Tuesday, April 15, 2014

ഇന്ത്യ-പാക് സമാധാനകരാര്‍ അട്ടിമറിച്ചത് ആന്റണി: ബാരു

സിയാചിന്‍ മേഖല സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും സമാധാനകരാറില്‍ എത്തുന്നത് അട്ടിമറിച്ചത് എ കെ ആന്റണി ഉള്‍പ്പെടെയുള്ളവരാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമാധാനകരാര്‍ ഒപ്പിടാന്‍ ആഗ്രഹിച്ചിരുന്നു. 2005 ജൂണില്‍ അദ്ദേഹം സിയാചിന്‍ സന്ദര്‍ശിച്ചു. എന്നാല്‍, ചരിത്രപരമായ കരാര്‍ ഒപ്പിടുന്നതിന്റെ ഖ്യാതി മന്‍മോഹന്‍സിങ്ങിന് ലഭിക്കരുതെന്ന് നെഹ്റു-ഗാന്ധി കുടുംബത്തോടൊപ്പം എ കെ ആന്റണിയും പ്രണബ് മുഖര്‍ജിയും ചിന്തിച്ചു- "ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍" എന്ന പുസ്തകത്തില്‍ സഞ്ജയ ബാരു വെളിപ്പെടുത്തി.

സിയാചിനെ "സമാധാനത്തിന്റെ മല"യായി മാറ്റാന്‍ മന്‍മോഹന്‍സിങ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, രാജ്യത്തിനുള്ളില്‍ ഇതിന് പിന്തുണ ലഭിച്ചില്ല. സോണിയ ഗാന്ധി പുറമേയ്ക്ക് കരാറിനെ അനുകൂലിച്ചു. അതേസമയം, കശ്മീര്‍പ്രശ്നത്തിന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തോളം വേരുകള്‍ ഉള്ളതാണ്. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം സാധാരണനിലയില്‍ കൊണ്ടുവന്നുവെന്ന കീര്‍ത്തി മന്‍മോഹന്‍സിങ്ങിന് ലഭിക്കുന്നതിനോട് നെഹ്റു-ഗാന്ധി കുടുംബത്തിന് യോജിക്കാനാവുമായിരുന്നില്ല. രാഹുല്‍ഗാന്ധിയുടെ കാലംവരെ ഇതിനായി കാത്തിരിക്കണമെന്ന് സോണിയ ആഗ്രഹിച്ചു. ഇക്കാര്യത്തില്‍ എ കെ ആന്റണിയുടെ നിലപാട് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ മനോവികാരത്തിന് അനുസൃതമായിരുന്നെന്ന് കരുതണമെന്ന് പുസ്തകം പറയുന്നു.

2005ല്‍ പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും തുടര്‍ന്നുവന്ന ആന്റണിയും ഇതില്‍ ഉത്സാഹം കാട്ടിയില്ല. കരാര്‍ ഒപ്പിടണമെങ്കില്‍ പാകിസ്ഥാന്‍ ചില കടുത്ത വ്യവസ്ഥകള്‍ പാലിക്കണമെന്ന നിര്‍ദേശം ഇന്ത്യന്‍ ഭാഗത്തുനിന്നുണ്ടായി. ഇക്കാര്യത്തില്‍ അന്നത്തെ കരസേനാമേധാവി ജനറല്‍ ജെ ജെ സിങ്ങിനും പങ്കുണ്ട്. അടച്ച മുറികളില്‍ നടന്ന ചര്‍ച്ചകളില്‍ ജനറല്‍ ജെ ജെ സിങ് സമാധാനകരാറിനെ അനുകൂലിച്ചു. എന്നാല്‍, പ്രധാനമന്ത്രിയെ പിന്തുണയ്ക്കരുതെന്ന് അദ്ദേഹം ആന്റണിയോടും മറ്റും പറഞ്ഞു. ബാരുവിന്റെ വെളിപ്പെടുത്തല്‍ ജനറല്‍ സിങ് നിഷേധിച്ചു. പ്രതിരോധകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അറിവ് ബാരുവിനില്ലെന്ന് സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഫയലുകള്‍ സോണിയ ഗാന്ധി കണ്ടിരുന്നതായും ബാരുവിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പുസ്തകം തികച്ചും നിഷ്പക്ഷമായി എഴുതിയതാണെന്നും യുപിഎയ്ക്ക് എതിരായ കാര്യങ്ങളെ മാത്രമാണ് അവര്‍ വിമര്‍ശിക്കുന്നതെന്നും ബാരു പറയുന്നു.

deshabhimani

No comments:

Post a Comment