Showing posts with label അലിഗഢ് കേന്ദ്രം. Show all posts
Showing posts with label അലിഗഢ് കേന്ദ്രം. Show all posts

Wednesday, June 19, 2013

"പയ്യന്‍ ചാണ്ടി" വളര്‍ത്തിയ പാവം പയ്യന്‍

പാവം പയ്യന്‍ തോമസ് കുരുവിളയെ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി ഉറപ്പിച്ചുനിര്‍ത്തിയത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിജി പഠനത്തിന് ഡല്‍ഹിയില്‍ എത്തിയ ചാണ്ടി ഉമ്മന്റെ പരിചരണം ഏറ്റെടുത്താണ് കുരുവിള ഉമ്മന്‍ചാണ്ടിയുടെ മനംകവര്‍ന്നത്. പിന്നീട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഡല്‍ഹിയില്‍ കാര്യങ്ങള്‍ നോക്കിനടത്തുന്ന അനൗദ്യോഗിക സെക്രട്ടറിയായി കുരുവിള. ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരന്‍ എന്നനിലയില്‍ കേന്ദ്രമന്ത്രാലയങ്ങളിലും പാര്‍ലമെന്റിലുമെല്ലാം കുരുവിള പ്രത്യേക പരിഗണന നേടി. സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ കുരുവിള ആ സ്വാധീനമാകെ ഉപയോഗിക്കുകയും ചെയ്തു.

കുരുവിള ഡല്‍ഹിയിലെത്തി അധികം വൈകാതെ സരിത നായര്‍ തലസ്ഥാനത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെന്ന് കേരള ഹൗസ് ജീവനക്കാര്‍ പറയുന്നു. ആ ബന്ധം ഡല്‍ഹിയിലെ തന്റെ സ്വാധീനവലയം വിപുലപ്പെടുത്തുന്നതില്‍ സരിതയെ സഹായിച്ചു. പത്തുവര്‍ഷംമുമ്പാണ് കുരുവിള നാട്ടില്‍ ഗതിപിടിക്കാതെ ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. കേരള ഹൗസിലെത്തിയ കുരുവിള ആദ്യനാളുകളില്‍ ഡോര്‍മിറ്ററിയിലായിരുന്നു താമസം. തുടക്കത്തില്‍, ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായിരുന്നു കുരുവിളയുടെ ഉപജീവനമാര്‍ഗം. ആന്റണി മാറി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെയാണ് കുരുവിള കേരള ഹൗസില്‍ സജീവമായത്.

ചാണ്ടി ഉമ്മന്‍ ഡല്‍ഹിയില്‍ പഠനാവശ്യത്തിന് എത്തിയതോടെ കുരുവിളയുടെ കാലം തെളിഞ്ഞു. ഇരുവരും കേരളഹൗസില്‍ നടത്തിയ വിളയാട്ടങ്ങള്‍ അക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. എല്ലാ കാര്യത്തിലും ചാണ്ടി ഉമ്മന് തുണയായി കുരുവിളയുണ്ടായിരുന്നു. കേരള ഹൗസിന്റെ പ്രധാന ബ്ലോക്കില്‍ ദീര്‍ഘനാള്‍ അനധികൃതമായി താമസിച്ചത് വിവാദമായതോടെ ചാണ്ടി ഉമ്മന് മുറി ഒഴിയേണ്ടിവന്നു. മകനുമായുള്ള അടുപ്പം പരിധിവിട്ടതോടെ ഉമ്മന്‍ചാണ്ടിക്ക് കുരുവിളയെ ഒഴിവാക്കാനാകാതായി. മകന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം ശക്തമായിരുന്നിട്ടും തന്ത്രശാലിയായ ഉമ്മന്‍ചാണ്ടി കുരുവിളയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ഡല്‍ഹിയിലെ കാര്യങ്ങളുടെ ചുമതലയുള്ള അനൗദ്യോഗിക സെക്രട്ടറിയാക്കി.

deshabhimani

Sunday, December 25, 2011

ഉദ്ഘാടനം ലീഗ് സമ്മേളനമായി; "തോറ്റ എംഎല്‍എ"യും വേദിയില്‍

മലപ്പുറം: അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്റര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍സിബല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി. 2020ഓടെ ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിലവില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ 15% മാത്രമാണ് കോളേജുകളിലെത്തുന്നത്. 2020 ഓടെ ഇത് 30% ആക്കുകയാണ് ലക്ഷ്യം. പ്രതിപക്ഷ എംഎല്‍എമാരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജനപ്രതിനിധികളും പ്രവര്‍ത്തകരും ചടങ്ങ് ബഹിഷ്ക്കരിച്ചു. മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും നിറഞ്ഞതായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഉദ്ഘാടനം ലീഗ് സമ്മേളനമായി; "തോറ്റ എംഎല്‍എ"യും വേദിയില്‍

മലപ്പുറം: അലിഗഢ് സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഉദ്ഘാടനച്ചടങ്ങ് മുസ്ലിംലീഗ് സമ്മേളനംപോലെയായി. ലീഗിന്റെ സംസ്ഥാന-ജില്ലാ-പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വേദിയിലും സദസ്സിലും സ്ഥാനംപിടിച്ചപ്പോള്‍ കേരളത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ചവരെല്ലാം പിന്തള്ളപ്പെട്ടു. അലിഗഡ് സെന്റര്‍ മലപ്പുറം ജില്ലയിലെ ചേലാമലയില്‍ കൊണ്ടുവരാന്‍ പാടുപെട്ട മുന്‍ എംഎല്‍എ വി ശശികുമാറിനെ പ്രോട്ടോക്കോളിന്റെ പേരില്‍ ക്ഷണിക്കാതിരുന്നവര്‍ ലീഗിന്റെ നേതാക്കളെയെല്ലാം ക്ഷണിച്ചിരുത്തി. ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഒഴികെയുള്ളവരെല്ലാം വേദിയിലുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും നാലകത്ത് സൂപ്പിയും എന്തടിസ്ഥാനത്തിലാണ് പ്രത്യേക ക്ഷണിതാക്കളായെന്നതിന് ഉത്തരമില്ല.

ലീഗിന്റെ പാലക്കാട് ജില്ലയിലെ എംഎല്‍എ എന്‍ ഷംസുദ്ദീനും താനൂര്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയും മഞ്ചേരി എംഎല്‍എ എം ഉമ്മറും മുന്‍കൂട്ടിതന്നെ വേദിയില്‍ സ്ഥലംപിടിച്ചു. കൊണ്ടോട്ടി എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജിയും പി വി അബ്ദുല്‍വഹാബും മുന്നില്‍ത്തന്നെ ഇരിപ്പിടം കണ്ടെത്തി. പാണക്കാട് കുടുംബത്തിനും വേദിയില്‍ നല്ല പരിഗണന കിട്ടി. മൂന്ന് പേരാണ് പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചെത്തിയത്. ബഷീറലി ശിഹാബ് തങ്ങള്‍ക്കുപുറമേ സാദിഖലി ശിഹാബ് തങ്ങളും അബ്ബാസ് അലിയും വേദിയിലെത്തി. "തോറ്റ എംഎല്‍എ" വി വി പ്രകാശിന് ഇരിപ്പിടം കിട്ടിയത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്നറിയില്ല. ലീഗിന്റെ കൊടിയുമായി പ്രവര്‍ത്തകര്‍ ബൈക്കിലും മറ്റ് വാഹനങ്ങളിലും പരക്കംപാഞ്ഞപ്പോള്‍ അലിഗഡില്‍നിന്നെത്തിയ വിദ്യാഭ്യാസ വിദഗ്ധരും മാനേജ്മെന്റ് പ്രതിനിധികളും അന്തംവിട്ടിരുന്നു.

deshabhimani 251211

അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്റര്‍ ഉദ്ഘാടനവും യു ഡി എഫ് രാഷ്ട്രീയവും

അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്റര്‍ ഉത്തര്‍പ്രദേശിനു പുറത്ത് മറ്റൊരു സംസ്ഥാനത്ത് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും രാഷ്ട്രത്തിനുള്ള സമര്‍പ്പണവും ഇന്ന് പെരിന്തല്‍മണ്ണയില്‍ച്ച് നടക്കുന്നു. ഉദ്ഘാടനചടങ്ങുകള്‍ ഏറ്റവും ഗംഭീരമായി വിപുലമായ പരിപാടികളോടും കൂടിയാണ് നടത്തുന്നത്. ഏറെ സന്തോഷകരമായ ഒരു ചടങ്ങ്; മലയാളികളെല്ലാം വളരെയധികം ആഹ്ലാദിക്കുന്ന ആഘോഷമാണിത്. സംസ്ഥാനത്തിന്റെ വികസനചരിത്രത്തില്‍ പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ ചുവടുപെയ്പ്പാണ് പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമായ യൂണിവേഴ്‌സിറ്റി സെന്റര്‍.

കേന്ദ്രമന്ത്രി കപില്‍ സിബില്‍, മുഖ്യമന്ത്രി, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കന്നതായാണ് ക്ഷണക്കത്തില്‍നിന്നും മനസ്സിലായത്. എന്തുകൊണ്ടാണ് എന്നറിയില്ല പ്രതിപക്ഷ നേതാവിനെയും എല്‍ ഡി എഫ് ജനപ്രതിനിധികളുടെയോ പേരുകള്‍ കണ്ടില്ല. ദോഷം പറയരുതല്ലോ-മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ആശംസാപ്രാസംഗികനാണ്. ഇതില്‍ വലിയ കാര്യമുണ്ട് എന്നു കരുതി സൂചിപ്പിച്ചതല്ല. എന്നാല്‍ കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ട ചില വിഷയങ്ങള്‍ അലിഗര്‍ സര്‍വകലാശാല ഉദ്ഘാടന ചടങ്ങില്‍ വിസ്മരിച്ചുകൂടാ.
സര്‍വലാശാലയുടെ അഞ്ച് സെന്ററുകള്‍ (കാമ്പസുകള്‍) അലിഗറിനു പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരും സര്‍വകലാശാല ഭരണസമിതിയും കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി. ഒരു സെന്റര്‍ സംസ്ഥാനത്തിന് അനുവദിച്ചുതരണമെന്നുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശക്തമായ ആവശ്യം അംഗീകരിക്കപ്പെട്ടു. സെന്റര്‍ അനുവദിക്കുന്നുവെങ്കില്‍ 400 ഏക്കറില്‍ കുറയാത്ത സ്ഥലം സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. സ്ഥലം ഏറ്റെടുത്തുനല്‍കുന്ന കാര്യത്തില്‍ കാലതാമസം ഉണ്ടാകരുതെന്നുള്ള നിര്‍ബന്ധവും അംഗീകരിച്ചു. റവന്യുവകുപ്പുമന്ത്രി എന്ന നിലയില്‍ ആ സന്ദര്‍ഭത്തില്‍തന്നെ സ്ഥലത്തിന്റെ കാര്യത്തില്‍ വ്യക്തമായ ഉറപ്പുനല്‍കാന്‍ കഴിഞ്ഞു എന്നത് ഏറെ ചാരിതാര്‍ഥ്യത്തോടെ രേഖപ്പെടുത്തട്ടെ.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് മുഴുവന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്വാഗതം ചെയ്തു. ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയില്‍ ഈ സെന്ററിനു നിര്‍ണായകമായ സ്ഥാനം ഉണ്ടാകുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു.

മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് റവന്യു, വിദ്യാഭ്യാസവകുപ്പുകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ജനങ്ങള്‍ അഭിമാനപൂര്‍വം ഏറ്റെടുത്ത ''അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സെന്റര്‍'' തീരുമാനം യു ഡി എഫിനും മുസ്ലീം ലീഗിനും ഒട്ടും ദഹിച്ചില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കാനോ ആഭിനന്ദിക്കാനോ യു ഡി എഫ് താല്‍പര്യം കാണിച്ചില്ല എന്നതു മനസ്സിലാക്കാം.  യു ഡി എഫിന്റെ പ്രത്യേകിച്ച് മുസ്ലീംലീഗിന്റെ രാഷ്ട്രീയ അജണ്ട തിരശ്ശീലക്കുപിന്നില്‍ തയ്യാറായിവരുന്നത് പിന്നീടാണ് വ്യക്തമായത്. എല്‍ ഡി എഫിന്റെ തീരുമാനത്തിനെതിരെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ശക്തമായ സമരം പ്രഖ്യാപിച്ചു. പെരിന്തല്‍മണ്ണയില്‍ ഈ സെന്റര്‍ ആരംഭിക്കുന്നതിനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ട് സെന്റര്‍ മലപ്പുറം പട്ടണത്തില്‍ സ്ഥാപിക്കണമെന്നുള്ള വിചിത്രമായ ഒരു പ്രാദേശികവാദവും അവര്‍ ഉയര്‍ത്തി. അലിഗര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറും ഭരണസമിതിയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയും പെരിന്തല്‍മണ്ണയില്‍ നിര്‍ദിഷ്ട സ്ഥലം സമര്‍പ്പിച്ച് അംഗീകാരം നല്‍കിയതിനുശേഷവും ലീഗ് നേതൃത്വം സമരം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിന്റെ പടിക്കല്‍ മാസങ്ങളോളം നീണ്ടുനിന്ന ശക്തമായ സമരമാണ് പിന്നീട് നടന്നത്. അലിഗര്‍ സര്‍വകലാശാലാ സംസ്ഥാനത്ത് വരാതിരിക്കാനുള്ള അട്ടിമറിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നത് എന്നുവരെ ഉത്തരവാദപ്പെട്ട നേതാക്കള്‍ മലപ്പുറം ജില്ലയിലുടനീളം പ്രകോപനപരമായരീതിയില്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിട്ടും ഇവര്‍ സമരത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.

നിശ്ചയദാര്‍ഢ്യത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയതിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും വിജയമാണ് സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതിലൂടെ പ്രകടമായത്. ഒന്നാംഘട്ടം സ്ഥലം ഏല്‍പിക്കുന്ന ചടങ്ങ് പെരിന്തല്‍മണ്ണയില്‍ നടന്നപ്പോള്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രണ്ടാംഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി മുഴുവന്‍ സ്ഥലവും സര്‍വകലാശാല അധികൃതര്‍ക്ക് തിരുവനന്തപുരത്ത് വച്ച് ഏല്‍പിച്ചുകൊടുത്ത ചടങ്ങിലും പ്രകടമായി കണ്ടത് യു ഡി എഫ് നേതാക്കളുടെ പ്രത്യേകിച്ച് മുസ്ലീം ലീഗിന്റെ നേതാക്കളുടെയും കേന്ദ്രമന്ത്രിയുടെയും സാന്നിധ്യമാണ്. ഇവരുടെയെല്ലാം സാന്നിധ്യത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി വൈസ് ചാന്‍സലറും സര്‍വകലാശാലാ ഭരണസമിതിയും എല്‍ ഡി എഫ് സര്‍ക്കാരിനെ അഭിനന്ദിക്കാനും സര്‍ക്കാരിനോട് നന്ദി പ്രകടിപ്പിക്കാനും ഒട്ടും പിശുക്കു കാണിച്ചില്ല. മറ്റു നാലു സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഒട്ടും മുന്നോട്ടുപോകാത്ത സന്ദര്‍ഭത്തിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഴുവന്‍ സ്ഥലവും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ച് ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് കൈമാറാന്‍ കഴിഞ്ഞു എന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെയും പ്രതിബദ്ധതയുടെയും വിജയംകൂടിയാണ്. സ്ഥലം വിട്ടുനല്‍കുന്നവര്‍ നല്‍കിയ സഹകരണം, ഉദ്യോഗസ്ഥര്‍ കാണിച്ച ആത്മാര്‍ഥതയും കൃത്യനിര്‍വഹണത്തിലെ ഉത്തരവാദിത്വബോധവും സര്‍ക്കാരിന്റെ ആര്‍ജവവും ഇച്ഛാശക്തിയും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സംസ്ഥാനത്തിനത് പുതിയൊരനുഭവമായി-വികസനത്തിന്റെ കാര്യത്തിലുള്ള  ഈ മാതൃക ഏറെ ശ്ലാഘിക്കപ്പെട്ടു.

കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയുടെ ഒരു കേന്ദ്രം തുടങ്ങിയതും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെയാണ്. കാസര്‍കോഡ് കേന്ദ്രത്തിനായി സംസ്ഥാനസര്‍ക്കാര്‍ ആവശ്യമായ സ്ഥലവും നല്‍കി. ഇനി കേന്ദ്രസര്‍ക്കാരിന്റെയും മറ്റും ഭാഗത്തുനിന്നുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. രണ്ട് വര്‍ഷമായി താല്‍ക്കാലിക കെട്ടിടങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠനം തുടങ്ങികഴിഞ്ഞു. അലിഗര്‍ മുസ്ലീം സര്‍വകലാശാലയും ചില കോഴ്‌സുകള്‍ ഇതിനകം താല്‍ക്കാലിക കെട്ടിടങ്ങളില്‍ ആരംഭിച്ചു.

വിതുരയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഐസര്‍, വലിയവിളയില്‍ കോഴ്‌സുകള്‍ ആരംഭിച്ച ഐ ഐ എസ് ടിയും ലോകോത്തര പ്രശസ്തമായ സ്ഥാപനങ്ങളാണ്. ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മുഴുവന്‍ സ്ഥലവും സംസ്ഥാന സര്‍ക്കാരാണ് നല്‍കിയത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളിലെ പൊന്‍തൂവലുകളാണ് ഈ ഉന്നത ശാസ്ത്രഗവേഷണ സാങ്കേതിക സ്ഥാപനങ്ങള്‍.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനരംഗത്തുണ്ടായ ഈ മുന്നേറ്റം അംഗീകരിക്കാന്‍ നിര്‍ഭാഗ്യവശാല്‍ അന്ധമായ രാഷ്ട്രീയ വിരോധംകൊണ്ട് ചിലര്‍ തയ്യാറാകുന്നില്ല. ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായ ഈ മുന്നേറ്റം രാജ്യം മുഴുവന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞെങ്കിലും അതംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും മടിക്കുന്നു.

വീണ്ടും ഒരു ചോദ്യം അവശേഷിക്കുന്നു. എന്തിനായിരുന്നു കോണ്‍ഗ്രസും മുസ്ലീംലീഗും അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഈ സമരങ്ങളൊക്കെ നടത്തിയത്. തങ്ങള്‍ നടത്തിയ സമരവും അപവാദപ്രചരണവും ഒരു സ്വയം വിമര്‍ശനത്തിനെങ്കിലും ഇടയാകട്ടെ. ഇന്ന് പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുന്ന സര്‍വകലാശാലാ മലപ്പുറം സെന്ററിന് ആശംസകള്‍.

കെ പി രാജേന്ദ്രന്‍ janayugom 241211

Friday, April 1, 2011

സഫലമീ സ്വപ്നം; അലിഗഢ് അരികെ

മലപ്പുറം: പുറംനാട്ടില്‍ പോയി പഠിക്കുന്നത് ഷര്‍മീന പലപ്പോഴും തിരൂരിലെ വീട്ടിലിരുന്ന് സ്വപ്നംകണ്ടിട്ടുണ്ട്. വിവിധ സംസ്കാരങ്ങളുള്‍ക്കൊള്ളുന്നവരുമായി ഇടകലര്‍ന്ന് പഠിക്കാനാകുകയെന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത മോഹമായി കൊണ്ടുനടന്നു. അലിഗഢിലെ സര്‍വകലാശാലാ ക്യാമ്പസ് മലപ്പുറത്തെ മണ്ണിലെത്തിയപ്പോള്‍ ഷര്‍മീനയ്ക്കൊപ്പം നിരവധിപേരുടെ സ്വപ്നങ്ങളാണ് പൂവണിഞ്ഞത്. ആ സ്വപ്നസാക്ഷാത്കാരത്തിന് വേഗം കൂട്ടിയത് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലായിരുന്നു. വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും വി ശശികുമാര്‍ എംഎല്‍എയും ഉത്സാഹിച്ചതോടെ സര്‍വകലാശാലാകേന്ദ്രം പെരിന്തല്‍മണ്ണയില്‍ യാഥാര്‍ഥ്യമായി. അലിഗഡ് വിസിയുടെ അഭ്യര്‍ഥനപ്രകാരം ചേലാമലയില്‍ രണ്ട് ഘട്ടങ്ങളിലായി 336 ഏക്കര്‍ ഭൂമി കണ്ടെത്തി കൈമാറി. ഇക്കൊല്ലം വാടകക്കെട്ടിടത്തില്‍ അധ്യയനം ആരംഭിച്ചു. എല്ലാ സൗകര്യങ്ങളോടുംകൂടി മികച്ച പഠനാന്തരീക്ഷത്തില്‍ എംബിഎയും ബിഎ എല്‍എല്‍ബിയും പഠിക്കാന്‍ അങ്ങനെ അവസരമൊരുങ്ങി.

എംബിഎ വിദ്യാര്‍ഥികളായ കോഴിക്കോട്ടുനിന്നുള്ള ഷംസിയയ്ക്കും മലപ്പുറത്തുകാരായ മുഫീദയ്ക്കും നഹ്വയ്ക്കും പുതുമയുള്ള പഠനാന്തരീക്ഷത്തെപ്പറ്റി പറയാന്‍ നൂറുനാവ്. മുതിര്‍ന്ന തലമുറയില്‍ ചിലര്‍ അലിഗഢില്‍ പോയി പഠിച്ചതിന്റെ അനുഭവം പറഞ്ഞുകേട്ട് കൊതിച്ചിട്ടുണ്ട്. ആ മികവ് സ്വന്തം മണ്ണില്‍ അനുഭവിച്ചറിയുകയാണിവര്‍. മികച്ച അധ്യാപകര്‍, ലൈബ്രറി, അനുബന്ധ സൗകര്യം, അധ്യാപനശൈലി. പെരിന്തല്‍മണ്ണയിലെ അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്ററില്‍ പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നതിനിടെ അതിര്‍ത്തികളില്ലാത്ത സൗഹൃദവും വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്നു. എംബിഎ പഠിക്കാനെത്തിയ ഉത്തര്‍പ്രദേശുകാരി ശബ്നം ഖാത്തൂമിന് പെരിന്തല്‍മണ്ണയുടെ നഗരവഴികളില്‍ അപരിചിതത്വമില്ല. ഭാഷ ഒട്ടും വഴങ്ങില്ലെങ്കിലും ഈ നാടും നാട്ടുകാരും ശബ്നത്തിന് സ്വന്തമെന്നപോലെ പ്രിയപ്പെട്ടത്. അലിഗഢില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശബ്നത്തിന് ഇവിടത്തെ സമ്പ്രദായം പുതുമയല്ല. ബിഹാറില്‍നിന്നുള്ള അബൂഷഹാനും മണിപ്പൂരില്‍നിന്നുള്ള ഉമര്‍ അത്താ ഖാനും ബംഗാളിയായ സിദ്ധാര്‍ഥ് സിങ്ങും ദൈവത്തിന്റെ സ്വന്തം നാട്ടിലെ പഠനം ആസ്വദിക്കുകയാണ്. എടക്കരയിലെ നാട്ടുവഴികളില്‍നിന്നെത്തിയ സാജിദിന് മലയാളത്തിലും ഇംഗ്ലീഷിലും അനായാസം ആശയവിനിമയം നടത്താന്‍ കഴിയുന്നതിന്റെ ആത്മവിശ്വാസം. കൂട്ടുകാരില്‍നിന്ന് അല്‍പ്പം ഹിന്ദിയും പഠിച്ചു. ഒപ്പം കുറഞ്ഞ ഫീസില്‍ ഇത്രയും മികച്ച പഠനം സാധ്യമായതിന്റെ സന്തോഷവും. 60 പേരുള്ള എംബിഎ ക്ലാസില്‍ 28 മലയാളികള്‍. ബിഹാര്‍, ആന്‍ഡമാന്‍, പശ്ചിമ ബംഗാള്‍, മണിപ്പുര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെല്ലാം വിദ്യാര്‍ഥികളുണ്ട്. ബിഎ എല്‍എല്‍ബിയില്‍ 56 പേരില്‍ അഞ്ച് ഉത്തര്‍പ്രദേശുകാരും ഒരു തമിഴ്നാട് സ്വദേശിയുമുണ്ട്. അങ്ങനെ ഈ ക്ലാസ് മുറി ചെറിയൊരു ഇന്ത്യയാവുന്നു.

"കണ്ടുപരിചയിച്ച ലക്ചറുകളല്ല ഇവിടെ. അധ്യാപകര്‍ ഗൈഡുകളാണ്. പഠനം സ്വന്തം പരിശ്രമം, വായന എന്നിവയിലൂടെയും. ഉച്ചയ്ക്കുശേഷം റെഗുലര്‍ ക്ലാസില്ല. ലൈബ്രറി, സെമിനാറുകള്‍, ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങിയവയാണ്. ഇതൊക്കെ പുതിയ അനുഭവമാണ്. കേരളത്തില്‍ വേറെ എവിടെയെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടോയെന്ന് സംശയമാണ്""- എല്‍എല്‍ബി വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി മരിയ ട്രീസ പറഞ്ഞു. ലഖ്നൗ സ്വദേശി ഉത്കര്‍ഷ് ശ്രീവാസ്തവിന് ഇത് ഇന്ത്യയിലെ മികച്ച സ്ഥാപനമാണെന്നതില്‍ സംശയമില്ല. മൊറാദാബാദുകാരന്‍ മുഹമ്മദ് സെയ്ദ ഖാനും ഇവിടത്തെ സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തിയാണ്. ചേലാമലക്കാരന്‍ റിയാസിന് സ്വന്തം നാട്ടില്‍ ഇങ്ങനെയൊരത്ഭുതം വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും. കേന്ദ്ര സര്‍വകലാശാലകളുടെ മികച്ച അക്കാദമിക നിലവാരത്തിലേക്ക് സംസ്ഥാനത്തിന് ഉയരാനാവുന്നതും അത് സ്വന്തം നാട്ടില്‍ സഫലമാവുന്നതും സ്വകാര്യ അഹങ്കാരമാണെന്ന് റിയാസ്. അലിഗഢില്‍ എല്ലാ വര്‍ഷവും പ്രവേശനം നേടുന്നവരില്‍ വലിയൊരു ശതമാനം മലയാളികളാണ്. ഇപ്പോള്‍ മലയാളികളെ തേടി അലിഗഢ് നാട്ടിലെത്തിയിരിക്കുന്നു. സന്തോഷിക്കാന്‍ ഒരുപാടുണ്ട്, അഭിമാനിക്കാനും.

ദേശാഭിമാനി 010411

Monday, February 28, 2011

അലിഗഢ് മലപ്പുറം ഓഫ് കാമ്പസ് പ്രവര്‍ത്തനം തുടങ്ങി

പെരിന്തല്‍മണ്ണ: മുസ്‌ലിം ന്യുനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി സച്ചാര്‍ കമ്മറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഇഛാശക്തിയുടെ നിത്യസ്മാരകമെന്നോണം പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ സംസ്ഥാനത്തെ പഠനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡിലുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ ഇന്നലെ  ക്ലാസുകള്‍ ആരംഭിച്ചതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയാവുകയായിരുന്നു.

ബി എ എല്‍ എല്‍ ബി, എം ബി എ ക്ലാസുകളാണ് ലളിതമായ ഉദ്ഘാടന ചടങ്ങോടെ സമാരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം ന്യുനപക്ഷത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്നായി അനുവദിച്ച അലിഗഡ്് സര്‍വ്വകലാശാല ഓഫ് ക്യാമ്പസുകളില്‍ കേരളത്തിലേതു മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.  രണ്ട് കോഴ്‌സുകളിലുമായി 116 പേര്‍ക്കാണ് പ്രവേശനം നല്‍കിയിട്ടുള്ളത്. ഇവരില്‍ 79 പേര്‍ മലയാളികളാണ്. ഇതില്‍ 46 പേര്‍ മലപ്പുറം ജില്ലക്കാരുമാണ്. ആവശ്യത്തിന് അധ്യാപകരേയും നിയമിച്ചു കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ലൈബ്രററി, കംപ്യുട്ടര്‍ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ചേലാമലയില്‍ അലിഗഢ് മലപ്പുറം സെന്റര്‍ വിപുലമായ രൂപത്തില്‍ പൂര്‍ത്തിയാക്കപ്പെടുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ പ്രത്യേക കേന്ദ്രത്തില്‍ കോഴ്‌സുകളുടെ ആരംഭം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. എച്ച് എസ് എ യാഹിയ അധ്യക്ഷത വഹിച്ചു.

ഡോ. എബ്‌കേശം അബ്ബാസിയുടെ  ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വി ശശികുമാര്‍, വൈസ് ചാന്‍സലര്‍  അബ്ദുള്‍ അസീസ്, കോര്‍ട്ട്‌മെമ്പര്‍ സയ്യിദ് ബഷീറലിതങ്ങള്‍, ഹാജി പി എ ഇബ്രാഹീം, പ്രൊഫ പി കെ അബ്ദുള്‍അസീസ്. രജിസ്ട്രാര്‍ പി കെ അബ്ദുള്‍ജലീല്‍, ഡോ പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് രണ്ട് വനിതാ പോളിടെക്‌നിക്കുകളും ഒരു വനിതാ കോളജും ക്യാമ്പസില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ ആരംഭിക്കുമെന്ന് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം വൈസ്ചാന്‍സലര്‍ ഡോ പി കെ അബ്ദുള്‍ അസീസ്   വാര്‍ത്താലേഖകരെ അറിയിച്ചു. പ്രത്യേക കേന്ദ്രത്തില്‍ ഇന്നലെ പഠനമാരംഭിച്ചുവെങ്കിലും ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റ്് മാസത്തോടെ പെരിന്തല്‍മണ്ണ താലൂക്കിലെ  ചേലാമലയിലേക്ക് കേന്ദ്രം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ചേലാമലയില്‍ ഏറ്റെടുത്ത 335.9 ഏക്കര്‍ ഭൂമിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യ തയ്യാറാക്കിയ രുപരേഖയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. 1700 കോടി രൂപയുടെ പദ്ധതിയാണ് സര്‍വകലാശാല കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. 420 കോടി രൂപ അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 25 കോടിരുപ കേന്ദ്രം  വാഗ്ദാനം ചെയ്തതില്‍ പത്ത് കോടി രൂപ സര്‍വകലാശാലയ്ക്ക് ലഭിച്ചുകഴിഞ്ഞു. പുതിയ ബജറ്റില്‍ 50 കോടി രുപ നീക്കിവെച്ചിട്ടുമുണ്ട്. ബാക്കി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുമെന്നും 2020 ഓടെ പൂര്‍ണ സര്‍വ്വകലാശാലയായി മാറുമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു. 2017 ആകുമ്പോഴേക്കും മെഡിക്കല്‍ കോളേജ്, പാരാമെഡിക്കല്‍, നഴ്‌സിംഗ് കോളേജ്, മെഡിക്കല്‍ വിഭാഗത്തിലെ മറ്റ് അനുബന്ധകോഴ്‌സുകള്‍ ഇെതല്ലാം കാമ്പസില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഈ അധ്യയനവര്‍ഷം  തുടങ്ങിക്കഴിഞ്ഞതിന് ശേഷമാണ് താത്ക്കാലിക കേന്ദ്രത്തില്‍ എം ബി എ, എല്‍എല്‍ ബി കോഴ്‌സുകള്‍ ആരംഭിച്ചതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇക്കാരണത്താലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 010311

Sunday, January 2, 2011

അലിഗഢ് സര്‍വകലാശാല സ്‌പെഷല്‍ സെന്റര്‍

സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയുടെ സ്‌പെഷ്യല്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള തീരുമാനം നമ്മുടെ സംസ്ഥാനം ഉന്നത വിദ്യാഭ്യാസമേഖലയില്‍ കൈവരിക്കുന്ന തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഡിസംബര്‍ 28 ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി 214.23 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലറെ ഏല്‍പ്പിച്ചു. റവന്യുവകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്. ഏഴു മാസം മുമ്പ് ഒന്നാംഘട്ടത്തില്‍ 121.76 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ വൈസ് ചാന്‍സലര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിരുന്നു. മൊത്തം 333.99 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലയ്ക്ക് കൈമാറിയത്. നാല്‍പതു കോടി രൂപയാണ് സംസ്ഥാന ഗവണ്‍മെന്റ് ഇതിനായി ചിലവഴിച്ചത്. വളരെ വേഗത്തില്‍ തികച്ചും മാതൃകാപരമായ രീതിയിലാണ് സ്ഥലമെടുപ്പ് പ്രക്രിയ നടപ്പിലാക്കിയത്. 27-8-09 ന് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലമെടുപ്പ് നടപടി തുടങ്ങി. ഒമ്പതുമാസം കൊണ്ട് ഒന്നാം ഘട്ടവും ഏഴു മാസം കൂടി എടുത്ത് മുഴുവന്‍ ഭൂമിയും കൈമാറാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ അനുഭവമാണ്.

അലിഗഡ് സര്‍വകലാശാലയുടെ ഒരു കാമ്പസ് (സ്‌പെഷ്യല്‍ സെന്റര്‍) ആരംഭിക്കുന്നു എന്നത് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാംസ്‌കാരികപരമായും ഒരു വലിയ മുന്നേറ്റമാണ്. സര്‍ സയ്യിദ് അഹമ്മദ്ഖാന്‍ സ്ഥാപിച്ച അലിഗഡ് മുസ്ലീം സര്‍വകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും ഉയര്‍ന്ന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് നടത്തിയ അഭ്യര്‍ഥനയുടെ ഫലമായിട്ടാണ് ഈ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന സെന്ററുകളില്‍ ഒന്നാണ് പെരിന്തല്‍മണ്ണയില്‍ തുടങ്ങുന്നത്.

5 കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് കേരളത്തില്‍ തുടങ്ങുന്നത് എന്നാണ് വൈസ് ചാന്‍സലര്‍ അറിയിച്ചത്. രണ്ടാമത് ഇത്തരമൊരു കേന്ദ്രത്തിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നത് പശ്ചിമബംഗാള്‍ ആണെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.

പെരിന്തല്‍മണ്ണ താലൂക്കില്‍ ഏലംകുളം, ആനമങ്ങാട്, പാതായ്ക്കര വില്ലേജുകളില്‍ നാനൂറ് ഏക്കറോളം ഭൂമി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയാണ് ഏറ്റെടുത്ത് നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

റവന്യുവകുപ്പ് ഈ ജോലി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയും അതിര്‍ത്തി നിര്‍ണയത്തിനുശേഷം കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷനില്‍ നിന്നുള്ള സര്‍വ്വെ ടീമിനെ പ്രത്യേകമായി ഈ ജോലികള്‍ക്കായി നിയമിക്കുകയും ചെയ്തു. ഫാസ്റ്റ് ട്രാക്ക് പദ്ധതി പ്രകാരം ഭൂവുടമകളില്‍ നിന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വില നിശ്ചയിച്ച് ഭൂമി വാങ്ങുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകമായി ഒരു ഡപ്യൂട്ടി കലക്ടറെ അധികാരപ്പെടുത്തി ജില്ലാതല വാങ്ങല്‍ സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല ഉന്നതാധികാര സമിതി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

റവന്യു, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 255 ഭൂഉടമകളില്‍ നിന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കാനും സര്‍വകലാശാലയ്ക്ക് കൈമാറാനും കഴിഞ്ഞത് വലിയ നേട്ടമാണ്.

സര്‍വകലാശാലയുടെ കേന്ദ്രം മലപ്പുറം ജില്ലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഏറെ സന്തോഷിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനായി ലഭിക്കുന്ന മികച്ച സൗകര്യം എല്ലാവരും സ്വാഗതം ചെയ്തു. എന്നാല്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിനു മുന്നില്‍ മാസങ്ങളോളം നീണ്ടുനിന്ന സമരത്തിലൂടെ പ്രശ്‌നങ്ങള്‍ പരമാവധി വിവാദമാക്കാനും ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും ഒരവസരമാക്കി ചിലര്‍ മുന്നോട്ടു വന്നു എന്നതും ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് സര്‍വശക്തിയും സമാഹരിച്ച് ഇത്രയും നീണ്ടുനിന്ന ഒരു സമരം എന്തിനാണ് നടത്തിയത് എന്ന് അവര്‍ ഉത്തരം നല്‍കേണ്ട വിഷയമാണ്. യു ഡി എഫ് പ്രത്യക്ഷമായി സമരരംഗത്ത് വന്നില്ലെങ്കിലും സംസ്ഥാന ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ അവര്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നിയമസഭയില്‍ അഞ്ചു തവണ ഇതേക്കുറിച്ച് പ്രതിപക്ഷ അംഗങ്ങളുടെ സബ്മിഷന് മറുപടി പറയേണ്ടിവന്നു. അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സംസ്ഥാന ഗവണ്‍മെന്റിന് കൃതജ്ഞതയും സന്തോഷവും പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്സീംലീഗിന്റെ ജനപ്രതിനിധികളും പങ്കെടുത്തു എന്നത് സന്തോഷം നല്‍കുന്നു.

പുതിയ കെട്ടിടങ്ങളും ഹോസ്റ്റലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങള്‍ എല്ലാം ഏറ്റവും വേഗത്തില്‍തന്നെ ആരംഭിച്ചിരിക്കുന്നു. പുതിയ കാമ്പസ്സ് രൂപപ്പെടാന്‍ സമയം കുറച്ചുകൂടി വേണ്ടിവരും. എന്നതിനാല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. 2011 ജനുവരിയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും. നിരവധി ഫാക്കല്‍റ്റികളും കോഴ്‌സുകളും-നേഴ്‌സറി ക്ലാസ് മുതല്‍ ഏറ്റവും ഉയര്‍ന്ന കോഴ്‌സുകള്‍ വരെയും ഈ കാമ്പസ്സില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ കേരളത്തില്‍ ഒരു 'ഗ്രീന്‍ യൂണിവേഴ്‌സിറ്റി'യാണ് സ്ഥാപിക്കപ്പെടുന്നത്.

കെ പി രാജേന്ദ്രന്‍ ജനയുഗം 020111

Thursday, December 30, 2010

അലിഗഢ് സെന്ററിന് 215 ഏക്കര്‍കൂടി കൈമാറി

അലിഗഢ് മുസ്ളിം സര്‍വകലാശാലാ മലപ്പുറം കേന്ദ്രത്തിനായുള്ള രണ്ടാംഘട്ട ഭൂമിയുടെ രേഖകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. പി കെ അബ്ദുള്‍ അസീസിന് കൈമാറി. 214.99 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിന്റെ രേഖകളാണ് നല്‍കിയത്. ഒന്നാം ഘട്ടത്തില്‍ 122 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍വകലാശാലയെ ഏല്‍പ്പിച്ചിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ താല്‍പ്പര്യം സംരക്ഷിക്കാന്‍ അലിഗഢ് കേന്ദ്രം ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്റെ ശുഷ്കാന്തി അഭിനന്ദനീയമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രി എം എ ബേബി അധ്യക്ഷനായി.

പുതിയ അഞ്ചു കേന്ദ്രത്തില്‍ മലപ്പുറത്തേതിനാണ് ആദ്യമായി സൌജന്യ ഭൂമി ലഭിച്ചതെന്ന് വി സി പറഞ്ഞു. പശ്ചിമബംഗാളിലും നടപടിക്രമങ്ങള്‍ വേഗത്തിലാണ്. ബിഹാറിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ വരുന്നത്. മസ്കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി, കെ പി രാജേന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, മുന്‍മന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവരും സന്നിഹിതരായി. വി ശശികുമാര്‍ എംഎല്‍എ സ്വാഗതവും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കേരള പ്രതിനിധികള്‍ക്ക് സര്‍വകലാശാലയുടെ ഉപഹാരം വി സി കൈമാറി. പെരിന്തല്‍മണ്ണയ്ക്കടുത്താണ് പുതിയ സര്‍വകലാശാലയ്ക്ക് സ്ഥലമേറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നേഴ്സറി മുതല്‍ പ്രൊഫഷണല്‍ കോഴ്സും പിഎച്ച്ഡി പഠനം വരെ ഈ ക്യാമ്പസിലുണ്ടാകും. ജനുവരിയില്‍ ക്ളാസ് ആരംഭിക്കാനാകുമെന്ന് വി സി പറഞ്ഞു. മൊത്തം 1600 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സ്ഥലത്തിനു മാത്രം 40 കോടിയോളമായി.

അലിഗഡ്: ഭൂമി കൈമാറ്റം റെക്കോഡ് വേഗത്തില്‍; സര്‍ക്കാര്‍ മാതൃകയായി

പെരിന്തല്‍മണ്ണ: കുടിയൊഴിപ്പിക്കലില്ലാതെ പെരിന്തല്‍മണ്ണയില്‍ അലിഗഡ് സര്‍വകലാശാല സ്പെഷ്യല്‍ സെന്ററിന് ഭൂമി റെക്കോഡ് വേഗത്തില്‍ ഏറ്റെടുത്ത് കേരള സര്‍ക്കാര്‍ മാതൃകയായി. ആനമങ്ങാട്, ഏലംകുളം, പാതായ്ക്കര വില്ലേജുകളില്‍നിന്നായി 334 ഏക്കര്‍ ഭൂമിയാണ് 13 മാസംകൊണ്ട് ഏറ്റെടുത്തത്. ഇതിനായി കേരള സര്‍ക്കാര്‍ 39,50,81,987 രൂപ ചെലവഴിച്ചു. ആദ്യഘട്ടത്തില്‍ 121 ഏക്കര്‍ ഭൂമിക്ക് ഭൂവില വന്നത് 13,13,41,762 രൂപയും രണ്ടാംഘട്ടത്തില്‍ 214 ഏക്കറിന് 26,37,40,225 രൂപയുമാണ് വേണ്ടത്. ഇതിന് പുറമെ 30 മീറ്റര്‍ വീതിയില്‍ ക്യാമ്പസിലേക്കുള്ള മെയിന്‍ റോഡിന് ഏഴ് ഏക്കറോളം ഭൂമി ഇനിയും ഏറ്റെടുക്കണം. 2008 ഫെബ്രുവരി 21 നാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന റവന്യു സംഘത്തെ സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തിയത്. ജൂ 19ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ഓഫീസ് ഉദ്ഘാടനംചെയ്തു. ആഗസ്ത് 31ന്റെ സര്‍ക്കാര്‍ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം സെപ്തംബര്‍ 18ന് സ്ഥലമെടുപ്പും തുടങ്ങി. മാര്‍ച്ചില്‍ ഒന്നാംഘട്ട സ്ഥലം കൈമാറ്റവും നടന്നു. രണ്ടാംഘട്ടമായി ഏറ്റെടുത്ത 214 ഏക്കര്‍ സ്ഥലമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ പി കെ അബ്ദുള്‍അസീസിന് കൈമാറിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ സ്ഥലമെടുപ്പില്‍ റവന്യു അധികൃതരുടെ 40 അംഗ സംഘത്തിന്റെ പ്രവര്‍ത്തനവും മാതൃകയായി. പെരിന്തല്‍മണ്ണയിലെ സ്ഥല ഉടമകളിലും ഉദ്യോഗസ്ഥരിലും തിരുവനന്തപുരത്തെ റവന്യു, വിദ്യാഭ്യാസ മന്ത്രിമാരുടെ ഓഫീസുകളിലും വി ശശികുമാര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലുകളും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി.

deshabhimani 301210

Friday, May 7, 2010

അലിഗഢ് കേന്ദ്രം വരുമ്പോള്‍

വിഖ്യാതമായ അലിഗഢ് സര്‍വകലാശാലയുടെ കേന്ദ്രം മലപ്പുറത്ത് യാഥാര്‍ഥ്യമാവുകയാണ്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിനൊപ്പം മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണയിലും കേന്ദ്രം തുടങ്ങുന്നതിന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അംഗീകാരം നല്‍കിയത് കേരളീയര്‍ക്ക് അഭിമാനകരമാണ്; ആഹ്ളാദകരമാണ്. ആദ്യമായാണ് അലിഗഢ് സര്‍വകലാശാല മറ്റു സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മലപ്പുറത്ത് അടുത്ത അക്കാദമിക് വര്‍ഷം അഞ്ചുവര്‍ഷ ബിഎ- എല്‍എല്‍ബി കോഴ്സും എംബിഎ കോഴ്സും ആരംഭിക്കുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അലിഗഢ് കേന്ദ്രങ്ങള്‍ക്ക് സൌജന്യമായി സ്ഥലവും സൌകര്യങ്ങളും ഒരുക്കിയ കേരള, ബംഗാള്‍ സര്‍ക്കാരുകളെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ കേരളവും പശ്ചിമ ബംഗാളും മാത്രമാണ് അനുകൂലമായി പ്രതികരിച്ചതും പണവും സ്ഥലവും പ്രോത്സാഹനവും നല്‍കിയതും.

2008ല്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി അലിഗഢ് സെന്റര്‍ കേരളത്തില്‍ തുടങ്ങാന്‍ ശുപാര്‍ശചെയ്തത്. റിപ്പോര്‍ട്ടിന്റെ എട്ടാം ഖണ്ഡികയിലാണ് സ്പെഷ്യല്‍ ക്യാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ നടപടി വേണമെന്ന ശുപാര്‍ശ. സെന്റര്‍ അനുവദിക്കുകയാണെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സൌജന്യമായി സ്ഥലം നല്‍കാമെന്ന് 2008 മാര്‍ച്ച് ഏഴിന് കേന്ദ്രത്തെ അറിയിച്ചു. അതിനുമുമ്പുതന്നെ 2007 സെപ്തംബര്‍ 28ന് മന്ത്രി എം എ ബേബി ക്യാമ്പസ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് അന്നത്തെ മന്ത്രി അര്‍ജുന്‍സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സെന്റര്‍ തുടങ്ങാന്‍ തീരുമാനമായത്. അലിഗഢ് സെന്റര്‍ തുടങ്ങാന്‍ മലപ്പുറം ജില്ലയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. മലപ്പുറം പാണക്കാട്ട് വ്യവസായ എസ്റ്റേറ്റിനുവേണ്ടി അക്വയര്‍ചെയ്ത 230 ഏക്കറും നിലമ്പൂരിലെ മുണ്ടേരി ഫാമും ഇതിനായി നിര്‍ദേശിച്ചു. പാണക്കാട്ടെ സ്ഥലം കേന്ദ്ര നിയമപ്രകാരം വ്യവസായ ആവശ്യത്തിനുമാത്രം അക്വയര്‍ചെയ്തതിനാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഭൂഉടമകള്‍ക്കുതന്നെ തിരിച്ചുനല്‍കണമെന്നാണ് നിയമം. ഈ നിയമതടസ്സം കാരണം അതു പ്രാവര്‍ത്തികമാകില്ലെന്നു ബോധ്യമായി. നിലമ്പൂര്‍ മുണ്ടേരിയിലെ സ്ഥലം വനപരിധിയിലുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന നിയമതടസ്സമുണ്ടെന്നും ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് ചേലാമലയില്‍ അനുയോജ്യമായ സ്ഥലമുണ്ടെന്ന് വി ശശികുമാര്‍ എംഎല്‍എ അറിയിച്ചത്. ആ സ്ഥലം അനുയോജ്യമാണെന്ന് റവന്യൂവകുപ്പ് വിലയിരുത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സമയമായിരുന്നു അത്. അലിഗഢ് കേന്ദ്രം തുടങ്ങുന്നത് വിവാദമാക്കാനും രാഷ്ട്രീയമുതലെടുപ്പിനുള്ള ആയുധമാക്കാനുമാണ് മുസ്ളിംലീഗ് ശ്രമിച്ചത്. മലപ്പുറം കലക്ടറേറ്റിനു മുമ്പില്‍ മാസങ്ങളോളം റിലേ സത്യഗ്രഹം നടത്തി. പെരിന്തല്‍മണ്ണയില്‍ തുടങ്ങരുതെന്ന് അലിഗഢ് സര്‍വകലാശാലയില്‍ സമ്മര്‍ദം ചെലുത്തി. മുസ്ളിംലീഗിന്റെ വഞ്ചനാപരമായ നിലപാടുമൂലം സര്‍വകലാശാലാകേന്ദ്രം കേരളത്തിനു നഷ്ടമാകുമോ എന്ന ഭീതിപോലും ഉയര്‍ന്നു. സര്‍ക്കാര്‍ ഒരു ദിവസംപോലും വൈകാതെ നടപടിയുമായി മുന്നോട്ടുപോയി. ഭൂമി ഏറ്റെടുക്കാനായി പെരിന്തല്‍മണ്ണയില്‍ 40 അംഗങ്ങളടങ്ങിയ സ്പെഷ്യല്‍ ഓഫീസ് തുറന്നു. 2010 മാര്‍ച്ച് എട്ടിന് ഒന്നാംഘട്ടമെന്ന നിലയില്‍ 121.76 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കൈമാറി. സ്വകാര്യ ഉടകമകളുടെ കൈവശമുള്ള ഭൂമിയാണ് എല്ലാ തര്‍ക്കങ്ങളും തീര്‍ത്ത് ഒരു വര്‍ഷത്തിനുമുമ്പുതന്നെ സര്‍ക്കാരിന് നല്‍കിയത്. രണ്ടാംഘട്ടത്തില്‍ 220 ഏക്കര്‍ ഭൂമികൂടി അക്വയര്‍ ചെയ്ത് സര്‍ക്കാരിന് നല്‍കും. മെയ് മുപ്പത്തൊന്നോടെ പൂര്‍ത്തിയാകത്തക്ക രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. ആവശ്യമെങ്കില്‍ പെട്ടെന്നുതന്നെ ക്ളാസുകള്‍ തുടങ്ങാനായി നിര്‍ദിഷ്ട ക്യാമ്പസിന് ഒരു കിലോമീറ്റര്‍ അടുത്ത് 15,000 ചതുരശ്ര അടി കെട്ടിടം തയ്യാറായി കഴിഞ്ഞു.

അലിഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രം തുടങ്ങിയതുകൊണ്ട് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങളെല്ലാം നിറവേറ്റി എന്ന തെറ്റിദ്ധാരണ ആര്‍ക്കുമില്ല. എന്നാല്‍, കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയുടെ നാഴികക്കല്ലാകും പുതിയ ക്യാമ്പസ് എന്ന വസ്തുത മറച്ചുവയ്ക്കാനും ആര്‍ക്കും കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മുന്‍കൈയിലുമാണ് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത് എന്നതിന്റെ കൊതിക്കെറുവ് പ്രാദേശിക-സങ്കുചിത വികാരമാക്കി മാറ്റിയെടുക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടന്നിരുന്നു. അത്തരം ശ്രമങ്ങള്‍ക്ക് പക്ഷേ ജനങ്ങളില്‍ ചലനമുണ്ടാക്കാനായില്ല. വിദ്യാഭ്യാസപുരോഗതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ തിളക്കമുള്ളതുതന്നെയാണ് പുതിയ ക്യാമ്പസ്. സ്വന്തം അക്കൌണ്ടില്‍ വരുന്നില്ലെങ്കില്‍ വികസനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും വേണ്ടതില്ല എന്ന മുസ്ളിം ലീഗിന്റെ അപരിഷ്കൃത ചിന്തയ്ക്കുള്ള മരുന്നുകൂടിയാണിത്. നിശ്ചിത സമയത്തിനുമുമ്പുതന്നെ കേന്ദ്രം പ്രവര്‍ത്തിക്കാനാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഒപ്പം ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 07052010