Monday, April 14, 2014

പേരറിയാത്ത അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും നന്ദി

മലപ്പുറം: ""ജില്ലയില്‍ മുസ്ലിംലീഗിനും യുഡിഎഫിനും എക്കാലത്തും മൃഗീയ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനം നടക്കുന്നു. പൈലറ്റ് വാഹനത്തിന്റെയും വാദ്യമേളങ്ങളുടെയും എല്‍ഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ മണ്ഡലം ചുറ്റുന്നു. നൂറുകണക്കിന് ചെറുപ്പക്കാര്‍ ഇരുചക്രവാഹനങ്ങളുമായി എന്നെ അനുഗമിക്കുന്നുണ്ട്. ലീഗിന്റെ ശക്തിദുര്‍ഗമാണെങ്കിലും ഓരോ കേന്ദ്രങ്ങത്തിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജനമുന്നേറ്റം. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ളവര്‍ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നു. അക്ഷരാര്‍ഥത്തില്‍ ലീഗിന്റെ അടിത്തറയിളക്കുന്ന സ്വീകരണങ്ങള്‍""- മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ സൈനബ പ്രചാരണദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

""ഉച്ചയോടെ പറപ്പൂര്‍ ഭാഗത്തൂടെ അടുത്ത സ്വീകരണകേന്ദ്രം ലക്ഷ്യമാക്കി നീങ്ങവെ റോഡരികിലൂടെ എന്നെ നോക്കി കൈക്കുഞ്ഞിനെയുമെടുത്ത് ഒരു സ്ത്രീ വരുന്നു. പറഞ്ഞതനുസരിച്ച് ഡ്രൈവര്‍ വാഹനം നിര്‍ത്തി. അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടി കൈയില്‍ കരുതിയ പൂവ് എന്റെ നേരെ നീട്ടി. ഞാനതുവാങ്ങിക്കവെ കുഞ്ഞ് കവിളത്തൊരുമ്മയും നല്‍കി. തിരികെ കുഞ്ഞിന് ഉമ്മ നല്‍കി സ്ത്രീയുടെ മുഖത്തേക്ക് നോക്കവെ നിഷ്കളങ്കമായ ചിരിയോടെ എന്നെ നോക്കുന്നു. ഇരുവരുടെയും പേര് എന്താണെന്ന് ഞാന്‍ ചോദിച്ചെങ്കിലും ശബ്ദകോലാഹലങ്ങള്‍ക്കിടിയില്‍ മറുപടി ഒന്നും വ്യക്തമായില്ല. സമയം വൈകിയതിനാല്‍ ഞാന്‍ യാത്ര തുടര്‍ന്നു. തനിക്കൊപ്പമുള്ള പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകരോട് ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും മുമ്പ് കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. അപ്പോഴാണ് എന്നെ നോക്കിയുള്ള അവരുടെ നിഷ്കളങ്കമായ ചിരിയില്‍, നിശ്ശബ്ദ പിന്തുണയും രാജ്യം ഭരിക്കുന്നവരോടുള്ള വെറുപ്പും മുസ്ലിംലീഗ് കേന്ദ്രങ്ങള്‍പോലും മാറ്റം ആഗ്രഹിക്കുന്നു എന്നിവയെല്ലാം അടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലായത്. ഈ അനുഭവം പിന്നീടുള്ള സ്വീകരണങ്ങളെല്ലാം ആവേശകരമാക്കി""- സൈനബ പറഞ്ഞു.

""പെരിന്തല്‍മണ്ണ ഭാഗത്തെ ഗ്രാമത്തിലൂടെ പോകുമ്പോള്‍ ഉമ്മയും മകളും കാത്തുനിന്ന് കൈ വീശിക്കാണിച്ചു. തിരികെ വരുമ്പോള്‍ ഇരുവരെയും വീണ്ടും കണ്ടപ്പോള്‍ വാഹനം നിര്‍ത്തി. ഉടന്‍ മകള്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചശേഷം പറഞ്ഞു- "എന്റെ ആദ്യത്തെ വോട്ട് താത്തക്ക് തന്നെ". മറ്റൊരു സ്വീകരണ കേന്ദ്രത്തില്‍ അച്ഛനൊപ്പമെത്തിയ കുട്ടി എനിക്ക് മാലയിട്ടു. കുഞ്ഞിന് കൈ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അവനതിന് കൂട്ടാക്കിയില്ല. പിന്നെ കേട്ടത് കുഞ്ഞുശബ്ദത്തില്‍ ഇടറാത്ത വാക്കുകളില്‍ "ഇന്‍ക്വിലാബ് സിന്ദാബാദ്, പി കെ സൈനബ സിന്ദാബാദ്" എന്ന മുദ്രാവാക്യം. ശബ്ദത്തിന്റെ ഉറവിടമേതെന്ന് നോക്കിയപ്പോള്‍, മുമ്പ് എനിക്ക് മാലയിട്ട ശേഷം കൈ നല്‍കാന്‍ വിസമ്മതിച്ച ആ കൊച്ചു വിപ്ലവകാരി""- ആവേശം വിതറുന്ന ഇത്തരം നിരവധി ഓര്‍മകളിലൂടെയായിരുന്നു മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനം.

deshabhimani

No comments:

Post a Comment