Thursday, November 17, 2016

കള്ളപ്പണം, മോഡി, ഫാസിസ്റ്റ് ഭീഷണി

മോഡിയുടെ അരുമയായ ഗൌതം അദാനി ഉള്‍പ്പെടെയുള്ളവര്‍ വജ്രത്തിനുമുകളില്‍ നടത്തിയിരിക്കുന്ന കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് നരേന്ദ്രമോഡി അന്വേഷിക്കുന്നില്ലല്ലോ. റിലയന്‍സ് ഭൂമിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് യു.പി.എ സര്‍ക്കാരിനെപോലെ മോഡി സര്‍ക്കാരും മൌനം പാലിക്കുകയാണല്ലോ. ഇന്ത്യയില്‍ കറന്‍സിയിലുള്ള കള്ളപ്പണ നിക്ഷേപം 5%-ല്‍ താഴെയാണെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതുന്നു.

ആവശ്യമായ യാതൊരുവിധ തയ്യാറെടുപ്പുകളും നടത്താതെ കറന്‍സി നിയന്ത്രണം ഏര്‍പ്പെടുത്തിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ മുന്‍പിന്‍ ആലോചനയില്ലാത്ത നടപടിക്കെതിരെ രാജ്യമാകെ പ്രതിഷേധം തിളച്ചുമറിയുകയാണ്. 500-ന്റെയും 1000-ന്റെയും കറന്‍സികള്‍ നിരോധിച്ച് രാജ്യത്തെ കടുത്ത പണദാരിദ്യ്രത്തിലേക്കും ജനങ്ങളെ ജീവിത പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. വളരെ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സമ്പദ്ഘടനയുടെ നട്ടെല്ലായ കറന്‍സിയ്ക്ക് നിരോധനം അടിച്ചേല്‍പ്പിച്ചതെന്ന് പ്രതിപക്ഷപാര്‍ടികള്‍ മാത്രമല്ല എന്‍ഡിഎയിലെ ഘടകകക്ഷികളും പരസ്യമായിതന്നെ പ്രസ്താവനയിറക്കിക്കൊണ്ടിരിക്കുകയാണ്. ഗോവിന്ദാചാര്യയെപോലുള്ള ബി.ജെ.പി ബുദ്ധിജീവികളും താല്ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള മോഡിയുടെ നീക്കങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിലാണ് നരേന്ദ്രമോഡി ഗോവയിലും യു.പിയിലുമെല്ലാം തന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട് അത്യന്തം പ്രകോപനപരവും വികാരപരവുമായ പ്രസംഗങ്ങള്‍ നടത്തിയിരിക്കുന്നത്. താനാണ് രാഷ്ട്രമെന്ന രീതിയില്‍ അബദ്ധപൂര്‍ണമായ തന്റെ നടപടികളെ അത്യന്തം വികാരഭരിതമായ ഭാഷയില്‍ നാടകീയമായി ന്യായീകരിക്കാനാണ് മോഡി ശ്രമിച്ചത്. മോഡിയുടെ ഗോവ പ്രസംഗത്തിലുടനീളം ഫാസിസത്തിന്റെ നിഴലാട്ടമായിരുന്നു. ഒരു ജനതയെ മുഴുവന്‍ ബാങ്കുകള്‍ക്കും എ.ടി.എം കൌണ്ടറുകള്‍ക്കും മുമ്പിലെ അനന്തമായ ക്യൂവില്‍ പിടിച്ചുനിര്‍ത്തിയ തന്റെ തുഗ്ളക്കീയന്‍ പരിഷ്കാരങ്ങളെ രാഷ്ട്രത്തിനുവേണ്ടി കുടുംബം ഉപേക്ഷിച്ച തന്റെ സമര്‍പ്പണത്തിന്റെ കഥപറഞ്ഞ് ന്യായീകരിച്ച മോഡി സ്വയം പരിഹാസ്യനാവുകയാണ് ചെയ്തത്.

മോഡി രാഷ്ട്രത്തിനുവേണ്ടിയല്ല യശോദബെന്നിനെ ഉപേക്ഷിച്ചത്. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനായി ലൌകികജീവിതം ഉപേക്ഷിച്ച് ആര്‍.എസ്.എസ് പ്രചാരക് ആകുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കുടുംബം ഉപേക്ഷിച്ചതെന്ന കാര്യം രാജ്യത്തെ സാധാരണക്കാര്‍ക്ക് അറിയില്ലല്ലോ. ചോംസ്ക്കി നിരീക്ഷിക്കുന്നതുപോലെ ഫാസിസ്റ്റുകളെന്നും ജനങ്ങളുടെ അജ്ഞതയില്‍ നിക്ഷേപിക്കുന്നവരാണല്ലോ. ഫാസിസ്റ്റുകളുടെ പ്രചാരണ തന്ത്രമെന്നത് മനോരോഗ സമാനമായ നുണയന്‍ സമൂഹത്തെ സൃഷ്ടിക്കുന്നതാണല്ലോ. നുണകളും ‘കടുംചായ’ പോലുള്ള ലളിതയുക്തിയിലധിഷ്ഠിതമായ പ്രയോഗങ്ങളും സമൃദ്ധമായി തട്ടിവിട്ട് ജനങ്ങളുടെ സാമാന്യബോധത്തെ സ്വാധീനിക്കാനുള്ള ജനാധിപത്യവിരുദ്ധമായ പ്രചാരണതന്ത്രങ്ങളാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ടി.വി സ്ക്രീനുകളില്‍ മോഡിയുടെ ഗോവപ്രസംഗം ദര്‍ശിച്ചവര്‍ക്ക് ‘ദി ഗ്രേറ്റ് ഡിക്ടേറ്ററി’ലെ ഹിറ്റ്ലേറിയന്‍ പ്രസംഗത്തിന്റെ ദൃശ്യാനുഭവമാണ് ഉണ്ടായത്. സ്വന്തം തെറ്റുകളും ജനവിരുദ്ധതയും മറച്ചുപിടിക്കുന്ന കപടഭാഷണം. ജനങ്ങളോട് കാണിക്കുന്ന ക്രൂരതയെ ദേശീയതയുടെയും ത്യാഗത്തിന്റെയും ധീരതയുടെയുമൊക്കെ ഭാഷാ കൌശലങ്ങളിലൂടെയും പ്രസംഗചാരുതയിലൂടെയും മറച്ചുപിടിക്കുന്ന അപഹാസ്യതയാണ് ആ പ്രസംഗത്തില്‍ ഉടനീളം തികട്ടിനിന്നത്. ഭക്ഷണത്തിനും യാത്രക്കും ചികിത്സക്കും പണമില്ലാതെ വലയുന്ന ജനസമൂഹങ്ങളെയാകെ ദേശതാല്പര്യം പറഞ്ഞ് കബളിപ്പിക്കുകയാണ് തന്റെ വികാരവിജ്രംഭിതമായ പ്രസംഗപര്യടനങ്ങളിലൂടെ ഇപ്പോള്‍ മോഡി ചെയ്തുകൊണ്ടിരിക്കുന്നത്.

ടെലിവിഷനുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്ന മോഡിപ്രസംഗങ്ങള്‍ ജനങ്ങളെയാകെ ആകര്‍ഷിക്കാനും അബദ്ധപൂര്‍ണമായ നടപടികള്‍ക്ക് സമ്മതിയുണ്ടാക്കിയെടുക്കാനുമുള്ള ലക്ഷ്യത്തോടെ ആപ്കോവേള്‍ഡ്വൈഡ് പോലുള്ള പബ്ളിക്റിലേഷന്‍സ് കമ്പനികള്‍ ആസൂത്രണം ചെയ്ത പ്രചാരണരീതികളുടെ ഭാഗമായി വിന്യസിക്കപ്പെട്ടതാണ്. കടുത്ത ദേശീയവികാരമുണര്‍ത്തി ജനവിരുദ്ധനീക്കങ്ങള്‍ക്ക് സമ്മതി നിര്‍മ്മിച്ചെടുക്കുക എന്ന പ്രചാരണ തന്ത്രമാണിത്. ഹിറ്റ്ലറെപോലെ പ്രസംഗകലയെ ജനമനസ്സുകളെ കീഴടക്കാനുള്ള പ്രചാരണകലയാക്കുകയാണ് മോഡി.

ഞാന്‍, രാഷ്ട്രം, ദേശതാല്പര്യം എന്നിവയെല്ലാം സമീകരിച്ചവതരിപ്പിക്കുന്ന പ്രസംഗപ്രചാരണവിദ്യ ഭീതിദമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവല്‍ക്കരണത്തെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഇലക്ട്രോണിക് മീഡിയയുടെ നൂതനസാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഒരുതരം വിഭ്രാന്തിയാണ് മോഡിപ്രസംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. നീട്ടിവലിച്ചുള്ള ഭാഷാശൈലിയും ക്യാമറകള്‍ക്കുമുമ്പില്‍ മുന്‍കൂട്ടി ക്രമീകരിക്കപ്പെട്ട അംഗവിക്ഷേപങ്ങളും ആകര്‍ഷകമായ പശ്ചാത്തലത്തില്‍ സജ്ജീകരിക്കപ്പെട്ട വേദിയും ശ്രോതാക്കളിലും ദര്‍ശകരിലും അമൂര്‍ത്തമായൊരു വൈകാരികാനുഭവമാണ് പടര്‍ത്തുന്നത്. അത്യധികം വൈദഗ്ധ്യത്തോടെ ഒരു അപ്രമാദിത്വ പ്രതീതി സൃഷ്ടിച്ചെടുക്കുകയാണ്.

ഹിറ്റ്ലറുടെ പ്രചാരണത്തിനായി റെനിറീഫെന്‍സ്റ്റാള്‍ സംവിധാനം ചെയ്ത ‘ട്രയംഫ് ഓഫ് ദി വില്‍’ എന്ന സിനിമയാണ് മോഡി പ്രസംഗങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. അഭ്രപാളിയില്‍ ഹിറ്റ്ലര്‍, അദ്ദേഹത്തിനുവേണ്ടി ആര്‍ത്തുവിളിക്കുന്ന ജനാവലി, കാണികളിലേക്ക് പകരുന്ന ഉ•ാദകരമായ അവസ്ഥയുടെ സമ്മര്‍ദ്ദത്തില്‍ ഹിറ്റ്ലര്‍ വാഴുക എന്നുവിളിച്ചുപറയുന്ന മാനസികാവസ്ഥയാണ് ആ സിനിമ ഉണ്ടാക്കുന്നത്. ഇവിടെ അതേപോലെ പാവങ്ങളെ പണദാരിദ്യ്രത്തിലും പട്ടിണിയിലും തള്ളിവിട്ട ഭരണാധികാരി നൂതനമായ പ്രചാരണവിദ്യകളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു. ജനദ്രോഹനയങ്ങള്‍ രാജ്യതാല്പര്യമായി അവതരിപ്പിക്കപ്പെടുന്നു. ഇരകള്‍ തന്നെ വേട്ടക്കാരനെ വാഴ്ത്തുന്ന അത്യന്തം ക്രൂരമായ സാഹചര്യം രൂപപ്പെടുത്താനാണ് പ്രചാരണവിദ്യകളിലൂടെ മോഡിയുടെ കോര്‍പ്പറേറ്റ് പ്രചാരണസംഘവും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വസ്തുതകളെയും വിവരങ്ങളെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് നരേന്ദ്രമോഡി തന്റെ കള്ളപ്പണ വിരുദ്ധ നാടകം ആടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുപയോഗിക്കുന്ന 85% കറന്‍സികള്‍ നിരോധിച്ച് പണദാരിദ്യ്രം സൃഷ്ടിച്ചത് കള്ളപ്പണക്കാരെ തടയാനാണെന്ന വാദം ശുദ്ധ അസംബന്ധമാണ്. ഇന്ത്യയിലും ആഗോളതലത്തിലും കള്ളപ്പണ നിക്ഷേപം പ്രധാനമായി ഓഹരിവിപണിയിലും കടപ്പത്രങ്ങളിലും ഭൂമിയിലും സ്വര്‍ണത്തിലും വജ്രത്തിലുമാണ്. മോഡിയുടെ അരുമയായ ഗൌതം അദാനി ഉള്‍പ്പെടെയുള്ളവര്‍ വജ്രത്തിനുമുകളില്‍ നടത്തിയിരിക്കുന്ന കള്ളപ്പണ നിക്ഷേപം എത്രയാണെന്ന് നരേന്ദ്രമോഡി അന്വേഷിക്കുന്നില്ലല്ലോ. റിലയന്‍സ് ഭൂമിയിലും കടപ്പത്രങ്ങളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് യു.പി.എ സര്‍ക്കാരിനെപോലെ മോഡി സര്‍ക്കാരും മൌനം പാലിക്കുകയാണല്ലോ. ഇന്ത്യയില്‍ കറന്‍സിയിലുള്ള കള്ളപ്പണ നിക്ഷേപം 5%-ല്‍ താഴെയാണെന്നാണ് ഔദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിനെതിരെ ആഗോളതലത്തില്‍ ക്യാമ്പയിന്‍ നടത്തുന്ന ‘ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക്’ സമീപവര്‍ഷങ്ങളില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം ഡോളറാണത്രെ! അതായത് അന്നത്തെ കണക്കനുസരിച്ച് 1160 ലക്ഷം കോടിരൂപ! നികുതിയടക്കാത്ത മറ്റ് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടി ഡോളറാണുപോലും. അതായത് 1767 ലക്ഷം കോടിരൂപ! ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 ഡോളര്‍ വരും പോലും. അതായത് അന്നത്തെ കണക്കനുസരിച്ച് 220 ലക്ഷം കോടി രൂപ. ടാക്സ് ജസ്റ്റിസ് നെറ്റ്വര്‍ക്ക് ബാങ്കുവഴിയല്ലാത്ത പണമിടപാടായ ഷാഡോ ബാങ്കിങ്ങ് 67 ലക്ഷം കോടി ഡോളറാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഷാഡോ ബാങ്കിങ്ങ് എന്നത് നമ്മുടെ ബ്ളെയ്ഡ് ഇടപാടാണ്. വര്‍ഷം 2000 ആദ്യം ഷാഡോ ബാങ്കിങ്ങ് 26 ട്രില്യനായിരുന്നുപോലും. കള്ളപ്പണവും ഷാഡോബാങ്കിങ്ങും എല്ലാം അടങ്ങുന്ന ആഗോള കള്ളപ്പണ സമ്പദ്ഘടന ലോകരാജ്യങ്ങളുടെ ഔപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍പകുതി വരുന്നതാണ്.

ഔപചാരിക സമ്പദ്ഘടനകളെയും പരമാധികാര രാഷ്ട്രങ്ങളെയും അസ്ഥിരീകരിക്കുന്ന കള്ളപ്പണ സമ്പദ്ഘടന നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ചാണ് അഭൂതപൂര്‍വമായ വളര്‍ച്ച ആര്‍ജ്ജിച്ചിരിക്കുന്നത്. ഊഹക്കച്ചവടവും അഴിമതിയും വഴി വളരുന്ന ആഗോളമൂലധനത്തിന്റെ ചൂതാട്ട വികാസത്തിന്റെ അനിവാര്യമായ ഘടനാവിശേഷമാണ് കള്ളപ്പണസമ്പദ്ഘടന. ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബാങ്കിങ്ങ് ഉണ്ടെന്നാണ് ചില ഇന്‍വെസ്റ്റിഗേറ്റീവ് പഠനങ്ങള്‍ പറയുന്നത്. 2010-ല്‍ ഗ്ളോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റി പുറത്തുവിട്ട പഠനവിവരമനുസരിച്ച് ഇന്ത്യയില്‍ ഒരു ദശകകാലം കൊണ്ട് 6,77,300 കോടി രൂപയുടെ നികുതി നഷ്ടമാണ് കള്ളപ്പണ ഇടപാടുമൂലം ഉണ്ടായത്. രസകരമായ ജി.എഫ്.ഐയുടെ ഒരു നിരീക്ഷണം നികുതി നിരക്ക് 30% കണക്കാക്കിയാണ് 14,18,130 കോടി രൂപയുടെ നികുതി രഹിത കള്ളപ്പണ നിക്ഷേപം നടന്നതായി കാണാമെന്നതാണ്.

ഗ്ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെയും ടാക്സ്ജസ്റ്റസ്നെറ്റ്വര്‍ക്കിന്റെയും ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പിരന്‍സി ഇന്റര്‍നാഷണലിന്റെയും സമീപകാല പഠനങ്ങളും റിപ്പോര്‍ട്ടുകളും നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളുടെ രാഷ്ട്രസമ്പത്തിന്റെ അതിഭീമമായ ചോര്‍ച്ചയാണ് ആഗോള കള്ളപ്പണസമ്പദ്ഘടനയുടെ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടിയിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നിയമാനുസൃതമാക്കി കള്ളപ്പണക്കാരെ സഹായിക്കുകയാണ്. ഇന്ത്യക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്ന വിദേശബാങ്കുകളെക്കുറിച്ച് വിക്കിലിക്സിന്റേതുള്‍പ്പെടെ നിരവധി വെളിപ്പെടുത്തലുകള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാരും ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കളും സ്വിസ്ബാങ്കില്‍ വിവിധ ട്രേഡ് മാര്‍ക്കുകളില്‍ സ്വകാര്യ ലോക്കറുകള്‍ ഉള്ളവരാണത്രെ. മോഡിയുടെ പിറകില്‍ കളിക്കുന്ന കോര്‍പ്പറേറ്റ് മുതലാളിമാര്‍ വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയില്‍പെടുന്നവരാണല്ലോ.

കെ.ടി.കുഞ്ഞിക്കണ്ണന്‍ deshabhimani Thursday Nov 17, 2016
ktkozhikode@gmail.com

No comments:

Post a Comment