Showing posts with label തെലുങ്കാന. Show all posts
Showing posts with label തെലുങ്കാന. Show all posts

Sunday, April 19, 2015

ഒന്നുമില്ലായ്മയില്‍നിന്നുള്ള മഹാപ്രയാണം

സമര്‍ മുഖര്‍ജി നഗര്‍ > അറുപതുകളുടെ അവസാനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകേട്ട വസന്തത്തിന്റെ ഇടിമുഴക്കം തെലുങ്കുനാട്ടില്‍ സിപിഐ എമ്മിന് വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ജില്ലാ കമ്മിറ്റികള്‍ പലതും കൂട്ടമായി അതിവിപ്ലവത്തിന്റെ തീവ്രാവേശത്തില്‍ അണിചേര്‍ന്നു. വിശാഖപട്ടണം നഗരത്തില്‍ പാര്‍ടിക്ക് പൂര്‍ണസമയ പ്രവര്‍ത്തകരായി ഒരാള്‍പോലുമില്ലാത്ത അവസ്ഥ. എല്ലാം ഒന്നില്‍നിന്ന് തുടങ്ങേണ്ട സ്ഥിതി. തീവ്രാവേശത്തിന്റെ വഴിതെറ്റിലേക്ക് വീഴാതെ പാര്‍ടിക്കൊപ്പം നിലയുറപ്പിച്ച ചുരുക്കം സഖാക്കള്‍ ആത്മവിശ്വാസത്തോടെതന്നെ പാര്‍ടിയുടെ പുനഃസംഘാടനമെന്ന മഹാദൗത്യം ഏറ്റെടുത്തു. പൂര്‍ണസമയ പ്രവര്‍ത്തകനായി ഒരാള്‍പോലുമില്ലാതിരുന്ന വിശാഖപട്ടണം നഗരമാണ് ഇന്നിപ്പോള്‍ പാര്‍ടിയുടെ സമുന്നത സമ്മേളനത്തിന് വേദിയാകുന്നത്.

ഇടത് ഐക്യത്തിന് കരുത്തുപകരുകയെന്ന പാര്‍ടി കോണ്‍ഗ്രസ് തീരുമാനം ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയും സമ്മേളനത്തിന്റെ മുഖ്യസംഘാടകനുമായ പി മധു ദേശാഭിമാനിയോട് പറഞ്ഞു. ആന്ധ്രയില്‍ ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിപിഐ എമ്മും ഇടതുപാര്‍ടികളുമാണ്. നാലുമാസമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും പ്രതിഷേധമുയര്‍ത്തി സിപിഐ എമ്മുണ്ട്. മിക്കപ്പോഴും മുഖ്യമന്ത്രി എത്തുന്നതിന് തലേന്നുതന്നെ മുന്‍കരുതല്‍ നടപടി എന്നനിലയില്‍ പാര്‍ടിപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നതിനിടയില്‍ വിശാഖപട്ടണത്തുപോലും പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കര്‍ഷക ആത്മഹത്യ, ആദിവാസിപ്രശ്നങ്ങള്‍ തുടങ്ങിയ ജനകീയവിഷയങ്ങള്‍ ഉയര്‍ത്തി അടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് പാര്‍ടി. ട്രേഡ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തനങ്ങള്‍ സജീവമായി.

സംസ്ഥാനം വിഭജിച്ചതോടെ പാര്‍ടി കമ്മിറ്റികള്‍ രണ്ടായി. ആന്ധ്രയില്‍ പാര്‍ടിക്കും പോഷകസംഘടനകള്‍ക്കും സംസ്ഥാനതലത്തില്‍ ഓഫീസുകളായിട്ടില്ല. ഈ പ്രതിസന്ധികളെയൊക്കെ അതിജീവിച്ചാണ് പാര്‍ടി കോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പ്. വിജയവാഡ ഉള്‍പ്പെടെയുള്ള വടക്കന്‍ ആന്ധ്രയിലെ ജില്ലകള്‍ ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളാണ്. ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന് അരക്കോടിയോളം രൂപ സമ്മേളന നടത്തിപ്പുഫണ്ടിലേക്ക് സമാഹരിക്കാനായി. ശ്രീകാകുളം, വിജയവാഡ, വിജയനഗരം, കിഴക്ക്-വടക്ക് ഗോദാവരി ജില്ലകള്‍ തുടങ്ങി ആദിവാസികള്‍ കൂടുതലായുള്ള മേഖലകളില്‍ പാര്‍ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെട്ടിട്ടുണ്ട്. ആദിവാസിപ്രശ്നങ്ങള്‍ ഉയര്‍ത്തി അടുത്തയിടെ പ്രത്യേക ജാഥ പാര്‍ടി സംഘടിപ്പിച്ചു. ആദിവാസിമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കുകയാണ്. ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി പാര്‍ടിയോട് അടുപ്പിക്കുകയാണ് ലക്ഷ്യം. ഏറ്റവും അവഗണിക്കപ്പെട്ട ജനവിഭാഗമാണ് അവര്‍. ഇപ്പോള്‍ പാര്‍ടി മുന്‍കൈയെടുത്ത് ആദിവാസികള്‍ പണിയെടുക്കുന്ന തൊഴില്‍മേഖലകളില്‍ യൂണിയനുകളും മറ്റും രൂപീകരിച്ചുതുടങ്ങി. അര്‍ഹതപ്പെട്ട കൂലി ചോദിച്ചുവാങ്ങിക്കാന്‍ ഇതുവഴി ആദിവാസികളെ പ്രാപ്തരാക്കുന്നു. സാംസ്കാരികമേഖലയിലും ഇടപെടല്‍ സജീവമായിട്ടുണ്ട്. സംഘപരിവാറിന്റെ തീവ്രഹൈന്ദവ ആശയങ്ങള്‍ക്കെതിരായ പ്രചാരണങ്ങളാണ് മുഖ്യം. പ്രജാനാട്യമണ്ഡല്‍ ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു. നാടന്‍കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നാടന്‍ കലാകാരന്മാര്‍ വലിയ ദുരിതത്തില്‍ കഴിയുന്നവരാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സിപിഐ എം മാത്രമാണ് അവര്‍ക്കൊപ്പമുള്ളത്. അരലക്ഷത്തോളം നാടന്‍ കലാകാരന്മാര്‍ വടക്കന്‍ ആന്ധ്രയില്‍മാത്രം പാര്‍ടിയുമായി സഹകരിക്കുന്നുണ്ട്. പാര്‍ടി സമ്മേളനവേദിയിലും അവര്‍ സജീവമാണ്- മധു പറഞ്ഞു.

http://deshabhimani.com/news-national-all-latest_news-458754.html#sthash.VeFFLlJz.dpuf

Tuesday, March 18, 2014

ബെനറ്റിന് വിഎസിന്റെ വിജയാശംസകള്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ബെനറ്റിന് വിജയാശംസകള്‍ നേര്‍ന്ന് വി എസ്.

ബെനറ്റിന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. ബെനറ്റിനെ അനുഗ്രഹിച്ച പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പിനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ബെനറ്റ് മാധ്യമങ്ങളോട് സംസാരിച്ചു.

ദൗര്‍ബല്യങ്ങള്‍ ഒന്നുമില്ലാതെ പാര്‍ട്ടിയോടൊപ്പം ശക്തമായാണ് മുന്നോട്ട് പോകുന്നതെന്ന് ബെനറ്റ് പറഞ്ഞു. യുഡിഎഫിന് എതിരായുള്ള തരംഗം ഉള്ളതിനാല്‍ നിലവില്‍ അനൂകൂല ഘടകങ്ങളാണ് കാണുന്നത്. ആദരണീയനായ പ്രതിപക്ഷനേതാവ് വിഎസിന്റെ പിന്തുണയുണ്ട്. വിഎസ് പ്രചാരണത്തിനിറങ്ങുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും.

തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് നടക്കുന്നത് എന്ന കാര്യം പാര്‍ട്ടി തന്നെയാണ് തീരുമാനിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥികള്‍ വന്‍തിരമാലകള്‍ തന്നെയാണെന്ന് അറിയാം. എന്നാല്‍ താനും ഒട്ടും കുറവല്ല എന്ന ആത്മവിശ്വാസമുണ്ട്.

ആരെയും വ്യക്തിഹത്യ ചെയ്യില്ല. ശശി തരൂര്‍ തിരുവനന്തപുരം നഗരസഭയ്ക്ക് എന്ത് ചെയ്തുതന്നുവെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയാം. നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നു.

ആരോപണങ്ങള്‍ ആര്‍ക്കും ആരുടെയും നേരെ ഉന്നയിക്കാവുന്നതാണ് എന്നായിരുന്നു ആരോപണങ്ങളെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടി. തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് നേരെ അധികാരികള്‍ക്ക് നടപടിയെടുക്കാമായിരുന്നു. തന്റെ മേലുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഒരു പവന്‍ സമ്മാനം നല്‍കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സഭയിലെ തന്നെ ഒരു വിഭാഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി പികെവിയും പന്ന്യന്‍ രവീന്ദ്രനും തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ താന്‍ അവധിയെടുത്ത് പ്രചാരണരംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

janayugom online

കടലോളം സ്നേഹവുമായി തീരദേശം ഹൈടെക് വരവേല്‍പ്പുമായി ഐടി നഗരം

കോവളം/കഴക്കൂട്ടം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് എബ്രഹാമിന് തീരദേശങ്ങളിലും ഐടി നഗരമായ കഴക്കൂട്ടത്തും സ്നേഹോഷ്മള വരവേല്‍പ്പ്. തീരദേശമേഖലയായ കോവളം മണ്ഡലത്തിലെ വിഴിഞ്ഞം, വെങ്ങാനൂര്‍ മേഖലകളില്‍ കടലോളം സ്നേഹവുമായാണ് പ്രിയസ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഇല്ലായ്മകളുടെ ദുരിതക്കടല്‍ നീന്തിക്കയറിയ ബെന്നറ്റിന് വിഴിഞ്ഞത്ത് ആബാലവൃദ്ധമാണ് വിജയാശംസ നേര്‍ന്നത്. തലസ്ഥാനം കണ്ട മികച്ച ഭൂരിപക്ഷത്തോടെ ബെന്നറ്റിനെ പാര്‍ലമെന്റിലേക്ക് അയക്കുമെന്നതിന്റെ തെളിവുകൂടിയായി ഇത്. പിന്നീട് കോവളം നിയോജകമണ്ഡലം കണ്‍വന്‍ഷനിലെ ബഹുജനബാഹുല്യവും റെക്കോഡ് ഭൂരിപക്ഷം ഉറപ്പിക്കുന്ന വിളംബരമായി. വെങ്ങാനൂരിലെത്തിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ മോട്ടോര്‍ത്തൊഴിലാളികളും കടയുടമകളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം തിങ്ങിനിറഞ്ഞിരുന്നു. മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവിടമാകെ പ്രിയസാരഥിയെ കാണാന്‍ ജനങ്ങള്‍ ഓടിയെത്തി. തുടര്‍ന്ന് അയ്യന്‍കാളി സ്മൃതിമണ്ഡപമായ പാഞ്ചജന്യത്തിലും കാര്‍ഗില്‍ രക്തസാക്ഷി ജെറി പ്രേംരാജിന്റെ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. മണ്ഡലത്തിലെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ബെന്നറ്റിനെ അനുഗമിച്ചു. ഉച്ചയ്ക്കുശേഷം കഴക്കൂട്ടത്ത് ബെന്നറ്റിന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. പ്രായഭേദമെന്യേ നഗരത്തിലുള്ളവരെല്ലാം ബെന്നറ്റിന് വിജയാശംസകള്‍ നേര്‍ന്ന് കൈകൊടുക്കാന്‍ തിരക്കുകൂട്ടി. ആധുനികലോകത്തിന്റെ സ്പന്ദനങ്ങളെല്ലാം മൗസ്ക്ലിക്കിലൂടെ തിരിച്ചറിയുന്ന ഐടി സ്ഥാപനങ്ങളിലെ യുവ എന്‍ജിനിയര്‍മാര്‍മുതല്‍ നഗരത്തിലെ തൊഴിലാളികള്‍വരെ തലസ്ഥാനത്തിന്റെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബെന്നറ്റിനെ ആശംസിക്കാനെത്തി. തുടര്‍ന്ന് മണ്ഡലം കണ്‍വന്‍ഷനിലും ബെന്നറ്റ് പങ്കെടുത്തു. വൈകിട്ട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പിന്തുണതേടിയെത്തിയ ബെന്നറ്റ്, രാജാജി നഗറിലെ മരണവീട്ടിലുമെത്തി അനുശോചനം അറിയിച്ചു.

deshabhimani

Thursday, February 20, 2014

തെലങ്കാന ബില്‍ പാസാക്കി; ബില്‍ പാസാക്കല്‍ ജനാധിപത്യവിരുദ്ധം: സിപിഐ എം

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണം ലക്ഷ്യമിട്ടുള്ള ആന്ധ്ര പുനഃസംഘടനാ ബില്‍ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. സീമാന്ധ്രമേഖലയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും സിപിഐ എം അംഗങ്ങളും നടുത്തളത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ചര്‍ച്ചകൂടാതെ ബില്‍ പാസാക്കിയത്. അടുത്തദിവസംതന്നെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസും ബിജെപിയും ബില്ലിനെ പിന്തുണച്ചപ്പോള്‍ സിപിഐ എം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, സമാജ്വാദി പാര്‍ടി, ശിവസേന എന്നിവ വിയോജിച്ചു. ബില്ലിനെ എതിര്‍ക്കുന്നവര്‍ വോട്ടിങ് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടിന്റെ അടിസ്ഥാനത്തില്‍ ബില്‍ പാസായതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു.

ബില്‍ പരിഗണിച്ച ഘട്ടത്തില്‍ ലോക്സഭാ ടിവിയുടെ തത്സമയ സംപ്രേഷണം നിര്‍ത്തിയത് വിവാദമായി. ലോക്സഭയില്‍ ശൂന്യവേളയ്ക്കുശേഷമുള്ള ആദ്യ ഇനമായാണ് ബില്‍ ഉള്‍പ്പെടുത്തിയത്. രാവിലെമുതല്‍ ലോക്സഭ സംഘര്‍ഷഭരിതമായിരുന്നു. സീമാന്ധ്ര എംപിമാരും എസ്സി- എസ്ടി ഉപപദ്ധതി ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ടികളിലെ എംപിമാരും നടുത്തളത്തില്‍ ഇറങ്ങിയതോടെ ചോദ്യോത്തരവേള മുടങ്ങി. 12ന് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ മീരാകുമാര്‍ ക്ഷണിച്ചു. എന്നാല്‍, സിപിഐ എം എംപിമാരും സീമാന്ധ്ര എംപിമാരും നടുത്തളത്തില്‍ ഇറങ്ങിയതോടെ നടപടി തടസ്സപ്പെട്ടു. ഇതാദ്യമായാണ് ആന്ധ്രവിഭജന വിഷയത്തില്‍ സിപിഐ എം അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് വിഭജിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഐ എം ലോക്സഭാ നേതാവ് ബസുദേബ് ആചാര്യ പറഞ്ഞു. 12.45ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും നടപടികളിലേക്ക് കടക്കാനായില്ല. തുടര്‍ന്ന് മൂന്നുവരെ സഭ നിര്‍ത്തി.

ചര്‍ച്ചകൂടാതെ ബില്‍ പാസാക്കാനുള്ള തയ്യാറെടുപ്പോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തിയത്. തടിമിടുക്കുള്ള എട്ട് എംപിമാരെ ഷിന്‍ഡെയ്ക്കുമുന്നില്‍ നിര്‍ത്തി സംരക്ഷണവലയം തീര്‍ത്തു. ബില്‍ പാസാക്കുന്നതിനായി പരിഗണിക്കണമെന്ന് ഷിന്‍ഡെ പറഞ്ഞതിനു പിന്നാലെ പ്രതിപക്ഷ നേതാവ് സുഷ്മ സ്വരാജിനെ സ്പീക്കര്‍ ക്ഷണിച്ചു. ബില്ലിനെ ബിജെപി പൂര്‍ണമായി പിന്തുണയ്ക്കുന്നതായി സുഷ്മ അറിയിച്ചു. സീമാന്ധ്രയുടെ ആവശ്യംകൂടി പരിഗണിക്കണമെന്നും ബില്‍വൈകിക്കേണ്ടിയിരുന്നില്ലെന്നും സുഷ്മ പറഞ്ഞു. തെലങ്കാന രൂപീകരണം കാലത്തിന്റെ ആവശ്യമാണെന്നും സോണിയ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ടാണ് ബില്‍ യാഥാര്‍ഥ്യമാകുന്നതെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. സീമാന്ധ്രക്കാര്‍ക്ക് ഹൈദരാബാദില്‍ വിവേചനം നേരിടേണ്ടി വരില്ലെന്നും ജയ്പാല്‍ റെഡ്ഡി അവകാശപ്പെട്ടു.
(എം പ്രശാന്ത്)

ബില്‍ പാസാക്കല്‍ ജനാധിപത്യവിരുദ്ധം: സിപിഐ എം

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് വിഭജന ബില്‍ ലോക്സഭയില്‍ പാസാക്കിയത് എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ജനാധിപത്യ വിരുദ്ധമായാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവിച്ചു. ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി പുനഃസംഘടിപ്പിക്കപ്പെട്ട സംസ്ഥാനത്തിന്റെ വിഭജനം പ്രധാനവിഷയമാണ്. എന്നാല്‍, ലോക്സഭയില്‍ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ചര്‍ച്ച വേണമെന്ന പ്രമുഖ പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യം നിരാകരിക്കപ്പെട്ടു. കോണ്‍ഗ്രസ്-ബിജെപി രഹസ്യധാരണയുടെ ഫലമാണിത്. സഭയില്‍ ചര്‍ച്ച ഉറപ്പാക്കേണ്ടത് വിഭജനത്തെ അനുകൂലിക്കുന്ന പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിയുടെ പ്രാഥമിക ഉത്തരവാദിത്തമായിരുന്നു. എന്നാല്‍, എല്ലാ പാര്‍ലമെന്ററി രീതികളും ലംഘിച്ച കോണ്‍ഗ്രസിന്റെ കൂടെ ചേരാനാണ് ബിജെപി തയ്യാറായത്. ലോക്സഭാ നടപടികളുടെ സംപ്രേഷണം നിര്‍ത്തിവച്ചത് ജനാധിപത്യവിരുദ്ധ നടപടികള്‍ ജനങ്ങള്‍ കാണരുതെന്ന ഗൂഢ നീക്കത്തിന്റെ ഭാഗമാണ്. യുപിഎ സര്‍ക്കാരിന്റെ ഈ നീക്കം ജനാധിപത്യത്തിനും ഫെഡറല്‍തത്വങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണ്-പിബി പ്രസ്താവനയില്‍ പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി രാജിവച്ചു; കോണ്‍ഗ്രസ് വിട്ടു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവച്ചു. എംഎല്‍എസ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും ഉപേക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. ബുധനാഴ്ച പകല്‍ 10.45ന് സീമാന്ധ്രയില്‍നിന്നുള്ള മന്ത്രിമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തശേഷമാണ് പ്രഖ്യാപനം. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന് കൈമാറി. രാജി സ്വീകരിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തെലങ്കാന രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ അദ്ദേഹം സീമാന്ധ്രയില്‍ പുതിയ പാര്‍ടി രൂപീകരിക്കാനൊരുങ്ങുകയാണ്. വിഭജനത്തെ എതിര്‍ക്കുന്ന മുപ്പതോളം സാമാജികര്‍ എംഎല്‍എസ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവയ്ക്കുമെന്നാണ് സൂചന. തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ച വിജയവാഡയില്‍നിന്നുള്ള എംപിയും വ്യവസായിയുമായ ലഗദപതി രാജഗോപാല്‍ ലോക്സഭാംഗത്വം രാജിവച്ചു. രാജി സ്വീകരിച്ചതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ഗണ്‍ട ശ്രീനിവാസറാവുവും കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് തെലങ്കാന രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. വോട്ടുമാത്രം ലക്ഷ്യമിട്ടാണ് ചില രാഷ്ട്രീയപാര്‍ടികള്‍ തെലങ്കാനയെ അനുകൂലിക്കുന്നതെന്നും കിരണ്‍റെഡ്ഡി ആരോപിച്ചു. പുതിയ സര്‍ക്കാര്‍ വരുംവരെ കാവല്‍സര്‍ക്കാരായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. രാജി പെട്ടെന്ന് കൈക്കൊണ്ട തീരുമാനമല്ല. എല്ലാ സഹപ്രവര്‍ത്തകരുമായും നേതാക്കളുമായും ആലോചിച്ചശേഷമാണ് തീരുമാനമെടുത്തത്.

തെലുങ്ക് ജനതയെ വിഭജിക്കുന്നതില്‍ അതിയായ ഹൃദയവേദനയുണ്ട്. ടിഡിപി, ബിജെപി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് വോട്ടും സീറ്റുംമാത്രമാണ് ലക്ഷ്യം. വിഭജനതീരുമാനത്തില്‍ പ്രതിഷേധിച്ച് നേരത്തെ രാജിക്കൊരുങ്ങിയതാണ്. സോണിയ ഗാന്ധിയുടെ നിര്‍ദേശം പാലിച്ചാണ് സ്ഥാനത്ത് തുടര്‍ന്നത്- അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, തെലങ്കാന രൂപീകരണത്തിനെതിരെ സീമാന്ധ്ര, റായലസീമ, തീരദേശ ആന്ധ്ര എന്നിവിടങ്ങളില്‍ ആഹ്വാനംചെയ്ത ബന്ദ് പൂര്‍ണമായി. വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം, കടപ്പ നഗരങ്ങള്‍ നിശ്ചലമായി. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കമുള്ളവ സ്തംഭിച്ചു. അര്‍ധസൈനിക വിഭാഗമടക്കം വന്‍ സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. കിരണ്‍റെഡ്ഡിക്ക് രാജിയല്ലാതെ മറ്റു പോംവഴിയുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹിയില്‍ പ്രതികരിച്ചു. തെലങ്കാന രൂപീകരണത്തെ ആദ്യംമുതല്‍ എതിര്‍ത്ത വ്യക്തിയായിരുന്നു അദ്ദേഹം. ബില്‍ പാസാക്കിയ സാഹചര്യത്തില്‍ മറ്റൊരു വഴിയും അദ്ദേഹത്തിന് മുന്നിലില്ലെന്നും ഷിന്‍ഡെ പറഞ്ഞു.

ഹൈദരാബാദില്‍ ഇനി ഗവര്‍ണര്‍ ഭരണം

ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ ആന്ധ്ര പുനഃസംഘടനാ ബില്‍പ്രകാരം അടുത്ത പത്തുവര്‍ഷത്തേക്ക് ഹൈദരാബാദ് ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരും. പിന്നീട് തെലങ്കാനയുടെ തലസ്ഥാനമാകും. ഈ കാലത്തിനുള്ളില്‍ ആന്ധ്ര പുതിയ തലസ്ഥാനം കണ്ടെത്തണമെന്ന് ബില്‍ പറയുന്നു. ആന്ധ്രയ്ക്ക് തലസ്ഥാനം വികസിപ്പിക്കാന്‍ ആവശ്യമായ സാമ്പത്തികസഹായവും മറ്റും കേന്ദ്രസര്‍ക്കാര്‍ നല്‍കും. കേന്ദ്രം കൊണ്ടുവന്ന 35 ഭേദഗതിയോടെയാണ് ബില്‍ അംഗീകരിച്ചത്. സീമാന്ധ്രമേഖലയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ബില്ലിലെ മറ്റ് പ്രധാന വ്യവസ്ഥകള്‍: ബില്‍ നിയമമായി 45 ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പുതിയ തലസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ദേശം സമര്‍പ്പിക്കണം. നിലവിലുള്ള ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇരുസംസ്ഥാനങ്ങളുടെയും ഗവര്‍ണറായി തുടരും. പത്തുവര്‍ഷത്തേക്ക് പൊതുതലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് നഗരത്തിലെ പൗരന്മാരുടെ സുരക്ഷ, സ്വാതന്ത്ര്യം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതില്‍ ഗവര്‍ണര്‍ക്കായിരിക്കും പൂര്‍ണാധികാരം. നിലവിലുള്ള പൊലീസ് സേനയെ കേന്ദ്രസഹായത്തോടെ ആന്ധ്ര, തെലങ്കാന പൊലീസ് സേനകളായി വിഭജിക്കും. മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപപ്പെട്ട ഗ്രേഹൗണ്ട് സേനയെയും വിഭജിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനസംവിധാനം അടുത്ത പത്തുവര്‍ഷത്തേക്ക് ഇപ്പോഴുള്ള രീതിയില്‍ തുടരും. ബില്‍ നിയമമായാല്‍ തെലങ്കാനയ്ക്ക് 17ഉം ആന്ധ്രയ്ക്ക് 25ഉം ലോക്സഭാ എംപിമാരെ ലഭിക്കും. രാജ്യസഭയില്‍ സിറ്റിങ് എംപിമാര്‍ക്ക് അവരുടെ കാലാവധി പൂര്‍ത്തിയാകുംവരെ തുടരാം. നിയമസഭാ കൗണ്‍സില്‍ സീറ്റുകള്‍ ആന്ധ്രയ്ക്ക് 50, തെലങ്കാനയ്ക്ക് 40 എന്നിങ്ങനെ വിഭജിക്കും. ഹൈദരാബാദ് ഹൈക്കോടതി ഇരുസംസ്ഥാനങ്ങളുടെയും ഹൈക്കോടതിയായി തല്‍ക്കാലം പ്രവര്‍ത്തിക്കും. ഗോദാവരി- കൃഷ്ണ നദീകൈകാര്യ ബോര്‍ഡുകളുടെ അധ്യക്ഷപദം കേന്ദ്ര ജലവിഭവമന്ത്രിക്കാവും. ഇരുസംസ്ഥാനങ്ങളുടെയും വ്യവസായവല്‍ക്കരണത്തിനും സാമ്പത്തികവളര്‍ച്ചയ്ക്കും പ്രത്യേക സഹായം അനുവദിക്കും. ആന്ധ്ര തലസ്ഥാനത്തിന് നിയമസഭ, രാജ്ഭവന്‍, സെക്രട്ടറിയറ്റ് എന്നിവ വികസിപ്പിക്കാന്‍ കേന്ദ്രം സഹായിക്കും.

deshabhimani

Sunday, February 16, 2014

കുരുമുളക് സ്പ്രേ കോണ്‍ഗ്രസ് തിരക്കഥ

ലോക്സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയ സീമാന്ധ്ര എംപി എല്‍ രാജഗോപാല്‍ കോണ്‍ഗ്രസിന്റെ മാനസപുത്രന്‍. ലാന്‍കോ എന്ന കോര്‍പറേറ്റ് സ്ഥാപനത്തെ നിയന്ത്രിക്കുന്ന രാജഗോപാലിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് വലിയ സഹായങ്ങളാണ് ലഭിക്കുന്നത്. കുരുമുളക് സ്പ്രേ പ്രയോഗംപോലും കോണ്‍ഗ്രസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ്. തെലങ്കാന ബില്ലിനെതിരെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിലും ലോക്സഭയില്‍ രാജഗോപാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ വിലക്കുകളെ മറികടന്നാണ് പ്രതിഷേധങ്ങളെന്ന് രാജഗോപാല്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരില്‍നിന്ന് വന്‍ സഹായങ്ങള്‍ ഈ ഘട്ടത്തിലും അദ്ദേഹം നേടിക്കൊണ്ടിരുന്നു.

സാമ്പത്തികപ്രതിസന്ധിയിലായ ലാന്‍കോ ഗ്രൂപ്പിനെ സഹായിക്കാന്‍ 7700 കോടിയുടെ കോര്‍പറേറ്റ് വായ്പാ പുനഃസംഘടനാ പദ്ധതി കേന്ദ്രത്തിന്റെ ആശീര്‍വാദത്തോടെയാണ്. മൂവായിരത്തിമുന്നൂറു കോടി രൂപ പുതിയ വായ്പ ഉള്‍പ്പെടെ 7700 കോടിയുടെ പാക്കേജില്‍ കഴിഞ്ഞ ഡിസംബറിലാണ് 27 ബാങ്കുകളുടെ കൂട്ടായ്മയും ലാന്‍കോ ഗ്രൂപ്പും ഒപ്പുവച്ചത്. ധനമന്ത്രി പി ചിദംബരത്തിന്റെ പിന്തുണയാണ് ഇതിന് വഴിയൊരുക്കിയത്. ഓസ്ട്രേലിയയിലെ ഗ്രിഫിന്‍ കല്‍ക്കരിപ്പാടം 2011ല്‍ വന്‍ തുക മുടക്കി വാങ്ങിയതോടെയാണ് ലാന്‍കോ ഗ്രൂപ്പിന്റെ തകര്‍ച്ച തുടങ്ങിയത്. 4100 കോടി രൂപയാണ് പാടത്തിന് മുടക്കിയത്. എന്നാല്‍, പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ലാന്‍കോ ഗ്രൂപ്പ് നിലവില്‍ 36,558 കോടി രൂപ കടത്തിലാണ്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് കേന്ദ്രം മുന്‍കൈയെടുത്ത് വായ്പാ പുനഃസംഘടനാ പദ്ധതിക്ക് ധാരണയായത്. ഇതുവരെ എടുത്ത വായ്പകള്‍ കിട്ടാക്കടമായി നില്‍ക്കെയാണ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് ബാങ്കുകള്‍ പുതിയ വായ്പ അനുവദിച്ചത്. പലിശയുടെ കാര്യത്തില്‍ രണ്ടുവര്‍ഷം അവധിയോടെയാണ് വായ്പ.

തൊണ്ണൂറുകളില്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടതോടെയാണ് ലാന്‍കോ ഗ്രൂപ്പ് പന്തലിച്ചത്. രാഷ്ട്രീയനേതൃത്വവുമായുള്ള സൗഹൃദംകൂടിയായതോടെ വളര്‍ച്ച വേഗത്തിലായി. പിന്നീട് കോണ്‍ഗ്രസ് കുപ്പായമിട്ട് രാജഗോപാലും രാഷ്ട്രീയത്തിലേക്കിറങ്ങി. ലോക്സഭയിലേക്ക് പണം വാരിയെറിഞ്ഞ് ജയിച്ചു. 5500 കോടിയുടെ ലാന്‍കോ ഹില്‍ പദ്ധതി ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. തെലങ്കാന വിഭജനം യാഥാര്‍ഥ്യമാകുന്നതോടെ ഇതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടുമോ എന്ന ഭയമാണ് അറ്റകൈ പരീക്ഷണത്തിന് രാജഗോപാലിനെ പ്രേരിപ്പിച്ചത്.

deshabhimani

Saturday, February 15, 2014

സമരകാഹളം മുഴക്കി ചരിത്രഭൂമിയിലൂടെ...

തൃശൂര്‍: സമരഭൂമികളിലെ തുടിപ്പുകള്‍ ഏറ്റുവാങ്ങിയ തൃശൂര്‍ ജില്ലയിലെ രണ്ടാംദിന പര്യടനം ജനപിന്തുണയുടെ വിളംബരം. ജൂത കുടിയേറ്റത്തിന്റെയും സംഘകാല ചരിത്രത്തിന്റെയും പാരമ്പര്യമുള്ള കൊടുങ്ങല്ലൂര്‍, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ഹൃദയരക്തം വീണ കയ്പമംഗലം, കുട്ടംകുളം സമരത്തിന്റെ സ്മരണകളിരമ്പുന്ന ഇരിങ്ങാലക്കുട, തുണിമില്‍-ഓട്ടുകമ്പനി സമരങ്ങളിലൂടെ ചുവന്ന ആമ്പല്ലൂര്‍, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മുഴങ്ങിയ തേക്കിന്‍കാട്...പോരാട്ടങ്ങളുടെ കഠിനപാതകള്‍ താണ്ടിയ മണ്ണിലൂടെയായിരുന്നു കേരളരക്ഷാമാര്‍ച്ചിന്റെ വെള്ളിയാഴ്ചത്തെ പര്യടനം.

വെള്ളിയാഴ്ച കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മാളയില്‍നിന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ച് പര്യടനമാരംഭിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി ജാഥയെ സ്വീകരിച്ചു. കര്‍ഷകര്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, തോട്ടംതൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കെടുതികള്‍ നേരിട്ടനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാട്ടിടവഴികളിലൂടെയായിരുന്നു ഈ പകല്‍ കടന്നുപോയത്. പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ ധീരരക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ആദരിച്ചത് വികാരനിര്‍ഭരമായി. കൊടുങ്ങല്ലൂര്‍ കോവിലകവും മതേതരത്വത്തിന്റെ പ്രതീകമായിനിലകൊള്ളൂന്ന ചേരമാന്‍ ജുമാമസ്ജിദും സ്ഥിതിചെയ്യുന്ന കൊടുങ്ങല്ലൂരിനുശേഷം കയ്പമംഗലം മണ്ഡലത്തിലെ എസ് എന്‍ പുരത്തായിരുന്നു സ്വീകരണം. ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യരക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന് ജന്മം നല്‍കിയ എടത്തിരുത്തി ഉള്‍പ്പെട്ട എസ്എന്‍ പുരത്തെ സ്വീകരണം അവിസ്മരണീയമായി. കൊടുംചൂടിനെ കൂസാതെ ജനസഹസ്രങ്ങളാണ് മലബാര്‍ സിംഹം എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാന്റെ നാട്ടില്‍ തടിച്ചുകൂടിയത്.

ഇരിങ്ങാലക്കുടയില്‍ വാദ്യമേളങ്ങളോടെയായിരുന്നു വരവേല്‍പ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ മൂലം തകര്‍ന്ന പരമ്പരാഗതവ്യവസായങ്ങളുടെ കേന്ദ്രമായ ആമ്പല്ലൂരില്‍ തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ജനാവലിയെത്തി. വെള്ളിയാഴ്ചത്തെ സമാപനകേന്ദ്രമായ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിയപ്പോള്‍ കടല്‍പോലെ പുരുഷാരം. തൃശൂര്‍, ഒല്ലൂര്‍, നാട്ടിക എന്നീ മൂന്ന് മണ്ഡലങ്ങള്‍ ചേര്‍ന്നാണ് തേക്കിന്‍കാട് മൈതാനത്ത് തെക്കേഗോപുരനടയില്‍ സ്വീകരണം നല്‍കിയത്. അപവാദപ്രചാരണങ്ങള്‍ക്കും കുത്സിത നീക്കങ്ങള്‍ക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന പ്രഖ്യാപനത്തോടെയാണ് അഴീക്കോടന്‍ രാഘവന്റെ രക്തംവീണ് ചുവന്ന തൃശൂരിലെ രണ്ടാം ദിന പര്യടനം അവസാനിച്ചത്. ജാഥാംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. ശനിയാഴ്ച മണലൂര്‍, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളില്‍ പര്യടനം നടത്തും.

ഇ എസ് സുഭാഷ്

തെലങ്കാനക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ സങ്കുചിത രാഷ്ട്രീയം : പിണറായി

തൃശൂര്‍: തെലങ്കാന വിഷയം ഇത്രയും വഷളാക്കിയതിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയ ലാഭത്തിനായി കോണ്‍ഗ്രസ് കളിക്കുന്ന കള്ളകളികളാണെന്ന് സിപിഐ എം സംസ്്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു കേരള രക്ഷാമാര്‍ച്ചിനിടെ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിുരുന്നു പിണറായി. എത്രമാത്രം അപമാനകരമായ സംഭവമാണ് പാര്‍ലമെന്റിലുണ്ടായത്. കത്തി വീശലും പെപ്പര്‍ സ്പ്രേ അടിക്കലും ഉണ്ടായില്ലെ. കോണ്‍ഗ്രസിന്റെ ഇത്തരം അവസരവാദ നയങ്ങള്‍ മൂലം രാജ്യം മുമ്പും പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ ആന്ധ്രയുടെ കോണ്‍ഗ്രസുകാരന്‍ കൂടിയായ മുഖ്യമന്ത്രി ചീത്ത വിളിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തി.

ഒരു സംസ്ഥാനത്തെ വിഭജിക്കുമ്പോള്‍ അടിസ്ഥാന ശാസ്ത്രീയ പഠനം നടത്തണം. അതുണ്ടായിട്ടില്ല. ഭാഷാടിസ്ഥാനത്തില്‍ തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി ഒരു സംസ്ഥാനമെന്നത് അന്നാട്ടുക്കാര്‍ സമരം ചെയ്ത് നേടിയെടുത്തതാണ്. അതിനെയാണ് വിഭജിക്കുന്നത്. ഇത്തരം വിഭജന ആവശ്യങ്ങളും വിഘടന വാദങ്ങളും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത് ആപത്താണ്.

ഭഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ പൊതുവിതരണ സംവിധാനമാണ് തകര്‍ന്നത്. മുമ്പ് ലഭിച്ചിരുന്ന അളവില്‍ ഭഷ്യധാന്യം കേന്ദ്രം നല്‍കുന്നില്ല. കേരളത്തിനാവശ്യമായ റേഷന്‍ വാങ്ങിയെടുക്കാന്‍ കേന്ദ്രത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. അല്ലെങ്കില്‍ 14200 ഓളം വരുന്ന റേഷന്‍ കടകളെ ഈ നയങ്ങള്‍ തകര്‍ക്കും. സാധാരണ ഭഷ്യമന്ത്രി ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും സര്‍ക്കാരും മന്ത്രിയുടെ പാര്‍ടിയും പിന്തുണ നല്‍കുകയുമാണ് പതിവ്.ഇവിടെ മന്ത്രിക്കെതിരെ നില്‍ക്കുന്നത് സ്വന്തം പാര്‍ടിയുടെ ചെയര്‍മാനാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചുള്ള നടപടികളെ കുറിച്ച് മാര്‍ച്ച്24നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹരിത ട്രിബൂണല്‍ ഉത്തരവായത്് . അതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ പറഞ്ഞിരുന്നതെല്ലാം കളവാണെന്ന് തെളിഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോര മേഖലയിലെ കര്‍ഷകര്‍ വീടും കൃഷിയിടങ്ങളും വിട്ട് മലയിറങ്ങേണ്ടി വരുന്ന സ്ഥിതിയുണ്ടാകുമെന്നും പിണറായി പറഞ്ഞു.

deshabhimani

Friday, February 14, 2014

പാര്‍ലമെന്റിന് അപമാനദിനം

പാര്‍ലമെന്റില്‍ കത്തി, കുരുമുളക് സ്പ്രേ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ലോക്സഭയില്‍ നടത്തിയ തെലങ്കാന ബില്‍ അവതരണം കൈയാങ്കളിയില്‍ കലാശിച്ചു. ഏറ്റുമുട്ടിയ അംഗങ്ങള്‍ കത്തി വീശി, കുരുമുളക് സ്പ്രേ അടിച്ചു. നില്‍ക്കക്കള്ളിയില്ലാതെ അംഗങ്ങള്‍ പാര്‍ലമെന്റ് ഹൗസിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തെലങ്കാന ബില്‍ അവതരണത്തില്‍ പ്രതിഷേധിച്ച അംഗങ്ങളെ കോണ്‍ഗ്രസ് എംപിമാരാണ് മര്‍ദിച്ചത്. മൈക്കുകളും കംപ്യൂട്ടറുകളും വലിച്ചെറിഞ്ഞു. പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ അരാജകത്വമാണ് വ്യാഴാഴ്ച നടമാടിയത്.

ദേഹാസ്വാസ്ഥ്യമുണ്ടായ മുന്‍ കോണ്‍ഗ്രസ് എംപി ലഗഡപതി രാജഗോപാല്‍ ഉള്‍പ്പെടെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിഭ്രാന്തിക്കിടെ ടിഡിപി എംപി കെ നാരായണറാവു കുഴഞ്ഞുവീണു. സംഭവത്തെ തുടര്‍ന്ന് 17 എംപി മാരെ സ്പീക്കര്‍ മീരാകുമാര്‍ സസ്പെന്‍ഡ് ചെയ്തു. അതേസമയം, നടുത്തളത്തിലിറങ്ങിയ പള്ളം രാജു ഉള്‍പ്പെടെയുള്ള മന്ത്രിമാരെ നടപടിയെടുക്കാതെ സംരക്ഷിച്ചു. ടിഡിപി അംഗം കത്തിവീശിയതായി താന്‍ കണ്ടെന്ന് മന്ത്രി കമല്‍നാഥ് സ്ഥിരീകരിച്ചു. പാര്‍ലമെന്റിന് പുറത്തും തെലങ്കാന അനുകൂലികളും സീമാന്ധ്രക്കാരും തമ്മില്‍ ഏറ്റുമുട്ടി.

2001 ഡിസംബര്‍ 13നുണ്ടായ പാര്‍ലമെന്റ് ആക്രമണത്തിന് സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വ്യാഴാഴ്ച സഭയിലെത്തിയില്ല. പകല്‍ 11ന് ലോക്സഭ ചേര്‍ന്നെങ്കിലും ബഹളംമൂലം 12 വരെ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതൃയോഗത്തിന്റെ തീരുമാനമനുസരിച്ചാണ് തെലങ്കാന ബില്‍ അവതരിപ്പിച്ചത്. സഭ ചേര്‍ന്നയുടന്‍ ബില്ലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നടുത്തളത്തിലേക്ക് ഇറങ്ങി. ബില്ലിനെ എതിര്‍ക്കുന്ന ടിഡിപിയിലെ എം വേണുഗോപാലറെഡ്ഡി സ്പീക്കറുടെ അടുത്തേക്ക് നീങ്ങി സെക്രട്ടറി ജനറലിന്റെ മൈക്ക് പറിച്ചെടുത്ത് വീശി. റെഡ്ഡി കത്തിവീശിയെന്നും ആരോപണമുയര്‍ന്നു.

കുഴപ്പക്കാരായ എംപിമാരെ നിയന്ത്രിക്കാന്‍ 30 കോണ്‍ഗ്രസ് അംഗങ്ങളെ നിര്‍ത്തിയിരുന്നു. ഇവര്‍ വേണുഗോപാലറെഡ്ഡിയെ കൈയേറ്റം ചെയ്ത വേളയിലാണ് വിജയവാഡ എംപിയും വന്‍ വ്യവസായിയുമായ എല്‍ രാജഗോപാല്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. ഈ സമയം സ്പീക്കര്‍ തെലങ്കാന ബില്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ക്ഷണിച്ചു. ബില്ലിന് സഭയുടെ അനുമതി തേടവെ സ്പ്രേ ശ്വസിച്ച സ്പീക്കര്‍ മീരാകുമാര്‍ ചുമയ്ക്കാന്‍ തുടങ്ങുകയും സഭ പിരിച്ചുവിട്ടു എന്നുപോലും പറയാതെ സ്വന്തം മുറിയിലേക്ക് ഓടുകയും ചെയ്തു. വിഷവാതകമെന്നുകരുതി എംപിമാരോട് പുറത്തുപോകാന്‍ സുരക്ഷാഗാര്‍ഡുകള്‍ ആവശ്യപ്പെട്ടു.

സ്വയരക്ഷയ്ക്കാണ് സ്പ്രേ ഉപയോഗിച്ചതെന്നാണ് രാജഗോപാലിന്റെ വിശദീകരണം. ഉച്ചയ്ക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ എല്‍ രാജഗോപാല്‍, വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍റെഡ്ഡി തുടങ്ങി 17 പേരെ പുറത്താക്കിയതായി സ്പീക്കര്‍ അറിയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ രണ്ടുപേരും ടിഡിപിയിലെ നാലുപേരും 11 കോണ്‍ഗ്രസ് എംപിമാരുമാണ് പുറത്താക്കപ്പെട്ടത്. ഇതിനിടയിലാണ് ടിഡിപിയിലെ കെ നാരായണറാവു കുഴഞ്ഞുവീണത്. സയനൈഡ് കഴിച്ചെന്നായിരുന്നു ആദ്യപ്രചാരണം. നേരിയ ഹൃദയാഘാതമുണ്ടായതായി പിന്നീട് വിശദീകരിച്ചു. ഇതോടെ സഭ പിരിഞ്ഞു. തിങ്കളാഴ്ചയേ ഇനി സഭ ചേരൂ.

രാജ്യസഭയിലും സമാനമായ രംഗങ്ങള്‍ അരങ്ങേറി. ടിഡിപി അംഗം മൈക്ക് പൊട്ടിച്ചു. തെലങ്കാന ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ബില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്. മന്ത്രിമാര്‍ ഉള്‍പ്പെടെ സഭ തടസ്സപ്പെടുത്തുമ്പോള്‍ എങ്ങനെ ബില്‍ പാസാക്കുമെന്ന ചോദ്യമാണ് ഭൂരിപക്ഷം എംപിമാരും ഉയര്‍ത്തുന്നത്. ലോക്സഭയിലെ സംഭവങ്ങള്‍ അപമാനകരമാണെന്നും ജനാധിപത്യത്തിനേറ്റ പുഴുക്കുത്താണെന്നും സ്പീക്കര്‍ മീരാകുമാര്‍ പ്രതികരിച്ചു.

വി ബി പരമേശ്വരന്‍

പാര്‍ലമെന്റിന് അപമാനദിനം

കുരുമുളക് സ്പ്രേ പ്രയോഗം, കത്തിയെടുക്കല്‍, തമ്മിലടി...ലോകത്തിന് മുന്നില്‍ പരിഹാസ്യമായി ഇന്ത്യന്‍ പാര്‍ലമെന്റ്. ആന്ധ്രയെ വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള ബില്‍ എതിര്‍പ്പുകളെ അവഗണിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാര്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് നാണംകെട്ട സ്ഥിതിയിലേക്ക് എത്തിച്ചത്. ഗൗരവമേറിയ ചര്‍ച്ചകളിലൂടെയും ജനകീയ പ്രശ്നങ്ങളിലെ ക്രിയാത്മക ഇടപെടലുകളിലൂടെയും ലോകത്തിന് മാതൃകയായ ഇന്ത്യന്‍ പാര്‍ലമെന്റിനെ അധഃപതനത്തിന്റെ പാതാളക്കുഴിയിലേക്ക് തള്ളിയിട്ടുവെന്ന ഖ്യാതിയും ഇതോടെ യുപിഎ സര്‍ക്കാരിന് സ്വന്തമായി. സ്വന്തം മന്ത്രിമാരെപ്പോലും ബോധ്യപ്പെടുത്താതെ തെരഞ്ഞെടുപ്പ് നേട്ടമെന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രം ബില്‍ കൊണ്ടുവന്ന യുപിഎ സര്‍ക്കാരാണ് ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദികളെന്ന് പ്രതിപക്ഷ പാര്‍ടികള്‍ കുറ്റപ്പെടുത്തി.

അനുബന്ധ പട്ടികയില്‍ ഉള്‍പ്പെടുത്തി തെലങ്കാന ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ സ്ഥിതിഗതികള്‍ സംഘര്‍ഷപൂര്‍ണമായി. പകല്‍ പതിനൊന്നിന് ചോദ്യോത്തരവേളയ്ക്കായി ചേര്‍ന്നെങ്കിലും മിനിറ്റുകള്‍ക്കകം സഭ പിരിഞ്ഞു. സീമാന്ധ്രമേഖലയില്‍ നിന്നുള്ള എംപിമാര്‍ തടസ്സപ്പെടുത്തുമെന്ന ധാരണ സര്‍ക്കാരിനുണ്ടായിരുന്നു. കോണ്‍ഗ്രസ് എംപി സബ്ബം ഹരി കഴിഞ്ഞ ദിവസം ആത്മാഹുതി ഭീഷണി മുഴക്കിയിരുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരും കരുതലിലായിരുന്നു. വൈദ്യസംഘവും തയ്യാറായി. അഗ്നിശമനാ സാമഗ്രികളും ബ്ലാക്കറ്റുകളും സജ്ജമാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരെയും ദേഹപരിശോധന നടത്തിയാണ് പ്രവേശിപ്പിച്ചത്. എന്തും സംഭവിക്കാമെന്ന പ്രതീതി. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കായിരുന്നു ബില്ലവതരണ ചുമതല. ഷിന്‍ഡെയെ സീമാന്ധ്ര എംപിമാര്‍ തടസ്സപ്പെടുത്തിയാല്‍ പ്രതിരോധിക്കാനായി ആള്‍വലിപ്പവും തടിമിടുക്കുമുള്ള മുപ്പതോളം എംപിമാരെയാണ് നിയോഗിച്ചത്. ഹാറുണ്‍ റഷീദ്, രാജ് ബബ്ബര്‍, അസറുദ്ദീന്‍, ലാല്‍സിങ് തുടങ്ങിയവര്‍ക്കായിരുന്നു നേതൃത്വം. ബില്ലവതരണത്തിന് ഷിന്‍ഡെ എണീറ്റതോടെ സീമാന്ധ്ര എംപിമാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയും നടുത്തളത്തിലേക്ക് കുതിച്ചു. പ്രതിരോധിക്കാനായി തെലങ്കാന എംപിമാരും കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പട എംപിമാരും. കടലാസുകള്‍ എംപിമാര്‍ വാരിയെറിഞ്ഞു. സീമാന്ധ്ര എംപി വേണുഗോപാലറെഡ്ഡി മൈക്ക് പിഴുതെടുത്തു. ചെറിയ മേശയും എംപിമാര്‍ പൊക്കിയെടുത്ത് വീശിയെറിഞ്ഞു. വേണുഗോപാലറെഡ്ഡി കത്തിയെടുത്തുവെന്ന് ഭരണപക്ഷ ബെഞ്ചുകള്‍ ആരോപിച്ചു.

ഇതിനിടെ നടുത്തളം ചുറ്റി പ്രതിപക്ഷ നിരയ്ക്ക് സമീപമെത്തിയ രാജഗോപാല്‍ പോക്കറ്റില്‍നിന്ന് കുരുമുളക് സ്പ്രേകുപ്പി പുറത്തെടുത്ത് ചീറ്റിച്ചു. സ്പീക്കറുടെ നേര്‍ക്കും ടേബിള്‍ ഓഫീസിലേക്കും ഭരണ-പ്രതിപക്ഷ നിരകള്‍ക്ക് നേരെയും സ്പ്രേ പ്രയോഗമുണ്ടായി. ഇതോടെ തെലങ്കാന എംപിമാരും കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘവും രാജഗോപാലിന് നേര്‍ക്ക് കുതിച്ചു. ഹാറുണ്‍ റഷീദും മറ്റും രാജഗോപാലിനെ വട്ടംചുറ്റി നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ എംപിമാര്‍ മുളകുപൊടി പ്രയോഗത്തിന്റെ രൂക്ഷത അറിഞ്ഞു തുടങ്ങി. കണ്ണുനീറാനും ചുമയ്ക്കാനും തുടങ്ങിതോടെ സഭ പിരിയുന്നതായിപ്പോലും പ്രഖ്യാപിക്കാതെ സ്പീക്കര്‍ ഇരിപ്പിടം വിട്ടു. അടിച്ചത് വിഷവാതകമാണെന്ന പ്രചാരണം കൂടിയായതോടെ എംപിമാര്‍ കൂട്ടമായി പുറത്തേക്ക് ഓടി. മാര്‍ഷലുകളെ വെട്ടിച്ച് രാജഗോപാല്‍ വീണ്ടും സ്പ്രേ പ്രയോഗം നടത്തി. കുരുമുളകിന്റെ രൂക്ഷത സഭയ്ക്ക് പുറത്തേക്കും വ്യാപിച്ചു. മാധ്യമപ്രവര്‍ത്തകരും പാര്‍ലമെന്റ് ജീവനക്കാരുമെല്ലാം അതിന്റെ തീവ്രത അനുഭവിച്ചറിഞ്ഞു. രാജഗോപാല്‍ ഉള്‍പ്പെടെ നാല് എംപിമാര്‍ അവശരായി. ഉച്ചകഴിഞ്ഞ് സഭ ചേര്‍ന്നപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങി.

എം പ്രശാന്ത്

ഉത്തരവാദി കോണ്‍ഗ്രസ്: പി കരുണാകരന്‍

കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക് പാര്‍ലമെന്റിനെ വേദിയാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് പി കരുണാകരന്‍ എംപി. സഭയ്ക്കകത്ത് എംപിമാര്‍ തമ്മില്‍ കൈയാങ്കളിയും വാതകപ്രയോഗവുംവരെ നടക്കുകയാണ്. കോണ്‍ഗ്രസ് നിലപാടുകളാണ് ഇതിനെല്ലാം വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ടാണ് പാര്‍ലമെന്റ് കലുഷിതമാകുന്നത്. പ്രശ്നത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍പോലും രണ്ടു തട്ടിലാണ്. തെലങ്കാന ബില്‍ അവതരിപ്പിച്ചത് സഭയിലുണ്ടായിരുന്ന ആരും കേട്ടിട്ടില്ല. അവതരണം കഴിഞ്ഞ് ഏറെ നേരത്തിനുശേഷമാണ് ബില്ലിന്റെ പകര്‍പ്പ് വിതരണംചെയ്യാന്‍ തയ്യാറായത്. അവിശ്വാസപ്രമേയം വേണമെന്ന് ആവശ്യപ്പെട്ടവരെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുന്ന വിചിത്രമായ രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പാര്‍ലമെന്റിന്റെ കീഴ്വഴക്കങ്ങളെല്ലാം തെറ്റിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റിനോട് ജനങ്ങള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കാന്‍ ഇടവരുത്തുമെന്നും ഇതിന് ഉത്തരവാദിയായ കോണ്‍ഗ്രസ് ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

തെലങ്കാന ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കുന്ന ആന്ധ്രപ്രദേശ് പുനഃസംഘടനാബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചെന്ന് കേന്ദ്രം.ഇല്ലെന്ന് പ്രതിപക്ഷം. ലോക്സഭയുടെ വ്യാഴാഴ്ചത്തെ പുതുക്കിയ കാര്യപരിപാടിയില്‍ പോലും ബില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അവസാനം പ്രത്യേക കാര്യപരിപാടിയായാണ് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ ആഭ്യന്തരമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, സഭയുടെ അനുവാദം പൂര്‍ണമായും നേടുന്നതിന് മുമ്പുതന്നെ സഭ പിരിഞ്ഞു. അതുകൊണ്ടുതന്നെ സഭയില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും വ്യക്തമായില്ല. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ് ബില്‍ അവതരിപ്പിച്ചെന്ന് ആദ്യം അറിയിച്ചത്. സഭ പിരിഞ്ഞശേഷം പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കമല്‍നാഥ്. തുടര്‍ന്ന് വാര്‍ത്താപ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും ലോക്സഭാ സെക്രട്ടറിയറ്റും ബില്‍ അവതരിപ്പിച്ചതായി അറിയിച്ചു.

എന്നാല്‍, ബില്‍ അവതരണം നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജും ഇടതുപക്ഷപാര്‍ടി നേതാക്കളും അറിയിച്ചു. സഭയുടെ അനുമതി ലഭിക്കാതെ ബില്‍ അവതരിപ്പിച്ചതായി കാണാനാകില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. സിപിഐ എം നേതാവ് ബസുദേവ് ആചാര്യയും സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ബില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പ്രതിപക്ഷനേതാക്കള്‍ സ്പീക്കറെ കണ്ട് ബില്‍ അവതരിപ്പിച്ചതായി കരുതാനാകില്ലെന്ന് അറിയിച്ചു. അതേസമയം, തെലങ്കാന ബില്‍ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് ബന്ദിന് ആഹ്വാനം ചെയ്തു.

deshabhimani

Thursday, November 14, 2013

ആന്ധ്രയെ വിഭജിക്കരുത്: സിപിഐ എം, വൈഎസ്ആര്‍ കോണ്‍ഗ്രസ്

ആന്ധ്രപ്രദേശിനെ വിഭജിക്കരുതെന്ന് സിപിഐ എമ്മും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ടിയും തെലങ്കാന വിഷയത്തില്‍ രൂപീകരിക്കപ്പെട്ട മന്ത്രിസമിതി മുമ്പാകെ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ വിഘടനവാദം തലയുര്‍ത്താന്‍ ഇത് ഇടയാക്കുന്ന ഈ തീരുമാനം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവുലു അറിയിച്ചു. ഒരു പ്രശ്നം തീര്‍ക്കാന്‍ സംസ്ഥാനം വെട്ടിമുറിച്ചാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കാവും വഴിവെയ്ക്കും- രാഘവുലു പറഞ്ഞു. സംസ്ഥാനത്തെ പിന്നോക്ക മേഖലകളുടെ വികസനത്തിന് നിരവധി നിര്‍ദേശം സിപിഐ എം മുന്നോട്ടുവെച്ചിട്ടുണ്ട്. തെലങ്കാന രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ സംസ്ഥാന വിഭജനത്തെ തുടര്‍ന്നുള്ള ഒട്ടനവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും- രാഘവുലു പറഞ്ഞു.

വിഭജനം തെലുങ്ക ജനതയെ സംബന്ധിച്ച് ഒട്ടനവധി തലമുറകളെ ബാധിക്കുന്ന ശാപമായി മാറുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയിച്ചു. വിഭജനത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം. വിഭജനത്തിനുള്ള ഓരോ നീക്കവും തങ്ങള്‍ ചെറുക്കും- വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ടി കത്തിലൂടെ അറിയിച്ചു. ഹൈദരാബാദ് മെട്രോ വികസന മേഖലയെ കേന്ദ്ര ഭരണപ്രദേശമാക്കി നിലനിര്‍ത്തണമെന്ന് ടൂറിസം മന്ത്രി വട്ടി വസന്ത്കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമാക്കിയില്ലെങ്കില്‍ ഹൈദരാബാദില്‍ വരുന്ന ആന്ധ്ര മേഖലയുടെ സ്വത്തുക്കള്‍ക്കും ജീവനും ആര് സംരക്ഷണം നല്‍കുമെന്നും വസന്ത്കുമാര്‍ ചോദിച്ചു. മന്ത്രിസമിതി മുമ്പാകെ ഹാജരായി നിലപാട് അറിയിക്കാന്‍ വിസമ്മതിച്ച തെലുങ്കുദേശം പാര്‍ടിയെ തെലങ്കാന രാഷ്ട്രസമിതി വിമര്‍ശിച്ചു. ആന്ധ്രയിലെ എട്ട് അംഗീകൃത രാഷ്ട്രീയപാര്‍ടികളില്‍ ഏഴ് പാര്‍ടികളും സമിതി മുമ്പാകെ അഭിപ്രായം അറിയിച്ചിട്ടുണ്ട്് ചന്ദ്രബാബു നായിഡു നീതിയെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ സമിതി മുമ്പാകെ അഭിപ്രായം പറയാതെ രണ്ട് മേഖലകളോടും തെലുങ്കുദേശം അന്യായം കാട്ടുകയാണ്- ടിആര്‍എസ് നേതാവ് കെ ടി രാമറാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

deshabhimani

Thursday, October 10, 2013

സീമാന്ധ്രയില്‍ അരക്ഷിതാവസ്ഥ

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെയുള്ള രൂക്ഷമായ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടന്നതോടെ റായലസീമയും തീര ആന്ധ്രയും ഉള്‍പ്പെടുന്ന സീമാന്ധ്ര അക്ഷരാര്‍ഥത്തില്‍ നിശ്ചലം. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടരുന്നതിനാല്‍ സീമാന്ധ്രയിലെ 13 ജില്ലയും ഇരുട്ടിലായി.വൈദ്യുതി ഇല്ലാതായതോടെ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവച്ചു.

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന രോഗികള്‍ അങ്ങേയറ്റം വിഷമത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിലാണ്. 4000 മെഗാവാട്ടിന്റെ വൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം മുടക്കി. ചൊവ്വാഴ്ച മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സമരം തുടരാന്‍ തീരുമാനിച്ചത്. ആന്ധ്രപ്രദേശിനെ വിഭജിക്കാനുള്ള തീരുമാനം പിന്‍ലിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ആറ് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്.

സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. ആഗസ്ത് 12 മുതല്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറങ്ങുന്നില്ല. ബുധനാഴ്ചയും ജീവനക്കാരുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല, നിരാഹാരം, ധര്‍ണ തുടങ്ങിയവയും നടന്നു. അതേസമയം വിജയനഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ ഇളവു വരുത്തി. ആളുകള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയാണ് ഇളവ് വരുത്തിയത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി എംപിയുടെ അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ജഗന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴ്ന്ന നിലയിലാണെന്നും ഇത് കോമയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചികിത്സയും മരുന്നും അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിപി നേതാവ് ചന്ദ്രബാബുനായിഡു ഡല്‍ഹിയില്‍ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എപി ഭവനില്‍ നിരാഹാരം നടത്തുന്നത് നിയമവിരുദ്ധമായതിനാല്‍ നായിഡുവിനെ അവിടെനിന്ന് നീക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗം വെള്ളിയാഴ്ച ചേരുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

പള്ളം രാജുവിനെ ഒഴിവാക്കി എ കെ ആന്റണിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംസ്ഥാന അതിര്‍ത്തി, ഉള്‍ക്കൊള്ളിക്കേണ്ട ലോക്സഭാ മണ്ഡലങ്ങള്‍, നീതിന്യായ സംവിധാനം, ഭരണസംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും. സീമാന്ധ്രയ്ക്കുള്ള പുതിയ തലസ്ഥാനം, പിന്നാക്ക മേഖലകള്‍ക്കും ജില്ലകള്‍ക്കുമുള്ള പരിഗണനകള്‍, തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും

deshabhimani

Tuesday, October 8, 2013

ആന്ധ്രയില്‍ നിരോധാജ്ഞ; ചന്ദ്രബാബു നായിഡു നിരാഹാരം തുടങ്ങി

തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തിങ്കളാഴ്ച്ച നിരാഹാര സമരം തുടങ്ങി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ.എസ് ജഗ്മോഹന്‍ റെഡ്ഡിയുടെ നിരാഹാര സമരം തുടരുകയാണ്. തെലങ്കാന രൂപവത്ക്കരണത്തിനെതിരെ അന്ധ്രയില്‍ കനത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദ് സീമാന്ധ്രയെ ദുരിതത്തിലാഴ്ത്തി. തെലങ്കാന രൂപവത്ക്കരണത്തിനെതിരെ സീമാന്ധ്ര പ്രദേശത്ത് നടക്കുന്ന സമരം പലതവണ അക്രമാസക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആന്ധ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രശ്നങ്ങളേറെയുണ്ടായ വിജയനഗരത്തില്‍ സമരാനുകൂലികളെ കണ്ടാലുടനെ വെടിവെക്കാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. പ്രതിഷേധം ആന്ധ്രയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങി. പതിനഞ്ച് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ഒരു ജില്ലയില്‍ കര്‍ഫ്യൂ തുടരുകയാണ്.

തെലങ്കാന: മന്ത്രിമന്ദിരങ്ങള്‍ ആക്രമിച്ചു

ഹൈദരാബാദ്/ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. റായലസീമയിലും സീമാന്ധ്രയിലും കൂടാതെ പ്രക്ഷോഭം ഹൈദരാബാദിലേക്കും വ്യാപിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്ത സമരക്കാരെ പൊലീസ് വിവിധയിടങ്ങളില്‍ ലാത്തിച്ചാര്‍ജ് ചെയ്തു.

സീമാന്ധ്രയിലെ വൈദ്യുതി ജീവനക്കാര്‍ ഞായറാഴ്ച തുടങ്ങിയ പണിമുടക്ക് ശക്തമായതോടെ സംസ്ഥാനത്തിന്റെ പകുതിഭാഗം ഇരുട്ടിലായി. തിങ്കളാഴ്ച നിരവധി തീവണ്ടി സര്‍വീസുകള്‍ മുടങ്ങി. വിശാഖപട്ടണത്ത് കേന്ദ്രമന്ത്രി ഡി പുരന്ദരേശ്വരിയുടെ ക്യാമ്പ് ഓഫീസ് അക്രമിക്കാനുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത സമരക്കാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. പ്രക്ഷോഭകര്‍ സംസ്ഥാന മന്ത്രി ഗണ്ട ശ്രീനിവാസ റാവുവിന്റെ വീടാക്രമിച്ചു. മന്ത്രിമാരുടെ വീടുകള്‍ക്കുമുന്നില്‍ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു.

കേന്ദ്രമന്ത്രി പള്ളം രാജുവിന്റെ രാജി ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജുവിന്റെ കാക്കിനടയിലെ വീടിനുമുന്നില്‍ ധര്‍ണ നടത്തി. കാക്കിനട രംഗരായ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും ജീവനക്കാരും കേന്ദ്രമന്ത്രിമാരുടെ കോലത്തില്‍ പ്രതീകാത്മക പോസ്റ്റ്മോര്‍ട്ടം നടത്തി. കഴിഞ്ഞ ദിവസം ബന്ദിനിടെ സമരം ചെയ്യുന്നവരെ ആക്രമിച്ച അമലപുരം എംപി ജി ഹര്‍ഷകുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അഭിഭാഷകരും ഡോക്ടര്‍മാരും റാലി നടത്തി. സമൈക്യ ആന്ധ്രസമിതി നേതൃത്വത്തില്‍ തിങ്കളാഴ്ച കൃഷ്ണ ജില്ലയില്‍ കേന്ദ്രമന്ത്രിമാരുടെ കോലം കത്തിച്ചു. തിരുപ്പതിയില്‍ അധ്യാപകരും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും കേന്ദ്രമന്ത്രിമാരുടെ കോലവുമായി "ശവഘോഷയാത്ര" നടത്തി. നെല്ലൂരില്‍ സംസ്ഥാനമന്ത്രി അനം രാമനാരായണ്‍ റെഡ്ഡിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയവരെ അറസ്റ്റ് ചെയ്തു. കഡപ്പയില്‍ വിദ്യാര്‍ഥികളെ ലാത്തി വീശി. ജീവനക്കാര്‍ 20വരെ പുതിയ സമരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയല്ലാതെ മറ്റാരുമായും ചര്‍ച്ചയ്ക്കില്ലെന്ന് ഇവര്‍ അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ജീവനക്കാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിര്‍മാണ-വിതരണ തൊഴിലാളികളുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സീമാന്ധ്രയിലും റായലസീമയിലും ഹൈദരാബാദിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 13 ജില്ല ഇരുട്ടിലായി. 6090 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള താപനിലയത്തില്‍നിന്ന് തിങ്കളാഴ്ച 2990 മെഗാവാട്ട് വൈദ്യുതിമാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. ജലവൈദ്യുത പദ്ധതികളിലും ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. വാതകനിലയങ്ങളില്‍ ഉല്‍പ്പാദനം മുടങ്ങി. വരും ദിവസങ്ങളില്‍ ഇത് അങ്ങേയറ്റം രൂക്ഷമാകുമെന്ന് വൈദ്യുതിവകുപ്പ് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

വിഭജനത്തിനെതിരെ തെലുങ്കുദേശം പാര്‍ടി നേതാവ് ചന്ദ്രബാബുനായിഡു ഡല്‍ഹിയില്‍ സത്യഗ്രഹം തുടങ്ങി. ഹൈദരാബാദില്‍നിന്ന് തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ നായിഡു രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നിരാഹാര സത്യഗ്രഹം ആരംഭിച്ചത്. ജന്തര്‍ മന്ദറില്‍ സത്യഗ്രഹമിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, അവസാനനിമിഷം സത്യഗ്രഹം ആന്ധ്രഭവനിലേക്ക് മാറ്റി. ആന്ധ്രപ്രദേശിനെവച്ച് കോണ്‍ഗ്രസ് രാഷ്ട്രീയക്കളി നടത്തുകയാണെന്ന് നായിഡു ആരോപിച്ചു.

സമരത്തിനിടെ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കംബദൂര്‍ ചേന്നംപള്ളിയില്‍നിന്നുള്ള സുഗലി മല്ലികാര്‍ജുന്‍(30) ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇയാളെ ഗുരുതരാവസ്ഥയില്‍ അനന്തപുര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

deshabhimani

Friday, October 4, 2013

തെലങ്കാനയ്ക്ക് അംഗീകാരം

തെലങ്കാന സംസ്ഥാനരൂപീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഹൈദരാബാദ് പത്ത് വര്‍ഷത്തേക്ക് രണ്ട് സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായി തുടരും. പുതിയ സംസ്ഥാനരൂപീകരണത്തിന് ആവശ്യമായ സാമ്പത്തികകാര്യങ്ങളും മറ്റും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിക്കും രൂപം നല്‍കി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുള്ള തെലങ്കാന മേഖലയിലെങ്കിലും നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭയുടെ പെട്ടെന്നുള്ള തീരുമാനം. തെലങ്കാന രൂപീകരണത്തിനുള്ള മന്ത്രിസഭാ കുറിപ്പ് ബുധനാഴ്ച രാത്രിയാണ് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭായോഗം ഒന്നര മണിക്കൂറോളം നീണ്ടു.

തെലങ്കാന രൂപീകരണത്തെ എതിര്‍ത്ത്, സീമാന്ധ്ര മേഖലയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ പള്ളം രാജുവും കെ എസ് റാവുവും രാജിഭീഷണി മുഴക്കി. സംസ്ഥാനരൂപീകരണത്തിന്റെ സാമ്പത്തികവശങ്ങളും മറ്റും പരിശോധിക്കുന്ന ഉപസമിതിയില്‍ ആഭ്യന്തരം, ധനം, മാനവശേഷി വികസനം, ആരോഗ്യം, ജലസേചനം, ഊര്‍ജം, വനം- പരിസ്ഥിതി, റെയില്‍വേ എന്നീ വകുപ്പ് മന്ത്രിമാരും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനും അംഗങ്ങളായിരിക്കും. സാമ്പത്തികവശങ്ങള്‍ പരിശോധിക്കുന്നതിന് ധനമന്ത്രാലയം വിദഗ്ധസമിതിയെയും വയ്ക്കും. ആസൂത്രണ കമീഷനില്‍ ഉപാധ്യക്ഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പുതിയ സംസ്ഥാനത്തിനായി പ്രത്യേക സെല്ലും നിലവില്‍ വരും. ആന്ധ്രയിലെ 23 ജില്ലകളില്‍ 10 ജില്ലകളാകും തെലങ്കാനയില്‍ വരിക. തെലങ്കാനയില്‍ 17 ഉം സീമാന്ധ്രയില്‍ 25 ഉം ലോക്സഭാ സീറ്റുകളുണ്ടാകും.

ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ആഭ്യന്തരമന്ത്രാലയം സംസ്ഥാനരൂപീകരണ ബില്ലിന് രൂപം നല്‍കുക. ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചശേഷം സംസ്ഥാന നിയമസഭയുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് വിടും. നിയമസഭയ്ക്ക് ബില്‍ ചര്‍ച്ച ചെയ്യുകയും സംസ്ഥാനരൂപീകരണ പ്രമേയം വോട്ടിനിടുകയും ചെയ്യാം. പ്രമേയത്തിന് നിയമസഭയുടെ അംഗീകാരം ലഭിച്ചില്ലെങ്കിലും നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാം. ബില്‍ പിന്നീട് പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരും. പാര്‍ലമെന്റിന്റെ അംഗീകാരംകൂടി ലഭിച്ച് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ തെലങ്കാന നിലവില്‍ വരും. ബിജെപി തെലങ്കാനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാരിന് പാര്‍ലമെന്റ് കടമ്പയാകില്ല. തെലങ്കാന രൂപീകരണം മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമസഭാംഗത്വം രാജിവയ്ക്കുമെന്ന ഭീഷണിയില്‍നിന്ന് സീമാന്ധ്ര മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറി.

തെലങ്കാന: കേന്ദ്രമന്ത്രി ചിരഞ്ജീവി രാജിവച്ചു

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര ടൂറിസംമന്ത്രി ചിരഞ്ജീവി രാജിവച്ചു. രാജിസന്ദേശം പ്രധാനമന്ത്രിക്ക് ഫാക്സ് മുഖേന നല്‍കിയതായാണ് വിവരം. സംസ്ഥാനവിഭജനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പള്ളം രാജുവും ടെക്സ്റ്റയില്‍സ് മന്ത്രി കെ എസ് റാവുവും രാജി ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ രാജിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാജ്യസഭാംഗവും പ്രമുഖ ചലച്ചിത്രനടനുമായ ചിരഞ്ജീവി കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിയായി ചുമതലയേറ്റത്. നേരത്തെ തിരുപ്പതിയില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു. അദ്ദേഹത്തിന്റെ പ്രജാരാജ്യം പാര്‍ടി കോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ് മന്ത്രിസഭാപ്രവേശത്തിന് കളമൊരുങ്ങിയത്. കേന്ദ്ര മന്ത്രിസഭ ഉപസമിതി വ്യാഴാഴ്ചയാണ് തെലങ്കാന രൂപീകരണത്തിന് അംഗീകാരം നല്‍കിയത്. പത്തുവര്‍ഷം ഹൈദരാബാദ് സീമാന്ധ്രയുടെയും രായലസീമയുടെയും തലസ്ഥാനമായി. രാജ്യത്തെ 29-ാമത് സംസ്ഥാനമായാണ് തെലങ്കാന രൂപീകരിക്കുക. തീരുമാനത്തില്‍ പ്രതിഷേധിച്ച് തെലങ്കാനവിരുദ്ധര്‍ 48 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

deshabhimani

Wednesday, September 5, 2012

സുന്ദരയ്യ ജന്മശതാബ്ദി സെമിനാര്‍ ഇന്ന് കാരാട്ട് ഉദ്ഘാടനംചെയ്യും


തെലങ്കാന സമരനായകനും സിപിഐ എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാര്‍ ബുധനാഴ്ച നടക്കും. എ കെ ജി ഹാളില്‍ രാവിലെ 10ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനാകും.

1200 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും. "വിപ്ലവാവേശം സുന്ദരയ്യയുടെ മഹത്വം" എന്ന വിഷയത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവലു പ്രബന്ധം അവതരിപ്പിക്കും. "ഇടത്-വലത് വ്യതിയാനങ്ങളും പി സുന്ദരയ്യയും" എന്ന വിഷയത്തില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണനും "സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനങ്ങളും" എന്ന വിഷയത്തെ ആധാരമാക്കി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സംസാരിക്കും. പകല്‍ 2.30ന് രണ്ടാം സെഷനില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയാകും. "പി സുന്ദരയ്യയും യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പിബി അംഗം എം എ ബേബിയും "ഇന്ത്യയിലെ കാര്‍ഷിക ബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥ"യെ സംബന്ധിച്ച് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രനും പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കുമെന്ന് പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി എം തോമസ് ഐസക് അറിയിച്ചു.

deshabhimani 050912

Sunday, October 9, 2011

തെലങ്കാന: ഇരുട്ടില്‍ തപ്പി കോണ്‍ഗ്രസ്

തെലങ്കാന പ്രത്യേക സംസ്ഥാന രൂപീകരണമെന്ന ആവശ്യം എങ്ങനെ നേരിടണമെന്നറിയാതെ കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിനും പരിഹാരനിര്‍ദേശം മുന്നോട്ടുവയ്ക്കാനായില്ല. തിങ്കളാഴ്ചയും കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ചേരാന്‍ നിശ്ചയിക്കുക മാത്രമാണുണ്ടായത്. ഇനിയും ചര്‍ച്ച വേണമെന്നുംവരുംദിവസങ്ങളില്‍ അതു തുടരുമെന്നും യോഗത്തിനുശേഷം മന്ത്രി ഗുലാംനബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. സമയം നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. രണ്ടാമത് സംസ്ഥാന പുനഃസംഘടനാ കമീഷന് രൂപം കൊടുത്ത് സമയംനീട്ടുക എന്നതാണ് ഒരു മാര്‍ഗം. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയാണ് മറ്റൊരു തന്ത്രം. എന്നാല്‍ , രാഷ്ട്രപതിഭരണത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം വേണം. പ്രതിപക്ഷം ഇത് പരാജയപ്പെടുത്തുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അതിനാലാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്ന പ്രശ്നമില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞത്. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയും ഈ നീക്കം തള്ളി.

തെലങ്കാന സംസ്ഥാനത്തിനായി ആരംഭിച്ച പ്രക്ഷോഭം 27-ാം ദിവസത്തിലേക്ക് കടക്കവെയാണ് ഡല്‍ഹിയില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചത്. കിരണ്‍കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരസിംഹവും കോണ്‍ഗ്രസ് കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, എ കെ ആന്റണി, പി ചിദംബരം, ഗുലാംനബി ആസാദ് എന്നിവരുമായാണ് കിരണ്‍കുമാര്‍ റെഡ്ഡി ചര്‍ച്ച നടത്തിയത്. കേന്ദ്രം എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതായിരിക്കും തീരുമാനമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കിരണ്‍കുമാര്‍ റെഡ്ഡി പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് തന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

തെലങ്കാനമേഖലയില്‍നിന്നുള്ള ഏക കേന്ദ്രമന്ത്രി എസ് ജയ്പാല്‍ റെഡ്ഡി, ആന്ധ്രയില്‍നിന്നുള്ള മന്ത്രിമാരായ പള്ളം രാജു, പുരന്ദേശ്വരി, പനബാക ലക്ഷ്മി എന്നിവരുമായും കിരണ്‍കുമാര്‍ റെഡ്ഡി ചര്‍ച്ച നടത്തി. ഞായറാഴ്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി സത്യനാരായണയുമായി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തും. അതിനിടെ, സംസ്ഥാന ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രണബ് മുഖര്‍ജി, പി ചിദംബരം&ാറമവെ;എന്നിവരുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. അതിനിടെ, തെലങ്കാന സംസ്ഥാന രൂപീകരണം ഉടന്‍ പ്രഖ്യാപിക്കാത്തപക്ഷം നിരാഹാരസമരം ആരംഭിക്കുമെന്ന ഭീഷണിയുമായി ഈ മേഖലയിലെ കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തി.
(വി ബി പരമേശ്വരന്‍)

deshabhimani 091011

Wednesday, October 5, 2011

ആന്ധ്രപ്രദേശ് നിശ്ചലാവസ്ഥയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറക്കത്തില്‍

 സെപ്തംബര്‍ അവസാനത്തോടുകൂടി തെലങ്കാനാ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടും കേന്ദ്ര ഗവണ്‍മെന്‍റും പറഞ്ഞിരുന്നത്. സംസ്ഥാനത്തിനുപറ്റിയ ഒരു ഫോര്‍മുല കണ്ടെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്, ആന്ധ്രപ്രദേശിെന്‍റ ചാര്‍ജ്ജുള്ള ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനെ ഏല്‍പിച്ചിരുന്നതുമാണ്. എന്നാല്‍ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുങ്ങിക്കിടക്കുന്ന കേന്ദ്ര നേതൃത്വത്തിന് തെലങ്കാനാ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയമോ കഴിവോ ദീര്‍ഘവീക്ഷണമോ വ്യക്തമായ നയമോ ഒന്നുമില്ല എന്നതാണ് വസ്തുത. തെലങ്കാന എന്ന പ്രത്യേക സംസ്ഥാനത്തിന് അനുകൂലമാണോ കോണ്‍ഗ്രസ്, അതോ ഐക്യ ആന്ധ്രപ്രദേശ് എന്ന ആശയമാണോ അവര്‍ക്കുള്ളത് എന്ന ഏറ്റവും ലളിതമായ ചോദ്യത്തിനുപോലും വ്യക്തമായ ഉത്തരം കോണ്‍ഗ്രസ് നേതൃത്വത്തിനും കേന്ദ്ര ഗവണ്‍മെന്‍റിനും ഇല്ല. അതുകൊണ്ടുതന്നെയാണ്, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നില്‍ രണ്ടു കൊല്ലത്തോളമായി ഭരണം സ്തംഭിച്ചിട്ടും, അതിന്റെ തലസ്ഥാനം സ്ഥിതി ചെയ്യുന്ന തെലങ്കാനാ മേഖലയിലെ പത്തു ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഭരണം എന്നൊന്നില്ലാതായിട്ടും, കേന്ദ്ര ഗവണ്‍മെന്‍റും കോണ്‍ഗ്രസ് ഹൈക്കമാണ്ടും ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ ഇരുട്ടില്‍ത്തപ്പുന്നത്.
  
    യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ആണ് തെലങ്കാനാപ്രശ്നം ഇത്രത്തോളം വഷളാക്കിയതും ഇപ്പോഴും കൂടുതല്‍ കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നതും. സെപ്തംബര്‍ 13 തൊട്ട് തെലങ്കാനാമേഖലയിലെ പത്തു ജില്ലകളില്‍ സര്‍ക്കാര്‍ ഭരണം എന്നൊന്നില്ല. ജനജീവിതം സ്തംഭിച്ചിരിക്കുന്നു. സംയുക്ത സമരസമിതിയുടെ ആഹ്വാനം അനുസരിച്ചുള്ള പൊതുപണിമുടക്കില്‍ ഗവണ്‍മെന്‍റ് ജീവനക്കാരും റോഡ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും ഖനിത്തൊഴിലാളികളും പെട്രോള്‍ ബങ്ക് ജീവനക്കാരും എല്ലാം ഇറങ്ങാന്‍ നിര്‍ബന്ധിതരായതോടെ ആ മേഖലയാകെ നിശ്ചലമായിരിക്കുന്നു. രണ്ടുദിവസം തുടര്‍ച്ചയായി നടന്ന തീവണ്ടി തടയല്‍ സമരത്തെ ഭയന്ന് ആ മേഖലയില്‍നിന്ന് പുറപ്പെടുന്നതും ആ വഴിയ്ക്ക് ഓടുന്നതുമായ 41 എക്സ്പ്രസ്സുകള്‍ റദ്ദാക്കുകയും 28 എണ്ണം വഴിതിരിച്ചുവിടുകയും 43 എണ്ണം ഭാഗികമായി റദ്ദാക്കുകയും 222 ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തതോടെ, ആ മേഖലയിലെ ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്തംഭിച്ചു. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു.
  
    സിംഗറേണിയിലെ കല്‍ക്കരി ഖനിത്തൊഴിലാളികളും കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രാമഗുണ്ടത്തെ എന്‍ടിപിസിയുടെ താപവൈദ്യുതനിലയത്തിലെ ജീവനക്കാരും സമരത്തിലായതിനാല്‍ വൈദ്യുതി ഉല്‍പാദനവും കുറഞ്ഞു. തലസ്ഥാനനഗരിയിലടക്കം വിവിധ മേഖലകളില്‍ ലോഡ്ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തേണ്ടിവന്നു. തെലങ്കാനാ മേഖലയില്‍ സെപ്തംബര്‍ 13ന് ആരംഭിച്ച പൊതുപണിമുടക്ക് സര്‍വമേഖലകളേയും താറുമാറാക്കിയിരിക്കുന്നു. പൂജാരിമാര്‍ ശ്രീകോവിലുകള്‍ പൂട്ടി പണിമുടക്കിയിരിക്കുന്നുവെന്ന് പറഞ്ഞാല്‍ , സമരത്തിന്റെ സ്വാധീനം എത്രമാത്രം വ്യാപകവും അഗാധവുമാണെന്ന് ഊഹിയ്ക്കാമല്ലോ. സംസ്ഥാനത്തെ വിഭജിയ്ക്കണമോ അതോ ഏകീകൃത സംസ്ഥാനമായി തുടര്‍ന്നും നിലനില്‍ക്കണമോ എന്ന വിവാദമായ വിഷയത്തില്‍ ഇപ്പോഴും ഒരു തീരുമാനമെടുക്കാതെ ഉരുണ്ടുകളിയ്ക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടും കേന്ദ്ര കോണ്‍ഗ്രസ്സും. തെലങ്കാനാ പ്രശ്നത്തില്‍ ഈ മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും (കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി ഒഴിച്ച്) മുഴുവനും രാജിവെച്ചിട്ടും, ആ രാജി കാര്യത്തില്‍പോലും ഒരു തീരുമാനം കൈക്കൊള്ളാത്ത കോണ്‍ഗ്രസ് ഹൈക്കമാണ്ട്, തങ്ങളുടെ എംഎല്‍എമാരേയും എംപിമാരേയും ത്രിശങ്കു സ്വര്‍ഗത്തില്‍ കെട്ടിത്തൂക്കിനിര്‍ത്തി പരിഹാസപാത്രമാക്കുകയാണ്.
   
    സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ കോണ്‍ഗ്രസുകാരുടെ കണ്ണില്‍ അവര്‍ , പാര്‍ടി അച്ചടക്കം പാലിയ്ക്കാത്ത വിരുദ്ധന്മാരും തെലങ്കാനാവാദികളുടെ കണ്ണില്‍ അവര്‍ നട്ടെല്ലില്ലാത്ത ജനവഞ്ചകരും ആണ്. രണ്ട് ഭാഗത്തും സ്വീകാര്യത നഷ്ടപ്പെട്ട നീലക്കുറുക്കന്മാര്‍! പ്രത്യേക തെലങ്കാനാ പ്രശ്നം ഏറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെങ്കിലും പ്രായേണ ശാന്തമായിക്കിടന്നിരുന്ന ഒരവസരത്തിലാണ് പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം 2009 ഡിസംബര്‍ 9ന് പെട്ടെന്ന് ലോകസഭയില്‍ പ്രഖ്യാപിച്ചത്. കൂടിയാലോചനകളോ വീണ്ടുവിചാരമോ ദീര്‍ഘവീക്ഷണമോ ഒന്നുമില്ലാതെ നടത്തിയ ഈ പ്രഖ്യാപനമാണ്, ഭൂതത്തെ കുടത്തില്‍നിന്ന് തുറന്നുവിട്ടത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം തെന്‍റ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തു. അതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. പ്രത്യേക തെലങ്കാനാ സംസ്ഥാനത്തിനുവേണ്ടിയുള്ള സമരം വീണ്ടും രൂക്ഷമായി. സമരം തണുപ്പിക്കുന്നതിനായി സര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മീഷനെ നിയമിച്ചു. ആ കമ്മീഷെന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ട് എട്ടു മാസത്തിലേറെയായി. കമ്മീഷെന്‍റ ആറ് നിര്‍ദേശങ്ങളില്‍ ഏതാണ് സ്വീകാര്യം എന്ന് കേന്ദ്ര ഗവണ്‍മെന്‍റ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് സമവായം വേണമെന്നുപറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. അവിടെയും വ്യക്തമായ ഒരു നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചില്ല. സമവായം ഉണ്ടായതുമില്ല. തുടര്‍ന്നാണ് തെലങ്കാനാസമരം കൂടുതല്‍ ശക്തിപ്പെട്ടതും ആ മേഖലയില്‍നിന്നുള്ള എംഎല്‍എമാരെക്കൊണ്ടും എംപിമാരെക്കൊണ്ടും തെലങ്കാനാ സംയുക്ത സമരസമിതിക്കാര്‍ രാജിവെപ്പിച്ചതും. ഐക്യ ആന്ധ്രപ്രദേശ് എന്ന സങ്കല്‍പനത്തില്‍ തത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ എമ്മിന് ആ മേഖലയില്‍ ഒരേയൊരു എംഎല്‍എ മാത്രമേ ഉള്ളൂ. അദ്ദേഹം രാജിവെച്ചിട്ടില്ല. പ്രത്യേക തെലങ്കാന രൂപീകരണം എന്ന പ്രശ്നത്തില്‍ സിപിഐ എം ഒഴിച്ച് ആന്ധ്രപ്രദേശിലെ മറ്റ് രാഷ്ട്രീയ പാര്‍ടികളെല്ലാം രണ്ടു തട്ടിലാണ്. ആ പാര്‍ടികള്‍ ഈ പ്രശ്നത്തില്‍ നെടുകെ പിളര്‍ന്നിരിക്കുന്നുവെന്നുതന്നെ പറയാം. ഉദാഹരണത്തിന് കോണ്‍ഗ്രസിന്റെ തെലങ്കാനാമേഖലയില്‍നിന്നുള്ള നേതാക്കന്മാര്‍ പ്രത്യേക തെലങ്കാനയ്ക്കുവേണ്ടി വാദിയ്ക്കുമ്പോള്‍ , തീരദേശ ആന്ധ്രയില്‍നിന്നുള്ള നേതാക്കന്മാര്‍ ഐക്യ ആന്ധ്രയ്ക്കുവേണ്ടി വാദിക്കുന്നു. സംസ്ഥാനത്തെ മറ്റൊരു പ്രധാന പാര്‍ടിയായ ടിഡിപിയും നെടുകെ പിളര്‍ന്നിരിക്കുന്നു. ഈ കാരണത്താല്‍ മുഖ്യരാഷ്ട്രീയപാര്‍ടികളുടെ സംസ്ഥാന നേതൃത്വങ്ങള്‍ക്കോ കേന്ദ്ര നേതൃത്വങ്ങള്‍ക്കോ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല.
   
    ആന്ധ്രപ്രദേശില്‍ വലിയ ശക്തിയല്ലാത്ത ബിജെപി പറയുന്നത്, തങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലെത്തിയാല്‍ തെലങ്കാനാ സംസ്ഥാനം രൂപീകരിയ്ക്കും എന്നാണ്. അവര്‍ക്കും പ്രശ്നം അധികാരം തന്നെ. വളരെ ഗുരുതരമായി തുടരുന്ന സംസ്ഥാനത്തിലെ അനിശ്ചിതത്വത്തിന് ഉത്തരവാദി കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്ന കോണ്‍ഗ്രസ് തന്നെയാണ്. പ്രാദേശികാടിസ്ഥാനത്തില്‍ സംസ്ഥാനത്തിലെ ജനങ്ങളെ നെടുകെ പിളര്‍ന്നതിനുശേഷം, അവിടത്തെ തമ്മിലടി കണ്ട് രസിയ്ക്കുകയാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം എന്നു വേണം കരുതാന്‍ . കഴിഞ്ഞ ഏതാനും കൊല്ലക്കാലമായി സംസ്ഥാനത്തിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുന്നു. ഭരണം നിശ്ചലമായിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പര്‍വതാകാരം പൂണ്ട് വളരുകയാണ്.
   
    രാസവളങ്ങളും മറ്റും ലഭിയ്ക്കാതെ കൃഷിക്കാര്‍ വിഷമിക്കുന്നു. വൈറല്‍ പനി സംസ്ഥാനത്ത് വ്യാപിച്ചുവരുന്നു. കരാര്‍ ജോലിക്കാര്‍ക്ക് കൂലി കിട്ടാത്തതുകൊണ്ട് അവര്‍ സമരരംഗത്താണ്. അതിലൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് വേവലാതിയുണ്ടെന്ന് തോന്നുന്നില്ല. അവര്‍ അതില്‍ ആനന്ദിക്കുന്ന പോലെ തോന്നുന്നു. സെപ്തംബര്‍ 13ന് ആരംഭിച്ച പണിമുടക്ക് സമരം കാരണം തെലങ്കാന മേഖലയാകെ നിശ്ചലമായിരിക്കുന്നു. മറ്റ് ഭാഗങ്ങളിലെയും സ്ഥിതി വഷളായിരിക്കുന്നു. വൈ എസ് രാജശേഖരറെഡ്ഡിക്കുശേഷം വന്ന രണ്ടു മുഖ്യമന്ത്രിമാര്‍ക്കും സംഘടനയേയോ ഭരണ സംവിധാനത്തേയോ ഏകോപിപ്പിക്കുന്നതിനോ ഭരണമെന്ന ഒന്നുണ്ടെന്ന തോന്നലുണ്ടാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. തലയ്ക്കു തീ പിടിച്ച കോണ്‍ഗ്രസ് ഹൈക്കമാണ്ട് ആകട്ടെ, പ്രശ്ന പരിഹാരത്തിനായി യാതൊന്നും ചെയ്യുന്നില്ല. പ്രശ്നത്തില്‍ വ്യക്തമായ ഒരു തീരുമാനം അടിയന്തിരമായി കൈക്കൊള്ളണമെന്ന സിപിഐ എമ്മിെന്‍റ നിരന്തരമായ ആവശ്യം അവഗണിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്ര ഭരണവും, ആന്ധ്രപ്രദേശ് സംസ്ഥാനത്തെ അനിശ്ചിതത്വത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്.

നാരായണന്‍ ചെമ്മലശ്ശേരി ചിന്ത 071011

Saturday, September 24, 2011

തെലങ്കാന: ഒന്നാം പ്രതി കോണ്‍ഗ്രസ്

തെലങ്കാനയെ അരാജകത്വത്തിലേക്ക് തള്ളിയത് കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വവും നിലപാടില്ലായ്മയും. തെലങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിച്ചോ എതിര്‍ത്തോ എന്തെങ്കിലും പറയാന്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രശ്നങ്ങള്‍ തുടങ്ങിവച്ചതും കോണ്‍ഗ്രസാണ്. പ്രക്ഷോഭം ദുര്‍ബലമായ കാലത്താണ് 2009 ഡിസംബര്‍ ഒമ്പതിന് ആഭ്യന്തരമന്ത്രി പി ചിദംബരം തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായി ലോക്സഭയില്‍ പറഞ്ഞത്. എന്നാല്‍ , ദിവസങ്ങള്‍ക്കകം കേന്ദ്രം പിന്മാറി. കാരണം തീരദേശ ആന്ധ്രയില്‍ (സീമാന്ധ്ര) നിന്നും മറ്റും ഉയര്‍ന്ന ശക്തമായ എതിര്‍പ്പ്. സമവായത്തിലൂടെയേ സംസ്ഥാന വിഭജനം സാധ്യമാകൂ എന്ന നിലപാടിലേക്ക് കേന്ദ്രം മാറി. ഇതോടെയാണ് പ്രശ്നം പഠിക്കാന്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷനെ നിയോഗിച്ചത്. എട്ടു മാസം മുമ്പ് ശ്രീകൃഷ്ണ കമീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അദ്ദേഹം മുന്നോട്ടു വച്ച ആറു നിര്‍ദേശത്തില്‍ ഒന്നുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നു ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് പ്രക്ഷോഭം തണുപ്പിക്കാമെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നത്.
സംസ്ഥാനരൂപീകരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കമാന്‍ഡ് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ , യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ അദ്ദേഹം അമേരിക്കയിലാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പ്രണബ് മുഖര്‍ജിയും അമേരിക്കയില്‍തന്നെ. അതുകൊണ്ട് ഇവര്‍ മടങ്ങിയെത്തിയ ശേഷമേ തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയൂ. അപ്പോഴേക്കും സ്ഥിതി കൂടുതല്‍ വഷളാകാനാണ് സാധ്യത. രണ്ടു സംഘടനയായാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. തെലങ്കാനയ്ക്കു വേണ്ടി പ്രവര്‍ത്തകസമിതി അംഗം കേശവറാവു ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുമ്പോള്‍ തീരആന്ധ്രയിലെ നേതാക്കള്‍ അത് പരസ്യമായി എതിര്‍ക്കുന്നു. തെലങ്കാനയെ അനുകൂലിച്ചോ എതിര്‍ത്തോ തീരുമാനമെടുക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന്് നേതൃത്വം ഭയക്കുന്നു. തെലങ്കാനയ്ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതു കൊണ്ട് മേഖലയില്‍ നേട്ടവും ഉണ്ടാകില്ല. മറിച്ച് തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവ് കെ ചന്ദ്രശേഖരറാവുവിന് വീരപരിവേഷം ലഭിക്കും. സംസ്ഥാന വിഭജനത്തിന് കൂട്ടുനിന്നാല്‍ സീമാന്ധ്രയിലും റായലസീമയിലും കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്നും പാര്‍ടി ഭയക്കുന്നു.

പ്രക്ഷോഭത്തില്‍ തെലങ്കാന നിശ്ചലം

ഹൈദരാബാദ്: തെലങ്കാന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ പ്രക്ഷോഭം സാധാരണ ജനജീവിതം താറുമാറാക്കി. സംസ്ഥാന ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് 11-ാം ദിവസം പിന്നിട്ടതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായി. ഏഴരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ തലസ്ഥാനത്തും തെലുങ്കാന മേഖലയിലെ 10 ജില്ലയിലും പ്രക്ഷോഭത്തിലായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനമൊന്നും പ്രവര്‍ത്തിക്കുന്നില്ല. സിക്കന്തരാബാദിലെ ഉസ്മാനിയ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളും എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകളും അടഞ്ഞുകിടക്കുകയാണ്. നേഴ്സറികളും പ്രാഥമിക വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നില്ല. മാനേജ്മെന്റുകള്‍ സ്വമേധയാ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. അഭിഭാഷകര്‍ കോടതിബഹിഷ്കരിച്ചു. തെലുങ്കാനയിലെ എപിഎസ്ആര്‍ടിസി ജീവനക്കാരും വൈദ്യുതി ജീവനക്കാരും പണിമുടക്ക് ആരംഭിച്ചതോടെ ജനങ്ങള്‍ക്ക് ആശ്രയം ഓട്ടോ മാത്രം. ഓട്ടോക്ക് ഇരട്ടി ചാര്‍ജും നല്‍കണം. അതുകാരണം ഓഫീസുകളിലെ ഹാജര്‍ കുത്തനെ താണു. കഴിഞ്ഞദിവസം എപിഎസ്ആര്‍ടിസി ബസുകള്‍ ഹൈദരാബാദ്-സിക്കന്തരാബാദ് ഇരട്ടനഗരത്തില്‍ പരിമിതമായ സര്‍വീസ് നടത്തിയെങ്കിലും തെലുങ്കാന അനുകൂലികള്‍ പലയിടത്തും ബസ് തകര്‍ത്ത് ഡ്രൈവര്‍മാരെ മര്‍ദിച്ചു. ഇതോടെ ബസ് സര്‍വീസ് പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഓട്ടോറിക്ഷകളും നിലയ്ക്കും.

ശനിയും ഞായറും തീവണ്ടി തടയുമെന്ന് തെലുങ്കാന സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. വൈദ്യുതി ജീവനക്കാരും തിങ്കളാഴ്ചയോടെ പണിമുടക്ക് ആരംഭിച്ചതോടെ ഹൈദരാബാദിലും രംഗാറെഡ്ഡി ജില്ലയിലും രണ്ടു മണിക്കൂര്‍ ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്തി. സിംഗറേനി കല്‍ക്കരി ഖനികളിലെ പണിമുടക്ക് പത്തു ദിവസമായി തുടരുന്നത് വൈദ്യുതി ഉല്‍പ്പാദനത്തിന് തിരിച്ചടിയായി. ഖമ്മം, വാറംഗല്‍ , അദിലാബാദ്, കരിംനഗര്‍ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 50 ഖനിയിലെ ഉല്‍പ്പാദനമാണ് 70,000 തൊഴിലാളികള്‍ പണിമുടക്കിയതോടെ മുടങ്ങിയത്. ദിനംപ്രതി ഒന്നരലക്ഷം ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന സിംഗറേനിയില്‍ ഇപ്പോഴത്തെ ഉല്‍പ്പാദനം 30,000 ടണ്‍ മാത്രം. സംസ്ഥാത്തെ 60 ശതമാനം വൈദ്യുതി ആവശ്യങ്ങളും നിര്‍വഹിക്കുന്നത് രാമഗുണ്ടം എന്‍ടിപിസി താപവൈദ്യുതി നിലയത്തിലാണ്. ദിനംപ്രതി 40,000 ടണ്‍ കല്‍ക്കരി ഈ നിലയത്തിന് ആവശ്യമാണ്. ഇതു ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നില്ല. ദിനംപ്രതി പുതിയ വിഭാഗങ്ങളെ സമരത്തിലിറക്കി സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭകര്‍ . സംസ്ഥാനസര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുന്നു . പ്രശ്നത്തില്‍ തീരുമാനം കൈക്കൊള്ളാതെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടരി ബി രാഘവലു പറഞ്ഞു.

വി ബി പരമേശ്വരന്‍ deshabhimani 23-24 September 2011

Monday, July 18, 2011

ആന്ധ്രപ്രദേശിലെ തീ അണയ്ക്കണം

ആന്ധ്രപ്രദേശ് സംഘര്‍ഷഭരിതമാണ്. ആ സംസ്ഥാനത്തിലെ വാറങ്കല്‍ , അദിലാബാദ്, ഖമ്മം, മഹാബുബ്നഗര്‍ , നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗര്‍ , നിസാമാബാദ്, മേദക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉള്‍പ്പെടുന്ന പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണം എന്നാവശ്യപ്പെട്ടു നടക്കുന്ന പ്രക്ഷോഭവും സമ്മര്‍ദവും രാജ്യം നേരിടുന്ന ഗുരുതരമായ ആഭ്യന്തരപ്രശ്നമായി വളര്‍ന്നിരിക്കുന്നു. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നീ മേഖലകളുള്‍ക്കൊള്ളുന്ന സംസ്ഥാനത്തെ വിഭജിച്ച് പ്രത്യേക സംസ്ഥാനമാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ 2009 ഡിസംബര്‍ 9ന് പ്രഖ്യാപിച്ചതാണ്. ഇത് നടപ്പാക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്.

തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിന് ആറ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1952ല്‍ 58 ദിവസം നിരാഹാരം കിടന്ന് മരണം വരിച്ച പോട്ടി ശ്രീരാമമുലുവിന്റെ ആവശ്യം തെലുങ്ക് സംസാരിക്കുന്നവരുടെ സംസ്ഥാനം മദിരാശി ആസ്ഥാനമായി രൂപീകരിക്കണം എന്നായിരുന്നു. അതില്‍പ്പിന്നെയാണ് 1953 ഒക്ടോബര്‍ 1ന് കര്‍ണൂല്‍ ആസ്ഥാനമായി ആന്ധ്രസംസ്ഥാനം രൂപംകൊണ്ടത്. ഇന്ത്യയിലെ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യത്തെ സംസ്ഥാനമാണത്. 56ലാണ് ഹൈദരാബാദ് തലസ്ഥാനമായി ഇന്നത്തെ ആന്ധ്ര രൂപീകരിക്കപ്പെട്ടത്. അന്നുതന്നെ വികസനത്തെച്ചൊല്ലി തെലങ്കാന മേഖലയില്‍ അതൃപ്തി പടര്‍ന്നിരുന്നു. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം അംഗീകരിക്കാതെ, തെലങ്കാനയുടെ വികസനത്തിനായി മേഖലാ കൗണ്‍സില്‍ രൂപീകരിക്കുകയാണുണ്ടായത്. ആ കൗണ്‍സില്‍ നിഷ്പ്രയോജനമായിരുന്നു. ജനങ്ങളുടെ അതൃപ്തിയും പ്രക്ഷോഭവും പലതരത്തില്‍ തുടര്‍ന്നു.

1969ലും 72ലും രൂക്ഷമായ കുഴപ്പങ്ങളാണുണ്ടായത്. അതെല്ലാം പിന്നീട് ശാന്തമായെങ്കിലും 2000ല്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ അശാന്തിയുടെ നാളുകള്‍ തിരികെയെത്തി. അന്ന് 41 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രത്യേക സംസ്ഥാന ആവശ്യം പരസ്യമായി ഉന്നയിച്ചു. കെ ചന്ദ്രശേഖര്‍ റാവു പുതിയ സംഘടനയുമായി മുന്നോട്ടുവന്നു. അദ്ദേഹം നിരാഹാരസമരം നടത്തി. ആ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുപിഎ സര്‍ക്കാര്‍ സംസ്ഥാന രൂപീകരണം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം കോണ്‍ഗ്രസ് വിഴുങ്ങിയതോടെ കൂട്ടരാജിയും പ്രക്ഷോഭവും ആന്ധ്രയില്‍ അരങ്ങേറുകയാണ്. ആന്ധ്രയില്‍ ആകെയുള്ളത് 294 എംഎല്‍എമാരാണ്. അവരില്‍ 118 പേര്‍ തെലങ്കാന പ്രദേശത്തുനിന്നുള്ളവര്‍ . അതില്‍ 99 പേര്‍ രാജിവച്ചുകഴിഞ്ഞു. അക്കൂട്ടത്തില്‍ 12 മന്ത്രിമാരുമുണ്ട്. 14 എംപിമാരും രാജി നല്‍കി. സംസ്ഥാനത്ത് സങ്കീര്‍ണമായ രാഷ്ട്രീയസ്ഥിതിയാണ് ഈ രാജിമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ നിലനില്‍പ്പ് മുള്‍മുനയിലായി. അരക്ഷിതാവസ്ഥയും അനിശ്ചിതത്വവും ഭരണസ്തംഭനവുമാണവിടെ. കോണ്‍ഗ്രസാണ് പ്രതിക്കൂട്ടില്‍ . അവഗണനയും അസന്തുലിതവികസനവും പ്രാദേശികമായ സങ്കുചിതവാദങ്ങള്‍ക്ക് വളമിടുന്നു. അങ്ങനെ ഉയരുന്ന അതൃപ്തിയെ രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് എന്നും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇവിടെ അതിനുള്ള തീവ്ര ശ്രമങ്ങളുണ്ടായി. ഡോ. ചെന്ന റെഡ്ഡിയുടെ നേതൃത്വത്തില്‍ 1971 ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തെലങ്കാനയിലെ 14 ലോക്സഭാ സീറ്റുകളില്‍ 11ലും വിജയിച്ച തെലങ്കാന പ്രജാ സമിതിയെ അപ്പാടെ വിഴുങ്ങാനാണ് അന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തയ്യാറായത്. ഇന്ന് ഗൗരവമുള്ള ഒരു പ്രശ്നത്തില്‍ വിവേകപൂര്‍ണവും ഉചിതവുമായ തീരുമാനമെടുക്കാതെ വഴുവഴുപ്പന്‍ നയമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. എംഎല്‍എമാരുടെ കൂട്ടരാജിക്കുപിന്നാലെ ജൂലൈ 5, 6 തീയതികളില്‍ 48 മണിക്കൂര്‍ ബന്ദ് നടന്നു. അതിനെതിരെ പൊലീസ് നടപടിയുണ്ടായി. ആന്ധ്രയും കേന്ദ്രവും ഭരിക്കുന്ന കോണ്‍ഗ്രസിന് ഇതൊന്നും കാണാനുള്ള കണ്ണില്ല. ഏകപക്ഷീയമായി തെലങ്കാന സംസ്ഥാനരൂപീകരണം പ്രഖ്യാപിച്ച പി ചിദംബരത്തിന് ഇന്ന് ശബ്ദമില്ല. അപകടം മണത്ത് രണ്ടാഴ്ചയ്ക്കകം ചിദംബരംതന്നെ അത് തിരുത്തിയെങ്കിലും ആ തിരുത്തല്‍ ഫലംചെയ്തില്ല. രാഷ്ട്രീയ പാര്‍ടികളുമായി ആലോചിച്ച് സമവായമുണ്ടാക്കിയതിനുശേഷം തീരുമാനമെടുക്കും എന്നാണ് പിന്നീട്, കേന്ദ്രം പറഞ്ഞത്. സര്‍വകക്ഷിയോഗം വിളിച്ച്, പ്രശ്നം സമഗ്രമായി പഠിക്കുന്നതിന് ജസ്റ്റിസ് ശ്രീകൃഷ്ണ അധ്യക്ഷനായ കമീഷനെ നിയോഗിച്ചു. ആ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് ആറുമാസം കഴിഞ്ഞു. പ്രശ്നപരിഹാരത്തിന് ആറ് മാര്‍ഗമാണ് അതില്‍ നിര്‍ദേശിക്കുന്നത്. അതിന്‍മേല്‍ നടപടിയെടുക്കാന്‍ തയ്യാറാകാതെ ആന്ധ്രയിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും തലയിലേക്ക് സ്വന്തം ഉത്തരവാദിത്തം വച്ചുകൊടുക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. അങ്ങനെ വിളിച്ച സര്‍വകക്ഷിയോഗം ടിആര്‍എസ്, ബിജെപി, ടിഡിപി തുടങ്ങിയ പാര്‍ടികള്‍ ബഹിഷ്കരിച്ചു. അതോടെ കോണ്‍ഗ്രസ് വീണ്ടും നിഷ്ക്രിയത്വത്തിലായി. അവര്‍ക്ക് തീരുമാനമെടുക്കാനുള്ള പ്രാപ്തിയോ സന്നദ്ധതയോ ഇല്ല.

ഐക്യ ആന്ധ്രപ്രദേശിനുവേണ്ടി തത്വാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നത് സിപിഐ എം മാത്രമാണ്. മറ്റെല്ലാ പാര്‍ടികളും ഒഴുക്കിനനുസരിച്ച് നീന്തുമ്പോള്‍ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കാനും രാജിനാടകംപോലെയുള്ളവയില്‍നിന്ന് വിട്ടുനില്‍ക്കാനും സിപിഐ എം തയ്യാറാകുന്നു. ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തിനപ്പുറമുള്ള സംസ്ഥാന രൂപീകരണം രാജ്യത്ത് അത്തരം ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അത് ആപത്തിന്റെ വഴിയാണെന്നുമുള്ളതാണ് സിപിഐ എം സമീപനം. അതാകട്ടെ, രാജ്യത്താകെ പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. എന്നാല്‍ , കോണ്‍ഗ്രസിലെയും മറ്റും തെലങ്കാന മേഖലക്കാര്‍ വിഭജനത്തിനായും റായലസീമയിലെയും തീരദേശ ആന്ധ്രയിലെയും നേതാക്കള്‍ വിഭജനത്തിനെതിരെയുമാണ് സമരംചെയ്യുന്നത്. വിചിത്രമായ ഈ സമീപനം തിരുത്തി പ്രശ്നപരിഹാരത്തിനുള്ള സമചിത്തതയോടെയുള്ള ഇടപെടലാണ് കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടാകേണ്ടത്. അതിനായി ഇന്നത്തെ സങ്കുചിത രീതികള്‍ അവര്‍ വെടിഞ്ഞേ തീരൂ.

deshabhimani editorial 180711

Wednesday, July 6, 2011

On Telengana Issue

The Polit Bureau of the Communist Party of India (Marxist) has issued the following statement: 6 July 2011

On Telengana Issue

The political crisis in Andhra Pradesh with regard to the Telengana issue has deepened with the resignation of many MLAs and MPs belonging to the Telengana region. The inaction of the Central Government and the Congress leadership in resolving the issue is the main cause for the present impasse.

It is more than six months since the Justice Sri Krishna Committee submitted its report to the Central Government. The Home Minister had convened a meeting of political parties from Andhra Pradesh soon after. But after that, the government has not taken any decision.

The Polit Bureau of the CPI(M) demands that the government take a decision on the matter immediately.

Wednesday, February 17, 2010

ഹിന്ദുത്വവാദി ഇന്ത്യയുടെ ശത്രുവാകാമോ?

ജനങ്ങളുടെ മനസ്സില്‍ വല്ലാത്ത സംശയങ്ങളും അസ്വാസ്ഥ്യങ്ങളും ഉളവാക്കുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ പലേടത്തും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വിദേശനയം, ആണവനയം, വിദ്യാഭ്യാസനയം എന്നിവയുടെ വൈകല്യങ്ങള്‍ ലോക്സഭയില്‍വച്ചും മറ്റും പ്രതിപക്ഷങ്ങള്‍ക്ക് മാറ്റാവുന്നതും മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ അവ ചര്‍ച്ചാവിഷയങ്ങളാക്കാവുന്നതുമാണ്. ഇവിടെ ഉദ്ദേശിച്ച ആശങ്കകളും ഭീതികളും ഇവയേക്കുറിച്ചുള്ളതേയല്ല. മുംബൈയിലും ആന്ധ്രയിലുംനിന്ന് നാം കേള്‍ക്കുന്ന മുറവിളികള്‍ എത്ര ശുഭപ്രതീക്ഷാശാലികളായവരെയും ഞെട്ടിക്കുന്നവയാണ്. മുംബൈയില്‍ ഭീകരന്മാര്‍ നടത്തിയ സ്ഫോടനങ്ങളെയുമല്ല ഉദ്ദേശിക്കുന്നത്. നാട്ടുകാര്‍ മുംബൈ നഗരത്തില്‍ മുംബൈക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും അധിവസിക്കാന്‍ അവകാശമില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. ഈ വിഷപൂര്‍ണമായ ആശയത്തിന്റെ മുന്നില്‍ ഏത് ബോംബും നിസ്സാരമാണ്.

ആന്ധ്ര ഉണ്ടായതുതന്നെ മനുഷ്യാഹുതിയില്‍നിന്നാണ്. ആന്ധ്ര ഉണ്ടായിക്കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ ഉദ്ഗ്രഥനം നടന്നിട്ടില്ല. മുംബൈ ഭീഷണിയുടെ മുമ്പില്‍ ആന്ധ്രകലാപം താരതമ്യേന ലഘുവാകയാല്‍, അതിനെപ്പറ്റി പെട്ടെന്ന് പറഞ്ഞുതീര്‍ക്കാം. മുക്കാല്‍പങ്ക് ജനങ്ങളും തെലുങ്ക് സംസാരിക്കുന്ന ആന്ധ്രപ്രദേശില്‍ അനൈക്യം ഇത്രമാത്രം വളരാന്‍ പാടില്ലായിരുന്നു. ആന്ധ്രപ്രദേശില്‍ ആന്ധ്ര എന്ന തീരദേശം, റായലസീമ എന്ന വടക്കുകിഴക്ക് പ്രദേശം, പഴയ നൈസാമിന്റെ ഹൈദരാബാദിന്റെ ഭാഗമായി കിട്ടിയ തെലുങ്കാന എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ട്. ഇവ മൂന്നും ചേര്‍ന്ന് ഒരു ത്രിമധുരമാകുന്നതിനു പകരം ത്രിദോഷങ്ങളായിട്ടാണ് മാറിയത്. റായലസീമ വളരെ അവികസിതമായ ഭാഗമാകയാല്‍ അതിന് പ്രത്യേകം പരിരക്ഷ വേണമെന്ന വാദം വിഭജനം വേണമെന്ന ആശയംവരെയെത്തിയിരുന്നു. ഇപ്പോള്‍ ഈ വാദം തെലുങ്കാനയുടെ വിഭജനപ്രക്ഷോഭത്തിന് വഴിമാറിക്കൊടുത്തിരിക്കുകയാണ്. ഭരണത്തില്‍ തുല്യമായ നീതി ലഭിക്കുന്നില്ലെന്ന പരാതി തുടക്കത്തിലേ പരിഹരിച്ചില്ലെങ്കില്‍ പ്രശ്നം സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ ബാധിക്കും.

പ്രകാശത്തിനുശേഷം ആന്ധ്ര ഭരിച്ചത് മിക്കവാറും റെഡ്ഡിമാരും റാവുമാരുമാണ്. സഞ്ജീവറെഡ്ഡിയെയും രാമറാവുവിനെയും ഓര്‍ക്കുക. ഇവര്‍ മാറിമാറിവന്നു. അത് ജനങ്ങളുടെ തൃണമൂലങ്ങളില്‍ നനയെത്തിക്കുന്നില്ല. അതുകൊണ്ട് ദേശീയകക്ഷിയായ കോണ്‍ഗ്രസുപോലും അംഗങ്ങളുടെ ഇളക്കംമൂലം ഛിദ്രിച്ചുപോയി. ബാന്‍ഡേജ് മുറുക്കിക്കെട്ടിയിരിക്കുകയാണ് ഇപ്പോള്‍. പക്ഷേ, അതുകൊണ്ട് തീരുന്ന പ്രശ്നമല്ല ഇത്.

ഇതിനേക്കാള്‍ സങ്കീര്‍ണവും ഭീകരവുമാണ് മുബൈയിലെ സ്ഥിതി. ഒരു സ്ഥലത്ത് വെളിയില്‍നിന്നുള്ള ആളുകള്‍ (മറ്റാരുമല്ല ഇന്ത്യക്കാര്‍) പാടില്ല എന്ന വാദം ഭ്രാന്തമായ അവസ്ഥയെ കാണിക്കുന്നു. ഇന്ത്യക്കാരായ നമ്മള്‍ അങ്ങനെ ഒരു വാദം ഉന്നയിക്കാന്‍ ഇഷ്ടപ്പെടില്ല. ഇന്ത്യക്കാര്‍ക്ക് ഈ നാട്ടില്‍ എവിടെയും പാര്‍ക്കാം. കേരളത്തില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തമിഴര്‍ മാത്രമല്ല കര്‍ണാടകക്കാരനും ബംഗാളികളും പഞ്ചാബികളും മറ്റുമായി ഏതെല്ലാം സംസ്ഥാനക്കാര്‍ വര്‍ഷങ്ങളായി പാര്‍ത്തുവരുന്നില്ല! അവര്‍ക്കെതിരെ അക്രമം ഉണ്ടാകാറില്ല. അന്യസംസ്ഥാനങ്ങളില്‍ ഉണ്ടാകാറുള്ളത് മതാടിസ്ഥാനത്തിലുള്ള കലാപങ്ങളാണ്. ദേശവ്യത്യാസത്തിന്റെ പേരില്‍ ഇന്ത്യയെ വേര്‍തിരിച്ച് മുറിച്ചുനിര്‍ത്താനുള്ള ശ്രമം രാജ്യദ്രോഹമാണ്. ഭരണഘടനാലംഘനം എന്നൊന്നും കുറ്റപ്പെടുത്തിയാല്‍ മതിയാകില്ല.

നമ്മുടെ ഏറ്റവും വിലപിടിച്ച ചില അവകാശങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ എല്ലാ ദേശത്തും പാര്‍ക്കാനും എവിടെയും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം എല്ലാ പൌരന്മാര്‍ക്കുമുണ്ടെന്ന് വിധിച്ചിരിക്കുന്നത്. പക്ഷേ, ഈ വകുപ്പിന്റെ നിരാകരണം മാത്രമല്ല, ഭരണഘടനയുടെ ആകെത്തുകയും ചൈതന്യവും നിഷേധിക്കുന്നതിനു തുല്യമാണ് ഒരു പ്രദേശത്ത് മറ്റ് ദേശക്കാര്‍ പാടില്ലെന്നുള്ള ഏകപക്ഷീയമായ വിലക്ക്. ഇത് ഇന്ത്യയെത്തന്നെ നിഷേധിക്കലാണ്. ഇങ്ങനെ ഡല്‍ഹിയും കൊല്‍ക്കത്തയും ചെന്നൈയും തുടര്‍ന്ന് ഏത് പ്രദേശവും, അന്യരുടെ (അന്യന്‍ എന്ന വാക്കിനെ ഇന്ത്യയുടെ ഏകതയെ ചോദ്യംചെയ്യുന്നു) പ്രവേശനത്തെ തടയാന്‍ തുടങ്ങിയാല്‍ ഇന്ത്യ ശേഷിക്കുന്നത് ഭൂപടത്തില്‍ മാത്രമായിരിക്കും. ഏതെങ്കിലും വകുപ്പല്ല, മൊത്തം ഇന്ത്യയുടെ സ്വഭാവംതന്നെ മുംബൈയിലെ ശിവസേന മാറ്റാന്‍ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ഉപഭ്രമത്തില്‍, ഇന്ത്യക്കാര്‍ സഹോരന്മാരാണെന്നും അതുവഴി ഇന്ത്യ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും പറയുന്നുണ്ട്. അത് വെള്ളത്തിലെഴുത്താണെന്നു വരുത്താന്‍ ശിവസേനയ്ക്കല്ല, ഒരു സേനയ്ക്കും അധികാരമില്ല.

സിനിമാതാരമായ ഷാരൂഖ് ഖാന്‍ മുംബൈ എല്ലാവരുടേതുമാണെന്ന് സധൈര്യം പ്രഖ്യാപിച്ചതിന് നമ്മുടെയെല്ലാം ആദരം അര്‍ഹിക്കുന്നു. ഇവിടെയാകട്ടെ, നമ്മുടെ താരങ്ങള്‍ ഇതൊന്നും കാണാതെ കച്ചവടസാധനങ്ങളുടെ പരസ്യപ്രചാരകരായി പണം സമ്പാദിക്കുമ്പോള്‍ ഇന്ത്യയുടെ ഭദ്രതയുടെ പേരില്‍ ഏത് ശത്രുവിനെയും നേരിടും എന്ന ധീരത കാണിച്ച ഖാന്റെ ശ്രേഷ്ഠതയെ നാമെല്ലാം എത്ര വാഴ്ത്തിയാലും ഏറിപ്പോകില്ല. അദ്ദേഹം ഇപ്പോള്‍ നേരിടുന്ന എതിര്‍പ്പിന്റെയും നിരോധനത്തിന്റെയും പത്തിലൊരംശം നേരിടാന്‍ നമ്മുടെ താരങ്ങള്‍ക്ക് കഴിയുമോ. തമ്മിലടിക്കാന്‍ അവര്‍ക്ക് നല്ല കഴിവുണ്ടെന്നു തെളിഞ്ഞുവരുന്നുണ്ട്.

ചരിത്രപരമായും മുംബൈ മൊത്തം ഇന്ത്യയുടേതാണ്. ഇത് ദേശീയ നഗരിമാത്രമല്ല. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പറയുന്നത്, അത് സാര്‍വദേശീയ നഗരമാണെന്നാണ്. ഇന്ത്യയുടെ സാമ്പത്തികവും വാണിജ്യപരവുമായ ഈ കേന്ദ്രം ഈ നിലയിലെത്തിയത് ഇന്ത്യയുടെ വ്യാപാരമാര്‍ഗങ്ങള്‍ മുബൈയെ ഇന്ത്യയുമായി ബന്ധിപ്പിച്ചതുകൊണ്ടാണ്. മുംബൈ മുംബൈക്കാര്‍ക്കുമാത്രമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇവര്‍ക്കാകുമോ? വേറിട്ടുനിന്നാല്‍ മുംബൈ എവിടെ, എന്ത് എന്ന് ഈ സേനാനായകന്മാരായ ചിന്താശൂന്യര്‍ ചിന്തിക്കേണ്ടതാണ്. ഭൂമിവഴിയും കടല്‍വഴിയും ആകാശംവഴിയും ഇന്ത്യയുടെ ഇതരഭാഗങ്ങളുമായുള്ള ബന്ധം നിലച്ചാല്‍ മുംബൈ ഹൃദയസ്തംഭനംകൊണ്ട് മൃതിയടയും. മുംബൈയിലെ മഹത്തരങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (ബോംബെ യൂണിവേഴ്സിറ്റി, ഐഐടി, ആണവകമീഷന്‍ തലസ്ഥാനം, ടിഐഎസ്ആര്‍ തുടങ്ങിയ) ലോകനിലവാരമുള്ള കേന്ദ്രങ്ങള്‍ മുബൈക്കാര്‍ക്കുമാത്രം അട്ടിപ്പേറവകാശമായി നല്‍കിയാല്‍, അവിടെ വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും അതോടെ തീരും. ശിവസേനക്കാരുടെ പരിശീലനത്തിനുള്ള ഒരു കളരിയായിട്ട് അത് അവസാനിക്കും.

തങ്ങളുടെ ഈ രാഷ്ട്രവിരുദ്ധനയം ഇരുതലമൂര്‍ച്ചയുള്ള വാളാണെന്നും അത് സ്വന്തം കഴുത്താണ് ആദ്യം വെട്ടിമുറിക്കുക എന്നും മനസ്സിലാക്കാനുള്ള പ്രാഥമിക ബുദ്ധി ഈ പിഴച്ച നേതൃത്വത്തിന്റെ മസ്തിഷ്കത്തില്‍ എവിടെയെങ്കിലും ബാക്കിയുണ്ടായിരിക്കാമെന്ന് നമുക്ക് വിശ്വസിക്കാം.

ബോംബെ എന്ന ആംഗലപ്രയോഗം മുംബൈ എന്ന മറാത്തി പദമാക്കിയതും വളരെ നന്നായി. പക്ഷേ, അവിടംവിട്ട്, മുംബൈ മുംബൈക്കാര്‍ക്കുമാത്രം എന്നു മറുകണ്ടം ചാടിയാല്‍ മുംബൈയുടെ ജഡമായിരിക്കും ഇവര്‍ക്ക് കൈയില്‍ കിട്ടുക.

തെലുങ്കാന അവിടത്തെ രാഷ്ട്രീയനേതാക്കള്‍ ഒത്തുപിടിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നംമാത്രമാണ്. മുംബൈ പ്രശ്നമല്ല- അര്‍ബുദരോഗമാണ്. ഹിന്ദു എന്ന വാക്ക് ശിവസേനയുടെയോ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ നിഘണ്ടുവിലെ പദമല്ല. അത് ഭാരതചരിത്രത്തിലെ ഒരു വലിയ വാക്കാണ്. അതിന് തോന്നിയ അര്‍ഥം കൊടുക്കാന്‍ ഇവരെ ആരും അധികാരപ്പെടുത്തിയിട്ടില്ല. 'ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്' എന്നത് ആ ഹിന്ദുത്വത്തിന്റെ ശബ്ദമാണ്. അതിനെതിരായി സംസാരിക്കുന്നവര്‍ രാഷ്ട്രമോ മതമോ ഉള്ളവരല്ല. ജവാഹര്‍ലാല്‍നെഹ്റു ഇത് സ്വാതന്ത്യസമരകാലത്ത് നമ്മെ ഓര്‍മിപ്പിച്ചു-'ഇന്ത്യയുണ്ടെങ്കില്‍ നമുക്കെല്ലാമുണ്ട്. ഇന്ത്യ ഇല്ലെങ്കില്‍ നമുക്ക് ഒന്നുമില്ല'. മുംബൈ ഇല്ലാത്ത ഇന്ത്യ വലതുകൈ നഷ്ടപ്പെട്ട ഇന്ത്യയായിരിക്കും. ശിവസേനയുടെ പടവാള്‍ ആ കൈ വെട്ടാന്‍ മുതിരുമ്പോള്‍, അത് തടയാന്‍ ഷാരൂഖ് ഖാന്മാര്‍ ഇനിയും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സിനിമയുടെയും കളിയുടെയും ആകാശങ്ങളില്‍ എത്രയെത്ര താരങ്ങള്‍ മിന്നിനില്‍ക്കുന്നു. അവര്‍ ഒന്ന് ഇറങ്ങിവരുമോ? ഒടുവില്‍ തോന്നിയത്- 19-ാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടില്‍ ജീവിച്ച പ്രസിദ്ധനായ താക്കറെയുടെ 'നോവലുകള്‍' വളരെ രസകരമായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ജീവിച്ചുവരുന്ന താക്കറെയുടെ വാക്കുകള്‍ 'നോവുകള്‍' ആയി തീര്‍ന്നിരിക്കുന്നു!

സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 180210

Thursday, December 24, 2009

ആന്ധ്രയിലെ കലാപം കോണ്‍ഗ്രസിന്റെ സൃഷ്ടി

ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാര്‍ പടി ഇറങ്ങിയത് ഒരര്‍ദ്ധ രാത്രിയില്‍. പക്ഷേ, അത് ഒരു നൂറ്റാണ്ടോളം നീണ്ട പോരാട്ടത്തിനൊടുവില്‍. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണാധികാരികള്‍ രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതും സംഘര്‍ഷാത്മക സാഹചര്യം സൃഷ്ടിച്ചതുമായ പല തീരുമാനങ്ങളും കൈക്കൊണ്ടതും പലപ്പോഴും അര്‍ദ്ധരാത്രികളില്‍. 1975ല്‍ ഒരര്‍ദ്ധരാത്രിയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ചുകൊണ്ട് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 2008ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം തന്നെ പണയപ്പെടുത്തുന്ന വിധത്തിലുള്ള ഇന്ത്യ - അമേരിക്ക ആണവക്കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടതും മറ്റൊരര്‍ദ്ധ രാത്രിയില്‍. ഇപ്പോള്‍ ഇതാ രാജ്യത്തിന്റെ ശിഥിലീകരണത്തിന്റെ വിത്തു പാകുന്ന വിധത്തില്‍ തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച തീരുമാനവും കൈക്കൊണ്ടത് ഡിസംബര്‍ 9ന് ഏതാണ്ട് അര്‍ദ്ധരാത്രി നേരത്തുതന്നെ.

പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് തെലങ്കാന രാജ്യസമിതി (ടിആര്‍എസ്) നേതാവ് ചന്ദ്രശേഖര റാവു നടത്തി വന്ന 'മരണം വരെ ഉപവാസ സമരം' അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനത്തിന് കഴിഞ്ഞെങ്കിലും അത് ആന്ധ്രാ സംസ്ഥാനത്തെയാകെ ഇളക്കി മറിക്കുന്ന കലാപങ്ങള്‍ക്കും രാഷ്ട്രീയ പ്രതിസന്ധിക്കും ഇടവരുത്തുകയാണുണ്ടായത്. മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഘടനവാദപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിച്ചിരുന്ന സമസ്ത ശിഥിലീകരണ ശക്തികള്‍ക്കും ഈ തീരുമാനം ഊര്‍ജ്ജം പകരുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച തീരുമാനം. ഒരു കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. കോണ്‍ഗ്രസിന്റെ തന്നെ ആന്ധ്രാ സംസ്ഥാന ഘടകത്തിന്റെയോ ആന്ധ്രാ സംസ്ഥാന മന്ത്രിസഭയുടെയോപോലും അഭിപ്രായം ആരായാതെയോ അഥവാ അതിന് ചെവി കൊടുക്കാതെയോ ആണ് കേന്ദ്ര നേതൃത്വം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് അനുകൂലമായ തീരുമാനമെടുത്തത്. ഇത്തരം സുപ്രധാനമായ തീരുമാനം കേന്ദ്ര ഭരണകക്ഷി കൈക്കൊള്ളുന്നതിനു മുമ്പ് സ്വീകരിക്കേണ്ട അവധാനതയോ രാഷ്ട്രീയ മര്യാദയോ ഒന്നും കോണ്‍ഗ്രസ് പുലര്‍ത്തിയതുമില്ല. സ്വാഭാവികമായും ഇത്തരം ഒരു തീരുമാനം ആന്ധ്രയില്‍ തന്നെ എതിര്‍പ്പും എതിര്‍ പ്രക്ഷോഭവും ക്ഷണിച്ചുവരുത്തുമെന്നിരിക്കെ, എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തുന്നതിനുപകരം ഏകപക്ഷീയമായ തീരുമാനത്തില്‍ എടുത്തു ചാടി കലാപവും രാഷ്ട്രീയ അനിശ്ചിതത്വവും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചു വരുത്തുകയാണുണ്ടായത്. അതുകൊണ്ടുതന്നെ ആന്ധ്രയിലെ കോണ്‍ഗ്രസുകാരെപ്പോലും ബോധ്യപ്പെടുത്താനാകാത്ത ഈ തീരുമാനത്തില്‍നിന്നും പിന്തിരിഞ്ഞോടാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നിര്‍ബന്ധിതവുമായി.

ഈ തീരുമാനത്തിന്റെ പ്രത്യാഘാതം രാജ്യത്താകെ ഉണ്ടാകുമെന്ന് കണ്ടറിയാനുള്ള രാഷ്ട്രീയ വിവേകവും പക്വതയും കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചില്ല. പശ്ചിമബംഗാളില്‍ ഗൂര്‍ഖാലാന്റിനുവേണ്ടിയും ഉത്തര്‍പ്രദേശിനെ മൂന്നായി മുറിക്കാനും - പൂര്‍വാഞ്ചല്‍, ഹരിതപ്രദേശ്, ഉത്തരാഖണ്ഡ് - സജീവമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരുന്നവര്‍ക്ക് ഈ തീരുമാനം ഊര്‍ജ്ജവും ഉശിരും പകര്‍ന്നിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകത്തിലും മധ്യപ്രദേശിലുമെല്ലാം സമാനമായ വിവിധ വിഭാഗങ്ങള്‍ പ്രത്യേക സംസ്ഥാന വാദങ്ങള്‍ ഉയര്‍ത്താനും അതിനായി പ്രക്ഷോഭങ്ങളും സമ്മര്‍ദ്ദതന്ത്രങ്ങളും ആരംഭിക്കാനും കോണ്‍ഗ്രസിന്റെ ഈ തീരുമാനം ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്തതും രാജ്യതാല്‍പര്യം കണക്കിലെടുക്കാത്തതുമായ തീരുമാനം കുടത്തില്‍ അടയ്ക്കപ്പെട്ടിരുന്ന ഭൂതത്തെ തുറന്നുവിടുകയാണുണ്ടായത്.

കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പ്രസ്താവന ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യയെക്കാള്‍ ജനസംഖ്യ വളരെ കുറഞ്ഞ അമേരിക്കയില്‍ 50 സംസ്ഥാനങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതില്‍ അപാകതയില്ലെന്നത്രെ ചിദംബരത്തിന്റെ വാദം. പക്ഷേ, 110 കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയുടെ ഭൂവിസ്തൃതി 32,87,263 ചതുരശ്ര കിലോമീറ്റര്‍. 30 കോടി ജനങ്ങള്‍ അധിവസിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ഭൂവിസ്തൃതി 96,29,081 ചതുരശ്ര കിലോമീറ്ററും ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും ഭരണപരമായ സൌകര്യങ്ങളുടെയും അടിസ്ഥാനത്തിലാണ്, ഭാഷയുടെയോ വംശീയതയുടെയോ ദേശീയതയുടെയോ ആയ സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല അമേരിക്കന്‍ സംസ്ഥാന വിഭജനം. ഭാഷാ സംസ്ഥാനങ്ങള്‍ എന്ന അടിസ്ഥാന കാഴ്ചപ്പാട് നിലവിലുള്ള ഇന്ത്യയില്‍ അതിന് യാതൊരു പ്രസക്തിയുമില്ല. ഉണ്ടിരുന്ന ആള്‍ക്ക് ഒരുള്‍വിളി എന്നപോലെ തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനത്തിന് ന്യായീകരണമായി അമേരിക്കന്‍ വാദം ചിദംബരത്തെപ്പോലെ ഒരു സാമ്രാജ്യത്വപക്ഷപാതി പറയുമ്പോള്‍ ഏറെ സൂക്ഷിക്കേണ്ടതാണ്. രാജ്യങ്ങളെ തന്നെ ചെറുതുണ്ടുകളായി വിഭജിക്കുന്നതാണ് ആഗോളവല്‍ക്കരണ കാലത്തെ സാമ്രാജ്യത്വ നയം. ബാള്‍ക്കനൈസേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രവണതയുടെ മറ്റൊരു വകഭേദമായി ചെറിയ സംസ്ഥാനങ്ങള്‍ എന്ന ആവശ്യത്തെ കാണാവുന്നതാണ്. ചിദംബരത്തെപ്പോലെ തന്നെ ഇപ്പോള്‍ ഈ ആവശ്യത്തെ ന്യായീകരിക്കുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സംഘടനകളായ ഫിക്കിയും അസോചെമും ആണെന്നതും ശ്രദ്ധേയമാണ്. യുപിയെയും ബീഹാറിനെയും മധ്യപ്രദേശിനെയും വിഭജിച്ചുകൊണ്ട് ഈ വാദത്തിന് പ്രായോഗിക രൂപം നല്‍കിയ ബിജെപിയും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയില്‍ 1956ല്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന നടപ്പാക്കിയതിന് ആധാരമായ ജനകീയ പ്രക്ഷോഭത്തില്‍ മുന്നില്‍ നിന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. ഭാഷാ സംസ്ഥാന രൂപീകരണത്തിനു നിദാനമായി പോറ്റി ശ്രീരാമുലുവിന്റെ രക്തസാക്ഷിത്വവും പരിഗണിക്കപ്പെടുന്നു. അന്നും കോണ്‍ഗ്രസിന്റെ സമീപനം ഭാഷാ സംസ്ഥാന രൂപീകരണത്തിന് അനുകൂലമായിരുന്നില്ല. മുന്‍ നാട്ടുരാജ്യങ്ങളെ അങ്ങനെ തന്നെ സംസ്ഥാനങ്ങളായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യമെടുത്തത്. ജനകീയ പ്രക്ഷോഭവും സമ്മര്‍ദ്ദവുമാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിന് അവരെ നിര്‍ബന്ധിതരാക്കിയത്. 1956ലെ സംസ്ഥാന പുനഃസംഘടനയുടെ ഘട്ടത്തില്‍പോലും ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപീകരിക്കാനോ പഞ്ചാബും ഹരിയാനയും രൂപീകരിക്കാനോ തയ്യാറാകാതിരുന്നതുതന്നെ ഈ വൈമനസ്യത്തിന്റെ പ്രകടനമായിരുന്നു. ഈ സംസ്ഥാന രൂപീകരണങ്ങള്‍ക്കുവേണ്ടിയും വീണ്ടും കോണ്‍ഗ്രസ് പ്രക്ഷോഭം ക്ഷണിച്ചുവരുത്തുകയാണുണ്ടായത്.

ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. തെലങ്കാന എന്നറിയപ്പെടുന്ന ഭൂപ്രദേശം നൈസാമിന്റെ ഭരണത്തിലായിരുന്ന ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമാണ്. ആന്ധ്രയുടെ തീരദേശമേഖലയും റായലസീമ എന്നറിയപ്പെടുന്ന തെക്കന്‍ ജില്ലകളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവുമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ കൂടുതല്‍ വികസിതവും നൈസാമിന്റെ ഭരണത്തിലായിരുന്ന തെലങ്കാന മേഖല അവികസിതവുമായിരുന്നു. എന്നാല്‍ ഈ പ്രദേശം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവുമാണ്. നിരവധി കല്‍ക്കരി ഖനികള്‍ ഈ മേഖലയിലുണ്ട്. കൃഷ്ണ, ഗോദാവരി എന്നീ രണ്ട് പ്രധാന നദികളുടെയും പ്രയാണത്തില്‍ 75 ശതമാനവും തെലങ്കാന മേഖലയിലൂടെയാണ്. എന്നാല്‍ ഇതിന്റെയൊന്നും ഗുണങ്ങള്‍ ആ പ്രദേശത്തിനോ അവിടത്തെ ജനങ്ങള്‍ക്കോ ലഭിക്കുന്നില്ല എന്നതാണ് അവിടത്തുകാരുടെ അസംതൃപ്തിയുടെ പ്രധാന കാരണം. ആന്ധ്രാപ്രദേശിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 42 ശതമാനവും ജനസംഖ്യയുടെ 40 ശതമാനവും വരുന്ന മേഖലയാണ് തെലങ്കാന. എന്നാല്‍ മൊത്തം വിഭവങ്ങളുടെ വീതംവയ്ക്കലില്‍ തെലങ്കാനമേഖലയെ അവഗണിക്കുന്നുവെന്ന പരാതിയുമുണ്ട്. 1953ല്‍ സംസ്ഥാന പുനഃസംഘടനാ സമിതിയുടെ മുന്നില്‍ തന്നെ പ്രത്യേക തെലങ്കാന സംസ്ഥാനം വേണം എന്ന വാദം ഉന്നയിക്കപ്പെട്ടിരുന്നു. സമിതി അത് അംഗീകരിച്ചെങ്കിലും ഭാഷാ സംസ്ഥാനം എന്ന വാദത്തിന് പ്രാമുഖ്യവും പൊതുസ്വീകാര്യതയും ലഭിച്ചതിനാല്‍ കേന്ദ്രസര്‍ക്കാര്‍ തെലങ്കാന വാദത്തെ നിരാകരിക്കുകയാണുണ്ടായത്. അതേസമയം തെലങ്കാന മേഖലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് 1956 ഫെബ്രുവരിയില്‍ 14 ഇനങ്ങള്‍ അടങ്ങിയ ജന്റില്‍മെന്‍സ് എഗ്രിമെന്റ് എന്ന പേരിലുള്ള ഒരു കരാര്‍ അംഗീകരിക്കുകയുണ്ടായി. തൊഴില്‍, വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലെല്ലാം തെലങ്കാനയ്ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും എന്നതായിരുന്നു കരാറിന്റെ അന്തഃസത്ത. കൂടാതെ തെലങ്കാന റീജിയണല്‍ കൌണ്‍സില്‍ എന്ന സ്വയംഭരണ സംവിധാനത്തിനും വ്യവസ്ഥ ചെയ്തിരുന്നു.

എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഈ കരാറിനെ കേവലം ഏട്ടിലെ പശുവായി മാത്രമാണ് കണ്ടത്. തെലങ്കാന മേഖലാ സമിതി രൂപീകരിച്ചെങ്കിലും അതിന് അധികാരമോ ആവശ്യത്തിന് ഫണ്ടോ നല്‍കാതെ ചാപിള്ളയാക്കി മാറ്റുകയായിരുന്നു. ഇത് 1960കളുടെ മധ്യത്തോടെ തെലങ്കാന മേഖലയില്‍ അസംതൃപ്തി വ്യാപകമാകുന്നതിന് ഇടയാക്കി. 1969ലെ ജയ് തെലങ്കാന പ്രസ്ഥാനം അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണമായിരുന്നു. പ്രത്യേക സംസ്ഥാനമായിരുന്നില്ല ഈ പ്രസ്ഥാനത്തിന്റെ ആവശ്യം; മറിച്ച് 1956ല്‍ രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നതായിരുന്നു. 1969ലെ പ്രസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനിഷ്ഠുരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 370 ചെറുപ്പക്കാരാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 1971ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം കോണ്‍ഗ്രസ് അനുഭവിച്ചു. തെലങ്കാന മേഖലയിലെ 14 ലോക്സഭാ സീറ്റില്‍ 11 എണ്ണത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പുതുതായി രൂപീകൃതമായ തെലങ്കാന പ്രജാസമിതിയുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പ്രജാസമിതിക്ക് നേതൃത്വം നല്‍കിയവരെല്ലാം കോണ്‍ഗ്രസില്‍നിന്ന് ഭിന്നിച്ചുവന്നവരായതുകൊണ്ട് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന് അവരെ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് കാലു മാറ്റിക്കാന്‍ അനായാസം കഴിഞ്ഞു. അതിനുപകരമായി ഇന്ദിരാഗാന്ധി തെലങ്കാനയ്ക്കുവേണ്ടി ഒരാറിന പാക്കേജ് പ്രഖ്യാപിച്ചു. ഏറ്റവും രസകരമായ വസ്തുത 1956ലെ കരാറിലെ രണ്ട് വകുപ്പുകള്‍ റദ്ദു ചെയ്യും എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ പാക്കേജിലെ ആറാമത്തെ ഇനം. അതായത്, തെലങ്കാന റീജിയണല്‍ കൌണ്‍സിലും മുല്‍ക്കി നിയമവും ആണ് ഈ ഇനം. പുതിയ പാക്കേജില്‍ ഈ ആറാമത്തെ ഇനമൊഴികെ മറ്റൊന്നും നടപ്പാക്കപ്പെട്ടില്ല. തെലങ്കാനക്കാര്‍ക്ക് ജോലി സംവരണം എന്ന വ്യവസ്ഥ നടപ്പാക്കാന്‍ 1975ല്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നെങ്കിലും ഭാഗികമായെങ്കിലും നടപ്പാക്കാന്‍ വീണ്ടും പത്തുവര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. മാത്രമല്ല, അതിനും പ്രക്ഷോഭം വേണ്ടിവന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന വാദം സജീവമായി ഉയര്‍ന്നുവന്നത്.

ഈ പശ്ചാത്തലത്തിലാണ് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് തെലങ്കാന രാജ്യസമിതി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 2004ലെ തെരഞ്ഞെടുപ്പില്‍ തെലങ്കാന മേഖലയിലെ ഭൂരിപക്ഷം ലോക്സഭാ സീറ്റുകളും നേടിയ ടിആര്‍എസ് യുപിഎയില്‍ ചേരുകയും ചന്ദ്രശേഖര റാവു കേന്ദ്ര കാബിനറ്റ് അംഗമാവുകയും ചെയ്തു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് ടിആര്‍എസിന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും, പ്രണബ്മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയമിക്കുന്നതിനപ്പുറം സംസ്ഥാന രൂപീകരണത്തിന് നടപടിയൊന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് റാവു മന്ത്രിസഭ വിടുകയും ടിആര്‍എസിന്റെ എംപിമാരും എംഎല്‍എമാരുമെല്ലാം തല്‍സ്ഥാനങ്ങള്‍ രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പുഫലം ടിആര്‍എസിന് കനത്ത തിരിച്ചടി ആയിരുന്നു. 2009ലെ തെരഞ്ഞെടുപ്പിലാകട്ടെ തെലങ്കാന മേഖലയിലെ 17 ലോക്സഭാ സീറ്റില്‍ 2 എണ്ണവും 119 നിയമസഭാ സീറ്റില്‍ 10 എണ്ണവും മാത്രമാണ് ടിആര്‍എസിന് ലഭിച്ചത്. നവംബറില്‍ നടന്ന ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍പോലും തയ്യാറാകാതെ ടിആര്‍എസും റാവുവും ഒളിച്ചോടുകയാണുണ്ടായത്. ഇങ്ങനെ ദുര്‍ബലാവസ്ഥയില്‍, സ്വയം കെട്ടടങ്ങി വന്ന സന്ദര്‍ഭത്തിലാണ് ചന്ദ്രശേഖര റാവു നിരാഹാരസമരം ആരംഭിച്ചത്. എങ്കിലും മുന്‍കാലത്തെപ്പോലെ ഒരു ജനകീയ മുന്നേറ്റമാകുകയോ ടിആര്‍എസിന് വേണ്ട ജനപിന്തുണ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. ഈ അവസ്ഥയിലാണ് കടന്നല്‍ക്കൂട്ടില്‍ കല്ലെറിയുന്നതുപോലെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത്.

ടിആര്‍എസ് സമരം ആരംഭിച്ചതും കോണ്‍ഗ്രസ് സംസ്ഥാന രൂപീകരണത്തിന് തീരുമാനം കൈക്കൊണ്ടതും ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ആഭ്യന്തരക്കുഴപ്പംമൂലം വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്ന ഘട്ടത്തിലാണ്. അന്തരിച്ച രാജശേഖരറെഡ്ഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരുന്ന മകന്‍ ജഗന്‍ മോഹനറെഡ്ഡിയെ മുഖ്യമന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ പ്രതിഷേധം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബിസിനസ് പങ്കാളികളും കര്‍ണാടകത്തിലെ ബിജെപി മന്ത്രിമാരുമായ ബെല്ലാരി സഹോദരന്മാര്‍ ആന്ധ്രയില്‍ തങ്ങളുടെ ഖനികളോടടുത്തുള്ള ഭൂമി കയ്യേറി നിയമവിരുദ്ധമായി ഖനനം നടത്തുന്നതിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ ഘട്ടവുമായിരുന്നു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ ആന്ധ്രാപ്രദേശ് രാഷ്ട്രീയ സ്തംഭനാവസ്ഥയിലുമായിരുന്നു. സാധാരണഗതിയില്‍ നിയമസഭ ചേരുമ്പോള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ ഇരുവിഭാഗത്തിനും ഗുണകരമാവുകയുമില്ല. ഈ രാഷ്ട്രീയ വൈതരണിയില്‍നിന്ന് കരകയറാനും തെലങ്കാന മേഖലയില്‍ പിടിമുറുക്കാനുമുള്ള കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുതലെടുപ്പ് രാഷ്ട്രീയമാണ് ആന്ധ്രയില്‍ ഇപ്പോള്‍ കലാപത്തിന് വഴിവെച്ചത്. മുമ്പും ആന്ധ്രയിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമായപ്പോഴെല്ലാമാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭം സജീവമായി ഉയര്‍ന്നുവന്നിട്ടുള്ളത്.

തെലങ്കാന മേഖലയുടെ വികസനത്തിന് പ്രത്യേക സംസ്ഥാന രൂപീകരണം വഴിവെയ്ക്കുമെന്ന വാദം തന്നെ സമീപകാല ചരിത്രം നിരാകരിക്കുന്നതാണ്. യുപിയെ വിഭജിച്ച് ഉത്തരാഖണ്ഡും ബീഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡും മധ്യപ്രദേശില്‍നിന്ന് ഛത്തീസ്ഗഢും രൂപീകരിക്കപ്പെട്ടെങ്കിലും ഈ സംസ്ഥാനങ്ങളിലൊന്നും ജനജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടായില്ല എന്നതാണ് അനുഭവം. അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും വര്‍ദ്ധിക്കുകയും രാഷ്ട്രീയമായി കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്തുവെന്നതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരം ഇന്ത്യ തുടര്‍ന്നുവരുന്ന മുതലാളിത്ത വികസനപാതയുടെ അനിവാര്യമായ ദുരന്തങ്ങളില്‍ ഒന്നാണ് അസമമായ വളര്‍ച്ച. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതുപോലെ തന്നെ വികസിത, അവികസിത മേഖലകള്‍ തമ്മിലുള്ള അന്തരവും വര്‍ദ്ധിക്കുകയാണ്. ഇതുമൂലം സ്വാഭാവികമായും ജനങ്ങളില്‍ വളര്‍ന്നുവരുന്ന അസംതൃപ്തി മുതലെടുത്താണ് ശിഥിലീകരണശക്തികള്‍ വളര്‍ന്നുവരുന്നത്. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ തന്നെ അവിഭാജ്യമായ ഭാഗമാണ് ഈ ശിഥിലീകരണ വിഘടനവാദവും. ആന്ധ്രാപ്രദേശിലെ ജനങ്ങളെ തെലങ്കാനക്കാരും തെലങ്കാന ഇതരരുമായി വേര്‍തിരിച്ച് കലാപത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെയാണ്. മറ്റെല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളും അതില്‍ അണിചേരുകയുമാണ്. ഇവിടെ അപകടപ്പെടുന്നത് ജനങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തിന്റെ താല്‍പര്യമാണ്.

ബൂര്‍ഷ്വാ-പെറ്റീ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുടെ അവസരവാദപരവും വിഭാഗീയവുമായ നിലപാടുകളില്‍നിന്നും വിഭിന്നമായി തത്വാധിഷ്ടിതവും രാജ്യത്തിന്റെ വിശാല താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതുമായ നിലപാട് സ്വീകരിക്കുന്നത് സിപിഐ എം മാത്രമാണെന്ന് ആന്ധ്രയിലെ സംഭവവികാസങ്ങള്‍ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു.

ജി വിജയകുമാര്‍ ചിന്ത വാരിക