Monday, April 14, 2014

തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അന്തിമവിധി: കാരാട്ട്

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനുള്ള കടുത്ത ശിക്ഷയാവുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും തെറ്റായ സാമ്പത്തികനയങ്ങളുമാണ് ഈ വിധിയെഴുത്തിനെ സ്വാധീനിക്കുക. പുത്തന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജെപിയും യുപിഎക്കൊപ്പമാണ്. സ്വാതന്ത്ര്യത്തിനുശേഷം വന്ന സര്‍ക്കാരുകളില്‍ ഏറ്റവും അഴിമതി നിറഞ്ഞതായിരുന്നു രണ്ടാം യുപിഎ ഭരണം. കടുത്ത ജനവിധിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.

വടക്കന്‍ ചെന്നൈയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി യു വാസുകിയുടെ തെരഞ്ഞെടുപ്പുപ്രചാരണാര്‍ഥം ചേര്‍ന്ന വന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. ടുജി സ്പെക്ട്രം അഴിമതിയുള്‍പ്പെടെ വന്‍ അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയത്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനയാണ് രാജ്യത്ത് എല്ലാത്തരം അവശ്യവസ്തുക്കള്‍ക്കും ക്രമാതീതമായ വിലക്കയറ്റമുണ്ടാക്കിയത്. ഭക്ഷ്യധാന്യത്തിനും വളത്തിനും സബ്സിഡി വെട്ടിക്കുറച്ചതിലൂടെ വന്‍കിട കുത്തകകമ്പനികള്‍ക്ക് വലിയ ലാഭമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തത്. ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ഹിന്ദുത്വപരീക്ഷണശാലയായാണ് മോഡി ഗുജറാത്തിനെ ഉപയോഗിക്കുന്നത്- കാരാട്ട് പറഞ്ഞു.

കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ നികുതി ഒഴിവാക്കുന്നതും ഭൂമി സൗജന്യമായി നല്‍കുന്നതുമാണ് ഗുജറാത്ത് മോഡല്‍ വികസനം. മോഡി രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് കൊള്ളയും ചൂഷണവും നടത്താന്‍ കൂടുതല്‍ അവസരമൊരുങ്ങും. പുത്തന്‍ സാമ്പത്തികനയങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതലായി ബിജെപിയും നടപ്പാക്കും. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേസാമ്പത്തികനയങ്ങളാണ്. ഇതിനെതിരായ ബദല്‍നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. യുപിഎ സര്‍ക്കാരിന്റെ അഴിമതികളില്‍ ഡിഎംകെയും ഭാഗഭാക്കാണ്. ഇരുപാര്‍ടികള്‍ക്കും സങ്കുചിതതാല്‍പ്പര്യങ്ങളുണ്ട്- കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment