Friday, August 30, 2013

പ്രവാസികളോട് ക്രൂരത

അമ്മയെ കാലിത്തൊഴുത്തില്‍ തള്ളുന്നതുപോലുള്ള ക്രൂരതയാണ് പ്രവാസി മലയാളികളോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് ഒരു സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് കഴിഞ്ഞദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത് അക്ഷരാര്‍ഥത്തില്‍ സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഗള്‍ഫ് നാടുകളില്‍നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്നത്.

യുപിഎ സര്‍ക്കാരും എയര്‍ഇന്ത്യയും തുടരെ കൈക്കൊള്ളുന്ന പ്രവാസിദ്രോഹ നടപടികളുടെ ശൃംഖലയിലെ പുതിയ രണ്ടുകണ്ണിയാണ് മൃതദേഹം കൊണ്ടുവരാന്‍ 48 മണിക്കൂര്‍മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കൊണ്ടുവരാവുന്ന ബാഗേജിന്റെ തൂക്കം വീണ്ടും കുറയ്ക്കണമെന്നുമുള്ള ഉത്തരവുകള്‍. യുഎഇയിലും മറ്റും ജോലിചെയ്യുന്നവര്‍ക്ക് അടുത്തകാലംവരെ 40 കിലോ ബാഗേജ് കൊണ്ടുവരാമായിരുന്നു. ആദ്യം അത് 30 കിലോ ആക്കി ചുരുക്കി. ഇപ്പോള്‍ അത് വീണ്ടും ചുരുക്കി 20 കിലോയാക്കി. വര്‍ഷത്തിലൊരിക്കലോ രണ്ടുവര്‍ഷംകൂടുമ്പോഴോ ഒക്കെയാണ് അവിടെനിന്നുള്ള മലയാളികള്‍, പ്രത്യേകിച്ച് സാധാരണ തൊഴിലാളികള്‍ നാട്ടിലേക്കുവരിക. അങ്ങനെയുള്ളവര്‍ 20 കിലോയേ കൊണ്ടുവരാന്‍ പാടുള്ളൂവെന്നാണ് ഇപ്പോള്‍ വ്യവസ്ഥ. ബാഗേജിന് അല്‍പ്പം കനംകൂടിപ്പോയാല്‍ താങ്ങാനാകാത്തവിധം അമിതമായ പിഴയിടും. എയര്‍ഇന്ത്യ അതും വരുമാനമാര്‍ഗമാക്കിയിരിക്കുന്നു.

മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥചെയ്യുന്നതിലും ഭേദം മരിക്കുന്നയാള്‍ മരിക്കാന്‍പോവുകയാണെന്ന് മുന്‍കൂട്ടി എയര്‍ഇന്ത്യയെ അറിയിക്കണമെന്ന് കല്‍പ്പിക്കുന്നതാകും. ഗള്‍ഫില്‍ തൊഴിലെടുക്കുന്ന ഒരാള്‍ മരിച്ചാല്‍ ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. വിസ റദ്ദാക്കല്‍, ബാധ്യതകള്‍ തീര്‍ക്കല്‍ ഇതൊക്കെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ശേഖരിക്കല്‍ തുടങ്ങി സങ്കീര്‍ണമായ കാര്യങ്ങളാണ് അവയൊക്കെ. ഇതെല്ലാം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി ചെന്നാലേ റിപ്പോര്‍ട്ടുചെയ്യലായി എയര്‍ഇന്ത്യ കണക്കാക്കൂ. മരിച്ച് രണ്ടുദിവസത്തിനുള്ളില്‍ ഇത് നടന്നുകൊള്ളണമെന്നില്ല. അഥവാ നടന്നാല്‍ത്തന്നെ മൃതദേഹം എംബാംചെയ്തെടുക്കണം. എംബാംചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എയര്‍ഇന്ത്യക്ക് നല്‍കേണ്ടതുണ്ട്. ആ സര്‍ട്ടിഫിക്കറ്റുകൂടി കരസ്ഥമാക്കിക്കഴിഞ്ഞാല്‍ എയര്‍ഇന്ത്യക്ക് ഉടന്‍ മൃതദേഹം കൊണ്ടുപോരാവുന്നതാണ്. എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ എയര്‍ഇന്ത്യ "റിപ്പോര്‍ട്ടിങ്" ആയി പരിഗണിക്കൂ. എംബാംചെയ്ത മൃതദേഹമാകട്ടെ, 48 മണിക്കൂര്‍ അവിടെ സൂക്ഷിക്കാന്‍ അവിടത്തെ നിയമം അനുവദിക്കുന്നില്ല. എയര്‍ഇന്ത്യയാകട്ടെ, 48 മണിക്കൂര്‍ കഴിഞ്ഞേ കൊണ്ടുപോവുകയുള്ളൂ. മൃതദേഹം എവിടെ സൂക്ഷിക്കും?

ഗള്‍ഫിലെ മലയാളിസമൂഹത്തെ വലയ്ക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ ഉത്തരവിനു പിന്നിലുള്ളത്. അധിക ബാഗേജ് കൊണ്ടുപോകുന്ന യാത്രക്കാരില്‍നിന്ന് ഇതര എയര്‍ലൈന്‍സുകളെ അപേക്ഷിച്ച് കിലോയ്ക്ക് 50 ശതമാനംകണ്ട് അധികകൂലി ഈടാക്കുമെന്ന ഉത്തരവ് ഇക്കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറപ്പെടുവിച്ചു. മറ്റൊരു എയര്‍ലൈന്‍സിനുമില്ലാത്ത ഈ വ്യവസ്ഥ എയര്‍ഇന്ത്യക്ക് എന്തിനാണ്? യാത്രക്കാര്‍ മറ്റ് എയര്‍ലൈന്‍സുകളെ ആശ്രയിക്കട്ടെ, അതുവഴി എയര്‍ഇന്ത്യക്ക് നഷ്ടം വന്നോട്ടെ എന്ത ചിന്താഗതിയാകണം ഇതിനുപിന്നില്‍. എയര്‍ഇന്ത്യയുടെ ശമ്പളം വാങ്ങിക്കൊണ്ട് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് സൗകര്യംചെയ്തുകൊടുക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ്. എയര്‍ഇന്ത്യ പൂട്ടിക്കാന്‍ എയര്‍ഇന്ത്യയും നമ്മുടെ സിവില്‍ ഏവിയേഷന്‍ അധികൃതരുംതന്നെയാണ് ശ്രമിക്കുന്നതെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്.

മധ്യവേനലവധി, പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ വിശേഷഘട്ടങ്ങളില്‍ യാത്രക്കാരുടെ വലിയ പ്രവാഹമാണ് ഗള്‍ഫ്-കേരള മേഖലയിലുണ്ടാവുക. ഇത്തരം ഘട്ടങ്ങളിലേക്ക് വിമാന ടിക്കറ്റുവില ക്രമാതീതമാംവിധം ഉയര്‍ത്തി ആദ്യംതന്നെ പ്രഖ്യാപിക്കുന്നത് എയര്‍ഇന്ത്യയാണ്. ഇന്ത്യയുടെ നാഷണല്‍ കാരിയര്‍ പദവിയുള്ളത് എയര്‍ഇന്ത്യക്കാണ്. ഏത് രാഷ്ട്രത്തിന്റെയും നാഷണല്‍ കാരിയര്‍ വിമാനസ്ഥാപനം നിശ്ചയിക്കുന്ന അടിസ്ഥാനടിക്കറ്റുവിലയാണ് ഇതര എയര്‍ലൈന്‍സുകള്‍ മാതൃകയാക്കുന്നത്. എയര്‍ഇന്ത്യ ക്രമാതീതമായി ടിക്കറ്റുവില ഉയര്‍ത്തുമ്പോള്‍ ഇതര എയര്‍ലൈന്‍സുകളും അതിനനുസരിച്ച് ടിക്കറ്റുവില ഉയര്‍ത്തും. ഗള്‍ഫിലെ സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികളെ കൊള്ളയടിക്കാന്‍ മറ്റ് വിദേശ- സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് കളമൊരുക്കിക്കൊടുക്കുന്ന പണിയാണ് എയര്‍ഇന്ത്യ എടുക്കുന്നതെന്നു ചുരുക്കം. ഇതിന് എയര്‍ഇന്ത്യയുടെയും വ്യോമയാനവകുപ്പിന്റെയും അധികാരസ്ഥാനത്തുള്ള പ്രമാണികളോ അവരെ നയിക്കുന്ന രാഷ്ട്രീയനേതൃത്വമോ കമീഷന്‍ പറ്റുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. ഗള്‍ഫ് മലയാളികളെ ദയാരഹിതമായി പിഴിയുന്നതിന് ഇവര്‍ക്ക് ഒരു മടിയുമില്ല.

കഴിഞ്ഞവര്‍ഷം പൈലറ്റ് സമരം നടന്നു. അത് ഏതുവിധേനയും ഒത്തുതീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനായിരുന്നു നമ്മുടെ വ്യോമയാനവകുപ്പിന് വ്യഗ്രത. രണ്ടുമാസം അങ്ങനെ സമരം നീണ്ടപ്പോള്‍ ഗള്‍ഫ് പ്രവാസി മലയാളികള്‍ക്ക് ഇതര എയര്‍ലൈന്‍സുകള്‍ക്കായി അധികം നല്‍കേണ്ടിവന്ന തുക 5000 കോടി രൂപയാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്ന സീല്‍ പാസ്പോര്‍ട്ടില്‍ വയ്ക്കുന്നതിനായി ചുമത്തിയ പ്രത്യേക ഫീസിനത്തില്‍ 25,000 കോടി രൂപയാണ് ഗള്‍ഫ് പ്രവാസിസമൂഹത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചത്. ഇങ്ങനെ ഒരുവശത്ത് ഗള്‍ഫ് പ്രവാസിസമൂഹത്തെ കൊള്ളയടിക്കുന്നു; മറുവശത്താകട്ടെ, അവര്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും. യുഎഇയില്‍ 25 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും ഇന്‍ഷുറന്‍സ് പരിരക്ഷപോലുമില്ലാത്ത ചെറുജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്. തങ്ങളുടെ രാഷ്ട്രങ്ങളില്‍നിന്നുള്ള ഇത്തരക്കാര്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കാന്‍ ഇറാനടക്കം പല രാഷ്ട്രങ്ങളും അവിടെ ആശുപത്രികള്‍ സ്ഥാപിച്ചു. ഇന്ത്യ ആ വഴിക്ക് നീങ്ങിയിട്ടില്ല. ഇന്ത്യക്കാരനായ സാധാരണ തൊഴിലാളി അസുഖം വന്ന് ആശുപത്രിയിലായാല്‍ കടബാധ്യതയോടെയേ പുറത്തിറങ്ങാനാകൂ എന്നതാണ് നില. ഗള്‍ഫ് മലയാളിക്ക് നിയമപരിരക്ഷ നല്‍കാന്‍ സംവിധാനമില്ല. നിതാഖാത്തുമൂലം തിരിച്ചുവരുന്ന ഗള്‍ഫ് മലയാളിയെ പുനരധിവസിപ്പിക്കാന്‍ സംവിധാനമില്ല. അവര്‍ വിയര്‍പ്പൊഴുക്കി സ്വരൂപിക്കുന്ന പണം ഭാവനാപൂര്‍ണമായി നിക്ഷേപിക്കാനുള്ള സംവിധാനമില്ല. സംവിധാനമുള്ളത് അവരെ കൊള്ളയടിക്കാന്‍മാത്രം.

ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. ഇതിനിടെ ഒരു ദിവസമെങ്കിലും യുഎഇയിലേക്കൊന്ന് ചെല്ലാനോ, അവിടത്തെ മലയാളിസമൂഹത്തിന്റെ വിഷമതകള്‍ മനസ്സിലാക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. യുഎഇക്കു മുകളിലൂടെ എത്രയോവട്ടം അമേരിക്കയിലേക്ക് പറന്നു; ഈ പ്രധാനമന്ത്രി. യുഎഇയില്‍ ഇറങ്ങി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് മനസ്സില്ല. ഈ മനോഭാവംതന്നെയാണ് യുപിഎ സര്‍ക്കാരിന്റെ ഓരോ നടപടിയിലും പ്രതിഫലിക്കുന്നത്. ഈ ക്രൂരമായ അവഗണന അവസാനിപ്പിച്ചേ പറ്റൂ. ഇപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് സിപിഐ എമ്മും അതിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം കേരളമൊന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്; പ്രവാസി സമൂഹവും.

deshabhimani editorial

No comments:

Post a Comment