Showing posts with label ലിബിയ. Show all posts
Showing posts with label ലിബിയ. Show all posts

Thursday, April 26, 2012

ലിബിയയില്‍ മതാധിഷ്ഠിത രാഷ്ട്രീയകക്ഷികള്‍ക്ക് നിരോധനം


ലിബിയയില്‍ മതം, ഗോത്രം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതിനെ ഇടക്കാല ഗവണ്‍മെന്റ് നിരോധിച്ചു. ജൂണ്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം.

ലിബിയയിലെ മുസ്ലിം ബ്രദര്‍ഹുഡ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രൂപീകരിച്ച ഫ്രീഡം ആന്റ് ബ്രദര്‍ഹുഡ് എന്ന രാഷ്ട്രീയ കക്ഷിക്ക് തീരുമാനം ബാധമാകുമോയെന്ന് വ്യക്തമല്ല. ജൂണ്‍ മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ കക്ഷി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നാറ്റോയുടെ പിന്തുണയോടെ കേണല്‍ മുവമ്മര്‍       ഗദ്ദഫിയെ അട്ടിമറിച്ചതിനുശേഷം നടക്കുന്ന ലിബിയയിലെ ആദ്യ തിരഞ്ഞെടുപ്പാണിത്. മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുന്നത് എന്താണര്‍ഥമാക്കുന്നതെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്ന് മുസ്ലിം ബ്രദര്‍ ഹുഡിന്റെ പാര്‍ട്ടിയുടെ നേതാവ്  ആവശ്യപ്പെട്ടു. ലിബിയയിലെ 60 ലക്ഷം ജനങ്ങളില്‍ ബഹുഭൂരിപക്ഷവും സുന്നി മുസ്ലിങ്ങളാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും മുസ്ലിം ബ്രദര്‍ഹുഡ് കക്ഷി മുന്നറിയിപ്പ് നല്‍കി.

ശരിയത്ത് നിയമങ്ങള്‍ക്കനുസൃതമായ രീതിയില്‍ത്തന്നെയായിരിക്കും ലിബിയയിലെ ഭരണസംവിധാനമെന്നും പുതിയ ഭരണഘടനയ്ക്ക് തിരഞ്ഞെടുപ്പിനു ശേഷം രൂപം നല്‍കുമെന്നും ഇടക്കാല ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഗദ്ദഫിയുടെ 42 വര്‍ഷക്കാലത്തെ ഭരണത്തിന്‍കീഴില്‍ ഇസ്ലാമിക ശക്തികളും വിമതരും അടിച്ചമര്‍ത്തപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ലിബിയയിലെ ഏറ്റവും വലിയ സംഘടിത ശക്തിയായി ഇസ്ലാമിക കക്ഷികള്‍ മാറുകയാണ്. അറബ് വസന്തത്തിന്റെ ഫലമായി ഭരണമാറ്റമുണ്ടായ ടുണിഷ്യ, ഈജിപ്ത്, മൊറൊക്കെ എന്നിവിടങ്ങളിലെല്ലാം ഇസ്ലാമിക കക്ഷികള്‍ വന്‍മുന്നേറ്റം നടത്തിയിരുന്നു.

janayugom 260412

Wednesday, October 26, 2011

ഗദ്ദാഫിയുടെ മൃതദേഹം രഹസ്യമായി മറവുചെയ്തു

നാറ്റോ സഹായത്തോടെ ഇടക്കാല ഭരണസമിതിസേന വകവരുത്തിയ ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം രാത്രി രഹസ്യമായി മറവുചെയ്തു. ദിവസങ്ങളായി മിസ്റാത്തയില്‍ ഇറച്ചിക്കടയുടെ കോള്‍ഡ് സ്റ്റോറേജില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൃതദേഹം എവിടെയാണ് മറവുചെയ്തതെന്ന് ഇടക്കാല ഭരണസമിതി വെളിപ്പെടുത്തിയില്ല. മകന്‍ മുത്തസിമിന്റെയും മുന്‍ പ്രതിരോധമന്ത്രി അബുബക്ര്‍ യൂനിസിന്റെയും മൃതദേഹങ്ങള്‍ക്കൊപ്പം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗദ്ദാഫിയുടെ മൃതദേഹം മതപരമായ ആചാരങ്ങളോടെ കബറടക്കിയതെന്ന് മിസ്റാത്ത സൈനിക കൗണ്‍സില്‍ അംഗം വെളിപ്പെടുത്തി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മിസ്റാത്തയിലെ ഇറച്ചിച്ചന്തയില്‍നിന്ന് അഞ്ച് സൈനികവാഹനത്തിന്റെ അകമ്പടിയിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഗദ്ദാഫി അനുകൂലികളായ മൂന്നു മതനേതാക്കളുടെ നേതൃത്വത്തിലായിരുന്നു കബറടക്കമെന്ന് സൈനിക കൗണ്‍സില്‍ അവകാശപ്പെട്ടു. ഗദ്ദാഫിക്കൊപ്പം കൊല്ലപ്പെട്ട മുന്‍ പ്രതിരോധമന്ത്രിയുടെ രണ്ടു മക്കള്‍ക്കും പിതാവിനും ഇതിനുമുമ്പ് മൃതദേഹങ്ങള്‍ കാണാന്‍ അവസരംനല്‍കി. യൂനിസിന്റെ മക്കളെ ജയിലില്‍നിന്നാണ് മിസ്റാത്തയില്‍ കൊണ്ടുവന്നത്.

ജന്മനഗരമായ സിര്‍ത്തെയില്‍നിന്ന് വ്യാഴാഴ്ചയാണ് ഗദ്ദാഫിയെ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ (എന്‍ടിസി) എന്നറിയപ്പെടുന്ന ഇടക്കാല ഭരണസമിതിയുടെ സേന പിടികൂടിയത്. നാറ്റോസഖ്യത്തിന്റെ ഭാഗമായ അമേരിക്കന്‍ , ഫ്രഞ്ച് പോര്‍വിമാനങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് എന്‍ടിസി സൈനികര്‍ ഗദ്ദാഫിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പിടികൂടിയശേഷം നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതിനുപകരം ഗദ്ദാഫിയെ കൊല്ലുകയായിരുന്നെന്ന ആരോപണം അന്താരാഷ്ട്ര സമൂഹത്തില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് മൃതദേഹം രഹസ്യമായി മറവുചെയ്തത്. ഗദ്ദാഫിയുടെ കബറിടം ഭാവിയില്‍ തീര്‍ഥാടനകേന്ദ്രമാകാനുള്ള സാധ്യതയും ഒഴിവാക്കാനാണ് ഇക്കാര്യം രഹസ്യമാക്കിവച്ചത്.

അതേസമയം, ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം നൈജറിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. സഹോദരനായ അല്‍ സാദി ഗദ്ദാഫി സെപ്തംബറില്‍ നൈജറിലേക്ക് പലായനംചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറന്റുള്ള സെയ്ഫും ഈവഴിക്കാണ് നീങ്ങുന്നത്. തങ്ങളുടെ രാജ്യത്ത് അഭയം തേടിയെത്തുന്നവരെ സുരക്ഷ ഉറപ്പാക്കാതെ ലിബിയയിലേക്ക് മടക്കി അയക്കില്ലെന്ന് നൈജര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തെയില്‍ എണ്ണസംഭരണി പൊട്ടിത്തെറിച്ച് നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് വന്‍ സ്ഫോടനത്തോടെ തീപടര്‍ന്നതെന്ന് എന്‍ടിസി കമാന്‍ഡര്‍ ലീത് മുഹമ്മദ് എഎഫ്പിയോട് പറഞ്ഞു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു. കാറുകളില്‍ ഇന്ധനം നിറയ്ക്കാനായി ജനക്കൂട്ടം കാത്തുനില്‍ക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്. മണിക്കൂറുകള്‍ക്കുശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്.

deshabhimani 261011

Tuesday, October 25, 2011

നാറ്റോ അടിച്ചമര്‍ത്തല്‍ ഉപകരണം: ഫിദല്‍

ഹവാന: കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കാന്‍ ലിബിയയില്‍ നാറ്റോസേന നടത്തിയ ആക്രമണം നിഷ്ഠുരമെന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ. ഹീനമായ നാറ്റോ സൈനികസഖ്യം മാനവചരിത്രത്തിലെ ഏറ്റവും കാപട്യംനിറഞ്ഞ അടിച്ചമര്‍ത്തല്‍ ഉപകരണമായി മാറിയെന്നും കാസ്ട്രോ അഭിപ്രായപ്പെട്ടു. ഗദ്ദാഫിയെ കൊലപ്പെടുത്തിയതിലും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും ക്രൂരത തുടര്‍ന്നതിലും കാസ്ട്രോ രോഷംപ്രകടിപ്പിച്ചു.

യുദ്ധത്തില്‍ ലഭിച്ച ട്രോഫിയെന്നപോലെയാണ് ഗദ്ദാഫിയെ പ്രദര്‍ശിപ്പിച്ചത്. ഇസ്ലാമിന്റെയും മറ്റു മതങ്ങളുടെയുമെല്ലാം വിശ്വാസത്തിന്റെ പ്രാഥമികതത്വങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തിയാണിത്. അമേരിക്ക നാറ്റോയെ ഉപകരണമാക്കുകയാണെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കാസ്ട്രോ ചൂണ്ടിക്കാട്ടി. ഗദ്ദാഫി കൊല്ലപ്പെട്ടശേഷം ക്യൂബയുടെ ആദ്യപ്രതികരണമാണ് ഫിദല്‍ കാസ്ട്രോയുടേത്. ലിബിയയിലെ നാറ്റോ കടന്നാക്രമണത്തെ ആദ്യംമുതല്‍ എതിര്‍ക്കുന്ന ഫിദല്‍ കാസ്ട്രോ, ഗദ്ദാഫിയുടെ ചെറുത്തുനില്‍പ്പിന് ശക്തമായ പിന്തുണ അറിയിച്ചിരുന്നു.

വിദേശശക്തികളുടെ ഇടപെടലില്‍ നിലവില്‍വന്ന ദേശീയപരിവര്‍ത്തന കൗണ്‍സിലിനെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച ക്യൂബന്‍സര്‍ക്കാര്‍ , കഴിഞ്ഞമാസം ലിബിയയിലെ സ്ഥാനപതിയെ പിന്‍വലിച്ചിരുന്നു.

deshabhimani 251011

Saturday, October 22, 2011

അടുത്ത ലക്ഷ്യം സിറിയ, ഇറാന്‍

ന്യൂയോര്‍ക്ക്: ഇറാഖിനു പിന്നാലെ ലിബിയയിലും യുദ്ധത്തിലൂടെ ഭരണ അട്ടിമറി നടത്തിയ അമേരിക്കയുടെ അടുത്ത അടിയന്തര ലക്ഷ്യങ്ങള്‍ സിറിയയും ഇറാനും. സിറിയയില്‍ ലിബിയയിലെ പോലെ കലാപകാരികളെ കുത്തിയിളക്കിയാണ് അട്ടിമറിക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഇറാനെതിരെ ഗുരുതരമായ ആരോപണമുയര്‍ത്തിയാണ് നീക്കം. അമേരിക്കയിലെ സൗദി അറേബ്യന്‍ സ്ഥാനപതി ആദില്‍ അല്‍ ജൂബൈറിനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടു എന്നാണ് ആരോപിച്ചിരിക്കുന്നത്. ക്യൂബ, വെനസ്വേല, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ അജന്‍ഡയിലുണ്ടെങ്കിലും അവയ്ക്കെതിരെ ഉടന്‍ നടപടിക്ക് നീക്കമില്ല.

ലിബിയയില്‍ നടപ്പാക്കിയതിന് സമാനമായ തന്ത്രമാണ്് അമേരിക്ക സിറിയയിലും പ്രയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി സിറിയയെ അറബ് ലീഗില്‍നിന്ന് സസ്പെന്‍ഡ് ചെയ്യിക്കാന്‍ അമേരിക്ക നടത്തിയ നീക്കം കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ പരാജയപ്പെട്ടു. എങ്കിലും അറബ് ലീഗ് സംഘത്തെ സിറിയയിലേക്ക് അയക്കാന്‍ യോഗം തീരുമാനിച്ചു. 22 അംഗ അറബ്ലീഗില്‍ മൂന്നില്‍ രണ്ട് രാജ്യങ്ങളുടെ പിന്തുണയാണ് ഒരു രാജ്യത്തെ സസ്പെന്‍ഡുചെയ്യാന്‍ വേണ്ടത്. ബഹ്റൈനില്‍ ഭൂരിപക്ഷ ഷിയാ വിഭാഗത്തിന്റെ മുന്‍കൈയിലുള്ള ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അവിടേക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സേനയെ നയിച്ച സൗദി അറേബ്യയാണ് സിറിയക്കെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തത്. അമേരിക്കന്‍ സഖ്യത്തിലുള്ള മറ്റ് അഞ്ച് ജിസിസി രാഷ്ട്രങ്ങളും സിറിയയെ സസ്പെന്‍ഡുചെയ്യണമെന്ന് ശഠിച്ചെങ്കിലും ലെബനന്‍ , സുഡാന്‍ , അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളുടെ എതിര്‍പ്പുമൂലം നടപ്പായില്ല. തുടര്‍ന്നാണ് ആദ്യ പടിയായി പ്രതിനിധിസംഘത്തെ സിറിയയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

കലാപകാരികള്‍ ഇസ്രയേലില്‍നിന്നുള്ളതടക്കം വിദേശ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുഴപ്പമുണ്ടാക്കുന്നതെന്ന് അറബ് ലീഗിലെ സിറിയന്‍ സ്ഥാനപതി തെളിവുസഹിതം വാദിച്ചു. ചില അറബ്രാജ്യങ്ങളും കലാപകാരികളെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലിബിയയില്‍ ഫെബ്രുവരിയില്‍ ഗദ്ദാഫി വിരുദ്ധരുടെ കലാപം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ആ രാജ്യത്തെ അറബ് ലീഗില്‍നിന്ന് സസ്പെന്‍ഡുചെയ്തിരുന്നു. തുടര്‍ന്ന് പടിപടിയായി ഗദ്ദാഫി ഭരണകൂടത്തിനുമേല്‍ യുഎന്‍ ഉപരോധങ്ങളും വ്യോമനിരോധനവും ഏര്‍പ്പെടുത്തിയ ശേഷമാണ് മാര്‍ച്ചില്‍ നാറ്റോ വ്യോമാക്രമണം ആരംഭിച്ചത്. യുഎന്നില്‍ അറബ് ലീഗിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഗദ്ദാഫിക്കെതിരെ അമേരിക്കന്‍ നീക്കങ്ങള്‍ . ഇപ്പോള്‍ സിറിയയിലെ ബാഷര്‍ അല്‍ അസദിനെതിരെയും അതേ നീക്കങ്ങള്‍ തന്നെയാണ് പരീക്ഷിക്കുന്നത്. ഇറാനെതിരെ മൂന്ന് പതിറ്റാണ്ടിലധികമായി തുടരുന്ന നീക്കമാണ് അമേരിക്ക ഇപ്പോള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയെ കൂട്ടുപിടിച്ച് ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഈ ആരോപണത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ അഞ്ച് ഇറാന്‍കാര്‍ക്കെതിരെ വെള്ളിയാഴ്ച ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കെതിരെ വ്യാഴാഴ്ച അമേരിക്കന്‍ കോടതി കുറ്റം ചുമത്തിയിരിക്കുകയാണ്. ഇറാന്‍ അമേരിക്കന്‍ ഇരട്ട പൗരത്വമുള്ള മന്‍സൂര്‍ അര്‍ബാബ്സിയാര്‍ , ഗുലാം ഷുക്രി എന്നിവര്‍ക്കെതിരെയാണ് ന്യൂയോര്‍ക്ക് തെക്കന്‍ ജില്ലാ കോടതി കുറ്റം ചുമത്തിയിരിക്കുന്നത്.

ഇറാനെതിരെ ആക്രമണം നടത്തുന്നതിന് സൗദി സ്ഥാനപതി ജുബൈര്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദംചെലുത്തുന്നതായി വിക്കിലീക്സ് ഈ വര്‍ഷം പുറത്തുവിട്ട രേഖകളിലൂടെ പരസ്യമായിരുന്നു. ഇതിനുപിന്നാലെ ജൂബൈറിനെ വധിക്കാന്‍ മെക്സിക്കന്‍ മയക്കുമരുന്ന് സംഘാംഗത്തെ ഇറാന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ ചുമതലപ്പെടുത്തിയെന്നാണ് ആരോപണം. മയക്കുമരുന്ന് സംഘാംഗമായി നടിച്ചയാള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ചാരനാണത്രെ. എന്നാല്‍ , ദീര്‍ഘകാലമായി അമേരിക്ക പിന്തുണയ്ക്കുന്ന സ്വേച്ഛാധിപത്യ വാഴ്ചകള്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളില്‍നിന്നും അമേരിക്കയിലെ ആഭ്യന്ത ജനമുന്നേറ്റത്തില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് ഒബാമ ഭരണകൂടം തങ്ങളെ ലക്ഷ്യമിടുന്നതെന്നാണ് ഇറാന്‍ പറയുന്നത്.

പുതിയ ഭരണത്തില്‍ ലിബിയന്‍ തടവറകള്‍ പീഡനകേന്ദ്രങ്ങള്‍

ട്രിപോളി: ഗദ്ദാഫി യുഗാന്ത്യത്തിനുശേഷം ലിബിയയുടെ ഭരണനേതൃത്വം ഏറ്റെടുത്ത ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ നിരപരാധികളെ തടവില്‍ പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് തൊഴിലിനായി എത്തിയവരെപ്പോലും ഗദ്ദാഫിയുടെ കൂലിപ്പടയാളികള്‍ എന്നാരോപിച്ച് ഇടക്കാല സര്‍ക്കാര്‍സേന പിടിച്ചുകൊണ്ടുപോവുകയാണ്. തലസ്ഥാനമായ ട്രിപോളിയില്‍ മാത്രം മൂവായിരത്തോളം പേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്. ഇവരെ നിയമത്തിനുമുന്നില്‍ ഹാജരാക്കാനും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.

നിയമപരമായി കുറ്റംചാര്‍ത്തിയല്ല നിരപരാധികളെ അറസ്റ്റ്ചെയ്യുന്നത്. തടവറയില്‍ കൊടിയ പീഡനമാണ് അരങ്ങേറുന്നതെന്നും ഇരകളെ സന്ദര്‍ശിച്ച് നടത്തിയ പഠനശേഷം ആംനെസ്റ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. വലിയ ലാത്തിയും ദണ്ഡുകളും കൊണ്ട് കാലുകള്‍ തല്ലിത്തകര്‍ക്കുകയാണ്. വളരെ വേഗത്തില്‍ കുറ്റസമ്മതം നടത്താനാണ് ഇത്തരത്തില്‍ മര്‍ദിക്കുന്നതെന്ന് രണ്ട് തടവറയിലെ ഗാര്‍ഡുമാര്‍ സമ്മതിച്ചു. ഗദ്ദാഫിഭരണത്തില്‍ തടവുകാരെ പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ രീതി പുതിയ ഭരണാധികാരികളും തുടരുന്നത് ആശാസ്യമല്ലെന്ന് ആംനെസ്റ്റിയുടെ ഉത്തരാഫ്രിക്കന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസിബ ഹദ്ജ് സഹ്രാവു പറഞ്ഞു. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് പരിവര്‍ത്തന കൗണ്‍സില്‍ ചെയര്‍മാന്‍ മുസ്തഫ അബ്ദില്‍ ജലീല്‍ അറിയിച്ചു.

ഗദ്ദാഫിസേനയില്‍നിന്ന് പിടിച്ചെടുത്ത മേഖലകളില്‍നിന്നെല്ലാം ഇടക്കാല സര്‍ക്കാര്‍ സേന ആളുകളെ പിടികൂടി കൊണ്ടുപോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിബിയന്‍ ജനതയില്‍ കറുത്തവംശജര്‍ക്കാണ് ഏറെ പീഡനം അനുഭവിക്കേണ്ടിവരുന്നത്. മിസ്റാത്ത തിരിച്ചുപിടിക്കാന്‍ ഗദ്ദാഫിസേന താവളമുറപ്പിച്ച തവര്‍ഗ മേഖലയില്‍നിന്നുള്ള കറുത്തവംശജരെ കൂട്ടത്തോടെ തടവിലാക്കി. വീടുകളും ആശുപത്രികളും വരെ റെയ്ഡ് ചെയ്താണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. ഗദ്ദാഫിക്കായി യുദ്ധംചെയ്യാനെത്തിയവര്‍ എന്നാരോപിച്ചാണ് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പിടികൂടുന്നത്. ആഴ്ചകളോളം തടങ്കലില്‍ പീഡിപ്പിച്ചശേഷം തെളിവില്ലെന്നുകണ്ട് പലരെയും വിട്ടയച്ചു. രണ്ടുദിവസം തുടര്‍ച്ചയായി തല്ലിച്ചതച്ചശേഷമാണ് തന്നെ വിട്ടയച്ചതെന്ന് നൈജറില്‍നിന്നുള്ള തൊഴിലാളി ആംനെസ്റ്റി പ്രവര്‍ത്തകരോട് കണ്ണീരോടെ വെളിപ്പെടുത്തി. നിരപരാധികളെ നിറത്തിന്റെ പേരിലാണ് പീഡിപ്പിക്കുന്നതെന്ന് പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച അല്‍ ജസീറ ലേഖകന്‍ ജെയിംസ് ബേയ്സ് പറഞ്ഞു. ഇടക്കാല സര്‍ക്കാരിന്റെ കൂട്ടഅറസ്റ്റിലും തടങ്കല്‍പീഡനത്തിലും ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഗദ്ദാഫിയുടെ മൃതദേഹം ഇറച്ചിക്കടയില്‍

ട്രിപോളി: അമേരിക്കന്‍ സഖ്യസേനയുടെ സഹായത്തോടെ വിമതര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിബിയന്‍ മുന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ മൃതദേഹം ഇറച്ചിക്കടയില്‍ . മൃതദേഹം എപ്പോള്‍ , എവിടെ മറവുചെയ്യണമെന്ന് ഇടക്കാല സര്‍ക്കാരിന് ഇനിയും തീരുമാനിക്കാനായില്ല. ഇതുസംബന്ധിച്ച അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ മൃതദേഹം മിസ്റാത്തയിലെ പഴയ മാര്‍ക്കറ്റില്‍ ഇറച്ചി സൂക്ഷിക്കുന്ന കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുകയാണ്.

നാലുപതിറ്റാണ്ടിലേറെ രാജ്യംഭരിച്ച ഗദ്ദാഫിയെ അധികാരഭ്രഷ്ടനാക്കിയ വിമതര്‍ക്ക് ലിബിയയെ ഐക്യത്തോടെ നയിക്കാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍പ്പോലും അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിയാത്തത് വ്യക്തമായ ആശയമോ നിലപാടോ ഇല്ലാത്ത ആള്‍ക്കൂട്ടമാണ് ദേശീയ പരിവര്‍ത്തന കൗണ്‍സിലെന്ന വിമര്‍ശനം ശരിവയ്ക്കുന്നു. ഗദ്ദാഫിയുടെ മകനും അനന്തരാവകാശിയുമായ സെയ്്ഫ് അല്‍ ഇസ്ലാമിനെ കണ്ടെത്താന്‍ കഴിയാത്തതും കൗണ്‍സിലിന് തിരിച്ചടിയായി. എട്ടുമാസത്തെ ആഭ്യന്തരപ്രക്ഷോഭത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് ജന്മനാടായ സിര്‍ത്തെയില്‍ കേണല്‍ ഗദ്ദാഫിയെ ഇടക്കാല സര്‍ക്കാര്‍സേനാംഗങ്ങള്‍ കൊലപ്പെടുത്തിയത്. ചോരയൊലിക്കുന്ന മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചു. ആയുധധാരികളെ നിയന്ത്രിക്കുന്നതിനും സൈന്യത്തെ അച്ചടക്കത്തോടെ നിര്‍ത്തുന്നതിനും പുതിയ ഭരണാധികാരികള്‍ക്ക് ശേഷിയില്ലെന്ന് വ്യക്തമാക്കുന്നതാണ് സൈനികരുടെ പെരുമാറ്റമെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഗദ്ദാഫിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതും ആക്ഷേപത്തിനിടയാക്കി. ഇസ്ലാം മതാചാരപ്രകാരം മൃതദേഹം മറവുചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗദ്ദാഫിയുടെ ഗോത്രമായ ഗദ്ദാദ്ഫ മൃതദേഹം വിട്ടുകിട്ടാന്‍ ശ്രമം നടത്തുന്നുണ്ട്.

ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനൊടുവില്‍ തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ മൃതദേഹം ഇപ്രകാരം വിട്ടുകൊടുത്തിരുന്നു. എന്നാല്‍ , ഗദ്ദാഫിയുടെ മൃതദേഹം രഹസ്യമായി മറവുചെയ്യാനാണ് വിമതര്‍ ആലോചിക്കുന്നത്. കബറിടം പിന്നീട് തീര്‍ഥാടനകേന്ദ്രമായി മാറുന്നത് ഒഴിവാക്കാനാണിത്. ഗദ്ദാഫി കൊല്ലപ്പെട്ടോയെന്ന സംശയങ്ങള്‍ കെട്ടടങ്ങുന്നതിനായി കുറച്ചു ദിവസം മൃതദേഹം കോള്‍ഡ് സ്റ്റോറേജില്‍ വയ്ക്കണമെന്നാണ് തന്റെ നിര്‍ദേശമെന്ന് ഇടക്കാല സര്‍ക്കാരിലെ എണ്ണമന്ത്രി അലി തര്‍ഹൗനി പറഞ്ഞു. മരണം സംബന്ധിച്ച ദുരൂഹത അകറ്റാന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ പരിശോധനയ്ക്കുശേഷമേ മൃതദേഹം മറവുചെയ്യൂവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ഗദ്ദാഫിയുടെ മരണം എങ്ങനെയാണെന്നതു സംബന്ധിച്ച നിഗൂഢതയും തുടരുകയാണ്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗദ്ദാഫിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊല്ലപ്പെട്ടെന്നാണ് ഇടക്കാല പ്രധാനമന്ത്രി അറിയിച്ചത്. എന്നാല്‍ , നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതിനു പകരം ഗദ്ദാഫിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പുറത്തുവന്ന മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭാ മാനുഷ്യാവകാശവിഭാഗം വ്യക്തമാക്കി.

ഗദ്ദാഫിവധം നിഷ്ഠുരമായ നടപടി: ഷാവെസ്

കരാക്കസ്: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ചതിനെ നിഷ്ഠുരനടപടിയായി വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് വിശേഷിപ്പിച്ചു. ലോകം കീഴടക്കാനുള്ള സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും വ്യഗ്രതയാണ് ദാരുണമായ ഈ കൊലപാതകത്തിന് കാരണം. മഹാനായ പോരാളിയായ ഗദ്ദാഫി രക്തസാക്ഷിയായി മാറിയിരിക്കുകയാണെന്നും ഷാവെസ് പറഞ്ഞു. അര്‍ബുദരോഗ ചികിത്സയ്ക്കുശേഷം ക്യൂബയില്‍നിന്ന് മടങ്ങിയെത്തിയ ഷാവെസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചികിത്സ ഫലപ്രദമായെന്നും താന്‍ പൂര്‍ണ രോഗവിമുക്തി നേടിയെന്നും ഷാവെസ് അറിയിച്ചു.

കണ്ണ് എണ്ണയില്‍ തന്നെ

ട്രിപോളി: പെട്രോളിയം ശേഖരത്തില്‍ കണ്ണുവച്ചുതന്നെയാണ് അമേരിക്ക ലിബിയയില്‍ അങ്കത്തിനിറങ്ങിയത്. ആഫ്രിക്കന്‍ വന്‍കരയുടെ വടക്കേഭാഗത്തുള്ള "ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമഹിരിയ" 17.6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജ്യമാണ്്. 95 ശതമാനം പ്രദേശവും പൂര്‍ണമായോ ഭാഗികമായോ മരുഭൂമിയായ രാജ്യം എണ്ണയും പ്രകൃതിവാതകവുംകൊണ്ടു സമ്പന്നമാണ്. 4,300 കോടി ബാരല്‍ എണ്ണയാണ് ലിബിയയുടെ ശേഖരത്തില്‍ കണക്കാക്കുന്നത്. ഈ എണ്ണസമ്പത്തുതന്നെയാണ് ലിബിയയുടെ സാമ്പത്തികാടിത്തറ. കയറ്റുമതി വരുമാനത്തിന്റെ 95 ശതമാനവും എണ്ണയില്‍ നിന്നാണ്. 1.48 ലക്ഷം കോടി ക്യുബിക് മീറ്റര്‍ പ്രകൃതിവാതകശേഖരവും ലിബിയക്കുണ്ട്. ഇവയില്‍ നിന്നുള്ള വരുമാനത്തിലൂടെ ചികിത്സയും വിദ്യാഭ്യാസവും ഗദ്ദാഫി സൗജന്യമാക്കിയിരുന്നു.

deshabhimani 221011

ലിബിയ ലിബിയക്കാര്‍ ഭരിക്കട്ടെ

ഒരു രാഷ്ട്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങള്‍തന്നെയാണ്- അതാണ് ജനാധിപത്യം. ലിബിയ ആരു ഭരിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് അമേരിക്കന്‍ - നാറ്റോ സഖ്യത്തിന്റെ ബോംബര്‍വിമാനങ്ങളും മിസൈലുകളുമാണ്. നാല്‍പ്പത്തിരണ്ടുവര്‍ഷം ലിബിയയെ നയിച്ച; അതില്‍ ഏറിയ കാലവും സാമ്രാജ്യത്വത്തിന് വഴങ്ങാതെ തലയുയര്‍ത്തി നിന്ന മുഅമ്മര്‍ ഗദ്ദാഫിയെ സദ്ദാം ഹുസൈനെയെന്നപോലെ കൊന്നുതള്ളിയതോടെ ലിബിയയില്‍ ജനാധിപത്യമല്ല മറിച്ച് അമേരിക്കന്‍ ആധിപത്യമാണ് പുലരുകയെന്ന് ഉറപ്പായി. ലിബിയന്‍ മരുഭൂമികള്‍ ഗര്‍ഭത്തില്‍പേറുന്ന അമൂല്യമായ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രലോഭനമാണ് ഗദ്ദാഫിക്കുനേരെയുള്ള വെടിയുണ്ടകളായി മാറിയതെന്നതില്‍ അമേരിക്കയുടെ ചരിത്രം അറിയുന്നവര്‍ തര്‍ക്കിക്കില്ല.

പെട്രോളിയം നിക്ഷേപംതന്നെയാണ് ഇറാഖിലെ അധിനിവേശത്തിനും കാരണമായത്. സദ്ദാം ഹുസൈന്റെ അണു- രാസായുധ ശേഖരത്തെക്കുറിച്ചുള്ള കഥകളും ഇറാഖ് ഭീകരപ്രവര്‍ത്തനത്തിന്റെ തലസ്ഥാനമാണെന്ന പ്രചാരണവുമാണ് അധിനിവേശത്തിന് മറയാക്കിയത്. അതെല്ലാം നുണക്കഥകളായിരുന്നു എന്ന് ഇന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതും പെട്രോളിയം നിക്ഷേപം അമേരിക്കന്‍ കമ്പനികളുടെ കൈകളിലെത്തിയതുമാണ് അധിനിവേശത്തിന്റെ അനന്തരഫലം. താലിബാന് പിന്തുണ നല്‍കി അവരിലൂടെ അഫ്ഗാന്‍ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് കെട്ടിത്തൂക്കിയതും അമേരിക്കതന്നെ. സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരെയും അമേരിക്കന്‍ കരുനീക്കം ശക്തമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ ഇറാനെതിരെ അണിനിരത്തുന്നു. ഇങ്ങനെ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ വാഴിക്കാനും അല്ലാത്തവരെ തകര്‍ക്കാനും നിരന്തരം ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലിബിയന്‍ ആഗ്രഹമാണ് ഗദ്ദാഫിയുടെ വധത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടത്. അറബ്ലോകത്തെ പുതിയ സംഭവവികാസങ്ങളില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് തെളിഞ്ഞുകാണാം. ലിബിയയില്‍ അവര്‍ കൊതിച്ചത് ഗദ്ദാഫിയുടെ ചോരയ്ക്കുവേണ്ടിയാണെങ്കില്‍ ഈജിപ്തില്‍ ഹോസ്നി മുബാറക്കിനുവേണ്ടിയാണ് അമേരിക്ക നിലകൊണ്ടത്. വമ്പിച്ച ജനരോഷത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒഴിയേണ്ടിവന്ന മുബാറക്കിന് വെടിയുണ്ടയും മരണവുമല്ല; ചികിത്സയാണ് ലഭിക്കുന്നത്. ടുണീഷ്യയിലാണ് അറബ്ലോകത്താകെ പടര്‍ന്നുകയറിയ പ്രക്ഷോഭങ്ങളുടെ തുടക്കം.

സെയ്ന്‍ അല്‍ ആബ്ദീന്‍ ബെന്‍ അലിയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ അവിടെ ജനങ്ങള്‍ തെരുവിലിറങ്ങി. ആദ്യഘട്ടത്തില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അലി ശ്രമിച്ചെങ്കിലും ജനകീയപ്രതിരോധം നാള്‍ക്കുനാള്‍ കരുത്തുനേടി. അലിക്ക് ഭരണം ഉപേക്ഷിച്ച് രാജ്യംവിട്ട് ഓടേണ്ടിവന്നു. അങ്ങനെ പലായനംചെയ്ത അലിയെ സൗദി അറേബ്യ സംരക്ഷിക്കുന്നു. ലിബിയന്‍ ഭരണാധികാരിയെ വേട്ടയാടിക്കൊന്നവര്‍ ടുണീഷ്യന്‍ ഭരണാധികാരിക്ക് ഉരുക്കുകവചമൊരുക്കുന്നു. അവര്‍തന്നെ സിറിയയില്‍ ബാത്തിസ്റ്റ് പാര്‍ടി ഭരണത്തിനെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. സിറിയ പലസ്തീനുവേണ്ടി നിലകൊള്ളുന്നതാണ് ഇതിന് പ്രകോപനം. ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ തകര്‍ച്ചയാണ് അറബ്ലോകത്തെ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യകാരണമായത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവത്തായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പൊതുമുദ്രാവാക്യങ്ങളാണ് എവിടെയും ഉയര്‍ന്നത്്. എന്നാല്‍ , ആ യഥാര്‍ഥ വശം മറച്ചുപിടിച്ച് പിന്തിരിപ്പന്‍ശക്തികളെ ഉപയോഗപ്പെടുത്തി സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്ക ഇടപെട്ടത്. അത്തരം ഇടപെടലുകളുടെ യഥാര്‍ഥ മുഖമാണ് ഗദ്ദാഫിയുടെ വധത്തിലൂടെ വീണ്ടും തുറന്നുകാട്ടപ്പെട്ടത്. ധൂര്‍ത്തിന്റെയും ദുര്‍ഭരണത്തിന്റെയും പ്രതീകമായി മാറിയ ഇദ്രിസ് രാജാവിനെ അധികാരഭ്രഷ്ടനാക്കിയ സൈനികകലാപത്തിലൂടെയാണ് 1969ല്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ലിബിയയില്‍ അധികാരത്തില്‍ വന്നത്. ഇരുപത്തേഴാംവയസ്സില്‍ ഭരണാധികാരിയായ അദ്ദേഹം അക്കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചത്. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ചു; ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണച്ചു. വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാക്കി. പോകെപ്പോകെ ഗദ്ദാഫിയുടെ വഴിയിലും അപഭ്രംശങ്ങളുണ്ടായി. ഏകാധിപത്യരീതികള്‍ വന്നു. സാമ്രാജ്യത്വവിരുദ്ധ നിലപാടുകളില്‍ അയവുവന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍പക്ഷത്തേക്ക് കണ്ണോട്ടമയച്ചെങ്കിലും അത്തരം നിലപാടുമാറ്റംകൊണ്ടുമാത്രം ഗദ്ദാഫിയെ തുണയ്ക്കുക എന്നത് അമേരിക്കന്‍ അജന്‍ഡയായില്ല. അതിലുപരി ലിബിയയുടെ അമൂല്യമായ പ്രകൃതിസമ്പത്ത്- എണ്ണ ഇച്ഛാനുസരണം കൈകാര്യം ചെയ്യാനുള്ള അവസരത്തിനാണ് അമേരിക്ക കാത്തത്.

ഗദ്ദാഫിയുടെ അന്ത്യത്തിലൂടെയേ അത് സാധ്യമാകൂ എന്നവര്‍ കരുതി. അതിന്റെ ഫലമാണ് ഈ കൊലപാതകം. ലിബിയന്‍മേഖലയില്‍ കാലുറപ്പിക്കാനുള്ള രാഷ്ട്രീയനീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. ലിബിയയില്‍ സ്ഥിരമായി പാവഭരണം സ്ഥാപിക്കാനുള്ള കരുനീക്കം നടക്കുന്നു. അത് ചെറുത്തുതോല്‍പ്പിക്കാനുള്ള ചുമതല ലിബിയന്‍ ജനതയ്ക്കുമാത്രമല്ല, സാമ്രാജ്യ അധിനിവേശത്തിനെതിരെ പോരടിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ലിബിയ ഭരിക്കേണ്ടവരെ ആ ജനതതന്നെ തെരഞ്ഞെടുക്കാനുള്ള സാഹചര്യമാണ് ഒരുങ്ങേണ്ടത്. ഗദ്ദാഫിയെ ക്രൂരമായി കൊലചെയ്ത സാമ്രാജ്യത്വ ധിക്കാരത്തിനെതിരായ പ്രതിഷേധത്തോടൊപ്പം ലിബിയയെ കൊള്ളയടിക്കാനുള്ള അമേരിക്കന്‍ താല്‍പ്പര്യം തകര്‍ക്കാനും അന്നാട്ടില്‍ ജനാധിപത്യഭരണം സ്ഥാപിക്കപ്പെടാനുമുള്ള ജനവികാരവും ഉയരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 221011

Friday, October 21, 2011

ലിബിയന്‍ജനതക്ക് സ്വയംഭരണാവകാശമുണ്ടാവണം സിപിഐഎം

ലിബിയയിലെ ഭരണസംവിധാനം തീരുമാനിക്കാനുള്ള അവകാശം ലിബിയന്‍ ജനതക്കായിരിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു.ഗദ്ദാഫിയുടെ വധത്തോടെ അമേരിക്ക-നാറ്റോ സഖ്യസേന ലക്ഷ്യം പൂര്‍ത്തീകരിച്ചു.ഗദ്ദാഫിയുടെ ഏകാധിപത്യത്തില്‍ കഴിഞ്ഞ ലിബിയയില്‍ ഇനി ജനാധിപത്യമുണ്ടാവണം.ലിബിയയിലെ ഭരണകാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ലിബിയന്‍ ജനതക്കാണ്.അത് അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും ഭീഷണിയിലായിരിക്കരുതെന്നും പി ബി പ്രസ്താവിച്ചു

ആംഗലേയത്തിലുള്ള പൂര്‍ണ്ണരൂപം..

Killing of Muammar Gaddafi

The Polit Bureau of the Communist Party of India (Marxist) has issued the following statement: 21 October 2011

The main aim of the US-Nato intervention in Libya has been fulfilled with the killing of MuammarGaddafi. From the outset, the blatant aggression of the US-Nato was to effect a regime change in Libya even though it was proclaimed as an intervention to save the Libyan people and for the establishment of democracy. The claim that the killing of Gaddafi marks an end of despotic rule is sheer hypocrisy since it is the US and its allies which prop up the most despotic regimes.

It is the people of Libya who have to decide what type of Government and political system they want in their country. This is not something which can be imposed by the US and Nato by force of arms.

Thursday, October 20, 2011

ഗദ്ദാഫി കൊല്ലപ്പെട്ടതായി വാര്‍ത്ത

ട്രിപ്പോളി: ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ലിബിയന്‍പ്രസിഡന്റ് ഗദാഫി കൊല്ലപ്പെട്ടതായും വിമതസൈന്യത്തിന്റെ പിടിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. രണ്ടുകാലിനും മുറിവേറ്റ നിലയിലാണ് ഗദ്ദാഫി വിമതരുടെ പിടിയിലായതെന്നു പറയപ്പെടുന്നു.വെടിയേറ്റ് മരിച്ചുവെന്നാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍ . ഒരു ബങ്കറില്‍ ഒളിച്ചുതാമസിക്കുന്നിടത്ത് വിമതസേനയുടെ വെടിയേറ്റു മരിച്ചുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.ഗദ്ദാഫിയുടെ ജന്‍മനാടായ സിര്‍ത്തിന്റെ നിയന്ത്രണവും വിമതര്‍ പിടിച്ചെടുത്തു.ഗദ്ദാഫിയുടെ സൈന്യത്തലവന്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. വാര്‍ത്താ ഏജന്‍സികള്‍ പൂര്‍ണ്ണമായും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വിമതര്‍ രാജ്യമെങ്ങും ആഹ്ളാദപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയോടെ കലാപം നടത്തിയ വിമതസേനക്ക് ലിബിയയുടെ അധികാരം കൈമാറിയാല്‍ അമേരിക്കക്ക് നിയന്ത്രണമുള്ള സര്‍ക്കാരിയിരിക്കും രൂപീകൃതമാവുക. ലിബിയയിലെ എണ്ണ നിക്ഷേപത്തില്‍ കണ്ണുവെച്ചാണ് അമേരിക്കയുടെ നീക്കം.

deshabhimani news

Saturday, August 27, 2011

ഗദ്ദാഫി വേട്ടയ്ക്ക് നാറ്റോയും

ട്രിപ്പോളി: ലിബിയയില്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയെ അനുകൂലിക്കുന്നവരും വിമതസേനയും തമ്മില്‍ തലസ്ഥാനമായ ട്രിപ്പോളിയിലും മറ്റ് ചില നഗരങ്ങളിലും രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെ വിമതരുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളില്‍ കവര്‍ച്ച വ്യാപകമായി. ഗദ്ദാഫിയെ അനുകൂലിക്കുന്ന വെനസ്വേലയുടെ നയതന്ത്ര കാര്യാലയത്തില്‍ കയറിയ വിമത സേനാംഗങ്ങള്‍ അവിടെനിന്ന് പലതും കവര്‍ന്നു. ഗദ്ദാഫിയുടെയും മക്കളുടെയും വസതികളില്‍നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും കൊള്ളയടിച്ചു. കവര്‍ച്ച വ്യാപകമായതിനെ തുടര്‍ന്ന് ലിബിയയുടെ സാംസ്കാരിക പൈതൃകശേഷിപ്പുകള്‍ക്ക് കവര്‍ച്ചക്കാരില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന് തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിച്ച വിമതരുടെ ദേശീയ പരിവര്‍ത്തനസഭയോട് യുനെസ്കോ ആവശ്യപ്പെട്ടു. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പതനത്തെ തുടര്‍ന്നുണ്ടായ സ്ഥിതി ലിബിയയിലുമുണ്ടാകുമെന്ന് ആശങ്കയുണ്ട്.

ഗദ്ദാഫി എവിടെയെന്ന് അറിയാതെ ദിവസങ്ങള്‍ പിന്നിടുമ്പോഴും വിമതസേനയ്ക്കെതിരെ ഗദ്ദാഫി അനുകൂലികള്‍ ശക്തമായ ചെറുത്തുനില്‍പ്പുയര്‍ത്തുകയാണ്. തലസ്ഥാനമായ ട്രിപ്പോളിയില്‍ ഇപ്പോഴും രൂക്ഷമായ ഏറ്റുമുട്ടലുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തെയിലും കിഴക്കന്‍ ലിബിയയിലും പോരാട്ടം ശക്തമാണ്. തെക്ക് ബെന്‍ ജവാദില്‍ കടക്കാന്‍ ശ്രമിച്ച വിമതസേനയ്ക്ക് കനത്ത തിരിച്ചടിയേറ്റു. ഇവരുടെ 20 സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം എന്ന് പ്രഖ്യാപിച്ച ഗദ്ദാഫിയെ കണ്ടെത്താന്‍ നാറ്റോ സേനയും വിമതര്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി വെളിപ്പെടുത്തി. ഇതിനിടെ മധ്യ ട്രിപ്പോളിയിലെ ഒരു വീട്ടില്‍ ഗദ്ദാഫി ഉണ്ടെന്ന വിവരം കിട്ടി വിമതസേനാംഗങ്ങള്‍ അവിടെ എത്തിയപ്പോഴേക്ക് ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഗദ്ദാഫിയെ ജീവനോടെയോ അല്ലാതെയോ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് വിമതസഭ 20 ലക്ഷം ദിനാര്‍ (ഏഴരക്കോടി രൂപ) ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക കാട്ടി ഗദ്ദാഫിയോടൊപ്പം നില്‍ക്കുന്നവരില്‍നിന്ന് വിവരം നേടാമെന്നാണ് പ്രതീക്ഷ.

ഇതിനിടെ ലിബിയയുടെ 1000 കോടി ഡോളറിന്റെ സ്വര്‍ണനിക്ഷേപത്തില്‍നിന്ന് ഒരുഭാഗം ഗദ്ദാഫി കടത്തിയിരിക്കുമെന്നും സംരക്ഷണം ലഭിക്കാനും പോരാളികളെ സംഘടിപ്പിക്കാനും ഇതുപയോഗിക്കുമെന്നും മിന്‍ കേന്ദ്രബാങ്ക് ഡയറക്ടര്‍ പറഞ്ഞു. ഗദ്ദാഫി സര്‍ക്കാര്‍ വീഴുന്നതോടെ ലിബിയയിലെ നാടകം അവസാനിക്കുന്നില്ല, തുടങ്ങുന്നേയുള്ളെന്ന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. യാങ്കി സാമ്രാജ്യത്വത്തിനും യൂറോപ്യന്‍ ശക്തികള്‍ക്കും വേണ്ടത് ലിബിയയുടെ എണ്ണയാണെന്നും അദ്ദേഹം പറഞ്ഞു. ലിബിയയുടെ മരവിപ്പിച്ച വിദേശ ആസ്തികള്‍ വിമതര്‍ക്ക് ലഭ്യമാക്കുന്നതിന് അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ കരട് പ്രമേയം വിതരണം ചെയ്തിട്ടുണ്ട്. നാറ്റോ തകര്‍ത്ത ലിബിയ മറ്റ് രാജ്യങ്ങളുടെ ചെലവില്‍ പുനര്‍നിര്‍മിക്കാന്‍ പണമുണ്ടാക്കാന്‍ ആക്രമണം നയിച്ച ഫ്രാന്‍സിന്റെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി സെപ്തംബര്‍ ഒന്നിന് അന്താരാഷ്ട്രസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്.

deshabhimani 270811

കുത്തകകളുടെ കണ്ണ് ലിബിയയിലെ എണ്ണയില്‍

ട്രിപ്പോളി: ലിബിയയില്‍ ഗദ്ദാഫിക്കെതിരെ തുടരുന്ന പോരാട്ടത്തില്‍ രാഷ്ട്രത്തിന്റെ എണ്ണ സമ്പത്ത് അന്താരാഷ്ട്ര എണ്ണകുത്തകകളുടെ കൈയ്യിലകപ്പെടാന്‍ സാധ്യത. ആഫ്രിക്കയില്‍ ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് ലിബിയ. പ്രക്ഷോഭംതുടങ്ങിയതോടെ ബ്രിട്ടീഷ് പെട്രോളിയമടക്കമുള്ള എണ്ണ കമ്പനികള്‍ ലിബിയയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. പോരാട്ടം തുടരുന്ന വിമതരും എണ്ണ-വാതക വ്യാപാരകരാറുകളുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. പോരാട്ടത്തെ പിന്തുണക്കുന്ന പല രാജ്യങ്ങളും ലക്ഷ്യമിടുന്നത് ലിബിയയുടെ എണ്ണ വിപണിയിലാണ്. അമേരിക്ക പോലുള്ള രാജ്യങ്ങളുടെ പിന്തുണ വിമതര്‍ക്കാണ്. ഗദ്ദാഫിയുടെ കീഴില്‍ നിന്നും ലിബിയയെ മോചിപ്പിച്ചാല്‍ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയുമെന്നാണ് വന്‍കിടരാഷ്ട്രങ്ങളുടെ പ്രതീക്ഷ. അമേരിക്കന്‍ ബാങ്കുകളിലെ മരവിപ്പിച്ചിരുന്ന 1.5 കോടി ലിബിയന്‍ നിക്ഷേപം പോരാടുന്ന വിമതസേനക്ക് മാനുഷിക സഹായമായി ഐക്യരാഷ്ട്ര സഭയും നല്‍കും. ഇതില്‍ 500 കോടി വീതം അന്താരാഷ്ട്ര സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഇന്ധനവിതരണത്തിനും ലിബിയയിലെ പഠന-ആരോഗ്യ മേഖലകള്‍ക്കുമായി വിഭജിച്ചു നല്‍കും.

deshabhimani 270811

Wednesday, August 24, 2011

ഗദ്ദാഫിയുടെ പതനം ആരുടെ ജയം?

ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഭരണം അവസാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കാണുന്നു. സ്വേച്ഛാധിപത്യ വാഴ്ചയില്‍നിന്നുള്ള ലിബിയന്‍ ജനതയുടെ മോചനമായി ചിലര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്നമായ ലിബിയയുടെ മേല്‍ അമേരിക്കയുടെ കഴുകന്‍കണ്ണ് പതിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അഫ്ഗാനിസ്ഥാന്‍ , ഇറാഖ് എന്നീ രാഷ്ട്രങ്ങളെ സൈനികശേഷിയും ആയുധശക്തിയും ഉപയോഗിച്ച് കീഴ്പ്പെടുത്തിയതിന് ശേഷം പുതിയ മേച്ചില്‍പ്പുറം അന്വേഷിക്കുകയായിരുന്നു അമേരിക്ക. ടുണീഷ്യയില്‍ അടുത്തകാലത്ത് ഭരണമാറ്റമുണ്ടായി. ഈജിപ്തില്‍ ഹോസ്നി മുബാറക്കിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കണ്ടു. തൊഴിലാളിവര്‍ഗവും ജനങ്ങളുമാണ് മുബാറക്കിന്റെ ഭരണത്തിന് വിരാമമിട്ടത്. അവിടെ അമേരിക്കയുടെ ഇടപെടല്‍ വിജയം കണ്ടില്ല. ഈ പ്രത്യേക സാഹചര്യത്തിലാണ് ഗദ്ദാഫിക്കെതിരായ നീക്കം ആരംഭിച്ചത്.

ഗദ്ദാഫിയുടെ പതനം സ്വയംകൃതാനര്‍ഥമാണെന്നതില്‍ സംശയമില്ല. ഉറച്ച സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച ഭരണാധികാരിയായിരുന്നു ഗദ്ദാഫി. ലിബിയക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ , ജനഹിതം മാനിക്കാതെ സ്വേച്ഛാധിപത്യ വാഴ്ചയിലേക്ക് അടുത്തകാലത്ത് ലിബിയ മാറി. ഭരണാധികാരം ഗദ്ദാഫി മക്കളെ ഏല്‍പ്പിച്ചു. അവര്‍ അഴിമതി നടത്തി. ദുര്‍ഭരണം കാരണം ജനങ്ങളില്‍നിന്ന് ഗദ്ദാഫി ഒറ്റപ്പെട്ടു. ഭാവിഭരണാധികാരിയായി ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിനെ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ചതും ജനരോഷം ആളിക്കത്തിക്കാന്‍ ഇടവരുത്തി. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം ജനങ്ങളെ നേരിടാന്‍ പട്ടാളത്തെ ഉപയോഗിക്കാനാണ് ഗദ്ദാഫി തീരുമാനിച്ചത്. നിരപരാധികളായ പൗരന്‍മാര്‍ക്ക് ജീവഹാനിയുണ്ടാകാന്‍ ഇത് ഇടവരുത്തി. ഗദ്ദാഫി ഒരുപക്ഷേ ഇതൊക്കെ അതിജീവിക്കുമായിരുന്നു. നാറ്റോ സേനയുടെ നഗ്നമായ ഇടപെടലാണ് ഗദ്ദാഫിയുടെ പതനത്തിന് ഇടയാക്കിയത്. ലിബിയയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ ഇഷ്ടപ്പെടുന്ന ഭരണാധികാരിയെ അധികാരത്തിലെത്തിക്കാന്‍ അവകാശമുണ്ട്. ജനവിരുദ്ധനയം സ്വീകരിക്കുന്ന ഭരണാധികാരിയെ അധികാരത്തില്‍നിന്ന് ചവിട്ടിപ്പുറത്താക്കാനും അവര്‍ക്ക് കഴിയണം. എന്നാല്‍ , വിദേശശക്തികള്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തര പ്രശ്നത്തില്‍ പക്ഷംപിടിച്ച് ഇടപെടുന്നത് ശരിയാണോ എന്ന പ്രസക്തമായ ചോദ്യമാണ് ലിബിയന്‍ പ്രശ്നത്തില്‍ ഉയര്‍ന്നുവരുന്നത്. ലിബിയയില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അനാവശ്യമായാണ് ഇടപെടുന്നത്.

ലിബിയന്‍ ജനതയുടെ ജീവന്‍ രക്ഷിക്കാനും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുമാണ് നാറ്റോ സേന ഇടപെട്ടതെന്ന വാദം പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ലിബിയയില്‍ യുദ്ധവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന വിധത്തില്‍ വ്യോമനിരോധിത മേഖല അടിച്ചേല്‍പ്പിക്കാന്‍ രക്ഷാസമിതി പ്രമേയം പാസാക്കുകയുണ്ടായി. ഈ പ്രമേയം സര്‍വസമ്മതമായി അല്ല പാസാക്കിയത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പാശ്ചാത്യ ചേരിയിലെ ജര്‍മനിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഈ പ്രമേയത്തിന്റെ മറവില്‍ നാറ്റോ സേന ലിബിയയില്‍ നഗ്നമായി ഇടപെടുകയാണുണ്ടായത്. ലിബിയയില്‍ ബോംബ് വര്‍ഷിച്ചു. ഗദ്ദാഫിയെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ വസതിക്ക് മുകളിലും ബോംബിട്ടു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നുവെന്ന വ്യാജേന ലിബിയയില്‍ ഇടപെട്ട നാറ്റോ സേനയുടെ ബോംബാക്രമണത്തില്‍ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടമായി. വിമതന്‍മാര്‍ വിജയിച്ചത് നാറ്റോ സേനയുടെ സഹായംകൊണ്ട് മാത്രമാണെന്ന് അര്‍ഥം.

എണ്ണസമ്പന്നമായ ലിബിയയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ കുതന്ത്രമാണ് താല്‍ക്കാലികമായെങ്കിലും വിജയിച്ചത്. ലിബിയന്‍ ജനതയുടെ മോചനമല്ല, മറിച്ച് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുനര്‍കോളനിവല്‍ക്കരണ നയമാണ് ലിബിയയില്‍ വിജയം കണ്ടത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുക തന്നെചെയ്യും. അമേരിക്കന്‍ സാമ്രാജ്യത്വം അഗാധമായ സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടിരിക്കുന്ന സന്ദര്‍ഭമാണിത്. 2008ല്‍ ആരംഭിച്ച കുഴപ്പത്തില്‍നിന്ന് കരകയറാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. വായ്പാപരിധി വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ബറാക് ഒബാമയുടെ ശ്രമം താല്‍ക്കാലികമായി വിജയിച്ചെങ്കിലും മറ്റ് കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടുന്ന നടപടിയായി വേണം ഇതിനെ കാണാന്‍ . സമ്പന്നര്‍ക്ക് നികുതി ചുമത്തി റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ കക്ഷി ഒബാമയെ അനുവദിച്ചിട്ടില്ല. പൊതുചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്ന സമ്മര്‍ദം ശക്തിപ്പെടുത്തിയിരിക്കുകയുമാണ്. ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കാനും തൊഴിലില്ലായ്മ വര്‍ധിക്കാനും ഇടവരുത്തും എന്നതാണ് ഇതിന്റെ ഫലം. അതാകട്ടെ കൂടുതല്‍ ദുരിതങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുക. സാമ്പത്തികക്കുഴപ്പത്തില്‍പ്പെട്ട് നട്ടംതിരിയുമ്പോഴും ലോകത്തിന്റെമേല്‍ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും ആധിപത്യം ഉറപ്പിച്ചതായി അവകാശപ്പെടുമ്പോഴും അവിടെ അസ്വാസ്ഥ്യം തുടരുകയാണ്. ലിബിയയുടെമേല്‍ ആധിപത്യമുറപ്പിക്കുന്നതോടെ ഇറാന്റെമേല്‍ പിടിമുറുക്കാനായിരിക്കും അമേരിക്കയുടെ ശ്രമം. അമേരിക്കയുടെ വലംകൈയായ ഇസ്രയേലാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് സഹായകരമായ നിലപാട് എടുക്കുന്നത്. പലസ്തീന്‍ ജനതക്കെതിരായി ഇസ്രയേല്‍ യുദ്ധം തുടരുകയാണ്. എന്നാല്‍ , ഈജിപ്തിലെ ഭരണമാറ്റം ഇസ്രയേലിന് തിരിച്ചടിയായി മാറിയിരിക്കുന്നു. അവിടെനിന്ന് ഇസ്രയേല്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. ഗാസയിലേക്കുള്ള വഴി ഇസ്രയേല്‍ അടച്ചെങ്കിലും ഈജിപ്ത് അവരുടെ മേഖലയിലുള്ള വഴി തുറന്നുകൊടുത്തിരിക്കുകയാണ്. സിറിയയിലും ആഭ്യന്തരക്കുഴപ്പം നിലനില്‍ക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ വിപത്ത് തിരിച്ചറിയുകതന്നെ വേണം. പാകിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നഗ്നമായ ഇടപെടലാണ് നടത്തുന്നത്. ചൈനക്കെതിരെ ഇന്ത്യയെ ആയുധമാക്കാന്‍ എല്ലാ കരുനീക്കങ്ങളും നടത്തുന്നുണ്ട്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നാറ്റോ സേന ഇടപെടുന്നത് തടഞ്ഞില്ലെങ്കില്‍ ഭാവി അപകടം നിറഞ്ഞതായിരിക്കും. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സേന ലിബിയയില്‍ ഇടപെട്ടതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യ തയ്യാറാവുകതന്നെ വേണം.

deshabhimani editorial 240811

Tuesday, August 23, 2011

ട്രിപ്പോളി വീഴുന്നു

ട്രിപ്പോളി: ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായ ലിബിയയില്‍ പ്രക്ഷോഭകാരികള്‍ പിടിമുറുക്കുന്നു. തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ ഏതാണ്ട് ഭൂരിഭാഗം പ്രദേശവും പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. മുഅമര്‍ ഗദ്ദാഫിയുടെ നാല്‍പ്പത്തിരണ്ടുവര്‍ഷം നീണ്ടുനിന്ന ഭരണത്തിനാണ് പ്രക്ഷോഭകരുടെ മുന്നേറ്റത്തോടെ അന്ത്യമാവുന്നത്. ഗദ്ദാഫിയെ എവിടെയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഗദ്ദാഫിക്കൊപ്പം മനുഷ്യാവകാശ ലംഘന കുറ്റം ചുമത്തപ്പെട്ട മകന്‍ സെയ്ഫ് അല്‍ ഇസ്‌ലാമിനെ പ്രക്ഷോഭകാരികള്‍ പിടികൂടി. മറ്റൊരു മകന്‍ വീട്ടുതടങ്കലിലാണ്. ഗദ്ദാഫി പിടിക്കപ്പെട്ടാല്‍ മാന്യമായ വിചാരണയായിരിക്കും നല്‍കുകയെന്ന് പ്രക്ഷോഭകാരികളുടെ തലവന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ പറഞ്ഞു. 

പ്രക്ഷോഭകാരികള്‍ മുന്നേറ്റം കുറിച്ച സാഹചര്യത്തില്‍ അധികാരമൊഴിയാന്‍ വിവധ ലോകരാഷ്ട്രങ്ങള്‍ ഗദ്ദാഫിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തലസ്ഥാനത്തുനിന്ന് പിന്‍വാങ്ങില്ലെന്ന് ഗദ്ദാഫിയെ അനുകൂലിക്കുന്നവര്‍ അറിയിച്ചു. അതേസമയം ഗദ്ദാഫിയുടെ സൈന്യം കീഴടങ്ങുകയോ പിന്‍വാങ്ങുകയോ ചെയ്യുന്നതുവരെ വ്യോമമാര്‍ഗമുള്ള പോരാട്ടം തുടരുമെന്ന് നാറ്റോ പ്രഖ്യാപിച്ചു.

നാറ്റോയുടെ സഹായത്തോടുകൂടി രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന മിന്നലാക്രമണത്തിനൊടുവിലാണ് പ്രക്ഷോഭകാരികള്‍ ട്രിപ്പോളിയുടെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചെടുത്തത്. ഗദ്ദാഫിയുടെ സൈനിക നടപടികളെത്തുടര്‍ന്ന് മരവിപ്പിച്ച ലിബിയയുടെ സ്വത്തുക്കള്‍ വിമതര്‍ക്കുവേണ്ടി എത്രയും പെട്ടെന്ന് വിട്ടുകൊടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ലണ്ടനില്‍ പറഞ്ഞു. ഗദ്ദാഫിയുടെ സാമ്രാജ്യം നിലംപൊത്തുകയാണെന്നും അതു തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ ചിലകേന്ദ്രങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഗദ്ദാഫി നിലനില്‍ക്കുന്നിടത്തോളം കാലം അത് അപകടകരമായിത്തന്നെ തുടരുമെന്നും വിമതരുടെ പ്രതിനിധി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഗദ്ദാഫിയുടെ അധികാര കേന്ദ്രമായറിയപ്പെടുന്ന ബാബ് അല്‍ അസീസിയയില്‍ പ്രക്ഷോഭകാരികള്‍ കടക്കാന്‍ തുടങ്ങുമ്പോള്‍ ഗദ്ദാഫിയുടെ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഒളിച്ചോടാനോ കീഴടങ്ങാനോ തയ്യാറല്ലാത്ത ഗദ്ദാഫിയുടെ അവശേഷിക്കുന്ന സൈനികരില്‍ ചിലരാണ് വിമര്‍ത്ത് നിറയൊഴിച്ചതെന്ന് ട്രിപ്പോളി സ്വദേശികള്‍ പറഞ്ഞു.

ട്രിപ്പോളിയില്‍ കലാപം തുടരുകയാണെന്നും നഗരത്തിന്റെ 95 ശതമാനവും അധീനതയിലാക്കിയെന്നും വിമതര്‍ അവകാശപ്പെട്ടു. ഗദ്ദാഫി എവിടെയുണ്ടെങ്കിലും കണ്ടുപിടിക്കുമെന്നും അവര്‍ പറഞ്ഞു. വിമതരുടെ സൈന്യബലം വര്‍ധിപ്പിക്കാന്‍ കടല്‍മാര്‍ഗം ട്രിപ്പോളിയിലേക്ക് സൈന്യം എത്തുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍നിന്നും തെക്കന്‍ മേഖലയില്‍നിന്നും വിമതര്‍ തലസ്ഥാനത്തേയ്ക്ക് എത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആയിരക്കണക്കിന് സൈനികര്‍  ഗദ്ദാഫിക്ക് ഒപ്പമുണ്ടെന്നും വിമതര്‍ക്കെതിരെ പോരാടുമെന്നും സര്‍ക്കാര്‍ വക്താവ് മൗസ ഇബ്രാഹിം ഇറ്റാലിയന്‍ റേഡിയോയോട് പറഞ്ഞു. ഗദ്ദാഫിയുടെ വലംകൈയായിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയിലേക്ക് കടന്നത്.

janayugom 230811

Wednesday, August 3, 2011

ലിബിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി

ട്രിപ്പോളി: ലിബിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി. ഒരിടവേളയ്ക്കുശേഷം വിമതര്‍ സര്‍ക്കാര്‍സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തി. വിമതനേതാവ് അബ്ദുല്‍ ഫത്താ യൂനസിന്റെ കൊലപാതകത്തെ തുടര്‍ന്ന് രണ്ടു ദിവസത്തിലേറെയായി വിമതര്‍ സൈനിക നീക്കങ്ങള്‍ നിര്‍ത്തി വച്ചിരുന്നു. വിമത സംഘടനയ്ക്കകത്തെ ഉള്‍പ്പോരുകളാണ് ഫത്തായുടെ മരണത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 കഴിഞ്ഞ ദിവസം ബെന്‍ഗാസിയില്‍ വിമതപക്ഷം തടവിലാക്കിയിരുന്ന 300 ലധികം ഗദ്ദാഫി അനുകൂലികള്‍ ജയില്‍ തകര്‍ത്ത് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കി എന്നാരോപിച്ച് ഗദ്ദാഫി അനുകൂലസംഘത്തിനുനേരെ ബെന്‍ഗാസിയില്‍ വിമതപക്ഷം വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ആറു വിമതപക്ഷക്കാര്‍ തല്‍ക്ഷണം മരിച്ചു.

 അമേരിക്കന്‍ നാറ്റോ സേനകളുടെ പിന്തുണയുളള വിമതപക്ഷം യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുളള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ സേനയ്ക്കു നേരെ ആക്രമണം നടത്തിയത്. ബെന്‍ഗാസിക്ക് സമീപമുളള സര്‍ക്കാര്‍  സൈന്യത്തിന്റെ ബാരക്കുകളും നാനൂറോളം വരുന്ന ആയുധങ്ങളുടെ ശേഖരവും പിടിച്ചെടുത്തതായി വിമതവക്താവ് മഹ്മൂദ് ഷമാം അവകാശപ്പെട്ടു. 36 സൈനികര്‍ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.

 രാജ്യത്ത് സ്വതന്ത്രമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി അധികാരക്കൈമാറ്റത്തിന് തയ്യാറാണെന്ന പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫിയുടെ വാഗ്ദാനം പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുളള വിമതര്‍ തളളിക്കളയുകയായിരുന്നു.

  വ്യോമാക്രമണത്തില്‍ സാധാരണക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെടുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന ആശങ്കകളേയും പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് ലിബിയയില്‍ ആക്രമണങ്ങള്‍ തുടരാന്‍ നാറ്റോസേന തീരുമാനിച്ചത്.

janayugom 020811

Sunday, June 19, 2011

ലിബിയയിലെ സൈനിക നടപടി അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന്‌

ട്രിപ്പോളി: ലിബിയയിലെ സൈനിക നടപടിക്ക്‌ പ്രസിഡന്റ്‌ ബാരക്ക്‌ ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിരുന്നില്ലെന്ന്‌ ആരോപണം. വൈറ്റ്‌ഹൗസിലെ ഉപദേശകരുടെ അഭിപ്രായത്തെ മറികടന്നാണ്‌ ഒബാമ ലിബിയയില്‍ ഇടപെട്ടതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

വിയറ്റ്‌നാം യുദ്ധകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുളള സമീപനമാണ്‌ ഒബാമയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ കോണ്‍ഗ്രസിന്റെ അനുവാദം തേടാതെ 60 ദിവസത്തിലേറെ സൈനികനടപടികള്‍ പാടില്ലെന്നാണ്‌ നിയമം. വിയറ്റ്‌നാം യുദ്ധകാലത്തിനുശേഷം ലിബിയയിലെ നടപടിയിലാണ്‌ ഇത്തരത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്നുകൊണ്ടുളള തീരുമാനമുണ്ടായത്‌.

ആഭ്യന്തരയുദ്ധം നടക്കുന്ന ലിബിയയില്‍ വ്യോമാക്രമണം നടത്തിയാല്‍ സാധാരണക്കാര്‍ക്ക്‌ ആളപായം ഉണ്ടാകുമെന്നും അമേരിക്കയ്‌ക്ക്‌ വിപരീത ഫലം ഉളവാക്കുമെന്നും പെന്റഗണിലെ പ്രധാന ഉപദേശകനായ ജെ ജോണ്‍സണും നിതിന്യായ വകുപ്പ്‌ തലവന്‍ കരോലിന്‍ ക്രാസും ഒബാമയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നതായാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എന്നാല്‍ സൈനിക നടപടി അനിവാര്യമാണെന്ന വൈറ്റ്‌ഹൗസ്‌ കൗണ്‍സല്‍ റോബര്‍ട്ട്‌ ബോര്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ നിയമോപദേശകന്‍ ഹാരോള്‍ഡ്‌ കോ എന്നിവരുടെ ഉപദേശങ്ങള്‍ക്ക്‌ ഒബാമ ചെവി കൊടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുവാദം ഉടന്‍ ആവശ്യമില്ലെന്നും ഇവര്‍ ഒബാമയെ ധരിപ്പിച്ചു.

1973 ല്‍ പാസാക്കിയ അമേരിക്കന്‍ യുദ്ധനിയമമനുസരിച്ച്‌ 60 ദിവസത്തിലേറെ നീളുന്ന യുദ്ധങ്ങള്‍ക്ക്‌ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടിയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഈ കാലയളവ്‌ 30 ദിവസത്തേയ്‌ക്ക്‌ കൂടി നീട്ടാന്‍ പ്രസിഡന്റിന്‌ അധികാരമുണ്ട്‌.

ഇന്നലെയോട്‌ കൂടി ലിബിയയിലെ അമേരിക്കന്‍ സൈനികനടപടി 90ദിവസം പിന്നിട്ടിരുന്നു. അഫ്‌ഗാനില്‍ കൈ പൊളളിയിട്ടും കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി വ്യോമാക്രമണം പ്രഖ്യാപിച്ച പ്രസിഡന്റ്‌ ബാരക്‌ ഒബാമയുടെ നടപടിയില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുളളതായും ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ജനയുഗം 190611

Wednesday, May 4, 2011

ലിബിയക്കെതിരായ കാട്ടുനീതി

പ്രാകൃതമാണ് അമേരിക്കയുടെ നീതി. അതില്‍ ജനാധിപത്യമില്ല; മനുഷ്യത്വമില്ല; കരുണയില്ല; മര്യാദകളില്ല. അവര്‍ ബലംകൊണ്ട് ലോകം കീഴടക്കാന്‍ നോക്കുന്നു. ഇറാഖില്‍ കടന്നുകയറി അവിടത്തെ ഭരണാധികാരിയെ പിടിക്കാനും ക്രൂരമായി കൊലചെയ്യാനും വിശ്വസനീയമായ ഒരു ന്യായീകരണവും അവര്‍ക്ക് വേണ്ടിയിരുന്നില്ല. പാകിസ്ഥാനില്‍കയറി സ്വന്തംനിലയില്‍ ഒസാമ ബിന്‍ ലാദനെ പിടിച്ച് കൊന്ന് കടലിലെറിയാനും അമേരിക്കയ്ക്ക് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും തടസ്സമായില്ല. "ഭീകര വിരുദ്ധ" യുദ്ധത്തിന്റെ പേരില്‍ എന്തും ആകാമെന്ന് അമേരിക്ക സ്വയം പറയുന്നു; അക്ഷരാര്‍ഥത്തില്‍ അത് പ്രവര്‍ത്തിച്ചുകാണിക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും പാകിസ്ഥാനിലും മാത്രമല്ല, തങ്ങള്‍ക്ക് സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യമുള്ള ഏതു രാഷ്ട്രത്തിലും ഇത്തരം കടന്നാക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്ന ധാര്‍ഷ്ട്യമാണ് അമേരിക്കയുടെ പുതിയ നീക്കങ്ങളില്‍ പ്രകടമാകുന്നത്. ഏറ്റവുമൊടുവില്‍ ലിബിയയില്‍ പ്രസിഡന്റ് മു അമ്മര്‍ ഗദ്ദാഫിയുടെ വീടിനുനേരെ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗദ്ദാഫിയുടെ ഇളയ മകനും മൂന്നു പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. 12ന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ കൊന്നതില്‍പ്പോലും ഖേദിക്കാന്‍ അമേരിക്കയ്ക്ക് മനസ്സില്ല. വ്യോമാക്രമണം നിര്‍ത്തിയാല്‍ വെടി നിര്‍ത്താമെന്നും നാറ്റോയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നുമുള്ള ഗദ്ദാഫിയുടെ വാഗ്ദാനം തള്ളിയാണ് കൂട്ടക്കൊല നടത്തിയത്.

ലിബിയയില്‍ ഗദ്ദാഫി ഭരണം മെച്ചമെന്നോ അവിടത്തെ ഭൂരിപക്ഷം ജനങ്ങള്‍ സംതൃപ്തരാണെന്നോ ആര്‍ക്കും അഭിപ്രായമില്ല. ഗദ്ദാഫി വാഴ്ചയ്ക്കെതിരെ ആ രാജ്യത്ത് വലിയ തോതിലാണ് കലാപമുണ്ടായത്. ലിബിയയിലെ രണ്ടാം വന്‍നഗരമായ ബന്‍ഗാസി ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രദേശം പ്രതിപക്ഷ ശക്തികള്‍ പിടിച്ചെടുത്തു. 1969ല്‍ സൈനിക കലാപത്തിലൂടെ രാജാവിനെ അധികാരഭ്രഷ്ടനാക്കിയാണ് കേണല്‍ ഗദ്ദാഫി അധികാരത്തിലെത്തിയത്. 1970കളില്‍ ലിബിയ അമേരിക്കയ്ക്കും പാശ്ചാത്യ സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപരമായ മാര്‍ഗം സ്വീകരിച്ചു; എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചന പോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. അക്കാലത്ത് ഗദ്ദാഫിയുടെ സ്വരം സാമ്രാജ്യശക്തികള്‍ക്ക് കനത്ത താക്കീതുതന്നെയായിരുന്നു. പോകെപ്പോകെ ഗദ്ദാഫി ഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപകവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം നിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫി പതുക്കെ സാമ്രാജ്യ വിരുദ്ധ സമീപനത്തിലും മാറ്റം വരുത്തുകയായിരുന്നു.

2001 സെപ്തംബറിലെ ഭീകരാക്രമണത്തിനും അമേരിക്കയുടെ "ഭീകരതയ്ക്കെതിരായ യുദ്ധ"പ്രഖ്യാപനത്തിനും ശേഷം ഗദ്ദാഫി സാമ്രാജ്യവിരോധത്തില്‍ ബോധപൂര്‍വമായ അയവ് വരുത്തി. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കന്‍ചൊല്‍പ്പടിക്കനുസരിച്ച് ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും ലിബിയയുടെ വാതിലുകള്‍ തുറന്നുകൊടുത്തു. പക്ഷേ, അമേരിക്ക ഇതുകൊണ്ടൊന്നും തൃപ്തിയടഞ്ഞില്ല. ആഫ്രിക്കയിലെ നാലാമത്തെ വലിയ രാജ്യമായ ലിബിയയുടെ സമ്പന്നമായ എണ്ണനിക്ഷേപം അമേരിക്കയുടെ മോഹനിധിയാണ്. ലിബിയയില്‍ അസ്ഥിരത സൃഷ്ടിച്ച് കടന്നുകയറാന്‍ അവസരമൊരുക്കുകയും അതിലൂടെ അമൂല്യമായ സമ്പത്ത് കൈക്കലാക്കുകയുമെന്ന അമേരിക്കന്‍തന്ത്രമാണ് തുടര്‍നീക്കങ്ങളിലൂടെ പ്രാവര്‍ത്തികമായത്.

ഗദ്ദാഫി ഭരണത്തിന്റെ ദുഷിപ്പുകള്‍മൂലം സൈന്യത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും നയതന്ത്രപ്രതിനിധികളിലെയും വലിയൊരു വിഭാഗം എതിര്‍പ്പുയര്‍ത്തി സ്ഥാനമൊഴിഞ്ഞിരുന്നു. ഗദ്ദാഫിയുടെ നേതൃത്വം തെരുവില്‍ ചോദ്യംചെയ്യപ്പെടുകയും ഭരണം അവമതിക്കപ്പെടുകയും ചെയ്തു. ശക്തമായ സൈനിക നീക്കങ്ങളിലൂടെ ആഭ്യന്തരകലാപം നിയന്ത്രിക്കാന്‍ ഗദ്ദാഫിക്ക് കഴിയുമെന്നുവന്നപ്പോഴാണ് നാറ്റോയുടെ ലേബലില്‍ പ്രത്യക്ഷ അമേരിക്കന്‍ ഇടപെടലുണ്ടായത്. ലോക പൊതുജനാഭിപ്രായത്തെ തള്ളിക്കളഞ്ഞ് അമേരിക്കയും നാറ്റോയും ഈ സാഹചര്യം ഉപയോഗിച്ചു. ലിബിയയില്‍ ഇടപെടുന്നതിന്റെ ആദ്യപടി വ്യോമയാനരഹിത മേഖല അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചും കലാപകാരികള്‍ക്ക് ആയുധം നല്‍കുന്നതിനെക്കുറിച്ചുമുള്ള വാചകമടിയായിരുന്നു. ഏറെ വൈകാതെ സൈനികമായി ഇടപെടലാരംഭിച്ചു. അത് നിരപരാധികളുടെ കൂട്ടക്കൊലയിലെത്തിയിരിക്കുന്നു.

ലിബിയന്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ നാറ്റോയ്ക്കെന്തധികാരം? അമേരിക്കയ്ക്കെന്ത് കാര്യം? ആ രാജ്യത്ത് ഏതു ഭരണവ്യവസ്ഥ വേണമെന്നും ആര് ഭരിക്കണമെന്നും തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ അറബിന്റെ ട്രിപ്പോളിയിലെ വീട്ടിലേക്ക് മിസൈല്‍ വര്‍ഷിച്ചതിലൂടെ ഒരു രാജ്യത്തിന്റെ പരമാധികാരത്തെയാണ് ആക്രമിച്ചത്. ഇത് കാടത്തമാണ്. കൂടിയാലോചനകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളുടെ ഇടപെടലുണ്ടാകണം. ആക്രമണത്തിനെതിരെ ലോകത്താകമാനം പ്രതിഷേധമുയരേണ്ടതുമുണ്ട്. മുമ്പ് ചേരിചേരാ രാഷ്ട്ര നായകനെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെട്ട ചരിത്രം ഇന്ത്യക്കുണ്ട്. അത്തരമൊരു ഇടപെടലിന് ഇന്ന് ശേഷിവേണമെങ്കില്‍ അമേരിക്കന്‍ ദാസ്യം ഉപേക്ഷിക്കേണ്ടതുണ്ട്. സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശേഷി ആര്‍ജിക്കേണ്ടതുണ്ട്. ഇന്നത്തെ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ അതിനനുവദിക്കുന്നതല്ല. യുപിഎ നയങ്ങള്‍ക്കെതിരായ പോരാട്ടം ലോകത്തിന്റെ സമാധാനത്തിനുവേണ്ടിയുള്ളതും സാമ്രാജ്യാധിനിവേശത്തിനെതിരായുള്ളതുമാകുന്നത് ഈ അര്‍ഥത്തിലാണ്. രാഷ്ട്രങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും മനുഷ്യരാശിയെ സാമ്രാജ്യത്വത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് മോചിപ്പിക്കാനുള്ളതുമാണ് ആ പോരാട്ടം.

ദേശാഭിമാനി  മുഖപ്രസംഗം 040511

Wednesday, March 23, 2011

വിശ്വാസവോട്ടിന് കോഴ, ലിബിയ, റെയില്‍‌വേ, റുപ്യാ കാര്‍ഡ്

ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴ നല്‍കി എംപിമാരെ വിലയ്ക്കെടുത്താണെന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ തുടര്‍ച്ചയായ മൂന്നാംദിവസവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചു. ലോക്സഭയില്‍ ധനബില്ലുകളുടെ ചര്‍ച്ച എന്‍ഡിഎ ബഹിഷ്കരിച്ചു. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ഇരുസഭയിലും പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ലിബിയയില്‍ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായ പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം യുപിഎ സര്‍ക്കാര്‍ തള്ളിയതും പാര്‍ലമെന്റിനെ ബഹളത്തില്‍ മുക്കി. ശൂന്യവേളയിലാണ് പ്രതിപക്ഷ- ഭരണപക്ഷ വ്യത്യാസമില്ലാതെ ഈ ആവശ്യം ഉയര്‍ത്തിയത്. സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവും സിപിഐ എം നേതാവ് ബസുദേവ് ആചാര്യയുമാണ് പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. മറ്റ് കക്ഷികളും ഇതിനെ പിന്തുണച്ചു.

ലിബിയയില്‍ സാധാരണക്കാരെ രക്ഷിക്കാനെന്ന പേരില്‍ അമേരിക്ക നടത്തുന്ന ബോംബാക്രമണത്തില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നതെന്ന് ബസുദേവ് ആചാര്യ പറഞ്ഞു. ഇറാഖിലെ കടന്നാക്രമണത്തെ അപലപിച്ച രീതിയില്‍ ലോക്സഭയില്‍ ഏകകണ്ഠമായ പ്രമേയം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യപ്രക്ഷോഭത്തെ പിന്തുണച്ച അംഗങ്ങള്‍ അവിടത്തെ ഭാവിസര്‍ക്കാരിനെ നിശ്ചയിക്കാനുള്ള അധികാരം അമേരിക്കക്കാര്‍ക്കല്ല, ലിബിയയിലെ ജനങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി. ലിബിയയിലെ സാധാരണക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് എങ്ങനെ നിശ്ശബ്ദമായി നോക്കിനില്‍ക്കാനാകുമെന്ന് മുലായം സിങ് യാദവ് ചോദിച്ചു. ഗുരുദാസ് ദാസ് ഗുപ്ത (സിപിഐ), യശ്വന്ത് സിന്‍ഹ (ബിജെപി), ശരദ്യാദവ് (ജെഡി യു), മെഹ്ബൂബ് ബേഗ് (നാഷനല്‍ കോണ്‍ഫറന്‍സ്), രഘുവംശപ്രസാദ് സിങ് (ആര്‍ജെഡി) എന്നിവരും പ്രമേയം വേണമെന്ന് ആവശ്യപ്പെട്ടു. ലിബിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശശക്തികള്‍ ഇടപെടരുതെന്നതാണ് ഇന്ത്യയുടെ നയമെന്ന് ധനമന്ത്രി പ്രണബ്മുഖര്‍ജി പറഞ്ഞു. എന്നാല്‍, പ്രമേയം വേണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ത്തന്നെ വിക്കിലീക്സ് വിഷയത്തില്‍ അടിയന്തരചര്‍ച്ച ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിനും നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. അവകാശലംഘന നോട്ടീസ് തന്റെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ അടിയന്തരചര്‍ച്ച ഉടന്‍ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ധനബില്ലുകള്‍ പാസാക്കിയ ശേഷമേ ചര്‍ച്ച അനുവദിക്കൂ എന്നായിരുന്നു പ്രണബിന്റെ നിലപാട്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ സഭ ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍, അടിയന്തരചര്‍ച്ച അടുത്ത ദിവസം ലോക്സഭയിലും രാജ്യസഭയിലും ഒരേ സമയം നടത്താമെന്ന് ധനമന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ധനബില്ലുകളില്‍ ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

വിക്കിലീക്സ് വെളിപ്പെടുത്തല്‍ രാജ്യസഭയിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രശ്നത്തില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, നോട്ടീസുകള്‍ സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി പരിശോധിച്ചുവരികയാണെന്ന് ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്‍ അറിയിച്ചു. ഇതിനിടെ ബിജെപിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തുവന്നു. വിഎസ്എന്‍എല്ലിന്റെ സ്വത്തുവകകള്‍ ടാറ്റയ്ക്ക് കൈമാറിയതില്‍ അഴിമതിയുണ്ടെന്ന പത്രവാര്‍ത്തകള്‍ എടുത്തുകാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. സഭ ബഹളത്തില്‍ മുങ്ങിയതോടെ നടപടികള്‍ നിര്‍ത്തി പിരിഞ്ഞു. പിന്നീട് രണ്ടുവട്ടംകൂടി സഭ ചേര്‍ന്നെങ്കിലും ബഹളം കാരണം നിര്‍ത്തി.
(എം പ്രശാന്ത്)

വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ സീസണ്‍ നടപ്പാക്കുന്നതിന് താല്‍ക്കാലിക വിലക്ക്


ന്യുഡല്‍ഹി: കോളേജ് തലംവരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൌജന്യ സീസണ്‍ ടിക്കറ്റെന്ന റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡിന് തെരഞ്ഞെടുപ്പ് കമീഷന്‍ കത്തയച്ചു. പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയാണ് വിലക്ക്. മാര്‍ച്ച് എട്ടിന് റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മമത പെണ്‍‌കുട്ടികളുടെ ട്രെയിന്‍ യാത്രയ്ക്ക് ഇളവ് അനുവദിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുടെ ഏകീകൃത ബാങ്ക്കാര്‍ഡ് റുപിയ

മുംബൈ: മാസ്റ്റര്‍, വിസ കാര്‍ഡുകളുടെ മാതൃകയില്‍ ഇന്ത്യക്കും ഏകീകൃത ബാങ്ക് കാര്‍ഡായി. പേര് റുപിയ. ഡെബിറ്റ് - എടിഎം കാര്‍ഡായി ഉപയോഗിക്കാവുന്ന ഇത് പിന്നീട് ക്രെഡിറ്റ് കാര്‍ഡ് വിപണിയിലേക്കും മാറും. റിസര്‍വ്വ് ബാങ്കിന്റെ കീഴിലുള്ള നാഷനല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ആണ് കാര്‍ഡ് ഇറക്കുന്നത്. പ്രയോഗത്തിലാവുന്നതോടെ മാസ്സര്‍ , വിസ കാര്‍ഡുകള്‍ക്കു പകരമാകും ഇത്. കാര്‍ഡിന്റെ ലോഗോയും നിശ്ചയിച്ചു. ഏണസ്റ്റ് ആന്റ് യുങ് എന്ന കമ്പനിയാണ് കാര്‍ഡിന്റെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും. 2009 ല്‍ ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷനില്‍ റിസര്‍വ്വ് ബാങ്ക് രാജ്യത്തിനുമാത്രമായി പ്രത്യേകകാര്‍ഡിന്റെ സാധ്യത ആരാഞ്ഞിരുന്നു. രാജ്യത്തെ ബാങ്കുകളിലെല്ലാം ഉപയോഗിക്കാവുന്ന ചൈനയിലെ ഏകീകൃതകാര്‍ഡിന്റെ മാതൃകയിലാണ് ഇന്ത്യയില്‍ റുപിയ തയ്യാറാക്കുന്നത്.

ദേശാഭിമാനി 230311

Tuesday, March 22, 2011

ലിബിയ: അമേരിക്കയുടെ അതിരില്ലാത്ത ധാര്‍ഷ്ട്യം

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ലിബിയയ്ക്കു നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം ലിബിയയിലും പശ്ചിമേഷ്യയിലും അതീവ ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണ് അമേരിക്കയും സഖ്യശക്തികളും അവലംബിച്ചത്. ലിബിയയില്‍ ഗദ്ദാഫി ഭരണത്തിനെതിരായി ഒരുമാസം മുമ്പ് തുടങ്ങിയ പ്രക്ഷോഭം മറയാക്കി ആ രാജ്യത്തെ സൈനിക ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി അധീനതയിലാക്കുകയാണ് അമേരിക്കയുടെയും സഖ്യശക്തികളുടെയും പരിപാടിയെന്ന് തുടക്കംമുതല്‍ വ്യക്തമായിരുന്നു.

ലിബിയയ്ക്ക് എതിരായി വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നത് അതിന്റെ ആദ്യപടിയായിരുന്നു. ഇതുസംബന്ധിച്ച പ്രമേയത്തിന് യു എന്‍ രക്ഷാസമിതിയുടെ അംഗീകാരം നേടുന്നതില്‍ അമേരിക്ക വിജയിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ബ്രസീലും ജര്‍മനിയും വിട്ടു നിന്നതില്‍ നിന്ന്, അമേരിക്കയുടെ നീക്കത്തോടുള്ള വിയോജിപ്പ് വ്യക്തമായിരുന്നു. ഗദ്ദാഫി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് എതിരെ ലിബിയന്‍ വ്യോമസേന ആക്രമണം നടത്തുന്നത് തടയുക മാത്രമാണ് വ്യോമനിരോധനത്തിന്റെ ലക്ഷ്യമെന്നായിരുന്നു ഐക്യരാഷ്ട്രസഭ പറഞ്ഞത്. രക്ഷാസമിതി പ്രമേയം വന്നയുടന്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയതായി ഗദ്ദാഫി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും അറബ് ലീഗും സ്ഥിതിഗതികള്‍ വിലയിരുത്താനായി ലിബിയയിലേക്ക് നിരീക്ഷകരെ അയയ്ക്കുകയും ചെയ്തു. അവരുടെ റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കാതെ, ഗദ്ദാഫി സേന വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ലിബിയയ്ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ആക്രമണമെന്ന് പകല്‍പോലെ വ്യക്തമാണ്.

ലിബിയന്‍ സൈന്യം ജനങ്ങളെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നതു തടയുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ജനങ്ങളുടെ രക്ഷകരുടെ വേഷമണിഞ്ഞ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രണ്ടുനാളുകള്‍ക്കിടയില്‍ നൂറിലധികം സാധാരണക്കാരെ ബോംബാക്രമണത്തിലും മിസൈല്‍ പ്രയോഗത്തിലും വധിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ കൃത്യമായി അറിവായിട്ടില്ല. ലിബിയന്‍ വ്യോമസേനയുടെ ആക്രമണം തടയുകയല്ല, അമേരിക്കയുടെ ലക്ഷ്യമെന്ന് ഇന്നലെ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ കൊട്ടാരത്തിനു നേരെ നടന്ന ആക്രമണം തെളിയിക്കുന്നു. ഗദ്ദാഫിയുടെ ആസ്ഥാനത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരു കെട്ടിടം തകര്‍ന്നു. അപ്പോഴും അമേരിക്ക അവകാശപ്പെടുന്നത് ആക്രമണലക്ഷ്യം ഗദ്ദാഫി അല്ലെന്നാണ്. ഗദ്ദാഫിയെ വകവരുത്തിയാല്‍ ലിബിയയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാണെന്ന് അമേരിക്കയ്ക്ക് അറിയാം.

ലിബിയയ്ക്ക് എതിരായി വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നതിനോട് യോജിച്ച അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് അമേരിക്കയും സഖ്യശക്തികളും നടത്തുന്ന സൈനികാക്രമണത്തെ പരസ്യമായി എതിര്‍ക്കാന്‍ രംഗത്തു വന്നത് അമേരിക്കയുടെ യഥാര്‍ഥലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ലിബിയയിലെ ജനാധിപത്യവാദികളോടുള്ള സ്‌നേഹമല്ല, സൈനിക ആക്രമണത്തിന് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ടൂണീഷ്യയില്‍ തുടങ്ങിയ പ്രക്ഷോഭം ഈജിപ്ത്, യെമന്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഈജിപ്തില്‍ പ്രക്ഷോഭത്തെ നേരിടാന്‍ തുടക്കത്തില്‍ സൈന്യത്തെ ഉപയോഗിച്ചെങ്കിലും പ്രേക്ഷാഭത്തിന് ലഭിച്ച അഭൂതപൂര്‍വമായ ജനപിന്തുണ അടിച്ചമര്‍ത്തല്‍ ശ്രമം ഉപേക്ഷിക്കാന്‍ പ്രസിഡന്റ് മുബാറക്കിനെ നിര്‍ബന്ധിതമാക്കി.

ടുണീഷ്യയിലും ഇതുതന്നെയായിരുന്നു സ്ഥിതി. യെമനിലും ബഹ്‌റൈനിലും പ്രക്ഷോഭകാരികള്‍ക്ക് എതിരെ പട്ടാളത്തെ ഇറക്കി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ സൈനികസഹായം നല്‍കുന്നു. ഇതിലൊന്നും അമേരിക്ക ഒരു അപാകതയും കാണുന്നില്ല. ലിബിയയിലാണെങ്കില്‍ ഗദ്ദാഫിക്ക പിന്തുണ നല്‍കുന്ന വലിയൊരു വിഭാഗമുണ്ട്. അമേരിക്കയുടെയും സഖ്യശക്തികളുടെയും ആക്രമണം ലിബിയന്‍ ദേശീയവികാരം ആളിക്കത്തിക്കാനും അതുവഴി സ്വാധീനമുറപ്പിക്കാനും ഗദ്ദാഫിയെ തുണയ്ക്കുകയാണ് ചെയ്യുന്നത്.

അമേരിക്കയുടെ യഥാര്‍ഥലക്ഷ്യം ലിബിയയിലെ എണ്ണസമ്പത്താണ്. ഇറാഖിനെതിരായ ആക്രമണത്തിന്റെ ലക്ഷ്യവും എണ്ണസമ്പത്തിന്റെ നിയന്ത്രണമായിരുന്നു. ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കാനും ഇറാഖിലെ ജനങ്ങളെ സദ്ദാം ഹുസൈന്റെ ഏകാധിപത്യവാഴ്ചയില്‍ നിന്ന് മോചിപ്പിക്കാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമാണ് ആക്രമണമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ലോകത്തിന് ബോധ്യമയിക്കഴിഞ്ഞു. ഇറാഖില്‍ പത്തുലക്ഷത്തിലധികം സിവിലിയന്‍മാരുടെ ജീവനാണ് നഷ്ടമായത്. ആ രാജ്യത്തെയാകെ തകര്‍ത്തു.

ഇറാഖിനു നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്ക പ്രചരിപ്പിച്ചത് സദ്ദാം ഹുസൈന്‍ മാരകമായ രാസായുധങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു. അത് കെട്ടുകഥയാണെന്ന് പിന്നീട് അമേരിക്ക തന്നെ സമ്മതിച്ചു. ഇപ്പോള്‍ ഗദ്ദാഫിക്ക് എതിരായും ഇതേ പ്രചരണം അമേരിക്ക തുടങ്ങിയിട്ടുണ്ട്. ഗദ്ദാഫി രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ പ്രചരണം.

സാര്‍വദേശീയ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഒരു പരമാധികാര രാഷ്ട്രമായ ലിബിയയ്ക്ക് എതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ആക്രമണം തുടങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭരണകൂടങ്ങളെ സൈനികാക്രമണത്തിലൂടെ അട്ടിമറിക്കാന്‍ അവകാശമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ലോകസമാധാനം അപകടത്തിലാക്കുന്ന ഈ നയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം. വ്യോമനിരോധന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യ നിസംഗ സമീപനം കൈവെടിയണം.
ചേരിചേരാ പ്രസ്ഥാനത്തിലെ സജീവ അംഗമാണ് ലിബിയ. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ലിബിയയെ ചോരക്കളമാക്കാനും അട്ടിമറിക്കാനുമുള്ള അമേരിക്കയുടെ പദ്ധതിക്കെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണം. സൈനികാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചതു കൊണ്ടുമാത്രമായില്ല. ആക്രമണത്തെ തുറന്ന് എതിര്‍ക്കാനും ചേരിചേരാപ്രസ്ഥാനത്തിലെ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആക്രമണത്തിന് വിരാമമിടാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കാനുള്ള സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടുവരാനും ഇന്ത്യ മുന്‍കൈയെടുക്കണം.

അമേരിക്കയുടെയും സഖ്യശക്തികളുടെയും നിന്ദ്യമായ ആക്രമണത്തിനെതിരെ ഇന്ത്യയില്‍ ശക്തമായ പൊതുജനാഭിപ്രായം വളരണം. മാനവരാശിയ്ക്കാകെ ഭീഷണിയായ നയമാണ് അമേരിക്ക അനുവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

ജനയുഗം മുഖപ്രസംഗം 220311

തിരിച്ചടി ഭയന്ന് അമേരിക്ക നേതൃത്വം കൈമാറുന്നു

വാഷിങ്ടണ്‍ ലിബിയയില്‍ നടത്തുന്ന ആക്രമണത്തിന്റെ നേതൃത്വം ഉടന്‍ ഫ്രാന്‍സിനോ ബ്രിട്ടനോ നാറ്റോസേനയ്ക്കോ കൈമാറുമെന്ന് അമേരിക്ക. ഇക്കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞതായും എപ്പോള്‍ കൈമാറണമെന്നതുമാത്രമാണ് നിശ്ചയിക്കേണ്ടതെന്നും അമേരിക്കന്‍ പ്രതിരോധസെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശയുദ്ധങ്ങള്‍ കൈപൊള്ളിച്ച സാഹചര്യത്തിലാണ് ലിബിയയില്‍ അമേരിക്ക കരുതലോടെ നീങ്ങുന്നത്.

ലിബിയയില്‍ കരയുദ്ധത്തിന് അമേരിക്കന്‍ സൈനികരെ അയക്കില്ലെന്ന നിലപാടിലാണ് പെന്റഗണ്‍. സ്വന്തം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുത്താന്‍ അമേരിക്ക ഇനിയും തയ്യാറല്ല. അഫ്ഗാനിലും ഇറാഖിലും കൊല്ലപ്പെടുന്ന ഓരോ അമേരിക്കന്‍സൈനികന്റെ മൃതദേഹവും നാട്ടിലെത്തുമ്പോള്‍ അതിശക്തമായ വികാരമാണ് ജനങ്ങളില്‍ ഉയരുന്നത്. ലിബിയന്‍മണ്ണില്‍ ഇതിലും വലിയ കുരുതി നേരിടേണ്ടിവരുമെന്ന് അമേരിക്ക ഭയക്കുന്നു. ഗദ്ദാഫിയോട് അനുഭാവം പുലര്‍ത്തുന്ന ഗോത്രസേനകള്‍ക്ക് ഭൂമിശാസ്ത്രപരമായിത്തന്നെ മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിയും. ആദ്യനാളുകളിലെ പതര്‍ച്ച മറികടന്ന് ഗദ്ദാഫിസേന വിമതര്‍ക്കെതിരെ നേടിയ വിജയങ്ങളും അമേരിക്കയുടെ മുന്നിലുണ്ട്. ഈജിപ്തും ബഹ്റൈനും സൌദി അറേബ്യയും ഉള്‍പ്പടെയുള്ള അറബ്രാജ്യങ്ങള്‍ക്ക് പഴയതുപോലെ അമേരിക്കയെ സഹായിക്കാന്‍ കഴിയില്ല. അറബ്സഖ്യകക്ഷികള്‍ നാറ്റോ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ലെന്ന് റോബര്‍ട്ട് ഗേറ്റ്സ്തന്നെ പറയുന്നു. നാറ്റോനേതൃത്വം ഭാവിയില്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ഇക്കാര്യം മനസ്സിലുണ്ടായിരിക്കുമെന്നും ഗേറ്റ്സ് തുടര്‍ന്നു. യുഎന്‍ പ്രമേയം അനുസരിച്ച് വ്യോമാക്രമണം നടത്താന്‍ കഴിയുമെന്നിരിക്കെ ആദ്യദിവസങ്ങളിലെ ആക്രമണത്തില്‍ അമേരിക്ക പോര്‍വിമാനങ്ങള്‍പോലും ഉപയോഗിച്ചില്ല. മെഡിറ്ററേനിയന്‍ കടലിലെ അന്തര്‍വാഹിനി താവളങ്ങളില്‍നിന്ന് ക്രൂയിസ് മിസൈലുകള്‍ അയക്കുകയാണ്.

നെജാദിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് യുഎസ് പ്രീണനത്തിന് മറയിടാന്‍

ലണ്ടന്‍: ആണവകരാര്‍ ഒപ്പിടുന്നതിനുമുന്നോടിയായി തങ്ങള്‍ അമേരിക്കന്‍ പ്രീണനക്കാരല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദിനെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ എംബസി അമേരിക്കന്‍ വിദേശമന്ത്രാലയത്തിന് 2008 ഏപ്രില്‍ 15ന് അയച്ച സന്ദേശമാണ് വിക്കിലീക്സ് ചോര്‍ത്തിയത്. 'ദി ഹിന്ദു' ദിനപത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ ഡല്‍ഹി അമേരിക്കന്‍ എംബസിയിലെ രാഷ്ട്രീയകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥനോടാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2008 ഏപ്രില്‍ 29നാണ് നെജാദ് ഇന്ത്യ സന്ദര്‍ശിച്ചത്. നേരത്തെ പലതവണ തെഹ്റാനിലേക്കുള്ള ക്ഷണവും നെജാദിന്റെ ഇന്ത്യാസന്ദര്‍ശനത്തിനുള്ള അനുമതിയും നിഷേധിച്ച മന്‍മോഹന്‍സിങ് ഒടുവില്‍ സമ്മതിച്ചത് ആണവകരാറിനെതുടര്‍ന്ന് ഉണ്ടാകാവുന്ന എതിര്‍പ്പ് മുന്നില്‍ കണ്ടാണ്. ഇറാന്‍ ആണവപദ്ധതിയെ അതിശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ നെജാദ് ഇന്ത്യ സന്ദര്‍ശിക്കുന്നത് അമേരിക്കയ്ക്ക് അനിഷ്ടമാകുമോ എന്ന ആശങ്കയും കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് അമേരിക്കന്‍ എംബസിയിലെത്തി ഇന്ത്യന്‍ വിദേശമന്ത്രാലയ പ്രതിനിധി എല്ലാം തുറന്നുപറഞ്ഞത്. അമേരിക്കയുമായും ഇസ്രയേലുമായും കൂടുതല്‍ അടുക്കുന്ന യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുകയാണെന്നാണ് കമ്യൂണിസ്റ് പാര്‍ടികളുടെ പ്രചാരണം. ഇതിന് ജനപിന്തുണ ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ആണവകരാറിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷപാര്‍ടികളെയും മുസ്ളിം ജനവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെജാദിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതെന്നായിരുന്നു വിദേശമന്ത്രാലയ പ്രതിനിധിയുടെ വിശദീകരണം. കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ ഇറാന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച അനിവാര്യമാണെന്നും സന്ദേശത്തില്‍ പറയുന്നു.

deshabhimani 220311

Monday, March 21, 2011

അറബ് ലോകത്ത് വീണ്ടും നാറ്റോ അധിനിവേശം

ലിബിയയില്‍ മിസൈല്‍വര്‍ഷം

ട്രിപോളി: അമേരിക്കയും യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ചേര്‍ന്ന് ലിബിയക്കു നേരെ കനത്ത ആക്രമണം തുടങ്ങി. ശനിയാഴ്ച രാത്രി ആരംഭിച്ച മൃഗീയ ആക്രമണത്തില്‍ നിരപരാധികളായ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷം അറബ് ലോകത്തിനുനേരെ അമേരിക്ക നടത്തുന്ന ഏറ്റവുംവലിയ ആക്രമണത്തിനാണ് ലിബിയ ഇരയാകുന്നത്. വ്യോമ, നാവിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലിബിയന്‍ തലസ്ഥാനമായ ട്രിപോളിക്കും സമീപനഗരങ്ങള്‍ക്കും നേരെ നൂറിലേറെ മിസൈലും ബോംബുകളും വര്‍ഷിച്ചു. പാശ്ചാത്യ അധിനിവേശം ചെറുക്കാന്‍ ആഹ്വാനം നടത്തിയ ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി പ്രതിരോധത്തിനായി ആയുധപ്പുരകള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു പ്രഖ്യാപിച്ചു. ലിബിയക്കു നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. ശനിയാഴ്ച, ഇന്ത്യന്‍ സമയം അര്‍ധരാത്രി ഫ്രഞ്ച് യുദ്ധ വിമാനങ്ങളാണ് ലിബിയക്കു നേരെ ആദ്യ ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ ആക്രമണം കനത്തു. അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ നൂറിലേറെ ടോംഹോക്ക് മിസൈല്‍ വര്‍ഷിച്ചു. ട്രിപോളിയിലും പരിസരങ്ങളിലും പോര്‍വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഗദ്ദാഫിയുടെ കൊട്ടാരത്തിനടുത്തും ബോംബിട്ടു. 'ഓപ്പറേഷന്‍ ഒഡിസി ഡോ' എന്ന പേരിട്ടാണ് ആക്രമണം.
20 പ്രതിരോധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ നാവികസേനാ മേധാവി പറഞ്ഞു. എന്നാല്‍, ആക്രമണത്തില്‍ 48 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ലിബിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരിലേറെയും കുട്ടികളാണ്.

ലക്ഷക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്ത എട്ടുവര്‍ഷം മുമ്പത്തെ ഇറാഖ് അധിനിവേശത്തിനു സമാനമായ നടപടികളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്കുനേരെ ഗദ്ദാഫി നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തിലാണ് അമേരിക്കയും കൂട്ടരും ലിബിയക്കു നേരെ തിരിഞ്ഞത്. പാരീസില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാശ്ചാത്യശക്തികളുടെ യോഗമാണ് അധിനിവേശത്തിന് അന്തിമ തീരുമാനമെടുത്തത്. ലിബിയയുടെ വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കാനായിരുന്നു അധിനിവേശ സേനയുടെ ആദ്യ ആക്രമണം. ട്രിപോളിക്കു ചുറ്റുമുള്ള റഡാര്‍, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടതെന്ന് പെന്റഗ വക്താവ് പറഞ്ഞു.

'സാമ്രാജ്യത്വ കുരിശുയുദ്ധം' എന്ന് ഗദ്ദാഫി വിശേഷിപ്പിച്ച അധിനിവേശം ചെറുക്കാന്‍ പ്രതിരോധസേനയുടെ ആയുധപ്പുരകള്‍ ജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലിബിയയുടെ സ്വാതന്ത്ര്യവും ഐക്യവും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ പോരാടണം. ലിബിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശികള്‍ക്ക് അവകാശമില്ല. ഓരോ അടി മണ്ണിനായും പോരാടും. ഇസ്ളാമിനെതിരായ ശീതയുദ്ധമാണിത്. ലിബിയന്‍ ജനത തനിക്കു പിന്നിലുണ്ടെന്നും തങ്ങള്‍ രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറാണെന്നും ഗദ്ദാഫി പറഞ്ഞു. ലിബിയയിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ലിബിയ ആവശ്യപ്പെട്ടു. കിരാതമായ ആക്രമണമാണ് ലിബിയ നേരിടുന്നതെന്ന് ലിബിയന്‍ പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍സാവി പറഞ്ഞു. ലിബിയക്കു നേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ലിബിയക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിദേശസൈനിക ഇടപെടല്‍ അനുവദിക്കാനാകില്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി.

അറബ് ലോകത്ത് വീണ്ടും നാറ്റോ അധിനിവേശം

ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അറബ് ലോകത്ത് വീണ്ടും അമേരിക്കന്‍ നേതൃത്വത്തില്‍ നാറ്റോ അധിനിവേശം. ജനങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ 2003ല്‍ ഇറാഖില്‍ ആരംഭിച്ചതിന് സമാനമായ അധിനിവേശത്തിനാണ് വടക്കനാഫ്രിക്കന്‍ രാജ്യമായ ലിബിയയിലും ഇപ്പോള്‍ തുടക്കമിട്ടത്. യുഎന്‍ പ്രമേയത്തിന്റെ മറവില്‍ ഖത്തറിന്റെയും ജോര്‍ദാന്റെയും യുഎഇയുടെയും പൂര്‍ണ പിന്തുണയോടെയാണ് മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യശക്തികളും വ്യോമാക്രമണം ആരംഭിച്ചത്. മിസൈലാക്രമണം ആരംഭിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പുതന്നെ 64 പേര്‍ ഇവിടെ കൊല്ലപ്പെട്ടു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആക്രമണത്തിന് തുടക്കമിട്ടത് അമേരിക്കയാണെങ്കില്‍ ലിബിയയില്‍ ഫ്രാന്‍സാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. വടക്കനാഫ്രിക്ക എന്നും ഫ്രാന്‍സിന്റെ തട്ടകമായാണ് കരുതപ്പെടുന്നത്. ഈ മേഖലയിലെ പല രാജ്യങ്ങളും ഫ്രാന്‍സിന്റെ മുന്‍ കോളനികളാണ്. അതുപോലെ മധ്യധരണ്യാഴിക്ക് ഇരുവശവുമായാണ് ഫ്രാന്‍സും ലിബിയയും സ്ഥിതിചെയ്യുന്നതെന്നതും ഫ്രാന്‍സിന്റെ ഈ തിടുക്കത്തിന് കാരണമാണ്. ഫ്രാന്‍സിലെ ആഭ്യന്തര രാഷ്ട്രീയവും ആക്രമണത്തിന് പ്രേരിപ്പിച്ചു. പൂര്‍ണ പരാജയമായ നിക്കോളസ് സര്‍ക്കോസി സര്‍ക്കാരിന് അടുത്തവര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. അതിന് മുമ്പായി സര്‍ക്കോസിക്ക് മുമ്പിലുള്ള എളുപ്പവഴി യുദ്ധമാണ്. ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഭരണവിരുദ്ധ പോരാട്ടങ്ങളെ കൈകാര്യംചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കോസി അടുത്തയിടെ വിദേശമന്ത്രിയായിരുന്ന മൈക്കേകള്‍ അലിയട്ട് മേരിയെ മാറ്റി അലെയ്ന്‍ ജുപേപയെ നിയമിച്ചിരുന്നു.

ലിബിയക്കെതിരെ സൈന്യത്തെ അയച്ച മറ്റൊരു യൂറോപ്യന്‍ ശക്തി ബ്രിട്ടനാണ്. ലിബിയയിലെ എണ്ണസമ്പത്ത് ചോര്‍ത്തുന്നതില്‍ പ്രമുഖ സ്ഥാനത്തുള്ളത് ബ്രിട്ടനിലെ ബഹുരാഷ്ട്രകമ്പനിയായ ബ്രിട്ടീഷ് പെട്രോളിയമാണ്. ഗദ്ദാഫിയെ വീഴ്ത്തി ബിപിക്ക് നേട്ടമുണ്ടാക്കുക എന്നതാണ് ബ്രിട്ടന്റെ താല്‍പ്പര്യം. അമേരിക്കയുടെ കണ്ണും ലിബിയയുടെ എണ്ണസമ്പത്തില്‍ത്തന്നെ. ലോകത്തിന്റെ എണ്ണശേഖരത്തില്‍ രണ്ട് ശതമാനമാണ് ലിബിയയിലുള്ളത്. ബെന്‍ഗാസി നഗരത്തിന് ചുറ്റുമായാണ് ഈ എണ്ണപ്പാടങ്ങളുള്ളത്. അതുകൊണ്ടാണ് വിമതരുടെ കൈവശമുള്ള ഈ നഗരം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് നാറ്റോ സേന വ്യോമാക്രമണം ആരംഭിച്ചത്.

വിമതരുടെ കൌണ്‍സിലിന് നേരത്തേതന്നെ ഫ്രാന്‍സും മറ്റും അംഗീകാരം നല്‍കിയിരുന്നു. ഗദ്ദാഫിയെന്ന ഏകാധിപതിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അമേരിക്കയും മറ്റും പറയുന്നു. എന്നാല്‍, പത്ത് വര്‍ഷം മുമ്പ് ഇതേ ഏകാധിപതിയുമായി സന്ധിയിലായ പാശ്ചാത്യലോകത്തെ മറക്കാറായിട്ടില്ല. ആണവപദ്ധതി ഉപേക്ഷിക്കുകയാണെന്നുപറഞ്ഞ് അമേരിക്കന്‍ ക്യാമ്പിലേക്ക് മാറിയ ഗദ്ദാഫി പൊടുന്നനെയാണ് അമേരിക്കയ്ക്ക് കണ്ണിലെ കരടായത്. ഗള്‍ഫില്‍ അമേരിക്കയ്ക്ക് ഏറ്റവും വലിയ സൈനികകേന്ദ്രമുള്ള ബഹ്റൈനിലെ രാജാവിനെ രക്ഷിക്കാന്‍ സൌദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഹകരണസേന ഇറങ്ങിയപ്പോള്‍ അതിനെ എതിര്‍ക്കാര്‍ ഏകാധിപത്യവിരുദ്ധ സമീപനമുണ്ടെന്ന് പറയുന്ന അമേരിക്കയോ ഫ്രാന്‍സോ തയ്യാറായില്ല. ടുണീഷ്യയിലെ ബെന്‍ അലിയെ അവസാനംവരെ അധികാരത്തില്‍ പിടിച്ചുനിര്‍ത്തിയതും ഫ്രാന്‍സായിരുന്നു. ഈജിപ്തിലെ മുബാറക്കിനെ താങ്ങിനിര്‍ത്തിയത് അമേരിക്കയാണെങ്കില്‍ ഗദ്ദാഫിക്ക് തുണയായത് അമേരിക്കയും ഇറ്റലിയുമായിരുന്നു.

ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇന്ത്യ

ന്യൂഡല്‍ഹി: ലിബിയക്കെതിരെ നാറ്റോ സൈന്യം ആരംഭിച്ച വ്യോമാക്രമണത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച ഇന്ത്യ അക്രമത്തെ അപലപിക്കാന്‍ തയാറായില്ല. ബലപ്രയോഗത്തില്‍നിന്ന് പിന്മാറി സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് വിദേശകാര്യ സെക്രട്ടരി നിരുപമറാവു പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങളും സംഘര്‍ഷവും മനുഷ്യജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയേയുള്ളൂവെന്നും നിരുപമ പറഞ്ഞു. എന്നാല്‍, നാറ്റോ ആക്രമണത്തെ ശക്തമായി അപലപിക്കാന്‍ വിദേശമന്ത്രാലയം തയ്യാറായില്ല. ലിബിയയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ അതീവ ഉല്‍ക്കണ്ഠ യണ്ട്. അതിന്റെ കാഠിന്യം കുറയ്ക്കാനാണ് കൂട്ടാനല്ല ശ്രമിക്കേണ്ടത്. ട്രിപോളിയിലെ ഇന്ത്യന്‍ അംബാസഡര്‍ മണിമേഖലയുമായി സംസാരിച്ചുവെന്നും നിരുപമറാവു അറിയിച്ചു.

ലിബിയ അധിനിവേശത്തില്‍ പ്രതിഷേധിക്കുക: സിപിഐ എം

ന്യൂഡല്‍ഹി: ലിബിയക്കെതിരെ നാറ്റോ ആരംഭിച്ച ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തുന്ന വ്യോമ- മിസൈല്‍ ആക്രമണം അപകടകരമായ അധിനിവേശമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. അറബ്-ആഫ്രിക്കന്‍ രാഷ്ട്രത്തിനെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി രാജ്യത്തെ പുരോഗമന- ജനാധിപത്യവിശ്വാസികളെ ആഹ്വാനം ചെയ്തു.

യുഎന്‍ രക്ഷാസമിതി പ്രമേയം ആയുധമാക്കിയാണ് നാറ്റോയുടെ ആക്രമണം. ഈ പ്രമേയം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന രക്ഷാസമിതിയംഗംകൂടിയായ ഇന്ത്യ ആവശ്യപ്പെടണമെന്നും അതുവരെ നാറ്റോ സൈനിക നീക്കം നിര്‍ത്തിവയ്ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഇറാഖില്‍ ആവര്‍ത്തിച്ച അതേ കാര്യമാണ് ഇപ്പോള്‍ ലിബിയയിലും നടക്കുന്നത്. ഇറാഖിനുനേരേ നടത്തിയ നാറ്റോ ആക്രമണത്തില്‍ ലക്ഷകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. ലിബിയക്കുനേരേ ആരംഭിച്ച ആക്രമണത്തില്‍ ഇതിനകം 48 പേര്‍ കൊല്ലപ്പെട്ടു. ലിബിയന്‍ ജനതയെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന ഈ ആക്രമണം ആ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും ഭരണമാറ്റം ലക്ഷ്യംവച്ചുള്ള ആസൂത്രിതമായ അധിനിവേശവുമാണ്. ലിബിയയില്‍ ഇടപെടുന്ന പാശ്ചാത്യ ശക്തികള്‍ ബഹ്റൈനിലെ സമാധാനപരമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സൌദി അറേബ്യന്‍ സൈന്യത്തിന്റെ നടപടി കണ്ടില്ലെന്ന് നടിക്കുകയാണ്. എണ്ണ സമ്പന്നമായ ലിബിയയിലും മധ്യപൌരസ്ത്യദേശത്തും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൈനികബലം ഉപയോഗിക്കുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തവരാണ് പാശ്ചാത്യ ശക്തികള്‍- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 210311