Showing posts with label ഇഫ്ളു. Show all posts
Showing posts with label ഇഫ്ളു. Show all posts

Thursday, September 5, 2013

മലയാളിക്ക് പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് "ഇഫ്ളു"

കോണ്‍ഗ്രസിന്റെ എതിര്‍പ്പ്: ഭൂമി കൈമാറിയിട്ട് ആറുമാസം; "ഇഫ്ളു" ഇപ്പോഴും കടലാസില്‍

മലപ്പുറം: ഭൂമി കൈമാറി ആറുമാസം തികയാറായിട്ടും ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ (ഇഫ്ളു) തുടര്‍ നടപടി കടലാസില്‍. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കേന്ദ്രം തുടങ്ങുന്ന കാര്യം അനശ്ചിതത്വത്തിലാണ്. സര്‍വകലാശാലയുടെ സാമ്പത്തികപ്രതിസന്ധിയും പ്രശ്നംസൃഷ്ടിക്കുന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും സെന്ററിന് വിലങ്ങുതടിയാകുന്നതായി ആക്ഷേപം ശക്തമാണ്.

കഴിഞ്ഞ മാര്‍ച്ച് 10 നാണ് ഓഫ് ക്യാമ്പസ് സെന്ററിനുള്ള ഭൂമി കൈമാറ്റവും ഇന്‍കെല്‍ ഗ്രീന്‍ എഡ്യുസിറ്റി പ്രഖ്യാപനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. 75 ഏക്കര്‍ ഭൂമിയാണ് ഇഫ്ളുവിന് കൈമാറിയത്. കലിക്കറ്റ് സര്‍വകലാശാലാ റിട്ട. രജിസ്ട്രാര്‍ പി പി മുഹമ്മദിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചതൊഴിച്ചാല്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. വാടകക്കെട്ടിടത്തില്‍ ഈ അധ്യയന വര്‍ഷത്തില്‍തന്നെ ക്ലാസുകള്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ആഗസ്തില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് (പിജിഡിടിഇ) ക്ലാസും ഒഴിവാക്കി. സെന്ററിന് മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ വാക്കാലുള്ള ഉറപ്പിലാണ് സെന്റര്‍ ആരംഭിക്കാന്‍ ശ്രമംനടന്നത്. എന്നാല്‍, സെന്റര്‍ മലപ്പറുത്ത് വരുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം ചരടുവലിച്ചതോടെയാണ് എംഎച്ച്ആര്‍ഡി അധികൃതര്‍ ഉടക്കുമായി രംഗത്തെത്തിയത്.

അനുമതി ലഭിച്ചശേഷം തുടര്‍ പ്രവര്‍ത്തനം മതിയെന്ന നിലപാടിലാണ് "ഇഫ്ളു" അധികൃതരും. കൊച്ചിയില്‍ പ്രവേശന പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയശേഷമായിരുന്നു ഉടക്ക്. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികളോട് ലഖ്നൗ സെന്ററില്‍ പ്രവേശിക്കാനാണ് നിര്‍ദേശം നല്‍കിയത്. സാമ്പത്തികപ്രതിസന്ധിയാണ് "ഇഫ്ളു" അധികൃതര്‍ പറയുന്ന മറ്റൊരു കാരണം. പുതിയ സാമ്പത്തിക വര്‍ഷം 692 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്നും ആവശ്യപ്പെട്ടത്. എന്നാല്‍, 161 കോടി രൂപയാണ് "ഇഫ്ളു"വിന് അനുവദിച്ചത്. ഇത് പൂര്‍ണമായും ഹൈദരാബാദ് കേന്ദ്രത്തിന്റെ നടത്തിപ്പിനുവേണം. വാടകക്കെട്ടിടം ഉള്‍പ്പെടെ നിര്‍മിക്കണമെങ്കില്‍ മലപ്പുറത്തിന് പണം വേറെ അനുവദിക്കണം. ഇതിന് സാധ്യതയുമില്ല. കേന്ദ്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ "ഇഫ്ളു"വിന് കൈമാറിയ ഭൂമി സര്‍ക്കാരിന് നഷ്ടമാകും. ഇഫ്ളു കേന്ദ്രം വരുന്നെന്ന് പ്രഖ്യാപിച്ചാണ് പാണക്കാട് എഡ്യുസിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ സംരംഭകരെ ക്ഷണിച്ചത്. സെന്റര്‍ നഷ്ടമാകുന്നത് എഡ്യുസിറ്റിയിലെ മറ്റ് സംരംഭങ്ങളെയും പ്രതികൂലമായിബാധിക്കും.

മലയാളിക്ക് പഠിക്കാന്‍ താല്‍പ്പര്യമില്ലെന്ന് "ഇഫ്ളു"

മലപ്പുറം: പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു) മലപ്പുറം കേന്ദ്രം ഈ വര്‍ഷം തുടങ്ങാതിരുന്നതെന്ന് സര്‍വകലാശാല. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കഴിഞ്ഞ ദിവസമിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ പരാമര്‍ശം. ഈ അധ്യയന വര്‍ഷം തുടങ്ങാന്‍ ലക്ഷ്യമിട്ട പിജിഡിടിഇ കോഴ്സിന് 25 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 11 പേര്‍ മാത്രമാണ് യോഗ്യത നേടിയത്. റാലിയും മാര്‍ച്ചും നടത്താന്‍ ആവേശംകാട്ടുന്ന മലയാളിക്ക് പഠിക്കുന്നകാര്യത്തില്‍ താല്‍പ്പര്യമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പരിഹാസമുണ്ട്. സര്‍വകലാശാല കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. അതുകൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒന്നുംചെയ്യാനാവില്ല. ഭൂമി ലഭിച്ചതുകൊണ്ടു മാത്രം ക്യാമ്പസ് ആരംഭിക്കാനാവില്ല. കൂടുതല്‍ ഭൂമിയുള്ളതിനാല്‍ മലപ്പുറത്തേത് സര്‍വകലാശാലയുടെ പ്രധാന കേന്ദ്രമായി മാറുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

deshabhimani