കൊമാലയിലെ വസന്തം, ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്’ലോ അക്കാദമിയിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്ന പേര്. ഈ വിദ്യാര്‍ഥിസമരം
ഐതിഹാസികവിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചുകിട്ടിയ അപൂര്‍വം സമരങ്ങളില്‍ ഒന്നാണിത്. അധികം രക്തംചൊരിയാതെ സര്‍ഗാത്മകമായ സമരവഴികളില്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത വസന്തം. വിദ്യാര്‍ഥിസംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയിലെ ഒരംഗംകൂടിയായിരുന്ന താന്‍ തൊണ്ണൂറിലധികം വിദ്യാര്‍ഥികളെ നേരിട്ട് കേട്ടു. രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും പ്രിന്‍സിപ്പലിനെയും കേട്ടു. പൂര്‍ണമായും ഇരകളുടെ പക്ഷംചേര്‍ന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് നിര്‍ദേശിക്കാനോ ഉള്ള അധികാരം സര്‍വകലാശാലയ്ക്കില്ല. ഈ പരിമിതിമാത്രമായിരുന്നു സര്‍വകലാശാലയുടെ മുന്നിലുണ്ടായിരുന്നത്. എട്ടു തീരുമാനങ്ങളാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ഈ റിപ്പോര്‍ട്ടിന്മേല്‍ അംഗീകരിച്ചത്. ഒരു കാര്യത്തില്‍മാത്രമായിരുന്നു അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനും തുടര്‍നടപടികള്‍ക്കായി കൈമാറുന്നു എന്നായിരുന്നു ഇതുസംബന്ധിച്ച പ്രമേയത്തിലെ രണ്ടാമത്തെ നിര്‍ദേശം. ഇതിലെ, തുടര്‍നടപടികള്‍ എന്ന ഭാഗത്ത് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് എഴുതിച്ചേര്‍ക്കണം എന്നതായിരുന്നു ഒരുവിഭാഗം കോണ്‍ഗ്രസുകാരും സിന്‍ഡിക്കറ്റിലെ സിപിഐ പ്രതിനിധിയും ഉയര്‍ത്തിയ വാദം. സിപിഐ എമ്മിലെ സിന്‍ഡിക്കറ്റ് അംഗങ്ങളും യുഡിഎഫിലെ രണ്ടുപേരും ഈ വാദത്തെ എതിര്‍ത്തു. സര്‍വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും പ്രകാരം പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് പറയാനോ അധികാരമില്ലെന്നിരിക്കെ, പുറത്താക്കണമെന്ന വാക്ക് കൂട്ടിച്ചേര്‍ക്കുന്നത് അനൌചിത്യമാണ്. മാത്രവുമല്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന്റെ പേരില്‍ മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ കോടതിയെ സമീപിച്ച് ഈ റിപ്പോര്‍ട്ടും തീരുമാനങ്ങളും അസാധുവാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഈ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടും പിന്നെയെന്തിനായിരുന്നു വോട്ടെടുപ്പുനാടകത്തിലേക്ക് നീങ്ങിയത്? ഉത്തരം ലളിതമാണ്, സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം.
സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയില്‍ ഒമ്പതുപേരില്‍ ഭൂരിഭാഗവും സിപിഐ എം പ്രതിനിധികള്‍തന്നെയായിരുന്നു.’ഉപസമിതി റിപ്പോര്‍ട്ട് ലക്ഷ്മിനായര്‍ക്കെതിരായ കുറ്റപത്രമെന്നാണ് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. റിപ്പോര്‍ട്ട് ലളിതവല്‍ക്കരിക്കാനോ മാനേജ്മെന്റിനോട് അനുകൂലമായ സമീപനം പുലര്‍ത്താനോ പൂര്‍വനിശ്ചിതമായ നിലപാട് സിപിഐ എമ്മിന് ഉണ്ടായിരുന്നെങ്കില്‍, റിപ്പോര്‍ട്ട് എങ്ങനെയും ദുര്‍ബലമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ലേ? സിന്‍ഡിക്കറ്റ് യോഗം റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് സിപിഐ എം പ്രതിനിധിയും അഫിലിയേഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. പി രാജേഷ്കുമാറായിരുന്നു. ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാസംബന്ധമായ എല്ലാ പ്രവൃത്തികളില്‍നിന്നും പൂര്‍ണമായും വിലക്കി, അനധികൃതമായി അറ്റന്‍ഡന്‍സ് സമ്പാദിച്ച പ്രിന്‍സിപ്പലിന് ഏറ്റവും വേണ്ടപ്പെട്ട ഒരു വിദ്യാര്‍ഥിനി എഴുതിയ മുഴുവന്‍ പരീക്ഷകളും റദ്ദാക്കുന്നതിനും ആ വിദ്യാര്‍ഥിനിയെ ഇയര്‍ഔട്ടാക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി, ഹോസ്റ്റലിലെ ക്യാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാത്തവിധം അഞ്ചുദിവസത്തിനകം മാറ്റിസ്ഥാപിച്ച് സര്‍വകലാശാലയെ അറിയിക്കാന്‍ നിര്‍ദേശിച്ചു, യൂണിവേഴ്സിറ്റി പരീക്ഷാസമയങ്ങളില്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കരുത്, ലോ അക്കാദമിയിലെ ഇന്റേണല്‍ അസസ്മെന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍, പരീക്ഷാ കണ്‍ട്രോളര്‍, ലോ ഫാക്കല്‍റ്റി ഡീന്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതിനുപുറമെ എല്‍എല്‍ബി കോഴ്സിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിന് സമഗ്രനിര്‍ദേശം നല്‍കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ ഇന്റേണല്‍ സംവിധാനത്തെയാകെ പൊളിച്ചെഴുതും. പൊതുവില്‍ പ്രശംസിക്കപ്പെട്ട റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും തയ്യാറാക്കിയതില്‍ നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്ന സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നടന്ന രാഷ്ട്രീയഗൂഢാലോചനയാണ് സിന്‍ഡിക്കറ്റില്‍ നടന്ന വോട്ടെടുപ്പ്.
പ്രിന്‍സിപ്പലിനെ മാറ്റരുതെന്ന് സിപിഐ എം അംഗങ്ങള്‍ നിലപാടെടുത്തു എന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം. ഇത് അടിസ്ഥാനരഹിതമായിരുന്നു. മാറ്റണമെന്ന് പറയാന്‍ അധികാരമില്ലാത്തതുകൊണ്ട് അങ്ങനെയൊരു വാക്ക് എഴുതിച്ചേര്‍ക്കുന്നതില്‍ മാത്രമായിരുന്നു തര്‍ക്കം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കാനുള്ള തന്ത്രമാണ് നടന്നത്. യുഡിഎഫിലെ രണ്ടംഗങ്ങള്‍ വിട്ടുനിന്നതും വാര്‍ത്തയായിവന്നു. എന്നാല്‍, കോണ്‍ഗ്രസിലെതന്നെ രണ്ടംഗങ്ങള്‍ വ്യത്യസ്തമായ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചത് ഇതേമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതേയില്ല. കെപിസിസി ട്രഷററും സിന്‍ഡിക്കറ്റ് അംഗവുമായ ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയത്തെ കോണ്‍ഗ്രസിലെ മറ്റൊരംഗവും പിന്തുണച്ചില്ല. കോണ്‍ഗ്രസ് അംഗം ജ്യോതികുമാര്‍ ചാമക്കാല മറ്റൊരു പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയത്തിന് ജോണ്‍സണ്‍ എബ്രഹാം വോട്ട് രേഖപ്പെടുത്തിയതുമില്ല. ഈ വസ്തുതകള്‍ വാര്‍ത്തയായതേയില്ല.
കൊമാലയിലെ വസന്തം’ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് സംവിധാനവും സ്വാശ്രയവിദ്യാഭ്യാസവും അരാജകത്വം സൃഷ്ടിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍നിന്നുയര്‍ന്ന സ്വാഭാവികമായ പോരാട്ടം. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ നിയമവിദ്യാഭ്യാസ മേഖലയിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനം പൊളിച്ചെഴുതുമ്പോള്‍ അത് കൊമാലയിലെ കുട്ടികളുടെ വിജയമാണ്. യുജിസിയും സര്‍വകലാശാലയും ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും എവിടെയും പാലിച്ചുകാണാറില്ല. വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ നിര്‍ബന്ധമായി വേണ്ട കോളേജ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ലോ അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. ഇത് ലോ അക്കാദമിയിലെമാത്രം പ്രശ്നമായി ഞാന്‍ കരുതുന്നില്ല. ഗവണ്‍മെന്റ്- സ്വകാര്യ സ്ഥാപനങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ അസസ്മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. വിദ്യാര്‍ഥികേന്ദ്രീകൃതമായി വിദ്യാഭ്യാസത്തെ മാറ്റുന്നതിനാണ് ഇന്റേണല്‍സംവിധാനം കൊണ്ടുവന്നതുതന്നെ. എന്നാല്‍, ഇത് കൂടുതല്‍ അധ്യാപകകേന്ദ്രീകൃതമായി ഇന്ന് മാറിയിരിക്കുന്നു. എല്‍എല്‍ബി കോഴ്സുകളിലാകട്ടെ അവസാനത്തെ നാല് സെമസ്റ്ററുകളിലായി പൂര്‍ണമായും നൂറുമാര്‍ക്കിന്റെവീതം ഓരോ ഇന്റേണല്‍ പരീക്ഷകളുണ്ട്. എല്‍എല്‍ബി പരീക്ഷ വിജയിക്കുന്നതിന് ആവശ്യമായ മാര്‍ക്കിന്റെ പകുതിയിലധികവും ഇന്റേണല്‍ മാര്‍ക്കാണ്! അധ്യാപകരുടെ കാരുണ്യമില്ലാതെ ഒരാള്‍ക്കും വിജയിക്കാനാകില്ല. ഈ അധികാരമുപയോഗിച്ചാണ് ലോ അക്കാദമി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞത്. ഈ സമ്പ്രദായം മാറ്റേണ്ട ആവശ്യകതയെക്കുറിച്ച് സര്‍വകലാശാലയെയും അക്കാദമിക സമൂഹത്തെയും ബോധ്യപ്പെടുത്തിയ സമരമായിരുന്നു ലോ അക്കാദമിയിലേത്.
സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ അധികാരങ്ങള്‍ സര്‍വകലാശാലകള്‍ക്ക് പരിമിതമാണ്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ലോ അക്കാദമി സമരത്തിലൂടെയാണ്. ഉന്നതവിദ്യാഭ്യാസമേഖല സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിയവര്‍തന്നെയാണ് ഇന്ന് അവിടങ്ങളില്‍ നടക്കുന്ന ചൂഷണത്തെക്കുറിച്ച് കണ്ണുനീരൊഴുക്കുന്നതെന്ന് ഓര്‍മ വേണം. അടിയന്തരമായി ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരണം. സര്‍വകലാശാലകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുംവിധം നിയമനിര്‍മാണമുണ്ടാകണം.
യഥാര്‍ഥ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ രാഷ്ട്രീയമായി സിപിഐ എമ്മിനെയും സര്‍ക്കാരിനെയും ആക്രമിക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസും ബിജെപിയും ഈ സമരത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. സര്‍വകലാശാല പൂര്‍ണമായും അക്കാദമിക് താല്‍പ്പര്യംമാത്രം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് ഉത്തരം തേടി. അതില്‍ വലിയ വിജയം നേടാനായി.
പ്രിന്‍സിപ്പലിനെ മാറ്റി. സര്‍വകലാശാല ഡീബാര്‍ ചെയ്ത അഞ്ചുവര്‍ഷവും ലോ അക്കാദമിയിലെ അധ്യാപികയായി ഇനി ലക്ഷ്മിനായര്‍ ഉണ്ടാകില്ല. ഈ ഉറപ്പ് ലഭിച്ചിട്ടും ചില കൂട്ടര്‍ വിദ്യാഭ്യാസബന്ദും ഹര്‍ത്താലുമൊക്കെയായി മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയനാടകത്തിന് വിദ്യാര്‍ഥികളുടെ സമരപ്പന്തലല്ല വേദിയാക്കേണ്ടത്. സര്‍വകലാശാല സിന്‍ഡിക്കറ്റുപോലെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട ജനാധിപത്യവേദികള്‍ രാഷ്ട്രീയനാടകമാടാനുള്ള വേദികളുമല്ല. ലോ അക്കാദമിയില്‍ എവിടെയും കാണുന്ന ചുവരെഴുത്ത്- കൊമാലയിലെ വസന്തം, ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്. ഈ വസന്തം ചരിത്രത്തില്‍ ഇടംപിടിക്കുകതന്നെ ചെയ്യും. എന്നാല്‍, ഈ വസന്തത്തിനിടയില്‍ രാഷ്ട്രീയതാല്‍പ്പര്യത്തിനിറങ്ങിയവര്‍ ചരിത്രത്തില്‍ ഒറ്റുകാരായും അറിയപ്പെടും
എ എം റഹിം Wednesday Feb 1, 2017
(http://www.deshabhimani.com/articles/law-academy-strike/620633)
No comments:
Post a Comment