Friday, November 30, 2012

പലസ്തീന്‍ ഇനി രാഷ്ട്രം


ഐക്യരാഷ്ട്ര കേന്ദ്രം: പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗ രാഷ്ട്ര പദവിയ്ക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപബ്ലിക് ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് സയണിസ്റ്റ് ജൂത വംശീയ രാഷ്ട്രത്തിന് കനത്ത പ്രഹരമായി.

അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ നടത്തിവന്ന ശ്രമത്തിനെതിരെയാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തത്.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി യുഎന്‍ ആചരിക്കുന്ന ദിനത്തിലാണ് ആ അറബ്ജനതയ്ക്ക് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് പലസ്തീന്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍, 65 വര്‍ഷം മുമ്പുള്ള യുഎന്‍ പ്രമേയം ഇസ്രയേലിന്റെ ജനസര്‍ട്ടിഫിക്കറ്റായത് എടുത്തുപറഞ്ഞു. അതുപോലെ പലസ്തീന്‍ രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ജന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അബ്ബാസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഷാരവത്തോടെയാണ് യുഎന്നിലെ പ്രൗഢസദസ് അബ്ബാസിനെ വരവേറ്റത്. പലസ്തീന്‍ ജനതയുടെ അനിഷേധ്യ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമിതിയ്ക്ക് വേണ്ടി യുഎന്നിലെ സുഡാന്റെ സ്ഥിരം പ്രതിനിധി ദഫാ അല്ലാ എല്‍ഹാഗ് അലി ഉസ്മാനാണ് പലസ്തീന്റെ പദവി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്.

ചൈന, ക്യൂബ, വെനസ്വേല, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങി എഴുപതില്‍പരം രാജ്യങ്ങള്‍ പ്രമേയത്തിന്റെ സഹപ്രായോജകരായി. 67ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ വാക് ജെറെമിക് വോട്ടിങ്ങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭാ ഹാളില്‍ നിന്ന് വന്‍കരഘോഷമുയര്‍ന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രമേയത്തിലൂടെ പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും ഐസിസി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഇസ്രലേുമായി ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി ലഭിക്കൂ എന്ന് ശഠിക്കുന്ന ഇസ്രയേലും അമേരിക്കയും പൊതുസഭാ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി: ഭീഷണിയുമായി അമേരിക്ക

ഐക്യരാഷ്ട്രകേന്ദ്രം: ഐക്യരാഷ്ട്രസംഘടനയില്‍ വെറും "നിരീക്ഷക" പദവിയില്‍ നിന്ന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര" പദവിയിലേക്ക് ഉയരുന്ന പലസ്തീനെ ഈ ചരിത്രനേട്ടത്തില്‍ നിന്ന് തടയാന്‍ അവസാനവേളയില്‍ അമേരിക്കയുടെ ഭീഷണി. പദവി ഉയര്‍ത്തുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ പലസ്തീനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഭീഷണി. പ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി. പ്രമേയം പാസാക്കിയാല്‍ പലസ്തീന്‍കാരില്‍ നിന്നു പിരിക്കുന്ന നികുതിപ്പണം അബ്ബാസ് ഭരണകൂടത്തിന് കൈമാറില്ലെന്ന് ഇസ്രയേലിന്റെ ഭീഷണിയുമുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്ന് (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര) കഴിഞ്ഞേ പ്രമേയം വോട്ടിനിടൂ എന്നാണ് റിപ്പോര്‍ട്ട്. അവിഭക്ത പലസ്തീന്‍ അറബ്, ജൂതരാഷ്ട്രങ്ങളായി വിഭജിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കിയതിന്റെ 65-ാം വാര്‍ഷികനാളിലാണ് പലസ്തീന്‍ തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നത്. പലസ്തീന്‍ പ്രമേയം പാസാകാന്‍ 193 അംഗ പൊതുസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും കുറഞ്ഞത് 130 രാഷ്ട്രമെങ്കിലും പിന്തുണയ്ക്കുമെന്നാണ് സൂചന. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീന്‍ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് പലസ്തീന്‍ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും തീര്‍ത്തും ഒറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെക് റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, എസ്തോണിയ, ലിത്വാനിയ എന്നിവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. ബ്രിട്ടന്‍, ഇപ്പോഴും നിഷ്ഠുരമായ വംശഹത്യ കേസുകളിലടക്കം അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ പലസ്തീനുമായി വിലപേശലിലാണ്. ഇസ്രയേലിനെ ഐസിസിയിലേക്ക് വലിച്ചിഴക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച ചെയ്താകണം പലസ്തീന്‍ രാഷ്ട്രപദവി നേടേണ്ടത് എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ലോകാഭിപ്രായം അവഗണിച്ച് പലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്ക് പലസ്തീന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷക രാഷ്ട്രപദവിക്ക് അമേരിക്കന്‍ ഇടങ്കോല്‍ ഫലിക്കാത്ത പൊതുസഭയില്‍ ഭൂരിപക്ഷ പിന്തുണ മതി യെന്നതാണ് പലസ്തീന് കരുത്താകുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്താലും പൊതുസഭയില്‍ വികസ്വരരാജ്യങ്ങളുടെ വന്‍പിന്തുണയോടെ പ്രമേയം പാസാക്കാനാകും.

deshabhimani

അതിജീവന സമരത്തില്‍ പങ്കാളിയാവുക


രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം രാജ്യത്തിന് എന്തു സംഭാവന നല്‍കി എന്ന പരിശോധനയില്‍ സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കണ്ടത് നാല് പ്രധാന കാര്യങ്ങളാണ്. 1. അവശ്യസാധനങ്ങളുടെ നിരന്തരമായ വിലക്കയറ്റം. 2. ഒന്നാം യുപിഎ ഭരണകാലത്ത് തുടങ്ങിവച്ച ഉന്നതതല അഴിമതിയുടെ വന്‍തോതിലുള്ള വളര്‍ച്ച. 3. അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായി തന്ത്രപ്രധാന സഖ്യവും. 4. രൂക്ഷമായ ചൂഷണവും ഇല്ലായ്മയുംമൂലം തൊഴിലാളിവര്‍ഗവും കര്‍ഷകരും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുന്നു. നവ ഉദാരവല്‍ക്കരണനയങ്ങള്‍ ഓരോ നിമിഷവും ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. ഏറ്റവുമൊടുവില്‍, ജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ജനകോടികള്‍ക്ക് താങ്ങായി നില്‍ക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറച്ചാണ് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്. സബ്സിഡി പണമായി ബാങ്കുവഴി നല്‍കുമെന്നാണ് പ്രഖ്യാപനം. വില നിയന്ത്രിച്ചുള്ള സാര്‍വത്രിക പൊതുവിതരണസമ്പ്രദായം നിര്‍ത്തലാക്കുന്നതാണീ നടപടി.

വിലക്കയറ്റം എന്നത്തെക്കാളും രൂക്ഷമായ ഘട്ടത്തില്‍ വിപണിവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനം വാങ്ങേണ്ടിവരും. അതിനുസരിച്ച് സബ്സിഡി ലഭിക്കുകയുമില്ല. അതിനര്‍ഥം, ഈ നയംമാറ്റത്തിലൂടെ രാജ്യത്ത് പോഷകാഹാരക്കുറവും ദാരിദ്ര്യവും വര്‍ധിക്കുമെന്നാണ്. പണം എന്ന പ്രലോഭനം കാട്ടി ജനങ്ങളെ വഞ്ചിച്ച് അതിന്റെ മറവില്‍ സര്‍ക്കാരിന്റെ കടമകള്‍ കൈവിടാനുള്ള ആസൂത്രിതനീക്കം രാജ്യത്താകെ പ്രതിഷേധം വിളിച്ചുവരുത്തുന്ന ഘട്ടമാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുക എന്നത് ഏതു സര്‍ക്കാരിലും നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ 39 വട്ടം പെട്രോള്‍വില വര്‍ധിപ്പിച്ചു എന്ന വസ്തുത, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ ആ ഉത്തരവാദിത്തം എങ്ങനെയാണ് നിറവേറ്റുന്നത് എന്ന് തെളിയിക്കുന്നു. 2004ല്‍ ഒന്നാം യുപിഎ അധികാരമേല്‍ക്കുമ്പോള്‍ 26 രൂപയായിരുന്ന ഡീസല്‍വില ഇന്ന് അന്‍പതുരൂപയാണ്. പെട്രോളിന് പിന്നാലെ ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ധനവിലയിലെ നേരിയ വര്‍ധനപോലും പൊതുവിലക്കയറ്റത്തിന് വന്‍തോതില്‍ ഇന്ധനം പകരും. പാചകവാതകത്തിന് പകരം അടുപ്പുകത്തിക്കാന്‍ ജനങ്ങള്‍ മരം നട്ടുവളര്‍ത്തട്ടെയെന്നുപദേശിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. ഇപ്പോഴത്തെ വിലവര്‍ധനയും നിയന്ത്രണവുമൊന്നും പാചകവാതക ക്ഷാമം മൂലമല്ല. മറിച്ച്, ജനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ പാചകവാതകം നല്‍കരുത് എന്ന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. യുപിഎ ഭരണകാലയളവില്‍ സിലിണ്ടറിന് 118 രൂപയാണ് സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വില വര്‍ധിച്ചത്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി ചുരുക്കുന്നത് സിലിണ്ടറിന് മുന്നൂറു രൂപ വര്‍ധിപ്പിക്കുന്നതിനുതുല്യമാണ്. വില വര്‍ധിപ്പിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കിയാണ് പലമടങ്ങ് അധികഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഡോ. വിജയ് കേല്‍ക്കര്‍ കമ്മിറ്റി സെപ്തംബര്‍ മൂന്നിന് കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തത്, പാചകവാതക സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് നാലു രൂപയും വര്‍ധിപ്പിക്കണമെന്നാണ്. അത്യന്തം ജനദ്രോഹകരമെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ട ആ ശുപാര്‍ശകളെയും കടത്തിവെട്ടിയാണ് പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി കുറച്ചത്. ആറിനുശേഷം വാങ്ങുന്ന ഓരോ സിലിണ്ടറിനും സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില നല്‍കണം. നിയന്ത്രണം നടപ്പാക്കുമ്പോള്‍, വര്‍ഷം 12 സിലിണ്ടര്‍ ഉപയോഗിക്കുന്ന കുടുംബത്തിന് അധികം വാങ്ങുന്ന ആറ് സിലിണ്ടര്‍ ഓരോന്നിനും 430 രൂപയുടെ സ്ഥാനത്ത് 942 രൂപവീതം നല്‍കേണ്ടിവരും. സിലിണ്ടറിന് 512 രൂപ കൂടുതല്‍. (പ്രാദേശികമായി ഇതില്‍ ചെറിയ മാറ്റം വരും). ആറിന് പുറമെ വാങ്ങുന്ന ആറ് സിലിണ്ടറിന് മൊത്തം 3072 രൂപ നല്‍കണം. കേല്‍ക്കര്‍ കമ്മിറ്റി

ശുപാര്‍ശചെയ്ത വര്‍ധന നടപ്പാക്കിയാല്‍ 600 രൂപയുടെ ഭാരമാണ് വരേണ്ടിയിരുന്നത്. പാചകവാതകവിതരണം അനിശ്ചിതാവസ്ഥയിലാണിന്ന്. ഗ്രാമ-നഗര വ്യത്യാസം ഏറെക്കുറെ ഇല്ലാതാകുന്ന കേരളത്തില്‍ ഗണ്യമായ വിഭാഗത്തിന്റെ അടുക്കളയില്‍ ഭക്ഷണം വേകണമെങ്കില്‍ പാചകവാതകം വേണം. മാസം ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നവരാണധികവും. ആറായി ചുരുക്കിയ സബ്സിഡി സിലിണ്ടര്‍ വര്‍ഷത്തിന്റെ പാതിയാകുന്നതുവരെയേ എത്തൂ. ബാക്കി സബ്സിഡിയില്ലാതെ വാങ്ങേണ്ടിവരുന്നത് കുടുംബ ബജറ്റുകളെ കീഴ്മേല്‍മറിക്കും. സര്‍ക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കും എന്നാണിതില്‍നിന്ന് വ്യക്തമാകുന്നത്. അതിജീവനത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. കേരളത്തില്‍ ഡിസംബര്‍ ഒന്നിന് പാതയോരങ്ങളില്‍ ജനലക്ഷങ്ങള്‍ അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്തുകൊണ്ടുള്ള സമരത്തിന് സിപിഐ എം നേതൃത്വം നല്‍കുന്നതിന്റെ പശ്ചാത്തലം ഇതാണ്. വിലക്കയറ്റം തടയണം, പാചകവാതക സിലിണ്ടര്‍ നിയന്ത്രണം റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളചരിത്രത്തിലെ സവിശേഷതയാര്‍ന്ന സമരമുന്നേറ്റമാണ് ഡിസംബര്‍ ഒന്നിന് യാഥാര്‍ഥ്യമാകുക. മഞ്ചേശ്വരംമുതല്‍ പാറശാലവരെ ദേശീയപാതയോരത്തും ഒപ്പം വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും അടുപ്പുകളെരിയും. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ചുവടുപറ്റി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും കടുത്ത ജനദ്രോഹനടപടികളുടെ വഴിയിലാണ്. പൊതുവിതരണരംഗത്തും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ പാടെ അട്ടിമറിക്കപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍പോലെ കേരളത്തില്‍ നിലനില്‍ക്കുന്ന സേവന-വേതന വ്യവസ്ഥകളെ അട്ടിമറിക്കുന്നതടക്കം നാനാവിഭാഗം ജനങ്ങള്‍ക്കുമെതിരായ നിരവധി നടപടികള്‍ തുടര്‍ച്ചയായി വരുന്നു. സബ്സിഡി ബാങ്കുകളിലൂടെയാക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു. അതോടെ 1966 മുതല്‍ കേരളത്തിന്റെ അഭിമാനനേട്ടമായ പൊതുവിതരണസമ്പ്രദായം അവസാനിക്കും.

റേഷന്‍കടകള്‍ ഇല്ലാതാകുകയും കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും ജനങ്ങളെ വേട്ടയാടുകയും ചെയ്യും. മണ്ണെണ്ണയുടെ സബ്സിഡി പണമായി നല്‍കാനുള്ള ഉദ്യമം പരാജയപ്പെട്ടു എന്ന് മുഖ്യമന്ത്രിതന്നെ കുറ്റസമ്മതംനടത്തിയ അതേവേളയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്ത് 14300ല്‍പരം റേഷന്‍കടകളുണ്ട്. റേഷനായി ലഭിക്കുന്ന ധാന്യങ്ങളും മറ്റവശ്യവസ്തുക്കളുംകൊണ്ട് പുലരുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുണ്ട്. പുതിയ തീരുമാനത്തോടെ അവര്‍ പട്ടിണിയിലേക്കാണ് എടുത്തെറിയപ്പെടുക. സമരമല്ലാതെ മറ്റു വഴിയില്ല എന്ന അവസ്ഥയിലാണ് ജനങ്ങള്‍. അതുകൊണ്ടുതന്നെ ഡിസംബര്‍ ഒന്നിന് ആബാലവൃദ്ധം തെരുവുകളിലേക്കൊഴുകിയെത്തി പ്രതിഷേധാഗ്നി എരിക്കുമെന്നതില്‍ സംശയമില്ല. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധതയ്ക്കുള്ള കരുത്തന്‍ ആഘാതമാക്കി ഈ സമരത്തെ മാറ്റാന്‍ മുഴുവന്‍ കേരളീയരോടും അഭ്യര്‍ഥിക്കുന്നു.


പിണറായി വിജയന്‍

സ്ലീപ്പര്‍ യാത്രകാര്‍ക്കും നാളെ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം


തീവണ്ടികളില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കും ശനിയാഴ്ച മുതല്‍  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പ്പന തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തെ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.
 തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തന്നെ യാത്രക്കാര്‍ സൂക്ഷിക്കേണ്ടി വരും. വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച സീരിയല്‍ നമ്പരുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ദേശസാല്‍കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്, ഫോട്ടോയോടു കൂടി ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് റെയില്‍വെ പരിഗണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍.
.
തത്കാല്‍ ടിക്കറ്റിലും ഇടിക്കറ്റിലും യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന നിബന്ധന നേരത്തെ മുതല്‍ നിലനിന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്  എ.സി. ത്രീ ടയര്‍, എ.സി. ടു ടയര്‍, ഫസ്റ്റ്ക്ലാസ് യാത്രക്കാരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന ഉത്തരവ് റെയില്‍വെ പുറപ്പെടുവിച്ചത്. ഏജന്റുമാര്‍ കൂട്ടമായി ടിക്കറ്റ് വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.

കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പ്പന സ്ലീപ്പര്‍ ക്ലാസിലും വ്യാപകമാണെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ എല്ലാ തീവണ്ടി യാത്രക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡെന്ന നിബന്ധനയിലേക്ക് റെയില്‍വെ നീങ്ങുന്നത്.

deshabhimani

ഐ ടി നിയമം: വിവാദവ്യവസ്ഥ മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍


 ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പില്‍ മാറ്റം വരുത്താനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിയമത്തിന്റെ ദുരുപയോഗം തടയാനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന വാദത്തോടെ വിവരസാങ്കേതികവിദ്യ (ഐടി) നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച ഫയലില്‍ സ്വീകരിച്ചിരുന്നു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പുതുച്ചേരി, ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

ബാല്‍താക്കറെയുടെ മരണത്തെത്തുടര്‍ന്ന് മുംബൈയിലെ ശിവസേനാബന്ദിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച പെണ്‍കുട്ടികളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ്ഹര്‍ജി. സൈബര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ അടുത്തിടെ നടന്ന അറസ്റ്റുകള്‍ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്ന് സ്വയമേവ കേസെടുക്കാന്‍ തങ്ങള്‍ ആലോചിക്കുകയായിരുന്നു എന്ന നിര്‍ണായക പരാമര്‍ശത്തോടെയാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.


ഇത്രയധികം സംഭവങ്ങളുണ്ടായിട്ടും ഐടി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യംചെയ്ത് ആരും മുന്നോട്ടുവരാതിരുന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഐടി നിയമത്തിലെ 66 എ വകുപ്പ് ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നുവെന്ന വാദത്തോടെ ഡല്‍ഹി വിദ്യാര്‍ഥിയായ ശ്രേയസിംഗാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബാല്‍താക്കറെ അന്തരിച്ചശേഷം ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുംബൈയില്‍ ഷഹീന്‍ എന്ന പെണ്‍കുട്ടിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഷഹീന്റെ അഭിപ്രായത്തോട് അനുഭാവം പ്രകടിപ്പിച്ചെന്ന കാരണത്താല്‍ മലയാളിയായ രേണു ശ്രീനിവാസനെയും അറസ്റ്റ് ചെയ്തു.

മമത ബാനര്‍ജിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പശ്ചിബംഗാളിലെ ജാധവ്പുര്‍ സര്‍വകലാശാലയിലെ അധ്യാപകനായ അംബികേഷ് മഹാപത്രയും അറസ്റ്റിലായിരുന്നു. പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ചതിന് പുതുശേരിയില്‍&ാറമവെ;രവി ശ്രീനിവാസന്‍ എന്ന ബിസിനസുകാരനും ഐടി വ്യവസ്ഥയുടെ ഇരയായി. ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും പ്രതികരണം നടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരായ വി ജഗന്നാഥറാവു, മായങ്ക്ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 19 (1) വകുപ്പിനെ അസാധുവാക്കുന്നതാണ് ഐടി നിയമത്തിലെ 66 എ വ്യവസ്ഥയെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

കോടതി അഡീഷണണല്‍ സോളിസിറ്റര്‍ ജനറല്‍ ജി ഇ വഹന്‍വതിയുടെ സഹായം തേടയിരുന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ നിലപാടു അദ്ദേഹം കോടതിയെ അറിയിച്ചത്.  അതിനിടെ ഐടി ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് ഗ്രാമീണമേഖലയില്‍ ഡിസിപി തലത്തിലുളള ഉദ്യോഗസ്ഥന്റെയും മെട്രോനഗരങ്ങളില്‍ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെയും അനുമതി വേണമെന്ന് ഭേദഗതിയില്‍ പറയുന്നു.

deshabhimani 301112

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി നല്‍കുന്നത് നിയമവിരുദ്ധം


ആധാര്‍ കാര്‍ഡ് ബില്‍ പാസാക്കുന്നതിനു മുമ്പ് ആധാറുമായി ബന്ധപ്പെടുത്തി സബ്സിഡി പണമായി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത് നിയമവിരുദ്ധം. നിലവില്‍ നല്‍കിവരുന്ന ആധാര്‍ കാര്‍ഡിനുപോലും നിയമസാധുതയില്ലെന്നിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ സബ്സിഡി പണമായി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിന്റെ അടിസ്ഥാനം എന്തെന്ന ചോദ്യം ഉയരുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് നന്ദന്‍നിലക്കേനിയയുടെ നേതൃത്വത്തിലുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി തയ്യാറാക്കിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍, ഈ ബില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ധനമന്ത്രാലയസ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ അപ്പാടെ തള്ളിക്കളയുകയും പുതിയ ബില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. പുതിയ ബില്‍ ഇനിയും അവതരിപ്പിച്ചിട്ടില്ല. അതായത് ആധാര്‍കാര്‍ഡ് സംവിധാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ഈ കാര്‍ഡിനെ അടിസ്ഥാനമാക്കിയാണ് സബ്സിഡി പണമായി നല്‍കുന്ന സംവിധാനം നിലവില്‍ വരുന്നത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്ക് നിയമസാധുതയുണ്ടാകില്ലെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനും കഴിയില്ല. അതിനാല്‍ ജനുവരിയില്‍ പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രചാരണം മാത്രമാണ്. നിയമത്തിന്റെ പിന്‍ബലമില്ലാതെ പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യ വിരുദ്ധവുമാണ്. സര്‍ക്കാര്‍ പദ്ധതി പാര്‍ടി ഓഫീസില്‍ പ്രഖ്യാപിച്ച രീതിയും തെറ്റാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സബ്സിഡി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് സബ്സിഡി പണമായി ബാങ്ക് വഴി നല്‍കാനുള്ള തീരുമാനം. മാത്രമല്ല നിലവിലുള്ള റേഷന്‍ സംവധിധാനം ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഭഭക്ഷ്യവസ്തുക്കളുടെ സംഭരണവും താങ്ങുവില നല്‍കുന്ന സമ്പ്രദായവും അപ്രത്യക്ഷമാകും.

deshabhimani

പാര്‍ലമെന്റില്‍ വോട്ടെടുപ്പ് അംഗീകരിച്ചത് സ്വാഗതാര്‍ഹം: യെച്ചൂരി


ഇരുസഭയിലും വോട്ട്ചര്‍ച്ച

ന്യൂഡല്‍ഹി: ചില്ലറവിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ചതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും വോട്ടോടുകൂടിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ കേന്ദ്രം വഴങ്ങി. സമാജ്വാദി പാര്‍ടി, ബിഎസ്പി, ഡിഎംകെ എന്നീ കക്ഷികളുടെ പിന്തുണ ഉറപ്പായശേഷമാണ് ലോക്സഭയില്‍ വോട്ടോടുകൂടിയ ചര്‍ച്ചയ്ക്ക് കേന്ദ്രം സമ്മതം മൂളിയത്. വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്യസഭയിലും വോട്ടുചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യസഭയില്‍ സര്‍ക്കാരിന്റെ സ്ഥിതി അത്ര ഭദ്രമല്ല. ലോക്സഭയില്‍ അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലും രാജ്യസഭയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് എഫ്ഡിഐ ചര്‍ച്ച തീരുമാനിച്ചിട്ടുള്ളത്.

വോട്ടുചര്‍ച്ചയുടെ കാര്യത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ തുടക്കംമുതല്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് ഒടുവില്‍ നിലപാട് മാറ്റാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. വോട്ടുചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കിലും "ഫെമ" നിയമത്തിലെ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അനുമതി വേണ്ടതിനാല്‍ എന്തായാലും ചര്‍ച്ച വേണ്ടിവരുമെന്ന് സിപിഐ എം വെളിപ്പെടുത്തിയതോടെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലാതാവുകയായിരുന്നു. നാലുദിവസത്തെ തുടര്‍ച്ചയായ സഭാസ്തംഭനത്തിനുശേഷം വ്യാഴാഴ്ച ലോക്സഭ നടപടികളിലേക്ക് കടന്നു. രാവിലെ സഭഭചേര്‍ന്നപ്പോള്‍ തന്നെ താന്‍ വോട്ടുചര്‍ച്ച അനുവദിക്കുകയാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. പ്രതിപക്ഷ നേതാക്കള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

എന്നാല്‍, ഇത്തരമൊരു ഉറപ്പ് ലഭിക്കാത്തതിനെത്തുടര്‍ന്ന് രാജ്യസഭഭവ്യാഴാഴ്ചയും സ്തംഭിച്ചു. രണ്ടുവട്ടം നിര്‍ത്തിയ സഭഭഅടുത്ത ദിവസം ചേരാനായി പിരിഞ്ഞു. ഉച്ചയ്ക്ക് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി സര്‍വകക്ഷി യോഗം വിളിച്ചു. എഫ്ഡിഐ വിഷയത്തില്‍ തനിക്ക് ഒട്ടേറെ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ച അനുവദിക്കാന്‍ തീരുമാനിക്കുകയാണെന്നും ഹമീദ് അന്‍സാരി അറിയിച്ചു. വോട്ടോടുകൂടിയുള്ള ചര്‍ച്ചയായിരിക്കുമെന്ന് സീതാറാം യെച്ചൂരിക്ക് ഹമീദ് അന്‍സാരി മറുപടി നല്‍കി. ഡിഎംകെയുടെയും ബിഎസ്പിയുടെയും പിന്തുണ ഉറപ്പായതോടെ ലോക്സഭയില്‍ വോട്ടുചര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ല. എസ്പിയുടെ പിന്തുണയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ലോക്സഭയില്‍ 265 അംഗങ്ങളാണ് യുപിഎയ്ക്കുള്ളത്. 21 എംപിമാരുള്ള ബിഎസ്പിയുടെ പിന്തുണ ഉറപ്പായതിനാല്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 273 ല്‍ എത്താന്‍ സര്‍ക്കാരിന് കഴിയും. 22 എംപിമാരുള്ള സമാജ്വാദി പാര്‍ടികൂടി പിന്തുണച്ചാല്‍ എഫ്ഡിഐ വിഷയത്തില്‍ സര്‍ക്കാരിന്റെ പിന്തുണ 300 കടക്കും. എന്നാല്‍, രാജ്യസഭയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. 244 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 123 വോട്ട് ആവശ്യമാണ്. യുപിഎയ്ക്ക് 94 അംഗങ്ങളുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട 10 എംപിമാരുടെയും പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന സച്ചിനെയടക്കം വോട്ടെടുപ്പ് വേളയില്‍ സര്‍ക്കാരിന് കൊണ്ടുവരേണ്ടി വരും.

ബിഎസ്പിയുടെ 15 അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാലും സംഖ്യ 119 ലേ എത്തൂ. ഒമ്പത് അംഗങ്ങളുള്ള എസ്പിയുടെ പിന്തുണയാണ് ഇവിടെ നിര്‍ണായകമാവുക. രാജ്യസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന എസ്പി നേതാവ് രാംഗോപാല്‍ യാദവിന്റെ പ്രസ്താവനയാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. ഈ പ്രസ്താവനയില്‍ എസ്പി ഉറച്ചുനിന്നാല്‍ മറ്റ് അടവുകള്‍ സര്‍ക്കാരിന് പുറത്തിറക്കേണ്ടി വരും. എന്നാല്‍, ലോക്സഭയില്‍ എഫ്ഡിഐയെ അനുകൂലിക്കുകയും രാജ്യസഭയില്‍ എതിര്‍ക്കുകയും ചെയ്യുകയെന്ന സമീപനം എസ്പിക്ക് സ്വീകരിക്കാനാകില്ല. രാംഗോപാല്‍ യാദവിന്റെ പ്രസ്താവന വിലപേശലിന്റെ ഭഭാഗമാണെന്ന പ്രതീക്ഷയിലാണ് യുപിഎ ക്യാമ്പ്. പാര്‍ലമെന്റിന് പുറത്ത് എസ്പി, ബിഎസ്പി, ഡിഎംകെ, തൃണമൂല്‍ തുടങ്ങിയ കക്ഷികളൊക്കെ ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ത്തിരുന്നു.
(എം പ്രശാന്ത്)

പാര്‍ലമെന്റില്‍ വോട്ടെടുപ്പ് അംഗീകരിച്ചത് സ്വാഗതാര്‍ഹം: യെച്ചൂരി

ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം വൈകിയാണെങ്കിലും അംഗീകരിച്ചതിനെ സിപിഐ എം സ്വാഗതംചെയ്തു. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ പാര്‍ലമെന്റിന്റെ വിലയേറിയ സമയം നഷ്ടപ്പെടില്ലായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് രണ്ട് തവണ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് "ഫെമ" നിയമത്തില്‍ വരുത്തിയ ഭേദഗതിക്കെതിരെ സിപിഐ എം ഭേദഗതികള്‍ കൊണ്ടുവരുമെന്നും അതിനെക്കുറിച്ചും ചര്‍ച്ചയും വോട്ടെടുപ്പും വേണ്ടിവരുമെന്നും യെച്ചൂരി പറഞ്ഞു. ഡിസംബര്‍ 13നകം ഈ ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിന് ശേഷം സിപിഐ എം ഭേദഗതികള്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ യുപിഎ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ലോക്സഭയെ സമീപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അതിലും പരാജയപ്പെട്ടാല്‍ ഇരുസഭകളുടെയും സംയുക്ത യോഗം ചേര്‍ന്ന് ഭേദഗതികള്‍ പാസാക്കേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 301112

കേന്ദ്ര ഒത്താശ: പാമൊലിന്‍ ഇറക്കുമതി റെക്കോഡില്‍


വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വിലത്തകര്‍ച്ചയില്‍ നാളികേര കര്‍ഷകരുടെ ദുരിതം തുടരുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയില്‍ പാമൊലിന്‍ ഇറക്കുമതി സര്‍വകാല റെക്കോഡില്‍. ശുദ്ധീകരിച്ച പാമൊലിന്‍ 2011-12ല്‍ മുന്‍വര്‍ഷത്തെക്കാള്‍ അഞ്ചുലക്ഷത്തോളം ടണ്ണാണ് കൂടുതലായി ഇറക്കുമതിചെയ്തത്. ക്രൂഡ് പാമൊലിനാകട്ടെ ആറുലക്ഷത്തിലേറെ ടണ്ണും. കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാം പാമൊലിന് 15 രൂപവീതം സബ്സിഡി നല്‍കാന്‍ തുടങ്ങിയശേഷമാണ് പാമൊലിന്റെ കുത്തൊഴുക്ക് കൂടിയത്. ഇതിന് ആനുപാതികമായി വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില നാള്‍ക്കുനാള്‍ ഇടിയുകയായിരുന്നു.

2011 നവംബര്‍മുതല്‍ ഒരുവര്‍ഷം 15,77,356 ടണ്‍ ശുദ്ധീകരിച്ച പാമൊലിനാണ് രാജ്യത്ത് ഇറക്കുമതിചെയ്തത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ ഇറക്കുമതി 10,81,686 ടണ്ണായിരുന്നു. 4,85,670 ടണ്ണിന്റെ വര്‍ധന. ശുദ്ധീകരിച്ച പാമൊലിനെക്കാള്‍ നാലിരട്ടിയോളമാണ് ക്രൂഡ് പാമൊലിന്റെ ഇറക്കുമതി. 59,93,665 ടണ്‍ ക്രൂഡ് പാമൊലിനാണ് 2011-12ല്‍ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്തത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 53,74,333 ടണ്ണായിരുന്നു ഇറക്കുമതി. 6,19,332 ടണ്ണിന്റെ വര്‍ധനയാണ് ഉണ്ടായത്. രാജ്യത്ത് ഒട്ടാകെ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ നാലരലക്ഷം ടണ്‍ മാത്രമാണ്. ഇതിനുപോലും മതിയായ വില ലഭിക്കാത്ത സാഹചര്യത്തിലാണ് സബ്സിഡി നല്‍കിയുള്ള പാമൊലിന്‍ ഇറക്കുമതി വര്‍ഷങ്ങളായി തുടരുന്നത്. അഭ്യന്തര ഭക്ഷ്യഎണ്ണകളുടെ വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് 2008 ജൂണ്‍മുതലാണ് പാമൊലിന്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതി ഭക്ഷ്യഎണ്ണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കിലോഗ്രാമിന് 15 രൂപ സബ്സിഡി ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് 2008 മേയില്‍ കേവലം 19,386 ടണ്‍ ശുദ്ധീകരിച്ച പാമൊലിനാണ് ഇറക്കുമതി ചെയ്തതെങ്കില്‍ ജൂണില്‍ അത് 92,846 ടണ്ണായി. ശുദ്ധീകരിക്കാത്ത പാമൊലിനാകട്ടെ മേയിലെ 2,65,945ല്‍നിന്ന് ജൂണില്‍ 3,34,816 ടണ്ണായും ഉയര്‍ന്നു. 2006-07ല്‍ ഇറക്കുമതിചെയ്ത 1,15,142 ടണ്‍ ശുദ്ധീകരിച്ച പാമൊലിന്റെ സ്ഥാനത്ത് സബ്സിഡി നല്‍കിയതോടെ അടുത്തവര്‍ഷം 7,30,794 ടണ്ണായി വര്‍ധിച്ചു. 2008-09ല്‍ ഇത് 12,40,018 ടണ്ണായി. 2009-10ല്‍ ഇറക്കുമതിചെയ്തത് 12,13,409 ടണ്‍ ശുദ്ധീകരിച്ച പാമൊലിനാണ്.

 ക്രൂഡ് പാമൊലിന്‍ സബ്സിഡി ഇല്ലാതിരുന്ന 2006-07 വര്‍ഷംവരെ ഏതാണ്ട് 30 ലക്ഷത്തില്‍ താഴെ ടണ്‍ മാത്രമായിരുന്നു ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ അടുത്തവര്‍ഷം ഇത് 40 ലക്ഷം ടണ്ണിനു മുകളില്‍ എത്തി. തുടര്‍ന്ന് 50 ലക്ഷം ടണ്ണിനും മുകളിലായി. ഇപ്പോഴിത് 60 ലക്ഷം ടണ്ണിനടുത്തുമെത്തി. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 114 രൂപവരെ ലഭിച്ച വെളിച്ചെണ്ണയുടെ നിലവിലത്തെ വില 60 രൂപ മാത്രമാണ്. കൊപ്രയ്ക്ക് സര്‍ക്കാര്‍ താങ്ങുവിലയായി 51 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുവിപണിയിലെ വില 41.5 രൂപ മാത്രമാണ്. താങ്ങുവില പ്രഖ്യാപനത്തിന്റെ പൊള്ളത്തരവും സംഭരണ പാളിച്ചയും ഇതില്‍നിന്നു വ്യക്തമാണ്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ മാത്രം 35 ലക്ഷത്തോളം കേരകര്‍ഷകരാണ് ദുരിതം അനുഭവിക്കുന്നത്. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പുറമെ തേങ്ങയ്ക്കും വില കിട്ടാത്ത സ്ഥിതിയാണ്.
(ഷഫീഖ് അമരാവതി)

deshabhimani 301112

ജെഎന്‍എന്‍യുആര്‍എം ലക്ഷ്യം നേടിയില്ലെന്ന് സിഎജി


ജവാഹര്‍ലാല്‍നെഹ്റു ദേശീയ നഗര പുനര്‍നിര്‍മാണമിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതി ലക്ഷ്യം നേടിയില്ലെന്ന് സിഎജി. പദ്ധതി ലക്ഷ്യമിട്ടതിന്റെ നാലിലൊന്നുപോലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. നഗരപ്രദേശങ്ങളില്‍ ആരംഭിച്ച 1517 ഭവനിര്‍മാണ പദ്ധതികളില്‍ 2011 മാര്‍ച്ച് 31 വരെ പൂര്‍ത്തിയാക്കിയത് 22 എണ്ണംമാത്രം. ഒരുലക്ഷം കോടിയിലധികം രൂപയാണ് പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരിന്റെ വിഹിതമാണ്. തുക അനുവദിക്കുന്നതിനപ്പുറം പദ്ധതികളുടെ നിര്‍വഹണത്തിലോ മേല്‍നോട്ടത്തിലോ ഒട്ടും ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

2005നും 2011നുമിടയില്‍ നടപ്പാക്കാനായി 1571 നഗരഭഭവനിര്‍മാണ പദ്ധതികളും 1298 നഗര പശ്ചാത്തലസൗകര്യ വികസന പദ്ധതികളുമാണ് അംഗീകരിച്ചത്. നഗര പശ്ചാത്തലസൗകര്യ വികസനപദ്ധതികളില്‍ നടപ്പായത് 231 എണ്ണം മാത്രമാണ്. പദ്ധതികള്‍ക്ക് ഭൂമി കിട്ടാനുള്ള താമസം, യഥാസമയം പ്രവൃത്തി ആരംഭിക്കാത്തതിനാല്‍ നിര്‍മാണച്ചെലവിലുണ്ടായ വര്‍ധന എന്നിവ മൂലം ഭവനിര്‍മാണ പദ്ധതികള്‍, കുടിവെള്ളം, മലിനജലനിര്‍മാര്‍ജനം, റോഡുകള്‍, ഫ്ളൈഓവറുകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവ അനിശ്ചിതമായി നീണ്ടു. ജെഎന്‍എന്‍യുആര്‍എം പദ്ധതികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഫലപ്രദമല്ലെന്ന് സിഎജി പറഞ്ഞു. പല സംസ്ഥാനങ്ങളിലും മൂന്നാമതൊരു ഏജന്‍സിയെക്കൊണ്ട് പ്രവൃത്തികള്‍ വിലയിരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന് സഹായകമായ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്കാരങ്ങളും ആവിഷ്കരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കണമെന്ന് സിഎജി ശുപാര്‍ശചെയ്തു. ഭവനപദ്ധതികളുടെ നിലവിലുള്ള അവസ്ഥ വിലയിരുത്തി യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കാലതാമസത്തിനുള്ള കാരണം കണ്ടെത്താനും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ശ്രമിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. പദ്ധതിയുടെ പ്രവര്‍ത്തന കാലാവധി 2005 മുതല്‍ 2012 വരെയായിരുന്നു. ഇത് 2014 വരെ നീട്ടിയിട്ടുണ്ട്.
(വി ജയിന്‍)

deshabhimani 301112

ലോഡ് ഷെഡിങ് തുടരാന്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി

സംസ്ഥാനത്ത് ലോഡ് ഷെഡിങ് തുടരാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈകിട്ടത്തെ ലോഡ് ഷെഡിങ് സമയം മാറ്റാനും അനുമതി നല്‍കിയിട്ടുണ്ട്. വൈകീട്ട് 6 മുതല്‍ 10 വരെയായിരിക്കും അടുത്ത ദിവസം മുതല്‍ ലോഡ് ഷെഡിങ്. നിലവില്‍ 6.30 മുതല്‍ 10.30 വരെയാണ് ലേഡ് ഷെഡിങ്. വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തത്. ബോര്‍ഡിന്റെ മറ്റ് ശുപാര്‍ശകളില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിശദമായ തെളിവെടുപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 10ന് മറ്റ് ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കും.

വീടുകളിലെ പ്രതിമാസ വൈദ്യുതി ഉപയോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തുക. ഇതില്‍ കൂടുതലുള്ള ഉപയോഗത്തിന് 11 രൂപവീതം യൂണിറ്റിന് ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തെ കൂടുതല്‍ ഇരുട്ടിലേക്ക് നയിക്കുന്ന നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവച്ചത്. ബോര്‍ഡിലെ മുഴുവന്‍ സമയ അംഗങ്ങളുടെ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

വ്യവസായസ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നു മാസം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കി അതിന്റെ 75 ശതമാനം ഉപയോഗിക്കാന്‍ അനുവദിക്കും. അധിക വൈദ്യുതിക്ക് അധികനിരക്ക് എന്നതുകൊണ്ട് കെഎസ്ഇബി ഉദ്ദേശിക്കുന്നത് താപവൈദ്യുതി വാങ്ങാന്‍ തങ്ങള്‍ക്കു ചെലവാകുന്ന തുകയാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് അത് 11 രൂപ വരും. വീട്ടില്‍ 200 യൂണിറ്റിലേറെ ഉപയോഗിക്കുന്നയാള്‍ അധിക വൈദ്യുതി യൂണിറ്റിന് 11 രൂപ വീതം നല്‍കണമെന്ന നിര്‍ദേശം ഇപ്പോഴത്തെ കണക്കനുസരിച്ച് ആറുലക്ഷത്തിലേറെ ഉപയോക്താക്കളെ ബാധിക്കും.

സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജലസംഭരണികളില്‍ നിലവിലുള്ള വെള്ളം കഴിഞ്ഞ വര്‍ഷത്തെ നിരക്കിന്റെ പകുതിയോളമേയുള്ളൂ. കഴിഞ്ഞ നവംബര്‍ 15ന് 1932.97 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ശേഷിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേദിവസം 3490.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശുപാര്‍ശചെയ്യുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. എന്നാല്‍, ആസൂത്രണത്തിലെ ഗുരുതര പാളിച്ചയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന് വ്യക്തം. മഴക്കാലത്ത് ഇടുക്കിയില്‍ അധിക ഉല്‍പ്പാദനം നടത്തി വൈദ്യുതി വിറ്റത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി.

deshabhimani

"പത്തു കല്‍പ്പനകള്‍" പെരുവഴിയില്‍; പിട്രോഡയ്ക്കും മതിയായി


ജനങ്ങളെ കബളിപ്പിച്ച കര്‍മപരിപാടികളുടെ പിന്നാലെ സാം പിട്രോഡയുടെ പത്തു കല്‍പ്പനകളും യുഡിഎഫ് സര്‍ക്കാര്‍ പെരുവഴിയിലുപേക്ഷിച്ചു. ചില പദ്ധതികള്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ പിട്രോഡയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ പിട്രോഡയെ കേരളത്തിന്റെ "മാര്‍ഗദര്‍ശി"യായി നിയമിച്ചാണ് പത്ത് വികസനപദ്ധതികള്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്. ജനുവരി ആദ്യം പ്രഖ്യാപിച്ച പദ്ധതികളുടെ ഒന്നാംഘട്ടം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ പിട്രോഡ ചില ചര്‍ച്ചകള്‍ നടത്തിയതിനപ്പുറം ഒരു നടപടിയുമുണ്ടായില്ല. ഇതിനിടയില്‍ വകുപ്പുകളില്‍ കടന്നുകയറുന്നു എന്ന ഘടകകക്ഷികളുടെ പരാതി ശക്തമായി. മുസ്ലിംലീഗിനാണ് കടുത്ത പരാതി. ഈ സാഹചര്യത്തിലാണ് മിക്ക പദ്ധതിയും ഉപേക്ഷിക്കുന്നത്.

തീരദേശചരക്കുഗതാഗതം, മൊബൈല്‍ ബില്‍തുകയുടെ നിശ്ചിത ശതമാനം ഈടാക്കി ഇന്‍ഷുറന്‍സ് പദ്ധതി, 55 വയസ്സ് കഴിഞ്ഞവരുടെ സേവനം ഉപയോഗപ്പെടുത്തല്‍, സ്വകാര്യനിക്ഷേപത്തോടെ മാലിന്യസംസ്കരണ പദ്ധതികള്‍, വ്യവസായമേഖലയുടെ ആധുനികവല്‍ക്കരണം, ഭരണസുതാര്യത ഉറപ്പാക്കാന്‍ എല്ലാ തലത്തിലും ഇ-ഗവേണന്‍സ്, സര്‍വകലാശാലയും കോളേജും സ്കൂളുകളും ആശുപത്രിയും മറ്റുമടങ്ങുന്ന നോളജ് സിറ്റി, വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം, തിരുവനന്തപുരം നഗരത്തെ ലോക ആയുര്‍വേദത്തിന്റെ തലസ്ഥാനമാക്കല്‍, അതിവേഗ റെയില്‍സംവിധാനം എന്നിവയായിരുന്നു പിട്രോഡയുടെ പത്ത് കല്‍പ്പനകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട പദ്ധതികള്‍. പദ്ധതിപ്രഖ്യാപനത്തിനു പിന്നാലെ പിട്രോഡയും ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരുമായി രണ്ടുവട്ടം നടത്തിയ ചര്‍ച്ചയ്ക്കപ്പുറം ഒരു നടപടിയുമുണ്ടായില്ല. ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആസൂത്രണ സെക്രട്ടറി എന്നിവരും പിട്രോഡയുടെ നോമിനികളും അടങ്ങുന്ന സമിതി രൂപീകരിച്ചിരുന്നു. ഇതില്‍ത്തന്നെ തീരദേശ ചരക്ക് ഗതാഗതത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും നോളജ് സിറ്റിക്കുമാണ് മുന്‍തൂക്കമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിഭീമമായ മുതല്‍മുടക്ക് വേണ്ടിവരുന്ന പദ്ധതികള്‍ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന് അന്നുതന്നെ ചോദ്യമുയര്‍ന്നതാണ്. ലോകത്തെങ്ങുനിന്നും പണം വന്നുകൊള്ളും എന്നായിരുന്നു പിട്രോഡയുടെ പ്രതികരണം. പണം പ്രശ്നമല്ലെന്നും വികസനകാഴ്ചപ്പാടാണ് പ്രധാനമെന്നും സംസ്ഥാന സര്‍ക്കാരും അവകാശപ്പെട്ടു. എന്നാല്‍, ഇതെല്ലാം പെരുവഴിയില്‍ ഉപേക്ഷിച്ച സ്ഥിതിയാണിപ്പോള്‍.

deshabhimani 301112

Thursday, November 29, 2012

പുകസ ദേശീയസെമിനാര്‍ നാളെ തുടങ്ങും


പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ദേശീയ സെമിനാര്‍ ആരംഭിക്കും. വൈകിട്ട് 4.30ന് ഗാന്ധിപാര്‍ക്കില്‍ ഡോ. ഐജാസ് അഹമ്മദ് സെമിനാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. നൈാന്‍കോശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒ എന്‍ വി കുറുപ്പ് അധ്യക്ഷനാകും. പി ഗോവിന്ദപ്പിള്ള അവസാനമായി രചിച്ച "ദി ഭക്തി മൂവ്മെന്റ്; റിനൈസന്‍സ് ഓര്‍ റിവൈവലിസം" ഡോ. പ്രഭാത്പട്നായിക് പ്രകാശനംചെയ്യും. മേയര്‍ കെ ചന്ദ്രിക പുസ്തകം ഏറ്റുവാങ്ങും. ഒഎന്‍ വി കുറുപ്പ്, സുഗതകുമാരി, ഡോ. പുതുശേരി രാമചന്ദ്രന്‍ എന്നിവരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ആദരിക്കും. രാത്രി 7.30ന് പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ "പ്രേമശില്‍പ്പി" എന്ന കഥാപ്രസംഗത്തിന്റെ ആദ്യ അവതരണം നടത്തും.

ഡിസംബര്‍ ഒന്നിന് കെ ദാമോദരന്‍ നഗറില്‍ (ഇ എം എസ് അക്കാദമി) വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. "പുരോഗമനകലാസാഹിത്യപ്രസ്ഥാനം ഇന്ത്യയില്‍" എന്ന വിഷയത്തില്‍ പ്രഭാത്പട്നായിക്, ഡോ. ഐജാസ് അഹമ്മദ്, മിഹിര്‍ ഭട്ടാചാര്യ, പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് "പുരോഗമനകലാസാഹിത്യ പ്രസ്ഥാനം പ്രാദേശിക പ്രതിഫലനങ്ങള്‍" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ രാജ്യത്തെ ഒമ്പതുഭാഷകളിലെ പ്രമുഖര്‍ പങ്കെടുക്കും. ചഞ്ചല്‍ ചൗഹാന്‍, തമിഴ്ശെല്‍വന്‍, ജി രവി, സ്വയംപ്രവ പഥി, നരേഷ് നദീം, ഇന്ദ്രനാഥ് ബന്ദോപാധ്യായ, ഡോ. ഉദയ്നാര്‍ക്കര്‍, സുരേന്ദ്രറാവു, ഡോ. കെ പി മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് ചിത്രകല, കേരളീയകലകള്‍, നാടകവേദി, നാടന്‍കലകള്‍, സിനിമ, സംഗീതം എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "മതനിരപേക്ഷ സംസ്കാരം", "പുരോഗമന കലാസാഹിത്യ പ്രസ്ഥാനം നാളെ: സാധ്യതകള്‍, വെല്ലുവിളികള്‍" എന്നീ വിഷയങ്ങളിലും സെമിനാര്‍ നടക്കും. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, ജില്ലാ പ്രസിഡന്റ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എസ് രാജശേഖരന്‍, സ്വാഗതസംഘം കണ്‍വീനര്‍ വിനോദ് വൈശാഖി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 291112

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം


സിപിഐ എം ഫണ്ട് ശേഖരണം ഡിസംബറില്‍

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പാര്‍ടി സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ഡിസംബറിലാണ് ഫണ്ട് ശേഖരണം. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും ബഹുജനങ്ങളോടും അഭ്യര്‍ഥിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ എതിര്‍ത്തും ബദല്‍നയങ്ങള്‍ മുന്നോട്ടുവച്ചും ജനങ്ങളെ അണിനിരത്തി പാര്‍ടി പോരാടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക എന്നത് രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. സിപിഐ എമ്മിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനുമാണ് ഫണ്ട് ശേഖരിക്കുന്നത്.

പാര്‍ടി ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം

സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. 2012 ഡിസംബറിലാണ് ഫണ്ട് ശേഖരണം. ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവന്‍ പാര്‍ടി ഘടകങ്ങളോടും സഖാക്കളോടും അഭ്യര്‍ഥിച്ചു.

സോവിയറ്റ് യൂണിയനുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് സോഷ്യലിസം കാലഹരണപ്പെട്ടുപോയി എന്ന് പ്രചരിപ്പിച്ചവര്‍ക്ക് കടുത്ത ആഘാതം നല്‍കിയാണ് ആഗോള മുതലാളിത്ത പ്രതിസന്ധി രൂപപ്പെട്ടതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍നിന്ന് പുറത്തുകടക്കാനാവാതെ അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ സമ്പദ്ഘടന ഗുരുതര സാഹചര്യം നേരിടുകയാണ്. ഇതിനെതിരായി വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ ഈ രാജ്യങ്ങളില്‍ നടക്കുന്നു. ഇത്തരം അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെ എല്ലാ മേഖലകളില്‍നിന്നും പിന്മാറി ധനമൂലധനത്തിന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്കേന്ദ്രസര്‍ക്കാരിന്റേത്. കമ്പോളങ്ങളിലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം ഓരോ മേഖലയില്‍നിന്നും പിന്‍വലിച്ചുകൊണ്ടിരിക്കുന്നു. പെട്രോളിയം, രാസവളം തുടങ്ങിയ മേഖലകളിലെ ഈ സമീപനം ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സബ്സിഡി പാചകവാതക സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തിയത് അടുക്കളയില്‍ തീ പുകയുന്നതിനുപോലും വിഘാതമായി. എല്ലാ സബ്സിഡികളും ബാങ്കു വഴി നല്‍കുമെന്ന പ്രഖ്യാപനം ഫലത്തില്‍ സബ്സിഡികള്‍ ഇല്ലാതാക്കുന്നതിലേക്ക് നയിക്കും. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രം. വിശ്വവിഖ്യാതമായ ചേരിചേരാനയം പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചു.

ജനദ്രോഹ നയങ്ങളുടെ അടിസ്ഥാനമായ ആഗോളവല്‍ക്കരണ നയങ്ങളോട് ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. ഇതിനെതിരെ ജനപക്ഷത്ത് നിന്നുകൊണ്ട് പോരടിക്കുന്നത് പാര്‍ടി നേതൃത്വം നല്‍കുന്ന ഇടതുപക്ഷംമാത്രമാണ്. അതുകൊണ്ടുതന്നെ, പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സാമ്രാജ്യത്വശക്തികളുടെ സഹായത്തോടെ നടന്നുകൊണ്ടിരിക്കുകയാണ്. വലതുപക്ഷ ശക്തികളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഇത്തരം പ്രചാരവേലകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇവ തുറന്നുകാട്ടി മുന്നോട്ടുപോകുന്നതിന് പാര്‍ടിക്ക് കരുത്ത് പകരുക എന്നത് രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരള വികസനത്തിന്റെ അടിസ്ഥാനമായ ഭൂപരിഷ്കരണംപോലും അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ക്കുന്നു. നിത്യോപയോഗസാധനവില അനുദിനം കുതിച്ചുകയറുകയാണ്. ഇടപെടേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി. റേഷന്‍ സംവിധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ പദ്ധതി നടപ്പാക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി കേരളത്തില്‍ നിലനില്‍ക്കുന്ന സേവന-വേതന വ്യവസ്ഥകള്‍ ഇല്ലാതാക്കുന്നു. കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ സംസ്കാരത്തെപ്പോലും ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് യുഡിഎഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. പെണ്‍വാണിഭ-ഗുണ്ടാ സംഘങ്ങള്‍ നാട് അടക്കിഭരിക്കുന്ന നിലയാണിപ്പോള്‍.

ജനദ്രോഹ നയങ്ങളെ തുറന്നുകാട്ടിയും ആഗോളവല്‍ക്കരണ നയസമീപനങ്ങളെ എതിര്‍ത്തും ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ജനങ്ങളെ അണിനിരത്തി പാര്‍ടി പോരാടുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി സിപിഐ എമ്മിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനുമാണ് ഫണ്ട് ശേഖരണം. അതിനായി പാര്‍ടി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാര സംഭാവന നല്‍കി വിജയിപ്പിക്കണമെന്ന് മുഴുവന്‍ ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 291112

യുവജനങ്ങളുടെ മദ്യാസക്സതി സാമൂഹിക നന്‍മകള്‍ ഇല്ലാതാക്കും: പിണറായി


യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി സാമൂഹിക നന്‍മകള്‍ ഇല്ലാതാക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധ ക്യാമ്പയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപാനം ക്യാമ്പസുകളില്‍ വ്യാപകമാകുന്നത് ഗൗരവത്തോടെ കാണണം. യുവജനങ്ങള്‍ മദ്യത്തിന് അടിമപ്പെടുന്നതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടതുണ്ട്. കല്യാണ വീടുകളിലും മരണവീടുകളിലും മദ്യം ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി മാറിയിട്ടുണ്ട്. പഴയതലമുറയിലും മദ്യപന്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പേരും മദ്യം ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരുവിനെപ്പോലും മദ്യവില്‍പ്പനയ്ക്ക് കൂട്ടുപിടിക്കുന്നവരുണ്ട്. വിദേശമദ്യം ഉപയോഗിക്കരുതെന്ന് ഗുരു പറഞ്ഞിട്ടില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. മദ്യാസക്തിക്കെതിരായ ക്യാമ്പയിന് സമൂഹത്തില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani

ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപം സമ്പദ്ഘടന തകര്‍ക്കും: യെച്ചൂരി

ഇന്‍ഷുറന്‍സ് മേഖല വിദേശ ധനമൂലധനത്തിന് തുറന്നുകൊടുക്കുന്നത് രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കേണ്ട പണം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് മേഖലയില്‍നിന്ന് എല്‍ഐസി ഏജന്റുമാരെ പുറത്താക്കാനാണ് കേന്ദ്രനീക്കം. ഇത് ആയിരങ്ങളുടെ ഉപജീവന മാര്‍ഗം തകര്‍ക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കി മാറ്റുന്നത് ഇന്ത്യക്കാരുടെ പണം കടത്തിക്കൊണ്ടുപോകാനാണ്. സാധാരണക്കാരുടെ നിക്ഷേപമാണ് ഇന്‍ഷുറന്‍സ് മേഖലയുടെ കരുത്ത്. ദരിദ്രരായ ഇന്ത്യക്കാരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചെലവഴിക്കേണ്ട പണമാണ് വിദേശത്തേക്കൊഴുകുക. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വിപണിയില്‍ കടന്നുകയറി ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് ധനമൂലധനം ശ്രമിക്കുന്നത്. ധനകമ്മി കുറയ്ക്കാന്‍ വിദേശനിക്ഷേപം വേണമെന്ന വാദവുമായി കേന്ദ്രം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കുട പിടിക്കുന്നു.

കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുകയും അഴിമതികളിലൂടെ കോടികള്‍ വെട്ടിക്കുകയും ചെയ്യുന്നവരാണ് ധനകമ്മി കുറക്കേണ്ടതിനെക്കുറിച്ച് പറയുന്നത്. തൊഴില്‍വളര്‍ച്ച ഉറപ്പാക്കിയും അടിസ്ഥാനസൗകര്യമേഖലയില്‍ നിക്ഷേപം നടത്തിയുമുള്ള നയമാണ് ഇന്ത്യക്ക് ആവശ്യമെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. എല്‍ഐസി ഏജന്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ വര്‍ക്കിങ് പ്രസിഡന്റ് എസ് എസ് പോറ്റി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി ജി ദിലീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ സി എ ജോസഫ്, ബെല്ലാര്‍മിന്‍, സോമനാഥ്, സെക്രട്ടറിമാരായ വി പി ആനന്ദന്‍, എല്‍ മഞ്ജുനാഥ്, ജോയ് സേവ്യര്‍, സുധാനന്ദന്‍, സൂരജ് ബോസ് എന്നിവര്‍ പങ്കെടുത്തു.

deshabhimani 291112

ഐടി നിയമം ഭേദഗതി ചെയ്യും


ഐടി നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഐടി നിയമത്തിലെ വിവാദമായ 66 എ വകുപ്പാണ് ഭേദഗതി ചെയ്യുക. ശിവസേന നേതാവ് ബാല്‍താക്കറെയുടെ സംസ്കാര ദിവസം മുംബൈയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്ത ഒരു പെണ്‍കുട്ടിയും അത് ലൈക്ക് ചെയ്ത മറ്റൊരാളും അറസ്റ്റിലായതോടെയാണ് 66 എ വകുപ്പ് വീണ്ടും ചര്‍ച്ചയായത്. ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന ഐടി നിയമ വിദഗ്ധരുടെ യോഗത്തിലാണ് നിയമ ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ ഈ വകുപ്പിന്റെപരിധിയിലാണ് വരുന്നത്. 2008ലെ ഐടി നിയമ ഭേദഗതിസമയത്ത് എഴുതിച്ചേര്‍ത്ത ഈ വകുപ്പനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതാണ് പ്രസ്തുത വകുപ്പെന്ന് തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു.

deshabhimani

പിപിപി മുറവിളി എയര്‍പോര്‍ട്ട് മെട്രോയുടെ ദുരന്തപാഠം മറന്ന്


കൊച്ചി മെട്രോ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത് ഡല്‍ഹിയില്‍ സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കിയ എയര്‍പോര്‍ട്ട് മെട്രോയുടെ ദുരനുഭവം മുന്നിലുള്ളപ്പോള്‍. റിലയന്‍സ് പങ്കാളിത്തത്തോടെ പിപിപി (പൊതുസ്വകാര്യ പങ്കാളിത്തം) മാതൃകയില്‍ നടപ്പാക്കിയ അതിവേഗ മെട്രോ കാര്യക്ഷമതയില്ലായ്മ മൂലം പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ആറുമാസമായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ ബന്ധിപ്പിച്ച് 2011 ഫെബ്രുവരിയിലാണ് ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് (ഡിഎഎംഇ) സര്‍വീസ് തുടങ്ങിയത്. ഇത് ബോധപൂര്‍വം മറച്ചുവച്ചാണ് കൊച്ചി മെട്രോ പിപിപി പദ്ധതിയാക്കണമെന്ന മുറവിളി. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന ഡിഎംആര്‍സിയുടെ നേതൃത്വത്തിലുള്ള മെട്രോ റെയില്‍ ശൃംഖലയുടെ നേര്‍വിപരീതമാണ് ഡിഎഎംഇ. 22.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വീസ് പൊളിഞ്ഞത് റിലയന്‍സിന്റെ ലാഭക്കൊതികൊണ്ടുകൂടിയാണ്. സര്‍വീസിലെ കൃത്യതയില്ലായ്മ, ട്രെയിന്‍ റദ്ദാക്കല്‍, അമിത തുക ഈടാക്കല്‍ എന്നിവ കാരണം വ്യാപക വിമര്‍ശത്തിന് വിധേയമായശേഷം കഴിഞ്ഞ ജൂലൈയില്‍ പ്രവര്‍ത്തനം നിര്‍ത്തി. നിര്‍മാണത്തകരാറുണ്ടെന്നു പറഞ്ഞാണ് റിലയന്‍സ് കൈയൊഴിഞ്ഞത്.

ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി നേടിയ സാമ്പത്തികവിജയം കണ്ടാണ് എയര്‍പോര്‍ട്ട് മെട്രോയില്‍ റിലയന്‍സ് കണ്ണുവച്ചത്. ഡിഎംആര്‍സിയും റിലയന്‍സും 2008 ജനുവരിയില്‍ പിപിപി കരാറില്‍ ഒപ്പിട്ടു. റിലയന്‍സിന്റെ കച്ചവടതാല്‍പ്പര്യം പദ്ധതിക്ക് തടസ്സമാകുമെന്ന ഇ ശ്രീധരന്റെ അഭിപ്രായം അവഗണിച്ചായിരുന്നു ഇത്. സേവന മനോഭാവവും കൃത്യമായ സര്‍വീസും വഴി സാവധാനമാണ് ഡിഎംആര്‍സി ലാഭം കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാക്കുകള്‍ ആരും ശ്രദ്ധിച്ചില്ല. 2010 ആഗസ്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു റിലയന്‍സിന്റെ പ്രഖ്യാപനം. ബിഒടി അടിസാനത്തില്‍ 30 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയതെങ്കിലും റിലയന്‍സിന് സാങ്കേതിക വൈദഗ്ധ്യം ഇല്ലാത്തതിനാലും അതിവേഗം പദ്ധതി തീര്‍ക്കേണ്ടതിനാലും ഡിഎംആര്‍സി നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പദ്ധതിയുടെ ആകെ ചെലവിന്റെ പകുതിയും ഡിഎംആര്‍സി വഹിച്ചു. പറഞ്ഞ തീയതിക്ക് പ്രവര്‍ത്തനം തുടങ്ങിയില്ല. നാലുവട്ടം തീയതി മാറ്റി. കാലതാമസം വരുത്തിയതിന് ഡിഎംആര്‍സി സെപ്തംബര്‍ മുതല്‍ 37.5 ലക്ഷം രൂപ പിഴ ചുമത്തി. ഒക്ടോബര്‍ 31 മുതല്‍ 75 ലക്ഷമായി പിഴ ഉയര്‍ത്തി. 2011 ഫെബ്രുവരി 23നു പ്രവര്‍ത്തനം തുടങ്ങി. ഉയര്‍ന്നനിരക്കാണ് റിലയന്‍സ് ഏര്‍പ്പെടുത്തിയത്. പ്രതിദിനം 40,000 യാത്രക്കാര്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും യാത്ര ചെയ്തത് നേര്‍പകുതി മാത്രം. 2011-12ല്‍ നഷ്ടം 325 കോടിയായി. കൃത്യസമയത്ത് സര്‍വീസ് നടത്താതെ ട്രെയിന്‍ നിറഞ്ഞാല്‍ മാത്രം സര്‍വീസ് നടത്തുന്നതും ഉയര്‍ന്നനിരക്കും കാരണം യാത്രക്കാര്‍ വന്‍തോതില്‍ കുറഞ്ഞു. ഒടുവില്‍ പാതയ്ക്ക് തകരാറെന്നു പറഞ്ഞ് റിലയന്‍സ് കരാറില്‍ നിന്ന് പിന്മാറി. കോടികള്‍ ചെലവഴിച്ച പാത വെറുതെയായി.
(പി വി അഭിജിത്)

കൊച്ചി മെട്രോ: പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ ധര്‍ണ നടത്തി

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല പൂര്‍ണമായും ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ വ്യാഴാഴ്ച പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തി. സഭാ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു എംപിമാരുടെ ധര്‍ണ്ണ. കൊച്ചി മെട്രോ പദ്ധതിയടെ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കാതിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് എംപിമാര്‍ പറഞ്ഞു.

deshabhimani 291112

സൈബര്‍ കരിനിയമം തുലയട്ടെ


സൈബര്‍നിയമങ്ങള്‍ എങ്ങനെ ദുരുപയോഗംചെയ്യാം എന്നാണ് മുംബൈ പൊലീസ് രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ്ചെയ്ത് തെളിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പ്രതികരണങ്ങളുടെയും അപാരസാധ്യതകള്‍ കല്‍പ്പിക്കപ്പെട്ട ഇന്റര്‍നെറ്റിനെ കരിനിയമങ്ങളാല്‍ വരിഞ്ഞുമുറുക്കി നിര്‍ഗുണപ്പെടുത്താനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങളുയരുന്ന ഘട്ടത്തില്‍തന്നെയാണ് ഇന്ത്യയില്‍ ഇത്തരം നിയമ ദുരുപയോഗമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ശിവസേന നേതാവ് ബാല്‍ താക്കറെ മരിച്ചപ്പോള്‍ മുംബൈയില്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ ഷഹീന്‍ എന്ന പെണ്‍കുട്ടി ഏറ്റവും പ്രചാരമുള്ള സാമൂഹ്യ മാധ്യമമായ ഫെയ്സ് ബുക്കില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. അത് അവരെ അറസ്റ്റ്ചെയ്ത് തുറുങ്കിലടയ്ക്കാനുള്ള കുറ്റമായാണ് മുംബൈ പൊലീസ് കണ്ടത്. അവരെ മാത്രമല്ല, അവരുടെ അഭിപ്രായത്തെ ഇഷ്ടപ്പെടുന്നു എന്ന് രേഖപ്പെടുത്തിയ സുഹൃത്ത് രേണു ശ്രീനിവാസനെയും സമാന വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികള്‍ സ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് ശിവസേനയുടെ പ്രാദേശിക നേതാവ് നല്‍കിയ ഹര്‍ജിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനുപ്രേരണയായത്. അസാധാരണമായ പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇതിനെതിരെ ഉയര്‍ന്നത്. അതോടെയാണ് ഗത്യന്തരമില്ലാതെ മഹാരാഷ്ട്ര സര്‍ക്കാര്‍, പല്‍ഗര്‍ എസ് പി രവീന്ദ്രസെന്‍ ഗോങ്കര്‍, സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് പിംഗ്ള എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പൊലീസിന്റേത് നിയമവിരുദ്ധ നടപടിയാണെന്ന് സര്‍ക്കാരിന് തുറന്നു സമ്മതിക്കേണ്ടിവന്നു.

നിലവിലെ, വിവര സാങ്കേതിക വിദ്യാ നിയമം 2000 എന്ന ഐടി ആക്ട് എല്ലാ വശത്തും മൂര്‍ച്ചയുള്ള ഒരായുധമാണെന്നും അതിനെ ആര്‍ക്കെതിരെയും ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തിന് കഴിയുമെന്നുമാണ് "ഫെയ്സ് ബുക്ക് അറസ്റ്റ്" ആവര്‍ത്തിച്ച് തെളിയിച്ചത്. കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥന്‍ ഏതാനും മാധ്യമ പ്രവര്‍ത്തകരുമായി നിരന്തരം ടെലിഫോണില്‍ ബന്ധപ്പെട്ടു എന്ന വാര്‍ത്ത ദേശാഭിമാനി പുറത്തുകൊണ്ടുവന്നപ്പോള്‍ പൊലീസ് എടുത്ത കേസിലും ഐടി ആക്ടാണ് ആയുധമാക്കിയത്. അഴിമതിക്കെതിരായ അഭിപ്രായങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജാധവ്പുര്‍ സര്‍വകലാശാല അധ്യാപകന്‍ അംബികേഷ് മഹാപത്രയെയും സുഹൃത്ത് സുബ്രതാ സെന്‍ഗുപ്തയെയും ബംഗാള്‍ പൊലീസ് അറസ്റ്റ്ചെയ്യാന്‍ കാരണമാക്കിയതും ഐടി ആക്ട് തന്നെ. ഓണ്‍ലൈനിലൂടെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചു എന്നാണ് ചുമത്തിയ കുറ്റം. ടാഡ, പോട്ട തുടങ്ങിയ കരിനിയമങ്ങളുടെ ദുരുപയോഗം പോലെതന്നെ ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ഒന്നായി; എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി സൈബര്‍നിയമത്തെ മാറ്റുകയാണ്. ഇത് തടഞ്ഞുകൊണ്ടേ ആധുനിക സമൂഹത്തിന് മുന്നോട്ടുപോകാനാവൂ. മത-വര്‍ഗ-വംശ-വര്‍ണ സംഘര്‍ഷത്തിന് സാധ്യതയുള്ളതോ വ്യക്തിപരമായി അധിക്ഷേപിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കാനും പരിശോധിക്കാനും നീക്കംചെയ്യാനുമുള്ള സംവിധാനം വേണ്ടെന്ന് ആരും പറയില്ല. അത് ആവശ്യവുമാണ്.

സൈബര്‍മേഖലയിലെ ഇതര കുറ്റകൃത്യങ്ങളും അനാരോഗ്യ പ്രവണതകളും നിയന്ത്രിക്കപ്പെടണം. എന്നാല്‍, അതിന്റെ മറവില്‍ സൈബര്‍ നിയമത്തെ കടുത്ത ജനാധിപത്യ വിരുദ്ധനടപടികള്‍ക്കുള്ള വാളാക്കുന്നത് അക്ഷന്തവ്യമാണ്. കണ്‍മുന്നിലെ കൊള്ളരുതായ്മകളെ ചൂണ്ടിക്കാട്ടാന്‍ ജനങ്ങള്‍ക്ക് നിര്‍ഭയം സാധിക്കുന്നു എന്നതാണ് നവ മാധ്യമങ്ങളെ കൂടുതല്‍ സ്വീകാര്യമാക്കുന്ന ഒരു ഘടകം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെ മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ പ്രക്ഷോഭപ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടത് നവമാധ്യമങ്ങളാണ്.

ഇന്ത്യയില്‍ അഴിമതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ ഒരു പരിധിവരെ സോഷ്യല്‍ മീഡിയ സഹായിച്ചു. ശരിയായ സാമൂഹ്യബോധത്തില്‍നിന്നും പൊതുപ്രശ്നങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്ന യുവജനങ്ങളില്‍ ഒരുപരിധിവരെ പ്രതികരണബോധമുയര്‍ത്താന്‍ നവമാധ്യമങ്ങള്‍ക്ക് കഴിയുമെന്നാണ് അതിലൂടെ വ്യക്തമായത്. ആശയങ്ങള്‍ പ്രചരിപ്പിക്കാനും കൂട്ടായ അഭിപ്രായ രൂപീകരണത്തിനുമുള്ള വേദികളായി ഫെയ്സ്ബുക്ക്, ട്വിറ്റര്‍പോലുള്ള നവമാധ്യമ സങ്കേതങ്ങള്‍ മാറിയിട്ടുണ്ട്. സ്വതന്ത്രവും നിര്‍ഭയവുമായ ആശയപ്രകാശനത്തിന്റെ വേദി എന്ന് ബോധ്യമുള്ളതുകൊണ്ടാണ് മുംബൈയിലെ പെണ്‍കുട്ടി പ്രതിലോമകാരിയായ ഒരു നേതാവിന്റെ മരണത്തില്‍ എന്തിന് ബന്ദാചരിക്കുന്നു; ഭഗത്സിങ്ങിനെപ്പോലുള്ള ദേശാഭിമാനികള്‍ക്കല്ലേ അത്തരം ആദരം വേണ്ടത് എന്ന് പരസ്യമായി ചോദിച്ചത്. ആ നിര്‍ഭയത്വത്തിന്റെ കഴുത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഐടി ആക്ട് എന്ന കത്തിവച്ചത്.

അമേരിക്കയടക്കമുള്ള ഭരണകൂടങ്ങളെപ്പോലെ തങ്ങള്‍ക്കെതിരെയുള്ള ശബ്ദം ഇല്ലാതാക്കാന്‍ ഇന്ത്യയിലും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും നിയന്ത്രണ വിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണ്. നിലവിലുള്ള കരിനിയമം പോരാതെ, പുതിയ നിയന്ത്രണങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍സിബല്‍ ഈയിടെ വാദിച്ചത്. ലോകം എവിടെ എത്തിനില്‍ക്കുന്നുവെന്നും എന്താണ് ചുറ്റും സംഭവിക്കുന്നതെന്നും മനസിലാക്കാതെ തയ്യാറാക്കിയ നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ പാടെ മാറ്റിയെഴുതേണ്ട ഘട്ടത്തിലാണ്, ആ നിയമത്തെ കൂടുതല്‍ ഇരുളിലേക്ക് വലിച്ചിഴയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത്. അത്തരം നീക്കം വിജയിച്ചാല്‍ എന്തൊക്കെ സംഭവിക്കും എന്നതിന്റെ സൂചനയാണ് മുംബൈ അറസ്റ്റില്‍ കണ്ടത്. ജനങ്ങള്‍ കൂട്ടായി പ്രതിഷേധിച്ചാല്‍ കരിനിയമത്തിന്റെ വക്താക്കള്‍ക്ക് പിന്മാറേണ്ടിവരും എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതിലൂടെ വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ സൈബര്‍ നിയമങ്ങളിലെ ജനവിരുദ്ധ- ജനാധിപത്യ വിരുദ്ധ വശം തിരുത്തിക്കാനുള്ള സംഘടിതമായ മുന്നേറ്റത്തിന്റെ അനിവാര്യതയ്ക്കാണ് മുംബൈ സംഭവം അടിവരയിടുന്നത്.

deshabhimani editorial 291112

കേരളമൊരുങ്ങി രോഷാഗ്നിയാകാന്‍


ലോകമാകെ ഈ അപൂര്‍വ സമരമുറ ഉറ്റുനോക്കും. ബഹുജനമുന്നേറ്റങ്ങളുടെ അനുഭവക്കരുത്തില്‍ അടുപ്പുകൂട്ടി സമരത്തിന് കേരളമൊന്നാകെ തയ്യാറെടുത്തുകഴിഞ്ഞു. പ്രക്ഷോഭങ്ങളിലെ വ്യത്യസ്ത അനുഭവമാകും ഡിസംബര്‍ ഒന്നിന്റെ സായാഹ്നം. കേരളക്കരയുടെ വടക്കേ അറ്റത്തുനിന്ന് തെക്കെയറ്റംവരെ ആളിക്കത്തുന്ന സമരാഗ്നി ജനങ്ങളെ ദുരിതക്കടലിലാഴ്ത്തുന്ന കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഉശിരന്‍ മുന്നറിയിപ്പാകും. മനുഷ്യച്ചങ്ങലയും മനുഷ്യമതിലും മനുഷ്യസാഗരവും തീര്‍ത്ത് ബഹുജനമുന്നേറ്റത്തിന് ആവേശം പകര്‍ന്ന കേരളം കാലം എന്നുമോര്‍ക്കുന്ന മറ്റൊരു സമരാനുഭവത്തിന് സാക്ഷിയാകുകയാണ്.

മഞ്ചേശ്വരം മുതല്‍ പാറശാലവരെ 750 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തെരുവീഥികള്‍ അടുക്കളയാകും. അടുപ്പുകള്‍ പുകയുന്നതുപോലും തടയുന്ന സര്‍ക്കാരിനെതിരെ ബഹുജനരോഷത്തിന്റെ തീജ്വാലകളുയര്‍ത്തി ഭക്ഷണം പാകംചെയ്ത് കഴിക്കും. ഒരു മീറ്ററില്‍ ഒരു അടുപ്പ് എന്ന നിലയിലാണ് ഒരുക്കാന്‍ തീരുമാനമെങ്കിലും ജനപങ്കാളിത്തം ഈ കണക്ക് തെറ്റിക്കുമെന്നാണ് ജില്ലകളില്‍നിന്നുള്ള സൂചനകള്‍. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സംസ്ഥാന-ജില്ലാ പാതകളില്‍ പതിനായിരങ്ങള്‍ അടുപ്പുകൂട്ടുമ്പോള്‍ മറ്റു ജില്ലകളില്‍ ദേശീയപാതയോരത്താണ് സമരം. പാചകവാതകവില വര്‍ധിപ്പിക്കുകയും സബ്സിഡി സിലിന്‍ഡര്‍ ആറായി വെട്ടിക്കുറയ്ക്കുകയും ചെയ്തതിനെതിരെ സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ചാണ് അടുപ്പുകൂട്ടി സമരം.

deshabhimani

200 യൂണിറ്റിനു മുകളില്‍ 11 രൂപ കൂട്ടുന്നു


വീടുകളിലെ പ്രതിമാസ വൈദ്യുതി ഉപയോഗം 200 യൂണിറ്റായി പരിമിതപ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ദേശം. ഇതില്‍ കൂടുതലുള്ള ഉപയോഗത്തിന് 11 രൂപവീതം യൂണിറ്റിന് ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. റെഗുലേറ്ററി കമീഷനാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തെ കൂടുതല്‍ ഇരുട്ടിലേക്ക് നയിക്കുന്ന നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്.

ബോര്‍ഡിലെ മുഴുവന്‍ സമയ അംഗങ്ങളുടെ യോഗം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. വ്യവസായസ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നു മാസം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കി അതിന്റെ 75 ശതമാനം ഉപയോഗിക്കാന്‍ അനുവദിക്കും. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധികനിരക്ക് നല്‍കേണ്ടിവരും. വൈകിട്ടത്തെ ലോഡ് ഷെഡിങ് സമയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈകിട്ട് 6.30 മുതല്‍ 10.30 വരെ നടപ്പാക്കിയിട്ടുള്ള ലോഡ് ഷെഡിങ് ഇനിമുതല്‍ ആറുമുതല്‍ പത്തുവരെയാക്കും. ലോഡ് ഷെഡിങ് സമയമാറ്റം റെഗുലേറ്ററി കമീഷന്‍ എതിര്‍പ്പില്ലാതെ അംഗീകരിച്ചേക്കും. എന്നാല്‍, അധികനിരക്കും പവര്‍കട്ടും സംബന്ധിച്ച ബോര്‍ഡ് നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി തെളിവെടുപ്പിനുവയ്ക്കും. അവരുടെ അഭിപ്രായംകൂടി കേട്ടശേഷമേ കമീഷന്‍ തീരുമാനമെടുക്കൂ. അധിക വൈദ്യുതിക്ക് അധികനിരക്ക് എന്നതുകൊണ്ട് കെഎസ്ഇബി ഉദ്ദേശിക്കുന്നത് താപവൈദ്യുതി വാങ്ങാന്‍ തങ്ങള്‍ക്കു ചെലവാകുന്ന തുകയാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് അത് 11 രൂപ വരും.

വീട്ടില്‍ 200 യൂണിറ്റിലേറെ ഉപയോഗിക്കുന്നയാള്‍ അധിക വൈദ്യുതി യൂണിറ്റിന് 11 രൂപ വീതം നല്‍കണമെന്ന നിര്‍ദേശം ഇപ്പോഴത്തെ കണക്കനുസരിച്ച് ആറുലക്ഷത്തിലേറെ ഉപയോക്താക്കളെ ബാധിക്കും. സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജലസംഭരണികളില്‍ നിലവിലുള്ള വെള്ളം കഴിഞ്ഞ വര്‍ഷത്തെ നിരക്കിന്റെ പകുതിയോളമേയുള്ളൂ. കഴിഞ്ഞ നവംബര്‍ 15ന് 1932.97 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ശേഷിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേദിവസം 3490.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശുപാര്‍ശചെയ്യുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. എന്നാല്‍, ആസൂത്രണത്തിലെ ഗുരുതര പാളിച്ചയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന് വ്യക്തം. മഴക്കാലത്ത് ഇടുക്കിയില്‍ അധിക ഉല്‍പ്പാദനം നടത്തി വൈദ്യുതി വിറ്റത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി.

deshabhimani

Wednesday, November 28, 2012

ഡിഎംആര്‍സിയെ ഒതുക്കാന്‍ ടേണ്‍ കീ മാതൃക ഉപേക്ഷിച്ചു


കൊച്ചി മെട്രോയില്‍ ഡിഎംആര്‍സിയെ ഒതുക്കിയത് "പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍ വ്യവസ്ഥയില്‍" (ടേണ്‍ കീ) മെട്രോ നിര്‍മിക്കേണ്ടെന്ന തീരുമാനത്തിലൂടെ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി ദൗത്യത്തിലാണ് കേന്ദ്ര നഗരവികസന മന്ത്രാലയവും ഡല്‍ഹി മുഖ്യമന്ത്രിയും ചേര്‍ന്ന് ഈ ധാരണയിലെത്തിയത്. കൊച്ചി മെട്രോ എന്ന ആശയം രൂപപ്പെട്ടതുമുതല്‍ നിര്‍മാണത്തിന് നിര്‍ദേശിക്കപ്പെട്ട "ടേണ്‍ കീ മാതൃക" ഉപേക്ഷിച്ചതോടെ പദ്ധതി നിര്‍വഹണം അഴിമതിയില്‍ മുങ്ങാനുള്ള വഴിതുറന്നു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മില്‍ നിര്‍മാണ കരാറിലെത്തുന്ന നോമിനേഷന്‍ വ്യവസ്ഥയില്‍ ഡിഎംആര്‍സിയെ മെട്രോ നിര്‍മാണം ഏല്‍പ്പിക്കാനായിരുന്നു മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്ര നഗരവികസന മന്ത്രാലയത്തെയും ആസൂത്രണ കമീഷനെയും രേഖാമൂലം അറിയിച്ചിരുന്നു. ടേണ്‍ കീ വ്യവസ്ഥയില്‍ കരാര്‍ നല്‍കുന്നതോടെ ഇടക്കാല കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതുമുതല്‍ സിഗ്നലിങ്, റോളിങ് സ്റ്റോക്ക് തുടങ്ങിയവയുടെ ടെന്‍ഡര്‍, പര്‍ച്ചേസ് മുതലായ എല്ലാ കാര്യങ്ങളും ഡിഎംആര്‍സിയുടെ മാത്രം ചുമതലയിലാകും. ടെന്‍ഡറിങ്ങിലെ ക്രമക്കേടും പര്‍ച്ചേസിന്റെ പിന്നിലെ കമീഷന്‍ ഇടപാടുകളും ഒഴിവാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചത്. ജനറല്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയിലുള്ള ഡിഎംആര്‍സിയുടെ മേല്‍നോട്ടം പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനും സഹായിക്കുമായിരുന്നു.
കൊച്ചിയില്‍ ടേണ്‍ കീ വേണ്ടെന്നാണ് തുടക്കംമുതല്‍ യുഡിഎഫിന്റെ നിലപാട്. ശ്രീധരന്‍ എംഡിസ്ഥാനം ഒഴിഞ്ഞതോടെ ഐഎഎസ് ലോബിയുടെ പിടിയിലായ ഡിഎംആര്‍സിക്കും ടേണ്‍ കീ ഇടപാടില്‍ താല്‍പ്പര്യമില്ല. നഗരവികസന മന്ത്രാലയത്തിനും മന്ത്രി കമല്‍നാഥിനും ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും മറ്റു വ്യവസ്ഥകളാണ് താല്‍പ്പര്യം. കൊച്ചിപദ്ധതി ഏറ്റെടുക്കുന്നത് ഡല്‍ഹി മെട്രോയുടെ വികസനത്തെ ബാധിക്കുമെന്ന തടസവാദമാണ് ഇതിനായി ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരും അതേ താല്‍പ്പര്യം ഉന്നയിച്ചതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തോടെ പൊതുധാരണയില്‍ എത്താനായത്. ടേണ്‍ കീ വ്യവസ്ഥ ഇല്ലാതാകുന്നതോടെ കെഎംആര്‍എല്ലിനും ഉദ്യോഗസ്ഥ-ഭരണ ലോബിക്കും എല്ലാ കാര്യത്തിലും ഇടപെടാനും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കഴിയും. അതേസമയം സംസ്ഥാനത്ത് ഉയരുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ നാമമാത്രമായെങ്കിലും ഡിഎംആര്‍സിയെ കൊച്ചി മെട്രോയില്‍ സഹകരിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായി. ഇതേതുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡല്‍ഹി, കേരള ചീഫ് സെക്രട്ടറിമാരും നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണയും ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചത്. ഇതിനുമുമ്പ് ഡിഎംആര്‍സി സഹകരിച്ച പദ്ധതികളില്‍ ഒന്നിലും ഇത്തരം സമിതി ഉണ്ടായിട്ടില്ല.

deshabhimani

വിലക്കയറ്റം കൂടുതല്‍ ഇന്ത്യയില്‍


 ബ്രിക്സ് കൂട്ടായ്മയില്‍ ഉള്‍പ്പെട്ട ബ്രസീല്‍, റഷ്യ,ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകളെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ പി കരുണാകരന്റെ ചോദ്യത്തിന് ഭക്ഷ്യമന്ത്രി കെ വി തോമസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബറില്‍ ഡീസല്‍ വില അഞ്ചു രൂപ കൂട്ടിയത് വിലക്കയറ്റം വര്‍ധിക്കാന്‍ കാരണമാകും. മൊത്ത വിലസൂചിക അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.73 ശതമാനമാണ്. അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ എന്നിവയുടെ വില കഴിഞ്ഞ ആഗസ്തില്‍ തൊട്ടു മുന്‍മാസത്തേക്കാള്‍ ഉയര്‍ന്നതായും മന്ത്രി സമ്മതിച്ചു.

അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കിയ സംഭവത്തില്‍ യാത്രക്കാരെ കുറ്റപ്പെടുത്തി വ്യോമയാനമന്ത്രി അജിത്സിങ് വീണ്ടും രംഗത്തെത്തി. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറക്കാന്‍ കാത്തുനില്‍ക്കെ മൂന്ന് യാത്രക്കാര്‍ കോക്പിറ്റില്‍ കയറി വിമാനജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സ്ഥിതി നിയന്ത്രണാതീതമായതിനെത്തുടര്‍ന്നാണ് പൈലറ്റ് അപായ സിഗ്നല്‍ നല്‍കിയത്. ചില നിബന്ധനകള്‍ക്ക് വിധേയമായി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലുമായി ബന്ധപ്പെട്ട കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തിയതായി കപ്പല്‍ ഗതാഗതമന്ത്രി ജി കെ വാസന്‍ അറിയിച്ചു. പി രാജീവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലുറപ്പു പദ്ധതി നഗരമേഖലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് നഗര ദാരിദ്ര്യനിര്‍മാര്‍ജനമന്ത്രി അജയ് മാക്കന്‍ ലോക്സഭയില്‍ എം ബി രാജേഷിനെ അറിയിച്ചു. സ്വര്‍ണജയന്തി തൊഴില്‍പദ്ധതിക്കു കീഴില്‍ 2012-13ല്‍ വ്യക്തിഗത ചെറുകിട സംരംഭം തുടങ്ങാന്‍ കേരളത്തില്‍ സഹായം നല്‍കിയത് 312 പേര്‍ക്കുമാത്രം. നഗരമേഖലയിലെ തൊഴില്‍രഹിതരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ ജനങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് എസ്ജെഎസ്ആര്‍വൈ. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചെറുകിട സംരംഭം തുടങ്ങാന്‍ 995 പേര്‍ക്ക് സഹായം നല്‍കി. വിദഗ്ധ തൊഴില്‍ പരിശീലനം നല്‍കിയത് 2823 പേര്‍ക്കാണെന്നും മന്ത്രി അറിയിച്ചു. കേരളത്തിന് പൊതുവിതരണ സംവിധാനത്തിലൂടെ 2012-13 വര്‍ഷത്തില്‍ 13,32,198 ടണ്‍ അരി അനുവദിച്ചതായി ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. 3,49,658 ടണ്‍ ഗോതമ്പും അനുവദിച്ചു. 2011-12ല്‍ യഥാക്രമം ഇത് 13,11,682 ടണ്ണും 3,31,713 ടണ്ണും ആയിരുന്നെന്ന് എം കെ രാഘവനെ മന്ത്രി അറിയിച്ചു. നഗരത്തിലെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് ആരോഗ്യസഹമന്ത്രി അബു ഹാഷിംഖാന്‍ ചൗധരി രാജ്യസഭയില്‍ ടി എന്‍ സീമയെ അറിയിച്ചു

deshabhimani

ശിവാജി പാര്‍ക്കില്‍ താക്കറേക്ക് സ്മാരകം പണിയാന്‍ നീക്കം ശക്തം

ശിവസേനതലവന്‍ ബാല്‍ താക്കറെയെ സംസ്കരിച്ച ശിവാജി പാര്‍ക്ക് താക്കറേയുടെ സ്മാരകമാക്കണമെന്നാവശ്യപ്പെട്ട് ശിവസേന നീക്കം ശക്തമാക്കി. സംസ്കാരച്ചടങ്ങ് നടന്ന പ്രദേശത്തിനു ചുറ്റും ശിവസേന വേലികെട്ടി തിരിച്ചു. ഇവിടെ താക്കറെയ്ക്ക് സ്മാരകം പണിയണമെന്നാണ് ആവശ്യം. താക്കറെയെ അടക്കംചെയ്ത സ്ഥലം അയോധ്യയ്ക്ക് സമാനമാണെന്നും ഇവിടെ പണിഞ്ഞ കമാനം നീക്കില്ലെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു.

നഗരമധ്യത്തിലെ പ്രധാന കളിസ്ഥലമായ ശിവാജി പാര്‍ക്കില്‍ താക്കറെയുടെ സംസ്കാരച്ചടങ്ങ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് നേരത്തെ വിവാദമായിരുന്നു. സ്മാരകം പണിയണമെന്ന ശിവസേനയുടെ ആവശ്യത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, താക്കറെയെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചെന്ന പേരില്‍ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ്ചെയ്ത രണ്ട് പൊലീസ് ഉദോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. താനെ റൂറല്‍ എസ്പി രവീന്ദ്ര സെന്‍ഗൗന്‍കര്‍, പാല്‍ഘര്‍ എസ്ഐ ശ്രീകാന്ത് പിങ്കളെ എന്നിവര്‍ക്കെതിരെയാണ് നടപടി. അറസ്റ്റിലായ പെണ്‍കുട്ടികളെ വിടാന്‍ 15,000 രൂപയുടെ വീതം ബോണ്ട് ആവശ്യപ്പെട്ട പല്‍ഘര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് രാമചന്ദ്ര ബഗാഡെയെ മുംബൈ ഹൈക്കോടതി സ്ഥലം മാറ്റി. താക്കറെയുടെ സംസ്കാരത്തിന്റെ പേരില്‍ മുംബൈയില്‍ ശിവസേന ബന്ദ് ആചരിച്ചതിനെ പെണ്‍കുട്ടികള്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് പൊലീസ് നടപടിയെടുത്തത്.

deshabhimani

സൗരോര്‍ജ പദ്ധതി: കൊറിയന്‍ കമ്പനിക്ക് പങ്കാളിത്തമില്ല


സംസ്ഥാനത്ത് 330 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി സ്ഥാപിക്കാനുള്ള നടപടി അനിശ്ചിതത്വത്തില്‍. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഹാന്‍ജോങ് എനര്‍ജി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് ജര്‍മന്‍ കമ്പനിയുടെ സാങ്കേതിസഹായം തേടുമെന്ന് വ്യക്തമാക്കി വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കി. "ദക്ഷിണകൊറിയന്‍ കമ്പനി"യെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചിരുന്ന ഇവര്‍ക്ക് കൊറിയയുമായി ഒരു ബന്ധവുമില്ലെന്നും പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പാണ് ലക്ഷ്യമെന്നും ഇതോടെ വ്യക്തമായി. സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാന്‍ നടപടി പുരോഗമിക്കവേയാണ് പുതിയ വഴിത്തിരിവ്.

"ദക്ഷിണകൊറിയന്‍" കമ്പനിയുമായാണ് ധാരണാപത്രം ഒപ്പിടുന്നതെന്നാണ് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഒരു ലോഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കൊറിയയുമായി ഒരു ബന്ധവുമില്ലെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ജപ്പാന്‍ കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് കെഎസ്ഇബിയെ അറിയിച്ചിരിക്കുന്നത്. ഇതിനുശേഷവും ധരണാപത്രം ഒപ്പിടാനുള്ള നടപടി പുരോഗമിക്കുകയാണ്. ആഗോള ടെന്‍ഡര്‍ വിളിക്കാതെയുള്ള ഇടപാട് സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കും. യൂണിറ്റിന് 3.35 രൂപ നിരക്കില്‍ കമ്പനി വൈദ്യുതി തരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കേന്ദ്ര റെഗുലേറ്ററി കമീഷന്റെ അംഗീകാരമില്ലാത്ത കരാറായതിനാല്‍ കേരളം റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് (ആര്‍ഇസി) കൂടി വാങ്ങേണ്ടിവരും. ഇതോടെ ഒരു യൂണിറ്റിന് കേരളം മുടക്കേണ്ടിവരുന്ന തുക 15.75 രൂപയായി ഉയരും. ഇതു മറച്ചുവച്ചാണ് ധാരണാപത്രം ഒപ്പിടുന്നത്. ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ ഇതിലും വളരെ കുറഞ്ഞനിരക്കില്‍ സൗരോര്‍ജ വൈദ്യുതി ലഭിച്ചേനെ. യൂണിറ്റിന് 7.90 രൂപ നിരക്കില്‍ മധ്യപ്രദേശും 7.49 രൂപ നിരക്കില്‍ എന്‍ടിപിസിയും ആഗോള ടെന്‍ഡറിലൂടെ ഈയിടെ കരാറുണ്ടാക്കിയിരുന്നു. ആര്‍ഇസിക്ക് റെഗുലേറ്ററി കമീഷന്‍ നിശ്ചയിച്ചിരിക്കുന്ന തറവില 9.50 രൂപയാണ്. അഞ്ചുവര്‍ഷത്തേക്ക് ഇതില്‍ മാറ്റമുണ്ടാകില്ല. അതിനാല്‍, സൗരോര്‍ജ വൈദ്യുതിയുടെ നിരക്ക് അന്താരാഷ്ട്ര വിപണിയില്‍ ഇടിയുമ്പോഴും ഉയര്‍ന്ന തുക മുടക്കാന്‍ കേരളം നിര്‍ബന്ധിതരാകും. ആഗോളതലത്തില്‍ സൗരോര്‍ജ വൈദ്യുതിയുടെ ഉല്‍പ്പാദനച്ചെലവ് കുറയുന്നതും കമ്പനിക്ക് കൊള്ളലാഭമൊരുക്കും.

സൗരോര്‍ജ പാനലുകളുടെ വില പ്രതിവര്‍ഷം 20-22 ശതമാനം കുറയുന്നതായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമീഷന്റെ പഠനം വ്യക്തമാക്കുന്നു. കേരളവുമായി ഉണ്ടാക്കുന്ന കരാര്‍ മുന്‍നിര്‍ത്തി ആര്‍ഇസി വില്‍പ്പനയ്ക്കുള്ള അംഗീകാരം നേടിയെടുക്കുകയാണ് പാലക്കാട്ടെ കമ്പനിയുടെ ലക്ഷ്യമെന്ന് അറിയുന്നു. കോണ്‍ഗ്രസുമായി അടുപ്പമുള്ള റിയല്‍ എസ്റ്റേറ്റുകാരനാണ് ഇടനിലക്കാരന്‍. എമര്‍ജിങ് കേരളയിലൂടെ എത്തിയ കമ്പനിയെപ്പറ്റി പ്രാഥമിക അന്വേഷണംപോലും നടത്താതെ സര്‍ക്കാര്‍ കരാറുണ്ടാക്കുന്നതും ദുരൂഹമാണ്.
(ആര്‍ സാംബന്‍)

deshabhimani 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം


തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതിനായി പഞ്ചായത്തിരാജ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. 60 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 16-8-1999 മുതല്‍ 31-12-2001വരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താല്‍കാലിക തസ്തികകളില്‍ 179 ദിവസം ജോലിപൂര്‍ത്തിയാക്കിയ 1963 വികലാംഗരെ സ്ഥിരപ്പെടുത്തും. നാദാപുരത്ത് പുതിയ പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങാനും തീരുമാനമായി.

ഓട്ടോറിക്ക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയാക്കി. മിനിമം ചാര്‍ജില്‍ യാത്രചെയ്യാവുന്ന കുറഞ്ഞദൂരം 1.25 കിലോമീറ്റര്‍. കൊച്ചി ബിനാലെയ്ക്ക് സാമ്പത്തിക സഹായം നല്‍കില്ല. മറ്റെല്ലാ രീതിയിലുള്ള സഹകണവും നല്‍കും. എറണാകുളം ദര്‍ബാര്‍ ഹാള്‍ വാടകയില്ലാതെ നല്‍കും. കൊച്ചി ബിനാലെക്കായി 5 കോടി രൂപ വിനിയോഗിച്ചതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തും. ദേശീയ പാത 17-47 വികസനത്തിന് പാതയുടെ ഇരുവശത്തുനിന്നും തുല്യമായി സ്ഥലമെടുത്ത് പാതയുടെ വീതി 45 മീറ്ററാക്കും. സ്ഥലമെടുപ്പ് ത്വരിതപ്പെടുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കും. കെ ജയകുമാറിനെ ദേവസ്വം ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനമായി.

deshabhimani

വൈദ്യുതി ഉപഭോഗത്തിന് കൂടുതല്‍ നിയന്ത്രണം

വൈദ്യുതി ഉപഭോഗത്തിന് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി. ഗാര്‍ഹിക ഉപഭോഗം 200 യൂണിറ്റായി നിജപ്പെടുത്തണമെന്നും 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കണമെന്നും ബുധനാഴ്ച ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗം. ലോഡ് ഷെഡിങ് അടുത്ത വര്‍ഷം ജൂണ്‍വരെ നീട്ടണം. വൈകുന്നേരത്തെ ലോഡ് ഷെഡിങ് 6 മുതല്‍ 10 വരെയാക്കാനും വ്യവസായങ്ങള്‍ക്ക് 25% പവര്‍കട്ട് ഏര്‍പ്പെടുത്താനും ബോര്‍ഡ് യോഗം. നിലവില്‍ 6.30 മുതല്‍ 10.30 വരെയാണ് ലോഡ് ഷെഡിങ്. കെഎസ്ഇബി ശുപാര്‍ശകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ റഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കും.

സബ്സിഡി : ഭൂരിപക്ഷത്തിനും കിട്ടാതാകും


സബ്സിഡികള്‍ ബാങ്കുവഴി നല്‍കുന്നതിന്റെ ആദ്യപടിയായി രാജ്യത്തെ 51 ജില്ലയില്‍ ക്ഷേമ പെന്‍ഷനുകളും സ്കോളര്‍ഷിപ്പുകളും ജനുവരി ഒന്നുമുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടെത്തിക്കുമെന്ന് ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ പത്തനംതിട്ട, വയനാട് ജില്ലകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ സബ്സിഡികളും സ്കോളര്‍ഷിപ്പുകളും ക്ഷേമ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ഗുണഭോക്താക്കളിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സബ്സിഡിയും ആനുകൂല്യങ്ങളും ക്രമേണ ഇല്ലാതാവുമെന്നും ഭൂരിപക്ഷത്തിനും ഇവ നഷ്ടപ്പെടുമെന്നും ഉറപ്പായി.

സബ്സിഡി ബാങ്ക് വഴി ലഭിക്കാന്‍ ആധാര്‍ കാഡ് നിര്‍ബന്ധമാണെന്നിരിക്കെ ആശയക്കുഴപ്പം വര്‍ധിച്ചിരിക്കയാണ്. കേരളത്തിലടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും ആധാര്‍ വിതരണം ഭാഗികമായേ നടപ്പായിട്ടുള്ളൂ. 42 പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങളുടെ പണം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ സബ്സിഡി, രാസവളം സബ്സിഡി, പാചകവാതക സബ്സിഡി എന്നിവ നേരിട്ട് പണമായി നല്‍കാന്‍ ആദ്യഘട്ടത്തില്‍ പരിപാടിയില്ല. എന്നാല്‍, ഘട്ടംഘട്ടമായി എല്ലാ സബ്സിഡിയും നേരിട്ടു നല്‍കും. ആനുകൂല്യങ്ങള്‍ ചോരുന്നത് തടയാനും യഥാര്‍ഥ ഗുണഭോക്താക്കളില്‍ അവ എത്തിക്കാനുമാണ് പുതിയ പരിഷ്കാരമെന്നാണ് സര്‍ക്കാര്‍ അവകാശവാസനമന്ത്രി ജയ്റാം രമേശ് പറഞ്ഞു. എന്നാല്‍, ചിദംബരം ഇതിന്റെ വിശദാംശങ്ങള്‍ പറഞ്ഞില്ല. ഭക്ഷ്യ-രാസവളം സബ്സിഡികള്‍ മുന്‍കൂറായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കിടും. ഈ പണം എടുത്ത് വിപണിവിലയ്ക്ക് ഭക്ഷ്യധാന്യവും രാസവളവും വാങ്ങണം. വാങ്ങുന്നതില്‍ മൂന്നു തവണ വീഴ്ച വരുത്തിയാല്‍ സബ്സിഡി നിര്‍ത്തും. നിലവില്‍ ആവശ്യമുള്ള സമയത്ത് റേഷന്‍കടയില്‍ പോയി പരിമിതമായ സബ്സിഡി തുകയുടേതാണെങ്കിലും ഭക്ഷ്യധാന്യം വാങ്ങാം. പരിഷ്കാരം നടപ്പാകുന്നതോടെ മൂന്നു വട്ടം മുടങ്ങിയാല്‍ സബ്സിഡി നിഷേധിക്കപ്പെടും.


റേഷന്‍സംവിധാനം ഇല്ലാതാകും: യെച്ചൂരി

ന്യൂഡല്‍ഹി: സബ്സിഡി പണമായി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിക്കാനുള്ള തീരുമാനം ക്ഷേമ ആനുകൂല്യങ്ങള്‍ പടിപടിയായി ഇല്ലാതാക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.

ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഏറെ ഗുണപ്രദമായ പൊതുവിതരണ സംവിധാനം അട്ടിമറിക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. സബ്സിഡി നേരിട്ട് പണമായി നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ എന്നാല്‍ റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയരുമ്പോള്‍ അതിനുസൃതമായി സബ്സിഡി തുക വര്‍ധിക്കുമോയെന്ന് പറയുന്നില്ല. നിലവില്‍ എപിഎല്‍- ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് റേഷന്‍ കടകളില്‍ രണ്ടുനിരക്കാണ്. പുതിയ സംവിധാനത്തില്‍ ബിപിഎല്‍ വിഭാഗക്കാരും എപിഎല്‍ നിരക്കില്‍തന്നെ റേഷന്‍ വാങ്ങണം. സബ്സിഡി തുക പിന്നീടുമാത്രമേ ഇവരുടെ അക്കൗണ്ടിലെത്തൂ. പണപ്പെരുപ്പം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ റേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിലയും സര്‍ക്കാര്‍ അടിക്കടി കൂട്ടുമെന്ന് തീര്‍ച്ച. ഇതിനുസൃതമായി സബ്സിഡി വര്‍ധിക്കില്ല. ചുരുക്കത്തില്‍ സബ്സിഡി തുക തീര്‍ത്തും അപ്രസക്തമാകും. അതല്ലെങ്കില്‍ സബ്സിഡിയോടെയുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് പടിപടിയായി വെട്ടിക്കുറയ്ക്കും. ഏത് സംഭവിച്ചാലും ഏറ്റവും താഴെതട്ടിലുള്ള ദരിദ്രജനങ്ങള്‍ക്കാണ് ദോഷം. പണം അക്കൗണ്ടില്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ അത് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. ഭക്ഷ്യസബ്സിഡിയായി ലഭിക്കുന്ന പണം ജനങ്ങള്‍ ആ ആവശ്യത്തിന് ഉപയോഗിക്കണമെന്നില്ല. റേഷന്‍കടകളില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് ഭക്ഷ്യധാന്യം വാങ്ങണമെന്ന സ്ഥിതിയാകുമ്പോള്‍ ജനങ്ങള്‍ പൊതുവിപണിയിലേക്ക് മാറാനും സാധ്യതയുണ്ട്. ഫലത്തില്‍ പൊതുവിതരണസംവിധാനംതന്നെ ഇല്ലാതാകും- യെച്ചൂരി പറഞ്ഞു.


deshabhimani 281112

Tuesday, November 27, 2012

സുധാകരനെ പരിഹസിച്ച തിരുവഞ്ചൂരിന് കൂക്കിവിളി


പയ്യന്നൂര്‍: പൊതുയോഗത്തില്‍ കെ സുധാകരന്‍ എംപിയെ പേര് പറയാതെ പരിഹസിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതില്‍ പ്രതിഷേധിച്ച് സുധാകരന്റെ അണികള്‍ മന്ത്രിയെ കൂക്കിവിളിച്ചു. പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ള ഐ വിഭാഗം മന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചു. പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന വി ചന്ദ്രശേഖരന്‍ വൈദ്യരുടെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ നടന്ന പരിപാടിയാണ് കോണ്‍ഗ്രസിലെ വിഴുപ്പലക്കലിന് വേദിയായത്.

ഉദ്ഘാടനപ്രസംഗത്തില്‍ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തിരുവഞ്ചൂര്‍ സുധാകരനെതിരെ ആഞ്ഞടിച്ചു. തടിയും വണ്ണവുമുള്ളതുകൊണ്ടുമാത്രം ജനങ്ങളുടെ അംഗീകാരം കിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ സുധാകര വിരോധികള്‍ കൈയടിയോടെ പ്രോത്സാഹിപ്പിച്ചു. പൊതുപ്രവര്‍ത്തകര്‍ വിനയമുള്ളവരായിരിക്കണം. അല്ലാതെ ചവിട്ടുനാടകം നടത്തി ആളായിട്ട് കാര്യമില്ല. നീതിനിഷേധം ആരു നടത്തിയാലും വിടില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രസംഗം കഴിഞ്ഞ് തിരുവഞ്ചൂര്‍ കാറിനടുത്തേക്ക് നീങ്ങിയപ്പോള്‍ സുധാകരന്റെ അനുയായികളായ എ രൂപേഷ്, ശ്രീജേഷ് കാറമേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം പ്രതിഷേധ മുദ്രാവാക്യം മുഴക്കി കാര്‍ വളഞ്ഞു. ചാണ്ടിയും തിരുവഞ്ചൂരുമല്ല കോണ്‍ഗ്രസെന്ന് വിളിച്ചാണ് ഇവര്‍ മന്ത്രിയെ യാത്രയാക്കിയത്. ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘത്തിന്റെ മുന്നിലായിരുന്നു ഈ രോഷപ്രകടനം. തിരുവഞ്ചൂര്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് സുധാകരന്റെ ഫ്ളക്സ് ബോര്‍ഡ് ഗാന്ധിപാര്‍ക്കിന് സമീപം തൂക്കിയത്. കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് എ പി നാരായണന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗം തിരുവഞ്ചൂരിന്റെ പരിപാടി ബഹിഷ്കരിക്കുയുംചെയ്തു. ദിവസങ്ങള്‍ക്കുമുമ്പ് ഈ പരിപാടിയുടെ ബോര്‍ഡില്‍നിന്ന് തിരുവഞ്ചൂരിന്റെ തല വെട്ടിമാറ്റി സിനിമാനടിയുടെ തല ഒട്ടിച്ചിരുന്നു. ഇതിനെതിരെ എതിര്‍ഗ്രൂപ്പുകാര്‍ സുധാകരന്റെ പോസ്റ്ററുകള്‍ കീറി നശിപ്പിക്കുകയുംചെയ്തു. ഈ ഗ്രൂപ്പുപോരിന്റെ തുടര്‍ച്ചയാണ് ഗാന്ധിപാര്‍ക്കില്‍ അരങ്ങേറിയത്.

തൊടുപുഴയില്‍ നടുറോഡില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയെ ചൊല്ലി തെരുവ് യുദ്ധം.വോട്ടര്‍ പട്ടിക സൂക്ഷിച്ചിരുന്ന ലോഡ്ജിനു മുന്നില്‍ ആരംഭിച്ച അടി റോഡിലേക്ക് വ്യാപിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് അജ് മലിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊലീസുകാരനും പരിക്കേറ്റു.

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയം കഴിഞ്ഞും അനികൃതമായി പേരുചേര്‍ക്കുന്നതായി പരസ്പരം ആരോപിച്ച് എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും തമ്മിലായിരുന്നു സംഘട്ടനം. ഇരുപക്ഷത്തും നേതാക്കളും അണിനിരന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം സി പി മാത്യൂ ഐപക്ഷത്തും ഡിസിസി അംഗം എന്‍ ഐ ബെന്നി. യൂത്ത്കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് എന്നിവരും നേതൃത്വം നല്‍കി. ആദ്യവട്ടം അടികഴിഞ്ഞ് പിരിഞ്ഞ പ്രവര്‍ത്തകര്‍ പിന്നീട് വീണ്ടും സംഘടിച്ച് മൂവാറ്റുപുഴ-തൊടുപുഴ റോഡ് ഉപരോധിച്ചു. സിപി മാത്യൂവിന്റെ കാറിന്റെ ചില്ലും എറിഞ്ഞുതകര്‍ത്തു.

deshabhimani

കെ സി ജോസഫ് നടത്തുന്നത് ഭരണഘടനാ ലംഘനം: സിപിഐ എം


കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്റെ ജനശ്രീക്ക് വഴിവിട്ട് കേന്ദ്രഫണ്ട് അനുവദിക്കുന്ന ക്രമവിരുദ്ധനടപടിയെ ന്യായീകരിക്കുന്ന ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സിപിഐ എം സംസഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പക്ഷപാതരഹിതമായും നീതിപൂര്‍വമായും ഭഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത മന്ത്രി അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. ജനശ്രീക്കുവേണ്ടിഭകേന്ദ്രമന്ത്രിയെപ്പോലും തള്ളിപ്പറയുന്നതിന് കേരളത്തിലെ മന്ത്രി തയ്യാറായിരിക്കുകയാണ.് കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പുകാരനായ നേതാവിന്റെ സ്വകാര്യസംഘടനയ്ക്ക് ചട്ടവും മാനദണ്ഡവും കൂടാതെ ഖജനാവില്‍നിന്നും പണം അനുവദിച്ചതിനെ ന്യായീകരിക്കുന്നതിനായി നടത്തിയിട്ടുള്ള ഈ ഇടപെടല്‍ അങ്ങേയറ്റം പരിഹാസ്യവുമാണ്-പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന്, കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേശിന്റെ ഉപദേശം സ്വീകരിച്ചെങ്കിലും, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. തന്റെ മന്ത്രിസഭയിലെ ഒരംഗം കാണിക്കുന്ന ഇത്തരം ഗുരുതരമാ

1998-ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപംകൊടുത്ത കേരളത്തിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടുംബശ്രീ 38 ലക്ഷം വനിതകള്‍ അംഗങ്ങളായ മഹാപ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തെ അനാവശ്യമായി രാഷ്ട്രീയമുദ്രകുത്തി ഒറ്റപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിലെ ഒരുവിഭാഗം മന്ത്രിമാരുടെ ഉദ്യമം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വിവേകരഹിതവുമാണ്. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളുടെ സ്വയംസഹായസംഘമെന്ന ഔദ്യോഗികപരിഗണന കുടുംബശ്രീക്ക് മാത്രമേ നല്‍കാനാകൂവെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിനെതിരെയാണ് കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ട കേരളത്തിലെ ഗ്രാമവികസനമന്ത്രി കെ സി ജോസഫ് ഉറഞ്ഞുതുള്ളിയത്.

കേന്ദ്രഫണ്ട് എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി കേന്ദ്രമന്ത്രി ജയറാം രമേശ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനശ്രീയ്ക്ക് 14 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടി അടിയന്തരമായി റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനശ്രീയെ വഴിവിട്ട് സഹായിക്കുന്നത് അഴിമതിയ്ക്ക് കളമൊരുക്കാന്‍: പിണറായി

കോഴിക്കോട്: അഴിമതിക്ക് കളമൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജനശ്രീപോലുള്ള സ്വകാര്യ സംരംഭങ്ങളെ വഴിവിട്ട് സഹായിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുമായി ഒപ്പിട്ട കരാറിന് വിരുദ്ധമായി ജനശ്രീക്ക് ധനസഹായം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രി മുനീറും നിലപാട് വ്യക്തമാക്കണം. താമരശേരി അമ്പായത്തോട്ടില്‍ സിപിഐ എം കട്ടിപ്പാറ ലോക്കല്‍ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി മാതൃകയായ കുടുംബശ്രീയെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെത്തുടര്‍ന്നാണ് വകുപ്പ് മന്ത്രി മുനീര്‍ ജനശ്രീക്ക് ഫണ്ട് നല്‍കിയത് അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയത്. കുടുംബശ്രീയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി മുനീര്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്തിരുന്നു. കുടുംബശ്രീയെ തകര്‍ക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും കരാര്‍ ലംഘിച്ചു. തങ്ങള്‍ അറിഞ്ഞുകൊണ്ടാണോ ജനശ്രീക്ക് ഫണ്ട് അനുവദിച്ചതെന്ന് ഇരുവരും വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യസ്ഥാപനമായ ജനശ്രീ മിഷന് കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷിവികാസ് യോജന(ആര്‍കെവിവൈ)യില്‍നിന്ന് ഫണ്ടിന്റെ ആദ്യഗഡു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ഫയലില്‍ കഴിഞ്ഞദിവസം മന്ത്രി കെ പി മോഹനന്‍ ഒപ്പിട്ടിരുന്നു. കേന്ദ്ര കൃഷിമന്ത്രാലയമെടുക്കുന്ന തീരുമാനത്തിനുശേഷമേ ഫണ്ട് കൈമാറലുമായി ബന്ധപ്പെട്ട തുടര്‍നടപടി സ്വീകരിക്കൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ സംരക്ഷണവേദിയുമായി ഒപ്പിട്ട കരാറില്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ കരാറാണ് ജനശ്രീക്ക് ഫണ്ടിന്റെ ആദ്യഗഡു അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ലംഘിച്ചത്.

ജയറാം രമേശിനെതിരെ മുനീറും

കേന്ദ്രമന്ത്രി ജയറാം രമേശിനെതിരെ മന്ത്രി എം കെ മുനീറും രംഗത്ത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ജയറാം രമേശ് കെ സി ജോസഫിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അല്‍പം കടുത്തുപോയെന്ന് മുനീര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുടംബശ്രീയ്ക്ക് ബദലായി രൂപവല്‍കരിച്ച പ്രസ്ഥാനമല്ല ജനശ്രീയെന്നും ജനശ്രീയ്ക്ക് മാത്രം ഫണ്ട് വാങ്ങാന്‍ പാടില്ലെന്ന് ആരും വാശിപിടിക്കാന്‍ പാടില്ലെന്നും മുനീര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജയറാം രമേശിന്റെ കുടികിടപ്പുകാരല്ലെന്ന കെ സി ജോസഫിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ജയറാം രമേശിനെതിരെ എം കെ മുനീറം രംഗത്ത് വന്നത്.

deshabhimani

തൊഴില്‍ വളര്‍ച്ച നിശ്ചലമാകുന്നു

രാജ്യത്ത് തൊഴില്‍വളര്‍ച്ച നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. 1999-2000 മുതല്‍ 2004-05 വരെയുള്ള കാലയളവില്‍ 2.95 ശതമാനം ആയിരുന്നു തൊഴില്‍ വളര്‍ച്ചയെങ്കില്‍ 2004-05 മുതല്‍ 2009-10ല്‍ ഇത് 0.28 ശതമാനത്തിലേക്ക് ഇടിഞ്ഞതായി തൊഴില്‍ മന്ത്രിമല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. പി കെ ബിജു എംപിക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സംസ്ഥാനങ്ങള്‍ എതിര്‍ത്തതിത്തെുടര്‍ന്ന് തുടര്‍ന്ന് ഡോ. കെ കസ്തൂരിരംഗന്‍ അധ്യക്ഷനായ ഉന്നതതല പ്രവര്‍ത്തക സമിതിയെ നിയമിച്ചതായി പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ അറിയിച്ചു. ആന്റോ ആന്റണിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 2009 മുതല്‍ 428 ജൈവശാസ്ജ്ഞ്രര്‍ക്ക് ഗവേഷണ സഹായം നല്‍കിയതായി ശാസ്ത്രസാങ്കേതിക മന്ത്രി ജയ്റാം രമേഷ് പറഞ്ഞു. ഡോ. ടി എന്‍ സീമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2003-11 കാലയളവില്‍ 2500 വനിത ശാസ്ത്രജ്ഞര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയതായും ജയ്റാം രമേഷ് വ്യക്തമാക്കി. 10,000 സൗരോര്‍ജപ്ലാന്റുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ സംസ്ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ട് അപേക്ഷ നല്‍കിയതായി കെ എന്‍ ബാലഗോപാലിന്റെ ചോദ്യത്തിന് ആവര്‍ത്തനോര്‍ജ മന്ത്രി ഫാറൂഖ് അബ്ദുള്ള മറുപടി നല്‍കി. 271 കോടി രൂപയാണ് പദ്ധതി ചെലവ്.

deshabhimani 271112

ഗാസയില്‍ 6930 കോടിയുടെ നാശനഷ്ടം


എട്ടുദിവസം നീണ്ട ഇസ്രയേലി വ്യോമ-നാവിക ആക്രമണത്തില്‍ ഗാസയില്‍ 124.5 കോടി ഡോളറിന്റെ (6930 കോടിയോളം രൂപ) നാശനഷ്ടമുണ്ടായതായി കണക്ക്. ഗാസയിലെ ഹമാസ് സര്‍ക്കാര്‍ അറിയിച്ചതാണിത്. പ്രത്യക്ഷ നാശനഷ്ടം 54.5 കോടി ഡോളര്‍ വരും. പരോക്ഷ നാശനഷ്ടം 70 കോടിയും. ഇരുനൂറിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എണ്ണായിരത്തില്‍പ്പരം വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. വീടുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ആസ്ഥാനമടക്കം വേറെ 42 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പള്ളിയും ഒരു ആരോഗ്യകേന്ദ്രവും നിലംപൊത്തി. നൂറുകണക്കിന് ഔദ്യോഗിക മന്ദിരങ്ങളും ഭാഗികമായി തകര്‍ന്നു. 43 കുട്ടികളും 13 സ്ത്രീകളുമടക്കം 171 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. പലസ്തീന്‍കാരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരടക്കം ആറ് ഇസ്രയേലികളും മരിച്ചു.

ഗാസ ഭരിക്കുന്ന ഹമാസും പലസ്തീന്‍ അഥോറിറ്റിയുടെ ആസ്ഥാനമടങ്ങുന്ന വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫത്തായും തമ്മിലുള്ള ഭിന്നതകളില്‍ അയവുവരാന്‍ ഇസ്രയേലി ആക്രമണം ഇടയാക്കിയിട്ടുണ്ട്. ഗാസയില്‍ ജയിലുകളിലുള്ള ഫത്താക്കാരെ വിട്ടയക്കുമെന്ന് ഹമാസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. 22 ഫത്താക്കാരാണ് ഗാസയില്‍ തടവിലുള്ളത്. ആക്രമണവേളയില്‍ ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച് രണ്ട് സംഭവത്തിലായി ഏഴുപേരെ വെടിവച്ചുകൊന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഹമാസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

deshabhimani 271112

തലസ്ഥാനം പിടിച്ചടക്കി അരലക്ഷം "ക്ഷേമ"ത്തൊഴിലാളികള്‍


കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്കായി വിയര്‍പ്പൊഴുക്കുന്നവരുടെ അവകാശസംരക്ഷണത്തിനായി രാജ്യത്തിന്റെ ഗ്രാമങ്ങളില്‍നിന്ന് എത്തിയ അരലക്ഷത്തിലേറെ സ്ത്രീത്തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ തലസ്ഥാന നഗരം പിടിച്ചടക്കി. ക്ഷേമപദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന വേതനമില്ലാത്ത ഒരു കോടി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മഹാപടാവ് (വിശാലധര്‍ണ) ഡല്‍ഹിയിലെ സമരചരിത്രത്തില്‍ ത്രസിപ്പിക്കുന്ന അധ്യായം എഴുതിച്ചേര്‍ത്തു. തങ്ങളെ തൊഴിലാളികളായി അംഗീകരിക്കുക, ഓണറേറിയം-ഇന്‍സെന്റീവ് എന്നിവയ്ക്കു പകരം മിനിമംവേതനം 10,000 രൂപ നല്‍കുക, പെന്‍ഷനടക്കമുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ അനുവദിക്കുക, ക്ഷേമപദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് രണ്ടു ദിവസത്തെ മഹാപടാവ്.

സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ സമരം ഉദ്ഘാടനംചെയ്തു. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ അധ്യക്ഷനായി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, അഖിലേന്ത്യാ കിസാന്‍സഭാ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുംനിന്ന് സിഐടിയുവിന്റെ പതാകയുമേന്തി ഡല്‍ഹിയിലെത്തിയ ബഹുഭൂരിപക്ഷം സ്ത്രീകളടങ്ങുന്ന തൊഴിലാളികള്‍ രണ്ടു ദിവസം രാംലീലാ മൈതാനിയില്‍ തങ്ങിയശേഷമാണ് തിങ്കളാഴ്ച രാവിലെ പത്തോടെ പ്രകടനമായി ജന്തര്‍മന്ദര്‍ റോഡിലെത്തിയത്. ജന്തര്‍മന്ദര്‍മുതല്‍ അശോക റോഡുവരെയുള്ള ജന്തര്‍മന്ദര്‍ റോഡിന്റെ ഭാഗം പൂര്‍ണമായും സമരവളന്റിയര്‍മാരെക്കൊണ്ട് നിറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും, ആഷ, ഉഷ, യശോദ, മമത, കൃഷിമിത്ര, ശിക്ഷാസേവക്, ശിക്ഷാ മിത്ര എന്നീ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുമാണ് സമരത്തിനെത്തിയത്. വേതനമോ അവധിയോ മറ്റ് ക്ഷേമ ആനുകൂല്യങ്ങളോ ഒന്നുമില്ലാതെ പണിയെടുക്കുന്ന, ആയിരം രൂപ ശരാശരി വേതനമുള്ള ഇവരുടെ മികവിലാണ് ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്നത്. പട്ടിണികിടന്ന് ജോലിചെയ്യേണ്ടിവരുന്ന ഇവര്‍ക്കു നേരെ സര്‍ക്കാര്‍ നടത്തുന്ന കൊടുംചൂഷണം അവസാനിപ്പിക്കണമെന്നാണ് മഹാപടാവിന്റെ പ്രധാന ആവശ്യം.

അര ലക്ഷം സമര വളന്റിയര്‍മാര്‍ക്കൊപ്പം സിഐടിയു ഭാരവാഹികളായ 11 പേര്‍ രണ്ടു ദിവസത്തെ ഉപവാസവും ആരംഭിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ഡോ. കെ ഹേമലത, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ, വിവിധ സംസ്ഥാന ഭാരവാഹികളായ വരലക്ഷ്മി (കര്‍ണാടകം), ഉമാമഹേശ്വരറാവു (ആന്ധ്രപ്രദേശ്), തപന്‍ ശര്‍മ (അസം), ഗജേന്ദ്ര ഝാ (ഛത്തീസ്ഗഢ്), സുരീന്ദര്‍ശര്‍മ (ഹരിയാന), പ്രമോദ് പ്രധാന്‍ (മധ്യപ്രദേശ്), രാധാ സാരംഗി (ഒറീസ), പ്രേംനാഥ് റോയ് (ഉത്തര്‍പ്രദേശ്), ദേബേന്‍ പട്ടേല്‍ (ഛത്തീസ്ഗഢ്) എന്നിവരാണ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഇവരെ ഹാരമണിയിച്ചു. മഹാപടാവ് ചൊവ്വാഴ്ച വൈകിട്ട് സമാപിക്കും. ആവശ്യങ്ങളടങ്ങുന്ന നിവേദനം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
(വി ജയിന്‍)

സമരവഴി താണ്ടി കശ്മീരില്‍നിന്ന്

ന്യൂഡല്‍ഹി: കശ്മീരിന്റെ സമരവഴികളിലൂടെ ഡല്‍ഹിയില്‍ മഹാപടാവിനെത്തിയ ഹഫീസ വാനിക്കും സംഘത്തിനും പറയാനുള്ളത് ചൂഷണത്തിന്റെ സമാനതകളില്ലാത്ത കഥ. മിനിമംകൂലിയോ തൊഴിലാളികള്‍ എന്ന പരിഗണനയോ ഇല്ലാതെ ജമ്മു കശ്മീരില്‍ അങ്കണവാടി വര്‍ക്കര്‍മാരായി ജോലിചെയ്യുകയാണിവര്‍. പലര്‍ക്കും ഒരുവര്‍ഷമായി ശമ്പളമില്ല. തങ്ങളുടെ സംഘടിതശക്തിയെ ഭയപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് 150 പേരടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തിയത്.

സംസ്ഥാനത്ത് അങ്കണവാടികള്‍ സജീവമാണെങ്കിലും വര്‍ക്കര്‍മാരുടെ ജീവിതം പരിതാപകരമാണെന്ന് ഗന്തര്‍ബാല്‍ ജില്ലയില്‍നിന്നുള്ള ഹഫീസ വാനി പറഞ്ഞു. തൊഴിലാളിസമരങ്ങളുടെ മുന്നണിപ്പോരാളിയായ ഹഫീസയെ സര്‍ക്കാര്‍ 2008ല്‍ ജയിലിലടച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുകൂടിയായ ഹഫീസ വാനിയെ പിന്നീട് രണ്ടുതവണ പിടികൂടി ജയിലിലടച്ചു. വര്‍ക്കര്‍മാരുടെ പ്രതിമാസവേതനം 600 രൂപ. അത് കിട്ടുന്നതുതന്നെ ആറും ഏഴും മാസം കൂടുമ്പോള്‍. ഒരുവര്‍ഷമായി വേതനം കിട്ടാത്തതിനെക്കുറിച്ചാണ് അനന്ത്നാഗില്‍നിന്നുള്ള വസീറയ്ക്ക് പറയാനുള്ളത്. മകന്‍ നാലാംക്ലാസ് വിദ്യാര്‍ഥി ഫുര്‍ഖാനെയും കൂട്ടിയാണ് വസീറ സമരവേദിയിലെത്തിയത്. തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്കും സെന്‍സസിനും ഞങ്ങളെ ഉപയോഗിക്കും. പക്ഷേ, വേതനം നല്‍കില്ല- ജവ്ഹാര പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊന്നും അങ്കണവാടികളില്‍ ഇല്ലെന്ന് അഫ്രോസ പറഞ്ഞു. ആറുമാസം കൊടുംതണുപ്പിലമരുന്ന കശ്മീരില്‍ ഹീറ്റര്‍പോലുള്ള ഉപകരണങ്ങള്‍ അനിവാര്യമെങ്കിലും ഒമര്‍ അബ്ദുല്ല സര്‍ക്കാരിന് ഇതിലൊന്നും താല്‍പ്പര്യമില്ല.

യുപിഎയുടേത് നിര്‍ദയമുഖം: പ്രകാശ് കാരാട്ട്

ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനോ സ്വന്തം ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍ക്ക് മിനിമംകൂലി നല്‍കാനോ തയ്യാറാകാതെ കോര്‍പറേറ്റുകള്‍ക്ക് ഒരു വര്‍ഷം അഞ്ചു ലക്ഷം കോടി രൂപ നികുതിയിളവ് നല്‍കിയ യുപിഎ സര്‍ക്കാര്‍ നിര്‍ദയമായ ജനവിരുദ്ധ മുഖമാണ് പുറത്തുകാട്ടുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ക്ഷേമപദ്ധതി തൊഴിലാളികള്‍ ഡല്‍ഹിയില്‍ നടത്തുന്ന രണ്ടു ദിവസത്തെ മഹാപടാവിനെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു വര്‍ഷമായി ജനങ്ങളുടെയും തൊഴിലാളികളുടെയും അവകാശം പിടിച്ചുപറിക്കുകയാണ് സര്‍ക്കാര്‍. തൊഴില്‍ നല്‍കുകയല്ല, ഉള്ള തൊഴില്‍കൂടി ഇല്ലാതാക്കുകയാണ്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്ക് വിടുവേലചെയ്യുന്നു. ജനങ്ങളുടെ മൗലികാവകാശം നിഷേധിക്കുന്ന തലത്തിലേക്ക് ഉദാരവല്‍ക്കരണ നയപരിപാടികള്‍ മാറിയിരിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഡല്‍ഹിയിലെ സമരങ്ങള്‍ കാണുന്ന താന്‍ ഇത്രയും പങ്കാളിത്തമുള്ള ഒരു തൊഴിലാളിസമരം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് കാരാട്ട് പറഞ്ഞു. ജീവിതം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ഈ സമരം വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അധ്വാനത്തിന് വിലകല്‍പ്പിക്കാത്ത സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിക്കാന്‍ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പറഞ്ഞു. ക്ഷേമപദ്ധതി തൊഴിലാളികളുടെകൂടി ആവശ്യമുന്നയിച്ച് ഫെബ്രുവരി 20നും 21നും നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ അണിചേരാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ക്ഷേമപദ്ധതി തൊഴിലാളികളെ അവഗണിക്കുന്ന നടപടി ക്രൂരമാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. 35 വര്‍ഷം ജോലിചെയ്താലും പെന്‍ഷനോ ആനുകൂല്യങ്ങളോ ഇല്ലാതെ അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടിവരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തവും ദീര്‍ഘവുമായ സമരം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

deshabhimani 271112

പാലക്കാട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 70 കോടി രൂപ


കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് ഒന്നാംവിള നെല്ല് സംഭരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29 ശതമാനം കുറവ്. സംഭരണയിനത്തില്‍ 70 കോടിരൂപയുടെ കുടിശ്ശിക ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനുമുണ്ട്. 62,996 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം വിളയില്‍ 87,578 മെട്രിക് ടണ്‍ സംഭരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന പാലക്കാട്ടു നിന്ന് ആവശ്യത്തിന് നെല്ല് സംഭരിക്കാന്‍ സപ്ലൈകോയ്ക്ക് കഴിയില്ലെന്നുറപ്പായി. കര്‍ഷകര്‍ക്ക് 37.53 കോടി രൂപയാണ് ഇതേവരെ നല്‍കിയത്.

സെപ്തംബര്‍ 24നാണ് ഒന്നാംവിളയുടെ സംഭരണം സര്‍ക്കാര്‍ തുടങ്ങിയത്. ഒക്ടോബര്‍ 14 വരെ സംഭരിച്ച നെല്ലിനാണ് പണം നല്‍കിയത്. ഒറ്റപ്പാലം, ആലത്തൂര്‍ എന്നിവിടങ്ങളിലെ സംഭരണം അവസാനിപ്പിച്ചു. ചിറ്റൂരും പാലക്കാടും ഉടന്‍ അവസാനിപ്പിക്കും. ജില്ലയില്‍ എല്ലായിടത്തും ഇക്കുറി നെല്ലിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞു. ആലത്തൂര്‍ 21,999 ടണ്‍ (കഴിഞ്ഞവര്‍ഷം 28,372 ടണ്‍), ചിറ്റൂര്‍: 24,391 ടണ്‍ (36,047 ടണ്‍), ഒറ്റപ്പാലം: 688 ടണ്‍ (1581 ടണ്‍), പാലക്കാട്: 15,918 ടണ്‍ (21,578 ടണ്‍) എന്നിങ്ങനെയാണ് സംഭരിച്ച നെല്ലിന്റെ കണക്ക്. കിലോയ്ക്ക് 17 രൂപ നല്‍കിയാണ് സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. പണവും കുടിശ്ശികയാണ്. എന്നാല്‍, 18-19 രൂപ നല്‍കിയാണ് ജ്യോതി ഉള്‍പ്പെടെയുള്ള നെല്ല് സ്വകാര്യമില്ലുകള്‍ സംഭരിച്ചത്. നെല്ല് പച്ചയ്ക്കെടുത്ത് അപ്പപ്പോള്‍ പണവും നല്‍കുന്നത് കര്‍ഷകരെ സ്വകാര്യമില്ലുകാര്‍ക്ക് നെല്ല് നല്‍കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, നെല്ലുല്‍പ്പാദനത്തില്‍ വന്ന കുറവാണ് സംഭരണത്തിന്റെ അളവു കുറയാന്‍ ഇടയാക്കിയതെന്നാണ് സപ്ലൈകോ അധികൃതരുടെ വാദം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നെല്ല് സംഭരിച്ച് 15 ദിവസത്തിനകം കര്‍ഷകന് തുക നല്‍കിയിരുന്നു. ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 രൂപ താങ്ങുവില അപര്യാപ്തമാണ്. പ്രഖ്യാപിച്ച തുകയും യഥാസമയം നല്‍കാത്തത് ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്ത് കൃഷിയിറക്കിയവരെ ദുരിതത്തിലാക്കും.

deshabhimani

സപ്ലൈകോ ശൂന്യം; പിഎഫ് കുടിശ്ശിക 4 കോടി


സംസ്ഥാനത്തെ ഭൂരിപക്ഷം സപ്ലൈകോ സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ ജനം വലയുന്നു. സ്റ്റോറുകളിലെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. 2000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് നിലവിലുള്ള ജീവനക്കാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നു. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നാലുകോടി രൂപ കുടിശ്ശിക വരുത്തിയതിന് അധികൃതര്‍ സപ്ലൈകോയ്ക്ക് നോട്ടീസും നല്‍കി. തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത തുകയാണ് അടയ്ക്കാതെ തട്ടിച്ചത്. സ്റ്റോറുകളില്‍ 13 സബ്സിഡി ഇനങ്ങളില്‍ മട്ട അരി, പഞ്ചസാര, മുളക്, ഉഴുന്നുപരിപ്പ് എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. വന്‍പയര്‍, കടല, ചെറുപയര്‍, തുവരപ്പരിപ്പ്, പച്ചരി തുടങ്ങിയവ എന്ന് കിട്ടുമെന്ന് ജീവനക്കാര്‍ക്കുപോലും വ്യക്തതയില്ല. ഇതോടെ പലയിടത്തും ജനങ്ങളും ജീവനക്കാരും തമ്മില്‍ തര്‍ക്കം പതിവായി.
വിറ്റുവരവ് പരിധി നിര്‍ണയിച്ച് താല്‍ക്കാലിക പാക്കിങ് ജീവനക്കാരെ ഉള്‍പ്പെടെ പിരിച്ചുവിട്ടതോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ഉള്ള സാധനങ്ങള്‍പോലും ജനങ്ങള്‍ക്ക് നല്‍കാനാവുന്നില്ല. ഇതര ജീവനക്കാരുടെ എണ്ണവും കുറച്ചതോടെ ഉള്ള ജോലിക്കാര്‍ അമിതഭാരം പേറുന്നു. പ്രതിമാസം മൂന്നര ലക്ഷം രൂപവരെ വിറ്റുവരവുള്ള മാവേലി സ്റ്റോറുകളില്‍ കേവലം രണ്ട് ജീവനക്കാരാണുള്ളത്. നേരത്തെ വില്‍പ്പന പരിധി രണ്ടര ലക്ഷം രൂപയായിരുന്നു. പത്ത് ലക്ഷം രൂപവരെ വിറ്റുവരവുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു പാക്കിങ് സ്റ്റാഫ് ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് നിലവിലുള്ളത്. മൂന്ന് ജീവനക്കാരും മൂന്ന് പാക്കിങ് സ്റ്റാഫും ഉണ്ടായിരുന്നിടത്താണിത്. 10ന് മുകളില്‍ 20 ലക്ഷം രൂപവരെ വിറ്റുവരവുള്ളിടത്ത് അഞ്ച് ജീവനക്കാര്‍ ഉണ്ടായത് നാലാക്കി. പാക്കിങ് ജീവക്കാരുടെ എണ്ണം നാലില്‍നിന്ന് രണ്ടാക്കി. ഇതിനുമുകളില്‍ വിറ്റുവരവുള്ളിടത്ത് ഇപ്പോള്‍ അഞ്ച് ജീവനക്കാരാണുള്ളത്. ആറ് പാക്കിങ് ജീവനക്കാര്‍ക്കുപകരം ഇവരുടെ എണ്ണവും രണ്ടാക്കി. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണമെന്നതിനാല്‍ ചിലയിടങ്ങളില്‍ താല്‍ക്കാലിക ജീവക്കാര്‍ക്ക് ശമ്പളം ലഭിക്കുമെന്ന ഉറപ്പുമില്ല. കേവലം 200 രൂപ വേതനത്തിലാണ് താല്‍ക്കാലിക ജീവനക്കാര്‍ ജോലിചെയ്യുന്നത്. ഒരു പാക്കിങ്ങിന് 30 പൈസയാണ് ലഭിക്കുന്നത്. ഇതുപോലും ഇവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. പൊതുവിപണിയില്‍ നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം കുതിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയെ സര്‍ക്കാര്‍ തന്നെ പലവിധത്തില്‍ തകര്‍ക്കുന്നത്.

deshabhimani 271112

കുടുംബശ്രീ : ജയ്റാം രമേഷ് X കെ സി ജോസഫ്


കുടുംബശ്രീക്ക് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ജയ്റാം രമേഷും സംസ്ഥാനമന്ത്രി കെ സി ജോസഫും തുറന്ന പോരില്‍. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ ഫണ്ട് കുടുംബശ്രീക്ക് തന്നെ നല്‍കുമെന്ന് മന്ത്രി ജയ്റാം രമേഷ് ആവര്‍ത്തിച്ച് വ്യക്തമാക്കി. കുടുംബശ്രീക്ക് മാത്രമേ ഫണ്ട് നല്‍കൂ എന്ന ജയ്റാം രമേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന മന്ത്രി കെ സി ജോസഫിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതെസമയം, ജയ്റാം രമേഷിന്റെ വീട്ടിലെ കുടികിടപ്പുകാരല്ല സംസ്ഥാനസര്‍ക്കാരെന്നും കെ സി ജോസഫ് തിരിച്ചടിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ 700 കിലോമീറ്റര്‍ റോഡ് വികസനത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ കെ സി ജോസഫിനോട് ആവശ്യപ്പെട്ടിട്ട് രണ്ടുമാസമായെന്നും ഇതുവരെ കിട്ടിയിട്ടില്ലെന്നും ജയ്റാം രമേഷ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പണം തന്നിഷ്ടംപോലെ കോണ്‍ഗ്രസുകാര്‍ക്ക് ചെലവാക്കാനായി എം എം ഹസ്സന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനശ്രീക്ക് ഫണ്ട് നല്‍കാത്തതിനെ ചൊല്ലിയാണ് ജയ്റാം രമേഷിനെ കെ സി ജോസഫ് വിമര്‍ശിച്ചത്. ജയ്റാം രമേഷിന്റെ നിലപാടിനെതിരെ കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ജോസഫ് കോട്ടയത്ത് പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നയരൂപീകരണം നടത്തുന്നത് വ്യക്തികളുടെ യുക്തിസഹമല്ലാത്ത ഭ്രമകല്‍പ്പനകള്‍ക്ക് അനുസരിച്ചല്ലെന്ന് ജയ്റാം രമേഷ് തുറന്നടിച്ചു. ജമ്മു കശ്മീര്‍, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ കുടുംബശ്രീയെ മാതൃകയാക്കിക്കഴിഞ്ഞു. കേരളത്തില്‍ സ്ത്രീ സമൂഹത്തെയാകെ പ്രതിനിധാനംചെയ്യുന്നത് കുടുംബശ്രീയാണ്. അതുകൊണ്ട് കേന്ദ്രത്തെ സംബന്ധിച്ച് കേരളത്തിലെ നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെയാണ്. അതില്‍ മാറ്റമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും താന്‍ കണ്ട് സംസാരിച്ചിരുന്നു. അവരും കുടുംബശ്രീയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കെ സി ജോസഫ് തന്റെ സുഹൃത്ത് തന്നെ. ഞങ്ങള്‍ എപ്പോഴും വിളിക്കാറുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിക്ക് കീഴില്‍ 700 കിലോമീറ്റര്‍ റോഡ് വികസനത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ ഈ മന്ത്രിയോട് ആവശ്യപ്പെട്ടിട്ട് രണ്ടുമാസമായി. ഇതുവരെ കിട്ടിയിട്ടില്ല. ഈമാസം ഒടുവില്‍ തരാമെന്നാണ് ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ടിനായി താന്‍ കാത്തിരിക്കയാണ്- ജയ്റാം രമേഷ് പറഞ്ഞു. ഇതേസമയം, കുടുംബശ്രീക്ക് മാത്രമേ സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ കഴിയുകയുള്ളൂ എന്ന കേന്ദ്രമന്ത്രി ജയ്റാം രമേഷിന്റെ നിലപാട് ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.കുടുംബശ്രീക്ക് നല്‍കാനുള്ള ഫണ്ടേ ജയ്റാംരമേഷിന്റെ കൈയിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി എസ്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളെ മന്ത്രി കെ സി ജോസഫ് നിരന്തരം ചോദ്യംചെയ്യുന്നത് അഴിമതി നടത്താന്‍വേണ്ടിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സില്‍ബന്ധികള്‍ക്ക് പങ്കുവയ്ക്കാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതി നടപ്പാക്കാനാണ് രാഷ്ട്രീയ കൃഷി യോജനയില്‍ നിന്നുള്ള എട്ടുകോടി രൂപ ജനശ്രീക്ക് നല്‍കുന്നത്. ഇത്തരം പദ്ധതികളെ എതിര്‍ത്തതിനാലാണ് ജയ്റാം രമേഷിനെതിരെ സംസ്ഥാനനേതാക്കള്‍ തിരിഞ്ഞതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

ജനശ്രീ ഫണ്ട് തിരിമറി: മന്ത്രിയും അഴിമതിയില്‍ പങ്കാളിയായി

കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ സ്വകാര്യ സംരംഭമായ ജനശ്രീ മിഷന് ആര്‍കെവിവൈ പദ്ധതിയുടെ ആദ്യഗഢു അനുവദിച്ച് ഫയലില്‍ ഒപ്പിട്ടതോടെ കൃഷിമന്ത്രി കെ പി മോഹനും കോടികളുടെ അഴിമതിയില്‍ പങ്കാളിയാണെന്ന് വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി കെ സി ജോസഫിന്റേയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒപ്പിട്ടതെങ്കിലും ആര്‍കെവിവൈ ചട്ടം ലംഘിച്ച് സ്വകാര്യ സംരംഭത്തിന് ഫണ്ട് അനുവദിച്ചതോടെ കുരുക്കിലാവുന്നത് മന്ത്രിയാണ്.

രാഷ്ട്രീയ കൃഷിവികാസ് യോജനയുടെ (ആര്‍കെവിവൈ) ഫണ്ട് വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപ്പാടെ ലംഘിച്ചാണ് 14.36 കോടി രൂപ ജനശ്രീ മിഷന്റെ അഞ്ച് കടലാസ് പദ്ധതികള്‍ക്ക് അനുവദിച്ചത്. കേന്ദ്ര കൃഷിമന്ത്രി തന്നെ ഇതിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടും ആദ്യഗഢു അനുവദിച്ചത് നഗ്നമായ അഴിമതിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ കൃഷിക്ക് പ്ലാന്‍ ഫണ്ടില്‍ നീക്കിവെക്കുന്ന തുകയുടെ നിശ്ചിത അനുപാതത്തിനുസരിച്ച് മാത്രമായിരിക്കണം ആര്‍കെവിവൈ ഫണ്ട് വിനിയോഗമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. ജനശ്രീക്ക് ഫണ്ട് അനുവദിച്ചപ്പോള്‍ ഇത് പാലിച്ചില്ല. ഓരോ പദ്ധതിയും ജില്ലാതലത്തില്‍ തയ്യാറാക്കി ജില്ലാതല കമ്മിറ്റി അംഗീകരിച്ച ശേഷം സംസ്ഥാന തല കമ്മിറ്റി അംഗീകരിക്കണം. എന്നാല്‍ ജനശ്രീ തയ്യാറാക്കിയ ഒരു പദ്ധതിയും ജില്ലാതലത്തില്‍ തയ്യാറാക്കിയതല്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് നടത്താന്‍ കഴിയുന്ന പദ്ധതികളാണെങ്കില്‍നിര്‍ബന്ധമായും അത് പാലിക്കണമെന്ന നിര്‍ദ്ദേശവും ലംഘിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചതിനിടയില്‍ ആദ്യഗഢു നല്‍കാന്‍ നടപടി എടുത്തത് ഗുരുതരമായ ചട്ടലംഘനമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് സ്വന്തക്കാര്‍ക്ക് ധൂര്‍ത്തടിക്കാന്‍ കിട്ടാത്തതില്‍ മുഖ്യമന്ത്രിക്കും ചില കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുമുള്ള അരിശമാണ് കേന്ദ്രതീരുമാനത്തെ പോലും വെല്ലുവിളിച്ച് ആര്‍കെവിവൈ ഫണ്ടിന്റെ ആദ്യഗഢു ധൃതിപിടിച്ച് അനുവദിച്ചതിന് പിന്നില്‍.ജനശ്രീ മിഷന്റെ അഞ്ച് കടലാസ് പദ്ധതികളിലൊന്നിനും അനുവദിച്ച തുകയുടെ 10 ശതമാനം പോലും യഥാര്‍ഥത്തില്‍ വിനിയോഗിക്കാനാകില്ല. എങ്കിലും രേഖകള്‍ ചമച്ച് പണം തട്ടാനാണ് ലക്ഷ്യമിടുന്നത്.

deshabhimani 271112

ചികിത്സയ്ക്ക് ഫീസ്: പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി


സര്‍ക്കാര്‍ ആശുപത്രികളിലെ പെയ്ഡ് ക്ലിനിക് നീക്കത്തിനുപിന്നില്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ എതിര്‍ത്ത ലോബി. ഈ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ത്തന്നെ ഇത്തരമൊരു നിര്‍ദേശവുമായി ചില സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ രണ്ട് രീതിയില്‍ കാണുന്ന സ്ഥിതിയുണ്ടാകുമെന്നും അത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ജനവിരുദ്ധനിര്‍ദേശം തള്ളി. യുഡിഎഫ് അധികാരത്തിലെത്തിയതോടെ സമ്മര്‍ദം ചെലുത്തി നിര്‍ദേശം അംഗീകരിപ്പിക്കുകയായിരുന്നു. സ്വകാര്യ പ്രാക്ടീസ് നിരോധനത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ ബാഹ്യശക്തികള്‍ക്ക് കീഴടങ്ങാന്‍ തുടങ്ങിയത്. ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനവും വിഭവങ്ങളും ഉപയോഗപ്പെടുത്തി കുറച്ച് ഡോക്ടര്‍മാര്‍ക്ക് ധനസമ്പാദനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. ഡോക്ടര്‍മാരുടെ കൈക്കൂലിക്ക് സര്‍ക്കാര്‍മുദ്ര ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടവും ഉപകരണങ്ങളും ജീവനക്കാരുമെല്ലാം പെയ്ഡ് ക്ലിനിക്കില്‍ ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇതുമൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ടവര്‍ക്ക് നല്ല ചികിത്സയും പരിഗണനയും നിഷേധിക്കപ്പെടും. സ്വകാര്യ പ്രാക്ടീസിലെന്നപോലെ ഫീസ് കൊടുത്താല്‍ മാത്രം ഡോക്ടറെ കാണാമെന്ന് വരുന്നതോടെ ദരിദ്രര്‍ തഴയപ്പെടും. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കിയതും റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തിയതും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. പാവപ്പെട്ടവര്‍ക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമായിത്തുടങ്ങിയിരുന്നു. ഇതെല്ലാം തകര്‍ക്കപ്പെടാന്‍ പുതിയ നീക്കം കാരണമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിശ്ചിതസമയം മാത്രമേ ഡോക്ടര്‍മാരെ കാണാന്‍ കഴിയൂവെന്നും ഇതിന് പരിഹാരമാണ് പെയ്ഡ് ക്ലിനിക്കെന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും തീരുമാനിക്കപ്പെട്ട സമയത്തുമാത്രമേ ഒപി പ്രവര്‍ത്തിക്കാറുള്ളൂ. രോഗികളെ വീട്ടില്‍ കാണുന്നതില്‍നിന്ന് ഡോക്ടര്‍മാരെ വിലക്കിയിട്ടുമുണ്ട്.

ആദ്യഘട്ടം 20 ബ്ലോക്കുകളിലെ മൃഗാശുപത്രിയില്‍ ഫീസ്

സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ചികിത്സയ്ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ആദ്യഘട്ടത്തില്‍ 20 ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പാക്കും. തിരുവനന്തപുരം ജില്ലയില്‍ പെരുങ്കടവിള, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലാണ് നടപ്പാക്കുക. മറ്റ് ജില്ലകളില്‍ ബ്ലോക്ക് നിശ്ചയിച്ചുനല്‍കാന്‍ ജില്ലാ വെറ്ററിനറി ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. മൃഗാശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാനാണ് തീരുമാനം. വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെ ഈ ആവശ്യത്തിന് ഉപയോഗിക്കും. എന്നാല്‍, വകുപ്പില്‍ ഇരുനൂറില്‍പരം വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ നീക്കമൊന്നുമില്ല. വടക്കന്‍ ജില്ലകളിലാണ് ഒഴിവുകളില്‍ ഭൂരിപക്ഷവും. തസ്തിക വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി, കരാര്‍ നിയമനം വ്യാപിപ്പിക്കാനാണ് ധനവകുപ്പ് നിര്‍ദേശം. കരാര്‍ നിയമനത്തിലൂടെ ഒഴിവ് നികത്താമെന്നാണ് കണക്കുകൂട്ടല്‍. മൃഗചികിത്സയ്ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതോടെ ക്ഷീരകര്‍ഷക മേഖലയില്‍ അവശേഷിക്കുന്നവര്‍കൂടി രംഗം വിടും. കഴിഞ്ഞമാസമാണ് മില്‍മയും കേരള കാറ്റില്‍ഫീഡ്സും കാലിത്തീറ്റയുടെ വില കൂട്ടിയത്. 50 കിലോഗ്രാം തീറ്റയ്ക്ക് 200 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സ്വകാര്യ ഏജന്‍സികളും കുത്തനെ വില കൂട്ടി. മില്‍മ പാല്‍വില അഞ്ചുരൂപ വര്‍ധിപ്പിച്ചപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത് ഒരു രൂപയില്‍ താഴെ. കഴിഞ്ഞ കന്നുകാലി സെന്‍സസ് കേരളത്തിലെ കാലിസമ്പത്ത് കുറയുന്നതായാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം ഘട്ടംഘട്ടമായി കുറച്ച് കുത്തകകള്‍ക്ക് അവസരം ഒരുക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ 12 ലക്ഷത്തോളം ലിറ്റര്‍ പാല്‍ സംസ്ഥാനത്തിന് പുറത്തുനിന്നാണ് എത്തിക്കുന്നത്.

deshabhimani 251112

Monday, November 26, 2012

കാസര്‍കോട് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്


യൂത്ത് കോണ്‍ഗ്രസ് അംഗത്വം ചേര്‍ക്കുന്നതിലെ തര്‍ക്കം മൂത്ത് കാസര്‍കോട് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് എ, ഐ വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. അകത്ത് കൂട്ടത്തല്ല് നടക്കുമ്പോള്‍ പുറത്ത് ഒരു വിഭാഗം ഓഫീസിനുനേരെ കല്ലെറിഞ്ഞും ചീത്തവിളിച്ചും പ്രകോപനം സൃഷ്ടിച്ചു. പൊലീസെത്തിയാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിച്ചത്.

യൂത്ത്കോണ്‍ഗ്രസ് അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ അവസാന ദിവസമായിരുന്നു ഞായറാഴ്ച. വൈകിട്ട് അഞ്ചുവരെയേ അംഗങ്ങളെ ചേര്‍ക്കൂവെന്ന് അറിയിപ്പുണ്ടായിരുന്നു. അഞ്ചിനുതന്നെ റിട്ടേണിങ് ഓഫീസര്‍ ഡിസിസി ഓഫീസിന്റെ വാതിലടച്ചു. എന്നാല്‍ ആറോടെയാണ് ഐ ഗ്രൂപ്പുകാര്‍ മെമ്പര്‍ഷിപ്പുമായെത്തിയത്. വാതിലടച്ചതിനാല്‍ ഓഫീസിനു പുറത്തുകൂടി ടെറസില്‍ കയറി മെമ്പര്‍ഷിപ്പ് ഫോറം കയറില്‍കെട്ടി ജനലിലൂടെ അകത്തുണ്ടായിരുന്നഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഡിസിസി സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള ഐ ഗ്രൂപ്പ് നേതാക്കളും അഡ്വ. ഗോവിന്ദന്‍നായരുടെയും കക്കീം കുന്നിലിന്റെയും നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കളുമാണ് ഓഫീസിനുള്ളില്‍ തമ്മില്‍ തല്ലിയത്.

ഐ ഗ്രൂപ്പുകാര്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും ഷട്ടറും അടിച്ചുപൊളിച്ചതായി എ ഗ്രൂപ്പ് ആരോപിച്ചു. ഐ ഗ്രൂപ്പ് നൂറുകണക്കിന് വ്യാജ അംഗങ്ങളെ ചേര്‍ത്തതായും ആരോപണമുണ്ട്. 50 ആളുപോലുമില്ലാത്ത കാസര്‍കോട് മണ്ഡലത്തില്‍ 500 അംഗങ്ങളെ ചേര്‍ത്തതില്‍ നാനൂറോളം പേരും എന്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. തങ്ങള്‍ ചേര്‍ത്ത മുഴുവന്‍ അംഗത്വവും അംഗീകരിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. സമയം കഴിഞ്ഞ് വന്നതും വ്യാജന്മാരെയും അംഗീകരിക്കാനാവില്ലെന്നായിരുന്നു എ ഗ്രൂപ്പിന്റെ നിലപാട്. തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ വിവിധ ഭാഗത്തുനിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന്റെ പുറത്തെത്തി. പുറത്തുകൂടിനിന്നവരും ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളിയും തല്ലും തുടങ്ങിയതോടെ വിദ്യാനഗര്‍ ഭാഗം സംഘര്‍ഷഭരിതമായി. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തിയാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിച്ചത്. അക്രമം ഭയന്ന് റിട്ടേണിങ് ഓഫീസര്‍ പൊലീസ് സംരക്ഷണം തേടി.

deshabhimani 261112

Sunday, November 25, 2012

കൂലിയില്ല, ഇമ്പമുള്ള പേരു മാത്രം


ആഷ, ഉഷ, യശോദ, മമത, മിത്ര, സഹായി, സേവക്, ശിക്ഷാമിത്ര്...മനോഹരമായ ഈ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ കനിഞ്ഞുനല്‍കുന്നതാണ്. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ രാപകല്‍ വിയര്‍പ്പൊഴുക്കുന്ന ജീവനക്കാര്‍ക്ക് കേന്ദ്രം ആദരപൂര്‍വം നല്‍കുന്ന പേരുകള്‍. എന്നാല്‍ ഈ ക്ഷേമപദ്ധതികളില്‍ പണിയെടുക്കുന്നവരെ ജീവനക്കാരായി അംഗീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. അവര്‍ക്ക് കൂലിയില്ല; ഓണറേറിയം, ഇന്‍സെന്റീവ് എന്നീ പേരുകളില്‍ പിച്ചക്കാശ് മാത്രം. പള്‍സ് പോളിയോ പ്രതിരോധ കുത്തിവയ്പ് മുതല്‍ സെന്‍സസ് വരെയുള്ള ചെറുതും വലുതുമായ നൂറുകൂട്ടം ജോലികള്‍ ചെയ്യുന്ന അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ആഷ, ഉച്ചഭക്ഷണപരിപാടി നടപ്പാക്കുന്നവര്‍, വിവിധ മേഖലകളിലെ ക്ഷേമപദ്ധതികളുടെ നടത്തിപ്പുതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. അവരെ സന്നദ്ധസേവകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു.

വിവിധ ക്ഷേമപദ്ധതികള്‍ക്കായി ഒരുകോടി ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേമപദ്ധതികള്‍ വലിയ ആഘോഷത്തോടെയാണ് ആരംഭിക്കുന്നതെങ്കിലും ആവശ്യമായ ഫണ്ടും സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്താറില്ല. പല ക്ഷേമപദ്ധതികളും സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംയോജിത ശിശുവികസന പദ്ധതി(ഐസിഡിഎസ്) വേദാന്ത പോലുള്ള സ്വകാര്യ കമ്പനികളെയും ഉച്ചഭക്ഷണപരിപാടി ഇക്കോണ്‍, നന്ദി ഫൗണ്ടേഷന്‍ എന്നിവയെയും ഏല്‍പ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. 27 ലക്ഷം പേര്‍ വീതം ഐസിഡിഎസിലും ഉച്ചഭക്ഷണപരിപാടിയിലും പണിയെടുക്കുന്നുണ്ട്. എട്ടര ലക്ഷം പേര്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷനില്‍ ആഷ വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്നു.

സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ക്ഷേമപദ്ധതി പ്രവര്‍ത്തകര്‍. സിഐടിയു ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ 26, 27 തീയതികളില്‍ ക്ഷേമപദ്ധതി ജീവനക്കാര്‍ മഹാപടാവ്(വിശാല ധര്‍ണ) നടത്തുമെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എംപി, സെക്രട്ടറി ഡോ. ഹേമലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേമപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ശമ്പളവും ആനുകൂല്യങ്ങളോടും കൂടി സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, പ്രതിമാസം 10,000 രൂപ മിനിമം വേതനം അംഗീകരിക്കുക, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, ആരോഗ്യ-ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാപടാവ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 50,000 പേര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

deshabhimani 251112

സിബിഎസ്ഇ സ്കൂളുകള്‍ ഭൂരിപക്ഷവും മത-സാമുദായിക സംഘടനകള്‍ക്ക്

സംസ്ഥാനത്ത് പുതുതായി അംഗീകാരം നല്‍കിയ സിബിഎസ്ഇ സ്കൂളുകളില്‍ ഭൂരിഭാഗവും വിവിധ മത-സാമുദായിക സംഘടനകള്‍ നടത്തുന്നത്. യുഡിഎഫ് അധികാരമേറ്റശേഷം 378 സിബിഎസ്ഇ സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കിയത്. 167 എണ്ണത്തിന് കഴിഞ്ഞദിവസമാണ് എന്‍ഒസി നല്‍കിയത്. ഇവയില്‍ 80 ശതമാനം മാനേജ്മെന്റുകളും ഏതെങ്കിലും മതവിഭാഗത്തെ പ്രതിനിധാനംചെയ്യുന്ന ട്രസ്റ്റുകളാണ്. 60 ശതമാനം സ്കൂളുകളുടെ പേരില്‍ത്തന്നെ മതപരമായ സൂചനയുണ്ട്.

അപേക്ഷിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എന്‍ഒസി നല്‍കുകയെന്ന തലതിരിഞ്ഞ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ആകെ 477 അപേക്ഷകളാണ് സര്‍ക്കാരിന്റെ മുമ്പിലുള്ളത്. അവശേഷിക്കുന്ന സ്കൂളുകള്‍ക്കുകൂടി അംഗീകാരം നല്‍കാന്‍ നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലായി അംഗീകാരമില്ലാത്ത ആയിരത്തിലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ സമുദായത്തിന്റെ പേരില്‍ അപേക്ഷിച്ചാല്‍ പെട്ടെന്ന് അംഗീകാരം കിട്ടുമെന്നതാണ് ഈ രംഗത്തേക്ക് മതസംഘടനകള്‍ ഇറങ്ങിത്തിരിക്കാനുള്ള പ്രധാന കാരണം. സിബിഎസ്ഇ സ്കൂളുകള്‍ക്ക് വാരിക്കോരി അംഗീകാരം നല്‍കുന്ന നടപടി തുടര്‍ന്നാല്‍ സംസ്ഥാനത്ത് ആയിരക്കണക്കിന് പൊതുവിദ്യാലയങ്ങള്‍ ഭാവിയില്‍ അടച്ചുപൂട്ടേണ്ടിവരും. സൗജന്യ വിദ്യാഭ്യാസമെന്ന ഭരണഘടനാ അവകാശംതന്നെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടും.

deshabhimani 251112