Tuesday, November 4, 2014

കേരളം വീണ്ടും അതിശയിപ്പിക്കുന്നു: സുഭാഷിണി അലി

ബിജെപി സംഘപരിവാര്‍ ശക്തികളുടെ സദാചാരഗുണ്ടായിസത്തിനെതിരെ നടന്ന ചുംബനസമരത്തിലൂടെ കേരളം ഇന്ത്യയെ വീണ്ടും അതിശയിപ്പിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സുഭാഷിണി അലി. എന്‍ഡിടിവിയുടെ വെബ്സൈറ്റിലാണ് സുഭാഷിണി അലിയുടെ ലേഖനം.

"സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യവികസനത്തിന്റെയും വളരെ യഥാര്‍ഥമായ വിജയങ്ങള്‍ ഉള്ളപ്പോഴും സ്ത്രീവിദ്വേഷവും പുരുഷാധിപത്യവും സംസ്ഥാനത്ത് സജീവമാണെന്നാണ് കഴിഞ്ഞ ചില ആഴ്ചകളിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്'' - കോഴിക്കോട് റസ്റ്റാറന്റില്‍ യുവമോര്‍ച്ച നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി സുഭാഷിണി പറയുന്നു.

കേരളത്തിലെയും രാജ്യത്ത് മറ്റ് ചില ഭാഗങ്ങളിലും യുവാക്കളുടെയും (അത്ര യുവാക്കളല്ലാത്തവരുടെയും) ഇതിനോടുള്ള പ്രതികരണം അതിശയകരമായിരുന്നു. അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സദാചാര പൊലീസിനെതിരെ പ്രതികരിക്കുക മാത്രമല്ല ചെയ്തത്. നവംബര്‍ രണ്ടിന് കൊച്ചിയുടെ തീരത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്നേഹചുംബനം എന്ന് അതിന് പേരുമിട്ടു. യുവാക്കളും വിവാഹിതരും മറ്റുള്ളവരും ഒത്തുചേര്‍ന്ന് കൈകോര്‍ക്കാനും കെട്ടിപ്പുണരാനും ചിലരൊക്കെ ഉമ്മവെക്കാനും തീരുമാനിച്ചു.

കേരളത്തിലെ ഏറ്റവും പ്രമുഖ ആത്മീയയനേതാവ് കാണാനെത്തുന്ന അപരിചിതരെപ്പോലും കെട്ടിപ്പിടിച്ചും ചുംബിച്ചും അനുഗ്രഹം നല്‍കുന്നവരായിട്ടും പരിപാടിക്കെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തി. ബജ്റംഗ്ദളും, വിഎച്ച്പിയും, ശിവസേനയും "ഹിന്ദു സംസ്കാരത്തിനു ചേരാത്ത' പരിപാടി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അതേ വാക്കുകള്‍ ഉപയോഗിച്ച് മുസ്ലിം യുവസംഘടനളും സമരത്തെ എതിര്‍ത്തു എന്നത് കൗതുകകരമായി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് യുവും ഒപ്പംകൂടി.

പിന്നീടുണ്ടായത് അമ്പരപ്പിക്കുന്നതും അധിക്ഷേപാര്‍ഹവുമായ കാര്യമാണ്. നിയമത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍ സമാധാനപരമായി നടന്ന ഒരു പ്രതിഷേധത്തെ സംരക്ഷിക്കേണ്ട പൊലീസ് സമരത്തെ ആക്രമിക്കാന്‍ വന്ന മൗലികവാദികള്‍ക്കൊപ്പം നിന്ന് പ്രതിഷേധിക്കാനുള്ള മൗലികാവവകാശത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത് - സുഭാഷിണി ചൂണ്ടിക്കാട്ടി.

സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് സ്റ്റേഷനില്‍ രാത്രി വരെ നിര്‍ത്തി.സമരത്തില്‍ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തി. ഹിന്ദുത്വശക്തികള്‍ മുതല്‍ മുസ്ലിം തീവ്രവാദി സംഘടനകളും കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലിംലീഗും വരെ ഒന്നിച്ച് യുവാക്കള്‍ക്കെതിരെ തിരിഞ്ഞു.

എന്നാല്‍ സിപിഐഎമ്മും ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍, പരിപാടിയുടെ നടത്തിപ്പില്‍ അവര്‍ക്കൊരു പങ്കുമില്ലാതിരുന്നിട്ടും സമരത്തില്‍ പങ്കെടുത്തവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെയും അതിന്റെ രീതി തീരുമാനിക്കാനുള്ള അവകാശത്തെയും പിന്തുണച്ച് രംഗത്തെത്തിയത് ആഹ്ളാദകരമാണെന്നും സുഭാഷിണി പറയുന്നു.

"കേരളം വീണ്ടും അതിശയിപ്പിക്കുകയാണ്. സംസ്ഥാനത്തെ യുവാക്കളും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള ജനങ്ങളും ചേര്‍ന്ന് അവരുടെ ധൈര്യവും ഊര്‍ജവും പ്രതിബദ്ധതയും കൊണ്ട് രാജ്യത്തെയാകെ അതിശയിപ്പിച്ചു. ഇനിയും അവര്‍ അതിശയിപ്പിക്കും. അവര്‍ പറയുന്നത് ഇനി മറ്റിടങ്ങളില്‍ പ്രതിധ്വനിക്കും'' - സുഭാഷിണി അലി എഴുതുന്നു.

No comments:

Post a Comment