Tuesday, April 15, 2014

പ്രധാനമന്ത്രിക്കെതിരെ മുന്‍ കല്‍ക്കരി സെക്രട്ടറി

പ്രധാനമന്ത്രി മന്‍മോഹന്‍സിങും യുപിഎ നേതൃത്വവും ആര്‍ജവം കാട്ടിയിരുന്നെങ്കില്‍ ഖജനാവിന് വന്‍ നഷ്ടം സംഭവിച്ച കല്‍ക്കരി കുംഭകോണം ഒഴിവാക്കാമായിരുന്നെന്ന് കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ്. ക്രൂസേഡര്‍ ഓര്‍ കോണ്‍സ്പിറേറ്റര്‍- കോള്‍ഗേറ്റ് ആന്റ് അദര്‍ ട്രൂത്ത്സ്("പോരാളിയോ ഗൂഢാലോചകനോ- കോള്‍ഗേറ്റും മറ്റ് സത്യങ്ങളും") എന്ന പേരില്‍ തന്റെ സിവില്‍ സര്‍വീസ് അനുഭവങ്ങള്‍ വിവരിച്ച പുസ്തകത്തിലാണ് യുപിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും പരേഖ് നിശിതമായി വിമര്‍ശിക്കുന്നത്. മുന്‍ മാധ്യമസെക്രട്ടറി സഞ്ജയ ബാരു നടത്തിയ പല വെളിപ്പെടുത്തലുകളും വിവാദമായതിന് പിന്നാലെയാണ് പരേഖിന്റെ പുസ്തകംപുറത്തിറങ്ങിയത്.

കല്‍ക്കരിപ്പാടം ലേലംവഴി വിതരണംചെയ്യണമെന്ന നിലപാടായിരുന്നു 2004 മാര്‍ച്ചില്‍ കല്‍ക്കരി സെക്രട്ടറിയായി ചുമതലയേറ്റതുമുതല്‍ താന്‍ സ്വീകരിച്ചതെന്ന് പരേഖ് പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി കാര്യാലയവും കല്‍ക്കരി വകുപ്പ് ഇടക്കാലത്ത് കൈകാര്യംചെയ്ത മന്ത്രി ഷിബു സൊറനും സഹമന്ത്രി ദസരി നാരായണറാവുവും ഈ നീക്കം അട്ടിമറിച്ചു. മത്സരലേലത്തിലൂടെ വിതരണമെന്ന ആശയത്തോട് പ്രധാനമന്ത്രി യോജിച്ചു. എന്നാല്‍, സ്വന്തം മന്ത്രിമാരെയും സഹമന്ത്രിമാരെയും, എന്തിന് സ്വന്തം കാര്യാലയത്തെ പോലും നിയന്ത്രിച്ചുകൊണ്ടുപോകാന്‍ പ്രധാനമന്ത്രിക്ക് ശേഷിയുണ്ടായില്ല. തന്റെ തീരുമാനങ്ങള്‍ സ്വന്തം മന്ത്രിമാര്‍തന്നെ നടപ്പാക്കാതിരിക്കുകയോ അതല്ലെങ്കില്‍ തിരുത്തുകയോ ചെയ്യുന്ന നാണക്കേട് അഭിമുഖീകരിക്കുന്നതിന് പകരം പ്രധാനമന്ത്രി രാജിവച്ചിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രധാനമന്ത്രിയെ കിട്ടുമായിരുന്നോ എന്ന് തനിക്കറിയില്ല.

രാഷ്ട്രീയമായി അധികാരമില്ലാത്ത ഒരു സര്‍ക്കാരിന്റെ തലപ്പത്ത് തുടരുകവഴി മന്‍മോഹന്‍സിങ്ങിന്റെ പ്രതിച്ഛായക്ക് വലിയ ഇടിവാണ് സംഭവിച്ചത്. ഷിബു സൊറന്റെ രാജിയെ തുടര്‍ന്ന് പ്രധാനമന്ത്രി കല്‍ക്കരിവകുപ്പ് ഏറ്റെടുത്തപ്പോള്‍ കല്‍ക്കരി മേഖലയില്‍ മത്സരലേലം നിര്‍ദേശിച്ചുള്ള ഫയല്‍ താന്‍ വീണ്ടും സജീവമാക്കി. 2004 ആഗസ്ത് 20ന് മത്സരലേലത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കി. എന്നാല്‍,ഇതിന് ശേഷവും പ്രധാനമന്ത്രികാര്യാലയം മത്സരലേലത്തിലേക്ക് പോയാലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് കുറിപ്പ് അയച്ചു. സഹമന്ത്രി ദസരി നാരായണറാവു പിഎംഒയ്ക്ക് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കല്‍ക്കരി മേഖലയില്‍ ഏറെ താല്‍പ്പര്യമുള്ള നവീന്‍ ജിന്‍ഡാല്‍ അടക്കമുള്ള എംപിമാരും നിര്‍ദേശത്തെ എതിര്‍ത്ത് കത്തയച്ചു. മത്സരലേലം കൊണ്ടുവരാന്‍ കല്‍ക്കരിനിയമം ഭേദഗതി ചെയ്യാനുള്ള ക്യാബിനറ്റ് കുറിപ്പ് വരെ തയ്യാറായെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു. ഈ ഘട്ടത്തില്‍ ഷിബു സൊറന്‍ വീണ്ടും കല്‍ക്കരിവകുപ്പ് മന്ത്രിയായെത്തി. ഈ നടപടിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സൊറന്‍ തീരുമാനിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ സൊറന്‍ വീണ്ടും രാജിവച്ചു. പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍മത്സരലേല നടപടി വീണ്ടും സജീവമാക്കാമായിരുന്നു.

കല്‍ക്കരി അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ സിഎജി എന്ന നിലയില്‍ വിനോദ്റായ് ഗംഭീരമായി പ്രവര്‍ത്തിച്ചു. ഇത് തള്ളി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തികച്ചും അവിശ്വസനീയമാണ്. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിന് ചുമതലപ്പെട്ട സ്ക്രീനിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയത്- പരേഖ് പുസ്തകത്തില്‍ പറഞ്ഞു.

എം പ്രശാന്ത് deshabhimani

No comments:

Post a Comment