Saturday, February 11, 2017

യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നം സംബന്ധിച്ച്

SFI ദേശീയ പ്രസിഡന്റ് സഖാവ്.വി പി സാനു എഴുതുന്നു :

"സ്വന്തം കോളേജിലെത്തി ഷൈൻ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. അതൊരിക്കലും ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നയമല്ല. പക്ഷേ അതൊരു പൊതുബോധമാണ്. എസ്.എഫ്.ഐ. എന്നു പറയുന്നത് എല്ലാ വിഭാഗത്തിലുംപെടുന്ന, വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികളുടെ സംഘടനയാണ്. സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബഹുജനവിദ്യാർഥിപ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ പൊതുബോധത്തിന്റെ ഭാഗമായി നിൽക്കുന്ന ആളുകൾ ഈ സംഘടനയിലുണ്ടാകാം. അത്തരത്തിലുള്ള ആളുകളെക്കൂടി രാഷട്രീയവൽക്കരിക്കുക, രാഷ്ട്രീയ ശരിമയുടെ പാതയിലേക്ക് കൊണ്ടുവരിക, പൊതുബോധത്തിന്റെ ജീർണതകളിൽ നിന്ന് മാറ്റി നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നാളിതുവരെ ഞങ്ങൾ ചെയ്തു പോന്നിട്ടുള്ളത്. അത് പൂർണമായ അർഥത്തിൽ വിജയിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന' അവകാശവാദം ഞങ്ങൾക്കില്ല.

തീർച്ചയായും ഞങ്ങളുടെ സംഘടന മനുഷ്യരുടെ സംഘടനയാണ്. സ്വാഭാവികമായും മനുഷ്യർക്ക് തെറ്റുപറ്റാം. ലെനിന്റെ അഭിപ്രായത്തിൽ മൂന്നു വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കാണ് തെറ്റുപറ്റാത്തത്.1. ഗർഭാവസ്ഥയിലുള്ള ഭ്രൂണം, 2. മൃതശരീരം 3. ഒന്നും ചെയ്യാതെ നിഷ്ക്രിയരായിരിക്കുന്നവർ. ഞങ്ങൾ ഈ മൂന്നു വിഭാഗത്തിൽപെടുന്നവരുമല്ല. ഞങ്ങൾ എല്ലാ സമയത്തും സമൂഹത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കുന്നവരാണ്. നിഷ്ക്രിയരായിരിക്കാൻ ഞങ്ങൾക്ക് സാധിക്കുകയുമില്ല. തെറ്റുകളെ ന്യായീകരിച്ചു മുന്നോട്ടു പോകുക എന്നതല്ല, അത്തരം തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് എക്കാലത്തും ഞങ്ങളുടെ സമീപനം. ഇതേ സമീപനം തന്നെയാകും യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലും ഉണ്ടാകുക. അവിടെ സംഭവിച്ചത് എന്തു തന്നെയായാലും അത് എസ്.എഫ്.ഐ. പരിശോധിക്കും. അതിൽ ഏതെങ്കിലും അർഥത്തിൽ എസ്.എഫ്.ഐയിൽ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

പക്ഷേ ഒരു യൂണിവേഴ്സിറ്റി കോളേജ് , ഒരു മടപ്പള്ളി കോളേജ് എന്നിങ്ങനെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തു കൊണ്ട് അവിടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മുൻ നിർത്തി എസ്.എഫ്.ഐ.യെ ആകെ കരിവാരി തേക്കാൻ ശ്രമിക്കുന്നവരോട്.. ആ കോളേജുകളിലെ ഏതെങ്കിലും വിദ്യാർഥികൾ മോശമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം എസ്.എഫ്.ഐ.യുടെ കുറ്റമാണ് എന്ന പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ.യെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരോട്. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരല്ല ഞങ്ങൾ. തുറന്ന മനസോടെ നിങ്ങളുടെ വിമർശനങ്ങളെ ഞങ്ങൾ സ്വീകരിക്കും. അവ ക്രിയാത്മകമാണെങ്കിൽ. വിമർശനങ്ങളിലൂടെയും, സ്വയം വിമർശനങ്ങളിലൂടെയും ആത്മ പരിശോധന നടത്തി നവീകരിക്കപ്പെടുന്നവരാണ് ഞങ്ങൾ.
എന്നാൽ ഞങ്ങളെ തകർക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ...
നിങ്ങൾ ആക്രമണം തുടർന്നു കൊണ്ടേയിരിക്കുക. ഇത്തരം ആക്രമണങ്ങൾ നേരിട്ടുകൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായി ഞങ്ങൾ വളർന്നത്. ഒരു കാലത്ത് കെ.എസ്.യു.ഞങ്ങൾക്കെതിരെ നടത്തിയ സമാനതകളില്ലാത്ത അക്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളീ കേരളത്തിൽ വിദ്യാർഥികളുടെ ഹൃദയപക്ഷമായി മാറിയത്. ഇത്തരം ആക്രമണങ്ങൾ ഞങ്ങളെ തളർത്തുകയല്ല. പകരം ഞങ്ങളുടെ മാർഗലക്ഷ്യങ്ങളെ രാകി മിനുക്കി മൂർച്ച കൂട്ടാനുള്ള ആത്മവിശ്വാസമാണ് ഞങ്ങൾക്കു നൽകുക.

അതുകൊണ്ട് മാനവരും, അമാനവരും, എബിവിപിയും, ആർ.എസ്.എസും, കെ.എസ്.യുവും, എം.എസ്.എഫും, എസ്.ഐ.ഒ.യും, എ.ഐ.എസ്.എഫും എല്ലാവരും ഒന്നിച്ചു ചേർന്ന് ഞങ്ങളെ ആക്രമിച്ചു കൊണ്ടേയിരിക്കുക. നിങ്ങൾ ഞങ്ങളെ അക്രമിച്ചു കൊണ്ടേയിരിക്കുമ്പോൾ ഞങ്ങൾക്കു തീർച്ചയാണ് ഞങ്ങളുടെ വളർച്ചയെ നിങ്ങൾ ഭയപ്പെടുന്നുണ്ടെന്ന്. വർഗീയതയ്ക്കും, ജാതീയതയ്ക്കും, റാഗിംഗിനും, ലിംഗാസമത്വങ്ങൾക്കുമെതിരെയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ നിങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടെന്ന്. നക്ഷത്രാങ്കിത ശുഭ്രപതാകയുടെ കീഴിൽ സ്വാതന്ത്ര്യത്തിന്റേതും ജനാധിപത്യത്തിന്റേതും, സോഷ്യലിസത്തിന്റേതുമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കൂടുതൽ കൂടുതൽ വിദ്യാർഥികൾ കൈകോർക്കുമ്പോൾ നിങ്ങളുടെ എതിരാളികൾ ഞങ്ങളാവുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ
മുന്നോട്ടുള്ള ഈ പ്രയാണത്തിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടായാൽ ഞങ്ങൾ അത് കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.

അവസാനമായി, ഒരു കാലത്തും എസ്.എഫ്.ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്.എഫ്.ഐ.ക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തിൽ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവു ചെയ്ത് അവർ ഈ സംഘടനയിൽ നിന്നും പുറത്തു പോകണം. അല്ലായെങ്കിൽ കൃത്യമായ പരിശോധന നടത്തുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരും."

Jaick C Thomas, പ്രസിഡന്റ്, എസ്.എഫ്.ഐ (കേരള)

തെറ്റിധാരണാ ജനകമായ പ്രചരണങ്ങളുടെ കുത്തൊഴുക്കാണ് ഇൗ വിഷയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജിജീഷ് എന്ന യുവാവിന് കോളജ് ക്യാംപസിനുള്ളിൽ വച്ച് മർദനമേൽക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയവും ദൗർഭാഗ്യകരവുമാണ്. ഏതൊരു ഘട്ടത്തിലും ഏകപക്ഷീയമായ കായികാക്രമം എസ്എഫ്ഐയുടെ നയമല്ല. ഒഴിവാക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു അക്രമണത്തിൽ എസ് എഫ് ഐയുടെ മെമ്പർഷിപ്പെങ്കിലുമുള്ള വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നതിൽ സംശയമില്ല.

പുറത്തു നിന്നെത്തിയ ഒരു യുവാവ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ എത്തി എന്നത് കയ്യൂക്കു കൊണ്ട് മറുപടി പറയാൻ മാത്രമുള്ള ഒരു മഹാ അപരാധമായി ഒരു കാരണവശാലും കാണാൻ കഴിയില്ല. ആ യുവാവിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിക്കുന്നവരോടും, സ്വകാര്യതയുടെ വമ്പു തകർത്ത് കുലീനതയുടെയും തറവാട്ടു മഹിമയുടെയും ആസ്ഥാന സംരക്ഷകർ ചമയുന്നവരോടും ‘അനാശാസ്യ’ത പ്രചരിപ്പിക്കുന്ന പൊതുബോധത്തിന്റെ കാവൽപ്പടയാളികളോടും ഉള്ളത് കലർപ്പില്ലാത്ത വിയോജിപ്പും ഒരിഞ്ചു വിട്ടു വീഴ്ചയില്ലാത്ത എതിർപ്പും മാത്രമാണ്. നിങ്ങൾ നിൽക്കുന്ന പക്ഷം എസ്എഫ്ഐയുടേതോ ഇടതുപക്ഷ ബോധത്തിന്റെയോ അല്ല തന്നെ. ക്ലാസ്മുറിയിൽ വിദ്യാർഥികൾക്ക് അലോസരമുണ്ടാക്കുന്ന അപരസാന്നിധ്യവും ഏതു സാഹചര്യത്തിലും സൃഷ്ടിക്കപ്പെടുന്ന കയ്യൂക്കിന്റെ ബലപ്രയോഗത്തെയും ഒരേ പോലെ തള്ളിക്കളയുകയാണ്. Far Far from the madding crowd എന്ന കവിതാശകലമാണ് മോബോക്രസിയുടെയും പലപ്പോഴും ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ ഇത്തരം അപകടകരമായ പ്രവണതകളെയും സൂചിപ്പിക്കുന്നത് ഒാർമിപ്പിക്കുന്നത്.

എന്നാൽ ചാനൽ മാധ്യമങ്ങളിൽ ഏഷ്യാനെറ്റ് എസ്എഫ്ഐ വിരുദ്ധ പൊതുബോധ നിർമിതിക്കായുള്ള അശ്ലീല പ്രവണതകളിൽ ചാംപ്യൻ ചെയ്യാനുള്ള ശ്രമങ്ങൾ അനസ്യൂതം തുടരുകയാണ്. മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്സിറ്റി കോളജിലും ഒരേ പോലെ എസ്എഫ്ഐ വിരുദ്ധ വാർത്തകളുടെ നിർമിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമങ്ങൾ. രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാർ നേതാവായ ചാനൽ മേധാവിയുടെ മനമറിഞ്ഞു പെരുമാറുന്ന വാർത്താ അവതാരകനെ ഒാർമിപ്പിക്കുന്നത് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ്. ചോംസ്കിയുടെ ‘മാധ്യമ അരിപ്പകളും’ ബോധ നിർമിതിയിൽ ‘കമ്യൂണിസ്റ്റ് വിരുദ്ധതയും’ നിർദയമായ യാഥാർഥ്യമാണെന്നു തന്നെയാണ് ഏഷ്യാനെറ്റും തെളിയിക്കുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് അംഗത്വം നൽകി അവരെ മൂന്നാംകിട പൗരന്മാരായി കാണുന്ന പൊതുബോധ നിർമിതിക്ക് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ഇൗ അക്കാദമിക്ക് വർഷം എസ്എഫ്ഐ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കേരളത്തിലെ എല്ലാ സർവകലാശാല യൂണിയനുകളിലേക്കും കലാലയങ്ങളിലേക്കും എസ്എഫ്ഐ അവേശപൂർവം അവരെ സ്വാഗതം ചെയ്തു. ആണും പെണ്ണും ഒരുമിച്ചിരിക്കാൻ പാടില്ലെന്ന തിട്ടൂരം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പുറത്തിറക്കയിപ്പോൾ ‘ഇസ്ലാമോഫോബിയ’ എന്ന ന്യൂനപക്ഷ സംരക്ഷകരുടെ അക്ഷേപങ്ങളിലും തെല്ലും പതറാതെ ആണും പെണ്ണും ഒരുമിച്ചിരുന്ന പ്രതിഷേധ ക്ലാസ്മുറികൾക്ക് കേരളത്തിന്റെ തെരുവോരങ്ങളിൽ എസ്എഫ്ഐ നേതൃത്വം നൽകിയിട്ട് അധികകാലമായിട്ടില്ല. ചുംബനസമരത്തിൽ പങ്കെടുത്തവരെ ലോ അക്കാദമി സമരത്തിലെന്ന പോലെ കെ എസ് യു മുതൽ എബിവിപി വരെയുള്ള സംഘടനകൾ ഒരേ പോലെ കൊടി കെട്ടിയ കുറുവടികളുമായി നേരിടാനെത്തിയപ്പോൾ അതേ തെരുവുകളിൽ നിന്ന് സദാചാര ഗുണ്ടായിസത്തിന് മറുപടി മാനവികതയാണെന്ന് എന്നു വിളിച്ചു പറഞ്ഞതും മറ്റാരുമായിരുന്നില്ല. പൊതുബോധത്തിനും ഭൂരിപക്ഷ മതത്തിന്റെ വ്യവസ്ഥാ സംരക്ഷണ നിലപാടുകളോടും എക്കാലവും കലഹിച്ചും കലാപം ചെയ്തും തന്നെയാണ് കലാലയങ്ങളുടെ ഹൃദയപക്ഷമായി എസ്എഫ്ഐ മാറിയത്.

അതു കൊണ്ട് തന്നെ നിരന്തരമായ തിരുത്തലുകൾ തന്നെയാണ് ഇടതുപക്ഷമെന്നാണ് പരിമിതമായ അറിവിലും രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ അനുഭവപാഠങ്ങൾ പറഞ്ഞു നൽകിയിട്ടുള്ളത്. ശരിതെറ്റുകളിൽ ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാതെ പതറാതെ ശരികളെ തന്നെ പതാകയാക്കി എസ്എഫ്ഐ ഇനിയും മുന്നോട്ടു തന്നെ നീങ്ങും. സദാചാര സംരക്ഷണത്തിന്റെ ക്ലാസ്സെടുക്കാൻ വരുന്ന സംഘപരിവാറിനെയും അവരുടെ കളിപ്പാവകളായി മാത്രമാടുന്ന മറ്റു ‘ചില’ സംഘടനകളെയും അവരുടെ വാദങ്ങളെയും അർഹിക്കുന്ന അവഞ്ജയോടെ തള്ളുന്നു.

M.VIJIN സെക്രട്ടറി, എസ്.എഫ്.ഐ (കേരള)

ആരോഗ്യപരമായ സ്ത്രീപുരുഷ ബന്ധങ്ങളിലും ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് SFI..സദാചാര ഗുണ്ടായിസത്തിന്റെ മറവിൽ എവിടെയൊക്കെ പൗര സ്വാതന്ത്ര്യത്തെ അടിച്ചമർത്തിയിട്ടുണ്ടോ അവിടെയൊക്കെ പൗരസ്വാതന്ത്യത്തിനു വേണ്ടി ശബ്ദമുയർത്തിയതും SFI ആണ്..

2012 ൽ പാലക്കാട് നടന്ന എസ് എഫ് ഐ യുടെ 31 മത് സംസ്ഥാന സമ്മേളനവും 2015 ൽ തൃശൂരിൽ നടന്ന 32- മത് സംസ്ഥാന സമ്മേളനവും സദാചാര പൊലീസിങ്ങിനെതിരെ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത് .മനുഷ്യത്വ രഹിതമായ ഇത്തരം പ്രവണതകൾക്ക് എതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന ആഹ്വാനം ഉൾക്കൊള്ളുന്ന രണ്ടു പ്രമേയങ്ങൾ എസ് എഫ് ഐ അംഗീകരിക്കുകയും ചെയ്തു. ഫാസിസിസത്തിനെതിരെ നടന്ന ജനാധിപത്യസമരങ്ങളെപ്പോലും ക്രൂരമായി വേട്ടയാടുന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ നിലപാടുകൾക്ക് എതിരെയും കേരളത്തിലെ കാമ്പസുകളിൽ എസ് എഫ് ഐ അനേകം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എസ് എഫ്‌ഐയും അതിന്റെ നയങ്ങളും നിലപാടുകളും പ്രത്യയശാസ്ത്രപരമായി കപടസദാചാര ബോധത്തിന് എതിരാണ്.ഇന്ത്യയിൽ ട്രാൻസ്ജെൻഡേർസിനു ആദ്യമായി മെമ്പർഷിപ്പ് നൽകിയ പ്രസ്ഥാനം SFI ആയിരുന്നു..സംസ്ഥാനത്തു പലയിടങ്ങളിൽ ഉണ്ടായ സദാചാര ക്രൂരതകളെ അതാതു സമയങ്ങളിൽ തുറന്നു കാട്ടുന്ന പ്രതിഷേധ കൂട്ടായ്മകളുംകളും ,സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാറുള്ള പ്രസ്ഥാനമാണ് SFI.

എന്നാൽ SFI യെ സദാചാരായ ഗുണ്ടകൾ എന്ന് മുദ്രകുത്താൻ നടത്തുന്ന ശ്രമത്തെ അംഗീകരിക്കില്ല..SFI യുമായി ബന്ധമുള്ള ആരെങ്കിലും ഈ വിഷയത്തിൽ ഉണ്ടെങ്കിൽ പരിശോധിക്കുകയും ,നടപടികൾ സ്വീകരിക്കുകയും ചെയ്യും..അപരാധികളെ സംരക്ഷിക്കുകയോ നിരപരാധികളെ ക്രൂശിലേറ്റുകയോ ചെയ്യുന്ന രീതി ഞങ്ങളുടേതല്ല

4 comments:

 1. The common man lost faith in SFI by the three different incidents ..
  1. Maharajas
  2. Law academy and
  3. University college !
  People don't have hope on this organization now . .. they are like monkeys in wrong hands now !! The monkeys are trained for bad things !!

  ReplyDelete
 2. എന്നിട്ടും എല്ലാ യൂണിവേഴ്സിറ്റികളും സ്കൂൾ തെരഞ്ഞെടുപ്പും ഐ.ടി.ഐ,എം.ടി.ഐ...ഒക്കെ എസ്.എഫ്. ഐ ജയിക്കുന്നു..എന്താല്ലേ?

  ReplyDelete
  Replies
  1. ഭീഷണിപ്പെടുത്തൽ അല്ല എന്ന് ആത്മാർദ്ധമായി പറയാൻ കഴിയുമോ. ?

   Delete
  2. ഭീഷണിപ്പെടുത്തൽ അല്ല എന്ന് ആത്മാർദ്ധമായി പറയാൻ കഴിയുമോ. ?

   Delete