Showing posts with label കേരള ബാങ്ക്. Show all posts
Showing posts with label കേരള ബാങ്ക്. Show all posts

Sunday, May 30, 2021

കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്‌ ; ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌ കേരളബാങ്ക് രൂപീകരണം

സംസ്ഥാന–-- ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന്‌ കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്. കേരളബാങ്ക് രൂപീകരണമാണ് രാജ്യത്തിനാകെ ബാധകമായ ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌. സംസ്ഥാന–- ജില്ലാ സഹകരണ ബാങ്ക്‌ ലയനത്തിന്‌ ഈ മാർഗനിർദേശം ബാധകമാകും. ബാങ്കിങ്‌ നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം. ലയനത്തിനായി കൂടുതൽ സംസ്ഥാനങ്ങൾ സമീപിക്കുന്നതിനാലാണ്‌‌ ആർബിഐ നടപടി.

ലയനത്തിന്‌ മുമ്പ്‌ വിശദ പഠനം ആവശ്യപ്പെടുന്നതാണ്‌‌‌‌ പ്രധാന നിർദേശം. കേരള ബാങ്ക് രൂപീകരണത്തിന്‌ പഠനം നടത്തിയത്‌ പ്രൊഫ. എം എസ്‌ ശ്രീറാം അധ്യക്ഷനായ സമിതിയാണ്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തുടർനടപടിക്കായി വി ആർ രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ കർമസമിതിയുണ്ടാക്കി. ജില്ലാ–-സംസ്ഥാന ബാങ്കുകളുടെ വായ്‌പ ഏകീകരിച്ചു. വിവിധ ഓഡിറ്റും ആസ്‌തി ബാധ്യതാ കണക്കെടുപ്പും പൂർത്തീകരിച്ചു. പുതിയ സഹകരണ സംഘങ്ങളുടെ പേരിന്‌ ബാങ്ക്‌ പദം‌ വിലക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ ഏകീകരിക്കാൻ കമീഷനെ നിയമിച്ചു.

ലയന അപേക്ഷ നബാർഡ്‌ അംഗീകരിച്ചശേഷമേ റിസർവ്‌ ബാങ്ക്‌ പരിഗണിക്കേണ്ടതുള്ളുവെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. ലയന അനുമതി രണ്ടു ഘട്ടമായിരിക്കും. കേരള ബാങ്ക്‌ അപേക്ഷയ്‌ക്കടക്കം‌ നബാർഡ്‌ അനുമതി ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആർബിഐയുടെ തത്വത്തിലുള്ള അനുമതിയാണ്‌ ലഭിച്ചത്‌. ഐടി സംവിധാന സംയോജനമാണ്‌ മറ്റൊരു വ്യവസ്ഥ. കേരളത്തിൽ എകീകൃത സോഫ്‌റ്റുവെയർ നടപ്പാക്കൽ ചുമതല കേരള ബാങ്കിനാണ്‌‌. 769 ശാഖയും 1600 പ്രാഥമിക സംഘവും ശാഖകളുമടക്കം 5300 ഇടപാട്‌ കേന്ദ്രം ഏകീകൃത കംപ്യൂട്ടർ ശൃംഖലയിലാകും. ഇതടക്കമുള്ള പ്രധാന നിർദേശങ്ങൾക്കെല്ലാം കേരളം മാതൃകയായി.

ജി രാജേഷ്‌ കുമാർ 

Sunday, February 14, 2021

സ്ഥിരപ്പെടുത്തൽ : കേരള ബാങ്കിനോടും 
ചില മാധ്യമങ്ങൾക്ക്‌ കലിപ്പ്‌

താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെടുത്തി ഒരു വിഭാഗം മാധ്യമങ്ങൾ കേരള ബാങ്കിനെതിരെ പ്രചരിപ്പിക്കുന്നത്‌ നുണക്കഥ. ബാങ്കിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ മന്ത്രിസഭ പരിഗണിക്കുമെന്ന നിലയിലാണ്‌  പ്രചരിപ്പിക്കുന്നത്‌. 10 വർഷത്തിലേറെ താൽക്കാലിക തസ്‌തികയിൽ ജോലി ചെയ്‌തവരെ മാനുഷിക പരിഗണന നൽകി സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ്‌ ബാങ്കിൽ സ്വീകരിച്ചത്‌.

ഇതനുസരിച്ച്‌ അർഹരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡം നിശ്ചയിച്ചു നൽകണമെന്ന ആവശ്യമാണ്‌ സർക്കാർ മുമ്പാകെ ബാങ്ക് സമർപ്പിച്ചത്‌. ഇതിനുള്ള ജീവനക്കാരുടെ പട്ടികയോ, എണ്ണമോ സർക്കാരിന്‌ നൽകിയിട്ടില്ല. മാനദണ്ഡം നിശ്ചയിച്ചാൽമാത്രമേ അർഹരെ തീരുമാനിക്കാനാകൂ. ബാങ്കിലെ പ്യൂൺ മുതൽ മുകളിലോട്ടുള്ള തസ്‌തികയിൽ പിഎസ്‌സി വഴിയാണ്‌ നിയമനം. പാർട്ട്‌ടൈം കണ്ടിൻജന്റ്‌, സ്വീപ്പർ ജീവനക്കാർ, കലക്ഷൻ ഏജന്റുമാർ തുടങ്ങി പിഎസ്‌സിക്ക്‌ വിട്ടിട്ടില്ലാത്ത തസ്‌തികയിൽ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്‌. സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റർ അടക്കം പിഎസ്‌സിക്ക്‌ വിട്ടിട്ടില്ലാത്ത തസ്‌തികയുമുണ്ട്‌. 25 വർഷത്തിനുമുകളിൽവരെ സർവീസുള്ളവരും നിലവിൽ താൽക്കാലിക, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. ബഹുഭൂരിപക്ഷവും പഴയ ജില്ലാ സഹകരണ ബാങ്കുകളിൽ പ്രവർത്തിച്ചവർ‌.

താൽക്കാലികക്കാരിൽ ബഹുഭൂരിപക്ഷവും ജില്ലാ ബാങ്കുകളിലെ യുഡിഎഫ്‌ ഭരണ സമിതികളാൽ നിയമിക്കപ്പെട്ടവരാണ്‌.

കേരള ബാങ്ക്‌ രൂപീകരണത്തിന്റെ എല്ലാ ഘട്ടത്തിലും ഇവരുടെ ജോലി സുരക്ഷാ ആവശ്യം ഉയർന്നിരുന്നു. ദിവസക്കൂലി, കരാർ ജീവനക്കാരുടെ സംഘടനകളും, മുഖ്യധാരാ ജീവനക്കാരുടെ സംഘടനകളും ഈ ആവശ്യം  പരിഗണിക്കണമെന്ന്‌‌ നിരന്തരം ആവശ്യപ്പെടുന്നു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ മാനദണ്ഡം നിശ്ചയിച്ചുനൽകണമെന്ന് സർക്കാർ മുമ്പാകെ ബാങ്കുവച്ച ആവശ്യത്തെയാണ്‌ വളച്ചൊടിക്കുന്നത്‌.

Friday, October 16, 2020

കേരള ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം പൂർത്തീകരിച്ചു: മന്ത്രി കടകംപള്ളി

 കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം  ജീവനക്കാരുടെ സംഘടനകളുമായി നടന്ന ചർച്ചയോടെ പൂർത്തീകരിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു .

 കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ(BEFI), എംപ്ലോയീസ് ഓർഗനൈസേഷൻ (AIBEA), ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (BEFI), എംപ്ലോയീസ് കോൺഗ്രസ് (AIBEA), എംപ്ലോയീസ് യൂണിയൻ (HMS) എന്നീ സംഘടനകളുടെ ഭാരവാഹികളാണ് കേഡർ സംയോജന ചർച്ചയിൽ പങ്കെടുത്തത്.   ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് അവരുടെ രാഷ്ട്രീയപരമായ നിലപാടുകളാൽ പൊതു സമവായത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. എങ്കിലും തുടർന്നു നിശ്ചയിച്ചിട്ടുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ചകളിലും കേരള ബാങ്കിന്റെ സ്പെഷ്യൽ റൂൾസ് തയ്യാറാക്കുന്ന ചർച്ചകളിലും അവരും പങ്കെടുക്കും.

 രണ്ടുതട്ടിൽ നിന്നിരുന്ന സംസ്ഥാന- ജില്ലാ സഹകരണ ബാങ്കിലെ ആറായിരത്തോളം ജീവനക്കാരുടെ അമ്പതോളം കേഡറുകൾ സംയോജിപ്പിക്കുന്നതിൽ സർക്കാർ  പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് ജീവനക്കാരുടെ മുൻപാകെ വെച്ചിരുന്നത്. ഇതുസംബന്ധിച്ച് 2020 ജനുവരിയിലും ഒക്ടോബറിലും ചർച്ചകൾ നടന്നു. ജീവനക്കാർ ചൂണ്ടിക്കാണിച്ച  അനോമലികൾ പരിഹരിച്ചാണ്  അന്തിമഘട്ട ചർച്ചനടത്തിയത്‌.

 സംസ്ഥാന ജില്ല സഹകരണ ബാങ്കുകളിലെ തസ്തികകൾ,നിയമന യോഗ്യത, നിയമന രീതി, ശമ്പളസ്കെയിൽ, പൊതു മാനദണ്ഡങ്ങൾ എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് കേഡർ സംയോജന നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. ഡെപ്യൂട്ടി ജനറൽ മാനേജർ മുതൽ താഴേക്ക് പാർട് ടൈം സ്വീപ്പർ തസ്തിക വരെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും അർഹമായ പരിഗണനയും സാധ്യതകളും കേഡർ സംയോജന നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. . ഈ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ ഉത്തരവ് ഈ മാസം 28 നകം പുറത്തിറക്കും.

ജീവനക്കാരുടെ കേഡർ സംയോജനത്തെ തുടർന്ന് ഉയർന്നു വരുന്ന പരാതികൾ പരിഹരിക്കുന്നതിനും പരിഹാരം കാണുന്നതിനും ഒരു റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കും. ഒരു വർഷ കാലാവധി ആയിരിക്കും ഈ സമിതിക്ക് ഉണ്ടാവുക. നിലവിൽ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെയാണ് സംയോജനം പൂർത്തീകരിക്കുക.ഇക്കാര്യത്തിൽ ജീവനക്കാർക്ക് യാതൊരുവിധ ആശങ്കകളും ഉണ്ടാകേണ്ടതില്ല. മാത്രമല്ല ഇനി രൂപീകരിക്കാൻ പോകുന്ന കേരള ബാങ്ക് സ്പെഷ്യൽ റൂൾസിൽ നിലവിലുള്ള ജീവനക്കാർക്ക് കൂടുതൽ അവസരങ്ങളും ലഭ്യമാകും.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ കരാർ ജീവനക്കാർ, ദിവസവേതനക്കാർ, കമ്മീഷൻ ഏജന്റുമാർ,അപ്രൈസർമാർ എന്നിങ്ങനെ ഇപ്പോൾ നിലവിലുള്ള എല്ലാവരെയും സംരക്ഷിക്കുന്ന നടപടികൾ ഉടൻ ഉണ്ടാകും.  എല്ലാ വിഭാഗങ്ങൾക്കും സംതൃപ്തമായ രീതിയിൽ കേരള ബാങ്ക് കേഡർ സംയോജനം തീരുമാനത്തിലെത്താൻ സഹകരിച്ച ജീവനക്കാരുടെ സംഘടനകൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ,കേരള ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി നന്ദിയും രേഖപ്പെടുത്തി.

കൃഷി തുടങ്ങാം... കേരളബാങ്ക്‌ വായ്‌പ നൽകും ; കർഷകർക്ക്‌ ആശ്വാസമായി വായ്‌പ പദ്ധതി

കോവിഡ്‌ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകർക്ക്‌ ആശ്വാസമായി കേരളബാങ്ക്‌ വായ്‌പ പദ്ധതി.

നബാർഡ് ധനസഹായത്തോടെയുള്ള ദീർഘകാല കാർഷിക/കാർഷികാനുബന്ധ വായ്‌പ വിതരണവുമായി ബന്ധപ്പെട്ട് ബാങ്ക്‌ പ്രചാരണം സംഘടിപ്പിക്കും.

കൃഷിത്തോട്ടങ്ങളുടെ നിർമാണം, ഹൈടെക് -ഗ്രീൻ ഹൗസ് -പോളിഹൗസ് ഫാമിങ്, ട്രാക്‌ടർ, പവർട്രില്ലർ, കൊയ്‌ത്ത്‌ -മെതിയന്ത്രങ്ങൾ തുടങ്ങിയവ വാങ്ങിക്കൽ, കിണർ/കുഴൽക്കിണർ നിർമാണം, കിണർ നവീകരണം, തുള്ളിനന, ലിഫ്റ്റ് ഇറിഗേഷൻ, പമ്പ് ഹൗസ്, ഭൂമി കൃഷിയോഗ്യമാക്കൽ, കൈയാലകെട്ടൽ, ബണ്ട് നിർമാണം, വേലികെട്ടൽ, തേനീച്ച വളർത്തൽ, പശു, പോത്ത്, എരുമ, ആട് വളർത്തൽ, മത്സ്യകൃഷി, കോഴിഫാം ആരംഭിക്കൽ എന്നി സംരംഭങ്ങൾക്ക് 15 വർഷംവരെ കാലാവധിയിൽ വായ്‌പ ലഭ്യമാക്കും. സംരംഭങ്ങളെക്കുറിച്ച് വിശദ പരിശോധന നടത്തി നബാർഡിന്റെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും വായ്‌പ. വിവരങ്ങൾക്ക് കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടണം.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി അനുമതി; യുഡിഎഫ് അനുകൂല മെമ്പർമാരുടെ ഹർജികൾ തള്ളി

കൊച്ചി > കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ അനുമതി. ഭരണ സമിതി തെരഞ്ഞെടുപ്പ് നടപടികൾ ചോദ്യം ചെയ്ത് യുഡിഎഫ് അനുകൂല സഹകരണ സംഘം മെമ്പർമാർ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് സതിശ് നൈനാൻ തള്ളി. തെരഞ്ഞെടുപ്പിനെതിരെ സമർപ്പിച്ചിച്ച 4 ഹർജികളും നിയമപരമായി നില നിൽക്കുന്നതല്ലന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

കേരള ബാങ്കിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഇല്ലാത്തതിനാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചതായി കണക്കാക്കാനായില്ലന്ന വാദം കോടതി തള്ളി.ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായി കോടതി വിലയിരുത്തി.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാന്നെന്നും അന്തിമ തീർപ്പു് ണ്ടായിട്ടില്ലന്നും അതിനാൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കരുതെന്നുമുള്ള വാദവും കോടതി തള്ളി. തെരെഞ്ഞെടുപ്പ് നടത്താൻ സഹകരണ തെരഞ്ഞെടുപ് കമ്മിഷൻ സ്വീകരിച്ച നടപടികളിൽ അപാകതയില്ലന്നും തെരഞ്ഞെടുപ്പിനായി കമ്മിഷന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നു o കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും കോടതി നിരസിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദങ്ങളൂം നിലനിൽക്കാന്നതല്ലന്ന് കോടതി പറഞ്ഞു.സർക്കാരിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ.രവീന്ദ്രനാഥ്, സഹകരണ വകുപ്പ് സ്പെഷ്യൽ ഗവ പ്ലീഡർ കെ.എസ്.മുഹമ്മദ് ഹാഷിം എന്നിവരും സഹകരണ തെരഞ്ഞെടപ്പ് കമ്മീഷനു വേണ്ടി സീനിയർ അഭിഭാഷകൻ ടി.എ.ഷാജി, അഡ്വ.ലക്ഷമി നാരായണൻ എന്നിവരും ഹാജരായി. കേരള ബാങ്കിനു വേണ്ടി സീനിയർ അസ്വക്കേറ്റ് കെ.ഗോപാലകൃഷ്ണക്കുറുപ്പ് , അഡ്വ.ഗിൽബർട്ട് കൊറായ എന്നിവർ ഹാജരായി.

കേരള ബാങ്ക് തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. തെരെഞ്ഞെടുപ്പിനെതിരെ ഫയല്‍ ചെയ്ത റിട്ടു ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. പുതിയ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു സര്‍ക്കാരിന് നടപടി തുടരാം.

ജസ്റ്റിസ് സതീഷ് നൈനാന്റെ യാണ് ഉത്തരവ്. നേരത്തെ യുഡിഎഫ് അനുകുല സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പു നടപടികള്‍ ഹൈക്കോടതി മൂന്നാഴ്‌ച്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

Tuesday, October 6, 2020

കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ് പ്രസിദ്ധീകരിച്ചു; ലാഭം 374.75 കോടി

 കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റ്  പ്രസിദ്ധീകരിച്ചു. 29.11.2019 ന്  ലയന സമയത്ത് സഞ്ചിത നഷ്ടം 1150.75 കോടിയായിരുന്നു. കേരളബാങ്ക് രൂപീകരണത്തിന് ശേഷം 374.75 കോടി ലാഭം നേടിയതിനാല്‍ സഞ്ചിത നഷ്ടം 776 കോടിയായി കുറച്ചു കൊണ്ടുവരാന്‍ ബാങ്കിന് കഴിഞ്ഞു.

കോവിഡ്-19 അടക്കമുള്ള ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച കേരള ബാങ്ക് നാല് മാസം കൊണ്ടാണ് ബിസിനസ്സില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയും   374.75 കോടി ലാഭം നേടുകയും ചെയ്തത്.

സാധാരണ സഹകരണ ബാങ്കുകളില്‍ വായ്പകളുടെ തിരിച്ചടവ് ഏറെപങ്കും  ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് പ്രതിസന്ധി കാരണം വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു. ഇത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വളരെയേറെ വര്‍ദ്ധിക്കുന്നതിന് കാരണമായി.

നിഷ്‌ക്രിയ ആസ്തിക്ക് വേണ്ടി നാളിതുവരെ 1524.54 കോടിരൂപബാങ്ക് കരുതല്‍ വെച്ചിട്ടുണ്ട്. അതായത് സഞ്ചിത നഷ്ടത്തിന്റെ ഇരട്ടിയിലധികം കരുതല്‍ ധനം (Provision)  ബാങ്ക് സൂക്ഷിച്ചിട്ടുണ്ട്.

2019 - 2020 സാമ്പത്തിക വര്‍ഷം 61037.59 കോടി നിക്ഷേപവും 40156.81 കോടി വായ്പ യുമായി 101194 .40 കോടിയുടെ  ബിസിനസ്സാണ് കേരള ബാങ്കിനുള്ളത്..

മുന്‍ വര്‍ഷത്തേക്കാള്‍  നിക്ഷേപത്തില്‍  1525.8 കോടിയുടെയും  വായ്പയില്‍  2026.40  കോടിയുടെയും വര്‍ദ്ധനവുണ്ടായി .

കേരള സര്‍ക്കാരിന്റെ പിന്തുണയും സഹകാരികളുടെയും ഇടപാടുകാരുടെയും സഹകരണവും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ടാണ് ബാങ്കിന്  ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.

വായ്‌പാ പദ്ധതികള്‍

13 വായ്പാ പദ്ധതികളാണ് കേരള ബാങ്ക് നടപ്പിലാക്കുന്നത്. മുന്‍ഗണനാ മേഖലകളായ കൃഷി, ചെറുകിട സംരംഭങ്ങള്‍, ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള ഭവന വായ്പകള്‍ , സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പകള്‍ എന്നിവക്ക് ഊന്നല്‍ നല്‍കികൊണ്ട് വായ്പകള്‍ പുനരാവിഷ്‌കരിക്കുകയുണ്ടായി.

•         കേരളത്തിന്റെ സുസ്ഥിര കാര്‍ഷിക വികസനത്തിനു സഹായിക്കുന്നതും , കോവിഡ് കാലത്തുണ്ടായ കാര്‍ഷിക  ഉണര്‍വിനെ പിന്തുണച്ചുകൊണ്ടും  ദീര്‍ഘകാല കാര്‍ഷിക വായ്പാ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുവാനുദ്ദേശിക്കുന്നു.

• കേരളത്തില്‍ വന്‍കിട സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്കുള്ള അപ്രമാദിത്വം അവസാനിപ്പി ക്കുന്നതിനും, കൊള്ള പലിശ അവസാനിപ്പിക്കുന്നതിനും കേരള ബാങ്കിന്റെ 769 ശാഖകളിലും കൂടി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ത്വരിത ഗതിയില്‍ ലഭ്യമാവുന്ന സ്വര്‍ണ്ണപണയ വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

•         ഗ്രാമീണ മേഖലയിലുള്ള ചെറുകിട സംരംഭകരെ സഹായിക്കുന്ന എം എസ് എം ഇ സുവിധ വായ്പ പദ്ധതിക്ക് നല്ല പ്രതികരണമാണുള്ളത്.

•         ചെറുകിടക്കാര്‍ക്കും ദുര്‍ബല  വിഭാഗങ്ങള്‍ക്കുമായി സുവിധ എന്ന പേരില്‍ പ്രത്യേക ഭവന വായ്പ പദ്ധതിയും ബാങ്ക് നടപ്പിലാക്കിയിട്ടുണ്ട്.

•         പ്രവാസികള്‍ക്ക് പ്രവാസികിരണ്‍, വ്യക്തിഗത വായ്പ, പെന്‍ഷന്‍കാര്‍ക്കുള്ള വായ്പ തുടങ്ങിയവയും  നല്‍കി  വരുന്നു.

2020 - 2021

2020 - 2021 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോവിഡ്കാലത്തെ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടു പോകുന്നത്. 2020 - 2021 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് സഞ്ചിത നഷ്ടം മറികടന്ന് കേരള ബാങ്ക് മികച്ച സാമ്പത്തിക നേട്ടവും ലാഭവും കൈവരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

• കോവിഡ് കാലത്ത് പ്രവാസികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒട്ടേറെ വായ്പാ സഹായങ്ങള്‍ കേരള ബാങ്ക് നല്‍കിയിട്ടുണ്ട് .

• കര്‍ഷകര്‍ക്ക് സഹായ ഹസ്തമായി പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ മുഖേന അനുവദിച്ച എസ്.എല്‍.എഫ് വായ്പ 1543.44 കോടി രൂപ നല്‍കി. നബാര്‍ഡ് പുനര്‍ വായ്പ പദ്ധതിയിലൂടെ ദീര്‍ഘകാല കാര്‍ഷിക വായ്പയും നല്‍കിയിട്ടുണ്ട്.

• സ്വയം സഹായ സംഘങ്ങള്‍ക്കും (SHG) കൂട്ടുബാധ്യതാ സംഘങ്ങള്‍ക്കും (JLG) വേണ്ടി പുതിയ മൈക്രോ ഫിനാന്‍സ് സ്‌കീമില്‍ മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായി ഇതുവരെ 120.27 കോടി രൂപ നല്‍കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

• പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 4 ശതമാനം പലിശ നിരക്കില്‍ 13.07 കോടി സ്വര്‍ണ്ണപണയ വായ്പയായി നല്‍കി .

• 2020-2021 സാമ്പത്തിക വര്‍ഷം  30.09.2021 വരെ സ്വര്‍ണ്ണ പണയ വായ്പയായി ആകെ 3676.49 കോടിയും, മോര്‍ട്ടഗേജ് വായ്പയായി 425.86 കോടിയും, ഭവന വായ്പയായി 195.83 കോടിയും സഹകരണ സംഘങ്ങള്‍ക്കുള്ള വായ്പയായി 2887.35 കോടിയും നല്‍കിയിട്ടുണ്ട്.

• കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിന് സഹകരണ മേഖലയിലൂടെ പുതിയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേരള ഗവണ്മെന്റിനോടൊപ്പം പങ്കു ചേര്‍ന്നുകൊണ്ട് പദ്ധതി വിജയിപ്പിക്കുന്നതിനായി  കേരളബാങ്ക് നേതൃത്വം നല്‍കുന്നതാണ്. പുതിയ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ ധനസഹായം പുനര്‍വായ്പയായി (Refinance) കേരള ബാങ്ക് നല്‍കുന്നതാണ്.

നബാര്‍ഡ് കുറഞ്ഞ പലിശ നിരക്കില്‍ നല്‍കിവരുന്ന പുനര്‍ വായ്പാ സഹായങ്ങള്‍ കേരള ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും വഴി മുന്‍ഗണനാ മേഖലകളില്‍ എത്തിക്കുക എന്ന പ്രഖ്യാപിത  ലക്ഷ്യം ഫലപ്രദമായി നടപ്പിലാക്കി വരുന്നു.

·  നബാര്‍ഡ് പുനര്‍വായ്പാ ഉപയോഗം 2018-19 ല്‍ 2842 കോടിയായിരുന്നത് 2019-20 ല്‍ 4316 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട് . 2020  21 സാമ്പത്തിക വര്‍ഷം ലഭിച്ച പുനര്‍ വായ്പാ സഹായം 2020 സെപ്തംപര്‍ 30 വരെ  30 3720 കോടിയാണ്.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി പ്രകാരം നബാര്‍ഡ് സഹായത്തോടെ പത്ത് മൊബൈല്‍ വാനുകളും 1500 മൈക്രോ എ ടി എം കളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും

നബാര്‍ഡ് പുതിയതായി പ്രഖ്യാപിച്ചതും കേരളത്തില്‍ ഏറ്റവുമധികം സാദ്ധ്യതയുള്ളതു മായ ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാപദ്ധതി, കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ എന്നീ മേഖലകളില്‍ പദ്ധതി തയ്യാറായി വരുന്നു.

റിക്കവറി നടപടികള്‍ ലഘൂകരിക്കുന്നതിന് വേണ്ടി ആകര്‍ഷകമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്

എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമായ സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിങ് സേവനം നല്‍കുക എന്ന ലക്ഷ്യമാണ് കേരള ബാങ്കിനുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 7 മേഖലാ ഓഫീസുകളും, 13 ജില്ലകളില്‍  വായ്പാ വിതരണ  കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ കേരള ബാങ്കിന് 769 ശാഖകളാണുള്ളത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും ഇതര സംഘങ്ങളെയും ശക്തിപ്പെടുത്തി സഹകരണ ബാങ്കിങ് രംഗത്ത് പുതിയ മുന്നേറ്റമുണ്ടാക്കുക എന്ന ദീര്‍ഘകാല വികസന ലക്ഷ്യവും കേരള ബാങ്കിനുണ്ട്.

പത്ര സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, കേരള ബാങ്ക് സിഇഒ പിഎസ് രാജന്‍, കേരള ബാങ്ക് സിജിഎം കെസി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.