കഴിഞ്ഞ ദിവസം അന്തരിച്ച ഡേവിസ് തെക്കേക്കരയെ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മാനോജ് അനുസ്മരിയ്ക്കുന്നു
'ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയെ പോലും പരസ്യമായി തള്ളി പറയില്ല... ഇനി സഖാവ് അങ്ങനെ പരസ്യമായി തള്ളി പറഞ്ഞാലും എനിക്കതില്‍ വിഷമമോ പരാതിയോ ഇല്ല... ലാല്‍സലാം സഖാവേ...' ഡേവിസ് തെക്കേക്കര അയച്ച ഒരു സന്ദേശമാണ്. ഒരു പ്രത്യേക വിഷയത്തില്‍ അദ്ദേഹത്തെ ഒറ്റതിരിച്ചു ആക്രമിക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനും ചിലര്‍ രംഗത്തുവന്നു. മുന്നില്‍ ചില സ്ത്രീ ഐ ഡി കളായിരുന്നു. ഡേവിസ് ശക്തമായി പ്രതികരിച്ചു. അതിലെ ചില പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമായി വ്യാഖ്യാനിച്ച് എതിരാളികള്‍ വീണ്ടും ആക്രമിച്ചു. ആ ഘട്ടത്തിലാണ് വാശി കയറിയത്. തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന പോസ്റ്റ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ഡേവിസ് തയാറായില്ല. എങ്കില്‍ പരസ്യമായി തള്ളിപ്പറയേണ്ടിവരും എന്ന് പറഞ്ഞപ്പോഴുള്ള മറുപടിയാണ് മുകളിലത്തെ സന്ദേശം. പിന്നീട് ആ പോസ്റ്റ് ഡേവിസ് പിന്‍വലിക്കുകയും ചെയ്തു.
മറ്റൊരവസരത്തില്‍ വര്‍ഗീയമായി ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു പോസ്റ്റ് ഡേവിസിന്റെതായി ശ്രദ്ധയില്‍ പെട്ടു. ഇങ്ങനെ മെസ്സേജ് കൊടുത്തു. 'ഡേവിസ് സഖാവ് പാര്‍ട്ടിയുടെ ശബ്ദമായാണ് അറിയപ്പെടുന്നത്. യേശു പോസ്റ്റ് അനവസരത്തില്‍.'
'ഒഴിവാക്കണോ സഖാവേ...'
'ഉറപ്പായും. അത്തരമൊന്ന് ഇപ്പോള്‍ നമ്മുടെ അജണ്ടയല്ല.'
'ഒഴിവാക്കി സഖാവേ'
ഇതായിരുന്നു ഡേവിസ്.
യു എ ഇ യിലെ നഗരങ്ങളില്‍ നിന്ന് അനേക കിലോമീറ്ററുകള്‍ അകലെ നാലുചുറ്റും തിരമാലകളുടെ ശബ്ദം മാത്രം കേള്‍ക്കുന്ന റിഗ്ഗില്‍ നിന്ന് കേരളവുമായി ഡേവിസ് നിരന്തരം സംവദിച്ചു. എനിക്ക് പക്ഷമുണ്ട്, അത് ഇടതുപക്ഷമാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇടതു പക്ഷത്തിന്റെ മുന്‍നിര പോരാളിയായി പോര്‍മുഖങ്ങളില്‍ മുന്നേറി.
ഡേവിസ് ആന്റണി തെക്കേക്കര തൃശൂര്‍ ജില്ലയിലെ മുരിയാട് ഗ്രാമത്തില്‍ നിന്നുള്ള സാധാരണ മനുഷ്യനാണ്. സ്വന്തം നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തി ആദരം പിടിച്ചു പറ്റുകയും, ഒടുവില്‍ കുടുംബം പുലര്‍ത്താനായി തൊഴില്‍ തേടി ഗള്‍ഫ് നാട്ടിലെത്തുകയും ചെയ്ത സാധാരണ തൊഴിലാളി. ജൂലായ് പതിനാലിന് രാത്രി അബുദാബിയില്‍ നിന്ന് മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള റിഗ്ഗില്‍വെച്ച് ഡേവിസ് കുഴഞ്ഞു വീണു മരിക്കുന്നു. സാധാരണ നിലയില്‍ മൃതദേഹം കമ്പനിയും കൂട്ടുകാരും ചേര്‍ന്ന് നാട്ടിലെത്തിക്കുക, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ അടക്കം ചെയ്യുക, പത്രങ്ങളുടെ ചരമ പേജില്‍ ചിത്രം സഹിതം വാര്‍ത്ത വരിക, ഒരു പ്രവാസിക്കുള്ള അന്ത്യോപചാരം അവിടെ തീരും. പക്ഷെ, ഡേവിസിന്റെ വിയോഗം നാട് അങ്ങനെയല്ല കണ്ടത്.
മരണത്തെക്കുറിച്ചുള്ള സൂചന കിട്ടിയ നിമിഷം മുതല്‍, അനേകം പേര് വിവരങ്ങളറിയാന്‍ മുന്നിലുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ ഒരു പോയിന്റിലേക്കു കുതിക്കുന്നു. ലഭിക്കുന്ന ഓരോ സൂചനകളും പരസ്പരം പങ്കുവെക്കുന്നു. അതറിയാന്‍ ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള നൂറുകണക്കിനാളുകള്‍ ഉറക്കമിളച്ചു കാത്തിരിക്കുന്നു. ഒടുവില്‍, മരിച്ചത് ഡേവിസ് തന്നെ എന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിനാളുകള്‍ കണ്ണീരോടെ അനുശോചനം രേഖപ്പെടുത്തുന്നു. സ്വന്തം സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയാണ്, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ വരെ ഡേവിസിനെ സ്മരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ധനമന്ത്രി ഡോ. തോമസ് ഐസക്, വ്യവസായ മന്ത്രി എ സി മൊയ്തീന്‍. ഡേവിസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജനനേതാക്കളുടെ നിര നീണ്ടതാണ്. മലയാളിയുടെ പ്രധാന സോഷ്യല്‍ മീഡിയ വേദിയായ ഫേസ്ബുക്കില്‍ ഡേവിസ് തെക്കേക്കരയുടെ മുഖം നിറഞ്ഞുനിന്ന ദിവസമായിരുന്നു ജൂലായ് 15.
രാഷ്ട്രീയ നേതാവോ ജനപ്രതിനിധിയോ കലാസാഹിത്യ പ്രതിഭയോ ഒന്നുമല്ല ഡേവിസ്. സാധാരണ തൊഴിലാളി, പ്രവാസി മലയാളി. അതിലപ്പുറം ഒരു നാട്യവുമില്ലാത്ത പച്ച മനുഷ്യന്‍. എന്നിട്ടും ഡേവിസിന് വേണ്ടി എന്തുകൊണ്ട് ഇത്രയേറെ പേര് കണ്ണീരൊഴുക്കുന്നു, ആ വിയോഗത്തില്‍ ഞെട്ടലും അവിശ്വനീയതയും രേഖപ്പെടുത്തുന്നു എന്നുള്ള ചോദ്യത്തിനാണ്, സഖാവ് ഡേവിസിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ഉത്തരം നല്‍കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ നെറ്റിയില്‍ ഡേവിസ് ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്:'എനിക്ക് പക്ഷമുണ്ട്. ഇടതുപക്ഷം. നിക്ഷ്പക്ഷതയുടെ മുഖാവരണം അണിയുന്നില്ല. ആ 'നിഷ്‌ക്കളങ്കത' എനിക്ക് വേണ്ട'
ഇത് വെറും വാക്കല്ല. ഓരോ ദിവസവും പ്രവൃത്തിയിലൂടെ ഡേവിസ് തെളിയിച്ചു കൊണ്ടിരുന്ന നിലപാടാണ്. നാര്‍സിസത്തിന്റെയും ഈഗോയുടെയും വിളനിലമായ സോഷ്യല്‍ മീഡിയയില്‍, അത്തരം ഒന്നിന്റെയും സ്പര്‍ശമില്ലാതെ, ചുവന്ന കൊടി നെഞ്ചോട് ചേര്‍ത്തു ഡേവിസ് നിലകൊണ്ടു. എതിര്‍പ്പുകളുടെ വലുപ്പമോ സ്വീകാര്യതയുടെ മൃദുത്വമോ അല്ല, നിലപാടുകളിലെ ശരിയാണ് ഡേവിസിനെ നയിച്ചത്. ഇടതുപക്ഷത്തിനെതിരായ, സിപിഐ എമ്മിനെതിരായ രാഷ്ട്രീയ ആക്രമണങ്ങള്‍ ചെറുക്കുന്നതിലും പ്രത്യാക്രമണം നടത്തുന്നതിലും സ്വയം സമര്‍പ്പിതനായി ഡേവിസ് മുന്നില്‍ നിന്നു.
സാമൂഹിക വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ ആക്രമണത്വരയോടെ ചാടി വീഴുമ്പോള്‍, സൈദ്ധാന്തിക തലത്തില്‍ നിന്നുള്ള വിശകലനങ്ങളോ മറ്റിടങ്ങളില്‍ നിന്നുള്ള പകര്‍ത്തിയെടുപ്പോ ആയിരുന്നില്ല ഡേവിസിന്റെ പ്രതികരണ ശൈലി. തനതായ രീതി സഖാവ് സൃഷ്ടിച്ചിട്ടുണ്ട്. പുതുവൈപ്പിനില്‍ ഐഓസി പ്ലാന്റിനെതിരായ സമരത്തില്‍ ചിലര്‍ ഉയര്‍ത്തിയ സുരക്ഷാ പ്രശ്നത്തെ കുറിച്ച് ഡേവിസ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
ഓയില്‍ ആന്റ് ഗ്യാസ് ഫീല്‍ഡില്‍ ഞാന്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം 20 ആയി...അബുദാബിയിലെ ഏറ്റവും വലിയ റിഫൈനറിയാണ് എഡിഎന്‍ഒസി (അബുദാബി നാഷണല്‍ ഓയില്‍ കമ്പനി)ക്ക് കീഴിലുള്ള 'റുവൈസ് റിഫൈനറി'. 1997ല്‍ ആ റിഫൈനറിയില്‍ പുതുതായി 74 കൂറ്റന്‍ ടാങ്കുകള്‍ പണിയുകയുണ്ടായി.... അഞ്ചു വര്‍ഷത്തെ പ്രോജക്റ്റായിരുന്നു അത്... ഞാനും ഉണ്ടായിരുന്നു മൂന്ന് വര്‍ഷം ആ പ്രോജക്റ്റ് ടീമിനൊപ്പം റുവൈസ് റിഫൈനറിയില്‍... ഓയിലും ഗ്യാസും അതിനെക്കാളൊക്കെ ദൂരവ്യാപകമായ ദുരന്തങ്ങള്‍ ഉണ്ടാക്കാവുന്ന രാസപദാര്‍ഥങ്ങള്‍ പോലും സൂക്ഷിക്കാവുന്ന വിവിധയിനം കൂറ്റന്‍ ടാങ്കുകള്‍.. ഇവിടെ മെറ്റീരിയല്‍ കോര്‍ഡിനേറ്ററായി ജോലിചെയ്ത എനിക്കറിയാം അവിടെ ടാങ്ക് നിര്‍മ്മാണത്തിന് ഏതുതരം മെറ്റീരിയല്‍സ് ആണ് ഉപയോഗിച്ചതെന്നും... അതിന്റെ സുരക്ഷാ സംബന്ധമായ കാര്യങ്ങളും...
അവിടെ 42 എംഎം കനത്തില്‍ കൂടുതലുള്ള ഒരു പ്ലേറ്റ് പോലും (രാസപദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്ന ടാങ്കിനൊഴികെ) ഒരു ടാങ്കിന് പോലും ഉപയോഗിച്ചിട്ടില്ല. എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു അന്നവിടെ ആ 74 ടാങ്കുകളുടെയും പണി പൂര്‍ത്തിയാക്കിയത്... ഇന്ത്യക്കാരനായ ശങ്കര്‍ എസ്. ദാസ് എന്ന പ്രൊജെക്റ്റ് എഞ്ചിനിയറായിരുന്നു ആ പ്രൊജെക്റ്റിന്റെ ചുക്കാന്‍ പിടിച്ചിരുന്ന പ്രൊജെക്റ്റ് മാനേജര്‍... കൂടാതെ ടാങ്ക് പണിയില്‍ പുലിയായിരുന്ന മലയാളി കൂടിയായ 'ടാങ്ക് ചാക്കോ' എന്ന പേരിലറിയപ്പെടുന്ന 'ജെനറല്‍ ഫോര്‍മാന്‍/സൂപ്പര്‍വൈസര്‍' ചാക്കോ സാറും... ചാക്കോ സാര്‍ വിശ്രമ ജീവിതത്തിനിടെ അസുഖം ബാധിച്ച് മരിച്ചു പോയെന്ന് ഈയിടെ അറിയാന്‍ കഴിഞ്ഞു...
പറഞ്ഞ് വന്നത്... പുതുവൈപ്പിനില്‍ കഴിഞ്ഞ 8 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിനെയും അതിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഒട്ടും അടിസ്ഥാനമില്ലാത്ത അനാവശ്യ സമരത്തെയും കുറിച്ചാണ്... എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ഐഒസി പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നത്... അതിനാല്‍ തന്നെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്കോ വികസനവിരോധികളും നുഴഞ്ഞുകയറിയ സ്വാര്‍ത്ഥ താല്‍പര്യക്കാരും നടത്തുന്ന സമരങ്ങള്‍ക്കോ യാതൊരുവിധ അടിസ്ഥാനവും ഇല്ല...
ഐഒസി പുതുവൈപ്പിലെ എല്‍.പി.ജി സംഭരണ പ്ലാന്റ് പണിയുന്നതിന് ഉപഗോഗിക്കുന്നത് 45 എംഎം തിക്കനസ് ഉള്ള ബോയിലര്‍ സ്റ്റീല്‍ പ്ലേറ്റ് ആണ്. അതും ഭൂമിക്കടിയിലാണ് ടാങ്ക് നിര്‍മ്മിക്കുന്നത്. ടാങ്കിന് മുകളില്‍ 2 മീറ്റര്‍ കനത്തില്‍ മണലും അതിനുമുകളില്‍ 1.25 മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റും ചെയ്ത് എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് എല്‍പിജി സംഭരണി നിര്‍മ്മിക്കുന്നത്. ഭീകരാക്രമണമോ, സുനാമിയോ, ഭൂമികുലക്കമോ ഉണ്ടായാല്‍ പോലും ടാങ്കിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല എന്നതാണ് വസ്തുത. കേടുപാടുകള്‍ സംഭവിക്കുകയോ ലീക്ക് ഉണ്ടാകുകയോ ചെയ്യില്ല.
ഇത്രയൊക്കെ സുരക്ഷയുണ്ടായിട്ടും ഇത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് സമരം ചെയ്യുന്നവര്‍ കേവലം 3 എംഎം തിക്കനസില്‍ നിര്‍മ്മിച്ച ഒന്നും രണ്ടും പാചകവാതക സിലിണ്ടര്‍ വീടുകളില്‍ സൂക്ഷിക്കുന്നവരാണ് എന്നുള്ളതാണ് വിരോധാഭാസം. ഇത് തന്നെയാണ് ഇതില്‍ പങ്കെടുക്കുന്ന സമരക്കാരെ അപഹാസ്യരാക്കുന്നതും. ഒരുതരത്തില്‍ പറഞ്ഞാല്‍ സ്വന്തം വീട്ടില്‍ ബോംബ് സൂക്ഷിച്ചിട്ട് അയല്‍വാസിയുടെ വീട്ടില്‍ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനില്‍ കഴിഞ്ഞ 8 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പണിയുന്ന എല്‍.പി.ജി സംഭരണ പ്ലാന്റിനെതിരെയുള്ള സമരവും.'
ദശലക്ഷങ്ങള്‍ മുടക്കി ഐഒസി നല്‍കിയ പത്ര പരസ്യങ്ങളെക്കാള്‍ കരുത്തും സ്വീകാര്യതയുമാണ് ഈ അനുഭവക്കുറിപ്പിനു ലഭിച്ചത്. ഈ ശൈലിയാണ് ഡേവിസ് എല്ലാ വിഷയങ്ങളിലും അനുവര്‍ത്തിച്ചത്. പ്രതികാരങ്ങളില്‍ ആലങ്കാരികമായി മിതത്വം ഡേവിസിന്റെ അജണ്ടയില്‍ ഇല്ലായിരുന്നു. കാര്‍ക്കശ്യവും നേരിട്ടുള്ള ആക്രമണവും പലപ്പോഴും എതിരാളികളെ അസ്വസ്ഥരാക്കി. ചുറ്റുപാടും നിന്ന് എതിര്‍പ്പ് വരുമ്പോഴും, വ്യാജമായ കേസുകള്‍ വരെ സൃഷ്ടിക്കപ്പെട്ടപ്പോഴും പതറാതെ തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു ഡേവിസ്. ഞങ്ങള്‍ ഒരിക്കല്‍ നേരിട്ട് കണ്ടതായേ ഓര്‍മ്മയില്‍ ഉള്ളൂ. കൂത്തുപറമ്പില്‍ സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ വിവാഹ വേളയില്‍. ചിര പരിചിതനെ പോലെ അടുത്തുവന്നു ഡേവിസ് സംസാരിച്ചു. അതിനു മുന്‍പും പിന്‍പും ഇടവേളകളില്ലാത്ത ബന്ധം നിലനിര്‍ത്തി. ഡേവിസിന്റെ പ്രതികരണങ്ങളില്‍ ചിലതു മയപ്പെടുത്തണം എന്ന് പറയാനുള്ള അടുപ്പം ഞാനും അത് അംഗീകരിച്ചു, മാറ്റം വരുത്താനുള്ള സഹോദരതുല്യമായ ബന്ധം ഡേവിസും പുലര്‍ത്തി.
വീട്ടിലെ കാര്യങ്ങള്‍, മകന്റെ പഠനം പല വിഷയങ്ങളും ഡേവിസ് പങ്കുവെച്ചു. രാത്രി കാലങ്ങളില്‍ റിഗ്ഗില്‍ നിന്നുള്ള അവ്യക്തമായ ഫോണ്‍ വിളികളിലൂടെ ഒരുപാട് രാഷ്ട്രീയം ഡേവിസ് പറഞ്ഞു. കോമ്രേഡ്‌സ് എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ് ഉണ്ട്. സിപിഐഎം പ്രവര്‍ത്തകരും സഹയാത്രികരും അടങ്ങിയ ആ ഗ്രൂപ്പിലാണ്, വെള്ളിയാഴ്ച രാത്രി, ഡേവിസിന്റെ വിയോഗത്തെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരം ആദ്യം വന്നത്. അതിനു ശേഷം അന്വേഷണമായിരുന്നു. അനേകം സഖാക്കള്‍ പലവഴിക്ക് ബന്ധപ്പെട്ടു. സ്ഥിരീകരണത്തിനു മണിക്കൂറുകള്‍ വേണ്ടി വന്നു. അതിനു ശേഷമുള്ള കാര്യങ്ങള്‍ അതെ ഗ്രൂപ്പില്‍ ഒരാള്‍ ഇങ്ങനെ എഴുതുന്നു:
'ഇന്നലെ ഡേവിസിന്റെ മൃതദേഹം സൂക്ഷിച്ചുവെച്ചിരുന്ന അബുദാബി സെന്‍ട്രല്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡേവിസിന്റെ കുടുംബമെന്ന് പറയാവുന്നതായി ഭാര്യ സഹോദരന്‍ ലുദീഷ്, സാബു എന്നിവര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്..
പിന്നെയുള്ളത് ഒരു പറ്റം സഖാക്കള്‍.....
അവരോടായി സാബു ചോദിച്ചു.....
നിങ്ങള്‍ ഡേവിസിന്റെ ബന്ധുക്കളാണോ?
അല്ല.
ഡേവിസിന്റെ നാട്ടുകാരാണോ?
അല്ല.
നിങ്ങള്‍ ഡേവിസിന്റെ കൂടെ ജോലി ചെയ്യുന്നവരാണോ?
അല്ല.
മുമ്പ് ഡേവിസിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടോ?
ഇല്ല.
നിങ്ങള്‍ ഡേവിസിന്റെ ആരാ?
ആരുമല്ല,
ഡേവിസിനെ നേരിട്ടറിയുമോ?
ഇല്ല.
നിങ്ങള്‍ ഡേവിസിനെ കണ്ടിട്ടുണ്ടോ?
ഇല്ല.
പിന്നെ, നിങ്ങള്‍ എല്ലാവരും ഇവിടെ വന്നത് എന്തുകൊണ്ട്?
'ഡേവിസ് ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്.'
പിന്നെ, സാബുവിന് ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.'
അതാണ് ഡേവിസ്. തനിക്ക് വ്യക്തിപരമായ എന്തെങ്കിലും നേട്ടം ഉണ്ടാകണം എന്ന ആഗ്രഹത്തിലോ താന്‍ ആക്രമിക്കപ്പെടരുത് എന്ന വിചാരത്തോടെയോ അല്ല ഡേവിസ് സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടത്. വിമര്‍ശം ആക്രമണ ഭാവം പൂണ്ടപ്പോഴും അതൊന്നും തന്നെ ബാധിക്കില്ല എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് ഡേവിസ് പോരാട്ടം തുടര്‍ന്നത്. അത് കൊണ്ടാണ്, ഔദ്യോഗികമായ ഒരു പദവിയിലും ഇല്ലാത്ത ഡേവിസിനെ സോഷ്യല്‍ മീഡിയ കണ്ണീരോടെ, നഷ്ടബോധത്തോടെ യാത്രയാക്കുന്നത്.
കലഹമോ ബഹളമോ അല്ല, ഉറച്ച നിലപാടാണ് ഡേവിസ് തെക്കേക്കരയെ വേറിട്ട് അടയാളപ്പെടുത്തുന്നത്. തന്റെ ഉപയോഗപ്രദമായ ഏതവയവും ജാതി-മത, വര്‍ഗ-വര്‍ണ -ലിംഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ദാനം ചെയ്യാന്‍ ഒരുക്കമാണെന്നു മരണത്തിനു ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹം എഴുതി വെച്ചിരുന്നതിലുണ്ട് ആ വ്യതിരിക്തത. അന്ത്യം വിദേശത്ത് ആയതുകൊണ്ടുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ ആ സന്നദ്ധതയെ പ്രായോഗിക തലത്തില്‍ എത്തിച്ചില്ല. മതരക്തവും ജാതി രക്തവും തേടി പരസ്യങ്ങള്‍ വരുന്ന നാട്ടില്‍, തന്റെ മരണത്തിനു ശേഷവും ഒരു കള്ളിയില്‍ തളച്ചിടരുത് എന്നുപറയാനുള്ള ആര്‍ജവം മത നിരപേക്ഷതയില്‍ ഉറച്ച മനസ്സിനെ ഉണ്ടാകൂ. ആ ആര്‍ജ്ജവമാണ് സഖാവിന്റെ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. അതുകൊണ്ട് തന്നെയാണ്, ഇടതുപക്ഷം തന്റെ പക്ഷമാണ് എന്ന് ഉറക്കെ പറയുന്ന ഡേവിസിനെ പിന്തുടരാന്‍ സോഷ്യല്‍ മീഡിയയുടെ അതിരുകള്‍ക്കു പുറത്തും ആളുകള്‍ ഉണ്ടാകുന്നത്.
സഖാവ് ഡേവിസിന് സഖാക്കള്‍ നല്‍കുന്ന സ്നേഹം ഒരു പ്രഖ്യാപനമാണ്. പ്രസ്ഥാനത്തെ നെഞ്ചേറ്റി പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്ക് ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരുടെയാകെ ഹൃദയം കൊണ്ടുള്ള സ്നേഹവും പിന്തുണയും ഉണ്ട് എന്ന പ്രഖ്യാപനം. അത് കൊണ്ട് തന്നെ ഡേവിസ് സ്വയം ഒരു മാതൃകയായി മാറിയിരിക്കുന്നു. സഖാക്കള്‍ക്ക് അഭിമാനപൂര്‍വം പകര്‍ത്താവുന്ന മാതൃക.
*
പി എം മനോജ്
Sunday Jul 16, 2017
http://www.deshabhimani.com/special/news-articles-16-07-2017/657640
No comments:
Post a Comment