടായതുമില്ല. തെലങ്കാന സായുധസമരം പിൻവലിക്കാനുള്ള തീരുമാനം 1951 ഒക്ടോബർ 21ന് പ്രഖ്യാപിക്കപ്പെട്ടു.

പൂർണസ്വാതന്ത്ര്യത്തിനുവേണ്ടി

 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കമ്യൂണിസ്റ്റുകാർ നൽകിയ നിർണായക സംഭാവനകൾ എന്തെല്ലാമായിരുന്നു? രണധീരതയും ത്യാഗസന്നദ്ധതയും മാത്രമായിരുന്നില്ല അവരുടെ കൈമുതൽ. ഏറ്റവും സാധാരണക്കാരായ ജനങ്ങളെ അണിനിരത്തിയാൽ മാത്രമേ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം കൈവരിക്കാനാകൂ എന്ന് തുടക്കംമുതൽക്കേ കമ്യൂണിസ്റ്റുകാർക്ക് ബോധ്യമുണ്ടായിരുന്നു.

കമ്യൂണിസ്റ്റുകാർ പ്രതിനിധാനംചെയ്ത വിപ്ലവാശയങ്ങളുടെയും കോൺഗ്രസ് നേതാക്കൾ മുറുകെ പിടിച്ച യാഥാസ്ഥിതിക വീക്ഷണത്തിന്റെയും ഏറ്റുമുട്ടലിന്റെ ആദ്യവേദിയായിരുന്നു ദേശബന്ധു ചിത്തരഞ്ജൻ ദാസിന്റെ അധ്യക്ഷതയിൽ, 1921ൽ അഹമ്മദാബാദിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 36–-ാമത് സമ്മേളനം. ദ ഹിസ്‌റ്ററി ഓഫ്‌ ദ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന ബൃഹദ്ഗ്രന്ഥത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരനായ ഡോ. പട്ടാഭി സീതാരാമയ്യ ഈ വസ്തുത എടുത്തുകാട്ടുന്നു. മഹാത്മാഗാന്ധി ഉദ്ഘോഷിച്ച "സ്വരാജ്', (1920ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം അംഗീകരിച്ചു) കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്ന കാലഘട്ടം. ഈ പശ്ചാത്തലത്തിൽ ചേർന്ന അഹമ്മദാബാദ് സമ്മേളനത്തിൽ, മൗലാന ഹസ്രത്ത് മൊഹാനി "സ്വരാജ്' എന്ന മുദ്രാവാക്യത്തിന് ഭേദഗതി നിർദേശിക്കുന്ന പ്രമേയം അവതരിപ്പിച്ചു. സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങി. ആദ്യത്തെ തലമുറയിൽപ്പെട്ട ഇന്ത്യൻ കമ്യൂണിസ്റ്റുകാരായിരുന്നു ഇരുവരും. അതേക്കുറിച്ച് പട്ടാഭി സീതാരാമയ്യ തന്റെ ഗ്രന്ഥത്തിൽ പറയുന്നു:

""സ്വരാജി''നെ, ""എല്ലാ വിദേശനിയന്ത്രണങ്ങളിൽനിന്നും വിമുക്തമായ പരിപൂർണ സ്വാതന്ത്ര്യം'' എന്ന വിധത്തിൽ ഭേദഗതി ചെയ്ത് നിർവചിക്കണമെന്ന് നിർദേശിച്ചുകൊണ്ട് മൗലാനാ ഹസ്രത് മൊഹാനി തുടക്കംകുറിച്ച വിവാദം നമുക്കിനി പരിശോധിക്കേണ്ടതുണ്ട്. സംഭവിച്ചതിന്റെയെല്ലാം ഏറ്റവും സ്വാഭാവികമായ ഗതി എന്ന നിലയിൽ, കാലത്തിന്റെ വിദൂരതയിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ, കോൺഗ്രസോ ഗാന്ധിയോ അതിനെ ചെറുത്തത് എന്തിനെന്ന് ആരുംതന്നെ അത്ഭുതപ്പെട്ടുപോകും. പക്ഷേ, ആ സന്ദർഭത്തിൽ ഇങ്ങനെയാണ് ഗാന്ധിജി പ്രതികരിച്ചത്.’’


മുന്നോട്ടുള്ള പാത തെരഞ്ഞെടുത്തവർ

ചരിത്രത്തിലെ പിന്നിട്ട കാലഘട്ടങ്ങളിലേക്ക് തിരിച്ചുപോകാൻ മഹാത്മാഗാന്ധി നൽകിയ ഉപദേശം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളും അംഗീകരിച്ചു. ഹസ്രത്ത് മൊഹാനി അവതരിപ്പിച്ച പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അങ്ങനെ തള്ളപ്പെട്ടു. പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അപകടം ബോധ്യപ്പെട്ടു. തങ്ങൾക്ക് നേരിടാവുന്ന നഷ്ടം ഒഴിവാക്കാൻ അവർ തിടുക്കത്തിൽ നടപടികളെടുത്തു. സമ്മേളനം കഴിഞ്ഞ് വൈകാതെതന്നെ ബ്രിട്ടീഷ് ഗവൺമെന്റ് പരിപൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രമേയം അവതരിപ്പിച്ച ഹസ്രത് മൊഹാനിയെ അറസ്റ്റ്‌ചെയ്തു.

ഒറ്റപ്പെട്ട ശബ്ദമായിരുന്നില്ല ഹസ്രത് മൊഹാനിയുടേത്. 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ തീരുമാനപ്രകാരം, എം എൻ റോയിയും അബനിമുഖർജിയും ചേർന്ന് അഹമ്മദാബാദ് സമ്മേളനത്തിനുമുമ്പ് ഒരു "മാനിഫെസ്റ്റോ' കോൺഗ്രസിന്റെ ഒട്ടേറെ പ്രമുഖ നേതാക്കൾക്ക് വിദേശത്തുനിന്ന് അയച്ചിരുന്നു. അജ്മീറിൽനിന്നുള്ള രണ്ട് പ്രതിനിധികൾ ഈ രേഖ വീണ്ടും അച്ചടിപ്പിച്ച് പ്രതിനിധികൾക്കിടയിൽ വിതരണംചെയ്തു. ഇതേക്കുറിച്ച് ചർച്ചചെയ്യണമെന്ന് അഭ്യർഥിക്കുന്ന ഒരു പ്രമേയവും അവർ അവതരിപ്പിച്ചു. രേഖ ലഭിച്ചവരിൽ മറ്റൊരാളായിരുന്നു ഹസ്രത് മൊഹാനി. ""സമ്പൂർണ സ്വാതന്ത്ര്യം'' ആവശ്യപ്പെടുന്ന പ്രമേയമായാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. അങ്ങനെ കമ്യൂണിസ്റ്റ് ആശയങ്ങൾ കോൺഗ്രസ് സമ്മേളനവേദിയിൽ ഇദംപ്രഥമമായി പ്രതിധ്വനിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളായപ്പോഴേക്കും ഈ ആശയഗതിക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയും ചെയ്തു.

( കടപ്പാട്‌ : പീപ്പിൾസ്‌ ഡെമോക്രസി)

എം എന്‍ റോയി ആദ്യപഥികനായ കമ്യൂണിസ്റ്റ്‌

 എം  എൻ റോയി എന്ന് പൊതുവെ അറിയപ്പെടുന്ന മാനബേന്ദ്രനാഥ് റോയി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിലെ പ്രമുഖ വ്യക്തിയാണ്. 1920 ഒക്ടോബറിൽ താഷ്‌കെന്റിൽ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് മുൻകൈയെടുത്തത് റോയി ആയിരുന്നു. 1921നുശേഷം ഇന്ത്യയിൽ ഉയർന്നുവന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കിടയിൽ കമ്യൂണിസ്റ്റ് പാർടിയുടെ പങ്കിനെക്കുറിച്ച് പ്രചരിപ്പിച്ചതും അദ്ദേഹമായിരുന്നു. കമ്യൂണിസ്റ്റ് ഇന്റർനാഷണലിലെ പ്രമുഖ വ്യക്തിയായി മാറുന്നതിനുമുമ്പ്‌ അദ്ദേഹം നിരവധി സാഹസികമായ കാലങ്ങളിലൂടെ കടന്നുപോയിരുന്നു.

ബംഗാളിലെ 24 പർഗാന ജില്ലയിലെ ആർബേലിയ ഗ്രാമത്തിലാണ് റോയി ജനിച്ചത്. ഹൗറ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്; എന്നാൽ, 1911ൽ കുറ്റവിമുക്തനാക്കപ്പെട്ടു. ന്യൂയോർക്കിലെ പബ്ലിക് ലൈബ്രറിയിലായിരുന്നു റോയി ആദ്യമായി കാൾ മാർക്സിന്റെ കൃതികളുമായി പരിചയപ്പെടുന്നത്. സ്റ്റാൻഫോർഡിൽവച്ച് റോയി കണ്ടുമുട്ടിയ ഈവ്ലിൻ ട്രെൻഡിനെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു. 

കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രമുഖ നേതാവായിമാറിയ മിഖായിൽ ബൊറോഡിനുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചത് മെക്സിക്കോയിൽ വച്ചായിരുന്നു. ബൊറോഡിനായിരുന്നു റോയിയെ മാർക്സിസത്തിലേക്ക് ആകർഷിച്ചത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി എം എൻ റോയിയെ കോമിന്റേൺ കോൺഗ്രസ് തെരഞ്ഞെടുത്തു. തുടർന്ന്, അദ്ദേഹത്തെ മധ്യ ഏഷ്യൻ ബ്യൂറോയുടെ മേധാവിയായി നിയോഗിച്ചു; ആ പദവിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം താഷ്‌കെന്റിലേക്ക് പോയത്. 1920 ഒക്ടോബർ 17 ന്‌ ആദ്യത്തെ ഇന്ത്യൻ കമ്യൂണിസ്റ്റ് ഗ്രൂപ്പിന് രൂപം നൽകാൻ അദ്ദേഹം മുൻകൈയെടുത്തു. 1926ൽ അദ്ദേഹം പ്രസീഡിയത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പൊളിറ്റിക്കൽ സെക്രട്ടറിയറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും  ലോക കോൺഗ്രസിലും നിർണായകസ്ഥാനങ്ങൾ വഹിക്കുകയുമുണ്ടായി.

1924ലെ കാൺപുർ ഗൂഢാലോചന കേസിനുശേഷം (അതിൽ റോയി ഉൾപ്പെട്ടിരുന്നു) "റവല്യൂഷണറി നാഷണലിസ്റ്റ് പാർടി' രൂപീകരിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ഏറെത്താമസിയാതെ അദ്ദേഹം കോമിന്റേൺ നേതൃത്വത്തോട് വിയോജിപ്പിലായി. 1929 ഡിസംബറിൽ റോയി കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽനിന്ന്‌ പുറത്താക്കപ്പെട്ടു.1943ൽ അദ്ദേഹം മാർക്സിസം ഉപേക്ഷിക്കുകയും "റാഡിക്കൽ ഹ്യൂമനിസം'എന്ന പുതിയൊരു തത്വസംഹിത സ്വീകരിക്കുകയും ചെയ്തു. 1921നും 1926നും ഇടയിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വികസിപ്പിക്കുന്നതിൽ എം എൻ റോയിയുടെ മാർഗദർശകമായ സംഭാവനകൾ വിസ്മരിക്കാൻ കഴിയുന്നതല്ല.

(കടപ്പാട്‌: പീപ്പിൾസ് ഡെമോക്രസി)


Tuesday, October 6, 2020

കമ്യൂണിസ്റ്റ്‌ പാർടി രൂപം കൊണ്ടപ്പോൾ

 കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികമാണ്‌ 17ന്‌. പാർടിയുടെയും പ്രസ്ഥാനത്തിന്റെയും മുന്നേറ്റചരിത്രവും വിവിധ ദശാസന്ധികളിൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം വഹിച്ച പങ്കും വിശദമാക്കുന്ന ലേഖനങ്ങളും കുറിപ്പുകളും  ഇന്നുമുതൽ വായിക്കാം

 ഒന്നാം ലോകയുദ്ധത്തിനുമുമ്പ്‌ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ദേശീയവിപ്ലവകാരികൾ 1920കളുടെ ആദ്യമായിരുന്നു കമ്യൂണിസ്റ്റുകാരായി മാറിയത്. പരസ്പരം സമ്പർക്കം പുലർത്തിയിരുന്ന രണ്ടു ഘടകം അവരെ സ്വാധീനിച്ചിരുന്നു: ഒന്നാമത്, ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഒന്നാം ലോകയുദ്ധത്തിന്റെ കാലത്തും അതിന് തൊട്ടുമുമ്പും മിതവാദികളായ നേതാക്കളും വിപ്ലവകാരികളായ അണികളും തമ്മിൽ ഉയർന്നുവന്ന സമരത്തിന്റെ അനുഭവം.

രണ്ടാമത്, ലോകമാസകലമുള്ള വിപ്ലവകാരികളെ എന്നപോലെ ഇന്ത്യൻ വിപ്ലവകാരികളെയും 1917 നവംബറിലെ റഷ്യൻ തൊഴിലാളിവർഗവിപ്ലവം ആവേശം കൊള്ളിച്ചു. ഒട്ടേറെ ഇന്ത്യൻ വിപ്ലവകാരികൾ ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിന്റെ നാട്ടിലേക്ക് ഏറെക്കുറെ ഒരു തീർഥയാത്രതന്നെ നടത്തി. ബുദ്ധിമുട്ട് നിറഞ്ഞ ഇത്തരമൊരു സംരംഭം ഏറ്റെടുക്കാത്തവർ ബോംബെയിലും കൽക്കത്തയിലും മദ്രാസിലും യുപി, പഞ്ചാബ് മേഖലയിലും ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്ക് രൂപം നൽകി.

സിപിഐ താഷ്‌കന്റിൽ രൂപീകരിക്കപ്പെട്ടു

നിരവധി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ക്യാനഡയിലും മറ്റും പോയി പ്രവാസികളായി കഴിഞ്ഞിരുന്ന ഇന്ത്യൻ വിപ്ലവകാരികളെയും റഷ്യൻ വിപ്ലവം സ്വാധീനിച്ചു. അവരിൽ ചിലർ താഷ്‌കന്റ്‌ (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനം) എന്ന സോവിയറ്റ് നഗരത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന പേരിൽ പാർടി സംഘടിപ്പിക്കുന്നതിന്‌ മുൻകൈയടുത്തു. 1920 ഒക്ടോബർ 17 നായിരുന്നു ആദ്യ യോഗം ചേർന്നത്‌. എം എൻ റോയ്‌, അബനി മുഖർജി, (ഇരുവരുടെയും ഭാര്യമാരും) മുഹമ്മദ്‌ അലി, മുഹമ്മദ്‌ ഷഫീഖ്‌, എം പി ബി ടി ആചാര്യ എന്നിവർ ആ യോഗത്തിൽ പങ്കെടുത്തു. ഷഫീഖിനെയാണ്‌ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. ഇന്ത്യക്ക് പുറത്തുവച്ചാണ് രൂപീകരിക്കപ്പെട്ടതെങ്കിലും നാട്ടിലുള്ള നിരവധി യുവ ഇന്ത്യൻ കമ്യൂണിസ്റ്റുകാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ഈ പുതിയ സംഘടന ഒരുപാട് കാര്യങ്ങൾ  ചെയ്തു. സ്വന്തം നാട്ടിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റുകാരുടെ നിരവധി കൊച്ചുകൊച്ചു ഗ്രൂപ്പുകൾക്ക് മാർക്സിസം–-ലെനിനിസത്തിൽ ആദ്യമായി സൈദ്ധാന്തികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകിയത് ആ സംഘടനയായിരുന്നു. അതുകൊണ്ട് ‘‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ ആയി മാറിയതിന്റെ ആദ്യ അടിത്തറയായി താഷ്‌കന്റ് കമ്മിറ്റിയെ കണക്കാക്കാവുന്നതാണ്.

എന്നാൽ, ഇതിന് ഒരു പ്രധാന പോരായ്മയുണ്ട്. താഷ്‌കന്റ് കമ്മിറ്റി സ്വയം കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന് വിളിക്കുന്നുണ്ടെങ്കിലും അത്‌ പ്രവർത്തിച്ചിരുന്നത്, അതിന്റെ ഓഫീസ് രാജ്യത്തിനുപുറത്തായിരുന്നു. ഈ കാരണത്താൽ, ഇന്ത്യൻ കമ്യൂണിസ്റ്റുകാരിൽ ഒരു വിഭാഗം താഷ്കന്റിൽ രൂപീകരിക്കപ്പെട്ട സംഘടനയെ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറയായി കണക്കാക്കിയിരുന്നില്ല. ആയതിനാൽ, അവർ യുപിയിലെ കാൺപുർ നഗരത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ പരസ്യമായ ഒരു സമ്മേളനം ചേരാൻ തീരുമാനിച്ചു. അങ്ങനെ കാൺപുരിൽ നിയമവിധേയമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരിക്കുകയുമുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ ഇതാണ് യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ അടിത്തറ; കാരണം ഇത് രൂപീകരിക്കപ്പെട്ടതും പ്രവർത്തിച്ചതും രാജ്യത്തിനുള്ളിലാണ്.’’ എന്ന്‌ ഇ എം എസ്‌ എഴുതി.

ഒക്ടോബർ സോഷ്യലിസ്‌റ്റ്‌ വിപ്ലവം ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികളെയും സ്വാധീനിച്ചു. ബർലിനിൽ വീരേന്ദ്രനാഥ ചതോപാധ്യായും അമേരിക്കയിലെ ഗദർപാർടിക്കാരും ബോൾഷെവിക്കുകളുമായി ബന്ധം വയ്‌ക്കാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഖിലാഫത്ത്‌ പ്രസ്ഥാനക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടരണമെന്ന പക്ഷക്കാരായിരുന്നു. അതിൽ ചിലർ പോരാട്ടം തുടരാനായി അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോയി. അവിടെനിന്ന്‌ പലരും താഷ്‌കന്റിലേക്ക്‌ എത്തി. ഈ മുഹാജിറുകളെ സോവിയറ്റ്‌ അധികൃതർ സ്വീകരിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടം തുടരാൻ അവരെ സഹായിക്കുകയും ചെയ്‌തു. കമ്യൂണിസ്‌റ്റ്‌ പാർടിയുമായും ബോൾഷെവിക്ക്‌‌ വിപ്ലവകാരികളുമായി ബന്ധപ്പെട്ട ഇവരിൽ 25 പേർ കമ്യൂണിസം പഠിക്കാനായി മോസ്‌കോയിലെ കമ്യൂണിസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ഈസ്‌റ്റിൽ ചേർന്നു. കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷനിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം എൻ റോയ്‌ ഏഷ്യാറ്റിക്ക്‌ ബ്യൂറോയുടെ ചുമതലക്കാരനായി താഷ്‌കന്റിലെത്തി.  മുഹാജിറുകൾക്കിടയിൽ പ്രവർത്തിക്കാൻ ഇത്‌  റോയിക്ക്‌ അവസരം നൽകി. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകി ബ്രിട്ടീഷ്‌ വിരുദ്ധസമരം തുടരാൻ ഉത്‌സുകരായിരുന്നു ഈ മുഹാജിറുകൾ. ഇതേ ഘട്ടത്തിൽ തന്നെയാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ഇന്തോ ചൈന കമ്യൂണിസ്‌റ്റ്‌ പാർടിയും രൂപംകൊണ്ടത്‌.

താഷ്‌കന്റിലെ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്റെ ലഭ്യമായ രേഖകൾ അനുസരിച്ച്‌ രണ്ട്‌ യോഗമാണ്‌ ചേർന്നിട്ടുള്ളത്‌. 1920 ഡിസംബർ 15ന്റെ യോഗത്തിന്റെ മിനിട്‌സ്‌ അനുസരിച്ച്‌ മൂന്നുപേരെ പുതുതായി കാൻഡിഡേറ്റ്‌ മെമ്പർമാരായി പാർടിയിൽ ഉൾപ്പെടുത്തി. അബ്‌ദുൾ ആദേർ സെഹ്‌റായി, മസൂദ്‌ അലി ഷാ കാസി, അക്‌ബർഷാ എന്നിവരായിരുന്നു അത്‌. ഈ ഘട്ടത്തിലാണ്‌ ബർലിനിലുള്ള വീരേന്ദ്ര നാഥ്‌ ചതോപാധ്യായയും മറ്റും മോസ്‌കോയിലെത്തി കൊമിന്റേണുമായി ചർച്ച നടത്തിയത്‌. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണം എന്നതായിരുന്നു അവരുടെ പദ്ധതി. എം എൻ റോയ്‌ ഗ്രൂപ്പിനെ കമ്യൂണിസ്റ്റ്‌ പാർടിയായി അംഗീകാരം നൽകുന്നതിനെയും ചതോപാധ്യായ എതിർത്തു. എന്നാൽ, എല്ലാ വിഭാഗത്തിന്റെയും വീക്ഷണങ്ങൾ കേട്ടശേഷം കൊമിന്റേൺ താഷ്‌കന്റിലെ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ അംഗീകാരം നൽകി. എന്നാൽ, താഷ്‌കന്റിലെ ഈ കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പിന്‌ ഒരു പരിപാടി ഉണ്ടായിരുന്നില്ല. എങ്കിലും കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഈ സമിതിക്ക്‌ കഴിഞ്ഞു.

1921ൽ അഹമ്മദാബാദിൽ ചേർന്ന എഐസിസി സമ്മേളനത്തിലെ പ്രതിനിധികൾക്ക്‌ എം എൻ റോയിയും അബനി മുഖർജിയും ഒരു തുറന്നകത്ത്‌ എഴുതുകയുണ്ടായി. ട്രേഡ്‌യൂണിയൻ ആവശ്യങ്ങളും കിസാൻസഭയുടെ ആവശ്യങ്ങളും സ്വന്തം ആവശ്യങ്ങളായി കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. രാജ്യത്ത്‌ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടുന്നതിന്‌ മുമ്പുതന്നെ സിപിഐ അതിന്റെ രൂപീകരണകാലംമുതൽ പരിപൂർണ സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. അഹമ്മദാബാദ്‌ കോൺഗ്രസിൽ ഹസ്രത്ത്‌ മൊഹാനി പരിപൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ചെയ്‌തു. കമ്യൂണിസത്തിലേക്ക്‌ ആകർഷിക്കപ്പെട്ട മൊഹാനി അതിൽ അംഗമാകുകയും ചെയ്‌തിരുന്നു. അപ്രായോഗികമെന്ന്‌ പറഞ്ഞ്‌ ആ പ്രമേയത്തെ ഗാന്ധിജി എതിർക്കുകയുണ്ടായി.

ഇതിനിടയിൽ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌‌ ഗ്രൂപ്പുകളുമായി കൊമിന്റേണിന്റെ സഹായത്തോടെ എം എൻ റോയ്‌ ബന്ധപ്പെട്ടു. മുംബൈയിലെ എസ്‌ എ ഡാങ്കെ, കൊൽക്കത്തയിലെ മുസഫർ അഹമ്മദ്‌, മദിരാശിയിലെ ശിങ്കാരവേലു ചെട്ടിയാർ എന്നിവരുമായാണ്‌  ബന്ധപ്പെട്ടത്‌. 1922–-23 കാലത്താണ്‌ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ എന്ന പ്രസിദ്ധീകരണത്തിന്‌ എം എൻ റോയ്‌ തുടക്കമിട്ടത്‌‌. കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു ഇത്‌. ബർലിനിൽ നിന്നായിരുന്നു ആദ്യം അച്ചടിച്ചത്‌. കമ്യൂണിസ്‌റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച പ്രസീദ്ധീകരണമായിരുന്നു ഇത്‌. കമ്യൂണിസ്റ്റ്‌‌ പ്രചാരണം ശക്തമാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ‘വാൻഗാർഡ്’‌ ഇന്ത്യയിൽ നിരോധിച്ചു. താഷ്‌കന്റിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഗ്രൂപ്പിന്‌ തുടക്കമിട്ട 1920ൽ തന്നെയാണ്‌ ഓൾ ഇന്ത്യ ട്രേഡ്‌യൂണിയൻ കോൺഗ്രസിനും(എഐടിയുസി)  രൂപം നൽകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുമായി ബന്ധപ്പെട്ടതോടെ ഈ ട്രേഡ്‌യൂണിയൻ സംഘടന തൊഴിലാളി വർഗത്തിന്റെ  ഉശിരുള്ള പ്രസ്ഥാനമായി വളർന്നു. അതായത്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിലെ നിർണായക വഴിത്തിരിവാണ്‌ താഷ്‌കന്റിൽ 1920ൽ രൂപംകൊണ്ട കമ്യൂണിസ്‌റ്റ്‌ ഗ്രൂപ്പ്‌.

Wednesday, November 7, 2018

ഒ രാജഗോപാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടു; നിലപാടുമാറ്റത്തിന്റെ തെളിവുമായി രേഖ പുറത്ത്

 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന ശക്തമായ ആവശ്യമുയര്‍ത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ 19 കൊല്ലം മുമ്പെഴുതിയ ലേഖനം പുറത്ത്. മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ  സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നാണ് . ''ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌.''-രാജഗോപാല്‍ വാദിക്കുന്നു.

ഓ രാജഗോപാലിന്റെ ലേഖനത്തിൽനിന്ന്‌

എന്നാൽ എനിക്ക്‌ മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട്‌ അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്നകാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന്‌ ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്‌ത്രീകളെ അകറ്റി നിർത്താൻ കാരണമെങ്കിൽ സ്‌ത്രീകൾക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്‌. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ അത്‌ ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്‌ക്കുപകരം പരിശുദ്ധിയോടെ സ്‌ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ്‌ വേണ്ടത്‌. ''-രാജഗോപാല്‍ എഴുതുന്നു.

ആദ്ധ്യാത്മിക കാര്യങ്ങളിൽ സ്‌ത്രീകൾ ആരുടെയും പിന്നിലല്ല എന്നത്‌ തെളിയിക്കപ്പട്ട കാര്യമാണ്‌. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത്‌ കേരളീയ വനിതയായ സദ്‌ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്‌.

ഇന്നലെവരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്‌ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന്‌ സ്ഥിതി മാറിയിരിക്കുകയാണ്‌. അമ്മയുടെ നേതൃത്വത്തിലും നിർദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്‌. ഭക്തജനങ്ങൾ അത്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌. ‐ -രാജഗോപാല്‍ സമര്‍ത്ഥിയ്ക്കുന്നു.

സുപ്രീം കോടതി വിധിവരുംവരെയും വന്നതിനു തൊട്ടുപിന്നാലെയും വരെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്ന ആര്‍ എസ്എസ്-‐ബിജെപി നേതാക്കള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ചുവടുമാറ്റമാണ് ഇപ്പോഴത്തെ നിലപാടെന്ന് കൂടുതല്‍ വ്യതമാക്കുന്നതാണ് ഈ ലേഖനം.

ലേഖനത്തിന്റെ പൂർണരൂപം 1

ലേഖനത്തിന്റെ പൂർണരൂപം (ഭാഗം 2)

Tuesday, November 6, 2018

സി കേശവൻ മുഴക്കി, ഐക്യകേരളത്തിന്റെ കാഹളം

935 ജൂൺ ഏഴിന‌്  ആലപ്പുഴ കിടങ്ങാംപറമ്പ‌്  ക്ഷേത്ര മൈതാനത്തു വച്ച‌്  ദിവാൻ സി പിയുടെ പൊലീസ‌് ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായ  ഒരു നിരീശ്വരവാദിയെ അറസ‌്റ്റുചെയ‌്തു. പേര‌് സി  കേശവൻ. കുറ്റം രാജ്യദ്രോഹം. 

അതേവർഷം മെയ‌് 11ന‌്  നടത്തിയ, ഐക്യകേരളത്തിന്റെ  കാഹളമെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ‌്റ്റ‌്. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, എല്ലാവർക്കും സർക്കാർജോലി തുടങ്ങിയ പൗരാവകാശങ്ങൾ  ഈഴവർക്കും മറ്റു പിന്നോക്കക്കാർക്കും നിഷേധിച്ചു സവർണഭരണം നടത്തിയ ദിവാനെതിരെ ‘സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’  എന്നു പറഞ്ഞു നടത്തിയ പ്രസംഗമായിരുന്നു പ്രകോപനം. ക്രൈസ്തവ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ ചേർന്ന ക്രൈസ്തവ ഈഴവ മുസ്‌ലീം രാഷ്‌ട്രീയ സമ്മേളനമായിരുന്നു വേദി.

സി പി യുടെ ചോറ്റുപട്ടാളത്തെ വെല്ലുവിളിച്ച‌്  ‘അന്ധകാരമയമായ ഇൗ സമയത്ത‌്’ എന്നുതുടങ്ങുന്ന  ആ പ്രസംഗം, പിറക്കാൻ പോകുന്ന ഐക്യകേരളം ഏതുതരത്തിലുള്ളതാകണമെന്ന വ്യക്തമായ കാഴ‌്ചപ്പാടായിരുന്നു. സവർണ മേൽക്കോയ‌്മയും ഉച്ചനീചത്വങ്ങളും ഇല്ലാത്തതും അന്ധവിശ്വാസമുക്തവും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ കേരളത്തെയാണ‌് കോഴഞ്ചേരി പ്രസംഗത്തിൽ സി കേശവൻ വിഭാവനം ചെയ‌്തത‌്. ആ പ്രസംഗം നിവേദനങ്ങളും പ്രമേയങ്ങളുമായി ഒതുങ്ങിനിന്നിരുന്ന നിവർത്തനപ്രക്ഷോഭത്തെ രാജവാഴചയ‌്ക്കും ദിവാൻഭരണത്തിനുമെതിരായ പ്രത്യക്ഷസമരത്തിന്റെ കുത്തൊഴുക്കിനു വഴിതുറന്നുകൊടുത്തു.

വസ്തുക്കരം വോട്ടവകാശത്തിനു മാനദണ്ഡമാക്കിയ 1932 ലെ ഭരണപരിഷ്‌കാര വിളംബരത്തിനു ശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനിക്കും ഈഴവനും മുസ്ലീമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവർ കരം ഒടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം.

സവർണർക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്ന വാദം ദിവാന്റെ  ഭരണകാലഘട്ടത്തിൽ മേൽക്കൈ നേടിയിരുന്നു.  ഉദ്യോഗം നോക്കുന്നതിനു തങ്ങൾക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്നും  തങ്ങൾക്കു ഉദ്യോഗം തന്നില്ലെങ്കിൽ തങ്ങൾ പടവെട്ടിയവരും വാളിന്റെ തുമ്പത്ത്‌ രാജ്യം പിടിച്ചവരുമാണെന്ന‌് ഓർമ വേണമെന്നുമൊക്കെ ഉയർത്തിയ വീരവാദത്തെ അദ്ദേഹം സവിസ‌്തരം ഖണ്ഡിക്കുന്നുണ്ട‌് പ്രസംഗത്തിൽ. കൊല്ലം സെഷൻസ‌് കോടതി കോഴഞ്ചേരി  പ്രസംഗത്തിന്റെ പേരിൽ സി കേശവനെ ഒരവർഷം  കഠിനതടവിനു ശിക്ഷിച്ചു.  ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ ശിക്ഷ രണ്ടു വർഷമായി വർധിപ്പിക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ഒരു സാധാരണ ഈഴവകുടുംബത്തിൽ സി കേശവൻ ജനിച്ചത്. 1933ൽ എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി.  തിരു– കൊച്ചി സംസ്ഥാനത്ത‌് പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം അംഗമായി. 1951ൽ തിരു– കൊച്ചി മുഖ്യമന്ത്രിയും. 1969 ജൂലൈ ഏഴിന‌് അന്തരിച്ചു.

ലെനി ജോസഫ്

ക്ഷേത്രപ്രവേശനവും മന്നത്ത‌് പത്മനാഭനും

ശബരിമല ക്ഷേത്രത്തിൽ ഏത് പ്രായത്തിലുള്ള സ്ത്രീയെയും വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധി വലിയ ചർച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കിൽ  എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നത് ഭൂതകാലാനുഭവത്തിന്റെ സഹായത്താൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. സമുദായവ്യത്യാസമില്ലാതെ ഒരു ജനത നടത്തിയ കൂട്ടായ പോരാട്ടമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത്. അതിൽ എൻഎസ്എസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ മന്നത്ത് പത്മനാഭനും സ്ഥാപക പ്രസിഡന്റായ കെ കേളപ്പനും പ്രമുഖ സ്ഥാനം വഹിച്ചവരാണ്. അവരിരുവരും ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ സമരത്തിലെ പ്രധാനികളായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോഴും കേളപ്പന്റെയും മന്നത്തിന്റെയും നവോത്ഥാനസമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടുന്നില്ല.

അക്കാലത്തെ നായർ തറവാടുകളിലെ മനുഷ്യർ നമ്പൂതിരിമാരുടെ ദാസ്യവേലക്കാരെപോലെയാണ് പരിഗണിക്കപ്പെട്ടത്. നമ്പൂതിരിമാരുടെ താൽപ്പര്യസംരക്ഷണത്തിനായി ഉണ്ടാക്കിയ പലവിധ ആചാരാനുഷ്ഠാനങ്ങൾക്കൊത്താണ് നായർ വിഭാഗത്തിൽപ്പെട്ടവർ ജീവിക്കേണ്ടിവന്നത്. അജ്ഞതയുടെ ഇരുൾ മൂടിയതും സാമൂഹ്യതിന്മകൾ പ്രബലവുമായ അന്തരീക്ഷത്തിലാണ് വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ അതിനെതിരായൊരു പ്രതികരണം ഉയർന്നുവരുന്നത്. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, വി ടി, ഇ എം എസ് തുടങ്ങിയവരെല്ലാമതിന്റെ മുന്നിൽത്തന്നെ നിലയുറപ്പിച്ചവരായിരുന്നു. സമുദായോദ്ധാരണമെന്നത് അന്നത്തെ കാലത്ത് അവരുയർത്തിയ വലിയ പരിഷ്കരണ മുദ്രാവാക്യമായിരുന്നു.

താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്

നായർ സമുദായത്തിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്കാണ് മന്നത്ത് പത്മനാഭൻ പ്രധാനമായും നേതൃത്വം നൽകിയത്. എന്നാലത് കേവലമായ നായർ സമുദായത്തിൽ മാത്രമായി ഒതുങ്ങിയിരുന്നുമില്ല. നായർ കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണം താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട് എന്നിങ്ങനെയുള്ള നാലുകെട്ടുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. താലികെട്ടെന്നാൽ ഇന്നത്തെ വിവാഹങ്ങളായിരുന്നില്ല. പടുവൃദ്ധന്മാരായ നമ്പൂതിരിമാർ നായർ പെൺകുട്ടികളുടെ കഴുത്തിൽ താലികെട്ടുന്ന ചടങ്ങാണത്. പലപ്പോഴും പെൺകുട്ടികൾ താലികെട്ടുവേളയിൽ അമ്മമാരുടെ മടിയിലിരിക്കുന്നത്രയും ചെറുതായിരിക്കും. നമ്പൂതിരിമാർ ശൂദ്രന്മാരായിക്കാണുന്ന നായന്മാരെ വേളി കഴിക്കാറില്ല. നായർ സ്ത്രീകളുമായി സംബന്ധം മാത്രമാണുണ്ടാകുക. താലികെട്ടിന്റെ ഭാഗമായി നായർ തറവാട്ടുകാർ കരക്കാരെ മുഴുവൻ വിളിച്ച് നാലുദിവസം തുടർച്ചയായി സദ്യകൊടുക്കണമായിരുന്നു. അതിലൂടെ പല കുടുംബങ്ങളും വലിയ കടക്കാരായ് മാറിയിട്ടുണ്ടത്രെ. കാളയുടെയും കുതിരയുടെയും വലിയ രൂപങ്ങൾ മരത്തിലുണ്ടാക്കി ആളുകൾ തോളുകളിലെടുത്തും രഥത്തിൽവച്ച് വലിച്ചും കൊണ്ടുപോകുന്നതാണ് കുതിരകെട്ട് അല്ലെങ്കിൽ കെട്ടുകാഴ്ച. അതിന് വലിയ പണച്ചെലവ് വരുമായിരുന്നു. ഉത്സവകാലത്ത് കരക്കാർതമ്മിൽ മത്സരിച്ച് വെടിക്കെട്ടിനുവേണ്ടിയും ധാരാളം പണം ചെലവാക്കിയിരുന്നു. തറവാട്ടുകാർ തമ്മിലുള്ള കോടതി കേസുകളായിരുന്നു മറ്റൊന്ന്. കേസുകെട്ടുകളെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതൊക്കെയാണ് മന്നം വിശേഷിപ്പിച്ച നാലുകെട്ടുകൾ.

നമ്പൂതിരി മേധാവിത്വം

നമ്പൂതിരിയായ അച്ഛനെ നായർസ്ത്രീയിലെ മക്കൾ തൊടുന്നത് അശുദ്ധിയായി കണ്ടിരുന്നതാണ് നായർ തറവാടുകളിലെ ഭൂതകാലം. കാമപൂർത്തീകരണത്തിനായിമാത്രം നായർ വീടുകളിലെത്തുന്ന നമ്പൂതിരിമാർ അവർക്ക് പിറക്കുന്ന മക്കളോട് ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. മകന് നമ്പൂതിരിയായ അച്ഛനെ അച്ഛനെന്ന് വിളിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല, അച്ഛനെ തമ്പുരാനെന്ന് വിളിക്കേണ്ടിയിരുന്നു.  അത്തരം ആചാരങ്ങൾക്കെതിരായ പ്രതികരണം ഉയർന്നതിനെക്കുറിച്ച് മന്നം എഴുതിയതിങ്ങനെയാണ്, “നായന്മാർക്ക് വിവാഹബന്ധമില്ലെന്നും അവരുടെ അച്ഛൻ ആരാണെന്ന് നിശ്ചയമില്ലെന്നും അവർ വേശ്യാപുത്രന്മാരാണെന്നും അവരുടെ സന്തതികൾക്ക് അച്ഛനിൽനിന്ന് സംരക്ഷണം ആഗ്രഹിക്കാൻ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണ ജഡ്ജിമാരിൽ ചിലർ വിധിയെഴുതിയ വസ്തുത ജനസാമാന്യം ഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവരുടെ തണുത്ത രക്തത്തിലും ചൂടുകേറാതിരുന്നില്ല’’. മന്നത്ത് പത്മനാഭന്റെ അച്ഛൻ സമ്പന്നകുടുംബത്തിൽനിന്നുള്ള നമ്പൂതിരിയായിരുന്നു. പക്ഷേ മന്നത്ത് വളർന്നതാകട്ടെ പ്രയാസകരമായ ചുറ്റുപാടിലായിരുന്നു.

നമ്പൂതിരിമേധാവിത്വത്തിന്റെ ദുരിതങ്ങൾ ചെറുപ്രായത്തിൽത്തന്നെ അനുഭവിക്കേണ്ടിവന്ന അനേകായിരങ്ങളിൽ ഒരാളായിരുന്നു മന്നത്ത് പത്മനാഭനും. അതുകൊണ്ടുകൂടിയാകാം നമ്പൂതിരിമാരുടെ മേധാവിത്വത്തിനെതിരെ ശക്തമായ ഭാഷാപ്രയോഗങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായത്. അദ്ദേഹം പറഞ്ഞത് നായർ നമ്പൂതിരിയെക്കാൾ താണവനല്ലെന്നും പുലയനെക്കാൾ ഉയർന്നവനല്ലെന്നുമായിരുന്നു.  “എനിക്ക് പൂണൂലിനെ വലിയ ഭയവും വെറുപ്പുമാണ്. ഈ പൂണൂലാണ് ഭാരതഭൂമിയെ ജാതി സങ്കുലമാക്കിത്തീർത്ത ഭയങ്കര വസ്തു’’ എന്ന് വിളിച്ചുപറഞ്ഞ അക്കാലത്തെ അപൂർവമാളുകളിലൊരാളായും മന്നത്ത് പത്മനാഭൻ മാറുകയുണ്ടായി. ക്ഷേത്രാചാരങ്ങൾ ലഘിക്കുന്നതിൽ മന്നത്തിനൊരു പ്രത്യേക ഉത്സാഹംതന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയമ്മാവനായ ചിറമുറ്റത്ത് വേലുപ്പിള്ള മരിച്ചപ്പോൾ പുലമാറാതെ പെരുന്നയിൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ കയറിയെന്നപേരിൽ മന്നത്തിനെതിരെ നമ്പൂതിരിമാർ മഹാരാജാവിന് പരാതികൊടുത്തിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമുയർന്നത്. അദ്ദേഹം ചോദിച്ചു, “നികൃഷ്ട ജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികൾക്കും പൂച്ചകൾക്കും മതിലിനകത്തും നാലമ്പലത്തിലും പ്രവേശനമുണ്ട്...തീണ്ടൽ ആർക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാൻ സാധ്യമല്ല. മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്നതിൽപ്പരം ഒരു പാപം ഉണ്ടെന്ന് തോന്നുന്നില്ല.’’  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളോടെയായിരുന്നു 1922ൽ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം പ്രസംഗിച്ചത്. ക്ഷേത്രഭരണത്തിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദിച്ചവരിലൊരാളായിരുന്നു മന്നമെന്നത് വിസ്മരിക്കരുത്.

വൈക്കം സത്യഗ്രഹം

വൈക്കം ക്ഷേത്രത്തിന്റെ വഴിയിലൂടെ താണജാതിക്കാർക്ക് നടക്കുന്നതിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം. അസ്പൃഷ്ടരെന്ന് വിളിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ക്ഷേത്രപരിസരത്തുകൂടി സഞ്ചരിക്കുന്നതിന് അക്കാലത്ത് വിലക്കായിരുന്നു. അതിനെതിരായി ശ്രീനാരായണഗുരുവുൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണ് സമരം നടന്നത്. വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽപലകയ്ക്കപ്പുറത്തേക്ക് യാത്രചെയ്യാൻ ജാതിശ്രേണിക്ക് പുറത്തുള്ള, നമ്പൂതിരിമാർ നികൃഷ്ടജന്മങ്ങളായ് കരുതുന്ന, ഈഴവർ, തീയർ, പുലയർ തുടങ്ങിയവർക്ക്  സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനെതിരായി കൈപിടിക്കുന്നവർക്ക് നേതൃത്വം നൽകാൻ മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.  ഇരുപത് മാസം  നീണ്ടുനിന്ന വൈക്കം സമരത്തിന്റെ ഫലമായാണ് ക്ഷേത്രത്തിന് സമീപത്തെ വഴികളിൽനിന്ന് തീണ്ടൽ പലകകൾ എടുത്തുമാറ്റപ്പെടുന്നത്. എന്നിട്ടും അതുവഴി നടക്കാൻ അവർണവിഭാഗത്തിൽപ്പെട്ടവർ ഭയപ്പെട്ടിരുന്നു. നമ്പൂതിരിമാരുടെ ഗുണ്ടകളുടെ ആക്രമണത്തെയെന്നപോലെ ദൈവകോപമുണ്ടാകുമെന്ന ഭയവും അവരിലുണ്ടായിരുന്നു.

സമരാനന്തരം വഴിനടക്കാനുള്ള അവകാശം ലഭിച്ചതോടെ മന്നത്ത് പത്മനാഭൻ സംതൃപ്തനായിരുന്നില്ല. ഏതാനും മുഴം റോഡ് തുറന്നുകിട്ടാനുള്ള അവകാശത്തിനല്ല സത്യഗ്രഹം ആരംഭിച്ചതെന്നും തീണ്ടലിനെയും തൊടീലിനെയും ഈ രാജ്യത്തുനിന്ന് ബഹിഷ്കരിക്കാനും പ്രാഥമിക പൗരാവകാശസമത്വമെങ്കിലും സ്ഥാപിക്കാനുംവേണ്ടിയായിരുന്നു സമരമെന്നും നായർ സർവീസ് സൊസൈറ്റിയുടെ സർവീസ് മാസികയിൽ അദ്ദേഹം എഴുതുകയുണ്ടായി. ഗുരുവായൂർ ക്ഷേത്രപ്രവേശനസമരത്തിന്റെ  പ്രധാന നേതാക്കളായിരുന്നു കെ  കേളപ്പൻ, എ കെ ജി, കൃഷ്ണപിള്ള, മന്നത്ത് പത്മനാഭനുമുൾപ്പെടെയുള്ളവർ. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ പ്രചാരണാർഥം എ കെ ജിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്കുണ്ടായ ജാഥയിൽ പലയിടത്തും മന്നം പ്രസംഗിക്കുകയുണ്ടായി.

നമ്പൂതിരിമാർ നായന്മാരെ ശൂദ്രരായാണ് കണ്ടിരുന്നത്. കേരളത്തിലെ ആദ്യകാല സർക്കാർ രേഖകളിൽ നായർ എന്ന പദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്, മലയാള ശൂദ്രർ എന്നായിരുന്നു. ഭൃത്യപണിക്കാർ എന്നർഥമുള്ള ശൂദ്രരെന്ന പദത്താൽ തങ്ങളെ വിളിക്കരുതെന്നത് കേരളത്തിലെ നായർ സമുദായക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. നീണ്ടകാലത്തിനുശേഷമാണ് പ്രസ്തുതയാവശ്യം അനുവദിക്കപ്പെട്ടത്. പേരിലും ആചാരത്തിലും മനുഷ്യർ അപമാനിക്കപ്പെടരുതെന്ന ചിന്തയാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ നയിച്ചിരുന്നത്. അത് മന്നത്ത് പത്മനാഭന്റെ പ്രവൃത്തികളിൽ കാണാനാകും. അന്ധമായി അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങൾക്കെതിരായി ദേശീയ പ്രസ്ഥാനത്തിന്റെ നാളുകളിൽ നിരന്തരപ്രവർത്തനം അദ്ദേഹം ഏറ്റെടുത്തിരുന്നു. വൈക്കത്തെ പെരുമശ്ശേരി കാവിലെ കുളത്തിൽ കുളിച്ച സത്യഗ്രഹികളെ അയിത്തജാതിക്കാരെന്നാക്ഷേപിച്ച് ആക്രമിക്കാൻ നോക്കിയപ്പോൾ ക്ഷേത്രഭാരവാഹികൾക്കെതിരെ മടിയേതുമില്ലാതെ ശബ്ദിച്ചവരിലൊരാൾ മന്നമായിരുന്നു.  പല ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളിലെ പലയിടത്തും ഇപ്പോഴും നമ്പൂതിരിമാർക്ക് മാത്രമേ പ്രവേശനമുള്ളൂ. വൈദിക ബ്രാഹ്മണ്യത്തിന്റെ ആലകുഴിയിൽ ആണ്ടിരിക്കുന്നവർ അക്കാലത്തെ മന്നത്തിന്റെ വാക്കുകൾ ഇക്കാലത്തെ സംഭവങ്ങളുമായി ചേർത്തുവച്ചുനോക്കുക, “മണിയടിച്ച് തൊഴാനോ മണ്ഡപത്തിൽ കയറിയിരുന്ന് ഈശ്വരഭജനം ചെയ്യാനോ  അവകാശമുണ്ടെന്ന് വിചാരിക്കുന്നതുപോലും പാപമാണെന്ന് വിശ്വസിക്കുന്നകൂട്ടർക്ക് ബ്രാഹ്മണരെപോലെ ഈശ്വരനെ നേരിട്ട് പൂജിക്കണമെന്ന് തോന്നാത്തതിൽ അത്ഭുതമില്ല.’’

സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടം
നവോത്ഥാനപ്രസ്ഥാനങ്ങളുടെ ചരിത്രവും വർത്തമാനവും ഇന്നത്തെ കേരളീയസമൂഹത്തിൽ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. ജാതി‐ജന്മി‐നാടുവാഴി മേധാവിത്വത്തിനെതിരായി കേരളത്തിൽ ഉയർന്നുവന്ന പ്രതിഷേധപ്രസ്ഥാനങ്ങൾക്ക് പലരൂപങ്ങളുണ്ടായിരുന്നു. സമുദായ പ്രസ്ഥാനങ്ങളിൽപ്പെട്ടവരിൽ പലർക്കും ജാതിചൂഷണങ്ങളിലെ വർഗപരമായ കാരണങ്ങൾ തിരിച്ചറിയാനായില്ല. വർഗപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരിലൊരുകൂട്ടർ ജാതിചൂഷണത്തെയും അതിന്റെ വർഗപരമായ ബന്ധങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. അതാകട്ടെ പിൽക്കാലത്തെ കേരളീയ സാമൂഹ്യമുന്നേറ്റത്തിനായുള്ള പോരാട്ടങ്ങളുടെ ശക്തിയെ പരിമിതപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തിന്റെ മുന്നേറ്റത്തിൽ സാമ്പത്തീക അസമത്വങ്ങൾക്കെതിരായ സമരങ്ങൾക്കെന്നപോലെ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കും വലിയ പങ്കാണുള്ളത്. ഒന്നിനെ മറ്റൊന്നിൽനിന്ന് അടർത്തി മാറ്റി പരിശോധിക്കുകയെന്നത് അസാധ്യമാണ്. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി സുപ്രധാന സംഭവമായാണ് ചരിത്രം വിലയിരുത്തുക. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവർ തീർച്ചയായും മന്നത്ത് പത്മനാഭനെപോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

ഡോ. വി ശിവദാസൻ

(http://www.deshabhimani.com/articles/temple-entry-proclamation-and-mannathu-padmanabhan/761966)