Monday, February 15, 2016

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

ജെ.എൻ.യു. വിദ്യാർഥിയൂണിയൻ നേതാവ് കനൈയ്യകുമാറിന്റെ(Kanhaiya Kumar) പ്രസംഗത്തിന്റെ മലയാളം പരിഭാഷ

ഹരിയാനയിലെ ഖട്ടർ സർക്കാർ, രക്തസാക്ഷി ഭഗത്‌സിംഗിന്റെ പേരിലുള്ള എയർപോർട്ടിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നൽകി. ഞങ്ങൾ പറയുന്നതിന്റെ അർത്ഥം ഇതാണു, ഞങ്ങൾക്ക് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് ആർ.എസ്.എസിൽ നിന്നും വേണ്ട. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങൾ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രർ, അവരാണു ഞങ്ങൾ.

80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാർക്കുവേണ്ടിയാണു ഞങ്ങൾ പോരാടുന്നത്. ഇതാണ് ഞങ്ങൾക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങൾ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരൽ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകൾ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാൻ വന്നാൽ ആ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങൾക്കു മനുവാദത്തിൽ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിൽ ഞങ്ങൾക്കു ഒരു വിശ്വാസവുമില്ല.

ആ ഭരണഘടന ബാബാ സാഹിബ് ഭീം റാവു അംബേകർ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ-സംസാര സ്വാതന്ത്രത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ ഞങ്ങൾ ഉയർത്തിപിടിക്കുന്നു.

എന്നാൽ ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എബിവിപി ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടെ മുഴുവൻ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവൻ വിഷയങ്ങളിലും വെള്ളം ചേർക്കുകയാണ്. ഇന്നലെ എ.ബി.വി.പിയുടെ ജോയിന്റ് സെക്രട്ടറി പറഞ്ഞു, നമ്മൾ ഫെലോഷിപ്പിനായിട്ടാണു ബഹളം വയ്ക്കുന്നത് എന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ സർക്കാർ മാഡം ‘മനു’സ്മൃതി ഇറാനി ഫെലോഷിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഇവരുടെ സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റിൽ 17% കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ 4 വർഷമായി നമ്മുടെ ഹോസ്റ്റൽ ശരിയായി പ്രവർത്തിക്കുന്നില്ല. കാമ്പസിൽ വൈഫൈ സൗകര്യങ്ങൾ ഇല്ല. വിദ്യാർഥികൾക്ക് ഒരു ബസ് നൽകിയത് ഓടിക്കുവാനായി ഇന്ധനം നിറക്കുവാനുള്ള പൈസ ഭരണകൂടത്തിന്റെ കൈവശമില്ല. എബിവിപിക്കാർ റോളറിനു മുന്നിൽ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങൾ ഹോസറ്റൽ നിർമ്മിക്കയാണ്, ഞങ്ങൾ വൈഫൈ കൊണ്ടുവരികയാണ്, ഞങ്ങൾ ഫെലോഷിപ്പ് വർദ്ധിപ്പിക്കയാണ് എന്നൊക്കെ.

സഖാക്കളേ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശകങ്ങളെപ്പറ്റി ചർച്ച നടന്നാൽ ഇവരുടെ മുഖംമൂടികൾ പൊളിക്കപ്പെടും. വിദ്യാർഥികളെ, സഖാക്കളെ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കുവാൻ നമുക്കു ധൈര്യമുണ്ട്. അതെപ്പറ്റി സംവാദങ്ങളും ചർച്ചയും നടത്തുവാൻ, ചോദ്യങ്ങൾ ചോദിക്കുവാൻ തന്നെയാണ് നമ്മൾ തീരുമാനിച്ചിരിക്കുന്നത്.

ഒരു സ്വാമി ഉണ്ടല്ലോ, ആ സ്വാമി പറയുന്നത് ജെ.എൻ.യുവിൽ തീവ്രവാദികളാണ് താമസിക്കുന്നതെന്ന്. ജെ.എൻ.യു ആക്രമണം അഴിച്ചുവിടുന്നെന്ന്. ഞാൻ ജെ.എൻ.യുവിൽ നിന്നും ആർ.എസ്.എസിന്റെ ചിന്തകന്മാരെ വെല്ലുവിളിക്കയാണ്, ധൈര്യമുണ്ടെങ്കിൽ ഞങ്ങളോടു സംവാദത്തിനു തയ്യാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചർച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങൾ ഒരു ചോദ്യമുയർത്തുകയാണ് “രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ” എന്ന എ.ബി.വി.പിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്തു ആരുടെ രക്തം ഒഴുക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേർന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രൻ അവന്റെ റോട്ടിയെപ്പറ്റി സംസാരിക്കുമ്പോൾ, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യൻ തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ, നിങ്ങൾ അവർക്കുനേരെ വെടിയുണ്ട ഉതിർക്കുന്നവരാണ്. ഈ രാജ്യത്തു മുസ്ലിങ്ങൾക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ പറയുന്നു അഞ്ച് വിരലുകളും ഒരു പോലെ അല്ല എന്ന്. സ്ത്രീകൾ സീതയെപ്പോലെ ജീവിക്കണം, സീതയെ പോലെ അഗ്നിപരീക്ഷണം നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്.  ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്.

ചൂഷണത്തിന്റെ സംസ്കാരത്തെ, ജാതിവാദത്തിന്റെ സംസ്കാരത്തെ, മനുവാദത്തിന്റെ സംസ്കാരത്തെ ഇല്ലായ്മചെയ്യുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവർക്കു പ്രശ്നം ഉണ്ടാകുന്നത്? ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെപറ്റി സംസാരിക്കുമ്പോഴാണ് ഇവർക്കു പ്രശ്നമുണ്ടാകുന്നത്. ജനങ്ങൾ ലാൽസലാമിനൊപ്പം നീലസലാം  ഉയർത്തുമ്പോൾ, മാർക്സിന്റെ പേരിനൊപ്പം ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ പേരും ഉയർത്തുമ്പോൾ..... (കൈയ്യടി) അപ്പോഴാണ്‌ ഇവർക്ക് ഉദരവേദന ഉണ്ടാകുന്നത്.  ബ്രിട്ടീഷുകാരന്റെ ചെരുപ്പുനക്കികളാണ് ഇവർ. എന്റെ പേരിൽ മാനനഷ്ടകേസ് ചാർജ് ചെയ്യൂ. ഞാൻ പറയുന്നു ആർ.എസ്.എസിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്.  രാജ്യദ്രോഹികൾ ഇന്ന് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു.

(മൊബൈൽ ഫോൺ ഉയർത്തികാട്ടുന്നു) സഖാക്കളെ എന്റെ മൊബൈൽ ഫോൺ പരിശോധിച്ചാൽ എന്റെ അമ്മക്കും പെങ്ങൾക്കും നേരെ ഇവർ വിളിക്കുന്ന അസഭ്യവർഷങ്ങളാൽ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങൾ പറയുന്ന ഭാരതമാതാവിൽ എന്റെ അമ്മക്കു സ്ഥാനമില്ലെങ്കിൽ പിന്നെ ഏതു ഭാരതമാതാവിന്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കുവാൻ കഴിയില്ല ഇത്തരം ഭാരതമാതാവിന്റെ ആശയം. രാജ്യത്തെ സ്ത്രീകൾ ദരിദ്രരും, കൂലിപ്പണിക്കാരുമാണ്. എന്റെ അമ്മ അങ്കൺവാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മക്ക് എതിരെയാണു ഇവർ അസഭ്യവർഷം നടത്തുന്നത്. (കൈയ്യടി)

ഈ ദേശത്തെയോർത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കർഷക, തൊഴിലാളികളുടെ അമ്മാമാരൊന്നും ഭാരതമാതാവിന്റെ കൂട്ടത്തിൽ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാർക്കും ജയ്, കർഷകനും, കർഷകതൊഴിലാളിക്കും, ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കിൽ വിളിക്കൂ, ഇങ്കിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്ദേവ് സിന്ദാബാദ് ബാബാസാഹിബ് സിന്ദാബാദ്. നിങ്ങൾ ബാബാസാഹിബിന്റെ 125ആം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ബാബാ സാഹിബ് അംബേദ്കർ ഉയർത്തിയതുപോലുള്ള ചോദ്യങ്ങൾ ഉയർത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്നമാണു ജാതിവാദം. അതെപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ.

ഒരു രാജ്യം നിർമ്മിക്കപ്പെടുന്നത് ജനങ്ങളുടെ ക്ഷേമത്തിലൂടെയാണ്. ദേശത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ജനങ്ങൾക്കു പങ്കില്ല, ദരിദ്ര കർഷകതൊഴിലാളികൾക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടിവി ഡിബേറ്റിൽ ഈ കാര്യം ഞാൻ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. (അടുത്തുനിന്നും മുദ്രാവാക്യം വിളികളുടെ ശബ്ദം കേൾക്കുന്നു)

ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയിൽ ബഹളവും കലാപവും വരികയാണെങ്കിൽ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങൾക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതി സംഘി ഓഫീസിൽ നിന്നും വരും. ഇന്ദിരാഗാന്ധിയുടെ സമയത്ത് കോൺഗ്രസ്സ് ഓഫീസിൽ നിന്ന് മാധ്യമങ്ങൾക്ക് ആവശ്യമായ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്.  ചില മാധ്യമപ്രവർത്തകർ പറയുന്നത് ജെ.എൻ.യു നികുതിപ്പണം കൊണ്ടാണു പ്രവൃത്തിക്കുന്നത് എന്നാണ്. നഗരത്തിന്റെ പൈസ കൊണ്ടാണു  ജെ.എൻ.യു പ്രവൃത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്റെ പണം കൊണ്ടാണ് ജെ.എൻ.യു പ്രവർത്തിക്കുന്നത്. എന്നാൽ ഞാൻ ചോദിക്കയാണ്, യൂണിവേഴ്സിറ്റി ആർക്കു വേണ്ടിയാണ്? യൂണിവേഴ്സിറ്റി എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്റെ വിമർശനാത്മക വിശകലനം നടത്താനുള്ളതാണ്. . ഈ കാര്യത്തിൽ യൂണിവേഴ്സിറ്റി പരാജയപ്പെടുകയാണെങ്കിൽ ഒരു രാജ്യനിർമ്മിതിയും നടപ്പിലാവില്ല. രാജ്യകാര്യങ്ങളിൽ ആരും ഭാഗഭാക്കാകില്ല.

രാജ്യത്തെ ജനങ്ങളുടെ സംസ്കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉൾക്കൊള്ളുവാൻ തയ്യാറാകുന്നിലെങ്കിൽ രാജ്യനിർമ്മാണം അസാധ്യമാണ്. ഞങ്ങൾ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവർക്കും ജീവിക്കുവാനുള്ള അവകാശം നൽകുക എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാൻ രോഹിത് തന്റെ ജീവൻ വിലയായി നൽകി. എന്നാൽ സംഘികളോടു ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സർക്കാരിനു മേൽ ഇത്ര വിശ്വാസമുണ്ടെങ്കിൽ- കേന്ദ്രസർക്കാരിനോടു എന്റെ താക്കീതാണ്- രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെ.എൻ.യുവിൽ നടക്കുവാൻ ഞങ്ങളനുവദിക്കയില്ല.

പാക്കിസ്ഥാന്റെയോ ബംഗ്ലാദേശിന്റെയോ കാര്യമല്ല ഞങ്ങൾക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മർദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള  മാനവതാവാദത്തിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുൻപിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്റെയും മനുവാദത്തിന്റെയും ആ മുഖം;  ബ്രാഹണിസത്തിന്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്.

യഥാർത്ഥ ജനാധിപത്യം, യഥാർത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാർലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മൾ പറയുവാൻ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും. രാജ്യത്തെ തകർക്കുന്ന ശക്തികളോട് തീവ്രവാദത്തെ നട്ടുവളർത്തുന്ന ആളുകളോട് ഒരു ചോദ്യം, അവസാന ചോദ്യം ചോദിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

ആരാണു കസബ്? ആരാണു അഫ്സൽ ഗുരു? ആരാണു ഈ മനുഷ്യർ?

ഇന്ന് തങ്ങളുടെ ശരീരത്തിൽ ബോംബുവച്ചുകെട്ടി കൊല്ലുവാൻ തയ്യാറായി ഇറങ്ങുന്ന അവസ്ഥയിൽ എത്തിച്ച സാഹചര്യം എന്താണ്? അന്വേഷണത്തിൽ ഈ ചോദ്യം ഉയരുന്നില്ലെങ്കിൽ ഈ അന്വേഷണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി എനിക്കു തോന്നുന്നില്ല. നമ്മൾ ഹിംസയെ നിർവ്വചിക്കുന്നില്ലെങ്കിൽ എങ്ങനെ ഹിംസയെ തടയുവാൻ കഴിയും? ഒരാളെ തോക്കുയർത്തി കൊല്ലുന്നതിൽ മാത്രമല്ല ഹിംസയുള്ളത്. ഭരണകൂടം ദളിതർക്ക് അധികാരം നൽകാതിരിക്കുന്നതിലും ഹിംസയാണുള്ളത്. ആ അധികാരം നൽകുന്നത് ജെ.എൻ.യു ഭരണകൂടം നിഷേധിക്കയാണ്; അത് ഇൻസ്റ്റിറ്റ്യൂഷണൽ വയലൻസ് ആണ്.

നീതിയെപ്പറ്റി പറയാം. എന്താണ് നീതി എന്ന് ആരാണ് തീരുമാനിക്കുന്നത്? ബ്രാമണജാതിവ്യവസ്ഥ നിലനിന്ന കാലത്ത് ദളിതർക്കു ക്ഷേത്രങ്ങളിൽ പ്രവേശനം നിഷിദ്ധമായിരുന്നു. അന്ന് അതായിരുന്നു നീതി വ്യവസ്ഥ. ഇംഗ്ലീഷുകാർ ഭരിക്കുമ്പോൾ പട്ടിക്കും ഇന്ത്യാകാർക്കും റെസ്റ്ററന്റിൽ പോകുവാൻ അവകാശമില്ലായിരുന്നു. ഇതായിരുന്നു അന്നത്തെ നീതി. ഈ നിതിവ്യവസ്ഥയെയാണു നമ്മൾ വെല്ലുവിളിച്ചത്. ഇന്നും എബിവിപിയുടെയും ആർ.എസ്.എസ്ന്റെയും നീതിവ്യവസ്ഥയെ നമ്മൾ വെല്ലുവിളിക്കുന്നു. നിങ്ങളുടെ നീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. നിങ്ങൾ സ്വാതന്ത്ര്യം എന്നുപറയുന്നതിനെയും ഞങ്ങൾ അംഗീകരിക്കുന്നില്ല. എല്ലാ മനുഷ്യർക്കും അവന്റെ ഭരണഘടനാ അവകാശം കിട്ടുന്ന ദിവസം മാത്രമേ ഞങ്ങൾക്ക് സ്വാതന്ത്ര്യത്തെ അംഗീകരിക്കാനാവൂ. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്തെ എല്ലാ മനുഷ്യർക്കും കിട്ടുന്ന ആ ദിവസം ഞങ്ങൾ ഈ  നീതിന്യായവ്യവസ്ഥയെ പൂർണ്ണമായി അംഗീകരിക്കാം.

ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ഒരു രീതിയിലുമുള്ള തീവ്രവാദിയെയും, ഒരു രീതിയിലുമുള്ള തീവ്രവാദ വിഷയത്തെയും, ഒരു രീതിയിലുമുള്ള രാജ്യവിരുദ്ധമായ പ്രവർത്തനത്തെയും പിന്തുണക്കുന്നില്ല. ഞാൻ ഒരു പ്രാവശ്യം കൂടെ പറയുകയാണ്, കുറെ തിരിച്ചറിയാൻ കഴിയാത്ത ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിനെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ശക്തമായ ഭാഷയിൽ എതിർക്കുന്നു. അതോടൊപ്പം ഒരു ചോദ്യവും ഉയരുന്നു. ചോദ്യം ജെ.എൻ.എയു അഡ്മിനിസ്ട്രേഷനോടും എബിവിപിയോടുമാണ്. ഈ കാമ്പസിൽ ആയിരക്കണക്കിനു തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ എബിവിപിയുടെ മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചു കേൾക്കൂ. അവർ മുദ്രാവാക്യം വിളിക്കുന്നു “കമ്യൂണിസ്റ്റ് പട്ടികൾ”, “തീവ്രവാദികളുടെ സന്താനങ്ങളെ” എന്നൊക്കെ.

എനിക്ക് അറിഞ്ഞുകൂടാ ഈ ഭരണകൂടം നമുക്ക് പൌരനായി ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടോ എന്ന്. എന്റെ പിതാവിനെ പട്ടി എന്നുവിളിക്കുന്നത് ഭരണകൂടത്തിന്റെ അധികാരങ്ങളുടെ ലംഘനമാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ചോദ്യം ഞാൻ എ.ബി.വി.പിയോടു ചോദിക്കുകയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷനോടു കൂടി ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ആർക്കുവേണ്ടിയാണു പണിയെടുക്കുന്നത്? ആർക്കൊപ്പമാണു തൊഴിൽ ചെയ്യുന്നത്? ആരുടെ ഉത്തരവുപ്രകാരമാണു തൊഴിൽ ചെയ്യുന്നത്?

ഈ കാര്യം ഇന്ന് സുവ്യക്തമായിരിക്കയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകും. പിന്നീട് നാഗ്പൂരിൽ നിന്നും ഫോൺ വരുന്നമുറക്ക് നൽകിയ അനുമതികൾ തിരിച്ചെടുക്കും. ഈ അനുമതി തരുന്നതും തിരിച്ചെടുക്കുന്നതുമായ രീതി ഫെലോഷിപ്പുകൾ തരുന്നതും തിരികെ എടുക്കുന്നതുമായ രീതിക്കു സമാനമായി മാറുകയാണ്. ആദ്യം ഫെലോഷിപ്പ് നൽകുവാനുള്ള ഉത്തരവ് ഇറങ്ങും. പിന്നീട് കേൾക്കാം ഫെലോഷിപ്പ് തീർന്നുപോയെന്ന്. ഇത് സംഘി രീതിയാണ്. ആർ.എസ്.എസിന്റെയും എ.ബി.വി.പിയുടെയും രീതിയാണിത്. ഈ രീതിയിലാണ് ഇവർ രാജ്യഭരണം നടത്തുവാൻ ആഗ്രഹിക്കുന്നത്. ഈ രീതിയിലാണ് ഇവർ ജെ.എൻ.യു അഡ്മിനിസ്ട്രേഷനെ മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നത്. ജെ.എൻ.യുവിന്റെ വൈസ്‌ചാൻസ്‌ലറോടു ഞങ്ങളുടെ ചോദ്യമാണ്. ജെ.എൻ.യുവിൽ പോസ്റ്റർ ഒട്ടിച്ചിരുന്നു, മെസിൽ കത്ത് വന്നിരുന്നു, അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കിൽ ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകരുതായിരുന്നു. നൽകിയ പെർമിഷൻ ആരുടെ ഉത്തരവുപ്രകാരമാണു കാൻസൽ ചെയ്തത്? ഈ കാര്യം ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

(ആക്രോശം മുഴക്കുന്ന എബിവിപിക്കാരെ നോക്കി)

അതോടൊപ്പം ഈ മനുഷ്യരുണ്ടല്ലോ അവരുടെ സത്യസന്ധത മനസ്സിലാക്കുക. ഇവരോടു വിദ്വേഷം വേണ്ട. കാരണം ഞങ്ങൾ വെറുക്കുവാൻ പഠിച്ചിട്ടില്ല. ഇവരെ ഓർത്ത് എനിക്ക് വലിയ സഹതാപം ഉണ്ട്. ഇവർ അർമാദിക്കയാണ്. എന്തുകൊണ്ട്? ഇവർക്കു തോന്നുന്നത് ഗജേന്ദ്ര ചൗഹാനെ ഇരുത്തിയതുപോലെ എല്ലാ സ്ഥലത്തും ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ അങ്ങനെ ആളുകളെ വയ്ക്കാം എന്നാണ്. ഈ ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ എല്ലാ സ്ഥലത്തും തൊഴിൽ ചെയ്തുകൊണ്ടിരുന്നുകൊള്ളും.  അതുകൊണ്ട് ഇവർ ഉച്ചത്തിൽ ഭാരത് മാതാകി ജയ് എന്ന് ആക്രോശിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കികൊള്ളൂ. മറ്റന്നാൾ ഇവരുടെ ഇന്റർവ്യൂ ഉണ്ടാകും. തൊഴിൽ കിട്ടിയാലുടൻ ദേശഭക്തി പിന്നിൽ കൂടെ ഒലിച്ചുപോകും. തൊഴിൽ കിട്ടിയാൽ പിന്നെ ഭാരത് മാതാവിനെ തിരിഞ്ഞുനോക്കില്ല. തൊഴിൽ കിട്ടിയാൽ പിന്നെ ത്രിവർണ്ണ പതാകയെ ഒരിക്കൽ പോലും ഇവർ അംഗീകരിക്കില്ല. ബിജെപ്പിയുടെ പതാക പോലും ഉയർത്തില്ല. ഞാൻ ചോദിക്കുകയാണ്, ഇതു എന്തുതരം ദേശഭക്തിയാണിത്? ഒരു ഉടമസ്ഥൻ തന്റെ വേലക്കാരനോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, കർഷകൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, ബിസിനസ്സുകാരൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഈ വിവിധ ചാനലുകളിലെ ആളുകൾ - മാധ്യമപ്രവർത്തകർ - പതിനയ്യായിരം രൂപക്കു തൊഴിൽ ചെയ്യുന്ന അവർക്ക് ഒരു സി.ഇ.ഒ ഉണ്ട്, അദ്ദേഹം  ഇവരോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഇവരുടെ ദേശഭക്തി എങ്ങനെയുള്ളതാണ്? ഭാരതവും പാകിസ്ഥാനുമായുള്ള കളിക്കുമുന്നിൽ തീരുന്ന ദേശഭക്തി! അതുകൊണ്ടാണ് റോഡിൽ ഇറങ്ങുമ്പോൾ വഴിവക്കിലെ പഴം വില്പനക്കാരനോടു തെമ്മാടിത്തരം പറയുന്നത്. പഴക്കച്ചവടക്കാരൻ പറയും സാഹബ് 40 രൂപ വില. അപ്പോളിവർ പറയും “ഫ!! നിങ്ങൾ ഇന്നാട്ടുകാർ അല്ല അതുകൊണ്ട് 30 രൂപക്കു തരൂ.” നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാക്കൾ, കോടികളാണ് മോഷ്ടിക്കുന്നത് എന്ന് ഒരു ദിവസം ഈ പഴക്കച്ചവടക്കാർ തിരിച്ചുപറഞ്ഞാൽ നിങ്ങൾ പറയും ഇവനും ദേശദ്രോഹിയാണെന്ന്.

ഒരുപാട് എം‌പി മാരുടെ സുഹൃത്തുക്കളെ എനിക്കു പരിചയമുണ്ട്.

ഞാൻ അവരോടു ചോദിക്കാറുണ്ട്. “സത്യമായും നിങ്ങളുടെ ഉള്ളിൽ ദേശഭക്തി വളരുകയാണോ?”

അവർ പറയും “സഹോദരാ, എന്തുചെയ്യും? അഞ്ചുവർഷത്തെക്കാണ് സർക്കാർ. രണ്ടുവർഷം ഇപ്പോഴേ തീർന്നു ഇനി മൂന്നുവർഷത്തെ സമയമാണു ബാക്കി. എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതിനുള്ളിൽ ചെയ്യണം.”

അപ്പോൾ ഞാൻ പറയും “ചെയ്തുകൊള്ളൂ. പക്ഷെ, ഇതു പറയൂ, ഇന്ന്  ജെ.എൻ.യുവിനെപ്പറ്റി കള്ളം പറഞ്ഞാൽ നാളെ നിന്റെ കോളറിലും ആരെങ്കിലും കയറി പിടിക്കും. ട്രെയിനിൽ ബീഫ് ഉണ്ടോന്നു പരിശോധിക്കുന്ന നിന്റെ കൂട്ടുകാരൻ തന്നെയാവും കയറിപിടിക്കുക. നിന്റെ കോളറിൽ കയറി പിടിച്ചിട്ടു നിന്നെ ലിഞ്ചിംഗ് ചെയ്തു പറയും നീ ദേശഭക്തനല്ല. കാരണം നീ ജെ.എൻ.യുക്കാരൻ ആണ്. ഇതിന്റെ അപകടം മനസ്സിലായോ?”

“അപകടം മനസ്സിലാക്കുന്നു സഹോദരാ അതുകൊണ്ടാണു ഞങ്ങൾ ജെ.എൻ.യു ഷട്ട്ഡൗൺ എന്ന ഹാഷ്‌ടാഗിനെ എതിർക്കുന്നത്.”

അപ്പോൾ ഞാൻ പറഞ്ഞു. “അതു വലിയകാര്യമാണല്ലോ. സഹോദരാ ആദ്യം ജെ.എൻ.യു ഷട്ട്ഡൗൺ എന്നപേരിൽ ബഹളം വയ്ക്കൂ. പിന്നീട് അതിനെ എതിർക്കൂ. എല്ലാം ചെയ്യേണ്ടിവരുന്നത് ജെ.എൻ.യു.വിൽ തന്നെ ജീവിക്കേണ്ടതിനാൽ ആണല്ലൊ.”

അതുകൊണ്ട് ജെ.എൻ.യുവിലെ എല്ലാവരോടും പറയുവാൻ ആഗ്രഹിക്കുന്നു. മാർച്ചിൽ തിരഞ്ഞെടുപ്പ് വരും. അപ്പോൾ എ.ബി.വി.പിക്കാർ ‘ഓം’ എന്ന മുദ്രാവാക്യം മുഴക്കി നിങ്ങളുടെ അടുക്കൽ വരും. അവരോടു പറയൂ ഞങ്ങൾ ദേശദ്രോഹികളാണ്, ഞങ്ങൾ തീവ്രവാദികളാണ്. ഞങ്ങളുടെ വോട്ടുവാങ്ങിയാൽ നിങ്ങളും രാജ്യദ്രോഹിയാകും.  അപ്പോൾ പറയും “അല്ലല്ല, നിങ്ങളാരും ദേശദ്രോഹികൾ അല്ല. കുറച്ചാളുകളുണ്ട്.” അപ്പോൾ പറയണം “മാധ്യമങ്ങൾക്കു മുന്നിൽ നിങ്ങൾ പറഞ്ഞത് കുറച്ചാളുകൾ എന്നല്ലല്ലോ, നിങ്ങളുടെ വൈസ്‌ചാൻസ്‌ലർ പറഞ്ഞത് അങ്ങനെ അല്ലല്ലോ” എന്ന്. നിങ്ങളുടെ രജിസ്ട്രാറും അങ്ങനെ പറഞ്ഞില്ല. ആ കുറച്ചാളുകളും പറയുന്നു ഞങ്ങൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്ന്. കുറച്ചാളുകളും പറയുന്നുണ്ട് ഞങ്ങൾ തീവ്രവാദത്തിനൊപ്പമല്ല എന്ന്. ഞങ്ങൾക്ക് പെർമിഷൻ തന്നിട്ട് അത് കാൻസൽ ചെയ്തു. ഞങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കുമേൽ കടന്നുകയറ്റം നടക്കുന്നു. കുറച്ചാളുകൾ പറയുന്നു, ഈ രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും ബഹളം നടക്കയാണെങ്കിൽ അതിനെ ഞങ്ങൾ അനുകൂലിക്കും, ഇത്തരം കാര്യങ്ങൾ ഇവരുടെ തലയിൽ കയറുന്നകാര്യമല്ല. എന്നാൽ എനിക്കു പൂർണ്ണ വിശ്വാസമുണ്ട് ഇവിടെ ഒരു ഷോർട്ട് നോട്ടീസ് കിട്ടിയതനുസരിച്ചു വന്ന ഈ ആളുകൾ, അവർക്കു കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന്.

അവർക്കു മനസ്സിലാകുന്നുണ്ട് എ.ബി.വി.പി ഈ രാജ്യത്തെ തകർക്കുകയാണ് എന്ന്, ജെ.എൻ.യുവിനെ തകർക്കുകയാണ് എന്ന്. നമ്മൾ ജെ.എൻ.യുവിനെ തകരുവാൻ അനുവദിക്കയില്ല. നമുക്ക് ‘ജെ.എൻ.യു സിന്ദാബാദ്’ ആയിരുന്നു. എന്നും ‘ജെ.എൻ.യു. സിന്ദാബാദ്’ ആയിരിക്കും. ഈ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ സമരങ്ങളിൽ ഞങ്ങൾ പങ്കെടുക്കും. ഈ രാജ്യത്തിനകത്ത് ജനാധിപത്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി ഈ സമരത്തെ നമ്മൾ മുന്നോട്ടുകൊണ്ടുപോകും. സമരങ്ങൾ നടത്തും, വിജയിക്കും, രാജ്യദ്രോഹികളെ തുറന്നുകാട്ടും. ഈ വാക്കുകൾക്ക് ഒപ്പം നിങ്ങൾ എല്ലാവർക്കും ഐക്യദാർഢ്യം

നന്ദി, ഇങ്ക്വിലാബ് സിന്ദാബാദ്, ജയ് ഭീം, ലാൽ സലാം

*
Translation Credits: Regi P. George.

Creative Commons Attribution-ShareAlike India 2.5 license attributions to,

1) Regi P. George, BodhiCommons.org (https://www.facebook.com/bodhicommons/ ) for the text,

2) Subin Dennis, SFI JNU unit (https://www.facebook.com/sfijnuunit/ ) for the images

No comments:

Post a Comment