Showing posts with label ടൈറ്റാനിയം. Show all posts
Showing posts with label ടൈറ്റാനിയം. Show all posts

Tuesday, November 3, 2020

ടൈറ്റാനിയം അഴിമതി : പ്രതികളാരെന്ന്‌ ആന്റണിക്ക്‌ അറിയാം: സെബാസ്‌റ്റ്യൻ ജോർജ്‌

 ടൈറ്റാനിയം അഴിമതിയുടെ ഉള്ളുകള്ളികളെല്ലാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ എ കെ ആന്റണിക്ക്‌ അറിയാമെന്ന്‌ സെബാസ്‌റ്റ്യൻ ജോർജ്‌. 2004–-ൽ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചതിന്‌ ടൈറ്റാനിയം അഴിമതിയെക്കുറിച്ചുള്ള ‌വിജിലൻസ്‌ ത്വരിതാന്വേഷണവും പങ്കുവഹിച്ചതായി സംശയിക്കണം. ആന്റണിയെ സിബിഐ ചോദ്യംചെയ്‌താൽ യഥാർഥ പ്രതികളെയെല്ലാം പുറത്തുകൊണ്ടുവരാൻ കഴിയും. കഴിഞ്ഞ ദിവസം ‘കൈരളി’ ചാനലിലെ ചർച്ചയ്‌ക്കിടെ കോൺഗ്രസ്‌ നേതാവ്‌ ഡൊമിനിക്‌ പ്രസന്റേഷൻ ആക്ഷേപിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ അയച്ച പരാതിയിലാണ്‌ ഇരുപതു വർഷമായി ടൈറ്റാനിയം അഴിമതിക്കാര്യത്തിൽ നിയമയുദ്ധം നടത്തുന്ന സെബാസ്‌റ്റ്യൻ ജോർജിന്റെ വെളിപ്പെടുത്തൽ.

പൊതുഖജനാവിന്‌ 280 കോടി രൂപയുടെ നഷ്ടം വരുത്തിയതും ഇപ്പോഴും പ്രതിവർഷം 25 കോടിയിൽപരം രൂപയുടെ നഷ്ടം സംഭവിക്കുന്നതുമാണ്‌ ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണപദ്ധതി. അഴിമതി നടക്കാൻ പോകുന്നകാര്യം മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വ്യക്തമായി അറിയാമായിരുന്നു. തടയുന്നതിനുള്ള ധൈര്യം അദ്ദേഹത്തിന്‌ ഇല്ലാതെപോയി. പദ്ധതിയിൽ അഴിമതിയുണ്ടെന്നും വിജിലൻസ്‌ അന്വേഷണം വേണമെന്നും 2003 മാർച്ച്‌ മൂന്നിന്‌ താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മെയ്‌ 26ന്‌ നേരിൽകണ്ട്‌ ഈ  അഴിമതി തടയണമെന്ന്‌ വീണ്ടും ആവശ്യപ്പെട്ടു.

ഫയൽ വ്യവസായമന്ത്രിയുടെ ഓഫീസ് പിടിച്ചുവച്ചിരിക്കയാണെന്ന മറുപടിയാണ് ലഭിച്ചത്. 2004 ആഗസ്‌ത്‌ ഒന്നിന്‌ വീണ്ടും നൽകിയ പരാതിയിൽ ആഗസ്‌ത്‌ 26ന്‌ വിജിലൻസ്‌ ത്വരിതാന്വേഷണത്തിന്‌ ഉത്തരവിട്ടു. ഉത്തരവിന്റെ മഷിയുണങ്ങുംമുമ്പ്‌ ആഗസ്‌ത്‌ 29ന്‌ ആന്റണിയുടെ മുഖ്യമന്ത്രിക്കസേര തെറിച്ചു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ കോൺഗ്രസ്‌ നേതാക്കൾ കിണഞ്ഞുശ്രമിക്കുകയാണെന്നും‌ സെബാസ്‌റ്റ്യൻ ജോർജ്‌ പറഞ്ഞു.

Friday, October 23, 2020

ടൈറ്റാനിയം കേസിലെ രാഷ്ട്രീയ ഒത്തുകളി

 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ ആരോപണവിധേയരായ ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിന്റെ‌ അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാട്‌ കേരളത്തെ നിരാശപ്പെടുത്തുന്നതാണ്‌. സംസ്ഥാന ഖജനാവിന്‌ കോടിക്കണക്കിന്‌ രൂപ നഷ്‌ടമാക്കിയ അഴിമതി അന്വേഷിക്കാൻ സിബിഐ തയ്യാറല്ലെന്ന്‌ അറിയിച്ച്‌ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിരിക്കുകയാണ്‌. അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസി നിലപാട്‌ എടുക്കുന്നത്‌ എന്ത്‌ കാരണത്താലാണെന്ന്‌ അവർതന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ജനങ്ങളുടെ പണം കൊള്ളയടിച്ചുകൊണ്ടുപോകുന്ന അഴിമതിക്കാരെ നിയമത്തിന്‌ മുന്നിലെത്തിക്കാൻ താൽപ്പര്യമില്ലാത്ത ഈ അന്വേഷണസംവിധാനം എന്തിനാണെന്ന്‌ ജനങ്ങൾ സ്വാഭാവികമായും സംശയിച്ചുപോകും.

തിരുവനന്തപുരത്തെ പൊതുമേഖലാ വ്യവസായശാലയായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌ ലിമിറ്റഡിൽ(ടിടിപിഎൽ) മലിനീകരണ നിർമാർജന പ്ലാന്റ്‌ സ്ഥാപിച്ചതിലും യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തതിലും കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടന്നുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ട്‌ ഒന്നരപ്പതിറ്റാണ്ടിലേറെയായി. 2005ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌‌ സംസ്ഥാന ഖജനാവിൽനിന്ന്‌‌ 280 കോടി രൂപയോളം ചെലവാക്കിയ പദ്ധതിയിൽ 68 കോടിയുടെ അഴിമതി നടന്നത്‌. അന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല സ്വാധീനം ചെലുത്തി മെക്കൊൺ കമ്പനി വഴി ഫിൻലൻഡിലെ സ്ഥാപനത്തിന്‌ ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയെന്നാണ്‌ ആരോപണം. വിജിലൻസ്‌ അന്വേഷിച്ച കേസ്‌ 2019ൽ എൽഡിഎഫ്‌ സർക്കാരാണ്‌ സിബിഐക്ക്‌ വിട്ടത്‌. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാതിരുന്ന സിബിഐ കേസ്‌ കൈയൊഴിയുന്നതായി കഴിഞ്ഞ ദിവസമാണ്‌ അറിയിച്ചത്‌.

ഭരണതലത്തിൽ നടന്ന വലിയ അഴിമതി അന്വേഷിക്കാൻ ഒരു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സിബിഐ നിലപാട്‌ ദുരൂഹമാണ്‌. വർഷങ്ങൾക്കുമുമ്പ്‌ നടന്ന ഇടപാടായതിനാൽ വിദേശ കമ്പനികളിൽനിന്ന്‌ രേഖകൾ കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ്‌ സിബിഐ പറയുന്നത്‌. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസികളിൽ ഒന്നായ സിബിഐക്ക്‌ ഇത്തരമൊരു കേസ്‌ ഏറ്റെടുക്കാൻ കഴിവില്ലെന്നു പറയുന്നത്‌ എത്ര പരിഹാസ്യം. ഒരു പൊതുമേഖലാ സ്ഥാപനം ടെൻഡറില്ലാതെ വിദേശത്തുനിന്ന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌ത കേസ്‌ അന്വേഷിക്കാൻപോലും ആത്മവിശ്വാസമില്ലാത്തവിധം തകർച്ചയിലാണ്‌ സിബിഐ എന്ന്‌ വിശ്വസിക്കാൻ പ്രയാസം.

കേന്ദ്ര സർക്കാർ കൂട്ടിലടച്ച തത്തയാണ്‌ സിബിഐ എന്ന്‌ മുമ്പേയുള്ള പരാതിയാണ്‌‌. രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാൻ സിബിഐ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളെ മോഡി സർക്കാർ ഉപയോഗിക്കുന്നുവെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ എതിരാളികളെ കേന്ദ്രം വേട്ടയാടുകയാണെന്ന്‌ കോൺഗ്രസും ശക്തമായി വിമർശിക്കുന്നു‌. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്‌ട്രയിലുമെല്ലാം കേസ്‌ അന്വേഷണത്തിന്‌ സിബിഐക്ക്‌ നൽകിയ മുൻകൂർ അനുമതി പിൻവലിച്ചുകഴിഞ്ഞു.

സിബിഐയുടെ പ്രവർത്തനത്തെക്കുറിച്ച്‌ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടയിലാണ്‌ കേരളത്തിലെ യുഡിഎഫ്‌ നേതാക്കൾക്കെതിരായ അഴിമതിക്കേസ്‌ അന്വേഷണത്തിൽനിന്ന്‌ അവർ പിൻവാങ്ങുന്നത്‌. അത്ര നിഷ്‌കളങ്കമായ തീരുമാനമാണ്‌ ഇതെന്ന്‌ കരുതാനാകില്ല. എതിരാളികളെ വേട്ടയാടാൻ മാത്രമല്ല, രാഷ്‌ട്രീയ കൂട്ടുകെട്ടിന്‌‌ രൂപംനൽകാനും സിബിഐയെ ഉപയോഗിക്കാം എന്നാണ്‌ ടൈറ്റാനിയം കേസിലെ തീരുമാനം കാണിക്കുന്നത്‌. സിബിഐയെ പിൻമാറ്റി കേരളത്തിൽ അവിശുദ്ധ രാഷ്‌ട്രീയസഖ്യത്തിന്‌ നിലമൊരുക്കുകയാണെന്ന്‌ നിശ്‌ചയമായും സംശയിക്കാം. എൽഡിഎഫിനെതിരെ സംഘപരിവാർ –യുഡിഎഫ്‌–- - ജമാഅത്തെ ഇസ്ലാമി–-പോപ്പുലർ ഫ്രണ്ട്‌ സഖ്യത്തിന്‌ വഴിയൊരുക്കാനുള്ള രാഷ്‌ട്രീയ സന്ദേശമാണ്‌ ഇതുവഴി കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ കരുതേണ്ടിയിരിക്കുന്നു‌.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ കരുനീക്കം യുഡിഎഫിന്‌ താൽക്കാലിക ആഹ്ലാദം പകർന്നുവെന്നുവരാം. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ അവർ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നുമാത്രം പറയാം. വടക്കാഞ്ചേരി ലൈഫ്‌ ഭവനപദ്ധതിക്കെതിരെ അനിൽ അക്കര വെള്ളക്കടലാസിൽ എഴുതിയ രാഷ്ട്രീയപ്രേരിതമായ പരാതി കിട്ടിയ ഉടൻ ചാടിവീണ് കേസെടുത്തവരാണ്‌ സിബിഐ. സർക്കാർ പണംമുടക്കാത്ത പദ്ധതിക്കെതിരായ ആരോപണംപോലും സ്വന്തം നിലയിൽ അന്വേഷിക്കുന്ന സിബിഐ പൊതു ഖജനാവ്‌ കൊള്ളയടിച്ച സംഭവം കൈയൊഴിയുന്നത്‌ കേന്ദ്ര സർക്കാർ നടത്തിയ രാഷ്‌ട്രീയ ഒത്തുകളിയുടെ ഫലമല്ലാതെ മറ്റൊന്നുമല്ല.

deshabhimani editorial 231020

Thursday, October 22, 2020

  ബിജെപി- യുഡിഎഫ്‌ കൂട്ടുകെട്ടിനായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ 68 കോടി രൂപയുടെ അഴിമതി നടന്ന ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

2019 സെപ്‌തംബര്‍ 3 നാണ്‌ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്‌. വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സിബിഐക്ക്‌ കൈമാറുകയും ചെയ്‌തു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസില്‍ പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയപ്പോള്‍ നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌ ഈ കേസ്‌ സിബിഐ ക്ക്‌ വിടാന്‍ തീരുമാനിച്ചത്‌.

ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഇബ്രാഹിം കുഞ്ഞിനേയും പ്രതിചേര്‍ത്ത്‌ അന്വേഷണം നടത്താന്‍ തിരുവനന്തപരം വിജിലന്‍സ്‌ കോടതി വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ വിജിലന്‍സ്‌ അന്വേഷണം തുടങ്ങിയത്‌. ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെ ങ്കിലും അന്വേഷണം തുടരാനാണ്‌ കോടതി വിധിച്ചത്‌. ഇത്രയും ഗൗരവമേറിയ കേസില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും രക്ഷപ്പെടു ത്താനാണ്‌ പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പ്‌ തന്നെ സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്‌. ഇത്‌ യുഡിഎഫും - ബിജെപിയും തമ്മില്‍ പരസ്യധാരണ തന്നെയാണ്‌ ഉള്ളതെന്ന്‌ വ്യക്തമാക്കുന്നു .

മാറാട്‌ കേസില്‍ സിബിഐ അന്വേഷണം തുടരാത്തതും ഇതിന്റെ ഭാഗമാണ്‌. മാറാട്‌ കേസ്‌ സിബിഐക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടത്തിയ പാര്‍ടിയാണ്‌ ബിജെപി. മുസ്ലീംലീഗിനെ രക്ഷപ്പെടു ത്താനായാണ്‌ ഈ കേസില്‍ സിബിഐ അന്വേഷണം മരവിപ്പിച്ചിട്ടുള്ളത്‌.

പാവങ്ങള്‍ക്ക്‌ വിട്‌ നല്‍കുന്ന ലൈഫ്‌ പദ്ധതി അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ്‌ എംഎല്‍എ നല്‍കിയ പരാതിയില്‍ ഉടന്‍ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചതും ഇതേ സിബിഐ ആണ്‌. പല സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ എതിരാളികള്‍ക്ക്‌ എതിരെ ഇഡിയേയും സിബിഐ യേയും ബിജെപി ദുരുപയോഗിക്കുകയാണ്‌. ഇതുകൊണ്ടാണ്‌ രാജസ്ഥാനും, പശ്ചിമ ബംഗാളിനും പിന്നാലെ കോണ്‍ഗ്രസ്‌ ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും സിബിഐക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ബിജെപിയുടെ രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി സിബിഐ യെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Wednesday, October 21, 2020

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ

 ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതി കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ. ഇക്കാര്യം വ്യക്തമാക്കുന്ന കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. ഖജനാവിന് 127 കോടി രൂപ നഷ്ടം വരുത്തിയ കേസാണ് ടൈറ്റാനിയം അഴിമതി. യു ഡി എഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ അന്വേഷണത്തിന് സി ബി ഐ വൈമുഖ്യം കാണിക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയിലാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.

വിജിലന്‍സ് കേസിന്റെ മുഴുവന്‍ രേഖകളും കഴിഞ്ഞ ഡിസംബറില്‍ തന്നെ സർക്കാർ കൈമാറിയെങ്കിലും സിബിഐ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിദേശത്തു നിന്ന് സാമഗ്രികള്‍ ഇറക്കുമതി ചെയ്തങ്കിലും സ്ഥാപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടം വരുത്തിയതിനു പിന്നില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം.

കമ്പനിയുടെ മേല്‍ ഉദ്യോഗസ്ഥരെ കൂടാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. അഴിമതി നടന്നതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഫിന്‍ലന്‍ഡില്‍ നിന്നും ഇറക്കുമി നടത്തിയതിന് ഇടനിലക്കാരനായ വ്യക്തിയെ ഇതുവരെ വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലന്നും വിദേശത്ത് കഴിയുന്ന ഇയാളെ സിബിഐ ചോദ്യം ചെയ്യണമെന്നും വിദേശ ബാങ്കുകള്‍ വഴി നടന്ന പണ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സിബിഐയാണെന്നും നേരത്തെ വ്യക്തമായിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാന്‍ ശുപാര്‍ശ ഉണ്ടായിട്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും ആരോപണമുണ്ടായി.

ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ്‌ ലൈഫ്‌ മിഷൻ അന്വേഷണത്തിൽ സിബിഐ തിരക്കിട്ട നീക്കം നടത്തിയിരുന്നത്‌. 2019 സെപ്‌തംബർ മൂന്നിനാണ്‌ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്‌തത്‌.

ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ്‌ അന്വേഷിച്ച കേസ്‌ രാജ്യാന്തരതല അന്വേഷണം വേണമെന്ന്‌ വന്നപ്പോഴാണ്‌ സിബിഐയ്‌ക്ക്‌ വിടാൻ തീരുമാനിച്ചത്‌. കേസ്‌ ഡയറി അടക്കം എല്ലാ രേഖകളും ഉടനടി സിബിഐ ആസ്ഥാനത്ത്‌ വിജിലൻസ്‌ നേരിട്ട്‌ എത്തിക്കുകയും ചെയ്‌തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇത്‌ സംബന്ധിച്ച്‌ സിബിഐയിൽനിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നോ സംസ്ഥാന സർക്കാരിന്‌ ഒരു മറുപടിയും നൽകിയിരുന്നില്ല.

Sunday, October 4, 2020

ടൈറ്റാനിയം കേസ് ‘അട്ടിമറിക്കുന്നത്‌ ചെന്നിത്തല ലോബി‌’ : സെബാസ്റ്റ്യൻ ജോർജ്

 ടൈറ്റാനിയം കേസ് അട്ടിമറിക്കുന്നതിനുപിന്നിൽ പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തല ഉൾപ്പെട്ട വൻ ലോബിയാണെന്ന് കമ്പനി മുൻ ജീവനക്കാരനും കേസിലെ പരാതിക്കാരനുമായ സെബാസ്റ്റ്യൻ ജോർജ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ, 2014ൽ കേസ്‌ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്‌. കോടതിയിൽ തെറ്റായ റിപ്പോർട്ടു നൽകിയ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കേസിൽ പങ്കുണ്ട്.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന എൽഡിഎഫ് സർക്കാരിന്റെ ആവശ്യം അംഗീകരിക്കാതിരിക്കാൻ കോൺഗ്രസ്‌ ബിജെപി നേതാക്കൾ ഇടപെട്ടിട്ടുണ്ട്‌.  അതുകൊണ്ടാണ്‌ എണ്ണൂറോളം പേർക്ക്‌ തൊഴിൽ നഷ്ടപ്പെടുകയും 250 കോടി നഷ്ടം വരുത്തുകയും ചെയ്ത കേസ് ഏറ്റെടുക്കാൻ സിബിഐ അലംഭാവം കാണിക്കുന്നത്‌.സിബിഐക്കുമേൽ ഈ ലോബിയുടെ വലിയ സമ്മർദം ഉണ്ടെന്നത്‌ വ്യക്തമാകുന്നതായും സെബാസ്‌റ്റ്യൻ ജോർജ്‌ പറഞ്ഞു.

ടൈറ്റാനിയം അഴിമതിക്കെതിരെ 20 വർഷമായി നിയമ പോരാട്ടത്തിലാണ് വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനും മുൻ ദേശീയ വോളിബോൾ താരവും കൂടിയായ സെബാസ്റ്റ്യൻ ജോർജ്‌. കെപിസിസി അംഗമായിരുന്ന ജോർജ്‌ ജോസഫിന്റെ മകനാണ്.

ട്രാവൻകൂർ ടൈറ്റാനിയം കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് മാലിന്യ നിർമാർജന പ്ലാന്റിന്റെ മറവിൽ നടത്തിയ വമ്പൻ അഴിമതി പുറത്തുകൊണ്ടുവന്നത്‌. അപ്രായോഗിക പദ്ധതിയുടെപേരിൽ കോടികൾ അഴിമതി നടത്താനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ട ഉടനെ ലോകായുക്തയെ സമീപിച്ച് 2001–-ൽ സ്റ്റേ സമ്പാദിച്ചിരുന്നു. അത് ചില ഉദ്യോഗസ്ഥരും ഉന്നതരുമടങ്ങുന്ന സംഘം അട്ടിമറിച്ചു. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയെ രണ്ടുതവണ നേരിൽക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ത്വരിതാന്വേഷണം പ്രഖ്യാപിച്ച് മൂന്നാം നാൾ ആന്റണിക്ക്‌ മുഖ്യമന്ത്രി കസേരയിൽനിന്ന് ഇറങ്ങേണ്ടിയുംവന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിട്ടും അന്വേഷണം പ്രഖ്യാപിച്ചില്ല. ഒടുവിൽ, വി എസ് അച്യുതാനന്ദൻ സർക്കാരാണ്‌ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിദേശ കമ്പനികൂടി ഉൾപ്പെട്ട കേസായതിനാൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകി. 2019 സെപ്തംബറിലാണ്‌ കേസ് സിബിഐയ്ക്കു വിടാൻ മന്ത്രിസഭ തീരുമാനിച്ചത്‌. കേസ് അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുന്ന ലോബിയിൽ ചില ഐഎഎസുകാരും ന്യായാധിപന്മാരും ഉണ്ടെന്ന്‌ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കെ കെ ശ്രീജിത്ത്‌

Saturday, September 26, 2020

68 കോടിയുടെ ടൈറ്റാനിയം വേണ്ട ; ലൈഫ്‌ മിഷനിൽ മിന്നൽ വേഗം

 ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും അടക്കം പ്രതികളായ 68 കോടിയുടെ ടൈറ്റാനിയം അഴിമതി കേസിൽ ഒരു വർഷം കഴിഞ്ഞിട്ടും തീരുമാനം എടുക്കാതിരിക്കുമ്പോഴാണ്‌ ലൈഫ്‌ മിഷൻ അന്വേഷണത്തിൽ സിബിഐയുടെ തിരക്കിട്ട നീക്കം. 2019 സെപ്‌തംബർ മൂന്നിനാണ്‌ ടൈറ്റാനിയം കേസ്‌ സിബിഐ ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്‌തത്‌.

ഹൈക്കോടതി നിർദേശപ്രകാരം വിജിലൻസ്‌ അന്വേഷിച്ച കേസ്‌ രാജ്യാന്തരതല അന്വേഷണം വേണമെന്ന്‌ വന്നപ്പോഴാണ്‌ സിബിഐയ്‌ക്ക്‌ വിടാൻ തീരുമാനിച്ചത്‌. കേസ്‌ ഡയറി അടക്കം എല്ലാ രേഖകളും ഉടനടി സിബിഐ ആസ്ഥാനത്ത്‌ വിജിലൻസ്‌ നേരിട്ട്‌ എത്തിക്കുകയും ചെയ്‌തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഇത്‌ സംബന്ധിച്ച്‌ സിബിഐയിൽനിന്നോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നോ സംസ്ഥാന സർക്കാരിന്‌ ഒരു മറുപടിയും നൽകിയിട്ടില്ല.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്ക്‌ പുറമെ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും ടൈറ്റാനിയം കേസിൽ വിജിലൻസിന്റെ പ്രതിപട്ടികയിലുണ്ട്‌. ടൈറ്റാനിയം ഫാക്‌ടറിയിൽ മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ തയ്യാറാക്കിയ 108 കോടിയുടെ പദ്ധതി 256 കോടിയുടേതാക്കി മാറ്റിയാണ്‌ അഴിമതി നടത്തിയത്‌.

പദ്ധതിക്ക്‌ തറക്കല്ലിടുംമുമ്പ്‌ യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്‌തിരുന്നു. 68 കോടിയുടെ അഴിമതിയിൽ സിബിഐ അന്വേഷണ തീരുമാനം മരവിപ്പിച്ചശേഷം ലൈഫ്‌ മിഷനിൽ ധൃതിപിടിച്ച്‌ നടപടി ആരംഭിച്ചത്‌ ദുരൂഹമാണ്‌.

Sunday, September 6, 2020

ഒരു വർഷം കഴിഞ്ഞിട്ടും ടൈറ്റാനിയം തൊടാതെ സിബിഐ; കോൺഗ്രസ്‌ – ബിജെപി ഒത്തുകളി

 തിരുവനന്തപുരം > കോടികളുടെ അഴിമതി നടത്തിയ ടൈറ്റാനിയം കേസ്‌ ഏറ്റെടുക്കണമെന്ന സംസ്ഥാനസർക്കാർ ശുപാർശയിൽ ഒരു വർഷം കഴിഞ്ഞിട്ടും സിബിഐ തീരുമാനം എടുക്കുന്നില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻവ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ എന്നിവർ പ്രതികളായ കേസിലാണ്‌ സിബിഐ തീരുമാനം ദുരൂഹമായി നീളുന്നത്‌.

വിദേശ കമ്പനികൾക്കുകൂടി പങ്കുള്ള ഇടപാടിൽ രാജ്യാന്തരതലത്തിൽ അന്വേഷണം വേണമെന്ന ശുപാർശയെ തുടർന്നാണ്‌ 2019 സെപ്‌തംബർ മൂന്നിന്‌ സംസ്ഥാന സർക്കാർ കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടത്‌. 13 വർഷം വിജിലൻസ്‌ നടത്തിയ അന്വേഷണ റിപ്പോർട്ടും സാക്ഷി മൊഴിയും അനുബന്ധ ഫയലുകളും വിജിലൻസ്‌ ഉദ്യോഗസ്ഥർ സിബിഐ ആസ്ഥാനത്ത്‌ എത്തി കൈമാറിയിരുന്നു. എന്നിട്ടും ഇതുവരെ നടപടി വിവരം സിബിഐ സംസ്ഥാനസർക്കാരിനെ അറിയിച്ചിട്ടില്ല. കേരളത്തിലെ ചില ഒറ്റപ്പെട്ട കൊലപാതക കേസുകളിൽവരെ തിടുക്കത്തിൽ നടപടി എടുക്കുമ്പോഴാണ്‌ ഏറെ പ്രാധാന്യമുള്ള ഈ കേസിൽ സിബിഐയുടെ സംശയകരമായ മൗനം.

ഇടപെട്ടത്‌ ബിജെപി നേതാവ്‌

ഈ അഴിമതിക്കേസിൽ സിബിഐ തീരുമാനം അനിശ്ചിതത്വത്തിലായതിനു പിന്നിൽ കോൺഗ്രസ്‌, ബിജെപി രഹസ്യധാരണയാണ്.  കേരളത്തിൽ നിന്നുള്ള ഉന്നത ബിജെപി നേതാവ്‌  ആഭ്യന്തരമന്ത്രാലയത്തിൽ നേരിട്ട്‌ ഇടപെട്ട്‌ നടപടി മരവിപ്പിച്ചതായാണ്‌ സൂചന.ഇദ്ദേഹവും കേസിൽ പ്രതിസ്ഥാനത്തുള്ള യുഡിഎഫ്‌ നേതാവും തമ്മിലാണ്‌ ധാരണ. കേസ്‌ സിബിഐയെക്കൊണ്ട്‌ ഏറ്റെടുപ്പിക്കാതിരിക്കാനാണ്‌ നീക്കം. സിബിഐ മറിച്ചൊരു നിലപാടിലേക്ക്‌ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ വരെ നീട്ടിക്കൊണ്ടുപോവുകയാണ്‌ ലക്ഷ്യം. സംസ്ഥാന ബിജെപി നേതൃത്വവും ഇതിന്‌ സഹായം നൽകുന്നു‌.

നിയമസഭാ തെരഞ്ഞെടുപ്പിലടക്കം രഹസ്യകൂട്ടുക്കെട്ട്‌ ഉണ്ടാക്കാനും ടൈറ്റാനിയം കേസ്‌ ഉപയോഗിക്കുകയാണ്‌. സ്വർണക്കടത്ത്‌ അടക്കം പലതിലും നിരന്തരം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡ്ന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ഒരു വർഷമായി മടക്കിക്കെട്ടി വച്ചിരിക്കുന്ന ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച്‌ മിണ്ടാത്തതും ശ്രദ്ധേയമാണ്‌.

68 കോടിയുടെ അഴിമതി

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയത്തിൽ 256 കോടി രൂപ ചെലവിൽ മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തതിൽ 68 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ വിജിലൻസ്‌ കേസ്‌. 2005–-06 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ്‌‌ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തത്‌.

കെ ശ്രീകണ‌്ഠൻ

Friday, October 18, 2013

ടിടിപി: സിഐടിയുവിനെതിരായ വാര്‍ത്ത അടിസ്ഥാനരഹിതം

ടൈറ്റാനിയം ജനറല്‍ ലേബര്‍ യൂണിയനെ സംബന്ധിച്ച് ടിടിപി മാജേിങ് ഡയറക്ടറുടേതായി കഴിഞ്ഞദിവസം ഒരു പത്രത്തില്‍വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും അബദ്ധജടിലവും. യൂണിയനെ ജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കാനാണ് ഈ വ്യാജവാര്‍ത്ത നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഇപ്പോഴുള്ള മാനേജിങ് ഡയറക്ടര്‍ ചുമതലയേറ്റശേഷം അഴിമതി വര്‍ധിച്ചുവരികയാണ്. ഇതവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന്‍ ഭാരവാഹികള്‍ എംഡിയെ കാണാന്‍ ശ്രമിച്ചെങ്കിലും ധിക്കാരനിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഐആര്‍ഇയില്‍നിന്ന് കരിമണല്‍ വാങ്ങാതെ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വന്‍ തുകയ്ക്ക് വാങ്ങുന്നതിലും ഒരു രേഖയുമില്ലാതെ 2.85 കോടി രൂപയ്ക്ക് ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിന് നല്‍കിയതിലും വലിയ ക്രമക്കേടുണ്ട്. സള്‍ഫ്യൂറിക് ആസിഡ് കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് വളരെ ഉയര്‍ന്ന വിലയ്ക്കും തമിഴ്നാട്ടിലെ സ്വകാര്യ കമ്പനികള്‍ക്ക് കുറഞ്ഞ വിലയ്ക്കും നല്‍കുന്നത് അഴിമതിയല്ലാതെ മറ്റെന്താണ്? കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് എംഡി പറയുമ്പോഴും നിയമനങ്ങള്‍ ക്രമംവിട്ട് നടത്തുന്നു. കാറില്‍ ഒളിച്ചുകടന്ന ജീവനക്കാരന്റെപേരില്‍ ഒരുവിധ അച്ചടക്കനടപടിയും എടുക്കാതെയും വിലപിടിപ്പുള്ള കമ്പനിസാധനങ്ങള്‍ മോഷ്ടിച്ചയാളെ പ്രൊമോഷന് വിളിക്കാന്‍ നിയമമില്ലാതിരുന്നിട്ടും വിളിച്ച നടപടിയിലും അഴിമതി ഒളിഞ്ഞിരിപ്പുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്ന കുറ്റബോധത്തില്‍നിന്ന് രക്ഷ നേടാനാണ് എംഡിയുടേതായി വാര്‍ത്ത വന്നത്.

deshabhimani

Wednesday, March 20, 2013

മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും പങ്ക് അന്വേഷിച്ചില്ല


ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യുഡിഎഫ് നേതാക്കളെയും വെള്ളപൂശി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇടപാടില്‍ അഴിമതിയുണ്ടായെന്ന് വിജിലന്‍സ് തന്നെ സമ്മതിക്കുന്നു. അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രി അടക്കമുള്ള യുഡിഎഫ് നേതൃത്വത്തിനും പങ്കുണ്ടെന്ന ആരോപണം അന്വേഷണസംഘം പരിശോധിച്ചില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ ഈ അഴിമതിക്കേസില്‍ ഇവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, കെ കെ രാമചന്ദ്രനെ കാണാന്‍ പോലും അന്വേഷണസംഘം തയ്യാറായില്ല. മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ ടൈറ്റാനിയത്തിനകത്തുള്ള പ്രധാന രേഖകളും ഫയലുകളും പരിശോധിച്ചിട്ടുമില്ല. ഇവ പരിശോധിച്ചാലേ അഴിമതിയെക്കുറിച്ച് കൂടുതല്‍ അറിയാനാകൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതും അന്വേഷണത്തിലെ വൈരുധ്യം വ്യക്തമാക്കുന്നു. കൂടാതെ കേസില്‍ നിര്‍ണായകമാകുന്ന പല സാക്ഷിമൊഴികളും രേഖകളും പരിശോധിച്ചിട്ടില്ല.

202 പേജുള്ള റിപ്പോര്‍ട്ടാണ് ഫയല്‍ ചെയ്തിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വി അജയകുമാര്‍ ചൊവ്വാഴ്ച രാവിലെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാത്തതിന് കോടതി പലതവണ അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിക്കുകയും ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനുംശേഷമാണ് റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ജഡ്ജി ഇല്ലാത്തതിനാല്‍ ചുമതലയുള്ള കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് റിപ്പോര്‍ട്ട് കൊണ്ടുപോയി. ടൈറ്റാനിയം ജീവനക്കാരനായിരുന്ന എസ് ജയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഭരണക്കാര്‍ക്ക് അഴിമതിയില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് അഴിമതിക്ക് ഇടയാക്കിയതെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെയും കൂട്ടരെയും രക്ഷിക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം. കേസില്‍ പങ്കുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ രക്ഷിക്കുന്ന വിധത്തില്‍ ഇവരുടെ പങ്ക് മറച്ചുവച്ച് എല്ലാം ഉദ്യോഗസ്ഥരുടെ അലംഭാവത്താല്‍ സംഭവിച്ചതാണെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് റിപ്പോര്‍ട്ട്.

deshabhimani 200313

Wednesday, February 6, 2013

വിജിലന്‍സിന് അന്ത്യശാസനം


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നാംപ്രതിയായ ടൈറ്റാനിയം അഴിമതിക്കേസില്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി വിജിലന്‍സിന് അന്ത്യശാസനം നല്‍കി. ഈ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിക്കെതിരെ കേസ് എടുക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി എസ് മോഹന്‍ദാസ് മുന്നറിയിപ്പ് നല്‍കി. കേസില്‍ ആറാം തവണയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് സമയം ചോദിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ച വേളയില്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. എല്ലാ പരിധിയും ലംഘിച്ച് സമയം ചോദിച്ച് കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും ഇനി അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പദ്ധതി നടപ്പാക്കിയതില്‍ 250 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ മുന്‍ ജീവനക്കാരനായ എസ് ജയനാണ് കോടതിയെ സമീപിച്ചത്. അധികാരത്തിലിരിക്കുന്നവര്‍ പ്രതിയായ കേസില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് സമൂഹത്തില്‍ തെറ്റായ ധാരണ പരത്തുമെന്ന് വാദിഭാഗം അഭിഭാഷകനായ എസ് ചന്ദ്രശേഖരന്‍നായര്‍ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പേരെ ഇനിയും ചോദ്യംചെയ്യാനുണ്ടെന്നും രേഖകള്‍ പരിശോധിക്കാന്‍ ബാക്കിയാണെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സിസി അഗസ്റ്റിന്‍ ബോധിപ്പിച്ചു. ഇതിനകം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ചിലരെക്കൂടി ചോദ്യംചെയ്യാനുണ്ടെന്ന് വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അജിത്കുമാര്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, മുന്‍ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം എംഡി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

deshabhimani 060213

Wednesday, September 5, 2012

ടൈറ്റാനിയം സ്പോഞ്ച് പദ്ധതിയും ലേലത്തിന്


എല്‍ഡിഎഫ് ഭരണകാലത്ത് ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഉറപ്പിച്ച ടൈറ്റാനിയം സ്പോഞ്ച് പദ്ധതി എമര്‍ജിങ് കേരളയുടെ മറവില്‍ വീണ്ടും ലേലത്തിനുവച്ചു. നിരവധി വിദേശക്കമ്പനികള്‍ പങ്കെടുത്ത ആഗോള ടെന്‍ഡറിനു ശേഷമാണ് റഷ്യന്‍ കമ്പനിയുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതേ പദ്ധതി വീണ്ടും ലേലത്തിനുവച്ചതില്‍ ദുരൂഹതയുണ്ട്.മൂവായിരം കോടി രൂപ മൊത്ത ചെലവ് കണക്കാക്കുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 10,000 ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റാ കണ്‍സള്‍ട്ടിങ് എന്‍ജിനിയറിങ് സാമ്പത്തിക-സാങ്കേതിക സാധ്യതാപഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി എടുത്തത്. പദ്ധതി നടപ്പാക്കാനായി ചവറ കെഎംഎംഎല്ലിനടുത്ത് സ്ഥലം കണ്ടെത്തി. സ്പോഞ്ച് പ്ലാന്റും നിര്‍മിച്ചു. ഇതിനിടെ ഭരണമാറ്റം ഉണ്ടായതോടെ തുടര്‍ നടപടി നിലക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ എമര്‍ജിങ് കേരളയിലെത്തുന്നത്.

കെഎംഎംഎല്ലിനടുത്ത് 265 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 100 ഏക്കര്‍ സ്ഥലം മാത്രമേ പദ്ധതിക്ക് ആവശ്യമുള്ളൂവെന്നും എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പറയുന്നു. ബാക്കി 165 ഏക്കര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാമെന്ന പരോക്ഷമായ വാഗ്ദാനവും വെബ്സൈറ്റിലുണ്ട്. എല്‍ഡിഎഫ് വിഭാവനം ചെയ്ത പദ്ധതിയില്‍ ധാതുഖനം പൂര്‍ണമായും കെഎംഎംഎല്ലിനാണ്. സ്പോഞ്ച് നിര്‍മാണത്തിനാവശ്യമായ അസംസ്കൃതവസ്തുവായ ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് കെഎംഎംഎല്‍ നല്‍കും. എമര്‍ജിങ് കേരളയിലും ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് മാര്‍ക്കറ്റ് വിലയ്ക്ക് കെഎംഎംഎല്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് എന്തെന്നതും രഹസ്യമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ ഇടപെടലുകളുടെ ഭാഗമായി കെഎംഎംഎല്ലിന് ഇപ്പോള്‍ തന്നെ 1000 ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡിഫന്‍സ് മെറ്റലേര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി(ഡിഎംആര്‍എല്‍)യുടെ സാങ്കേതികസഹായത്തോടെയാണ് ഇതിനുള്ള പ്ലാന്റ് തയ്യാറാക്കിയത്. വിക്രം സാരാഭായി സ്പെയ്സ് സെന്റ(വിഎസ്എസ്സി)റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉല്‍പ്പാദനം തുടങ്ങിയത്. ഇതിനായി വിഎസ്എസ്സി 143 കോടി രൂപ സാമ്പത്തികസഹായം നല്‍കി. കരാര്‍ പ്രകാരം കെഎംഎംഎല്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്പോഞ്ച് വിഎസ്എസ്സി വാങ്ങും. ഇതിനായി കെഎംഎംഎല്ലും വിഎസ്എസ്സിയും ഡിഎംആര്‍എല്ലും പ്രത്യേക കരാറില്‍ ഒപ്പിടേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാറോ വ്യവസായവകുപ്പോ ഇതിന് മുന്‍കൈ എടുക്കാത്തതിനാല്‍ ശേഷി വിനിയോഗിക്കാനാകുന്നില്ല. റഷ്യന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതിലും വിമുഖത കാണിക്കുന്നു. ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ച് ഉറപ്പിച്ച കരാര്‍ നടപ്പാക്കാതെയും കെഎംഎംഎല്ലിന്റെ സ്ഥാപിത ശേഷി ഉപയോഗിക്കാന്‍ ശ്രമിക്കാതെയും പുതിയ സംരംഭകരെ തേടുന്നതിന് പിന്നിലെ രഹസ്യ അജന്‍ഡ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അനധികൃത ധാതുമണല്‍ ഖനവുമാണെന്ന സംശയം ബലപ്പെടുകയാണ്.

എമര്‍ജിങ് കേരള പദ്ധതികള്‍ക്കെതിരെ ജിസിഡിഎ ചെയര്‍മാന്‍

കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) യോട് ആലോചിക്കാതെ ജിസിഡിഎയുടെ മൂന്ന് പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ജിസിഡിഎ താല്‍ക്കാലികമായി മരവിപ്പിച്ച പദ്ധതി പോലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ ജിസിഡിഎ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാലിന് പ്രതിഷേധമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും അറിയിക്കാനുള്ള നീക്കത്തിലാണ് ഇദ്ദേഹം. ഈ പദ്ധതികള്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം എമര്‍ജിങ് കേരളയിലെ പദ്ധതിയെക്കുറിച്ച് ജിസിഡിഎയോട് ആലോചിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ ബാബു തുറന്നടിച്ചു.

ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള മണപ്പാട്ടിപ്പറമ്പിലെ 2.78 ഏക്കറില്‍ കമേഴ്സ്യല്‍ ഷോപ്പിങ്ങ് കോംപ്ലക്സ്, മറൈന്‍ഡ്രൈവിലെ അഞ്ചേക്കര്‍ സ്ഥലം സൗന്ദര്യവല്‍ക്കരണം, കലൂരിലെ 1.8 ഏക്കറില്‍ മാര്‍ക്കറ്റ് കം കമേഴ്സ്യല്‍ ക്ലസ്റ്റര്‍ എന്നീ പദ്ധതികളാണ് ജിസിഡിഎയുടെ പേരില്‍ എമര്‍ജിങ് കേരളയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ മറൈന്‍ഡ്രൈവ് വികസനപദ്ധതി ജിസിഡിഎ താല്‍കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ജിസിഡിഎ സമീപനാളില്‍ നടത്തിയ വിഷന്‍ 2030 വികസന സെമിനാറില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. മണപ്പാട്ടിപ്പറമ്പിലെ കമേഴ്സ്യല്‍ കോംപ്ലക്സ് പദ്ധതിക്കായി സ്ഥലം ബിഒടി അടിസ്ഥാനത്തില്‍ നല്‍കേണ്ടെന്നും ജിസിഡിഎ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയും ജിസിഡിഎയോട് ആലോചിക്കുകപോലും ചെയ്യാതെയുമാണ് സംഗമത്തിന്റെ വെബ്സൈറ്റില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എമര്‍ജിങ് കേരള സംഗമത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ ഇതുസംബന്ധിച്ച ക്ഷണക്കത്തുപോലും ലഭിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു. എമര്‍ജിങ് കേരളയില്‍ ഏതുതരത്തിലുള്ള പദ്ധതികളാണ് അവതരിപ്പിക്കുന്നതെന്ന് ജിസിഡിഎയെ ഇതുവരെ ആരും അറിയിച്ചിട്ടില്ല. ജിസിഡിഎയുടേതായി എമര്‍ജിങ് കേരള വെബ്സൈറ്റില്‍ വന്നിട്ടുള്ള പദ്ധതികള്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മണപ്പാട്ടിപറമ്പിലെ ഭൂമിയില്‍ പിപിപിയായി കമേഴ്സ്യല്‍ കോംപ്ലക്സ് പണിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മറൈന്‍ഡ്രൈവിലും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപമുള്ള സ്ഥലങ്ങളിലും ഒരേസമയം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നതാണ് ജിസിഡിഎ നിലപാട്. കലൂരില്‍ എക്സിബിഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി ജിസിഡിഎ മുന്നോട്ടുപോവുകയാണ്.

എമര്‍ജിങ് കേരളയില്‍ ജില്ലയിലെ പല പദ്ധതികളും ഏക്കര്‍കണക്കിന് ഭൂമിയിലാണ് വിഭാവനംചെയ്തിട്ടുള്ളത്. ഈ ഭൂമി എവിടെയാണെന്ന് ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയവര്‍ക്കുമാത്രമെ അറിയൂവെന്നും വേണുഗോപാല്‍ പരിഹസിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കും. തെരഞ്ഞെടുത്ത ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജിസിഡിഎയോടു ആലോചിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ ബാബു പറഞ്ഞു. ജിസിഡിഎ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സ്വാതന്ത്ര്യംപോലും ജിസിഡിഎക്കില്ല. പദ്ധതിക്കെതിരെ വ്യാജപ്രചാരണങ്ങളാണ് നിലനില്‍ക്കുന്നതെന്നും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani 050912

Sunday, May 27, 2012

സിഎജി റിപ്പോര്‍ട്ട് പരിഗണിച്ചില്ല; ടൈറ്റാനിയം അഴിമതി അന്വേഷണം മരവിപ്പിച്ചു


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുയര്‍ന്ന ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം മരവിപ്പിക്കുന്നു. മലിനീകരണ നിയന്ത്രണപദ്ധതിയുടെ മറവില്‍ ടൈറ്റാനിയത്തില്‍ നടന്ന കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയ 2007ലെ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അന്വേഷണസംഘം ഇതുവരെ പരിഗണിച്ചിട്ടില്ല. കേസിലെ രണ്ടു സാക്ഷികളെ ചോദ്യംചെയ്ത് അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനാണ് വിജിലന്‍സ് നീക്കം. അന്വേഷണം മന്ദഗതിയില്‍ നീങ്ങുന്നത് അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിമര്‍ശിച്ചിരുന്നു.

മലിനീകരണ നിയന്ത്രണപദ്ധതി നടപ്പാക്കുന്നതില്‍ കോടികളുടെ അഴിമതി നടന്നതായി കാണിച്ചുസമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, അന്ന് വ്യവസായമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ടൈറ്റാനിയം ജീവനക്കാരനായിരുന്ന എസ് ജയന്‍ അഡ്വ. എസ് ചന്ദ്രശേഖരന്‍നായര്‍ മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണത്തിന് ജഡ്ജി പി കെ ഹനീഫ ഉത്തരവിട്ടത്. അന്വേഷണം മന്ദഗതിയിലായതിനാല്‍ കേസ് കോടതി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കോടതിയെ വീണ്ടും സമീപിച്ചിരുന്നു. ഈ സമയത്താണ് അഴിമതിയുടെ പൂര്‍ണരൂപം തെളിയിക്കുന്ന സിഎജി റിപ്പോര്‍ട്ട് ഹാജരാക്കിയത്. കൂടാതെ അന്വേഷണം ആരംഭിച്ചിട്ടും, തന്നെ ഇതുവരെ ചോദ്യംചെയ്തില്ലെന്നും ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടിരുന്നു.

തുടര്‍ന്ന് ഹര്‍ജിക്കാരനെ അടിയന്തരമായി ചോദ്യംചെയ്യണമെന്നും സിഎജി റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പരിഗണിക്കണമെന്നും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. ജൂണ്‍ 25നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മെക്കോണ്‍ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റാക്കി മലിനീകരണ നിയന്ത്രണപദ്ധതിയായ കോപ്പറസ് റിക്കവറി പ്ലാന്റും ആസിഡ് റിക്കവറി പ്ലാന്റും നിര്‍മിക്കാനുള്ള കരാറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമിത താല്‍പ്പര്യമെടുത്ത് 2004ല്‍ നടപ്പാക്കിയത്. പദ്ധതി പ്രായോഗികമല്ലെന്ന് ഉറപ്പുണ്ടായിട്ടും ക്രമവിരുദ്ധമായി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത് തെറ്റായെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്. 10 കോടി രൂപയുടെ ന്യൂട്രലൈസേഷന്‍ പദ്ധതി നടപ്പാക്കാനുള്ള കമ്പനി ശുപാര്‍ശ പരിഗണിക്കാതെയാണ് 256.10 കോടിയുടെ മലിനീകരണപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ പങ്കാളിത്തവും വന്‍ മുതല്‍മുടക്കും ആവശ്യമുള്ളതിനാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യമുണ്ടായിട്ടും കരാര്‍ നല്‍കി. കമ്പനിയില്‍ അടിയന്തരമായി ന്യൂട്രലൈസേഷന്‍ പദ്ധതി തുടങ്ങേണ്ടിയിരുന്നു. ഇത് ആരംഭിച്ചശേഷം പ്ലാന്റിന്റെ നിര്‍മാണത്തെക്കുറിച്ച് ആലോചിച്ചാല്‍ മതിയായിരുന്നു.

പ്ലാന്റ് പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ വായ്പകളെക്കുറിച്ച് മുന്‍കരുതലുകള്‍ ഇല്ലാതെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മെക്കോണ്‍ കമ്പനിയില്‍ നിന്ന് പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റ് പുതുക്കുംമുമ്പ് ഒന്നാം ഘട്ടത്തിനുള്ള 68 കോടി രൂപയുടെ സാധനങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതിനെ സിഎജി വിമര്‍ശിച്ചിരുന്നു. കരാറില്‍ ഏര്‍പ്പെട്ട സമയത്ത് പുതുക്കിയ എസ്റ്റിമേറ്റ് മെക്കോണ്‍ കമ്പനിയില്‍ നിന്ന് വാങ്ങാത്തതിനാല്‍ ചെലവ് എത്ര വരുമെന്ന് അറിയാന്‍ കഴിഞ്ഞില്ല. വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്തശേഷമാണ് പുതുക്കിയ എസ്റ്റിമേറ്റ് കമ്പനി വച്ചത്. 256.10 കോടിയില്‍നിന്ന് പദ്ധതിത്തുക ഒറ്റയടിക്ക് 414.40 കോടിയായി ഉയര്‍ത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ് നല്‍കിയത്. വന്‍ സാമ്പത്തിക ചെലവുള്ള ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കൈക്കൊള്ളേണ്ട മുന്‍കരുതല്‍ നടത്താതെയാണ് ഈ പദ്ധതിയുടെ കരാറില്‍ ഒപ്പുവച്ചത്. ഇതിനെ സിഎജി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
(വിജയ്)

deshabhimani 280512

Thursday, February 23, 2012

ടൈറ്റാനിയം കേസില്‍ കോടതിയുടെ അന്ത്യശാസനം

ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടതായി ആരോപണമുള്ള ടൈറ്റാനിയം അഴിമതി കേസില്‍ നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സമയം നീട്ടി ചോദിച്ചിരുന്നു. തന്നെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും രേഖകളൊന്നും അവര്‍ വാങ്ങുന്നില്ലെന്നും വാദിക്കാരന്‍ പറഞ്ഞു. വാദിയില്‍ നിന്ന് വ്യാഴാഴ്ച തന്നെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്നു രേഖകള്‍ വാദി കോടതിയില്‍ നല്‍കി. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസ് ജൂണ്‍ 25ലേക്ക് മാറ്റി. ടൈറ്റാനിയം നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

പാമോയില്‍ : വി എസിന്റെ ഹര്‍ജി മാര്‍ച്ച് 24ന് പരിഗണിക്കും

പാമോയില്‍ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. തുടരന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികള്‍ക്കായി കേസ് മാര്‍ച്ച് 24 ലേക്കു മാറ്റി. അന്നു തന്നെ വി എസിന്റെ ഹര്‍ജിയിലും വാദം കേള്‍ക്കും. ഈ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചതിനുശേഷമേ തുടരന്വേഷണ റിപ്പോര്‍ട്ടില്‍മേല്‍ കോടതി തീരുമാനമെടുക്കു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് തള്ളണമെന്ന് വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കു പുറമേ മറ്റു പ്രതികളും രക്ഷപ്പെടുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും വി എസ് ഹര്‍ജിയില്‍ ബോധിപ്പിച്ചു. കേസിലെ ഏഴു പ്രതികളില്‍ അഞ്ചാംപ്രതി ജിജി തോംസണ്‍ മാത്രമേ കോടതിയില്‍ ഹാജരായുള്ളു. മുന്‍മന്ത്രി ടിഎച്ച് മുസ്തഫയടക്കമുള്ള പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരാണ് ഹാജരായത്. വി എസിനുവേണ്ടി അഡ്വ: ഊദ് ഹാജരായി. തന്നോട് ആലോചിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപിച്ച് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യട്ടര്‍ പി എ അഹമ്മദ് രാജിവച്ചിരുന്നു.

deshabhimani news

Monday, November 7, 2011

കെഎംഎംഎല്‍ , ടൈറ്റാനിയം അഴിമതിക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടി

മുന്‍ യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎല്‍ , ടൈറ്റാനിയം വ്യവസായശാലകളില്‍ നടന്ന അഴിമതി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും അറിവോടെയാണെന്ന് കെ എ റൗഫ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇത്തവണ മന്ത്രിയായ നേതാവിനും ഇടപാടില്‍ പങ്കുണ്ടെന്നും അഴിമതിയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാജീവ് എന്നയാളാണ് കുഞ്ഞാലിക്കുട്ടിക്കായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. വിദേശത്തുവച്ചാണ് ഇതിന്റെ പണം കൈമാറ്റം നടന്നത്. കുഞ്ഞാലിക്കുട്ടിയുടെ മരുമകന്‍ ഇടപാടില്‍ പണംപറ്റിയതായി രാജീവ് പറഞ്ഞിരുന്നു. കോടികളുടെ വെട്ടിപ്പാണുണ്ടായത്. തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കുമുമ്പാകെ നല്‍കാന്‍ തയ്യാറാണെന്നും റൗഫ് വ്യക്തമാക്കി. രണ്ട് ഫാക്ടറികളിലെയും ക്രമക്കേടിനെപ്പറ്റി മുന്‍മന്ത്രിമാരായ തോമസ്ഐസക്കും എളമരം കരീമും കഴിഞ്ഞദിവസം പറഞ്ഞത് പൂര്‍ണമായി ശരിയാണ്. എന്നാല്‍ താനിതില്‍ പങ്കാളിയല്ല. എല്ലാ ഇടപാടുകളും മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നതിലും ഭീമമായ കോടികളാണ് നഷ്ടമായിട്ടുള്ളത്. ഇടപാടില്‍ കിട്ടിയ പണത്തില്‍ ഭൂരിഭാഗവും വിദേശത്താണ് നിക്ഷേപിച്ചതെന്നും അറിയാം.

കുഞ്ഞാലിക്കുട്ടിയാണ് ഇടപാടിന് വിദേശമലയാളിയായ രാജീവിനെ ചുമതലപ്പെടുത്തിയത്. കെഎംഎംഎല്ലില്‍ രാജേന്ദ്രനെയും ടൈറ്റാനിയത്തില്‍ ഈപ്പന്‍വര്‍ഗീസിനെയും എംഡിമാരാക്കിയത് രാജീവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. രാജേന്ദ്രന്റെ കൂടെ രാജീവ് വിദേശയാത്ര നടത്തിയിട്ടുണ്ട്. കടലാസ് കമ്പനികള്‍ക്കാണ് ടിടിപി, കെഎംഎംഎല്‍ നവീകരണ കരാറുകളെല്ലാം കൈമാറിയിരുന്നത്. കരാറുകള്‍ക്ക് തുക വര്‍ധിപ്പിച്ച് നല്‍കുക, അവ കടലാസ് കമ്പനികളിലേക്ക് ഒഴുക്കുക എന്നതായിരുന്നു ക്രമക്കേടിന്റെ രീതി. ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പലതവണ രാജീവിനെ കണ്ടിരുന്നു. മുന്‍ യുഡിഎഫ് ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിക്കായി കെഎംഎംഎല്ലും ടിടിപിയും രാജീവിനും മലബാര്‍ സിമന്റ്സ് ചാക്ക് രാധാകൃഷ്ണനുമായി വീതിച്ചുനല്‍കിയിരുന്നു. കെഎംഎംഎല്ലിലും മറ്റും ആരോപണവിധേയമായ പദ്ധതിക്ക് അഡ്വാന്‍സ് നല്‍കിയത് അന്വേഷിച്ചാല്‍ രാജീവിലാണെത്തുക. ഇടതുപക്ഷ സര്‍ക്കാരാണ് രണ്ട് ഫാക്ടറികളിലെയും ക്രമംവിട്ട കരാര്‍ റദ്ദാക്കിയത്. എല്‍ഡിഎഫില്‍ രാജീവടക്കമുള്ളവര്‍ക്ക് സ്വാധീനം ചെലുത്താനായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും റൗഫ് പറഞ്ഞു.

deshabhimani 071111

Sunday, November 6, 2011

ടൈറ്റാനിയം, കെഎംഎംഎല്‍ അഴിമതികളില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്ക്: റൗഫ്

കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് നടന്ന ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെ എ റൗഫ്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും വി കെ ഇബ്രാഹിംകുഞ്ഞിനും ഇതില്‍ പങ്കുണ്ട്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്. ഇടപാടുകളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണം. അന്വേഷണം നടക്കുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണ്. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിയുടെ മരുമകനടക്കമുള്ള ആളുകള്‍ അഴിമതിയില്‍ പങ്കാളികളാണ്. വിദേശത്തായിരുന്നു ഇടപാടുകളില്‍ അധികവും നടന്നത്. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച രാജീവ് എന്ന വ്യക്തി തന്നോട് ഇടപാടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

deshabhimani news

Saturday, October 29, 2011

ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടി അന്വേഷണം നേരിടണം: കെ കെ രാമചന്ദ്രന്‍

ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ അദ്ദേഹം സിബിഐ അന്വേഷണം ഭയക്കുന്നത് എന്തിനാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍ ചോദിച്ചു. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും രാമചന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരും. അഴിമതിക്ക് കളമൊരുക്കുന്നതിനാണ് അന്ന് ആരോഗ്യമന്ത്രിയായിരുന്ന തന്നില്‍നിന്ന് ആ വകുപ്പ് എടുത്തുമാറ്റിയത്. താന്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താകുന്നതുവരെയുള്ള സംഭവങ്ങള്‍ക്കു കാരണം ടൈറ്റാനിയം അഴിമതിയാണ്. മന്ത്രിയായപ്പോള്‍ത്തന്നെ ടൈറ്റാനിയത്തില്‍ നടപ്പാക്കുന്ന മലിനീകരണ നിയന്ത്രണസംവിധാനങ്ങളുടെ മറവില്‍ വന്‍ അഴിമതിക്ക് നീക്കംനടക്കുന്നത് അറിഞ്ഞിരുന്നു. അതനുസരിച്ച് പദ്ധതിക്ക് ക്ലിയറന്‍സ് നല്‍കരുതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ 2006 ജനുവരി നാലിന് ആ വകുപ്പ് എന്നില്‍നിന്ന് എടുത്തുമാറ്റി. സുജനപാല്‍ മന്ത്രിയായി 24 മണിക്കൂറിനകം പദ്ധതിക്ക് ക്ലിയറന്‍സ് നല്‍കുകയും ചെയ്തു.

deshabhimani 291011

Friday, October 28, 2011

ആരോപണം അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പുറത്താകും: വി എസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പലമന്ത്രിമാരും പുറത്തുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. 65-ാമത് വയലാര്‍ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ചേര്‍ന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇപ്പോള്‍ പാമോലിന്‍ കേസില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഉത്തരവിട്ടു. ഉത്തരവിട്ട ജഡ്ജിയെ വഴിവിട്ടമാര്‍ഗങ്ങളിലൂടെ ആ സ്ഥാനത്തുനിന്ന് തെറിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവിനെ സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനാക്കി. മറ്റൊരു അടുത്തബന്ധു കൊല്ലത്തെ സ്വകാര്യബാങ്കിന്റെ മാനേജരാണ്. കൊച്ചി മെട്രോ റെയിലിന്റെ പ്രാഥമിക ചെലവിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുകോടി രൂപ കൊല്ലത്ത് ബന്ധു മാനേജരായ സ്വകാര്യബാങ്കിലാണ് നിക്ഷേപിച്ചത്. കുഞ്ഞാലിക്കുട്ടി-മാണി അച്ചുതണ്ടാണ് ഭരണം നടത്തുന്നത്.

പൊലീസിനെകണ്ടാല്‍ ഞങ്ങള്‍ക്ക് ഭയംവരില്ല. തീയില്‍കുരുത്തു വളര്‍ന്നുവന്നവരാണ് കമ്യൂണിസ്റ്റുകാര്‍ . 1939ല്‍ കോണ്‍ഗ്രസിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും അംഗമായാളാണ് താന്‍ . മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും രാജേന്ദ്രപ്രസാദും വല്ലഭായി പട്ടേലുമൊക്കെയായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ . കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ അന്ന് വമ്പിച്ച ജനകീയപ്രക്ഷോഭങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതിന്റെ ഫലമായാണ് കോണ്‍ഗ്രസിന്റെ അധികാരകുത്തക പില്‍ക്കാലത്ത് തകര്‍ന്നത്. ഈ ചരിത്രമൊക്കെ കോണ്‍ഗ്രസുകാര്‍ നന്നായി പഠിക്കണമെന്നും വി എസ് പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങിയും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട ഭരണം നടത്തുന്നു. വന്‍തോതില്‍ ഉയര്‍ന്നുവന്ന അഴിമതി കുംഭകോണങ്ങള്‍ ഈ ജനവിരുദ്ധഭരണത്തിന്റെ സൃഷ്ടിയാണ്. ഇക്കൂട്ടരെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ബദല്‍ സര്‍ക്കാരിനെ കൊണ്ടുവരാനും സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം ശ്രമിക്കുമെന്ന് വി എസ് പറഞ്ഞു.

ടൈറ്റാനിയം അഴിമതി: യന്ത്രം വാങ്ങിയത് യുഡിഎഫ് സര്‍ക്കാര്‍ - ഐസക്

ചേര്‍ത്തല: ടൈറ്റാനിയം കമ്പനിക്ക് യന്ത്രസാമഗ്രികള്‍ വാങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കളവാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാരാരിക്കുളത്ത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒരുലക്ഷം യൂറോയുടെ ലറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയത് ആ സര്‍ക്കാര്‍ തന്നെയാണ്. വിദേശത്തുനിന്ന് യന്ത്രസാമഗ്രികള്‍ എത്തുമ്പോള്‍ പണം നല്‍കാനാണ് ആറു ലെറ്റര്‍ ഓഫ് ക്രഡിറ്റഡ് നല്‍കിയത്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി ലഭിക്കുംമുമ്പ് ഉമ്മന്‍ചാണ്ടി പദ്ധതി അംഗീകരിച്ച് സുപ്രീംകോടതിയുടെ മോണിറ്ററിങ് സമിതിക്ക് കത്തെഴുതി. ഫെബ്രുവരിയിലാണ് ഉമ്മന്‍ചാണ്ടി സമ്മര്‍ദം ചെലുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയത്. അതേസമയം ജനുവരിയിലാണ് പദ്ധതി അംഗീകരിച്ച് ഉമ്മന്‍ചാണ്ടി കത്തെഴുതിയത്. അഴിമതിക്ക് നേതൃത്വം നല്‍കുന്നയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് തെളിഞ്ഞു. അപ്പോഴും കള്ളം പ്രചരിപ്പിച്ച് അഴിമതിയുടെ പാപം എല്‍ഡിഎഫിനുമേല്‍ കെട്ടിവയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും ഉമ്മന്‍ചാണ്ടിയും കൂട്ടരും രക്ഷപ്പെടില്ല. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരം ശക്തിപ്പെടുകയാണെന്നും ഐസക് പറഞ്ഞു.

സിബിഐ അന്വേഷണമില്ലെന്ന് വീണ്ടും മുഖ്യമന്ത്രി

ട്രാവന്‍കൂര്‍ ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പദ്ധതി സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ആവര്‍ത്തിച്ചു. വകുപ്പുതല അന്വേഷണത്തിനാണ് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്യാത്തത് ഈ സര്‍ക്കാരിന് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2009 ജനുവരിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. ആസിഡ് റിക്കവറി പ്ളാന്റിനായുള്ള യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തതില്‍ 80 കോടിയുടെ പാഴ്ചെലവുണ്ടായത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ , സിബിഐ അന്വേഷണം സംബന്ധിച്ച ഹൈക്കോടതി വിധി വരുന്നതിനുമുമ്പാണ് സത്യവാങ്മൂലം നല്‍കിയതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. 2007 ജൂലൈ 19ന് ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ഗംഗാധരനാണ് സത്യവാങ്മൂലം നല്‍കിയത്. ഇതിനു ശേഷമാണ് പദ്ധതിക്കെതിരായ പുഷ്പവനം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചത്. ആര്‍ബിട്രേഷന്‍ കേസ് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇല്ലെങ്കില്‍ ആര്‍ബിട്രേഷന്‍ കേസുണ്ടായാല്‍ സര്‍ക്കാരിന് പ്രതികൂലമായ വിധിയുണ്ടാകുമായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനം മന്ത്രിസഭ എടുത്തത്. ഇതിനെ അടിസ്ഥാനമാക്കി സിബിഐ അന്വേഷണം വേണ്ടെന്ന വ്യാഖ്യനം ശരിയല്ല. ഈ നിലപാടിലൂടെ സര്‍ക്കാര്‍ അന്വേഷണത്തില്‍നിന്ന് ഒളിച്ചോടുകയാണെന്നും എളമരം കരീം പറഞ്ഞു. ടി എന്‍ പ്രതാപന്റെ സബ്മിഷനിലൂടെയാണ് ടൈറ്റാനിയം അഴിമതി വീണ്ടും സഭയില്‍ ചര്‍ച്ചയായത്. അഴിമതി സംബന്ധിച്ച് കഴിഞ്ഞ ദിവസം സഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയപ്പോള്‍ പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് പ്രതാപന്‍ സബ്മിഷന്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

deshabhimani 281011

Thursday, October 27, 2011

സിബിഐ അന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്

ടൈറ്റാനിയം അഴിമതി: സിബിഐക്ക് വിടാന്‍ നിയമതടസ്സമില്ല

ടൈറ്റാനിയം അഴിമതിക്കേസന്വേഷണം സിബിഐക്കു വിടുന്നതില്‍ നിയമതടസ്സമുണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം നുണ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ നിയമസഭയില്‍ ചര്‍ച്ചചെയ്യാനേ പാടില്ലെന്നാണ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പറഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു കോടതിയുടെയും പരിഗണനയിലില്ലെന്ന് വെളിപ്പെട്ടിരിക്കയാണ്. ഇതോടെ, ഹര്‍ജി കോടതി പരിഗണിക്കുന്നുണ്ടെന്നുപറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി. വിവിധ കോടതികള്‍ പരിഗണിക്കുന്ന ഒട്ടേറെ കേസുകള്‍ സഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്വേഷണം സംബന്ധിച്ച സര്‍ക്കാരിന്റെ അഭിപ്രായം സഭയില്‍ പ്രഖ്യാപിക്കുന്നതിനും അത് കോടതിയെ അറിയിക്കുന്നതിനും നിയമപരമായി തടസ്സമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം നിരാകരിക്കാനാണ് കോടതിയില്‍ ഹര്‍ജി നിലവിലുണ്ടെന്ന വാദം ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയത്. കോടതിയെ സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ തയ്യാറാകുന്നതിനുപകരം മുടന്തന്‍ ന്യായമുന്നയിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതി അനുവദിച്ചാല്‍ സിബിഐക്കു വിടാമെന്നു പറയുന്നതിനു പകരം കോടതിയില്‍ ഹര്‍ജിയുള്ളതായി പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുകള്‍ , പാമൊലിന്‍ അഴിമതി തുടങ്ങി കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ സഭയില്‍ പലപ്പോഴായി ചര്‍ച്ച ചെയ്തതുമാണ്.

അതിനിടെ സിബിഐ അന്വേഷണം നടത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ത്തതായി ചില ദൃശ്യമാധ്യമങ്ങള്‍ ബുധനാഴ്ച പ്രചാരണം അഴിച്ചുവിട്ടു. മനോരമ വിഷനാണ് ഇതിനു തുടക്കമിട്ടത്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാനഭ്യര്‍ഥിച്ച് അബ്ദുള്‍ ലത്തീഫ് എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നായിരുന്നു വാര്‍ത്ത. നൂറ് കോടിയുടെ അഴിമതി പദ്ധതിക്ക് ഒത്താശ ചെയ്ത ടൈറ്റാനിയം കമ്പനിയിലെ ചീഫ് ജനറല്‍ മാനേജര്‍ (വര്‍ക്സ്) ഗംഗാധരനാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. 2007 ജൂലൈ 19ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും സാഹചര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിക്ക് യുക്തമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് പറഞ്ഞിരുന്നത്. ഗംഗാധരനെ 2007 ജൂലൈയില്‍ത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ട ഉടനെയായിരുന്നു ഈ നടപടി. പിന്നീട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച പദ്ധതിയെക്കുറിച്ച് പഠനം നടത്താന്‍ പുഷ്പവനം കമ്മിറ്റിയെ നിയോഗിച്ചു. 2008 സെപ്തംബറില്‍ പദ്ധതി അപ്രായോഗികമാണെന്നുകാണിച്ച് പുഷ്പവനം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. ഇതേതുടര്‍ന്ന് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതെല്ലാം മറച്ചുപിടിച്ചാണ് കുരുക്കിലകപ്പെട്ട ഉമ്മന്‍ചാണ്ടിയെ തുണയ്ക്കാന്‍ മനോരമവിഷനും മറ്റും രംഗത്തിറങ്ങിയത്.

സിബിഐ അന്വേഷണം: ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്

സംസ്ഥാനത്തെ കേസുകളില്‍ സിബിഐ അന്വേഷണം വേണമെങ്കില്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റ്. അന്യസംസ്ഥാന ലോട്ടറിതട്ടിപ്പു കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിക്കുന്നത്. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ , പൊലീസ് കേസുകളുടെ വിശദാംശം മാത്രം നല്‍കിയാല്‍മതിയെന്നും ഇതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കേണ്ടെന്നും ലോട്ടറി കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിജ്ഞാപനമല്ല, ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് ടൈറ്റാനിയം അഴിമതികേസില്‍ നിന്ന് സിബിഐയെ അകറ്റിനിര്‍ത്തുന്നതെന്ന് ഇതോടെ വ്യക്തമായി.

ലോട്ടറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എയും തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഏപ്രില്‍ അഞ്ചിന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം പ്രത്യേക വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചത്. ലോട്ടറി ചട്ടലംഘനത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അഭിനന്ദനീയമാണെന്നും അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ധനമന്ത്രി തോമസ് ഐസക്കും സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രം അംഗീകരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫിനെതിരെ പുകമറ സൃഷ്ടിക്കാനാണ് സതീശന്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്. കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം ആരാഞ്ഞ് മാര്‍ച്ച് ഏഴിന് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചെന്നും ഇവ ലഭ്യമായാല്‍ ഉടന്‍ കേസുകള്‍ സിബിഐക്ക് കൈമാറുമെന്നും അന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം വിശദാംശം നല്‍കിയില്ലെങ്കിലും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കേസ് ഫയലുകള്‍ പൊലീസില്‍നിന്ന് നേരിട്ട് ഏറ്റെടുക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ഒഴിവാക്കാനാണ് യുഡിഎഫ് മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചതെന്ന് അന്ന് വ്യക്തമായി. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എംഎല്‍എ തന്നെ സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു.

കേന്ദ്രത്തിന്റെ സത്യവാങ്മൂലം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കള്ളക്കളി തുറന്നുകാട്ടി. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ നിയമലംഘനം സംബന്ധിച്ച് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നതായി സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ടൈറ്റാനിയം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നടക്കാത്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാത്തതുകൊണ്ടാണെന്നാണ് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച നിയമസഭയില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ലോട്ടറി കേസിലെ കേന്ദ്ര സത്യവാങ്മൂലം ഉമ്മന്‍ചാണ്ടിക്കുള്ള മറുപടിയാണ്. വിജ്ഞാപനം വേണം എന്ന മുടന്തന്‍ ന്യായമുന്നയിച്ച് ടൈറ്റാനിയം അഴിമതിക്കേസില്‍നിന്ന് ഓടിയൊളിക്കാനുള്ള ശ്രമമാണ് നിയമസഭയില്‍ കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ടൈറ്റാനിയം അഴിമതി അന്വേഷണം സിബിഐക്കു വിടാന്‍ കേന്ദ്രം തയ്യാറായില്ല. ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാത്തതിനു തടസ്സം വിജ്ഞാപനമല്ല, ഉമ്മന്‍ചാണ്ടിയുടെ നിലപാടാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. സംസ്ഥാനം പ്രത്യേക വിജ്ഞാപനം ഇറക്കണമെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വാദിച്ച് ഉമ്മന്‍ചാണ്ടി വീണ്ടും പരിഹാസ്യനായി.

സിബിഐ അന്വേഷണം നിരസിച്ചതിന് പിന്നിലും ഉമ്മന്‍ചാണ്ടി: കോടിയേരി

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടൈറ്റാനിയം അഴിമതിപ്രശ്നത്തില്‍ ആവശ്യപ്പെട്ട സിബിഐ അന്വേഷണം നിരസിച്ചതിന് പിന്നിലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്വാധീനമായിരുന്നുവെന്ന് ഇപ്പോള്‍ നിയമസഭയില്‍ അദ്ദേഹമെടുത്ത സമീപനം തെളിയിച്ചുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാരാരിക്കുളം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എസ്എല്‍ പുരത്ത് ചേര്‍ന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ടൈറ്റാനിയം അഴിമതിപ്രശ്നത്തില്‍ സിബിഐ അന്വേഷണം നടത്തില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ തന്റെ പങ്ക് പുറത്തുവരുമെന്നും അഴിമതിക്കേസില്‍ പ്രതിയാകുമെന്നും ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ട്. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണ ആവശ്യം അംഗീകരിപ്പിക്കാതിരുന്നതും. സ്വയം അഴിമതി നടത്തുകമാത്രമല്ല, അഴിമതിക്കാരായ സഹമന്ത്രിമാരെ വഴിവിട്ട് സംരക്ഷിക്കുന്നതും ഉമ്മന്‍ചാണ്ടിയുടെ പതിവായിരിക്കുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ അഴിമതികളുടെയും ഉല്‍ഭവകേന്ദ്രം ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തിന്റെ നാല് സഹമന്ത്രിമാരാണ് വിവിധ കേസുകളില്‍ വിജിന്‍സ് അന്വേഷണം നേരിടുന്നത്. 20 വര്‍ഷംനീണ്ട കോടതി നടപടികള്‍ക്കുശേഷമാണ് ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ള ജയിലഴിക്കുള്ളിലായത്. അല്‍പ്പംവൈകിയാലും ഉമ്മന്‍ചാണ്ടിയും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും വന്‍ അഴിമതി നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാഭൂരിപക്ഷംവരുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഒരുനടപടിയും ആ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഈ മാതൃകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നത്. ആഗോളവ്യാപകമായി മുതലാളിത്തം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍പോലും മുതലാളിത്തം കടുത്ത പ്രതിസന്ധി നേരിടുന്നു.ഇവക്കെതിരായ പ്രക്ഷോഭങ്ങളാണെങ്ങും ഉയരുന്നത്. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും കോടിയേരി പറഞ്ഞു.

deshabhimani 271011

Wednesday, October 26, 2011

ടൈറ്റാനിയം : ഉത്തരമില്ലാതെ മുഖ്യമന്ത്രി

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുന്നതിന് തയ്യാറാക്കിയ 108 കോടിയുടെ പദ്ധതി എസ്റ്റിമേറ്റ് 414 കോടിയായി കുതിച്ചുയര്‍ന്നത് ഏത് സാഹചര്യത്തിലെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായില്ല. അതേസമയം, ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്നാണെന്ന് നിയമസഭയിലെ ചര്‍ച്ച തെളിയിച്ചു.

ടൈറ്റാനിയം അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വരുന്നത് യുഡിഎഫ് വല്ലാതെ ഭയക്കുന്നുണ്ടെന്ന് സഭയിലെ പ്രകടനം വ്യക്തമാക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നടപടിക്രമം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് വാദിച്ച് രക്ഷപ്പെടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. മറ്റു കാരണമൊന്നും അദ്ദേഹത്തിന് ഉന്നയിക്കാനായില്ല. ഉപകരണങ്ങള്‍ ഇറക്കുമതിചെയ്തത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് ആരോപിച്ച ഉമ്മന്‍ചാണ്ടി, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ 62 കോടി രൂപയുടെ ഉപകരണങ്ങള്‍ ഇറക്കുമതിക്ക് ഓര്‍ഡര്‍ നല്‍കിയതും 30 കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയതും സംബന്ധിച്ച ചോദ്യങ്ങളും കേട്ടില്ലെന്നു നടിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനെ പരിഹസിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചചെയ്യുന്നതുതന്നെ ശരിയല്ലെന്ന വാദവും ഉയര്‍ത്തി.

2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ നടപടിക്രമം പാലിക്കാതെ 256 കോടി രൂപയുടെ പദ്ധതിക്ക് തിരക്കിട്ട് കരാര്‍ നല്‍കിയതെന്തിനെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. ടെന്‍ഡര്‍ നടപടിക്രമം പാലിച്ചില്ലെന്നും ദുരൂഹസാഹചര്യത്തിലാണ് മെക്കോണ്‍ രംഗത്തുവരുന്നതെന്നും ചൂണ്ടിക്കാണിച്ച പ്രതിപക്ഷം, 256 കോടിയില്‍നിന്ന് പദ്ധതി എസ്റ്റിമേറ്റ് 414 കോടിയായി കുതിച്ചുയര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ആ ചോദ്യത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി വഴുതിമാറി.

തങ്ങളുടെ പദ്ധതി എല്‍ഡിഎഫ് നടപ്പാക്കിയതെന്തിനെന്ന് മറുചോദ്യമുന്നയിച്ച മുഖ്യമന്ത്രിക്ക് എളമരം കരീം കൃത്യമായ മറുപടി നല്‍കി. എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പദ്ധതിയെക്കുറിച്ച് ഗുരുതരമായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് 2007ല്‍ പദ്ധതി റദ്ദാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദപദ്ധതിക്ക് അരങ്ങൊരുക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതും വിജിലന്‍സ് അന്വേഷണം നടത്തിയതും പിന്നീട് സിബിഐ അന്വേഷണ ആവശ്യമുന്നയിച്ചതും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ പദ്ധതിക്കുപകരം സുപ്രീംകോടതി നിര്‍ദേശമനുസരിച്ചുള്ള മലിനീകരണനിയന്ത്രണസംവിധാനം ഏര്‍പ്പെടുത്താനായി 83 കോടി രൂപയുടെ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതെന്നും കരീം വ്യക്തമാക്കി.

മെക്കോണ്‍ പദ്ധതിയെക്കുറിച്ച് മലിനീകരണനിയന്ത്രണബോര്‍ഡ് ഉന്നയിച്ച 12 തടസ്സങ്ങള്‍ നിലനില്‍ക്കെയാണ്, ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റിക്ക് കത്ത് അയക്കുന്നത്. ബോര്‍ഡ് അനുമതി നല്‍കുന്നത് 2006 ഫെബ്രുവരി എട്ടിനാണ്. അനുമതി കിട്ടിയതായി കാണിച്ച് ഉമ്മന്‍ചാണ്ടി കത്ത് അയച്ചതാകട്ടെ ജനുവരി അഞ്ചിനും. മെക്കോണ്‍ കേന്ദ്രസ്ഥാപനമാണെന്ന് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും വാദിച്ചെങ്കിലും കെഎംഎംഎല്ലിലടക്കമുള്ള ഇടപാടുകളില്‍ മെക്കോണിന്റെ കറുത്തകൈ പ്രതിപക്ഷം തുറന്നുകാണിച്ചു. ഏഴുദിവസത്തിനുള്ളില്‍ കമ്പനി പൂട്ടുന്നത് ഒഴിവാക്കാന്‍ കത്തയച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദവും സഭയില്‍ പൊളിഞ്ഞുവീണു. അഞ്ചുവര്‍ഷം കോടതിയുടെ അനുമതിയോടെ കമ്പനി പ്രവര്‍ത്തിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഈ വാദം തുറന്നുകാണിച്ചത്. കെ കെ രാമചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും യുഡിഎഫ് അംഗങ്ങള്‍ മിണ്ടിയില്ല. വര്‍ക്ഷീറ്റില്ലാതെ പ്രവൃത്തി കരാര്‍ നല്‍കിയത് എങ്ങനെയെന്ന ചോദ്യവും ഉത്തരം കിട്ടാതെ ബാക്കിയായി.

ആക്ഷേപങ്ങള്‍ ശരിയെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു: വി എസ്

പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം ന്യായമായിരുന്നെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ധനവിനിയോഗബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണമെന്നു കേള്‍ക്കുമ്പോള്‍ ഭയക്കുന്നത് എന്തിനാണെന്നും വി എസ് ചോദിച്ചു.

പ്രതിപക്ഷം നിയമസഭയില്‍ ഇതുവരെ ഉന്നയിച്ച പല കാര്യങ്ങളും ഭാഗികമായെങ്കിലും സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. കോഴിക്കോട് വെടിവയ്പിലേക്ക് നയിച്ച നിര്‍മല്‍ മാധവിന്റെ കോളേജ് പ്രവേശനകാര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് തെറ്റായിരുന്നെന്നാണ് പിന്നീട് അതിന്മേല്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കുന്നത്. താന്‍ പറഞ്ഞിട്ടാണ് വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ഒടുവില്‍ തെറ്റ് തിരുത്തേണ്ടിവന്നു. വിദ്യാര്‍ഥിയെ മറ്റൊരു കോളേജിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആര്‍ ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും പ്രതിപക്ഷം പറഞ്ഞത് ശരിവയ്ക്കുന്ന നടപടിയുണ്ടായി. ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഇരുപതുകൊല്ലം കേസുമായി നടന്നെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് തന്നെ ആക്ഷേപിച്ചത്. പിള്ള തടവില്‍ ഫോണ്‍വിളിച്ചത് തെറ്റെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം തടവ് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കുതന്നെ പിള്ള തെറ്റുചെയ്തെന്ന് പറയേണ്ടിവന്നു. എന്നിട്ടാണ് പ്രതിപക്ഷം പകയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത്.

തന്നെ മാത്രമല്ല, കുടുംബാംഗങ്ങളെയും ആക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് യുഡിഎഫ് ഇപ്പോള്‍ അധഃപതിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കുറേക്കാലമായി കേള്‍ക്കുന്നതാണ്. 20 കൊല്ലം പരിശ്രമിച്ചാണ് പിള്ളയ്ക്ക് ഒരുകൊല്ലം തടവ്ശിക്ഷ വാങ്ങിക്കൊടുത്തത്. തീവണ്ടിക്കുമുന്നില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ മരിക്കാന്‍ സാഹചര്യം സൃഷ്ടിച്ച കൊലപാതകിയെ പുറത്തുകൊണ്ടുവരുന്നതുവെരെ താനും എല്‍ഡിഎഫിലെ 68 എംഎല്‍എമാരും പോരാട്ടം തുടരും.

പാമൊലിന്‍ കേസ് മുന്നോട്ടുപോവുകയാണ്. ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ കയറ്റിയത് ടി എച്ച് മുസ്തഫയും സഖറിയ മാത്യുവുമാണ്. അല്ലാതെ പ്രതിപക്ഷനേതാവല്ല. സത്യം തെളിയട്ടെ എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയും കൂട്ടരും വിജിലന്‍സ് ജഡ്ജിക്ക് അതിനുള്ള അവസരം നല്‍കാന്‍പോലും കൂട്ടാക്കിയില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ക്ഷമയോടെ കേട്ട് തെറ്റുകള്‍ തിരുത്താനാണ് ഉമ്മന്‍ചാണ്ടി തയ്യാറാകേണ്ടത്. കുശുമ്പും പകയും പാടില്ലെന്ന് ഉമന്‍ചാണ്ടി പറയുന്നതിനോട് യോജിക്കുന്നു. പക നല്ലതല്ല. ഒരു വ്യക്തിയോടും എനിക്ക് പകയില്ല. ഭരണപക്ഷമാണ് അത് വച്ചുപുലര്‍ത്തുന്നത്. ചിലരുടെ സ്വഭാവത്തെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതും അതിനെതിരെ കേസ് നടത്തുന്നതും. അഴിമതിക്കാരും പെണ്‍കുട്ടികളെ അപമാനിക്കുന്നവരും മാന്യന്മാരായി ഞെളിഞ്ഞുനടക്കുന്നത് ഞങ്ങള്‍ എതിര്‍ക്കും. കുടുംബാംഗങ്ങളെയടക്കം ആക്ഷേപിച്ച് അതില്ലാതാക്കാമെന്ന് വിചാരിക്കുന്നവരെ പാവങ്ങളെന്നേ വിശേഷിപ്പിക്കാനാകൂവെന്നും വി എസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി അധികാരം ദുര്‍വിനിയോഗിച്ചു: ഐസക്

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗീകാരം നല്‍കാതിരുന്ന ടൈറ്റാനിയം മലിനീകരണ നിയന്ത്രണ സംവിധാനം നടപ്പാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രീയ ഇടപെടല്‍ നടത്തിയതായി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. 12 പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് അനുമതി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ഈ എതിപ്പുകള്‍ ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടതായി അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ച് ഐസക് പറഞ്ഞു.
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ കെ രാമചന്ദ്രന്റെ കൈയില്‍നിന്ന് വകുപ്പ് എടുത്തുമാറ്റിയ ദിവസം തന്നെ പദ്ധതിക്ക് ബോര്‍ഡ് അനുമതി നല്‍കിയത് അന്വേഷിക്കണം. 108 കോടി രൂപയുടെ ടെന്‍ഡര്‍ തള്ളിയാണ് 256 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വ്യക്തം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുംമുമ്പെ മുഖ്യമന്ത്രി പദ്ധതിക്ക് തിടുക്കം കാട്ടി. അഴിമതിയെക്കുറിച്ച് എല്‍ഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. രാഷ്ട്രീയ ഇടപെടലും ഗൂഢാലോചനയും കണക്കിലെടുത്ത് ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പരിശോധന നടത്തിയിട്ടില്ല.

മലിനീകരണ നിയന്ത്രണപദ്ധതി നടപ്പാക്കാന്‍ 2005ലാണ് യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട് കരാര്‍ ഒപ്പിട്ടത്. 2005 ജനുവരി 28ന് മെക്കോണ്‍ സമര്‍പ്പിച്ച 256 കോടിയുടെ പദ്ധതി ഫെബ്രുവരി 19ന് അംഗീകരിച്ചു. 2005 മെയ് 19ന് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കി. പദ്ധതിയുടെ അവസാനഘട്ടത്തില്‍ വേണ്ട ആസിഡ് റിക്കവറി പ്ലാന്റിന്റെ ഉപകരണങ്ങള്‍ ആദ്യംതന്നെ ഇറക്കുമതി ചെയ്തു. മാലിന്യ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ മറ്റൊരു കമ്പനി നല്‍കിയ 108 കോടിയുടെ ടെന്‍ഡര്‍ തള്ളിയാണ് 256 കോടിയുടെ പദ്ധതി അംഗീകരിച്ചത്. പദ്ധതിച്ചെലവ് പിന്നീട് 414 കോടിയായി ഉയര്‍ത്തി. 72 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു.

മെക്കോണ്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണെങ്കിലും വിദേശ സ്വകാര്യക്കമ്പനികളെയാണ് പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയത്. തന്നെ പുകച്ചു പുറത്തുചാടിച്ചശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കെ കെ രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം എന്തുകൊണ്ട് പദ്ധതി തുടര്‍ന്നു എന്ന വാദം ഉന്നയിച്ച് തടിതപ്പാനാണ് യുഡിഎഫ് ശ്രമം. 2006ല്‍ ആരും പദ്ധതിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ , 2007ല്‍ 256 കോടിയുടെ പദ്ധതി അടങ്കല്‍ 414 കോടിയായി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മെക്കോണ്‍ എത്തിയതോടെ വിശദ പരിശോധന നടത്തി. ഇതില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതോടെ പദ്ധതി നിര്‍ത്തി. വിജിലന്‍സ് അന്വേഷണവും ഏര്‍പ്പെടുത്തി. സിബിഐ അന്വേഷണത്തിന് രണ്ടു തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഐസക് പറഞ്ഞു.

ധൃതിപിടിച്ച് കരാര്‍ ഒപ്പിട്ടതില്‍ ദുരൂഹത: എളമരം കരീം

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാട്ടിയ അമിത താല്‍പ്പര്യത്തില്‍ ദുരൂഹതയുണ്ടെന്ന് എളമരം കരീം നിയമസഭയില്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണബോര്‍ഡ് പദ്ധതിയെ ആദ്യം എതിര്‍ത്തെങ്കിലും ഉന്നതതല ഇടപെടലിനെത്തുടര്‍ന്ന് അംഗീകരിക്കുകയായിരുന്നു. ആരോപണവിധേയരായ മെക്കോണ്‍ക്കമ്പനിയുടെ പദ്ധതി അംഗീകരിക്കണമെന്നും ലോകായുക്തയില്‍ കേസ് വന്ന സാഹചര്യത്തില്‍ പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി മോണിട്ടറിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അയച്ച കത്തുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അമിതതാല്‍പ്പര്യത്തിന് വ്യക്തമായ തെളിവാണ് ഈ കത്തുകളെന്നും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കരീം പറഞ്ഞു.

ഫെഡോ എന്ന കമ്പനി 102 കോടി രൂപയുടെ പദ്ധതി നല്‍കിയത് സാമ്പത്തികലാഭം ഉണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും ഇത് അട്ടിമറിച്ചാണ് മെക്കോണിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 59 കോടിമാത്രം ആസ്തിയുണ്ടായിരുന്ന ഘട്ടത്തിലാണ് ടൈറ്റാനിയത്തില്‍ 256 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കിയതും പിന്നീട് 414 കോടിയായി ഉയര്‍ത്തിയതും. തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ആ കരാറിനെ ന്യായീകരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കരാര്‍ റദ്ദുചെയ്ത് ഏത് അന്വേഷണവുമാകാമെന്ന് 2007ല്‍ പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടു. വിദേശക്കമ്പനികള്‍ ഉള്‍പ്പെട്ട ഇടപാടായതിനാല്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം രണ്ടുതവണ കേന്ദ്രസര്‍ക്കാരിനോട് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അന്വേഷണമാകാമെന്ന് സമ്മതിച്ച ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സാധ്യമല്ലെന്നാണ് പറയുന്നത്. സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതിലും ദൂരൂഹതയുണ്ട്. ആരൊക്കെയോ അന്വേഷണത്തെ ഭയപ്പെടുന്നു. ധാര്‍മികത പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തില്‍നിന്ന് ഒളിച്ചോടരുതെന്നും എളമരം കരീം പറഞ്ഞു.

സഭ ചര്‍ച്ചചെയ്ത 20-ാം അടിയന്തരപ്രമേയം

കേരള നിയമസഭയുടെ ചരിത്രത്തില്‍ 20-ാമത് അടിയന്തരപ്രമേയമാണ് ചൊവ്വാഴ്ച ചര്‍ച്ചചെയ്തത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള കരാറിലെ അഴിമതിസംബന്ധിച്ച് ഡോ. ടി എം തോമസ് ഐസക് നോട്ടീസ് നല്‍കിയ പ്രമേയം സഭ നിര്‍ത്തിവച്ച് രണ്ടു മണിക്കൂര്‍ ചര്‍ച്ചചെയ്തു. ചരിത്രത്തില്‍ അത് ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണംചെയ്തു.

13-ാം നിയമസഭയില്‍ ആദ്യമായാണ് അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുന്നത്. പന്ത്രണ്ടാം നിയമസഭയില്‍ അഞ്ചു പ്രമേയം ചര്‍ച്ചചെയ്തു. ഭീകരവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ , വിലവര്‍ധന എന്നിവസംബന്ധിച്ച് ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച രണ്ടു പ്രമേയം ചര്‍ച്ചചെയ്തു. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏഴാംക്ലാസ് പാഠപുസ്തകത്തെക്കുറിച്ച് കെ എം മാണിയും മണ്‍സൂണ്‍ കാലവര്‍ഷത്തിലെ കെടുതികള്‍സംബന്ധിച്ച് കെ സുധാകരനും അവതരിപ്പിച്ച പ്രമേയങ്ങളും ചര്‍ച്ചചെയ്തു. 1958ല്‍ കെ കെ വിശ്വനാഥന്‍ , "61ല്‍ ടി എ തോമസ്, "68ല്‍ കെ കരുണാകരന്‍ , "73ല്‍ കെ എ ശിവരാമഭാരതി, "73ല്‍ ഇ എം എസ് നമ്പൂതിരിപ്പാട്, "74ല്‍ വി എസ് അച്യുതാനന്ദന്‍ , "88ല്‍ ഈപ്പന്‍ വര്‍ഗീസ്, "90ല്‍ ഉമ്മന്‍ചാണ്ടി, "94ല്‍ ടി കെ രാമകൃഷ്ണന്‍ , "95ല്‍ പിണറായി വിജയന്‍ , 2004ല്‍ കോടിയേരി ബാലകൃഷ്ണന്‍ , 2005ല്‍ ടി എം തോമസ് ഐസക് എന്നിവര്‍ നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്തു. അടിയന്തരപ്രമേയ ചര്‍ച്ച ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതും നടാടെ.

12.30ന് തുടങ്ങിയ ചര്‍ച്ച പൂര്‍ണസമയവും സംപ്രേഷണം ചെയ്തു. സഭാനടപടികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം, ബജറ്റ് പ്രസംഗം, ചോദ്യോത്തരവേള, സ്പീക്കര്‍ - ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവയാണ് ഇപ്പോള്‍ തത്സമയ സംപ്രേഷണത്തിന് ചാനലുകളെ അനുവദിക്കുക. മുമ്പ് നേതാക്കളുടെ അനുശോചനയോഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. "98ല്‍ ഇ എം എസ്, 2004ല്‍ ഇ കെ നായനാര്‍ , 2005ല്‍ പി വി നരസിംഹറാവു എന്നിവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചത് സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചു. 2005ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കെതിരെ ജൂലൈ 12, 18, 19 തീയതികളില്‍ നടന്ന അവിശ്വാസപ്രമേയചര്‍ച്ചയും സംപ്രേഷണം ചെയ്തു. 2006 ഫെബ്രുവരി 6,7,8 തീയതികളില്‍ നടന്ന നന്ദിപ്രമേയചര്‍ച്ചയും ഏഴിന് ശൂന്യവേളനടപടികളും 16ന് ഉപധനാഭ്യര്‍ഥനചര്‍ച്ചയും തത്സമയം സംപ്രേഷണം ചെയ്തു.

deshabhimani 261011

ടൈറ്റാനിയത്തിന് "തീപിടിച്ചു"; ഭരണപക്ഷം എരിഞ്ഞടങ്ങി

നീറിപ്പുകഞ്ഞിരുന്ന ടൈറ്റാനിയം അഴിമതി ഒടുവില്‍ ആളിക്കത്തി. പലകുറി സഭയില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും അടിയന്തരപ്രമേയ രൂപത്തില്‍ വീണ്ടും വിഷയം എത്തിയതോടെ മട്ടും ഭാവവും മാറി. സുപ്രീംകോടതി ഉന്നതാധികാരസമിതി അധ്യക്ഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയ കത്താണ് അടിയന്തരപ്രമേയത്തിന് വഴിയൊരുക്കിയത്. നില്‍ക്കക്കള്ളിയില്ലെന്ന് ബോധ്യമായപ്പോള്‍ സഭ നിര്‍ത്തി ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങി. കേരള നിയമസഭ ചര്‍ച്ചയ്ക്കെടുത്ത ഇരുപതാമത്തെ അടിയന്തരപ്രമേയമായി ടൈറ്റാനിയം അഴിമതി ഇടംപിടിച്ചു.

മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തിരക്കിട്ട് നടപ്പാക്കാന്‍ തീരുമാനിച്ച മലിനീകരണനിയന്ത്രണ സംവിധാനം നൂറുകോടിയുടെ അഴിമതിക്ക് വഴിതെളിച്ചുവെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പ്പര്യമെടുത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതാണ് ആരോപണത്തിന് വഴിതുറന്നത്. ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോയെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. തോമസ് ഐസക്, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും മുഖ്യമന്ത്രി തെന്നിമാറി. സിബിഐ അന്വേഷണം നടത്താതിരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്നും അത് താനെന്തിന് തലയില്‍പേറണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുതവണ കത്ത് എഴുതിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുകൂലതീരുമാനം എടുത്തില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അത് കഴിവുകേടായി വ്യാഖ്യാനിച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണ ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടെങ്കിലും ടൈറ്റാനിയം വീണ്ടും പുകഞ്ഞു; വരുംനാളുകളില്‍ ആളിപ്പടരാനായി.

ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ഇ പി ജയരാജനും ഭരണപക്ഷത്തെ നേരിട്ടു. വി എസിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഒളിഞ്ഞുംതെളിഞ്ഞും ആക്ഷേപം പറയുന്നത് പതിവാക്കിയവര്‍ക്ക് കുറിക്കുകൊള്ളുകയും ചെയ്തു. വി എസ് കോടതിയില്‍ പോകുന്നതിനെ ആക്ഷേപിക്കുന്ന ഭരണപക്ഷം, എന്തിന് കോടതിയെ ഭയക്കുന്നുവെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. വി എസിന്റെ മകന്‍ അരുണ്‍കുമാറിന് പ്രൊമോഷന്‍ നല്‍കിയത് 2004ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2005ല്‍ ഉമ്മന്‍ചാണ്ടി അത് അംഗീകരിച്ചു. സത്യം ഇതായിരിക്കെ നിയമസഭയില്‍ വന്ന് വായില്‍ തോന്നുന്നത് പറയുന്നത് നിര്‍ത്തണമെന്ന് ഇ പി ആവശ്യപ്പെട്ടു. ടൈറ്റാനിയം, പാമൊലിന്‍ എന്നിവയോടൊപ്പം അരുണ്‍കുമാറിനെതിരെയുള്ള ആരോപണവും സിബിഐക്ക് വിടാന്‍ തയ്യാറുണ്ടോയെന്ന വി എസിന്റെ വെല്ലുവിളിക്കുമുന്നില്‍ ഭരണപക്ഷം തലകുനിച്ചു. "ഇനി വല്ലതും കണ്ടുപിടിക്കാനുണ്ടെങ്കില്‍ അതും സിബിഐക്ക് വിട്ടോ; എന്നെക്കൂടി ചേര്‍ത്തോ" വി എസ് ആഞ്ഞടിച്ചു. തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ എന്തെങ്കിലും പറഞ്ഞാലൊന്നും പിന്മാറില്ല.
"എനിക്ക് ആരോടും പകയില്ല. ഞാന്‍ നടത്തുന്നത് വസ്തുകേസല്ല. അഴിമതി നടത്തുന്നവരോടും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും വെറുപ്പാണ്. കരുണാകരനെതിരെ കേസ് നടത്തിയെങ്കിലും അദ്ദേഹം തന്റെ പ്രിയസ്നേഹിതനായിരുന്നു. നിങ്ങളോടും സ്നേഹത്തിന് ഒട്ടും കുറവില്ല"- വി എസ് വ്യക്തമാക്കി.
കവിത എഴുതിയാല്‍ പിരിച്ചുവിടുകയും ലേഖനം എഴുതിയാല്‍ പുറത്താക്കുകയും ചെയ്യുന്ന ഭരണമാണെന്ന് ഇ പി ജയരാജന്‍ . അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ള ഇപ്പോള്‍ കോണ്‍ഗ്രസിന് മഹാത്മാഗാന്ധിയേക്കാളും പുണ്യാളനായിരിക്കുകയാണെന്ന് ഇ പി അഭിപ്രായപ്പെട്ടു. കേരളം ലോകത്തിന്റെ ഭാഗമാണെന്ന് കാണാത്തതാണ് ധനവിനിയോഗബില്ലെന്ന് എം ചന്ദ്രന്‍ . കെ എം മാണിയെപ്പോലെ ലിബറലായ ധനമന്ത്രിയെ ഇതിനുമുമ്പ് കെ ശിവദാസന്‍നായര്‍ കണ്ടിട്ടില്ലത്രേ. മലബാറിന്റെ പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായി കാണണമെന്ന് സി കെ നാണു ആവശ്യപ്പെട്ടു. പിന്‍വാതില്‍ നിയമനമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കെ കുഞ്ഞിരാമന്‍ . കെ കെ രാമചന്ദ്രന്‍ മാസ്റ്ററെ കോണ്‍ഗ്രസില്‍നിന്ന് പടിയടച്ച് പിണ്ഡംവച്ചെന്ന് ജോസഫ് വാഴക്കന്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയോട് രാജിവയ്ക്കരുതെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടിയെ കാണുമ്പോള്‍ "ചിന്താവിഷ്ടയായ ശ്യാമള"യിലെ "അയ്യോ അച്ഛാ പോകല്ലേ..." എന്ന ഡയലോഗാണ് വി എസ് സുനില്‍കുമാറിന്റെ ഓര്‍മയിലെത്തിയത്.

deshabhimani 261011