Sunday, October 4, 2015

തോട്ടം തൊഴിലാളികള്‍ പട്ടിണിയിലേക്ക്

മൂന്നാര്‍ > സംസ്ഥാനത്ത് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന തോട്ടം തൊഴിലാളികള്‍ അര്‍ദ്ധപട്ടിണിയിലേക്ക്. 12 ദിവസമായി പണിമുടക്കി സമരം ചെയ്യുന്ന മൂന്നാറിലെ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് കുടുതല്‍ ദുരിതത്തിലായത്. പൊതുവിപണിയില്‍ കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ തൊഴിലാളികള്‍ കടുത്ത ജീവിതപ്രയാസത്തിലാണ്. സര്‍ക്കാരും തോട്ടം ഉടമകളും ഒത്തുകളി അവസാനിപ്പില്ലെങ്കില്‍ തോട്ടം മേഖലയില്‍ പട്ടിണിയും അശാന്തിയും പടരും.ലയങ്ങളില്‍ പട്ടിണി വ്യാപകമായികഴിഞ്ഞു. വൃദ്ധരായവരാണ് ഏറെ വലയുന്നത്. തോട്ടങ്ങളില്‍ പതിറ്റാണ്ടുകളായി പണി ചെയ്തവരാണ് ഇവരില്‍ ഏറെയും. മരുന്നിന് പോലും പണമില്ലാതെ ഇവര്‍ കേഴുന്നു. ചികിത്സ ലഭ്യമാക്കേണ്ട തോട്ടങ്ങളിലെ ആശുപത്രികളില്‍ അതിനുള്ള സംവിധാനങ്ങളില്ല.

പുറത്തുനിന്ന് അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ പണവുമില്ല. റേഷന്‍കടവഴി വിതരണം ചെയ്യുന്ന കുത്തരി കന്നുകാലിക്കും കോഴിക്കും പോലും വേണ്ടാത്തതാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാഭൂരിപക്ഷം തൊഴിലാളികളെയും എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍, നല്ലയിനം അരി നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് രൂപ അരിയും ഇപ്പോഴില്ലാതായി. ഇതിന് പുറമെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തൊഴിലാളികളെയും ദാരിദ്രരേഖയ്ക്ക് മുകളിലാക്കി എപിഎല്‍ കാര്‍ഡ് അടിച്ചേല്‍പ്പിച്ചത്. ഇതോടെ ആഴ്ചയില്‍ കിട്ടുന്നതാകട്ടെ പരിമിതമായ റേഷനരിയും. നല്ലയിനം അരി വിതരണം ചെയ്യണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. തോട്ടം മേഖലയില്‍ ദിവസക്കൂലി 232 രൂപയാണ്. ഇത് നിത്യച്ചെലവിന് പോലും തികയില്ല. കൂലിക്കൂടുതലിന് പണിമുടക്കാരംഭിച്ചതോടെ നിലവിലുണ്ടായിരുന്ന വരുമാനവും ഇല്ലാതായി.

എം അനില്‍

മിനിമം വേജ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണം

തിരുവനന്തപുരം > പിഎല്‍സി യോഗത്തില്‍ മിനിമംകൂലി അഞ്ഞൂറുരൂപയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ മിനിമം വേജസ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന് പിഎല്‍സി മെമ്പറും പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ സി കെ ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാതുമേഖലയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 500 രൂപ കുലി വര്‍ധന നടപ്പാക്കാന്‍ തയ്യാറാകണമെന്ന ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. മിനിമം വേജ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി കെ ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍ക്കണം: സംയുക്ത ട്രേഡ് യൂണിയന്‍

കൊച്ചി> വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍കമ്മിറ്റി യോഗത്തില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തോട്ടം ഉടമകളും അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ തോട്ടം തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായി സംസ്ഥാന വ്യാപകമായി പണിമുടക്കുള്‍പ്പെടെ പ്രക്ഷോഭസമരങ്ങള്‍ക്ക് നിര്‍ബന്ധിതരാകുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ മുന്നറിയിപ്പു നല്‍കി.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അധ്യക്ഷനായി. എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, കെചന്ദ്രന്‍പിള്ള (സിഐടിയു), കെ കെ ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി), ഉദയഭാനു (എഐടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ സംസ്ഥാന സെക്രട്ടറി), കെ എന്‍ ഗോപിനാഥ് (സിഐടിയു), എ എസ് രാധാകൃഷ്ണന്‍ (എച്ച്എംഎസ്), എം പിഭഭാനു (കെടിയുസിജെ), എസ് സത്യപാലന്‍ (യുടിയുസി), പി കൃഷ്ണമ്മാള്‍ (എന്‍ടിയുഐ), കെ ടി വിമലന്‍ (യുടിയുസി), മൈജോ കെ അഗസ്റ്റിന്‍ (ഐഎന്‍ടിയുസി), സി പി ജോയി (കെടിയുസി എം) എന്നിവര്‍ പങ്കെടുത്തു. മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. 500 രൂപ ദിവസവേതനം തൊഴിലാളിസംഘടനകള്‍ കൂട്ടായി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്ലാന്റേഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി 500 രൂപ കൂലി നല്‍കാന്‍ കഴിയില്ല എന്നുപറയുന്നത് വിചിത്രമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് ഇത്തരം നിലപാടു സ്വീകരിക്കുന്നത്. നിലവിലുള്ള കരാറിലെ വ്യവസ്ഥപ്രകാരം കൂലി വര്‍ധിപ്പിച്ചുനല്‍കാന്‍ കെഡിഎച്ച്പി മാനേജ്മെന്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ തോട്ടം ഉടമകളും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ പിഎല്‍സി മീറ്റിങ്ങില്‍ ഇക്കാര്യം തൊഴിലാളികള്‍ക്കുവേണ്ടി ശക്തമായി ആവശ്യപ്പെടണം. സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം. തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിന്റെ ഫലമായി തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലാതെ തേയിലത്തോട്ടങ്ങള്‍ നശിച്ചു പോകാനും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകാനും ഇടവരും.

ആ നഷ്ടം കണക്കിലെടുക്കുമ്പോള്‍ അതിന്റെ എത്രയോ ചെറിയൊരു അംശം മാത്രമാണ് 500 രൂപ കൂലി വര്‍ധിപ്പിച്ചാല്‍ സംഭവിക്കുക. അതുകൊണ്ട് കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ മതിയായ കൂലിവര്‍ധനയ്ക്ക് മാനേജ്മെന്റുകള്‍ തയ്യാറാവുകയാണ് വേണ്ടത്. ദുരിതം നേരിടുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്ഐ ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങള്‍ പുതുക്കിപ്പണിത് സൗകര്യപ്രദമാക്കാനും നടപടി ആരംഭിക്കണം. കൂലിവര്‍ധന ആവശ്യപ്പെട്ട് വര്‍ഗഐക്യത്തോടെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തില്‍ അണിനിരന്ന മുഴുവന്‍ തോട്ടം തൊഴിലാളികളെയും യോഗം അഭിവാദ്യം ചെയ്തു. അവശേഷിക്കുന്ന പെമ്പിളൈ ഒരുമൈയിലെ സ്ത്രീ തൊഴിലാളികളും തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന് ഭംഗംവരുത്തുന്ന നിലപാടുകളില്‍നിന്നു പിന്തിരിഞ്ഞ് ഐക്യസമരത്തില്‍ ട്രേഡ് യൂണിയനുകളോടൊപ്പം അണിനിരക്കണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം അഭ്യര്‍ഥിച്ചു.

Friday, October 2, 2015

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

ലക്ഷ്യമില്ലാതെ പൊമ്പിളൈ ഒരുമൈ

മൂന്നാര്‍ > ട്രേഡ് യൂണിയനുകള്‍ക്കെതിരായി രൂപംകൊണ്ട പൊമ്പിളൈ ഒരുമയുടെ ഗൂഢാലോചന തോട്ടം തൊഴിലാളികള്‍ക്ക് ബോധ്യമായി. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിലേയ്ക്ക് എത്തിയത് ഈ തിറിച്ചറിവില്‍ നിന്നാണ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തില്‍ സ്ത്രീതൊഴിലാളികളൂടെ വലിയ സാന്നിധ്യമാണുണ്ടായത്. സമരം വ്യാഴാഴ്ച നാല് ദിനം പിന്നിട്ടു. കെഡിഎച്ച്പി കമ്പനി ബോണസ് വെട്ടിക്കുറച്ചതിന്റെ പേരില്‍ പെട്ടെന്ന് രൂപം കൊണ്ട സ്ത്രീ തൊഴിലാളി സമരത്തെ ട്രേഡ ് യൂണിയനുകള്‍ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, സമരത്തെ സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് എതിരാക്കി തീര്‍ക്കാന്‍ കൊണ്ട്പിടിച്ച പരിശ്രമമാണ് നടന്നത്. ഒടുവില്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനത്ത് ആരംഭിച്ച പണിമുടക്ക് സമരം പൊളിക്കാന്‍ നടത്തിയ നീക്കമാണ് തൊഴിലാളികളെ ചിന്തിപ്പിച്ചത്. പണിമുടക്ക് ഇല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു. സമരം ചെയ്യില്ലെന്ന് ഇവര്‍ മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കി. ഇത് തൊഴിലാളികളില്‍ സംശയങ്ങളുടെ ആക്കംകൂട്ടി. മാനേജ്മെന്റുകള്‍ക്ക് സഹായകരമായ നിലപാടുകള്‍ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. പൊതുസമരത്തെ പൊളിക്കുകയെന്ന ചിലരുടെ താല്‍പര്യം തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികള്‍ ജീവിതസമരത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന കാഴ്ചയാണ് മൂന്നാറില്‍ കണ്ടത്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തിലേയ്ക്ക് കൊടിയുമേന്തി മുദ്രവാക്യവിളിയുമായി അവര്‍ എത്തിയത്. "പൊമ്പിളൈ ഒരുമൈ 'സംഘടനയെ നിയന്ത്രിച്ചവരെ ഞെട്ടിച്ചു. യഥാര്‍ഥത്തില്‍ ചിലരുടെ കുതന്ത്രങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തൊഴിലാളികള്‍ ബലിയാടാകുകയായിരുന്നു.

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

മൂന്നാര്‍ > ഒരുവിഭാഗം തോട്ടം തൊഴിലാളികള്‍ പ്രത്യേകം സമരം ചെയ്യുന്നത് മാനേജ്മെന്റിനെ സഹായിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി പറഞ്ഞു. മൂന്നാറില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.കൂട്ടായ സമരത്തോടൊപ്പം എല്ലാ തൊഴിലാളികളും അണിനിരക്കണം. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടാകും. കേരളത്തിലെ മൂന്നരലക്ഷം തോട്ടം തൊഴിലാളികള്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ മൂന്നാറില്‍ കുറെ തൊഴിലാളികള്‍ മാറിനില്‍ക്കുന്നത് ശരിയല്ല. തൊഴിലാളികളുടെ ജീവിതസമരത്തെ തകര്‍ക്കരുത്. മൂന്ന് ട്രേഡ്യൂണിയനുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് തൊഴിലാളി താല്‍പര്യത്തിന്റെ പേരിലാണ്.സര്‍ക്കാരിന്റെ സംരക്ഷണയില്‍ ചില തൊഴിലാളികള്‍ തിരുവനന്തപുരത്ത് പോകുകയും സമരം ചെയ്യില്ലെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഇവരുടെ ആഹ്വാനം തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. സിഐടിയു എന്നും തൊഴിലാളികള്‍ക്കൊപ്പമാണ്. പണിമുടക്ക് മൂന്നാറിലുള്‍പ്പെടെ വന്‍വിജയമാണ്. പ്രത്യേകം സമരം ചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യം വേറെയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം എം മണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇല്ലാത്ത കാര്യത്തില്‍ പ്രചരണം നടത്തി എതന്നെജയിലടച്ചിട്ടും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ല. ഉടമകള്‍ കമ്പനി ലോക്കൗട്ട് ചെയ്യുമെന്ന ഭീഷണി വിലപോവില്ല. അങ്ങനെയുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ മാധ്യമങ്ങള്‍ അവഗണിക്കുന്നത് ശരിയല്ല: കെ കെ ജയചന്ദ്രന്‍

മൂന്നാര്‍ > സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വം നല്‍കുന്ന തോട്ടം തൊഴിലാളി സമരത്തെ അവഗണിക്കുന്ന ചില മാധ്യമങ്ങളുടെ നിലപാട് മുതലാളിമാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര ലക്ഷം തൊഴിലാളികളുടെ ജീവിതസമരത്തിന് അര്‍ഹിക്കുന്ന പരിഗണന മാധ്യമങ്ങള്‍ നല്‍കാത്തത് അവര്‍ക്ക് ചേര്‍ന്നതല്ല. മൂന്നാറില്‍ മാത്രമായി സമരം നടത്തിയാല്‍ നേടാവുന്നതല്ല കൂലിവര്‍ധന. ഈ സമരം ജയിക്കാനായിട്ടുള്ളതാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ചില തൊഴിലാളികള്‍ പ്രത്യേകമായി സമരം ചെയ്തത് ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ഒഴിവാക്കണം. തൊഴിലാളികളുടെ ഇന്നത്തെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയ്ക്ക് മാറ്റംവരുത്താനാണ് ഈ സമരം. അഞ്ച് സെന്റ്വീതം സ്ഥലം നല്‍കി വീട് യാഥാര്‍ഥ്യമാകണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16,000 ഏക്കര്‍ ഭൂമി ഇതിനായി ഉപയോഗിക്കണം. ഇഎസ്എയുടെ പരിധിയില്‍ തൊഴിലാളികളെ കൊണ്ടുവരണം. അദ്ദേഹം ആവശ്യപ്പെട്ടു.