Saturday, November 28, 2020

എംഗല്‍സ് @ 200

എംഗല്‍സിന്‍റെ 200-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കല്‍ റോബര്‍ട്ട്സ് എഴുതിയ 'എംഗല്‍സ്-200' മുന്‍നിര്‍ത്തി ചില ചിന്തകള്‍.

ജര്‍മ്മന്‍ ചിന്തകനും വിപ്ലവകാരിയുമായ ഫ്രെഡറിക്ക് എംഗല്‍സിന്‍റെ 200-ാം ജന്മദിനമാണ് 2020 നവംബര്‍ 28.  2018 മെയ് അഞ്ചിനായിരുന്നു കാള്‍ മാര്‍ക്സിന്‍റെ 200-ാം ജന്മദിനം.  മാര്‍ക്സും എംഗല്‍സും ചരിത്രത്തിലെപ്പോഴും ഒന്നിച്ചെഴുതപ്പെട്ട പേരുകളാണ്.  ദൈനംദിന ജീവിതത്തിലും സൈദ്ധാന്തിക വ്യവഹാരങ്ങളിലും സന്തത സഹചാരികളായിരുന്ന മനുഷ്യര്‍.  അസാധാരണമായ ആ ധൈഷണിക സഹവര്‍ത്തിത്തത്തിന്‍റെ ഉജ്ജ്വലമായ സൈദ്ധാന്തിക ആവിഷ്ക്കാരങ്ങള്‍ ലോകമെമ്പാടുമുള്ള പൊരുതുന്ന മനുഷ്യര്‍ക്കും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും ഇന്നും ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കുന്ന ജ്ഞാനസ്രാതസ്സുകളാണ്.

മൈക്കല്‍ റോബര്‍ട്ട്സ് (വലത്ത്)

എംഗല്‍സിന്‍റെ 200-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനായ മൈക്കല്‍ റോബര്‍ട്ട്സ് എഴുതിയ പുസ്തകമാണ്,  'എംഗല്‍സ്-200' (Engels 200- his contribution to political economy) - Michael Roberts, 2020, Published by Lulu.com). മാര്‍ക്സിന്‍റെ 200-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ക്സ്-200 എന്ന ഒരു പുസ്തകം അദ്ദേഹം പുറത്തിറക്കിയിരുന്നു. അര്‍ത്ഥശാസ്ത്രത്തിലുള്ള എംഗല്‍സിന്‍റെ സംഭാവനയെയാണ് ഈ പുസ്തകത്തില്‍ മൈക്കല്‍ റോബര്‍ട്ട്സ് പരിശോധിക്കുന്നത്.

ഉംമ്രിസ്സെ (Umrisse) ആദ്യത്തെ മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രഗ്രന്ഥം

22-ാം വയസിലാണ് എംഗല്‍സ് ഉംമ്രിസ്സെ എഴുതുന്നത്. ഉംമ്രിസ്സെ എന്നുപറഞ്ഞാല്‍ രൂപരേഖ  (outline).  അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തിന്‍റെ രൂപരേഖകള്‍ (The outlines of a critique of political economy) എന്നാണ് പുസ്തകത്തിന്‍റെ മുഴുവന്‍ പേര്.  സമകാലികരായ അര്‍ത്ഥശാസ്ത്രകാരന്മാരുടെ ആശയങ്ങളെ വിശകലനം ചെയ്യുകയും അതിലെ വൈരുദ്ധ്യങ്ങളെ വിമര്‍ശന വിധേയമാക്കുകയുമാണ് എംഗല്‍സ് ചെയ്യുന്നത്.  മാര്‍ക്സിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിലെ അടിസ്ഥാന സങ്കല്പനങ്ങളായ മൂല്യസിദ്ധാന്തം, സാമ്പത്തിക കുഴപ്പങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം എന്നിവയുടെയെല്ലാം പ്രാഥമിക രൂപം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് ഈ പുസ്തകത്തിലാണ്.  ആ അര്‍ത്ഥത്തില്‍ മാര്‍ക്സിനു മുമ്പേ തന്നെ മാര്‍ക്സിസ്റ്റായ ആളാണ് എംഗല്‍സ് എന്ന് മൈക്കല്‍ റോബര്‍ട്ടസ് പറയുന്നു.

മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രത്തില്‍ ചരക്കു വ്യാപാരത്തിന്‍റെ ഊഹാധിഷ്ഠിതവും അരാജകത്വം നിറഞ്ഞതുമായ സ്വഭാവത്തെ ആദ്യം പരിഗണിക്കുന്നതും ഈ പുസ്തകത്തിലാണ്.  ക്ലാസ്സിക്കല്‍ അര്‍ത്ഥശാസ്ത്രത്തിന്‍റെ അടിസ്ഥാന ദൗര്‍ബല്യം എന്നു പറയുന്നത് സ്വകാര്യസ്വത്തിനെ സവിശേഷമായി പരിഗണിക്കാനുള്ള അതിന്‍റെ പരാജയമാണെന്ന് എംഗല്‍സ് പറയുന്നു.  ആഡം സ്മിത്തും റിക്കാര്‍ഡോയും മാല്‍ത്തസുമെല്ലാം എല്ലാ സമൂഹങ്ങളിലും എല്ലാക്കാലത്തും ഒരേ പോലെ നിലനില്‍ക്കുന്ന ഒന്നായാണ് സ്വകാര്യ സ്വത്തിനെ കാണുന്നത്.  ചരിത്രപരമായി നോക്കുമ്പോള്‍ വസ്തുതാവിരുദ്ധമായ ഈ കാഴ്ചപ്പാട് അതുകൊണ്ടുതന്നെ അവരുടെ അര്‍ത്ഥശാസ്ത്ര വിശകലനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നും എംഗല്‍സ് നിരീക്ഷിച്ചു.

എംഗല്‍സ് എന്ന സൈദ്ധാന്തികന്‍

'ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവസ്ഥ' എന്ന എംഗല്‍സിന്‍റെ പുസ്തകത്തെ പരാമര്‍ശിക്കവേ ഒരു പത്രലേഖകന്‍ എംഗല്‍സിനെ വിവരണാത്മക ധന ശാസ്ത്രത്തിന്‍റെ (Descriptive Economics) പിതാവ് എന്നു വിശേഷിപ്പിച്ചു.  ഇതിനോടു എംഗല്‍സ് ഇങ്ങനെ പ്രതികരിച്ചു.  വിവരണാത്കമ ധനശാസ്ത്രം നിങ്ങള്‍ക്ക് ആഡംസ്മിത്തിലും പെറ്റിയിലും വോബനിലും എല്ലാം കാണാം.  തൊഴിലാളിവര്‍ഗ്ഗ പക്ഷത്തു നിന്നുകൊണ്ട് ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമായ മറ്റു പണ്ഡിതരും സമാന ശൈലിയില്‍ എഴുതിയിട്ടുണ്ട്.  എന്നാല്‍ ആധുനിക വ്യവസായ സമ്പ്രദായത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ പറ്റുന്ന തരത്തിലുള്ള അന്വേഷണമാണ് താന്‍ നടത്തുന്നത്. എംഗല്‍സിന്‍റെ അര്‍ത്ഥശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള കൃത്യമായതും പൊതുവായ ജ്ഞാനശാസ്ത്ര സമീപനത്തെക്കുറിച്ചുള്ള സൂചനാത്മകമായതുമായ ഒരു പരാമര്‍ശമായി ഇതിനെ കണക്കാക്കാം.  കേവലം വസ്തുതാവിവരണങ്ങളോ വസ്തുതാനിരപേക്ഷമായ സൈദ്ധാന്തിക പദ്ധതിയോ അല്ല എംഗല്‍സിന്‍റേത്.  വസ്തുതകളെ സൈദ്ധാന്തിക പരികല്പനകളുപയോഗിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും അതില്‍ നിന്നും സാമൂഹ്യപ്രയോഗങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന തരം അറിവുകളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് എംഗല്‍സിന്‍റെ രീതി.  ശാസ്ത്രത്തിന്‍റെ രീതിയും ഇതാണ്.  അതുകൊണ്ടുതന്നെ ശാസ്ത്രീയമായ രീതിയുടെയും കാഴ്ചപ്പാടിന്‍റെ യും ശക്തനായ ഒരു വക്താവുകൂടിയായിരുന്നു എംഗല്‍സ്.

എംഗല്‍സ് പോസ്: സാങ്കേതിക വിദ്യയും വേതനസ്തംഭനവും

'ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അവസ്ഥ' എന്ന പുസ്തകത്തില്‍ അസമമായ വളര്‍ച്ചയെക്കുറിച്ച് എംഗല്‍സ് പറയുന്നുണ്ട്.  എംഗല്‍സ് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാലപരിധിയില്‍, വ്യവസായ വിപ്ലവവും സാങ്കേതികവിദ്യാപുരോഗതിയും യന്ത്രവല്‍കൃത ഉല്പാദനവും വന്നതിന്‍റെ ഭാഗമായി, വലിയ രീതിയിലുള്ള ഉല്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.  എന്നാല്‍ ഇങ്ങനെ പ്രതിശീര്‍ഷ ജി.ഡി.പി വര്‍ദ്ധിക്കുന്ന ഈ കാലയളവില്‍ യഥാര്‍ത്ഥ വേതനം വര്‍ദ്ധിക്കാതെ അതേ പോലെ തുടരുന്നു എന്ന് എംഗല്‍സ് കണ്ടെത്തി.  ഇത്തരത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം യഥാര്‍ത്ഥ വേതനം വര്‍ദ്ധിക്കാതിരിക്കുന്ന കാലയളവിനെ സാമ്പത്തിക ചരിത്രകാരനായ റോബര്‍ട്ട് അലന്‍ എംഗല്‍സ് പോസ്  (Engels's pause) എന്നാണ് വിളിക്കുന്നത്.  2008-09 ലെ സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള കാലയളവ് എംഗല്‍സ് പോസിന്‍റെ ആവര്‍ത്തനമാണ് എന്ന്  ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നി  നിര്‍ദ്ദേശിക്കുകയുണ്ടായി.  സാങ്കേതികവിദ്യാപുരോഗതി മൂലധനത്തിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചരിത്ര സന്ദര്‍ഭങ്ങളിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് കെയ്നീഷ്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രൂഗ്മാന്‍ നിരീക്ഷിക്കുന്നുണ്ട്.  മൂലധന വ്യവസ്ഥയ്ക്കകത്ത് സാങ്കേതിക വിദ്യാ മുന്നേറ്റം സംഭവിക്കുമ്പോഴുണ്ടാകുന്ന പ്രവണതകളെക്കുറിച്ചുള്ള എംഗല്‍സിന്‍റെ വിശകലനങ്ങളുടെ ശക്തി തെളിയുന്ന ഒരു സന്ദര്‍ഭമായി ഇതിനെ കണക്കാക്കാവുന്നതാണ്.

മാക്സിന്‍റെ വ്യാഖ്യാതാവ്

മാര്‍ക്സ് അദ്ദേഹത്തിന്‍റെ മൂലധനത്തിന്‍റെ ഒന്നാം വാല്യം മാത്രമേ അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളു.  മൂലധനത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ മാര്‍ക്സിന്‍റെ കൈയ്യെഴുത്ത് പ്രതികളില്‍ നിന്ന് എഡിറ്റ് ചെയ്ത് ഇന്നത്തെ രൂപത്തില്‍ അവതരിപ്പിച്ചത് എംഗല്‍സ് ആണ്.  മാര്‍ക്സിന്‍റെ ധൈഷണികത പങ്കാളി എന്ന നിലയ്ക്ക് ആ കാര്യം ഏറ്റവും നന്നായി നിര്‍വഹിക്കാന്‍ കഴിയുന്നത് എംഗല്‍സിനു തന്നെയാണ്.  എന്നാല്‍ മൂലധനം മൂന്നാം വാല്യത്തില്‍ പ്രത്യേകിച്ച് ലാഭനിരക്ക് താഴാനുള്ള പ്രവണതയുടെ നിയമത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് എംഗല്‍സ് മാര്‍ക്സിനെ വളച്ചൊടിച്ചു എന്ന് ആരോപണം ഉന്നയിക്കുന്ന മാര്‍ക്സിസ്റ്റ് പണ്ഡിതന്‍മാര്‍ ഉണ്ട്.  ന്യൂ റീഡിംഗ് സ്കൂള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പണ്ഡിതന്മാരുടെ ഇടയിലാണ്  ഈ കാഴ്ചപ്പാട് ഉള്ളത്.  അതിലൊരാളായ മൈക്കല്‍ ഹെന്‍റിച്ച് മൂലധനം മൂന്നാം വാല്യം മാക്സിന്‍റെ മൂലധനമായി കാണാന്‍ കഴിയില്ല എന്ന രീതിയില്‍  വരെ പറയുന്നുണ്ട്.  റെജിന റോത്തിനെ പോലുള്ള പണ്ഡിതരും സമാന അഭിപ്രായക്കാരാണ്.  എന്നാല്‍ ഗ്രുന്‍ഡ്രിസ്സിലെ വസ്തുതകളുടെ അടിസ്ഥാനത്തിലും ഫ്രെഡ് മോസ്ലിയെപ്പോലുള്ള പണ്ഡിതരുടെ  പഠനങ്ങളുടെ അടിസ്ഥാനത്തിലും എംഗല്‍സിനെതിരായ പ്രസ്തുത ആരോപണങ്ങള്‍ യാതൊരു കഴമ്പും ഇല്ലാത്തതാണ് എന്ന് മൈക്കല്‍ റോബര്‍ട്ട്സ് തെളിയിക്കുന്നുണ്ട്.  മാത്രവുമല്ല മൂലധനവ്യവസ്ഥയിലെ സാമ്പത്തിക കുഴപ്പത്തിന്‍റെ അടിസ്ഥാനം ലാഭനിരക്ക് കുറയാനുള്ള പ്രവണതയുടെ നിയമമാണെന്നും മൈക്കല്‍ റോബര്‍ട്ടസ് കൂട്ടിചേര്‍ക്കുന്നുണ്ട്.

മാര്‍ക്സിന്‍റെ പ്രഭാവലയത്തില്‍ എംഗല്‍സ് എന്ന പ്രതിഭാധനനായ ചിന്തകന്‍റെ മൗലികമായ സംഭാവനകള്‍ക്ക് പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാതെ പോകാറുണ്ട്.  അതുകൊണ്ടു തന്നെ അര്‍ത്ഥശാസ്ത്രത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകളെ വളരെ ലളിതമായും സൂക്ഷ്മമായും പരിശോധിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന മൈക്കല്‍ റോബര്‍ട്ട്സിന്‍റെ ഈ പുസ്തകം മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു വലിയ മുതല്‍കൂട്ടാണ്.  തത്വശാസ്ത്രമടക്കം മറ്റു മേഖലകളിലുള്ള എംഗല്‍സിന്‍റെ മൗലികമായ സംഭാവനകള്‍ പഠിക്കാനും വിലയിരുത്താനും ജനങ്ങളുടെ മുന്നില്‍  അവതരിപ്പിക്കാനുമുള്ള ഉത്തരവാദിത്വം കൂടി മാര്‍ക്സിസ്റ്റ് ഗവേഷകര്‍ക്കുണ്ട് എന്ന കാര്യം കൂടി ഈയൊരു സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

മിഥുന്‍ സിദ്ധാര്‍ത്ഥന്‍,അദ്വൈത് പ്രഭാകര് 

ഓർമകളും സമരായുധം

 ലോകത്തെ വ്യാഖ്യാനിക്കുന്നതിൽനിന്ന്‌ വ്യത്യസ്‌തമായി അതിനെ മാറ്റിമറിക്കാൻ കാൾ മാർക്‌സിനൊപ്പം ചിന്താപരവും പ്രായോഗികവുമായ ഉജ്വല സംഭാവനകൾ നൽകിയ ഫ്രെഡറിക് എംഗൽസിന്റെ ജന്മദ്വിശതാബ്ദിദിനമാണ്‌ ഇന്ന്‌. ഇപ്പോൾ  ജർമനിയുടെ ഭാഗമായ പ്രഷ്യയിലെ ബർമനിൽ വസ്ത്രവ്യവസായിയായ ഫ്രെഡറിക്‌ എംഗൽസ്‌ സീനിയറിന്റെയും എലിസബത്ത്‌ ഫ്രാൻസിസ്‌ക മൗറിത്തിയയുടെയും മകനായി 1820 നവംബർ 28ന്‌ ആയിരുന്നു ജനനം. ഈശ്വരവിശ്വാസിയായ അച്ഛൻ, മകനും അങ്ങനെയാകാൻ ആഗ്രഹിച്ചു. എന്നാൽ, എംഗൽസ് വഴിമാറി. അച്ഛന്റെ സംരംഭങ്ങൾ നോക്കിനടത്തുമെന്ന്‌ കുടുംബം കരുതിയെങ്കിലും സമൂഹത്തിലെ വിഭജനങ്ങൾ അസ്വസ്ഥനാക്കിയ ആ യുവാവിൽ വിപ്ലവചിന്തകളാണ്‌ മുളച്ചത്‌. സമഗ്രാധിപത്യത്തിനെതിരെ അലയടിക്കാൻ തുടങ്ങിയ പ്രക്ഷോഭങ്ങളിലേക്ക്‌ അതിവേഗം മാനസികമായി അടുക്കുകയുംചെയ്‌തു.

ഹെഗലിന്റെ ആശയങ്ങളിലേക്കാണ്‌ എംഗൽസ്‌ ആദ്യം ആകർഷിക്കപ്പെട്ടത്‌. അദ്ദേഹത്തിന്റെ കൃതികൾ പലതും തേടിപ്പിടിച്ച്‌ ഹൃദിസ്ഥമാക്കി. വായനയും സംവാദങ്ങളും എംഗൽസിലെ സർഗാത്മകതയും തത്വാന്വേഷണങ്ങളും പോഷിപ്പിച്ചു. അങ്ങനെ മുളപൊട്ടിയ  സാഹിത്യതാൽപ്പര്യത്തിന്റെ തുടർച്ചയിലാണ്‌ 1838 സെപ്തംബറിൽ ‘ദ ബെദോവിൻ’ എന്ന ആദ്യ കവിത വെളിച്ചംകണ്ടത്‌. മൂന്നു വർഷം കഴിഞ്ഞ്‌ പ്രഷ്യൻ സൈന്യത്തിൽ ചേർന്നു. തുടർന്ന്‌ ബെർലിനിലേക്ക് പോയി. അവിടെ ‘യങ് ഹെഗേലിയൻസ്‌’എന്ന യുവജന സംഘടനയിൽ പ്രവർത്തിക്കാൻ തുടങ്ങി.

രാഷ്ട്രീയാഭിമുഖ്യത്തിൽനിന്ന്‌ അകറ്റുന്നതിന്‌ അച്ഛൻ തനിക്കുകൂടി ഓഹരിയുള്ള മാഞ്ചസ്റ്ററിലെ എർമാൻ ആൻഡ്‌ എംഗൽസ്‌ നൂലുൽപ്പാദന കമ്പനിയിൽ ജോലിയെടുക്കാൻ എംഗൽസിനെ 1842ൽ  ഇംഗ്ലണ്ടിലേക്കയച്ചു. ആ യാത്രയ്‌ക്കിടയിലാണ് ‘റൈനിഷ്‌ സൈതൂങ്‌’ പത്രം ഓഫീസിൽ ചെന്ന്‌ മാർക്‌സിനെ കാണുന്നത്. അത്‌ ലോകചരിത്രഗതിയെ മാറ്റിമറിച്ച  രണ്ട് ധിഷണാശാലികളുടെ ആദ്യ സമാഗമമായി; ഏറ്റവും ആഴത്തിലുള്ള സൗഹൃദങ്ങളിലൊന്നായും ബലിഷ്‌ഠമായ ബൗദ്ധിക കൂട്ടുകെട്ടായും വളർന്നു. ഇരുവരും പരസ്‌പരം അയച്ച കത്തുകൾ രാഷ്ട്രീയവും സാമ്പത്തികവും തത്വശാസ്‌ത്രവും കലാ–- സൗന്ദര്യ ചിന്തകളും പങ്കുവച്ച സംവാദങ്ങളായി മാറി. മാർക്‌സിന്റെ ചില സൈദ്ധാന്തികാന്വേഷണങ്ങൾ പൂരിപ്പിച്ചതുപോലെ അദ്ദേഹത്തിനും കുടുംബത്തിനും  സാമ്പത്തികമായ താങ്ങായിനിന്നതും എംഗൽസാണ്‌. 1842 അന്ത്യത്തോടെ ലിബറലിസത്തോടും ‘യങ് ഹെഗേലിയൻസ്‌’ ദർശനങ്ങളോടും വേർപിരിഞ്ഞ്‌ താനൊരു കമ്യൂണിസ്റ്റാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

റൈനിഷ്‌ സൈതൂങ്ങിൽ എംഗൽസ്‌ തുടർച്ചയായി എഴുതിയവ സമാഹരിച്ചതാണ്‌ ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി’ എന്ന കൃതി. അതിലാണ്‌ ഇക്കാലത്തെ പ്രധാന ചർച്ചകളിലൊന്നായ ആരോഗ്യവും സാമൂഹ്യ‐ സാമ്പത്തിക അന്തരീക്ഷവും തമ്മിലുള്ള അഭേദ്യബന്ധം ആദ്യം വിശകലനം ചെയ്‌തതും. വ്യവസായവൽക്കരണത്തിന്റെ പ്രഥമ ഘട്ടത്തിലെ തൊഴിലാളികളുടെ കൊടിയ ദുരിതങ്ങളാണ്‌ ആ പുസ്തകത്തിൽ വിവരിച്ചത്. അക്കാലത്ത് അവരെ പിടികൂടിയ ഒട്ടുമിക്ക രോഗങ്ങളും ദുസ്സഹമായ ജീവിതാവസ്ഥയുടെ ഫലമാണെന്ന്‌ എംഗൽസ് നിരീക്ഷിച്ചു. അവയിൽ പലതും തൊഴിൽജന്യ കാരണങ്ങളാലാണെന്ന് ആരോഗ്യ വിദഗ്‌ധർ കണ്ടെത്തുന്നതിന്‌ പതിറ്റാണ്ടുകൾമുമ്പ്‌ ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ അവസ്ഥ’യിൽ അദ്ദേഹം എഴുതി. അത്‌ മാർക്‌സിനും വർഗ വിശകലനത്തിലടക്കം ആഴത്തിലുള്ള ഉൾക്കാഴ്‌ച നൽകുന്നതായി. ‘പ്രകൃതിയുടെ വൈരുധ്യാത്മകത’, ‘ജർമൻ പ്രത്യയശാസ്‌ത്രം’ തുടങ്ങിയ രചനകളും സമാന സ്വഭാവത്തിലുള്ളവ.

1847ൽ രൂപംകൊണ്ട കമ്യൂണിസ്റ്റ്‌ ലീഗായിരുന്നല്ലോ തൊഴിലാളിവർഗത്തിന്റെ ആദ്യ രാഷ്ട്രീയ സംഘടന. അതേ വർഷം നവംബറിൽ ലണ്ടനിൽ ചേർന്ന ആദ്യ കോൺഗ്രസിന്റെ നിർദേശമനുസരിച്ച്‌ വിശദ പരിപാടി തയ്യാറാക്കാൻ മാർക്‌സിനെയും എംഗൽസിനെയും ചുമതലപ്പെടുത്തി. അതുപ്രകാരം 1848 ഫെബ്രുവരി 21-ന് പുറത്തിറക്കിയതാണ്‌ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ‘‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു‐ - കമ്യൂണിസമെന്ന ഭൂതം. ആ ഭൂതത്തിന്റെ ബാധയൊഴിക്കാൻ പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം‐- മാർപാപ്പയും സർചക്രവർത്തിയും മെറ്റർനിക്കും ഗിസോയും ഫ്രഞ്ച്‌ റാഡിക്കൽ കക്ഷിക്കാരും ജർമൻ പൊലീസ് ചാരന്മാരുമെല്ലാം പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കയാണ്‌’’ എന്ന മാനിഫെസ്‌റ്റോയുടെ തുടക്കം ഇക്കാലത്തും മറ്റൊരർഥത്തിൽ പ്രസക്തമാണ്‌. സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന അത്‌, വർഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ഓർമപ്പെടുത്തലുമായി. മുതലാളിത്ത പ്രതിസന്ധിയും കമ്യൂണിസത്തിന്റെ രൂപങ്ങളും സംബന്ധിച്ച നിഗമനങ്ങളും അവതരിപ്പിച്ചു. മാനിഫെസ്‌റ്റോ പ്രസിദ്ധീകൃതമായതോടെ യൂറോപ്പിലാകെ തൊഴിലാളിവർഗ മുന്നേറ്റങ്ങൾക്ക് ആവേശകരമായ ദിശാബോധവും പ്രത്യയശാസ്ത്രദാർഢ്യവും കൈവന്നു. തുടർന്ന്‌ ഭരണകൂടങ്ങൾ ചെറുത്തുനിൽപ്പുകളെ കണ്ണിൽ ചോരയില്ലാത്തവിധം നേരിട്ടപ്പോൾ കമ്യൂണിസ്റ്റ്‌ ലീഗിന്റെ പ്രവർത്തനം അതീവ ദുഷ്‌കരമായി.

ആഗ്രഹചിന്തകൾമാത്രമായ അരാജകവാദങ്ങളും തൊഴിലാളിവർഗത്തിന്റെ വിപ്ലവാത്മക ദൗത്യത്തെ നിരാകരിക്കുന്ന ബൂർഷാസമീപനങ്ങളും തീർത്ത ശൈഥില്യത്തെയും നൈരാശ്യത്തെയും രാഷ്ട്രീയവും സൈദ്ധാന്തികവുമായി അതിജീവിച്ചാണ് മാർക്‌സും എംഗൽസും നേതൃത്വം നൽകി 1864ൽ ഇന്റർനാഷണൽ വർക്കിങ്‌ മെൻസ് അസോസിയേഷൻ രൂപീകരിക്കുന്നത്. 1871ലെ പാരീസ് കമ്യൂൺ ഉൾപ്പെടെയുള്ള സംഭവപരമ്പരകളുടെ വിജയപരാജയങ്ങളും കയറ്റിറക്കങ്ങളും ഗുണപരവും നിഷേധാത്മകവുമായ പാഠങ്ങളും  സ്വാംശീകരിച്ചതും മുന്നോട്ടു കൊണ്ടുപോയതും രണ്ടാം ഇന്റർനാഷണൽ രൂപീകരിച്ചതുമെല്ലാം എംഗൽസിന്റെ നേതൃത്വത്തിലായിരുന്നു. മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹം. പരിഹാരമില്ലാതെ ആവർത്തിക്കുന്ന  മുതലാളിത്ത പ്രതിസന്ധിയും കൊറോണ വൈറസ്‌ തീർത്ത ആരോഗ്യരംഗത്തെ സങ്കീർണതയും മനുഷ്യകുലത്തെ മുതലാളിത്തേതരമായ ബദലുകളെയും സോഷ്യലിസത്തിന്റെ  പ്രസക്തിയെയും മുൻനിർത്തിയുള്ള പുനരാലോചനകളിലേക്കും മാർക്‌സിന്റെയും എംഗൽസിന്റെയും മുതലാളിത്ത വിമർശങ്ങളുടെ കാലിക പ്രസക്തിയിലേക്കും തിരിച്ചുനടത്തിച്ചുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിലാണ് എംഗൽസിന്റെ  200-–-ാം ജന്മദിനം. നിയോലിബറൽ ചൂഷണത്തിനെതിരായ ചെറുത്തുനിൽപ്പുകൾ  തീക്ഷ്‌ണമാക്കിക്കൊണ്ടാണ്‌ ലോകത്തെ വീണ്ടെടുക്കാൻ ശ്രമിക്കേണ്ടത്‌. ഓർമകളും ഒരു സമരായുധമാണെന്ന പാഠം അതിന്‌ വഴികാട്ടിയാകും.

deshabhimani editorial 281120

യുക്തിയുടെ തീപ്പന്തം - എം എ ബേബി എഴുതുന്നു

2020 നവംബർ 28 ഫ്രെഡറിക് എംഗൽസിന്റെ (ജനനം 1820) 200–-ാം ജന്മദിനമാണ്. 1895 ആഗസ്ത്‌ അഞ്ചിന് സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യമായി. എന്നാൽ, അസമത്വത്തിനും അനീതിക്കും  പാരതന്ത്ര്യത്തിനും ചൂഷണത്തിനുമെതിരെ എവിടെയെല്ലാം പോരാട്ടങ്ങൾ നടക്കുന്നുവോ അവിടെയെല്ലാം എംഗൽസ് ജീവിക്കുന്നു.  മറ്റ് മഹാന്മാരായ വിപ്ലവകാരികളെയും രക്തസാക്ഷികളെയുംപോലെ. ‘‘ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു'' എന്ന് ഒ എൻ വി ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന കാൾ മാർക്സിനെ സ്മരിച്ച്‌ എഴുതിയത് എംഗൽസിന്റെ കാര്യത്തിലും അർഥവത്താണ്.

വി ഐ ലെനിൻ ഇരുപത്തഞ്ചുകാരനായ യുവാവായിരിക്കുമ്പോഴാണ് എംഗൽസ് മരണമടഞ്ഞത്. ലെനിൻ അന്നെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഉജ്വലമാണ്: ‘‘എന്തൊരു യുക്തി തീപ്പന്തമാണ് പൊലിഞ്ഞുപോയത് ! എന്തൊരു ഹൃദയമാണ് സ്പന്ദിക്കാതായത്'' പ്രശസ്ത കവി നെക്രാസോവിന്റെ വികാരം ത്രസിക്കുന്ന വരികളാണ് ലെനിൻ ഉദ്ധരിച്ചത്.  ചില ചിന്തകർ പ്രഥമ ‘‘മാർക്സിസ്റ്റായി'' എംഗൽസിനെ വിശേഷിപ്പിക്കാറുണ്ട്. അപ്പോൾ കാറൽ മാർക്സോ? ‘‘ഞാനെന്തായാലും ഒരു മാർക്സിസ്റ്റല്ല'' എന്ന് കാൾ മാർക്സ് നടത്തിയ ചിന്തോദീപകമായ പ്രസ്താവന പ്രസിദ്ധം. എല്ലാ മേഖലയിലുമുള്ള ശാസ്ത്രീയവളർച്ചകൾ സ്വാംശീകരിച്ച് നിലയ്ക്കാതെ പരിവർത്തന വിധേയമാകേണ്ടതാണ് മാർക്സിസം അഥവാ ശാസ്ത്രീയ സോഷ്യലിസം. സമൂഹത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ശാസ്ത്രീയവും അനുക്ഷണ വികസ്വരവും  സമഗ്രവുമായ സമരസിദ്ധാന്തം എന്നാണല്ലോ മാർക്സും എംഗൽസും ആവർത്തിച്ച് ഓർമിപ്പിച്ചത്. മഹാചിന്തകരുടെ പേരിനോടുചേർത്ത് സിദ്ധാന്തങ്ങൾ അറിയപ്പെടുന്ന സമ്പ്രദായം ശാസ്ത്രീയ സോഷ്യലിസത്തിന്റെ കാര്യത്തിലെങ്കിലും അസ്വീകാര്യമാകുന്നത് സ്വാഭാവികം. കാരണം, അവരുടെ കാലഘട്ടത്തിലും അതു കഴിഞ്ഞും അവിരാമം വൈരുധ്യാത്മകമായി വളരുകയും വികസിക്കുകയും ചെയ്യുന്ന ശാസ്ത്രമാണത്. എഴുതുമ്പോഴും പറയുമ്പോഴും മനസ്സിലാക്കാനുള്ള സൗകര്യംമാത്രം കണക്കിലെടുത്ത് ‘മാർക്സിസം ലെനിനിസം’ തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിൽ തുടരുന്നു. അങ്ങനെ നോക്കിയാൽ മാർക്സ് സ്വയം പിൻവാങ്ങിനിന്ന സാഹചര്യത്തിൽ പ്രഥമ മാർക്സിസ്റ്റായി എംഗൽസിനെ പരിഗണിച്ചാൽ തെറ്റില്ല.

കാൾ മാർക്സ് (1818 –-1883) തന്റെ ഉറ്റ സുഹൃത്ത് എംഗൽസിനെയും മറ്റ് സഖാക്കളെയും 1883ൽ വിട്ടുപിരിഞ്ഞതിനുശേഷം പന്ത്രണ്ട് വർഷംകൂടി എംഗൽസ് ജീവിച്ചിരുന്നു. സൈദ്ധാന്തികവും സമരഭരിതവും സംഘടനാപരവുമായ തുടർപ്രവർത്തനങ്ങളാൽ മുഖരിതമായ നാളുകളായിരുന്നു അവ. 1893ൽ ആഗസ്ത്‌ ആറുമുതൽ സൂറിച്ചിൽ നടന്ന രണ്ടാം ഇന്റർനാഷണലിന്റെ മൂന്നാം കോൺഗ്രസിൽ എംഗൽസ് സംസാരിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ സുപ്രധാനമായ പങ്കാളിത്തവും ഇടപെടലും. ആഗസ്ത്‌ 12ന്  സമാപനപ്രസംഗം നടത്തിയതും എംഗൽസായിരുന്നു. മൂന്ന് ഭാഷയിലാണ് (ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്) അന്ന് പ്രസംഗിച്ചത്.

കാൾമാർക്സിനൊപ്പം 1844 മുതൽ 1883 വരെ എംഗൽസ് നടത്തിയ യോജിച്ച  സൈദ്ധാന്തിക സമരങ്ങളും സംഘടനാപരമായ പ്രവർത്തനങ്ങളും പ്രായോഗിക വിപ്ലവപോരാട്ടങ്ങളും സമാനതകളില്ലാത്തതാണ്. മാർക്സിന്റെ മരണാനന്തരം എംഗൽസ്, മാർക്സിന് അന്തിമരൂപം നൽകാനാകാതെ പോയ മൂലധനത്തിന്റെ രണ്ടും മൂന്നും സഞ്ചികകൾ (യഥാക്രമം 1885ലും 1894ലും) പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത് അതുല്യമായ സംഭാവനയായിരുന്നു. കഠിനാധ്വാനം മാത്രമല്ല; മാർക്സിന്റെ ചുരുക്കെഴുത്തും കൈപ്പടയും സങ്കീർണ ആശയങ്ങളും മനസ്സിലാക്കാനുള്ള ശേഷിയും പരിചയവും ആവശ്യമുള്ള ദുഷ്കരമായ പ്രവൃത്തിയായിരുന്നു അത്. പിന്നീട് എംഗൽസിന്റെ ശിഷ്യൻ കാൾ കൗട്സ്കിയാണ് (ബോൾഷെവിക് വിപ്ലവത്തെ എതിർത്തതിന് വഞ്ചകനായ കൗട്സ്കി എന്ന് ലെനിൻ) മൂലധനത്തിന്റെ നാലാം സഞ്ചിക എന്നുകൂടി അറിയപ്പെടുന്ന "മിച്ചമൂല്യ സിദ്ധാന്തങ്ങൾ' ഭാഗം പ്രസിദ്ധീകരിച്ചത്.

കാൾ മാർക്സ് തയ്യാറാക്കിയ കുറിപ്പുകൾകൂടി ആസ്പദമാക്കി 1884ൽ  പ്രസിദ്ധീകരിച്ച "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന എംഗൽസിന്റെ കൃതി ഒരു ക്ലാസിക്കാണ്. 1877ൽ ലൂയിമോർഗൻ (1818 –- 1881) പ്രസിദ്ധീകരിച്ച  "പ്രാചീന സമൂഹം' എന്ന ഗ്രന്ഥം മനുഷ്യസമൂഹപരിണാമം സംബന്ധിച്ച് അവതരിപ്പിച്ച കണ്ടെത്തലുകൾ വിപ്ലവകരമായിരുന്നു. അതിനെ വലിയ തോതിൽ ആശ്രയിച്ചുകൊണ്ടു നടത്തിയ വിശകലനങ്ങളാണ് എംഗൽസ് പ്രസിദ്ധീകരിച്ച "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം' എന്ന കൃതി.

1842 നവംബറിൽ കൊളോണിൽ റൈനിഷ്‌ സൈതൂങ്ങി'ന്റെ ഓഫീസിൽവച്ച്  കാൾ മാർക്സിനെ ആദ്യമായി കണ്ടുമുട്ടിയ എംഗൽസ് 1844 ആഗസ്‌തിൽ പാരീസിൽവച്ച് 10 ദിവസം മാർക്സുമൊത്ത്  കഴിഞ്ഞു. അപ്പോഴാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും നിസ്തുലമായ ആത്മസൗഹൃദത്തിനും സൈദ്ധാന്തിക സംഘടനാ സമരമേഖലകളിലെ ചരിത്രംകുറിച്ച സംയുക്തജീവിതത്തിനും തുടക്കമായത്. അന്നാണ് "വിശുദ്ധകുടുംബം' എന്ന കൃതി രണ്ടാളും ചേർന്ന്  പങ്കിട്ടെഴുത്ത് തുടങ്ങിയത്.

ഒരാളെ പരാമർശിക്കുമ്പോൾ  ഒപ്പം പരാമർശിക്കാൻ നാം നിർബന്ധിതരാകുന്ന ഇതുപോലെ രണ്ടു പേരുകൾ,  മാർക്സും ഏംഗൽസും മനുഷ്യരാശിയുടെ ചരിത്രത്തിൽ വേറെയില്ല. ഇനി ഉണ്ടാകാനും സാധ്യതയില്ല. ഒന്നിച്ചെഴുതിയ കൃതികളിലും ഒറ്റയ്ക്ക് എഴുതിയ മഹാഭൂരിപക്ഷം കൃതികളിലും ഉജ്വലസമരങ്ങളിലും (1848 –-49 ലെ യൂറോപ്യൻ വിപ്ലവങ്ങൾ, 1871 ലെ പാരീസ് കമ്യൂൺ) ഒന്നാം ഇന്റർനാഷണലിന്റെ രൂപീകരണത്തിലും  പ്രവർത്തനങ്ങളിലും ഈ ദൃഢസൗഹൃദ സഖ്യം വ്യക്തമാണ്. അതേസമയം, തന്നേക്കാൾ രണ്ട് വയസ്സ് മൂപ്പുള്ള മാർക്സാണ് വിപ്ലവജീനിയസ്സ് എന്ന്, നിശിതമായ ആത്മത്യാഗത്തിലൂടെയും സൂക്ഷ്മ നിരീഷണത്തിലൂടെയും പ്രഖ്യാപിച്ച എംഗൽസിന്റെ  സ്വഭാവമഹിമ താരതമ്യമില്ലാത്തതാണ്. എംഗൽസ് എഴുതി–- ‘‘മാർക്സ് ഞങ്ങളെ എല്ലാപേരെയുംകാൾ ഉയർന്നു നിന്നു. ഞങ്ങളേക്കാൾ കൂടുതൽ ദീർഘദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു. മാർക്സ് ഒരു അസാമാന്യ പ്രതിഭാശാലിയായിരുന്നു (ജീനിയസ്‌).

ഞങ്ങളെല്ലാം സാധാരണ പ്രതിഭാശാലികൾമാത്രം. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപംകൊള്ളുകില്ലായിരുന്നു. അതുകൊണ്ടാണ്  ആ സിദ്ധാന്തത്തെ  അദ്ദേഹത്തിന്റെ പേരുചേർത്ത് പറയുന്നത്''

മുതലാളിത്തത്തിന്റെ ചലനനിയമങ്ങൾ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങൾക്ക്  ശ്രദ്ധാപൂർവം  വായനയും പഠനവും നടത്താനുള്ള പിന്തുണ മാർക്സിന് നൽകാൻവേണ്ടിക്കൂടിയാണ് എംഗൽസ് സ്വപിതാവിന്റെ കമ്പനിയിൽ (മാഞ്ചസ്റ്ററിൽ) ജോലി ചെയ്തുകൊണ്ട്  പങ്കാളിയായത്. മാർക്സ്, എംഗൽസിന് അയക്കുന്ന മിക്കവാറും കത്തുകളിലെല്ലാം അയച്ചുകിട്ടിയ പണത്തിന് നന്ദിപറയുന്ന വാചകം തുടക്കത്തിൽ കാണാനാകും. അതുമാത്രമല്ല; "മൂലധന'ത്തിന്റെ രചനയ്ക്ക് എംഗൽസിന്റെ  പ്രഥമകൃതി  ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' വലിയ സഹായമായിട്ടുണ്ട്.  ജീവിതപങ്കാളിയായ ഉശിരൻ തൊഴിലാളിവർഗ യുവതി മേരി ബേൺസിനൊപ്പം സഞ്ചരിച്ച് പഠിച്ചാണ് ഈ ഗ്രന്ഥം എഴുതിയത്. മേരി ബേൺസ് ജീവിതപങ്കാളിയായെങ്കിലും ഒരു സാഹചര്യത്തിലും അവർ വിവാഹിതരായില്ല. 

പിന്നീടുണ്ടായ എല്ലാ മാർക്സിസ്റ്റ് സാഹിത്യങ്ങളുടെയും വികാസപരിണാമങ്ങൾക്ക് ആറ്റിക്കുറുക്കിയ ആധാര സിംഫണിയായി വർത്തിക്കുന്ന "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എംഗൾസ് എഴുതിയ "കമ്യൂണിസത്തിന്റെ മൂലതത്വങ്ങൾ' എന്ന കൃതിയെ  ഉപജീവിച്ച് സാക്ഷാൽക്കരിച്ചതാണെന്നതും പ്രസിദ്ധം. ശാസ്ത്രചിന്തയുടെ ലോകത്തെ എല്ലാ നവചലനങ്ങളും ശ്രദ്ധിച്ച് പരസ്പരശ്രദ്ധയിൽ കൊണ്ടുവരുന്ന  പഠനഗവേഷണ ദൗത്യം അവർ സസൂക്ഷ്മം നിർവഹിച്ചു. 1859ലാണ് ചാൾസ് ഡാർവിന്റെ "ജീവിവർഗത്തിന്റെ ഉത്ഭവം' എന്ന സുപ്രധാന കൃതി പ്രകാശിതമാകുന്നത്. മനുഷ്യസമൂഹത്തെ സംബന്ധിച്ച നമ്മുടെ സിദ്ധാന്തം, ജീവലോകത്ത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന പുതിയ ശാസ്ത്രകൃതിയെപ്പറ്റി എംഗൽസ് മാർക്സിന് ആവേശപൂർവം എഴുതി. പ്രസിദ്ധീകരിക്കപ്പെട്ട ദിവസംതന്നെ പുസ്തകം വാങ്ങി വായിക്കാൻ എംഗൽസ് ഉത്സാഹിച്ചതുകൊണ്ടുമാത്രമാണ് പരിണാമസിദ്ധാന്തത്തിന്റെ പ്രാധാന്യം മാർക്സിനും ഏംഗൽസിനും  അത്രവേഗം ചർച്ച ചെയ്യാനായത്. 1250 കോപ്പിയും ആദ്യദിവസംതന്നെ വിറ്റുപോയി. ആ കൃതിയുടെകൂടി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് "പ്രകൃതിയുടെ വൈരുധ്യാത്മകത' എന്ന അത്യുജ്വല രചന എംഗൽസ് എഴുതിത്തുടങ്ങിയത്. അപൂർണമായ ആ കൃതി എംഗൽസിന്റെ മരണാനന്തരം മാത്രമാണ് അച്ചടിച്ചത്.

യൂറോപ്പിലെ വിപ്ലവത്തിന്റെ തുടക്കം റഷ്യയിൽ നിന്നാകാം എന്ന വിസ്മയകരമായ ദീർഘദൃഷ്ടി മാർക്സും എംഗൽസും പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ഇരുവരും ചേർന്ന് എഴുതിയ  മാനിഫെസ്റ്റോയുടെ (റഷ്യൻ പതിപ്പിന്റെ) മുഖവുരയിൽ ഈ പരാമർശമുണ്ട്. വിപ്ലവാചാര്യരുടെ പ്രവചനം ശരിവച്ചുകൊണ്ട് 1917ൽ ലെനിനിന്റെ നേതൃത്വത്തിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം നടന്നു. മാർക്സ് മരിച്ച് 34 വർഷവും എംഗൽസ് മരിച്ച് 22 വർഷവും കഴിഞ്ഞാണത്‌. ലോകത്തിലെ മൂന്നിലൊന്ന് ജനത സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ നടക്കുന്ന  ഭൂവിഭാഗങ്ങളിൽ അധിവസിക്കുന്ന ആവേശകരമായ സാഹചര്യവും പിന്നീട് ഉണ്ടായി. എന്നാൽ, മൂന്ന് പതിറ്റാണ്ട്‌ മുമ്പ് ചില ഗുരുതരമായ തിരിച്ചടികൾ സംഭവിച്ചു. ഇതേത്തുടർന്ന് മുതലാളിത്തമാണ് ചരിത്രത്തിന്റെ അവസാനമെന്ന് ആ വ്യവസ്ഥയുടെ വൈതാളികർ  കുറേ നാൾ പെരുമ്പറ കൊട്ടിയതും നാം കണ്ടു. എന്നാൽ, ഈ തിരിച്ചടി താൽക്കാലികമാണ്; ശാശ്വതമല്ല എന്ന നിലപാട് സിപിഐ എം മുന്നോട്ടുവച്ചു.

കോവിഡ് –-19 എന്ന മഹാമാരിയെത്തുടർന്നും 2008ലെ ലോക സാമ്പത്തികത്തകർച്ചയെത്തുടർന്നും മാർക്സിനെയും എംഗൽസിനെയും അവരുടെ വിമോചനസ്വപ്നങ്ങളുടെ അനന്തരകാല പോരാളികളെയും ചിന്തകരെയും പഠിക്കാനും കാലോചിതമായി പിന്തുടരാനും  സന്നദ്ധമാകുന്ന കാഴ്ചയാണ് ഇന്ന് ലോകത്തെ യാഥാർഥ്യം. നവംബർ 26ന്റെ  ഇന്ത്യയിലെ പണിമുടക്കിന്റെ സന്ദേശവും മറ്റൊന്നല്ല.

എം എ ബേബി 

കർഷക പ്രക്ഷോഭം കേന്ദ്രത്തിനും ബിജെപിക്കും കനത്ത പ്രഹരം

കോർപറേറ്റ്‌ അനുകൂല നിയമങ്ങൾക്കെതിരെ നിശ്‌ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും കർഷകർ തുടരുന്ന പ്രക്ഷോഭം മോഡിസർക്കാരിനും ബിജെപിക്കും കനത്ത പ്രഹരം. തൊഴിലാളി–-കർഷക ഐക്യം ശക്തമായി ഉയർന്നുവന്നതും ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയതന്ത്രങ്ങൾക്ക്‌ തിരിച്ചടിയാണ്‌. വർഗീയധ്രുവീകരണം സൃഷ്ടിച്ചും പണമൊഴുക്കിയും നേടുന്ന തെരഞ്ഞെടുപ്പ്‌ വിജയങ്ങൾ വഴി രാജ്യത്ത്‌ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള ബിജെപി നീക്കം പൊളിച്ചടുക്കുന്ന വിധത്തിലാണ്‌ കർഷകമുന്നേറ്റം.

പുതിയ മൂന്ന്‌ കാർഷികനിയമത്തിന്റെ ദീർഘകാല പ്രത്യാഘാതം മനസ്സിലാക്കിയാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്‌; താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടിയല്ല. നിയമപരിഷ്‌കാരത്തിന്റെ നേട്ടം ലഭിക്കുക കോർപറേറ്റുകൾക്കാണെന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കർഷകർ തിരിച്ചറിഞ്ഞു. ബിഎസ്‌എൻഎല്ലിനെ തകർത്ത് വിപണി കയ്യടക്കാൻ ജിയോക്ക്‌ വഴിയൊരുക്കിയത്‌ രാജ്യത്തിന്റെ കൺമുന്നിലുണ്ട്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി അംബാനി, അദാനി ഗ്രൂപ്പുകളുടെ സ്ഥാപനങ്ങൾ പഞ്ചാബിൽ ഉപരോധിച്ചത്‌ ഇതിന്റെ വെളിച്ചത്തിലാണ്‌.

കാർഷികകടങ്ങൾ എഴുതിത്തള്ളും, സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നടപ്പാക്കും, വൈദ്യുതി സൗജന്യമായി നൽകും എന്നീ വാഗ്‌ദാനങ്ങൾ ബിജെപി ലംഘിച്ചത്‌ കർഷകരിൽ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. മിനിമം താങ്ങുവില സംവിധാനം അപ്രസക്തമാക്കുന്ന വിധത്തിൽ കാർഷികനിയമങ്ങൾ പരിഷ്‌കരിച്ചതോടെയാണ്‌ കർഷകർ പ്രത്യക്ഷസമരത്തിനു ഇറങ്ങിയത്‌. സംഭരണത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങുന്നതോടെ പൊതുവിതരണ സമ്പ്രദായവും ഇല്ലാതാകും.

പഞ്ചാബിൽ എഫ്‌സിഐ സംഭരണം പൂർണതോതിൽ നടന്നുവന്നിരുന്നതുകൊണ്ടാണ്‌ അവിടത്തെ കർഷകർക്ക്‌ പുതിയ നിയമങ്ങളുടെ അപകടം ആദ്യം തന്നെ ബോധ്യമായത്‌. സംഭരണം ഗണ്യമായി  നടക്കുന്ന ഹരിയാന, പശ്‌ചിമ ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ കർഷകരും രംഗത്തുവന്നു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, അസം‌ സംസ്ഥാനങ്ങളിലും പ്രക്ഷോഭം  ശക്തമാണ്‌.   ശിരോമണി അകാലിദൾ എൻഡിഎ വിട്ടുപോയി. ഹരിയാനയിൽ ബിജെപി–-ജെജെപി ബന്ധം ഉലഞ്ഞു. ഡൽഹിയിലെ എഎപി സർക്കാർ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടിയെ ചെറുത്തു.

സാജൻ എവുജിൻ 

കർഷകപ്രക്ഷോഭത്തിനു വ്യാപക പിന്തുണ; ഭക്ഷണവും വെള്ളവും നൽകി ജനങ്ങൾ

ന്യൂഡൽഹി > പൊരുതുന്ന കർഷകർക്ക്‌ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ സമസ്‌ത വിഭാഗം ജനങ്ങളും രംഗത്ത്‌. സമരത്തെ ആക്ഷേപിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം പാളി. കർഷകർക്ക്‌ ഭക്ഷണവും വെള്ളവും നൽകാനും ഇതര ആവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കാനും ജനങ്ങൾ സ്വമേധയാ തയ്യാറായി.

ഭക്ഷണം സ്വയം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ്‌ ഭൂരിപക്ഷം പ്രക്ഷോഭകരും എത്തിയിട്ടുള്ളത്‌. എന്നിരുന്നാലും പലയിടങ്ങളിലും പ്രദേശവാസികളും ഭക്ഷണശാലകളും കർഷകർക്ക്‌ അന്നദാനം നടത്തി.

ട്രേഡ്‌ യൂണിയൻ പ്രവർത്തകരും വിദ്യാർഥികളും  സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ പ്രകടനങ്ങൾ നടത്തി. സമൂഹമാധ്യമങ്ങളിൽ കർഷകപ്രക്ഷോഭം  നിറഞ്ഞുനിൽക്കുന്നു. സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ ഭീരുത്വപൂർണമായ നിലപാടിനെ പരിഹസിച്ചുള്ള കാർട്ടൂണുകൾ രൂപംകൊണ്ടു. എട്ട്‌ പ്രതിപക്ഷ രാഷ്ട്രീയപാർടികൾ സംയുക്തപ്രസ്‌താവനയിൽ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. മുംബൈ ലോങ്‌മാർച്ചിനുശേഷം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന കർഷകമുന്നേറ്റമായി ഇതു മാറി.

നമ്മൾ രക്ഷിച്ചു പതിനായിരത്തിലധികം പേരെ ; ക്വാറന്റൈൻ, റൂട്ട്‌ മാപ്പ്‌: മുമ്പേ പറന്ന്‌ നമ്മൾ

ലോകത്തെ മൊത്തം കോവിഡ്‌ രോഗികൾ: 6,14,12,579

മരണം: 14,39,993 (മരണ നിരക്ക്‌: 2.34 ശതമാനം).

ഈ നിരക്കിൽ കേരളത്തിൽ മരണം സംഭവിച്ചിരുന്നെങ്കിൽ 13,659 പേർ നമ്മെ വിട്ടുപിരിഞ്ഞേനെ! പക്ഷെ മരിച്ചത്‌ 2149 മാത്രം. ശരിയായ ആരോഗ്യ നയവും ഫലപ്രദമായ  സർക്കാർ ഇടപെടലും ഇതുവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്‌ പതിനായിരത്തിലധികം പേരെ

ക്വാറന്റൈൻ, റൂട്ട്‌ മാപ്പ്‌: മുമ്പേ പറന്ന്‌ നമ്മൾ

ചൈനയിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്തത്‌ 2019 ഡിസംബറിലാണ്‌, ഏകദേശം ഒരു വർഷംമുമ്പ്‌. എന്നാൽ, ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുന്നതിനു‌മുമ്പ്, കേരളത്തിൽ ഒരുക്കം തുടങ്ങി. ജനുവരി 24ന്‌ സംസ്ഥാന കൺട്രോൾ സെൽ ആരംഭിച്ചു. സംസ്ഥാനതല ദ്രുത പ്രതികരണ സേന യോഗംചേർന്ന് പ്രതിരോധ പ്രവർത്തനത്തിനുള്ള മാർഗനിർദേശം ജില്ലകൾക്ക്‌ നൽകി. നവംബർ അവസാനിക്കുമ്പോൾ കോവിഡുമായുള്ള സംസ്ഥാനത്തിന്റെ നീണ്ട യുദ്ധത്തിന് പത്ത്‌ മാസമാകും.

ജനുവരിയാദ്യം തൊട്ട്  ചൈനയിൽനിന്നുള്ള യാത്രക്കാർക്ക്‌ ശരീര താപനില പരിശോധനയും ക്വാറന്റൈനും നടപ്പാക്കി. വിമാനത്താവളത്തിൽനിന്നുതന്നെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റി. വുഹാനിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയാണ് രാജ്യത്തെ ആദ്യ കോവിഡ് രോഗി. നിരീക്ഷണത്തിലായിരുന്ന തൃശൂരുകാരിക്ക് ജനുവരി 30നാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. ഇവർക്കൊപ്പമെത്തിയ ആലപ്പുഴ, കാസർകോട്‌ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സ്രവ പരിശോധന. ഫെബ്രുവരി മൂന്നിന്‌ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. രാജ്യത്ത്‌ ആദ്യമായി റൂട്ട്‌ മാപ്പ് സംവിധാനവും ക്വാറന്റൈനും കേരളം പ്രാവർത്തികമാക്കി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും സ്രവ പരിശോധന ആരംഭിച്ചു. മാർച്ച്‌ എട്ടിന്‌ റാന്നി സ്വദേശികളായ അഞ്ചുപേർക്ക്‌കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം ജാഗ്രത ശക്തമാക്കി.

മുഖ്യമന്ത്രിക്ക് കാതോർത്ത്

പ്രതിദിന ഉന്നതതല അവലോകന യോഗങ്ങൾക്കു‌ശേഷം വൈകിട്ട്‌ ആറിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങൾ മലയാളികൾ കാത്തിരുന്നു കണ്ടു. ഓരോ ദിവസത്തെയും കണക്കും സംസ്ഥാനത്തെ സാഹചര്യവും പ്രതിരോധപ്രവർത്തനങ്ങളും മുൻകരുതലുകളും അക്കമിട്ടുതന്നെ മുഖ്യമന്ത്രി ജനങ്ങളെ ബോധിപ്പിച്ചു.

ഹിറ്റായി ബ്രേക്ക്‌ ദ ചെയിൻ

ബ്രേക്ക്‌ ദി ചെയിൻ, എസ്‌എംഎസ്‌ (സോപ്പ്‌, മാസ്ക്‌, സാനിറ്റൈസർ), ജീവന്റെ വിലയുള്ള ജാഗ്രത, തുപ്പരുത്‌ തോറ്റുപോകും തുടങ്ങി സർക്കാർ ആവിഷ്‌കരിച്ച എല്ലാ പ്രതിരോധ ക്യാമ്പയിനുകളും വലിയ സ്വാധീനം ചെലുത്തി. പൊതുയിടങ്ങളിൽ ഇപ്പോഴും ഇവ തുടരുന്നു.

‘ദിശ’യിലൂടെ പൊതുജനങ്ങൾക്ക്‌ മാനസിക പിന്തുണ നൽകി. ജില്ലാ മാനസികാരോഗ്യ പരിപാടിയിലൂടെയും ഇത്‌ സാധ്യമാക്കി. ഒപ്പം കോവിഡ്‌ ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്കും പ്രത്യേക കൗൺസലിങ്‌ നൽകി. കുടുംബശ്രീ, ആശാ, വളന്റിയർമാർ പ്രായമുള്ളവരെയും കുട്ടികളെയും കിടപ്പുരോഗികളെയും പ്രത്യേകം ശ്രദ്ധിച്ചു. ഇതിനായി  പ്രത്യേക പരിശീലനം നൽകി തുടക്കംമുതൽ പ്രവർത്തിച്ചു. വയോമിത്രം പദ്ധതിയിലൂടെ മരുന്നെത്തിച്ചു. ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രികളിൽ പോകാതെ ഡോക്ടർമാരെ ഓൺലൈനിൽ കാണാൻ ഇ സഞ്ജീവനി ഒരുക്കി.

20 രൂപയ്‌ക്ക്‌ ഊണ്

കുടുംബശ്രീ നേതൃത്വത്തിൽ 20 രൂപയ്ക്ക്‌ പൊതിച്ചോറേകുന്ന ജനകീയ ഹോട്ടലുകളിലൂടെ ആയിരങ്ങളുടെ വിശപ്പടക്കി. അടച്ചുപൂട്ടലിൽ പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലുകൾ സംസ്ഥാനത്തെങ്ങും പ്രവർത്തിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ സാമൂഹ്യ അടുക്കളകളും നടത്തി. നാട്ടിലേക്ക്‌ മടങ്ങാനാകാതെ തൊഴിലിടങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക്‌ സാമൂഹ്യ അടുക്കളയിൽ നിന്ന്‌ ഭക്ഷണം എത്തിച്ചു. തെരുവ്‌ പട്ടികൾക്ക്‌ വരെ മുഖ്യമന്ത്രിയുടെ കരുതൽ കരങ്ങൾ നീണ്ടു.

പ്രവാസികൾക്കൊപ്പം

കോവിഡ്‌ വ്യാപിക്കുമെന്ന പൂർണ ബോധ്യത്തോടെതന്നെ സംസ്ഥാന സർക്കാർ പ്രവാസികളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചത്‌ ഏറെ പ്രശംസ പിടിച്ചുപറ്റി. നോർക്കയുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിൽ ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ച് പ്രവർത്തനം ഏകോപിപ്പിച്ചു. ഇതോടൊപ്പം അതിഥിത്തൊഴിലാളി ക്ഷേമത്തിന് പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചു.

കിറ്റ്‌ വിതരണം

കോവിഡ്‌ പ്രതിസന്ധി സമൂഹത്തിനെ ഒന്നാകെ ബാധിച്ചതോടെ മുഴുവൻ റേഷൻ കാർഡ്‌ ഉടമകൾക്കും കിറ്റ്‌ വിതരണംചെയ്തു. ഓണത്തിനുൾപ്പെടെ കിറ്റ്‌ നൽകി. സ്കൂൾ, അങ്കണവാടി വിദ്യാർഥികൾക്കും അരിയും പയറും ശർക്കരയുമുൾപ്പെടെ കിറ്റിലൂടെ നൽകി. 

സാമൂഹ്യവ്യാപനം

രാജ്യത്താദ്യമായി സാമൂഹ്യവ്യാപനം ഉണ്ടായതായി ജൂലൈ 17ന്‌ സർക്കാർ പ്രഖ്യാപിച്ചു. പൂന്തുറയിലും പുല്ലുവിളയിലുമായിരുന്നു ഇത്.

സൗജന്യ ചികിത്സ

രാജ്യത്ത്‌ മറ്റെവിടെയുമില്ലാത്ത സൗകര്യങ്ങളാണ്‌ കോവിഡ്‌ രോഗികൾക്ക്‌ കേരളത്തിൽ ലഭിച്ചത്‌. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ചികിത്സാ നിരക്കും നിശ്ചയിച്ചു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ചികിത്സാ നിരക്കും സംസ്ഥാനത്താണ്‌. മാർച്ചിൽ ദിനംപ്രതി പരിശോധന 500 ആയിരുന്നു. സെപ്‌തംബർ–-ഒക്‌ടോബറോടെ ഇത്‌ 70,000 വരെയെത്തി. സർക്കാർ, സ്വകാര്യ ലാബ്– ആശുപത്രികളുടെ പരിശോധനാ നിരക്ക്‌ ഏകീകരിച്ചു. ഒക്‌ടോബറിൽ ഈ നിരക്ക്‌ പകുതിയോളം കുറച്ചു. ശബരിമല മണ്ഡലകാലം മുന്നിൽകണ്ട്‌ പൊതുയിടങ്ങളിൽ പരിശോധനാ കിയോസ്കുകളും സ്ഥാപിച്ചു.

വ്യാജപ്രചാരണവും തുടർന്നു

കോവിഡ്‌ വ്യാപനംതൊട്ട് സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ നിരവധി വ്യാജ വാർത്തകൾ പടച്ചുവിട്ടു. അതെല്ലാം പൊളിച്ചടുക്കി സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകി. മുഖ്യധാരാ മാധ്യമകുത്തിത്തിരിപ്പുകളെ സമൂഹമാധ്യമങ്ങൾ തകർത്ത് തരിപ്പണമാക്കി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും വരെ മന്ത്രിമാരെ അപഹസിക്കാൻ മുന്നിട്ടിറങ്ങി.

രാജ്യാന്തര മാധ്യമങ്ങളും കൈയടിച്ചു

കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനം കൈവരിച്ച പുരോഗതിയും ആരോഗ്യവകുപ്പിന്റെ സമയോചിത ഇടപെടലുകളും ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായി. ബിബിസി, ദി ഗാർഡിയൻ, ദി വാഷിങ്‌ടൺ പോസ്റ്റ്‌, അൽ ജസീറ, ദി ട്രിബ്യൂണൽ മാഗസിൻ, ദി ഇക്കണോമിസ്റ്റ്‌, സിഎൻഎൻ, വോഗ്‌, ഗൾഫ്‌ ന്യൂസ്‌, അറബ്‌ ന്യൂസ്‌, ഖലീജ്‌ ടൈംസ്‌ തുടങ്ങി നൂറിലധികം അന്താരാഷ്‌ട്രമാധ്യമങ്ങളിൽ കേരളവും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും വാർത്തയായി.

അശ്വതി ജയശ്രീ

രാജ്യത്തെ കോവിഡ്‌സ്ഥിതി മഹാമോശം, രാഷ്ട്രീയത്തിന്‌ അപ്പുറം‌ ചിന്തിക്കണം ; അനാസ്ഥ ചൂണ്ടിക്കാട്ടി സുപ്രീം കോടതി

രാജ്യത്തെ കോവിഡ്‌ സാഹചര്യം മോശത്തിൽനിന്ന്‌ മഹാമോശമായി മാറിയെന്ന്‌ സുപ്രീംകോടതി. കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനങ്ങൾ രാഷ്ട്രീയത്തിന്‌ അപ്പുറം‌ ചിന്തിക്കണമെന്നും കൂടുതൽ ഊർജസ്വല നടപടികൾ സ്വീകരിക്കണമെന്നും ജസ്‌റ്റിസ്‌ അശോക് ‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിർദേശിച്ചു.

ഗുജറാത്ത്‌ രാജ്‌കോട്ടിൽ കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ആറ്‌ രോഗികൾ മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ആദ്യമായല്ല കോവിഡ്‌ ആശുപത്രിയിൽ തീപിടിത്തം ഉണ്ടാകുന്നതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. നേരത്തെ അഹമദാബാദിലും ആന്ധ്രാപ്രദേശിലും കോവിഡ്‌ ആശുപത്രികളിൽ അഗ്നിബാധയുണ്ടായി‌. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയാൻ സർക്കാരുകൾ മുൻകരുതൽ എടുക്കുന്നില്ല. കോവിഡ്‌ ആശുപത്രികളിലെ അടിസ്ഥാനപ്രശ്‌നങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ പരിശ്രമിക്കണം.

കോവിഡ്‌ മാർഗനിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം.  ആഘോഷങ്ങളും ഘോഷയാത്രകളും പൊടിപൊടിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. 60 ശതമാനം പേർക്കും മാസ്‌കില്ല. 30 ശതമാനം പേർ മാസ്‌ക്‌ നേരെചൊവ്വേ  ഉപയോഗിക്കുന്നില്ല. രാജ്യത്തെ സാഹചര്യം മോശത്തിൽനിന്ന്‌ മഹാമോശമെന്ന നിലയിലേക്ക്‌ അധഃപതിച്ചു. കർശന നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ഇതുവരെ സ്വീകരിച്ച നടപടികളെല്ലാം നിഷ്‌ഫലമാകുമെന്നും -സുപ്രീംകോടതി നിരീക്ഷിച്ചു.

കോവിഡ്‌ ആശുപത്രികളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നത്‌ ഗുരുതര വീഴ്‌ചയാണെന്ന്‌ കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത സമ്മതിച്ചു. കോടതി ഉന്നയിച്ച ആശങ്കകൾ മുഴുവൻ സർക്കാർ ഉൾക്കൊള്ളുന്നു. അടിയന്തരമായി യോഗംചേർന്ന്‌‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.

ഇഡി ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നു; ആര്‍ബിഐയുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടി: ഐസക്ക്

 തിരുവനന്തപുരം> ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി അധഃപതിച്ചിരിക്കുന്നുവെന്ന്  തോമസ് ഐസക്ക്.മസാലബോണ്ടിന് ആര്‍ബിഎ അനുവാദമുണ്ടെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുളളതാണ്. എന്തിനാണ് കിഫ്ബി ആള്‍സോ അണ്ടര്‍ ദ റഡാര്‍ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് ഇഡി മാധ്യമങ്ങള്‍ക്ക് മെസേജ് അയച്ചത്.

ഇതുവരെ അങ്ങനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല.രാഷ്ട്രീയക്കളിയാണ് ഇഡിയുടേതെന്ന് തെളിഞ്ഞിരിക്കുകയാണ്.ആര്‍ബിഐയുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുളളതാണ്. ആര്‍ബിഐക്ക് അപേക്ഷിച്ചു അവര്‍ എന്‍ഒസി തന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട അടുത്ത വര്‍ഷം മതി ബോണ്ടിറക്കല്‍ എന്ന് തോന്നിയപ്പോള്‍ വീണ്ടും അപേക്ഷിക്കുകയും ആര്‍ബിഐ അത് നീട്ടിത്തരികയും ചെയ്തു.

വായ്പ എടുത്തതിന് ശേഷം വായ്പ ചെലവഴിക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ.ക്ക് റിപ്പോര്‍ട്ട് അയക്കുന്നുണ്ട്. ഏഴോ, എട്ടോ തവണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ബിഐ നിങ്ങള്‍ക്കിതിന് അവകാശമില്ലെന്ന് പറഞ്ഞിട്ടില്ല.

സിഎജിക്കാണ് പെട്ടെന്ന് ഇതില്‍ സംശയം വന്നിരിക്കുന്നത്. 99 മുതല്‍ കിഫ്ബിയെ ഓഡിറ്റ് ചെയ്ത് വരുന്ന,9 വട്ടം കിഫ്ബിയില്‍ പരിശോധന നടത്തിയിട്ടുളള എജിക്ക് ഇപ്പോള്‍ പെട്ടെന്ന് വീണ്ടുവിചാരം വരികയാണെന്നും ഐസക്ക് വ്യക്തമാക്കി.

എംഗൽസ്‌ ആദ്യ മാർക്സിസ്റ്റ്‌ - സീതാറാം യെച്ചൂരി എഴുതുന്നു

ഫ്രെഡറിക് എംഗൽസിന്റെ 200–--ാം ജന്മദിനമാണിന്ന്‌. ലോക്ഡൗൺ നിയന്ത്രണങ്ങളില്ലാത്ത സാധാരണ നിലയിലാണെങ്കിൽ മാർക്സിന്റെ 200–--ാം ജന്മദിനത്തിൽ ചെയ്തതുപോലെ സമുചിതമായി സിപിഐ എം ആചരിക്കുമായിരുന്നു. മാർക്സിസ്റ്റ് ലോകവീക്ഷണം രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും എംഗൽസിന്റെ താത്വിക സംഭാവനകൾ ഗണനീയമാണ്. വൈരുധ്യാത്മകരീതി മനസ്സിലാക്കുന്നതിനുള്ള സമ്പന്ന സ്രോതസ്സാണത്. 

ഒരു ചിന്താപദ്ധതിയെന്ന നിലയിൽ സിദ്ധാന്തത്തെയും പ്രയോഗത്തെയും സംയോജിപ്പിക്കുന്ന ഒരാശയസംഹിതയായ മാർക്സിസം മാർക്സിൽനിന്ന് ഉത്ഭവിക്കുന്നതുകൊണ്ട്, എംഗൽസ്‌  ദ്വിതീയനായാണ് പരിഗണിക്കപ്പെട്ടത്. ഒരാൾക്ക് ചെന്നെത്താവുന്ന ഏറ്റവും വലിയ അബദ്ധധാരണയാണത്. മറിച്ചാണ് കാര്യമെന്ന് തന്റെ കൃതികളിലൂടെ തെളിയിച്ചിട്ടുണ്ടദ്ദേഹം. ഭൗതിക -സാമൂഹ്യ ജീവിതത്തിന്റെ സർവതലത്തിലും വൈരുധ്യാത്മകത വെളിവാക്കുന്നതിന് അതുവഴി കഴിഞ്ഞു.

കൂട്ടായി വികസിപ്പിച്ച മാർക്സിസം

ലോകത്തെ ആദ്യ മാർക്സിസ്റ്റായി എംഗൽസ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വതസിദ്ധമായ വിനയത്തോടെ അദ്ദേഹം അഭിമാനപൂർവം ആ പദവി ഏറ്റെടുത്തിട്ടുമുണ്ട്. ‘മാർക്സ് ഒരു ഉജ്വല പ്രതിഭയായിരുന്നു. ഞങ്ങളിൽ പലരും ഏറിപ്പോയാൽ വിദഗ്ധർ മാത്രമായിരുന്നു’വെന്നും എംഗൽസ്‌ പറഞ്ഞിട്ടുണ്ട്‌.

എങ്കിലും, എംഗൽസിനെക്കുറിച്ചുള്ള മാർക്സിന്റെ വിലയിരുത്തലും മാർക്സിസ്റ്റ് പ്രപഞ്ച വീക്ഷണത്തിന്റെ താത്വികാടിത്തറ വികസിപ്പിക്കുന്ന കാര്യത്തിൽ  നൽകിയ പ്രത്യേക സ്ഥാനവും വിലമതിക്കപ്പെടേണ്ടതാണ്. 1843 മാർച്ചിൽ പിന്തിരിപ്പൻ പ്രഷ്യൻ ഭരണകൂടം നിരോധിച്ചതോടെ  "റൈനിഷ്‌ സൈതൂങ്ങി'ന്റെ പത്രാധിപരായിരുന്ന മാർക്സ് 1844ന്റെ തുടക്കത്തിൽ പാരീസിലേക്ക് നീങ്ങി. അവിടെ "ഡ്യൂഷ് - ഫ്രാൻസോസിഷെ ജാർ ബുഷർ' എന്ന ജേണലിന്റെ പത്രാധിപരായി. ആ പ്രസിദ്ധീകരണത്തിലേക്ക് ലേഖനമയക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരനായിരുന്നു എംഗൽസ്. പിന്നീട് അതിന്റെ സഹകാരിയായി.1844ൽ അർഥശാസ്ത്ര നിരൂപണത്തിന്റെ രൂപരേഖകൾ എന്ന ഒരു ലേഖനമയച്ചു. അതിൽ അദ്ദേഹം ബൂർഷ്വാ അർഥശാസ്ത്ര നിരൂപണത്തിനുള്ള മൂലതത്വങ്ങളാണ് മുന്നോട്ടുവച്ചത്. ബൂർഷ്വാ സമ്പദ്‌വ്യവസ്ഥയിൽ ഉദയം ചെയ്യുന്ന എല്ലാ പ്രധാന പ്രതിഭാസങ്ങളും അനിവാര്യമായും രൂപപ്പെടുന്നത് ഉൽപ്പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിൽനിന്നാണെന്നും ദാരിദ്ര്യരഹിതമായ സമൂഹം സാധ്യമാകണമെങ്കിൽ സ്വകാര്യ ഉടമസ്ഥത അവസാനിപ്പിച്ചേ പറ്റൂ എന്നും അദ്ദേഹം തെളിയിച്ചുകാട്ടി.

അത് മാർക്സിനെ വളരെയേറെ ആകർഷിച്ചു. ബൂർഷ്വാ അർഥശാസ്ത്രത്തെ വിമർശിച്ചുകൊണ്ട് മറ്റൊരു ചിന്തകൻ, ഹെഗേലിയൻ തത്വചിന്തയുടെ വിമർശത്തിന്റെ കാര്യത്തിൽ തന്റെ അതേ നിഗമനത്തിൽ എത്തിയിരിക്കുകയാണ്. ഇതാണ് അവരിരുവരും തമ്മിലുള്ള ആയുഷ്കാല കൂട്ടുകെട്ടിനും സൗഹൃദത്തിനും ഉറ്റ സാഹോദര്യത്തിനും അടിത്തറയായത്. എംഗൽസിന്റെ  വിഖ്യാത ഗ്രന്ഥം "ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' വ്യവസായവിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തെക്കുറിച്ചുള്ള മാർക്സിന്റെ ചിന്താരീതിയെ സാരമായി സ്വാധീനിച്ചു.1844 ആഗസ്തിലെ പത്തു ദിവസത്തെ കത്തിടപാടുകൾ കൂടിയായപ്പോൾ എംഗൽസിനോട് മാർക്സിനുള്ള ആരാധന കൂടിവന്നു. താത്വിക കാര്യങ്ങളിലും തങ്ങൾ രണ്ടുപേരും തമ്മിൽ  പരിപൂർണ യോജിപ്പാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. തത്വശാസ്ത്രത്തിലും അർഥശാസ്ത്രത്തിലും  ആശയവാദത്തിനുള്ള സ്വാധീനത്തോട് പോരടിച്ചുകൊണ്ട് അവരിരുവരും 1844ൽ സംയുക്ത രചനയിൽ ഏർപ്പെട്ടു. "പരിശുദ്ധ കുടുംബം അഥവാ നിരൂപണാത്മക നിരൂപണത്തിന്റെ വിമർശനം' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അതിൽ, അവർ  സംയുക്തമായി തെളിയിച്ചത്, പ്രകൃത്യതീത ശക്തികളോ മനുഷ്യന്റെ ബോധമോ വീരനായകരോ അല്ല ചരിത്രം രചിക്കുന്നതെന്നാണ്. തങ്ങളുടെ അധ്വാനവും രാഷ്ട്രീയസമരങ്ങളുംവഴി സമുദായത്തെ മുന്നോട്ട് കൊണ്ടുപോകുന്ന  തൊഴിലാളിവർഗമാണ് സമൂഹത്തെ മുന്നോട്ടുനയിക്കുക. ഇതോടെ വ്യക്തമായത്, സമകാലിക സാമൂഹ്യവ്യവസ്ഥയായ മുതലാളിത്തത്തെ തകർത്തെറിയാതെ സ്വയം വിമോചിതരാകാൻ കഴിയില്ല എന്നാണ്.

എങ്കിലും, ആശയവാദത്തെ ചെറുത്തുതോൽപ്പിച്ച് ഭൗതികവാദത്തിന് അടിത്തറ ഇടേണ്ടതുണ്ടായിരുന്നു. ഇതിനായി 1845--‐46 കാലത്ത് മാർക്സും എംഗൽസും സംയുക്തമായി നടത്തിയ രചനയാണ് ജർമൻ പ്രത്യയശാസ്ത്രം. 1843 മുതൽ 1845 വരെയുള്ള കാലം മാർക്സിസ്റ്റ് പ്രപഞ്ച വീക്ഷണത്തിന്റെ  പരിണാമത്തിന്റെ നിർണായക ഘട്ടമാണ്.- വിപ്ലവകരമായ ജനാധിപത്യത്തിൽനിന്ന് തൊഴിലാളിവർഗ വിപ്ലവത്തിലേക്ക്, ഹെഗേലിയൻ സ്വാധീനത്തിൽനിന്ന് ചരിത്രപരമായ ഭൗതികവാദത്തിലേക്കും തത്വശാസ്ത്രത്തിൽനിന്ന് അർഥശാസ്ത്രത്തിലേക്കുമുള്ള പരിവർത്തനത്തിന്റെ കാലമായിരുന്നു അത്.

ഹെഗൽ "പൗരസമൂഹം’ എന്ന ഒരു പ്രയാേഗം  വികസിപ്പിച്ചെടുത്തത് ഒരു മാതൃകാ സാമൂഹ്യക്രമം എന്ന നിലയ്‌ക്കാണ്. "പരമമായതിന്റെ വെളിവാകലിന്റെ' പ്രകൃത്യാതീതമായ സ്വാധീനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ഒന്ന് എന്ന നിലയ്‌ക്കാണ് അത് അവതരിപ്പിക്കപ്പെട്ടത്. പക്ഷേ, മാർക്സ് ചെന്നെത്തിയ നിഗമനം"ഈ പൗരസമൂഹത്തിന്റെ ശരീരശാസ്ത്രം അർഥശാസ്ത്രത്തിലാണ് കണ്ടെത്തേണ്ടത് ’ എന്നാണ്. ഇതിൽനിന്നാണ് അദ്ദേഹം വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രാഥമിക അടിത്തറയിലേക്കെത്തുന്നത്. മാർക്സും എംഗൽസും വികസിപ്പിച്ചെടുത്ത വിപ്ലവകരമായ സിദ്ധാന്തം വെളിച്ചം കണ്ടത് 1848ൽ ഇരുവരുടെയും സംയുക്ത കർതൃത്വത്തിൽ രൂപപ്പെട്ട "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യും ഒന്നാം ഇന്റർനാഷണലുമാണ്. ചരിത്രപരമായ ഭൗതികവാദത്തിന്റെ  നിയമങ്ങൾ തന്റെ കാലത്ത് ലഭ്യമായ പ്രാചീന മാനവസമുദായങ്ങളുടെ നരവംശശാസ്ത്രപരമായ തെളിവുകളിൽ പ്രയോഗിക്കുകയായിരുന്നു എംഗൽസ്. "കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന പുസ്തകത്തിൽ  ആധുനിക കുടുംബ സമൂഹത്തെ സംബന്ധിച്ചുള്ള പഴങ്കഥകളെ തുറന്നുകാട്ടി.

എംഗൽസിന്റെ "ജർമനിയിലെ കർഷക കലാപ’ (1849-–-50)ത്തിലാണ് വൈരുധ്യാത്മക ഭൗതികവാദം ആദ്യമായി പ്രയോഗിക്കപ്പെട്ടത്. മാർക്സിസത്തിനുള്ള എതിർവാദം മുന്നോട്ടുവച്ച തത്വചിന്തകനായ യൂജിൻ ഡ്യൂറിങ്ങിന്റെ സിദ്ധാന്തത്തിന്റെ കള്ളിവെളിച്ചത്താക്കിക്കൊണ്ട് തുറന്നുകാട്ടുന്ന കടമ എംഗൽസ് ഏറ്റെടുത്തു.  സമസ്തമേഖലകളിലും എംഗൽസ് സ്വതന്ത്രമായും മാർക്സിനോട് ഒത്തുചേർന്നും മൗലികമായ സംഭാവനകളാണ് നൽകിയത് എന്ന് വ്യക്തമാണ്. പ്രകൃതിശാസ്ത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അർഥശാസ്ത്രത്തിന്റെയും  മേഖലകളിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുധ്യാത്മകതയെക്കുറിച്ചുള്ള വിശദപഠനം വഴി എംഗൽസ് വിപ്ലവപ്രസ്ഥാനത്തിനും വ്യതിരിക്തമായ സംഭാവനകളാണ് നൽകിയത്. ഏത് കൃതിയാണെങ്കിലും അവർ പരസ്പരം കൂടിയാലോചിച്ചാണ് എഴുതിയത് എന്ന കാര്യം പ്രത്യേകം ഊന്നിപ്പറയേണ്ടതുണ്ട്.

രാഷ്ട്രീയപ്രവർത്തനം

താത്വികാടിത്തറ വികസിപ്പിച്ചെടുക്കുന്നതിനിടയിൽ, തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ  ഈ രണ്ട് നേതാക്കളും വെറും അക്കാദമിക പണ്ഡിതന്മാരായിരുന്നില്ല. തൊഴിലാളിവർഗപ്രസ്ഥാനത്തെ നയിക്കുന്നതിലും അവയ്ക്ക് മാർഗദർശനം നൽകുന്നതിലും സദാ സജീവപങ്കാളികളായിരുന്നു. തൊഴിലാളിവർഗത്തെ വിജയത്തിലേക്ക് നയിക്കുന്നതിന് പ്രാപ്തമായ ഒരു വിപ്ലവസംഘടന കെട്ടിപ്പടുക്കുന്നതിനായി സമർപ്പിക്കുകയായിരുന്നു. 1864ൽ ഒന്നാം ഇന്റർനാഷണൽ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ രൂപീകരിക്കുന്നതിൽ സുപ്രധാനപങ്കാണ് അവർ വഹിച്ചത്. മാർക്സിന്റെ മരണശേഷം, അദ്ദേഹത്തിന്റെ കൃതികളുടെ മഹത്വവും  മാർക്സിസ്റ്റ് വീക്ഷണത്തിന്റെ താത്വികാടിത്തറയും അന്താരാഷ്ട്ര തൊഴിലാളിവർഗത്തിനും ലോകത്തിനും മുന്നിലെത്തിച്ചത് എംഗൽസാണ്. മാർക്സ് അവശേഷിപ്പിച്ചുപോയ കൈയെഴുത്തു കുറിപ്പുകൾ കണ്ടെത്തി എഡിറ്റ് ചെയ്തത് എംഗൽസാണ്‌.

ലെനിൻ പറഞ്ഞതുപോലെ, എംഗൽസ് "തങ്ങളെ സ്വയം മനസ്സിലാക്കാനും തങ്ങളെപ്പറ്റി ബോധവാന്മാരായിരിക്കാനും തൊഴിലാളിവർഗത്തെ പഠിപ്പിച്ചു. അദ്ദേഹം സ്വപ്നങ്ങൾക്ക് പകരം ശാസ്ത്രത്തെ പ്രതിഷ്ഠിച്ചു'.

സീതാറാം യെച്ചൂരി


Friday, November 27, 2020

കിഫ്‌ബി: മൂന്ന് സംശയവും ഉത്തരങ്ങളും - ആർ രാംകുമാർ എഴുതുന്നു

 കിഫ്‌ബി: മൂന്ന് സംശയവും ഉത്തരങ്ങളും - ആർ രാംകുമാർ എഴുതുന്നു

കിഫ്ബിയെക്കുറിച്ച്‌ പലർക്കും പല സംശയങ്ങളുണ്ട്‌. മൂന്ന് പ്രധാന  ചോദ്യംമാത്രം എടുത്ത്‌ വിശകലനം ചെയ്യാം.

1) കേരളത്തിന്റെ കടഭാരം എൽഡിഎഫ് കാലത്ത് വർധിച്ചിട്ടുണ്ടോ?

സംസ്ഥാനത്തിന്റെ കടം എൽഡിഎഫ് കാലത്ത് വർധിച്ചിട്ടില്ല. വർധിക്കാൻ ഒരു വഴിയുമില്ല. കാരണം, കേന്ദ്ര അനുമതിയുണ്ടെങ്കിൽ മാത്രമേ കടം എടുക്കാൻ കഴിയൂ. ഒരു സമ്പദ്ഘടന വളരുന്തോറും കടം എടുക്കാനുള്ള  പ്രാപ്തി വർധിക്കും. അപ്പോൾ കടം എന്നത് സമ്പദ്ഘടനയുടെ വലിപ്പത്തിന് ആപേക്ഷികമായേ നിർവചിക്കാൻ കഴിയൂ. അതിനെയാണ് നമ്മൾ റവന്യൂ കമ്മി, ധനകമ്മി, ജിഡിപിയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ കടമെത്ര എന്നൊക്കെ പരിശോധിക്കുന്നത്.

എൽഡിഎഫ് വന്നശേഷമുള്ള 2016–-17 വർഷത്തിൽ 4.17 ശതമാനമായിരുന്നു ധനകമ്മി.  2019–-20 വർഷത്തിൽ മൂന്ന് ശതമാനമായി. റവന്യൂ കമ്മിയും 2.44ൽനിന്ന് കുറഞ്ഞു രണ്ട്‌ ശതമാനമായി. കടഭാരം ജിഎസ്‌ഡിപിയുടെ ശതമാനമായി നോക്കിയാലാണ് വളരെ ചെറിയ ഒരു വർധന കാണുന്നത്. അതിനെ ഒരു വർധന എന്നുപറയാൻ കഴിയില്ല. കാരണം, ജിഎസ്‌ഡിപിയുടെ 45 ശതമാനം കണ്ടാണ് യുഡിഎഫ് കാലത്ത് കടഭാരം വർധിച്ചത്. ഒരു ശതമാനത്തിൽ താഴെയാണ് എൽഡിഎഫ്  കാലത്ത്  വർധിച്ചത്. അത്‌  രണ്ടു പ്രളയവും ഒരു ഓഖിയും നേരിട്ട  കാലത്താണ്‌  എന്നറിയുമ്പോളാണ് നേട്ടത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്.

2) കിഫ്‌ബി സംവിധാനം  ഭാവികടം വർധിപ്പിക്കില്ലേ?

ഇല്ല എന്നാണുത്തരം. കിഫ്‌ബി വഴി കേരളം 50000 കോടി രൂപ നിക്ഷേപം നടത്താൻ പോകുന്നു. ഇതുവഴി വലിയ കടഭാരമാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്. ഇത് താങ്ങാൻ കെൽപ്പില്ല. ഇതാണല്ലോ വാദം. അടിസ്ഥാന കാര്യങ്ങൾപോലും മനസ്സിലാക്കാതെയുള്ള വിമർശനമാണിത്.

എന്താണ് കിഫ്ബി ചെയ്യാൻ ഉദ്ദേശിച്ചത്? അടുത്ത അഞ്ച്‌ വർഷത്തേക്ക് ഏകദേശം 50,000 കോടിയുടെ മൂലധനനിക്ഷേപം നടത്തുക. ഇതിനായി വിവിധ ഏജൻസികളിൽനിന്നും വിദേശത്തുനിന്നും എടുക്കാൻ കഴിയുന്ന കടത്തെ ആശ്രയിക്കുക. ഇങ്ങനെ എടുക്കുന്ന കടം 15 വർഷംകൊണ്ട് മടക്കിനൽകാൻ കഴിയുന്ന സാഹചര്യം ഒരുക്കുക.  ആദ്യത്തെ മൂന്നു വർഷം തിരിച്ചടയ്‌ക്കുന്നതിന് മോറട്ടോറിയം ഉണ്ടാകും. ബോണ്ടുകൾക്കുള്ള ഒമ്പത്‌ ശതമാനം പലിശനിരക്കിലാണ് ഈ കണക്കുകൾ. ആദ്യത്തെ വർഷം 5000 കോടി കടമെടുക്കുന്നു. രണ്ടാമത്തെ വർഷം 10,000 കോടി. മൂന്നാമത്തെ വർഷം 20,000 കോടിയും നാലാമത്തെ വർഷം 15,000 കോടിയും കടമെടുക്കുന്നു. മൊത്തം അമ്പതിനായിരം കോടി  എടുക്കുന്നു. നിക്ഷേപം നടത്തുന്നു.

ഇത് എങ്ങനെ തിരിച്ചുകൊടുക്കും? ഇതിനായി രണ്ട് പ്രധാന സ്രോതസ്സുകളെ കിഫ്ബിക്ക് ആശ്രയിക്കാൻ കഴിയുന്നു. ഒന്നാമതായി, സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിൽനിന്ന് ഒരു വിഹിതം കൈമാറുന്നു. എന്താണ് ഈ വിഹിതം? ആദ്യത്തേത് പിരിക്കുന്ന പെട്രോൾ സെസ് മുഴുവനും കൈമാറുന്നു. രണ്ടാമതായി,  മോട്ടോർ വാഹനനികുതിയിൽനിന്ന് ഒരു ഭാഗം കൈമാറുന്നു. ആദ്യവർഷം പത്ത്‌ ശതമാനം, രണ്ടാംവർഷം 20 ശതമാനം, മൂന്നാം വർഷം 30ശതമാനം, നാലാം വർഷം 40 ശതമാനം, അഞ്ചാം വർഷംമുതൽ 50ശതമാനംവച്ച്. ഇതാണ് ആദ്യത്തെ സ്രോതസ്സ്.

ഇങ്ങനെ  കിട്ടുന്ന പണം കിഫ്‌ബി ബാങ്കിലോ ധനവിപണിയിലോ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങളിൽനിന്ന് ലഭിക്കുന്ന പലിശ ലാഭവും കിഫ്ബിക്ക് ഒരു വരുമാനമാണ്. ഇതാണ് രണ്ടാമത്തെ സ്രോതസ്സ്. ഇതിനെല്ലാം പുറമെ, സർക്കാർ തുടക്കത്തിൽത്തന്നെ കിഫ്ബിക്ക് ഏകദേശം 2490 കോടി രൂപയുടെ കോർപസ് ഗ്രാൻഡ് നൽകിയിട്ടുണ്ട്.

കേരളത്തിലെ മോട്ടോർ വാഹനനികുതി ഓരോ വർഷവും 16 ശതമാനം കണ്ടു വളരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. അങ്ങനെ നോക്കിയാൽ 2016–-17 മുതൽ 2030–-31 വരെ  വിഹിതമായും സെസായും മൊത്തം 98,355 കോടിയുടെ കൈമാറ്റം. ഇതാകും കിഫ്ബിയിൽ കടം തിരിച്ചടയ്ക്കാനായി 15 വർഷം കഴിയുമ്പോൾ ബാക്കി ഉണ്ടാകാൻ സാധ്യതയുള്ള തുക. ഇത് എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അതിൽനിന്ന് കിട്ടാൻ സാധ്യതയുള്ള പലിശ വരുമാനംകൂടി കൂട്ടിയാൽ ഒരു ലക്ഷം കോടിയിലേറെ ഉണ്ടാകും.

എത്ര കടമാണ് തിരിച്ച് അടയ്‌ക്കേണ്ടിവരിക.  ഏകദേശം 89,783 കോടി രൂപ. ഓരോ കടവും ആദ്യത്തെ മൂന്ന് വർഷത്തിനുശേഷം ഏഴ്‌ വർഷംകൊണ്ട് തിരിച്ചടയ്‌ക്കുന്നു. അങ്ങനെ തിരിച്ചടയ്ക്കാൻ വേണ്ടിവരുന്നത് 89,783 കോടി. കൈയിലുള്ളതോ 98,355 കോടി. തിരിച്ചടയ്ക്കാൻ വേണ്ടതിനേക്കാൾ കൂടുതൽ പണം ഉണ്ടാകും എന്നതല്ലേ വാസ്തവം? ഇവിടെ എവിടെയാണ് സർക്കാരിന്റെ കടഭാരം വർധിക്കുന്നത്? പക്ഷേ, സംസ്ഥാനത്തിന്റെ വരുമാനം നമ്മൾ അനുമാനിച്ച രീതിയിൽ വളർന്നുവെന്നു വരില്ല. നാല് വർഷത്തെ വാസ്തവത്തിലുള്ള കണക്കുകളെടുത്ത് പരിശോധിച്ചാൽ രണ്ടോ മൂന്നോ പ്രധാന പ്രശ്നങ്ങൾ വന്നുചേർന്നിട്ടുണ്ട്.

ഒന്നാമതായി, വരുമാനം അനുമാനിച്ച രീതിയിൽ വളർന്നില്ല. ദേശീയതലത്തിൽ സാമ്പത്തികമാന്ദ്യവും  പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളുമാണ് കാരണം. 2019–-20 വരെ ഏകദേശം 4226 കോടി മോട്ടോർ വാഹന നികുതി വിഹിതമായി  കൈമാറും എന്നാണ് കരുതിയിരുന്നതെങ്കിലും ഏകദേശം 3640 കോടി മാത്രമേ കൈമാറിയുള്ളൂ. സെസും കൂട്ടിയാൽ മൊത്തം 5560 കോടി കൈമാറിയിട്ടുണ്ട് (കോർപസ് ഗ്രാന്റായി കൊടുത്ത 2490 കോടിക്കു പുറമേയാണ് ഇതെല്ലാം. അതുംകൂടി കൂട്ടിയാൽ 8050 കോടിയാകും)

രണ്ടാമതായി, കരുതിയിരുന്ന വേഗതയിൽ വായ്‌പകൾ എടുക്കാനായില്ല. ഏകദേശം 4200 കോടി  മാത്രമാണ് എടുത്തത്. അഞ്ച് വർഷംകൊണ്ട് 50,000 കോടി നിക്ഷേപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, കിഫ്ബിയുടേത് കൃത്യമായ ഒരു ഫിനാൻഷ്യൽ മാനേജ്മെന്റ് രീതിയാണ്. സർക്കാരിൽനിന്ന്‌ വരുമാനം കുറഞ്ഞാൽ എടുക്കുന്ന കടവും നടത്തുന്ന നിക്ഷേപവും സ്വയമേവ കുറയ്ക്കും.

മൂന്നാമതായി, കിഫ്ബിക്കു പൂർത്തീകരിക്കാൻ കഴിയും എന്ന് വിശ്വസിച്ചിരുന്ന വേഗതയിൽ പദ്ധതികൾ പൂർത്തീകരിക്കാനായില്ല. എല്ലാ ബില്ലും അവസാനമാകുമ്പോൾ കൊടുത്തുതീർത്താൽ മതിയാകും എന്ന സൗകര്യമുള്ളതുകൊണ്ടും എടുക്കുന്ന കടം കുറഞ്ഞുപോയതുകൊണ്ടും അപകടമുണ്ടായിട്ടില്ല. പണികളെല്ലാംതന്നെ ഒരു വെട്ടിക്കുറയ്‌ക്കലും കൂടാതെ നടക്കുന്നു.

മോട്ടോർ വാഹനനികുതി 16 ശതമാനം കണ്ടു വരുമാനം വളരും എന്നത് മാറ്റി 10 ശതമാനം എന്നാക്കി മാറ്റിയാൽ 2030–-31 വരെ സർക്കാർ വിഹിതമായി കിട്ടുന്നത് 98,355 കോടിയല്ല മറിച്ച് 50,405 കോടി മാത്രമാകും. ഇത്രയും പണമാണ് പലിശയടക്കം കൊടുത്തുതീർക്കാൻ കിഫ്ബിയുടെ കൈയിൽ ഉണ്ടാകുക. അതായത്, 50,000 കോടിയുടെ നിക്ഷേപലക്ഷ്യം എന്നത് കുറയും. ഏകദേശം 30,000 കോടിക്കടുത്തു മാത്രമേ നിക്ഷേപം നടത്താൻ കഴിയൂ. കാരണം, വരുമാനത്തിനനുസരിച്ച് എടുക്കുന്ന കടവും കുറയ്ക്കപ്പെടും. എന്നാലും വലിയൊരു നേട്ടമാണ്. കിഫ്ബിയില്ലെങ്കിൽ പൂജ്യമായിരിക്കുമല്ലോ നിക്ഷേപം. അതായത്, സർക്കാരിന്റെ വരുമാനം കുറഞ്ഞാലും അതിനനുസരിച്ച് കിഫ്ബിയുടെ കടമെടുപ്പും നിക്ഷേപവും കുറയും എന്നതുകൊണ്ട് സർക്കാരിന്റെ കടഭാരം കൂടുന്നില്ല.

3) കിഫ്ബിക്ക് വിദേശ കടമെടുക്കാമോ? കേന്ദ്ര സർക്കാരിന് മാത്രമല്ലേ അതിനു കഴിയൂ?

ഭരണഘടനയിലെ ആർട്ടിക്കിൾ 293(1) പ്രകാരം, സംസ്ഥാനങ്ങൾക്ക് രാഷ്ട്രത്തിന്റെ അതിർത്തികൾക്കുള്ളിൽ മാത്രമല്ലേ കടമെടുക്കാൻ കഴിയൂ? ഇതാണ് അടുത്ത സംശയം. കിഫ്ബിയെന്നാൽ സംസ്ഥാനസർക്കാരല്ല. അതുകൊണ്ട് ഭരണഘടനയുടെ ഈ ആർട്ടിക്കിൾ നമ്മുടെ ചർച്ചയിൽ ബാധകമല്ല. കിഫ്‌ബി ഒരു ബോഡി കോർപറേറ്റ് ആണ്. അങ്ങനെ ആര് നിശ്ചയിച്ചു? രാജ്യത്തെ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണം വഴി ഇത്തരത്തിലുള്ള ഒരു ബോഡി കോർപറേറ്റ് സ്ഥാപിക്കാം എന്ന് കമ്പനി നിയമം പറയുന്നുണ്ട്. കിഫ്‌ബി 1999ലെ സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം വഴിയാണ് ബോഡി കോർപറേറ്റ് ആയി സ്ഥാപിക്കപ്പെടുന്നത്. അപ്പൊ പിന്നെയും സംശയം. ബോഡി കോർപറേറ്റ് ആയാൽ രജിസ്റ്റർ ചെയ്യേണ്ടേ? ചെയ്തിട്ടുണ്ടോ? വേണ്ട; രജിസ്റ്റർ ചെയ്യേണ്ട എന്നാണുത്തരം. ഉദാഹരണത്തിന്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പാർലമെന്റ് നിയമം വഴിയുണ്ടാക്കിയ ഒരു ബോഡി കോർപറേറ്റ് ആണ്. അവരും എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ല.

ബോഡി കോർപറേറ്റ് ആണെങ്കിൽ വിദേശകടം എടുക്കാമോ? മസാല ബോണ്ട് ഇറക്കാമോ? എടുക്കാം. ഇറക്കാം. ആർബിഐയുടെ ഫോറിൻ എക്സ്ചേഞ്ച് ഡിപ്പാർട്ട്‌മെന്റ് (എഫ്‌ഇഡി) 2015–-16 വർഷത്തിൽ പുറത്തിറക്കിയ മാസ്‌റ്റർ ഡയറക്‌ഷൻ .5/2015–-16 സെക്‌ഷൻ 3.3.2 പ്രകാരമാണത്‌.

അപ്പോൾ അടുത്ത സംശയം. ഇതിപ്പോഴുമുണ്ടോ? ഇല്ല. ഈ സൗകര്യം 2019 ജനുവരിവരെ മാത്രമേയുണ്ടായിരുന്നുള്ളൂ. 2019 ജനുവരി 16ന് ഈ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആർബിഐ ഈ ചട്ടം ഭേദഗതി ചെയ്തു. എന്നിട്ട്‌ വിദേശനിക്ഷേപം  വാങ്ങാൻ കഴിയുന്ന എല്ലാവർക്കും മസാല ബോണ്ടിറക്കാം എന്നാക്കി മാറ്റി. അതുപ്രകാരം ഭാവിയിൽ കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാൻ കഴിയില്ല. അതുകൊണ്ട് പ്രശ്നമുണ്ടോ? ഇല്ല, കാരണം, ഈ ഭേദഗതി വരുന്നതിനുമുമ്പുതന്നെ കിഫ്‌ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തു കഴിഞ്ഞിരുന്നു. 2018 ജൂണിൽത്തന്നെ ആർബിഐ ഇതുമായി ബന്ധപ്പെട്ട അനുമതി കിഫ്ബിക്കു നൽകി കഴിഞ്ഞിരുന്നു. അതായത്, ഭേദഗതിക്കുമുമ്പുതന്നെ. ഇനി മസാല ബോണ്ട് ഇറക്കാൻ പറ്റുമോ? ഇല്ല. പറ്റില്ല.

പക്ഷേ, അനുമതി ആക്സിസ് ബാങ്കിനല്ലേ? കിഫ്ബിക്കല്ലല്ലോ? അതങ്ങനെയാണ് നിയമം. രണ്ട് രീതിയിൽ അനുമതി വാങ്ങാം. ഒന്ന്, ഓട്ടോമാറ്റിക് റൂട്ട്. രണ്ട്, അപ്രൂവൽ റൂട്ട്. 700 മില്യൺ ഡോളറിന് മുകളിൽ ബോണ്ട് ഇറക്കുന്നുണ്ടെങ്കിൽ മാത്രമേ അപ്രൂവൽ റൂട്ട് സ്വീകരിക്കേണ്ടതുള്ളൂ. നേരിട്ട് ആർബിഐയിൽനിന്ന് അനുമതി വാങ്ങൽ. അതിൽ കുറവായതിനാൽ ഓട്ടോമാറ്റിക് റൂട്ട് ആണ് വേണ്ടത്. എന്നുവച്ചാൽ ആർബിഐ പറയുന്നു. ബാങ്ക് വഴി അപ്ലിക്കേഷൻ അയച്ചാൽ മതി. ഞങ്ങൾ ഓട്ടോമാറ്റിക് ആയി അനുമതി തരും; ലോൺ രജിസ്ട്രേഷൻ നമ്പർ ഇഷ്യൂ ചെയ്യും. അതാണ് കിഫ്‌ബി ആക്സിസ് ബാങ്ക് വഴി ചെയ്തതും അനുമതി വാങ്ങിയതും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ ആർബിഐയോടാകാം. കേരളത്തോട് വേണ്ട.

മഞ്ചലൊരുങ്ങി മൈതാനം ഉറങ്ങി

 ‘അവരിൽ അഗ്‌നി കൊളുത്തൂ,

അപമാനത്തിന്റെ ആ ദേശത്തെ ചുട്ടെരിക്കൂ’

1984ൽ നേപ്പിൾസിൽ കാലുകുത്തുമ്പോൾ ദ്യേഗോ മാറഡോണയുടെ ചെവിയിൽ ആദ്യം വീണ വാക്കുകൾ അതായിരുന്നു. സാൻപോളോയിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിൽ ശാപവാക്കുകൾ ഓരോന്നായി പടർന്നുകയറി. അതൊരു സംഘശബ്‌ദമായി മുഴങ്ങി. ഇറ്റലിയിലെ തെക്കുഭാഗത്തെ തുറമുഖ നഗരം യുവന്റസുകാർക്കും മിലാൻകാർക്കും ദാരിദ്ര്യത്തിന്റെ രൂപമായിരുന്നു. നേപ്പിൾസുകാരിൽ അവർ വെറുപ്പ്‌ തുപ്പി. ബാഴ്‌സലോണയിലെ രാജകിരീടം വച്ചൊഴിഞ്ഞ്‌ നേപ്പിൾസിനെ തൊട്ടപ്പോൾ മാറഡോണ പറഞ്ഞു.

‘ബാഴ്‌സയിൽ എനിക്കൊന്നും നേടാനായില്ല, എന്റെ കൈയിൽ ചില്ലിക്കാശുപോലുമില്ല. ഞാൻ ഇപ്പോൾ നേപ്പിൾസിനെ സ്‌നേഹിക്കുന്നു’

മാറഡോണ വന്നിറങ്ങിയത്‌ നേപ്പിൾസുകാരുടെ ഹൃദയത്തിലേക്കായിരുന്നു. ലോക ഫുട്‌ബോളിന്റെ പെരുമയുടെ പേരുകളിലൊന്നിലും പെടാത്തതായിരുന്നു നാപോളി. കടംമൂടി തകർന്നുപോയവർ. യുവന്റസും മിലാൻ ടീമുകളുമൊക്കെ വിരാജിച്ചുനിന്ന ഇറ്റാലിയൻ ലീഗിൽ കടുത്ത ദാരിദ്ര്യം പുതച്ചുറങ്ങുന്ന സംഘമായിരുന്നു നാപോളി. ആ ദാരിദ്ര്യ കൂടാരത്തിലേക്കായിരുന്നു കൈയുംവീശി മാറഡോണ നടന്നെത്തിയത്‌. അയാൾ അവർക്ക്‌ ജീവിതം നൽകി. തെരുവുകളിൽ ആഘോഷം നൽകി. 1987ലും 1990ലും നാപോളിയെ ഇറ്റാലിയൻ ചാമ്പ്യൻമാരാക്കി. യൂറോപ്യൻ ഫുട്‌ബോൾ കിരീടം നൽകി. പക്ഷേ, മാറഡോണ നേപ്പിൾസിൽനിന്ന്‌ തിരിച്ചുവാങ്ങിയത്‌ ലഹരി മാത്രമായിരുന്നു. ആ ലഹരിയിൽ അയാൾ കെട്ടടങ്ങി. പൂർണതയ്‌ക്കും ഇപ്പുറം എവിടെയോ സ്വയം അവസാനിപ്പിച്ചു. ജീവിതവും ലഹരിയും അവിടെയായിരുന്നു. സാൻപോളോയിലെ പുൽത്തലപ്പുകളെ തഴുകിയ പാദങ്ങൾ, പിന്നെ ലഹരിയുടെ ഉൻമാദത്തിൽ നിലയുറപ്പിക്കാനാകാതെ ഉലഞ്ഞുനീങ്ങി.  

വില്ല ഫിയോറിട്ടോയിലെ ചേറുപുരണ്ട വഴികളിൽ പന്തു തട്ടി നടന്ന ബാല്യം. പതിനൊന്നാം വയസ്സിൽ പന്തുമായി കളത്തിലേക്കിറങ്ങി. അച്ഛനും അമ്മയ്‌ക്കും നാല്‌ ചേച്ചിമാർക്കുംകൂടി ഒരു വീട്‌. അടച്ചുറപ്പുള്ള, ഭംഗിയുള്ള ഒരു കൂടാരം. അതായിരുന്നു സ്വപ്‌നം. പതിനഞ്ചാം വയസ്സിൽ ആദ്യമായി പ്രൊഫഷണൽ മത്സരത്തിന്‌ ഇറങ്ങി. ഫിയോറിട്ടോയിലെ ആ തുകൽപ്പന്ത്‌ മാറഡോണയെക്കൊണ്ട്‌ കാലങ്ങൾ സഞ്ചരിപ്പിച്ചു. ദേശങ്ങൾ കാണിച്ചു. പിന്നെ മാറഡോണയ്‌ക്ക്‌ ഒറ്റ ലോകമേ ഉണ്ടായിരുന്നുള്ളു–- ഫുട്‌ബോൾ. പിന്നീട്‌ ജീവിതത്തിൽ ഒരിക്കൽപ്പോലും മാറഡോണ ഫിയോറിട്ടോയിലേക്ക്‌ തിരിച്ചുപോയില്ല.

‘എന്റെ മുക്തിയാണ്‌ ഫുട്‌ബോൾ. കളത്തിലിറങ്ങുമ്പോൾ ഞാൻ ജീവിതം കാണാറില്ല, വേദനകൾ അറിയാറില്ല. ഒഴുകിയൊഴുകി നീങ്ങും’–- മാറഡോണ പറഞ്ഞു.

ചില ദേശങ്ങളിൽ അയാൾ കലാപകാരിയായി. ചിലർക്ക്‌ ചതിയനായി. നിഷേധിയും നായകനും വീരനുമായി.

കളത്തിൽ എതിരാളികളുടെ ഫൗളുകളിൽ വീണ്‌ തിരിച്ചെത്തി ഗോൾ തൊടുക്കുമ്പോഴും ജീവിതത്തിൽ സ്വയം സൃഷ്ടിച്ച പിഴവുകളിൽ വീണുകൊണ്ടിരിക്കുകയായിരുന്നു. ഉൻമാദം നിറഞ്ഞപ്പോൾ കളത്തിൽ തന്റെ ചലനങ്ങൾ തെറ്റിയതുപോലും അറിഞ്ഞില്ല. വിലക്കും അറസ്‌റ്റും പുറത്താക്കലുമൊക്കെയായി ആ ഫുട്‌ബോൾ ജീവിതം അപൂർണമായി അവസാനിച്ചു. അപ്പോഴേക്കും ഏത്‌ കാലത്തേക്കുമുള്ള സുന്ദര നീക്കങ്ങളും നിമിഷങ്ങളും എഴുതിച്ചേർത്തിരുന്നു. ആ നിമിഷങ്ങളിലെ അമരത്വത്തിൽ മാറഡോണ തെളിഞ്ഞുനിൽക്കുന്നു.

എറണാകുളം കറുകപ്പള്ളി കുഡോസ് ക്ലബിന്റെ നേതൃത്വത്തിൽ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ

പൂത്തുലഞ്ഞു നിൽക്കുന്ന സമയത്തും നിഷേധിയുടെ മനസ്സ്‌ വിട്ടില്ല. തെരഞ്ഞെടുപ്പുകളിൽ കൃത്യമായി രാഷ്‌ട്രീയം തെളിഞ്ഞു. അത് പോരാളികൾക്കൊപ്പമായിരുന്നു. ബൊക്ക ജൂനിയേഴ്‌സും ബാഴ്‌സലോണയും നാപ്പോളിയുമൊക്കെ തെരഞ്ഞെടുപ്പുകളിൽ വന്നത്‌ അങ്ങനെയാണ്‌.

1985 നവംബർ മൂന്നിന്‌ സാൻപോളോയിൽ യുവന്റസുമായുള്ള കളി. സ്‌റ്റേഡിയത്തിൽ ബാനറുകളിൽ നാപോളിയെ വംശീയമായി അധിക്ഷേപിക്കുന്ന ബാനറുകൾ തെളിഞ്ഞു. നിറത്തിന്റെ പേരിലുള്ള കളിയാക്കലുകൾ. മാറഡോണയ്‌ക്കു നേരെ പരിഹാസങ്ങളെറിഞ്ഞു. അയാളുടെ ഉള്ളിലെ കലാപകാരിയിൽ കനലാളി. പന്തിൽ തൊട്ടപ്പോൾ അത്‌ ആഞ്ഞു കത്താൻ തുടങ്ങി. ഒടുവിൽ വളഞ്ഞിറങ്ങിയ ഫ്രീകിക്കിൽ യുവന്റസ്‌ വല ചിതറി. മത്സരം കഴിഞ്ഞപ്പോൾ നേപ്പിൾസ്‌ ഇളകി.

പുറത്ത്‌ കാത്തുനിന്ന പത്രക്കാർ മാറഡോണയെ പൊതിഞ്ഞു.

‘ ആ ഗോളിന്റെ നിറമെന്തായിരുന്നു’

മാറഡോണ ചിരിച്ചു–- നീല, നേപ്പിൾസിന്റെ നിറം. ഈ ജനതയുടെ നിറം’

അന്ന്‌ കളി കണ്ട ചിലർ മോഹാല്യസപ്പെട്ട്‌ വീണു.

തെരുവുകളിൽ നീലനിറം പടർന്നു. അവർ ജീവിതം തിരിച്ചുപിടിച്ചു.

1986ലെ മെക്‌സികോ ലോകകപ്പ്‌ സമയം. ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനലിന്‌ തലേദിവസം. മാറഡോണ പുറത്തേക്കിറങ്ങി. ഫാക്‌ലാൻഡ്‌സ്‌ യുദ്ധം കഴിഞ്ഞ്‌ നാല്‌ വർഷം. ബ്രിട്ടീഷുകാരോടുള്ള പ്രതികാരമായിരുന്നു മാറഡോണയുടെ മനസ്സു നിറയെ.

‘അവർ ഞങ്ങളെ അന്ന്‌ തോൽപ്പിച്ചത്‌ 20–-0നാണ്‌. ആ മുറിവ്‌ ഉണങ്ങുന്നില്ല. ഇവിടെ മറ്റൊരു യുദ്ധമാണ്‌. ഞങ്ങൾ ജയിക്കും’–- മാറഡോണ പറഞ്ഞു.

അസ്‌റ്റെകയിലെ പുൽപ്പരപ്പിൽ മാറഡോണ വിരിഞ്ഞു. കളിയുടെ 51–-ാം മിനിറ്റിൽ മാറഡോണയുടെ തലയ്‌ക്ക്‌ മുകളിൽ കൈയും ഉയർന്നു. ഇംഗ്ലണ്ട്‌ ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ വാദിച്ചുകൊണ്ടിരിക്കെ റഫറി ഗോൾ അനുവദിച്ചു. മാറഡോണ അതിനെ ദൈവത്തിന്റെ ഗോൾ എന്ന്‌ വിളിച്ചു.

‘എന്റെ കൈ തട്ടിയതാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതെന്റെ ഉദ്ദേശ്യമായിരുന്നില്ല. പക്ഷേ, സംഭവിച്ചുപോയി.

നാല്‌ മിനിറ്റിനിടെ മറ്റൊരു അത്ഭുതം സംഭവിച്ചു.

ഇംഗ്ലീഷ്‌ കളിക്കാരെ മുഴുവൻ കീഴടക്കി 60 മീറ്റർ ഓടി മാറഡോണ വല തകർത്തു.ഫൈനലിൽ പശ്‌ചിമ ജർമനിയെയും കീഴടക്കി അർജന്റീന ലോക ചാമ്പ്യൻമാരായി.

1990ൽ മാറഡോണയുടെ കാലിൽ അർജന്റീന ഫൈനൽവരെ മുന്നേറി. സെമിയിൽ ഇറ്റലിയായിരുന്നു എതിരാളികൾ. സാൻപോളോയിലായിരുന്നു അർജന്റീന–-ഇറ്റലി മത്സരം. സാൻപോളോയിൽ തനിക്കുവേണ്ടി ആർത്തലച്ച കാണികൾ ഇപ്പോൾ രക്തത്തിനായി ആക്രോശിക്കുന്നത്‌ മാറഡോണ കണ്ടു. ഷൂട്ടൗട്ടിൽ നിർണായകമായ പെനൽറ്റി കിക്ക്‌ മാറഡോണ വലയിലേക്കെത്തിക്കുമ്പോൾ ഇറ്റാലിയൻ ജനത അയാൾക്കായി മരക്കുരിശ്‌ പണിയുകയായിരുന്നു. ഇറ്റലിയുമായുള്ള ബന്ധം അതോടെ അവസാനിച്ചു. നികുതി വെട്ടിപ്പും മയക്കുമരുന്നു കേസുമൊക്കെ പിന്നാലെ. ഇതിനിടെ നേപ്പിൾസിൽ കാമുകിയിൽ ജനിച്ച കുഞ്ഞിനെ മാറഡോണ തള്ളിപ്പറഞ്ഞു. മയക്കുമരുന്നു കേസിൽ ഒരു വർഷത്തേക്ക്‌ വിലക്കപ്പെട്ടു. വിതുമ്പലോടെ മാറഡോണ നേപ്പിൾസിൽനിന്ന്‌ പടിയിറങ്ങി. ‘ഞാൻ ഇവിടെ ഇറങ്ങുമ്പോൾ 85,000 പേരായിരുന്നു ദ്യേഗോ വിളിയുമായി വരവേറ്റത്‌. തിരിച്ചിറങ്ങുമ്പോൾ എനിക്കാരുമില്ല’

1994 ലോകകപ്പിൽ മരുന്നടിക്ക്‌ പിടിയിലായി മടങ്ങിയതോടെ മാറഡോണ എന്ന ചിത്രം എന്നേക്കുമായി മങ്ങി. അവശേഷിപ്പിച്ചുപോയ സുന്ദര നിമിഷങ്ങളുടെ തണലിൽ അൽപ്പകാലംകൂടി നീങ്ങി. ഒരുകാലത്ത്‌ മൈതാനങ്ങളെ ആവേശിപ്പിച്ച കാലുകളും ശരീരവും അനാരോഗ്യത്തിൽ തളർന്നുനീങ്ങി. അപ്പോഴും അന്ന് സൃഷ്‌ടിച്ച മുഹൂർത്തങ്ങളിൽ മാറഡോണ അമരത്വം നേടിയിരുന്നു.

‘കുറ്റകരമായ അനാസ്ഥ’

മാറഡോണയ്‌ക്ക്‌ വൈദ്യസഹായം ലഭ്യമാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന്‌ അഭിഭാഷകൻ മത്യാസ്‌ മോർല വ്യക്തമാക്കി. മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണം. ഹൃദയാഘാതം ഉണ്ടായി 12 മണിക്കൂറിനുശേഷമാണ്‌ വൈദ്യസഹായം കിട്ടിയത്‌. അപ്പോഴേക്കും വൈകി. ആംബുലൻസ്‌ എത്തിയത്‌  അരമണിക്കൂർ കഴിഞ്ഞാണ്‌. ഇവയെല്ലാം സംശയാസ്‌പദമാണെന്ന്‌ മോർല പറഞ്ഞു.

പ്രദീപ്‌ ഗോപാൽ 

അനശ്വരനായ മഹാപ്രതിഭ

 ദ്യോഗോ അർമാൻഡോ മാറഡോണ –- പ്രതിഭയുടെ മഹാവിസ്‌ഫോടനത്താൽ ഫുട്‌ബോൾ ലോകത്തെ വിസ്‌മയിപ്പിച്ച ഇതിഹാസം. അപൂർവ സുന്ദരമായ പ്രകടനത്തിലൂടെ കോടിക്കണക്കിന്‌ ആളുകളെ അമ്പരപ്പിക്കുകയും ആരാധകരെ  ആനന്ദത്തിലാറാടിക്കുകയും ചെയ്‌ത കളിക്കാരൻ, കളിക്കളത്തിലും പുറത്തും വേറിട്ട നീക്കങ്ങളിലൂടെ ലോകത്തെ നടുക്കിയ വിവാദങ്ങളുടെ കൂട്ടുകാരൻ. വ്യക്തിജീവിതത്തിൽ തന്റേതായ ശരികളും രാഷ്‌ട്രീയ നിലപാടുകളും പുലർത്തിയ മനുഷ്യസ്‌നേഹി.

ഫുട്‌ബോളിനെ കലയും സൗന്ദര്യവുമായി വികസിപ്പിച്ച സമ്പൂർണനായ പ്രതിഭയാണ്‌ മാറഡോണ. പല നാദങ്ങൾ കോർത്തിണക്കി സിംഫണി തീർക്കുന്ന സംഗീതജ്ഞനെപ്പോലെ, ശരീര ചലനങ്ങളും സർഗശേഷിയും കൈമുതലാക്കി മൈതാനങ്ങളിൽ പന്തുകൊണ്ട്‌ പുതിയ സൗന്ദര്യലോകം സൃഷ്ടിച്ചു അദ്ദേഹം. മുമ്പ്‌ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആ മനോധർമ പ്രകടനത്തിന്റെ മനോഹാരിതയിൽ ആരാധകർ സ്വയം മറന്നു. ഫുട്‌ബോൾ കണ്ടിട്ടില്ലാത്തവർ പോലും കളിയുടെ ഇഷ്ടക്കാരായി. ആധുനിക ഫുട്‌ബോളിനെ ജനപ്രിയതയുടെ പുതിയ തലങ്ങളിലേക്ക്‌ മാറഡോണ നയിച്ചു. ലോകമെങ്ങും ഫുട്‌ബോളിന്റെ മറുവാക്കായി അദ്ദേഹം ആരാധിക്കപ്പെട്ടു. ആ മഹാപ്രകടനത്തിന്റെ ചിറകിൽ ആരാധകരുടെ ഇഷ്ട ടീമായി അർജന്റീന മാറി. മാറഡോണയുടെ അകാല വിയോഗം ഫുട്‌ബോൾ ലോകത്തിന്‌ തീരാനഷ്ടമാകുന്നതിന്‌ കാരണങ്ങൾ എത്രയെങ്കിലും പറയാനാകും.

എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരനെന്ന് മാറഡോണയെ വിലയിരുത്തുന്നവരുണ്ട്‌. ഫുട്‌ബോൾ രാജാവ്‌ പെലെയുടെ പിൻഗാമിയാണോ താങ്കൾ എന്ന ചോദ്യത്തിന്‌, എനിക്ക്‌ ഞാനായിരിക്കാനാണ്‌ ‌താൽപ്പര്യമെന്ന്‌ മാറഡോണ നൽകിയ മറുപടി സ്വന്തം കഴിവുകളിലുള്ള ആത്മവിശ്വാസമാണ്‌.  നൈസർഗികമായ പ്രതിഭയും പാടവവുമാണ്‌ ഈ കളിക്കാരന്റെ അടിത്തറ. ബ്യൂണസ്‌ അയേഴ്‌സിലെ ചേരിപ്രദേശത്ത്‌ ദാരിദ്ര്യത്തോട്‌ പൊരുതിവളർന്ന ബാല്യം മൈതാനത്തെ വെല്ലുവിളികൾ സുധീരം നേരിടാനുള്ള കരുത്തുനൽകിയിരുന്നു. പന്തടക്കവും വേഗവും മെയ്‌വഴക്കവും ഞൊടിയിടയിൽ തീരുമാനമെടുക്കാനുള്ള കഴിവുമെല്ലാം ഒത്തിണങ്ങിയ കളിക്കാരൻ. അവയവമെന്നപോലെ പന്ത്‌ ആ ശരീരത്തിൽ ചേർന്നുനിന്നു. പന്തടക്കം അത്രയ്ക്കുണ്ടായിരുന്നു. എതിരാളികൾ കൂട്ടത്തോടെ പ്രതിരോധിക്കുമ്പോഴും ഒറ്റ വെട്ടിത്തിരിയലോ ചലനമോ കൊണ്ട്‌ ഗോളിലേക്ക്‌ വഴിതുറന്ന എണ്ണമറ്റ സന്ദർഭങ്ങൾ. അഞ്ചടി അഞ്ചിഞ്ച്‌ മാത്രം ഉയരമുള്ള ഈ മനുഷ്യനെ തടയാൻ ഫുട്‌ബോളിലെ പഴകിത്തേഞ്ഞ ആയുധങ്ങൾ മതിയായിരുന്നില്ല.

ടീം  ഗെയിമായ ഫുട്‌ബോളിനെ വ്യക്തിപരമായ മികവുകൊണ്ട്‌ പുതുക്കിപ്പണിതു മാറഡോണ. സ്വന്തം സാന്നിധ്യത്താൽ സഹ കളിക്കാരെ പ്രചോദിപ്പിക്കാനും മികവിലേക്ക്‌ ഉയർത്താനും അദ്ദേഹത്തിന്‌ അസാമാന്യസിദ്ധിയുണ്ട്‌. ബാല്യംമുതൽ കളിച്ച ടീമുകളെല്ലാം ആ സാന്നിധ്യത്താൽ പ്രചോദനമാർജിച്ചു. 1986ൽ ലോക കപ്പ്‌ നേടിയ അർജന്റീന ടീം ഇതിന്റെ മികച്ച ഉദാഹരണം‌. മാറഡോണയും ബുരുഷാഗയും പോലെ ഏതാനും പേരൊഴിച്ചാൽ ലോകോത്തര കളിക്കാരുടെ സംഘമൊന്നുമായിരുന്നില്ല അർജന്റീന. എന്നാൽ, മാറഡോണ പ്രഭ ചൊരിഞ്ഞപ്പോൾ ടീമെന്ന നിലയിൽ അർജന്റീന ഓരോ മത്സരത്തിലും മികവിലേക്കുയർന്നു. മാറഡോണ നേടിയ, വിവാദവും വിസ്‌മയവും സൃഷ്ടിച്ച വ്യത്യസ്‌തമായ രണ്ട്‌ ‌ഗോളിലൂടെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയതോടെ 1986ലെ ലോക കപ്പിൽ അർജന്റീന‌ അജയ്യ ടീമായി മാറി. ആ മത്സരത്തിലെ മാറഡോണയുടെ പ്രകടനം ലോകം ഒരിക്കലും അനുഭവിക്കാത്ത പ്രതിഭാസ്‌പർശവും പൂർണതയുമുള്ളതായിരുന്നു. ശരാശരി ടീമായിരുന്ന അർജന്റീന 1990ൽ ലോക കപ്പ്‌ ഫൈനലിൽ എത്തിയതും‌ ആ സാന്നിധ്യംകൊണ്ടു മാത്രം.

കളിയിലും ജീവിതത്തിലും മാറഡോണയുടെ തീരുമാനങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഭാഗമായിരിക്കുമ്പോഴും കളിയുടെ കച്ചവട താൽപ്പര്യങ്ങളോട്‌ അദ്ദേഹം കലഹിച്ചു.  റെക്കോഡ്‌ തുകയ്‌ക്ക്‌ സ്പാനിഷ്‌ ക്ലബ്ബായ ബാഴ്‌സലോണയിൽ എത്തിയെങ്കിലും അവിടത്തെ രീതികളിൽ അസംതൃപ്‌തനായിരുന്നു. താരതമ്യേന ദരിദ്രമായ നേപ്പിൾസിലെ നാപ്പോളി ക്ലബ്ബിലൂടെ ഇറ്റാലിയൻ ലീഗിലേക്ക്‌ മാറഡോണ മാറിയത്‌ ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്‌‌തു. ഇറ്റാലിയൻ ലീഗിൽ തരംതാഴ്‌ത്തൽ ഭീഷണിയിലായിരുന്ന നാപ്പോളി രണ്ടു തവണ ചാമ്പ്യന്മാരും യുവേഫ ജേതാക്കളുമായത്‌ മാറഡോണയുടെ മികവിലാണ്‌.

ലാറ്റിനമേരിക്കയുടെ സാമൂഹ്യ–-രാഷ്‌ട്രീയ യാഥാർഥ്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്‌ മാറഡോണ. സ്വന്തം രാഷ്‌ട്രീയ നിലപാട്‌ ഉറക്കെ പറയാൻ പ്രശസ്‌തിയോ പണമോ തടസ്സമായില്ല. അമേരിക്കൻ സാമ്രാജ്യത്വത്തെ പരസ്യമായി വിമർശിക്കാനും മടിച്ചില്ല. അമേരിക്ക വിസ നിഷേധിക്കുന്നതിനുവരെ ഇത്‌ ഇടയാക്കി. ചെ ഗുവേരയെ ആരാധിക്കുകയും ഷാവേസുമായി സൗഹൃദം സൂക്ഷിക്കുകയും ഫിദെൽ കാസ്‌ട്രോയെ പിതൃതുല്യനായി ബഹുമാനിക്കുകയും ചെയ്‌ത മാറഡോണ ക്യൂബയുടെ ഉറച്ച അഭ്യുദയകാംക്ഷിയായിരുന്നു. മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽപ്പെട്ട മാറഡോണയെ ക്യൂബയിൽ എത്തിച്ച്‌ ചികിത്സിക്കാൻ മുൻകൈയെടുത്തത്‌ കാസ്ട്രോയാണ്‌. അർജന്റീന തള്ളിക്കളഞ്ഞപ്പോൾ ക്യൂബ ചേർത്തുപിടിച്ചെന്ന്‌ പിന്നീട്‌ അദ്ദേഹം പ്രതികരിച്ചു. ലാറ്റിനമേരിക്കയുടെ സാമൂഹ്യ മനഃസാക്ഷിക്കായി ശബ്ദമുയർത്താനും ജനപക്ഷ രാഷ്‌ട്രീയത്തിനൊപ്പം നിലയുറപ്പിക്കാനും അസാധാരണമായ സന്നദ്ധതയാണ്‌ മാറഡോണ പ്രകടിപ്പിച്ചത്‌. ഒരർഥത്തിൽ ആധുനിക പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഇരയാണ്‌ ഈ മനുഷ്യൻ. സമ്പന്നതയുടെയും പ്രശസ്‌തിയുടെയും മലവെള്ളപ്പാച്ചിലിൽപ്പെട്ട നിഷ്‌കളങ്കനായ സാധാരണക്കാരൻ. മാനസിക സംഘർഷത്തിലും മയക്കുമരുന്ന്‌ ഉപയോഗത്തിലും അച്ചടക്കമില്ലാത്ത ജീവിതത്തിലും മുങ്ങിപ്പോയെങ്കിലും ആരുടെ മുന്നിലും തലകുനിക്കാത്തയാൾ.

ലോക ഫുട്ബോൾ പ്രതിരോധാത്മകമായ കാലത്താണ്‌‌ പുത്തൻ ആക്രമണശൈലിയുമായി മാറഡോണ കടന്നുവന്നത്‌. ശാരീരിക പരിമിതികളെ മറികടക്കുന്ന മികവും പാടവവുമാണ്‌ ഈ കളിക്കാരനെ വ്യത്യസ്‌തനാക്കിയത്‌. ഒറ്റയ്‌ക്ക്‌ ടൂർണമെന്റുകൾ ജയിക്കാൻ ശേഷിയുണ്ടായിരുന്ന കളിക്കാരൻ.  മാറഡോണ എന്ന ഫുട്‌ബോൾ ഇതിഹാസത്തെ ലോകം ഒരിക്കലും മറക്കില്ല. ‘‘ഫുട്‌ബോൾ എനിക്ക്‌ മഹത്തായ ആനന്ദവും മഹത്തായ സ്വാതന്ത്ര്യവുമാണ്‌. കൈകൾ കൊണ്ട്‌ ആകാശത്തെ തൊടുന്നതുപോലെ’’ എന്ന മാറഡോണയുടെ വാക്കുകൾ മഹാനായ ആ കളിക്കാരന്റെ ഹൃദയപ്രകാശനമാണ്‌‌.

ദേശാഭിമാനി മുഖപ്രസംഗം 271120

ഫുട്‌ബോൾ ജീനിയസിന്റെ ജനപക്ഷ രാഷ്‌ട്രീയം

കളിഭ്രാന്തന്മാരുടെ കാണപ്പെട്ട ദൈവമാണ്‌ ദ്യോഗോ അർമാൻഡോ മാറഡോണ. എന്നാൽ, വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളും കാൽപ്പന്തുകളിയിലെ സർവകാല വിസ്‌മയം മുറുകെ പിടിച്ചിരുന്നു. ജനകോടികളെ പട്ടിണിയിലേക്ക്‌ വലിച്ചെറിയുന്ന സാമ്പത്തിക നയങ്ങൾക്കും വടക്കേ അമേരിക്കയുടെ സാമ്രാജ്യത്വ മേധാവിത്വത്തിനും എതിരായി മാറഡോണ പരസ്യമായി രംഗത്തുവന്നു. അതുകൊണ്ടുതന്നെ ക്യൂബയുടെ വിമോചന നായകൻ ഫിദൽ കാസ്‌ട്രോയും സ്വന്തം നാട്ടുകാരനായ വിപ്ലവ രക്തസാക്ഷി ഏണസ്‌റ്റോ ചെ ഗുവേരയും മാറഡോണയുടെ ജീവന്റെ അംശമായിരുന്നു. ‘‘നിങ്ങൾ എനിക്ക്‌ കിറുക്കാണെന്ന്‌ ആക്ഷേപിച്ചോളൂ. പക്ഷേ,  ഞാൻ പറയുന്നു. ഫിദൽ ഫിദൽ ഓലേ ഓലേ ഓലേ. ഞാൻ താങ്കൾക്കുവേണ്ടി മരിക്കാനും തയ്യാർ’’

തന്റെ പിതാവിന്റെ സ്ഥാനമാണ്‌ ഫിദലിന്‌ എന്നും മാറഡോണ പറഞ്ഞിട്ടുണ്ട്‌. ജീവിതത്തിലെ നിഗൂഢമായ യാദൃച്ഛികതകളിൽ ഒന്നാകാം  ഫിദൽ കാസ്‌ട്രോ  മരിച്ച നവംബർ 25നു തന്നെയാണ്‌ മാറഡോണയും വിടപറഞ്ഞത്‌. ഒരുപക്ഷേ, വയലാർ പോരാട്ടവാർഷികദിനത്തിൽ അനശ്വര കവി വയലാർ രാമവർമ മരണമടഞ്ഞതുപോലെ.

മാറഡോണയെപ്പോലെ പ്രശസ്‌തിയുള്ള ഒരു വ്യക്തി ജനപക്ഷത്തുനിന്നുകൊണ്ട്‌ ഒരു പരസ്യപ്രസ്‌താവന നടത്തുന്നതു തന്നെ അതിന്റേതായ സ്വാധീനം സമൂഹത്തിൽ ഉണ്ടാക്കുമെന്നത്‌ എടുത്തുപറയേണ്ടതില്ല. എന്നാൽ, ചെയുടെ നാട്ടുകാരൻ പ്രത്യക്ഷസമര പങ്കാളിത്തത്തിനു നിസങ്കോചം ധൈര്യപ്പെട്ടിട്ടുണ്ട്‌.

2005 നവംബർ ആദ്യവാരം യുഎസ്‌എയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ രാഷ്‌ട്ര ഉച്ചകോടി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ്‌ ഐറിസിനു സമീപത്തുള്ള കടലോര വിശ്രമകേന്ദ്രമായ മാർ ഡൽ പ്ലാറ്റയിൽ സമ്മേളിക്കുകയായിരുന്നു. സോഷ്യലിസ്റ്റ്‌ ക്യൂബയെ ഒഴിവാക്കി ക്യാനഡ മുതൽ ചിലി വരെയുള്ള മറ്റെല്ലാ രാജ്യങ്ങളെയും ഒപ്പം നിർത്തുകയെന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു അത്‌. എന്നാൽ, നഗരം അത്യസാധാരണമായ പ്രതിഷേധ പ്രകടനങ്ങൾക്ക്‌ സാക്ഷ്യംവഹിച്ചു. നേതൃത്വം കൊടുത്തതാകട്ടെ ദ്യോഗോ മാറഡോണയും വെനസ്വേലൻ നേതാവ്‌ ഹ്യൂഗോ ഷാവേസും. അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്‌ ബുഷിന്റെ ചിത്രത്തിനു മുകളിലും താഴെയും യുദ്ധക്കുറ്റവാളിയെന്ന വിശേഷണം ചേർത്ത കറുത്ത ടീഷർട്ട്‌ അണിഞ്ഞ്‌ മാറഡോണ, ഉച്ചകോടിക്ക്‌ രാഷ്‌‌ട്രത്തലവന്മാർ ഒത്തുചേർന്ന ഷെറാട്ടൺ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ അമ്പതിനായിരത്തോളം  പ്രതിഷേധ പോരാളികൾക്ക്‌ നേതൃത്വം നൽകി. തൊട്ടടുത്ത ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ചേർന്ന സമാന്തരമായ ജനകീയ ഉച്ചകോടി സ്വതന്ത്ര വ്യാപാരമേഖലയെന്ന തട്ടിപ്പ്‌ തങ്ങൾ തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു.

ഇതിന്റെ അല ഔപചാരിക ഉച്ചകോടിയിലും പ്രതിധ്വനിച്ചു. ഷാവേസിന്റെ വെനസ്വേലയ്‌ക്കൊപ്പം അർജന്റീന, ബ്രസീൽ, ഉറുഗ്വേ, പരാഗ്വേ എന്നീ ലാറ്റിൻ അമേരിക്കൻ രാഷ്‌ട്രങ്ങളുടെ പ്രതിനിധികളും ഉച്ചകോടി സമ്മേളനത്തിൽ സ്വതന്ത്ര വ്യാപാരമേഖലയോടുള്ള എതിർപ്പ്‌ വ്യക്തമാക്കി. ലോക കപ്പ്‌ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെയും ജർമനിയെയും ബൽജിയത്തെയും മറ്റും തോൽപ്പിക്കുമ്പോൾ അനുഭവിക്കുന്ന ആവേശത്തോടെയാകണം യുഎസ്‌എയുടെ നവ കൊളോണിയൽ ആധിപത്യ തന്ത്രങ്ങൾക്കെതിരെയും മാറഡോണ പോരാട്ടതന്ത്രങ്ങൾ മെനയുന്നത്‌.

വ്യക്തിപരമായ രണ്ട്‌ മാറഡോണ സ്‌മരണ

1992ൽ സഖാവ്‌ സുർജിത്തിനൊപ്പം ഹവാനയിൽ  ഫിദൽ കാസ്‌ട്രോയെ സന്ദർശിച്ച വേളയിൽ ഗബ്രിയേൽ ഗാർഷ്യ മാർക്വേസും മാറഡോണയും ചർച്ചയിൽ വന്നിരുന്നു. കൽക്കത്ത സന്ദർശിച്ച മാറഡോണയെ കാണാൻ ജ്യോതിബസുവിന്റെ വീട്ടിൽ പ്രതീക്ഷാപൂർവം കാത്തിരുന്ന നിമിഷങ്ങൾ. ഒടുവിൽ സ്വപ്‌ന സമാനമായ പത്തു മിനിറ്റ്‌, മാറഡോണയ്‌ക്കും ജ്യോതിബസുവിനുമൊപ്പം. ഫിദൽ കാസ്‌ട്രോയും ജ്യോതി ബസുവുമൊപ്പമുള്ള ഫോട്ടോ കാട്ടിയപ്പോൾ ‘‘ഫിദൽ യുവർ ഫ്രണ്ട്‌. മൈ ഫ്രണ്ട്‌... വീ ഫ്രണ്ട്‌സ്‌’’. ഫിദൽ നിങ്ങളുടെയും എന്റെയും സുഹൃത്തായതുകൊണ്ട്‌ നമ്മളിരുവരും സുഹൃത്തുക്കളാണെന്ന്‌ ചുരുക്കം. ക്യൂബയിലെ ഐക്യദാർഢ്യ കമ്മിറ്റിയുടെ നേതാവ്‌ സർഗി കോറിയേറി കൈയിൽ കെട്ടിത്തന്ന ചെ ഗുവേരയുടെ മുഖചിത്രമുള്ള റിസ്റ്റ്‌ വാച്ച്‌ ഞാൻ കാട്ടിക്കൊടുത്തു. പൊടുന്നനേ ചെ ഗുവേര... ചെ ഗുവേര എന്ന്‌ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആവേശത്തിൽ ഉച്ചത്തിൽ പറഞ്ഞു. എന്തായാലും സ്വന്തം ശരീരത്തിൽ ചെ യുടെയും ഫിദലിന്റെയും പച്ചകുത്തിയിട്ടുള്ളത്‌ പ്രദർശിപ്പിച്ച്‌ എന്നെ പരാജയപ്പെടുത്തുമോ എന്ന്‌ ഞാൻ ശങ്കിക്കാതിരുന്നില്ല. തക്ക പ്രതിയോഗിയല്ലെന്നു കണ്ടിട്ട്‌ ബേബിയല്ലേ എന്ന്‌ പരിഗണിച്ചോ, എന്റെ പൂതിയൊന്നും നടന്നില്ല.

ആരോടാണ്‌ മാറഡോണയെ താരതമ്യപ്പെടുത്താനാകുക. കളിക്കളത്തിൽ ആരും ഭാവന ചെയ്യാൻ ധൈര്യപ്പെടാത്ത അവിശ്വസനീയ സംഗീതശിൽപ്പങ്ങൾക്ക്‌ ആവിഷ്‌കാരം നൽകിയ വോൽഫ്‌ഗാങ് എമെദ്വീസ്‌ മൊസാർട്ട്‌ അല്ലേ ദ്യോഗോ അർമാൻഡോ മാറഡോണ. ‘ദൈവത്തി’ന്റെ മാ‌ന്ത്രിക സ്‌പർശത്തോടൊപ്പം അതിന്റെ വിപരീതത്തിന്റെ നിഴൽപ്പാടുകളും വെളിപ്പെടുന്ന അപൂർവ വിസ്‌മയങ്ങൾ.

എം എ ബേബി

ഒരു മനുഷ്യൻ പന്തിലെഴുതിയ ഇതിഹാസം

അറുപതാം പിറന്നാൾ ആഘോഷിച്ച്‌ ഒരുമാസം പിന്നിടും മുമ്പേ ജീവിതത്തിൽ നിന്നു വിടപറയുക. അന്താരാഷ്‌ട്ര ഫുട്‌ബോൾ ഫെഡറേഷന്റെ അനുശോചന സന്ദേശത്തിലെ വാക്കുകൾ പോലെ ലോകത്തിന്‌ ഇത്‌ അവിശ്വസനീയമായ ദുഃഖമാണ്‌.  1986ലെ മെക്‌സിക്കോ ലോകകപ്പിൽ അർജന്റീനയെ ഒറ്റയ്‌ക്ക്‌ കിരീടത്തിലേക്ക്‌ നയിക്കുകയും ഒടുവിൽ പ്രതിഭയുടെ ധൂർത്തും പ്രശസ്‌തിയുടെ ദുരന്തവുമായി മാറുകയും ചെയ്‌ത ദ്യോഗോ അർമാൻഡോ മാറഡോണയുടെ ഇടംകാലിൽ പിറന്ന അപൂർവ സുന്ദര മുഹൂർത്തങ്ങൾ നമ്മുടെ മനസ്സുകളിൽ മായാമുദ്രിതമാക്കിക്കൊണ്ടാണ്‌ ഇതിഹാസം മറയുന്നത്‌. കാൽപ്പന്ത്‌ കളിയെ അപൂർവ സുന്ദരമായ ഒരു ഭാവഗീതത്തിന്റെ ഉദാത്ത തലത്തിലേക്ക്‌ കൈപിടിച്ചുയർത്തിയ ചില  കളിക്കാരുണ്ട്‌. ആ നിരയിൽ പെലെയ്‌ക്കൊപ്പം ചേർത്തുവയ്‌ക്കേണ്ട പേരാണ്‌ മാറഡോണയുടേതാണ്‌.  

വിരുന്നിനെത്തിയവർ നൂറ്റാണ്ടുകളോളം അധികാരം കൈവശം വെയ്‌ക്കുകയും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും അടിമകളെ പൊലെ കഴിയേണ്ടിവരുകയും ചെയ്‌ത ഒരു രാജ്യത്തിന്റെയും ജനതയുടെയും കഥകളാണ്‌ തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അർജന്റീനയ്‌ക്ക്‌ പറയാനുള്ളത്‌. എന്നാൽ അന്നത്തെയും ഇന്നത്തെയും പോലെ വിഹ്വലമായ എല്ലാ കാലഘട്ടത്തിലും അർജന്റൈൻ ജനതയെ ഒന്നിച്ചുനിർത്തുന്നത്‌ ലാറ്റിനമേരിക്കയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന കാൽപ്പന്ത്‌ കളി തന്നെയാണ്‌. ഫുട്‌ബോൾ അവർക്ക്‌ അപ്പവും വീഞ്ഞുമാണ്‌. അങ്ങനെയുള്ള അർജന്റീന എന്ന രാജ്യത്തെ ഫുട്‌ബോൾ ഭൂപടത്തിലെ ശുക്രനക്ഷത്രമാക്കിയത്‌, വ്യക്തി വിശുദ്ധിയുടെ വിസിൽ മുഴക്കങ്ങൾക്ക്‌ പിടികൊടുക്കാതെ കുതറിത്തെറിക്കുകയും ജീവിതത്തിന്റെയും മരണത്തിന്റെയും നേർത്ത നൂൽപ്പാലത്തിലൂടെ ഉഴറിനടക്കുകയും ചെയ്‌ത മാറഡോണ വല്ലാത്തൊരു വിലക്ഷണ പ്രതിഭാസമാണ്‌.

പെലെയെപൊലെ ഫുട്‌ബോൾ എന്ന ജനപ്രിയ കായികവിനോദത്തിന്‌ സ്വന്തം ജീവിതംകൊണ്ട്‌ അടിക്കുറിപ്പെഴുതിയവനാണ്‌ ദ്യോഗോ മാറഡോണ എന്ന ഈ കുറിയ മനുഷ്യനും. അതിപ്രശസ്‌തിയിൽ നിൽക്കുമ്പോഴും ഉന്മാദത്തിന്റെ പെനൽറ്റി ബോക്‌സിൽ പന്തടിച്ചുതിമിർത്ത ഒരു മഹാപ്രതിഭയുടെ ജീവിതമാണ്‌ മാറഡോണയുടേത്‌. അതുകൊണ്ടാണ്‌ മാറഡോണ എന്ന ഫുട്‌ബോൾ താരത്തിന്റെ ജീവിതം യഥാർഥ ജീവിതത്തിന്റെ നേർപ്പതിപ്പാകുന്നത്‌.

അർജന്റീനയെ ആരാധിക്കുന്നവർക്കും വെറുക്കുന്നവർക്കും മറക്കാനാവില്ല മാറഡോണയെ. ദൈവത്തിന്റെ കൈയ്യാലെന്ന വിശേഷണത്തോടെ മാറഡോണ ഇംഗ്ലണ്ടിന്റെ വലയിലേക്ക്‌ തള്ളിക്കൊടുത്ത ആ ഗോളുണ്ടല്ലോ. മഹാന്മാരായ കളിക്കാർക്ക്‌ എങ്ങനെയും ഗോളടിക്കാമെന്ന്‌ മാറഡോണ തെളിയിച്ചതായിരുന്നു 1986ലെ മെക്‌സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ആ ‘ദൈവസഹായ ഗോൾ’. ഉയർത്തിപ്പിടിച്ച കൈയ്യിൽ തട്ടി വലയിൽ കയറിയ പന്ത്‌, റഫറി കാണാതിരുന്ന ആംഗിളിൽ ഗോളായി.

എന്നാൽ നാല്‌ മിനിറ്റിനുശേഷം ‘ദൈവത്തിന്റെ കൈ’കൊണ്ടു നേടിയ വിവാദ ഗോളിന്റെ പാപക്കറ അത്രയും കഴുകിക്കളഞ്ഞ്‌ ആ കാലുകളിൽ പിറന്നത്‌ നൂറ്റാണ്ടിന്റെ അത്ഭുതഗോളാണ്‌. മധ്യവൃത്തത്തിൽ നിന്ന്‌ പന്ത്‌ സ്വീകരിച്ച്‌ ഒന്നിനു പിറകെ ഒന്നായി നാല്‌ പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്‌തു കയറി. ഒടുവിൽ വിഖ്യാതനായ കാവൽക്കാരൻ പീറ്റർ ഷിൽട്ടനെ മറ്റൊരു മിന്നൽ ഡ്രിബിളിൽ മറികടന്നപ്പോൾ മാറഡോണയ്‌ക്ക്‌ മുന്നിൽ ഗോളിലെ വിശാലമായ ശാദ്വലഭൂമി മാത്രം. പ്രതിഭാശാലി നിലവിലുള്ള നിയമങ്ങൾ തകർക്കുന്നവനാണ്‌. കൊട്ടിയടക്കുന്ന വാതിലുകൾ താനെ തുറക്കുന്ന ഈ പ്രതിഭാസ്‌പർശം ശാസ്‌ത്രീയതയ്‌ക്കും ഗണിതസൂത്രങ്ങൾക്കും അപ്പുറമാണെന്ന്‌ മാറഡോണ കാട്ടിത്തന്നു.

ഇംഗ്ലണ്ടിനെതിരെ മാറഡോണ നേടിയ രണ്ട്‌ ഗോളുകൾ വിരുദ്ധമായ കാരണങ്ങളാൽ ലോകം ഏറ്റവുമധികം ചർച്ച ചെയ്‌തു. ഏറ്റവും അവിസ്‌മരണീയമായ ഗോളുകൾക്കുള്ള മത്സരത്തിൽ പരസ്‌പരം മത്സരിക്കാൻ പോന്ന രണ്ടെണ്ണം. ആദ്യത്തേത്‌ വിവാദാത്മകതകൊണ്ടും രണ്ടാമത്തേത്‌ അതിന്റെ ഉദാത്തമായ പ്രതിഭാവിലാസത്തിന്റെ പൂർണതകൊണ്ടും. മാറഡോണയ്‌ക്ക്‌ മാത്രം സാധ്യമായ ഗോളായിരുന്നു അത്‌. അത്രയും മഹോനരമായ ഒരു ഗോൾ അതിനുമുമ്പോ പിമ്പോ ലോകകപ്പിൽ സ്‌കോർ ചെയ്‌തിട്ടില്ല. കുപ്രസിദ്ധിയും സുപ്രസിദ്ധിയും ഇടകലർന്ന തന്റെ പിൽക്കാല ജീവിതഭാവങ്ങളുടെ ആദ്യത്തെ സ്‌ഫുലിംഗമായിരിക്കാം ഒരുപക്ഷേ മെക്‌സിക്കോയിലെ ആസ്‌റ്റെക്ക്‌ സ്‌റ്റേഡിയത്തിൽ കണ്ടത്‌.

മാറഡോണയുടെ അമ്പരപ്പിക്കുന്ന ജനപ്രീതിക്ക്‌ പിന്നിൽ കളിക്ക്‌ അപ്പുറത്തുള്ള കാരണങ്ങളുണ്ട്‌. മൂന്നാം ലോക ഇടതുപക്ഷ രാഷ്‌ട്രീയവുമായി അത്‌ ബന്ധപ്പെട്ടുനിൽക്കുന്നു. വിരമിച്ച്‌ പതിനഞ്ച്‌ വർഷത്തിനുശേഷം കേരളത്തിൽ സന്ദർശനം നടത്തിയപ്പോഴും മാറഡോണ ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രതിഭാസമായി മാറിയത്‌ നാം കണ്ടതല്ലേ. മാറഡോണ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിനെ ഒരു പോലെ ആവേശഭരിതമാക്കുകയും കുത്തിനോവിക്കുകയും ചെയ്‌തു.

ബ്യൂനസ്‌ അയേഴ്‌സിന്റെ ചേരിത്തെരുവുകളിൽ കടലാസ്‌ ചുരുട്ടിയുണ്ടാക്കിയ പന്ത്‌ തട്ടിക്കളിച്ച്‌ ഫുട്‌ബോളിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ച മാറഡോണയ്‌ക്ക്‌ ദുരിതപൂർണമായ ഒരു ബാല്യമുണ്ടായിരുന്നു. സാധാരണക്കാരുടെ ജീവിതമെന്തെന്ന്‌, അവരുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെന്തെന്ന്‌ ആ മനുഷ്യനെ ആരും പറഞ്ഞു പഠിപ്പിച്ചതല്ല.

മാറഡോണയുടെ മതം ഫുട്‌ബോളിൽ മാത്രം ഒതുങ്ങുന്നതല്ല. തന്റെ കളിയിലൂടെ, തുറന്ന്‌ പറച്ചിലിലൂടെ, ധീരമായ നിലപാടുകളിലൂടെ സമൂഹത്തിന്റെ ആശയും അഭിലാഷവും പ്രതീകവൽക്കരിക്കുന്ന ഐതിഹാസിക നേതാക്കളുടെ തലത്തിലേക്കുയർന്ന മാറഡോണ, സാധാരണക്കാരുടെ ഹൃദയത്തിലേക്ക്‌ ഡ്രിബിൾ ചെയ്‌തു കയറി പുതിയൊരു മതം സ്ഥാപിച്ചു. മാറഡോണയ്‌ക്ക്‌ മുമ്പോ പിമ്പോ മറ്റൊരു കളിക്കാരനും സാധിച്ചിട്ടില്ലാത്ത മഹാദൗത്യമാണിത്‌.

കളിയരങ്ങിലെ ആരവങ്ങൾക്കപ്പുറം മയക്കുമരുന്നിന്റെ വിഷവലയത്തിൽപ്പെട്ട്‌ വിഭ്രാന്തമായ ലോകത്തിലൂടെ നടന്ന ഒരു കാലം മാറഡോണയ്‌ക്കുണ്ടായിരുന്നു. മരണവുമായി മുഖാമുഖം കണ്ട ആ കാലയളവിൽ സർവരുടെയും അവഗണനയും അവജ്ഞയും ഏറ്റുവാങ്ങേണ്ടിവന്നു. അങ്ങനെ നാടകീയതകൾ സംഭവിച്ച ആ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ക്യൂബയിൽ ചെലവിട്ട നാളുകളും ഫിദൽകാസ്‌ട്രോയും മുൻ വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസുമായുള്ള ഗാഢമായ സൗഹൃദവും മാറഡോണയെ പുതിയൊരു മനുഷ്യനാക്കിയതാണ്‌ പിന്നെ ലോകം കണ്ടത്‌.

അങ്ങനെയാണ്‌ മുതലാളിത്തത്തിന്റെ ഭൗതികവും ആശയപരവും ധാർമികവുമായ വീഴ്‌ചകൾക്കെതിരെ അതിന്റെ പ്രതീകങ്ങളായ അമേരിക്കയെയും ഇംഗ്ലണ്ടിനെയും എതിർത്തവരുടെ മുൻനിരയിൽ മാറഡോണ എത്തിപ്പെട്ടത്‌. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും മൂന്നാം ലോകരാജ്യങ്ങൾ ഈ സാമ്രാജ്യത്വ ചൂഷണത്തിന്റെ വിളനിലമായിരുന്നു. ഫുട്‌ബോൾ ഒരു വെറും കളിയല്ല വിപ്ലവമാർഗത്തിലെ ഒരു ആയുധമാണെന്ന ചെഗുവേരയുടെ നിരീക്ഷണത്തെ ഒരളവോളം പ്രതിഫലിപ്പിക്കുന്നതാണ്‌ ഈ ഇതിഹാസതാരത്തിന്റെ കളിയും ജീവിതവും എന്നു കാണണം. അതുല്യമായ പ്രതിഭാശാലിത്വത്തിനൊപ്പം അചഞ്ചലമായ സാമ്രാജ്യത്വ വിരുദ്ധതയുമാണ്‌ പെലെയെയും വെല്ലുന്ന താരപദവിയിലേക്ക്‌ മാറഡോണയെ ഉയർത്തിയത്‌. കാലയവനികയിലേക്ക്‌ മറയുമ്പോഴും ഈ പച്ചയായ മനുഷ്യൻ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ എന്നും നട്ടെല്ലു നിവർത്തി തന്നെ നിൽക്കും. സമാനതകളില്ല; മറ്റൊരു കളിക്കാരനും മാറഡോണയല്ല.

എ എൻ രവീന്ദ്രദാസ്‌ 

Thursday, November 26, 2020

ദേശീയ പണിമുടക്കിന്‌ അഭിവാദ്യങ്ങൾ

ഈ വർഷത്തെ രണ്ടാമത്തെ ദേശീയ പൊതുപണിമുടക്കിനാണ്‌ ഇന്ന്‌ രാജ്യം സാക്ഷ്യംവഹിക്കുന്നത്‌. 1991ൽ നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതിനുശേഷമുള്ള ഇരുപതാമത്തെ പണിമുടക്കുമാണിത്‌. ഓരോ പണിമുടക്കിലും അണിനിരക്കുന്ന തൊഴിലാളികളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളർച്ച, ഉന്നയിക്കുന്ന ആവശ്യങ്ങളുടെ അടിയന്തര പ്രാധാന്യത്തിന്‌ അടിവരയിടുന്നു‌. 2020 ജനുവരി എട്ടിന്‌ നടന്ന പണിമുടക്കിൽ രാജ്യത്താകമാനം മുപ്പത്‌ കോടി പേർ പങ്കെടുത്തുവെന്നാണ്‌ കണക്കാക്കിയത്‌. കാർഷികമേഖലയിലേതടക്കം 56 കോടി തൊഴിലാളികളാണുള്ളത്‌. ഇതിൽ 30 കോടി പേർ പൊതുമുദ്രാവാക്യം ഉയർത്തി പണിമുടക്കുക എന്നത്‌ തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഒപ്പം ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സംഘശക്തിയും.

പത്തരമാസം പിന്നിടുമ്പോഴേക്ക്‌ വീണ്ടുമൊരു പൊതുപണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ നിർബന്ധിതമായ സാഹചര്യം സുവ്യക്തമാണ്‌. തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം  21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിൽനിയമ ഭേദഗതി ഉപേക്ഷിക്കുക എന്നിവയായിരുന്നു ഈ വർഷമാദ്യം നടന്ന പൊതുപണിമുടക്കിന്റെ പ്രധാന മുദ്രാവാക്യങ്ങൾ. ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്‌തമാകുംവിധം അതിശക്തമായ പ്രതികരണമാണ്‌ തൊഴിൽമേഖലയിൽനിന്നുണ്ടായത്‌. ഏതാനും ആഴ്‌ചകൾക്കകം ‌ രാജ്യം കോവിഡിന്റെ പിടിയിലമർന്നു. മാർച്ച്‌ 24ന്‌ നാലുമണിക്കൂറിന്റെ നോട്ടീസിലാണ്‌ പ്രധാനമന്ത്രി ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌. തൊഴിലാളി –- കർഷക വിഭാഗങ്ങളുടെ വരുമാനം അപ്പാടെ മുട്ടിപ്പോയി. തുടർന്നിങ്ങോട്ട്‌ വിവരണാതീതമായ ദുരിതങ്ങളിലൂടെയാണ്‌ രാജ്യത്തെ തൊഴിൽശക്തി മുന്നോട്ടുപോയത്‌. പ്രവാസി തൊഴിലാളികളുടെ കൂട്ടപ്പലായനമടക്കം ലോക്‌ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ കണ്ടത്‌ കരളലിയിക്കുന്ന കാഴ്‌ചകളാണ്‌. ഇതിലൊന്നും തങ്ങൾക്ക്‌ ഉത്തരവാദിത്തമില്ലെന്ന നിസ്സംഗ മനോഭാവമാണ്‌ കേന്ദ്ര ഭരണാധികാരികളിൽ നിന്നുണ്ടായത്‌.  മൂന്ന്‌ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും അതിലൊന്നും തൊഴിലെടുത്ത്‌ ജീവിക്കുന്നവർക്ക്‌ ആശ്വാസം പകരാൻ ഒന്നുമുണ്ടായില്ല. മറുവശത്ത്‌ വ്യവസായമാന്ദ്യം നേരിടുന്ന കോർപറേറ്റുകൾക്ക്‌ വാരിക്കോരി നൽകി.

സാമ്പത്തിക –- തൊഴിൽ മേഖലകളിൽ തങ്ങളുടെ ദീർഘകാല അജൻഡകൾ നടപ്പാക്കാനുള്ള സുവർണാവസരമായാണ്‌ കോവിഡ്‌ കാലത്തെ മോഡി സർക്കാർ കണ്ടത്‌.കാർഷിക–- തൊഴിൽ മേഖലകളിൽ മൂലധനതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള  പൊളിച്ചെഴുത്താണ്‌ നടത്തിയത്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പും പിമ്പും രൂപപ്പെട്ട തൊഴിൽ സുരക്ഷാനിയമങ്ങൾ മാറ്റിയെഴുതി. 29 തൊഴിൽനിയമം നാലു കോഡാക്കി ചുരുക്കിയപ്പോൾ സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പംതന്നെ ഇല്ലാതായി. കാർഷികമേഖല രാജ്യാന്തര കുത്തകകൾക്ക്‌ തീറെഴുതുന്ന മൂന്ന്‌ നിയമം പാസാക്കിയത്‌ രാജ്യസഭയിൽ വോട്ടെടുപ്പ്‌ നിഷേധിച്ചുകൊണ്ടാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വീണുകൊണ്ടിരിക്കുകയാണ്‌.

റിലയൻസ്‌ ഉൾപ്പെടെയുള്ള കുത്തകകൾക്കുവേണ്ടി ബലിയാടാക്കിയ ബിഎസ്‌എൻഎല്ലിൽ  പുനരുദ്ധാരണ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും നടപ്പായത്‌ ജീവനക്കാരുടെ സ്വയംവിരമിക്കൽമാത്രം. മഹാരത്നമെന്ന്‌ അറിയപ്പെട്ട ബിപിസിഎൽ വിൽപ്പനയുടെ അന്ത്യഘട്ടത്തിലാണ്‌. പ്രകൃതിവാതക നിക്ഷേപങ്ങൾ റിലയൻസിന്‌ കൈമാറി. കൽക്കരിപ്പാടങ്ങളുടെ വിൽപ്പന തുടങ്ങിയത്‌ കോൺഗ്രസ്‌ ഭരണത്തിലാണ്‌. ബിജെപി ഇതിന്‌ ഗതിവേഗം കൂട്ടി. എന്നാൽ, കോവിഡ്‌കാലത്ത്‌ കൽക്കരിമേഖലയെ സ്‌തംഭിപ്പിച്ചുകൊണ്ടുനടന്ന  മൂന്നുനാളത്തെ പണിമുടക്ക്‌ കേന്ദ്ര സർക്കാരിനെ ഞെട്ടിച്ചു. അടച്ചിടൽ അവസരമാക്കിക്കൊണ്ട്‌ പ്രധാന റെയിൽവേ റൂട്ടുകളിൽ സ്വകാര്യ സർവീസുകൾ അനുവദിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ആയിരക്കണക്കിന്‌ ചെറുകിട സ്‌റ്റേഷനുകളും സ്‌റ്റോപ്പുകളും പാസഞ്ചർ വണ്ടികളും ഇല്ലാതാകുന്നതോടെ ജനകീയ പൈതൃകമാണ്‌ റെയിൽവേക്ക്‌  നഷ്ടമാകുന്നത്‌. ചരക്കുനീക്കം പൂർണമായും സ്വകാര്യവൽക്കരിക്കപ്പെടുന്നതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരും. തുറമുഖങ്ങളും വിമാനത്താവളങ്ങളും പ്രധാനമന്ത്രിയുടെ മറ്റൊരു തോഴൻ അദാനി കൈയടക്കിക്കൊണ്ടിരിക്കുകയാണ്‌.

വൈദ്യുതി സ്വകാര്യവൽക്കരണത്തിനായി കേന്ദ്രം കൊണ്ടുവരുന്ന നിയമഭേദഗതിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ്‌ ദേശവ്യാപകമായി നടന്നുവരുന്നത്‌.  കോവിഡ്‌ മറയാക്കി നിയമഭേദഗതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ച യുപിയിലെ യോഗി ആദിത്യനാഥ്‌ സർക്കാരിന്‌ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിനുമുന്നിൽ തോറ്റു പിന്മാറേണ്ടിവന്നു. പ്രതിരോധ വ്യവസായമടക്കം വിദേശനിക്ഷേപത്തിന്‌ മോഡി സർക്കാർ തുറന്നുകൊടുത്തു. പൊതുമേഖല നാമാവശേഷമായിക്കൊണ്ടിരിക്കുകയും തൊഴിലില്ലായ്‌മ ‌ കുതിച്ചുയരുകയും ചെയ്യുമ്പോൾ അസംഘടിതമേഖലയിൽ കടന്നാക്രമണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ദിവസം 700 രൂപയെങ്കിലും മിനിമം വേതനം നിശ്ചയിക്കണമെന്ന ആവശ്യം കഴിഞ്ഞ പൊതുപണിമുടക്കിൽത്തന്നെ മുന്നോട്ടുവച്ച സ്ഥാനത്ത്‌ പുതിയ തൊഴിൽകോഡിൽ പറയുന്ന ദേശീയ അടിസ്ഥാനവേതനം 202 രൂപ മാത്രമാണ്‌. ഒരു ദിവസത്തെ പണിമുടക്കിന്‌ എട്ടുദിവസത്തെ വേതനം പിടിക്കാമെന്ന ലേബർ കോഡിലെ വ്യവസ്ഥയ്‌ക്കെതിരായ കടുത്ത താക്കീതുകൂടിയാണ്‌ ഇന്നത്തെ പണിമുടക്ക്‌.

പുതിയ കാർഷികനിയമങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തെ ആക്രമിച്ചും അവഗണിച്ചു തകർക്കാനുമാണ്‌ കേന്ദ്ര സർക്കാരിന്റെ നീക്കം. പഞ്ചാബിലെ റെയിൽവേ സ്‌റ്റേഷനുകളിൽ  കർഷകർ  കുത്തിയിരിപ്പ്‌ നടത്തുന്നതിനാൽ ട്രെയിൻ സർവീസ്‌ നിർത്തിവച്ചു‌. ദേശീയ പൊതുപണിമുടക്കിന്‌  ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇരുനൂറോളം കർഷകസംഘടനകളുടെ ഐക്യവേദിയായ കിസാൻ സംഘർഷ്‌ കോ ഓർഡിനേഷൻ കമ്മിറ്റി ഗ്രാമീണ ഹർത്താലും ഡൽഹി ചലോ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്‌. പല സംസ്ഥാനങ്ങളിൽനിന്നും ഡൽഹിയിലേക്ക്‌ കർഷകർ പ്രയാണം ആരംഭിച്ചുകഴിഞ്ഞു.

ജീവിക്കാനുള്ള അവകാശത്തിനായുള്ള പുതിയൊരു പോരാട്ടത്തിനാണ്‌ ഈ പണിമുടക്ക്‌ തുടക്കം കുറിക്കുന്നത്‌. ബിഎംഎസ്‌ ഒഴികെയുള്ള 10 കേന്ദ്ര ട്രേഡ്‌ യൂണിയനും ജീവനക്കാരുടെ ഫെഡറേഷനുകളും അടങ്ങുന്ന സംയുക്തവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക്‌ രാജ്യത്തിന്റെ സമരചരിത്രത്തിലെ സുപ്രധാന ഏടായി മാറും. ആദായനികുതിദായകരല്ലാത്ത കുടുംബത്തിന്‌ പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്ക്‌ പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക,  പൊതുമേഖലാ ജീവനക്കാരുടെ നിർബന്ധ പിരിച്ചുവിടൽ നിർത്തുക, എല്ലാവർക്കും പെൻഷൻ നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന ദേശീയ പണിമുടക്ക്‌ സമ്പൂർണമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ്‌ കേരളത്തിൽ പൂർത്തിയാക്കിയത്‌. മുഴുവൻ ബഹുജനങ്ങളുടെയും ഐക്യപ്പെടലിലൂടെയാണ്‌ ഇത്‌ യാഥാർഥ്യമാകുന്നത്‌. ജീവിതസമരത്തിന്റെ പുതിയ പാഠങ്ങൾ രചിക്കുന്ന മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ.

deshabhimani editorial 261120

Tuesday, November 24, 2020

ഓഡിറ്റിംഗ് നിര്‍ത്തിവെ‌‌യ്‌ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലന്ന് ഹൈക്കോടതി

 കൊച്ചി > തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിവെയ്‌ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ലന്ന് ഹൈക്കോടതി. ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം തെറ്റാണന്ന് പറയാനാവില്ലന്നും ഇക്കാര്യം സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം പരിശോധിച്ചതില്‍ നിന്ന് ബോധ്യപ്പെട്ടതായും കോടതി ഉത്തരവില്‍  വ്യക്തമാക്കി. ഓഡിറ്റിംഗ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയത് അഴിമതി മറച്ചുവയ്ക്കാനാണന്നും ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് തീര്‍പ്പാക്കി.

ഓഡിറ്റ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിക്കുന്ന സോഫ്റ്റ് വെയര്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചത് കോടതി കണക്കിലെടുത്തു. പ്രതിപക്ഷ നേതാവ്  വസ്തുതകള്‍  അന്വേഷിക്കാതെ കോടതിയെ സമീപിച്ചുവെന്നായിരന്നു സര്‍ക്കാര്‍ നിലപാട്. 2019 -20 ലെ ഓഡിറ്റിംഗ് ആരംഭിച്ചതായും 2018-19 ലെ ഓഡിറ്റിംഗ് ജില്ലാ  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കണ്ണുര്‍ ഒഴികെ കോര്‍പറേഷനുകളിലും പുര്‍ത്തിയായി. ബ്ലോക്ക് -  ാമപഞ്ചായത്തുകളിലെ ഓഡിറ്റിംഗ് ഈ മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഡിഎഫ് നിയന്ത്രണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓഡിറ്റ് സംബന്ധിച്ച് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാതെ രാഷ്ടീയ നിറം നോക്കിയാണ് പ്രതിപക്ഷ നേതാവാവിന്റെ ഹര്‍ജിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

പൊലീസ് ആക്ട് ഭേദഗതി പിന്‍വലിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

 കേരള പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2020ലെ കേരള പൊലീസ് (ഭേദഗതി) പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സ് എന്ന പേരിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും വിദ്വേഷകരവുമായ ഉള്ളടക്കവും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം വലിയ തോതില്‍ വര്‍ധിക്കുകയും സമൂഹത്തില്‍ വലിയ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിയമ ഭേദഗതി. എന്നാല്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഇതു കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സമൂഹത്തില്‍ നിന്ന് ഉയരുന്ന അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന രീതി ഇക്കാര്യത്തിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമഭേദഗതി പിന്‍വലിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇതനുസരിച്ചാണ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.

ഇക്കാര്യത്തില്‍ ഇനി ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരില്ല. നിയമസഭയില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല; കേന്ദ്രഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല: മുഖ്യമന്ത്രി

 കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി. സി ആന്റ് എജിയുടെ അധികാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമമുണ്ട്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടുന്നു എങ്കില്‍ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 14 (1) പ്രകാരം ആ സ്ഥാപനം സി ആന്റ് എജി ഓഡിറ്റിന് നിര്‍ബന്ധമായും വിധേയമാണ്.

 ആരുടെയും അനുവാദം വേണ്ട. ആ സ്ഥാപനത്തിന്റെ എല്ലാ വരവുചെലവു കണക്കുകളും സമഗ്രമായി സി ആന്റ് എജിക്ക് ഓഡിറ്റ് ചെയ്യാം. ഇക്കാര്യത്തില്‍ ഒരു തര്‍ക്കമേയില്ല. ഇതില്‍ പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് നാലു തവണ ഓഡിറ്റു നടക്കുകയും ചെയ്തു. പിന്നെ എന്താണ് പ്രശ്‌നം?

ഇതു വ്യക്തമായപ്പോള്‍ പുതിയ വാദമാണ് ചിലര്‍ ഉയര്‍ത്തിയത്. കിഫ്ബിയുടെ വാര്‍ഷിക ചെലവ് ഇനി ഉയരുമല്ലോ? അപ്പോള്‍ 75 ശതമാനം വരവ് സര്‍ക്കാരില്‍ നിന്നാകില്ലല്ലോ? അപ്പോള്‍ എജി ഓഡിറ്റിന്റെ പരിധിയില്‍ നിന്നും പുറത്തു പോകുമല്ലോ? ഇതിന് പരിഹാരം 14-ാം വകുപ്പില്‍ തന്നെയുണ്ട്. ഒരിക്കല്‍ തുടങ്ങിയാല്‍ ശതമാനക്കണക്കില്‍ താഴ്ന്നാലും തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഇതേ ഓഡിറ്റ് തുടരാം. അതും കഴിഞ്ഞാലോ? ഇതേ വ്യവസ്ഥയില്‍ സി ആന്റ് എജി ഓഡിറ്റ് തുടരണമെന്ന് സര്‍ക്കാരിന് എജിയോട് ആവശ്യപ്പെടാം. ഇത്തരത്തില്‍ മുന്‍കൂര്‍ അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തേ തന്നെ കത്ത് നല്‍കിയിട്ടുമുണ്ട്.

അപ്പോള്‍ 14 (1) പ്രകാരമുള്ള ഓഡിറ്റിന് ഒരു തടസവും ഇല്ല.

ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനത്തിനുശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിഫ്ബി ഏറെക്കുറെ നിര്‍ജീവാവസ്ഥയില്‍ ആയി. പിന്നീട് 2014-15ലാണ് അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ഫണ്ട് ബജറ്റില്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, വികസനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുകയും, ഇതിനു വേണ്ടി വീണ്ടും കിഫ്ബിയെ നോഡല്‍ ഏജന്‍സിയായി നിയോഗിക്കുകയും ചെയ്തത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിന് മുന്നേ ഭരണം മാറി. 2016ല്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. ഈ സര്‍ക്കാര്‍ കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും ഉള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞ് കിഫ്ബിയെ പുനഃസംഘടിപ്പിക്കാനും കാലാനുസൃതവും സമഗ്രവുമായ മാറ്റങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു.

ഇതാണ് കിഫ്ബി ഭേദഗതി നിയമത്തിന് വഴി തെളിച്ചത്.

പുതുജീവന്‍ ലഭിച്ച കിഫ്ബി

സെബി, ആര്‍ബിഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളുടെ ചട്ടങ്ങള്‍ക്കനുസരിച്ച് ആധുനിക വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുള്ള പരിഷ്‌കാരങ്ങള്‍ 2016ലെ ഭേദഗതി ആക്ടില്‍ കൊണ്ടുവന്നു. മറ്റൊരു സ്ഥാപനത്തിലും ഇല്ലാത്ത രീതിയില്‍ അതിപ്രഗത്ഭമായ ഒരു ബോര്‍ഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. ഭരണനിര്‍വഹണം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രാഗത്ഭ്യവും പ്രവര്‍ത്തനപരിചയവുമുള്ള സ്വതന്ത്ര അംഗങ്ങള്‍ അടങ്ങിയതാണ് കിഫ്‌ബോര്‍ഡ്. സ്വതന്ത്ര അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും തുല്യ അനുപാതത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് അത്. ഇത്തരം ഉദാഹരണങ്ങള്‍ അധികമില്ല. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും ധനകാര്യമന്ത്രി വൈസ് ചെയര്‍പേഴ്‌സണും ആയ ബോര്‍ഡില്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, നിയമസെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ശക്തമായ ഒരു നിയന്ത്രണ സംവിധാനമാണ് കിഫ്ബിയുടേത്.

പഴയ കിഫ്ബിയില്‍ വിവിധ സ്രോതസുകളില്‍ നിന്ന് കിഫ്ബി സമാഹരിച്ച പണം സംസ്ഥാന ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത് വകമാറി സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ക്ക് ചിലവഴിച്ചിരുന്നു. ഇതാണ് കിഫ്ബിയുടെ ഉദ്ദേശ്യ ലക്ഷ്യം നേടാതെ പോകാന്‍ പ്രധാനകാരണം. ഇതിനു പരിഹാരമായി ഭേദഗതി വഴി, സമാഹരിക്കപ്പെടുന്ന ധനം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറ്റി വിവേകപൂര്‍വവും സുരക്ഷിതവുമായ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള വ്യവസ്ഥകളും കൊണ്ടുവന്നു. കിഫ്ബിയുടെ തിരിച്ചടവുകള്‍ ഉറപ്പു വരുത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സിന്റെ അമ്പതുശതമാനവും പെട്രോളിയം സെസും നിയമംമൂലം കിഫ്ബിക്ക് അനുവദിച്ചു നല്‍കി. ഇവയാണ് കിഫ്ബിയുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. ഇത്തരത്തിലുള്ള സമഗ്രമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭേദഗതി ആക്ട് ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സുശക്തമായ നിരീക്ഷണസംവിധാനമാണ് ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷന്‍ അഥവാ എഫ്ടാക്. ഇതും കിഫ്ബി ഭേദഗതി നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതാണ്. മുന്‍ സി ആന്‍ഡ് എജി ആയ വിനോദ് റായി ആണ് നിലവിലെ എഫ്ടാക് ചെയര്‍മാന്‍. ഓരോ ആറുമാസം കൂടുമ്പോഴും വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നതാണ് എഫ്ടാക്കിന്റെ പ്രധാന ചുമതല. പൊതുജനങ്ങള്‍, സര്‍ക്കാര്‍, നിക്ഷേപകര്‍ എന്നീ മൂന്ന് വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് എഫ്ടാക് ഉറപ്പാക്കുന്നു.

കിഫ്ബിയില്‍ വരുന്ന ഓരോ പ്രോജക്ടും ബജറ്റിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുന്നവയും അതാത് ഭരണവകുപ്പുകളുടെ അനുമതി ഉള്ളവയുമാണ്. ബജറ്റില്‍ പ്രഖ്യാപിക്കാത്ത പദ്ധതികള്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കിഫ്ബിയുടെ പരിഗണനയ്ക്കായി വരുന്നത്. ഇങ്ങനെയല്ലാത്ത ഒരു പദ്ധതിയ്ക്കും കിഫ്ബി അംഗീകാരം നല്‍കിയിട്ടില്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് ഭരണ പ്രതിപക്ഷ ഭേദമെന്യേ ആണ് പദ്ധതികള്‍ അനുവദിക്കുന്നത്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കിഫ്ബിയുടെ സ്പര്‍ശമുണ്ട്.

2020 വരെയുള്ള കാലയളവിലെ സമ്പൂര്‍ണ ഓഡിറ്റ് സിഎജി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എട്ടുമാസത്തോളം നീണ്ടു നിന്ന ഓഡിറ്റിനുള്ള എല്ലാ സൗകര്യങ്ങളും കിഫ്ബി സിഎജിക്ക് ചെയ്തുകൊടുത്തിരുന്നു. കിഫ്ബിയുടെ ഇ-ഗവേണന്‍സ് സംവിധാനത്തിലേക്ക് സിഎജിക്ക് പൂര്‍ണ പ്രവേശനാനുമതി നല്‍കിയിരുന്നു. ലോക്ക്ഡൗണില്‍ പോലും ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു. ഓഡിറ്റിനെ തുടര്‍ന്നു നടന്ന എക്‌സിറ്റ് മീറ്റിനു ശേഷവും സിഎജി കിഫ്ബിയുടെ ഫയലുകള്‍ ഓണ്‍ലൈനായി പരിശോധിക്കാനുള്ള അനുമതി ആവശ്യപ്പെടുകയും ഒരു തടസവും ഉന്നയിക്കാതെ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കിഫ്ബിയുടെ നേട്ടങ്ങള്‍

60,102.51 കോടിരൂപയുടെ 821 പദ്ധതികള്‍ക്കാണ് നാളിതുവരെ കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ഉള്‍പ്പെടും. 16,191.54 കോടി രൂപയുടെ 433 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണത്തിലേക്ക് കടന്നു. 388 പദ്ധതികളുടെ ടെന്‍ഡറിങ് നടപടികള്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്ന ദേശീയപാതാ വികസനം, കിഫ്ബിയുടെ സഹായത്തോടെ യാഥാര്‍ഥ്യമാവുകയാണ്. 5374 കോടി രൂപ പദ്ധതിയുടെ സംസ്ഥാനവിഹിതമായി കിഫ്ബി വഴി അനുവദിച്ചു കഴിഞ്ഞു.

3500 കോടിയുടെ മലയോര ഹൈവേ, 6500 കോടിയുടെ തീരദേശ ഹൈവേ, 5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ശൃംഖല, 3178.02 കോടി മുതല്‍മുടക്കുള്ള ആരോഗ്യപദ്ധതികള്‍, നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതികനിലവാരവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി 2427.55 കോടി രൂപയുടെ പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ, മല്‍സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1103.58 കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങി സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ കിഫ്ബി വഴി നടപ്പാക്കുന്നത്.

ഓരോ വകുപ്പുകള്‍ മുഖേന ചെലവിട്ടതും അനുവദിച്ചതുമായി പദ്ധതികളുടെ വിശദവിവരങ്ങള്‍ ഇവിടെ പറയുന്നില്ല. ഒരു കാര്യം മാത്രം, ആവര്‍ത്തിച്ചു പറയാം. നമ്മുടെ സംസ്ഥാനം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിപുലവും വേഗതയുള്ളതുമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേന്ദ്രം പണം നല്‍കുന്നില്ല, വരുമാന സ്രോതസ്സുകള്‍ അടഞ്ഞു, വിഭവ ലഭ്യത കുറഞ്ഞു എന്നൊന്നും പറഞ്ഞു വികസനത്തിന് അവധി കൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയാറായിട്ടില്ല. അത്തരം നിസ്സഹായതയല്ല; നാടിന്റെ വളര്‍ച്ച ഉറപ്പാക്കിയേ മുന്നോട്ടുള്ളൂ എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സമീപനം, അതിനു കണ്ടെത്തിയ ബദല്‍ മാര്‍ഗമാണ് കിഫ്ബി. അതിനെ തകര്‍ത്താല്‍ ഈ നാടിനെ തകര്‍ക്കാം എന്ന് കരുതുന്നവര്‍ക്ക് വഴങ്ങും എന്ന ധാരണ ആരും വെച്ചു പുലര്‍ത്തേണ്ടതില്ല.

ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയല്ലേ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്? കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ല. പ്രതിപക്ഷനേതാവ് എതിര്‍ത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎല്‍എയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്. ഞങ്ങള്‍ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെന്നിത്തല എതിര്‍ത്താലും ഹരിപ്പാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ കിഫ്ബി വഴി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി.ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയാണോ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്?

കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

പ്രതിപക്ഷനേതാവ് എതിര്‍ത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎല്‍എയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്.

ഞങ്ങള്‍ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്.

വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി

ഐഎഫ്സി വായ്പ: കിഫ്ബിക്ക് ആര്‍ബിഐയുടെ മൂന്‍കൂര്‍ അനുമതി വേണ്ട: തോമസ് ഐസക്ക്

 ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് കിഫ്ബിക്ക് വായ്പ എടുക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ഐഎഫ്‌സി ലോക ബാങ്കിന്റെ ഉപസ്ഥാപനമാണ്. എന്നാല്‍, കിഫ്ബിയ്ക്കായി ഐഎഫ്സി നിര്‍ദേശിക്കുന്നത് വിദേശ വായ്പയല്ല.

 ഇന്ത്യന്‍ രൂപയില്‍ ഇന്ത്യയിലാണ് വായ്പ അനുവദിക്കുന്നത്. അതിനാല്‍ ആര്‍ബിഐയുടെ മുന്‍കൂട്ടി അനുമതി ആവശ്യമില്ലാത്തതെന്ന് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.

 ഐഎഫ്‌സി-കിഫ്ബി ചര്‍ച്ച തുടരുകയാണ്. ഇതിന്റെ അവസാനം വായ്പയ്ക്ക് കിഫ്ബി ഔപചാരിക അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, കേന്ദ്രധനകാര്യ വകുപ്പിന്റെ അനുമതി വാങ്ങുക ഐഎഫ്‌സിയുടെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരിനാണ് ലോകബാങ്കിന്റെ വായ്പയെങ്കില്‍ സര്‍ക്കാര്‍തന്നെ അനുവാദം വാങ്ങേണ്ടിവന്നേനെ. ലോകബാങ്കും ഐഎഫ്‌സിയും കിഫ്ബിയെ ബോഡി കോര്‍പ്പറേറ്റായാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 30ന് കിഫ്ബിയുടെ 29-ാമത് ഗവേണിങ് ബോഡി ഐഎഫ്സിയില്‍നിന്നും വായ്പയെടുക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. ഹരിത വായ്പയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സമര്‍പ്പിക്കുന്ന പദ്ധതികള്‍, വായ്പാ വ്യവസ്ഥകള്‍, പലിശ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഗവേണിംഗ് ബോഡി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

1100 കോടി രൂപ നേരിട്ടുള്ള ഗ്രീന്‍ വായ്പയായോ ഗ്രീന്‍ ബോണ്ടായോ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുട്ടനാട് പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള രണ്ടാം പാക്കേജ്, കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്, തീരദേശ സംരക്ഷണവും പുനരധിവാസവും, സിഎന്‍ജി / ഇലക്ട്രിക് ബസുകള്‍, ഹരിത കെട്ടിടങ്ങള്‍ തുടങ്ങിയ പദ്ധതികളൊക്കെ ഈ വായ്പയുമായി ബന്ധപ്പെടുത്താവുന്നതാണ്.

ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായുള്ള നിരന്തര ബന്ധം കിഫ്ബിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഗവേണിംഗ് ബോഡിയുടെ അനുമതിയോടെ ചര്‍ച്ചകള്‍. ഐഎഫ്സിയേപ്പോലുള്ള അന്തര്‍ദേശീയ ധനകാര്യ സ്ഥാപനം വായ്പയായും,  വായ്പ സമാഹരണ സഹായമായും നല്‍കുന്ന പിന്തുണ കിഫ്ബിക്ക് വലിയ അംഗീകാരമാണ്.

സാങ്കേതിക സഹായത്തിനുള്ള ധാരണാപത്രത്തില്‍ ഐഎഫ്‌സിയും കിഫ്ബിയും ഒപ്പുവച്ചിട്ടുണ്ട്. പിപിപി മാതൃകയില്‍ പശ്ചാത്തലസൗകര്യം വികസിപ്പിക്കുന്നതിനായാണിത്. സ്വകാര്യ സംരംഭകരെ അടക്കം ലഭ്യമാക്കുന്നതിന് ഉതകുന്നതാണീ ധരണ. ഇങ്ങനെയൊരു ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് നിരാക്ഷേപപത്രം (എന്‍ഒസി) കേന്ദ്ര ധനമന്ത്രാലയത്തില്‍നിന്ന് കിഫ്ബിക്ക് ലഭിച്ചിട്ടുണ്ട്. ഈ സഹകരണവും കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിന് വലിയ പിന്തുണയാകുമെന്നും ധനമന്ത്രി പറഞ്ഞു.

ചെന്നിത്തലയ്‌ക്ക് തെരഞ്ഞെടുപ്പ് വിഭ്രാന്തി; ഹൈക്കോടതിയുടെ തീര്‍പ്പും ബോധ്യപ്പെടുമോയെന്ന് കണ്ടറിയണം: മന്ത്രി ഐസക്

തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ പ്രതിപക്ഷ നേതാവ് വിഭ്രാന്തിയുടെ അവസ്ഥയിലാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. അതുമൂലമുള്ള ജല്‍പനങ്ങളാണ് ദിവസവും പുറത്തുവരുന്നത്. നാടിനെകുറിച്ച് അദ്ദേഹത്തിന് കാഴ്ചപാടില്ല. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ സമീപനവും ഇതേ നിലയിലായിരുന്നു. അതാണ് ഹൈക്കോടതി തള്ളിയത്. സോഫ്ടുവെയറില്‍ കേന്ദ്രസര്‍ക്കാര്‍കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നതിന്റെ സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം 2019---20 ലെ ഓഡിറ്റ് ആരംഭിക്കാമെന്ന സര്‍ക്കാര്‍നിര്‍ദ്ദേശത്തെ അഴിമതി മറച്ചുവയ്ക്കുന്നതിനുള്ള കുതന്ത്രമായിട്ടാണ് പ്രതിപക്ഷ നേതാവ് ചിത്രീകരിച്ചത്. സാധ്യമായ എല്ലാ രേഖകളുംസഹിതം പല മാര്‍ഗത്തില്‍ വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അദ്ദേഹം തൃപ്തനായില്ല. ഹൈക്കോടതി തീര്‍പ്പും അദ്ദേഹത്തിന് ബോധ്യപ്പെടുമേയെന്ന് കണ്ടറിയണം.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പലതരത്തില്‍ തെറ്റിധാരണകള്‍ പരത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിന്റെയും അക്കൗണ്ടിങ്ങിന്റെയുമൊക്കെ കാര്യത്തില്‍ കേരളം ദേശീയതലത്തില്‍ മാതൃകയാണ്. ഇതില്‍ എല്ലാ കക്ഷികളും നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുണ്ടെന്നതും മറക്കരുത്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച് സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങളെയും മേന്മകളെയും ഇകഴ്ത്തിക്കാട്ടാന്‍ പ്രതിപക്ഷ നേതാവിന്റെ പദവി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

തനിക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആക്ഷേപം ഏത് കേന്ദ്ര ഏജന്‍സിയെവച്ചും അന്വേഷിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. വെറുതെ അപവാദം പറഞ്ഞുനടക്കുന്നത് കെ സുരേന്ദ്രന്‍ ശീലമാക്കുകയാണ്. സോഷ്യല്‍ മീഡിയായില്‍ നാഥനില്ലാതെ വരുന്ന വാര്‍ത്തകള്‍ക്കുപിന്നിലുള്ള ജനുസുകള്‍ക്കൊപ്പമേ സുരേന്ദ്രനെയും കാണാനാകൂ. അത്തരം ആക്ഷേപങ്ങള്‍ക്ക് മറുപടി  പറയാന്‍ താന്‍ ആളല്ലെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫും  തമ്മിലാണ് മത്സരം. ചില ഭാഗങ്ങളില്‍മാത്രമൊതുങ്ങുന്ന ചെറിയ കളിക്കാരന്റെ പങ്കുമാത്രമാണ് ബിജെപിക്കുള്ളത്. എല്‍ഡിഎഫിനെ വെല്ലുവിളിക്കാന്‍ തക്കനിലയില്‍ തങ്ങള്‍ വളര്‍ന്നുവെന്നത് ബിജെപി നേതാക്കളുടെ ദിവാസ്വപ്നമാണ്. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് മറുപടി നല്‍കും.

ഉത്തമബോധ്യത്തോടെയാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെകുറിച്ച് പരാമര്‍ശിച്ചത്. അന്തിമ റിപ്പോര്‍ട്ടാണെന്ന് പിന്നീടാണ് മനസിലായത്. എന്നിരുന്നാലും സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന അസാധാരണ സാഹചര്യം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സിഎജിയെ തുറന്നുകാട്ടുകയായിരുന്നു. തനിക്ക് വീഴ്ച പറ്റിയെന്നാണ് സ്പീക്കറുടെ വിലയിരുത്തലെങ്കില്‍, നിശ്ചയിക്കുന്ന നടപടി നേരിടാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.