Showing posts with label നിയമം. Show all posts
Showing posts with label നിയമം. Show all posts

Monday, October 26, 2020

ഗോവധ നിരോധന നിയമം നിരപരാധികളെ കുടുക്കാന്‍ ദുരുപയോഗിക്കുന്നു: അലഹബാദ് ഹൈക്കോടതി

 ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹാബാദ് ഹൈക്കോടതി. നിയമം നിരപരാധികളെ കുടുക്കുന്നതിന് ഉപയോഗിക്കുകയാണ്. ഒരു തെറ്റും ചെയ്യാത്തവര്‍ ജയിലിലടയ്ക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു. ഗോവധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ഏത് മാസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണെന്ന് കോടതി പറഞ്ഞു. മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നില്ല. ചെയ്യാത്ത കുറ്റത്തിന് ആരോപണവിധേയനായ വ്യക്തി ജയിലില്‍ത്തന്നെ കഴിയുകയും വിചാരണ നടപടികള്‍ക്ക് വിധേയനാവുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

പശുവിനെ കൊന്നതിനും ബീഫ് കൈവശം വച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. റഹ്മുദ്ദീനെ മാംസം കണ്ടെടുത്ത സ്ഥലത്തുനിന്നല്ല അറസ്റ്റ് ചെയ്തതെന്നും എഫ്ഐആറില്‍ അത്തരം പരാമര്‍ശമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. റഹ്മുദ്ദീന് കോടതി ജാമ്യം അനുവദിച്ചു.

Friday, October 23, 2020

പൊലീസ്‌ ആക്‌ട്‌ ഭേദഗതി പൗന്മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാൻ; ചെന്നിത്തലയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധം: എ കെ ബാലൻ

 കേരള പൊലീസ് ആക്‌ടില്‍ ഭേദഗതി വരുത്തിയ നടപടി മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന വസ്‌തുതാവിരുദ്ധമാണെന്ന്‌ മന്ത്രി എ കെ ബാലൻ. മാധ്യമങ്ങളെ നിയന്ത്രിക്കാനല്ല, പൗന്മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ്  2011  ലെ കേരള പോലീസ് ആക്ടില്‍  പതിനെട്ട് അ  വകുപ്പ്   കൂട്ടിച്ചേര്‍ത്ത്  ഭേദഗതി ചെയ്തത്.

സോഷ്യല്‍ മീഡിയ അടക്കമുള്ള കമ്പ്യൂട്ടര്‍  സംവിധാനങ്ങള്‍ വഴി ആരെയും എങ്ങനെയും ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും വലിയ ശ്രമങ്ങള്‍ നടക്കുകയാണ്. അത്തരം നിരവധി അനുഭവങ്ങള്‍ സമീപകാലത്തുണ്ടായി. സ്ത്രീകള്‍ക്ക് കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന രീതിയിലും കുടുംബത്തിനുള്ളില്‍ തല ഉയര്‍ത്തിനില്‍ക്കാന്‍ കഴിയാത്ത  രൂപത്തിലും  സമൂഹമാധ്യമത്തിലൂടെ ആക്ഷേപങ്ങള്‍ ചൊരിയുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു.  കുറ്റക്കാര്‍ക്കെതിരെ  ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ നിലവിലുള്ള നിയമത്തിലെ അപര്യാപ്തത മൂലം കഴിയുന്നില്ല. ഇത് നിയമം കയ്യിലെടുക്കാന്‍ ഇരകളെ പ്രേരിപ്പിക്കുന്നു. സമീപകാല സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയില്ലാതെ വരികയും അത് മൂലം നിയമം കയ്യിലെടുക്കുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കും. ഒരു സര്‍ക്കാരിന് ഇത്തരമൊരു സാഹചര്യത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കാനാകില്ല. പ്രതിപക്ഷ നേതാവ് ഇക്കാര്യം മനസിലാക്കേണ്ടതായിരുന്നു.

അശ്ലീലഭാഷ ഉപയോഗിച്ച്  അസത്യപ്രചാരണവും ആക്ഷേപവും നടത്താന്‍ തങ്ങള്‍ക്കു അവകാശമുണ്ടെന്നാണ് പലരും കരുതുന്നത്. അത്തരം സംഭവങ്ങളില്‍ ശിക്ഷ ഉറപ്പാക്കാനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് പോലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. നിലവിലുള്ള നിയമങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമാണെന്ന പ്രതിപക്ഷനേതാവിന്‍റെ ധാരണ തെറ്റാണ്. സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുമെന്നത് പ്രതിപക്ഷനേതാവിന്‍റെ ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇത് ഊഹിക്കാവുന്നതേയുള്ളു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2000 ലെ ഐ ടി ആക്ടിലെ 66  എ വകുപ്പ് പ്രകാരം കംപ്യൂട്ടര്‍ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളില്‍ മൂന്ന് വര്‍ഷം വരെ  തടവുശിക്ഷയും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 66 എ വകുപ്പിന് സമാനമായി  കേരള പൊലീസ് ആക്ടില്‍ 118(റ) വകുപ്പ് ഉണ്ടായിരുന്നു. 2015 ല്‍ ശ്രേയ സിംഗാള്‍ ്െ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ 118 (റ) വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്  എതിരാണെന്ന കണ്ടെത്തലിലാണ് വകുപ്പ് റദ്ദാക്കിയത്. ഇതോടെ സമൂഹമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥ സംജാതമായി. അശ്ളീല ഭാഷ ഉപയോഗിച്ച്  സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. ഇത് നമ്മുടെ സംസ്കാരത്തിനും സമാധാനത്തിനുമെതിരായ വെല്ലുവിളിയായി മാറുകയാണ്. ഇതിന്  കടിഞ്ഞാണിടേണ്ടത് ആവശ്യമാണ്. പോലീസ് ആക്ടിലെ 118  എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തിക്കൊണ്ട് ഇതിനു പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

118 എ താഴെ പറയും പ്രകാരമാണ്. ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യം നിര്‍മിക്കുകയോ പ്രകടിപ്പിക്കുകയോ ഏതെങ്കിലും വിനിമയോപാധിയിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവോ  10000  രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയാണ് ഭേദഗതി. ഇത് മാധ്യമങ്ങള്‍ക്കെതിരെയുള്ള ആക്രമണമാകുന്നതെങ്ങനെ? ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷ വേണ്ടെന്നാണോ പ്രതിപക്ഷനേതാവ് ആഗ്രഹിക്കുന്നത്?  മതിയായ ഭേദഗതി വരുത്തി ഈ സമൂഹവിരുദ്ധ പ്രവൃത്തി നിയന്ത്രിക്കുക എന്ന സദുദ്ദേശ്യമാണ്  സര്‍ക്കാരിനുള്ളത് ‐ എ കെ ബാലൻ.

Monday, September 28, 2020

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം: വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ കാണുന്നു: മുഖ്യമന്ത്രി

 തിരുവനന്തപുരം> നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1), 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന് കൈമാറും.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

സ്‌ത്രീകൾക്കെതിരായ കടന്നാക്രമണം; നിലവിലുള്ള നിയമങ്ങൾ പര്യാപ്‌തമല്ലെങ്കിൽ നിയമ നിർമ്മാണം ആലോചിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും - മുഖ്യമന്ത്രി പറഞ്ഞു.

Saturday, November 30, 2013

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യപത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി.

എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.

ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു. തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.

ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.

 എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. എന്നാല്‍ ഈ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തുനിഞ്ഞിട്ടുമില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

അഡ്വ. കെ ആർ ദീപ email:advocatekrdeepa@gmail.com

deshabhimani Kilivathi

Monday, November 18, 2013

ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ നിയമത്തിന് അതീതം: ധനഞ്ജയ് വി ചന്ദ്രചൂഡ്

ആഗോള സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പലപ്പോഴും ഇന്ത്യന്‍ നിയമത്തിന് അതീതമാണെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ് വി ചന്ദ്രചൂഡ് പറഞ്ഞു. വോഡഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇതാണ് കണ്ടത്. ആഗോള പണമിടപാടുകള്‍ ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ശാരദകൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്‍ ഒരുക്കിയ ചടങ്ങില്‍ "ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ സാമൂഹ്യനീതി" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതും അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതും നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ ജുഡീഷ്യറിക്ക് വലിയ വെല്ലുവിളിയാണ്. പരാതിയുമായി എത്തിയാല്‍ പൊലീസ് കേസെടുക്കാതിരിക്കുന്നതും പരാതിക്കാര്‍ പ്രതികളായി മാറുന്ന അവസ്ഥയും ഉണ്ട്. കുറ്റവാളികള്‍ക്ക് അനുകൂലമായി സാക്ഷികളുടെ കൂറുമാറ്റമുണ്ടാകുന്നു. നിയമപരിഷ്കരണങ്ങളുടെ അഭാവത്തില്‍ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുകയും നീതി വൈകുകയും ചെയ്യുന്നുണ്ട്. ഇത്തരം യാഥാര്‍ഥ്യങ്ങളോടാണ് ജുഡീഷ്യറി ഏറ്റുമുട്ടേണ്ടിവരുന്നതെന്നും ചന്ദ്രചൂഡ് പറഞ്ഞു. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ന്യായാധിപനായിരുന്നു കൃഷ്ണയ്യരെന്ന് അധ്യക്ഷയായ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞു. ലോകത്തുള്ള എല്ലാതരം അവകാശങ്ങളും അദ്ദേഹത്തിന്റെ വിധിന്യായങ്ങളില്‍ കാണാന്‍കഴിയും.

പാവപ്പെട്ടവന് കോടതികള്‍ അപ്രാപ്യമാകുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. അഭിഭാഷകരെയും കോടതികളെയും സമീപിക്കാന്‍ സാധാരണക്കാരനു കഴിയാത്ത അവസ്ഥ മാറാതെ ജനാധിപത്യം സാര്‍ഥകമാകില്ല. താന്‍ എന്നും പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. തലശേരിയില്‍ അഭിഭാഷകനായിരിക്കെ പാവപ്പെട്ടവരായ നിരവധി പേര്‍ക്കുവേണ്ടി ഹാജരായി. അവിടെനിന്ന് ഇ എം എസ് തന്നെ മന്ത്രിയാകാന്‍ വിളിച്ചു. പിന്നീട് സുപ്രീം കോടതിയില്‍വരെ ന്യായാധിപനുമായി. ഏതു പദവിയില്‍ ഇരിക്കുമ്പോഴും ദാരിദ്യരേഖയ്ക്ക് താഴെ കഴിയുന്നവരുടെ സാമൂഹ്യ നീതിക്കുവേണ്ടിയായിരുന്നു തന്റെ പ്രവര്‍ത്തനം. സമ്പന്നര്‍ക്കുവേണ്ടിയായിരുന്നില്ല. പാവപ്പെട്ടവരോടുള്ള തന്റെ ആഭിമുഖ്യം ഹൃദയത്തില്‍നിന്ന് വരുന്നതാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

കൃഷ്ണയ്യരെക്കുറിച്ചുള്ള ലേഖനങ്ങള്‍ അടങ്ങിയ "എ സര്‍ഫിറ്റ് ഓഫ് ട്രിബ്യൂട്സ് ടു ഇന്ത്യാസ് ഗ്രേറ്റസ്റ്റ് ലിവിങ് ജഡ്ജ്" എന്ന പുസ്തകം ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പ്രകാശനം ചെയ്തു. പിന്നീട് വേദിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചു. അഡ്വ. സനന്ദ് രാമകൃഷ്ണന്‍, അഡ്വ. എ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

Friday, November 15, 2013

പട്ടികവിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമഭേദഗതി

ആക്രമണത്തിനോ പീഡനത്തിനോ ഇരയാകപ്പെടുന്നവര്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്ന അറിവ് അക്രമിക്കുണ്ടെങ്കില്‍ത്തന്നെ കുറ്റം സ്ഥാപിക്കപ്പെടുമെന്നതടക്കം പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. താന്‍ ആക്രമിക്കുന്ന വ്യക്തി പട്ടികജാതിക്കാരനോ പട്ടികവര്‍ഗക്കാരനോ ആണെന്ന ബോധ്യം അക്രമിക്കുണ്ടെങ്കില്‍ത്തന്നെ കുറ്റം സ്ഥാപിക്കപ്പെട്ടു എന്നാണ് ഭേദഗതി. പരാതി ബോധിപ്പിക്കുന്ന സമയത്ത് താന്‍ പട്ടികവിഭാഗക്കാരനാണെന്ന് തെളിയിക്കാനായില്ലെങ്കില്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് ഭേദഗതിയെന്ന് സാമൂഹ്യനീതി- ശാക്തീകരണമന്ത്രി കുമാരി ഷെല്‍ജ പറഞ്ഞു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് തടസ്സപ്പെടുത്തുക, പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുക, സാമൂഹ്യ- സാമ്പത്തിക ബഹിഷ്കരണം, കുഴല്‍കിണര്‍ പോലെ പൊതുസ്വത്തുക്കള്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്ക്, ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്, പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ വിളകള്‍ നശിപ്പിക്കല്‍, പരാതി പിന്‍വലിപ്പിക്കുന്നതിന് മാത്രം എതിര്‍കേസ് ഫയല്‍ ചെയ്യല്‍ എന്നിവ അതിക്രമമായി കണക്കാക്കും. കുറ്റപത്രം സമര്‍പ്പിച്ചാല്‍ രണ്ടുമാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം. കാലതാമസം വന്നാല്‍ ഹൈക്കോടതിയെ സമീപിക്കാം. തെറ്റുകാരില്‍നിന്ന് ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കാം.

deshabhimani

Thursday, September 26, 2013

അയോഗ്യത മറികടക്കാന്‍ ഓര്‍ഡിനന്‍സ്

നിയമനിര്‍മാണ സഭാംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാക്കപ്പെടുമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി നിരാകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മാര്‍ഗത്തിലേക്ക് തിരിഞ്ഞത്. കോണ്‍ഗ്രസ് രാജ്യസഭാംഗം റഷീദ് മസൂദിന് അംഗത്വം നഷ്ടമാകുമെന്ന് തീര്‍ച്ചയായ ഘട്ടത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജ് പ്രവേശന നടപടികളില്‍ തിരിമറി കാട്ടിയ കേസില്‍ മസൂദ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. മസൂദിന്റെ ശിക്ഷ ഒക്ടോബര്‍ ഒന്നിന് വിധിക്കാനിരിക്കെയാണ് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന് തീരുമാനമെടുത്തത്. മുന്‍ റെയില്‍മന്ത്രി ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസില്‍ പ്രത്യേക സിബിഐ കോടതി സെപ്തംബര്‍ മുപ്പതിനാണ് വിധി പറയുക. വിധി പ്രതികൂലമെങ്കില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലാലുവും അപ്പീലിന് അവസരം നല്‍കാതെ അയോഗ്യനാക്കപ്പെടും. ഓര്‍ഡിനന്‍സിന് തീരുമാനമായ സാഹചര്യത്തില്‍ മസൂദിനും ലാലുവിനും അയോഗ്യതാഭീഷണിയില്ല. 90 ദിവസങ്ങള്‍ക്കുള്ളില്‍ അപ്പീല്‍ സമര്‍പ്പിച്ചാല്‍ മതിയാകും.

എംപിയോ എംഎല്‍എയോ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അയോഗ്യരാക്കപ്പെടുമെന്ന് ജൂലൈ പത്തിനാണ് സുപ്രീംകോടതി വിധിച്ചത്. പെട്ടെന്ന് അയോഗ്യത കല്‍പ്പിക്കപ്പെടാതെ അപ്പീലിന് അവസരം നല്‍കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 8(4) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന നിരീക്ഷണവും കോടതി നടത്തി. കസ്റ്റഡിയിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചു. സര്‍ക്കാര്‍ രണ്ട് ഉത്തരവിനെതിരെയും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. ഇതോടൊപ്പം പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തില്‍ കോടതിവിധി മറികടക്കുന്നതിന് ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്ലുകള്‍ കൊണ്ടുവന്നു. ഇതില്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന ഉത്തരവ് മറികടക്കുന്ന നിയമഭേദഗതിക്ക് വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. ചൊവ്വാഴ്ച രാഷ്ട്രപതി നിയമത്തില്‍ ഒപ്പുവച്ചു. എന്നാല്‍, ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാലുടന്‍ അയോഗ്യരാക്കപ്പെടുമെന്ന ഉത്തരവ് മറികടക്കുന്ന ഭേദഗതി ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കുന്നതില്‍ താല്‍പ്പര്യമെടുത്തില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. വര്‍ഷകാലസമ്മേളനം അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനപ്രതിനിധികളുടെ അയോഗ്യത ചോദ്യംചെയ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി നിരാകരിച്ചു. കസ്റ്റഡിയിലാണെങ്കില്‍ മത്സരിക്കാനാകില്ലെന്ന ഉത്തരവിനെതിരായ ഹര്‍ജി പരിഗണനയ്ക്ക് എടുക്കുകയും ചെയ്തു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുക പോലും ചെയ്യാതെ തള്ളിയതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്. ഇതിന് പിന്നാലെ റഷീദ് മസൂദിനെതിരായ കോടതി ഉത്തരവ് വരികയും ചെയ്തു.

deshabhimani

Sunday, June 23, 2013

"വിചാരണകൂടാതെ തടവിലിടുന്നത് പൗരാവകാശ ധ്വംസനം"

തലശേരി: വിചാരണകൂടാതെ പൗരന്മാരെ അനന്തമായി തടവിലിടുന്നതും കരിനിയമങ്ങള്‍ ഉപയോഗിച്ച് മൗലികാവകാശങ്ങള്‍ തടയുന്നതും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് സെമിനാര്‍. ലോയേഴ്സ്യൂണിയന്‍ ജില്ലകമ്മിറ്റി തലശേരി റൂറല്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച "പൗരാവകാശധ്വംസനവും നീതിനിഷേധവും" സെമിനാറിലാണ് ഭരണകൂട ഭീകരതക്കും അന്വേഷണസംവിധാനത്തെ ദുരുപയോഗിക്കുന്നതിനുമെതിരെ ശക്തമായ വിമര്‍ശമുയര്‍ന്നത്.

ശിക്ഷിക്കപ്പെട്ടവരേക്കാള്‍ പതിന്മടങ്ങുപേരാണ് ജയിലുകളില്‍ വിചാരണതടവുകാരായി കഴിയുന്നതെന്ന് സെമിനാറില്‍ സംസാരിച്ച സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ശിക്ഷയേക്കാള്‍ കൂടിയകാലം പലരും ജയിലില്‍ കഴിയുകയാണ്. ഈ പൗരാവകാശപ്രശ്നം ജുഡീഷ്യറിയുടെ പരിഗണനക്കെത്തുന്നില്ല. ഇതിന് ജനാഭിപ്രായം ഉയര്‍ന്നുവരണം. പലപ്പോഴും ജുഡീഷ്യറിയെ സ്വാധീനിക്കുന്നത് മാധ്യമങ്ങളാണ്. അറിയിക്കുക എന്ന ധര്‍മം മറന്ന് സങ്കുചിത രാഷ്ട്രീയതാല്‍പര്യത്തിനനുസരിച്ചാണ് വാര്‍ത്ത വിന്യസിക്കപ്പെടുന്നത്. രാഷ്ട്രീയതാല്‍പര്യം അടിസ്ഥാനപ്പെടുത്തി ദുര്‍വ്യാഖ്യാനംചെയ്യുന്ന വാര്‍ത്തകളും കോടതിയെ സ്വീധിനിക്കുന്നുണ്ട്. ഒരു തെളിവും ലഭിക്കാതെയാണ് ഫസല്‍കേസില്‍ കാരായിരാജനെയും കാരായിചന്ദ്രശേഖരനെയും ഉള്‍പ്പെടുത്തിയതെന്ന് പി ജയരാജന്‍ പറഞ്ഞു. ആരാണ് ഫസലിനെ കൊന്നതെന്ന് കൃത്യമായി അറിയാവുന്നവര്‍ എന്‍ഡിഎഫുകാരാണ്. ആശുപത്രിയില്‍ ഞങ്ങള്‍ പോയപ്പോള്‍ ആര്‍എസ്എസാണ് കൊലനടത്തിയതെന്നാണ് അവര്‍ പറഞ്ഞത്. ജയിലിലുണ്ടായിരുന്ന രണ്ട്ചെറുപ്പക്കാരോട് കാരായിരാജന്റെയും ചന്ദ്രശേഖരന്റെയും പേര് പറഞ്ഞാല്‍മാപ്പ് സാക്ഷിയാക്കാമെന്നടക്കം പറഞ്ഞു. തെറ്റായകാര്യംപറയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

നീതിന്യായവ്യവസ്ഥയുടെയും മാധ്യമങ്ങളുടെയുമെല്ലാംനിഷ്പക്ഷത കാപട്യമാണെന്ന് മുന്‍മന്ത്രി ബിനോയ്വിശ്വംപറഞ്ഞു. കൃത്യമായ പക്ഷപാതിത്വം എല്ലാവര്‍ക്കുമുണ്ട്. വര്‍ഗപരമായ വീക്ഷണമാണ് ജുഡീഷ്യറിയെയും മാധ്യമങ്ങളെയുമെല്ലാം നയിക്കുന്നത്. ചാക്ക്രാധാകൃഷ്ണന് ജാമ്യവും മറ്റുപലര്‍ക്കും അത്ലഭിക്കാതിരിക്കുന്നതും അതുകൊണ്ടാണ്. ചാക്ക്രാധാകൃഷ്ണന്മാരുടെ കേസ്വരുമ്പോള്‍ നീതിപീഠത്തിനടക്കം ഇളക്കമുണ്ടാവുന്നു. സമ്പന്നാനുകൂലമായ നീതിന്യായഘടനക്ക് മാറ്റമുണ്ടാവണമെന്നും ബിനോയ്വിശ്വം പറഞ്ഞു. സെമിനാര്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരിബാലകൃഷ്ണന്‍ഉദ്ഘാടനംചെയ്തു. ഡോ. സെബാസ്റ്റ്യന്‍പോള്‍ വിഷയം അവതരിപ്പിച്ചു.നഗരസഭാ ചെയര്‍പേഴ്സണ്‍ ആമിന മാളിയേക്കല്‍ അധ്യക്ഷയായി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍, ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍, അഡ്വ കെ വിജയകുമാര്‍ എന്നിവരും സംസാരിച്ചു. അഡ്വ. ജി പി ഗോപാലകൃഷ്ണന്‍ സ്വാഗതവും അഡ്വ. കെ അജിത്കുമാര്‍ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കാരായിരാജനും തിരുവങ്ങാട്ലോക്കല്‍സെക്രട്ടറി കാരായിചന്ദ്രശേഖരനും തടവറയില്‍ ഒരാണ്ട്പൂര്‍ത്തിയാക്കുന്ന ദിവസം ചേര്‍ന്ന സെമിനാറില്‍ പങ്കെടുക്കാന്‍ വന്‍ജനാവലിയാണ് ഓഡിറ്റോറിയത്തിലെത്തിയത്.

മുഖ്യമന്ത്രിയുടെ ഓഫീസ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന കേന്ദ്രമായി: സെബാസ്റ്റ്യന്‍പോള്‍

തലശേരി: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ആദ്യം പ്രയോഗിക്കേണ്ടതെന്ന് ഡോ. സെബാസ്റ്റ്യന്‍പോള്‍. ഏറ്റവും കുടുതല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്ന കേരളത്തിലെ പ്രധാനകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. തലശേരിയില്‍ നടന്ന ലോയേഴ്സ്യൂണിയന്‍ സെമിനാറില്‍ പൗരാവകാശധ്വംസനവും നീതി നിഷേധവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവരുന്ന കരിനിയമങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇനിയൊരു അടിയന്തരാവസ്ഥ സാധ്യമാകാത്തനിലയില്‍ ഭരണഘടന മാറ്റിയെഴുതിയിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു ഉറപ്പുമില്ല. രാജ്യമാകെ നീതിനിഷേധിക്കപ്പെടുന്ന നിരവധിപേരുണ്ട്. ഇതിനെതിരെ ജനകീയപ്രതികരണമുണ്ടാവുന്നില്ലെങ്കില്‍ അടിയന്തരാവസ്ഥയുടെ നാളുകളിലേക്കാവും മടങ്ങിപ്പോക്ക്. പതിമൂന്ന് വര്‍ഷമായി നീതിക്കായി ശബ്ദമുയര്‍ത്തുന്ന ഈറോം ശര്‍മിളയുടെ ആവശ്യം അംഗീകരിക്കാത്ത എ കെ ആന്റണിക്ക് പൂജ്യംമാര്‍ക്കേ നല്‍കാനാവൂ. നിയമനീതിനിര്‍വഹണസംവിധാനത്തിന് അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ മനസിലാക്കാന്‍ സാധിക്കുന്നില്ല. യുഎപിഎ വകുപ്പുകൂടി ഉള്‍പ്പെടുത്തിയതു കൊണ്ടാണ് മഅ്ദനിക്ക് ജാമ്യംനിഷേധിക്കപ്പെടുന്നത്. ഏത് പൊലീസുകാരനും ആര്‍ക്കുമെതിരെ ഏതു വകുപ്പും ചേര്‍ക്കാവുന്ന സാഹചര്യമാണ് രാജ്യത്ത്. കാരായി രാജനും കാരായി ചന്ദ്രശേഖരനുമെല്ലാം നീതിനിഷേധത്തിന്റെ ഇരകളാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

deshabhimani

Monday, November 19, 2012

കബോട്ടാഷ് ഭേദഗതി രാജ്യ സുരക്ഷയ്ക്ക് വന്‍ഭീഷണി

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടി കബോട്ടാഷ് നിയമം ഇളവുചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കെ, കഴിഞ്ഞദിവസം രക്തചന്ദനം പിടികൂടിയ സംഭവം സുരക്ഷ സംബന്ധിച്ച കടുത്ത ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ടെര്‍മിനലിന്റെ കരാറുകാരായ ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലും ചില വന്‍കിട കപ്പല്‍ കമ്പനികളുമാണ് നിയമത്തില്‍ ഇളവ് തേടുന്നത്. ചരക്ക് കൈകാര്യംചെയ്യുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും നിയമത്തില്‍ ഇളവു നല്‍കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഇവരുടെ വാദം. പരിശോധന കര്‍ശനമാക്കുന്നതിനും ഇവര്‍ എതിരാണ്. ഇവരുടെ സമ്മര്‍ദ്ദം നടപ്പായാല്‍ രാജ്യസുരക്ഷ പോലും ബാധിക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. 
 
ആഭ്യന്തര ചരക്കുനീക്കത്തില്‍നിന്ന് വിദേശ കപ്പലുകളെ വിലക്കുന്നതാണ് കബോട്ടാഷ് നിയമം. ആഭ്യന്തര തുറമുഖങ്ങളില്‍ അന്യോന്യമുള്ള ചരക്കുനീക്കത്തിന് ഇന്ത്യന്‍ പതാകവഹിക്കുന്ന കപ്പലുകള്‍ക്കു മാത്രമാണ് അനുമതി. ഇത് ഇളവുചെയ്ത് വിദേശ കപ്പലുകള്‍ക്കും അവസരം നല്‍കുകയാണ് കബോട്ടാഷ് നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ടെയ്നര്‍ പരിശോധന കൂടുതല്‍ ഉദാരമാക്കണമെന്നുംദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലും വന്‍കിട കപ്പല്‍ കമ്പനികളും ആവശ്യപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ വിദേശത്തുനിന്ന് ആയുധവും സ്ഫോടകവസ്തുക്കളും കള്ളനോട്ടും യഥേഷ്ടം കേരളത്തിലേക്കൊഴുകും. 
 
രക്തചന്ദനം കടത്തിയതിന് പിടിയിലായ ഷിപ്പിങ് ഏജന്റ് ടെര്‍മിനല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതായി വ്യക്തമായിട്ടുണ്ട്. നിയമം ഭേദഗതി ചെയ്ത് വന്‍കിട കുത്തകള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കിയാല്‍ അവര്‍ ഉദ്യോഗസ്ഥരെയും വിലക്കെടുക്കും. പ്രതിരോധമന്ത്രി എ കെ ആന്റണി വല്ലാര്‍പാടത്ത് കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതിനും പരിശോധന ഉദാരമാക്കുന്നതിനുമെതിരെ രംഗത്തുവന്നിരുന്നു. പരിശോധനയില്‍ ഒരു കാരണവശാലും വീഴ്ചവരുത്താനാവില്ലെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമത്തില്‍ ഇളവുകിട്ടാന്‍ ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണല്‍ സമ്മര്‍ദം ചെലുത്തുകയാണ്. കസ്റ്റംസ് പരിശോധനപോലും ഇവര്‍ പരിമിതമായ അളവിലേ അനുവദിക്കുന്നുള്ളൂ. ആധുനിക പരിശോധനാസംവിധാനങ്ങളൊന്നും വല്ലാര്‍പാടത്തിയിട്ടില്ല. കണ്ടെയ്നര്‍ പരിശോധനയ്ക്കുള്ള സ്ക്രീനിങ് മെഷീന്‍ ഇവിടെയില്ല. കഴിഞ്ഞ ദിവസം ചകിരിച്ചോറ് പുറമെ നിറച്ചാണ് രക്തചന്ദനം കടത്താന്‍ ശ്രമിച്ചത്. ചകിരിച്ചോറില്‍ ഒളിപ്പിച്ച രക്തചന്ദനത്തടികള്‍ കണ്ടുപിടിക്കണമെങ്കില്‍ ഏറെ നേരത്തെ പരിശോധന ആവശ്യമാണ്. 
 
രക്തചന്ദന കടത്ത് വിരല്‍ചൂണ്ടുന്നത് സുരക്ഷാപ്രശ്നത്തിലേക്ക്: ലോറന്‍സ്

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് രക്തചന്ദനം പിടിച്ച സംഭവം ഗുരുതരമായ സുരക്ഷാപ്രശ്നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. കബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തിയാല്‍ എന്താണ് സംഭവിക്കുക എന്നതിന് ഉത്തമദൃഷ്ടാന്തവുമാണിത്. മുമ്പും ചില സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ശരിയായ പരിശോധന ഇല്ലെങ്കില്‍ ആയുധങ്ങള്‍വരെ കടത്താന്‍ സാധ്യതയുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി ഇതു മനസ്സിലാക്കിയാവണം പരിശോധയില്‍ ഇളവു നല്‍കാനാവില്ലെന്ന് പ്രസ്താവിച്ചത്. ഇതിനെ എതിര്‍ത്തുകൊണ്ടാണ് ദുബായ് പോര്‍ട്ട് ഇന്റര്‍നാഷണലും വന്‍കിട കപ്പല്‍ കമ്പനികളും മുന്നോട്ടുവന്നത്. ദേശാഭിമാനികള്‍ രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഇത്തരം സംഭവങ്ങള്‍ സംശയാതീതമായി ബോധ്യപ്പെടുത്തുകയാണെന്ന് എം എം ലോറന്‍സ് പറഞ്ഞു.