Showing posts with label കശുവണ്ടി. Show all posts
Showing posts with label കശുവണ്ടി. Show all posts

Saturday, January 16, 2021

കയറട്ടെ കയർ; കൈത്തറിയും ; പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ

നവീകരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും നയത്തിലൂടെ പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നിരവധി പദ്ധതികളാണ്‌ ബജറ്റിലുള്ളത്‌

കയർമേഖലയ്ക്ക്‌ 112 കോടി

● 112 കോടി രൂപ വകയിരുത്തിയതിൽ 41 കോടി  യന്ത്രവൽക്കരണത്തിനും 38 കോടി രൂപ പ്രൈസ് ഫ്ലക്ച്യുവേഷൻ ഫണ്ടിനും.  കയർ ബോർഡിൽനിന്ന് ക്ലസ്റ്റർ രൂപീകരണത്തിന് 50 കോടിയും എൻസിഡിസിയിൽനിന്ന് 100 കോടി രൂപയും  ലഭ്യമാക്കും.

●10 യന്ത്രവൽകൃത സഹകരണ ഉൽപ്പന്ന ഫാക്ടറി തുടങ്ങും

●ചെറുകിട യൂണിറ്റുകൾക്ക്‌‌ 20 കോടി രൂപ

●ഉൽപ്പാദനം 50,000 ടണ്ണായി ഉയരും. 10000 പേർക്കെങ്കിലും അധികം ജോലി.

കശുവണ്ടി മേഖലയിൽ 2000 പേർക്കുകൂടി തൊഴിൽ

●30,000 ടൺ തോട്ടണ്ടി ഇറക്കുമതിക്കായി കാഷ്യു ബോർഡിന് 40 കോടി

●കാപ്പക്സിന്റെയും കശുവണ്ടി കോർപറേഷന്റെയും നവീകരണത്തിന് 10.5 കോടിയും കശുവണ്ടി കൃഷിവ്യാപനത്തിന് 5.5 കോടിയും

●കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശിക തീർക്കുന്നതിന് 63 കോടി

കൈത്തറിക്ക്‌ 52 കോടി

●52 കോടി രൂപയ്‌ക്കു പുറമേ യൂണിഫോം പദ്ധതിക്കായി 105 കോടി രൂപയും നീക്കിവച്ചു.

●ഹാന്റക്സിനും ഹാൻവീവിനും പുനരുദ്ധാരണ പാക്കേജിന് രൂപം നൽകും

●ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി

●ഗ്രാമോദയ ഖാദി ക്ലസ്റ്ററുകൾ ആരംഭിക്കുന്നതിന്‌ പുതിയ സ്കീം

●ഹാന്റി ക്രാഫ്റ്റ് മേഖലയ്ക്ക് നാല്‌ കോടി.

കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ

●കുടുംബശ്രീ ആഭിമുഖ്യത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല.  ഒരു സ്റ്റാളിന് അഞ്ച്‌ ലക്ഷം രൂപ  പലിശരഹിത വായ്പ.

●കൈത്തൊഴിലുകാർക്ക്‌ മൾട്ടി ട്രേഡ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്‌ നാല്‌ കോടി

●ബാംബു കോർപറേഷന്‌ 5 കോടി

●20,000 കുളത്തിൽ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇതിനായി 66 കോടി രൂപ

Tuesday, April 15, 2014

പ്രധാനമന്ത്രിക്കെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി

പ്രധാനമന്ത്രി മന്‍മോഹന്‍സിങും യുപിഎ നേതൃത്വവും ആര്‍ജവം കാട്ടിയിരുന്നെങ്കില്‍ ഖജനാവിന് വന്‍ നഷ്ടം സംഭവിച്ച കല്‍ക്കരി കുംഭകോണം ഒഴിവാക്കാമായിരുന്നെന്ന് കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ്. ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിറേറ്റര്‍- കോള്‍ഗേറ്റ് ആന്റ് അദര്‍ ട്രൂത്ത്സ്("പോരാളിയോ ഗൂഢാലോചകനോ- കോള്‍ഗേറ്റും മറ്റ് സത്യങ്ങളും") എന്ന പേരില്‍ തന്റെ സിവില്‍ സര്‍വീസ് അനുഭവങ്ങള്‍ വിവരിച്ച പുസ്തകത്തിലാണ് യുപിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പരേഖ് നിശിതമായി വിമര്‍ശിക്കുന്നത്. മുന്‍ മാധ്യമസെക്രട്ടറി സഞ്ജയ ബാരു നടത്തിയ പല വെളിപ്പെടുത്തലുകളും വിവാദമായതിന് പിന്നാലെയാണ് പരേഖിന്റെ പുസ്തകംപുറത്തിറങ്ങിയത്.

കല്‍ക്കരിപ്പാടം ലേലംവഴി വിതരണംചെയ്യണമെന്ന നിലപാടായിരുന്നു 2004 മാര്‍ച്ചില്‍ കല്‍ക്കരി സെക്രട്ടറിയായി ചുമതലയേറ്റതുമുതല്‍ താന്‍ സ്വീകരിച്ചതെന്ന് പരേഖ് പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി കാര്യാലയവും കല്‍ക്കരി വകുപ്പ് ഇടക്കാലത്ത് കൈകാര്യംചെയ്ത മന്ത്രി ഷിബു സൊറനും സഹമന്ത്രി ദസരി നാരായണറാവുവും ഈ നീക്കം അട്ടിമറിച്ചു. മത്സരലേലത്തിലൂടെ വിതരണമെന്ന ആശയത്തോട് പ്രധാനമന്ത്രി യോജിച്ചു. എന്നാല്‍, സ്വന്തം മന്ത്രിമാരെയും സഹമന്ത്രിമാരെയും, എന്തിന് സ്വന്തം കാര്യാലയത്തെ പോലും നിയന്ത്രിച്ചുകൊണ്ടുപോകാന്‍ പ്രധാനമന്ത്രിക്ക് ശേഷിയുണ്ടായില്ല. തന്റെ തീരുമാനങ്ങള്‍ സ്വന്തം മന്ത്രിമാര്‍തന്നെ നടപ്പാക്കാതിരിക്കുകയോ അതല്ലെങ്കില്‍ തിരുത്തുകയോ ചെയ്യുന്ന നാണക്കേട് അഭിമുഖീകരിക്കുന്നതിന് പകരം പ്രധാനമന്ത്രി രാജിവച്ചിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രധാനമന്ത്രിയെ കിട്ടുമായിരുന്നോ എന്ന് തനിക്കറിയില്ല.

രാഷ്ട്രീയമായി അധികാരമില്ലാത്ത ഒരു സര്‍ക്കാരിന്റെ തലപ്പത്ത് തുടരുകവഴി മന്‍മോഹന്‍സിങ്ങിന്റെ പ്രതിച്ഛായക്ക് വലിയ ഇടിവാണ് സംഭവിച്ചത്. ഷിബു സൊറന്റെ രാജിയെ തുടര്‍ന്ന് പ്രധാനമന്ത്രി കല്‍ക്കരിവകുപ്പ് ഏറ്റെടുത്തപ്പോള്‍ കല്‍ക്കരി മേഖലയില്‍ മത്സരലേലം നിര്‍ദേശിച്ചുള്ള ഫയല്‍ താന്‍ വീണ്ടും സജീവമാക്കി. 2004 ആഗസ്ത് 20ന് മത്സരലേലത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കി. എന്നാല്‍,ഇതിന് ശേഷവും പ്രധാനമന്ത്രികാര്യാലയം മത്സരലേലത്തിലേക്ക് പോയാലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് കുറിപ്പ് അയച്ചു. സഹമന്ത്രി ദസരി നാരായണറാവു പിഎംഒയ്ക്ക് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കല്‍ക്കരി മേഖലയില്‍ ഏറെ താല്‍പ്പര്യമുള്ള നവീന്‍ ജിന്‍ഡാല്‍ അടക്കമുള്ള എംപിമാരും നിര്‍ദേശത്തെ എതിര്‍ത്ത് കത്തയച്ചു. മത്സരലേലം കൊണ്ടുവരാന്‍ കല്‍ക്കരിനിയമം ഭേദഗതി ചെയ്യാനുള്ള ക്യാബിനറ്റ് കുറിപ്പ് വരെ തയ്യാറായെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ ഷിബു സൊറന്‍ വീണ്ടും കല്‍ക്കരിവകുപ്പ് മന്ത്രിയായെത്തി. ഈ നടപടിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സൊറന്‍ തീരുമാനിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ സൊറന്‍ വീണ്ടും രാജിവച്ചു. പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍മത്സരലേല നടപടി വീണ്ടും സജീവമാക്കാമായിരുന്നു.

കല്‍ക്കരി അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ സിഎജി എന്ന നിലയില്‍ വിനോദ്റായ് ഗംഭീരമായി പ്രവര്‍ത്തിച്ചു. ഇത് തള്ളി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തികച്ചും അവിശ്വസനീയമാണ്. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിന് ചുമതലപ്പെട്ട സ്ക്രീനിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയത്- പരേഖ് പുസ്തകത്തില്‍ പറഞ്ഞു.

എം പ്രശാന്ത് deshabhimani

Monday, March 10, 2014

സര്‍ക്കാര്‍ കൈവിട്ടു; കശുവണ്ടിവ്യവസായം പ്രതിസന്ധിയില്‍

മൂന്നുലക്ഷത്തില്‍പരം തൊഴിലാളികളുടെ ആശ്രയമായ കശുവണ്ടി വ്യവസായം യുഡിഎഫ് ഭരണത്തില്‍ ഗുരുതര പ്രതിസന്ധി നേരിടുന്നു. കശുവണ്ടി വികസന കോര്‍പറേഷനും കാപ്പക്സിനുമുള്ള ബജറ്റ് വിഹിതം കുത്തനെ കുറച്ചതോടെ കശുവണ്ടി വ്യവസായത്തോടുള്ള സര്‍ക്കാര്‍ സമീപനം കൂടുതല്‍ വ്യക്തമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം പരമ്പരാഗത വ്യവസായങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചയാണ് കശുവണ്ടി മേഖലയിലും പ്രകടമാകുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ കശുവണ്ടി കോര്‍പറേഷനും കാപ്പക്സിനുംകൂടി 71.5 കോടി വകയിരുത്തിയെങ്കില്‍ ഇത്തവണ വിഹിതം പകുതിയാക്കി. കോര്‍പറേഷന് 28 കോടിയും കാപ്പക്സിന് 18 കോടിയുമാണ് ബജറ്റ് വിഹിതമായി പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശ്ശികയായും പ്രവര്‍ത്തന മൂലധനമായും കോര്‍പറേഷന് 86 കോടിയുടെ ബാധ്യതയുണ്ട്. കോടതിവിധിപ്രകാരം 20 സ്വകാര്യ കശുവണ്ടി ഫാക്ടറി ഏറ്റെടുത്ത ഇനത്തില്‍ കോര്‍പറേഷന്‍ 25 കോടി നല്‍കാനുണ്ട്. നിയമസഭയില്‍ എ എ അസീസിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായി നഷ്ടപരിഹാരം നല്‍കാമെന്ന് വ്യവസായമന്ത്രി നല്‍കിയ ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും കശുവണ്ടി വ്യവസായം വ്യാപിച്ചുകിടക്കുന്നത്. രാജ്യത്ത് കശുവണ്ടിയുടെ ഏറ്റവും വലിയ സംസ്കരണകേന്ദ്രം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയില്‍ മാത്രം 1.75 ലക്ഷം തൊഴിലാളികളുണ്ട്. അതില്‍ 90 ശതമാനവും സ്ത്രീകളാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 860 കശുവണ്ടി ഫാക്ടറികളുണ്ട്. അതില്‍ 154 ഫാക്ടറികള്‍ പായ്ക്കിങ് സെന്ററുകളാണ്. ബാക്കിയുള്ളവയിലാണ് തോട്ടണ്ടി വറുപ്പും തല്ലും ഉള്‍പ്പെടെ സംസ്കരണം നടക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006 മുതല്‍ 2009വരെയുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക 16 കോടി തീര്‍ത്തുനല്‍കിയിരുന്നു. കോര്‍പറേഷന്‍, കാപ്പക്സ് ഫാക്ടറികളില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ഷത്തില്‍ 280 ദിവസംവരെ തൊഴില്‍നല്‍കി. ഇപ്പോള്‍ പരമാവധി നൂറുദിനത്തില്‍ താഴെയാണ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചത്. ഫാക്ടറികളുടെ നവീകരണവും ഇഴഞ്ഞുനീങ്ങുന്നു. സ്വകാര്യ ഫാക്ടറികളില്‍ നിയമനിഷേധവും തൊഴില്‍ ചൂഷണവും വ്യാപകമായിട്ടും തൊഴില്‍വകുപ്പ് അനങ്ങാപ്പാറനയം തുടരുന്നു.

ഫാക്ടറികളിലെ നിയമനിഷേധം കണ്ടെത്തി തടയാന്‍ ഉത്തരവാദപ്പെട്ട ലേബര്‍ എന്‍ഫോഴ്സ്മെന്റിനെ നിര്‍വീര്യമാക്കി. സ്വകാര്യ ഫാക്ടറികളില്‍നിന്നുള്ള തോട്ടണ്ടി വീടുകളും കോളനികളും കേന്ദ്രീകരിച്ചു സംസ്കരിക്കുന്ന പ്രവണത വര്‍ധിച്ചു. വിരമിച്ച തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിനല്‍കിയാണ് തൊഴിലെടുപ്പിക്കുന്നത്. കുടിവറുപ്പ് വ്യാപകമാക്കി വ്യവസായത്തെ വികേന്ദ്രീകരിക്കാനുള്ള സ്വകാര്യ മുതലാളിമാരുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശചെയ്യുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യം നിഷേധിക്കാനാണ് സ്വകാര്യ മുതലാളിമാരുടെ നീക്കം. ഫാക്ടറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍വഴി അനുവദിക്കുന്ന പണം മുതലാളിമാര്‍ വകമാറ്റുന്നു. കോര്‍പറേഷന്‍, കാപ്പക്സ് ഫാക്ടറികളുടെ നവീകരണവും ഇഴയുന്നു. ഏറെ അധ്വാനംവേണ്ടുന്ന ഷെല്ലിങ് വിഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും. കട്ടിങ് വിഭാഗത്തിലെ യന്ത്രവല്‍ക്കരണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നില്ല.

സനല്‍ ഡി പ്രേം

കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സി എവിടെ?

കൊല്ലം: കശുമാവുകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സിയെ യുഡിഎഫ് സര്‍ക്കാര്‍ നിര്‍വീര്യമാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ഏജന്‍സിവഴി കശുവണ്ടിഫാക്ടറി പരിസരങ്ങളിലും ഉപയോഗശൂന്യമായ ഭൂമി ഏറ്റെടുത്തും കശുമാവുകൃഷി വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. മലബാര്‍മേഖലയില്‍ ജില്ലാ പഞ്ചായത്തുകള്‍ വഴി കശുമാവിന്‍ തൈ വ്യാപകമായി വിതരണംചെയ്തു. കാഷ്യൂ സ്പെഷ്യല്‍ ഓഫീസര്‍ക്കായിരുന്നു ഏജന്‍സിയുടെ ചുമതല. ഇപ്പോള്‍ ഏജന്‍സി പിരിച്ചുവിട്ട അവസ്ഥയിലാണ്. കശുവണ്ടിയുടെ തലസ്ഥാനമെന്ന് പേരുകേട്ട കൊല്ലം കേന്ദ്രമാക്കി റബര്‍ബോര്‍ഡ് മാതൃകയില്‍ കാഷ്യൂബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, കേന്ദ്ര കൃഷി- വാണിജ്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പദ്ധതി ത്രിശങ്കുവിലായി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും തൊഴില്‍മന്ത്രി പി കെ ഗുരുദാസനും കാഷ്യൂബോര്‍ഡ് യാഥാര്‍ഥ്യമാക്കാനായി കേന്ദ്രത്തില്‍ മുട്ടാത്ത വാതിലുകളില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന സര്‍ക്കാരുകളും ജില്ലയില്‍നിന്ന് രണ്ടു കേന്ദ്രമന്ത്രിമാരും ലോക്സഭാ പ്രതിനിധിയും ഉണ്ടായിട്ടും കാഷ്യൂബോര്‍ഡ് ആരംഭിക്കാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ല. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 13.5 മെട്രിക് ടണ്‍ കശുവണ്ടിയാണ് സംസ്കരിക്കുന്നത്. അതില്‍ 90 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. പ്രതിവര്‍ഷം ശരാശരി 1.27 ലക്ഷം മെട്രിക് ടണ്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതിചെയ്യുന്നുണ്ടെന്നാണ് കണക്ക്. അതുവഴി 4000 കോടിയുടെ വിദേശനാണ്യമാണ് രാജ്യം നേടുന്നത്. ആഭ്യന്തരവിപണിയില്‍ വര്‍ഷം ശരാശരി രണ്ടുലക്ഷം മെട്രിക് ടണ്‍ പരിപ്പും വിറ്റഴിയുന്നു. കശുവണ്ടി വികസന കോര്‍പറേഷന്റെ അധീനതയില്‍ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി 30 ഫാക്ടറികളുണ്ട്. കാപ്പക്സിന് പത്തും ഫാക്ടറികളുണ്ട്.

deshabhimani

Saturday, December 21, 2013

കശുവണ്ടിവ്യവസായത്തെ ആര് രക്ഷിക്കും

കേരളത്തില്‍ കൈത്തറി കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികളുടെ ജീവിതമാര്‍ഗമാണ് കശുവണ്ടിവ്യവസായം. 98 ശതമാനം സ്ത്രീത്തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ വ്യവസായത്തിന്റെ പോക്ക് വറുതിയില്‍നിന്ന് വറുതിയിലേക്കാണ്്. ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ ഈ വ്യവസായത്തില്‍ സ്വകാര്യ മുതലാളിമാരുടെ താല്‍പ്പര്യംമാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. തൊഴിലാളികളുടെ താല്‍പ്പര്യവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവും സര്‍ക്കാര്‍ മറക്കുന്നു.

ഒമ്പതു ജില്ലകളിലെ 850ല്‍ അധികം കശുവണ്ടിഫാക്ടറികളിലായി മൂന്നു ലക്ഷത്തിലധികം തൊഴിലാളികളുണ്ട്. ഈ വ്യവസായത്തിന്റെ കേന്ദ്രീകൃത സ്വഭാവംതന്നെ മാറ്റിമറിക്കപ്പെടുകയാണ്. "കുടിവറുപ്പ്" എന്ന നിയമലംഘനത്തിലൂടെ ഫാക്ടറി സ്വഭാവം ഇല്ലാതാക്കുകയാണ് ഉടമകള്‍. കുടിവറുപ്പില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം, പിഎഫ്, ഇഎസ്ഐ തുടങ്ങി ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുന്നു. ആയിരവും രണ്ടായിരവും തൊഴിലാളികള്‍ പണിയെടുക്കുന്ന ഫാക്ടറികള്‍ എന്ന സങ്കല്‍പ്പംതന്നെ മാറിക്കഴിഞ്ഞു. നൂറില്‍താഴെ തൊഴിലാളികള്‍മാത്രമുള്ള സ്ഥാപനങ്ങളും ആരംഭിക്കുന്നു. ഇവിടെ ജോലിചെയ്യുന്നവര്‍ക്ക് ഹാജരിന് ആനുപാതികമായി ക്ഷാമബത്ത നല്‍കുന്നില്ല. പിഎഫ്, ഇഎസ്ഐ, ക്ഷേമനിധി ആനുകൂല്യം നിഷേധിക്കുന്നു.

യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഇത്തരത്തില്‍ നൂറിലേറെ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, തൊഴില്‍വകുപ്പും സര്‍ക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. കശുമാവ് കൃഷിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നാമമാത്രമാക്കി. തൊഴിലാളികള്‍ക്ക് നിയമപരമായ അവകാശം ഉറപ്പാക്കുന്ന എന്‍ഫോഴ്സ്മെന്റ് നടപടി പേരിനുമാത്രമാണ്. വ്യവസായത്തിന്റെ സുസ്ഥിരതയ്ക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അണ്‍ രജിസ്റ്റേര്‍ഡ് കാഷ്യൂ ഫാക്ടറീസ് (പ്രിവന്‍ഷന്‍) ആക്ടിലും വെള്ളം ചേര്‍ത്തു. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പെക്സിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായി.

കശുവണ്ടി വികസന കോര്‍പറേഷനു കീഴില്‍ 34 ഫാക്ടറിയുണ്ട്. ഈ സ്ഥാപനങ്ങളാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാതൃക. രണ്ടുസ്ഥാപനവും ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുന്നു. കാപ്പെക്സ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രവര്‍ത്തനം ഭാഗികവും. ഇത് മുതലെടുത്ത സ്വകാര്യ മുതലാളിമാര്‍ കുടിവറുപ്പു സമ്പ്രദായം പുനരാരംഭിച്ചു. തൊഴിലാളികളുടെ ഇപിഎഫ്, ഇഎസ്ഐ ക്ഷേമനിധി വിഹിതം അടയ്ക്കാതിരിക്കുന്നില്ല. വൃത്തിഹീനമായ ഫാക്ടറി അന്തരീക്ഷത്തില്‍ പണിയെടുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനിഷേധം വ്യാപകമായി. പല ഫാക്ടറികളിലും സ്വകാര്യതയില്ലാത്തതും ശുചിത്വമില്ലാത്തതുമായ പ്രാഥമിക സൗകര്യങ്ങളാണുള്ളത്. ഈ സാഹചര്യത്തിലും തൊഴില്‍വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. 2011ലാണ് കൂലി പുതുക്കി നിശ്ചയിച്ചത്. ഇന്ന് ജീവിതച്ചെലവ് ഇരട്ടിയോ അതിലധികമോ ആയി വര്‍ധിച്ചു. കൂലി പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഫാക്ടറി ഉടമകളുടെ സമ്മര്‍ദമാണ് കാരണം. തൊഴിലാളികളെ അടിമപ്പണിക്ക് എറിഞ്ഞുകൊടുക്കുകയാണ് സര്‍ക്കാര്‍.

ജി രാജേഷ്കുമാര്‍ deshabhimani

Friday, January 11, 2013

കശുവണ്ടിത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നയം തിരുത്തണം: പിണറായി


കശുവണ്ടിത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കശുവണ്ടി വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യുകയായിരുന്നു പിണറായി.

കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. ഈ സഹചര്യത്തില്‍, കശുവണ്ടിപ്പരിപ്പ് ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂരിപക്ഷം കശുവണ്ടിത്തൊഴിലാളികള്‍ക്കും ഇന്ന് ജോലിയില്ലാത്ത സ്ഥിതിയാണ്. ഫാക്ടറികള്‍ അടച്ചിടുന്നു. മിനിമം കൂലിയും പെന്‍ഷനും കാലോചിതമായി പരിഷ്കരിക്കണം. പെന്‍ഷനും ക്ഷേമനിധി ആനുകൂല്യവും കുടിശ്ശിക തീര്‍ത്തുനല്‍കണം. കശുവണ്ടിത്തൊഴിലാളികളുടെ സമരത്തിന് മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണയുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരുന്ന എല്ലാ കാലഘട്ടത്തിലും കശുവണ്ടിത്തൊഴിലാളികള്‍ക്ക് സെക്രട്ടറിയറ്റ് പടിക്കലും തൊഴില്‍ സ്ഥാപനങ്ങളുടെ മുന്നിലും പ്രക്ഷോഭം നടത്തേണ്ടിവരാറുണ്ട്. 95 ശതമാനം സ്ത്രീകളാണ് കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്നത്. അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ടവരും കാര്യമായി ഈ മേഖലയെ ആശ്രയിക്കുന്നു. അത്തരമൊരു മേഖലയ്ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ സംരക്ഷണം നല്‍കേണ്ടതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന് അത്തരമൊരു പ്രതിബദ്ധതയില്ല. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കശുവണ്ടിയുടെ 75 ശതമാനവും കേരളത്തിലാണ്. കയറ്റുമതി ചെയ്യുന്ന കശുണ്ടിപ്പരിപ്പിന്റെ 92 ശതമാനവും കേരളത്തിന്റേതാണ്. യുഡിഎഫ് ഭരിച്ച 2001-06 കാലത്ത് മാസങ്ങളും വര്‍ഷങ്ങളും തൊഴിലില്ലെന്നതായിരുന്നു സ്ഥിതി. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം കൂലി പുതുക്കുകയും ആവശ്യമായ പ്രവര്‍ത്തന ഫണ്ട് കശുവണ്ടി വികസന കോര്‍പറേഷന് നല്‍കുകയും ചെയ്തു. 6000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും കഴിഞ്ഞു. വര്‍ഷം മുഴുവനും തൊഴില്‍ നല്‍കുന്ന നിലയിലേക്ക് വ്യവസായത്തെ വളര്‍ത്തുകയും ചെയ്തതായി പിണറായി ചൂണ്ടിക്കാട്ടി.

deshabhimani 110113

Sunday, July 8, 2012

കശുവണ്ടി കോര്‍പറേഷനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢലക്ഷ്യം


സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തുരങ്കംവയ്ക്കാന്‍ ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങളില്‍ സിഐടിയു, ഐഎന്‍ടിയുസി, യുടിയുസി, എഐടിയുസി യൂണിയനുകള്‍ സംയുക്തമായി പ്രതിഷേധിച്ചു. കോര്‍പറേഷനെയും മാനേജിങ് ഡയറക്ടര്‍ ഡോ. കെ എ രതീഷിനെയും അധിക്ഷേപിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചിലരെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

1969ല്‍ ആരംഭിച്ച കശുവണ്ടി വികസന കോര്‍പറേഷന്‍ കശുവണ്ടിരംഗത്തെ മാതൃകാസ്ഥാപനമായി പ്രവര്‍ത്തിച്ചുവരികയാണ്. 2005 മുതല്‍ തുടര്‍ച്ചയായി ജോലിനല്‍കുന്ന സ്ഥാപനം 2011ല്‍ റെക്കോഡ് ലാഭംകൊയ്തു. 2011ല്‍ 288 ദിവസത്തെ ജോലിനല്‍കിയ സ്ഥാപനത്തിന്റെ ടേണോവര്‍ 271 കോടിയായിരുന്നു. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്കു നല്‍കിയാണ് മാതൃകാസ്ഥാപനമായി കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. കശുവണ്ടി വികസന കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കിയ 28.76 കോടി രൂപ കാണാനില്ലെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഫിനാന്‍സ്വിങ് കഴിഞ്ഞ ജൂണ്‍ നാലിനു നടത്തിയ പരിശോധനയില്‍ 28.76 കോടി വകമാറ്റി ചെലവഴിച്ചതായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് കോര്‍പറേഷന് വിവിധ കാര്യങ്ങള്‍ക്ക് അനുവദിച്ച തുക കമ്പനിയുടെ നടത്തിപ്പിനാവശ്യമായ മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കും ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്കു നല്‍കാനുമാണ് ചെലവഴിച്ചത്. ഇത് ഫിനാന്‍സ്വിങ്ങിന്റെ ഇന്‍സ്പെക്ഷന്‍ ഒബ്സര്‍വേഷനിലും രേഖപ്പെടുത്തിയിട്ടുണ്ട്. തുക കാണാനില്ലെന്ന പ്രചാരണത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. ഈ പ്രചാരണത്തിനു പിന്നിലെ ഗൂഢശക്തികള്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ നിരന്തരം പത്രപ്രസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കുന്നു.

കോര്‍പറേഷന്‍ ആഗോളടെന്‍ഡര്‍ വിളിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. ടെന്‍ഡര്‍ നിബന്ധനകളനുസരിച്ച് കുറഞ്ഞവിലയ്ക്ക് തോട്ടണ്ടി നല്‍കുന്നവരില്‍നിന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട കോര്‍പറേഷന്റെ ഡയറക്ടര്‍ബോര്‍ഡ് നെഗോഷ്യേറ്റ് ചെയ്താണ് തോട്ടണ്ടി വാങ്ങുന്നത്. ഇപ്രകാരം വാങ്ങുന്ന തോട്ടണ്ടി സംസ്കരിക്കുമ്പോള്‍ ടെന്‍ഡര്‍ വ്യവസ്ഥപ്രകാരമുള്ള ഔട്ട്ടേണ്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കോര്‍പറേഷന്റെ ടെന്‍ഡര്‍വ്യവസ്ഥകളനുസരിച്ച് കുറഞ്ഞ അളവ് തോട്ടണ്ടി നല്‍കുന്നത് ആരായാലും അവരില്‍നിന്ന് കോര്‍പറേഷന്‍ വാങ്ങും. സുതാര്യമായ തോട്ടണ്ടിവാങ്ങല്‍ നടപടിയില്‍ ഒരാളിനുമാ്രത്രം പ്രത്യേക പരിഗണന നല്‍കി തോട്ടണ്ടി വാങ്ങുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

കോര്‍പറേഷന്‍ വന്‍നേട്ടങ്ങള്‍ കൈവരിച്ചത് 2005 മുതല്‍ മാനേജിങ് ഡയറക്ടറായ ഡോ. കെ എ രതീഷിന്റെ നേതൃത്വത്തിലുള്ള ഭരണത്തിലാണ്. 2011ല്‍ തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം സ്വകാര്യഫാക്ടറികള്‍ പോലും അടഞ്ഞുകിടക്കുമ്പോഴാണ് വര്‍ഷത്തില്‍ എല്ലാ ദിവസവും തൊഴില്‍നല്‍കി കോര്‍പറേഷന്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെയും ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിപണികളില്‍ ബ്രാന്‍ഡ്ഇമേജ് വര്‍ധിപ്പിച്ചും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ നല്‍കിയും കോര്‍പറേഷന്‍ മുന്നേറുന്ന അവസരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയ കോര്‍പറേഷനിലോ കശുവണ്ടിമേഖലയിലോ തൊഴിലാളിപ്രാതിനിധ്യം ഇല്ലാത്ത യൂണിയന്റെ വക്താക്കളായ ചിലര്‍ക്ക് കോര്‍പറേഷനെ തകര്‍ക്കുകയാണ് ലക്ഷ്യം. കോര്‍പറേഷനിലെ അംഗീകൃത ട്രേഡ്യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള നല്ല രീതിയിലുള്ള വ്യവസായബന്ധമാണ് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം.

കോര്‍പറേഷന്റെ ചെയര്‍മാനായി അടുത്തകാലത്ത് ചുമതലയേറ്റ ആര്‍ ചന്ദ്രശേഖരന്‍ അംഗീകൃത തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. ഇരുപതിനായിരത്തോളം വരുന്ന കശുവണ്ടിത്തൊഴിലാളികളുടെയും 2000 സ്റ്റാഫ്ജീവനക്കാരുടെയും അത്താണിയായ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ ഒഴിവാക്കണമെന്ന് ട്രേഡ്യൂണിയനുകള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 080712

Thursday, November 17, 2011

വനിതയുള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കല്‍ : കൊടിക്കുന്നിലിനെതിരെ പ്രതിഷേധം

ചാരുംമൂട്: കരിമുളയ്ക്കല്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറി സന്ദര്‍ശനത്തിന്റെ പേരിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഫാക്ടറി മാനേജരായ വനിതയുള്‍പ്പെടെയുള്ളവരെ അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിമുളയ്ക്കല്‍ ഫാക്ടറിയിലെത്തിയ എംപി കോര്‍പറേഷന്‍ എംഡി, ഫാക്ടറി മാനേജര്‍ എന്നിവരെ പരസ്യമായി ആക്ഷേപിച്ചതായാണ് ആരോപണം. ഇതിനെതിരെ സിഐടിയു, എഐടിയുസി, യുടിയുസി സംഘടനകളുടെ നേതൃത്വത്തില്‍ ഫാക്ടറി പടിക്കല്‍ പ്രതിഷേധയോഗം നടത്തി. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കെ വി രാഘവന്‍ , ജി രാജമ്മ, പി രാജന്‍ , എം കെ വിമലന്‍ , ജി വേണു, അഡ്വ. കെ എസ് രവി, വി കുട്ടപ്പന്‍ , വി യശോധരന്‍ , അഡ്വ. കെ സണ്ണിക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ വി ദിവാകരന്‍ സ്വാഗതം പറഞ്ഞു.

കോണ്‍ഗ്രസ് ഐ പ്രാദേശിക നേതാക്കളോടൊപ്പമെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി ഫാക്ടറിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതെന്തെന്ന് ഫാക്ടറി മാനേജരോട് ചോദിച്ചു. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നറിയാവുന്ന മാനേജര്‍ പ്രിയംവദ ഒന്നും മിണ്ടിയില്ല. തന്റെ ഫാക്ടറി സന്ദര്‍ശനത്തെക്കുറിച്ചറിയാവുന്ന കോര്‍പറേഷന്‍ എംഡി ഫാക്ടറിയിലെത്താത്തതെന്തന്നായിരുന്നു അടുത്ത ചോദ്യം. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് എംഡി തിരുവനന്തപുരത്താണെന്നറിയിച്ചപ്പോള്‍ എംപി കൂടുതല്‍ പ്രകോപിതനായി. തുടര്‍ന്ന് മോശം പദപ്രയോഗങ്ങളിലൂടെ കോര്‍പറേഷന്‍ എംഡിയെയും മാനേജരെയും അധിക്ഷേപിച്ചു. കശുവണ്ടി വികസനകോര്‍പറേഷന്‍ ബോര്‍ഡ് അംഗമായ ഐഎന്‍ടിയുസി ഐ നേതാവ് വി സത്യശീലന്‍ കള്ളനാണെന്നും എംപി പറഞ്ഞു. ഒടുവില്‍ ഫാക്ടറിയില്‍ വറുത്തിട്ട കശുവണ്ടിക്ക് ഗുണനിലവാരം കുറവാണെന്ന പരാതിയാണ് എംപി ഉന്നയിച്ചത്. വറുത്തിട്ട കശുവണ്ടി അധികാരികളെ കാണിക്കാനെന്ന വണ്ണം അനുവാദമില്ലാതെ ഇതുമായിട്ടാണ് എംപി യാത്രയായത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് ഗുണനിലവാരം നോക്കി കശുവണ്ടി ഇറക്കുമതി ചെയ്യുന്നതെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ഫാക്ടറിയുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതാണ്. ഇതേക്കുറിച്ചൊന്നും പഠിക്കാതെ തൊഴിലാളികളോട് നീതി പുലര്‍ത്തിയിട്ടില്ലാത്ത യുഡിഎഫ് പ്രതിനിധി കൊടിക്കുന്നില്‍ സുരേഷിന്റെ ജല്‍പ്പനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകളെ സഹായിക്കാന്‍ കോര്‍പറേഷന്‍ ഫാക്ടറികള്‍ അടച്ചുപൂട്ടിയ ചരിത്രം മാത്രമേ യുഡിഎഫ് ഭരണകാലയളവില്‍ ഉണ്ടായിട്ടുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഏഴിന് കരിമുളയ്ക്കല്‍ കശുവണ്ടി ഫാക്ടറിക്ക് മുന്നില്‍ എംപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യോഗം നടത്തുമെന്നും ഇവര്‍ അറിയിച്ചു.

deshabhimani 171111

Saturday, June 11, 2011

കശുവണ്ടി വികസന കോര്‍പറേഷനെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണം

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെതിരെ ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കോര്‍പറേഷന്‍ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിജസ്ഥിതി പരിശോധിക്കാതെ നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോര്‍പറേഷനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്ന് നേതാക്കള്‍ പറഞ്ഞു. ചില ഗൂഢലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ലോബികളാണ് ഈ വാര്‍ത്തയ്ക്കു പിന്നില്‍ . കോര്‍പറേഷന്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സജുകുമാര്‍ എന്ന കശുവണ്ടി ബ്രോക്കറും ഐഎന്‍ടിയുസിക്കാരനാണെന്ന് പറഞ്ഞുനടക്കുകയും എന്നാല്‍ ഒരു യൂണിയന്റെയും ഭാരവാഹിയല്ലാത്ത കടകംപള്ളി മനോജും ചില കുടിവറുപ്പുകാരുമാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.

2006ല്‍ ഫാക്ടറികളില്‍ തൊഴില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അസഹിഷ്്ണുതയാണ് ഇതിനു കാരണം. അംഗീകാരമില്ലാത്ത ചില യൂണിയനുകള്‍ക്കും ഇതില്‍ പങ്കുണ്ട്. 2002-03 വര്‍ഷത്തില്‍ ഒറ്റ തൊഴില്‍ദിനം പോലും ഇല്ലാതിരുന്ന കോര്‍പറേഷനില്‍ ഇപ്പോള്‍ വര്‍ഷം 285 തൊഴില്‍ദിനം വരെയുണ്ട്. നഷ്ടത്തില്‍നിന്ന് വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന കോര്‍പറേഷനെ തകര്‍ക്കുകയാണ് ഈ ലോബിയുടെ ലക്ഷ്യം. തൊഴിലാളികളുടെ നെഞ്ചത്തടിക്കുന്ന ഇത്തരം ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് മനോരമ പോലുള്ള പത്രങ്ങളും റിപ്പോര്‍ട്ടര്‍ ചാനലുമൊക്കെ പിന്മാറണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി വാങ്ങലും പരിപ്പ് വില്‍പ്പനയും സുതാര്യമായാണ് നടക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം അനുസരിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. ഒരേ സ്ഥാപനവുമായിട്ടാണ് കോര്‍പറേഷന്‍ സ്ഥിരം തോട്ടടി ഇടപാട് നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിലകുറച്ച് നിലവാരമുള്ള തോട്ടണ്ടി നല്‍കുന്ന ആരുമായും ഇടപാട് നടത്തും. കുറഞ്ഞത് 1000 മെട്രിക് ടണ്‍ തോട്ടണ്ടി നല്‍കണമെന്ന നിബന്ധന പാലിക്കണമന്നു മാത്രം. കോര്‍പറേഷന്‍ ഡയറക്ടര്‍ബോര്‍ഡിനെയും മാനേജിങ് ഡയറക്ടറെയും വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ആക്ഷേപിക്കാനുള്ള നീക്കത്തെ ചെറുക്കും. നിയമപരമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ അറിയിച്ചു.

deshabhimani 110611

Sunday, March 27, 2011

ഇത് ഞങ്ങളുടെ സര്‍ക്കാര്‍

'ഞങ്ങളുടെ വോട്ട് നിങ്ങള്‍ക്കുതന്നെ'

കരുനാഗപ്പള്ളി:

'പണ്ടൊക്കെ പട്ടിണിക്കൂലിയായിരുന്നു. ഇന്ന് പണിചെയ്താല്‍ കൈനിറയെ കാശുകിട്ടും'- ആദിനാട് അച്ചേത്ത് കോര്‍പറേഷന്‍ ഫാക്ടറിയിലെ കശുവണ്ടിത്തൊഴിലാളി നല്ലവീട് തെക്കേതറയില്‍ സുഭദ്ര (58)യുടെ മുഖത്ത് ചിരിപടര്‍ന്നു. 'എല്‍ഡിഎഫ് സര്‍ക്കാരാണ് പാവപ്പെട്ട ഞങ്ങളോട് കാരുണ്യം കാട്ടുന്നത്. എന്റെ വോട്ട് മോനുതന്നെ'- എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ കരംഗ്രഹിച്ച് സുഭദ്ര പറഞ്ഞു.

സുഭദ്ര 36 വര്‍ഷമായി അച്ചേത്ത് ഫാക്ടറിയിലെ തൊഴിലാളിയാണ്. പട്ടിണിയും പരിവട്ടവും മാത്രമായിരുന്നു കൂട്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം സുഭിക്ഷമായിരുന്നു. കൂലികൂട്ടി നല്‍കി. ബോണസ് കൃത്യമായി നല്‍കി. വര്‍ഷത്തില്‍ എല്ലാദിവസവും പണിയുമുണ്ട്. ചെയ്യുന്ന ജോലിക്ക് കൂലികിട്ടാന്‍ സമരം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റംവന്നതില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്ന് സുഭദ്ര പറഞ്ഞു. 1972ല്‍ ഒരുകിലോ തോട്ടണ്ടി തല്ലിയാല്‍ 75 പൈസയായിരുന്നു കൂലി. ദിവസം ഏഴുരൂപ കിട്ടും. 2006ല്‍ കൂലി 8.11 രൂപയായി. ഇപ്പോള്‍ തല്ലിന് 22.36 രൂപയും പീലിങ്ങിന് 28.44രൂപയും കിട്ടുന്നു. തൊഴിലാളികളുടെ സുവര്‍ണകാലമാണിത്. ഒരുവര്‍ഷം 250 മുതല്‍ 300 ദിവസംവരെ പണിയുമുണ്ട്.

തൊഴിലാളികളെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ ശനിയാഴ്ച രാവിലെയാണ് സി ദിവാകരന്‍ ഫാക്ടറിയില്‍ എത്തിയത്. ഞങ്ങള്‍ക്ക് 21.5 ശതമാനം ബോണസ് ലഭിക്കുന്നു. ഓണം ഉത്സവകാലമാണ്. പെന്‍ഷന്‍ 110ല്‍നിന്നും 400 രൂപയാക്കി. ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും വോട്ട് എല്‍ഡിഎഫിനുതന്നെ- തൊഴിലാളികള്‍ സ്ഥാനാര്‍ഥിക്ക് ഉറപ്പു നല്‍കി.

കശുവണ്ടിത്തൊഴിലാളികള്‍ മനസ്സ് തുറന്നു; ഇത് ഞങ്ങളുടെ സര്‍ക്കാര്‍

കുണ്ടറ:

'ഇടതുപക്ഷം എന്നാല്‍ കശുവണ്ടിത്തൊഴിലാളികളുടെ ജീവിതഭദ്രത എന്നാണ്. യുഡിഎഫ് എന്നാലോ...' ചോദ്യം മുഴുമിക്കും മുമ്പുതന്നെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പറയും കശുവണ്ടിത്തൊഴിലാളികളുടെ ദുരന്തം എന്ന്. കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിക്ക് കശുവണ്ടി മേഖലയില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിലാണ് തൊഴിലാളികള്‍ മനസ്സ് തുറന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടുതവണ കൂലി കൂട്ടുകയും 280 തൊഴില്‍ദിനങ്ങള്‍ നല്‍കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ആദരവ് സ്നേഹഹാരങ്ങളായി അവര്‍ എം എ ബേബിക്ക് ചാര്‍ത്തി. പത്തും പതിമൂന്നും തൊഴില്‍ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന, കുടിവറുപ്പും തൊഴില്‍ ചൂഷണവും കൊടികുത്തിവാണ യുഡിഎഫ് ഭരണം ഇനി ഒരിക്കല്‍കൂടി തിരികെ എത്താതിരിക്കാനുള്ള പ്രതിജ്ഞ പുതുക്കല്‍കൂടിയായി എം എ ബേബിയുടെ സ്വീകരണ പരിപാടി.

മണ്ഡലത്തിന്റെ കരുത്തായ കശുവണ്ടിത്തൊഴിലാളികളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കാനെത്തിയ എം എ ബേബിയെ ഹൃദ്യമായാണ് തൊഴിലാളികള്‍ എതിരേറ്റത്. ചിരപരിചിതനായ സ്ഥാനാര്‍ഥിയെ സ്നേഹപൂര്‍വം കൈപിടിച്ചു കുലുക്കി വിജയം ആശംസിക്കാന്‍ തൊഴിലാളികള്‍ മത്സരിക്കുന്നത് കാണാമായിരുന്നു. ഓരോരുത്തരുടെയും അടുത്തുചെന്ന് സ്നേഹാന്വേഷണങ്ങള്‍ നടത്തിയശേഷം ലഘുപ്രസംഗവും കഴിഞ്ഞാണ് ഓരോ കേന്ദ്രങ്ങളിലും സ്വീകരണം. ഹാരമണിയിക്കാന്‍ എത്തുന്ന തൊഴിലാളികള്‍ പ്രിയനേതാവിനോട് അല്‍പ്പം കുശലം പറയും. വിളംബരനാടിന്റെ വികസന നായകനെ തൊഴിലാളികള്‍ സ്നേഹംകൊണ്ട് മൂടുമ്പോള്‍ കാഴ്ചക്കാര്‍ ആവേശത്തിലാകും.

ദേശാഭിമാനി 270311

Sunday, February 13, 2011

കശുവണ്ടി മേഖലയില്‍ സമരമില്ലാത്ത 5 വര്‍ഷം : മന്ത്രി ഗുരുദാസന്‍

കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കശുവണ്ടിത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ഒരുദിവസംപോലും സമരം ചെയ്യേണ്ടിവന്നില്ലെന്ന് മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചരിത്രത്തിലാദ്യമായി രണ്ടുതവണ മിനിമംകൂലി പുതുക്കി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1986ല്‍ മിനിമംകൂലി പുതുക്കാനായി തൊഴിലാളികള്‍ ഐതിഹാസികസമരം നടത്തി. സമരത്തില്‍ പരമേശ്വരന്‍ രക്തസാക്ഷിയായി. നിരാഹാരസമരം കിടന്ന് വിശ്വനാഥന്‍ മരണത്തിന് കീഴടങ്ങി. സുശീലാഗോപാലനെപ്പോലുള്ള നേതാക്കള്‍ ജയിലിലായി. തുടര്‍ന്ന് 1987ല്‍ നായനാരുടെ സര്‍ക്കാരാണ് മിനിമംകൂലി പുതുക്കിയത്. അതിനുശേഷം 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും മിനിമംകൂലി വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മാത്രമെ കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി വര്‍ധിപ്പിച്ചിട്ടുള്ളൂ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇഎസ്ഐ ചികിത്സാപരിധി ഒരുലക്ഷം രൂപവരെ തീരുമാനിച്ചിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിധിയില്ലാത്ത ചികിത്സയാക്കി. കശുവണ്ടിത്തൊഴിലാളികളടക്കം 30 ലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ പ്രയോജനം ലഭിക്കുന്നത്. ഇഎസ്ഐ അംഗത്വമുള്ളവരുടെ എണ്ണം 2006ല്‍നിന്ന് ഇരട്ടിയായി.

അത്യാധുനിക ആശുപത്രികളില്‍ തൊഴിലാളിക്ക് ചികിത്സ തേടാം. പാരിപ്പള്ളിയില്‍ നിര്‍മാണം നടക്കുന്ന ഇഎസ്ഐ മെഡിക്കല്‍കോളേജ് രാജ്യത്തുതന്നെ ആദ്യത്തേതാണ്. കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജ് ആയിരിക്കും ഇത്. കശുവണ്ടിത്തൊഴിലാളികളുടെയടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്ലാതെ കൊടുത്തുതീര്‍ക്കും. കുടിശ്ശികയില്ലാത്ത സര്‍ക്കാരായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരെന്നും ഗുരുദാസന്‍ പറഞ്ഞു. ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.

ദേശാഭിമാനി 130211

Tuesday, February 8, 2011

പുതുക്കിയ കൂലി വാങ്ങി; കുടുംബങ്ങളില്‍ ആഹ്ളാദം

കൊല്ലം: പുത്തൂര്‍ പഴയചിറ കാല്‍വരി കാഷ്യൂ ഫാക്ടറി തൊഴിലാളികള്‍ക്ക് തിങ്കളാഴ്ച ജോലിചെയ്യാന്‍ ഉത്സാഹമേറെയായിരുന്നു. ശനിയാഴ്ച കൂലിവാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ കണ്ടതിനേക്കാള്‍ മുഖം പ്രസന്നം. പ്രതിബദ്ധതയുള്ള ഭരണകര്‍ത്താക്കളുണ്ടെങ്കില്‍ അഭിമാനത്തോടെ അധ്വാനിക്കാമെന്ന ആത്മവിശ്വാസം. കശുവണ്ടിത്തൊഴിലാളികള്‍ക്ക് മിനിമംകൂലി പുതുക്കി നിശ്ചയിച്ചശേഷമുള്ള ആദ്യശമ്പളമാണ് ശനിയാഴ്ച ഇവര്‍ വാങ്ങിയത്. ഫെബ്രുവരി ഒന്നിനു നടപ്പിലായ പുതിയ കൂലിപ്രകാരം നാല് പ്രവൃത്തിദിനമാണ് കഴിഞ്ഞാഴ്ച നടന്നത്. ആഴ്ചയുടെ അവസാനദിനമാണ് ശമ്പളവിതരണം.

പുതുക്കിയ കൂലിനിരക്കനുസരിച്ച് ഷെല്ലിങ് തൊഴിലാളികളുടെ കൂലി കിലോയ്ക്ക് 22.36 രൂപയാണ്. 13.06 രൂപയായിരുന്നു പഴയനിരക്ക്. പീലിങ് തൊഴിലാളിയുടെ കൂലി കിലോയ്ക്ക് 16.61 രൂപയില്‍നിന്ന് 28.44 രൂപയായി വര്‍ധിച്ചു. ഗ്രേഡിങ് തൊഴിലാളികളുടെ പ്രതിദിനവേതനം 180 രൂപയാണിപ്പോള്‍. 98.10 രൂപയില്‍നിന്നാണ് വേതനം 180ല്‍ എത്തിയത്. കൂലി കൂടാതെ പ്രതിദിനം 6.15 രൂപ ക്ഷാമബത്തയുണ്ടാകും. കൂടുതല്‍ കിലോ തല്ലുകയും പീല് ചെയ്യുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആനുപാതിക വര്‍ധന ലഭിക്കും. അടിസ്ഥാനകൂലിയുടെ 45 ശതമാനം മുതല്‍ 80 ശതമാനംവരെ ദിവസവേതനത്തില്‍ വര്‍ധനയുണ്ട്.

ദിവസവേതനം ലഭിക്കുന്ന ടിന്‍ഫില്ലര്‍ തൊഴിലാളിയുടെ കൂലി 100.10 രൂപയില്‍നിന്ന് 185 ആയി വര്‍ധിച്ചു. മൈക്കാടിന് 103.10ല്‍നിന്ന് 200 രൂപയായും പെന്‍സുലറിന് 103.10ല്‍നിന്ന് 200 രൂപ, ചുമട്ടുതൊഴിലാളിക്ക് 109.10ല്‍നിന്ന് 225 രൂപ, സോക്കിങ് ആന്‍ഡ് സൈസറിങ്ങിന് 103.10ല്‍നിന്ന് 200, ആശാരി-കൊല്ലന്‍ വിഭാഗത്തിന് 115.10ല്‍നിന്ന് 250 രൂപ, മെക്കാനിക്കിന് 115.10ല്‍നിന്ന് 250 എന്നിങ്ങനെ വര്‍ധിച്ചു. നിലവിലുള്ള കൂലി പുതുക്കാന്‍ 2012വരെ സമയമുണ്ടെന്നിരിക്കെ പരമ്പരാഗത മേഖലയോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് മിനിമംകൂലി പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കിയത്.
(ജയന്‍ ഇടയ്ക്കാട്)

deshabhimani 080211

Monday, January 31, 2011

കേന്ദ്ര സ്കീമില്‍ കശുവണ്ടി ഉള്‍പ്പെടുത്താന്‍ നിവേദനം

കൊല്ലം കേന്ദ്രമാക്കി കാഷ്യൂ ബോര്‍ഡ്; പാര്‍ലമെന്റ് സമിതി കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും

കൊല്ലം: കൊല്ലം കേന്ദ്രമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കശുവണ്ടിയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊല്ലം കേന്ദ്രമായി വാണിജ്യമന്ത്രാലയത്തിനു കീഴില്‍തന്നെ കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ സമിതി ശുപാര്‍ശ നല്‍കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സ് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. രാജ്യത്തെ കൃഷി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി പഠനയാത്രയുടെ ഭാഗമായി കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണിത്.

കാര്‍ഷികോല്‍പ്പാദനവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണമേന്മയും ഈ രംഗത്തെ തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമെന്ന നിലയിലാണ് കൊല്ലത്തെ കശുവണ്ടി സമിതിയുടെ പരിഗണനയില്‍വന്നത്. കശുവണ്ടി വ്യവസായത്തിന്റെ പ്രാധാന്യം പരിഗണിച്ച് കാഷ്യൂബോര്‍ഡ് സ്ഥാപിക്കണമെന്നുതന്നെയാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായമെന്ന് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. കാഷ്യൂബോര്‍ഡ് സംബന്ധിച്ച് കൃഷി, വാണിജ്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കും. കശുവണ്ടിഫാക്ടറികളുടെ അടിസ്ഥാന സൌകര്യവികസനം അനിവാര്യമാണ്. ഫാക്ടറികളുടെ ശുചിത്വം, കശുവണ്ടിയില്‍നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയുടെ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കുമെന്ന് കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി പറഞ്ഞു.

ബംഗളൂരു, പൂണെ, മുംബൈ എന്നിവിടങ്ങളിലെ കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ കൂടി സന്ദര്‍ശിച്ചശേഷം സമിതി ഡല്‍ഹിയില്‍ യോഗം ചേരും. തുടര്‍ന്ന് ശുപാര്‍ശകള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. എറണാകുളത്തെ സമുദ്ര മത്സ്യ വ്യവസായമേഖല സന്ദര്‍ശിച്ചശേഷമാണ് പന്ത്രണ്ടംഗ കമ്മിറ്റി കൊല്ലത്തെത്തിയത്.

കേന്ദ്ര സ്കീമില്‍ കശുവണ്ടി ഉള്‍പ്പെടുത്താന്‍ നിവേദനം

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ വ്യാപാരനയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാര്‍ഷികപദ്ധതിയില്‍ കശുവണ്ടി വ്യവസായത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കശുവണ്ടി വികസന കോര്‍പറേഷന്‍ നിവേദനം നല്‍കി. പഠനയാത്രയുടെ ഭാഗമായി കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സിന്റെ ചെയര്‍മാന്‍ ശാന്തകുമാറിനാണ് നിവേദനംനല്‍കിയത്.

കഴിഞ്ഞ ആഗസ്ത് 23ന് വ്യവസായ-വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച വാര്‍ഷിക സപ്ളിമെന്റില്‍ കൃഷി, ടെക്സ്റ്റൈല്‍, തുകല്‍, ആഭരണം, കരകൌശലം, കൈത്തറി വ്യവസായങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷം 3000 കോടി വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി വ്യവസായത്തില്‍ മൂന്നുലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. അതില്‍ 95 ശതമാനവും സ്ത്രീകളാണ്. പരോക്ഷമായി നാലുലക്ഷം പേരും വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കശുവണ്ടി വ്യവസായ പൊതുമേഖലാസ്ഥാനമായ കോര്‍പറേഷന്റെ കീഴില്‍ 30 ഫാക്ടറികളും 20000 തൊഴിലാളികളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്കീമില്‍ കശുവണ്ടി വ്യവസായത്തെയും ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കാസിം, എംഡി ഡോ. കെ എ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

കശുവണ്ടിയുടെ രുചിയില്‍ മനംമയങ്ങി എംപിമാര്‍

കൊല്ലം: കശുവണ്ടിയുടെ രുചിയില്‍ ദക്ഷിണേന്ത്യക്കാരായ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അതിശയം. ശനിയാഴ്ച പകല്‍ 3.30നാണ് കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറിയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശനത്തിന് എത്തിയത്. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കാസിം, എംഡി ഡോ. കെ എ രതീഷ്, കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികള്‍ കശുവണ്ടി തല്ലുന്നത് സമിതി അംഗങ്ങള്‍ കൌതുകത്തോടെ വീക്ഷിച്ചു. സമിതി അംഗമായ കെ എന്‍ ബാലഗോപാല്‍ എംപി ഫാക്ടറിയിലെ ഓരോ സെക്ഷന്റെയും പ്രവര്‍ത്തനം വിശദീകരിച്ചു. ബോര്‍മ, ഗ്രേഡിങ്, പാക്കിങ് വിഭാഗങ്ങള്‍, അടുത്തിടെ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിന്‍ ഫാക്ടറി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ തോട്ടണ്ടി ഭക്ഷ്യോല്‍പ്പന്നമായ കശുവണ്ടിപ്പരിപ്പാക്കി മാറ്റുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ നേരിട്ടു മനസ്സിലാക്കി.

കശുവണ്ടിപ്പരിപ്പ് രുചിച്ചുനോക്കിയ അംഗങ്ങള്‍ അതിശയകരമെന്നാണ് അഭിപ്രായപ്പെട്ടത്. പലരും ആദ്യമാണ് കശുവണ്ടിയുടെ രുചി അറിഞ്ഞത്. ഫാക്ടറിയിലെ അടിസ്ഥാന സൌകര്യങ്ങളില്‍ സമിതി അംഗങ്ങള്‍ തൃപ്തി രേഖപ്പെടുത്തി. രണ്ട് അംഗങ്ങള്‍ ഭാര്യാസമേതമാണ് എത്തിയത്. ആറംഗ ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചു. സമിതി അംഗങ്ങള്‍ക്ക് സമ്മാനമായി കശുവണ്ടി പരിപ്പ് നല്‍കി. കാപ്പക്സ് ചെയര്‍മാന്‍ ബി തുളസീധരക്കുറുപ്പും ഫാക്ടറിയില്‍ എത്തിയിരുന്നു.

deshabhimani 300111