Monday, May 23, 2016

തകര്‍ത്തത് 500 ഇടത് മുന്നണി ഓഫീസുകള്‍

കൊല്‍ക്കത്ത > ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ആരംഭിച്ച തൃണമൂല്‍ അക്രമത്തില്‍  ഇടതുമുന്നണിയുടെ അഞ്ഞൂലധികം ഓഫീസുകള്‍ തകര്‍ത്തു. ചിലതിന് തീവച്ചു. ഇതില്‍ ഇരുനൂറോളം സിപിഐ എം സോണല്‍ഓഫീസുകളാണ്. പലയിടങ്ങളിലും ഓഫീസുകള്‍ കൈയേറി രേഖകളും ഉപകരണങ്ങളും തട്ടിക്കൊണ്ടുപോയി. വന്‍ അക്രമമാണ് സംസ്ഥാനത്താകെ അരങ്ങേറുന്നത്.  മുതിര്‍ന്നóനേതാക്കളും സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്ന പട്ടിക ഓരോ ദിവസവും വര്‍ധിക്കുകയാണ്.

സിപിഐ എം കൊല്‍ക്കത്ത ജില്ലാ സെക്രട്ടറിയറ്റ് അംഗം മുഹമ്മദ് നിസാമുദീന്‍, ഹൂഗ്ളി ജില്ലാ സെക്രട്ടറിയറ്റ് അംഗം ബിനയ് ദത്ത, പശ്ചിമ മെദിനിപൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും നാരായണ്‍ഗഡില്‍ സൂര്യകാന്ത മിശ്രയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റുമായിരുന്ന ശംഭു മണ്ഡി എന്നിവര്‍ ആക്രമണത്തിനിരയായി. ഗുരുതര പരിക്കേറ്റ ശംഭു മണ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കുറയിലെ ബജോറിയ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം എംഎല്‍എ എസുജിത് ചക്രവര്‍ത്തിയെയും അക്രമിച്ചു. അദ്ദേഹത്തിന്റെ കാര്‍ അടിച്ചുതകര്‍ത്തു. തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമാണ് സുജിത്തിന് നേരെയുണ്ടായത്.

കൊല്‍ക്കത്ത കസബ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥിയായിരുന്ന ശതരൂപ് ഘോഷിന്റെ വീടും ആക്രമിച്ചു. നൂറുകണക്കിന് സിപിഐ എം– ഇടതുമുന്നണി  പ്രവര്‍ത്തകരുടെ വീടുകളും കടകളും മറ്റുസ്ഥാപനങ്ങളും തകര്‍ക്കുകയും കൊള്ളയടിക്കുകയും  ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും  അക്രമങ്ങള്‍ നിത്യസംഭവങ്ങളായി. കൊല്‍ക്കത്ത, പശ്ചിമ– കിഴക്കന്‍ മെദിനിപൂര്‍, ബാങ്കുറ, ബിര്‍ഭും, ബര്‍ദ്വമാന്‍, ഹൂഗ്ളി, ഉത്തര– ദക്ഷിണ 24 പര്‍ഗാനാസ്, ഹൌറ, കൂച്ച് ബിഹാര്‍ എന്നീ ജില്ലകളിലാണ്് അക്രമം ഏറ്റവും രൂക്ഷമായത്.

തൃണമൂല്‍ അക്രമത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര അഭ്യര്‍ഥിച്ചു. അക്രമം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള  പ്രതിപക്ഷകക്ഷികള്‍ പ്രകടനം നടത്തും. ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കും. അക്രമത്തിനിരയായവരെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കും.

ഗോപി Monday May 23, 2016

No comments:

Post a Comment