Showing posts with label ഇന്‍ഷുറന്‍സ്. Show all posts
Showing posts with label ഇന്‍ഷുറന്‍സ്. Show all posts

Monday, May 5, 2014

പൊതുമേഖലാ ഇന്‍ഷുറന്‍സില്‍നിന്ന് സര്‍ക്കാരിന് ലാഭവിഹിതം 1000 കോടി കവിയും

കൊച്ചി: രണ്ടുപതിറ്റാണ്ട് പിന്നിട്ട ഉദാരവല്‍ക്കരണ നയങ്ങള്‍ പൊതുമേഖലയെ ദുര്‍ബലപ്പെടുത്തിയിട്ടും ഇന്ത്യയുടെ സാമ്പത്തിക അടിത്തറയുടെ മുഖ്യ ശ്രോതസ്സായി വര്‍ത്തിക്കുന്നത് അവയാണെന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളാണെന്നും ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി സെക്രട്ടറി കെ വി വി എസ് എന്‍ രാജു പറഞ്ഞു. കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ 39-ാമത് സംസ്ഥാന സമ്മേളനം എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്‍ഷുറന്‍സ് വ്യവസായം സ്വകാര്യമൂലധനത്തിനു തുറന്നുകൊടുത്തിട്ട് വ്യാഴവട്ടം പിന്നിട്ടിട്ടും, സ്വകാര്യ കമ്പനികളോടു മത്സരിച്ച് 2013-14 സാമ്പത്തികവര്‍ഷത്തിലും നാലു പൊതുമേഖലാ കമ്പനികളും ചേര്‍ന്ന് 55 ശതമാനം വിപണിവിഹിതം നിലനിര്‍ത്തി. മുന്‍വര്‍ഷത്തെക്കാള്‍ 11 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിലേക്ക് 715 കോടി രൂപ ലാഭവിഹിതമായി മാത്രം നല്‍കി. നാഷണല്‍, ഓറിയന്റല്‍ എന്നീ കമ്പനികളുടെ കണക്കെടുപ്പുകൂടി പൂര്‍ത്തിയാകുന്നതോടെ ഇത് 1000 കോടി കവിയും. എല്‍ഐസി 85 ശതമാനം വിപണിവിഹിതവുമായി സമാനതകളില്ലാത്ത വിജയം നിലനിര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ അജയന്‍ പതാക ഉയര്‍ത്തി. കെ ജി പ്രഭാകരന്‍ (സെക്രട്ടറി എഐപിഎ, കേരള), ജി കണ്ണന്‍ (ജോയിന്റ് സെക്രട്ടറി ജിഐഇഎഎസ്ഇസഡ്) എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി ബി വേണുഗോപാല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ടി കെ സദാശിവന്‍ കണക്കും അവതരിപ്പിച്ചു. കെ അജയന്‍ അധ്യക്ഷനായി. ഞായറാഴ്ച രാവിലെ 10ന് ചേരുന്ന പൊതുസമ്മേളനം പി രാജീവ് എംപി ഉദ്ഘാടനം ചെയ്യും.

deshabhimani

Tuesday, December 3, 2013

പോളിസികള്‍ക്ക് സേവനനികുതിയും

ജനുവരിമുതല്‍ പ്രാബല്യത്തില്‍വരുന്ന എല്‍ഐസി പോളിസികള്‍ക്ക് സേവനനികുതി ഏര്‍പ്പെടുത്തുന്നു. പ്രീമിയത്തിനുപുറമെ ഇനിമുതല്‍ പോളിസി ഉടമകള്‍ സേവനനികുതിയും ഒടുക്കേണ്ടിവരും. ഇന്‍ഷുറന്‍സ് ആന്‍ഡ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഐആര്‍ഡിഎ) നിര്‍ദേശപ്രകാരമാണിത്. ജീവന്‍സുരക്ഷാ പോളിസികളുടെ സേവനനികുതി എല്‍ഐസി നേരിട്ട് അടയ്ക്കുമായിരുന്നു. ഇനി ബാധ്യത ഉടമയുടേതാണ്.

ഐആര്‍ഡിഎ നിര്‍ദേശപ്രകാരം 34 ജനപ്രിയ പോളിസികള്‍ ഡിസംബര്‍ 31ന് ശേഷം പിന്‍വലിക്കാന്‍ എല്‍ഐസി തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം എല്‍ഐസി ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചു. 2000നു മുമ്പുള്ള എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും വീണ്ടും ഐആര്‍ഡിഎയുടെ അംഗീകാരത്തിന് സമര്‍പ്പിക്കണമെന്ന നിയമമനുസരിച്ചാണ് ഇവ വിപണിയില്‍നിന്ന് പിന്‍വലിക്കുന്നത്. നവംബര്‍ 15ന് ഏഴ് പോളിസിയും 23ന് അഞ്ച് പോളിസിയും 30ന് രണ്ട് പോളിസിയും പിന്‍വലിച്ച് എല്‍ഐസി ഡിവിഷണല്‍ മാനേജര്‍മാര്‍ ഏജന്റുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. അടുത്ത ജനുവരിമുതല്‍ ഈ പോളിസികള്‍ ഉണ്ടാകില്ല. നിലവിലെ പോളിസി മാറ്റമില്ലാതെ തുടരും. പുതുതായി വരുന്ന പോളിസികള്‍ക്ക് നിലവിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് നിരക്കനുസരിച്ച് 12.36 ശതമാനം സേവനനികുതിയാണ് ഏര്‍പ്പെടുത്തുക. നിരക്ക് മാറുന്നതിനനുസരിച്ച് തുകയില്‍ മാറ്റം വരാം.

പോളിസി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സേവനനികുതി ഏര്‍പ്പെടുത്തുന്നതെന്നും സറണ്ടര്‍ തുക കൂടുതല്‍ നല്‍കുന്നതിന്റെ ഭാഗമാണിതെന്നുമാണ് ഐആര്‍ഡിഎയുടെ അവകാശവാദം. എന്നാല്‍, ഇത്തരം വാദങ്ങളുമായി ഐആര്‍ഡിഎയുടെ അനുവാദത്തോടെ മുമ്പു വന്ന പല സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും പിന്‍വാങ്ങിയ അനുഭവമുള്ളപ്പോഴാണ് സേവനനികുതി അടിച്ചേല്‍പ്പിക്കാന്‍ എല്‍ഐസിയെ ഐആര്‍ഡിഎ നിര്‍ബന്ധിക്കുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സഹായകമാണ് ഈ നിലപാട്. ഇന്‍ഷുറന്‍സ് മേഖലയില്‍ നിയന്ത്രണത്തിന് 1999ല്‍ രൂപീകരിച്ച ഐആര്‍ഡിഎ 2000ലാണ് ഇടപെടല്‍ തുടങ്ങിയത്. പാര്‍ലമെന്റ് പാസാക്കിയതാണ് 1956ലെ ഇന്‍ഷുറന്‍സ് നിയമം. ഇതനുസരിച്ചുള്ള പോളിസി ഉല്‍പ്പന്നങ്ങളാണ് എല്‍ഐസി നല്‍കിയിരുന്നത്. എന്നാല്‍, പോളിസികള്‍ ഇനി വില്‍ക്കണമെങ്കില്‍ ഫയല്‍ സമര്‍പ്പിച്ച് അംഗീകാരം നേടണമെന്നാണ് അതോറിറ്റിയുടെ പുതിയ വാദം.
(മഞ്ജു കുട്ടികൃഷ്ണന്‍)

deshabhimani

Thursday, October 3, 2013

ഇന്‍ഷുറന്‍സ് പോളിസികളുടെ മാനദണ്ഡം പുതുക്കല്‍: സമയപരിധി നീട്ടി

ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കാനുള്ള കാലപരിധി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ഡിസംബര്‍ 31 വരെ നീട്ടി. ഒക്ടോബര്‍ ഒന്നുമുതല്‍ ഐആര്‍ഡിഎ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പോളിസികള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനയുടെ സമയപരിധിയാണ് നീട്ടിയത്. ഐആര്‍ഡിഎ തീരുമാനം എല്‍ഐസി ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഏജന്റുമാര്‍ക്കും ആശ്വാസമായി. എല്‍ഐസിയുടെയും 24 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെയും 450 ഓളം പദ്ധതികളാണ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നതിന് ഐആര്‍ഡിഎയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയില്‍ 150 എണ്ണത്തിന് മാത്രമാണ് അനുമതിയായത്. നിലവില്‍ സമര്‍പ്പിച്ച പദ്ധതികള്‍പോലും പരിശോധിച്ച് അനുമതി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന കമ്പനികളുടെയും ഏജന്റുമാരുടെയും ആവശ്യം പരിഗണിച്ചാണ് സമയപരിധി നീട്ടിയത്.

എല്‍ഐസി അറുപതോളം പദ്ധതികളാണ് മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ഐആര്‍ഡിഎയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. നിലവിലുള്ള പോളിസികള്‍ വില്‍ക്കുന്നതിനുള്ള കാലപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെ എല്‍ഐസി ഉദ്യോഗസ്ഥരും ഏജന്റുമാരും ആശങ്കയിലായിരുന്നു. നിര്‍ദേശമനുസരിച്ച് രണ്ട് പോളിസികള്‍ മാത്രമായിരുന്നു എല്‍ഐസിക്ക് വില്‍ക്കാനാവുക. കാലപരിധി നീക്കിയതോടെ ആശങ്ക നീങ്ങി. എല്‍ഐസിയുടെ ആറ് ജനപ്രിയ പോളിസികള്‍ക്കുകൂടി ഉടന്‍ അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്. സാമൂഹ്യ സുരാക്ഷാ പദ്ധതികള്‍ക്ക് പ്രീമിയം തുകയ്ക്ക് ആനുപാതികമായ സര്‍വീസ് ചാര്‍ജ് പോളിസി ഉടമതന്നെ അടയ്ക്കണമെന്നതുള്‍പ്പെടെ നിരവധി നിബന്ധനകളാണ് ഐആര്‍ഡിഎ മാര്‍ഗനിര്‍ദേശത്തിലുള്ളത്. നിലവില്‍ എല്‍ഐസി സ്വന്തം ഫണ്ടില്‍ നിന്നാണ് സര്‍വീസ് ചാര്‍ജ് അടച്ചിരുന്നത്. പുതിയ നിബന്ധനകള്‍ ജനങ്ങളെ എല്‍ഐസിയില്‍നിന്ന് അകറ്റുമെന്ന ആശങ്ക ശക്തമാണ്.

deshabhimani