Thursday, November 17, 2016

സാമ്പത്തിക നിശ്ചലാവസ്ഥ

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണത്തിനെതിരെയല്ല; മറിച്ച് സാധാരണജനങ്ങള്‍ക്കുനേരെയുള്ള യുദ്ധമായി മാറുകയാണ്. പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം പുതിയ നോട്ട് കിട്ടാന്‍; അതും തുച്ഛമായ 4000 (ഇപ്പോള്‍ 4500) രൂപവരെ മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും മുന്നില്‍ നീണ്ടവരി നില്‍ക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ജനം അനുഭവിക്കുന്ന ദുരിതത്തിന്റെ ഒരുവശം മാത്രമാണിത്.

പണാഘാതത്തിന്റെ ഏറ്റവും മോശംവശം ഇതൊന്നുമല്ല. കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിടവ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും ജീവനോപാധി നഷ്ടപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ആഘാതം. പണം കൈമാറ്റത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണിവര്‍.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതിനുശേഷമുള്ള ഒരാഴ്ചത്തെ ചിത്രം സാമ്പത്തിക നിശ്ചലാവസ്ഥയുടേതാണ്. ഗ്രാമീണസമ്പദ്വ്യവസ്ഥ പൂര്‍ണമായും നിശ്ചലമായി. കാര്‍ഷികോല്‍പ്പാദനത്തെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉപഭോഗത്തെയും ഇത് പൂര്‍ണമായും സ്തംഭിപ്പിച്ചു. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വിത്തിറക്കുന്നതിനും നിലമൊരുക്കുന്നതിനുമുള്ള പണവും കര്‍ഷകരുടെ കൈവശമില്ല. കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കാനും പണമില്ല. പച്ചക്കറികള്‍ കമ്പോളത്തിലെത്തിച്ചാലും വ്യാപാരികള്‍ വാങ്ങാത്തതുകൊണ്ട് നശിക്കുകയാണ്. മത്സ്യമാര്‍ക്കറ്റിന്റെ സ്ഥിതിയും സമാനം.

ഇഷ്ടികക്കളങ്ങള്‍മുതല്‍ ഫാക്ടറികള്‍വരെയുള്ള ചെറുകിടവ്യവസായങ്ങളുടെ സ്ഥിതിയും ശോചനീയമാണ്. തൊഴിലാളികള്‍ക്ക് കൂലി പണമായി നല്‍കുന്നത് നിലച്ചു. മുഴുവന്‍ വേതനം ആരുംതന്നെ നല്‍കുന്നില്ല. ആഴ്ചയില്‍ 25,000 രൂപവരെമാത്രമേ ഇവര്‍ക്ക് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ. പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കൂലി നല്‍കാന്‍ തികയില്ല. ആഴ്ചയില്‍ രണ്ടും മൂന്നും ലക്ഷം രൂപയെങ്കിലും കൂലി നല്‍കാന്‍ വേണം.

കേരളത്തില്‍ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളെ പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് വലിയ വിഷമം സൃഷ്ടിച്ചു. ബിസിനസ് മേഖലയെയും ഇത് ദോഷമായി ബാധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ചെറിയ കമ്പോളങ്ങളിലും കടകളിലും തൊഴിലെടുക്കുന്നവരും ട്രാന്‍സ്പോര്‍ട്ട്- കാഷ്വല്‍ തൊഴിലാളികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ക്ക് ഏകവരുമാനമാര്‍ഗമാണ് ഇല്ലാതായത്. അവര്‍ക്ക് റേഷനോ അവശ്യസാധനങ്ങളോ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്്. സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് പണം നല്‍കാനോ മരുന്ന് വാങ്ങാനോ കഴിയാത്ത അവസ്ഥയും തൊഴിലാളികള്‍ക്കുണ്ട്.

പാവങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല; പണക്കാര്‍ക്കാണ് ഉറക്കമില്ലാത്തത്'എന്നു പറഞ്ഞ് കഷ്ടപ്പെടുന്ന ജനങ്ങളെ അപഹസിക്കുകയായിരുന്നു മോഡി. രാജ്യത്ത് സാധാരണജനങ്ങളില്‍ ഭൂരിപക്ഷവും പണവിനിമയത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. 86 ശതമാനം പണവിനിമയവും പിന്‍വലിച്ചതോടെ (500, 1000 രൂപ നോട്ടുകള്‍) അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് അസംഘടിത മേഖലയിലെയും കാര്‍ഷികമേഖലയിലെയും തൊഴിലാളികളും കര്‍ഷകരും മറ്റു ദരിദ്രവിഭാഗവുമാണ്.

കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള വന്‍ നടപടിയായാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും ചിത്രീകരിക്കുന്നത്. കറന്‍സിയുടെ രൂപത്തിലാണ് കള്ളപ്പണം കൂട്ടിവച്ചിട്ടുള്ളതെന്ന കപടമായ ആശയമാണ് ഇതുവഴി അവര്‍ പ്രചരിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ സമാന്തരസമ്പദ്വ്യവസ്ഥയായാണ് കള്ളപ്പണം നിലനില്‍ക്കുന്നത്. നിയമപരമായി അനുവദിക്കുന്നതിന് പുറത്ത് നിയമവിരുദ്ധമായ സാമ്പത്തിക പ്രവര്‍ത്തനത്തിലൂടെയാണ് കള്ളപ്പണം ഉണ്ടാകുന്നത്. ഈവിധ പ്രവൃത്തികളിലൂടെ ഉരുത്തിരിയുന്ന വരുമാനം നികുതിവെട്ടിക്കുക ലക്ഷ്യമാക്കി പൂര്‍ണമായും പരസ്യപ്പെടുത്താറില്ല. ഉദാഹരണത്തിന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന എല്ലാ ഇടപാടും പരസ്യപ്പെടുത്താറില്ല. നികുതിവെട്ടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ഇടപാടുകളില്‍ പലതും ബിനാമിസ്വത്തുക്കളാണുതാനും. കയറ്റിറക്കുമതി കണക്കുകളില്‍ അളവ് കൂട്ടിയും കുറച്ചും രൂപപ്പെടുന്ന പണം വിദേശത്തേക്ക് കടത്തുകയാണ് കള്ളപ്പണത്തിന്റെ മറ്റൊരു രീതി. കള്ളപ്പണവിതരണത്തിനും അത് വെളുപ്പിക്കുന്നതിനുമായാണ് ഹവാല ഇടപാട് നടക്കുന്നത്. വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനം നടപ്പാക്കുന്നതില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിവഴി 65,000 കോടി രൂപമാത്രമാണ് നേടാനായത്. ഇതില്‍തന്നെ 40 ശതമാനവും നികുതിയായും പിഴയായും കേന്ദ്രത്തിന് ലഭിച്ചതാണ്. ബാക്കിവരുന്ന കള്ളപ്പണം മാത്രമാണ് നിയമവിധേയമാക്കപ്പെട്ടത്.

സമ്പദ്വ്യവസ്ഥയില്‍ കള്ളപ്പണം സൃഷ്ടിക്കുന്ന പഴുതുകള്‍ അടക്കാന്‍ മോഡിസര്‍ക്കാര്‍ ഒന്നുംതന്നെ ചെയ്തില്ല. നികുതിവെട്ടിക്കുകയും ദേശസാല്‍കൃത ബാങ്കില്‍നിന്ന് കോടിക്കണക്കിന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്ന വന്‍കിട ബിസിനസുകാര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. കള്ളപ്പണം ഉണ്ടാകുന്നത് തടയാന്‍ കറന്‍സി അസാധുവാക്കല്‍ എന്ന തട്ടിപ്പുകൊണ്ട് കഴിയില്ല. സാധാരണജനങ്ങളുടെ സമ്പാദ്യത്തിനെതിരെയുള്ള മൃഗീയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ക്കെതിരെയുള്ള ഈ ആക്രമണം തടയാന്‍ മോഡി സര്‍ക്കാരിനെ നിര്‍ബന്ധിക്കണം. പകരം കറന്‍സിയുടെ ഒഴുക്ക് സുഗമമാകുന്നതുവരെ നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കുകമാത്രമാണ് പോംവഴി. ഇത് ജനങ്ങളുടെ അവകാശമാണുതാനും. സര്‍ക്കാര്‍തന്നെ ജനങ്ങള്‍ക്ക് നല്‍കിയ അവകാശമാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നതിന് ശക്തമായ പ്രതിഷേധംതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്

പ്രകാശ് കാരാട്ട് Thursday Nov 17, 2016

No comments:

Post a Comment