Monday, October 31, 2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമവും പ്രതികൂല കാലാവസ്ഥയും വകവെയ്ക്കാതെ മുന്നേറുന്നു

ന്യൂയോര്‍ക്ക്/ലണ്ടന്‍: അഞ്ചു ആഴ്ചകള്‍ പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍  സമരം അമേരിക്കയിലും ബ്രിട്ടനിലും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തുടരുന്നു. ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞും പൊലീസ് ഇടപെടലും നേരിട്ടാണ് സമരം മുന്നേറുന്നത്. ഡസന്‍ കണക്കിനു അമേരിക്കന്‍ നഗരങ്ങളില്‍ പൊലീസ് അതിക്രമത്തേയും പ്രതികൂല കാലാവസ്ഥയേയും വകവെയ്ക്കാതെയാണ് സമരം തുടരുന്നത്. ലണ്ടനില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന പ്രശസ്തമായ സെന്റ് പോള്‍സ് കത്തിഡ്രല്‍ വളപ്പില്‍ നിന്നും അവരെ ഒഴിപ്പിക്കാനുള്ള നീക്കം ദേവാലയ അധികൃതര്‍ക്കിടയില്‍ ഭിന്നത ക്ഷണിച്ചുവരുത്തി.

ഒക്‌ടോബര്‍ മാസത്തില്‍ അസാധാരണമായ മഞ്ഞ് വീഴ്ചയെ വകവയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലെ ലിബര്‍ട്ടി ചത്വരത്തില്‍ അഞ്ച് ആഴ്ച പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം തുടരുന്നു. 135 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഒക്‌ടോബറില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നത്. ശക്തമായ കാറ്റും മഞ്ഞും ഈര്‍പ്പവും വകവെയ്ക്കാതെ ''മഞ്ഞിനു നാശം, ഞങ്ങള്‍ പോവില്ല'' എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുയര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പ്രക്ഷോഭം തുടരുകയാണ്. 'ഈ നാശം പിടിച്ച മഞ്ഞിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന്' സമരക്കാരിലൊരാള്‍ പറഞ്ഞു.

ലിബേര്‍ട്ടി ചത്വരം എന്ന് സമരക്കാര്‍ നാമകരണം ചെയ്ത സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ ഉപയോഗിച്ചുവന്നിരുന്ന ജനറേറ്ററുകള്‍ ന്യൂയോര്‍ക്ക് പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പിടിച്ചെടുത്തു. അഗ്‌നി നിയന്ത്രണ നിയമങ്ങളുടെ പേരിലാണ് സമരക്കാര്‍ ഉപയോഗിച്ചുവന്നിരുന്ന ആറു ജനറേറ്ററുകള്‍ പിടിച്ചെടുത്തത്. സമരം പൊളിക്കാന്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ നീക്കമാണിതെന്ന് പ്രക്ഷേഭകര്‍ കരുതുന്നു. മഞ്ഞു വീഴ്ചയെ തുടര്‍ന്നു സമീപപ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകിനിറഞ്ഞ് ടെന്റുകളും ഉറക്കസഞ്ചികളും നനഞ്ഞു കുതിര്‍ന്ന സമരക്കാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ന്യൂയോര്‍ക്ക് നഗരത്തില്‍ സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം നിരവധി അമേരിക്കന്‍ നഗരത്തിനുള്ളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും അറസ്റ്റുകളും പൊലീസ് അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡ് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട് ഒല്‍സന്റെ തല പൊലീസ് തല്ലിതകര്‍ത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അയാള്‍ അപകടസ്ഥിതി തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഓക്‌ലാന്‍ഡ് മേയര്‍ ജിന്‍ ഖ്വന്‍ ദുഃഖം പ്രകടിപ്പിക്കുകയും പൊലീസ് ബലപ്രയോഗത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ടെന്നിസി സംസ്ഥാനത്തെ നാഷ്‌വില്ലെ നഗരത്തില്‍ പൊലീസ് നിശാനിയമം നടപ്പിലാക്കി. 30 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കോളറാഡോ  സംസ്ഥാനത്ത് ഡെല്‍വറില്‍ പ്രകടനക്കാര്‍ക്കുനേരെ പൊലീസ് പെപ്പര്‍ സ്‌പ്രേയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ശനിയാഴ്ച രണ്ടായിരത്തിലധികം പ്രകടനക്കാര്‍ കാപ്പിറ്റോളിലേക്ക് നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു പൊലീസ് അതിക്രമം. ഓറിഗോണില്‍ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ അശ്വാരൂഢസേനയെ നിയോഗിച്ചു. മാസാച്യുസെറ്റില്‍ ബോസ്റ്റണ്‍ നഗരപിതാവ് ആഴ്ചകളായി സമരരംഗത്ത് തമ്പടിച്ചിരിക്കുന്നവരോട് കടുത്ത മഞ്ഞും കാറ്റും കണക്കിലെടുത്ത് ഒഴിഞ്ഞുപോവാന്‍ അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന നിരസിച്ച സമരക്കാര്‍ കടുത്ത തണുപ്പിനെയും അവഗണിച്ച് സമരടെന്റുകളില്‍ തുടരുകയാണ്.

ലണ്ടനിലെ സെന്റ് പോള്‍സ് കത്തിഡ്രലിന്റെ ചാന്‍സിലര്‍ ഗിലെസ് ഫ്രേസര്‍ കാനോന്‍ ചാന്‍സിലര്‍ പദവി രാജിവച്ച് പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സെന്റ് പോള്‍സ് കത്തീഡ്രല്‍ വളപ്പില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാരെ ഒഴിപ്പിക്കാനുള്ള ദേവാലയ അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഗിലെസ് ഫ്രേസര്‍ തന്റെ സ്ഥാനം രാജിവച്ചത്.
മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കെറിയും പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള കത്തീഡ്രല്‍ അധികൃതരുടെ നീക്കത്തെ വിമര്‍ശിച്ചു. അത് ക്രൈസ്തവ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഈ നീക്കം ക്രൈസ്തവരുടെ സല്‍പ്പേരിന് കളങ്കമാകും. അത് സമാധാനപരവും ഫലപ്രദവുമായി നടത്തിവരുന്ന സമരത്തിന് അപകീര്‍ത്തികരമാകും' അദ്ദേഹം ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തില്‍ എഴുതി.

janayugom 311011

വാഗമണ്‍ ദൗത്യം വീണ്ടും അട്ടിമറിക്കുന്നു

റവന്യു-വനം വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയെ തുടര്‍ന്ന് വീണ്ടും വാഗമണ്‍ ദൗത്യം അട്ടിമറിക്കപ്പെടുന്നു.

മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ട റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍ എത്തിയപ്പോഴാണ് വാഗമണ്ണിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തെക്കുറിച്ചും ഭൂമിവില്‍പ്പനയെക്കുറിച്ചും അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് വാഗമണ്‍ ദൗത്യത്തിന് കലക്ടറെ ചുമതലപ്പെടുത്തിയത്.

വാഗമണ്ണിലെത്തിയ കലക്ടറും സംഘവും തോട്ടം തുണ്ടംതുണ്ടമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞുമടങ്ങിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എന്നാല്‍ വനം-പരിസ്ഥിതി മന്ത്രി കെ ബി ഗണേഷ് കുമാര്‍ പത്രദൃശ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞ  ജൂണ്‍ 20 ന് കളമശ്ശേരിയില്‍ പറഞ്ഞത് വാഗമണ്ണിലെ മൊട്ടക്കുന്നുകള്‍ സംരക്ഷിക്കുമെന്നും ഭൂമാഫിയാകള്‍ക്കും കയ്യേറ്റക്കാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും തോട്ടം ഉടമകള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനായി മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അങ്ങോട്ടയച്ചിട്ടുണ്ടെന്നുമാണ്.

യാതൊരു കാരണവശാലും പ്രകൃതിരമണീയമായ മൊട്ടക്കുന്നുകള്‍ ഇല്ലാതാക്കുവാനും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള ഇടപാടുകളെ അംഗീകരിക്കാനും കഴിയുകയില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞത് തോട്ടത്തിലെ അഞ്ച് ശതമാനം ഭൂമി റിസോര്‍ട്ട് നിര്‍മിക്കുവാനും, വാനില, ഏലം എന്നിവ കൃഷി ചെയ്യുന്നതിനും ഉപയോഗിക്കാമെന്നാണ്. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അനുമതി മാത്രം വാങ്ങിയാണ് മന്ത്രി  പ്രസ്താവന നടത്തി നിലവിലുള്ള നിയമം ഭേദഗതി ചെയ്യുവാന്‍ ശ്രമിക്കുന്നത്.

ഫലത്തില്‍ റവന്യു, വനം മന്ത്രിമാര്‍ വാഗമണ്ണിലേ ഭൂമി പ്രശ്‌നത്തിലും തോട്ടം മുറിച്ചുവില്‍പ്പനയിലും രണ്ട് അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. വാഗമണ്ണിലെ എം എം ജെ തോട്ടം ഉടമകളുടെ കൈവശം ഇരിക്കുന്ന ഭൂമിയില്‍ കണ്ണായ സ്ഥലം മൊട്ടക്കുന്നുകളുമുണ്ട്. ഇവ പലതും മുറിച്ചുമാറ്റപ്പെട്ടുകഴിഞ്ഞു. ടീ ആക്ടിന് വിരുദ്ധമായി ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിച്ചുമുള്ളതുമായ നടപടികളാണ് റവന്യു മന്ത്രി ഭൂമാഫിയകള്‍ക്കുവേണ്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലത്തൊക്കെ റവന്യു, വനം വകുപ്പുകള്‍ വെവ്വേറെ കക്ഷികളാണ് കൈകാര്യം ചെയ്യുന്നത്. ഭൂവിനിയോഗം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തുടര്‍ന്നുവന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് ഭൂമാഫിയകളേയും തോട്ടം മുറിച്ച് വില്‍പ്പനക്കാര്‍ക്കും സഹായകവുമാണ്. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വാഗമണ്‍-മൂന്നാര്‍ ദൗത്യം ഭൂമാഫിയകള്‍ക്കുവേണ്ടി ഉപേക്ഷിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്.

പി ജെ ജിജിമോന്‍ janayugom 311011

ദേശീയ വാര്‍ത്തകള്‍ - പോസ്കോ, കൂടങ്കുളം, കെജ്‌രിവാള്‍....

വിജിലന്‍സ് കമ്മിഷനിലും ഓഡിറ്റര്‍ ജനറലിലും മാറ്റം വേണം: ഷുംഗ്ലു കമ്മിറ്റി

ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി എ ജി) സമര്‍പ്പിച്ച ചില റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനിലും(സി വി സി) സി എ ജിയിലും ചുമതല വ്യതിയാനവും ഘടനാമാറ്റവും വരുത്തണമെന്ന് ഷുംഗ്ലു കമ്മിഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സി എ ജിയെ മൂന്നംഗ സമിതിയാക്കണമെന്നാണ് മുന്‍ ഓഡിറ്റര്‍ ജനറല്‍ കൂടിയായ വി കെ ഷുംഗ്ലുവിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്(സി ജി എ), ഡല്‍ഹിയിലെ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി(ജി എന്‍ സി ടി ഡി) എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയ കമ്മിഷന്‍ ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ഒംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഷുംഗ്ലു കമ്മിഷന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സി വി സിയുടെ സാങ്കേതിക പരിശോധന വിഭാഗത്തിന് സ്വയംഭരണാവകാശം നല്‍കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. സി എ ജിയില്‍ ഏകാധിപത്യം തുടരുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് അതിനെ മൂന്നംഗ സമിതിയാക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മൂന്നംഗങ്ങളില്‍ ഒരാള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പോലുള്ള പ്രഫഷണല്‍ അക്കൗണ്ടിംഗ് യോഗ്യതയുള്ളയാളായിരിക്കണമെന്നും കമ്മിഷന്‍ പറയുന്നു. കൂടാതെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നിയോഗിക്കുന്ന ഒരു ഓഡിറ്ററെക്കൊണ്ട് സി എ ജി അക്കൗണ്ടുകള്‍ പരിശോധിക്കണം.

കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അഴിമതി നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഷുംഗ്ലുവിന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചത്.

വിവിധ ഏജന്‍സികള്‍ നടത്തിയ ഭരണ, സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റി കത്തിനൊപ്പം ആറ് റിപ്പോര്‍ട്ടുകളും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

കൂടംകുളം: നാരായണസ്വാമിയും ആണവോര്‍ജ കമ്മിഷനും ഭീഷണിയുമായി രംഗത്ത്

ചെന്നൈ: കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തുള്ള തദ്ദേശവാസികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കേന്ദ്രമന്ത്രി നാരായണസ്വാമിയും ആണവോര്‍ജ കമ്മിഷനും പ്രസ്താവനകളുമായി രംഗത്ത്.

നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തിലായ റിയാക്ടറുകളില്‍ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതായാല്‍ തദ്ദേശവാസികള്‍ക്ക് അത് അപകടകരമാകുമെന്നും ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും കമ്മിഷന്റെ പ്രസ്താവനയുടെ ഗൗരവം കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാകണമെന്നാണ് കേന്ദ്രമന്ത്രി നാരായണസ്വാമിയും പ്രസ്താവനകളിറക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശാനുസരണം നാരായണസ്വാമിതന്നെ തയ്യാറാക്കി ഉണ്ടാക്കിയ വിദഗ്ധസമിതി അംഗങ്ങള്‍ ചെന്നൈയില്‍ യോഗം ചേര്‍ന്ന് സ്ഥിതിവിവരങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചതായാണ് വിവരം.

സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി തയ്യാറാക്കിയ സമിതി യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളാരും തന്നെ പങ്കെടുത്തുമില്ല. ആണവോര്‍ജപദ്ധതി കൂടംകുളത്ത് നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നാണ് സമിതിയുടെ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ശനസുരക്ഷാക്രമീകരണങ്ങള്‍ കൂടംകുളം നിലയത്തിന് സ്വീകരിക്കണമെന്ന് ആണവോര്‍ജ കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കൂടംകുളത്ത് തദ്ദേശവാസികള്‍ നടത്തുന്ന സമരത്തെ കുറ്റപ്പെടുത്തിവന്ന നാരായണസ്വാമി ഇന്നലെ നടത്തിവന്ന പ്രസ്താവനയില്‍ സമരത്തിന്റെ നേതൃത്വസ്ഥാനം വഹിക്കുന്ന ഉദയകുമാറിനെ പേരെടുത്തുപറയാതെ കുറ്റപ്പെടുത്തുകയുണ്ടായി.

ക്രിസ്ത്യന്‍ പാതിരിമാരുടെ സഹായം സമരത്തിന് ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും നേതാവിനുവേണ്ടി മാത്രമാണ് സമരം നടക്കുന്നതെന്നും നാരായണസ്വാമി ഇന്നലെ കുറ്റപ്പെടുത്തി. സമരക്കാരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇന്നലെ നടത്തിയ നാരായണസ്വാമിയുടെ പ്രസ്താവന വിളിച്ചുകാട്ടുന്നത്. കോസ്റ്റല്‍ പീപ്പിള്‍സ് ഫെഡറേഷന്‍, പീപ്പിള്‍സ് റൈറ്റ് ഫോറം, സോളിഡാരിറ്റി എന്നിവയുള്‍പ്പെടെ ഒന്‍പത് സംഘടനകളുടെ പിന്‍ബലത്തിലാണ് കൂടംകുളം ആണവനിലയവിരുദ്ധസമിതി പ്രവര്‍ത്തിച്ചുവരുന്നത്. വസ്തുതകള്‍ മനസ്സിലാക്കാതെ ഉദയകുമാറിനെതിരെ പ്രസ്താവനകള്‍ നടത്തി സമരത്തെ നിര്‍ജീവമാക്കാനാണ് മന്ത്രി നാരായണസ്വാമി ശ്രമം നടത്തിവരുന്നതെന്ന് പീപ്പിള്‍സ് ഫെഡറേഷന്‍ കണ്‍വീനര്‍ എം പുഷ്പരാജന്‍ പറഞ്ഞു. അതേസമയം ആണവനിലയത്തിനെതിരെ തദ്ദേശവാസികള്‍ നടത്തിവരുന്ന നിരാഹാരസമരം 13 ദിവസങ്ങള്‍ പിന്നിട്ടു.

അഞ്ഞൂറോളം പേരാണ് നിരാഹാരസമരത്തില്‍ ഇവിടെ പങ്കെടുത്തുവരുന്നത്.

തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാരുടെ ഒഴുക്ക് ജനസംഖ്യയിലെ കുറവുമൂലം

ബംഗളൂരു: തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാരുടെ ഒഴുക്കുണ്ടാകുന്നത് ജനസംഖ്യാ വര്‍ദ്ധനവിലുള്ള വ്യത്യാസം മൂലമാണെന്ന് എക്കണോമിക് വിദഗ്ദ്ധന്‍ പ്രൊഫ. ജയിംസ് അഭിപ്രായപ്പെട്ടു.

ലോക ജനസംഘ്യ 7 ലക്ഷം കോടിയായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ വലിയ സംസ്‌കാരിക സംഘര്‍ഷമാണ് അഭീമുഖീകരിക്കാന്‍ പോകുന്നത്. ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം ഇന്ത്യക്കാരാണ്.

ജനസംഖ്യാ വര്‍ദ്ധനവിന്റെ ബാംഗ്‌ളൂര്‍ ആസ്ഥാനമായ ജനസംഘ്യാ പഠന കേന്ദ്രം തിങ്ക് ടാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് എക്കണോമിക് ചെയ്ഞ്ചിമന്റെ തലവനാണ് ( ഐ എസ് ഇ സി) പ്രൊഫ. കെ എസ് ജയിംസ് .വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമുള്ള ജനസംഘ്യാ വര്‍ദ്ധനവില്‍ വ്യത്യാസം സംസ്‌കാരികമായി ഇന്ത്യയ്ക്കുള്ളില്‍ത്തന്നെ വിടവ് സൃഷ്ടിക്കുമെന്നും ജനസംഘ്യാ വര്‍ദ്ധനവിനെ ചെറുക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനു പകരം ഇന്ത്യയ്ക്കുള്ളിലെ ജനസംഘ്യാപരമായ വ്യത്യാസങ്ങള്‍ നികത്താനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയെ അപേക്ഷിച്ച് തെക്കേ ഇന്ത്യയില്‍ ജനസംഘ്യാ വര്‍ദ്ധനവ് വളരെ ത്വരിത ഗതിയിലാണ് കുറയുന്നത്. ഇത് തെക്കേ ഇന്ത്യയില്‍ ഗ്രാമീണരുടെ ഇടയിലാണ് കുറയുന്നത് എന്നതിനാല്‍ ഇവിടെ മതിയായ കൂലിപ്പണിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് സൃഷ്ടിക്കുന്നു.

ആവശ്യമനുസരിച്ച് ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നും തെക്കേ ഇന്ത്യയിലേക്ക് കൂലിപ്പണിക്കാര്‍ കൂടുതലായി എത്തിച്ചേരാന്‍ ഇത് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള കൂലിപ്പണിക്കാരുടെ പ്രവാഹം രാജ്യത്തെ സാസ്‌കാരിക പരമായി വിഭജിക്കുന്നു. ഇത് കൂടാതെ ഇന്ത്യയില്‍ ഉയര്‍ന്ന ജീവിത നിലവാരമുള്ളവരിലാണ് താഴ്ന്ന ജീവിത നിലവാരമുള്ളവരെ അപേക്ഷിച്ച് ജനസംഘ്യാ വര്‍ദ്ധനവ് കൂടുന്നതായി കാണുന്നത്.

വിദ്യാഭ്യാസം കുറവുള്ള ആളുകളില്‍ കുടുംബാസൂത്രണം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു എന്നിരുന്നാല്‍ത്തന്നെയും അത് സാധാരണക്കാരും അല്ലാത്തവരും തമ്മിലുള്ള വലിയ ജനസംഖ്യാ വിടവിന് കാരണമാക്കിയെന്നും കെ എസ് ജയിംസ് പറഞ്ഞു.

ആദായനികുതി വകുപ്പിന് 9.27 ലക്ഷം നല്‍കും: കെജ്‌രിവാള്‍

ന്യൂഡല്‍ഹി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട 9.27 ലക്ഷം രൂപ നല്‍കുമെന്ന് അന്നാഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്ന കെജ്‌രിവാള്‍ സര്‍ക്കാറിനു നല്‍കാനുളള കുടിശ്ശിക നല്‍കാതെയാണ് രാജിവച്ചിരുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ആദായനികുതി വകുപ്പ് 9.27 ലക്ഷം രൂപ കുടിശ്ശികയടക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തുക നല്‍കുന്നതുകൊണ്ട് സര്‍ക്കാറിന്റെ വാദം ശരിയാണെന്ന അര്‍ഥമില്ലെന്നും ഇതിനെതിരെ താന്‍ കോടതിയെ സമീപിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഇതിനാവശ്യമായ പണം തന്റെ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും കടമായി വാങ്ങുമെന്നും അദേഹം അറിയിച്ചു.

ഒക്‌ടോബര്‍ 27നു മുമ്പ് കുടിശ്ശിക അടച്ചു തീര്‍ക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കെജ്‌രിവാള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
സര്‍വീസിലായിരിക്കുന്ന കാലത്ത് ഉപരിപഠനം നടത്താന്‍ വേണ്ടി പോയ സമയത്തെ ശമ്പളം, കമ്പ്യൂട്ടര്‍ വായ്പ, അതിന്റെ പലിശ എന്നിവ ചേര്‍ത്താണ് 9.27 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടത്.

പി കെ അജിത്കുമാര്‍

ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മുമ്പ് പോസ്‌കോ നിര്‍മ്മാണം ആരംഭിക്കും

ഭുവനേശ്വര്‍: ബഹുരാഷ്ട്ര കുത്തകയായ ദക്ഷിണകൊറിയന്‍ സ്റ്റീല്‍ കമ്പനി പോസ്‌കോ ഒഡീഷയിലെ പാരാദീപില്‍ സ്ഥാപിക്കാനിരിക്കുന്ന സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതുക്കിയ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് മുമ്പ് ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ധാരണാപത്രം പുതുക്കാത്തത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്.

സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മ്മാണവും ധാരണാപത്രം തയ്യാറാക്കലും ഒപ്പത്തിനൊപ്പം നടക്കുമെന്ന് ചീഫ് സെക്രട്ടറി ബി കെ പട്‌നായിക് അറിയിച്ചു. മുമ്പും ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് പല കമ്പനികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി കൊടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം പദ്ധതിക്കായി സര്‍ക്കാര്‍ ഇതിനകം 2000 ഏക്കര്‍ ഏറ്റെടുത്തതായും അറിയിച്ചു.

ജഗത്‌സിംഗ്പുര്‍ ജില്ലയിലെ എര്‍സമ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പാരാദീപില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ഒഡീഷ സര്‍ക്കാര്‍ പോസ്‌കോ-ഇന്ത്യയുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു. ചര്‍ച്ചയില്‍ ഔദ്യോഗിക ധാരണാപത്രം തയ്യാറാകുന്നതിന് മുമ്പ് നിര്‍മ്മാണം ആരംഭിക്കാന്‍ കമ്പനി തയ്യാറാകുകയായിരുന്നു. പ്രതിവര്‍ഷം 12 ബില്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള വലിയ സ്റ്റീല്‍ പ്ലാന്റാണ് പോസ്‌കോ ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

മുന്‍ ധാരണാപത്രത്തിലെ വിവാദമായ കയറ്റുമതി നിബന്ധനയെക്കുറിച്ചുള്ള കമ്പനിയുടെ നിലപാട് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പട്‌നായിക് അറിയിച്ചു. ഈ നിലപാട് നിയമ, ഖനന മന്ത്രാലയങ്ങള്‍ പരിശോധിച്ചു വരികയാണ്. പുതുക്കിയ ധാരണാപത്രത്തില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. 2005ലാണ് പോസ്‌കോ ആദ്യ ധാരണാപത്രം ഒപ്പിട്ടത്. 52000 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പ്ലാന്റിനായി നാലായിരം ഏക്കര്‍ ഭൂമിയാണ് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇതിനിടെ പോസ്‌കോ പദ്ധതിക്കായി കുടിയൊഴിക്കപ്പെട്ടവരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 2005ല്‍ ആരംഭിച്ച പ്രക്ഷോഭത്തെ തുടര്‍ന്നാണ് പദ്ധതി ഇത്രയും കാലം നീണ്ടു പോയത്. പദ്ധതിക്കായി ചുറ്റുമതില്‍ നിര്‍മിക്കുന്നതിനെതിരെ 2006 ജനുവരിയില്‍ നടന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 14പേര്‍ കൊല്ലപ്പെട്ടിരുന്നു. വന നിയമം ലംഘിച്ച് നടത്തുന്ന പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കൊപ്പം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും രംഗത്തുവന്നതോടെ പദ്ധതി നീളുകയായിരുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി.

janayugom 311011

ബി എസ് എന്‍ എല്‍ സ്വയംവിരമിക്കല്‍പദ്ധതി ഒരു ലക്ഷം പേരെ ഒഴിവാക്കാന്‍ നീക്കം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ ബി എസ് എന്‍ എല്‍ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ ഒരു ലക്ഷം ജീവനക്കാരെ ഒഴിവാക്കാന്‍ വീണ്ടും നീക്കം. തന്ത്രപ്രധാനമായ ടെലികോം മേഖലയെ കുത്തകകള്‍ക്കുവേണ്ടി സ്വകാര്യവത്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കം. ബി എസ് എന്‍ എല്ലിനെ സാമ്പത്തിക ക്ഷമമാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട സാം പിട്രോഡ കമ്മറ്റിയാണ് വി ആര്‍ എസിലൂടെയോ, തത്തുല്യമായ പദ്ധതികളിലൂടെയോ ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞ മാനേജ്‌മെന്റ് കഴിഞ്ഞ സെപ്തംബര്‍ 12 ന് വീണ്ടും കേന്ദ്ര സര്‍ക്കാരിന് സ്വയംവിരമിക്കല്‍ പദ്ധതി നടപ്പിലാക്കണമെന്നുള്ള ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. 2.76 ലക്ഷം ജീവനക്കാരാണ് നിലവില്‍ കമ്പനിയിലുള്ളത്.

കമ്പനി നഷ്ടത്തിലാണെന്നും ഇതു മറികടക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തണമെന്നുമാണ് മാനേജ്‌മെന്റും കേന്ദ്ര സര്‍ക്കാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ബി എസ് എന്‍ എല്‍ കമ്പനിയാക്കുന്ന അവസരത്തില്‍ മൂന്നു ലക്ഷത്തിലധികം ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ എട്ടുവര്‍ഷവും ലാഭകരമായി തന്നെയാണ് മുന്നോട്ടുപോയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കുന്നതിനുവേണ്ടി മൊബൈല്‍ വികസനം അട്ടിമറിക്കപ്പെട്ടതാണ് കമ്പനിയുടെ വരുമാനത്തില്‍ കുറവ് വരാനിടയാക്കിയത്. കൂടാതെ തനതായ വരുമാനസ്രോതസ്സുകള്‍ ഇല്ലാതാക്കുകയും കോര്‍പ്പറേറ്റ് ടാക്‌സ്, സ്‌പെക്ട്രം ചാര്‍ജ് എന്നിവയ്ക്ക് ഇളവ് അനുവദിക്കാതിരിക്കുകയും കൂടിയായപ്പോള്‍ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. പതിനായിരം കോടി രൂപ വരെ ലാഭമുണ്ടായിരുന്നിടത്തുനിന്നും കമ്പനി 2009-10 വര്‍ഷം 1823 കോടി രൂപയും, 2010-11 വര്‍ഷത്തില്‍ ആറായിരം കോടി രൂപയും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 2002 ല്‍ മൊബൈല്‍ രംഗത്തേക്ക് കടന്നുവന്ന കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സേവനം നല്‍കിയതുവഴി ഒന്നാംസ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ ഇന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ പിരിഞ്ഞുപോകുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ ശരാശരി വയസ് 49 ആയിട്ടാണ് കണക്കാക്കുന്നത്. ഇതുപ്രകാരം 15 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് പറയുന്നത്. 7760-13320 (എന്‍ ഇ - 1) രൂപ ശമ്പള സ്‌കെയിലിലുള്ള ഒരു ജീവനക്കാരന്‍ വി ആര്‍ എസ് എടുത്താല്‍ 13,47,138 രൂപ ലഭിക്കുമെന്നും ഇതിന്റെ ബാങ്ക് പലിശയായി പ്രതിമാസം 11,226 രൂപയോളം ജീവനക്കാരന് ലഭിക്കുമെന്ന് മോഹിപ്പിക്കുകയുമാണ്. എന്നാല്‍ എക്‌സ്‌ഗ്രേഷ്യ ഇനത്തില്‍ ലഭിക്കുന്ന 7,68,648 രൂപയുടെ 30 ശതമാനം വരുമാന നികുതി അടയ്‌ക്കേണ്ടിവരുമെന്ന കാര്യം സൂചിപ്പിക്കുന്നില്ല. ഡി പി ഇ ഗൈഡ്‌ലൈന്‍സ് പ്രകാരം മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുള്ളതും വി ആര്‍ എസ് പദ്ധതി നടപ്പാക്കാനാവശ്യമായ മിച്ച വരുമാനമുള്ളതുമായ കമ്പനികള്‍ക്കു മാത്രമാണ് 60 ദിവസത്തെ എക്‌സ്‌ഗ്രേഷ്യ നല്‍കാനാവുകയുള്ളു. ആ നിലയ്ക്ക് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എന്‍ എല്ലില്‍ ഇതു ബാധകമാവില്ലെന്നതും വസ്തുയാണ്.

സ്വയംവിരമിക്കല്‍ എന്നു പറയുമ്പോഴും വ്യക്തമായ ഒരു ഹിഡന്‍ അജണ്ട മാനേജ്‌മെന്റിനുണ്ടെന്നത് വ്യക്തമാണ്. ഗ്രൂപ്പ് എ യില്‍ 1483 പേരെയും ബി പ്രകാരം 6282 പേരെയും സി വിഭാഗത്തില്‍ 76,655 പേരെയും, ഡി വിഭാഗത്തിലെ 15,214 ജീവനക്കാരെയും ഒഴിവാക്കണമെന്നാണ് പിട്രാഡോ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നത്. തുടര്‍ന്ന് കമ്പനിയില്‍ ഏകദേശം 25,000 ത്തോളം ജീവനക്കാരായി പരിമിതപ്പെടുത്തി സ്വകാര്യവത്കരണമാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഈ നീക്കത്തിനെതിരെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നവംബര്‍ 15 ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുമെന്നും കമ്പനിയെ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബി എസ് എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി എസ് പീതാംബരന്‍ പറഞ്ഞു.

ഷാജി ഇടപ്പള്ളി janayugom 311011

എം ജി സര്‍വകലാശാലയില്‍ ചൈന പഠനകേന്ദ്രം തുടങ്ങും

യു ജി സിയുടെ പ്രാദേശിക പഠന പദ്ധതികളുടെ ‘ഭാഗമായി ചൈന പഠനങ്ങള്‍ക്കായുള്ള കേന്ദ്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് അനുവദിച്ചു. സര്‍വ്വകലാശാലകളുടെ അധ്യാപന, ഗവേഷണ സൗകര്യങ്ങളും ഈ മേഖലയില്‍ സര്‍വ്വകലാശാലയിലെ കലാലയങ്ങള്‍ നടത്തിയിട്ടുള്ള സംഭാവനകളും പരിഗണിച്ചാണ് യു ജി സി ഇത്തരം പ്രധാനപ്പെട്ട പഠനകേന്ദ്രങ്ങള്‍ അനുവദിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടെമ്പററി ചൈനീസ് സ്റ്റഡീസ് (ഐ സി സി എസ്) സ്ഥാപിക്കപ്പെടുന്നത് സര്‍വ്വകലാശാലയുടെ വൈഞ്ജാനിക മുന്നേറ്റങ്ങള്‍ക്കുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.

സര്‍വ്വകലാശാലയുടെ കീഴില്‍ സ്വയം‘ഭരണാവകാശമുള്ള സ്വതന്ത്ര അധ്യാപന അക്കാദമിക് വിഭാഗമായി ഐ സി സി എസ് പ്രവര്‍ത്തിക്കൂമെന്ന് വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ചൈന പഠനങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്, റിസര്‍ച്ച് പ്രോഗ്രാമുകള്‍ ലഭ്യമാക്കാനാണ് സെന്റര്‍ ആലോചിക്കുന്നത്. സെന്ററില്‍ ഒരു അസോസിയേറ്റ് പ്രഫസര്‍, രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, രണ്ട് റിസര്‍ച്ച് അസോസിയേറ്റുമാര്‍ എന്നീ തസ്തികകളും യു ജി സി അനുവദിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ ഒന്നാം ഘട്ട ഗ്രാന്റായി 32 ലക്ഷം രൂപയും യു ജി സി ഈ സെന്ററിന് നല്‍കും.രാഷ്ട്രീയ മാറ്റങ്ങള്‍, സമ്പദ്ഘടനയുടെ വളര്‍ച്ച, സാമൂഹ്യവികസനം, നൂതന സ്ഥാപനങ്ങളുടെ വികസനം,  ബൗദ്ധികാവകാശം, പ്രത്യേക സാമ്പത്തിക മേഖലകള്‍, നഗര പഠനങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവത്കരണം, വംശീയ പഠനങ്ങള്‍ തുടങ്ങിയവകളിലായിരിക്കും ഈ പഠനകേന്ദ്രം ശ്രദ്ധേകന്ദ്രീകരിക്കുകയെന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിന്റേയും ഐ സി സി എസിന്റേയും ഡയറക്ടറായ ഡോ. രാജു കെ താടിക്കാരന്‍ പറഞ്ഞു.അയല്‍രാജ്യവും സാമ്പത്തികശക്തിയുമാണെങ്കിലും ചൈനയെപ്പറ്റി ഇന്ത്യയിലെ നയരൂപീകരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഏറെയൊന്നും അറിയില്ലെന്നതാണ് വാസ്തവം.

ഈ പശ്ചാത്തലത്തില്‍ ഇത്തരമൊരു പഠനകേന്ദ്രത്തിന് ഏറെ പ്രസക്തിയുണ്ട്. ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. രാജു കെ. താടിക്കാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പഠന സംഘം അടുത്തുതന്നെ ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പരിപാടിയുണ്ട്. ഐ സി സി എസിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബറില്‍ കോട്ടയത്ത് നടക്കും. ചൈനയിലെ ജിനാന്‍ യൂണിവേഴ്‌സിറ്റി ഡീന്‍ പ്രഫ. ജിയഹായ്‌ടോവിന്റെ നേതൃത്വത്തിലുള്ള പണ്ഡിതസംഘം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

janayugom 311011

ആരാധനാലയങ്ങള്‍ പൊതുസ്ഥലം കയ്യേറിയതായി രേഖകള്‍

ജില്ലയില്‍ 24 ആരാധനാലയങ്ങള്‍ പൊതുസ്ഥലം കയ്യേറിയിട്ടുള്ളതായി റവന്യൂ വകുപ്പ് രേഖകളില്‍ വ്യക്തമാക്കുന്നു.  പൊതുമുതല്‍ കയ്യേറിയിട്ടുള്ള ആരാധനാലയങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റവന്യൂവകുപ്പിന്റെ രേഖയിലാണ് ആരാധനാലയങ്ങളുടെ പട്ടിക വ്യക്തമാക്കിയിട്ടുള്ളത്. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമാണ് പട്ടിക നല്‍കിയിട്ടുള്ളത്.

ഇതില്‍ പറയുന്ന  രണ്ട് കയ്യേറ്റങ്ങള്‍ റവന്യൂവകുപ്പ് ഇതിനോടകംതന്നെ ഒഴിപ്പിച്ചു. ശേഷിക്കുന്ന 22 ആരാധനാലയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിക്കുകയാണ് റവന്യൂ വകുപ്പ്.

ആലുവ അമ്പാട്ട്കാവ് ചൂര്‍ണിക്കര ക്ഷേത്രം  12 സെന്റ്, മൂവാറ്റുപുഴ ടൗണിലെ വിലങ്ങപ്പാറ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച കൈയേറിയ പന്ത്രണ്ടര സെന്റ് എന്നിവയാണ് ഒഴിപ്പിച്ചത്.  കണയന്നൂര്‍ താലൂക്കില്‍ രണ്ട്, പറവൂര്‍, താലൂക്ക് ആറ്, ആലുവ താലൂക്ക് മൂന്ന്, മൂവാറ്റുപുഴ താലൂക്ക് ആറ്, കുന്നത്തുനാട് താലൂക്ക് ഏഴ്, എന്നിങ്ങനെയാണ് ആരാധനാലയങ്ങളുടെ പട്ടിക.
പുതുവൈപ്പ് ജമാ അത്ത് മുഹമ്മ ദീയന്‍ പള്ളി (45 സെന്റ്), പുതുവൈപ്പ് ജുമാ അത്ത് മുസ്ലീം പള്ളി (ഏഴ് സെന്റ്), പുത്തന്‍വേലിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ഒരേക്കര്‍), പുത്തന്‍വേലിക്കര പാലക്കടവ് ക്ഷേത്രം (ആറ് സെന്റ്), പുത്തന്‍വേലിക്കര ശ്രീമുരുകന്‍ ക്ഷേത്രം (18 സെന്റ്), കോട്ടുവള്ളി എളന്തിക്കര വാണിയക്കാട് മുസ്ലീംപള്ളി (71 സെന്റ്), കോട്ടുവള്ളി വള്ളുവള്ളിശില ഭദ്രകാളി ക്ഷേത്രം (ആറ് സെന്റ്), ആലങ്ങാട് തിരുവാലൂര്‍ മഹാദേവക്ഷേത്രം (95 സെന്റ്), കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രം (ഒന്നര സെന്റ്), കാക്കനാട് അത്താണി മുസ്ലീംപള്ളി (എട്ട്് സെന്റ്), ഓണക്കൂര്‍ അഞ്ചല്‍പെട്ടി കത്തോലിക്കാ മഠം (മുക്കാല്‍ സെന്റ്), കൂത്താട്ടുകുളം മംഗലത്താഴം മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച് (10 സെന്റ്), വെള്ളൂര്‍കുന്നം ലിസ്യൂ സെന്റര്‍ ക്രിസ്തുരാജ പള്ളി (ആറ് സെന്റ്), വെള്ളൂര്‍കുന്നം ജുമാ മസ്ജിദ്, വെള്ളൂര്‍കുന്നം ദേവസ്വം, വേങ്ങൂര്‍ ഹിന്ദു ആരാധനാലയം (ഒരേക്കര്‍), പട്ടിമറ്റം ക്രിസ്ത്യന്‍ ദേവാലയം (ഒന്നേകാല്‍ ഏക്കര്‍), വെങ്ങോല മുസ്ലീംപള്ളി (12 സെന്റ്), കടവൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ഒരേക്കര്‍), കടവൂര്‍ മണിപ്പാറ ശിവപാര്‍വതി ക്ഷേത്രം (50 സെന്റ്), കടവൂര്‍ പൈങ്ങോട്ടൂര്‍ ദേവീക്ഷേത്രം (50 സെന്റ്), കടവൂര്‍ (നാല് സെന്റ്)എന്നിവയാണ് പൊതുസ്ഥലം കയ്യേറിയിട്ടുള്ള മറ്റ് ആരാധനാലയങ്ങള്‍.

ഇതില്‍ പലതും 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. എന്നാല്‍ ഇവയിലൊന്നും സ്വന്തമെന്ന്  വ്യക്തമാക്കുന്ന രേഖകള്‍ ഇല്ലാത്തതിനാലാണ്  പലതും പുറമ്പോക്ക്ഭൂമിയായി കണക്കാക്കിയിരിക്കുന്നത് എന്നാണ് റവന്യൂവകുപ്പിന്റെ വിശദീകരണം.

കയ്യേറിയ വസ്തുവിന്റെ കാര്യത്തില്‍ ആക്ഷേപമോ തര്‍ക്കമോ ഇല്ലാത്തപക്ഷം  ബന്ധപ്പെട്ടവര്‍ക്കുതന്നെ പതിച്ചുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആലുവയിലും മൂവാറ്റുപുഴയിലും ഒഴിപ്പിച്ച ആരാധനാലയങ്ങള്‍ കയ്യേറിയതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അവ ഒഴിപ്പിച്ചത്. എന്നാല്‍ ശേഷിക്കുന്ന 22 കേസുകള്‍ ഉടമസ്ഥര്‍ക്ക് തങ്ങളുടേതെന്ന് സ്ഥാപിക്കാനാവശ്യമായ രേഖകള്‍ കൈവശമില്ലാത്തതാണ്.

ഇത്തരം സാഹചര്യത്തില്‍ ക്രമസമാധാനപ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായികൂടിയാണ് പുറമ്പോക്കായി കണക്കാക്കിയിട്ടുള്ള ഭൂമി ഇവര്‍ക്കുതന്നെ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പൊതുസ്ഥലം കയ്യേറിയിട്ടുള്ള മുഴുവന്‍ ആരാധനാലയങ്ങളും ഡിസംബര്‍ 31ന് മുമ്പ് ഒഴിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  2009 ല്‍ റവന്യൂ വകുപ്പ് ജില്ലയിലെ പൊതുസ്ഥലം കയ്യേറിയിട്ടുള്ള  ആരാധനാലയങ്ങളുടെ പട്ടിക തയ്യാറാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിച്ചത്.

janayugom 311011

അധികാരികളില്ല: സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍

അധ്യക്ഷന്‍മാരെ നിയമിക്കുന്നതിലുള്ള കാലവിളംബം സാംസ്‌കാരിക സ്ഥാപനങ്ങലുടെ പ്രവര്‍ത്തനം തകിടം മറിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, കേരള സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഭരണസമിതി രൂപീകരണം അനിശ്ചിതമായി നീളുന്നു. അനുയോജ്യരായ സാഹിത്യ-കലാ-സാംസ്‌കാരിക പ്രമുഖരെ ഉള്‍പ്പെടുത്തി ഈ സ്ഥാപനങ്ങളുടെ ഭരണസമിതികള്‍ വൈകാതെ രൂപീകരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നിലവിലുണ്ടായിരുന്ന ഭരണസമിതികള്‍ മാറുകയും ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ നടത്തുകയും മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. പൂര്‍ണമായ ഭരണസമിതിയുടെ അഭാവത്തില്‍ ചെയര്‍മാനും സെക്രട്ടറിയും മാത്രമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.  ദേശീയവും അന്തര്‍ദേശീയവുമായ സംഗീത-നൃത്തനാടക പരിപാടികള്‍ സംഘടിപ്പിക്കുന്നത് ബന്ധപ്പെട്ട ഭരണസമിതികളില്‍ ചര്‍ച്ച ചെയ്യുകയും ഭരണസമിതിയുടെ അംഗീകാരവും അനുമതിയും വാങ്ങിയിട്ടുമായിരിക്കേണ്ടതാണ്. പ്രശസ്ത കലാകരന്മാര്‍ പങ്കെടുക്കുന്ന, വലിയ സാമ്പത്തിക ബാധ്യതകളുള്ള പരിപാടികള്‍ ചെയര്‍മാനും സെക്രട്ടറിയും തീരുമാനിച്ച് നടത്തുന്നത് സാംസ്‌കാരിക സ്ഥാപനങ്ങളുടെ ജനകീയസ്വഭാവത്തെ മറി കടന്നുകൊണ്ടാണ്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനും സംഗീതനാടക അക്കാദമിയും നടത്താന്‍ തീരുമാനിച്ചിട്ടുള്ള പ്രമുഖ പരിപാടികള്‍ ആരുടെ തീരുമാനപ്രകാരമാണ് സംഘടിപ്പിക്കുന്നത് ഇനിയും വ്യക്തമല്ല. കേരളസംഗീതനാടക അക്കാദമി ഹൈസ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി നൃത്തോത്സവവും അന്തര്‍ദേശീയ നാടകോത്സവവും സംഘടിപ്പിക്കുന്നതും ഭരണസമിതിയുടെ അഭാവത്തിലാണ്. ധൃതിപിടിച്ചാണ് ഈ പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്. സമ്പന്നരായ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കള്‍ നൃത്തവും സംഗീതവുമൊക്കെ പഠിക്കുന്നത് അവരുടെ വിനോദത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ സമ്പന്നരായ കുറെ നൃത്ത വിദ്യാര്‍ഥികള്‍ എത്തിച്ചേരും എന്ന് സംഘാടകര്‍ക്ക് നന്നായറിയാം. ലക്ഷങ്ങളുടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് സര്‍ക്കാര്‍ ചെലവില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ടവര്‍ ഇതൊക്കെ പാവപ്പെട്ട, കലാവാസനയുള്ള കുട്ടികള്‍ക്കും കൂടി പ്രയോജനകരമായിത്തീരണം എന്നുകൂടി ചിന്തിക്കേണ്ടതാണെന്നും സംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.

janayugom 311011

കുരുന്നുകള്‍ പാഠത്തില്‍നിന്ന് പാടത്തിലേക്ക്


ഒറ്റമുണ്ടുടുത്ത് ചേറ്റില്‍ മുട്ടോളം മുങ്ങി മരമടിക്കൊപ്പം ആര്‍പ്പുവിളിച്ചും ഞാറ്റുപാട്ടിന്റെ ഈണത്തിനൊപ്പം ചുവടുവച്ച് ഞാറുനട്ടും മണ്ണിന്റെ രുചിയും മണവും അറിഞ്ഞ കുരുന്ന് കര്‍ഷകര്‍ക്ക് നെല്‍പ്പാടം പകര്‍ന്നു നല്‍കിയത് കൃഷിപാഠത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ . പാഠപുസ്തകവും പ്രായോഗിക കൃഷിയും സമന്വയിക്കുന്ന "പാഠങ്ങളില്‍നിന്ന് പാടത്തേക്ക്" എന്ന മാതൃകാപദ്ധതി ഒരുക്കിയത് പുനലൂര്‍ കലയനാട് വിഒയുപിഎസിലെ അധ്യാപകരും രക്ഷിതാക്കളുമാണ്.

പഠിക്കാന്‍ പ്രയാസകരമായ ഗണിതശാസ്ത്രത്തെ എളുപ്പവഴിയില്‍ ഹൃദിസ്ഥമാക്കാനായി കുട്ടികളെ നെല്‍പ്പാടത്തേക്ക് എത്തിക്കുന്ന നൂതനപദ്ധതിയാണ് സ്കൂളിന്റേത്. വിസ്തീര്‍ണവും അംശബന്ധവും വ്യാസവും ശതമാനക്കണക്കുമെല്ലാം നെല്‍പ്പാടവും കൃഷിരീതിയും കാര്‍ഷിക വസ്തുക്കളും അടിസ്ഥാനപ്പെടുത്തി കുട്ടികള്‍ക്ക് പഠിപ്പിക്കുന്നതാണ് പാഠത്തില്‍നിന്ന് പാടത്തേക്കുള്ള യാത്രയുടെ വിജയരഹസ്യം. വയലിന്റെ വീതി എത്ര, വിതയ്ക്കുന്ന വിത്തിന്റെ അളവെത്ര, നടുന്ന ഞാറിന്റെ എണ്ണമെത്ര, വളത്തിന്റെ രാസമിശ്രിതങ്ങളുടെ അളവെത്ര എന്നിവയെല്ലാം പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സയന്‍സും പഠിക്കാം. മിത്രകീടങ്ങള്‍ , ശത്രുകീടങ്ങള്‍ എന്നിവ ഏതെന്ന് തരംതിരിക്കാം. ജൈവ, രാസകൃഷിരീതികളെക്കുറിച്ച് കൂടുതല്‍ അനുഭവപാഠങ്ങള്‍ പകര്‍ന്നുകിട്ടും. അങ്ങനെ അന്യമാകുന്ന കാര്‍ഷിക സംസ്കൃതിയിലേക്കുള്ള തിരിച്ചുവരവിന് കുട്ടികളെക്കൊണ്ട് പാടത്ത് നന്മ വിതച്ച് നേട്ടം കൊയ്യുകയാണ് സ്കൂള്‍ അധികൃതര്‍ . കുട്ടികളില്‍ ആവേശം പകരാന്‍ മരമടിയും ഒരുക്കിയിരുന്നു. അടിപ്പുകാരും പിടിപ്പുകാരും മണ്ണില്‍ ഉരുക്കള്‍ക്കൊപ്പം ശരവേഗത്തില്‍ കുതിച്ചുപായുന്ന മരമടിയുടെ ആവേശം നെഞ്ചേറ്റാന്‍ നാട്ടുകാരും പാടത്തെത്തി. കാര്‍ഷികോത്സവത്തിന്റെ അരങ്ങുണര്‍ത്തിയായിരുന്നു വിഒ യുപിഎസിലെ കുട്ടികള്‍ പാടത്തിറങ്ങിയത്.

ക്യാറ്റില്‍ വെല്‍ഫയര്‍ അസോസിയേഷന്‍ , സ്കൂള്‍ പിടിഎ, മാര്‍ത്തോമാ ദയറ സമൂഹം, സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് എന്നിവ ചേര്‍ന്നാണ് പാടവും ക്ലാസ് മുറിയും ബന്ധപ്പെടുത്തി പുതിയ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയത്. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഉണ്ണിക്കൃഷ്ണനാണ് കാര്‍ഷിക പരിപാടി ഉദ്ഘാടനംചെയ്തത്. എന്‍ സുന്ദരേശന്‍ , ഡോ. അലക്സാണ്ടര്‍ എബ്രഹാം, തുളസീധരന്‍നായര്‍ , മുഖത്തല കെ വൈ ജേക്കബ്, കെ സുകുമാരന്‍ , ബിജു കെ തോമസ് എന്നിവര്‍ സംസാരിച്ചു. ആറുമാസത്തിനുള്ളില്‍ പാഠ്യപദ്ധതി പൂര്‍ത്തിയാക്കും.
(അരുണ്‍ മണിയാര്‍)

deshabhimani 311011

രാജധാനിയില്‍ റിസര്‍വേഷന്‍ തട്ടിപ്പ്; പിരിവ് വ്യാപകം

തിരുവനന്തപുരം രാജധാനി എക്സ്പ്രസ് യാത്രക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള റിസര്‍വേഷന്‍ തട്ടിപ്പിനിരയാവുന്നു. തലേന്ന് ബുക്ക് ചെയ്തവര്‍ക്കും സാധാരണ ടിക്കറ്റെടുത്ത് ടിടിഇക്ക് കൈക്കൂലി കൊടുത്തവര്‍ക്കും ബര്‍ത്ത് ലഭിച്ചപ്പോള്‍ മാസങ്ങള്‍ക്കുമുമ്പേ റിസര്‍വ് ചെയ്തവര്‍ക്ക് ബര്‍ത്ത് കിട്ടാത്ത സ്ഥിതിയാണ്. ദീപാവലി അവധിക്ക് ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ പോകാനും മടങ്ങാനും ഒരുമാസം മുമ്പേ റിസര്‍വ് ചെയ്തവര്‍ വെയിറ്റിങ് പട്ടികയില്‍ 50-60 സ്ഥാനത്തായിരുന്നു. തലേന്ന് ബുക്ക് ചെയ്തവര്‍ക്ക് വെയിറ്റിങ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചു. മൊത്തമായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ട്രാവല്‍ ഏജന്‍സികള്‍ വില്‍ക്കാനാകാത്ത ടിക്കറ്റ് ട്രെയിന്‍ പുറപ്പെടുന്നതിന് തലേന്ന് റദ്ദാക്കുന്നതാണ് ഈ സ്ഥിതിക്ക് കാരണം.

ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജധാനിയില്‍ സെക്കന്‍ഡ്, തേഡ് എസി കോച്ചുകളില്‍ നിരവധി ബര്‍ത്തുകളില്‍ യാത്രക്കാരുണ്ടായിരുന്നില്ല. വെയിറ്റിങ് പട്ടികയില്‍ 54-ാം സ്ഥാനത്തായതിനാല്‍ എമര്‍ജന്‍സി ക്വോട്ട വഴി ബര്‍ത്ത് നേടുകയായിരുന്നെന്നും ബര്‍ത്ത് ലഭിക്കാത്തതിനാല്‍ കൂടെയുള്ള രണ്ടുപേര്‍ ടിക്കറ്റ് റദ്ദാക്കി യാത്ര മാറ്റിവച്ചെന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രക്കാരന്‍ പറഞ്ഞു. അതേസമയം ഉഡുപ്പി, കങ്കനാടി, മഡ്ഗാവ് എന്നിവിടങ്ങളില്‍നിന്ന് സാധാരണ ടിക്കറ്റെടുത്ത് കയറിയ യാത്രക്കാര്‍ ടിടിഇയെ കണ്ട് പണംകൊടുത്ത് ബര്‍ത്ത് തരപ്പെടുത്തി. ആയിരം രൂപ അധികം നല്‍കിയാണ് തേഡ് എസിയില്‍ ബര്‍ത്ത് സംഘടിപ്പിച്ചതെന്ന് ഉഡുപ്പിയില്‍നിന്ന് കയറിയ യാത്രക്കാരന്‍ പറഞ്ഞു.

ഏറ്റവും മികച്ച സേവന-സൗകര്യമുള്ള ട്രെയിന്‍ എന്ന് ഒരുകാലത്ത് പേരുണ്ടായിരുന്ന രാജധാനിയിലെ ജീവനക്കാരുടെ പിരിവ് വാര്‍ത്തയായെങ്കിലും ഇക്കാര്യം റെയില്‍മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനോ നടപടിയെടുക്കാനോ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഭക്ഷണം വിതരണംചെയ്യുന്നവരും ഷീറ്റും കമ്പിളിയും നല്‍കുന്നവരുമാണ് യാത്രക്കാരില്‍നിന്ന് ഇരട്ട പണപ്പിരിവ് നടത്തുന്നത്. യാത്രക്കാര്‍ ഇറങ്ങുന്ന സ്റ്റേഷനുകള്‍ മനസ്സിലാക്കി എത്തുന്ന ഇവര്‍ സ്റ്റോപ്പ് അടുക്കുന്നതിനുമുമ്പ് മുന്നില്‍ ചെന്ന് കൈ നീട്ടുകയാണ് പതിവ്. ചെയ്ത സേവനത്തിന് എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുന്നതാണ് രീതി. മിക്ക യാത്രക്കാരും പണം നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. അമ്പതു രൂപയില്‍ കുറഞ്ഞാല്‍ യാത്രക്കാരെ ചീത്തപറയുന്നത് സ്ഥിരം കാഴ്ച. യാത്ര, ഭക്ഷണം, സേവനം എന്നിവയുള്‍പ്പെടുത്തിയാണ് രാജധാനിയിലെ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ , കുടിവെള്ളത്തിനുള്‍പ്പെടെ പണം കൊടുക്കേണ്ട സ്ഥിതിയാണ്. ആദ്യം നല്‍കുന്ന ഒരു കുപ്പിവെള്ളം തീര്‍ന്നാല്‍ വീണ്ടും വെള്ളം വേണമെങ്കില്‍ 16 രൂപ നല്‍കണം. ന്യൂഡല്‍ഹി വരെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് കുപ്പി വെള്ളം അവകാശപ്പെട്ടതാണ്. എന്നാല്‍ , ഇതറിയാവുന്ന യാത്രക്കാര്‍ക്കും വെള്ളത്തിനായി ജീവനക്കാരുമായി കയര്‍ക്കേണ്ട സ്ഥിതിയാണ്. രാവിലെ നല്‍കേണ്ട ചായ, പത്രം എന്നിവയും കൃത്യമായി വിതരണം ചെയ്യാറില്ല. വൃത്തിഹീനമായ ടോയ്ലറ്റുകളും നിരന്തരമായി വെള്ളം നിലയ്ക്കുന്നതും തിരുവനന്തപുരം രാജധാനിയിലെ പതിവ്.

deshabhimani 311011

തെര. കമീഷന്റെ നിലപാട് നിര്‍ണായകമാകും

രണ്ടു പാര്‍ടിയില്‍ അംഗമായതുമൂലം അയോഗ്യതാ ഭീഷണി നേരിടുന്ന കേന്ദ്രസഹമന്ത്രി ഇ അഹമ്മദിനെ രക്ഷിക്കാന്‍ പാര്‍ടികള്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ തെരഞ്ഞെടുപ്പു കമീഷന്റെ തീരുമാനം നിര്‍ണായകമാകും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് (ഐയുഎംഎല്‍) എന്ന പാര്‍ടിയില്‍ കേരള സംസ്ഥാന മുസ്ലിംലീഗ് ലയിപ്പിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് ലീഗ് കരുതുന്നത്. എന്നാല്‍ , ഈ നീക്കം അഹമ്മദിനെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ സാധ്യത. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐയുഎംഎല്‍ വിഭാഗം അഹമ്മദ് ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത വിവരം തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചിട്ടുണ്ട്. ഇവര്‍ കേരള ലീഗുമായി യോജിച്ചുപോകുന്നവരല്ല. ഐയുഎംഎല്‍ എന്ന പേരില്‍ ദേശീയതലത്തില്‍ സംഘടനയുണ്ടെങ്കിലും ഇതിന് തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരമില്ല. അതുകൊണ്ടുതന്നെ ചിഹ്നവുമില്ല. കേരള ലീഗിന്റെ കോണി ചിഹ്നത്തിലാണ് അഹമ്മദും ഇ ടി മുഹമ്മദ്ബഷീറും മത്സരിച്ചത്. ലയിച്ച് ഐയുഎംഎല്‍ ആയാല്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കും. ഇക്കാര്യത്തിലാണ് തെരഞ്ഞെടുപ്പുകമീഷന്റെ നിലപാട് നിര്‍ണായകമാകുക.

പാര്‍ടിലയനത്തിലൂടെ നിലവിലുള്ള പ്രശ്നത്തില്‍ കമീഷനു മറുപടി നല്‍കുന്നതോടൊപ്പം ദേശീയ സ്വഭാവമുണ്ടാക്കാമെന്നും ലീഗ് കണക്കുകൂട്ടുന്നു. മറുപടി നല്‍കുന്നതിന് കമീഷന്‍ അഹമ്മദിന് അനുവദിച്ച സമയപരിധി നവംബര്‍ അഞ്ചിന് അവസാനിക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ടിയുടെ ദേശീയ അധ്യക്ഷനായിരിക്കുന്നതോടൊപ്പം മുസ്ലിംലീഗ് കേരള സംസ്ഥാന സമിതിയുടെ പ്രതിനിധിയായി അഹമ്മദ് ലോക്സഭാ അംഗമായി തുടരുന്നതാണ് കമീഷന്‍ ചോദ്യംചെയ്തത്. ഐയുഎംഎല്‍ തമിഴ്നാട് ഘടകം പ്രസിഡന്റ് എം ജി ദാവൂദ് മിയാഖാന്‍ നല്‍കിയ പരാതിയിലാണ് കമീഷന്‍ അഹമ്മദിന് നോട്ടീസ് അയച്ചത്.

deshabhimani 311011

പിള്ളയെ സര്‍ക്കാര്‍ മോചിപ്പിക്കുന്നു

കേരളപ്പിറവിയുടെ പേരില്‍ ആര്‍ ബാലകൃഷ്ണ പിള്ളയെ സര്‍ക്കാര്‍ ജയിലില്‍നിന്ന് മോചിപ്പിക്കുന്നു. ഖജനാവ് കട്ടുമുടിച്ചതിന് സുപ്രിം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച പിള്ളയെയാണ് അസാധാരണ നടപടിയിലൂടെ സര്‍ക്കാര്‍ മോചിപ്പിക്കുന്നത്. കേരളപ്പിറവി പ്രമാണിച്ച് 2484 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്നു എന്ന മറവിലാണ് പിള്ളയെ സര്‍ക്കാര്‍ വിട്ടയക്കുന്നത്. എട്ടുവര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറു മാസം, ആറു മാസത്തില്‍ കൂടുതല്‍ തടവനുഭവിച്ചവര്‍ക്ക് രണ്ടു മാസം, ആറു മാസം കഴിഞ്ഞവര്‍ക്ക് ഒരു മാസം, മൂന്നു മാസം കഴിഞ്ഞവര്‍ക്ക് 15 ദിവസം എന്നിങ്ങനെയാണ് ശിക്ഷായിളവ് നല്‍കുന്നത്. ഇതുപ്രകാരം 138 പേര്‍ നവംബര്‍ ഒന്നിന് ജയില്‍ മോചിതരാകും. ഇക്കൂട്ടത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ളയും പെടും. ഫെബ്രുവരി 18നാണ് പിള്ളയെ ജയിലിലടച്ചത്. 75 ദിവസം പരോള്‍ ലഭിച്ചു. 69 ദിവസമാണ് ആകെ ജയിലില്‍ കഴിഞ്ഞത്.

deshabhimani news

മന്ത്രി തിരുവഞ്ചൂരിന് വ്യവഹാരി നന്ദകുമാറുമായി അടുത്ത ബന്ധം

വിജിലന്‍സ് അന്വേഷണം നേരിടുന്ന വിവാദ വ്യവഹാരിയും ദല്ലാളുമായ ടി ജി നന്ദകുമാറിന് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുത്ത ബന്ധം. നന്ദകുമാറിന്റെ കുടുംബക്ഷേത്രമായ എറണാകുളത്തെ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങില്‍ നന്ദകുമാറിനൊപ്പം മന്ത്രിയും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നന്ദകുമാറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മന്ത്രി ചടങ്ങിനെത്തിയത്. നന്ദകുമാറുമായി മന്ത്രി രഹസ്യചര്‍ച്ച നടത്തുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പാണ് ഈ കൂടിക്കാഴ്ചയെന്നും ക്ഷേത്രപരിപാടിക്കാണ് പോയതെന്നും മന്ത്രി അവകാശപ്പെട്ടു.

നന്ദകുമാര്‍ 40 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 22ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം പുരോഗമിക്കവെയാണ് തിരുവഞ്ചൂര്‍ വിജിലന്‍സ് മന്ത്രിയായത്. തുടര്‍ന്ന്, സെപ്തംബര്‍ അഞ്ചിന് അന്വേഷണം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ദുരൂഹസാഹചര്യത്തില്‍ തീരുമാനിക്കുകയായിരുന്നു. ജോമോന്‍ വീണ്ടും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 28ന് കേസ് സതേണ്‍ റേഞ്ച് ഐജിക്ക് കൈമാറിയെങ്കിലും അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ രണ്ട് കേന്ദ്രനേതാക്കളുമായി നന്ദകുമാറിനുള്ള അടുത്ത ബന്ധവും പുറത്തുവന്നു. രണ്ട് തവണ ഇവരോടൊന്നിച്ച് നന്ദകുമാര്‍ യാത്രചെയ്തതിന്റെ രേഖകളുമുണ്ട്. റിലയന്‍സിന്റെ ഏജന്റായി അറിയപ്പെടുന്ന നന്ദകുമാറിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായും അടുത്ത ബന്ധമാണുള്ളത്.

deshabhimani 311011

റിപ്പോര്‍ട്ടര്‍ ചാ‍നലില്‍ ഈ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരം പതറിയ മട്ടിലുള്ള ഉത്തരമാണ് തിരുവഞ്ചൂര്‍ നല്‍കിയത്. “നമ്മള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു, ആരെങ്കിലും ഫോട്ടോ എടുക്കുന്നു, അതിലെ ഓരോരുത്തരെയും ചൂണ്ടി ഇതാര് എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ“ മട്ടിലുള്ള മറുപടി. തിരുവഞ്ചൂര്‍ സമര്‍ത്ഥമായി(എന്നദ്ദേഹം കരുതുന്നു) നിശബ്ദത പാലിച്ചത് അദ്ദേഹവും നന്ദകുമാറും മറ്റൊരാളും മാത്രമുള്ള ഫോട്ടോ കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതും അത് ഒരു പൊതുപരിപാടിയില്‍ നിറയെ ആളുകളുള്ള ആരോ എടുത്ത ഫോട്ടോ അല്ലെന്നുമുള്ളതാണ്. ഇതിനേക്കാള്‍ അപകടകരവും ക്ഷുദ്രവുമായ ഒരു വാ‍ദവും അദ്ദേഹം മുന്നോട്ട് വെച്ചു. ക്ഷേത്രാചാരങ്ങളെയാണ് നിങ്ങള്‍(റിപ്പോര്‍ട്ടര്‍ ചാനല്‍) അപമാനിക്കുന്നത്, നിങ്ങള്‍ക്ക് ക്ഷേത്രാചാരങ്ങളെക്കുറിച്ച് എന്തറിയാം” എന്നതായിരുന്നു അത്. ഈ സന്ദര്‍ശനം, ഫോട്ടോ, ആ ഫോട്ടോയിലുള്ള നന്ദകുമാറിനെ ചൂഴ്ക്ന്ന് നില്‍ക്കുന്ന ദുരൂഹതകള്‍ ഇവയൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതും ക്ഷേത്രാചാരവുമായി ഇതിനൊക്കെ ഒരു ബന്ധവും ഇല്ല എന്നറിയാഞ്ഞിട്ടല്ല മന്ത്രി തിരുവഞ്ചൂര്‍ ഈ വാദം മുന്നോട്ട് വെച്ചത്. വിശ്വാസത്തെ തൊടുന്നത് തീക്കളിയാകുമെന്ന “മറ്റേ ലൈന്‍” അദ്ദേഹവും ആത്മരക്ഷാര്‍ത്ഥം എടുത്തുപയോഗിച്ചതാണ്. ഇതുവഴി ആ ലൈനിനു തന്റേതായ മട്ടില്‍ ഒരു സ്വീകാര്യതയും അദ്ദേഹം നല്‍കി. തികച്ചും എതിര്‍ക്കപ്പെടേണ്ട ഒന്ന്. ഒളിക്കാന്‍ ഒന്നും ഇല്ലായിരുന്നുവെങ്കില്‍ ഈ തീക്കളിക്ക് അദ്ദേഹം പരസ്യമായി മുതിരില്ലായിരുന്നു.  - ജാഗ്രത

സൗമ്യവധം: ഗോവിന്ദച്ചാമി കുറ്റക്കാരന്‍


സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തൃശൂര്‍ അതിവേഗകോടതി ജഡ്ജി കെ രവീന്ദ്രബാബുവിന്റെയാണ് ഉത്തരവ്. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലക്കല്‍ വീട്ടില്‍ ഗണേശന്റെയും സുമതിയുടെയും മകളായ സൗമ്യ(23) ട്രെയിന്‍യാത്രയ്ക്കിടെ ക്രൂരമായ ആക്രമണത്തിനും ബലാത്സംഗത്തിനും ഇരയായി മരിച്ചുവെന്നാണ് കേസ്. വിചാരണയ്ക്കിടെ പ്രതിഭാഗംസാക്ഷിയായി എത്തി പ്രതിയെ സഹായിക്കുന്ന തരത്തില്‍ മൊഴി നല്‍കിയെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോ. പ്രൊഫസര്‍ ഡോ.എ കെ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ശിക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസുവിനെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജി തള്ളി.

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കേരളത്തെ നടുക്കിയ കൊടുംപാതകം നടന്നത്. യാത്രക്കാരിയായ സൗമ്യ വള്ളത്തോള്‍നഗര്‍ സ്റ്റേഷനടുത്താണ് ആക്രമണത്തിന് ഇരയായത്. ഒറ്റക്കൈയനായ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടും ആക്രമിച്ചും മൃതപ്രായയാക്കിയശേഷം ബാലത്സംഗം ചെയ്യുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ആറിന് മരിച്ചു. ആന്തരികവും ബാഹ്യവുമായ മുറിവുകളായിരുന്നു മരണകാരണം. വനിതാ കംപാര്‍ട്മെന്റില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത സൗമ്യയെ ആക്രമിച്ച് പാളത്തിലേക്ക് തള്ളിയിട്ടുവെന്നും ബോധരഹിതയായി രക്തം വാര്‍ന്നുകിടന്ന അവസ്ഥയില്‍ പ്രതി മൃഗീയമായി ബലാത്സംഗം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയപരിശോധനാഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് പ്രോസിക്യൂഷന്റെ പിന്‍ബലം. 82 സാക്ഷികളെ വിസ്തരിച്ചു. 101 രേഖയും 43 തൊണ്ടിമുതലും ഹാജരാക്കി. എ സുരേശനാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ .

deshabhimani news

ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധം: സിപിഐ എം

പൊതുപണം തോമസ് ഐസക്കും ജി സുധാകരനും മുന്‍കൈയ്യെടുത്ത് ആക്സിസ് ബാങ്കില്‍ നിക്ഷേപിച്ചെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാന്നെന്ന് സിപിഐ എം  ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊച്ചി മെട്രോയില്‍ കോര്‍പ്പറേഷന്റെ പണം ആക്സിസ് ബാങ്കിന്റെ കൊല്ലം ശാഖയില്‍ നിക്ഷേപിച്ചത് സ്വന്തക്കാരെ വഴിവിട്ട് സഹായിക്കാനാണ്. എന്നാല്‍ ഐസക്കും സുധാകരനും ഹോംകോ, ജില്ലാ സഹകരണബാങ്ക്, കായംകുളം സഹകരണ സ്പിന്നിങ്മില്‍ എന്നിവയുടെ പണം ഉപയോഗിച്ച് സ്വന്തക്കാര്‍ക്ക് സഹായം ലഭിക്കുന്ന "നിക്ഷേപം നടത്തിയതായി ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലില്ല. ഹോംകോ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ വ്യവസായ സ്ഥാപനമാണ്. അവരുടെ ബിസിനസ് ആവശ്യത്തിന് ബാങ്കിങ് സേവനം നിയമപരമായി മാത്രമേ വിനിയോഗിക്കാനാവൂ.

ജില്ലാ സഹകരണബാങ്കും ആക്സിസ് ബാങ്കും തമ്മിലുള്ള ഇടപാടുകള്‍ ആരംഭിച്ചത് കോണ്‍ഗ്രസ് നേതാവായ സഹകാരി ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന 2006ലാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള യുടിഐ ബാങ്കുമായി കറസ്പോണ്ടന്റ് ബാങ്കിങ് അറേഞ്ച്മെന്റാണ് സഹകരണ രജിസ്ട്രാറുടെ രേഖാമൂലമുള്ള അനുമതിയോടെ യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി നടപ്പിലാക്കിയത്. ഇതുപ്രകാരം ബാങ്കിന് അതിന്റെ ഇടപാടുകാര്‍ക്ക് ജില്ലയ്ക്ക് വെളിയില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആര്‍ടിജിഎസ് സേവനങ്ങള്‍ കറന്റ് അക്കൗണ്ട് വഴി നടപ്പിലാക്കാന്‍ കഴിയും. യുടിഐ ബാങ്ക് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശപ്രകാരം ആക്സിസ് ബാങ്ക് എന്ന പേരിലേക്ക് പ്രവര്‍ത്തനം മാറ്റിയതാണ്. സഹകരണ സ്പിന്നിങ്മില്ലിന്റെ പണവും കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള യുടിഐയിലാണ് നിക്ഷേപിച്ചത്. വസ്തുത ഇതായിരിക്കെ ഡിസിസി പ്രസിഡന്റിനെപ്പോലെ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരം മുറിവിജ്ഞാനവുമായി രംഗത്തുവന്നത് കഷ്ടമാണ്. ലക്കും ലഗാനുമില്ലാതെ ആടിയുലയുന്ന യുഡിഎഫ് ഭരണത്തിന് ഇത്തരം താങ്ങുകള്‍കൊണ്ട് പ്രയോജനമില്ലെന്നും ചന്ദ്രബാബു പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം: സിഐടിയു

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സഹകരണമേഖലയിലെ ഔഷധനിര്‍മാണശാലയായ ഹോംകോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ മൂന്നരക്കോടി രൂപ ജില്ലാ ട്രഷറിയിലാണ് നിക്ഷേപിച്ചതെന്നും ഇതുസംബന്ധിച്ച് ഡിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് സഹകരണ ഫാര്‍മസി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്‍ പി സ്നേഹജനും ജനറല്‍ സെക്രട്ടറി ബി ഭുവനേന്ദ്രനും പ്രസ്താവനയില്‍ പറഞ്ഞു. ഹോംകോയുടെ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുറന്നത്. ഇതാകട്ടെ എസ്ഡി അക്കൗണ്ടുമാത്രവും. എന്നാല്‍ സ്ഥാപനത്തിന്റെ പ്രധാന ഇടപാടുകള്‍ മറ്റ് ബാങ്കുകള്‍വഴിയാണ് നടക്കുന്നത്. ഇതിനായി ആലപ്പുഴയിലെ എസ്ബിടി, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂക്കോ ബാങ്ക്, ജില്ലാ സഹകരണബാങ്ക് പ്രധാന ശാഖ എന്നിവിടങ്ങളിലൊക്കെ സ്ഥാപനത്തിന് അക്കൗണ്ടുകള്‍ ഉണ്ട്. ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുറന്നത് ശരിയായില്ലെന്ന് സര്‍ക്കാര്‍ ഓഡിറ്റില്‍ രണ്ടുതവണ ചൂണ്ടിക്കാണിച്ചിരുന്നു. അക്കൗണ്ട് അവസാനിപ്പിക്കണമെന്നും യൂക്കോ ബാങ്കിലേക്ക് അക്കൗണ്ട് മാറ്റണമെന്നു നിര്‍ദേശം കൊടുത്തിരുന്നതുമാണ്. ഇപ്പോഴും ആക്സിസ് ബാങ്കില്‍ അക്കൗണ്ട് തുടരുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കണം- നേതാക്കള്‍ ആവശ്യപ്പെട്ടു.

deshabhimani 311011

ഡിസിസി ഓഫീസ്/സുന്നി ഓഫീസ് കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നു

കോട്ടയം ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ പേരു ചേര്‍ക്കാന്‍ ശ്രമം. സ്ഥലത്തില്ലാത്തവരെയും മറ്റും വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാനാണ് പരിപാടി. ഇതിന്റെ ഭാഗമായി ഡിസിസി ഓഫീസില്‍നിന്ന് വിവിധ പ്രാദേശിക കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും അപേക്ഷ നല്‍കിത്തുടങ്ങി. ജില്ലയുടെ ചില ഭാഗങ്ങളില്‍ കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നയായി പരാതിയുണ്ട്. അപേക്ഷ പരിശോധനാ സമയത്ത് അധികാരത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടര്‍പ്പട്ടികയില്‍ കള്ള വോട്ടര്‍മാരെ ചേര്‍ക്കാനും മറ്റു ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കാനുമാണ് ശ്രമം.

18 വയസ്സ് കഴിഞ്ഞവര്‍ക്ക് പുതുതായി പേര് ചേര്‍ക്കാനും പട്ടികയിലെ തെറ്റുകള്‍ തിരുത്താനും നീക്കേണ്ടവ നീക്കാനും മറ്റുമുള്ള അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നവംബര്‍ ഒന്നു വരെയാണ് വോട്ടപ്പട്ടിക പുതുക്കലിനും മറ്റും അപേക്ഷകള്‍ സ്വീകരിക്കുക. പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ അപേക്ഷയുമായി നേരിട്ട് വില്ലേജ് ഓഫീസര്‍ക്കോ തഹസില്‍ദാര്‍ക്കോ അപേക്ഷ നല്‍കണം. ഓണ്‍ലൈനായും അപേക്ഷ നല്‍കാമെങ്കിലും ചില രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസ് കേന്ദ്രീകരിച്ച് അപേക്ഷകള്‍ തയ്യാറാക്കി അവ കൂട്ടത്തോടെ നല്‍കുന്നത് രാഷ്ട്രീയ ഗൂഢോദ്ദേശ്യമാണെന്ന് വ്യക്തം. കോട്ടയം താലൂക്ക് ഓഫീസിലടക്കം ഇത്തരത്തില്‍ കൂട്ടത്തോടെ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളില്‍ വേണ്ട പരിശോധനകള്‍ നടത്താതെ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്‍ജിഒ അസോസിയേഷന്‍ അംഗങ്ങളായവരും കോണ്‍ഗ്രസ് അനുകൂലികളായ ചില ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ചില വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസീല്‍ദാര്‍ക്കുമെതിരെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇനി രണ്ടു ദിവസം മാത്രമാണ് വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ചേര്‍ക്കാനും തിരുത്താനും നീക്കം ചെയ്യാനും മറ്റും അവസരം. അവസാനനിമിഷത്തിലാണ് ഇത്തരത്തില്‍ ഒന്നിച്ച് അപേക്ഷകള്‍ രാഷ്ട്രീയ പാര്‍ടി ഓഫീസ് കേന്ദ്രീകരിച്ച് തയ്യാറാക്കി അവ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.

2012 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കാം. പട്ടികയില്‍ പേര് ഉള്ളവര്‍ക്ക് മണ്ഡലം മാറ്റാനോ ബൂത്ത് മാറ്റാനോ അപേക്ഷ നല്‍കാം. അതോടൊപ്പം തെറ്റുകള്‍ തിരുത്താനും അനര്‍ഹരായവരുടെ പേരുകള്‍ നീക്കം ചെയ്യാനും അപേക്ഷ നല്‍കാം.

വോട്ട് ചേര്‍ക്കല്‍ ലീഗ് സുന്നി ഓഫീസില്‍ ; നാട്ടുകാര്‍ തടഞ്ഞു

തിരൂര്‍ : മുസ്ലിംലീഗ് പ്രവര്‍ത്തകനായ ബൂത്ത് ഓഫീസറുടെ നേതൃത്വത്തില്‍ ലീഗ് അനുകൂല സംഘടന ഓഫീസില്‍വച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. തിരൂര്‍ അസംബ്ലി നിയോജകമണ്ഡലത്തില്‍പ്പെട്ട നഗരസഭാ 35-ാം ബൂത്തിലെ വോട്ട് ചേര്‍ക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്. ലീഗ് പ്രവര്‍ത്തകനായ ബൂത്ത് ഓഫീസറുടെയും ബൂത്ത് ലെവല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ നടുവിലങ്ങാടിയിലെ എസ്കെഎസ്എസ്എഫ് ഓഫീസില്‍വച്ചാണ് വോട്ട് ചേര്‍ത്തത്. നടുവിലങ്ങാടി മദ്രസയില്‍വച്ചാണ് വോട്ട് ചേര്‍ക്കല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. കേന്ദ്രം മാറ്റിയതറിയാതെ നിരവധി ആളുകള്‍ മദ്രസയിലെത്തി മടങ്ങി. ഇതിനിടെയാണ് എസ്കെഎസ്എസ്എഫ് ഓഫീസില്‍വച്ച് വോട്ട് ചേര്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇത് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും മദ്രസയിലേക്ക് മടങ്ങുകയുംചെയ്തു. ബൂത്ത് ഓഫീസറുടെ നടപടിക്കെതിരെ സിപിഐ എം പ്രവര്‍ത്തകര്‍ കലക്ടര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി.

deshabhimani 311011

ചീഫ് വിപ്പ് ക്രിമിനല്‍ കുറ്റവാളി: പിണറായി


പാനൂര്‍(കണ്ണൂര്‍): ക്രിമിനല്‍ കുറ്റവാളിയായി കാണേണ്ടയാളെ ഭരണകക്ഷിയുടെ ചീഫ്വിപ്പായി കാണാന്‍ നിയമസഭക്കോ കേരളീയ സമൂഹത്തിനോ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എ കെ ബാലന്‍ എംഎല്‍എയെ പൊതുവേദിയില്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചതുവഴി പിഴയും തടവും അനുഭവിക്കേണ്ട കുറ്റകൃത്യമാണ് പി സി ജോര്‍ജ് നടത്തിയത്. തെറിയില്‍ ഡോക്ടറേറ്റുള്ളയാളാണ് ചീഫ് വിപ്പ്. ഐ വി ദാസ് ഒന്നാം ചരമദിനാചരണത്തോടനുബന്ധിച്ച് പാത്തിപ്പാലത്തുചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. ചീഫ്വിപ്പിന്റെ കണ്ണില്‍ എല്ലാവരും വിവരംകെട്ടവരാണ്. ഓരോരുത്തരെയും പേരെടുത്ത് വിവരംകെട്ടവനെന്നാണ് വിളിക്കുന്നത്. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ജോര്‍ജിനെതിരെ കേസെടുക്കണം. ആത്മാര്‍ഥതയോടെയല്ല മന്ത്രി ഗണേശ്കുമാര്‍ ഖേദപ്രകടനം നടത്തിയത്. വി എസിന്റെ പ്രായത്തെക്കുറിച്ചാണ് അപ്പോഴും പറഞ്ഞത്. വ്യവസ്ഥകളോടെയായിരുന്നു ഖേദപ്രകടനം. കേരളത്തിന്റെ പൊതുസാംസ്കാരിക നിലപാടിനോട് യോജിക്കാന്‍ കഴിയാത്ത മനുഷ്യന് എങ്ങനെ മന്ത്രിയായി തുടരാനാകും. ഈ ഖേദപ്രകടനം കൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല - പിണറായി പറഞ്ഞു.

മന്ത്രിക്കും വിപ്പിനും പെരുമാറ്റച്ചട്ടം കോണ്‍ഗ്രസ് ശുപാര്‍ശചെയ്യും

മന്ത്രിമാര്‍ക്കും ഗവണ്‍മെന്റ് ചീഫ്വിപ്പിനും പെരുമാറ്റച്ചട്ടമേര്‍പ്പെടുത്താന്‍ കെപിസിസി ഭരണ-സംഘടന ഏകോപനസമിതി യോഗം ശുപാര്‍ശചെയ്തേക്കും. തിങ്കളാഴ്ചയാണ് യോഗം. മന്ത്രി ഗണേശ് കുമാറിന്റെയും പി സി ജോര്‍ജിന്റെയും അതിരുവിട്ട പ്രസംഗങ്ങളും പ്രതികരണങ്ങളും യുഡിഎഫ് ഭരണത്തെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കയാണ്. അതിരുവിടുന്നവര്‍ക്ക് മൂക്കുകയര്‍ ഇടണമെന്നാണ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരായ ഗണേശ്കുമാറിന്റെ പരാമര്‍ശം മര്യാദയുടെ സര്‍വ സീമകളെയും ലംഘിച്ചു. എ കെ ബാലന് എതിരായ ജോര്‍ജിന്റെ പരാമര്‍ശം തികഞ്ഞ നിയമലംഘനമാണെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഏതെങ്കിലും നിയമസംവിധാനത്തില്‍നിന്ന് പ്രതികൂലപരാമര്‍ശം വന്നാല്‍ ഇവരെ കൈവിടണമെന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ , നിയമസഭയില്‍ നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്നതിനാല്‍ ഇവരെ കൈയൊഴിയാന്‍ കഴിയില്ലെന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

മന്ത്രിമാര്‍ക്കും ചീഫ്വിപ്പിനും പെരുമാറ്റച്ചട്ടത്തിനുള്ള കെപിസിസി ഏകോപനസമിതി ശുപാര്‍ശ ബുധനാഴ്ച ചേരുന്ന യുഡിഎഫ് ഉന്നതതലയോഗം ചര്‍ച്ചചെയ്യും. ഇതിനോട് മറ്റു ഘടകകക്ഷി നേതാക്കളും യോജിക്കാനാണ് സാധ്യത. അതേസമയം, എല്‍ഡിഎഫിന് എതിരായ രാഷ്ട്രീയസമരം ശക്തമാക്കണമെന്നും മുന്നണി നിര്‍ദേശിക്കും. ബോര്‍ഡ്-കോര്‍പറേഷന്‍ പുനസംഘടനയും തര്‍ക്കവും സമിതി ചര്‍ച്ചചെയ്യും. ഓരോ ഘടകകക്ഷിയുടെയും കോര്‍പറേഷന്‍ ബോര്‍ഡുകളുടെ എണ്ണത്തിന് ബുധനാഴ്ചത്തെ യോഗം അന്തിമതീരുമാനം എടുത്തേക്കും. ബോര്‍ഡ്-കോര്‍പറേഷന്‍ വിഹിതം കോണ്‍ഗ്രസില്‍ ഓരോ ഗ്രൂപ്പിനും എത്രയെന്നത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പക്ഷേ, ഇതുപ്രകാരം പേരുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിലും പൊട്ടിത്തറി ചെറുതാവില്ല.

വിവാദ പ്രസംഗം യുഡിഎഫ് ചര്‍ച്ചചെയ്യും: ചെന്നിത്തല

കൊച്ചി: ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും മന്ത്രി കെ ബി ഗണേശ്കുമാറിന്റെയും വിവാദ പ്രസ്താവനകള്‍ അടുത്ത യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിഎസ്ടിയു ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യാനെത്തിയ ചെന്നിത്തല മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പ്രശ്നത്തെ രാഷ്ട്രീയപോരാട്ടത്തിലേക്കു കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെങ്കില്‍ രാഷ്ട്രീയമായിത്തന്നെ നേരിടും. ഗണേശും മുഖ്യമന്ത്രിയും മറ്റുള്ളവരും വിവാദ പ്രസ്താവനയുടെ പേരില്‍ ഖേദംപ്രകടിപ്പിച്ചു. പൊതുപ്രവര്‍ത്തനമണ്ഡലത്തിലുള്ള എല്ലാവരും സംസാരം സൂക്ഷിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

ഉത്തരവാദപ്പെട്ടവരുടെ നാവ് പിഴയ്ക്കരുത്: ഷിബു ബേബിജോണ്‍

ശൂരനാട്: ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരുടെ നാവ് പിഴയ്ക്കാന്‍ പാടില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ . മന്ത്രി കെ ബി ഗണേശ്കുമാറിനെയും ചീഫ്വിപ്പ് പി സി ജോര്‍ജിനെയും പേരെടുത്ത് പറയാതെയാണ് ഷിബു ബേബിജോണിന്റെ പ്രതികരണം. ശൂരനാട് തെക്ക് പതാരത്ത് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആരും പറഞ്ഞതിലെ ശരിയും തെറ്റും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി.

അധ്യാപകന്റെ ബന്ധുക്കള്‍ മന്ത്രിക്കെതിരെ നിയമനടപടിക്ക്

പത്തനാപുരത്ത് മന്ത്രി ഗണേശ്കുമാറും പി സി ജോര്‍ജും നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വാളകം ആര്‍വിവിഎച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ബന്ധുക്കളും നിയമനടപടി ആലോചിക്കുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ആലോചിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൃഷ്ണകുമാറിന്റെ ഭാര്യാ സഹോദരന്‍ ഡോ. അജിത് പ്രസാദ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ നിന്ദ്യമായ ഭാഷയില്‍ അപമാനിച്ച പത്തനാപുരം പ്രസംഗത്തില്‍ ഗണേശ്കുമാറും പി സി ജോര്‍ജും കൃഷ്ണകുമാറിനെയും അവഹേളിച്ചിരുന്നു. വാളകത്ത് ക്രൂരമായ അക്രമത്തിനിരയായ കൃഷ്ണകുമാര്‍ ലൈംഗികവേഴ്ചയ്ക്ക് പോയതാണെന്ന് സൂചിപ്പിക്കുന്ന, അറപ്പുളവാക്കുന്ന വാക്കും പ്രയോഗിച്ചു. കൃഷ്ണകുമാര്‍ കാണാന്‍ പോയ ജ്യോത്സ്യനു നേര്‍ക്കും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം ചൊരിഞ്ഞു. പി സി ജോര്‍ജും ഇതേ രീതിയില്‍ അധ്യാപകനെ ആക്ഷേപിച്ചു.

deshabhimani 311011

എരിഞ്ഞടങ്ങാത്ത ഓര്‍മയായി സൗമ്യ, റെയില്‍വേയെ ആരു ശിക്ഷിക്കും?

ട്രെയിന്‍യാത്രയ്ക്കിടയില്‍ ക്രൂരബലാത്സംഗത്തിനിരയായി സൗമ്യ കൊല്ലപ്പെട്ട കേസില്‍ വിധി കേള്‍ക്കാന്‍ ജനം കാതോര്‍ക്കുകയാണ്. ഷൊര്‍ണൂരില്‍ മുല്ലക്കല്‍ വീട്ടില്‍ ഇനിയും എരിഞ്ഞടങ്ങാത്ത, വീട്ടുകാരുടെ വേദനയ്ക്കൊപ്പം ജനസമൂഹം ഒന്നായി. കേസിന്റെ ഓരോ നടപടികളിലും ജനം ജാഗരൂകരായി. സംസ്ഥാനത്തെ ഞെട്ടിച്ച ക്രൂരകൃത്യത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് കേരളീയസമൂഹത്തിന്റെ ആഗ്രഹം. എന്നാല്‍ , അന്തിമവിധിയെഴുതേണ്ടത് നീതിന്യായപീഠമാണ്. തിങ്കളാഴ്ചയാണ് വിധി.

ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായ സൗമ്യ 2011 ഫെബ്രുവരി ഒന്നിനാണ് ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയ്ക്കും ഒമ്പതിനുമിടയില്‍ വള്ളത്തോള്‍നഗര്‍ സ്റ്റേഷന്‍ വിട്ടതോടെയാണ് ആക്രമണം. ബലാത്സംഗത്തിനിരയായി രക്തം വാര്‍ന്ന് പാളത്തില്‍ കിടന്ന സൗമ്യയെ പതിനൊന്നോടെയാണ് മെഡിക്കല്‍കോളേജ് ആശുപത്രയിലെത്തിച്ചത്. പുലര്‍ച്ച രണ്ടിന് ഗൈനക്കോളജിസ്റ്റ് ഡോ. തനൂജ പരിശോധിച്ചു. ക്രൂരബലാത്സംഗം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 2.30ന് ചെറുതുരുത്തി പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. നാലിന് സൗമ്യ യാത്ര ചെയ്തിരുന്ന കംപാര്‍ട്മെന്റ് പൊലീസ് പരിശോധിച്ചു. പ്രതിയുടെ ഷര്‍ട്ടില്‍നിന്നും പൊട്ടീവണ ബട്ടന്‍സും സൗമ്യയുടെ മുടിയിലുണ്ടായിരുന്ന ക്ലിപ്പും മറ്റും കണ്ടെടുത്തു. മൂന്നിന് പുലര്‍ച്ചെ തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ ക്രിമിനല്‍ ഗോവിന്ദച്ചാമി(30)യെ പാലക്കാട്ടുവച്ച് റെയില്‍വേ ഡിവൈഎസ്പി സുനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചേലക്കര സിഐ ശശിധരന്‍ അറസ്റ്റ്ചെയ്തു. ഏപ്രില്‍ 19ന് കുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ ആറിന് തൃശൂര്‍ അതിവേഗകോടതി ജഡ്ജി രവീന്ദ്രബാബു മുമ്പാകെ വിചാരണ ആരംഭിച്ചു. സൗമ്യയുടെ രഹസ്യഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സ്രവങ്ങളുടെയും നഖത്തിനടിയല്‍നിന്ന് കിട്ടിയ തൊലിയുടെയും രാസപരിശോധന ഫലം, പ്രതിയുടെ ശരീരത്തിലെ മുറിവുകള്‍ , വസ്ത്രത്തില്‍നിന്ന് ലഭിച്ച രക്തം എന്നിവയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രോസിക്യൂഷന് ശക്തമായ തെളിവുകളായി. ട്രെയിനില്‍ സൗമ്യ നിലവിളിച്ചത് കേള്‍ക്കുകയും ഒറ്റക്കൈയനായ പ്രതി ചാടിയിറങ്ങുന്നതും കണ്ട യാത്രക്കാരായ വയനാട് സ്വദേശി ടോമി ദേവസ്യ, അബ്ദുള്‍ ഷുക്കൂര്‍ , സൗമ്യയില്‍നിന്ന് ഗോവിന്ദച്ചാമി തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ വിലയ്ക്കു വാങ്ങിയ വയനാട് സ്വദേശി മാണിക്യന്‍ എന്നിവര്‍ പ്രതിയെ തിരിച്ചറിഞ്ഞു.

കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. എ കെ ഉന്മേഷ് പ്രതിഭാഗം സാക്ഷിയായി എത്തി. പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഫോറന്‍സിക് മേധാവിയല്ല, താനാണ് എന്ന അദ്ദേഹത്തിന്റെ മൊഴി വിവാദമായി. ഈ മൊഴിക്കെതിരെ മലയാളവേദി സിജെഎം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഉന്മേഷിനെ വീണ്ടും വിസ്തരിച്ചു. ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ പ്രതിയെ സഹായിക്കുന്ന നിലപാട് എടുത്തത് സര്‍ക്കാരിനും നാണക്കേടായി. ഇതേപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഉന്മേഷിനെതിരെ നടപടിയെടുത്തിട്ടില്ല. കോടതിവിധിക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുക.

സുരക്ഷയില്ല; റെയില്‍വേയെ ആരു ശിക്ഷിക്കും

തൃശൂര്‍ : ട്രെയിന്‍യാത്രയ്ക്കിടെ സൗമ്യ എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. എന്നാല്‍ , സമാന അനുഭവങ്ങള്‍ തുടരുമ്പോഴും സുരക്ഷിതത്വത്തിനായി ചെറുവിരലനക്കാത്ത റെയില്‍വേക്ക് ആര് ശിക്ഷ വിധിക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.

മോഷണവും യാത്രക്കാരെ ശല്യം ചെയ്യലും പതിവാക്കിയ കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുകയാണ് ട്രെയിനുകള്‍ . സൗമ്യാ സംഭവം നടന്ന് മാസങ്ങള്‍ക്കകം തൃശൂരില്‍തന്നെ ഒറീസ സ്വദേശിയായ പെണ്‍കുട്ടി ട്രെയിനില്‍ ആക്രമിക്കപ്പെട്ടു. ഗുരുവായൂരിലും ചാലക്കുടിയിലും സ്ത്രീകള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനമുണ്ടായി. കംപാര്‍ട്മെന്റില്‍ മദ്യപിച്ച് അഴിഞ്ഞാടിയതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കഴിഞ്ഞദിവസം കേരള എക്സ്പ്രസില്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിന് അറസ്റ്റിലായ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിനെ പിഴയടപ്പിച്ച് വിട്ടയക്കുകയായിരുന്നു. കൊല്ലം കുണ്ടറ പൊന്നുവിള ബോബന്‍ മാത്യു(46)വാണ് പിടിയിലായത്.

സൗമ്യാ സംഭവത്തിനുശേഷം പ്രതിഷേധം ശക്തമായപ്പോള്‍ രണ്ട് കേണ്‍സ്റ്റബിള്‍മാരെ രാത്രിഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ , ഈ സേവനം ഒരുദിവസത്തേക്ക് മാത്രമായിരുന്നു. ചില ട്രെയിനുകളില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരെ ഏര്‍പ്പെടുത്തിയെങ്കിലും ഒരാഴ്ചക്കകം പിന്‍വലിച്ചു. വനിതാ കോച്ചുകളിലുണ്ടായിരുന്ന തേജസ്വിനി സ്ക്വാഡും ഇല്ലാതായി. വനിതാ കംപാര്‍ട്മെന്റുകള്‍ മധ്യത്തിലാക്കാനും പ്രത്യേക നിറം നല്‍കാനും ആവശ്യമുയര്‍ന്നെങ്കിലും റെയില്‍വേ പരിഗണിച്ചില്ല. ആര്‍പിഎഫിന്റെ ചുമതലയില്‍ യാത്രസുരക്ഷ ഉള്‍പ്പെടുത്തുമെന്ന മുന്‍ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയുടെ വാഗ്ദാനം പാഴ്വാക്കായി മാറി.

ഒഴിവുകള്‍ നികത്താത്തതും തസ്തിക സൃഷ്ടിക്കാത്തതും ട്രെയിന്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. തിരുവനന്തപുരം ഡിവിഷനില്‍ 700 ആര്‍പിഎഫുകാര്‍ വേണ്ടിടത്ത് 400 പേരാണുളളത്. വനിതകള്‍ 12ഉം. തൃശൂരില്‍ സ്ഥിരസേവനത്തിനായി പത്തുപേരാണുള്ളത്. രാത്രികാല പട്രോളിങ്ങിനായി ഒരു വനിതാ കോണ്‍സ്റ്റബിളും. തിരുവനന്തപുരം ഡിവിഷനില്‍ ആകെ 55 വനിതാ സ്റ്റാഫാണുള്ളത്. ദിവസം മുന്നൂറ്റമ്പതോളം കോച്ചുകള്‍ ടിക്കറ്റ്പരിശോധകരില്ലാതെയാണ് സഞ്ചരിക്കുന്നത്. ചെക്കിങ് വിഭാഗത്തില്‍ ആകെ 509 പേരാണുള്ളത്. സ്ലീപ്പര്‍ കോച്ചുകളിലും ആവശ്യമായ ടിടിഇമാരില്ല. 750 പേര്‍ വേണ്ടിടത്ത് 350 പേരാണുള്ളത്. രണ്ടുവിഭാഗത്തിലുമായി 1000 ഒഴിവുണ്ട്. രണ്ടു കോച്ചിന് ഒരു ടിടിഇ, ഓര്‍ഡിനറി കോച്ചിന് ഒരു ടിടിഇ എന്ന മാനദണ്ഡവും പാലിക്കുന്നില്ല. ടിക്കറ്റ് പരിശോധകരും സ്ക്വാഡുമടക്കം തിരുവനന്തപുരം ഡിവിഷനില്‍ 1650 ജീവനക്കാരുടെ ഒഴിവുണ്ട്. ആവശ്യങ്ങളേറിയിട്ടും 1967ലെ നിയമന പാറ്റേണാണ് റെയില്‍വേ ഇന്നും തുടരുന്നത്.

deshabhimani 311011

നബാര്‍ഡ് വായ്പകള്‍ നിര്‍ത്തലാക്കി; ഗ്രാമീണ സമ്പദ്ഘടന പ്രതിസന്ധിയില്‍

നബാര്‍ഡ് നല്‍കിവന്ന കാര്‍ഷികവായ്പകള്‍ നിര്‍ത്തലാക്കിയത് സഹകരണബാങ്കുകളെയും കൃഷിക്കാരെയും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്‍ഷിക വായ്പയിനത്തില്‍ ഒരു രൂപപോലും നബാര്‍ഡ് കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതുമൂലം സഹകരണബാങ്കുകള്‍ കൃഷിക്കാര്‍ക്ക് ആറ് ശതമാനത്തിന് നല്‍കിയിരുന്ന കാര്‍ഷികവായ്പ ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നില്ല. നബാര്‍ഡ് സംസ്ഥാന സഹകരണബാങ്കിനും അതുവഴി ജില്ലാബാങ്കിനും ജില്ലാബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ സഹകരണസംഘങ്ങള്‍ക്കും വായ്പക്കുള്ള തുക അനുവദിച്ചാണ് കര്‍ഷകര്‍ക്ക് വായ്പ നല്‍കിയിരുന്നത്. ഇത് നിലച്ചിട്ട് മൂന്നുവര്‍ഷം തികയുന്നു. 18 ശതമാനംവരെ പലിശയുള്ള സാധാരണ വായ്പകള്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍വഴി വിതരണം ചെയ്യുന്നത്. ബാങ്കുകളുടെ സ്ഥിരംനിക്ഷേപങ്ങളും ഹ്രസ്വാകാല നിക്ഷേപങ്ങളും ചേര്‍ത്താണ് ഒഎല്‍ ലോണുകള്‍ നല്‍കിവരുന്നത്. ഇതിനാകട്ടെ ഉയര്‍ന്ന പലിശയാണ് ചുമത്തുന്നത്.

കേന്ദ്രഗവണ്‍മെന്റ് പിന്തുടരുന്ന സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ചാണ് നബാര്‍ഡ് സഹകരണരംഗത്ത് പിടിമുറുക്കുന്നത്. 2000ല്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനം വിലയിരുത്താനും പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി വൈദ്യനാഥന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമീഷന്റെ ശുപാര്‍ശയനുസരിച്ച് കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന സഹകരണരംഗത്തെ ത്രിതല സംവിധാനം (സംസ്ഥാന-ജില്ലാ-പ്രാഥമിക ബാങ്കുകള്‍) നിര്‍ത്തലാക്കണമെന്നും നബാര്‍ഡ് കൃഷിക്കാര്‍ക്ക് നേരിട്ട് വായ്പ നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. സഹകരണബാങ്കുകള്‍ , ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്നും സഹകരണബാങ്കുകള്‍ ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു. ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ അടച്ചുതീര്‍ത്ത ഓഹരി മൂലധനമുള്ള സംഘങ്ങളെ ബാങ്കുകളായി പരിഗണിക്കാമെങ്കിലും സഹകരണബാങ്കുകളെ ബാങ്കിങ് റഗുലേഷന്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ബന്ധ ശുപാര്‍ശയും ഉണ്ടായിരുന്നു. സഹകരണബാങ്കുകള്‍ നീതി മെഡിക്കല്‍ സ്റ്റോറോ മറ്റ് സ്ഥാപനങ്ങളോ തുടങ്ങാനോ നിലവിലുള്ളത് തുടരാനോ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു.

പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖലയിലേക്ക് കടന്നുവരുന്നതിനുള്ള പരവതാനി വിരിക്കുകയാണ് കേന്ദ്രഗവണ്‍മെന്റ് ലക്ഷ്യംവയ്ക്കുന്നത്. വൈദ്യനാഥന്‍ കമീഷന്റെ ശുപാര്‍ശകള്‍ അപ്പാടെ അംഗീകരിച്ച് കേന്ദ്രഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പുവച്ചാല്‍മാത്രമെ നബാര്‍ഡ് വഴിയുള്ള കൃഷിവായ്പകള്‍ കേരളത്തിന് നല്‍കൂ എന്നാണ് കേന്ദ്രനിലപാട്. കമീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെമാത്രമെ അംഗീകരിക്കാന്‍ കഴിയൂ എന്നും സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നതുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരണന്റെ നിലപാട്.

അതേസമയം കേന്ദ്രനിര്‍ദേശം അംഗീകരിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു .നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കേന്ദ്രവുമായി എംഒയു ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തികമേഖലയുടെ നട്ടെല്ലായ സഹകരണമേഖലയെ തകര്‍ക്കും. ഇഎംഎസ് ഭവനനിര്‍മാണ പദ്ധതിക്ക് 500 കോടി വായ്പ നല്‍കി കേരളത്തിന്റെ വികസനത്തിന് കുതിപ്പേകിയത് സഹകരണബാങ്കുകളാണ്. യുഡിഎഫ് തുരുമാനം നടപ്പാക്കുന്നതിലൂടെ സഹകരണബാങ്കുകള്‍ക്ക് പകരം വെറും സൊസൈറ്റികള്‍ മാത്രമാണുണ്ടാവുക.

deshabhimani 311011

സ്വകാര്യ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നതില്‍ അഴിമതി: വി എസ്

പുതുതലമുറ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുന്നതിനുപിന്നില്‍ നഗ്നമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

കൊച്ചി മെട്രോ പദ്ധതിയുടെ അക്കൗണ്ട് എസ്ബിഐയിലോ എസ്ബിടിയിലോ തുടങ്ങുന്നതിനു പകരം രണ്ട് പുതുതലമുറ ബാങ്കുകള്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു സര്‍ക്കാരിന്റെ നിക്ഷേപം താന്‍ ജോലിചെയ്യുന്ന സ്വകാര്യബാങ്കിലേക്ക് തരപ്പെടുത്തി. നഗ്നമായ പ്രീണനവും അഴിമതിയുമാണ് മുഖ്യമന്ത്രി കാണിച്ചത്. കേരളത്തിന്റെ ബാങ്കിങ് മേഖല കൈയടക്കാന്‍ ശ്രമിക്കുന്ന പുതുതലമുറ ബാങ്കുകളുടെ സ്പോണ്‍സര്‍മാരായി സര്‍ക്കാര്‍ മാറി. സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം പുതുതലമുറ ബാങ്കുകളിലേക്ക് തിരിച്ചുവിടാന്‍ ഉത്തരവിറക്കി. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഈ ബാങ്കുകളിലേക്ക് എത്തിക്കാനുള്ള ചരടുവലിയും തുടങ്ങി. ക്ഷേമനിധികളിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഇങ്ങനെ മാറ്റാന്‍ ഉത്തരവായി.

കേരളാ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി മാറിയ മൂന്ന് സ്വകാര്യ ബാങ്കില്‍ കേരളത്തില്‍നിന്ന് എണ്ണായിരം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്നാല്‍ , ഇവയില്‍ രണ്ട് ബാങ്കിന് ഗ്രാമങ്ങളില്‍ ശാഖയില്ല. നിക്ഷേപത്തിന്റെ പത്ത് ശതമാനംപോലും കാര്‍ഷികവായ്പ നല്‍കുന്നില്ല. ചെറുകിട വ്യാപാരികള്‍ക്ക് വായ്പ അനുവദിക്കുന്നില്ല. വിദ്യാഭ്യാസ വായ്പയ്ക്കായി എത്തുന്നവര്‍ക്കുമുന്നില്‍ കൈമലര്‍ത്തും. ഇങ്ങനെ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ സഹകരിക്കാത്ത സ്വകാര്യബാങ്കുകള്‍ക്ക് നിക്ഷേപം പിടിച്ചുകൊടുക്കുന്ന പണിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് വി എസ് പറഞ്ഞു.

deshabhimani 311011

അപകടമാണെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് നടന്‍ ജഗദീഷിന്റെ ഭാര്യ

വാളകത്ത് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത് നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. കെ രമ. അറിയപ്പെടുന്ന യുഡിഎഫ് സഹയാത്രികനും മന്ത്രി ഗണേശ്കുമാറിന്റെ വിശ്വസ്ത സുഹൃത്തുമായ ജഗദീഷിന്റെ ഭാര്യയെ മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും തെളിഞ്ഞു.

കൃഷ്ണകുമാറിനെ അതിക്രൂരമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസ് അട്ടിമറിക്കാനാണ് വാഹനാപകടമെന്ന് രമ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. കൃഷ്ണകുമാറിനെ ആരോ കൈകാര്യംചെയ്തതാണെന്ന് ഗണേശ്കുമാര്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരിക്കെ മന്ത്രിയുടെ അടുത്ത സുഹൃത്തിന്റെ ഭാര്യ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്ന് വ്യക്തം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം ഡോക്ടറാണ് രമ. മരണത്തിലെ ദുരൂഹത, ചികിത്സയിലെ അപാകം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍ മാത്രമേ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താറുള്ളൂ. ഇത് മറികടന്നാണ് ഡോ. രമയെ കൃഷ്ണകുമാറിന്റെ കേസുമായി ബന്ധപ്പെട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയത്. രമയ്ക്ക് പുറമെ, യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പ്രത്യേക താല്‍പ്പര്യമെടുത്ത് നിയോഗിച്ച സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ്, സൈക്യാട്രി വിഭാഗം തലവന്‍ ഡോ. അനില്‍ പ്രഭാകര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. രോഗിയുടെ മനോനില മാത്രമാണ് അനില്‍ പരിശോധിച്ചത്.

തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ ബി ഗണേശ്കുമാറിനു വേണ്ടിയും കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കായും ജഗദീഷ് സജീവമായ പ്രചാരണം നടത്തിയിരുന്നു. വിദ്യാഭ്യാസകാലത്ത് കെഎസ്യു നേതാവായ ജഗദീഷ് കോണ്‍ഗ്രസ് വേദികളില്‍ പതിവുകാരനാണ്. ഹൈവെലോസിറ്റി റോഡ് ട്രാഫിക് ആക്സിഡന്റ് (അതിവേഗത്തിലുള്ള റോഡ് അപകടം) മൂലമാണ് അപകടം സംഭവിച്ചതെന്നാണ് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട്. 100-120 കിലോമീറ്റര്‍ വേഗത്തിലുള്ള വാഹനം അപകടത്തില്‍ പെടുന്നതിനെയാണ് ഹൈവെലോസിറ്റി റോഡ് ആക്സിഡന്റ് എന്നു പറയുന്നത്. ഈ വേഗത്തില്‍ ഓടിയ വാഹനം ഇടിച്ചതാണെങ്കില്‍ തലച്ചോര്‍ , തലയോട്ടി, നെഞ്ച്, നട്ടെല്ല്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങളില്‍ സംഭവിക്കുന്ന പോളി ട്രോമ (ബഹുമുഖ ഗുരുതര പരിക്കുകള്‍)യില്‍ രോഗി മൃതാവസ്ഥയില്‍ ആകും. കൃഷ്ണകുമാറിന്റെ ശരീരത്തിന്റെ പ്രത്യേകഭാഗത്ത് മാത്രമേ ഗുരുതര പരിക്കുള്ളൂ. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണപ്പോള്‍ പ്രത്യേക തരത്തിലുള്ള എന്തെങ്കിലും ശരീരത്തില്‍ കയറിയതാകാം എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ , പൊലീസ് അരിച്ചുപെറുക്കിയിട്ടും അങ്ങനെയെന്തെങ്കിലും കണ്ടെത്താനായിട്ടുമില്ല. മലദ്വാരത്തിലെ പരിക്ക് എങ്ങനെയുണ്ടായി എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല. ഇത്തരം അവസരങ്ങളില്‍ കാരണം കണ്ടെത്താന്‍ എംആര്‍ഐ സ്കാന്‍ അനിവാര്യമാണ്. എന്നാല്‍ , റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അധ്യാപകന്റെ എംആര്‍ഐ സ്കാന്‍ എടുത്തിട്ടില്ല. ബലപ്രയോഗം നടന്നതായി തെളിവ് കാണുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ , അധ്യാപകന്റെ ശരീരത്തിന്റെ പലഭാഗത്തും ഉണ്ടായ പാടുകള്‍ ബലപ്രയോഗത്തിലൂടെ മാത്രം ഉണ്ടാകുന്നതാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

deshabhimani 311011

പൊതുമുതല്‍ നശീകരണവും ജാമ്യവ്യവസ്ഥകളും

പൊതുമുതലിനു നാശം വരുത്തുന്നത് നിരോധിക്കുന്ന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനുള്ള വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ഒരു വിധി ഈയിടെ കേരള ഹൈക്കോടതി പുറപ്പെടുവിക്കുകയുണ്ടായി. ഈ വിധി ഗൗരവമായ പഠനത്തിനും വിശദമായ ചര്‍ച്ചയ്ക്കും വിധേയമാക്കേണ്ടതുണ്ട്. പ്രതികള്‍ നശിപ്പിച്ചു എന്നാരോപിക്കപ്പെടുന്ന പൊതുമുതലിന്റെ നഷ്ടം കോടതിയില്‍ മുന്‍കൂര്‍ കെട്ടിവച്ചെങ്കിലേ ജാമ്യം അനുവദിക്കാവൂ എന്നതാണ് ഹൈക്കോടതി വിധിച്ചിട്ടുള്ളത്. ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. ഒറ്റനോട്ടത്തില്‍ ഇത്തരം ഒരു വിധി വളരെ നന്നായി എന്നു തോന്നും. പല പത്രങ്ങളും വിധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുഖപ്രസംഗങ്ങള്‍വരെ എഴുതിക്കഴിഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുക എന്ന ഹീനകരമായ പ്രവൃത്തിയോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് വിധി സ്വാഗതംചെയ്യാന്‍ കാരണം.

സര്‍ക്കാരിനോടുള്ള വിരോധംകൊണ്ട് പൊതുമുതല്‍ നശിപ്പിച്ചാല്‍ അതുകൊണ്ട് മന്ത്രിമാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ ഭരണകക്ഷി നേതാക്കള്‍ക്കോ ഒരു നഷ്ടവും വരുന്നില്ല എന്നോര്‍ക്കണം. അഴിമതിക്കാരായ ഭരണാധികാരികള്‍ക്ക് പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതും പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്. നഷ്ടം പെരുപ്പിച്ചു കാണിച്ചു അതുവഴിയും പണമുണ്ടാക്കാം. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍നിന്നുണ്ടാകുന്ന നഷ്ടം മുഴുവന്‍ താങ്ങേണ്ടിവരുന്നത് നികുതിദായകരായ പൊതുജനങ്ങളാണ്. അതുകൊണ്ടുതന്നെ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ എത്രയും കര്‍ശനമായ നിയമം വരുന്നോ അത്രയും നല്ലതാണ്.

എന്നാല്‍ , ഇവിടെ പരാമര്‍ശിക്കുന്ന കോടതിവിധി പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുതകുന്നതിന് പകരം തികച്ചും വ്യത്യസ്തമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു എന്നതാണ് സത്യം. ഇവയാകട്ടെ പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കിക്കൊണ്ടാണ് വിധി പ്രഖ്യാപിച്ചത്. ജാമ്യവ്യവസ്ഥകള്‍ സംബന്ധിച്ച വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് ക്രിമിനല്‍ നടപടി നിയമമാണ്. എന്നാല്‍ , ഈ നിയമത്തില്‍ ജാമ്യം എന്നത് കൃത്യമായി നിര്‍വചിച്ചിട്ടില്ല. ലോ ലെക്സിക്കണ്‍ ജാമ്യം എന്ന വാക്കിനുകൊടുത്ത നിര്‍വചനം ഇങ്ങനെ: "പ്രതി കോടതിയില്‍ വിചാരണയ്ക്ക് കൃത്യമായി ഹാജരാകുമെന്ന് ഉറപ്പുവരുത്താനുള്ള നിബന്ധനയാണ് ജാമ്യവ്യവസ്ഥ." ജാമ്യത്തെ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി പറഞ്ഞത്: "സ്വാതന്ത്ര്യത്തിനുള്ള അവകാശം ഏതൊരു വ്യക്തിയുടെയും വിലപ്പെട്ട അവകാശമാണ്. അതുകൊണ്ടുതന്നെ ജാമ്യത്തിനു കോടതിയില്‍ അപേക്ഷ നല്‍കുന്ന ഓരോ പ്രതിയും ഈ വിലയേറിയ അവകാശത്തിനു വേണ്ടിയാണ് കോടതിയോടപേക്ഷിക്കുന്നത്." അതേ കോടതി തന്നെ മറ്റൊരു കേസില്‍ പറഞ്ഞത്: "സാധാരണഗതിയില്‍ കോടതിക്കു ലഭിക്കുന്ന ജാമ്യാപേക്ഷ തള്ളാന്‍ പാടില്ല. പ്രതിയെ സ്വതന്ത്രമായി വിട്ടാല്‍ കേസിലെ തെളിവു നശിപ്പിക്കുമെന്നോ പ്രതി വിചാരണ നേരിടുന്നതില്‍നിന്ന് രക്ഷപ്പെട്ടേക്കുമെന്നോ ഉള്ള സംശയമുണ്ടെങ്കില്‍മാത്രമേ ജാമ്യം നിഷേധിക്കാന്‍ പാടുള്ളൂ." പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റം കോടതിയില്‍ തെളിയിക്കപ്പെടുന്നതുവരെ അയാള്‍ നിരപരാധിയായി കണക്കാക്കപ്പെടുന്നു. നിരപരാധിയെന്ന നിലയില്‍ പൂര്‍ണമായ സ്വാതന്ത്ര്യവും തന്റെ കേസ് നടത്താനുള്ള അവസരവും പ്രതിക്ക് ലഭിക്കേണ്ടതുണ്ട്. കേസില്‍ പ്രതിയായതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്ന ധാരണ വച്ചുവേണം ജാമ്യവ്യവസ്ഥയെ കാണാന്‍ . നിരപരാധികളാണെന്ന് വിചാരണയില്‍ തെളിയിക്കപ്പെട്ട ഒട്ടേറെ പേര്‍ പ്രതികളാക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ ചരിത്രത്തിലുണ്ട്. വ്യക്തിവിദ്വേഷത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ പേരില്‍ കേസില്‍ പ്രതികളാക്കപ്പെടുന്നത് കേരളത്തില്‍ നിത്യസംഭവമാണ്. കോടതിയില്‍ വിചാരണയ്ക്ക് ശേഷം കുറ്റവാളികളാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടവര്‍തന്നെ നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞ സംഭവവും നമ്മുടെ നാട്ടിലുണ്ട്.

സ്വാധീനത്തിന് വഴങ്ങുന്ന പൊലീസും സമര്‍ഥരായ കള്ളസാക്ഷികളുമുണ്ടെങ്കില്‍ ആരെയും കുറ്റവാളികളാക്കാവുന്ന തരത്തിലാണ് നമ്മുടെ ക്രിമിനല്‍ നിയമ സംവിധാനം എന്നിരിക്കെ കേവലം പ്രതികളായവരെ വിചാരണയ്ക്ക് മുമ്പുതന്നെ കുറ്റവാളികളായി കണക്കാക്കുന്ന രീതി എത്ര ക്രൂരവും നീചവുമാണ് എന്നോര്‍ക്കണം. ഈ പശ്ചാത്തലത്തില്‍ വേണം ജാമ്യവ്യവസ്ഥ കര്‍ശനമാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ വിലയിരുത്താന്‍ . ഇത്തരമൊരു വിധി പ്രഖ്യാപിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത് തീര്‍ച്ചയായും പൊതുമുതല്‍ നശിപ്പിക്കുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് തന്നെയാവണം. കോടതി ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ ഈ വിധി പ്രയോജനപ്പെടുമോ എന്നതാണ് പ്രശ്നം. പ്രായോഗിക അനുഭവം വച്ചു നോക്കിയാല്‍ ഇല്ല എന്നുതന്നെയാണ് ഉത്തരം.

ഒരു സംഘടന ജനങ്ങളെ ബാധിക്കുന്ന അതിപ്രധാനമായ വിഷയം ഉന്നയിച്ചുകൊണ്ട് ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലേക്കു മാര്‍ച്ച് നടത്തുക കേരളത്തില്‍ നിലനില്‍ക്കുന്ന സമരരീതിയാണ്. പ്രതിഷേധം തികച്ചും സമാധാനപരമായ രീതിയില്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള മാര്‍ഗമാണിത്. ഇത്തരം മാര്‍ച്ചില്‍ ആര്‍ക്കും കയറി നില്‍ക്കാവുന്നതേയുള്ളൂ. സമരം നയിക്കുന്ന സംഘടനക്കോ നേതാക്കള്‍ക്കോ ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. അത്തരത്തില്‍പ്പെട്ട ഏതെങ്കിലും സാമൂഹ്യവിരുദ്ധരോ ക്രിമിനലോ സമരത്തിനിടയില്‍ സര്‍ക്കാരോഫീസിന് നേരെയോ ട്രാന്‍സ്പോര്‍ട്ട് ബസിനുനേരെയോ കല്ലെറിഞ്ഞേക്കാം. എന്നാല്‍ , കേസില്‍ പ്രതിയാകുന്നത് സമരം നയിക്കുന്ന സംഘടനാ നേതാക്കളായിരിക്കും. പ്രശ്നം അവിടെയും നില്‍ക്കണമെന്നില്ല. സമരം പ്രഖ്യാപിച്ച സംഘടനയെ ജനമധ്യത്തില്‍ ഇടിച്ചു കാണിക്കാനും സമരം പൊളിക്കാനുംവേണ്ടി ബോധപൂര്‍വം ആളുകള്‍ നുഴഞ്ഞുകയറി ഇത്തരം അതിക്രമങ്ങള്‍ കാണിച്ചു എന്നും വരാം. പൊലീസ് ഭാഷയില്‍ ഇത്തരക്കാരെ ഏജന്റ് പ്രോവോക്കേറ്റര്‍ എന്നാണ് സാധാരണ പറയാറ്. ആര് കല്ലെറിഞ്ഞാലും സമരം പ്രഖ്യാപിച്ച സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സമാധാനപരമായി നടത്താനുദ്ദേശിച്ച ഏതൊരു സമരത്തെയും അക്രമാസക്തമാക്കാന്‍ ഇന്നത്തെ നിലയില്‍ ഒരു പ്രയാസവുമില്ല. ഇത്തരം ഓരോ സമരം കഴിയുമ്പോഴും ലക്ഷക്കണക്കിന് രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സമരം പ്രഖ്യാപിക്കുന്ന സംഘടന ബാധ്യസ്ഥമെന്നു വന്നാല്‍ കുത്തക മുതലാളിമാര്‍ക്കു മാത്രമേ ഇനി സമരം നടത്താന്‍ കഴിയൂ എന്ന നില വരും. അവര്‍ക്കാണെങ്കില്‍ അതിന്റെ ആവശ്യവുമില്ല. പാവപ്പെട്ടവന് തന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ആയുധമാണ് സമാധാനപരമായ പ്രതിഷേധസമരം. ജനാധിപത്യ വ്യവസ്ഥയില്‍ അതത് സമയത്ത് ജനവികാരം ഭരണാധികാരികളെ അറിയിക്കാന്‍ സമാധാനപരമായ സമരങ്ങള്‍ അനിവാര്യമാണ്.

ജനകീയ സമരങ്ങളുടെ അന്ത്യം ജനാധിപത്യത്തിന്റെതന്നെ മരണമാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഇത്തരം സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതുമൂലമാണ് ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറിയതെന്നു കാണാം. ഏകാധിപത്യത്തില്‍നിന്ന് മോചനം നേടാന്‍ ലക്ഷക്കണക്കിനാളുകളെ കുരുതികൊടുത്ത് അക്രമാസക്തമായ സമരങ്ങള്‍തന്നെ വേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യം തകര്‍ന്നാല്‍ ജുഡീഷ്യറിയടക്കമുള്ള എല്ലാ സംവിധാനങ്ങളും തകരും എന്നതും ചരിത്രവസ്തുതയാണ്. മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി നല്ല ഉദ്ദേശ്യത്തോടെ ഹൈക്കോടതി പ്രസ്താവിച്ച ഈ വിധി ഒടുവില്‍ നീതിന്യായ സംവിധാനത്തിന്റെതന്നെ ശവക്കുഴി തോണ്ടുന്നതിലേക്കായിരിക്കും ചെന്നെത്തുക എന്നത് കോടതി ഓര്‍ത്തുകാണില്ല. ജനങ്ങള്‍ അതോര്‍ക്കേണ്ടതുണ്ട്. കോടതിയെ അത് ഓര്‍മിപ്പിക്കേണ്ടതുണ്ട്.

അഡ്വ. ഇ കെ നാരായണന്‍ (ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 311011

മന്ത്രി ടിഎം ജേക്കബ്ബ് അന്തരിച്ചു
സംസ്ഥാന ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവുമായ ടി എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിപത്തരക്കായിരുന്നു അന്ത്യം. 61 വയസായിരുന്നു. കരള്‍സംബന്ധമായ അസുഖത്തിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ലണ്ടനില്‍ ഒരു മാസത്തെ ചികിത്സക്കുശേഷം 17നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മരണസമയത്ത് ഭാര്യ ആനിയും മകന്‍ അനൂപും ആശുപത്രിയിലുണ്ടായിരുന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജേക്കബ് കേരള കോണ്‍ഗ്രസ് രൂപംകൊണ്ടതു മുതല്‍ സജീവ പ്രവര്‍ത്തകനായി. ഒമ്പത് തവണ നിയമസഭയിലേക്ക് മത്സരിച്ചു. എട്ടു തവണ വിജയിച്ച അദ്ദേഹം നാലു തവണ മന്ത്രിയുമായി. പിറവത്തുനിന്നും (1991, 1996, 2001) കോതമംഗലത്തുനിന്നും (1980, 1982, 1987) ഹാട്രിക് വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്തുനിന്ന് 157 വോട്ടിന് വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രിയായി.

എറണാകുളം തിരുമാറാടി പഞ്ചായത്തിലെ ഒലിയാപുറത്ത് ടി എസ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1950 സെപ്തംബര്‍ 16നാണ് ടി എം ജേക്കബ് ജനിച്ചത്. വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ , തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദവും എല്‍എല്‍ബി, എല്‍എല്‍എം ബിരുദങ്ങളും നേടി. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്സിയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. ട്രേഡ് യൂണിയനുകളുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ ജേക്കബ് 1993ല്‍ സ്വന്തം പാര്‍ടി രൂപീകരിച്ചു.

1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴുതവണ നിയമസഭയിലെത്തി. 1982-87ല്‍ വിദ്യാഭ്യാസ മന്ത്രിയായും 1991-96ല്‍ ജലസേചന-സാംസ്കാരിക മന്ത്രിയായും 2001-05ല്‍ ജലസേചന-ജലവിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ കരുണാകരനോടൊപ്പം ഡിഐസിയില്‍ പോവുകയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയുംചെയ്തു. പിന്നീട് യുഡിഎഫില്‍ തിരിച്ചെത്തിയ അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ സിപിഐ എമ്മിലെ എം എം ജേക്കബിനോട് പരാജയപ്പെട്ടു.

അമേരിക്ക, റഷ്യ, ചൈന, യുഎഇ, ഖത്തര്‍ , ബഹ്റിന്‍ , തായ്ലന്റ്, സിംഗപ്പൂര്‍ , ബ്രിട്ടന്‍ , ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഇസ്രായേല്‍ ഓസ്ട്രേലിയ, ജര്‍മനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ജേക്കബ് "എന്റെ ചൈന പര്യടനം", "മൈ ചൈനീസ് ഡയറി" എന്നീ പുസ്തകങ്ങള്‍ രചിച്ചു. ഭാര്യ ആനി ജേക്കബ് മുന്‍ എംഎല്‍എ പെണ്ണമ്മ ജേക്കബിന്റെ മകളും ഫെഡറല്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ്. മകന്‍ അനൂപ് ജേക്കബ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ്. മകള്‍ അമ്പിളി (ഇന്‍കെല്‍). മരുമക്കള്‍ : ദേവ് തോമസ്, അനില അനൂപ്.

മികച്ച സാമാജികന്‍

നിയമസഭ കണ്ട മികച്ച സാമാജികന്‍ എന്ന് ടി എം ജേക്കബിനെ വിശേഷിപ്പിച്ചത് സി അച്യുതമേനോന്‍ . കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ രണ്ട് പതിറ്റാണ്ടോളം സ്വന്തം പേരിനൊപ്പം ചേര്‍ത്ത് നയിച്ചാണ് ടി എം ജേക്കബ് കേരള രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങിയത്.

വിദ്യാര്‍ഥിയായിരിക്കെ കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭൂമികയിലേക്കിറങ്ങിയ ജേക്കബിന്റെ വളര്‍ച്ചയും ദ്രുതഗതിയിലായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ 111 സീറ്റുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യകക്ഷികള്‍ അധികാരത്തിലെത്തുമ്പോള്‍ ഭരണമുന്നണിയിലെ 111 പേരില്‍ 26 കാരനായ ജേക്കബുമുണ്ടായിരുന്നു; സഭയിലെ ബേബിയായി. തുടക്കം മുതല്‍ ആ 26 കാരന്‍ സഭയില്‍ ശ്രദ്ധേയനായി. 1982ല്‍ 32-ാമത്തെ വയസില്‍ സുപ്രധാന വകുപ്പായ വിദ്യാഭ്യാസ വകുപ്പിന്റെ അമരക്കാരനാകുന്നതും ജേക്കബിലെ മികച്ച സാമാജികന് ലഭിച്ച അംഗീകാരമായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ജേക്കബ് മുന്നോട്ടുവച്ച പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയം ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചു. എതിര്‍പ്പുയര്‍ന്നപ്പോഴും ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അദ്ദേഹം തയ്യാറായില്ല. പ്രീഡിഗ്രി ബോര്‍ഡിനെക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ ആകെയുള്ള ഒരുമണിക്കൂറും ഉത്തരം പറഞ്ഞ് ജേക്കബ് റെക്കോഡിട്ടത് 1986 ജൂണ്‍ 24 നായിരുന്നു. കോട്ടയം ആസ്ഥാനമാക്കി മഹാത്മാഗാന്ധി സര്‍വകലാശാല രൂപീകരിച്ചതും സംസ്ഥാനത്ത് ജലനയത്തിന് രൂപം നല്‍കുന്നതും അദ്ദേഹത്തിന്റെ ഭരണ കാലയളവിലായിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സ്വര്‍ണക്കപ്പിന്റെ പകിട്ട് നല്‍കിയതും ജേക്കബ് തന്നെ.

deshabhimani news

Sunday, October 30, 2011

ഇറോം ശര്‍മ്മിളയെ കാണാനെത്തിയ അനുയായികളെ അറസ്റ്റ് ചെയ്തു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറോം ശര്‍മ്മിളയെ കാണാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സേവ് ശര്‍മ്മിള സോളിഡാരിറ്റി കാമ്പെയ്‌നിന്റെ അംഗങ്ങളാണ് അറസ്റ്റിലായത്. ഇന്ത്യയുടെ ഉരുക്കു വനിതയായ ഇറോം ശര്‍മ്മിളയെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്. പിന്നീട് ജയില്‍ മോചിതരായ ശേഷമായിരുന്നു ഇവര്‍ നിരാഹാരം ആരംഭിച്ചത്.

ഇറോമിനെ കാണാന്‍ അവരെ നിര്‍ബന്ധിത ചികിത്സയ്ക്ക് വിധേയയാക്കിയിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിയപ്പോഴാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഇവരെ പൊറമ്പാറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം (ആഫ്പ്‌സാ) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷമായി നിരാഹാരം സമരം തുടരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിളയെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്രു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിര്‍ബന്ധിതമായി മൂക്കിലൂടെ ഭക്ഷണം കഴിപ്പിക്കുകയാണ് ചെയ്യുന്നത്.

ജമ്മു കാശ്മീരില്‍ ഈ നിയമം പിന്‍വലിക്കുന്നതായി കഴിഞ്ഞ ദിവസം ജമ്മു മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചിരുന്നു. ഏതൊരു കുറ്റവാളികള്‍ക്കും സന്ദര്‍ശകരെ അനുവദിക്കുന്ന സര്‍ക്കാര്‍ മനുഷ്യാവകാശത്തിനായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇറോമിനെ കാണാന്‍ ആരെയും അനുവദിക്കാത്തത് പക്ഷാഭേദമാണെന്ന് ഇറോമിന്റെ അടുത്ത അനുയായി ബബ്ലു ലോയിട്ടോംഗ്ബാം അറിയിച്ചു.

ഇറോമിനെ കാണാന്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടിയെങ്കിലും അനുവദിക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. പതിനൊന്ന് വര്‍ഷമായി നിരാഹാരം തുടരുന്ന 39കാരിയായ ഇറോം നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജമ്മുവില്‍ നിയമം പിന്‍വലിക്കാനുള്ള തീരുമാനം ഇറോമിന്റെ സമരം വിജയത്തിലേക്ക് നീങ്ങുന്ന സൂചനയാണ് നല്‍കുന്നത്.

janayugom news

വാള്‍സ്ട്രീറ്റ് സമരത്തെ വത്തിക്കാന്‍ പിന്തുണയ്ക്കുന്നു

പരിക്കേറ്റ സൈനികന്‍ പ്രക്ഷോഭകര്‍ക്ക് ആവേശമാകുന്നു

കാലിഫോര്‍ണിയ: പൊലീസ് നടപടിയില്‍ ഗുരുതരമായ പരിക്കേറ്റ മുന്‍ സൈനിക ഓഫീസര്‍ സ്‌കോട്ട് ഓള്‍സന്‍ അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് കയ്യടക്കല്‍ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നു.

ഇറാക്ക് യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട് ഓള്‍സന് വ്യാഴാഴ്ച ഓക്‌ലാന്റില്‍ പ്രക്ഷോഭകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് വര്‍ഷത്തെ സേവനത്തിനുശേഷം 2009 നവംബറിലാണ് ഓള്‍സന്‍ സൈന്യത്തില്‍ നിന്നും പിരിഞ്ഞത്. സൈനികസേവനരംഗത്ത് ഏഴ് ബഹുമതിമുദ്രകള്‍ നേടിയ ഓഫീസറാണദ്ദേഹം. സാമ്പത്തികമായി നല്ല സ്ഥിതിയിലായിരുന്നിട്ടും ഓള്‍സന്‍ കുത്തകകള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ അണിചേരുകയായിരുന്നു. നാളെ താനും തകര്‍ച്ച നേരിടുമെന്നും അതുവരെ കാത്തിരിക്കാതെ സമരത്തില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നതെന്നും ഓള്‍സന്‍ പറഞ്ഞിരുന്നു. സൈന്യത്തില്‍ നിന്നും പിരിഞ്ഞതിനുശേഷമാണ് ഓള്‍സന്‍ രാഷ്ട്രീയകാര്യങ്ങളില്‍ സജീവമായത്.

''ഞങ്ങളെല്ലാം സ്‌കോട്ട് ഓള്‍സനാണ്'' ഓക്‌ലാന്റിലെ പ്രക്ഷോഭകാരികള്‍ പറയുന്നു. ഓള്‍സന് പരിക്കേറ്റതിനുശേഷം സമരരംഗത്തേയ്ക്ക് എത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. പൊലീസിന്റെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ടാണ് അവര്‍ തെരുവിലേക്കിറങ്ങുന്നത്. പൊലീസ് നീക്കം ചെയ്ത ടെന്റുകള്‍ സമരക്കാര്‍ പുനഃസ്ഥാപിക്കുകയും കൂടുതല്‍ ടെന്റുകള്‍ ഉയര്‍ത്തുകയും ചെയ്തു. അമേരിക്കയുടെ ഇതര നഗരങ്ങളിലെ പ്രക്ഷോഭകാരികള്‍ക്കും ഓള്‍സന്‍ ആവേശം പകരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാള്‍സ്ട്രീറ്റ് സമരത്തെ വത്തിക്കാന്‍ പിന്തുണയ്ക്കുന്നു

വത്തിക്കാന്‍ സിറ്റി: വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തെ റോമന്‍ കത്തോലിക്കാ സഭ ന്യായീകരിക്കുന്നു. ആഗോള സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കണമെന്നും അന്താരാഷ്ട്ര വിപണി നിയന്ത്രണസംവിധാനം വേണമെന്നും വത്തിക്കാന്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ പിറ്റര്‍ കോഡ്‌വോ അപ്പിയ ടര്‍ക്‌സണാണ് കഴിഞ്ഞ ദിവസം ഈ നിലപാട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ”
അന്താരാഷ്ട്ര സാമ്പത്തിക ധനസംവിധാനത്തിന്റെ നവീകരണം സംബന്ധിച്ച ഒരു രേഖയുടെ പ്രസാധനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ പീറ്റര്‍ കോഡ്‌വോ. 1900നും 2000ത്തിനുമിടയില്‍ ലോകജനസംഖ്യ നാലിരട്ടി വര്‍ധിച്ചെങ്കിലും സമ്പത്തിന്റെ വിതരണം നീതിപൂര്‍വമായില്ലെന്നു മാത്രമല്ല, അത് കൂടുതല്‍ വഷളാവുകയാണുണ്ടായതെന്നും രേഖ ചൂണ്ടിക്കാട്ടി. ആഗോള ധനമാനേജ്‌മെന്റിന് ഒരു പുതിയ കേന്ദ്രബാങ്ക് ആവശ്യമാണെന്നും വത്തിക്കാന്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നു

ന്യൂയോര്‍ക്ക്: അനുദിനം കരുത്താര്‍ജിക്കുന്ന 'വാള്‍സ്ട്രീറ്റ് കയ്യടക്കല്‍' പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ഭരണകൂടം വ്യാപകമായ മര്‍ദനമുറകള്‍ അഴിച്ചുവിട്ടു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കുനേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.

ഓക്‌ലാന്റ്, അറ്റ്‌ലാന്റ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി പൊലീസ് തേര്‍വാഴ്ച തുടരുകയാണ്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അംഗവൈകല്യം സംഭവിച്ചവരുമുള്‍പ്പെടെയുള്ള ആയിരക്കണക്കിനുവരുന്ന ജനക്കൂട്ടങ്ങള്‍ക്കുനേരെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡുകളും പ്രയോഗിക്കുകയാണ്. 1960 കളില്‍ അമേരിക്കയില്‍ കരുത്താര്‍ജിച്ചുവന്ന പൗരാവകാശ പ്രസ്ഥാനത്തിനെതിരെ പ്രയോഗിച്ച മര്‍ദനമുറകളെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

തൊഴിലും വീടും മറ്റ് അവശ്യജീവിത സൗകര്യങ്ങളും നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങേണ്ടിവന്ന ജനങ്ങള്‍ക്കുനേരെയാണ് പൊലീസ് അതിക്രമങ്ങള്‍. ഓക്‌ലാന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് നടപടിയില്‍ പരിക്കേറ്റവരില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനിക ഓഫീസറായിരുന്ന സ്‌കോട്ട് ഓള്‍സനും ഉള്‍പ്പെടുന്നു.

പൊലീസ് അക്രമങ്ങളെ എ എഫ് എല്‍-സി ഐ ഒ ഉള്‍പ്പെടെയുള്ള അമേരിക്കയിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ അപലപിച്ചു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ മാനിക്കാന്‍ അവര്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടു. വാള്‍സ്ട്രീറ്റിലെ വന്‍കിട ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പൊലീസും ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നതെന്നവര്‍ ചൂണ്ടിക്കാട്ടി. മര്‍ദനമുറകളെ കൂസാതെ അനുദിനം കൂടുതല്‍ കൂടുതല്‍ പേര്‍ പ്രക്ഷോഭത്തില്‍ അണിചേരുകയാണ്.

തെരുവുകളില്‍ അന്തിയുറങ്ങാന്‍ ആഗ്രഹിക്കുന്ന ഏതാനുമാള്‍ക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായി ഇതിനെ ചിത്രീകരിക്കാനാണ് ഭരണാധികാരികളും വന്‍കിട മാധ്യമങ്ങളും ശ്രമിക്കുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരായ, 'ഒരു ശതമാന'ത്തിനെതിരെ '99 ശതമാനം' അണിനിരക്കുന്ന 'വാള്‍സ്ട്രീറ്റ് കയ്യടക്കല്‍' പ്രക്ഷോഭം ലോകമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്.

janayugom 301011

അതിവേഗ റെയില്‍ ഇടനാഴി അട്ടിമറിക്കാന്‍ നീക്കം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ ഇടനാഴി അട്ടിമറിക്കാന്‍  ശ്രമം. ഇതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പദ്ധതിയായ ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ വഴി കോയമ്പത്തൂരിലേക്കും അതുവഴി എറണാകുളത്തേക്കുമുള്ള അതിവേഗ റെയില്‍ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടാനാണ് റെയില്‍വെയുടെ തീരുമാനം. തീരുമാനം മുഖ്യമന്ത്രിയെ കേന്ദ്ര റെയില്‍വെ മന്ത്രി അറിയിച്ചു കഴിഞ്ഞു. സാധ്യതാ പഠനത്തിന് റെയില്‍വെ ക്ഷണിച്ച ആഗോള ടെണ്ടറില്‍ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്തേക്ക് അതിവേഗ റെയില്‍ ഇടനാഴി നീട്ടുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ  ഇടനാഴി സാമ്പത്തികമായി നഷ്ടമായിരിക്കും എന്ന് സ്ഥാപിക്കാന്‍ റെയില്‍വെയ്ക്ക് കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥാപിച്ച കേരള ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ കോര്‍പ്പറേഷനാണ് നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍ ഇടനാഴി നിര്‍മ്മാണത്തിന്റെ ഏജന്‍സി. ഇതില്‍ റെയില്‍വെയ്ക്ക് യാതൊരു നേട്ടവുമില്ലെന്ന് മാത്രമല്ല തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പാതയില്‍ വരുമാനം കുറയുകയും കുത്തക ഇല്ലാതാവുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് റെയില്‍വെയുടെ പുതിയ അടവ്.

ആദ്യം ചെന്നൈ മുതല്‍ കോയമ്പത്തൂര്‍  വരെ മാത്രം വിഭാവനം ചെയ്തിരുന്ന റെയില്‍ ഇടനാഴി എറണാകുളം വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തര സമ്മര്‍ദ്ദ ഫലമായിരുന്നു. തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യം ആദ്യം നിരാകരിച്ച റെയില്‍വെ സംസ്ഥാനം സ്വന്തം അതിവേഗ റെയിലുമായി മുന്നോട്ട് നീങ്ങുകയാണെന്ന് മനസിലാക്കിയാണ് തിരുവനന്തപുരം വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ പാത മംഗലാപുരം വരെ നീട്ടാനാണ് ഇതിന്റെ സാധ്യതാ പഠനം നടത്തിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. മംഗലാപുരം വരെ നീട്ടിയാല്‍ ഇടനാഴിക്ക് സാമ്പത്തികമായി കൂടുതല്‍ നേട്ടമുണ്ടാക്കാനും കര്‍ണാടക സംസ്ഥാനത്തിന്റെ സഹകരണം ഉറപ്പാക്കുകയും ചെയ്യാം. ഇത് റെയില്‍വെയ്ക്ക് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഘടകമാണ്. ഇത് മുന്നില്‍ക്കണ്ടാണ് സംസ്ഥാനത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയെ എങ്ങനെയും അട്ടിമറിക്കാന്‍ റെയില്‍വെ ശ്രമിക്കുന്നത്.

അതിവേഗ റെയില്‍ ഇടനാഴിയുടെ തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഒന്നാംഘട്ടത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബര്‍ 17ന് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടും പൂര്‍ത്തിയായിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇതിന് ശേഷം സര്‍വകക്ഷിയോഗം വിളിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇടനാഴി പ്രവര്‍ത്തനം ആരംഭിച്ചാല്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ എത്താന്‍ 53 മിനിറ്റും കോഴിക്കോട്ട് എത്താന്‍ 98 മിനിറ്റും മതിയാകും. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ ഒമ്പത് സ്റ്റോപ്പുകളാണ് സാധ്യതാ പഠനത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ ചെലവ് 43254 കോടി രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ 118050 കോടി രൂപയായിരിക്കും നിര്‍മ്മാണ ചെലവെന്നും സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിവേഗ റെയില്‍ ഇടനാഴി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ വൈദഗ്ധ്യം ജപ്പാനായതിനാല്‍ അവിടെ നിന്നുള്ള വിദഗ്ധരുടെ സഹായം തേടുന്നത് ഗുണകരമാകും. ജപ്പാനില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ഇത് സഹായകരമാകും. ഒരു ട്രെയിനില്‍ 817 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ജനശതാബ്ദിയുടെ ഉയര്‍ന്ന ക്ലാസ് നിരക്കിന്റെ ഒന്നര ഇരട്ടിയായിരിക്കും ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക്.

ഒന്നാം ഘട്ടത്തിനായി 242 ഹെക്ടര്‍ ഭൂമി വേണ്ടി വരും. ഭൂമി നേരിട്ട് ഏറ്റെടുക്കാതെ പാട്ടത്തുക നല്‍കുകയോ ഉടമസ്ഥന് പങ്കാളിത്തം നല്‍കുകയോ ചെയ്യുന്ന രീതിയുടെ സാധ്യതകള്‍ ആരായും. 2013ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി 2020ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാമെന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.

മെട്രോ റെയില്‍ അനുബന്ധപ്രവൃത്തികള്‍ക്ക് വേഗമില്ല: ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധയിയുടെ അനുബന്ധപ്രവര്‍ത്തികള്‍ക്ക് വിചാരിച്ചത്ര വേഗമില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി)എംഡി ഇ ശ്രീധരന്‍ പറഞ്ഞു. സലീംരാജന്‍ റോഡിലെയും നോര്‍ത്തിലേയും മേല്‍പ്പാലനിര്‍മ്മാണം നേരില്‍ വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ റോഡുകളുടെ വീതി കുറവും നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ട്. ഡല്‍ഹിയിലേയും ചെന്നൈയിലേയും പ്രവൃത്തിയുടെ വേഗത കൊച്ചിയിലില്ല. നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പൈലിങ് തിങ്കളാഴ്ച്ച തുടങ്ങും. 40 മീറ്റര്‍ പൈലിങ് വേണം. ഡല്‍ഹിയിലും ചെന്നൈയിലും 25 മീറ്റര്‍ മതിയായിരുന്നു. എന്നാല്‍ ഇവിടെ മണ്ണിന്റെ ഘടന വ്യത്യസ്ഥമാണ്. പൈലിങ് തുടങ്ങിയാല്‍ പണികള്‍ വേഗത്തിലാകും. നിശ്ചയിച്ചതുപോലെ പാലം നിര്‍മ്മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കും. റെയില്‍ പാളം കടന്നുപോകുന്നതിന് മുകളിലുള്ള പാലത്തിന്റെ ഭാഗം റെയില്‍വേയുമായി ഏകോപനമുണ്ടാക്കി പൊളിച്ചുമാറ്റും. ഇതിന്റെ നടപടി വേഗത്തിലാക്കാന്‍  പ്രൊജക്ട് ഡയറക്ടര്‍ പി ശ്രീറാമിന് ചുമതല നല്‍കി.  സലീംരാജന്‍ റോഡിലെ മേല്‍പ്പാലനിര്‍മ്മാണം 15 മാസത്തിനകം പൂര്‍ത്തിയാക്കും. നിര്‍മ്മാണം വേഗത്തിലാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സമയ ബന്ധിതമായി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെയാണ് പാലം നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചത്. മണപ്പാട്ടിപ്പറമ്പില്‍  മെട്രോ റയില്‍ കോര്‍പ്പറേഷന് സ്‌റ്റോറേജിനു നല്‍കിയ സ്ഥലവും സന്ദര്‍ശിച്ചു.

നോര്‍ത്ത് പാലത്തിന്റെ വടക്ക് ഭാഗം അടുത്തദിവസം തന്നെ പൊളിച്ചുതുടങ്ങുമെന്ന് ഒപ്പമുണ്ടായിരുന്ന കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എംഡി ടോം ജോസ് പറഞ്ഞു. പാലത്തോട് ചേര്‍ന്ന് അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടഭാഗം കോണ്‍ക്രീറ്റ് കട്ടിങിലൂടെ ഒഴിവാക്കും. നിര്‍മാണ പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചതായി കലക്ടര്‍ പി ഐ ഷേഖ് പരീത് പറഞ്ഞു. മെട്രോ കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ കെ ജെ ജോസഫ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരായ വി ആര്‍ സുധി, ജി രാധാകൃഷ്ണന്‍ നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ ചുമതല. ഡിഎംആര്‍സി തന്നെയാണ് അനുബന്ധ പ്രവര്‍ത്തികള്‍ നടത്തുന്നതും.

janayugom 301011

വിലക്കയറ്റത്തിന് കാരണം വരുമാനവര്‍ദ്ധനവും ഉയര്‍ന്ന വേതനവുമെന്ന് കെ വി തോമസ്

രാജ്യവ്യാപകമായി ഭക്ഷ്യവിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ ഭക്ഷ്യവില സന്തുലിതമാണെന്നും ഉപഭോക്തൃ രീതിയിലെ മാറ്റവും ഉയര്‍ന്ന വേതനവുമാണ് ഭക്ഷ്യവിലക്കയറ്റത്തിന്റെ മുഖ്യ കാരണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസ്. ഭക്ഷ്യ വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഭക്ഷ്യ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരുന്നതായിരുന്നു ഇവരുടെ ചര്‍ച്ചയുടെ മുഖ്യ അജണ്ട. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ താന്‍ സോണിയക്ക് വിവരിച്ചു കൊടുത്തുവെന്നും ഉയര്‍ന്ന വിലക്കയറ്റത്തില്‍ സോണിയക്ക് ആശങ്കയുണ്ടെന്നും തോമസ് പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒക്‌ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ കഴിഞ്ഞ ആറുമാസത്തെ ഏറ്റവും വലിയ വിലക്കയറ്റമായ 11.43 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഭക്ഷ്യ ധാന്യങ്ങളില്‍ വിലക്കയറ്റമില്ലെന്നും വില സുസ്ഥിരമാണെന്നുമാണ് സോണിയയോട് തോമസ് പറഞ്ഞത്. അതേസമയം ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ വിലക്കയറ്റമുണ്ടെന്നും തോമസ് സോണിയയെ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളായ പാല്‍, മാംസം, പച്ചക്കറി എന്നിവയുടെ വില വര്‍ദ്ധിക്കാന്‍ കാരണം ഉപഭോക്തൃ രീതിയിലെ മാറ്റവും ജനങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവുണ്ടായതുമാണെന്നാണ് തോമസിന്റെ കണ്ടെത്തല്‍.

ഭക്ഷ്യ വിലക്കയറ്റത്തിനൊപ്പം വരുമാനം വര്‍ദ്ധിക്കാത്തത് ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നുവെന്ന വാദം ശക്തമായി നിലനില്‍ക്കെയാണ് തോമസിന്റെ ഈ കണ്ടെത്തല്‍. 2006-07ല്‍ 7 ശതമാനമായിരുന്ന ഭക്ഷ്യ വിലവര്‍ദ്ധനവ് 2010-11ല്‍ 14.5 ശതമാനമായെന്നും ഇപ്പോള്‍ അത് 8 മുതല്‍ 11 ശതമാനം വരെ താഴ്‌ന്നെന്നും മന്ത്രി നിരീക്ഷിക്കുന്നു. പ്രഖ്യാപിത ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ അന്തിമ രൂപം ഭക്ഷ്യ മന്ത്രാലയം അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകുമെന്നും തോമസ് സോണിയയെ അറിയിച്ചിട്ടുണ്ട്.

ബില്‍ പൂര്‍ത്തീകരിക്കാന്‍ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി നേരത്തെ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിക്കുക. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ ലക്ഷ്യം.

janayugom 301011

നീതി തേടി കൂത്തുപറമ്പില്‍ സമരശക്തിസംഗമം

രക്തസാക്ഷിസ്മരണകളിരമ്പിയ സായാഹ്നത്തില്‍ പോരാട്ടഭൂമിയില്‍ നീതിതേടി സമരശക്തിസംഗമം. യുഡിഎഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ പൊരുതിവീണ അഞ്ച് പ്രിയ സഖാക്കളുടെ ഓര്‍മകള്‍ ജ്വലിപ്പിച്ച് പുതുതലമുറ വീണ്ടും കൂത്തുപറമ്പില്‍ ഒത്തുചേര്‍ന്നു. രക്തസാക്ഷികളുടെ ബന്ധുക്കളും പോരാളികളുമുള്ള കൂട്ടായ്മ കുറ്റവാളികളെ മുഴുവന്‍ തുറുങ്കിലടക്കണമെന്ന നാടിന്റെ ആവശ്യം മുഴങ്ങുന്ന വേദിയായി.

കൂത്തുപറമ്പ് വെടിവയ്പ്പ്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. കെ കെ രാജീവനും ഷിബുലാലും ബാബുവും മധുവും റോഷനും പിടഞ്ഞുവീണ മണ്ണില്‍ വെടിയുണ്ടക്കും ലാത്തിച്ചാര്‍ജിനുംമുന്നില്‍ നിറനെഞ്ചുകാട്ടിയ പോരാളികളുടെ ഒത്തുചേരല്‍ കൂടിയായി സംഗമം. വെടിവയ്പ്പില്‍ ശരീരംതളര്‍ന്ന് കിടപ്പിലായ ചൊക്ലിയിലെ പുഷ്പന്റെ ഐക്യദാര്‍ഢ്യസന്ദേശവും രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളും ഒപ്പം പരിക്കേറ്റവരുടെ സാന്നിധ്യവും സംഗമത്തിന് കരുത്തേകി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്റ് എ എന്‍ ഷംസീര്‍ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യന്‍പോള്‍ , കൂത്തുപറമ്പ് സമരനായകരിലൊരാളായ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പുഷ്പന്റെ സന്ദേശം സംസ്ഥാന വൈസ്പ്രസിഡന്റ് പി പി ദിവ്യ വായിച്ചു. ജില്ല സെക്രട്ടറി പി സന്തോഷ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി രാഗേഷ്കീരാച്ചി നന്ദിയും പറഞ്ഞു. രക്തസാക്ഷി റോഷന്റെ അച്ഛന്‍ വാസു, ഷിബുലാലിന്റെ അച്ഛന്‍ നാണു, മധുവിന്റെ സഹോദരന്‍ കെ മനോജ്, ബാബുവിന്റെ സഹോദരന്‍ കുഞ്ഞനന്തന്‍ , രാജീവന്റെ സഹോദരന്‍ ബാബു എന്നിവരും ആവേശം പകരുന്ന സാന്നിധ്യമായി.

രക്തസാക്ഷിത്വത്തിന്റെ പതിനേഴാംവാര്‍ഷികത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് കൂട്ടക്കൊല പുനരന്വേഷിക്കണമെന്ന ആവശ്യം സമരഭൂമിയില്‍ നിന്ന് ഉയര്‍ന്നത്. ഗൂഢാലോചനയെക്കുറിച്ചുള്ള പുതിയവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീതിതേടിയുള്ള പോരാട്ടത്തിന് ഡിവൈഎഫ്ഐ തുടക്കംകുറിക്കുന്നത്.

deshabhimani 301011

ലോക ജനസംഖ്യ നാളെ 700 കോടി

ലോക ജനസംഖ്യ 31നു 700 കോടി കടക്കും. എന്നാല്‍ , 700 കോടി എന്ന മാന്ത്രികസംഖ്യ തികയ്ക്കുന്ന കുട്ടി ആരായിരിക്കുമെന്ന് നിര്‍ണയിക്കാന്‍ കൃത്യമായ സംവിധാനമില്ലെന്നാണ് വാര്‍ത്തകള്‍ . ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ഒരാഴ്ചയായി ലോക ജനസംഖ്യയുടെ വിവരങ്ങള്‍ തിരക്കുന്നവരുടെ എണ്ണം ഇരട്ടിയായി. 2100ല്‍ ജനസംഖ്യ 1500 കോടിയാകുമെന്നാണ് കണക്ക്. 1800ല്‍ ജനസംഖ്യ 100 കോടി മാത്രമായിരുന്നു. 31ന് ലോക ജനസംഖ്യ 700 കോടിയാകുമെന്ന് കണക്കാക്കപ്പെടുന്നു.

അതേസമയം, ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ പിറക്കുന്ന പെണ്‍കുട്ടിയുടെ ജനനം ആഘോഷിക്കുമെന്ന് ശിശു അവകാശ സംരക്ഷണ സംഘടനയായ പ്ലാന്‍ ഇന്റര്‍നാഷണല്‍ അറിയിച്ചു. ഇന്ത്യയില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിക്കുന്നതും സ്ത്രീ-പുരുഷ അനുപാതം കുറയുന്നതും ഓര്‍മപ്പെടുത്തുന്നതിനാണ് രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള യുപിയില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘടന അറിയിച്ചു. 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്നതാണ് ഇന്ത്യയിലെ ദേശീയാനുപാതം.

deshabhimani 301011

ജോര്‍ജിനെതിരെ നടപടി വേണം: വി എസ്


ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. എ കെ ബാലനെതിരെയും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിന്റെ പ്രസംഗം സാംസ്ക്കാരശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും മന്ത്രി കെ ബി ഗണേഷ്കുമാറിന്റെയും പത്തനാപുരത്തെ ആഭാസപ്രസംഗം അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രസംഗത്തില്‍ ഗണേഷ്കുമാറും മുഖ്യമന്ത്രിയും മറ്റുള്ളവരും ഖേദം പ്രകടിപ്പിച്ചു. പ്രശ്നത്തെ രാഷ്ട്രീയ പോരാട്ടത്തിലേക്കു കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെങ്കില്‍ അതേരീതിയില്‍ യുഡിഎഫും കാണുമെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഗണേശ്കുമാറിനെ ന്യായീകരിച്ച് യുഡിഎഫ് നേതാക്കള്‍

കോഴിക്കോട്: ആഭാസപ്രസംഗം നടത്തിയ മന്ത്രി ഗണേശ്കുമാറിനെയും ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജിനെയും തള്ളിപ്പറയാതെ യുഡിഎഫ് നേതാക്കള്‍ . യുഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവര്‍ ഗണേശിനെ വിമര്‍ശിച്ച് ഒരക്ഷരം പറയാന്‍ തയ്യാറാവാതിരുന്നത്. കേരളമാകെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധമുയര്‍ത്തിയ ഗണേശ്കുമാറിന്റെ ആഭാസപ്രസംഗത്തെ ഫലത്തില്‍ ന്യായീകരിക്കയായിരുന്നു യുഡിഎഫ് നേതാക്കള്‍ . ജനാധിപത്യ സംരക്ഷണത്തിനായായിരുന്നു സമ്മേളനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഖേദപ്രകടനത്തോടെ എല്ലാം അവസാനിച്ചെന്നാണ് ഉമ്മന്‍ചാണ്ടി ഈ വിഷയം പരാമര്‍ശിക്കാതെ സൂചിപ്പിച്ചത്. മാന്യത എല്‍ഡിഎഫ് നേതാക്കന്മാര്‍ക്കും ബാധകമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇടതുപക്ഷത്തുള്ളപ്പോള്‍ തനിക്ക് മാനുഷികത ലഭിച്ചില്ലെന്നും വലതുമുന്നണിയാണ് പരിഗണിച്ചതെന്നുമായിരുന്നു വീരേന്ദ്രകുമാര്‍ പറഞ്ഞത്. മുതലക്കുളത്തു ചേര്‍ന്ന യോഗത്തില്‍ മുന്നണി ജില്ലാചെയര്‍മാന്‍ പി കെ കെ ബാവ അധ്യക്ഷനായി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ , എം കെ രാഘവന്‍ എംപി, എം പി വീരേന്ദ്രകുമാര്‍ , ടി സിദ്ദിഖ്, പി വി മുഹമ്മദ് അരീക്കോട് എന്നിവര്‍ സംസാരിച്ചു. മുന്നണിജില്ലാകണ്‍വീനര്‍ അഡ്വ. എം വീരാന്‍കുട്ടി സ്വാഗതം പറഞ്ഞു.

പ്രതികരിക്കാതെ മുഖ്യമന്ത്രി

കോഴിക്കോട്: മന്ത്രി ഗണേശ്കുമാറിന്റെയും ചീഫ്വിപ്പ് പി സി ജോര്‍ജിന്റെയും വിവാദപരാമര്‍ശങ്ങളോട് പ്രതികരിക്കാതെ, മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് വിവിധപരിപാടികളില്‍ പങ്കെടുത്ത മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞുമാറുകയായിരുന്നു. വാളകം അക്രമം അറിയാമെന്ന് ഗണേശ്കുമാര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കുമോയെന്നത് സംബന്ധിച്ചും പി സി ജോര്‍ജ് സിപിഐ എം നേതാവ് എ കെ ബാലനെ അധിക്ഷേപിച്ചതിനെക്കുറിച്ചുമെല്ലാം വാര്‍ത്താലേഖകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മുഖ്യമന്ത്രി വാ തുറന്നില്ല. നിങ്ങള്‍ക്ക് വിവാദമാണാവശ്യമെന്നും അതിനെന്നെ കിട്ടില്ലെന്നുമായിരുന്നു മറുപടി. ഖേദപ്രകടനം നടത്തിയിട്ടും വിവാദങ്ങള്‍ തുടരാനാണ് പ്രതിപക്ഷത്തിന് താല്‍പര്യമെന്ന് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പറഞ്ഞു. വിവാദങ്ങളുടെ കുറ്റിയില്‍ കേരളത്തെ കെട്ടിയിടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

ഹൈക്കോടതിയെ സമീപിക്കും: പട്ടികവിഭാഗ ഐക്യവേദി

കണ്ണൂര്‍ : എ കെ ബാലന്‍ എംഎല്‍എയെ ജാതിപറഞ്ഞ് ആക്ഷേപിച്ച ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പട്ടികജാതി- വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം കേസെടുത്ത് ജോര്‍ജിനെ അറസ്റ്റുചെയ്യണം. നിയമസഭയില്‍നിന്ന് പുറത്താക്കണം. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കും. ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്. പൊലീസ് സ്റ്റേഷനിലെത്തിയാല്‍ പട്ടിക വിഭാഗക്കാരനാണെങ്കില്‍ മര്‍ദനമുറപ്പാണ്. ചോദിക്കാനാരുമില്ലെന്ന മനോഭാവമാണ് പൊലീസിന്. വിതുരയിലെ സിനു പൊലീസിന്റെ മൃഗീയ മര്‍ദനത്തെതുടര്‍ന്നാണ് തൂങ്ങിമരിച്ചത്. സിനു മദ്യപിച്ചെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മര്‍ദനത്തെ ന്യായീകരിച്ചത്. പട്ടിക വിഭാഗം ഇരകളാകുന്ന പല കേസുകളിലും പൊലീസ് ന്യായമായ നടപടി സ്വീകരിക്കുന്നില്ല. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍ , ജനറല്‍ സെക്രട്ടറി കട്ടക്കുളം രാമചന്ദ്രന്‍ , ബി ബാലന്‍ എന്നിവര്‍ പങ്കെടുത്തു

പാര്‍ടി നിയന്ത്രിക്കണം: തങ്കച്ചന്‍

കൊച്ചി: ചീഫ് വിപ്പ് പി സി ജോര്‍ജിനെ അദ്ദേഹത്തിന്റെ പാര്‍ടി നേതൃത്വം നിയന്ത്രിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട സര്‍ക്കാര്‍പദവികള്‍ വഹിക്കുന്ന ജോര്‍ജ് എല്ലാകാര്യങ്ങളിലും പക്വത കാട്ടണം. പ്രസ്താവനകളിലും മിതത്വം പാലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും തങ്കച്ചന്‍ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. ബോര്‍ഡ്-കോര്‍പറേഷന്‍ ചെയര്‍മാന്മാരെ നവംബര്‍ നാലിന് പ്രഖ്യാപിക്കും. ഒരു എംഎല്‍എയുള്ള പാര്‍ടിക്കും എംഎല്‍എമാരില്ലാത്ത പാര്‍ടികള്‍ക്കും മൂന്നില്‍ താഴെ സ്ഥാനങ്ങളേ നല്‍കൂ. ഇക്കാര്യത്തില്‍ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എം പാര്‍ടികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്നും തങ്കച്ചന്‍ പറഞ്ഞു.

നിയമപരമായി നേരിടും: എ കെ ബാലന്‍

പാലക്കാട്: ജാതിപ്പേര് വിളിച്ച് അപമാനിച്ച പി സി ജോര്‍ജിന്റെ നടപടി നിയമപരമായി നേരിടുമെന്ന് എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. പൊലീസും ക്യാബിനറ്റ് പദവിയുമുണ്ടെങ്കില്‍ എന്തും വിളിച്ചുപറയാമെന്ന് ധരിക്കരുത്. ഇവരുടെ പ്രസംഗത്തിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. തനിക്കെതിരായ പരാമര്‍ശം തെറ്റായിപ്പോയെന്ന് പൊതുജനമധ്യത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ നിയമത്തിന്റെ വഴിക്കുപോകില്ലായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ദളിത്വിരുദ്ധ സമീപനത്തിന്റെ നേതാവാണ് പി സി ജോര്‍ജ്. സവര്‍ണരുടെ കൈയടിനേടാനാണ് ജോര്‍ജ് ശ്രമിക്കുന്നത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണ ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിയെ പാക്കിസ്ഥാന്‍കാരനോടാണ്ജോര്‍ജ് ഉപമിച്ചത്- എ കെ ബാലന്‍ പറഞ്ഞു.

പരാതി കൊടുക്കേണ്ടത് മാധ്യമങ്ങള്‍ക്കെതിരെ: ജോര്‍ജ്

കട്ടപ്പന: വിവാദ പ്രസ്താവന ന്യായീകരിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും വീണ്ടും പി സി ജോര്‍ജ്. ആലങ്കാരികമായി താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പറഞ്ഞകാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ജില്ലാപഞ്ചായത്തംഗങ്ങള്‍ പങ്കെടുത്ത ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ അതിരുവിടുന്നത് ശരിയല്ല. മാധ്യമങ്ങള്‍ ധാര്‍മികത പാലിക്കണം. മാധ്യമങ്ങളാണ് വേണ്ടാധീനം കാണിക്കുന്നത്. പരാതി കൊടുക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് അവകാശമുണ്ട്. സംഭവങ്ങള്‍ കാണിക്കുന്ന ചാനലുകള്‍ക്കെതിരെയും പരാതി കൊടുക്കേണ്ടതുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

deshabhimani 301011

വിജയം കണ്ട മനുഷ്യമതില്‍

വാള്‍സ്ട്രീറ്റില്‍നിന്ന് റെജി പി ജോര്‍ജ്

ഭൂമിയുടെ ഏതു കോണില്‍ പ്രകൃതിദുരന്തമുണ്ടായാലും നാം അവിടത്തെ സഹജീവികള്‍ക്ക് അടിയന്തരമായി വേണ്ട മരുന്ന്, ഭക്ഷണം, വസ്ത്രം, രക്ഷാപ്രവര്‍ത്തനം എന്നിങ്ങനെ നിരവധി സഹായങ്ങളാണ് എത്തിക്കുക. പ്രകൃതിദുരന്തങ്ങളില്‍നിന്ന് വ്യത്യസ്തമാവാം സാമ്പത്തിക ദുരന്തങ്ങള്‍ . എന്നാല്‍ , അമേരിക്കയുടെ സാമ്പത്തികദുരന്തവും സുക്കോട്ടിപാര്‍ക്കിലെ സമരത്തിലൂടെ ഇത്തരം വേദനകളുടെയും പങ്കുവയ്ക്കലുകളുടെയും കഥയാണു പറയുന്നത്. പൊലീസിന്റെ മുളകുപൊടി സ്പ്രേയില്‍ പരുക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനായി വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്ന സുക്കോട്ടി പാര്‍ക്കില്‍ ആരംഭിച്ചതാണ് ചെറിയ രീതിയിലുള്ള വൈദ്യസഹായകേന്ദ്രം. ഇപ്പോഴാകട്ടെ, എല്ലാ സമയത്തും ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് മെഡിക്കല്‍ സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്ന ഒരു ആധുനിക മെഡിക്കല്‍ കൂടാരമായി അത് വളര്‍ന്നു. ഇവിടെ അമേരിക്കയുടെ വിവിധകോണുകളില്‍നിന്ന് സൗജന്യമായി മരുന്നുകള്‍ എത്തുന്നു; എമര്‍ജന്‍സി മെഡിക്കല്‍ ട്രെയ്നിങ് കിട്ടിയ ഡസന്‍ കണക്കിന് യുവതീയുവാക്കളാണ് ഇന്ന് സന്നദ്ധപ്രവര്‍ത്തകരായി ക്യാമ്പിലുള്ളത്. ക്യാമ്പിലേക്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും നേഴ്സുമാര്‍ കടന്നുവരുന്നു; സമരത്തിന്റെ ഭഭാഗമാകാന്‍ , ഈ ക്യാമ്പില്‍ ജോലിചെയ്യാന്‍ , ഒരു ദുരന്തഭൂമിയില്‍ ഉപയോഗിക്കേണ്ട അത്യാവശ്യം വരുന്ന എല്ലാ വൈദ്യോപകരണങ്ങളുമുള്ള മെഡിക്കല്‍ ക്യാമ്പ് ആണ് അവിടെ പ്രവര്‍ത്തിക്കുന്നത്. സമര രംഗത്തുനിന്ന് ഈ മെഡിക്കല്‍ ക്യാമ്പിലേക്ക് എത്തുന്ന പലരും അഞ്ച് ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരാശുപത്രിയില്‍ കയറുന്നത്! പലര്‍ക്കും അതിനാവശ്യമായ പണമോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ല എന്നതാണ് പ്രധാന കാരണം.

പിന്നിട്ട ആഴ്ച പാര്‍ക്കില്‍ സമരത്തിന്റെ ഭാഗമായി നടക്കുന്ന സംഗീതഘോഷത്തില്‍ നൃത്തംചെയ്ത ഒരു ഇരുപത്താറുകാരിക്ക് പൊടുന്നനെ ആസ്ത്മയുടെ ഉപദ്രവം ഇളകി; അവര്‍ താഴെവീണു പിടഞ്ഞു. യുവതിയെ പെട്ടെന്ന് മെഡിക്കല്‍ ക്യാമ്പിലേക്കു മാറ്റുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയുംചെയ്തു. ഒരു ഡോക്ടറെ കാണാനോ ആസ്ത്മയുടെ ഉപദ്രവമുള്ളവര്‍ കൊണ്ടുനടക്കുന്ന പ്രിസ്ക്രിപ്ഷന്‍ ഇന്‍ഹെയ്ലര്‍ തരപ്പെടുത്താനോ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ആ സ്ത്രീ പറയുന്നു അതൊക്കെ സ്വപ്നം കാണാന്‍പോലും കഴിയാത്ത കാര്യമാണ്.

കഴിഞ്ഞ തിങ്കളാഴ്ച സായാഹ്നം മുതല്‍ പാര്‍ക്കിലെ സമരപ്രവര്‍ത്തകര്‍ക്കിടയില്‍ ആ വാര്‍ത്ത എത്തിക്കൊണ്ടിരുന്നു; പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാമ്പ് പാര്‍ക്കിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ രാത്രി പൊലീസ് അത് പൊളിച്ചുമാറ്റും എന്ന്. വൈദ്യസഹായ ക്യാമ്പ് സംരക്ഷിക്കാന്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ രാത്രി ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍നിന്ന് ഒരു നല്ല ശമരിയാക്കാരന്‍ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ -അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകനും ബാപ്റ്റിസ്റ്റ് സഭയുടെ പട്ടക്കാരനും ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകാന്‍ 1984 ലും 1988ലും മത്സരിക്കുകയും കറുത്തവരുടെ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളും എന്ന് ഉറക്കെ പ്രഖ്യാപിച്ചതിലൂടെ സ്ഥാനാര്‍ഥിത്വം നഷ്ടമാവുകയുംചെയ്ത റവറന്റ് ജസ്സെ ജാക്സന്‍! അദ്ദേഹം സുക്കോട്ടിപാര്‍ക്കിലെ മെഡിക്കല്‍ ക്യാമ്പ് നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടം ആ രാത്രി ഏറ്റെടുത്തു. പൊലീസ് ഉദ്യോഗസ്ഥരോട് വളരെ ശക്തമായഭഭാഷയില്‍ മെഡിക്കല്‍ ക്യാമ്പിനുവേണ്ടി സംസാരിച്ചു. പൊടുന്നനെ റവ. ജസെ ജാക്സന്റെ നേതൃത്വത്തില്‍ കൈകള്‍ പരസ്പരം കോര്‍ത്തുകൊണ്ട് ഒരു മനുഷ്യച്ചങ്ങല പാര്‍ക്കിനും പൊലീസിനും മധ്യേ നിര്‍മിക്കപ്പെട്ടു; മെഡിക്കല്‍ ക്യാമ്പ് സംരക്ഷിക്കാന്‍ വേണ്ടി. അല്‍പ്പസമയത്തിനകം പൊലീസിന് അലബാമയിലെ സെല്‍മയില്‍ നിന്ന് മോണ്ട് ഗോമോറിയിലേക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യനീതിക്കുവേണ്ടി നടന്ന സമരയാത്രയിലെ പോരാളിയുടെ മുമ്പില്‍ തോറ്റു പിന്മാറേണ്ടി വന്നു. അമേരിക്കന്‍ ആദിവാസിസമൂഹത്തിനും അധിനിവേശ ശക്തികള്‍ക്കും ഇടയില്‍ കെട്ടിപ്പടുത്ത ആ പഴയ മതിലിന്റെ (വാള്‍ സ്ട്രീറ്റ്) മുന്നില്‍ അങ്ങനെ നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യമതില്‍ വിജയം കണ്ടു

deshabhimani 301011