2016 നവംബര്‍ എട്ടിന് 1000 രൂപയും 500 രൂപയും റദ്ദുചെയ്യുമ്പോള്‍ രാജ്യത്ത് 17,74,200 കോടി രൂപ മൊത്തം മൂല്യം വരുന്ന 9075 കോടി ബാങ്ക് നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അതില്‍ 15,47,005 കോടി രൂപയുടെ 2402 കോടി നോട്ടുകള്‍ സാധു അല്ലാതായി. 2,27,000 കോടി രൂപ മൂല്യംവരുന്ന 6673 നോട്ടുകള്‍ ശേഷിച്ചു. ജനങ്ങള്‍ക്ക് ദൈനംദിനം പണം ഉപയോഗത്തിന് ലഭ്യമായിരുന്നത് ഇത്രയും നോട്ടുകള്‍മാത്രമാണ്. പിന്‍വലിച്ചത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 24.4 ശതമാനം. ശേഷിച്ചത് 74.6 ശതമാനം. ശേഷിച്ചതിന്റെ മൂല്യം 2.27 ലക്ഷം കോടി രൂപ.
നവംബര്‍ എട്ടിനുശേഷം ഡിസംബര്‍ 19 വരെ ബാങ്ക് ശാഖകളില്‍ക്കൂടിയും എടിഎമ്മുകളില്‍ക്കൂടിയും റിസര്‍വ് ബാങ്ക് പ്രചാരത്തില്‍ ഇറക്കിയത് 5,92,613 കോടി രൂപ മൂല്യംവരുന്ന 2260 കോടി ബാങ്ക് നോട്ടുകളാണ്. ഇതില്‍ 2040 കോടി നോട്ടുകള്‍ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ മൂല്യശ്രേണികളിലായിരുന്നു. ബാക്കി 220 കോടി നോട്ടുകള്‍ 2000 രൂപയുടെയും 500 രൂപയുടെയുമാണ്. പിന്‍വലിച്ച നോട്ടുകളുടെ എണ്ണത്തിന്റെ ഒമ്പത് ശതമാനം. മൂല്യത്തിന്റെ 21 ശതമാനം.
ഡിസംബര്‍ 19ന് ഇന്ത്യന്‍ കറന്‍സി സംവിധാനത്തില്‍ 8.2 ലക്ഷം കോടി രൂപ മൂല്യംവരുന്ന 8933 കോടി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു. അതില്‍തന്നെ ഏകദേശം ഒരുലക്ഷം കോടി രൂപ മൂല്യംവരുന്ന, പ്രചാരയോഗ്യമല്ലാതായി കറന്‍സി ചെസ്റ്റുകളില്‍ സൂക്ഷിക്കുന്ന മുഷിഞ്ഞ നോട്ടുകളും ഉണ്ടാകും.
സാധാരണജനങ്ങള്‍ക്ക് ദൈനംദിനം ഉപയോഗിക്കാന്‍ ശേഷിച്ചവയും പുതുതായി പുറത്തിറക്കിയ പത്തു രൂപ, 20 രൂപ, 50 രൂപ, 100 രൂപയുയുടെയും ചെറിയ നോട്ടുകളുടെയും 2.61 ലക്ഷം കോടി രൂപയും 3.35 ലക്ഷം കോടി രൂപ മൂല്യംവരുന്ന 2000 രൂപയുടെയും 500 രൂപയുടെയും 220 കോടി നോട്ടുകളും ലഭ്യമാകും. ഇവ രാജ്യത്തെ 19 റിസര്‍വ് ബാങ്ക് ഇഷ്യൂ ഓഫീസുകളില്‍ക്കൂടിയും 4075 കറന്‍സി ചെസ്റ്റുകളില്‍ക്കൂടിയും ഒരുലക്ഷത്തിലധികം ബാങ്ക് ശാഖകളില്‍ക്കൂടിയും രണ്ടുലക്ഷത്തിലധികം എടിഎമ്മുകളില്‍ക്കൂടിയുമാണ് വിതരണം ചെയ്യേണ്ടത്.
ആയിരം, 500 രൂപ നോട്ടുകള്‍ റദ്ദുചെയ്യുമ്പോള്‍ പ്രചാരത്തിലുണ്ടായിരുന്ന 100 രൂപ നോട്ടുകളുടെ എണ്ണം 1650 കോടി രൂപയായിരുന്നു. പിന്നീട് പുറത്തിറങ്ങിയത് 800 കോടി 100 രൂപ നോട്ടുകളും. ആകെ പ്രചാരത്തില്‍ 2450 കോടി 100 രൂപ നോട്ടുകള്‍. മൂല്യം 2.45 ലക്ഷം കോടി രൂപ. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ഉളവായ പണച്ചുരുക്കം പരിഹരിക്കുന്നതിന് ഇത് തീരെ പര്യാപ്തമായിരുന്നില്ല. 2402 കോടി നോട്ടുകള്‍ക്കുപകരം നല്‍കാന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് 150 കോടി 2000 രൂപ നോട്ടുകളും 70 കോടി 500 രൂപ നോട്ടുകളും മാത്രം. മൂല്യം 3.35 ലക്ഷം കോടി രൂപ. രണ്ടരമാസമാകുമ്പോഴും സ്ഥിതി ഇതില്‍നിന്ന് അധികം ഭിന്നമല്ല.
നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം ഇതിനകംതന്നെ പിന്‍വലിച്ചതിന്റെ 50 ശതമാനം മൂല്യം വരുന്ന നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന് സാമ്പത്തികകാര്യവിഭാഗത്തിന്റെ സെക്രട്ടറി മാധ്യമങ്ങളില്‍ക്കൂടി ജനങ്ങളെ അറിയിച്ചു! പിന്‍വലിച്ചത് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍. പിന്‍വലിച്ചതിന്റെ 40 ശതമാനം മൂല്യം വരുന്ന നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് പരമോന്നതകോടതിയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഡിസംബറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പിന്‍വലിച്ചത്രയും റീമോണിറ്റൈസ് ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രിയും പറഞ്ഞു. ബാങ്ക് നോട്ടുകളുടെ പേപ്പര്‍, മഷി, സാങ്കേതികവിദ്യ എന്നിവയുടെ സമാഹരണവും ഏകീകരണവും അച്ചടിയും ഗതാഗതവും വിതരണവും സങ്കീര്‍ണമാകയാല്‍ പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്.
ഡിസംബര്‍ പത്തുവരെ തിരികെവന്നതായി റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്ക് 12.44 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകളെന്നാണ്. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 22-ാം വകുപ്പുപ്രകാരം രാജ്യത്ത് നോട്ടുകള്‍ പ്രചാരത്തില്‍ ഇറക്കുന്നതിനുള്ള കുത്തകാധികാരം റിസര്‍വ് ബാങ്കിനാണ്. അതുകൊണ്ടുതന്നെ പ്രചാരത്തിലിറക്കുന്ന നോട്ടുകളുടെയും പിന്‍വലിക്കുന്ന നോട്ടുകളുടെയും കണക്ക് സൂക്ഷിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കണക്കില്‍ ഇരട്ടിപ്പുണ്ടോ എന്ന് വീണ്ടും പരിശോധിക്കുന്നതിനായി കേന്ദ്ര സാമ്പത്തികകാര്യവിഭാഗത്തിന്റെ സെക്രട്ടറി മാധ്യമങ്ങളില്‍ക്കൂടി ജനങ്ങളെ അറിയിച്ചു! രാജ്യം ദിനംപ്രതി അറിഞ്ഞുകൊണ്ടിരിക്കുന്ന കണക്ക് വേഗംമാഞ്ഞു. റിസര്‍വ് ബാങ്കിന്റെ കണക്ക് സംശയത്തിന്റെ നിഴലിലായി! തിരികെ വന്ന നോട്ടുകളുടെ കണക്ക് പ്രസിദ്ധീകരണം റിസര്‍വ് ബാങ്ക് ഡിസംബര്‍ 13നുശേഷം നിര്‍ത്തലാക്കി.
ഇപ്പോള്‍ പിന്‍വലിച്ച 2402 കോടി നോട്ടുകളും റിസര്‍വ് ബാങ്കില്‍ പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നോട്ടുകള്‍ റദ്ദാക്കിയത് കള്ളനോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടിക്കൂടിയും ആയിരുന്നതിനാല്‍. ഇന്നത്തെ നിലയില്‍ റദ്ദുചെയ്ത നോട്ടുകളെല്ലാം റിസര്‍വ് ബാങ്കില്‍ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് സിസ്റ്റം (സിവിപിഎസ്) സംവിധാനത്തില്‍ പരിശോധിക്കുന്നതിന് ഒരുവര്‍ഷത്തിലധികം വേണ്ടിവരും. കൂടാതെ നിലവില്‍ പ്രചാരത്തിലുള്ള മറ്റ് നോട്ടുകളുടെ പകുതിയെങ്കിലും പരിശോധിച്ച് നശിപ്പിക്കേണ്ട സാധാരണ കറന്‍സി മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുമാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഇങ്ങനെ പരിശോധിച്ച് നശിപ്പിച്ചത് 1600 കോടി നോട്ടുകള്‍വീതമായിരുന്നു. അത്രയുമാണ് നിലവിലുള്ള പരിശോധനാസംവിധാനത്തിന്റെ ശേഷി.
പ്രചാരയോഗ്യമല്ലാതായി രാജ്യത്തെ 4075 കറന്‍സി ചെസ്റ്റുകളില്‍ എത്തുന്ന എല്ലാ നോട്ടുകളും റിസര്‍വ് ബാങ്ക് വീണ്ടും പരിശോധിച്ച് കള്ളനോട്ടുകള്‍ ഇല്ലായിരുന്നുവെന്ന് ഉറപ്പുവരുത്തണം. 2000നുശേഷം നോട്ട് പരിശോധിക്കുന്നത് സിവിപിഎസ് യന്ത്രസംവിധാനത്തിലും നശിപ്പിക്കുന്നത് ബ്രിക്കറ്റിങ് യന്ത്രങ്ങളിലുമാണ്. ഒരു രൂപ, രണ്ടു രൂപ, അഞ്ചു രൂപ, പത്തു രൂപ, 20 രൂപ, 50 രൂപ നോട്ടുകളുടെ പരിശോധന റിസര്‍വ് ബാങ്ക് ക്രമേണ നിര്‍ത്തലാക്കി. ഇപ്പോള്‍ ആ നോട്ടുകള്‍ സാമ്പിള്‍ പരിശോധനമാത്രം നടത്തിയാണ് റിസര്‍വ് ബാങ്ക് നശിപ്പിക്കുന്നത്.
1997-98ല്‍ രാജ്യത്തിനുപുറത്ത് കറന്‍സി അച്ചടിച്ചു. 200 കോടി 100 രൂപ നോട്ടുകളും 160 കോടി 500 രൂപ നോട്ടുകളും അച്ചടിച്ച് 1990 മുതല്‍ പുറത്തിറക്കി. 2000 മുതല്‍ റിസര്‍വ് ബാങ്കിലും ബാങ്ക് ശാഖകളിലും കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടെ എണ്ണവും വര്‍ധിച്ചു. കള്ളനോട്ടുകളിലധികവും 100 രൂപ നോട്ടുകളിലും 500 രൂപ നോട്ടുകളിലുമായിരുന്നു. കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടെ എണ്ണം സഹനപരിധിയിലാണ് എന്നായിരുന്നു റിസര്‍വ് ബാങ്ക് നിലപാട്. 2002 മുതല്‍ റിസര്‍വ് ബാങ്ക് സാമ്പിള്‍ പരിശോധനമാത്രം നടത്തി 100 രൂപ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നോട്ടുകളും വ്യാപകമായി നശിപ്പിച്ചു. തല്‍ഫലമായി 2004 മുതല്‍ 2007 വരെ കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.
രാജ്യത്ത് പ്രതിവര്‍ഷം 2500 കോടി നോട്ടുകള്‍ അച്ചടിച്ച് ലഭിക്കും. നോട്ട് അച്ചടിശാലകളുടെ ശേഷി അത്രയുമാണ്. നമ്മുടെ രാജ്യത്ത് ഒരുവര്‍ഷം 2200 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഉദ്ദേശം 1700 കോടി നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കും. ഇതുകൂടാതെ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളുടെ എണ്ണം 2402 കോടി നോട്ടുകളാണ്. ഈ നോട്ടുകളും നശിപ്പിക്കുന്നതിനുമുമ്പ് വീണ്ടും പരിശോധിച്ച് കള്ളനോട്ടുകള്‍ കണ്ടുപിടിക്കും. പിന്‍വലിച്ച നോട്ടുകളുടെ പരിശോധനയ്ക്ക് ഒരുവര്‍ഷത്തിലധികം വേണ്ടിവരും.
9075 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്ന രാജ്യത്തിന്റെ കറന്‍സി സംവിധാനത്തില്‍നിന്ന് 2402 കോടി നോട്ടുകള്‍ പിന്‍വലിച്ചു. പകരം 2260 കോടി നോട്ടുകള്‍ 50 ദിവസംകൊണ്ട് പ്രചാരത്തില്‍ ഇറക്കി. ഇപ്പോള്‍ നോട്ടുകളുടെ എണ്ണം 8933 കോടി. നോട്ട് പിന്‍വലിച്ചതിനുശേഷം കൂട്ടിച്ചേര്‍ത്ത് നിശ്ചയിച്ച ലക്ഷ്യമായ ഡിജിറ്റല്‍ ഇന്ത്യയില്‍ (ലെസ് ക്യാഷ്) നോട്ടുകളുടെ എണ്ണത്തില്‍ കുറവുവരുന്നില്ലെന്നും കാണാതിരുന്നുകൂടാ.
റദ്ദുചെയ്തതില്‍ തിരികെ എത്തിയ നോട്ടുകളുടെ കണക്ക് ഡിസംബര്‍ 13നുശേഷം റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ചിട്ടില്ല. അവ കൃത്യമായി ലഭിച്ചാല്‍ നോട്ട് പിന്‍വലിച്ചതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തിയെന്ന് പരിശോധിക്കാന്‍ കഴിയും. നോട്ടുകള്‍ റദ്ദുചെയ്യുന്നതിന്റെ ഒരു ലക്ഷ്യമായി പിന്നീട് വിശദീകരിച്ചത്, ഭാവിപണമിടപാടുകളിലെ സുതാര്യതയാണ്. നിയമപ്രകാരം റിസര്‍വ് ബാങ്ക് നല്‍കേണ്ട കണക്കിന്റെ സുതാര്യത റിസര്‍വ് ബാങ്കിന്റെ ബാധ്യതയാണ്. കണക്കുകള്‍ ലഭ്യമാക്കുന്നതുവരെ പ്രഖ്യാപനങ്ങള്‍ അങ്ങനെതന്നെ കാണാനേ കഴിയൂ.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നതില്‍ 85 ശതമാനം മൂല്യംവരുന്ന നോട്ടുകള്‍ പിന്‍വലിച്ചും ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതില്‍ വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയും സ്വിച്ചിട്ടതുപോലെ ചലനം നിലപ്പിച്ച സമ്പദ്ഘടന, ഇനി ചലിച്ചുതുടങ്ങുന്നതിന് സാധാരണജനങ്ങള്‍ക്ക് അവരുടെ വാങ്ങല്‍ശേഷി തിരികെ ലഭിക്കണം. അതിന് ജനങ്ങളുടെ കൈവശം പണം ലഭ്യമാകണം. സ്തംഭിച്ച സമ്പദ്ഘടന മുന്നോട്ടുനീങ്ങണമെങ്കില്‍ അതിനുതകുന്ന നയങ്ങള്‍ ചാലകശക്തിയാകണം. അതുവരെ ദുരിതങ്ങളുമായി ജീവിക്കേണ്ടിവരും *
അഡ്വ. ടി കെ തങ്കച്ചന്‍
(ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക്എംപ്ളോയീസ് അസോസിയേഷന്‍ അഡ്വൈസറാണ് ലേഖകന്‍)
http://www.deshabhimani.com/articles/news-articles-23-01-2017/618726
No comments:
Post a Comment