Showing posts with label കമ്യൂണിസ്റ്റ് സമ്മേളനം. Show all posts
Showing posts with label കമ്യൂണിസ്റ്റ് സമ്മേളനം. Show all posts

Sunday, December 1, 2013

നായനാര്‍ സ്തൂപം തകര്‍ത്തതില്‍ ബഹുജന പ്രതിഷേധമിരമ്പി

കണ്ണൂര്‍: പയ്യാമ്പലത്തെ നായനാര്‍ സ്തൂപം സാമൂഹ്യവിരുദ്ധര്‍ കേടുവരുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പയ്യാമ്പലത്തുനിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പൊതുയോഗം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

പൊലീസ് മാഫിയാ കൂട്ടുകെട്ടാണ് കണ്ണൂര്‍ പട്ടണത്തിലെ സാമൂഹ്യ വിരുദ്ധര്‍ക്ക് പിന്തുണയേകുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയതാല്‍പര്യമുള്ള സാമൂഹ്യ വിരുദ്ധരാണ് പയ്യാമ്പലത്തെ അക്രമത്തിന് പിന്നില്‍. നായനാരെ സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്. പട്ടാപ്പകല്‍പോലും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി കണ്ണൂര്‍ പട്ടണവും പരിസരവും മാറുകയാണ്. കച്ചവടക്കാരില്‍നിന്ന് ഗുണ്ടാപിരിവ് നടത്തി തടിച്ചുകൊഴുക്കുന്ന സംഘമായി ക്വട്ടേഷന്‍ സംഘം മാറുന്നു. ആള്‍ക്കാരെ പിടിച്ചു കൊണ്ടുപോയി തീക്കുണ്ഡത്തിന് ചുറ്റും നഗ്നനായി നിര്‍ത്തുന്ന കാടന്‍ രീതിയാണ് വെണ്ടുട്ടായി മോഡല്‍ എന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഈ സ്ഥിതി അനുവദിക്കില്ലെന്നും ഉന്നത പൊലീസ് അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. വയക്കാടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശന്‍, പനോളി വത്സന്‍ എന്നിവരും സംബന്ധിച്ചു.

സമഗ്രാന്വേഷണം വേണം: പി ജയരാജന്‍

കണ്ണൂര്‍: പയ്യാമ്പലത്തെ ഇ കെ നായനാര്‍ സ്മാരക സ്തൂപത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്തൂപം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യവിരുദ്ധരാണോ അല്ലെങ്കില്‍ രാഷ്ട്രീയ താല്‍പ്പര്യമാണോ അക്രമത്തിന് പിന്നിലെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി വെളിച്ചത്തു കൊണ്ടുവരണം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. നായനാര്‍ സ്തൂപത്തിനുനേരെ മാത്രമാണ് അക്രമം ഉണ്ടായത്. കണ്ണൂര്‍ പട്ടണത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണ്. പയ്യാമ്പലം സാമൂഹ്യവിരുദ്ധരുടെയും മാഫിയകളുടെയും കേന്ദ്രമായി മാറി. പയ്യാമ്പലത്തെത്തുന്നവരെ പട്ടാപ്പകലും ആക്രമിക്കുന്നു. പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവത്തിലെടുക്കാത്തതാണ് അക്രമങ്ങള്‍ക്കു കാരണമെന്ന് ജയരാജന്‍ വ്യക്തമാക്കി. കെ പി സഹദേവന്‍, ജെയിംസ് മാത്യു എംഎല്‍എ, എം പ്രകാശന്‍, അരക്കന്‍ ബാലന്‍ എന്നിവരും ജയരാജനൊപ്പമുണ്ടായി. ആയുധമുപയോഗിച്ച് കരുതിക്കൂട്ടിയുളള ആക്രമണമാണ് നായനാര്‍ സ്തൂപത്തിനുനേരെയുണ്ടായതെന്ന് മനുഷ്യാവകാശ കമീഷന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരന്‍ പറഞ്ഞു. കൊടുവാള്‍ പോലുള്ള ആയധങ്ങളുപയോഗിച്ച് സ്തൂപത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയതായാണ് കാണുന്നത്. ജനവികാരമുണര്‍ത്തുന്ന അത്യന്തം ദൗര്‍ഭാഗ്യകരമായ നടപടിയാണിതെന്ന് ജയരാജന്‍ പറഞ്ഞു.

നായനാര്‍ സ്മാരക സ്തൂപം സാമൂഹ്യവിരുദ്ധര്‍ കേടുവരുത്തി

കണ്ണൂര്‍: സിപിഐ എമ്മിന്റെ സമുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം തകര്‍ക്കാന്‍ ശ്രമം. ചെങ്കല്ലില്‍ പണിത സ്തൂപത്തിന്റെ പലഭാഗങ്ങളും കുത്തിപ്പൊളിച്ച നിലയിലാണ്. വ്യാഴാഴ്ച രാത്രിയാണ് അതിക്രമം. കുടീരത്തിന്റെ മേല്‍ഭാഗം തകര്‍ത്ത് അവശിഷ്ടങ്ങള്‍ തൊട്ടടുത്ത സുകുമാര്‍ അഴീക്കോടിന്റെ സ്മാരകത്തില്‍ കൊണ്ടിട്ടു. എ കെ ജി, അഴീക്കോടന്‍ രാഘവന്‍, സി കണ്ണന്‍ തുടങ്ങി നിരവധി നേതാക്കളുടെയും സ്വദേശാഭിമാനി, സുകുമാര്‍ അഴീക്കോട്, പാമ്പന്‍ മാധവന്‍ തുടങ്ങിയ മറ്റ് പ്രമുഖരുടെയും സ്മൃതിമണ്ഡപങ്ങള്‍ പയ്യാമ്പലം കടല്‍ക്കരയിലാണ്. വിവരമറിഞ്ഞ് സിപിഐ എം കണ്ണൂര്‍ ഏരിയാകമ്മിറ്റിയംഗങ്ങളായ ടി രാമകൃഷ്ണന്‍, പള്ളിയത്ത് ശ്രീധരന്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചന്വേഷിച്ച് കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ കമ്മറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

deshabhimani

Monday, December 20, 2010

കമ്യൂണിസ്റ്റു പാര്‍ടികളുടെ സാര്‍വദേശീയ സമ്മേളനം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ടായ തിരിച്ചടിയെതുടര്‍ന്ന് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ തകര്‍ന്നിരിക്കുന്നു എന്ന പ്രചാരണം കുത്തക മാധ്യമങ്ങളും വലതുപക്ഷ പാര്‍ടികളും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. മുമ്പ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെതുടര്‍ന്ന് സിപിഐ (എം) പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ പത്രങ്ങള്‍വരെയുണ്ടായിരുന്നു. മാര്‍ക്സിസം-ലെനിനിസം അപ്രസക്തമായിയിരിക്കുന്നുവെന്നും ചരിത്രത്തിലെ അവസാനത്തെ വ്യവസ്ഥ മുതലാളിത്തമാണെന്നുമൊക്കെ അന്ന് പ്രചരിപ്പിക്കപ്പെട്ടു.

    സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയ്ക്കുശേഷം നടന്ന സിപിഐ (എം)ന്റെ പതിനാലാം കോണ്‍ഗ്രസ് മാര്‍ക്സിസം-ലെനിനിസത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ആ പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് 1993ല്‍ കല്‍ക്കത്തയില്‍വെച്ച് 'സമകാലിക ലോക പരിത:സ്ഥിതിയും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തെക്കുറിച്ച് സിപിഐ (എം)ന്റെ നേതൃത്വത്തില്‍ ഒരു സാര്‍വ്വദേശീയ സെമിനാര്‍ നടത്തിയത്. ആ സെമിനാറില്‍ 31 കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ പ്രാതിനിധ്യമാണുണ്ടായിരുന്നത്. തിരിച്ചടിക്കുശേഷമുള്ള ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ തിരിച്ചുവരവായിരുന്നു അത്. ഇത്തരത്തിലുള്ള തിരിച്ചടികളുടെയും തിരിച്ചുവരവുകളുടെയും ചരിത്രമാണ് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്.

    കമ്യൂണിസ്റ്റ് ലീഗും മൂന്ന് ഇന്റര്‍നാഷണലുകളും


    ഇന്ന് പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത് കമ്യൂണിസ്റ്റ് ലീഗ് എന്ന സംഘടനയാണ്. 1847ല്‍ ആണത് സ്ഥാപിതമായത്. കമ്യൂണിസ്റ്റ് ലീഗിന്റെ ലക്ഷ്യ പ്രഖ്യാപനമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ഈ സംഘടനയ്ക്ക് അധികകാലം നിലനില്‍ക്കാനായില്ല. 1857 നവംബര്‍ 7ന് കമ്യൂണിസ്റ്റ് ലീഗ് പിരിച്ചുവിടപ്പെട്ടു.

    1857ല്‍ ലോകമുതലാളിത്ത വ്യവസ്ഥയെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടര്‍ന്ന് വളര്‍ന്നുവന്ന വര്‍ഗസമരങ്ങളും പിന്നീട് ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ (ഒന്നാം ഇന്റര്‍ നാഷണല്‍) എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചു. 1864 സെപ്തംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്‍ടിന്‍സ് ഹാളില്‍വെച്ചാണ് ആ സംഘടന രൂപീകരിക്കപ്പെട്ടത്. ഏറെക്കുറെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും അതിന് ബഹുജന പിന്തുണയാര്‍ജിക്കുവാന്‍ കഴിഞ്ഞിരുന്നു. അന്തര്‍ദേശീയ തൊഴിലാളിവര്‍ഗത്തെ മുതലാളിത്ത വ്യവസ്ഥക്കെതിരെ ഒരു ഏകീകൃത ശക്തിയാക്കി അണിനിരത്തുന്നതിന് ഒന്നാം ഇന്റര്‍നാഷണലിന് കഴിഞ്ഞു.

    1866, 1867, 1868, 1869 വര്‍ഷങ്ങളില്‍ ഇന്റര്‍ നാഷണലിന്റെ വാര്‍ഷിക കോണ്‍ഗ്രസുകള്‍ നടന്നു. പാരീസ് കമ്യൂണ്‍, ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള യുദ്ധം എന്നിവമൂലം 1871ല്‍ ഒരു അനൌപചാരിക സമ്മേളനമാണ് നടന്നത്. 1872ല്‍ ഹേഗില്‍വെച്ച് ഒന്നാം ഇന്റര്‍നാഷണലിന്റെ അവസാന കോണ്‍ഗ്രസ് നടന്നു. 1876ല്‍ അത് ഔപചാരികമായി പിരിച്ചുവിടപ്പെട്ടു.

    1889ലാണ് രണ്ടാം ഇന്റര്‍നാഷണല്‍ രൂപീകൃതമാവുന്നത്. രണ്ടാം ഇന്റര്‍നാഷണലിന്റെ തീരുമാനപ്രകാരമാണ് സാര്‍വ്വദേശീയ തൊഴിലാളിദിനമായി മെയ് 1 ആചരിക്കപ്പെടാന്‍ തുടങ്ങിയത്. രണ്ടാം ഇന്റര്‍നാഷണല്‍ പതിനൊന്ന് കോണ്‍ഗ്രസ്സുകള്‍ നടത്തി. പന്ത്രണ്ടാം കോണ്‍ഗ്രസ് വിയന്നയില്‍ വെച്ച് 1914ല്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ഒന്നാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ അത് നടന്നില്ല. യുദ്ധകാലത്ത് രണ്ടാം ഇന്റര്‍നാഷണലിന്റെ യുദ്ധവിരുദ്ധ നിലപാടില്‍നിന്ന് വലതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകളായ പല നേതാക്കളും പിറകോട്ടുപോവുകയും സ്വന്തം രാജ്യത്തെ ഭരണകൂടങ്ങളെ പിന്തുണയ്ക്കുകയും ചെയ്തതിനാല്‍ രണ്ടാം ഇന്റര്‍നാഷണല്‍ ശിഥിലമായി.

    1919 മാര്‍ച്ചില്‍ മോസ്കോവില്‍ വെച്ചാണ് കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ (മൂന്നാം ഇന്റര്‍ നാഷണല്‍) രൂപീകരിക്കപ്പെട്ടത്. സായുധശക്തിയടക്കം എല്ലാ വിധ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച് സാര്‍വ്വദേശീയ മുതലാളിത്തത്തെ അധികാരഭ്രഷ്ടമാക്കി ഭരണകൂടത്തെ തീര്‍ത്തും ഇല്ലാതാക്കുന്നതിനിടയിലുള്ള ഒരു സാര്‍വ്വദേശീയ സോവിയറ്റ് റിപ്പബ്ളിക് സ്ഥാപിക്കുക'' എന്ന ലക്ഷ്യത്തിനുവേണ്ടി പോരാടാനാണ് കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ രൂപീകരിക്കപ്പെട്ടത്. 1919നും 1935നും ഇടയില്‍ ഇന്റര്‍നാഷണലിന്റെ ഏഴ് കോണ്‍ഗ്രസുകളും 13 വിശാല പ്ളീനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 34 പാര്‍ട്ടികളില്‍നിന്നായി 52 പ്രതിനിധികളാണ് മൂന്നാം ഇന്റര്‍ നാഷണല്‍ രൂപീകരണത്തില്‍ പങ്കെടുത്തിരുന്നത്.

    മൂന്നാം ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസില്‍വെച്ചാണ് ഇന്റര്‍ നാഷണലില്‍ അംഗമാകുന്നതിനുള്ള കമ്യൂണിസ്റ്റ് - തൊഴിലാളി പാര്‍ടികളുടെ യോഗ്യത നിശ്ചയിച്ചത്. ഫാസിസത്തിനെതിരായ ഐക്യമുന്നണിയുടെ അടവുകള്‍ രൂപപ്പെടുത്താനും കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണലിന് കഴിഞ്ഞു. 1943 മെയ് 15ന് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പിരിച്ചുവിടപ്പെട്ടു. വിവിധ ദേശീയ രാഷ്ട്രങ്ങളിലെ മൂര്‍ത്ത സാഹചര്യങ്ങള്‍ വിലയിരുത്തി വിപ്ളവതന്ത്രവും അടവുകളും രൂപീകരിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ പ്രാപ്തമായിരിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ പിരിച്ചുവിടപ്പെട്ടത്.

    അതിനുശേഷം 1957ലും 1960ലും ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ സമ്മേളനങ്ങള്‍ നടത്തി. 1960ലെ മോസ്ക്കോ സമ്മേളനം അംഗീകരിച്ചതാണ് മോസ്കോ പ്രഖ്യാപനം. അതില്‍ 80 കമ്യൂണിസ്റ്റ് പാര്‍ടികള്‍ പങ്കെടുത്തിരുന്നു. സോഷ്യലിസ്റ്റ് ചേരിയുടെ കരുത്ത് പര്‍വ്വതീകരിച്ച് കണ്ടും മുതലാളിത്തത്തിന്റെ അതിജീവനത്തിനുള്ള കഴിവുകളെ നിസ്സാരവല്‍ക്കരിച്ചുമാണ് മോസ്കോ പ്രഖ്യാപനം പുറത്തുവന്നതെന്ന് അനന്തരകാല സംഭവവികാസങ്ങള്‍ തെളിയിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു വിഭാഗം സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്ത പുനഃസ്ഥാപനം നടന്നു.

    ഈ തിരിച്ചടിക്കുശേഷം വിളിച്ചുചേര്‍ത്തതാണ് കല്‍ക്കത്ത സെമിനാര്‍. ഈ സെമിനാറില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് 1998-ല്‍ ഗ്രീസിലെ കമ്യൂണിസ്റ്റുപാര്‍ടി കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. അതിന്റെ തുടര്‍ച്ചയായി എല്ലാവര്‍ഷവും കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ സമ്മേളനങ്ങള്‍ നടന്നുവരുന്നുണ്ട്. അതില്‍ ഏഴു സമ്മേളനങ്ങള്‍ക്ക് തുടര്‍ച്ചയായി ആതിഥേയത്വംവഹിച്ചത് ഗ്രീസിലെ കമ്യൂണിസ്റ്റു പാര്‍ടിയായിരുന്നു. എട്ടാം സമ്മേളനം പോര്‍ച്ചുഗലിലെ ലിസ്ബനിലും ഒമ്പതാം സമ്മേളനം മോസ്കോവിലും ബെലാറസിലും പത്താം സമ്മേളനം ബ്രസീലിലെ സാവോപോളോയിലും പതിനൊന്നാം സമ്മേളനം കഴിഞ്ഞവര്‍ഷം നവംബര്‍ 21 മുതല്‍ 23 വരെ ദല്‍ഹിയിലും നടന്നു.

    12-ാം സാര്‍വ്വദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ടിയാണ്. 2010- ഡിസംബര്‍ 3-5 തീയതികളില്‍ ദക്ഷിണാഫ്രിക്കയിലെ ഷ്വെയ്വന്‍ പട്ടണത്തിലെ സ്വാന്‍ലേക് കോണ്‍ഫറന്‍സ് സെന്ററില്‍വെച്ചാണ് ഈ സമ്മേളനം നടന്നത്. 'മുതലാളിത്തത്തില്‍ ആഴമേറിവരുന്ന വ്യവസ്ഥാ പ്രതിസന്ധി, പരമാധികാര സംരക്ഷണം, തീവ്രമാകുന്ന സാമൂഹ്യസഖ്യങ്ങള്‍, സമാധാനത്തിനും പുരോഗതിക്കും സോഷ്യലിസത്തിനുംവേണ്ടിയുള്ള പോരാട്ടത്തിലും സാമ്രാജ്യത്വവിരുദ്ധ മുന്നണി ശക്തിപ്പെടുത്തുന്നതിലും 'കമ്യൂണിസ്റ്റുകാരുടെ കടമകള്‍' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളന ചര്‍ച്ചകള്‍ നടന്നത്.

    2008ലും 2009ലും നടന്ന സമ്മേളനങ്ങള്‍ ചൂണ്ടിക്കാണിച്ചതുപോലെ മുതലാളിത്ത പ്രതിസന്ധി രൂക്ഷമായി വരികയാണ്. ഈ പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സാമ്രാജ്യത്വശക്തികള്‍ ശ്രമിക്കുന്നത്. അതിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. ഇതിന്റെ ഫലമായ പുരോഗമനശക്തികള്‍ വളരുന്നുണ്ട്. എന്നാല്‍ അതിനോടൊപ്പംതന്നെ പ്രതിഷേധങ്ങളെ മുതലെടുക്കാന്‍ വലതുപക്ഷ ശക്തികളും ശ്രമിക്കുന്നുണ്ട്.

    ഈ സ്ഥിതിവിശേഷത്തെമുറിച്ച് കടക്കുന്നതിന് മുഖ്യമായും ആവശ്യമായിരിക്കുന്നത് തൊഴിലാളിവര്‍ഗ്ഗത്തിന്റെ വര്‍ഗപരമായ സംഘാടനംതന്നെയാണ്. തൊളിലാളിവര്‍ഗ്ഗ ഐക്യത്തിലൂടെ മാത്രമെ കര്‍ഷകരും നഗര-ഗ്രാമീണ ദരിദ്രജനവിഭാഗങ്ങളും, നഗരത്തിലെ ഇടത്തരക്കാരും ബുദ്ധിജീവികളുമൊക്കെയായി ശക്തമായ സഖ്യം രൂപപ്പെടുത്താന്‍ കഴിയൂ. അത്തരമൊരു ഐക്യ പ്രസ്ഥാനത്തിന് മാത്രമെ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവൂ. ഇതോടൊപ്പംതന്നെ കുത്തക വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. ലോകത്തിലെ കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ സ്വതന്ത്രമായ മേല്‍ക്കൈയും ഐക്യവും ശക്തിപ്പെടുത്തിക്കൊണ്ടേ വിശാലമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കാനാവൂ.

    വര്‍ഗസമരത്തെ തള്ളിക്കളയുന്നതും ശാസ്ത്രീയ സോഷ്യലിസത്തിന്റെ പ്രസക്തി അംഗീകരിക്കാത്തതുമായ തെറ്റായ പ്രത്യയശാസ്ത്ര പ്രവണതകളെയും സോഷ്യല്‍ ഡെമോക്രാറ്റിക് ധാരണകളെയും തുറന്നുകാണിക്കണം എന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

    സാര്‍വ്വദേശീയാടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍പോലെ ഒരു സംഘടന നിലവിലില്ലെങ്കിലും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാകെ ദിശാബോധം നല്‍കുന്ന ഒന്നായി കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെ അഖിലലോക സമ്മേളനങ്ങള്‍ മാറിയിരിക്കുന്നു.

കെ എ വേണുഗോപാലന്‍ ചിന്ത 171210

Tuesday, November 24, 2009

സോഷ്യലിസമാണ് ബദല്‍

ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സമാപിച്ച ലോക കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനം. കമ്യൂണിസം മരിച്ചെന്നു പറഞ്ഞ് രണ്ടുപതിറ്റാണ്ട് മുമ്പ് അട്ടഹാസം മുഴുക്കിയവര്‍ മാര്‍ക്സിസത്തിന്റെ കരുത്തോടെയുള്ള തിരിച്ചുവരവ് കണ്ട് അമ്പരന്നിരിക്കുകയാണ്. ബര്‍ളിന്‍ മതില്‍ തകര്‍ത്തതിന്റെ 20-ാംവാര്‍ഷികവേളയില്‍ ആഹ്ളാദിക്കാന്‍ കഴിയാത്തവിധമാണ് മുതലാളിത്തത്തിന്റെ ഇന്നത്തെ അവസ്ഥയെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പാര്‍ടികള്‍ വ്യക്തമാക്കിയതും പ്രസക്തം. മുപ്പതുകളിലെ അത്യഗാധമായ സാമ്പത്തികപ്രതിസന്ധിക്കുശേഷം ലോകംകണ്ട ഏറ്റവും വലിയ കുഴപ്പമാണ് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടത്. ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മറ്റു രാജ്യങ്ങളിലേക്കും അതു പടര്‍ന്നുകയറി. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ മാര്‍ക്സിലേക്കാണ് തിരിഞ്ഞത്. ഫ്രാന്‍സിന്റെ പ്രസിഡന്റും മാര്‍പ്പാപ്പയും ഉള്‍പ്പെടെ മൂലധനം മറിച്ചുനോക്കാന്‍ നിര്‍ബന്ധിതമായി. ലോകത്ത് വീണ്ടും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും രചനകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടായി. മാര്‍ക്സിനെ ഒരു ശാസ്ത്രജ്ഞനായി അംഗീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായതും ഈ കാലത്താണ്. മാര്‍ക്സിസത്തിന്റെ വഴികള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവരും, മുതലാളിത്തത്തെ ഏറ്റവും നന്നായി ശാസ്ത്രീയമായി വിശകലനത്തിനുവിധേയമാക്കിയത് മാര്‍ക്സ് മാത്രമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായി. ഈ സാര്‍വദേശീയ സാഹചര്യത്തിലാണ് ആദ്യമായി ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.

സോഷ്യലിസത്തിനേറ്റ തിരിച്ചടിയില്‍ ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ദിശാബോധം പകര്‍ന്ന സമ്മേളനം കൊല്‍ക്കത്തയില്‍ സിപിഐ എം വിളിച്ചുകൂട്ടിയതിനുശേഷം, ആദ്യമായാണ് ഇന്ത്യ ഇങ്ങനെയൊരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുതലാളിത്ത പ്രതിസന്ധിതന്നെയായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചിലര്‍ വാദിച്ചിരുന്നത് ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ ധനകാര്യ കൈകാര്യകര്‍തൃത്വത്തിന്റെ പാളിച്ചമാത്രമാണെന്നായിരുന്നു. അത് തിരുത്തിയാല്‍ ഇതില്‍നിന്ന് കരകയറാന്‍ കഴിയുമെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വ സാമ്പത്തികസ്ഥാപനങ്ങളുടെ ശക്തനായ വിമര്‍ശകന്‍ ജോസഫ് സ്റ്റിഗ്ളിറ്റ്സ് വരെ ഈ അഭിപ്രായക്കാരനാണ്. എന്നാല്‍, ഈ പ്രതിസന്ധി മുതലാളിത്തത്തിന്റെ അനിവാര്യമായ പ്രതിസന്ധിയാണെന്ന മാര്‍ക്സിന്റെ നിഗമനമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്. ഇതില്‍നിന്ന് കരകയറുന്നതിന് മുതലാളിത്തത്തിന് കഴിയുമെങ്കിലും അത് മറ്റൊരു പ്രതിസന്ധിയിലേക്കായിരിക്കുമെന്നും അത്ശരിയായി നിരീക്ഷിച്ചു. ഈ പ്രതിസന്ധി ഉള്ളടക്കംചെയ്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിത്തീര്‍ക്കലാണ് ശരിയായ പരിഹാരം. സോഷ്യലിസമാണ് ശരിയായ ബദല്‍ എന്ന പ്രഖ്യാപനത്തിലൂടെ ഇതാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ചത്.

ഈ സാഹചര്യം നന്നായി ഉപയോഗിക്കുന്നതിന് തൊഴിലാളിവര്‍ഗത്തിന് കഴിയേണ്ടതുണ്ട്. എവിടെയെല്ലാം ഈ നയത്തിന് എതിരായി ശക്തമായ ജനകീയ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വന്‍മുന്നേറ്റമുണ്ടാക്കാന്‍ തൊഴിലാളിവര്‍ഗത്തിന് കഴിയുന്നുണ്ടെന്നാണ് ലാറ്റിനമേരിക്ക തെളിയിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് മുതലാളിത്ത രാജ്യങ്ങള്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന സാധാരണജനതയ്ക്ക് സഹായകമല്ലെന്നും സമ്മേളനം കുറ്റപ്പെടുത്തുകയുണ്ടായി. മൂലധനശക്തികള്‍ക്ക് പണം വാരിക്കോരി നല്‍കുന്ന നടപടികള്‍വഴി പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ല. ഓഹരിയിലൂടെയും നാണയമാറ്റത്തിലൂടെയും കൈമാറുന്ന പണത്തിന് നികുതി ചുമത്തണമെന്നതുള്‍പ്പെടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്. സാര്‍വദേശീയമായി സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ലഭിച്ച അംഗീകാരമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ കിട്ടിയ അവസരം. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് ഈ സമ്മേളനാനുഭവം പുത്തന്‍ ദിശാബോധം നല്‍കുമെന്ന് ഉറപ്പ്. പ്രത്യേകിച്ചും ഇന്ത്യന്‍ ഭരണവര്‍ഗം കൂടുതല്‍ കൂടുതല്‍ സാമ്രാജ്യത്വവിധേയത്വം കാണിക്കാന്‍ ശ്രമിക്കുന്ന കാലത്ത്, ഈ സാര്‍വദേശീയമായ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ പ്രധാനമാണ്.

ദേശാഭിമാനി മുഖപ്രസംഗം 241109

Monday, November 23, 2009

ജനതകള്‍ മിത്രങ്ങള്‍; സാമ്രാജ്യത്വമാണ് ശത്രു

ജനകീയപോരാട്ടം ശക്തമാക്കണം

മുതലാളിത്തത്തിനെതിരായും ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ 11-ാമത് സാര്‍വദേശീയ സമ്മേളനം ആഹ്വാനം ചെയ്തു. അവകാശങ്ങള്‍ നിലനിര്‍ത്താനും പുതിയവ നേടിയെടുക്കാനും അതത് രാജ്യത്ത് സമരം കെട്ടഴിച്ചുവിടണമെന്ന് സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ച 'ഡല്‍ഹിപ്രഖ്യാപനം' അഭിപ്രായപ്പെട്ടു. അതിലൂടെ മാത്രമേ സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാനാകൂ എന്ന് സമ്മേളനം വിലയിരുത്തി. ഡല്‍ഹിപ്രഖ്യാപനത്തിന് വിവിധ രാജ്യങ്ങള്‍ മുന്നോട്ടുവച്ച ഏഴ് ഭേദഗതി സമ്മേളനം അംഗീകരിച്ചു. അടുത്ത സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടത്താനും അതിലേക്ക് ബംഗ്ളാദേശ് വര്‍ക്കേഴ്സ് പാര്‍ടിയെ ക്ഷണിക്കാനും തീരുമാനമായി. ഏഷ്യയില്‍ ആദ്യമായി നടന്ന സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയുമാണ് ആതിഥേയത്വം വഹിച്ചത്.

തൊഴിലാളിവര്‍ഗവും ജനങ്ങളും തീവ്രമായ സമരം നടത്തിയ ഇടത്തൊക്കെ അവകാശങ്ങള്‍ നേടാന്‍ കഴിഞ്ഞതായാണ് സാര്‍വദേശീയ പാഠം. ലാറ്റിനമേരിക്ക ഇപ്പോള്‍ തെളിയിക്കുന്നതും അതാണ്. സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ആശ്വാസം വേണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയമുന്നേറ്റമാണ് അവിടെ നടക്കുന്നത്. മുതലാളിത്തം തകര്‍ത്തെറിഞ്ഞേ ജനതാല്‍പ്പര്യം അന്തിമമായി സ്വായത്തമാക്കാന്‍ കഴിയൂ. സോഷ്യലിസം മാത്രമാണ് ബദല്‍ എന്നും ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് എളുപ്പം സാധിക്കില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ കരുത്ത് ലഭിച്ച സാമ്രാജ്യത്വം കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളെയും വിവിധ സ്ഥാപനങ്ങളെയും ഉപയോഗിച്ച് കള്ളപ്രചാരണമാണ് നടത്തുന്നത്. മുതലാളിത്തത്തെക്കുറിച്ചുള്ള വ്യാമോഹം സോഷ്യല്‍ ഡെമോക്രാറ്റുകളടക്കം പ്രചരിപ്പിക്കുന്നു. പരിഷ്കരണങ്ങള്‍ വഴി മുതലാളിത്തത്തിന്റെ ചൂഷണത്വര മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് മൌഢ്യമാണ്. മാന്ദ്യം പരിഹരിക്കുന്നതിന് ലോകബാങ്കും ഐഎംഎഫും ലോകവ്യാപാര സംഘടനയും സ്വീകരിക്കുന്ന മാര്‍ഗം ചൂഷണം വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്കല്ല, ലാഭത്തിന് മുന്‍തൂക്കം നല്‍കുന്ന നയങ്ങളാണ് അവരുടേത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഭാഗമായി നാറ്റോയുടെ സൈനികനീക്കങ്ങള്‍ക്കും താവളങ്ങള്‍ രൂപീകരിക്കുന്നതിനുമെതിരെ വന്‍ പ്രക്ഷോഭം നടത്താനും ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ 65-ാംവാര്‍ഷികം അടുത്തവര്‍ഷം ആചരിക്കാനും തീരുമാനിച്ചു. നവംബര്‍ 29ന് ലോകവ്യാപകമായി പലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കും.

അമേരിക്ക തടവിലിട്ട അഞ്ചു ക്യൂബക്കാരെ വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്യൂബ, വടക്കന്‍ കൊറിയ, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും പാകിസ്ഥാനിലെ വര്‍ധിച്ചുവരുന്ന അമേരിക്കന്‍ ഇടപെടലിനെ വിമര്‍ശിക്കുന്ന പ്രമേയവും ഭോപാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബഹുരാഷ്ട്രകമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ഡല്‍ഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചത് കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള വര്‍ധിച്ചുവരുന്ന ഐക്യമാണ് സൂചിപ്പിക്കുന്നതെന്ന് സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
(വി ബി പരമേശ്വരന്‍)


ജനതകള്‍ മിത്രങ്ങള്‍; സാമ്രാജ്യത്വമാണ് ശത്രു


കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും സാര്‍വദേശീയ സമ്മേളനത്തിന്റെ സമാപനം സാമ്രാജ്യത്വത്തിനെതിരെ ജനതകള്‍ ഒന്നിക്കുന്നതിന് സാക്ഷ്യമായി. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും പ്രതിനിധികള്‍ വേദിയില്‍ പരസ്പരം ആശ്ളേഷിച്ച് ജനതകള്‍ ശത്രുക്കളല്ലെന്നും അമേരിക്കന്‍ സാമ്രാജ്യത്വമാണ് പൊതുശത്രുവെന്നും പ്രഖ്യാപിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിനിധികളും ആവേശപൂര്‍വം കരഘോഷം മുഴക്കി. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധികള്‍ ആശ്ളേഷിച്ച് സ്വതന്ത്ര പലസ്തീന്‍ യാഥര്‍ഥ്യമാക്കുന്നതിനും ഇസ്രയേലി ഭീകരതയ്ക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചപ്പോള്‍ സമാപന സമ്മേളനവേദി ആവേശത്താല്‍ ആര്‍ത്തിരമ്പി. സാമ്രാജ്യത്വത്തിനും ആഗോള മൂലധനശക്തികള്‍ക്കുമെതിരെ യോജിച്ച സമരനിര വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞ ചെയ്ത സമാപന സമ്മേളനവേദി ആവേശകരമായ നിരവധി രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

റഫി മാര്‍ഗിലെ മാവ്ലങ്കര്‍ ഹാളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ യുദ്ധതന്ത്രങ്ങള്‍ക്കും സാമ്പത്തിക അനീതികള്‍ക്കുമെതിരെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയെടുക്കുമെന്ന് സമാപനസമ്മേളനത്തില്‍ സംസാരിച്ച വിവിധ നേതാക്കള്‍ പ്രഖ്യാപിച്ചു. 48 രാജ്യങ്ങളില്‍നിന്നായി സമ്മേളനത്തില്‍ പങ്കെടുത്ത 57 പാര്‍ടികളുടെ പ്രതിനിധികള്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിച്ചു. സോഷ്യലിസമാണ് ഭാവിയെന്നും മുതലാളിത്തത്തിന്റെ ഗര്‍ഭപാത്രത്തിലേക്ക് അത് മടങ്ങിപ്പോകില്ലെന്നും യെച്ചൂരി പറഞ്ഞു.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഓസ്കര്‍ ഇസ്രയേല്‍ മാര്‍ടിനസും അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി സ്കോട്ട് മാര്‍ഷലുമാണ് വേദിയില്‍ പരസ്പരം ആശ്ളേഷിച്ചത്. തുടര്‍ന്ന് സംസാരിച്ച മാര്‍ടിനസ്, അമേരിക്കന്‍ ജനതയെ ക്യൂബ സ്നേഹിക്കുന്നെന്നും എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെറുക്കുകയും ചെയ്യുന്നെന്ന് പറഞ്ഞപ്പോള്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകരാകെ കരഘോഷത്തോടെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചു.

പലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഫവാസും ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഫത്തേന്‍ കമാല്‍ ഘട്ടാസും പരസ്പരം ആശ്ളേഷിച്ചപ്പോള്‍ മാവ്ലങ്കര്‍ ഹാള്‍ ഇളകിമറിഞ്ഞു. പലസ്തീനുനേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരാണ് തങ്ങളെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകണമെന്നും ഘട്ടാസ് പറഞ്ഞു. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി മാരിനോസ് ജോര്‍ജിയോസ് പറഞ്ഞു. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്നെന്ന് പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി മത്തേവൂസ് ആല്‍വെസ് ജോസ് ആഞ്ചെലോ പറഞ്ഞു. ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനെ ആദരപൂര്‍വം ഓര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലുമുള്ളവര്‍ അവരവരുടെ ഭാഷകളില്‍ സാര്‍വദേശീയഗാനം ആലപിച്ചതോടെ സമാപനസമ്മേളനത്തിന് അവസാനമായി. ഓരോ പ്രസംഗത്തിന്റെയും ഇടവേളകളില്‍ ഒത്തൊരുമയുടെ പ്രകടനമായി സര്‍വരാജ്യ തൊഴിലാളിഐക്യം സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങി.
(വി ജയിന്‍‍)

ബന്ധനങ്ങളില്ലാത്ത ഒത്തുചേരല്‍

ഭരണകൂടം കല്‍പ്പിച്ച വിലക്കുകളില്‍ രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് ഉള്ളുതുറക്കാനുള്ള വേദിയായി ഡല്‍ഹിയിലെ ലോക കമ്യൂണിസ്റ്റ് സമ്മേളനം. പലസ്തീനിലെയും ഇസ്രയേലിലെയും കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് അവരുടെ രാജ്യങ്ങളില്‍വച്ച് ഒരിക്കലും കണ്ടുമുട്ടാന്‍ കഴിയാറില്ല. അതുപോലെതന്നെയാണ് അമേരിക്കയിലെയും ക്യൂബയിലെയും നേതാക്കള്‍ക്കും. സാര്‍വദേശീയ കമ്യൂണിസ്റ്റ് സമ്മേളനങ്ങളും കൂട്ടായ്മകളും പരസ്പരം കണ്ടുമുട്ടാനും ചര്‍ച്ചചെയ്യാനും വേദിയാകുന്നതില്‍ പലസ്തീന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് സയ്യദ് മഹ്സര്‍ ഹൈദര്‍ ഫാവസിനും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇസ്രയേല്‍ നേതാവ് ഫത്തേന്‍ കമാല്‍ ഘട്ടാസിനും അതിയായ സന്തോഷമാണ്. അതവര്‍ ദേശാഭിമാനിയുമായി പങ്കുവയ്ക്കുകയും ചെയ്തു. ഇരുവരും മാര്‍ക്സിസം-ലെനിനിസത്തില്‍ വിശ്വസിക്കുന്നു. ഇരുവര്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തോട് അടങ്ങാത്ത പകയുമുണ്ട്. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രമെന്നത് ഇരുവരുടെയും സ്വപ്നമാണ്. അതോടൊപ്പം ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ഇസ്രയേലും പലസ്തീനും സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന രാഷ്ട്രങ്ങളായി മാറണമെന്നും ഇരുവരും ആഗ്രഹിക്കുന്നു. എന്നിട്ടും ഇരുവര്‍ക്കും പലസ്തീനിലോ ഇസ്രയേലിലോ കണ്ടുമുട്ടാന്‍ കഴിയുന്നില്ല. സമാനസ്വപ്നങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കാനും കഴിയുന്നില്ല. സോഷ്യലിസമെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ മുന്‍ഗണന എപ്പോഴും ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിലാണ്.

മൂന്നാമതൊരു രാജ്യത്തുവച്ചുമാത്രമേ അവര്‍ക്ക് കണ്ടുമുട്ടാന്‍ കഴിയാറുള്ളൂ. പലസ്തീന്‍ നേതാക്കള്‍ക്ക് ഇസ്രയേല്‍ വിസ നല്‍കാറില്ല. പലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ്രാഷ്ട്രങ്ങളാകട്ടെ ഇസ്രയേലി രാഷ്ട്രീയക്കാര്‍ക്കും വിസ നല്‍കാന്‍ മടിക്കുന്നു. സ്വന്തം രാജ്യമായ പലസ്തീനില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ ജോര്‍ദാന്‍ കേന്ദ്രമാക്കിയാണ് ഫാവസ് പ്രവര്‍ത്തിക്കുന്നത്. പലസ്തീന്‍ രാഷ്ട്രത്തിനായി ഇസ്രയേലി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നതില്‍ ഘട്ടാസിനെ ആവര്‍ത്തിച്ച് അഭിനന്ദിക്കാന്‍ ഫാവസ് തയ്യാറാവുകയും ചെയ്തു. ഇസ്രയേല്‍പ്രശ്നത്തില്‍ സിപിഐ എമ്മിനുള്ള അതേനിലപാടാണ് ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമുള്ളതെന്ന് ഘട്ടാസ് പറഞ്ഞു. പലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തെമാത്രമല്ല സയണിസത്തെയും ഘട്ടാസിന്റെ പാര്‍ടി എതിര്‍ക്കുന്നു. അമേരിക്കയുമായുള്ള ഇസ്രയേലിന്റെ ബന്ധത്തെയും പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന ഇടപെടലിനെയും അവര്‍ എതിര്‍ക്കുന്നു. അതോടൊപ്പം ഘട്ടാസിന് ഇന്ത്യക്കാരോട് ഒരുപദേശംകൂടിയുണ്ട്. ഇസ്രയേലിന്റെ അധിനിവേശനയത്തെ പ്രോത്സാഹിപ്പിക്കുംവിധം ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ന്യൂഡല്‍ഹി നിര്‍ത്തണമെന്ന്.

അരനൂറ്റാണ്ടായി ക്യൂബയെ ശത്രുപ്പട്ടികയില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. എന്നാല്‍, ഈ രണ്ടു രാജ്യത്തെയും നേതാക്കളെ ഒരേവേദിയില്‍ അണിനിരത്താനും ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് കഴിഞ്ഞു. ക്യൂബയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് സ്കോട്ട് മാര്‍ഷല്‍ പറഞ്ഞപ്പോള്‍, അമേരിക്കയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതാവ് ഓസ്കര്‍ ഇസ്രയേല്‍ മാര്‍ട്ടിനെസ് പറഞ്ഞു.

സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം: കാരാട്ട്

അധിനിവേശപ്രവര്‍ത്തനങ്ങളിലും ജനദ്രോഹ സാമ്പത്തികനയങ്ങളിലും ഇന്ത്യയെ ഒപ്പം നിര്‍ത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2005ലെ സഹകരണകരാര്‍മൂലം ഇന്ത്യ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുകയും ഇന്ത്യയുടെ പരമ്പരാഗതമായ സാമ്രാജ്യത്വവിരുദ്ധനയം പാടെ ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ ഒബാമയുമായി കൂടുതല്‍ സഹകരിക്കാനുള്ള കരാറുകള്‍ക്കായി മന്‍മോഹന്‍സിങ് വാഷിങ്ടണില്‍ എത്തിയിരിക്കയാണ്. അഫ്ഗാനിസ്ഥാനുമേല്‍ നടക്കുന്ന അധിനിവേശത്തിലടക്കം അമേരിക്കയുടെ യുദ്ധനയങ്ങളില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്താനാണ് ശ്രമം. അഫ്ഗാന്‍ ജനതയ്ക്കെതിരായ ആക്രമണത്തില്‍ ഇന്ത്യ അമേരിക്കയ്ക്കൊപ്പം നില്‍ക്കരുത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അഫ്ഗാന്‍ജനത മറുപടി നല്‍കും. ലോകത്താകെ സാമ്രാജ്യത്വം നടത്തുന്ന സൈനികവും സാമ്പത്തികവുമായ കടന്നാക്രമണങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗം യോജിച്ച് പ്രതിരോധനിര പടുത്തുയര്‍ത്തണമെന്ന് കാരാട്ട് പറഞ്ഞു.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ മുതലാളിത്തം വിജയം നേടിയെന്നും സോസ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ശക്തികള്‍ അതോടെ തകര്‍ന്നുവെന്നുമാണ് മുതലാളിത്ത പ്രചാരകര്‍ ലോകമാകെ പ്രചരിപ്പിച്ചത്. എന്നാല്‍, മുതലാളിത്തം ലോകത്തിന്റെ ഭാവിയല്ലെന്ന് ആഗോള സാമ്പത്തികപ്രതിസന്ധിയിലൂടെ അത് സ്വയം തെളിയിക്കുകയാണ്. കുഴപ്പം മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ്. എന്നാല്‍, അതിനെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ ശക്തമായ പോരാട്ടം ആവശ്യമുണ്ട്. ആഗോളപ്രതിസന്ധിമൂലം കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കും ദുരിതത്തിലേക്കും നീങ്ങുകയാണ്. അടുത്ത വര്‍ഷത്തോടെ ഒമ്പതുകോടി ജനങ്ങള്‍കൂടി ദാരിദ്യ്രരേഖയ്ക്കുതാഴേക്ക് നീക്കപ്പെടും. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇവര്‍ പട്ടിണിക്കാരുടെ കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഈ വിഭാഗം ജനങ്ങളെ മുതലാളിത്തത്തിനെതിരായ സമരത്തില്‍ അണിചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഇനി കമ്യൂണിസ്റ്റ് പ്രസ്ഥാനം തലപൊക്കില്ലെന്നു പറഞ്ഞവര്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ ഈ ഐക്യത്തെ കാണാന്‍ തയ്യാറാകണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനുമെതിരെ ലോകത്തെമ്പാടും നടക്കുന്ന തൊഴിലാളിവര്‍ഗപോരാട്ടങ്ങളെ കൂട്ടിയോജിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനാകില്ലെന്നതിന്റെ തെളിവാണ് കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സമ്മേളനമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

'ഉദാര' നയം: ദക്ഷിണാഫ്രിക്ക പിന്മാറുന്നു

നവഉദാരവത്ക്കരണ നയത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പിന്‍വാങ്ങിതുടങ്ങിയെന്ന് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്റ് പാര്‍ടി നേതാവ് ക്രിസ്റ്റഫര്‍ മാറ്റ്ഹാകോ പറഞ്ഞു. ജേക്കബ് സുമ പ്രസിന്റായതോടെയാണ് ഈ മാറ്റം ദൃശ്യമായതെന്നും അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. നെല്‍സ മണ്ടേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവേളയില്‍ അധികാരമേറിയ താബോ എംബക്കിയാണ് നവഉദാരവത്ക്കരണ നയത്തിലേക്ക് രാജ്യത്തെ നയിച്ചത്. വിദേശ നിക്ഷേപം വന്‍ തോതില്‍ ക്ഷണിച്ചു. ഇതിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിച്ചു. കോടീശ്വരന്മാര്‍ കൂണുപോലെ മുളച്ചുപൊന്തിയപ്പോള്‍ സാധരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമായി. നേരത്തേ അംഗീകരിച്ച ഫ്രീഡം ചാര്‍ടറിന് തീര്‍ത്തും വിരുദ്ധമാണ് എംബക്കിയുടെ ഈ നീക്കം. അന്നുതന്നെ ആഫ്രിക്കന്‍ നാഷണല്‍ കോഗ്രസ്(എഎന്‍സി)സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും ഈ നയത്തെ കമ്യൂണിസ്റ്റ് പാര്‍ടി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത് എഎന്‍സിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തിലും പ്രശ്നങ്ങളുണ്ടായി. അതിന്റെ ഫലം കൂടിയാണ് എഎന്‍സിയിലുണ്ടായ നേതൃമാറ്റം. ജേക്കബ് സുമ പ്രസിഡന്റായതോടെ എഎന്‍സിയും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന നയങ്ങളാണ് സുമയുടെ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ദേശീയ ജനാധിപത്യ വിപ്ളവമാണ് ഈപ്പോഴത്തെ ലക്ഷ്യം. അതിലൂടെ മാത്രമേ രാജ്യത്തെ സോഷ്യലിസത്തിലേക്ക് നയിക്കാന്‍ കഴിയൂ. സു

മയുടെ ആവശ്യപ്രകാരം കമ്യൂണിസ്റ്റ് പാര്‍ടി മന്ത്രിസഭയിലും അംഗമായിട്ടുണ്ട്. പാര്‍ടി ജനറല്‍ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിയാണ്. എഎന്‍സിയെ വിപ്ളവകരമായ ദേശീയ വിമോചന പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ കമ്യൂണിസ്റ്റ്റ് പാര്‍ടിക്കുള്ള പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യം സമരം എന്ന നയമാണ് ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വീകരിക്കുന്നത്. ഇപ്പോള്‍ ഭൂപരിഷ്ക്കരണമാണ് സര്‍ക്കാരിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളി. 80 ശതമാനം ഭൂമിയും 15 ശതമാനം വരുന്ന വെള്ളക്കാരുടെ കൈയിലാണ്. തദ്ദേശീയരുടെ ഭൂമി അനധികൃതമായാണ് ഇവര്‍ കൈയടക്കിയത്. ഈ ഭൂമി പിടിച്ചെടുത്ത് എങ്ങിനെ വിതരണം ചെയ്യണമെന്നാതാണ് പാര്‍ടിക്കും സര്‍ക്കാരിനും മുമ്പിലുള്ള വെല്ലുവിളി. ബാങ്കിങ്ങ് മേഖലയിലെ ബഹുരാഷ്ട്ര കുത്തക തകര്‍ക്കുകയാണ് മറ്റൊരു വെല്ലുവിളി. ഇതിന്റെ ഭാഗമായി തൊഴിലാളി ബാങ്കുകള്‍ തുറക്കുന്നതിനുള്ള നിയമനിര്‍മാണം അടുത്തയിടെ പാസ്സാക്കിയിട്ടുണ്ട്. 'അപ്പം ഭൂമി തൊഴില്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സമരത്തിനാണ് ഇപ്പോള്‍ പാര്‍ടി നേതൃത്വം നല്‍കുന്നതെന്നും മാറ്റഹാകോ പറഞ്ഞു.

സൈപ്രസ് യൂറോപ്പിലെ ചുവന്ന താരകം

യൂറോപ്പിലെ ചുവപ്പുതാരകമാണ് സൈപ്രസ്. കമ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ഏക രാജ്യമാണിത്. എകെഇഎല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിസ്റോറേറ്റീവ് പാര്‍ടി ഓഫ് വര്‍ക്കിങ് പീപ്പിള്‍ ഭരണം നടത്തുന്ന കൊച്ചുദ്വീപാണിത്. 9250 ചതുരശ്ര കിലോമീറ്റര്‍മാത്രം വലിപ്പവും മുക്കാല്‍ലക്ഷംമാത്രം ജനസംഖ്യയുമുള്ള രാജ്യമാണിത്. പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവും ചെ ഗുവേരയുടെ ചിത്രം പതിച്ച ഷര്‍ട്ട് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുമായ ദെമിത്രിസ് ക്രിസ്റോഫിയാസാണ് ഇപ്പോള്‍ സൈപ്രസിന്റെ പ്രസിഡന്റ്. വടക്കന്‍ സൈപ്രസ് ഇപ്പോഴും തുര്‍ക്കിയുടെ ആധിപത്യത്തിലാണ്. ഈ പ്രദേശത്തെ മാതൃരാജ്യവുമായി കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ എകെഇഎല്‍ എന്ന് പാര്‍ടിയുടെ കേന്ദ്രസമിതി അംഗം ജോര്‍ജ് ലൌക്കേഡിയസ് ദേശാഭിമാനിയോട് പറഞ്ഞു.

1974ലാണ് വടക്കന്‍ സൈപ്രസില്‍ തുര്‍ക്കി അധിനിവേശം നടത്തിയത്. തുര്‍ക്കിമാത്രമാണ് വടക്കന്‍ സൈപ്രസിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍, തുര്‍ക്കി സെപ്രിയോട്ട് നേതാവ് മെഹ്മത്ത് അലി തലത്തുമായി പ്രസിഡന്റ് ക്രിസ്റോഫിയോസ് ചര്‍ച്ച നടത്തിയത് പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയിട്ടുണ്ട്. സൈപ്രസില്‍നിന്ന് തുര്‍ക്കി പിന്‍വാങ്ങണമെന്നാണ് എകെഇഎല്‍ ആവശ്യപ്പെടുന്നത്. ആഗോള സാമ്പത്തികപ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് സൈപ്രസ്. രാജ്യത്തിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗം വിനോദസഞ്ചാരമാണ്. സാമ്പത്തികമാന്ദ്യത്തോടെ യുറോപ്യന്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. അതിനാല്‍ ആഭ്യന്തരടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെന്‍ഷന്‍പറ്റിയവര്‍ക്ക് സര്‍ക്കാര്‍ കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ ഏര്‍പ്പെടുത്തി. ഹോട്ടലുടമകള്‍ക്ക് പണം നല്‍കി മാന്ദ്യത്തെ മറികടക്കാന്‍ ശ്രമിക്കുന്ന മുതലാളിത്തരീതിക്കുപകരമാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡി തുക സര്‍ക്കാര്‍ ഹോട്ടലുടമകള്‍ക്ക് നല്‍കും. മാത്രമല്ല പെന്‍ഷന്‍തുക വര്‍ധിപ്പിക്കുകയും ചെയ്തു. നിരവധി സാമൂഹ്യക്ഷേമ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യാത്രാപാസ്, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി ലാപ്ടോപ്, വീട് വയ്ക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കര്‍ശനമായി നികുതി പിരിച്ചെടുത്താണ് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതെന്നും ലൌക്കേഡിയസ് പറഞ്ഞു

വിപ്ളവപ്രക്രിയക്ക് അവസാനമില്ല: വി എസ്

നവ ലിബറല്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് ബദല്‍ മുന്നോട്ടുവയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സമ്മേളനപ്രതിനിധികള്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞു. വിപ്ളവപ്രക്രിയക്ക് ഒരിക്കലും അവസാനമില്ലെന്നതാണ് കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള ഇടതുപക്ഷസര്‍ക്കാരുകളുടെ അനുഭവമെന്ന് വി എസ് പറഞ്ഞു. സീതാറാം യെച്ചൂരി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനും കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ടികളുടെ കൂട്ടായ ശ്രമങ്ങളിലൂടെ എല്ലാ രാജ്യങ്ങളിലും വിപ്ളവപ്രക്രിയക്ക് ആക്കംകൂട്ടണം. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ആഗോളവല്‍ക്കരണത്തിന് ബദല്‍ ദേശീയതയും. തൊഴിലാളിവര്‍ഗ സാര്‍വദേശീയതയ്ക്കുമാത്രമേ മുതലാളിത്തചൂഷണത്തെ ചെറുക്കാനാകൂ. സോവിയറ്റ് യുഗത്തിനുശേഷം ചേരുന്ന 11-ാമത് കമ്യൂണിസ്റ്റ് സമ്മേളനമാണിത്്. 145 വര്‍ഷംമുമ്പ് കാള്‍ മാര്‍ക്സ് സ്ഥാപിച്ച ആദ്യ ഇന്റര്‍നാഷണലിന്റെയും തുടര്‍ന്ന് എംഗല്‍സ് സംഘടിപ്പിച്ച രണ്ടാം ഇന്റര്‍നാഷണലിന്റെയും ഒക്ടോബര്‍വിപ്ളവത്തിനുശേഷം ലെനിന്‍ സ്ഥാപിച്ച മൂന്നാം ഇന്റര്‍നാഷണലിന്റെയും പാരമ്പര്യം നമുക്കുണ്ട്. സോവിയറ്റ് യുഗത്തിനുശേഷം ചേരുന്ന ഏറ്റവും വലിയ കമ്യൂണിസ്റ്റ് സമ്മേളനമാണ് ഡല്‍ഹിയിലേതെന്നും വി എസ് സന്ദേശത്തില്‍ പറഞ്ഞു.

ദേശാഭിമാനി 23-11-2009

Sunday, November 22, 2009

ഇനി ദക്ഷിണാഫ്രിക്കയില്‍

ഓഹരിക്കച്ചവടത്തിന് നികുതി വേണം

ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ നികുതി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സമ്മേളനം മുന്നോട്ടുവെക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്ത സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളില്‍ യോഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതിനെതിരെ വന്‍ ജനകീയ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ച വൈകീട്ട് മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഏതാനും ഭേദഗതികളോടെ 'ഡല്‍ഹി പ്രഖ്യാപനം' അംഗീകരിക്കും.

ഊഹക്കച്ചവടത്തിലൂടെ കോടികളാണ് മുതലാളിത്ത ശക്തികള്‍ കൈയടക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ നികുതി ഏര്‍പ്പെടുത്തണം. ബ്രസീലിലെ ലുല സര്‍ക്കാര്‍ ഓഹരി ഇടപാടിന് രണ്ട് ശതമാനം നികുതി കഴിഞ്ഞ ദിവസം ചുമത്തുകയുണ്ടായി. ഈ രീതി എല്ലാ രാജ്യങ്ങളും സ്വീകരിക്കണം. ഓഹരിവ്യാപാരത്തിന് അര ശതമാനം നികുതി ആഗോളമായി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കോര്‍പറേറ്റുകള്‍ അംഗീകരിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. കോര്‍പറേറ്റുകള്‍ക്ക് വന്‍തുക നല്‍കി പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 40 ലക്ഷം കോടി ഡോളറാണ് ഇതിന് മുതലാളിത്തം ചെലവിട്ടത്. ഇത്രയും തുക പൊതുനിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ആഭ്യന്തര ഉപഭോഗം വര്‍ധിക്കുകയും ചെയ്യുമായിരുന്നു. ഈ രീതിയില്‍ പ്രതിസന്ധി നേരിടണമെന്നാണ് കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ അഭിപ്രായം. എന്നാല്‍, കോര്‍പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കാനുള്ള പാക്കേജുകളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഫലമായി 3.7 കോടി പേരാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്. അമേരിക്കയില്‍പോലും തൊഴിലില്ലായ്മ 10 ശതമാനം കടന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്തത്തിന് അകത്തുതന്നെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടി മുതലാളിത്തത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുക എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളും കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളും മുതലാളിത്ത പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമാണ്. വിപണി പൂര്‍ണമായും തുറന്നിടുകയെന്ന ദോഹവട്ടം നിര്‍ദ്ദേശം അപകടകരമാണ്. അഭിപ്രായ സമന്വയം ഉണ്ടാവാത്തതിനാല്‍ കോപ്പന്‍ഹെഗനിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഒന്നും സംഭവിക്കാന്‍ ഇടയില്ലെന്നും യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പല്ലഭ്സെന്‍ ഗുപ്തയും പങ്കെടുത്തു. വെള്ളിയാഴ്ച യെച്ചൂരി അവതരിപ്പിച്ച 'ഡല്‍ഹി പ്രഖ്യാപന' ചര്‍ച്ചയില്‍ 47 രാജ്യങ്ങളിലെ 55 പാര്‍ടികള്‍ സംസാരിച്ചു. നാറ്റോ വികസിപ്പിച്ചതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള കടുത്ത ഉല്‍കണ്ഠ യോഗത്തില്‍ ഉയര്‍ന്നു. ഇതിനെതിരെ ലോകവ്യാപക പ്രചാരണം ആവശ്യമാണെന്നും വിലയിരുത്തി. സമാപന സമ്മേളനത്തില്‍ നാല് ഇടതുപക്ഷ പാര്‍ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുക്കും.
(വി ബി പരമേശ്വരന്‍‍)

അടുത്ത സമ്മേളനം ദക്ഷിണാഫ്രിക്കയില്‍

ന്യൂഡല്‍ഹി: സാര്‍വദേശീയ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പന്ത്രണ്ടാമത് സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും. ആദ്യമായാണ് ആഫ്രിക്ക വന്‍കരയില്‍ സമ്മേളനം നടക്കാന്‍ പോകുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ച ചേരുന്ന 11 അംഗ പ്രവര്‍ത്തകസമിതിയോഗം തീരുമാനിക്കും. ആദ്യത്തെ ഏഴ് സമ്മേളനം ഗ്രീസിലെ ഏതന്‍സിലാണ് നടന്നത്. 2006ല്‍ പോര്‍ട്ടുഗലിലെ ലിസ്ബണിലും 2007ല്‍ ബെലാറസിലെ മിന്‍സ്കിലും റഷ്യയിലെ മോസ്കോയിലുമായി ചേര്‍ന്നു. 2008ല്‍ ബ്രസീലിലെ സാവോ പോളയിലാണ് സമ്മേളനം ചേര്‍ന്നത്. ഏഷ്യയിലെ ആദ്യ സമ്മേളനമാണ് ന്യൂഡല്‍ഹിയിലേത്.

മാന്ദ്യത്തില്‍ പതറി അമേരിക്ക

മുതലാളിത്തശക്തികളെ ഞെട്ടിച്ച ആഗോള സാമ്പത്തികമാന്ദ്യത്തിനുമുന്നില്‍ അമേരിക്ക പതറിനില്‍ക്കുകയാണെന്ന് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തില്‍ അമേരിക്കന്‍ പാര്‍ടിയെ പ്രതിനിധാനംചെയ്ത് എത്തിയ സ്കോട്ട് മാര്‍ഷല്‍ പറഞ്ഞു. മാന്ദ്യകാലം കഴിഞ്ഞതായി ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അമേരിക്ക പ്രതിസന്ധിയുടെ ചുഴിയില്‍തന്നെയാണെന്നും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരന് അമേരിക്കയില്‍ ഏറെ പ്രാധാന്യമേറുന്ന ഘട്ടംകൂടിയാണിതെന്നും മാര്‍ഷല്‍ ദേശാഭിമാനിയോട് പറഞ്ഞു. അമേരിക്കയില്‍ പ്രതിമാസം രണ്ടുലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. തൊഴിലില്ലായ്മനിരക്ക് പത്തുശതമാനത്തിനുമേലെയാണ്. 18നും 24നും ഇടയില്‍ പ്രായക്കാരില്‍ 55 ശതമാനവും തൊഴില്‍രഹിതരാണ്. ഇതില്‍ ആഫ്രിക്കന്‍-അമേരിക്കക്കാരടക്കം മറ്റ് വംശീയവിഭാഗങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. 2010ല്‍ ഭവനവിപണി കൂടുതല്‍ തകരുമെന്ന് വിദഗ്ധര്‍ പറയുന്നു. തൊഴിലാളികളും കുടുംബാംഗങ്ങളും കൂട്ടത്തോടെ തൊഴില്‍രഹിതരായി തെരുവില്‍ അഭയംപ്രാപിക്കുന്ന സ്ഥിതിയുണ്ടാകും. അമേരിക്കയില്‍ നാലുകോടിയോളം ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷയില്ല. ഇവരുടെ എണ്ണം വര്‍ധിച്ചുവരികയുമാണ്.

ആഗോള മൂലധനത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രമായാണ് അമേരിക്കയെ കണക്കാക്കുന്നത്. എന്നാല്‍, പ്രതിദിനം ആയിരക്കണക്കിന് കുരുന്നുകള്‍ വിശന്ന വയറുമായി സ്കൂളുകളിലേക്ക് പോകുന്ന കാഴ്ചയുടെ മറുപുറവും അവിടെയുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ സ്കൂളുകളും ക്ളിനിക്കുകളുമൊക്കെ അടച്ചുപൂട്ടുന്നു. റോഡുകള്‍, പാലങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍ തുടങ്ങി പൊതു പശ്ചാത്തലസൌകര്യങ്ങള്‍ അവഗണിക്കപ്പെടുന്നു. അമേരിക്കയില്‍ അടുത്തയിടെ നടന്ന രണ്ടു പ്രധാനസംഭവം തൊഴിലാളിവര്‍ഗപോരാട്ടത്തെ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. ജോര്‍ജ് ബുഷിന് കനത്ത പ്രഹരമേറ്റ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഒന്ന്. ബുഷിന്റെ തോല്‍വിയില്‍ അമേരിക്കയിലെ ഇടതുപക്ഷശക്തികള്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗ ഫെഡറേഷനായ എഎഫ്എല്‍-സിഐഒയുടെ കവന്‍ഷനാണ് തൊഴിലാളിസംഘടനാ പ്രവര്‍ത്തനങ്ങളെ സജീവമാക്കിയ മറ്റൊരു പ്രധാന സംഭവം. അമേരിക്കയിലെ തൊഴിലാളിസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകരാന്‍ കവന്‍ഷന് കഴിഞ്ഞു. അമേരിക്കയിലെ ശക്തമായ ഖനിത്തൊഴിലാളി യൂണിയന്‍ നേതാവ് റിച്ചാര്‍ഡ് ട്രുംകയാണ് എഎഫ്എല്‍- സിഐഒയുടെ പുതിയ പ്രസിഡന്റ്. അന്യരാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയും തൊഴിലാളിവര്‍ഗം ശബ്ദമുയര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും അമേരിക്ക വഴിത്തിരിവിന്റെ ഘട്ടത്തിലാണെന്നും സ്കോട്ട് മാര്‍ഷല്‍ പറഞ്ഞു.
(എം പ്രശാന്ത്)

ചൈന നിലകൊള്ളുന്നത് ബഹുധ്രുവ ലോകത്തിന്

പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കിയാല്‍ മാത്രമേ സാമ്പത്തികവികസനം സാധ്യമാകൂ എന്ന് ചൈന വ്യക്തമാക്കി. ജിഡിപി വളര്‍ച്ചയില്‍ ചൈന ഊന്നല്‍കൊടുക്കുന്നത് കേന്ദ്രീകൃതവികസനത്തേക്കാള്‍ സാധാരണ ജനങ്ങളുടെ വികസനത്തിലാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്താരാഷ്ട്രവിഭാഗത്തിലെ ഏഷ്യന്‍ ബ്യൂറോ മേധാവി എയ് പിങ് 'ദേശാഭിമാനിയോട്' പറഞ്ഞു. 1988ല്‍ രാജീവ്ഗാന്ധിയുടെ ചൈന സന്ദര്‍ശനവും ദെങ് സിയാവോ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയും ഇന്ത്യ-ചൈന ബന്ധത്തില്‍ വഴിത്തിരിവായിരുന്നു. അതിര്‍ത്തിത്തര്‍ക്കം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ചൈന നിലകൊള്ളുന്നത് ബഹുധ്രുവലോകത്തിന് വേണ്ടിയാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കണം. ചൈന വലിയ രാജ്യമാണെങ്കിലും വന്‍ ശക്തിയല്ല. വികസ്വര രാജ്യം മാത്രമാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്തശക്തി അമേരിക്കയാണ്. ഏകധ്രുവ ലോകമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാല്‍, ലോകത്തിന്റെ പോക്ക് ബഹുധ്രുവലോകത്തിലേക്ക് തന്നെയാണ്. ശാസ്ത്ര-സാങ്കേതിക രംഗത്ത് അമേരിക്കയ്ക്ക് ആധിപത്യമുണ്ട്. അവരില്‍ നിന്ന് ചൈനയ്ക്ക് സഹായവും ആവശ്യമാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്കാരെ വധിക്കുന്ന മാവോയിസ്റ്റുകള്‍ ഭീകരവാദികള്‍ തന്നെയാണെന്ന് എയ് പിങ് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായ അറിവൊന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്കില്ല. പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെ എഴുപതിലധികം കേഡര്‍മാരെ ആറുമാസത്തിനിടയ്ക്ക് മാവോയിസ്റ്റുകള്‍ വധിച്ചതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രതിനിധി സംഘവുമായി ശനിയാഴ്ച ഉച്ചയ്ക്കാണ് കാരാട്ട് കൂടിക്കാഴ്ച നടത്തിയത്. മാര്‍ക്സിസം-ലെനിനിസവും മാവോ സെ തുങ് ചിന്തയുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയെ നയിക്കുന്നത്. മാര്‍ക്സിസം- ലെനിനിസം ഉപേക്ഷിക്കാന്‍ ചൈനക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍നിരയില്‍നിന്ന് പിന്നോട്ട്

റഷ്യയില്‍ മുതലാളിത്തം പരാജയപ്പെടുകയാണെന്ന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ നേതാവ് തെത്തേകിന്‍ വ്യാചെസ്ളാവ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ട് പോകുകയാണ്. ഇന്ത്യയും ചൈനയും മറ്റും ആറും ഏഴും ശതമാനം സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ റഷ്യയില്‍ നെഗറ്റീവ് വളര്‍ച്ചയാണ്്. നിക്ഷേപത്തില്‍ 18 ശതമാനം ഇടിവാണുണ്ടായത്. സോവിയറ്റ് യൂണിയന്റെ കാലത്ത് തൊഴിലില്ലായ്മ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകുകയാണ്. വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നു. റഷ്യയില്‍ നിലവിലുള്ളത് കൊള്ളമുതലാളിത്തമാണ്. ഏതാനും വ്യക്തികള്‍ സമ്പത്ത് മുഴുവന്‍ കൈക്കലാക്കുകയാണ്. അതില്‍ ചില്ലിക്കാശുപോലും റഷ്യയില്‍ നിക്ഷേപിക്കുന്നില്ല. മുഴുവന്‍ വിദേശത്തേക്ക് കടത്തുകയാണ്. പാരീസിലും ലണ്ടനിലും അവര്‍ കൊട്ടാരങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പുടിന്റെ ജനപ്രീതി ഇടിയുകയാണ്. അടുത്തയിടെ മോസ്കോവിലടക്കം നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പുടിന്റെ ജനപ്രീതി കുറഞ്ഞു. രണ്ടാംകക്ഷിയായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ മാറി. 15 മുതല്‍ 20 ശതമാനം വരെ വോട്ട് പാര്‍ടിക്ക് ലഭിച്ചു. പുടിന്‍ വോട്ട് ചെയ്ത മോസ്കോയിലെ ബൂത്തിലും പാര്‍ടിക്ക് 44 ശതമാനം വോട്ട് ലഭിച്ചു. ബൂത്ത് പിടിത്തം അടക്കമുള്ള വന്‍ ക്രമക്കേടുകളാണ് തെരഞ്ഞെടുപ്പില്‍ നടന്നത്. അല്ലെങ്കില്‍ ഇതിലും കൂടുതല്‍ വോട്ട് ലഭിക്കുമായിരുന്നു.

സോവിയറ്റ് കാലത്ത് ആരംഭിച്ച വന്‍കിട വ്യവസായങ്ങളൊക്കെ സര്‍ക്കാര്‍ അടച്ചുപൂട്ടുകയാണ്. പ്രമുഖ വിമാന നിര്‍മാണക്കമ്പനി ഉള്‍പ്പെടെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉന്നത സാങ്കേതികവ്യവസായത്തിന് പേരുകേട്ട രാജ്യമായിരുന്നു റഷ്യ. എന്നാല്‍, ഒന്നൊന്നായി അതൊക്കെ അടച്ചിട്ടു. വ്യവസായത്തെ തകര്‍ക്കുകവഴി സംഘടിത തൊഴിലാളിവര്‍ഗത്തെയും റഷ്യന്‍ സര്‍ക്കാര്‍ ക്ഷീണിപ്പിക്കുകയാണ്. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നതെന്ന് തെത്തേകിന്‍ പറഞ്ഞു.

ലാറ്റിനമേരിക്കയില്‍ കുതന്ത്രത്തിന് ഒബാമ

അമേരിക്കന്‍ സമ്രാജ്യത്വത്തിന് ലാറ്റിനമേരിക്കയില്‍ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാന്‍ ഒബാമ ഭരണകൂടം കടുത്ത ആക്രമണമാണ് നടത്തുന്നതെന്ന് മേഖലയിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു. യാങ്കികളുടെ പുതിയ മുഖംമാത്രമാണ് ഒബാമയെന്നും കമ്യൂണിസ്റ്റ് നേതാക്കളായ പെട്രീഷ്യോ എച്ചേഗാരി (അര്‍ജന്റീന), ജോസ് റെയ്നാള്‍ഡോ കര്‍വാഹ്ലോ (ബ്രസീല്‍), അന്റോണിയോ പാവേല്‍ (മെക്സിക്കോ) എന്നിവര്‍ പറഞ്ഞു. ലാറ്റിനമേരിക്കയാകെ മാറ്റത്തിന്റെ പാതയിലാണ്. കമ്യൂണിസ്റ്റ് പാര്‍ടികള്‍ അടക്കമുള്ള പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളാണ് മാറ്റത്തിന്റെ കൊടി ഉയര്‍ത്തിയത്. വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, നിക്കരാഗ്വ, എല്‍സാല്‍വദോര്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷമാണ് അധികാരത്തില്‍. ലാറ്റിനമേരിക്ക തങ്ങളുടെ കൈപ്പിടിയിലാണെന്ന ധാരണ അമേരിക്കയ്ക്ക് തിരുത്തേണ്ടി വന്നു. ഈ മാറ്റം അമേരിക്കന്‍ സാമ്രാജ്യത്വത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഒബാമ ഭരണകൂടം വന്നതോടെ കടുത്ത ആക്രമണമാണ് ലാറ്റിനമേരിക്കക്കെതിരെ നടത്തുന്നത്. ഹോണ്ടുറാസില്‍ നടത്തിയ അട്ടിമറി ആദ്യ ഉദാഹരണമാണ്. വെനസ്വേലയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഷാവേസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള എല്ലാ കുതന്ത്രവും അമേരിക്ക പുറത്തെടുക്കും. കൊളംബിയയില്‍ ഏഴു സൈനിക കേന്ദ്രമാണ് അമേരിക്ക സ്ഥാപിക്കാന്‍ പോകുന്നത്. ഈ സൈനിക കേന്ദ്രങ്ങള്‍ ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ മുന്നേറ്റത്തെ ലക്ഷ്യംവച്ചാണ്. ഇറാഖിലും അഫ്ഗാനിലും അമേരിക്ക തോല്‍ക്കുകയാണ്. ലബനനില്‍ പരാജയത്തിന്റെ രുചി അറിയുകയും ചെയ്തു. തകര്‍ച്ചയുടെ ഈ തുടര്‍ച്ച തടയാന്‍ ലാറ്റിനമേരിക്കയില്‍ ആധിപത്യം ഉറപ്പിക്കണം. അതിനുള്ള ശ്രമങ്ങളാണ് അമേരിക്ക ആരംഭിച്ചിട്ടുള്ളത്. ഇതിനെ ചെറുക്കാന്‍ വിശാല ഇടതുപക്ഷസഖ്യം ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ദേശാഭിമാനി 221109

Saturday, November 21, 2009

'ഡല്‍ഹി പ്രഖ്യാപനം' ബദല്‍ സോഷ്യലിസം മാത്രം

കമ്യൂണിസ്റ്റ് സമ്മേളനത്തിന് ആവേശകരമായ തുടക്കം

മുതലാളിത്തത്തിനു ബദല്‍ സോഷ്യലിസം മാത്രമാണെന്ന പ്രഖ്യാപനത്തോടെ ലോക കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനത്തിന് ഡല്‍ഹിയില്‍ തുടക്കമായി. ഏഷ്യയില്‍ ആദ്യമായി നടക്കുന്ന സമ്മേളനം വിപ്ളവ സാഹോദര്യം പ്രകടമായ ആവേശകരമായ അന്തരീക്ഷത്തിലാണ് ആരംഭിച്ചത്. സമ്മേളനാരംഭത്തില്‍ കാജല്‍ ഘോഷിന്റെ നേതൃത്വത്തിലുള്ള തെരുവുഗായകസംഘം 'പര്‍ച്ചം' കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ ആലപിച്ചപ്പോള്‍ പ്രതിനിധികള്‍ ഏഴുന്നേറ്റ്നിന്ന് കൈകോര്‍ത്തു. 48 രാജ്യങ്ങളില്‍നിന്നായി 56 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 87 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്ര സമ്മേളനത്തിന്റെ എല്ലാ പ്രൌഢിയോടുംകൂടിയ ഒത്തുചേരലിന് സിപിഐ എമ്മും സിപിഐയുമാണ് ആതിഥേയത്വം നല്‍കുന്നത്. ഒമ്പതംഗ പ്രസീഡിയമാണ് ആദ്യ സെഷന്‍ നിയന്ത്രിച്ചത്.

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, മരിനോസ് ജോര്‍ജിയോസ് (ഗ്രീസ്), മാത്യൂസ് അല്‍വേസ് ജോസ് ആഞ്ചലോ (പോര്‍ച്ചുഗല്‍), തതേകിന്‍ വ്യാചിസ്ലാവ് (റഷ്യന്‍ ഫെഡറേഷന്‍), ജോസ് റെയ്നാള്‍ഡോ കര്‍വാല്‍ഹോ (ബ്രസീല്‍), മേരി നസീഫ് ദേബ് (ലബനന്‍) എന്നിവരാണ് പ്രസീഡിയത്തിലുണ്ടായിരുന്നത്. സിപിഐ സാര്‍വദേശീയവിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപ്ത സ്വാഗതം പറഞ്ഞു. ഡല്‍ഹി പ്രഖ്യാപനമെന്ന പ്രധാനപ്രമേയം സീതാറാം യെച്ചൂരി അവതരിപ്പിച്ചു. രണ്ടാം സെഷനില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം കെ പന്ഥെ, സിപിഐ സെക്രട്ടറി ഡി രാജ എന്നിവരടങ്ങിയ പ്രസീഡിയമാണ് നടപടികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് ചര്‍ച്ച ആരംഭിച്ചു. അര്‍ജന്റീനയില്‍നിന്നുള്ള പാട്രീഷ്യോ എച്ചേഗാരിയാണ് ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്തത്.

തുടര്‍ന്ന് ജോസ് റെയ്നാള്‍ഡോ കല്‍വാഹോ (ബ്രസീല്‍), ഓസ്കാര്‍ ഇസ്രയേല്‍ മാര്‍ടിനസ് (ക്യൂബ), അന്റോണിയോ പാവേല്‍ (മെക്സിക്കോ), സ്കോട്ട് മാര്‍ഷല്‍ (യുഎസ്എ) എന്നിവര്‍ അമേരിക്കന്‍ വന്‍കരയില്‍നിന്ന് സംസാരിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ രൂക്ഷവിമര്‍ശമാണ് ലാറ്റിനമേരിക്കന്‍ പ്രതിനിധികള്‍ നടത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം മൂന്നരയ്ക്ക് വീണ്ടും ചര്‍ച്ച ആരംഭിച്ചപ്പോള്‍ ഏഷ്യയില്‍നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. മന്‍സൂറുല്‍ അസംഖാന്‍ (ബംഗ്ളാദേശ്), എയ് പിങ് (ചൈന), പാക് യോങ് (കൊറിയ), മണിക് സര്‍ക്കാര്‍ (സിപിഐ എം), സുധാകര്‍ റെഡ്ഡി (സിപിഐ), നവീദ് ഷൊമാലി (ഇറാന്‍), ഉസ്മനോവ് ബത്തിയേര്‍ (കിര്‍ഗിസിസ്ഥാന്‍), ഡോ. കെ പി ഓലി (നേപ്പാള്‍), ന്യൂഗേന്‍ മാന്‍ ഹങ് (വിയത്നാം), ഇംദാദുല്ല ഖാസി (പാകിസ്ഥാന്‍) എന്നിവര്‍ സംസാരിച്ചു. യൂറോപ്പില്‍നിന്നുള്ള അംഗങ്ങളുടെ ചര്‍ച്ചയും ആരംഭിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

'ഡല്‍ഹി പ്രഖ്യാപനം' ബദല്‍ സോഷ്യലിസം മാത്രം

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൊണ്ടുമാത്രം മുതലാളിത്തം സ്വയം തകരില്ലെന്നും അതിനെ തകര്‍ത്തെറിയുക തന്നെ വേണമെന്നും ലോക കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടി സമ്മേളനം അഭിപ്രായപ്പെട്ടു. മുതലാളിത്തം തകരണമെങ്കില്‍ അതിനുള്ള ബദല്‍ ജനങ്ങള്‍ക്കുമുമ്പില്‍ വയ്ക്കണം. ഈ ലക്ഷ്യം നേടാന്‍ കുറുക്കുവഴികളില്ല. അതിനായി വിപ്ളവകരമായ ആശയസമരവും ജനകീയപ്രക്ഷോഭവും വളര്‍ത്തണം. മാര്‍ക്സിസം ലെനിനിസത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ടികളുടെ ശക്തമായ ഇടപെടലിലൂടെ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ എന്നും 'ഡല്‍ഹിപ്രഖ്യാപന'മെന്ന പ്രധാന പ്രമേയം വ്യക്തമാക്കി.

കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രമേയം അവതരിപ്പിച്ചു. മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണം ശരിയല്ല. ബദല്‍ സോഷ്യലിസം മാത്രമാണ്. എന്നാല്‍, ജനകീയസമരങ്ങളിലൂടെയേ ഈ ലക്ഷ്യം നേടാനാകൂ. ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ്. അന്തിമവിജയത്തിന് മുതലാളിത്തവ്യവസ്ഥയെ അട്ടിമറിക്കാനാവശ്യമായ കടുത്ത ആക്രമണംതന്നെ വേണം. ലോകം മുഴുവന്‍ മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തമുള്ളതിനാല്‍ ലോകവ്യാപകമായി കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയസമരം ഉണ്ടാകണം. അതിനായി പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്തണം സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ ബദലിനായുള്ള അന്വേഷണമാണ്. ഇതിന് നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ യെച്ചൂരി നേതാക്കളോട് അഭ്യര്‍ഥിച്ചു.

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി ചാക്രികക്കുഴപ്പത്തിന്റെ ഭാഗമായതിനാല്‍ അത് അതിജീവിക്കുമെന്നും തുടര്‍ന്ന് വര്‍ധിച്ച ചൂഷണം ആരംഭിക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കി. രണ്ട് രീതിയിലാണ് മുതലാളിത്തം ചൂഷണശൃംഖല വിപുലമാക്കുക. ഒന്നാമതായി ചരക്കിന്റെയും മൂലധനത്തിന്റെയും നീക്കം സ്വതന്ത്രമാക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. സ്വതന്ത്ര വ്യാപാരക്കരാറുകളും മറ്റും ഇതിന്റെ ഭാഗമാണ്. ഇത്തരം കരാറുകളുടെയും ചുങ്കം വെട്ടിക്കുറയ്ക്കുന്നതിന്റെയും ഫലമായി വികസ്വര രാജ്യങ്ങളില്‍ വ്യവസായങ്ങള്‍ തകരുകയും കൃഷി അധഃപതിക്കുകയും ചെയ്യുന്നു. രണ്ടാമതായി ധനപരമായ അച്ചടക്കത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ ചെലവ് കുറച്ച് മൂലധനം വന്‍ തോതില്‍ സ്വകാര്യവ്യക്തികളില്‍ കുന്നുകൂട്ടുന്നു. സ്വകാര്യവല്‍ക്കരണം ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കയാണ്. വികസ്വര രാജ്യങ്ങളില്‍ പ്രത്യേകിച്ചും രാഷ്ട്രത്തിന്റെ സമ്പത്ത് സ്വകാര്യമേഖലയ്ക്ക് നല്‍കുന്നു. ധാതുലവണം, വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, വനം എന്നീ മേഖലകള്‍ പോലും വ്യാപകമായി സ്വകാര്യ മൂലധനരൂപീകരണത്തിന് ഉപയോഗിക്കുകയാണ്. കാര്‍ഷികരംഗത്തും ബഹുരാഷ്ട്ര കുത്തകകള്‍ പിടിമുറുക്കുന്നു. ഇത്തരം നവ ഉദാരനയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്കും വഴിവച്ചത്. മൂലധനം ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിച്ചതിന്റെ ഫലമായി ഭൂരിപക്ഷം ജനങ്ങളുടെ വാങ്ങല്‍ശേഷിയില്‍ വന്‍ കുറവുണ്ടായി. കൃത്രിമമായി ആവശ്യം വര്‍ധിപ്പിക്കാന്‍ ചെറിയ പലിശയ്ക്ക് വന്‍തോതില്‍ വായ്പ നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മറ്റ് പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. വന്‍ തോതില്‍ പൊതുനിക്ഷേപം വര്‍ധിപ്പിച്ച് മാത്രമേ ചോദനം വളര്‍ത്താന്‍ കഴിയൂ എന്ന പാഠം മുതലാളിത്തം സ്വീകരിക്കാന്‍ തയ്യാറല്ല. രാഷ്ട്രീയ, സൈനികശക്തി ഉപയോഗിച്ച് പ്രതിസന്ധിക്ക് മറയിടാനാണ് ശ്രമം. അത് വിജയിക്കില്ല. ഇത് വീണ്ടും പ്രതിസന്ധിയിലേക്കേ നയിക്കൂ- യെച്ചൂരി പറഞ്ഞു.
(വി ബി പരമേശ്വരന്‍)

പോംവഴി പ്രക്ഷോഭം മാത്രം: സിപിഐ എം

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും മുതലാളിത്ത ചൂഷണത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും ജീവിതാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭമല്ലാതെ ഒരു എളുപ്പവഴിയുമില്ലെന്ന് സിപിഐ എം പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രധാന പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരാണ് നിലപാട് അറിയിച്ചത്. ആഗോളവല്‍ക്കരണ നയങ്ങളുടെയും സാമ്പത്തികമാന്ദ്യത്തിന്റെയും ഫലമായുണ്ടായ തകര്‍ച്ചയുടെ മറവില്‍ തൊഴിലാളികളുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ക്കുമേല്‍ കടന്നാക്രമണമാണ് മൂലധനശക്തികളും ഭരണകൂടവും നടത്തുന്നത്. ഇതിനെ തൊഴിലാളിവര്‍ഗം യോജിച്ച് ചെറുത്ത സ്ഥലങ്ങളില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടതായാണ് അനുഭവം. സമരങ്ങള്‍ സാമ്പത്തിക ആവശ്യംമാത്രം മുന്‍നിര്‍ത്തിയുള്ളതാകരുത്. തൊഴിലാളികളുടെയും ജനങ്ങളുടെയും ദുരിതങ്ങള്‍ക്ക് കാരണമായ ജീര്‍ണ മൂലധന സംവിധാനത്തിന് ബദലായ രാഷ്ട്രീയ സംവിധാനം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കൂടിയാകണം. ഈ ബദല്‍ സോഷ്യലിസമാണെന്ന് സിപിഐ എം വിശ്വസിക്കുന്നു. പ്രതിസന്ധി മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണെന്ന് മാര്‍ക്സ് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് താനേ തകരുകയില്ല. അതിനെ അട്ടിമറിക്കേണ്ടതുണ്ട്. മൂലധനത്തിന്റെ ഭരണത്തിനെതിരെ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പോരാട്ടമുണ്ടായില്ലെങ്കില്‍ വലതുപക്ഷ-യാഥാസ്ഥിതിക ശക്തികള്‍ അവസരം മുതലെടുത്ത് മുതലാളിത്ത സംവിധാനം ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കും. ഇത്തരം പ്രതിസന്ധിഘട്ടത്തിലാണ് ഫാസിസം ശക്തി പ്രാപിച്ചതെന്ന് ചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്. അത് ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. സാമ്രാജ്യത്വവും ഭരണവര്‍ഗവും കമ്യൂണിസ്റ്റ്, തൊഴിലാളിവര്‍ഗ പാര്‍ടികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തി തങ്ങളുടെ നില ഭദ്രമാക്കാന്‍ ശ്രമിക്കും. ഇതിന് എല്ലാവിധ ആശയപ്രചാരണങ്ങളും അവര്‍ നടത്തും. മുതലാളിത്തത്തിന് ബദലില്ല എന്ന വാദത്തിനെതിരെ സോഷ്യലിസംമാത്രമാണ് ബദല്‍ എന്ന ആശയപ്രചാരണം ശക്തമാക്കണം. സോഷ്യലിസമാണ് ഭാവി. ഭാവി നമ്മുടേതും. ആഗോള പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ഗവമെന്റുകള്‍ സ്വീകരിക്കുന്ന നടപടികള്‍ കോര്‍പറേറ്റുകളെമാത്രം സഹായിക്കാനുള്ളതാണ്. വികസിത രാഷ്ട്രങ്ങളുടെ ഭാരം വികസ്വര രാഷ്ട്രങ്ങളുടെയും തൊഴിലാളികളുടെയും മറ്റ് പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ചുമലിലിട്ട് രക്ഷപ്പെടാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്- മണിക് സര്‍ക്കാര്‍ പറഞ്ഞു.
(വി ജയിന്‍‍)

ദേശാഭിമാനി 21 നവംബര്‍ 2009

ഉപഭൂഖണ്ഡത്തിലെ രക്തബന്ധുക്കള്‍

ഉപഭൂഖണ്ഡത്തിലെ രക്തബന്ധുക്കള്‍

ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മില്‍ വിപ്ളവകരമായ സാഹോദര്യമുണ്ട്. എന്നാല്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി പൊക്കിള്‍ക്കൊടി ബന്ധം തന്നെയുള്ള രണ്ട് കമ്യൂണിസ്റ്റ് പാര്‍ടികള്‍ ഉപഭൂഖണ്ഡത്തിലുണ്ട്; ഇന്ത്യ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് അവിഭക്ത ഇന്ത്യന്‍ പാര്‍ടിയില്‍നിന്ന് പിറവിയെടുത്ത പാകിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയും (സിപിപി) അതില്‍നിന്ന് ജന്മംകൊണ്ട ബംഗ്ളാദേശ് കമ്യൂണിസ്റ്റ് പാര്‍ടിയും (സിപിബി).

കൊല്‍ക്കത്തയില്‍ 1948 മാര്‍ച്ചില്‍ ചേര്‍ന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസിലാണ് അവിഭക്ത പാര്‍ടി രണ്ടായി പിരിയുന്നത്. പുരോഗമനസാഹിത്യകാരന്മാരുടെ അഖിലേന്ത്യാ സംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ സജ്ജാദ് സഹീര്‍ ജനറല്‍ സെക്രട്ടറിയായാണ് സിപിപി രൂപീകരിച്ചത്. ഖോക്ക റോയ് സെക്രട്ടറിയായി കിഴക്കന്‍ പാകിസ്ഥാന്‍ പ്രവിശ്യാസമിതിയും രൂപീകരിച്ചു. പടിഞ്ഞാറന്‍ പാകിസ്ഥാനും പിന്നീട് ബംഗ്ളാദേശായ കിഴക്കന്‍ പാകിസ്ഥാനും തമ്മില്‍ 2000 കിലോമീറ്റര്‍ അകലമുള്ളതിനാല്‍ ഈ പ്രവിശ്യാസമിതിയെ സിപിബിയുടെ ആദ്യരൂപമായി കാണാറുണ്ട്. 68ല്‍ രഹസ്യമായി ചേര്‍ന്ന കിഴക്കന്‍ പാകിസ്ഥാന്‍ പ്രവിശ്യാസമിതിയുടെ നാലാംസമ്മേളനത്തെ ആദ്യ കോണ്‍ഗ്രസായി പ്രഖ്യാപിച്ചു. പിന്നീട് 71ല്‍ ബംഗ്ളാദേശ് രൂപീകരണത്തെ തുടര്‍ന്ന് പാര്‍ടിയുടെ പേര് സിപിബി എന്നായി. മതമൌലികവാദികളും പട്ടാള സ്വേച്ഛാധിപത്യങ്ങളും അരങ്ങുതകര്‍ത്ത പാകിസ്ഥാനിലും ബംഗ്ളാദേശിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനം എക്കാലവും ദുഷ്കരമായിരുന്നു. പാകിസ്ഥാനിലാണ് കമ്യൂണിസ്റ്റുകാര്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടത്. അവിടെ 51ല്‍ നിരവധി നേതാക്കളെ റാവല്‍പിണ്ടി ഗൂഢാലോചന കേസ് ചുമത്തി പീഡിപ്പിച്ചു. 54ല്‍ നിരോധിക്കപ്പെട്ട പാര്‍ടി 86വരെ ഒളിവില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായി. പാര്‍ടിയുടെ പ്രമുഖ നേതാക്കളായ ഹസന്‍ നാസിര്‍, നസീര്‍ അബ്ബാസി തുടങ്ങി നിരവധി കമ്യൂണിസ്റ്റുകാരെ മാറിമാറി വന്ന പട്ടാള ഭരണകൂടങ്ങള്‍ നിഷ്ഠുരമായി കൊന്നു.

അടിച്ചമര്‍ത്തലുകള്‍ നേരിട്ട് പോരാടിയ പാര്‍ടി ബലൂചിസ്ഥാനിലെ പത്ഫീദറില്‍ സംഘടിപ്പിച്ച ഉശിരന്‍ സായുധ കര്‍ഷകപോരാട്ടം ശ്രദ്ധേയമായിരുന്നു. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നതകള്‍ പാകിസ്ഥാന്‍ പാര്‍ടിയിലും പിളര്‍പ്പുണ്ടാക്കി. പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചശേഷം പാകിസ്ഥാനില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി ഫ്യൂഡലിസത്തിനും മതമൌലികവാദത്തിനുമെതിരെ പോരാട്ടത്തിന്റെ മുന്നണിയിലാണ്. ഇതിനൊപ്പം പട്ടാള-സിവിലിയന്‍ ബ്യൂറോക്രാറ്റിക് വാഴ്ചകള്‍ക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിന് വിശാല ഇടതുപക്ഷമുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

ബംഗ്ളാദേശില്‍ 54ലെ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ 300 അംഗ സഭയിലേക്ക് 27 കമ്യൂണിസ്റ്റുകാര്‍ വിജയിച്ചു. ഇതില്‍ 23പേര്‍ സഖ്യകക്ഷികളുടെ പേരിലാണ് മത്സരിച്ചത്. പാക് കേന്ദ്രഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെയും ഒമ്പതുമാസം നീണ്ട സായുധസ്വാതന്ത്ര്യ പോരാട്ടത്തിന്റെയും മുന്നണിയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുണ്ടായിരുന്നു. ബംഗ്ളാദേശ് രൂപീകരണത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകസമിതിയില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും സ്ഥാനം ലഭിച്ചു. 75ലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടി കടുത്ത പീഡനത്തിന് ഇരയായി. 77ല്‍ നിരോധിക്കപ്പെട്ടു. 83ല്‍ പട്ടാളഭരണത്തിനെതിരെ 15 കക്ഷി സഖ്യത്തില്‍ ചേര്‍ന്ന പാര്‍ടിക്ക് 90ല്‍ ജനറല്‍ എര്‍ഷാദിനെ പുറത്താക്കിയ പ്രക്ഷോഭത്തില്‍ വലിയ പങ്കുണ്ട്. മതമൌലികവാദത്തിനെതിരെ ഭരണകക്ഷിയായ അവാമി ലീഗ് അടക്കം മുഴുവന്‍ മതേതരശക്തികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് പാര്‍ടി. രണ്ട് പ്രധാന കക്ഷിക്ക് പ്രാമുഖ്യമുള്ള ഇരുകക്ഷി രാഷ്ട്രീയവ്യവസ്ഥയ്ക്കെതിരെ എല്ലാ പുരോഗമനവാദികളെയും ചേര്‍ത്ത് ബദല്‍ വളര്‍ത്താനും ശ്രമിക്കുന്നു.
(എ ശ്യാം)

സാര്‍വദേശീയ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന്..

ക്യൂബ: ഒബാമയുടെ നയത്തിലും മാറ്റമില്ല

മുന്‍ അമേരിക്കന്‍ ഭരണാധികാരികളില്‍നിന്ന് ഒട്ടും വ്യത്യസ്തമായ നയമല്ല അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബയോട് കൈക്കൊള്ളുന്നതെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്താരാഷ്ട്രവിഭാഗം ഉപമേധാവി ഓസ്കാര്‍ ഇസ്രായേല്‍ മാര്‍ട്ടിനെസ് പറഞ്ഞു. അര നൂറ്റാണ്ടായി തുടരുന്ന ഉപരോധം ഇപ്പോഴുമുണ്ട്. ക്യൂബയുമായി വ്യാപാര-വാണിജ്യബന്ധത്തിലേര്‍പ്പെടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഇപ്പോഴും ശിക്ഷിക്കുകയാണ്. അടുത്തയിടെ 22 കമ്പനിക്കെതിരെ അമേരിക്ക നടപടിയെടുത്തു. ക്യൂബയുമായി ഇടപാട് നടത്തിയതിന് യൂറോപ്പിലെ ഒരു ബാങ്കിന് ഒരു ലക്ഷം ഡോളറാണ് ഒബാമ ഭരണകൂടം പിഴയിട്ടത്. ക്യൂബയുമായുള്ള ബന്ധത്തില്‍ വലിയ മാറ്റം വരുത്തുമെന്നാണ് ഒബാമ പറയുന്നതെങ്കിലും അത് നടപ്പാക്കാന്‍ അദ്ദേഹം തയ്യാറായില്ല-മാര്‍ട്ടിനെസ് പറഞ്ഞു.

സാമൂഹ്യപദ്ധതികള്‍ വര്‍ധിച്ച തോതില്‍ ഏറ്റെടുത്തുകൊണ്ടാണ് പ്രതിസന്ധിയെ മറികടക്കാന്‍ ക്യൂബ ശ്രമിക്കുന്നത്. പൊതുബജറ്റിന്റെ 40 ശതമാനവും സാമൂഹ്യപദ്ധതികള്‍ക്കാണ് ഉപയോഗിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കായികരംഗം എന്നിവ പൂര്‍ണമായും സൌജന്യമാണ്. അരി, ഭക്ഷ്യഎണ്ണ എന്നിവ 1960കളില്‍ നല്‍കിയ വിലയ്ക്കുതന്നെയാണ് ഇപ്പോഴും ജനങ്ങള്‍ക്ക് നല്‍കുന്നത്. വീടുനിര്‍മാണത്തിനും മറ്റും സഹായം നല്‍കുന്നുണ്ട്. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാണെങ്കിലും 26 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 17 ലക്ഷം ഹെക്ടര്‍ കൃഷി നടത്താനായി ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയാണ് കൃഷി. 80 ശതമാനം ഉല്‍പ്പാദനക്ഷമത നേടാനായിട്ടുണ്ട്. ഇത് നൂറ് ശതമാനമാക്കാനാണ് ശ്രമിക്കുന്നത്. നേതൃത്വത്തില്‍നിന്ന് ഫിദല്‍ കാസ്ട്രോ ഒഴിഞ്ഞതോടെ ക്യൂബ സോഷ്യലിസം ഉപേക്ഷിക്കുകയാണെന്ന പാശ്ചാത്യ പ്രചാരണത്തില്‍ കഴമ്പില്ല. ഫിദലിന്റെ പാതയിലൂടെ തന്നെയാണ് റൌളും സഞ്ചരിക്കുന്നത്. സോഷ്യലിസത്തില്‍നിന്ന് കൂടുതല്‍ സോഷ്യലിസത്തിലേക്കാണ് ക്യൂബ മുന്നേറുന്നതെന്നും മാര്‍ട്ടിനെസ് പറഞ്ഞു.

സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ച് മുന്നേറും: സിപിസി

ചൈന മുതലാളിത്തപാതയിലാണെന്നും മാര്‍ക്സിസത്തില്‍നിന്ന് അകലുന്നുവെന്നുമുള്ള ചിലരുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധി ഐ പിങ് പറഞ്ഞു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ സാര്‍വദേശീയസമ്മേളനത്തില്‍ പ്രധാന പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസത്തെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും കൂട്ടിയിണക്കി പ്രയോഗിക്കുകയാണ് ചൈന ചെയ്യുന്നത്. മാര്‍ക്സിസത്തെ അതത് രാജ്യങ്ങളുടെ സവിശേഷതകള്‍ കണക്കിലെടുത്താണ് പ്രയോഗത്തില്‍ വരുത്തേണ്ടതെന്ന് മാര്‍ക്സിസം അറിയുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ചൈന 7.7 ശതമാനം സാമ്പത്തികവളര്‍ച്ച നേടിയെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ആധിപത്യമുള്ള ആഗോള സമ്പദ്വ്യവസ്ഥയാണ് തകര്‍ച്ച നേരിട്ടതെന്ന് വര്‍ക്കേഴ്സ് പാര്‍ടി ഓഫ് കൊറിയ പ്രതിനിധി പാക് ഗ്യോങ് സ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ നിറവേറ്റുന്നത് സോഷ്യലിസ്റ്റ് സംവിധാനമാണ്. ഉപരോധമടക്കം അമേരിക്ക നടത്തുന്ന ഒറ്റപ്പെടുത്തല്‍ അതിജീവിച്ചാണ് ഉത്തരകൊറിയ സോഷ്യലിസ്റ്റ് പാതയിലൂടെ മുന്നേറുന്നത്.

മുതലാളിത്തത്തിന്റെ ആശയങ്ങള്‍ സാര്‍വദേശീയമായി ദുര്‍ബലമായെന്ന് തൂഡെ പാര്‍ടി ഓഫ് ഇറാന്‍ പ്രതിനിധി നവിദ് ഷൊമാലി പറഞ്ഞു. ആഗോള സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് യോജിച്ച ബഹുജന പോരാട്ടം ശക്തമാക്കണം. അഹമ്മദി നെജാദിന്റെ ഭരണനടപടികളെ അദ്ദേഹം വിമര്‍ശിച്ചു. കിര്‍ഗിസ്ഥാന്‍, ലെബനന്‍, നേപ്പാള്‍, ബംഗ്ളാദേശ് തുടങ്ങിയ ഏഷ്യയിലെ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികള്‍ വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

ചെറുത്തുനില്‍പ്പ് വിപുലമാകണം: സിപിഐ

തൊഴിലാളിവര്‍ഗവും ജനങ്ങളും പ്രധാനമായും നേരിടുന്നത് ആഗോളപ്രശ്നങ്ങളാണെന്നും അതിനാല്‍ ആഗോളവും ഏകോപിച്ചതുമായ ചെറുത്തുനില്‍പ്പുകള്‍ക്ക് ലോകത്തെ തൊഴിലാളിവര്‍ഗം സജ്ജമാകണമെന്നും സിപിഐ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ ആഗോളസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സിപിഐ അസിസ്റന്റ് സെക്രട്ടറി സുധാകര്‍റാവുവാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. പ്രാദേശികമായും ദേശീയമായുമുള്ള ചെറുത്തുനില്‍പ്പുകള്‍ക്കും ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും രൂപംനല്‍കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ആഗോളമായ ഏകീകൃത പോരാട്ടങ്ങള്‍ സുപ്രധാനമാണ്. ഐഎംഎഫ്, ലോക ബാങ്ക്, ജി-7 ഉച്ചകോടികള്‍ക്കുമുന്നില്‍ നടന്ന ചെറുത്തുനില്‍പ്പുകള്‍ ഓര്‍മിക്കേണ്ടതാണ്. തൊഴിലാളിവര്‍ഗത്തിനും ജനങ്ങള്‍ക്കുംമേല്‍ കൂടുതല്‍ ആക്രമണങ്ങള്‍ ആസൂത്രണംചെയ്യാന്‍ മൂലധനശക്തികളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന സ്ഥലങ്ങളിലാണ് ജനങ്ങളുടെ സ്വാഭാവികമായ ചെറുത്തുനില്‍പ്പുകളുണ്ടായത്. ഇനിയുള്ള ഇത്തരം പോരാട്ടങ്ങള്‍ കൂടുതല്‍ വിപുലവും പുതിയ ജനവിഭാഗങ്ങളെ അണിനിരത്തുന്നതുമാകണം.

മുതലാളിത്തം അതിന്റെ പ്രതിസന്ധി മറികടക്കാന്‍ വന്‍തോതില്‍ പൊതുഫണ്ടില്‍നിന്ന് കൊള്ള നടത്തുകയാണ്. ഇതിന്റെ ഭാരം താങ്ങേണ്ടിവരുന്നത് ജനങ്ങളും. മുതലാളിത്തം കൊട്ടിഘോഷിച്ച സാമ്പത്തികവളര്‍ച്ച ഒരു ചെറു ന്യൂനപക്ഷത്തിന്റെ മാത്രം വളര്‍ച്ചയ്ക്കാണ് ഇടയാക്കിയത്. ഇന്ത്യയിലും പരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി ജനങ്ങളെ വീണ്ടും പാപ്പരാക്കാനാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തി.

ദേശാഭിമാനി 211109

Friday, November 20, 2009

കാരാട്ടും ബര്‍ദനും പറയുന്നത്

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും

കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുകയാണ്. എല്ലാ വര്‍ഷവും നടക്കുന്ന ഈ സമ്മേളനത്തിന് ഈ വര്‍ഷം സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം നല്‍കുന്നത്. 'സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരവും ബദലും, അതില്‍ കമ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയമാണ് ഈ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക.

എല്ലാ വര്‍ഷവും സമ്മേളനം ചേരുന്നതിന്റെ പ്രസക്തിയെന്താണ്?

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിക്കും ശേഷം തീര്‍ത്തും പുതിയ ഒരു സാഹചര്യം നിലവില്‍ വന്നു. സോഷ്യലിസത്തിന് അന്ത്യമായെന്നും മുതലാളിത്തം അനശ്വരമായി നിലനില്‍ക്കുമെന്നും ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ചില കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് അസ്തിത്വം പൂര്‍ണമായും നഷ്ടപ്പെടുകയും മാര്‍ക്സിസം അവര്‍ പൂര്‍ണമായിത്തന്നെ ഉപേക്ഷിക്കുകയുംചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ എം മുന്‍കൈ എടുത്ത് ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തിയത്. 'സമകാലിക ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മാര്‍ക്സിസത്തില്‍ ഉറച്ചു നില്‍ക്കുകയും സോഷ്യലിസത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്തുക എന്നതായിരുന്നു ലക്ഷ്യം. 1993 ആഗസ്തില്‍ കൊല്‍ക്കത്തയിലായിരുന്നു സെമിനാര്‍. 21 പാര്‍ടികള്‍ സെമിനാറില്‍ നേരിട്ട് പങ്കെടുത്തു. നാല് പാര്‍ടികള്‍ സന്ദേശം അയക്കുകയുംചെയ്തു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കവെ തുറന്ന ചര്‍ച്ചയ്ക്കായി കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ ഒരു വേദി ആവശ്യമാണെന്ന ബോധം ഇതോടെ ശക്തമായി. ഇറാഖിനെതിരെയുള്ള അമേരിക്കന്‍ ആക്രമണം ഈ ആവശ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 1999ല്‍ അത്തരമൊരു സാര്‍വദേശീയ യോഗം ഗ്രീസിലെ ഏഥന്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി ഇത്തരമൊരു സമ്മേളനത്തിന് ആതിഥേയത്വം നല്‍കാന്‍തുടങ്ങി. ഇത്തരത്തിലുള്ള ഏഴ് സമ്മേളനത്തിനുശേഷം സമ്മേളനവേദി വിവിധ രാജ്യങ്ങളിലാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പോര്‍ച്ചുഗലിലും റഷ്യയിലും ബെലാറസിലും ബ്രസീലിലും യോഗം ചേര്‍ന്നു. ഈ വര്‍ഷം ഇന്ത്യയിലും. പ്രധാന ആഗോളവിഷയങ്ങളും സാര്‍വദേശീയ സംഭവ വികാസങ്ങളും ചര്‍ച്ചചെയ്യാന്‍ ഈ സമ്മേളനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും വര്‍ക്കേഴ്സ് പാര്‍ടികള്‍ക്കും അവസരം നല്‍കി. കമ്യൂണിസ്റ്റുകാരുടെ ഒരു അന്താരാഷ്ട്ര സംഘടനയായി ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും അനുഭവങ്ങളും വീക്ഷണങ്ങളും കൈമാറാനുള്ള ഫലപ്രദമായ വേദിയായി മാറി. ലോകമെങ്ങും പടര്‍ന്നുപിടിച്ച സാമ്പത്തിക പ്രതിസന്ധിയും അതിനോട് കമ്യൂണിസ്റ്റുകാരുടെ പ്രതികരണവും ചര്‍ച്ച ചെയ്യും എന്നതാണ് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സോഷ്യലിസത്തിനുമേല്‍ വിജയം പ്രഖ്യാപിച്ച മുതലാളിത്തം പെട്ടെന്നുതന്നെ പ്രതിസന്ധിയിലായി. 1997-98 കാലത്ത് കിഴക്കനേഷ്യയും തെക്ക്-കിഴക്കനേഷ്യയും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഫിനാന്‍സ് മൂലധനത്തിനുമേല്‍ കെട്ടിയുയര്‍ത്തപ്പെട്ട ആഗോളവല്‍ക്കരണത്തിന് ശാശ്വതമായി നിലനില്‍ക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇത് നല്‍കിയത്. തുടര്‍ന്നും ലോക മുതലാളിത്തത്തെ പ്രതിസന്ധി പിന്തുടര്‍ന്നു. ഏറ്റവും അവസാനമായി 2007-08 ല്‍ അമേരിക്കയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടു. അതാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. അത് അതിവേഗം ആഗോള സാമ്പത്തിക പ്രതിസന്ധിയായി വളരുകയുംചെയ്തു. ഈ പ്രതിസന്ധിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ്. അമേരിക്കയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 10.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒഇസിഡി (മുപ്പത് വികസിത രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളിലാകട്ടെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമാണ്. 2010 ആകുമ്പോഴേക്കും പട്ടിണിക്കാരുടെ പട്ടികയിലേക്ക് ഒമ്പത് കോടി ജനങ്ങള്‍കൂടി അണിചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പാര്‍ടികളും ഈ പ്രതിസന്ധിയെ, ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എങ്ങനെയാണ് നേരിടുക? അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കേണ്ടത് എങ്ങനെയാണ്? നവ ഉദാരവല്‍ക്കരണ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ എന്താണ്, അവ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് തുടങ്ങിയവയായിരിക്കും ഡല്‍ഹി സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഏഷ്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം ചേരുന്നത്. അത് നടക്കുന്നതാകട്ടെ ഇന്ത്യയിലും. കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. ഇരുപാര്‍ടിക്കുംകൂടി (സിപിഐ എം, സിപിഐ) പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുമായും പാര്‍ടികളുമായും ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികളെ സഹായിക്കും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ വര്‍ധിത ആവേശത്തോടെ പൊരുതിനില്‍ക്കാന്‍ സമ്മേളനം കരുത്ത് നല്‍കും.

പ്രകാശ് കാരാട്ട്

മുന്നോട്ടുതന്നെ

വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും തൊഴിലാളി പാര്‍ടികളുടെയും അന്താരാഷ്ട്ര-പ്രാദേശിക-ഉഭയകക്ഷി തലത്തിലുള്ള യോഗങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ഒരു പൊതു പ്രത്യയശാസ്ത്രമുണ്ട്. മാര്‍ക്സിസം-ലെനിനിസമെന്ന ശാസ്ത്രീയ സോഷ്യലിസമാണ് ആ പ്രത്യയശാസ്ത്രം. അവരുടെ തുടര്‍ച്ചയായ ശ്രമവും ത്യാഗനിര്‍ഭരവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രക്ഷോഭങ്ങളും ജനകീയപ്രസ്ഥാനങ്ങളും മുതലാളിത്തസമ്പ്രദായത്തിന് അന്ത്യമിട്ട് സോഷ്യലിസത്തിലേക്ക് മുന്നേറുക എന്ന ലക്ഷ്യം നേടാനായിരുന്നു. അതില്‍ തിരിച്ചടികളും വിജയങ്ങളും ഉണ്ടായിട്ടുണ്ട്. മുന്നേറ്റങ്ങളും തിരിച്ചുപോക്കും വഴിത്തിരിവുകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, മുന്നോട്ടുതന്നെ എന്ന ലക്ഷ്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തിന്റെ വികസനഘട്ടം കണക്കിലെടുത്ത് മാര്‍ക്സിസം പ്രയോഗിക്കാനാണ് ഓരോ പാര്‍ടിയും ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടികളുടെ നേതൃത്വത്തില്‍ ചൈനയും വിയറ്റ്നാമും ക്യൂബയും അവരുടെ രാജ്യത്തിന്റെ സവിശേഷതകളോടുകൂടി സോഷ്യലിസം കെട്ടിപ്പടുത്തു വരികയാണ്. സാഹചര്യങ്ങളും ചരിത്രവികസനഘട്ടവും ഓരോ രാജ്യത്തിലും വ്യത്യസ്തമായിരിക്കും. മുന്നേറ്റത്തിന്റെ പാത തെരഞ്ഞെടുക്കുമ്പോള്‍ ഓരോ രാജ്യത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. പൊതുവായ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം സഹായിക്കും.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ഉയര്‍ത്തുന്ന ഭീഷണികള്‍, ലോകരാജ്യങ്ങളിലെ എല്ലാ സമ്പദ്വ്യവസ്ഥകളെയും ബാധിക്കുംവിധമുള്ള മുതലാളിത്ത ലോകത്തിലെ പ്രതിസന്ധി, ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി സംരക്ഷണം, ലാഭം വര്‍ധിപ്പിക്കുന്നതില്‍മാത്രം കണ്ണുനട്ടുള്ള നവലിബറല്‍ സ്വതന്ത്ര കമ്പോള വ്യവസ്ഥ എന്നിവയാണ് ഈ വിഷയങ്ങള്‍. ഇതിനെതിരെ ഓരോ രാജ്യത്തും നടക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ ഉപകരിക്കും.

ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ജനകീയപ്രസ്ഥാനമുള്ളത് മുതലാളിത്ത സമ്പ്രദായത്തിനെതിരെയാണ്. സോഷ്യലിസത്തിനും സാമൂഹ്യനീതിക്കും മെച്ചപ്പെട്ട ലോകത്തിനും വേണ്ടിയുള്ളതാണ് ഈ പോരാട്ടങ്ങള്‍. അന്താരാഷ്ട്ര മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരങ്ങള്‍, ബദല്‍ മാര്‍ഗവും അതില്‍ കമ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്കും എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം. കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലുള്ള ബന്ധം പൂര്‍ണ തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും പരസ്പരം പാര്‍ടികളുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കലിന്റെയും സ്വാതന്ത്ര്യത്തിന്റെയുമാണ്. ഒരു പൊതുകേന്ദ്രത്തിലിരുന്ന് വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനോ സഹായിക്കാനോ കഴിയാത്തവിധം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ലോകത്ത് വളര്‍ന്നിട്ടുണ്ട്. അത്തരമൊരു ആശയംതന്നെ അയുക്തികമാണ്. അതിനുള്ള ശ്രമം ഇപ്പോള്‍ ഇല്ലതാനും.

പതിനൊന്നാമത്തെ സമ്മേളനമാണ് ഡല്‍ഹിയില്‍ 20 മുതല്‍ 22 വരെ നടക്കുന്നത്. നേരത്തെ ഗ്രീസിലെ ഏഥന്‍സിലും പോര്‍ട്ടുഗലിലെ ലിസ്ബണിലും ബെലോറഷ്യയിലെ മിന്‍സ്കിലും ബ്രസീലിലെ സാവോ പോളോയിലുമാണ് നടന്നത്. ആദ്യമായാണ് ഈ സമ്മേളനം ഏഷ്യയില്‍ നടക്കുന്നത്. നേരത്തേ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സിപിഐ യും സിപിഐ എമ്മുമാണ് ഈ വര്‍ഷത്തെ ഡല്‍ഹി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇത്തരമൊരു സമ്മേളനം നടത്തുന്നതിന് നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. വ്യോമയാന യുഗത്തില്‍ ദൂരം ഒരു പ്രശ്നമല്ലെങ്കിലും അതിനുള്ള ചെലവ് തടസ്സം സൃഷ്ടിക്കുന്നു. ചില രാജ്യങ്ങളില്‍ അടുത്തയിടെയുണ്ടായ ചില സംഭവ വികാസങ്ങളും സമ്മേളന തീയതിയും തമ്മിലുള്ള സംഘര്‍ഷവും അവരുടെ വരവിനും പങ്കാളിത്തത്തിനും തടസ്സമായിട്ടുണ്ട്. എങ്കിലും 53 കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഡല്‍ഹി സമ്മേളനമെന്നതില്‍ സംശയമില്ല.

എ ബി ബര്‍ദന്‍ (സിപിഐ ജനറല്‍ സെക്രട്ടറി)

ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കമാകും. റമദ പ്ളാസ ഹോട്ടലില്‍ പകല്‍ പതിനൊന്നിന് സാര്‍വദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 48 രാജ്യത്തുനിന്നായി 56 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 89 പേര്‍ പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. സിപിഐ സാര്‍വദേശീയവിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപ്ത സ്വാഗതം പറയും. സിപിഐ എം സാര്‍വദേശീയവിഭാഗം തലവന്‍ സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന പതിനൊന്നംഗ പ്രവര്‍ത്തകസമിതി പ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചു. പതിനൊന്ന് പാര്‍ടികളുടെ പ്രതിനിധികള്‍ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുത്തു.

പ്രധാനമായും മൂന്ന് സെഷനുകളായാണ് സമ്മേളനം. ഡല്‍ഹിപ്രഖ്യാപനം അവതരിപ്പിക്കുന്നതാണ് ആദ്യ സെഷന്‍. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവരും വേദിയിലുണ്ടാകും. ഉച്ചയ്ക്കുശേഷം രണ്ടാം സെഷന്‍ ആരംഭിക്കും. പ്രത്യേക പ്രസീഡിയത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഈ സെഷന്‍. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അറബിക്, സ്പാനിഷ്, റഷ്യന്‍, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ ഒരേസമയം തര്‍ജമയുണ്ടാകും. ശനിയാഴ്ച മുഴുവന്‍ ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ ഉയരുന്ന പ്രധാന ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ട് മൂന്നാംദിവസം രാവിലെ സീതാറാം യെച്ചൂരി മറുപടി പറയും. അതിനുശേഷം സമ്മേളനം അംഗീകരിച്ച ഡല്‍ഹി പ്രഖ്യാപനം നടത്തും. സമാപനസമ്മേളനമാണ് മൂന്നാമത്തെ സെഷന്‍. ഇന്ത്യയിലെ നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതാക്കളും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധികളും പൊതുപരിപാടിയില്‍ പ്രസംഗിക്കും.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി റോബര്‍ട്ട് ഗ്രിഫിത്ത്, യുഗോസ്ളാവ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ബ്രാനിസ്ളാവ് കിതാനോവിക്ക്, ബ്രസീല്‍ കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും സാര്‍വദേശീയവിഭാഗം ചെയര്‍മാനുമായ ജോസ് റിനാള്‍ഡോ കവാല്‍ഹോ, ലാവോസ് ഡെമോക്രാറ്റിക് പാര്‍ടി പ്രതിനിധി ഡോ. ലാട്ടാനതവോന്‍സോങ്ക എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 55 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ചൈന, വിയത്നാം, വടക്കന്‍ കൊറിയ, റഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം പ്രതിനിധികള്‍ എത്തി. പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വെളളിയാഴ്ച രാവിലെ എത്തും. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി പത്രങ്ങളുടെ ലേഖകരും എത്തുന്നുണ്ട്. സമ്മേളനത്തില്‍ സിപിഐ എമ്മില്‍നിന്ന് അഞ്ച് പ്രതിനിധികള്‍ക്ക് പുറമെ എട്ട് നിരീക്ഷകരും പങ്കെടുക്കും. ഹരിസിങ് കാങ്, ഹേമലത, അരുകുമാര്‍, സുധ സുന്ദര്‍രാമന്‍, ജൊഗീന്ദര്‍ ശര്‍മ, എസ് പുണ്യവതി, നിലോത്പല്‍ ബസു, ശ്രീനിവാസറാവു എന്നിവരാണ് നിരീക്ഷകര്‍.

വി ബി പരമേശ്വരന്‍ ദേശാഭിമാനി ദിനപ്പത്രം 201109

ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്

മുന്‍നിരയിലേക്ക് ലോങ്മാര്‍ച്ച്

ആറുപതിറ്റാണ്ട് മുമ്പ് ഫ്യൂഡല്‍ ഭൂപ്രഭുവാഴ്ചയില്‍നിന്ന് ജനതയെ മോചിപ്പിച്ച ജനകീയചൈന ഇന്ന് ലോകത്തിന്റെ മുന്‍നിരയില്‍. മഹത്തായ ജനകീയ ജനാധിപത്യ വിപ്ളവ ഇതിഹാസം രചിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) നേതൃത്വത്തിലാണ് ഈ ജൈത്രയാത്ര. രണ്ടാം ലോകയുദ്ധശേഷം ലോകത്തിന്റെ, വിശേഷിച്ച് ഏഷ്യയുടെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നതില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ സിപിസിക്ക് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം സ്വന്തം.

1921ല്‍ വിരലിലെണ്ണാവുന്ന നേതാക്കള്‍ സമ്മേളിച്ച് രൂപംനല്‍കിയ സിപിസി ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയാണ്. ആറരക്കോടിയിലധികമാണ് അംഗങ്ങള്‍. റഷ്യന്‍വിപ്ളവത്തില്‍നിന്ന് പ്രചോദനം നേടി രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടികളില്‍ ഒന്നാണ് സിപിസി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മുന്‍കൈയിലാണ് 1921ല്‍ ഷാങ്ഹായില്‍ സിപിസിയുടെ ആദ്യ കോഗ്രസ് ചേര്‍ന്നത്. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ സാമ്രാജ്യത്വശക്തികളും ഏഷ്യയിലെ വന്‍ സൈനികശക്തിയായിരുന്ന ജപ്പാനും ചൈനയ്ക്ക് മേല്‍ അധീശത്വം നേടുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണിത്. ചെന്‍ ദൂഷിനാണ് ആദ്യ ജനറല്‍ സെക്രട്ടറി. ചൈനയിലെ ദേശീയ ബൂര്‍ഷ്വാസിയെ പ്രതിനിധാനംചെയ്ത ചൈനീസ് നാഷണലിസ്റ്റ് പാര്‍ടിയുമായി (കൂമിന്താങ്) ഐക്യ മുന്നണിയിലാണ് ആദ്യഘട്ടത്തില്‍ സിപിസി പ്രവര്‍ത്തിച്ചത്. യുദ്ധപ്രഭുക്കളായ മാടമ്പികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളെ ഏകീകരിക്കുന്നതിനായിരുന്നു ഈ സഹകരണം. എന്നാല്‍, പ്രസിഡന്റ് സണ്‍ യാത് സെന്നിന്റെ മരണത്തെ തുടര്‍ന്ന് കൂമിന്താങ് നേതൃത്വം ഏറ്റെടുത്ത ചിയാങ് കൈഷക്ക് വ്യാപകമായ കമ്യൂണിസ്റ്റ് വേട്ട ആരംഭിച്ചതോടെ ചൈനയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി. കൂമിന്താങ് ആക്രമണങ്ങളെ നേരിടുന്നതിന് 28ല്‍ സിപിസി കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ചെമ്പട രൂപീകരിച്ചു. അടുത്തവര്‍ഷംതന്നെ ജിയാന്‍സി പ്രവിശ്യയില്‍ റുയിജിനില്‍ കുറെ പ്രദേശങ്ങള്‍ നാടുവാഴികളില്‍നിന്നും കൂമിന്താങ്ങുകളില്‍നിന്നും മോചിപ്പിച്ച് ആദ്യ ചൈനീസ് സോവിയറ്റ് രൂപീകരിച്ചു. കൂമിന്താങ്ങുകളുടെ കമ്യൂണിസ്റ്റ് വേട്ട രൂക്ഷമായ കാലമായിരുന്നു 1930-34. എന്നാല്‍, ഇതിനെ നേരിട്ട് 34 ആയപ്പോഴേക്ക് സോവിയറ്റുകളുടെ എണ്ണം ആറായി. ആ വര്‍ഷമാണ് കൂമിന്താങ് ആക്രമണത്തില്‍നിന്ന് കമ്യൂണിസ്റ്റ് വിപ്ളവസേനയെ രക്ഷിക്കാന്‍ മൌ സെദോങ്ങിന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ ലോങ്മാര്‍ച്ച് ആരംഭിച്ചത്. മൂന്ന് മുന്നണിയായി രണ്ടുവര്‍ഷം നീണ്ട ആ പ്രയാണത്തില്‍ ഒരുലക്ഷത്തോളമാളുകളാണ് പങ്കാളിയായത്. ജിയാങ്സിയില്‍ നിന്നാരംഭിച്ച് മഞ്ഞുമൂടിയ പര്‍വതങ്ങളും നിറഞ്ഞൊഴുകുന്ന നദികളും മനുഷ്യവാസമില്ലാത്ത ചതുപ്പുനിലങ്ങളും മറ്റും താണ്ടി 12,500 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് ഷാങ്സിയില്‍ സമാപിച്ചപ്പോഴേക്ക് ആയിരക്കണക്കിന് പോരാളികള്‍ മരിച്ചു. ഈ മുന്നേറ്റമാണ് രാജ്യമെങ്ങും സിപിസിയുടെ കുതിപ്പിന് ശക്തിപകര്‍ന്നത്.

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ ആക്രമണത്തെ നേരിടാന്‍ വീണ്ടും കൂമിന്താങ്ങുകളുമായി സഹകരിച്ച സിപിസി യുദ്ധശേഷവും ഐക്യത്തിന് ആഹ്വാനം ചെയ്തെങ്കിലും ചിയാങ് കൈഷക്ക് അത് തള്ളുകയായിരുന്നു. വീണ്ടുമാരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ചെമ്പട ഐതിഹാസികവിജയം നേടിയതോടെ 1949 ഒക്ടോബര്‍ ഒന്നിന് ചൈന ജനകീയ ജനാധിപത്യ റിപ്പബ്ളിക്കായി. അനുയായികളുമായി ചിയാങ് കൈഷക്ക് തയ്‌വാനിലേക്ക് കടന്ന്, അതാണ് ചൈന എന്നവകാശപ്പെട്ട് ഭരണമാരംഭിച്ചപ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, സോവിയറ്റ് യൂണിയന്‍ ജനകീയചൈനയെ അംഗീകരിച്ചു. 50ല്‍ ഇരു രാജ്യവും തമ്മില്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ടു. ആ വര്‍ഷംതന്നെ ചൈന കൊറിയന്‍ യുദ്ധത്തില്‍ ഇടപെട്ട് വിപ്ളവ കൊറിയയെ പാശ്ചാത്യസേനകളുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചു. അന്താരാഷ്ട്രതലത്തില്‍ സൈനികമികവ് തെളിയിച്ച ജനകീയചൈനയെ പിന്നെയും രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ് പാശ്ചാത്യലോകം അംഗീകരിച്ചത്. ഈ സാഹചര്യത്തിലാണ്, അതുവരെ തയ്‌വാന്‍ കൈയടക്കിവച്ച യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ജനകീയചൈനയ്ക്ക് ലഭിച്ചത്. സാംസ്കാരികവിപ്ളവം പോലുള്ള അപഭ്രംശങ്ങള്‍ ഹ്രസ്വകാലം സിപിസിയെ ഉലച്ചെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വിപ്ളവാനന്തര ചൈന അതെല്ലാം അതിജീവിച്ച് മുന്നേറുന്നതിന് കാലം സാക്ഷി.

അമേരിക്കയെ മുട്ടുകുത്തിച്ച വീരേതിഹാസം

കൊടുംവനങ്ങള്‍പോലും ചുട്ടുകരിക്കുന്ന അത്യാധുനിക ബോംബര്‍ വിമാനങ്ങളും ജനതകളെ തലമുറകളോളം വേട്ടയാടുന്ന വിഷബോംബുകളുമായി സംഹരിക്കാനിറങ്ങിയ യാങ്കിപ്പടയെ മുളവടികളും മുളകുപൊടിയും മറ്റും ഉപയോഗിച്ച് മുട്ടുകുത്തിച്ച വിയത്നാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതാണ് ആ കൊച്ചുരാജ്യത്തിന്റെ വീരഗാഥ. അമേരിക്കന്‍ സൈനികഹുങ്കിനെ വിറപ്പിച്ചോടിച്ച പോരാട്ടത്തിന് നേതൃത്വം നല്‍കിയ വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ച്ചയുടെ പുതിയ പോരാട്ടങ്ങളിലും വിജയഗാഥ എഴുതുകയാണ്.

വിമോചന നായകന്‍ ഹോചിമിന്റെ മാര്‍ഗദര്‍ശിത്വത്തില്‍ 1930ല്‍ ഹോങ്കോങ്ങിലാണ് വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. ഒരുപതിറ്റാണ്ടുമുമ്പേതന്നെ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകാംഗമായ ഹോചിമിന്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രതിനിധിയായികൂടിയാണ് വിയത്നാം പാര്‍ടിയുടെ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തത്. പരസ്പരം തര്‍ക്കങ്ങളിലായിരുന്ന വിവിധ കമ്യൂണിസ്റ്റ് സംഘങ്ങളെ ഹോചിമിന്‍ ഒരു കൊടിക്കീഴില്‍ ഏകോപിപ്പിക്കുകയായിരുന്നു. 15 വര്‍ഷംകൊണ്ട് വടക്കന്‍ വിയത്നാമിനെ കൊളോണിയല്‍ നുകത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണവേളയില്‍ ഫ്രഞ്ച് കൊളോണിയല്‍വാഴ്ചയില്‍ നരകിക്കുകയായിരുന്നു വിയത്നാം. മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇവിടെ ദേശീയ ബൂര്‍ഷ്വാസിയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടാന്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് കഴിഞ്ഞു.

മുപ്പതുകളുടെ തുടക്കത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും ബൂര്‍ഷ്വാസി ദുര്‍ബലമായിരുന്നു. ദേശീയ വിമോചനപോരാട്ടം നയിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയല്ലാതെ മറ്റൊരു ശക്തിയില്ല. ഈ അനുകൂലസാഹചര്യവും ഹോചിമിന്റെ മാസ്മരികനേതൃത്വവുമാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ വിമോചനപോരാട്ടത്തിന്റെ തലപ്പത്തേക്ക് ഉയര്‍ത്തിയത്. പാര്‍ടി രൂപീകരണത്തിന് തൊട്ടുപിന്നാലെ വിയത്നാമില്‍ ഉശിരന്‍ പോരാട്ടങ്ങള്‍ ഉയര്‍ന്നു. ആ വര്‍ഷാവസാനത്തോടെ എന്‍ഗെ ആന്‍, ഹാതിന്‍ എന്നിവിടങ്ങളിലെ 116 ഗ്രാമങ്ങള്‍ മോചിപ്പിച്ച് വിപ്ളവകാരികള്‍ റഷ്യന്‍മാതൃകയില്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. ഒരുവര്‍ഷത്തോളമേ ഇവയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ആ കാലം അവ കൊളോണിയല്‍ ഇന്‍ഡോചൈനയില്‍ സ്വാതന്ത്യ്രത്തിന്റെ ചെറിയ തുരുത്തുകളായി വര്‍ത്തിച്ചു. വിപ്ളവകരമായ പല ജനകീയപരിപാടിയും നടപ്പാക്കി. അക്ഷീണമായ വിപ്ളവപ്രവര്‍ത്തനങ്ങളുമായി മറുനാടുകളില്‍ അലയുകയായിരുന്ന ഹോചിമിനെ ഫ്രഞ്ച് സമ്മര്‍ദത്താല്‍ വിയത്നാമിലെ പാവക്കോടതി 1929ല്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 1941ല്‍ ഹോചിമിന്‍ രഹസ്യമായി വിയത്നാമില്‍ തിരിച്ചെത്തിയതോടെ വിമോചനപോരാട്ടം കൂടുതല്‍ ശക്തിപ്രാപിച്ചു. ഒരുനൂറ്റാണ്ടോളം ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന ഇന്‍ഡോചൈന 40ല്‍ ജപ്പാന്‍ അധീനതയിലായി (വിയത്നാമിനുപുറമെ ലാവോസും കംബോഡിയയും ഇന്‍ഡോചൈനയിലുള്‍പ്പെടും. അതിനാല്‍ പാര്‍ടിയുടെ പേര് 30 ഒക്ടോബറില്‍ ചേര്‍ന്ന ഒന്നാംപ്ളീനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്‍ഡോചൈന എന്നാക്കിയിരുന്നു).

ജാപ്പനീസ് അധിനിവേശത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടനകളെയും വിയത്മിന്‍ എന്ന സംഘടനയില്‍ ഹോചിമിന്‍ ഏകോപിപ്പിച്ചു. എല്ലാ ദേശാഭിമാനികളെയും കൂട്ടിയോജിപ്പിച്ച് പോരാട്ടം നയിച്ചു. രണ്ടാംലോക യുദ്ധത്തില്‍ ജപ്പാന്റെ പതനത്തെതുടര്‍ന്ന് '45 സെപ്തംബര്‍ രണ്ടിന് ഹോചിമിന്‍ വിയത്നാം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. വടക്കന്‍ വിയത്നാമില്‍ തെക്കുകിഴക്കേഷ്യയിലെ ആദ്യ 'തൊഴിലാളി-കര്‍ഷക ഭരണകൂടം' പിറന്നു. അടുത്തവര്‍ഷം മാര്‍ച്ച് രണ്ടിന് ചേര്‍ന്ന വിയത്നാം ദേശീയ അസംബ്ളി ഹോചിമിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജപ്പാനില്‍നിന്ന് തെക്കന്‍ വിയത്നാം പിടിച്ച ബ്രിട്ടന്‍ ഇത് ഫ്രാന്‍സിന് വിട്ടുകൊടുത്തിരുന്നു. അവിടെ ഫ്രഞ്ച് വാഴ്ചയ്ക്കെതിരെ പോരാട്ടത്തിന് ഹോചിമിന്‍ ആഹ്വാനംചെയ്തു. '54 വരെ നീണ്ട പോരാട്ടത്തില്‍ ജനറല്‍ എന്‍ഗുയെന്‍ ഗ്യാപ് നയിച്ച വിയത്നാം സേനയോട് തോറ്റ് ഫ്രഞ്ച് സൈന്യം കെട്ടുകെട്ടി. നേരത്തെതന്നെ ഫ്രഞ്ച് സൈന്യത്തിന് പടക്കോപ്പുകള്‍ എത്തിച്ചുവന്ന അമേരിക്ക ഇതോടെയാണ് വിയത്നാമില്‍ നേരിട്ട് ഇടപെട്ടത്. രണ്ടുപതിറ്റാണ്ടിനുശേഷം നാണംകെട്ട പരാജയത്തോടെ വിയത്നാമില്‍നിന്ന് തടിയൂരാനായിരുന്നു സാമ്രാജ്യത്വ രാക്ഷസന്റെ വിധി.
യുദ്ധശേഷം ഏകീകരിക്കപ്പെട്ട വിയത്നാം ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ ദ്രുതവളര്‍ച്ചയുടെ പാതയിലാണ്. ചൈന കഴിഞ്ഞാല്‍ മികച്ച സാമ്പത്തികവളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നായി വിയത്നാം അംഗീകരിക്കപ്പെടുന്നു.

വിപ്ളവഭൂമിക വീണ്ടും ചുവക്കുന്നു

വിജയകരമായ ആദ്യ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ഭൂമികയില്‍ തിരിച്ചുവരവ് മുന്നില്‍ കാണുകയാണ് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അഥവാ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍(സിപിആര്‍എഫ്). സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവിടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അന്ത്യമായെന്ന് കരുതി ആഹ്ളാദിച്ചവരെ അമ്പരപ്പിക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റം. റഷ്യയില്‍ മുതലാളിത്ത പുനസ്ഥാപനവേളയില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി 1993ലാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്. റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെട്സിന്‍ അടിച്ചേല്‍പിച്ച നിരോധനം ഭരണഘടനാ കോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണിത്. റഷ്യയെ ചുരുങ്ങിയ കാലംകൊണ്ട് പരിതാപകരമായ നിലയിലാക്കിയ യെട്സിന്റെ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റ മുന്നണിയിലേക്കുയര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി വളരെ പെട്ടെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ടിയായി വളര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ടി വീണ്ടും ഭരണത്തിലെത്തുമെന്ന് മനസിലാക്കിയ യെട്സില്‍ അതു തടയാനാണ് 98 ഡിസംബര്‍ അവസാനം അപ്രതീക്ഷിതമായി രാജിവച്ച് പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ പ്രസിഡന്റാക്കിയത്. അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിന് വഴങ്ങി റഷ്യയുടെ അന്തസ്സ് കളഞ്ഞുകളിച്ച യെട്സിന്റെ നയങ്ങള്‍ ഉപേക്ഷിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും ഇതിന് കാരണമായി. റഷ്യക്ക് സാര്‍വദേശീയ തലത്തില്‍ നഷ്ടപ്പെട്ട വില ഭാഗികമായെങ്കിലും വീണ്ടെടുക്കാന്‍ കഴിഞ്ഞത് പുടിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചെങ്കിലും ഇത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പോറലേല്‍പ്പിച്ചിട്ടില്ല.

93ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 12.4 ശതമാനം വോട്ട് നേടിയ കമ്യൂണിസ്റ്റ് പാര്‍ടി 95ല്‍ 22 ശതമാനവും 99ല്‍ 24 ശതമാനവും വോട്ട് സ്വന്തമാക്കി. പുടിന്‍ അധികാരത്തിലെത്തിയശേഷം 2003ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ടും സീറ്റും കുറഞ്ഞെങ്കിലും 2007ല്‍ ഇത് വീണ്ടും വര്‍ധിക്കുന്നതാണ് കണ്ടത്. ഇക്കാലയളവില്‍ നടന്ന എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി രണ്ടാമതെത്തി. 96ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ഗെന്നഡി സുഗാനോവ് 32 ശതമാനം വോട്ട് നേടിയപ്പോള്‍ മൂന്ന് ശതമാനം വോട്ട് മാത്രമാണ് യെട്സിന് കൂടുതല്‍ ലഭിച്ചത്. യെട്സിന്‍ ഒഴിഞ്ഞശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സുഗാനോവിന് 29 ശതമാനം വോട്ട് ലഭിച്ചു. പുടിന് 53 ശതമാനം വോട്ട് കിട്ടി. 2004ല്‍ പുടിന്‍ 71 ശതമാനം വോട്ട് നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിക്ക് 14 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. എന്നാല്‍, 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുഗാനോവ് 18 ശതമാനം നേടി തിരിച്ചുവരവ് നടത്തി. പുടിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ദിമിത്രി മെദ്വെദെവിനെ ചിലയിടങ്ങളില്‍ പിന്തള്ളാനും കഴിഞ്ഞു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ നടത്തിയ ക്രമക്കേടുകള്‍ ഇല്ലായിരുന്നെങ്കില്‍ സുഗാനോവിന് 30 ശതമാനത്തിലേറെ വോട്ട് ലഭിക്കുമായിരുന്നു എന്നാണ് പാര്‍ടി കണക്കാക്കുന്നത്. ഇത് ശരിവയ്ക്കുന്നതാണ്

റഷ്യന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഭരണകക്ഷി ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കിയ പല പരാതികളും കമീഷന്‍ അംഗീകരിച്ചു. പെന്‍ഷന്‍കാരിലും പഴയ പട്ടാളക്കാരിലുംമാത്രമേ കമ്യൂണിസ്റ്റ് പാര്‍ടിക്ക് സ്വാധീനമുള്ളൂവെന്നും അതിനാല്‍ വളരാനാവില്ലെന്നുമുള്ള വിമര്‍ശകരുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ തിരിച്ചുവരവ്. രാജ്യത്തെങ്ങും വ്യവസായ തൊഴിലാളികളില്‍ സുഗാനോവ് വന്‍ മുന്നേറ്റം നടത്തി. തെക്കന്‍ പ്രവിശ്യകളില്‍ കര്‍ഷക തൊഴിലാളികളിലും ഇതാവര്‍ത്തിച്ചു. തീര്‍ത്തും പ്രതികൂലമായ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഈ വിജയം നേടിയത്. ലെനിനും സ്റാലിനും പടുത്തുയര്‍ത്തിയ പാര്‍ടിയുടെ നേരവകാശിയായ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി യുവാക്കളെയും ആകര്‍ഷിക്കുന്നതിന് ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ വോള്‍ഗോഗ്രാഡിലെ കമ്യൂണിസ്റ്റ് നേതാവ് റോമാന്‍ ഗ്രെബെന്നിക്കോവാണ്. കഴിഞ്ഞ സഹസ്രാബ്ദത്തിലെ ഏറ്റവും മഹാനായ റഷ്യക്കാരനെ കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ വന്‍ ജനപിന്തുണ നേടിയ സ്റ്റാലിന്റെ അടുത്തെങ്ങും ഗോര്‍ബച്ചേവും യെട്സിനുമൊന്നും ഉണ്ടായിരുന്നില്ലെന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരിച്ചവരവിന് തിളക്കമേറ്റുന്നു.

സാര്‍വദേശീയതയുടെ ഉജ്വലതാരകം

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ അപരനാമമാണ് ക്യൂബ. ഭീമനായ അയല്‍ക്കാരന്റെ ഭീഷണികളും അട്ടിമറിശ്രമങ്ങളും നിഷ്ഠുരമായ ഉപരോധവും അതിജീവിച്ച് സാര്‍വദേശീയതയുടെ പ്രകാശം ചൊരിയുന്ന ഉജ്വലതാരകം. അമേരിക്കയുടെ അതിര്‍ത്തിയില്‍നിന്ന് 90 മൈല്‍മാത്രം അകലെയുള്ള ഈ ചെറുരാഷ്ട്രത്തിന്റെ ചെറുത്തുനില്‍പ്പിന് അരനൂറ്റാണ്ടായി. വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാണ് ക്യൂബ യാങ്കിസാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളെ ചെറുക്കുന്നത്. ദീര്‍ഘമായ പ്രതിസന്ധികാലങ്ങളെ വിജയകരമായി നേരിട്ട അനുഭവജ്ഞാനമാണ് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൈമുതല്‍. ഭരണത്തിലുള്ള മറ്റ് കമ്യൂണിസ്റ്റ് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമാണ് ക്യൂബന്‍ പാര്‍ടിയുടെ കഥ. മറ്റ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ വിപ്ളവം നടത്തിയോ വിമോചനപോരാട്ടം നയിച്ചോ ആണ് അധികാരത്തിലെത്തിയത്. എന്നാല്‍, ബാറ്റിസ്റ്റയുടെ സ്വേഛാധിപത്യത്തെ എതിര്‍ത്തവരും സാമ്രാജ്യത്വവിരുദ്ധ ദേശീയവാദികളും സാര്‍വദേശീയവാദികളും എല്ലാമടങ്ങുന്ന വിപ്ളവകാരികള്‍ അധികാരത്തിലെത്തിയശേഷമാണ് ക്യൂബയില്‍ ഫിദലിന്റെ മുന്‍കൈയില്‍ ലക്ഷണമൊത്ത കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്.
1925ല്‍തന്നെ ക്യൂബയില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 44ല്‍ ഇതിന്റെ പേര് പോപ്പുലര്‍ സോഷ്യലിസ്റ്റ് പാര്‍ടി (പിഎസ്പി) എന്നാക്കി. ബാറ്റിസ്റ്റ ഭരണത്തിന്റെ തുടക്കത്തില്‍ പാര്‍ടിയുടെ രണ്ടു നേതാക്കളും സര്‍ക്കാരിലുണ്ടായിരുന്നു. എന്നാല്‍, ബാറ്റിസ്റ്റ സ്വേഛാധിപത്യമുഖം പുറത്തെടുത്തപ്പോള്‍ പാര്‍ടി ചെറുത്തു. ക്രൂരമായ അടിച്ചമര്‍ത്തലായിരുന്നു ഫലം. ദുര്‍ബലമായിരുന്ന പാര്‍ടിക്ക് ചെറുക്കാന്‍ കഴിയുന്നതായിരുന്നില്ല അത്. ഈ ഘട്ടത്തിലാണ് '53 ജൂലൈ 26ന് ഫിദലിന്റെയും അനുജന്‍ റൌള്‍ കാസ്ട്രോയുടെയും മറ്റും നേതൃത്വത്തില്‍ യുവ വിപ്ളവകാരികള്‍ മൊകാഡ സൈനിക ബാരക് ആക്രമിച്ച് ബാറ്റിസ്റ്റയ്ക്കെതിരെ ആദ്യ വിപ്ളവശ്രമം നടത്തിയത്. റൌള്‍ അന്നേ കമ്യൂണിസ്റ്റ് പാര്‍ടി അംഗമാണ്. മൂന്നുവര്‍ഷം നീണ്ട ഗറില്ലാ പോരാട്ടത്തിലൂടെ '59ലെ പുതുവര്‍ഷദിനത്തിലാണ് ബാറ്റിസ്റ്റയെ തുരത്തിയത്. രണ്ടരവര്‍ഷത്തിനുശേഷം '61 ജൂലൈയില്‍ ഫിദലിന്റെ ജൂലൈ 26 പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും (പിഎസ്പി) മാര്‍ച്ച് 13 വിപ്ളവ ഡയറക്ടറേറ്റും ചേര്‍ന്ന് ഏകീകൃത വിപ്ളവ സംഘടന (ഒആര്‍ഐ) രൂപീകരിച്ചു. അടുത്തവര്‍ഷം മാര്‍ച്ചില്‍ സംഘടനയുടെ പേര് 'യുണൈറ്റഡ് പാര്‍ടി ഓഫ് ദി ക്യൂബന്‍ സോഷ്യലിസ്റ്റ് റെവല്യൂഷന്‍' എന്നാക്കി. '65 ഒക്ടോബര്‍ മൂന്നിന് ഇത് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി.

അമേരിക്കന്‍ സഹായത്തോടെ വിപ്ളവ വിരുദ്ധര്‍ 1961ല്‍ നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമണത്തെ ക്യൂബന്‍സേന പരാജയപ്പെടുത്തിയതും അടുത്ത വര്‍ഷമുണ്ടായ മിസൈല്‍ തര്‍ക്കത്തിലെ ഒത്തുതീര്‍പ്പും ക്യൂബയെ നേരിട്ട് ആക്രമിച്ച് കീഴടക്കാമെന്ന അമേരിക്കന്‍ മോഹം തകര്‍ത്തു. വിപ്ളവസര്‍ക്കാരിനെ അട്ടിമറിക്കാനും ഫിദലിനെ വധിക്കാനും അമേരിക്ക പിന്നെ പയറ്റാത്ത തന്ത്രങ്ങളില്ല. ഫിദലിനെ വധിക്കാന്‍ 600ല്‍പരം ശ്രമം സിഐഎ നടത്തിയത് പിന്നീട് പരസ്യമായി. ഈ പരാജയങ്ങള്‍ അമേരിക്കയെ അപഹാസ്യമാക്കിയപ്പോള്‍ ഉപരോധം ശക്തമാക്കി ക്യൂബയെ ഞെരിക്കാനാണ് ശ്രമിച്ചത്. ഈ തന്ത്രവും പരാജയപ്പെടുന്നതായാണ് ഒരു പതിറ്റാണ്ടായി തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത്. ക്യൂബയ്ക്കെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ കഴിഞ്ഞമാസം പാസാക്കിയപ്പോള്‍ 192 അംഗരാജ്യത്തില്‍ അമേരിക്കയും ഇസ്രയേലുമടക്കം മൂന്ന് രാജ്യംമാത്രമാണ് എതിര്‍ത്തത്. പ്രതിസന്ധിയുടെ കാലങ്ങളിലും മൂന്നാംലോക രാജ്യങ്ങളെയും പൊരുതുന്ന ജനതയെയും സഹായിക്കുന്നതില്‍ മുന്നില്‍നിന്ന ക്യൂബ സാര്‍വദേശീയതയുടെ ഉദാത്തമാതൃകയാണ്. ഇതാണ് സര്‍വശക്തനായ അമേരിക്ക എതിര്‍ക്കുമ്പോഴും മറ്റു രാജ്യങ്ങള്‍ക്ക് ക്യൂബയെ പ്രിയങ്കരമാക്കുന്നത്.

ജനാധിപത്യത്തിന്റെ കളിത്തൊട്ടിലില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഗ്രീസിന് വിശേഷണം ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നാണ്. സോക്രട്ടീസിന്റെയും പ്ളേറ്റോയുടെയും ഹോമറിന്റെയും മറ്റും നാട്. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ സ്വേച്ഛാധിപത്യ വാഴ്ചകളില്‍ ചിലതിന് വേദിയായ ഇവിടെ നടന്ന പീഡനങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും കൈയും കണക്കുമില്ല. വിയറ്റ്നാമില്‍ ഉപയോഗിച്ച കുപ്രസിദ്ധമായ നാപ്പാം ബോംബുകള്‍ അമേരിക്ക ആദ്യം പ്രയോഗിച്ചത് ഇവിടെയാണ്. രാജ്യം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനായിരുന്നു ഈ കൊടും ക്രൂരത. എന്നാല്‍, കുഴിച്ചുമൂടിയ കുഴിയില്‍ നിന്നുയര്‍ന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാനകണ്ണികളില്‍ ഒന്നായ കഥയാണ് ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി (കെകെഇ) യുടേത് . സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ടി എന്ന പേരില്‍ 1918 നവംബറിലാണ് ഗ്രീസില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. 1924ല്‍ പേര് കമ്യൂണിസ്റ്റ് പാര്‍ടി എന്നാക്കി. അന്നുമുതല്‍ നിരന്തര പീഡനങ്ങള്‍ക്കിരയായ പാര്‍ടിക്ക് 1974ല്‍ നിരോധനം നീക്കുന്നതുവരെ ചുരുങ്ങിയ കാലംമാത്രമാണ് നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്.
കമ്യൂണിസ്റ്റുകാരായ അധ്യാപകരെ ശിക്ഷിക്കാന്‍ 1924ല്‍ നിയമം കൊണ്ടുവന്ന രാജ്യമാണ് ഗ്രീസ്. തുടര്‍ന്ന് മുഴുവന്‍ കമ്യൂണിസ്റ്റുകാരെയും സര്‍ക്കാര്‍ ജോലിയില്‍നിന്ന് പുറത്താക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനും സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. 1936ല്‍ ജനറല്‍ മെതക്സസിന്റെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്ചയോടെ നാടുകടത്തലും തടവറകളിലടയ്ക്കലും പതിവായി. എന്നിട്ടും 1940ല്‍ മുസോളിനി രാജ്യത്തെ ആക്രമിച്ചപ്പോഴും അടുത്ത വര്‍ഷം ഹിറ്റ്ലറുടെ നാസിസേന അധിനിവേശം നടത്തിയപ്പോഴും ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. 42ല്‍ അധിനിവേശ സേനക്കെതിരെ സായുധ പോരാട്ടത്തിന് കമ്യൂണിസ്റ്റ് പാര്‍ടിയുണ്ടാക്കിയ ദേശീയ ജനകീയ വിമോചന സേനയില്‍ (ഇഎല്‍എഎസ്) ഒരു വര്‍ഷമായപ്പോഴേക്ക് ഒന്നരലക്ഷത്തോളം പോരാളികളായി. ഇതില്‍ പതിനായിരക്കണക്കിന് സ്ത്രീകളുമുണ്ടായിരുന്നു.

ജര്‍മനിയുടെ അടിതെറ്റിത്തുടങ്ങിയപ്പോള്‍ ഗ്രീസിന്റെ ഭരണം കമ്യൂണിസ്റ്റുകാരിലെത്തുമെന്ന് ഭയന്ന ബ്രിട്ടന്‍ ഇടപെട്ടു. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പാര്‍ടിപത്രം പൊലീസ് വ്യാജമായി പ്രസിദ്ധീകരിക്കുകപോലുമുണ്ടായി. 46ല്‍ അമേരിക്കന്‍സേന നേരിട്ടെത്തി. അമേരിക്കന്‍ സേനയുടെയും അവരുടെ നാടന്‍ കൂട്ടാളികളുടെയും വേട്ടയില്‍നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ പര്‍വതപ്രദേശങ്ങളിലേക്ക് പലായനംചെയ്തു. കെകെഇയുടെ വളര്‍ച്ച തടയാന്‍ നാട്ടിന്‍പുറങ്ങളില്‍നിന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിനാളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും തടവറ ദ്വീപുകളും വ്യാപിപ്പിച്ചു. ഈ ഘട്ടത്തിലാണ് അമേരിക്കന്‍സേന ഗ്രാമ്മോസ് വിത്സി മലകളില്‍ നാനൂറോളം നാപ്പാം ബോംബുകള്‍ വര്‍ഷിച്ചത്. 65000ല്‍പരം കമ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. കുറഞ്ഞത് 40000 പേര്‍ തടവിലായി. അതിക്രമങ്ങളെ ചെറുക്കാന്‍ പാര്‍ടി പുതിയ ജനകീയ സേനയുണ്ടാക്കി. ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചത്. ആഭ്യന്തരയുദ്ധം അവസാനിച്ചശേഷവും കമ്യൂണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് വധിക്കുന്നത് 55വരെ തുടര്‍ന്നു. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം 5000 കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് വെടിവച്ചുകൊന്നു. അമേരിക്കന്‍ സഹായത്തോടെ 67ല്‍ പട്ടാള ഭരണകൂടം വന്നപ്പോഴും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ക്രൂരവേട്ട തുടര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ടി ഇനി തല പൊക്കില്ല എന്നുകരുതിയാണ് 74ല്‍ സര്‍ക്കാര്‍ നിരോധനം നീക്കിയത്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ പാര്‍ടിക്ക് 300 അംഗ പാര്‍ലമെന്റില്‍ 21 സീറ്റ് ലഭിച്ചു. 2004ല്‍ ലഭിച്ചതിനേക്കാള്‍ ഒമ്പത് സീറ്റും ഒന്നര ശതമാനത്തിലധികം വോട്ടും കൂടുതല്‍. ജനറല്‍ സെക്രട്ടറി വനിതയാണെന്ന(അലേക പാപാരിഗ) സവിശേഷതയും ഗ്രീക്ക് പാര്‍ടിക്കുണ്ട്. 98ല്‍ ഗ്രീക്ക് പാര്‍ടിയാണ് കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ ആദ്യ ലോക സമ്മേളനം വിളിച്ചത്. പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷംകൂടി കെകെഇ ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ആതിഥേയരായി. അതിന് ശേഷമാണ് സമ്മേളനം ഓരോ വര്‍ഷവും ഓരോ ഭൂഖണ്ഡത്തില്‍ ചേരാന്‍ തീരുമാനിച്ചത്.

എ ശ്യാം ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പുകള്‍

സാര്‍വദേശീയ സമ്മേളന വാര്‍ത്തകള്‍

ലോക കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനം നവംബര്‍ 20ന് തുടങ്ങും

ലോക കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികളുടെ 11-ാം സമ്മേളനം വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 47 രാജ്യങ്ങളിലെ 55 പാര്‍ടികളില്‍ നിന്നായി 87പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സിപിഐ എമ്മും സിപിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ആമുഖ പ്രമേയമായ ഡല്‍ഹി പ്രഖ്യാപനം സീതാറാം യെച്ചൂരി അവതരിപ്പിക്കും. 22ന് മാവ്ലങ്കര്‍ ഹാളിലാണ് സമാപനം.

സാര്‍വദേശീയ കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഡല്‍ഹി ഒരുങ്ങി

കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനത്തിന് തലസ്ഥാന നഗരി ഒരുങ്ങി. 47 രാജ്യത്തുനിന്ന് 55 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 87 പേര്‍ പങ്കെടുക്കുന്ന സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐ എം, സിപിഐ പ്രവര്‍ത്തകര്‍. ഇരുപാര്‍ടികളും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഏഷ്യയില്‍ നടക്കുന്ന ആദ്യസമ്മേളനത്തില്‍ വന്‍കരയിലെ 11 രാജ്യത്തുനിന്ന് 14 പാര്‍ടികളുടെ പ്രതിനിധികളെത്തും. പശ്ചിമേഷ്യയിലെ അഞ്ച് രാജ്യത്തുനിന്ന് എട്ട് പാര്‍ടികളും യുറോപ്പിലെ 22 രാജ്യത്തുനിന്ന് 23 പാര്‍ടികളും ലാറ്റിന്‍ അമേരിക്കയിലെ ആറു രാജ്യത്തുനിന്ന് ഏഴ് പാര്‍ടികളും വടക്കേ അമേരിക്കയില്‍നിന്ന് രണ്ട് രാജ്യത്തെ പ്രതിനിധാനംചെയ്ത് രണ്ടു പാര്‍ടികളും പങ്കെടുക്കും. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് ആഫ്രിക്കയില്‍നിന്ന് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിത്തുടങ്ങി. വടക്കന്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെയും സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും യൂഗോസ്ളാവ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും രണ്ട് പ്രതിനിധികള്‍ വീതമാണ് എത്തിയത്. പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവരെ ചെങ്കൊടിയുമേന്തി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഭൂരിപക്ഷം പേരും വ്യാഴാഴ്ചയോടെ എത്തുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

വെള്ളിയാഴ്ച പകല്‍ 11ന് അശോകറോഡിലെ റമദ പ്ളാസ ഹോട്ടലില്‍ സമ്മേളനം ആരംഭിക്കും. സിപിഐ സാര്‍വദേശീയ വിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപത സ്വാഗതം പറയും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സാര്‍വദേശീയവിഭാഗം തലവനുമായ സീതാറാം യെച്ചൂരി പ്രധാന പ്രമേയം അവതരിപ്പിക്കും. സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധിയും ജനങ്ങളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളും ബദലും അതില്‍ കമ്യൂണിസ്റ്റ്- തൊഴിലാളി പാര്‍ടികളുടെ പങ്കും എന്നതാണ് ഈ വര്‍ഷം ചര്‍ച്ച ചെയ്യുന്ന വിഷയം. മൂന്നു ദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ഡല്‍ഹി പ്രഖ്യാപനമെന്ന രേഖ സമ്മേളനം അംഗീകരിക്കുമെന്ന് എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പല്‍ ബസു, സിപിഐ നേതാക്കളായ പല്ലബ് സെന്‍ഗുപ്ത, ഡി രാജ എന്നിവരും പങ്കെടുത്തു. മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവര്‍ സംസാരിക്കും. ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് നേതാക്കളും സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും.
(വി ബി പരമേശ്വരന്‍)

ലോക കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനം: സിപിഐ എമ്മില്‍നിന്ന് 5 പേര്‍

വെള്ളിയാഴ്ച തുടങ്ങുന്ന കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ടികളുടെ 11-ാമത് സാര്‍വദേശീയസമ്മേളനത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത്് അഞ്ചുപേര്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്‍, ത്രിപുര മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബസു, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം കെ പന്ഥെ, സീതാറാം യെച്ചൂരി എന്നിവരാണ് പങ്കെടുക്കുക. സമ്മേളനത്തില്‍ പ്രധാന പ്രമേയം അവതരിപ്പിക്കുന്നത് പാര്‍ടിയുടെ സാര്‍വദേശീയ ചുമതലയുള്ള സീതാറാം യെച്ചൂരിയാണ്. സമ്മേളനത്തിന് സിപിഐ എമ്മിനൊപ്പം ആതിഥേയത്വം വഹിക്കുന്ന സിപിഐയില്‍നിന്നും അഞ്ചു പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ടി ഡെപ്യൂട്ടി സെക്രട്ടറി സുധാകരറെഡ്ഡി, ഡി രാജ, ഗുരുദാസ് ദാസ് ഗുപ്ത, പല്ലബ്്സെന്‍ ഗുപ്ത, കേരള ഭക്ഷ്യമന്ത്രി സി ദിവാകരന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

ആഗോള സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം തേടും: യെച്ചൂരി

ആഗോള സാമ്പത്തികപ്രതിസന്ധിയും അതിനുള്ള പരിഹാര മാര്‍ഗങ്ങളുമായിരിക്കും കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. മുതലാളിത്ത പ്രതിസന്ധിക്ക് ഐഎംഎഫും ലോകബാങ്കും യൂറോപ്യന്‍ ബാങ്കും മുന്നോട്ടു വയ്ക്കുന്നതല്ല യഥാര്‍ഥ പരിഹാരമെന്നും അതിനുള്ള ബദല്‍മാര്‍ഗം മുന്നോട്ടുവയ്ക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും മുഖ്യസംഘാടകനായ സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രസീലിലെ സാവോപോളയില്‍ ചേര്‍ന്ന സമ്മേളനം മുന്നോട്ടുവച്ച ബദലിന് പുതിയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമ്മേളനം മാറ്റം നിര്‍ദേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദെങ് സിയാവോ പിങ്ങിന്റെ കാലത്ത് ചൈന മുതലാളിത്തത്തിലേക്ക് പോകുകയാണെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നത് മുതലാളിത്തം ചൈനയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നാണ്. ഈ മാറ്റം ശ്രദ്ധേയമാണ്. ചൈനയുമായുള്ള ഉഭയകക്ഷിബന്ധം സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകില്ലെന്ന് യെച്ചൂരി അറിയിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുമായി ഇന്ത്യയിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും പാര്‍ടിതല ബന്ധമുണ്ട്. എന്നാല്‍, ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരുകളാണ്. പ്രചണ്ഡ ചെയര്‍മാനായുള്ള നേപ്പാളിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സീതാറാം യെച്ചൂരി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. നേപ്പാളിലെ മാവോയിസ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ പതിനൊന്നംഗ പ്രവര്‍ത്തകസമിതി പരിശോധിക്കും. നേപ്പാളില്‍നിന്ന് പങ്കെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുനൈറ്റഡ് മാര്‍ക്സിസ്റ് ലെനിനിസ്റ്റ്) എന്ന പാര്‍ടിയുമായി ആദ്യം പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്യും. അതിനുശേഷമേ പുതിയ പാര്‍ടിയെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിക്കൂവെന്നും യെച്ചൂരി പറഞ്ഞു.

Thursday, November 19, 2009

സാര്‍വദേശീയ സമ്മേളനങ്ങള്‍ ഇതുവരെ

മാര്‍ക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളെ ഒന്നിച്ചുകൂട്ടാനുള്ള ശ്രമങ്ങളുടെ ഫലമാണ് കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ ലോകസമ്മേളനം. 'സമകാല ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ സാധുതയും' എന്ന വിഷയത്തില്‍ 1993 മെയ് മാസം കൊല്‍ക്കത്തയില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ സിപിഐ എം മുന്‍കൈ എടുത്തു. 21 പാര്‍ടിയാണ് അന്ന് സെമിനാറില്‍ പങ്കെടുത്തത്. 1998 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഗ്രീസ് സമകാല രാജ്യാന്തരസംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും അനുഭവങ്ങളും പങ്കിടാന്‍ കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം സംഘടിപ്പിക്കാന്‍ തുടങ്ങി. ഇങ്ങനെ ഏഴ് സമ്മേളനം ഗ്രീസില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പിന്നീട് ഇത്തരം സമ്മേളനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടാം സമ്മേളനം 2006 നവംബര്‍ 10 മുതല്‍ 12 വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ സംഘടിപ്പിക്കുകയും ചെയ്തു. സമ്മേളനം ചര്‍ച്ചചെയ്ത വിഷയം ഇതായിരുന്നു: സമകാല രാജ്യാന്തരസ്ഥിതിഗതിയുടെ ഭീഷണികളും സാധ്യതകളും. സാമ്രാജ്യത്വ തന്ത്രം, ഊര്‍ജപ്രശ്നം, ലാറ്റിനമേരിക്കന്‍ ജനതയുടെ പോരാട്ടവും അനുഭവങ്ങളും, സോഷ്യലിസത്തിന്റെ ഭാവി. 63 പാര്‍ടി പങ്കെടുത്തു. എട്ടാം സമ്മേളനം സോഷ്യലിസത്തിന്റെ പ്രസക്തിയും അടിയന്തരാവശ്യവും ഊന്നിപ്പറഞ്ഞു. തൊഴിലാളികളും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതലാളിത്തത്തിനു കഴിയില്ലെന്ന് സമ്മേളനം വ്യക്തമാക്കി. മുതലാളിത്തത്തിനു ബദലായി അതിവേഗം സോഷ്യലിസം ഉയര്‍ന്നുവരികയാണെന്നും മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഇത് അനിവാര്യമാണെന്നും ലോകസ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സമ്മേളനം പ്രഖ്യാപിച്ചു. ലോകത്തെ എല്ലാ പുരോഗഗമന-സാമ്രാജ്യത്വവിരുദ്ധശക്തികളും, പ്രത്യേകിച്ച് കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് സമ്മേളനം വിരല്‍ചൂണ്ടി. സമ്മേളനം താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു. കമ്യൂണിസ്റ്, വര്‍ക്കേഴ്സ് പാര്‍ടികളും മറ്റു പുരോഗമന, വിപ്ളവശക്തികളും തമ്മിലുള്ള ഐക്യവും യോജിച്ച പ്രവര്‍ത്തനവും വികസിപ്പിക്കാന്‍ വിവിധ വിഷയങ്ങളും കര്‍മപരിപാടിയും നിര്‍ദേശിച്ചു. ലക്ഷ്യങ്ങള്‍ ഇവയാണ്:

1. സൈനികമേധാവിത്വത്തിനും യുദ്ധത്തിനും എതിരായി, പ്രത്യേകിച്ച് ഇറാഖില്‍നിന്ന് അധിനിവേശസേനയുടെ പിന്മാറ്റത്തിനായി;

2. നാറ്റോയുടെ പിരിച്ചുവിടലിനും വിദേശസൈനികതാവളങ്ങളുടെ നിരോധനത്തിനുമായി;

3. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വതന്ത്രത്തിന് എതിരായും പലസ്തീന്‍ജനതയോടുള്ള അടിയന്തര ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ക്കും പലസ്തീനിലേക്കും ലബനനിലേക്കും ഐക്യദാര്‍ഢ്യ ദൌത്യസംഘങ്ങളെ അയക്കാനും വേണ്ടിയും;

4. ബൊളിവേറിയന്‍ വെനസ്വേല, ബൊളീവിയ എന്നീ രാജ്യങ്ങളോടുള്ള ഐക്യദാര്‍ഢ്യം, സോഷ്യലിസ്റ് ക്യൂബയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാരാചാരണ പരിപാടികള്‍.

5. ചരിത്രപരമായ തിരുത്തല്‍വാദം, ഫാസിസത്തെ വെള്ളപൂശല്‍, കമ്യൂണിസ്റ് വിരുദ്ധത, 1973 സെപ്തംബര്‍ 11ന് ചിലിയിലുണ്ടായതുപോലുള്ള സംഭവവികാസങ്ങള്‍ എന്നിവയ്ക്ക് എതിരായി;

6. തൊഴിലാളികളുടെ അവകാശങ്ങളും നേട്ടങ്ങളും തകര്‍ക്കുന്ന നവ-ഉദാരവല്‍ക്കരണ കടന്നാക്രമണത്തിന് എതിരെയും ബഹുജന മുന്നേറ്റങ്ങളും വര്‍ഗാധിഷ്ഠിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള പ്രസ്ഥാനങ്ങളും ശക്തമാക്കാനും;

7. രാജ്യാന്തര സമ്മേളനങ്ങളിലെ പങ്കാളിത്തത്തില്‍നിന്ന് പ്രയോജനമുണ്ടാക്കാനും കമ്യൂണിസ്റുകാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും;

8. മേഖലാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും സഹകരണം ശക്തിപ്പെടുത്താന്‍.

ഒമ്പതാം സമ്മേളനം ബെലാറസിലെ മിന്‍സ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബെലാറസും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ചു. ഒക്ടോബര്‍വിപ്ളവത്തിന്റെ 90-ാം വാര്‍ഷികമായിരുന്നു ഈ സുപ്രധാന സമ്മേളനത്തിന്റെ പൊതുവിഷയം. വിപ്ളവാദര്‍ശങ്ങളുടെ പ്രസക്തിയും സാധുതയും. സാമ്രാജ്യത്വത്തിനും സോഷ്യലിസത്തിനും എതിരായ പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍. അഞ്ചു ഭൂഖണ്ഡത്തില്‍നിന്നായി 59 രാജ്യത്തെ 72 കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടിയെ പ്രതിനിധാനംചെയ്ത് 154 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. താഴെപ്പറയുന്ന കാര്യങ്ങളില്‍ മുന്നോട്ടുനീങ്ങാന്‍ സമ്മേളനം തീരുമാനിച്ചു:

യുവജനങ്ങള്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാന്‍ 2008ല്‍ കാള്‍ മാര്‍ക്സിന്റെ 190-ാം ജന്മദിനവും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ' 160-ാം വാര്‍ഷികവും ആചരിക്കാന്‍ സമ്മേളനം സംഘടിപ്പിക്കുക. കമ്യൂണിസ്റ്റ് വിരുദ്ധത, കമ്യൂണിസ്റ്റ്-യുവജനസംഘടനകളുടെ നിരോധനം, കമ്യൂണിസ്റ്റ് പോരാളികളുടെ തടവ് എന്നിവയ്ക്കെതിരായി പോരാട്ടം സംഘടിപ്പിക്കുക. പ്രസക്തമായ വിവരങ്ങളും കര്‍മപരിപാടിയും സമാഹരിക്കാന്‍ ഡാറ്റാ ബാങ്ക് സ്ഥാപിക്കുക. ചരിത്രം വളച്ചൊടിക്കാനും തിരുത്തിയെഴുതാനും ഫാസിസത്തെ മടക്കിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ചെറുക്കുക. തൊഴില്‍ബന്ധങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളോടുള്ള ഐക്യദാര്‍ഢ്യപ്രസ്ഥാനം കെട്ടിപ്പടുക്കുക. വിദേശതൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ആവശ്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനം സൃഷ്ടിക്കുക. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും കാക്കാനുള്ള നടപടികള്‍, രാഷ്ട്രീയത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും അപചയവും ക്രിമിനല്‍വല്‍ക്കരണവും തടയുക. കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളില്‍ പ്രധാന സാമൂഹ്യ-രാഷ്ട്രീയവ്യക്തിത്വങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ബുദ്ധിജീവികളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പങ്കാളിത്തവും സഹകരണവും പ്രവര്‍ത്തനവും വര്‍ധിപ്പിക്കുക. ജി 8, ലോകവ്യാപാരസംഘടന, യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവയുടെ ഉച്ചകോടികള്‍ക്കെതിരെ പൊതുകൂട്ടായ്മകള്‍ സംഘടിപ്പിക്കുക. അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ എല്ലാ രാജ്യങ്ങളില്‍നിന്നും വിദേശസേനകളുടെ പിന്മാറ്റം സാധ്യമാക്കുക. നാറ്റോയും വിദേശത്തെ സൈനികതാവളങ്ങളും ഇല്ലാതാക്കുക.

സമ്മേളനത്തിലെ ചര്‍ച്ചയും അനുഭവങ്ങളുടെ പങ്കിടലും വഴി കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികള്‍ തമ്മിലുള്ള ഐക്യവും മുതലാളിത്തത്തിനെതിരായ പോരാട്ടവും ശക്തിപ്പെടുത്താന്‍ സാധിച്ചതായി കരുതുന്നു.

പത്താം സമ്മേളനം 2008 നവംബര്‍ 21 മുതല്‍ 23 വരെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീലിന്റെ ആതിഥേയത്വത്തില്‍ സാവോപോളോയില്‍ ചേര്‍ന്നു. 55 രാജ്യത്തുനിന്നുള്ള 65 പാര്‍ടികള്‍ പങ്കെടുത്തു. രാജ്യാന്തരസംഭവവികാസങ്ങളിലെ പുതിയ പ്രതിഭാസങ്ങളായിരുന്നു സമ്മേളനത്തിന്റെ പ്രമേയങ്ങള്‍. ദേശീയ, സാമൂഹ്യ, പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്, സാമ്രാജ്യത്വശക്തികള്‍ക്കിടയിലെ വൈരുധ്യങ്ങളും വൈരങ്ങളും വളരുന്നത് എന്നിവ. സമാധാനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടവും കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പൊതുവേദിയും.
1930കള്‍ക്കുശേഷം മുതലാളിത്തം നേരിട്ട ഏറ്റവും കടുത്ത പ്രതിസന്ധിയുടെ നാളുകളിലാണ് സമ്മേളനം നടന്നത്. നവഉദാരവല്‍ക്കരണത്തിന്റെ സമ്പൂര്‍ണ പരാജയത്തിന്റെയും തകര്‍ച്ചയുടെയും പ്രകടനമാണ് ആഗോളപ്രതിസന്ധിയെന്നും എന്നാല്‍ ഇത് മുതലാളിത്തത്തിന്റെ അന്ത്യമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു. വികസിത രാജ്യങ്ങളിലെ ബൂര്‍ഷ്വാവര്‍ഗം അവരുടെ രാഷ്ട്രീയഅധികാരം ഉപയോഗിച്ച് തങ്ങളുടെ സംവിധാനത്തിനുവേണ്ടി 'രക്ഷാപദ്ധതി' നടപ്പാക്കുകയാണെന്നും മുതലാളിത്തസംവിധാനത്തിന്റെ ആന്തരികവൈരുധ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ നയങ്ങള്‍ക്കുള്ള വില നല്‍കേണ്ടിവരിക തൊഴിലാളിവര്‍ഗമായിരിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഈ കടുത്ത പ്രതിസന്ധി, 1989-91 കാലത്തെ പ്രതിവിപ്ളവങ്ങള്‍ മുതലാളിത്തത്തിന്റെ അന്തിമവും തിരിച്ചുപോക്കില്ലാത്തതുമായ വിജയമാണെന്ന മിത്ത് പൊളിക്കുകയും സാമൂഹ്യവ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിനുള്ള പരിമിതികളും ലോകം വിപ്ളവപാതയിലേക്ക് തിരിച്ചുപോകേണ്ടതിന്റെ ആ വശ്യകതയും എടുത്തുകാട്ടുകയും ചെയ്യുന്നതായി സമ്മേളനം വ്യക്തമാക്കി. 'സോഷ്യലിസമാണ് ബദലെന്ന്' സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനം താഴെപ്പറയുന്ന പ്രമേയം അംഗീകരിച്ചു:

"നവ ഉദാരവല്‍ക്കരണത്തിന്റെ തകര്‍ച്ച മുതലാളിത്തനയങ്ങള്‍ കൈകാര്യംചെയ്തതില്‍ സംഭവിച്ച പരാജയം മാത്രമല്ല വ്യക്തമാക്കുന്നത്, മുതലാളിത്തസംവിധാനത്തിന്റെതന്നെ പരാജയമാണ്. വന്‍മൂലധനശക്തികളോടും സാമ്രാജ്യത്വങ്ങളോടും അവരുടെ സഖ്യങ്ങളോടും പൊരുതിയും കുത്തകവിരുദ്ധ സ്വഭാവത്തെ വിമോചിപ്പിച്ചും മാത്രമേ തൊഴിലാളികളുടെയും ജനങ്ങളുടെയും ആഗ്രഹാഭിലാഷങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന് കമ്യൂണിസ്റ്റ് ആശയങ്ങളുടെയും പദ്ധതികളുടെയും മേധാവിത്വത്തെക്കുറിച്ചുള്ള ആത്മവിശ്വാസത്തില്‍നിന്ന് പ്രഖ്യാപിക്കുന്നു. സോഷ്യലിസമാണ് ബദല്‍ എന്ന ബോധത്തില്‍നിന്ന്, ജനങ്ങളുടെ യഥാര്‍ഥവും പൂര്‍ണവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള പാത തുറക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മുതലാളിത്തത്തിന്റെ വിനാശകരമായ പ്രതിസന്ധികള്‍ അവസാനിപ്പിക്കാനും വേണ്ടി കമ്യൂണിസ്റ്റുകാര്‍ക്കും വിപ്ളവകാരികള്‍ക്കും ഒപ്പം അണിചേരാന്‍ ലോകജനതയോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. മുതലാളിത്തനയങ്ങള്‍ക്കെതിരെ ജനങ്ങളുടെ യോജിച്ച പോരാട്ടത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞുവന്നിരിക്കയാണ്. മറ്റൊരു ലോകം, ചൂഷണത്തില്‍നിന്നും മൂലധനത്തിന്റെ അടിച്ചമര്‍ത്തലുകളില്‍നിന്നും വിമുക്തമായ ലോകം, സാധ്യമാണെന്ന ഉറപ്പില്‍നിന്ന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള പോരാട്ടം തുടരാനുള്ള പ്രതിബദ്ധത ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.''

ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ ചേരുന്ന 11-ാം സമ്മേളനം ആഗോളസാമ്പത്തികപ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും പോരാട്ടങ്ങള്‍, ബദല്‍ സംവിധാനം, ഇതില്‍ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പങ്ക് എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

എസ് രാമചന്ദ്രന്‍പിള്ള ദേശാഭിമാനി

സമ്മേളനത്തിന്റെ വെബ് സൈറ്റ്