Showing posts with label സിബിഐ. Show all posts
Showing posts with label സിബിഐ. Show all posts

Monday, February 15, 2016

പി ജയരാജന്റെ രക്തം കൊതിക്കുന്നവരോട്

നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വമായ തുല്യനീതി സിപിഐ എമ്മിന് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 1967ലാണ് പാര്‍ലമെന്റ് പാസാക്കിയത്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഭീകരവാദവിരുദ്ധ വികാരം ജനങ്ങളില്‍ ശക്തമായി ഉയര്‍ന്നുവന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തി 2008ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ യുഎപിഎ നിയമം ഭേദഗതിചെയ്തു. പ്രതികളാക്കപ്പെട്ടവരെ കൂടുതല്‍കാലം വിചാരണകൂടാതെ ജയിലിലടയ്ക്കാനും ജാമ്യം നിഷേധിക്കാനും മറ്റുമായി ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ലാത്ത ചില വകുപ്പുകള്‍ 2008ലെ ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന മുന്നറിയിപ്പ് അന്നുതന്നെ ഇടതുപക്ഷം നല്‍കിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് ഭീകരവാദികള്‍ക്കെതിരെ മാത്രമേ ഈ നിയമം ഉപയോഗിക്കുകയുള്ളു എന്നാണ്. സംസ്ഥാന കോണ്‍ഗ്രസ് ഭരണം പ്രസ്തുത ഉറപ്പ് ലംഘിക്കുക മാത്രമല്ല യുഎപിഎ പക്ഷപാതപരമായി ദുരുപയോഗിക്കുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ 3 കൊലക്കേസിലാണ് യുഎപിഎ നിയമം ചുമത്തിയിട്ടുള്ളത്. കതിരൂര്‍ മനോജ്, ചിറ്റാരിപ്പറമ്പ് പ്രേമന്‍, പൊയിലൂര്‍ വിനോദ് വധക്കേസുകളിലാണിത്. ഇതില്‍ പ്രേമന്‍, വിനോദ് എന്നിവര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. യുഎ പിഎയുടെ ആദ്യത്തെ ദുരുപയോഗം പതിവുപോലെ സിപിഐ എമ്മിന് എതിരായാണ്. രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി രണ്ട് ജില്ലാനേതാക്കളടക്കമുള്ള ഇരുപതോളം സിപിഐ എം പ്രവര്‍ത്തകരെയായിരുന്നു കേരളത്തില്‍ ആദ്യമായി ടാഡ എന്ന കരിനിയമപ്രകാരം പൂജപ്പുര ജയിലിലടച്ചത്. 1994ലെ യുഡിഎഫ് ഭരണത്തിലായിരുന്നു അത്. മനോജ് കേസില്‍ യുഎപിഎ വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ത്തത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുന്ന കോണ്‍ഗ്രസ് നയത്തിന്റെ ഭാഗമായിരുന്നു. യുഎപിഎ നിയമത്തെ എതിര്‍ക്കുന്ന ലീഗ് അടക്കമുള്ള മുന്നണി സര്‍ക്കാര്‍ യുഎപിഎ കമ്യൂണിസ്റ്റ് വേട്ടയ്ക്കായി ദുരുപയോഗംചെയ്തു.

ഉത്തരേന്ത്യയില്‍ ന്യൂനപക്ഷവേട്ടയ്ക്ക് യുഎപിഎ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി യുഎപി എ ഉപയോഗിക്കുന്നു. കതിരൂര്‍ കേസിലെ 25 പ്രതികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തു. എന്നാല്‍, 20–ാം പ്രതി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ഐ മധുസൂദനനെതിരെ യുഎപിഎ ചേര്‍ത്തത് ശരിയായില്ലെന്ന് ജില്ലാ കോടതി വിലയിരുത്തുകയും ജാമ്യംനല്‍കുകയും ചെയ്തു. മൂന്നാംപ്രതി പ്രകാശനും 11–ാം പ്രതി കൃഷ്ണനും 12–ാം പ്രതി രാമചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇവരെ പ്രതികളാക്കുന്ന സമയത്ത് അന്വേഷണസംഘത്തിന് ഇവര്‍ ഭീകരവാദികളാണെന്ന് കണ്ടെത്താനായില്ല. മാത്രമല്ല ഇവരുടെപേരില്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍മാത്രം തെളിവുകള്‍ ഇല്ലെന്ന് കേസ് ഡയറി പരിശോധിച്ച കോടതി കണ്ടെത്തുകയും ചെയ്തു. അതാണ് ജാമ്യം അനുവദിക്കാന്‍ കാരണം. 18–ാം പ്രതി സിറാജിനെ കുറിച്ച് ആകെയുള്ള 212 സാക്ഷികളില്‍ ആരും പറഞ്ഞില്ലെന്നുമാത്രമല്ല, തിരിച്ചറിയല്‍ പരേഡ് നടത്തിയപ്പോള്‍ ആരും പ്രതിയെ തിരിച്ചറിഞ്ഞുമില്ല. സിറാജ് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. 21–ാം പ്രതി റിജേഷിനെതിരായി സിബി ഐ ചുമത്തിയ കുറ്റം നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചു. 22 മുതല്‍ 24 വരെയുള്ള പ്രതികള്‍ക്ക് 180 ദിവസത്തിലധികം ജയിലില്‍ കിടത്താന്‍ സാധ്യമല്ലെന്നതിനാല്‍ ജാമ്യം അനുവദിച്ചു. ചുരുക്കത്തില്‍ കതിരൂര്‍ കേസില്‍ ഇതുവരെ ജാമ്യം ലഭിച്ച 9 പേരില്‍ 6 പേര്‍ക്ക് ജാമ്യം ലഭിച്ചത് കോടതി കേസ് ഡയറി പരിശോധിച്ച് കേസിന്റെ മെറിറ്റിലേക്ക് കടന്നതുകൊണ്ടാണ്. 3 പേര്‍ക്ക് ജാമ്യം ലഭിച്ചതാകട്ടെ യു എപിഎ നിയമപ്രകാരമുള്ള പരമാവധി വിചാരണത്തടവുകാലമായ 6 മാസത്തിലധികം ജയിലില്‍ കിടന്നതുകൊണ്ടും. ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യം കതിരൂര്‍ കേസില്‍ പലരെയും പ്രതികളാക്കിയത് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയാണെന്നാണ്.

ഹൈക്കോടതിയുടെ നിരീക്ഷണംതന്നെ സിപിഐ എമ്മിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു – നിസ്സാരകാരണത്താല്‍ ഒരാളെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസില്‍ പ്രതിയാക്കിയ നടപടി നിയമപരമായി ശരിയല്ല. ഇപ്പോഴും 16 പേര്‍ ജാമ്യം ലഭിക്കാതെ ജയിലിലാണ്. എളുപ്പം ജാമ്യം ലഭിക്കാതിരിക്കാന്‍ ഈ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍, ചിറ്റാരിപ്പറമ്പ് പ്രേമന്‍ കൊലക്കേസ് പ്രതികള്‍ ആര്‍ എസ്എസുകാര്‍ ആയതിനാല്‍ ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. കേസ് ദുര്‍ബലപ്പെടുത്തി ജാമ്യം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് സജീവമായി ഇടപെട്ടു. കോണ്‍ഗ്രസ്–ആര്‍ എസ് എസ് ബന്ധത്തിന്റെ ഉന്നതതല ഗൂഢാലോചനയാണ് ചിറ്റാരിപ്പറമ്പ, പൊയിലൂര്‍ കേസുകളിലെ ആര്‍ എസ് എസുകാരായ 19 പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സാഹചര്യം ഒരുക്കിയത്. ആര്‍എസ്എസുകാര്‍ പ്രതികളായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സിപിഐ എം കാര്‍ പ്രക്ഷോഭം നടത്തും അതുകൊണ്ടാണ് യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതൃത്വത്തെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു. 2014 സെപ്തംബര്‍ ഒന്നിനുശേഷം നടന്ന ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കൊലപാതകങ്ങളില്‍ ആര്‍എസ്എസ്–ബിജെപി ജില്ലാ–സംസ്ഥാന നേതൃത്വത്തിന്റെ അറിവും പങ്കും ഉണ്ട്. എന്നിട്ടും പൊയിലൂര്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ല. ചിറ്റാരിപ്പറമ്പ്് കേസില്‍ യഥാര്‍ഥ ഗൂഢാലോചനക്കാരായ ആര്‍എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. ചിറ്റാരിപ്പറമ്പ് കേസില്‍ പൊലീസ് ചാര്‍ജ് ചെയ്ത ഗൂഢാലോചനക്കുറ്റം ജില്ലാനേതൃത്വത്തിലുള്ളവര്‍ക്കെതിരെയല്ല. കേസ് തേച്ച്മായ്ച്ച് കളയുന്ന ആര്‍എസ്എസ് അനുകൂലനിലപാട് തുടക്കംമുതല്‍ പൊലീസ് സ്വീകരിച്ചു.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പുതന്നെ ക്രൈം രജിസ്റ്റര്‍ ചെയ്യണമെന്ന മാര്‍ഗരേഖ ചിറ്റാരിപ്പറമ്പ് പ്രേമന്‍ കേസില്‍ പൊലീസ് പാലിച്ചില്ല. പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുമ്പോള്‍ പ്രേമന്‍ പൊലീസിനോട് പ്രതികളുടെ പേര് പറഞ്ഞിരുന്നു. മരണമൊഴിയാണിത്. അത് പ്രകാരം എഫ്ഐആറില്‍ പ്രതികളുടെ പേര് ഉള്‍പ്പെടുത്തി. എന്നാല്‍, പ്രേമന്റെ മരണമൊഴിയില്‍ പറഞ്ഞ പ്രകാരമുള്ള എഫ്ഐആറിലെ പേരുകള്‍ പ്രതിപ്പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. 9 പ്രതികളുള്ള ചിറ്റാരിപ്പറമ്പ് കേസില്‍ പ്രതിയായ പ്രജീഷിനെ 2015 ആഗസ്ത് നാലിന് സി ബിഐ അറസ്റ്റ്ചെയ്തു. എന്നാല്‍, 2015 ഒക്ടോബര്‍ ഏഴിന് ജാമ്യം ലഭിച്ചു. യുഎപിഎ കേസില്‍ രണ്ടുമാസത്തിനിടയില്‍ ജാമ്യം ലഭിച്ചത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി. കോടതിയില്‍ ആര്‍ എസ്എസുകാര്‍ക്ക് ജാമ്യം ലഭിക്കാനാവശ്യമായ സൌകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ അഭിഭാഷകനായ ടി ആസഫലി ആര്‍എസ്എസുകാരുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തില്ല. സമര്‍ഥമായി സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ മുമ്പാകെയാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണ സെഷന്‍സ് കോടതി തള്ളിയാല്‍ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത് റിമാന്‍ഡ് നീട്ടാന്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ ഹര്‍ജി നല്‍കുകപോലുമുണ്ടായില്ല. കതിരൂര്‍ കേസില്‍ ചെയ്തത് പോലെ തുടരന്വേഷണത്തെക്കുറിച്ച് പറഞ്ഞില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍വേണ്ടി ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല. ഇതെല്ലാം കോണ്‍ഗ്രസ്–ബിജെപി ഒത്തുകളിയാണ്.

ചിറ്റാരിപ്പറമ്പ് പ്രേമന്റെ അമ്മയും പൊയിലൂര്‍ വിനോദിന്റെ ഭാര്യയും തങ്ങള്‍ക്ക് കേസ് നടത്തിപ്പിനായി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കി. അതുപോലും പരിഗണിച്ചില്ല. ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ പ്രതികളായ ഒരു ആര്‍എസ്എസുകാരനും യുഎപി എ വകുപ്പിലെ പരമാവധി റിമാന്‍ഡ് കാലമായ ആറുമാസം ജയിലില്‍ കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്‍, കതിരൂര്‍ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ മൂന്നുപേര്‍ 180 ദിവസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പി ജയരാജനടക്കമുള്ള 16 പേര്‍ ജാമ്യാപേക്ഷ  സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ ഉടന്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍, ആര്‍എസ്എസുകാര്‍ പ്രതികളായ യുഎപിഎ കേസുകളില്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ എതിര്‍ത്തില്ല. ഇത് നഗ്നമായ  ആര്‍ എസ്എസ്–കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ്.

നേതൃത്വത്തെ കേസുകളില്‍ പ്രതികളാക്കിയാല്‍ സമാധാനവും ശാന്തിയും ജില്ലയിലുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ചിറ്റാരിപ്പറമ്പ്, പൊയിലൂര്‍ കേസുകളില്‍ ആര്‍എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. മുന്‍ ഡിസിസി പ്രസിഡന്റ് കെ സുധാകരന്‍, നാല്‍പ്പാടി വാസു, സേവറി നാണു കൊലക്കേസുകളില്‍ പ്രതിയായെങ്കിലും യുഡിഎഫ് ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ചുരുക്കത്തില്‍ യുഎപിഎ കേസുകളില്‍ നഗ്നമായ വിവേചനമാണ് സര്‍ക്കാരും പൊലീസും കാട്ടിയത്.

കോണ്‍ഗ്രസ്–ബിജെപി രാഷ്ട്രീയബന്ധത്തിന്റെ മറ്റൊരുദാഹരണമാണ് 505 ദിവസത്തെ അന്വേഷണത്തിന് ശേഷവും പി ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ പറഞ്ഞ സിബിഐ പിന്നെ എന്തുകൊണ്ട് 508–ാം ദിവസം പ്രതിയാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അതിനുള്ള ഉത്തരമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ട ആര്‍എസ്എസിന്റെ കത്ത്. കൂടാതെ മോഹന്‍ ഭാഗവത് പങ്കെടുത്ത് കണ്ണൂരില്‍ നടന്ന ആര്‍എസ്എസ് ബൈഠക്കിന്റെ തീരുമാനവും.

ആര്‍എസ്എസിന്റെ കത്തിലും പി ജയരാജന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ചെയത് സിബിഐ ഹര്‍ജിയിലും ഒരേ ഭാഷയും സ്വരവുമായിരുന്നു. കേരളത്തിലെ ആര്‍എസ്എസ് നേതാക്കളും ജന്മഭൂമി പത്രവും സിബിഐ അന്വേഷണം നേരായ വഴിയിലേക്ക് പോകണമെന്നാവശ്യപ്പെട്ടായിരുന്നു മോഹന്‍ ഭാഗവതിനും അമിത് ഷായ്ക്കും കത്ത് നല്‍കിയതെന്ന് സമ്മതിച്ചു. ‘ സിബിഐയെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയക്കളിയെ തുടര്‍ന്ന് സിബിഐയുടെ വിശ്വാസ്യത തകര്‍ന്നു. കള്ളസാക്ഷികളും കള്ളമൊഴികളും ജയരാജനെതിരെ കൊണ്ടുവരേണ്ടിവന്നു. സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് ആര്‍എസ്എസിലേക്ക് സ്വാഗതം ചെയ്യുന്ന പരിപാടി 2014 ആഗസ്ത് 25ന് തലശേരിയിലാണ് മനോജിന്റെ നേതൃത്വത്തില്‍ നടത്തിയതെന്ന് 2015 മാര്‍ച്ച് ഏഴിന് സിബിഐ ഡിവൈഎസ്പി ഒപ്പിട്ട് നല്‍കിയത് സിബിഐക്ക് തിരുത്തേണ്ടിവന്നു. പി ജയരാജനെ 25–ാം പ്രതിയാക്കിക്കൊണ്ട്  ഇതേ ഡിവൈഎസ്പി നല്‍കിയ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2014 ആഗസ്ത് 24ന് കണ്ണൂരിലാണ് പരിപാടി നടത്തിയതെന്ന് പറഞ്ഞു.

4 ആന്‍ജിയോപ്ളാസ്റ്റി കഴിഞ്ഞ പി ജയരാജന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും ജയില്‍ ഡോക്ടറും സാക്ഷ്യപ്പെടുത്തിയതാണ്. പി ജയരാജന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി ജയില്‍ സുപ്രണ്ടിന് നിര്‍ദേശം നല്‍കിയതാണ്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജയില്‍ ഡോക്ടറും ജില്ലാ ആശുപത്രി ഡോക്ടര്‍മാരും പരിശോധിച്ചത്. ജില്ലാ ആശുപത്രിയിലും ജയില്‍ ആശുപത്രി ബ്ളോക്കിലും ഹൃദ്രോഗ വിദഗ്ധരില്ലാത്തതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. പരിയാരമാകട്ടെ ബഡ്ജറ്റിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുമാണ്. എന്നിട്ടും സിബിഐക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പി ജയരാജനെ പീഡിപ്പിക്കണമെന്നാണ് വാശി. ആര്‍എസ്എസ് പ്രേരണയാല്‍ സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പി ജയരാജനെ ഫെബ്രുവരി 16 മുതല്‍ തങ്ങളുടെ ക്യാമ്പ് ഓഫീസില്‍ വച്ച് ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 1999ല്‍ വീട്ടില്‍ കയറി വെട്ടിനുറുക്കിയിട്ടും കലി അടങ്ങുന്നില്ല. ആശുപത്രിയില്‍വച്ച് ചോദ്യംചെയ്യാന്‍ സിബിഐ തയ്യാറല്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ കാത്തിരിക്കാനുമാകില്ല. സിബിഐക്കോ അവരുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കുമോ ഇതിനൊന്നും ഉത്തരമില്ല. കാരണം അവര്‍ക്കുവേണ്ടത് പി ജയരാജന്റെ രക്തമാണ്. അതുവഴി സിപിഐ എമ്മിനെ തകര്‍ക്കലുമാണ്. ഈ കുടിലനീക്കത്തെ അനുവദിക്കാനാകില്ല. പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇപ്രകാരം പറയുന്നു: സിബിഐയുടെ ആരോപണത്തിന്റെ ശരിതെറ്റുകള്‍ ഇപ്പോള്‍ ഞങ്ങള്‍ പരിശോധിക്കുന്നില്ല.  ഈ ശരിതെറ്റുകള്‍ പരിശോധിച്ചാല്‍ പി ജയരാജനാണ് ശരിയെന്നും സിബിഐയും ആര്‍എസ്എസും അവരെ സഹായിക്കുന്ന കോണ്‍ഗ്രസുമാണ് തെറ്റെന്നും നമുക്ക് ബോധ്യമാകും.

*
എം വി ജയരാജന്‍ deshabhimani 150216

Thursday, May 29, 2014

ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

സംസ്ഥാന പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികളെ കണ്ടെത്തുകയും കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. സാക്ഷികളെയെല്ലാം വിസ്തരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേസിന്റെ ഗൂഢാലോചന മാത്രം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കത്തില്‍ സിബിഐ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ഫയാസിന് ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ലെന്നും സിബിഐ വ്യക്തമാക്കി.

deshabhimani

Wednesday, January 15, 2014

സിബിഐക്ക് സാമ്പത്തിക സ്വയംഭരണത്തിന് അനുമതി

സിബിഐക്ക് സാമ്പത്തിക സ്വയം ഭരണത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസെക്രട്ടറിക്ക് തുല്യമായ പദവി സിബിഐ ഡയറക്ടര്‍ക്ക് നല്‍കും. സിബിഐക്ക് കൂടതല്‍ സ്വാതന്ത്രം നല്‍കുന്നതിന്റെ ഭാഗമായാണിത്. സര്‍ക്കാര്‍ തീരുമാനം സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സുപ്രീംകോടതിയെ അറിയിക്കും. എന്നാല്‍ കേന്ദ്ര സെക്രട്ടറിയുടെ പൂര്‍ണ അധികാരം ഡയറക്ടര്‍ക്ക് ഉണ്ടായിരിക്കുകയില്ല. 15 കോടി വരെ രൂപ ചെലവിടാനും കേസുകളുടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവില്ലാതെ 10ലക്ഷം രൂപ ചെലവഴിക്കാനും സിബിഐയെ അനുവദിക്കും.

സ്വതന്ത്ര അന്വേഷണ ഏജന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വയം ഭരണാവാകാശമില്ലാത്തത് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കല്‍ക്കരി കുംഭകോണകേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ സിബിഐ കൂട്ടിലടച്ച തത്തയാണെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞിരുന്നു. പേഴ്സണല്‍ മന്ത്രാലയത്തിലെ ഒരു സംഘം ഉദ്യോഗസ്ഥരുടെ കൈയില്‍ സിബിഐ ശ്വാസം മുട്ടുകയാണ്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ സ്വയം ഭരണാവകാശം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സ്വയം ഭരണാവകാശം നല്‍കാനോ കേന്ദ്ര സെക്രട്ടറിക്ക് തുല്യമായ പദവി അനുവദിക്കാനോ കേന്ദ്ര സര്‍ക്കാര്‍ അന്ന് തയ്യാറായിരുന്നില്ല. ഇരയായി ഭാവിച്ച് കൂടുതല്‍ അധികാരങ്ങള്‍ നേടിയെടുക്കാന്‍ സിബിഐ ശ്രമിക്കുകയാണെന്ന് വരെ കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചിരുന്നു. സിബിഐയുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണ് എന്ന് ഗുവാഹട്ടി ഹൈക്കോടതി അഭിപ്രായപ്പെട്ടതും സിബിഐക്ക് തിരിച്ചടിയായിരുന്നു. ഈ തീരുമാനമാണ് കേന്ദ്രം പുന:പരിശോധിച്ചത്.

deshabhimani

Friday, November 15, 2013

സിബിഐക്ക് സ്വയംഭരണം നല്‍കാനാവില്ല

സിബിഐക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ ഡയറക്ടര്‍ക്ക് വകുപ്പുസെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള അധികാരം ഒരു പദവിയില്‍ മാത്രം കേന്ദ്രീകരിക്കുന്ന സാഹചര്യമുണ്ടാകുമെന്ന വിദശീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ നയവിഷയങ്ങളില്‍ സിബിഐ തലയിടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ധനമന്ത്രി പി ചിദംബരവും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ അധികാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറി സ്ഥാനം നല്‍കുന്നത് ചട്ടവിവിരുദ്ധമാകുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇത് പുതിയ കീഴ്വഴക്കങ്ങള്‍ക്ക് വഴിവെയ്ക്കും. മാത്രമല്ല മറ്റ് പല സ്ഥാപനങ്ങളിലും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും- സര്‍ക്കാര്‍ പറഞ്ഞു.

വകുപ്പു മന്ത്രി മുമ്പാകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സിബിഐ ഡയറക്ടര്‍ക്ക് അധികാരം നല്‍കണമെന്ന ആവശ്യത്തെയും സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറിക്ക് തുല്യമായ അധികാരവും മൂന്നുവര്‍ഷത്തെ കാലാവധിയും നല്‍കണമെന്ന ആവശ്യവുമായി അന്വേഷണ ഏജന്‍സി തന്നെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സിബിഐ ഡയറക്ടറുടെ ഭരണപരവും ധനപരവുമായ അധികാരം വളരെ പരിമിതമാണെന്നും ബാഹ്യസ്വാധീനങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് കൂടുതല്‍ അധികാരവും സ്വയംഭരണാവകാശവും ലഭിക്കേണ്ടതുണ്ടെന്നും 14 പേജ് വരുന്ന സത്യവാങ്മൂലത്തില്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. പേഴ്സണല്‍ വകുപ്പു മുഖാന്തിരം നീങ്ങുന്നതിന് പകരം മന്ത്രിയെ നേരിട് സമീപിക്കുന്നതിന് ഡയറക്ടര്‍ക്ക് സെക്രട്ടറിപദവി നല്‍കണമെന്ന ആവശ്യവും സിബിഐ മുന്നോട്ടുവെച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായി ഉയരുന്ന ആരോപണങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു പരിശോധക സമിതിയെ വെയ്ക്കാനുള്ള കേന്ദ്ര നീക്കത്തെയും സിബിഐ എതിര്‍ത്തിരുന്നു. കല്‍ക്കരി കേസില്‍ വാദംകേള്‍ക്കവെ സിബിഐ കൂട്ടിലടച്ച തത്തയാണെന്നും കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വയംഭരണാവകാശം ലഭിക്കണമെന്ന ആവശ്യവുമായി അന്വേഷണ ഏജന്‍സി കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.

deshabhimani

Thursday, November 14, 2013

ബലാല്‍സംഗം പരാമര്‍ശം: ഖേദപ്രകടനവുമായി സിബിഐ ഡയറക്ടര്‍

ബലാല്‍സംഗം ചെറുക്കാനാവില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന പരാമര്‍ശം വിവാദമായതോടെ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഖേദം പ്രകടിപ്പിച്ചു. സിബിഐ സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ചോദ്യോത്തര വേളയിലാണ് ബലാല്‍സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂവെന്ന് സിന്‍ഹ പറഞ്ഞത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന് സിന്‍ഹ ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. സെമിനാറിലെ ചോദ്യോത്തര വേളയില്‍ വാതുവയ്പ് നിയമപരമാക്കണമെന്ന തന്റെ വാദഗതി സമര്‍ഥിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ലോട്ടറി നിയമവിധേയമാണ്. അതേപോലെ വാതുവയ്പും നിയമവിധേയമാക്കി നികുതി ഈടാക്കണം. വാതുവയ്പ് നിരോധനം നടപ്പാക്കാനാവുന്നില്ലെങ്കില്‍ ബലാല്‍സംഗം ചെറുക്കാനായില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതുപോലെയാണ്- രഞ്ജിത് സിന്‍ഹ പറഞ്ഞു.

പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. സിബിഐ ഡയറക്ടര്‍ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയാണ് സിബിഐ ഡയറക്ടറുടേത്. ഉത്തരവാദപ്പെട്ട പദവി വഹിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരം പരാമര്‍ശം നടത്താനാവും. സിബിഐ ഡയറക്ടര്‍പദവിയില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ല. സിബിഐ ഡയറക്ടര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം- വൃന്ദ പറഞ്ഞു. സിന്‍ഹ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ സിബിഐ ഡയറക്ടറുടെ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പരാമര്‍ശത്തെ വനിതാ കമീഷന്‍ അംഗം നിര്‍മല സാമന്ത് അപലപിച്ചു. ഇരുപത്തിനാലു മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ സിന്‍ഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമല്ലെങ്കില്‍ സിന്‍ഹയെ മാറ്റാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും നിര്‍മല പറഞ്ഞു. പൊതുസമൂഹത്തോട് മാപ്പുപറയാന്‍ സിബിഐ ഡയറക്ടര്‍ തയ്യാറാകണമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി പറഞ്ഞു. സിബിഐ ഡയറക്ടറുടെ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് ഈ പരാമര്‍ശം ആരും പ്രതീക്ഷിച്ചില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ ഖേദപ്രകടനവുമായി രംഗത്തുവന്നത്. കായികമത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ് നിയമപരമാക്കണമെന്ന അഭിപ്രായപ്രകടനത്തിനിടെയാണ് ഇങ്ങനെ പരാമര്‍ശിച്ചതെന്ന് സിന്‍ഹ പറഞ്ഞു. നിയമം നടപ്പാക്കാനാവില്ല എന്നതുകൊണ്ട് നിയമം നിര്‍മിക്കാതിരിക്കാനാവില്ല. ബലാല്‍സംഗം ചെറുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആസ്വദിക്കൂവെന്ന് പറയുന്നതിന് സമാനമാണിത്. സ്വാഭാവികമായി താന്‍ പറഞ്ഞുപോയ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നു. വനിതകളോട് തനിക്കുള്ള അങ്ങേയറ്റത്തെ ബഹുമാനവും ആദരവും ആവര്‍ത്തിക്കുന്നു. ലിംഗവിവേചന വിഷയങ്ങളില്‍ താന്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധനുമാണ്- സിന്‍ഹ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Wednesday, November 13, 2013

സിബിഐയുടെ നിസ്സഹായത കൂടുതല്‍ സ്വയംഭരണത്തിന് : ചിദംബരം

കൂടുതല്‍ സ്വയംഭരണാവകാശം ലഭിക്കാന്‍ വേണ്ടി സിബിഐ സ്വയം നിസ്സഹായത നടിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. സിബിഐ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.നയരൂപീകരണവും നിയമപാലനവും തമ്മിലുള്ള അതിര്‍വരമ്പ് അന്വേഷണ ഏജന്‍സികള്‍ മറക്കരുത്. സിബിഐ കൂട്ടിലടച്ച തത്തയല്ല. സിബിഐയെ കൂട്ടിലടച്ച തത്തയെന്നും കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നും വിശേഷിപ്പിക്കുന്നത് തെറ്റാണ്. സര്‍ക്കാരിന്റെ നയരൂപീകരണത്തെയും നയം നടപ്പാക്കലിനേയും സിബിഐ രണ്ടായി കാണണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

തീരുമാനമെടുക്കുന്നതിലെ പിഴവും കുറ്റകരമായ പ്രവൃത്തിയും അന്വേഷണ ഏജന്‍സികള്‍ വേര്‍തിരിച്ചു കാണണമെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെ സിബിഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന് സുപ്രീം കോടതി പറഞ്ഞത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.കഴിഞ്ഞ ദിവസം ഗുവാഹട്ടി കോടതി സിബിഐ രൂപീകരണം നിയമവിധേയമല്ലെന്നും ഉത്തരവിറക്കിയിരുന്നു.

deshabhimani 131113

Tuesday, November 12, 2013

കെപിസിസി അംഗമടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം

കയര്‍ തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ റിമോട്ട് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും കെപിസിസി അംഗവുമായ രാജേന്ദ്രപ്രസാദ് അടക്കം 11 പേര്‍ക്ക് സിബിഐ കുറ്റപത്രം നല്‍കി. പ്രതികളില്‍ അഞ്ചുപേര്‍ കയര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരാണ്.

വായ്പ തിരിച്ചടയ്ക്കേണ്ടെന്ന് ഉറപ്പുനല്‍കി തറികള്‍ സ്ഥാപിച്ചെന്ന് രേഖയുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ഇതിനായി രാജേന്ദ്രപ്രസാദ് ഇല്ലാത്ത കമ്പനിയുടെ രേഖകളും ഉണ്ടാക്കിയതായി സിബിഐ കണ്ടെത്തി. തറികള്‍ സ്ഥാപിക്കാതെ 188 പേര്‍ക്ക് 86,33,705 രൂപയാണ് അനധികൃതമായി വായ്പ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കയര്‍ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ആന്റോനെല്‍ വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി ബാബു, എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ കെ വി മോഹനന്‍, കയര്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കെ ജി രാഘവന്‍, കണ്ണൂര്‍ റീജണല്‍ ഓഫീസര്‍ ടി രവീന്ദ്രന്‍, കാട്ടൂര്‍ രശ്മി വുഡ് വര്‍ക്സ് ഉടമ സോമന്റെ ഭാര്യ ടി എ സലിലമ്മ, ആലപ്പുഴ അവലൂകുന്ന് എസ് എന്‍ജിനിയേഴ്സ് ഉടമകളായ സി വി രാജേഷ്, പി ബാബു, ഹൈനസ് എന്‍ജിനിയറിങ് വര്‍ക്സ് ഉടമ ടി എന്‍ സത്യവാന്‍, മരുത്തോര്‍വട്ടം രാഹുല്‍ എന്‍ജിനിയറിങ് വര്‍ക്സ് ഉടമ പി കെ കുഞ്ഞുമോന്‍ എന്നിവരാണ് മറ്റു പ്രതികള്‍. അഴിമതി നിരോധന നിയമം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ കയര്‍ ബോര്‍ഡ്വഴി നടപ്പാക്കിയ റീജുവനൈസേഷന്‍, മോഡേണൈസേഷന്‍ ആന്‍ഡ് ടെക്നോളജിക്കല്‍ അപ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍ഡസ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് സാമ്പത്തികവെട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് 2126 റാട്ട് യൂണിറ്റുകളും 1678 തറി യൂണിറ്റുകളും നല്‍കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ബാങ്ക്മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ചശേഷം രണ്ടുലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. കയര്‍ ബോര്‍ഡ് തെരഞ്ഞെടുത്ത ഏജന്‍സിവഴി തറിയന്ത്രം സ്ഥാപിക്കുകയും വായ്പ ഈ ഏജന്‍സിയുടെ പേരില്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി ഇല്ലാത്ത കമ്പനിയുടെ പേരില്‍ ക്വട്ടേഷന്‍ നല്‍കുകയും വായ്പ തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതിയായ സലിലമ്മയുടെ പേരിലുള്ള തടിവ്യവസായസ്ഥാപനം പരിശോധിച്ച് തറിക്ക് വായ്പ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും പറയുന്നു. വായ്പയുടെ മുഴുവന്‍ തുകയും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ലെന്നും വായ്പയുടെ നിശ്ചിത ശതമാനം ഉദ്യോഗസ്ഥര്‍തന്നെ കൈക്കലാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് വ്യാപകമായ തട്ടിപ്പു നടന്നത്.

deshabhimani

Saturday, November 9, 2013

സിബിഐയ്ക്കെതിരായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐ രൂപീകരിച്ചത് നിയമവിരുദ്ധമായാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. കേസ് ഡിസംബര്‍ 6ന് വിശദമായി പരിഗണിക്കും. ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ശനിയാഴ്ച വൈകിട്ട് 4.30നാണ് ഹര്‍ജി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് പി സദാശിവവും ജസ്റ്റിസ് രഞ്ജനാ ദേശായിയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.

ആഭ്യന്തരമന്ത്രാലയം 1963 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ രൂപീകരിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ വിധി. അന്നത്തെ ആഭ്യന്തര സെക്രട്ടറി വി വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പുവച്ചത്. സെക്രട്ടറിയുടെ അധികാരപരിധിക്കുപുറത്തുള്ള കാര്യമാണിതെന്നാണ് ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹമ്മദ് അന്‍സാരിയും ഇന്ദിര ഷായും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ബുധനാഴ്ച വിധിച്ചത്. സിബിഐ രൂപീകരിക്കാന്‍ ഹേതുവായ പ്രമേയം ഹൈക്കോടതി തള്ളിയിരുനനു. സിബിഐയുടെ പരിഗണനയിലുള്ള എല്ലാ കേസിന്റെയും ഭാവി ഹൈക്കോടതി വിധിയോടെ ആശങ്കയിലായിരുന്നു. വെറും

എക്സിക്യൂട്ടീവ് ഉത്തരവിലൂടെയല്ല കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അധികാരമുള്ള സുപ്രധാന പൊലീസ് സേനയെ രൂപീകരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, അതിനായി നിയമനിര്‍മാണസഭയില്‍ നിയമം പാസാക്കേണ്ടതുണ്ടെന്ന് നിര്‍ദേശിച്ചു. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1946ന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയെ ഈ ആക്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സേനയായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആക്ടിന്റെ ഭാഗമായിപ്പോലും സിബിഐയെ കാണാനാകില്ല.

അസമിലെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ നവേന്ദ്രകുമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് നിര്‍ണായകവിധിയുണ്ടായത്. ഇയാള്‍ക്കെതിരെ സിബിഐ 2001ല്‍ വഞ്ചനക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്നാണ് കേസെടുക്കാനുള്ള സിബിഐയുടെ ഭരണഘടനാപരമായ അധികാരം ചോദ്യംചെയ്ത് നവേന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

deshabhimani

സിബിഐക്കെതിരായ ഉത്തരവ്: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

സിബിഐ സ്ഥാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പേഴ്സണല്‍വകുപ്പ് അപ്പീല്‍ സമര്‍പ്പിക്കുമെന്ന് നിയമ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. വിധി സംബന്ധിച്ച സിബിഐയുടെ വിശദീകരണം പേഴ്സണല്‍വകുപ്പിനെ അറിയിക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു.

ദീപാവലി അവധിക്ക് പിരിഞ്ഞ സുപ്രീംകോടതി തിങ്കളാഴ്ച തുറക്കും. ഹൈക്കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പേഴ്സണല്‍വകുപ്പ് സഹമന്ത്രി വി നാരായണസ്വാമി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ടിരുന്നു. ഹൈക്കോടതി ഉത്തരവ് പഠിച്ചുവരികയാണെന്ന് സിബിഐ ഡയറക്ടര്‍ സിന്‍ഹ പറഞ്ഞു. സിബിഐയുടെ അഭിപ്രായം പേഴ്സണല്‍വകുപ്പിനെ അറിയിക്കും. ഈ വിഷയത്തില്‍ എത്രയും വേഗം നടപടി വേണമെന്നാണ് സിബിഐ താല്‍പ്പര്യപ്പെടുന്നത്- സിന്‍ഹ പറഞ്ഞു. ഹൈക്കോടതിയുടേത് തെറ്റായ ഉത്തരവാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര പറഞ്ഞു. ഈ വിധി റദ്ദാക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. തിങ്കളാഴ്ചതന്നെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കും. സിബിഐക്ക് രൂപം നല്‍കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചിട്ടുള്ളതാണ്- മല്‍ഹോത്ര പറഞ്ഞു. കേസില്‍ സിബിഐക്ക് വേണ്ടി ഗുവാഹത്തി ഹൈക്കോടതിയില്‍ ഹാജരായത് മല്‍ഹോത്രയായിരുന്നു. ജസ്റ്റിസുമാരായ ഐ എ അന്‍സാരിയും ഇന്ദിരാ ഷായും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിബിഐ സ്ഥാപനം ഭരണഘടനാ വിരുദ്ധമായാണെന്ന ഉത്തരവിട്ടത്. സിബിഐക്ക് രൂപം നല്‍കി ആഭ്യന്തര മന്ത്രാലയം 1963 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്ത ഹൈക്കോടതി സിബിഐയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. നവേന്ദ്രകുമാര്‍ എന്ന വ്യക്തി സമര്‍പ്പിച്ച റിട്ട്ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നേരത്തെ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരാകരിച്ചിരുന്നു.

deshabhimani

Thursday, November 7, 2013

സിബിഐ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന് കോടതി

ഇന്ത്യയിലെ മുഖ്യ അന്വേഷണ ഏജന്‍സിയായ സിബിഐ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന് ഗുവാഹത്തി ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രൂപീകരിച്ചത് ഉത്തരവിലൂടെയാണെന്നും എന്നാല്‍ നിയമനിര്‍മ്മാണത്തിലൂടെയേ അന്വേഷണ ഏജന്‍സിയെ രൂപീകരിക്കാനാകൂ എന്നും കോടതിപറഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐയെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരി, ഇന്ദിര ഷാ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സിബിഐയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

1963 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന സിബിഐ ഡല്‍ഹി പൊലീസ് സ്പെഷല്‍ ആക്ട് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ നവേന്ദ്രകുമാറാണ് സിബിഎയുടെ നിലനില്‍പ്പ് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. 2001ല്‍ നവേന്ദ്രകുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നാല് ദിവസം സുപ്രീം കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ സര്‍ക്കാരിന് അപ്പീല്‍ നല്‍കാന്‍ കഴിയൂ. അതുവരെ ഗുവാഹത്തി ഹൈക്കോടതി വിധിയാണ് പ്രാബല്യത്തിലുണ്ടാകുക.

deshabhimani

Thursday, October 24, 2013

കല്‍ക്കരി: ബിര്‍ലയെ രക്ഷിക്കാന്‍ വ്യവസായികളുടെ സമ്മര്‍ദം

കല്‍ക്കരി കുംഭകോണക്കേസില്‍ കുടുങ്ങിയ വ്യവസായി കുമാര്‍മംഗലം ബിര്‍ലയെ രക്ഷിക്കാന്‍ വ്യവസായ ലോകത്തുനിന്നുള്ള സമ്മര്‍ദം മുറുകുന്നു. ബിര്‍ലയ്ക്കെതിരെ കേസെടുത്ത സിബിഐയെ നിശിതമായി വിമര്‍ശിച്ച് വ്യാപാരി- വ്യവസായി അസോസിയേഷനുകളുടെ കൂട്ടായ്മയായ അസോചം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു. വ്യവസായ പ്രമുഖര്‍ക്കെതിരായ "പാതിവെന്ത കേസുകള്‍" ഉണ്ടാക്കിയ അവിശ്വാസത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും അസോചം ആവശ്യപ്പെട്ടു. സങ്കല്‍പ്പങ്ങളുടെയും വിശകലനങ്ങളുടെയും സാഹചര്യങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ വ്യവസായ പ്രമുഖര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമാണുള്ളത്.

സിബിഐ അന്വേഷണത്തില്‍ കൂടുതല്‍ വ്യവസായ പ്രമുഖര്‍ ഇരകളാക്കപ്പെടുമെന്ന ആശങ്കയുണ്ട്. ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ തെളിവൊന്നും കൂടാതെയാണ് കേസെടുക്കുന്നത്. വ്യക്തിഗത സംരംഭങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഇന്ത്യയില്‍ ബിസിനസ് അന്തരീക്ഷം മോശമാവുകയാണ്. വിശ്വാസരാഹിത്യത്തിന്റെ അന്തരീക്ഷം തുടര്‍ന്നാല്‍ നയതീരുമാനങ്ങള്‍ കൂടുതല്‍ തടസ്സപ്പെടും. നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും വിശ്വാസം നഷ്ടപ്പെട്ട ഘട്ടത്തില്‍ വ്യവസായ- ഉദ്യോഗസ്ഥ പ്രമുഖര്‍ക്കെതിരെ കേസുണ്ടാവുന്നത് രാജ്യത്തിന് അല്‍പ്പംപോലും ഗുണംചെയ്യില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ വ്യവസായ പ്രമുഖര്‍ കണ്ടതുകൊണ്ടുമാത്രം എങ്ങനെ നിഗമനങ്ങളില്‍ എത്തും. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ തീരുമാനമെടുക്കേണ്ടവര്‍ അതില്‍നിന്ന് ഒളിച്ചോടും. തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥര്‍ അതിന് മടിക്കും.

ഒരു പ്രത്യേക പദ്ധതിയെ പിന്തുണച്ച് ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നതില്‍ എന്തെങ്കിലും തെറ്റ് കാണാനാവില്ല. വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സംരംഭകത്വത്തിന്റെ ആവേശം നിലനിര്‍ത്തുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണ്- അസോചം കത്തില്‍ പറഞ്ഞു. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സിഎജി തെറ്റൊന്നും കണ്ടിരുന്നില്ലെന്ന് മുന്‍ സിഎജി വിനോദ് റായി പറഞ്ഞു. ഹിന്‍ഡാല്‍കോ ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി പ്രധാനമന്ത്രി കാര്യാലയത്തിന് കത്തയച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യംചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. തീരുമാനമെടുത്ത പ്രധാനമന്ത്രികാര്യാലയ ഉദ്യോഗസ്ഥന്‍ ആരെന്ന് അറിയുകയാണ് ലക്ഷ്യം. എങ്ങനെ തീരുമാനത്തില്‍ എത്തിയെന്നതു മാത്രമാണ് അറിയേണ്ടത്- സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
(എം പ്രശാന്ത്)

രമേഷ് നമ്പ്യാര്‍ക്കും റിലയന്‍സിനും എതിരെ കേസ്

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടിലെ പ്രമുഖ ഇടനിലക്കാരി നീര റാഡിയ ടേപ്പുമായി ബന്ധപ്പെട്ട് മലയാളിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ എട്ട് കേസ് രജിസ്റ്റര്‍ചെയ്തു. നീര റാഡിയക്കുപുറമേ മലയാളിയും എയര്‍ ഇന്ത്യ മുന്‍ ഉദ്യോഗസ്ഥനുമായ രമേഷ് നമ്പ്യാര്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹൈഡ്രോ കാര്‍ബണ്‍സ് മുന്‍ ഡയറക്ടറേറ്റ് ജനറല്‍ വി കെ സിബല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ദീപക് തല്‍വാര്‍, തിരിച്ചറിയപ്പെടാത്ത രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയത്. എന്നാല്‍, കേസുസംബന്ധിച്ച് കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സിബിഐ വക്താവ് തയ്യാറായില്ല.

ജാര്‍ഖണ്ഡിലെ അനുക, സംഗും ജില്ലകളില്‍ ഇരുമ്പയിര് ഖനനത്തിന് വഴിവിട്ട് അനുമതി നല്‍കിയതിനാണ് കേസ്. അഴിമതിക്കേസില്‍ മധു കോഡ ഇപ്പോള്‍ ജാമ്യത്തിലാണ്. ആഭ്യന്തര വ്യോമയാന സര്‍വീസ് മേഖല ലഭ്യമാക്കാന്‍ ഇടനിലക്കാര്‍ വഴി വന്‍തുക കോഴ ലഭിച്ചുവെന്ന പരാതിയിലാണ് ഒരു കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഇതിനാലാണ് നീര റാഡിയ, രമേഷ് നമ്പ്യാര്‍, ദീപക് തല്‍വാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. യൂണിടെക്കിന്റെ ഓഹരിയുടെ കുത്തക കൈവശപ്പെടുത്തിയ സംഭവത്തിലാണ് മറ്റൊരു കേസ്. റാഡിയ ടേപ്പ് കേസില്‍ പുതുതായി എട്ട് കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ റാഡിയയുടെ അഭിഭാഷകര്‍ തയ്യാറായില്ല. ജവാഹര്‍ലാല്‍നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതിപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ടാറ്റാ മോട്ടോഴ്സില്‍ ലോ ഫ്ളോര്‍ ബസുകള്‍ അനുവദിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. വിശദവിവരം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദാംശം പറയാന്‍ കഴിയില്ലെന്നും ടാറ്റാ മോട്ടോഴ്സ് വക്താവ് അറിയിച്ചു.

deshabhimani

Wednesday, September 11, 2013

സ്വാതന്ത്ര്യമില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍

സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യം കൈവരിക്കുന്നതില്‍ ഒട്ടനവധി തടസ്സങ്ങള്‍ നിലനില്‍ക്കുന്നു. നീരാളിപിടിത്തത്തില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തനമെന്നും കല്‍ക്കരി കേസ് വാദത്തിനിടെ സിബിഐ ചൊവ്വാഴ്ച കോടതിയില്‍ തുറന്നടിച്ചു. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്ര ഗവ. സെക്രട്ടറിക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നതിനാല്‍ പ്രര്‍ത്തന സ്വാതന്ത്ര്യം കൈവരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു. ഡയറക്ടര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചാലേ സിബിഐ സ്വതന്ത്ര ഏജന്‍സിയാകൂ-സിബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദര്‍ ശരണ്‍ പറഞ്ഞു.

കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളെല്ലാം വകുപ്പുമേധാവികള്‍ മടക്കുന്നു. വകുപ്പിലെ ഹെഡ്ക്ലാര്‍ക്കാണ് പലപ്പോഴും വിയോജിപ്പുകള്‍ കുറിച്ചുവിടുന്നത്. ഭരണപരമായ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ഓരോ ഘട്ടത്തിലും സിബിഐ പ്രതിസന്ധികള്‍ നേരിടുന്നു.- സിബിഐ അഭിഭാഷകന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഉദ്യോഗസ്ഥരോട് ഇത്രമാത്രം എതിര്‍പ്പെന്ന് കേസ് കേള്‍ക്കുന്ന ജസ്റ്റിസ് ആര്‍ എം ലോധ ആരാഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെടുന്നതെല്ലാം ഉദ്യോഗസ്ഥര്‍ മടക്കുകയാണെന്ന് ശരണ്‍ പ്രതികരിച്ചു. ഡയറക്ടര്‍ക്ക് സെക്രട്ടറിക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കുന്നതിനോട് യോജിക്കുന്ന നിലപാട് കോടതിയും സ്വീകരിച്ചു. സെക്രട്ടറിയുടെ അധികാരങ്ങള്‍ ലഭിച്ചാല്‍ നേരിട്ട് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നും വകുപ്പുതലത്തില്‍ നീങ്ങേണ്ടിവരില്ലെന്നും സിബിഐ അറിയിച്ചു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയോട് കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷം നിലപാട് അറിയിക്കാമെന്ന് വഹന്‍വതി പ്രതികരിച്ചു. സിബിഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഏതെങ്കിലും ബില്ലുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്നും കോടതി ആരാഞ്ഞു. ഡല്‍ഹി പൊലീസ് നിയമത്തില്‍ ദേഭഗതി വരുത്തിയ ബില്ലിന്റെ അവസ്ഥ എന്താണ്. ഒട്ടനവധി ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കുന്നുണ്ട്. ഇതില്‍ സിബിഐക്ക് സ്വയംഭരണം ഉറപ്പാക്കുന്ന ഏതെങ്കിലും ബില്ലുണ്ടോ- കോടതി ചോദിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ ഇത്തരത്തില്‍ ബില്ലൊന്നും അവതരിപ്പിച്ചില്ലെന്നും എന്നാല്‍, മന്ത്രാലയം ഈ ദിശയില്‍ നീങ്ങുന്നുണ്ടെന്നും വഹന്‍വതി പറഞ്ഞു. അതിനിടെ, കല്‍ക്കരി മന്ത്രാലയത്തില്‍നിന്ന് കാണാതായ ഫയലുകളുടെ പട്ടിക രണ്ടു ദിവസത്തിനകം സിബിഐക്ക് കൈമാറുമെന്ന് കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പറഞ്ഞു. കാണാതായ ഫയലുകള്‍ ഏതൊക്കെയെന്ന് പരിശോധിച്ച് കേസ് ഫയല്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

deshabhimani

Wednesday, July 17, 2013

സ്വയം ഭരണാവകാശം: സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു

സ്വയം ഭരണാവകാശം സംബന്ധിച്ച് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുപ്രീം കോടതിയിലാണ് സിബിഐ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. സിബിഐ ഡയറക്ടര്‍ പദവി കേന്ദ്രസെക്രട്ടറിക്ക് തുല്യമാക്കണമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സി.ബി.ഐ ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തണമെന്നും ,നിലവില്‍ പരിമിതമായ അധികാരം മാത്രമേ സിബിഐയ്ക്ക് ഉള്ളൂ എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

കല്‍ക്കരി കുംഭകോണകേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്നേ അതേ കുറിച്ച് കേന്ദ്രമന്ത്രിയും ഊര്‍ജമന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തിരുന്നുവെന്ന് സിബിഐ ഡയറക്ടര്‍ കോടതിയെ മുമ്പ് അറിയിച്ചിരുന്നു. കേസന്വേഷണത്തില്‍ സിബിഐക്കുള്ള പരിമിതി വെളിപ്പെടുത്തുന്നതായിരുന്നു ആ പരാമര്‍ശം. തുടര്‍ന്നാണ് സിബിഐയുടെ സ്വയം ഭരണാവകാശത്തെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ജനപ്രാതിനിധ്യ നിയമം ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പ് മുതല്‍

ന്യൂഡല്‍ഹി: ജനപ്രാതിനിധ്യ നിയമവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതിയാണ് കമ്മിഷന്‍ അടുത്ത തെരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ദിവസം മുതല്‍ ജനപ്രാതിനിധ്യ സ്ഥാനം നഷ്ടപ്പെടുമെന്നാണ് സുപ്രീം കോടതി വിധി. ശിക്ഷിക്കപ്പെട്ടവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടെ സുപ്രീം കോടതി വിധിയെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിക്കും. ഈ യോഗത്തിലെ തീരുമാനം അനുസരിച്ച് സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ഇസ്രത്ത് തീവ്രവാദിയാണെന്ന് പറഞ്ഞിട്ടില്ലെന്ന്

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്ലി പറഞ്ഞിട്ടില്ലെന്ന് എന്‍ഐഎ. ഔദ്യോഗിക കുറ്റസമ്മതത്തില്‍ ഇത്തരത്തിലൊരു പരാമര്‍ശം ഹെഡ് ലി നടത്തിയിട്ടില്ലെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന ഐബിയുടെ വാദം ദുര്‍ബലമാകുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ എറ്റുമുട്ടല്‍ കേസ് സംബന്ധിച്ചുള്ള ദുരൂഹത മാറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

deshabhimani

Wednesday, May 8, 2013

സിബിഐ കൂട്ടിലടച്ച തത്ത: സുപ്രീം കോടതി


സ്വതന്ത്ര്യമെന്താണെന്ന് സിബിഐ മനസിലാക്കണമെന്ന് സുപ്രീം കോടതി. കല്‍ക്കരി കുംഭകോണക്കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. സ്വതന്ത്ര ഏജന്‍സിയായ സിബിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തോന്നുന്നില്ല. യജമാനന്റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണ് സിബിഐ എന്നും കോടതി വിമര്‍ശിച്ചു. ആദ്യം കേസ് അന്വേഷണം നടത്തിയ രവികാന്ത് അന്വേഷണം ഉടന്‍ ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിടനയും കോടതി വിമര്‍ശിച്ചു.

സോളിസിറ്റര്‍ ജനറലിനും അറ്റോര്‍ണി ജനറലിനുമെതിരായും ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മന്ത്രിമാര്‍ക്ക് സിബിഐ അന്വേഷണത്തില്‍ ഇടപെടാന്‍ അവകാശമില്ല. റിപ്പോര്‍ട്ടിന്റെ കാതല്‍ തന്നെ മാറ്റി. റിപ്പോര്‍ട്ടു തിരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരെയും കോടതി വിമര്‍ശിച്ചു. അതേസമയം സിബിഐ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആവര്‍ത്തിച്ചു. സിബിഐക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് കോടതി നടത്തിയത്. രഹസ്യസ്വാഭാവമുള്ള റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതിനു മുന്‍പ് പരസ്യപ്പെടുത്തിയതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. എതിര്‍പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ നിയമമന്ത്രി അശ്വനികുമാറിന് രാജിവെക്കേണ്ടി വരും.
 
കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രികാര്യാലയവും നിയമമന്ത്രിയുമടക്കം തിരുത്തല്‍ വരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഴിമതി ആരോപണത്തില്‍ അടിമുടി മുങ്ങിയ കേന്ദ്രസര്‍ക്കാരിന് കല്‍ക്കരി കേസില്‍ കോടതി പരാമര്‍ശം നിര്‍ണായകമാകും. സിബിഐക്കു വേണ്ടി യുഡി ലളിത് ഹാജരാകുന്നതിനെ പ്രശാന്ത് ഭൂഷണ്‍ എതിര്‍ത്തു. ലളിത് മുന്‍പ് കല്‍ക്കരി കമ്പനിക്കു വേണ്ടി ഹാജരായിരുന്ന കാര്യം അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രിയുമായി പങ്കുവച്ചതായി സിബിഐ ആദ്യം സമ്മതിച്ചു. എന്നാല്‍,പങ്കുവയ്ക്കുകമാത്രമല്ല റിപ്പോര്‍ട്ടില്‍ നിയമമന്ത്രി, പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാര്‍, അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി എന്നിവര്‍ മാറ്റംവരുത്തിയെന്നുമാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിലേക്ക് അന്വേഷണം നീളുന്നത് തടയാനായിരുന്നു ഇടപെടല്‍. കോടതി പരാമര്‍ശം കടുത്തതോടെ അശ്വനികുമാറും അഴിമതി ആരോപണത്തില്‍ മുങ്ങിയ പവന്‍കുമാര്‍ ബന്‍സ്വാളും രാജിവെക്കുന്നതാണ് നല്ലതെന്ന് യുപിഎ അധ്യക്ഷ സോണിയയുടെ താല്‍പര്യമെന്നറിയുന്നു.

deshabhimani

Friday, May 3, 2013

കോണ്‍ഗ്രസിന് സിബിഐ എന്നും രാഷ്ട്രീയ ആയുധം


രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐ അതിന്റെ ഏറ്റവും ദയനീയമായ പതനത്തിലാണ് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധമായി സിബിഐയെ മാറ്റിത്തീര്‍ത്തുവെന്ന് സുപ്രീംകോടതിവരെ സൂചിപ്പിച്ചുകഴിഞ്ഞു. "കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍" എന്ന പരിഹാസത്തെ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് സിബിഐയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും നടത്തുന്ന അഴിമതികള്‍ അന്വേഷണ;പ്രഹസനത്തിലൂടെ മൂടിവയ്ക്കുക, ഗവണ്‍മെന്റിന്റെ ഭൂരിപക്ഷം നിലനിര്‍ത്തുന്നതിന് ചില രാഷ്ട്രീയപാര്‍ടി നേതാക്കളില്‍ സമ്മര്‍ദം ചെലുത്തുന്നതിനും രാഷ്ട്രീയ എതിരാളികളെ ബുദ്ധിമുട്ടിക്കാനും കള്ളക്കേസുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാരും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും സിബിഐയെ ഉപയോഗിച്ചിട്ടുള്ളത്.

രാജീവ്ഗാന്ധി ആരോപണവിധേയനായ ബൊഫോഴ്സ് അഴിമതിക്കേസില്‍ ഒട്ടാവിയോ ക്വട്ട്റോച്ചിയടക്കമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സിബിഐ പ്രവര്‍ത്തിച്ചത്. മലേഷ്യയില്‍നിന്ന് ക്വട്ട്റോച്ചിയെ അറസ്റ്റുചെയ്ത് കൊണ്ടുവരാനുള്ള അവസരവും അര്‍ജന്റീനയില്‍ അറസ്റ്റുചെയ്യപ്പെട്ട ക്വട്ട്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള അവസരവും സിബിഐ തന്നെ പാഴാക്കി. "പിടികിട്ടാപ്പുള്ളി" എന്ന ചീത്തപ്പേര് മാറ്റി ക്വട്ട്റോച്ചിയെ ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസില്‍നിന്ന് ഒഴിവാക്കിക്കൊടുക്കുകയുംചെയ്തു. 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ ജഗദീഷ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ചിറ്റ് നല്‍കി കേസ് തന്നെ അടച്ചുപൂട്ടി. കോണ്‍ഗ്രസ് നേതാവും മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ അജിത് ജോഗിക്കെതിരെയുണ്ടായിരുന്ന, "എംഎല്‍എമാരെ വിലയ്ക്കുവാങ്ങി" എന്ന കേസും സിബിഐ സമര്‍ഥമായി ഇല്ലാതാക്കി.

ഇപ്പോള്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ബഹുജന്‍ സമാജ്വാദി പാര്‍ടിയുടെ നേതാവ് മായാവതിക്കെതിരെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കനുസരിച്ച് സിബിഐ കേസ് ചുമത്തുകയും തരാതരംപോലെ ദുര്‍ബലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. മായാവതി പ്രതിയായ താജ് ഇടനാഴി കേസ് 2007ല്‍ ബിഎസ്പിയുടെ പിന്തുണ നേടാനായി ദുര്‍ബലമാക്കി. 2008ല്‍ മായാവതി യുപിഎയെ ശക്തമായി എതിര്‍ത്തപ്പോള്‍ കേസ് ശക്തിപ്പെടുത്തി. 2010 ഏപ്രിലില്‍ മായാവതിയുടെ പിന്തുണ നേടുന്നതിനുവേണ്ടി കേസ് ദുര്‍ബലമാക്കാന്‍ സിബിഐതന്നെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മുലായംസിങ് യാദവിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ദുര്‍ബലമാക്കുകയും ശക്തമാക്കുകയും ചെയ്തു. അതിനായി മാറിമാറി സത്യവാങ്മൂലങ്ങള്‍ നല്‍കി. ഇതിനെ സുപ്രീംകോടതി വിമര്‍ശിക്കുകയുംചെയ്തു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എസ്എന്‍സി ലാവ്ലിന്‍ കേസിലും രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി സിബിഐ കരുക്കള്‍ നീക്കി.

deshabhimani 030513

Wednesday, May 1, 2013

പാണ്ഡെയെ ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷിക്കുന്നു: സിബിഐ


മലയാളിയായ പ്രാണേഷ് പിള്ളയും പത്തൊമ്പതുകാരിയായ ഇസ്രഹത് ജഹാനുമടക്കം നാലുപേരെ 2004ല്‍ ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വെടിവച്ചു കൊന്ന കേസില്‍ മുഖ്യപ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെയെ ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് സിബിഐ.

മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനെത്തിയ ഭീകരരായി ചിത്രീകരിച്ചാണ് ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തി ഇവരെ കൊന്നത്. ഗുജറാത്ത് പൊലീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായ പാണ്ഡെയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്താന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സിബിഐ കേസ് ഏറ്റെടുത്ത 2011മുതല്‍ പാണ്ഡെയെ തേടി സര്‍ക്കാരിനെ സമീപിക്കുന്നെങ്കിലും മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ്. പാണ്ഡെ അസുഖ അവധിയിലാണെന്നാണ് സര്‍ക്കാര്‍ അവസാനമായി സിബിഐയെ അറിയിച്ചത്. പാണ്ഡെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഇത് ചോദ്യംചെയ്ത് പ്രത്യേകകോടതിയില്‍ സിബിഐ അന്വേഷകസംഘം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ രണ്ടിന് വിധി പറയും. രണ്ട് തവണ സമന്‍സ് അയച്ചിട്ടും പാണ്ഡെ കൈപ്പറ്റിയില്ലെന്നും വീട്ടില്‍ ചെന്നപ്പോള്‍ പാണ്ഡയെ കുറിച്ചുള്ള വിവരം കൈമാറാന്‍ മകന്‍ തയ്യാറായില്ലെന്നും സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവരിക്കുന്നു. 1980ലെ ഐപിഎസ് ബാച്ച്കാരനായ പാണ്ഡെ 2004ല്‍ അഹമ്മദാബാദ് ജോയിന്റ് പൊലീസ് കമീഷണറായിരുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാനെന്നപേരില്‍ നാലുപേരെ കൊലപ്പെടുത്തിയതിന് പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റവും നല്‍കി.

deshabhimani

തലതാഴുന്ന സിബിഐയും യുപിഎ സര്‍ക്കാരും


സിബിഐയെ രാഷ്ട്രീയ യജമാനന്മാരില്‍നിന്ന് മോചിപ്പിക്കണം എന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്ന സാഹചര്യം രാജ്യം മാഫിയാഭരണത്തിന്റെ കൈകളിലാണെന്നതിന്റെ തെളിവുകൂടിയാണ്. സര്‍ക്കാര്‍ വിശ്വാസവഞ്ചനകാട്ടി എന്നാണ്, കല്‍ക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതി വിലയിരുത്തിയത്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വേറെയും ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി: രാഷ്ട്രീയ യജമാനന്മാരുടെ പിടിയിലാണ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി. അതിനെ ആ പിടിയില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്ര ഏജന്‍സിയാക്കണം. ഭരണതലത്തില്‍ വിശ്വാസച്ചോര്‍ച്ച സംഭവിച്ചു. സര്‍ക്കാരിന്റെ നടപടിമൂലം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ക്കാണ് കോട്ടമുണ്ടായത്- എന്നിങ്ങനെ.

കല്‍ക്കരി കുംഭകോണകേസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ നിയമ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് തിരുത്തല്‍ വരുത്തിയത്. വരുത്തിയ തിരുത്തലുകള്‍ അക്കമിട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരുമാണ് മാറ്റങ്ങള്‍ വരുത്തിയത്. റിപ്പോര്‍ട്ട് ഭരണതലത്തില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞതിന് നല്‍കിയ മറുപടിയിലാണ്, കാണുകയും തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണ്ടിട്ടേയില്ല എന്നാണ് ആദ്യം കോടതിയില്‍ ബോധിപ്പിച്ചതെങ്കില്‍ പിന്നീട്, വ്യാകരണപ്പിശകും അച്ചടിപ്പിശകുമാണ് തിരുത്തിയതെന്ന ദുര്‍ബലവാദമാണുയര്‍ത്തിയത്. നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും പ്രൂഫ് റീഡറുടെ പണിയാണെടുത്തതെന്ന് സുപ്രീംകോടതിയില്‍ പറയിപ്പിക്കാനുള്ള വെളിവില്ലായ്മ കാട്ടിയതില്‍നിന്നുതന്നെ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയും ആശയക്കുഴപ്പവും വ്യക്തമാണ്.

രാജ്യത്തെ 194 കല്‍ക്കരി ഖനികള്‍ ലേലത്തിലൂടെയല്ലാതെ കൈമാറ്റംചെയ്യുക വഴി സ്വകാര്യ കമ്പനികള്‍ക്ക് 1.86 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായതായാണ് 2010-2011 വര്‍ഷത്തെ കല്‍ക്കരി ഖനി കൈമാറ്റം സംബന്ധിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് അവഗണിക്കാനാണ് മന്‍മോഹന്‍സിങ് തയ്യാറായത്. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമീഷണറാണ്, അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കല്‍ക്കരിപ്പാടങ്ങള്‍ കൊള്ളയ്ക്ക് വിട്ടുകൊടുക്കുകയെന്നാല്‍, രാജ്യത്തിന്റെ പ്രകൃതിസമ്പത്ത് ആര്‍ത്തിമൂത്ത കച്ചവടക്കാര്‍ക്കുമുന്നില്‍ കാണിക്കവയ്ക്കുക എന്നാണ്. അങ്ങനെ ചെയ്യുന്നതിന്റെ കൂലി വാങ്ങുന്നത് ഭരണം നയിക്കുന്നവര്‍തന്നെയാണ്. ആ കൊള്ളക്കാരുടെ മുഖം നിയമത്തിനുമുന്നിലെത്താതിരിക്കാനാണ് സിബിഐയെ ചട്ടുകമാക്കിയത്്.

"രാഷ്ട്രീയലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത്, ഉല്‍ക്കണ്ഠാജനകമായ വിഷയമാണ്" എന്ന് 2009 ജനുവരിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയതാണ്. എസ്എന്‍സി ലാവ്ലിന്‍ കേസില്‍, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ദുഷ്പ്രേരണയ്ക്കും സമ്മര്‍ദത്തിനും വഴങ്ങി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ പ്രതിചേര്‍ത്തപ്പോള്‍ പാര്‍ടി നടത്തിയ ഈ വിമര്‍ശമാണ് ഇന്ന് കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ പരമോന്നത കോടതി ആവര്‍ത്തിച്ചിരിക്കുന്നത്. "കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്നും രാഷ്ട്രീയ സ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ മുക്തമല്ല എന്നത് ഖേദകരമാണ്" എന്ന് സിപിഐ എം പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍ ഇപ്പോള്‍ സുപ്രീംകോടതിക്കുംനേരെ ആ പരിഹാസം ആവര്‍ത്തിക്കുമോ? അഴിമതിയുടെ മൊത്തക്കച്ചവടക്കാരാണ് ഭരണം നിയന്ത്രിക്കുന്നത്. 2ജി സ്പെക്ട്രം അഴിമതി, പ്രതിരോധ ഇടപാടുകളിലെ കോഴ എന്നിവയിലെല്ലാം പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് തെളിവുസഹിതം പുറത്തുവന്നത്. അത്തരം കേസുകളിലാകെ അട്ടിമറി നടത്തി വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം സിബിഐക്കാണ്. കല്‍ക്കരിപ്പാടകാര്യത്തില്‍ സുപ്രീംകോടതിയുടെ കര്‍ക്കശ നിലപാടുകൊണ്ട് ഇത്രയും വെളിയില്‍ വന്നു. മറ്റു പല കേസുകളിലും ഭരണനേതൃത്വം കല്‍പ്പിക്കുന്നു; സിബിഐ അനുസരിക്കുന്നു; ഇച്ഛിക്കുന്ന കാര്യങ്ങള്‍ നടക്കുന്നു എന്നതാണവസ്ഥ.

സുപ്രീംകോടതിയോട് വിശ്വാസവഞ്ചന കാണിക്കുന്ന സര്‍ക്കാരിന് ജനങ്ങളോട് ആത്മാര്‍ഥത കാട്ടാന്‍ കഴിയുമെന്ന് സ്ഥിരബുദ്ധിയുള്ളവര്‍ വിശ്വസിക്കില്ല. ഇന്ത്യയെ അഴിമതിരാജ് ആക്കിയ കോണ്‍ഗ്രസ് നേതൃത്വം ഭരണത്തിന്റെ എല്ലാതലങ്ങളിലും അഴിമതിയുടെ വിഷബീജങ്ങളാണ് കുത്തിവച്ചിരിക്കുന്നത്. ഈ കൊള്ളക്കാരുടെ സംരക്ഷകരും ആജ്ഞാനുവര്‍ത്തികളുമായി മാറിയ സിബിഐ എന്ന അന്വേഷണ ഏജന്‍സിയുടെ അവസ്ഥ സഹതാപാര്‍ഹമാണ്. പണംകൊണ്ട് അധികാരം നേടുകയും അധികാരമുപയോഗിച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന് സിബിഐയുടെ വിശ്വാസ്യതയല്ല, സ്വന്തം നിലനില്‍പ്പാണ് പ്രശ്നം. അധികാരം സംരക്ഷിക്കാന്‍ കോടതിവിധിക്കുമേല്‍ അമിതാധികാരവാഴ്ച അടിച്ചേല്‍പ്പിച്ച പാരമ്പര്യമുള്ള ആ പാര്‍ടി നവ ഉദാരവല്‍ക്കരണകാലത്ത് എന്തുംചെയ്യാന്‍ മടിക്കില്ല. അത് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുന്നു. ആ ബോധ്യം ജനങ്ങളിലാകെ പടര്‍ത്തി അഴിമതിവ്യവസ്ഥയുടെ കടപുഴക്കിയെറിയുന്ന ബഹുജനമുന്നേറ്റത്തിനാണ് രാജ്യം വേദിയാകേണ്ടത്.

deshabhimani editorial 010513

Tuesday, April 30, 2013

കേന്ദ്രം റിപ്പോര്‍ട്ട് തിരുത്തി: സിബിഐ


കല്‍ക്കരി കുംഭകോണ കേസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ നിയമ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തല്‍ വരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 15-20 ശതമാനം തിരുത്തലുകള്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വരുത്തിയതായാണ് സൂചനകള്‍. സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയ റിപ്പോര്‍ട്ട്, തിരുത്തുന്നതിന് മുമ്പുള്ള റിപ്പോര്‍ട്ട്, പുതിയ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയും സത്യവാങ്മൂലത്തിനോടൊപ്പം സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമ മന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരും രണ്ട് ഘട്ടങ്ങളിലായി വരുത്തിയ മാറ്റങ്ങളാണ് പുതിയ റിപ്പോര്‍ട്ടില്‍ അനുബന്ധമായി സിബിഐ വിശദീകരിച്ചിട്ടുള്ളത്.

സിബിഐ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടും നിയമ മന്ത്രിയുടെയും മറ്റും ഇടപെടലിനെ തുടര്‍ന്ന് മാറ്റം വരുത്തിയ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിലെ ഓരോ വരികളിലും വരുത്തിയ മാറ്റങ്ങള്‍ സിബിഐ കൃത്യമായി ധരിപ്പിച്ചിരിക്കുന്നതിനാല്‍ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം ഉറപ്പാണ്. റിപ്പോര്‍ട്ട് ഭഭരണതലത്തില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് മാത്രമായിരുന്നു മാര്‍ച്ച് 12ന് സുപ്രീംകോടതി സിബിഐയോട് ആരാഞ്ഞിരുന്നത്. റിപ്പോര്‍ട്ട് കാണുക മാത്രമല്ല കാര്യമായ തിരുത്തലുകളും വരുത്തിയെന്നാണ് സിബിഐ ഇപ്പോള്‍ നല്‍കിയ മറുപടി.

സിബിഐയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ചൊവ്വാഴ്ച കോടതി വിമര്‍ശിച്ചാല്‍ നിയമ മന്ത്രി അശ്വനികുമാറിന്റെ നിലനില്‍പ്പ് പ്രശ്നത്തിലാകും. അശ്വനികുമാറിന് ഈ വിഷയത്തില്‍ രാജിവയ്ക്കേണ്ടിവന്നാല്‍ സ്വാഭാവികമായും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിക്കൂട്ടിലാകും. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനും സിബിഐയുടെ റിപ്പോര്‍ട്ട് കാണുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍നിന്നുള്ള അശ്വനികുമാര്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളാണ്. സിബിഐക്ക് വേണ്ടി തുടക്കത്തില്‍ ഹാജരായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ കോടതിയില്‍ പറഞ്ഞത് റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നായിരുന്നു. പിന്നീട് ഈ നിലപാട് തിരുത്തിയ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍, റിപ്പോര്‍ട്ടിലെ അച്ചടിപ്പിശകുകളും വ്യാകരണപ്പിശകുകളും തിരുത്താന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് നല്‍കിയത്. ഈ രണ്ട് വാദങ്ങളും പച്ചക്കള്ളമായിരുന്നെന്ന് സിബിഐയുടെ പുതിയ റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര ഇടപെടല്‍ വിവാദമായതിനെത്തുടര്‍ന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ കേസില്‍നിന്ന് ഒഴിവാക്കിയ സിബിഐ ഇപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ യു യു ലളിതിന്റെ സേവനമാണ് തേടുന്നത്. ലളിതിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്ന വിശദീകരണം സിബിഐ പുതിയ റിപ്പോര്‍ട്ടില്‍ നല്‍കിയത്.

ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കുംഭകോണക്കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. അതേസമയം കല്‍ക്കരിവിഷയത്തില്‍ തിങ്കളാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ആദ്യം 12 വരെയും പിന്നീട് രണ്ട് വരെയും തടസ്സപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് ചേരാന്‍ പിരിയുകയായിരുന്നു. ലോക്സഭ തുടങ്ങിയ ഉടന്‍തന്നെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും നിയമ മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 12ന് വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു.
(എം പ്രശാന്ത്)

കല്‍ക്കരി: തിരുത്തിയ പകര്‍പ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ തിരുത്തിയ പകര്‍പ്പ് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയതിന്റെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും പരിശോധിച്ചുവെന്ന സിബിഐ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.

കേസില്‍ സുപ്രീംകോടതി 30ന് സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമായി. സിബിഐയെ സ്വാധീനിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ നിയമമന്ത്രി അശ്വനികുമാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രതികരണം സര്‍ക്കാരും പ്രതിപക്ഷ പാര്‍ടികളും ഉറ്റുനോക്കുകയാണ്. ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കേസ് പരിഗണിക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഭരണനേതൃത്വത്തിലെ ആരെങ്കിലുമായി പങ്കുവച്ചോയെന്ന് കോടതി ആരാഞ്ഞതിനെതുടര്‍ന്നാണ് സിബിഐ സര്‍ക്കാര്‍ ഇടപെടല്‍ ബോധ്യപ്പെടുത്തുംവിധം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

deshabhimani

Friday, April 26, 2013

കല്‍ക്കരിക്കേസില്‍ സത്യവാങ്മൂലം; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍


കല്‍ക്കരി കുംഭകോണക്കേസിലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രി അശ്വനികുമാര്‍ പരിശോധിച്ചശേഷമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കണ്ടിരുന്നുവെന്ന് വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രണ്ടുപേജ് വരുന്ന സത്യവാങ്മൂലത്തില്‍ സിബിഐ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടും സിബിഐ സമര്‍പ്പിച്ചു. 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ നിയമമന്ത്രി അശ്വനികുമാര്‍ രാജിവയ്ക്കേണ്ടി വരും. അശ്വനികുമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു.

റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്നാണ് മാര്‍ച്ച് എട്ടിന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ പറഞ്ഞിരുന്നത്. എന്നാല്‍, നിയമമന്ത്രി അശ്വനികുമാര്‍ സിബിഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കോടതിയില്‍ സമര്‍പ്പിക്കേണ്ട കല്‍ക്കരികുംഭകോണ അന്വേഷണറിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചെന്ന വിവരം പിന്നീട് പുറത്തുവന്നു. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് രാഷ്ട്രീയ ഉന്നതര്‍ കണ്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് സിബിഐയോട് നിര്‍ദേശിച്ചു. ഏപ്രില്‍ 26 നകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. മാര്‍ച്ച് എട്ടിന് സമര്‍പ്പിച്ച അന്വേഷണ പുരോഗതിറിപ്പോര്‍ട്ട് താന്‍ പരിശോധിച്ച് അംഗീകരിച്ചതാണെന്ന് സിബിഐ ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കുംമുമ്പ് റിപ്പോര്‍ട്ടിന്റെ കരട് കേന്ദ്ര നിയമമന്ത്രി കണ്ടിരുന്നു. അദ്ദേഹത്തിന്റെ താല്‍പ്പര്യപ്രകാരമാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഓരോ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഭരണനേതൃത്വത്തിലെ ആരും കണ്ടിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഭാവിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളും ഭരണനേതൃത്വത്തിലെ ആരെയും കാണിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു-മാര്‍ച്ച് എട്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറ്റാരെങ്കിലും കണ്ടിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് സിബിഐ ഡയറക്ടര്‍ ഇങ്ങനെ മറുപടി നല്‍കി.

2006-09 കാലയളവില്‍ കല്‍ക്കരിഖനികള്‍ അനുവദിച്ചതില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഖനനത്തിനായി രംഗത്തുവന്ന കമ്പനികളുടെ യോഗ്യത പരിശോധിച്ചില്ല. കമ്പനികള്‍ തെറ്റായ വിവരങ്ങളാണ് സര്‍ക്കാരിന് നല്‍കിയത്. 2006-09 കാലയളവില്‍ കൂടുതല്‍ സമയത്തും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്തിരുന്നത്. സിബിഐ അന്വേഷണം നേരായ ദിശയില്‍ പോയാല്‍ മന്‍മോഹന്‍സിങ് തന്നെയാകും പ്രതിസ്ഥാനത്ത്. ഈ അപകടം മുന്നില്‍ കണ്ടാണ് അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ പ്രധാനമന്ത്രികാര്യാലയവും നിയമമന്ത്രാലയവും നേരിട്ട് ഇടപെട്ടത്. കല്‍ക്കരി കേസില്‍ സിബിഐ അന്വേഷണം വിശ്വസനീയമല്ലെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എന്‍ ഗോപാലസ്വാമി, മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കോമണ്‍കോസ് എന്ന സംഘടനയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
(എം പ്രശാന്ത്)

deshabhimani 270413