Friday, July 1, 2016

ബ്രിട്ടന്‍ ഇയു വിടുമ്പോള്‍

കോര്‍പറേറ്റ് മാധ്യമങ്ങള്‍ വായിച്ചാല്‍ തോന്നുക യൂറോപ്യന്‍ യൂണിയനില്‍ (ഇയു)നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ആ രാജ്യത്തിനും യൂറോപ്പിനും ലോകത്തിനുതന്നെയും അപരിഹാര്യമായ ദുരന്തമാണ് വരുത്തിവച്ചിട്ടുള്ളതെന്നാണ്. ആഗോളവല്‍ക്കരണത്തിന്റെയും ലിബറല്‍ മുതലാളിത്തക്രമത്തിന്റെയും ദുഃഖകരമായ അന്ത്യമായും പ്രവചനങ്ങളുയര്‍ന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കുശേഷം ലോക ഓഹരിക്കമ്പോളവും ധനകമ്പോളവും കുത്തനെ ഇടിയുകയും ചെയ്തു.

എന്നാല്‍, ഈ വീക്ഷണത്തെ അപ്പാടെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റ്– ഇടതുപക്ഷ മനസ്സുകള്‍ക്ക് കഴിയില്ല. യുണൈറ്റഡ് കിങ്ഡം യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന വിഷയത്തില്‍ നടന്ന ഹിതപരിശോധനയില്‍ ഇയുവില്‍നിന്ന് വിട്ടുപോകുന്നതിനെ 52 ശതമാനം ജനങ്ങള്‍ അനുകൂലിച്ചു. 28 അംഗരാജ്യങ്ങളെയും നവഉദാരവല്‍ക്കരണക്രമം പിന്തുടരാന്‍ നിര്‍ബന്ധിക്കുംവിധമുള്ള യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള വോട്ടാണിത്.

യൂറോപ്പിലെ വന്‍കിട മുതലാളിമാരുടെയും അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രങ്ങളുടെ സഖ്യമാണ് ഇയു. അംഗരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ബാധം മൂലധന ഒഴുക്കും ഇയു ഉറപ്പുവരുത്തി. എന്നാല്‍, അംഗരാജ്യങ്ങളിലെ ധനകമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ (ജിഡിപി) മൂന്ന് ശതമാനത്തിലധികമാകരുതെന്ന നിയന്ത്രണം അടിച്ചേല്‍പ്പിച്ചു. അതായത് സര്‍ക്കാര്‍ച്ചെലവിന് പരിധി നിശ്ചയിച്ചു. ഇയു രാജ്യങ്ങള്‍ പൊതുകറന്‍സിയായി യൂറോ അംഗീകരിക്കുകയും ചെയ്തു. അതായത് സ്വതന്ത്രമായ നാണയനയവും അംഗരാജ്യങ്ങള്‍ക്ക് അസാധ്യമായി. സ്വന്തംനിലയില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് നാണയത്തിന്റെ മൂല്യശോഷണം വരുത്താനോ കയറ്റുമതിക്ക് സബ്സിഡി നല്‍കാനോ കഴിയാതായി. ഇയുവിന്റെ കീഴില്‍ ഒരു രാജ്യത്തിനും ആഭ്യന്തരവ്യവസായങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ പറ്റാതായി; അവ പ്രതിസന്ധിയിലാണെങ്കില്‍പ്പോലും.

ആഗോള ധനമേഖലയില്‍ 2008ലുണ്ടായ പ്രതിസന്ധിക്കുശേഷം ഇയു പൊതുചെലവും സാമൂഹ്യചെലവുകളും വെട്ടിക്കുറച്ച് കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചു. ഇത് തൊഴിലാളിവര്‍ഗത്തെയും ദരിദ്രജനവിഭാഗങ്ങളെയും ദോഷമായി ബാധിച്ചു. അവരുടെ വിദ്യാഭ്യാസ– ആരോഗ്യ– പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുത്തനെ വെട്ടിക്കുറച്ചു. നവ ഉദാരവല്‍ക്കരണ നടപടികള്‍ ഒരുവശത്ത് സാമ്പത്തിക അസമത്വം വളര്‍ത്തുകയും മറുവശത്ത് സമ്പത്തിന്റെ കേന്ദ്രീകരണം സാധ്യമാക്കുകയും ചെയ്തു. ബ്രിട്ടനെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഇത് വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി. അതോടൊപ്പം, ഊഹാധിഷ്ഠിത ധനഇടപാടുകളിലൂടെ ലാഭംകൊയ്യുന്ന 'ധനവല്‍ക്കരണ'ത്തിന് വഴിതുറക്കുകയും ചെയ്തു. ബ്രിട്ടനില്‍ ഭരണം നടത്തുന്ന വലതുപക്ഷ യാഥാസ്ഥിതികകക്ഷി സര്‍ക്കാരാകട്ടെ, പൊതു ആരോഗ്യസംവിധാനമായ ദേശീയ ആരോഗ്യ സര്‍വീസിലും പൊതുവിദ്യാഭ്യാസത്തിലും ഭവനമേഖലയിലും വന്‍ വെട്ടിക്കുറവ് വരുത്തി. ഇത് വ്യവസായത്തൊഴിലാളികളെ വന്‍തോതില്‍ തൊഴില്‍രഹിതരാക്കി.

യൂറോപ്പിലെ ദരിദ്രരാഷ്ട്രങ്ങളായ ഗ്രീസിനും മറ്റുമാണ് ഇയു സംവിധാനത്തില്‍ ഏറ്റവും വിഷമം അനുഭവിക്കേണ്ടിവന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇയുവും ഐഎംഎഫും കടുത്ത ചെലവുചുരുക്കല്‍ നടപടികളാണ് ഗ്രീസിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇവിടെ യുവാക്കളിലെ തൊഴിലില്ലായ്മ 50 ശതമാനത്തിലും അധികമാണ്. കൂലിയിലും പെന്‍ഷനിലും വന്‍ വെട്ടിക്കുറവ് വരുത്തുകയും ചെയ്തു. വൈദ്യുതിമേഖലയും മറ്റ് സുപ്രധാന ദേശീയസ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ ഗ്രീസ് നിര്‍ബന്ധിതമായി. ചെലവുചുരുക്കല്‍ നയങ്ങള്‍ക്ക് അന്ത്യമിടുമെന്ന് പറഞ്ഞ് അധികാരമേറിയ സിറിസ സര്‍ക്കാരിന് ആ ദിശയിലേക്കുള്ള ഒരു നടപടിയും  കൈക്കൊള്ളാനായില്ല. ഇയു നിയമം അത്തരം നടപടികളെ നിരോധിക്കുന്നു എന്നതിനാലാണിത്. ഇയുവില്‍ തുടരുന്നിടത്തോളം കടുത്ത ചെലവുചുരുക്കല്‍ എന്ന കയ്പേറിയ ഔഷധം വിഴുങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാണ്.

ഇയുവിലും യൂറോയിലും തുടരുന്നിടത്തോളം കാലം ഒരംഗരാജ്യത്തിനും, ഇടതുപക്ഷ സര്‍ക്കാരാണെങ്കില്‍പ്പോലും ചെലവുചുരുക്കല്‍ ഇതര ബദല്‍നയങ്ങള്‍ നടപ്പാക്കാനോ ഇയു നിയന്ത്രിത ധനമൂലധന നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ജനാധിപത്യരീതികള്‍ അവലംബിക്കാനോ കഴിയില്ല. വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഈ പ്രതിഭാസത്തെ ഇയുവിലെ 'ജനാധിപത്യശോഷണ'മായി വിലയിരുത്താം.
ബ്രിട്ടനില്‍ ഹിതപരിശോധന നടക്കാനുള്ള കാരണം ഭരണകക്ഷിയായ യാഥാസ്ഥിതിക കക്ഷിയിലെ ഉള്‍പ്പോരാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഹിതപരിശോധനയ്ക്ക് ഉത്തരവിട്ടത് യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. പ്രധാന പ്രതിപക്ഷമായ ലേബര്‍പാര്‍ടിയും ഔദ്യോഗികമായി ഇയുവില്‍ തുടരുന്നതിന് അനുകൂലനിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, കാമറണിന്റെ തെറ്റായ കണക്കുകൂട്ടല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനംതന്നെ നഷ്ടപ്പെടുത്തി. ലേബര്‍പാര്‍ടിയില്‍ ഒരു വിഭാഗം യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കുന്നതിന് അനുകൂലമായി നിലകൊണ്ടു. ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിനാകട്ടെ പാര്‍ടിനേതൃത്വത്തേക്കാള്‍ ഇടതുപക്ഷക്കാരനുമാണ്. കോര്‍ബിന്‍ ഔദ്യോഗികമായി ഇയുവില്‍ തുടരുന്നതിന് അനുകൂലമായാണ് പ്രചാരണം നടത്തിയതെങ്കില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അനുയായികളും ഇയുവില്‍നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചു.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി, ട്രോട്സ്്കിയിസ്റ്റ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി തുടങ്ങി ഇടതുപക്ഷക്കാരില്‍ മഹാഭൂരിപക്ഷവും ഇയുവില്‍നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചു. എന്നാല്‍, ഇടതുപക്ഷം ബ്രിട്ടനില്‍ തീര്‍ത്തും ദുര്‍ബലമാണ്. വലതുപക്ഷമാണ് ഈ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. കുടിയേറ്റവിരുദ്ധ വികാരത്തെ അവര്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. ചെറിയ കൂലിക്കായി കിഴക്കന്‍ യൂറോപ്പില്‍നിന്ന് തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് ഒഴുകിയെത്തി എന്നത് വാസ്തവമാണുതാനും. ബ്രിട്ടനിലെ തൊഴിലാളിവര്‍ഗവും ദരിദ്രമേഖലയില്‍നിന്നുള്ളവരും ഇയുവില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചു. ഭരണവര്‍ഗപാര്‍ടികളും കോര്‍പറേറ്റ് മാധ്യമങ്ങളും ധനമൂലധന ശക്തികളും ഇയു വിട്ടാല്‍ ബ്രിട്ടന്‍ തകരുമെന്ന വന്‍പ്രചാരണമാണ് നടത്തിയത്. ഇതിനെ എതിര്‍ത്താണ് ജനങ്ങള്‍ ജനാധിപത്യപരമായി ഇയു വിടുക എന്ന തീരുമാനത്തിലെത്തിയത്.

പോര്‍ച്ചുഗലിലും ഗ്രീസിലും ഏറെ ജനസ്വാധീനമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ ബ്രിട്ടനിലെ ജനവിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ പാര്‍ടികളും സ്വന്തം രാജ്യങ്ങളില്‍ ഇയുവിനും അവരുടെ ആധിപത്യനീക്കങ്ങള്‍ക്കും എതിരെ സമരം നടത്തിവരികയാണ്.

ബ്രിട്ടനിലെ ശാക്തികബലാബലത്തില്‍ വലതുപക്ഷ സമീപനത്തിനുണ്ടായ നേട്ടം താല്‍ക്കാലികം മാത്രമാണ്. വലതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന യാഥാസ്ഥിതികകക്ഷി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇത്. ലേബര്‍ പാര്‍ടി നേതൃത്വത്തില്‍നിന്ന് കോര്‍ബിനെ പുറത്താക്കാനുള്ള നീക്കവും ശക്തമാണ്. കഴിഞ്ഞ മൂന്നു ദശാബ്ദമായി വലതുപക്ഷത്തേക്ക് നീങ്ങിയ ലേബര്‍ പാര്‍ടി, ജെറമി കോര്‍ബിനും അദ്ദേഹത്തിന്റെ ഇടതുപക്ഷ അജന്‍ഡയ്ക്കും പിന്നില്‍ അടിയുറച്ചുനില്‍ക്കുന്നപക്ഷം വരുംദിവസങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. കോര്‍ബിന്‍ മുന്നോട്ടുവച്ചതുപോലെ റെയില്‍വേയെ പുനര്‍ദേശസാല്‍ക്കരിക്കുക, സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളില്‍ സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക, ധനമൂലധനത്തിനുപകരം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നപക്ഷം ബ്രിട്ടീഷ് ജനത അവരുടെ അവകാശങ്ങള്‍ തിരിച്ചുപിടിക്കുകയും തുല്യത ഉറപ്പുവരുത്തുന്ന സമൂഹത്തിനായുള്ള പോരാട്ടത്തിന് തുടക്കംകുറിക്കുകയും ചെയ്യും. ഇത്തരം ഇടതുപക്ഷ ജനാധിപത്യപദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നതിലൂടെമാത്രമേ വലതുപക്ഷത്തിന്റെ വംശീയവൈരത്തിനും വിദേശവിദ്വേഷത്തിനുമെതിരെ പൊരുതാനും അതിനായി ജനങ്ങളെ അണിനിരത്താനും കഴിയൂ *

പ്രകാശ് കാരാട്ട്  Thursday Jun 30, 2016 ദേശാഭിമാനി

No comments:

Post a Comment